ആരാണ് ദൈവം?
സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങൾ

യഥാർത്ഥത്തിൽ “ബുദ്ധമതം” വേറിട്ട ഒരു മതമല്ല. അങ്ങിനെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത് മാത്രമാണ്.  ബുദ്ധമതം എന്ന് പറയുന്നത് സനാതന  ധർമ്മത്തിൻ്റെ തന്നെ മറ്റൊരു പുനഃരുദ്ധരിച്ച രൂപമാണ് – ഷഡ് ദർശനങ്ങളെ പോലെ തന്നെ ഉള്ള സനാതന ധർമ്മത്തിൻ്റെ  മറ്റൊരു പുന:ർ ആവിഷ്ക്കരണം മാത്രമാണ് ബുദ്ധ ദർശനങ്ങൾ. ഗൗതമ ബുദ്ധൻ പഠിപ്പിച്ചതും പരിശീലിപ്പിച്ചതും  സനാതന ധർമ്മത്തിൻ്റെ ഉൾക്കാമ്പ് ആയ ‘ധർമ്മം’ തന്നെ ആണ്. സനാതന ധർമ്മത്തിൻ്റെ ഉൾക്കാമ്പ് നഷ്ടപ്പെടുത്തി ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളിൽ ജനം ആവശ്യത്തിലധികം   മുഴുകിയപ്പോൾ, സനാതന ധർമ്മത്തിൻ്റെ അന്ത:സ്സത്തതയിലേക്ക് തിരികെ ജനങ്ങളെ കൊണ്ടു വരുവാൻ നടത്തിയ ശ്രമങ്ങൾ ആണ് ബുദ്ധ”മതം”. ധർമ്മം പുന:സ്ഥാപിക്കുക, അതിലൂടെ ജനങ്ങളുടെ ക്ലേശങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിന് ആവശ്യമില്ലാത്ത സകലതും ഗൗതമ ബുദ്ധൻ മാറ്റി നിറുത്തിയിരുന്നു.  

സനാതന ധർമ്മത്തിലെ       ‘ധർമ്മം’ എന്ന പദം ഒരു  സംസ്കൃത ഭാഷാ പ്രയോഗമാണ്.  പാലി ഭാഷയിൽ ‘ധമ്മ’ എന്നാണ് പറയുന്നത് എന്ന് മാത്രം. ബുദ്ധൻ പഠിപ്പിച്ച ധർമ്മത്തെ മറ്റൊരു മതമായി വളർത്തി എടുത്തത് ബ്രിട്ടീഷ് അധിനിവേശ കാലത്താണ്. സനാതന ധർമ്മത്തിൽ നിന്നും ബുദ്ധ ദർശനങ്ങളെ മറ്റൊരു “മത”മായി വ്യാഖ്യാനിച്ച് മാറ്റി നിറുത്തിയത് ഒരു അധിനിവേശ തന്ത്രം  മാത്രമായിരുന്നു.  എന്തുകൊണ്ടോ ബുദ്ധ ധർമ്മ പണ്ഡിതന്മാർ പോലും ഈ അപഭ്രംശം  തിരുത്തുവാൻ തയ്യാറായി വരുകയുണ്ടായില്ല.

അതുകൊണ്ട് ഒരു മതം എന്ന നിലയിൽ ഒരു പ്രത്യേക അദ്ധ്യായം സത്യത്തിൽ ബുദ്ധമതത്തിന് ഇവിടെ ആവശ്യമില്ല. എങ്കിൽ കൂടിയും,  ഇന്നും ലോക ജനസംഖ്യയുടെ 6% ബുദ്ധ ധർമ്മ അനുയായികൾ ആണ്.  അതുകൂടാതെ  ഗൗതമ ബുദ്ധൻ  ദൈവ സങ്കൽപ്പങ്ങളെക്കുറിച്ച്  നിശ്ശബ്ദനായിരുന്നു.  വേദങ്ങളുടെ സാംഗത്യം ബുദ്ധൻ അംഗീകരിച്ചിരുന്നില്ലെന്നും, ‘ആത്മാവ്” എന്ന സങ്കല്പം ബുദ്ധ മതത്തിൽ ഇല്ലായിരുന്നു എന്നും ബുദ്ധമതാനുയായികൾ പറയാറുണ്ട്. ഇതിലെല്ലാം  ഒരു വ്യക്തത വരുത്തേണ്ട ആവശ്യമുള്ളത് കൊണ്ട്  ബുദ്ധധർമ്മത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കുവാൻ   ബുദ്ധ ദർശനങ്ങളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട ചില പൊതുവായ  കാര്യങ്ങൾ  ഈ അദ്ധ്യായത്തിൽ പങ്കുവയ്ക്കാം.

ദൈവസങ്കല്പത്തെ ചുറ്റിപ്പറ്റി യാതൊരു  ഇന്ദ്രിയാതീതമായ സങ്കല്പങ്ങളും   ഗൗതമ ബുദ്ധൻ നൽകിയിട്ടില്ല എന്നത് വാസ്തവമാണ്. ഇതിന് അർത്ഥം ബുദ്ധധർമ്മത്തിന്   ഒരു നിരീശ്വര സ്വഭാവം  ഉണ്ടെന്നല്ല. പ്രായോഗിക തലങ്ങളിൽ മനുഷ്യരുടെ ജീവിത ദുരിതങ്ങൾ ലഘൂകരിക്കുക എന്നതിലായിരുന്നു ഗൗതമ ബുദ്ധൻ്റെ  ഏക ശ്രദ്ധ. ബൗദ്ധികമായ  കസർത്തുക്കളും ദൈവസങ്കൽപ്പത്തെ ചുറ്റിപ്പറ്റിയുള്ള തുടർച്ചയായ സംവാദങ്ങളും ജീവിതത്തിൽ കഷ്ടപ്പെടുന്ന മനുഷ്യൻ്റെ ക്ലേശങ്ങൾ  ലഘൂകരിക്കുക എന്ന പ്രധാന ലക്ഷ്യത്തിൽ നിന്ന് മനുഷ്യനെ  വ്യതിചലിപ്പിക്കും എന്ന്  ബുദ്ധന് നന്നായി അറിയാമായിരുന്നു. അതിനാൽ, അദ്ദേഹം തൻ്റെ  ലക്ഷ്യത്തിന് അനിവാര്യമല്ലാത്ത വിഷയങ്ങളിൽ ചർച്ച വന്നാൽ  അർത്ഥവത്തായ മൗനം പാലിക്കുമായിരുന്നു. “ദൈവമുണ്ടോ” എന്ന് ആരെങ്കിലും ചോദിച്ചാൽ ഗൗതമ ബുദ്ധൻ തിരികെ ചോദിക്കുമായിരുന്നു,  “ദൈവം ഉണ്ടെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ?” “ദൈവം ഇല്ലേ” എന്ന് ആരെങ്കിലും അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹം അപ്പോഴും തിരിച്ചു ചോദിക്കുമായിരുന്നു, “ദൈവം ഇല്ല എന്ന് ഞാൻ എപ്പോഴെങ്കിലും  പറഞ്ഞോ?” എന്ന്. ഇത്തരം മറുപടികളിലൂടെ  ആ ചോദ്യങ്ങൾ ചോദിച്ചവർക്ക് യുക്തമെന്ന് സ്വയം   തോന്നുന്ന രീതിയിൽ ഇക്കാര്യങ്ങളിൽ സ്വന്തം തീരുമാനങ്ങളിൽ എത്താമായിരുന്നു. അങ്ങിനെ, ഇതിനെ ‘ദൈവം ഇല്ല’ എന്ന് ബുദ്ധൻ പറഞ്ഞാതായി ചിലർ വ്യാഖ്യാനിച്ചു എന്ന് മാത്രം. മാത്രവുമല്ല,  താൻ ഒരു സനാതന  ധർമ്മചാരി അല്ല എന്നോ, തനിക്ക് വേദങ്ങളിൽ വിശ്വാസമില്ല എന്നോ, താൻ ഒരു പുതിയ മതം സ്ഥാപിക്കുകയാണ് എന്നോ ബുദ്ധൻ ഒരിക്കലും  പറയുകയുണ്ടായിട്ടില്ല. 

