വിവിധ മതങ്ങളിലെ ദൈവ സങ്കല്പങ്ങൾ – എന്താണ് ദൈവം?


ആമുഖം 

ഓരോ മതഅനുയായികളും തൻ്റെ മതത്തേയും മറ്റുള്ള മതത്തേയും  വേണ്ടത്ര ആഴത്തിൽ മനസ്സിലാക്കുന്നതിലൂടെ മതങ്ങൾ തമ്മിൽ ഇന്ന് നിലനിൽക്കുന്ന വിരോധം ഒരു പരിധിവരെ എങ്കിലും കുറച്ചു കൊണ്ടുവരുവാൻ കഴിയും എന്ന വിശ്വാസമാണ്  ഈ ലേഖനത്തിൻ്റെ  പുറകിലുള്ളത്. വിവിധ മതങ്ങളിലെ ദൈവ സങ്കൽപ്പങ്ങളും,  ദൈവവും മനുഷ്യനും തമ്മിൽ ഉണ്ടാകേണ്ട ആദര്‍ശപരമായ ബന്ധത്തെക്കുറിച്ച് ആ മതങ്ങളിൽ നില നിൽക്കുന്ന ധാരണകളും ആണ് ഈ ലേഖനത്തിലെ വിഷയം. 

എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ചില  വസ്തുതകൾ ഉണ്ട്. മനുഷ്യൻ്റെ  ജീവിതം ക്ലേശക്ലിഷ്ടമാണെന്നും, ആ ക്ലേശങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുകയും   ആനന്ദപൂർണ്ണമായ ഒരു നിലനിൽപ്പിലേക്ക് മനുഷ്യനെ  ഉയർത്തുകയും  ആണ് എല്ലാ മതങ്ങളുടേയും  പൊതുവായ ലക്ഷ്യം.  ഈ പൊതുവായ ലക്ഷ്യം എല്ലാ മതങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ്. അതുപോലെ തന്നെ, മനുഷ്യാതീതമായ ഒരു ശക്തിയാണ് ഇക്കാണുന്ന സർവ്വ ചരാചരങ്ങളേയും സൃഷ്ടിച്ചിരിക്കുന്നത് എന്ന് എല്ലാ മതങ്ങളും ഒരുപോലെ കരുതുന്നു. ആ ശക്തിയിൽ നിന്നും മനുഷ്യൻ അകന്ന് അകന്ന് പോകുന്നതാണ് ഇന്ന് മനുഷ്യൻ അനുഭവിക്കുന്ന  എല്ലാ ദുഃഖങ്ങൾക്കും ഉള്ള അടിസ്ഥാന കാരണം എന്ന് എല്ലാ മതങ്ങളും ഏറെക്കുറെ തിരിച്ചറിയുന്നുമുണ്ട്. അതുകൊണ്ട് ആ ശക്തിയിലേക്ക് മനുഷ്യനെ വീണ്ടും തിരികെ ഒന്നിനൊന്ന് അടുപ്പിക്കുക എന്നതാണ് മനുഷ്യൻ്റെ സർവ്വ ദുഖങ്ങളിൽ നിന്നും ഉള്ള മോചനത്തിന് പരിഹാരം എന്നും എല്ലാ മതങ്ങളും തിരിച്ചറിയുന്നു. ഇതാണ് എല്ലാ മതങ്ങളുടേയും പൊതുവായ സമഭൂമി എന്ന് ഈ മതങ്ങളെ കുറിച്ച് പഠിക്കുമ്പോൾ മനസ്സിലാകുന്ന ഒന്നാണ്

അതായത്, എല്ലാ മതങ്ങളുടേയും ലക്ഷ്യം ഒന്നാണ്. മാർഗ്ഗം മാത്രമാണ് പലതായിരിക്കുന്നത്.  എല്ലാ മതങ്ങളുടേയും അന്തിമമായ ഉദ്ദേശ്യവും അന്തഃസത്തതയും ആ  മനുഷ്യാതീത ശക്തിയുമായി മനുഷ്യനെ അടുപ്പിക്കുക എന്നത് ഒന്ന് മാത്രമാണെന്ന്  മനസ്സിലാക്കുമ്പോൾ    ഇന്നുള്ള പരപസ്പര  മത വിരോധങ്ങൾ കുറഞ്ഞു വന്നേക്കാം.   അതിലൂടെ  ഭൂമിയിൽ സമാധാനവും സഹകരണവും ഉറപ്പു വരുത്തുവാനും,   മനുഷ്യരാശിയുടെ ഏറ്റവും ഉയർന്ന നന്മ സാദ്ധ്യമാക്കാനും കഴിഞ്ഞേക്കാം. ഒരേ ലക്ഷ്യത്തിലേക്ക് ചെന്നെത്തുവാൻ പല മാർഗ്ഗങ്ങൾ ഉള്ളത് തീർച്ചയായും നല്ല ഒരു കാര്യം തന്നെ ആണെന്ന തിരിച്ചറിവ് ഉണ്ടാകുവാൻ വിവിധ മതങ്ങളെ കുറിച്ചുള്ള പഠനങ്ങൾ സഹായിക്കും. 

ഏതെങ്കിലും ഒരു മതത്തെ പുകഴ്ത്താനോ അല്ലെങ്കിൽ ഇകഴ്ത്താനോ അല്ല ഈ ലേഖനം. ലോകജനതയുടെ 79% ജനങ്ങളും  അവലംബിച്ചിരിക്കുന്ന അഞ്ച് മതങ്ങളെക്കുറിച്ചുള്ള അടിസ്ഥാന പരമയായ ഉൾക്കാഴ്ച നൽകുവാനും, ആ മതങ്ങൾ ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനത്തിനായി മതാനുയായികൾക്ക് നൽകുന്ന വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് യുക്തിയുക്തമായി   ചിന്തിക്കുവാനും, അവരവർ വന്ന പാതയിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തുവാൻ അവസരം ഒരുക്കുവാനും ഈ ലേഖനം ഉപകരിച്ചേക്കാം. പലർക്കും അവരവർ ചരിക്കുന്ന പാതയെക്കുറിച്ചുപോലും അത്യാവശ്യം വേണ്ട അറിവുകൾ കൈമോശം വന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അങ്ങിനെ ഉള്ളവർക്ക് ഒരു ഓർമ്മപ്പെടുത്തൽ കൂടി ആയിരിക്കും  ഈ ലേഖനം.

ഇന്ന് ലോക ജനസംഖ്യയുടെ 15% ജനങ്ങൾ  മതവിശ്വാസങ്ങൾ നഷ്ടപ്പെട്ടവരോ, മനുഷ്യാതീതമായ യാതൊരു ശക്തിയും ഇല്ല എന്ന് വിശ്വസിക്കുന്നവരോ ആണ്.  ഈ ശതമാനം വർദ്ധിച്ചു വരികയാണെന്ന് “വേൾഡ് പോപ്പുലേഷൻ റിവ്യൂ” കണക്കുകൾ

കാണിക്കുന്നു. മതപരമായ ശാഠ്യങ്ങളോ, രാഷ്ട്രീയമായ നിർബ്ബന്ധമോ, അതുമല്ല  യുക്തിയുക്തം ചിന്തിക്കുവാനുള്ള സ്വയം  ശേഷി നഷ്ടപ്പെട്ടത് കൊണ്ടോ   ആകാം വർദ്ധിച്ചു വരുന്ന നിരീശ്വര വാദ  പ്രവണത. ഒരേ സമയം അഞ്ച് മതങ്ങളുടെ ഒരേ വിഷയത്തോടുള്ള സമീപനങ്ങളിലെ ഏകതാനതയും വൈരുദ്ധ്യവും അവലോകനം ചെയ്യുവാൻ സാധിക്കുന്നത്, ഈ വിഷയത്തെ കുറിച്ച് മനസ്സിരുത്തി ചിന്തിക്കുവാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. 

ലോകസമാധാനം വളരെ ഗുരുതരമായ ഒരു നിലയിലേക്ക് ചുവട് മാറുന്ന ഒരു കാലഘട്ടം കൂടിയാണിത്. എല്ലാ മതങ്ങളുടെ ലക്ഷ്യം ഒന്നാണെങ്കിലും, അവരവർ പിന്തുടരുന്ന വിവിധ  മാർഗ്ഗങ്ങളെ ചൊല്ലി മതങ്ങൾ തമ്മിൽ നിലനിൽക്കുന്ന   കലഹങ്ങളും, സാമ്പത്തിക നേട്ടത്തിന് വേണ്ടി പ്രകൃതി വിഭവങ്ങളുടെ ചൂഷണവും എല്ലാം സാമാധാന ജീവിതത്തിന്  കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നു. സ്കൈന്യൂസ്  അടുത്ത

കാലത്ത്പ്രസിദ്ധീകരിച്ച ലോകസമാധാനത്തിൻ്റെ ഒരു ഇൻഡക്സ് ചിത്രം വളരെ ഉത്കണ്ഠകൾ ഉയർത്തുന്ന ഒന്നാണ്. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചു നൂറുവർഷം പിന്നിട്ടെങ്കിലും ഇന്നും ലോകത്ത് സംഘർഷാവസ്ഥ പരക്കെ നിലനിൽക്കുന്നു.  ഇത്തരം ഒരു അവസ്ഥയിൽ  മതങ്ങളിലെ ഐക്യവും അനൈക്യവും ബോധപൂർവ്വം തിരിച്ചറിഞ്ഞു  അവനവൻ്റെ   പന്ഥാവിൽ ഒരു ഗതിമാറ്റം ആവശ്യമെങ്കിൽ വരുത്തേണ്ടതുണ്ട്. അതിനായി ഈ ലേഖനം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.

എന്താണ്  ഈ അഞ്ചു  മതങ്ങളിലെ   ദൈവസങ്കല്പങ്ങൾ, എന്താണ്  ഈ  അഞ്ചു മതങ്ങൾ അനുശാസിക്കുന്ന, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൻ്റെ വിശദാംശങ്ങൾ എന്നിവ പരിശോധിക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.


അബ്രഹാമീയ മതങ്ങളിലെ  ദൈവ സങ്കല്പങ്ങൾ 


മതങ്ങൾ തമ്മിൽ പരസ്പരം സൗഹാർദ്ദം വളരണമെങ്കിൽ എല്ലാ മതങ്ങളെ കുറിച്ചും എല്ലാവരും   സത്യസന്ധതയോടെ പഠിച്ചിരിക്കണം. എല്ലാ മതങ്ങളുടേയും അടിസ്ഥാന തത്വങ്ങൾ എങ്കിലും  അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ, എന്തുകൊണ്ടാണ് ഓരോ മതങ്ങളിൽ വിശ്വസിച്ചു ജീവിക്കുന്നവർ അവരവരുടേതായ പ്രത്യേക രീതിയിൽ ചിന്തിക്കുന്നത് എന്ന് നമുക്ക്  മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ. മതങ്ങൾ തമ്മിൽ പരസ്പരം അവശ്യം ഉണ്ടാകേണ്ട സഹിഷ്ണത വളർത്തി എടുക്കുവാൻ ഇത് വളരെ ആവശ്യമാണ്. സനാതന ധർമ്മത്തിൽ ചരിക്കുന്നവർക്ക് ഇത് ഒരു ബാലികേറാമല ആയിരിക്കുകയില്ല. കാരണം, അവർക്ക് ആരും അന്യരല്ല. സർവ്വതിൻ്റെയും   ആഴത്തിൽ നിലനിൽക്കുന്ന സത്യം ഒന്ന് തന്നെ ആണ് എന്നും, അനുഭവപ്പെടുന്ന  വ്യത്യാസങ്ങൾ എല്ലാം ഉപരിതലത്തിൽ മാത്രം ആണെന്നും അവർക്ക് ബോദ്ധ്യപ്പെടുവാൻ  മറ്റൊരു അവസരം കൂടിയാണ് അത്തരം പഠനങ്ങൾ. 

ലോകത്തിലെ പ്രധാനപ്പെട്ട മൂന്നു മതങ്ങൾ ആയ ജൂതമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നീ അബ്രഹാമീയ മതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം. തുടർന്ന് വരുന്ന ലേഖനങ്ങളിൽ “ഹിന്ദു മതം” (ശരിയായ പേര് ‘സനാതന ധർമ്മം’ എന്നാണ്), ബുദ്ധമതം എന്നീ രണ്ടു സമ്പ്രദായങ്ങളിലെ ദൈവ സങ്കല്പങ്ങൾ കൂടി പരിചയപ്പെടുത്താം. ഈ അഞ്ചു ദൈവസങ്കല്പങ്ങളും ഒരൊറ്റ വലിയ ചിത്രമായി കാണുമ്പോൾ മാത്രമേ ഈ വിഷയതിൽ ഒരു വ്യക്തത കൈ വരുകയുള്ളൂ. ലോക ജനതയുടെ 58% ജനങ്ങൾ അബ്രഹാമീയ മതങ്ങൾ പിന്തുടരുന്നവർ ആണ്.

