ആരാണ് ദൈവം?
സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങൾ

സനാതന ധർമ്മത്തിൻ്റെ  പശ്ചാത്തലം.

“ഹിന്ദു മതത്തിലെ” ഈശ്വര സങ്കൽപ്പത്തിലേക്ക് കടക്കുന്നതിന് മുൻപ് പ്രാരംഭമായി ‘സനാതന ധർമ്മത്തെ’ക്കുറിച്ചുള്ള   ചില  പ്രധാന പശ്ചാത്തല വസ്തുതകളും അടിസ്ഥാന തത്വങ്ങളും   മനസ്സിലാക്കേണ്ടതുണ്ട്. വളരെ വിശാലമായ ഒരു പശ്ചാത്തലം ആണ് സനാതന ധർമ്മത്തിന് ഉള്ളത്. ഈ ആദ്ധ്യായത്തിലൂടെ അത് ഒട്ടൊന്ന് വിശദമാക്കുവാൻ ശ്രമിക്കാം. ആയിരക്കണക്കിനുള്ള സനാതന ധർമ്മ സംബന്ധികളായ ഗ്രന്ഥങ്ങളുടെ പൊതുവായ ഒരു പരിചയവും,   അതിൽ നിന്നും തിരഞ്ഞെടുത്ത ഏഴ് ഗ്രന്ഥങ്ങളുടെ പഠനത്തിലൂടെ എന്താണ് സനാതന ധർമ്മം എന്ന് മനസ്സിലാക്കുവാനുള്ള ഒരു മാർഗ്ഗനിർദ്ദേശവും  ഈ ആദ്ധ്യായത്തിലൂടെ നൽകുന്നുണ്ട്. സനാതന ധർമ്മത്തിലെ ദൈവ സങ്കല്പങ്ങൾ അത്ര വിശാലമായ പശ്ചാത്തലവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് ആ പശ്ചാത്തല വസ്തുതകൾ അറിഞ്ഞിരിക്കേണ്ടത് സനാതന ധർമ്മം അതിൻ്റെ മുഴുവൻ വ്യാപ്തിയിൽ  ഉൾക്കൊള്ളുവാൻ വളരെ ആവശ്യമാണ്. നിരവധി ശാസ്ത്രീയ തെളിവുകളിൽ നിന്നും, പുരാണ ഇതിഹാസങ്ങളിലെ ജ്യോതിഃശാസ്ത്ര സംബന്ധിയായ സൂചനകളിൽ നിന്നും സനാതന ധർമ്മത്തിന് ഏറ്റവും ചുരുങ്ങിയത് പതിനയ്യായിരം വർഷത്തെ പാരമ്പര്യം എങ്കിലും ഉണ്ട്. ഇത് അബ്രഹാമീയ മതങ്ങളുടേയോ, ബുദ്ധമതത്തിൻ്റെയോ    കാലപ്പഴവും ആയി താരതമ്യം ചെയ്യുമ്പോൾ, അതിൻ്റെ അഞ്ചിരട്ടി എങ്കിലും ഉണ്ടെന്ന് കാണാം. കാലത്തിൻ്റെ അത്രയും വലിയ പശ്ചാത്തലത്തിൽ നിന്ന് വേണം സനാതന ധർമ്മത്തെക്കുറിച്ച് പഠിക്കുവാൻ.

ഇത്ര വലിയ കാലഘട്ടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന  പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പരിണത പ്രജ്ഞന്മാരായിരുന്ന നിരവധി മഹാരഥന്മാർ ജീവിതത്തിൻ്റെ സ്വഭാവത്തേയും പ്രപഞ്ചത്തിൻ്റെ പ്രവർത്തന  രീതികളേയും  കുറിച്ച് വളരെ അധികം തത്വങ്ങൾ  മനസ്സിലാക്കിയിട്ടുണ്ട്. ഇവയെല്ലാം തലമുറകളായി  മനനം ചെയ്‌തും,  യുക്‌തിയുക്തമായി തർക്കിച്ചും, പരീക്ഷണങ്ങളിലൂടെ വീണ്ടും വീണ്ടും നിരീക്ഷിച്ച് ഈ തത്വങ്ങളുടെ സാധുത ആവർത്തിച്ച്   സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.  ഏറ്റവും അവസാനത്തെ മുവ്വായിരം വർഷങ്ങളിൽ ആയിരക്കണക്കിന് ഗ്രന്ഥങ്ങളിലൂടെ അവയെല്ലാം അനാവരണം ചെയ്തിട്ടുമുണ്ട്. ഈ തത്വജ്ഞാനങ്ങളുടെ അറിവ്  ഇടക്കാലത്ത് നമുക്ക് കൈമോശം വന്നു പോയിരുന്നു എന്നുമാത്രമേ ഉള്ളൂ. ഈ തത്വങ്ങളെ എല്ലാം ആധാരമാക്കിയാണ് സനാതന ധർമ്മത്തിലെ ജീവിത രീതി പുരാതന കാലം മുതലേ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട്, ഈ തത്വങ്ങളിൽ പ്രധാനപ്പെട്ട ചില തത്വങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് സനാതന ധർമ്മം എന്താണെന്ന് അറിയുവാൻ അത്യന്താപേക്ഷിതമാണ്. ഈ അദ്ധ്യായത്തിൽ കാലത്തിൻ്റെ ആ വലിയ പ്രവാഹം  സനാതന ധർമ്മത്തിന് സമ്മാനിച്ച  പശ്ചാത്തലം ഒന്ന് മനസ്സിലാക്കുവാൻ ശ്രമിക്കാം. 

ഒരു വലിയ കാലഘട്ടത്തിലെ ബൃഹത്തായ  സാംസ്കാരിക പാരമ്പര്യത്തിൻ്റെ രേഖകൾ കൈമോശം വന്നത് ഭാരത്തിൻ്റെ വിദേശാധിപത്യത്തിൻ്റെ കാലത്താണ്.    പുരാതന ലോകത്തിലെ ഏറ്റവും വലിയ സർവ്വകലാശാലകൾ നിലനിന്നിരുന്നത് ഭാരതത്തിലായിരുന്നു. നളന്ദ, തക്ഷശില, വിക്രമശില, പുഷ്പഗിരി, വല്ലഭി, മിഥില, ശാരദാ പീഠം തുടങ്ങിയവ അവയിൽ ചിലതു മാത്രമായിരുന്നു. ക്രിസ്തുവിനും മുന്നൂറു വർഷം മുൻപ് ജീവിച്ചിരുന്ന, മൗര്യ സാമ്രാജ്യത്തിലെ പ്രതിഭാശാലിയായിരുന്ന ചാണക്യൻ തക്ഷശിലയിലെ അദ്ധ്യാപകൻ ആയിരുന്നു. അദ്ധ്യാപകൻ, ഗ്രന്ഥകാരൻ, തന്ത്രജ്ഞൻ, തത്ത്വചിന്തകൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ, നിയമജ്ഞൻ, രാജകീയ ഉപദേഷ്ടാവ് എന്നീ നിലകളിൽ ഉജ്ജ്വലമായി പ്രകാശിച്ചിരുന്ന ഒരു പുരാതന ഭാരതീയ പ്രതിഭയായിരുന്ന ചാണക്യൻ.  ഉന്നത വിദ്യാഭ്യാസത്തിനായി ലോകത്തിൻ്റെ നാനാഭാഗത്തുനിന്നും വിദ്യാർത്ഥികൾ ഒരുകാലത്ത് ഈ സർവ്വകലാശാലകളിൽ എത്തിയിരുന്നു. ക്രിസ്തുവിന് ശേഷം ആറാം നൂറ്റാണ്ടിൽ ശ്വേതഹൂണന്മാർ  തക്ഷശില നശിപ്പിച്ചു. അഞ്ചാം നൂറ്റാണ്ടിൻ്റെ  അവസാനത്തിലോ ആറാം നൂറ്റാണ്ടിൻ്റെ  തുടക്കത്തിലോ ഖൈബർ ചുരം വഴി അശ്വാരൂഢരായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിച്ച മദ്ധേഷ്യൻ ഗോത്രങ്ങൾ ആയിരുന്നു ഹൂണന്മാർ. തുടർന്ന് വന്ന തുർക്കികളുടെ   നിരന്തരമായ ആക്രമണങ്ങളിൽ എല്ലാ ഗ്രന്ഥ ശേഖരങ്ങളും സർവ്വകലാശാലകളും നശിച്ചു. എ.ഡി. പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ   മുഹമ്മദ് ബക്തിയാർ ഖിൽജി നളന്ദ സർവകലാശാല നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. നിരവധി പേരെ  ജീവനോടെ ചുട്ടെരിക്കുകയും ആയിരക്കണക്കിന് അദ്ധ്യാപകരെ ശിരഛേദം ചെയ്യുകയും ചെയ്തു. ബക്തിയാർ ഖിൽജി നളന്ദ സർവകലാശാലയിലെ ഗ്രന്ഥശാല അഗ്നിക്ക് ഇരയാക്കിയപ്പോൾ അത് മൂന്ന്  മാസത്തിലേറെ നിന്ന് കത്തിക്കൊണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. ലക്ഷക്കണക്കിന് പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും കത്തിനശിച്ചു. തുടർന്ന് വന്ന എഴുനൂറോളം വർഷങ്ങൾ നീണ്ടുനിന്ന ഭാരതത്തിൻ്റെ  ഇസ്ലാമീയ അധിനിവേശവും, ഇരുനൂറോളം വർഷത്തെ ബ്രിട്ടീഷ് അധിനിവേശവും കഴിഞ്ഞപ്പോഴേക്കും  സനാതന ധർമ്മത്തിൻ്റെ കാതൽ വിസ് സ്മൃതിയിലാണ്ടിരുന്നു. അതുകൊണ്ടു ഒരു പൂർണ്ണമായ വിഹഗവീക്ഷണം ഇവിടെ ആവശ്യമുണ്ട്.

“ഹിന്ദു” എന്നാൽ “ഭാരതീയർ”

ആദ്യമായി മനസ്സിലാക്കേണ്ടത് “ഹിന്ദു മതം” എന്ന ഭാഷാ പ്രയോഗത്തിലെ   “ഹിന്ദു”  എന്ന പദത്തിൻ്റെ   ശരിയായ അർത്ഥത്തെ ക്കുറിച്ചാണ്.  “ഹിന്ദു” എന്ന പദം   പിൽക്കാലത്ത്  നിലവിൽവന്ന ഒന്നാണ് . ക്രിസ്തുവിനും 550 വർഷം മുൻപ്  വിശാല ഭാരതത്തിൻ്റെ സിന്ധൂനദിയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തായി അന്നത്തെ    ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന പേർഷ്യൻ ഖുറോഷ് അക്കിമെനിഡ് മഹാരാജ്യം   ഈജിപ്‌ത്  മുതൽ  സിന്ധൂ നദി വരെ വ്യാപിച്ചു കിടന്നിരുന്നു. ബി.സി. 320 ൽ അലക്‌സാണ്ടറുടെ ആക്രമണത്തോടെ ആണ് അക്കിമെനിഡ് സാമ്രാജ്യം തകരുന്നത്.  അന്ന് അക്കിമിനിഡിലെ ജനങ്ങൾ    “സിന്ധൂ” നദിക്ക് അപ്പുറം നിവസിച്ചിരുന്ന ജനങ്ങളെ  ‘ഹിന്ദു’   എന്ന് പൊതുവായി വിളിച്ചു. ഗ്രീക്ക്, പേർഷ്യൻ  തുടങ്ങിയ ഭാഷകളിൽക്കൂടി  “സിന്ധു” എന്ന  പദം കടന്നു വന്നപ്പോൾ  ഉണ്ടായ  ശബ്‌ദത്തിൻ്റെ ഭ്രംശം കൊണ്ട്  അത്  “ഹിന്ദു” എന്നായി മാറിയതാണ്.

‘ഹിന്ദു’ എന്ന പദം അന്ന് ഉപയോഗിച്ചിരുന്നത്  ഇന്ന് ‘ഇന്ത്യാക്കാർ’  എന്ന് പറയുന്നതുപോലെ ഉള്ള പൊതുവായ അർത്ഥത്തിൽ  ആയിരുന്നു. അല്ലാതെ അവിടെ ജീവിച്ചിരുന്നവരുടെ  ആത്മീയ ജീവിത ചര്യകളെ  ആയിരുന്നില്ല ആ പദം അക്കാലങ്ങളിൽ  സൂചിപ്പിച്ചിരുന്നത്. 

സനാതന ധർമ്മം ഒരു ‘മതം’  അല്ല  

രണ്ടാമതായി മനസ്സിലാക്കേണ്ടത് “ഹിന്ദു മതം” എന്ന ഒരു  “മത”മില്ല എന്ന വസ്തുതയാണ്. ആ വാക്കുകൾ കൊണ്ട്  ഉദ്ദേശിക്കുന്നത് ഭാരതീയരുടെ പരമ്പരാഗതമായ ഒരു പൊതു  ജീവിത രീതിയെയാണ്.  “സനാതന ധർമ്മം” എന്നാണു ആ ജീവിതരീതിക്ക് പുരാതന കാലം മുതലേ സംസ്കൃത ഭാഷയിൽ പറഞ്ഞു വന്നിരുന്നത്.  സനാതന ധർമ്മത്തിന് ഒരു സ്ഥാപകനോ, മതത്തിൻ്റെ നിർബന്ധിതമായ ചട്ടക്കൂടുകളോ ഭരണ ക്രമീകരണങ്ങളോ, നേതൃനിയന്ത്രണ സമ്പ്രദായങ്ങളോ  ഉണ്ടായിരുന്നില്ല, ഇപ്പോഴും ഇല്ല.  അങ്ങിനെ നിർബന്ധിതമായ ചട്ടക്കൂടുകളും മേധാവിത്വത്തോടു കൂടിയ നിയന്ത്രണങ്ങളും ഇല്ലാത്ത ഒന്നിനെ  ‘മതം’ എന്ന് വിളിക്കുവാൻ കഴിയുകയില്ല.  അബ്രഹാമീയ മതങ്ങളെപ്പോലെ ഒരു സ്ഥാപകൻ സനാതന ധർമ്മത്തിന്  ഇല്ല. മറ്റു മതങ്ങളെപോലെ ഏതെങ്കിലും ഒരു വിശുദ്ധഗ്രന്ഥം മാത്രമല്ല സനാതന ധർമ്മത്തിൽ ഉള്ളത്. ഒരു വലിയ ഗ്രന്ഥസമൂഹം തന്നെ സനാതന ധർമ്മത്തിന് അടിത്തറയായിട്ടുണ്ട്.   

ഭാരതീയർ തലമുറകളായി അവലംബിച്ചു പോരുന്ന   പ്രത്യേകതയുള്ള ഒരു    ജീവിത രീതിയെ  ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത്  “ഹിന്ദു മതം” എന്ന് തെറ്റായി വിളിച്ചു വന്നു എന്നേ  ഉള്ളൂ. അത് ഒരു മതമായിരുന്നില്ല. നേരെ മറിച്ച്  അത് ഒരു ജീവിത രീതിയായിരുന്നു. “സനാതന ധർമ്മം” എന്ന വാക്കുകളുടെ വിശദമായ അർത്ഥം, അനാദിയായ പ്രപഞ്ച സത്യത്തിൻ്റെ അടിസ്ഥാനത്തിൽ, സർവ്വ ചരാചരങ്ങളോടും  നീതിനിഷ്ഠമായ  പെരുമാറ്റത്തിനും സാമൂഹിക ക്രമത്തിനും ഊന്നൽ നൽകിക്കൊണ്ട്  ജീവിക്കുന്ന,  ശാശ്വതമായ ഒരു  ജീവിത രീതി എന്നാണ്. ഇക്കാരണം കൊണ്ട് സനാതന ധർമ്മം ഒരു സംസ്കാരമാണ്. ഒരു മതം അല്ല. അതുകൊണ്ട് ദൈവത്തെക്കുറിച്ചും, ദൈവവും ആയി  ഭാരതീയർക്ക് ഉള്ള ബന്ധത്തെക്കുറിച്ചും  പ്രതിപാദിക്കുമ്പോൾ  “സനാതന ധർമ്മം’ എന്ന പദം   തന്നെ ഉപയോഗിക്കുന്നതാണ്  വിഷയത്തിൻ്റെ  ശരിയായ വ്യാപ്തി ഉൾക്കൊള്ളുവാൻ  ഉത്തമം.  “സനാതന ധർമ്മം” എന്ന സംസ്കൃത പ്രയോഗത്തിൻ്റെ ചുരുക്കത്തിലുള്ള  അർത്ഥം “ശാശ്വത നിയമം” എന്നാണ് – എല്ലാക്കാലത്തും  സാധുതയുള്ള പ്രകൃതി നിയമങ്ങൾക്ക് അനുസൃതമായ സ്വാഭാവിക ജീവിതം എന്നർത്ഥം.

സനാതന ധർമ്മത്തിൻ്റെ  പൗരാണികത 

സാഹചര്യ തെളിവുകളിൽ നിന്നും സനാതന ധർമ്മത്തിന് ഏറ്റവും കുറഞ്ഞത് 15000  വർഷത്തെ എങ്കിലും പാരമ്പര്യം ഉണ്ട് എന്ന് നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. കാലപ്പഴക്കത്താൽ സ്ഥൂല വസ്തുക്കൾ നശിച്ചുപോകുന്നതു കൊണ്ട്    4000  വർഷങ്ങൾക്ക് മുൻപുള്ള  സംഭവ വികാസങ്ങളുടെ പോലും  കൃത്യമായ കാല നിർണ്ണയം നടത്തുക അത്ര എളുപ്പമുള്ള  ഒന്നല്ല. പ്രവാചകൻ അബ്രഹാം ജനിച്ചത് 3800 വർഷമെങ്കിലും മുൻപാണെന്ന് ബൈബിളിലെ തെളുവുകളിൽ നിന്നും ആണ്  നിഗമനം ചെയ്യുവാൻ കഴിയുന്നത്. ക്രിസ്തുമതം 2000 വർഷങ്ങൾ മുൻപും, ഇസ്ലാം മതം 1400  വർഷങ്ങൾ മുൻപും ആണ് രൂപീകൃതമായതെന്ന് ഗ്രിഗോറിയൻ കലണ്ടറിൽ നിന്നും ഹിജറ കലണ്ടറിൽ നിന്നും യഥാക്രമം  മനസ്സിലാക്കാം. ഇപ്രകാരം ഇന്ന് നിലവിലുള്ള കലണ്ടറുകൾ പോലുള്ള  ഉപാധികൾ ഇല്ലാതിരുന്നതു കൊണ്ടാണ് പ്രവാചകൻ എബ്രഹാമിൻ്റെ കാലഘട്ടം ബൈബിളിലെ പരാമർശങ്ങളിൽ  നിന്നും നിഗമനം ചെയ്യേണ്ടി വന്നത്. അതിലും പ്രാചീനമായ ഒരു കാലഘട്ടത്തെക്കുറിച്ച് പഠിക്കുമ്പോഴും കാലനിർണ്ണയത്തിന് സ്ഥൂലമായ തെളിവുകൾ പരിമിതമായിരിക്കും എന്നത് സുവ്യക്തമാണല്ലോ.

പ്രവാചകൻ അബ്രഹാമിന് മുൻപും ഒരു കാലഘട്ടം ഉണ്ടായിരുന്നു. അന്ന് മദ്ധ്യ പൂർവ്വ ദേശങ്ങളിൽ “പേഗനിസം” ആയിരുന്നു നിലനിന്നിരുന്നത് എന്ന് ബൈബിളിലെ വിവരണങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാം. പക്ഷേ, അതേ കാലഘട്ടത്തിൽ തന്നെ   പേഗനിസത്തിൽ നിന്നും വളരെ വ്യത്യസ്തമായ ജീവിത രീതികൾ ഭൂമിയുടെ ഇത്തരഭാഗങ്ങിൽ നില നിന്നിരുന്നു. അതിലൊന്നാണ് സിന്ധൂ നദീതട സംസ്കാരം എന്ന് ആധുനിക ലോകത്ത് ഇന്നറിയപ്പെടുന്ന ‘സനാതന ധർമ്മം”. എല്ലാക്കാലത്തും സംസ്കാരങ്ങൾ തഴച്ചുവളർന്നത് നദീ തടങ്ങളിൽ ആയിരുന്നു. ഈജിപ്തിലെ നൈൽ നദീതട സംസ്കാരവും, യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിലെ മെസപ്പൊട്ടോമിയൻ സംസ്കാരവും എല്ലാം ഇതിനുള്ള ഉദാഹരങ്ങൾ ആണ്.  അതുപോലെ സ്വന്തമായ കലണ്ടർ സമ്പ്രദായത്തോടെ 5000 വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ മറ്റൊരു ഭാഗത്ത് മെക്സിക്കോവിലെ യുകാറ്റൻ  ഉപദീപിൽ മായൻ സംസ്കാരം നിലനിന്നിരുന്നു. ഏതാണ്ട് ഇതേ സമയത്തു തന്നെ ആണ് ഈജിപ്തിലും സുമേറിയയിലും വേറിട്ട സംസ്കാരങ്ങൾ നിലനിന്നിരുന്നത്. കാലത്തിൻ്റെ പെരുവെള്ള പാച്ചിലിലിൽ മറ്റു സംസ്കാരങ്ങൾ അസ്തമിച്ചു എങ്കിലും, സനാതന സംസ്‍കാരം ആ പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് ഇന്നും ഭാരതത്തിൽ നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്.  

സിന്ധൂ നദി മാത്രമല്ല  പുരാതന ഭാരതത്തിൽ നദിയായി ഉണ്ടായിരുന്നത്. ഇന്നുപോലും, 2500 കിലോമീറ്റർ  ദൈർഖ്യം ഉള്ള ഗംഗാനദി  മുതൽ 200  കിലോമീറ്റർ  ദൈർഖ്യം ഉള്ള ഭാരതപ്പുഴ വരെ ഉൾപ്പെടുന്ന എഴുപത്തിയേഴോളം നദികൾ  ഇന്ത്യയിലുണ്ട്. അതിൽ പലതും 20 കിലോമീറ്റർ വരെ വീതി ഉള്ള ബ്രഹ്മപുത്ര പോലുള്ള വളരെ വലിയ നദികൾ ആണ്. ഇവയിൽ പലതിനെയും ചുറ്റിപ്പറ്റി കൃഷിയും സംസ്കാരവും പുരാതന കാലം മുതലേ വളർന്ന് നിലനിന്നിരുന്നു.  നർമ്മദ, തപതി, ഗോദാവരി തുടങ്ങിയ മദ്ധ്യ-ദക്ഷിണ ഭാരതത്തിലെ പുരാതന സംസ്കാര കേന്ദ്രങ്ങൾ ഈ സംസ്കാര സാന്നിദ്ധ്യങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്.  സനാതന ധർമ്മം സിന്ധൂ നദീതതടത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു സംസ്കാരം ആയിരുന്നില്ല. നേരെമറിച്ചു ഭാരതം ഒട്ടാകെ വ്യാപിച്ചു കിടന്നിരുന്ന ഒന്നായിരുന്നു അത്. അഫ്ഗാനിസ്ഥാൻ്റെ ചില ഭാഗങ്ങൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നീ ആധുനിക രാജ്യങ്ങൾ ചേർന്നതായിരുന്നു  പുരാതന ഭാരത വർഷം.

പുരാവസ്‌തു ഗവേഷങ്ങൾ   കണ്ടെത്തിയ തെളിവുകൾ പറയുന്നത് 5500 വർഷങ്ങൾ എങ്കിലും മുൻപുള്ളതാണ് സിന്ധൂ നദീതട സംസ്കാരം എന്നാണ്. മോഹൻജാ ദാരോവിൽ നിന്നും കണ്ടെടുത്ത ‘യോഗ പശുപതി’ യുടെ മുദ്രണങ്ങളിൽ നിന്നും   സനാതന ധർമ്മത്തിൻ്റെ  സാന്നിദ്ധ്യത്തിന് ഏറ്റവും ചുരുങ്ങിയത്   5500 വർഷങ്ങളുടെ പഴക്കമെങ്കിലും ഉണ്ടായിരുന്നതായി ന്യായമായും കണക്കാക്കാം. മുംബൈക്ക് സമീപം ഗുജറാത്തിൻ്റെ തീരത്തുള്ള കംബാത്ത് ഉൾക്കടലിലെ  കടലിടുക്കിൽ  (“ഗൾഫ് ഓഫ് കാംബേ”)  സമുദ്രാന്തർ ഭാഗങ്ങളിൽ നടന്ന പുരാവസ്തു ഗവേഷങ്ങളിൽ കണ്ടെത്തിയ സനാതന ധർമ്മ സൂചനകൾ നൽകുന്ന  വളരെ വിശാലമായ നഗരാവശിഷ്ടങ്ങൾക്ക് 9500 വർഷങ്ങളുടെ പഴക്കം എങ്കിലും  ഉണ്ടെന്ന്  കാർബൺ ഡേറ്റിങ്ങിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതായത് ക്രിസ്തുവിനും 7500 വർഷങ്ങൾ മുൻപുള്ള കാലഘട്ടം ആണ് അത്. 

2300 വർഷങ്ങൾ മുൻപ് ഭാരതം ഭരിച്ചിരുന്ന ചന്ദ്ര ഗുപ്ത മൗര്യൻ്റെ രാജസദസ്സിൽ വന്നുപോയ ഗ്രീക്ക് ദൂതന്മാർ എഴുതിയ രേഖകളിൽ,  അന്ന് രാജസദസ്സിൽ നിലവിലുണ്ടായിരുന്ന കലണ്ടർ സമ്പ്രദായം അതിനും 6300 വർഷം മുൻപേ ആരംഭിച്ച് കൃത്യമായ ഗണിതങ്ങളോടെ നിലവിൽ ഉള്ളതാണ് എന്ന് പറയുന്നുണ്ട്. ഇതിൽനിന്നും ചുരുങ്ങിയത് 8000 വർഷത്തെ പഴക്കം എങ്കിലും സനാതന ധർമ്മത്തിന് ഉണ്ടെന്ന് നിഗമനം ചെയ്യാവുന്നതാണ്. 

ഋഗ് വേദത്തിലെ നദിസ്തുതികളിൽ വളരെ വലിയ നദിയായ “സരസ്വതി” നദിയെക്കുറിച്ചു പറയുന്നുണ്ട്. ഇന്ന് അങ്ങിനെ ഒരു നദി ഇല്ല. എന്നാൽ അടുത്ത കാലത്ത് നടത്തിയ സാറ്റലൈറ്റ് ഇമേജറി സർവ്വേയിൽ, ഋഗ്വേദത്തിൽ പരാമർശിച്ചിരിക്കുന്ന സ്ഥലത്ത്,   22  കിലോമീറ്റർ വീതിയുള്ള ഒരു നദി സിന്ധു നദിക്ക്   സമാന്തരമായി ഒഴുകി ഗുജറാത്തിൽ വച്ച് അറബിക്കടലിൽ ലയിച്ചിരുന്നതായി കണ്ടെത്തി. ഹിമാലയത്തിലെ  ഹിമാനികൾ ഉരുകുന്നതിൻ്റെ അടിസ്ഥാനത്തിൽ 10000 വർഷങ്ങൾക്കും  6000 വർഷങ്ങൾക്കും  ഇടയിലാണ്  ഈ നദി ഒഴുകിയിരുന്നത് എന്ന് കണ്ടെത്തിട്ടിട്ടുണ്ട്. ഇതിൽ നിന്നും വ്യക്തമാകുന്നത്  ഋഗ് വേദത്തിന് ഏറ്റവും ചുരുങ്ങിയത് പതിനായിരം വർഷത്തെ പഴക്കം എങ്കിലും ഉണ്ടായിരിക്കണം എന്നാണ്.

ഏറ്റവും പ്രകടമായ തെളിവുകളുടെ ബലത്തിലുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് 10,000 വർഷങ്ങൾ എന്നത്. മനുഷ്യകുലത്തിന് ഇതുവരെ ലഭിച്ചിട്ടുള്ള വേദഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കം ചെന്നതായി കാണുന്നത് ഋഗ് വേദമാണ്. ഋഗ് വേദത്തിൽ ഉപയോഗിച്ചിരുന്ന സംസ്‌കൃതം ക്‌ളാസ്സിക്കൽ സംസ്കൃതത്തിനേക്കാൾ പുരാതനമായ വേദിക് സംസ്കൃതമാണ്. അതിന്    ഏറ്റവും ചുരുങ്ങിയത് 8000 വർഷത്തെ എങ്കിലും പഴമയാണ് പണ്ഡിതർ നൽകിയിരിക്കുന്നത്.   എന്നാൽ, 15000 വർഷത്തെ പാരമ്പര്യത്തിൻ്റെ പഴമ  സനാത ധർമ്മത്തിന് ഉണ്ടാകുവാൻ ആണ് സാദ്ധ്യത എന്ന് പുരാണേതിഹാസങ്ങളിലെ  ജ്യോതിശാസ്ത്ര സൂചനകളും, സനാതന ധർമ്മത്തിലെ യുഗ പരിണാമങ്ങളുടെ വ്യക്തമായ അടയാളങ്ങളും സ്ഥിരീകരിക്കുന്നുണ്ട്.   പരിപൂർണ്ണ  ആരോഗ്യ ശാസ്ത്രമായ ആയുർവേദവും, ഏറ്റവും സങ്കീർണ്ണമായ സാങ്കേതികത്വം കൊണ്ട് നിറഞ്ഞ  ഹിന്ദുസ്ഥാനി / കർണാട്ടിക് സംഗീതവും,   നാട്യശാസ്ത്രവും, ജ്യോതിശാസ്ത്രവും, അർത്ഥശാസ്ത്രവും, ഗണിതശാസ്ത്രവും, എല്ലാം വളർന്ന് പന്തലിച്ചത് സനാതന സംസ്കാരത്തിൽ നിന്നും ആയിരിന്നു എന്നത് സുദീർഘമായ ഈ കാലഘട്ടം നൽകിയ  സാദ്ധ്യതയെ ആണ് ചൂണ്ടിക്കാണിക്കുന്നത്.

കൃഷിയിലും, വ്യവസായത്തിലും, കയറ്റുമതിയിലും ഒക്കെ അധിഷ്ഠിതമായ ഒരു സമ്പത് വ്യവസ്ഥ പുരാതന കാലത്തും ഭാരതത്തിൽ നിലനിന്നിരുന്നു എന്ന് പുരാവസ്തു ഗവേഷങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. യുദ്ധങ്ങളിൽ പോലും ധാർമ്മികത നിലനിന്നിരുന്ന ഒരു കാലഘട്ടം ആയിരുന്നത് കൊണ്ട് സാധാരണ ജനങ്ങളോ, സമ്പത് വ്യവസ്ഥയുടെ ഭാഗങ്ങളോ ഒന്നും അതിപുരാതന കാലത്ത് യുദ്ധങ്ങളിൽ നശിക്കപ്പെട്ടിരുന്നില്ല എന്ന് കാണാവുന്നതാണ്. അങ്ങിനെ സാംസ്കാരികമായും സാമ്പത്തികമായും വളർന്നു നിന്നിരുന്ന ഒരു പുരാതന കാലഘട്ടത്തിൽ നിന്നും തുടർന്നു വരുന്ന  ജീവിത രീതിയാണ് സനാതന ധർമ്മം.  

ഇത്രയും പറഞ്ഞത് അത്ര ബൃഹത്തായ ഒരു കാലഘട്ടത്തിൻ്റെ  പടുകൂറ്റൻ ക്യാൻവാസിലൂടെ അല്ലാതെ  സനാതന ധർമ്മത്തെ  മനസ്സിലാക്കുവാൻ കഴിയുകയില്ല എന്ന് വ്യക്തമാക്കുവാൻ വേണ്ടി  മാത്രമാണ്.

സനാതന ധർമ്മത്തിൻ്റെ പടുകൂറ്റൻ ലൈബ്രറി   

സനാതന ധർമ്മത്തിലെ വിശിഷ്ടമായ അറിവുകളെ “ശ്രുതി”, “സ്മൃതി” എന്നീ രണ്ടു വിഭാഗങ്ങളിലായിട്ടാണ് തിരിച്ചിരിക്കുന്നത്. “ശ്രുതി” എന്നാൽ “കേട്ടറിഞ്ഞത്” എന്നാണ് പദാർത്ഥം. എന്നാൽ ഈ അറിവ് ആരെങ്കിലും പറഞ്ഞത് കേട്ട് അറിയുന്ന ഗണത്തിൽപ്പെട്ട ഒരു അറിവല്ല. ഏറ്റവും ഉയർന്ന അവബോധം ഉണ്ടായിരുന്ന അന്നത്തെ മഹാരഥന്മാർക്ക്  സ്വയം ഉള്ളിൽ നിന്നും ഉയർന്നു വന്ന ആന്തരിക ജ്ഞാനം ആണ് ശ്രുതികൾ. ജന്മനാതന്നെ ഉയര്‍ന്ന അവബോധത്തോടെ ജനിക്കുന്നവര്‍ ഉണ്ട്. “ബോധിസത്വന്മാര്‍” എന്നാണു അവരെ വിളിക്കുക.   ക്രിസ്തുവിനും 12000  വർഷങ്ങൾക് മുൻപുള്ള കാലഘട്ടം മനുഷ്യാവബോധത്തിൻ്റെ സുവർണ്ണ യുഗമായിരുന്നു. യുഗങ്ങളെക്കുറിച്ചുള്ള തത്വങ്ങൾ അടുത്ത അദ്ധ്യായത്തിൽ വ്യക്തമാക്കുമ്പോൾ ഇക്കാര്യം കൂടുതൽ സ്പഷ്ടമാകും. അന്നത്തെ കാലത്ത് വളരെ ഉയർന്ന ഉള്ളറിവുകൾ ഉണ്ടായിരുന്ന മഹത് വ്യക്തികൾ  ‘ഋഷികൾ’, ‘യോഗികൾ’, ‘അവതാരങ്ങൾ’ എന്നൊക്കെയുള്ള പദങ്ങൾ ഉപയോഗിച്ചാണ്  അറിയപ്പെട്ടിരുന്നത്. പിൽക്കാലത്തു എബ്രഹാമീയ മതങ്ങളുടെ കാലഘട്ടത്തിൽ അവരെ ‘പ്രവാചകർ’ എന്ന് വിളിച്ചു. ഓരോ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ഭാഷാ പ്രയോഗങ്ങൾ മാത്രമാണ് ഭിന്നങ്ങളായി നിൽക്കുന്നത്. എല്ലാ പ്രവചനങ്ങളും, വേദവാക്യങ്ങളും ഉയർന്ന അവബോധം നിലനിന്നിരുന്ന മഹാരഥന്മാരുടെ ആന്തരിക ജ്ഞാനം തന്നെ ആയിരുന്നു. 

മനുഷ്യാവബോധം താരതമ്യേന കുറഞ്ഞിരിക്കുന്ന ഇന്നത്തെ കാലത്ത് പോലും, പല കാര്യങ്ങളും നമുക്ക് പലപ്പോഴും ആരും പറയാതെ തന്നെ ഉള്ളിൽ നിന്നും സ്വയം അറിയാവുന്നവയാണ്. ഉള്ളിൽ നിന്നും ഉയർന്നു വന്ന ആ ഉള്ളറിവ്  ശരിയാണെന്ന് പിന്നീട് നമുക്ക് അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകാം.  ശബ്ദമില്ലാതെ നമ്മുടെ ഉള്ളിൽ നിന്നും നമ്മൾ ശ്രവിച്ച ഉള്ളറിവുകയാണ് അവ. നമ്മുടെ എല്ലാം അവബോധവും അന്നത്തെ യുഗത്തിൽ ജീവിച്ചിരുന്ന മഹാരഥന്മാരുടെ അവബോധവും തമ്മിൽ അജഗജാന്തരം ഉണ്ട് എന്ന് പറയേണ്ടതില്ലല്ലോ.  അന്നത്തെ അവബോധത്തിൻ്റെ  സുവർണ്ണ യുഗത്തിലെ  മഹാരഥന്മാരുടെ അത്യന്നതമായിരുന്ന ഉള്ളറിവുകൾ – ഇൻറ്റുയിഷൻ – ആണ് “ശ്രുതി”കൾ. ആ ശ്രുതികൾ കാലാന്തരത്തിൽ തലമുറകളിലൂടെ   കൈമാറി വന്നപ്പോൾ  ആ അറിവുകളുടെ പ്രയോഗത്തിൽ   കാലദേശാനുസൃതമായി വ്യത്യാസങ്ങൾ വന്നു ചേർന്നു.  അതാണ്   ‘സ്മൃതി”കളായി മാറിയത്. ചുരുക്കത്തിൽ, “സ്മൃതി’ എന്നാൽ ഓർമ്മിച്ചെടുക്കുന്ന അറിവുകൾ  എന്നർത്ഥം.  “ശ്രുതി” എന്നാൽ   ഉയർന്ന അവബോധ മണ്ഡലത്തിൽ നിന്നും സ്വയം ഉയർന്നു വന്ന് സ്വയം അറിയുന്ന അറിവുകൾ എന്നർത്ഥം. ശ്രുതികളുടേയും സ്മൃതികളുടേയും ഒരു വലിയ സമൂഹമാണ് സനാതന ധർമ്മത്തിലെ ഗ്രന്ഥങ്ങൾ. 

വളരെ പൊതുവായി പറഞ്ഞാൽ സനാതന ധർമ്മത്തിലെ  ക്ലാസ്സിക്കൽ ഗ്രന്ഥങ്ങൾ വേദങ്ങൾ, തന്ത്രശാസ്ത്രം (ആഗമ ശാസ്ത്രങ്ങൾ), സൂത്രങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്ന ആറ് ഗണങ്ങളിൽ പെട്ടവയാണ്. ബൃഹത്തായ നാല് വേദങ്ങളും, 200 ആഗമ ശാസ്ത്ര ഗ്രന്ഥങ്ങളും (64  തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങൾ ഉൾപ്പെടെ), എണ്ണമറ്റ സൂത്ര രചനകളും,   ആയിരത്തിലധികം  ചെറുതും വലുതുമായ ഉപനിഷത്തുക്കളും, ബ്രഹ്മ സൂത്രവും, ഭഗവത് ഗീതയും, 2 ഇതിഹാസങ്ങൾ   18 പുരാണങ്ങളും, 18 ഉപ പുരാണങ്ങളും, ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, അദ്വൈത എന്ന ആറു ദർശനങ്ങളും,  എല്ലാം അടങ്ങിയ ഒരു പടുകൂറ്റൻ അടിത്തറയിലാണ് സനാതന ധർമ്മം നില നിൽക്കുന്നത്. ഇതിനെല്ലാം എണ്ണമറ്റ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും സനാതന ധർമ്മത്തിൻ്റെ  ക്‌ളാസിക്കൽ ഗ്രന്ഥ സമുച്ചയത്തിൻ്റെ ഭാഗമായിട്ടുണ്ട്. ഇവയിലെല്ലാം   പ്രതിപാദിക്കപ്പെട്ട വിഷയങ്ങൾ   ഇന്ദ്രിയാതീത വ്യവസ്ഥകളെക്കുറിച്ചുള്ള വെറും   ഊഹാപോഹങ്ങൾ ആയിരുന്നില്ല.   ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, മാനസിക ആരോഗ്യ ശാസ്ത്രം, ജ്യോതി ശാസ്ത്രം, രാഷ്ട്രീയ മീമാംസ, നിയമം, സാഹിത്യം, ശില്പവിദ്യ, നൃത്തം, സംഗീതം, അഭിനയം, വ്യക്തി ബന്ധങ്ങൾ ഒരു കലയായി വളർത്തിയെടുക്കാനുള്ള ചാതുര്യം ഇതെല്ലാം ജനിച്ചു വളർന്ന് പടർന്ന് പന്തലിച്ചു കൊണ്ട് ഒരു സംസ്കാരത്തിൻ്റെ ഭാഗമായത് ഇപ്പറഞ്ഞ ഗ്രന്ഥ സമൂഹങ്ങൾ  നൽികിയ അറിവിൽ നിന്നും അനുഷ്ഠാനങ്ങളിലും  നിന്നുമാണ്. 

വേദങ്ങൾ  തിയറി, ആഗമങ്ങൾ  പ്രാക്ടിക്കൽ  

സനാതന ധർമ്മത്തിൻ്റെ അടിസ്ഥാന ശിലകൾ ചതുർ വേദങ്ങളും ആഗമ ശാസ്ത്രങ്ങളും  ആണ്.  ഋഗ് വേദം, യജുർ വേദം, സാമ വേദം, അഥർവ്വ വേദം എന്നിവയാണ്   നാല് വേദങ്ങൾ. വേദങ്ങൾ നാല് വിഷയങ്ങളെ ആണ്  പ്രതിപാദിക്കുന്നത്. ഇന്ദ്രിയാതീതമായ വിജ്ഞാനം, കർമ്മം (പൊതുവേയുള്ള പ്രവർത്തനം), ഉപാസന (ദൈവവുമായുള്ള സംയോഗം), ജ്ഞാനം (പൊതുവായ അറിവ്). ഇതിൽ, ആദ്യത്തേതിന്നാണ്, അതായത്. ഇന്ദ്രിയാതീതമായ വിജ്ഞാനത്തിനാണ്  മുൻഗണന. വേദങ്ങൾ ‘തിയറി’ ആണെങ്കിൽ, “ആഗമ  ശാസ്ത്രങ്ങൾ” ആ തിയറിയുടെ “പ്രാക്ടിക്കൽ” ഭാഗങ്ങൾ ആണ് എന്ന് പറയാം.  

ശൈവ ആഗമം, ശാക്ത ആഗമം, വൈഷ്ണവ ആഗമം എന്നിങ്ങനെ മൂന്ന് പ്രധാന ആഗമ ശാഖകൾ ഉണ്ട്. പ്രപഞ്ചശാസ്ത്രം, ജ്ഞാനശാസ്ത്രം, തത്ത്വചിന്തകൾ, ധ്യാനത്തെയും അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള പ്രമാണങ്ങൾ, യോഗ സാധനകൾ, മന്ത്രങ്ങൾ, ക്ഷേത്രനിർമ്മാണം, ദേവതാരാധന, തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങൾ ആണ്   ആഗമ ഗ്രന്ഥങ്ങൾ. ശാക്ത ആഗമം ആണ് തന്ത്ര ശാസ്ത്രം. (സംസ്കൃതത്തിൽ “തന്ത്ര” എന്നാണ് പറയുന്നത്. മലയാളത്തിൽ “തന്ത്രം” എന്നും. മലയാളത്തിൽ “തന്ത്രം” എന്ന പദത്തിന് മറ്റു അർത്ഥങ്ങൾ ഉള്ളതുകൊണ്ട്, ഈ പുസ്തകത്തിൽ ഉടനീളം “തന്ത്ര” എന്ന പദമാണ് ഉപയോഗിക്കുന്നത്) ഇന്ന് ലോകമാസകലം പ്രസിദ്ധമായ “യോഗ”ശാസ്ത്രം  തന്ത്രശാസ്ത്രത്തിൻ്റെ അവിഭാജ്യ ഘടകം ആണെന്ന് മനസ്സിലാക്കുമ്പോൾ, തന്ത്രത്തിൻ്റെ പ്രാധാന്യം വ്യക്തമാകും. 