നാല്  ആര്യ സത്യങ്ങൾ 

രാജ കൊട്ടാരത്തിൽ രാജ കുമാരനായി ജനിച്ച ഗൗതമൻ  സർവ്വ സുഖങ്ങളും സൗഭാഗ്യങ്ങളും അനുഭവിച്ച വ്യക്തിയാണ്. പിൽക്കാലത്ത് അദ്ദേഹം  വർഷങ്ങളോളം അങ്ങേയറ്റം അച്ചടക്കത്തിൽ സുഖോപഭോഗ നിഷേധത്തോടെ  സന്യാസ ജീവിതം നയിച്ചു. ജീവിതത്തിൻ്റെ  തീവ്രമായ ഈ  രണ്ട് വഴികളും താൻ പ്രതീക്ഷിക്കുന്ന കഷ്ടപ്പാടുകളിൽ നിന്നും ഉള്ള മോചനം തനിക്ക് നൽകുന്നില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.  ഒടുവിൽ, ജീവിതത്തിലെ  കഷ്ടപ്പാടുകളെ മറികടക്കാനുള്ള വഴി ഇത് രണ്ടുമല്ലാത്ത മദ്ധ്യ  പാതയിലൂടെ ആണ് എന്ന്  അദ്ദേഹം കണ്ടെത്തി.

മനുഷ്യൻ്റെ  കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനും അതിൽ നിന്ന് നിത്യ മുക്തിക്കുള്ള ഒരു വഴി കണ്ടെത്തുന്നതിനും തീരെ സഹായകരമല്ലാത്ത  കുറേ ദാർശനിക ചോദ്യങ്ങളിൽ ഗൗതമ ബുദ്ധൻ  പൂർണ്ണമായും നിശബ്ദനായിരുന്നു. ഈ ദാർശനിക ചോദ്യങ്ങളിൽ ചിലതൊക്കെ  ഇനി പറയുന്ന തരത്തിലുള്ള ചോദ്യങ്ങൾ ആണ്‌. ഈ ലോകം പരിമിതമാണോ? അനന്തമാണോ? ശാശ്വതമാണോ? അനാദിയാണോ? നമ്മുടെ ശരീരത്തോട് ചേർന്നിരിക്കുന്ന ഒരു ആത്മാവുണ്ടോ? അതോ ശരീരവും ആത്മാവും ഒന്നുതന്നെയാണോ? ആത്മസാക്ഷാത്ക്കാരം നേടിയ  ഒരു വ്യക്തി മരണശേഷം ജീവിക്കുന്നുണ്ടോ ഇല്ലയോ? ഗൗതമ ബുദ്ധനെ സംബന്ധിച്ചിടത്തോളം, മനുഷ്യൻ്റെ  കഷ്ടപ്പാടുകളിൽ നിന്ന് മോചനത്തിനുള്ള ഒരു വഴി കണ്ടെത്തുകയും കണ്ടെത്തിയ വഴിയിലൂടെ ജീവിത ക്ലേശങ്ങളിൽ നിന്ന് പുറത്തു കടക്കുകയും ചെയ്യുന്നതിനേക്കാൾ പ്രാധാന്യമുള്ള  മറ്റൊന്നുമില്ല. ഇത്തരത്തിലുള്ള ചോദ്യങ്ങൾ എല്ലാം  വിവരണാതീതമായ  “അവ്യക്താനി”കൾ  ആണെന്നും, ആകെ ഈ ലോകത്തിൽ വ്യക്തമായിട്ടുള്ളത്  നാല് ആര്യ (ശ്രേഷ്ഠ) സത്യങ്ങൾ മാത്ര മാണെന്നും അദ്ദേഹം പറഞ്ഞു. ആ നാല് ആര്യ സത്യങ്ങൾ ഇതാണ്. 