ഏതു മതത്തെ കുറിച്ചു പഠിക്കണം എങ്കിലും പ്രധാനമായി  രണ്ടു കാര്യങ്ങൾ അറിയുവാൻ ശ്രമിക്കേണ്ടതുണ്ട്. നമ്മൾ  പഠിക്കുവാൻ ഉദ്ദേശിക്കുന്ന  മതത്തിൽ ദൈവത്തെക്കുറിച്ചുള്ള ധാരണകൾ എന്താണ് എന്നുള്ളതാണ്  ആദ്യത്തെ വിഷയം. അതായത് ദൈവത്തെക്കുറിച്ചുള്ള നിർവ്വചനം എന്താണ് എന്നുള്ളതാണ് അക്കാര്യം. ദൈവവും മനുഷ്യനും ആയിട്ടുള്ള ബന്ധം എന്നിങ്ങനെയാണ് ആ മതത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കുകയാണ് അടുത്ത ശ്രമം. ഇതേ രീതിയിൽ തന്നെ  ആണ് ഈ ലേഖനവും  ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

ആദി  പ്രവാചകൻ എബ്രഹാമിൻ്റെ പിൻഗാമികളാണ്  ജൂതമതവും  ഇസ്ലാം മതവും സ്ഥാപിക്കുന്നത്. പിന്നീട് ജൂതമതത്തിൽ നിന്നും പിരിഞ്ഞു മാറി നിന്നുകൊണ്ട് ക്രിസ്തുമതം രൂപം പ്രാപിച്ചു. ചുരുങ്ങിയത്  മൂവായിരത്തി എണ്ണൂറു മുതൽ നാലായിരം വർഷം വരെ എങ്കിലും ജൂതമതത്തിന് പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.  ഇന്ന് ലോകത്തിൽ ആകമാനം 350 കോടി ക്രിസ്തുമത അനുയായികൾ ഉണ്ട്. 190 കോടി ഇസ്ലാം മത വിശ്വാസികളും. ഒന്നര കോടി ജൂതമത അനുയായികളും ആണുള്ളത്.

ആഫ്രിക്കയുടെ വടക്കു കിഴക്കേ ഭാഗവും യൂറോപ്പിൻ്റെയും ഏഷ്യയുടേയും ഇടക്കുള്ള മദ്ധ്യ കിഴക്കൻ നാടുകളും  എല്ലാം ഉൾപ്പെട്ട ഭൂവിഭാഗം ആണ് അബ്രഹാമീയ മതങ്ങളുടെ ജന്മഭൂമി.   ജൂതമതം നിലവിൽ വരുന്നതിന് മുൻപ്  പ്രകൃതി ശക്തികളെ  ബഹു ദൈവങ്ങളായി  ആരാധിച്ചിരുന്ന പുരാതനമായ ദൈവസങ്കല്പമാണ് പ്രധാനമായും ഈ ഭൂവിഭാഗത്ത്  നിലനിന്നിരുന്നത്. “വിഗ്രഹാരാധകർ”, “അവിശ്വാസികൾ” എന്നെല്ലാം അർത്ഥം വരുന്ന “പേഗൻ” എന്ന വാക്ക് ഉപയോഗിച്ചാണ് അബ്രഹാമീയ മതങ്ങൾ അവരെ കണ്ടിരുന്നത്.

തെറ്റിദ്ധാരണമൂലം  പേഗൻ രീതിയിലുള്ള ആരാധന ചെയ്തിരുന്നവർ  വളരെ അധികം പീഢിപ്പിക്കപ്പെട്ടിരുന്നു. വിക്കൻ, ഹീതൻ, ഷാമൻ തുടങ്ങി പല പ്രാചീന ആരാധനാ സമ്പ്രദായങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ക്ഷുദ്ര മന്ത്രവാദങ്ങളും ആഭിചാര ക്രിയകൾ ചെയ്യുന്നവരും ആയി അവർ പൊതുവേ അറിയപ്പെട്ടിരുന്നു എങ്കിലും, നിരവധി പേഗൻ ജന സഞ്ചയങ്ങളുടെ  ജീവിതവും  ആരാധനാ  ക്രമങ്ങളും നിരുപദ്രവകരങ്ങൾ ആയിരുന്നു.    അവരിൽ ബഹു പൂരിപക്ഷവും, പിശാചിനെ ആരാധിക്കുന്നവരോ, ദുഷ്ടന്മാരോ , ‘ബ്ലാക്ക് മാജിക്’ ചെയ്യുന്നവരോ, ആളുകളെയോ മൃഗങ്ങളെയോ ഉപദ്രവിക്കുന്നവരോ ഒന്നും ആയിരുന്നില്ല. 

മതങ്ങളും ദൈവ സങ്കൽപ്പങ്ങളും 

ദൈവത്തോടുള്ള മനുഷ്യൻ്റെ  സമീപനവും ബന്ധവും ആണ് “മതം” എന്ന് പറയുന്നത്. മനുഷ്യൻ്റെ ഉത്പത്തിയെക്കുറിച്ചു  മനുഷ്യനുള്ള വിശ്വാസം അല്ലെങ്കിൽ അറിവ്  ആധാരമാക്കിയാണ്  ഒരു മതം രൂപീകൃതമാകുന്നത്.  താൻ എങ്ങിനെ ഉണ്ടായി എന്ന അറിവ് ആണ് എല്ലാ ദൈവ സങ്കൽപ്പങ്ങൾക്കും ഉള്ള  നിദാനം. മനുഷ്യന് അതീതമായ ഒരു ശക്തിയാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന ഒരു അറിവ് സ്വാഭാവികമായും  എല്ലാക്കാലത്തും എല്ലാ ജനസഞ്ചയങ്ങളിലും നിലനിന്നിരുന്നു. ഓരോ കാലഘട്ടങ്ങളിലും  നിലനിന്നിരുന്ന ജനങ്ങളിൽ ഏറ്റവും ഉയർന്ന ഉള്ളറിവിൻ്റെ അല്ലെങ്കിൽ അവബോധത്തിൻ്റെ  അടിസ്ഥാനത്തിൽ വിവിധങ്ങളായ സങ്കല്പങ്ങൾ ഉടലെടുത്തു എന്ന് മാത്രം. 

ഇവിടെ ചർച്ച ചെയ്യുന്ന മൂന്നു  മതങ്ങളിലും നിരവധി അവാന്തര വിഭാഗങ്ങൾ ഉണ്ട്. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ  അവർക്കിടയിൽ  ഭിന്നങ്ങളായ അഭിപ്രായങ്ങളും വ്യത്യസ്തമായ  ആചാരങ്ങളും നിലവിൽ  ഉണ്ടായേക്കാം. എങ്കിലും,  ഒരു മതത്തിൽ   പൊതുവായി  മുന്നിട്ടുനിൽക്കുന്ന മുഖ്യധാരാ വീക്ഷണങ്ങൾ മാത്രമാണ് ആണ് ഇവിടെ ചർച്ച ചെയ്യുന്നത്. 

ഉല്പത്തിയും ആദി പാപവും  

അബ്രഹാമീയ   മതങ്ങളിൽ സൃഷ്ടിയുടെ ഐതിഹ്യത്തിൽ ആദവും ഹവ്വയും  വളരെ പ്രസിദ്ധമാണ്. ലോകത്തെമ്പാടും കലയേയും സാഹിത്യത്തേയും വളരെ അധികം സ്വാധീനിച്ചിട്ടുള്ള ഒന്നാണ് ആദവും, ഹവ്വയും.   ഈ ഐതിഹ്യം  അനുസരിച്ച്, ആദ്യത്തെ പുരുഷനും സ്ത്രീയും ആയിരുന്നു അവർ. അവരിൽ നിന്നും ആണ് മനുഷ്യകുലം ഉടലെടുക്കുന്നത് എന്ന് അബ്രഹാമീയ മതസ്ഥർ  എല്ലാവരും ഒരുപോലെ വിശ്വസിക്കുന്നു. ദൈവം തൻ്റെ  തന്നെ സ്വന്തം രൂപത്തിലും, പരിപൂർണ്ണതയിലും  ആണ്  ആദം -ഹവ്വമാരെ  സൃഷ്ടിച്ചത്. മാനവികത അതിൻ്റെ  അന്തഃസത്തയിൽ ഒരൊറ്റ കുടുംബമാണെന്ന വിശ്വാസത്തിൻ്റെ  പ്രതീകമാണ് ഈ ഐതിഹ്യം. യഹൂദമതത്തിലോ ഇസ്ലാമിലോ  വിഷയത്തിന് അത്ര അധികം പ്രാധാന്യം ഇല്ലെങ്കിലും ക്രിസ്തുമതത്തിലെ പ്രധാന വിശ്വാസങ്ങളിൽ ഒന്നാണ്  ആദം-ഹവ്വമാരുടെ  പാപത്തിൻ്റെയും പതനത്തിൻ്റെയും  കഥ. 

തോറ ഉൾപ്പെടെ ഉള്ള ഹീബ്രു ഭാഷയിലെ വിശുദ്ധ ഗ്രന്ഥ സമാഹാരങ്ങളെ ആണ്  ഹീബ്രു ബൈബിൾ (അല്ലെങ്കിൽ “തനഘ് ”) എന്ന് പറയുന്നത്. ഹീബ്രു ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള അദ്ധ്യായങ്ങളിൽ രണ്ട് വ്യത്യസ്ത വീക്ഷണങ്ങളുള്ള   സൃഷ്ടിയെകുറിച്ചുള്ള  വിവരണങ്ങളുണ്ട്. ആദ്യത്തേതിൽ ആദാമിൻ്റെയും ഹവ്വായുടെയും പേര് പറയുന്നില്ല. പകരം, ദൈവം മനുഷ്യവർഗത്തെ ദൈവത്തിൻ്റെ  പ്രതിച്ഛായയിൽ സൃഷ്ടിച്ചു, ദൈവം സൃഷ്ടിച്ച മറ്റെല്ലാത്തിൻ്റെയും  മേൽനോട്ടക്കാരും ഉത്തരവാദികളും ആയിരിക്കുവാൻ   അവരെ ഉപദേശിച്ചു എന്ന് പറയുന്നുണ്ട്‌ 

രണ്ടാമത്തെ ആഖ്യാനത്തിൽ, ദൈവം ആദാമിനെ വെറും മൺ പൊടിയിൽ നിന്ന് രൂപപ്പെടുത്തുകയും എന്നിട്ട്  ഏദൻ തോട്ടത്തിൽ സ്ഥാപിക്കുകയും ചെയ്യുന്നു. നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ  ഒരു വൃക്ഷം ഒഴികെ, തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെ  പഴങ്ങളും  യഥേഷ്ടം  സ്വതന്ത്രമായി ഭക്ഷിക്കാമെന്ന് ആദാമിനോട് ദൈവം പറയുന്നു. അങ്ങിനെ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ ആ ഒരു വൃക്ഷം മാത്രം  വിലക്കപ്പെട്ട വൃക്ഷം ആയി മാറുകയാണ്.   തുടർന്ന്, ആദാമിൻ്റെ  വാരിയെല്ലുകളിലൊന്നിൽ നിന്ന് ദൈവം ഹവ്വയെ  ആദമിന്  തൻ്റെ കൂട്ടാളിയായി സൃഷ്ടിച്ചു കൊടുക്കുന്നു. ഇരുവരും നഗ്നരാണ്. എങ്കിലും, സഹജമായ നിഷ്കളങ്കത കൊണ്ട് അവരുടെ നഗ്നതയെക്കുറിച്ച് അവർക്ക് ലജ്ജ അനുഭവപ്പെടുന്നില്ല.

അങ്ങിനെ ഇരിക്കെ ഒരു ദിവസം, വിലക്കപ്പെട്ട വൃക്ഷത്തിലെ പഴങ്ങൾ ഭക്ഷിക്കാൻ ഒരു സർപ്പം ഹവ്വയെ പ്രേരിപ്പിക്കുന്നു, ഹവ്വ ആദാമിന് സർപ്പം നൽകിയ പഴം ഭക്ഷിക്കുവാൻ കൊടുക്കുന്നു. ഇരുവരും  വിലക്കപ്പെട്ട പഴം ഭക്ഷിക്കുന്നു.  ഈ പ്രവൃത്തികൾ മൂലം  ഇരുവർക്കും കൂടുതൽ നന്മതിന്മകളെ കുറിച്ച് അറിവ് ലഭിച്ചു. അങ്ങിനെ   മാനം, അപമാനം, നന്മ  തിന്മ  തുടങ്ങിയ നിഷേധാത്മകവും ആപത്ക്കരവുമായ ആശയങ്ങൾ ഉൾക്കൊണ്ടു കൊണ്ട്  പ്രവർത്തിക്കുവാനുള്ള കഴിവ് അവർക്ക്   ലഭിക്കുന്നു.. വിലക്കപ്പെട്ട കനി ഭക്ഷിച്ചതുകൊണ്ട് ഉണ്ടായ ഫലമാണ് അത്. 

