പ്രേതങ്ങൾ ഉണ്ടോ?

ആമുഖം 

തെക്കൻ ആസ്ട്രേലിയയിൽ അഡിലൈഡ് സിറ്റിയിൽ   നിന്നും എൺപത്തി അഞ്ച്  കിലോമീറ്റരർ  അകലെ “കപൂണ്ട” എന്ന ഒരു ചെറിയ പട്ടണം ഉണ്ട് – വളരെ ചെറിയ ഒരു സ്ഥലം ആണ് കപൂണ്ട..  ജനസംഖ്യ മൂവ്വായിരത്തിൽ താഴെ മാത്രം.  കപൂണ്ട ഒരു പട്ടണം എന്ന് പറയുന്നതിനേക്കാൾ ഒരു ഗ്രാമം എന്ന് പറയുന്നതായിരിക്കും കൂടുതൽ  ശരി. ആയിരത്തി എണ്ണൂറുകളുടെ മദ്ധ്യത്തിൽ   കോപ്പർ ഖനനം തുടങ്ങുന്നതോടെ ആണ് കപൂണ്ട എന്ന ഗ്രാമം സ്ഥാപിതമാകുന്നത്. ഇന്ന് കപൂണ്ടയുടെ പ്രസിദ്ധി കോപ്പർ ഖനനം അല്ല – ആസ്ട്രേലിയയിലെ ഏറ്റവും വലിയ  പ്രേത ബാധയുള്ള സ്ഥലം  എന്ന പേരിലാണ് ഇന്ന് കപൂണ്ട പ്രസിദ്ധി ആർജിച്ചിരിക്കുന്നത്. വിനോദത്തിൻ്റെ ഭാഗമായി ‘ഗോസ്റ്റ് ഹണ്ടിങ് ടൂർ” വരെ ഇന്ന് കപ്പുണ്ടയിലേക്ക് ആഘോഷത്തോടെ നടന്നു വരുന്നു. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇതുപോലെ പ്രേത ബാധയുള്ള നിരവധി സ്ഥലങ്ങൾ ഉണ്ട് – ഭാരതം ഉൾപ്പെടെ.

ഒരു നൂറ്റാണ്ടിൽ അധികമായി പ്രേത ബാധയുണ്ടെന്ന് പ്രസിദ്ധിയാർജിച്ച “നോർത്ത് കപൂണ്ട ഹോട്ടൽ” എന്ന ഒരു പഴയ വിക്ടോറിയൻ രീതിയിലുള്ള കെട്ടിടം ഉണ്ട് കപൂണ്ടയിൽ. ശാസ്ത്രീയമായി ഗോസ്റ്റ് ഹണ്ടിങ് നടത്തുന്ന സംഘങ്ങൾ അവിടെ പ്രേത സാന്നിദ്ധ്യം അനുഭവപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട് . മറ്റുവിധത്തിൽ സാധൂകരിക്കുവാൻ കഴിയാത്ത ഇലക്ട്രോ മാഗ്നെറ്റിക് ഫീൽഡുകളുടെ സാന്നിദ്ധ്യവും, അന്തരീക്ഷത്തിൽ ചില സ്ഥലങ്ങളിൽ മാത്രമുള്ള താപമാനത്തിലെ വ്യത്യാസങ്ങളും ഒക്കെ, ശാസ്ത്രീയമായി അളക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചു രേഖപ്പെടുത്തിക്കൊണ്ട് , ‘ഗോസ്റ്റ്’ ഗവേഷകർ “നോർത്ത് കപൂണ്ട ഹോട്ടൽ” അസാധാരണമായ പ്രതിഭാസങ്ങൾ നടക്കുന്ന ഒരു സ്ഥലമായി സ്ഥിതീകരിച്ചിട്ടുണ്ട്! നിരവധി അകാല മൃത്യുകൾക്കും, കൊലപാതകങ്ങൾക്കും, ഒക്കെ ഒരു നൂറ്റാണ്ടിലേറെ ആയി സാക്ഷ്യം വഹിച്ച ഒരു കെട്ടിടമാണ് “നോർത്ത് കപൂണ്ട ഹോട്ടൽ” എന്ന് പറയപ്പെടുന്നു. സാധാരണയിലധികം സൂക്ഷ്‌മ സംവേദനക്ഷമതയുള്ള പലരും “പ്രേത’ സാന്നിദ്ധ്യം അവിടെ ഉള്ളതായി പറഞ്ഞിട്ടുണ്ട്.

കപൂണ്ടയെ കുറിച്ച് പലരോടും പറഞ്ഞപ്പോൾ, “പ്രേതങ്ങളിൽ വിശ്വാസമുണ്ടോ” എന്ന ചോദ്യം നിരവധി പേർ ചോദിക്കുകയുണ്ടായി. അവരോടെല്ലാം ഈ ലേഖകൻ പൊതുവായി പറഞ്ഞത് “സത്യത്തിൽ നമുക്കറിയില്ല” എന്ന നയതന്ത്രപരമായി സാമാന്യവത്കരിച്ച ഒരു ഉത്തരമായിരിന്നു. കാരണം, ആ ചോദ്യത്തിനുള്ള ഉത്തരം ഫലപ്രദമായി ചർച്ച ചെയ്യണം എങ്കിൽ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് ജീവിതത്തെ കുറിച്ചു സാധാരണയിൽ കവിഞ്ഞ ചില ഉൾക്കാഴ്ചകൾ ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, “ജീവിതം” എന്താണെന്ന് അതിൻ്റെ മുഴുവൻ വ്യാപ്തിയും ഉൾക്കൊണ്ടുകൊണ്ട് കൃത്യമായി അറിഞ്ഞിരുന്നാൽ മാത്രമേ, “മരണം” എന്താണെന്ന് അറിയുവാൻ കഴിയൂ – . മരണം എന്താണെന്ന് അറിഞ്ഞാൽ മാത്രമേ അതിനപ്പുറമുള്ള “ഗോസ്റ്റ്” തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ.

യോഗശാത്രത്തിൻ്റെ വീക്ഷണത്തിൽ കൃത്യമായി പറഞ്ഞാൽ, മരണം ജീവിതത്തിൻ്റെ അവസാനമല്ല – ശരീരത്തിൻ്റെ മാത്രം ഒരു താത്കാലിക വിരാമമാണ് മരണം.അതിനർത്ഥം മരണത്തിന് ശേഷം ചില “അവശേഷിപ്പുകൾ” ഉണ്ടെന്നല്ലേ? ഇത്തരത്തിലുള്ള പൊതുവായ ചില അറിവുകളുടെ സമഭൂമിയിൽ നിന്നുകൊണ്ട് മാത്രമേ ഒരു “ഗോസ്റ്റ്” ചർച്ച സാദ്ധ്യമാകൂ. അല്ലെങ്കിൽ വെറുതേ തെറ്റിദ്ധാരണകളും ഭയവും വളർത്തുവാനും അവക്ക് വളം വച്ചുകൊടുക്കുവാനും മാതമേ അത്തരം ചർച്ചകൾ ഉപകരിക്കുകയുള്ളൂ.

ആധികാരികതയുടെ അടിസ്ഥാനം

ഈ വിഷയത്തിലെ തെറ്റിദ്ധാരണകളും ഭയവും അകറ്റുവാൻ വേണ്ടിയാണ് ഈ വിഷയത്തെ സംബന്ധിക്കുന്ന ചില പ്രാഥമികമായ അറിവുകൾ ഇവിടെ പങ്കുവക്കുന്നത്. ഈ അറിവുകൾ യോഗശാസ്ത്രത്തിൻ്റെ ആധികാരികതയിൽ ആണ് നിലകൊള്ളുന്നത്. ഇന്ന് ലോകമാസകലം സർവ്വ സാധാരണമായിരിക്കുന്ന യോഗാസന -പ്രാണായാമ-ധ്യാന പദ്ധതികൾ എല്ലാം തന്നെ പുരാതന ഋഷിമാർ ചിട്ടപ്പെടുത്തിരിയിരിക്കുന്നത് മനുഷ്യൻ്റെ പൂർണ്ണമായ മെക്കാനിക്കൽ ഘടന അനുസരിച്ചാണ്. നമ്മുടെ നിലനിൽപ്പിൻ്റെ “മെക്കാനിസം’ എങ്ങിനെ ആണ് എന്ന് ആ ഘടന നമുക്ക് മനസ്സിലാക്കി തരുന്നു. ആ ഘടനയാണ് യോഗശാസ്ത്രത്തിലെ മനുഷ്യ ശരീര ഘടന – യോഗിക് ഫിസിയോളജി!. അങ്ങിനെ നമ്മുടെ പൂർണ്ണമായ ആ ശരീര ഘടന മനസ്സിലാക്കുമ്പോൾ ജീവിതത്തിൻ്റെ ഇതുവരെ അറിയാത്ത ഒരു വലിയ ചിത്രം നമ്മുടെ മുൻപിൽ അനാവരണം ചെയ്യപ്പെടുന്നു. മാത്രവുമല്ല, നമ്മൾ യഥാർത്ഥത്തിൽ ആരാണ് അല്ലെങ്കിൽ എന്താണ് എന്നതിനെ കുറിച്ചുള്ള ഒരു ഏകദേശ ധാരണ ഇതുവരെ ആ വിഷയം ചിന്തിച്ചിട്ടില്ലാത്തവർക്ക്, ഈ അറിവിലൂടെ രൂപപ്പെടുവാൻ തുടങ്ങും. അത് ഒരു വലിയ കാര്യം തന്നെ ആണ്; കാരണം, ഇനി മുൻപോട്ടുള്ള മനുഷ്യ പരിണാമം ആരംഭിക്കുന്നത് അത്തരം ഒരു തിരിച്ചറിവിലൂടെ ആണ്.

നിരവധി ഗുരുക്കന്മാരിൽ നിന്നും ലഭിച്ച അറിവുകളും നാല്പത് വർഷത്തിലേറെ കാലമായി നടന്നു വരുന്ന ഈ ലേഖകൻ്റെ പഠന മനന പരിശീലനങ്ങളും ഇവിടെ പറയുന്ന കാര്യങ്ങളുടെ പുറകിലുണ്ട് എന്ന് വിനയ പുരസ്സരം അറിയിക്കുവാൻ കൂടി ആഗ്രഹിക്കുന്നു. ഈ വിഷയത്തിൽ കൂടുതൽ പഠിക്കുവാനും അറിയുവാനും ആഗ്രഹിക്കുന്നവർക്ക്, ഗഹനമായ യോഗശാസ്ത്രവും ഉപനിഷത്തുക്കളും എല്ലാം വായിച്ചു മനസ്സിലാക്കുവാൻ ഇക്കാലത്ത് സംസ്കൃതം അറിയണമെന്നില്ല. ലളിതമായ ഭാഷയിൽ സ്വയം വായിച്ചു മനസ്സിലാക്കുവാൻ സഹായിക്കുന്ന രണ്ടു പുസ്തകങ്ങൾ ഇംഗ്ലീഷിൽ ഇന്ന് ലഭ്യമാണ്. അവ ഈ ലേഖനത്തിൻ്റെ സമാപ്തിയിൽ സൂചനകളായി കൊടുത്തിട്ടുണ്ട്. ആ രണ്ടുപുസ്തകങ്ങളും, അവിടെ കൊടുത്തിരിക്കുന്ന ക്രമത്തിൽ വായിച്ചു തുടങ്ങാം.

വിജ്ഞാനമായി മാറേണ്ട “വിവരണങ്ങൾ”

വളരെ അധികം പേർക്ക് താത്പര്യമുള്ള ഒരു വിഷയമാണ് ഭൂത പ്രേത പിശാചുക്കളുടെ വിഷയം. പക്ഷേ, നിഗൂഢതകളും ഭയവും നിറഞ്ഞ ഒന്നാണ് ഈ വിഷയം മിക്കവർക്കും. ഈ വിഷയത്തിലെ . നിഗൂഢതകൾ നീക്കം ചെയ്ത്, ഭയം അകറ്റി, അതിൻ്റെ സ്ഥാനത്ത് അറിവും ഉൾക്കാഴ്ചയും പകരം വയ്ക്കുവാൻ ഈ വിവരണങ്ങൾ സഹായിക്കും എന്ന് പ്രത്യാശിക്കുന്നു. അറിവിൻ്റെ അഭാവമാണ് ഭയം ജനിപ്പിക്കുന്നത്. വെളിച്ചം വരുമ്പോൾ ഇരുട്ട് താനേ അപ്രത്യക്ഷമാകുന്നത് പോലെ ആണ് ഭയവും അന്ധവിശ്വാസങ്ങളും അറിവിൻ്റെ സാന്നിദ്ധ്യത്തിൽ അപ്രത്യക്ഷമാകുന്നത്.

സാധാരണഗതിയിൽ നമുക്ക് കൈ വരുന്ന വിവരണങ്ങൾ വെറും അറിവുകൾ ആണ്. ആ അറിവുകൾ ജ്ഞാനവും വിജ്ഞാനവും ആക്കി മാറ്റേണ്ടത് നമ്മൾ സ്വയം ചെയ്യേണ്ട ഒരു കർത്തവ്യമാണ്. നമ്മുടെ കാഴ്ച, കേൾവി, ഘ്രാണനം, സ്പര്ശനം, രുചി എന്നീ അഞ്ചു ശരീര ശക്തികൾ ഉപയോഗിച്ചുകൊണ്ട് കൊണ്ട് ഗ്രഹിക്കുവാൻ കഴിയുന്ന അറിവുകളെ ആണ് “ജ്ഞാനം” എന്ന് പറയുന്നത്. എന്നാൽ ഈ അഞ്ച് ശക്തികൾ കൊണ്ട് മാത്രം ഗ്രഹിക്കുവാൻ കഴിയാത്ത അറിവുകൾ ഗ്രഹിക്കുമ്പോഴാണ് ഒരു അറിവ് വിജ്ഞാനമായി മാറുന്നത് – വിജ്ഞാനമെന്നാൽ വിശേഷാൽ ജ്ഞാനം എന്നാണ് അർത്ഥം.. അത് കൈ വരുവാൻ മനസ്സും, ബുദ്ധിയും, വിവേചന ശക്തിയും, ഉള്ളറിവുകളും ഉപയോഗിക്കണം. അത്തരത്തിലുള്ള അറിവുകൾ ആണ് ഇവിടെ പങ്കുവയ്ക്കുന്നത് എന്ന് ആദ്യമേ പറയട്ടെ!

ഈ ലേഖകൻ ഇവിടെ പറയുന്ന കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിക്കേണ്ടതില്ല. അതേ സമയം “അവിശ്വസനീയം” എന്ന് പറഞ്ഞു തള്ളിക്കളയുകയും അരുത്. അങ്ങിനെ തള്ളിക്കളഞ്ഞാൽ വിജ്ഞാനത്തിൻ്റെ ഒരു ബ്രഹ്ത് സാദ്ധ്യത അവിടെ അവസാനിക്കുകയാണ്. പക്ഷെ ഇവിടെ പറയുന്ന കാര്യങ്ങൾ അന്ധമായി സ്വീകരിച്ചാൽ അത് വിജ്ഞാനമാകുകയുമില്ല – അത് വെറും ‘വിശ്വാസം’ മാത്രമായി പരിണമിക്കും. ഈ വിഷയത്തിൽ മാത്രമല്ല, ഏതു വിഷയത്തിലും വിശ്വാസമല്ല വേണ്ടത് – വിജ്ഞാനവും ജ്ഞാനവും ആണ് വേണ്ടത്. ജീവിതത്തിൽ ഒരിക്കലും ഒരു മോട്ടോർ കാറ് കണ്ടിട്ടില്ലാത്ത ഒരു പ്രാകൃത കാട്ടു മനുഷ്യൻ ഒരു കാറ് ആദ്യമായി തൻ്റെ വനത്തിന് സമീപം കാണുകയാണ് എന്ന് സങ്കൽപ്പിക്കുക. ആ മോട്ടോർ കാർ താൻ , ഇതുവരെ കാണാത്ത ഏതോ ഒരു വന്യജീവിയായി വിശ്വസിച്ചു അയാൾ ഭയചകിതനാകും. ക്രമേണ അയാളുടെ അറിവ് വർദ്ധിക്കുമ്പോൾ, ആ അറിവ് ജ്ഞാനവും വിജ്ഞാനവും ആയി മാറുമ്പോൾ, കാറ് സൃഷ്ടിക്കപ്പെടുന്ന ഒരു യാത്രോപകരണം ആണെന്ന് മനസ്സിലാക്കുമ്പോൾ ആ ഭയം മാറും. അതുപോലെ ആണ് ഇതും. അറിയുവാനുള്ള ആഗ്രഹവും, പരീക്ഷണ, നിരീക്ഷണ, മനന, വിചിന്തന ങ്ങളും, നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിവരണങ്ങളെ നമ്മുടെ സ്വന്തം വിജ്ഞാനമാക്കി മാറ്റും.

ഇക്കാരണം കൊണ്ട്, നമുക്ക് യാദൃശ്ച്യാ ലഭിക്കുന്ന “അറിവുകളെ” അന്ധമായി സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാതെ കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കി തുറന്ന മനസ്സോടെ തെളിവുകളും ന്യായ വിചാരങ്ങളും തർക്കങ്ങളും സ്വന്തം മനസ്സിലെങ്കിലും നടത്തുമ്പോൾ മാത്രമേ ഏതൊരു വിവവും നെല്ലും പതിരും തിരിഞ് നമ്മുടെ സ്വന്തം വിജ്ഞാനത്മായി മാറുകയുള്ളൂ. അത്തരം ഒരു തുറന്ന സമീപനത്തോടെ തുടർന്ന് വായിച്ചാൽ വിജ്ഞാനത്തിൻ്റെ ഒരു പുതിയ ലോകം ക്രമേണ തുറക്കും – നമ്മുടെ ജീവിത സമീപനം തന്നെ കൂടുതൽ ഗുണോന്മുഖമാക്കുവാൻ അത് സഹായിക്കും.

ഭൂത പ്രേത പിശാചുക്കൾ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് അവരെ കാണുവാൻ കഴിയാത്തത്? ഈ വിഷയത്തിലേക്കുള്ള പ്രഥമ ചവിട്ടുപടിയായി അന്വേഷിക്കേണ്ട ആദ്യത്തെ വിഷയം, മനുഷ്യ ശരീരത്തിൻ്റെ ഘടന നമ്മൾ സമ്പൂർണ്ണമായി മനസ്സിലാക്കിയിട്ടുണ്ടോ എന്നുള്ളതാണ്. ഈ കാണപ്പെടുന്ന ശരീരത്തിന് അതീതമായി നമ്മുക്ക് കാണാൻ കഴിയാത്ത എന്തെങ്കിലും നമ്മുടെ ശരീര ഘടനയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. ഭൂത പ്രേതങ്ങളെ കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ തന്നെ, യഥാർത്ഥത്തിൽ ചോദിക്കാതെ എന്നും ചോദിക്കപ്പെടുന്ന ഒരു ചോദ്യം ഉണ്ട്. , നമുക്ക് മുൻപിൽ ഈ കാണപ്പെടുന്ന ലോകത്തിനും അതീതമായി ജീവിതത്തിൽ വേറെ എന്തെങ്കിലും ഉണ്ടോ എന്നത് തന്നെ ആണ് ആ നിശബ്ദമായ ചോദ്യം. കാണപ്പെടുന്ന ഈ ശരീരത്തിനും ഈ ഭൗതിക ലോകത്തിനും അതീതമായി ജീവിതത്തിൽ നിരവധി കാര്യങ്ങൾ ഉണ്ടെന്ന് തന്നെ ആണ് യോഗശാസ്ത്രം പറയുന്നത്.

യോഗശാസ്ത്രം അനാവരണം ചെയ്തു തരുന്ന നമ്മുടെ ശരീര ഘടനയിൽ നമുക്ക് നിത്യപരിചിതമായ, ‘തിലകം ചാർത്തി ചീകിയും അഴകായി’ നമ്മൾ സംരക്ഷിച്ചുപോരുന്ന നമ്മുടെ ഈ ഒരൊറ്റ ശരീരം മാത്രമല്ല ഉള്ളത്. ദൃശ്യമായ നമ്മുടെ ഈ ശരീരത്തിന് അതീതമായിട്ട് അദൃശ്യമായ നാല് ശരീരങ്ങൾ കൂടി നമ്മുടെ കാണപ്പെടുന്ന ശരീരവുമായി ബന്ധത്തപ്പെട്ടു നമുക്കുണ്ട്. അതായത് ദൃശ്യമായ ഈ ശരീരം കൂടാതെ അദൃശ്യമായ നാല് ശരീരങ്ങളുടെ പാളികൾ കൂടി ചേർന്നതാണ് നമ്മൾ ഓരോരുത്തരും എന്നർത്ഥം. അടുത്തതായി ഇക്കാര്യം അൽപ്പം ഒന്ന് വിശദമാക്കാൻ ശ്രമിക്കാം. അതിന് മുൻപ് അറിയാത്ത ലോകത്തിലെ കാര്യങ്ങൾ അറിയുവാൻ അറിയുന്ന ലോകത്തിലെ അറിയുന്ന കാര്യങ്ങൾ എങ്ങിനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച് മനസ്സിലാക്കുന്നത് ഉപകരിക്കും.

ഉപമകളുടെ ഉപയോഗം

“ഹെർമെറ്റിസിസം” എന്ന പേരിൽ അതി പുരാതന ദാർശനികവും നിഗൂഢവുമായ ആയ ഒരു ഗ്രീക്ക് പാരമ്പര്യമുണ്ട്. പുരാതന ഈജിപ്തിലും ഈ പാരമ്പര്യം നില നിന്നിരുന്നു. ഈ പാരമ്പര്യത്തിൽ ഏഴ് നിഗൂഢ തത്വങ്ങൾ പഠിപ്പിക്കുന്നുണ്ട്. ജീവിതത്തിൻ്റെ ഗൂഢമായ അറിവുകളുടെ കവാടങ്ങൾ തുറക്കുവാനുള്ള ഏഴു സ്വർണ്ണ താക്കോലുകൾ ആയിട്ടാണ് ഈ ഏഴ് തത്വങ്ങൾ ഹെർമെറ്റിസിസം നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തേയും നാം ജീവിക്കുന്ന ലോകത്തേയും നിയന്ത്രിക്കുന്ന ഏഴ് അടിസ്ഥാന തത്വങ്ങൾ ഉണ്ട് എന്നതാണ് ഹെർമെറ്റിസിസത്തിൻ്റെ കാതൽ. അതിൽ ഒരു തത്വം ആണ് “സമാനതാ തത്വം”. ജീവിതത്തിൻ്റെ അജ്ഞാത രഹസ്യങ്ങൾ മനസ്സിലാക്കുവാൻ, അറിയുന്ന ജീവിതത്തിലെ സമാനമായ വസ്തുതകൾ ഉപയോഗിക്കാം എന്നതാണ് “സമാനതാ തത്വം”. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അറിയുന്ന ലോകത്തിലെ സമാനമായ കാര്യങ്ങളുടെ രീതികളിൽ നിന്നും അറിയാത്ത ലോകത്തിലെ കാര്യങ്ങൾ മനസ്സിലാക്കാം എന്നതാണ് ഈ തത്വം. ഇംഗ്ലീഷിൽ സാധാര പറയാറുള്ള ഒരു ആപ്തവാക്യമാണ് “മുകളിൽ ഉള്ളതുപോലെ താഴേയും, താഴെ ഉള്ളത് പോലെ മുകളിലും” എന്നത്. ഈ ആപ്തവാക്യത്തിൽ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള അർത്ഥവും അത് തന്നെ ആണ്. യജുർ വേദത്തിൽ “യഥാ പിണ്ഡേ തഥാ ബ്രഹ്മാണ്ഡേ, യഥാ ബ്രഹ്മാണ്ഡേ തഥാ പിണ്ഡേ” എന്ന് വിവരിച്ചിരിക്കുന്നതും ഇതേ അന്തസ്സത്തതായാണ്. സ്ഥൂലപ്രപഞ്ചവും സൂക്ഷ്മ പ്രപഞ്ചവും ഒരേ രീതിയിലാണ് രൂപ കല്പനചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് ഈ യജുർവേദ വാക്യത്തിൻ്റെ അർത്ഥം. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാകുന്നതാണ്. സൗരയൂഥത്തിൻ്റെ ഘടനയിൽ സൂര്യന് ചുറ്റും ഗ്രഹങ്ങൾ ക്രമീകരിച്ചിരിക്കുന്ന രീതി മനസ്സിലാക്കിയാൽ ഒരു ആറ്റത്തിന് ഉള്ളിൽ ന്യൂക്ലിയസ്സിന് ചുറ്റും ഇലക്ട്രോണുകൾ ക്രമീകരിച്ചിരിക്കുന്ന രീതി മനസ്സിലാക്കാം. രണ്ടും രണ്ടു തലത്തിലുള്ള വസ്തുതകൾ ആണെങ്കിലും അവക്ക് തമ്മിൽ കൃത്യമായ സമാനതകൾ ഉണ്ട്.

ഇതുപോലെ മനസ്സിലാക്കുവാൻ ഉള്ള എളുപ്പത്തിന് വേണ്ടി ഈ ലേഖനത്തിൽ ഉടനീളം സമാനതകൾ ഉള്ള ഉദാഹരണങ്ങൾ ചിത്രങ്ങൾ സഹിതം ഉപയോഗിക്കുവാൻ ശ്രമിച്ചിരിക്കുന്നത് ഇക്കാരണം കൊണ്ടാണ്. നാല് ഭാഗങ്ങൾ ആയിട്ടാണ് ഇവിടെ വസ്തുതകൾ വിവരിക്കുന്നത്. ഒന്നാം ഭാഗം അടിസ്ഥാന അറിവുകൾ ആണ്. ആ അറിവുകളുടെ വെളിച്ചത്തിൽ മാത്രമേ രണ്ടാം ഭാഗത്തിൽ വിശദമാക്കുന്ന മരണവും മരണാനന്തര പ്രതിഭാസങ്ങളും സംബന്ധിച്ച വിവരങ്ങൾ ഗ്രഹിക്കുവാൻ സാധിക്കൂ.മൂന്നാം ഭാഗത്തിൽ ഒന്നും രണ്ടും ഭാഗങ്ങളിൽ പ്രതിപാദിച്ച വിഷയങ്ങളുടെ സംഗ്രഹത്തിലൂടെ ജീവിതത്തിൻ്റെ ഒരു വലിയ ചിത്രം കാണിച്ചു തരികയാണ്. നാലാം ഭാഗത്തിൽ കാര്യങ്ങൾ അങ്ങിനെ ആയിരിക്കെ എങ്ങിനെ ജീവിക്കണം എങ്ങിനെ മരിക്കണം എന്നത് സംബന്ധിച്ച് യോഗശാസ്ത്രം നൽകുന്ന പ്രായോഗിക നിർദ്ദേശങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്.