ആയുര്‍ വേദത്തിലെ  പ്രസിദ്ധമായ  “ഹാരീതസംഹിത”യുടെ കര്‍ത്താവും, ഭരദ്വാജ മഹര്‍ഷിയുടെ ശിഷ്യനും ആയ ‘ഹാരീതന്‍’ എന്ന പുരാതന മഹര്‍ഷി പറഞ്ഞത്, അപൌരഷേയമായ ശബ്ദത്തില്‍ നിന്നും കേട്ടറിഞ്ഞതാണ്  വേദങ്ങളും തന്ത്രയും  എന്നാണ്. അതായത് തന്ത്രയ്കും  വേദങ്ങൾക്കും  ഒരേ  സ്ഥാനമാണ്  അദ്ദേഹം നല്‍കിയത്. “ശ്രുതിശ്ച ദ്വിവിധം പ്രോക്ത  വൈദീകി താന്ത്രീ ഹി ധര്‍മ്മ:” എന്ന് അദ്ദേഹം പറയുന്നു. ശ്രുതിയിലൂടെ  നമുക്ക് ലഭിച്ച “ശ്രൌത്ത” (ശ്രുതിയായി ലഭിച്ച) സത്യങ്ങള്‍ കാലാതീതമാണ്. സ്മൃതിയിലൂടെ മാത്രം ലഭിച്ച “സ്മാര്‍ത്ത” സത്യങ്ങള്‍ അതാതു കാലങ്ങള്‍ക്ക് വേണ്ടി മാത്രം ഉള്ളതാണ്.  അതായത് ശ്രുതിയിലൂടെ ലഭിച്ച വേദങ്ങളും  തന്ത്രയും  കാലദേശാതീതമായ അടിസ്ഥാന സത്യപ്രസ്താവനകള്‍ ആണ്. എക്കാലത്തും പ്രയോഗ സാധുത ഉള്ള ഒന്നാണ് ശ്രൌത്ത സത്യങ്ങള്‍. ശ്രൌത്ത സത്യങ്ങള്‍ സനാതനമാണ്. നിലവിലെ മനുഷ്യ അവബോധത്തിന് അനുചിതമായ വിധത്തില്‍ പ്രയോഗത്തില്‍ മാറ്റം വരുത്തി  ശ്രൌത്ത സത്യങ്ങള്‍ അതാത് കാലങ്ങളില്‍ “സ്മാര്‍ത്ത” അനുഷ്ഠാനങ്ങൾ ആയി  ഉപയോഗിക്കപ്പെടുന്നു എന്നുമാത്രം. 

ആദ്യമായി, നാല് വേദങ്ങൾ എന്താണെന്ന് നോക്കാം. നാലു വേദങ്ങളിലും കൂടി ഏകദേശം 20000 മന്ത്രങ്ങൾ ആണുള്ളത്. പ്രകൃതി ശക്തികളുടെ വിവിധ ഭാവങ്ങളെ പ്രകീർത്തിച്ചു കൊണ്ട് അവയെ  ആവാഹിക്കുന്ന മനോഹരങ്ങളായ  സംസ്കൃത കാവ്യങ്ങൾ ആണ് ഋഗ്വേദത്തിൽ ഉള്ള പതിനായിരത്തിൽ പരം  മന്ത്രങ്ങൾ. പ്രഥമ ദൃഷ്ട്യാ അവയെല്ലാം പ്രാർത്ഥനകളായി തോന്നുമെങ്കിലും, ഗൂഢമായ അതീന്ദ്രിയ രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ച പ്രതിരൂപാത്മകതയാണ് ഋഗ്വേദം നിറയെ. ഇന്ന് ഭാരതീയമായ ആറ്‌ ഫിലോസോഫികളിലും അടങ്ങിയിരിക്കുന്ന  സർവ്വ ചിന്തകളും ഋഗ് വേദത്തിൽ നിന്നും ഉത്ഭവിക്കുന്നവയാണ്. യജുർ വേദത്തിലെ  3,988 മന്ത്രങ്ങൾ യാഗങ്ങളിലും യജ്ഞങ്ങളിലും ഉപയോഗിക്കുന്ന മന്ത്രങ്ങൾ ആണ്. പ്രസിദ്ധമായ മഹാമൃത്യുജ്ഞയ  മന്ത്രവും, ഗായത്രി മന്ത്രവും യജുർ വേദത്തിൽ ഉള്ളവയാണ്. യജുർ വേദത്തിൽ ഋഗ്വേദ മന്ത്രങ്ങളും, അല്ലാത്ത മന്ത്രങ്ങളും ഉണ്ട്.  സാമവേദത്തിലെ മന്ത്രങ്ങളും ഋഗ്വേദത്തിൽ കാണപെട്ടവ തന്നെ ആണെങ്കിലും,  അവയെല്ലാം     ഛന്ദ:ശ്ശാസ്‌ത്ര നിയമത്തിലും, പ്രത്യേക ശബ്ദത്തിലും ആലാപന ശൈലിയിലും  ചിട്ടപ്പെടുത്തി ആലപിക്കുന്നവയാണ്. ആ ശൈലിയിൽ നിന്നും വ്യത്യാസപ്പെട്ടാൽ അർത്ഥം മാറും. ഈ രീതിയിലുള്ള ആലാപനം മനുഷ്യമനസ്സുകളെ വിവിധതരത്തിൽ സ്വാധീനിക്കുന്നു. ശബ്ദത്തിന് മനുഷ്യ മനസ്സുകളെ സ്വാധീനിക്കുവാനുള്ള ശക്തി മലയാളത്തിലെ പല സിനിമാഗാനങ്ങളിൽ നിന്നും നമുക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണല്ലോ. അതുപോലെ തന്നെ ക്ഷേത്രങ്ങളിലെ വാദ്യോപകരണങ്ങൾ സഹിതം ഉള്ള “ഭജനകൾ”, ക്രിസ്തീയ ആരാധനകളിലെ ‘കൊയർ’ ആലാപനങ്ങൾ ഇതെല്ലാം ശബ്ദത്തിൻ്റെ പ്രകമ്പനങ്ങളും മനുഷ്യ അവബോധവും തമ്മിലുള്ള ബന്ധത്തെ ആണ് കാണിക്കുന്നത്.   ലോകത്തിലെ എല്ലാ ഗാനാലാപനങ്ങളിലും പരക്കെ ഉപയോഗിക്കുന്ന ഏഴു സ്വരങ്ങൾ സാമവേദത്തിലെ പണ്ഡിതരായ മഹർഷിമാർ  ആണ്  ആദ്യമായി കണ്ടുപിടിച്ചു വികസിപ്പിച്ചത്. അഥർവ്വ വേദത്തിലെ മന്ത്രങ്ങൾ അസാധാരണമായ പ്രകൃത്യാതീത ശക്തി ഉള്ളതാണെന്നാണ് പണ്ഡിത മതം. നാലുവേദങ്ങളിൽ ഋഗ്,യജുർ,സാമ വേദ മന്ത്രങ്ങൾ മനുഷ്യൻ്റെ ആത്മീയ പുരോഗതിക്കായി മാത്രം ഉപയോഗിക്കുന്നവയാണ്. എന്നാൽ അഥർവ്വ വേദത്തിലെ മന്ത്രങ്ങൾ  സാധാരണയായി  ലൗകിക പുരോഗതിക്കായി  ഉപയോഗിക്കപ്പെടുന്നവ  ആണ്.  

‘സയൻറ്റിഫിക് അമേരിക്കൻ’ എന്ന പ്രശസ്തമായ ശാസ്ത്ര മാസികയിൽ 2018-ൽ ഒരു ലേഘനംപ്രസിദ്ധീകരിച്ചിരുന്നു. ഇത് എഴുതിയത്, വേദ സംസ്‌കൃതം മനഃപാഠമാക്കുന്നത് മനുഷ്യൻ്റെ തലച്ചോറിൽ ഉണ്ടാക്കുന്ന  ഫലങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിൻ്റെ  രചയിതാക്കളിൽ ഒരാളായ  ജെയിംസ് ഹാർട്ട്‌സെൽ എന്ന ഒരു ഗവേഷകൻ  ആണ്.  ഇരുപത്തി ഒന്ന്  സംസ്‌കൃത പണ്ഡിതന്മാരെയാണ് പഠനത്തിന് വിഷയമാക്കിയത്. ആറ് മണിക്കൂർ ദൈർഘ്യമുള്ള യജുർവേദം മുഴുവനായും അവർ പാരായണംചെയ്തു. മനുഷ്യൻ്റെ ഓർമ്മ ശക്തിയും  വികാരങ്ങളും കൈകാര്യം ചെയ്യുന്ന മസ്തിഷ്ക മേഖലയായ ഹിപ്പോകാമ്പസിൻ്റെ  ഉയർന്ന തോതിലുള്ള  വികസനം ഇതുമൂലം ഉണ്ടാകുന്നു എന്നാണ്  ഈ പഠനം  തെളിയിച്ചത്. ഇതുമൂലം  മനുഷ്യൻ്റെ സംസാരത്തെയും ശബ്ദത്തെയും നിയന്ത്രിക്കുന്ന മസ്തിഷ്ക മേഖലകളുടെ  വലുപ്പം വർദ്ധിക്കുന്നതായി ഈ പഠനം റിപ്പോർട്ട് ചെയ്തു. സംസ്‌കൃത മന്ത്രങ്ങൾ ചൊല്ലി വളർത്തിയ കുട്ടികൾക്ക് തലച്ചോറിൻ്റെ  വലത് ഹിപ്പോകാമ്പസിൽ അളക്കുവാൻ കഴിയുന്നത്ര അസാധാരണമായ വളർച്ചയുണ്ടെന്ന് ന്യൂറോ സയൻറ്റിസ്റ്റുകൾ കണ്ടെത്തി. ഇതാണ് ശബ്ദവും പ്രജ്ഞാനവും തമ്മിലുള്ള ബന്ധം.

അടുത്തതായി, എന്താണ് “തന്ത്ര”   എന്ന് നോക്കാം. വേദങ്ങളിൽ വരുന്ന ദൈവീക ആരാധനയുടെ  നിയമങ്ങളും ക്രമങ്ങളും ആണ് തന്ത്ര. മനുഷ്യ ജന്മത്തിൻ്റെ   ഉയര്‍ന്നതും താഴ്ന്നതും ആയ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റുവാന്‍ വേണ്ടി –  അത്  നിറവേറ്റാന്‍ യോഗ്യരായവര്‍ക്ക് മാത്രം, അതും അനുയോജ്യനായ ഒരു ഗുരുവില്‍ കൂടി മാത്രം –  ആണ്  താന്ത്രിക അദ്ധ്യയനങ്ങള്‍ നല്‍കുന്നത്. തന്ത്ര    വളരെ  പരിഷ്കൃതമായ ഒരു സമ്പ്രദായമാണ് എന്ന് പറയാം.     എന്നാല്‍  അതേസമയം, വളരെ സങ്കീര്‍ണ്ണമായ   ഒരു സമ്പ്രദായവും  കൂടി ആണ് അത്.  “പരിഷ്കൃതം” എന്ന് പറയാന്‍ കാരണം, വെറും ശാരീരികമായ ക്രിയകള്‍ മാതമല്ല, മാനസികവും, ബൗദ്ധികവും ആയ    ക്രിയകളും തന്ത്ര സാധനകളില്‍ അടങ്ങിയിരിക്കുന്നു എന്നത് കൊണ്ടാണ്.  തന്ത്ര  ഒരേ സമയം  ആചാരപരമായ  സമ്പ്രദായം ആണെന്നും പറയാം, ആത്മീയമായ സമ്പ്രദായം ആണെന്നും പറയാം.  ആചാരപരം എന്ന് പറയുവാൻ കാരണം ഒരു വശത്ത്‌ നിരവധി ആചാര  ക്രമങ്ങൾ   തന്ത്രയിൽ   ഉള്ളതുകൊണ്ടാണ്. തന്ത്ര ഒരു ആത്മീയ സമ്പ്രദായം കൂടി ആണ് എന്ന് പറയുവാന്‍ കാരണം, സൂക്ഷ്മവും,  മാനസികവുമായ നിരവധി ക്രിയകള്‍  തന്ത്രത്തിൽ   ഉള്ളതുകൊണ്ടു കൂടിയാണ് . തികഞ്ഞ നിഷ്ഠകളോടെ ആചാരപരമായ കർമ്മങ്ങൾ  അഭ്യസിക്കുന്ന അനുയായികള്‍ക്ക് മാത്രമേ തന്ത്രയുടെ   അകത്തളങ്ങളിലേക്ക് പ്രവേശനം ഉള്ളൂ. മാത്രവുമല്ല അനുയോജ്യനായ ഒരു ഗുരുവിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. തൻ്റെ  തന്നെ  ഉള്ളിലുള്ള ശക്തിയെ ഊട്ടി വളര്‍ത്തി അതിലൂടെ, ശരീര സമേതനായി ഇരിക്കുമ്പോള്‍ തന്നെ, ആത്മ സാക്ഷാത്ക്കാരം നേടുവാൻ സഹായിക്കുന്ന  ഒന്നാണ് തന്ത്ര. “ആത്മ സാക്ഷാത്ക്കാരം” എന്ന് പറഞ്ഞാല്‍, അവബോധത്തിൻ്റെ   ഏറ്റവും ഉയര്‍ന്ന വികാസത്തിലൂടെ  താന്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ആ ഉന്നത അവബോധത്തിൽ സ്വയം  ലയിച്ച് സ്വയം ആ ഉന്നത അവബോധമായി മാറിത്തീരുക എന്നാണു അര്‍ത്ഥം.  ചുരുക്കത്തില്‍, ആത്മ സാക്ഷാത്കാരത്തിലേക്കുള്ള  സൂപ്പര്‍ “ഹൈവേ” ആണ് തന്ത്ര എന്ന് പറയാം.

പ്രായോഗിക തലത്തില്‍ തന്ത്ര എന്നത് ശക്തിയുടെ ‘അപ്ലയിഡ് മെറ്റാഫിസിക്സ്’ ആണ്.  എന്ന് പറഞ്ഞാല്‍, പ്രപഞ്ച സൃഷ്ടി നടത്തുന്ന പ്രകൃതി ശക്തിയെ കുറിച്ചുള്ള  വിശേഷാൽ അറിവിൻ്റെ  പ്രായോഗിക പ്രയോഗം ആണ് തന്ത്ര.  ആ ശക്തി മനുഷ്യൻ്റെ   ഭൗതികവും ആത്മീയവും ആയ  ആവശ്യങ്ങള്‍ക്കായി പ്രയോഗിക്കാനുള്ള, വളരെ സജീവമായ,   ഒരു പ്രയോഗ ശാസ്ത്രം ആണ് തന്ത്ര.

പതിനയ്യായിരം വർഷങ്ങൾക്ക് മുൻപ്, ‘ശിവൻ’ എന്ന പേരുള്ള ആദിയോഗിയിൽ നിന്നും ആണ് താന്ത്രീക ജ്ഞാനത്തിൻ്റെ പരമ്പര  ആരംഭിക്കുന്നത്. ഇന്ന് നമുക്ക് ചിന്തിക്കുവാൻ കഴിയുന്നതിലും എല്ലാം അധികം ഉയർന്ന അവബോധമുള്ള ഒരു മഹായോഗി ആയിരുന്നു, ആദിയോഗി അല്ലെങ്കിൽ ആദിഗുരു ആയ ‘ശിവൻ’. ഈ ആദി യോഗി, പാർവ്വതി എന്ന തൻ്റെ ധർമ്മ പത്നിയുടെ  ചോദ്യങ്ങൾക്ക് ഉത്തരമായി നൽകിയ ജീവിത സത്യങ്ങളും, അവബോധം  വർദ്ധിപ്പിക്കുവാൻ ഉതകുന്ന വിധത്തിലുള്ള, ശരിയായ ജീവിത രീതിയും ആണ് താന്ത്രിക ജ്ഞാനം.   അതായത് മനുഷ്യകുലത്തിനുള്ള ‘യൂസർ മാനുവൽ’ ആണ് തന്ത്ര. 

കോയമ്പത്തൂരിലെ ഇശ യോഗ സെൻറ്ററിലെ  ആദിയോഗി പ്രതിമ 

സപ്തർഷികൾ എന്ന പേരിൽ അറിയപ്പെടുന്ന ഏഴ് മഹർഷി ശിഷ്യന്മാർക്ക് ആദിയോഗി “യോഗ ജ്ഞാനം” പഠിപ്പിച്ചു  കൊടുക്കുന്നു. മനുഷ്യൻ്റെ ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനവും മനുഷ്യാവബോധത്തിൻ്റെ ഏറ്റവും ഉന്നതമായ സാദ്ധ്യതകളും  ഉപയോഗിച്ച് ക്ലേശരഹിതമായ, നിത്യാനന്ദപൂർവമായ ജീവിതം എങ്ങിനെ നയിക്കുവാൻ എല്ലാവർക്കും  സാധിക്കും എന്നതിൻ്റെ   ശാസ്ത്രവും ടെക്നോളജിയും ആണ് ആദിയോഗി അവർക്ക് പഠിപ്പിച്ചു കൊടുത്ത യോഗ മുറകൾ.    ഈ സപ്തർഷികൾ ഭാരതത്തിലുടനീളവും, കൂടാതെ ലോകത്തിൻ്റെ ചില ഭാഗങ്ങളിലും  ചെന്ന് യോഗയുടെ ജ്ഞാനം അന്നത്തെ ജനങ്ങൾക്ക്  പകർന്ന് കൊടുത്തു. അന്നത്തെ സപ്തർഷികളിൽ ഒരാളായിരുന്നു ദക്ഷിണേന്ത്യയിൽ എല്ലാക്കാലത്തും അറിയപ്പെട്ടിരുന്ന  ‘അഗസ്ത്യ മുനി’.

താന്ത്രിക ഗ്രന്ഥങ്ങള്‍ അധികവും എഴുതപ്പെട്ടിരിക്കുന്നത്  സംസ്കൃതത്തില്‍ ആണ്. എന്നാല്‍ ആയിരത്തോളം താന്ത്രിക ഗ്രന്ഥങ്ങള്‍ പാലി, പ്രാകൃത, ടിബറ്റന്‍, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ഉണ്ട്. എങ്കിലും അടിസ്ഥാന പരമായ താന്ത്രിക ദര്‍ശനങ്ങള്‍ മനസ്സിലാക്കാന്‍ “ശിവസ്വരോദയ” ഒരു ഉത്തമ ഗ്രന്ഥമാണ്.  നേത്ര തന്ത്ര, സ്വച്ഛന്ദ തന്ത്ര, തന്ത്ര ലോക,  രുദ്ര യാമല, പ്രപഞ്ച സാര, ശ്രീ വിദ്യാര്‍ണവ,  മാലിനി വിജയ വര്‍ത്തിക, ശാരദാ തിലക, നിത്യ ഷോഡസികാര്‍ണവ, യോഗിനി ഹൃദയ, സ്പന്ദകാരിക തുടങ്ങി വളരെ പ്രധാനപ്പെട്ട പല സംസ്കൃത ഗ്രന്ഥങ്ങളും താന്ത്രിക ദര്‍ശനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. യോഗ, ആയുര്‍വേദം, സാംഖ്യ, ജ്യോതിഷം, നാട്യ ശാസ്ത്രം, ആയോധന കലകള്‍ എന്ന് വേണ്ട എല്ലാ ഭാരതീയ ചിന്താ ധാരകളിലും തന്ത്രയുടെ സ്വാധീനം നിറഞ്ഞു നില്‍ക്കുന്നുമുണ്ട്.  ഉപനിഷത്തുക്കളിലും  –  പ്രത്യേകിച്ച് അഥര്‍വ്വോപനിഷത്തില്‍ –  താന്ത്രിക ബോധനങ്ങള്‍  കാണാം. 

ഉപനിഷത്തുക്കളും സൂത്രങ്ങളും 

വേദങ്ങളിലെ  അടിസ്ഥാന വിഷയങ്ങൾ കൂടുതൽ അവഗാഹതയോടെ കടഞ്ഞെടുത്ത ഗ്രന്ഥങ്ങളാണ് ഉപനിഷത്തുക്കൾ. “ഉപ” ”നിഷദ്” എന്ന പദത്തിൻ്റെ അർത്ഥം   തന്നെ ‘പ്രാപ്തനായ ഒരു ഗുരുവിൻ്റെ തൊട്ടടുത്ത് ഇരുന്നു പഠിക്കപ്പെടുന്നത് ’ എന്നാണ്. വളരെ ഗഹനമായ വിഷയങ്ങൾ ആയതിനാൽ പരിണത പ്രജ്ഞനായ ഒരു ഗുരുവിൻ്റെ സഹായം ആവശ്യമുള്ള വിഷയം എന്നാണ് അതുകൊണ്ട് അർത്ഥമാക്കപ്പെടുന്നത്. മാത്രവുമല്ല, വളരെ ഗ്യോപ്യമായി നിഗൂഢമായ വിവിധ അർത്ഥ തലങ്ങളുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതും. മേൽ പ്രസ്താപിച്ച നീണ്ട കാലയളവിൽ നിരവധി ഋഷിമാർ വിശദീകരിച്ച ആയിരത്തിലധികം ഉപനിഷത്തുക്കൾ ഉണ്ട്. സംസ്കൃതത്തിൽ ആണ് ഉപനിഷത്തുക്കൾ എഴുതിയിരിക്കുന്നത്. ഇന്ദ്രിയാതീതമായ  വിവിധ വിഷയങ്ങൾ ഉപനിഷത്തുക്കളിൽ പാതിപാദിക്കുന്നുണ്ട്.  പൊതുവായി പറഞ്ഞാൽ ജീവൻ്റെ  യാഥാർത്ഥ്യം എന്താണെന്നും, ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനം എങ്ങിനെ  സാധിക്കാം എന്നുള്ളതുമാണ് ഉപനിഷത്തുക്കളിലെ ഒരു മുഖ്യവിഷയം. വേദങ്ങൾ ബാഹ്യമായ യാഗങ്ങൾക്കും യജ്ഞങ്ങൾക്കും പ്രാധാന്യം കൊടുത്തപ്പോൾ, ഉപനിഷത്തുക്കൾ  ആന്തരികമായ അവബോധ വികസനത്തിലൂടെ ജീവാത്മാവിൻ്റെ  സ്വാതന്ത്ര്യ ലബ്ധിക്കുള്ള മാർഗ്ഗങ്ങൾക്ക്  ആണ് പ്രാധാന്യം കൊടുക്കുന്നത്.  രണ്ടും രണ്ടു കാലഘട്ടങ്ങളിലൂടെ വികസിച്ചുവന്ന രീതികളാണ്. മനുഷ്യാവബോധത്തിൻ്റെ ക്രമേണയുള്ള വികാസത്തിൻ്റെ ഫലമായുണ്ടായ വളർച്ചയുടെ ഫലം കൂടിയാണ് ഇത്. 

സംഹിത, ബ്രാഹ്‌മണ, ആരണ്യക, ഉപനിഷദ് എന്നിങ്ങനെ നാല് ഘട്ടങ്ങളിൽ കൂടിയാണ് വേദങ്ങളിലെ ജ്ഞാനം വികസിച്ച് ഉപനിഷത്തുക്കളിൽ അതിൻ്റെ മൂർദ്ധന്യത്തിൽ എത്തിയത് എന്ന് കാണാം. തിയറിയുടേയും പ്രാക്ടീസിൻ്റെയും ഒരുമിച്ചുള്ള ക്രമാനുഗതമായ വളർച്ച ഈ നാല് ഘട്ടങ്ങളിലും നമുക്ക് കാണുവാൻ കഴിയും. സംഹിതയിൽ മന്ത്രങ്ങൾ ആണുള്ളത്. മന്ത്രങ്ങളുടെ ശരിയായ ഉപയോഗത്തിലൂടെ അവബോധ വികസനത്തിനായി തയ്യാർ എടുപ്പിക്കുക എന്നതാണ് ലക്ഷ്യം. ബ്രാഹ്മണങ്ങളിൽ ആ മന്ത്രങ്ങൾക്കുള്ള  ആദ്യത്തെ നിലയിലുള്ള വ്യാഖ്യാനങ്ങളും, ആചാരങ്ങൾ എന്ന നിലയിൽ നിത്യജീവിതത്തിൽ എങ്ങിനെ അവ ഉപയോഗിക്കണം എന്നുള്ളതും ആണ് വിഷയം. കുടുംബം ജീവിതം നയിക്കുന്നവർക്കുള്ളതാണ്  ബ്രാഹ്മണങ്ങളിലെ  വിഷയം. ആരണ്യകത്തിൽ, പ്രജ്ഞാനത്തിൻ്റെ  ഉന്നതമായ സാദ്ധ്യതകൾക്കായി  മനസ്സിനെ എങ്ങിനെ പരിശീലിപ്പിക്കണം എന്നതാണ് വിഷയം. ഏകാന്തതയിൽ പരിശീലിക്കണ്ടതാണ് ഇവ. ‘ആരണ്യകം’ എന്ന പേര് തന്നെ ‘വനാന്തരം’ എന്നാണ്. ഉപനിഷത്തുക്കളിൽ മനുഷ്യ നിലനിൽപ്പിൻ്റെ   ആത്യന്തികമായ യാഥാർത്ഥ്യത്തെ മനസ്സിലാക്കിപ്പിച്ചുകൊണ്ട് അതിലേക്ക് എത്തിച്ചേരാനുള്ള വഴികൾ ആണ് അടങ്ങിയിരിക്കുന്നത്.  അങ്ങിനെ മനുഷ്യൻ്റെ ശാരീരികവും, മാനസികവും, ആത്മീയവുമായിട്ടുള്ള ഒരു സമഗ്ര പുരോഗതിയാണ് വേദങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് കാണാം.

ചുരുക്കത്തിൽ വേദങ്ങളുടെ ദാർശനിക തലങ്ങളെ  ആണ് ഉപനിഷത്തുക്കൾ വ്യക്തമാക്കുന്നത്. സനാതന ധർമ്മത്തിൽ  “ദാർശനികത” എന്നാൽ പ്രായോഗിക തലത്തിൽ പ്രയോഗിച്ചു ഉറപ്പുവരുത്തുന്ന സത്യാന്വേഷണ ഫലങ്ങൾ ആണ്.   മേൽപ്പറഞ്ഞ ദാർശനിക വിഷയങ്ങളെ കൂടാതെ ഉപനിഷത്തുകളിൽ, വൈദിക ആചാരങ്ങളെക്കുറിച്ചും, പുനർജന്മം, മുക്തി, ഈ ജീവിതത്തിൽ സമാധാനവും ഐക്യവും ഉറപ്പാക്കുന്ന വിധം, മരണം എന്ന പ്രതിഭാസം, ഭക്ഷണത്തിൻ്റെ  പ്രാധാന്യം, മനുഷ്യൻ്റെ  പ്രാപഞ്ചിക ഘടന, വ്യക്തിത്വം, മരണാനന്തര ആത്മാക്കളുടെ യാത്ര, ശ്വാസത്തിൻ്റെ ശ്രേഷ്ഠത, സൃഷ്ടി , പ്രകൃതിയുടെ പ്രവർത്തനങ്ങൾ, മനസ്സിൻ്റെയും ശരീരത്തിൻ്റെയും മാലിന്യങ്ങൾ, ബുദ്ധിയുടെ തരങ്ങൾ, ഇന്ദ്രിയങ്ങളുടെ പങ്ക്, മനസ്സ്, കർമ്മ ബന്ധനങ്ങളുടെ  കാരണങ്ങളും അനന്തരഫലങ്ങളും, പ്രപഞ്ചത്തിലെ ദേവതകൾ, ത്യാഗങ്ങളുടെ സ്വഭാവവും പ്രാധാന്യവും, ‘ഓം’ എന്ന ശബ്ദം, യോഗ, ഋഷികളും ഗുരുക്കന്മാരും,   പ്രജ്ഞാനത്തിൻ്റെ വിവിധ അവസ്ഥകൾ, തൃഗുണങ്ങൾ, ജ്ഞാനം,  മായ തുടങ്ങി ജീവിതത്തിൽ പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ വിശദമായി അപഗ്രഥിക്കപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ചെല്ലാം ഒരു ഏകദേശ രൂപമെങ്കിലും  കൈവരാതെ സനാതന ധർമ്മം എന്താണെന്ന് മനസ്സിലാക്കുക പ്രയാസമാണ്. ഇതിൽ വളരെ പ്രധാനപ്പെട്ട ചില അടിസ്ഥാന സനാതന തത്വങ്ങൾ അടുത്ത അദ്ധ്യായത്തിൽ പ്രത്യേകമായി നൽകുന്നത് അതുകൊണ്ടാണ്.

പുരാതന കാലങ്ങളില്‍ ഉപനിഷത്തുക്കളുടെ അദ്ധ്യയനം കഴിയുന്നതുവരെ  ഭാരതീയനായ ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസം പൂര്‍ണമായതായി കരുതപ്പെട്ടിരുന്നില്ല. പക്ഷേ, വെറും വേദ പഠനം കൊണ്ട് മാത്രം ലക്ഷ്യത്തിലെത്താന്‍ കഴിയുകയില്ലെന്നും പറയുമായിരുന്നു. ഓരോ വിദ്യാര്‍ത്ഥിയും പഠിപ്പിച്ചതെല്ലാം സ്വന്തം അനുഭവത്തിലൂടെ  അനുഭവിച്ചറിയേണ്ട ആവശ്യമുണ്ടായിരുന്നു.

ശ്രുതിയും സ്മൃതിയും

ശ്രുതിയും സ്മൃതിയും തമ്മിലുള്ള ബന്ധം അല്പം ഒന്ന് വ്യക്തമാക്കേണ്ടതുണ്ട്. സനാതന ധർമ്മത്തിൽ എന്നും നിലവിലുള്ള  മൂന്ന് തരത്തിലുള്ള  ആരാധന സമ്പ്രദായങ്ങളെക്കുറിച്ചു അല്പം ഒന്ന് സാന്ദർഭികമായി പറഞ്ഞുകൊള്ളട്ടെ.  വിഗ്രഹങ്ങളും ആരാധനകളും  എല്ലാം ഒരു ‘വാക്കിങ് സ്റ്റിക്’ ആണ്. പ്രജ്ഞാന വികസനത്തിനായി ഉപയോഗിക്കുന്ന ഒരു ‘വാക്കിങ് സ്റ്റിക്’. എല്ലാ മതത്തിലും ആരാധനകൾ ഉണ്ട്. വിവിധ രീതികളിൽ ആണെന്ന് മാത്രം.  മനുഷ്യ മനസ്സുകൾക്ക് അമൂര്‍ത്തമായ ആശയങ്ങളെ മനസ്സിലാക്കുവാനുള്ള ഗ്രഹണ ശക്തി പ്രജ്ഞാന വികസനത്തിൻ്റെ  ആദ്യഘട്ടങ്ങളിൽ കുറവായിരിക്കും. ഈ ഘട്ടത്തിൽ പ്രതിരൂപങ്ങൾ ഒരു ‘വാക്കിങ് സ്റ്റിക്’ പോലെ ആവശ്യമാണ്. കാലാന്തരരത്തിൽ ‘വാക്കിങ് സ്റ്റിക്’ ഇല്ലാതെ നടക്കുവാൻ ആവശ്യമായ  പ്രാപ്തി കൈവരിക്കും. വിഷ്ണു, ശിവൻ, ശക്തി എന്നെല്ലാം പറയുന്നത് ചില തത്വങ്ങളുടെ സിംബോളിസിസം ആണ്.  ഗണിത ശാസ്ത്രത്തിലെ തത്വങ്ങളുടെ സിംബോളിക് രൂപങ്ങൾ ആണ് ഗണിത ശാസ്ത്ര  ഫോർമുലകൾ. അതുപോലെ ഉള്ള ആത്മീയ ശാസ്ത്രത്തിലെ ഫോർമുലകൾ ആണ് വിഷ്ണു, ശിവൻ, ശക്തി എന്നെല്ലാം വിവക്ഷിക്കുന്നത്. ഈ വിഷയം പുറകെ കൂടുതൽ വ്യക്തമാക്കുന്നുണ്ട്.

വിഷ്ണുവിനേയും, ശിവനേയും, ശക്തിയേയും ആരാധിക്കുന്ന മൂന്നു തരത്തിലുള്ള ആരാധനാ രീതികളാണ്  സനാതന ധർമ്മത്തിൽ അന്നും ഇന്നും  നിലനിൽക്കുന്നത്.  കേരളത്തിൽ വിഷ്ണു ക്ഷേത്രങ്ങളും, ശിവ ക്ഷേത്രങ്ങളൂം, ദുർഗ്ഗാ ക്ഷേത്രങ്ങളും ഉണ്ടാകുന്നത് ഈ മൂന്ന് ആരാധന രീതികളെ അടിസ്ഥാനമാക്കിയാണ്.  (വിഷ്ണുവും, ശിവനും, ശക്തിയും ഇവിടെ ഈശ്വര സങ്കല്പങ്ങളാണ്, ദൈവ സങ്കൽപ്പങ്ങൾ അല്ല. ദൈവവും ഈശ്വരനും തമ്മിലുള്ള  വ്യത്യാസം പുറകെ വ്യക്തമാക്കുന്നുണ്ട്. സൃഷ്ടി ക്കപ്പെട്ട സകലതിൻ്റെയും പരിപാലനം എന്ന പ്രക്രിയയുടെ നടത്തിപ്പ്, മനുഷ്യമനസ്സിന് ഗ്രഹിക്കുവാൻ വേണ്ടി,  പ്രതിരൂപാത്മകത്വം തൽകിയതാണ് ‘വിഷ്‌ണു’. സൃഷ്ടി യുടെ അന്തിമമായ ലയനം സംഭവിക്കുന്ന സമയത്ത് അത് സംഭവിക്കുന്നത് നിത്യനിതാന്ത ശൂന്യതയിലേക്ക് തന്നെ ആണ്. അത് മനുഷ്യമനസ്സിന് ഗ്രഹിക്കുവാൻ വേണ്ടി, ‘ശിവത്വം’ എന്ന പേര് നൽകി  വിളിച്ചുകൊണ്ടു ശിവത്വത്തിനു പ്രതിരൂപാത്മകത്വം തൽകിയതാണ് ‘ശിവൻ’. ശിവത്വത്തിൻ്റെ ‘കഴിവുകൾ’ ആകുന്ന ശക്തിയുടെ പ്രതിരൂപാത്മകതയാണ് ‘ശക്തി’. തത്ക്കാലം, സാന്ദർഭികമായി, ഇത്രയും മനസ്സിലാക്കുന്നത് നല്ലതാണ്.) വൈഷണവ രീതി, ശൈവ രീതി, ശാക്ത രീതി എന്നീ മൂന്ന് രീതികൾ ആണ് സനാതന ധർമ്മത്തിലെ ഭക്തിയുടെ മാർഗ്ഗത്തിൽ  അനുഷ്ടിച്ചു വരുന്നത്. ഈ മൂന്ന് ആരാധനാ ക്രമങ്ങളും ഉൾക്കാഴ്ചയുള്ള ഒരു  ജീവിതരീതിയുടെ ഭാഗമാണ്.  ഇത് മൂന്നും താന്ത്രികമായ ആരാധനകൾ തന്നെ ആണ്. ഈ  മൂന്നു തരത്തിലുള്ള ആരാധനാ ക്രമങ്ങൾ  നിലവിൽ വരുന്ന രീതിയാണ് ഇനി പറയുവാൻ പോകുന്നത്. അതിൽ  നിന്നും  ശ്രുതി-സ്മൃതി ബന്ധത്തെക്കുറിച്ച് മനസ്സിലാക്കാം.  

വേദങ്ങളിലെ ആരാധനാ രീതികൾ വളരെ ചിട്ടയോടും, ശാരീരികവും മാനസികവും വൈകാരികവും ആയ ശുദ്ധിയോടേയും  അനുഷ്ടിക്കേണ്ടതായിട്ടാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ശാരീരികവും മാനസികവും ആയ ശുദ്ധി അവബോധ വികസനത്തിന് ആവശ്യമായ പ്രാണ പ്രസരണത്തിന് അത്യന്താപേക്ഷിതമായത് കൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. നമ്മൾ നമ്മുടെ രാജ്യത്തിൻ്റെ  പ്രസിഡണ്ടിനേയോ പ്രധാനമന്ത്രിയേയോ കാണുവാൻ പോകുകയാണെങ്കിൽ ഏറ്റവും നല്ല വസ്ത്രം ധരിച്ചുകൊണ്ട്,  ഏറ്റവും നന്നായി മുടി ചീകിയൊതുക്കിക്കൊണ്ട്, ഏറ്റവും നല്ല രീതിയിൽ   പോകുന്നതുപോലെ ഉള്ള ഒരു തയ്യാറെടുപ്പുപോലെ കൂടി ആണിത്.    അതേപോലുള്ള പവിത്രതയും വിശുദ്ധിയും തന്ത്രയിലും സമാനമായ രീതിയിൽ തന്നെ നിഷ്ക്കർഷിക്കപ്പെടുന്നുണ്ട്.  വേദങ്ങളിൽ അധിഷ്ഠിതമായ  രീതിയിൽ കൃത്യമായ വിശുദ്ധിയോടെ  വിഷ്ണുവിനെ ആരാധിക്കുന്ന ക്രമമാണ്  വൈഷ്ണവ ആരാധനാ രീതികൾ. ഈ രീതിയെ  “സംഹിത തന്ത്ര” എന്നാണ് പറയുന്നത്. അതായത്, വേദ സമ്പ്രദായങ്ങളില്‍ അധിഷ്ഠിതമായ “സംഹിത തന്ത്ര” മാമൂലുകള്‍ കൃത്യമായി അനുഷ്ഠിക്കുന്ന തികഞ്ഞ യാഥാസ്ഥിതിക സമ്പ്രദായം ആണ്. അതുകൊണ്ട് ഇതിൽ ഉടനീളം  അഹിംസ, അക്രമരാഹിത്യം തുടങ്ങിയ ധാര്‍മ്മിക മൂല്യങ്ങള്‍ നിറഞ്ഞു നിന്നു. 

ഇതേ രീതിയിൽ വേദ സംഹിതകളില്‍ അധിഷ്ഠിതമായിരുന്ന യഥാസ്ഥിതിക ധാര്‍മ്മിക ബോധത്തോട് കൂടിയ ശിവ ഭക്തിയും ഉണ്ട്. ശിവനേയും ഇതേ രീതിയിൽ ആരാധിക്കുന്നുണ്ട്. അപ്രകാരം പവിത്രമായ ആരാധനാ ക്രമങ്ങളും ലളിത ജീവിതവും അടങ്ങിയ  ശൈവ രീതിയിലുള്ള ആരാധനാ ക്രമമാണ്  “ആഗമ തന്ത്ര”. വൈഷ്ണവ രീതിക്കും ശൈവരീതിക്കും, രണ്ടിനും, അച്ചടക്കവും കൃത്യനിഷ്ടയും ശാരീരികവും മാനസികവും ആയ ശുദ്ധിയും  ആവശ്യമാണ്. ഒന്ന് വിഷ്ണുവിനെ ആരാധിക്കുന്നു, മറ്റേത് ശിവനെ ആരാധിക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.

എന്നാൽ, എല്ലാവർക്കും ഇപ്രകാരം വൃത നിഷ്ഠയുള്ള കഠിനമായ  ജീവിതക്രമം സാദ്ധ്യമായിരിക്കുകയില്ലല്ലോ? ഇന്നത്തെപോലെ അന്നും ജനങ്ങൾ ബഹുവിധം  ആയിരുന്നു. അന്നും സസ്യഭുക്കുകളും മാംസഭുക്കുകളും ഉണ്ടായിരുന്നു. വേദകാലത്തും മൃഗ ബലി നടത്തുന്നവരും നടത്താത്തവരും ഉണ്ടായിരുന്നു.  ശ്രുതിയിൽ അധിഷ്ഠിതമായ വൈഷ്‌ണ തന്ത്രത്തിൻ്റെയും, ശൈവ തന്ത്രത്തിൻ്റെയും   വിശുദ്ധിയോടെ ആരാധനകൾ നടത്തുവാൻ എല്ലാവർക്കും  കഴിയുമായിരുന്നില്ല. അതുകൊണ്ട് അവർ വിഷ്ണുവിനേയോ ശിവനേയോ ആരാധിക്കുന്നതിനു പകരം,  ശിവൻ്റെ “ശക്തി”യെ ആരാധിക്കുവാൻ തുടങ്ങി.  അങ്ങിനെ ‘ശക്തി’യെ ആരാധിക്കുന്ന ക്രമമാണ്  “കൗളതന്ത്ര”. ഇതിനെ  “ശാക്ത തന്ത്ര” എന്നും പറയും. (“ശക്തി” എന്നാൽ സൃഷ്ടി നടത്തുന്ന  ‘ശക്തി’ ആണ്. ‘ശക്തി’ എന്നത് സ്ത്രീലിംഗ ശക്തിയാണ്. ഇതെല്ലാം അടുത്ത അദ്ധ്യായത്തിൽ കൂടുതൽ വ്യക്തമാക്കുന്നുണ്ട്).  

