ആരാണ് ദൈവം?
സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങൾ


കഴിഞ്ഞ നൂറു വർഷങ്ങൾക്കുള്ളിൽ മനുഷ്യകുലത്തിന്  പൊതുവേ കൈ വന്നിരിക്കുന്ന സ്വാതന്ത്ര്യവും,  അഭിവൃദ്ധിയും, ഒന്നിനൊന്ന് വർദ്ധിച്ചു വരുന്ന  സ്വയം പര്യാപ്തതയും, അതിനു മുൻപുണ്ടായിരുന്ന കാലഘട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ,  സമാനതകൾ ഇല്ലാത്ത  ഒന്നാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ  ഉത്തരാർദ്ധം ആയപ്പോഴേക്കും നൂറോളം ലോകരാജ്യങ്ങൾ അവരുടെ അധിനിവേശ ശക്തികളിൽ നിന്നും സ്വാത്രന്ത്ര്യം  പ്രാപിച്ചിരുന്നു. നൂറ്റാണ്ടുകളായി നില നിന്നിരുന്ന രാജഭരണങ്ങൾ ലോകമെമ്പാടും കടപുഴകി വീണു. ലോകമാസകലം ഒരു കൊടുങ്കാറ്റുപോലെ ജനായത്ത ഭരണ സമ്പ്രദായം  വ്യാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, ടെക്‌നോളജി, വിവര സാങ്കേതിക വിദ്യ,  ഉത്പ്പാദനം, ഉപഭോഗം എന്നുവേണ്ട മിക്കവാറും എല്ലാ രംഗങ്ങളിലും പൊതുവേ  എല്ലാ രാജ്യങ്ങളും പൂർവ്വാധികം വികസനം കൈവരിക്കുവാൻ തുടങ്ങി. ഇതെല്ലാം സംഭവിക്കുവാൻ നൂറു വർഷങ്ങൾ പോലും എടുത്തില്ല എന്നത് ആശ്ചര്യ ജനകം ആണ്. വെറും നാല്പത് വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ ‘സ്മാർട്ട് ഫോണുകൾ’ ബഹുജനങ്ങൾക്ക് ഒരു സങ്കല്പമായിട്ട്   ചിന്തിക്കുവാൻ പോലും  കഴിയുന്നതിനും  അപ്പുറമായിരുന്നു.    ഒരുവശത്ത് അശാന്തിയും അസമാധാനവും അക്രമവും ഇപ്പോഴും അഭംഗുരം തുടരുന്നുണ്ടെങ്കിലും,  മറുവശത്ത് ഇതുവരെ അചിന്തനീയമായിരുന്ന വലിയ ഭൗതിക വികസനങ്ങൾ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യൻ്റെ “അവബോധ”ത്തിൻ്റെ ഒരു കുതിച്ചു ചാട്ടത്തെ ആണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

