ആരാണ് ദൈവം?
സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങൾ

അങ്ങിനെ അതി പുരാതനമായ ഒരു കാലം മുതൽ,  വളരെ ബൃഹത്തായ ഒരു ക്യാൻവാസിൽ പടർന്നു പന്തലിച്ചു  നിൽക്കുന്ന ഒന്നാണ്   സനാതന ധർമ്മം.  മുൻ അദ്ധ്യായങ്ങളിലൂടെ  വിശദമാക്കിയ വ്യാപ്തിയും ഗഹനതയും മൂലം ഇന്ന്  സനാതന ധർമ്മത്തിൻ്റെ   സമഗ്രവും സംക്ഷിപ്തവുമായ ഒരു പൂർണ്ണ ചിത്രം  ഭൂരിഭാഗം ജനങ്ങൾക്കും  ഒരു എത്തും പിടിയും കൊടുക്കാതെ നിൽക്കുകയാണ് എന്ന് കൂടി പറയേണ്ടിവരും.  സനാതന ധർമ്മം  എന്താണെന്ന് സമഗ്രമായി മനസ്സിലാക്കുവാൻ ഉതകുന്ന വിധം  സനാതന ധർമ്മത്തിലെ ദൈവസങ്കല്പം, സൃഷ്ടിയുടെ ചരിതം, ക്ലേശങ്ങളിൽ നിന്നും മുക്തമാകുവാനുള്ള മാർഗ്ഗം എന്ന മൂന്നു വിഷയങ്ങളും  ഈ ഒരൊറ്റ അദ്ധ്യായത്തിൽ വിവരിക്കുവാൻ ശ്രമിക്കുകയാണ്. ഈ മൂന്ന് വിഷയങ്ങളാണ് ഏതു മതത്തിൻ്റെയും കാതൽ മനസ്സിലാക്കിയെടുക്കുവാൻ  ആവശ്യമായ ഘടകങ്ങൾ. 

പൊതുവായി പറഞ്ഞാൽ, പ്രധാനമായും സനാത ധർമ്മത്തിലെ  തന്ത്ര ശാസ്ത്രത്തെ ആസ്പദമാക്കിയാണ് ഇവിടെ ഈ വിഷയം ചർച്ച ചെയ്യുന്നത്. അനുവാചകർക്ക് കൂടുതൽ പരിചിതമായ പദങ്ങളും  പല  വിശദാംശങ്ങളും ഷഡ് ദർശനങ്ങളിൽ ഉള്ളതുകൊണ്ട് അവയിലെ ചില സാരാംശങ്ങളും ഈ ചർച്ചയിൽ ഇഴചേർത്തിട്ടുണ്ട്.  സനാതന ധർമ്മത്തിൻ്റെ    വിശാലമായ പശ്ചാത്തലം പൂർണ്ണമായും ഗ്രഹിച്ചുകൊണ്ട്  ഈ അദ്ധ്യായത്തിലേക്ക് കടക്കുകയാണെങ്കിൽ  സനാതന ധർമ്മം എന്താണെന്ന്  മനസ്സിലാക്കി എടുക്കുവാൻ വലിയ ബുദ്ധിമുട്ടുണ്ടാകുകയില്ല. സനാതന ധർമ്മത്തിലെ ദൈവം, ഈശ്വരൻ, സൃഷ്ടി , മുക്തി എന്നീ ധാരണകൾ ഒരൊറ്റ ചട്ടക്കൂടിൽ നൽകുവാൻ ശ്രമിക്കുകയാണിവിടെ. 

സൃഷ്ടിയുടെ 36  “തത്വങ്ങൾ” അഥവാ “ഡിസൈൻ പ്രിൻസിപ്പിളുകൾ”

സനാതന ധർമ്മത്തിലെ ദൈവ സങ്കല്പവും പ്രപഞ്ച സൃഷ്ടിയുടെ ചരിത്രവും ഒന്നിനോടൊന്ന് ചേർന്ന് നിൽക്കുന്ന വിഷയങ്ങളാണ്.  സനാതന ധർമ്മത്തിലെ  36 “തത്വങ്ങളിൽ” കൂടിയാണ് പ്രപഞ്ചവും മനുഷ്യനും  സൃഷ്ടിക്കപ്പെടുന്നത് എന്നാണ് തന്ത്ര ശാസ്ത്രം വിശദീകരിച്ചിരിക്കുന്നത്. മുപ്പത്തിയാറ്  “തത്വങ്ങൾ” എന്നാൽ, സൃഷ്ടിയുടെ മുപ്പത്തിയാറ് അടിസ്ഥാന “നിർമ്മാണ രൂപകൽപ്പനയുടെ തത്വങ്ങൾ”, അഥവാ “ഡിസൈൻ പ്രിൻസിപ്പിളുകൾ”   എന്നാണ് പൊതുവായ  അർത്ഥം. നാം കാണുന്ന, സ്പര്‍ശിക്കുന്ന,  സാന്നിദ്ധ്യം അറിയുന്ന, അനുഭവിക്കുന്ന,  അല്ലെങ്കില്‍ നമുക്ക് മാപനം ചെയ്യുവാന്‍ കഴിയുന്ന (അളക്കുവാന്‍ കഴിയുന്ന) എന്തും ഈ മുപ്പത്തി ആറു തത്വങ്ങളാല്‍ നിര്‍മ്മിതമാണ്.  പ്രപഞ്ചത്തിൽ നിലനിൽപ്പുള്ള സർവ്വതും ഒരു തത്വമോ, പല തത്വങ്ങളുടെ സങ്കരമോ, അല്ലെങ്കില്‍ ചില തത്വങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമോ ഒക്കെ ആകാം. 

കമ്പ്യൂട്ടർ ഭാഷയിൽ വിശദീകരിച്ചാൽ,  “തത്വങ്ങൾ” എന്താണെന്ന് വളരെ പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിയും.  ഒരു കമ്പ്യൂട്ടർ പ്രവർത്തിക്കുവാൻ  അടിസ്ഥാനപരമായി ഒരു ഹാർഡ്‌വെയർ, നിരവധി തലങ്ങളിൽ ഉള്ള  സോഫ്റ്റ്‌വെയറുകൾ, വൈദ്യുതി എന്നീ  വസ്തുക്കൾ ആവശ്യമാണ്. ഇതിൽ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കുന്നത്    “പ്രോഗ്രാമിങ്”  അല്ലെങ്കിൽ  “കോഡിങ്”  ചെയ്തിട്ടാണ്.  ഇത്തരം കോഡിങ് ചെയ്യുന്നതിന് ചില നിയമങ്ങളും, യുക്തികളും എല്ലാം ആവശ്യമുണ്ട്. അവയെ ആ കോഡിങ്ങിൻ്റെ “ഡിസൈൻ പ്രിൻസിപ്പിളുകൾ” എന്ന് പറയാം. വിവിധ കോഡിങ്ങുകളിൽ വിദഗ്ദ്ധർ ആയ വ്യക്തികളാണ് ഇതെല്ലാം ചെയ്യുന്നത്. പ്രകൃതിയും ജീവജാലങ്ങളും മനുഷ്യനും എല്ലാം   കമ്പ്യൂട്ടർ പോലുള്ള ഹാർഡ്‌വെയറിൻ്റെ വർക്ക് സ്റ്റേഷനുകൾ ആണെന്ന് ഉപമിച്ചാൽ, ആ കമ്പ്യൂട്ടറിൻ്റെ നിർമ്മാണത്തിനും പ്രവർത്തിനും ആവശ്യമായ ഉയർന്ന നിലയിലുള്ള പ്രധാനപ്പെട്ട 36  “ഡിസൈൻ പ്രിൻസിപ്പലുകൾ” ആണ് ഇപ്പറയുന്ന 36 “തത്വങ്ങൾ”.  

കമ്പ്യൂട്ടറിൻ്റെ    ഈ ഉപമയിൽ നിന്നും പ്രപഞ്ചത്തിൻ്റെ പ്രവർത്തനത്തെക്കുറിച്ചുള്ള   വളരെ അധികം  കാര്യങ്ങൾ അനുമാനങ്ങളിലൂടെ മനസ്സിലാക്കുവാൻ സാധിക്കും.  (മൂന്നാം ഭാഗത്തിൽ വിശദമാക്കിയിരിക്കുന്ന കബാലിയോണിലെ “സമാനതാ നിയമം” ഓർമ്മിക്കുക). പ്രാദേശികമായ വിവിധ കമ്പ്യൂട്ടർ വർക്ക് സ്റ്റേഷനുകൾ തമ്മിൽ  കേബിളുകൾ  ഉപയോഗിച്ച് ബന്ധിപ്പിച്ച് കംപ്യൂട്ടറുകളുടെ സമൂഹം പ്രവർത്തിക്കുന്നു. എന്നാൽ ലോകം മുഴുവനും ഉള്ള കംപ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് ഇൻറ്റെർനെറ്റ് സംവിധാനങ്ങൾ വഴിയോ, അല്ലെങ്കിൽ സ്മാർട്ടഫോണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന  3G, 4G, 5G  തുടങ്ങിയ കമ്പിയില്ലാക്കമ്പികൾ  ഉപയോഗിച്ചോ ഒക്കെയാണ്. ഇവിടെയെല്ലാം ഡിസൈൻ പ്രിൻസിപ്പിളുകളൂം കോഡിങ്ങുകളും എല്ലാം ഉണ്ട്, പ്രപഞ്ചത്തിൻ്റെ  പ്രവർത്തനത്തിനും സമാനമായ പ്രവർത്തന സംവിധാനങ്ങൾ ഉണ്ടെന്ന് കരുതുന്നത് സാമാന്യ ബുദ്ധി അനുവദിക്കുന്ന കാര്യമാണ്.  ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഡോ. തോമസ് ജെ ചാൽക്കോയുടെ “കോൺഷ്യസ്നെസ്സ് ആൻഡ് ഇമ്മോർട്ടാലിറ്റി” എന്ന പുസ്തകത്തിൽ ലഭ്യമാണ്. പുസ്തകത്തിൻ്റെ വിശദാംശങ്ങൾ  ഗ്രന്ഥസൂചികയിൽ കൊടുത്തിട്ടുണ്ട്. 

നമ്മുടെ നിലനില്‍പ്പിൻ്റെ ഇഷ്ടികയും കുമ്മായവും ആണ് തത്വങ്ങൾ എന്ന് ആലങ്കാരികമായി പറയാവുന്നതാണ്. നമ്മുടെ മാത്രമല്ല, ഈ മഹാ പ്രപഞ്ചത്തിൻ്റെ   തന്നെ  നിലനില്‍പ്പിൻ്റെ   ഇഷ്ടികയും കുമ്മായവും ഈ മുപ്പത്തി ആറു തത്വങ്ങള്‍ തന്നെയാണ്. ഈ കാണുന്ന സമസ്ത പ്രപഞ്ചം എന്നത് ഈ തത്വങ്ങളുടെ ഉരുത്തിരിയല്‍ ആണെന്നോ, രൂപമാറ്റം ആണെന്നോ, അനുബന്ധം ആണെന്നോ, ഉള്‍പ്പരിവര്‍ത്തനം ആണെന്നോ, ദ്രവ്യാന്തരം ആണെന്നോ, സമ്മിശ്രണം ആണെന്നോ, അതല്ല വേറെ എന്ത് പേരിട്ട് വിശദീകരിച്ചാലും അതൊക്കെ ശരിയാണ്. അങ്ങിനെ ഉണ്ടായ സര്‍വ്വതും നമുക്ക് ഒന്നുകില്‍  കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയുന്നതായിരിക്കും, അല്ലെങ്കില്‍ നമുക്ക് ഏതെങ്കിലും ഒരു അളവുകോല്‍ ഉപയോഗിച്ചു  അളക്കുവാൻ കഴിയുന്ന ഒന്ന്   ആയിരിക്കും. അതുകൊണ്ട് സനാതന ധർമ്മത്തിലെ പ്രപഞ്ച സൃഷ്ടി യുടെ  സമഗ്രമായ ഒരു അവലോകനത്തിന് ഈ 36 തത്വങ്ങളും  ചുരുക്കത്തിൽ ആണെങ്കിലും   മനസ്സിലാക്കേണ്ടതുണ്ട്. 

സനാതന ധർമ്മത്തിൽ പ്രപഞ്ച സൃഷ്ടി ചർച്ച ചെയ്യപ്പെടുമ്പോൾ പൊതുവായി പലപ്പോഴും 25 തത്വങ്ങളെക്കുറിച്ചു മാത്രമാണ് സൂചിപ്പിക്കാറുള്ളത്.  അതിനു കാരണം, ഷഡ് ദർശനങ്ങളിലെ സാംഖ്യ ദർശനത്തിൽ  25 തത്വങ്ങൾ മാത്രമേ പരാമർശിക്കപ്പെടുന്നുള്ളൂ എന്നതാണ്. അതിനും ഒരു കാരണമുണ്ട്. അതിൻ്റെ സാങ്കേതികമായ വിശദാംശങ്ങളിലേക്ക് കടക്കാതെ,  ലളിതമായി പറഞ്ഞാൽ, സാംഖ്യ ദർശനം വിശകലനം ചെയ്യുന്നത്    പ്രപഞ്ചവും മനുഷ്യനും  ഉണ്ടായതിന് ശേഷം ഉള്ള സ്ഥിതിഗതികളുടെ അവസ്ഥയാണ്. മനുഷ്യൻ എങ്ങിനെ സൃഷ്ടിക്കപ്പെട്ടു എന്നത് സാംഖ്യയുടെ വിഷയം ആയിരുന്നില്ല. സൃഷ്ടിക്കപ്പെട്ട മനുഷ്യൻ  ക്ലേശങ്ങൾ അനുഭവിക്കുവാൻ ഇടവരുന്നത് എന്തു കൊണ്ടാണെന്നും, അതിൽ നിന്നും ഉള്ള മുക്തി എങ്ങിനെ സാദ്ധ്യമാക്കാം എന്നുള്ളതും മാത്രമായിരുന്നു  സാംഖ്യ ദാർശനത്തിൻ്റെ വിഷയം. ആയുർവേദവും യോഗ ശാസ്ത്രവും എല്ലാം സാംഖ്യ ദർശനത്തിൻ്റെ ഭൂമികയിൽ ഉള്ള വിഷയങ്ങൾ ആകുന്നത് അങ്ങിനെ ആണ്. എന്നാൽ, തന്ത്ര ശാസ്ത്രത്തിൻ്റെ വിഷയം സാംഖ്യ ദർശനത്തേക്കാൾ വളരെ  വിപുലമായിരുന്നു. ദൈവസങ്കല്പം മുതൽ ആരംഭിച്ച്  സൃഷ്ടിയുടെ വിവിധഘട്ടങ്ങളുടെ ചുരുളുകൾ അഴിച്ചുകൊണ്ട്, മനുഷ്യൻ്റെ ഇന്നത്തെ ക്ലേശഭരിതമായ നിലയിൽ നിന്നും ഉള്ള മുക്തിവരെ എത്തിനിൽക്കുന്ന വിഷയങ്ങൾ   തന്ത്ര ശാസ്ത്രത്തിൻ്റെ ഭൂമികയിൽ ഉണ്ട്. സാംഖ്യ ദർശനം ഉൾക്കൊണ്ടിരിക്കുന്ന 25 തത്വങ്ങളും തന്ത്ര ശാസ്ത്രത്തിൻ്റെ   36 തത്വങ്ങളിൽ പെട്ടതാണ്. അത് കൊണ്ട്, സനാതന ധർമ്മത്തിലെ ദൈവസങ്കല്പവും സൃഷ്ടിയും മുക്തിയും എല്ലാം തന്ത്ര ശാസ്ത്രം നൽകുന്ന  36 തത്വങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.  

ആരാണ്  ദൈവം? 

നമ്മുടെ ജീവിതത്തിലെ ഏറ്റവും ഉന്നതമായ, പരമമായ സത്യം എന്താണോ അതാണ് സനാതന ധർമ്മത്തിലെ ദൈവം. ജീവിതത്തിലെ പരമമായ സത്യം എന്താണെന്ന അന്വേഷണം  മനുഷ്യനെ ‘ദൈവം’ എന്ന സങ്കല്പത്തിൽ കൊണ്ടുചെന്ന് എത്തിക്കുന്നു. നമ്മുടെ ജീവിതത്തിൽ പെട്ടെന്ന് ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ ഉണ്ട്. മനുഷ്യൻ ജനക്കുന്നു, ക്ലേശങ്ങൾ അനുഭവിക്കുന്നു, ഒടുവിൽ ഒരുനാൾ മരിച്ചുപോകുന്നു. നമ്മൾ എവിടെ നിന്നും വന്നു, എവിടേക്ക് പോകുന്നു, രണ്ടിനും ഇടയിൽ ഉള്ള കാലഘട്ടത്തിൽ എന്താണ് ഇവിടെ ചെയ്യേണ്ടത്  എന്ന് ആർക്കും വലിയ ധാരണകൾ ഒന്നും ഇല്ല. ക്ലേശഭരിതമായ ഈ സ്ഥിതിയിൽ ജീവിതത്തിൻ്റെ  സത്യം എന്താണെന്ന് ഉള്ള അന്വേഷണങ്ങൾ ആണ് പുരാതന ഭാരതത്തിലെ ഋഷിമാർ  വേദങ്ങളിലൂടെ  ആരംഭിക്കുന്നത്. ഒടുവിൽ വേദാന്തത്തിലെ  “പരബ്രഹ്മം” എന്ന ഏക ദൈവത്തിൽ ആണ് അവരുടെ അന്വേഷണം ചെന്നെത്തി  നിൽക്കുന്നത്. 

ഏതു കാര്യവും അന്വേഷിക്കുവാൻ തുടങ്ങുന്നതിന്  മുൻപ്, എന്താണ് നമ്മൾ അന്വേഷിക്കുന്നത് എന്നതിനെ കുറിച്ച വ്യക്തമായ ഒരു ധാരണ നമുക്കുണ്ടാകണം. പരമമായ സത്യം ആണ് നമ്മൾ അന്വേഷിക്കുന്നത് എങ്കിൽ, ആദ്യം ആ പരമമായ സത്യം എന്ന് നമ്മൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് നിർവ്വചിക്കേണ്ടതുണ്ട്. പുരാതന    ഋഷിമാർ  നിർവ്വചിച്ച  പ്രകാരം ഒരു വസ്തുത  പരമമായ സത്യം ആയി അംഗീകരിക്കപ്പെടണം എങ്കിൽ അതിന് മൂന്നു നിബന്ധനകളെ തൃപ്തിപ്പെടുത്തേണ്ടതായി ഉണ്ട്. 

ഒരു വസ്തുത   പരമമായ സത്യം   ആയി അംഗീകരിക്കപ്പെടണം  എങ്കിൽ,  ആദ്യമായി,  അതിൻ്റെ   നിലനില്‍പ്പിനു കാരണ ഹേതുവായി രണ്ടാമത് ഒരു  വസ്തു അല്ലെങ്കിൽ കാര്യം അല്ലെങ്കിൽ കാരണം  ഉണ്ടായിരിക്കേണ്ട  ആവശ്യം ഉണ്ടാവരുത്.  അതിനർത്ഥം, യാതൊരു പരാശ്രയവും കൂടാതെ, സ്വയം നിരന്തരമായി, ശാശ്വതമായി, നിത്യമായി, സ്വയംഭൂവായി, എന്നെന്നും   നിലനില്‍ക്കുവാന്‍ കഴിയുന്ന ഒന്നായിരിക്കണം അത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദ്വൈതം അല്ലാത്ത ഏകത്വമായിരിക്കണം പരമമായ സത്യം. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ഒരു വസ്തു പരമമായ സത്യം ആയി അംഗീകരിക്കപ്പെടണം എങ്കിൽ അതിൻ്റെ   രൂപീകരണത്തിനോ, നിലനില്പിനോ മറ്റൊരു വസ്തുവിൻ്റെ  ആവശ്യമോ സഹായമോ  ഒരുകാലത്തും ഉണ്ടാകരുത്.  ഉദാഹരണത്തിന്,  ഒരു ശിശു ജനിച്ചാൽ, ആ ശിശുവിന്  ഒരു അമ്മയുണ്ട്‌ എന്ന് തീര്‍ച്ചയാണ്. ആ അമ്മയ്ക്ക് വേറെ ഒരു അമ്മ ഉണ്ട്.  ആ അമ്മക്ക് മറ്റൊരു അമ്മ.  അങ്ങിനെ അനസ്യൂതം പുറകിലേക്ക് പോയി കൊണ്ടേ ഇരിക്കും. അതുകൊണ്ട് ഈ അമ്മമാർ ആരും തന്നെ പരമമായ സത്യമല്ല. ഒരു അമ്മയുടെ  ആവശ്യമില്ലാതെ   ഒരു ശിശു  അനാദിയിലേ സ്വയംഭൂവായി, നിത്യമായി നിലനിൽക്കുന്നുണ്ടെങ്കിൽ,  ആ ശിശു  ഈ മൂന്നു നിബന്ധനകളില്‍ ഒന്നാമത്തെ നിബന്ധന തൃപ്തിപ്പെടുത്തുന്ന ഒന്നാണ് എന്ന് അംഗീകരിക്കാം. അപ്രകാരം, രണ്ടാമത് എന്തെങ്കിലു ഒന്നിൻ്റെ  ആശ്രയമോ ആവശ്യമോ ഇല്ലാതെ  സ്വയം നിലനിൽപ്പുള്ള  ഒരു വസ്തുത ആയിരിക്കണം  പരമമായ സത്യം ആയി അംഗീകരിക്കപ്പെടുന്ന  ഒന്ന്.  ഇതാണ് പുരാതന ഋഷിമാർ മുമ്പോട്ടു  വച്ച പരമമായ സത്യത്തിൻ്റെ നിർവ്വചനത്തിലെ  ഒന്നാമത്തെ നിബന്ധന. 

രണ്ടാമത്തെ നിബന്ധന, ഒരു വസ്തു പരമമായ സത്യം ആയി അംഗീകരിക്കപ്പെടണം എങ്കിൽ, അതിന്   സര്‍വ്വ വ്യാപിത്വം ഉണ്ടായിരിക്കണം എന്നുള്ളതാണ്. അതായത് മറ്റെന്തെങ്കിലും ഒന്നിനാല്‍ അത് പരിമിതപ്പെട്ടു പോകാന്‍ പാടില്ലാത്ത ഒന്നായിരിക്കണം.  കാല  ദേശങ്ങളാൽ പരിമിതപ്പെട്ട്  നിൽക്കുന്ന ഒന്നിനെ  പരമ സത്യം ആയി അംഗീകരിക്കുവാൻ കഴിയുകയില്ല. ഉദാഹരണത്തിന്,  നമ്മുടെ ശരീരം പരമമായ സത്യം അല്ല;  നമുക്ക്  ഒരു സ്ഥലത്തു നിന്നും  മറ്റൊരു സ്ഥലത്ത് എത്തണമെങ്കിൽ നമ്മുടെ ശരീരം  ഒരു വാഹത്തിനത്തിൽ  ഇരിക്കണം. സമയം എടുത്ത് ദൂരങ്ങൾ താണ്ടണം. നമ്മുടെ ശരീരത്തിന് കാലവും ദേശവും പരിമിതികളാണ്. നമ്മുടെ ശരീരം മാത്രമല്ല,  രൂപവും നാമവും  ഉള്ള സർവ്വവസ്തുക്കളും രൂപനാമങ്ങളാൽ പരിമിതപ്പെട്ട്  നിൽക്കുന്നവയാണ്. അതുകൊണ്ട് രൂപവും നാമവും ഉള്ള ഒന്നും പരമമായ സത്യമല്ല.  പരിമിതമായ ഒന്നിനേയും പരമമായ സത്യം ആയി അംഗീകരിക്കുവാൻ കഴിയുകയില്ല. 

പക്ഷെ, മനസ്സുകൊണ്ട് നമുക്ക് നിമിഷാർദ്ധത്തിൽ എവിടെ വേണമെങ്കിലും എത്താം. അപ്പോൾ, നമ്മുടെ മനസ്സ് നമ്മുടെ ശരീരത്തെ അപേക്ഷിച്ചു പരിമിതി ഇല്ലാത്ത ഒന്നാണ് എന്ന് സംശയിക്കാം. മനസ്സിന് രൂപമില്ല, അതുകൊണ്ട് ആ ഒരു പരിമിതിയില്ല. പക്ഷേ,  നമ്മുടെ മനസ്സും പരമമായ സത്യം അല്ല, കാരണം നമ്മുടെ ‘മനസ്സ്’ ആദ്യം പറഞ്ഞ ഒന്നാമത്തെ നിബന്ധന അനുസരിക്കുന്നില്ല! നമ്മൾ  ഉള്ളതുകൊണ്ടാണ് നമ്മുടെ മനസ്സ് ഉണ്ടായത്; നമ്മൾ ഇല്ലെങ്കില്‍ നമ്മുടെ മനസ്സുമില്ല. അതായത്, നമ്മുടെ മനസ്സിൻ്റെ  നിലനിൽപ്പ് നമ്മളെ ആശ്രയിച്ചു പരിമിതപ്പെട്ടു നിൽക്കുന്നു. മാത്രവുമല്ല, നമുക്ക് അറിയാത്ത   ഒരുകാര്യത്തിലേക്ക് നമ്മുടെ  മനസ്സ്  എത്തുകയില്ല.  നമ്മൾ  “ടിംബക്റ്റൂ”വിൽ പോയിട്ടില്ല എന്ന് കരുതുക, ടിംബക്റ്റൂവിൻ്റെ  ഫോട്ടോകൾ കണ്ടിട്ടില്ല. അതുകൊണ്ടു  നമ്മുടെ മനസ്സിന്  ടിംബക്റ്റൂവിൽ  എത്താൻ കഴിയില്ല.  അത് ഒരു പരിമിതിയാണ്. അതുകൊണ്ടു  മനസ്സും പരിമിതമാണ്. പരിമിതമായ ഒന്ന്  പരമമായ സത്യം  അല്ല.   

അതുകൊണ്ട്, ഒരു പരിമിതിയും ഇല്ലാതെ സർവ്വവ്യാപിത്വം ഉള്ള,  പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ഒന്നായിരിക്കണം പരമമായ സത്യം എന്നതാണ് രണ്ടാമത്തെ നിബന്ധന. നമ്മൾ അന്വേഷിക്കുന്ന  ആ പരമമായ ആ സത്യം   ഇല്ലാത്ത  ഒരിടം പ്രപഞ്ചത്തില്‍ ഉണ്ടെങ്കില്‍, അത് ഒരു പരിമിതി ആയിമാറും;  അതുകൊണ്ട് പരിമിതമാക്കപ്പെട്ട ഒന്ന് ഒരു പരമമായ സത്യം ആകുന്നില്ല. അതിനാല്‍ സര്‍വ്വ വ്യാപിത്വം ഉള്ള ഒന്നിനെ  മാത്രമേ പരമമായ സത്യം എന്ന് പറയാന്‍ കഴിയുകയുള്ളൂ. ഇവിടെ കാണുന്ന രൂപനാമങ്ങൾ ഉള്ള  സര്‍വ്വതിനും പരിമിതികള്‍ ഉണ്ട്. ഇന്ന് കാണുന്നത് നാളെ കാണുന്നില്ല. ഇവിടെ ഉള്ളത് അവിടെ ഇല്ല. സ്ഥല കാലങ്ങള്‍ കൊണ്ട് സര്‍വ്വതും പരിമിതപ്പെട്ടു നില്‍ക്കുകയാണ് ഇവിടെ. അതുകൊണ്ട് ഞാനും നിങ്ങളും ഉൾപ്പെടെ ഇവിടെ കാണുന്നതൊന്നും  പരമമായ സത്യം അല്ല.  

മൂന്നാമത്തെ  നിബന്ധന, പരമമായ സത്യം ഒരുകാലത്തും മാറ്റങ്ങള്‍ക്ക് വിധേയമായ ഒന്നായിരിക്കരുത്  എന്നുള്ളതാണ്. അതായത് മാറ്റമില്ലാതെ, അനാദിയായി, ശാശ്വതമായി  നില്‍ക്കുന്ന  ഒന്നായിരിക്കണം പരമമായ സത്യം. ഉദാഹരണത്തിന് നമുക്ക് ചെറുപ്പത്തില്‍ ഉള്ള ശരീരം അല്ല, പ്രായമാകുമ്പോൾ ഉള്ളത്. കണ്ണാടിയിൽ നോക്കിയാൽ അറിയാം, മുടി നരച്ചു, കൺതടങ്ങളിൽ കറുപ്പ് വ്യാപിച്ചു; രൂപ മാറ്റങ്ങള്‍ക്ക്  വിധേയരാണ് നമ്മള്‍.  അതുകൊണ്ട് നമ്മുടെ ഈ ശരീരം പരമമായ സത്യം അല്ല. ശരീരം മാത്രമല്ല, നമ്മുടെ മനസ്സും എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇവിടെ മാറ്റമില്ലാത്തതായി ഒന്നും ഇല്ല. ഒരു ഇരുമ്പാണി പോലും  തുരുമ്പ് പിടിച്ചു ഒരുനാൾ ഇല്ലാതാകും.  അതുകൊണ്ടു  മാറ്റമില്ലാതെ നിതാന്തമായി, സ്ഥിരമായി നില്‍ക്കുന്ന ഒന്നായിരിക്കണം പരമമായ സത്യം എന്ന് ഋഷിമാർ  നിബന്ധന വച്ചു. അത്രമാത്രം ശാസ്ത്രീയമായിരുന്നു  അവരുടെ  സമീപനം! 

ഈ  പറഞ്ഞ മൂന്നു നിബന്ധനകളേയും പരിപൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്ന ഒന്നിനെ മാത്രമേ  പരമമായ സത്യം എന്ന് അംഗീകരിക്കാന്‍ കഴിയൂ എന്നാണ് പുരാതന കാലത്തെ ഋഷിമാർ നിർവ്വചിച്ചത്. സത്യാന്വേഷണം മാത്രമായിരുന്നു അവരുടെ ഏക ലക്ഷ്യം. സർവ്വ സൃഷ്ടിക്കും  തുടക്കം കുറിച്ച, രണ്ടാമതൊന്നിനെ ആശ്രയിക്കാതെ സ്വയംഭൂവായി  നിലനിൽപ്പുള്ള, സർവ്വവ്യാപിയായ, ഒരുകാലത്തും ഒരുമാറ്റങ്ങളും സംഭവിക്കാത്ത എന്തിനെയാണോ അവർ ലക്ഷ്യമായിക്കണ്ട് അവർ അന്വേഷിച്ചത്, ആ  ലക്ഷ്യത്തിന് പൊതുവായി പറയുന്ന സർവ്വനാമമാണ് “ദൈവം’.  ആ ദൈവത്തിന് സനാതന ധർമ്മത്തിലെ ഋഷിമാർ നൽകിയ പേരാണ്, “പരബ്രഹ്മം”.   അദ്വൈതത്തിൽ അപ്രകാരം അദ്വിത്ഥമായ്, സർവ്വ വ്യാപിയായ, ഒരുകാലത്തും വ്യതിയാനങ്ങൾ ഇല്ലാതെ അനശ്വരമായി നിൽക്കുന്ന പരമമായ ആ  സത്യത്തെ “സദ്” എന്നാണ് വിളിച്ചത്. 

സനാതന ധർമ്മത്തിൽ പരബ്രഹ്മത്തിന്  പര്യായപദങ്ങൾ ആയി മറ്റു പല പേരുകളും  ഉണ്ട്. പരമ പ്രജ്ഞാനം, ചിദ്, നിഷ്കല ബ്രഹ്മം,  “നിർഗുണ ബ്രഹ്മം”, പരാസംവിത്ത്, പരമശിവം,  തുടങ്ങിയവ അവയിൽ ചിലതാണ്.  ഇലോഹിം, യഹോവ, അള്ളാഹു എന്നെല്ലാം വിവിധ ഭാഷകളിൽ വിവിധ ദേശങ്ങളിൽ, വിവിധ കാലഘട്ടങ്ങളിൽ  ആ  പരമമായ സത്യം അറിയപ്പെട്ടു. എല്ലാം ഒന്ന് തന്നെ. എല്ലാം പരമമായ, മേൽപ്പറഞ്ഞ നിർവ്വചനത്തിൽ നിൽക്കുന്ന,  ആ ഏക ദൈവത്തിൻ്റെ പര്യായപദങ്ങൾ തന്നെ. ഒരു വ്യക്തിയെ തന്നെ പലരും പലപേരുകളിലും  അഭിസംബോധന ചെയുന്നത് പോലെ മാത്രമാണ് ഇതും. ഈ പുസ്തകത്തിൽ ‘പരമ പ്രജ്ഞാനം’ എന്നോ ‘പരബ്രഹ്മം’ എന്നോ ഉള്ള പദങ്ങൾ   ആയിരിക്കും ‘ദൈവം’ എന്ന പദത്തിനെ സൂചിപ്പിച്ചു കൊണ്ട് കൂടുതലും  ഉപയോഗിക്കുക. തന്ത്ര ശാസ്ത്രത്തിൽ ‘പരാസംവിത്ത്’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. “പരബ്രഹ്മം”  തന്നെ  ആണ് “പരമ പ്രജ്ഞാനം”.  “പ്രജ്ഞാനം ബ്രഹ്മ” എന്ന മഹാവാക്യം ഋഗ് വേദത്തിലെ ഐതെരേയ ഉപനിഷത്തിൽ വരുന്നുണ്ട്.  അതിനർത്ഥം “ബ്രഹ്മം തന്നെ ആണ് പ്രജ്ഞാനം” എന്നാണ്. പരബ്രഹ്മത്തിൻ്റെ  ചുരുക്കപ്പേരാണ്  ‘ബ്രഹ്മം’. പരമ           പ്രജ്ഞാനത്തിനെ വേദ-വേദാന്തങ്ങളിൽ ‘പ്രജ്ഞാനം’ എന്നും വിവക്ഷിക്കാറുണ്ട്.  

“പ്രജ്ഞാന ദൈവ”ത്തിൻ്റെ  നൈസര്‍ഗ്ഗിക  സ്വ-ഭാവം 

ഉപനിഷത്തുകളിലും തന്ത്ര ശാസ്ത്രത്തിലും പരബ്രഹ്മത്തിൻ്റെ അഥവാ    “പരമ പ്രജ്ഞാനത്തിൻ്റെ” നൈസര്‍ഗ്ഗികമായ “സ്വ-ഭാവം” എന്താണെന്ന്  പ്രതിപാദിക്കുന്നുണ്ട്. ആ പരമമായ സത്യത്തിനു രൂപമില്ല.  അങ്ങിനെ ഒരു രൂപമുണ്ടെങ്കില്‍ അതൊരു പരിമിതി ആണ്. ഒരു രൂപം ഉണ്ടെങ്കില്‍, അത് ആ രൂപത്താല്‍ പരിമിതപ്പെട്ടു നില്‍ക്കുന്നതുകൊണ്ട്  അതിന് സര്‍വ്വ വ്യാപിത്വവും  ഉണ്ടാകില്ല.  “പരമ പ്രജ്ഞാന”ത്തിൻ്റെ    നിലനില്പിന്‌ കാരണ ഹേതുവായി രണ്ടാമത് ഒന്ന് ഇല്ല. അങ്ങിനെ ഉള്ള സ്ഥിതിക്ക്  “അദ്വൈതം”  എന്നാണ് പറയുന്നത് – രണ്ടല്ലാത്ത സ്ഥിതി എന്നർത്ഥം. ‘പരമ പ്രജ്ഞാനം’ ‘അ-ദ്വൈതം’ ആണ്. ദ്വൈതം അല്ലാത്തതാണ്. പരമ പ്രജ്ഞാനത്തിനെ പരമ പ്രജ്ഞാനത്തിന് ജന്മം നല്കിക്കൊണ്ടോ,  ഭരിച്ചുകൊണ്ടോ, സംരക്ഷിച്ചുകൊണ്ടോ, ബലപ്പെടുത്തിക്കൊണ്ടോ രണ്ടാമതൊന്നില്ല. പരമ പ്രജ്ഞാനം  അനാദി ആണ്. എന്നെങ്കിലും ഉണ്ടായതോ, ആരെങ്കിലും ഉണ്ടാക്കിയതോ,  എന്നെങ്കിലും  ഇല്ലാതാകുന്നതോ ആയ ഒന്നല്ല അത്; പരമ പ്രജ്ഞാനം   ശാശ്വതമാണ്; തുടക്കമോ ഒടുക്കമോ ഇല്ലാത്തതാണ്; പരമ പ്രജ്ഞാനത്തിന് സർവ്വവ്യാപിത്വം ഉണ്ട്.  യാതൊരു മാറ്റത്തിനും വിധേയമല്ലാത്ത  ഒന്നാണ് പരമ പ്രജ്ഞാനം.   അങ്ങിനെ  തുടക്കവും ഒടുക്കവും ഇല്ലാതെ  സ്വയം യാതൊരു മാറ്റവും യാതൊരു കാലത്തും സംഭവിക്കാതെ, സര്‍വ്വതിലും  വ്യാപിച്ച്, സർവ്വതിലും  നിത്യമായ നിറ  സാന്നിദ്ധ്യത്തോടു കൂടി,  സർവ്വതിൻ്റെയും   സാന്നിദ്ധ്യം തന്നിൽ മാത്രമാക്കി   നില നില്‍ക്കുന്ന ഒന്നാണ് ‘പരമ പ്രജ്ഞാനം’.  ‘പരമ പ്രജ്ഞാന’മാണ്  സനാതന ധർമ്മത്തിലെ ദൈവം.  

“പരമ പ്രജ്ഞാനം” എങ്ങിനെ സ്വയംഭൂവായി എന്നതിന്   ഡോ.തോമസ് ജെ ചാൽക്കോ   തൻ്റെ  “ദി  ഫ്രീഡം ഓഫ് ചോയ്‌സ്” എന്ന പുസ്തത്തിൽ നൽകിയിരിക്കുന്ന യുക്തിഭദ്രമായ വിശദീകരണം  ഒന്നാം ഭാഗത്തിൽ  കൊടുത്തിരിക്കുന്നത് ഇത്തരുണത്തിൽ ഓർമ്മിക്കുക. സ്വന്തം  ഇംഗിതത്തിൻ്റെ ദിശയിലേക്ക്  സ്വയം വളരുവാനുള്ള സ്വതഃസിദ്ധമായ കഴിവാണ്  പരമ പ്രജ്ഞത്തിനെ സ്വയംഭൂവാക്കിയത്. മനുഷ്യനിലെ അവബോധവും സ്വയം വളരുന്നത് നമ്മൾ അനുഭവിച്ചറിയിട്ടുള്ള ഒന്നാണല്ലോ? ശൈശവത്തിൽ ഉള്ള അവബോധമല്ല കൗമാരത്തിലുള്ളത്. കൗമാരത്തിലെ അവബോധമല്ല യൗവ്വനത്തിൽ ഉള്ളത്. യൗവ്വനത്തിലെ അവബോധമല്ല  വാർദ്ധക്യത്തിൽ ഉള്ളത്. ഒരു പ്രത്യേക  ഇംഗിതം നിരർഗ്ഗളം സൂക്ഷിക്കുകയാണെങ്കിൽ അവബോധം ആ ദിശയിലേക്ക് ആർത്തുപിടിച്ച്  വളരും എന്നതും നമ്മുടെ അനുഭവമാണ്. ഓരോ വിഷയങ്ങളിലും ഓരോരുത്തർക്കും വിദഗ്ദ്ധർ ആകുവാൻ കഴിയുന്നത് അങ്ങിനെയാണ്. 

“പ്രജ്ഞാനം” എന്നാൽ അതിശക്തമായ ശുദ്ധമായ “ഞാൻ” എന്ന സ്വയം ബോധം ആണ്. നിര്‍വ്വചിക്കുവാൻ  പ്രയാസമുള്ള ഒന്നാണ്  “പ്രജ്ഞാനം” എന്ന സംസ്കൃത പദം. ഇംഗ്ലീഷില്‍ ‘കോണ്‍ഷ്യസ്നെസ്സ്’ എന്ന വാക്കാണ്  “പ്രജ്ഞാന”ത്തിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത്. സംസ്കൃതത്തില്‍  “ചൈതന്യ” എന്നും പ്രജ്ഞാനത്തിന് പര്യായ പദമായി ഉപയോഗിക്കാറുണ്ട്. വേദാന്തത്തിൽ ‘ചിദ്’ എന്ന പദമാണ് ഉപയോഗിച്ചരിക്കുന്നത്.  “ഞാന്‍ ജീവിച്ചിരിക്കുന്നു” എന്ന ഉള്ളറിവ് നമുക്ക് ഓരോരുത്തർക്കും സദാസമയവും സഹജമാണ്. അങ്ങിനെ ഒരു ഉള്ളറിവ് നമുക്ക് ഉണ്ടെന്നുള്ള  അറിവും നമുക്കുണ്ട്. ആ ഉള്ളറിവും  നമുക്ക് സഹജമാണ്. ശ്രമപ്പെട്ട്‌ ഓര്‍ത്തിരിക്കേണ്ട ഒന്നല്ല അത്.  ഒരു നിര്‍വ്വചനമായി പറഞ്ഞാല്‍, ‘ഞാന്‍’ എന്ന ബോധം എനിക്ക് ഉണ്ടെന്നുള്ള എൻ്റെ ഉള്ളറിവാണ് പ്രജ്ഞാനം. ചുരുക്കത്തിൽ,  ‘ഞാൻ-ബോധം’  ആണ് ‘അവബോധം’. ആ ‘അവബോധ’ത്തിനു  കാരണം ‘പ്രജ്ഞാനം’ എന്ന പ്രതിഭാസം ശരീരത്തിൽ സന്നിഹിതമായിരിക്കുന്നത്  കൊണ്ടാണ്. ആ പ്രജ്ഞാന സാന്നിദ്ധ്യത്തെ  ആണ്  ‘ജീവാത്മാവ്’ അല്ലെങ്കിൽ  ‘ജീവൻ’ എന്നൊക്കെ ഉള്ള പദങ്ങൾണ്  കൊണ്ട് വിവക്ഷിക്കുന്നതും.  

“പ്രജ്ഞാനം” എന്ന പദത്തിൻ്റെ   ആഴത്തിലുള്ള അർത്ഥം നമ്മൾ ഒരു കാര്യം  അറിയുന്നതിൻ്റെയോ, മനസ്സിലാക്കുന്നതിൻ്റെയോ, പഠിക്കുന്നതിൻ്റെയോ, അനുഭവിക്കുന്നതിൻ്റെയോ മാത്രമല്ല, മുകളിൽ പറഞ്ഞ ‘ഞാൻ’-ബോധത്തിൻ്റെയോ  പോലും  പുറകിൽ  അദൃശ്യമായി നിന്നുകൊണ്ട് ഇതെല്ലാം സാദ്ധ്യമാക്കുന്ന  ശക്തി എന്താണോ അതാണ്. അതായത്, ജ്ഞാനത്തിൻ്റെയും ബുദ്ധിയുടേയും, അവബോധത്തിൻ്റെയും  എല്ലാം   ഉറവിടം ആണ് പ്രജ്ഞാനം.   

പ്രജ്ഞാനത്തിന്   “സദ്” എന്ന സ്വ-ഭാവം ഉള്ളത് കൂടാതെ  -ചിദ്-ആനന്ദം”  എന്ന രണ്ടു ശക്തികൾ   കൂടി  ഉണ്ട് എന്നാണ്  വേദാന്തത്തിൽ പറഞ്ഞിരിക്കുന്നത്.  “സദ്” എന്നാൽ അദ്വൈതമായ ഏകത്വത്തിൽ അനശ്വരമായി, സർവ്വവ്യാപിയായി, മാറ്റങ്ങൾക്ക് വിധേയമല്ലാത്ത ശാശ്വതമായി  നില നിൽക്കുവാനുള്ള നിലനില്പിനുള്ള ശക്തിയാണ്. ‘ചിദ്’ എന്നാൽ, ‘ഇച്ഛ-ജ്ഞാനം-ക്രിയാ ശക്തിയോട് കൂടിയ  സർവ്വ ജ്ഞാനം  ആണ്.  സ്വ-അറിവ് മതമല്ല, ‘ഇച്ഛ-ജ്ഞാനം-ക്രിയാ’ ശക്തികളും, ആനന്ദ ശക്‌തിയും കൂടി ഉണ്ട്. എന്താണ് ‘ഇച്ഛ-ജ്ഞാനം-ക്രിയാ’ ശക്തികൾ എന്ന് തൊട്ടു പുറകേ വ്യക്തമാക്കുന്നുണ്ട്. “ആനന്ദം” എന്നാൽ നിത്യ നൂതനമായ ആനന്ദത്തിൽ എന്നെന്നും ആറാടി നിൽക്കുവാൻ പ്രജ്ഞാനത്തിനുള്ള  ശക്തിയാണ്. അതായത് ഒരു കാരണവും കൂടാതെ സന്തോഷമായി എന്നെന്നും ഇരിക്കുവാൻ കഴിയുന്ന ശക്തി.  ഈ മൂന്നു ശക്തികളും  മനുഷ്യൻ എന്ന നിലയിൽ നമ്മളും ആഗ്രഹിക്കുന്ന മൂന്ന് കാര്യങ്ങൾ തന്നെ ആണ്. മരണമല്ലാതെ ശാശ്വതമായി നിലനിൽക്കുവാനും, അനന്തമായ അറിവ് ഉണ്ടാകുവാനും, എന്നും ആനന്ദത്തിൽ ആറാടി നിൽക്കുവാനും ആർക്കാണ് ആഗ്രഹമില്ലാത്തതു?. നടക്കുന്നല്ല എന്ന് മാത്രമേ ഉള്ളൂ. അതിനർത്ഥം, നമ്മളും പ്രജ്ഞാനത്തിൻ്റെ  ഒരു ശുഷ്ക്കിച്ച പതിപ്പാണ് എന്ന് തന്നെ ആണ് എന്നാണ്.

‘ഇച്ഛ-ജ്ഞാനം-ക്രിയാ എന്ന മൂന്നു ശക്തികൾ എന്നാൽ വിചാരിച്ച മാത്രയിൽ തന്നെ  വിചാരിച്ച കാര്യം നിർവഹിക്കപ്പെടുവാനുള്ള  ശക്തിയാണ്. ഏതൊരു പ്രവർത്തിയും നിർവ്വഹിക്കണമെങ്കിൽ ഈ മൂന്നു ശക്തികൾ അതിന്  ആവശ്യമായ തോതിൽ ഒത്തു ചേരേണ്ടതുണ്ട്. ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി  എന്നവയാണ് ആ മൂന്ന് ഘടക ശക്തകൾ. വെറും ഒരു ആഗ്രഹമല്ല ‘ഇച്ഛ’.   ഉദ്ദേശിച്ച പ്രവർത്തി നിർവ്വഹിപ്പിക്കുവാനുള്ള ഉൽക്കടമായ, അചഞ്ചലമായ, അദമ്യമായ പ്രേരകശക്തിയാണ് ‘ഇച്ഛ’. അങ്ങിനെ ഇച്‌ഛിച്ച പ്രവർത്തി നിർവ്വഹിപ്പിക്കുവാൻ ആവശ്യമായ ആഴത്തിലുള്ള അറിവാണ് ജ്ഞാനം. ഇത് രണ്ടും മാത്രം ഉണ്ടായാൽ പോരാ, ആ പ്രവർത്തി പ്രായോഗിക തലത്തിൽ നിർവ്വഹിപ്പിക്കുക്കുവാനുള്ള പ്രവർത്തന ശക്തിയും  അഥവ പ്രവർത്തന ഊർജ്ജവും ഉണ്ടായിരിക്കണം. ഇതിൽ ഏതെങ്കിലും ഒരു ഘടകം ആവശ്യമായ അളവിൽ ഉണ്ടായില്ലെങ്കിൽ ആ പ്രവർത്തി പ്രായോഗിക തലത്തിൽ സംഭവിക്കപ്പെടുകയില്ല.  ഏതു പ്രവർത്തി വേണമെങ്കിലും തത്ക്ഷണം നിർവഹിപ്പിക്കുവാനുള്ള ഇച്ഛാശക്തിയും, ജ്ഞാനശക്തിയും, ക്രിയാശക്തിയും  പ്രജ്ഞാനത്തിന് ഉണ്ട്. അതായത് ഭൂതം, ഭാവി, വർത്തമാനം എന്ന മൂന്ന് കാലങ്ങൾ പരമ പ്രജ്ഞനത്തിനില്ല. 

നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും നമ്മൾ നിർവ്വഹിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളിൽ പോലും ഈ മൂന്ന് ഘടകങ്ങളുടെ അനിഷ്യേദ്ധ്യമായ ആവശ്യകത നമ്മൾ നിത്യേന അനുഭവിച്ച് അറിയുന്ന ഒന്നാണ്.  അതായത് ഒരു  ചെറിയ പ്രവർത്തി സഫലമാകണം എങ്കിൽ പോലും  ആവശ്യമായ അളവിൽ പ്രവർത്തി ചെയ്യുവാനുള്ള ആഗ്രഹവും  അറിവും അതിനുള്ള മാനസികവും ശാരീരവും ആയ ശ്രമവും അത്യന്താപേക്ഷിതമാണ്. മനുഷ്യൻ ‘പരിമിതൻ’ ആയതുകൊണ്ട് ഇതു മൂന്നും ആവശ്യമായ തോതിൽ ഉണ്ടായിരിക്കുകയില്ല. കാല ദേശങ്ങളാൽ ഇത് മൂന്നും പരസ്പരം അകന്നിരിക്കുന്നവയാണ്. സമയവും ശ്രമവും എടുത്തു ആവശ്യമായ ആഗ്രഹശക്തിയും, അറിവും വളർത്തി എടുത്ത് അതിനുവേണ്ടി ഊർജ്ജം ചിലവഴിച്ച് പ്രയത്നിച്ചാൽ മാത്രമേ ഒരു പ്രവർത്തി സംഭവിക്കുകയുള്ളൂ.   ഉദാഹരണത്തിന്, മുടിമുറിക്കുവാൻ നമുക്ക്  ‘ആഗ്രഹം’ തോന്നിയാൽ, അതിനുള്ള ‘അറിവ്’ ഇല്ലാത്തതുകൊണ്ട്, സമയവും ശ്രമവും എടുത്തുകൊണ്ട് അതറിയുന്ന ഒരാളുടെ അടുത്തുപോയി  മുടി മുറിക്കേണ്ടിവരുന്നു. നമ്മൾ ‘പരിമിതർ’ അല്ലായിരുന്നു എങ്കിൽ,  നമ്മിൽ ആഗ്രഹവും,അറിവും, പ്രവർത്തിയും ഒരുമിച്ച് സംഭവിച്ച്  ആഗ്രഹിച്ച നിമിഷത്തിൽ മുടിമുറിക്കൽ എന്ന പ്രക്രിയ സ്വയം സംഭവിക്കുമായിരുന്നു. അങ്ങിനെ സംഭവിക്കാത്തതിന് കാരണം,  നമ്മുടെ ആഗ്രഹത്തിന്   ഇച്ഛാശക്തി കുറവാണ്. നമ്മുടെ അറിവ്  സർവ്വജ്ഞാനമല്ല, അല്പജ്ഞാനമാണ്. നമ്മുടെ പ്രവൃത്തികൾക്ക്  ക്രിയാ ശക്തികുറവാണ്. മൊത്തത്തിൽ നോക്കിയാൽ, “പ്രജ്ഞാനം” വളരെ തീവ്വ്രത കുറഞ്ഞാണ് നമ്മിൽ പ്രതിഫലിക്കുന്നത്.

തുടക്കത്തിൽ, പരമ പ്രജ്ഞാനവും  പരമ പ്രജ്ഞനത്തിൻ്റെ  ‘ഇച്ഛ, ജ്ഞാനം, ക്രിയാ, ആനന്ദം  എന്ന ഈ നാല് ശക്തികളും  തികഞ്ഞ സന്തുലിതാവസ്ഥയിലാണ്   എന്ന് നമ്മൾ കണ്ടു. അതായത് എല്ലാ ശക്തികളും പൂർണ്ണമായും പരസ്പരം അലിഞ്ഞു  ചേർന്നു ആഴത്തിലുള്ള പരസ്പര ആലിംഗനത്തിൻ്റെ സാന്ദ്രതയിൽ അവിച്ഛിന്നമായി നിലനിൽക്കുകയാണ് പരമ പ്രജ്ഞാനത്തിൽ. പാലും വെള്ളവും പരസ്പരം വേർതിരിക്കാനാവാത്ത വിധം ഇഴുകിച്ചേർന്നിരിക്കുന്നതുപോലെ ഉള്ള അവസ്ഥയിൽ എല്ലാം ഒന്നുചേർന്ന്, അവിച്ഛിന്നമായി, നിശ്ചല സാന്ദ്രതയിൽ, സർവ്വ ശക്തിയോടും കൂടി അനന്തമായി  നിലനിൽക്കുന്നു എന്നർത്ഥം. അതായത്, പ്രപഞ്ചം മുഴുവനും സൃഷ്ടിക്കുവാനുള്ള സർവ്വജ്ഞാനവും, സർവ്വശക്തിയും   പരമ പ്രജ്ഞാനത്തിൽ  അനന്തമായി   ചുരുങ്ങി കിടന്നുണ്ട്.   ഇതാണ് സൃഷ്ടിക്ക് മുൻപുള്ള പരമ പ്രജ്ഞാനത്തിൻ്റെ  അവസ്ഥ.

സൃഷ്ടിയുടെ തുടക്കം 

പ്രപഞ്ചത്തിൽ നിലനിൽപ്പുള്ള സർവ്വതിൻ്റെയും സൃഷ്ടി    സംഭവിക്കുന്നത് പരമ പ്രജ്ഞാനത്തിൽ സൃഷ്ടിക്കുള്ള ഇച്ഛ ഉടലെടുക്കുന്നതോട് കൂടിയാണെന്ന്  താന്ത്രിക-വൈദിക ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു.  അതോടെ സൃഷ്ടി പ്രക്രിയയിൽ ഏറ്റവും ആദ്യം സംഭവിക്കുന്നത് മേൽപ്പറഞ്ഞ സന്തുലിതയുടെ  നിശ്ചലതയിൽ  പൊടുന്നനവേ   ഒരു ചലനമുണ്ടാകുകയാണ്. പരമ പ്രജ്ഞാനവും  പരമ പ്രജ്ഞാനത്തിൻ്റെ സ്വന്തം  ‘ശക്തി’യും   പരസ്പരം വേർപെട്ട്, ശക്തി പരമ പ്രജ്ഞാനത്തിൽ  ചലിക്കുവാൻ തുടങ്ങുകയാണ്. ‘ശക്തി’ പരമ പ്രജ്ഞാനത്തെ പുറത്തേക്ക് തള്ളി വേർപെടുത്തുന്നു എന്നാണ് തന്ത്ര ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നത്.   പരസ്പരം വേർപെടുവാൻ തുടങ്ങുന്ന പരമ പ്രജ്ഞാനത്തിന് “പരമ ശിവം” എന്നും വേർപെടുവാൻ തുടങ്ങുന്ന ശക്തിക്ക് “ആദി പരാശക്തി” എന്നാണ്  തന്ത്ര ശാസ്ത്രത്തിൽ നൽകിയിരിക്കുന്ന പേര്. അങ്ങിനെ, സൃഷ്ടിക്കുള്ള ചിന്ത ആദ്യ  ‘ഇച്ഛ’യായി ഉദിക്കുന്ന ക്ഷണമാത്രയിൽ  തന്നെ സൃഷ്ടി     സംഭവിക്കുന്നു. 

അതായത്, അവിശ്ച്ഛിന്നമായി അദ്വയമായി  നിൽക്കുന്ന പരമ പ്രജ്ഞാനം (പരബ്രഹ്മം) സൃഷ്ടിക്കുള്ള ഇച്ഛ ഉദിക്കുന്നതോടെ  അത് സവിച്ഛിന്നമായി ദ്വയമായി നിൽക്കുവാൻ തുടങ്ങുമ്പോഴേക്കും  അത് “പരമശിവവും”  “ആദി പരാശക്തി”യും ആയി അറിയപ്പെടുന്നു. 

എന്തുകൊണ്ടാണ്  സൃഷ്ടി ക്കുള്ള ‘ഇച്ഛ’ ഉദിച്ചത്  എന്നതിനുള്ള യുക്തിസഹമായ  ഒരു കാഴ്ചപ്പാട് ഒന്നാം ഭാഗത്തിൽ  ഡോ.തോമസ് ജെ ചാൽക്കോ നൽകിയത് ഓർക്കുക. സ്വയംഭൂവായി വളർന്ന് വികസിച്ച അനന്തമായ   ‘പരമ പ്രജ്ഞാനത്തിന്’ തൻ്റെ വളർച്ചയുടെ ഒരു ഘട്ടത്തിൽ,  സ്വാഭാവികമായി അനുഭവിക്കുവാൻ ആഗ്രഹിക്കുന്ന,  നിത്യമായ ആനന്ദത്തിനുവേണ്ടി ആത്മാർത്ഥമായ സ്‌നേഹം സാദ്ധ്യമാക്കുവാനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രപഞ്ചവും പ്രപഞ്ച നിയമങ്ങളും രൂപ കൽപ്പന ചെയ്‌തു എന്ന വീക്ഷണം തികച്ചും യുക്തി സഹമായ ഒരു സാദ്ധ്യതയാണെന്ന് ഈ സന്ദർഭത്തിൽ  ഓർമ്മിക്കുക.

“ഏകോഹം ബഹുസ്യാം’  എന്നായിരുന്നു പരമ പ്രജ്ഞാനത്തിൻ്റെ    ആദ്യത്തെ   ഇച്ഛ – “ഒന്നായ ഞാൻ പലതാകട്ടെ” എന്നായിരുന്നു ആ ചിന്ത. ഇച്ഛാശക്തിയുള്ള ആ ചിന്ത ആയിരുന്നു ആദ്യത്തെ സൃഷ്ടിക്കുള്ള നിർദ്ദേശക  പ്രേരണ (കബാലിയോണിലെ പുല്ലിംഗ തത്വം ഓർമിക്കുക). പരമ പ്രജ്ഞാനം അപരിമേയമായതു കൊണ്ട്  ഇച്ഛ-ജ്ഞാനം-ക്രിയ  ശക്തികൾ മൂന്നും  ഒരേസമയത്ത് പരമ പ്രജ്ഞാനത്തിൽ  സന്നിഹിതമാണ്. ഇച്ഛിക്കുന്നത് തൽക്ഷണം സംഭവിക്കുന്നു. സന്തുലിതയുടെ   നിശ്ചലതയിൽ ചലനമുണ്ടായത് “ഏകോഹം ബഹുസ്യാം’ എന്ന ഇച്ഛ ഉണ്ടായപ്പോഴാണ്.  ആ ചലനത്തിൻ്റെ  ഫലമായി,   തികച്ചും സന്തുലിതമായ അവസ്ഥയിൽ നിന്നിരുന്ന പരമ പ്രജ്ഞാനം പരമ ശിവവും  ആദി പരാശക്തിയും ആയി മാറി നിന്നുകൊണ്ട് സൃഷ്ടി പ്രക്രിയ ആരംഭിച്ചു.

“പരമ ശിവം” എന്നത്  “പരമ പ്രജ്ഞാനം” തന്നെ ആണല്ലോ.  ഇച്ഛിക്കുന്നതിന് മുൻപുള്ള അവസ്ഥയാണ് “പരബ്രഹ്മം” അഥവാ “പരമ പ്രജ്ഞാനം”. ‘ഇച്ഛ’ യോടുകൂടിയ പരബ്രഹ്മത്തിന് ‘അപരബ്രഹ്മം’  അഥാവാ “പരമ ശിവം” എന്നായിരിക്കും ഈ പുസ്തകത്തിൽ ഉപയോഗിക്കുക എന്ന് മാത്രം.   അപര ബ്രഹ്മത്തിന് “സകല ബ്രഹ്മം”, “പരാസംവിത്ത് കല”, “സഗുണ ബ്രഹ്മൻ” എന്നെല്ലാം മറ്റു പല പര്യായപദങ്ങളും ഉണ്ട്. സൃഷ്ടിക്കുള്ള ഇച്ഛയോട് കൂടിയ പരമ പ്രജ്ഞാനം  ആണ് അതെല്ലാം എന്ന് മാത്രം എല്ലാ പദങ്ങൾക്കും അർത്ഥമാക്കിയാൽ മതി. സൃഷ്ടിക്കുള്ള ഇച്ഛ ഉദിക്കുന്നതിന് മുൻപും പിൻപും ഉള്ളത് ഒരേ “പരമ പ്രജ്ഞാനം” തന്നെ ആണ്.  സൃഷ്ടിയുടെ ഏത് ഘട്ടത്തിലെ പ്രജ്ഞാനത്തെ ആണ് സൂചിപ്പിക്കുന്നത് എന്ന്  മനസ്സിലാക്കുവാൻ “പരമ  പ്രജ്ഞാനം” എന്നും “പരമ ശിവം” എന്ന പദങ്ങൾ ഉപയോഗിക്കുന്നു എന്ന് മാത്രം. സൃഷ്ടി സംഭവിച്ചു കഴിഞ്ഞാൽ “പരമ ശിവം”  എന്ന ആശയം   പരമ ശിവൻ / പരമ ശിവ എന്ന വ്യക്തിത്വം ആയി മാറും. അതുപോലെ ആദി പരാശക്തി എന്ന ആശയം “ശക്തി” എന്ന വ്യക്തിത്വം ആയി മാറും. ഈ വിധത്തിൽ തന്നെ ആയിരിക്കും ഈ പുസ്തകത്തിൽ ഉപയോഗിക്കുന്ന വാക്കുകളും അർത്ഥമാക്കേണ്ടത്.

“ശിവൻ”  അല്ലെങ്കിൽ “ശിവ”  എന്നെല്ലാം സർവ്വസാധാരണമായി ഉപയോഗിക്കുന്ന നാമധേയങ്ങൾ  “ശിവ” എന്ന പദത്തിൽ നിന്നും  ഉത്ഭവിച്ചതാണ്. “ശിവ” എന്ന പദത്തിന് “ഉള്ളത് ” എന്നും “ഇല്ലാത്തത്” എന്നും  രണ്ട് അർത്ഥ തലങ്ങൾ ഉണ്ട്. “ശി-വാ” എന്നാൽ “ഇല്ലാത്തത്” എന്നർത്ഥം.  “ഇല്ലാത്തത്” എന്നാൽ  അവിശ്ച്ഛിന്നമായ , ഒന്നും മൂർത്തീഭവിക്കാത്ത, എല്ലാം പരമ പ്രജ്ഞാനത്തിൽ ഒതുങ്ങി സന്തുലിതയുടെ  നിശ്ചലതയിൽ പരസ്പരം  ലയിച്ചിരിക്കുന്ന ആശയങ്ങൾ  മാത്രമെന്ന  അവസ്ഥ. അതായത്, ഒരു ‘വ്യക്തിത്വം’ ആയി  രൂപാന്തരം പ്രാപിച്ചിട്ടില്ലാത്ത അവസ്ഥ എന്നർത്ഥം. “ശിവ” എന്നാൽ “ഉള്ളത്” എന്നർത്ഥം. ആശയങ്ങൾ   കൂടുതൽ മൂർത്തീ ഭവിച്ച്  സവിശ്ച്ഛിന്നമായ  ഒരു “വ്യക്തിത്വം”  ആയി മാറിയ അവസ്ഥ.   പരമ ശിവ-പരാശക്തി  വ്യക്തിത്വങ്ങൾ ആണ്. വ്യക്തികൾ അല്ല.  പക്ഷേ, മനുഷ്യാവബോധം  കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ നമുക്ക് നമ്മെപ്പോലെ ശരീരമുള്ള വ്യക്തിയായിട്ടേ സങ്കല്പിക്കുവാൻ സാധിക്കൂ. അത്  അവബോധം  കുറഞ്ഞിരിക്കുമ്പോൾ ഉള്ള ഒരു പരിമിതി ആണ്.

പരമ പ്രജ്ഞാനത്തിൽ ഉദിച്ച ‘ഇച്ഛ’യുടെ ഫലമായി ഒന്നായിരുന്ന   പരമശിവവും    ആദി പരാശക്തിയും      രണ്ടായി വേർപിരിയുവാൻ തുടങ്ങി. ആദ്യം ഉപയോഗിച്ച പാൽവെള്ളത്തിൻ്റെ  ഉദാഹരണത്തിൽ,  അവിശ്ച്ഛിന്നമായ പാൽവെള്ളത്തെ  സവിശ്ച്ഛിന്നമാക്കിക്കൊണ്ട്  പാലു വേറേ  വെള്ളം വേറേ എന്ന് വേർപിരിക്കുന്നതിന് തുല്യമായി ഇത് സങ്കല്പിക്കാം. ഇങ്ങനെയാണ് സൃഷ്ടിയുടെ തുടക്കം. പരസ്പരം വേർ പിരിയുവാൻ സാധിക്കാത്തത് വേർപിരിയുന്നു എന്നർത്ഥം. നമ്മുടെ ഭൗതിക ലോകത്തിലെ കോശങ്ങളുടെ വിഭജനവും (“മൈറ്റോസിസ്” – ഒരു കോശം രണ്ടു കോശങ്ങൾ ആകുന്ന പ്രക്രിയ) സമാനമായ രീതിയിലാണ് എന്ന് സൂചിപ്പിക്കട്ടെ! സൃഷ്ടിയുടെ വിവധ തലങ്ങളില്‍ ഇതുപോലെ ധാരാളം സമാനതകള്‍ കാണാന്‍ കഴിയുന്നതാണ്. (കബാലിയോണിലെ സമാനതാ തത്വം ഓർമ്മിക്കുക)

പരസ്പരം വേർപിരിയുവാൻ സാധിക്കാത്ത രണ്ടു വ്യക്തിത്വങ്ങൾ  നിർബന്ധിക്കപ്പെട്ട് വേർ പിരിയുമ്പോൾ,  വേർപാടിന് ശേഷവും ഈ വ്യക്തിത്വങ്ങൾ തമ്മിൽ അതി ശക്തമായ ഒരു ആകർഷണ ശക്തി തടുർന്നും നിലനിൽക്കും. 

സര്‍ ജോണ്‍ ജോര്‍ജ് വൂഡ്രോഫ് 1915 ലെ ബ്രിട്ടീഷ്‌ ഇന്ത്യയിലെ ചീഫ് ജസ്റ്റിസ്‌ ആയിരുന്നു. അദ്ദേഹം ഒരു സംസ്കൃത പണ്ഡിതനും, ഭാരതീയ ദര്‍ശന നിപുണനും ആയിരുന്നു. തന്ത്ര വിഷയത്തില്‍ അദ്ദേഹത്തിന് അതിയായ ജ്ഞാനം ഉണ്ടായിരുന്നു. തന്ത്രയിലെ ഇരുപതോളം അടിസ്ഥാന സംസ്കൃത ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തന ചെയ്ത് വ്യാഖ്യാനം നല്‍കിയിട്ടുണ്ട്.  ആര്‍തര്‍ ആവലോണ്‍  എന്ന തൂലികാ  നാമത്തിലാണ് അദ്ദേഹം കൃതികൾ രചിച്ചത്.
സര്‍ ജോണ്‍ ജോര്‍ജ് വൂഡ്രോഫ് (1865–1936) പ്രപഞ്ചം രൂപീകൃതമാകുന്ന നടപടിയിലെ ഈ ഘട്ടത്തെ   വ്യാഖ്യാനിച്ച്  “ദി സെര്‍പ്പെന്‍റ് പവര്‍” എന്ന കൃതിയില്‍  ഇതേക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം പറഞ്ഞത് പരാവര്‍ത്തനം ചെയ്ത്  ഇങ്ങിനെ പറയാവുന്നതാണ്: “ശക്തീദേവിയും പരമ ശിവനും തമ്മിലുള്ള ഒന്നുചേരലിൻ്റെ   ഫലമായി ഉണ്ടായ  ഭ്രാന്തമായ ആനന്ദത്താല്‍ ശക്തീദേവി “വികാരിണി” ആയി ഭവിച്ചതിൻ്റെ     തുടര്‍ച്ച ആയിട്ടാണ്  പ്രപഞ്ചം പ്രത്യക്ഷപ്പെടുന്നത്”. വിമര്‍ശത്തില്‍ പ്രതിഫലിക്കുന്ന  ശിവാവബോധത്തെ (പ്രജ്ഞാനത്തെ) കുറിച്ചാണ് ഇവിടെ “ഒന്ന് ചേരല്‍” എന്ന് പറയുന്നത്.  ഒന്നായിരുന്നതിനെ രണ്ടായി മാറ്റിയതിനു ശേഷം പ്രതിഫലനത്തിലൂടെ ആണെങ്കിലും വീണ്ടും ഒന്നാവാന്‍ കഴിഞ്ഞതിലുള്ള  ആനന്ദമാണ് ശക്തിയെ  “വികാരിണി” ആക്കുന്നത്.

ഭൗതിക ലോകത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ അനുഭവപ്പെടുന്ന  ‘വികാര’ തീവ്രത,  ഭൗതിക ലോകത്തില്‍  പ്രതിഫലം ചെയ്യപ്പെടുന്ന ശിവ-ശക്തി (പ്രജ്ഞാനവും പ്രജ്ഞാനത്തിൻ്റെ ശക്തിയും)  സംയോജനത്തിലെ അതേ ‘വികാരിണീ-അവസ്ഥ’ ആണ്. എന്നാല്‍ വളരെ ദുര്‍ബ്ബലമായ, ക്ഷണികമായ ‘വികാരിണീ-അവസ്ഥ’ ആയിരിക്കും ഭൗതിക ലോകത്തില്‍  അനുഭവപ്പെടുക എന്ന് മാത്രം.   മനുഷ്യൻ മദ്യം കഴിക്കുവാൻ ആഗ്രഹിക്കുന്നത്  ഇതേ വികാരിണീ അവസ്ഥ അനുഭവിക്കുവാനുള്ള ദുർബലമായ ഒരു ശ്രമത്തിൻ്റെ ഫലമായിട്ടാണ്. അതായത് സ്ത്രീ-പുരുഷ സംയോജനത്തേക്കാൾ  ദുര്ബലമാക്കപ്പെട്ട, ക്ഷണികമായ, ‘വികാരിണീ’ അവസ്ഥക്കുള്ള ആഗ്രഹം ആണത്.  ‘വികാരിണീ എന്ന   ഒരേ അവസ്ഥാ വിശേഷം മൂന്നു വ്യത്യസ്ഥ തലങ്ങളില്‍, അനുക്രമത്തിൽ ദുര്‍ബ്ബലമാക്കപ്പെട്ടതാണ് അത് മൂന്നും. 

പരമ ശിവ പ്രജ്ഞാനം തൻ്റെ  (പരാ) ശക്തിയാകുന്ന കണ്ണാടിയിൽ പ്രതിഫലിക്കുന്നതോടെ സംഭവിക്കുന്ന പരമ ശിവ-ആദി പരാശക്തി സംയോജനത്തിൻ്റെ   ഫലമായി പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു. അത് പ്രജ്ഞാനത്തിൻ്റെ  ഉയർന്ന തലത്തിലുള്ള സംയോഗമാണ്.   സ്ത്രീ-പുരുഷ സംയോജനത്തിൻ്റെ    ഫലമായി  സന്താനങ്ങള്‍ സൃഷ്ടി ക്കപ്പെടുന്നു. ഇത് അവബോധത്തിൻ്റെ അതിലും താഴ്ന്ന നിലയിലുള്ള സംയോഗമാണ്. മനുഷ്യനും മദ്യവും തമ്മിലുള്ള സംയോജനത്തിൻ്റെ   ഫലമായി  വൈകല്യങ്ങള്‍ ഉള്ള ചിന്തകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇത് മൂന്നും, ഒന്നിനൊന്നു കുറഞ്ഞു വരുന്ന മൂന്നു അവബോധ തലങ്ങളിലെ  സംയോജന  ഫലങ്ങള്‍ ആണ്. അവബോധം വര്‍ദ്ധിക്കുന്നതോടെ സൃഷ്ടിയിലെ വൈശിഷ്‌ട്യം വര്‍ദ്ധിക്കുന്നു. അവബോധം കുറയുന്നതോടെ സൃഷ്ടിയിലെ വൈശിഷ്‌ട്യം കുറയുന്നു. കബാലിയോണിലെ സമാനതാ നിയമം ഉപയോഗിച്ച് ഇതെല്ലാം  വളരെ വ്യക്തമായി മനസ്സിലാക്കാം.

മദ്യപാനം വര്‍ജ്ജിക്കണം, ലൈംഗിക ബന്ധങ്ങള്‍ വംശ നിലനില്‍പ്പിന് വേണ്ടി മാത്രം ഉപയോഗിക്കേണ്ട ഒന്നായിരിക്കണം എന്ന ധര്‍മ്മ നിയമങ്ങളുടെ പശ്ചാത്തലം ഇതാണ്. അവബോധത്തിൻ്റെ  താഴ്ന്ന നിലയിലുള്ള  പ്രതി പ്രവര്‍ത്തനങ്ങള്‍, അവബോധത്തെ താഴത്തെ നിലയില്‍ നമ്മെ തളച്ചിടുന്നു.  ജീവിതത്തിൻ്റെ  ഉദ്ദേശ്യവും ധര്‍മ്മവും തന്നെ അവബോധത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്തുക എന്നുള്ളതാണ്. മദ്യപാനം, ലൈംഗിക തൃഷ്ണ തുടങ്ങിയ അവബോധം കുറഞ്ഞ പ്രതി പ്രവര്‍ത്തനങ്ങള്‍ ആണ്. അവബോധം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ആണ് ‘ശീലങ്ങള്‍’ ആയി മാറുന്നത്.  ശീലങ്ങൾ നമ്മളെ കർമ്മ ബന്ധങ്ങൾ സൃഷ്ടിക്കുന്ന ‘ഡാറ്റ’കൾ  ആയി മാറുന്നത് രണ്ടാം അദ്ധ്യായത്തിൽ വിവരിച്ചിരുന്നത് ഓർക്കുക.

സൃഷ്ടിയുടെ നാൾ വഴി 

കൃത്യമായി വേർ തിരിക്കാവുന്ന  മൂന്നു വ്യത്യസ്ത ഘട്ടങ്ങളിൽ കൂടിയാണ്  സനാതന ധർമ്മത്തിലെ പ്രപഞ്ച സൃഷ്ടി  പൂർത്തീകരിക്കുന്നത് എന്ന് തന്ത്ര ശാസ്ത്രം കാണിച്ചു തരുന്നുണ്ട്. ഇതിനെ മൂന്ന് “തലമുറ”കളുടെ ഘട്ടങ്ങൾ എന്ന് ഒരർത്ഥത്തിൽ പറയാവുന്നതാണ്.  ഈ മൂന്ന് തലമുറകളിലൂടെയാണ്   സൃഷ്ടിയുടെ ബ്ലൂ പ്രിൻറ്റ്  തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം തലമുറിയിൽ അഞ്ച് തത്വങ്ങൾ, രണ്ടാം തലമുറിയിൽ ഏഴ് തത്വങ്ങൾ, മൂന്നാം തലമുറയിൽ ഇരുപത്തി നാല് തത്വങ്ങൾ, അങ്ങിനെ   മൊത്തം മുപ്പത്തിയാറ്  തത്വങ്ങളിലൂടെ ആണ് സൃഷ്ടിയുടെ ബ്ലൂ പ്രിൻറ്റ്  തയ്യാറാവുന്നത്. 

ഒന്നാമത്തെ ഘട്ടം എന്ന് വിവക്ഷിക്കുന്നത്,  പ്രജ്ഞാന  പ്രകാശമാകുന്ന “പരമശിവം” തൻ്റെ ശക്തിയാകുന്ന “ആദി പരാശക്തി”എന്ന    വിമർശത്തിൽ സ്വയം പ്രതിഫലിപ്പിച്ചു അഞ്ച് ശുദ്ധ തത്വങ്ങൾ   രൂപീകരിച്ച് അഞ്ച്  “ശുദ്ധ തത്വങ്ങളുടെ” കുടുംബം ആയി മാറുന്നതാണ്. തുടർന്ന് അടുത്തതായി, ഏഴു തത്വങ്ങൾ അടങ്ങിയ “ശുദ്ധാശുദ്ധ” തത്വങ്ങളുടെ രണ്ടാം ഘട്ടവും, പിന്നീട്  ഇരുപത്തി നാല് തത്വങ്ങൾ അടങ്ങിയ  “അശുദ്ധ തത്വങ്ങളുടെ” മൂന്നാം ഘട്ടവും ആണ് രൂപീകൃതമാകുന്നത്. ഇപ്പറഞ്ഞ മൂന്നാം ഘട്ടത്തിൽ ആണ് ദൃഷ്ടിഗോചരമായ പ്രപഞ്ചവും മനുഷ്യനും ഉത്ഭവിക്കുന്നത്.  

ഒന്നാം ഘട്ടത്തിൽ സൃഷ്ടി-സ്ഥിതി-സംഹാരം എന്ന മുഴുവൻ സൃഷ്ടി പ്രക്രിയകളുടേയും   മേൽനോട്ടം വഹിക്കുന്ന അഞ്ച് ശുദ്ധ തത്വങ്ങൾ ആണ് രൂപീകൃതമാകുന്നത്. അപ്രകാരം സൃഷ്ടിയെ മൊത്തമായി ‘മാനേജ്’ ചെയ്യുവാൻ ആവശ്യമായ  ഒരു ഘടന രൂപ കൽപ്പന ചെയ്തശേഷമാണ് സൃഷ്ടിയുടെ നിർമ്മിതിക്ക്  ആവശ്യമായ “വസ്തുക്കൾ” രൂപ കൽപ്പന ചെയ്യുന്നത്. അതാണ് രണ്ടാം ഘട്ടം. “പ്രജ്ഞാന”ത്തിനെ തന്നെ ആണ് സൃഷ്ടിക്കുള്ള ‘വസ്തു’വായി ഉപയോഗിക്കുന്നത്. കാരണം മറ്റെന്തെങ്കിലും എടുത്ത് ഉപയോഗിക്കുവാൻ പ്രജ്ഞാനമല്ലാതെ  വേറെ ഒരു വസ്തു അവിടെ ഇല്ല. “പ്രജ്ഞാന”ത്തിൻ്റെ തീവ്രതയെ വിവിധ തോതുകളിൽ കുറച്ചു  കൊണ്ടുവന്നിട്ടാണ് സൃഷ്ടി നടത്തുന്നത്. അങ്ങിനെ പ്രജ്ഞാന തീവ്രതയെ  കുറക്കുന്ന രീതികളുടെ രൂപകല്പനയാണ്       രണ്ടാം തലമുറ. ഈ രണ്ടാം തലമുറയിലാണ്  ശുദ്ധമായ പരമശിവ പ്രജ്ഞാനത്തിൻ്റെ  തീവ്രതയെ  ശുഷ്ക്കമായ മനുഷ്യ അവബോധമായി  “സ്റ്റെപ്-ഡൌൺ” ചെയ്യുന്ന തത്വങ്ങൾ രൂപീകൃതമാകുന്നത്.

ഒന്നാം ഘട്ടത്തിലെ അഞ്ച് തത്വങ്ങളും   പരമ പ്രജ്ഞാനത്തോട്  ഏറ്റവും അടുത്തു നിൽക്കുന്നു.  മാത്രവുമല്ല, ഈ അഞ്ച് തത്വങ്ങളും പരമ പ്രജ്ഞാനം സ്വന്തം ശക്തിയാകുന്ന വിമർശത്തിൽ  സ്വയം പ്രതിഫലിച്ചുകൊണ്ടു  നേരിട്ടു നടത്തിയ സൃഷ്ടികൾ ആണ്. അതുകൊണ്ട് ഈ തത്വങ്ങൾ ഉപയോഗിച്ചുള്ള സൃഷ്ടികൾ ഏതാണ്ട് ദൈവതുല്യമായ അധികാരങ്ങളോടും ശക്തിയോടും കൂടി ഉള്ളതാണ്.  ഇക്കാരണം കൊണ്ട് ഒന്നാം ഘട്ടത്തെ “ശുദ്ധ തത്വങ്ങൾ” എന്നാണ് തന്ത്ര ശാസ്ത്രത്തിൽ വിവക്ഷിക്കുന്നത്. ഈ ശുദ്ധ തത്വങ്ങൾ ഒന്നാമത്തെ ഘട്ടത്തിൽ  സൃഷ്ടിയുടെ ഭരണം നിർവഹിക്കുവാനുള്ള സ്വതന്ത്ര ഭരണാധികാരമുള്ള ‘മാനേജ്‌മെൻറ്റ്’ സംവിധാനങ്ങളായ അഞ്ച് ശുദ്ധതത്വങ്ങൾ ആണ്. 

മൂന്നാം ഘട്ടത്തിലെ  ഇരുപത്തിനാല് തത്വങ്ങൾ ശുദ്ധ പ്രജ്ഞാനത്തിൽ നിന്നും കൂടുതൽ  അകന്നു നിൽക്കുന്നത് കൊണ്ട് ഈ തത്വങ്ങൾ ഉപയോഗിച്ചുള്ള സൃഷ്ടികൾ  ഏറ്റവും ദുർബലവും, താരതമ്യേന അവബോധം കുറഞ്ഞതും ആയ സൃഷ്‌ടികൾ ആണ്. അതുകൊണ്ടു മൂന്നാം ഘട്ടത്തിലെ തത്വങ്ങളെ “അശുദ്ധ തത്വങ്ങൾ” എന്ന്  പറയുന്നു. പ്രപഞ്ച സൃഷ്ടിക്ക് ആവശ്യമായ വസ്തുക്കളാകുന്ന ‘ഇഷ്ടികയും, കല്ലും, മരവും’, അവയെല്ലാം എങ്ങിനെ ഉപയോഗിക്കണം എന്ന വിവരങ്ങളും ഒക്കെയാണ് അവ.  പ്രപഞ്ചവും മനുഷ്യനും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്  ഇവ ഉപയോഗിച്ചാണ്. അതുകൊണ്ട്, മൂന്നാം ഘട്ടം സ്ത്രീലിംഗ തത്വം ആണ്. സൃഷ്ടാവായ അമ്മയാണ് മൂന്നാം ഘട്ടം എന്ന് പറയാവുന്നതാണ്. പ്രപഞ്ചത്തിൽ നമ്മൾ അറിയുന്ന സർവ്വതും ഈ അശുദ്ധ തത്വങ്ങൾ ആണ് ഈ ഇരുപത്തി നാല് തത്വങ്ങളും ഒരുമിച്ച് ചേർത്ത് “പ്രകൃതി” എന്ന് പറയുന്നു.   നമ്മുടെ ശരീരവും, മനസ്സും, ഊർജ്ജവും  എല്ലാം ഈ പ്രകൃതിയാണ്. 

ഒന്നിനും മൂന്നിനും  ഇടക്കുള്ള  മദ്ധ്യവർത്തി നിലയാണ് രണ്ടാം തലമുറയിലെ ഏഴു തത്വങ്ങൾ ഉപയോഗിച്ചുള്ള പ്രജ്ഞാനത്തിൻ്റെ  “സ്റ്റെപ്പിംഗ് ഡൌൺ” വ്യവസ്ഥകൾ.  ഈ പ്രജ്ഞാനത്തിൻ്റെ   ഉപയോഗത്തിനു വേണ്ടിയാണ്  മൂന്നാം ഘട്ടത്തിൽ പ്രകൃതി രൂപ കല്പന  ചെയ്യുന്ന   സൃഷ്ടികളും സംവിധാനങ്ങളും എല്ലാം തന്നെ. ഈ എഴുതത്വങ്ങൾ എല്ലാം ഒരുമിച്ച് ചേർന്ന് “പുരുഷ” എന്ന് പറയുന്നു . അതുകൊണ്ട്  “പുരുഷ” ഒരു പുല്ലിംഗ തത്വമാണ്. സൃഷ്ടിയുടെ അച്ഛൻ ആണ് രണ്ടാം ഘട്ടം എന്ന് പറയാവുന്നതാണ്. ഈ “പുരുഷ” എന്ന അച്ഛനും, “പ്രകൃതി” എന്ന അമ്മയും ഉണ്ടായത് ഒന്നാം ഘട്ടത്തിലെ  ഈശ്വര കുടുബത്തിലെ ശക്തി”യിൽ നിന്നും ആണ്.   ഈശ്വര കുടുംബത്തിലെ എല്ലാവരും ഉണ്ടായത് ദൈവത്തിൽ നിന്നും ആണ്.  ഇതാണ് സനാതന ധർമ്മത്തിലെ സൃഷ്ടിയുടെ നാൾവഴികൾ. 

സനാതന ധർമ്മത്തിലെ സൃഷ്ടി പ്രക്രിയ ഉപമയിലൂടെ മനസ്സിലാക്കുവാൻ, ആദ്യത്തെ ഘട്ടം ഒരു ബലൂൺ  ഊതി വീർപ്പിക്കുന്നതിനോട് ഉപമിച്ചാൽ, രണ്ടാമത്തെ ഘട്ടവും  മൂന്നാമത്തെ ഘട്ടവും ഒന്നാമത്തെ  ബലൂണിൽ നിന്നും രൂപീകൃതമാകുന്ന രണ്ടു ബലൂണുകൾ ആണ്. രണ്ടാമത്തെ ഘട്ടത്തിലെ ബലൂണുകൾക്ക് വളരെ കട്ടിയുള്ള ഭിത്തിയാണ് ഉള്ളത്. ഭിത്തികൾക്ക്  കൂടുതൽ കൂടുതൽ ഘനംവന്ന്  സ്ഥൂലമാകുന്നത് അവബോധം കുറഞ്ഞു വരുമ്പോഴാണ്. സൃഷ്ടി കർത്താവായ ദൈവത്തിൽ   നിന്നും സൃഷ്ടി കൂടുതൽ കൂടുതൽ  അകന്നുപോകുമ്പോൾ സൃഷ്ടിയിലെ അവബോധം (പ്രജ്ഞാനം) കുറഞ്ഞു കുറഞ്ഞു വരുന്നു. ആവരണത്തിന് ഘനംകൂടി വരുമ്പോൾ   സൃഷ്ടിക്കപ്പെട്ട വസ്തുക്കൾ കൂടുതൽ സ്തൂലമായി വരുന്നു. 

പലപ്പോഴും കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കുവാൻ നമുക്ക് ചിത്രീകരണങ്ങൾ, ഒരു താത്കാലിക ഊന്നുവടി പോലെ,  ആവശ്യമായി വരും. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രീകരണത്തിൽ പരമ പ്രജ്ഞനാവും, ഇച്ഛയോട് കൂടിയുള്ള പരമ പ്രജ്ഞാനവും   ബലൂൺ ഊതി വീർപ്പിക്കുന്ന  ഒരു ബാലനായി ചിത്രീകരിച്ചിക്കുന്നത് അതേ അർത്ഥത്തിൽ ഒരിക്കലും എടുക്കരുത്. പരമ പ്രജ്ഞാനം  രൂപമോ നാമമോ ഇല്ലാത്ത, അനാദിയായ, അനന്തമായ, അദ്വൈതമായ, സർവ്വവ്യാപിത്വമുള്ള, ഒരുകാലത്തും ഒരു വ്യതിയാനവും ഇല്ലാത്ത, സർവ്വജ്ഞാനവും, നിത്യാനന്ദവും ഉള്ള എന്നാൽ രൂപമില്ലാത്ത ഒന്നാണ്.  “പ്രജ്ഞാനം” ഒരിക്കലൂം രൂപനാമങ്ങളുള്ള ഒരു ബാലനല്ല. ചിത്രീകരണത്തിലെ ബാലൻ്റെ ശ്വാസം ബലൂണിലും, ബലൂൺ ബാലൻ്റെ ശ്വാസത്തിലും നിലനിൽക്കുന്നത് പോലെ സർവ്വതിലും പ്രജ്ഞാനവും, സർവ്വതും പ്രജ്ഞാനത്തിലും നിലനിൽക്കുന്നു എന്ന് മാത്രം മനസ്സിലാക്കുക. (കബാലിയോണിലെ ഒന്നാമത്തെ മാനസികാത്മകതാ നിയമം ഓർക്കുക)

മനുഷ്യൻ എങ്ങിനെ സൃഷ്ടിക്കപ്പെട്ടു?

സൃഷ്ടിയുടെ നടപടിക്രമത്തിലെ പ്രസ്തുത മുപ്പത്തിയാറ് “കോഡിങ്” അനുസരിച്ചുള്ള   സൃഷ്ടി പ്രക്രിയ   താഴെ പറയുന്നതു  പോലെ ആണ് സംഭവിക്കുന്നത്. പരമ  പ്രജ്ഞാനത്തിൽ  ഉദിച്ച സൃഷ്ടിക്കുള്ള ഇച്ഛയുടെ ഫലമായി പരമ പ്രജ്ഞാനത്തിൽ  ആദ്യമായി ഉണ്ടായത് പ്രകമ്പനങ്ങൾ ആണ്. അപ്രകാരം ഉണ്ടായ പ്രകമ്പനത്തോടൊപ്പം  തത്ക്ഷണം  ഓങ്കാരവും, പ്രകാശവും രൂപീകൃതമായി. തുടർന്ന്  സൃഷ്ടിയുടെ മേൽ നോട്ടക്കാരായി ഒന്നാം തലമുറയിലെ ശുദ്ധ തത്വങ്ങളെ അടിസ്ഥാനമാക്കി  ഈശ്വരന്മാർ സൃഷ്ടിക്കപ്പെടുന്ന പ്രക്രിയയാണ് സംഭവിക്കുന്നത്. ഇവിടെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സൃഷ്ടിക്കുള്ള ഇച്ഛ  ഉദിക്കുന്നത് അവിച്ഛിന്നമായ പരമ പ്രജ്ഞാനത്തിലാണ്. അതോടെ  അതുവരെ ഏകജാതീയമായിരുന്ന പരമ   പ്രജ്ഞാനം പരമശിവം എന്ന പുല്ലിംഗ തത്വവും ആദി പരാശക്തി എന്ന സ്ത്രീലിംഗ തത്വവും ആയി മാറി പുല്ലിംഗ തത്വം സ്ത്രീലിംഗ തത്വത്തിൽ പ്രതിഫലിച്ച് അഞ്ച് അംഗങ്ങളുള്ള ഒന്നാം ഘട്ട തലമുറ സൃഷ്ടിക്കുകയാണ് ചെയ്തത്. അതോടെ പരമശിവം എന്ന പ്രജ്ഞാനം  “ശിവ തത്വവും”, ആദി പരാശക്തി “ശക്തി തത്വവും” ആയി മാറുന്നു.  തുടർന്ന് ഉണ്ടായ മൂന്നു  തത്വങ്ങൾ സദാശിവതത്വം, ഈശ്വര തത്വം, ശുദ്ധവിദ്യാ തത്വം എന്നിവയാണ്. ഈ അഞ്ചും ഒന്നാം തലമുറയിലെ തത്വങ്ങളാണ് സൃഷ്ടി നടത്തി സംരക്ഷിക്കുന്നത്. ഈ ഒന്നാം തലമുറയിലെ അഞ്ച് തത്വങ്ങൾ ആണ് സനാതന ധർമ്മത്തിലെ  “ഈശ്വരന്മാർ”. 

രണ്ടും മൂന്നും ഘട്ടത്തിലൂടെ     പ്രപഞ്ചവും  അതിലെ ജീവജാലങ്ങളും, മനുഷ്യനും രൂപീകൃതമാകുന്നതിന് ആവശ്യമായ തത്വങ്ങൾ ആണ്. രണ്ടാംഘട്ടത്തിൽ നമ്മളാകുന്ന അവബോധം നിലവിൽ വരുന്നതിന് ആവശ്യമായ തത്വങ്ങൾ ആണ്  – “മായ”യാൽ മാറ്റ്കുറക്കപ്പെട്ട, സ്റ്റെപ്പ് ഡൌൺ ചെയ്യപ്പെട്ട  അവബോധം.  ആ അവബോധം ആണ് നമ്മൾ ഓരോരുത്തരും. നമ്മൾ യഥാർത്ഥത്തിൽ ‘ശിവപ്രജ്ഞാനം” ആണ്. പക്ഷെ മായയാൽ  തീക്ഷണത  കുറഞ്ഞ മനുഷ്യ അവബോധം ആയി മാറിയിരിക്കുന്നു. നമ്മൾ ആകുന്ന അവബോധത്തിന് പ്രകൃതിയുടെ മൂന്ന് ഗുണങ്ങളാൽ സ്വാധീനിച്ചിരിക്കുന്ന  ഇരുപത്തിനാലു അശുദ്ധ   തത്വങ്ങൾ അനുസരിച്ചു നിർമ്മിച്ച് നൽകപ്പെട്ടതാണ് ഈ  ശരീരവും, മനസ്സും ഊർജ്ജവും. ഈ പ്രപഞ്ചത്തിൽ നമ്മൾ കാണുന്ന, അറിയുന്ന, അനുഭവിക്കുന്ന സകലതും പ്രകൃതിയാൽ നിർമ്മിക്കപ്പെട്ട  വസ്തുക്കളാണ്. ആ പ്രകൃതിയാകട്ടെ ശിവ തത്വത്തിൻ്റെ കരുത്താകുന്ന ‘ശക്തി’ ഉപയോഗിച്ച് ഉണ്ടായതാണ്. ജീവിതത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്ന, അനുഭവങ്ങൾ അനുഭവിക്കുന്ന നമ്മളും അവബോധം തന്നെ ആണ്. അറിയുന്നവ്യക്തിത്വവും, അറിയപ്പെടുന്ന വസ്തുക്കളും, അറിയുക  എന്ന പ്രക്രിയയും എല്ലാം പ്രജ്ഞാനം തന്നെ  ആണ്.  കാരണം ‘പ്രജ്ഞാനം’ സ്വയം രൂപീകരിച്ച തത്വങ്ങൾ ഉപയോഗിച്ച്  സ്വന്തം ‘പ്രജ്ഞാന വസ്തു’ തന്നെ എടുത്ത് ഉപയോഗിസിച്ചുകൊണ്ട്    സൃഷ്ടിച്ചതാണ് അവയെല്ലാം  തന്നെ. 

സൃഷ്ടിക്കുള്ള ഇച്ഛാമാത്രയിൽ പ്രകമ്പനവും, ഓങ്കാരവും, പ്രകാശത്തിൻ്റെ ആഗമനവും ഉണ്ടായി എന്നാണ് സനാത ധർമ്മം പറയുന്നത്.    ശാസ്ത്രജ്ഞന്മാർ ‘ബിഗ് ബാംഗ്’ എന്ന് വിളിച്ചത്  സൃഷ്ടിയുടെ ആരംഭത്തിൽ    ഉയർന്ന  ‘ഓങ്കാരമാണ്’.  സനാതന ധർമ്മത്തിൽ സർവ്വ മംഗള കർമ്മങ്ങളും ശംഖു നാദത്തിൽ   ആരംഭിക്കുന്നത്  സൃഷ്ടിയുടെ ഈ ആരംഭ  സൂചന പ്രതിരൂപാത്മകമായി ആവർത്തിച്ചുകൊണ്ടാണ്.

