ഭാഗം: 3 – നിഗൂഢ അറിവിൻ്റെ ഏഴ് സ്വർണ്ണ താക്കോലുകൾ

 

ആരാണ് ദൈവം?
സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങൾ

“സനാതനം” എന്ന പദത്തിൻ്റെ അർത്ഥം എല്ലാക്കാലത്തേക്കും എല്ലാ ദേശത്തേക്കും ഉപയുക്തമായത് എന്നാണ്. ഈ നിർവചനത്തിന് സാധുത നൽകിക്കൊണ്ട് അതിപുരാതനമായ കാലത്ത്  പുരാതന ഗ്രീസിലും ഈജിപ്തിലും ഇതേ തത്വങ്ങൾ നിലനിന്നിരുന്നു എന്ന വസ്തുത ചൂണ്ടിക്കാണിക്കുകയാണ് ഈ അദ്ധ്യായത്തിൽ.  മാത്രവുമല്ല, ഈ ആദ്ധ്യായത്തിൽ പരിചയപ്പെടുത്തുന്ന  പുരാതനമായ ഏഴ്  മൗലിക തത്വങ്ങൾ സനാതന ധർമ്മത്തെ മനസ്സിലാക്കുവാൻ വളരെ അധികം സഹായിക്കുകയും ചെയ്യും. പ്രകൃതിയിലെ നിഗൂഢ രഹസ്യങ്ങളുടെ ഏഴ് വാതിലുകൾ തുറക്കുന്ന അറിവിൻ്റെ ഏഴ് സുവർണ്ണ താക്കോലുകൾ ആയിട്ടാണ് ഈ ഏഴ് തത്വങ്ങൾ അറിയപ്പെടുന്നത്. കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച അഞ്ച് പ്രകൃതി നിയമങ്ങളും കൂടുതൽ വ്യക്തമായി ഈ മൗലിക തത്വങ്ങളിൽ കൂടി മനസ്സിലാക്കാവുന്നതാണ്.

പുരാതന ഗ്രീസിലും ഈജിപ്തിലും നില നിന്നിരുന്ന ഹെര്‍മെറ്റിസിസത്തിലെ ഏഴു മൗലിക തത്വങ്ങൾ  അല്ലെങ്കിൽ മൗലിക നിയമങ്ങൾ ആണ് ഇവിടെ   പരിചയപ്പെടുത്തുന്നത്.   സനാതന ധർമ്മത്തിലും   ഹെര്‍മെറ്റിസിസത്തിലും   കാണുന്ന അസാമാന്യമായ സമാനതകൾ  അത്ഭുതാവഹം ആണെന്ന് തന്നെ പറയേണ്ടിവരും. സനാതന ധർമ്മം  പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ ഹെര്‍മെറ്റിസിസം വളരെ അധികം സഹായിക്കും എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. അതുപോലെ തിരിച്ചും.  

ഇന്നും അര്‍ത്ഥം എന്തെന്ന് അറിയാത്ത ഒരു വാക്കാണ് “കബാലിയോണ്‍”. കബാലിയോണ്‍ അഥവാ “ഹെര്‍മെറ്റിക്  ഫിലോസോഫി” എന്നാണ്  ഈ വിഷയം ഇന്ന് അറിയപ്പെടുന്നത്. ഈ വിഷയത്തില്‍  പൊതു മണ്ഡലത്തിൽ ലഭ്യമായ വളരെ ദുര്‍ലഭം കൃതികളില്‍ ഒന്നാണ്  “ദി കബാലിയോണ്‍”. “ത്രീ ഇനിഷിയേറ്റ്സ്” എന്ന് മാത്രം വെളുപ്പെടുത്തിയ  തൂലികാ നാമത്തില്‍ എഴുതി, 1912 -ല്‍ ഷിക്കാഗോയിലെ  മാസോണിക് ടെംപിളില്‍ ഉള്ള യോഗി പബ്ലിക്കേഷന്‍ ആണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിൻ്റെ   ഉപ തലക്കെട്ട്‌ ഇങ്ങിനെ ആണ്. “പുരാതന ഈജിപ്തിലെയും ഗ്രീസിലെയും ഹെര്‍മെറ്റിക് ദര്‍ശനങ്ങളുടെ ഒരു പഠനം” . ഹെര്‍മെറ്റിക് എന്ന പദത്തിന് ഋഷിപ്രോക്തം എന്നര്‍ത്ഥം പറയാം. വളരെ രഹസ്യ സ്വഭാവം ഉള്ളതാണ് ഈ പുസ്തകവും അതിലെ പ്രതിപാദ്യ വിഷയവും . ഇന്നും ലോകത്തില്‍ അധികം ആര്‍ക്കും ഈ പുസ്തകത്തെ കുറിച്ചു അറിയില്ല. ശിഷ്യന്‍ തികച്ചും തയ്യാറാകുമ്പോള്‍ മാത്രമേ ഈ പുസ്തകം ഒരു ഗുരുവിനെ പോലെ ശിഷ്യന് ലഭിക്കുകയുള്ളൂ എന്നാണു വിശ്വസിക്കപ്പെടുന്നത്. പുസ്തകത്തിൻ്റെ   ശീര്‍ഷകത്തിന് ഉപശീർഷകമായി ഇങ്ങിനെ എഴുതിയിരിക്കുന്നത് കാണാം. “അറിവിൻ്റെ   അധരങ്ങള്‍ അടഞ്ഞിരിക്കും, ഗ്രഹിതാവിൻ്റെ   കാതുകള്‍ക്കൊഴികെ” എന്ന്. എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ ആത്മാർത്ഥമായ ആഗ്രഹം  ഉള്ളവര്‍ക്ക് മാത്രമേ കബാലിയോണ്‍ ജ്ഞാനം വന്ന് ചേരുകയുള്ളൂ എന്നര്‍ത്ഥം. സനാതന ധർമ്മത്തിലെ പ്രയുക്ത ഭാഗങ്ങളായ തന്ത്രശാസ്ത്രത്തെക്കുറിച്ചും ഇതുതന്നെ  പറയാവുന്നതാണ്. താന്ത്രിക പഠനത്തിനും, കബാലിയോന്‍ പഠനത്തിനും  സമാനമായ ഗോപ്യതയും, നിഗൂഢ സ്വഭാവവും  കാണാം. 

നിരവധി നൂറ്റാണ്ടുകള്‍ മരണമില്ലാതെ ജന മദ്ധ്യത്തില്‍ ജീവിച്ചുകൊണ്ട്  (ഗ്രീക്കുകാരും, ഈജിപ്‌തുകാരും അപ്രകാരം  വിശ്വസിക്കുന്നു), കബാലിയോണില്‍ പ്രതിപാദിക്കുന്ന  അറിവുകള്‍  പകര്‍ന്നു കൊടുത്തത് “ഹെര്‍മിസ് ട്രൈസ്മെഗസ്റ്റസ്” ആണ്. അദ്ദേഹത്തിൻ്റെ   നാമധേയത്തില്‍ നിന്നും ആണ് “ഹെര്‍മെറ്റിക്” എന്ന ഇംഗ്ലീഷ് ഭാഷാ പദം ഉണ്ടാകുന്നത് തന്നെ. ഐതിഹ്യം ശരിയാണെങ്കില്‍, നോഹയുടെ പത്താം തലമുറ ആയ അബ്രഹാമിൻ്റെ സമകാലികനായിരുന്നു ഹെര്‍മിസ് ട്രൈസ്മെഗസ്റ്റസ്. ട്രൈസ്മെഗസ്റ്റസ് എന്നാല്‍ ‘മൂന്നിരിട്ടി ബഹുമാന്യന്‍’ എന്നാണ് അര്‍ത്ഥം. ഈജിപ്തില്‍ അദ്ദേഹത്തെ ‘തോത്ത്” എന്ന പേരില്‍ ദൈവമായി ആരാധിച്ചിരുന്നു. ഭാരതത്തിലെ ഹിമാലയ സാനുക്കളില്‍ 2000-ത്തിലധികം വര്‍ഷങ്ങളായി ഇന്നും ജീവിച്ചിരിക്കുന്ന മഹാ അവതാര്‍ ബാബാജിയുടെ സ്മരണ ഹെര്‍മിസ് ട്രൈസ്മെഗസ്റ്റസ് നമ്മില്‍ ഉണര്‍ത്തുന്നു എങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. പരമമായ സത്യങ്ങൾ കാല-ദേശാതീതങ്ങൾ ആണ്.

കബാലിയോണില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു. “ഗംഗയുടെ നാട്ടില്‍ നിന്നും നിരവധി മുതിര്‍ന്ന ജ്ഞാനികളും ഈജിപ്തിൻ്റെ   ഭൂമിയിലേക്ക് കടന്നു വന്ന് ഗുരുവിൻ്റെ   കാല്‍ക്കല്‍ ഇരുന്നു. പിരമിഡ്ന്‍റേയും, സ്ഫീനിക്സിൻ്റെയും ഗൃഹ ഭൂമികയായ ഈജിപ്തായിരുന്നു രഹസ്യ ജ്ഞാനത്തിൻ്റെയും, നിഗൂഢ ബോധനങ്ങളുടേയും ജന്മഭൂമി. ഈജിപ്തിൻ്റെ രഹസ്യ സിദ്ധാന്തങ്ങള്‍ എല്ലാ രാജ്യങ്ങളും കടം വാങ്ങി. ഇന്ത്യ, പേര്‍ഷ്യ, ചെല്‍ഡിയ (പുരാതന ഇറാന്‍) ചൈന, ജപ്പാന്‍, അസീറിയ, പുരാതന ഗ്രീസ്, റോം, പിന്നെ മറ്റനേകം രാജ്യങ്ങളും അറിവിൻ്റെ   ഈ മഹാസദ്യയില്‍ പങ്കെടുത്തു.”

പുസ്തകത്തിലെ പ്രതിപാദ്യ വിഷയം ഏഴു ഋഷി പ്രോക്ത നിയമങ്ങളും, മനസ്സിൻ്റെയും, ഊര്‍ജത്തിൻ്റെയും വസ്തുകള്‍ക്കളുടേയും ഘടനകളും, ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ മണ്ഡലങ്ങളും ഒക്കെയാണ്. ഇതില്‍ നിന്നും കബാലിയോണ്‍ എന്നത് ഭാരതത്തിലെ വേദങ്ങളുടേയും തന്ത്രയുടേയും ഉപനിഷത്തുക്കളുടേയും     പശ്ചാത്തല വിഷയം തന്നെ ആണ് എന്നത്‌  അത്ഭുതാവഹമായ സമാനതയാണ്.  ഈ പ്രപഞ്ച രഹസ്യം തുറന്ന് മനസ്സിലാക്കുവാനുള്ള ഏഴ്  സുവർണ്ണ താക്കോലുകൾ ആണ് ഈ ഏഴ് പ്രപഞ്ച നിയമങ്ങൾ എന്ന് “കബാലിയോൺ” പറയുന്നു. 

