ആരാണ് ദൈവം?
സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങൾ

എല്ലാ മതങ്ങൾക്കും മനുഷ്യൻ എങ്ങിനെ ഉണ്ടായി എന്ന് വിവരിക്കുന്ന ‘സൃഷ്ടി യുടെ’ ‘കഥ’കൾ  പറയുവാനുണ്ട്. മതങ്ങളിൽ സൃഷ്ടി യെക്കുറിച്ച് പറയുന്ന കഥകൾ വിശ്വാസികൾ സ്വീകരിക്കുന്നത് അവയെ ‘വിശ്വാസ’ത്തിൽ മാത്രം  അധിഷ്ഠിതമാക്കിക്കൊണ്ടാണ്. വിശ്വാസത്തിൽ അധിഷ്ഠിതമായ കഥകൾ ആണ് ഐതിഹ്യങ്ങൾ. ഐതിഹ്യങ്ങളിൽ  ചോദ്യങ്ങൾ ഇല്ല. യുക്തിയില്ല. അപഗ്രഥനങ്ങൾ ഇല്ല.  ആകെ ഉള്ളത് വിശ്വാസം മാത്രം. 

മതങ്ങൾ നൽകുന്ന സൃഷ്ടി യുടെ എല്ലാ ഐതിഹ്യങ്ങളിലും  ദൈവമാണ് മനുഷ്യനെ സൃഷ്ടി ച്ചത്.  ഓരോ മതങ്ങൾ പറയുന്ന ഐതിഹ്യങ്ങളിലും  ദൈവത്തിൻ്റെ പേരുകൾ പലതാണ് എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. പക്ഷേ, ആ പേരുകൾ എല്ലാം സൂചിപ്പിക്കുന്നത് സൃഷ്ടി യിലെ പൊതു ഘടകമായ ഒരേ ഒരു ദൈവത്തെകുറിച്ചാണ്.   അങ്ങിനെ ദൈവത്താൽ സൃഷ്ടി ക്കപ്പെട്ട മനുഷ്യൻ എപ്പോഴും ക്ലേശങ്ങളും ദുഖങ്ങളും രോഗവും, വാർദ്ധക്യവും,  മരണവും എല്ലാം നിറഞ്ഞ ജീവിതം ഭൂമിയിൽ നയിക്കേണ്ടി വരുന്നു. നമ്മുടെ ഇന്നത്തെ അനുഭവവും അത് തന്നെ ആണ്.  ഈ  ദുരവസ്ഥയിൽ നിന്നും മനുഷ്യന്  മുക്തി നേടുന്നതിന് ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കണം എന്ന കാര്യത്തിൽ എല്ലാ മതങ്ങളും തികഞ്ഞ ഐക്യത്തിലാണ്. യാതൊരു അഭിപ്രായ വ്യത്യാസങ്ങളും മതങ്ങൾ തമ്മിൽ അക്കാര്യത്തിൽ ഇല്ല. ദൈവവുമായി മനുഷ്യൻ പുലർത്തേണ്ട ബന്ധത്തിൻ്റെ സ്വഭാവത്തെക്കുറിച്ചാണ്  മതങ്ങൾ  തമ്മിൽ  പ്രധാനമായും കലഹിക്കുന്നത്. കൂടാതെ, ദൈവത്തിൻ്റെ പേരിനെ ചൊല്ലിയും കലഹിക്കുന്നു. അവരവർ തങ്ങളുടെ ദൈവ സങ്കല്പത്തിന്  നൽകിയ പേരുകൾ  ആണ് ശരി എന്ന് വാദിച്ചുകൊണ്ട് ചേരികൾ തിരിഞ്ഞു കൊണ്ടു കലഹിക്കുന്നു. വളരെ ബാലിശമാണെങ്കിലും കലഹങ്ങളുടെ സത്യാവസ്ഥ ഇതാണ്. ഈ കലഹങ്ങൾ മനുഷ്യൻ അനുഭവിച്ചുവരുന്ന ദുരിതങ്ങളെ കൂടുതൽ ദുരിത പൂരിതമാക്കുന്നു. 

ഏത് മതത്തിലെയായാലും മൂന്ന് ഘടകങ്ങൾ പരിശോധിച്ചാൽ ആ മതത്തിൻ്റെ കാതലിൽ നമുക്ക് എത്തിച്ചേരുവാൻ കഴിയും.  ഒരു മതത്തിലെ ദൈവ സങ്കല്പങ്ങൾ എന്താണ്, എന്താണ്  ആ മതത്തിലെ സൃഷ്ടി യുടെ ഐതിഹ്യം,  ജീവിതത്തിലെ ദുഃഖങ്ങളിൽ നിന്നും മുക്തി ലഭിക്കുവാൻ ദൈവവുമായി പുലർത്തേണ്ട ബന്ധത്തെക്കുറിച്ച് ആ മതത്തിൻ്റെ നിർദ്ദേശങ്ങൾ എന്താണ് എന്നുള്ളതാണ് ആ മൂന്നു സാമാന്യ ഘടകങ്ങൾ.     

സനാതന ധർമ്മത്തിലും (“ഹിന്ദു മതം”) സൃഷ്ടി യുടെ ഒരു കഥയുണ്ട്. ദൈവത്തിനെക്കുറിച്ച് വ്യക്തമായ ധാരണകൾ ഉണ്ട്. മനുഷ്യൻ്റെ ദുരവസ്ഥയെ എങ്ങിനെ മറികടന്ന് ഈ ജീവിത ദുരിതങ്ങളിൽ നിന്നും   മുക്തി നേടുവാൻ കഴിയും എന്നതിനെക്കുറിച്ച് വ്യക്തമായ സങ്കല്പങ്ങൾ ഉണ്ട്. സനാതന ധർമ്മത്തിലെ സൃഷ്ടി യുടെ കഥയിലേക്ക് കടക്കുന്നതിന് മുൻപായി  തികച്ചും നിഷ്‌പക്ഷമായി, സനാതന ധർമ്മത്തിൻ്റെയോ മറ്റേതു   മതങ്ങളുടേയോ  വീക്ഷണത്തിലൂടെ അല്ലാതെ, സ്വതന്ത്രമായ, യുക്തിഭദ്രമായ അനുമാനങ്ങളിലൂടെ എങ്ങിനെ ആയിരിക്കാം പ്രപഞ്ച സൃഷ്ടി നടന്നത് എന്നത് ആദ്യമായി  ഒന്ന് പരിശോധിക്കാം.  

പോളണ്ടിൽ ജനിച്ച ഒരു ആസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ആണ്  ഡോ.തോമസ് ജെ ചാൽക്കോ. ഈ വിഷയങ്ങൾ വളരെ ലളിതമായി ചർച്ചചെയ്യുന്ന അദ്ദേഹത്തിൻ്റെ ഒരു കൃതിയാണ് “ദി ഫ്രീഡം ഓഫ് ചോയ്‌സ്”. (ഈ പുസ്തകത്തിൻ്റെ റഫെറെൻസും മറ്റു പുസ്തകങ്ങളുടെ റഫെറെൻസുകളോടൊപ്പം ഈ കൃതിയുടെ  അവസാനം കൊടുത്തിട്ടുണ്ട്).  നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് വസ്തുനിഷ്ഠമായി പരീക്ഷണങ്ങൾ നടത്തി  ദൈവം ഉണ്ടോ, ദൈവം ആണോ സൃഷ്ടി നടത്തിയത്, ആണെങ്കിൽ എങ്ങിനെ ആയിരിക്കും സൃഷ്ടി നടത്തിയിരിക്കുക,  എന്നൊന്നും   പ്രായോഗികമായി പഠിക്കുവാൻ സാദ്ധ്യമല്ല. മനസ്സും ബുദ്ധിശക്തിയും ഉപയോഗിച്ചുള്ള യുക്തി ഭദ്രമായ കാര്യകാരണ ബന്ധമുള്ള  അനുമാനങ്ങളിലൂടെ മാത്രമേ ഈ വിഷയത്തെ സംബന്ധിച്ച അന്വേഷങ്ങളും നിർണ്ണയങ്ങളും   നടത്തുവാൻ കഴിയുകയുള്ളൂ. 

നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരുന്ന ഈ പുസ്തകത്തിലെ രണ്ടാം ഭാഗത്തിലെ മൂന്നാമത്തെ  ആദ്ധ്യായത്തിൽ  അതി പുരാതനമായ ഏഴ് ‘കബാലിയോൺ’ നിയമങ്ങൾ ചർച്ചചെയ്യുന്നുണ്ട്. പ്രകൃതിയുടെ  പ്രവർത്തനങ്ങളിലെ നിഗൂഢ   രഹസ്യങ്ങളുടെ അറകൾ തുറക്കുന്ന ഏഴ് സുവർണ്ണ താക്കോൽ ആയിട്ടാണ് ഈ ഏഴുനിയമങ്ങൾ അറിയപ്പെടുന്നത്. അതിലെ രണ്ടാമത്തെ നിയമം ആണ് ‘സമാനതാ നിയമം’. സമാനതാ നിയമം പറയുന്നത് നമുക്ക്  ഇതിനകം തന്നെ പരിചിതമായ നമ്മുടെ അറിയുന്ന ലോകത്തിലെ അറിയുന്ന കാര്യങ്ങളിലെ  സമാനതകൾ പ്രയോഗിച്ചുകൊണ്ട് അറിയാത്ത ലോകത്തിലെ കാര്യങ്ങളെക്കുറിച്ച് ശരിയായ അനുമാനങ്ങൾ നടത്താൻ സാധിക്കും എന്നാണ്. തുടർന്ന്  രണ്ടാം ഭാഗത്തിൽ തന്നെ  നാലാമത്തെ അദ്ധ്യായത്തിൽ   തർക്കശാസ്ത്രത്തെക്കുറിച്ചുള്ള ചർച്ചകൾ  ആണ്. സാധുതയുള്ള, യുക്തിഭദ്രമായ  അറിവുകളിൽ എത്തിച്ചേരുവാൻ അനുമാനങ്ങൾ ഉപയോഗിക്കേണ്ട രീതികൾ അവിടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

ഡോ.തോമസ് ജെ ചാൽക്കോ അത്തരത്തിലെല്ലാം ഉള്ള യുക്തിഭദ്രമായ  ഒരു അന്വേഷണം ആണ് “ദി ഫ്രീഡം ഓഫ് ചോയ്‌സ്” എന്ന അദ്ദേഹത്തിൻ്റെ ഗ്രന്ഥത്തിൽ നൽകുന്നത്.  അദ്ദേഹം “ദി ഫ്രീഡം ഓഫ് ചോയ്‌സ്” എഴുതുവാൻ ഉണ്ടായ സാഹചര്യം  വളരെ കൗതുകം ഉണർത്തുന്ന ഒന്നാണ്.

“തിയൂബ”യിലേക്ക് ഒരു ഗോളാന്തര യാത്ര  

മൈക്കൽ ഡെസ്മാർക്കേ  (1931-2018)  ആസ്ട്രേലിയിൽ കെയിൻസ് എന്ന ചെറു നഗരത്തിൽ താമസിച്ചിരുന്ന ഒരു സാധാരണ കർഷകൻ ആയിരുന്നു. വടക്കൻ ഫ്രാൻസിലെ നോർമണ്ടിയിലാണ് മൈക്കൽ ഡെസ്മാർക്വെറ്റ് ജനിച്ചത്. വളരെ സാധാരണ രീതിയിലുള്ള പരിമിതമായ വിദ്യാഭ്യാസവും കാർഷിക വൃത്തിയിലെ പരിചയവും മാത്രമാണ്   അദ്ദേഹത്തിന് ഉണ്ടായിരുന്നത്.  ശാസ്ത്രീയമായ പരിജ്ഞാനമോ സാഹിത്യവാസനയോ ഒന്നുമില്ലാതിരുന്ന ഒരു സാധാരണ കർഷകൻ മാത്രമായിരുന്നു അദ്ദേഹം. പക്ഷേ അനിതരസാധാരണമായ സത്യസന്ധതയും സ്വഭാവ വൈശിഷ്ട്യവും മൈക്കലിന് ഉണ്ടായിരുന്നു. ഒരു പക്ഷേ, ഈ രണ്ടു പ്രത്യേകതകൾ   കൊണ്ടാവാം, വളരെ വിചിത്രമായ, അവിശ്വനീയമെന്ന് തോന്നാവുന്ന ഒരു ജീവിതാനുഭവം അദ്ദേഹത്തിനുണ്ടായത്. 

നമ്മുടെ സൗരയൂഥത്തിന് പുറത്ത്, നമ്മുടെ മിൽക്കിവേ ഗാലക്സിയിൽ തന്നെ  എവിടേയോ ഉള്ള ഒരു അന്യഗ്രഹമാണ് ‘തിയൂബ’. ഭൂമിയേക്കാളും ഭൗതികമായും, ബൗദ്ധികമായും, സാങ്കേതികമായും വൈജ്ഞാനികമായും എല്ലാം  വളരെ അധികം വികസിതമായ ഒരു ഗ്രഹമാണ് ‘തിയൂബ’. മനുഷ്യരേക്കാളും വളരെ അധികം അവബോധവും, അറിവും, ബുദ്ധിശക്തിയും, വിവേകവും ഉള്ളവരാണ് തിയൂബക്കാർ.  1987 ജൂണിൽ, മൈക്കലിനെ ‘തിയൂബ’യിലേക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി അവർ കൂട്ടിക്കൊണ്ട് പോകുകയുണ്ടായി. അസാധാരണമായ   ഒരു ഗോളാന്തര യാത്രയായിരുന്നു അത്. നമ്മുടെ ഭൂമിയിൽ നിലവിലുള്ള  സ്ഥല-കാലത്തെ ഉപേക്ഷിച്ച് നമ്മുടെ ഗാലക്‌സിയിലെ മറ്റെവിടെയെങ്കിലും ഉള്ള മറ്റൊരു സ്ഥല-കാലത്തിലേയ്ക്ക് യാത്ര ചെയ്യുന്ന സാങ്കേതിക വിദ്യക്ക് “ട്രാൻസ്-സബ്‌സ്റ്റാൻറ്റിയേഷൻ” എന്നാണു പറയുന്നത്. ആ രീതി ഉപയോഗിച്ചാണ് മൈക്കലിനെ തയൂബയിലേക്ക് അവർ കൂട്ടി കൊണ്ടുപോയത്. ഈ യാത്രയെക്കുറിച്ചുള്ള വിശദമായ വിവരണം മൈക്കൽ ഡെസ്മാർക്കേയുടെ  “തിയൂബ പ്രോഫസ്സി”    എന്ന പുസ്തകത്തിൽ കാണാം. (പുസ്തകത്തിൻ്റെ സൂചന റഫറൻസ് വിഭാഗത്തിൽ കൊടുത്തിട്ടുണ്ട്).

ഭൂമിയിൽ മനുഷ്യർ തുടർന്ന് വരുന്ന തെറ്റായ ജീവിത രീതിയിലൂടെ ഭൂമിക്ക് വരാൻ പോകുന്ന വലിയ അപകടങ്ങളെക്കുറിച്ച് ഭൂമിയിലുള്ളവരെ ബോധവാന്മാരാക്കുവാനുള്ള ദൗത്യമാണ് തയൂബക്കാർ മൈക്കലിനെ ഏൽപ്പിച്ചത്. ഭൂമിയിലെ നിവാസികൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഉൾക്കൊള്ളുന്ന ഒരു പുസ്തകം എഴുതുവാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഭൂമിയിൽ തിരിച്ചെത്തിയ ശേഷം മൈക്കൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു. ജീവിതത്തിൽ ഒരിക്കലും തൻ്റെ  മാതാപിതാക്കൾക്കുള്ള  കത്തുകളല്ലാതെ മറ്റൊന്നും എഴുതിയിട്ടില്ലാത്തതിനാൽ, ഒരു പുസ്തകം എഴുതുവാനുള്ള സ്വാഭാവികമായ ഒരു പ്രാപ്തി മൈക്കലിന് ഉണ്ടായിരുന്നില്ല. തടുർന്ന്, തയൂബയിൽനിന്നുള്ള തൻ്റെ  മാര്‍ഗ്ഗനിർദ്ദേശകർ നൽകിയ ടെലിപ്പതിക് നിർദ്ദേശങ്ങൾ സ്വീകരിച്ച് ഫ്രഞ്ച് ഭാഷയിൽ സ്വന്തം കൈകൊണ്ട് ഒരു പുസ്തകം എഴുതാൻ  മൂന്ന്  വർഷമെടുത്തു. ആ പുസ്തകമാണ് “തയോബാ പ്രോഫസ്സി”. 