ഭാഗം – 1 
അടിസ്ഥാന അറിവുകൾ 

ശരീരമുള്ള പ്രേതങ്ങൾ

യോഗശാസ്ത്രം  പറയുന്നത്  ഭൂമിയിൽ ജീവിച്ചിരിക്കുന്ന നമ്മൾ ഓരോരുത്തരും ഒരർത്ഥത്തിൽ ശരീര സമേതരായ പ്രേതങ്ങൾ തന്നെ ആണ് എന്നാണ്. മരണം എന്ന് പറയുന്നത് “ജീവൻ്റെ” അവസാനമല്ല. യോഗശാസ്ത്രം പറയുന്നത്   “ജീവൻ” അനന്തമാണ്; അതിന് തുടക്കവും ഒടുക്കവും ഇല്ല എന്നാണ്. . തന്ത്ര ശാസ്ത്രത്തിൻ്റെയും യോഗ ശാസ്ത്രത്തിൻ്റെയും വീക്ഷണത്തിൽ, മനുഷ്യന് ശരീരം നഷ്ടപ്പെടുമ്പോൾ പ്രേതം ആയിതീരുന്നു എന്നതിനേക്കാൾ  ശരി, പ്രേതത്തിനു ശരീരം ലഭിക്കുമ്പോൾ മനുഷ്യനായി തീരുന്നു എന്ന് പറയുന്നതാണ്. 

“മരണം” എന്ന് പറഞ്ഞു  നമ്മൾ വിവക്ഷിക്കുന്നത് ദൃശ്യമായ ഈ ശരീരം മാത്രം പൊഴിഞ്ഞു പോകുന്ന പ്രകൃയയാണ്. ഇതാണ് യോഗശാസ്ത്രം പറഞ്ഞു തരുന്നത്. ശരത്ക്കാലത്ത്  ചില മരങ്ങൾ ഇലപൊഴിക്കാറുണ്ട്. ഹേമന്ത കാലത്ത് അതേ  മരങ്ങൾ  വീണ്ടും ഇലകളും പുഷ്പ്പങ്ങളും കൊണ്ട് നിറയുന്നതുപോലെ, വീണ്ടും ഒരു ദൃശ്യ ശരീരം മരണാനന്തരം ബാക്കി നിൽക്കുന്ന  അദൃശ്യ ശരീരത്തിൽ നിന്നും വളർന്നു വരുന്നു പലപ്പോഴും – എപ്പോഴുമല്ല, പലപ്പോഴും! ചില സാഹചര്യങ്ങളിൽ മാത്രം. അതിനെക്കുറിച്ചു പുറകെ വിശദമാക്കാം

“ഫാൻറ്റം പെയിൻ” – ഇല്ലാത്ത കാലിലെ വേദന

യോഗശാസ്ത്രം  പറയുന്നത് പോലെ ദൃശ്യമായ ഒരു ശരീരത്തിന് അതീതമായി അദൃശ്യമായ ശരീരം നമുക്ക്  ഉണ്ടെന്നതിന് തെളിവാണ് ആധുനിക വൈദ്യ ശാസ്ത്ര രംഗത്ത് പരക്കെ അറിയപ്പെടുന്ന “ഫാൻറ്റം ലിംബ്” എന്ന പ്രതിഭാസം.  “ഫാൻറ്റം  പെയിൻ” എന്ന ഒന്ന് ഉണ്ട്. ശസ്ത്രക്രിയയിലൂടെ കയ്യോ കാലോ മുറിച്ചുമാറ്റപ്പെട്ടിട്ടുള്ളവർക്ക് കുറച്ചു നാളത്തേയ്ക്ക് ഇല്ലാത്ത ആ ശരീര ഭാഗത്ത് വേദന അനുഭവപ്പെടാറുണ്ട്. അതാണ് “ഫാൻറ്റം ലിംബ് പെയിൻ” – ഇല്ലാത്ത കാലിൻ്റെ (അല്ലെങ്കിൽ കൈയ്യിൻ്റെ) വേദന.  ആ വേദന യഥാർത്ഥമാണ്, പക്ഷേ അത് നഷ്ടപ്പെട്ട ശരീരഭാഗത്ത് സംഭവിക്കുന്നതായി ആണ് അനുഭവപ്പെടുന്നത്.   കൈകാലുകൾ നഷ്ടപ്പെടുന്ന 10 ൽ 8 പേർക്കും ഒരു പരിധിവരെ “ഫാൻറ്റം”

വേദന അനുഭവപ്പെടുന്നതായിട്ടാണ് കാണുവാൻ കഴിയുന്നത്. യഥാർത്ഥത്തിൽ അവിടെ ഒരു അവയവം ഇല്ലെങ്കിലും അദൃശ്യമായി ആ  അവയവം അപ്പോഴും അവിടെ നിലവിലുണ്ടെന്ന ഒരു തോന്നൽ  അവർക്ക് കുറെ നാളത്തേക്ക്  അവിടെ അനുഭവപ്പെടുന്നു. യോഗശാസ്ത്രം പറഞ്ഞു തരുന്ന അദൃശ്യശരീരത്തിൻ്റെ  സാന്നിദ്ധ്യമാണ് അത്.  കാരണം ശസ്ത്രക്രിയയിലൂടെ മാറ്റപ്പെട്ടത് ദൃശ്യശരീര ഭാഗം മാത്രമാണ്. അദൃശ്യ ശരീരം അപ്പോഴും അവിടെ നിൽക്കുന്നു. 

യോഗശാസ്ത്രത്തിലെ അഞ്ച് ശരീരങ്ങൾ

യോഗശാസ്ത്രം പഠിപ്പിക്കുന്നത് അനുസരിച്ച്  നമുക്ക് ഈ കാണുന്ന   ഒരു ശരീരം മാത്രമല്ല  ഉള്ളത്.  അടുക്കടുക്കായി രൂപീകൃതമായിരിക്കുന്ന, പരസ്പരം   വേരോടി, ഊർജ്ജത്താൽ പരസ്പരം ആലിംഗന ബദ്ധമായി  നിൽക്കുന്ന  മൊത്തം  അഞ്ച് ശരീരങ്ങൾ  ആണ് നമുക്ക്  ഉള്ളത്. യോഗശാസ്ത്രത്തിൽ  ഈ അഞ്ച്  ശരീരങ്ങളെ  അഞ്ച്  “കോശ”ങ്ങൾ എന്നാണ്  വിവക്ഷിക്കുന്നത്. ചുരുക്കത്തിൽ പറഞ്ഞാൽ, കാണുവാൻ കഴയുന്ന ഒരു ശരീരവും, കാണുവാൻ കഴിയാത്ത മറ്റു നാല് ശരീരങ്ങളും കൂടി സമ്മിശ്രമായി  നിൽക്കുന്നതാണ് നമ്മൾ ഓരോരുത്തരും.   ഇതിൽ, നമ്മൾ എല്ലാവരും എപ്പോഴും  അറിയുന്ന, ജനിക്കുകയും, വളരുകയും, നമ്മൾ കുളിപ്പിക്കുകയും വസ്ത്രം ധരിപ്പിക്കുകയും, ഒടുവിൽ  ‘മരിച്ചു’ പോകുകയും ഒക്കെ ചെയ്യുന്ന  ഈ ഒരു ദൃശ്യ  ശരീരം മാത്രമേ ദൃഷ്ടിഗോചരമായിട്ടുള്ളൂ. ബാക്കി നാലും, കാണുവാൻ കഴിയാത്തവയാണ്. ഒന്നിനൊന്ന് സൂക്ഷ്മവും,  സൂക്ഷ്മതരവും, അതി സൂക്ഷ്മതരവും, പരമ സൂക്ഷ്മവും  ആയി നിലകൊള്ളുന്നതുകൊണ്ടു നാല് ശരീരങ്ങൾ ആണ്. അവ   ദൃഷ്ടിഗോചരങ്ങൾ  അല്ല – അതിനാൽ നമ്മൾ അങ്ങിനെ വേറെ നാല് ശരീരങ്ങൾ കൂടി നമുക്കുണ്ട് എന്ന   കാര്യം അറിയുന്നു പോലും ഇല്ല എന്ന് മാത്രം! സമുദ്രത്തിലെ മഞ്ഞുമലകളുടെ വലുപ്പം  പോലെ, നമ്മുടെ നിലനിൽപ്പിൻ്റെ  മുഴുവൻ വ്യാപ്തിയും നമ്മൾ അറിയാതെ പോകുന്നു എന്നതാണ് സത്യം. ആദ്യം സൂചിപ്പിച്ച ‘ഫാൻറ്റം ലിംബ്” പ്രതിഭാസത്തിൽ ഈ അദൃശ്യ ശരീരത്തിൻ്റെ  സാന്നിദ്ധ്യം  ആണ് നമ്മൾ കണ്ടത്.    

നമ്മുടെ നേത്രങ്ങൾക്ക്  വളരെ അധികം പരിമിതികൾ ഉണ്ട്. പ്രകാശത്തെ    തടുത്തു നിറുത്തുന്ന വസ്തുക്കളെ മാത്രമേ നമുക്ക് കാണുവാൻ കഴിയുകയുള്ളൂ. “കാറ്റ്”  എന്ന ഒരു വസ്തു ഉണ്ടെന്ന് നമ്മൾ അറിയുന്നത് അത്  കണ്ണുകൾ കൊണ്ട്  കണ്ടിട്ടല്ലല്ലോ? വായു  പ്രകാശത്തെ  തടഞ്ഞു നിറുത്താത്തതുകൊണ്ടാണ് നമുക്ക് വായുവിനെ കാണുവാൻ കഴിയാത്തത്. എന്തിന് പറയുന്നു, പ്രകാശം എന്ന വസ്തുവിനെ പോലും നമുക്ക് കാണുവാൻ കഴിയുകയില്ല! പ്രകാശം മറ്റു വസ്തുക്കളിൽ തട്ടി പ്രതിഫലിക്കുന്നതിനെ  മാത്രമാണ്  “പ്രകാശം” എന്ന് നമ്മൾ പറയുന്നത് – അല്ലാതെ പ്രകാശത്തെ നമ്മൾ കാണുന്നില്ല. പ്രകാശത്തിൻ്റെ സാന്നിദ്ധ്യം ഇരുട്ടിൻ്റെ അഭാവം കൊണ്ട് നമ്മൾ തിരിച്ചറിയുന്നു എന്ന് മാത്രം. അതുപോലെ, പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന വസ്തുക്കളെ മാത്രമേ നമുക്ക് കാണുവാൻ കഴിയുകയുള്ളൂ. മേൽപ്പറഞ്ഞ നാല് ശരീരങ്ങൾ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നില്ല, അത് കൊണ്ട്  അവയെ നമുക്ക് കാണുവാൻ കഴിയുകയില്ല.  നമ്മളെക്കാൾ പതിന്മടങ് ഇന്ദ്രിയ ശക്തികൾ ഉണ്ട് നായകൾക്ക് – അതുകൊണ്ടാണ് കുറ്റാന്വേഷണത്തിൽ നമ്മൾ നായകളെ സമർത്ഥമായി ഉപയോഗിക്കുന്നത്. കണ്ണുകൾ കൊണ്ട് കാണുവാൻ കഴിയാത്തവ, നിലനിൽക്കുന്നില്ല എന്ന്  പറയുന്നത് വിഢിത്തം മാത്രമാണ് എന്ന് ഇതിൽ നിന്നും വ്യക്തമല്ലേ?

അന്നമയകോശം, മനോന്മയകോശം, പ്രാണമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാണ്  യോഗശാസ്ത്രം  പറഞ്ഞു തരുന്ന നമ്മുടെ  ആ അഞ്ച് ശരീരങ്ങൾ.  ഇവയെ നമുക്ക് യഥാക്രമം അന്നമയ ശരീരം, മനോന്മയ ശരീരം, പ്രാണമയ ശരീര, വിജ്ഞാന മയാ ശരീരം, ആനന്ദമയ ശരീരം എന്ന് വിവക്ഷിക്കാം. ഇതിൽ അന്നമയ ശരീരം ആണ് നമ്മൾ സദാ കാണുന്ന, അനുഭവിക്കുന്ന, തൃപ്തിപ്പെടുത്തുവാൻ സദാ  ശ്രമിക്കുന്ന ഏക  ദൃഷ്ടിഗോചര ശരീരം. ബാക്കി നാലും, ഒന്നിനൊന്ന് സൂക്ഷ്മമായി വരുന്ന ശരീരങ്ങൾ ആണ്. അതായത് ഒരുവശത്ത് ഏറ്റവും സ്ഥൂലവും അത് കൊണ്ട് കാണുവാൻ കഴിയുന്നതും , മറുവശത്ത് പരമ സൂക്ഷ്മവും അതുകൊണ്ട്  കാണുവാൻ കഴിയാത്തതും ആണ്.

അന്നമയ ശരീരം എന്നാൽ,  അന്നം (ആഹാരം) കൊണ്ട് നില നിൽക്കുന്നതും, ഉപേക്ഷിക്കപ്പെട്ടാൽ (മരിച്ചാൽ) മറ്റുള്ള ജീവജാലങ്ങൾക്ക്   ആഹാരം ആയിതീരുന്നതും ആയ ശരീരം എന്നാണ് അർത്ഥം..  “മരണം” എന്ന് നമ്മൾ പറയുന്നത്  ഈ അന്നമയ ശരീരം മാത്രം ഉപേക്ഷിക്കുന്നതിനെ ആണ്. അതിൻ്റെ  അർത്ഥം അതോടൊപ്പം   മറ്റു നാല് ശരീരം കൂടി ഇല്ലാതെ ആകുന്നു എന്നല്ല. നമ്മൾ എങ്ങിനെ ജീവിച്ചു, ഏതു സ്ഥിതിയിൽ അന്നമയ ശരീരം ഉപേക്ഷിക്കുവാൻ ഇടവന്നു  എന്നതിനെ ആശ്രയിച്ചിരിക്കും , ബാക്കിയുള്ള നാല് ശരീരങ്ങളിൽ  എത്ര എണ്ണം ഭാഗികമായോ, പൂർണ്ണമായോ അന്നമയ ശരീരത്തോടൊപ്പം ഉപേക്ഷിക്കുവാൻ കഴിഞ്ഞു എന്ന കാര്യം.   

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കുവാൻ ശ്രമിക്കാം. ഒരു കെട്ടിടത്തിൻ്റെ ഉത്തരം എങ്ങിനെയാണോ ആ കെട്ടിടത്തിൻ്റെ മേച്ചിൽ ഓടുകളെ താങ്ങി നിറുത്തിയിരിക്കുന്നത്, അങ്ങിനെയാണ് നമ്മുടെ  കാണുവാൻ കഴിയുന്ന ഈ ഭൗതിക ശരീരത്തെ കാണുവാൻ കഴിയാത്ത  മറ്റു  നാല് ശരീരങ്ങൾ താങ്ങി നിറുത്തിരിയ്ക്കുന്നത്. ഭൂമി അടിത്തറയെ താങ്ങി നിറുത്തുന്നു. അടിത്തറ ചുവരുകളെ  താങ്ങി നിറുത്തുന്നു. ചുവരുകൾ  മേൽത്തട്ടിനെ താങ്ങി നിറുത്തുന്നു.

മേൽത്തട്ട് ഉത്തരത്തെ താങ്ങി നിറുത്തുന്നു. ഉത്തരം ഓടുകളെ താങ്ങി നിറുത്തുന്നു.  ഇനി ഒരു നിമിഷത്തേക്ക് സങ്കൽപ്പിക്കുക, ഉത്തരവും, മേൽത്തട്ടും , ചുവരുകളും, അടിത്തറയും അദൃശ്യമായ സ്പടികം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്ന്. അപ്പോൾ ഓടുമാത്രം അന്തരീക്ഷത്തിൽ നിൽക്കുന്നതായി തോന്നും. ഓട് മാത്രമേ നിലനിൽക്കുന്നുള്ളു എന്ന് തോന്നും.  ആ ഓട് നശിക്കപ്പെട്ടുപോയാലും, ഉത്തരവും, മേൽത്തട്ടും, ചുവരുകളും, അടിത്തറയും അദൃശ്യമായി നിലനിൽക്കാം. പക്ഷേ ആ കെട്ടിടത്തിൻ്റെ ഘടനയും, ഘടനയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ സ്വഭാവവും പരസ്പര ബന്ധവും മനസ്സിലാക്കാത്ത ഒരു പ്രേക്ഷകൻ  ഓടുമാത്രമേ കണ്ടിരുന്നുള്ളൂ, ആ ഓട് നശിക്കപ്പെട്ടതോടെ ആ ഓട് “മരിച്ചു”  പോയി എന്ന് ധരിക്കുന്നു. അതുപോലെ ആണ് അന്നമയ കോശം നശിക്കപ്പെട്ടാലും മറ്റ് നാല് ശരീരങ്ങൾ പൂർണ്ണമായോ, ഭാഗികമായോ തുടർന്നും നിലനിൽക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കണം. എന്തൊക്കെ ആണ് ആ സാഹചര്യങ്ങൾ, ശരീരത്തെ താങ്ങി നിറുത്തിയിരുന്ന ആ താങ്ങു ഘടനകൾ ഏതൊക്ക സാഹചര്യങ്ങളിൽ ഭാഗികമായി നശിക്കും അല്ലെങ്കിൽ , പൂർണ്ണമായി നശിക്കും എന്ന് മനസ്സിലാക്കിയാൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തതയും നിയന്ത്രണവും കൈ വരിക്കുവാൻ  കഴിയും. 

മനുഷ്യൻ്റെ  ശരീരഘടനയിലെ  അഞ്ച് ശരീരങ്ങൾ എങ്ങിനെ പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നു എന്ന് വ്യക്തമാക്കുവാൻ മാത്രം ആണ്  കെട്ടിടത്തിൻ്റെ  ഉദാഹരണം.  “മരണം” എന്ന് നമ്മൾ വിവക്ഷക്കുന്ന പ്രക്രിയ   ജീവിതത്തിൻ്റെ   ഒരു നടപ്പ് ക്രമം മാത്രമാണ്. അത്  എന്താണ് മനസ്സിലാക്കുവാൻ പാമ്പ് പടം പൊഴിക്കുന്ന  ഉദാഹരണം നോക്കിയാൽ മതി.

പടം പൊഴിക്കുന്ന പാമ്പ് 

പാമ്പുകൾക്ക് ഇലാസ്റ്റിക് പോലെ വലിച്ചുനീട്ടാവുന്ന  ഒരു  ചർമ്മമല്ല ഉള്ളത്. അതുകൊണ്ട് പാമ്പിന്  വളർച്ചക്ക് അനുസൃതമായി  തൻ്റെ  ശരീരത്തിൻ്റെ വലുപ്പം കൂടുന്നതനുസരിച്ച്, പുതിയ  ശരീരത്തിന് അനുയോജ്യമായ വിധത്തിൽ  പൂർണ്ണമായും പുതിയ ചർമ്മം വളരേണ്ടതുണ്ട്.  പഴയ ചർമ്മം പൊഴിച്ച് കളഞ്ഞു പുതിയ കൂടുതൽ അനുയോജ്യമായ ഒരുചർമ്മം സൃഷ്ടിക്കുകയാണ് പാമ്പ് ചെയ്യുന്നത്. ഈ ഉദാഹരണത്തിൽ പാമ്പിൻ്റെ ചർമ്മം ദൃശ്യഗോചരമായ നമ്മുടെ ശരീരത്തിൻ്റെ  സ്ഥാനത്തും, പാമ്പിൻ്റെ ഇതര ഭാഗങ്ങൾ അദൃശ്യമായ നമ്മുടെ മറ്റു നാല് ശരീരങ്ങളുടെ സ്ഥാനത്തും ചിന്തിച്ചാൽ അത് കൃത്യമായ ഒരു ഉദാഹരണം ആകും. പാമ്പിൻ്റെ  ശരീര പരിണാമത്തിന് അനുസരിച്ചു ചർമ്മം മാറ്റുന്നത് പോലെ,  മനുഷ്യൻ്റെ “ജീവ” പരിണാമത്തിന് അനുസൃതമായി  അന്നമയ കോശം എന്ന ശരീരം  മാറ്റി മാറ്റി നവീകരിച്ച്  ഉപയോഗിക്കുന്നു.   അങ്ങിനെ ഈ ഉദാഹരണത്തിലൂടെ ചിന്തിക്കുമ്പോൾ  ദൃശ്യ വിധേയമായ  ചർമ്മം ഉണ്ടെങ്കിൽ മാത്രമേ പാമ്പു എന്ന വസ്തുവിനെ കാണുവാൻ കഴിയുകയുള്ളൂ.  ഉദാഹരണത്തിലൂടെ അടിസ്ഥാന ഘടനയുടെ രീതി മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇത് ഇവിടെ പറയുന്നത്.

അദൃശ്യമായ നാല് ശരീരങ്ങൾ

നേരത്തേ വിശദീകരിച്ച അന്നമയ ശരീരം ഒരു ദൃശ്യ ശരീരം ആണെന്ന് പറഞ്ഞു.. ബാക്കിയുള്ള നാല് ശരീരങ്ങളും അദൃശ്യ ശരീരങ്ങളും. അതായത് ഒരു വശത്ത് തികച്ചും ദൃശ്യമായ വസ്തു. മറുവശത്ത് തികച്ചും അദൃശ്യമായ മറ്റൊരു വസ്തു. രണ്ടും വസ്തുക്കൾ തന്നെ – വസ്തു എന്നാൽ സൃഷ്ടിക്കപ്പെട്ട ഒന്ന് എന്നാണ് ഇവിടെ അർത്ഥം. രണ്ടിനും ഇടയിൽ അദൃശ്യതയുടെ ഒരു ക്രമം തീര്ച്ചയായും ഉണ്ടായേ മതിയാവൂ. ഉദാഹരണത്തിന്, നീരാവി, ജലം, മഞ്ഞുകട്ട എന്നിവ എടുക്കുക. ഇവ മൂന്നു വസ്തുക്കളും ജലം എന്ന വസ്തു തന്നെ ആണെങ്കിലും (രണ്ടു ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവും) ഒരു വശത്ത് മഞ്ഞുകട്ട തികച്ചും ഖരമായ, സ്ഥൂലമായ ദൃശ്യ വസ്തുവും , മറുവശത്ത് നീരാവി എന്ന വാതക രൂപത്തിലുള്ള സൂക്ഷ്മമായ അദൃശ്യ വസ്തുവും. രണ്ടിനും ഇടയിൽ ഖരവും വാതകവും അല്ലാത്ത ദ്രവ രൂപത്തിലുള്ള ജലം എന്ന വസ്തു. ഇതിൽ നിന്നും ദൃശ്യാദൃശ്യങ്ങൾ ക്രമാനുഗതമായി വരുന്ന ഒന്നാണെന്നും, ഒരു വസ്തുവിന് ഒന്നിലധികം രൂപത്തിൽ നിലനിൽക്കുവാൻ കഴയും എന്ന് വ്യക്തമാണ്. മാത്രവും അല്ല ഏറ്റവും അദൃശ്യമായ വാതകത്തിനാണ് ഏറ്റവും കൂടുതൽ ചലന സ്വാതന്ത്യം ഉള്ളത്. വാതകത്തിന് നാല് വശങ്ങളിലേക്കും മുകളിലേക്കും, താഴേക്കും ചലിക്കുവാൻ ഉള്ള സ്വതന്ത്ര ശക്തി ഉണ്ട്. അതിനേക്കാൾ സ്വാതന്ത്യം കുറവാണ് ദ്രവ രൂപത്തിലുള്ള ജലത്തിന്. ജലത്തിന് നാല് വശങ്ങളിലേക്കും താഴേക്കും മാത്രം ചലിക്കുവാനുള്ള സ്വാതന്ത്ര്യം ആണ് ഉള്ളത്. ഏറ്റവും സ്വാതന്ത്ര്യം കുറവുള്ളതാണ് ഖര രൂപം – നമ്മുടെ ഉദാഹരണത്തിൽ മഞ്ഞുകട്ടക്ക് ബാഹ്യമായ ഊർജ്ജം നല്കപ്പെടാതെ അതിന് ചലിക്കുവാൻ സാദ്ധ്യമല്ല എന്ന് കാണാവുന്നതാണ്. അന്നമയ ശരീരത്തിനും, ആയത് ഒരു ഖരവസ്ഥു ആയതുകൊണ്ട്, ഏതെങ്കിലും ബാഹ്യമായ ഒരു ഊർജ്ജ സ്രോതസ്സ് ഇല്ലാതെ ചലന സ്വാതന്ത്ര്യം ഇല്ല. ഈ ഊർജ്ജ സ്രോതസ്സ് മറ്റൊരു അദൃശ്യ ശരീരം ആണ്.

ഇതെല്ലാം യോഗ ശാസ്ത്രത്തിലും നിരവധി ഉപനിഷത്തുകളിലും വിവരിച്ചും ആയിരമായിരം വർഷങ്ങൾ നിരവധി തലമുറകൾ തർക്കിച്ചും ന്യായവാദങ്ങൾ ഉന്നയിച്ചും സംശയലേശമെന്യേ സ്ഥാപിച്ചിട്ടുള്ള കാര്യങ്ങൾ ആണ്. ഇന്നും ഇതെല്ലം ചിന്തനങ്ങളിലൂടേയും, നിരീക്ഷണങ്ങളിലൂടേയും നമുക്ക് മനസ്സിലാക്കാവുന്ന കാര്യങ്ങൾ തന്നെ ആണ്

നമ്മുടെ പൂർണ്ണമായ ശരീര ഘടനയിൽ, ദൃശ്യമായ അന്നമയ ശരീരത്തെ കൂടാതെ  സൂക്ഷ്മമമായ മനോന്മയ ശരീരവും സൂക്ഷ്മതരമായ പ്രാണമയ ശരീരവും അതി സൂക്ഷ്മ തരമായ  വിജ്ഞാനമയ ശരീരവും ഏറ്റവും പരമ സൂക്ഷ്‌മമായ  ആനന്ദമയശരീരവും കൂടി ഉൾപ്പെട്ടിട്ടുണ്ട് –  എല്ലാം അദൃശ്യവും പക്ഷേ ഒന്നിനൊന്ന് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയും ആണ്. 