ഇവിടെ സമാന്തരമായി കുറച്ച് കാര്യങ്ങൾ മനസ്സിലാക്കി പോകുന്നത് നല്ലതാണ്.  പരമ പ്രജ്ഞാനം  ആണ്  പരമമായ സത്യം, അഥവാ ദൈവം.  ആ ദൈവമാണ് സൃഷ്ടി നടത്തുവാൻ  ഇച്ഛിച്ചതും  സൃഷ്ടി നടത്തുന്നതും. താൻ തന്നെ  ഭാഗികമായി സ്വയം മാറ്റം വരുത്തി രൂപകൽപ്പന ചെയ്ത്   എടുത്ത 36 വിധത്തിലുള്ള  നിർമ്മാണ തത്വങ്ങൾ ഉപയോഗിച്ചാണ്  സൃഷ്ടികൾ നടത്തുന്നത്. അതായത് പരമ പ്രജ്ഞാനം തന്നെ  സ്വയം  വിവിധ സൃഷ്ടികളായി മാറി എന്നർത്ഥം. 
ഇത് വളരെ യുക്തിഭദ്രമായ സാദ്ധ്യതയാണ്. കാരണം സൃഷ്ടിക്ക്  മുൻപ് നിലനിൽപ്പുണ്ടായിരുന്നത്  ഏകത്വമായ ശുദ്ധ പ്രജ്ഞാനം മാത്രമാണ്. സൃഷ്ടിക്ക് എടുത്ത് ഉപയോഗിക്കുവാൻ രണ്ടാമത് മറ്റൊന്ന് അവിടെ ഇല്ല.  ഒരു ചിലന്തി തൻ്റെ വല നിർമ്മിക്കുന്നത് സ്വന്തം ശരീരത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന (രൂപ മാറ്റം വരുത്തി എടുത്ത) നൂൽ ഉപയോഗിച്ചിട്ടാണ്. അല്ലാതെ കടയിൽ പോയി നൂൽ വാങ്ങി വന്നിട്ടല്ല ചിലന്തി തൻ്റെ വല നിർമ്മിക്കുന്നത്. ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം, സർവ്വ സൃഷ്ടിയും നിലനിൽക്കുന്നതും  പ്രജ്ഞാനത്തിൽ (അവബോധത്തിൽ) തന്നെ ആണ്. നിലനിൽക്കുവാൻ രണ്ടാമത് ഒന്ന് ഇല്ല തന്നെ.  ഏക പ്രജ്ഞാനം തന്നെ ഭാഗികമായി സ്വയം ബഹു പ്രജ്ഞാനങ്ങളായി  മാറി, പ്രജ്ഞാനത്തിൽ തന്നെ നിലകൊള്ളുന്നു. ഇവിടെ  ആകെ ഉള്ളത് പ്രജ്ഞാനം മാത്രമാണ്. ഇവിടെ വിവിധ വസ്തുക്കളായി തോന്നുന്നത് എല്ലാം   തന്നെ പ്രജ്ഞാനത്തിൻ്റെ വിവിധ   തോതുകൾ  മാത്രം ആണ്.  

പ്രജ്ഞാനം തന്നെ ഭാഗികമായി സ്വയം മാറ്റം വരുത്തി എടുത്ത 36 നിർമ്മാണ ശിലകൾ  അദൃശ്യമായ അതി സൂക്ഷ്മ വസ്തുക്കളിൽ  നിന്നും ആരംഭിച്ച്  അതി സ്ഥൂലതയിലുള്ള  പാറക്കല്ല് പോലുള്ള ദൃശ്യ വസ്തുക്കൾ ആയി മാറുകയാണ് ചെയ്യുന്നത്. ഈ വ്യത്യാസങ്ങൾ വരുന്നത് പരമ  പ്രജ്ഞാനത്തിൽ പരമ പ്രജ്ഞാനത്തിൻ്റെ തന്നെ  “ശക്തി” ചലിക്കുമ്പോൾ ആണ്. പരമ  പ്രജ്ഞാനത്തിൻ്റെ  ശക്തിക്കുള്ള മറ്റൊരു പേരാണ്  “പ്രാണൻ”.  ‘ചലനം’ എന്നാൽ ‘പ്രകമ്പനം’  (വൈബ്രേഷൻ) തന്നെ.  പ്രജ്ഞാനത്തിൽ  പ്രാണൻ ചലിക്കുമ്പോൾ  ‘പ്രകമ്പനം’ ഉണ്ടാകുന്നു. ആ പ്രകമ്പനം ആണ് “ഓം”കാരമായി തന്ത്ര ശാസ്ത്രം കാണിച്ചു തന്നത്. ശാസ്ത്രജ്ഞന്മാർ ‘ബിഗ് ബാംഗ്’ എന്ന് പറഞ്ഞു.  ‘പ്രകമ്പനം’ എന്ന് പറയുന്നത് ഊർജ്ജം തന്നെ ആണ്. ഒരു വസ്തു ഊർജ്ജമായും, ഊർജ്ജം വസ്തുവായും പരസ്പരം മാറ്റാം എന്ന് ഐൻസ്റ്റീൻ്റെ  വിശ്വ വിഖ്യാതമായ E = mc² എന്ന ഫോർമുല കാണിച്ചു തന്നിട്ടുണ്ട് . പ്രകമ്പനത്തിൻ്റെ തോതിലൂടെ  ആണ് ആ മാറ്റം പരസ്പരം സംഭവിക്കുന്നത്. അത് തന്നെ ആണ് ഇവിടേയും  സംഭവിക്കുന്നത്. 

മൂന്നു ബലൂണുകളുടെ ചിത്രീകരണം ഉപയോഗിച്ചുകൊണ്ടുള്ള വിശദീകരണത്തിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നുണ്ട്. സൃഷ്ടികൾ (കുറഞ്ഞ പ്രജ്ഞാന  അഥവാ അവബോധ യൂണിറ്റുകൾ)  സൃഷ്ടികർത്താവിൽ (ഉയർന്ന ശുദ്ധമായ  പരമ പ്രജ്ഞാനം) നിന്നും അകന്നകന്ന് പോകുന്തോറും പ്രകമ്പനം കുറയുകയും, കൂടുതൽ കൂടുതൽ ദൃശ്യമായ ഖരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു.  അവബോധം വർദ്ധിപ്പിക്കുന്നതിലൂടെ പ്രകമ്പനവും വർദ്ധിക്കുന്നു. അതോടെ കൂടുതൽ കൂടുതൽ അദൃശ്യമായ  സൂക്ഷ്മ രൂപത്തോടെ സൃഷ്ടി കർത്താവിനോട് അടുക്കുകയും ചെയ്യുന്നു. 

മനുഷ്യൻ ഇന്നുള്ളത് സ്ഥൂലമായ അവബോധം കുറഞ്ഞ   അവസ്ഥയിലാണ്. മനുഷ്യൻ്റെ ക്ലേശങ്ങൾക്ക് കാരണം കുറഞ്ഞ അവബോധാവസ്ഥയിൽ  കാര്യങ്ങൾ മനസ്സിലാക്കാതെ അവബോധം വീണ്ടും കുറക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ട്  വീണ്ടും കൂടുതൽ ക്ലേശങ്ങളിലേക്ക് പോകുന്നു എന്നതാണ്. അതായത്  അവബോധത്തിൻ്റെ  കൂടുതൽ   താഴ്ന്ന ശ്രേണികളിലേക്ക് വീണ്ടും വീണ്ടും അകന്നകന്ന് പോകുന്നു എന്നർത്ഥം.  ക്ലേശങ്ങൾ കുറക്കുവാൻ അതിന് വിപരീതം ആണ് ആവശ്യം. അവബോധം വർദ്ധിപ്പിക്കുന്നതിൽ  നമ്മൾ ബദ്ധശ്രദ്ധർ  ആയിരിക്കണം എപ്പോഴും. യോഗാസനം, പ്രാണായാമം, ശരിയായ ധാർമ്മികമായ പെരുമാറ്റ രീതികൾ, ജീവിതത്തിലെ അനുഭവങ്ങളോട് പ്രതികരിക്കുന്ന  ശരിയായ രീതികൾ  ഇവയെല്ലാം ഇക്കാര്യത്തിൽ വളരെ അധികം സഹായിക്കുന്നു.

സനാതന ധർമ്മത്തിലെ 36 സൃഷ്ടി തത്വങ്ങൾ  പട്ടിക രൂപത്തിൽ  താഴെ കൊടുക്കുന്നു. ഒറ്റനോട്ടത്തിൽ സൃഷ്ടിയുടെ ഒരു ഏകദേശ രൂപം ലഭിക്കുവാൻ ഇത് സഹായിക്കും. തടുർന്ന്  മൂന്ന് ഘട്ടങ്ങളിൽ വരുന്ന  ഓരോ തത്വങ്ങളുടേയും  ഹൃസ്വമായ സംഗ്രഹം പ്രത്യേകം  നൽകുന്നുണ്ട്. 

ഒന്നാം ഘട്ടം – അഞ്ച് ശുദ്ധ തത്വങ്ങൾ 

സൃഷ്ടിക്കുള്ള ഇച്ഛ ഉദിച്ച ശേഷം, പരമശിവമായും, ആദിപരാശക്തിയായും മാറി നിൽക്കുന്ന പരമ പ്രജ്ഞാനത്തിനെ വേദാന്തത്തില്‍ വിശദീകരിക്കുന്നത് “സദ്‌-ചിദ്-ആനന്ദം” എന്നാണ്. “സദ്‌” എന്നാല്‍, ഒരു വിധത്തിലുള്ള പരാശ്രയവും കൂടാതെ എല്ലാക്കാലത്തും ഒരു വ്യത്യാസവും ഇല്ലാതെ, സര്‍വ്വ വ്യാപിത്വത്തോടെ നില നില്‍ക്കുന്നത്‌ എന്നാണ് അർത്ഥം.  “ചിദ്” എന്നാല്‍ തന്ത്രയില്‍  പരിമിതികള്‍ ഇല്ലാത്ത പരമ ശിവമിൻ്റെ     പരിപൂര്‍ണമായ സർവ്വജ്ഞാനം ആണ്. ‘ചിദ്’ എന്നത് വേദാന്തത്തിലെ പദമാണ്.  ഇച്ഛാ-ജ്ഞാനം-ക്രിയാ ശക്തികള്‍ മൂന്നും ഒരുപോലെ, യാതൊരു പരിമിതികളും ഇല്ലാതെ  അടങ്ങയിരിക്കുന്ന സർവ്വജ്ഞാനം ആണത്. യാതൊരു പരിമിതികളും ഇല്ലാത്ത ത്രികാല ജ്ഞാനമാണ്‌ ഇപ്പറഞ്ഞ സർവ്വജ്ഞാനം. നിത്യനൂതനമായ, ശ്വാശ്വതമായ  ആനന്ദം ആണ് മൂന്നാം ഘടകം. അതുകൊണ്ടാണ്, പരമശിവം എന്ന സങ്കല്പത്തെ  ‘ചിദാനന്ദ ഘനസ്വരൂപം’ എന്ന് വിളിക്കുന്നത്.   “സദ്‌-ചിദ്-ആനന്ദം” ആയ പരമ ശിവ പ്രജ്ഞാനത്തിൽ നിന്നും ആണ് ഒന്നാം ഘട്ടത്തിലെ അഞ്ചു ശുദ്ധ തത്വങ്ങൾ ഉദയം ചെയ്യുന്നത്. അതുകൊണ്ട് ഇവ ശുദ്ധ തത്വങ്ങൾ എന്നറിയപ്പെടുന്നു.  ഈ അഞ്ച് തത്വങ്ങളിലും  സദ്‌-ചിദ്-ആനന്ദം  എന്ന ഘടക ഗുണങ്ങൾ സന്നിഹിതമാണ് എന്ന് കാണാം. 

സനാതനധർമ്മത്തിലെ ദൈവ സങ്കൽപ്പവും സൃഷ്ടി പ്രക്രിയയും 

നിത്യ സത്യം (ദൈവം)അദ്വൈതമായ ഏകത്വം, സർവ്വവ്യാപിത്വം , നിത്യമായ മാറ്റമില്ലായ്മ പരബ്രഹ്മം / പരമ പ്രജ്ഞാനം :  സദ് ( അദ്വൈതം,സർവ്വവ്യാപിത്വം, മാറ്റമില്ലായ്മ) -ചിദ് (ഇച്ഛ,  ജ്ഞാനം, ക്രിയാ)-ആനന്ദം  എന്നിവയെല്ലാം  പരസ്പരം ലയിച്ച് അവിച്ഛിന്നമായ നിലയിൽ, നിത്യ നിതാന്ത സന്തുലിത നിശബ്ദതയിൽ ഉള്ള നിലനിൽപ്പ്
നിത്യസത്യം  (ദൈവം) സൃഷ്ടിക്കുള്ള ഇച്ഛ സഹിതം പരമ ശിവം –  ആദി പരാശക്തി :  പരമ പ്രജ്ഞാനവും, പരമ പ്രജ്ഞാനത്തിൻ്റെ ശക്തിയും ഭാഗികമായി ധ്രുവീകരിച്ചുകൊണ്ട്  പരസ്പരം സവിച്ഛിന്നമായ  പ്രജ്ഞാനമാകുന്ന പ്രകാശം  തൻ്റെ ശക്തിയാകുന്ന വിമർശത്തിൽ പ്രതിഫലിച്ച അവസ്ഥ, അതോടൊപ്പം  ഓങ്കാരവും, പ്രകമ്പനവും, പ്രകാശവും ഉണ്ടാകുന്നു.
അഞ്ച് ശുദ്ധ തത്വങ്ങള്‍  (സൃഷ്ടി യുടെ മേൽനോട്ടം വഹിക്കുന്ന ഈശ്വരന്മാർ – ഒന്നാം ഘട്ടം)ശിവ തത്വം ശക്തി തത്വം സദാശിവ തത്വംഈശ്വര  തത്വം ശുദ്ധ വിദ്യാ തത്വം 
ഏഴു ശുദ്ധാശുദ്ധ തത്വങ്ങള്‍ (സൃഷ്ടിയിലെ പ്രജ്ഞാനത്തിനെ പരിമിതപ്പെടുത്തുന്ന  വ്യവസ്ഥകൾ   – രണ്ടാംഘട്ടം)മായ (ആണവ മലം, മായിക  മലം, കാര്‍മ്മിക മലം) കാലം കലരാഗംവിദ്യാനിയതി പുരുഷന്‍ (മനുഷ്യനെ സൃഷ്ടാവിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കും)
ഇരുപത്തി നാല് അശുദ്ധ തത്വങ്ങള്‍  (പ്രപഞ്ചവും മനുഷ്യനും അടങ്ങുന്ന സൃഷ്ടി കൾ )പ്രകൃതി (സത്വ,രജസ്സ്,തമസ്സ് എന്ന ഗുണദോഷങ്ങള്‍ സഹിതം) മനുഷ്യനെ സൃഷ്ടിയിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കും മനസ്സ്  ബുദ്ധി അഹങ്കാര
പഞ്ച ജ്ഞാനേന്ദ്രിയ തത്വങ്ങള്‍
5. ഘ്രാണ
6. രസന 
7. ചക്ഷു
8. ത്വക്
9. ശ്രോത്ര

കര്‍മ്മ ശക്തികളായ പഞ്ച കര്‍മ്മേന്ദ്രിയ തത്വങ്ങള്‍ 10. ഉപസ്ഥ 11. പായു 
12. പാദ13. പാണി
14. വാക്ക്

പഞ്ച തന്മാത്ര തത്വങ്ങള്‍ 15. ഗന്ധ
16. രസ
17. രൂപ
18. സ്പര്‍ശ 19. ശബ്ദ
പഞ്ച മഹാഭൂത തത്വങ്ങള്‍
20.പൃഥ്‌വി
21. ജല 
22. തേജസ് (അഗ്നി)
23. വായു
24. ആകാശ

സനാതന ധർമ്മത്തിലെ ഈശ്വരന്മാർ 

മേൽ വിശദമാക്കിയ വിധത്തിൽ, ഏകത്വമായ പരമ പ്രജ്ഞാനത്തിൽ, ബഹുത്വമാകാനുള്ള ഇച്ഛ ഉദിക്കുമ്പോൾ, പരമ പ്രജ്ഞാനത്തിൻ്റെ    ‘ശക്തി’  ഒരു ‘നാദം’ പുറപ്പെടുവിക്കുന്നു.  ‘നാദം’ എന്നാല്‍ “ശബ്ദം” എന്നര്‍ത്ഥം. ആ നാദത്തില്‍ നിന്നും “പരമ ബിന്ദു” ഉണ്ടാകുന്നു.  പരമ ബിന്ദു ഒരു വൃത്തമാണ്. ആ വൃത്തത്തിൻ്റെ   മദ്ധ്യത്തില്‍  സ്ഥിതി കൊള്ളുന്നത്‌ സൃഷ്ടിക്കു നിദാനമായ,  പരമശിവവും-ആദിപരാശക്തിയും  എന്ന രണ്ട് പുല്ലിംഗ സ്ത്രീലിംഗ പ്രതീകങ്ങളാണ്. പ്രസ്തുത പുല്ലിംഗ സ്ത്രീ ലിംഗ സൂചനകൾ ഉൾക്കൊണ്ടുകൊണ്ട്  ഇനി അങ്ങോട്ട്  ശിവ-ശക്തി  എന്ന പദങ്ങൾ ആയിരിക്കും  ഉപയോഗിക്കുക.  ശിവ-ശക്തി ദ്വയങ്ങള്‍ ആണ്. അതുവരെ ഏകമായിരുന്നത് ദ്വയം ആയതാണ്. സൃഷ്ടിയിലെ ദ്വൈത ഭാവനകൾ  ആരംഭിക്കുന്നത് ഇവിടെ നിന്നും ആണ്. പരമ ബിന്ദുവിൻ്റെ  ആ കേന്ദ്രത്തിനെ “ബ്രഹ്മ പാദം” എന്നാണ് പറയുന്നത്. ബ്രഹ്മ പാദത്തിൻ്റെ പുറത്തെ വൃത്തം ‘മായ’ എന്നറിയപ്പെടുന്നു.   സൃഷ്ടിക്കപ്പെടുന്ന വസ്തുക്കളുടെ  പ്രജ്ഞാനവും (അവബോധം) പ്രഭാവവും കുറക്കുന്ന അല്ലെങ്കിൽ മറയ്ക്കുന്ന ശക്തിയാണ് ‘മായ’. ശിവനും ശക്തിയും രണ്ടായി അകന്നു മാറി, ശക്തി ശിവന് അഭിമുഖമായി, “ഉൻമുഖി” ആയി നിലകൊള്ളുന്നു.  (“ഉൻമുഖി” എന്നാൽ ഉയർത്തിയ മുഖത്തോട് കൂടിയുള്ളവൾ എന്നാണ്  അർത്ഥം).

ശിവ-ശക്തിയും മായയും, ഒരുമിച്ച്  പരമ പ്രജ്ഞാനത്തിൽ രൂപീകൃതമായത് കൊണ്ട്,  സ്വയം ഭരണാവകാശമുള്ള സ്വതന്ത്ര ശക്തികൾ ആണ്. ഒരു വ്യത്യാസം മാത്രമേ ഉള്ളൂ. മായ്ക്ക്  സൃഷ്ടിയിലെ അവബോധവും പ്രഭാവവും കുറക്കുവാൻ മാത്രമേ കഴിയൂ, ഉയർത്തുവാൻ കഴിയുകയില്ല. 

‘ശിവ’ എന്നത് ‘അറിവ്’ അല്ലെങ്കിൽ ‘പ്രജ്ഞാന’മാകുന്ന പ്രകാശമാണ്. ‘ശക്തി’ ആ ശിവപ്രജ്ഞാനത്തെ പ്രതിലോമമായി പ്രതിഫലിപ്പിക്കുന്ന വിമർശം (കണ്ണാടി) ആണ്. അങ്ങിനെ ശിവൻ ശക്തിയിൽ പ്രതിഫലിക്കുമ്പോൾ ആണ്  ആദ്യത്തെ ഭ്രംശം സംഭവിച്ച് ശിവപ്രജ്ഞാനത്തേക്കാള്‍  പ്രഭാവം കുറഞ്ഞ, എന്നാൽ സൃഷ്ടിക്കപ്പെട്ട സൃഷ്ടികളുടെ   ശ്രേണിയിൽ ഏറ്റവും ഉയർന്ന അധികാരസ്ഥാനമുള്ള 5  ശുദ്ധ തത്വങ്ങൾ ആയി മാറുന്നത്.  ഇതിന്   ‘ഈശ്വര തത്വങ്ങൾ എന്നുകൂടി പേരുണ്ട്. കാരണം  ഈ അഞ്ചു തത്വങ്ങളാണ് സനാതന ധർമ്മത്തിലെ  ഈശ്വരസങ്കല്പങ്ങൾ.  സൃഷ്ടിയുടെ സാക്ഷാത്ക്കാരവും,  തുടർന്ന് സൃഷ്ടിയുടെ പരിപാലനവും, പിന്നീട് യഥാവസരം  സൃഷ്ടിയുടെ   പിൻവലിക്കലും  എല്ലാം നിർവ്വഹിക്കുന്ന നടപടികളുടെ മേൽനോട്ടം വഹിക്കവുന്നത് ഈ  അഞ്ച് ശുദ്ധ തത്വങ്ങൾ ആണ്.  അവയെ “ശുദ്ധ തത്വങ്ങള്‍” എന്ന് പറയുവാൻ കാരണം അവയില്‍ ശിവൻ്റെ   അപരിമേയമായ അവബോധത്തിൻ്റെ    നേരിട്ടുള്ള ആദ്യ പ്രതിഫലനമാണ്   അടങ്ങിയിരിക്കുന്നത്‌  എന്നുള്ളതു കൊണ്ടാണ്. സനാതന ധർമ്മത്തിൽ ദൈവത്തിന് തൊട്ടുതാഴെ നിൽക്കുന്ന, എന്നാൽ സൃഷ്ടിക്കപ്പെട്ട സർവ്വതിനും മുകളിൽ അധീശ ശക്തിയോടെ  സൃഷ്ടിയുടെമേൽ നിയന്ത്രണത്തോടെ നിൽക്കുന്ന തത്വങ്ങൾ ആണ് ഈശ്വരന്മാർ.   

പരമ ശിവത്തിൻ്റെ  ഇച്ഛാ-ജ്ഞാനം-ക്രിയാ ശക്തികളിലെ  ഇച്ഛ സദാശിവ തത്വം ആയിട്ടും, ജ്ഞാനം ഈശ്വര തത്വം ആയിട്ടും, ക്രിയ ശുദ്ധവിദ്യാ തത്വം ആയിട്ടും  പരിണമിക്കുന്നു. ഈ അഞ്ചു ശുദ്ധതത്വങ്ങള്‍ ആണ് ക്രമേണ നിലവിൽ വന്ന  സര്‍വ്വ പ്രപഞ്ചത്തേയും സൃഷ്ടിച്ച്, പരിപാലിച്ച് കൊണ്ട് നടന്ന്, സൃഷ്ടിയുടെ താഴേക്കുള്ള അവരോഹണ ചുഴിയില്‍, മറച്ചു വക്കേണ്ട അവബോധത്തെ  മറച്ച് വച്ചുകൊണ്ടും, സൃഷ്ടിയുടെ മുകളിലേക്കുള്ള ആരോഹണ ചുഴിയില്‍ മറച്ചു വച്ചതെല്ലാം തിരികെ നല്‍കി അനുഗ്രഹിച്ചുകൊണ്ടും, പരിപാലിക്കുന്നത്. 

ചുരുക്കി പറഞ്ഞാൽ, ഈ അഞ്ചു തത്വങ്ങള്‍ ആണ് സൃഷ്ടി , സ്ഥിതി, ഗൂഢമാക്കൽ, കൃപാദാനം, സംഹാരം, തുടങ്ങിയ സൃഷ്ടിയുടെ വിവിധ കർത്തവ്യങ്ങൾക്ക്   നേതൃത്വം കൊടുക്കുന്നത്. സനാതന ധര്‍മ്മത്തിലെ ‘ഈശ്വരന്മാര്‍’ ഈ അഞ്ച്  തത്വങ്ങളുടെ സിംബോളിക് പ്രതിരൂപങ്ങള്‍ ആണ്. ഈ തത്വങ്ങളുടെ കർത്താക്കളെ ആണ് ഈശ്വരന്മാരായി ക്ഷേത്രങ്ങളിലും മറ്റും ആരാധിക്കുന്നത്.

ആധുനിക ശാസ്ത്രജ്ഞന്മാർ  പ്രപഞ്ചിത്തിലെ ക്രമങ്ങളും, നിയമങ്ങളും എല്ലാം ഗണിത ശാസ്തത്തിലെ ഇക്വേഷനുകൾ ആയിട്ടും, ഗുരുത്വാകർഷണ നിയമങ്ങൾ പോലുള്ള നിയമങ്ങൾ ആയിട്ടും എല്ലാം വികസിപ്പിച്ചെടുത്തിട്ടുണ്ട്.  അത്തരം പ്രതിഭാസങ്ങൾ മനസ്സിലാക്കുവാനും,  ആ പ്രതിഭാസങ്ങൾക്ക് മേൽ ഒരു പരിധിവരെ എങ്കിലും സ്വാധീനം ചെലുത്താനും എല്ലാം മനുഷ്യന് കഴിയുന്നത് അതുകൊണ്ടാണ്. അതുപോലെ തന്നെ  പൗരാണിക ഋഷിമാർ അവരുടെ അസാധാരണമായ ആന്തരിക ജ്ഞാനം കൊണ്ട്, പ്രകൃതിയുടെ  ക്രമം, ഘടന, പരസ്പര ബന്ധങ്ങൾ തുടങ്ങിയവ മനസ്സിലാക്കുവാനും, നിയന്ത്രിക്കുവാനും    രൂപങ്ങൾ കൊണ്ട് വികസിപ്പിച്ചെടുത്തിട്ടുള്ള  ഇക്വേഷൻ  ആണ്   ഈശ്വര വിഗ്രഹങ്ങളും  പ്രതിഷ്ഠകളും. ശബ്ദവീചികൾ കൊണ്ട് വികസിപ്പിച്ചെടുത്തതാണ് മന്ത്രങ്ങൾ.    ഉദാഹരണത്തിന്, E – MCഎന്ന ഇക്വേഷൻ ഒരു പേപ്പറിൽ എഴുതി കണ്ടാൽ, അറിയുന്ന ഒരാൾക്ക് അത് അർത്ഥവത്തായിരിക്കും. അറിയാത്ത ഒരു നിരക്ഷരന് അത് പേപ്പറിൽ എഴുതിയ വരകൾ മാത്രം. അതുപോലെ തന്നെ ഇതും.  ഓരോ തത്വത്തേയും സൂചിപ്പിക്കുന്ന രൂപവും മന്ത്രവും ഉണ്ട്. വിഗ്രഹങ്ങൾ മനുഷ്യ മനസ്സ് വിഭാവനം ചെയ്ത് എടുക്കുന്നതാണ്. മഹർഷിമാരുടെ അഗാധമായ ജ്ഞാനത്തിൻ്റെ അഗാധമായ ധ്യാനത്തിൽ നിന്നും ലഭിച്ച ചിന്താരൂപങ്ങൾ ആണ് അവ.  പ്രതിഷ്ഠ  മന്ത്രത്തിൻ്റെ ഘനരൂപമാണ്. മന്ത്രം പ്രതിഷ്‌ഠയുടെ ശബ്ദ രൂപമാണ്.

മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉണ്ടോ?

ഒന്നാം ഘട്ടത്തിലെ അഞ്ച് ശുദ്ധ തത്വങ്ങൾ സംഗ്രഹിക്കുന്നതിന് മുൻപായി  ദൈവം, ഈശ്വരൻ എന്നീ വാക്കുകളെ സംബന്ധിക്കുന്ന ചില അവ്യക്തതകൾ പരിഹരിക്കേണ്ടതുണ്ട്. സഹസ്രാബ്ദങ്ങളായി സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് “ദൈവം” എന്ന പദം തേഞ്ഞുമാഞ്  വ്യക്തത നഷ്ടപ്പെട്ട് നിൽക്കുകയാണ് ഇന്ന്.  അതുപോലെ തന്നെ ഈശ്വരനും ദൈവവും തമ്മിലുള്ള വ്യത്യാസം പലർക്കും അജ്ഞാതമാണ്. കൂടാതെ, സനാതന ധർമ്മത്തിൽ മുപ്പത്തി മുക്കോടി ദൈവങ്ങളെക്കുറിച്ചും, ശ്രീകൃഷ്ണ ദേവൻ്റെ    പതിനാറായിരത്തി ഒരുന്നൂറ്റി എട്ടു ഭാര്യമാരെക്കുറിച്ചും ഉള്ള പരാമർശങ്ങൾ പലരും കേട്ടിട്ടുണ്ടാകും. പതിനാറായിരത്തി ഒരുന്നൂറ്റി എട്ട് ഭാര്യമാർ തെറ്റിധാരണയാണ്. അവബോധം തീരെ കുറഞ്ഞിരുന്ന  വിദൂരമായ ഭൂത  കാലഘട്ടത്തിലെന്നോ ഉയർന്ന അവബോധമുള്ള ബോധിസത്വർ   പ്രതിരൂപാത്മകമായി പറഞ്ഞത് തെറ്റിദ്ധരിച്ചതാകുവാൻ ആണ് സാദ്ധ്യത.  (ഒരാളുടെ നിലവിലെ അവബോധം അനുവദിക്കുന്ന നിലയിലുള്ള അറിവുകൾ മാത്രമേ അയാൾക്ക് ഉണ്ടാകൂ  എന്ന് വ്യക്തമാക്കുന്ന നായുടെ ഉദാഹരണം ഡോ. തോമസ് ജെ ചാൽകോ നൽകിയത് ഓർക്കുക)

ദൈവം ഒന്നേ ഉള്ളൂ. ദൈവം എന്ന പദം മനുഷ്യ ജീവിതത്തിലെ ഏറ്റവും പരമമായ സത്യത്തെ ആണ് പ്രതിനിധാനം ചെയ്യുന്നത്. ദൈവം സൃഷ്ടിക്കപ്പെട്ടതല്ല. അനാദിയിലേ സ്വയം നിലനിൽപ്പുള്ള പരമ പ്രജ്ഞാനമാണ് ദൈവം.  സനാതന ധർമ്മത്തിൽ പരമമായ സത്യത്തിൻ്റെ നിർവ്വചനത്തിൽ കൊടുത്തിരിക്കുന്ന മൂന്ന് ഉപാധികൾ നമ്മൾ കണ്ടു. അതിലെ ആദ്യത്തെ ഉപാധിതന്നെ സർവ്വതിനും കാരണഭൂതമായ ദ്വൈതമല്ലാത്ത ഏകത്വം എന്നാണ്. ഇതിൽ നിന്നും തന്നെ  ദൈവം ഒന്നേ ഉണ്ടാകൂ എന്ന് വ്യക്തമാണ്.  ഈ വിഷയത്തിലെ അവ്യക്തതക്ക് കാരണം  ദൈവ സങ്കല്പത്തേയും ഈശ്വര സങ്കല്പത്തേയും സൂചിപ്പിക്കുന്ന പദങ്ങൾ അന്യോന്യം തെറ്റായി മാറി ഉപയോഗിക്കുന്നത് കൊണ്ടാണ്. 

ഈശ്വരന്മാർ ഒന്നിലധികം ഉണ്ട്. നമ്മൾ ചർച്ച ചെയ്തതു പോലെ സൃഷ്ടിക്കപ്പെട്ട നിരവധി സൃഷ്ടികളുടെ നിരവധി ശ്രേണികളിൽ ഏറ്റവും ഉയർന്ന അവബോധ ശ്രേണിയിലെ, അഞ്ച് കാര്യകർത്താക്കളും ചുമതലക്കാരും ആണ് ഈശ്വരന്മാർ. അവബോധത്തിൽ അവർ പരമ പ്രജ്ഞാനത്തിൻ്റെ  തൊട്ടു താഴെ മാത്രം നിലകൊള്ളുന്ന സൃഷ്ടിക്കപ്പെട്ട അത്യന്നത അവബോധ തത്വങ്ങൾ ആണ്. ഗണിത ശാസ്ത്രത്തിലെ സിംബലുകളൂം സൂത്രവാക്യങ്ങളും  പ്രപഞ്ചത്തിലെ ക്രമങ്ങളേയും, നിയമങ്ങളേയും   കൃത്യമായി സൂചിപ്പിക്കുന്നതു പോലെ, അഭൗമ ലോകത്തിലെ (ക്വാൻഡം ലോകത്തിലെ)  ക്രമങ്ങളുടെ    അമൂര്‍ത്തമായ ആശയം ഒരു സൂത്രവാക്യതുല്യമായ  ശബ്ദങ്ങൾ  ആക്കി മാറ്റിയതാണ്   ഈശ്വരന്മാർ. ചിലപ്പോൾ ചിലർക്ക് ശബ്ദം മാത്രമല്ല ഒരു രൂപം കൂടി  ഉണ്ടെങ്കിലേ സങ്കല്പങ്ങൾ സാദ്ധ്യമാകൂ. അക്ഷരമാല പഠിക്കുമ്പോൾ “അ – അമ്മ”, “ആ – ആമ” എന്ന് ചിത്രങ്ങൾ  കാണിച്ചുകൊണ്ട് പഠിക്കുന്നത് പോലെയേ ഉള്ളൂ ഇതും.  (“ദി ഫ്രീഡം  ഓഫ് ചോയ്‌സി”ലെ നായയുടെ ഉദാഹരണം ഓർക്കുക. അവരവരുടെ അവബോധ നില അനുസരിച്ചു മാത്രമേ വസ്തുതകൾ മനസ്സിലാക്കുവാൻ കഴിയൂ). ഗണിത ശാസ്ത്രത്തിൽ സൂത്രവാക്യങ്ങളും പ്രതിരൂപ രൂപകങ്ങളും നിരവധി ഉള്ളതുപോലെ, 

ഈശ്വര സങ്കല്പങ്ങൾ അഞ്ചു മാത്രമല്ല, നിരവധി ഉണ്ടാകാം. അഞ്ച് ഈശ്വരന്മാർ ഏറ്റവും മുൻനിരയിലെ പ്രധാനപ്പെട്ട ഡിസൈൻ സങ്കേതങ്കൾ മാത്രമാണ്. ഉദാഹരണത്തിന് ഒരു വലിയ പ്രസ്ഥാനത്തിൽ ഏറ്റവും മുതിർന്ന ശ്രേണിയിലെ ‘മാനേജർമാർ’ കുറച്ചു പേരേ ഉണ്ടാകൂ.  അവരുടെ മേൽനോട്ടത്തിൽ അവർക്ക് താഴെ നിരവധി മാനേജർമാർ നിരവധി നടപടിക്രമമങ്ങൾക്ക്  നേതൃത്വവും മേൽനോട്ടവും നൽകുന്നുണ്ട്.   ഉദാഹരണത്തിന്, മനുഷ്യ ശരീരത്തിൻ്റെ ജൈവശാസ്ത്രത്തിൽ എണ്ണമറ്റ പ്രവർത്തനങ്ങൾ  നടക്കുന്നത് നമ്മുടെ ബോധപൂർവ്വമുള്ള അറിവോ പങ്കാളിത്തമോ  ഇല്ലാതെയാണ്. ഇതിനെല്ലാം എണ്ണമറ്റ “കോഡിങ്ങു”കൾ  ആവശ്യമാണ്. അത്തരം “കോഡിങ്ങു”കളുടെ പ്രതിരൂപാത്മകമായ ഫോർമുലകൾ ആണ് വിവിധ ഈശ്വര നാമങ്ങൾ.   ഉദാഹരണത്തിന്, “വിദ്യ”യുടെ ഈശ്വര ഫോർമുലയാണ്  “സരസ്വതി” എന്ന ഈശ്വര സങ്കല്പം. എങ്ങിനെയാണ് “വിദ്യ” അല്ലെങ്കിൽ “പഠിപ്പ്” എന്ന പ്രക്രിയ സംഭവിക്കുന്നത്?   അതിന് ചില  ‘കോഡിങ്ങുകൾ’ അല്ലെങ്കിൽ ‘തത്വങ്ങൾ’ ഉണ്ട്. അതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ “വിദ്യ” അല്ലെങ്കിൽ “പഠിപ്പ്” നടക്കുകയില്ല. അങ്ങിനെ വീഴ്ചകൾ സംഭവിക്കാതിരിക്കുവാൻ അല്ലെങ്കിൽ വന്ന വീഴ്ച തിരുത്തുവാൻ നമ്മൾ ആ കോഡിങ്ങിന് പുറകിലുള്ള “അവബോധ തത്വ”വുമായി ഒരു വ്യക്തി ബന്ധം സ്ഥാപിക്കുന്നു. നമ്മുടെ സ്മാർട്ട്ഫോണിൻ്റെ പ്രവർത്തനത്തിൽ വീഴ്ചകൾ വരുമ്പോൾ നമ്മളും അത്  ശരിയാക്കിക്കുവാൻ ഒരു വിദഗദ്ധൻ്റെ അടുത്തേക്കല്ലേ പോകുന്നത്? അതുപോലെ തന്നെ ഇവിടേയും  എന്ന് സമാനതാ തത്വത്തിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.    

അതുപോലെ തന്നെ, മുപ്പത്തി മുക്കോടി ദൈവങ്ങളെ  അല്ലെങ്കിൽ  ഈശ്വരന്മാരെ അല്ലെങ്കിൽ  ശ്രീകൃഷ്ണൻ്റെ  പതിനാറായിരത്തി ഒരുന്നൂറ്റി എട്ട് ഭാര്യമാരെ  സംബന്ധിക്കുന്ന പരാമർശങ്ങളിൽ അടങ്ങിയിരിക്കുന്ന സിമ്പോളിസം മനസ്സിലാവണം എങ്കിൽ,  36 തത്വങ്ങളിലൂടെ നടക്കുന്ന സൃഷ്ടിയുടെ  പരിക്രമത്തിൽ അവബോധം വഹിക്കുന്ന സ്ഥാനവും, സൃഷ്ടിയിലൂടെ നടക്കുന്ന  അവബോധത്തിൻ്റെ ആരോഹണാ വരോഹണത്തിൻ്റെ സാങ്കേതിക വ്യവസ്ഥിതികളും  മനസ്സിലാക്കണം. 

ദ്വൈതം അല്ലാത്ത ഏകത്വമായ ശുദ്ധപ്രജ്ഞാനം തന്നിൽ നിന്നും താൻ ആകുന്ന  പ്രജ്ഞാനം തന്നെ സ്വയം എടുത്ത് ഉപയോഗിച്ചുകൊണ്ടാണ് സമസ്ത സൃഷ്ടികളും നടത്തിയിരിക്കുന്നത് എന്ന് നമ്മൾ കണ്ടു. അതായത്  സൃഷ്ടിയും സൃഷ്ടാവും ‘പ്രജ്ഞാനം’ എന്ന ഒരേ പ്രതിഭാസം തന്നെ ആണ്. എന്നാൽ രണ്ടിലും ഉള്ള പ്രജ്ഞാനത്തിൻ്റെ തീവ്രതയോടെ തോതിൽ  സൃഷ്ടാവും സൃഷ്ടിയും തമ്മിൽ ആനയും ആടും  പോലുള്ള വ്യത്യാസം ഉണ്ടെന്ന് മാത്രം. മൂന്നാമത്തെ ശുദ്ധ തത്വമായ  ഈശ്വര തത്വം സൃഷ്ടിയിലെ സൃഷ്ടികളിലെ അവബോധവും, പ്രഭാവവും കുറക്കുവാൻ വേണ്ടി രൂപ കല്പന ചെയ്യപ്പെട്ട ശക്തിയാണ്. ഒരു ഉദാഹരണത്തിന് വേണ്ടി പറയുകയാണെങ്കിൽ, സൃഷ്ടാവിൻ്റെ പ്രജ്ഞാനം ഒരു ലക്ഷം വോൾട്ട് ഉള്ള ബൾബ് ആണെന്ന് കരുതിയാൽ, മനുഷ്യൻ്റെ  അവബോധം ഒന്നോ രണ്ടോ വോൾട്ട്  മാത്രമുള്ള ബൾബ് ആണ്. സൃഷ്ടാവിന് എന്തും ചെയ്യുവാനുള്ള അതി ശക്തമായ ഇച്ഛാശക്തിയുള്ളപ്പോൾ, മനുഷ്യന് വെറും ശുഷ്കമായ ആഗ്രഹ ശക്തി മാത്രമേ ഉള്ളൂ.  സൃഷ്ടാവിന് എന്തും ചെയ്യുവാൻ ആവശ്യമായ അതി ശക്തമായ സർവ്വജ്ഞാന ശക്തിയുള്ളപ്പോൾ, മനുഷ്യന് വെറും പരിമിതമായ അറിവുകൾ മാത്രമേ ഉള്ളൂ. സൃഷ്ടാവിന് എന്തും ചെയ്യുവാനുള്ള അതി ശക്തമായ ക്രിയാ ശക്തിയുള്ളപ്പോൾ, മനുഷ്യന് വെറും നിസ്സാരമായ  പ്രവർത്തികൾ ചെയ്യുവാനുള്ള  ശക്തി മാത്രമേ ഉള്ളൂ. സൃഷ്ടാവിന് നിത്യ നൂതനമായ, ശാശ്വതമായ ആനന്ദ  ശക്തിയുള്ളപ്പോൾ, മനുഷ്യൻ  മോഹഭംഗങ്ങളാലും. രോഗങ്ങളാലും, വാർദ്ധക്യത്താലും, മരണത്താലും, കഷ്ടപ്പെടുന്നു.  അതുമാത്രമല്ല, കർമ്മ നിയമങ്ങൾ ആകുന്ന പാശം കൊണ്ട് യഥാർത്ഥത്തിൽ ശിവനായ മനുഷ്യനെ പശുവാക്കി ജീവിതമാകുന്ന കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്നു. കെട്ടിയിട്ടിരിക്കുന്ന കുറ്റിക്കു  ചുറ്റും വീണ്ടും വീണ്ടും  ചുറ്റിക്കറങ്ങുന്ന പശുവിനെപ്പോലെ, ക്ലേശഭരിതമായ ജീവിതം വീണ്ടും വീണ്ടും മനുഷ്യന്  ആവർത്തിക്കേണ്ടി വരുകയും  ചെയ്യുന്നു.

സ്വന്തം ജീവിത വിഷയങ്ങളിൽ   അടിമുടി  വീണുകിടക്കുമ്പോഴും,  സ്വന്തം “അവബോധം” ബോധപൂർവ്വം അനുക്രമം വളർത്തി എടുത്ത്,  ഉന്നതാവബോധത്തിലേക്ക്  മടങ്ങി പോകുവാനുള്ള വിധത്തിലാണ് ഈ 36 തത്വങ്ങളുടെ സംവിധാനം എന്നതാണ് സത്യം. ജീവിത ക്ലേശങ്ങളിൽ നിന്നും നിത്യമുക്തി നേടുവാൻ ‘അവബോധം’ വളർത്തി സൃഷ്ടിയുടെ ഉന്നത ശ്രേണികളിലേക്ക് മടങ്ങുക  എന്ന ഒരൊറ്റ വഴിയേ ഉള്ളൂ. അവബോധം കുറയുമ്പോൾ ക്ലേശങ്ങളിലേക്ക് വഴുതി വീഴുന്നു. അവബോധം വർദ്ധിക്കുമ്പോൾ ക്ലേശങ്ങളിൽ നിന്നും മുക്തി നേടുന്നു. ജീവിത രീതികളിലൂടെ ഇക്കാര്യം മനുഷ്യന് വീണ്ടും വീണ്ടും മനസ്സിലാക്കി തരുവാനുള്ള സ്‌നേഹപൂർവമായ ശ്രമങ്ങളാണ് ജീവിതത്തിൽ അനസ്യൂതം നടന്നു കൊണ്ടിരിക്കുന്നത്.  

മുപ്പത്തി മുക്കോടി വസ്തുക്കൾ മാത്രമല്ല,  ഇവിടെ ഉള്ള സർവ്വരും, സർവ്വതും, അടിസ്ഥാനപരമായി  സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പരമപ്രജ്ഞാനത്തിൻ്റെ (ദൈവത്തിൻ്റെ) സ്വന്തം ശുദ്ധ “പ്രജ്ഞാനം” തന്നെ ഉപയോഗിച്ചാണ്. അതുകൊണ്ടു സർവ്വതും  താത്കാലികമായി കണ്ണുകെട്ടപ്പെട്ട “ദൈവ-കുഞ്ഞുങ്ങൾ” തന്നെ ആണ്. ദൈവത്തിൻ്റെയും, ഈശ്വരന്മാരുടേയും വീക്ഷണകോണിലൂടെ നോക്കുമ്പോൾ ഇവിടെയുള്ള മുപ്പത്തി മുക്കോടി വസ്തുക്കളും (സർവ്വതും എന്ന് വ്യംഗ്യം) ദൈവം തന്നെയാണ് എന്ന പരമാർത്ഥമാണ് പ്രസ്തുത വാചകത്തിലൂടെ ആലങ്കാരിക ഉപമയായി പറഞ്ഞിരിക്കുന്നത്. ഉയർന്ന അവബോധമുള്ള മനുഷ്യർക്കും ഇക്കാര്യം മനസ്സിലാകുന്ന ഒന്നാണ്. പക്ഷേ, ഇതിലെ ഉപമയും ഉപമേയവും  അധികം പേർക്കും മനസ്സിലാകുന്നില്ല.  അതുകൊണ്ട് അവർ കൃത്യമായ വാച്യാർത്ഥത്തിൽ ഉപമകൾ തെറ്റായി ധരിക്കുന്നു. അത്രയേ ഉള്ളൂ. അല്ലാതെ, തെറ്റിദ്ധരിക്കപ്പെടുന്നത് പോലെ പ്രസ്തുത വാചകം  ദൈവനിന്ദയോ, അന്ധവിശ്വാസമോ അല്ല. 

ശ്രീകൃഷ്‍ണനും സൃഷ്ടിക്കപ്പെട്ട ഒരു ജീവാത്മാവാണ്. എന്നാൽ അവബോധത്തിൻ്റെ ഉന്നത ശ്രേണിയിലേക്ക് ആരോഹണം ചെയത ഒരു ജീവാത്മാവ് – മനുഷ്യ ഗണത്തേക്കാൾ ഉയർന്ന ദേവ ഗണത്തിൽ എത്തിച്ചേർന്ന ഉയർന്ന ശ്രേണിയിലെ അവബോധം. ഭൂമിയിൽ ഓരോരുത്തരും ഓരോ അവബോധ ശ്രേണിയിൽ പെടുന്നവരാണ്. (എല്ലാവരും ഒരുപോലെ അവബോധത്താൽ ഉന്നതരോ പതിതരോ അല്ല. ഇന്നും ഉന്നത അവബോധത്തിൽ ഉള്ളവരും അങ്ങിനെ അല്ലാത്തവരും ഇവിടെ ഉണ്ട്.) എല്ലാവരും അടിസ്ഥാനപരമായി ഒരേ പ്രജ്ഞാനം തന്നെയാണെന്ന പരമാർത്ഥം തിരിച്ചറിയുന്ന ശ്രീകൃഷ്ണൻ, തൻ്റെ വീക്ഷണ കോണിൽ നിന്നുകൊണ്ട്, തനിക്ക് എല്ലാവരും ഒരുപോലെ സമന്മാർ ആണെന്ന് ഭംഗ്യന്തരേണ പറയുന്നതാണ് പതിനാറായിരത്തി നൂറ്റിയെട്ട് ഭാര്യമാരെ സൂചിപ്പിക്കുന്ന പരാമർശം. അല്ലാതെ അത് ബഹുഭാര്യാത്വം അല്ല. ഓരോരുത്തർക്കും മനസ്സിലാക്കുവാൻ കഴിയുന്ന കാര്യങ്ങൾക്ക് അവരവരുടെ അവബോധത്തിൻ്റെ തോത് പരിധിയാണെന്ന്  വീണ്ടും തെളിയിക്കുന്ന ഉദാഹരങ്ങൾ ആണ് ഇവയെല്ലാം. 

