ആരാണ് ദൈവം?
സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങൾ

പ്രധാനമായും സനാതന ധർമ്മത്തിൻ്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട്   ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ പിന്തുടരുന്ന അഞ്ചു ദൈവ സങ്കല്പങ്ങൾ എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുകയായിരുന്നു ഇതുവരെ.  എന്താണ് മനുഷ്യൻ നിതാന്തമായി അനുഭവിച്ചുവരുന്ന ക്ലേശങ്ങൾക്കുള്ള കാരണം എന്നും എങ്ങിനെ ആണ് അതിൽ നിന്നും മോചനം സാദ്ധ്യമാകുന്നത്  എന്ന് മനസ്സിലാകുന്നതിലൂടെ ആണ് ഇത്തരം അവലോകനങ്ങൾ  സാർത്ഥകം ആകുന്നത്. 

ചില നിർദ്ദേശങ്ങൾ 

എല്ലാ മതങ്ങളും ഒരുപോലെ സമ്മതിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. ജീവിതം ക്ലേശഭരിതമാണെന്നും അതിൽനിന്നും ഉള്ള മോചനം ദൈവ സങ്കലപ്പത്തോട് കൂടുതൽ അടുത്ത് ജീവിക്കുക എന്നതാണെന്നും എല്ലാ മതങ്ങളും ഒരുപോലെ സമ്മതിക്കുന്നു. ശ്രേഷ്ഠമായ ജീവിതം ആണ് സാർവ്വജനനീയമായി എല്ലാവരും കാംക്ഷിക്കുന്നത്. ശ്രേഷ്ഠമായ ജീവിതം എന്നാൽ  ഉയർന്ന അവബോധത്തിലെ നിലനിൽപ്പ് സാദ്ധ്യമാകുന്ന  വിധത്തിൽ ഇപ്പോൾ, ഇന്നു മുതൽ ജീവിക്കുക എന്നുള്ളതാണ്. ‘ജീവൻ’ അല്ലെങ്കിൽ ‘അവബോധം’ അനുദിനം വികസിപ്പിച്ചു കൊണ്ടുള്ള ജീവിതം എന്നർത്ഥം.  അത്തരത്തിലുള്ള ജീവിതം ആഗ്രഹിക്കുന്നു എങ്കിൽ   താഴെ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ ഉടനടി പകർത്തുവാൻ ആരംഭിക്കേണ്ടതുണ്ട്.