അന്നമയ ശരീരം കഴിഞ്ഞാൽ  രണ്ടാമതായി മനോന്മയ ശരീരം  ആണ്.   ശരീര സമേതരായി നിൽക്കുമ്പോൾ നമുക്ക് മനസ്സും ബുദ്ധിയും, “ഞാൻ” എന്ന താൻപോരിമയും,  ഓർമ്മശക്തിയും   എല്ലാം പ്രദാനംചെയ്യുന്നത് മനോന്മയ ശരീരം ആണ്.  നമ്മൾ സാധാരണ ഗതിയിൽ തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ, മനസ്സ് എന്ന വസ്തു നമ്മുടെ തലച്ചോറിലല്ല നിലകൊള്ളുന്നത്. നേരെ മറിച് ശരീരമാസകലം  പടർന്ന് പന്തലിച്ചു നിൽക്കുന്ന ഒന്നാണ് മനോന്മയ ശരീരം.മനോന്മയ ശരീരത്തിന് പ്രധാനമായും  മനസ്സ്, ബുദ്ധി, അഹങ്കാരം , ചിത്തം എന്ന നാല് ഘടകങ്ങളും അവക്ക് ഉപഘടകങ്ങളും ഉണ്ട് എന്ന് യോഗ ശാസ്ത്രം വിശദീകരിക്കുന്നുണ്ട്. അന്നമയ  ശരീരത്തിൻ്റെ  സർവ്വ പ്രവർത്തനങ്ങളും  ചലനങ്ങളും   എല്ലാം നടക്കുന്നതിന് “ഡാറ്റാ” ആവശ്യമുണ്ട്. ഏത് കോശങ്ങൾ ഏത് ശരീര ഭാഗം ആയി ഏതു രൂപം കൈകൊണ്ടു എങ്ങിനെ പ്രവൃത്തി  ക്കണം എന്നെല്ലാം പറഞ്ഞുകൊടുക്കുന്നത് കമ്പ്യൂട്ടർ സിസ്റ്റത്തിലെ സോഫ്റ്റ്‌വെയർ കോഡിങ് പോലുള്ള “ഡാറ്റാ”  അഥവാ “മെമ്മറി” ആണ്.  ആ മെമ്മറി മനോന്മയ ശരീരത്തിലാണ്  വ്യാപിച്ചു കിടക്കുന്നത്.  ബ്രിട്ടീഷ് ബയോളജിസ്റ്റ് ആയ  റുപേർട്ട്  ഷെൽഡ്രേക് ഏതു കോശം ഏത്  ആകൃതിയും പ്രവർത്തന രീതിയും ഉള്ള ഏത് ശരീരഭാഗം ആകണം എന്നുള്ള വിവരം ആ കോശത്തിന് ലഭിക്കുന്നത് അതിൻ്റെ ചുറ്റുമുള്ള “മോർഫിക് ഫീൽഡ്” എന്ന ഒരു “ഫീൽഡിൽ” നിന്നും ആണ് എന്ന് ശാസ്ത്രീയമായി സ്ഥാപിച്ചിട്ടുണ്ട്. അദൃശ്യമായ മനോന്മയ ശരീരത്തെ ആണ്  ഷെൽഡ്രെക്ക് “മോർഫിക് ഫീൽഡ്” ആയിക്കണ്ടത് എന്ന് മനസ്സിലാക്കാവുന്നതാണ് ഇവിടെ.  അത് പോലെ തന്നെ മനോന്മയ ശരീരത്തിലെ സർവ്വ പ്രവർത്തനങ്ങൾക്കും ചിന്തകളുടേയും  വികാര ങ്ങളുടേയും  വരവിനും പോക്കിനും എല്ലാം ഡാറ്റാകൾ ആവശ്യമുണ്ട്. അതും ശരീരമാസകലം വ്യാപിച്ചുകിടക്കുന്ന മനോന്മയ ശരീരത്തിൽ തന്നെ ആണ് നിലകൊള്ളുന്നത്. ഡാറ്റാകൾ   മാത്രമല്ല, എല്ലാ പ്രവർത്തനങ്ങൾക്കും ഊർജ്ജവും ആവശ്യമുണ്ട്. ആ ഊർജ്ജം  അന്നമയ-മനോന്മയ ശരീരങ്ങൾക്ക് നൽകുന്നത്  ഇനി വിവരിക്കുവാൻ പോകുന്ന  പ്രാണമയ ശരീരത്തിൽ നിന്നും ആണ്. അന്നമയ ശരീരം ഒരു കംപ്യൂട്ടറിൻ്റെ ഹാർഡ് വെയർ ആണെങ്കിൽ, മനോന്മയ ശരീരം അതിൻ്റെ സോഫ്റ്റ്‌വെയറും സ്റ്റോറേജ് ഡിവൈസും  ആണ് എന്ന് മനസ്സിലാക്കാവുന്നതാണ്. 

മൂന്നാമത് വരുന്നത് പ്രാണമയ  ശരീരം ആണ്. അന്നമയ ശരീരവും  മനോന്മയാ ശരീരവും  പ്രവൃത്തി  പ്പിക്കുവാൻ ആവശ്യമായ  ഊർജ്ജം നൽകുന്ന പവർ സപ്ലൈ സിസ്റ്റം ആണ് പ്രമാണമയ ശരീരം. ഇതും ശരീരമാസകലം  പടർന്ന് പന്തലിച്ചു നിൽക്കുന്ന ഒന്നാണ്. പ്രാണമയ ശരീരത്തിന്  പ്രധാനമായി പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ  എന്നീ    അഞ്ച് ഘടകങ്ങളും അവക്ക് തുടർന്ന് പല ഉപഘടകങ്ങളും ഉണ്ട്. മാത്രവുമല്ല  ശരീരമാസകലം വളരെ കൃത്യമായി പടർന്നു കിടക്കുന്ന അദൃശ്യമായ 72000 നാഡികളിലൂടെ “പ്രാണൻ” എന്ന ജീവശക്തി വിതരണം ചെയ്യുന്ന ഏഴു പ്രധാനപ്പെട്ട വിതരണ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും എല്ലാം ഉള്ള ഡിസ്ട്രിബൂഷൻ സിസ്റ്റത്തെ കുറിച്ച് യോഗശാസ്ത്രം വളരെ സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ഈ പ്രാണ ശക്തിയിലും ‘ഡാറ്റാ”കൾ  അല്ലെങ്കിൽ “മെമ്മറി” അന്തർലീനമായിട്ടുണ്ട്.  പ്രാണശക്തി  വിതരണ കേന്ദ്രങ്ങളെ “ചക്രങ്ങൾ” എന്നാണ് യോഗശാസ്ത്രം വിവരിക്കുന്നത്. മൂലാധാര ചക്രം, സ്വാധിഷ്ഠാന ചക്രം, മണിപൂരക ചക്രം, അനഹത ചക്രം, വിശുദ്ധി ചക്രം, ആജ്ഞാ ചക്രം, സഹസ്രദള ചക്രം എന്നിവയാണ്  വളരെ പ്രാധാന്യം അർഹിക്കുന്ന  ആ ഏഴു  വിതരണ കേന്ദ്രങ്ങൾ.  ഈ ചക്രങ്ങളും നാഡികളും എല്ലാം വളരെ ശുദ്ധമായി ഇരുന്നാൽ മാത്രമേ ജീവശക്തി തടസ്സങ്ങൾ ഒന്നും 

ഇല്ലാതെ സുഗമമായി ശാരിമാസകലം സഞ്ചരിക്കുകയുള്ളൂ.  ജീവശക്തി അങ്ങിനെ  സുഗമമായി  ഈ ഏഴു ചക്രങ്ങളിലും ശരീരമാസകലവും  പ്രയാണം ചെയ്തുകൊണ്ടിരുന്നാൽ മാതമേ മനുഷൻ പൂർണ്ണ ആരോഗ്യവാനായി അവബോധത്തിൻ്റെ ഏറ്റവും ഉന്നത ശ്രേണികളിൽ എത്തുകയുള്ളൂ. എന്നാൽ, നിർഭാഗ്യവശാൽ മിക്ക മനുഷ്യരിലും ക്ലാവ് പിടിച്ച ബാറ്ററി ടെർമിനലുകൾക്ക് സമമാണ് ഈ ഡിസ്ട്രിബൂഷൻ സിസ്റ്റം.

ഇപ്പറഞ്ഞ മൂന്നു ശരീരങ്ങളും  (കാണുവാൻ കഴിയുന്ന അന്നമയ ശരീരവും, കാണുവാൻ കഴിയാത്ത മനോന്മയ ശരീരവും, പ്രാണമയ ശരീരവും) സൃഷ്ടിക്കപ്പെട്ട വസ്തുക്കൾ അല്ലെങ്കിൽ പദാർത്ഥങ്ങൾ ആണ്. സൃഷ്ടിക്കപ്പെട്ട സർവ്വതും ക്രമേണ  ക്ഷയിക്കുകയും ഇല്ലാതാകുകയും ചെയ്യും. എന്നാൽ അവയുടെ ക്ഷയവും ഇല്ലാതാകലും ചില നിയമങ്ങൾക്ക് വിധേയമാണ്. 

ഇനി പറയുവാൻ പോകുന്ന രണ്ടു ശരീരങ്ങൾ ആണ് വിജ്ഞാനമയ ശരീരവും   ആനന്ദമയ ശരീരവും. ഇവ രണ്ടും  സൃഷ്ടിക്കപ്പെട്ടവയല്ല. അനാദിയിലേ നിലനിൽപ്പുള്ള ഒന്നാണ് അത്.    മലയാള ഭാഷയിൽ  “ജീവൻ” എന്ന് സാധാരണ വിവക്ഷിക്കുന്ന “അവബോധ”  സാന്നിദ്ധ്യത്തിൻ്റെ  രണ്ട്  ഭാവങ്ങൾ  ആണ് ഇവ രണ്ടും.   ഈ  ജീവസാന്നിദ്ധ്യത്തെ  സംസ്കൃതത്തിൽ “പ്രജ്ഞാനം” എന്നും , ഇംഗ്ലീഷിൽ  “കോൺഷ്യസ്നെസ്സ്” എന്നും പറയുന്നു.     മറ്റൊരു വിധത്തിൽ 

പറഞ്ഞാൽ  ജീവ സാന്നിദ്ധ്യത്തിൻ്റെ  രണ്ടു വശങ്ങൾ ആണ് ഇപ്പറയുന്ന വിജ്ഞാനമയ ശരീരവും   ആനന്ദമയ ശരീരവും.   ഇതിൽ വിജ്ഞാനമയ ശരീരം ആദ്യം പറഞ്ഞ സൃഷ്ടിക്കപ്പെട്ട, ക്രമേണ നാശോന്മുഖമായ  ആ  മൂന്നു ശരീര സമുച്ചയത്തോട് അടുത്തു ചേർന്ന്  നിൽക്കുന്നു എന്ന് മാത്രം. ആ വിജ്ഞാനമയ ശരീരം  എന്ന് പറയുന്നത് അതിൻ്റെ  തന്നെ ഭാഗമായ  ആനന്ദമയ ശരീരത്തിൻ്റെ  ഒരു ഭാവമാണ് അല്ലെങ്കിൽ ഒരു നൈസർഗ്ഗിക ഗുണമാണ്. ഇത് രണ്ടും ചേർന്നതാണ് പൊതുവേ “കാരണ ശരീരം” എന്ന് പറയുന്നത്.  കാരണം, വിജ്ഞാന മയ ശരീരവും ആനന്ദമയ ശരീരവും ആണ് മറ്റു മൂന്ന് ശരീരങ്ങൾക്ക്  കാരണവും ആധാരവും. 

സർവ്വജ്ഞാനവും, നിത്യമായ നിലനിൽപ്പും, നിത്യനൂതനമായ ആനന്ദവും ആണ് കാരണ ശരീരത്തിൻ്റെ തനതായ, നൈസർഗ്ഗിക സ്വഭാവം.  ഈ കാരണ ശരീരം ആണ് ആദ്യം പറഞ്ഞ കമ്പ്യൂട്ടറിൻ്റെ   ഉദാഹരണത്തിൽ ആ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തി. ആ വ്യക്തി “ഞാൻ” എന്ന് പായുന്നത്, കമ്പ്യൂട്ടറിൻ്റെ  ഹാർഡ് വെയറിനേയോ സോഫ്റ്റ് വെയറിനേയോ  അതിൻ്റെ പവർ സപ്ലൈ സംവിധാനങ്ങളേയോ അല്ല. അതുപോലെ” ഞാൻ” എന്ന് നമ്മൾ വിവക്ഷിക്കുന്നത് നമ്മുടെ അന്നമയ ശരീരത്തേയോ, മനോന്മയ  ശരീരത്തേയോ, പ്രാണമയ ശരീരത്തേയോ അല്ല – “ഞാൻ” എന്നത് വിജ്ഞാനമയ ശരീരവും ആനന്ദമയ ശരീരവും ഒന്നായി നിൽക്കുന്ന പ്രജ്ഞാനത്തെ ആണ്. അന്നമയ-മനോന്മയ-പ്രാണമയ ശരീരങ്ങൾ “ഞാൻ” ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ്.  “ഞാൻ” ആരെന്ന ഈ തിരിച്ചറിവാണ് ആത്മീയ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവ്.

“ഞാൻ” ആരാണ്? 

മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ വിഢിത്തം നമ്മൾ യഥാർത്ഥത്തിൽ ആരാണെന്ന അറിവില്ലായ്മ ആണെന്നാണ് യോഗശാസ്ത്രം  പഠിപ്പിക്കുന്നത്. ഈ തെറ്റിദ്ധാരണ നികത്തുക എന്നതാണ് നമ്മുടെ   പ്രഥമ കർത്തവ്യം. യോഗശാസ്ത്രം പറഞ്ഞു തരുന്ന വിവരണങ്ങൾ അനുസരിച്ച് നമുക്ക് അഞ്ച് ശരീരങ്ങൾ ആണ് ഉള്ളത് എന്ന് നമ്മൾ കണ്ടു.  ഈ അഞ്ച് ശരീരങ്ങൾ  ഉള്ളതിൽ “ഞാൻ” എന്ന് വിവക്ഷിക്കുന്നത്  അതിൽ ഏതു ശരീരത്തെ  ആണ് എന്ന തിരിച്ചറിവ് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. യഥാർത്ഥത്തിൽ “ഞാൻ” ആരാണ്? ഞാൻ അന്നമയ ശരീരമാണോ, മനോന്മയ ശരീരമാണോ, പ്രാണമയ ശരീരമാണോ? അതോ, ജ്ഞാനമയ-ആനന്ദമയ ശരീര സമുച്ചയങ്ങളാണോ?  “ഞാൻ” എന്ന വാക്കുകൊണ്ട്, ഈ അഞ്ച് ശരീരങ്ങളിൽ ഏതു ശരീരത്തെ ആണ് നമ്മൾ ഉദ്ദേശിക്കുന്നത്? 

‘ഞാൻ ജീവിച്ചിരിക്കുന്നു” എന്ന അനിഷേദ്ധ്യമായ ഒരു സ്വയം-അറിവ്  അല്ലെങ്കിൽ ഒരു “സ്വ-ബോധം” അനുനിമിഷം  നമുക്ക് ഓരോരുത്തർക്കും നിലവിലുണ്ട്.  ആ സ്വ-ബോധം   നിത്യ സാധാരണമായ ഒന്നായത്  കൊണ്ടു  തിരിച്ചറിയുന്നില്ല  എന്ന് മാത്രമേ ഉള്ളൂ.  ഒരു ചെറിയ നിരീക്ഷണത്തിലൂടെ നമുക്ക് ഇത് വ്യക്തമാകും.   

ഒരു നിമിഷം കണ്ണടച്ചുകൊണ്ട് ‘എനിക്ക് ഈ ശരീരം ഇല്ല’ എന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കുക. അങ്ങിനെ ചെയ്യുമ്പോൾ ബോധപൂർവ്വം നമ്മൾ അന്നമയ ശരീരത്തെ (ശരീര ബോധത്തെ) ഇല്ലാതെ ആക്കുകയാണ് ചെയ്യുന്നത് .   അതുപോലെ തന്നെ ‘എനിക്ക് ഈ മനസ്സും ഇല്ല’ എന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കുക. അങ്ങിനെ ചെയ്യുമ്പോൾ മനസ്സിനേയും മനസ്സിലെ ചിന്തകളേയും  ബോധപൂർവ്വം ഇല്ലാതെ ആക്കുകയാണ് ചെയ്യുന്നത്.   അത് മാത്രം പോരാ –  ശരീരം ഒരു അണുഇട പോലും   അനക്കാതെ   ചലനമറ്റ്  ഇരിക്കുക. അങ്ങിനെ ചെയുമ്പോൾ  പ്രാണമയ ശരീരത്തിൽ നിന്നും ഒഴുകുന്ന പ്രാണനെ നമ്മൾ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. 

അങ്ങിനെ ആദ്യത്തെ മൂന്ന് ശരീരങ്ങളേയും ബോധപൂർവ്വം പരിമിതപ്പെടുത്തി നിറുത്തുമ്പോഴും, “ഞാൻ” എന്ന അവബോധം അപ്പോഴും നമുക്ക്  ഉണ്ട്. അതിനർത്ഥം ആദ്യത്തെ മൂന്ന് ശരീരങ്ങൾ അല്ല നമ്മൾ എന്നാണ്.  “ജ്ഞാനമയ ശരീരവും ആനന്ദമയ ശരീരവും ആണ് “ഞാൻ” എന്ന ബോധത്തിന് നിദാനം എന്ന് വ്യക്തമാകുന്നു.    “ഞാൻ ജീവിച്ചിരിക്കുന്നു” എന്ന ആ സ്വയം-അറിവ് അപ്പോഴും ബാക്കി നിൽക്കുന്നുണ്ട്  നമുക്ക്. ആ സ്വയം ഉള്ളിൽ നിതാന്തമായി  തോന്നിക്കൊണ്ടിരിക്കുന്ന  ‘ഞാൻ’ എന്ന, അനു നിമിഷം ഉള്ള, അടർത്തി മാറ്റിക്കളയുവാൻ കഴിയാത്ത,   ആ സ്വ-ബോധം ആണ് സനാതന ധർമ്മത്തിൽ   യഥാർത്ഥത്തിൽ ഉള്ള  “ഞാൻ” എന്ന ഘടകം.  ശരീരമില്ലെങ്കിലും, മനസ്സില്ലെങ്കിലും, പ്രാണൻ ഇല്ലെങ്കിലും  “ഞാൻ” എന്ന ആ ഉള്ളറിവ്  ഉണ്ടായിരിക്കും എന്ന്കാണാം. സത്യത്തിൽ ആ ഏകാഗ്രമായ “ഞാൻ” എന്ന അനുഭവം ബോധപൂർവ്വപൂവ്വം പരിശീലിക്കുന്നതാണ് ധ്യാനം  അഥവാ മെഡിറ്റേഷൻ. അത് തന്നെ അബോധപൂർവ്വം സംഭവിക്കുന്നതാണ് ഗാഢ നിദ്ര.  ശരീരവും മനസ്സും പ്രാണ സഞ്ചാരവും ഹാജരില്ലാതിരുന്ന  ഗാഢ നിദ്രയിലും  “ഞാൻ” ഗാഢമായി ഉറങ്ങി എന്ന അറിവ് അറിഞ്ഞത്  ആ “ഞാൻ” ഘടകം മൂലമാണ്. അതുകൊണ്ടാണ്  പിറ്റേന്ന് പുലരിയിൽ, “ഞാൻ ബോധം കെട്ടുറങ്ങി”എന്ന വിവരം നമ്മൾ അറിയുന്നത്.

ലോകത്തിന് ഭാരതത്തിൻ്റെ  തനതായ സംഭാവനയാണ് ഈ  ‘ഞാൻ’ എന്ന ഘടകത്തിൻ്റെ കൃത്യമായ കണ്ടെത്തൽ. സർവ്വജ്ഞാനവും, നിത്യമായ നിലനിൽപ്പും, നിത്യനൂതനമായ ആനന്ദവും സ്വന്തം ഭാവമായിട്ടുള്ള  ആ കാരണ ശരീരത്തിന് നിദാനമാണ് “ഞാൻ” എന്ന ഘടകം – അതായത്, വിജ്ഞാനമയ ശരീരവും ആനന്ദമയ ശരീരവും ചേർന്ന കാരണ ശരീരം എന്നത്  ശുദ്ധമായ പ്രജ്ഞാനത്തിൻ്റെ അനാദിയായ, ദൃശ്യമല്ലാത്ത, അരൂപിയായ, ഒരു   “ഫീൽഡ്” ആണ് സത്യത്തിൽ ഞാൻ എന്നത്. ശരീരവും മനസ്സും, പ്രാണനും ഞാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ് – അവയൊന്നും ഞാൻ അല്ല.

ഇപ്പറഞ്ഞ  “ഞാൻ” എന്ന അറിവ്   ബാഹ്യമായ ഒരു   “അറിവല്ല” –  ഉദാഹരണത്തിന്,  ‘മാർക്കറ്റിൽ ഒരു കിലോ അരിക്ക്  അൻപത് രൂപയാണ് വില’, എന്നത് ഒരു അറിവാണ് എന്ന് കരുതുക. ഈ ഉദാഹരണത്തിൽ അരിയുടെ വില അറിയുന്ന ഒരാളാണ് ഞാൻ. അരിയുടെ വില എന്നതാണ്  അറിവ്. ആ അറിവ് വേറെ, അരിയുടെ വില അറിഞ്ഞു ആ അറിവ്  കൈവശം വച്ചിരിക്കുന്ന വ്യക്തിയായ  “ഞാൻ” വേറെ. അതായത്, അരിയുടെ വില “ഓബ്ജെക്റ്റ്‌” (ഗ്രഹിക്കപ്പെട്ടത്). ആ വില അറിയുന്ന ഞാൻ “സബ്ജെക്ട്”  (ഗ്രഹിതാവ്). “അറിയുക” എന്നത് ആ സബ്ജെക്റ്റും  ഓബ്ജെക്ടും തമ്മിലുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്.    അത് പോലെ ഉള്ള ഒരു ബാഹ്യമായ  ‘അറിവ്’ അല്ല ‘ഞാൻ” എന്ന ഈ ആന്തരികമായ സ്വ-അറിവ്.   അത് സ്വാഭാവികമായിട്ടുള്ള  ഒരു സ്വയ-ബോധമാണ്. അവിടെ അറിവ് എന്നത് ശുദ്ധമായ ‘സബ്ജെക്ടിവിറ്റി” ആണ്. അതുകൊണ്ട് നമുക്ക് അതിനെ ‘അറിവ്’ എന്ന് പേരിട്ട് വിളിക്കുവാൻ കഴിയില്ല, അത് ഒരു തരത്തിലുള്ള അറിവാണെങ്കിൽ പോലും. ഈ ശുദ്ധമായ ‘ഞാൻ’ എന്ന സബ്ജെക്ടിവിറ്റിയാകുന്ന ‘സ്വ-അറിവിന്’  വേറെ പല പേരുകളും ഉണ്ട് – , അവബോധം, പ്രജ്ഞാനം, ജീവൻ – ഇംഗ്ലീഷിൽ ‘consciousness’.  അരിയുടെ വില മാത്രമല്ല, സർവ്വതും ഗ്രഹിക്കുവാൻ കഴിയുന്നത് , “ഗ്രഹിക്കുക” എന്നത്   “ജീവൻ്റെ” സ്വഭാവ മായതുകൊണ്ടാണ്.  ഇനി അങ്ങോട്ട്, ഈ “ഞാൻ” എന്ന ശുദ്ധ ബോധത്തെ “ജീവൻ” അല്ലെങ്കിൽ “പ്രജ്ഞാനം” എന്നായിരിക്കും ഉപയോഗിക്കുന്നത് 

വിജ്ഞാനമയ ശരീരരവും, ആനന്ദ മയ ശരീരവും, രണ്ടും,  ഭാഷയുടെ  ഉപയോഗ സൗകര്യത്തിനായി “കോശങ്ങൾ” അല്ലെങ്കിൽ “ശരീരങ്ങൾ” എന്ന് വിവക്ഷിച്ചാലും  ഇവ രണ്ടു പ്രത്യേക ശരീരങ്ങൾ അല്ല. അവബോധത്തിൻ്റെ  ഒരു മഹാ  സാന്നിദ്ധ്യം ആണ് അവ. നിത്യമായ നിലനില്പിൻ്റെയും (അമരത്വം), സർവജ്ഞാനത്തിൻ്റെയും, നിത്യനൂതനവും നിതാന്തവും ആയ ആനന്ദത്തിൻ്റെയും   നിറസാന്നിധ്യം ആണ്  “ജീവൻ”, അല്ലെങ്കിൽ “പ്രജ്ഞാനം” അല്ലെങ്കിൽ “കോൺഷ്യസ്നെസ്സ്”..  ഈ സാന്നിദ്ധ്യം ആണ് യഥാർത്ഥത്തിൽ ഉള്ള “ഞാൻ” എന്ന തോന്നൽ.  ആ തോന്നൽ ആണ്  നമ്മുക്ക് എല്ലാം ഉള്ള “സ്വയാവബോധം”. അതിനെ ആണ്  “ജീവൻ” എന്ന് നമ്മൾ വിവക്ഷിക്കുന്നത്.  ആ ജീവൻ്റെ ഒരു ബിന്ദുവിന്  ചില കാരണങ്ങളാൽ  സൃഷ്ടിക്കപ്പെട്ട്  ലഭിക്കുന്നതാണ് പ്രാണമയ ശരീരവും, മനോന്മയ ശരീരവും, അന്നമയ ശരീരവും. അങ്ങിനെ  സൃഷ്ടിക്കപ്പെട്ട് സംഭവിച്ചതാണ്  നമ്മൾ ഓരോരുത്തരും. ഈ അഞ്ചു ശരീരങ്ങളുടെ ക്രമീകരണം  നമ്മുടെ സമൂഹത്തിലെ നിലനിൽപ്പുമായി ബന്ധപ്പെട്ടിരിക്കുന്നത് മനസ്സിലാക്കുവാൻ  വളരെ  മനോഹരമായി സോപ്പ് കുമിളകളുടെ ഉപമ നൽകിക്കൊണ്ട് സദ്ഗുരു ജഗ്ഗി വാസുദേവ്  നൽകിയിട്ടുണ്ട്. അത് പുറകേ വിശദമാക്കുന്നുണ്ട്..

“ഞാനും” എൻ്റെ “വ്യാജനും” 

എക്കാർട്ട് ടോളേയുടെ  പ്രശസ്തമായ ഒരു കൃതിയാണ് “ദി പവർ ഓഫ് നൗ” . ഈ ശ്രദ്ധേയമായ  പുസ്തകം  വടക്കേ അമേരിക്കയിൽ മാത്രം മുപ്പത്   ലക്ഷത്തിലധികം കോപ്പികൾ വിൽക്കപ്പെട്ടു.  മാത്രവുമല്ല, മുപ്പത്തി മൂന്ന്  ഭാഷകളിലേക്ക് “ദി പവർ ഓഫ് നൗ” വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബോധപൂർവ്വം ജീവിച്ചുകൊണ്ട് എങ്ങിനെ നമ്മുടെ പ്രജ്ഞാനത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്താം എന്നുള്ളതാണ്   “ദി പവർ ഓഫ് നൗ” എന്ന പുസ്തകത്തിൻ്റെ ഇതിവൃത്തം.