ഇക്കാരണം കൊണ്ട്, കൗള തന്ത്രത്തിൽ  ബലികളും, മദ്യവും, മാംസവും, തേനും, ദാമ്പത്യബന്ധവും, ദാമ്പത്യേതര ബന്ധവും ഒന്നും തന്നെ  ന്യൂനത കല്‍പ്പിക്കപ്പെടുന്ന   ആരാധനാ ക്രമങ്ങൾ  അല്ലായിരുന്നു. അതായത്, തന്ത്രത്തിലെ  സാധനകള്‍, ഒരു സാധാരണ മനുഷ്യൻ്റെ സാധാരണ  ജീവിതത്തിൻ്റെ   നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ജീവിക്കുന്ന   ഒരു ശരാശരി മനുഷ്യൻ്റെ   മാനസിക നില വളരെ കാര്യമായി തന്നെ  പരിഗണിക്കുന്നുണ്ട് എന്നർത്ഥം. തന്ത്രയില്‍ വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണിത്. പക്ഷേ  ശക്തിയുടെ പള്ളിയുണര്‍ത്തലിന് അതൊന്നും ഒരു തടസ്സമല്ല എന്നാണ് തന്ത്ര വ്യക്തമാക്കുന്നത്. ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനത്തിന് മുൻപിൽ എല്ലാവരും സമന്മാരായിരുന്നു. കഴിക്കുന്ന ആഹാരമോ, ഗൃഹസ്ഥനാണോ പരിത്യാഗിയാണോ എന്ന വസ്തുതയോ, വ്യക്തിയുടെ സ്വഭാവമോ ഒന്നും അവബോധവികസനത്തിന്  തടസ്സം അല്ല എന്നാണ്  തന്ത്ര ശാസ്ത്രം അസന്ദിഗ്‌ദ്ധമായി പറയുന്നത്.   കാലത്തിനനുസരിച്ച് വന്ന ഒരു മാറ്റമാണ് ഇത്. മനുഷ്യാവബോധം ഏറ്റവും ഉന്നതനിലയിൽ പ്രവർത്തിക്കുന്ന കാലത്ത് വൃത ശുദ്ധിയോടെ ശ്രുതിയിൽ നിർദ്ദേശിക്കപ്പെട്ട രീതിയിൽ ആരാധനാ ക്രമങ്ങൾ ചെയ്യുവാൻ  ബഹുഭൂരിപക്ഷത്തിനും കഴിഞ്ഞിരുന്നു. എന്നാൽ കാലഘട്ടം മാറുന്നതോടെ മനുഷ്യാവബോധത്തിൽ വരുന്ന ഇടിവ് മൂലം ബഹുഭൂരിപക്ഷത്തിനും അങ്ങിനെ ചെയ്യുവാൻ പറ്റാതെ വരുമ്പോൾ കൗളാചാരം നിലവിൽ വന്നു. 

എന്നാൽ കാലക്രമേണ,  ഈ കൗള രീതി, ദക്ഷിണ (ഇടത്ത്) കൗള തന്ത്ര എന്നും വാമ  (വലത്ത്) കൗള തന്ത്ര എന്ന പേരിലും രണ്ടു രീതിയിൽ ഉള്ള കൗള  ആരാധനകൾ ആയി വഴി പിരിഞ്ഞു. ദക്ഷിണ (ഇടത്ത്) കൗളത്തിൽ ശൈവ സാധനകള്‍ കൗള രീതികളില്‍ ശൈവ ശുദ്ധികൾ ഇല്ലാതെ   അനുഷ്ഠിക്കുന്നു. ദക്ഷിണ കൗള സാധനകൾ ഇന്ന് നിലവിലില്ല എന്ന് തന്നെ പറയാം. ഉണ്ടെങ്കിൽത്തന്നെ, വളരെ അപൂർവ്വം ആയിരിക്കും. വാമ  (വലത്ത്) കൗള തന്ത്രത്തിൽ ശക്തി സാധന ശൈവ ശുദ്ധിയോടെ ചെയ്യുന്നു. ഇതാണ് കേരളത്തിൽ ഇന്ന്കാണുന്ന ഭഗവതി ക്ഷേത്രങ്ങൾ. 

എല്ലാ ആരാധനകളും ഒരു ബൃഹത് സംസ്കാരത്തിൻ്റെ  ജീവിത രീതിയിൽ വരുന്ന ക്രമങ്ങളാണ്.  കാലത്തിൻ്റെ വലിയ ഭൂമികയിൽ കൂടി ഇവ കടന്നുപോകുമ്പോൾ കാലികമായിയും, പ്രാദേശികമായും വരുന്ന വ്യത്യാസങ്ങൾ ആണ് മുകളിൽ പറഞ്ഞത്.  വൈഷ്‌ണവ തന്ത്രവും, ശൈവ തന്ത്രവും കൃത്യമായി ശ്രുതിയെ പിന്തുടർന്നപ്പോൾ , ദക്ഷിണകൗളവും, വാമ കൗളവും കാലികമായ മാറ്റങ്ങളിലൂടെ  “സ്മൃതി”യായി ഭവിക്കുകയാണ് ചെയ്തത്.  ഇത് കാലക്രമേണ നൂറ്റാണ്ടുകളിലൂടെ സംഭവിക്കുന്ന മാറ്റങ്ങൾ  ആണ്.  

പുരാണങ്ങളും ഇതിഹാസങ്ങളും 

മനുഷ്യ ജീവിതം സാർത്ഥകമായി  തീരുവാൻ ആവശ്യമായ ധാർമ്മിക  ഉപദേശങ്ങൾ വരും തലമുറകൾക്ക് നൽകുവാനായി  കഴിഞ്ഞ കാലത്ത് നടന്ന സംഭവങ്ങൾ കഥാരൂപത്തിൽ നൽകുന്ന ബൃഹത് രചനകളാണ്  പുരാണങ്ങളും ഇതിഹാസങ്ങളും.  കഴിഞ്ഞ കാലസംഭവങ്ങളെ  ആസ്പദമാക്കിയിട്ടുള്ള “കേസ് സ്റ്റഡി”കൾ ആണ് അവ. വാത്മീകി രാമായണവും, വ്യാസ രചിതമായ മഹാഭാരതവും  മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള   അത്തരം പുരാണങ്ങളും ഇതിഹാസങ്ങളും കാലഘട്ടങ്ങളുടെ ചരിത്ര രേഖകൾ കൂടി ആണ്. ആ കഥകൾ  ശ്രുതിയിലൂടെ ലഭിച്ച  സത്യ ദർശനങ്ങളുടെ പ്രായോഗിക ഉദാഹരണങ്ങൾ ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ,  വേദങ്ങളുടേയും തന്ത്രത്തിൻ്റെയും ‘വർക്ക് ബുക്കുകൾ’ ആണ് പുരാണങ്ങളും ഇതിഹാസങ്ങളും.  ഒരു അദ്ധ്യാപകൻ ക്ലാസ്സിൽ വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് വേണ്ടി ഗൃഹപാഠങ്ങൾ കൊടുക്കുന്നതിന് സമമാണ് അവ. 

ഷഡ് ദർശനങ്ങൾ  

ദർശനങ്ങൾ എന്നാൽ ‘ഫിലോസഫി’ എന്നാണ് അർത്ഥം. ഭാരതത്തിൻ്റെ ‘ഫിലോസഫികൾ’ ഒന്നും തന്നെ ചാരുകസേരയിലെ ദിവാസ്വപ്നങ്ങൾ അല്ല. നിത്യ ജീവിതത്തിലെ പ്രായോഗികമായ ഉപയോഗത്തിനുള്ള സത്യാന്വേഷണങ്ങൾ ആണ് അവ.     “ഷഡ് ദർശനങ്ങൾ” എന്ന സംസ്കൃത പദങ്ങളുടെ അർത്ഥം “ആറ്  നേർക്കാഴ്ചകൾ” എന്നാണ്. ഓരോ ദർശനങ്ങളിലും  അടങ്ങിയിരിക്കുന്ന സത്യത്തെ അനുവാചകന് സ്വന്തം പ്രായോഗിക അനുഭവത്തിലൂടെ  നേരിട്ട് അറിയിക്കുവാൻ തക്ക പ്രാപ്തിയുള്ള  ആറ് തത്വശാസ്ത്രങ്ങൾ എന്നാണ്  ആ വാക്കുകളുടെ ആന്തരാർത്ഥം. വേദങ്ങളിൽ നിന്ന് ഉപനിഷദ്ക്കളും പിന്നീട് ഉപനിഷത്തുക്കളിൽ നിന്നും സൂത്രങ്ങളും രൂപപ്പെട്ടതു പോലെ തന്നെ ഈ ആറ് ദർശനങ്ങളും കാലാന്തരത്തിൽ സ്വാഭാവികമായ വളർച്ചയിലൂടെ സൂത്രങ്ങളിൽ നിന്നും രൂപപ്പെട്ട് നിലവിൽ വന്നവയാണ്.  ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, വേദാന്ത എന്നിവയാണ് ഈ ആറ്  ഭാരതീയ ദർശനങ്ങൾ. 

“ഷഡ് ദർശനങ്ങൾ” ലോകത്തിനുള്ള ഭാരതത്തിൻ്റെ  തനതായ, പകരം വയ്ക്കുവാൻ കഴിയാത്ത ഒരു  സംഭാവനയാണ്.  എല്ലാ വിദ്യാർത്ഥികളും, അവരവരുടെ പഠനം കഴിഞ്ഞു പ്രവർത്തി മണ്ഡലത്തിൽ പ്രവേശിക്കുന്നതിന് മുൻപായി ഈ ആറു ദർശനങ്ങളും പഠിച്ചാൽ, അത് നൽകുന്ന അറിവ് അവർക്ക് എല്ലാക്കാലത്തും ഒരു വഴികാട്ടിയായി അവരുടെ ജീവിതത്തിൽ  നിലകൊള്ളും. 

വേദങ്ങളും തന്ത്ര ശാസ്ത്രവും ഉപനിഷത്തുക്കളും എല്ലാം മൂല രൂപത്തിൽ വായിച്ചു പഠിക്കുവാനുള്ള സംസ്കൃത ജ്ഞാനമോ സമയമോ ഇന്നത്തെ ലോകത്തിൽ അധികം  ആർക്കും ഉണ്ടാകുകയില്ല. ഇന്നത്തെ ലോകത്തിൽ വിവിധ ഭാഷകളിൽ അവയുടെ എല്ലാം പരിഭാഷകളും വളരെ കൃത്യമായ  വിശദീകരങ്ങളും ലഭ്യമാണ്.  ഭാരതത്തിൻ്റെ ഈ ആറ്  ദർശനങ്ങൾ മാത്രം മനസ്സിരുത്തി പഠിച്ചാൽ സനാതന ധർമ്മം എന്താണ് എന്ന് വ്യക്ത്യമായ ഒരു ധാരണ കൈവരും. ജീവിത സത്യങ്ങളുടെ നിഗൂഢതകൾ ഒന്നൊന്നായി ചുരുളഴിക്കുന്ന മാന്ത്രിക ചെപ്പുകളാണ് ഈ ആറ് ദർശനങ്ങൾ. മാത്രവുമല്ല, ബൗദ്ധികമായി വളരെ ഉത്തേജനം നൽകുകയും ചെയ്യുന്ന ഒന്നാണ് ഈ ആറ് ദർശനങ്ങളുടെ പഠനം.  ഈ ആറ്  ദർശനങ്ങളിൽ ആദ്യത്തേതാണ് ന്യായ ദർശനം.  “ന്യായ” ദർശനത്തിൽ, സത്യാന്വേഷണങ്ങൾക്ക് പുറമേ, ശരിയായ അറിവിൽ എത്തിച്ചേരുവാനുള്ള ചിന്തകൾക്ക് രൂപം കൊടുക്കുവാൻ  ഉതകുന്ന യുക്തിയുടേയും ന്യായത്തിൻ്റെയും തർക്ക ശാസ്ത്രം കൂടി ഉൾപ്പെടുന്നുണ്ട്. 

ഷഡ് ദർശനങ്ങളെ കുറിച്ച് പൊതുവെ പറഞ്ഞാൽ, ഏതെങ്കിലും ദർശനത്തിൻ്റെ ഉപജ്ഞാതാവായി  ഏതെങ്കിലും  ഒരൊറ്റ മഹർഷിയുടെ പേര്   എടുത്ത് പറയുവാൻ കഴിയുകയില്ല. അവിടെയും ഇവിടേയുമായി  ചിതറിക്കിടക്കുന്ന  ആയിരക്കണക്കിന് വേദ വിജ്ഞാനങ്ങൾ ശേഖരിച്ച്  അവയെ എല്ലാം സമന്വയിപ്പിച്ച്  ക്രോഡീകരിച്ച്‌, ഭംഗിയായി കോർത്തു കെട്ടിയ ഒരു  മാലപോലെ, എഴുതപ്പെട്ടതാണ് ഓരോ ദർശനത്തിൻ്റെയും  അടിസ്ഥാന സൂത്രങ്ങൾ. അതുകൊണ്ട്, അതാത്  ദർശനങ്ങളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം അപ്രകാരം ക്രോഡീകരിച്ച്‌ നൽകിയ  പ്രധാന ഋഷിമാരുടെ പേരുകളുമായി    ചേർത്ത് ആ ദർശനങ്ങൾ അറിയപ്പെടാറുണ്ട് എന്ന് മാത്രം. കപില മഹർഷിയുടെ സാംഖ്യ സൂത്ര, പതഞ്‌ജലി മഹർഷിയുടെ യോഗ സൂത്ര, വേദരായണൻ്റെ  ബ്രഹ്മസൂത്ര തുടങ്ങിയവ ഇതിന് ഉദാഹരണങ്ങൾ ആണ്.  ഇതെല്ലാം ഈ സൂത്രങ്ങൾ  ക്രോഡീകരിച്ച മഹർഷിമാരുടെ പേരുകൾ ആണ്.  അതിനർത്ഥം ഈ മഹർഷിമാരാണ് ആ ദർശനങ്ങളുടെ ഉപജ്ഞാതാക്കൾ എന്നല്ല. വേദങ്ങളാകുന്ന മഹാസാഗരത്തിൽ നിന്നും ഈ മഹർഷിമാർ അത് ക്രോഡീകരിച്ചെടുത്തു എന്ന്മാത്രമാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. 

വളരെ നീണ്ട കാലഘട്ടങ്ങളിലൂടെ നിരവധി ഋഷി വര്യന്മാർ വേദങ്ങൾ പഠിച്ചും, പഠിപ്പിച്ചും, പരിശീലിച്ചും, മനനങ്ങളിലൂടെ മഥനം ചെയ്തും, സംശയങ്ങൾ തുറന്ന  സദസ്സുകളിൽ ന്യായവിചാരം ചെയ്‌തും, അതിൽ അടങ്ങിയിരിക്കുന്ന നിത്യസത്യങ്ങൾ  സ്ഫുടം ചെയ്ത് എടുത്തതാണ് ഉപനിഷത്തുക്കൾ.  അങ്ങിനെ ഉള്ള ഉപനിഷത്തുക്കളിൽ നിന്നും അതേ വിധം രൂപം കൊണ്ടതാണ് സൂത്രങ്ങളും, തുടർന്ന് സൂത്രങ്ങളിൽ നിന്ന്  ഷഡ് ദർശനങ്ങളും. ആധുനിക കാലത്തെ   ഗവേഷണ പ്രബന്ധങ്ങളിൽ നടക്കുന്ന  വളരെ ക്ലിപ്തമായ ഹൃസ്വ കാല  “പീർ റിവ്യൂ” കളുമായി താരതമ്യം ചെയ്യുവാൻ പോലും സാധിക്കാത്തവിധം സുദീർഘമായ “പീർ റിവ്യൂ”കൾ   നൂറ്റാണ്ടുകളോളം നടത്തി, നേരിട്ട് അവയുടെ സാധുത ആവർത്തിച്ച്  ഉറപ്പിച്ചതിന് ശേഷം മാത്രം   അനിഷേദ്ധ്യമായി രൂപം കൊണ്ടതാണ് ഈ സൂത്രങ്ങളും, ഉപനിഷത്തുക്കളും, ഷഡ്  ദർശനങ്ങളും എല്ലാം. അവയൊന്നും അന്ധമായ വിശ്വാസങ്ങൾ ആയിരുന്നില്ല  പ്രായോഗികമായ പ്രയോഗം ഇല്ലാത്ത ഒരു തിയറിയും ദർശനമായി പുരാതന ഭാരതം അംഗീകരിച്ചിരുന്നില്ല എന്നതാണ് സത്യം.

ചുരുക്കി പറഞ്ഞാൽ,  ബ്രഹത്തായ വേദങ്ങൾ കാച്ചിക്കുറുക്കി എടുത്തതാണ് ഉപനിഷത്തുക്കൾ. ഉപനിഷത്തുക്കൾ കാച്ചിക്കുറുക്കി എടുത്തതാണ് സൂത്രങ്ങൾ. സൂത്രങ്ങൾ കാച്ചിക്കുറുക്കി എടുത്തതാണ് ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, വേദാന്ത എന്ന ആറ്  ദർശനങ്ങൾ. അങ്ങിനെ ഏറ്റവും ചുരുങ്ങിയത്   ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, വേദാന്ത, ഭഗവത് ഗീത എന്നീ  ഏഴ് വിഷയങ്ങൾ  പഠിക്കുന്നതിലൂടെ സനാതന ധർമ്മം എന്താണെന്ന് നമുക്ക് സമഗ്രമായി മനസ്സിലാക്കാൻ കഴിയും. ഉപനിഷത്തുക്കളും വേദങ്ങളും, ബ്രഹ്‌മസൂത്രവും എല്ലാം കൂടുതൽ വിശദമായി അക്കാഡമിക് നിലവാരത്തിൽ പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പഠിക്കാവുന്നതാണ്. സംസ്കൃത ജ്ഞാനം അത്തരം ആഴത്തിലുള്ള പഠനങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും.

ബ്രഹ്മ സൂത്രവും ഭഗവത് ഗീതയും

സനാതന ധർമ്മത്തിൻ്റെ  അന്തിമമായ അറിവ് “അദ്വൈതം” എന്ന വേദാന്ത  ദർശനത്തിൻ്റെ അനുഭവമാണ് എന്ന് പറയുകയുണ്ടായല്ലോ.  “വേദാന്തം” എന്ന പദം തന്നെ ‘വേദങ്ങളുടെ പരിസമാപ്‌തി’ എന്നാണ് അർത്ഥമാക്കുന്നത്. പർവ്വതങ്ങളിൽ നിന്നും ഒഴുകി ആരംഭിച്ച എല്ലാ നദികളും അവസാനം സമുദ്രത്തിൽ ലയിക്കുന്നത് പോലെ, എല്ലാ സാധനകളും, എല്ലാ അറിവുകളും അന്തിമമായി “അദ്വൈതം” എന്ന തിരിച്ചറിവിൽ എത്തി, ആ നേർ അനുഭവത്തിൽ ലയിക്കുന്നു. “അദ്വൈതം”  എന്താണെന്ന് അടുത്ത അദ്ധ്യായത്തിൽ വിശദമാക്കുന്നുണ്ട്. ഉപനിഷദ് കാലഘട്ടത്തിലെ മഹർഷിമാർ പരിശീലിച്ചിരുന്നതും പഠിപ്പിച്ചിരുന്നതും “അദ്വൈതം” ആയിരുന്നു. “അദ്വൈത” ദർശനം ആണ് സനാതന ധർമ്മത്തിൻ്റെ കാതലും കരുത്തും.  വളരെ നീണ്ട ഗുരു ശിഷ്യ പരമ്പരകളിലൂടെ വാമൊഴിയായിട്ടായിരുന്നു ഈ അന്തിമമായ  അറിവും പഠന പരിശീലനങ്ങളും  പുരാതന കാലത്ത്കൈമാറിയിരുന്നത്. 

പാരമ്പര്യ ധാരണകള്‍ അനുസരിച്ച്, ശുദ്ധമായ, സവിശേഷതകള്‍ ഇല്ലാത്ത അദ്വൈതവാദമാണ് ഏറ്റവും പുരാതനമായ ഉപനിഷദ് ചിന്തകള്‍. ഈ ചിന്താധാരകൾ  ക്രോഡീകരിച്ചത് ഉപനിഷദ് പ്രോക്തങ്ങളെ ക്രോഡീകരിച്ച ബാദരായണ വ്യാസന്‍ എന്ന മഹർഷി  ആണെന്ന് പറയപ്പെടുന്നു. ക്രിസ്തുവിനും 1000 മുതൽ   500 വർഷങ്ങൾക്കിടയിൽ എന്നോ ആണ് അദ്ദേഹം  ജീവിച്ചിരുന്നത്.   അദ്ദേഹമാണ്  ഉപനിഷദ് ചിന്തകള്‍ എല്ലാം ക്രോഡീകരിച്ചു അടുക്കും ചിട്ടയും വരുത്തി നാല് അദ്ധ്യായങ്ങളിലായി  555  സൂത്രങ്ങളിലൂടെ “ബ്രഹ്മ  സൂത്രം” എന്ന അദ്വൈത ദർശനത്തിൻ്റെ ആദ്യത്തെ അടിസ്ഥാന മൂലഗ്രന്ഥം ലോകത്തിന് നൽകുന്നത്.  അതായത് തന്ത്രത്തിൻ്റെയും വേദത്തിൻ്റെയും അന്തസ്സത്തത ആയിരത്തിലധികം ഉപദ് നിഷത്തുക്കളിലായി ചിതറി  കിടന്നിരുന്നത് 555 സൂത്രങ്ങളിലായി “ബ്രഹ്മ  സൂത്രം” ക്രോഡീകരിച്ചു.  

വ്യാസ മഹർഷി തന്നെയാണ്  മുഴുവൻ വേദ ഗ്രന്ഥങ്ങളേയും ഏകദേശം 700 ശ്ലോകങ്ങളിൽ സംഗ്രഹിച്ചു കൊണ്ട് ഭഗവദ് ഗീത എഴുതുന്നതും. ഈ 700 ശ്ലോകങ്ങളിൽ, ആത്മ സാക്ഷാത്കാരത്തിനുള്ള വിവിധ തരത്തിലുള്ള യോഗ മാർഗ്ഗങ്ങളെ പറ്റിയും, കാലം, സമയം, പ്രകൃതി, അവബോധം, പ്രജ്ഞാനം  മുതലായവയെക്കുറിച്ചും വിശദീകരിക്കുന്നു. ജീവിതത്തിലെ സർവ്വ രംഗങ്ങളിലെ സർവ്വ പ്രവർത്തികളിലും പൂർണ്ണ സന്നദ്ധതയോടെ പൂർണ്ണ ഫലപ്രാപ്തിക്കായി ഉത്സാഹപൂർവ്വം യത്നിക്കുമ്പോഴും, ആ പ്രവർത്തിയോ പ്രവർത്തിയുടെ ഫലമോ, ആ ഫലം ഗുണമായാലും ദോഷമായാലും, നമ്മുടെ മനസ്സിനേയോ, വികാരങ്ങളേയോ ഒരുവിധത്തിലും സ്വാധീനിക്കാതെ വേണം യത്നിക്കേണ്ടത് എന്ന  ഉത്ബോധനം ഭഗവത് ഗീതയുടെ മുഖ്യ സന്ദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. 

പിന്നീട് ക്രിസ്തുവിന് ശേഷം ആറാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിൽ കേരളത്തിലെ കാലടിയിൽ ജനിച്ച ശങ്കരാചാര്യരാണ് പ്രസ്തുത  “ബ്രഹ്മ  സൂത്ര”ത്തിനും, കൂടാതെ   പ്രധാനപ്പെട്ട പതിനൊന്നു ഉപനിഷത്തുകൾക്കും , ഭഗവത് ഗീതക്കും വളരെ വിശിഷ്ടമായി കരുത്തപ്പെട്ടുവരുന്ന വ്യാഖ്യാനങ്ങൾ എഴുതിക്കൊണ്ടു “അദ്വൈതം” എന്ന  ദർശനം ഇന്ന് കാണുന്ന രീതിയിൽ സാർവ്വജനനീയമായ ഒരു ദർശനമായി മാറ്റുന്നത്. ഈ പതിനൊന്നു ഉപനിഷത്തുക്കളും, ബ്രഹ്മസൂത്രവും, ഭഗവത് ഗീതയും ചേർന്ന സമാഹാരത്തിനെ ആണ് “പ്രസ്ഥാന ത്രയി” എന്ന് പറയുന്നത്. സനാതന ധർമ്മത്തിൻ്റെ  നെടുംതൂണാണ്  “പ്രസ്ഥാന ത്രയി”.     ശങ്കരാചാര്യരുടെ രചനകൾ ഭാരതീയ പാരമ്പര്യ പാണ്ഡിത്യത്തിൻ്റെ എക്കാലത്തേയും  മകുടോദാഹരണമായി ഇന്നും  നിലനിൽക്കുന്നു. ബ്രഹ്മ സൂത്രത്തിൻ്റെ അല്പം വ്യത്യാസമുള്ള  ഭാഷ്യങ്ങളും, “അദ്വൈത” സമ്പ്രദായങ്ങളും ഇടക്കാലത്ത് ഉയർന്നു വന്നെങ്കിലും ശങ്കരാചാര്യർ വ്യാഖ്യാനിച്ച കേവല “അദ്വൈത” ദർശനം തന്നെ ആണ് സനാതന ധർമ്മത്തിലെ ഏറ്റവും മുതിർന്ന മുഖ്യധാരാ ദർശനമായി  സ്ഥിരപ്രതിഷ്ഠ   നേടിയത്. 

അവതാരങ്ങളും, യോഗികളും, പ്രവാചകരും 

അബ്രഹാമീയ മതങ്ങളിൽ ഉണ്ടായിരുന്നത് പോലെ തന്നെ  ഉയർന്ന ഉൾക്കാഴ്ചയും അവബോധവും ഉണ്ടായിരുന്ന  നിരവധി പ്രവാചകന്മാർ  സനാതന ധർമ്മത്തിലും ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചിരുന്നുവല്ലോ. അവരെ “പ്രവാചകർ” എന്നല്ല അക്കാലങ്ങളിൽ വിളിച്ചിരുന്നത്. “അവതാരങ്ങൾ” “മഹർഷിമാർ” “യോഗികൾ” എന്നൊക്കെ ഉള്ള പേരുകളിൽ ആണ്    അവർ അന്ന് അറിയപ്പെട്ടിരുന്നത് എന്നും നമ്മൾ കണ്ടു.

ജൂത മതത്തിൽ ഏഴ് സ്ത്രീ പ്രവാചകരും, 48 പുരുഷ പ്രവാചകരും ഉണ്ടായിരുന്നു. ക്രിസ്തുമതത്തിൽ 12 പ്രവാചകർ ആണ് ഉണ്ടായിരുന്നത്. അബ്രഹാമീയ പാരമ്പര്യത്തിലെ അവസാനത്തെ പ്രവാചകൻ ആയ  മുഹമ്മദ് നബി ഉൾപ്പെടെ  ഇസ്ലാം മതത്തിൽ 25 പ്രവാചകർ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതായത്, 1200 വർഷത്തിൽ 82 പ്രവാചകർ മദ്ധ്യ പൂർവ്വ ഏഷ്യയിൽ മാത്രം വരുകയും പോകുകയും ചെയ്തു എന്ന് മനസ്സിലാക്കാം. ഇതിൽ നിന്നും 15000 വർഷ ദൈർഖ്യത്തിൽ എത്ര പ്രവാചകർ  സനാതന ധർമ്മത്തിൽ വന്നു പോയിരിക്കാം എന്നത് ചിന്തിക്കാവുന്നതേയുള്ളൂ. സനാതന ധർമ്മത്തിലെ തന്ത്ര ശാസ്ത്രവും, വേദങ്ങളും, ഉപനിഷത്തുക്കളും, ഇതിഹാസങ്ങളും എല്ലാം ആ ദീർഘ പാരമ്പര്യത്തിൻ്റെ  സംഭാവനകൾ ആണ്. 

ഏറ്റവും ഉയർന്ന അവബോധമുള്ള നൂറുകണക്കിന് മഹാരഥന്മാർ കാലാകാലങ്ങളിൽ ഭൂമിയിൽ വരുകയും പോകുകയും ചെയ്‌തിട്ടുണ്ട്‌. ഉദാഹരണത്തിന് ശ്രീരാമനും ശ്രീകൃഷ്ണനും അബ്രഹാമിനെപ്പോലേയോ മോശയെപ്പോലേയോ യേശു ക്രിസ്തുവിനെപ്പോലേയോ, മുഹമ്മദ് നബിയെപ്പോലേ ഒക്കെ ഉള്ള അവതാര പ്രവാചകർ തന്നെ ആയിരുന്നു. അവരുടെ എല്ലാം അവബോധം അസാധാരണമായ വിധത്തിൽ ഉന്നതമായ  നിലയിൽ ഉള്ളതായിരുന്നു. അതാതുകാലത്ത്‌  സമൂഹത്തിൽ നിലനിന്നിരുന്ന ശാരാശരി അവബോധവും ആയി താരതമ്യം ചെയ്യുവാൻ പോലും പറ്റാത്ത വിധം അത്ര ഉന്നതമായിരുന്നു ഇവരുടെയെല്ലാം അവബോധം. 

അതിപുരാതനമായ മറ്റൊരു കാലഘട്ടത്തിൽ, മറ്റൊരു സാഹചര്യതിൽ  ആയിരുന്നു ഇവരെല്ലാം ഉണ്ടായിരുന്നതെന്ന് മാത്രം.  അങ്ങിനെ, അതി വിദൂരമായ ഒരു നീണ്ട കാലഘട്ടത്തിലൂടെ വന്നു പോയ     നിരവധി പ്രവാചക ഋഷിമാരിൽ  നിന്നും  ലഭിച്ച  നിരവധി ആത്മീയ അറിവുകൾ  ഉൾക്കൊണ്ടും, ക്രോഡീകരിച്ചും  എഴുതിവച്ചും, തർക്കിച്ചും, പഠിച്ചും,  പഠിപ്പിച്ചും, സ്വയം നേരിട്ട് അനുഭവിച്ചും   നൂറുകണക്കിന് തലമുറകളിലൂടെ കൈമാറിയും  ആയിരക്കണക്കിന് വർഷങ്ങളായി  ജീവിച്ച ജനങ്ങളുടെ സംസ്കാരത്തിൽ   തന്നെ അലിഞ്ഞു ചേർന്ന ഒരു ജീവിത രീതിയാണ് സനാതന ധർമ്മം.   

നിഷ്ഠകൾ എന്നും ഐച്ഛികം 

പരമ്പരാഗതമായിത്തന്നെ   ആത്മീയമായ യാതൊരു നിബന്ധങ്ങകളും സനാതന ധർമ്മത്തിൽ ആരുടെ മേലിലും നിർബന്ധിതമായി അടിച്ചേൽപ്പിച്ചിരുന്നില്ല. മാത്രവുമല്ല ജനങ്ങളുടെ ബലഹീനതകളും പോരായ്മകളും തിരിച്ചറിഞ്ഞു അവർക്കു കൂടി ഉതകുന്ന വിധത്തിൽ ഭിന്നങ്ങളായ ജീവിത രീതികൾ അവബോധ വികസനത്തിന് ഉതകുന്ന വിധത്തിൽ ക്രമീകരിക്കുവാൻ സനാതന ധർമ്മത്തിന് കഴിഞ്ഞിരുന്നു. സാമൂഹ്യ നീതിയുടെ ഉത്തമോദാഹരണം ആണ് ഇത്.  അത്തരം വ്യക്തി സ്വാതന്ത്ര്യം സനാതന ധർമ്മത്തിലെ  ജീവിത രീതിയുടെ ഒരു നൈതികതയാണ്. ആ നീതിബോധമാണ് വ്യവസ്ഥാപിത മതങ്ങളിൽ കാണപ്പെടുന്നത് പോലെയുള്ള  ആത്മീയ നിബന്ധനകൾ, സനാതന ധർമ്മത്തിൽ  ഇല്ലാതിരിക്കുന്നതിനുള്ള പ്രഥമ കാരണം. 

ഉൾക്കാഴ്ച ആവശ്യമായ ഏതു കാര്യവും അതിൻ്റെ മുഴുവൻ വ്യാപ്തിയിൽ  മനസ്സിലാക്കുവാനും അതനുസരിച്ചു പ്രവർത്തിക്കുവാനും   ഉള്ള കഴിവ് ഓരോരുത്തർക്കും ഭിന്നങ്ങൾ ആയതുകൊണ്ട്  ആരേയും അത്തരം കാര്യങ്ങൾക്ക് നിർബ്ബന്ധിക്കരുത്  എന്ന ഒരു നീതിബോധം സനാതന ധർമ്മത്തിന് എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഉയർന്ന അവബോധ നിലയിൽ നിന്നിരുന്ന  സമൂഹത്തിൽ, എല്ലാവരും പക്വതയോടെ പെരുമാറുന്ന ഒരു സമൂഹത്തിൽ, നീതി വ്യവസ്ഥകൾ കൃത്യമായി നിലനിന്നിരുന്ന ഒരു സമൂഹത്തിൽ ഇത്തരം ഒരു ലോക വീക്ഷണതിൽ യാതൊരു അപകടവും ഉണ്ടായിരുന്നില്ല. അത്തരം  ഉയർന്ന നീതിബോധവും ധാർമ്മികതയും നില നിന്നിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അടുത്ത അദ്ധ്യായത്തിൽ യുഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വിശദമാക്കുന്നുണ്ട്. 

കഴിവുകൾ കൂടിയവരേയും കുറഞ്ഞവരേയും  ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു മനോനില നിലവിൽ വരുവാനുള്ള  കാരണം “അവബോധവികസനത്തിന്” അഥവാ “പ്രജ്ഞാനവികസനത്തിനു” സനാതന ധർമ്മത്തിൽ നൽകപ്പെട്ടിരിക്കുന്ന പ്രാധാന്യം  മൂലമാണ്.  എങ്കിലും എന്തുകൊണ്ട്  എല്ലാവരിലും ഒരേപോലെ ആത്മീയ നിഷ്ഠകൾ അടിച്ചേൽപ്പിക്കുന്നില്ല എന്ന് മനസ്സിലാക്കുവാൻ  കുറച്ചു കാര്യങ്ങൾ കൂടി ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്.  

മുക്തിയിലേക്കുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ജൂത  മതത്തിലും, ക്രിസ്തു മതത്തിലും, ഇസ്ലാം മതത്തിലും മൂന്നു വ്യത്യസ്‍തങ്ങളായ വീക്ഷങ്ങളാണ് നില നിൽക്കുന്നത് എന്ന വസ്തുത  പുറകെ നമ്മൾ ചർച്ച ചെയ്യുന്നുണ്ട്. എങ്കിലും ഇവിടെ വിഷയത്തിൻ്റെ വ്യക്തതക്ക് വേണ്ടി അവ ഒന്ന് ചുരുക്കി പറയാം. അവനവനിലെ ന്യൂനതകൾ പരിഹരിച്ചു സ്വന്തം പരിശ്രമം കൊണ്ട്  മുക്തി പ്രാപിക്കുവാനുള്ള ശക്തിയും കഴിവും ദൈവം മനുഷ്യന് തന്നിട്ടുണ്ട്, അത് ഉപയോഗിച്ച്, ജൂത മത നിബന്ധനകൾ പാലിച്ചുകൊണ്ട്‌, പശ്ചാത്താപത്തോടും  പ്രായശ്ചിത്തത്തോടും കൂടി പ്രവർത്തിക്കുക എന്നതാണ് മുക്തിയിലേക്കുള്ള മാർഗ്ഗം എന്നാണ് ജൂത മത വിശ്വാസം. ക്രിസ്തു മതം വിശ്വസിക്കുന്നത് പ്രാർത്ഥനയോടും സ്‌നേഹത്തോടും കൂടി ജീവിക്കുക, യേശു മടങ്ങി വന്നു മുക്തി നൽകും എന്നാണ്.  എന്നാൽ ഇസ്ലാം മതത്തിൽ അവനവൻ്റെ പ്രവർത്തികൾ മാത്രമാണ്  അവനവനെ പാപ പുണ്യങ്ങൾക്ക് അർഹരാക്കുന്നത്. അല്ലാതെ, ജന്മനാ ആരും പാപികളല്ല എന്നും, ഇസ്ലാം മത നിബന്ധനകൾ പ്രകാരം ജീവിച്ചു പുണ്യങ്ങൾക്ക് അർഹരാവുകയും, തുടർന്ന് ദൈവത്തിൻ്റെ  ഇച്ഛയുണ്ടെങ്കിൽ മാത്രം മുക്തി ലഭിക്കുകയും ചെയ്യുന്നുവെന്നും, നിശ്ചയമായും മുക്തി ലഭിക്കണമെങ്കിൽ ‘ജിഹാദിൽ’ മരണം കൈവരിക്കുക മാത്രമേ വഴിയുള്ളൂ എന്നും ഇസ്ലാം മതം വിശ്വസിക്കുന്നു. സനാതന ധർമ്മം പറയുന്നത് തികഞ്ഞ  നീതിയോടും  ധാർമ്മികതയോടും   ദൈവ ഭക്തിയോടും, സേവന മനസ്കതയോടെ വികാരങ്ങൾക്ക് ഒരിക്കലും അടിമപ്പെടാതേയും, ജീവിതത്തിൽ പ്രവർത്തിക്കേണ്ടത് പ്രവർത്തിച്ചും ഉണർന്ന ജ്ഞാനത്തോടെ   ജീവിക്കുന്നതോടൊപ്പം തന്നെ സ്വന്തം അവബോധം കൂടുതൽ കൂടുതൽ വികസിപ്പിക്കുവാനുള്ള പ്രവർത്തികളിൽ മുഴുകി അവബോധം വികസിപ്പിക്കുകയാണ് മുക്തിയിലേക്കുള്ള വഴി എന്നാണ്.  മുക്തിയിലേക്കുള്ള മാർഗ്ഗപ്രവേശനത്തിന് ഒരുതരത്തിലുള്ള അടിസ്ഥാന യോഗ്യതകളും  സനാതന ധർമ്മം കല്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവരവരുടെ അവബോധം അനുസരിച്ചുമാത്രമേ ചിന്തിക്കാനും അറിവുകൾ നേടുവാനും പ്രവർത്തിക്കുവാനും കഴിയൂ എന്നുള്ളത് കൊണ്ട്, എല്ലാവരേയും ഉൾക്കൊണ്ട് ചേർത്ത് പിടിച്ചുകൊണ്ട് അവരവർക്ക് ആകുന്ന വിധത്തിൽ അവബോധ വികസനത്തിന് വഴിയൊരുക്കുക എന്നതാണ് സനാതന ധർമ്മം ചെയ്യുന്നത്.  

അവബോധത്തെക്കുറിച്ചുള്ള സാങ്കേതിക കാര്യങ്ങൾ പുറകെ പ്രസ്താവിക്കുന്നുണ്ട്. എങ്കിലും തത്കാലം ഇത്രയും മനസ്സിലാക്കുന്നത് സാന്ദർഭികമായി ഉപയോഗപ്രദമായിരിക്കും.   ഓരോരുത്തരിലും ഓരോ തോതിൽ  ആയിരിക്കും അവബോധ വികസനത്തിൻ്റെ നിലവിലെ സ്ഥിതി. അതുകൊണ്ടാണ് ഓരോരുത്തർക്കുള്ള  ജ്ഞാനവും  കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള അവരുടെ കഴിവും  വ്യത്യസ്തമായിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്ലേശങ്ങളിൽ നിന്നും ഉള്ള മുക്തിക്കായി സനാതന ധർമ്മം ആവശ്യപ്പെടുന്ന വിധത്തിൽ,   മുകളിൽ പറഞ്ഞ വിധത്തിലുള്ള  ധർമ്മനിരതയോടും, ദൈവ ഭക്തിയോടും, സമദുഖഃ സുഖക്ഷമിയായ സേവന നിരതയോടും, തികഞ്ഞ ജ്ഞാനത്തോടും കൂടി ജീവിതം നയിക്കുവാനുള്ള നൈസർഗ്ഗികമായ കഴിവ് എല്ലാവർക്കും  ഒരുപോലെ ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടു എല്ലാവരേയും ഈ നാലു നിർദ്ദേശങ്ങളും  അനുഷ്ഠിക്കുവാൻ ഒരുപോലെ  നിർബ്ബന്ധിക്കുന്നത് നീതിയല്ല   എന്ന് സനാതന ധർമ്മം വിശ്വസിക്കുന്നു.  അതുകൊണ്ട്, ഓരോരുത്തരും അവരവരുടെ അവബോധ നിലക്ക് ഏറ്റവും യോജിച്ച അനുഷ്ഠാനങ്ങൾ  മാത്രം ഒരു  സമയത്ത് ചെയ്യുവാൻ ആണ് സനാതന ധർമ്മം ആവശ്യപ്പെടുന്നത്. ക്രമേണ അവബോധം വികസിക്കുന്നതനുസരിച്ച് മറ്റു മൂന്ന്  അനുഷ്ഠാനങ്ങളിലേക്കും  അവരവരുടെ ശ്രമം വ്യാപിപ്പിക്കേണ്ടതുണ്ട്. ഇക്കാരണം കൊണ്ട്, എല്ലാവരേയും ഒരേ അളവിൽ തയ്പ്പിച്ച യൂണിഫോം കുപ്പായം  അല്ല സനാതന ധർമ്മം അണിയിക്കുന്നത്. അവരവരുടെ  നിലവിലുള്ള അവബോധസ്ഥിതിക്ക് അനുസരിച്ച കുപ്പായം അണിയുവാൻ ആണ് സനാതന ധർമ്മം ആവശ്യപ്പെടുന്നത്.

വിശ്വാസവും അനുഭവവും  

ഒരു കാര്യം കണ്ണുമടച്ച് വിശ്വാസത്തിലൂടെ കൊണ്ട് നടക്കുവാൻ  വളരെ എളുപ്പമാണ്. എന്നാൽ അതേ കാര്യം അനുഭവത്തിലൂടെ അറിയുവാൻ  അത്ര  എളുപ്പമല്ല. ഒരു കാര്യം അനുഭവത്തിൽ കൊണ്ടുവരുവാൻ ഇച്ഛ-ജ്ഞാനം-ക്രിയ എന്ന മൂന്ന് അനുസന്ധ കാര്യങ്ങൾ  സംഭവിക്കണം.   അതായത്, അനുഭവത്തിൽ കൊണ്ടുവരുവാൻ ഉള്ള അദമ്യമായ ആഗ്രഹം ആദ്യം തന്നെ ഉടലെടുക്കണം, അതാണ് ഇച്ഛ. ഇച്ഛവെറും ആഗ്രഹമല്ല. മനഃശക്തിയോടുകൂടിയുള്ള ആഗ്രഹമാണ് ഇച്ഛ.  തടുർന്ന്  ആ ആഗ്രഹം പ്രവർത്തിയിൽ കൊണ്ടുവരുവാൻ  ആവശ്യമായ അറിവ് കൈ വരണം. ഇത് രണ്ടും ഉണ്ടായാലും അനുഭവം സിദ്ധിക്കുകയില്ല.  ആഗ്രഹവും  അതിനാവശ്യമായ അറിവും ഉപയോഗിച്ച് അതിനായുള്ള    പ്രയത്നം  വേണം. ഇത് മൂന്നും പലർക്കും പല നിലയിൽ ആയതുകൊണ്ടാണ് വിശ്വാസത്തെ സ്വന്ത അനുഭവമാക്കി മാറ്റുവാൻ കഴിയാത്തത് എന്ന് സനാതന ധർമ്മത്തിലെ  ഉയർന്ന നീതിബോധം തിരിച്ചറിയുന്നു. 