(1) “ഇദം ദുഃഖ” – കഷ്ടതകൾ നിലനിൽക്കുന്നുണ്ട്  – വാർദ്ധക്യവും രോഗവും മരണവും മാത്രമല്ല കഷ്ടപ്പാടുകൾ ഉണ്ടാക്കുന്നത്. ഒരൽപ്പം ശ്രദ്ധിച്ചാൽ നമ്മുടെ ജീവിതം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കഷ്ടപ്പാടുകൾ കൊണ്ട്  നിറഞ്ഞതാണ് എന്ന് നമുക്ക് മനസ്സിലാക്കാം. നമ്മൾ ദരിദ്രരാണെങ്കിൽ, ദാരിദ്ര്യം കൊണ്ട് നമ്മൾ കഷ്ടപ്പെടുന്നു. നമ്മൾ സമ്പന്നരാണെങ്കിൽ, നമ്മുടെ സമ്പത്ത് നിലനിറുത്തുവാൻ  നാം കഷ്ടപ്പെടുന്നു. വാസ്‌തവത്തിൽ, ഒരു ദരിദ്രൻ ഭക്ഷണത്തിനും പാർപ്പിടത്തിനും വസ്‌ത്രത്തിനും വേണ്ടി മാത്രം കഷ്ടപ്പെടാൽ മതി. ഒരു ധനികൻ്റെ  കഷ്ടപ്പാട് ബഹുമുഖമാണ്. നമ്മുടെ നിതാന്തമായ അഭിലാഷങ്ങൾ നമ്മുടെ ആഗ്രഹ  വസ്തുക്കളെ സ്വന്തമാക്കാൻ നമ്മളെ നിർബന്ധിക്കുന്നു, നമ്മളെക്കൊണ്ട് പലതും ചെയ്യിക്കുന്നു; സ്വന്തമായത് നഷ്ടപ്പെടുമ്പോൾ നമ്മൾ വീണ്ടും കഷ്ടപ്പെടുന്നു. മാത്രമല്ല, ഒരു ആഗ്രഹം നിറവേറ്റുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തി വളരെ ഹ്രസ്വകാലത്തേക്കേ നിലനിൽക്കൂ, ആ ആഗ്രഹ സാഫല്യം മറ്റൊരു ആഗ്രഹത്തിന് കാരണമാവുകയും, പൂർവ്വാനുഭവങ്ങൾ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. ചെറിയ ചെറിയ സംഭവങ്ങളിൽപ്പോലും നാം അസ്വസ്ഥരാകുന്നു, ദേഷ്യം, വെറുപ്പ്, അഭിനിവേശം, ഭയം, ഉത്കണ്ഠ, വെറുപ്പ്, സങ്കടം, പ്രതീക്ഷകൾ എന്നിങ്ങനെ പലതരം വികാരങ്ങൾ ഓരോ ദിവസവും നമ്മളെ മഥിക്കുന്നു. ജീവിതം മുഴുവൻ ഈ അനുഭവങ്ങളുടെ തനിയാവർത്തങ്ങൾ ആണ്.

(2) “അയം  ദുഃഖ സമുദയോ” – കഷ്ടതകൾക്ക് കാരണമുണ്ട് – സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങളിലൂടെ, നമ്മുടെ എല്ലാം ജീവിതത്തിൽ കാര്യ-കാരണ ബന്ധങ്ങളുടെ 12 പല്ലുകൾ ഉള്ള  ഒരു പൽച്ചക്രം ആവർത്തിച്ച് തിരിഞ്ഞുകൊണ്ട് നിലനിൽക്കുന്നത്  ഗൗതമ ബുദ്ധൻ ശ്രദ്ധിച്ചു. ഒരു കാരണവുമില്ലാതെ നമ്മുടെ ജീവിതത്തിൽ ഒരു കാര്യവും സംഭവിക്കുന്നില്ല എന്നും, സംഭവിക്കുന്ന ഓരോ കാര്യവും ഓരോ പുതിയ കാര്യങ്ങൾക്കുള്ള കാരണമായി തീരുന്നു എന്നും അദ്ദേഹത്തിന് മനസ്സിലായി. അതായത്, ജീവിതത്തിൽ ഒന്നും നിരുപാധികമോ ആകസ്മികമോ അല്ലെന്ന് ബുദ്ധൻ നിരീക്ഷിച്ചു. എല്ലാ കാര്യങ്ങളും ഏതെങ്കിലും ഒരു കാരണത്താൽ മാത്രം  സംഭവിക്കുന്നു. നാം ഇത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, എല്ലാ കാര്യങ്ങളും അതിനു മുൻപുണ്ടായിരുന്ന ഒരു കാരണത്തിൽ നിലനിൽക്കുന്നു. അങ്ങിനെ നമ്മുടെ ഭൂതകാലം, വർത്തമാനകാലം, ഭാവികാലം  എന്നിവയുമായി കോർത്തിണക്കുന്ന 12 കാര്യ കാരണങ്ങളുടെ ബന്ധത്തിൻ്റെ  അനുക്രമണം  മൂലം നമ്മുടെ എല്ലാം ജീവിതത്തിൽ നിരന്തരമായ കഷ്ടപ്പാടുകളുടെ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ ഭ്രമണത്തിൻ്റെ മെക്കാനിസം മനസ്സിലാക്കിയാൽ ജീവിതത്തിലെ കഷ്ടപ്പാടുകൾ  അവസാനിപ്പിക്കാം എന്ന് സാരം.

കഷ്ടപ്പാടുകളുടെ ഈ ഭ്രമണം നമ്മുടെ ജനനം മുതൽ ആരംഭിക്കുന്നു. നാം ജനിച്ചില്ലായിരുന്നുവെങ്കിൽ നാം കഷ്ടപ്പെടുമായിരുന്നില്ല. നമ്മുടെ ജനനത്തിന് കാരണമായ ചില ഭൂതകാല സ്മരണകളുടെ മുദ്രണങ്ങൾ  ഇല്ലായിരുന്നുവെങ്കിൽ നാം ജനിക്കുമായിരുന്നില്ല. നമ്മുടെ മുൻകാല അസ്തിത്വത്തിൽ നമ്മുടെ മനസ്സ് ഈ ലോകത്തിലെ വസ്തുക്കളോട് അഭിനിവേശം പുലർത്തിയില്ലായിരുന്നു എങ്കിൽ നമുക്ക് ഭൂതകാല മുദ്രണങ്ങൾ ഉണ്ടാകുമായിരുന്നില്ല, നമ്മൾ ജനിക്കുമായിരുന്നില്ല. ഈ ലോകത്തിലെ വസ്തുക്കളുമായി നമ്മൾ പുലർത്തിയ  ഇന്ദ്രിയാനുഭവങ്ങൾ നമ്മുടെ  മനസ്സ് വികാരവിക്ഷോഭത്തോടെ അനുഭവിച്ചപ്പോൾ, അത് മുദ്രണങ്ങൾ ആയി മാറി,  അങ്ങിനെ ഉണ്ടായ മുദ്രണങ്ങളിലൂടെ മുൻകാല അനുഭവങ്ങൾ ആവർത്തിച്ച് ആസ്വദിക്കാനുള്ള ദാഹം വളർത്തിയില്ലായിരുന്നു എങ്കിൽ നമ്മുടെ മനസ്സ് ഈ ലോകത്തിലെ വസ്തുക്കളാൽ  ആകർഷിക്കപ്പെട്ട് നിൽക്കില്ലായിരുന്നു. ഇത്തരമൊരു പ്രക്രിയ സംഭവിച്ചില്ലായിരുന്നുവെങ്കിൽ, വസ്തുക്കളോടുള്ള  മാനസികമായ ആകർഷണവും എന്തെങ്കിലും  “ആവാനുള്ള ഇച്ഛ”യും നമ്മളെ വീണ്ടും ഒരു  ജന്മത്തിൻ്റേയും വീണ്ടും  കഷ്ടപ്പാടുകളുടെയും വീണ്ടും ഒരു  മരണത്തിൻ്റേയും ആവർത്തനത്തിലേക്ക് കൊണ്ടുപോകുന്നത് സംഭവിക്കില്ലായിരുന്നു. കാര്യ-കാരണങ്ങളുടെ നീണ്ട കരങ്ങളിലൂടെ  നമ്മുടെ ആവർത്തിച്ചുള്ള അസ്തിത്വങ്ങളും ആവർത്തിച്ചുള്ള കഷ്ടപ്പാടുകളും സംഭവിക്കുന്നത് ഇങ്ങനെ 12 കാരണങ്ങളിലൂടെ ആണ്.  

