ആരാണ് ദൈവം?
സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങൾ

ശരിയായ ‘അറിവ്’ യുക്തിഭദ്രമായ അപഗ്രഥനത്തിലൂടെ എങ്ങിനെ സമ്പാദിക്കാം  എന്നതിൻ്റെ ശാസ്ത്രമാണ് തർക്കശാസ്ത്രം. ഷഡ് ദർശനങ്ങളിലെ ന്യായദർശനത്തിലൂടെ ആണ്  സനാതന ധർമ്മത്തിൻ്റെ  തർക്കശാസ്ത്രം അനാവൃതമാകുന്നത്.   “അറിവുകൾ” എന്നത്  വസ്തുക്കളുമായി ഭൗതികമായി  ഉണ്ടാകുന്ന സമ്പര്‍ക്കം മൂലം മാത്രം  ലഭിക്കുന്ന ഒന്നല്ല. ആധുനിക ശാസ്ത്രത്തിന്  ഇപ്പോഴും   സ്വീകാര്യമായിരിക്കുന്നത് കാണുകയോ, കേൾക്കുകയോ, സ്പർശിക്കുകയോ, ഘ്രാണിക്കുകയോ, രുചിക്കുകയോ ചെയ്യുന്നതിലൂടെ ലഭിക്കുന്ന അറിവുകൾ മാത്രമാണ്. വാസ്തവത്തിൽ  അത് ആധുനിക ശാസ്ത്രത്തിൻ്റെ ഒരു പരിമിതി ആയി നിലകൊള്ളുന്നു.  ഉദാഹരണത്തിന്, ദൈവത്തിൻ്റെ അസ്തിത്വം എങ്ങിനെ നിർണ്ണയിക്കും?  ഇന്ദ്രിയങ്ങൾക്ക് അതീതമായ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് എങ്ങിനെ കൈവരിക്കാം? പ്രപഞ്ചതിലെ തമോഗർത്തങ്ങളും അണുവിൻ അണുവായ ‘ക്വാണ്ടം’ ലോകവും എല്ലാം  ഭൗതികമായി സമീപിക്കുവാൻ കഴിയുന്ന ഒന്നല്ല. ഇവിടെയാണ് ശാസ്ത്രീയമായ യുക്തിഭദ്രമായ അപഗ്രഥനത്തിലൂടെ കണ്ടെത്തുന്ന അനുമാനങ്ങളുടെ പ്രസക്തി. യുക്തിഭദ്രമായ അനുമാനങ്ങളാണ് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പിന്നീട് അനുഭവങ്ങളായി  മാറുന്നത്.    

വെറുതെ  കണ്ണുമടച്ചുള്ള വിശ്വാസങ്ങൾ അല്ല, നൂറു ശതമാനം സാധുതയുള ശരിയായ അറിവുകളാണ് നമ്മളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത് എന്ന് സനാതന ധർമ്മം പറഞ്ഞു തരുന്നു. ലഭിക്കുന്ന അറിവുകളുടെ സാധുത തെളിയിക്കുന്ന ലിറ്റ്മസ് ടെസ്റ്റുകളാണ്  സനാത ധർമ്മത്തിൽ യുക്തി ഭദ്രമായ തർക്കവാദങ്ങൾ. അതിനുള്ള എല്ലാ ഉപാധികളും ഉപകരണങ്ങളും സനാതന ധർമ്മം “തർക്ക ശാസ്ത്ര”ത്തിലൂടെ നൽകുന്നുണ്ട്.  അങ്ങിനെ ഏതറിവുകൾക്കും  ബുദ്ധിയുടേയും യുക്തിയുടേയും തലത്തിൽ സ്വീകാര്യത ലഭിക്കണം. അത് മാത്രം പോരാ, എല്ലാ അറിവുകളും ഓരോ വ്യക്തിയുടേയും സ്വന്ത അനുഭവത്തിൽ സത്യമാണെന്ന് നേരിട്ട് അറിയുകയും വേണം. അപ്രകാരം ബൗദ്ധികമായ സ്വീകാര്യതയും, പ്രായോഗികമായ അനുഭവവും ലഭിക്കാത്ത  ഒരു  വിഷയവും സനാതന ധർമ്മം അംഗീകരിച്ചിരുന്നില്ല. ഇത് രണ്ടും ആണ് സനാതന ധർമ്മത്തിൻ്റെ   ലിറ്റ്മസ് ടെസ്റ്റ്. രണ്ട് വീക്ഷണങ്ങളിൽ തമ്മിൽ യുക്തിഭദ്രമായി താരതമ്യം ചെയ്ത് ചിന്തിക്കുമ്പോൾ  എന്തെല്ലാം വിഷയങ്ങളിൽ ശ്രദ്ധപതിപ്പിക്കണം, എന്തെല്ലാം നിയമങ്ങൾ പാലിക്കണം എന്ന് തർക്കശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു. 

യുക്തിഭദ്രമായ തർക്ക ശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് എല്ലാക്കാലത്തും വളരെ അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് തെറ്റായ അറിവും ശരിയായ അറിവും ഒരുപോലെ വ്യാപിച്ചു കിടക്കുന്ന  സോഷ്യൽ മീഡിയയുടെ ഇന്നത്തെ  കാലഘട്ടത്തിൽ, ലഭിക്കുന്ന വിവരങ്ങളുടെ നെല്ലും പതിരും തിരിക്കുന്നതിന്  ഇത്തരം വിമർശനാത്മകമായ സ്വയമവലോകനങ്ങൾ വളരെ അധികം  ഉപകരിക്കും. 