  1. ധാർമ്മികമായ കാഴ്ചപ്പാടുകൾ, ധാർമ്മികമായ തീരുമാനങ്ങൾ, ധാർമ്മികമായ ചിന്തകൾ ഇവ നിത്യ ജീവിതത്തിൽ കൊണ്ടുവരണം. നമ്മുടെ വാക്കുകൾ, പ്രവൃത്തികൾ, സ്വഭാവം, ജീവിത രീതികൾ, തൊഴിൽ,  പരിശ്രമങ്ങൾ  ഇവയെല്ലാം ധാർമ്മികമായവ മാത്രം ആയിരിക്കുവാൻ  ബദ്ധ ശ്രദ്ധരായിരിക്കണം. മനഃസാക്ഷക്ക് വിരുദ്ധമായി ഒരിക്കലും പ്രവർത്തിക്കരുത്.
  1. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ അനുഭവങ്ങൾക്കും  നമ്മൾ മാത്രം ആണ് ഉത്തരവാദികൾ എന്നറിയുക. അത് നമ്മുടെ  കുറ്റവും കുറവും ഒന്നുമല്ല. എല്ലാ അനുഭവങ്ങളും കാര്യ-കാരണബന്ധങ്ങളാൽ രൂപീകൃതം  ആകുന്നവയാണെന്ന് നമ്മൾ ഓർമ്മിക്കണം.    കാർമ്മികമായ ആ  ഉത്തരവാദിത്വം തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ  പെരുമാറാവൂ. മറ്റാരും നമ്മുടെ അനുഭവങ്ങൾക്ക് ഉത്തരവാദികൾ അല്ല, നമുക്ക് അങ്ങിനെ വെറുതെ തോന്നിക്കുന്നത്  മാത്രം ആണ്. പൂർണ്ണമായും അവബോധത്തിൽ നിന്നുകൊണ്ട്  അനുനിമിഷം പ്രവൃത്തിക്കുകയാണ് വേണ്ടത്.
  1. ഇപ്പോൾ ഈ നിമിഷം നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും, ഓരോ സാഹചര്യങ്ങളും അങ്ങിനെ തന്നെ ആയിരിക്കും. അത് നിശ്ചിതമാണ്. മാറ്റി മറിക്കാവുന്ന ഒന്നല്ല. ഈ നിമിഷം അവസാനിച്ചു അടുത്ത നിമിഷം ആരംഭിക്കുമ്പോൾ അതെല്ലാം സ്വയം മറ്റൊന്നായി മാറും. ഈ നിമിഷത്തിൽ ഇവിടെ ഉള്ള ഒരു കാര്യത്തിനും അണുവിട ഇപ്പോൾ ഉള്ളതിൽ നിന്നും വ്യത്യാസം ഉണ്ടാകില്ല. അതുകൊണ്ട് ഓരോ നിമിഷവും നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ ആന്തരികമായ യാതൊരു വൈകാരിക ചലങ്ങളും  ഉണ്ടാക്കാതെ സ്വീകരിക്കുകയും, പൂർണ്ണമായ അവബോധത്തോടെ  മാത്രം പ്രതികരിക്കുകയും ചെയ്യുക.
  1. നമ്മൾ അറിയാതെ  നമ്മുടെ ചിന്തകളും, വാക്കുകളും, പ്രവൃത്തികളും ഒന്നും  നമ്മുടെ കൈയിൽ നിന്നും വഴുതി പോകരുത്. നമ്മുടെ ചിന്തകളും, വാക്കും പ്രവർത്തികളും എല്ലാം സദാ സമയവും ഒരു നിശബ്ദ  സാക്ഷിയായി മാറി നിന്ന് നമ്മൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടേ ഇരിക്കണം. 
  1. നമ്മൾ ഈ ശരീരമോ മനസ്സോ അല്ല എന്ന് എപ്പോഴും ഓർമ്മിക്കണം. നമ്മൾ ‘ജീവൻ’ അല്ലെങ്കിൽ ‘അവബോധം’ ആണ്. ശരീരവും മനസ്സും  ആ ജീവൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ്. മറ്റുള്ളവർ അല്ലെങ്കിൽ മറ്റുള്ളവ എന്ന് നമ്മൾ കരുതുന്നതെല്ലാം തന്നെ  ഒരേ ഒരു ജീവൻ്റെ  നമ്മെപ്പോലെ തന്നെ    ഉള്ള മറ്റൊരു സ്പന്ദനം   ആണ്.  ഇവിടെ അന്യമായി ഒന്നുമില്ല എന്നറിയുക. എല്ലാം ഒരേ ജീവൻ തന്നെ വേഷപ്രച്ഛന്നരായി നിൽക്കുന്നതാണെന്ന് മറക്കരുത് ഒരിക്കലും.  
  1. സർവ്വ  ചരാചരങ്ങളോടും മാതൃ നിർവിശേഷമായ ഒരു ഭാവന വളർത്തി എടുക്കുക.
  1. സദാ സമയവും അവബോധത്തോടെ ഉണർവ്വോടെ ഇരിക്കണം. ഒന്നിനോടും വൈകാരികമായി പ്രതികരിക്കരുത്. ഏതു സന്ദർഭത്തിലും പൂർണ്ണമായ അവബോധത്തോടെ    ആവശ്യമായ കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും   ചെയ്യുക. ചെയ്യേണ്ടത് യുദ്ധമായാൽ പോലും ബോധപൂർവ്വം ചെയ്യേണ്ടത് തന്നെ ആണെന്നാണ് ഭഗവത്ഗീത പഠിപ്പിക്കുന്നത്. എന്നാൽ ചെയ്യന്ന പ്രവർത്തികളുടെ  ഫലം എന്തായാലും മനസ്സിനേയും വികാരത്തേയും ഒരുവിധത്തിലും ബാധിക്കരുത്. സുഖത്തിലായായിലും ദുഖത്തിലായാലും സമചിത്തതയോടെ  സമദുഖഃസുഖ ക്ഷമിയായി നിലകൊള്ളണം.
  1. നമ്മൾ ചെയ്യുന്ന ഏത് പ്രവർത്തിയുടെ ഫലവും –  അത് ഗുണമായാലും ദോഷമായാലും, അത് സന്തോഷ ദായകം  ആയാലും ദുഃഖ ദായകം ആയാലും –  സമചിത്തതയോടെ, മനസ്സിൽ യാതൊരു ചലനങ്ങളും സൃഷ്ടിക്കാതെ,   ചേമ്പിലയിൽ പതിച്ച വെള്ളത്തെപ്പോലെ ഒഴുകിപ്പോകാൻ അനുവദിക്കണം.  
  1. അവബോധ വികസനം പരിശീലിക്കുവാനുള്ള സുവർണ്ണാവസരങ്ങൾ ആണ് എല്ലാ  കുടുബ ബന്ധങ്ങളും, സാമൂഹിക വ്യക്തിബന്ധങ്ങളും. ബോധപൂർവമുള്ള സഹവർത്തനങ്ങളും, സഹനവും  പരിശീലിക്കുവാനുള്ള ആ സുവർണ്ണാവസരങ്ങൾ  പാഴാക്കിക്കളയരുത്. ശരീര സമേതരായി ഇരിക്കുമ്പോൾ മാത്രമേ ഏതെല്ലാം സാദ്ധ്യമാകൂ എന്ന് വിസ്മരിക്കരുത്. 
  1. മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിക്കാതെ മുകളിൽ പറഞ്ഞവയെല്ലാം സ്വന്തം ജീവിത നിയമങ്ങൾ ആക്കി മാറ്റുക. 