ആശയങ്ങളിലെ വിസ്മയാവഹമായ സമാനത മാത്രമല്ല, ആശയങ്ങള്‍ അവതരിപ്പിക്കുന്ന രീതിയിലെ നിഗൂഢ പ്രകൃതിയിലും ഉണ്ട്  അത്ഭുതാവഹമായ അതേ സമാനത. ഉപനിഷത്ത് സൂക്തങ്ങളെ പോലെ ഒരു ഗുരുനാഥന്‍ അടുത്തിരുന്ന് അര്‍ത്ഥം വ്യക്തമാക്കി തന്നാലല്ലാതെ മനസ്സിലാക്കി എടുക്കാന്‍ പ്രയാസുമുള്ള വിധം ഗോപ്യമാണ്‌ കബാലിയോണിലെ ഭാഷ.  അതിന് രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്‌. ഒന്ന്, അര്‍ഹതയില്ലാത്ത കരങ്ങളില്‍ വിശേഷജ്ഞാനം അത്ര എളുപ്പം ഒന്നും ചെന്ന് എത്താതിരിക്കുവാന്‍ വേണ്ടിയാണ് ഗോപ്യമായ ഭാഷ ഉപയോഗിച്ചിരുന്നത്. രണ്ട്, വിശേഷ ജ്ഞാനം മനസ്സിലാക്കി സ്വീകരിക്കാന്‍ പ്രാപ്തിയുള്ള ജനങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടം ആയിരുന്നു അന്ന്. നിലവിലുള്ള വിശ്വാസ പ്രമാണങ്ങളോട് വിധേയത്വം പുലര്‍ത്താത്തവരെ നിഷ്‌ക്കരുണം വേട്ടയാടിയിരുന്നു അക്കാലങ്ങളിൽ. ഉദാഹരണത്തിന്  മദ്ധ്യകാല  ഉത്തര യൂറോപ്പിൽ ആയിരക്കണക്കിന് സ്ത്രീകളാണ്  ദുര്‍മന്ത്രവാദിനി എന്ന് പഴിചാരി വധിക്കപ്പെട്ടത്. ഭൗതികമായ തെളിവുകൾ കാണിക്കാതെ  അന്ത:ര്‍ജ്ഞാനം കൊണ്ട് എന്ത് ചെയ്താലും സ്ത്രീകള്‍  അവിടെ, ‘ദുര്‍മാന്ത്രവാദിനി’ എന്ന് പറഞ്ഞ്  വധിക്കപ്പെട്ടിരുന്നു. പച്ചമരുന്നുകൾ രോഗ ശാന്തിക്ക് ഉപയോഗിച്ചവരും, കിണറു കുഴിക്കാൻ വെള്ളമുള്ള സ്ഥലം കാണിച്ചു കൊടുത്തവരും എല്ലാം അതുപോലെ വധിക്കപ്പെട്ടു. ക്രിസ്തു ഭഗവാനെ കുരിശില്‍  തറച്ചു. സൂര്യന്‍ അല്ല, ഭൂമി ആണ് സൂര്യനെ ചുറ്റുന്നത്‌ എന്ന് പറഞ്ഞതിന്  ഗലീലിയോ ഗലീലിയെ ശിഷ്ട  ജീവിതകാലം തുറങ്കില്‍ അടച്ചു. അത്ര ക്രൂരമായിരുന്നു ആ കാലഘട്ടം. അത്തരം പീഡനങ്ങളിൽ നിന്നും   രക്ഷ നേടാൻ നിഗൂഢവും ദ്വയാർത്ഥം ഉള്ളതും ആയ ഭാഷയിലാണ് ഈ രചനകൾ ഒക്കെ ഉണ്ടായിരിക്കുന്നത്. 

സനാതന ധർമ്മത്തിൻ്റെ   പഠനത്തിനു വളരെ സഹായകം ആകും എന്നുള്ളതുകൊണ്ട് കബാലിയോണിലെ   ഏഴു ഋഷി പ്രോക്ത മൗലിക നിയമങ്ങളും, മനസ്സിൻ്റെ   ലിംഗ ഭേദങ്ങളെ പറ്റി കബാലിയോന്‍ പറയുന്ന കാര്യങ്ങളും   വളരെ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു. എഴു മൗലിക നിയമങ്ങള്‍ മനിസ്സിലാക്കാന്‍ പ്രയാസമുള്ള വിഷയങ്ങളെ  എളുപ്പം മനസ്സിലാക്കാനുള്ള പിടിവള്ളികള്‍ ആണ്.  മനസ്സിൻ്റെ   ലിംഗഭേദം എന്ന വിഷയം, സ്വന്തം ആത്മാവിനെ കണ്ട് തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം  വിശദീകരിക്കുന്നതാണ്. സനാതന ധർമ്മത്തിൽ ശിവൻ, വിഷ്ണു തുടങ്ങിയ പുല്ലിംഗ ഈശ്വരാരാധനയും, സ്ത്രീ ലിംഗ ആരാധനകൾ ആയ ഭഗവതിയുടെ ആരാധനയും നിലവിൽ വരാനുള്ള കാരണം  കബാലിയോണിലെ ലിംഗഭേദം എന്ന തത്വം മനസ്സിലാക്കി തരുന്നുണ്ട്.   അതി പുരാതന കാലത്ത് ഈജിപ്തിലേയും ഗ്രീസിലേയും ജനങ്ങള്‍ക്ക്‌  ഈ പ്രപഞ്ചത്തേയും, തങ്ങളുടെ തന്നെ പ്രജ്ഞാനത്തേയും മനസ്സിലാക്കാന്‍  വേണ്ടി ഹെര്‍മിസ് ട്രൈസ്മെഗസ്റ്റസ്  പറഞ്ഞുകൊടുത്ത വിലപ്പെട്ട പാഠങ്ങള്‍ ആണ് അവ.  ഈ ഏഴു നിയമങ്ങളുടെ സംക്ഷിപ്ത വിവരണം കൊടുക്കുന്നു.

“സർവ്വത്വം ” 

ഇവിടെ “സർവ്വത്വം ” എന്ന പദം  ഒന്ന് വിശദീകരിക്കേണ്ടതുണ്ട്.  കബാലിയോണിൻ്റെ ഇന്ന് ലഭ്യമായിട്ടുള്ള മൗലികമായ ഇംഗ്ലീഷ് പതിപ്പിൽ  “ദി ഓൾ” (The ALL) എന്നാണ് പ്രപഞ്ചത്തിലെ  ആത്യന്തികമായ, പരമമായ, ആ ഏക  സത്യത്തെ സൂചിപ്പിക്കുന്ന പദമായി ഉപയോഗിച്ചിരിക്കുന്നത്. അജ്ഞാതവും നിർവചിക്കാനാവാത്തതും സാർവത്രികവും അനന്തവും ജീവനുള്ളതുമായ “മനസ്സ്” എന്നാണ് കബാലിയോൺ ആ പരമമായ  സത്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. രൂപ നാമങ്ങൾ ഇല്ലാത്ത എന്നാൽ സർവ്വവ്യാപിയായ ജീവനുള്ള ഒരു സാന്നിദ്ധ്യമായതുകൊണ്ട് , അത്തരം ഒന്നിനെ സൂചിപ്പിക്കുന്ന കബാലിയോണിന്  പ്രത്യേകമായിട്ടുള്ള  വേറിട്ട ഒരു പദം എന്നനിലയിൽ ഇവിടെ “സർവ്വത്വം ” എന്ന പദം ഉപയോഗിക്കുകയാണ്. സനാതന ധർമ്മത്തിലെ “പരബ്രഹ്മൻ” തന്നെ ആണ്, “ദി ഓളും” എന്ന് കബാലിയോണിലെ  വിവരണത്തിൽ നിന്നും മനസ്സിലാക്കാം. പക്ഷേ, “പരബ്രഹ്മൻ” എന്ന പദം ഇവിടെ ഉപയോഗിച്ചാൽ കബാലിയോൺ  സനാതന ധർമ്മവുമായി കൂട്ടി കുഴയും. അതേപോലെ തന്നെ, ജൂത മതത്തിലെ “യഹ് വാ”, ക്രിസ്തുമതത്തിലെ “യഹോവാ”, ഇസ്‌ലാം മതത്തിലെ “അള്ളാഹു” എന്ന പദങ്ങൾ  സൂചിപ്പിക്കുന്ന അതേ രൂപ നാമങ്ങൾ ഇല്ലാത്ത പരമമായ  ദൈവം തന്നെ ആണ് “ദി ഓൾ”.  അതുകൊണ്ട്, അതേ കാരണം കൊണ്ട് ഈ പദങ്ങളും കബാലിയോണിലെ “ദി ഓൾ”നെ പ്രതിനിധീകരിക്കുവാൻ കഴിയുകയില്ല. ഇക്കാരണം കൊണ്ട്, കബാലിയോണിന് പ്രത്യേകമായിട്ടുള്ള  എന്നാൽ “പരബ്രഹ്മൻ”, “യഹ് വാ”, “യഹോവാ”, “അള്ളാഹു” എന്ന പദങ്ങൾക്ക് കബാലിയോണിലെ പര്യായമായിട്ടാണ് ഇവിടെ “സർവ്വത്വം ” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.

മൗലിക നിയമം 1: മാനസികാത്മകതാ നിയമം 

“സർവ്വത്വം മനസ്സാണ്. പ്രപഞ്ചം മാനസികമാണ്”,    ഇതാണ്  കബാലിയോണ്‍ നൽകുന്ന ആദ്യത്തെ സുവർണ്ണ താക്കോൽ.