ശരിയായ അറിവും തെറ്റായ അറിവും 

പ്രാഥമികമായി, എല്ലാ അറിവുകളേയും തർക്കശാസ്ത്രം  ‘നേരിട്ട അനുഭവത്തിലൂടെ ഉള്ള അറിവ്’, ‘സ്മൃതി’യിലൂടെ ഉള്ളഅറിവ് എന്ന് രണ്ടായി തരം തിരിക്കുകയാണ് ചെയ്യുന്നത്. മുൻപ് ഉണ്ടായ ഒരു അനുഭവത്തിൻ്റെ ഓർമ്മ നൽകുന്ന അറിവാണു ‘സ്മൃതി’. അതുകൂടാതെ, ലഭിച്ച അറിവിനെ ‘ശരിയായ അറിവ്’, എന്നും  ‘തെറ്റായ അറിവ്’ എന്നും തർക്കശാസ്ത്രം വീണ്ടും തരം തിരിക്കുന്നുണ്ട്.  ശരിയായ അറിവിനെ ‘പ്രമാ’ എന്നും തെറ്റായ അറിവിനെ ‘അപ്രമാ’ എന്നുമാണ് സംസ്കൃതഭാഷയിൽ തർക്കശാസ്ത്രത്തിൽ  വിവക്ഷിക്കുന്നത്. ശരിയായ “പ്രമാ” ഗണത്തിലെ അറിവുകൾക്ക് നാല് ഉറവിടങ്ങൾ ആണുള്ളത്. ‘പ്രത്യക്ഷ’ (ഒരു വസ്തുവിനെക്കുറിച്ചുള്ള ഉണ്ടാകുന്ന  “ധാരണ”), ‘അനുമാന’ (അനുമാനം), ‘ഉപമാന’ (താരതമ്യം), ‘ശബ്ദ’ (സാക്ഷ്യം) എന്നിവയാണ് ആ നാല് ഉറവിടങ്ങൾ. തെറ്റായ  “അപ്രമാ” ഗണത്തിലെ അറിവുകൾക്ക് മൂന്ന്   ഉറവിടങ്ങൾ ആണുള്ളത്. “സംശയ” (സംശയം), “വിപര്യായ” (പിശക്‌ അല്ലെങ്കിൽ അബദ്ധം), “തർക്ക” (വെറും ഊഹത്തിൻ്റെ അടിസ്ഥാനത്തിലുള്ള സാങ്കൽപ്പിക ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിച്ചുകൊണ്ടുള്ള  ന്യായവാദം) എന്നിവയാണ് അവ.  

തർക്കശാസ്ത്രത്തിൽ അടിസ്ഥാനപരമായി പതിനാറു വിഷയങ്ങൾ ആണ് ഇഴകീറി പരിശോധിക്കപ്പെടുന്നത്. സാധുതയുള്ള ശരിയായ അറിവ് സമ്പാദിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ പതിനാറു വിഷയങ്ങളും പഠിച്ചിരിക്കേണ്ടതുണ്ട്. 

അറിവിനെക്കുറിച്ച്  അറിയേണ്ട അറിവുകൾ 

നമുക്ക് ലഭിക്കുന്ന ഒരു അറിവ് ശരിയായ അറിവാണോ തെറ്റായ അറിവാണോ എന്നത് നെല്ലും പതിരും തിരിക്കുവാൻ നമ്മൾ  പതിനാറു തരത്തിലുള്ള വിഷയങ്ങളെ കുറിച്ച്  ബോധവാന്മാരായിരിക്കണം എന്നാണ്  തർക്കശാസ്ത്രത്തിൽ പറയുന്നത്. ഈ പതിനാറു വിഷയങ്ങളെ പതിനാറു “പദാർത്ഥങ്ങൾ” എന്നാണ് തർക്കശാസ്ത്രത്തിൽ വിവക്ഷിക്കുനത്. അവ ചുരുക്കത്തിൽ  താഴെ കൊടുക്കുന്നു.  