ആ 12 കാരണങ്ങളെ “ദ്വാദശ നിദാനങ്ങൾ” എന്നാണ് ബുദ്ധ ധർമ്മത്തിൽ പറയുന്നത്. ആ 12 നിദാനങ്ങൾ ഇവയാണ്.  ഭൂതകാലത്ത് നിന്നും ഉള്ള  (1) അവിദ്യാ അല്ലെങ്കിൽ അജ്ഞത  (2) ആ അജ്ഞത സൃഷ്ടിക്കുന്ന സംസ്കാര മുദ്രണങ്ങൾ  വർത്തമാന കാലത്തെ സൃഷ്ടിക്കുന്നു   (3) നമ്മുടെ പ്രജ്ഞാനം  (4) നമ്മുടെ ശരീര മനസ്സുകൾ (5) മനസ്സും മനസ്സിൻ്റെ അഞ്ച്  ഇന്ദ്രിയങ്ങളും (6) രൂപനാമങ്ങൾ ഉള്ള വസ്തുക്കളുമായി ഇന്ദ്രിയങ്ങളുടെ സ്പർശനം (7) ആ സ്പർശനം നൽകുന്ന അനുഭവം (8) ആ അനുഭവം നൽകിയ സുഖം / വേദന (9) അനുഭവം ആവർത്തിക്കുവാനുള്ള തൃഷ്ണ (9) വസ്തുക്കളോട് മനസ്സുകൊണ്ടുള്ള ഒട്ടൽ (10) അത് സാക്ഷാത്ക്കരിക്കുവാനുള്ള ഇശ്ച (11) പുന:ർ ജനനം (12) വീണ്ടും വാർദ്ധക്യവും മരണവും . സനാതന ധർമ്മത്തിലെ കർമ്മ നിയമങ്ങൾ തന്നെ ആണ് ഇതെന്ന് നമുക്ക് കാണാവുന്നതാണ്. ബുദ്ധക്ഷേത്രങ്ങളിൽ ഭക്തർ തിരിക്കുന്ന ധർമ്മ ചക്രം ഈ  “ദ്വാദശ നിദാനങ്ങളെ”ആണ് പ്രതിനിധാനം ചെയ്യുന്നത്.

(3) “അയം ദുഃഖ നിരോധ” –  കഷ്ടതകൾക്ക് വിരാമമുണ്ട് – മുകളിൽ വിവരിച്ച “ദ്വാദശ നിദാനങ്ങളുടെ” പ്രവർത്തനം മൂലമാണ് ജീവിതത്തിൽ  കഷ്ടപ്പാടുകൾ ഉണ്ടാകുന്നത്. ഇതെല്ലാം ഈ  പ്രവർത്തനത്തിൻ്റെ  രീതികളെക്കുറിച്ച് നമുക്ക് തന്നെ ഉള്ള  അജ്ഞത നിമിത്തം ഉണ്ടാകുന്നതായതുകൊണ്ട്  ഈ കഷ്ടപ്പാടുകൾ സ്വയംകൃതമായ അനർത്ഥങ്ങൾ ആണെന്ന് പറയാം.  പഞ്ചേന്ദ്രിയങ്ങൾ ലോകത്തിലെ വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതിൻ്റെ  പരിണത ഫലമായി മനസ്സിൽ ഉയരുന്ന വികാരങ്ങളും തുടർന്ന്  രൂപീകൃതമാകുന്ന  നമ്മുടെ അഭിനിവേശങ്ങളാണ്    ഒരു ചങ്ങലയായി നമ്മളെ കഷ്ടപ്പാടുകളുമായി ബന്ധിപ്പിച്ചിടുന്നത്. ഈ മാനസിക അഭിനിവേശം നീക്കം ചെയ്തുകഴിഞ്ഞാൽ, ചങ്ങല പൊട്ടിപ്പോവുകയും കഷ്ടപ്പാടുകൾ അവിടെത്തന്നെ അവസാനിക്കുകയും ചെയ്യുന്നു. ഈ രീതിയിൽ ചങ്ങല പൊട്ടിച്ചെറിയുന്നതിനെ ആണ് ‘നിർവ്വാണം’ അല്ലെങ്കിൽ ‘മുക്തി’എന്ന് ബുദ്ധ ധർമ്മത്തിൽ  പറയുന്നത്.  ‘നിർവ്വാണം’ എന്നതിൻ്റെ  പദോൽപ്പത്തിയുടെ അർത്ഥം പുനർജന്മത്തിൻ്റെയും പുനർ ദുരിതത്തിൻ്റെയും പ്രക്രിയയെ “പുറത്തു കളയുക” എന്നാണ്. “നിർവാണം” എന്നാൽ നിർവാണം നേടിയ ഒരാൾ ഇല്ലാതായി എന്നല്ല അർത്ഥമാക്കുന്നത്. അത്തരത്തിലുള്ള ഒരാൾ കർമ്മങ്ങളുടെ ഫലങ്ങളോട് ചേർന്നു നിൽക്കാതെ കർമ്മങ്ങൾ ചെയ്തുകൊണ്ടേയിരിക്കുന്നു. അത്തരം വ്യക്തികളുടെ പ്രവർത്തനങ്ങൾ പ്രവർത്തനത്തിനുവേണ്ടിയോ മനുഷ്യരാശിയുടെ സേവനത്തിനോ വേണ്ടിയോ ആണ് ചെയ്യുന്നത്. 