തുടർന്ന്  ദൈവം  സർപ്പത്തെയും ആദം-ഹവ്വമാരേയും ശപിക്കുന്നു. ദൈവത്തോട് അനുസരണക്കേട് കാണിക്കുന്ന സ്ത്രീയുടെയും പുരുഷൻ്റെയും ഗതി എന്താകുമെന്ന്   പ്രവചനാത്മകമായി പറയുന്നു. ഉദാഹരണത്തിന്,  അനുസരണക്കേട് കാണിച്ചതുകൊണ്ടു  പുരുഷൻ കാരണം സ്ത്രീ പ്രസവിക്കുമെന്നും, പ്രസവം വേദനാ ജനകം ആകും എന്നും പറയുന്നു.  തുടർന്ന് ദൈവം ആദമിനെയും  ഹവ്വയേയും ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കുന്നു. ഇതാണ് അബ്രഹാമീയ മതങ്ങൾ ഒരുപോലെ അംഗീകരിക്കുന്ന ഉല്പത്തിക്കഥ. 

എന്നാൽ മൂന്നു മതങ്ങളും മൂന്ന് വിധത്തിലാണ് ഈ ഐതിഹ്യം വ്യാഖാനിക്കുന്നത്. പിൽക്കാല അബ്രഹാമിക് പാരമ്പര്യങ്ങളിൽ ഈ ഐതിഹ്യം വളരെ  വിപുലമായ അപഗ്രഥനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ആധുനിക അബ്രഹാമീയ പണ്ഡിതന്മാർ ഇത് വളരെ അധികം വിശകലനം ചെയ്തിട്ടുണ്ട്. ആദമിനെയും ഹവ്വയെയും കുറിച്ചുള്ള വ്യാഖ്യാനങ്ങളും വിശ്വാസങ്ങളും അതനുസരിച്ചു വ്യത്യസ്ഥങ്ങൾ ആണ്. 

ആദവും ഹവ്വയും അബ്രഹാമീയ മതങ്ങളിൽ 

പൊതുവായി പറഞ്ഞാൽ, ആദം-ഹവ്വ ഐതിഹ്യത്തെക്കുറിച്ച്  ജൂതമതത്തിലെ വിശ്വാസം തികച്ചും പ്രായോഗികമായ ഒന്നാണ്. ജൂതമത വിശ്വാസം അനുസരിച്ച് മനുഷ്യൻ്റെ അന്തഃസത്ത ആയ സ്വ-ആത്മാവിൻ്റെ  നിർമ്മലമായ വിശുദ്ധി  എക്കാലത്തും ദൈവത്തോട് ചേർന്നു തന്നെ നിലകൊള്ളുന്ന ഒന്നാണ്.  ദൈവം തൻ്റെ സ്വന്തം പ്രതിച്ഛായയിൽ സൃഷ്ടിച്ചതുകൊണ്ട്   ആദം-ഹവ്വ മാരുടെ ആത്മാവുപോലെ തന്നെ എല്ലാ മനുഷ്യരുടേയും ആത്മാവ് പൂർണവും പവിത്രവും നിർമ്മലവും ആണ് എന്ന് ജൂതമതം വിശ്വിസിക്കുന്നു.  ആദം-ഹവ്വയുടെ കഥയിലൂടെ പ്രതിരൂപാത്മകമായി പറഞ്ഞത് ജൂതമതം വ്യാഖ്യാനിക്കുന്നത് ഇങ്ങിനെ ആണ്. മനുഷ്യൻ സ്വയം  അഹങ്കാരത്തിൻ്റെയും സ്വാർത്ഥയുടെയും ഒക്കെ കയങ്ങളിൽ പെട്ട്  അതിൻ്റെ നീർച്ചുഴി ശക്തിയാൽ   തൻ്റെ  തന്നെ ദൈവീകമായ ആത്മാവിൻ്റെ   ഒരു ഭാഗം മൃഗീയമായി പരിണമിച്ചു  പോകുന്നു. അങ്ങിനെ ദൈവത്തോട് ചേർന്ന് നിൽക്കുന്ന ആത്മാവിൻ്റെ  വിശുദ്ധമായ ആ ഭാഗത്തിൽ നിന്നും മൃഗീയമായി മാറുന്ന  ഭാഗം ദൈവീക ഭാവത്തിൽ നിന്നും അകന്നു അകന്ന് പോകുന്നു എന്നാണ്. അങ്ങിനെ ഒന്നായിരുന്ന മനുഷ്യ ആത്മാവിന്  അന്യോന്യ വിരോധമുള്ള രണ്ടു ധ്രുവങ്ങൾ വന്നു ചേരുന്നു. ഏകമായിരുന്നത് , ദ്വൈതമായി മാറുന്നു  എന്ന്  ചുരുക്കം.

അതായത് മനുഷ്യൻ്റെ  ബലഹീനതകൾ ഒരു വശത്ത് നിൽക്കുമ്പോൾ തന്നെ മറുവശത്ത് ദൈവീകഭാവം നിലനിൽക്കുന്നു. മൃഗീയമായ തൻ്റെ ആ വിപരീത ഭാവത്തെ തിരിച്ചറിഞ്ഞു സ്വന്തം ശക്തി ഉപയോഗിച്ച് തിരികെ ദൈവീക ഭാവത്തിലേക്ക്  എത്തിക്കുക എന്നതാണ് ചെയ്യേണ്ടത് എന്ന് ജൂതമതം പഠിപ്പിക്കുന്നു. അതിനുള്ള ശക്തിയും കഴിവും ദൈവം തന്നിട്ടുണ്ട് എന്നും ജൂതമതം വിശ്വസിക്കുന്നു. അത് ഉപയോഗിച്ചുകൊണ്ട്  ദൈവീകമായി ലഭിച്ച ആ പൂർണതയിലേക്ക് നമ്മൾ ഓരോരുത്തരും മടങ്ങണം എന്നും ജൂതമതം നിർദ്ദേശിക്കുന്നു. ആ മടക്കയാത്രക്ക് വളരെ പ്രയത്‌നം സ്വയം ചെയ്യേണ്ടതുണ്ട് മനുഷ്യൻ  എന്നാണു ജൂതമതം പഠിപ്പിക്കുന്നത്.  അങ്ങിനെ വളരെ സകാരാത്മകമായ, ആശാവഹമായ, തികച്ചും പ്രായോഗികമായ  ഒരു കാഴ്ചപ്പാടാണ് ജൂത മതത്തിൻ്റെത്‌.

എന്നാൽ ക്രിസ്തുമതത്തിന്  ഇക്കാര്യത്തിൽ വേറിട്ട ഒരു കാഴ്ചപ്പാടാണ് ഉള്ളത്. ഹവ്വാ അവിശ്വസ്തത കാണിക്കുന്ന ആദ്യത്തെയാളായി ക്രിസ്തു മതം  വിശ്വസിക്കുന്നു.  ദൈവവുമായി അതുവരെ  ഒന്നായിരുന്ന, ദൈവത്തെ പോലെ തന്നെ പരിപൂർണ്ണനായിരുന്ന  മനുഷ്യൻ്റെ ദൈവവുമായുള്ള വേർപാടിൻ്റെ, തുടർന്നുണ്ടായ  പതനത്തിൻ്റെ  കഥയാണത് ക്രിസ്തു മതത്തിൽ. ദൈവത്തെ ആരാധിച്ചുകൊണ്ട്, വിശ്വസിച്ചുകൊണ്ട്, സ്നേഹിച്ചുകൊണ്ട്, ദൈവത്തിൻ്റെ ന്യായവിധികളിൽ വിശ്വാസം അർപ്പിച്ചുകൊണ്ട്,   യേശു  വീണ്ടും രക്ഷകനായി എത്തുന്നത് വരെ, മടക്കയാത്രക്കായി കാത്തിരിക്കുക മാത്രമേ സാദ്ധ്യമാകൂ എന്നാണ്  ക്രിസ്തുമത വിശ്വാസത്തിൽ. ക്രിസ്തുമതത്തിൽ സ്വശക്തിയും പരിശ്രമവും ഉപയോഗിച്ച് തിരികെ കരകയറുവാൻ കഴിയും എന്ന ആശയും വിശ്വാസവും ഇല്ല. ജൂത മതത്തിൽ അതുണ്ട് എന്നത് ഇരുവരും തമ്മിലുള്ള  ഒരു വ്യത്യാസം ആണ്.

ക്രിസ്തുമത വിശ്വാസം അനുസരിച്ച്പാപം ചെയ്ത് പതിതരായ ആദം ഹവ്വയുടെ പരമ്പരയാണ്  മനുഷ്യരാശി  മുഴുവനും. വിലക്കപ്പെട്ട കനി ഭക്ഷിച്ച് പാപിതരും പതിതരും ആയി ഭവിച്ച ആദം-ഹവ്വമാരുടെ മക്കളായ  മനുഷ്യർ  എല്ലാവരും  ഒരുപോലെ പാപികൾ ആണ്. അങ്ങിനെ പാപികളായ മനുഷ്യ കുലത്തെ   രക്ഷിക്കുവാൻ വേണ്ടിയാണ് ദൈവത്തിൻ്റെ പുത്രനായ യേശു ഭൂമിയിൽ അവതരിക്കുന്നത്. അങ്ങിനെ മനുഷ്യർ എല്ലാവരും പാപികൾ ആണെന്ന നിഷേധാത്മകം എന്ന് പറയാവുന്ന ഒരു ധാരണയാണ്  ക്രിസ്തുമതത്തിൻ്റെ  അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്ന്. ആ പാപത്തിൽ നിന്നും രക്ഷിക്കുവാൻ ഒരു രക്ഷകൻ്റെ വരവിനായി  ക്രിസ്തുമത അനുയായികൾ നിർനിമേഷരായി കാത്തിരിക്കുന്നു. അക്ഷരാർത്ഥത്തിൽ സത്യമായ ഒന്നായിട്ടാണ്  ഉത്പ്പത്തിയുടെ  ഐതിഹ്യം കൃസ്തുമതം എടുത്തിരിക്കുന്നത്. ഈ പതനം മനുഷ്യനാൽ തിരുത്താൻ പറ്റാത്ത ഒരു വലിയ തെറ്റായി ക്രിസ്തുമതം കാണുന്നു. 

ആദം-ഹവ്വമാരുടെ ഐതിഹ്യം   ഇസ്ലാം മതം അംഗീകരിക്കുന്നുണ്ട്. പക്ഷേ  ഇസ്ലാം മതത്തിലെ വീക്ഷണം  വ്യത്യസ്തമാണ്. ഇസ്ലാം വിശ്വാസത്തിൽ  ആദമും ഹവ്വയും അവരുടെ ദുഷ്പാപങ്ങൾക്ക് അവർ ഇരുവരും തുല്യ ഉത്തര വാദികളായിട്ടു കാണുന്നു. അവരവർ ചെയ്യുന്ന പാപങ്ങൾക്ക് അവരവർ മാത്രമാണ് ഉത്തരവാദികൾ എന്ന് ഇസ്ലാം മതം വിശ്വസിക്കുന്നു. അതുകൊണ്ട് മനുഷ്യർ ആരും സ്വതവേ  പാപികൾ അല്ല. എല്ലാവരും നിർമലരായിട്ടു തന്നെയാണ്  ജനിക്കുന്നതെന്നും, അവരുടെ പ്രവർത്തികൾ ആണ് അവരെ പാപികളോ, പുണ്യവാന്മാരോ ആക്കുന്നത്  എന്നുമാണ് ഇസ്ലാം മതം വിശ്വസിക്കുന്നത്. അതുകൊണ്ട് പാപമോചനവും ഓരോരുത്തരും അവരവർക്ക് വേണ്ടി അവരവർ തന്നെ  ചെയ്യേണ്ട ഒന്നാണ് ഇസ്ലാം മതത്തിൽ.