 1. പ്രമാണം – ശരിയായ അറിവിൻ്റെ ഉറവിടം ആണ് പ്രമാണം. എവിടെനിന്നാണോ ശരിയായ  സാധുതയുള്ള അറിവ് ലഭിക്കുന്നത് ആ അറിവിൻ്റെ ഉറവിടം ആണിത്. നാലുവിധത്തിലുള്ള പ്രമാണങ്ങൾ ആണ് തർക്കശാസ്ത്രം അംഗീകരിച്ചിട്ടുള്ളത്.
 2. പ്രമേയ – അറിവിന് വിധേയമായി അറിയപ്പെടേണ്ട കാര്യങ്ങൾ ആണ് പ്രമേയങ്ങൾ.  മനുഷ്യ ജീവിതത്തിൽ നിന്നും ദുഃഖങ്ങൾ എന്നന്നേക്കുമായി  ഇല്ലാതാക്കാൻ ഇവയെപ്പറ്റി അറിഞ്ഞിരിക്കണം. പന്ത്രണ്ട് തരത്തിലുള്ള പ്രമേയങ്ങളെ പറ്റിയാണ്   തർക്കശാസ്ത്രം വിശദമാക്കുന്നത്.
 3. സംശയ – ലഭിച്ച വിവരം ശരിയും തെറ്റും ആകുവാനുള്ള സാദ്ധ്യതയാണ് സംശയം. ഉദാഹരണം, ഇരുട്ടിൽ ഒരു മരം നിൽക്കുന്നത് കാണുമ്പോൾ, അത് ഒരു മനുഷ്യൻ നിൽക്കുന്നതായി തോന്നുന്നത്. വിവിധ തരത്തിലുള്ള സംശയങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.
 4. പ്രയോജന –  ലഭിക്കുന്ന അറിവ് എന്തിന് വേണ്ടിയാണ് എന്ന കൃത്യമായ  ലക്ഷ്യ ബോധം ഉണ്ടായിരിക്കണം. 
 5. ദൃഷ്ടാന്തം – തർക്കങ്ങൾക്ക്  തീർപ്പു കല്പിക്കുവാൻ ഇതിനകം തന്നെ പരക്കെ  അറിയുന്ന ഇതര വിഷയങ്ങൾ  ഉദാഹരണങ്ങൾ ആയി ഉപയോഗിക്കുന്നതിൻ്റെ വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം.   
 6. സിദ്ധാന്ത – നേരിട്ടറിഞ്ഞ അനുഭവങ്ങളിലൂടെയോ യുക്തി ഉപയോഗിച്ചുള്ള വിശകലങ്ങളിലൂടെയോ ശാസ്ത്രീയമായരീതിയിൽ  സ്വയം സിദ്ധ സത്യങ്ങളിൽ എങ്ങിനെ  എത്തിച്ചേരാം എന്ന് അറിഞ്ഞിരിക്കണം. 
 7. അവയവ – അനുമാന നിർണ്ണയങ്ങളിൽ ഉപയോഗിക്കുന്ന  ഘടകങ്ങൾ യുക്തി ഭദ്രമായി ഉപയോഗിക്കുവാൻ   അറിഞ്ഞിരിക്കണം. 
 8. തർക്ക –  ഊഹത്തിൻ്റെ അടിസ്ഥാനത്തിലുള്ള സാങ്കൽപ്പിക ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിച്ചുകൊണ്ടുള്ള  ന്യായവാദം സംബന്ധിച്ച  വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം
 9. നിർണ്ണയം – സാധുതയുള്ള  പ്രമാണങ്ങളെ ആധാരമാക്കി കൃത്യമായ തീരുമാനങ്ങളിൽ എത്തിച്ചേരുവാൻ  അറിഞ്ഞിരിക്കണം. 
 10. ബാധ –  സത്യം കണ്ടെത്തുവാൻ  രണ്ടു വീക്ഷണത്തിലൂടെ  ആത്മാർത്ഥമായി  നടത്തുന്ന ചർച്ചകളുടെ വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം.
 11. ജൽപ – തർക്കത്തിൽ സത്യം കണ്ടെത്തുവാൻ ആത്മാർത്ഥമായി  ശ്രമിക്കാതെ വെറുതെ വായിട്ടടിച്ചു  സമയം കളയുന്നത് തിരിച്ചറിയുവാൻ പ്രാപ്തി ഉണ്ടായിരിക്കണം. 
 12. വിദന്ത –  യുക്തിഹീനമായ,  പല്ലുകൾ ഇല്ലാത്ത വാദങ്ങൾ  തിരിച്ചറിയുവാൻ പ്രാപ്തി ഉണ്ടായിരിക്കണം. 
 13. ഹേത്വാഭാസ – പ്രഥമ ദൃഷ്ട്യാ ശരിയായി തോന്നിക്കുന്ന എന്നാൽ തെറ്റായ വാദങ്ങൾ തിരിച്ചറിയുവാൻ പ്രാപ്തി ഉണ്ടായിരിക്കണം. 
 14. ചല – വഴിതെറ്റിക്കുവാനുള്ള നീതിയുക്തമല്ലാത്ത മറുപടികൾ  തിരിച്ചറിയുവാൻ പ്രാപ്തി ഉണ്ടായിരിക്കണം. 
 15. ജാതി – തെറ്റായ സാദൃശ്യം ഉപയിഗിക്കൽ സംബന്ധിച്ച ഉപയോഗങ്ങൾ തിരിച്ചറിയുവാൻ പ്രാപ്തി ഉണ്ടായിരിക്കണം.
 16. നിഗ്രഹസ്ഥാനം – തർക്കത്തിൽ തോൽവി സംഭവിക്കന്ന വാദമുഖത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം.

ഈ പതിനാറു പദാർത്ഥങ്ങളിൽ “പ്രമാണം” എന്ന വിഷയം ആണ് ഏറ്റവും മുഖ്യമായത്.  ശരിയായ അറിവിൻ്റെ ‘ഉറവിട”ത്തെ ആണ് “പ്രമാണം” എന്ന് തർക്കശാസ്ത്രത്തിൽ വിവക്ഷിക്കുന്നത്. ശരിയായ ഉറവിടത്തിൽ നിന്നും ലഭിക്കുന്ന അറിവ് മാത്രമേ സാധുതയുള്ള  അറിവായിരിക്കുവാൻ സാദ്ധ്യതയുള്ളൂ എന്നതാണ് തർക്ക ശാസ്ത്രത്തിൻ്റെ ആദ്യത്തെ ന്യായ നിബന്ധന. തെറ്റായ ഉറവിടത്തിൽ നിന്നും ലഭിക്കുന്ന അറിവ് സ്വാഭാവികമായും അസാധുവായ അറിവാണ് എന്നർത്ഥം.

പ്രമാണങ്ങളും  പ്രമേയങ്ങളും 

തർക്കശാസ്ത്രത്തിൻ്റെ ആഴവും വ്യാപ്തിയും  ശരിയായ അറിവ് നേടുന്നതിൽ  തർക്കശാസ്ത്രത്തിനുള്ള സാംഗത്യവും മനസ്സിലാക്കുവാൻ വേണ്ടി മാത്രം അതിൽ  രണ്ടു വിഷയങ്ങളെ മാത്രം ഇവിടെ ഒട്ടൊന്ന് പരിചയപ്പെടുത്താം. പ്രമാണങ്ങളും പ്രമേയങ്ങളും ആണ് ആ രണ്ടു വിഷയങ്ങൾ.

എന്തിനെക്കുറിച്ചുള്ള അറിവാണോ നേടുന്നത് അതാണ് ‘പ്രമേയം’. ഏത് ഉറവിടത്തിൽ നിന്നാണോ  ശരിയായ അറിവ് നേടുന്നത് അതാണ് ‘പ്രമാണം’. തെറ്റായ അറിവിൻ്റെ ഉറവിടം ‘പ്രമാണം’ അല്ല. 