ഒന്നാമത്തെ നിയമം കാണിച്ചു തരുന്നത്   “സർവ്വത്വം മനസ്സാണ്” എന്ന സത്യത്തെയാണ്. സർവ്വത്വം  എന്നത് ബാഹ്യമായി കാണുന്ന, നമ്മൾ “ഭൗതിക പ്രപഞ്ചം”, “ജീവിതം എന്ന പ്രതിഭാസം”, “വസ്തു “, “ഊർജ്ജം” എന്നൊക്കെ വിളിക്കുന്ന, ചുരുക്കത്തിൽ നമ്മുടെ ഭൗതിക ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് അറിയുവാൻ കഴിയുന്ന  സർവ്വതിനും,  ആധാരശിലായി നിൽക്കുന്ന ആ പരമമായ സത്യം *സർവ്വത്വം” ആണ് (*“സ്പിരിറ്റ്” എന്ന വാക്കാണ് കബാലിയോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഭൗതികമായ ഒരു ശരീരം ഇല്ലാത്ത പ്രജ്ഞാനത്തിൻ്റെ   സാന്നിദ്ധ്യം ആണ്  “സ്പിരിറ്റ്‌”) . ഈ സർവ്വത്വത്തിനെ അറിയാനോ, നിർവ്വചിക്കാനോ കഴിയില്ല. പക്ഷേ, അതിനെ പ്രപഞ്ചത്തിലെ അനന്തമായ ജീവസ്സുറ്റ മനസ്സായി നിരൂപിച്ചു ചിന്തിക്കാവുന്നതാണ്. പ്രകടമാക്കപ്പെട്ട ഈ പ്രപഞ്ചം  സർവ്വത്വത്തിൻ്റെ     വെറും ഒരു മാനസിക സൃഷ്ടി മാത്രം ആണെന്നും ഈ നിയമം വിശദമാക്കുന്നുണ്ട്.  സൃഷ്ടി ക്കപ്പെട്ട വസ്തുക്കളുടെ നിയമങ്ങൾക്കു വിധേയമായിട്ടാണ് ഈ മാനസിക സൃഷ്ടി യും. ഈ പ്രപഞ്ചം മുഴുവനും, അതിൻ്റെ   ഭാഗങ്ങളും ഘടകങ്ങളും എല്ലാം നിലനിൽക്കുന്നത് സർവ്വത്വത്തിൻ്റെ   മനസ്സിലാണ്. നമ്മുടെ അസ്ഥിത്വവും, നമ്മുടെ ജീവനും, ചലനങ്ങളും എല്ലാം സംഭവിക്കുന്നത് ആ സർവ്വത്വത്തിൻ്റെ   മനസ്സിലാണ്. ആരാണോ പ്രപഞ്ചത്തിൻ്റെ   ഈ മാനസിക സ്വഭാവ സത്യം മനസ്സിലാക്കുന്നത്, അവർ ജീവിത വൈദഗ്‌ദ്ധ്യത്തിൻ്റെ   പാതയിൽ വളരെ അധികം മുന്നിലായിരിക്കും എന്ന് കബാലിയോൺ പറയുന്നു.   ഈ പ്രാധാന താക്കോൽ ഇല്ലാതെ, ജീവിത വൈദഗ്‌ദ്ധ്യം സ്വായത്തമാക്കുവാൻ ആർക്കും കഴിയുകയില്ല;  ഈ താക്കോൽ ഇല്ലാതെ പല ജ്ഞാന കവാടങ്ങളിലും   പോയി വെറുതേ മുട്ടിക്കൊണ്ടിരിക്കുവാൻ മാത്രമേ കഴിയൂ എന്നാണ് കബാലിയോണിൽ പറയുന്നത്.

മൗലിക നിയമം 2: സമാനതാ നിയമം

മുകളിലെ പോലെ താഴേയും, താഴേ പോലെ മുകളിലും”, ഇതാണ്  കബാലിയോണ്‍ നൽകുന്ന രണ്ടാമത്തെ സുവർണ്ണ താക്കോൽ.

ജീവിതത്തിൻ്റെ വലുതും ചെറുതും ആയ ഭിന്ന    മണ്ഡലങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും പ്രതിഭാസങ്ങള്‍ക്കും തമ്മില്‍ എപ്പോഴും ഒരു സമാനത ഉണ്ടെന്ന സത്യമാണ് ഈ തത്വത്തില്‍ അടങ്ങിയിരിക്കുന്നത്. ഈ മൗലിക നിയമം പുരാതന ഋഷിയുടെ വാക്കുകളില്‍ ഇങ്ങിനെ ആണ്. “മുകളിലെ പോലെ താഴേയും, താഴേ പോലെ മുകളിലും”. ഈ മൗലിക നിയമം മനസ്സിലാക്കിയാല്‍, പ്രകൃതിയിലെ പല ഗൂഢ രഹസ്യങ്ങളും സമസ്യകളും പരിഹരിക്കാന്‍ ഉള്ള വഴി തുറന്നു കിട്ടും. നമ്മുടെ അറിവിനും അപ്പുറത്തുള്ള നിരവധി മണ്ഡലങ്ങള്‍ ഉണ്ട്. ഈ സമാനതാ നിയമം ഉപയോഗിച്ചുകൊണ്ട്  നമുക്ക് ഇതുവരെ അറിയാന്‍ കഴിയാത്തതെല്ലാം അറിയാന്‍ കഴിയുന്നു. പൊതുവായി എല്ലായിടത്തും പ്രയോഗിക്കുവാന്‍ സമര്‍ത്ഥമായ ഒരു നിയമമാണ് ഇത് – നമ്മുടെ ഭൗതിക ലോകത്തെക്കുറിച്ചും, മാനസിക ലോകത്തെക്കുറിച്ചും, ആത്മീയ ലോകത്തെക്കുറിച്ചും  മനസ്സിലാക്കുവാൻ ഈ സമാനതാ നിയമം ഉപയോഗിക്കാം. ഇതൊരു പ്രപഞ്ച നിയമമാണ്. ഈ ഋഷി പ്രോക്ത നിയമം വളരെ പ്രാധാനപ്പെട്ട ഒന്നാണ്. അറിയാത്ത സീമകളെ മറച്ചു വയ്ക്കുന്ന  തിരശീല നീക്കി ഉള്ളിലേക്ക് എത്തിനോക്കാന്‍ അത് സഹായിക്കും എന്നാണ് കബാലിയോണിൽ പറയുന്നത്.

സമാനതാ തത്വത്തിനുള്ള ഒരു ഉദാഹരണംമാണ് കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച   12,960 വര്‍ഷമുള്ള മഹാ യുഗവും 24 മണിക്കൂര്‍ ഉള്ള ദിവസവും തമ്മില്‍ ഉള്ള താദാത്മ്യം. അറിയുന്ന ലോകത്തിലെ ഒരു കാര്യം മനസ്സിലാക്കിയാല്‍, പലപ്പോഴും ആ അറിവ് ഉപയോഗിച്ച്  അറിയാത്ത ലോകത്തിലെ ചില കാര്യങ്ങൾ മനസ്സിലാക്കാന്‍ കഴിയും. ഇതാണ് സമാനതാ നിയമം നമ്മെ മനസ്സിലാക്കിക്കുന്നത്. അങ്ങിനെയാണ്  ഒന്നിനൊന്ന് ഉയര്‍ന്ന അറിവുകള്‍ സ്വയം നമ്മളില്‍ വെളിവായി തെളിഞ്ഞു വരുന്നത് എന്നര്‍ത്ഥം. പ്രപഞ്ചത്തിലുള്ള സര്‍വ്വതും നമ്മുടെ ശരീരത്തില്‍ ഉണ്ട് എന്നാണു സനാതന ധർമ്മം പറഞ്ഞു തരുന്നത്‌. ശരീരം മനസ്സിലാക്കിയാല്‍ ആ അറിവിലൂടെ പ്രപഞ്ചം മനസ്സിലാക്കാം – അതുപോലെ തിരിച്ചും.  സനാതന ധർമ്മത്തിൽ  “യഥാ പിണ്ഡേ തഥാ ബ്രഹ്മാണ്ഡേ, യഥാ ബ്രഹ്മാണ്ഡേ തഥാ പിണ്ഡേ” എന്ന ആപ്തവാക്യം പറയുന്നതും കബാലിയോണിലെ “മുകളിലെ പോലെ താഴേയും, താഴേ പോലെ മുകളിലും”എന്ന ആപ്തവാക്യം പറയുന്നതും ഒരേ കാര്യം  തന്നെ ആണെന്ന് കാണാവുന്നതാണ്. 

മൗലിക നിയമം 3: പ്രകമ്പനാത്മകതാ നിയമം 

“ഒന്നും നിശ്ചലമല്ല; സര്‍വ്വതും പ്രകമ്പനം കൊള്ളുന്നു”. എന്നത്  കബാലിയോണിലെ മൂന്നാമത്തെ നിയമമാണ്.

പുറമേ എങ്ങിനെ കാണപ്പെട്ടാലും, സര്‍വ്വതും സദാ സമയവും പ്രകമ്പനം കൊണ്ടു കൊണ്ടേ ഇരിക്കുന്നു എന്നതാണ് പ്രകമ്പനാത്മകതാ നിയമം. ആധുനിക ശാസ്ത്രത്തിലെ ബാല പാഠം ആയിക്കഴിഞ്ഞിരിക്കുന്നു ഇന്ന് ഈ വിഷയം. പക്ഷേ, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഇത് ഉയര്‍ന്ന അവബോധം ഉള്ള ഋഷികള്‍ക്ക് കൃത്യമായി അറിയാമായിരുന്നു.    ഒരു ‘ആറ്റ’ത്തിനകുത്തുള്ള ഇലക്ട്രോണും, പ്രോട്ടോണും, ന്യുട്രോണും  പ്രകമ്പനത്തിൻ്റെ    ഒരു “ഫീല്‍ഡ്” ആണ്. അല്ലാതെ ഒരു ഖരവസ്തു അല്ല. ഈ നിയമം വിശദമാക്കുന്നത്  പദാര്‍ത്ഥം, ഊര്‍ജ്ജം, മനസ്സ്, ആത്മാവ്, എന്ന് പറയുന്നതെല്ലാം പ്രകമ്പനത്തിൻ്റെ   വിവിധ തോതുകൾ മാത്രമാണ് എന്നാണ്. അതായത്  ശുദ്ധമായ പരമ  ‘സര്‍വ്വത്വം’ മുതല്‍ ഏറ്റവും സ്ഥൂലമായ ഖരവസ്തുക്കള്‍ വരെ ഉള്ള എല്ലാം തന്നെ  പ്രകമ്പനത്തിൻ്റെ    വിവിധ അളവുകളിലുള്ള  പ്രത്യേക “ഫീല്‍ഡ്”കള്‍ (അല്ലെങ്കില്‍ പ്രകമ്പനത്തിൻ്റെ    മണ്ഡലങ്ങള്‍) ആണ് എന്നര്‍ത്ഥം. 