തിയൂബ പ്രോഫസ്സി”യിൽ  ഫിലോസോഫിയോ സിദ്ധാന്തങ്ങളോ ഒന്നുമില്ല. പുസ്തകമെഴുതിയ മൈക്കലിൻ്റെ   ആഗ്രഹമോ ഭാവനയോ അതിൽ  ഇല്ല. ഇത്തരം വിഷയങ്ങളെക്കുറിച്ച് എഴുതുവാനുള്ള മുൻ അറിവോ പ്രാഗൽഭ്യമോ പുസ്തക രചയിതാവിന് ഉണ്ടായിരുന്നുമില്ല. തയൂബ യാത്രയിൽ  താൻ മനസ്സിലാക്കിയ പ്രപഞ്ച  യാഥാർത്ഥ്യത്തിൻ്റെ  കൃത്യമായ നേർ വിവരങ്ങൾ മാത്രം ആണ് പുസ്തകത്തിലുള്ളത്.  ഭൂമിയിലെ തെറ്റായ ധാരണകളും, സിദ്ധാന്തങ്ങളും, മനഃപൂർവ്വം മറച്ചുവച്ചിരിക്കുന്ന  നിഗൂഢതകളും തിരുത്തി പ്രപഞ്ചത്തിൻ്റെ സൗന്ദര്യവും  മഹത്വവും   പ്രായോഗികമായ രീതിയിൽ  വ്യക്തമാക്കുകയാണ് ഈ പുസ്തകം.  

ഒരു പക്ഷേ, വിഷയ പരിജ്ഞാനവും  എഴുതുവാനുള്ള വാസനയും ഒക്കെ ഉള്ള ഒരാളെ അവർ ആ ഗോളാന്തര യാത്രയ്ക്ക് തിരഞ്ഞെടുക്കാഞ്ഞത്, അത്തരം ഒരാൾ തൻ്റെ  സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും എല്ലാം അറിയാതെ ആണെങ്കിലും ആ കൃതിയിൽ ചേർക്കും അല്ലെങ്കിൽ അങ്ങിനെ ചേർക്കപ്പെട്ടുപോകും എന്നത് കൊണ്ടാകാം. ഈ അസാധാരണമായ  ദൗത്യത്തിന് മൈക്കലിനെ തിരഞ്ഞെടുക്കുവാൻ  അദ്ദേഹത്തിൻ്റെ നിർമ്മലമായ സ്വഭാവ ശുദ്ധി ഒരു കാരണമായിരിക്കുവാനാണ് സാദ്ധ്യത. മൈക്കലിനെ പോലെ ഒരാൾ താൻ കണ്ടതും അറിഞ്ഞതും സത്യസന്ധമായി മാത്രമേ എഴുതൂ – പ്രത്യേകിച്ച് എഴുതുവാനുള്ള താത്‌പര്യവും പശ്ചാത്തലവും  ഇല്ലാത്ത ഒരാൾ കൂടി ആയിരിക്കുമ്പോൾ.

നമ്മുടെ നിലവിലെ വിശ്വാസങ്ങളെയും സിദ്ധാന്തങ്ങളെയും പാരമ്പര്യങ്ങളെയും സംരക്ഷിക്കാൻ നമ്മൾ എത്ര തന്നെ ശാഠ്യം പിടിച്ചാലും, അതൊന്നും പ്രപഞ്ചത്തിൽ പ്രവർത്തിക്കുന്ന ആത്യന്തികമായ സത്യത്തേയും പ്രപഞ്ചത്തിൻ്റെ  ക്രമത്തെയും മാറ്റാൻ കഴിയില്ല. ഒരു മതമോ ഒരു വിഭാഗമോ കോടിക്കണക്കിന് ആളുകളോ ഇതെല്ലാം അസത്യമാണെന്ന് വിശ്വസിക്കാൻ ആഗ്രഹിച്ചാൽപ്പോലും അതൊന്നും പ്രപഞ്ചത്തെ ഒരുവിധത്തിലും ബാധിക്കുകയില്ല എന്ന് നമ്മൾ മനസ്സിലാക്കണം. തയൂബയിൽ നിന്നും ഭൂമിയിലെ മനുഷ്യർക്ക് നൽകുവാൻ ലഭിച്ച നിരവധി മുന്നറിയിപ്പുകളിൽ ചിലത് ഉദാഹരണത്തിനായി താഴെ കൊടുക്കുന്നു.

“മനുഷ്യൻ ശാരീരികമായി നിലനിൽക്കുന്നത് ആത്മീയമായി വികസിക്കുന്നതിന് വേണ്ടി മാത്രമാണ്.”

“നിങ്ങളുടെ മുഴുവൻ ഗ്രഹത്തിൻ്റെയും   നിലനിൽപ്പ് അപകടത്തിലാണ് – നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നവരിൽ നിങ്ങൾ വിശ്വാസമർപ്പിച്ചില്ലെങ്കിൽ രണ്ടാമതൊരു അവസരവുമില്ല” (ഇത് 1987-ലെ മുന്നറിയിപ്പാണ്)

“ചിലപ്പോൾ ഒരു ഗ്രഹം തന്നെ സൗരയൂഥത്തിൽ അപ്രത്യക്ഷമാകും.”

“ഒരു തെറ്റ് ചെയ്താൽ, അതിന് ഒരു പിഴ അടയ്‌ണം  – ചിലപ്പോൾ ഉടനടി,  ചിലപ്പോൾ പത്ത് വർഷത്തിനുള്ളിൽ, അല്ലെങ്കിൽ പത്ത് നൂറ്റാണ്ടുകൾക്കുള്ളിൽ, പക്ഷേ തെറ്റുകൾക്ക് പിഴ നൽകിയേ തീരൂ”

മൈക്കൽ ഡെസ്മാർക്കേയുമായി ഡോ.തോമസ് ചാൽക്കോക്ക് ലഭിച്ച സമ്പർക്കത്തിൻ്റെ  ഫലമായി രൂപം കൊണ്ട മനോഹരമായ ഒരു പുസ്തകമാണ് അദ്ദേഹത്തിൻ്റെ “ദി ഫ്രീഡം ഓഫ് ചോയ്‌സ്”.  ഈ പുസ്തകത്തിൽ ഒരു ശാസ്ത്രജ്ഞൻ്റെ യുക്തിഭദ്രമായ കാര്യകാരണ അനുമാനങ്ങളിലൂടെ ദൈവത്തിൻ്റെ   അസ്‌തിത്വം  അനാവരണം ചെയ്യുകയാണ് അദ്ദേഹം. ദൈവം ഉണ്ടെന്നുമാത്രമല്ല, പ്രപഞ്ചത്തിൻ്റെ  ഉത്ഭവവും, ഭൂമിയിൽ ജീവൻ്റെ ഉദ്ദേശ്യവും കൂടി ഒരു ഇന്ദ്രജാലക്കാരൻ്റെ നിപുണതയോടെ അദ്ദേഹം യുക്തിയുക്തം സ്ഥാപിക്കുന്നുണ്ട് “ദി ഫ്രീഡം ഓഫ് ചോയ്‌സ്” എന്ന പുസ്തകത്തിൽ. അന്ധമായി വിശ്വസിക്കേണ്ട  ഒന്നുമില്ല അതിൽ. ലോജിക്കിൻ്റെ ഭദ്രതയും ക്രമവും മാത്രമാണുള്ളത്.  എങ്ങിനെയാണ് അദ്ദേഹം യുക്തിയുക്തം ഇക്കാര്യങ്ങൾ നിർണ്ണയിക്കുന്നത് എന്ന്  നമുക്ക് മനസ്സിലാക്കുവാൻ ശ്രമിക്കാം.

“ദൈവം” ഉണ്ടെന്ന്  എങ്ങിനെ  നിർണ്ണയിക്കാം?

ലളിതവും യുക്തി ഭദ്രവും ആയ കുറേ ആഞ്ഞടിക്കുന്ന   ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ഡോ. തോമസ് ചാൽക്കോ ദൈവത്തിൻ്റെ അസ്തിത്വവും, സൃഷ്ടി യുടെ ഡിസൈനും ലക്ഷ്യവും  വളരെ മനോഹരമായി സ്ഥാപിച്ചിരിക്കുന്നത്. യുക്തിഭദ്രതയാണ് ഇതിലെ ശ്രദ്ധേയമായ വസ്തുത. ഡോ. തോമസ് ചാൽക്കോ ചോദിച്ച ചില പ്രധാന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും താഴെ പരാവർത്തനചെയ്ത് വിശദമാക്കാൻ ശ്രമിക്കാം.