“പ്രമാ” എന്ന സംസ്കൃത പദത്തിൻ്റെ അർത്ഥം  “ബുദ്ധി” അല്ലെങ്കിൽ “ഒരു കാര്യം ശരിയായി ഗ്രഹിക്കുവാനുള്ള കഴിവ്” എന്നാണ്. അങ്ങിനെ നമ്മുടെ ഗ്രഹിക്കുവാനുള്ള കഴിവിന് വിധേയമാക്കപ്പെടുന്ന സർവ്വ വസ്തുക്കളും “പ്രമേയങ്ങൾ” ആണ് തർക്ക ശാസ്ത്രത്തിൽ. എല്ലാ ഭാരതീയ ദർശനങ്ങളിലും എന്നപോലെ തർക്ക ശാസ്ത്രത്തിലും ഇന്ദ്രിയഗോചരമായ വസ്തുക്കളും ഇന്ദ്രിയഗോചരമല്ലാത്ത വസ്തുക്കളും മനുഷ്യന് ഗ്രഹിക്കുവാൻ പ്രാപ്തമായ   പ്രമേയങ്ങൾ തന്നെ  ആണ്.  പന്ത്രണ്ട് ഇനങ്ങളിൽ ഉള്ള പ്രമേയങ്ങൾ ഉണ്ട് തർക്ക ശാസ്ത്രത്തിൽ. ആ പന്ത്രണ്ട് ഇനങ്ങളിലുള്ള ‘പ്രമേയങ്ങൾ’  താഴെ പറയുന്നവയാണ്. ഇവയെക്കുറിച്ചെല്ലാം മനുഷ്യന് ശരിയായ അറിവ് സമ്പാദിക്കുവാൻ കഴിയും. ഇതിനെകുറിച്ചെല്ലാം ഉള്ള ശരിയായ അറിവുകൾ മനുഷ്യൻ സമ്പാദിക്കുകയും വേണം. ജീവിത ക്ലേശങ്ങളിൽ നിന്നും മനുഷ്യന് മുക്തി നേടുവാൻ ഈ പന്ത്രണ്ട് പ്രമേയങ്ങളെ കുറിച്ചുള്ള ശരിയായ, സാധുതയുള്ള അറിവുകൾ അത്യന്താപേക്ഷിതമാണ്. ഇതാണ് ആ പന്ത്രണ്ട് വിഷയങ്ങൾ.

 1. ആത്മൻ – നമ്മൾ സ്വയം  യഥാർത്ഥത്തിൽ  ആരാണ് അല്ലെങ്കിൽ എന്താണ്  എന്നുള്ള ശരിയായ അറിവ് ഉണ്ടാകണം 
 2. ശരീര – വേദനയും ആനന്ദവും  അനുഭവപ്പെടുന്ന സ്ഥാനമായ  ശരീരത്തെക്കുറിച്ചുള്ള പൂർണ്ണമായതും   ശരിയായതും ആയ  അറിവുണ്ടാകണം.
 3. ഇന്ദ്രിയ – ഗന്ധം, രുചി, കാഴ്ച, സ്പർശം, ശ്രവണം എന്ന അഞ്ച് ഇന്ദ്രിയങ്ങളെ കുറിച്ചുള്ള  ശരിയായ അറിവുണ്ടാകണം. 
 4. അർത്ഥ – അഞ്ച് ഇന്ദ്രിയങ്ങൾക്ക് വിധേയമായി ഏതു  വസ്തുക്കൾ ആണോ നമ്മളാൽ അറിയപ്പെടുന്നത്, ആ വസ്തുക്കളെക്കുറിച്ചുള്ള ശരിയായ അറിവുകൾ ഉണ്ടാകണം.
 5. ബുദ്ധി – ശരിയായ അറിവ് ഗ്രഹിക്കുവാനുള്ള  മനസ്സിൻ്റെ   പ്രാപ്തിയെക്കുറിച്ചുള്ള ശരിയായ  അറിവുകൾ ഉണ്ടാകണം. 
 6. മനസ്സ് – വേദനയും അതുപോലെ ഉള്ള സർവ്വ ആന്തരിക അനുഭവങ്ങളും ഗ്രഹിക്കുന ആന്തരികമായ ഗ്രാഹ്യശക്തിയായ മനസ്സിനെക്കുറിച്ച് ശരിയായ അറിവ് ഉണ്ടാകണം.
 7. പ്രവർത്തി – ശരീരം കൊണ്ടും, മനസ്സുകൊണ്ടും, ശബ്ദം കൊണ്ടും ഉള്ള പ്രയോഗങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടാകണം. 
 8. ദോഷ – ആസക്തി, വെറുപ്പ്, അമിതമായ ആഗ്രഹം തുടങ്ങിയ  മാനസികമായ ന്യൂനതകളെക്കുറിച്ചുള്ള  ശരിയായ അറിവ് ഉണ്ടാകണം.
 9. പ്രത്യഭാവ – പുനർജ്ജന്മത്തെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടാകണം. 
 10. ഫല – പ്രവർത്തികളുടെ ഫലം വേദനയായിട്ടോ ആനന്ദമായിട്ടോ ഉള്ള അനുഭവങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടാകണം.
 11. ദുഃഖ – മനസ്സ് ഒരിക്കലൂം ആഗ്രഹിക്കാത്ത തിക്താനുഭവങ്ങളെക്കുറിച്ചുള്ള ശരിയായ അറിവുകൾ ഉണ്ടാകണം.
 12. അപവർഗ – വീണ്ടും ഒരിക്കലും ഒരു തിരിച്ചു വരവില്ലാത്ത വിധം സർവ്വ ദുഃഖങ്ങളും അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ശരിയായ അറിവുണ്ടായിരിക്കണം. 