പ്രജ്ഞാനത്തിൻ്റെ അവരോഹണ-ആരോഹണ ചുഴികൾ  

പരമശിവവും ആദിപരാശക്തിയും ആണ് മനുഷ്യനെ സൃഷ്ടിച്ചത് – അതും സ്വന്തം പ്രജ്ഞാനം ഉപയോഗിച്ചാണ് സൃഷ്ടി നിർവ്വഹിച്ചത്. അതുകൊണ്ട് നമ്മൾ സത്യത്തിൽ ശിവ-ശക്തി പൈതൃകം ജന്മാവകാശമായി ലഭിച്ചവരാണ്. എന്നാൽ  അനുഭവത്തിൽ ‘ശിവ പ്രജ്ഞാന’മുള്ള മനുഷ്യനെ ആ പ്രജ്ഞാനം വളരെ അധികം വെട്ടിക്കുറച്ച് കർമ്മ നിയമങ്ങൾ ആയ പാശം കൊണ്ട് പശുവായി കെട്ടിയിടുന്ന പ്രക്രിയയാണ് സൃഷ്ടിയിലെ ഈ 36 തത്വങ്ങൾ ചെയ്യുന്നത്. അതായത് ഈ 36 തത്വങ്ങൾ മനുഷ്യാവബോധത്തിൻ്റെ താഴേക്കുള്ള അവരോഹണത്തിൻ്റെ ചുഴിയായി നമുക്ക് അനുഭവപ്പെടുന്നു. എന്നാൽ ഇതേ 36 തത്വങ്ങൾ ഉയർന്ന അവബോധത്തിലേക്കുള്ള മനുഷ്യൻ്റെ  ആരോഹണത്തിൻ്റെ ചുഴികൾ കൂടിയാണ്. അതായത് 36 തത്വങ്ങൾ ഒരു “വൺ വേ ട്രാഫിക്” പാതയല്ല. നമ്മുടെ നിലവിലെ  യാത്രയുടെ ദിശ മനസ്സിലാക്കി      മടക്കയാത്ര  നടത്തുന്നതും ഇതേ 36 തത്വങ്ങളിലൂടെ ആണ്. ജീവിത ക്ലേശങ്ങളിൽ പശുവായി ഉഴലുമ്പോൾ, ഈ സത്യം നമ്മൾ സ്വയം തിരിച്ചറിഞ്, സ്വന്തം ഇഷ്ടപ്രകാരം, അവബോധം അനുക്രമം വർദ്ധിപ്പിച്ച്  തിരികെ നമ്മുടെ ജന്മാവകാശമായ ഉയർന്ന ശിവപ്രജ്ഞാനത്തിലേക്ക് മടങ്ങി പോകണം. ജീവിതക്ലേശങ്ങളിൽ നിന്നും ഉള്ള ശാശ്വതമായ മുക്തി അങ്ങിനെ മാത്രമേ ലഭ്യമാകൂ. ഇക്കാര്യം ജീവിത പരീക്ഷണ-നിരീക്ഷണങ്ങളിൽ കൂടി മനസ്സിലാക്കി ഉയർന്ന അവബോധത്തിലേക്കുള്ള മടക്കയാത്രക്ക് പ്രേരിക്കപ്പെടുന്ന വിധത്തിലാണ് ജീവിതം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. സ്വന്തം തിരിച്ചറിവിലൂടെ അത്തരത്തിലുള്ള മടക്കയാത്രക്ക്    ഉതകുന്ന വിധത്തിലാണ് ജീവിത നിയമങ്ങൾ ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. അവബോധത്തിൻ്റെ താഴേക്കുള്ള പതനത്തിലും മുകളിലേക്കുള്ള മടക്കയാത്രയിലും ഒന്നാം ഘട്ടത്തിലെ അഞ്ചു ശുദ്ധ തത്വങ്ങളും വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്.

ഒരു പ്രധാനകാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.  മനുഷ്യനെ മനഃപൂർവ്വം ബുദ്ധിമുട്ടിക്കുവാനല്ല സൃഷ്ടികർത്താവായ ദൈവം (പരമ പ്രജ്ഞാനം) ഈ വിധം ജീവിതം  രൂപ കൽപ്പന ചെയ്തിരിക്കുന്നത് എന്നു നമ്മൾ തിരിച്ചറിയണം. വളരെ ചെറിയ അവബോധ യൂണിറ്റുകൾ ആയ കല്ലും മണ്ണിൽ നിന്നും തുടങ്ങി  സസ്യ-ജന്തു ജാലങ്ങളിൽ കൂടി പുരോഗമിച്ചാണ്  ഇന്ന്  നമ്മൾ മനുഷ്യ ശരീരത്തോടുകൂടിയ  മനുഷ്യാവബോധത്തിൽ എത്തി നിൽക്കുന്നത്.  ഈ നില നമ്മുടെ അന്തിമ ലക്ഷ്യമല്ല. ഇത്  വളരെ പ്രധാനപ്പെട്ട ഒരു താത്കാലിക ഇടത്താവളം  മാത്രം.  ഇതുവരെ ഉള്ള  മടക്കയാത്ര  ഏറെക്കുറെ അനായാസകരമായ  ജന്തുധർമ്മം അനുസരിച്ചുള്ള  യാത്രകൾ ആയിരുന്നു. ഇവിടെനിന്ന് മുകളിലേക്ക്  സഹജ വാസനകൾ അല്ല നമ്മെ നയിക്കേണ്ടത്, ബോധപൂർവ്വം  സ്വതന്ത്രമായി തിരഞ്ഞെടുത്ത രീതികളിൽകൂടി  അവബോധം വികസിപ്പിച്ചാൽ മാത്രമേ  പുരോഗതി  ഉണ്ടാകൂ.   അപ്രകാരം  അവബോധം വികസിപ്പിക്കുവാൻ ഉതകുന്ന വിധം  ആണ്  ഇവിടെ  ജീവിതം വിഭാവനം ചെയ്തിരിക്കുന്നത്.  ഇവിടെ  വൃഥാ സമയം ദുരുപയോഗം ചെയ്യാതെ ഇനിയും അവബോധത്തിൻ്റെ  ഉന്നത ശ്രേണിയിലേക്കുള്ള മടക്ക  യാത്ര നമ്മൾ തുടരണം. ക്രമാനുഗതമായി അവബോധം വർദ്ധിപ്പിച്ചുകൊണ്ടുള്ള ബോധ ജീവിതരീതിയിലൂടെ  മാത്രമേ ഈ ക്ലേശ ജീവിതത്തിൽ നിന്നും മുക്തി   സാദ്ധ്യമാകൂ. ഇതാണ് സനാതന ധർമ്മത്തിൻ്റെ  സന്ദേശം. 

സ്വതന്ത്ര ഇച്ഛയിലൂടെ  സൃഷ്ടിയിലെ ഏറ്റവും മേൽത്തട്ടിലുള്ള  ‘ശിവ’  പ്രജ്ഞാനവുമായി ആത്മാർത്ഥമായ സ്നേഹബന്ധത്തിൽ  സ്വന്തം ആഗ്രഹപ്രകാരം എത്തിച്ചേരുവാനുള്ള   നമ്മളാകുന്ന ചെറിയ അവബോധത്തിൻ്റെ മടക്കയാത്രയാണ് ഇവിടെ വിഷയം. അവബോധത്തിൻ്റെ ആരോഹണ യാത്രക്ക് നമ്മുടെ മനസ്സും, ശരീരവും , ജീവിത സാഹചര്യങ്ങളും എല്ലാം ബോധപൂർവ്വം ഉപയോഗിക്കണം. 

ഒന്നാം ഭാഗത്തിൽ  വിശദമാക്കിയായ ഡോ. തോമസ് ജെ ചാൽകോയുടെ  “ദി ഫ്രീഡം ഓഫ് ചോയ്‌സ് “ എന്ന ഗ്രന്ഥത്തിൽ നിന്നും പരാവർത്തനം  ചെയ്ത  “പ്രപഞ്ചം എങ്ങിനെ ഉണ്ടായി?” എന്ന ഭാഗത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ  വീണ്ടും ക്ഷണിക്കുകയാണ്.  അവബോധത്തിൻ്റെ സർവ്വ സ്വതന്ത്രമായ  ആരോഹണ യാത്രക്ക്  പ്രചോദനം നൽകുന്ന വിധത്തിൽ  മനോഹരമായിട്ടാണ്  ജീവിതത്തിൻ്റെ  ഡിസൈൻ ബ്ലൂ പ്രിൻറ്റ്  തയ്യാറാക്കിയിരിക്കുന്നത്  എന്ന് അദ്ദേഹം പറയുന്നുണ്ട്. ഈ അവസരത്തിൽ ഒന്നാം ഭാഗം വീണ്ടും വായിക്കുന്നത്  ഉപകാരപ്രദം ആയിരിക്കും.
  1. ശിവതത്വം 

ഇനി ശിവതത്വം എന്താണെന്ന് ചുരുക്കത്തിൽ നോക്കാം. ശിവന്‍ എന്നാല്‍ പ്രകാശമാണ്. പ്രകാശം എന്നാല്‍ ‘വെളിച്ചം’ എന്ന അര്‍ത്ഥത്തിലല്ല ഇവിടെ ആ പദം ഉപയോഗിക്കുന്നത്. പ്രകാശത്തെപ്പോലും പ്രകാശമെന്നു നമുക്ക്  മനസ്സിലാക്കി തരുന്ന ആ ശുദ്ധമായ, അപരിമേയമായ, അവബോധം – അതാണ്‌ ശിവതത്വം.  അതായത് ശുദ്ധമായ “ഞാൻ-ബോധം”, ശുദ്ധമായ  “കോണ്‍ഷ്യസ്നെസ്സ്”- എന്നുവച്ചാല്‍ , കണ്ണിനെ കൊണ്ട് കാഴ്ചകള്‍ കാണിപ്പിച്ച് കണ്ടതിന് അര്‍ത്ഥം നല്‍കി തിരിച്ചറിയിപ്പിക്കുന്ന, ചെവിയെക്കൊണ്ട് ശബ്ദങ്ങള്‍ കേള്‍പ്പിച്ച് കേട്ടതിന് അര്‍ത്ഥം നല്‍കി തിരിച്ചറിയിപ്പിക്കുന്ന, ത്വക്കിന്  സ്പര്‍ശനം കൊണ്ട്  സ്പര്‍ശിച്ചതിന് അര്‍ത്ഥം നല്‍കി സ്പര്‍ശിക്കപ്പെടുന്നതിനെ തിരിച്ചറിയിപ്പിക്കുന്ന, മൂക്കിന് ഘ്രാണനം കൊണ്ട് ഘ്രാണിച്ചതിന്  അര്‍ത്ഥം നല്‍കി അവയെ തിരിച്ചറിയിപ്പിക്കുന്ന, നാക്കിന് രസനത്താല്‍ അര്‍ത്ഥം നല്‍കി  രസിച്ചതിനെ    തിരിച്ചറിയിപ്പിക്കുന്ന അവബോധം എന്നര്‍ത്ഥം. സർവ്വ ചരാചരങ്ങൾക്കും അവബോധം ലഭിക്കുന്നത് ശിവതത്വം എന്ന ഉയർന്ന ഈ  അവബോധത്തിൽ നിന്നും ആണ്. 

നമ്മൾ ഓരോരുത്തരും ശിവ-ശക്തി തത്വങ്ങളുടെ മക്കളാണ്. ഈ ശിവതത്വവുമായിട്ടാണ് നമ്മൾ നിരുപാധികമായ ആത്മാർത്ഥ സ്നേഹ ബന്ധം  സ്ഥാപിക്കേണ്ടത്. എന്നാൽ, ശിവനും ശക്തിയും പരസ്പരം ഒന്നാണ്.  കാരണം, ഒന്നായിരുന്ന ശിവ-ശക്തി സൃഷ്ടിക്കുവേണ്ടി മാത്രം, ‘ശക്തി’ തൻ്റെ ശക്തി ഉപയോഗിച്ച് താൽക്കാലികമായി ശിവനെ അകത്തി  ധ്രുവീകരിച്ച്  നിറുത്തി, തന്നിൽ ശിവനെ പ്രതിഫലിപ്പിച്ചതാണ് ഇക്കാണുന്ന സർവ്വതും. അതുകൊണ്ട് തന്നെ ശിവ-ശക്തി  ബന്ധം ഉല്‍ക്കടമായ ആകർഷണത്താൽ ഇപ്പോഴും ഒന്ന് തന്നെയാണ്. ഇക്കാരണത്താൽ നമ്മൾ സ്ഥാപിക്കുന്ന  സ്നേഹബന്ധം  അടിസ്ഥാനപരമായി   അവിച്ഛിന്നമായ  ശിവ-ശക്തിയോടു  തന്നെയാണ്. 

സദ്‌-ഇച്ഛ-ജ്ഞാനം-ക്രിയാ-ആനന്ദം എന്ന പരമശിവ പ്രജ്ഞാനത്തിൻ്റെ      “സദ്‌” എന്ന ഭാവമാണ് ‘ശിവ തത്വം’ ആയി ഭവിക്കുന്നത്. ശിവ തത്വം, ശക്തി തത്വവുമായി പരസ്പരം ബന്ധിതമാണ്‌. സൃഷ്ടിയുടെ താഴത്തെ ശ്രേണിയില്‍ നിന്നും അവബോധത്തിൻ്റെ   മുകളിലേക്കുള്ള    മടക്ക യാത്രയില്‍ “ഞാന്‍” എന്ന ശുദ്ധമായ അവബോധം മാത്രമേ ശിവതത്വ തലത്തില്‍ ഉണ്ടാകുകയുള്ളൂ.

‘ശിവലിംഗം’ രൂപമില്ലാത്ത ശിവൻ്റെ (പരമശിവം)     സിംബോളിക് രൂപം മാത്രമാണ്. അവബോധത്തിന് പരിമിതികള്‍ ഉള്ള നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പല ഊന്നു വടികളും ആവശ്യമാണ്‌. പലര്‍ക്കും അവബോധം പല നിലയില്‍ ആയതുകൊണ്ട് നല്‍കപ്പെടുന്ന ഊന്നു വടികളും പല നിലയില്‍ ഉള്ളതാവണം. പരമശിവത്തിന്  രൂപം ഇല്ലെങ്കിലും ചിലര്‍ക്ക് മനസ്സിലാകുവാന്‍ അവര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ഉള്ള പേരുകൾ  കൊടുക്കേണ്ടി വരും. അതുകൊണ്ടാണ് പല പേരുകള്‍ ഉള്ളത്! ചിലര്‍ക്ക് പേരു മാത്രം മതിയാവുകയില്ല. ഒരു രൂപം കൂടി വേണം. അതുകൊണ്ടാണ് സിംബോളിക് ആയി ഒരു ശിവലിംഗ രൂപം നൽകപ്പെട്ടത്. ഇതെല്ലാം ഊന്നു വടികള്‍ മാത്രമാണ്. ക്രമേണ ഈ സഹായ വടികള്‍ എല്ലാം ഉപേക്ഷിച്ച് രൂപവും നാമവും ഒന്നും ഇല്ലാത്ത പരമമായ  സത്യത്തെ മനസ്സിലാക്കി അതുമായി താദാത്മ്യം പ്രാപിക്കണം. രൂപവും നാമവും എല്ലാം, ഒരു പരിമിതിയും ഇല്ലാത്ത പരമശിവനെ,  പരിമിതപ്പെടുത്തുന്ന സങ്കേതങ്ങള്‍ ആണ്. ഒരു താത്കാലിക സഹായമായി ഉപയോഗിക്കാം  എന്ന് മാത്രം.

  1. ശക്തി തത്വം 

ശക്തി തത്വം, ശിവ തത്വവുമായി ബന്ധിതമാണ്‌. സൃഷ്ടിയുടെ താഴത്തെ ശ്രേണിയില്‍ നിന്നും മനുഷ്യാവബോധത്തിൻ്റെ   മുകളിലേക്കുള്ള    മടക്ക യാത്രയില്‍ “ഞാന്‍” എന്ന ശുദ്ധമായ അവബോധം മാത്രമേ ശക്തി തത്വ തലത്തിലും  ഉണ്ടാകുകയുള്ളൂ.

ശുദ്ധമായ പരമശിവം എന്ന പ്രജ്ഞാനം  ഈ  തത്വ തലത്തില്‍ ഉണ്ട്. പ്രകാശത്തിൻ്റെയും പ്രകാശമാണ് ശക്തി.  അർദ്ധനാരീശ്വരൻ ആണ് ശക്തി. ശിവ തത്വത്തിൻ്റെ നേരിട്ടുള്ള പ്രതിഫലനം ഉള്ളതിനാലും, സമസ്ത സൃഷ്ടിയുടേയും മാതാവായതിന്നാലും ആണ് ഇത്. കുണ്ഡലീനി ശക്തിയാണ് ശക്തി തത്വം. നമുക്ക് ക്രിയാ  ശക്തി നൽകുന്ന  പ്രാണൻ എന്ന ഊർജ്ജത്തിൻ്റെ  സ്രോതസ്സ്‌ ആണ്  ശക്തി തത്വം. സദ്‌-ഇച്ഛ-ജ്ഞാനം-ക്രിയാ-ആനന്ദം എന്ന ശുദ്ധമായ പരമശിവം എന്ന പ്രജ്ഞാനത്തിൻ്റെ     “ഇച്ഛ” എന്ന ഭാവമാണ് ‘ശക്തി  തത്വം’ ആയി ഭവിക്കുന്നത്. 

  1. സദാശിവതത്വം 

പരമശിവ പ്രജ്ഞാനം     ഈ തത്വ തലത്തില്‍ ഉണ്ട്. സൃഷ്ടിയുടെ താഴത്തെ ശ്രേണിയില്‍ നിന്നും അവബോധത്തിൻ്റെ   ആരോഹണത്തിലുള്ള മടക്ക യാത്രയില്‍, ലഭിക്കുന്ന ഏറ്റവും ഉന്നതമായ, ശുദ്ധമായ അവബോധത്തിൻ്റെ   തലമാണ് സദാശിവ തത്വ തലം. “ഞാന്‍ തന്നെ ആണ് ഈ പ്രപഞ്ചം” എന്ന അനുഭവം ആയിരിക്കും മടക്കയാത്രയുടെ ഈ ഘട്ടത്തിൽ ജീവാത്മാവിന് ഉണ്ടാകുക. ഈ ഘട്ടത്തിലാണ് കൃപയെ അനാച്ഛാദനം ചെയ്യുന്നത്. (തുറന്നു തരുന്നത്) ശിവന്‍ കണ്ണുകള്‍ അടച്ചു കൊണ്ട്‌ ജീവാത്മാവിനെ അനുഗ്രഹിച്ച്, താനുമായി ഒന്ന് ചേരാന്‍ അനുവദിക്കുന്നത് ആണ് സദാശിവ തത്വം. 

സൃഷ്ടി പ്രക്രിയയില്‍, അവബോധത്തെ താഴേക്കു ആനയിക്കുന്ന “പ്രവർത്തി”യുടെ യാത്രയില്‍, ഈ തത്വ തലത്തില്‍ ഇച്ഛ-ജ്ഞാനം-ക്രിയാ  ശക്തികള്‍ പരിപൂർണമായ സന്തുലിതാവസ്ഥയിൽ നിൽക്കുന്നു.  ഭരണ കർത്താക്കളിൽ സമുന്നത പദവി ആണ് സദാശിവ തത്വം. 

‘ജീവാത്മാവ്’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മളാകുന്ന അവബോധത്തെ ആണ്. ശരീരവും മനസ്സും ജീവാത്മാവ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ്. നമ്മൾ ഓരോരുത്തരും ‘അവബോധം’ ആകുന്ന ജീവാത്മാക്കൾ ആണെന്ന് പറയാം. നമ്മൾ ശരീരമോ മനസ്സോ അല്ല. ശരീരമാണ്, മനസ്സാണ് എന്ന ധാരണ തെറ്റായ അറിവാണ്. 
  1. ഈശ്വര തത്വം 

ശുദ്ധമായ പരമ ശിവ പ്രജ്ഞാനം   ഈ തത്വ തലത്തില്‍ ഉണ്ട്. സൃഷ്ടിയുടെ താഴത്തെ ശ്രേണിയില്‍ നിന്നും അവബോധത്തിൻ്റെ   മുകളിലേക്കുള്ള മടക്ക യാത്രയില്‍, കൂടുതല്‍ ശുദ്ധമായ അവബോധത്തിൻ്റെ   തലമാണ് ഈശ്വര തത്വ തലം. “ഈ പ്രപഞ്ചം ഞാന്‍ തന്നെ വികസിച്ചതാണ്. ഈ പ്രപഞ്ചം മിഥ്യ അല്ല.” എന്ന അനുഭവം ആയിരിക്കും ജീവാത്മാവിന് ഉണ്ടാകുക.

സൃഷ്ടി പ്രക്രിയയില്‍, അവബോധത്തെ താഴേക്കു ആനയിക്കുന്ന “പ്രവർത്തി”യുടെ യാത്രയില്‍, ഈ തത്വ തലത്തില്‍   ഇച്ഛ-ജ്ഞാനം-ക്രിയയിൽ ജ്ഞാനശക്തിയും ക്രിയാശക്തിയുമാണ് മുന്നിട്ടു നില്‍ക്കുക. ശിവന്‍ കണ്ണുകള്‍ തുറന്നു കൊണ്ട് കൃപയെ, തൻ്റെ    തിരോധാന ശക്തികൊണ്ട്  പ്രച്ഛാദനം ചെയ്യുന്നു (മൂടി വക്കുന്നു). തത് ഫലമായി അവബോധത്തിന് ശക്തി കുറയുകയും, മായയാല്‍ സര്‍വ്വ ശക്തിയും കുറഞ്ഞു വളരെ പരിമിതമായ ജീവാത്മാവായി മാറുകയും ചെയ്യുന്നു. 

  1. ശുദ്ധവിദ്യാ ത്വത്വം 

ശുദ്ധമായ പരമശിവം എന്ന പ്രജ്ഞാനം  ഈ  തത്വ തലത്തില്‍ ഉണ്ട്. സൃഷ്ടി യുടെ താഴത്തെ ശ്രേണിയില്‍ നിന്നും അവബോധത്തിൻ്റെ   മുകളിലേക്കുള്ള മടക്ക യാത്രയില്‍, ശുദ്ധമായ അവബോധത്തിൻ്റെ   ആദ്യം വന്നെത്തുന്ന തലമാണ്‌ ശുദ്ധ വിദ്യയുടെ തലം. താന്‍ ശിവനാണ് എന്ന് അറിയാത്ത “പുരുഷന്‍” താന്‍ ശിവനാണ് എന്ന് ആദ്യമായി അറിയുന്നത് ശുദ്ധ വിദ്യയുടെ തലത്തില്‍ എത്തുമ്പോഴാണ്. എന്നാല്‍ ആ  തിരിച്ചറിയുന്ന അവബോധം  വന്നും പോയും ഇരിക്കും.  സ്ഥായി ആയ ശിവാവബോധം അല്ല ഈ ഘട്ടത്തില്‍ ഉണ്ടായിരിക്കുക. “ഞാന്‍ ശിവനാണ്, ഈ പ്രപഞ്ചം മിഥ്യയാണ്‌, ഞാന്‍ ശിവനാണ്” എന്ന അനുഭവം ആയിരിക്കും ജീവാത്മാവിന് ഉണ്ടാകുക. പ്രപഞ്ചവും ശിവനും എന്ന അവബോധം  മാറി മാറി വന്നുകൊണ്ടിരിക്കും.

സൃഷ്ടി പ്രക്രിയയില്‍, അവബോധത്തെ താഴേക്കു ആനയിക്കുന്ന “പ്രവർത്തി”യുടെ യാത്രയില്‍, ഈ തത്വ തലത്തില്‍   ഇച്ഛ-ജ്ഞാനം-ക്രിയയിൽ ജ്ഞാനശക്തിയും ക്രിയാശക്തിയുമാണ് മുന്നിട്ടു നില്‍ക്കുക. സൃഷ്ടി , സ്ഥിതി, സംഹാരം, എന്ന കര്‍തൃത്വത്തിനായിരിക്കും പ്രാധാന്യം. അതായത് പ്രപഞ്ച സൃഷ്ടി നടത്തുക എന്ന കര്‍ത്തവ്യ നിര്‍വ്വഹണത്തിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം. സദ്‌-ഇച്ഛ-ജ്ഞാനം-ക്രിയാ-ആനന്ദം എന്ന ശുദ്ധമായ പരമശിവം എന്ന പ്രജ്ഞാനത്തിൻ്റെ  “ആനന്ദം” എന്ന ഭാവമാണ് ‘ശുദ്ധവിദ്യാ തത്വം’ ആയി ഭവിക്കുന്നത്. 


പ്രജ്ഞാനത്തിൻ്റെ   താഴേക്കുള്ള ചുഴിയില്‍, ശിവനെ പശു ആക്കുന്ന പ്രക്രിയയാണ് സൃഷ്ടി എന്ന് പറഞ്ഞുവല്ലോ.  ആ  പ്രക്രിയയില്‍, ശുദ്ധ വിദ്യാ തത്വം ആണ്, രണ്ടാമത്തെ ഘട്ടത്തിലെ   പ്രപഞ്ച നിയമങ്ങൾ ആയ    ഏഴു തത്വങ്ങള്‍ സൃഷ്ടിക്കുന്നത്. 

രണ്ടാം ഘട്ടം –  ഏഴു ശുദ്ധാശുദ്ധ തത്വങ്ങൾ    

ഒന്നാം ഘട്ടത്തിൽ സൃഷ്ടിയുടെ മേൽനോട്ട ഉത്തരവാദിത്വമുള്ള അഞ്ച്  ഈശ്വര തത്വങ്ങൾക്ക് രൂപം നൽകുകയാണ് ഉണ്ടായത് എന്ന് നമ്മൾ കണ്ടുവല്ലോ. ശിവതത്വം പുല്ലിംഗമായ അച്ഛൻ. ശക്തിതത്വം സ്ത്രീലിംഗമായ അമ്മ. ഇരുവരുടേയും സന്താനങ്ങളാണ്  സദാശിവ-ഈശ്വര-ശുദ്ധവിദ്യാ തത്വങ്ങൾ. ഈ ഈശ്വര കുടുബത്തിലെ അഞ്ചുപേരും ചേർന്ന് സൃഷ്ടിച്ച് പരിപാലിക്കുന്നതാണ് ഈ സപ്രജ്ഞാനഭരിതമായ പ്രപഞ്ചം. അച്ഛൻ ‘പ്രജ്ഞാനം’ ആണ്.  അമ്മ  പ്രജ്ഞാനതിൻ്റെ ശക്തിയായ  ഊർജ്ജം ആണ്. അച്ഛൻ  തീവ്രമായ അവബോധം ആയതുകൊണ്ട്  സൃഷ്ടിയുടെ നിർദ്ദേശകനാണ്, അതുകൊണ്ട് പുല്ലിംഗമാണ്. (മൂന്നാം ഭാഗത്തിൽ കബാലിയോണിൽ പറഞ്ഞിരിക്കുന്ന ഏഴാമത്തെ “ലിംഗത്വ നിയമം” ഓർമ്മിക്കുക) ലഭിച്ച നിർദ്ദേശാനുസരണം അമ്മ  താനാകുന്ന ഊർജ്ജം ഉപയോഗിച്ച് സൃഷ്ടികൾ നടത്തുന്നു. അതുകൊണ്ട് സ്ത്രീലിംഗം ആണ്.  വളരെ മനോഹരമായ ഒരു ഉപമ ഉപയോഗിച്ച് ഇരുവരും തമ്മിലുള്ള സൃഷ്ടിനിർവ്വഹണം ശാസ്ത്ര ഗ്രന്ഥങ്ങളിൽ  വ്യക്തമാക്കുന്നുണ്ട്.  പ്രജ്ഞാനത്തിന് കണ്ണുകൾ ഉണ്ട് പക്ഷെ നടക്കുവാൻ കഴിയുകയില്ല. ഊർജ്ജത്തിന് കണ്ണുകളില്ല, പക്ഷേ നടക്കുവാൻ കഴിയും.  അതുകൊണ്ട് ഊർജ്ജത്തിൻ്റെ ചുമലിൽ കയറി പ്രജ്ഞാനം ഇരിക്കുമ്പോൾ, ഇരുവർക്കും ചലിക്കുവാനും കാണുവാനും കഴിയുന്നു. ഇതാണ് സൃഷ്ടിയുടെ പ്രവർത്തന രീതി. തദനുസരണം, സൃഷ്ടിക്കപ്പെട്ട സർവ്വതിലും പ്രജ്ഞാനവും ഊർജ്ജവസ്തുക്കളും  ഉണ്ട്. പ്രജ്ഞാനം പല തോതുകളിൽ ഉള്ള അവബോധമായി പരിമിതപ്പെട്ടിരിക്കുന്നത് കൊണ്ട് അവബോധത്തിൻ്റെ നിലയിൽ  വലിയ അന്തരങ്ങൾ ഒന്നിനൊന്നു ഉണ്ടെന്നു മാത്രം. 

അറിയുന്നതും അനുഭവിക്കുന്നതും പ്രജ്ഞാനം  മാത്രമാണ്. ബാക്കിയുള്ളതെല്ലാം അറിയപ്പെടുന്നതാണ്. അറിയപ്പെടുന്നതെല്ലാം ഊർജ്ജത്തിൻ്റെ വകഭേദങ്ങൾ ആണ്.   അപ്രകാരം “അവബോധവും” “ഊർജ്ജവസ്തുക്കളും” ആണ്  സൃഷ്ടി പ്രക്രിയയിൽ സൃഷ്ടിക്കേണ്ടത് – അറിയാനുള്ള പ്രജ്ഞാനവും  അറിയപ്പെടുവാനുള്ള ഊർജ്ജവസ്തുക്കളും. ആ രണ്ടു തത്വങ്ങൾ ആണ് യഥാക്രമം “പുരുഷനും”  “പ്രകൃതിയും”.  “പുരുഷൻ” ശിവ പ്രജ്ഞാനം തന്നെ  പ്രഭാവം കുറച്ചതാണ്. “പ്രകൃതി” എന്നത് ശക്തിയുടെ ഊർജ്ജം  വിവിധ തരത്തിൽ രൂപമാറ്റം വരുത്തിയതാണ്.  രണ്ടാം ഘട്ടത്തിൽ ഉന്നതമായ ശിവ പ്രജ്ഞാനത്തിൻ്റെ  പ്രഭാവം കുറച്ച് “പരുഷ” അവബോധം ആയി മാറ്റുന്നത് എങ്ങിനെ ആണ് എന്നത് സംബന്ധിച്ച ഏഴു തത്വങ്ങൾ ആണ്. മൂന്നാം ഘട്ടത്തിൽ പ്രകൃതി എങ്ങിനെ ആണ് രൂപീകൃതമാകുന്നത് എന്നത് സംബന്ധിച്ച ഇരുപത്തി അഞ്ച് തത്വങ്ങൾ ആണ്. 

ആദ്യമായി,  ശുദ്ധമായ ശിവ പ്രജ്ഞാന തീവ്രതയെ തിരി താഴ്ത്തി  കുറക്കുന്നത് മായയും മായയുടെ അഞ്ച് കഞ്ചുകങ്ങളും  ആണ്. ഈ ആറ് തത്വങ്ങൾ കൂടാതെ പുരുഷ തത്വവും ചേർന്ന്  ഏഴു തത്വങ്ങൾ ആണ് രണ്ടാം ഘട്ടത്തിലെ ശുദ്ധാശുദ്ധ തത്വങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ തത്വങ്ങൾ ആണ് സൃഷ്ടിയിലെ അവബോധത്തെ  പരിമിതപ്പെടുത്തുന്നതും അനിഷേദ്ധ്യമായ  പ്രപഞ്ച നിയമങ്ങൾ ആയി പ്രപഞ്ചത്തിൽ പിന്നീട് പ്രവർത്തിക്കുന്നതും. 

ഒന്നാം തലമുറയിലെ ശുദ്ധവിദ്യാ തത്വം ആണ് ശിവൻ്റെ അപരിമേയമായ    പ്രജ്ഞാനം പ്രകാശത്തെ  താഴ്ത്തിക്കുറച്ച് പരിമേയമായ  “പുരുഷന്‍” എന്ന തത്വം ആക്കി മാറ്റുന്നത്. അതായത്   ശുദ്ധ ശിവ പ്രജ്ഞാനത്തിൻ്റെ   തീവ്രതയുടെ  തിരി  താഴ്ത്തി  പുരുഷ അവബോധമായി മാറ്റിയത് ശുദ്ധവിദ്യാ തത്വം ആണ്.  

സൃഷ്ടാവും സൃഷ്ടിയും ഒരേ “പ്രജ്ഞാന”മെന്ന  “ബോധവസ്തു” തന്നെ ആണെങ്കിലും രണ്ടും തമ്മിൽ പ്രഭാവത്തിൽ അജഗജാന്തരം ഉണ്ട് എന്ന് നമ്മൾ കണ്ടു. സൃഷ്ടാവ് പരമ ശക്തനാണെങ്കിൽ സൃഷ്ടി പരമ ദുർബലനാണ്. സൃഷ്ടാവ് സർവ്വവ്യാപി ആണെങ്കിൽ സൃഷ്ടി സ്ഥലകാലകർമ്മഫലങ്ങൾ എന്ന പാശത്താൽ  ബന്ധിതമായ ‘പശുവാണ്.   ഈ പരിവര്‍ത്തന പതനം  സംഭവിക്കുന്നത്, ശിവ പ്രജ്ഞാനം ‘സ്റ്റെപ് ഡൌൺ” ചെയ്ത് പുരുഷ അവബോധം ആക്കുന്നതിലൂടെ ആണ്. 230 വോൾട്ട്  എന്നത് സ്റ്റെപ്-ഡൌൺ ട്രാൻസ്‌ഫോർമർ ഉപയോഗിച്ച് രണ്ട്  വോൾട്ട് ആക്കുന്നതിന് സമാനമാണത്. രണ്ടാം ഘട്ടത്തിലെ ശുദ്ധാശുദ്ധ തത്വങ്ങളായ മായയും മായയുടെ അഞ്ചു കഞ്ചുകങ്ങളും (ഉടുപ്പുകൾ, ആവരണങ്ങൾ) ചേർന്നതാണ് ആ ‘സ്റ്റെപ്-ഡൌൺ ട്രാൻസ്ഫോർമർ’.  അതുമാത്രമല്ല, “മായ”ക്ക് സ്വന്തമായ മൂന്ന് ‘മലങ്ങൾ’  അഥവാ ‘മാലിന്യങ്ങൾ’ കൂടി ഉണ്ട്. ആ മലങ്ങളും ‘സ്റ്റെപ്പിംഗ് ഡൌൺ” പ്രക്രിയ കൂടുതൽ  ഫലവത്താക്കുന്നു.

രണ്ടാം തലമുറയായി സൃഷ്ടിക്കപ്പെട്ടതെല്ലാം  ‘അശുദ്ധ’മായി എടുത്തുകൊണ്ടാണ് ശുദ്ധാശുദ്ധത നിർണ്ണയിച്ചിരിക്കുന്നത്.  ബ്രഹ്മപാദത്തിൽ ശിവ ശക്തിയോടൊപ്പം  ഉദയം ചെയ്ത ‘മായ’യെ  ശുദ്ധമായി എടുത്തത്  കൊണ്ട് കൂടിയാകാം    രണ്ടാം ഘട്ടത്തെ “ശുദ്ധാശുദ്ധം” എന്ന്  കലർത്തി പറയുന്നത്. യഥാര്‍ത്ഥത്തില്‍, ശൈവ സമ്പ്രദായ പ്രകാരം പരമമായ ഏകത്വമായ പരാസംവിത്ത്  (പരബ്രഹ്മം അഥവാ പരമ പ്രജ്ഞാനം)   മാത്രമാണ് ശുദ്ധമായ സത്യം. ആദിയിലേ അസ്തിത്വം ഉണ്ടായിരുന്നത് പരബ്രഹ്മം  ഒന്ന് മാത്രമാണ്. പിന്നെ ഉണ്ടായതെല്ലാം സൃഷ്ടിക്കപ്പെട്ടത് ആയതുകൊണ്ട്, എല്ലാം തന്നെ അശുദ്ധമാണ്. എങ്കിലും പഠന സൗകര്യത്തിന് വേണ്ടി ആയിരിക്കാം, ഒന്നാം തലമുറയായി സൃഷ്ടിക്കപ്പെട്ട അഞ്ചു തത്വങ്ങളെ ശുദ്ധതത്വങ്ങള്‍ എന്നും, ആ ശുദ്ധ  തത്വങ്ങളോട് അകന്ന് നില്‍ക്കുന്ന ഏഴു തത്വങ്ങളെ ശുദ്ധാശുദ്ധ തത്വങ്ങള്‍  എന്നും,  ഇരുപത്തിനാല് തത്വങ്ങളെ അശുദ്ധ തത്വങ്ങള്‍  എന്നും തന്ത്ര വിവരിക്കുന്നത്.

  1. ‘മായ’യും ‘മായ’യുടെ മൂന്ന് മലങ്ങളും 

സൃഷ്ടി പ്രക്രിയയിൽ ‘മായാ’ തത്വത്തിനുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. മായാ തത്വം  ആണ്  ജീവാത്മാവിന് ഭൗതിക  ശരീരവും, ശരീരത്തിനാവശ്യമായ ഉപകരണങ്ങളും നല്‍കുന്നത്. മായാ തത്വമാണ്  “ജീവാത്മാവിന്” താൻ  ശിവനാണെന്ന വസ്തുത അറിയിക്കാതെ  അജ്ഞത നൽകുന്നത്.  “ജീവാത്മാവ്” എന്നാൽ  പ്രജ്ഞാനം ഊർജ്ജവസ്തുവുമായി ചേർന്നു നിൽക്കുന്ന സ്ഥിതിയാണ്. തൊട്ട് മുൻപ് നൽകിയ ഊർജ്ജത്തിൻ്റെ ചുമലിൽ പ്രജ്ഞാനം കയറി ഇരുന്ന് സഞ്ചരിക്കുന്ന ഉദാഹരണം ജീവാത്മാവിൻ്റെ സ്ഥിതിയാണ്. നമ്മൾ ഓരോരുത്തരും ജീവാത്മാക്കൾ ആണ്.     ജീവാത്മാവിനെ കര്‍മ്മ ഫലങ്ങള്‍ക്ക് വിധേയമാക്കുന്നതും മായ തന്നെ. ജീവാത്മാവിന് ജ്ഞാനം നല്‍കുന്നതും, മാലിന്യങ്ങൾ നല്‍കുന്നതും, രണ്ടും, മായയാണ്. ജീവാത്മാവിന് ചുറ്റും പരിമിതികളുടെ ഒരു മുള്ളുവേലി കെട്ടി സദാസമയവും ഒരു കാവല്‍ക്കാരനെ പോലെ മായ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.

കാശ്മീര ശൈവത്തില്‍ മായ ജീവാത്മാവില്‍ ചേര്‍ക്കുന്ന അശുദ്ധിക്കാണ്  “മലം” എന്ന് പറയുന്നത്. ‘മലം’ സൂക്ഷിക്കുന്ന കലവറയാണ് മായ എന്ന് പറയാം. മലങ്ങള്‍  മൂന്നു വിധമുണ്ട് – ആണവ മലവും, മായിക  മലവും, കര്‍മ്മ മലവും.   മായുടെ താഴെ ഉള്ള എല്ലാ തത്വങ്ങളിലും മായിക മലം ചേര്‍ക്കുന്നത് മായ ആണ്. മായയുടെ മുകളിലുള്ള അഞ്ചു തത്വങ്ങളില്‍ മായിക മലം ഇല്ല, അവിടെ ആണവ മലം മാത്രമേ ഉള്ളൂ. അതിന് കാരണം അതെല്ലാം ശുദ്ധമായ ശിവ പ്രജ്ഞാനത്തിൻ്റെ     പരമാധികാര മേഖലകള്‍ ആണ് എന്നുള്ളതാണ്. ശിവൻ്റെ   പരമാധികാരത്തില്‍ ഉള്ളതാണ് മായ എങ്കിലും, മായ പരമ “ബിന്ദു”വിനാല്‍ സൃഷ്ടിക്കപ്പെട്ടതാണ്. അതുകൊണ്ട്, മായക്ക് ബിന്ദുവിൻ്റെ   സംരക്ഷണത്തില്‍ ഭരണ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. അതുകൊണ്ട് 6 മുതല്‍ 36 വരെ ഉള്ള തത്വങ്ങളില്‍ മായ തൻ്റെ   മായിക മലം ചേര്‍ക്കുന്നു. 

ഈ മൂന്നു മലങ്ങളില്‍, “കര്‍മ്മ മലം” മാത്രമാണ് നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തിയും ആയി ബന്ധപ്പെട്ടു നില്‍ക്കുന്നത്. മറ്റു രണ്ട് മലങ്ങളും നമ്മുടെ  കാഴ്‌ചപ്പാടുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്.

ഈ മലങ്ങള്‍ മായയിലാണ് വസിക്കുന്നത്. മായക്ക് യഥാർത്ഥത്തിൽ സ്വതന്ത്രമായ ശക്തി ഇല്ല. മായാ ശക്തിക്ക് സ്വതന്ത്ര ശക്തി ഉണ്ടെങ്കിലും, യഥാര്‍ത്ഥത്തിലുള്ള  സ്വതന്ത്ര ശക്തി എന്ന് പറയുന്നത് സ്വന്തം കരുത്തുകൊണ്ട് ജീവാത്മാവിനെ താഴേക്കു കൊണ്ടു വരുവാനും , സ്വന്തം കരുത്തുകൊണ്ട്  തന്നെ മുകളിലേക്ക് തിരികെ കൊണ്ട് വരുവാനും ഉള്ള ശക്തിയാണ്. മായക്ക് താഴെ കൊണ്ടുവരുവാന്‍ മാത്രമേ കഴിയൂ, തിരികെ മുകളിലേക്ക് കൊണ്ടു വരുവാനുള്ള കഴിവ് ഇല്ല. 

മായയുടെ ഈ മൂന്ന് മലങ്ങള്‍ സ്ഥൂല, സൂക്ഷ്മ, അതി സൂക്ഷ്മ എന്ന സ്ഥിതികളില്‍ ഉള്ളതാണ്. ഏറ്റവും സ്ഥൂലമായിട്ടുള്ളതാണ്   “കര്‍മ്മ മലം”. നമ്മുടെ പ്രവൃത്തികളും ആയി ബന്ധപ്പെട്ടതാണ് കര്‍മ്മ മലം. പ്രവൃത്തികളുടെ ഫലമായി നമുക്കുണ്ടാകുന്ന  ശക്തമായ വികാരങ്ങള്‍ (ഞാന്‍ സന്തോഷവാനാണ്; ഞാന്‍ ദു:ഖിതനാണ്; ഞാന്‍ ഭാഗ്യവാനാണ് എന്ന രീതിയില്‍ വരുന്ന വികാരങ്ങള്‍) ജീവാത്മാവിൻ്റെ   അവബോധത്തില്‍ മലം കലര്‍ത്തുന്നു. അത്തരം മലമാണ് “കര്‍മ്മ മലം”. ഒരു പ്രവർത്തിയുടെ അശുദ്ധി (കര്‍മ്മ മലം) ശുഭാശുഭ ചിന്തകളാകുന്ന   മുദ്രണങ്ങള്‍ ആണ്.   യഥാർത്ഥത്തിൽ ജീവാത്മാവിൻ്റെ    വ്യക്തിപരമായ അവബോധത്തിലാണ് ആ മുദ്രണങ്ങള്‍ പതിക്കുന്നത്. അത് മലമായി ഭവിക്കുന്നു.

അടുത്ത സൂക്ഷ്മ  അശുദ്ധിക്ക്  “മായിക മലം” എന്ന് പറയുന്നു. ഈ അശുദ്ധി സ്വന്തം അവബോധത്തിൽ വ്യതിയാനം സൃഷ്ടിക്കുന്നു. അത് അജ്ഞതയുടെ അശുദ്ധി  ആണ്.  “ഈ വീട് എൻ്റെയാണ്;  ഈ വീട് എൻ്റെ   സ്വന്തമല്ല;  ഈ മനുഷ്യൻ എൻ്റെ   സുഹൃത്താണ്;  അവൻ എൻ്റെ   ശത്രുവാണ്. ഇവൾ എൻ്റെ   ഭാര്യയാണ്;  അവൾ എൻ്റെ   ആരുമല്ല” എന്നെല്ലാം ഉള്ള ഭേദ വിചാരങ്ങള്‍ ജീവാത്മാവിൻ്റെ   അവബോധത്തില്‍ മലം ചാര്‍ത്തുന്നു. മായികാ മലം എന്ന  ദ്വന്ദ ഭാവം ഉണ്ടാക്കുന്നു. “ഞാനും മറ്റുള്ളവരും വ്യത്യസ്തരാണ്” എന്ന തോന്നല്‍  സര്‍വ്വതിലും ഒന്നായി ഉള്ള ശിവപ്രജ്ഞാനത്തിനെ  പലതായി കാണാന്‍ ഇട വരുത്തുന്നു.

മൂന്നാമത്തെ അതി സൂക്ഷ്മമായ അശുദ്ധിയെ  “ആണവ മലം” വിളിക്കുന്നു.  ശിവാവബോധത്തിൻ്റെ   വളരെ അടുത്ത നിലയില്‍ ജീവാത്മാവ്  എത്തിയാലും, ശിവാവബോധവും ആയി ലയിക്കാന്‍ പറ്റാത്ത സ്ഥിതി  സൃഷ്ടിക്കുന്ന അശുദ്ധി ആണ്  അതി സൂക്ഷ്മമായ  “ആണവ മലം”.  ‘ഞാന്‍ ശിവന്‍ ആണ്” എന്നറിഞ്ഞാലും ആ അവബോധം വളരെ വേഗം എന്നില്‍   അപ്രത്യക്ഷമാവുന്നു. “ഞാന്‍ അപൂര്‍ണ്ണനാണ്”  എന്ന തോന്നലാണ് ഫലം.