ചോദ്യം ഒന്ന്. ഒരു നായയുടെ മുൻപിൽ മനോഹരമായ   ഒരു വജ്രക്കല്ലും  ഒരു ‘വിസർജ്ജ്യ’ക്കഷണവും വച്ചുകൊടുത്താൽ ആ നായ ഈ രണ്ടു വസ്തുക്കളിൽ ഏത് സ്വീകരിക്കും?

ഉത്തരം സ്പഷ്ടമാണ്. നായ ‘വിസർജ്ജ്യ’ക്കഷണം സ്വീകരിക്കും. വജ്രക്കല്ലിൽ നായ്ക്ക് ഒരു താത്പര്യവും ഉണ്ടാവുകയില്ല.  ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്, നമ്മുടെ നിലവിലുള്ള “അവബോധം” നമ്മൾ ബോധപൂർവ്വം ചെയ്യുന്ന പ്രവർത്തികളെ പരിമിതപ്പെടുത്തുന്നുണ്ട് . ഒരു വജ്രക്കല്ലിൻ്റെ  സൗന്ദര്യം ആസ്വദിക്കുവാൻ കഴിയുന്ന വിധത്തിൽ നായയുടെ “അവബോധം” വളർന്നിട്ടില്ല. നമ്മുടെ അവബോധം നമ്മുടെ തീരുമാനങ്ങളെ ബാധിക്കുന്നുണ്ട്.

ചോദ്യം രണ്ട്. ഒരു വീട് നിർമ്മിക്കുന്നതാണോ എളുപ്പം അതോ ഒരു മൃതശരീരത്തിന് ജീവൻ കൊടുക്കുന്നതാണോ എളുപ്പം?

വീണ്ടും ഉത്തരം സ്പഷ്ടമാണ്. ഒരു വീടുപണിയുന്നതാണ് എളുപ്പം. ഒരു വീട്  പണിയണമെങ്കിൽപ്പോലും ഉയർന്ന അവബോധവും, ചിന്താശക്തിയും, ആലോചനാ  ശക്തിയും, അറിവും സങ്കലപ്പ ശക്തിയും, കൂടാതെ പ്രയത്‌നവും ഒക്കെ  ആവശ്യമുണ്ട്. ആദ്യം വീട് മനസ്സിൽ പണിയണം. ഒരു എഞ്ചിനീയർ ആവശ്യമായി വരും. വീടിനു ആവശ്യമുള്ള കാര്യങ്ങൾ ചിന്തിച്ചു രൂപകൽപ്പന ചെയ്യണം.  ഒരിക്കലും ഇതൊന്നും മുൻകൂറായി നിലവിൽ ഇല്ലാതെ ഒരു വീടിന്  സ്വയം സൃഷ്‌ടിക്കപ്പെടുവാൻ കഴിയുകയില്ല. അതുപോലെ തന്നെ ഒരു ‘ജീവനും’ സ്വയം സൃഷ്‌ടിക്കപ്പെടുകയില്ല എന്ന് കരുതുന്നതും വളരെ ന്യായമാണ്. വളരെ ബ്രഹ്ത്തായ ഒരു ‘അവബോധം’ സൃഷ്ടി ക്ക് മുൻപ് നിലനിന്നാൽ മാത്രമേ ‘ജീവൻ’ പോലെയുള്ള  അതി  സങ്കീർണ്ണമായ ഒരു സൃഷ്ടി വിഭാവനം ചെയ്യുവാൻ പോലും കഴിയുകയുള്ളൂ. ഒരു വീട് പണിയുവാൻ ആവശ്യമായ മുൻ‌കൂർ “അവബോധ”ത്തേക്കാൾ എത്രയോ വലിയ അവബോധമാണ് ഒരു ജീവൻ സൃഷ്ടി ക്കുവാൻ മുൻ‌കൂർ ആയി ആവശ്യമായി വരുന്നത് എന്ന് വളരെ വ്യക്തമാണ്. ആ വലിയ അവബോധത്തിനെ നമ്മുടെ ചെറിയ അവബോധവുമായി കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കുവാൻ ‘പ്രജ്ഞാനം’ എന്ന വാക്ക് ഉപയോഗിക്കുന്നു. അതായത്, ഒരു വീട് നിർമ്മിക്കുവാൻ ആവശ്യമായ ചെറിയ ജ്ഞാനം, ‘അവബോധം’, ഒരു ജീവൻ നിർമ്മിക്കുവാൻ ആവശ്യമായ വലിയ ജ്ഞാനം, ‘പ്രജ്ഞാനം’. 

ചോദ്യം മൂന്ന്.  അത്ര ബ്രഹ്ത്തായ ഒരു പ്രജ്ഞാനം ഒരു കാരണവും, ഉദ്ദേശ്യവും ഇല്ലാതെ ‘ജീവൻ’പോലെ അതിഗംഭീരമായ ഒരു സൃഷ്ടി രൂപകല്പന ചെയ്യുമോ? എന്തിന് വേണ്ടി ആയിരിക്കാം ഈ പ്രപഞ്ചവും ജീവനും ഇത്ര ഗംഭീരമായി വിഭാവനം ചെയ്ത് സൃഷ്ടി ച്ചത്?

തീർച്ചയായും ജീവനെ സൃഷ്ടി ച്ചതിന് ഒരു ഉദ്ദേശ്യം ഉണ്ടാകും. നമ്മൾ ആകുന്ന ജീവനും, നമുക്ക് ചുറ്റും കാണുന്ന സർവ്വതും  എന്തിനാണ് ഇവിടെ സൃഷ്ടി യ്ക്കപ്പെട്ടിരിക്കുന്നത് എന്ന് നമ്മൾ അറിയേണ്ടതാണ്. ഈ പ്രപഞ്ചത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്നും,  എന്തിനുവേണ്ടിയാണ്   അതെല്ലാം സംഭവിക്കുന്നതെന്നും, ഇവിടെ നമ്മുടെ കർത്തവ്യം എന്താണെന്നും  നമ്മൾ അറിയാൻ  ശ്രമിണം.  ശ്രമിച്ചാൽ ഒരു പരിധിവരെ നമുക്കത് അറിയുവാൻ കഴിയുകയും ചെയ്യും. ഇതിനു മുൻപും പല മഹത് വ്യക്തികളും നമുക്കത് പറഞ്ഞു തരുവാൻ  ശ്രമിച്ചിട്ടുണ്ട്. അന്നത്തെ നമ്മുടെ അവബോധത്തിന് പ്രാപ്‌തമായത് പോലെ കുറച്ചു കാര്യങ്ങൾ മനസ്സിലായി. പലതും തെറ്റായി മനസ്സിലാക്കി. മനസ്സിലാവാത്ത കാര്യങ്ങൾ പരിമിതമായ വിധത്തിൽ അന്ധമായി “വിശ്വസിച്ചു”. ഒന്നാമത്തെ ചോദ്യത്തിലെ നായയുടെ ഉദാഹരണം ഓർക്കുക. നമ്മുടെ അവബോധം നമ്മുടെ അറിവുകളെ  വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്. നമ്മുടെ അവബോധം വളരുമ്പോൾ കൂടുതൽ കാര്യങ്ങൾ നമ്മൾ അറിയും. അതുകൊണ്ട് അവബോധം നമ്മൾ ബോധപൂർവ്വം വളർത്തേണ്ടതുണ്ട്. ഒരു കാര്യവും അന്ധമായി  വിശ്വസിച്ചാൽ പോരാ, എല്ലാക്കാര്യങ്ങളും അറിവായി മനസ്സിലാക്കണം നമ്മൾ. 

ചോദ്യം നാല്.  എല്ലാ കാര്യങ്ങൾക്കും തീർച്ചയായും ഒരു തുടക്കം ഉണ്ടായിരിക്കണം. നമ്മൾ നിലനിൽക്കുന്ന  ഈ പ്രപഞ്ചത്തിനും  ഒരു തുടക്കം ഉണ്ടായേ മതിയാവൂ. എങ്ങിനെ ആയിരുന്നിരിക്കാം  പ്രപഞ്ച സൃഷ്ടി യുടെ  തുടക്കത്തിന്  മുൻപുള്ള  അവസ്ഥ എന്ന് ഊഹിക്കാമോ?