തർക്കശാസ്ത്രം പറയുന്നത്  മനുഷ്യന് പൂർണ്ണമായും ഗ്രഹിക്കുവാൻ കഴിയുന്ന ഈ പന്ത്രണ്ട് പ്രേമേയങ്ങളും അവയുടെ യഥാർത്ഥ സ്വഭാവത്തിൽ മനസ്സിലാക്കുക എന്നതാണ് ജീവിതത്തിൻ്റെ പ്രാഥമിക ഉദ്ദേശ്യം തന്നെ എന്നാണ്. അതിലൂടെ മാത്രമേ മനുഷ്യൻ്റെ ദുഃഖങ്ങൾക്കും ക്ലേശങ്ങൾക്കും ശാശ്വതമായ ഒരു പരിസമാപ്തി ഉണ്ടാകുകയുള്ളൂ എന്നാണ് തർക്കശാസ്ത്രം പറയുന്നത്.  എന്നാൽ പലപ്പോഴും ഈ പന്ത്രണ്ട് പ്രമേയങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് അപൂർണ്ണമായിരിക്കും, അല്ലെങ്കിൽ തെറ്റുകൾ നിറഞ്ഞത് അറിവായിരിക്കും, അല്ലെങ്കിൽ സാധുത ഇല്ലാത്ത അറിവുകൾ ആയിരിക്കും. അതുകൊണ്ടാണ് നമ്മൾ ക്ലേശങ്ങൾ അനുഭവിക്കുന്നത് എന്നാണ് തർക്കശാസ്ത്രം  പറയുന്നത്.

അറിവിൻ്റെ നാല് ഉറവിടങ്ങൾ 

അറിവിൻ്റെ  സാധുതയുള്ള  ഉറവിടങ്ങൾ തിരിച്ചറിയുന്നതിനും  അവയെ തെറ്റായ വെറും  അഭിപ്രായപ്രകടനങ്ങളിൽ  നിന്ന് വേർതിരിച്ചറിയുന്നതിനും  തർക്കശാസ്ത്രം വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. തർക്കശാസ്ത്രത്തിൽ  ശരിയായ, സാധുത ഉള്ള അറിവിന്   നാല് ഉറവിടങ്ങൾ ആണുള്ളത് എന്ന് പറഞ്ഞുവല്ലോ. ഇവയിൽ ഓരോന്നിലൂടേയും ലഭിക്കുന്ന അറിവ് ഒന്നുകിൽ സാധുവാണ് അല്ലെങ്കിൽ അസാധുവാണ്. അത്തരം സാധുതയും അസാധുതയും തിരിച്ചറിയുവാൻ വേണ്ട   വിശദമായ മാനദണ്ഡങ്ങൾ തർക്കശാസ്ത്രം വികസിപ്പിച്ചെടുത്തു നൽകിയിട്ടുണ്ട്. ശരിയായ അറിവ് ലഭിക്കുന്ന ഉറവിടങ്ങൾ ആയ ആ നാല്  “പ്രമാണങ്ങൾ”  താഴെ പറയുന്നവയാണ്. ഈ നാല് പ്രമാണങ്ങളും , പ്രത്യേകിച്ച് പ്രത്യക്ഷയും, അനുമാനവും വളരെ പ്രധാന്യം അർഹിക്കുന്ന വിഷയമായതു കൊണ്ട്‌ അവയിലെ പ്രധാനപ്പെട്ട ആശയങ്ങൾ മാത്രം താഴെ കൊടുക്കുന്നു.  

 1. പ്രത്യക്ഷ 

തർക്കശാസ്ത്രത്തിൽ “പ്രത്യക്ഷ” (ഒരു വസ്തുവിനെക്കുറിച്ചുള്ള ഉണ്ടാകുന്ന  “ധാരണ” അല്ലെങ്കിൽ ഉള്ളിൽ ഉദിക്കുന്ന “തോന്നൽ”) എന്ന വിഷയം  വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അക്ഷപാദ ഗൗതമൻ തൻ്റെ  ന്യായ സൂത്രത്തിൽ “പ്രത്യക്ഷത്തെ” നിർവ്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്.  “വസ്തുക്കളുമായി ഇന്ദ്രിയങ്ങൾ ഇടപെടൽ  നടത്തുന്നതിലൂടെ ഉണ്ടാകുന്ന, പക്ഷേ, രൂപ നാമങ്ങൾ ഉപയോഗിച്ച് പ്രത്യേകം  നിർവചിക്കുവാൻ പറ്റാത്തതും   അതേ സമയം  യാതൊരു തെറ്റുകൾ ഇല്ലാത്തതും ആയ  അറിവ്”. ഇത്തരം  പ്രത്യക്ഷ തോന്നലുകൾ   ബാഹ്യമായ ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് ബാഹ്യമായി ലഭിക്കുന്ന തോന്നലുകൾ ആകാം; അങ്ങിനെ അല്ലാതെ, ആന്തരികമായ മനസ്സ് ഉപയോഗിച്ചുകൊണ്ടുള്ള ആന്തരികമായി  ലഭിക്കുന്ന തോന്നലുകളും ആകാം. 

അതുകൊണ്ട് പ്രത്യക്ഷ ധാരണകൾ  അത്  ആന്തരികമായി ലഭിച്ചതാണോ ബാഹ്യമയി ലഭിച്ചതാണോ എന്നതിൻ്റെ അടിസ്ഥാനത്തിൽ     രണ്ടു തരങ്ങളിൽ  ഉണ്ട്. ഒന്നാമത്തേത്,  സാധാരണ രീതിയിൽ ലഭിക്കുന്ന “ലൗകിക പ്രത്യക്ഷ ധാരണ”യാണ്. രണ്ടാമത്തേത്, അസാധാരണമായ രീതിയിൽ ആന്തരികമായി ലഭിക്കുന്ന  “അലൗകിക പ്രത്യക്ഷ ധാരണ”യാണ്. ഈ രണ്ടു തരത്തിലുള്ള പ്രത്യക്ഷ ധാരണകൾ കൂടാതെ,  പ്രത്യക്ഷ ധാരണ ലഭിച്ചത്  ആ  വസ്തുവിൻ്റെ  പ്രകൃത്യാ ഉള്ള വിശദമായ സ്വഭാവങ്ങൾ സഹിതമാണോ അല്ലാതെ ആണോ എന്നതിനെ അശ്രയിച്ചു “നിർവികല്പ പ്രത്യക്ഷ ധാരണ” എന്നും “സവികല്പ  പ്രാത്യക്ഷ ധാരണ”  എന്നും  മറ്റു രണ്ട് തരത്തിലും കൂടി   പ്രത്യക്ഷ ധാരണകൾ ഉണ്ട്.  ഉദാഹരണത്തിന്, ഒരു മേശ കാണുമ്പോൾ അത് മേശയാണെന്ന് മാത്രം ഒറ്റനോട്ടത്തിൽ മനസിലാകുന്നതിനെ  “നിർവികല്പ പ്രത്യക്ഷ ധാരണ” എന്നാണ് പറയുന്നത്. എന്നാൽ വീണ്ടും ഒരിക്കൽ കൂടി ശ്രദ്ധിച്ചു നിരീക്ഷിക്കുമ്പോൾ മേശയുടെ ആകൃതി, നിറം, ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പേര് തുടങ്ങിയ അതിൻ്റെ  സ്വഭാവങ്ങലളെ കുറിച്ചുള്ള ധാരണകൾ സഹിതം ലഭിക്കുന്ന അറിവ് ആണെങ്കിൽ  അതിനെ  “നിർവികല്പ പ്രത്യക്ഷ ധാരണ” എന്നാണു പറയുന്നത്.  