സൃഷ്ടിയുടെ ക്വാണ്ടം സയൻസ് 

പരമ ബിന്ദുവില്‍ നിന്നും ഓങ്കാര ‘നാദം’ ഉണ്ടായതും, തുടര്‍ന്ന് പ്രകാശവും, ശിവ ശക്തികളും ഉണ്ടായതും നേരത്തേ കണ്ടുവല്ലോ. ആണവ മലം ഉപയോഗിച്ച് തത്വങ്ങളെ മൂര്‍ത്തീകരിക്കുന്നത് ബിന്ദുവാണ്. സൃഷ്ടി ആരംഭിക്കുന്നത്  “പരബ്രഹ്മം” അഥവാ “പരമശിവം” അഥവാ “ദൈവം” എന്നും എല്ലാമുള്ള പല പേരുകളിൽ അറിയപ്പെടുന്ന   പരമ പ്രജ്ഞാനത്തിൽ നിന്നും ആണ്. “പ്രകാശം” എന്നാൽ “ഫോട്ടോൺ” ആണ്. ‘ഫോട്ടോണ്‍” എന്നത് ഊർജ്ജം തന്നെ ആണ്. വസ്തുവും ഊർജ്ജവും അങ്ങോട്ടും ഇങ്ങോട്ടും  പരസ്പരം രൂപമാറ്റം വരുന്ന ഒന്നാണ് എന്ന് ഐൻസ്റ്റീൻ തൻ്റെ പ്രസിദ്ധമായ E = mc 2 എന്ന സൂത്രവാക്യത്തിലൂടെ വ്യക്തമാക്കി തന്നിട്ടുണ്ട്. സൂര്യപ്രകാശത്തിൽ നിന്നും സസ്യങ്ങൾ ഫോട്ടോസിന്തസിസ് വഴി ഊർജ്ജം ഉത്പാദിപ്പിച്ച്‌ അത് സ്വന്തം ശരീരമാകുന്ന  ‘വസ്തു’ ആക്കി മാറ്റുന്നത് നമുക്കെല്ലാം അറിയാം. അങ്ങിനെ ഉണ്ടാകുന്ന സസ്യവസ്തുക്കളാണ്  ഭൂമിയിലെ മനുഷ്യൻ ഉൾപ്പെടുന്ന സർവ്വ ജന്തുജാലങ്ങൾക്കും ജീവൻ നിലനിർത്തുന്നതിനുള്ള ഉപാധി. 

“മായ” സൃഷ്ടിയുടെ വളരെ തുടക്കത്തിൽ ശിവ-ശക്തി തത്വത്തിനോടോപ്പം ജനിച്ചതാണ്. അതുകൊണ്ട് മായയുടെ “ആണവ” മലം എന്ന ഘടകം സൃഷ്ടിയിലെ ഒന്നാം ഘട്ടമായ ശുദ്ധ  തത്വങ്ങളുടെ തലം മുതൽ താഴേക്കുള്ള സർവ്വ തത്വങ്ങളേയും ബാധിക്കുന്നുണ്ട്. പ്രസ്തുത “ആണവ”ത്തിൽ നിന്നും ആണ് ഫോട്ടോണും, ഫോട്ടോണിൽ നിന്ന് ഊർജ്ജവും, ഊർജ്ജത്തിൽ നിന്നും അന്തമായ വ്യാപനശക്തിയുള്ള ‘വസ്തുക്കളും’,  തീരെ വ്യാപന ശക്തിയില്ലാത്ത ഖരവസ്തുക്കളും എല്ലാം ഉണ്ടാകുന്നത്. ഇതാണ് സൃഷ്ടിയിലെ ക്വാണ്ടം സയൻസ്!  “ആണവം” എന്നാല്‍ ഇംഗ്ലീഷ് ഭാഷയിലെ  “ആറ്റം” ആണ്. ആണവത്തിൻ്റെ   നിലയില്‍ എല്ലാം ധിഷണാ ശക്തി ഉള്ള പ്രകമ്പനങ്ങള്‍ ആണല്ലോ. അതായത് “ഡാറ്റാ എൻകോഡ്” ചെയ്തിരിക്കുന്ന “ക്വാണ്ടം” ആണ് പ്രകമ്പനം.  വളരെ  മനോഹരമായിട്ടാണ് സനാതന ധർമ്മത്തിലെ സൃഷ്ടിയുടെ ചരിത്രം ക്വാണ്ടം സയന്‍സ് ആയി മാറുന്നത്.

അതുപോലെ തന്നെ,  നാദത്തിന് (ഓങ്കാരത്തിന്) വളരെ പ്രത്യേകതയുള്ള ഒരു സ്വഭാവം ഉണ്ട്. കേള്‍വിയില്‍ നാദത്തിന് ഒരേ  രൂപമാതൃക  ആണെങ്കിലും, അത് കേള്‍ക്കുന്ന  കേള്‍വിക്കാരില്‍ (ജീവാത്മാക്കളില്‍) ആ നാദം ഉളവാക്കുന്ന ഫലങ്ങള്‍ നാനാ തരം ആണ്. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍,  നാദം “ജീനോ ടിപ്പിക്കല്‍” (ഒരേ ജനിത ഘടനഉള്ളത്)  ആണെങ്കിലും അതുണ്ടാക്കുന്ന ഫലം “പോളിമോര്‍ഫസ്” (ഭിന്ന രൂപങ്ങള്‍ ഉള്ളത്‌) ആണ്. ഉദാഹരണത്തിന്, രണ്ട് ഇരട്ട സഹോദരര്‍ക്ക് , ഒരേ ജനിത ഘടകങ്ങള്‍ ആണെങ്കിലും അവരുടെ മനസ്സിൻ്റെ   ഘടനയുടെ വ്യത്യാസം  ഒരേ വിഷയത്തില്‍ അവരുടെ പ്രതികരണങ്ങളില്‍ ഉള്ള വ്യത്യാസങ്ങളില്‍ നിന്നും മനസ്സിലാക്കാം. നാദത്തിന്  ഒരേ ജനിത ഘടന തോന്നിച്ചാലും, അത് ഓരോ ജീവാത്മക്കള്‍ക്കും തനതായതാണ്.

അതുപോലെ ഒരു ജീവാത്മാവിൻ്റെ    ശരീരത്തിൻ്റെ   ജനനം, ശൈശവം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം, മരണം തുടങ്ങി എല്ലാ കാര്യങ്ങളും “മായ”യുടെ ഒരു കഞ്ചുകമായ  “കാല” തത്വത്തിൻ്റെ   അദൃശ്യമായ  ക്വാണ്ടം ചെപ്പിൽ  അടങ്ങിയിരിക്കുന്നു. അങ്ങിനെ സര്‍വ്വ ചരാചരങ്ങളുടേയും സമ്പൂര്‍ണ്ണ വിവരങ്ങള്‍ മായ “എൻകോഡ്” ചെയ്ത്  കൈവശം വച്ചിരിക്കുന്നു.

മായാ ശക്തിയുടെ സൃഷ്ടി പ്രയാണത്തിൻ്റെ   പെരുവെള്ള പാച്ചിലില്‍ ആണ്  പുറകെ വരുന്ന സര്‍വ്വ  തതത്വങ്ങളും  പ്രപഞ്ചവും ഉണ്ടാകുന്നത് – പുരുഷനും പ്രകൃതിയും കൂടി ചേർന്ന്  ജീവാത്മാവ്, ജീവാത്മാവിൻ്റെ   ത്രുഗുണങ്ങള്‍ അടങ്ങിയ മനസ്സ്,ബുദ്ധി, അഹങ്കാരം, കാലം, സ്ഥലത്തിൻ്റെയും വിധിയുടേയും വ്യവസ്ഥിതികള്‍, ജ്ഞാനം, മോഹങ്ങള്‍, അഭിനിവേശങ്ങള്‍, പ്രകൃതി, പഞ്ച മഹാശക്തികള്‍   തുടങ്ങി എല്ലാം  ഉണ്ടാകുന്നത് മായയില്‍ നിന്നും ആണ്.

മായ,  ശിവ-ശക്തിയില്‍ (പ്രജ്ഞാന ശക്തിയിൽ) നിന്നും ജനിച്ചു വന്നതാണ്. ശക്തിയുടെ താഴേക്ക് വലിക്കുന്ന ശക്തിയാണ് ‘മായ’. അതേ ശക്തിയുടെ മുകളിലേക്ക് വലിക്കുന്ന ശക്തിയാണ് ‘ശക്തി’. ജീവാത്മാവ് തന്നിലുള്ള  “മല”ങ്ങളെ അകറ്റി, തന്നിലുള്ള ശിവാവബോധം വീണ്ടെടുക്കുമ്പോള്‍, മായയും പരിവാരങ്ങളും തങ്ങള്‍ കൊണ്ടു വന്ന മലങ്ങളും തത്വങ്ങളും വാരി എടുത്ത് അപ്രത്യക്ഷമാകും. ചുരുക്കി പറഞ്ഞാല്‍, ജീവാത്മാക്കളായ നമ്മുടെ സര്‍വ്വ സുഖ-ദുഃഖ അനുഭവങ്ങളും   കര്‍മ്മ നിയമങ്ങള്‍ അനുസരിച്ച് മാത്രം ഉണ്ടാകുന്നതാണ്. കര്‍മ്മ നിയമങ്ങള്‍ക്ക് കാരണം “മായാ” എന്ന തത്വം ആണ്.  മായാ തത്വം  പ്രവര്‍ത്തന ക്ഷമം ആകുവാന്‍ കാരണം മായാ-മലം ആണ്.

മായ – സൃഷ്ടിയുടെ ക്വാണ്ടം  കമ്പ്യൂട്ടർ ?

മായയെ കുറിച്ച് പറയുമ്പോൾ   അത്ഭുതകരമായ കുറച്ചു വസ്തുതകൾ കൂടി  ഇത്തരുണത്തിൽ മനസ്സിലാക്കുന്നത്  രസാവഹമായിരിക്കും. മായാതത്വത്തിൽ ആണവ മലം, മായിക മലം, കർമ്മ മലം എന്നീ  മൂന്നു വിധത്തിലുള്ള “മലങ്ങൾ”അടങ്ങിയിരിക്കുന്നത് നമ്മൾ കണ്ടു. ഇതിൽ ആണവ മലം പരമ സൂക്ഷ്മം ആണ് – “അറ്റോമിക്” നിലയിലുള്ള വ്യാപകതയാണ് ആണവ മലത്തിന് ഉള്ളത്.  അതിനാൽ ആണവ മലം ശുദ്ധതത്വങ്ങളേയും  ശുദ്ധാശുദ്ധ തത്വങ്ങളേയും അശുദ്ധതത്വങ്ങളേയും ഒരുപോലെ ബാധിക്കുന്നുണ്ട്.  അതായത് ആണവ മലം ഈശ്വരതത്വം മുതൽ സൃഷ്ടിയുടെ സമസ്ത തലങ്ങളേയും ബാധിക്കുന്നു. 

ആണവ മലമാണ്‌  36 തത്വങ്ങൾക്കും ആകൃതിയും രൂപവും നൽകി നിലനിൽപ്പുള്ള വസ്തുക്കൾ ആക്കുന്നത്.   വസ്തുക്കൾ  ദൃശ്യമോ അദൃശ്യമോ ആകാം. അതായത്  പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളും സർവ്വ പ്രതിഭാസങ്ങളും നിലനിൽപ്പിൽ  വരുന്നത് മായയിലെ ആണവ മലത്തിൽ നിന്നും ആണ്. അത് മാത്രമല്ല നമ്മുടെ ഓരോരുത്തരുടേയും “കർമ്മ”ങ്ങൾ (ചിന്തകളും,  വാക്കുകളും, പ്രവർത്തികളും) അനുനിമിഷം ശ്രദ്ധിച്ച നിരീക്ഷിച്ച്, അതിൻ്റെ കണക്കുകൾ സൂക്ഷിച്ച്, കർമ്മ     നിയമങ്ങൾ നടപ്പിൽ വരുത്തുന്നത് സമാനമായ കാർമ്മിക  മലം ആണ്. അതിനർത്ഥം, ഭൂമിയിലെ മാത്രം വസ്തുതകൾ നോക്കിയാൽ, 7.3 ബില്യൺ മനുഷ്യരുടെ ഓരോ ചിന്തകളും, ചെയ്തികളും, അവയുടെ ഫലങ്ങളും കണക്കിലെടുത്ത് സൂക്ഷിച്ചു വച്ച് നിയതി തത്വം വഴി മുറ തെറ്റാതെ, കൃത്യ സമയത്ത്, കൃത്യ സ്ഥലത്ത്, കൃത്യമായ വ്യക്തികൾക്ക്  ജീവിതാനുഭവങ്ങൾ ആയി വിതരണം ചെയ്യേണ്ടതുണ്ട്. ഇത് നമ്മുടെ മാത്രം  ഭൂമി എന്ന ഗ്രഹത്തിൻ്റെ  കാര്യമാണ്. 

വളരെ സങ്കീർണ്ണമായ വിവര സാങ്കേതിക വിദ്യ കുറ്റമറ്റ നിപുണതയോടെ ഉപയോഗിച്ചാൽ അല്ലാതെ  ഇതൊന്നും ചെയ്യുവാൻ മനുഷ്യന്  ഭൂമിയിൽ സാദ്ധ്യമല്ല എന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. ജീവജാലങ്ങളുടെ വംശ വർദ്ധനവിനും, പരിണാമത്തിനും ഡാറ്റകളും ഓർമ്മകളും തലമുറകളിലേക്ക് കൈമാറേണ്ടത് അത്യാവശ്യമായതിനാൽ,   വിവര സാങ്കേതിക ഡാറ്റകളുടെ ഭീമാകാരമായ “എൻകോഡിംഗ്” നിലവിലുണ്ടെന്ന് വ്യക്തം. പ്രപഞ്ചത്തിൻ്റെ വ്യാപ്തി നോക്കുമ്പോൾ, നമ്മളറിയുന്ന ഭൂമി എത്ര നിസ്സാരമാണ്.
നമ്മുടെ  സയൻസ് അറിയുന്ന ലോകം  സയൻസിന് കാണുവാനും, തൊടുവാനും, അറിയുവാനും കഴിയുന്ന വസ്തുക്കൾ ഉള്ള ലോകം മാത്രമാണ് . “ആറ്റം” ഉപയോഗിച്ചുള്ള വസ്തുക്കൾ  വെറും 4 % മാത്രമാണ് പ്രപഞ്ചത്തിൽ ഉള്ളത്. ആ നാല് ശതമാനം പ്രപഞ്ചം മാത്രമാണ് സയൻസിൻ്റെ   അറിയുന്ന പ്രപഞ്ചം. ബാക്കി 96% പ്രപഞ്ചവും നിത്യ നിതാന്ത  ശൂന്യതയാണ് –  ഗൂഢമായ ഡാർക്ക് മാറ്ററും ഡാർക് എനർജിയും കൊണ്ട് നിറഞ്ഞു നിൽക്കുന്ന അറിയാത്ത എന്തോ ഒന്ന്. അതാണ് 96 ശതമാനം. ഗലാക്സി കൂട്ടങ്ങളെ അടുപ്പിച്ചു നിറുത്തുന്ന പേരറിയാത്ത  ‘പശ’ ആയിട്ടാണ് ശാസ്ത്രം   ഡാർക് എനർജിയെ കാണുന്നത്. അതിനപ്പുറം ശാസ്ത്രത്തിന്   ഒന്നും അറിയില്ല.
സയൻസ്   അറിയുന്ന 4% പ്രപഞ്ചത്തിന്റെ 99.9 ശതമാനവും “ഇന്റർ സ്റ്റെല്ലാർ ഡസ്റ്റ്” (നക്ഷത കൂട്ടങ്ങൾക്കിടയിലെ പൊടി പടലം) ആണ് താനും.   അതുകൊണ്ടു സയൻസിന് അവിടെ  ഒന്നും കാണുവാൻ കഴിയുകയില്ല.  ഒരു പക്ഷേ, ആ 99.9% ആകാം പരമ പ്രജ്ഞാനം.  പരമ പ്രജ്ഞാനത്തിൻ്റെ ഒരു മൂലയിൽ മാത്രം നടന്ന ഒരു ഭാഗിക പരീക്ഷണം മാത്രമായിരിക്കാം പ്രപഞ്ചം എന്ന സൃഷ്ടി! ആരറിഞ്ഞു!!    കാണുവാൻ കഴിയുന്ന പ്രപഞ്ചം വെറും  0.1%  മാത്രമാണ്.  ആ 0.1% പ്രപഞ്ചത്തിൽ  രണ്ടു ട്രില്യൺ ഗാലൿസികൾ ആണ് ഉള്ളത്.  അതായത് ഇരുപതിനായിരം കോടി ഗാലക്സികൾ!! – ഇതാണ് സയൻസ് അറിയുന്ന പ്രപഞ്ചം . നമ്മൾ ജീവിക്കുന്നത് ‘മിൽകിവേ’ (ആകാശ ഗംഗ അല്ലെങ്കിൽ ക്ഷീര പഥം) എന്ന ഗലാക്സിയിലാണ്. നമ്മുടെ  സ്വന്തം ഗലാക്സിയിൽ നൂറ്  മില്യൺ നക്ഷത്രങ്ങൾ ഉണ്ട്.  അതായത്, പത്ത് കോടി നക്ഷത്രങ്ങൾ.  ഓരോ നക്ഷത്രത്തിനും,   സൂര്യനു സൗരയൂഥമുള്ളതുപോലെ  പല   ഗ്രഹങ്ങളും  ഉണ്ട്.   രണ്ട് ട്രില്യൺ ഗാലക്സികൾക്ക് എല്ലാം കൂടി മൊത്തം   700 സെക്സ്ട്രിലിയൺ പ്ലാനെറ്റുകൾ ഉണ്ട്- നമ്മുടെ ഭൂമിയെ പോലെ ഉള്ള ഗ്രഹങ്ങൾ. (1 സെക്സ്ട്രിലിയൺ = 1,000,000,000,000,000,000,000  = ലക്ഷം കോടി, കോടി  – അങ്ങിനെ ഉള്ള 700 സെക്സ്ട്രിലിയൺ ഗ്രഹങ്ങൾ അതായത് 700 ലക്ഷം കോടി, കോടി   ഗ്രഹങ്ങൾ ആണ് ഉള്ളത്, അതും  സയൻസ് അറിയുന്ന വെറും  0.1 ശതമാനം പ്രപഞ്ചത്തിൽ. അതിൽ നമ്മൾ മാത്രമാണ് ‘ബുദ്ധിയുള്ള’ മനുഷ്യർ ഉള്ളത് എന്ന് ചിന്തിക്കുന്നത് എത്ര മണ്ടത്തരം ആണ്!  ആലോചിച്ചു നോക്കൂ, എത്ര വലുതാണ് പ്രപഞ്ചം!! ഇത്രയും സയൻസ് അറിയുന്ന കാര്യങ്ങൾ. അറിയാത്ത കാര്യങ്ങൾ അതിലേറെ!  

ഇത്രയും ഭീമമായ  ഡാറ്റകൾ  ‘പ്രോസസ്സ്’ ചെയ്യുന്ന  ക്വാണ്ടം കമ്പ്യൂട്ടർ ആയിരിക്കാം മായാതത്വം. അതിൻ്റെ ചിപ്പുകളും കോഡിങ്ങുകളും ആയിരിക്കാം മായയുടെ അഞ്ചു കഞ്ചുകങ്ങളും മലങ്ങളും. “തത്വം” എന്നാൽ “കോഡിങ്” എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ. സ്വാഭാവികമായും സപ്രജ്ഞമായ, ജീവനുള്ള ഒരു  ക്വാണ്ടം കമ്പ്യൂട്ടർ. ലക്ഷ്യബോധമുള്ള പ്രപഞ്ചം. അവബോധമുള്ള  പുരുഷനും പ്രകൃതിയും. ബോധപൂർവ്വമുള്ള  നമ്മുടെ അവബോധ വികാസത്തിലൂടെ നമ്മൾ മടങ്ങി നില നിൽപ്പിൻ്റെ ഉന്നത ശ്രേണികളിലേക്ക് മടങ്ങണം. 

‘മായ’യുടെ അഞ്ച്  കഞ്ചുകങ്ങള്‍ 


മായ മലങ്ങള്‍ നല്‍കി  പരമ പ്രജ്ഞാനത്തെ പുരുഷ തത്വത്തമായി  (അവബോധത്തമായി)  പരിമിതപ്പെടുത്തുന്നത് കൂടാതെ, തൻ്റെ   അഞ്ചു കഞ്ചുകങ്ങള്‍കൊണ്ട് പുരുഷ തത്വത്തെ (അവബോധത്തെ) ആവരണം ചെയ്തത് വീണ്ടും പരിമിതപ്പെടുത്തുന്നുണ്ട്. മായയെ  പുരുഷ തത്വത്തിൻ്റെ   ചുമലില്‍ സ്ഥിരമായി ഇരിക്കുന്ന ഒരു കുരങ്ങനായി സങ്കല്‍പ്പിക്കാം എന്നാണ് തന്ത്രയില്‍ പറയുന്നത്. കാലം, കലാ, രാഗം, വിദ്യാ, നിയതി എന്നിവയാണ് ആ കഞ്ചുകങ്ങള്‍. മായയും ചേര്‍ത്ത് അങ്ങിനെ ആറു തത്വങ്ങൾ ആണ് പുരുഷ തത്വത്തെ തീവ്രമായി പരിമിതപ്പെടുത്തുന്നത്. 

ശക്തിയുടെ മറ്റൊരു ഭാവമാണ് മായ. അതായത് മായയും ശക്തിയും ഒന്ന് തന്നെ ആണ് എന്നര്‍ത്ഥം. മായ നമ്മെ താഴേക്ക് പിടിച്ച് വലിക്കുന്നു. പക്ഷേ, ശക്തി നമ്മെ മുകളിലേക്ക് ഉയര്‍ത്തുന്നു.  

വേദാന്തം പറയുന്നത് ബ്രഹ്മൻ്റെ    അനിര്‍വചനീയമായ, അവിഛ്ന്നമായ  ശക്തിയാണ് മായ എന്നാണ്. തന്ത്ര പറയുന്നത്  അമാപിയായ (അളക്കുവാന്‍ പറ്റാത്ത) ഒന്നിനെ  മാപനം ചെയ്യാന്‍ പറ്റുന്ന (അളക്കുവാന്‍ പറ്റുന്ന)  വിധത്തില്‍ പരിമിതപ്പെടുത്താനുള്ള പരമശിവൻ്റെ ശക്തി  ആണ് മായ എന്നാണ്. അല്ലെങ്കില്‍, അപരിമേയമായ കാര്യങ്ങളെ പരിമേയമായ കാര്യങ്ങള്‍ ആക്കുവാനുള്ള ശക്തിയാണ് മായ. എങ്ങിനെ ആണ് മായ അത് ചെയ്യുന്നത്? മായക്കു അഞ്ച് കഞ്ചുകങ്ങള്‍ ഉണ്ട്. അത് ഉപയോഗിച്ചു അഞ്ചു വിധത്തിലാണ് മായ പ്രവര്‍ത്തിക്കുന്നത്.  

മായയുടെ പ്രവര്‍ത്തന ഫലമായി നമുക്ക് അഞ്ചു തരത്തിലുള്ള ക്ലേശങ്ങള്‍ ഉണ്ടാകുന്നു. ആത്മീയമായ അജ്ഞത (അവിദ്യ), അഹങ്കാരം (അസ്മിത), കൊതി (രാഗം), മോഹം (അഭിനിവേശം), കോപം (ദ്വേഷം) എന്നിവയാണ് അവ. മായയുടെ അഞ്ചു ആവരണംകൊണ്ട് പൊതിയപ്പെട്ട് ക്ലേശങ്ങള്‍ അനുഭവിക്കുന്ന “പുരുഷര്‍” ആണ് നമ്മള്‍ എല്ലാവരും. മായ ആകുന്ന പാശത്താല്‍ ബന്ധിക്കപ്പെട്ട “പശുക്ക”ളാണ് നമ്മള്‍. പാശത്താല്‍ ബന്ധിക്കപ്പെട്ടത്‌ പശു! പഠനത്തിനും, ജ്ഞാന സമ്പാദനത്തിനും, ആഗ്രഹ സാഫല്യത്തിനും, കര്‍മ്മഫലത്തില്‍ നിന്നും മുക്തി നേടുന്നതിനും, ജീവിത ദൈര്‍ഘ്യം കൂട്ടുന്നതിനും എല്ലാം നമുക്ക് വലിയ പരിമിതികള്‍ ഉണ്ട്. നമുക്കറിയാം ശിവ പ്രജ്ഞാനം സീമാതീതമാണെന്ന്. തന്ത്ര പറഞ്ഞു തരുന്നത്‌, നമ്മളെല്ലാവരും വലിയ പരിമിതികള്‍ ഉള്ള കൊച്ചു ശിവന്മാര്‍ ആണെന്നാണ്‌. ആ പരിമിതികളെ അതിജീവിച്ചു ശിവത്വത്തിലേക്ക് മടങ്ങുക  എന്നതാണ് നമ്മുടെ ജീവിത ലക്ഷ്യം എന്നും, തന്ത്ര അതിനുള്ള മാര്‍ഗ്ഗം ആണെന്നും തന്ത്ര  നമ്മെ പഠിപ്പിക്കുന്നു.  

എങ്ങിനെ ആണ് ‘മായ’ ശിവ പ്രജ്ഞാനത്തെ തരം താഴ്ത്തുന്നത്?

അപരിമേയമായ ശബ്ദത്തെ മായ പരിമേയമായ ശബ്ദ തന്മാത്രകള്‍ ആക്കുന്നു. ഉദാഹരണത്തിന്, നമുക്ക് 20 ഹേര്‍ട്സിനും 20000 ഹേര്‍ട്സിനും ഇടയിലുള്ള ശബ്ദ വീചികള്‍ മാത്രമേ കേള്‍ക്കാന്‍ കഴിയുകയുള്ളൂ. അതുപോലെ തന്നെ, നമ്മുടെ കാഴ്ച ശക്തിക്കും, സ്പര്‍ശന  ശക്തിക്കും, ഘ്രാണശക്തിക്കും,  രസന ശക്തിക്കും എല്ലാം വലിയ പരിമിതികള്‍ ഉണ്ട്. ഇതെല്ലാം ചെയ്യുന്നത് മായ അതിനെ എല്ലാം അതിൻ്റെ   “തന്‍”-മാത്രകള്‍ ആക്കി മാറ്റിക്കൊണ്ടാണ്. 

ടോര്‍ നോറട്രാന്‍ണ്ടേഴ്സ് എന്ന ഒരു ഡെന്മാര്‍ക്ക്‌ എഴുത്തുകാരന്‍ ഉണ്ട്. ശാസ്ത്രീയ വിഷയങ്ങളെ ക്കുറിച്ച്  അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട്. മനുഷ്യ മനസ്സിനേയും അവബോധത്തേയും കുറിച്ചു ശാസ്ത്രീയ പരീക്ഷണങ്ങളില്‍ നിന്നും വെളിവാക്കപ്പെട്ട  രസകരമായ പല വിവരങ്ങളും അദ്ദേഹം ക്രോഡീകരിച്ചിട്ടുണ്ട്, തൻ്റെ   “ദി യൂസര്‍ ഇല്ലുഷന്‍ – കട്ടിങ് കോൺഷ്യസ്നെസ്സ് ഇൻ ടു  സൈസ്” എന്ന ഗ്രന്ഥത്തില്‍. 

ആ കൃതിയില്‍ ശാസ്ത്രീയ ഗവേഷണങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നമ്മുടെ ബോധ മനസ്സിനെക്കുറിച്ചു പറയുന്നുണ്ട്. നമ്മുടെ ബോധമനസ്സിന് ഒരു സെക്കന്‍റില്‍ 20-50 ബിറ്റ് വിവരങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയുന്നുള്ളൂ. (വിവര സാങ്കേതിക വിദ്യയില്‍ വിവരങ്ങളുടെ  വ്യാപ്തി അളക്കുന്ന തോതാണ് ബിറ്റ്. ഒരു “ബിറ്റ്” എന്നാൽ രണ്ടു മൂല്യങ്ങൾ മാത്രമടങ്ങുന്ന അളവാണ്. ഒരു വാക്ക് കമ്പ്യൂട്ടറിൽ ടൈപ്പ്‌ചെയ്താൽ അതിൽ  അഞ്ച് അക്ഷരങ്ങൾ ഉണ്ടെങ്കിൽ, അതിൽ ഓരോ  അക്ഷരവും ഓരോ “ക്യാരക്റ്റർ” ആണ്. അങ്ങിനെ ഉള്ള ഒരു “ക്യാരക്റ്റർ” ഏകദേശം  2 ബിറ്റാണ്. ഒരു മിനിറ്റിൽ 300 വാക്കുകൾ വീതം വായിച്ചു മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നുവെങ്കിൽ ഒരു സെക്കൻഡിൽ അഞ്ചു വാക്കുകൾ നമ്മുടെ ബോധമനസ്സ് അതിനാവശ്യമായ  നടപടികൾ പൂർത്തിയാക്കുന്നു എന്നർത്ഥം.  ഒരു വാക്കിൽ അഞ്ച് ക്യാരക്റ്ററുകൾ ഉണ്ടെങ്കിൽ, ഒരു സെക്കൻഡിൽ അമ്പത് ബിറ്റുകൾ നമ്മുടെ ബോധമനസ്സ് “പ്രോസസ്സ്” ചെയ്യുന്നു.). പക്ഷേ നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങള്‍ക്ക് വിധേയമായി യഥാര്‍ത്ഥത്തില്‍ 10-12 മില്യൺ ബിറ്റ് (അതായത് 1 – 1.2 കോടി ) വിവരങ്ങള്‍ ഓരോ സെക്കന്‍റിലും നമ്മുടെ മുന്‍പിലുണ്ട്. പത്ത് മില്ല്യൺ പിക്സെല്ലുകള്‍ നമ്മുടെ കണ്ണുകള്‍ക്ക്  തന്നെ ഓരോ സെക്കന്‍റിലും ലഭ്യമായുണ്ട്. അതു കൂടാതെ മറ്റൊരു  മില്യൺ ബിറ്റ് വിവരങ്ങള്‍ ഓരോ സെക്കന്‍റിലും നമ്മള്‍ ത്വക്ക് കൊണ്ട് സ്പര്‍ശിക്കുന്നുണ്ട്. പിന്നെ മറ്റ് മൂന്ന് ഇന്ദ്രിയങ്ങളും ചേര്‍ന്ന് വേറെ ഒരു മില്ല്യൺ ബിറ്റ്സിൻ്റെ    ലഭ്യതയും നമുക്ക്  ഉണ്ട്. 

പ്രായപൂർത്തിയായ ഒരു  മനുഷ്യ മസ്തിഷ്കത്തിൻ്റെ  മെമ്മറി ശേഷി ശരാശരി ട്രില്യൺ കണക്കിന് ബൈറ്റുകൾ ആണ്. തലച്ചോറിലെ സെറിബ്രൽ കോർട്ടക്സിൽ മാത്രം 125 ട്രില്യൺ സിനാപ്സുകൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു സിനാപ്‌സിന് ഏകദേശം 4.7 ബിറ്റ് വിവരങ്ങൾ സംഭരിക്കാൻ കഴിയുമെന്നാണ്  പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. (ഒരു ബൈറ്റ് എന്നാൽ 256 മൂല്യസംഖ്യകൾ വളരെ സൂക്ഷിക്കുവാൻ കഴിയുന്ന 8 ബിറ്റുകൾ ആണ്.)

ന്യൂറോണുകൾ തലച്ചോറിലെ സന്ദേശങ്ങൾ പ്രോസസ്സ് ചെയ്യുകയും കൈമാറുകയും ചെയ്യുന്ന മസ്തിഷ്ക കോശങ്ങളാണ്, അതേസമയം സിനാപ്സുകൾ ന്യൂറോണുകളെ  തമ്മിൽ ബന്ധിപ്പിക്കുന്ന  പാലങ്ങളാണ്, ന്യൂറോണൽ പാതകളെ ബന്ധിപ്പിക്കുകയും തലച്ചോറിലുടനീളം സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുകയും ചെയ്യുന്നപാലങ്ങൾ ആണവ. അങ്ങനെ, നമ്മൾ 125 ട്രില്യൺ സിനാപ്‌സുകളുടെയും 4.7 ബിറ്റ് വിവരങ്ങളുടെയും സംഖ്യകൾ കണക്കാക്കിയാൽ, അത് തലച്ചോറിന് കൈകാര്യം ചെയ്യുവാൻ സാധിക്കുന്നത്  ഏകദേശം 1 ട്രില്യൺ ബൈറ്റുകളുടെ വിവരങ്ങളാണ്-  അതായത് 1 ടിബി (ടെറാബൈറ്റ്).

എന്നാൽ, ഒരു സെക്കണ്ടില്‍ നമ്മളുടെ  ബോധമനസ്സിൻ്റെ   “മനസ്സിലാക്കൽ” നടക്കുന്നത് തുലോം തുച്ഛമായ ഏകദേശം 20 മുതൽ 50  വരെ ഉള്ള ബിറ്റുകളെ സംബന്ധിച്ചു മാത്രം! പല ഗവേഷകരും വ്യത്യസ്തമായ ബിറ്റുകൾ ആണ് കണ്ടെത്തിയതെങ്കിലും അതല്ലാം 120 ബിറ്റുകളിൽ താഴെ മാത്രമാണ്.  ഇതില്‍ നിന്നും എത്രമാത്രം  പ്രവര്‍ത്തന ക്ഷമതക്കുറവോടെ ആണ്  നമ്മുടെ  ബോധമനസ്സ് പ്രവര്‍ത്തിക്കുന്നത് എന്ന് കാണാം. മനസ്സ് എന്നത് നമ്മുടെ ഉപകരണമാണ്; നമ്മള്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണമാണ്. നമ്മള്‍ ബോധപൂര്‍വ്വം നമ്മുടെ ബോധ മനസ്സില്‍ വര്‍ത്തിക്കാതെ ഇരിക്കുമ്പോള്‍ നമ്മുടെ അബോധ മനസ്സാണ് പകരം അവിടെ വര്‍ത്തിക്കുനത് എന്ന് കാണാം.  

ഈ തന്മാത്രകളില്‍ ആണ് പഞ്ചഭൂതങ്ങളുടെ   നിലനില്‍പ്പ്‌. ശബ്ദത്തില്‍ ആകാശവും, സ്പര്‍ശത്തില്‍ വായുവും, രൂപത്തില്‍ അഗ്നിയും, രസത്തില്‍ ജലവും, ഗന്ധത്തില്‍ ഭൂമിയും നിലനില്‍ക്കുന്നു. ഈ പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നത് ഈ പഞ്ചഭൂതങ്ങളെക്കൊണ്ടാണ്. ഈ പഞ്ചഭൂതങ്ങളെ തന്മാത്രകളായിട്ടാണ് നമ്മുടെ അഞ്ചു ഇന്ദ്രിയങ്ങള്‍ സ്വീകരിക്കുന്നത്. ശബ്ദത്തെ ശബ്ദമായി, സ്പര്‍ശത്തെ സ്പര്‍ശമായി, രൂപത്തെ രൂപമായി, രസത്തെ രസമായി, ഗന്ധത്തെ ഗന്ധമായി ഇന്ദ്രിയങ്ങള്‍ സ്വീകരിക്കുന്നു. 

പഞ്ചേന്ദ്രിയങ്ങളിലൂടെ   സ്വീകരിച്ച തന്മാത്രകളെ  മനസ്സാകുന്ന  അന്ത:ക്കരണത്തില്‍ എകോപിപ്പിക്കുന്നു. അതിന് ശേഷം മനസ്സില്‍ ചില തരംതിരിയ്ക്കലുകളും, ലേബല്‍ ഇടലുകളും,  മാറ്റി വയ്ക്കലുകളും  മറ്റും നടക്കുന്നുണ്ട്. അതിനെ എല്ലാം കൂടി യോഗയില്‍ വിളിക്കുന്നത്‌ ‘ചിത്ത വൃക്തികള്‍’ എന്നാണ്. എന്തൊക്കെ ആണ്  ചിത്ത വൃത്തികള്‍? മനസ്സ് ഉള്‍പ്പെടെ, ബുദ്ധിയും, അഹങ്കാരവും ചേര്‍ന്നു  മൂന്നു അന്തക്കരണങ്ങള്‍ ആണ് പഞ്ചേന്ദ്രിയങ്ങളെ സഹായിക്കാന്‍ ഉള്ളത്, തന്ത്രയില്‍. അഹങ്കാരം വന്ന് പറയും, “ഇതെൻ്റെ   ആണ്”, “ഇതെൻ്റെ   അല്ല” എന്നൊക്കെ. അങ്ങിനെ ആണ് ഞാന്‍-നീ എന്നൊക്കെ ഉള്ള ദ്വൈത ഭാവം ഉണ്ടാകുന്നത്. ഈ ദ്വൈത ഭാവത്തില്‍ മുങ്ങിയാണ് നമ്മള്‍ ജീവിക്കുന്നത്.  ബുദ്ധി വന്ന് പറയും, “ഇത് നല്ലത്”, “ഇത് ചീത്ത”, “ഇത് എനിക്കിഷ്ടം”, “ഇത് എനിക്കിഷ്ടം അല്ല” എന്നൊക്കെ. അങ്ങിനെ എല്ലാ ഇന്ദ്രിയാനുഭവങ്ങളും  നമ്മളില്‍ ചില മുദ്രണങ്ങള്‍ അവശേഷിപ്പിക്കുന്നു. അതാണ്‌ “സ്മൃതികള്‍”. ഈ ജന്മത്തിലെ സ്മൃതികള്‍ ആണ് അടുത്ത ജന്മത്തിലെ വാസനകള്‍. അങ്ങിനെ ജന്മാന്തരങ്ങളായി വാസനകളും കര്‍മ്മങ്ങളും സഞ്ചിതമായി അവ കര്‍മ്മ നിയമങ്ങള്‍ക്ക് വിധേയമായി നമ്മിൽ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. 

7. കാല തത്വം  

ജീവാത്മാവിൻ്റെ   അവബോധത്തിൻ്റെ   അനശ്വരത്വം എടുത്ത് കളഞ്ഞ്  അതിനെ ഒരു നിശ്ചിത സമയത്തേക്കുമാത്രം ഭൗതിക ലോകത്തില്‍  നിലനില്‍ക്കാന്‍ കഴിയുന്ന ഒന്നാക്കി മാറ്റി പരിമിതപ്പെടുത്തുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി എന്ന മൂന്നു കാലത്താല്‍ ബന്ധിച്ചു മായ ജീവാത്മാവിനെ തളച്ചിടുന്നു. എല്ലാ അനുഭവങ്ങള്‍ക്കും ഒരു കാലത്തിൻ്റെ    മുദ്രണം ഉണ്ട്. അതനുസരിച്ചാണ് ജീവാത്മാവിൻ്റെ   അനുഭവങ്ങള്‍ വരുകയും പോകുകയും ചെയ്യുന്നത്.  ജീവാത്മാവിന് നിശ്ചയിച്ച  ക്ലിപ്തമായ സമയ ദൈർഖ്യം ആണ് കാലം. നമ്മുക്ക് നമ്മുടെ വയസ്സ് അല്ലെങ്കിൽ പ്രായത്തെക്കുറിച്ചുള്ള ബോധം (“എനിക്ക് 35 വയസ്സായി”, അല്ലെങ്കിൽ 70 വയസ്സായി എന്നെല്ലാം ഉള്ള ബോധം) കാല തത്വത്തിൻ്റെ ഫലമാണ്.

ശൈവ സിദ്ധാന്തത്തില്‍  കാലം എന്നത് അനന്തമായ ഒന്നല്ല. കാലത്തിന്, ശുദ്ധ കാലം എന്നും അശുദ്ധ കാലം എന്നും  രണ്ട് പ്രവര്‍ത്തന രീതികള്‍ ഉണ്ട്.  ശുദ്ധ കാലം എന്നത് എന്തെങ്കിലും അളവുകോല്‍ ഉപയോഗിച്ച് അളക്കാവുന്ന ഒരു കാലം അല്ല. ദൈവീകമായ കാലമാണ്. ദിവ്യമായ കാര്യങ്ങള്‍ സംഭവിക്കുന്നത്‌ ശുദ്ധ കാലത്താണ്. കര്‍മ്മ നിയമങ്ങളുടേയോ, മായയുടേയോ സ്വാധീനം ശുദ്ധകാലത്തിന് ഇല്ല. നേരേ മറിച്ചു, നമ്മള്‍ (ഭൗതിക ശരീരത്തോട് കൂടിയ ജീവാത്മാക്കള്‍) ജീവിക്കുന്നത് അളക്കുവാന്‍ കഴിയുന്ന അശുദ്ധ കാലത്തിലാണ്. 

8. കലാ തത്വം 

ജീവാത്മാവിൻ്റെ   അവബോധത്തിൻ്റെ   മഹത്തായ സർഗ്ഗാത്മക ക്രിയാ  ശക്തിയെ പരിമിതപ്പെടുത്തി വെറും സാധാരണ കല മാത്രം ആക്കി മാറ്റുന്നു. മായയുടെ  ഫലമായി ശിവൻ്റെ   സര്‍വ്വ ശക്തമായ ക്രിയാ ശക്തി, നമ്മില്‍ പരിമിതമായ വെറും പ്രവർത്തി ശക്തി ആയി ഭവിക്കുന്നു. “ഞാൻ പാട്ട് പാടുന്ന  കലാകാരനാണ്” അല്ലെങ്കിൽ ”എനിക്ക് എഴുതുവാൻ ഉള്ള കഴിവുണ്ട്”  എന്ന അഹങ്കാരം കലർന്ന ചിന്ത കലാതത്വത്താൽ ഉണ്ടാകുന്നതാണ്. അതായത് എന്തുവേണമെങ്കിലും ചെയ്യുവാനുള്ള കഴിവല്ല, ചില പ്രത്യേക കാര്യം മാത്രം ചെയ്യുവാനുള്ള കഴിവാണ് ആ പരിമിതി സമ്മാനിക്കുന്നത്.  ആത്മീയ ജ്ഞാനത്തിനുള്ള ആത്മാവിൻ്റെ    ഭിന്നങ്ങളായ അഭിരുചികൾ  കലയാല്‍ സംഭവിക്കുന്നതാണ്. അതായത്  ആത്മീയമായ അഭിരുചിയും, ശ്രമങ്ങളും ഒരു കലയാണ്‌. 

9. രാഗാ തത്വം 

ജീവാത്മാവിൻ്റെ   അവബോധത്തിന്  ഉണ്ടാവേണ്ടിയിരുന്ന  ഇച്ഛ-ജ്ഞാനം-ക്രിയാ ശക്തിയിലെ  ഇച്ഛാശക്തിയെ പരിമിതപ്പെടുത്തി വെറും ആഗ്രഹങ്ങള്‍ ആക്കി മാറ്റുന്നു. മായയുടെ ഫലമായി  ‘ഇച്ഛ’ നമ്മളില്‍ വെറും “രാഗം” അല്ലെങ്കില്‍ “ആഗ്രഹം”  അല്ലെങ്കില്‍ ‘അഭിനിവേശം” ആക്കി പരിമിതപ്പെടുത്തുന്നു. താൻ പരിപൂർണ്ണനല്ല, ഇനിയും പലതും ആവശ്യമുണ്ട് എന്ന തോന്നൽ സദാ ഉണ്ടായിക്കൊണ്ടിരിക്കുന്നത് രാഗ തത്വത്താൽ ആണ്.  പരമശിവനിൽ ഇച്ഛ എന്നത് സര്‍വ്വ ശക്തമാണ്. ഇച്ഛയുടെ ഉദയത്തില്‍ തന്നെ ജ്ഞാനം-ക്രിയ നടന്നു കഴിയുന്നു. നമ്മില്‍ ആഗ്രഹം ഉദിച്ചാല്‍ , അത് പൂര്‍ത്തികരിക്കാനുള്ള ജ്ഞാനം സമ്പാദിച്ചു , പ്രവര്‍ത്തിക്കണം അത് നടന്നു കിട്ടാന്‍. അതാകട്ടെ, കാല-ദേശത്താല്‍ ബന്ധിതമാണ് താനും. ലോകം അനുഭവിക്കാനുള്ള ആത്മാവിൻ്റെ  അഭിനിവേശമാണ്‌ രാഗം.


10. വിദ്യാ തത്വം

ജീവാത്മാവിൻ്റെ    അവബോധത്തിൻ്റെ   സർവ്വജ്ഞാന ശക്തിയെ (ഭൂതം, ഭാവി, വർത്തമാനം ഇവ ഒരേസമയം അറിയാനുള്ള കഴിവ്) പരിമിതപ്പെടുത്തി വെറും പരിമിതമായ ഭൗതിക അറിവുകൾ ആക്കി മാറ്റുന്നു.  ഉദാഹരണത്തിന്, ഒരു വൃത്തം മനസ്സില്‍ ആലോചിക്കുമ്പോള്‍, ആ വൃത്തം മാത്രമേ നമ്മള്‍ കാണുന്നുള്ളു മനസ്സില്‍. ആ വൃത്തത്തിനു പുറത്തുള്ള പ്രതലം അവിടെ ഉണ്ടെങ്കിലും അത് നമ്മുടെ അറിവിൻ്റെ   പരിധിയിലേക്ക്  സ്വമേധയാ  കടന്നു വരുന്നില്ല. ഇതാണ് പരിമിതമായ അറിവിൻ്റെ   സ്വഭാവം. അറിവിൻ്റെ പരിമിതി വിദ്യാ തത്വം കൊണ്ടാണ്.

11. നിയതി തത്വം 

ജീവാത്മാവിൻ്റെ    അവബോധത്തിൻ്റെ   സര്‍വ്വവ്യാപിത്വം എടുത്ത് കളഞ്ഞ്  അതിനെ ഒരു സമയത്ത് ഒരു സ്ഥലത്ത് മാത്രം നിലനില്‍ക്കുന്ന ഒന്നായി പരിമിതപ്പെടുത്തുന്നു. നിയതി എന്നാല്‍ കാലമാകുന്ന ചരടില്‍ കോര്‍ത്തിട്ടിരിക്കുന്ന ‘വിധി’കളാണ്; വിധി എന്നാല്‍ ഒരു ക്ലിപ്ത സമയത്ത് ക്ലിപ്ത നേരത്തേക്ക്  ജീവാത്മാവ് ഉണ്ടായിരിക്കാന്‍ വിധിക്കപ്പെട്ട സ്ഥലം മാത്രമല്ല, കര്‍മ്മ നിയമങ്ങളും അവയുടെ ഒഴിവാക്കാന്‍ പറ്റാത്ത ഫലങ്ങളും കൂടി നിയതിയാണ്‌.   സ്വന്തം കർമ്മ ഫലങ്ങൾക്ക് അനുയോജ്യമായ വിധത്തില്‍,  അനുസൃതമായി ആത്മാവിന് വന്നു ചേരുന്ന അനുഭവങ്ങൾ ആണവ. നിയതിയും, മായയെ പോലെ, ജീവാത്മാവിന് ചുറ്റും പരിമിതികളുടെ ഒരു വലിയ മുള്ളുവേലി കെട്ടി സദാസമയവും ഒരു കാവല്‍ക്കാരനെ പോലെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. കര്‍മ്മ നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നത് നിയതി തത്വത്തില്‍ കൂടിയാണ്. 