ജൂതമതത്തിലെ ദൈവ സങ്കല്പം 

ജൂതമതത്തിലെ പ്രധാന ഗ്രന്ഥമാണ് “തോറ”.  ദൈവത്തോടൊപ്പം, തോറയിൽ ഏറ്റവും അധികം നിറഞ്ഞു നിൽക്കുന്നത്  മോശയാണ്. (മോഷെ അല്ലെങ്കിൽ മൂസ). ഈജിപ്തിൽ യഹൂദന്മാരെ അടിമകൾ ആക്കി  വൻ തോതിൽ വിൽക്കപ്പെടുകയും  വാങ്ങപ്പെടുകയും ഒക്കെ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പന്ത്രണ്ട് യഹൂദ ഗോത്രങ്ങളിൽ ഒരു ഗോത്രം യഹൂദന്മാർ ഈജിപ്തിലെ അടിമകൾ ആയിരുന്നു ആ കാലത്ത്.   ദൈവത്തിൻ്റെ  കൽപ്പനപ്രകാരം, യഹൂദന്മാരെ അടിമത്തത്തിൽ നിന്ന് വിടുവിക്കുന്നതും, ഈജിപ്തിനെതിരെ പത്ത് മഹാമാരികൾ അഴിച്ചുവിടുന്നതും, സ്വതന്ത്രരാക്കപ്പെട്ട  അടിമകളെ നാൽപ്പത് വർഷത്തോളം മരുഭൂമിയിൽ കൂടി നയിക്കുന്നതും,  ക്ലേശം നിറഞ്ഞ യാത്രകൾക്ക് ശേഷം  ഒടുവിൽ  സീനായ് പർവ്വതത്തിൽ എത്തിച്ച്‌, അവിടെ  നിന്ന് കൊണ്ട്, ദൈവീകമായ ജീവിത നിയമങ്ങൾ  നൽകി, യഹൂദന്മാരെ വാഗ്‌ദത്ത  ഭൂമിയായ   ഇസ്രായേലിലേക്ക് പ്രവേശിക്കാൻ ഒരുക്കുന്നതും മോശയായിരുന്നു. കനാനിലെ മോശ ഇല്ലായിരുന്നെങ്കിൽ, തോറയുടെ അവസാനത്തെ നാല് പുസ്തകങ്ങളിൽ എഴുതാൻ നിയമങ്ങളല്ലാതെ മറ്റൊന്നും ഉണ്ടാകുമായിരുന്നില്ല.

ജൂതമത്തിൽ ഏഴു സ്ത്രീ പ്രവാചകരും, 48   പുരുഷ പ്രാവാചകരും ഉണ്ടായിരുന്നു. അതിൽ ഏറ്റവും ആദ്യത്തെ  പ്രവാചകൻ  അബ്രഹാം ആണ്. അബ്രഹാം ആണ് ഏകദൈവ വിശ്വാസം ആദ്യമായി കൊണ്ടുവരുന്നത്. അത് 3800  വർഷങ്ങൾക്ക് മുൻപാണെന്നു കരുതപ്പെടുന്നു. ജൂതമതവും,  ക്രിസ്തുമതവും, ഇസ്ലാം മതവും അബ്രഹാമിനെ അവരുടെ പ്രവാചകനായി അംഗീകരിക്കുന്നുണ്ട്.  

അബ്രഹാമിന് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. ഹാഗറും, സാറയും. അബ്രഹാമിന് ഹാഗറിൽ ഉണ്ടായ  മകൻ ആയിരുന്ന ഇസ്മായിൽ. ഇസ്മായിൽ നിന്നും  ആണ് ഇസ്ലാം മതം ആരംഭിക്കുന്നത് . അബ്രഹാമിനെ പരീക്ഷിക്കുവാൻ ദൈവം മകനെ കുരുതി കൊടുക്കുവാൻ പറഞ്ഞതും എബ്രഹാം ദൈവ വിശ്വാസത്താൽ സ്വന്ത  മകനെ കുരുതി കൊടുക്കുവാൻ വാളോങ്ങിയതും, അതിൽ സന്തുഷ്ടനായ ദൈവം ആ പ്രവൃത്തിയിൽ നിന്നും അബ്രാഹമിനെ വിലക്കി മകനെ രക്ഷിച്ചതും ആയ ഒരു ഐതിഹ്യം ജൂതമതത്തിലും ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും ഉണ്ട്. ആ മകൻ ഇസ്മായിൽ ആയിരുന്നു എന്നാണ്  ഇസ്ലാം മത അനുയായികൾ വിശ്വസിക്കുന്നത്.  അബ്രാഹിമിന്    സാറയിൽ ഉണ്ടായ മകൻ  ആണ് ഐസക്ക്. ഐസക്ക്കിൽ നിന്നും ആണ് ജൂതമതം ആരംഭിക്കുന്നത്. ഐസക്കിൻ്റെ മകൻ യാക്കൂബിന് 12 മക്കൾ ഉണ്ടായിരുന്നു. ആ പന്ത്രണ്ട് മക്കളിൽ നിന്നും ഉത്ഭവിച്ച 12 ഗോത്രങ്ങൾ ആണ് പിൽക്കാലത്ത് ഇസ്രായേലിലെ 12 ജൂത ഗോത്രങ്ങൾ ആകുന്നത്. അതിൽ ഒരു ഗോത്രമാണ് കൊച്ചിയിൽ എത്തപ്പെട്ട ജൂതർ എന്ന് പറയപ്പെടുന്നുണ്ട്.  ദൈവം അബ്രാഹിമിനോട് കുരുതികൊടുക്കുവാൻ ആവശ്യപ്പെട്ടത്  ഐസക്കിനെ ആയിരുന്നു എന്ന് ജൂതമതവും ക്രിസ്തുമതവും വിശ്വസിക്കുന്നു.

ജൂതമത്തിൽ  ദൈവം എന്ന സങ്കല്പത്തിൽ അധിഷ്ഠിതമായ 13 തത്വങ്ങൾ ഉണ്ട്.  ഈ പതിമൂന്നു തത്വങ്ങളിൽ നിന്നും  ജൂതമതയിലെ ദൈവ സങ്കല്പങ്ങൾ മനസ്സിലാക്കാം. ഈ തത്വങ്ങൾ വിശ്വസിച്ച് അതിൽ അധിഷ്ഠിതമായി ജീവിക്കുവാൻ ജൂതമതസ്ഥർ ബാദ്ധ്യസ്ഥർ ആണ്. 

 1. സർവ്വതും നിലനിൽക്കുന്നതിനുള്ള പ്രഥമ കാരണഭൂതൻ ദൈവം ആണ്, ദൈവം സമ്പൂര്‍ണ്ണൻ ആണ്. 
 2. ദൈവം ഏകത്വം ആണ്. എകത്വത്തിൻ്റെ  മൂർത്തീ ഭാവമാണ്. ദൈവം അവിച്ഛിന്നമാണ്.
 3. ദൈവം അരൂപിയാണ്, ദൈവത്തിന് ശരീരം ഇല്ല. ശരീര ഭാഗങ്ങൾ ഇല്ല. ദൈവം നടക്കുന്നു, ഇരിക്കുന്നു, സംസാരിക്കുന്നു  എന്നെല്ലാം പറയുന്നത്  മനുഷ്യന് മനസ്സിലാക്കുവാൻ വേണ്ടി ആലങ്കാരികമായി പറയുന്നത് മാത്രമാണ്.
 4. ദൈവം അനന്തം ആണ്, അനാദിയാണ്, ദൈവത്തിനെ ആരും സൃഷ്ടിച്ചതല്ല.
 5. മനുഷ്യൻ ദൈവത്തിനെ മാത്രമേ ആരാധിക്കാവൂ. ദൈവം സൃഷ്ടിച്ച സൃഷ്ടികളോ, അല്ലെങ്കിൽ നമ്മുടെ തന്നെ  മനോസൃഷ്ടികളോ ആയ യാതൊന്നും ആരാദ്ധ്യമല്ല. ദൈവം മാത്രമാണ് ആരാദ്ധ്യം.
 6. ദൈവം സംസാരിക്കുന്നത് പ്രാവാചകരിൽ കൂടി മാത്രമാണ്.  ഒരു പ്രവാചകൻ ആയിത്തീരുവാൻ ആത്മീയമായ കഠിന അദ്ധ്വാനം വേണം. എങ്കിലും, ആരായിരിക്കും  പ്രാവാചകൻ   അല്ലെങ്കിൽ ആരിലൂടെ ആയിരിക്കും  സന്ദേശങ്ങൾ മനുഷ്യർക്ക് എത്തിക്കേണ്ടത് എന്നുള്ളത് ദൈവത്തിൻ്റെ മാത്രം നിശ്ചയമാണ്.
 7. മോശയാണ് ഏറ്റവും ഉന്നതനായ പ്രവാചകൻ 
 8. “തോറ” ദൈവീകമാണ്.  തോറയിൽ മോശ പറഞ്ഞതായി പറയപ്പെട്ടെതെല്ലാം ദൈവത്തിൽ നിന്നും നേരിട്ട് വന്ന ശബ്ദങ്ങൾ ആണ്. 
 9. തോറ മാറ്റമില്ലാത്തതാണ്; വ്യത്യാസപ്പെടുത്തലിന് ഒരുകാലത്തും വിധേയമല്ല. തോറയിൽ ഒരു തിരുത്തലും ഒരു കാലത്തും സാദ്ധ്യമല്ല.
 10. ദൈവം സർവജ്ഞാനിയാണ്. അതിനർത്ഥം ഓരോ മനുഷ്യരിലും ദൈവത്തിൻ്റെ പ്രത്യേകമായ ശ്രദ്ധ  അനുനിമിഷം ഉണ്ടാകും എന്നാണ്. 
 11. ദൈവം നമ്മെ രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യും. ജീവിതത്തിൽ നമ്മുടെ പ്രവൃത്തികൾ ഏതു രീതിയിൽ വേണമെങ്കിലും തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരിക്കും. പക്ഷേ, അതിനെല്ലാം ഒരു പരിണത ഫലം ഉണ്ടായിരിക്കുകയും ചെയ്യും 
 12. ഒരു നാൾ ഒരു രക്ഷകൻ വരും. ആ രക്ഷകൻ ദാവൂദ് രാജാവിൻ്റെ  പരമ്പരയിൽ ആയിരിക്കും. തോറയിൽ പറഞ്ഞ എല്ലാക്കാര്യങ്ങളും പൂർണമായി നടക്കുന്ന ആ ഒരു കാലം വരും. നമ്മൾ അതിനായി കാത്തിരിക്കണം.
 13. ഉയർത്തെഴുനേൽപ്പ് ഉണ്ടാകും. ഒരുദിവസം, മരിച്ചു പോയവരിൽ നല്ലവരായവരെ ദൈവം ഉയർത്തെഴുനേൽപ്പിച്ച്  തിരികെ കൊണ്ടുവരും. സമ്പൂര്‍ണ്ണമായ ഒരു ലോകത്തിൽ, അങ്ങിനെ സമ്പൂർണ്ണരായി നമുക്ക് ജീവിക്കുവാൻ കഴിയും. ദൈവം നമ്മളെ സൃഷ്ടിച്ചത്   സമ്പൂർണമായ ആ ലോകത്തിൽ ജീവിക്കുവാനും അത്തരം ഒരു ലോകം സൃഷ്ടിക്കുവാനും, അതിൽ ജീവിക്കുക എന്ന ഉദ്ദേശ്യത്തോടെ മനുഷ്യൻ  സമ്പൂർണ്ണർ ആകുവാൻ ശ്രമിച്ചു കൊണ്ടിരിക്കുവാനും    വേണ്ടിയാണ്.

ജൂതമതത്തിൽ  മുക്തിയിലേക്കുള്ള മാർഗ്ഗം 

മൂന്ന് അബ്രഹാമീയ മതങ്ങളുടേയും അന്തിമമായ ലക്ഷ്യം ശാശ്വതമായ സന്തോഷം അല്ലങ്കിൽ ആനന്ദം  നൽകുന്ന  സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക എന്നതാണ്.  മനുഷ്യ ജീവിതത്തിൽ ശാശ്വതമായ സുഖവും സന്തോഷവും ഇല്ല എന്നുമാതമല്ല ദുരന്തങ്ങളും ദുഃഖങ്ങളും കൊണ്ട് നിറഞ്ഞ ഒന്നാണ്  അത് എന്ന് എല്ലാ മൂന്ന്  മതങ്ങളും  ഒരുപോലെ തിരിച്ചറിയുന്നു. അതിനാൽ അതിൽ നിന്നും ഉള്ള മോചനം   മനുഷ്യാതീത ശക്തിയും, മനുഷ്യൻ്റെ സൃഷ്ടാവും ആയ ദൈവത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നും അവർ മൂവ്വരും  തിരിച്ചറിയുന്നു. രക്ഷകൻ ഒരുനാൾ വരും എന്ന വിശ്വാസത്തിന് പുറമെ, ഇതിനായി നിലനിറുത്തേണ്ട ജീവിത രീതികളും ഉണ്ട്. അതുകൊണ്ട്  മുക്തിയിലേക്കുള്ള അവരവരുടേതായ മൂന്ന് വ്യത്യസ്തമായ മാർഗ്ഗങ്ങളും  ഈ മൂന്ന് മതങ്ങളും നിർദ്ദേശിക്കുന്നുണ്ട്.