യഥാർത്ഥത്തിൽ നമ്മൾ ‘ജീവൻ’ അല്ലെങ്കിൽ ‘പ്രജ്ഞാനം’ ആണെന്ന് തിരിച്ചറിയാതെ, നമ്മുടെ മനസ്സും ശരീരവും തുടർച്ചയായ  അബോധ ജീവിതത്തിലൂടെ  സൃഷ്ടിച്ചു  നൽകിയ വികാര വിക്ഷോഭങ്ങളുടെ ഒരു “വ്യാജ”ശരീരം ആയി നമ്മൾ മാറിയിരിക്കുകയാണ് എന്ന് എക്കാർട്ട് ടോളേ പറയുന്നു. ആ വികാര ശരീരത്തിന്   അദ്ദേഹം “ക്ലേശ ശരീരം” എന്നാണു പേരിട്ടിരിക്കുന്നത്. നമുക്ക് ഓരോരുത്തർക്കും ഉണ്ട് ആ ക്ലേശ ശരീരം. നമ്മൾ ഓരോരുത്തരും ആ ക്ലേശ ശരീരത്തിലൂടെ  ആണ് പ്രവർത്തിക്കുന്നത് എന്നാണ് എക്കാർട്ട് ടോളേ പറയുന്നത്.  ആ ക്ലേശ ശരീരത്തിൽ നിന്നും മോചനം നേടി നമ്മൾ യഥാർത്ഥത്തിൽ എന്താണോ, അതായി തീരുന്നതാണ് ജീവിതത്തിൻ്റെ  ഉദ്ദേശ്യം എന്ന് അദ്ദേഹം പറയുന്നുണ്ട്.  

ചുരുക്കത്തിൽ, നമ്മൾ ഓരോരുത്തരും  “ജീവൻ” എന്ന് പര്യായ പദത്തിൽ കൂടി വിവക്ഷിക്കുന്ന ‘പ്രജ്ഞാനം’ ആണ്. എന്നാൽ നിർഭാഗ്യവശാൽ നമ്മൾ ഓരോരുത്തരും പ്രായോഗിക തലത്തിൽ  പ്രവർത്തിക്കുന്നത് ‘ക്ലേശ ശരീരം’ എന്ന വ്യാജനിൽ കൂടിയാണ്. അതാണ് നമ്മുടെ വൈഷമ്യം.  അതാണ് നമ്മുടെ ദ്വന്ദാവസ്ഥ. “മനഃസാക്ഷി” എന്ന് നമ്മൾ വിളിക്കുന്നത്, ആ  യഥാർത്ഥ നമ്മളെ തന്നെയാണ്. അപ്രകാരം  വിളിക്കുന്നതാകട്ടെ, തെറ്റിദ്ധരിച്ചു ക്ലേശ ശരീരമായി സ്വയം മാറി നിൽക്കുന്ന നമ്മുടെ  വ്യാജനും. ഒരിക്കൽ കൂടി ആവർത്തിച്ച്  പറയാം. യഥാർത്ഥത്തിലുള്ള നമ്മൾ,  എന്തിനെയാണോ നമ്മൾ  “മനഃസാക്ഷി” എന്ന് പറഞ്ഞു വിവക്ഷിക്കുന്നത്, അതാണ്. അപ്രകാരം വിവക്ഷ നടത്തുന്നത് നമ്മളിലെ വ്യാജൻ ആണ്. അതുകൊണ്ട് നമ്മളിൽ തന്നെ  രണ്ടു ‘നമ്മൾ’ ഉണ്ട്. ഒന്ന് യാഥാർത്ഥത്തിലുള്ള നമ്മളും മറ്റേത്‌ ‘വ്യാജനായ’ നമ്മളും. ഈ വ്യാജൻ  ആണ് മനഃസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കുന്നത്.   മനഃസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കുന്നത് നമുക്ക് തന്നെ വീണ്ടും ക്ലേശങ്ങൾ വർദ്ധിപ്പിക്കുന്നു.

മനഃസാക്ഷിയും ക്ലേശങ്ങളും 

 നമ്മിലെ വ്യാജൻ മനഃസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ (അതായത്, നമുക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ) മനഃസാക്ഷി (അതായത് യഥാർത്ഥത്തിൽ ഉള്ള നമ്മൾ)  അസ്വസ്ഥമാകുന്നു. മനഃസാക്ഷിയുടെ  ഈ അസ്വസ്ഥതകൾ സാംഖ്യ ദർശനം പറയുന്ന  പ്രകാരം 28 തരത്തിലുള്ള ക്ലേശങ്ങൾക്ക് കാരണമായി തീരുന്നു. അങ്ങിനെ  ഈ വ്യാജൻ്റെ പ്രവർത്തനം നമ്മളെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്.

ആദ്യത്തെ 11 തരം ക്ലേശങ്ങൾ നമ്മുടെ മനസ്സിനെയും, നമ്മുടെ അഞ്ച് തരത്തിലുള്ള പ്രവർത്തനളേയും (സംസാരം, ഗ്രഹണം, ചലനം , പ്രത്യുത്പാദനം, വിസർജ്ജനം) കൂടാതെ  നമ്മുടെ അഞ്ച് ഇന്ദ്രിയ ശക്തികളേയും(ശ്രവണം, സ്പർശനം, ദർശനം, രുചിക്കൽ, ഘ്രാണനം) ബാധിക്കുന്നവയാണ്. നമ്മുടെ വ്യാജൻ  മനഃസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ, നാം യഥാർത്ഥത്തിൽ നമ്മുടെ മനസ്സിൽ ഒരു കാർമ്മീക വിത്ത് പാകുകയാണ് ചെയ്യുന്നത്.  തൽഫലമായി, മനസ്സ് അസ്വസ്ഥവും വിഷാദഗ്രസ്തവും അശ്രദ്ധാ പൂർണ്ണവും  ആയിത്തീരുന്നു. തത്ഫലമായുണ്ടാകുന്ന മനസ്സിന് ആത്മവിശ്വാസമില്ലാതാകുകയും സ്വയം വിദ്വേഷത്തിൽ ആണ്ടു പോകുകയും ചെയ്യും. തുടന്ന്, നമ്മൾ സ്വയം ഭയചകിതർ ആകുകയും കൂടാതെ  ആ ഭയം മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ആത്മവഞ്ചനയുടെ തുടക്കമാണിത്. ഒരാളുടെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഒരാൾ സജീവമായി പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ മനസ്സ് ശിഥിലമാകുന്നത് ഇങ്ങനെയാണ്.

അടുത്ത 8 ക്ലേശങ്ങൾ മനുഷ്യർക്ക് മാത്രം ഉള്ള നമ്മുടെ പ്രത്യേക കഴിവുകളെ ബാധിക്കുന്നവയാണ്. ഊഹിക്കാനുള്ള കഴിവും ആത്മജ്ഞാനം വികസിപ്പിക്കാനുള്ള കഴിവും നശിക്കുന്നു.  നമ്മുടെ 

സംസാരിക്കുവാനുള്ള കഴിവും, മറ്റുള്ളവരുടെ  ശരീര ഭാഷയുടെ പിന്നിലെ ഉദ്ദേശ്യം മനസ്സിലാക്കാനുള്ള കഴിവും എല്ലാം നശിപ്പിക്കപ്പെടുന്നു. നമ്മുടെ  ആശയ വിനിമയത്തിനുള്ള കഴിവും,  പഠിക്കാനോ ചിന്തിക്കാനോ വ്യാഖ്യാനിക്കാനോ ഉള്ള കഴിവും തകരാറിലാകുന്നു. വേദനയും കഷ്ടപ്പാടും മറികടക്കാനുള്ള ആഗ്രഹവും കഴിവും അപ്രത്യക്ഷമാകും. മറ്റുള്ളവർക്ക് എന്തെങ്കിലും നൽകാനും നമുക്കുള്ളത് പങ്കിടാനുമുള്ള കഴിവും അതോടെ ഇല്ലാതാകും.  ഇതിൻ്റെ  എല്ലാം ഫലമായി  മറ്റുള്ളവരുമായി നല്ല സൗഹൃദം വളർത്തിയെടുക്കാനും നിലനിർത്താനുമുള്ള കഴിവ് നഷ്ടപ്പെടും. മറ്റുള്ളവരെ ബഹുമാനിക്കാനും അവരിലെ അവരുടെ അടിസ്ഥാന മൂല്യങ്ങളും നന്മയും തിരിച്ചറിയാനുമുള്ള കഴിവ് കൂടിയാണിത്. അതായത് മറ്റ് ജീവിതങ്ങളുമായി ബന്ധപ്പെടാനുള്ള കഴിവ് കൂടിഅങ്ങിനെ നഷ്ടപ്പെടുകയാണ്.

അവസാനത്തെ 9 തരം ക്ലേശങ്ങൾ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന  9 തരം “സംതൃപ്തി”യെ വിരോധമായി ബാധിക്കുന്നവയാണ്. ഇത് നമ്മുടെ സ്വഭാവത്തെയും അനുഭവങ്ങളേയും, വിധിയേയും എല്ലാം ബാധിക്കുന്നു. അങ്ങിനെ നമ്മൾ ഒന്നിനൊന്നു കഠിനമായ ഒരു ക്ലേശ ശരീരം ആയി മാറി, നമ്മൾ ആരെന്ന കാര്യം തന്നെ മറന്ന് പോകുന്നു. അതാണ് നമ്മുടെ ഇന്നത്തെ വ്യാജ സ്ഥിതി. ഈ അവസ്ഥയിൽ നിന്നും നമ്മൾ മടങ്ങി  പ്രജ്ഞാനത്തിലേക്ക് തിരികെ പോകണം. 

സോപ്പുകുമിളകൾ

 നമ്മൾ എല്ലാവരും ജീവിതത്തിൽ  എപ്പോഴെങ്കിലും ഒരിക്കൽ   സോപ്പു കുമിളകൾ  നിർമ്മിച്ച്  കളിച്ചിട്ടുണ്ടാകുമല്ലോ?   സോപ്പു കുമിളകൾ ഉണ്ടാകുന്നത് വിശാലമായ  അന്തരീക്ഷത്തിൻ്റെ തന്നെ ഒരംശം   സോപ്പ് ലായനിയുടെ ഒരു നേർത്ത പാളിയാൽ  ആവരണം ചെയ്യപ്പെട്ട ഒരു ഗോളം ആയി പരിമിതപ്പെട്ട് രൂപാന്തരം പ്രാപിക്കുമ്പോഴാണ്. കുമിളക്ക്  പുറത്തെ  അന്തരീക്ഷവും സോപ്പ് കുമിളക്കകത്തെ അന്തരീക്ഷവും ഒന്ന് തന്നെ ആണ്.

ആകെ ഉള്ള വ്യത്യാസം കുമിളക്കകത്തെ അന്തരീക്ഷം ഒരു താത്കാലികമായ ബാഹ്യാവരണത്താൽ പരിമിതപ്പെട്ടു നിൽക്കുന്നു എന്നത് മാത്രമാണ്. അങ്ങിനെ താത്കാലികമായി പരിമിതപ്പെട്ട അന്തരീക്ഷം തന്നെ ആണ് പുറത്തുള്ള അതേ അന്തരീക്ഷത്തിൻ്റെ മഹാ വിശാലതയിൽ ഒഴുകി നടക്കുന്നത് എന്നർത്ഥം , അതായത് സോപ്പു പാളികളാൽ ആവരണം ചെയ്യപ്പെട്ട് പരിമിതപ്പെട്ടു പോയ അന്തരീക്ഷം തന്നെ ആണ് കുമിളകൾ. കുമിളകൾ ഉടയുമ്പോൾ കുമിളക്കകത്തെ അന്തരീക്ഷവും പുറത്തെ അന്തരീക്ഷവും ഒന്നായി മാറുന്നു. രണ്ടും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.

ചില കുമിളകൾ വലുതായിരിക്കും. ചില കുമിളകൾ ചെറുതായിരിക്കും. കുമിള ചെറുതായാലും വലുതായാലും കുമിളക്കകത്ത് ഉള്ള അന്തരീക്ഷം ഒന്ന് തന്നെ – എന്നാൽ ചെറിയ കുമിളകളുടെ ആവരണങ്ങൾ കട്ടിയുള്ളതായിരിക്കും. വലിയ കുമിളകളുടെ ആവരണങ്ങൾ നേർത്തതായിരിക്കും. കുമിളകൾ വലുതാകുന്തോറും ആവരണങ്ങൾ നേർത്തു വരും. ചെറിയ കുമിളകൾ അവിടേയും ഇവിടേയും തട്ടി തെറിച്ചും തടഞ്ഞും ഒഴുകും. വലിയ കുമിളകൾ വളരെ സാവധാനത്തിൽ തെന്നി തെന്നി, എങ്ങും തടഞ്ഞ് നിൽക്കാതെ നീങ്ങിക്കൊണ്ടിരിക്കും. കുമിള വലുതാകുന്തോറും സോപ്പുപാളികൾ നേർത്തു നേർത്തു വരുകയും കുമിള പൊട്ടുന്ന നിമിഷം രണ്ടു വായുവും ഒന്നായി തീരുകയും, ഒരു കുഞ്ഞു തുള്ളി സോപ്പ് വെള്ളം നിലം പതിക്കുകയും ചെയ്യും.

നമ്മൾ ഓരോരുത്തരും ഇത്തരം കുമിളകൾ ആണ്.  അനന്തമായ അന്തരീക്ഷമാണ് അനന്തമായ “ജീവൻ” അഥവാ അനന്തമായ “പ്രജ്ഞാനം” എന്ന ഏകത്വം. സോപ്പുലായനിയുടെ ആവരണ പാളികളാൽ “പ്രജ്ഞാനം”  എന്ന  ഏകത്വത്തെ പല പല പ്രജ്ഞാന ത്തിൻ്റെ ബഹുവിധ കുമിളികളായി  പരിമിതപ്പെടുത്തി നിറുത്തുന്നത് “കർമ്മബന്ധനങ്ങൾ” ആണ്. കർമ്മ ബന്ധനങ്ങൾ എന്താണെന്ന് പുറകെ പറയുന്നുണ്ട്.  കുമിളകളിലെ  “ജീവൻ” (“പ്രജ്ഞാനം”) വികസിക്കുമ്പോൾ ആവരണത്തിൻ്റെ ഘനം കുറയുകയും, ക്രമേണ ആവരണം ഉടഞ്ഞു കുമിളക്കകത്തെ അന്തരീക്ഷവും പുറത്തെ അന്തരീക്ഷവും ഒന്നായി തീരുകയും ചെയ്യുന്നു. പ്രജ്ഞാനം വികസിപ്പിക്കുവാനും വലിയ വലിയ കുമിളകൾ ആകുവാനും ആണ് സർവ്വരും ശ്രമിക്കുന്നത് – അറിഞ്ഞോ അറിയാതെയോ.   

അത്തരം സോപ്പ് കുമിളകൾ ആണ് നമ്മൾ ഓരോരുത്തരും. താത്കാലികമായ ആവരണം ആണ് അന്നമയ-മനോന്മയ-പ്രമാണമയ ശരീരങ്ങൾ. ആ അവരണത്തിന് അകത്തും പുറത്തും ഉള്ളത് “ജീവൻ” അല്ലെങ്കിൽ “പ്രജ്ഞാനം” തന്നെ ആണ്. നമ്മൾ മാത്രമല്ല, ബാക്കി ഉള്ള സർവ്വരും, സർവ്വതും വിവിധങ്ങളായ ആവരണങ്ങൾ താത്കാലികമായി   എടുത്തണിഞ്ഞിരിക്കുന്ന  ജീവൻ്റെ (പ്രജ്ഞാനത്തിൻ്റെ) കുമിളകൾ ആണ്. ജീവൻ്റെ കുമിളകൾ ജീവൻ്റെ  തന്നെ മഹാസാഗരത്തിൽ ഒഴുകി നടക്കുന്നതാണ് നമ്മൾ കാണുന്ന ഈ പ്രപഞ്ചം.ഞാനും, നിങ്ങളും, കല്ലും, മണ്ണും, മലകളും, മാമരങ്ങളും, പുൽക്കൊടികളും, മൃഗങ്ങളും,  ഭൂമിയും, ചന്ദ്രനും, സൂര്യനും, സൗരയൂഥങ്ങളും, നക്ഷത്രങ്ങളും എല്ലാം തന്നെ പ്രജ്ഞാന സാഗരത്തിൽ ഇതേപോലെ തന്നെ ഒഴുകി നടക്കുന്ന പ്രജ്ഞാന കുമിളകൾ ആണ്. ഇതാണ് ജീവൻ്റെ  ഏറ്റവും വലിയ നേർചിത്രം!

കുമിളയുടെ  ഉദാഹരണത്തിൽ പ്രത്യേക ശ്രദ്ധ വേണ്ട ഒന്നാണ് ആവരണത്തിൻ്റെ ഘടന. കുമിളയുടെ ഉദാഹരണത്തിൽ ആവരണം അന്നമയ ശരീരം, മനോന്മയ ശരീരം, പ്രാണമയ ശരീരം എന്നീ മൂന്നു പദാർത്ഥങ്ങളുടെ അടുക്കുകൾ ആണ്. ഏറ്റവും പുറത്തുള്ള അന്നമയ  ശരീരം ഇല്ലാതെ ആയി ആവരണം അൽപ്പം ഒന്ന് നേർത്തുപോയാലും ബാക്കി ആവരണം ഭാഗികമായോ, പൂർണ്ണമായോ നിലനിൽക്കും –  അതുകൊണ്ട്  കുമിള ഉടയുകയില്ല. ഇക്കാര്യം ഓർത്തിരിക്കണം ഇനി അങ്ങോട്ടുള്ള ചർച്ചകളിൽ.  ഏറ്റവും ബാഹ്യമായ അന്നമയ ശരീരമാകുന്ന  ഒരു പാളി മാത്രം വീണു പോകുന്നതാണ്  നമ്മൾ “മരണം” ആയി കാണുന്നത്. കുമിളക്കകത്തു പെട്ടുപോയതുകൊണ്ടു മാത്രം  പരിമിതപ്പെട്ടതായെങ്കിലും   കുമിളക്ക് പുറത്തുള്ള അതേ  അന്തരീക്ഷം  തന്നെ ആണ് “കാരണശരീരം” എന്ന   “പ്രജ്ഞാനം”.  ഇതിനെ ആണ് “ആത്മാവ്” എന്ന് പറയുന്നത്. സത്യത്തിൽ ആത്മാവ് എന്നൊന്നില്ല.  മൂന്ന് സൃഷ്ടിക്കപ്പെട്ട ശരീരത്താൽ താത്കാലികമായി പരിമിതപ്പെട്ടു നിൽക്കുന്ന പ്രജ്ഞാനത്തെ  ആണ് “ആത്മാവ്” എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ “ആത്മാവ്”  എന്ന  വാക്ക് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ച് ഉപയോഗിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഇന്ന്.  അതുകൊണ്ട്, ആശയക്കുഴപ്പം ഒഴിവാക്കുവാൻ “ആത്മാവ്” എന്ന പദത്തിന് പകരം “ജീവൻ” എന്നോ “ജീവ പ്രജ്ഞാനം” എന്നോ ഉപയോഗിക്കുന്നതാണ് അഭികാമ്യം. അതുകൊണ്ടാണ് തുടർന്നുള്ള ചർച്ചകളിൽ “ആത്മാവ്” എന്ന പദം ഉപയോഗിക്കാതെ, “ജീവൻ” അല്ലെങ്കിൽ “ജീവ പ്രജ്ഞാനം” എന്ന് മാത്രം ഉപയോഗിക്കുന്നത്.  ആ “ജീവൻ” അല്ലെങ്കിൽ “ജീവ പ്രജ്ഞാനം” ആണ് യഥാർത്ഥത്തിൽ ഉള്ള നമ്മൾ ഓരോരുത്തരും. എന്നാൽ  നിർഭാഗ്യ വശാൽ, നമ്മൾ മൂന്ന് ശരീരങ്ങൾ സ്വീകരിച്ചു അതും മൂന്നും ഒരു പുതപ്പായി   പുതച്ചുകൊണ്ട് നിലകൊള്ളുന്നതിനാൽ നമ്മൾ ആരാണെന്ന് മറന്നു പോയി എന്ന് മാത്രം. നമ്മൾ ആ പുതപ്പാണെന്ന  തെറ്റിദ്ധാരണയിൽ ആണ്   ഏറ്റവും പുറമേ   ഉള്ള ഒരു പുതപ്പുമാത്രം മാറ്റുമ്പോൾ  നമ്മൾ മരിച്ചുപോയി എന്ന് തെറ്റിദ്ധരിക്കുന്നത്.!! 

കർമ്മബന്ധനങ്ങൾ

കുമിളകളുടെ  ഉദാഹരണത്തിൽ  പ്രജ്ഞാനത്തിന് ആവരണം ലഭിക്കുന്നത് കർമ്മ ബന്ധനം കൊണ്ടാണ് എന്നും, നമ്മൾ ഓരോരുത്തരും അങ്ങിനെ  കർമ്മം ആകുന്ന നൂലുകൾ കൊണ്ട്  നെയ്ത്  എടുത്ത  മനോന്മയ ശരീരവും അന്നമയ ശരീരവും ആവരണം ആയി ധരിച്ചുകൊണ്ടും,  ആ രണ്ടു ശരീരത്തേയും പ്രവർത്തോനോന്മുഖമാക്കി   നിലനിര്ത്തുന്നതിന്  പ്രാണമയശരീരം ആകുന്ന  ബാറ്ററി യിൽ നിന്നും പ്രാണ ഊർജത്തെ പ്രവഹിപ്പിക്കുന്ന   പ്രജ്ഞാനത്തിൻ്റെ  കുമിളകളാണെന്നും   പറഞ്ഞുവല്ലോ? നമ്മൾ ഇന്ന് ആരായിരിക്കുന്നു, എന്താണ് നമ്മുടെ ജീവിതാനുഭവും എന്നതെല്ലാം നമ്മുടെ  കാർമ്മിക  ആവരണത്തിൻ്റെ  സ്വഭാവം അനുസരിച്ചാണ് സംഭവിക്കുന്നത്. 

 “കർമ്മം” എന്ന വാക്കിന് ‘പ്രവൃത്തി’ എന്നാണ് അർത്ഥം എങ്കിലും ഇവിടുത്തെ  അർത്ഥം  ഒരു പ്രവൃത്തി  യുടെ ഫലമായി ഉണ്ടാകുന്ന ശേഷിപ്പുകൾ എന്നാണ്.  നമ്മൾ ചെയ്ത  ഒരു പ്രവൃത്തിയുടെ ശേഷിപ്പുകൾ  എന്താണോ  അതാണ്  “കർമ്മം”. ഒരു പ്രവൃത്തി  യുടെ ശേഷിപ്പുകൾ  ആ പ്രവൃത്തി  യെ കുറിച്ചുള്ള “ഓർമ്മകൾ”  ആണ്  – കംപ്യൂട്ടർ ഭാഷയിൽ  “മെമ്മറി”!  ഏതു പ്രവൃത്തിക്കും ഒരു  ഫലം ഉണ്ടാകും.  ആ ഫലം മനസ്സിൽ തട്ടുമ്പോൾ വികാരങ്ങൾ ഉണ്ടാകും. ഈ വികാരങ്ങൾ ആണ് “മെമ്മറി” അല്ലെങ്കിൽ “കർമ്മം” ആയി മാറുന്നത്. തീവ്രമായ വികാരങ്ങൾ തീവ്രമായ കർമ്മമായി ഭവിക്കുന്നു.  ചിലപ്പോൾ ഇത്തരം വികാരങ്ങൾ സന്തോഷ ദായകങ്ങൾ ആയിരിക്കും.  ചിലപ്പോൾ ദുഃഖ ദായികൾ  ആയിരിക്കും.  രണ്ടായാലും  അത് കർമ്മമാകും, മെമ്മറി ആകും, അത്  പ്രാണചലനത്തിലൂടെ മനോന്മയ ശരീരത്തിൽ ശേഖരിക്കപ്പെട്ടു സൂക്ഷിക്കപ്പെടും. ഒരു കമ്പ്യൂട്ടറിൽ ഡാറ്റാ  സേവ് ചെയ്യപ്പെടുന്നത് പോലെ ആണ് അതും. ഒരു പ്രവൃത്തിയുടെ ഫലം ഉയർത്തുന്ന വികാരങ്ങൾ കൂടുതൽ തീവ്രം ആണെങ്കിൽ  അതിൻ്റെ  മെമ്മറി (കർമ്മം) കൂടുതൽ രൂഢമൂലമായിരിക്കും.  അങ്ങിനെ കർമ്മമാകുന്ന   ചെപ്പിലടച്ച “ജീവൻ” അല്ലെങ്കിൽ  “പ്രജ്ഞാനം” ആണ് നമ്മൾ ഓരോരുത്തരും. ഓരോ കർമ്മവും ഓരോ കമ്പ്യൂട്ടർ ഫയലിന്  സമം ആണ്. ആ ഫയലുകൾ സമയമാകുമ്പോൾ സ്വയം തുറന്ന് പ്രവൃത്തി  ക്കും. അങ്ങിനെയാണ് ജീവിതത്തിൽ അനുഭവങ്ങൾ ഉണ്ടാകുന്നത്. അത്തരം അനുഭവങ്ങൾ നമ്മുടെ കുറ്റവും കുറവും ഒന്നും അല്ലെങ്കിലും, ആ അനുഭവങ്ങൾക്കുള്ള ഉത്തരാവാദികൾ നമ്മൾമാത്രമാണ് യോഗശാസ്ത്ര പ്രകാരം. നമുക്ക് വേണ്ടി മാത്രം തയ്പ്പിച്ചുതന്ന ഉടുപ്പുകൾ ആണ് നമ്മുടെ അനുഭവങ്ങൾ. നമുക്ക് വേണ്ടി തയ്യാറാക്കി തന്ന ജീവിത പാഠങ്ങൾ ആണ് അവ. 