സാധാരണ രീതിയിൽ ഉണ്ടാകുന്ന ലൗകിക  ധാരണകൾ   ആറ് തരത്തിലാണ് ഉള്ളത് എന്നാണ് തർക്കശാസ്ത്രം പറയുന്നത്.  അവ കണ്ണുകൾ ഉപയോഗിച്ചുള്ള കാഴ്ചകളിലൂടെ ലഭിക്കുന്ന ധാരണകൾ,  മൂക്ക് ഉപയോഗിച്ച് ഘ്രാണനത്തിലൂടെ ലഭിക്കുന്ന ധാരണകൾ, ചെവികൾ ഉപയോഗിച്ച് ശ്രവണത്തിലൂടെ ലഭിക്കുന്ന ധാരണകൾ,  ചർമ്മം ഉപയോഗിച്ച് സ്പർശനത്തിലൂടെ ലഭിക്കുന്ന ധാരണകൾ, നാവ് ഉപയോഗിച്ച് രുചികളിലൂടെ ലഭിക്കുന്ന ധാരണകൾ,  മനസ്സ് ഉപയോഗിച്ച് മാനസികമായി ലഭിക്കുന്ന ധാരണകൾ എന്നിവയാണ്.

എന്നാൽ അസാധാരണമായ അലൗകിക  ധാരണകൾ ആകട്ടെ   മൂന്ന് തരത്തിലാണ് ഉള്ളത് എന്ന് തർക്കശാസ്ത്രം പറയുന്നു. ഒന്നാമതായി, “സാമാന്യലക്ഷണം” – ഒരു വസ്തുവിന്  ഏതെങ്കിലും ഒരു പൊതു സ്വഭാവവും ആയിട്ടുള്ള ബന്ധത്തിൽ നിന്നും ഉളവാകുന്ന ധാരണയാണ് ഇത്. ഉദാഹരണം, “ആണി തുരുമ്പുപിടിക്കും. കാരണം ആണി  ഇരുമ്പാണ്. എല്ലാ ഇരുമ്പും തുരുമ്പു പിടിക്കും”, 

രണ്ടാമതായി, “ജ്ഞാനലക്ഷണം” –  ഏതെങ്കിലും ഒരു ഇന്ദ്രിയം ഉപയോഗിച്ച് വസ്തുവിനെ കുറിച്ച് ലഭിക്കുന്ന അറിവിനോടോപ്പം  ആ വസ്തുവിനെ സംബന്ധിച്ച്  ഒരു ഇന്ദ്രിയം ഉപയോഗിക്കാതെ എന്നാൽ ആ ഇന്ദ്രിയത്തോട് ചേർന്ന് നിൽക്കുന്ന ഓർമ്മ നൽകുന്ന മറ്റൊരു അറിവ് ആണ് “ജ്ഞാനലക്ഷണം”. ഉദാഹരണം, ഒരു മുളക് കാണുമ്പോൾ അതിനു ‘എരുവ്’ ഉണ്ടെന്നു പണ്ട് മുളക് ഉപയോഗിച്ചപ്പോൾ അനുഭവിച്ച എരുവിൻ്റെ ഓർമ്മ നൽകിയ ധാരണ. 

മൂന്നാമതായി, “യോഗജ”  – സ്വയം ഉള്ളിൽ  നിന്നും വരുന്ന ഉള്ളറിവ് – ഉദാഹരണം,  ചിലർക്ക്, യോഗയുടെ ശക്തിയാൽ, ഭൂതവും വർത്തമാനവും ഭാവിയും ഗ്രഹിക്കാനുള്ള  അമാനുഷിക കഴിവുകൾ ഉള്ളതായി കാണാം. ഇത് “യോഗജ” എന്ന അലൗകിക പ്രത്യക്ഷ ധാരണയാണ്. 

ഇതിൽ നിന്നും മനസ്സിലാക്കേണ്ട കുറെ വസ്തുതകൾ ഉണ്ട്. എല്ലാ അറിവുകളും വസ്തുക്കളുമായി പഞ്ചേന്ദ്രിയങ്ങളുടെ നേരിട്ടുള്ള ഇടപെടൽ മൂലം ഉണ്ടാകുന്നതല്ല. അങ്ങിനെ ആകണം എന്ന് ശഠിക്കുന്നത് അറിവുകളുടെ ഉദയത്തെ  തടസ്സപ്പെടുത്തും. ശരിയായ അറിവുകൾ പോലും പൂർണ്ണമാകണമെന്നില്ല. ഒരേ കാഴ്ച തന്നെ രണ്ടു വ്യക്തികൾ കാണുമ്പോഴും അതിൽ നിന്നും ലഭിക്കുന്ന അറിവുകളുടെ വിശദാംശങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. അത് അവരുടെ അവബോധത്തോടും, അവബോധം അവർക്ക്  നൽകുന്ന വിശദാംശ ശ്രദ്ധയേയും ആശ്രയിച്ചിരിക്കും. 