മുക്തിക്കായി ജൂതമതത്തിൽ നിർദ്ദേശിക്കുന്ന രീതികൾ ഇതാണ്. എല്ലാ പുരുഷന്മാരും സുന്നത്ത് ചെയ്യണം. ആഴ്‌ചയിൽ ശനിയാഴ്ചയും മാസത്തിൽ ആദ്യത്തെ ദിവസവും വിശുദ്ധ ദിവസങ്ങൾ (ശബാത്ത്) ആയി ആചരിക്കണം.  വിശ്രമത്തിനും ആത്മീയ ഉന്നതിക്കും ആയി ഈ ദിവസങ്ങൾ ഉപയോഗിക്കണം. അറിയാതെ ചെയ്തുപോകുന്ന പാപങ്ങൾക്ക് ദൈവത്തോട് ആത്മാർത്ഥമായി മാപ്പപേക്ഷിക്കണം, കൂടാതെ പാപ പരിഹാരത്തിനായി അനുചിതമായ പരിഹാര കർമ്മങ്ങൾ ചെയ്യുവാൻ തയ്യാറാവണം..  അറിഞ്ഞു കൊണ്ട് ചെയ്യന്ന പാപങ്ങൾക്ക് മാപ്പില്ല. അതിന് ശിക്ഷ ലഭിക്കുക തന്നെ ചെയ്യും. തെറ്റുകൾ തിരുത്തി മനുഷ്യ പ്രയത്നത്താൽ ദൈവീകതയിലേക്ക് തിരികെ വരണം. അതിനുള്ള ഉത്തരവാദിത്വവും ശക്തിയും  മനുഷ്യരിൽ നിക്ഷിപ്‌തമാണ് എന്ന് അവർ വിശ്വസിക്കുന്നു. ദൈവത്തിനും മനുഷ്യനും ഇടയിൽ ഒരു മദ്ധ്യസ്ഥൻ ആവശ്യമില്ല എന്നവർ വിശ്വസിക്കുന്നു.  

ആദവും ഹവ്വയും ചെയ്ത ആദി പാപത്തിൻ്റെ ഫലമാണ് മനുഷ്യർ എന്ന് ജൂതമതം വിശ്വസിക്കുന്നില്ല. ദൈവത്തിൻ്റെ സൃഷ്ടിയിൽ സ്വാഭാവികമായി അലിഞ്ഞു ചേർന്നിട്ടുള്ള നന്മ മനുഷ്യരിലും ഉണ്ടെന്നു അവർ വിശ്വസിക്കുന്നു. 

ദൈവം മോശക്ക് നേരിട്ടു കൊടുത്ത പത്ത് കല്പനകൾ, സിനായി മലയിൽ വച്ച് നടത്തിയ പ്രഭാഷണത്തിൽ മോശ യഹൂദന്മാർക്കു നൽകിയിരുന്നു. എല്ലാ ജൂതമതക്കാരും  എന്നും ശ്രദ്ധയോടെ അനുസരിക്കേണ്ട വിഷയങ്ങൾ ആണ് പത്തു കൽപ്പനകൾ. താഴെ പറയുന്നവയാണ് ആ പത്തു കൽപ്പനകൾ 

1 വേറെ ദൈവങ്ങൾ ഉണ്ടാകരുത്. 

2 വിഗ്രഹങ്ങൾ ഉണ്ടാക്കുകയോ ആരാധിക്കുകയോ ചെയ്യരുത്. 

3 ദൈവ നാമം അനാദരിക്കുകയോ ദുരുപയോഗം ചെയ്യുകയോ അരുത്. 

4 ശാബാത്ത് ദിനങ്ങൾ മറക്കാതെ  വിശുദ്ധമായി ആചരിക്കുക. 

5 നിങ്ങളുടെ അമ്മയെയും പിതാവിനെയും ബഹുമാനിക്കുക. 

6 കൊലപാതകം ചെയ്യരുത്. 

7 വ്യഭിചാരം ചെയ്യരുത്.

8 മോഷ്ടിക്കരുത്.

9 കള്ളം പറയരുത് 

10 മറ്റുള്ളവരോട് അസൂയപ്പെടരുത്.

ഈ പത്ത് കല്പനകളിൽ ആദ്യത്തെ അഞ്ചെണ്ണം മനുഷ്യനും ദൈവവും  തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്ന നിബന്ധനകളാണ്.  അടുത്ത അഞ്ചെണ്ണം മനുഷ്യൻ അനുഷ്ഠിക്കേണ്ട  സന്മാർഗ്ഗ നിബന്ധനകൾ ആണ്.

ക്രിസ്തു മതത്തിലെ ദൈവ സങ്കല്പങ്ങൾ

ക്രിസ്തു മതത്തിന് 2000 വർഷത്തെ പാരമ്പര്യം ഉണ്ട്. ക്രിസ്തുമതത്തിൽ 12 പ്രവാചകർ ആണ് ഉണ്ടായിരുന്നത്. യേശു ക്രിസ്തുവായിരുന്നു പന്ത്രണ്ടാമത്തെ പ്രവാചകൻ. തോറയിൽ പറഞ്ഞിരുന്ന രക്ഷകൻ്റെ വരവായിട്ടാണ് കൃസ്തുമതം യേശുവിനെ കാണുന്നത്.  വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനാൽ പാപികളും പതിതരും  ആയി കഴിയുന്ന മനുഷ്യരെ രക്ഷിക്കുവാൻ വേണ്ടിയാണ് യേശു ജനിച്ചതും കുരിശിൽ മരിച്ചതും. അടിമകളായിരുന്ന യഹൂദരെ മോശ രക്ഷിച്ചതുപോലെ ഒരുനാൾ ഒരു രക്ഷകൻ വരും എന്ന് അവർ പ്രതീക്ഷിച്ചിരുന്നു. ആ രക്ഷകൻ ആണ് യേശു ക്രിസ്തുമതത്തിൽ. 

മനുഷ്യന് ചിന്തിക്കുവാൻ കഴിയുന്നതിൽ ഏറ്റവും ഉന്നതമായ ഒരു  നിലനില്പ് ഉണ്ടെങ്കിൽ അത് എന്താണോ , അതാണ് ദൈവം . ഇതാണ്  ദൈവത്തിൻ്റെ നിർവചനം ക്രിസ്തുമതത്തിൽ. ഏതെങ്കിലും ഒരു  നിലനിൽപ്പിന് അതിലും ഉന്നതമായ ഒരു സ്ഥാനം കൊടുക്കുവാൻ കഴിയുമെങ്കിൽ, അപ്പോൾ അതാണ് “ദൈവം”.   അങ്ങിനെ ഉന്നതങ്ങളിൽ  പരമോന്നതമായ മഹത്വം ഉള്ള ദൈവം തീർച്ചയായും  പരിപൂർണ്ണമായ ഒന്നാണ്. എന്തെങ്കിലും വിധത്തിലുള്ള  അപൂർണ്ണതയുണ്ടെങ്കിൽ അത് ദൈവം അല്ല.  അപ്രകാരം പരിപൂർണ്ണമായ പൂർണതയുള്ള ഒരു അസ്തിത്വം തീർച്ചയായും  ധാർമ്മികമായിട്ടും   പൂർണ്ണം   ആയിരിക്കണം.  “സ്നേഹം” എന്ന ഭാവം  ധാർമ്മികമായ ഒന്നാണ്. അതുകൊണ്ടു ദൈവം  ഏറ്റവും ഉന്നതമായ, ഒരു  ഉപാധികളും   ഇല്ലാത്ത സ്നേഹം തന്നെ  ആയിരിക്കണം  തീർച്ചയായും;  അതുകൊണ്ടു സ്നേഹം എന്നത്  ദൈവത്തിൻ്റെ  സ്വാഭാവികമായ ഭാവം  ആണ് എന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റും ഇല്ല. ഇതാണ് കൃസ്തീയ വീക്ഷണം. 

പക്ഷേ ആ “സ്നേഹം” എന്ന് പറയുന്നത് ഒരു വസ്തു അല്ല. ഒരു പ്രകടനം ആണ്.  പ്രകടിപ്പിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന ഒന്നാണ് സ്‌നേഹം. എന്നാൽ സ്നേഹം പ്രകടിപ്പിക്കപ്പെടുമ്പോൾ  അത്   ഏറ്റുവാങ്ങുവാൻ  മറ്റൊരാൾ ഉണ്ടെങ്കിലേ സ്നേഹത്തിന് സ്നേഹം എന്ന് പറയുവാൻ പറ്റുകയുള്ളൂ.  ദൈവത്തിന്  സ്നേഹം പ്രകടിപ്പിക്കുവാൻ അങ്ങിനെ രണ്ടാമത് ഒരാളില്ല.  രണ്ടാമത് ഉള്ളതെല്ലാം ദൈവത്തിൻ്റെ  സ്വതന്ത്രമായ ഇച്ഛയാൽ ദൈവം തന്നെ ഉണ്ടാക്കിയതാണ്. 

അപ്പോൾ ദൈവം ആരെ ആയിരിക്കും സ്നേഹിച്ചിരിക്കുക?  സ്വയം  തൻ്റെ തന്നെ ഉള്ളിലേക്ക് അനന്തമായി തൻ്റെ സ്നേഹം പ്രവഹിപ്പിക്കുന്നു എന്നാണ് ക്രിസ്തുമത വിശ്വാസം.  അതുകൊണ്ട് ,  കൃസ്തുമതത്തിലെ ദൈവസങ്കല്പം ജ്യൂത മത സങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായ ഒന്നാണ്.  ദൈവത്തിന് സ്വയം ഉള്ളിൽ തന്നെ ഒന്നിലധികം ഭാവത്തിലുള്ള നിലനിൽപ്പുകൾ ഉണ്ടാവണം – അങ്ങിനെ ആണ് “ട്രിനിറ്റി” യുടെ സങ്കല്പം വരുന്നത്.  തൻ്റെ നിലനില്പിനകത്ത് തനിക്ക് സമന്മാരായ മറ്റ് രണ്ടു പേര് കൂടി ഉണ്ട്.  അവരും താനും കൂടി ചേരുമ്പോൾ മൂന്ന്. മനുഷ്യനുമായിട്ടുള്ള ബന്ധത്തിൽ  ദൈവം വഹിക്കുന്ന മൂന്ന് കർത്തവ്യങ്ങളുടെ  അടിസ്ഥാനത്തിൽ ആണ്  ദൈവത്തിന് മൂന്നു നിലനിൽപ്പുകളുടെ കേന്ദ്രങ്ങൾ “ട്രിനിറ്റി”യിൽ (തൃത്വം) ഉള്ളത്. വളരെ കൃത്യമായി പറഞ്ഞാൽ, ഏകത്വത്തിലെ ത്രിത്വം ആണ് ക്രിസ്തുമതത്തിലെ ദൈവ സങ്കല്പം.

പിതാവ് , പുത്രൻ, പരിശുദ്ധാത്മാവ് ഇവരാണ് ആ ത്രിത്വത്തിലെ മൂന്നുപേർ.  പിതാവ് എന്നത് ദൈവം തന്നെ.   യേശു  ദൈവത്തിൻ്റെ  പുത്രനാണ്.     പിതാവ ആയ ദൈവം  സങ്കല്പത്തിലും രൂപത്തിലും തൻ്റെ മകനായ   യേശുവിനെ ഭൂമിയിലേക്ക് പറഞ്ഞയച്ചു.  യേശു എന്ന ദിവ്യമായ ആ  പ്രജ്ഞാന വ്യക്തിത്വം ആണ് “പുത്രൻ”. പുത്രൻ എന്ന് പറയുന്നത്  മനുഷ്യ ശരീരം സ്വീകരിച്ചു  നസ്രേത്തിൽ ജനിച്ച  യേശു തന്നെ. പരിശുദ്ധാത്മാവ് എന്ന് പറയുന്നത് , യേശു വീണ്ടും തിരിച്ചു ഭൂമിയിലേക്ക് വരുന്നതു വരെ പകരം നിൽക്കുന്ന പ്രജ്ഞാന വ്യക്തിത്വം. ഈ മൂന്നു വ്യക്തിത്വങ്ങളും ദിവ്യതയിലും മാഹാത്മ്യത്തിലും ഒരുപോലെ ആണ് – ഒരു വ്യത്യാസവും ഇല്ല. ഇതാണ് ക്രിസ്തുമതത്തിലെ ദൈവ സങ്കല്പം. 