“നിയതി”യുടെ  പ്രവർത്തന രീതി മനസ്സിലാക്കുവാൻ ഒരു ഉദാഹരണം നൽകാം. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടി ഒരു റോഡപകടം സംഭവിക്കണം എങ്കിൽ അപകടത്തിൽ പെടുന്ന രണ്ടു വ്യക്തികൾ ഒരു കൃത്യസ്ഥലത്ത്, ഒരു കൃത്യസമയത്ത് എത്തണം. ആ രണ്ടു വ്യക്തികളിൽ ആരെങ്കിലും ഒരാൾ ഒരു നിമിഷം വൈകി വരുകയോ, ഒരു നിമിഷം നേരത്തേ വരുകയോ ആണെങ്കിൽ ആ കൂട്ടിമുട്ടൽ ഒഴിവായിക്കൊണ്ട് വാഹനം കടന്നു പോകുമായിരുന്നു. അങ്ങിനെ സംഭവിക്കാതെ, ഒരു നിശ്ചിത സ്ഥലത്ത് ഒരു നിശ്ചിത സമയത്ത് സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ എത്തിക്കുന്നത് “നിയതി” തത്വം ആണ്. അവസാന നിമിഷം ഓടിയെത്തി വാഹങ്ങളിൽ കയറിയ പലരും ദുരന്തത്തിൽ പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ അവസാന നിമിഷം വാഹനത്തിൽ കയറാനാവാതെ  പലരും ദുരന്തങ്ങളിൽ നിന്നും രക്ഷപെടുന്ന കാഴ്ചയും നമ്മൾ കണ്ടിട്ടുണ്ട്.  രണ്ടായിരത്തി ഒന്ന് സെപ്റ്റംബർ പതിനൊന്നിന് ന്യൂയോർക്കിൽ  വേൾഡ് ട്രേഡ് സെൻറ്ററിൽ ആക്രമണം നടന്നപ്പോൾ  ജോലിക്ക് എത്തുവാൻ വൈകിപ്പോയതുകൊണ്ട് മാത്രം മരണത്തിൽ നിന്നും രക്ഷപ്പെട്ടവർ ഉണ്ടായിരുന്നു. അങ്ങിനെ എല്ലാം സംഭവിക്കുന്നത് “നിയതി” തത്വം പ്രവർത്തിക്കുന്നതുകൊണ്ടാണ്. 

12. “പുരുഷ” തത്വം 

“പുരുഷൻ-പ്രകൃതി” എന്നത് ഒന്നാം ഘട്ടത്തിലെ (സൃഷ്ടാവിൻ്റെ)  “ശിവ-ശക്തി” തത്വ ദ്വയത്തിന്    സമാനമായ സൃഷ്ടിയിലെ തത്വ ദ്വയങ്ങളാണ്. സൃഷ്ടാവ് അപരിമേയമാണെങ്കിൽ സൃഷ്ടി പരിമേയമാണ്. സൃഷ്ടാവ് അളക്കുവാൻ പറ്റാത്തത് ആണെങ്കിൽ സൃഷ്ടി അളക്കുവാൻ പറ്റുന്നതാണ്.  

“പുരുഷ” തത്വം എന്താണെന്ന് മനസ്സിലാക്കമെങ്കിൽ ഇംഗ്ലീഷിലെ സബ്ജെക്ട്-ഒബ്ജെക്ടിലെ  “സബ്ജെക്ട്” അല്ല, ‘ശുദ്ധമായ സബ്ജെക്ടിവിറ്റി” എന്താണെന്ന് മനസ്സിലാക്കണം. മലയാള വ്യാകരണത്തിലെ “കർത്താവ്-കർമ്മം-ക്രിയ”യിലെ “കർത്താവ്” എന്ന പദത്തിലെ  ശുദ്ധമായ “കർത്താവ്” ആരാണ് എന്ന് മനസ്സിലാക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “താൻ-അന്യൻ”  എന്ന ജോഡിയിലെ ശുദ്ധമായ ‘താൻ’ ആരാണെന്ന് മനസ്സിലാക്കണം. 

“പുരുഷ തത്വം” എന്നത്  ഒറ്റയായി നില്‍ക്കാന്‍ കഴിയുന്ന  “താന്‍” എന്ന ‘ഒബ്സേര്‍വര്‍ / സബ്ജെക്റ്റ്’ ആണ്. എല്ലാം കാണുകയും, അറിയുകയും, അനുഭവിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രം നമ്മിലുണ്ട്. അതാണ് പുരുഷ തത്വം.

“പ്രകൃതി തത്വം” എന്ന് പറയുന്നത് മറ്റു 29 തത്വങ്ങളേയും രൂപീകരിച്ച് അതുകൊണ്ട് “അന്യന്‍” എന്ന ‘ഒബ്സേര്‍വ്ഡ്‌’ / ‘ഓബ്ജെക്റ്റ്’  സൃഷ്ടി ക്കുന്ന “പ്രകൃതി” എന്ന ശക്തിയെയാണ്.  ഈ 29 തത്വങ്ങളും “പുരുഷ തത്വം” എന്ന “താന്‍” എന്ന ‘ഒബ്സേര്‍വര്‍ / സബ്ജെക്റ്റിന് അനുഭവിക്കുവാന്‍  വേണ്ടി ഉണ്ടാക്കുന്നതാണ്. ‘ഒബ്സേര്‍വര്‍ / സബ്ജെക്റ്റ്’ ആയ  പുരുഷ തത്വം ആണ് ജീവാത്മാവ്. എന്നാല്‍ ഈ പുരുഷ തത്വം എന്ന ‘ഒബ്സേര്‍വറുടെ  ‘താന്‍ പോരിമ’ മായയും, മായയുടെ അഞ്ചു ആവരണങ്ങളും ചേര്‍ന്ന ഷഡ്-കഞ്ചുകങ്ങളാല്‍ തീവ്രമായി പരിമിതപ്പെട്ടു നിറുത്തുന്നു. ഇനി അങ്ങോട്ട്‌ ‘ഒബ്സേര്‍വര്‍ / സബ്ജെക്റ്റ്’ ആയ  പുരുഷ തത്വത്തെ  ‘ജീവാത്മാവ്’ എന്നായിരിക്കും വിവക്ഷിക്കുന്നത്. നമ്മള്‍ ഓരോരുത്തരും അത്തരം പരിമിതമാക്കപ്പെട്ട ജീവാത്മാക്കള്‍ ആണ് എന്ന കാര്യം വിസ്മരിക്കരുത്.

ശൈവ  സമ്പ്രദായത്തില്‍ “പുരുഷന്‍” സാക്ഷാത്ക്കാരം ലഭിച്ച ഒരു ആത്മാവല്ല.  പുരുഷ തത്വം അഹങ്കാര തത്വത്താല്‍ പരിമിതമാക്കപ്പെട്ട ഒന്നാണ്.  പുരുഷനും അഹങ്കാരവും തമ്മിലുള്ള വ്യത്യാസം, പുരുഷന്‍ “താന്‍”എന്ന ‘ഒബ്സേര്‍വര്‍ / സബ്ജെക്റ്റ്’ ആയി ബന്ധപ്പെട്ടു നില്‍ക്കുന്നു. അഹങ്കാരം ‘ഒബ്സേര്‍വ്ഡ്‌’ / ‘ഓബ്ജെക്റ്റ്’ ആയി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. മാത്രവുമല്ല, മുകളില്‍ പറഞ്ഞതുപോലെ,  പുരുഷന്‍ മായയുമായി  കെട്ടുപിണഞ്ഞാണ് കിടക്കുന്നതും.  

ഒരു പ്രധാന കാര്യം,   പുരുഷനും പ്രകൃതിയും തമ്മില്‍ പരസ്പരം ആശ്രയിച്ചു നില്‍ക്കുന്നു എന്നതാണ്. പുരുഷന്‍ ആണ് പ്രകൃതിയുടെ ഉടമസ്ഥന്‍ എങ്കിലും, പ്രകൃതിയുടെ ഗുണ-ദോഷങ്ങള്‍  അനുഭവിക്കുന്നത് പുരുഷൻ ആണ്.  പുരുഷ തത്വം മനുഷ്യനെ ശിവതത്വത്തിലേക്ക്  തിരികെ ആകർഷിച്ചുകൊണ്ടിരിക്കും. പ്രകൃതി തത്വം മനുഷ്യനെ ബാഹ്യമായ സൃഷ്ടിക്കപ്പെട്ട വസ്തുക്കളിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കും. രണ്ടും തമ്മലുള്ള ഒരു വടം വലിയാണ് അല്ലെങ്കിൽ ഒരു സംഘർഷണമാണ് മനുഷ്യ ജീവിതത്തിൽ സംഭവിക്കുന്നത്. അവബോധത്തോടേയും, ഉദ്ദേശ്യ ലക്ഷ്യത്തോടേയും അനുനിമിഷം ജീവിച്ചാൽ  മാത്രമേ മനുഷ്യന് മുക്തി സാദ്ധ്യമാകൂ.

മൂന്നാം ഘട്ടം – ഇരുപത്തി നാല് അശുദ്ധ തത്വങ്ങള്‍

ഒന്നാം ഘട്ടത്തിലെ ശുദ്ധവിദ്യ ശിവ പ്രജ്ഞാനത്തെ മൂന്ന് മായാ മലങ്ങളും അഞ്ചു മായാ കഞ്ചുകങ്ങളും ഉപയോഗിച്ച്  “സ്റ്റെപ്പ് ഡൌൺ“ ചെയ്ത് “പുരുഷ തത്വ”മാക്കുന്നത് രണ്ടാം ഘട്ടത്തിൽ നമ്മൾ കണ്ടു. “പുരുഷ തത്വം”  അവബോധമാണ്,  സ്വതന്ത്രമായ നിലനിൽപ്പുള്ളതാണ്, ശിവ തത്വത്തിൽ നിന്നും നേരിട്ട്  ശക്തി തത്വത്തിലൂടെ ഉദയം കൊണ്ടതാണ്, അറിയുകയും, അനുഭവിക്കുകയും ചെയ്യുന്ന,  സൃഷ്ടി ദ്വൈതത്തിലെ പുല്ലിംഗമാണ് എന്നും നമ്മൾ കണ്ടു. രണ്ടാം ഘട്ടത്തിൽ “പുരുഷ” തത്വത്തിൻ്റെ വിശദാംശങ്ങൾ ആയിരുന്നെങ്കിൽ, മൂന്നാം ഘട്ടത്തിൽ പ്രകൃതി തത്വത്തിൻ്റെ വിശദാംശങ്ങൾ ആണ്.  അറിയപ്പെടുകയും, അനുഭവിക്കപ്പെടുകയും ചെയ്യേണ്ടവ  എല്ലാം   “പ്രകൃതി” തത്വം ആണ്, സ്ത്രീലിംഗം ആണ്. പ്രകൃതിയും പ്രകൃതിയുടെ 23 ഘടകങ്ങളും സൃഷ്ടിക്കപ്പെട്ടവ ആയതുകൊണ്ട് അശുദ്ധ തത്വങ്ങൾ ആയി അറിയപ്പെടുന്നു.

പുല്ലിംഗം, സ്ത്രീലിംഗം എന്ന് പറയുമ്പോൾ അത് ആൺ-പെൺ വ്യത്യാസമാണെന്ന് ധരിക്കരുത്. ആണിലും പെണ്ണിലും പുല്ലിംഗവും സ്ത്രീലിംഗവും ഉണ്ട്. ഒരു മൺതരിയിലും പുല്ലിംഗവും സ്ത്രീ ലിംഗവും ഉണ്ട്.  ഏതു വസ്തുവായാലും   വസ്തുവിലെ അവബോധം ആണ് പുല്ലിംഗമായ ‘പുരുഷ’ തത്വം. ഏതു വസ്തു ആയാലും, ആ വസ്തുവിലെ  ഭൗതിക ഘടകം ആണ്‌ സ്ത്രീ ലിംഗമായ ‘പ്രകൃതി’ തത്വം. മൺതരിയിലും ചെറുതാണെങ്കിലും മൺതരിക്കും ഉണ്ട്  അവബോധം. അതുകൊണ്ടാണ് അത് മൺതരി ആയി നിശ്ചിത കാലം  നിലനിൽക്കുന്നത്. മൺതരി നിർമ്മിച്ചിരിക്കുന്ന വസ്തുക്കൾ ആണ്  സ്ത്രീ ലിംഗമായ പ്രകൃതി തത്വം.  അതുപോലെ നമ്മുടെ ശരീരവും മനസ്സും എല്ലാം “പ്രകൃതി” എന്ന സ്ത്രീലിംഗ തത്വത്തിൽ നിന്നും ഉണ്ടായതാണ്. നമ്മളിലെ “ഞാൻ” എന്ന അവബോധം “പുരുഷ” എന്ന പുല്ലിംഗ തത്വതമാണ്. 

മരിച്ചുകഴിയുമ്പോൾ, ഒരു മൃതശരീരത്തിൽ നിന്നും  അപ്രത്യക്ഷമാകുന്ന ‘അവബോധം’ ആണ്  “പുരുഷ” തത്വം എന്ന്  പെട്ടെന്ന്  മനസ്സിലാക്കുവാൻ  വേണ്ടി  പ്രഥമ തലത്തിൽ പറയാവുന്നതാണ്. എങ്കിലും, കൃത്യമായി പറഞ്ഞാൽ, മൃത ശരീരത്തിൽ നിന്നും വേർപെട്ടു പോകുന്നത് “ജീവാത്മാവ്” ആണ്. “ജീവാത്മാവ്” അല്ലെങ്കിൽ “ആത്മാവ്” എന്ന് വിവക്ഷിക്കുന്നത് പുരുഷ തത്വമായ ‘അവബോധത്തി”ൻ്റെ  ഒരു വ്യത്യസ്തമായ നിലനില്പിനെ ആണ്.  പ്രകൃതി തത്വങ്ങളാൽ നിർമ്മിതമായ ഭൗതികമായ, ദൃഷ്ടിഗോചരമായ ഒരു അന്നമയ ശരീരം ഇല്ലെങ്കിലും, അദൃശ്യമായ മനോന്മയ-പ്രമാണമയ ശരീരങ്ങളുടെ ശേഷിപ്പുകൾ ഉണ്ടാകാം, പലപ്പോഴും.  ഇത്തരം അവസ്ഥകളുടെ  വിശദാംശങ്ങൾ “പ്രേതങ്ങൾ ഉണ്ടോ?” എന്ന മറ്റൊരു പുസ്തകത്തിൽ കൊടുത്തിട്ടുള്ളതിനാൽ ഇവിടെ ആ വിഷയം ആവർത്തിക്കുന്നില്ല.

മനുഷ്യൻ്റെ മെറ്റാഫിസിക്കൽ ഘടന, 36 തത്വങ്ങളുമായി ചേർത്തു വച്ച് നോക്കുമ്പോൾ, കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ഏത് തത്വത്തിൽ നിന്നും ആണ് മെറ്റാഫിസിക്കൽ ഘടനയിലെ ഏത് ഘടകം രൂപീകൃതമായിരിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ഒരു ചിത്രീകരണം താഴെ കൊടുക്കുന്നു.

പ്രകൃതിതത്വവും, പ്രകൃതിതത്വത്തിൻ്റെ  പ്രവർത്തനത്തിന് ആവശ്യമായ  23  തത്വങ്ങളും ചേർന്നതാണ് മൂന്നാം ഘട്ടം. ഈ 24  തത്വങ്ങളിൽ നിന്നും ആണ് പ്രപഞ്ചവും, ജീവജാലങ്ങളും, മനുഷ്യനും എല്ലാം ഇന്നത്തെ രീതിയിൽ  രൂപം കൊള്ളുന്നത്.

സാംഖ്യ ദര്‍ശനം വിശദമാക്കുന്ന ഇരുപത്തി അഞ്ചു തത്വങ്ങള്‍ തന്ത്രയും വിശദമാക്കുന്നുണ്ട്. എന്നാൽ, സാംഖ്യയിൽ ശുദ്ധം, ശുദ്ധാശുദ്ധം, അശുദ്ധം എന്ന തരം തിരിക്കലുകൾ ഒന്നും ഇല്ല. പുരുഷ തത്വവും, പ്രകൃതി തത്വവും, പ്രകൃതി തത്വത്തിൻ്റെ 23 ഘടക തത്വങ്ങളും മാത്രമാണുള്ളത്.  മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഈ 25 തത്വങ്ങളാൽ ആണ്. പതിമൂന്ന് മുതൽ  മുപ്പത്തിയാറു വരെ ഉള്ള തത്വങ്ങളുടെ അഞ്ച് ഗണങ്ങളിൽ പെടുന്ന പട്ടിക താഴെ കൊടുക്കുന്നു.

24 അശുദ്ധ തത്വങ്ങൾ 
13. പ്രകൃതി 
മൂന്നു അന്ത:ക്കരണ തത്വങ്ങൾ 14.മനസ്‌    15.ബുദ്ധി    16.അഹങ്കാര 
പഞ്ച ജ്ഞാനേന്ദ്രിയ  തത്വങ്ങൾ 17.ഘ്രാണ18.രസന  19.ചക്ഷു  20.ത്വക്  21.ശ്രോത്ര   
പഞ്ച കർമ്മേന്ദ്രിയ തത്വങ്ങൾ  22.ഉപസ്ഥ  23 .പായു   24 .പാദ  25.പാണി   26.വാക്ക്    
പഞ്ച തന്മാത്രാ തത്വങ്ങള്‍.27.ഗന്ധ 28.രസ  29.രൂപ30.സ്പർശ 31.ശബ്ദ 
പഞ്ച മഹാഭൂത തത്വങ്ങള്‍32.പൃഥ്‌വി  33.ജല  34.തേജസ് 35.വായു 36.ആകാശ 

13.“പ്രകൃതി” തത്വവും ത്രിഗുണങ്ങളും 

“പ്രകൃതി” തത്വത്തെ  നിർവ്വചിക്കുന്നത്, സത്വ-രജസ്‌-തമസ്  എന്ന മൂന്ന് ഗുണങ്ങളും  സന്തുലിതമായി നിൽക്കുന്ന തത്വം  എന്നാണ്.  സത്വ-രജസ്‌-തമസ്  എന്ന ത്രിഗുണങ്ങൾ   തത്വങ്ങൾ അല്ല;  “പ്രകൃതി” തത്വത്തിൻ്റെ  സ്വത:സിദ്ധമായ   ഗുണങ്ങൾ ആണ് ഈ ത്രിഗുണങ്ങൾ.  ഈ ഗുണങ്ങൾ സർവ്വ സൃഷ്ടിയിലും സന്നിഹിതമാണ്. പക്ഷേ, ഓരോ വസ്തുവിലും, ഓരോ വ്യക്തിയിലും ഈ മൂന്നു ‘ഗുണങ്ങളും’ അതാതിൻ്റേതായ അനുപാതങ്ങളിൽ ആയിരിക്കും എന്ന് മാത്രം. ഈ അനുപാതങ്ങളുടെ പാറ്റേൺ ആണ് ആ വസ്തുവിൻ്റെ  പൊതുവായ സ്വഭാവമായി മറ്റുള്ളവർ കാണുന്നത്. 

മുകളിലേക്ക് ഉയർച്ചയുള്ള സ്വാത്തിക ഗുണമാണ് “സത്വ” ഗുണം. സഹാനുഭൂതിയുടേയും സമനിലയുടേയും ,  സന്തോഷത്തിൻ്റേയും ബുദ്ധിയുടേയും  അവസ്ഥയാണ്  സത്വ ഗുണം. രാജസവും താമസികവും ആയ അവസ്ഥ കുറയ്ക്കുകയും അങ്ങനെ മുക്തി സാദ്ധ്യമാക്കുകയും ചെയ്യുന്നതിതിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് ഈ ഗുണം. ആനന്ദം, സന്തോഷം, സമാധാനം, ക്ഷേമം, സ്വാതന്ത്ര്യം, സ്നേഹം, അനുകമ്പ, സമചിത്തത, സഹാനുഭൂതി, സൗഹൃദം, ശ്രദ്ധ, ആത്മനിയന്ത്രണം, സംതൃപ്തി, വിശ്വാസം, ശാന്തത, കൃതജ്ഞത, നിർഭയത , നിസ്വാർത്ഥത എന്നിവയാണ് മറ്റ് സാത്വിക ഗുണങ്ങൾ.

എപ്പോഴും പ്രവർത്തന നിരതമായിരിക്കുന്ന ഗുണമാണ്, രജസ് എന്ന ഗുണം. രജസ് എന്നത് ഊർജ്ജത്തിൻ്റേയും പ്രവർത്തനത്തിൻ്റേയും മാറ്റത്തിൻ്റേയും ചലനത്തിൻ്റേയും ഒക്കെ അവസ്ഥയാണ്. രജസ്സിൻ്റെ  സ്വഭാവം ആകർഷണം, അഭിവാഞ്ഛ, ആസക്തി എന്നിവയാണ്, കൂടാതെ നമ്മൾ ചെയ്യുന്ന പ്രവർത്തികളുടെ  ഫലങ്ങളുമായി രജസ് നമ്മെ ശക്തമായി ബന്ധിപ്പിക്കുക കൂടി ചെയ്യുന്നു. അങ്ങിനെ കർമ്മ പാശം നമ്മളെ വിടാതെ പിന്തുടരുന്നു. കോപം, ഉല്ലാസം, ഉത്കണ്ഠ, ഭയം, പ്രകോപനം, ഉത്കണ്ഠ, അസ്വസ്ഥത, സമ്മർദ്ദം, ധൈര്യം, അഭ്യൂഹം, നിശ്ചയദാർഢ്യം, അരാജകത്വം എന്നിവയാണ് മറ്റ് രാജസിക് ഗുണങ്ങൾ.

ഒരു പ്രവർത്തനവും  ഇല്ലാത്ത  മാന്ദ്യത്തിൻ്റെ   നിലയാണ് താമസിക ഗുണം.  തമസ്സ് എന്നത് അന്ധകാരത്തിൻ്റേയും ജഡത്വത്തിൻ്റേയും നിഷ്ക്രിയത്വത്തിൻ്റേയും ഭൗതികതയുടെയും ഒക്കെ അവസ്ഥയാണ്. താമസിക നില നമ്മളെ  ആത്മീയ സത്യങ്ങളിൽ നിന്ന് അകറ്റി നിറുത്തുന്നു.  അലസത, വെറുപ്പ്, ആസക്തി, വിഷാദം, നിസ്സഹായത, സംശയം, കുറ്റബോധം, ലജ്ജ, വിരസത, വേദന, ദുഃഖം, നിസ്സംഗത, ആശയക്കുഴപ്പം, ആശ്രിതത്വം, അജ്ഞത എന്നിവയാണ് മറ്റ് താമസീക  ഗുണങ്ങൾ.

മനസ്സ് ഇപ്പോഴും ഈ മൂന്ന്  ഗുണങ്ങൾക്കിടയിൽ പെട്ട് ചാഞ്ചാടിക്കൊണ്ടിരിക്കും. നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെയും കാഴ്ചപ്പാടുകളെയും എല്ലാം ബാധിക്കുന്ന ഒരു ലെൻസായി മനസ്സിൻ്റെ  ഈ ചാഞ്ചാട്ടങ്ങൾ പ്രവർത്തിക്കുന്നു. അങ്ങനെ, മനസ്സ് രാജസത്തിലാണെങ്കിൽ, അത് ലോക സംഭവങ്ങളെ ആശയക്കുഴപ്പത്തോടെ വീക്ഷിക്കും.   തുടർന്ന് സംഭവങ്ങളോട് രാജസികമായ രീതിയിൽ പ്രതികരിക്കും. അതിനാൽ,  നമ്മളിൽ ഉള്ള  ഗുണങ്ങളുടെ പ്രവർത്തനങ്ങളോട് പ്രതികരിക്കാതെ, സാക്ഷ്യം വഹിക്കാനുള്ള സ്വയം നിരീക്ഷണവും വിവേകവും നമ്മൾ പരിശീലിക്കണം. നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും തമസ്സിൽ നിന്നും രജസ്സുകളിൽ നിന്നും മാറ്റി സാത്വിക സന്തുലിതാവസ്ഥയിലേക്കും ലക്ഷ്യത്തിലേക്കും ബോധപൂർവം മാറ്റാനുള്ള ആന്തരിക ശക്തിയും ഇച്ഛാശക്തിയും നമുക്കുണ്ടായിരിക്കണം.

തൃഗുണങ്ങൾ നമ്മുടെ ശരീരത്തേയും മനസ്സിനേയും എപ്പോഴും ബാധിച്ചുകൊണ്ടേ ഇരിക്കും. നമ്മളെ മാത്രമല്ല, പ്രപഞ്ചത്തിലെ സർവ്വതിനേയും ബാധിച്ചുകൊണ്ടിരിക്കും. ഈ തൃഗുണങ്ങളുടെ ‘ബാധ’യെ ആണ് നമ്മൾ  സംസാര ഭാഷയിൽ  “മൂഡ്” എന്ന് പറയുന്നത്.  രണ്ടു ഉദാഹരണങ്ങൾ നൽകാം. “നല്ല മൂഡിലാണ്” എന്ന് പറഞ്ഞാൽ, സ്വാത്വീക ഗുണം മനസ്സിൽ ഏറി നിൽക്കുന്ന സമയം എന്നർത്ഥം.  “ചീത്ത മൂഡിലായിരുന്നു” എന്ന് പറഞ്ഞാൽ  തമോഗുണം  ഏറിനിൽക്കുന്ന സമയം. “നല്ല തിരക്കിൽ നിൽക്കുകയായിരിന്നു, സംസാരിക്കുവാനുള്ള മൂഡിൽ ആയിരുന്നില്ല” എന്ന് പറഞ്ഞാൽ രാജസിക് ഗുണം ഏറിനിൽക്കുന്ന സമയം എന്നർത്ഥം. അതുപോലെ തന്നെ, സമയത്തിനും ഉണ്ട് ഗുണങ്ങൾ. ഉദാഹരണത്തിന് വെളുപ്പിന് മൂന്ന് മണിക്ക് ഒരു ഗായകനോട് ഒരു പാട്ടു പാടുവാൻ പറഞ്ഞാൽ പാടുന്ന പാട്ടും, രാത്രി ഏഴുമണിക്ക് പാടുവാൻ പറഞ്ഞാൽ പാടുന്ന പാട്ടും രണ്ടും രണ്ടു സ്വഭാവത്തിൽ ഉള്ള ഗാനങ്ങൾ ആയിരിക്കും. അതുപോലെ പ്രപഞ്ചത്തിലെ സർവ്വതിനേയും ത്രിഗുണങ്ങൾ ബാധിക്കുന്നുണ്ട്. നമ്മുടെ ശരീരത്തേയും ത്രിഗുണങ്ങൾ യഥാക്രമം വാതം-പിത്തം-കഫം  എന്ന മൂന്നു രീതികളിൽ ബാധിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ആയുർവേദ ചികിത്സാരീതി മുഴുവനും ചിട്ടപ്പെടുത്തിയിരിക്കുന്നത്.  

പ്രകൃതി മനുഷ്യനെ (പുരുഷതത്വത്തെ) പ്രപഞ്ചത്തിലേക്ക് (പുറത്തേക്ക്) എപ്പോഴും   ആകർഷിച്ചു കൊണ്ടേയിരിക്കും. പുരുഷതത്വം ആകട്ടെ  മനുഷ്യനെ ശിവതത്വത്തിലേക്ക് (അകത്തേക്ക്) തിരികെ ആകർഷിച്ചു കൊണ്ടേയിരിക്കും. അങ്ങിനെ പുരുഷനും പ്രകൃതിയും മനുഷ്യനെ  പരസ്പരം വിപരീത ദിശകളിലേക്ക്  സദാ പിടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു. തൃഗുണങ്ങൾ മനുഷ്യൻ്റെ  മനസ്സിനെ ചഞ്ചലമാക്കിക്കൊണ്ടേ ഇരിക്കും.   ശിവപ്രജ്ഞാനം ഉണ്ടാകേണ്ട മനുഷ്യനെ മായ  ‘സ്റ്റെപ്-ഡൌൺ’ ചെയ്ത് പശുവാക്കി മാറ്റി കഴിഞ്ഞിരിക്കുന്നു.  ഇതിൻ്റെ എല്ലാം ഫലമായി മനുഷ്യൻ ക്ലേശങ്ങൾ അനുഭവിക്കുന്നു.  ഈ ക്ലേശങ്ങളിൽ നിന്നും ശാശ്വതമായ മുക്തിക്കുള്ള ഏകമാർഗ്ഗം, അവബോധം അനുക്രമം വർദ്ധിപ്പിച്ചുകൊണ്ട്  കഴിയുന്നത്ര വേഗം ശിവത്വത്തിനടുത്തേക്ക്‌ മടങ്ങി പോകുക എന്നത് മാത്രമാണ്. അത് സാദ്ധ്യമാക്കുവാൻ അവബോധത്തോടെ എപ്പോഴും  ഉണർന്ന് ജാഗാരൂകരായി ഇരിക്കേണ്ടതുണ്ട്.

പ്രകൃതി തത്വത്തിൻ്റെ മൂന്ന് ഗുണങ്ങൾ സദാ സമയവും നിഴൽ വീശി നിൽക്കുന്ന നമ്മുടെ  മനസ്സും ശരീരവും  സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇനി പറയുവാൻ പോകുന്ന 23 തത്വങ്ങൾ ഉപയോഗിച്ചാണ്. അങ്ങിനെ രൂപീകരിക്കപ്പെട്ട ശരീരവും മനസ്സും   ഉപയോഗിക്കുന്നത് ആരാണ്?  പുരുഷ തത്വമായ “അവബോധം” ആണ് ആ ശരീരവും മനസ്സും ഉപയോഗിക്കുന്നത്.  അപ്പോൾ യഥാർത്ഥത്തിൽ നമ്മൾ ആരാണ്?  നമ്മൾ ആ പുരുഷ തത്വം ആണ്. നമ്മൾ  നിർമ്മിക്കപ്പെട്ടതും നശിച്ചിട്ടുപോകുന്നതും ആയ ശരീരമോ മനസ്സോ അല്ല. നമ്മൾ  ശിവപ്രജ്ഞാനത്തിൻ്റെ  “പോക്കറ്റ് എഡിഷൻ” ആയ  പുരുഷ തത്വം ആണ്.  ശരീരവും മനസ്സും ശിവപ്രജ്ഞാനത്തിൻ്റെ  “പോക്കറ്റ് എഡിഷൻ” ആയ നമ്മൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ്. നമ്മൾ ശരീര മനസ്സുകൾ  എന്ന ഉപകരണവുമായി  ഈ പ്രപഞ്ചത്തിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ  അവബോധം വർദ്ധിപ്പിച്ച് ശിവ പ്രജ്ഞാനത്തിലേക്ക് മടങ്ങിപ്പോകണം. ഇറങ്ങി വന്ന വഴിയെല്ലാം തിരിച്ചു പോകണം.   ഇതാണ് സനാതന ധർമ്മത്തിൻ്റെ  സന്ദേശം. 

അടുത്ത 23 തത്വങ്ങൾ നമ്മുടെ തന്നെ ശരീരവും മനസ്സും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന  തത്വങ്ങൾ ആയതുകൊണ്ട് ഒരു പ്രത്യേക രീതിയിൽ മനസ്സിലാക്കുന്നത് നല്ലതാണ്.  നമുക്ക് ഏറ്റവും കൂടുതൽ പരിചിതം നമ്മുടെ ശരീരം  ആണ്. അതിന് ശേഷം കൂടുതൽ പരിചിതം നമ്മുടെ മനസ്സാണ് .  അതുകൊണ്ട് 36 മുതൽ 23 വരെ ഉള്ള തത്വങ്ങൾ വിപരീത ദിശയിൽ വിശദമാക്കാം. ഒന്ന് മുതൽ  പതിമൂന്നു വരെ ഉള്ള തത്വങ്ങൾ നമ്മൾ ചർച്ച ചെയ്തത് നമ്മൾ ഈവിധത്തിൽ അകത്തു നിന്നും പുറത്തേക്ക്  നിപതിച്ച   ക്രമത്തിലായിരുന്നു. ഇപ്പോൾ പുറത്തുനിന്നും അകത്തേക്ക് മടങ്ങിപോകുവാനുള്ള രീതിയിൽ മനസ്സിലാക്കാം. നമുക്ക് മടക്ക യാത്ര ചെയ്യേണ്ടതും സമാനമായ രീതിയിൽ അകത്തേക്കാണല്ലോ. ശരീരാവബോധത്തിൽ നിന്നും അകത്തേക്ക് ഉള്ള മടക്ക യാത്രയുടെ അന്ത്യത്തിൽ   സദാശിവാ വബോധത്തിൽ എത്തുമ്പോൾ നമ്മൾ ശിവ പ്രജ്ഞാനത്തിന് അരികിലെത്തിക്കഴിയുന്നു.

14-18. പഞ്ച മഹാ ഭൂത തത്വങ്ങള്‍ 

നമ്മുടെ ശരീരം നിർമ്മിച്ചിരിക്കുന്നത് പഞ്ച മഹാഭൂതങ്ങൾ കൊണ്ടാണ്. നമ്മുടെ ശരീരം മാത്രമല്ല, പ്രപഞ്ചത്തിൽ ദൃഷ്ടി ഗോചരവും, അഗോചരവും ആയ  സർവ്വ വസ്തുക്കളും നിർമ്മിച്ചരിക്കുന്നത്  പൃഥ്‌വി (ഭൂമി), ജല, തേജസ് (അഗ്നി), വായു. ആകാശ എന്ന   പഞ്ച മഹാ ഭൂത തത്വങ്ങൾ ഉപയോഗിച്ചാണ്.  ഇവയെല്ലാം എല്ലാം ഒന്ന് ചേർന്നോ അല്ലെങ്കിൽ പല തോതിലുള്ള മിശ്രിത രൂപത്തിൽ കൂട്ടുചേർന്നോ  ആണ് സർവ്വ വസ്തുക്കളും രൂപം പൂണ്ടിരിക്കുന്നത്.   എന്നാൽ, നമ്മൾ നിത്യവും കാണുന്ന കൃഷി ചെയ്യുന്ന ഭൂമിയോ, പൈപ്പിൽ കൂടി വരുന്ന വെള്ളമോ, അടുപ്പിൽ കത്തുന്ന തീയ്യോ, മന്ദമാരുതനോ, വിമാനങ്ങൾ പറക്കുന്ന ആകാശമോ   ഒക്കെ ആണ് ഇവ എന്ന്  ധരിക്കരുത്.   ഇവിടെ വിവക്ഷിക്കപ്പെടുന്നത് പഞ്ചമഹാഭൂതങ്ങൾ ഇപ്പറഞ്ഞ വസ്തുക്കളുടെ സമാനമായ സ്വഭാവങ്ങൾ ഉള്ള മൂലകങ്ങൾ  മാത്രമാണ്. 

മേല്പറഞ്ഞ പഞ്ചമഹാ ഭൂതങ്ങളിൽ ഏറ്റവും സൂക്ഷ്മമായത്‌  “ആകാശം” എന്ന തത്വവും, ഏറ്റവും സ്ഥൂലമായിട്ടുള്ളത് “ഭൂമി”എന്ന തത്വവും ആണ്.  എന്നാല്‍  ഭൂമി, ജലം, അഗ്നി, വായു,എന്ന മറ്റു നാല് തത്വങ്ങളെ പോലെ    ഇന്ദ്രിയഗോചരം  അല്ല “ആകാശം” എന്ന തത്വം. യാതൊന്നും ഇല്ലാത്ത ശൂന്യതയാണ് ആകാശം. ആകാശമാണ്‌ മറ്റു നാല് തത്വങ്ങള്‍ക്ക്  നിലനില്‍ക്കാനും പെരുമാറാനും  ആവശ്യമായ സ്ഥലം കൊടുക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആകാശം എന്നാല്‍  ഒരു പ്രത്യേക ശൂന്യത നിറച്ച  പാത്രം ആയി സങ്കല്‍പ്പിക്കാം. ആ പാത്രത്തിലാണ് ഭൂമി, ജലം, അഗ്നി, വായു എന്ന മറ്റു നാല് തത്വങ്ങള്‍ നിലനിന്നുകൊണ്ട് ഈ സര്‍വ്വ പ്രപഞ്ചവും അതിലെ സര്‍വ്വ വസ്തുക്കളും ഊര്‍ജവും എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആകാശം എന്നത് ഭൂമി, ജലം, അഗ്നി, വായു എന്നിവയ്ക്ക് പുറത്തു മാത്രമല്ല, അകത്തും സാന്നിദ്ധ്യം ഉള്ള തത്വം ആണ്. പഞ്ചഭൂതങ്ങളില്‍ ഏറ്റവും സൂക്ഷ്മമായത് കൊണ്ട്, അതിന് സര്‍വ്വ വ്യാപിത്വം ഉണ്ട്.  ഈ അഞ്ച് മൂലകങ്ങളിലാണ്  ഇനി വിശദമാക്കുവാൻ പോകുന്ന  അഞ്ച് തന്മാത്രകൾ എന്ന തത്വം  വസിക്കുന്നത്.

 19-23. പഞ്ച തന്മാത്രാ തത്വങ്ങള്‍

ഗന്ധം,രസം,രൂപം, സ്പര്‍ശം, ശബ്ദം എന്നിവയാണ്  മേൽപ്പറഞ്ഞ  പഞ്ച മഹാ ഭൂതങ്ങളുടെ തന്മാത്രകൾ. “ഗന്ധ തത്വം” എന്ന തന്മാത്രയിലാണ് ഗന്ധം കുടി കൊള്ളുന്നത്.   “രസ തത്വം” എന്ന തന്മാത്രയിലാണ് രസം കുടി കൊള്ളുന്നത്.  “രൂപ തത്വം” എന്ന തന്മാത്രയിലാണ് രൂപം  കുടി കൊള്ളുന്നത്. “സ്പര്‍ശ തത്വം” എന്ന തന്മാത്രയിലാണ് സ്പര്‍ശം കുടി കൊള്ളുന്നത്. “ശബ്ദ തത്വം” എന്ന തന്മാത്രയിലാണ് ശബ്ദം കുടി കൊള്ളുന്നത്.      

24-28. അഞ്ച് ജ്ഞാനേന്ദ്രിയ തത്വങ്ങള്‍ 

അഞ്ച് തന്മാത്രകളെ  തിരിച്ചറിയുന്ന അഥവാ അറിയുവാനായി ഉപയോഗിക്കുന്ന അഞ്ച് ജ്ഞാനേന്ദ്രിയ തത്വങ്ങള്‍ ആണ് ഉള്ളത്. ഈ ജ്ഞാനേന്ദ്രിയങ്ങൾ  മാനസികാ അവയവങ്ങള്‍ ആണ്. ഈ മാനസിക അവയവങ്ങൾ ഉപയോഗിച്ചാണ് നാം ലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും.  ഘ്രാണ, രസന, ചക്ഷു, ത്വക്, ശ്രോത്ര എന്നിവയാണ് ആ അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍. “ഘ്രാണ തത്വം” എന്ന് പറഞ്ഞാല്‍ ഉദ്ദേശിക്കുന്നത് മൂക്കിനെ ആണ് – ശ്വസിക്കാന്‍ ഉപയോഗിക്കുന്ന മൂക്കിനെ അല്ല, ഗന്ധം അറിയുക എന്ന അനുഭവം സാദ്ധ്യമാക്കി തരുന്ന ഒരു ആന്തരിക അവയവ ശക്തിയുണ്ട്. ആ അന്തർക മൂക്കിനെ ആണ് ഇവിടെ വിവക്ഷിക്കുന്നത്. “രസന തത്വം” എന്നത് നാക്കാണ് – സംസാരിക്കാന്‍ ഉപയോഗിക്കുന്ന നാക്കല്ല അത്, രുചികള്‍ അറിയുന്നത് സാദ്ധ്യമാക്കിത്തരുന്ന  നാക്കിനെ ആണ് “രസന   തത്വം” എന്ന പദം കൊണ്ട്  ഉദ്ദേശിക്കുന്നത്. സംസാരിക്കാന്‍ ഉപയോഗിക്കുന്ന നാക്ക് കര്‍മ്മേന്ദ്രിയമാണ്‌. അടുത്തത് “ചക്ഷു തത്വം” ആണ്. കണ്ടറിയാന്‍ ഉപയോഗിക്കുന്ന കര്‍മ്മേന്ദ്രിയമാണ്‌ ചക്ഷുക്കള്‍.  എന്നാൽ രൂപം സൃഷ്ടിക്കുന്നത് ചക്ഷു തത്വം എന്ന ആന്തരിക ശക്തിയാണ്. എന്നാൽ, നാലാമത്തെ ആന്തരികമായ ജ്ഞാനേന്ദ്രിയമാണ്‌ “ത്വക്” എന്ന തത്വം. ‘ത്വക്’ എന്നാല്‍ ‘ചര്‍മ്മം’ എന്നാണ് അര്‍ത്ഥം. തൊട്ടറിയുക എന്ന അറിവാണ് “ത്വക്” എന്ന തത്വം. “ശ്രോത്ര തത്വം” എന്നത് അഞ്ചാമത്തെ ജ്ഞാനേന്ദ്രിയം ആണ്. ‘ശ്രോത്ര’ എന്നാല്‍ ചെവി അന്നാണ് അര്‍ത്ഥം. എന്നാൽ ഇവിടെ ശബ്ദം സൃഷ്ടിച്ച് കേട്ട് അറിയാനുള്ള ജ്ഞാനേന്ദ്രിയം ആണ് “ശ്രോത്ര തത്വം”.

29-31. മൂന്ന് അന്തക്കരണങ്ങള്‍

അങ്ങിനെ, പഞ്ചഭൂത തത്വങ്ങളിൽ കുടികൊള്ളുന്ന അതാതിൻ്റെ തന്മാത്ര തത്വങ്ങളെ അറിവുകൾ ആക്കി മാറ്റുന്നത് പഞ്ച ജ്ഞാനേന്ദ്രിയ തത്വങ്ങൾ ആണ്. ഈ ജ്ഞാന്ദ്രിയങ്ങൾ ആന്തരിക അവയവങ്ങൾ ആണ്. ബാഹ്യമായ അവയവങ്ങൾ ആയി ഈ തത്വത്തെ തെറ്റിദ്ധരിക്കരുത്.  ആ അറിവുകൾ ചെന്നെത്തുന്നത് മൂന്നു ഭാഗങ്ങൾ ഉള്ള അന്ത:ക്കരണ തത്വത്തിലാണ്.  ലഭിച്ച അറിവുകളെ പരിശോധിച്ച് തീരുമാനങ്ങൾ എടുക്കുന്നത്  “മനസ്സ്” എന്ന തത്വം, “ബുദ്ധി” തത്വം, “അഹങ്കാര” തത്വം എന്ന മൂന്ന് അന്ത:ക്കരണങ്ങൾ ആണ്. അങ്ങിനെ ഈ മൂന്നു അന്തഃകരണങ്ങൾ സഹകരിച്ച്   എടുത്ത തീരുമാനങ്ങളുടെ ഫലമായിട്ടാണ് അഞ്ച് കർമ്മേന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത്. 

മനസ്സ് തത്വം

മനസ്സ് എന്ന തത്വത്തെ തന്ത്രത്തിൽ പറയുന്നത്  “സങ്കല്‍പ്പ സാധന” എന്നാണ്. മനസ്സ് എന്ന ഈ ഉപകരണം ഉപയോഗിച്ചാണ് ചിന്തകള്‍ സൃഷ്ടിക്കുന്നത് എന്നർത്ഥം. അത് ഏതു തരത്തിലുള്ള ചിന്തകള്‍ വേണമെങ്കിലും ആവാം. ബാഹ്യമായ ഒരു ലഭിച്ച ഒരു ഉത്തേജനം മൂലം മനസ്സിൽ ഉദിച്ച ചിന്തയാകാം.  ഉദാഹരണത്തിന്, “ഈ പുഷ്പത്തിന് നല്ല ഭംഗിയുണ്ടല്ലോ” എന്ന ചിന്ത. അല്ലെങ്കിൽ ആന്തരികമായി ഉദിച്ച ഒരു ചിന്തയാകാം.  ഉദാഹരണത്തിന്, “എനിക്ക് അവിടെ പോകണം”, എന്ന ചിന്ത. ചിന്തകൾ ‘വാസനകളിൽ’ (പല നിലകളിൽ നിന്നും ഉള്ള ഓർമ്മകൾ) നിന്നും ഉദയം ചെയ്തതും ആകാം. എല്ലാം  മനസ്സിൻ്റെ   സൃഷ്ടികൾ  തന്നെ.  ഇത്തരം ചിന്തകൾ എല്ലാം തന്നെ മനസ്സിൻ്റെ തത്സമയത്തെ  ത്രിഗുണങ്ങളിൽ ഏതാണ് മുന്നിട്ട് നിൽക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. 

ഉദാഹരണത്തിന്, വഴിയിൽ ഒരു തെരുവ് നായയെ കാണുമ്പോൾ,  കണ്ണുകൾ ആ കാഴ്ച്ചയെ മനസ്സിൽ കൊണ്ടുവന്ന്‌ തരുന്നു. ‘അത് ഒരു നായയാണ്’ എന്ന ബോധം നമ്മളാകുന്ന “പുരുഷ” തത്വത്തിൽ ഉദിച്ച് ഉയരുന്നത് “മനസ്സ്” എന്ന തത്വം പ്രവർത്തിക്കുന്നത് കൊണ്ടാണ്.  

ബുദ്ധി തത്വം

എന്തായാലും, ഉദിച്ച ചിന്തയെ  ബുദ്ധി തത്വം പരിശോധിച്ച് ലഭിച്ച വിവരം ബുദ്ധിപരമായി ശരിയായ ഒന്നാണോ, ധാർമ്മികമായി ശരിയായ  ഒന്നാണോ എന്ന്  അറിയിക്കുന്ന നടപടിയാണ് ബുദ്ധി തത്വത്തിൻ്റേത്.  വളരെ ചെറിയ ഒരു ചെറിയ സമയത്തിൻ്റെ ഇടനാഴിമാത്രമേ ഇത്തരം ബുദ്ധി തത്വത്തിന് പ്രവർത്തിക്കുവാൻ സാധാരണ ലഭിക്കാറുള്ളൂ. വാസനകളാൽ പ്രേരിതമായ ചിന്തകളും, അഹങ്കാര തത്വത്തിൻ്റെ ഫലമായി ഉണ്ടാകുന്ന ശക്തിയായ ’ഞാൻ’ ബോധവും ബുദ്ധി തത്വത്തിൻ്റെ  പ്രവർത്തന ഫലമായി ഉണ്ടാകുന്ന  പ്രേരണകളെ   തിരസ്കരിക്കാറുണ്ട്.  

നേരത്തെ ഉപയോഗിച്ച ഉദാഹരണത്തിലെ തെരുവ്  നായ നമ്മളെ കടിക്കുവാൻ സാദ്ധ്യതയുണ്ട് എന്ന ചിന്ത നമ്മുടെ മനസ്സിൽ ഉദിപ്പിച്ചത് ബുദ്ധിതത്വം ആണ്. 

അഹങ്കാര തത്വം

ആ ചിന്തയെ സംബന്ധിക്കുന്ന വിഷയം “ഞാൻ-ബോധവും”ആയി  കൂട്ടി ഇണക്കുന്നത് അഹങ്കാര തത്വത്തിൻ്റെ പ്രവർത്തിയാണ്. ഉദാഹരണത്തിന് “ഈ പുഷ്പം എനിക്ക് ഇഷ്ടമായി” “എനിക്ക് അവിടെ പോകുവാൻ ഇഷ്ടമില്ല” , “അങ്ങിനെ ചെയ്യുന്നത് എനിക്ക് വളരെ ഗുണം ചെയ്യും”, എന്ന് തുടങ്ങിയ ചിന്തകൾ അഹങ്കാര തത്വത്തിൻ്റെ ഫലമാണ്.    “തെരുവ് നായയെ “എനിക്ക് ഭയമാണ്”, അല്ലെങ്കിൽ “ഞാൻ അതിനെ വെറുക്കുന്നു”, അതുമല്ലെങ്കിൽ “അത് ഒരു പാവം നായ” എന്നൊക്കെ ഉള്ള തോന്നലുകൾ നമ്മിൽ ഉദിപ്പിക്കുന്നത് “അഹങ്കാര” തത്വം ആണ്. നമമുടെ ആ സമയത്തെ “മൂഡ്” അനുസരിച്ചിരിക്കും അത്തരം തോന്നലുകൾ.  “മൂഡ്” എന്ന് പറയുന്നത്  പ്രകൃതിയുടെ  സത്വ-രജസ്സ്-തമസ്സ് എന്ന തൃഗുണങ്ങളിൽ ഏതാണ് മുന്നിട്ട് നിൽക്കുന്നത് ആ നിമിഷത്തിൽ എന്നതിനെ ആശ്രയിച്ചരിക്കും എന്ന് നമ്മൾ നേരത്തെ കണ്ടു കഴിഞ്ഞു.  