ഒരിക്കൽ ഒരു കർമ്മം (മെമ്മറി ഫയൽ) രൂപീകൃതമായാൽ  അത് നീക്ക ചെയ്യണമെങ്കിൽ ആ പ്രവൃത്തി   വീണ്ടും ഒരിക്കൽ കൂടി ആവർത്തിക്കണം –  കമ്പ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ ആ ഫയൽ വീണ്ടും ‘ആക്ടിവേറ്റ്” ചെയ്യണം, പ്രയോഗത്തിൽ കൊണ്ടുവരണം. അപ്പോൾ ഒരു ഫലം വീണ്ടും കൈവരും; ആ സമയത്ത് ഒരു വികാരവും ഉണ്ടാവാതെ ബോധപൂർവ്വം ആ പ്രവൃത്തി  യുടെ ഫലം കൈകാര്യം ചെയ്‌താൽ ആ മെമ്മറി നീക്കം ചെയ്യപ്പെടും. നേരെ മറിച്ചു ആവർത്തിക്കപ്പെട്ട ആ പ്രവൃത്തി  യുടെ ഫലം വീണ്ടും വികാര വിക്ഷോഭത്തോടെ കൈകാര്യം  ചെയ്‌താൽ ആ മെമ്മറി കൂടുതൽ രൂഢമൂലമാകും. ഓരോ പ്രവൃത്തിയും ബോധപൂർവ്വം മനസ്സിരുത്തി വികാര വിക്ഷോഭങ്ങൾ ഇല്ലാതെ കൈകാര്യം ചെയ്‌താൽ മാത്രമേ ആ കർമ്മം തുടച്ചു മാറ്റൽ  സാദ്ധ്യമാകൂ. അതായത് ബോധ വികസനത്തിലൂടെ മാത്രമേ കർമ്മം ഇല്ലാതാക്കുവാൻകഴിയൂ എന്നർത്ഥം. അബോധതയിലൂടെ ജീവിതം നയിച്ചാൽ കൂടുതൽ കൂടുതൽ കർമ്മം സമ്പാദിച്ചു ആവരണത്തിൻ്റെ  ഘനം വർദ്ധിച്ചു വർദ്ധിച്ചു വന്നു കൊണ്ടേ ഇരിക്കും. അങ്ങിനെ നോക്കുമ്പോൾ ജീവിതത്തിലെ ഓരോ അനുഭവവും, നമ്മൾ ബോധപൂർവ്വം ജീവിച്ചാൽ, കർമ്മം  തുടച്ചു നീക്കുവാൻ ഉള്ള അവസരങ്ങൾ ആണ് എന്ന് ബോദ്ധ്യപ്പെടും. അതാണ് പ്രജ്ഞാനം വികസിപ്പിച്ചുകൊണ്ടുള്ള ജീവിതം വേണം എന്ന് പറയുവാൻ കാരണം. അതായത് നമ്മുടെ കുമിളകൾ വലുതായി വലുതായി വരണം. അപ്പോൾ നമ്മുടെ ആവരണം കൂടുതൽ നേർത്തതായി വരുകയും, എന്നെങ്കിലും ഒരു ദിവസം അത് നേർത്തു നേർത്തു വന്നു ഉടഞ്ഞുപോകുകയും ചെയ്യും. 

ഇപ്പറഞ്ഞതാണ് ജീവിതത്തിൻ്റെ കാതലായ ഘടനയും  ‘മെക്കാനിസവും”. അബോധ പൂർവ്വം ജീവിക്കുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ പ്രജ്ഞാനം ആണ് എന്ന് മനസിലാക്കാതെ നമ്മൾ ശരീരം ആണ്, മനസ്സാണ് എന്നൊക്കെ തെറ്റി ധരിച്ചുകൊണ്ട് അതുമായി താദാത്മ്യം പ്രാപിച്ചു ജീവിക്കുന്നു. അതിൻ്റെ ഫലമായി ഓരോ മെമ്മറി ഫയലും  അനുഭവങ്ങൾ ആയി മാറുമ്പോൾ , ആ അനുഭവങ്ങളുടെ ഫലങ്ങളെ  ബോധപൂർവ്വം വികാര വിക്ഷോഭങ്ങൾ ഇല്ലാതെ കൈകാര്യം ചെയ്യുവാൻ കഴിയാതെ വരുമ്പോൾ  കൂടുതൽ മെമ്മറി ഫയലുകൾ സമ്പാദിച്ച് ജീവിതം ക്ലേശകരമാക്കി മാറ്റുന്നു. മെമ്മറി ഫയലുകൾ ബോധപൂർവ്വം ജീവിച്ചുകൊണ്ട് കുറച്ചു കുറച്ചു കൊണ്ടുവരുന്നതിന് പകരം, അബോധപൂർവ്വം ജീവിച്ചുകൊണ്ട് തനിയാവർത്തനത്തിലൂടെ മെമ്മറി ഫയലുകൾ കൂട്ടി കൂട്ടി വരുകയാണ് ചെയ്യുന്നത്. 

അങ്ങിനെ   കർമ്മത്തിൻ്റെ  ബ്രഹുത്തായ ഒരു പാണ്ടികശാല നിറച്ചുള്ള ശേഖരം  നമുക്ക് ഓരോരുത്തർക്കും ഉണ്ട്. ആ ശേഖരത്തെ ആണ് “സഞ്ചിത കർമ്മം” എന്ന് പറയുന്നത്. അതിൽ നിന്നും  നമുക്ക് ഒരു ജന്മത്തിൽ കൈകാര്യം ചെയ്യുവാൻ പറ്റുന്ന അത്ര കർമ്മങ്ങൾ മാത്രം, അത്  ബോധപൂർവ്വം അനുഭവിച്ചു തീർത്ത് ശേഖരത്തിൽ നിന്നും മാറ്റി കളയുവാൻ വേണ്ടി  അനുവദിച്ചു ലഭിക്കുന്നതാണ് ഒരു ജന്മത്തിലെ ജീവിതാനുഭവങ്ങൾ. അതിനെ “പ്രാരാബ്ധ കർമ്മം” എന്ന് വിളിക്കുന്നു. എല്ലാ അനുഭവങ്ങളും കർമ്മ ബന്ധിതമാണ്. അതുകൊണ്ട് തന്നെ അത് നമ്മുടെ ഉത്തരവാദിത്തമാണ്.  നമ്മുടെ ഒരു പോരായ്മ ആയി അതിനെ കണക്കാക്കേണ്ടതില്ല.   പ്രാരാബ്ധ കർമ്മങ്ങൾ നമ്മൾ അനുഭവിച്ചേ മതിയാകൂ. ആ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ, ഈ ഘടനയും മെക്കാനിസവും മനസ്സിലാകാതെ  അബോധപൂർവ്വം അവയെ കൈകാര്യം ചെയ്ത  കൂടുതൽ കർമ്മങ്ങൾ സമ്പാദിച്ചു കൂട്ടാതെ, ഈ ഘടനയും മെക്കാനിസവും മനസ്സിലാക്കി  ബോധപൂർവ്വം ജീവിക്കണം – അതാണ് ജീവിതം നൽകുന്ന വെല്ലുവിളി. എത്രമാത്രം പ്രാരാബ്ധ കർമ്മങ്ങൾ ബാക്കി നിറുത്തിയിട്ടാണ്   അന്നമയ ശരീരം ഉപേക്ഷിക്കപ്പെടുന്നത്  എന്നതനുസരിച്ചാണ്  “മരണാനന്തരം” നമ്മൾ എന്തായി മാറുന്നു എന്ന കാര്യം സംഭവിക്കുന്നത്.

ഒരിക്കൽ അന്നമയ ശരീരം ഉപേക്ഷിക്കപ്പെടുമ്പോൾ, ആ ശരീരത്തിൻ്റെ ഉടമയായ “ജീവന്”  മരണണാനന്തരം നിരവധി സാദ്ധ്യതകൾ പിന്നേയും  നിലനിൽക്കുവാൻ ഇടയുണ്ട്. ഏതു നിലയിലാണ് തൻ്റെ അന്നമയ ശരീരം ഉപേക്ഷിച്ചത് എന്നതിനെ ആശ്രയിച്ചിരിക്കും നിരവധി സാദ്ധ്യതകളിൽ ഏതായിരിക്കും ലഭ്യമാകുക എന്നത്. പ്രാരാബ്ധ കർമ്മങ്ങളും സഞ്ചിത കർമ്മങ്ങളും ബാക്കി നിറുത്തിക്കൊണ്ടാണ് അന്നമയ ശരീരം ഉപേക്ഷിക്കുന്നത് എങ്കിൽ, അവ രണ്ടും തീർത്തും മാറ്റി തുടച്ചു നീക്കം ചെയ്യുവാൻ വീണ്ടും വീണ്ടും പുതിയ അന്നമയ ശരീരം ലഭിച്ചുകൊണ്ടേ ഇരിക്കും. അതല്ല പ്രാരാബ്ധ കർമ്മങ്ങളും സഞ്ചിത കർമ്മങ്ങളും പൂർണ്ണമായും തുടച്ചു നീക്കി ഉദ്ദേശിക്കപ്പെട്ട രീതിയിൽ തന്നെയാണ്  അന്നമയ ശരീരം  ഉപേക്ഷിച്ചതെങ്കിൽ വീണ്ടും ഒരിക്കൽ അന്നമയ ശരീരം ലഭിച്ചു പ്രവൃത്തി  ക്കേണ്ടി വരുകയില്ല. പകരം അത്തരം ഒരു ശരീരം ആവശ്യം ഇല്ലാത്ത പരിണാമത്തിൻ്റെ  മറ്റൊരു ഉയർന്ന മണ്ഡലത്തിലേക്ക് ജീവിതം ഉയർത്തപ്പെടും. അതേപ്പറ്റി അടുത്ത ഭാഗത്തിൽ വിശദമാക്കാം. 


ഭാഗം – 2 
മരണാനന്തര പ്രതിഭാസങ്ങൾ 

ഹാർഡ് വെയറും സോഫ്റ്റ് വെയറും

അന്നമയ ശരീരം ഒരു കമ്പ്യൂട്ടർ വർക്ക് സ്റ്റേഷൻ പോലെ ആണ് എന്ന് പറഞ്ഞുവല്ലോ. അത് പ്രവൃത്തി പ്പിക്കുവാൻ എനർജിയും (വൈദ്യുതിക്ക് സമം) ഡാറ്റയും (സോഫ്റ്റ്‌വെയറിനു സമം) വേണം എന്ന് നമ്മൾ കണ്ടു. ഏതെങ്കിലും കാരണവശാൽ കമ്പ്യൂട്ടറിൻ്റെ ഹാർഡ്‌വെയർ നശിച്ചുപോയാൽ, (കാലപ്പഴപ്പം കൊണ്ടോ, ഹാർഡ്‌വേറിന് ഏൽക്കുന്ന ക്ഷതം കൊണ്ടോ ) വേറെ ഒരു പുതിയ ഹാർഡ്‌വെയറിലേക്ക് ആ ഡാറ്റകൾ മാറ്റം ചെയ്തു പ്രവർത്തനം തുടരാം. അതുപോലെ തന്നെ അന്നമയ ശരീരം കാലഹരണപ്പെട്ടാൽ അതിൽ അതിൽ ഉപയോഗിച്ചിരുന്ന സോഫ്റ്റ് വെയറും മറ്റു ഡാറ്റകളും പുതിയ ഒരു അന്നമയ കോശത്തിലേക്ക് മാറ്റം ചെയ്തു പ്രവർത്തനം അഭംഗുരം തുടരാം. അത്രമാത്രമേ നമ്മൾ അന്നമയ ശരീരത്തിൻ്റെ മരണത്തിലൂടെ സംഭവിക്കുന്നുള്ളൂ. പുതിയ ഒരു അന്നമയ ശരീരം സൃഷ്ടിച്ച് എടുക്കുവാൻ പലകാരണങ്ങൾ കൊണ്ട് പല രീതിയിലുള്ള കാല വിളംബങ്ങൾ വന്നേക്കാം എന്ന് മാത്രം.

അന്നമയകോശം പ്രവൃത്തി ക്കുന്ന രീതി ഇനി അല്പം കൂടി വിശദമായി മനസ്സിലാക്കുവാൻ ശ്രമിക്കാം. കമ്പ്യൂട്ടർ പ്രവൃത്തി പ്പിക്കുവാൻ ഇലക്ട്രിസിറ്റിയും സോഫ്റ്റ് വെയറും ആവശ്യമുള്ളത് പോലെ, അന്നമയ കോശത്തിൻ്റെ പ്രവർത്തനത്തിനും ഇവ രണ്ടും ആവശ്യമാണ്. ഈ ആവശ്യത്തിലേക്കായി, ഒരു മൂലധനം എന്നപോലെ പോലെ, ചില ഉപാധികളോടെ മൂന്ന് തരത്തിലുള്ള മൂലധനങ്ങൾ ജനിക്കുമ്പോൾ തന്നെ നമുക്ക് ലഭിക്കുന്നുണ്ട്. അത് എന്താണെന്ന് നോക്കാം.

ജന്മനാ ശരീരത്തിന് ലഭിച്ച മൂന്ന് മൂലധങ്ങൾ

നമ്മൾ ഓരോരുത്തരും ഭൂമിയിൽ ജനിക്കുന്നത് കാലം, ഓർമ്മ, ഊർജ്ജം എന്നീ മൂന്ന് വസ്തുതകളുടെ കൃത്യമായി അളന്ന് അനുവദിച്ചു കിട്ടുന്ന മൂലധനവും ആയിട്ടാണ്. ഇംഗ്ലീഷിൽ “ടൈം”, “മെമ്മറി”, “എനർജി” എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും.

കാലം

എത്രകാലത്തേക്ക് ഓരോ അന്നമയ കോശവും ഭൂമിയിൽ നിലനിൽക്കണം എന്ന കൃത്യമായ ഒരു കാലയളവ് നമുക്ക് ഓരോരുത്തർക്കും ജനനത്തിലേ നല്കപ്പെടുന്നുണ്ട്. ഇതിൽ തന്നിരിക്കുന്ന ‘കാല’ത്തിൻ്റെ അളവ് വർദ്ധിപ്പിക്കുവാൻ നമുക്ക് കഴിയില്ല എന്നതാണ് ഒരു ഉപാധി. അന്നമയ കോശം നിലനിൽക്കുന്ന ഏറ്റവും കൂടിയ കാലയളവ് നിശ്ചിതമാണ്, ക്ലിപ്തമാണ്. അതിൻ്റെ നിയന്ത്രണം നമ്മുടെ കൈയിൽ അല്ല. കാലം ആണ് നമുക്ക് ലഭിക്കുന്ന ഒന്നാമത്തെ മൂലധനം. നമ്മൾ എങ്ങിനെ ജീവിക്കുന്നു എന്നത് അനുസരിച്ച് അനുവദിച്ചു കിട്ടിയ കാലം മുഴുവനും അന്നമയ ശരീരം നിലനിൽക്കുവാനോ, നില നിൽക്കാതിരിക്കുവാനോ ഉള്ള സാദ്ധ്യത ഉണ്ട്. തെറ്റായ ജീവിത രീതി, തീവ്രമായ ജീവിത രീതി, ആത്മഹത്യ, വധിക്കപ്പെടൽ, സ്വയം വരുത്തി വച്ച രോഗങ്ങൾ തുടങ്ങിയവ എല്ലാം കൃത്യമായി അളന്നു ലഭിച്ച ആ കാലത്തെ കുറക്കുന്നവയാണ്. അങ്ങിനെ തെറ്റായ ജീവിത രീതികൾ കൊണ്ട് തന്നിരിക്കുന്ന കാലത്തെ കുറക്കുവാനോ, അല്ലെങ്കിൽ, ശരിയായ ജീവിത രീതികൾ കൊണ്ട് തന്നിരിക്കുന്ന കാലം മുഴുവനും ഉപയോഗിക്കുവാനോ മാത്രമേ നമുക്ക് കഴിയൂ. ഇത് മനസ്സിലാക്കുവാൻ സമാനതാ തത്വം അനുസരിച്ചുള്ള ഒരു ഉദാഹരണം എടുക്കാം. നമ്മൾ യൂണിവേഴ്സിറ്റിയിൽ ഒരു കോഴ്സിന് ചേരുകയാണ് എന്ന് സങ്കൽപ്പിക്കുക – കോഴ്സ് കാലം നിശ്ചിതമാണ് – അത് കൂട്ടുവാൻ കഴിയില്ല. എന്നാൽ തെറ്റായ രീതിയിൽ ആ പഠന കാലം ഉപയോഗിച്ചാൽ “ഡ്രോപ്പ് ഔട്ട്” ആകാം. ശരിയായ രീതിയിൽ കോഴ്സ് കാലയളവ് പൂർണ്ണമായി ഉപയോഗിച്ചാൽ വിജയശ്രീലാളിതരായി കോഴ്സ് പൂർത്തീകരിച്ചു പുറത്തു വരാം. അതുപോലെ തന്നെ ആണ് ഇതും. ഓരോ ജീവിതാനുഭവവും കാർമിക് കാരണങ്ങളാൽ എഴുതപ്പെട്ട തികച്ചും വ്യക്തിഗതമായ സിലബസ്സ് ആണ്. അത് മറ്റുള്ളവരുടെ പാഠങ്ങളുമായി താരതമ്യം ചെയ്യരുത്. അവർക്ക് അവരുടെ വ്യക്തിഗത പാഠങ്ങൾ; നമുക്ക് നമ്മുടേതും. അത്ര അതുല്യമായി രൂപകൽപ്പന ചെയ്യപ്പെട്ടതാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതം.

ഓർമ്മകൾ

ഇനി രണ്ടാമത്തെ മൂലധനം എന്താണെന്ന് നോക്കാം. സമയത്തിൻ്റെ കാര്യത്തിൽ എന്നപോലെ തന്നെ നമ്മൾ ഓരോരുത്തരും ജനിക്കുന്നതുതന്നെ “ഓർമ്മ”കളുടെ ഒരു നിശ്ചിത അളവിൽ ഉള്ള ഒരു ഭാണ്ഡവുമായിട്ടാണ്. “ഓർമ്മ” എന്ന് പറയുന്നത് വിവര സാങ്കേതിക വിദ്യയിൽ പ്രതിപാദിക്കുന്നതിന് സമാനമായ “ഡാറ്റ”, അല്ലെങ്കിൽ “മെമ്മറി” അല്ലെങ്കിൽ “ഇൻഫോർമേഷൻ” ആണ് – അല്ലാതെ നമ്മൾ ഓർത്തെടുക്കുന്ന കാര്യങ്ങൾ അല്ല ഇവിടെ “ഓർമ്മ” എന്ന വാക്കുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.. പ്രധാനമായി യോഗശാസ്ത്രത്തിൽ എട്ടു തരത്തിലുള്ള മെമ്മറികളെ കുറിച്ച് പറയുന്നുണ്ട്. ഈ ‘മെമ്മറികൾ’ എല്ലാം പരസ്പരം ഇഴ ചേർന്ന് തയ്യാറാക്കിയ ഒരു ബ്ലൂ പ്രിൻ്റ് ആണ് നമ്മുടെ ഓരോരുത്തരുടേയും ഭൂമിയിലുള്ള ജീവിതം, ജീവിതത്തിലെ അനുഭവങ്ങൾ, സാഹചര്യങ്ങൾ എന്നിവയൊക്കെ – നമുക്കോരോരുത്തർക്കും ജനനത്തോടെ ലഭിക്കുന്ന ഈ മെമ്മറികളുടെ ശേഖരത്തെ ഒറ്റവാക്കിൽ “കർമ്മം ” എന്ന് പറയും. ഈ .’കർമ്മം’ അനുസരിച്ചാണ് ഓരോ വ്യക്തിയുടേയും ശരീര ഘടന, ജനനം, പ്രവർത്തനം, മരണ സാഹചര്യം തുടങ്ങിയ കാര്യങ്ങളുടെ വിശദമായ കാർമിക്ക് ബ്ലൂ പ്രിൻ്റ് തയ്യാറാവുന്നത്. ഇതിൽ മനുഷ്യകുലത്തിൻ്റെ മൊത്തം പരിണാമത്തിൻ്റെയും , ഓരോ വ്യക്തിയും ജീവിക്കുന്ന അതാത് സമൂഹത്തിൻ്റെ കൂട്ടായ പരിണാമത്തിൻ്റെയും ഒക്കെ മെമ്മറികൾ ഉണ്ടാകും. കൂടാതെ ശരീരത്തിൻ്റെ ഓരോ കോശങ്ങളുടേയും, ആ കോശങ്ങളുടെ നിർമ്മാണ ശിലകൾ ആയ ഓരോ മൂലകങ്ങളുടെ നിർമ്മാണ രീതി, അവ ചേർന്ന് കോശങ്ങളും, കോശ സമൂഹങ്ങളും, ശരീര ഭാഗങ്ങളും ഉണ്ടാകുന്ന രീതികൾ, ആഹാരം ദഹിക്കുന്ന രീതി, അവ ആഗിരണം ചെയ്യപ്പെടുന്ന രീതി എന്ന് വേണ്ട , ആ വ്യക്തി ഇതിന് മുൻപ് ജീവിച്ചിരുന്ന സമയത്ത് അനുഭവിച്ച തീവ്രമായ വികാര വിക്ഷോഭങ്ങൾ, സ്വീകരിച്ച ദൈന്യം ദിന പ്രതി പ്രവത്തന രീതികൾ, പ്രവണതകൾ, ചായ്‌വുകൾ, തുടങ്ങി വ്യക്തിപരമായ സർവ്വ വിവരങ്ങളും ഈ ഡാറ്റ സ്റ്റോറേജിൽ ഉണ്ടായിരിക്കും. ഈ മെമ്മറികൾ എല്ലാം പരസ്പരം ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. കോടാനുകോടി മനുഷ്യർക്കിടയിൽ ഉള്ള ഭീമമായ വൈവിദ്ധ്യത്തിന് കാരണം ഈ കാർമിക് ബ്ലൂ പ്രിൻറ്റുകൾ ആണ്. ഓരോ ജനനത്തിലും ഒരു വ്യക്തിക്ക് ആ ജന്മത്തിൽ കൈകാര്യം ചെയ്യുവാൻ കഴിയുന്ന അത്ര കാർമിക് ഡാറ്റകൾ മാത്രമാണ് നൽകപ്പെടുന്നത്. അങ്ങനെ ഏൽപ്പിച്ചു നൽകപ്പെട്ടിരിക്കുന്ന കാർമ്മിക് ഉത്തരവാദിത്തങ്ങൾക്കാണ് “പ്രാരാബ്ധ” കർമ്മം എന്ന് പറയുന്നത് എന്ന് നമ്മൾ കണ്ടു. ആ വ്യക്തിയുടെ ജീവിതാനുഭവങ്ങൾ അപ്രകാരം ഏൽപ്പിച്ചു ലഭിച്ച പ്രാരാബ്ധ കർമ്മ കർമ്മം അനുസരിച്ചായിരിക്കും. ആ കർമ്മ ബന്ധനങ്ങൾ ഒരു ജീവിതത്തിൽ അനുഭവിക്കുമ്പോൾ, അതിൻ്റെ പരിണത ഫലമായി ഉണ്ടാകുന്ന മാനസിക വിക്ഷോഭങ്ങൾ കൂടുതൽ കർമ്മബന്ധനങ്ങളുടെ ഡാറ്റകൽ എഴുതി ചേർക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ സംഭവിച്ച് പുതിയ ഡാറ്റകൾ ശേഖരിക്കാതെ, ലഭിച്ചുകിട്ടിയ അനുഭവങ്ങൾ വികാരവിക്ഷോഭങ്ങൾ ഇല്ലാതെ സമചിത്തതയോടെ കൈകാര്യം ചെയ്യുക എന്നതാണ് ഒരു വ്യക്തിയുടെ ഓരോ ജന്മത്തിലേയും കർത്തവ്യം. ഒരു ജന്മത്തിൽ (ഒരു അന്നമയ ശരീരത്തിൽ) നില്കുകമ്പോൾ കൈകാര്യം ചെയ്യുവാൻ കഴിയുന്ന ഡാറ്റാ മാത്രമേ നൽകപ്പെടുകയുള്ളൂ എന്ന് പറഞ്ഞുവല്ലോ. ഇനിയും നല്കപ്പെടാതെ ഡാറ്റ സ്റ്റോറേജിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന കാർമ്മിക് ഡാറ്റകൾ വേറേ ഉണ്ട്. അതാണ് “സഞ്ചിത കർമ്മം” എന്ന് പറയുന്നത് എന്ന് നമ്മൾ കണ്ടു കഴിഞ്ഞു. നേരത്തെ പറഞ്ഞ യൂണിവേഴ്സിറ്റി കോഴ്സ് എന്ന ഉദാഹരണത്തിൽ പ്രാരാബ്ധ കർമ്മം എന്നത് കോഴ്സ് സിലബസ്സിന് തുല്യമാണ്. “സഞ്ചിത കർമ്മം” പഠനം പൂർത്തിയാക്കുവാൻ ആവശ്യമായ അടുത്ത കോഴ്‌സുകൾ ആണ്.

ഊർജ്ജം – പ്രാണൻ

ഒരു കമ്പ്യൂട്ടർ പ്രവൃത്തി പ്പിക്കണം എങ്കിൽ എനർജി (ഇലക്ട്രിസിറ്റി) ആവശ്യമുള്ളത് പോലെ, അന്നമയ കോശം പ്രവൃത്തി പ്പിക്കണം എങ്കിലും എനർജി ആവശ്യമുണ്ട്. അതാണ് നമുക്ക് നൽകപ്പെട്ടിരിക്കുന്ന മൂന്നാമത്തെ മൂലധനം – ഊർജ്ജം. ആ ഊജ്ജമാണ് “പ്രാണൻ” എന്ന ജീവശക്തി . എക്കാലത്തേയും സ്പിരിച്വൽ ക്‌ളാസ്സിക് ആയ “ആട്ടോബിയോഗ്രഫി ഓഫ് എ യോഗി” എന്ന വിശ്വ വിഖ്യാതമായ ഗ്രന്ഥത്തിൽ “പ്രാണൻ” എന്ന ഊർജ്ജത്തെ “ലൈഫ് ട്രോൺ” എന്നാണു പരമഹംസ യോഗാനന്ദ വിശേഷിപ്പിച്ചത്. . അന്നമയ ശരീരത്തിൻ്റെ സർവ്വ പ്രവർത്തങ്ങളും, സർവ ചലനങ്ങളും അതുപോലെ തന്നെ മനോന്മയ ശരീരത്തിൻ്റെ സർവ്വ പ്രവർത്തനങ്ങളും , സർവ്വ ചിന്തകളും, മനസ്സിൽ നടക്കുന്ന സർവ്വ വികാരങ്ങളുടെ ഉദയാസ്തമനങ്ങളും എല്ലാ സംഭവിക്കുന്നത് പ്രാണൻ്റെ പ്രവർത്തനം മൂലമാണ്. ഈ പ്രാണൻ പ്രവഹിക്കുന്നത് ശരീരമാസകലം പടർന്ന് കിടക്കുന്ന നാഡികളിലൂടെ ആണ് എന്ന് നമ്മൾ കണ്ടു. പ്രമാണമായ കോശത്തിലെ നാഡികൾ അന്നമയ കോശത്തിലെ “നെർവു”കൾക്ക് തത്തുല്യമാണ്. ഈ പ്രാണനിൽ ‘ഡാറ്റാ” അന്തർലീനമായിട്ടുണ്ട് അന്നമയ ശരീരത്തിൻ്റെയും മനോന്മയ ശരീരത്തിൻ്റെയും വിവിധങ്ങളായ സർവ്വ പ്രവർത്തനങ്ങൾക്കും ആവശ്യമായ നിശ്ചിത അളവിലുള്ള പ്രാണൻ .ആദ്യമേ തന്നെ അളന്ന് ലഭിച്ചിട്ടുണ്ട് നമുക്ക്. ജീവശക്തിയുടെ നിശ്ചിത അളവിലുള്ള ആ സംഭരണിയിൽ അളവ് കുറഞ്ഞു വരുന്നതുകൊണ്ടാണ് വാർദ്ധക്യത്തിൽ ശരീര പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നത്. അതുപോലെ ഓരോ പ്രവൃത്തി കൾക്കും ഇത്ര ഇത്ര അളവ് ഊർജ്ജം എന്ന് നിശ്ചയിച്ച് നീക്കി വച്ചിട്ടുണ്ട്. കർമ്മബന്ധനങ്ങൾ അഴിക്കുവാൻ ആണ് ഏറ്റവും കൂടുതൽ ഊർജ്ജം നൽകിയിരിക്കുന്നത്. അതുകൊണ്ടാണ് കർമ്മ ബന്ധിതമായ പല വൃർത്തികളും ശക്തമായ വാസനകൾ ആയി നിന്ന്കൊണ്ട് അത്തരം പ്രവൃത്തി കൾ ചെയ്യുവാൻ നമ്മൾ അറിയാതെ തന്നെ നമ്മൾ നിർബന്ധിതരാവുന്നതും. അതുകൊണ്ടാണ് ആർക്കും വെറുതെ ഇരിക്കുവാൻ ഒരിക്കലും കഴിയാത്തതും. ഒന്നും ചെയ്യാതെ ഒരു അഞ്ചു മിനിറ്റു പോലും അനങ്ങാതെ ഇരിക്കുവാൻ കഴിയുമോ എന്ന് ഒന്ന് ശ്രമിച്ചു നോക്കൂ. ഇതാണ് അന്നമയ ശരീര സമേതരായി നിൽക്കുന്ന മനുഷ്യൻ്റെ പൂർണ്ണ ചിത്രം.