ഒരു ത്രികോണത്തിന് മൂന്ന് വശങ്ങൾ  ഉള്ളത് പോലെ, ദൈവം എന്ന അസ്തിത്വത്തിനു മൂന്ന് വ്യക്തിത്വങ്ങൾ ആണ് ക്രിസ്തുമതത്തിൽ ഉള്ളത്.   അങ്ങിനെ സ്വന്തം അസ്തിത്വത്തിന് മൂന്ന് കേന്ദ്രങ്ങൾ ഉള്ള ദൈവം, സർവ്വ ശക്തനും, സർവജ്ഞനും, ദിവ്യനും, ആദിയും അന്തവും ഇല്ലാത്തതും ആയ ഒന്നാണ്. ആ ദൈവം ആണ് ഈ ലോകം സൃഷ്ടിച്ചത്.  ഇതാണ് ക്രിസ്തുമത വിശ്വാസം. മേരി മാതാവ് ദിവ്യ ഗർഭം ധരിച്ചാണ് യേശു ജനിക്കുന്നത് – അതായാത്  മനുഷ്യനായ ഒരു പുരുഷൻ്റെ ഇടപെടൽ ഇല്ലാതെ, ഒരു മനുഷ്യ മാതാവിലൂടെ ഉണ്ടായ ദൈവീകമായ ജനനം. ദൈവത്തിൻ്റെ  സ്നേഹം നിരുപാധികം ആണ്. സ്വന്തം മകനെ പോലും ത്യജിച്ചു കൊണ്ടാണ് ദൈവം ഭൂമിയിലെ മനുഷ്യരെ രക്ഷിക്കുന്നത് എന്ന് ക്രിസ്തുമതം വിശ്വസിക്കുന്നു.   

ക്രിസ്തു മതത്തിൽ  മുക്തിയിലേക്കുള്ള മാർഗ്ഗം

ക്രിസ്തു മതത്തിൽ ദൈവത്തിൻ്റെ  കാരുണ്യവായ്പ്പും, ന്യായ പരിപാലനത്തിലുള്ള ശ്രദ്ധയും  ആണ് മുക്തിയിലേക്കുള്ള മാർഗ്ഗമായി കാണുന്ന രണ്ടു  പ്രധാന വഴികൾ. മനുഷ്യൻ്റെ പാപമോചനവും സ്വർഗ്ഗ രാജ്യത്തിലേക്കുള്ള പ്രവേശനവും  മനുഷ്യ പ്രയത്നത്താൽ സാദ്ധ്യമായ ഒന്നാണെന്ന് ക്രിസ്തുമതം വിശ്വസിക്കുന്നില്ല.  അത് യേശുവിലൂടെ  മാത്രമേ സാദ്ധ്യമാകൂ എന്നാണു ക്രിസ്തീയ വിശ്വാസം. യേശുവിൻ്റെ കുരിശു മരണവും, ഉയർത്തെഴുന്നേൽപ്പും മനുഷ്യൻ്റെ  പാപമോചനത്തിനായിരുന്നു എന്ന് മനസ്സിലാക്കി അതിൽ  പരിപൂർണ്ണമായി വിശ്വസിച്ചുകൊണ്ട്, ചെയ്തുപോയ പാപത്തിൽ  പശ്ചാത്തപിച്ചു കൊണ്ട് പാപത്തിൽ നിന്നും ഉള്ള മുക്തിക്കും, സ്വർഗ്ഗ രാജ്യത്തിലേക്കുള്ള പ്രവേശനത്തിനും ആയി  നിരന്തരം പ്രാർത്ഥിക്കുകയാണ് ക്രിസ്തു മതത്തിൽ  മുക്തിയിലേക്കുള്ള ഏക മാർഗ്ഗം.

ക്രിസ്തുമതത്തിൽ ഒരു വിശുദ്ധ ഗ്രന്ഥം മാത്രമേയുള്ളൂ, അതാണ് ബൈബിൾ, എന്നാൽ, പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ വിഭാഗങ്ങൾ 66 പുസ്തകങ്ങളുള്ള ഒരു ബൈബിളാണ്  ഉപയോഗിക്കുന്നത്.  കത്തോലിക്കർ 73 പുസ്തകങ്ങളുള്ള ഒരു ബൈബിളാണ് ഉപയോഗിക്കുന്നത്. പക്ഷേ, ഇരുവർക്കും ബൈബിൾ  ദൈവവചനങ്ങൾ തന്നെ ആണ്. 

ഇസ്ലാം മതത്തിലെ ദൈവ സങ്കല്പങ്ങൾ

ഇസ്ലാം മതത്തിന് 1600 വർഷത്തെ പാരമ്പര്യം ഉണ്ട്. ജൂത മതത്തിലെ ദൈവസങ്കല്പം പോലെ തന്നെ, ഇസ്ലാമിലും   ദൈവ സങ്കല്പം  ഏകത്വം ആണ്. ക്രിസ്തുമതത്തിലെ ത്രിത്വ സങ്കല്പം ഏകദൈവ വിശ്വാസത്തിന് യോജിക്കുന്ന ഒന്നാണെന്ന് ഇസ്ലാം മതം കരുതുന്നില്ല. ദൈവം കരുണാമയനാണ് ഇസ്ലാം മതത്തിൽ. പക്ഷേ, ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നതുപോലെ രണ്ടാമത് ഒരാൾക്ക് സ്നേഹം കൊടുക്കേണ്ട ഒരാവശ്യവും ദൈവത്തിന് ഉള്ളതായി ഇസ്ലാം മതം വിശ്വസിക്കുന്നില്ല. ദൈവം  തനിക്ക് താനായി സ്വയം നിലകൊള്ളുന്നു. ദൈവത്തിൻ്റെ   സ്നേഹം തൻ്റെ പ്രവർത്തനങ്ങളിലൂടെ സമ്പാദിക്കുന്നവർക്ക്  മാത്രം ഉള്ളതാണ് ഇസ്ലാം മതത്തിൽ. പാപികൾക്കും തന്നിൽ വിശ്വാസമില്ലാത്തവർക്കും  ദൈവത്തിൻ്റെ  സ്നേഹം പ്രാപ്യമല്ല എന്ന് അവർ വിശ്വസിക്കുന്നു. 

“ഇസ്ലാം” എന്ന പദത്തിൻ്റെ അർത്ഥം   “കീഴടങ്ങുക” എന്നാണ്. ദൈവത്തിൻ്റെ ഇച്ഛയ്ക്ക് കീഴടങ്ങുക എന്നാണ് അതുകൊണ്ടു ഉദ്ദേശിക്കുന്നത്. “അബ്ദുള്ള” എന്ന നാമധേയം ഇസ്ലാം മതത്തിൽ സർവ്വ സാധാരണമാണ്. ആ പേരിൻ്റെ അർത്ഥം “അള്ളായുടെ  അടിമ” അഥവാ “ദൈവത്തിൻ്റെ അടിമ” എന്നാണ്.  ചെയ്തുപോയ പാപങ്ങൾക്ക് ആത്മാർത്ഥമായി പശ്ചാത്തപിച്ചാൽ കരുണാമയനായ ദൈവം മാപ്പു തരും എന്നും, മുക്തിയിലേക്കുള്ള മാർഗ്ഗം അതുമാത്രമാണെന്നും ഇസ്ലാം മതം വിശ്വസിക്കുന്നു.

ഇസ്ലാം മതത്തിൽ “ആദി പാപം” എന്നൊന്നില്ല. ആദം-ഹവ്വമാരുടെ ഐതിഹ്യം അംഗീകരിക്കുന്നുണ്ടെങ്കിലും   മനുഷ്യൻ ഉണ്ടായത് ആദിപാപത്തിൽ നിന്നും ആണെന്ന് ഇസ്ലാം മതം വിശ്വസിക്കുന്നില്ല. ഒരാൾ പാപം  ചെയ്തിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി അയാൾ മാത്രമാണ്. ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾക്ക് മാത്രം ഉത്തരവാദികൾ ആണ്. ഒരാളും മറ്റൊരാളുടെ പാപങ്ങൾ വഹിക്കുന്നില്ല. ഇതാണ് ഇസ്ലാം മതം വിശ്വസിക്കുന്നത്. അതുകൊണ്ടു ഒരു മനുഷ്യനും ആദാമിൻ്റെയോ ഹവ്വയുടെയോ പാപങ്ങൾ പേറുന്നു എന്ന് ഇസ്ലാം മതം വിശ്വസിക്കുന്നില്ല.

ദൈവം, സർവ്വ ശക്തനും, സർവജ്ഞനും, ദിവ്യനും, ആദിയും അന്തവും ഇല്ലാത്തതും ആയ ആത്മീയ വ്യകതിത്വം ആണ്  എന്ന്  ഇസ്ലാം മതം സമ്മതിക്കുന്നു.  പക്ഷെ, ഇസ്ലാമിന് അഭിപ്രായ വ്യത്യാസം    ഉള്ളത് ത്രിത്വത്തിലാണ്. മാത്രവും അല്ല അവർക്ക് വിരോധം ഉള്ളത്  യേശു ദൈവത്തിൻ്റെ മകനും, ദൈവത്തിൻ്റെ അതേ ഗുണഗങ്ങൾ ഉള്ള ആളാണെന്നും പറയുന്നതിലാണ്. ദൈവം നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നതിലും അതീതനാണ്,  ദൈവത്തിനു ഒരു മകൻ ഉണ്ടാകുവാൻ സാദ്ധ്യതയില്ല എന്ന് ഇസ്ലാം വിശ്വസിക്കുന്നു. അങ്ങിനെ ഒരു മകൻ ഉണ്ടെന്നു വിശ്വസിക്കുന്നവർ അവിശ്വാസികളും, നരകത്തിൽ പോകുന്നവരും   ആണെന് ഇസ്ലാം മതം വിശ്വസിക്കുന്നു. തീർത്തും ഏക ദൈവ വിശ്വാസം ഇസ്ലാം മതതിൽ ആണെന്ന് അവർ വിശ്വസിക്കുന്നു. പക്ഷേ, യേശുവിനെ  ഒരു പ്രവാചകൻ ആയി ഇസ്ലാം മതം അംഗീകരിക്കുന്നുണ്ട്. ഇസ്ലാം മതത്തിൽ 25 പ്രവാചകർ ആണുള്ളത്. അബ്രഹാമീയ പാരമ്പര്യത്തിലെ ഏറ്റവും അവസാനത്തെ പ്രവാചകൻ മുഹമ്മദ് നബി ആണെന്ന് ഇസ്ലാം മതം വിശ്വസിക്കുന്നു. 

ഇസ്ലാം മതത്തിൽ  മുക്തിയിലേക്കുള്ള മാർഗ്ഗം

ഇസ്ലാം മതത്തിൽ  അഞ്ച് നെടുംതൂണുകൾ എന്ന് അറിയപ്പെടുന്ന  മുക്തിയിലേക്കുള്ള  അഞ്ച് നിബന്ധനകൾ ഉണ്ട്. എല്ലാ മുസ്ലിം മതസ്ഥരും ഈ അഞ്ച് നിബന്ധനകൾ അനുസരിക്കുവാൻ ബാദ്ധ്യസ്ഥർ ആണ്. എങ്കിൽ മാത്രമേ അവർ ഒരു മുസ്ലിം ആയി അംഗീകരിക്കപ്പെടുന്നുള്ളൂ. താഴെ പറയുന്നതാണ് ആ അഞ്ചു നിബന്ധനകൾ.

 1. “അള്ളാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല, മുഹമ്മദ് ദൈവത്തിൻ്റെ ദൂതൻ ആണ്” (“ലാ ഇലാഹ ഇല്ലള്ള”),  എന്നുള്ള അചഞ്ചലമായ  പ്രഖ്യാപനം ആണ് ആദ്യത്തെ നിബന്ധന. ഇതിനെ, “ഷഹാദ” എന്നാണ് അറബി ഭാഷയിൽ പറയുന്നത് – “വിശ്വാസം” എന്നർത്ഥം.
 2. സലാഹ് (പ്രാർത്ഥന) – ഓരോ മുസ്‌ലിമിനും അവരുടെ ജീവിതകാലം മുഴുവൻ ദിവസവും അഞ്ച് പ്രാവശ്യം ആചാരപരമായ പ്രാർത്ഥന ആവശ്യമാണ്.
 3. സക്കാത്ത് (ദാനധർമ്മം)- ഒരു മുസ്ലിമിൻ്റെ  സമ്പത്തിൻ്റെ  ഒരു ഭാഗം അവരുടെ ജീവിതകാലം മുഴുവൻ ആവശ്യമുള്ളവർക്ക് നൽകുന്ന പ്രവൃത്തി
 4. സോം (ഉപവാസം) വിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം.
 5. ഹജ്ജ് (തീർത്ഥാടനം) മക്കയിലേക്കുള്ള പവിത്രമായ തീർത്ഥാടനം ഓരോ മുസ്ലിമിനും ജീവിതത്തിൽ ഒരിക്കലെങ്കിലും ആവശ്യമാണ്.