സപ്രജ്ഞ പ്രപഞ്ചം   

ജീവൻ്റെ  ഏറ്റവും  വലിയ ഒരു ചിത്രം വരച്ചു കാണിക്കുവാൻ ആണ് ഇവിടെ ശ്രമിച്ചത്.   ആ ബൃഹ്ത്  ‘ജീവൻ്റെ’  മെക്കാനിസവും ആയി  ഇഴചേർന്ന് വേണം, നമ്മൾ  ആകുന്ന ചെറിയ ‘ജീവനു’കൾ  ഇവിടെ   നിലനിൽക്കുവാനും പ്രവർത്തിക്കുവാനും. സപ്രജ്ഞമായ, പരമമായ ഉദ്ദേശങ്ങൾ കൊണ്ട് നിറഞ്ഞ, ജീവൻ ആകുന്ന ഈ പ്രപഞ്ചത്തിൻ്റെ   മഹാ വിഹായസ്സിൽ നിലനിൽക്കുന്ന ജീവൻ്റെ   തന്നെ   സോപ്പു കുമിളകൾ  ആണ് നമ്മൾ ഓരോരുത്തരും. കുമിളകൾക്ക് അകത്തും പുറത്തും ഒരേ ജീവൻ തന്നെ. കുമിളകളുടെ ആവരണത്തിൻ്റെ ഘനം അനുസരിച്ചു കുമിളകൾ പല വലുപ്പത്തിൽ ആണെന്നേ ഉള്ളൂ.   എല്ലാം പരസ്പരം ഒന്നിനൊന്ന് ബന്ധപ്പെട്ടു  നിൽക്കുന്ന ഒരേ തൂവൽ പക്ഷികൾ. ബലൂണിനകത്തെ  അന്തരീക്ഷം താൻ ഈ കുമിളയാണെന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് ബാക്കിയെല്ലാം തനിക്ക് അന്യമെന്ന്  തോന്നിക്കുന്നത്. ഇവിടെ സത്യത്തിൽ അന്യമായ ഒന്നുമില്ല. എല്ലാം ഒന്ന് തന്നെ. 

അത്തരത്തിലുള്ള  ഒരു   ജീവിതരീതി അനുഷ്ഠിക്കുന്നതിനെ ആണ്  ‘സനാതന ധർമ്മം’  എന്ന് പറയുന്നത്.  സനാതന ധർമ്മം ഒരു മതമല്ല.  സർവ്വതിനേയും ഉൾക്കൊള്ളുന്ന  ഉയർന്ന അവബോധത്തിലുള്ള പ്രയാണം സ്വീകരിച്ച  ഒരു ജീവിത രീതിയാണ്. ‘അവബോധം’  വീണ്ടും വീണ്ടും വികസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആ ജീവിത രീതിയെ ആണ് “ഹിന്ദുമതം” എന്ന് തെറ്റായി വിളിച്ചു വരുന്നത്. അത് ഒരു മതമല്ല – ജീവിത രീതിയാണ്.  സനാതന ധർമ്മം ബാഹ്യമായി ക്രമീകരിക്കപ്പെട്ട ഒരു സംഘടനയുടെ  സമ്പ്രദായങ്ങൾ അല്ല. ഇവിടെ അധീശത്വമോ അധികാരക്രമങ്ങളോ ഇല്ല. നിത്യമായ നിലനില്പിൻ്റെ തിരിച്ചറിയൽ മാത്രം, അതനുസരിച്ചുള്ള ജീവിതത്തിൻ്റെ  ക്രമീകരണങ്ങൾ മാത്രം.