ഇപ്രകാരം  മൂന്ന് അന്ത:ക്കരണ തത്വങ്ങളിലൂടെ ലഭിച്ച വിവരം കടന്നുപോന്നതിന്  ശേഷമായിരിക്കും ആ വിവരത്തിന്മേൽ ഒരു   പ്രവർത്തനം  അഞ്ചു കർമ്മേന്ദ്രിയതത്വങ്ങളാൽ സൃഷ്ടിക്കപ്പെട്ട കർമ്മേന്ദ്രിയങ്ങൾ   എടുക്കുന്നത്.  

32-36. അഞ്ചു കര്‍മ്മേന്ദ്രിയ തത്വങ്ങള്‍

അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് തത്തുല്ല്യമായിട്ടുള്ള അഞ്ചു കര്‍മ്മേന്ദ്രിയ തത്വങ്ങള്‍ ആണ് അടുത്ത പടി. അവ  ഉപസ്ഥം, പായു, പാദ, പാണി, വാക്ക്    എന്നിവയാണ്.   “ഉപസ്ഥ തത്വം”  എന്നാല്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കും മൂത്ര വിസര്‍ജ്ജനത്തിനും ഉപയോഗിക്കുന്ന അവയവങ്ങള്‍ ആണ്. “പായു തത്വം”  എന്നാല്‍ വിസര്‍ജ്ജനാവയവത്തെ സൂചിപ്പിക്കുന്നു.  “പാദ തത്വം” എന്നാല്‍ ചലിക്കാന്‍ ഉപയോഗിക്കുന്ന കാലുകളാണ്.  “പാണി” തത്വം സൂചിപ്പിക്കുന്നത് നാം കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍വ്വഹിക്കാന്‍ ഉപയോഗിക്കുന്ന കരങ്ങളെ ആണ്. “വാക്ക് തത്വം” ആകട്ടെ സംസാരിക്കുവാന്‍ ഉപയോഗിക്കുന്ന അവയവങ്ങള്‍ ആണ്. 

അങ്ങിനെ, 13 മുതൽ 36 വരെഉള്ള :പ്രകൃതി” തത്വങ്ങൾ  പല വിധത്തിൽ ഉപയോഗിച്ചാണ്  നമുക്ക് ദൃശ്യമോ, അദൃശ്യമോ ആയ, അല്ലെങ്കിൽ നമ്മളാൽ  അളക്കുവാൻ  സാധിക്കപ്പെടുന്ന സർവ്വ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അപ്രകാരം വസ്തുക്കളെ  അറിയുന്ന നമ്മുടെ  അവബോധമാണ് “പുരുഷ”തത്വമായ നമ്മിലെ “ഞാൻ”ഘടകം. 

സംഗ്രഹം  
സ്വന്തം ജനനത്തിനും നിലനിൽപ്പിനും രണ്ടാമതൊന്നിൻ്റെ   ആവശ്യമില്ലാത്ത, ശാശ്വതമായ, സർവ്വവ്യാപിത്വം ഉള്ള, ഒരുകാലത്തും ഒരു മാറ്റവും സംഭവിക്കാത്ത, സ്വയംഭൂവായ,  സ്വയം ബോധമുള്ള എന്താണോ അതാണ് “ദൈവം”. സനാതന ധർമ്മത്തിൽ ദൈവത്തിന്, പരബ്രഹ്മം, പരാസംവിത്ത്, പരമ പ്രജ്ഞാനം എന്നുതുടങ്ങി   നിരവധി പര്യായ പദങ്ങൾ ഉണ്ട്. “പ്രജ്ഞാനം ബ്രഹ്മ” എന്ന വിഖ്യാതമായ മഹാവാക്യത്തിൻ്റെ  അർത്ഥം തന്നെ പ്രജ്ഞാനവും ബ്രഹ്മനും ഒന്ന് തന്നെ ആണെന്നാണ്. പരമ പ്രജ്ഞാനത്തിന് മേൽപ്പറഞ്ഞ  പ്രത്യേകതകൾ ഉള്ളത് കൂടാതെ സർവ്വ ജ്ഞാനം, സർവ്വാനന്ദം എന്ന രണ്ട് സ്വ-ഭാവങ്ങൾ വിശേഷതകൾ കൂടിയുണ്ട്.

 “ദൈവത്തി’ന് (പരബ്രഹ്മത്തിന്)  സൃഷ്ടിക്കുള്ള ഇച്ഛ ഉദിക്കുമ്പോൾ, അവിശ്ച്ഛിന്നമായ പരമ “പ്രജ്ഞാനം” ഭാഗികമായി  “പരമ ശിവം” എന്ന പുരുഷ സങ്കൽപ്പവും “ആദി പരാശക്തി” എന്ന സ്ത്രീലിംഗ സങ്കൽപ്പവും ആയി സവിശ്ച്ഛിന്നമായി പരസ്പരം മാറി അകന്ന് മുഖാമുഖം നിൽക്കുന്നു. തത്‌ഫലമായി പ്രകമ്പനങ്ങളും, ഓങ്കാരവും, പ്രകാശവും രൂപീകൃതമാക്കുന്നു.  പരമ ശിവത്തിൻ്റെ ശുദ്ധ പ്രജ്ഞാനമാകുന്ന പ്രകാശം തൻ്റെ ശക്തിയാകുന്ന  ആദിപരാശക്തി എന്ന വിമർശത്തിൽ പ്രതിഫലിപ്പിച്ചു ഒന്നാം ഘട്ടത്തിൽ , ശിവം, ശക്തി, സദാശിവം, ഈശ്വരൻ, ശുദ്ധവിദ്യ  എന്ന  അഞ്ച് ശുദ്ധ തത്വങ്ങൾ അഥവാ അഞ്ച് ഈശ്വരതത്വങ്ങൾ  ഉണ്ടാകുന്നു. ഈ അഞ്ചു തത്വങ്ങൾ ആണ് സൃഷ്ടി, സ്ഥിതി, സംഹാര പ്രക്രിയകളുടെ   പൂർണ്ണ ഉത്തരവാദിത്വം ഉള്ള ഈശ്വരന്മാർ.  ഒന്നാം ഘട്ടത്തിൽ  ഈ  അഞ്ച് ഈശ്വര തത്വങ്ങൾ ആണ് രൂപീകൃതമാകുന്നത്. 
 രണ്ടാം ഘട്ടത്തിൽ  ശുദ്ധവിദ്യാ തത്വത്തിൽ നിന്നും ആണവ മലം, മായിക മലം, കാർമ്മിക മലം എന്ന മൂന്നു മലങ്ങൾ സഹിതം മായാ തത്വവും,  മായയാ തത്വത്തിൻ്റെ    കാലം, കല, രാഗം, വിദ്യ, നിയതി എന്ന  അഞ്ച് കഞ്ചുക തത്വങ്ങളും  രൂപം കൊള്ളുന്നു. അതോടൊപ്പം തന്നെ, ശുദ്ധ തത്വത്തിൽ നിന്നും ശക്തി പ്രതിഫലിപ്പിച്ച  ശിവ പ്രജ്ഞാനത്തിനെ  ഇപ്പറഞ്ഞ  മായയും മായയുടെ കഞ്ചുകങ്ങളും ചേർന്ന് പരിമിതപ്പെടുത്തി “പുരുഷ”അവബോധമാക്കി തരം താഴ്ത്തുന്നു. ഇതാണ് രണ്ടാം ഘട്ടം.  ഈ രണ്ടാം ഘട്ടത്തിൽ ഉന്നതമായ ശിവ പ്രജ്ഞാനത്തിനെ  താഴ്ന്ന മനുഷ്യ  അവബോധമാക്കി പരിമിതപ്പെടുത്തുന്നത് താഴെ പറയുന്ന പ്രകാരം ആണ്.

ആണവ മലവും മായിക മലവും ജീവാത്മാവിൻ്റെ  വീക്ഷണങ്ങൾക്ക് ആത്മീയമായ അജ്ഞത (അവിദ്യ), അഹങ്കാരം (അസ്മിത), കൊതി (രാഗം), മോഹം (അഭിനിവേശം), കോപം (ദ്വേഷം) എന്ന ക്ലേശങ്ങൾ നൽകുന്നു കാർമ്മിക മലം ജീവാത്മാവിന്  താൻ ചെയ്യുന്ന പ്രവർത്തികളിൽ നിന്നും കർമ്മ ബന്ധനങ്ങൾ നൽകുന്നു നിയതി തത്വം പ്രജ്ഞാനത്തിൻ്റെ  സര്‍വ്വവ്യാപിത്വം എടുത്ത് കളഞ്ഞ്  അതിനെ ഒരു സമയത്ത് ഒരു സ്ഥലത്ത് മാത്രം നിലനില്‍ക്കുന്ന ഒന്നായി മാറ്റുന്നു.കാല തത്വം  പ്രജ്ഞാനത്തിൻ്റെ അനശ്വരത്വം എടുത്ത് കളഞ്ഞ്  അതിനെ ഒരു നിശ്ചിത സമയത്തേക്കു മാത്രം ഭൗതിക ലോകത്തില്‍  നിലനില്‍ക്കാന്‍ കഴിയുന്ന ഒന്നാക്കി മാറ്റുന്നു.രാഗ തത്വം പ്രജ്ഞാനത്തിൻ്റെ  ഇച്ഛാശക്തിയെ എടുത്തു  കളഞ്ഞ്  വെറും ആഗ്രഹങ്ങള്‍ ആക്കി മാറ്റുന്നു.വിദ്യാതത്വം പ്രജ്ഞാനത്തിൻ്റെ സർവജ്ഞാനം എടുത്ത് കളഞ്ഞ് വെറും ഭൗതികമായ അറിവുകളാക്കി മാറ്റുന്നു.കലാ തത്വം പ്രജ്ഞാനത്തിൻ്റെ  സർഗ്ഗാത്മക (ആത്മീയ)  ശക്തിയെ പരിമിതപ്പെടുത്തി വെറും സാധാരണ കലകൾ  മാത്രം ആക്കി മാറ്റുന്നു

ഈ “പുരുഷ തത്വം” ആണ് സൃഷ്ടി കാണുകയും, കേൾക്കുകയും, ഘ്രാണിക്കുകയും, രുചിക്കുകയും, സ്പർശിച്ചറിയുകയും ഒക്കെ ചെയ്തുകൊണ്ട്  സൃഷ്ടി അനുഭവിക്കുന്ന ഘടകം – അതായാത് അറിയുന്ന ആൾ – ശുദ്ധമായ “ഞാൻ”, ശുദ്ധമായ  “സബ്ജെക്ടിവിറ്റി” ആണ് പുരുഷ തത്വം.    “പുരുഷ”തത്വം സൃഷ്ടിക്കുന്നതോടൊപ്പം തന്നെ, ശുദ്ധവിദ്യാ തത്വം  “പ്രകൃതിതത്വം“ കൂടി സൃഷ്ടിക്കുന്നുണ്ട്. ഈ പ്രപഞ്ചം ഉൾപ്പെടെ, നമ്മുടെ ശരീരവും, മനസ്സും ഉൾപ്പെടെ “പുരുഷ” തത്വത്താൽ  അറിയപ്പെടുന്ന സകലതും “പ്രകൃതി” തത്വം മൂലം സൃഷ്ടിക്കപ്പെടുന്നതാണ്. അപ്രകാരം അറിയപ്പെടുന്നവയാണ്  “അന്യൻ” അല്ലെങ്കിൽ “ഒബ്ജെക്ടിവിറ്റി”.  “പുരുഷ തത്വം” സൃഷ്ടിക്കപ്പെട്ടപ്പോൾ മായയിൽ മൂന്നു ‘തൃമലങ്ങൾ’ ഉണ്ടായിരുന്നതുപോലെ,  “പ്രകൃതി”യിൽ തൃ‘ഗുണങ്ങൾ” ഉണ്ട്. സത്വം, രജസ്, തമസ്സ് എന്നീ തൃഗുണങ്ങൾ സൃഷ്ടിക്കപ്പെട്ട സർവ്വതിനേയും ബാധിക്കുന്നു. അതുകൂടാതെ മനസ്സ്, ബുദ്ധി, അഹങ്കാരം എന്ന മൂന്നു അന്തഃക്കരണങ്ങളും അഞ്ച് കർമ്മേന്ദ്രിയങ്ങൾ, അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ചു തന്മാത്രകൾ, അഞ്ചു മഹാഭൂതങ്ങൾ, അങ്ങിനെ  23 തത്വങ്ങൾ ഉപയോഗിച്ചാണ് പ്രപഞ്ച സൃഷ്ടിക്ക് ആവശ്യമായ  ഭൗതിക വസ്തുക്കൾ ഉണ്ടാകുന്നത്. അങ്ങിനെ ഉണ്ടായ ഭൗതിക വസ്തുക്കൾ ഉപയോഗിച്ചാണ് നമ്മുടെ ശരീരവും, മനസ്സും  എന്ന ഉപകരണങ്ങൾ മാത്രമല്ല, പ്രപഞ്ചം തന്നെ  ഉണ്ടായിരിക്കുന്നത്. ആ ഉപകരണങ്ങൾ എടുത്ത് ഉപയോഗിക്കുന്ന “പുരുഷ തത്വം” എന്ന പരിമിതമാക്കപ്പെട്ട അവബോധം ആണ് യഥാർത്ഥത്തിൽ നമ്മൾ ഓരോരുത്തരും. നമ്മൾ ശരീരമല്ല, മനസ്സല്ല; രണ്ടും നമ്മൾ അനുഭവിക്കുന്ന വസ്തുക്കൾ മാത്രം ആണ്. പുരുഷ തത്വം എന്ന അവബോധം ആണ് നമ്മൾ. എന്നാൽ ശരീരവും മനസ്സും ആണെന്ന തെറ്റിദ്ധാരണയിൽ ജീവിച്ച് ക്ലേശങ്ങൾ  അനുഭവിക്കുന്നു.

അങ്ങിനെ അറിയുന്നതും, അറിയപ്പെടുന്നതും, അറിയുക എന്ന പ്രക്രിയയും എല്ലാം ശിവ പ്രജ്ഞാനം സ്വന്തം  പ്രജ്ഞാവസ്തു ഉപയോഗിച്ച് ഉണ്ടാക്കിയതാണ്.  ഇതാണ് സനാതന ധർമ്മത്തിലെ സൃഷ്ടിയുടെ ചരിത്രം. യഥാർത്ഥത്തിൽ ശിവ പ്രജ്ഞാനമായ നമ്മൾ പുരുഷ പ്രജ്ഞാനമായി  ജീവിക്കുമ്പോൾ നമ്മൾ ഈ ശരീരമാണെന്നും  മനസ്സാണെന്നും എല്ലാം തെറ്റി ധരിച്ചുകൊണ്ട് ,  ഭൗതിക വസ്തുക്കൾ കണ്ട് ഭ്രമിച്ച് അതിൽ  ആകൃഷ്ടരായി ജീവിക്കുന്നു. അതാണ് എല്ലാ ദുഖങ്ങൾക്കും കാരണം എന്നാണ് സനാതന ധർമ്മം പറഞ്ഞു തരുന്നത്. ദുഃഖങ്ങളിൽ നിന്നും ഉള്ള നിത്യ വിമുക്തി സംഭവിക്കണം എങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്യണം. (1) അവബോധം വർദ്ധിപ്പിക്കണം. അതിനാവശ്യമായ കാര്യങ്ങളിൽ വ്യാപൃതരായി ജീവിക്കണം. (2) ഇതുവരെ തെറ്റായ രീതിയിൽ ജീവിച്ചതുകൊണ്ട് ആർജ്ജിച്ച കർമ്മ ഫലങ്ങൾ  അനുഭവിച്ചു തീർക്കുമ്പോൾ പുതിയതായി കർമ്മങ്ങൾ വാരി കൂടാതെ “ബോധ പൂർവ്വം” ജീവിക്കണം.  അപ്രകാരം ജീവിതത്തെ മുഴുവനും ചിട്ടപ്പെടുത്തി ജീവിക്കുന്ന രീതിയാണ് “സനാതന ധർമ്മം”.

ജീവിതത്തിൽ അനുഭവങ്ങൾ ഉണ്ടാകുന്ന രീതി 

പഞ്ച മഹാഭൂത തത്വങ്ങളും, പഞ്ച തന്മാത്രാ തത്വങ്ങളും, പഞ്ച ജ്ഞാനേന്ദ്രിയ തത്വങ്ങളും, പഞ്ച കർമ്മേന്ദ്രിയ തത്വങ്ങളും, മൂന്ന് അന്തക്കരണങ്ങളും, യഥാക്രമം പുല്ലിംഗ-സ്ത്രീലിംഗ തത്വങ്ങൾ ആയ പുരുഷ-പ്രകൃതി തത്വങ്ങളും ചേർന്നാണ് നിലനിൽപ്പുള്ള സർവ്വതും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  ഇപ്പറഞ്ഞ ഇരുപത്തി അഞ്ചു തത്വങ്ങളും മായയുടെ മടിയിലാണ് നിലകൊള്ളുന്നത്. മായ തൻ്റെ ‘മൂന്നു മലങ്ങൾ” കൊണ്ട് ഈ ഇരുപത്തി അഞ്ചു   തത്വങ്ങളിൽ  എല്ലാം തന്നെ പരിമിതപ്പെടുത്തിയിട്ടുണ്ട്. അതുപോലെ പ്രകൃതി തത്വത്തിൻ്റെ ത്രിഗുണങ്ങൾ മായയുടെ താഴെയുള്ള ഇരുപത്തിമൂന്നു തത്വങ്ങളേയും ബാധിക്കുന്നുണ്ട്. മായയുടെ അഞ്ചുകഞ്ചുകങ്ങൾ കൊണ്ട് വളരെ അധികം പരിമിതപ്പെടുത്തിയിട്ടാണ് “പുരുഷ”തത്വത്തെ സൃഷ്ടിച്ചിരിക്കുന്നത്. പുരുഷ തത്വവും അഹങ്കാര തത്വവും, രണ്ടും, ആത്മ സാക്ഷാത്കാരം കൈവരാത്ത ബന്ധിതമായ  തത്വങ്ങൾ ആണ്.  ഒരേ ഒരു വ്യത്യാസം, പുരുഷ തത്വം “ഞാൻ’ബോധവു”മായി  (താൻ ബോധം,”സബ്ജെക്ടിവിറ്റി) ബന്ധപ്പെട്ടു നിൽക്കുന്നു, അഹങ്കാരം “അന്യൻ”ബോധവുമായി  (താൻ ഒഴികെ ബാക്കി ഉള്ളതെല്ലാം “അന്യൻ”, ഒബ്ജക്റ്റിവിറ്റി) ബന്ധപ്പെട്ടുനിൽക്കുന്നു എന്നത് മാത്രമാണ്. നമ്മുടെ ശരീരവും മനസ്സും “പ്രകൃതി” തത്വമാണ്. നമ്മുടെ അവബോധം (“ഞാൻ” എന്ന “താൻ” ബോധത്തിൽ   ജീവിതം അനുഭവിക്കുന്നയാൾ) പുരുഷ തത്വമാണ്. 

അങ്ങിനെ ഉള്ള പ്രപഞ്ചം ജീവാത്മാവ് (താന്‍ ശിവനാണ് എന്ന് സ്വയം അറിയാത്ത പുരുഷ തത്വം) അനുഭവിക്കുന്നത്, പഞ്ച തന്മാത്രകള്‍ പഞ്ച ജ്ഞാനേന്ദ്രിയങ്ങളിലൂടെ മനസ്സിലെത്തി, മനസ്സ് തൻ്റെ   തൃഗുണ സ്വഭാവങ്ങളില്‍ ഏതാണോ മുന്നിട്ട് നിൽക്കുന്നത്  അതനുസരിച്ചു, ലഭിച്ച വിവരങ്ങളെ  വിശകലനം ചെയ്തത്, ബുദ്ധി മനസ്സ് നടത്തിയ വിശകലനത്തിൻ്റെ   ശരി തെറ്റുകള്‍ നിശ്ചയിച്ച്, അഹങ്കാരം  ഈ നടന്നതെല്ലാം തനിക്ക് മാത്രം സ്വന്തം എന്ന ധാരണയില്‍, പ്രതികരണങ്ങള്‍ പഞ്ച കര്‍മ്മേന്ദ്രിയങ്ങളിലൂടെ നടത്തുന്നതിലൂടെ ആണ് ജീവിതം സംഭവിക്കുന്നത്‌. 

നമുക്കുള്ള അശുദ്ധ തത്വങ്ങളില്‍ പലതും  മൃഗങ്ങള്‍ക്കും ഉണ്ട്. അശുദ്ധ തത്വങ്ങള്‍ ആണ്  ആഗ്രഹങ്ങള്‍ക്കും, അജ്ഞതക്കും,  അഭിനിവേശങ്ങള്‍ക്കും ഒക്കെ കാരണം. ബുദ്ധി, മനസ്സ്, ഭാഷണം  എന്നിവയാണ് നമുക്കുള്ളതും, മൃഗങ്ങള്‍ക്ക് ഇല്ലാത്തതും ആയ തത്വങ്ങള്‍. അവയാണ് നമ്മെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്ഥര്‍ ആക്കുന്നതും. 

മനുഷ്യൻ്റെ പ്രാരാബ്ധ ദുഃഖം 

സനാതന ധർമ്മത്തിലെ പരമമായ സത്യം പരമ പ്രജ്ഞാനമാണ്.    പരമ പ്രജ്ഞാനത്തിൻ്റെ  വീക്ഷണകോണിൽ നിന്നും നോക്കുമ്പോൾ സ്വയം ഒരു ബന്ധനവുമില്ല, എന്നിട്ടും, ആ പരമ പ്രജ്ഞാനം   തൻ്റെ സ്വന്തം ഇച്ഛാശക്തിയാൽ പരിമിതനായി, ജീവാത്മാവായി  പ്രത്യക്ഷപ്പെടുമ്പോൾ, തൻ്റെ പൂർണ്ണതയെ മറന്ന് സ്വയം ബന്ധിതനാകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “ബന്ധനം” എന്നത് ഒരു വ്യക്തിയുടെ “സ്വയം-മറവി” അല്ലെങ്കിൽ സ്വന്തം പൂർണ്ണതയെക്കുറിച്ചുള്ള അജ്ഞതയല്ലാതെ മറ്റൊന്നുമല്ല. 

ഇത് മനസ്സിലാക്കുവാൻ അരങ്ങിൽ അഭിനയിക്കുന്ന ഒരു അഭിനേതാവിനെ ഉപമയായി എടുക്കാം. ജീവിതത്തിൽ ശരാശരി മനുഷ്യനായ ഒരു വ്യക്തി അരങ്ങിൽ മഹാരജാവായി അഭിനയിക്കുന്നു എന്ന് കരുതുക. അരങ്ങിൽ അഭിനയിക്കുമ്പോൾ താൻ മഹാരാജാവാണ് എന്ന് തന്നെ സ്വയം കരുതണം. അപ്പോൾ മാത്രമേ അഭിനയം ചേതോഹരം ആവുകയുള്ളൂ. അത്തരം ഒരു നിലയിലേക്ക് തൻ്റെ അവബോധം മാറ്റി മറിക്കണം. അതേ സമയം തന്നെ, താൻ ഒരു സാധാരണ മനുഷ്യനാണ് എന്ന ബോധം നഷ്ടപ്പെടുത്തരുത് ഒരിക്കലും. അരങ്ങിൽ നിന്നും അണിയറയിൽ എത്തിയിട്ടും താൻ മഹാരാജാവ് ആണെന്ന് വിചാരിച്ച് പെരുമാറിയാൽ നിത്യദുഃഖം ആയിരിക്കും ഫലം. ശിവപ്രജ്ഞാനം സ്വന്തം ഇച്ഛയാൽ സ്വന്തം ശക്തിയുപയോഗിച്ച് കെട്ടിയുണ്ടാക്കിയ   പ്രപഞ്ചമാകുന്ന  അരങ്ങിൽ സ്വയം വേഷം കെട്ടി ആടുന്ന ജീവിതമാകുന്ന  ഏകാഭിനയം ആണ് നമ്മൾ ഓരോരുത്തരും. ഇവിടെ ‘താനും’ ‘അന്യനും’ എന്ന ദ്വൈതം യഥാർത്ഥത്തിൽ ഇല്ല. ഉണ്ടെന്ന ഒരു തോന്നൽ മാതമേ ഉള്ളൂ. അല്ലെങ്കിൽ ഉണ്ടാകുവാൻ പാടുള്ളൂ. നിർഭാഗ്യവശാൽ അഭിനയത്തിൻ്റെ മികവിൽ അഭിനേതാവ് സ്വയം കഥാപാത്രമായി മാറി തിരിച്ചുവരാൻ പറ്റാത്തവിധം  പ്രജ്ഞാനം തലകീഴ് മറിഞ്ഞുപോയതാണ് ഇവിടെ. താൻ ആരാണെന്ന് വീണ്ടും മനസ്സിലാക്കുന്നതോട് കൂടി സർവ്വ ദുഖങ്ങളും അവിടെ അവസാനിക്കുന്നു.

ഇവിടെ സംഭവിച്ചുപോയ “ഐഡൻറ്റിറ്റി-ക്രൈസിസ്” മനസ്സിലാക്കിയാൽ മനുഷ്യൻ്റെ   പ്രകടമായ ഈ പരിമിതിയുടെ അവസ്ഥയിൽപ്പോലും യഥാർത്ഥത്തിൽ മനുഷ്യൻ ശുദ്ധനും പരിപൂർണ്ണനുമാണ് എന്ന് തിരിച്ചറിയുവാൻ സാധിക്കും.  പക്ഷേ വ്യക്തി എന്ന നിലയിൽ നമ്മൾ ഈ സ്വയംകൃതമായ “ഐഡൻറ്റിറ്റി-ക്രൈസിസ്” എന്ന അവസ്ഥ അറിയുന്നില്ല എന്നുമാത്രം. ആത്മ ബോധത്തിൻ്റെ ഈ പ്രതിസന്ധിഘട്ടം തുടക്കത്തിൽ സ്വമേധയാ സ്വീകരിച്ച നമ്മുടെ    ഇച്ഛാശക്തിയില്ലാത്ത  പരിമിതമായ ആഗ്രഹങ്ങൾ മൂലം, പരിമിതമായ വിവിധ പ്രവർത്തനങ്ങൾ ചെയ്യുകയും അവയുടെ അനന്തരഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. അങ്ങനെ, കർമ്മത്തിൻ്റെ  ശൃംഖല വ്യക്തിയെ ബന്ധനത്തിൽ നിന്ന് ബന്ധനത്തിലേക്ക് നയിക്കുന്നു. താൻ യഥാർത്ഥത്തിൽ “ശിവ പ്രജ്ഞാനം” തന്നെ ആണെന്ന് മനസ്സിലാക്കി കർമ്മ ബന്ധനങ്ങൾ ഓരോന്നായി അഴിച്ച്, അതേ  സമയം, പുതിയതായി ഒരു കർമ്മ ബന്ധനവും രൂപീകരിച്ചെടുക്കാതെ   ജീവിക്കുന്നതിലൂടെ മാത്രമാണ് ക്ലേശങ്ങളിൽ നിന്നും ഉള്ള ശാശ്വതമായ  മോചനം സിദ്ധിക്കുകയുള്ളൂ. ഇതാണ് സനാതന ധർമ്മത്തിൻ്റെ  സന്ദേശം. 

ദ്വൈതത്തിൽ നിന്നും അദ്വൈതത്തിലേക്ക്  

കർമ്മബന്ധനത്തിൻ്റെ കാണാക്കയങ്ങളിലേക്കുള്ള ഒരു പതനം വീണ്ടും സംഭവിക്കുവാൻ ഇടവരാതെ ദ്വൈത ഭാവനയിൽ ഉള്ള ജീവിതത്തിൽ  നിന്നും അദ്വൈത ഭാവനയിലുള്ള ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് സനാതന ധർമ്മത്തിൻ്റെ മോചനത്തിനുള്ള കർമ്മ പദ്ധതി. അതോടൊപ്പം തന്നെ ഇതുവരെ സമ്പാദിച്ചുകൂട്ടിയ “സഞ്ചിത”കർമ്മങ്ങളുടെ ഭാണ്ഡം കാലിയാക്കണം. നമ്മളെപ്പോലെ തന്നെ “ഐഡൻറ്റിറ്റി-ക്രൈസിസ്” അനുഭവിച്ചുകൊണ്ട് ഉഴലുന്ന  അതേ പശുവാക്കപ്പെട്ട ശിവപ്രജ്ഞാനങ്ങൾ  തന്നെ ആണ് ബാക്കിയുള്ള എല്ലാവരും തന്നെ.   ഇതെല്ലാം സാദ്ധ്യമാക്കുന്നതിന് “ലോകോ സമസ്താ സുഖിനോ ഭവന്തു” എന്ന ബോധപൂർവ്വമായ മാനസിക നിലയോടെ തികച്ചും ധാർമ്മികമായ ജീവിതം നയിക്കണം. പൂർണ്ണമായ ഉണർവോടെ അവബോധം വർദ്ധിപ്പിക്കണം. അപ്രകാരം അവബോധം വർദ്ധിപ്പിക്കുവാൻ ആവശ്യമായ രീതിയിൽ നമ്മുക്ക് ലഭിച്ചിട്ടുള്ള ശരീരവും, മനസ്സും, പ്രാണ ഊർജ്ജവും എല്ലാം ഉപയോഗിക്കണം. ഒരാളുടെ മുഴുവൻ ജീവിതവും ഈ വിധത്തിൽ ഉള്ള ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ ഉപയുകതമായ രീതിയിൽ മാറ്റി എടുക്കണം.  സനാതന ധർമ്മത്തിലെ എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിന് വേണ്ടി രൂപ കൽപ്പന ചെയ്യപ്പെട്ടിട്ടുള്ളതാണ്. 

ദാനധർമ്മങ്ങൾ ചെയ്യൽ, ധാർമ്മിക ജീവിതം നയിക്കൽ, ക്ഷേത്ര ദർശനം, ഈശ്വര ഭക്തി, ജപം, യോഗ, പ്രാണായാമ, ധ്യാന പരിശീലനങ്ങൾ തുടങ്ങിയ എല്ലാ സനാതന ധർമ്മ അനുഷ്ഠാനങ്ങളും ഒരുവിധത്തിൽ അല്ലെങ്കിൽ മാറ്റൊരുവിധത്തിൽ അവബോധ വർദ്ധവിനും, കർമ്മബന്ധനങ്ങളെ അഴിച്ചു മാറ്റുന്നതിനും വേണ്ടി സമർത്ഥമായി രൂപ കൽപ്പന ചെയ്യപ്പെട്ടിട്ടുള്ളവയാണ്. 

ബന്ധനത്തിൽ നിന്ന് മുക്തിയിലേക്കുള്ള നിത്യ മോചനത്തിനായി  നമ്മൾ ഓരോരുത്തരും പരിശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.  കാരണം, നമുക്ക് വേണ്ടി മറ്റൊരാൾക്ക് ചെയ്ത് തരുവാൻ കഴിയുന്ന ഒന്നല്ല ഇക്കാര്യം. നമ്മുടെ വിശപ്പ് മാറുന്നതിന് നമ്മൾ തന്നെ ഭക്ഷണം കഴിക്കണം. മറ്റൊരാൾ കഴിച്ചിട്ട് കാര്യമില്ല. അതുപോലെ തന്നെ ആണ് ഇതും.  ആത്മജ്ഞാനം നമ്മൾ ഓരോരുത്തരും സ്വയം ആർജ്ജിക്കേണ്ട ഒന്നാണ്.  സനാതന ധർമ്മത്തിൽ “മുക്തി”ക്ക്   “പ്രത്യഭിജ്ഞാനം” എന്ന മറ്റൊരു പദം കൂടിയുണ്ട്.   അതായത്, ഒരാളുടെ യഥാർത്ഥ സ്വ-ഭാവത്തെ സ്വയം തിരിച്ചറിയുക എന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്, യഥാർത്ഥമായ, ശുദ്ധമായ, “സ്വ-പ്രജ്ഞാന ബോധം” തിരിച്ചറിയുക എന്ന് സാരം. അത് ശിവ പ്രജ്ഞാനം തന്നെ ആണ് തിരിച്ചറിയുക. നമ്മൾ മാത്രമല്ല, സർവ്വതും അതേ  ശിവ പ്രജ്ഞാനം തന്നെ ആണെന്ന് തിരിച്ചറിയുക. ഇവിടെ ആകെ ഉള്ള ഏകവസ്തു ശിവ പ്രജ്ഞാനം മാത്രമാണ് – അതാണ് ഇവിടെ ഉള്ള ഏകജീവൻ. ബാക്കി ഉള്ള സർവ്വതും കാണപ്പെടുന്നതും, കാണപ്പെടാത്തതും, അറിയപ്പെടുന്നതും, അറിയപ്പെടാത്തതും എല്ലാം  ഒരൊറ്റ ആ വലിയ ഏകജീവൻ്റെ   സ്പന്ദനങ്ങൾ മാത്രമാണ് എന്ന് തിരിച്ചറിയുക.

എങ്ങിനെ കര്‍മ്മ ബന്ധനം ഒഴിവാക്കി ജീവിക്കാം?

ആ വലിയ ഏക ജീവന്‍  തിരിച്ചറിഞ്ഞ്,  രൂപമില്ലാത്ത ആ  പ്രപഞ്ച ശക്തിയുമായി പിതൃനിര്‍വിശേഷമായ സ്നേഹ ബന്ധം വളര്‍ത്തി എടുക്കുക. അമ്പലവും പള്ളിയും എല്ലാം ഇതിനുള്ള പ്രതിരൂപാത്മക പരിശീലനങ്ങള്‍ ആണെന്ന് മനസ്സിലാക്കണം. അമ്പലവും പള്ളിയും പ്രതിനിധാനം ചെയ്യുന്നത് അരൂപിയായ ആ ഏക ജീവനെ തന്നെ  ആണ്. അല്ലാതെ  ഇന്ന് പലരും കരുതുന്ന പോലെയുള്ള അത് ഒരു ‘ക്ലബ്ബ് ‘ അംഗത്വം അല്ല. ഇതാണ് സനാതന ധർമ്മം നൽകുന്ന ഒരു വലിയ പാഠം.

നമ്മുടെ ഭൂമിയിലെ ജീവിതത്തിന്‍റെ പൊതുവായ പശ്ചാത്തലം യമ നിയമങ്ങളില്‍ അധിഷ്ഠിതമായ ഒന്നായിരിക്കണം. എന്താണ് യമ നിയമങ്ങള്‍?  അഹിംസ, സത്യം, മോഷ്ടിക്കതിരിക്കല്‍, നമ്മുടെ ശരീരവും, ധനസമ്പത്തുക്കളും വ്യയം ചെയ്യാതിരിക്കല്‍,   വസ്തുവകകളില്‍ ഭ്രമിച്ചു അത് വാരിക്കൂട്ടാതിരിക്കല്‍ – ഇവയെല്ലാം ചിന്തകള്‍ കൊണ്ടും, വാക്കുകൊണ്ടും, പ്രവർത്തികൊണ്ടും, പാലിക്കണം. മനസാ, വാചാ, കര്‍മ്മണാ  ശുദ്ധി വേണം. സദാ സന്തോഷമുള്ളവരായിരിക്കണം, സ്വയം അന്വേഷിച്ച് പഠിച്ച് അറിവ് (പ്രാപഞ്ചികവും, ആത്മീയവും ആയ അറിവ്)  നേടണം. അതും ഇതും ചിന്തിക്കുന്ന മനസ്സിന്‍റെ  രീതി മാറ്റി എകാഗ്രമായ മനസ്സിന്‍റെ ഉടമയാവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ആ വലിയ ഏക ജീവന്‍റെ നിത്യ സാന്നിദ്ധ്യം കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ഇത്രയും കാര്യങ്ങള്‍ എപ്പോഴും ഓര്‍മ്മയുണ്ടായിരിക്കണം. അതിനായി ശ്രമിച്ചു കൊണ്ടേ ഇരിക്കണം.

മോക്ഷം, അല്ലെങ്കില്‍ സ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ കര്‍മ്മ ഫലങ്ങളില്‍ നിന്നും ഉള്ള മോചനമാണ്. അതായത് എന്ത് പ്രവർത്തി ചെയ്താലും, അതിന്‍റെ ഫലമായി ഒരു പുതിയ കര്‍മ്മ ബന്ധനം  നമുക്ക് ഉണ്ടാകാത്ത വിധം ജീവിക്കാനുള്ള സാമര്‍ത്ഥ്യം കൈവരിച്ച അവസ്ഥ. അങ്ങിനയൂള്ള മോചനം കൈവരുന്നത് നമ്മുടെ സഞ്ചിത കര്‍മ്മങ്ങള്‍ പൂര്‍ണമായും  ധാര്‍മ്മിക ജീവിതത്തിന്‍റെ അഗ്നിയില്‍ കരിച്ച് കളഞ്ഞു  കഴിയുമ്പോഴാണ്.  ധാര്‍മ്മിക ജീവിതം എന്നാല്‍ യമ നിയമങ്ങളില്‍ അധിഷ്ഠിതമായ ജീവിതം ആണ്. അതുപോലെ തന്നെ പ്രാരാബ്ധ കര്‍മ്മങ്ങള്‍ പൂര്‍ണമായും അനുഭവിച്ചു തന്നെ തീരണം. കാരണം അത് വിക്ഷേപിക്കപ്പെട്ട   ശരങ്ങൾ ആണെന്ന് നമ്മൾ കണ്ടു കഴിഞ്ഞു. ഒരിക്കൽ വിക്ഷേപിക്കപ്പെട്ടാൽ തിരിച്ചു എടുക്കാന്‍ ആവില്ല.  

അതേസമയം, പ്രാരാബ്ധ കര്‍മ്മങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, പ്രാരാബ്ധ കര്‍മ്മങ്ങളുടെ  ഫലമായി ഉണ്ടാകുന്ന  ക്ലേശങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ടി വരും. അപ്പോൾ, മനസ്സില്‍ ഒരു ഖിന്നതയും ഉണ്ടാകുവാന്‍ പാടില്ല.  അതുപോലെ  പ്രരാബ്ധ കര്‍മ്മങ്ങള്‍ നമ്മുക്ക് ശ്രേയസ്സും സമ്പത്തും ചിലപ്പോള്‍  നല്കിയേക്കാം. അതെല്ലാം  നമ്മള്‍ ഇതിനു മുന്‍പ് സ്വായത്തമാക്കിയത്‌ സത്കര്‍മ്മമാണോ, ദുഷ്കര്‍മ്മമാണോ എന്നതിനെ ആശ്രയിച്ചിരിക്കും.   ഗുണമായാലും ദോഷമായാലും  പ്രാരാബ്ധ കര്‍മ്മ ഫലമായി  നമ്മുടെ മനസ്സില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള വികാര വിക്ഷോഭങ്ങള്‍ ആണ്  പുതിയ ക്രിയാമാന കര്‍മ്മങ്ങള്‍ സൃഷ്ടി ക്കുന്നത്. അതായതു സുഖത്തിലും ദുഖത്തിലും  നമ്മള്‍ സമചിത്തനായിരിക്കണം. കീര്‍ത്തിയിലും അപകീര്‍ത്തിയിലും അചഞ്ചലനായിരിക്കണം. അചഞ്ചലനായി അഭിനയിച്ചാല്‍ പോരാ. അങ്ങിനെ തന്നെ ആയിത്തീരണം. വികാരവിക്ഷോഭത്തോടെ എന്ത് ചെയ്താലും അത് ഒരു പുതിയ കര്‍മ്മം സൃഷ്ടിക്കും. ധാര്‍മ്മികമായ വികാരത്തോടെ  ചെയ്യുന്ന സകാരാത്മക കര്‍മ്മങ്ങളുടെ  ഫലമായി സത് കര്‍മ്മങ്ങള്‍ ഉണ്ടാകുന്നു. അതുമൂലം പുറകെ നല്ല ജീവിതാനുഭവങ്ങള്‍ ഉണ്ടാകുന്നു, അത്, ഒരുപക്ഷേ,  അടുത്ത ജന്മത്തിലായാലും മതി.  അടുത്ത ജന്മം നല്ല അനുഭവത്തോടെ ജീവിക്കുമ്പോള്‍, മതി മറന്നു അധാര്‍മ്മിക ക്രിയകള്‍ ചെയ്തുപോകുവാൻ വഴിയുണ്ട്.  അങ്ങിനെ സംഭവിച്ചാൽ കർമ്മ ബന്ധനമാകുന്ന പാമ്പ് വീണ്ടും  വിഴുങ്ങി ഒന്നാം കള്ളി മുതല്‍  ജീവിതം എന്ന കളി ആരംഭിക്കണം!! പിന്നെ തനിയാവർത്തനങ്ങൾ വീണ്ടും തുടങ്ങുകയായി. 

ചുരുക്കിപ്പറഞാല്‍ , നമ്മള്‍ എന്ത് ക്രിയ ചെയ്തു എന്നല്ല കാര്യം. നമ്മള്‍ ചെയ്ത ക്രിയയുടെ ഫലമായി ലഭിച്ച അനുഭവം നമ്മളെ എന്താക്കി തീര്‍ത്തു എന്നതാണ്  കര്‍മ്മങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരേ സമയം “സമ ദുഃഖ സുഖ ക്ഷമി”  ആയി ജീവിച്ച്  പ്രാരാബ്ദ കര്‍മ്മങ്ങളും ക്രിയാമാന കര്‍മ്മങ്ങളും ഇല്ലാതാക്കി, ധര്‍മ്മ നിരതനും ഏക ജീവനുമായി പ്രേമത്തിൽ  ജീവിച്ച് സഞ്ചിത കര്‍മ്മങ്ങളും ഇല്ലാതെ ആക്കിയിട്ട് വേണം നമ്മുടെ ഈ ചെറിയ ജീവിതമാകുന്ന പാമ്പും കോണിയും കളി അവസാനിപ്പിക്കാന്‍. അത് നടക്കാതെ പോയാല്‍, ആദി ശങ്കരാചാര്യര്‍  “ഭജ ഗോവിന്ദ”ത്തില്‍  പാടിയ തനിയാവർത്തനങ്ങൾ അനസ്യൂതം തുടരും. 

“പുനരപി ജനനം പുനരപി മരണം 

പുനരപി ജനനീ ജഠരേ ശയനം 

ഇഹ സംസാരേ ബഹു ദുസ്താരേ 

കൃപായാ പാരേ പാഹി മുരാരേ”

“ഒരിക്കൽക്കൂടി ജനനം, ഒരിക്കൽക്കൂടി മരണം, ഒരിക്കൽക്കൂടി അമ്മയുടെ ഗർഭപാത്രത്തിലുള്ള ശയനം. ഈ ലൗകിക ജീവിതം മറികടക്കാൻ വളരേ കഷ്ടമാണ്‌, കൃപയോടെ കനിഞ്ഞ്‌ രക്ഷിച്ചാലും, ഈശ്വരാ”. ഇതാണ് സനാതന ധർമ്മത്തിൻ്റെ കാതലായ ശ്രമം.  

മുക്തിയിലേക്കുള്ള രാജപാത – അഷ്ടാംഗയോഗം 

സനാത ധർമ്മത്തിലെ ഏറ്റവും വലിയ ഒറ്റ വിഷയം “പ്രജ്ഞാനം” അല്ലെങ്കിൽ “അവബോധം” എന്നുള്ളതാണ്. സനാതന ധർമ്മത്തിലെ എല്ലാ അനുഷ്ഠാനങ്ങളും ശ്രമങ്ങളും  എങ്ങിനെ മനുഷ്യനിലെ “അവബോധം” നിലവിലുള്ള  നിലയിൽ നിന്നും ഉയർത്തി  ഏറ്റവും ഉയർന്ന നിലയിലുള്ള പ്രജ്ഞാനത്തിലേക്ക് എത്തിക്കാം, ഇതിന് വിലങ്ങു തടിയായി നിൽക്കുന്ന ജീവിത പ്രശ്നങ്ങൾ എങ്ങിനെ മറികടക്കാം എന്നുള്ളതാണ്. ശാരീരികവും, മാനസികവും, വൈകാരികവും, ഊർജ്ജ സംബന്ധവുമായ മനുഷ്യൻ്റെ ഘടനയുമായി ഒത്തുപോകുന്ന വിധത്തിലായിരിക്കണം എല്ലാ അനുഷ്ഠാനങ്ങളും ചിട്ടപ്പെടുത്തേണ്ടതും. 

മനുഷ്യനിലെ “പ്രാണൻ” എന്ന ഊർജ്ജത്തിൻ്റെ സമർത്ഥമായ വിന്യാസത്തിലൂടെയാണ് അവബോധം വികസിപ്പിക്കുവാൻ കഴിയുക എന്ന് സനാതന ധർമ്മം മനസ്സിലാക്കിയിരുന്നു.    ഓരോരുത്തർക്കും ഓരോ നിലയിൽ ആയിരിക്കും നിലവിലെ പ്രജ്ഞാനം.   മുപ്പത്തി മുക്കോടി ജനങ്ങൾ ഈ  ലോകത്തിൽ  ഉണ്ടെങ്കിൽ മുപ്പത്തി മുക്കോടി നിലയിലായിരിക്കും അവരിലെ അവബോധം നിലകൊള്ളുന്നത്. അതുകൊണ്ടു  എല്ലാവർക്കും  ഉതകുന്ന ഒരേ ഒരു മാർഗ്ഗം ഉപയോഗിച്ചുകൊണ്ട് അവബോധം ഉയർത്തുവാൻ കഴിയുകയില്ല. അവബോധ വികസനത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ ഉള്ളവർക്ക് അനുയോജ്യമായ വിവിധ ഉപാധികൾ നൽകേണ്ടതുണ്ട്. അതേ സമയത്ത്, ഉപയോഗിക്കുന്ന എല്ലാ ഉപാധികളും  മനുഷ്യനിലെ ശാരീരികവും, മാനസികവും, ആത്മീയവുമായ ബലഹീനതകൾ തരണം ചെയ്യുന്ന വിധതിൽ ആയിരിക്കണം. അതുകൊണ്ടാണ് സനാതന ധർമ്മത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ഇത്ര അധികം വൈവിദ്ധ്യം കാണുന്നത്.