(4) “അയം ദുഃഖ നിരോധ – ഗാമിനി പതിപഥ” കഷ്ടതകൾ അവസാനിപ്പിക്കുവാൻ   മാർഗമുണ്ട് –  “ദ്വാദശ നിദാനങ്ങളുടെ”  ചക്ര ഭ്രമണം   വ്യവസ്ഥാപിതമായി അവസാനിപ്പിക്കുവാൻ ബുദ്ധൻ ലോകത്തിന് ഒരു സമ്പൂർണ്ണ രീതിശാസ്ത്രവും മാർഗ്ഗനിർദ്ദേശവും നൽകിയിട്ടുണ്ട്, “അഷ്ടാംഗമാർഗ്ഗ” എന്ന എട്ട് പടവുകൾ ഉള്ള  പ്രക്രിയ ഉപയോഗിച്ചാണ്‌ ഇത് നിർവഹിക്കുന്നത് .  

അഷ്ടാംഗ മാർഗ്ഗങ്ങൾ 

ഗൗതമ ബുദ്ധൻ നൽകുന്ന മുക്തിക്കുള്ള എട്ടു പടവുകൾ താഴെ പറയുന്നവയാണ്.

(1) ശരിയായ കാഴ്ചകൾ – ലോകത്തിൻ്റെയും അതിലെ   വസ്തുക്കളുടെയും യഥാർത്ഥ സ്വഭാവത്തെക്കുറിച്ചുള്ള അജ്ഞതയാണ് എല്ലാ കഷ്ടപ്പാടുകളുടെയും തുടക്കം. കാര്യ കാരണ പ്രവർത്തനങ്ങളുടെ രീതികളും അവയുടെ  ഫലവും നമ്മൾ തിരിച്ചറിയുന്നില്ലെങ്കിൽ, ലോകത്തിൻ്റെയും അതിൻ്റെ  വസ്തുക്കളുടെയും താൽക്കാലികത എന്ന  സ്വഭാവം നമുക്ക് തിരിച്ചറിയാൻ കഴിയില്ല. അതിൻ്റെ  നശ്വരത തിരിച്ചറിയാതെ, ലോകവും അല്ലെങ്കിൽ അതിലെ വസ്തുക്കളുമായി ഒന്നുകിൽ ആസക്തിയുടെയോ അല്ലെങ്കിൽ വെറുപ്പിൻ്റെയോ ബന്ധം വളർത്തിയെടുത്താൽ, ആ ബന്ധം കഷ്ടപ്പാടുകൾ വിതയ്ക്കും. ജീവിതത്തിലെ സംഭവങ്ങളോടും വസ്തുക്കളോടും ഉള്ള നമ്മുടെ എല്ലാ പ്രതികരണങ്ങളിലും വൈകാരികമായി നിഷ്പക്ഷത പുലർത്തണം. അതിനാൽ ദൈനംദിന ജീവിതത്തിൽ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ശരിയായ ധാരണ വളർത്തിയെടുക്കുന്നത് ജീവിതത്തിലെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിന് പരമപ്രധാനമാണ്. ബുദ്ധധർമ്മത്തിൻ്റെ  അഷ്ടാംഗ മാർഗ്ഗത്തിൽ നമ്മുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ടമാണിത്.

(2) ശരിയായ നിശ്ചയം – ലോകത്തിൻ്റെയും അതിലെ വസ്തുക്കളുടെയും  നശ്വരതയും, ലോകാനുഭവങ്ങളുടെ പുറകിലുള്ള കാര്യകാരണ ബന്ധവും  നമ്മൾ അറിഞ്ഞാൽ മാത്രം പോരാ. ഈ അറിവ് നമ്മൾ എല്ലായിപ്പോഴും പൂർണ്ണമായി  നമ്മുടെ അവബോധത്തിൽ സൂക്ഷിക്കുകയും ദൈനംദിന ജീവിതത്തിലെ നമ്മുടെ പ്രവർത്തനങ്ങളിലേക്ക് ഈ അവബോധം കൊണ്ടുവരുകയും  വേണം. അങ്ങിനെ നമ്മൾ അത് നിത്യവും പ്രായോഗികതത്തിൽ  പരിശീലിക്കുകയും വേണം. അതോടൊപ്പം  നാം വസ്തുക്കളോടും അനുഭവങ്ങളോടും ബോധപൂർവ്വം വിരക്തി വളർത്തിയെടുക്കുകയും, എന്നാൽ  അതേ സമയം  അഭിനിവേശമോ വിദ്വേഷമോ വളർത്തിയെടുക്കാതെ നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും ലോകവും അതിലെ വസ്തുക്കളും ആയി ഇടപഴകുകയും വേണം. അത്തരം ഒരു ബന്ധം നിലനിറുത്തി   പ്രാവർത്തികമാക്കാൻ ആവശ്യമായ ശക്തമായ പ്രതിബദ്ധത നമുക്ക്  ഉണ്ടായിരിക്കണം. ഒരിക്കലും അഭിനിവേശമോ വിദ്വേഷമോ വളർത്തിയെടുക്കാതെ എല്ലാത്തിനോടും ഇടപഴകിക്കൊണ്ട് അവയെക്കുറിച്ചുള്ള  അറിവ് സമ്പാദനം ശീലമാക്കണം. നമ്മുടെ മനസ്സിലെ എല്ലാ ചിന്തകളും നാം വികസിപ്പിച്ചെടുത്ത ശരിയായ ഇത്തരം വീക്ഷണങ്ങളുമായി പൂർണ്ണമായും പൊരുത്തപ്പെട്ട് വേണം നിൽക്കുവാൻ. ഇതാണ് ശരിയായ നിശ്ചയം എന്നതിൻ്റെ  അർത്ഥം, 

(3) ശരിയായ സംസാരം –  നമ്മുടെ ചിന്തകളും വാക്കുകളും  പ്രവർത്തനങ്ങളും ഈ ലോകത്തിലെ മറ്റ്  വ്യക്തികളും വസ്തുക്കളുമായും ഇടപഴകാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്, അവയെല്ലാം നശ്വരങ്ങളാണ്. അതിനാൽ, നമ്മുടെ ചിന്തകളും വാക്കുകളും രണ്ടാം ഘട്ടത്തിൽ നാം ഉണ്ടാക്കിയ ദൃഢനിശ്ചയത്തിന് പൂർണമായിയും  അനുസരിച്ചായിരിക്കണം. നമ്മുടെ വാക്കുകൾ ഒരിക്കലും ക്രൂരമോ, അസത്യമോ, നിസ്സാരവത്ക്കരിച്ചതോ ആയിരിക്കരുത്. ഇത് മൂന്നാം ഘട്ടമാണ്.