‘അവബോധം’ എന്ന പദം  ഈ പുസ്തകത്തിൽ ഉടനീളം ആവർത്തിക്കുവാൻ പോകുന്ന  ഒന്നാണ്. അതുകൊണ്ട് പ്രാഥമികമായ ഒരു പദപരിചയം നൽകാം. മനുഷ്യനിൽ  ‘ജീവൻ’ എന്ന  പ്രതിഭാസത്തിൻ്റെ ഒരു പര്യായ പദമാണ് ‘പ്രജ്ഞാനം’. “പ്രജ്ഞയറ്റ് വീണു” എന്നെല്ലാം ഉള്ള ഭാഷാപ്രയോഗങ്ങൾ വരുന്നത് അങ്ങിനെ ആണ്.  ‘ജീവനും’ ‘പ്രജ്ഞാനവും’ പരസ്പരം പര്യായ പദങ്ങൾ തന്നെ ആണ് ഈ പുസ്തകത്തിൽ ഉടനീളം. മനുഷ്യ ശരീരത്തിലൂടെ ഉള്ള  ‘ജീവൻ്റെ’ അല്ലെങ്കിൽ ‘പ്രജ്ഞാന’ത്തിൻ്റെ പ്രകടനമാണ് ‘അവബോധം’. അഗ്നിയും ചൂടും തമ്മിലുള്ള  അതേ ബന്ധം തന്നെ ആണ്  പ്രജ്ഞാനവും അവബോധവും തമ്മിൽ നിലനിൽക്കുന്നതും. അഗ്നി വികസിച്ചു നിൽക്കുമ്പോൾ ചൂടിൻ്റെ പ്രസരണം കൂടി നിൽക്കും. ആ ചൂട് ഉപയോഗിച്ച് പല പ്രവർത്തികളും നിർവഹിക്കുവാൻ കഴിയും. അതുപോലെ തന്നെ, “ജീവൻ” അല്ലെങ്കിൽ  “പ്രജ്ഞാനം” ഒരു വസ്തുവിൽ അല്ലെങ്കിൽ ഒരു മനുഷ്യനിൽ വികസിച്ചു വരുന്നതനുസരിച്ച് ആ വസ്തുവിൻ്റെ അല്ലെങ്കിൽ ആ മനുഷ്യൻ്റെ ‘അവബോധം’ വർദ്ധിച്ചു വരും. അതനുസരിച്ച്  കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുവാൻ പ്രാപ്തിയുള്ള  ആ വ്യക്തിയുടെ ഉള്ളറിവ്, യുക്തിബോധം, നിര്‍വഹണശക്തി, കാര്യക്ഷമത ഇവയെല്ലാം വർദ്ധിക്കും. ഒരു മൺതരിയിലും പ്രജ്ഞാനം അതിൻ്റെതായ  തോതിൽ ഉണ്ട്. അതുകൊണ്ടാണ് ആ മൺതരി അതിൻ്റെ മൂലക പദാർത്ഥങ്ങൾ ആയി വിഘടിച്ചുപോകാതെ, മൺതരി ആയിത്തന്നെ നിലകൊള്ളുന്നത്. ആ മൺതരിയിലെ ‘അവബോധം’ വീണ്ടും വികസിച്ച്  അപ്രകാരമുള്ള വികാസത്തിൻ്റെ ഒരു ഘട്ടം എത്തുമ്പോൾ, ആ വസ്തു മൺതരി എന്ന അവസ്ഥ ഉപേക്ഷിച്ച് ‘അവബോധ’ത്തിൻ്റെ  കൂടുതൽ ഉയർന്ന ശ്രേണിയിലുള്ള ബാക്റ്റീരിയകൾ തുടങ്ങിയ ഏകകോശ ജീവികൾ പോലെ ഉള്ള   മറ്റൊരു വസ്തുവായി മാറുകയാണ് ചെയ്യുന്നത്.  കൂടുതൽ ഉയർന്ന സങ്കീർണ്ണമായ ‘സോഫ്റ്റ് വെയറുകൾ’ പകർത്തി പ്രവർത്തിപ്പിക്കുവാൻ കൂടുതൽ ഉയർന്ന സങ്കീണ്ണതയുള്ള ‘ഹാർഡ് വെയറുകൾ” ആവശ്യമായി വരുന്നതുപോലെ തന്നെ ആണ് ഇതും. പുരാതന ഭാരതീയ വിജ്ഞാന ശാസ്ത്രം അനുസരിച്ച്, സമസ്ത പ്രപഞ്ചവും അതിൽ കാണുന്നതും കാണപ്പെടാത്തതും ആയ സർവ്വതും പ്രജ്ഞാനത്തിൻ്റെ തന്നെ  വിവിധ തോതുകളിൽ പരിമിതപ്പെട്ട് നിൽക്കുന്ന “അവബോധം” തന്നെ ആണ്. അവയെല്ലാം നിലനിൽക്കുന്നതും അവസാനം തിരികെ വിലയം പ്രാപിക്കുന്നതും എല്ലാം ‘പ്രജ്ഞാനത്തിൽ’ ആണ്. മനുഷ്യാവബോധത്തിൻ്റെ  അസാധാരണമായ വികാസംമൂലം ആണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നമ്മൾ സാക്ഷ്യം വഹിക്കുന്ന ഈ അഭൂതപൂർവ്വമായ  ഭൗതിക വളർച്ച.  

കേട്ടുകേൾവികളേയും, ഇതുവരെ പിന്തുടർന്ന് വന്ന വെറും വിശ്വാസങ്ങളേയും മാത്രം ആശ്രയിക്കാതെ മനുഷ്യന്  യുക്തിയുക്തം സ്വയം ചിന്തിക്കുവാനും, വിശകലനം ചെയ്തശേഷം കാച്ചിക്കുറുക്കി എടുക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിൽ, ഏതു വിഷയത്തിലായാലും, തീരുമാനങ്ങൾ കൈകൊള്ളുവാനുമുള്ള മനുഷ്യൻ്റെ സവിശേഷ സിദ്ധി ഏറ്റവും വികസിച്ചുനിൽക്കുന്ന ഒരു കാലഘട്ടം കൂടി ആണ് ഇരുപത്തി ഒന്നാം നൂറ്റാണ്ട്. 