പ്രകമ്പനത്തിൻ്റെ   തോത് കൂടുന്നതിനുസരിച്ച്  (അതായത് തരംഗ ദൈര്‍ഘ്യം കുറയുന്നതനുസരിച്ച്) സ്ഥൂല-സൂക്ഷ്മ മാനദണ്‌ഡത്തിലെ സ്ഥാനം കൂടുതല്‍ കൂടുതല്‍ ഉയര്‍ന്ന  സൂക്ഷ്മതലത്തിലായിരിക്കും. ആത്മാവിൻ്റെ   പ്രകമ്പനങ്ങള്‍ അന്തമായ തീവ്രതയും വേഗതയും ഉള്ള ഒന്നായതുകൊണ്ട്,  പ്രായോഗികമായി നോക്കുമ്പോള്‍,  നിശ്ചലമായ അവസ്ഥയായി തോന്നിക്കും. വളരെ  വേഗത്തില്‍ കറങ്ങുന്ന ഒരു ഫാനിൻ്റെ   ചിറകുകള്‍ അനക്കമറ്റതായി തോന്നുന്നത് പോലെ ആണ് അതും. സ്ഥൂല-സൂക്ഷ്മ മാനദണ്‌ഡത്തിലെ താഴത്തെ നിരകള്‍  പരിശോധിച്ചാല്‍, പ്രകമ്പനങ്ങള്‍ കുറഞ്ഞ് കുറഞ്ഞ് തീരെ ചലനമറ്റ നിലകള്‍ വരെ തോന്നിക്കും. ഈ രണ്ട് നിലകള്‍ക്കും ഇടയില്‍ ലക്ഷോപലക്ഷം  നിലകളിലുള്ള പ്രകമ്പനങ്ങള്‍ ആണുള്ളത്. ഇലക്ട്രോണ്‍, പരമാണു, കണികകള്‍, കണകങ്ങള്‍ മുതല്‍ ലോകങ്ങള്‍, പ്രപഞ്ചങ്ങള്‍ വരെ ഉള്ള സര്‍വ്വതും നിത്യ  പ്രകമ്പനത്തില്‍ ആണ്. ഊര്‍ജ്ജവും ശക്തിയും, മനസ്സും, ആത്മാവും  എല്ലാം വിവധ തോതുകളില്‍ ഉള്ള ഇതേ പ്രകമ്പനങ്ങള്‍ തന്നെ ആണ്. ഒന്ന് മറ്റൊന്നായി മാറുന്നത് പ്രകമ്പനങ്ങള്‍ വ്യതിയാനപ്പെടുത്തുന്നത് അനുസരിച്ചാണ്. ഈ തത്വം മനസ്സിലാക്കി അനുയോജ്യമായ പ്രമാണസൂത്രങ്ങള്‍ ഉപയോഗിച്ച് നമുക്ക് നമ്മുടെ മനസ്സിൻ്റെ   നിലകളും, മറ്റുള്ളവരുടെ മനസ്സിൻ്റെ   നിലകളും മാറ്റുവാന്‍ കഴിയും. പരിണതപ്രജ്ഞരായ ഹെര്‍മെറ്റിക് ആചാര്യന്മാര്‍ ഈ തത്വം ഉപയോഗിച്ചു പ്രകൃതി ശക്തികളെപ്പോലും പലവിധത്തില്‍ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ പ്രാപ്തരായിരുന്നു വത്രേ.  

മുകളില്‍ പറഞ്ഞതെല്ലാം, കബാലിയോണില്‍ ഹെര്‍മിസ് ട്രൈസ്മെഗസ്റ്റസ് എന്ന മഹര്‍ഷിവര്യന്‍ പറഞ്ഞതാണ്. എങ്കിലും, ഇതെല്ലാം സനാതന ധർമ്മത്തിലും വിശദമാക്കുന്ന കാര്യങ്ങൾ തന്നെ ആണ്.  സനാതന ധർമ്മത്തിലെ മന്ത്രങ്ങളുടെ ഉച്ചാരങ്ങളിലും അവ ചൊല്ലുന്ന രീതിയിലും വളരെ അധികം ശ്രദ്ധ ചെലുത്തുന്നത് മന്ത്രങ്ങള്‍ പ്രകമ്പനങ്ങള്‍ ആയതുകൊണ്ടാണ്‌. സനാതന ധർമ്മത്തിലെ മന്ത്രങ്ങള്‍ ഹെര്‍മെറ്റിസിസത്തിലെ  പ്രകമ്പനാത്മകതാ നിയമത്തിൻ്റെ   പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം നോക്കിക്കാണുവാന്‍. 

മൗലിക നിയമം 4: ധ്രുവാത്മകതാ നിയമം 

“സര്‍വ്വതും ദ്വൈതമാണ്; സര്‍വ്വതിനും വൈപരീത്യത്തിൻ്റെ   ദ്വന്ദങ്ങള്‍ ഉണ്ട്; ഒരുപോലെ തോന്നിക്കുന്നതും, ഒരുപോലെ തോന്നിക്കാത്തതും എല്ലാം ഒന്നുതന്നെ ആണ്; വിപരീതങ്ങള്‍ സ്വഭാവം കൊണ്ട്  ഒന്നുതന്നെ ആണ്; പക്ഷേ, വ്യത്യാസം തോതില്‍ മാതമേ ഉള്ളൂ; അങ്ങേ അറ്റം ആയി നില്‍ക്കുന്നത് കൂട്ടി മുട്ടി നില്കുന്നവയാണ്; എല്ലാ സത്യങ്ങളും അര്‍ദ്ധ സത്യങ്ങള്‍  മാത്രമാണ്; വിരോധാഭാസങ്ങള്‍ പൊരുത്തപ്പെട്ടേക്കാം”.    കബാലിയോണിലെ നാലാമത്തെ നിയമത്തിൻ്റെ പരിഭാഷയാണ് ഇത്.

ധ്രുവാത്മകത എന്ന ഹെര്‍മെറ്റിക്ക് നിയമം  ദ്വൈതത്തെ വിശദീകരിക്കുകയാണ്. സര്‍വ്വതിനും രണ്ട് വിപരീതങ്ങള്‍ ആയ ധ്രുവങ്ങള്‍ ഉണ്ട് എന്ന് ഹെര്‍മെറ്റിസിസം ചൂണ്ടിക്കാണിക്കുന്നു. അവ പരസ്പരം  കടക വിരുദ്ധങ്ങള്‍  ആയിരിക്കാം. പക്ഷേ, രണ്ടും ഒന്ന് തന്നെ ആണ്. അവ തമ്മിലുള്ള വ്യത്യാസം രണ്ടിന്‍റേയും അളവില്‍ മാത്രം.  ഉദാഹരണം: ചൂടും തണുപ്പും രണ്ട് വൈരുദ്ധ്യങ്ങള്‍ ആണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്ന് തന്നെ ആണ്. ആ ഒന്നിൻ്റെ    തന്നെ അളവിലുള്ള വ്യത്യാസമാണ് ഒന്നിനെ രണ്ടാക്കുന്നത്. പതിനഞ്ചു ഡിഗ്രി സെന്‍റിഗ്രേഡ്, പതിനാറു ഡിഗ്രിയുമായി താരതമ്യം നോക്കുമ്പോള്‍   തണുപ്പും, പതിനാലു ഡിഗ്രിയുമായി നോക്കുമ്പോള്‍ ചൂടും ആണ്. ചൂടിൻ്റെ   തന്നെ  പ്രകമ്പനത്തിലുള്ള വ്യതിയാനമാണ് തണുപ്പ്. അതുപോലെ ഇരുട്ടും വെളിച്ചവും. വെളിച്ചത്തിൻ്റെ   അളവിൻ്റെ   ഏറ്റവും കുറവാണ്  ഇരുട്ട്. അതുപോലെ തന്നെ ആണ് വലുതും-ചെറുതും,  ഉറച്ചതും-മൃദുലവും, ഉയര്‍ന്നതും-താഴ്ന്നതും, ശബ്ദവും-നിശബ്ദതയും തുടങ്ങി സര്‍വ്വ വൈരുദ്ധ്യങ്ങളും. മാനസിക തലത്തിലെ സ്നേഹ-വിദ്വേഷം എന്ന ദ്വൈതവും അതുപോലെ തന്നെ ആണ്. സ്നേഹ-വിദ്വേഷത്തിൻ്റെ        ഒരു ഗ്രാഫ് വരച്ചാല്‍, എവിടേയും സ്നേഹം മാറി വിദ്വേഷം ആയി എന്ന് അടയാളപ്പെടുത്തി കാണിക്കുവാന്‍  സാധിക്കുകയില്ല.

വൈരുദ്ധ്യങ്ങള്‍ ആയി പുറമേ കാണുന്ന ദ്വയങ്ങള്‍ യഥാര്‍ത്ഥത്തില്‍  ഒന്നാണ് എന്ന് അറിയിക്കുന്ന ധ്രുവാത്മകതാ നിയമത്തിൻ്റെ     ഏറ്റവും വലിയ പ്രായോഗികത, ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ക്ക് പ്രകമ്പനത്തിൻ്റെ   തോതു ക്രമീകരിച്ച്, വൈരുദ്ധ്യങ്ങളെ  മാറ്റി പൊരുത്തപ്പെടുവാന്‍ കഴിയും എന്നുള്ളതാണ്. നമ്മുടെ തന്നെ അന്യോന്യ വിരോധമോ, മറ്റുള്ളവരുടെ അന്യോന്യ വിരോധമോ  അങ്ങിനെ മാറ്റിയെടുക്കാം. ഉദാഹരണത്തിന്, വിദ്വേഷത്തെ സ്നേഹമാക്കി മാറ്റാം. സനാതന ധർമ്മത്തിൽ ദ്വൈത-അദ്വൈതങ്ങൾ വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ ആണ്. അടുത്ത അദ്ധ്യായത്തിൽ അദ്വൈത വേദാന്തം ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

മൗലിക നിയമം 5: താളാത്മകതാ നിയമം 

“സർവ്വത്വം ഒഴുകുന്നു; പുറത്തേക്കും, അകത്തേക്കും; എല്ലാത്തിനും അതിൻ്റെ   വേലിയേറ്റങ്ങളും ഇറക്കങ്ങളും  ഉണ്ട്; സര്‍വ്വതും ഉയരുകയും താഴുകയും ചെയ്യുന്നു; ആന്ദോളക ചലനം സര്‍വ്വതിലും പ്രകടമാണ്; വലത്തോട്ടുള്ള  ദോലനത്തിൻ്റെ   അളവും, ഇടത്തോട്ടുള്ള ദോലനത്തിൻ്റെ   അളവും ഒന്നാണ്; താളം പരിഹരിക്കുന്നു”. – കബാലിയോണിലെ അഞ്ചാമത്തെ നിയമത്തിൻ്റെ പരിഭാഷയാണിത്.