(4) ശരിയായ പെരുമാറ്റം – ജീവിതത്തിലെ നമ്മുടെ എല്ലാ  പ്രവർത്തനങ്ങളും പെരുമാറ്റങ്ങളും അതിന് മുൻപുള്ള മൂന്ന്   ഘട്ടങ്ങളിൽ എടുത്ത ശരിയായ വീക്ഷണങ്ങൾ, ശരിയായ തീരുമാനങ്ങൾ,  ശരിയായ വാക്കുകൾ  എന്നിവയ്ക്ക് പൂർണ്ണമായി യോജിച്ചതായിരിക്കണം. നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും നാം തികച്ചും അക്രമരഹിതരും സത്യസന്ധരും ആയിരിക്കണം. ഇത് നാലാം ഘട്ടമാണ്.

(5) ശരിയായ ഉപജീവനമാർഗം – നമുക്ക് ഒരു ശരീരമുണ്ട്, നമ്മുടെ ശരീരത്തിന് ആവശ്യങ്ങളുണ്ട്, അത് നിറവേറ്റേണ്ടതുണ്ട്. ഈ ശാരീരിക ആവശ്യങ്ങൾ പരിപാലിക്കുന്നതിന് നമുക്ക് ഒരു ഉപജീവനമാർഗം അത്യന്താപേക്ഷിതമാണ്. നാം തിരഞ്ഞെടുക്കുന്ന ഉപജീവനമാർഗം എന്തുമാകട്ടെ, ശരിയായ കാഴ്ചപ്പാടുകൾ, ശരിയായ പ്രമേയങ്ങൾ, ശരിയായ സംസാരം, ശരിയായ പെരുമാറ്റം എന്നിവയ്ക്ക് പൂർണമായ ശ്രദ്ധ നമ്മൾ നൽകണം. അനുചിതമായ മാർഗങ്ങളിലൂടെ നാം ഉപജീവനം കണ്ടെത്തുകയാണെങ്കിൽ, അത് നമ്മുടെ വികാരങ്ങളിൽ കുറ്റബോധം സൃഷ്ടിക്കും. അത് നമ്മുടെ ജീവിതത്തെ പൂർണ്ണമായും നശിപ്പിക്കും. സാന്ദർഭികമായി പറഞ്ഞാൽ, സാംഖ്യ ദർശനത്തിൽ, നമ്മുടെ ബോധ മനസ്സിന് എതിരായി പ്രവർത്തിക്കുമ്പോൾ നമ്മുടെ മനസ്സിന് സംഭവിക്കുന്ന അനഭികാമ്യമായ അനന്തരഫലങ്ങളുടെ വിശദാംശങ്ങൾ നൽകുന്നുണ്ട്. നമ്മുടെ ഉപജീവനം ഒരിക്കലും മറ്റുള്ളവരെയോ വസ്തുക്കളെയോ പരിസ്ഥിതിയെയോ പ്രതികൂലമായി ബാധിക്കരുത്.

(6) ശരിയായ പരിശ്രമങ്ങൾ – ശരിയായ വീക്ഷണങ്ങൾ, ശരിയായ പ്രമേയങ്ങൾ, ശരിയായ സംസാരം, ശരിയായ പെരുമാറ്റം, ശരിയായ ഉപജീവനമാർഗ്ഗം എന്നിവ  ബോധപൂർവ്വം വളർത്തി എടുത്തതിനു ശേഷവും, നമ്മൾ നമ്മുടെ മുൻകാല അനുഭവങ്ങളുടെ സൃഷിടികൾ ആണെന്ന് നമ്മൾ  മറക്കരുത്. നിഷേധാത്മക ചിന്തകളിൽ മുഴുകാനുള്ള പ്രവണതകളിലൂടെ നമ്മൾ നമ്മുടെ മേൽ തന്നെ സമ്മർദ്ദം ചെലുത്തും, അങ്ങിനെ നമ്മൾ ഒരുപക്ഷേ നിഷേധാത്മക പ്രവർത്തനങ്ങളിലേക്ക് നീങ്ങുവാൻ ഇടയുണ്ട്. നമ്മൾ ബോധപൂർവ്വം ഇക്കാര്യം  നിരീക്ഷിക്കുകയും മനസ്സിനെ ശുദ്ധീകരിക്കാനും,  മനസ്സിനെ ശ്രേഷ്ഠമായ ചിന്തകളിൽ വ്യാപാരിപ്പിക്കുവാനും  നിരന്തരം പരിശ്രമിക്കണം. ഈ ശ്രമങ്ങൾ ബോധപൂർവ്വവും ഉത്സാഹത്തോടെയും ചെയ്യുന്നില്ലെങ്കിൽ, നാം വീണ്ടും അബോധാവസ്ഥയിലേക്ക് നീങ്ങുവാൻ ഇടയുണ്ട്. അതിൻ്റെ  ഫലമായി വേദനയും കഷ്ടപ്പാടും വീണ്ടും വർദ്ധിക്കും.

(7) ശരിയായ മനസ്സ് – നമ്മുടെ മനസ്സിന് ഏകാഗ്രതയില്ലാതെ  ചിതറിപ്പോകുവാനുള്ള   പ്രവണതയുണ്ട്. അങ്ങിനെ നമ്മുടെ മനസ്സ് നമ്മുടെ തന്നെ ശ്രദ്ധയിൽ നിന്ന് അകന്നുപോകുവാൻ  വളരെ എളുപ്പമാണ്. നമ്മൾ നമ്മെത്തന്നെ നിരീക്ഷിക്കേണ്ടതുണ്ട്, സദാ ശ്രദ്ധാലുക്കളായിരിക്കണം നമ്മൾ. ഗൗതമ ബുദ്ധൻ്റെ  അഭിപ്രായത്തിൽ, ലോകത്തിൻ്റേയും  അതിലെ വസ്തുക്കളുടെയും ക്ഷണികമായ സ്വഭാവത്തെക്കുറിച്ചുള്ള നിരന്തരമായ സ്മരണയാണ് ‘മന:സ്സാക്ഷി’. മന:സാക്ഷി നമ്മുടെ  മനസ്സിനെ ഏകാഗ്രതയിലേക്ക് തിരികെ കൊണ്ടു വരും എന്ന് അദ്ദേഹം പറയുന്നുണ്ട്. അതിലൂടെ നമ്മുടെ ശ്രദ്ധ ഉള്ളിലേക്ക് തിരിക്കാനും മനസ്സിനെ ഏകാഗ്രമാക്കുവാനും മന:സാക്ഷി  ആവശ്യമാണ്. തികച്ചും ഉണർവോടെ അവബോധത്തോടെ നമ്മൾ അത് പരിശീലിക്കണം. ഇതിനായി നിരന്തരമായ സ്വയം പരിശ്രമം വളരെ ആവശ്യമാണ്.