എന്നാൽ, ജന്മം കൊണ്ടുമാത്രം കൈവരിച്ച മത വിശ്വാസങ്ങൾ, വെറും  ‘വിശ്വാസങ്ങൾ’ ആയി മാത്രം അതേപടി  അനുവർത്തിച്ചു വരുകയാണ്  അധികം ജനങ്ങളും ഇന്നും ചെയ്യുന്നത്. ഈ നില മാറേണ്ട സമയം ആഗതമായി. ഏതു വിഷയം ആയാലും, യുക്തി ഭദ്രതയോടെ  പഠിച്ച് മനസ്സിലാക്കി   വളർത്തിയെടുക്കുന്ന അറിവിൻ്റെ അടിസ്ഥാനത്തിൽ, വേണ്ടത് മാത്രം ഉൾക്കൊണ്ടും, വേണ്ടാത്തത് തിരസ്കരിച്ചു കൊണ്ടും   ബോധപൂർവ്വം  സ്വന്തം  “അവബോധം” അനുക്രമം വികസിപ്പിച്ച് എടുക്കുവാനുള്ള  ഒരു വലിയ അവസരം കൂടി നമുക്ക് ഏവർക്കും   ഈ കാലഘട്ടം നൽകുന്നുണ്ട്. എല്ലാ രംഗങ്ങളിലും അറിവുകളുടെ ഒരു മഹാ വിസ്ഫോടനം തന്നെ നടക്കുന്ന സമയമാണ് ഇന്ന്.  ലഭിക്കുന്ന അറിവുകൾ യുക്തിഭദ്രമായ വിശകലനങ്ങളോടെ പരിശോധിച്ച് ശരിയായ   അറിവുകൾ  ഉൾക്കൊള്ളുവാനും, അറിഞ  അറിവുകൾ അറിയിക്കാനും,  അങ്ങിനെ എല്ലാവരേയും അവബോധ വളർച്ചയുടെ ഭാഗമാക്കിക്കൊണ്ട് ഒരുമിച്ച്   വളരുവാനും  കൂടി ഉള്ള  ഒരു കാലഘട്ടം ആണിത്. 

ചുരുങ്ങിയത് പതിനയ്യായിരം വർഷത്തെ എങ്കിലും പൗരാണികത, ഇരുപത്തിനായിരത്തിൽ പരം ശ്ലോകങ്ങൾ അടങ്ങിയ നാല് വേദങ്ങൾ, രണ്ട് ഇതിഹാസങ്ങൾ, പതിനെട്ട് പുരാണങ്ങൾ, പതിനെട്ട് ഉപപുരാണങ്ങൾ 64 തന്ത്രശാസ്ത്രങ്ങൾ ആയിരത്തിലധികം ചെറുതും  വലുതും ആയ  ഉപനിഷത്തുക്കൾ, അവയെ ആധാരമാക്കിയുള്ള നിരവധി  സൂത്രങ്ങളും , ഭാഷ്യങ്ങളും, ആറ് ദർശനങ്ങൾ, ബ്രഹ്മസൂത്രം, യോഗസൂത്രം, ഭഗവത്ഗീത  എന്നു തുടങ്ങി കാതലായ എണ്ണമറ്റ സംസ്‌കൃത ഗ്രന്ഥങ്ങൾ, നിരീശ്വരവാദം, ഏകദൈവ വാദം, ബഹുദൈവവാദം, കർമ്മ നിയമങ്ങൾ, പുനർജ്ജന്മം തുടങ്ങിയ സങ്കല്പങ്ങൾ, മുപ്പത്തി മൂന്നു കോടി ദേവന്മാർ,  യാഗങ്ങൾ, മന്ത്രവാദങ്ങൾ, പൂജകൾ, ക്ഷേത്ര സന്ദർശനങ്ങൾ, വഴിപാടുകൾ,  ഭിന്നങ്ങളായ ആചാരങ്ങൾ, ആഘോഷങ്ങൾ, ഷോഡശ ക്രിയകൾ, ആസന പ്രാണായാമ ധ്യാന മുറകൾ  – ഇതെല്ലാം അടങ്ങിയ ഒരു വലിയ ഭൂമികയാണ്, “ഹിന്ദു മതം” എന്ന് തെറ്റായി വിളിക്കപ്പെടുന്ന  “സനാതന ധർമ്മ”ത്തിൻ്റെത്. കൃത്യമായ യാതൊരു ചട്ടക്കൂടുകളോ നിർബന്ധിത രീതികളോ ഇല്ലാത്ത,  വളരെ സ്വതന്ത്രമായ  ഒരു ജീവിതരീതിയാണ് സനാതന ധർമ്മം പിന്തുടരുന്നത്. അതുകൊണ്ട്  തന്നെ, സനാതന ധർമ്മത്തിന് അകത്തും പുറത്തും ധാരാളം അജ്ഞത ഇന്നും നിലനിൽക്കുന്നുണ്ട്. സനാതന ധർമ്മത്തിൽ അടങ്ങിയിരിക്കുന്ന തത്വങ്ങളെക്കുറിച്ച് യാതൊരു ധാരണകളും ഇല്ലാത്ത ഒരാൾ, വളരെ സങ്കീണ്ണമായ ഈ പശ്ചാത്തലത്തിൽ നിന്നും  എന്താണ് സനാതന ധർമ്മം എന്ന വസ്തുത  യുക്തിഭദ്രമായ  രീതിയിൽ എങ്ങിനെ മനസ്സിലാക്കി എടുക്കും? എന്താണ്  സനാതന ധർമ്മം പിന്തുടരുന്ന ഒരു വ്യക്തി ഇവിടെ ചെയ്യുവാൻ ശ്രമിക്കുന്നത്?  ചെയ്യുവാൻ ശ്രമിക്കുന്ന ഏതൊരു കാര്യത്തിനും ആ കാര്യത്തെക്കുറിച്ചുള്ള അറിവും, വ്യക്തമായ ഒരു കാഴ്ചപ്പാടും കൃത്യമായ ഒരു ലക്ഷ്യ ബോധവും ഉണ്ടെങ്കിൽ മാത്രമേ ആ കാര്യം വിജയകരമായി പൂർത്തിയാക്കുവാൻ കഴിയുകയുള്ളൂ. 