തുടക്കത്തിൽ യാതൊന്നും നിലവിൽ ഇല്ലാത്ത ശുദ്ധ ശൂന്യതയായിരിക്കണം ഉണ്ടായിരുന്നത്. ഈ ലോകമില്ല,  പ്രപഞ്ചമില്ല, സ്ഥലം ഇല്ല. കാലമില്ല. അവബോധമില്ല. അറിയപ്പെടുവാൻ ഒരു വസ്തുവോ, അറിയാൻ ഒരു ഇന്ദ്രിയമോ മനസ്സിലാക്കുവാൻ ഒരു മനസ്സോ ഇല്ല. കേൾക്കുവാൻ ഒരു കാതോ, മുഴങ്ങുവാൻ ഒരു ശബ്ദമോ ഇല്ല.  നിതാന്തമായ ശൂന്യത മാത്രമേ ഉണ്ടായിരിക്കുവാൻ വഴിയുള്ളൂ. രണ്ടാമത് ഒന്നില്ലാത്ത ഏകത്വ അവസ്ഥ. രണ്ടാമത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് തുടക്കതിന് മുൻപുള്ള അവസ്ഥയല്ല, തുടക്കത്തിന് ശേഷമുള്ള അവസ്ഥയാണ്. അതുകൊണ്ടു തുടക്കത്തിന് മുൻപ്  നിതാന്ത ശുദ്ധ ശൂന്യമായ ഏകത്വം മാത്രമേ  ഉണ്ടായിരിക്കുകയുള്ളൂ എന്ന് അനുമാനിക്കുന്നത് യുക്തി ഭദ്രമാണ്.

ചോദ്യം അഞ്ച്. അങ്ങിനെ ഉള്ള ശുദ്ധശൂന്യമായ ഏകത്വ അവസ്ഥയിൽ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരമായി ലഭിച്ച, മുൻകൂറായി ഉണ്ടായിരിക്കേണ്ട ആ ‘ബ്രഹ്ത്തായ പ്രജ്ഞാനം’ എങ്ങിനെ ഉണ്ടായി? അത്തരം  ബ്രഹ്ത്തായ ഒരു ഏകത്വ പ്രജ്ഞാനത്തിന്  മറ്റൊരു ഉറവിടത്തത്തിൻ്റെ സഹായം  ഇല്ലാതെ സ്വയം രൂപം കൊള്ളാൻ എങ്ങിനെ കഴിഞ്ഞു? അതിനുള്ള   അത്യന്താപേക്ഷിതമായ ഉപാധികൾ ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ ആയിരുന്നിരിക്കാം അവ ? 

നമ്മുടെ തന്നെ അറിയുന്ന ലോകത്തിലെ നമ്മൾ അറിയുന്ന  ജീവിതത്തിലെ  സമാനതയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ  ഇക്കാര്യങ്ങൾ നിർണ്ണയിക്കുവാൻ ഉപകരിക്കുന്ന പല വിലപ്പെട്ട സൂചനകളും  നമുക്ക് ലഭിക്കും. എങ്ങിനെ ആയിരിക്കാം പൂജ്യം പ്രജ്ഞാനത്തിൽ നിന്നും പ്രപഞ്ച സൃഷ്ടി നടത്തുവാൻ പ്രാപ്‌തമായ വിധതിൽ  അനന്തമായ ബ്രഹ്ത്  പ്രജ്ഞാനം ഉയർന്നു വന്നത്. പ്രജ്ഞാനം സ്വയംഭൂ ആയിരിക്കുവാനേ  വഴിയുള്ളൂ. അങ്ങിനെ ആണെങ്കിൽ പ്രജ്ഞാനത്തിന് സ്വയം വളരുവാനുള്ള കഴിവ് ഉണ്ടായിരിക്കണം. അപ്പോൾ ആ കഴിവ് നമ്മുടെ അവബോധത്തിനും ഉണ്ടാകണം. നമ്മുടെ അനുഭവത്തിലുള്ള നമ്മുട അവബോധത്തിന് സ്വയം വളരുവാനുള്ള കഴിവ് ഉണ്ടോ എന്ന് പരിശോധിച്ച് നോക്കാം.

നമ്മൾ  പഠിച്ച, നമുക്ക് അവബോധമുള്ള കാര്യങ്ങൾപോലും  ഉപയോഗിക്കാതെ ഇരുന്നാൽ അത് തീർത്തും മറന്നുപോകുന്നത് നമ്മുടെ  ഒരു   സാമാന്യ അനുഭവം ആണല്ലോ. അതായത്, ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്നും  ഊർജ്ജസ്വലമായി നിലനിൽക്കുകയും, വളരുകയും ചെയ്യും എന്നർത്ഥം. കാരണം, ഏതു വിഷയത്തെക്കുറിച്ചാണോ നമ്മൾ കൂടുതൽ ചിന്തിക്കുന്നുന്നത് ആ വിഷയത്തെക്കുറിച്ചുള്ള  നമ്മുടെ അവബോധവും, അറിവും, പ്രാപ്തിയും  ക്രമേണ വർദ്ധിച്ചുവരുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. ഒരു വിഷയം ചിന്തിക്കാനുള്ള ഉദ്ദേശ്യം മാത്രം നമുക്ക് ഉണ്ടായാൽ മതി,  ആ ഉദ്ദേശ്യത്തിൻ്റെ ദിശയിൽ  ചിന്ത സ്വയം സംഭവിക്കും.  ഇത് നമുക്ക് അനുഭവമുള്ള കാര്യം ആണ്. അത് തന്നെ ആയിരിക്കണം ആദിയിലെ നിത്യ ശൂന്യതയിലും സംഭവിച്ചിരിക്കുക എന്ന് നിർണ്ണയിക്കാവുന്നതാണ്. ആദിയിലെ ശൂന്യത എന്നത് സ്വയം ചിന്തിക്കുവാനുള്ള ഉദ്ദേശ്യം തന്നെ ആയിരുന്നിരിക്കണം.

അവിടെ നിന്നും  പ്രജ്ഞാനം വികസിക്കുന്ന ഒരു പ്രക്രിയ നടന്നു കാണണം എന്ന് അനുമാനിക്കാവുന്നതാണ്. നമ്മുടെ ജീവിതാനുഭവങ്ങൾ പരിശോധിച്ചാൽ അറിയാം, ഇതിൻ്റെ വിപതീതവും അതേപോലെ തന്നെ വിപരീത ദിശയിൽ സംഭവിക്കുന്നുണ്ട് എന്ന്. “ഇനി ഞാൻ ഒരു ചിന്തയും ചിന്തിക്കുകയില്ല” എന്ന് നമ്മൾ തീരുമാനിച്ചുവെന്ന് കരുതുക. കാലക്രമേണ നമ്മുടെ അവബോധം ക്ഷയിക്കുകയും തുടർന്ന് അത്  ഗണ്യമായി കുറഞ്ഞു പോകുകയും  ചെയ്യും.  അതിനാൽ, അവബോധത്തിന്  സ്വയം വികസിക്കാനുള്ള ഒരു പ്രേരണാ  ശക്തിയുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. അവബോധത്തിൻ്റെ ഏറ്റവും യുക്തിസഹമായ ഉദ്ദേശ്യം  സ്വയം വളരുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്ന് നമുക്ക് ഇതിൽ നിന്നും ന്യായമായി  അനുമാനിക്കാം. അല്ലാത്തപക്ഷം അത് ക്രമേണ സ്വയം ക്ഷയിച്ച്‌  ഇല്ലാതാകും.  കൂടുതൽ അവബോധവും അറിവും ഉള്ള വ്യക്തി ആയിമാറുന്നത് സുഖകരമായ ഒരു അനുഭവം ആണെന്നും   നമുക്കറിയാം. അത് കൂടാതെ, അവബോധവും ബുദ്ധിയും അറിവും ഇല്ലാത്ത ഒരാളായി മാറുവാൻ നമുക്ക് ആർക്കും ആഗ്രഹവുമില്ല.  നമ്മുടെ തന്നെ നിലവിലുള്ള അവബോധവും ബാല്യകാലത്തെ വളരെ ചെറിയ  അവബോധത്തിൽ നിന്നും വികസിച്ചാണ് ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നത്.  ഇതെല്ലാം പരിഗണിക്കുമ്പോൾ ബ്രഹ്ത് പ്രജ്ഞാനം സ്വയം പ്രേരണയാൽ ശൂന്യമായ ഏകത്വത്തിൽ നിന്നും   സ്വയം വികസിച്ച് ഉണ്ടായതാണ് എന്ന്  ന്യായമായും അനുമാനിക്കാം. പ്രജ്ഞാനം വികസിക്കുന്നത് ആനന്ദ ദായകമായ ഒരു നടപടി ആണെന്നും, അതിലൂടെ ഉയർന്ന പ്രജ്ഞാന നിലയും, അതിലൂടെ ഉയർന്ന ആനന്ദാവസ്ഥയും  ആ പരമമായ പ്രജ്ഞാനത്തിന് സിദ്ധിച്ചു എന്നും ന്യായമായി ചിന്തിക്കാം.