ധ്രുവാത്മകതാ നിയമത്തിനു അനുബന്ധമാണ്‌ താളാത്മകതാ നിയമം. എല്ലാത്തിനും വിപരീതങ്ങളായ  രണ്ട് ഭിന്ന ധ്രുവങ്ങള്‍ ഉണ്ടെന്ന് മുന്‍പ് പറഞ്ഞുവല്ലോ. ഈ രണ്ട് ധ്രുവങ്ങള്‍ക്കിടയില്‍, ഒരു ധ്രുവത്തില്‍ നിന്നും മറ്റേ ധ്രുവത്തിലേക്കും പിന്നെ തിരിച്ചും, പരസ്പരം ഒരു ആന്ദോളനം നടന്നുകൊണ്ടേ ഇരിക്കും എന്നതാണ് താളാത്മകതാ നിയമം. ഒരു കയറ്റവും ഒരു ഇറക്കവും; വളരെ കൃത്യമായ, നിശ്ചിതമായ, താളാത്മകമായ ഒരു ആന്ദോളനമായിരുക്കും അത്. ഈ താളാത്മകമായ ഏറ്റവും ഇറക്കവും സര്‍വ്വതിലും കാണാം. പ്രപഞ്ചത്തില്‍, സൂര്യ ചന്ദ്രന്മാരില്‍, ലോകത്തില്‍, മനുഷ്യരില്‍, മൃഗങ്ങളില്‍, മനസ്സുകളില്‍,  ഊര്‍ജ്ജത്തില്‍, പദാര്‍ത്ഥങ്ങളില്‍ എല്ലാം കാണാം ഈ താളാത്മകത. ലോകങ്ങള്‍ സൃഷ്ടി ക്കപ്പെടുകയും, സംഹരിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രങ്ങള്‍ ഉയരുകയും, താഴുകയും ചെയ്യുന്നു. വസ്തുക്കളുടെ ജീവിത ചക്രത്തില്‍ ഈ താളാത്മകമായ ഉയര്‍ച്ചയും താഴ്ചയും കാണാം. മനുഷ്യൻ്റെ    മനസ്സുകളിലും  ആഹ്ളാദത്തിൻ്റെ   അല്ലെങ്കില്‍  മ്ലാനതയുടെ വേലിയേറ്റവും വേലിഇറക്കവും നിരന്തരം കാണാം. ധൃവാത്മകതാ നിയമത്തിൻ്റെ     ഏറ്റവും വലിയ പ്രായോഗികത, ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ കാണുന്നത് ഇക്കാര്യത്തിലാണ്. ഈ തത്വങ്ങള്‍ മനസ്സിലാക്കിയ ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍  അനുയോജ്യമായ വിധി ക്രിയകളിലൂടെ ഈ ചാഞ്ചാട്ടത്തെ അതിജീവിച്ച് സ്ഥിരമായ ഒരു അവബോധ നില കൈവരിക്കുന്നു. ഈ നിയമം ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. എന്നാല്‍ ഈ തത്വത്തിലുള്ള അവഗാഹം ഉപയോഗിച്ചു അവര്‍ ഈ താളത്തിൻ്റെ    പ്രത്യാഘാതങ്ങള്‍ക്ക് വശംവദരാകാതെ ഒരു വലിയ പരിധിവരെ അവര്‍ നിലകൊള്ളുന്നു. 

ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ അവരുടെ പാടവം ഉപയോഗിച്ച് അവര്‍ ആഗ്രഹിക്കുന്ന നിലയില്‍, ചാഞ്ചാട്ടത്തിൻ്റെ ഒഴുക്കില്‍ ഒഴുകി പോകാതെ, നില്‍ക്കുന്നു. ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ അധികം ശ്രദ്ധിക്കുന്നത്   ധ്രുവാത്മകതാ നിയമവും,  താളാത്മകതാ നിയമവും നമ്മില്‍  ചെലുത്തുന്ന സമ്മര്‍ദ്ദത്തില്‍ നിന്നും എങ്ങിനെ ഒഴിഞ്ഞ് നില്‍ക്കാം എന്നുള്ളതാണ്. ഇത് രണ്ടും ആണ് മനുഷ്യ ജീവിതത്തെ നിരന്തരം സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുന്നത്. ഹെര്‍മെറ്റിക് വിദ്യകളുടെ വലിയ ഒരു പങ്ക് ഈ രണ്ട് തരം  സമ്മര്‍ദ്ദത്തില്‍ നിന്നും ഒഴിഞ്ഞ് മാറി നില്‍ക്കാന്‍ സഹായിക്കുന്നവയാണ്.  

ഈ അദ്ധ്യായത്തിൻ്റെ  തുടക്കത്തിൽ ചർച്ച ചെയ്ത സുഖ ദുഃഖങ്ങളുടെ ചാക്രിക ആവർത്തനം യഥാർത്ഥത്തിൽ കബാലിയണിലെ ഇപ്പറയുന്ന  രണ്ടു ധ്രുവങ്ങളിലെ ദ്വന്ദങ്ങൾക്കിടയിൽ നിരന്തരം നടക്കുന്ന  ആന്ദോളനം തന്നെ ആണ്. സുഖമായാലും ദുഃഖമായാലും ഇവിടെ രണ്ടും ശ്വാശ്വതമായ ഒന്നല്ല. രണ്ടും വരുകയും പോകുകയും ചെയ്യുന്ന താത്കാലിക വിരുന്നുകാർ മാത്രമാണ്. സുഖത്തിൻ്റെ പുറകേ ഓടിയിട്ടോ, ദുഃഖത്തിൽ നിന്നും ഓടി ഒളിച്ചിട്ടോ ഒരു കാര്യവുമില്ല. തിരിഞ്ഞു നിന്ന് രണ്ടിനേയും അഭിമുഖീകരിച്ചിട്ടു രണ്ടിനും അതീതമായിട്ട് നിൽക്കുക. അതാണ് കബാലിയൺ നൽകുന്ന പാഠം. അതേ പാഠം തന്നെയാണ് സനാതന ധർമ്മവും നൽകുന്നത്.  

മൗലിക നിയമം 6: കാര്യകാരണാത്മകതാ നിയമം 

“എല്ലാ കാരണത്തിനും  അതിൻ്റെ   കാര്യമുണ്ട്; എല്ലാ കാര്യത്തിനും അതിൻ്റെ   കാരണമുണ്ട്;  എല്ലാം സംഭവിക്കുന്നത്‌ അതിൻ്റെ   നിയമം അനുസരിച്ചാണ്; ആകസ്മികം എന്നത് നമ്മൾ അറിയാതെ പോയ മറ്റൊരു  നിയമം മാത്രം; കാര്യകാരണ ബന്ധത്തിന് പല തലങ്ങള്‍ ഉണ്ട്; പക്ഷേ ഒന്നും ഈ നിയമത്തില്‍ നിന്നും വഴുതി പോകുന്നില്ല”. – കബാലിയോണ്‍ നൽകുന്ന ജീവിത രഹസ്യങ്ങൾ തുറക്കുന്ന ആറാമത്തെ സ്വർണ്ണ താക്കോൽ ആണ്. ഇത് തന്നെ ആണ് സനാതന ധർമ്മത്തിലെ കാര്യകാരണ ബന്ധവും കർമ്മ നിയമങ്ങളും.  കാല ദേശങ്ങൾക്ക് അതീതമായ സനാതന സത്യങ്ങൾ ആണ് ഇതെല്ലാം.

ഓരോ കാര്യങ്ങള്‍ക്കും ഓരോ കാരണം ഉണ്ട്. ഓരോ കാരണത്തിനും ഓരോ കാര്യം ഉണ്ടാകും. സര്‍വ്വതും ഈ കാര്യകാരണ നിയമത്തിന് വിധേയമാണ്. ഒരു കാര്യവും ‘വെറുതെ’ സംഭവിക്കുകയില്ല. ആകസ്‌മിക സംഭവം എന്ന് ഒന്നില്ല. കാരണങ്ങള്‍ ഭൗതിക തലത്തില്‍ നിന്നോ, മാനസിക തലത്തില്‍ നിന്നോ, ആത്മീയ തലത്തില്‍ നിന്നോ  ഉടലെടുത്തതാവാം; ഈ മൂന്നു തലത്തില്‍ ഏതെങ്കിലും ഒന്നിൽ അവ  കാര്യമായി  പ്രത്യക്ഷപ്പെടുകയും ചെയ്യാം.  

പക്ഷേ, ഉയര്‍ന്ന തലങ്ങളിലെ  കാര്യകാരണങ്ങള്‍ക്ക്  താഴ്ന്ന തലങ്ങളിലെ കാര്യകാരണങ്ങളേക്കാള്‍  മേല്‍കൈ ഉണ്ട്. എങ്കിലും, ആര്‍ക്കും, യാതൊന്നിനും കാര്യകാരണ നിയമങ്ങളെ മുഴവനായി   മറികടക്കുവാന്‍ കഴിയുകയില്ല. 

ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ക്ക് ഭൗതിക തലത്തില്‍ ഉള്ള കാര്യ കാരണങ്ങളെ ഒരു പരിധിവരെ  മറികടക്കാനുള്ള ജ്ഞാനവും, ക്രിയാ വൈദഗ്ദ്ധ്യവും ഉണ്ട്. മനസ്സുകൊണ്ട് അവര്‍ ഉയര്‍ന്ന തലങ്ങളിലേക്ക് ചെന്ന് കാരണങ്ങള്‍ വിതക്കുന്നവരായി മാറുന്നു, കാര്യങ്ങള്‍ കൊയ്യുന്നവരാകുന്നതിനു പകരം!  അധികം ജനങ്ങളും പാരമ്പര്യം, മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍, തുടങ്ങി ചുറ്റുപാടുകളുടെ അടിമകളായി കാരണങ്ങള്‍ വിതച്ചും, കാര്യങ്ങള്‍ കൊയ്തും ജീവിക്കുമ്പോള്‍, ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ ഉയര്‍ന്ന തലങ്ങളിലേക്ക് ഉയര്‍ന്ന് ചിത്ത വൃത്തികളേയും, സ്വഭാവത്തേയും, ഗുണഗണങ്ങളേയും,  ശക്തിയേയും, അവരുടെ ചുറ്റുമുള്ള പരിത:സ്ഥിതികളേയും ഒക്കെ നിയന്ത്രിച്ച് കാര്യകാരണ നിയമത്തിൻ്റെ   ഫലമായി ഉണ്ടാകുന്ന വിഷമതകളെ ഒരു പരിധിവരെ  തടുത്ത്  ജീവിക്കുന്നു. ഹെര്‍മെറ്റിക് വിജ്ഞാനം അവരെ അവബോധത്തിൻ്റെ    ഉയര്‍ന്ന തലങ്ങളില്‍ ജീവിച്ചു കൊണ്ട് താഴ്ന്ന തലത്തിലെ കാര്യകാരണ നിയമങ്ങളെ മറികടക്കാനും, ഉയര്‍ന്ന തലങ്ങളിലെ കാര്യകാരണ നിയമങ്ങള്‍ക്ക് മാത്രം അധീനപ്പെട്ട് ജീവിക്കുവാനും അവരെ  പ്രാപ്തരാക്കുന്നു. കാര്യകാരണാത്മകതാ നിയമം എന്നത്  സനാതന ധർമ്മത്തിലെ കര്‍മ്മനിയമങ്ങളും പുനര്‍ജന്മതത്വങ്ങളും തന്നെ ആണ്.  