സനാതന ധർമ്മം എന്ന  ജീവിത രീതി പിന്തുടരുന്ന ഒരു കുടുംബത്തിൽ  ജനിക്കുന്ന ഒരു ശിശു മുകളിൽ വിശദമാക്കിയ ഭൂമികയിൽ ആണ് വളർന്ന് വലുതാകുന്നത്. അച്ഛനമ്മമാർ ചെയ്യുന്നതെന്തോ അത് തന്നെ അന്ധമായി ചെയ്ത് കുട്ടികളും വളരുന്നു. സനാതന ധർമ്മത്തിലെ ജീവിത സത്യങ്ങളെക്കുറിച്ചുള്ള അറിവ് അടുത്ത തലമുറക്ക് പകർന്ന് നൽകുവാൻ ആവശ്യമായ  ആഴത്തിലുള്ള അറിവോ, സൗകര്യമോ, സംവിധാനമോ ഇല്ലാതെ നൂറുകണക്കിന് തലമുറകൾ കടന്നുപോയി.   സനാതന ധർമ്മം ഒരു മതമില്ലാത്തതു  കൊണ്ട്, മറ്റ് ക്രമീകൃതമായ അബ്രഹാമീയ മതങ്ങളിൽ ഉള്ളത് പോലെ മത മേലദ്ധ്യക്ഷന്മാരോ, സാമൂഹിക രീതികളെ നിർബന്ധിച്ച്‌ അനുസരിപ്പിക്കുന്ന മതത്തിൻ്റെ ചാട്ടവാർ മുഴക്കങ്ങളോ  സനാതന ധർമ്മത്തിനില്ല.  അങ്ങിനെ പൊതുവേ നോക്കിയാൽ, ഇന്ന് സനാതന ധർമ്മത്തിലെ നിഷ്ഠകളും രീതികളും എന്തിനാണെന്ന്  അറിയാതെ അനുവർത്തിച്ചു വരുന്ന വെറും വിശ്വാസങ്ങൾ മാത്രമായി  ആയി പരിണമിച്ചിരിക്കുകയാണ്. വിശ്വാസമല്ല വേണ്ടത്, അറിവാണ് വേണ്ടത്. ആ അജ്ഞത മാറ്റുവാൻ സഹായിക്കുന്ന ചില പുരാതനമായ അടിസ്ഥാന   അറിവുകൾ പങ്കുവയ്ക്കുവാൻ    ശ്രമിക്കുകയാണ് ഈ പുസ്തകത്തിൽ. എന്താണ് “സനാതന ധർമ്മം” (“ഹിന്ദു മതം”) എന്ന് ചുരുക്കത്തിൽ ഒരു സമഗ്ര വിവരണം നൽകുകയാണ് ഈ പുസ്തകത്തിൽ. ഈ അടിസ്ഥാന അറിവുകളുടെ സമഭൂമിയിൽ നിന്നു കൊണ്ട് ഈ വിഷയത്തിൽ കൂടുതൽ അന്വേഷങ്ങളും, പഠനങ്ങളും, ചിന്തകളും  നടത്തുവാൻ ആരംഭിക്കാം. 