ചോദ്യം ആറ്.  അങ്ങിനെ ആണെങ്കിൽ  നമ്മുടെ  ശരീരത്തിൽ എവിടെ ആണ്  അവബോധം നിലകൊള്ളുന്നത്? നമുക്കും ഉണ്ടല്ലോ അവബോധം. 

ജീവനുള്ള ശരീരവും മൃതശരീരവും തമ്മിലുള്ള വ്യത്യാസത്തിൽ നിന്നും നമുക്ക് ഇത് സംബന്ധിച്ച ചില കാര്യങ്ങൾ അനുമാനിക്കാവുന്നതാണ്. മരണത്തിന് മുൻപും മരണത്തിന് ശേഷവും ശരീരത്തിലെ അവയവങ്ങൾക്കോ ആന്തരിക ഭാഗങ്ങൾക്കോ  ഒരു വ്യത്യാസവും ഉണ്ടാകുന്നില്ല എന്ന് നമുക്കറിയാവുന്ന ഒരു സത്യമാണ്. “പ്രജ്ഞാ”  (കോൺഷ്യസ്നെസ്സ്) മടങ്ങി വരാത്ത വിധം പോയി എന്ന് മരണത്തെ കുറിച്ച് സാധാരണ പറയാറുണ്ട്. പോകുന്നതിന് മുൻപ് ശരീരത്തിൽ എവിടെ ആയിരുന്നു അത് ഉണ്ടായിരുന്നത്? എന്തായാലൂം, ശരീരത്തിലെ അവയവങ്ങളിലും, കോശങ്ങളിലും, കണങ്ങൾക്കുള്ളിലും   ഒന്നുമല്ല എന്ന് ഉറപ്പാണ്, കാരണം അതെല്ലാം അതുപോലെ തന്നെ മരണ ശേഷവും യഥാസ്ഥാനങ്ങളിൽ ഉണ്ട്.   അതിനർത്ഥം “അവബോധം” എന്ന പ്രതിഭാസം നമ്മുടെ ശരീരത്തിൽ നിന്നും  വേറിട്ട സ്വതന്ത്രമായ  നിലനില്പുള്ള ഒന്നാണെന്ന് നമുക്ക്  നിർണ്ണയിക്കാം.

അങ്ങിനെ യുക്തിയുക്തം ചിന്തിക്കുമ്പോൾ അനാദിയിലെ നിത്യ ശൂന്യതയിൽ  ഉടലെടുത്ത   പരമമായ ബ്രഹ്ത് പ്രജ്ഞാനമാണ് പിന്നീട് നിലവിൽ വന്ന സർവ്വതിനും ഉറവിടം. ആ ഉറവിടമാണ് ‘ദൈവം’ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. പലരും പല പേരുകളിൽ ദൈവത്തിനെ സൂചിപ്പിച്ചു എന്നുമാത്രമേ ഉള്ളൂ.

പ്രപഞ്ചം എങ്ങിനെ ഉണ്ടായി?

ചോദ്യം ഏഴ് . നമുക്ക് ഈ ശരീരം ഇല്ല, അവബോധം മാത്രമേ ഉള്ളൂ എന്ന് സങ്കല്പിച്ചാൽ, അത്തരം ഒരു സ്ഥിതിയിൽ നമുക്ക്  ഏറ്റവും സന്തോഷവും തൃപ്തിയും തരുന്ന ഒരു പ്രവർത്തനം എന്തായിരിക്കും?

നമ്മൾ നമ്മുടെ കണ്ണുകൾ അടച്ചുകൊണ്ട്  നമുക്ക്  ഈ ശരീരം ഇല്ല, നമുക്ക് ചുറ്റും ഈ ലോകമില്ല, യാതൊന്നും ഇല്ല  എന്ന് സങ്കല്പിച്ചുകൊണ്ട്  ചിന്തിച്ചാൽ  അനാദിയിലെ അവസ്ഥയെക്കുറിച്ചുള്ള ഒരു ഏകദേശ രൂപം ലഭിക്കും. അതിലൂടെ ഈ ചോദ്യത്തിനുള്ള ഉത്തരം  കണ്ടെത്തുവാനും  കഴിയും. നിത്യമായ ഏകാന്തതയിൽ നിവസിക്കുമ്പോൾ എന്തായിരിക്കും നമ്മൾ ആഗ്രഹിക്കുക? അടിസ്ഥാനപരമായി, എന്തായാലും, എവിടെയായാലും  ആനന്ദം അനുഭവിക്കുവാനുള്ള  ഒരു ത്വര ആയിരിക്കും എല്ലാവരിലും എല്ലായിപ്പോഴും  ഉണ്ടാകുക. ഏതു പ്രവർത്തിയായിരിക്കും അത്തരം അവസരങ്ങളിൽ നമുക്ക് ആനന്ദം തരുന്നത്? അത്തരം അവസരങ്ങളിൽ മറ്റൊരാളുമായി  സംവേദിക്കുവാൻ നമ്മൾ ആഗ്രഹിക്കും. അത്തരം സുഹൃത് സംവേദത്തിലൂടെ ആനന്ദം ലഭിക്കും.  തന്നോളം തന്നെ അവബോധം ഉള്ള മറ്റൊരു അവബോധവുമായിട്ടുള്ള സമ്പർക്കം ആയിരിക്കും ഏറ്റവും കൂടുതൽ ആനന്ദം നൽകുന്നത്.  ഇത് തന്നെ ആയിരിക്കും അനാദിയിലും സംഭവിച്ചിരിക്കുക.

ഏകാന്തതയിലാണെങ്കിലും നമുക്ക് സന്തോഷവും ആനന്ദവും വേണം. അവബോധവും അറിവും വളർത്തി എടുത്തുകൊണ്ടേ ഇരിക്കുന്നത് സന്തോഷം തരുന്ന ഒരു പ്രവർത്തിയാണ് എന്ന് നമ്മുടെ എല്ലാം സ്വന്തം അനുഭവത്തിൽ നിന്നും  ഊഹിക്കാം.  അനുയോജ്യമായ ഒരു സുഹൃത് ബന്ധം സാധിക്കുന്നത് വരെ  തത്ക്കാലം, പരസഹായം ഇല്ലാതെ സ്വയം ഒറ്റയ്ക്ക് ചെയ്യാവുന്ന ഒരു പ്രവർത്തി കൂടിയാണ് പ്രജ്ഞാനം വളർത്തുവാനുള്ള ഉദ്ദേശ്യം ഉല്‍ക്കടമായി  നിലനിറുത്തുക എന്നത്. ഒന്നിനൊന്ന് വർദ്ധിച്ച  സന്തോഷത്തോടെ  ഇരിക്കുവാൻ അത് സഹായിക്കും.  പ്രജ്ഞാനം ക്രമാനുഗതമായി വളർന്ന്  ഒരു പ്രത്യേക ഘട്ടത്തിൽ  എത്തുമ്പോൾ കൂടുതൽ ഉയർന്ന മറ്റു  അനുഭവങ്ങൾക്കായി ഇച്ഛിക്കുവാൻ    തുടങ്ങിയേക്കാം.  അതിലൂടെ സ്നേഹവും സൗഹൃദവും  സാദ്ധ്യമാക്കുവാൻ ഉതകുന്ന സാഹചര്യങ്ങൾ സൃഷ്ടി ക്കുവാനുള്ള അറിവുകൾ വന്നു ചേരാം.  