നമ്മുടെ അവബോധം വളരുന്നത് അനുസരിച്ചു മാത്രമേ ഇച്ഛ-ജ്ഞാനം-ക്രിയ  ഒരുപോലെ വർദ്ധിച്ച്  അനുഭവം സാദ്ധ്യമാകൂ. അതുകൊണ്ടു തന്നെ, ഒരു ദൈവവും  ഇല്ല എന്ന വിശ്വാസമോ, പല ദൈവങ്ങൾ ഉണ്ട് എന്ന വിശ്വാസമോ, ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന വിശ്വാസമോ എല്ലാം മനുഷ്യന് സ്വാഭാവികം തന്നെ ആണ്. ഒന്നും നിരുത്സാഹപ്പെടുത്തേണ്ട ഒന്നല്ല സനാതന ധർമ്മത്തിൽ. സ്വന്തം  അവബോധം വർദ്ധിപ്പിക്കുവാൻ ആവശ്യമായ  ഉത്സാഹം ആണ് ആദ്യം വേണ്ടത് എന്നാണ് സനാതന ധർമ്മത്തിൻ്റെ വീക്ഷണം. അതിനു വേണ്ട എല്ലാ ഒത്താശയും അവസരങ്ങളും പ്രോത്സാഹനവും നൽകുവാൻ  എപ്പോഴും ശ്രമിക്കണം എന്നാണ് സനാതന ധർമ്മത്തിൻ്റെ  അടിസ്ഥാന വീക്ഷണം.  

ഏകദൈവം,  ബഹുദൈവങ്ങൾ, വിഗ്രഹാരാധന, നാസ്തികത്വം 

സനാതന ധർമ്മം ബഹു ദൈവ വിശ്വാസവും, വിഗ്രാഹാരാധനയും നടത്തുന്ന “പേഗൻ”  വിശ്വാസങ്ങൾ ആണെന്ന തെറ്റായ ധാരണയാണ്  പലർക്കും ഉള്ളത്. ഒരുപക്ഷേ, അവർക്കെല്ലാം  അത്ഭുതം ജനിപ്പിക്കുന്ന  ഒരു വസ്തുതയായിരിക്കാം, ഇനി പ്രസ്താവിക്കുവാൻ  പോകുന്നത്. അടിസ്ഥാനപരമായി, സനാതന ധർമ്മത്തിലും, അബ്രഹാമീയ മതങ്ങളിലെപ്പോലെ തന്നെ  ഏക ദൈവം  തന്നെ ആണ്. 

സത്യത്തിൽ സനാതന  ധർമ്മത്തിൽ അടിച്ചേൽപ്പിക്കുന്ന  “വിശ്വാസ”മല്ല ലക്ഷ്യം – സ്വന്തം അനുഭവത്തിലൂടെ നേരിട്ടുള്ള  “അറിവാ”ണ് ലക്ഷ്യം. സനാതന ധർമ്മത്തിൽ “ഏകദൈവം” എന്നത്  സ്വാനുഭവത്തിലൂടെ അറിയേണ്ട അറിവാണ്. അതാണ്  ഏറ്റവും ഉയർന്ന അറിവ്. ക്രമേണ ഉളവാകുന്ന  അവബോധ വികസനത്തിലൂടെ ആണ് ആ അറിവ് സ്വന്തം അനുഭവമായി  മാറുന്നത്.  നിലവിലുള്ള  അവബോധ വികസനം എല്ലാ ജനങ്ങളിലും ഒരേ നിലയിൽ അല്ലാത്തതു കൊണ്ട്, അവരവരുടെ അവബോധ നില  അനുസരിച്ചുള്ള  അവരവരുടെ അനുഭവം അനുവദിക്കുന്ന വിധത്തിൽ ദൈവവുമായിട്ടുള്ള  ബന്ധം നിലവിൽ   കൊണ്ട് നടക്കുന്നതിൽ സനാതന ധർമ്മം ഒരു തെറ്റും കാണുന്നില്ല  എന്ന് മാത്രമല്ല മറിച്ചു നിർബന്ധിക്കുന്നത് സനാതന ധർമ്മത്തിലെ   നീതി ബോധത്തിന് ചേരുന്നതും അല്ല. അതുകൊണ്ടാണ്  വിവിധങ്ങളായ ആരാധനാ  സമ്പ്രദായങ്ങൾ സനാതന ധർമ്മത്തിൽ നിലനിൽക്കുന്നത്. ഒരാൾക്ക്  എന്തിനെ വേണമെങ്കിലും ആരാധിച്ചുകൊണ്ടോ, ഒന്നിനേയും ആരാധിക്കാതേയോ തൻ്റെ ആത്മീയ മോചനത്തിനുള്ള യത്നം ആരംഭിക്കാം. ഇനി, നാസ്തിക വാദം ആയാലും ദൈവത്തെക്കുറിച്ചു ചിന്തിക്കുന്ന  ഒരു തുടക്കമെന്ന നിലയിൽ അതും സനാതന ധർമ്മത്തിൽ നിഷിദ്ധമായി കരുതുന്നില്ല. 

സനാതന ധർമ്മത്തിൻ്റെ കാതൽ “പരബ്രഹ്മൻ” എന്ന  “ഏകദൈവം” തന്നെ ആണ്. ജൂതമതത്തിൽ “ഇലോഹിം” എന്നാണ് അതേ ഏകദൈവത്തെ സൂചിപ്പിക്കുന്ന പദം. ക്രിസ്തുമതത്തിൽ “യഹോവ” എന്ന പദം ഉപയോഗിക്കുന്നു. ഇസ്‌ലാം മതത്തിൽ “അള്ളാഹു” എന്ന പദമാണ് ഉപയോഗിക്കുന്നത്. എല്ലാ പദങ്ങളും ഏകദൈവത്തിൻ്റെ പര്യായങ്ങൾ തന്നെ. എങ്ങിനെയാണോ ഒരേ ഒരു വ്യക്തി തന്നെ, തൻ്റെ  ഭാര്യക്ക് ഭർത്താവും, തൻ്റെ മക്കൾക്ക് അച്ഛനും, തൻ്റെ  സഹോദരിക്ക് സഹോദരനും, തൻ്റെ അമ്മക്ക് മകനും ആയിരിക്കുന്നത്, അതുപോലെ തന്നെ ആണ് ഇതും. വ്യക്തി ഒന്ന് തന്നെ, മറ്റുള്ളവരുമായിട്ടുള്ള ബന്ധത്തിൻ്റെ  അടിസ്ഥാനതിൽ  പേരുകൾ പലതാണ് എന്ന് മാത്രം. എന്നാൽ   ‘ഏകദൈവം’ എന്ന സത്യം  ഒരു വിശ്വാസമായിട്ടല്ല വേണ്ടത്  എന്ന് സനാതന ധർമ്മം പഠിപ്പിക്കുന്നു. ‘ഏകദൈവം’ എന്ന സത്യം ഓരോരുത്തരും നേരിട്ട്  അനുഭവിച്ചറിയേണ്ട   അറിവാണ് സനാതന ധർമ്മത്തിൽ. “പഞ്ചസാര” ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരാൾ “പഞ്ചസാരയെ” ക്കുറിച്ച് എത്ര പഠിച്ചാലും അത് രുചിക്കുന്നതുവരെ “പഞ്ചസാര” എന്താണെന്ന് അറിയാത്തത് പോലെ തന്നെ ആണ് ഇതും.  ശുദ്ധമായ, അപരിമേയമായ   “പ്രജ്ഞാനം” ആണ് “പരബ്രഹ്മൻ” എന്ന ആ ഏകദൈവം എന്ന് സനാതന ധർമ്മം പഠിപ്പിക്കുന്നു. അതിനു രൂപമില്ല, നാമമില്ല, അതിരുകൾ ഇല്ല, പരിമിതികൾ ഇല്ല, അഖണ്ഡമാണ്, ശാശ്വതമായ, നിത്യനൂതനമായ,  നില നിൽപ്പാണ്. അതാണ് സനാതന ധർമ്മത്തിലെ പരബ്രഹ്മൻ. അവബോധ വികസനത്തിൻ്റെ  പാരമ്യതയിൽ അത് നേരിട്ടുള്ള അനുഭവത്തിലൂടെ അറിയുന്ന അറിവായി മാറുന്നു, സനാതന ധർമ്മത്തിൽ.  

“പ്രജ്ഞാന”വും “അവബോധ”വും പൊതുവായ അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ  ഒന്ന് തന്നെ ആണെങ്കിലും, ഈ പുസ്തകത്തിൽ ഉടനീളം  “പ്രജ്ഞാനം” എന്നത്  ഏകദൈവസങ്കൽപ്പത്തിലെ ശുദ്ധമായ, അപരിമേയമായ പ്രജ്ഞാനവും,  “അവബോധം” എന്നത് വ്യക്തി സങ്കൽപ്പത്തിലെ  പരിമിതമായ  പ്രജ്ഞാനവും ആണ്. ആ അർത്ഥത്തിലാണ് ഈ രണ്ട് പദപ്രയോഗങ്ങളും  ഇനി അങ്ങോട്ട്  ഈ പുസ്തകത്തിൽ ഉപയോഗിക്കുന്നത്. അതായത്, “അവബോധം” എന്നാൽ വ്യക്തി ബോധത്താൽ പരിമിതപ്പെട്ടുനിൽക്കുന്ന പ്രജ്ഞാനം ആണ്. “പ്രജ്ഞാനം” എന്നത് അപരിമേയമായ ദൈവം സങ്കല്പം തന്നെ ആണ് സനാതന ധർമ്മത്തിൽ.  മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ‘പ്രജ്ഞാനം’ എന്നതും ‘പരബ്രഹ്മൻ്റെ’,  മറ്റൊരു പര്യായം തന്നെ ആണ്.   

“ഏകദൈവം” എന്ന നേരിട്ടറിയുന്ന അറിവ്   മാത്രമല്ല സനാതന ധർമ്മത്തിൽ. ആ നിലയും  കടന്ന്, അതിനടുത്ത നിലയിലാണ് സനാതന ധർമ്മത്തിൻ്റെ  അനുഭവ വേദ്യമായ  അറിവ് വളർന്ന് വികസിച്ചു നിൽക്കുന്നത്. ശുദ്ധമായ ദൈവീക പ്രജ്ഞാനം ആണ്  പരബ്രഹ്മൻ  എന്ന്  മാത്രമല്ല,   സമസ്ത പ്രപഞ്ചവും പ്രപഞ്ചത്തിൽ നിലനിൽക്കുന്ന സർവ്വതും  അതേ ശുദ്ധമായ ദൈവീക പ്രജ്ഞാനത്തിൻ്റെ തന്നെ വേഷപ്രച്ഛന്നമായ വിവിധ തലങ്ങളിലുള്ള നിലനിൽപ്പുകളാണെന്നും അവയെല്ലാം നിലനിൽക്കുന്നത്   ശുദ്ധമായ  അതേ  ദൈവീകമായ പ്രജ്ഞാനത്തിലാണെന്നും സനാതന ധർമ്മം അറിയിക്കുന്നു. “ദൈവം ഏകത്വം ആണ്, എല്ലാം ദൈവത്തിൻ്റെതാണ്”  എന്ന് അബ്രഹാമീയ മതങ്ങൾ വിശ്വസിച്ചു പറയുമ്പോൾ, “ദൈവം ഏകത്വം ആണ്, പ്രജ്ഞാനമാണ് ആ ഏകത്വം, എല്ലാം ആ ദൈവീകമായ പ്രജ്ഞാനത്തിൻ്റെ രൂപമാറ്റം മാത്രമാണ്, എല്ലാം നിലനിൽക്കുന്നതും ആ ദൈവീകമായ പ്രജ്ഞാനത്തിൽ തന്നെ”  എന്ന്   സനാതന ധർമ്മം പറയുന്നു.      

കാല നിർണ്ണയം ചെയ്യുവാൻ കഴിയാത്ത വിധം പൗരാണികമായ ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന  ഒരു മഹർഷിയാണ്  ഹെർമിസ് ട്രൈമെഗസ്റ്റസ്. ഈജിപ്തിൽ  “തോത്ത്” എന്ന പേരിലും, ഗ്രീസിൽ “ഹെർമിസ്” എന്ന പേരിലും  ഈ മഹർഷി ആരാധിക്കപ്പെട്ടിരുന്നു.   ഹെർമിസ് ട്രൈമെഗസ്റ്റസ് ഈ പ്രപഞ്ചത്തെ സംബന്ധിക്കുന്ന ഏഴു അടിസ്ഥാന സത്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. “കബാലിയോൺ” എന്ന പേരിൽ അറിയപ്പെടുന്ന വളരെ ഗൂഢമായി കരുതപ്പെടുന്ന ഈ രേഖകളിൽ   പ്രധാനപ്പെട്ട  ഒന്നാണ് സനാതന ധർമ്മത്തിലെ ഇതേ ഏക ദൈവ വീക്ഷണം. “എല്ലാം, എല്ലാത്തിലും  അടങ്ങിയിരിക്കുന്നു” എന്നാണ് കബാലിയോണിലെ ആ ആപ്ത വാക്യം.  എല്ലാം  ദൈവം ആണെന്നും, അങ്ങിനെ ഉള്ള എല്ലാം ദൈവത്തിൽ തന്നെ യാണ് നിലനിൽക്കുന്നതെന്നും ആണ്   ആ ആപ്ത വാക്യത്തിൻ്റെ പൊരുൾ. സനാതന ധർമ്മത്തിൽ മാത്രമല്ല അതി പുരാതന കാലത്ത് ലോകത്തിൻ്റെ  ഇതര ഭാഗത്തും  ഈ ഏകത്വപ്രജ്ഞാനം  എന്ന   അറിവ് നില നിന്നിരുന്നു  എന്ന് ഇതിൽ നിന്നും വ്യക്തമാണ്. 

2. സനാതന ധർമ്മത്തിലെ അഞ്ച് അടിസ്ഥാന തത്വങ്ങൾ

സനാതന ധർമ്മത്തിൻ്റെ അതി ബ്രഹ്ത്തായ പശ്ചാത്തലത്തിൻ്റെ ഒരു പരിച്ഛേദമാണ്   നമ്മൾ കഴിഞ്ഞ അദ്ധ്യായത്തിൽ കണ്ടത്. ഈ ആദ്ധ്യായത്തിൽ  സനാതന ധർമ്മത്തിൻ്റെ  കാതലായ അഞ്ച്‌ പ്രധാനപ്പെട്ട പ്രകൃതി വ്യവസ്ഥകൾ മനസ്സിലാക്കുവാൻ ശ്രമിക്കാം. പ്രജ്ഞാനം, മനുഷ്യൻ്റെ  ഭൗതികാതീതമായ ഘടന, യുഗങ്ങൾ, ജീവിതത്തിലെ സുഖ ദുഃഖങ്ങളുടെ തനി ആവർത്തനങ്ങൾ,   കർമ്മ നിയമങ്ങൾ എന്നിവയാണ് ഈ അഞ്ച്  വ്യവസ്ഥകൾ.  പ്രകൃതിയുടെ  പ്രവർത്തന രീതികൾ  ആണ് ഇവ. അതുകൊണ്ടാണ് ഇവയെ പ്രകൃതി വ്യവസ്ഥകൾ എന്ന് ഇവിടെ വിവക്ഷിക്കുന്നത്. ഈ വിഷയങ്ങൾ എല്ലാം തന്നെ വേദങ്ങളിലും, ഉപനിഷത്തുകളിലും, യോഗശാസ്ത്രത്തിലും അടങ്ങിയിട്ടുള്ളതാണ്. പ്രഥമ ദൃഷ്ടിയിൽ ഈ വ്യവസ്ഥകൾ ജീവിതത്തിൽ പ്രവർത്തിക്കുന്നത് നമുക്ക് കാണുവാൻ കഴിയുകയില്ല. എന്നാൽ, ഇതേക്കുറിച്ച്  മനസ്സിലാക്കിയിട്ട് ജീവിതത്തെ അവധാനപൂർവ്വം വീണ്ടും  പരിശോധിച്ചാൽ, ജീവിതത്തിൽ ഈ വ്യവസ്ഥകൾ വളരെ കൃത്യമായി  പ്രവർത്തിക്കുന്ന വസ്തുത  വ്യക്തമായി  കാണുവാൻ കഴിയും. അതാണ്  ഈ വിഷയങ്ങളുടെ പ്രത്യേകത. ഈ വിഷയങ്ങൾ തുടക്കത്തിലേ  അറിഞ്ഞിരുന്നാൽ  സനാതന ധർമ്മം മനസ്സിലാക്കുവാൻ  വളരെ പെട്ടെന്ന് കഴിയും..

“പ്രജ്ഞാനവും” “അവബോധവും”  

‘പ്രജ്ഞാന’ വികസനത്തിലൂടെ (‘അവബോധ’ വികസനത്തിലൂടെ) മാത്രമേ ജീവിത ദുഃഖങ്ങളിൽ നിന്നും മുക്തി ലഭിക്കുകയുള്ളൂ എന്നാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്.  ‘അവബോധ’ വികസനം ആണ് സനാതന ധർമ്മത്തിലെ എല്ലാ കർമ്മ പദ്ധതികളുടേയും ആത്യന്തികമായ ലക്ഷ്യം. അതുകൊണ്ട്, എന്താണ്  “പ്രജ്ഞാനം” അല്ലെങ്കിൽ “അവബോധം” എന്നാൽ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ‘പ്രജ്ഞാനവും’, ‘അവബോധവും’ പരസ്പരം ബന്ധപ്പെട്ട വാക്കുകൾ ആണ്.   “പ്രജ്ഞാനം” എന്നാൽ എന്താണെന്ന് ആദ്യം  വ്യക്തമാക്കാം.   “ഞാൻ  ജീവിച്ചിരിക്കുന്നു, എനിക്ക് ‘പ്രജ്ഞ’ ഉണ്ട്” എന്ന ഒരു സ്വബോധം എല്ലാ മനുഷ്യരിലും സ്വാഭാവികമായി തന്നെ സദാസമയവും നിലനിൽക്കുന്നുണ്ട്. ആ സ്വബോധത്തെക്കുറിച്ചുള്ള അറിവാണ് ‘പ്രജ്ഞാനം’.  “പ്രജ്ഞാനം” നമുക്ക് ചില സവിശേഷതകൾ നൽകുന്നുണ്ട്. നമ്മൾ എന്തെങ്കിലും കണ്ടാൽ, അല്ലെങ്കിൽ കേട്ടാൽ, അല്ലെങ്കിൽ രുചിച്ചാൽ, അല്ലെങ്കിൽ സ്പർശിച്ചാൽ, ഘ്രാണിച്ചാൽ അതല്ലെങ്കിൽ, ചിലപ്പോൾ ഇതൊന്നും ഇല്ലാതെ തന്നെ  മനസ്സിൽ നിന്നും സ്വയം വ്യക്തമാകുന്നതിലൂടെ നമുക്ക്  കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നതിനെ സൂചിപ്പിക്കുന്നതാണ് ‘അവബോധം’ എന്ന വാക്ക്.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ‘പ്രജ്ഞാനത്തി’ൻ്റെ  ശക്തിയാണ് ‘അവബോധം’. ‘അവബോധത്തി’ൻ്റെ  സാന്നിദ്ധ്യം ആണ് ‘പ്രജ്ഞാനം’. അഗ്നിയും ചൂടും തമ്മിലുള്ള ബന്ധം പോലെ തന്നെ ആണ്  പ്രജ്ഞാനവും അവബോധവും തമ്മിലുള്ള ബന്ധം എന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. അഗ്നിയുടെ ഫലമാണ് ചൂട്. ചൂടിന് കാരണം അഗ്നിയാണ്. അതുപോലെ തന്നെ അവബോധത്തിന്‌ നിദാനമായ കാരണത്തെ ആണ് ‘പ്രജ്ഞാനം’ എന്ന് പറയുന്നത്.

കൂടുതൽ പരിചിതമായ ഒരു ഇംഗ്ലീഷ് വാക്ക്  ഉപയോഗിച്ച്  പറഞ്ഞാൽ,  ശുദ്ധമായ  അതിരുകൾ ഇല്ലാത്ത, പരിമിതികൾ ഇല്ലാത്ത “കോൺഷ്യസ്നെസ്സ്” ആണ് പ്രജ്ഞാനം. ‘അവബോധ’ത്തിനെ ‘ഇൻറ്റലക്ക്റ്റ്’ എന്ന പദം ഉപയോഗിച്ചാണ് പ്രധാനമായും വിവക്ഷിച്ചു കണ്ടിട്ടുള്ളത്.  സർവ്വതും ഉദിച്ചതും,  നിലനിൽക്കുന്നതും, അവസാനം തിരികെ വിലയം പ്രാപിക്കുന്നതും   ശുദ്ധമായ  അതിരുകൾ ഇല്ലാത്ത, പരിമിതികൾ ഇല്ലാത്ത ‘പ്രജ്ഞാന’ത്തിൽ ആണ്. പ്രജ്ഞാനമല്ലാത്ത ഒന്നും തന്നെ ഇവിടെ നിലനിൽക്കുന്നില്ല.  സർവ്വതിലും ആ  ‘പ്രജ്ഞാനം’ ഉണ്ട്. അതുകൊണ്ടാണ് സർവ്വതും അതിൻറ്റേതായ ഘടനയും നാമവും സഹിതം  ഒരു ചട്ടക്കൂട്ടിൽ നിൽക്കുന്നത്.  ഘടനയും നാമങ്ങളും  ഉള്ള, ദൃശ്യവും അദൃശ്യവും ആയ സർവ്വ വസ്തുക്കളിലും ‘പ്രജ്ഞാനം’ ഉണ്ട്.  

പക്ഷേ, അതിരുകളും പരിമിതികളും ഇല്ലാത്ത പ്രജ്ഞാനം വസ്തുക്കളിൽ നിലകൊള്ളുമ്പോൾ  ആ വസ്തുക്കളാൽ  സ്വാഭാവികമായി സൃഷ്ടി ക്കപ്പെട്ട അതിരുകൾ കൊണ്ട്      പരിമിതപ്പെട്ടാണ് പ്രജ്ഞാനം   നിൽക്കുന്നത് എന്ന് മാത്രം. അങ്ങിനെ പരിമിതപ്പെട്ടു നിൽക്കുന്നത് കൊണ്ട്  തൽക്കാലം നമുക്ക് പരിമിതപ്പെട്ട പ്രജ്ഞാനത്തിനെ ‘‘അവബോധം” എന്ന്  വിളിക്കാം. മനുഷ്യപ്രജ്ഞാനം  അപ്രകാരം മനുഷ്യനാൽ  പരിമിതപ്പെട്ടു  നിൽക്കുന്ന മനുഷ്യാവബോധം ആയതിനാലാണ് അതിന് വികാസം ആവശ്യമായിരുവരുന്നത്.  അതായത്, അപരിമേയമായ പ്രജ്ഞാനം മനുഷ്യനിൽ പരിമേയമായി  പരിമിതപ്പെട്ടു   അവബോധം ആയി നിൽക്കുന്നു. അതുകൊണ്ടാണ്  അതിന് വികസിക്കേണ്ടി വരുന്നത്. 

അവബോധം  ആണ് ഈ പ്രപഞ്ചത്തിനും പ്രപഞ്ചത്തിലെ കാണപ്പെടുന്നതും കാണപ്പെടാത്തതും ആയ  സർവ്വതിനും അടിസ്ഥനം. നമ്മളും പ്രപഞ്ചത്തിലെ ഒരു വസ്തുവാണ്.  നമ്മളിൽ ഓരോരുത്തർക്കും   ഉണ്ട് നമ്മുടെ വ്യക്തിഗത നിലയിലുള്ള അവബോധം.  ആ അവബോധത്തിൻ്റെ  വികാസം ഒന്നു മാത്രമാണ് മനുഷ്യ ജീവിതത്തിൻ്റെ  ലക്ഷ്യവും ഉദ്ദേശ്യവും. അതിലൂടെ മാത്രമാണ് ദുഃഖ ക്ലേശ പൂരിതമായ ഈ നിലനിൽപ്പിൽ നിന്നും മുക്തി ലഭ്യമാകൂ. അങ്ങിനെ അവബോധം വികസിപ്പിക്കുന്നതിന് ആവശ്യമായ ജീവിത രീതികളും സാധനകളും സനാതന ധർമ്മം നൽകുന്നു.   അതനുസരിച്ചുള്ള ജീവിത ക്രമം ആണ് സനാതന ധർമ്മത്തിൻ്റെ  സന്ദേശം.  ഏത് ആരാധനാ രീതികൾ സ്വീകരിച്ചാലും, അതെല്ലാം അവസാനം കൊണ്ടു വന്നു തരേണ്ടത് ഈ അവബോധ  വികാസം ആണ്.  

മലയാളവും  സംസ്കൃതവും തമ്മിൽ  അഭേദ്യമായ ബന്ധം ആണുള്ളത്. എഴുപതു ശതമാനം മലയാള വാക്കുകളും  സംസ്കൃതത്തിലെ മൂല പദങ്ങളിൽ   നിന്നും ആണ് ഉത്ഭവിച്ചിരിക്കുന്നത്.  അത്തരം ഒരു വാക്കാണ് “പ്രജ്ഞാനം” അല്ലെങ്കിൽ “പ്രജ്ഞ” എന്ന മലയാള പദം. “പ്രജ്ഞ” എന്ന്  പറയുമ്പോൾ ഉദ്ദേശിക്കപ്പെടുന്ന  അര്‍ത്ഥം കൂടുതൽ വ്യക്തമാണ് നമുക്ക്. “പ്രജ്ഞയറ്റ്‌ താഴെ വീണു” എന്നൊക്കെ പറയാറില്ലേ? പ്രജ്ഞ പോയാൽ താഴെ വീഴും നമ്മൾ. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.  രാമൻ മരിച്ചുകഴിഞ്ഞാൽ, താഴെ കിടത്തിയിരിക്കുന്ന രാമൻ്റെ  പ്രജ്ഞയറ്റ ശരീരത്തിനെ രാമൻ എന്ന് പറഞ്ഞ് നമ്മൾ വിവക്ഷിക്കാറില്ല.  “ബോഡി  എപ്പോഴാണ് എടുക്കുന്നത്?”, “ബോഡി എടുത്തോ?”  എന്നൊക്കെയാണ് ചോദിക്കാറുള്ളത്. അല്ലാതെ “രാമനെ എപ്പോഴാണ് എടുക്കുന്നത്?” എന്ന്ചോദിക്കാറില്ല;  അതിൽ നിന്നും ആ ശരീരം ആയിരുന്നില്ല ഒരിക്കലും രാമൻ എന്ന് വ്യക്തം. ശരീരത്തിനകത്ത് അൽപ്പം മുൻപ് ഉണ്ടായിരുന്നതും എന്നാൽ ഇപ്പോൾ ഇല്ലാത്തതുമായ ‘എന്തോ ഒന്ന്’ ആയിരുന്നു  രാമൻ എന്നാണ് നമ്മൾ വിവക്ഷിക്കുന്നത്. ആ ‘എന്തോ ഒന്നാണ്’  അടിസ്ഥാനപരമായി പറഞ്ഞാൽ  ‘അവബോധം’.  ആ അവബോധ പ്രതിഭാസത്തെ ആയിരുന്നു നമ്മൾ രാമൻ എന്ന് വിളിച്ചിരുന്നത്, ആ ശരീരത്തെ ആയിരുന്നില്ല.    

നമ്മുടെ ശരീരത്തിൽ അവബോധത്തിൻ്റെ  സാന്നിദ്ധ്യം തിരിച്ചറിയുവാൻ സഹായിക്കുന്ന മറ്റൊരു  ഉദാഹരണം  നോക്കാം. ഒരു രാത്രി നിങ്ങൾ വളരെ ഗാഢമായി ഉറങ്ങി എന്ന് വിചാരിക്കുക. പരിസര ബോധമില്ലാതെ ഉറങ്ങി പോയി. മഴപെയ്തതും ഇടി വെട്ടിയതും നിങ്ങൾ  അറിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ  നിങ്ങൾ എന്തായിരിക്കും പറയുക? “ഓ, ഇന്നലെ ഞാൻ വളരെ നന്നായി ഉറങ്ങി. ബോധം കെട്ട് ഉറങ്ങി.  മഴപെയ്തതും ഇടിവെട്ടിയതും ഒന്നും അറിഞ്ഞില്ല”. രാവിലെ ഉണർന്നെഴുനേറ്റപ്പോൾ, നിങ്ങൾ എങ്ങിനെ ആണ് അറിഞ്ഞത്,  നിങ്ങൾ നന്നായി ഉറങ്ങി എന്ന്? ആരാണ് രാവിലെ നിങ്ങളോട് വന്ന് അക്കാര്യം നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചത്‌? ആരും പറഞ്ഞതല്ല. നിങ്ങളുടെ ശരീരവും മനസ്സും  ഉറങ്ങിയപ്പോഴും, അതിനുള്ളിൽ  എന്തോ ഒന്ന്  എല്ലാം അറിഞ്ഞുകൊണ്ട്, എല്ലാത്തിനും സാക്ഷിയായി, ഉറങ്ങാതെ   കാവൽ ഇരുന്നിരുന്നു.    അതാണ് ‘അവബോധം’ അല്ലെങ്കിൽ  പരിമിതപ്പെട്ടു നിൽക്കുന്ന പ്രജ്ഞാനം. ആ അവബോനത്തിൻ്റെ വികാസത്തിലൂടെയാണ് മനുഷ്യന്  ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനം സനാതന ധർമ്മം വാഗ്ദാനം ചെയ്യുന്നത്. 

ആ ‘അവബോധം’ ആണ് യഥാർത്ഥത്തിൽ ഉള്ള നമ്മൾ എന്നാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. അല്ലാതെ, “എൻ്റെ”   ശരീരം അല്ല “ഞാൻ”. “എൻ്റെ”  മനസ്സ്  അല്ല “ഞാൻ”. നമ്മുടെ  ശരീരമോ മനസ്സോ അല്ല നമ്മൾ.  ഈ ശരീരവും മനസ്സും, ഇന്ദ്രിയങ്ങളും എല്ലാം  “അവബോധം”   സ്വയം  വേഷപ്രശ്ചന്നനാകാൻ വേണ്ടി എടുത്ത് അണിഞ് ഉപയോഗിക്കുന്ന  വേഷവിധാനങ്ങൾ ആണ്. മരണം എന്നാൽ, ആ വേഷവിധാനങ്ങൾ അഴിച്ചുവച്ച് അണിയറയിലേക്ക് മടങ്ങുന്നതാണ്.  ഇതാണ് സനാതന ധർമ്മം നൽകുന്ന വിജ്ഞാനം.

ഈ പ്രപഞ്ചത്തിലുള്ള  നമുക്ക് കാണുവാൻ കഴിയുന്ന സർവ്വതിലും, നമുക്ക് കാണുവാൻ കഴിയാത്ത സർവ്വതിലും അവബോധം അല്ലെങ്കിൽ പരിമിതമായി നിലകൊള്ളുന്ന പ്രജ്ഞാനം  ഉണ്ട്. ഇവിടെ ഉള്ളതെല്ലാം, ഇവിടെ ഉണ്ടായിരുന്നതെല്ലാം,  ഇനി ഇവിടെ  ഉണ്ടാകാൻ പോകുന്നതെല്ലാം  പ്രജ്ഞാനത്തിൻ്റെ   മനോഹരമായ ഏകാഭിനയങ്ങൾ  ആണ്.     കൂടുതൽ കൃത്യമായി  പറഞ്ഞാൽ, പ്രപഞ്ചവും, സർവ്വ ചരാചരങ്ങളും, പുൽക്കൊടിയും,  പൂവും, പുഴുക്കളും, ഞാനും നിങ്ങളും, ഈ ഭൂമിയും, ആകാശവും, വായുവും എല്ലാം  പ്രജ്ഞാനം  തന്നെ  വിവിധ തോതുകളിൽ വേഷ പ്രശ്ചന്നമായി നിൽക്കുന്നതാണ്‌. ഇതാണ്  സനാതന ധർമ്മം പഠിപ്പിക്കുന്നത്. മറ്റൊരു വിധത്തിൽ  പറഞ്ഞാൽ, ഒന്ന് തന്നെ വേഷം മാറി പലതായി നിൽക്കുന്നു; എന്നിട്ട് എല്ലാം വേറെ വേറെ ആണെന്ന തോന്നൽ ഉണ്ടാക്കി  നമ്മെ ഭ്രമിപ്പിക്കുന്നു. ഈ ഭ്രമത്തെ  അല്ലെങ്കിൽ  വിഭ്രാന്തിയെ  ആണ് “മായ” എന്ന പദം കൊണ്ട് സനാതന ധർമ്മം വിവക്ഷിക്കുന്നത്.

ഒരു കളിമൺ തരിയിൽ പോലും അവബോധം  ഉണ്ട്.  അതാണ് വെള്ളത്തിൽ വീഴുന്ന കളിമൺ തരി   അലിഞ്ഞു പോകുന്നത്. നേരെമറിച്ച് ഒരു രാസദ്രാവകത്തിൽ വീണാൽ ആ മൺതരി  പ്രതിപ്രവർത്തനങ്ങൾ നടത്തും. പരിമിതമാണെങ്കിലും അതിനും  ഒരു നിലയിലുള്ള  സ്വയമറിവ്  ഉണ്ട്; എവിടെ  എന്താണ് ചെയ്യേണ്ടത് എന്ന് അതിന്  ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇക്കാര്യം മനസ്സിലാക്കുവാനുള്ള എളുപ്പത്തിന് വേണ്ടി,  ഒരു മൺതരിയിലെ  അവബോധം  അല്ലെങ്കിൽ ആ സ്വയമറിവ് ഒരു സീറോ വാട്ട്  പ്രകാശത്തിന്   സമാനമാണ്  എന്ന് ഒരു താരതമ്യത്തിന് വേണ്ടി മാത്രം വെറുതെ ഒന്ന് കരുതുക.

ഇനി ഒരു ചിത്രശലഭത്തിനെ  എടുക്കുക. ചിത്രശലഭത്തിനും ഉണ്ട് അവബോധം. അതിൻ്റെ  അവബോധം മൺതരിയേക്കാൾ വികസിച്ചതാണ്. സ്വയം ചലിക്കുവാനും പുഷ്പങ്ങളിൽ ചെന്ന് തേൻ നുകരാനും, അപകടങ്ങൾ വന്നാൽ പറന്നകന്ന്   പോകാനും ആവശ്യമായ  ഒരു സ്വയം അറിവ്  അതിനുണ്ട് .  അതിൻ്റെ   അവബോധം അല്ലെങ്കിൽ ആ സ്വയമറിവ് ഒരു പത്ത്  വാട്ട്  പ്രകാശത്തിന്   സമാനമാണ്  എന്ന് ഒരു താരതമ്യത്തിന് വേണ്ടി കരുതുക.

ഒരു ചത്രശലഭത്തിൻ്റെ  അവബോധത്തേക്കാൾ ഉയർന്ന അവബോധമാണ്  മനുഷ്യർക്ക് ഉള്ളത്. മനുഷ്യാവബോധത്തിനെ ആയിരം വാട്ട്  പ്രകാശത്തിന് സമാനമായി  ഒരു താരതമ്യത്തിന് വേണ്ടി സങ്കല്പിക്കാം. അതുകൊണ്ടാണ് നേരിട്ട് കണ്ടറിയുവാൻ   കഴിയാത്ത  സൗരയൂഥത്തെക്കുറിച്ചും, ഗലാക്സികളെക്കുറിച്ചും,   കാണാനേ കഴിയാത്ത, ഗ്രാവിറ്റി, ഇലക്ട്രോമാഗ്നെറ്റിക് പ്രതിഭാസങ്ങൾ, വീക്ക് ന്യൂക്ലിയർ ഫോഴ്സ് സ്ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്സ് തുടങ്ങിയ പ്രതിഭാസങ്ങൾ പ്രകൃതിയിൽ  ഉണ്ടെന്ന് മനസ്സിലാക്കുവാൻ മനുഷ്യന് കഴിഞ്ഞത്. അത്  ഒരു മൺതരിയേക്കാളും, ഒരു ചിത്രശലഭത്തെക്കാളും ഒക്കെ  എത്രയോ  വലുത്  ആണ്! ഇനിയും മനുഷ്യന് സാദ്ധ്യമായിട്ടുള  അവബോധവികസനത്തിൻ്റെ  തോത്,  താരതമ്യത്തിനായി പറയുകയാണെകിൽ  ഒരു സൂര്യതേജസ്സിൻ്റെ  ഉദ്ദേശ്യം15 ലക്ഷം  വാട്ടിന്  സമാനമാണ്.  നമ്മുടെ നിലവിലുള്ള അവബോധ  വികാസത്തിനുള്ള  സാദ്ധ്യതകൾ തിരിച്ചറിയുവാൻ ഒരു   ഉദാഹരണം പറഞ്ഞുവെന്നേ ഉള്ളൂ.

അവബോധം  അല്ലെങ്കിൽ പ്രജ്ഞാനം എന്ന് പറയുന്നത് ബുദ്ധി ശക്തിയല്ല.  അവബോധത്തിൻ്റെ  തീക്ഷണത  അനുസരിച്ച്  ബുദ്ധികൂർമ്മത കണ്ടേക്കാം. പക്ഷേ,  അവബോധം വേറെ,  ബുദ്ധിശക്തി വേറെ. നിഴലും വെളിച്ചവും തമ്മിലുള്ള ബന്ധമാണ്  അവബോധത്തിനും  ബുദ്ധി ശക്തിക്കും തമ്മിൽ. 

ഒരുവ്യക്തിയുടെ അവബോധം,  മറ്റൊരു   ഉദാഹരണത്തിന് വേണ്ടി  പറഞ്ഞാൽ, ഒരു ചെറുനാരങ്ങയുടെ അത്രയേ ഉള്ളൂ എന്ന് കരുതുക. ആ വ്യക്തി ഒരു പുസ്തകം വായിച്ചാൽ, അല്ലെകിൽ ഒരു കാഴ്ച കണ്ടാൽ, അല്ലെങ്കിൽ എന്തെങ്കിലും പറഞ്ഞു കേട്ടാൽ  ആ വ്യക്തിക്ക് മനസ്സിലാകുന്ന കാര്യങ്ങൾ ഒരു ചെറു നാരങ്ങയുടെ അത്രയേ ഉണ്ടാകൂ.  ആ വ്യക്തിയുടെ പ്രജ്ഞാനം,   ഒരു ഫുട്ബാളിൻ്റെ  വലുപ്പം  ഉണ്ട് എന്ന് കരുതുക. എങ്കിൽ, ആ വ്യക്തി ഒരു പുസ്തകം വായിച്ചാൽ, അല്ലെകിൽ ഒരു കാഴ്ച കണ്ടാൽ , അല്ലെങ്കിൽ എന്തെങ്കിലും കേട്ടാൽ ആ വ്യക്തിക്ക് മനസ്സിലാകുന്ന കാര്യങ്ങൾക്ക്  ഒരു ഫുട്ബോളിൻ്റെ  വലുപ്പം  ഉണ്ടാകും. 

എല്ലാ കാലത്തും എല്ലാ സമൂഹത്തിലും എല്ലാ ജനങ്ങളുടേയും ‘അവബോധം’ ഒരേ നിലവാരത്തിലായിരുന്നില്ല. അതുപോലെ തന്നെ അവബോധത്തിൻ്റെ പ്രതിഫലനമായ  ബുദ്ധിശക്തിയും. ഇപ്പോഴും അങ്ങിനെ തന്നെയാണ്.  ഉദാഹരണത്തിന്, ഒരേ  കാര്യം ഒരേ വാക്കുകളിൽ  അഞ്ച് പേരോട് പറഞ്ഞാൽ, ആ അഞ്ചുപേരും അത് മനസ്സിലാക്കുന്നത് അഞ്ചു വ്യത്യസ്തമായ വിധത്തിലാണ്. ചിലർക്ക് വളരെ പെട്ടെന്ന് പറഞ്ഞ കാര്യം മനസ്സിലാകും. ചിലർക്ക് അത് മനസ്സിലാവുകയേ ഇല്ല. ചിലർക്ക് ആവർത്തിച്ചു പറയുമ്പോൾ കാര്യം മനസ്സിലാകുവാൻ തുടങ്ങും.  മറ്റു ചിലർക്ക് പറയുവാൻ തുടങ്ങുമ്പോഴേ മനസ്സിലാകും എന്താണ് പറയുവാൻ പോകുന്നത് എന്ന്. അതായത് അക്കൂട്ടർക്ക് പറഞ്ഞതും, പറയാതെ തന്നെ  പറഞ്ഞതിനപ്പുറവും മനസ്സിലാകും. ഇത് ഇങ്ങിനെ സംഭവിക്കുന്നത് ഓരോരുത്തരിലും ഉള്ള പ്രജ്ഞാന ഫലമായി ഉള്ള “അവബോധത്തിൻ്റെ”  ഏറ്റക്കുറച്ചിലുകൾ കൊണ്ടാണ്. അല്ലാതെ  ഇത് ബുദ്ധി ശക്തിയുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ടല്ല. ബുദ്ധി ശക്തി എന്ന് പറയുന്നത് പ്രായോഗിക കാര്യങ്ങളിൽ ഒരു കാര്യം എങ്ങിനെ ചെയ്യണം എന്നുള്ള സഹജമായ അറിവാണ്. ബുദ്ധിശക്തി എപ്പോഴും ജീവൻ സംരക്ഷയ്ക്കുന്നതിന് ആവശ്യമായ ഒരു മിനിമം അളവിൽ എല്ലാവരിലും ഉണ്ടാകും. എന്നാൽ ‘അവബോധം’ ഓരോരുത്തരും ബോധപൂർവ്വം വളർത്തി അവനവൻ തന്നെ വികസിപ്പിച്ച്   എടുക്കേണ്ട ഒന്നാണെന്ന് സനാതന ധർമ്മം പഠിപ്പിക്കുന്നു. ഇതിനായി  മനുഷ്യന് ജന്മസിദ്ധമായി   ലഭിച്ചിട്ടുള്ള മുഴുവൻ വിഭവങ്ങളും ഉപയോഗിക്കേണ്ടതായിട്ടുണ്ട് എന്നാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്.