എന്താണ് പ്രേതം?

ദൃഷിഗോചരമായ അന്നമയ ശരീരമില്ലാത്ത ഒരു മനുഷ്യൻ തന്നെ ആണ് “പ്രേതം”. അത് തിരിച്ചു പറഞ്ഞാലും ശരിയാണ്. ദൃഷ്ടി ഗോചരമായ അന്നമയ ശരീരമുള്ള പ്രേതമാണ് മനുഷ്യൻ. നമ്മുടെ ജീവിതം എങ്ങനെ നമ്മൾ ജീവിക്കുന്നു എന്നതിന്നെ ആശ്രയിച്ചിരിക്കും എത്രത്തോളം മെമ്മറിയും (പ്രാരാബ്ധ കർമ്മം) ഊജ്ജവും (പ്രാണൻ) നമ്മൾ പുതിയതായി ശേഖരിക്കുന്നു അല്ലെങ്കിൽ ഉപയോഗിച്ച് തീർക്കുന്നു അല്ലെങ്കിൽ വ്യയം ചെയ്ത് നഷ്ടപ്പെടുത്തുന്നു എന്ന വസ്തുത. കൃത്യമായ ശ്രദ്ധയോടേയും ഒരു പ്രത്യേക നിലവാരത്തിലുള്ള അവബോധത്തോടേയും ജീവിതത്തിൽ അനുദിനം ഏർപ്പെട്ടാൽ ലഭിച്ചു കിട്ടിയ പ്രാരാബ്ധ കർമ്മം മുഴുവനായും, അനുവദിച്ചു കിട്ടിയ ഊർജ്ജവും സമയവും തീരുന്നതിനു മുൻപ് തന്നെ, ചെയ്തവസാനിപ്പിക്കുവാൻ കഴിയും. അങ്ങിനെ വരുമ്പോൾ, സഞ്ചിത കർമ്മത്തിൻ്റെ കലവറകൾ തുറന്ന് പുതിയ കർമ്മം സ്വയം പുറത്ത് എടുത്ത് പ്രവൃത്തി ച്ചു തുടങ്ങുവാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ, ഇനി പറയുവാൻ പോകുന്ന രണ്ടു കാര്യങ്ങളിൽ ഒന്ന് സംഭവിക്കാം. അതായത് സമയവും ഊർജ്ജവും ബാക്കി നിൽക്കുന്നുണ്ട്. പക്ഷേ,പ്രവൃത്തി ക്കുവാൻ ആ വശ്യമുള്ള മെമ്മറി (പ്രാരാബ്ധ കർമ്മം) ഇല്ല, എന്ന നിലയാണ് അത്. ലഭിച്ച സിലബസ് സമയത്തിന് മുൻപ് പഠിച്ചു തീർന്ന വിദ്യാർത്ഥിക്ക് സമമാണ് ഈ അവസ്ഥ. ഒന്നും ചെയ്യുവാനില്ലാതെ വെറുതെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. പക്ഷേ പ്രവൃത്തി ക്കുവാൻ ഉള്ള ഊർജ്ജവും പ്രവൃത്തി ക്കുവാൻ തന്ന സമയവും ബാക്കി നിൽക്കുന്നുണ്ട്. അപ്പോൾ താഴെ പറയുന്ന രണ്ടു കാര്യങ്ങളിൽ ഒന്ന് സംഭവിക്കും.

ആവശ്യമായ മെമ്മറി ഇല്ലാത്തതുകൊണ്ട് ശരീര പ്രവർത്തനങ്ങൾ പലതും അവതാളത്തിൽ ആകാം. അതിൻ്റെ ഫലമായി മൃതപ്രായരായി അന്നമയ ശരീരം സമയവും ഊർജ്ജവും തീരുന്നതു വരെ തുടർന്നും കിടന്ന കിടപ്പ് കിടന്നേക്കാം. സമയവും ഊർജവും തീരുന്നതുവരെ ക്ലേശകരമായ ആ നില തുടരാം.

അല്ലെങ്കിൽ അന്നമയ ശരീരം അകാലമായി പൊഴിഞ്ഞു പോയേക്കാം… അതിനെ ആണ് നമ്മൾ “ അകാല മരണം” എന്ന് വിവരിക്കുന്നത്. പലപ്പോഴും അകാല മരണങ്ങൾ നടക്കുന്നത് അങ്ങിനെ ആണ്. പക്ഷേ, അതുകൊണ്ട് ഒരു കുഴപ്പം സംഭവിക്കുന്നുണ്ട്. അപ്പോഴും ഊർജ്ജവും സമയവും ബാക്കി നിൽക്കുന്നത് കൊണ്ട് മനോന്മയ ശരീരവും പ്രാണമയ ശരീരവും അദൃശ്യമായി തുടർന്നും നിലകൊള്ളും. ആ ഊർജ്ജം അവസാനിക്കുമ്പോൾ മാത്രമേ പുതിയ ഒരു അന്നമയ ശരീരം കൈവരിക്കുവാൻ കഴിയൂ.

മനോന്മയ ശരീരവും പ്രാണമയ ശരീരവും മാത്രമായി നിലകൊള്ളുന്ന സ്ഥിതിയെ ആണ് “പ്രേതം” എന്ന് നമ്മൾ വിവക്ഷിക്കുന്നത്. അന്നമയ ശരീരമില്ലാത്തതു കൊണ്ട് പ്രേതങ്ങൾ ദൃശ്യമല്ല. അതുകൊണ്ട് പ്രേതങ്ങൾ ഒരു “ഫീൽഡ്” ആണ് എന്ന് പറയുന്നതാണ് കൂടുതൽ ശരി. ഉദാഹരണത്തിന്, ഒരു കാന്തത്തിന് കാന്തശക്തിയുടെ അദൃശ്യമായ ഒരു വലയം ഉണ്ട്. ആ വലയത്തിനെ ആണ് “മാഗ്നെറ്റിക് ഫീൽഡ്” എന്ന് പറയുന്നത്. അതുപോലെ , പ്രേതങ്ങൾ അദൃശ്യമായ ഒരു വലയത്തിൻ്റെ – ഒരു ഫീൽഡിൻ്റെ – സാന്നിദ്ധ്യമാണ്. മനോന്മയ ശരീരവും, പ്രാണമയ ശരീരവും ഉള്ളത് കൊണ്ട്, ആ ‘ഫീൽഡിന്” ഒരു വ്യക്തിത്വം ഉണ്ട്. ആ വ്യക്തിത്വത്തിൻ്റെ തീവ്രതയും കഴിവുകളും ആ വ്യക്തിത്വം അന്നമയ ശരീരവുമായി നിലനിന്നിരുന്ന സമയത്ത് ആർജ്ജിച്ച പ്രജ്ഞാന വികസനത്തേയും (അവബോധ വികസനം തന്നെ), ആ സമയത്ത് തൻ്റെ അനുഭവത്തിലൂടേയും പ്രവൃത്തിയിലൂടേയും കഴുകി കളയുവാൻ കഴിഞ്ഞ കാർമിക് ഡാറ്റകളേയും ആശ്രയിച്ചാണിരിക്കുന്നത്.

പ്രേതങ്ങൾ നിലകൊള്ളുന്നത് നമ്മുടെ ഇതേ ലോകത്തു തന്നെ ആണ്. പ്രകാശത്തെ തടഞ്ഞു നിറുത്തുന്ന ഒരു ശരീരം ഇല്ലാത്തതുകൊണ്ട് കാണുവാൻ കഴിയുകയില്ല എന്ന് മാത്രം. നമുക്ക് ചുറ്റും നിരവധി അത്തരം ജീവസാന്നിദ്ധ്യങ്ങൾ ഉണ്ട് – നമ്മൾ അറിയുന്നില്ല എന്ന് മാത്രം.

ബാക്കി നിൽക്കുന്ന സഞ്ചിത കർമ്മങ്ങൾ കൂടി ചെയ്ത് അവസാനിപ്പിക്കുവാൻ ആവശ്യമായ ഒരു പുതിയ അന്നമയ ശരീരം നിർമ്മിക്കുവാൻ, നിലവിലെ സമയം അവസാനിച്ച ശേഷം, അനുയോജ്യമായ ഒരു മാതാവിൻ്റെ ഗർഭപാത്രം ലഭിക്കുന്നതുവരെ ആ കാത്തിരിപ്പ് തുടരും. സമയത്തിന് മുൻപ് സ്വീകരിച്ച കോഴ്സ് പഠിച്ച ഒരു വിദ്യാർത്ഥി അനുയോജ്യമായ ഒരു പുതിയ കോഴ്‌സിൽ ചേരുന്നതിന് സമമാണ് ഇത്. അതിന് അടുത്ത അക്കാഡമിക് വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ആ കോഴ്സ് ഉള്ള യൂണിവേഴ്സിറ്റിയിലേക്ക് പോകേണ്ടി വന്നേക്കാം. സമാനതാ തത്വം ഉപയോഗിച്ചുകൊണ്ട് അറിയുന്ന കാര്യങ്ങളുടെ രീതികളിൽ നിന്നും അറിയാത്ത കാര്യങ്ങൾ എങ്ങിനെ മനസ്സിലാക്കാം എന്നതിന് ഒരു ഉദാഹരണം ആണിത്.

അനുവദിച്ച് ലഭിച്ച സമയവും, ഊർജ്ജവും പൂണ്ണമായി ഉപയോഗിച്ചുകൊണ്ട് ലഭിച്ചുകിട്ടിയ പ്രാരാബ്ധ കർമ്മം മുഴുവനും അവശേഷിപ്പുകൾ ഇല്ലാതെ ചെയ്തു തീർത്താൽ, അപ്പോഴും അന്നമയശരീരം പൊഴിഞ്ഞുപോകും. ആ വിധത്തിൽ ആണ് അന്നമയ ശരീരം പൊഴിഞ്ഞു പോകുന്നത് എങ്കിൽ, ഇനിയും തുറക്കാതെ നിൽക്കുന്ന സഞ്ചിത കർമ്മം ചെയ്ത് തീർക്കുവാനായി ഉടനെ തന്നെ അനുയോജ്യരായ അച്ഛനമ്മമാരിലൂടെ ഒരു പുതിയ അന്നമയ ശരീരം നമ്മൾ നിർമ്മിച്ചെടുക്കും. അതായത് കാലവിളംബം ഇല്ലാതെ അടുത്ത കോഴ്സിന് ചേരാം എന്നർത്ഥം. നീണ്ട ഒരു അക്കാഡമിക് അവധി ഇല്ലാതെ ( അന്നമയ ശരീരം ഇല്ലാതെ “പ്രേതം” എന്ന നിലയിൽ വളരെ നാൾ നിൽക്കാതെ) വീണ്ടും ജനിക്കും എന്ന് ചുരുക്കം.

ഇനി മറ്റൊരു സാഹചര്യം നോക്കാം. ഒരാൾ തീരെ അബോധമായി, ലക്കും ലഗാനും ഇല്ലാതെ, തീവ്രമായ ജീവിതം നയിക്കുന്നു എന്ന് കരുതുക. പ്രാരാബ്ധ കർമ്മം ചെയ്ത് അവസാനിപ്പിക്കുന്നതിന് മുൻപ്, അളന്ന് കിട്ടിയ സമയം ബാക്കി നിൽക്കുമ്പോൾ തന്നെ, അളന്നു ലഭിച്ച ഊർജ്ജം മുഴുവനും തീർന്നു പോകുന്നു എന്ന് കരുതുക. .അതുമല്ലെങ്കിൽ ആത്മഹത്യ മൂലം, അല്ലെങ്കിൽ തെറ്റായ ജീവിത ശൈലികളുടെ ഫലമായി രോഗം ബാധിച്ചതു മൂലം, അന്നമയ ശരീരം അകാലത്തിൽ പൊഴിഞ്ഞു പോകുന്നു എന്ന് കരുതുക. മദ്യപാനം, ലഹരി മരുന്നുകളുടെ ഉപയോഗം, അമിതമായ ഭക്ഷണം, പുകവലി എന്ന് വേണ്ട ഏതു തരത്തിലുള്ള പ്രവൃത്തി കൾ കൊണ്ടായാലും ഇത് സംഭവിക്കാം. തീവ്രമായ മെമ്മറിയും, സമയവും അപ്പോഴും ബാക്കി നിൽക്കുന്നുണ്ടാവാം. അങ്ങിനെ ഉള്ളപ്പോഴും മനോന്മയ ശരീരവും പ്രാണമയ ശരീരവും മാത്രമുള്ള ‘പ്രേത’ മായി സസ്‌പെൻഡഡ്‌ അനിമേഷനിൽ നിലകൊള്ളും, അദൃശ്യമായി. വീണ്ടും ഒരു അന്നമയ ശരീരം സൃഷ്ടിക്കുവാൻ കഴിയുന്നതുവരെ ആ പ്രേതാവസ്ഥ തുടരും. പലപ്പോഴും അത് അനാവശ്യമായി നൂറുകണക്കിന് വർഷങ്ങൾ തുടരാം. അന്നമയ ശരീരത്തോട് കൂടി ഇരുന്നപ്പോൾ ഇരുപത് വർഷം കൊണ്ട് തീർക്കാമായിരുന്ന പ്രാരാബ്ധ കർമ്മങ്ങൾ വീണ്ടും അതുപോലെ ഒരു അവസരം കൈവരുവാൻ ഇരുനൂറോ രണ്ടായിരമോ പോലുള്ള കാലയളവ് പ്രേതാവസ്ഥയിൽ തുടർന്നേക്കാം. ഇത് തീർച്ചയായും അഭികാമ്യമല്ല. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. പ്രവൃർത്തിയിലൂടെ മാത്രമേ ഊർജ്ജം ഉപയോഗിക്കുവാൻ കഴിയൂ. പ്രവൃത്തിക്കുവാൻ അന്നമയശരീരം ആവശ്യമുണ്ട്.

ചുരുക്കത്തിൽ “ പ്രേതങ്ങൾ” എന്ന് വിളിക്കുന്നത്, “അസ്വാഭാവികമായി” അന്നമയ ശരീരം ഉപേക്ഷിച്ച് പോകുവാൻ ഇടവരുന്ന ഒരു മനുഷ്യൻ്റെ ബാക്കി നിൽക്കുന്ന ഘടകങ്ങളെ ആണ്. “അസ്വാഭാവീകം” എന്നാൽ, ലഭിച്ചുകിട്ടിയ സമയവും, ഊർജ്ജവും, ഡാറ്റയും ഒരുപോലെ തന്ന അളവിൽ ആനുപാതികമായി തന്നെ ഉപയോഗിച്ച് തീർക്കാത്ത സ്ഥിതി എന്നർത്ഥം. അവർക്ക് ശക്തമായ പ്രാരാബ്ധ കർമ്മം നിർമ്മാർജ്ജനം ചെയ്യപ്പെടാതെ അവശേഷിക്കുന്നുണ്ടാകും. അത്തരം അന്നമയ ശരീര വിഹീനമായ സാന്നിദ്ധ്യങ്ങൾ വളരെ ഉൽക്കടവും ഘനസാന്ദ്രവും ആയിരിക്കും. അങ്ങിനെ ഉള്ളവർ ഒരു പ്രത്യേക രീതിയിൽ സജീവമായതിനാൽ, സൂക്ഷ്‌മബോധമുള്ള ചിലർക്ക് അവരുടെ സാന്നദ്ധ്യം കൂടുതൽ എളുപ്പത്തിൽ അറിയാൻ കഴിയാറുണ്ട്. എല്ലാവര്ക്കും അത് കഴിയുകയില്ല.

പ്രേതാവസ്ഥയുടെ പ്രത്യേകതകൾ

പ്രേതാവസ്ഥയിൽ സാധാരണയായി ബോധപൂർവ്വമായ എന്തെങ്കിലും ഉദ്ദേശ്യത്തോടേയോ അല്ലെങ്കിൽ കരുതിക്കൂട്ടിയുള്ള എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടേയോ ഒന്നും പ്രവൃത്തിക്കുവാൻ കഴിയില്ല. പ്രേതാവസ്ഥയിലെ മനോന്മയ ശരീരത്തിന് വിവേചന ബുദ്ധിയോ കാര്യകാരണ വിചക്ഷണതയോ ഒന്നും ഇല്ല എന്നതാണ് അതിനു കാരണം. അന്നമയ ശരീരത്തോടെ ഉണ്ടായിരുന്ന സമയത്ത് അവർ ശീലിച്ച പെരുമാറ്റരീതികൾ ഒരു പ്രവണതയായി തുടർന്നും നിലനിൽക്കും എന്നുമാത്രമേ ഉള്ളൂ – ആ പ്രവണതയിലൂടെ പ്രവൃത്തിക്കാൻ മാത്രമേ അവർക്ക് കഴിയൂ. ബോധപൂർവമായ ഉദ്ദേശ്യത്തോടെയല്ല, പ്രവണതയിലൂടെയാണ് ഈ പ്രവർത്തനം നടക്കുന്നത്. ഉദാഹരണത്തിന് ഉറക്കെ ചിരിക്കുന്ന ഒരു സ്വഭാവം അന്നമയ ശരീരത്തോടെ ഉണ്ടായിരുന്ന സമയത്ത് ഒരാൾക്കുണ്ടായിരുന്നു എന്ന് കരുതുക. പ്രേതാവസ്ഥയിലും വിവേചനം ഇല്ലാത്ത ഒരു പ്രവണതയായി ഉറക്കെ ഉള്ള ആ ചിരി തുടരും. ആര്, എവിടെ, എന്തിന് എന്നുള്ള വിവേചനങ്ങൾ ഒന്നും ഇല്ലാതെ ആ പ്രവണത ആ പ്രേതം പ്രകടമാക്കും. ചെറിയ ശിശുക്കൾക്ക് വിവേചന ബുദ്ധി പ്രകടമായിട്ടില്ലാത്തത് പോലെ ആണ് അത്. ചെറിയ ശിശുക്കളുടെ ശരീര ചലനങ്ങളും, പെരുമാറ്റങ്ങളും എല്ലാം അവർ കൂടെ കൊണ്ടുവന്ന പ്രവണതകളുടെ ഫലമാണ്.

ഇംഗ്ലണ്ടിൽ മരണാനനന്തര ജീവിതത്തെ കുറിച്ച് വളരെ ഗൗരവമായി തന്നെ അന്വേഷങ്ങൾ നടത്തിയിരുന്ന ഒരു സംഘം ആളുകൾ, അവർ മരിച്ചു കഴിഞ്ഞാൽ കഴിയുമെങ്കിൽ സംഘത്തിലെ മറ്റു അംഗങ്ങളുമായി സമ്പർക്കം പുലർത്തുവാൻ തീരുമാനിച്ചിരുന്നു. പലരും മരിച്ചു എങ്കിലും ആരും ജീവിച്ചിരിക്കുന്നവരുമായി ഒരു സമ്പർക്കവും നടത്തിയില്ല എന്ന് ഒരിക്കൽ വായിച്ചിരുന്നു. ബോധപൂർവ്വമുള്ള ലക്ഷ്യബോധത്തോടെ ഉള്ള പ്രവർത്തനം പ്രേതാവസ്ഥയിൽ സാദ്ധ്യമല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും.

സൂക്ഷ്മ സംവേദന ശക്തിയുള്ള ചിലർക്ക് പ്രേതങ്ങളെ കാണുവാൻ, അല്ലെങ്കിൽ ആ സാന്നിദ്ധ്യം അറിയുവാൻ കഴിയുമെന്ന് പറഞ്ഞുവല്ലോ? അങ്ങിനെ ഉള്ളവർക്ക് വേണ്ടത്ര അറിവ് ഈ വിഷയത്തിൽ ഇല്ലെങ്കിൽ അത്തരം അവസരങ്ങളിൽ അവർ ഭയചകിതരായേക്കാം. അല്ലാതെ, അവരെ പ്രേതങ്ങൾ മന:പൂർവ്വം ഭയപ്പെടുത്തിയിട്ടോ എന്തെങ്കിലും ചെയ്തിട്ടോ അല്ല അങ്ങിനെ സംഭവിക്കുന്നത്. ‘പ്രേത’ങ്ങളെ കാണുന്നവരുടെ തന്നെ മാനസിക പരിമിതികളുടെ പ്രതികരണം ആണ് ആ ഭയം ജനിപ്പിക്കുന്നത്. അല്ലാതെ ഒന്നുമില്ല അതിൽ. ഉദാഹരണത്തിന് ഒരാൾ കാലുകൾ ഇല്ലാതെ ഒഴുകി നടക്കുന്നതോ മറ്റോ നമ്മൾ കാണുന്നുവെന്ന് കരുതുക. അത് കണ്ടമാത്രയിൽ തന്നെ എല്ലാത്തരം വിചിത്രമായ വികാരങ്ങളിലൂടെയും നമ്മൾ കടന്നുപോകും. അത് നമ്മുടെ മാനസിക പ്രതികരണം ആണ്; അല്ലാതെ അതും പ്രേതാവസ്ഥയുമായി യാതൊരു ബന്ധവുമില്ല. അങ്ങിനെ ഉണ്ടായ ഭയം മൂലം പല രോഗാവസ്ഥയിലോ മരണത്തിൽ പോലുമോ നമ്മൾ എത്തിയേക്കാം എന്നുള്ളത് മറ്റൊരു കാര്യം മാത്രം. അല്ലാതെ, പ്രേതത്തിന് അക്കാര്യത്തിൽ ഉത്തരവാദിത്തം ഒന്ന് ഉണ്ടാകില്ല.

തീവ്രതയുള്ള പ്രേതങ്ങൾക്ക് കൂടുതൽ സജീവമായ ഒരു സാന്നിദ്ധ്യമുണ്ട്, ഏതാണ്ട് ശാരീരികമായ ഒരു രൂപം പോലും ചില പ്രേതങ്ങൾക്ക് തീവ്രതയുടെ മൂർദ്ധന്യത്തിൽ ഉണ്ടായേക്കാം. അതുപോലെ തന്നെ, തീവ്രത കുറഞ്ഞ വളരെ സൗമ്യമായ പ്രേതങ്ങളും ഉണ്ട്; പക്ഷേ തീവ്രയുള്ള പ്രേതവും ആയി നമ്മൾ ഇടപെടേണ്ടി വന്നാൽ , ഭയപ്പെടുത്തുന്ന പല കാര്യങ്ങളും സംഭവിച്ചേക്കാം – കാരണം, . അവരുടെ പ്രവണതകൾ വളരെ ശക്തമായിരിക്കും. അതുകൊണ്ടു അവർ അവരുടെ പ്രവണതകൾക്ക് അനുസരിച്ച് ഏതെങ്കിലും പ്രത്യേക രീതിയിൽ പെരുമാറുവാൻ സാദ്ധ്യതയുണ്ട്. പൊതുവേ പറഞ്ഞാൽ, തീവ്രതയുള്ള പ്രേതങ്ങൾ ഏതെങ്കിലും വിധത്തിൽ പെരുമാറുവാൻ അവരുടെ പ്രവണതകളാൽ നിർബന്ധിതരായിരിക്കും. നേരെ മറിച്ചു സൗമ്യതയുള്ള പ്രേതങ്ങളെ കണ്ടുമുട്ടിയാൽ ചെറിയ തോതിലുള്ള അസ്വാസ്ഥ്യങ്ങൾ, ഒരുപക്ഷേ നമ്മൾ അറിയത്തെ തന്നെ സംഭവിച്ചു എന്നും വരാം. ഉദാഹരണത്തിന്, ഒരു കാരണവുമില്ലാതെ നമ്മൾ അസ്വസ്ഥരായി എന്ന് വരാം, അത്തരം സന്ദർഭങ്ങളിൽ.

പ്രേതാവസ്ഥയിൽ സ്വന്തം ജനിതക മെമ്മറി തേടാനുള്ള പ്രവണതയും ഉണ്ടാകാൻ വഴിയുണ്ട്. അതിനാൽ ഇവർ അന്നമയ ശരീര സമേതരായി ഇരുന്നിരുന്ന സ്ഥലങ്ങളിൽ ചുറ്റിത്തിരിയാം. ഇതേ കാരണം കൊണ്ട് മരിച്ചുപോയവരുടെ വസ്ത്രം ഉപയോഗിക്കരുത് എന്ന് പറയും. പക്ഷേ അവർ അങ്ങിനെ ഒക്കെ ചെയ്യുന്നത് നമ്മളെ ഉപദ്രവിക്കാനൊന്നുമല്ല. വേറെ ഒരു മാർഗ്ഗവും അവർക്കില്ലാത്തതു കൊണ്ടുമാത്രമാണ് അത്. പ്രേതങ്ങൾക്ക് മനുഷ്യരുമായി ഇടപഴകാനുള്ള പ്രവണതയില്ല. അങ്ങിനെ ഏതെങ്കിലും വ്യക്തികളുമായി ഇടപഴകാൻ ആഗ്രഹിക്കുവാൻ തക്ക വിവേചന ബുദ്ധി പ്രേതങ്ങൾക്കില്ല എന്ന് ഉള്ളതാണ് സത്യം. വിവേചന ശക്തി നിലനിര്‍ത്തുവാൻ കഴിയുന്ന അന്നമയ ശരീര വിഹീന സാന്നിദ്ധ്യങ്ങളെ “പ്രേതം” എന്നല്ല പറയുന്നത്. പ്രേതങ്ങൾ നമ്മളുമായി സമ്പർക്കം പുലർത്തുന്നു എന്ന തോന്നലുകൾ നമ്മുടെ തന്നെ സ്വന്തം മനഃശാസ്ത്ര പ്രക്രിയകളിൽ നിന്ന് ഉടലെടുക്കുന്ന ഒന്നാണ്. ആർ. കെ നാരായണൻ്റെ “ദി ഇംഗ്ലീഷ് ടീച്ചർ” എന്ന നോവലിൽ, മരിച്ചുപോയ ഭാര്യ ജീവിച്ചിരിക്കുന്ന ഭർത്താവുമായി സമ്പർക്കം പുലർത്തുന്നതാണ് വിഷയം. അതും ഒരു ഭാവന മാത്രമാണ് എന്ന് പറയേണ്ടി വരും.