സൗഹൃദത്തിന് ആരെയെങ്കിലും ലഭിച്ചാൽ  പോരാ, നമുക്കായാലും.  ആത്മാർത്ഥമായ സൗഹൃദവും സ്നേഹവും ഉണ്ടാകണം. തന്നോളം തന്നെ ഉയർന്ന പ്രജ്ഞാനം ഉള്ള രണ്ടാമതൊരു പ്രജ്ഞാനത്തിൽ നിന്ന് മാത്രമേ  അതുണ്ടാകുവാൻ വഴിയുള്ളൂ. നമ്മളും സ്നേഹം കൈമാറുവാൻ  ആഗ്രഹിക്കുന്നത് നമുക്ക് അനുയോജ്യമായ, നമുക്ക് സ്വീകാര്യമായ ഒരു വ്യക്തിയെ ആണല്ലോ?  സ്നേഹത്തിൻ്റെ  അത്തരം കൈമാറ്റം ആനന്ദദായകങ്ങൾ ആണെന്ന് നമ്മുടെ അനുഭവത്തിൽ നിന്നും നമുക്ക്    നേരിട്ടറിയുന്ന ഒന്നാണ്. പക്ഷേ അത്തരം ഒരു കൈമാറ്റം സാദ്ധ്യമാക്കുവാൻ  ചുരുങ്ങിയത് ഒരു ഇതര പ്രജ്ഞാനം കൂടി ആവശ്യമാണ്. ശുദ്ധ ശൂന്യതയിലെ ഏകത്വം ആയി നിലനിൽക്കുമ്പോൾ അത്തരം ഒരു അനുഭവം സാദ്ധ്യമല്ല. അതായത് സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും ചുരുങ്ങിയ പക്ഷം രണ്ടു പ്രജ്ഞാനങ്ങൾ  ആവശ്യമാണ്. ശുദ്ധ  ശൂന്യതയുടെ ഏകത്വത്തിൽ  അങ്ങിനെ രണ്ടാമതൊന്നില്ല. അതിനർത്ഥം, ഒരു പുതിയ പ്രജ്ഞാന വ്യക്തിത്വത്തെ  ആദ്യമായി സൃഷ്ടി ക്കേണ്ടി വരും അങ്ങിനെ ഒരു അനുഭവം ലഭിക്കുവാൻ. അതു മാത്രം  പോരാ, ആ പ്രജ്ഞാനം വളർത്തി ശുദ്ധമായ സ്നേഹം ചൊരിയുവാൻ പ്രാപ്തമാക്കുകയും വേണം. അങ്ങിനെ ആയിരുന്നിരിക്കണം ആദിയിലെ ഏകത്വം ദ്വൈതമായി മാറുന്നത്.  തുടർന്ന് വൈവിദ്ധ്യം നിറഞ്ഞ ബഹുത്വമാകുന്നതും. എല്ലാ ശ്രുഷ്ടികളും   അവബോധങ്ങൾ തന്നെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നിൽക്കുന്നതാണ്.

ചോദ്യം എട്ട്. അങ്ങിനെ രണ്ടാമതൊരു  പ്രജ്ഞാന വ്യക്തിത്വം  സൃഷ്ടി ക്കപ്പെട്ടാലും, ആ പ്രജ്ഞാന വ്യക്തിത്വം ഉദ്ദേശിക്കുന്നത് പോലെ  സ്നേഹം കൈമാറിക്കൊള്ളും എന്ന ഒരു ഉറപ്പുമില്ല.  മാത്രവുമല്ല ബ്രഹ്ത്  പ്രജ്ഞാനത്തിന്  അനുയോജ്യമാകണം എന്നുമില്ല.  പരസ്പരം അനുയോജ്യരല്ലാത്ത വ്യക്തിത്വങ്ങൾ തമ്മിലുള്ള ബന്ധം ആനന്ദദായകം ആയിരിയ്ക്കുകയില്ല. അപ്രകാരം സംഭവിക്കണം എങ്കിൽ സൃഷ്ടി ക്കപ്പെട്ട ആ പ്രജ്ഞാനത്തിന്    ശരിയായ  സ്നേഹം തോന്നിക്കപ്പെടാനും, അങ്ങിനെ  സ്നേഹം കൈമാറുവാനും നിർബന്ധിതമാകണം.    സൃഷ്ടി യുടെ രൂപകൽപ്പനയിൽ തന്നെ  അങ്ങിനെ നിർബന്ധിക്കപ്പെടുവാനുള്ള നിബന്ധനകൾ ഉൾക്കൊള്ളിക്കേണ്ടി വരും.  അങ്ങിനെ നിർബന്ധിച്ച് പിടിച്ചുവാങ്ങുന്ന സ്‌നേഹം ശരിയായ സ്നേഹമല്ല. അപ്പോൾ എന്തുചെയ്യും?

സൃഷ്ടി ക്കപ്പെടുന്ന രണ്ടാമത്തെ അവബോധത്തിൽ   നിന്നും ശരിയായ സ്നേഹം സ്വാഭാവികമായി ലഭിക്കുവാൻ പ്രാപ്തമായുള്ള വിധത്തിൽ വേണം സൃഷ്ടി  രൂപകൽപ്പന ചെയ്യേണ്ടത്. ഉദാഹരണത്തിന്,  ശരിയായ സ്നേഹ വികസനത്തിനുള്ള   സാദ്ധ്യത ഡിസൈൻ ചെയ്യുമ്പോൾ തന്നെ അതിൽ ഉൾക്കൊള്ളിക്കണം.  ഉദാഹരണത്തിന് താഴെ പറയുന്ന  കാര്യങ്ങൾ  ജീവൻ ഡിസൈൻ ചെയ്യമ്പോൾ തന്നെ അതിൽ ഉണ്ടായിരിക്കാം. 

  1. സൃഷ്ടി ക്കപ്പെട്ട പ്രജ്ഞാനത്തിന്  സർവ്വ സ്വതന്ത്രമായ പൂർണ്ണ സ്വയം ഭരണാവകാശവും എന്തും ഏതും  തിരഞ്ഞെടുക്കുവാനുള്ള അനിഷേദ്ധ്യമായ  സ്വാതന്ത്ര്യവും   ഉണ്ടായിരിണം. അങ്ങിനെ സ്വന്തം സ്വതന്ത്ര ഇച്ഛയിലൂടെ  മാത്രം എന്തും ചെയ്യുവാൻ കഴിയണം. തങ്ങളുടെ പരമമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എന്തെങ്കിലും ഉണ്ടെന്നു തോന്നിയാൽ ശരിയായ സ്നേഹം ഉദിക്കുകയില്ല.
  2. ഉയർന്ന വികാരമായ ‘സ്‌നേഹം’ എന്നത് പ്രജ്ഞാനം വളർന്ന്  ഒരു പ്രത്യേക നിലവാരത്തിൽ എത്തുമ്പോൾ മാത്രം സംഭവിക്കുന്ന ഒന്നാണ്.  അതുകൊണ്ട് പ്രജ്ഞാനത്തിന് പരിധികളൊന്നും ഇല്ലാതെ വളരുവാനുള്ള സ്വാതന്ത്ര്യവും സൗകര്യങ്ങളും  ഡിസൈനിൽ  ഉൾക്കൊള്ളിക്കണം.  
  3. സ്നേഹം കൈമാറുവാൻ കൂടുതൽപ്പേർ ഉണ്ടെങ്കിൽ കൂടുതൽ ആനന്ദം ലഭിക്കുന്നതു കൊണ്ട് പ്രജ്ഞാനത്തിൻ്റെ അനന്തമായ യൂണിറ്റുകൾ ഉണ്ടെങ്കിൽ   അനന്തമായ ആനന്ദത്തിനുള്ള സാദ്ധ്യതകൾ ഉയർന്നു വരും.

ചോദ്യം ഒമ്പത്. അപ്രകാരം അവബോധ വികസനത്തിന് അനന്തമായ  സാദ്ധ്യതകളോടെ,   അനന്തമായ സ്വയം ഭരണാവകാശത്തോടെ,  പൂർണ്ണമായ സ്വതന്ത്ര ഇച്ഛയിലൂടെ ശരിയായ സ്നേഹം ഉദയം ചെയ്യുവാനുള്ള സാദ്ധ്യതയോട്  കൂടി അനന്തമായ  ജീവൻ്റെ ഏകകങ്ങൾ രൂപകൽപ്പന ചെയ്താലും, പ്രജ്ഞാന വികസനത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ആ  ഏകകങ്ങൾക്ക്  തെറ്റുകൾ സംഭവിക്കാം, അതിലൂടെ ഉദ്ദേശിച്ച ഫലപ്രാപ്തി ലഭിക്കാതെ പോയേക്കാം. ഇതെങ്ങിനെ പരിഹരിക്കുവാൻ കഴിയും?    