ഈ അഞ്ച് പ്രവൃത്തികളും അനസ്യൂതം ജീവിതം മുഴുവുനും   ചെയ്തു കൊണ്ടിരുന്നാൽ ഒരു മുസ്ലിമിന് സ്വർഗ്ഗരാജ്യത്തിലേക്ക് ദൈവം പ്രവേശനം നൽകും എന്നാണ് ഇസ്ലാം മത വിശ്വാസം. എന്നാൽ ഈ അഞ്ചു പ്രവർത്തികൾ ചെയ്തതുകൊണ്ട്  മാത്രം  ആർക്കും താൻ സ്വർഗ്ഗ രാജ്യത്തിന് അർഹനായി എന്ന് സ്വയം പറയുവാൻ ആകില്ല.  ഇത്  ദൈവം മാത്രം നിശ്ചയിക്കുന്ന ഒരു വിഷയമാണ് ഇസ്ലാമിൽ.  പക്ഷേ, ഇസ്ലാമിനും ദൈവത്തിനും വേണ്ടിയുള്ള  യുദ്ധത്തിൽ മരണം വരിച്ചാൽ മാത്രമേ മുക്തിയിലേക്കുള്ള ഒരു ഇസ്‌ലാം മതസ്ഥൻ്റെ പ്രവേശനം ഉറപ്പായി എന്ന് സ്വയം നിശ്ചയിക്കുവാൻ കഴിയൂ എന്നും ഇസ്ലാം മതം വിശ്വസിക്കുന്നു. തൻ്റെ സ്വർഗ്ഗ പ്രവേശനം ഉറപ്പാക്കുന്ന ഇത്തരം യുദ്ധത്തിനെ ആണ് ഇസ്ലാമിൽ “ജിഹാദ്” എന്ന് പറയുന്നത്. 

ഇസ്ലാം മതത്തിൽ നാല് വിശുദ്ധ ഗ്രന്ഥങ്ങൾ ആണുള്ളത്. പ്രാവാചകൻ മൂസാ നബിയാൽ  വെളിവാക്കപ്പെട്ട  “തവ്റത്ത്”, പ്രവാചകൻ ദാവൂദ് നബിയാൽ   വെളിവാക്കപ്പെട്ട  “സബൂർ”, പ്രവാചകൻ ഈസാ നബിയാൽ  (യേശു)    വെളിവാക്കപ്പെട്ട “ഇൻജീൽ”, പ്രവാചകൻ ഹസ്രത്ത് മുഹമ്മദ് നബിയാൽ വെളിവാക്കപ്പെട്ട  “ഖുർആൻ”  എന്നീ നാല് ഗ്രന്ഥങ്ങളാണ് ഇസ്ലാം മതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങൾ. ഇതിൽ “ഖുർആൻ” ആണ് ഏറ്റവും മുഖ്യം.  

ഇത് കൂടാതെ, “ഹദീസ്” എന്ന ഒരു ഗ്രന്ഥം കൂടി ഇസ്ലാം മതത്തിൽ വിശുദ്ധമായി കരുതുന്നുണ്ട്. സുന്നി വിഭാഗം ഇസ്ലാമിലെ  ചില പണ്ഡിതന്മാരുടെ വീക്ഷണതിൽ ഹദീസിൽ മുഹമ്മദ് നബിയുടെ  വാക്കുകൾ, ഉപദേശങ്ങൾ, ജീവിത രീതികൾ മുതലായവ മാത്രമല്ല, അദ്ദേഹത്തിൻ്റെ  അനുചരന്മാരുടേയും വാക്കുകളും   ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. “ഷിയാ” വിഭാഗതിൽ പെട്ട ഇസ്ലാം മതസ്ഥർ , ഹദീസ് പ്രവാചകൻ്റെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും വാക്കുകളും പ്രവൃത്തികളും ആണ് ഉൾപെട്ടിട്ടുള്ളത് എന്ന് പറയുന്നു. ഇസ്ലാം മതത്തിലെ “സുന്നി” വിഭാഗത്തിൽ ഉള്ളവർ  പ്രവാചകൻ മുഹമ്മദ് നബിയെ മാത്രം പിന്തുടരുന്നവർ ആണ്. “ഷിയാ” വിഭാഗത്തിൽ ഉള്ളവർ  പ്രവാചകൻ മുഹമ്മദ് നബിയുടെ കസിനും മകളുടെ ഭർത്താവും ആയ ആയിരുന്ന അലിയെ പ്രവാചകൻ മുഹമ്മദ് നബിയുടെ പിന്തുടർച്ചക്കാരനായി കരുതുന്നവർ ആണ്. ലോകത്തിലെ 90% മുസ്ലിം മതസ്ഥരും സുന്നികളാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

ദൈവ സങ്കല്പം സംഗ്രഹത്തിൽ  

മൂന്നു അബ്രഹാമീയ മതങ്ങളിലും പൊതുവായ ഒന്ന്, ഏക ദൈവ വിശ്വാസം ആണ്. മൂന്നിലും ദൈവത്തിന് നൽകുന്ന നിർവ്വചനം ഒന്ന് തന്നെ ആണ്. ദൈവം ഒന്നേ ഉള്ളൂ, അത് അഖണ്ഡമായതും, അനാദിയായതും, സർവ്വജ്ഞവും ആണെന്ന് മൂന്നു മതങ്ങളും വിശ്വസിക്കുന്നു.

എന്നാൽ ക്രിസ്തു മതത്തിൽ മാത്രം ആ ഏകത്വത്തിൽ ത്രയത്വം ഉണ്ട്. അതായത് ആ ഏകത്വത്തിന് മനുഷ്യനുമായിട്ടുള്ള ബന്ധത്തിൻ്റെ സ്വഭാവം അനുസരിച്ച് മൂന്നു ഭാവങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് – ദൈവം, ദൈവ പുത്രനായ യേശു, യേശു വീണ്ടും വരുന്നത് വരെ പകരം നിൽക്കുന്ന പരിശുദ്ധാത്മാവ്. ഈ ത്രയത്വം മറ്റു രണ്ടു അബ്രഹാമീയ മതങ്ങൾ അംഗീകരിക്കുന്നില്ല.

ജീവിത ക്ലേശങ്ങളിൽ നിന്നും മുക്തി ലഭിച്ചു സ്വർഗ്ഗ രാജ്യത്തിലേക്കുള്ള പ്രവേശനത്തിന് വേണ്ടി  ദൈവവുമായിട്ട്  വിശ്വാസികൾ പുലർത്തേണ്ട  ബന്ധത്തിൻ്റെ രീതികളിൽ മൂന്നു മതങ്ങൾക്കും  വ്യത്യസ്ത വീക്ഷണങ്ങൾ ആണുള്ളത്.  ദൈവത്തിൻ്റെ  നിർദ്ദേശത്തിന് വിപരീതമായി സ്വർഗ്ഗത്തിലായിരുന്ന  ആദവും ഹവ്വയും വിലക്കപ്പെട്ട കനി ഭക്ഷിച്ചു എന്ന   പാപം ചെയ്തതുകൊണ്ട് ദൈവം ആദം ഹവ്വമാരെ   സ്വർഗ്ഗ രാജ്യത്തിൽ നിന്നും നിഷ്കാസിതരാക്കിയിരിക്കുന്നു എന്നുള്ളതാണ് മൂന്നു മതങ്ങളിലും പൊതുവായി അംഗീകരിച്ചിട്ടുള്ള വിശ്വാസം. അവരുടെ മക്കളായി  മനുഷ്യർ  ഭൂമിയിൽ ജനിക്കുന്നത് അങ്ങിനെ ആണ്.  അതിൻ്റെ ഫലമായി ഭൂമിയിൽ മനുഷ്യൻ ദുരിതങ്ങൾ അനുഭവിക്കുന്നു. അതിൽ നിന്നും “മുക്തി” നേടി, തിരികെ സ്വർഗ്ഗ രാജ്യത്തിൽ പ്രവേശനം ലഭിക്കുവാൻ ദൈവവും ആയി  ഏതുതരത്തിലുള്ള ബന്ധമാണ് മനുഷ്യൻ പുലർത്തേണ്ടത്, എന്തൊക്കെ ആണ് ചെയ്യേണ്ടത്  എന്ന കാര്യത്തിലാണ്  ഈ മൂന്നു മതങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ   ഉയരുന്നത്.

മനുഷ്യൻ ദൈവത്തിൻ്റെ അതേ വിശുദ്ധിയോടെ ആണ് ജനിച്ചിരിക്കുന്നതെന്നും, അവൻ്റെ അഹങ്കാരത്തിൻ്റെയും സ്വാർത്ഥതയുടേയും ഫലമായി ആ വിശുദ്ധിയിൽ നിന്നും അകന്നു പോകുകയാണുണ്ടായെതെന്നും, ആത്മാർത്ഥമായി മാപ്പ് അപേക്ഷിച്ചുകൊണ്ടു  തെറ്റുകൾ  തിരുത്തി,  പരിഹാര കർമ്മങ്ങൾ ചെയ്തുകൊണ്ട് ഒരു തികഞ്ഞ   ജൂതനായി  ജൂത നിയമങ്ങൾ അനുസരിച്ചു ജീവിച്ചുകൊണ്ട് ദൈവത്തിൻ്റെ മാപ്പിന് അർഹരായി തിരികെ സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കാൻ ആകും എന്ന് ജൂത മതം പറയുന്നു. അങ്ങിനെ തികഞ്ഞ ജൂതനായി ജീവിക്കുവാൻ ആവശ്യമായ 13 നിയമങ്ങളും, കൂടാതെ മോശനൽകിയ പത്തു കല്പനകളും ജൂത മതം നൽകുന്നു. ചുരുക്കത്തിൽ സ്വയം പരിശ്രമത്തിലൂടെ മടങ്ങി പോകുവാനുള്ള ശക്തി ദൈവം മനുഷ്യന് തന്നിട്ടുണ്ട്. അത് ഉപയോഗിച്ച് സ്വപരിശ്രമത്തിലൂടെ മടങ്ങണം എന്ന് ജൂതമത സാരം.

എന്നാൽ ക്രിസ്തു മതമാകട്ടെ, ആദവും ഹവ്വയും ചെയ്ത പാപത്തിൻ്റെ ഫലം മക്കളായ  മനുഷ്യർ അനുഭവിച്ചേ മതിയാകൂ എന്നും അതിൽ നിന്നും ഉള്ള മുക്തി ദൈവസ്നേഹത്തിലൂടെ , ദൈവത്തിൻ്റെ നീതി പരിപാലനത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ടു   നേടി എടുക്കുവാൻ മാത്രമേ കഴിയൂ എന്നും, യേശുവിൻ്റെ മടങ്ങി വരവിനായി കാത്തിരുന്നു കൊണ്ടു ബൈബിൾ വചനങ്ങൾ അനുസരിച്ചു ജീവിക്കുക മാത്രമേ കരണീയം ആയുള്ളൂ എന്ന് വിശ്വസിക്കുന്നു. ചുരുക്കത്തിൽ സ്വപരിശ്രമം  കൊണ്ട് കാര്യമില്ല, ബൈബിൾ വചനങ്ങൾ അനുസരിച്ചു ജീവിച്ചുകൊണ്ട് രക്ഷകൻ വരുന്നത് വരെ കാത്തിരിക്കണം എന്നർത്ഥം.

ഇസ്ലാം മതം പറയുന്നത് ആദവും ഹവ്വയും ചെയ്ത പാപം മക്കളായ മനുഷ്യരെ ബാധിക്കുകയില്ലെന്നും, ഓരോരുത്തരുടേയും പ്രവൃത്തിക്കനുസരിച്ച് അവരവർക്ക് സ്വർഗ്ഗമോ നരകമോ ലഭിക്കുമെന്നും, ഇസ്ലാം നൽകിയിരിക്കുന്ന അഞ്ചു നിബന്ധനകൾ അനുസരിച്ചുകൊണ്ടു, ദൈവത്തിന് കീഴ്പ്പെട്ടുകൊണ്ടു  ജീവിച്ചാൽ ദൈവം അനുവദിക്കുമ്പോൾ മുക്തി ലഭിക്കുമെന്നും, സ്വന്തം പ്രയത്നം കൊണ്ട് മുക്തി ലഭിക്കണമെങ്കിൽ അള്ളാഹുവിനും ഇസ്ലാം മതത്തിനും  വേണ്ടി ജിഹാദ് യുദ്ധം ചെയ്തുകൊണ്ട് ജിഹാദിയായി മരിക്കണം എന്നും പറയുന്നു.