ശരീരസമേതരും, ശരീര വിഹീനരും ഒരേ “ഫീൽഡിൽ” തന്നെ 

വളരെ അധികം സംശയങ്ങൾ ഉദിക്കുവാൻ സാദ്ധ്യതയുള്ള  ചില വിവരണങ്ങൾ  ആണ്  ഇനി നൽകുവാൻ പോകുന്നത്.  അതുകൊണ്ടുതന്നെ  കൂടുതൽ ശ്രദ്ധിച്ചു മനസ്സിലാക്കേണ്ട ആവശ്യമുണ്ട്.. അങ്ങിനെ ചെയ്തില്ലെങ്കിൽ ഒരു  അടിസ്ഥാനം ഇല്ലാത്ത  പല  തെറ്റായ ധാരണകൾക്കും ഭയത്തിനും  ഇത് കാരണം ആയിത്തീരാം. 

അന്നമയ ശരീരം ഉണ്ടോ ഇല്ലയോ എന്നുള്ളത് ഒരു സാങ്കേതികത മാത്രമാണ്. ഉണ്ടെങ്കിലും ഇല്ലെങ്കിലും രണ്ടും ഒരേ ജീവൻ്റെ രണ്ടു തലത്തിലുള്ള നിലനിൽപ്പുകൾ  മാത്രമാണ്.   അന്നമയ ശരീരവും, മനോന്മയ ശരീരവും, പ്രാണമയ ശരീരവും  വസ്തുക്കളാൽ സൃഷ്ടിക്കപ്പെട്ട ശരീരങ്ങൾ ആണെന്ന് പറഞ്ഞുവല്ലോ.  എല്ലാ വസ്തുക്കളും  നിലനിൽക്കുന്നത് ഒരേ “ഫീൽഡിൽ” തന്നെ ആണ്. നേരത്തെ പറഞ്ഞ മഞ്ഞുകട്ട, ജല, നീരാവി ഇവയുടെ ഉദാഹരണത്തിൽ അവ മൂന്നും നില നിൽക്കുന്നത് ഒരേ ഫീൽഡിൽ തന്നെ ആണെന്ന് ഉള്ളതുപോലെ തന്നെ ആണ് ഇതും. . അതിൽ രണ്ടെണ്ണം ദൃശ്യമാണ്, ഒരെണ്ണം  അദൃശ്യവും. അതുപോലെ തന്നെ ഇതും. അതുപോലെ തന്നെയേ ഉള്ളൂ ഇതും.

മറ്റൊരു ഉദാഹരണം നൽകാം. നമ്മൾ ശ്വസിക്കുന്ന വായു എടുക്കുക. നമ്മൾ ശ്വസിക്കുന്ന വായു, നൈട്രജൻ, ഓക്സിജൻ, നീരാവി, ആർഗോൺ, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയവയാണ് അതിൻ്റെ തൊണ്ണൂറ്റി ഒൻപതു ശതമാനവും.   കൂടാതെ നിയോൺ, മീഥെയ്ൻ, ഹീലിയം, ക്രിപ്റ്റോൺ, ഹൈഡ്രജൻ, സെനോൺ, ഓസോൺ തുടങ്ങിയ മറ്റ് വാതകങ്ങളും സൂക്ഷ്‌മമായ തോതിൽ  അതിൽ ഉണ്ട്… ഇവയെല്ലാം സഹകരിച്ചു നിലനിൽക്കുന്നു. ഒന്നും മറ്റൊരാളുടെ മണ്ഡലത്തിലേക്ക് കടന്നു കയറുന്നില്ല. അതു പോലെയാണ് ഇതും. നമ്മൾ “വേറിട്ട” വ്യക്തിത്വം ആയി സ്വയം  കണക്കാക്കുന്നു എന്നതാണ് നമ്മുടെ  പ്രശ്നം, അതുകൊണ്ടാണ് നമുക്ക് ഭയം.  എല്ലാം ഒരേ ഒരു ജീവൻ്റെ സ്പന്ദനം ആണ്. ഒരു വലിയ ജീവനകത്ത് ഒരു ചെറിയ ജീവൻ്റെ  കുമിള. ചിലപ്പോൾ കുമിളക്കു ഒരു ആവരണം കൂടുതൽ ഉണ്ടാകും, ചിലപ്പോൾ കുറവുണ്ടാകും. . നമ്മൾ ഒരേ ജീവൻ ആണ്. ഒന്നും ഇവിടെ പരസ്പരം വേറിട്ട് നിൽക്കുന്നില്ല. അജ്ഞതയാണ് ഭയം ജനിപ്പിക്കുന്നത്. ഇരുട്ടിൽ കയറിൻ്റെ മുകളയിൽ ചവുട്ടി പാമ്പാണെന്ന് കരുതി ഭയപ്പെടുന്നതുപോലെ തന്നെ, ഭയം ഇവിടേയും  നമ്മുടെ തന്നെ ഒരു മനോസൃഷ്ടി ആണ്.

ഇനി മറ്റൊരു  ഉദാഹരണം നൽകാം. നമ്മുടെ സ്വീകരണമുറിയിൽ തന്നെ ആണ് അക്വേറിയം ഇരിക്കുന്നത് എന്ന് കരുതുക. അതിലാണ് മൽസ്യങ്ങൾ നീന്തിക്കളിക്കുന്നത്.  ആ മത്സ്യങ്ങൾ മറ്റൊരു   മണ്ഡലത്തിൽ ആണ്. നമ്മൾ തികച്ചും വ്യത്യസ്ഥമായ മറ്റൊരു മണ്ഡലത്തിലും. നമുക്ക് അങ്ങോട്ടും മത്സ്യങ്ങൾക്ക് ഇങ്ങോട്ടും കടന്നു കയറി വരുവാൻ  സാദ്ധ്യമല്ല.  അതുപോലെ തന്നെ ആണ് ഇതും. രണ്ടും രണ്ടു മണ്ഡലങ്ങൾ ആണ്. പരസ്പരം അതിക്രമിക്കുവാൻ കഴിയാത്ത രണ്ടു മണ്ഡലങ്ങൾ.  

സ്ഥൂലമായ ശരീരം ഇല്ലാത്ത ജീവ സാന്നിദ്ധ്യങ്ങളെ കാണുവാൻ നമുക്ക് കഴിയില്ല. ആ സാന്നിദ്ധ്യങ്ങൾക്ക് നമ്മുടെ ശരീരം കാണുവാനും കഴിയില്ല. കൂടി വന്നാൽ നമ്മുടെ സാന്നിദ്ധ്യം ഒരു ഊർജ്‌ജത്തിൻ്റെ സാന്നിദ്ധ്യം പോലെ അവരിൽ ചിലർ അറിഞ്ഞേക്കാം എന്ന് മാത്രം. നമ്മളിൽ സംവേദന ക്ഷമത അധികമായി ഉള്ള  ചിലർക്ക് മാത്രം  അവരുടെ ഊർജ്ജ സാന്നിദ്ധ്യം  അറിയുവാൻ കഴിയുന്നതു പോലെ തന്നെ ആണ് അവരിൽ ചില ജീവസാന്നിദ്ധ്യങ്ങൾക്ക്  നമ്മുടെ സാന്നിദ്ധ്യം  അറിയുവാൻ കഴിയുന്നതും. 

മറ്റൊരു കാര്യം കൂടി  ഈ വിഷയത്തിൽ തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്.   കൂടിയ അവബോധത്തോടെ  (കോൺഷ്യസ്നെസ്സ്, പ്രജ്ഞാനം) അന്നമയ ശരീരം ഉപേക്ഷിച്ച – പ്രത്യേകിച്ച് കാർമ്മീക ഡാറ്റകളും, ഊർജ്ജവും എല്ലാം തീർത്തും ഉപയോഗിച്ച് അവസാനിപ്പിച്ച – ശരീര വിഹീനരായ ജീവനുകൾ വളരെ പെട്ടെന്നുതന്നെ, അനുയോജ്യമായ മറ്റൊരു സാഹചര്യത്തിലേക്ക്  യാത്ര തുടരുകയും ചെയ്യും. 

ഒരു ഉദാഹരണം കൂടി നൽകാം. രാത്രിയിൽ നമ്മൾ ഒരു വഴിയിലൂടെ നടന്നുപോകുമ്പോൾ, പാതയുടെ അരുകിൽ വൃക്ഷങ്ങളും, ആ വൃക്ഷങ്ങളിൽ കൂട് കൂട്ടി താമസിക്കുന്ന പക്ഷികളും ഉണ്ടെന്ന് കരുതുക.  ആ പക്ഷികൾ നമുക്കോ, നമ്മൾ ആ പക്ഷികൾക്കോ എങ്ങിനെ ഒരു വിധത്തിലും  ശല്യമാകാതെ ഇരിക്കുന്നുവോ അങ്ങിനെ തന്നെ ആണ് ഇതും. വളരെ അപൂവ്വങ്ങളിൽ അപൂർവങ്ങളായ സാഹചര്യങ്ങളിൽ മാത്രമേ പരസ്പരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുള്ളൂ.

ഒരിക്കൽ അന്നമയ ശരീരം ഉപേക്ഷിച്ചു കഴിഞ്ഞാൽ പിന്നെ വ്യക്തി  ബന്ധങ്ങൾ ഇല്ല.  എല്ലാം വലിയ ജീവൻ്റെ ഒരു ഭാഗം മാത്രം.

ഭൂതം, പ്രേതം, പിശാച്, യക്ഷൻ, കിന്നരൻ, ഗന്ധർവ്വൻ, ദേവൻ

‘ഗോസ്റ്റ്’ എന്ന ഇംഗ്ലീഷ് പദം വളരെ അഴഞ്ഞ ഒന്നാണ്. ശരീരമില്ലാത്ത എല്ലാ അവബോധ സാന്നിദ്ധ്യങ്ങളേയും ഒരേ വിഭാഗത്തിൽ മൊത്തം ഉൾപ്പെടുത്തുന്ന ഒരു വാക്കാണ് “ഗോസ്റ്റ്”. എന്നാൽ സത്യം അങ്ങിനെ അല്ല. നമ്മുടെ ഈ ദൃശ്യ ലോകത്തിൽ എന്നപോലെ സൂക്ഷ്മമായ അദൃശ്യലോകത്തിലും പരിണാമ സ്ഥാനങ്ങൾ ഉണ്ട്.

ഹെർമറ്റിസിസത്തിലെ സമാനതാ തത്വം സൂചിപ്പിക്കുന്നതും അത് തന്നെ ആണ്. നമ്മുടെ ദൃശ്യലോകത്തിൽ ധാതുക്കൾ, ശിലകൾ, സസ്യലോകം, ജന്തു ലോകം, മനുഷ്യലോകം, മനുഷ്യലോകത്തിൽ തന്നെ തീരെ അവബോധം ഇല്ലാത്തവർ, കുറഞ്ഞ അവബോധമുള്ളവർ, വളരെ ഉയർന്ന അവബോധമുള്ളവർ എന്നീ സ്ഥിതികൾ എല്ലാം ഉണ്ട്. ഇവ എല്ലാം തന്നെ, പരിണാമത്തിൻ്റെ കൃത്യമായ ഒരു പാത ദൃശ്യ ലോകത്തിൽ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. അതുപോലെ അദൃശ്യ മണ്ഡലത്തിലും പരിണാമത്തിൻ്റെ വിവിധ മാര്‍ഗ്ഗസ്തംഭങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് സമാനതാ തത്വത്തിലൂടെ മനസ്സിലാക്കാവുന്നതാണ്.

അന്നമയ ശരീരമില്ലാത്ത അവബോധത്തിൻ്റെ ഒരു സാന്നിദ്ധ്യം ആണ് പ്രേതങ്ങൾ എന്ന് ആദ്യമേ പറഞ്ഞുവല്ലോ. എന്നാൽ അവർ എവിടെ നിന്നാണ് വന്നത്, അവരുടെ അവബോധത്തിൻ്റെ തീക്ഷണത എത്ര ഉണ്ട്, അവർക്ക് എന്തെല്ലാം കഴിവുകൾ ഉണ്ട്, അവർ എവിടേക്ക് പോകുന്നു, എന്നെല്ലാം ഉള്ള കാര്യത്തിൽ ആണ് അവർ പരസ്പരം വ്യത്യസ്തരായി ഇരിക്കുന്നത്. അതിനെല്ലാം അനുസരിച്ച് അവർക്കെല്ലാം വ്യത്യസ്തമായ പേരുകളും ഉണ്ട്. അന്നമായ ശരീരം ഇല്ലാത്ത എല്ലാവരേയും “പ്രേതങ്ങൾ” എന്ന് വിളിക്കാറില്ല. പ്രാരാബ്ദ കർമ്മങ്ങൾ അനുഭവിച്ചു തീർക്കുന്നതിന് മുൻപ് അന്നമയ ശരീരം നഷ്ടപ്പെട്ട് കർമ്മഭാരവും ആയി ശരീരമില്ലാതെ അലയുന്നവർ ഒരുവശത്ത്. മറ്റൊരു വശത്ത്, അന്നമയ ശരീരമില്ലാത്ത യോഗികൾ ഉണ്ട്; ബാക്കി നിൽക്കുന്ന മനോന്മയ ശരീരവും പ്രാണമയ ശരീരവും കൂടി ലഘൂകരിക്കാനുള്ള സാദ്ധ്യത സദാ അന്വേഷിച്ചുകൊണ്ട്, മനോഹരമായ ഒരു അവധിക്കാലമായി അന്നമായ ശരീരം ഇല്ലാത്ത ഒരു ജീവിതം ആസ്വദിക്കുന്നവർ ആണ് അവർ. അതുപോലെ അവധിക്കാലം ആഘോഷിക്കുന്ന ശരീരം ഇല്ലാത്ത ഈശ്വര തുല്യമായ അതിലും ഉയർന്ന അവബോധ സാന്നിദ്ധ്യങ്ങൾ വേറേയും ഉണ്ട്. നാം പൊതുവേ ദൈവീക ശക്തികൾ എന്ന് വിളിക്കുന്ന ശക്തികൾ ആണവർ. അവർ ആഗ്രഹിക്കുന്ന ഏത് രൂപവും സ്വീകരിക്കാൻ അവർക്കു കഴിയും. യഥാർത്ഥത്തിൽ ഇങ്ങനെ വൈവിദ്ധ്യമാർന്ന ജീവൻ്റെ വിവിധ തലങ്ങളിൽ ഉള്ള നിലനിൽപ്പുകൾ അദൃശ്യ ലോകത്തിൽ ഉണ്ട്. അവയെല്ലാം കൂടി ഒരുമിച്ച് കൂട്ടിക്കുഴച്ച് “ഗോസ്റ്റ്” എന്ന് ഒറ്റവാക്കിൽ പറയുന്നത് തികച്ചും അനുചിതമാണ്.

ഇവരെ ഒക്കെ തമ്മിൽ തമ്മിൽ തിരിച്ചറിയാൻ കഴിയുക എന്നത് ക്ഷിപ്ര സാദ്ധ്യമല്ല. പരമ്പരാഗത രീതിയിൽ പറയുകയാണെങ്കിൽ, അന്നമയ ശരീരരഹിതമായ അസ്തിത്വത്തിൻ്റെ വിവിധ തലങ്ങളെ ഭൂതം, പ്രേതം പിശാച്, ചാവടി, യക്ഷൻ, കിന്നര, ഗന്ധർവ്വൻ, ദേവൻ എന്നൊക്കെയാണ് വിളിക്കുക. രണ്ടാം ഭാഗത്തിൽ പ്രാണമയ ശരീരം പ്രതിപാദിക്കുമ്പോൾ ചക്രങ്ങളെക്കുറിച്ചു പറഞ്ഞുവല്ലോ? അന്നമയ ശരീരം ഉപേക്ഷിക്കപ്പെടുന്നത് ജീവശക്തി അന്നമയ ശരീരത്തിൽ നിന്നും പിൻവാങ്ങുമ്പോഴാണ്. ആ പിന്മാറ്റം സംഭവിക്കുന്നത് ഏതെങ്കിലും ഒരു ചക്രത്തിലൂടെ ആയിരിക്കും. ഏതു ചക്രത്തിലൂടെ ആണ് ഒരു വ്യക്തിയുടെ ജീവശക്തി പിൻവാങ്ങുന്നത് എന്നത് ആ വ്യക്തിയുടെ അവബോധം എത്രമാത്രം വികസിച്ച്‌ ഏതു ചക്രത്തിൽ ആണ് വികാസം പൂണ്ട് എത്തി നിൽക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. അവബോധത്തിൻ്റെ താഴ്ന്ന പ്രാരംഭ ശ്രേണിയിൽ ഉള്ള ചക്രങ്ങൾ ആണ് മൂലാധാര ചക്രം, സ്വാധിഷ്ഠാന ചക്രം, മണിപൂരക ചക്രം എന്നിവ. അനഹതം, വിശുദ്ധി, ആജ്ഞാ സഹസ്രദളം എന്ന ചക്രങ്ങൾ ഉയർന്ന ചക്രങ്ങളാണ് . ഏറ്റവും അത്യുന്നമായ ഉയർന്ന അവബോധത്തോടെ ഉയർന്ന ചക്രങ്ങളിലൂടെ അന്നമയ ശരീരം ഉപേക്ഷിക്കുവാൻ കഴിയുന്നവർ ആണ് യക്ഷൻ, കിന്നര, ഗന്ധർവ്വൻ, ദേവൻ തുടങ്ങിയ സ്ഥിതിയിൽ പ്രവേശിക്കുന്നത്. വിവിധതരത്തിലുള്ള വിവേചന ശക്തികൾ അവർക്കുണ്ട്. അവബോധമോ വിവേകശക്തിയോ ഇല്ലാത്ത അന്നമയ ശരീര വിഹീനരെ ആണ് പ്രേതങ്ങൾ എന്ന് പറയുന്നത്. ഭൂതം, പ്രേതം, പിശാച്, ചാവടി എന്നെല്ലാം വിവക്ഷിക്കുന്നത് പ്രേതങ്ങളുടെ അവബോധക്കുറവിൻ്റെ അല്ലെങ്കിൽ വിവേചനക്കുറവിൻ്റെ തീവ്രത അനുസരിച്ചാണ്.

താഴ്ന്ന ശ്രേണിയിൽ പെട്ട മൂലാധാരത്തിൽ നിന്നും ജീവശക്തി പിന്മാറുവാൻ ഇടവരുമ്പോഴാണ് ഭൂത പ്രേത പിശാചുക്കൾ എന്ന സ്ഥിയിൽ തീരെ വിവേചന ശക്തി ഇല്ലാത്ത നിലയിൽ വന്നു ചേരുന്നത്. ഇവരെ പൊതുവേ സാധു പ്രവണതകൾ ഉള്ളവരെന്നും, സൗമ്യ പ്രവണതകൾ ഉള്ളവരെന്നും, ആക്രമണ പ്രവണതകൾ ഉള്ളവരെന്നും തരം തിരിച്ചു കാണാം. കപൂണ്ട ഹോട്ടലിൽ ഉള്ള സാന്നിദ്ധ്യങ്ങൾ, കഥകളിലൂടെ പ്രസിദ്ധമായ ഡ്രാക്കുള തുടങ്ങിയ ശരീര വിഹീനർ ഇത്തരം ഗണത്തിൽ ഏതിലെങ്കിലും പെടുന്നവർ ആണ്. ശരീര സമേതരായി ദൃശ്യലോകത്തിൽ ജീവിക്കുന്നവരിലും ഇത്തരം സമാനമായ സാധു പ്രകൃതങ്ങളും പൈശാചിക പ്രകൃതങ്ങളും കാണാമല്ലോ? ഇതിൽ നിന്നും, ശരീര സമേതരായി നിലകൊള്ളുമ്പോൾ, ആ അവസരം പാഴാക്കി കളയാതെ, അവബോധം വർദ്ധിപ്പിക്കുകയും ഉയർന്ന അവബോധത്തിൽ നിന്നുകൊണ്ട്, ഉയർന്ന ചക്രത്തിൽ കൂടി ശരീരം ഉപേക്ഷിക്കുവാൻ പഠിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണെന്ന് നിസ്സംശയം പറയാം.

ചുരുക്കത്തിൽ, അന്നമയ ശരീര വിഹീനരായ ജീവത് സാന്നിദ്ധ്യങ്ങൾ ഓരോരുത്തരും വ്യത്യസ്ത പരിണാമ തലങ്ങളിലാണ് എന്ന് പറയാം. ഒരാൾ ഒന്നാം ക്ലാസിൽ, ഒരാൾ രണ്ടാം ക്ലാസിൽ, ഒരാൾ മറ്റൊരു ക്ലാസിൽ, ചിലർ വളരെ മോശം അവസ്ഥയിലാണ് – അങ്ങിനെ ഉള്ള മോശമായ അവസ്ഥയെ ആണ് “നരകം” എന്ന് വിളിക്കുന്നത്. അടിസ്ഥാനപരമായി, അവരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള “അവധിക്കാലം” കഴിക്കുന്നതാണ് എന്ന് പറയാം. കാരണം, അവരുടെ ആ അവധിക്കാലം എപ്പോഴെങ്കിലും അവസാനിക്കുകയും അവർ മറ്റൊരു ഭൗതിക ശരീരം സ്വീകരിക്കുകയും ചെയ്യും. അങ്ങിനെ ചെയ്തേ മതിയാവൂ. ആരും അന്നമയ ശരീരം ഇല്ലാത്തവർ ആയി എന്നന്നേക്കുമായി അവശേഷിക്കുന്നില്ല. ഉയർന്ന ശ്രേണിയിൽ ഉള്ള യക്ഷൻ അല്ലെങ്കിൽ ഗന്ധർവ്വൻ അല്ലെങ്കിൽ ദേവൻ എന്നിവർ പോലും എന്നേക്കുമായി ആ നിലയിൽ ആയിരിക്കുകയില്ല. എല്ലാ അന്നമയ ശരീര വിഹീനരായ ജീവത് സാന്നിദ്ധ്യങ്ങളും ഒരു നിശ്ചിത സമയത്തേക്ക് മാത്രമാണ് ആ നില ആസ്വദിക്കുകയോ അല്ലെങ്കിൽ ആ നില സഹിക്കുകയോ ചെയ്യുന്നത്. തുടർന്ന് വീണ്ടും ഒരു ശാരീരിക രൂപം സ്വീകരിക്കുന്നു. അതുപോലെ അന്നമയ ശരീര വിഹീനരായ എല്ലാ ജീവത് സാന്നിദ്ധ്യങ്ങളിലും ആൺ-പെൺ വ്യത്യാസങ്ങഉം നില നിൽക്കുന്നുണ്ട്. ഉയർന്ന ശ്രേണിയിൽ ഉള്ളവർക്ക് ചില സ്വാതന്ത്ര്യങ്ങൾ ഉണ്ട്. താഴ്ന്ന ശ്രേണിയിൽ ഉള്ളവർക്ക് അതുണ്ടാവുകയില്ല.

ശരീര വിഹീനരിൽ ഏറ്റവും ഉയർന്ന അവബോധമുള്ളവരും, വീണ്ടും ഒരു ശരീരം എടുക്കാൻ വിസമ്മതിക്കുകയും, ശരീരമില്ലാതെ തന്നെ ചുറ്റിനടക്കുവാൻ തയ്യാറാവുകയും ചെയ്യുന്നവർ ഉണ്ട്. അവരാണ് “ദേവന്മാർ”. അവർ പൂർണ്ണമായും കർമ്മ ബന്ധനങ്ങളിൽ നിന്നും മോചിതരാണെങ്കിലും, ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള അവബോധത്തിൻ്റെ നിലയിലാണ് അവരുടെ നിലനിൽപ്പെങ്കിലും, അവർക്കും വീണ്ടും ഒരു ശരീരം എടുത്തേ മതിയാവൂ. ശ്രീ കൃഷ്ണനും ശ്രീ രാമനും ഒക്കെ ഏറ്റവും ഉയർന്ന ദേവന്മാർ എന്ന ശ്രേണിയിൽ നിന്നും അങ്ങിനെ അന്നമയ ശരീരം സ്വീകരിച്ചു ചില കാലഘട്ടങ്ങളിൽ അന്നത്തെ ആവശ്യങ്ങൾ അനുസരിച്ചു വന്നവർ ആണ്. ദേവന്മാർ ശരീര വിഹീനർ ആയിരിക്കുമ്പോൾ, നാമമാത്രമായ ആവരണം ഭേദിച്ച് ആവരണത്തിനു പുറത്തുള്ള പ്രജ്ഞാനവുമായി അലിഞ്ഞു ഒന്നായി ചേരാനുള്ള വഴികൾ അവർ തേടിക്കൊണ്ടേ ഇരിക്കും. അവർക്ക് ഇഷ്ടാനുസരണം പലതും തിരഞ്ഞെടുക്കുവാനുള്ള വിവേചനാധികാരവുമുണ്ട്. അവർ അദൃശ്യ ലോകത്തിൽ ഉചിതമായ വിധത്തിൽ ശരീര വിഹീനരായ മറ്റു ജീവ സാന്നിദ്ധ്യങ്ങൾക്കു പരിണാമ മുന്നേറ്റത്തിന് സഹായങ്ങൾ നല്കിക്കൊണ്ടിരിക്കും.“ശില”യായ അഹല്യക്ക് സ്വന്തം സ്പർശനത്താൽ സ്വാതന്ത്ര്യം കൊടുക്കുന്ന രാമായണ കഥ പ്രതീകാത്മകമായി പറഞ്ഞതാണ്. അദൃശ്യ ലോകത്തിൽ ആയിരക്കണക്കിന് വർഷങ്ങൾ പ്രേത രൂപത്തിൽ ഘനീഭവിച്ചു പോയ ജീവനുകൾ ഉണ്ട്. അവർക്ക് മുക്തി നൽകി സവീജ സാന്നിദ്ധ്യത്തിലേക്ക് കൊണ്ടുവരുവാൻ ഏറ്റവും ഉയർന്ന അവബോധം ഉള്ള ശ്രീരാമൻ സഹായിച്ചതാണ് ആ കഥക്ക് നിദാനം. ആവശ്യമുള്ള സന്ദർഭങ്ങളിൽ അവർ ദൃശ്യരായി ദൃശ്യ ലോകത്തിലും വന്ന് നമുക്കും ആത്മീയ നിർദ്ദേശങ്ങൾ നൽകാറുണ്ട്. ശരീര സമേതരായിരിക്കുമ്പോൾ ഏറ്റവും ഉയർന്ന ഒരു പ്രത്യേക അവബോധത്തിൽ ശരീരം ഉപേക്ഷിച്ചവർ ആണ് ദേവന്മാർ. അവർക്ക് ഇഷ്ടാനുസരണം ഒരു ശരീരം സൃഷ്ടിച്ചു ഉപയോഗിക്കുവാൻ പോലും ഉള്ള വിവേചന ശക്തിയും പ്രാപ്തിയും ഉണ്ട്. രണ്ടു ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

മഹാവതാർ ബാബാജി – രണ്ടായിരത്തിലധികം വർഷമായി പല കാലഘട്ടങ്ങളിലും അർഹിക്കുന്നവർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട് ആവശ്യമുള്ള ഉപദേശങ്ങൾ കൊടുക്കുന്നു. പരമഹംസ യോഗാനന്ദക്കു പ്രത്യക്ഷനായതായി “ആട്ടോബയോഗ്രഫി ഓഫ് എ യോഗി”യിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. (അദ്ധ്യായം 33). ഇപ്പോഴും ജീവിച്ചിരിക്കുന്ന പല യോഗികൾക്കും മഹാവതാർ ബാബാജി ദൃശ്യനായതിനെ കുറിച്ച് അവർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വാമി യുക്തേശ്വർ ഗിരി – പരമഹംസ യോഗാനന്ദയുടെ ഗുരു അദ്ദേഹത്തിൻ്റെ മഹാസമാധിക്ക് ശേഷം പരമഹംസ യോഗാനന്ദയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ട് മരണാനന്തര ജീവിതത്തിൻ്റെ വിശദശാംശങ്ങൾ കൊടുത്തത് “ആട്ടോബയോഗ്രഫി ഓഫ് എ യോഗി”യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (അദ്ധ്യായം 43)

ചുരുക്കത്തിൽ അന്നമയ ശരീര സമേതരായി ഇരിക്കുമ്പോൾ നമ്മൾ ഏത് അവബോധത്തിൽ മരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നമ്മൾ ശരീരമില്ലാത്ത അവസ്ഥയിൽ എത്തുമ്പോൾ ഏതു നിലയിൽ ആയിരിക്കും എന്ന് നിശ്ചയിക്കപ്പെടുന്നത്. അവബോധത്തിൻ്റെ ഏതു നിലയിൽ ആണ് നമ്മൾ ശരീരം ഉപേക്ഷിക്കുന്നത് എന്നത്, നമ്മൾ അവബോധത്തിൻ്റെ ഏതു നിലയിൽ ആണ് ജീവിച്ചത് എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ടു എങ്ങിനെ ജീവിക്കണം എങ്ങിനെ മരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്.ജീവൻ്റെ വലിയ ഒരു ചിത്രം മനസ്സിലാക്കുമ്പോൾ ഒരു പുതിയ ലക്ഷ്യബോധം അങ്ങിനെ കൈവരും.