മൗലിക നിയമം 7: ലിംഗത്വ നിയമം

“ലിംഗത്വം സര്‍വ്വതിലും ഉണ്ട്; എല്ലാത്തിനും സ്ത്രീ ലിംഗവും പുല്ലിംഗവും ഉണ്ട്. ലിംഗത്വ നിയമം എല്ലാ മണ്ഡലങ്ങളിലും പ്രകടമാണ്‌”. ഇതാണ് കബാലിയോണിലെ ഏഴാമത്തെ മൗലിക നിയമം.

ലിംഗത്വം സര്‍വ്വതിലും അടങ്ങിയിരിക്കുന്നു  എന്ന മൗലിക നിയമം ആണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. സ്ത്രീ ലിംഗ പുല്ലിംഗ നിയമങ്ങള്‍ എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു. ഭൗതിക മണ്ഡലത്തില്‍ മാത്രമല്ല, മാനസിക മണ്ഡലത്തിലും ആത്മീയ മണ്ഡലത്തിലും ഈ നിയമം സത്യം തന്നെ  ആണ്. ഭൗതിക മണ്ഡലത്തില്‍ ഈ നിയമം ലൈംഗികതയായി പ്രകടമാകുന്നു. അതിന് മുകളിലുള്ള ഉയര്‍ന്ന മണ്ഡലങ്ങൾ ആയ മാനസിക മണ്ഡലത്തിലും ആത്മീയ മണ്ഡലത്തിലും ലിംഗത്വ നിയമം ഉയര്‍ന്ന രൂപം കൈക്കൊള്ളുന്നു എന്ന് മാത്രം. പക്ഷേ, മൗലിക നിയമം എന്നും ഒന്ന് തന്നെ. ഭൗതികമോ, മാനസികമോ, ആത്മീയമോ ആയ ഒരു സൃഷ്ടി യും ഈ മൗലിക നിയമം ഇല്ലാതെ സാദ്ധ്യമല്ല. ഉല്‍പ്പത്തിയുടേയും, പുനര്‍ ഉല്‍പ്പത്തിയുടേയും, സൃഷ്ടി യുടേയും ദിശയില്‍ ലിംഗത്വ നിയമം നിത്യമായി പ്രവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതാണ് കബാലിയോൺ വിശദമാക്കുന്ന ഏഴാമത്തേതും അവസാനത്തേതും ആയ മൗലിക നിയമം.

സര്‍വ്വതിലും ശിവ-ശക്തി അല്ലെങ്കില്‍ പുരുഷ-പ്രകൃതി സാന്നിദ്ധ്യം സനാതന ധർമ്മത്തിലും ഉണ്ട്.   ശിവ-ശക്തി, പുരുഷ-പ്രകൃതി തുടങ്ങിയ സങ്കല്പങ്ങൾ എല്ലാം ഈ തത്വത്തെ ആണ് പ്രകടമാക്കുന്നത്. കേരളത്തില്‍ മാത്രം പതിനയ്യായിരത്തോളം ക്ഷേത്രങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അതില്‍ ഒരു വലിയ പങ്കും, ദേവീ സങ്കല്‍പ്പങ്ങള്‍ പ്രതിഷ്ഠയായ ക്ഷേത്രങ്ങള്‍ ആണെന്ന് കാണാം.  ക്ഷേത്രങ്ങളെ പ്രധാനമായും, രണ്ട് തരങ്ങള്‍ ആയി തിരിക്കാം. ഒന്നില്‍ ദേവന്മാരാണ് പ്രതിഷ്ഠ. മറ്റേതില്‍ ദേവിമാരും. അര്‍ദ്ധനാരീശ്വര പ്രതിഷ്ഠകളും, കണ്ണാടി പ്രതിഷ്ഠകളും തുലോം വിരളമാണ്. ഇത് മൂന്നും ഒരേപോലെ ശരിയും അര്‍ത്ഥഗര്‍ഭവും ആണ്. എന്തിനാണ് പ്രതിഷ്ഠകള്‍ക്ക്  ലിംഗഭേദം? സനാതന ധർമ്മത്തിലെ തന്ത്ര ശാസ്ത്രം ഇക്കാര്യം നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. . 

ലിംഗ തത്വം മനസ്സിലാക്കുവാനുള്ള എളുപ്പ വഴി ഒരു വീട് പണിയുടെ ഉദാഹരണം എടുക്കലാണ്. ഒരു വീട് പണിയണമെങ്കില്‍ ഒരു ഡിസൈനര്‍ ആയ എഞ്ചിനീയറും, ഒരു കരാറുകാരനും വേണം. രണ്ടും രണ്ട് വ്യത്യസ്തമായ പ്രാഗൽഭ്യങ്ങൾ ആവശ്യമായ  വ്യത്യസ്ഥ മേഘലകളിലെ വിഷയങ്ങൾ ആണ്. ഡിസൈനർ എന്താണ് ചെയ്യേണ്ടത്  എന്നുള്ള കാര്യങ്ങള്‍ വ്യക്തമായി രൂപകല്പന ചെയ്തുകൊടുത്തുകൊണ്ട് നിര്‍ദ്ദേശിക്കുന്നു – ആ നിർദ്ദേശക ശക്തിയാണ്  പുല്ലിംഗ തത്വം. കരാറുകാരൻ നിര്‍ദ്ദേശിച്ച് ഏല്‍പ്പിച്ച കാര്യം നിർമ്മിച്ച് കൊടുക്കുന്നു – അനുസരണയോടെ ഉള്ള ആ ക്രിയാത്മകത്വം ആണ് സ്ത്രീലിംഗ തത്വം. ഈ രണ്ട് തത്വങ്ങളും എല്ലാ കാര്യങ്ങളിലും ചിന്തിച്ചാൽ  നമുക്കുതന്നെ കണ്ടെത്തുവാന്‍ കഴിയും. ഈ തത്വം അത്യന്തം പ്രകടമായി സ്ത്രീ-പുരുഷ ശരീരത്തില്‍  കാണാന്‍  കഴിയുന്നു എന്ന് മാത്രമേ ഉള്ളൂ. ഒരു പുല്ലിംഗ തത്വം ഇല്ലാതെ സ്ത്രീ ലിംഗ തത്ത്വത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതുപോലെ തിരിച്ചും. 

വളരെ രസകരമായ ഒരു ഉപമ ഉപയോഗിച്ചാണ് സനാതന ധർമ്മത്തിൽ വേദാന്തത്തിലൂടെ  ഈ തത്വം ചിത്രീകരിച്ചിരിക്കുന്നത്. അന്ധനായ ഒരാള്‍ക്ക് നടക്കാന്‍ കഴിയും, പക്ഷേ കാഴ്ചയില്ല എന്ന് കരുതുക. കാഴ്ചയുള്ള മറ്റൊരാൾക്ക്  നടക്കാന്‍ കഴിയില്ലഎന്നും കരുതുക. അവര്‍ രണ്ടുപേരും പരസ്പരം സഹകരിക്കുന്നത്, കാഴ്ചയുള്ളയാള്‍ അന്ധന്‍റെ കഴുത്തില്‍ കയറി ഇരുന്നു കൊണ്ടാണ്. മനുഷ്യനിൽ   “അവബോധവും” “പ്രാണനും” തമ്മിലുള്ള ബന്ധം ചിത്രീകരിക്കുവാൻ ആണ് വേദാന്തം ഈ ഉപമ ഉപയോഗിച്ചത്. “അവബോധം” എന്നാല്‍ അടിസ്ഥാനപരമായി ശുദ്ധമായ “പ്രജ്ഞാനം” തന്നെ അൽപ്പം ഒന്ന് പരിമിതപ്പെട്ട് നിൽക്കുന്നതാണ് എന്ന് നമ്മൾ ഇതിനകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. “പ്രജ്ഞാനം” എന്നത്  “അസ്തിത്വം-അറിവ്-ആനന്ദം” എന്നാണ് വേദാന്തം നിർവചിക്കുന്നത്.  അവബോധത്തിനു അറിവ് ഉണ്ട്. പക്ഷേ അവബോധത്തിന്   ചലിക്കാനുള്ള ശക്തി നല്‍കുന്നത് പ്രാണനാണ്‌. പ്രാണന്‍ പോയാല്‍, അവബോധവും പോകും. എവിടെ പോകണം, എന്ത് ചെയ്യണം എന്നെല്ലാം നിര്‍ദ്ദേശിക്കുന്നത് അവബോധം ആണ് – പുല്ലിംഗ തത്വം. നിർദ്ദേശിച്ച പ്രകാരം ചെയ്യുന്നത് പ്രാണന്‍റെ ഫലമായിട്ടാണ് – സ്ത്രീ ലിംഗ തത്വം. പുല്ലിംഗ തത്വവും സ്ത്രീ തത്വവും അങ്ങിനെ പരസ്പര പൂരകങ്ങൾ ആണ്. അങ്ങിനെ അവബോധം പ്രാണനെ ഉപയോഗിച്ചുകൊണ്ട്  പുല്ലിംഗ-സ്ത്രീലിംഗ തത്വങ്ങൾ ആയിട്ടാണ്  പ്രവർത്തനം നടത്തുന്നതെങ്കിലും,   പ്രാണൻ എന്നത് അവബോധത്തിൻ്റെ തന്നെ ശക്തിയാണ്. ചൂട് എന്നത് അഗ്നിയുടെ ശക്തിയാണ് എന്ന് പറയുന്നതുപോലെ തന്നെ ആണ് അതും. അതായത് പുല്ലിംഗവും സ്ത്രീലിംഗവും അന്യോന്യം ഒന്നിലൊന്നായി അടങ്ങിയിരിക്കുന്നു എന്നർത്ഥം.

