ആരാണ് ദൈവം?
സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങൾ

ആമുഖം

ഭാഗം: 1 – പ്രപഞ്ച സൃഷ്ടി യുടെ യുക്തിഭദ്രമായ ഒരു കഥ
ഭാഗം: 2 – സനാതന ധർമ്മം (“ഹിന്ദുമതം”)
ഭാഗം: 3 – നിഗൂഢ അറിവിൻ്റെ ഏഴ് സ്വർണ്ണ താക്കോലുകൾ
ഭാഗം: 4 – തർക്കശാസ്ത്രം – സനാതന ധർമ്മത്തിൻ്റെ ലിറ്റ്മസ് ടെസ്റ്റ്
ഭാഗം: 5 – ദൈവസങ്കല്പം സനാതന ധർമ്മത്തിൽ
ഭാഗം: 6 – ദൈവസങ്കല്പം ബുദ്ധ ധർമ്മത്തിൽ
ഭാഗം: 7 – ഇനി എന്ത്?

 

അതി പുരാതനമായ കാലം മുതൽ,  വളരെ ബൃഹത്തായ ഒരു ക്യാൻവാസിൽ പടർന്നു പന്തലിച്ചു  നിൽക്കുന്ന ഒന്നാണ്   സനാതന ധർമ്മം.  അനിതര സാധാരണമായ  വ്യാപ്തിയും ഗഹനതയും മൂലം ഇന്ന്  സനാതന ധർമ്മത്തിൻ്റെ   സമഗ്രവും സംക്ഷിപ്തവുമായ ഒരു പൂർണ്ണ ചിത്രം  ഭൂരിഭാഗം ജനങ്ങൾക്കും  ഒരു എത്തും പിടിയും കൊടുക്കാതെ നിൽക്കുകയാണ്. സനാതന ധർമ്മം  എന്താണെന്ന് സമഗ്രമായി മനസ്സിലാക്കുവാൻ ഉതകുന്ന വിധം  സനാതന ധർമ്മത്തിലെ ദൈവസങ്കല്പം, സൃഷ്ടിയുടെ ചരിതം, ക്ലേശങ്ങളിൽ നിന്നും മുക്തമാകുവാനുള്ള മാർഗ്ഗം എന്ന മൂന്നു വിഷയങ്ങളും  വിവരിക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ. ഈ മൂന്ന് വിഷയങ്ങളാണ് ഏതു മതത്തിൻ്റെയും കാതൽ മനസ്സിലാക്കിയെടുക്കുവാൻ  ആവശ്യമായ ഘടകങ്ങൾ

ആരാണ് ദൈവം? എന്താണ് ഈശ്വരന്മാർ?   രണ്ടും തമ്മിലുള്ള വ്യത്യാസം  എന്താണ്? യഥാർത്ഥത്തിൽ ആരാണ് അല്ലെങ്കിൽ എന്താണ് മനുഷ്യൻ? നമ്മൾ ശരീരമാണോ? മനസ്സാണോ? ആത്മാവാണോ?  നമ്മൾ എങ്ങിനെ ഉണ്ടായി? എന്താണ് മനുഷ്യ ജീവിതത്തിൻ്റെ  അർത്ഥം? ജനനം, ബാല്യം, യൗവ്വനം, കഷ്ടപ്പാടുകൾ, ദുഃഖങ്ങൾ, അനാരോഗ്യം, വാർദ്ധക്യം, മരണം. ഇടക്ക് മാത്രം വീണുകിട്ടുന്ന സന്തോഷങ്ങൾ. ഇതുമാത്രമാണോ  മനുഷ്യ ജീവിതം? എന്തിനാണ് ക്ഷേത്രത്തിൽ പോകുന്നത്?  ഈ ചോദ്യങ്ങൾക്ക്  സനാതന സനാതന ധർമ്മം നൽകുന്ന ഉത്തരങ്ങളാണ് ഇവിടെ അനാവരണം ചെയ്യുന്നത്. 