രൂപകൽപ്പനയിൽ  അതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയാൽ ഈ പ്രശ്നവും  പരിഹരിക്കാം. പക്ഷേ, തെറ്റുകൾ ഉണ്ടാവാതിരിക്കുവാനായി നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ അത് പരമാധികാരത്തെ ഹനിക്കലായി മാറും. അപ്പോൾ  ശരിയായ സ്നേഹം ഉദയം ചെയ്യുകയില്ല.  തെറ്റുകൾ തിരുത്തപ്പെടുവാൻ ബാഹ്യമായ യാതൊരു ബലപ്രയോഗവും കൂടാതെ,  യാതൊരു  ബാഹ്യ പ്രേരണയും  കൂടാതെ,  തെറ്റുകൾ സംഭവിക്കുമ്പോൾ അത് സ്വയം കണ്ടെത്തി സ്വയം പരിഹരിക്കുവാനുള്ള സ്വാഭാവിക സംവിധാനങ്ങൾ രൂപകല്പനയിൽ   ഉണ്ടാകണം. അതുകൊണ്ടു എല്ലാ പ്രവർത്തികളും പരസ്പരം കാര്യകാരണ ബന്ധിതമായി സംഭവിക്കും എന്നും, അതിൻ്റെ അടിസ്ഥാനത്തിലായിരിക്കും  പ്രവർത്തിക്കുള്ള ഫലമായ  അനുഭവം എന്നും  ശ്രദ്ധിക്കുന്നവർക്ക്  മനസ്സിലാക്കുവാൻ കഴിയുന്ന വിധത്തിൽ ജീവൻ രൂപകൽപ്പന ചെയ്‌താൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. അതായത് നല്ല ചിന്തയും, നല്ല പ്രവർത്തിയും,  നല്ല അനുഭവങ്ങളെ  പ്രദാനം ചെയ്യും; ദുഷ് ചിന്തകളും ദുഷ് പ്രവർത്തികളും ചീത്ത അനുഭവങ്ങളേയും പ്രദാനം ചെയ്യും എന്ന് സ്വയം തിരിച്ചറിയുന്ന വിധത്തിൽ ജീവിതം ഡിസൈൻ ചെയ്യണം എന്നർത്ഥം.

എന്താണ് ജീവിതത്തിൻ്റെ ഉദ്ദേശ്യം?

ചോദ്യം പത്ത്. പക്ഷെ അപ്പോഴും സർവ്വ സ്വതന്ത്രമായ  ഇച്ഛയുള്ളതിനാൽ എന്തു വേണമെങ്കിലും ഇച്ഛിക്കാമല്ലോ? പരമമായ ബ്രഹ്ത്ത് പ്രജ്ഞാനം ഉദ്ദേശിക്കുന്ന വിധത്തിൽ സൃഷ്ടി ക്കപ്പെട്ട എല്ലാ പ്രജ്ഞാന യൂണിറ്റുകളും  തന്നെ തന്നെ  സ്നേഹിക്കണം എന്നില്ലല്ലോ?

ഈ പ്രപഞ്ചം വിഭാവനം ചെയ്‌ത്‌ രൂപകൽപ്പന നടത്തി സൃഷ്ടി ച്ചതിൻ്റെ പുറകിൽ ഒരു ശക്തിയുണ്ട്, ഉണ്ടാകാതെ തരമില്ല, എന്ന് ശ്രദ്ധിച്ച് നോക്കുന്ന അവബോധ വ്യക്തിത്വങ്ങൾക്ക് സംശയലേശയമെന്യേ തിരിച്ചറിയുവാൻ തക്കവിധം ഭംഗിയോടും  ഗംഭീരതയോടും കൂടി പ്രപഞ്ചം  രൂപകൽപ്പന ചെയ്‌താൽ, സ്വാഭാവികമായും അത്തരം ഒരു സൃഷ്ടാവും ആയി സൃഷ്ടി ക്കപ്പെട്ട ഓരോ വ്യക്തിഗതമായ പ്രജ്ഞാനവും സ്വയം പ്രേരിതമായി തന്നെ പ്രണയത്തിൽ ആയിത്തീരും.  സൃഷ്ടി യുടെ സൗന്ദര്യവും   പ്രൗഢിയും  സൃഷ്ടാവിനെ ആരാദ്ധ്യനും പ്രേമപാത്രവും ആക്കും എന്നർത്ഥം.  

മേൽപ്പറഞ്ഞ വിധത്തിൽ വളരെ യുക്തിഭദ്രമായ  രീതിയിൽ ഈ കാണപ്പെടുന്ന പ്രപഞ്ചവും അതിലെ  ജീവജാലങ്ങളും മനുഷ്യനും എല്ലാം സൃഷിടിക്കപ്പെട്ടു എന്നാണു “ദി ഫ്രീഡം ഓഫ് ചോയ്‌സിൽ”  ഡോ. തോമസ് ചാൽക്കോ വളരെ മനോഹരമായി പ്രതിപാദിച്ചിരിക്കുന്നത്. തെറ്റുകൾ സംഭവിച്ചാൽ സ്വയം തിരുത്തപ്പെടുന്ന രീതിയിൽ കർമ്മ നിയമങ്ങളും പുനർജന്മവും സജ്ജമാണ്. സർവ്വതിനും സ്വാതന്ത്ര്യം ഉണ്ട് ഇവിടെ. എല്ലാവർക്കും വേണ്ടത് ശാശ്വതമായ ആനന്ദമാണ്. പക്ഷെ ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ മാത്രമേ  യഥാർത്ഥത്തിൽ ഉള്ള ആനന്ദം ശാശ്വതമായി ലഭിക്കൂ  എന്ന് സ്വന്തം അനുഭവങ്ങളിലൂടെ ക്രമേണ പഠിക്കുന്നു.   അതി ഗംഭീരമായി രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്ന ഈ പ്രപഞ്ചവും ജീവനും, ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന ഏതൊരു നിരീക്ഷകനും അക്കാര്യം  വ്യക്തമാണ്. തൻ്റെ  സ്വയംഭരണ സ്വാതന്ത്ര്യവും, സ്വാതന്ത്രമായ  ഇച്ഛയും  പണയപ്പെടുത്താതെ തന്നെ, ഈ  പ്രപഞ്ചവും ജീവനും  രൂപകൽപ്പന ചെയ്ത  സൃഷ്ടാവിൻ്റെ  മഹത്വം അതിലൂടെ വെളിപ്പെടുന്നു. ഈ സൂര്യോദയവും, ചന്ദ്രശോഭയും, സമുദ്രവും, മാമലകളും, പുഷ്പ്പങ്ങളുടെ ഭംഗിയും, സൗരഭ്യവും എല്ലാം ആരാണ് ഡിസൈൻ ചെയ്ത് സൃഷ്ടി ച്ചത്? 

അങ്ങിനെ, പരമ പ്രജ്ഞാനത്തിൻ്റെ അനന്തമായ വികസനത്തിൻ്റെ ഒരു ഘട്ടത്തിൽ സൃഷ്ടി ക്കുള്ള അടക്കാനാവാത്ത ത്വര ഒരു അസ്വസ്ഥതയായി നിതാന്ത ശൂന്യത്യയിലെ ഏതോ  ഒരു ഏക ബിന്ദുവിൽ   ആരംഭിച്ചു. തുടർന്ന് അത്  ഒരു വൻ സ്ഫോടനമായി മാറി അതിലൂടെ സൃഷ്ടി ക്കപ്പെട്ടതാണ് ഈ പ്രപഞ്ചം. നമ്മുടെ ശാസ്ത്രജ്ഞർ ഈ സ്ഫോടനത്തെ  “ബിഗ് ബാങ്” എന്ന് വിളിച്ചു. കണങ്ങളും , താരാപഥങ്ങളും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ജീവനും എല്ലാം ബോധപൂർവ്വം തുടർച്ചയായി സങ്കൽപ്പിക്കുകയും രൂപകൽപ്പന ചെയ്യുകയും സൃഷ്ടി ക്കുകയും ചെയ്യുന്നു. ഇപ്പോഴും ചെയ്തുകൊണ്ടേ ഇരിക്കുന്നു.