ഇതിൽ നിന്നും പുല്ലിംഗ-സ്ത്രീലിംഗ തത്വങ്ങൾ സർവ്വ വസ്തുക്കളിലും ഉണ്ട് എന്നാണു നമ്മൾ മനസ്സിലാക്കേണ്ടത്. അതായത് തൂണിലും തുരുമ്പിലും മനുഷ്യരിലും മൃഗങ്ങളിലും എല്ലാം  ലിംഗത്വ തത്വങ്ങൾ അടങ്ങിയിരിക്കുന്നു. സർവ്വതിലും പുല്ലിംഗമായ ഒരു നിർദ്ദേശക ശക്തിയും സ്ത്രീലിംഗമായ അനുസരണാ പൂർവ്വമായ  ഒരു ക്രിയാത്മക  ശക്തിയും അടങ്ങിയിട്ടുണ്ട്.  മറ്റൊരു ഉദാഹരണം നൽകാം. വെളുപ്പിന് മൂന്നു മണിക്ക് ഉറക്കത്തിൽ നിന്നും ഉണർന്ന് ഒരു പ്രവർത്തി ചെയ്യണം എങ്കിൽ ആദ്യം പുല്ലിംഗ രൂപത്തിലുള്ള ഒരു ഇച്ഛാശക്തി പ്രേരണക്കായി  ആവശ്യമുണ്ട്. അതുണ്ടെങ്കിലേ  സ്ത്രീ ലിംഗ രൂപത്തിലുള്ള എഴുന്നേൽക്കുവാനും പ്രവർത്തിക്കുവാനും ഉള്ള ക്രിയാത്മക ശക്തി ഉണ്ടാകൂ.  ഇതുരണ്ടും പരസ്പരം ഒരുമിച്ചാണ് എപ്പോഴും ഉണ്ടാകുക. ആധുനിക ശാസ്ത്ര ജ്ഞാനം അനുസരിച്ച് പുരുഷ ഹോർമോൺ ആയ ടെസ്റ്റാസ്റ്റീറോണും സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജനും രണ്ടും പുരുഷ ശരീരത്തിലും സ്ത്രീ ശരീത്തിലും ഉണ്ട്. അവയുടെ അളവുകളിൽ പരസ്പര വ്യത്യാസങ്ങൾ ഉണ്ടെന്നു മാത്രം.

ക്ഷേത്ര പ്രതിഷ്ഠകളിലെ  ദേവന്‍-ദേവീ വ്യത്യാസങ്ങള്‍ ‘സൃഷ്ടി ’ എന്ന  നടപടിക്രമത്തിലെ പുല്ലിംഗ-സ്ത്രീലിംഗ ത്വത്വം അനുസരിച്ചാണ് ക്രമീ കരിച്ചിരിക്കുന്നത്. സൃഷ്ടി പ്രക്രിയയിലെ ഡിസൈനര്‍ എഞ്ചിനീയറുടെ സ്ഥാനം ആണ്  ദേവന്‍ എന്ന സങ്കല്പം. (പരമ ശിവന്‍, മഹാവിഷ്ണു എന്ന പേരുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കുക. രണ്ടും  രൂപമില്ലാത്ത പരമമായ ഒരേ മഹാ പ്രജ്ഞാനത്തിൻ്റെ പര്യായങ്ങളായ രണ്ടു വിളിപ്പേരുകൾ  തന്നെയാണ്. മനുഷ്യരുടെ ഇടയില്‍   രണ്ട് പേരില്‍ അറിയപ്പെടുന്നു എന്ന് മാത്രമേ ഉള്ളൂ.  ശിവന്‍ / മഹാവിഷ്ണു എന്ന ആ  ഡിസൈനര്‍ എഞ്ചിനീയര്‍ കൊടുത്ത നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് – അനുസരിച്ച് മാത്രമാണ് – സൃഷ്ടി പ്രക്രിയയിലെ കരാറുകാരി എന്ന സ്ഥാനത്തു നിന്ന് കൊണ്ട്  സ്ത്രീ ലിംഗ തത്വമായ   പ്രകൃതീ മാതാവ് പ്രവര്‍ത്തിക്കുന്നത്.  പാര്‍വ്വതി, മഹാലക്ഷ്മി, ദുര്‍ഗ്ഗ, ഭഗവതി, തുടങ്ങിയ പേരുകള്‍ ഓര്‍മ്മിക്കുക. എല്ലാം അവബോധത്തിൻ്റെ ക്രിയാശക്തി തന്നെയാണ്. പക്ഷേ മനുഷ്യരുടെ ഇടയില്‍   വിവധ പേരുകളിൽ    അറിയപ്പെടുന്നു എന്ന് മാത്രമേ ഉള്ളൂ.

ഈ പ്രപഞ്ചവും, ഇതില്‍ കാണുന്ന നമ്മള്‍ അടക്കം സര്‍വ്വതിനേയും, പരമശിവന്‍റെ / മഹാവിഷ്ണുവിന്‍റെ നിര്‍ദ്ദിഷ്ട രൂപകല്‍പ്പന അനുസരിച്ച്  നിര്‍മ്മിച്ചത്‌ പ്രകൃതീ മാതാവാണ്. അതായത്, നമ്മുടെ എല്ലാവരുടെയും മാത്രമല്ല, പ്രപഞ്ചത്തിലെ സര്‍വ്വതിന്‍റേയും  ദിവ്യമായ അമ്മയാണ് പ്രകൃതീ മാതാവ്. 

ഹെര്‍മെറ്റിസിസത്തിലെ ആത്മജ്ഞാനം 

എന്താണ് ഈ ലോകത്തിൻ്റെ നിലനിൽപ്പിൻ്റെ ആത്യന്തികമായ സത്യം, എന്താണ് ഈ ലോകത്തിൻ്റെ സ്വഭാവം, എന്താണ് നിതാന്തമെന്ന് തോന്നിക്കുന്ന മനുഷ്യൻ്റെ ദുഃഖത്തിനും ക്ലേശങ്ങൾക്കും ഉള്ള അടിസ്ഥാന കാരണങ്ങൾ, അതിൽ നിന്നും നമുക്ക് എങ്ങിനെ മോചനം നേടാൻ കഴിയും എന്നത് തന്നെയാണ് ഹെർമറ്റിസിസത്തിലെ അന്വേഷണങ്ങളും. സനാതന ധർമ്മം അന്വേഷിച്ച അതേ അടിസ്ഥാന വിഷയങ്ങൾ തന്നെ ആണ് അവയെല്ലാം. അവക്കെല്ലാം സനാതന ധർമ്മം അന്വേഷിച്ചറിഞ്ഞ അതേ ഉത്തരങ്ങൾ തന്നെയാണ് ഹെർമെറ്റിസിസം നൽകുന്നതും.

സർവ്വതും നിലനിൽക്കുന്നത് ‘സർവ്വത്വ’ത്തിൻ്റെ  മനസ്സിലാണെന്നും   സർവ്വതിലും സർവ്വത്വം  ഉണ്ടെന്നും ആദ്യമേ തന്നെ കബാലിയോൺ പറയുന്നു. സനാതന ധർമ്മം പറഞ്ഞതും അത് തന്നെ ആണ്. “സർവ്വത്വം” എന്ന പദത്തിന് പകരം മറ്റൊരു പര്യായ പദമായ “പരബ്രഹ്മൻ” എന്ന് ഉപയോഗിച്ചു  എന്ന്മാത്രം.  ഈ ലോകത്തിൻ്റെ വിപരീതാനുഭവങ്ങളുടെ  ദ്വന്ദാവസ്ഥയും,  വസ്തുക്കളുടെ പ്രകമ്പനങ്ങൾ അവയെ മാറി മാറി പരസ്പരം ഉള്ള ദ്വന്ദാവസ്ഥകളിൽ എത്തിക്കുന്നതും, അങ്ങിനെ മനുഷ്യൻ  ഈ ദ്വന്ദങ്ങൾക്കിടയിൽ നിരന്തരം ആന്തോളനം ചെയ്‌തുകൊണ്ട് ക്ലേശിക്കുന്നതും കബാലിയോൺ കണ്ടെത്തി. കബാലിയോൺ അതിനുള്ള പരിഹാരമായി നൽകുന്നത്  ലിംഗതത്വം ഉപയോഗിച്ച് ഇച്ഛാനുസരണം പ്രകമ്പനങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടു ദ്വന്ദങ്ങൾക്ക് ഇടയിലുള്ള ആന്തോളനത്തിന് അതീതമായി നിന്ന് കൊണ്ട്   ക്ലേശങ്ങൾ  അവസാനിപ്പിക്കുക എന്ന മാർഗ്ഗമാണ്. സനാതന ധർമ്മം അനുശാസിക്കുന്ന വേദാന്തത്തിലെ അദ്വൈതാവസ്ഥ തന്നെ ആണ് ഇത്. ഇനി, ഹെർമെറ്റിസിസം നൽകുന്ന പരിഹാരമാർഗ്ഗം എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കാം.

ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍,   രമണ മഹര്‍ഷി ഉപദേശിച്ചതു പോലെ, ഏറ്റവും ആദ്യം  സ്വയം താന്‍ ആരാണ് എന്ന് പരിശോധിക്കുവാന്‍ ആണ്  തങ്ങളുടെ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്. നമ്മുടെ തന്നെ സ്വ-ആത്മത്വത്തിലേക്ക് കടന്നു ചെന്ന് പരിശോധിക്കുവാനാണ്  അവര്‍ ഹെര്‍മെറ്റിക്ക്  പഠിതാക്കളോട് ആവശ്യപ്പെട്ടത്‌. അങ്ങിനെ പരിശോധിക്കുമ്പോള്‍ നമ്മുടെ അവബോധം ആദ്യം “ഞാന്‍” എന്ന ഒരു ഉള്‍ബോധം ആണ് നല്‍കുന്നത്. ‘പ്രജ്ഞാനം ഉള്ള, ഞാൻ ജീവിച്ചിരിക്കുന്നു’ എന്ന ഒരു ഉള്ളറിവ് ഒരു തോന്നൽ ആയി  എപ്പോഴും എന്നിലുണ്ട് – അതാണ്‌ ‘ഞാന്‍’ എന്ന തോന്നല്‍. കുറച്ച് കൂടി ആഴത്തില്‍ പരിശോധിക്കുമ്പോള്‍, ‘ഞാന്‍’ എന്ന ബോധത്തിൻ്റെ   ഇണ ആയി  ‘എൻ്റെ  ’ എന്ന മറ്റൊരു ബോധം കൂടി ഉള്ളതായി നമുക്ക് മനസ്സിലാകും. അതായത്, നമ്മുടെ അവബോധത്തിന് ‘ഞാന്‍’ എന്നും ‘എൻ്റെ’ എന്നും രണ്ട് തോന്നലുകള്‍ ഉണ്ടാകുന്നുണ്ട്. ഈ ഇരട്ടകള്‍ക്ക് തനതായ സ്വഭാവങ്ങളും പ്രത്യേകതകളും ഉണ്ട്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ‘എൻ്റെ’ എന്ന ഭാവത്തെ ‘ഞാന്‍’ എന്ന ഭാവമായി തെറ്റിദ്ധരിച്ച് പോകും. രണ്ടും രണ്ടാണ്. അവബോധത്തിൻ്റെ   ആഴത്തിലേക്ക് ഇറങ്ങി ചെന്നാലേ ആ  വ്യത്യാസം തിരിച്ചറിയുകയുള്ളൂ.  