ചുരുങ്ങിയത് പതിനയ്യായിരം വർഷത്തെ എങ്കിലും പൗരാണികത, ഇരുപത്തിനായിരത്തിൽ പരം ശ്ലോകങ്ങൾ അടങ്ങിയ നാല് വേദങ്ങൾ, രണ്ട് ഇതിഹാസങ്ങൾ, പതിനെട്ട് പുരാണങ്ങൾ, പതിനെട്ട് ഉപപുരാണങ്ങൾ 64 തന്ത്രശാസ്ത്ര ഗ്രന്ഥങ്ങൾ ഉൾപ്പെട്ട ഇരുനൂറിലധികം ആഗമശാസ്ത്ര ഗ്രന്ഥങ്ങൾ,  ആയിരത്തിലധികം ചെറുതും  വലുതും ആയ  ഉപനിഷത്തുക്കൾ, അവയെ ആധാരമാക്കിയുള്ള നിരവധി  സൂത്രങ്ങലും, ഭാഷ്യങ്ങളും, ആറ് ദർശനങ്ങൾ, ബ്രഹ്മസൂത്രം, യോഗസൂത്രം, ഭഗവത്ഗീത  എന്നു തുടങ്ങി കാതലായ എണ്ണമറ്റ സംസ്‌കൃത ഗ്രന്ഥങ്ങൾ, നിരീശ്വരവാദം, ഏകദൈവ വാദം, ബഹുദൈവവാദം, കർമ്മ നിയമങ്ങൾ, പുനർജ്ജന്മം തുടങ്ങിയ സങ്കല്പങ്ങൾ, മുപ്പത്തി മൂന്നു കോടി ഈശ്വരന്മാർ,  യാഗങ്ങൾ, മന്ത്രവാദങ്ങൾ, പൂജകൾ, ക്ഷേത്ര സന്ദർശനങ്ങൾ, വഴിപാടുകൾ,  ഭിന്നങ്ങളായ ആചാരങ്ങൾ, ആഘോഷങ്ങൾ, ഷോഡശ ക്രിയകൾ, ആസന പ്രാണായാമ ധ്യാന മുറകൾ  – ഇതെല്ലാം അടങ്ങിയ ഒരു വലിയ ഭൂമികയാണ്, “ഹിന്ദു മതം” എന്ന് തെറ്റായി വിളിക്കപ്പെടുന്ന  “സനാതന ധർമ്മ”ത്തിൻ്റേത്. കൃത്യമായ യാതൊരു ചട്ടക്കൂടുകളോ നിർബന്ധിത രീതികളോ ഇല്ലാത്ത,  വളരെ സ്വതന്ത്രമായ  ഒരു ജീവിതരീതിയാണ് സനാതന ധർമ്മം പിന്തുടരുന്നത്. അതുകൊണ്ട്  തന്നെ, സനാതന ധർമ്മത്തിന് അകത്തും പുറത്തും ധാരാളം അജ്ഞത ഇന്നും നിലനിൽക്കുന്നുണ്ട്. സനാതന ധർമ്മത്തിൽ അടങ്ങിയിരിക്കുന്ന തത്വങ്ങളെക്കുറിച്ച് യാതൊരു ധാരണകളും ഇല്ലാത്ത ഒരാൾ, വളരെ സങ്കീണ്ണമായ ഈ പശ്ചാത്തലത്തിൽ നിന്നും  എന്താണ് സനാതന ധർമ്മം എന്ന വസ്തുത  യുക്തിഭദ്രമായ  രീതിയിൽ എങ്ങിനെ മനസ്സിലാക്കി എടുക്കും?

അന്ധമായ വിശ്വാസങ്ങൾ അല്ല, അടിത്തറയുള്ള അറിവുകളാണ് നമ്മെ രക്ഷിക്കുന്നത്.