പുരാതന കാലത്ത് ഭാരതത്തിൽ നിലനിന്നിരുന്ന  വിദ്യാഭ്യാസ രീതി സഹസ്രാബ്ദങ്ങളായി നമുക്ക് നഷ്ടപ്പെട്ടു. ആയിരം വർഷങ്ങൾ നീണ്ടുനിന്ന വിദേശാധിപത്യവും, മുസ്ലിം ഭരണകാലത്ത് ക്ഷേത്രങ്ങളും, നളന്ദ, തക്ഷശില തുടങ്ങിയ സർവ്വകലാശാലകളും എല്ലാം നശിക്കപ്പെട്ടതും നമ്മുടെ അജ്ഞതയിലേക്കുള്ള പതനം ത്വരിതപ്പെടുത്തി.    അതിപുരാതന കാലത്ത് അടിസ്ഥാന വിദ്യാഭ്യാസവും ജീവിതത്തിന് ആവശ്യമായ അറിവും നൽകിയിരുന്നത് ക്ഷേത്രങ്ങളിൽ ആയിരുന്നു. ക്ഷേത്രങ്ങൾ ആരാധനാ കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല. ജീവിതത്തിന് ആവശ്യമായ മുഖ്യമായ അറിവുകളും അടിസ്ഥാന വിദ്യാഭ്യാസവും നൽകുന്ന കേന്ദ്രങ്ങൾ ആയിരുന്നു ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങൾ ഇല്ലാത്ത ഒരു ഗ്രാമവും ഉണ്ടായിരുന്നില്ല. സനാതന ധർമ്മത്തിൽ ഇന്നും വിദ്യാരംഭം കുറിക്കുന്നത് ക്ഷേത്രങ്ങളിൽ നിന്നും ആണ്. ക്ഷേത്രങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഗുരുകുലങ്ങളിൽ അവരവരുടെ താത്പര്യത്തിന് അനുസരിച്ച്   ഗണിതം, തർക്കം, ഉപനിഷത്തുകൾ, കല, ആയോധനവിദ്യകൾ തടുങ്ങിയ പഠനങ്ങൾ നടത്തിയിരുന്നു. അതിന് ശേഷമാണ് നളന്ദ തുടങ്ങിയ സർവ്വകലാശാലകളിൽ ഉന്നത പഠനം താത്പര്യമുള്ളവർ ചെയ്തിരുന്നത്. എന്തായാലൂം, ഉപനിഷത്തുക്കളുടെ പഠനം കഴിയുന്നത് വരെ ഒരു വിദ്യാർത്ഥിയുടെ പഠനം പൂർണ്ണമായതായി അന്ന് അംഗീകരിച്ചിരുന്നില്ല. ഇന്ന് തെറ്റിദ്ധരിച്ചിരിക്കുന്നത്പോലെ “മതപരമായ” പഠനമല്ല ഉപനിഷത്തുക്കളുടെ പഠനം. ജീവിത സത്യങ്ങളെക്കുറിച്ചുള്ള അഗാധമായ അറിവാണ് ഉപനിഷത്തുക്കൾ നൽകുന്നത്. ആ അറിവ് അനുസരിച്ചുള്ള ജീവിത രീതിയാണ് “സനാതന ധർമ്മം”. അതുകൊണ്ടാണ് “ഹിന്ദു മതം” എന്നൊരു മതമില്ല, സനാതന ധർമ്മം എന്ന ജീവിത രീതിമാത്രമാണ് ഉള്ളത് എന്ന് പറയുന്നത്. എന്നാൽ, ഉപനിഷത്തുക്കൾ നൽകുന്ന ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവ്  പൊതുവേ സനാതന ധർമ്മ ചാരികൾക്കുപോലും  കൈമോശം വന്ന്  പോയതാണ് ഇന്നത്തെ മൂല്യച്യുതികൾക്കുള്ള ഒരു പ്രധാന കാരണം. 