 1. അനുമാന (അനുമാനം) 

തർക്കശാസ്ത്രത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്നാണ് ‘അനുമാന’ എന്ന അറിവിൻ്റെ ഉറവിടം. ‘അനുമാനം’ എന്നാൽ  വ്യക്തമായ കാരണങ്ങളെ അടിസ്ഥാനമാക്കി  നടത്തുന്ന  ഊഹിക്കലാണ്. വസ്തുക്കളുമായി നേരിട്ട യാതൊരു സമ്പർക്കവും ഇല്ലാതെ തന്നെ  ലഭിച്ച പ്രതീകങ്ങളിലും നിന്നും ഊഹിച്ചെടുക്കുന്ന അറിവാണ് ‘അനുമാനം’. ഉദാഹരണം, അകലെ മലമുകളിൽ പുക ഉയരുന്നത് കണ്ടിട്ട് “കാട്ടു തീ കത്തുന്നു” എന്ന അനുമാനം, പുകയും തീയുമായിട്ടുള്ള അഭേദ്യമായ സാർവ്വലൗകികമായ ബന്ധത്തെക്കുറിച്ചുള്ള അറിവിനെ ആണ്  ആധാരമാക്കുന്നത്. അല്ലാതെ, തീ കത്തുന്നത്  നേരിട്ട് കണ്ടിട്ടല്ല ആ അനുമാനത്തിൽ എത്തുന്നത്.  

“സ്വാർത്ഥാനുമാനം” എന്നും “പരാർത്ഥാനുമാനം” എന്നും രണ്ടു വിധത്തിൽ അനുമാനങ്ങൾ ഉണ്ട്. “സ്വാർത്ഥാനുമാനം” എന്ന് പറയുന്നത് നമ്മൾ നമുക്കു വേണ്ടി എന്തെങ്കിലും ഒരു അനുമാനത്തിൽ  എത്തിച്ചേരുന്നതിനെ കുറിച്ചാണ്. അത്  അനൗപചാരികമായി ഒരു സന്ദർഭമാണ്. എന്നാൽ “പരാർത്ഥാനുമാനം” എന്ന് വിവക്ഷിക്കുന്നത് മറ്റൊരാൾക്ക് വേണ്ടി നമ്മൾ ഒരു അനുമാനം കൈക്കൊള്ളുന്ന ഔപചാരികമായ ഒരു സന്ദർഭത്തെക്കുറിച്ചാണ്. അങ്ങിനെ ഉള്ള “പരാർത്ഥാനുമാന”ങ്ങൾ വളരെ കൃത്യതയോടെ അഞ്ച് ഘടകങ്ങൾ അഥവാ അഞ്ച് അവയവങ്ങൾ  ഉള്ള വാചകം ഉപയോഗിച്ചു വേണം അനുമാനങ്ങൾ പ്രകടിപ്പിക്കേണ്ടത്. എന്നാൽ മാത്രമേ ആ അനുമാനം ശരിയായ അറിവായി തീരുകയുള്ളൂ എന്ന് തർക്ക ശാസ്ത്രം എടുത്തുപറയുന്നുണ്ട്. 

സാധുതയുള്ള  ഒരു  “പരാർത്ഥാനുമാന”ത്തിന് ആവശ്യമുള്ള അഞ്ച് ഘടകങ്ങൾ ഇതൊക്കെ ആണ്.  അഞ്ച് ‘അവയവങ്ങൾ’ എന്നാണ് തർക്കശാസ്ത്രത്തിൽ  ഇതിനെ പറയുന്നത്. 1. പ്രതിജ്ഞ (ഒരു സത്യ പ്രസ്താവന ഉണ്ടാവണം), 2. ഹേതു (ഒരു കാരണം കാണിച്ചിരിക്കണം), 3. ഉദാഹരണം (കാരണത്തിന് ഉദാഹരണങ്ങൾ ഉണ്ടായിരിക്കണം), 4. ഉപനയം ( വിഷയത്തിന് സന്ദർഭത്തോട് സാംഗത്യം ഉണ്ടായിരിക്കണം), 5. നിഗമനം (തീരുമാനം ഉണ്ടാവണം). അഞ്ചു അവയവങ്ങൾ ഉള്ള ഒരു ഉദാഹരണത്തിലൂടെ  സാധുതയുള്ള ഒരു  “പരാർത്ഥാനുമാനം  വ്യക്തമാക്കാം. “രാമൻ മരണമുള്ളവനാണ്. (പ്രതിജ്ഞ). എന്തുകൊണ്ടെന്നാൽ, എല്ലാ മനുഷ്യരും മരണമുള്ളവരാണ്  (കാരണം). ഉദാഹരണം, മനുഷ്യരായിരുന്നു സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ് ഇവരെല്ലാം മരിച്ചുപോയവരാണ് (ഉദാഹരണം)  രാമൻ ഒരു മനുഷ്യനാണ് (ഉപനയം). അതുകൊണ്ട്, രാമൻ മരണമുള്ളവനാണ് (നിഗമനം). ഇവിടെ കാര്യകാരണ സഹിതം, പ്രശസ്തമായ ഉദാഹരങ്ങൾ ഉപയോഗിച്ചുകൊണ്ട് സാധുതയുള്ള ഒരു അനുമാനത്തിൽ എത്തിയിരിക്കുകയാണ്. 

 1. ഉപമാന (താരതമ്യം) 

‘ഉപമാന’ എന്നാൽ ഒരു പദവും ആ പദം സൂചിപ്പിക്കുന്ന വസ്തുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അറിവാണ്.  അതുവരെ കാണാത്ത ഒരു വസ്തുവിനെക്കുറിച്ച് അതിന് മുൻപ് വിശ്വാസയോഗ്യമായ  ഒരു ഉറവിടത്തിൽ നിന്നും പറഞ്ഞു കേട്ടിട്ടുള്ള അറിവിൻ്റെ അടിസ്ഥാനത്തിൽ ആ വസ്തു കാണുമ്പോൾ ഉണ്ടാകുന്ന അറിവാണ് ‘ഉപമാന’. ഉപമാനത്തിൻ്റെ സാധുതകളെക്കുറിച്ചും അസാധുതകളെക്കുറിച്ചും ഉള്ള    വിശദമായ ചർച്ചകൾ തർക്കശാസ്തത്തിൽ അടങ്ങിയിട്ടുണ്ട്. ഉദാഹരണങ്ങളുടെ   പ്രയുക്തതയും ഉപമാനങ്ങളുടെ പരിധിയിൽ വരും.