(8) ശരിയായ ധ്യാനം –  മുൻപുള്ള ഏഴ് ഘട്ടങ്ങളിൽ വിശദീകരിച്ചതു പോലെയുള്ള  ജീവിതം നയിക്കുന്ന ഒരാൾക്ക് വൈകാരികമായ  പക്വതയുള്ള,  വ്യക്തതയുള്ള  ഒരു മനസ്സുണ്ടാകും. അത് പിന്നീട് ധ്യാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു കവാടമായി  മാറുകയും ചെയ്യും. ക്രമേണ  അത് കഷ്ടപ്പാടുകളുടെ വിരാമത്തിനും നിർവ്വാണത്തിലേക്കും,  ബുദ്ധത്വത്തിലേക്കും ഉള്ള അവസാന വാതിലും  തുറന്നു തരും. 

ബുദ്ധ ധർമ്മത്തിൽ, ധ്യാനത്തിന് നാല് ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ, നമ്മൾ ശുദ്ധമായ, അചഞ്ചലമായ ഒരു മനസ്സിൻ്റെ  ഉടമയായിത്തീരുന്നു, അതിലൂടെ ഒരാൾക്ക് സത്യം അന്വേഷിച്ചറിയുവാൻ  കഴിയും. രണ്ടാം ഘട്ടത്തിൽ, നമ്മുടെ  മനസ്സിലുള്ള എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടുകയും തുടർന്ന് നമ്മൾ ആന്തരികമായ  ശാന്തത അനുഭവിക്കുവാൻ തുടങ്ങുകയും ചെയ്യും. ഇവിടെ, ദ്വൈത ഭാവം ഉണ്ട്.  അവിടെ ധ്യാനത്തിൻ്റെ   ധ്യാനത്തിൻ്റെ  ഫലം “വസ്തു” ആയിട്ടെടുത്ത് ആ ഫലലവും, അത്   ആസ്വദിക്കുന്ന  വ്യക്തിയും ദ്വൈതമായി നിലനിൽക്കുന്നുണ്ട് . മൂന്നാമത്തെ ഘട്ടത്തിൽ, ധ്യാനത്തിൻ്റെ  വികസിത അവസ്ഥകളിൽ, ശരീരം ഇപ്പോഴും അവിടെയാണെങ്കിലും, വിഷയവും വസ്തുവും ഒന്നായി അദ്വൈതമായി തീർന്ന്  നമ്മൾ തത്‌ഫലമായി ഉണ്ടാകുന്ന  സന്തോഷത്തെ പോലും മറികടക്കുന്നു. നാലാമത്തെ ഈ അവസ്ഥയാണ് ബുദ്ധത്വം.

അപ്പോഴും, നമ്മൾ ലോകത്തിൻ്റെ  ക്ഷണികമായ സ്വഭാവവും അത് നൽകുന്ന  വേദനയും കഷ്ടപ്പാടുകളും നമ്മളെ സ്പർശിക്കാതെയും സ്വാധീനിക്കാതേയും മാറ്റി നിറുത്തി ജീവിതം തുടരുന്നുണ്ടാകും. 

അടിയന്തിരമായ പ്രശ്നപരിഹാരത്തിന് അത്യാവശ്യമില്ലാത്ത വിശദശാംശങ്ങൾ ഒഴിവാക്കേണ്ടതിൻ്റെ പ്രാധാന്യം  ചിത്രീകരിക്കാൻ ഗൗതമ ബുദ്ധൻ ഒരിക്കൽ മനോഹരമായ ഒരു ഉപമ ഉപയോഗിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു, നമ്മൾ ഒരു ശരമേറ്റ് കിടക്കുമ്പോൾ, ആരാണ് ഈ ശരം അയച്ചത്, ഈ ശരം ഏത് വസ്തു ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്നും മറ്റും  കണ്ടെത്താനുള്ള സമയമല്ല, മറിച്ച് നമ്മുടെ ശരീരത്തിൽ തറച്ച അമ്പ് പുറത്തെടുത്ത് നമ്മുടെ ജീവൻ രക്ഷിക്കാനുള്ള സമയമാണത്. മേൽപ്പറഞ്ഞ തരത്തിലുള്ള ദാർശനിക ചോദ്യങ്ങൾക്ക്  ഉത്തരം കണ്ടെത്തുന്നത് മനുഷ്യൻ്റെ  കഷ്ടപ്പാടുകളിൽ നിന്ന് മുക്തിക്കുള്ള ഒരു വഴി കണ്ടെത്തുന്നതിൽ നിർണായക പ്രാധാന്യമുള്ള ഒന്നല്ല എന്ന്  അദ്ദേഹം ഊന്നിപ്പറഞ്ഞു. എങ്കിലും, അദ്ദേഹത്തിൻ്റെ  മരണശേഷം, ഈ ബൗദ്ധിക ചോദ്യങ്ങളിൽ ബുദ്ധൻ്റെ  നിശബ്ദതയെക്കുറിച്ച് അദ്ദേഹത്തിൻ്റെ  ശിഷ്യന്മാർ ഊഹിക്കുകയും നിരവധി വ്യാഖ്യാനങ്ങളുമായി അവർ മുന്നോട്ട് വരികയും ചെയ്തു. തുടർന്നുണ്ടായ വാദങ്ങളും   സംവാദങ്ങളും    ഇന്ന് ബുദ്ധ ധർമ്മതത്തിലെ   വിവിധ ശാഖകൾക്ക് കാരണമായി.

ഗൗതമ ബുദ്ധൻ നിർവ്വാണം പ്രാപിക്കുന്നതിൻ്റെ      തലേ ദിവസം അദ്ദേഹം  വ്യക്തമാക്കിയ ചില വസ്തുതകൾ ഉണ്ട്.  ആ വസ്തുതകൾ  “മഹാപരിനിർവ്വാണ സൂത്ര” എന്നാണു അറിയപ്പെടുന്നത്.  ബുദ്ധധർമ്മത്തിലെ മഹായാന പ്രസ്ഥാനത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ഗ്രന്ഥമാണ് ഇത്.  അതിൽ അദ്ദേഹം തൻ്റെ ചുറ്റും കൂടിനിന്നിരുന്ന  ബുദ്ധ സന്യാസിമാരോട് ഇങ്ങനെ പറയുന്നു. 