മനുഷ്യൻ്റെ  മെറ്റാഫിസിക്കൽ ഘടന    

ബാഹ്യമായി വീക്ഷിക്കുമ്പോൾ  മനുഷ്യന് ജന്മസ്വത്തായി   ലഭിച്ചിട്ടുള്ള  രണ്ടു വിഭവങ്ങൾ മാത്രമാണ് നമുക്ക് കാണുവാൻ കഴിയുക.  ശരീരവും മനസ്സും ആണ് ആ രണ്ടു സ്വത്തുക്കൾ. കാരണം, അതിനപ്പുറം എന്തെങ്കിലും ഉണ്ടോ എന്ന്  നമുക്ക് സാധാരണ രീതിയിൽ കാണുവാനും അറിയുവാനും  കഴിയുന്നില്ല. നമ്മുടെ എല്ലാ അറിവുകളും  സാധാരണയായി നമ്മൾ സമാഹരിക്കുന്നത് പഞ്ചേന്ദ്രിയങ്ങളിൽ കൂടിയാണ്. കണ്ണ്, മൂക്ക്, നാക്ക്, ചേവി, ത്വക്ക് എന്നിവയാണ് പഞ്ചേന്ദ്രിയങ്ങൾ.   പഞ്ചേന്ദ്രിയങ്ങളിൽ കൂടി പകർന്നു ലഭിക്കുന്ന സംജ്ഞകൾ ആദ്യം മനസ്സിൽ ആണ് സ്വീകരിക്കപ്പെടുന്നത്.  മനസ്സ് അതിന് മുൻപുണ്ടായിരുന്ന സമാന അനുഭവങ്ങളും, ആ അനുഭവങ്ങൾ ഉയർത്തിയ വികാരങ്ങളും  എല്ലാം ഓർമ്മകളിൽ  ‘ഡാറ്റ” കളായി സൂക്ഷിച്ചിട്ടുണ്ട്. അങ്ങിനെ സൂക്ഷിച്ചിരുന്ന ഡാറ്റകളും ആയി ലഭിച്ച പുതിയ ഡാറ്റകളെ  താരതമ്യം ചെയ്ത്, ലഭിച്ച അനുഭവങ്ങളെ ‘നല്ലത്’ അല്ലെങ്കിൽ ‘നല്ലതല്ലാത്തത്’ എന്ന് മുദ്രണം ചെയ്ത് നിറം പിടിപ്പിച്ച ശേഷമാണ് നമ്മുടെ “അവബോധ”ത്തിന് കൈമാറ്റം ചെയ്യുന്നത്.  അങ്ങിനെ നിറം പിടിപ്പിച്ച “ജ്ഞാനം”ആണ് നമുക്ക് ലഭിക്കുന്നത്. ആധുനിക ശാസ്ത്രത്തിൻ്റെ പ്രവർത്തന മേഖല ഇത്തരത്തിലുള്ള അറിവുകൾ ആണ്. 

സനാതന ധർമ്മത്തിൽ  പഞ്ചേന്ദ്രിയങ്ങളിൽ കൂടി നമ്മൾ സമാഹരിക്കുന്ന അറിവുകൾക്ക് “ജ്ഞാനം” എന്നാണു പറയുന്നത്.  എന്നാൽ, പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായി മനസ്സിൻ്റെ  അഗാധതയിൽ നിന്നും ലഭിക്കുന്ന ഉള്ളറിവുകൾ ഉണ്ട്. അങ്ങിനെ പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമായി ലഭിക്കുന്ന അറിവുകൾക്ക് വിശേഷാൽ ജ്ഞാനം – വിജ്ഞാനം – എന്നാണ് പറയുന്നത്. അപ്രകാരം വിജ്ഞാനത്തിൻ്റെ പരിധിയിൽ വരുന്നതാണ്  മനുഷ്യൻ്റെ  സമഗ്രമായ ഘടനയെക്കുറിച്ചും  മനുഷ്യന് ജന്മസമ്പത്തായി ലഭിച്ചിരിക്കുന്ന സർവ്വ   വിഭവങ്ങളെക്കുറിച്ചും ഉള്ള  അറിവുകൾ.  ഈ അറിവുകൾ മനസ്സിലാക്കിക്കൊണ്ട്  ജീവിതത്തെ  നിരീക്ഷിക്കുമ്പോൾ ഈ വിഭവങ്ങൾ എല്ലാം തന്നെ യഥാർത്ഥത്തിൽ  നമുക്കുള്ളത് ആണെന്ന്  സംശയംവിനാ  ബോദ്ധ്യപ്പെടുകയും ചെയ്യും. 

വസ്തുക്കളുടെ  സമഗ്രമായ  ഘടനയും വ്യവസ്ഥയും എന്താണെന്നതിനെ സംബന്ധിച്ച്  സനാതന ധർമ്മത്തിന് വളരെ  കൃത്യമായ അറിവുകൾ ഉണ്ട്.  പ്രത്യേകിച്ച്  മനുഷ്യൻ എന്ന  പ്രതിഭാസത്തിൻ്റെ  ഘടനയും വ്യവസ്ഥയും. കാണപ്പെടുന്ന  സ്ഥൂലമായ മനുഷ്യ ശരീരത്തിനും അതീതമായി  ഒന്നിനൊന്ന്  ക്രമമായി അടുക്കി വച്ചിരിക്കുന്ന മറ്റ്  നാല് സൂക്ഷ്മ ശരീരങ്ങൾ കൂടി ഉൾപ്പെട്ടതാണ് മനുഷ്യൻ എന്ന്  സനാതന ധർമ്മം പറഞ്ഞു തരുന്നു. അങ്ങിനെ, ഒരു സ്ഥൂല ശരീരവും, നാല് സൂക്ഷ്മ ശരീരവും ചേർന്ന പഞ്ച ശരീരങ്ങളും, കൂടാതെ കാലം, കർമ്മം (ഡാറ്റ), ഊർജ്ജം എന്ന മൂന്ന് വിഭവങ്ങൾ കൂടി ജന്മനാ നമുക്ക് ലഭിക്കുന്നുണ്ട്.  ആദ്യം, നമുക്ക് സിദ്ധിച്ചിട്ടുള്ള അഞ്ച് ശരീരങ്ങൾ എന്താണെന്ന് നോക്കാം.    

പഞ്ച ശരീരങ്ങൾ.

നമുക്ക് ഒരു ശരീരം ഉണ്ട്, നമുക്ക് ഒരു മനസ്സുണ്ട് – ഇതു രണ്ടും നമുക്ക് എല്ലാവർക്കും  അറിയാം. ശരീരം നമുക്ക് കാണുവാൻ കഴിയും. സ്പർശിക്കുവാൻ കഴിയും. അതുകൊണ്ട് ശരീരം ഉണ്ടെന്ന കാര്യത്തിൽ  നമുക്ക് യാതൊരു സംശയവും ഇല്ല. എന്നാൽ നമ്മുടെ മനസ്സ് നമുക്ക് കാണുവാൻ കഴിയുകയില്ല, സ്പർശിക്കുവാൻ  കഴിയുകയില്ല – എങ്കിലും മനസ്സ് എന്ന ഒന്ന് ഉണ്ട് എന്ന് ജന്മസിദ്ധമായി തന്നെ   നമുക്കറിയാം.  ഇത് രണ്ടിനും അപ്പുറം വേറെ എന്തെങ്കിലും ഘടകങ്ങൾ  നമ്മുടെ  നിലനിൽപ്പിന് അടിസ്ഥാനമായിട്ട്  ഉണ്ടോ? ശരീരത്തിൻ്റെ  നിർമ്മിതിയേക്കാൾ   ലോലമാണ്, സൂക്ഷ്മമാണ്   മനസ്സ് എന്ന വസ്തുവിൻ്റെ  നിർമ്മിതി. അതാണ് നമുക്ക് മനസ്സിനെ നമ്മുടെ പഞ്ച ഇന്ദ്രിയങ്ങൾകൊണ്ട് കാണുവാനും, ശ്രവിക്കുവാനും, സ്പർശിക്കുവാനും, രുചിക്കുവാനും, മണക്കുവാനും ഒന്നും  കഴിയാത്തത്. എങ്കിലും, മനസ്സ് എന്ന ഒന്ന് ഉണ്ടെന്ന് നമുക്കറിയാം. അപ്പോൾ അതുപോലെ തന്നെ   മനസ്സിനേക്കാൾ ക്രമാനുഗതമായി സൂക്ഷ്മ തരവും, അതി സൂക്ഷ്മതരവും, പരമ സൂക്ഷ്മ തരവും   വേറെമൂന്ന് വസ്തുക്കൾ കൂടി നമ്മുടെ ശരീരത്തിൻ്റെ ഭാഗമായി  ഉണ്ടെന്നു  പറഞ്ഞാൽ അതിൽ യാതൊരു അതിശയോക്തിയും തോന്നേണ്ടതില്ല. നമ്മുടെ അഞ്ചു ഇന്ദ്രിയങ്ങൾക്ക് അവ ഗോചരമല്ലാത്തത് കൊണ്ട് സാധാരണ നിലക്ക് നമ്മൾ  അറിയുന്നില്ല എന്നേ  ഉള്ളൂ.  യോഗ ശാസ്ത്രം പറഞ്ഞു തരുന്നത് നമ്മൾ ഒന്നിന് മേൽ ഒന്നായി ധരിച്ചിരിക്കുന്ന അഞ്ച് വസ്ത്രങ്ങൾ പോലെ ഉള്ള അഞ്ചു ആവരണങ്ങൾ അണിഞ്ഞാണ് നിൽക്കുന്നത് എന്നാണ്. അതിൽ ഏറ്റവും സ്ഥൂലം ആയിട്ടുള്ളതാണ്  ഭൗതിക ശരീരം. അത് പഞ്ചേന്ദ്രിയങ്ങൾക്ക് ഗോചരം ആയതുകൊണ്ട് പ്രത്യക്ഷമായിട്ടുള്ളതാണ് എന്ന് മാത്രം. ശരീരമാണ് ഏറ്റവും സ്ഥൂലമായ, ബാഹ്യമായി നമ്മൾ ധരിച്ചിരിക്കുന്ന, ഓവർ കോട്ട് പോലെ ഉള്ള ബാഹ്യ വസ്ത്രം. അതിനെ “അന്നമയ കോശം” എന്ന്  സംസ്കൃതത്തിൽ പറയും – ‘അന്നം’ എന്ന് പറഞ്ഞാൽ ‘ആഹാരം’ എന്നർത്ഥം. ആഹാരം കൊണ്ട് നില നിൽക്കുകയും, നശിച്ചുകഴിഞ്ഞാൽ മറ്റുള്ളവക്ക് ആഹാരമായി തീരുകയും ചെയ്യുന്നത് കൊണ്ടാണ് ശരീരമാകുന്ന ഈ ബാഹ്യ ആവരണത്തെ   “അന്നമയം” എന്ന് വിളിക്കുന്നത്.

ശരീരമാകുന്ന ഓവർ കോട്ടിനകത്ത് ഒന്നിനൊന്ന് ക്രമാനുഗതമായി സൂക്ഷ്മം,  സൂക്ഷ്മ തരം, അതി സൂക്ഷ്മതരം, പരമ സൂക്ഷ്മതരം  എന്ന് വിശേഷിപ്പിക്കാവുന്ന വേറെ നാല്  അടിവസ്ത്രങ്ങൾ കൂടി നമുക്കുണ്ട്. മൊത്തം, നാലും ഒന്നും അഞ്ച്  വസ്ത്രങ്ങൾ  ഒന്നിന് മുകളിൽ ഒന്നായി അണിഞ്ഞാണ് നമ്മൾ നിൽക്കുന്നത്.  ഏറ്റവും പുറത്തു നിന്നും ഏറ്റവും  അകത്തേക്ക് അവയെല്ലാം ഒന്നിനൊന്നു കൂടുതൽ കൂടുതൽ സൂക്ഷ്മമാണ്.  

ശരീരത്തിനകത്ത്  സൂക്ഷ്മമായ  “മനോന്മയ കോശം” ആണുള്ളത്. ഇത് ശരീരം മുഴുവനും വ്യാപിച്ചു നിലകൊള്ളുന്ന ഒരു ഒരു അദൃശ്യമായ “ഫീൽഡ്” ആണ്.   മനസ്സുമായി ബന്ധപ്പെട്ടു നിൽക്കുന്ന സർവ്വതും ‘മനോന്മയകോശം’ എന്ന ഈ   ഫീൽഡിലാണ്- നമ്മുടെ ചിന്തകൾ, വികാരങ്ങൾ, വിക്ഷോഭങ്ങൾ, ഓർമ്മയുടെ വിവിധ പ്രകടനങ്ങൾ  ഇവയെല്ലാം തന്നെ ഈ ഫീൽഡിലാണ്. ശരീരത്തിലെ ഓരോ കോശത്തിനും മനസ്സിൻ്റെ  ഈ ഫീൽഡ് ഉണ്ട്.  ശരീരവും മനസ്സും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്.  മനസ്സിലെ ഓരോ  ചിന്തകളും ഓരോ വികാരങ്ങളും,   ശരീരത്തിൽ ഓരോ പ്രത്യേക  ബയോ കെമിക്കൽ പ്രതികരണങ്ങൾ ഉണ്ടാക്കുന്നു. ഉദാഹരണത്തിന് നമ്മൾ ദുഖാർദ്രരായി  ഇരിക്കുമ്പോൾ ആഹാരം കഴിക്കുവാനുള്ള വിശപ്പുണ്ടാകുന്നില്ല.  അതുപോലെ, തിരിച്ചും. ശരീരത്തിലെ ഓരോ കെമിക്കൽ വ്യതിയാനങ്ങളും മനസ്സിനേയും ബാധിക്കും. മദ്യം കഴിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന വ്യതിയാനങ്ങൾ ഒരു ഉദാഹരണം. 

മനോന്മയകോശത്തിനും ആന്തരികമാണ് സൂക്ഷ്മ തരമായ “പ്രാണമയകോശം“. “പ്രാണ” എന്നത് ജീവശക്തിയുടെ പേരാണ്. ഈ ജീവശക്തിയാണ് മനസ്സിനും ശരീരത്തിനും ചലനാത്മകതയും അതിലൂടെ ജീവനും പ്രവർത്തിക്കുവാനുള്ള കഴിവും ഒക്കെ നൽകുന്നത്. പ്രാണനെ ആശ്രയിച്ചാണ് മനസ്സും ശരീരവും നിലകൊള്ളുന്നത്. പ്രാണനിലാണ് ജീവിതത്തിനെ സംബന്ധിക്കുന്ന സകല ‘ഡാറ്റാ’കളും സന്നിവേശിപ്പിച്ചിരിക്കുന്നത് – അല്ലെങ്കിൽ ആധുനിക ഇൻഫോർമേഷൻ ടെക്നോളജിയിലെ സാങ്കേതിക പദം ഉപയോഗിച്ച് പറയുകയാണെങ്കിൽ “എംബെഡ്” ചെയ്തിരിക്കുന്നത്. ഓർമ്മകളുടെ ഈ ബൃഹത്തായ ഡാറ്റാ ബാങ്കിനെ സംസ്കൃതത്തിൽ “കർമ്മ” എന്ന ഒറ്റ വാക്കുകൊണ്ട് വിവക്ഷിക്കുന്നു – ഇംഗ്ലീഷിൽ ‘കാർമിക് മെമ്മറി’ എന്ന് പറയാം. എട്ടു തരത്തിലുള്ള ഡാറ്റാ കളാണ് നമുക്കുള്ളത്. അത് പുറകെ വിശദീകരിക്കാം. നമ്മുടെ മനസ്സിനേയും ശരീരത്തിനേയും ചേർത്ത് പിടിച്ചു നിറുത്തി, ട്രില്യൺ കണക്കിനുള്ള നമ്മുടെ ശരീരത്തിലെ സെല്ലുകൾകൾക്ക് രൂപവും, ഭാവവും ഉത്തരവാദിത്തങ്ങളും, പരസ്പര സഹകരണത്തോടെ ഉള്ള പ്രവർത്തന ശക്തിയും എല്ലാം നൽകുന്നത് ഈ പ്രാണമയ കോശം ആണ്. ഈ പ്രാണമയ കോശത്തിൽ തന്നെ ആണ് ജന്മജന്മാന്തരങ്ങൾ ആയി നമ്മൾ ജീവിച്ചു സമാഹരിച്ച സർവ്വ ‘കാർമ്മീക ഡാറ്റ’ കളും ‘എംബെഡ്’ ചെയ്യപ്പെട്ട്, നമ്മുടെ ചിന്തകളായി, വാക്കുകൾ ആയി, പ്രവർത്തികൾ ആയി ഈ ജീവിതത്തിൽ പുറത്തു വരുന്നത്. പ്രാണൻ പിൻവാങ്ങുമ്പോൾ, മനസ്സും ശരീരവും വിഘടിച്ചില്ലാതെആകുന്നു. ഇതിനെ ആണ് നമ്മൾ “മരണം” എന്ന് വിളിക്കുന്നത്. ആ മരണത്തിലൂടെ ഇല്ലാതെ ആകുന്നത്, “അവബോധം” താത്കാലിക ഉപയോഗത്തിന് വേണ്ടി ഉണ്ടാക്കിയ മനസ്സും, ശരീരവും അത് പ്രവർത്തിപ്പിച്ച എനർജിയും മാത്രമാണ്. എന്നാൽ കാർമിക് മെമ്മറി എന്ന ആ ഡാറ്റാ ബാങ്കും അതിനുപുറകിലുള്ള “വിജ്ഞാനമയ കോശ”വും ശുദ്ധ പ്രജ്ഞാനം നിലകൊള്ളുന്ന “ആനന്ദ മയകോശ”വും തുടർന്നും നിലനിൽക്കുന്നു.

“പ്രണാമയ കോശ”ത്തിനും ആന്തരികമാണ് അതിനേക്കാൾ അതി സൂക്ഷ്മ തരം ആയ ‘വിജ്ഞാനമയ കോശം”. ആദ്യം സൂചിപ്പിച്ച പഞ്ചേന്ദ്രിയങ്ങളിൽ കൂടി അല്ലാതെ നമുക്ക് ലഭിക്കുന്ന വിശേഷാൽ അറിവുകൾ ഈ വിജ്ഞാനമയ കോശത്തിൽ നിന്നും ആണ് നമുക്ക് ലഭിക്കുന്നത് – അങ്ങിനെ ലഭിക്കുവാൻ ആവശ്യമായ സാഹചര്യം നമ്മിൽ നിലനിൽക്കുന്നുണ്ടെങ്കിൽ.

വിജ്ഞാനമയകോശത്തിനും ആന്തരികമാണ്, അഞ്ചാമത്തെ പരമ സൂക്ഷ്മ തരമായ “ആനന്ദമയ കോശം” നിലകൊള്ളുന്നത്. അങ്ങിനെ അഞ്ച് തരം വസ്ത്രങ്ങൾ അണിഞ്ഞു, അതിനകത്താണ്, അതിനേക്കാൾ ഒക്കെ അങ്ങേ അറ്റം അത്യധിക അതി സൂക്ഷ്മതരം ആയ, നമ്മൾ എല്ലാം “ഞാൻ” “ഞാൻ” എന്ന് പറഞ്ഞു വിവക്ഷിക്കുന്ന ആ “പ്രജ്ഞാനം” അല്ലെങ്കിൽ “കോൺഷ്യസ്നെസ്സ്” – ശുദ്ധമായ “സബ്ജെക്ടിവിറ്റി” നിലനിൽക്കുന്നത്. ഭാഷാപരമായി പോലും അതുകൊണ്ടാണ്, ‘എൻ്റെ ശരീരം’, ‘എൻ്റെ മനസ്സ്’, ‘എൻ്റെ എനർജി’, ‘എൻ്റെ ജ്ഞാനം’, ‘എൻ്റെ ആനന്ദം’ എന്നൊക്കെ പറയുന്നത്. എൻ്റെ ശരീരം, ‘എൻ്റെ കാറ്’, ‘എൻ്റെ വീട്‌’ എൻ്റെ ഇന്നത്’ എന്നൊക്കെ പറയുമ്പോൾ ആ പറയുന്ന രീതിയിൽ നിന്നും തന്നെ ഞാൻ വേറെ, എൻ്റെ ശരീരം വേറെ, ഞാൻ വേറെ എൻ്റെ കാറ് വേറെ എന്ന് മനസ്സിലാകുന്നുണ്ടല്ലോ? ശരീരം എന്നത് ഞാൻ കൈയ്യാളി നില്കുന്ന മറ്റൊന്നാണ്, എൻ്റെ വീട് പോലെ, എൻ്റെ കാറുപോലെ – ഞാൻ വേറെ എൻ്റെ ശരീരം വേറെ, എൻ്റെ കാറ് വേറേ , ഞാൻ വേറെ. ഞാൻ സബ്ജക്ട് ആണ്. എൻ്റെ ശരീരം എന്നത് ഞാൻ ഉപയോഗിക്കുന്ന ഒബ്ജക്റ്റ് ആണ്. അത് പോലെ ഞാൻ ഉപയോഗിക്കുന്ന വേറെ ഒബ്ജക്റ്റുകളാണ് മനസ്സ്, പ്രാണൻ എന്ന എനർജി, വിജ്ഞാനം, ഇതൊക്കെ. തൽക്കാലം ഇപ്പോൾ ഇത്രയും മനസ്സിലാക്കാം; പ്രജ്ഞാനത്തെ കുറിച്ചും സബ്ജക്ട്-ഒബ്ജക്റ്റ് ബന്ധത്തെ കുറിച്ചും പുറകെ കൂടുതൽ ചർച്ച ചെയ്യുന്നുണ്ട്.

മനുഷ്യൻ്റെ സമഗ്രമായ ഘടനയിൽ ഏറ്റവും സ്ഥൂലമായ, ഏറ്റവും സാന്ദ്രതയുള്ള ഭൗതിക ശരീരം ഒരു വശത്ത്, മറുവശത്ത് പരമ സൂക്ഷ്മതരമായ, ആനന്ദമയ കോശം. രണ്ടിനും ഇടക്ക് ക്രമാനുഗതമായി സ്ഥൂലത വർദ്ധിച്ചു വർദ്ധിച്ചു വരുന്ന വിവിധ നിലകൾ വിജ്ഞാനമയ കോശവും, പ്രാണമയകോശവും മനോന്മയ കോശവും ആണ്. ഇതിൽ ആദ്യത്തെ മൂന്നും – അന്നമയ ശരീരം, മനോന്മയ ശരീരം, പ്രാണമയ ശരീരം – തികച്ചും ഭൗതികമായ “വസ്തു” ആണ്, “മാറ്റർ” ആണ്. ആനന്ദമയ കോശം ഒരു വസ്തുവേ അല്ല. അത് നോൺ ഫിസിക്കൽ ആണ്. നോൺ-മാറ്റർ ആണ്. “മാറ്റ”റിനും “നോൺ-മാറ്ററി”നും അല്ലെങ്കിൽ ഫിസിക്കലിനും നോൺ-ഫിസിക്കലിനും ഇടക്കുള്ള മാറ്ററോ നോൺ-മാറ്ററോ അല്ലാത്ത – അല്ലെങ്കിൽ, ഫിസിക്കലോ നോൺ-ഫിസിക്കലോ അല്ലാത്ത – ഒന്നാണ് ‘വിജ്ഞാന മയകോശം’.

ഇനി, നമ്മുടെ സമഗ്രമായ ഘടനയെ സംബന്ധിച്ച് മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത് ഉണ്ട്. ഏതൊരു വസ്തു സ്ഥൂലമാണോ, അതായത് “ഗ്രോസ്” ആണോ, അതിൻ്റെ സ്വാതന്ത്ര്യം വളരെ പരിമിതമായിരിക്കും. അതിന് വ്യാപന ശക്തി തീരെ ഉണ്ടാവുകയില്ല. അതായത് അതിൻ്റെ ചലന സ്വാതന്ത്ര്യം വളരെ കുറവായിരിക്കും. ഏതൊരു വസ്തു സൂക്ഷ്മമാണോ, അതായത് സ്ഥൂലമല്ലാത്തത് ആണോ, അത് വളരെ അപരിമേയമായിരിക്കും. അതിൻ്റെ വ്യാപന ശക്തി, അല്ലെങ്കിൽ ചലന സ്വാതന്ത്ര്യം വളരെ കൂടുതൽ ആയിരിക്കും. അത് കൂടുതൽ ‘ലിമിറ്റ്‌ലെസ്സ്’ ആയിരിക്കും.

ഉദാഹരണത്തിന് ഒരു മഞ്ഞുകട്ട എടുക്കുക. അത് വളരെ ഗ്രോസ് ആണ്, വളരെ സ്ഥൂലമാണ്. അത് ഒരുസ്ഥലത്ത് വച്ചാൽ അവിടെ തന്നെ സ്ഥിരമായി ഇരിക്കും. അതിന് ചലന സ്വാതന്ത്ര്യം തീരെ ഇല്ല. അതായത് അതിന് വ്യാപന ശക്തി – വ്യാപിക്കുവാനുള്ള ശക്തി, ചലന ശക്തി – ഇല്ല. അതിന് പരാശ്രയം ഇല്ലാതെ മുൻപോട്ടോ, പുറകോട്ടോ മുകളിലേക്കോ പോകുവാൻ കഴിയില്ല. എന്നാൽ ജലം മഞ്ഞുകട്ടയുടെ തന്നെ കൂടുതൽ സൂക്ഷ്മമായ, കൂടുതൽ ‘സട്ടിൽ’ ആയ മറ്റൊരു രൂപമാണ്. അതിന് മഞ്ഞുകട്ടയേക്കാൾ കൂടുതൽ ചലന സ്വാതന്ത്ര്യം ഉണ്ട്. വ്യാപന ശക്തി ഉണ്ട്. അതിന് ഒഴുകുവാൻ കഴിയും. ഇനി നീരാവി എടുക്കുക. അതും മഞ്ഞു കട്ടയുടെ ഏറ്റവും സൂക്ഷ്മമായ, സട്ടിലെസ്റ്റ് ആയ മറ്റൊരു രൂപമാണ്. അതിനാണ് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഉള്ളത്. ഏറ്റവും കൂടുതൽ ചലന ശക്തി ഉള്ളത്. ഏറ്റവും കൂടുതൽ വ്യാപക ശക്തി ഉള്ളത്. നീരാവിക്ക് മഞ്ഞു കട്ടയേക്കാളും, വെള്ളത്തിനേക്കാളും എല്ലാം കൂടുതൽ സ്വാതന്ത്ര്യം ഉണ്ട് എന്ന് നമുക്ക് കാണാം.

ആദ്യം പറഞ്ഞ മഞ്ഞുകട്ടക്ക് സമം ആണ് നമ്മുടെ ശരീരം. മഞ്ഞുകട്ട പോലെ തന്നെ വളരെ സ്ഥൂലം ആണ് നമ്മുടെ ശരീരവും; അതുകൊണ്ട് അത് വളരെ പരിമിതവും ആണ്, വ്യാപന ശക്തി തീരെ ഇല്ല. ശരീരം അതിൻ്റെ ആകൃതിക്കുള്ളിൽ പരിമിതപ്പെട്ടു നിൽക്കുന്നു; ശരീരത്തിന് നിലകൊള്ളുവാൻ ‘സ്ഥലം’ അല്ലെങ്കിൽ ‘സ്പേസ്’ ആവശ്യമാണ്. ശരീരത്തിന് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തു എത്തണം എങ്കിൽ, സമയം എടുക്കും; അതിന് എനർജി ആവശ്യമാണ്, ‘സ്പേസ്’ തരണം ചെയ്യണം. ശരീരത്തിന് ജനനവും മരണവും ഉണ്ട്. ശരീരത്തിന് പരിമിതികൾ നിരവധി ആണ്.

ഇനി മനസ്സിൻ്റെ കാര്യം എടുക്കാം. മനസ്സ് ശരീരത്തേക്കാൾ സൂക്ഷ്മമാണ്, ‘സട്ടിൽ’ ആണ്. അതിന് നിലകൊള്ളുവാൻ ‘സ്ഥലം’ അല്ലെങ്കിൽ ‘സ്പേസ്’ ആവശ്യമില്ല. മനസ്സിന് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തു എത്തണം എങ്കിൽ, സമയം ആവശ്യമില്ല. നിമിഷാർദ്ധത്തിൽ തന്നെ മനസ്സ് കൊണ്ട് നിങ്ങൾക്ക് എവിടെ വേണമെങ്കിലും എത്താം. മനസ്സിന് ‘സ്പേസ്’ തരണം ചെയ്യേണ്ട. പക്ഷേ മനസ്സിന് പ്രവർത്തിക്കുവാൻ ഊർജ്ജം ആവശ്യമുണ്ട് ; ശരീരത്തിനെ പോലെ തന്നെ മനസ്സിനും ജനനവും മരണവും ഉണ്ട്. പക്ഷേ ശരീരത്തിനേക്കാൾ പതിന്മടങ്ങു സ്വാതന്ത്ര്യവും വ്യാപക ശക്തിയും മനസ്സിനുണ്ട്. ശരീരത്തിനുള്ള പല പരിമിതികളും മനസ്സിനില്ല. മനസ്സിനേക്കാൾ പടി പടി ആയി കൂടുതൽ സൂക്ഷ്മതരവും, അതി സൂക്ഷ്മ തരവും, പരമ സൂക്ഷ്മ തരവും ആയിട്ടുള്ള പ്രാണൻ, വിജ്ഞാനം, ആനന്ദം എന്നീ ശരീരങ്ങൾക്ക് ഉള്ളിൽ നിലകൊള്ളുന്ന ശരിക്കുള്ള ‘ഞാൻ’ എന്ന വസ്തുതക്ക് യാഥാർത്ഥത്തിൽ ഉള്ള സ്വാതന്ത്ര്യത്തിൻ്റെ, അല്ലെങ്കിൽ അപരിമേയതയുടെ ഉയർന്ന അളവ് ഇതിൽനിന്നും നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.

ഉപമകളിൽ കൂടി ആണ് ഗ്രഹിക്കുവാൻ പ്രയാസമുള്ള പല കാര്യങ്ങളും നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാൻ കഴിയുന്നത്. മേൽപ്പറഞ്ഞ രീതിയിൽ ഫിസിക്കലും, നോൺഫിസിക്കലും ആയ അഞ്ച് വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന നമ്മളെ , ഒരു ആധുനിക സ്മാർട്ട് മൊബൈൽ ഫോൺ ആയി ഉപമിക്കാം. മനസ്സിലാക്കുവാനുള്ള എളുപ്പത്തിനു വേണ്ടി മാത്രമാണ് ഉപമകൾ ഉപയോഗിക്കുന്നത്. ഒരു ഉപമാനവും ഉപമേയത്തിനോട് നൂറു ശതമാനവും നീതിപുലർത്തുന്ന ഉപമ തരുകയില്ല എന്ന് നമ്മൾ ഉപമകൾ ഉപയോഗിക്കുന്നതിന് മുൻപ് മനസ്സിലാക്കണം. ഒരു ഏകദേശ ചൂണ്ടു പലകകൾ മാത്രമാണ് ഉപമകൾ. സംസ്കൃതത്തിൽ “ചന്ദ്രശിഖാ ന്യായം” എന്നുപറയുന്നത് ഇത്തരത്തിലുള്ള ഉപമകളെ ആണ്. ഒരു വൃക്ഷത്തിൻ്റെ ശിഖരം ചന്ദ്രൻ അല്ല, ആകാശത്ത് പകൽ ചന്ദ്രൻ നിൽക്കുന്ന ഏകദേശ ദിശയിലേക്ക് ചൂണ്ടിക്കാണിക്കുവാൻ പയോഗിക്കുന്ന ഒരു ശിഖരം. അത്രയേ ഉള്ളൂ. അതാണ് ചന്ദ്രശിഖാ ന്യായം. ഇവിടെ സ്മാർട്ട് ഫോൺ ഒരു ചന്ദ്ര ശിഖാ ന്യായം ആണ്.

നമ്മുടെ ഫിസിക്കൽ ശരീരം ഒരു ആധുനിക സ്മാർട്ട് മൊബൈൽ ഫോണിൻ്റെ ഹാർഡ്‌വെയർ ആയി ഉപമിക്കാവുന്നതാണ്. അതായത്, സ്മാർട്ട് ഫോണിൻ്റെ സ്ക്രീനും, പ്ലാസ്റ്റിക് കവറും, പ്രിൻറ്റെഡ് സർക്യൂട്ടും എല്ലാം നമ്മുടെ ശരീരത്തെപോലെ തന്നെ, ചില പ്രത്യേക പ്രവർത്തികൾ നിർവഹിക്കുവാൻ രൂപ കൽപ്പന ചെയ്യപ്പെട്ട് ഭൗതികമായി നിർമ്മിക്കപ്പെട്ടവയാണ്. ശരീരത്തിന് മനസ്സ് എങ്ങിനെ ആണോ, അതുപോലെ ആണ് സ്മാർട്ട് ഫോണിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് എന്നൊക്കെ പറയുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ശരീരത്തിന് മനസ്സ് എങ്ങിനെ ആണോ അത് പോലെ ആണ്. ആ സ്മാർട്ട് ഫോണിൻ്റെ പവർ ബാറ്ററി ആണ് ശരീരത്തിൻ്റെ പ്രാണമയകോശം അല്ലെങ്കിൽ പ്രാണമയ ശരീരം. വാട്സ്ആപ്പ്, സ്കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷൻസ് ആണ് ജീവിതത്തിൽ നമ്മൾ ചെയ്യുകയും അനുഭവിക്കുകയും ഒക്കെ ചെയ്യുന്ന പ്രവർത്തികൾ. ഇപ്പറഞ്ഞ ഓപ്പറേറ്റിങ് സിസ്റ്റം സോഫ്ട്‍വെയറും ആപ്ലിക്കേഷൻ സോഫ്ട്‍വെയറും ഒക്കെ സൂക്ഷിച്ചുവച്ചിരിക്കുന്ന ഫോൺ മെമ്മറി ആണ് വിജ്ഞാനമയ ശരീരം. ഹാർഡ്‌വെയർ സ്ഥൂലം ആണ്, സോഫ്റ്റ്‌വെയർ സൂക്ഷ്മം ആണ്. ആ ഫോൺ ഉപയോഗിക്കുന്ന നിങ്ങളാണ് എപ്പോഴും ‘ഞാൻ’ എന്ന് പദം ഉപയോഗിച്ചുകൊണ്ട് വ്യവഹരിക്കപ്പെടുന്ന ‘അവബോധം’ അല്ലെങ്കിൽ ‘കോൺഷ്യസ്നെസ്സ്’ ആകുന്ന നിങ്ങൾ.
പ്രാണനും ശ്വസനവും

ഇവിടെ “പ്രാണൻ” എന്നാൽ എന്താണെന്ന് മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. പ്രാണൻ എന്നത് ശ്വസിക്കുന്ന ശ്വാസം അല്ലെങ്കിൽ ഓക്സിജൻ അല്ല. യോഗികൾ ദീർഘനേരം ശ്വാസോച്ഛ്വാസം നിർത്താൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. പക്ഷേ, ശ്വസനം പ്രാണനുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ശരീയവുമായി പ്രണൻ്റെ ബന്ധം ശ്വസനത്തിലൂടെ ആണ്. ബോധപൂർവ്വം ശ്വസിക്കുന്നതിലൂടെ ശരീരണത്തിന് പ്രാണനെ യഥേഷ്ടം ഉപയോഗിക്കുവാൻ കഴിയുന്നു. പ്രാണായാമത്തിൻ്റെ തത്വം അതാണ്. പ്രാണായാമത്തിലൂടെ പ്രാണനെ ബോധപൂർവ്വം ഉപയോഗിക്കുവാൻ സാധിക്കും.

“ജീവൻ” എന്ന പദം കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഓടിവരുന്നത് “ചലനം” എന്ന ജീവൻ്റെ സ്വഭാവത്തിനെ ആണ്. ഒരു വസ്തുവിന് ജീവൻ ഉണ്ടോ എന്ന നമ്മൾ തിരിച്ചറിയുന്നത് ആ വസ്തു ചലിക്കുന്നുണ്ടോ എന്ന് നോക്കിയിട്ടാണ്. ജീവൻ്റെ ആ ചലന സ്വഭാവം നൽകുന്നത് “പ്രാണൻ” ആണ്. അതു കൊണ്ട് പ്രാണനെ “ജീവശക്തി”, അല്ലെങ്കിൽ “ജീവശക്തിയുടെ ഊർജ്ജം” എന്നും വിളിക്കാം. “ആട്ടോ ബിയോഗ്രഫി ഓഫ് എ യോഗി” എന്ന പ്രസ്തമായ കൃതി രചിച്ച പരമഹംസ യോഗാനന്ദ പ്രാണനെ “ലൈഫ് ട്രോൺ” എന്നാണ് വിവക്ഷിച്ചത്.

സർവ്വ സൃഷ്ടി യിലും പ്രാണൻ എപ്പോഴും ഉണ്ട്. സൃഷ്ടി ക്കപ്പെട്ട ഓരോ വസ്തുവിലും ഉള്ള പ്രാണൻ ആണ് ആ വസ്തുവിന് ഒരു രൂപം നൽകി അതിനെ ഒരു വസ്തുവാക്കി ആവശ്യമുള്ള സമയത്തോളം നിലനിറുത്തന്നത്. അത് ഒരു പ്രപഞ്ചമായാലും ഒരു പുൽക്കൊടിയായാലും അങ്ങിനെ തന്നെ. പ്രാണൻ ഇല്ലായിരുന്നെങ്കിൽ ഇവിടെ ഒന്നും തന്നെ നിലനിൽക്കുമായിരുന്നില്ല. പ്രാണനെ പ്രപഞ്ചത്തിൽ നിന്ന് പിൻവലിച്ചാൽ, പ്രപഞ്ചത്തിൻ്റെ മൊത്തം ശിഥിലീകരണം ആയിരിക്കും ഫലം. ജീവനുള്ളതോ അല്ലാത്തതോ ആയ സർവ്വ വസ്തുക്കളും പ്രാണൻ കാരണം നിലനിൽക്കുന്നു. ഒരു മൺതരി രൂപമുള്ള ഒരു മൺതരി ആയി നിലനിൽക്കുന്നത് അതിൽ പ്രാണൻ ഉള്ളതുകൊണ്ടാണ്. ഒരു വസ്തുവിൽ ഉള്ള പ്രാണൻ്റെ സാന്ദ്രത, സാന്ദ്രതയിലെ വ്യതിയാനങ്ങൾ ഇതൊക്കെ അനുസരിച്ച് ആ വസ്തു ചലനാത്മകമായിരിക്കുമോ ചലനാത്മകമല്ലാതെ ആയിരിക്കുമോ ചെയ്യും എന്ന് മാത്രം. ഏറ്റവും ഉയർന്ന തലത്തിൽ മുതൽ താഴെതലത്തിൽ വരെ ഉള്ള എല്ലാ വസ്തുക്കളുടെ അസ്തിത്വത്തിനു പിന്നിലുള്ള വസ്തുത പ്രാണൻ തന്നെ ആണ്. പ്രാണൻ ‘ജീവൻ’ ആയതുകൊണ്ട്, നിലനിൽപ്പുള്ളതെല്ലാം ജീവൻ തന്നെ ആണ്.

ഇടി മുഴങ്ങുന്നതും, മിന്നലുകൾ ഉണ്ടാകുന്നതും, പക്ഷി പറക്കുന്നതും, പൂക്കൾ വിരിയുന്നതും, മാവ് പൂക്കുന്നതും, ആകാശത്ത് വിമാനങ്ങൾ പറക്കുന്നതും, ഭൂമിയിൽ ട്രെയിനുകൾ ഓടുന്നതും, നമ്മൾ ശ്വസിക്കുന്നതും എല്ലാം പ്രാണൻ പ്രവർത്തിക്കുന്നതാണ്.

ജീവന് നിലനിൽക്കുവാൻ പ്രാണനും പ്രജ്ഞാനവും (അവബോധം) ഉണ്ടായിരിക്കണം. ബോധപൂർവ്വം ഉള്ള ഒരു അനുഭവം നമുക്ക് നൽകുന്നത് പ്രജ്ഞാനം ആണ്. നമ്മളെ ബോധപൂർവ്വം ഒരു അനുഭവത്തോട് അടുപ്പിച്ചു നിറുത്തുന്നത് പ്രാണനാണ്, പ്രാണനെ അങ്ങിനെ അടുപ്പിച്ച് നിറുത്തുവാൻ പ്രീണിപ്പിക്കുന്നത് ജന്മ ‘വാസന’കൾ ആണ്. “വാസന” എന്നാൽ ജന്മനാ നമ്മിൽ അന്തർലീനമായ ആഗ്രഹമാണ്. അതിനാൽ, പ്രാണനും വാസനയും പ്രജ്ഞാനത്തിൻ്റെ രണ്ട് താങ്ങുകളാണ്. ഒരു ജീവനുള്ള ജീവിയെ “പ്രാണി” എന്ന് വിളിക്കുന്നത്, പ്രാണൻ പ്രജ്ഞാനവും ആയി ചേർന്ന് നിൽക്കുന്നത് കൊണ്ടാണ്. ഒരു വസ്തു നിലനിൽക്കുന്നത് പ്രജ്ഞാനം ഉള്ളതുകൊണ്ടല്ല. അതുപോലെ പ്രാണൻ നിലനിൽപ്പിൻ്റെ ഫലമായി ഉണ്ടാകുന്ന ഒന്നല്ല. പ്രജ്ഞാനവും പ്രാണനും ഒരുമിച്ചു ചേർന്ന് സുഹൃത്തുക്കളായി നിൽക്കുന്നതുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്.