സനാതന ധർമ്മത്തിൻ്റെ (“ഹിന്ദു മതത്തിൻ്റെ”)  പൂർണ്ണ രൂപം മനസ്സിലാക്കുവാൻ ലളിതമായ ഒരു സംഗ്രഹം ഈപുസ്തകം  നൽകുന്നു. സനാതന ധർമ്മത്തിലെ ദൈവസങ്കല്പവും, കൂടാതെ  മൂന്ന് അബ്രഹാമീയ മതങ്ങളിലേയും, ബുദ്ധധർമ്മത്തിലേയും  ദൈവ സങ്കല്പങ്ങളുടെ  സംഗ്രഹങ്ങൾ കൂടിയും ഇവിടെ  നല്കിയിട്ടുണ്ട്.  ഇന്നത്തെ ലോകജനതയിൽ എഴുപത്തി ഒൻപത് ശതമാനം ജനങ്ങൾ  പിന്തുടരുന്ന അഞ്ച് ഭിന്നങ്ങളായ ദൈവ സങ്കല്പങ്ങളും, അവ ഓരോന്നും മനുഷ്യൻ്റെ ക്ലേശ മുക്തിക്കായി നൽകുന്ന   മാർഗ്ഗങ്ങളും  എന്താണെന്നതിനെ കുറിച്ച്  ഒരു പ്രഥമപരിചയം നൽകുവാനാണ്‌ ഈ പുസ്തകം ശ്രമിക്കുന്നത്.  എല്ലാമതസ്ഥരും ആരാധിക്കുന്നത്  പല പേരുകളിൽ അറിയപ്പെടുന്ന ഒരേ ദൈവസങ്കൽപ്പത്തിനെ തന്നെ ആണ് എന്ന് ഇതിലൂടെ തിരിച്ചറിയുവാൻ കഴിയേണ്ടതാണ്. ഓരോ മതഅനുയായികളും തൻ്റെ മതത്തേയും മറ്റുള്ള മതത്തേയും  വേണ്ടത്ര ആഴത്തിൽ മനസ്സിലാക്കുന്നതിലൂടെ മതങ്ങൾ തമ്മിൽ ഇന്ന് നിലനിൽക്കുന്ന വിരോധം കുറച്ചു കൊണ്ടുവരുവാൻ ഒരു പരിധിവരെ എങ്കിലും കഴിയും എന്ന വിശ്വാസവും ഈ ശ്രമത്തിന് പുറകിൽ ഉണ്ട്.

എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ചില  വസ്തുതകൾ ഉണ്ട്. മനുഷ്യൻ  അടിമപ്പെട്ടു പോകുന്ന വിവിധങ്ങളായ   വൈകാരികതകൾ, ജീവിതത്തിലെ ദുഃഖങ്ങൾ, അനാരോഗ്യം, രോഗം, വാർദ്ധക്യം,  മരണം എന്നിങ്ങനെ നിരവധി രീതികളിൽ  മനുഷ്യൻ്റെ  ജീവിതം ക്ലേശക്ലിഷ്ടമാണെന്ന് എല്ലാ മതങ്ങളൂം ഒരുപോലെ സമ്മതിക്കുന്നുണ്ട്. ആ ക്ലേശങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുകയും   ആനന്ദപൂർണ്ണമായ ഒരു നിലനിൽപ്പിലേക്ക് മനുഷ്യനെ  ഉയർത്തുകയും ചെയ്യലാണ്  എല്ലാ മതങ്ങളുടേയും  പൊതുവായ ലക്ഷ്യം. ഈ പൊതുവായ ലക്ഷ്യവും  എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. അതുപോലെ തന്നെ, മനുഷ്യാതീതമായ ഒരു ശക്തിയാണ് ഇക്കാണുന്ന സർവ്വ ചരാചരങ്ങളേയും സൃഷ്ടി ച്ചിരിക്കുന്നത് എന്ന് എല്ലാ മതങ്ങളും (ചാർവാക, നിരീശ്വര വാദങ്ങൾ ഒഴികെ)  ഒരുപോലെ കരുതുന്നു. ആ ശക്തിയിൽ നിന്നും അതുപോലെ തന്നെ  പ്രകൃതിയുടെ പ്രവർത്തന നിയമങ്ങൾ മനസ്സിലാക്കാതെ, അതിനെ ഉല്ലംഘിച്ചുകൊണ്ട് ജീവിക്കുന്നതാണ്  ഇന്ന് മനുഷ്യൻ അനുഭവിക്കുന്ന  എല്ലാ ദുഃഖങ്ങൾക്കും ഉള്ള അടിസ്ഥാന കാരണം. അതുകൊണ്ട് ആ ശക്തിയിലേക്ക് മനുഷ്യനെ വീണ്ടും തിരികെ ഒന്നിനൊന്ന് അടുപ്പിക്കുക എന്നതാണ് മനുഷ്യൻ്റെ സർവ്വ ദുഖങ്ങളിൽ നിന്നും ഉള്ള മോചനത്തിന് പരിഹാരം എന്ന് എല്ലാ മതങ്ങളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ സമ്മതിക്കുന്നുമുണ്ട്. ഇതാണ് എല്ലാ മതങ്ങളുടേയും പൊതുവായ സമഭൂമി. ഈ സമഭൂമിയിൽ നിന്നും ആണ് മതങ്ങൾ തമ്മിലുള്ള ഐക്യവും സഹകരണവും ആരംഭിക്കേണ്ടത്. 