“നശ്വരത, കഷ്ടപ്പാടുകൾ, അനാത്മകത (ആത്മാവ് ഇല്ല എന്ന തോന്നൽ), അശുദ്ധി തുടങ്ങിയ സങ്കൽപ്പങ്ങളെ നിങ്ങൾ ഒരിക്കലും വളർത്തരുത്. അവയൊന്നും  ധർമ്മത്തിൻ്റെ യഥാർത്ഥ അർത്ഥമായി കണക്കാക്കരുത്. അങ്ങിനെ  തിളങ്ങുന്ന രത്നങ്ങൾ നിറഞ്ഞ  ഒരു കുളത്തിൽ നിന്നും  വിലമതിക്കാനാവാത്ത നിധി എന്ന് തെറ്റിദ്ധരിച്ച് ഒരു ഉപയോഗവും ഇല്ലാത്ത കല്ലുകളും, പുല്ലും, ചരലും ഒന്നും നിങ്ങൾ  മുങ്ങി എടുക്കരുത്. എല്ലാ സാഹചര്യങ്ങളിലും നിങ്ങൾ സ്വയം നന്നായി പരിശീലിക്കണം. സ്വ-ആത്മത്വം എന്നത്  ശാശ്വതവും, ആനന്ദനിർഭരവും, ശുദ്ധവും ആണ് എന്ന ഭാവനയിൽ   അല്ലെങ്കിൽ  സംജ്ഞയിൽ നിങ്ങൾ  നിരന്തരം ധ്യാനിക്കണം. യാഥാർത്ഥ്യത്തിൻ്റെ  സാക്ഷാത്ക്കാരത്തിനായി  ആഗ്രഹിക്കുന്നവർ, സ്വ-ആത്മത്വം, അനശ്വരത, ആനന്ദം, ശുദ്ധത ഏന്നീ ആശയങ്ങളെ ധ്യാനാത്മകമായി വളർത്തിയെടുക്കണം.   അപ്പോൾ വിലമതിക്കാനാവാത്ത രത്നങ്ങൾ മുങ്ങിയെടുത്ത ഒരു ജ്ഞാനിയെപ്പോലെ നിങ്ങൾക്കും ലഭിക്കും അതൊക്കെ.”

ഗൗതമ ബുദ്ധൻ്റെ മേൽപ്പറഞ്ഞ വാചകങ്ങൾ  സനാതന ധർമ്മത്തിലെ ഏറ്റവും ഉയർന്ന അദ്വൈത ദർശനം തന്നെ ആണ് എന്ന് വ്യക്തമാക്കുന്നുണ്ട്.  ഇതിൽ നിന്നെല്ലാം  ബുദ്ധ ധർമ്മം സനാതന ധർമ്മം തന്നെ ആയിരുന്നു എന്നും സനാതന ധർമ്മത്തിലെ അദ്വൈത ദർശനം തന്നെ ആയിരുന്നു ബുദ്ധ ധർമ്മത്തിലെ ദൈവ സങ്കല്പം എന്നും വ്യക്തമാണ്. വിപുലമായ ആചാരങ്ങളിലും അനാചാരങ്ങളിലും ജനങ്ങൾ നിപതിച്ച ഒരു കാലഘട്ടത്തിൽ, ധർമ്മ സംസ്ഥാപനാർത്ഥം ഗൗതമ ബുദ്ധൻ അത്യാവശ്യമില്ലാത്ത മറ്റെല്ലാ വിശാദാംശങ്ങൾ ഒഴിവാക്കി ധർമ്മത്തെക്കുറിച്ചുമാത്രം സംസാരിച്ചു എന്നേ ഉള്ളൂ.

ധർമ്മം അല്ലെങ്കിൽ ശാശ്വത നിയമം

നാല് ആര്യ സത്യങ്ങൾ ബുദ്ധധർമ്മത്തിൻ്റെ  അടിത്തറയാണ്. കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കില്ല എന്ന ബുദ്ധൻ്റെ  ജ്ഞാനമാണ് ഈ നാല് ശ്രേഷ്ഠ സത്യങ്ങൾക്ക് അടിവരയിടുന്ന സുപ്രധാന തത്വം. കാരണം നീക്കം ചെയ്യുമ്പോൾ കാര്യം അപ്രത്യക്ഷമാകും എന്നതിന് സംശയമില്ല. പ്രപഞ്ചത്തിൻ്റെ  ചഞ്ചലമായ സ്വഭാവം അല്ലെങ്കിൽ നശ്വരത, കർമ്മ നിയമം, ആത്മാവിൻ്റെ  അസ്തിത്വം മുതലായവ പോലുള്ള ബുദ്ധധർമ്മത്തിലെ മറ്റ് നിരവധി ആശയങ്ങൾക്ക് ശ്രേഷ്ഠ സത്യങ്ങൾ കാരണമാകുന്നു. ബുദ്ധധർമ്മത്തിലെ എല്ലാ നിഷ്ഠകളും ഈ ശ്രേഷ്ഠ സത്യങ്ങൾ ഉൾക്കൊള്ളുന്ന അടിസ്ഥാന തത്വത്തെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത്. ഗൗതമ ബുദ്ധൻ ഈ നിഷ്ഠകളെ “ധർമ്മം” എന്ന് വിവക്ഷിച്ചു. “ധർമ്മം” എന്നാൽ ശാശ്വതമായ നിയമം എന്നാണ് അർത്ഥം. മുകളിൽ പറഞ്ഞ  അഷ്ടാംഗമാർഗ്ഗത്തിൽ  വേരൂന്നിയ ജീവിതം ധാർമ്മിക ജീവിതമാണ്. ശ്രേഷ്ഠ സത്യങ്ങൾ മനസ്സിലാക്കി, പൂർണ്ണമായി ധർമ്മത്തോട് ചേർന്നു നിന്നു കൊണ്ട് ജീവിതത്തിൽ ചരിക്കുവാൻ തുടങ്ങുമ്പോൾ, കഷ്ടപ്പാടുകൾ അവസാനിക്കുന്നു എന്നതാണ് ബുദ്ധധർമ്മത്തിൻ്റെ കാതൽ. അങ്ങിനെ  സമ്പൂർണ്ണ ധാർമ്മിക ജീവിതം നയിക്കുന്നതുവരെ നമ്മുടെ കഷ്ടപ്പാടുകൾ അവസാനിക്കുകയില്ല. ഒരാളുടെ ജീവിതത്തിൽ “ധാർമ്മികത” എത്രത്തോളം പ്രധാന്യമർഹിക്കുന്നു എന്നത് ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്.