നാഡികളും പ്രാണ വിതരണ ശൃംഖലകളും

മനുഷ്യൻ്റെ മെറ്റാഫിസിക്കൽ ഫിസിയോളജിയിൽ പ്രാണമയ ശരീരത്തിൻ്റെ സ്ഥാനം നമ്മൾ ഇതിനകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞല്ലോ. പ്രാണമയ ശരീരത്തിലെ എഴുപത്തീരായിരത്തിലധികം വരുന്ന സൂക്ഷ്മ നാഡികളിലൂടെ ജീവശക്തിയായ പ്രാണൻ അനസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നതിനാൽ ആണ് ശരീരവും ശരീരത്തിലെ വിവിധ വ്യവസ്ഥകളും പ്രവർത്തന ക്ഷമമായി നിലകൊള്ളുന്നത്. പ്രാണൻ എന്ന ഊർജ്ജത്തിൻ്റെ വിതരണത്തിനുള്ള അതി സൂക്ഷ്മമായ നെറ്റ് വർക്ക് ശൃഖലകൾ ആണ് നാഡികൾ. അന്നമയ കോശത്തിലെ രക്ത ചംക്രമണ വ്യവസ്ഥ പോലേയോ നാഡീവ്യൂഹ വ്യവസ്ഥപോലേയോ ഉള്ള വിതരണ വ്യൂഹ വ്യവസ്ഥയായി അവയെ കരുതാവുന്നതാണ്. എന്നാൽ പ്രാണ വിതരണത്തിനുള്ള നാഡികൾ അദൃശ്യമായ പ്രാണമയ കോശത്തിലെ അദൃശ്യമായ വ്യൂഹങ്ങൾ ആണ്. പ്രാണ ഊർജ്ജത്തിൻ്റെ പ്രവാഹത്തിനുള്ള അതി സൂക്ഷ്മമായ “ചാലുകൾ” ആണ് അവ. പ്രാണ വാഹിനികൾ ആണ് നാഡികൾ. “ചാലുകൾ” എന്ന് പറയുമ്പോൾ അവ രക്തധമനികൾ പോലെ ഭൗതികമായ കണ്ണുകൾ കൊണ്ട് കാണുവാൻ കഴിയുന്ന കുഴലുകൾ ആണെന്ന് ധരിക്കരുത്. ജീവശക്തിയായ പ്രാണനെ ശരീരത്തിൻ്റെ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് പ്രവഹിപ്പിക്കുമ്പോൾ നാഡികൾ അതിനുള്ള അദൃശ്യമായ പാതകളായി പ്രവർത്തിക്കുന്നു. അല്ലാത്തപ്പോൾ നാഡികൾ ശരീരത്തിലെ ചലനശക്തിയായി നിലകൊള്ളുന്നു. “നെർവ് ഇമ്പൾസ്” എന്ന് ആധുനിക ശാസ്ത്രം പറയുന്നത് ഈ ചാലുകളിൽ കൂടി സംഭവിക്കുന്ന പ്രാണൻ്റെ പ്രയാണങ്ങൾ ആണ്.

എഴുപത്തീരായിരത്തിൽ അധികം വരുന്ന പ്രാണ നാഡീ വ്യൂഹ വ്യവസ്ഥയിൽ പതിനാലു പ്രധാനപ്പെട്ട നാഡികൾ ആണുള്ളത്. ഈ പതിനാലു നാഡികളിൽ ഏറ്റവും പ്രാധാന്യമുള്ളത് “ഇഡ”, “പിംഗള”, “സുഷുമ്ന” എന്ന മൂന്ന് നാഡികളാണ്. ഈ മൂന്നു നാഡികളിൽ പരമപ്രധാനം സുഷുമ്ന നാഡിയാണ്. അന്നമയ കോശത്തിലെ നട്ടെല്ലിൻ്റെ അകത്ത് ആണ് സുഷുമ്ന നാഡിയുടെ സ്ഥാനം. നട്ടെല്ലിൻ്റെ ഏറ്റവും താഴെ ഉള്ള കശേരുവിൻ്റെ ഉള്ളിൽ നിന്നും ആരംഭിച്ച്‌ നട്ടെല്ലിൻ്റെ ഉള്ളിലൂടെ നട്ടെല്ലിന് സമാന്തരമായി മുകളിൽ മസ്തിഷ്കത്തിൻ്റെ മദ്ധ്യഭാഗത്തുള്ള പീനിയൽ ഗ്രന്ഥി വരെ പോകുന്ന അദൃശ്യമായ നാഡിയാണ് സുഷുമ്ന. സുഷുമ്നയുടെ ഇടത്ത് ഭാഗത്തായി ഇഡയും, വലത്ത് ഭാഗത്തായി പിംഗളയും ഇതേ മാർഗ്ഗത്തിലൂടെ സുഷുമ്നാ നാഡിയെ അനുഗമിക്കുന്നുണ്ട്.

“ഇഡ” നാഡിയാണ് മനസ്സിൻ്റെ എല്ലാ പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നത്. “പിംഗള” നാഡിയാണ് ശരീരത്തിൻ്റെ എല്ലാ ചലനങ്ങളേയും പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നത്. ആത്മീയ ബോധം ഉണർത്തുന്നത് “സുഷുമ്ന” നാഡിയാണ്. അതായത്, “ഇഡ” നാഡി മനഃശക്തിയും, “പിംഗള” നാഡി പ്രാണശക്തിയും, “സുഷുമ്ന” നാഡി ആത്മീയ ശക്തിയും പ്രദാനം ചെയ്യുന്നു എന്നർത്ഥം.

മനുഷ്യ ശരീരത്തിലെ പ്രാണ നാഡീ വ്യൂഹ വ്യവസ്ഥയിൽ 72000 ത്തിൽപ്പരം നാഡികളെ കൂടാതെ 114 വിതരണ കേന്ദ്രങ്ങൾ കൂടി ഉണ്ട്. പ്രാണ നാഡികൾ വൈദുതി വിതരണ കമ്പികൾ ആണെന്ന് സങ്കല്പിച്ചാൽ ചക്രങ്ങൾ സബ് സ്റ്റേഷനുകളോ ഇലക്ട്രിക് പോസ്റ്റുകളോ ആയി സങ്കല്പിക്കാവുന്നതാണ്. അതിനെ “ചക്രങ്ങൾ” എന്നാണ് പറയുന്നത്. ഇതിൽ 12 ചക്രങ്ങൾ പ്രധാനപ്പെട്ടവയാണ്. അതിൽ 7 ചക്രങ്ങൾ പരമ പ്രധാനമാണ്. ഈ 7 ചക്രങ്ങൾ ശരീരത്തിനകത്തും 5 ചക്രങ്ങൾ ശരീരത്തിന് പുറത്തും ആണ്. മൂലാധാര ചക്രം, സ്വാധിഷ്ഠാന ചക്രം, മണിപൂരക ചക്രം, അനഹത ചക്രം, വിശുദ്ധി ചക്രം, ആജ്ഞാ ചക്രം, സഹസ്രാര ചക്രം എന്നിങ്ങനെ ആണ് പ്രധാനപ്പെട്ട 7 ചക്രങ്ങളുടെ പേരുകൾ. ഈ 7 ചക്രങ്ങളും ഭൗതിക ശരീരത്തിൽ ഇഡ-സുഷുമ്ന-പിംഗള നാഡികളുടെ സഞ്ചാര പഥത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും താഴെ ഇഡ-സുഷുമ്ന-പിംഗള നാഡികൾ ആരംഭിക്കുന്നത് മൂലാധാര ചക്രത്തിൽ നിന്നും ആണ്. ഏറ്റവും മുകളിൽ ഉയർന്ന ചക്രം സഹസ്രാര ചക്രം ആണ്. ഇഡയും പിംഗളയും രണ്ട് ഇഴകൾ ഉള്ള ഒരു കയർ പരസ്പരം ഇഴ പിരിഞ്ഞിരിക്കുന്നതുപോലെ, സ്വാധിഷ്ഠാന ചക്രം, മണിപൂരക ചക്രം, അനഹത ചക്രം, വിശുദ്ധി ചക്രം, ആജ്ഞാ ചക്രം, എന്നീ അഞ്ചു ചക്രങ്ങളിൽ പരസ്പരം കൂട്ടിമുട്ടി വീണ്ടും വിപരീത ദിശയിൽ പിരിഞ്ഞുകൊണ്ടാണ് മുകളിലേക്ക് പോകുന്നത്. സുഷുമ്ന നാഡി മൂലാധാര ചക്രത്തിൽ നിന്നും, നേർ രേഖയിൽ യാതൊരു ഇഴപിരിച്ചിലും കൂടാതെ എല്ലാ ചക്രങ്ങളിലും കയറി ഇറങ്ങി സഹസ്രാര ചക്രത്തിൽ എത്തിച്ചേരുന്നു. പ്രധാനപ്പെട്ട ഏഴു ചക്രങ്ങളുടെ ശരീരത്തിലെ സ്ഥാനങ്ങളും അവയിലൂടെ മൂന്ന് നാഡികൾ കയറി ഇറങ്ങുന്നതിൻ്റെ സ്വഭാവങ്ങളും താഴെ ക്കൊടുക്കുന്ന ചിത്രത്തിൽ നിന്നും വ്യക്തമാണ്.

അനസ്യൂതം പ്രാണ പ്രവാഹം  നടത്തിക്കൊടുക്കുന്ന നാഡികളും പ്രണൻ്റെ  വിതരണം വിവിധ തലങ്ങളിൽ നിർവഹിക്കുന്ന ചക്രങ്ങളും പ്രവർത്തന ക്ഷമായി നിൽക്കേണ്ടത്  അവയിലൂടെ ഉള്ള പ്രാണ പ്രവാഹത്തിനും ശരീരത്തിൻ്റെയും മനസ്സിൻ്റെയും  കൃത്യമായ പ്രവർത്തന ക്ഷമതക്കും  അത്യന്താപേക്ഷിതമാണ്. എന്നാൽ തെറ്റായ ജീവിത രീതികൾ, ആഹാര സമ്പ്രദായങ്ങൾ ഒക്കെ കൊണ്ട് അന്നമയ ശരീരത്തിനും, മനസ്സിൻ്റെ  തെറ്റായ പ്രയോഗങ്ങൾ കൊണ്ട്  മനോന്മയ ശരീരത്തിനും വന്നു ചേരുന്ന ക്ലേശങ്ങൾ മൂലം ഈ നാഡികൾക്ക് ക്ഷതവും സമ്മർദ്ദവും സംഭവിക്കാറുണ്ട്. അതുകൊണ്ട് അവയിലൂടെ  ഉള്ള പ്രാണ പ്രവാഹം  തടസ്സപ്പെട്ട് കുറഞ്ഞു വരുന്നു. അതിൻ്റെ ഫലമായി ശരീരത്തിൽ വേദനകളും വിഷമങ്ങളും അനുഭവപ്പെടുവാൻ തുടങ്ങുന്നു. ആയുർവേദത്തിൻ്റെ അടിസ്ഥാനങ്ങളിൽ ഒന്ന് ഇതാണ്.

സഞ്ചിത കർമ്മ ബന്ധനത്തിൻ്റെ (സഞ്ചിത കർമ്മം എന്താണെന്ന് പുറകെ വ്യക്തമാക്കുന്നുണ്ട്) കെട്ടുപാടുകൾ നിലനിൽക്കുന്നതും, അത് ഫലപ്രദമായി അലിയിച്ചു കളയുവാൻ കഴിയാതെ പോകുന്നതും, പുതിയ കർമ്മങ്ങൾ സൃഷ്ടി ക്കപ്പെടലും  എല്ലാം  നാഡികളെ കൂടുതൽ തടസ്സപ്പെടുത്തും.

ക്ലാവ് പിടിച്ച കമ്പികളിൽ കൂടി വൈദ്യുതി പ്രാവാഹത്തിന് തടസ്സം നേരിടുന്നതുപോലേയോ,  അടഞ്ഞ പൈപ്പുകളിൽ കൂടി ജലപ്രവാഹത്തിന് തടസ്സം നേരിടുന്നതുപോലേയോ ആണ് പ്രാണപ്രവാഹവും തടസ്സപ്പെടുന്നതും മന്ദീഭവിക്കുന്നതും ഒക്കെ.  അന്നമയ ശരീരവും, മനോന്മയ ശരീരവും, പ്രാണമയ ശരീരവും സൃഷ്ടി ക്കപ്പെട്ട ഭൗതിക പദാർത്ഥങ്ങൾ ആണ്. ഭൗതിക പദാർത്ഥങ്ങൾ എന്ന് പറയുമ്പോൾ, “ന്യൂട്ടോണിയൻ ലോകത്തിലെ” പദാർത്ഥങ്ങൾ  എന്ന് മനസ്സിലാക്കണം. അതുകൊണ്ട് ഭൗതിക നിയയമങ്ങൾ അവക്ക് ബാധകമാണ്. എന്നാൽ കാരണശരീരം (വിജ്ഞാനമയ ശരീരവും ആനന്ദമയശരീരവും ഒരുമിച്ച് )  സൃഷ്ടി യ്ക്കപ്പെട്ട ഒന്നല്ല. ആദിയിലേ അസ്തിത്വം ഉള്ളതാണ് കാരണശരീരം. കാരണശരീരം “ക്വാൻഡം ലോകത്തിലെ” വസ്തുതകൾ ആണ് എന്നും മനസ്സിലാക്കണം. 

ക്ലാവ് പിടിച്ച കമ്പികൾ ശുദ്ധീകരിച്ചാൽ വൈദുതി വീണ്ടും പ്രവഹിക്കുന്നതുപോലെ, അല്ലെങ്കിൽ പൈപ്പുകളിലെ തടസ്സം നീക്കിയാൽ ജലം വീണ്ടും തടസ്സമില്ലാതെ ഒഴുകുന്നതുപോലെ നാഡി ശുദ്ധീകരണം ചെയ്യമ്പോൾ പ്രാണ പ്രവാഹം വീണ്ടും ആരംഭിക്കും. പൈപ്പുകളിലെ തടസ്സം നീക്കം ചെയ്യുവാൻ വെള്ളം പമ്പ് ചെയ്യുന്നതു പോലെ, നാഡികളിലെ തടസ്സങ്ങൾ നീക്കം ചെയ്യുവാൻ പ്രാണൻ തന്നെ ബോധപൂർവ്വം ഉപയോഗിക്കുന്ന രീതിയും ഉണ്ട്.  അഷ്ടാംഗ യോഗത്തിൽ വരുന്ന യോഗാസനങ്ങളും, പ്രാണായാമങ്ങളും പരിശീലിക്കുന്നതിലൂടെ നാഡി ശുദ്ധി നടത്തി പ്രാണ പ്രയാണം സുഗമാക്കുന്നത് അവബോധ വികസനത്തിന് വളരെ അധികം സഹായിക്കും. യോഗാസനമുറകളും സാധാരണ വ്യായാമ മുറകളെക്കാൾ അധികം നാഡിയിലൂടെ ഉള്ള പ്രാണ പ്രയാണത്തിന് ശക്തി വർദ്ധിപ്പിക്കും. ആ വിധത്തിലാണ് വിവിധ ആസനങ്ങൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ആയുർ വേദത്തിലെ ഉഴിച്ചിലും, പിഴിച്ചിലും, ചൈനീസ് സമ്പ്രദായങ്ങൾ ആയ  അക്ക്യൂ പഞ്ചർ, അക്ക്യൂ പ്രെഷർ തുടങ്ങിയ ചികത്സാരീതികളും എല്ലാ നാഡി ശുദ്ധിയിലൂടെ പ്രാണ പ്രയാണം സുഗമമാക്കുന്നതിനാൽ  ആണ്  രോഗങ്ങൾ അപ്രത്യക്ഷമാകുന്നത്. 

കാലം, കർമ്മം (ഡാറ്റ), ഊർജ്ജം 

അടുത്തതായി നമുക്ക് ജന്മ സമ്പത്തായി നല്കപ്പെട്ട്  ലഭിച്ചിരിക്കുന്ന  മറ്റു മൂന്ന് വിഭവങ്ങൾ ആയ കാലം, കർമ്മം ഊർജ്ജം എന്നിവയെ കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കാം. ആദ്യം, “കാലം” എന്താണെന്ന് നോക്കാം. “കാലം”  എന്നാൽ “കാല ദൈർഖ്യം” എന്നർത്ഥം. അന്നമയ ശരീരം രൂപം കൊള്ളുമ്പോൾ തന്നെ അതിൻ്റെ നിലനിൽപ്പിൻ്റെ കാല ദൈർഖ്യം കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.  ആ കാല ദൈർഖ്യം കൂട്ടുവാനോ കുറക്കുവാനോ കഴിയുകയില്ല. നിശ്ചിത സമയത്തേക്ക് മാത്രമാണ് അന്നമയ ശരീരം നിലകൊള്ളുന്നത്. നൽകപ്പെട്ട സമയം കഴിയുമ്പോൾ അന്നമയ ശരീരം പിൻവാങ്ങും. “മരണം” എന്ന് നമ്മൾ വിവക്ഷിക്കുന്ന പ്രതിഭാസം  അന്നമയ ശരീരത്തിൻ്റെ അത്തരം പിൻവാങ്ങലാണ്.   

വേണ്ട രീതിയിൽ അന്നമയ ശരീരം പരിരക്ഷിച്ചാൽ നൽകപ്പെട്ട സമയം മുഴുവനും അന്നമയ ശരീരം  പ്രവർത്തന ക്ഷമമായി നിലനിൽക്കും. മാത്രവുമല്ല, ആ കാല ദൈർഖ്യം എന്നത് തന്നിരിക്കുന്ന മറ്റു രണ്ടു വിഭവങ്ങൾ ആയ കർമ്മം (ഡാറ്റ), ഊർജ്ജം എന്നിവയുമായി ബന്ധപ്പെടുത്തിയിട്ടും ഉണ്ട്. നല്കപ്പെട്ടിരിക്കുന്ന കർമ്മം (ഡാറ്റ) മുഴുവനും, നൽകപ്പെട്ടിരിക്കുന്ന ഊർജ്ജവും അന്നമയ ശരീരവും  ഉപയോഗിച്ച് നല്കപ്പെട്ടിരിക്കുന്ന സമയത്തിനുള്ളിൽ ഉപയോഗിച്ച് തീർക്കണം. അതാണ് ഈ മൂന്നു വിഭവങ്ങൾ  തമ്മിൽ ബന്ധപ്പെട്ടു നിൽക്കുന്ന നിബന്ധന. സമയം കഴിയുന്നതിന് മുൻപ് അന്നമയ ശരീരം അകാലത്തിൽ ഉപയോഗശൂന്യമായാൽ  നിബന്ധന ഖണ്ഡിക്കപ്പെടും. അപകടങ്ങളിൽ പെട്ട് അന്നമയ ശരീരം ഉപയോഗശൂന്യമാകാം. അതുപോലെ ആത്മഹത്യ മൂലം അന്നമയ ശരീരം ഉപയോഗശൂന്യമാകാം. അതുമല്ലെങ്കിൽ പുകവലി, മദ്യപാനം, ലക്കും ലഗാനും ഇല്ലാത്ത ജീവിത രീതികൾ ഇതൊക്കെ കൊണ്ട് അന്നമയ ശരീരം ഉപയോഗശൂന്യമാകാം. നല്കപ്പെട്ടിരിക്കുന്ന കാലദൈർഖ്യം പൂർത്തിയാകുന്നതിന് മുൻപ് അന്നമയ ശരീരം  ഏതു വിധത്തിൽ നഷ്ടപ്പെട്ടാലും അത് മേൽപ്പറഞ്ഞ നിബന്ധന ഖണ്ഡിക്കൽ ആയിത്തീരും.  

മേൽപ്പറഞ്ഞ പഞ്ചശരീരങ്ങളും അതോടൊപ്പം മൂന്നുവിധത്തിലുള്ള വിഭവങ്ങളും മേൽപ്പറഞ്ഞ നിബന്ധനക്ക് വിധേയമായി നമുക്ക് നൽകിയിരിക്കുന്നത് നമ്മൾ അതുവരെ അറിഞ്ഞോ അറിയാതെയോ ശേഖരിച്ചു കൂട്ടിയ കർമ്മം (ഡാറ്റ) ഒന്നും അവശേഷിപ്പിക്കാതെ ഉപയോഗിച്ച് തീർക്കുവാൻ വേണ്ടിയാണ്.  നിബന്ധനകൾ  പൂർണ്ണമായി പാലിച്ചു കൊണ്ട്‌ നൽകപ്പെട്ട കർമ്മം (ഡാറ്റ)  ഉപയോഗിച്ച് തീർന്നാൽ, താമസംവിനാ മറ്റൊരു ക്ലിപ്ത സമയത്തേക്ക് അന്നമയ ശരീരവും, കർമ്മവും (ഡാറ്റയും), ഊർജവും ലഭിക്കും. അങ്ങിനെ   ശേഖരിക്കപ്പെട്ട എല്ലാ കർമ്മവും (ഡാറ്റയും) ഉപയോഗിച്ച് തീരുന്നതു വരെ പുതിയ  അവസരങ്ങൾ ലഭിക്കും. അതായത് പുതിയ  അന്നമയ ശരീരവും, കർമ്മവും (ഡാറ്റയും), ഊർജവും ലഭിച്ചുകൊണ്ടേ ഇരിക്കും. നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ പുതിയ ഒരു അവസരം ലഭിക്കുന്നതിൽ ഒഴിവാക്കാവുന്ന കാലതാമസം വന്നു ചേരും. അങ്ങിനെ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്  “പ്രേതങ്ങൾ ഉണ്ടോ?” എന്ന പേരിൽ മറ്റൊരു കൃതിയിൽ വിശദമായി പ്രതിപാദിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല.  യാതൊന്നും അവശേഷിപ്പിക്കാതെ നൽകപ്പെട്ട കർമ്മം (ഡാറ്റ) സമർത്ഥമായി എങ്ങിനെ ഉപയോഗിച്ച് തീർക്കാം എന്നതിനെ കുറിച്ച് പുറകെ വിശദമാക്കുന്നുണ്ട്.

ഇവിടെ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. നിശ്ചിത  കാലത്തിനുള്ളിൽ, നല്കപ്പെട്ടിരിക്കുന്ന കർമ്മം (ഡാറ്റ), നൽകപ്പെട്ടിരിക്കുന്ന ഊർജ്ജം ഉപയോഗിച്ച്    യാതൊരു അവശേഷിപ്പുകളും  ഇല്ലാതെ ചെയ്ത് അവസാനിപ്പിക്കുവാൻ  അവബോധ വികസനം അത്യന്തം ആവശ്യമാണ്. ഉയർന്ന ധാർമ്മികതയും അച്ചടക്കത്തോടുകൂടിയ ജീവിതവും അനിവാര്യമാണ്. സനാതന ധർമ്മം നൽകുന്നത് അത്തരത്തിലുള്ള ഒരു ധാർമ്മിക ജീവിത രീതിയാണ്. അവരവരുടെ നിലവിലുള്ള അവബോധത്തിൻ്റെ  വികസനത്തിലൂടെ ഉയർന്ന ധാർമ്മികതയും അച്ചടക്കത്തോടുകൂടിയ ജീവിതവും ക്രമേണ കൈവരിച്ച് സഞ്ചിതമായ എല്ലാ കർമ്മങ്ങളും (ഡാറ്റകളും) യാതൊരു ശേഷിപ്പുകളും ഇല്ലാതെ ചെയ്ത് അവസാനിപ്പിക്കുന്നതിലൂടെ ആണ് ജീവിതത്തിലെ ദുഖങ്ങളും ക്ലേശങ്ങളും  എന്നന്നേക്കുമായി തരണം ചെയ്ത് പരിണാമത്തിൻ്റെ ഉയർന്ന തലങ്ങളിലേക്കുള്ള പ്രവേശനം നമുക്ക്  സാദ്ധ്യമാകൂ. ഇവിടെയാണ് സനാതന ധർമ്മത്തിൻ്റെ വലിയ ചിത്രം നമ്മൾ കാണേണ്ടത്.    

ഇനി അടുത്തതായി കർമ്മം (ഡാറ്റാ) എന്താണെന്ന്  പൊതുവായി ഒന്ന്  പരിശോധിക്കാം. ഇത് സംബന്ധിച്ച് കൂടുതൽ  വിശദശാംശങ്ങൾ പുറകെ ചർച്ച ചെയ്യുന്നുണ്ട്. നിശ്ചിത കാലത്തിനുള്ളിൽ നമുക്ക് പൂർണ്ണമായും ഉപയോഗിച്ച് അവസാനിപ്പിക്കുവാൻ കഴിയുന്ന കർമ്മത്തിന് ഒരു ക്ലിപ്തതയുണ്ട്.  അതനുസരിച്ചുള്ള നിശ്ചിത അളവിൽ മാത്രമേ  കർമ്മം (ഡാറ്റാ) ഓരോ അവസരത്തിലും നല്കപ്പെടുന്നുള്ളൂ.  കർമ്മം (ഡാറ്റാ)  എന്ന വിഷയം മനസ്സിലാക്കുവാൻ വിവര സാങ്കേതിക വിദ്യയിലെ ‘മെമ്മറി’   എന്ന പദവുമായി  അതിനെ ഉപമിക്കുകയാണ് ഉത്തമം. മനുഷ്യൻ്റെ സമഗ്രമായ ഘടനയിൽ ഇപ്പറഞ്ഞ   “മെമ്മറി”യുടെ റോൾ എന്താണെന്ന് കൂടി നമ്മൾ മനസ്സിലാക്കണം. ജീവൻ്റെ  വലിയ ചിത്രവും അത് നൽകുന്ന ഗൗരവവും    മനസ്സിലാക്കുവാൻ   ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആണ്. ഇവിടെ “മെമ്മറി” എന്ന് പറയുന്നത്, നമ്മൾ ബോധമനസ്സിൽ  ഓർത്തെടുക്കുന്ന  സംഗതികൾ മാത്രം അല്ല. ഇൻഫോർമേഷൻ ടെക്‌നോളജിയിലെ ‘സ്റ്റോർഡ് ഡാറ്റ ‘ ആണ്  ഇവിടെ ‘മെമ്മറി’ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. 

ആൾഷിമിയെർ രോഗബാധിതരായി ഓർമ്മ നഷ്ടപ്പെട്ടു ജീവിക്കുന്നവരുടെ ജീവിതത്തിലേക്ക് നോക്കിയാൽ അറിയാം ജീവിതത്തിൻ്റെ ക്വാളിറ്റി നിശ്ചയിക്കുന്നതിൽ ‘മെമ്മറി’ ക്കുള്ള സ്ഥാനം.  അതാത് സമയത്ത് നമ്മുടെ ബോധ മനസ്സിന് – കോൺഷ്യസ് മൈൻഡിന് – സൂക്ഷിച്ചുവച്ചിരിക്കുന്ന ഡാറ്റ ബാങ്കിലേക്ക് പ്രവേശനം ലഭിക്കാത്തതാണ് ആൾഷിമിയെർ എന്ന ഓർമ്മ നഷ്ടപ്പെട്ട നിലക്കുള്ള കാരണം. മനുഷ്യൻ എന്ന് പറയുന്നത് എനർജിയുടേയും ഡാറ്റയുടേയും അദൃശ്യമായ  ഒരു  കൊക്കൂൺ ആണ് – ഒരു ഫീൽഡ് ആണ്. ഒരു ബലൂൺ  ആണ്.  ഈ  എനർജിയിൽ എംബെഡ്ഡ്ഡ് ആണ് ഡാറ്റ. നമ്മുടെ ശരീരത്തിലേയും മനസ്സിലേയും സർവ്വ പ്രവർത്തനങ്ങളും നടക്കുന്നത്  വിവിധ തലങ്ങളിൽ ആയി  ക്രമീകരിച്ചിരിക്കുന്ന ഡാറ്റകൾ അനുസരിച്ചാണ്.  അത് മാത്രമല്ല, നമ്മുടെ ജീവിതത്തിലെ സർവ്വ സംഭവങ്ങളും അനുഭവങ്ങളും ഒക്കെ അരങ്ങേറുന്നതും, നമ്മുടെ ജന്മ സിദ്ധമായ വാസനകൾക്കും പ്രവണതകൾക്കും  ഒക്കെ കാരണമാകുന്നതും  എല്ലാം   നമ്മിലെ ഈ  കാർമ്മീക  ഡാറ്റാ ബാങ്കുകൾ ആണ്.   ഈ ഡാറ്റാ  ബാങ്കുകളുടെ   പ്രാധാന്യം തിരിച്ചറിയുവാൻ വേണ്ടി  ചില ഉദാഹരണങ്ങൾ നൽകാം.

  1. ചുരുങ്ങിയത് 25 – 30 ട്രില്യൻ സെല്ലുകൾ ഒരു പൂർണ്ണ വളർച്ച എത്തിയ മനുഷ്യ ശരീരത്തിൽ ഉണ്ട്. ഈ സെല്ലുകൾ ഒക്കെയും ഇരുനൂറോളം ഉള്ള വിവിധ പ്രവർത്തികൾക്കായി  ഡിസൈൻ ചെയ്യപ്പെട്ട വിവിധ  ആകൃതിയും പ്രകൃതിയും ഉത്തരവാദിത്വവും  ഉള്ള വിവിധ ടൈപ്പ് സെല്ലുകൾ ആണ്. ഇത്രയും സെല്ലുകൾ ഉണ്ടാകുന്നത് മുഴുവനും, പുരുഷ ബീജവും, സ്ത്രീ അണ്ഡവും ചേർന്ന് ആദ്യമായി രൂപീകൃതമാകുന്ന ഒരൊറ്റ സെല്ലിൽ നിന്നും ആണ്.  ഒരു സെല്ല് രണ്ടു സെല്ലാകും, രണ്ട് നാലാകും, നാല് എട്ടാകും അങ്ങിനെ പെരുകി പെരുകി ആണ് ഇരുനൂറോളം ഇനത്തിൽ പെട്ട മുപ്പത് ട്രില്യൺ സെല്ലുകൾ ആകുന്നത്. വിവിധ ആകൃതിയും, പ്രകൃതിയും  പ്രവർത്തനവും ഉള്ള വിവിധ  സെല്ലുകളും, ടിഷ്യുകളും, അവയവങ്ങളും ഒക്കെ ഉണ്ടാകുന്ന ഈ ഒരൊറ്റ ഫെർട്ടിലൈസ്ഡ് അണ്ഡത്തിൽ നിന്നും ആണ്. എങ്ങിനെ ആണ് ഈ സെല്ലുകൾക്ക് തങ്ങൾ ഏത് ടൈപ്പ് സെല്ലുകൾ ആയി, ഏത് ടൈപ്പ് ടിഷ്യു ആയി, ഏത് അവയവം ആയി  മനുഷ്യ ശരീരത്തിലെ ഏതു പ്രവർത്തി  ചെയ്യണം എന്ന  അറിവ് ലഭിക്കുന്നത്? പ്രാണൻ എന്ന ഊർജത്തിൽ അന്തർ ലീനമായിരിക്കുന്ന ആ ഇൻറ്റലിജൻറ്റ് ഡാറ്റാ ബാങ്ക് ആണ് ആ വിവരം ഓരോ സെല്ലിനും കൊടുക്കുന്നത്.
  2. വിവിധ തരത്തിലുള്ള ആഹാരം ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ ഓരോ തരം ആഹാരത്തിനും അനുയോജ്യമായ ദഹന പ്രക്രിയകളും ബിയോകെമിക്കൽ പ്രോസസ്സുകളും നടക്കുന്നത് എങ്ങിനെ ആണ്? സ്റ്റോർഡ് ഡാറ്റയിൽ  നിന്നും ആണ് അതിനുള്ള അറിവ് ലഭിക്കുന്നത്. 
  3. നൂറു അപരിചിത മുഖങ്ങൾക്കിടയിൽ നിങ്ങൾക്ക് പരിചിതമായ ഒരു മുഖം കണ്ടാൽ  നിങ്ങൾ ഉടനടി അത് തിരിച്ചറിയണം എങ്കിൽ എത്ര വലിയ ഡാറ്റാ ബേസിൽ നിന്നും എത്ര കാര്യക്ഷമമായിട്ടായിരിക്കും ഡാറ്റ സെർച്ചിങ് നടക്കുന്നത്!
  4. എങ്ങിനെ ആണ് പല തലമുറകൾക്ക് മുൻപ് ജീവിച്ചിരുന്ന നിങ്ങളുടെ ഒരു പൂർവികൻ്റെ മുഖഛായ നമുക്ക് ലഭിക്കുന്നത്? തലമുറകൾ അയി സംഭരിച്ചു കൈമാറി വരുന്ന ഡാറ്റാ ബാങ്കിൽ നിന്നും ആണ് അത് നമുക്ക് ലഭിക്കുന്നത്.

പ്രധാനമായി എട്ടു തരം മെമ്മറി ഡാറ്റാ ബാങ്കുകൾ   ആണ് നമ്മുടെ നോൺഫിസിക്കൽ സ്ട്രക്ച്ചറിൻ്റെ  നെടുംതൂണായി  ആയി പ്രവർത്തിക്കുന്നത് എന്നാണു സനാതന ധർമ്മം  നമുക്ക് പറഞ്ഞു തരുന്നത്.  ഒന്നാമത്തേത് ഭൗതിക സൃഷ്ടി യുടെ അടിസ്ഥാന ബിൽഡിംഗ് ബ്ലോക്കുകൾ ആയ പഞ്ചഭൂത മൂലകങ്ങളുടെ  ഡാറ്റാ ബാങ്ക്. അതായത് ഭൂമി , ജലം, അഗ്നി, വായു, ആകാശം എന്ന   തത്വങ്ങളുടെ   വിശദശാംശങ്ങളും അവ തമ്മിൽ തമ്മിൽ ഉള്ള പ്രവർത്തനങ്ങളുടെ രീതിയും – ഭൂമി, ജലം, തുടങ്ങിയ ഭൗതിക വസ്തുക്കളെ കുറിച്ചല്ല. അവയുടെ നിർമ്മിതിക്ക് ആവശ്യമായ വിവര സാങ്കേതിക വിദ്യയാണ് ആദ്യത്തെ മെമ്മറി ഡാറ്റാ  ബാങ്ക്.  അതുപയോഗിച്ചാണ് ശൂന്യതയിൽ നിന്നും ഭൗതിക വസ്തുക്കൾ ഉണ്ടാകുന്നത്. സനാതന ധർമ്മത്തിൽ അടിസ്ഥാന നിർമ്മാണ വസ്തുക്കൾ “ആറ്റം” അല്ല. സബ് അറ്റോമിക് പാർട്ടിക്കിളുകൾ ആയ പഞ്ചഭൂത മൂലകങ്ങൾ ആണ്. ഇന്ന്  ആധുനിക സയൻസും  മുപ്പതിലധികം സബ് അറ്റോമിക് പാർട്ടിക്കിളുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടല്ലോ.

രണ്ടാമതായിട്ടുള്ള  ഡാറ്റാ  ബാങ്ക്  പഞ്ചഭൂതങ്ങൾ  ഉപയോഗിച്ച്  ഭൗതിക വസ്തുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ  ഡാറ്റാകൾ ആണ്.  മൂന്നാമത്തെ ഡാറ്റാ ബാങ്ക് ഭൗതിക വസ്തുക്കളുടെ തുടന്നുള്ള പരിണാമ പഥത്തിൻ്റെ  വിശദശാംങ്ങൾ ആണ്.  നാലാമത്തെ ഡാറ്റാ ബാങ്ക് ജനിതക ഇൻഫർമേഷൻ ആണ്. ഏത് സെല്ല്  ഏതു അവയവം ആയി തീരണം, എന്തെല്ലാം സ്വഭാവങ്ങൾ പ്രകടമാകണം എന്ന് തുടങ്ങിയ വിവരങ്ങൾ ആണ് നാലാമത്തെ ഡാറ്റാ ബാങ്കിൽ. അഞ്ചാമത്തെ ഡാറ്റാ  ബാങ്ക് ഒരോ ജന്മത്തിലും ചെയ്ത പ്രവർത്തികളുടെ അനന്തര ഫലത്തിൻ്റെ വിവരങ്ങൾ ആണ് – കർമ്മ ഫലത്തിൻ്റെ ഡാറ്റാ. കർമ്മ നിയമങ്ങളും അവയുടെ പ്രവർത്തന രീതിയും പുറകെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.  ആറും, ഏഴും, എട്ടും ഡാറ്റാ ബാങ്കുകൾ മനസ്സിൻ്റെ മൂന്ന് തലങ്ങളിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന  ഡാറ്റാ റെക്കോർഡുകൾ ആണ്.  അബോധമനസ്സിലെ റെക്കോർഡുകൾ, ഉപബോധ മനസ്സിലെ റെക്കോർഡുകൾ ബോധമനസ്സിലെ റെക്കോർഡുകൾ.  അങ്ങിനെ എട്ടു തരം ‘മെമ്മറി’ ഡാറ്റാകളും അഞ്ചു ആവരണങ്ങളും കൊണ്ട് നിർമ്മിക്കപ്പെട്ട  പ്രജ്ഞാനത്തിൻ്റെ ബലൂൺ കുമിളകളാണ് ആണ് നമ്മൾ ഓരോ മനുഷ്യനും. പ്രജ്ഞാനത്തിൻ്റെ തന്നെ അനന്ത വിഹായസ്സിൽ ഒഴുകി നടക്കുന്ന   പരിമിതമായ പ്രജ്ഞാനത്തിൻ്റെ ബലൂൺ കുമിളകൾ – അവബോധത്തിൻ്റെ കുമിളകൾ.  അവബോധ വികസനത്തിലൂടെ ഈ കുമിളകൾ കൂടുതൽ കൂടുതൽ വലിയ അവബോധ കുമിളകൾ ആയിത്തീരുകയും അതോടെ അഞ്ച് പാളികൾ ഉള്ള ബലൂൺ ആവരണത്തിൻ്റെ  കട്ടി കുറക്കുകയും ആണ് ജീവിത ലക്‌ഷ്യം. കട്ടികുറഞ്ഞ ആവരണമുള്ള കൂറ്റൻ പ്രജ്ഞാന ബലൂണുകൾ  അനായാസേന ആനന്ദ പ്രയാണം ചെയ്യുന്നു. കട്ടിയുള്ള ആവരണത്തോട് കൂടിയ കുഞ്ഞൻ ബലൂണുകൾ തട്ടിയും മുട്ടിയും വേദനിച്ചും പ്രയാണം ചെയ്യുന്നു. അവബോധ ബലൂൺ ആവരണത്തിൻ്റെ കട്ടി കുറക്കുവാനും, അവബോധ  ബലൂൺ കൂടുതൽ കൂടുതൽ വലുതാക്കുവാനും ചില പ്രത്യേക രീതികൾ അവലംബിച്ചു ജീവിക്കേണ്ടതുണ്ട്. ആ ജീവിത രീതിയാണ് സ്പിരിച്ചുവാലിറ്റി അല്ലെങ്കിൽ ആത്മീയ ജീവിതം. ആ ജീവിത രീതിയാണ് സനാതന ധർമ്മം നൽകുന്നത്. 

“ഞാൻ” “പ്രജ്ഞാനം” തന്നെ!

മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ വിഢിത്തം നമ്മൾ യഥാർത്ഥത്തിൽ ആരാണെന്ന അറിവില്ലായ്മ ആണെന്നാണ് സനാതന ധർമ്മം പഠിപ്പിക്കുന്നത്. ഈ തെറ്റിദ്ധാരണ നികത്തുക എന്നതാണ് സനാതന ധർമ്മത്തിൽ ചരിക്കുന്ന ഒരു വ്യക്തിയുടെ  പ്രഥമ കർത്തവ്യം. സനാതന ധർമ്മം പറഞ്ഞു തരുന്ന വിവരണങ്ങൾ അനുസരിച്ച് നമുക്ക് അഞ്ച് ശരീരങ്ങൾ ആണ് ഉള്ളത് എന്ന് നമ്മൾ കണ്ടു.  ഈ അഞ്ച് ശരീരങ്ങൾ  ഉള്ളതിൽ “ഞാൻ” എന്ന് വിവക്ഷിക്കുന്നത്  അതിൽ ഏതു ശരീരത്തെ  ആണ് എന്ന തിരിച്ചറിവ് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. യഥാർത്ഥത്തിൽ “ഞാൻ” ആരാണ്? ഞാൻ അന്നമയ ശരീരമാണോ, മനോന്മയ ശരീരമാണോ, പ്രാണമയ ശരീരമാണോ? അതോ, ജ്ഞാനമയ-ആനന്ദമയ ശരീര സമുച്ചയങ്ങളാണോ?  “ഞാൻ” എന്ന വാക്കുകൊണ്ട്, ഈ അഞ്ച് ശരീരങ്ങളിൽ ഏതു ശരീരത്തെ ആണ് നമ്മൾ ഉദ്ദേശിക്കുന്നത്? 

‘ഞാൻ ജീവിച്ചിരിക്കുന്നു” എന്ന അനിഷേദ്ധ്യമായ ഒരു സ്വയം-അറിവ്  അല്ലെങ്കിൽ ഒരു “സ്വ-ബോധം” അനുനിമിഷം  നമുക്ക് ഓരോരുത്തർക്കും നിലവിലുണ്ട്.  ആ സ്വ-ബോധം   നിത്യ സാധാരണമായ ഒന്നായത്  കൊണ്ടു  തിരിച്ചറിയുന്നില്ല  എന്ന് മാത്രമേ ഉള്ളൂ.  ഒരു ചെറിയ നിരീക്ഷണത്തിലൂടെ നമുക്ക് ഇത് വ്യക്തമാകും.   

ഒരു നിമിഷം കണ്ണടച്ചുകൊണ്ട് ‘എനിക്ക് ഈ ശരീരം ഇല്ല’ എന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കുക. അങ്ങിനെ ചെയ്യുമ്പോൾ ബോധപൂർവ്വം നമ്മൾ അന്നമയ ശരീരത്തെ (ശരീര ബോധത്തെ) ഇല്ലാതെ ആക്കുകയാണ് ചെയ്യുന്നത് .   അതുപോലെ തന്നെ ‘എനിക്ക് ഈ മനസ്സും ഇല്ല’ എന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കുക. അങ്ങിനെ ചെയ്യുമ്പോൾ മനസ്സിനേയും മനസ്സിലെ ചിന്തകളേയും  ബോധപൂർവ്വം ഇല്ലാതെ ആക്കുകയാണ് ചെയ്യുന്നത്.   അത് മാത്രം പോരാ –  ശരീരം ഒരു അണുഇട പോലും   അനക്കാതെ   ചലനമറ്റ്  ഇരിക്കുക. അങ്ങിനെ ചെയുമ്പോൾ  പ്രാണമയ ശരീരത്തിൽ നിന്നും ഒഴുകുന്ന പ്രാണനെ നമ്മൾ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. 