ദൈവ വിശ്വാസമില്ലായ്മയിൽ തുടങ്ങി, വിഗ്രഹാരാധനകൾ, ബഹു ദൈവാരാധനകൾ, ജപം, മന്ത്രോച്ചാരണം, യാഗങ്ങൾ, ക്ഷേത്ര ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പുരാണ പാരായണങ്ങൾ, ഉപനിഷത്-ഭഗത്ഗീതാ പഠനങ്ങൾ,  സന്മാർഗ്ഗ നിഷ്ഠയിൽ രൂഢമൂലമായ ജീവിതചര്യകൾ, യോഗാസനം, പ്രാണായാമം, ക്രിയകൾ, ധ്യാനം എന്നിവവരെ എത്തി  വികസിച്ചു നിൽക്കുന്ന ഉപാധികൾ സനാതന ധർമ്മത്തിൽ ഉള്ളത് ഇക്കാരണങ്ങൾ കൊണ്ടാണ്. എല്ലാം തന്നെ അവബോധ വികസനത്തിന് വേണ്ടി ഉള്ളതാണ്. അവബോധ വികസനത്തിൻ്റെ ഒരു ഘട്ടത്തിൽ താൻ യഥാർത്ഥത്തിൽ ശിവപ്രജ്ഞാനം ആണെന്ന് തിരിച്ചറിഞ്‌      ആ ദിശയിലേക്ക് വികസിച്ച് ക്ലേശങ്ങളിൽ നിന്നും മോചനം നേടുന്നു. എല്ലാവർക്കും  പാകമാകുന്ന ഒരു ഒറ്റ സൈസിലുള്ള കുപ്പായം ഇല്ലതന്നെ.  പക്ഷേ, എല്ലാ അനുഷ്ഠാനങ്ങളും  പ്രാണനെ മനുഷ്യൻ്റെ ഊർജ്ജ ശരീരത്തിലെ നാഡീ വ്യൂഹത്തിൻ്റെ താഴ്ന്ന മൂലാധാര ചക്രത്തിൽ നിന്നും ഉയർന്ന  ആജ്ഞാചക്രത്തിലേക്ക് പടിപടിയായി എത്തിക്കുവാൻ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഉതകുന്ന വിധം രൂപ കൽപ്പന ചെയ്യപ്പെട്ടവയാണ്.  ഈ വൈവിദ്ധ്യങ്ങളിൽ നിന്നും അവരവർക്ക് യോജിച്ച വിധത്തിലുള്ള അനുഷ്ഠാനങ്ങൾ സ്വന്തം സ്വതന്ത്ര ഇച്ഛക്കു അനുസൃതമായി അവരവർക്ക് അനുയോജ്യമായ അനുഷ്ഠാനം തിരഞ്ഞെടുത്ത് മുൻപോട്ടു പോകുക എന്നുള്ളതാണ് സനാതന ധർമ്മത്തിൻ്റെ  രീതി. യാതൊന്നും അടിച്ചേൽപ്പിക്കുന്നില്ല – കാരണം വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്നതിലൂടെ പ്രജ്ഞാനം വികസിക്കുകയില്ല. തിരിച്ചറിവിലൂടെ മാത്രമേ  പ്രജ്ഞാനം വികസിക്കുകയുള്ളൂ. അപ്രകാരം സ്വയം പഠിക്കുവാനുള്ള അവസരങ്ങൾ നിരവധി  അവസരങ്ങൾ അനസ്യൂതം നൽകുന്ന വിധത്തിലാണ് ജീവിതം രൂപ കൽപ്പന ചെയ്തിരിക്കുന്നത്. 

പൊതുവായി പറഞ്ഞാൽ,  പരമ്പരാഗതമായി നാല് വിധത്തിലുള്ള മാർഗ്ഗങ്ങൾ ആണ് ബന്ധനത്തിൽ നിന്നും മുക്തിയിലേക്കുള്ള പ്രയാണത്തിനായി സനാതന ധർമ്മത്തിൽ നിർദ്ദേശിച്ചു വരുന്നത്. അത്  കർമ്മ മാർഗ്ഗം, ഭക്തി മാർഗ്ഗം,  ജ്ഞാന മാർഗ്ഗം, ക്രിയാ മാർഗ്ഗം എന്നിവയാണ്.   ഇത് നാലും പ്രത്യേകം പ്രത്യേകം വേറിട്ടു നിൽക്കുന്ന പാതകൾ ആണെന്ന ധാരണ ശരിയല്ല. മുക്തിയിലേക്കുള്ള പ്രയാണത്തിൽ ഇത് നാലും ഒരുപോലെ ആവശ്യമാണ്. ഓരോ വ്യക്തിയുടേയും നിലവിലുള്ള പ്രവണതകൾക്ക് യോജിച്ച വിധം ഇതിൽ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത്, അതിൽ  പരിശീലനം ആരംഭിച്ചു ക്രമേണ മറ്റു മൂന്നിലേക്കും   പരിശീലനം വ്യാപിപ്പിക്കുക എന്നത് ആണ് അതിൻ്റെ ക്രമം. കാരണം, ഇത് നാലും  മുക്തിയിലേക്കുള്ള പ്രയാണത്തിൽ  ഒരേപോലെ പ്രാധാന്യം അർഹിക്കുന്നവയാണ് എന്നത് തന്നെ. ഈ നാലു നടപ്പാതകളും  ക്രമേണ  സംയോജിച്ച് മുക്തിയിലേക്കുള്ള രാജപാതയായി മാറുന്നു. ആ രാജ പാതയാണ് “രാജ യോഗം” അല്ലെങ്കിൽ “അഷ്ടാംഗയോഗം” എന്ന പേരിൽ അറിയപ്പെടുന്നത്. അഷ്ടാംഗയോഗത്തിൽ ഇത് നാലും അടങ്ങിയിട്ടുണ്ട്.   

ശരീരം ഉപയോഗിച്ചുകൊണ്ട് ആന്തരിക പരിണാമത്തിൽ എങ്ങിനെ മുന്നേറാം എന്നതാണ് കർമ്മ മാർഗ്ഗത്തിൻ്റെ വിഷയം.  ചെയ്യുന്ന പ്രവർത്തിയുടെ ഫലം ഗുണമായാലും ദോഷമായാലും അത് മനസ്സിൽ ഒരു കോളിളക്കവും സൃഷ്ടിക്കാതെ “സ്ഥിത പ്രജ്ഞനായി” ചെയ്യുവാനുള്ള പരിശീലനമാണ് കർമ്മ മാർഗ്ഗം. മനസ്സും വികാരങ്ങളും ഉപയോഗിച്ചുകൊണ്ട് ആന്തരിക പരിണാമത്തിൽ എങ്ങിനെ മുന്നേറാം എന്നതാണ് ഭക്തി മാർഗ്ഗത്തിൻ്റെ വിഷയം. ഈശ്വര സങ്കല്പങ്ങളോട് പരിശുദ്ധമായ സ്നേഹത്തിൽ മാത്രം അധിഷ്ഠിതമായ ഒരു ബന്ധം വളർത്തി എടുക്കുവാനുള്ള പരിശീലനമാണ് ഭക്തി മാർഗ്ഗം നൽകുന്നത്. ബുദ്ധി ഉപയോഗിച്ചുകൊണ്ട് ആന്തരിക പരിണാമത്തിൽ എങ്ങിനെ മുന്നേറ്റം ആരംഭിക്കാം എന്നതാണ് ജ്ഞാന മാർഗ്ഗത്തിൻ്റെ വിഷയം. ഉപനിഷത്തുക്കൾ, ഭഗവത് ഗീത, വേദവ്യാസൻ്റെ “ബ്രഹ്മസൂത്രം” തുടങ്ങിയ വിഷയങ്ങൾ പഠിച്ചു  മനസ്സിലാക്കി അതിലൂടെ താൻ യഥാർത്ഥത്തിൽ ‘ശിവ പ്രജ്ഞാനം’ തന്നെ ആണെന്ന  ജ്ഞാനം സമ്പാദിക്കലാണ് പരമ്പരാഗതമായി ജ്ഞാനമാർഗ്ഗത്തിൽ ചരിക്കുന്നവർ ചെയ്യുന്നത്. അനുയോജ്യനായ ഒരു ഗുരുവിൻ്റെ സഹായവും വളരെ അധികം ആവശ്യമുള്ള ഒരു മാർഗ്ഗമാണ് ഇത്. പ്രാണനെ സമർത്ഥമായി  ഉപയോഗിച്ചുകൊണ്ട് ആന്തരിക പരിണാമത്തിൽ എങ്ങിനെ മുന്നേറാം എന്നതാണ് ക്രിയാ മാർഗ്ഗത്തിൻ്റെ വിഷയം.  പ്രാണനും ജീവൻ്റെ വികാസവും തമ്മിലുള്ള ബന്ധം  വിവരിച്ചിരുന്നല്ലോ. അന്നമയ ശരീരത്തിൻ്റെ  പ്രവർത്തനങ്ങളിൽ ഒന്നായ ശ്വാസോച്ഛ്വാസം ഉപയോഗിച്ച്, പ്രമാണമയ കോശത്തിലെ പ്രാണൻ പ്രത്യേക രീതിയിൽ ആയാമം ചെയ്യിച്ചുകൊണ്ട് നടത്തുന്ന “ക്രിയ” ആണ്  ക്രിയാ മാർഗ്ഗത്തിലെ ഉപാധി.  ഇവിടേയും ഉത്തമനായ ഒരു ഗുരുവിൻ്റെ സഹായവും ശക്തിയും വളരെ അധികം ആവശ്യമുള്ള ഒരു മാർഗ്ഗമാണ് ഇത്.

മേൽപ്പറഞ്ഞ നാല് മാർഗ്ഗങ്ങളും പരസ്പരം വേർതിരിഞ്ഞു നിൽക്കുന്ന തനതായ മുക്തിയിലേക്കുള്ള മാർഗ്ഗങ്ങൾ ആയി  തെറ്റിദ്ധരിക്കരുത്. മുക്തിയുടെ  രാജപാതയിലേക്കുള്ള നാല് പ്രവേശന മാർഗ്ഗങ്ങൾ മാത്രമാണ് അവ ഓരോന്നും.  അവരവർക്ക്  നിലവിൽ ഏറ്റവും യോജിച്ച ഒരു പ്രവേശന മാർഗ്ഗം  ഇതിൽനിന്നും തിരഞ്ഞെടുക്കുവാൻ  വേണ്ടി ലഭ്യമാക്കിയിട്ടുള്ള നാല് തരം പരമ്പരാഗത മാർഗ്ഗങ്ങൾ ആണവ. ഒരിക്കൽ ആ രാജപാതയിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട്  മുൻപോട്ടുള്ള പ്രയാണം ഈ നാല്‌ രീതികളിലും സാമാന്യമായ  പ്രാവീണ്യം  ഒരു പരിധിവരെ എങ്കിലും സ്വായത്തമാക്കിയതിന് ശേഷമേ സാദ്ധ്യമാകൂ.  അതായത് കർമ്മയോഗവും, ഭക്തിയോഗവും, ജ്ഞാന യോഗവും ഒരേസമയം പരിശീലിച്ചുകൊണ്ട് ക്രിയകൾ അഭ്യസിക്കുമ്പോഴാണ് ആന്തരികമായ മാറ്റങ്ങൾ കൈവരുന്നത്. എല്ലാ  പരിശീലനങ്ങൾക്കും അടിത്തറയായി  ധാർമ്മികത ഉണ്ടാകുകയും വേണം.  അത്തരത്തിലുള്ള ഒരു സമഗ്രത മുന്നിൽ കണ്ടു കൊണ്ടു പതഞ്‌ജലി മഹർഷി ക്രോഡീകരിച്ചു രൂപകൽപ്പന ചെയ്ത നൽകിയതാണ് അഷ്ടാംഗയോഗം. മുക്തി യിലേക്കുള്ള “ഹൈ വേ” ആയിട്ടാണ് രാജയോഗം  അഥവാ അഷ്ടാംഗ യോഗം അറിയപ്പെടുന്നത്. 

ക്രിസ്തുവിനും 200 വർഷങ്ങൾ മുൻപ് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പതാഞ്ജലി മഹർഷി ക്രോഡീകരിച്ച “യോഗസൂത്രം” ആണ് ഇന്ന് വ്യാപകമായി പരിശീലിച്ചുവരുന്ന അഷ്ടാംഗയോഗ സംമ്പ്രദായത്തിന് തുടക്കം കുറിച്ചത്. അതിനർത്ഥം പതാഞ്ജലി മഹർഷി ആയിരുന്നു യോഗശാസ്ത്രത്തിൻ്റെ ഉപജ്ഞാതാവ് എന്നല്ല. യോഗശാസ്ത്രത്തിൻ്റെ ‘തിയറി’ വേദങ്ങളിൽ നിന്നും ആണ് ആരംഭിക്കുന്നത്. യോഗശാസ്ത്രത്തിൻ്റെ ‘പ്രാക്ടിക്കൽ’ തന്ത്ര ശാസ്ത്രത്തിലാണ് നില നിൽക്കുന്നത്. പതാഞ്ജലി മഹർഷി അതെല്ലാം ക്രോഡീകരിച്ചു അടുക്കും ചിട്ടയും വരുത്തി ഒരു പദ്ധതി ആയി രൂപപ്പെടുത്തി മനുഷ്യകുലത്തിന്  ഉപയുക്തമാക്കുകയാണ് ചെയ്തത്.   മനുഷ്യ ശരീരത്തിൻ്റെ  സമഗ്ര ഘടനയും,  മനുഷ്യ മനസ്സിൻ്റെ  ശക്തിയും ദൗബല്യങ്ങളും, പ്രാണ ശക്തിയുടെ സാദ്ധ്യതകളും എല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള  ഒരു ജീവിത ക്രമം ആണ് അഷ്ടാംഗ യോഗം. 

അഷ്ടാംഗ യോഗത്തിനു എട്ട് ഘടകങ്ങൾ ഉണ്ട്. അതിനാലാണ്, “അഷ്ട – അംഗം” എന്ന പേര് ലഭിച്ചത്. ആ എട്ടു ഘടകങ്ങൾക്ക് മൂന്നു ഭാഗങ്ങൾ ഉണ്ട്. ആദ്യത്തേത്  സർവ്വതിനും അടിസ്ഥാനമായ ധാർമ്മികതയാണ്. അത് ആദ്യം സ്ഥാപിച്ചെടുത്തിട്ട് വേണം മുൻപോട്ടു പോകുവാൻ.  രണ്ടാമത്തെ ഭാഗം ശരീരത്തേയും മനസ്സിനേയും  അതിൻ്റെ കാര്യക്ഷമതയുടെ പാരമ്യത്തിൽ കൊണ്ടു വരുവാനുള്ള പരിശീലനങ്ങൾ ആണ്.  ഇത് രണ്ടും കൈവരിച്ചതിന് ശേഷമാണ് മൂന്നാമത്തെ  ഭാഗമായ ആന്തരിക പരിശീലനമായ ധ്യാനത്തിലേക്കും അതിനുള്ള തയാറെടുപ്പുകളിലേക്കും  വരുന്നത്. 

ഇന്ന് “യോഗ” എന്നത് വിശ്വ പ്രസിദ്ധമായ ഒരു വാക്കാണ്. “യോഗ” എന്ന പദത്തിന്  കൂടിച്ചേരൽ എന്നാണു അർത്ഥം. “പരുഷ തത്വം” നൽകിയ പരിമിതപ്പെട്ട അവബോധം വർദ്ധിപ്പിച്ച്‌ പടിപടിയായി ഉയർത്തി ശുദ്ധതത്വ തലത്തിൽ പ്രവേശിച്ച്, ശുദ്ധവിദ്യാ തത്വം, ഈശ്വര തത്വം, എന്നീ തത്വങ്ങളിലൂടെ സദാശിവ തത്വത്തിൽ എത്തി ശിവതത്വവുമായി അവബോധം ഒന്നാകുന്ന നടപടി ക്രമമാണ്  ‘യോഗ”.  എട്ടു ഘടകങ്ങളിൽ കൂടി അനുക്രമമായി  നടക്കുന്ന ഒന്നാണ് ഈ പരിണാമം. അതിലെ ഒരു ഘടകം മാത്രമാണ് “യോഗാസന”ങ്ങൾ. എന്നാൽ, ഇന്ന് ആ ഒരു ഘടകം മാത്രമാണ് ലോകമെമ്പാടും “യോഗ” എന്ന് പറഞ്ഞാൽ അധികം പേരും അറിയുന്ന ഒരു ഘടകം. ഈ നില മാറി, യോഗയുടെ മുഴുവൻ വ്യാപ്തിയും പ്രാപ്തിയും ലോകം തിരിച്ചറിയേണ്ട ആവശ്യം ഉണ്ട്. അനന്തമായ സാദ്ധ്യതകളാണ് അഷ്ടാംഗ യോഗത്തിനുള്ളത്. 

അഷ്ടാംഗ യോഗത്തിൻ്റെ  എട്ടു ഘടകങ്ങൾ ചുരുക്കത്തിൽ ഇനി  ഒന്ന് അവലോകനം ചെയ്യാം

ധാർമ്മികത   

രാജയോഗത്തിലേക്ക് ഉള്ള പ്രവേശനം തന്നെ നമ്മുടെ ധാർമിക ജീവിതം  ചിട്ടപ്പെടുത്തിക്കൊണ്ടാണ്. കാരണം, ധാർമികത ജീവിതത്തിൽ കൊണ്ടുവരാതെ ജീവൻ്റെ (പ്രജ്ഞാനത്തിൻ്റെ- രണ്ടും ഒന്നുതന്നെ)  വികാസം സാദ്ധ്യമല്ല തന്നെ. രണ്ട് തലങ്ങളിൽ ആയിട്ടാണ്  രാജയോഗത്തിൽ ധാർമ്മികത ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിൽ  എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യരുത്  എന്ന നിഷ്കർഷകൾ ആണവ. ഒന്നാമതായി, നമ്മുക്ക് നമ്മുടെ ചുറ്റുമുള്ള സർവ്വതിനോടും ഉള്ള ബന്ധം എങ്ങിനെ ആയിരിക്കണം എന്നത് ക്രമപ്പെടുത്തിയിരിക്കുന്നു. അതിനെ ആണ് “യമം”   എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. അടുത്തത്, നമുക്ക് നമ്മളോട് തന്നെ ഉള്ള ബന്ധം എങ്ങിനെ ആയിരിക്കണം എന്നത് ക്രമപ്പെടുത്തിയിരിക്കുന്നു. അതിനെ ആണ് “നിയമം” എന്ന വാക്കുകൊണ്ട് സംഗ്രഹിച്ചിരിക്കുന്നത്. 

കർമ്മ മാർഗ്ഗത്തിൻ്റെ അന്തഃസത്തതായാണ് യമങ്ങൾ ഉൾക്കൊള്ളുന്നത്. ഭക്തി മാർഗ്ഗത്തിൻ്റേയും, ജ്ഞാനമാർഗ്ഗത്തിൻ്റേയും, ക്രിയാമാർഗ്ഗത്തിൻ്റേയും അന്തസ്സത്തതാണ് “നിയമ”ങ്ങളിൽ  ഉൾക്കൊള്ളുന്നത്. കർമ്മം, ഭക്തി, ജ്ഞാനം, ക്രിയാ എന്നീ നാല് മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് പരിശീലനം ആരംഭിക്കാമെങ്കിലും, രാജയോഗത്തിൽ ഈ നാലു പാതകളും  ക്രമേണ ഒരുമിച്ചു മാത്രം സഞ്ചരിക്കേണ്ട പാതകളാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. എന്തുകൊണ്ടാണ് യമനിയമങ്ങൾ അനുപേക്ഷണീയം ആണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.  

യമ നിയമങ്ങൾ അനുസരിച്ചുകൊണ്ടു വേണം യോഗയിലേക്ക് പ്രവേശിക്കുവാൻ. അഞ്ച് യമചര്യകളൂം അഞ്ച്  നിയമ ചര്യകളും ഉണ്ട്. എന്താണ് ആ പത്ത് യമ-നിയമ ചര്യകൾ  എന്ന് നോക്കാം. അവയെല്ലാം തന്നെ ഭൗതികമായ നിലനില്പിൻ്റെ   മൂന്ന് തലങ്ങളിലും അനുഷ്ഠിക്കേണ്ടവയാണ്. അതായത് ശരീരം കൊണ്ടും, മനസ്സുകൊണ്ടും, വികാരങ്ങൾകൊണ്ടും യമനിയമങ്ങൾ പാലിക്കേണ്ടതാണ് എന്നർത്ഥം.

യമം  – “യമ” എന്ന വാക്കിൻ്റെ  അർത്ഥം നിയന്ത്രിക്കുക എന്നാണ്. നമ്മൾ നമ്മളെ തന്നെ സ്വയം നിയന്ത്രിക്കേണ്ട കാര്യങ്ങൾ ഉണ്ട്.   അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നീ അഞ്ച് കാര്യങ്ങൾ ആണ് യമത്തിൽ വരുന്നത്. എന്നുവച്ചാൽ, മനസ്സാ-വാചാ-കർമ്മണാ യാതൊന്നിനേയും ഹിംസിക്കരുത്, അസത്യം ശീലിക്കരുത്, മോഷ്ടിക്കരുത്, ലഭിച്ചിരിക്കുന്ന ഓരോവസ്ത്തുക്കളും അതാതിന് ഉദ്ദേശിക്കപ്പെട്ട കാര്യത്തിനല്ലാതെ ഉപയോഗിക്കരുത്, ജീവസന്ധാരണത്തിന്  ആവശ്യമില്ലാത്തത് ഒന്നും ശേഖരിച്ചു കൂട്ടരുത് എന്നിവയാണ് ആ അഞ്ചു യമങ്ങൾ. 

നിയമം – ശൗചം, സന്തോഷം, സ്വാദ്ധ്യായം, തപസ്സ്, ഈശ്വരപ്രണിധാനം എന്നിവയാണ് അഞ്ചു നിയമങ്ങൾ.  എന്നുവച്ചാൽ, ശരീരം കൊണ്ടും, മനസ്സുകൊണ്ടും, വികാരങ്ങൾ കൊണ്ടും, എപ്പോഴും നമ്മൾ ശുദ്ധമായിരിക്കണം, സന്തോഷവാന്മാർ ആയിരിക്കണം, എപ്പോഴും പുതിയ വിജ്ഞാനത്തിനായി സ്വയം ശ്രമിച്ച്  പഠിച്ചുകൊണ്ടേയിരിക്കണം, ആന്തരികവും ബാഹ്യവുമായ ഏകാഗ്രത പരിശീലിക്കണം, സർവ്വ ചരാചരങ്ങളിലും ജീവൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു കൊണ്ടേ ഇരിക്കണം എന്നിവയാണ് ആ അഞ്ചു നിയമങ്ങൾ 

ശരീര   മനസ്സുകളുടെ തയ്യാറെടുപ്പ് 

ആദ്യം ധാർമ്മികതയിൽ അധിഷ്ഠിതമായ ഒരു  ജീവിതം ചിട്ടപ്പെടുത്തിയതിന് ശേഷം, മനസ്സും ശരീരവും വഴക്കമുള്ളതും അരോഗദൃഢവും ആക്കണം. അതാണ് രണ്ടാം ഘട്ടം.

നമ്മുടെ ജീവൻ്റെ (അവബോധത്തിൻ്റെ) വികസനം  ശരീരത്തിൽ നടക്കുന്ന പ്രാണൻ്റെ സുഗമമായ പ്രയാണവും ആയി അഭേദ്യ ബന്ധത്തിൽ നിൽക്കുന്ന ഒന്നാണെന്ന് പറഞ്ഞുവല്ലോ.   പ്രാണൻ്റെ  സുഗമമായ പ്രയാണത്തിന്  അന്നമയ ശരീരത്തിൻ്റെ  പേശികൾക്ക് വഴക്കവും അഴവും വളരെ ആവശ്യമാണ്. ജീവൻ്റെ  (അവബോധത്തിൻ്റെ) വികസനം ശരീരത്തോട് കൂടി നിൽക്കുമ്പോൾ മാത്രമേ സാധിക്കുകയുള്ളു. ചുമരുണ്ടെങ്കിലേ ചിത്രമെഴുതുവാൻ പറ്റൂ എന്ന് പറയുന്നത് അത് കൊണ്ടാണ്. ആ ശരീരം വഴക്കമുള്ളതാവണം, അരോഗ ദൃഢമായിരിക്കണം.  അങ്ങിനെ ശരീരം സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ആസനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.  ശരീരം പോലെ തന്നെ മനസ്സും വഴക്കമുള്ളതും അരോഗദൃഢവും ആയിരിക്കണം. അതിനാണ് പ്രാണായാമങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.

ആസനം – “ആസനം” എന്ന വാക്കിൻ്റെ  അർത്ഥം “ഇരിക്കൽ” എന്നാണ്. സുഖമായും സ്ഥിരമായും ഒരിടത്ത് അനങ്ങാതെ ഇരിക്കുവാൻ സാധിക്കണം രാജയോഗത്തിൻ്റെ  അടുത്ത ഘട്ടത്തിൽ അതിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ. അതിന് പരിശീലനം ആവശ്യമുണ്ട്. അതുകൊണ്ട് ‘യോഗാസനങ്ങൾ’ എന്ന  വാക്കുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്  പലവിധത്തിലുള്ള  ശരീര വിന്യാസങ്ങളെ ആണ്. ചില പ്രത്യേക രീതികളിൽ   ശരീരം വളക്കുകയും, തിരിക്കുകയും ചെയ്‌തുകൊണ്ട്‌   ശരീരത്തിന് വഴക്കവും ചൈതന്യവും വദ്ധിപ്പിക്കുവാൻ കഴിയും.  ഇത്തരത്തിൽ  വളരെ പ്രത്യേകത   ഉള്ള ശരീര സംബന്ധിയായ വ്യായാമ മുറകളെ  ക്‌ളാസിക്കൽ ഗ്രന്ഥങ്ങളിൽ “ഹഠയോഗം” എന്നാണു  പറയുന്നത്.  ക്ലാസ്സിക്കൽ ഹഠയോഗ ഗ്രന്ഥങ്ങളായ ‘ഗോരക്ഷ സംഹിത’, ‘ഹഠയോഗ പ്രദീപിക’, ഖേരണ്ട സംഹിത’ തുടങ്ങിയവയിൽ   84  തരം ആസനങ്ങളെക്കുറിച്ചു പ്രദിപാദിക്കുന്നുണ്ട്. എങ്കിലും 32 എണ്ണം ആണ് പൊതുവെ പരക്കെ ഉപയോഗിച്ചുവരുന്നത്.  അതിൽ നിന്നും ഒരു 10-12 എണ്ണം എങ്കിലും  തിരഞ്ഞെടുത്ത്  ക്രമമായ രീതിയിൽ  പരിശീലിക്കുമ്പോൾ  മെയ്‌ വഴക്കമുള്ള അരോഗദൃഢ ഗാത്രത്തോടെ  “സുഖസ്ഥിരമായി” ദീർഘനേരം എവിടെ വേണമെങ്കിലും ഇരിക്കുവാൻ സാധിക്കുന്നു.  ഒരു ഗുരുവിൻ്റെ നിർദ്ദേശാനുസരണം വേണം  ഇവയെല്ലാം പഠിക്കേണ്ടത്. 

പ്രാണായാമം – പ്രാണനെ ‘ആയാമം’ ചെയ്യിക്കുക എന്നാണു പദത്തിൻ്റെ അർത്ഥം. “യമം” എന്ന വാക്കിൻ്റെ  അർത്ഥം “നിയന്ത്രിക്കുക” എന്നാണെന്ന് നമ്മൾ മനസ്സിലാക്കി. ‘ആയാമം’  എന്ന വാക്കിൻ്റെ  അർത്ഥം അതിൻ്റെ വിപരീതമായ “വികസിപ്പിക്കുക’, അല്ലെങ്കിൽ ‘വലിച്ചു നീട്ടുക’ എന്നൊക്കെയാണ്. ചുരുക്കത്തിൽ പ്രാണായാമം എന്ന് പറഞ്ഞാൽ പ്രാണനെ വികസിപ്പിക്കുക എന്നാണ് അർത്ഥം. 

പ്രാണൻ എന്നാൽ ജീവശക്തിയാണ്. “ജീവൻ” (അവബോധം, പ്രജ്ഞാനം – അതായത് നമ്മൾ എന്താണോ അത്) നേരിട്ട് വ്യാപരിപ്പിക്കുന്ന ശക്തിയാണ് അത്. അതായത്  ജീവനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒന്ന്. മനസ്സിനേയും ശരീരത്തേയും ഉൽപ്പാദിപ്പിക്കുന്നതും പ്രവർത്തനോന്മുഖമാക്കുന്നതും പ്രാണൻ ആണ്. പ്രാണൻ വളരെ സൂക്ഷ്മമാണ്. അങ്ങിനെ ഉള്ള സൂക്ഷ്മമായ പ്രാണൻ്റെ സ്ഥൂല രൂപത്തിലുള്ള  പ്രതിനിധി ആണ് ശരീരത്തിൽ നടക്കുന്ന ശ്വാസോച്ഛാസം. ശ്വാസോച്ഛാസം നിലയ്ക്കുമ്പോൾ  പ്രാണൻ ശരീരത്തിൽ നിന്നും പിൻവാങ്ങി എന്നർത്ഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രാണനിലേക്കുള്ള നമ്മുടെ കൈപ്പിടിയാണ് ശ്വാസോച്ഛാസം. ശ്വാസോച്ഛാസത്തെ ‘ആയാമം’ ചെയ്യന്നത്, പ്രാണനെ ‘ആയാമം’ ചെയ്യുന്നതിന് സമമാണ്. 

പ്രാണനും ശ്വാസോച്ഛാസവും ഒരു വലിയ വിഷയമാണ്. ശ്വാസോച്ഛാസവും മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഉദാഹരണത്തിന്, മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ദീഘശ്വാസം വിടുന്നത് ആ ബന്ധം കൊണ്ടാണ്. ഭയം മനസ്സിനെ ഗ്രസിക്കുമ്പോൾ ശ്വാസോച്ഛാസം ത്വരിതമാകുന്നു.  പ്രാണായാമം പരിശീലനത്തോടെ മനോനിയന്ത്രണം കൈവരിക്കുവാൻ കഴിയുമെന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതേ ഉള്ളൂ 

ശ്വാസോച്ഛാസവും ആയുസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ വിഷയത്തിൽ നടന്നിരിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്  ശ്വാസോച്ഛാസത്തിൻ്റെ  തോത് കുറയുമ്പോൾ ആയുർ ദൈർഖ്യം കൂടുന്നു, തോത് കൂടുമ്പോൾ ആയുർ ദൈർഖ്യം കുറയുന്നു എന്നാണ്.  ഒരു മിനിറ്റിൽ 4 ശ്വസനങ്ങളുള്ള  ആമകൾ  150 വർഷത്തോളം ജീവിക്കുന്നു.  ഒരു മിനിറ്റിൽ 109 എതവണ ശ്വസിക്കുന്ന ചുണ്ടെലികൾ  1 വർഷം  ജീവിച്ചിരിക്കുന്നു. ഈ ശരാശരി കണക്കുകൾ  പ്രാണായാമത്തിൻ്റെ സാദ്ധ്യതകൾ  കാണിച്ചു തരുന്നുണ്ട്. 

ക്രിസ്തുവിനും 400 – 500 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ടു എന്ന് കരുതുന്ന മൈത്രായനിക ഉപനിഷത്തിലാണ് പ്രാണായാമത്തെ കുറിച്ച് ഏറെക്കുറെ വിശദമായ വിവരങ്ങൾ ഉള്ളത്. എന്നാൽ ക്രിസ്തുവിന് 3000 വർഷം മുൻപുള്ള ചാന്ദോക്യ ഉപനിഷത്തിലും, 700 വർഷം മുൻപുള്ള ബൃഹദാരണ്യക ഉപനിഷത്തിലും പ്രാണനെക്കുറിച്ചും  ശ്വാസോച്ഛാസവും പ്രാണനുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും പറയുന്നുണ്ട്.  അങ്ങിനെ ജീവൻ്റെ വികാസത്തിൽ പ്രാണായാമത്തിനുള്ള പങ്ക് ചെറുതല്ല. അനുയോജ്യനായ ഒരു ഗുരുവിൽ നിന്നും പഠിക്കേണ്ട ഒന്നാണ് പ്രാണായാമവും.

പരിണാമവും മുക്തിയും 

ഇതുവരെ വിവരിച്ച നാല് ഘട്ടങ്ങൾ ജീവൻ്റെ വികസനത്തിന് വേണ്ടി  ശരീരത്തിൻ്റെ  പുറത്തു ചെയ്ത് പരിശീലിച്ചു പ്രാവീണ്യം നേടേണ്ടവയണ്. ഇനിയുള്ള നാല് ഘട്ടങ്ങൾ ശരീരത്തിനകത്തേയ്ക്ക്  ഉൾവലിഞ്ഞു അവിടെ നിർവഹിക്കേണ്ട പരിശീലനങ്ങൾ ആണ്.  

പ്രത്യാഹാരം – കണ്ണ്, മൂക്ക്, നാക്കു, ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങൾ കൊണ്ടാണ് നമ്മൾ ഈ ലോകത്തേയും  അതിലെ സകല വസ്തുക്കളെയും അറിയുന്നത്.  ഈ ഇന്ദ്രിയങ്ങൾ പുറത്തേയ്ക്കുള്ള  അഭിമുഖവുമായിട്ടാണ് നിലകൊള്ളുന്നത്. അതുകൊണ്ട് നമ്മുടെ അവബോധവും ശ്രദ്ധയും എല്ലാം ബാഹ്യമായിട്ടാണ് ഇന്ന് കേന്ദ്രീകരിച്ചിരിക്കുന്നത്. പുറത്തേക്ക് ശ്രദ്ധിച്ചിരിക്കുന്ന അഞ്ച് ഇന്ദ്രിയങ്ങളേയും അകത്തേയ്ക്ക് തിരിക്കുന്നതാണ് പ്രത്യാഹാരം  

ധാരണ – “ധാരണ” എന്ന  സംസ്കൃത പദത്തിനർത്ഥം , “ഏകാഗ്രത” എന്നാണ്. ഏതെങ്കിലും ഒരു വസ്തുവിൽ, അല്ലെങ്കിൽ ഒരു ശബ്ദത്തിൽ  അല്ലെങ്കിൽ ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌  നിലകൊള്ളുന്നതാണ് ഏകാഗ്രത. ഒരു കടൽ തീരത്ത് ഇരുന്ന്  ആകാശത്തേക്ക് നോക്കുമ്പോൾ, ആകാശത്ത് നിലകൊള്ളുന്ന പല മേഘങ്ങളിൽ  ഒരു മേഘം മാത്രം കാണുന്നത് ആണ് ഏകാഗ്രത. ഏകാഗ്രത മൂർച്ഛിച്ച് അതിൻ്റെ അടുത്തഘട്ടമായ ധ്യാനത്തിലേക്ക് കടക്കുന്നു. 

ധ്യാനം  – “ധ്യാനം” ഏകാഗ്രതയുടെ പരിണാമം ആണ്. മേൽപ്പറഞ്ഞ ഉദാഹരണത്തിൽ ഏകാഗ്രതയുടെ പരിധി വർദ്ധിച്ചു മേഘം മാത്രമല്ല, ആകാശവും കടലും ശ്രദ്ധയുടെ സീമകൾക്ക് ഉള്ളിൽ നിലകൊള്ളുന്ന അവസ്ഥായാണ് ധ്യാനം. തീർത്തും എന്തിലാണോ ഏകാഗ്രമായിരിക്കുന്നത് അതിൽ ലയച്ചനിലയാണ് ധ്യാനം.

സമാധി: ഈ പദം നിരവധി സംസ്കൃത മൂലങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. “സ” എന്നാൽ “ഒരുമിച്ച്” അല്ലെങ്കിൽ “പൂർണ്ണമായി”, “ഒരുമിച്ചാകുക”  എന്നൊക്കെ അർത്ഥം പറയാം. ധ്യാനത്തിൻ്റെ  മൂർദ്ധന്യത്തിൽ ധ്യാനിക്കുന്ന വ്യക്തിയും ധ്യാനിക്കപ്പെട്ട വസ്തുവും അനുഭവത്തിൽ ഒന്നായി തീരുന്ന പ്രതീതിയിൽ ഉള്ള അവസ്ഥ.  ധാരണയിലും, ധ്യാനത്തിലും വർദ്ധിച്ചു വന്ന ഏകാഗ്രതയുടെ സീമ പിന്നേയും വർദ്ധിച്ച്‌   എല്ലാം ഒന്നായി മാറുകയാണ്. അവിടെ  അറിയുന്ന ആളും, അറിയപ്പെടുന്ന വസ്തുവും രണ്ടല്ല, ഒന്നാണ്. അവിടെ ശരീരമോ, മനസ്സോ, ധ്യാനം എന്ന പ്രവർത്തിയോ ഇല്ല.  ആകെ ഉള്ളത് ‘അറിയുന്നു’ എന്ന അറിവ് മാത്രം. ഇതാണ് ധ്യാനത്തിൻ്റെ മൂർദ്ധന്യം. ആ അറിവാണ് നമ്മൾ സത്യത്തിൽ. ആ അറിവിന് മനസ്സും ശരീരവും പൊട്ടി മുളച്ചു വന്നതാണ് ഇന്നത്തെ നമ്മൾ.

സമാധി 

നമ്മൾ “ജീവൻ” എന്ന ഏകകമാണ്. നമ്മൾ   പ്രജ്ഞാനമാണ്. നമ്മൾ അവബോധമാണ്. നമ്മൾ ശരീരമല്ല, മനസ്സല്ല. അത് രണ്ടും ജീവൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ്.   ആ ജീവൻ്റെ നിലവിലെ സാഹചര്യങ്ങളെ ആണ് നമ്മൾ “ജീവിതം” എന്ന് പറയുന്നത്. “ഞാൻ ശരീരമാണ്” അല്ലെങ്കിൽ “മനസ്സാണ്” അല്ലെങ്കിൽ “രണ്ടുംകൂടി ചേർന്നതാണ്” എന്നെല്ലാം ഉള്ള തെറ്റിദ്ധാരണയാണ് നമ്മെകൊണ്ട്  അങ്ങിനെ തെറ്റായി ചിന്തിപ്പിക്കുന്നതും, തെറ്റായ ചോദ്യങ്ങൾ ചോദിപ്പിക്കുന്നതും. നമ്മൾ മരിക്കുന്നവരാണ് എന്ന ധാരണയും  അതേ  തെറ്റിധാരണകൾ കൊണ്ട് ഉണ്ടാകുന്നതാണ്.  അതുകൊണ്ട് ജീവിതത്തിന് ലക്ഷ്യം ഒന്നും ഇല്ല – ജീവന്   “നിലനിൽക്കുക” എന്ന ഒരൊറ്റ അവസ്ഥയേ ഉള്ളൂ. ആ നിലനിൽപ്പ് ആദ്യം ഉപമിച്ച  ബലൂണിന് അകത്തായാലും പുറത്തായാലും ഒന്ന് തന്നെ. ബലൂൺ പൊട്ടുന്നതുവരെ ആ പരിധിക്കുള്ളിൽ നിൽക്കും. പൊട്ടിക്കഴിഞ്ഞാൽ പരിധി ഇല്ല, ആ ബലൂൺ ഇല്ല എന്നുമാത്രം.

ഒരു ജീവിത ലക്ഷ്യം വേണ്ടത് “ഞാൻ ശരീരം ആണ്” അല്ലെങ്കിൽ “മനസ്സാണ്” എന്നൊക്കെ ഉള്ള തെറ്റിദ്ധാരണയോട് കൂടി നിൽക്കുന്ന നമുക്കാണ് – മനുഷ്യനാണ്. ആ തെറ്റിദ്ധാരണ മാറ്റി നമ്മൾ സത്യത്തിൽ “ജീവൻ” അല്ലെങ്കിൽ “അവബോധം” അല്ലെങ്കിൽ “പ്രജ്ഞാനം” ആണ് എന്ന അചഞ്ചലമായ ശരിയായ ധാരണയും  അതനുസരിച്ചുള്ള അനുഭവവും  ഉണ്ടാകണം എന്നത് മാത്രമാണ്  അഭികാമ്യമായ ഒരു ലക്ഷ്യം.  ആ ലക്ഷ്യത്തിൽ എത്തുവാനുള്ള മാർഗ്ഗം  ആണ് അഷ്ടാംഗയോഗം.   അഷ്ടാംഗയോഗത്തിലൂടെ സ്ഥൂല ശരീരം ജീവനുമായി ചേർന്ന്  നിൽക്കുന്ന  ഇപ്പോഴത്തെ നമ്മൾ ആ ലക്ഷ്യത്തിൽ എത്തിയാൽ ജീവൻ അതി സൂക്ഷ്മ ശരീരം ഒരു ഉപകരണം മാത്രമായി സ്വീകരിച്ചു  നിൽക്കുന്ന അവസ്ഥയിലേക്ക് മാറും.  രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്.  ആദ്യത്തേത്  മരണവും, അജ്ഞതയും, ദുഃഖവും  ഉള്ള നിലനിൽപ്പ്. രണ്ടാമത്തേത്  അമരത്വവും, സർവജ്ഞാനവും, നിത്യാനന്ദവും ഉള്ള  നിലനിൽപ്പ്. ആ ഉയർന്ന അവസ്ഥ പരിശീലനത്തിലൂടെ, ബോധപൂർവ്വമായ നിലനിൽപ്പോടെ തുർടന്നാൽ സ്ഥൂലമായ  അന്നമയ ശരീരം പൊഴിച്ച് സൂക്ഷ്മമായ മനോന്മയ ശരീരത്തിൻ്റെ  ഉയർന്ന നിലയോടെ (ഗന്ധർവ്വൻ, ദേവൻ തുടങ്ങിയ നിലവിലെ അവബോധത്തിന് യോജിച്ച ഒരു നിലയിൽ) അനശ്വരതയിൽ, സർവ്വജ്ഞാനത്തോടെ, നിത്യാനന്ദത്തിൽ നിലനിൽക്കാം. 

അപ്പോഴും നാമമാത്രമായ ഒരു വ്യത്യാസം  നില നിൽക്കും, കുമിളയുടെ ആവരണം സ്വാഭാവികമായി പൊട്ടിപോകുന്നത് വരെ. സ്ഥൂല ശരീരം ജീവനുമായി നിൽക്കുന്ന  തെറ്റിദ്ധാരണ നിറഞ്ഞ അബോധാവസ്ഥയിൽ  നിന്നും, ജീവൻ അതിസൂക്ഷ്മ ശരീരവും ആയി  നിൽക്കുന്ന ഉയർന്ന ബോധാവസ്ഥയിൽ  എത്തിയാൽ അതിനപ്പുറം നിലനിൽപ്പ് മാത്രമല്ലാതെ മറ്റൊന്നും ഇല്ല.  അതുകൊണ്ട് പൂർണ്ണതയിൽ നിലനിൽക്കുക എന്നതുമാത്രമാണ് ലക്ഷ്യമായിരിക്കേണ്ടത്.

ആരാണ് ഗുരു? 

ഇതുവരെ ചർച്ച ചെയ്ത വിഷയങ്ങളിൽ  നിന്നും അവബോധ വികസനം എന്ന വിഷയത്തിൻ്റെ പ്രാധാന്യവും, ഗൗരവവും, സങ്കീർണ്ണതയും വ്യക്തമാണല്ലോ. എല്ലാ കാര്യങ്ങളിലും അതാതിൻ്റെ  വിദഗ്ദ്ധരെ  സമീപിച്ചു കാര്യങ്ങൾ നിർവ്വഹിക്കുവാൻ സഹായം തേടുന്ന മനുഷ്യർ, ആത്മീയതയിൽ മാത്രം വെറും വിശ്വാസവും പേറി സ്വയം പര്യാപ്തത നടിച്ചു നടക്കുന്നത് വളരെ പരിതാപം അർഹിക്കുന്ന ഒന്നാണ്. സ്വന്തം തലമുടി മുറിക്കണമെങ്കിൽ പോലും അത് സ്വയം ചെയ്യുവാൻ കഴിയാത്ത വരാണ്  നമ്മൾ   എന്നോർക്കണം.  നിസ്വാർത്ഥനും അനുഭവ സമ്പന്നനുമായ  ഒരു ഉത്തമ ഗുരുവിൻ്റെ  സഹായം നമുക്കുണ്ടാകുന്നത് മാർഗ്ഗ ഭ്രംശം വരാതെ ഇരിക്കുന്നതിനും, യാത്രയിൽ ലഭിക്കുന്ന അനുഗ്രഹത്താൽ യാത്ര സുഗമമാകുന്നതിനും കുറച്ചൊന്നുമല്ല സഹായിക്കുന്നത്. നമ്മുടെ മടക്കയാത്രയിൽ വ്യക്തത നൽകിക്കൊണ്ടേ ഇരിക്കുന്ന വ്യക്തി പ്രഭാവം ആണ് ഗുരു. 

താഴെ പറയുന്ന മൂന്നു ഗുണങ്ങൾ ആണ് പ്രധാനമായും ഒരു ഗുരുവിൽ കാണേണ്ടത്. 

  1. പറയുന്നതെല്ലാം നേരിട്ട് അനുഭവിച്ച് അറിഞ്ഞ  വ്യക്തിയാകണം.
  2. നിലവിലുള്ള ധാർമ്മിക നിയമങ്ങൾക്കോ, രാജ്യത്തിൻ്റെയോ, രാഷ്ട്രത്തിൻ്റെയോ  നിയമങ്ങൾക്ക് എതിരായി  ഒന്നും ചെയ്യുവാൻ ആവശ്യപ്പെടുന്ന വ്യക്തി ആയിരിക്കരുത്.

ഉത്തമനായ ഒരു ഗുരുവിനുവേണ്ടി ആത്മാർത്ഥമായി, ഉൽക്കടമായി ഇച്ഛിച്ചാൽ അത്തരം ഒരു ഗുരു നമ്മുടെ വാതിലിൽ വന്നു മുട്ടിവിളിക്കും എന്നാണു സനാതന ധർമ്മം പറയുന്നത്.   

സൃഷ്ടിയും മുക്തിയും ഇതര സങ്കല്പങ്ങളിൽ 

ആരാണ് ദൈവം, എങ്ങിനെയാണ് മനുഷ്യനെ  ക്ലേശങ്ങളിൽ ആഴ്ത്തുന്ന ഈ സൃഷ്ടി ഉണ്ടായത് എങ്ങിനെ ആണ് ഇതിൽ നിന്നും ഒരു മുക്തി സാദ്ധ്യമാകുക എന്ന സമസ്യകൾക്ക് ഉള്ള  ഉത്തരം കണ്ടെത്തുക എന്നതാണ് എല്ലാ മതങ്ങളുടേയും  അടിസ്ഥാനപരമായ  ശ്രമം എന്ന് നമ്മൾ കണ്ടുകഴിഞ്ഞു.  ഇതുവരെ  നമ്മൾ ചർച്ച ചെയ്തത്  സനാതന ധർമ്മം ഈ ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ ആണ്. അടുത്ത രണ്ടു അദ്ധ്യായങ്ങളിൽ, അതേ മൂന്നു ചോദ്യങ്ങൾക്ക്   അബ്രഹാമീയ മതങ്ങളും, ബുദ്ധധർമ്മവും  നൽകുന്ന ഉത്തരങ്ങൾ സംക്ഷിപ്‌തമായി ചർച്ചചെയ്യുകയാണ്. അതിലൂടെ എല്ലാ മതങ്ങളുടെ   ശ്രമങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണെന്നും, മാർഗ്ഗം മാത്രമാണ് വിഭിന്നമായിരിക്കുന്നതെന്നും മനസ്സിലാക്കുവാൻ കഴിയും. മാത്രവുമല്ല, യാഥാർത്ഥത്തിൽ എല്ലാ മതങ്ങളും സഹകരിച്ച് പ്രവർത്തിക്കേണ്ടത്തിൻ്റെ    ആവശ്യകതയും അതിലൂടെ നമുക്ക് തിരിച്ചറിയുവാനാകും. അന്ധമായ വിശ്വാസങ്ങൾ അല്ല, അടിത്തറയുള്ള അറിവുകളാണ് നമ്മെ രക്ഷിക്കുന്നത്.

ഏറ്റവും അവസാനത്തെ അദ്ധ്യായത്തിൽ പ്രായോഗിക ജീവിതത്തിൽ നിത്യവും പരിശീലിക്കുവാൻ കഴിയുന്ന ചില ലളിതമായ നിർദ്ദേശങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.