ക്രിസ്തു-ഇസ്ലാം മതങ്ങളിലെ യഹൂദ വിരോധം 

വിവിധ മതങ്ങൾ തമ്മിലുള്ള കലഹങ്ങൾ എല്ലാക്കാലത്തും ലോകമെമ്പാടും നില നിന്നിട്ടുണ്ട്, ഇപ്പോഴും നില നിൽക്കുന്നുമുണ്ട്. പ്രവാചകൻ അബ്രഹാം ആണ് ജൂതമതത്തിൻ്റെയും  ഇസ്ലാം മതത്തിൻ്റെയും സമാരംഭം കുറിച്ചത് എങ്കിലും, ജൂതമത്തിൽ നിന്നും ആണ് ക്രിസ്തുമതം ഉത്ഭവിച്ചതെങ്കിലും    ഈ മൂന്ന് എബ്രഹാമീയ മതങ്ങൾ തമ്മിലും ഈ വിരോധം നിലനിന്നിരുന്നു, ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്തായിരിക്കാം ഈ വിരോധത്തിന് കാരണം എന്ന് പരിശോധിക്കുവാൻ നമുക്ക് ശ്രമിക്കാം. 

മതങ്ങൾ തമ്മിലുള്ള എല്ലാ കലഹങ്ങൾക്കും  അടിസ്ഥാന കാരണം ദൈവത്തെ സംബന്ധിച്ചുള്ള അവരവരുടെ സങ്കൽപ്പങ്ങളും, ആ സങ്കല്പങ്ങൾ അനുസരിച്ചുള്ള അവരവരുടെ ജീവിത രീതികളും എല്ലാം  തമ്മിൽ ഉള്ള  വ്യത്യാസങ്ങൾ ആണ്. ഓരോ സങ്കൽപ്പങ്ങളും ഓരോ കാലഘട്ടങ്ങളുടെ സംഭാവനകളാണ്. ആ കാലഘട്ടങ്ങളിലെ ജനങ്ങൾ അതുവരെ കൈവരിച്ച  അവബോധ   വളർച്ചയുടെ   പ്രതിഫലനമാണ് അത്. ഇന്നത്തെ തെറ്റുകൾ നാളത്തെ ശരികൾ ആകുന്നത് അങ്ങിനെ ഉണ്ടാകുന്ന  വളർച്ചയുടെ ഫലമാണ്. ഉദാഹരണത്തിന് രണ്ടായിരം വർഷങ്ങൾ മുൻപ് യേശുവിനെ കുരിശിൽ തറക്കുവാൻ കഴിയുന്ന ഒരു ശരാശരി  മാനസികാവസ്ഥ അന്ന് നിലനിന്നിരുന്നു. ഇന്ന് അത്തരം ഒരു സംഭവം അതേ രീതിയിൽ ഒരിക്കലും സംഭവിക്കുകയില്ല. ഇന്ന് ശരാശരി മനുഷ്യാവബോധം അന്നത്തേതിൽ നിന്നും കൂടുതൽ വലുതായി വളർന്നിരിക്കുന്നു. ഇനി ഒരു രണ്ടായിരം വർഷങ്ങൾ കഴിയുമ്പോഴേക്കും അവബോധ വളർച്ച വീണ്ടും പതിന്മടങ്ങ് വർദ്ധിച്ചിരിക്കും.

അബ്രഹാമീയ മതങ്ങളിലെ യഹൂദ വിരോധത്തിനു കാരണം ആയി കരുതാവുന്ന ചില പൊതുകാരണങ്ങൾ താഴെ കൊടുക്കുന്നു. ഇതുകൂടാതെ വേറേയും പല കാരണങ്ങളും 2500 വർഷത്തെ സംഭവ പരമ്പരകളിൽ തീർച്ചയായും നടന്നിരിക്കാം. എങ്കിലും, ഇത് ചില സൂചനകൾ മാത്രമാണ്. 

 1. യേശുവിനെ കുരിശിലേറ്റിയത് യഹൂദന്മാർ ആയിരുന്നു  എന്ന നിലയിൽ  യഹൂദ വിദ്വേഷം  ക്രിസ്ത്യൻ സഭയുടെ ആദ്യകാലം മുതൽ തന്നെ നിലനിന്നിരുന്നതായി കാണാം.  “ആൻ്റി-സെമിറ്റിസ”ത്തിൻ്റെ  തുടക്കം തന്നെ എന്ന് കരുതാവുന്ന  കുരിശിൽ ‘മരിക്കാൻ’ യേശുക്രിസ്തുവിനെ യഹൂദർ തിരഞ്ഞെടുത്തതിന്  അവരെ കുറ്റപ്പെടുത്തികൊണ്ടുള്ള രചനകൾ പുതിയ നിയമ സുവിശേഷങ്ങളിൽ  ധാരാളം കാണാം. അങ്ങിനെ  നൂറ്റാണ്ടുകളായി കത്തോലിക്കർക്കും കത്തോലിക്കേതര സഭകൾക്കും ഈ ഒരു കാരണം ഒരു പിടിവാശിയായി വർത്തിച്ചിട്ടുണ്ട്. അതേ  സമയം, യഹൂദന്മാർ ക്രിസ്തുവിനെ കുരിശിൽ ബലിയർപ്പിക്കാൻ തിരഞ്ഞെടുത്തിരുന്നില്ലെങ്കിൽ, മനുഷ്യരാശിയുടെ പാപങ്ങൾക്കു വേണ്ടി മരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഇതും ഒരു വാസ്തവമായി നിലനിൽക്കുന്നുണ്ട് മറുവശത്ത്.
 1. യേശുവിനെ മിശിഹയായി അംഗീകരിക്കാതിരിക്കലും,  സഹ യഹൂദന്മാരെ മാത്രമേ  വിവാഹം കഴിക്കാവൂ എന്ന യഹൂദരുടെ നിർബന്ധവും, അതുപോലെ യഹൂദന്മാർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശേഷപ്പെട്ട ആളുകൾ ആണെന്ന യഹൂദ സങ്കൽപ്പവും  എല്ലാം നിലനിൽക്കുന്നത് കൊണ്ട്  ക്രിസ്തുമതാനുയായികൾ ജൂതമതാനുയായികളെ അന്യരായി കരുതി പ്രവർത്തിക്കുവാൻ പ്രേരിപ്പിച്ചു എന്ന് പറയാം.
 1. ജൂതന്മാർ തങ്ങളേക്കാൾ മികച്ചവരാണെന്നും, അതുകൊണ്ടു ആത്യന്തികമായി തങ്ങളെ അവർ കീഴ്പ്പെടുത്തിയേക്കും എന്ന ഒരു ചിന്ത ഇതര അബ്രഹാമീയ മതസ്ഥർക്ക് ഉണ്ടായിരുന്നു.  പതിമൂന്ന് ലക്ഷം ജൂതരെയാണ് ഹിറ്റ്ലർ ജർമനിയിൽ മാത്രം വധിച്ചത് എന്നാണ് കണക്കാക്കപ്പെടുന്നത്.
 1. ക്രിസ്ത്യാനികളെ  പലിശ ഈടാക്കുന്നതിൽ നിന്ന്  സഭ തടഞ്ഞതിനാൽ യഹൂദന്മാരെ പണമിടപാടുകാരായി മാറാൻ സഭാ ഒരു കാലത്ത് നിർബന്ധിച്ചിരുന്നു.  അത്തരം  പണമിടപാടുകൾ  ബാങ്കിംഗ് തൊഴിലായി വളർന്നപ്പോൾ,  യഹൂദന്മാർ മുതലാളിത്ത അധിഷ്ഠിത സമ്പദ്‌ വ്യവസ്ഥയിൽ   വൻ   സ്വാധീനം ചെലുത്തിയത് ഇതര അബ്രഹാമീയ മതസ്ഥരെ അസ്വസ്ഥർ ആക്കിയിരുന്നു.
 1. ജൂതനായിരുന്ന കാൾമാർക്‌സിൻ്റെ   കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനം   യൂറോപ്പിലെ സോഷ്യൽ ഡെമോക്രസി പ്രസ്ഥാനങ്ങൾക്ക് എതിരെ തിരിച്ചുകൊണ്ട്  യൂറോപ്പിൻ്റെ  അധികാരത്തിന് വേണ്ടിയുള്ള പ്രസ്ഥാനമായി  വളർന്നേക്കും എന്ന്   ക്രിസ്തുമത അനുയായികൾ ഭയപ്പെട്ടിരുന്നു.  
 1. യഹൂദ ചിന്തകൾ പരമ്പരാഗതമായി തന്നെ  ഇതര അബ്രഹാമീയ മത ചിന്തനങ്ങളേക്കാൾ  കൂടുതൽ വിശാലവും  തുറന്ന സംവാദങ്ങൾക്ക്  സ്വാഗതം അരുളുന്ന ഒന്നുമായത്     യഹൂദവിരുദ്ധത വർദ്ധിപ്പിച്ചു. ബിസിനസ്സ്, കല, ശാസ്ത്രം എന്നിവയിലെല്ലാം യഹൂദർ മുന്നിട്ടു നിന്നിരുന്നു – പ്രത്യേകിച്ച് അമേരിക്കയിൽ. യൂറിപ്പിലെ യഹൂദ പീഡനത്തിൽ നിന്നും രക്ഷനേടുവാൻ യഹൂദർ അമേരിക്കയിലേക്ക് കുടിയേറിയത് യഹൂദർക്ക് പുതിയ അവസരങ്ങൾ നൽകിയിരുന്നു.
 1. ചരിത്രാതീത കാലം മുതൽ പലതവണ ജൂതരുടെ വാഗ്‌ദത്ത ഭൂമിയായ ഇസ്രായേലിൽ നിന്നും കുടി ഒഴിക്കപ്പെട്ട ജൂതർക്ക് പിൽക്കാലത്ത് തങ്ങളുടെ ഭൂമി തിരികെ ലഭിക്കുവാൻ അവരുടെ ഭൂമിയിൽ അതിനകം താമസമാക്കിയ അറബ് വംശജരായ ഇസ്ലാം മത അനുയായികളുമായി യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇത് കാലക്രമേണ സ്ഥായിയായ ജൂത – ഇസ്ലാം വിരോധമായി മാറി . 1920 മുതൽ ഇന്ന് വരെ നടന്നിട്ടുള ജൂത അറബ് യുദ്ധങ്ങളിൽ ഒരുലക്ഷത്തിൽ അധികം ജനങ്ങൾ ഇരുവശങ്ങളിലും ആയി വധിക്കപ്പെട്ടിട്ടുണ്ട്. 

സഹോദര മതങ്ങൾ ആണെങ്കിലും അബ്രഹാമീയ മതങ്ങളിലെ  പരസ്പര വിരോധം  മൂലം ഉണ്ടാകുന്ന മനുഷ്യ കുലത്തിനുള്ള അപഭ്രംശങ്ങൾ  ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്. 

“മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ശ്രീ നാരായണ ഗുരുവിൻ്റെ വാക്കുകൾ വളരെ സാർത്ഥകം ആണ്. ഒരേ ദൈവത്തിലാണ് അബ്രഹാമീയ മതങ്ങൾ മൂന്നും വിശ്വസിക്കുന്നതെങ്കിലും, ആ ദൈവവുമായി മനുഷ്യൻ പുലർത്തേണ്ട ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായ വ്യതാസങ്ങൾ കൊണ്ട്  പതിനാലു ലക്ഷത്തിലധികം മനുഷ്യ ജീവനുകൾ ഈ ഒരു നൂറ്റാണ്ടിൽ മാത്രം പൊലിഞ്ഞത് ദൗർഭാഗ്യകരം തന്നെ ആണ്. മതങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ ഊന്നൽ നൽകാതെ മതങ്ങൾ തമ്മിലുള്ള സാമ്യതകളിൽ ഊന്നൽ നൽകി മത സൗഹാർദ്ദം വളർത്തി എടുക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. അബ്രഹാമീയ മതങ്ങളിൽ മാത്രമല്ല, ഹിന്ദുമതത്തിലും (സനാതന ധർമ്മം) അബ്രഹാമീയ മതങ്ങളിൽ നിർവചിച്ച അതേ ഏക ദൈവം തന്നെ ആണെന്ന സത്യം ഹിന്ദുമതത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ഒരാൾക്ക് വളരെ പെട്ടെന്ന് നസ്സിലാകും. സർവ്വമത ഐക്യത്തിനുള്ള സാദ്ധ്യതകൾക്ക്  തുടക്കം കുറിക്കുവാൻ ഈ തിരിച്ചറിവുകൾ സഹായിക്കും.