 1. ശബ്‌ദ  (സാക്ഷ്യം

‘ശബ്‌ദ’ എന്ന പദത്തിൻ്റെ അർത്ഥം ‘ശബ്‌ദം’ എന്ന് തന്നെ ആണെങ്കിലും, ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് വാക്കുകളിൽ നിന്നും വാചകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾ എന്നാണ്.  ആരെങ്കിലും പറയുന്ന വാക്കുകളും വാചകങ്ങളും അറിവാകുകയില്ല. ‘ആപ്തന്മാർ’ പറയുന്ന വാക്കുകളും വാചകങ്ങളും മാത്രമാണ് തർക്ക ശാസ്ത്രത്തിൽ സാധുതയുള്ള അറിവായി അംഗീകരിച്ചിരിക്കുന്നത്. വിശ്വാസയോഗ്യരായ, ചിന്തയും, വക്കും, പ്രവർത്തിയും ഒന്നായിട്ടുള്ള വ്യക്തികൾ ആണ്  ‘ആപ്തന്മാർ’. ആപ്തന്മാർ ആയിട്ടുള്ളവരുടെ വാക്കുകൾ പൂർണ്ണമായും മനസ്സിലായിട്ടുണ്ടെങ്കിൽ മാതമേ അത് സാധുതയുള്ള അറിവായിട്ടു തർക്ക ശാസ്ത്രം അംഗീകരിക്കുന്നുള്ളൂ. അഭിവന്ദ്യരായ ആപ്തരായ  ഋഷി വര്യന്മാരുടെ വാക്കുകൾ ആയതുകൊണ്ടാണ് വേദങ്ങൾ സാധുതയുള്ള അറിവായി തർക്ക ശാസ്ത്രം അംഗീകരിച്ചിരിക്കുനത്. ആപ്തരായ മഹത് ഋഷിമാരുടെ  സാക്ഷ്യങ്ങൾക്കുള്ള ഉദാഹരണങ്ങൾ ആണ്, “പ്രജ്ഞാനം ബ്രഹ്മ”, “അഹം ബ്രഹ്മാസ്മി”, “തത്വമസി” തുടങ്ങിയ ആപ്തവാക്യങ്ങൾ. 

തർക്കശാസ്ത്രം എത്ര മാത്രം വിശദമായിട്ടാണ്  “സാധുതയുള്ള  അറിവ്”  എന്ന  വിഷയം ചർച്ച ചെയ്യുന്നത്  എന്ന മാതൃകയിലൂടെ  കാണിക്കുവാൻ വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്.  ഇതുമാത്രമല്ല, ഇതുപോലെ നിരവധി സാങ്കേതികമായ വിശകലങ്ങൾ അടങ്ങിയതാണ് തർക്കശാസ്ത്രം. സാധുതയുള്ള അറിവ് എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ചു ചിന്തിക്കുവാനും അപഗ്രഥനം ചെയ്യുവാനും ആവശ്യമായ 16 വിഷയങ്ങൾ (16 പദാർത്ഥങ്ങൾ) ആണ് ഉള്ളത് എന്ന് പറഞ്ഞുവല്ലോ?  അതെല്ലാം തന്നെ മേൽപ്പറഞ്ഞ വിധത്തിലുള്ള സൂക്ഷ്മമായ പഠനത്തിന് വിധേയമാക്കുന്നുണ്ട് തർക്ക ശാസ്ത്രത്തിൽ. മേൽപ്പറഞ്ഞ പതിനാറു വിഷയങ്ങളിൽ ഒരു വിഷയമായ “പ്രമാണ”ത്തെക്കുറിച്ചുള്ള ചർച്ചയുടെ ഒരു ചെറിയ മാതൃക മാത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. 

ഇതുപോലെ ബാക്കിയുള്ള 15 വിഷയങ്ങളും അതിൻ്റെ ഉപവിഷയങ്ങളും  തർക്ക ശാസ്ത്രം ചർച്ച ചെയ്യുന്നുണ്ട്.   ഉദാഹരണത്തിന്, പലപ്പോഴും പെട്ടെന്നു നോക്കിയാൽ ശരിയാണെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ തെറ്റായ അനുമാനങ്ങൾ ഉണ്ട്. അതിനെ ‘ഹേത്വാഭാസം’ എന്നാണ് തർക്ക ശാസ്ത്രതിൽ പറയുന്നത്. അഞ്ചു തരത്തിലുള്ള ഹേത്വാഭാസങ്ങളെക്കുറിച്ച് തർക്ക ശാസ്ത്രം വിശദീകരിക്കുന്നുണ്ട്. അത്ര വിപുലവും സങ്കീർണ്ണവും സമഗ്രവും ആണ് തർക്കശാസ്ത്രം. തർക്കശാസ്ത്രത്തിലെ നിയമങ്ങൾ ഉപയോഗിച്ചാണ് എല്ലാ ഭാരതീയ ദർശനങ്ങളും യുക്തിയുടെ ലിറ്റ്മസ് ടെസ്റ്റ് നടത്തുന്നത്. പല തലമുറകളായി തർക്കിച്ചു വീണ്ടും വീണ്ടും സ്ഥാപിക്കപ്പെട്ടിട്ടുള്ളവയാണ് സനാതന ധർമ്മത്തിലെ തത്വങ്ങൾ എല്ലാം തന്നെ. സനാതന ധർമ്മത്തിലെ തത്വങ്ങൾ എല്ലാം തന്നെ യുക്തിഭദ്രമായ അറിവിലാണ് അധിഷ്ഠിതമായിരിക്കുന്നത്, അന്ധമായ വിശ്വാസത്തിലല്ല.