അങ്ങിനെ ആദ്യത്തെ മൂന്ന് ശരീരങ്ങളേയും ബോധപൂർവ്വം പരിമിതപ്പെടുത്തി നിറുത്തുമ്പോഴും, “ഞാൻ” എന്ന അവബോധം അപ്പോഴും നമുക്ക്  ഉണ്ട്. അതിനർത്ഥം ആദ്യത്തെ മൂന്ന് ശരീരങ്ങൾ അല്ല നമ്മൾ എന്നാണ്.  “ജ്ഞാനമയ ശരീരവും ആനന്ദമയ ശരീരവും ആണ് “ഞാൻ” എന്ന ബോധത്തിന് നിദാനം എന്ന് വ്യക്തമാകുന്നു.    “ഞാൻ ജീവിച്ചിരിക്കുന്നു” എന്ന ആ സ്വയം-അറിവ് അപ്പോഴും ബാക്കി നിൽക്കുന്നുണ്ട്  നമുക്ക്. ആ സ്വയം ഉള്ളിൽ നിതാന്തമായി  തോന്നിക്കൊണ്ടിരിക്കുന്ന  ‘ഞാൻ’ എന്ന, അനു നിമിഷം ഉള്ള, അടർത്തി മാറ്റിക്കളയുവാൻ കഴിയാത്ത,   ആ സ്വ-ബോധം ആണ് സനാതന ധർമ്മത്തിൽ   യഥാർത്ഥത്തിൽ ഉള്ള  “ഞാൻ” എന്ന ഘടകം.  ശരീരമില്ലെങ്കിലും, മനസ്സില്ലെങ്കിലും, പ്രാണൻ ഇല്ലെങ്കിലും  “ഞാൻ” എന്ന ആ ഉള്ളറിവ്  ഉണ്ടായിരിക്കും എന്ന്കാണാം. സത്യത്തിൽ ആ ഏകാഗ്രമായ “ഞാൻ” എന്ന അനുഭവം ബോധപൂർവ്വപൂവ്വം പരിശീലിക്കുന്നതാണ് ധ്യാനം  അഥവാ മെഡിറ്റേഷൻ. അത് തന്നെ അബോധപൂർവ്വം സംഭവിക്കുന്നതാണ് ഗാഢ നിദ്ര.  ശരീരവും മനസ്സും പ്രാണ സഞ്ചാരവും ഹാജരില്ലാതിരുന്ന  ഗാഢ നിദ്രയിലും  “ഞാൻ” ഗാഢമായി ഉറങ്ങി എന്ന അറിവ് അറിഞ്ഞത്  ആ “ഞാൻ” ഘടകം മൂലമാണ്. അതുകൊണ്ടാണ്  പിറ്റേന്ന് പുലരിയിൽ, “ഞാൻ ബോധം കെട്ടുറങ്ങി”എന്ന വിവരം നമ്മൾ അറിയുന്നത്.

ലോകത്തിന് ഭാരതത്തിൻ്റെ  തനതായ സംഭാവനയാണ് ഈ  ‘ഞാൻ’ എന്ന ഘടകത്തിൻ്റെ കൃത്യമായ കണ്ടെത്തൽ. സർവ്വജ്ഞാനവും, നിത്യമായ നിലനിൽപ്പും, നിത്യനൂതനമായ ആനന്ദവും സ്വന്തം ഭാവമായിട്ടുള്ള  ആ കാരണ ശരീരത്തിന് നിദാനമാണ് “ഞാൻ” എന്ന ഘടകം – അതായത്, വിജ്ഞാനമയ ശരീരവും ആനന്ദമയ ശരീരവും ചേർന്ന കാരണ ശരീരം എന്നത്  ശുദ്ധമായ പ്രജ്ഞാനത്തിൻ്റെ അനാദിയായ, ദൃശ്യമല്ലാത്ത, അരൂപിയായ, ഒരു   “ഫീൽഡ്” ആണ് സത്യത്തിൽ ഞാൻ എന്നത്. ശരീരവും മനസ്സും, പ്രാണനും ഞാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ് – അവയൊന്നും ഞാൻ അല്ല.

ഇപ്പറഞ്ഞ  “ഞാൻ” എന്ന അറിവ്   ബാഹ്യമായ ഒരു   “അറിവല്ല” –  ഉദാഹരണത്തിന്,  ‘മാർക്കറ്റിൽ ഒരു കിലോ അരിക്ക്  അൻപത് രൂപയാണ് വില’, എന്നത് ഒരു അറിവാണ് എന്ന് കരുതുക. ഈ ഉദാഹരണത്തിൽ അരിയുടെ വില അറിയുന്ന ഒരാളാണ് ഞാൻ. അരിയുടെ വില എന്നതാണ്  അറിവ്. ആ അറിവ് വേറെ, അരിയുടെ വില അറിഞ്ഞു ആ അറിവ്  കൈവശം വച്ചിരിക്കുന്ന വ്യക്തിയായ  “ഞാൻ” വേറെ. അതായത്, അരിയുടെ വില “ഓബ്ജെക്റ്റ്‌” (ഗ്രഹിക്കപ്പെട്ടത്). ആ വില അറിയുന്ന ഞാൻ “സബ്ജെക്ട്”  (ഗ്രഹിതാവ്). “അറിയുക” എന്നത് ആ സബ്ജെക്റ്റും  ഓബ്ജെക്ടും തമ്മിലുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്.    അത് പോലെ ഉള്ള ഒരു ബാഹ്യമായ  ‘അറിവ്’ അല്ല ‘ഞാൻ” എന്ന ഈ ആന്തരികമായ സ്വ-അറിവ്.   അത് സ്വാഭാവികമായിട്ടുള്ള  ഒരു സ്വയ-ബോധമാണ്. അവിടെ അറിവ് എന്നത് ശുദ്ധമായ ‘സബ്ജെക്ടിവിറ്റി” ആണ്. അതുകൊണ്ട് നമുക്ക് അതിനെ ‘അറിവ്’ എന്ന് പേരിട്ട് വിളിക്കുവാൻ കഴിയില്ല, അത് ഒരു തരത്തിലുള്ള അറിവാണെങ്കിൽ പോലും. ഈ ശുദ്ധമായ ‘ഞാൻ’ എന്ന സബ്ജെക്ടിവിറ്റിയാകുന്ന ‘സ്വ-അറിവിന്’  വേറെ പല പേരുകളും ഉണ്ട് –  അവബോധം, പ്രജ്ഞാനം, ജീവൻ – ഇംഗ്ലീഷിൽ ‘consciousness’.  അരിയുടെ വില മാത്രമല്ല, സർവ്വതും ഗ്രഹിക്കുവാൻ കഴിയുന്നത് , “ഗ്രഹിക്കുക” എന്നത്   “ജീവൻ്റെ” സ്വഭാവ മായതുകൊണ്ടാണ്.  ഇനി അങ്ങോട്ട്, ഈ “ഞാൻ” എന്ന ശുദ്ധ ബോധത്തെ “ജീവൻ” അല്ലെങ്കിൽ “പ്രജ്ഞാനം” എന്നായിരിക്കും ഉപയോഗിക്കുന്നത് 

വിജ്ഞാനമയ ശരീരരവും, ആനന്ദ മയ ശരീരവും, രണ്ടും,  ഭാഷയുടെ  ഉപയോഗ സൗകര്യത്തിനായി “കോശങ്ങൾ” അല്ലെങ്കിൽ “ശരീരങ്ങൾ” എന്ന് വിവക്ഷിച്ചാലും  ഇവ രണ്ടു പ്രത്യേക ശരീരങ്ങൾ അല്ല. അവബോധത്തിൻ്റെ  ഒരു മഹാ  സാന്നിദ്ധ്യം ആണ് അവ. നിത്യമായ നിലനില്പിൻ്റെയും (അമരത്വം), സർവജ്ഞാനത്തിൻ്റെയും, നിത്യനൂതനവും നിതാന്തവും ആയ ആനന്ദത്തിൻ്റെയും   നിറസാന്നിധ്യം ആണ്  “ജീവൻ”, അല്ലെങ്കിൽ “പ്രജ്ഞാനം” അല്ലെങ്കിൽ “കോൺഷ്യസ്നെസ്സ്”.  ഈ സാന്നിദ്ധ്യം ആണ് യഥാർത്ഥത്തിൽ ഉള്ള “ഞാൻ” എന്ന തോന്നൽ.  ആ തോന്നൽ ആണ്  നമ്മുക്ക് എല്ലാം ഉള്ള “സ്വയാവബോധം”. അതിനെ ആണ്  “ജീവൻ” എന്ന് നമ്മൾ വിവക്ഷിക്കുന്നത്.  ആ ജീവൻ്റെ ഒരു ബിന്ദുവിന്  ചില കാരണങ്ങളാൽ  സൃഷ്ടി ക്കപ്പെട്ട്  ലഭിക്കുന്നതാണ് പ്രാണമയ ശരീരവും, മനോന്മയ ശരീരവും, അന്നമയ ശരീരവും. അങ്ങിനെ  സൃഷ്ടി ക്കപ്പെട്ട് സംഭവിച്ചതാണ്  നമ്മൾ ഓരോരുത്തരും. 

യുഗങ്ങൾ – അവബോധത്തിൻ്റെ റോളർകോസ്റ്റർ സവാരികൾ     

സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ്, മനുഷ്യന് ഭൂമിയും, സൂര്യനും, ചന്ദ്രനും, സൗരയൂഥവും, പ്രപഞ്ചവും ആയിട്ടുള്ള ബന്ധത്തെക്കുറിച്ച്  സനാതന ധർമ്മത്തിൻ്റെ വീക്ഷണങ്ങൾ.  കൃത്യമായ കാലപ്പഴക്കം നിർണ്ണയിക്കുവാൻ  സാധിക്കാത്തവിധം  പുരാതനമായ അറിവുകളുടെ സമാഹാരമാണ്,  “സൂര്യ സിദ്ധാന്തം” എന്ന ഭാരതീയ  ജ്യോതിശാസ്ത്രത്തിലെ സംസ്കൃത ഗ്രന്ഥം. ഈ ഗ്രന്ഥത്തിൽ പ്രകാശത്തിൻ്റെ വേഗത, വിവിധ നക്ഷത്ര സമൂഹങ്ങളുടേയും,  വിവിധ ഗ്രഹങ്ങളുടേയും ചന്ദ്രൻ്റെയും മറ്റും ചലനങ്ങൾ കണക്കാക്കുന്നതിനുള്ള നിയമങ്ങൾ  തുടങ്ങിയ  സങ്കീർണമായ പല ശാസ്ത്ര വിഷയങ്ങളും അടങ്ങിയിരിക്കുന്നുണ്ട്. മനുഷ്യൻ്റെ  ശ്വസനം, ഹൃദയസ്പന്ദനം, മാനസിക നില  തുടങ്ങിയ പല  ശാരീരിക  മാനസിക  ക്രമീകരണങ്ങളും , ഈ പ്രപഞ്ച വസ്തുക്കളുടെ ചലനങ്ങളും ആയി അഭേദ്യമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.  ഉദാഹരണത്തിന്, പൗർണ്ണമി ദിവസങ്ങളിൽ മാനസിക വിഭ്രാന്തി ഉള്ളവർക്ക് അത് വർദ്ധിക്കുന്നതും, സമുദ്രത്തിൽ വേലിയേറ്റം ഉണ്ടാകുന്നതും, കൃത്യമായ ചന്ദ്രമാസ കണക്ക് അനുസരിച്ചു സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകുന്നതും  എല്ലാം എല്ലാവർക്കും പൊതുവേ  അറിവുള്ള കാര്യങ്ങൾ ആണല്ലോ. എന്നാൽ,  മനുഷ്യാവബോധത്തിൻ്റെ വികാസത്തിലും സൗരയൂഥത്തിൻ്റെ ഭ്രമണ ചലനങ്ങൾ നിർണ്ണായകമായ സ്വാധീനം  ചെലുത്തുന്നുണ്ട് എന്ന വസ്തുത പലർക്കും അജ്ഞാതമായ  ഒരു കാര്യമാണ്.  

ഭൂമിയുടെ ഭ്രമണ  ചലനങ്ങളിൽ നിന്നും ആണല്ലോ ദിവസവും, വർഷവും കണക്കാക്കി കാല നിർണ്ണയം നടത്തുന്നത്. അതിനാൽ,  മനുഷ്യൻ്റെ ശാരീരികവും മാനസികവും ആയ കാര്യങ്ങളിൽ   കാലത്തിൻ്റെ  സ്വാധീനം ഉണ്ട് എന്നത് വ്യക്തമാണ്.  ഇതെല്ലാം  വളരെ കൃത്യമായി കണക്കിൽ എടുത്തിട്ടാണ് സനാതന ധർമ്മത്തിലെ  ജീവിത രീതികൾ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യാവബോധം  വികസിപ്പിക്കുക എന്നതാണ്  സനാതന ധർമ്മത്തിൻ്റെ ലക്ഷ്യം തന്നെ.  ഭൂമിയിൽ  മനുഷ്യൻ്റെ അവബോധം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്ന കാലത്ത്, നീതി ബോധവും ധർമ്മവും ഭൂമിയിൽ ഏറ്റവും  അധികം വികസിച്ചു നിൽക്കും എന്ന് സനാതന ധർമ്മം കൃത്യമായ നിരീക്ഷണത്തിലൂടെ  മനസ്സിലാക്കുന്നുണ്ട്. അതു കൊണ്ട്, കാലവും മനുഷ്യക്ലേശങ്ങളും തമ്മിലുള്ള നേരിട്ടുള്ള ബന്ധമുണ്ടെന്ന് വ്യക്തമാണ്.

അതായത്, കാലത്തിന് ‘ഗുണഗണങ്ങൾ’ എന്ന ഒരു സ്വഭാവ വിശേഷം  ഉണ്ട് എന്നത് അധികമാർക്കും അറിയില്ല. ചില കാലഘട്ടങ്ങളിൽ മനുഷ്യൻ്റെ അവബോധം സ്വാഭാവികമായി തന്നെ വളരെ ഉയർന്നതായിരിക്കും. അതുകൊണ്ടു തന്നെ ആ കാലങ്ങളിൽ ഭൂമിയിൽ ധർമ്മം രൂഢമൂലമായി നില നിൽക്കുന്നുണ്ടാകും. ചില കാലത്തു മനുഷ്യരാശിയുടെ പൊതുവായ  അവബോധം കുറഞ്ഞു പടുംതിരി കത്തി നിൽക്കും; അക്കാലങ്ങളിൽ ധർമ്മച്യുതി ഭൂമിയിൽ വളരെ അധികം കൂടുതൽ ആയിരിക്കുകയും ചെയ്യും. 

ഭൂമി അതിൻ്റെ  അച്ചുതണ്ടിൽ ഒരുതവണ കറങ്ങുന്ന 24  മണിക്കൂർ നേരത്തിൽ 12 മണിക്കൂർ രാത്രിയും, 12 മണിക്കൂർ പകലും ആണല്ലോ. രാത്രിക്കും പകലിനും രണ്ടു  “ഗുണങ്ങൾ” അല്ലെങ്കിൽ രണ്ടു  ‘സ്വഭാവങ്ങൾ’ ആണ് ഉള്ളത് എന്ന് കാണാം. നമ്മുടെ മാനസിക നിലകളേയും  ചിന്തകളേയും രണ്ടു വിവിധ രീതികളിൽ ആണ് രാത്രിയും, പകലും സ്വാധീനിക്കുന്നത്. അതുപോലെ പകൽ സമയത്ത്   തന്നെ, പ്രഭാതവും നട്ടുച്ചയും രണ്ടു വ്യത്യസ്ത രീതിയിലായിരിക്കും നമ്മുടെ ശാരീരിക മാനസിക നിലകളിൽ സ്വാധീനം ചെലുത്തുന്നത്. നട്ടുച്ചയും സന്ധ്യയും തമ്മിൽ താരതമ്യം ചെയ്ത് നോക്കിയാൽ തന്നെ  അറിയാം, അവ നമ്മുടെ മാനസികവും ശാരീരികവും ആയ നിലകളിൽ ചെലുത്തുന്ന സ്വാധീനങ്ങൾക്ക് വ്യത്യാസമുണ്ട് എന്ന്. നമ്മൾ കഴിക്കുന്ന ആഹാരങ്ങളും, നമ്മളിൽ സ്വാഭാവികമായി ഉയർന്നു വരുന്ന ചിന്തകളും ഒരു ദിവസത്തിലെ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്തങ്ങൾ ആയിരിക്കും.  ഉദാഹരണതിന്, നിങ്ങൾ ഒരു ഗായകനോ ഗായികയോ ആണെന്ന് സങ്കൽപ്പിക്കുക. വെളുപ്പിന് മൂന്നു മണിക്ക് നിങ്ങളോട് ഒരു ഗാനം ആലപിക്കുവാൻ പറഞ്ഞാൽ, നിങ്ങൾ ആലപിക്കുന്ന ഗാനവും , അതേ  ആവശ്യം രാത്രി ഏഴുമണിക്ക് ഉന്നയിച്ചാൽ നിങ്ങൾ ആലപിക്കുന്ന ഗാനവും രണ്ടും രണ്ടു വിധത്തിലുള്ളവ  ആയിരിക്കും. കാലത്തിന് അല്ലെങ്കിൽ സമയത്തിന് നമ്മളിൽ ഉള്ള അജ്ഞാത സ്വാധീനം ആണ് ഇത് കാണിക്കുന്നത്.

സനാതന ധർമ്മത്തിൽ  ‘കാലം’ എന്നത്  ഒരു നേർ രേഖയല്ല. കാലം ചക്രഗതിയിൽ പ്രദക്ഷിണം ചെയ്യന്ന  ഒന്നാണ്.  അതായത് ‘കാലം’ എന്ന് പറയുന്നത് അവസാനമില്ലാതെ നീണ്ടു നീണ്ടു പോകുന്ന ഒരു റെയിൽ പാളം പോലെയല്ല. കാലം ഒരു ഘടികാരത്തിലെ സൂചി  പോലെ ക്രമമായി സ്വയം പ്രദക്ഷിണം ചെയ്യുന്ന ആവർത്തന ക്ഷമമായ ഒന്നാണ്. ചക്രഗതിയിലൂടെ സ്വയം  പ്രദക്ഷിണം ചെയ്ത്  സ്വയം ആവർത്തിച്ചുകൊണ്ട് മുൻപോട്ടുപോകുന്ന കാലത്തിനെ    ഗ്രീക്ക് സംസ്കാരം “ക്രോണോസ്” എന്നാണ് വിളിച്ചിരുന്നത്. അതുകൂടാതെ നമ്മെ സ്വാധീനിക്കുന്ന കാലത്തിൻ്റെ പ്രത്യേക  സ്വഭാവ ഗുണത്തിനെ  ഗ്രീക്ക് സംസ്കാരത്തിൽ  “കൈറോസ്” എന്നുമാണ് അവർ  വിളിച്ചിരുന്നത്. 

ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം തിരിയുമ്പോൾ തന്നെ  സൂര്യനെ കേന്ദ്രമാക്കി  ഭ്രമണം ചെയ്യുന്നതനുസരിച്ച് ദിവസങ്ങളും വർഷങ്ങളും കണക്കാക്കി കാലം ഗണിക്കപ്പെടുകയാണല്ലോ ചെയ്യുന്നത്. അതുപോലെ തന്നെ അതേ  സമയത്ത്  നടക്കുന്ന – എന്നാൽ അതിനേക്കാളൊക്കെ വളരെ ബൃഹ്ത്തായ തോതിൽ നടക്കുന്ന –  മറ്റൊരു വലിയ ഭ്രമണത്തെക്കുറിച്ച് സനാതന ധർമ്മം  മനസ്സിലാക്കിയിരുന്നു.  സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയും മറ്റു 8 ഗ്രഹങ്ങളും ചേർന്ന നമ്മുടെ സൂര്യകുടുംബം ഒരുമിച്ച് പൊതുവായ മറ്റൊരു കേന്ദ്രത്തെ ചുറ്റിക്കൊണ്ട്  അതേ സമയത്ത് തന്നെ മറ്റൊരു  ഭ്രമണം കൂടി  ചെയ്യുന്നുണ്ട്. അതായത്, ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം കറങ്ങുമ്പോൾ തന്നെ, സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് കൂടാതെ സൂര്യൻ തൻ്റെ 9 ഗ്രഹങ്ങളേയും  ചേർത്തു പിടിച്ചുകൊണ്ട് തനിക്ക് കേന്ദ്രമായ മറ്റൊരു അജ്ഞാത കേന്ദ്രത്തെ ചുറ്റി,  പ്രപഞ്ചമെന്ന   മഹാശൂന്യതയിലൂടെ  വളരെ വേഗം യാത്ര ചെയ്തുകൊണ്ടിരിക്കുന്ന  ഒരു “സ്‌പേസ്‌ഷിപ്പ്” ആണ്.  ആ യാത്രയിൽ  ഭൂമി എന്ന ഒരു ചെറിയ  പ്രപഞ്ച യാനത്തിലാണ് നമ്മൾ!

ആ ഭ്രമണ പാത ദീർഘ വൃത്താകൃതിയിലാണ് എന്ന് പുരാതന  യോഗിവര്യന്മാർ  മനസ്സിലാക്കിയിരുന്നു. അത്തരത്തിലുള്ള ഒരാവർത്തി  പൂർണ്ണ ഭ്രമണം നടത്തുവാൻ സൂര്യകുടുംബം 25,920 വർഷങ്ങൾ ആണ് എടുക്കുന്നത്. ഈ  25,920 വർഷങ്ങൾ ആണ് ഒരു “യുഗം”. ഒരു ദിവസത്തിന് 24 മണിക്കൂറും, അതിൽ 12 മണിക്കൂർ അവരോഹണത്തിൻ്റെ  രാത്രിയും 12 മണിക്കൂർ ആരോഹണത്തിൻ്റെ പകലും ആയിരിക്കുന്നത് പോലെ, 25,920 വർഷങ്ങളുള്ള ഒരു മഹാ യുഗത്തിന് 12960 വർഷം ആരോഹണത്തിൻ്റെ പകലും, 12960 വർഷം അവരോഹണത്തിൻ്റെ രാത്രിയും ആണുള്ളത്.  ആരോഹണത്തിൻ്റെ 12960 വർഷമുള്ള   പകലിൽ  ക്രമാനുഗതമായി കുറഞ്ഞ അവബോധത്തിൽ നിന്നും കൂടിയ അവബോധത്തിലേക്കും,  അവരോഹണത്തിൻ്റെ 12960 വർഷമുള്ള   രാത്രിയിൽ  ക്രമാനുഗതമായി കൂടിയ അവബോധത്തിൽ നിന്നും കറഞ്ഞ അവബോധത്തിലേക്കും മനുഷ്യൻ്റെ അവബോധ നില മാറുന്നു. ഭൂമിയുടെ പ്രതലം സൂര്യനിൽ നിന്നും ഏറ്റവും അകന്നു നിൽക്കുന്ന അർദ്ധരാത്രി ഇരുട്ടും തണുപ്പും കൂടിയിരിക്കുകയും, ഏറ്റവും അടുത്തു നിൽക്കുന്ന നട്ടുച്ചക്ക് വെളിച്ചവും ചൂടും കൂടിയിരിക്കുകയും ചെയ്യന്നത് പോലെ ആണ് ഇതും. ചൂടിനും വെളിച്ചത്തിനും പകരം, ഇവിടെ അവബോധം ആണെന്ന് മാത്രം. സൂര്യകുടുംബത്തിൻ്റെ  ഭ്രമണ പഥം ദീർഘ വൃത്തം ആയതുകൊണ്ട് രണ്ടും തമ്മിലുള്ള അകലം ഒരു പൂർണ്ണ വൃത്തത്തേക്കാൾ  കൂടുതൽ ആയതുകൊണ്ട്, മനുഷ്യരിൽ  അവബോധത്തിൻ്റെ കൂടുതലും കുറവും രൂക്ഷം ആയിരിക്കും എന്ന് മാത്രം. 

മേൽപ്പറഞ്ഞ അവബോധത്തിൻ്റെ ആരോഹണവും അവരോഹണവും സംഭവിക്കുന്നത്, ഏറ്റവും കുറഞ്ഞ അവബോധത്തിൽ  നിന്നും ഏറ്റവും കൂടിയ അവബോധത്തിലേക്ക്  ക്രമാനുഗതങ്ങൾ ആയി യഥാക്രമം  വരുന്ന, കലി യുഗം, ദ്വാപരയുഗം, ത്രേതായുഗം, സത്യയുഗം  എന്നീ  നാല് ഘട്ടങ്ങളിൽ കൂടി ആണ്.  ആരോഹണത്തിൻ്റെ 1296 വർഷത്തെ  കലിയുഗവും, 2592  വർഷത്തെ ദ്വാപരയുഗവും, 3888  വർഷത്തെ ത്രേതായുഗവും, 5184 വർഷത്തെ സത്യയുഗവും ആയിരിക്കും ഉണ്ടാകുക. ഇതേ കാലയളവുകൾ വിപരീത ദിശയിൽ ഉള്ള  യുഗങ്ങൾ ആയിരിക്കും അവരോഹണ കാലത്ത് ഉണ്ടാകുക. 

ഈ നാല് യുഗങ്ങളിലും മനുഷ്യാവബോധത്തിൻ്റെ നിലവിലെ പൊതുവായ നിലക്ക്   അനുസൃതമായി ഭൂമിയിലെ ധാർമ്മികതയുടെ നിലവാരവും നാല് തലത്തിലായിരിക്കും. സനാതന ധർമ്മത്തിൽ ധാർമ്മികതയെ ഒരു വൃഷഭമായിട്ടാണ് (കാള) ഉപമിച്ചിരിക്കുന്നത്.  സത്യയുഗ കാലത്തിൽ ധാർമ്മിക വൃഷഭം നാല് കാലുകളിലായിക്കും നിൽക്കുന്നത്.   അതായത് ധർമ്മ പരിപാലനം വളരെ രൂഢമൂലമായിരിക്കും എന്നർത്ഥം.   എന്നാൽ ധർമ്മ വിഷഭം ത്രേതാ യുഗത്തിൽ മൂന്നു കാലുകളിലും, ദ്വാപരയുഗത്തിൽ രണ്ടു കാലുകളിലും, കലിയുഗത്തിൽ ഒറ്റക്കാലിലും ആയിരിക്കും നിൽക്കുക. മനോഹരമായ ഈ ഉപമയിൽ നിന്നും ആരോഹണാവരോഹണത്തിൻ്റെ   വിവിധ യുഗങ്ങളിൽ ധർമ്മത്തിൻ്റെ വൃദ്ധിയും ച്യുതിയും കൃത്യമായി മനസ്സലാക്കാവുന്നതാണ്. 

സാധാരണ മനുഷ്യന് അവബോധം ക്ഷയിച്ചിരിക്കുന്ന അവരോഹണ യുഗങ്ങളിൽ, പ്രത്യേകിച്ച് കലിയുഗത്തിൽ,  അവബോധത്തോടെ ജീവിക്കുക എന്നത് വളരെ ശ്രമകരമായിരിക്കും. അതുകൊണ്ട് അത്തരം അവസരങ്ങളിൽ ഉയർന്ന അവബോധമുള്ള പ്രവാചകരും, അവതാരങ്ങളും, യോഗികളും മനുഷ്യരെ ധാർമ്മികതയിലേക്ക് നയിക്കുന്നതിനായി കൂടുതൽ വരുകയും പോകുകയും ചെയ്യും. കലിയുഗ കാലത്ത് അവബോധത്തോടെ ജീവിക്കുവാൻ മനുഷ്യന് ഉയർന്ന ഇച്ഛാശക്തിയും ജ്ഞാന  ശക്തിയും ക്രിയാ ശക്തിയും ആവശ്യമാണ്. ഇത് മൂന്നും വർദ്ധിപ്പിക്കുവാനുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും ആണ് സനാതന ധർമ്മം പൊതുവെ  നൽകുന്നത്.

മഹാഭാരതയുദ്ധം അവസാനിക്കുന്നത് ക്രിസ്തുവിന് 3140 വർഷം മുൻപാണ്. അവരോഹണകാലത്തെ ദ്വാപരയുഗം അവസാനിച്ച് അവരോഹണ കലിയുഗം ആരംഭിക്കുന്നത് പ്രവാചക അവതാരം ആയിരുന്ന ശ്രീ കൃഷ്ണൻ ദേഹം ഉപേക്ഷിക്കുന്ന ബി.സി. 3102 – ആണ്.  മഹാഭാരതത്തിൽ ഉള്ള ജ്യോതിശാസ്ത്ര സൂചനകളിൽ നിന്നും ആണ് ഈ കാല നിർണ്ണയങ്ങൾ നടത്തുന്നത്. പ്രവാചകൻ അബ്രഹാമിൻ്റെ ജീവിത കാലം ബി.സി. 2800 നോട് അടുത്താണ്  എന്ന് ബൈബിളിലെ സൂചനകൾ നോക്കി നിർണ്ണയിക്കുന്നത് പോലെ തന്നെ ആണ് ഇതും. 

അതായത്, ഇപ്പോൾ ക്രിസ്തുവർഷം 2022 ആയിരിക്കുമ്പോൾ, ശ്രീകൃഷ്ണൻ്റെ  ദേഹവിയോഗം 5124 വർഷങ്ങൾ മുൻപായിരുന്നു എന്നർത്ഥം.   ഇതിൽ നിന്നും അവരോഹണത്തിലേയും ആരോഹണത്തിലേയും അവബോധവും  ധാർമ്മികതയും ഏറ്റവും അധികം നിപതിച്ച   1296 വർഷങ്ങൾ വീതമുള്ള ഇരട്ട കലിയുഗം അവസാനിച്ചു ബി.സി. 510 ൽ ആരോഹണത്തിലെ ദ്വാപരയുഗം ആരംഭിച്ചു എന്ന് കാണാവുന്നതാണ്. കൂടാതെ 2592 വർഷമുള്ള ആരോഹണത്തിലെ വർദ്ധിച്ചുവരുന്ന  അവബോധത്തോടെ ഉള്ള ദ്വാപരയുഗം അവസാനിച്ചു ആരോഹണതിലെ അതിലും കൂടുതൽ അവബോധമുള്ള ത്രേതായുഗം ആരംഭിക്കുവാൻ ഇനിയും 60 വർഷം ബാക്കിയുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. 

വിവിധ കാലഘട്ടങ്ങളിൽ നടന്ന ഗതകാല സംഭവങ്ങളിലേക്ക് നോക്കിയാൽ മനുഷ്യാവബോധത്തിൻ്റെ ക്ഷയവും  അത് നൽകുന്ന ധർമ്മ ച്യുതിയും വ്യക്തമായി മനസ്സിലാക്കാം. കഴിഞ്ഞ 200 വർഷത്തെ ലോക ചരിത്ര സംഭവങ്ങൾ പരിശോധിച്ചാൽ തന്നെ ധാർമ്മികതയുടെ തോത് അനുക്രമം വർദ്ധിച്ചു വരുന്നതായി കാണാവുന്നതാണ്.  മനുഷ്യകുലത്തിൻ്റെ പൊതുവായ അവബോധ വികസനത്തിൻ്റെ  അടുത്ത ഘട്ടത്തിലേക്ക് നമ്മൾ കടന്നതുകൊണ്ടാണ് ഈ വ്യത്യാസം പ്രകടമാകുന്നത്. കഴിഞ്ഞ നൂറുവർഷത്തിൽ പൊതുവേ ലോകത്തെല്ലായിടത്തും, എല്ലാ രംഗത്തും മനുഷ്യൻ കൈവരിച്ച പുരോഗതി അനിതരസാധാരണമാണ്. രാജ്യങ്ങൾ സ്വതന്ത്രമായി. ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, ഉത്പാദന-ഉപഭോഗ രംഗത്തും, സാമ്പത്തിക രംഗത്തും  വൻ കുതിച്ചു ചട്ടങ്ങൾ ഉണ്ടായി. ഇന്ന് ഒരു ശരാശരി മനുഷ്യന് കൈവന്നിരിക്കുന്ന ഉയർന്ന ജീവിത നിലവാരം, ആഹാര രീതി തുടങ്ങിയവ 100  വർഷങ്ങൾക്ക് മുൻപ് പല രാജാക്കന്മാർക്ക് പോലും ഉണ്ടായിരുന്നോ എന്നത് സംശയാസ്പദമാണ്.    

ധാർമ്മിക വിഷഭത്തിന് നാലുകാലുകളിൽ നിൽക്കുവാൻ ഇനിയും ബഹുദൂരം പോകാനുണ്ട് എന്ന വസ്തുതയും ശ്രദ്ധേയമാണ്.  യുഗങ്ങളുടെ സനാതന ധർമ്മത്തിലെ ധാരണകൾ വ്യക്തമാക്കുന്ന ഒരു ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മനുഷ്യാവബോധം ഒന്നിനൊന്ന് വികസിച്ചുവരുന്ന കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. സ്വയം യുക്തിയുക്തമായി   ചിന്തിക്കുവാനും കാര്യങ്ങൾ മനസ്സിലാക്കുവാൻ ശരാശരി മനുഷ്യനുള്ള കഴിവ് വർദ്ധിച്ചു വരുകയും ചെയ്യുന്ന  കാലഘട്ടമാണ് ഇപ്പോൾ. ആ വികാസത്തിൻ്റെ തീവ്രതയും വ്യാപനവും ഇനിയും വർദ്ധിക്കും എന്ന് ന്യായമായി കരുതാവുന്നതാണ്.

പുരാതന ഭാരതീയ സംസ്കാരത്തിൽ മാത്രമല്ല കാലത്തിൻ്റെ ഗുണ ഗണങ്ങൾ മനുഷ്യാവബോധത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന വസ്തുത  തിരിച്ചറിഞ്ഞതായി കാണുന്നത്. ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് മുൻപ്, സുവർണ്ണ യുഗം, വെള്ളി യുഗം, ചെമ്പ് യുഗം, ഇരുമ്പ് യുഗം എന്നിങ്ങനെ പുരാതന  ഗ്രീക്കുകാർ “ക്രോണോസ്”  കാല ഘടകങ്ങൾ ആയി   തിരിച്ചിരുന്നു.  പുരാതന പേർഷ്യയിലെ സൗരാഷ്ട്രീയർ  (ബി.സി 500) 12,000 വർഷം മുതൽ 3000 വർഷം വരെ ദൈർഖ്യം ഉള്ള  സ്വർണ്ണം, വെള്ളി, ഉരുക്ക്, ഇരുമ്പ് എന്നീ  4 ശാഖകളുള്ള ഒരു പ്രതീക വൃക്ഷമായി കണ്ടിരുന്നു.

പുരാതനമായ വടക്കൻ ജർമ്മനിക് സമൂഹങ്ങളിൽ  “നോർസ്” ഐതിഹ്യങ്ങൾ   നില നിന്നിരുന്നു.  അതിൽ  സമാധാന  കാലഘട്ടം, സാമൂഹിക ക്രമങ്ങളുടെ ഒരു കാലഘട്ടം, വർദ്ധിച്ചുവരുന്ന അക്രമത്തിൻ്റെ കാലഘട്ടം,  ധാർമ്മിക അരാജകത്വത്തിൻ്റെ   “രാഗ്നറോക്ക്” എന്ന് പ്രതിപാദിച്ചിരുന്ന അധഃപതന കാലഘട്ടം, എന്ന നാല് കാലഘട്ടങ്ങൾക്ക്  ശേഷം വീണ്ടും  ലോകം പുനഃസ്ഥാപിക്കപ്പെടുന്നതിനെ കുറിച്ചുള്ള  ഐതിഹ്യങ്ങൾ ഉണ്ടായിരുന്നു. 

അയർലണ്ടിലെ  കെൽറ്റിക് ഐതിഹ്യങ്ങളിൽ ,  “പാർത്തലോൺ” എന്ന് വിവക്ഷിച്ചിരുന്ന വെള്ളിയുഗം,   “നെമെഡ്” എന്ന് വിളിച്ചിരുന്ന വെങ്കലയുഗം, “ത്വാത്ന ദേ ഡെനാം” എന്ന പറഞ്ഞിരുന്ന സുവർണ്ണ യുഗം,  “മിലേഷ്യൻ” എന്ന കറുത്ത യുഗം  എന്നിവ ആയിട്ടാണ് യുഗങ്ങളെ അവയുടെ ഗുണഗണത്തിൻ്റെ  അടിസ്ഥാനത്തിൽ  തിരിച്ചിരുന്നത്.

ബി.സി.300 ലെ ഈജിപ്തിലെ  പുരോഹിതർ   ദൈവങ്ങൾ ഭരിച്ച കാലഘട്ടത്തെക്കുറിച്ചും, അതിനുശേഷം ദേവന്മാരും, പിന്നീട്  വീരന്മാരും ഭരിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും, തുടർന്ന്  സാധാരണ മനുഷ്യൻ ഭരിച്ചിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചും രേഖപ്പെടുത്തിരിയിട്ടുണ്ട്.

തെക്കേ അമേരിക്കയിലെ  പുരാതന “ഹോപ്പി”കൾക്കിടയിൽ (ബി.സി.500)   നാല് വിവിധ  ലോകങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ നില നിന്നിരുന്നു. ഒന്നും രണ്ടും ലോകങ്ങളിൽ സന്തുഷ്ടരായ, ആരോഗ്യമുള്ള ആളുകൾ, പരസ്പരം യോജിച്ചും പ്രകൃതിയുമായി ഒത്തിണങ്ങിയും  ജീവിക്കുന്നു.  മൂന്നാം ലോകത്തിൽ  ജനങ്ങൾ വലിയ നഗരങ്ങളിൽ താമസിച്ചുകൊണ്ട് , അഴിമതിയും യുദ്ധവും നടത്തുന്നു. നാലാമത്തെ ലോകത്തിൽ “ചൂട്, തണുപ്പ്”  “സൗന്ദര്യം, വൈരൂപ്യം” തുടങ്ങിയ ദ്വൈതതകൾ നിലനിൽക്കുന്നതായി അവർ വിശ്വസിച്ചു. 

ക്രിസ്തുവിനും 2000 വർഷങ്ങൾക്ക്  മുൻപ് ഇന്നത്തെ മെക്സിക്കോ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അതിവിപുലമായ ഒരു സംസ്കാരമായിരുന്നു ‘മായൻ’ സംസ്കാരം.    അവർക്ക്  വളരെ വ്യത്യസ്തമായ കാലത്തിൻ്റെ ഗുണഗങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്ന  ഒരു സങ്കീർണ്ണ ‘മായൻ’ കലണ്ടർ സമ്പ്രദായം ഉണ്ടായിരുന്നു. അവർ ജ്യോതിശാസ്‌ത്രം    സൂക്ഷ്മവും കൃത്യവുമായി  പഠനം നടത്തുകയും അവർ ജീവിച്ചിരുന്ന  ലോകത്തെ മനസ്സിലാക്കാനും ക്രമപ്പെടുത്താനുമുള്ള ഒരു മാർഗമായി ആ അറിവ് ഉപയോഗിക്കുകയും ചെയ്തു. ഈ പ്രകൃതിയും,   ലോകവും, പ്രപഞ്ചവും  മാത്രമല്ല  സ്വന്തം ശരീരം പോലും  പ്രവർത്തിക്കുന്നത്     സൂര്യ ചന്ദ്രന്മാരുടേയും നക്ഷത്രങ്ങളുടേയും ഭ്രമണങ്ങൾക്ക്  അനുസൃതമായി ആണെന്ന്  അവർ തിരിച്ചറിഞ്ഞിരുന്നു.  

ഒരു കാലഘട്ടത്തിൽ  വിവിധ സംസ്കാരങ്ങളിൽ നിലനിന്നിരുന്ന  പൊതു അറിവായിരുന്നു  കാലഘട്ടം മാറുന്നത് അനുസരിച്ചു മനുഷ്യരിൽ  അവബോധത്തിൻ്റെ തോതിൽ   ഉണ്ടാകുന്ന ആരോഹണവും അവരോഹണവും. അത്തരം വിശേഷപ്പെട്ട  അറിവുകൾ,  ലോകത്തിൽ നിന്ന് മിക്കവാറും എല്ലാം അപ്രത്യക്ഷമായെങ്കിലും, ഭാരതത്തിലെ സനാതന ധർമ്മത്തിൽ ഇന്നും അത് നിലനിൽക്കുന്നുണ്ട്. അതനുസരിച്ചാണ് സനാതന ധർമ്മം ജനങ്ങളുടെ ജീവിത രീതി വ്യവസ്ഥ ചെയ്തിട്ടുള്ളത്. സനാതന ധർമ്മത്തിലെ ദൈവ സങ്കല്പപ്പത്തിൽ  അവബോധവും  അവബോധ വികസനവും വഹിക്കുന്ന പങ്ക് എത്ര പ്രാധാന്യമുള്ളതാണ് എന്ന് ഇതിൽ നിന്നും വ്യക്തമാകുന്ന ഒന്നാണ്.

അവബോധ വികസനം  ഇംഗിതാനുസരണം 

അവബോധത്തിൻ്റെ ഏറ്റക്കുറച്ചിലുകൾ യുഗ പരിവൃത്തിയിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണെങ്കിൽ പിന്നെ മനുഷ്യന് എന്ത് ചെയ്യുവാൻ കഴിയും എന്ന ഒരു ചിന്തക്ക് ഇവിടെ പ്രസക്തി ഉണ്ട്. അവബോധ വികസനം യാന്ത്രികമായി നടക്കുന്ന ഒന്നാണോ, അതോ അതിൻ്റെ   ആവശ്യം സ്വയം മനസ്സിലാക്കി മനഃപൂർവ്വം  ഇച്ഛാപൂർവ്വം നടത്തേണ്ട ഒന്നാണോ എന്ന സംശയവും  തത്‌ഫലമായി ഉയർന്നേക്കാം.  അവബോധം ഏറ്റവും കുറഞ്ഞ കലിയുഗത്തിലും ഉയർന്ന അവബോധമുള്ളവർ ഉണ്ടായിരുന്നു. എന്നാൽ അവരുടെ എണ്ണം ആപേക്ഷികമായി കുറവായിരുന്നു എന്ന് മാത്രം. അതുപോലെ അവബോധം ഏറ്റവും കൂടി നിന്നിരുന്ന സത്യയുഗത്തിലും അവബോധം കുറഞ്ഞവർ ഉണ്ടായിരുന്നു. എന്നാൽ അവരുടെ എണ്ണവും  ആപേക്ഷികമായി കുറവായിരുന്നു എന്ന് മാത്രം. ഇതിൽ നിന്നും സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച്  എന്നും അവബോധം തിരിനീട്ടി ജ്വലിപ്പിച്ചു നിറുത്തേണ്ട ആവശ്യം സ്വയം വ്യക്തമാണല്ലോ. യുഗപരിണാമം മനുഷ്യ ശ്രമങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിന്നുകൊണ്ട് നാടകീയമാക്കുന്നുണ്ട് എന്ന് മാത്രം. 