അതായത്, എല്ലാ മതങ്ങളുടേയും ലക്ഷ്യം ഒന്നാണ്. മാർഗ്ഗം മാത്രമാണ് പലതായിരിക്കുന്നത്.  എല്ലാ മതങ്ങളുടേയും അന്തിമമായ ഉദ്ദേശ്യവും അന്തഃസത്തതയും ആ  മനുഷ്യാതീത ശക്തിയുമായി മനുഷ്യനെ അടുപ്പിക്കുക എന്നത്   ഒന്ന് മാത്രമാണെന്ന്  മനസ്സിലാക്കുമ്പോൾ    ഇന്നുള്ള പരപസ്പര  മത വിരോധങ്ങൾ കുറഞ്ഞു വന്നേക്കാം.   അതിലൂടെ  ഭൂമിയിൽ സമാധാനവും സഹകരണവും ഉറപ്പു വരുത്തുവാനും,   മനുഷ്യരാശിയുടെ ഏറ്റവും ഉയർന്ന നന്മ സാദ്ധ്യമാക്കാനും കഴിഞ്ഞേക്കാം. ഒരേ ലക്ഷ്യത്തിലേക്ക് ചെന്നെത്തുവാൻ പല മാർഗ്ഗങ്ങൾ ഉള്ളത് തീർച്ചയായും നല്ല ഒരു കാര്യം തന്നെ ആണെന്ന തിരിച്ചറിവ് ഉണ്ടാകുവാൻ വിവിധ മതങ്ങളെ കുറിച്ചുള്ള പഠനങ്ങൾ സഹായിക്കും. 

ഏതെങ്കിലും ഒരു മതത്തെ പുകഴ്ത്താനോ അല്ലെങ്കിൽ ഇകഴ്ത്താനോ അല്ല ഈ പുസ്തകം. അടിസ്ഥാനപരമായി ലോകത്തിൽ എല്ലാവരുടേയും ജീവിത ക്ലേശങ്ങൾ ഒന്നുതന്നെ ആണ്. എല്ലാവർക്കും ഒരേ പ്രശ്നങ്ങളിൽ നിന്നും തന്നെ ആണ് മുക്തി വേണ്ടതും. ഒരേ ദൈവ സങ്കല്പത്തിനെ തന്നെ പല പേരുകളിൽ പല ഭാഷകളിൽ  വിളിച്ച് അവരവർക്ക് മനസ്സിലായ വിധത്തിൽ ആ ഒരേ ദൈവത്തിനോട് സാമീപ്യം പുലർത്തുവാൻ ശ്രമിക്കുന്നു എന്ന ഒരു വ്യത്യാസമേ ഇവിടെ ഉള്ളൂ. വ്യത്യാസങ്ങളേക്കാൾ അധികം സമനാഥകൾ ആണ് ഉള്ളത്.   ഇത് തിരിച്ചറിഞ് മനസ്സിലാക്കി പരസ്പരം കൂടുതൽ സഹകരിക്കുന്നതിന് പകരം പരസ്പരം വാളോങ്ങി നിൽക്കുന്നതിലെ വിഢിത്തം എടുത്തുകാണിക്കുക മാത്രമാണ് ഈ പുസ്തകം ചെയ്യുന്നത്.    

ലോകത്തിലെ 79% ജനങ്ങളും  അവലംബിച്ചിരിക്കുന്ന അഞ്ച് മതങ്ങളിലെ   ദൈവസങ്കല്പങ്ങളേക്കുറിച്ചും,  മനുഷ്യൻ    ഇന്നത്തെ ക്ലേശകളിഷ്ടമായ നിലയിലേക്ക് നിപതിക്കുവാനാൻ കാരണമാക്കി എന്ന് ഈ മതങ്ങൾ പറയുന്ന     സൃഷ്ടി യുടെ നാൾ വഴികളെക്കുറിച്ചും,   ഈ മതങ്ങൾ ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനത്തിനായി മതാനുയായികൾക്ക് നൽകുന്ന വിവിധ മാർഗ്ഗങ്ങളെക്കുറിച്ചും ഉള്ള അറിവുകൾ ആണ് ഈ പുസ്തകത്തിൽ. ഈ വിഷയത്തെക്കുറിച്ച്   യുക്തിയുക്തമായി   ചിന്തിക്കുവാനും, അവരവർ വന്ന പാതയിൽ അപഭ്രംശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തുവാൻ അവസരം ഒരുക്കുവാനും കൂടി  ഈ പുസ്തകം ഉപകരിക്കും എന്ന് പ്രത്യാശിക്കുന്നു. പലർക്കും അവരവർ ചരിക്കുന്ന പാതയെക്കുറിച്ചു പോലും അത്യാവശ്യം വേണ്ട അറിവുകൾ കൈമോശം വന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് വന്നത്. അങ്ങിനെ ഉള്ളവർക്ക് ഇതുവരെ തങ്ങൾ ചരിച്ചിരുന്ന സ്വന്ത പാതയെക്കുറിച്ചുള്ള  ഒരു പൊതു  അവലോകനത്തിനുള്ള അവസരം  കൂടി ആയിരിക്കും  ഈ പുസ്തകം. 