വികാരങ്ങള്‍, രുചികള്‍, ഇഷ്ടാനിഷ്ടങ്ങള്‍, സ്വഭാവങ്ങള്‍, രീതികള്‍  പ്രത്യേകതകള്‍ ഇവയെല്ലാം ‘എൻ്റെ  ’ എന്ന ഭാവത്തിന്‍റേത്‌ ആണ്. ‘ഞാന്‍’ എന്ന ഭാവത്തിന്‍റേത്‌  അല്ല. ‘ഞാന്‍’ എന്ന് പറഞ്ഞാല്‍ ശുദ്ധമായ പ്രജ്ഞാനമാണ്. അത് സ്ഥിരമാണ്, സ്ഥായി ആണ്;  എന്നാല്‍ മേല്‍പ്പറഞ്ഞ എൻ്റെതെന്ന് ഞാൻ കരുതുന്ന  ഈ പ്രത്യേകതകള്‍ വരുകയും പോകുകയും ചെയ്യുന്ന ഒന്നാണ്. സ്ഥിരമായ ഒന്നല്ല. താളാത്മകതാ നിയമത്തിന് വിധേയമാണ് ഈ പ്രത്യേകതകള്‍. അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്ന  ദോലകങ്ങള്‍ പോലെ ആണവ. ധ്രുവാത്മക നിയമത്തിനും വിധേയമാണവ – അങ്ങേ അറ്റത്തുള്ള  ധ്രുവത്തിലും  ഇങ്ങേ അറ്റത്തുള്ള  ധ്രുവത്തിലും എത്തി നില്‍ക്കുന്ന ഒന്നാകാം  ഈ പ്രത്യേകതകള്‍.  ‘എൻ്റെ’ എന്ന തോന്നൽ ഉണ്ടാവണം എങ്കിൽ സ്വാഭാവികമായി ആ തോന്നലിന് ആധാരമായി  ‘ഞാന്‍’ എന്ന തോന്നലും ഉണ്ടാകും. ‘ഞാൻ’ ഉണ്ടെങ്കിലല്ലേ ‘എൻ്റെ’ ഉണ്ടാകൂ? ‘ഞാന്‍’ കൈവശം വച്ചിരിക്കുന്ന പൊടിപ്പും തൊങ്ങലുകളും ആണ്  മനസ്സും, ശരീരവും, വസ്ത്രങ്ങളും, പേരും, നാളും, പദവിയും, ബിരുദങ്ങളും, അറിവും, വീടും, കാറും, സമ്പാദ്യങ്ങളും, കുടുംബവും, സുഹൃത്തുകളും, ശത്രുക്കളും, ഈ ലോകവും എല്ലാം.  അപ്പോള്‍, ഞാന്‍ വേറേ, ഞാന്‍ കൈവശം വച്ചിരിക്കുന്ന വസ്തുക്കള്‍ വേറേ! ഈ ‘എൻ്റെ  ‘ എന്ന ഭാവത്തിനു ശരീരത്തിനോടും, ശരീരത്തിൻ്റെ   ആവശ്യങ്ങളോടും,  ധരിച്ചിരിക്കുന്ന വസ്ത്രത്തിനോടു പോലും  വലിയ ഒരു ആസക്തി ഉണ്ടായിരിക്കും. പലപ്പോഴും “അവബോധം” മുഴുവനും തളച്ചിട്ടിരിക്കുന്നത്  ശരീരത്തില്‍ ആയിരിക്കും. അവര്‍ക്ക് ശരീരമില്ലാത്ത ഒരു ‘ഞാന്‍’ ചിന്തിക്കാനേ കഴിയുകയില്ല. അവരുടെ മനസ്സു പോലും ശരീരത്തിന്‍റേതായിരിക്കും. 

പക്ഷേ, അവബോധത്തിൻ്റെ   ഉയരങ്ങളിലേക്ക് കയറിയ വേറെ ചിലര്‍ക്ക്  ശരീരത്തെ ‘എൻ്റെ’ എന്ന ഘടകത്തില്‍  നിന്നും  കുരുക്കഴിച്ച് മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും; എന്നിട്ടവര്‍ ശരീരത്തിനെ മനസ്സിൻ്റെ   ഭാഗമായി കരുതും. അവര്‍ക്ക് മനസ്സിൻ്റെ     വികാരങ്ങളും, മനോനിലകളും ആണ് ‘എൻ്റെ’ എന്ന  ഭാവം ആയി നില്‍ക്കുന്നത്. അവരുടെ മനസ്സാണ് അവര്‍.   മനസ്സിൻ്റെ   ഈ ഭാവങ്ങള്‍ മനസ്സിൻ്റെ   ഏതോ ഭാഗത്തില്‍ നിന്നും ഉദയം കൊണ്ട്, തന്നില്‍ തന്നെ എവിടെയോ   നിലകൊള്ളുന്ന, എന്നാല്‍  ‘താന്‍’ എന്ന ഭാവവും ആയി ഒരു ബന്ധവും ഇല്ലാത്ത  ഒന്നാണ് എന്നാണ് ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ മനസ്സിലാക്കിത്തരുന്നത് .   അതേ സമയം, സ്വന്തം  ഇശ്ചാശക്തിയെ പുല്ലിംഗ തത്വമാക്കിക്കൊണ്ട്  മനസ്സിലെ നിലവിലുള്ള  വികാരങ്ങളുടെ നേര്‍ വിപരീത വികാരം വളര്‍ത്തി എടുക്കാന്‍ കഴിയും എന്ന് പഠിതാക്കള്‍ മനസ്സിലാക്കിയിട്ടും ഉണ്ട്.  എങ്കിലും, ‘എൻ്റെ’  എന്ന നില പഠിതാക്കള്‍ക്ക് അപ്പോഴും  നിലനില്‍ക്കുന്നുണ്ടാകും. കുറേ കഴിയുമ്പോള്‍, ഈ വികാരങ്ങളും, സ്വഭാവങ്ങളും, മാനസിക നിലകളും, ഗുണ ഗണങ്ങളും  ഒന്നും തന്നെ ‘ഞാന്‍’ അല്ല , അല്ല, അല്ല, എന്ന തിരിച്ചറിവ് അവര്‍ക്ക് ക്രമേണ ഉണ്ടാകുവാന്‍ തുടങ്ങുന്നു.

അപ്പോള്‍,  ശുദ്ധമായ ‘ഞാന്‍’ എന്ന ഘടകവും , പ്രത്യേകം  മാറി നില്‍ക്കുന്ന  ‘എൻ്റെ’ എന്ന ഘടകവും  വേറെ വേറെ ആയി  തെളിഞ്ഞു കാണാനാകും. ‘എൻ്റെ  ‘എന്ന  ഭാഗത്തിലെ  ചിന്തകളും, വികാരങ്ങളും, സങ്കല്പങ്ങളും എല്ലാം വരുകയും പോകുകയും ചെയ്യുന്ന മനസ്സിൻ്റെ   ഒരു ‘ഗര്‍ഭപാത്രം’ പോലെ ആണെന്ന് ഹെര്‍മെറ്റിക്ക് ആചാര്യന്മാര്‍ പറഞ്ഞ് തരുന്നു.   മനസ്സിൻ്റെ   കുഞ്ഞുങ്ങളെ വളര്‍ത്തി എടുക്കുകയും പ്രസവിക്കുകയും ചെയ്യുന്ന മനസ്സിൻ്റെ    ‘ഗര്‍ഭപാത്രം’ ആണ് ‘എൻ്റെ  ’ എന്ന ഘടകം. ഏതു തരത്തിലുള്ള സൃഷ്ടി യും നടത്താന്‍  പ്രാപ്തമായ ഒരു  ബൃഹത്തായ ശക്തി   ‘എൻ്റെ’ എന്ന പാത്രത്തിനുണ്ട്.  പക്ഷേ അത്തരം സൃഷ്ടി ക്രിയ നടക്കുന്നതിന്, ഏതോ വിധത്തിലുള്ള ഒരു ഊര്‍ജ്ജം ‘എൻ്റെ’ എന്ന ആ ഗര്‍ഭ പാത്രത്തിനു ആവശ്യമുണ്ട്. ആ ഊര്‍ജ്ജം  “ഞാന്‍’ എന്ന ഇണയില്‍ നിന്നോ, അല്ലെങ്കില്‍ തത്തുല്യമായ മറ്റൊരു ഇണയില്‍  നിന്നോ (മറ്റൊരു ശരീരം-മനസ്സ്-ആത്മാവില്‍ നിന്നോ) ലഭിച്ചിരിക്കേണ്ടതുണ്ട്. ‘ഞാനും’  ‘എൻ്റെ’യും, ചേര്‍ന്നാണ്  മനസ്സിൻ്റെ   സൃഷ്ടി കള്‍ മുഴുവനും ചെയ്യുന്നത്. “ഞാൻ” ഒന്നുകില്‍ സ്വന്തം ഇണയായ ‘ഞാന്‍’ എന്ന അവബോധത്തിൻ്റെ     ഊര്‍ജ്ജം ആയിരിക്കും, അല്ലെങ്കില്‍ പുറമേ   നിന്നും ഉള്ള വേറെ ഏതെങ്കിലും ഒരു താത്കാലിക ഇണയുടെ  അവബോധത്തിൻ്റെ    ഊര്‍ജ്ജമായിരിക്കും അത് നല്‍കുക. രണ്ടായാലും, ‘ഞാൻ’ എന്നത് പുല്ലിംഗ തത്വവും, ‘എൻ്റെ’ എന്നത് സ്ത്രീലിംഗ തത്വവും ആണ്.   മറ്റൊരു ശരീരം-മനസ്സ്-ആത്മാവിന്‍റേയോ, അല്ലെങ്കില്‍ ശരീരം ഇല്ലെങ്കിലും മനസ്സുമാത്രമായി നില്‍ക്കുന്ന ഒരു ആത്മാവിന്‍റേയോ ‘ഞാന്‍’ എന്ന ഘടകം ആയിരിക്കും ആ  ഊര്‍ജ്ജം നല്‍കുന്നത്. 

അങ്ങിനെ കബാലിയോൺ നൽകുന്ന അറിവുകളുടെ   വെളിച്ചത്തില്‍  നോക്കുമ്പോള്‍, അനന്യമായ ഈ  ഏഴ് മൗലിക തത്വങ്ങൾ സനാതന ധർമ്മൽ  നിന്നും ഹെർമറ്റിസിസത്തിലേക്ക്  പോയതാണോ, അതോ ഹെർമെറ്റിസിസത്തിൽ നിന്നും സനാതന ധർമ്മത്തിലേക്ക്  വന്നതാണോ എന്ന് തീര്‍ത്തും  പറയാന്‍ ആവില്ല. രണ്ടായാലും സനാതന ധർമ്മത്തിൻ്റെ കാലദേശാതീതമായ പ്രസക്തിയെ ആണ് അത് ചൂണ്ടിക്കാണിക്കുന്നത്.