അവബോധത്തിന് സ്വയം വികസന ശക്തിയുണ്ട്.  പക്ഷേ ആ വികസനം നമ്മുടെ  ഇംഗിതവും  ഇച്ഛാശക്തിയും പ്രയോഗിക്കുന്ന ദിശയിലേക്ക് ആയിരിക്കും സംഭവിക്കുന്നത് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. നമ്മുടെ ശ്രദ്ധ പോകുന്നിടത്തേക്കാണ്  ഊർജ്ജം ഒഴുകുന്നു. ആ ശ്രദ്ധ ബോധപൂർവ്വമായാലും അല്ലെങ്കിലും അത് തന്നെ സംഭവിക്കും. അതുകൊണ്ട് അവബോധ വികസനത്തിന് ബോധപൂർവ്വം തന്നെ ജാഗരൂകരായിഇരുന്നുകൊണ്ട് തന്നെ ചിന്തിക്കണം പെരുമാറണം എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

സനാതന ധർമ്മത്തിലെ പരമ്പരാഗത ജ്ഞാനം അനുസരിച്ച് സർവ്വ ചരാചരങ്ങൾക്കും – മൺതരികൾ, സസ്യജാലങ്ങൾ,ജന്തുജാലങ്ങൾ, മനുഷ്യൻ, ഭൂമി, ഗ്രഹങ്ങൾ, പ്രപഞ്ചം എല്ലാം അടങ്ങുന്ന സമസ്ത സൃഷ്ടി കളും – അവബോധ സമേതം നിലനിൽക്കുന്ന വസ്തുക്കൾ തന്നെ ആണെന്ന് നമ്മൾ കണ്ടു. സൃഷ്ടി യിലെ ഓരോ വസ്തുവിലും നിലകൊള്ളുന്ന അവബോധത്തിൻ്റെ തോത് അനുസരിച്ചുള്ള വാസ്‌തുശൈലിയായിരിക്കും ആ വസ്തുവിന് ഉണ്ടായിരിക്കുക. ആധുനിക സാങ്കേതിക ഭാഷയിൽ  പറഞ്ഞാൽ  സോഫ്റ്റ്‌വെയറിന് അനുസൃതമായ  ആർക്കിറ്റെക്ചർ ആയിരിക്കും ഹാർഡ് വയറിന് എന്നർത്ഥം. ഡാർവിൻ വിശദീകരിച്ച പരിണാമം ഹാർഡ് വെയറിൻ്റെ പരിണാമം ആണ്.  സോഫ്റ്റ്‌വെയർ വികസിക്കുന്നതുനസരിച്ച്  ഹാർഡ് വെയർ കൂടുതൽ കൂടുതൽ അനുയോജ്യമായ വിധത്തിൽ വ്യത്യാസപ്പെട്ടു വരുന്നു.   

മൺതരികളേക്കാൾ  പ്രവർത്തന സ്വാതന്ത്ര്യം സസ്യജാലങ്ങൾക്ക് ഉണ്ട്. സസ്യജാലങ്ങളേക്കാൾ പ്രവർത്തന സ്വാതന്ത്ര്യം  ജന്തുജാലങ്ങൾക്ക് ഉണ്ട്. അവയുടെ എല്ലാം അവബോധം അതനുസരിച്ചുള്ള നിലയിലായിരിക്കും. “മരണം” എന്ന് പറയുന്നത് ഹാർഡ് വെയറിൻ്റെ മാറ്റം മാത്രമാണ്. ആ മാറ്റം സംഭവിക്കുന്നത് ഹാർഡ് വെയറിൽ നിക്ഷിപ്തമായിരിക്കുന്ന സമയവും ഊർജവും ‘ഡാറ്റ”യും ഉപയോഗിച്ച് തീരുന്നത് അനുസരിച്ചാണ് എന്ന് നമ്മൾ കണ്ടു. അല്ലെങ്കിൽ ആകസ്മികമായി സംഭവിക്കുന്ന ഹാർഡ് വെയറിൻ്റെ വസ്തു നാശം കൊണ്ടും ആകാം. 

എന്തായാലും, “മനുഷ്യൻ” എന്ന  ഹാർഡ് വെയർ-സോഫ്റ്റ്‌വെയർ  ജോഡിയിൽ എത്തുന്നത് വരെ അവയിലുള്ള അവബോധം പ്രവർത്തിക്കുന്നത് “സഹജവാസന” അഥവാ “ഇൻസ്റ്റിൻകട്” എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്. അതായത് അവബോധ പരിണാമത്തിൻ്റെ  ഉത്തരവാദിത്വം  ഡാർവിൻ പറഞ്ഞ നിയമങ്ങൾ അനുസരിച്ചാണ് അതുവരെ നടന്നിരുന്നത്. ഇനി മുന്നോട്ട് അങ്ങിനെ അല്ല. മൺതരികൾക്കും സസ്യ-ജന്തു ജാലങ്ങൾക്കും അവബോധം ഉണ്ട്,  പക്ഷേ ആ അവബോധം മനുഷ്യൻ്റെ സ്വയാവബോധം അല്ല. മനുഷ്യൻ്റെ ഹാർഡ് വെയറിൽ അവബോധം എത്തുന്നതോട് കൂടി ജീവിതം എന്ന ‘കളി’യുടെ രീതികൾ  മാറി, നിയമങ്ങൾ മാറി. മുന്നോട്ടുള്ള മനുഷ്യൻ്റെ പരിണാമത്തിൻ്റെ ഉത്തരവാദിത്വം ആ ഹാർഡ് വെയറിൻ്റെ  സ്വയാവബോധത്തിനാണ്, അല്ലാതെ ‘സഹജാവബോധ’ത്തിനല്ല.  അതായത്  ലക്ഷ്യബോധത്തോടെ സ്വയാവബോധം സഹജമായ വാസനകളിൽ നിന്നും മോചനം നേടി  ബോധപൂർവ്വം സഞ്ചരിക്കണം എന്നർത്ഥം. 

മാറി മാറി വരുന്ന യുഗങ്ങളിൽ മാറി മാറി വരുന്ന അവബോധത്തിൻ്റെ ഉയർച്ചയും തളർച്ചയും  ജീവിതം എന്ന ഈ ‘കളി’ കൂടുതൽ തീവ്രമാക്കുന്നു എന്നേ ഉള്ളൂ. യുഗ ചക്രത്തിൻ്റെ  12,960 വർഷത്തെ ആരോഹണ   സമയങ്ങളിൽ  ജീവിതം എന്ന ‘കളി’ കൂടുതൽ കൂടുതൽ  എളുപ്പമായി വരും. ജീവിതം എന്ന ‘കളി’ ഏറ്റവും എളുപ്പമായ  സമയമാണ് 10,368 വർഷത്തെ മൊത്തം സുവർണ്ണയുഗം.   യുഗ ചക്രത്തിൻ്റെ  മറ്റൊരു 12,960 വർഷത്തെ അവരോഹണ   സമയങ്ങളിൽ ജീവിതം എന്ന  ‘കളി’ കൂടുതൽ കൂടുതൽ  കഠിനമായി വരും. ‘കളി’ ഏറ്റവും കഠിനമായ  സമയമാണ് 2592  വർഷത്തെ മൊത്തം കലിയുഗം. ഇപ്പോൾ ‘കളി’ എളുപ്പമായി വരുന്ന ആരോഹണ സമയമാണ്. അതുകൊണ്ടാണ്  ഈ വിഷയം ഇപ്പോൾ ഇവിടെ ചർച്ചയാവുന്നത് തന്നെ. ഈ അദ്ധ്യായത്തിൽ ഒന്നാമതായി ചർച്ച ചെയ്ത സുഖ ദുഃഖങ്ങളുടെ തനി ആവർത്തനത്തിൽ സൂചിപ്പിച്ച ദ്വന്ദങ്ങളുടെ സാന്നിദ്ധ്യത്തിന് മറ്റൊരു ഉദാഹരണം ആണ് ഇതും.

കാലഘട്ടം ഏതായാലും സുഗമമായ   ജീവിതത്തിന്  ഏറ്റവും അനുയോജ്യമായ വിധത്തിലാണ് സനാതന ധർമ്മം അതിൻ്റെ ജീവിത രീതി ഒരുക്കിയിരിക്കുന്നത്. അതനുസരിച്ചുള്ള ജീവിത ക്രമം  യുഗ പരിണാമത്തിൻ്റെ  ഏതു ഘട്ടത്തിലും അവബോധം വർദ്ധിപ്പിച്ചു കൊണ്ടുവരുവാൻ മനുഷ്യനെ പ്രാപ്തനാക്കും. അതുകൊണ്ടാണ് സനാതന ധർമ്മം ഒരു മതം ആല്ലാതാകുന്നത്. അനുനിമിഷം, അനുദിനം അവബോധത്തോടേയും തികഞ്ഞ ഉൾക്കാഴ്ചയോടേയും ജീവിക്കുക എന്നതാണ് സനാതന ധർമ്മത്തിലെ ജീവിത ലക്ഷ്യം. ഏത് യുഗത്തിനും അനുയോജ്യമായതു കൊണ്ടാണ് ഈ ധാർമ്മിക രീതി ‘സനാതനം’ ആകുന്നത്.

സുഖ ദുഃഖങ്ങളുടെ തനിയാവർത്തനങ്ങൾ 

വളരെ ശ്രദ്ധിച്ച് നിരീക്ഷിച്ചാൽ തിരിച്ചറിയുന്ന ഒരു വസ്തുത എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. എല്ലാവരും  അനന്തമായ, നിതാന്തമായ സുഖവും സന്തോഷവും കാംക്ഷിക്കുന്നു. ആർക്കും ദുഖവും ദുരിതവും ആവശ്യമില്ല. എങ്കിലും എല്ലാവർക്കും  സുഖവും സന്തോഷവും,   ദുഖവും ദുരിതവും ജീവിതം മുഴുവനും മാറി മാറി വരുകയും പോകുകയും ചെയ്തുകൊണ്ടേ ഇരിക്കുന്നു. രണ്ടും ശ്വാശ്വതമല്ല. ജനനം-മരണം, യൗവ്വനം-വാർദ്ധക്യം, സുഖം-ദുഃഖം, ആരോഗ്യം-രോഗം, ഇരുട്ട്-വെളിച്ചം,  രാത്രി-പകൽ എന്ന് തുടങ്ങി സർവ്വ തീവ്ര അനുഭവങ്ങളും ദ്വന്ദങ്ങൾ ആണ്. ഒരു ചക്രത്തിൽ എന്നപോലെ, ഈ ദ്വന്ദങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു. സനാതന ധർമ്മത്തിൽ ‘സംസാര ദുഃഖം’ എന്ന പദം ഉപയോഗിച്ച് വിവക്ഷിക്കുന്നത്  ഈ ദ്വന്ദാനുഭവങ്ങൾ സമ്മാനിക്കുന്ന ക്ലേശങ്ങളെ ആണ്. ‘സംസാരം’ എന്ന സംസ്കൃത പദത്തിൻ്റെ  അർത്ഥം തന്നെ ‘ ‘എന്നേക്കും തിരിയുന്നത്’ എന്നാണ്. ജീവിതം കഷ്ടപ്പാടുകൾ (ദുഃഖ), അല്ലെങ്കിൽ മിഥ്യാബോധം (മായ), അല്ലെങ്കിൽ അജ്ഞത (അവിദ്യ) ഇതെല്ലാം കൊണ്ട് നിറഞ്ഞതാണ്. ഇത്തരത്തിലുള്ള ആവർത്തന  ദുഃഖത്തിൽ നിമഗ്നമായ സ്ഥിതിയിലാണ് മനുഷ്യൻ ഇന്ന്.  ഇതിൽ നിന്നും ഉള്ള  ശാശ്വതമായ മോചനം ആണ് ഏവരും കാംക്ഷിക്കുന്നത്. സുഖ ദുഃഖങ്ങളുടെ ചാക്രിക ആവർത്തനത്തിൽ നിന്നും ഒരു മുക്തി ലഭിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഈ ദുഃഖ സ്ഥിയിൽ നിന്നുംമനുഷ്യ കുലത്തിനുള്ള  മോചനമാണ് സനാതന ധർമ്മത്തിൻ്റെ   ലക്ഷ്യവും ശ്രമവും. 

കർമ്മ നിയമങ്ങളും, കാര്യ കാരണ ബന്ധവും

അടുത്തതായി എന്താണ് കർമ്മ നിയമങ്ങൾ എന്നും എങ്ങിനെ ആണ് ആ നിയമങ്ങൾ പ്രവർത്തിക്കുന്നത് എന്നും നോക്കാം. ഭൗതിക ലോകത്തിലെ ന്യൂട്ടണ്‍ന്‍റെ  മൂന്നാം ചലന നിയമത്തിന് സമാനമാണ്    സനാത ധർമ്മത്തിലെ   കാര്യ കാരണ നിയമം. ഒരു കാരണം ഇല്ലാതെ ഒരു കാര്യം ഉണ്ടാകില്ല എന്നതാണ് പ്രാഥമികമായ തത്വം. കാരണത്തിന്‍റെ എല്ലാ സ്വഭാവങ്ങളും കാര്യത്തില്‍ അടങ്ങിയിരിക്കും. ഈ പ്രകൃതി നിയമമാണ്‌ കര്‍മ്മ നിയമങ്ങള്‍ക്ക് അടിസ്ഥാനം. പ്രകൃതി എന്നാല്‍ പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന പ്രപഞ്ചത്തെ ഒറ്റവാക്കില്‍ വിവക്ഷിക്കുന്ന സംസ്കൃത പദമാണ്. ഭൗതിക ലോകത്തിലെ ഭൗതിക പദാര്‍ത്ഥങ്ങളെ ബാധിക്കുന്ന നിയമങ്ങളാണ്  ഭൂമിയിലെ സയന്‍സ്  പഠിച്ചു പ്രചരിപ്പിക്കുന്ന ശാസ്ത്രീയ നിയമങ്ങള്‍. അതുപോലെ കാണാത്ത ആ വലിയ ഏക ജീവന്‍റെ വിവിധങ്ങളായ പ്രകടനങ്ങൾ അടങ്ങിയ മഹാ പ്രകൃതിക്കും  സമാനവും എന്നാല്‍ വ്യത്യസ്തവും ആയ നിയമങ്ങള്‍ ഉണ്ട്.  കര്‍മ്മ നിയമങ്ങള്‍ അതിലൊന്നാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം എങ്കില്‍ , ന്യൂട്ടോണിയന്‍ സയന്‍സിലെ നിയമങ്ങളും ക്വാണ്ടം ഫിസിക്സിലെ നിയമങ്ങളും തമ്മിലുള്ള അന്തരങ്ങള്‍ ശ്രദ്ധിക്കുക എന്ന് മാത്രം സൂചിപ്പിക്കട്ടെ. 

നിയമത്തെക്കുറിച്ചുള്ള അജ്ഞത ക്ഷമാപണമായി ഭൂമിയിലെ നിയമത്തിലായാലും  പ്രകൃതി നിയമത്തിലായാലും സ്വീകരിക്കപ്പെടുന്നില്ല. അതായത് “കര്‍മ്മ നിയമങ്ങള്‍ എനിക്കറിയില്ലായിരുന്നു, അതുകൊണ്ട് ക്ഷമിച്ചു മാപ്പ് തരണം” എന്ന് പറയാന്‍ കഴിയില്ല എന്നര്‍ത്ഥം! അതായത്, കര്‍മ്മ നിയമങ്ങള്‍ അനുസരിച്ച് നമുക്ക് വന്നു ചേരുന്ന അനുഭവങ്ങൾ  നമ്മള്‍ അനുഭവിച്ചു തന്നെ തീരണം എന്ന് അർത്ഥം. അറിവില്ലാത്തതുകൊണ്ട് വന്നുചേരുന്ന കർമ്മ ഫലങ്ങൾ  നമ്മുടെ കുറ്റമായി കരുതേണ്ടതില്ല. പക്ഷേ വന്നുപോയ തെറ്റുകൾ തിരിച്ചറിഞ്  തിരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.  ഇതിനകം വന്നു ചേർന്ന കര്‍മ്മ ഫലങ്ങള്‍ “വിധിപ്രകാരം” അനുഭവിച്ചുകൊണ്ട്, എന്നാൽ  പുതിയ  കര്‍മ്മഫലങ്ങള്‍ സൃഷ്ടി ക്കപ്പെടാതെയും, ഇനിയും വന്നുചേരാത്ത പഴയ കർമ്മങ്ങളുടെ ഫലങ്ങൾ മുളക്കാന്‍ അവസരം കൊടുക്കാതേയും വേണം  മരണം വരെ ജീവിക്കുവാന്‍. അത് നമ്മുടെ ഉത്തരവാദിത്വമാണ്. ഉദാഹരണത്തിന്, ഒരു എഞ്ചിനീയറിംഗ്‌  കോളേജില്‍ പഠനത്തിനായി ചേര്‍ന്നാല്‍ അവിടെ ലഭിക്കുന്ന പാഠ്യപദ്ധതി എങ്ങിനെ നമ്മുടെ കുറ്റവും കുറവും ആകുന്നില്ലയോ, തന്നിരിക്കുന്ന പാഠ്യപദ്ധതി ആത്മാര്‍ത്ഥമായി പഠിക്കല്‍ എങ്ങിനെ നമ്മുടെ ഉത്തരവാദിത്വമാകുന്നുവോ, അങ്ങിനെ തന്നെയാണ് ഇതും. 

കർമ്മവും  കർമ്മ നിയമങ്ങളും 

ഈ വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ്, ചില നിര്‍വ്വചനങ്ങള്‍ മനസ്സിലാക്കണം, ആദ്യമായി. “കർമ്മ” എന്ന സംസ്കൃത  വാക്കിന്‍റെ അർത്ഥം “പ്രവർത്തി” എന്നാണ്. നമ്മൾ ഇപ്പോൾ, ഈ നിമിഷം ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി ഒഴികെ ബാക്കി നമ്മുടെ എല്ലാ പ്രവർത്തികളും “കർമ്മ”ത്തിന്‍റെ  നിര്‍വചനത്തിനുള്ളില്‍ വരും.  ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി “ക്രിയ” ആണ്. കര്‍മ്മമല്ല.   കർമ്മത്തിന്‍റെ  വിത്തുകള്‍  ക്രിയയിലാണ് അടങ്ങിയിരിക്കുന്നത്. കാരണം നമ്മുടെ “ക്രിയ”കൾ ചെയ്തു തീർന്നാൽ  തത്ക്ഷണം അത് “കർമ്മ”ങ്ങൾ ആയി മാറും. പിന്നെ അവിടെ പ്രവർത്തിക്ക്  സ്ഥൂലമായ  ഒരു ബാഹ്യ രൂപമില്ല. ചെയ്ത് തീര്‍ന്ന ആ  പ്രവർത്തിയുടെ (അതായത് ചെയ്ത് അവസാനിപ്പിച്ച ആ ക്രിയയുടെ)  ഫലം ഉടനേയോ, പുറകേയോ   പ്രത്യക്ഷമാകും. അത് പ്രകൃതി നിയമമാണ് എന്ന് യോഗശാസ്ത്രം പറഞ്ഞ് തരുന്നു. 

അതായത് , നമ്മള്‍ ചെയ്ത പ്രവർത്തിയും, ആ പ്രവർത്തിയുടെ   ഫലവും നമ്മുടെ അബോധ മനസ്സിൽ സൂക്ഷ്മ രൂപമായി  മാറുന്നു. ഈ സൂക്ഷ്മ രൂപമാണ് “കർമ്മം”. ആധുനിക ലോകത്തിലെ ഒരു ഉപമ ഉപയോഗിക്കുകയാണെങ്കിൽ, കമ്പ്യൂട്ടറിന്‍റെ  ഹാർഡ്  ഡിസ്‌കിൽ വിവരങ്ങളും, ചിത്രങ്ങളും, ശബ്ദങ്ങളും ഒക്കെ അരൂപികളായ ഫയലുകളായി സൂക്ഷ്മരൂപത്തിൽ ശേഖരിക്കുന്നത് പോലെ ആണിത്.  ഒരു പടുകൂറ്റൻ  ആൽ മരത്തിനെക്കുറിച്ചുള്ള സർവ്വ വിവരങ്ങളും അതിന്‍റെ ചെറിയ വിത്തിനകത്ത്, അതിന്‍റെ ഡി.എൻ .എ ക്കകത്തു എങ്ങിനെ ആണോ  സമാഹരിച്ച് വച്ചിരിക്കുന്നത് അതുപോലെ സൂക്ഷ്മമായിട്ടാണ്  കർമ്മവും കർമ്മഫലവും നമ്മോടൊപ്പം നമ്മെ പിന്തുടരുന്നത്. വരാൻ പോകുന്ന മരം എങ്ങിനെ ആയിത്തീരണം എന്നതിനെക്കുറിച്ചുള്ള  സർവ്വ വിവരങ്ങളും ആ വിത്തിനകത്തു ഉണ്ട്.  ഒരു കോഴി മുട്ട വിരിഞ്ഞാല്‍ ഒരു കോഴിമാത്രമേ അതില്‍ നിന്നും പുറത്തു വരുകയുള്ളൂ. ആ കോഴിയുടെ നിറം, ആകൃതി, രൂപം, ശബ്ദം ഇതെല്ലാം ആ കോഴിമുട്ടക്കകത്ത് അരൂപമായി, നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അനുഭവവേദ്യമല്ലാത്ത വിധത്തില്‍  ആലേഘനംചെയ്തിരിക്കുന്ന പോലെ തന്നെയാണ്, പ്രകൃതിയുടെ സ്വന്തം വിവര സാങ്കേതിക വിദ്യയിലൂടെ നമ്മുടെ കര്‍മ്മവും, കര്‍മ്മ ഫലങ്ങളും നമ്മെ കടുകിട വ്യത്യാസമില്ലാതെ ജന്മജന്മാന്തരങ്ങളായി പിന്തുടരുന്നത്.  എന്താണ് കര്‍മ്മം എന്നും, അതിന്‍റെ പ്രവര്‍ത്തന രീതികളും നിയമങ്ങളും  എന്താണെന്നും മനസ്സിലാക്കി അതനുസരിച്ചു  ജീവിതവും നമ്മുടെ പ്രവര്‍ത്തന രീതികളും ചിട്ടപ്പെടുത്തേണ്ടത്‌  വളരെ ആവശ്യമാണെന്ന് കാണാം. 

കർമ്മം  നമുക്ക് അനുകൂലാത്മകവും  പ്രതികൂലാത്മകവും  ആകാം. അതായത്, ചില കർമ്മങ്ങള്‍   അഭിവൃദ്ധിയും, ആമോദവും നല്കുന്നതാകാം. മറ്റു ചില കര്‍മ്മങ്ങള്‍ അധോഗതിയും വേദനയും നൽകുന്നതും ആകാം. ഏറ്റവും പ്രധാനപ്പെട്ട കർമ്മ നിയമം എന്നത് “നിങ്ങൾ വിതക്കുന്നത്  നിങ്ങൾ കൊയ്യും” എന്നുള്ളതാണ്. ഇത്തരത്തിലുള്ള ഒരു സങ്കല്പം  ലോകത്തിലുള്ള സകല നാടുകളിലും ജനസഞ്ചയങ്ങളിലും  ഉള്ളതായി നമുക്ക് കാണാം. നല്ല പ്രവർത്തികൾക്ക്  നല്ല ഫലം  എന്നും ചീത്ത  പ്രവർത്തികൾക്ക്  ചീത്ത ഫലം എന്നും ലോകത്തിൽ മിക്കവാറും എല്ലാവരും തന്നെ വിശ്വസിക്കുന്നു. നല്ല പ്രവർത്തികൾ ആത്മാവിനെ ശുദ്ധികരിക്കും എന്നും ചീത്ത പ്രവർത്തികൾ ആത്മാവിനെ മലിനപ്പെടുത്തും   എന്നാണു സാമാന്യമായ പൊതുജന വിശ്വാസം,  സാർവലൗകികമായി തന്നെ. അതുതന്നെ ഈ തത്വത്തിന്‍റെ സാധുത ചൂണ്ടിക്കാണിക്കുന്നു. 

കർമ്മ പാശം 

നമ്മുടെ തന്നെ ജീവിതവും നമ്മുടെ ചുറ്റുമുള്ള ജീവിതവും അവധാനതയോടെ ശ്രദ്ധിച്ചാൽ പൊരുത്തക്കേടുകൾ എന്ന്  തോന്നാവുന്ന ചില വസ്തുതകൾ നമ്മുടെ ശ്രദ്ധയിൽ വന്നേക്കാം. പലരും ജീവിതത്തിൽ രോഗം, ദാരിദ്ര്യം, അക്രമങ്ങൾ, കലഹങ്ങൾ, ശിഥിലമായ ബന്ധങ്ങൾ എന്ന്    തുടങ്ങി വൈവിദ്ധ്യമാർന്ന രീതികളിൽ  കഷ്ടപ്പെടുന്നത് കാണാം. മറ്റുചിലരാകട്ടെ, ജീവിതത്തിലൂടെ ഏറെക്കുറെ അനായാസേന കടന്നുപോകുന്നു. ദുർമാർഗ്ഗികളും, അധർമ്മികളും ആയി ജീവിക്കുന്ന പലരും പ്രായേണ ഭൗതികമായ  സുഖ സമൃദ്ധിയിൽ കഴിയുന്നതായി കാണാം. എന്നാൽ അദ്ധ്വാന  ശീലരും, സത്യസന്ധരും, ധർമ്മിഷ്ഠരും ആയ പലരും പരാജയം മാത്രം ജീവിതത്തിൽ ഏറ്റുവാങ്ങുന്നതും കാണാം നമുക്ക്. നമ്മൾ  തന്നെ പലപ്പോഴും ചിന്തിച്ചിട്ടില്ലേ, “എനിക്ക് എന്തിനു ഇങ്ങിനെ വന്നു “, എന്ന്. ആത്മീയമായി വളരെ അധികം വളർന്ന്‌, മറ്റുള്ളവർക്ക് രോഗശാന്തി നൽകിയിട്ടുള്ള  പലവിശിഷ്ട വ്യക്തികൾ പോലും   സ്വയം രോഗാതുരരായിട്ടുള്ള കാര്യം നമ്മൾ വായിച്ചിട്ടുണ്ടാകുമല്ലോ? ക്രിസ്തു ദേവന്‍ കുരിശ്ശില്‍ തറക്കപ്പെട്ടു. കൃഷ്ണ ഭഗവാന്‍ വേടന്‍റെ ശരം ഏറ്റാണ് ഇഹലോകവാസം വെടിയുന്നത്.  അങ്ങിനെ സാമാന്യ ബുദ്ധിക്കു വിശദീകരിക്കാൻ പറ്റാത്ത  വിധത്തിലുള്ള കാഴ്ചകളാണ് നമ്മൾ കാണുന്നത്.  എന്തുകൊണ്ടാണ് ഇങ്ങിനെ?

സനാതന ധർമ്മം പറഞ്ഞു തരുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.   വ്യക്തിഗതമായ കർമ്മ നിയമങ്ങളും സാമൂഹികമായ  കർമ്മ നിയമങ്ങളും അനുസരിച്ചാണ് നമ്മുടെ  ഓരോരുത്തരുടേയും ജീവിതാനുഭവങ്ങൾ ഉരുത്തിരിയുന്നത് എന്നാണു സനാതന ധർമ്മം പറയുന്നത്. അതായത്, ഓരോ വ്യക്തിക്കും കർമ്മ നിയമങ്ങൾ ബാധകമാണ്. വ്യക്തിഗതമായി മാത്രമല്ല  കർമ്മ നിയമങ്ങൾ ഒരു വ്യക്തിയെ ബാധിക്കുന്നത്. ഓരോ കുടുംബത്തിനും, ഓരോ സമൂഹത്തിനും, ഓരോ രാജ്യത്തിനും,  പൊതുവായിട്ടും   കർമ്മ നിയമങ്ങൾ രൂപീകൃതമാകുന്നുണ്ട്. അതുകൊണ്ടു  തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനസമൂഹങ്ങളുടെ കാര്‍മ്മികമായ  ബന്ധനങ്ങൾ ഒരു വ്യക്തിയേയും ബാധിക്കും എന്നര്‍ത്ഥം.  കർമ്മ നിയമങ്ങൾ  എന്താണെന്നും, എങ്ങിനെയാണ് അവ പ്രവർത്തിക്കുന്നത്  എന്നും ശരിയായ രീതിയിൽ   മനസ്സിലാക്കുന്നത്  ജീവിതാനുഭവങ്ങളുടെ  കാഠിന്യം കുറയ്ക്കുവാനും, പുതിയതായി കർമ്മ നിയമ ലംഘനങ്ങൾ  നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാനും  വളരെ ആവശ്യമാണ്. 

എങ്ങിനെ ആണ് കർമ്മം രൂപീകൃതമാകുന്നത്?

നമ്മൾ എന്ത് പ്രവർത്തി ചെയ്താലും – അത്  ചിന്തകള്‍ കൊണ്ടായാലും, ശരീരം കൊണ്ടായാലും, വാക്കുകൾ കൊണ്ടായാലും ശരി – അത് നമ്മുടെ അബോധമനസ്സിൽ വളരെ സൂക്ഷ്മമായ മുദ്രണങ്ങൾ നടത്തുന്നു. നമ്മൾ തുടർച്ചയായി ഈ പ്രവർത്തികൾ ആവർത്തിക്കുമ്പോൾ, ഈ മുദ്രണങ്ങൾ പൂർവ്വാധികം ശക്തിമത്താവുന്നു. വെള്ളക്കടലാസിൽ എഴുതിയ അക്ഷരങ്ങൾക്ക് മുകളിലൂടെ വീണ്ടും വീണ്ടും അതേ  അക്ഷരങ്ങൾ എഴുതുമ്പോൾ, അവ എങ്ങിനെ പൂർവ്വാധികം  തെളിഞ്ഞു വരുന്നുവോ, അതുപോലെ ആണ് ഇതും. അങ്ങിനെ ആ മുദ്രണങ്ങൾ ഓരോ ആവർത്തനത്താലും  കൂടുതൽ കൂടുതൽ ബലവത്തായി വന്ന്,  ആ മുദ്രണത്തിന്‍റെ  ഊർജ്ജപ്രവാഹം തടയാൻ ആവാതെ, അതേ  പ്രവർത്തികൾ നമ്മുടെ ബോധമനസ്സിന്‍റെ  അറിവോ സമ്മതമോ ഇല്ലാതെ തന്നെ നാം സ്വയം ചെയ്യാൻ നിർബന്ധിതരായി ഭവിക്കുന്ന ഒരു നിലയിൽ എത്തും. ഈ മുദ്രണങ്ങളെ  സംസ്കൃതത്തിൽ “സംസ്കാര” എന്നു  പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ പ്രവർത്തികളാൽ സംസ്കാര മുദ്രണങ്ങൾ ഉണ്ടാവുകയും, തുടര്‍ന്ന്, നമ്മുടെ പ്രവർത്തികളെ സൂക്ഷമമായ ഈ സംസ്കാര മുദ്രണങ്ങൾ വീണ്ടും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതൊരു വിഷമ വൃത്തമാണ്. പ്രവർത്തി വീണ്ടും മുദ്രണങ്ങൾ ഉണ്ടാക്കുന്നു, മുദ്രണങ്ങൾ വീണ്ടും പ്രവർത്തിയെ ഉണ്ടാക്കുന്നു. ഈ പരിവൃത്തിയുടെ അനിവാര്യതയാണ് പ്രധാനമായ മറ്റൊരു കർമ്മ നിയമം. 

നിത്യജീവിതത്തിൽ ഈ പരിവൃത്തിയുടെ ഉദാഹരണങ്ങൾ നിരവധിയാണ്. മദ്യപാനം, പുകവലി, നുണ പറയല്‍,  വൈകി ഉറങ്ങൽ, വൈകി എഴുനേൽക്കൽ, തർക്കുത്തരം പറയൽ, രതി വൈകൃതങ്ങള്‍, കോപം, വൈരാഗ്യം, പരദൂഷണം, മൊബൈൽ ഫോണും വാട്സ്ആപ്പ്  ഉപയോഗങ്ങളും ഇതെല്ലാം ചെറിയ തോതിൽ ആരംഭിച്ച്  എങ്ങിനെ ഇക്കാര്യത്തിലെല്ലാം തികഞ്ഞ ആസക്തി ഉള്ളവരായി  മാറുന്നു എന്ന് ആലോചിക്കുക. ന്യൂനതയുടെ  കാര്യത്തിൽ മാത്രമല്ല, നന്മയുടെ  കാര്യത്തിലും ഈ പരിവൃത്തികൾ കൃത്യമായി നടക്കുന്നത് കാണാം. കൃത്യനിഷ്ഠ, സൗമ്യ സംഭാഷണം, കണക്കുകൾ സൂക്ഷിക്കൽ, സംഗീത അഭ്യാസങ്ങൾ, ശരിയായ ആഹാര രീതികളുടെ നിഷ്ഠ എന്നു തുടങ്ങി സകാരാത്മകമായ കാര്യങ്ങളിലും ഈ പരിവൃത്തികൾ ഒരുപോലെ ഫലവത്തായി പ്രവർത്തിക്കുന്നു എന്ന് നമുക്കറിയാം. നല്ല ശീലങ്ങളും ചീത്ത ശീലങ്ങളും ഉണ്ടാകുന്നത്‌ ഈ പരിവൃത്തികള്‍ മൂലമാണ്. കാണാപാഠം പഠിക്കുന്നതും ഇതേ ആവര്‍ത്തനങ്ങളിലൂടെ  തന്നെ ആണ്.

മൂന്നു വിവിധ തരത്തിലുള്ള കര്‍മ്മങ്ങള്‍ 

കര്‍മ്മങ്ങള്‍ മൂന്നു വിധത്തിലാണ്  ഉള്ളത്. (1) സഞ്ചിത കര്‍മ്മം: ജന്മ ജന്മാന്തരങ്ങളായി നമ്മള്‍ സൃഷ്ടി ച്ച് ശേഖരിച്ചു വച്ചിരിക്കുന്ന കര്‍മ്മത്തിന്‍റെ വിത്തുകളാണ് സഞ്ചിത കര്‍മ്മം. ഇനിയും മുളക്കാത്ത, ഭാവിയില്‍  മുളക്കാന്‍ കാത്തിരിക്കുന്ന വിത്തുകളാണ് അവ. യോഗശാസ്ത്രത്തില്‍ അവയെ അമ്പുകള്‍ സൂക്ഷിക്കുന്ന ആവനാഴി ആയിട്ടാണ് ഉപമിക്കാറുള്ളത്. (2) പ്രാരബ്ധ കര്‍മ്മം: ജനിച്ചു കഴിഞ്ഞാല്‍ മരണം കഴിയുന്നതുവരെ ഉള്ള അനുഭവങ്ങളാണ് പ്രാരാബ്ധ കര്‍മ്മം. അത് സജീവമായി കഴിഞ്ഞ കര്‍മ്മങ്ങള്‍ ആണ്. വിത്ത് മുളച്ചു കഴിഞ്ഞു. ആവനാഴിയിലിരുന്ന ശരം എടുത്തു തൊടുത്തു വിട്ടു കഴിഞ്ഞു. ശരം അതിന്‍റെ സഞ്ചാര പഥത്തിലെ പ്രയാണത്തിലാണ്. ഇനി അത് തിരികെ എടുക്കാനാകില്ല. അനുഭവിച്ചു തന്നെ അവസാനിക്കണം. അതാണ്‌ പ്രാരാബ്ധ കര്‍മ്മം. (3) ക്രിയാമാന കര്‍മ്മം: മറ്റൊരു കര്‍മ്മമായി മാറാന്‍ എല്ലാ സാദ്ധ്യതയും ഉള്ള  ചിന്ത, വാക്ക്, പ്രവർത്തി ഇവയാണ്  ക്രിയാമാന കര്‍മ്മം. അതായതു ആ ഒരു പ്രവർത്തി (ക്രിയ) ഇനിയും ഒരു വിത്തായി തീര്‍ന്നിട്ടില്ല. പ്രവർത്തി ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍, അത് മറ്റൊരു പുതിയ കര്‍മ്മത്തിന്‍റെ വിത്താകും. യോഗശാസ്ത്രത്തിലെ ഉപമ ഉപയോഗിച്ചു പറഞ്ഞാല്‍, ആവനാഴിയില്‍ സൂക്ഷിക്കാനും എടുത്ത് എയ്യാനും ഒരു ശരം നമ്മള്‍ നിര്‍മ്മിച്ചു കഴിഞ്ഞിട്ടില്ല. പക്ഷേ  ശരം നിര്‍മ്മിക്കാനുള്ള സര്‍വ്വ അസംസ്‌കൃത പദാര്‍ത്ഥങ്ങളും തയ്യാറാണ്. നിര്‍മ്മിക്കുകയോ നിര്‍മ്മിക്കാതിരിക്കുകയോ ചെയ്യാം. അതായത്  എങ്ങിനെയാണ് പുതിയ കര്‍മ്മങ്ങള്‍ സൃഷ്ടി ക്കപ്പെടുന്നത് എന്ന് മനസ്സിലാക്കി, അങ്ങിനെ സൃഷ്ടി ക്കപ്പെടാന്‍ ഇടവരാത്ത  വിധം ജീവിതാനുഭാവങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ ക്രിയാ മാന കര്‍മ്മങ്ങള്‍ ഇല്ലാതാകും.  അത്തരം തിരിച്ചറിവില്ലാതെ ജീവിച്ചാല്‍ നമ്മുടെ ഒരു പ്രവർത്തിയും ഓരോ പുതിയ വിത്തായി മാറും. മറ്റൊരു വിധത്തില്‍  പറഞ്ഞാല്‍ അത് ഒരു പുതിയ  ശരമായി മാറി ആവനാഴിയിലേക്ക് പോയി സഞ്ചിത കര്‍മ്മമായി മാറും. 

ജന്മവും പുനര്‍ജന്മവും

യോഗശാസ്ത്രം അനുസരിച്ച് നമ്മുടെ ജന്മം, മാതാപിതാക്കന്മാര്‍, കുടുംബം, ജോലി, ജീവിത സാഹചര്യങ്ങള്‍, വിവിധങ്ങളായ ജീവിതാനുഭവങ്ങള്‍, ആരോഗ്യ നിലവാരം, മരണം എന്നുവേണ്ട ജീവിതത്തിലെ നമ്മുടെ മുഴുവന്‍ അനുഭവങ്ങളേയും  രൂപപ്പെടുത്തുന്നതും, ആ അനുഭവങ്ങളുടെ തീവ്രത കൂടുകയും കുറയുകയും ഒക്കെ ചെയ്യുന്നതും, അതുവരെ നമ്മള്‍ ആര്‍ജ്ജിച്ച കര്‍മ്മമനുസരിച്ചാണ്. കൂടുതല്‍ മനസ്സിലാക്കി വരുമ്പോള്‍ നമുക്ക് അറിയുവാന്‍ കഴിയും, ജീവിതം എന്ന് പറയുന്നത്, നമ്മുടെ ചുറ്റും കാണുന്ന ജനനമരണങ്ങള്‍ക്ക് ഉള്ളില്‍   മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രതിഭാസമല്ല എന്ന്.  

ജനിക്കുകയും മരിക്കുകയും ചെയ്യുന്ന, എണ്ണിയാല്‍ തീരാത്ത  രൂപഭാവങ്ങളോടു കൂടിയ,  നമുക്കു ചുറ്റും കാണുന്ന സകല  ജീവിതങ്ങള്‍ക്കെല്ലാം അപ്പുറം,  അനശ്വരവും, സര്‍വ്വ വ്യാപകവും,  ആദ്യാവസാനമില്ലാത്തതും ആയ  ഒരു ബ്രഹൃത് ജീവന്‍റെയും ബുദ്ധിയുടെയും   നിത്യ സാന്നിദ്ധ്യമുള്ള ഒരു വലിയ ഏക ജീവന്‍  ഉണ്ട്. ആ വലിയ ഏക ജീവന്‍ സര്‍വ്വതിനും അതീതമായ ഒന്നാണെന്ന് മാത്രമല്ല, എല്ലാ രൂപങ്ങളുടേയും അഗാധതയില്‍ അവയുടെ ഉള്ളിന്‍റെ ഉള്ളിലെ  അദൃശ്യമായ, അനശ്വരമായ സത്തയും കൂടിയാണ് അത്‌. ജനിക്കുകയും അനുഭവിക്കുകയും മരിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ ഈ ചെറിയ ‘സ്വകാര്യ വ്യക്തി” ജീവിതം സംഭവിക്കുന്നത്‌ ആ വലിയ ഏക ജീവനിലാണ്. ആ വലിയ ഏക ജീവന്‍ ഒരു പുസ്തകമായി സങ്കല്‍പ്പിച്ചാല്‍, നമ്മുടെ ജനന-അനുഭവ-മരണ സഹിതമുള്ള  ഈ ചെറിയ ജീവിതം, ആ പുസ്തകത്തിലെ ഒരു പേജു മാത്രമാണ്. ഇതാണ് ജന്മ-പുനര്‍ജന്മ പ്രക്രിയയുടെ കാല ദേശാതീതമായ പ്രസക്തി. ഈ ജന്മത്തിനു മുന്‍പും നൂറു കണക്കിന് ജന്മങ്ങള്‍ നമ്മള്‍ ഓരോരുത്തരും ജനിച്ചിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്, മരിച്ചിട്ടുണ്ട്. ഓരോ ജന്മത്തിലും, നമ്മള്‍ നമ്മുടെ ചിന്തകളും, വാക്കുകളും പ്രവൃര്‍ത്തികളും കൊണ്ട് പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമായി, അറിഞ്ഞോ അറിയാതേയോ, “ക്രിയ”കള്‍ ചെയ്ത് “കര്‍മ്മ”ങ്ങള്‍ സൃഷ്ടി ച്ചിട്ടുണ്ട്. ആ കര്‍മ്മങ്ങള്‍ ഊര്‍ജ്ജം  സ്വീകരിച്ച് വീണ്ടും ജന്മാനുഭവമരണങ്ങളായി വന്ന് പോകുന്നു, വന്ന് പോയിക്കൊണ്ടേ ഇരിക്കുന്നു ഇപ്പോഴും.