ഇന്ന് ലോക ജനസംഖ്യയുടെ 15% ജനങ്ങൾ  മതവിശ്വാസങ്ങൾ നഷ്ടപ്പെട്ടവരോ, മനുഷ്യാതീതമായ യാതൊരു ശക്തിയും ഇല്ല എന്ന് വിശ്വസിക്കുന്നവരോ ആണ്.  ഈ ശതമാനം വർദ്ധിച്ചു വരികയാണെന്ന് “വേൾഡ് പോപ്പുലേഷൻ റിവ്യൂ” കണക്കുകൾ 

കാണിക്കുന്നു. മതപരമായ ശാഠ്യങ്ങളോ, രാഷ്ട്രീയമായ നിർബ്ബന്ധമോ, അതുമല്ല  അന്ധമായ വിശ്വാസങ്ങളിൽ നിന്നും മാറിനിന്ന്  യുക്തിയുക്തം ചിന്തിക്കുവാനുള്ള സ്വയം  ശേഷി ഇനിയും കൈവരാത്തതു  കൊണ്ടോ   ആകാം വർദ്ധിച്ചു വരുന്ന ഈ  മത സംബന്ധമായ നിഷേധാത്മക   പ്രവണതകൾ. ഒരേ സമയം അഞ്ച് മതങ്ങളുടെ ദൈവ സങ്കല്പങ്ങളിലെ  ഐക്യവും സമീപനങ്ങളിലെ വൈരുദ്ധ്യവും അവലോകനം ചെയ്യുവാൻ സാധിക്കുന്നത്, ഈ വിഷയത്തെ കുറിച്ച് മനസ്സിരുത്തി ചിന്തിക്കുവാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. 

മനുഷ്യൻ്റെ അവബോധം വളർന്നിട്ടുണ്ടെങ്കിലും, ലോകസമാധാനം വളരെ ഗുരുതരമായ ഒരു നിലയിലേക്ക് ചുവട് മാറുന്ന ഒരു കാലഘട്ടം കൂടിയാണിത്. എല്ലാ മതങ്ങളുടെ ലക്ഷ്യം ഒന്നാണെങ്കിലും, ആ ലക്ഷ്യത്തിലേക്ക് അവരവർ പിന്തുടരുന്ന വിവിധ  മാർഗ്ഗങ്ങളെ ചൊല്ലി മതങ്ങൾ തമ്മിൽ നിലനിൽക്കുന്ന   കലഹങ്ങൾ, സാമാധാന ജീവിതത്തിന്  കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നു. 

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) തയ്യാറാക്കിയ റിപ്പോർട്ടാണ് ഗ്ലോബൽ പീസ് ഇൻഡക്സ് (ജി.പി.ഐ). ഗ്ലോബൽ പീസ് ഇൻഡക്സ് അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച  2022 ലെ ലോകസമാധാനത്തിൻ്റെ ഒരു ഇൻഡക്സ് വളരെ ഉത്കണ്ഠകൾ ഉയർത്തുന്ന ഒന്നാണ്. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചു നൂറുവർഷം പിന്നിട്ടെങ്കിലും ഇന്നും ലോകത്ത് സംഘർഷാവസ്ഥ പരക്കെ നിലനിൽക്കുന്നു.  ഇത്തരം ഒരു അവസ്ഥയിൽ  മതങ്ങൾ തമ്മിലുള്ള  ഐക്യവും അനൈക്യവും ബോധപൂർവ്വം തിരിച്ചറിഞ്ഞു  അവനവൻ്റെ   പന്ഥാവിൽ യുക്തിയും, നൈതികതയും   ആവശ്യപ്പെടുന്ന ഗതിമാറ്റം വരുത്തേണ്ടതുണ്ട്. അത്തരം ഗതി മാറ്റത്തിന് ആദ്യം ആവശ്യം അവനവൻ്റെ മതത്തിലേയും, മറ്റു മതങ്ങളിലേയും   ദൈവസങ്കൽപ്പത്തെക്കുറിച്ചും  ദൈവവുമായി ഉണ്ടായിരിക്കേണ്ടത് എന്ന് മതങ്ങൾ അനുശാസിക്കുന്ന രീതികളെക്കുറിച്ചും അറിഞ്ഞിരിക്കുക എന്നതാണ്.  അതിനായി ഈ പുസ്തകം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.