ഭാഗം – 3  
ജീവിതത്തിൻ്റെ ഒരു വലിയ ചിത്രം 

കഴിഞ്ഞ രണ്ട് ഭാഗങ്ങളിലൂടെ യോഗശാസ്ത്രം പകർന്നു നൽകിയ  “ജീവൻ്റെ” ഇതുവരെ അധികം ആരും  കാണാത്ത ഒരു വലിയ ചിത്രം ഉണ്ട്. അത് കൃത്യമായി മനസ്സിലാക്കിയാൽ എങ്ങിനെ ഭൂമിയിൽ ജീവിക്കണം എന്നുമാത്രമല്ല  എങ്ങിനെ മരിക്കണം എന്നതിനെക്കുറിച്ച് കൂടി കൃത്യമായ ഒരു ധാരണ നമുക്ക് ലഭിക്കും. അത് നമ്മുടെ ജീവിതത്തോടുള്ള സമീപനത്തിൽ ഗുണാത്മകമായ ഒരു അടിസ്ഥാന  മാറ്റം വരുത്തും. ആ  വലിയ  ചിത്രമാണ് കഴിയുന്നത്ര  ചുരുങ്ങിയ വാക്കുകളിൽ താഴെ കൊടുക്കുവാൻ  ശ്രമിക്കുന്നത്. .

“ജീവൻ്റെ” ഇതുവരെ കാണാത്ത വലിയ ചിത്രം 

ഇവിടെ ആകെ സത്യത്തിൽ നിലനിൽപ്പുള്ളത് “ജീവൻ”  മാത്രം ആണ്. “ജീവൻ്” എന്നത് മഹത്തും ബ്രഹ്ത്തും ആയ, നിത്യമായ നിതാന്തമായ ഒരു മഹാ ശക്തിയുടെ നിലനിൽപ്പ് ആണ്. “ജീവൻ” ആരും സൃഷ്ടിച്ചതല്ല.  സർവ്വതിൻ്റെയും പ്രാരംഭത്തിൽ, സൃഷ്ടിയുടെ തുടക്കത്തിനും മുൻപ്,  ആകെ ഉണ്ടായിരുന്നത്  ആ ഒരേ ഒരു ബ്രഹ്ത് “ജീവൻ” മാത്രമായിരുന്നു. ബാക്കി സകലതും ഉണ്ടായത് ആ “ബ്രഹ്ത്  ജീവനിൽ” നിന്നും പിന്നീട് ആ ബൃഹത് ജീവൻ സ്വയം സൃഷ്ടിച്ചെടുത്തതാണ്.  മറ്റേതെങ്കിലും വസ്തുക്കൾ ഉപയോഗിച്ച് സൃഷ്ടി നടത്തുവാൻ  ആ അഖണ്ഡമായ മഹാ ശക്തി അല്ലാതെ  രണ്ടാമൊത്തൊരു വസ്തു  ഇല്ലായിരുന്നു – അതുകൊണ്ടു “ബ്രഹ്ത് ജീവൻ” സൃഷ്ടി നടത്തിയത് സ്വയം താൻ എന്താണോ അത് ഉപയോഗിച്ച് തന്നെ ആണ്.  

ഇപ്പറഞ്ഞത് മനസ്സിലാക്കുവാൻ ഒരു  ചിലന്തി തൻ്റെ വല നിർമ്മിക്കുന്നത്   ഉദാഹരണമായി എടുത്താൽ മതി. ചിലന്തി കടയിൽ പോയി നൂൽ വാങ്ങി വന്നിട്ടല്ല  ചിലന്തി വല ഉണ്ടാക്കുന്നത്. തൻ്റെ തന്നെ ശരീരത്തിൻ്റെ ഒരു ഭാഗം നൂലാക്കി മാറ്റി അത് ഉപയോഗിച്ച് വലയുണ്ടാക്കി, എന്നിട്ട്  ആ വലയിൽ സ്വയം നിവസിക്കുന്നു.  അതുപോലെ, ബ്രഹ്ത് ജീവൻ, തൻ്റെ തന്നെ “ജീവൻ” എന്ന ശക്തി   സ്വയം ഉപയോഗിച്ച്,  പരശ്ശതം ജീവ ശക്തിയുടെ കുമിളകൾ നിർമ്മിച്ച്, ആ കുമിളകളിൽ സ്വയം അവനവനെത്തന്നെ നിറച്ചു. എന്നിട്ടു  ആ ജീവൻ്റെ പരശതം കുമിളകളെ തൻ്റെ തന്നെ ഏക ബ്രഹ്ത് ജീവനിൽ  നില നിറുത്തിയിരിക്കുന്നു.  

“ബ്രഹ്ത് ജീവൻ” എന്താണ്, എങ്ങിനെയാണ് എന്ന്  മനസ്സിലാക്കുവാനുള്ള എളുപ്പത്തിന്, ഇപ്പറഞ്ഞ “ബ്രഹ്ത് ജീവൻ”  അനന്തമായ, തുടക്കവും ഒടുക്കവും ഇല്ലാത്ത,  ഒരു മഹാ സാഗരത്തിന്  സമമാണ് എന്ന് കരുതുക. കാണുവാൻ കഴിയുന്ന

ഒന്നല്ല  “ബ്രഹ്ത് ജീവൻ” എന്ന സാഗര തുല്യമായ ആ നിലനിൽപ്പ്.  അത്  അനന്തമായ ഒരു മഹാ ശക്തിയുടെ  മഹാ സാന്നിദ്ധ്യമാണ് – ഒരു “ഫീൽഡാ”ണ്‌.  

“പ്രജ്ഞാന” ത്തിൻ്റെ , “അവബോധത്തിൻ്റെ ” അല്ലെങ്കിൽ ഇംഗ്ലീഷിൽ “കോൺഷ്യസ്നെസ്സിൻ്റെ”  അനന്തമായ സാഗര സമാനമായ ഒരു മണ്ഡലം – അതാണ് “ജീവൻ” .  ജീവൻ്റെ അനന്തമായ  ആ ഫീൽഡിൽ ഒഴുകി നടക്കുന്ന ജീവൻ്റെ തന്നെ കുമിളകൾ ആണ് ഒരോ സൃഷ്ടിയും – ഞാനും നിങ്ങളും എല്ലാം. ചില കുമിളകൾക്ക് ഉള്ളത് ഘനമുള്ള ഒരു പുറം ചട്ട ആയിരിക്കും ആവരണം. അത്തരം കുമിളകൾ ദൃഷ്ടി ഗോചരമാണ്. ചില കുമിളകൾക്ക് വളരെ നേർത്ത സുതാര്യമായ ഒരു  പുറം ചട്ട ആയിരിക്കും ആവരണം. അത്തരം കുമിളകൾ അദൃശ്യമായി ഒഴുകി നടക്കും. 

രണ്ടായാലും ആവരണത്തിന് അകത്തുള്ളതും പുറത്തുള്ളതും ഒരേ ജീവൻ്റെ  ഒരേ ‘ഫീൽഡ്’ തന്നെ ആണ്. അകത്തും പുറത്തും ഒന്നു തന്നെ.  നേർത്തതാണെങ്കിലും ഒരു ആവരണം ഉള്ളതുകൊണ്ട് ‘അകത്തും പുറത്തും’ എന്ന് പറയാം എന്ന് മാത്രം.

ഞാനും നിങ്ങളും എല്ലാം, ബ്രഹ്ത് ജീവനിൽ നില നിൽക്കുന്ന  ജീവൻ്റെ  അത്തരം കുമിളകളാണ്.  വളരെ ഘനമുള്ള ഒരു ആവരണം ആണ് നമുക്ക് ഇന്നുള്ളത്.  അതുകൊണ്ടു നമ്മൾ തികച്ചും ദൃശ്യരാണ് ഇന്ന്.  തുടക്കത്തിൽ വളരെ സുതാര്യമായ ആവരണം ആയിരുന്നത് കൊണ്ട്  അന്ന് നമ്മൾ അദൃശ്യർ ആയിരുന്നു. ഇന്ന് അങ്ങിനെ അല്ല.  നമ്മുടെ ആവരണത്തിൻ്റെ ഘനം  വീണ്ടും കുറച്ചു കുറച്ചു കൊണ്ടു വന്നാൽ  നമ്മൾ വീണ്ടും അദൃശ്യർ ആയി മാറും.  അദൃശ്യതയിൽ ആണ് സ്വാതന്ത്ര്യം. ദൃശ്യത പാരതന്ത്ര്യം ആണ്. പക്ഷേ എങ്ങിനെ  ആവരണം സുതാര്യമാക്കി ഘനം കുറച്ചു കൊണ്ടുവന്ന്  സ്വതന്ത്രർ ആകാം  എന്നതിൻ്റെ  മെക്കാനിസവും ടെക്‌നോളജിയും നമ്മൾ അറിഞ്ഞിരിക്കണം.  ഇന്ന് നമ്മൾ അത് മറന്നു പോയിരിക്കുന്നു!   

പ്രജ്ഞാനം തന്നെ ആണ് ജീവൻ 

എന്താണ്  “ജീവൻ” ? “അവബോധം” അല്ലെങ്കിൽ “പ്രജ്ഞാനം” ആണ് ജീവൻ.    “ഞാൻ ജീവിച്ചിരിക്കുന്നു” എന്ന ഒരു സ്വയം ബോധം നമുക്ക് സദാ സമയവും ഉണ്ട്. ഇല്ലേ? ആ ബോധത്തിൻ്റെ  സാന്നിദ്ധ്യ ശക്തിയിലാണ് നമ്മൾ സർവ്വതും കാണുന്നതും, കേൾക്കുന്നതും, അറിയുന്നതും അനുഭവിക്കുന്നതും എല്ലാം.  ആദ്യം വിവരിച്ചതുപോലെഉള്ള   ആ ഒരു  ഫീൽഡുകൾ   ആണ് നമ്മൾ ഓരോരുത്തരും. ആ ഫീൽഡിന് ശരീരവും, കയ്യും, കാലും, ശിരസ്സും ഉടലെടുത്തതാണ് ഈ ശരീരം.  ആ ഫീൽഡാണ്  അറിയുന്നത്, കേൾക്കുന്നത്, കാണുന്നത്, ഗ്രഹിക്കുന്നത് എല്ലാം – അല്ലാതെ ശരീരമല്ല, മനസ്സല്ല, അറിയുന്നതും, കേൾക്കുന്നതും, കാണുന്നതും, ഗ്രഹിക്കുന്നതും ഒന്നും.  ആ സ്വയം ബോധമാണ് “ജീവൻ”.  സ്വന്തം ബോധാവസ്ഥയെ  കുറിച്ച്‌ നമുക്കുതന്നെ ഉള്ള സ്വയം ബോധം ആണ്  “ജീവൻ”. അതാണ്  ജീവൻ്റെ നിർവചനം.

അമരത്വം, സർവ്വജ്ഞാനം, നിത്യാനന്ദം 

ബ്രഹ്ത് ജീവന് സവിശേഷമായ മൂന്നു സ്വഭാവങ്ങൾ ഉണ്ട്. നിത്യമായ ഒരു നിലനിൽപ്പുണ്ട് ആ ഫീൽഡിന് – അതായത് ഒരിക്കലും നാശമില്ലായ്മ, അല്ലെങ്കിൽ അമരത്വം. കൂടാതെ  എല്ലാം അറിയുന്ന പൂർണ്ണമായ സർവ്വജ്ഞാനം  ഉണ്ട് ആ ഫീൽഡിന്. മാത്രവും അല്ല, നിത്യ നൂതനമായ ആനന്ദത്തിലാണ് ആ ഫീൽഡ് എന്നും നിലകൊള്ളുന്നത്.  നമ്മൾ ഓരോരുത്തരും അതേ  ഫീൽഡിൻ്റെ  തന്നെ കുമിളകൾ ആയതുകൊണ്ട് നമുക്കും ഈ മൂന്നു  ഭാവങ്ങൾ ഉണ്ട് സത്യത്തിൽ. എന്നാൽ ഒരു ആവരണം കൊണ്ട് നമ്മൾ പരിമിതപ്പെട്ടു നിൽക്കുന്നത് കൊണ്ട്, കുമിളക്കകത്ത് നിൽക്കുന്നിടത്തോളം കാലം,  നമ്മുടെ നിലനിൽപ്പിന്  അത്തരത്തിൽ ഉള്ള പൂർണ്ണമായ നിത്യത്വമില്ല. നമ്മുടെ ജ്ഞാനം പൂർണ്ണമല്ല, നമ്മുടെ ആനന്ദവും പൂർണ്ണമല്ല; ഇതെല്ലാം ആ ആവരണം നൽകുന്ന പരിമിതികൾ ആണ്. നമ്മുടെ  ആവരണത്തിൻ്റെ ഘനം കൂടുന്നതനുസരിച്ചു  ഈ സ്ഥിതി കൂടുതൽ കൂടുതൽ  വഷളാകും. അമരത്വം മൃത്യു ആയി മാറും, അറിവ് – അജ്ഞതയായി മാറും,  നമ്മൾ  യഥാർത്ഥത്തിൽ അമരത്വവും, സർവജ്ഞാനവും, നിത്യാനന്ദവും സ്വാഭാവികമായി തന്നെ ഉള്ള ബ്രഹ്ത് ജീവൻ ആണ് എന്ന അറിവുപോലും നമുക്ക് ഇല്ലാതാകും, ആനന്ദം തീരെ അനുഭവപ്പെടുകയില്ല – പകരം വേദനയും ക്ലേശവും ആയിരിക്കും അനുഭവം.  കൂടാതെ   നമ്മൾ ഘനസാന്ദ്രമായ ശരീരത്തോടെ  നിൽക്കുന്നത് കൊണ്ട് പ്രകാശത്തെ പ്രതിഭലിപ്പിക്കും. അതുകൊണ്ടു   ദൃശ്യരായിരിക്കുകയും ചെയ്യും. ഘനസാന്ദ്രമായ  ഒന്ന് തീരെ ശക്തി കുറഞ്ഞ ദുർബലമായ  ഒന്നായിരിക്കും എന്ന് മഞ്ഞുകട്ട-ജലം-നീരാവി എന്നതിൻ്റെ  ഉദാഹരണത്തിലൂടെ കണ്ടു കഴിഞ്ഞല്ലോ.   ആവരണത്തിൻ്റെ ഘനം കുറയുന്നത് അനുസരിച്ചു അമരത്വം കൈവരും,  ജ്ഞാനം വർദ്ധിക്കും, ആനന്ദം വർദ്ധിക്കും, കൂടാതെ സുതാര്യത ഉള്ളതുകൊണ്ട് പ്രകാശം പ്രതിഫലിപ്പിക്കാതെ  നമ്മൾ അദൃശ്യർ ആയി മാറുകയും ചെയ്യും.  അദൃശ്യർ ആയതുകൊണ്ട് നമ്മൾ  കൂടുതൽ സ്വതന്ത്രർ ആകുകയും ചെയ്യും. ഇതാണ് നമ്മുടെ സ്വാതന്ത്ര്യ സമ്പാദനത്തിൻ്റെ   മെക്കാനിസം. 

മഹാപാതനം 

ഞാനും നിങ്ങളും മാത്രമല്ല, ഇവിടെ  ഉള്ള സർവ്വതും അതുപോലെ  വിവിധ തോതുകളിൽ പരിമിതപ്പെട്ട  അതേ ജീവൻ്റെ  കുമിളകൾ തന്നെ ആണ്.  “ജീവൻ” ഓരോ  കുമിളക്കകത്ത്  കോരി  നിറച്ച്  എടുത്താണ്  ഈ പ്രപഞ്ചവും, അതിലെ ഓരോ വസ്തുക്കളും, താരാസമൂഹങ്ങളും, ക്ഷീരപഥവും,  സൗരയൂഥവും, ഭൂമിയും, ഭൂമിയിലെ സകല ജീവജാലങ്ങളും എല്ലാം തന്നെ.  ഈ പ്രപഞ്ചത്തിൽ കാണുവാൻ കഴിയുന്നതും കാണുവാൻ കഴിയാത്തതും ആയ സർവ്വ പ്രതിഭാസങ്ങളും “ജീവൻ്റെ” സാന്നിദ്ധ്യമാണ് – മനുഷ്യനും സർവ്വ ജീവജാലങ്ങളും, കൂടാതെ അചേതനമെന്ന് നമ്മൾ തെറ്റിദ്ധരിച്ചിരിക്കുന്ന കല്ലും മണ്ണും മണൽത്തരിയും ഉൾപ്പെടെ.   വൈവിദ്ധ്യമാർന്ന ഈ  “ജീവൻ്റെ” സ്പന്ദനങ്ങൾ   ഉദിക്കുന്നതും, നിലനിൽക്കുന്നതും, അസ്തമിക്കുന്നതും എല്ലാം അതേ   “ജീവനിൽ” തന്നെ ആണ്. 

 കാഴ്ചക്ക് സർവ്വതും വിവിധമായി തോന്നുന്നു എങ്കിലും യഥാർത്ഥത്തിൽ എല്ലാം  ഒന്നാണെന്ന ആ  ഏകത്വ ബോധവും തിരിച്ചറിവും നമുക്കില്ലാതെ പോകുന്നതും നമ്മളാകുന്ന  ജീവന്  വളരെ ഘനം വച്ചുപോയ  ആവരണം ഉണ്ടാകാൻ ഇടവന്നു കൊണ്ടാണ്. സൃഷ്ടിയുടെ ആദ്യത്തിൽ വളരെ നേർത്ത നാമ മാത്രമായ ഒരു ആവരണം മാത്രമാണ് നമ്മളാകുന്ന ജീവൻ്റെ കുമിളക്ക് ഉണ്ടായിരുന്നത്.  കുമിളയുടെ ആവരണം ഉടച്ചുകളയുവാൻ  ബ്രഹ്ത് ജീവന് ഇശ്ച ഉണ്ടാകുന്നതുവരെ  നാമ മാത്രമായ ആവരണം സമ്മാനിച്ച നാമമാത്രമായ വ്യത്യാസത്തോട് കൂടി അമരത്വവും, ജ്ഞാനവും, ആന്ദനവും നമുക്ക് തുടരാമായിരുന്നു. അദൃശ്യമായ ആ  നിലനിപ്പ് സമ്മാനിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാമായിരുന്നു. എന്നാൽ അതൊന്നുമുണ്ടായില്ല. കാരണം കാലാന്തരത്തിൽ  കുമിളക്കകത്തെ ജീവൻ്റെ   സുതാര്യമായ ആവരണത്തിന്  അടിക്കടി ഘനം വച്ച് വന്ന് മൃത്യുവിൻ്റെയും, അജ്ഞതയുടേയും, ദുഖത്തിൻ്റെയും പാരതന്ത്യത്തിലേക്ക് നിപതിച്ചത് – ആ പതനത്തിൻ്റെ പ്രതീകാത്മകമായ കഥയാണ് ബൈബിളിലെ വിലക്കപ്പെട്ട കനിയുടെ കഥ.

അജ്ഞതയും ബന്ധനവും ദുഃഖവും  ക്ലേശവും 

നമ്മൾ ആകുന്ന ജീവൻ്റെ ആവരണത്തിന് അകത്തും പുറത്തും ഒരേ സ്വഭാവമുള്ള ജീവൻ ആയതുകൊണ്ട്, അമരത്വവും, പൂർണ്ണ ജ്ഞാനവും, നിത്യമായ ആനന്ദവും നമ്മുടെ ജന്മാവകാശമാണ്. എങ്കിലും അത് ലഭ്യമല്ലാതെ പോയതിനും  അതിന് നേരെ കടക വിരുദ്ധമായ  നമ്മുടെ അനുഭവങ്ങൾക്കും  കാരണം ആദ്യം വിവരിച്ച ഏകത്വ ബോധം അറിഞ്ഞിരുന്നിട്ടും അത്  അവഗണിച്ചുകൊണ്ട് നമ്മൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തപ്പെട്ട “ജീവൻ ” ആണെന്ന “ഞാൻ” എന്ന ഭാവം (അഹങ്കാരം) ഉടലെടുക്കുവാൻ അനുവദിച്ചതാണ്. തത്‌ഫലമായി ജീവൻ വികസിച്ചുനിൽക്കുന്ന നിലയിൽ നിന്നും ശുഷ്ക്കിച്ചു വരുന്ന വിപരിണാമ പ്രക്രിയ ആരംഭിച്ചു.   

താൻ ശരീരമാണെന്നും, മനസ്സാണെന്നും ധരിച്ചുകൊണ്ട്   ബാക്കിയുള്ള സകലതിൽ   നിന്നും വേറിട്ട ഒരു നിലനിൽപ്പാണ് താൻ  എന്ന  അഹങ്കാര ചിന്തയും, മത്സര ബുദ്ധിയും, വികാര വിക്ഷോഭങ്ങളും   മനുഷ്യനെ കീഴടക്കി.  അതോടെ  കർമ്മബന്ധനം പതിന്മടങ്ങു വർദ്ധിക്കുകയും അവബോധം വീണ്ടും കുറയുകയും ചെയ്തു. ഇതൊന്നു കൊണ്ടൊന്നും മതി വരാതെ   “അഹം” എന്ന ഭാവം വീണ്ടും വീണ്ടും  അനുദിനം വളർത്തി എടുത്ത് മറ്റു ജീവജാലങ്ങളിൽ നിന്നും കൂടുതൽ കൂടുതൽ അകന്നുമാറി, അവയുമായി കൂടുതൽ മത്സര ബുദ്ധിയിൽ ഏർപ്പെട്ടുകൊണ്ടു പ്രവൃത്തികൾ  ചെയ്യുവാൻ തുടങ്ങി. തുടർന്ന് ലഭിച്ച പ്രവർത്തികളുടെ അനഭിലഷണീയ  ഫലം  മനസ്സിൽ  വീണ്ടും വികാരങ്ങളുടെ കൂടുതൽ വലിയ പ്രകമ്പനങ്ങൾ പ്രകടമാക്കി. ആ പ്രകമ്പനങ്ങൾ കൂടുതൽ കൂടുതൽ പുതിയ കാർമിക് ഡാറ്റകൾ എഴുതി ചേർക്കുവാൻ തുടങ്ങി. അതോടെ നമ്മളാകുന്ന  ജീവൻ്റെ കുമിളയുടെ പുറം തോട് കൂടുതൽ കൂടുതൽ ഘനം വച്ച് വരുവാൻ തുടങ്ങി. അതോടെ ജീവിതം വികസിക്കുന്നതിന് പകരം പതിന്മടങ്  ശുഷ്ക്കിക്കുവാൻ തുടങ്ങി. അവബോധം കൂപ്പുകുത്തി. അന്നമയ ശരീരം പ്രത്യക്ഷപ്പെട്ടു. മനുഷ്യൻ ദൃഷ്ടിഗോചരമായി. മരണം കടന്നു വന്നു, അജ്ഞത വന്നു ചേർന്നു. ആനന്ദത്തിനു പകരം  ബന്ധനവും ദുഃഖവും  ക്ലേശവും നിത്യ സഹചാരിയായി. ബാഹ്യവസ്തുക്കളുടെ മേൽ അഭിലാഷം വളരുവാൻ തുടങ്ങി. ഇതാണ് നമ്മുടെ ഇന്നത്തെ നില.

ജ്ഞാനവും, സ്വാതന്ത്ര്യവും ആനന്ദവും 

വിവിധ ജീവിതാനുഭവങ്ങളിൽ കൂടി കടന്നുപോകുമ്പോൾ മനുഷ്യൻ്റെ മനോന്മയ ശരീരത്തിൽ മുദ്രണം സംഭവിക്കുന്ന വികാര വിക്ഷോഭങ്ങൾ ആണ്   കർമ്മ ബന്ധനങ്ങൾ  (മെമ്മറി). കൂടുതൽ കൂടുതൽ അവ  അടിഞ്ഞു  കൂടുന്നതനുസരിച്ചാണ്  അവൻ്റെ  “അവബോധം”  കുറഞ്ഞു കുറഞ്ഞു വരുന്നത്. അവബോധം വീണ്ടും വീണ്ടും കുറഞ്ഞു വരുമ്പോൾ സത്യം തിരിച്ചറിയുവാനുള്ള കഴിവ്  പിന്നേയും പിന്നേയും ബഹുദൂരത്തിലേക്ക് പുറം തള്ളപ്പെടുന്നു.  നിലവിൽ  കൈകാര്യം ചെയ്ത്  അവസാനിപ്പിക്കുവാൻ ഉദ്ദേശിച്ചു നൽകപ്പെട്ടിരിക്കുന്ന പ്രാരാബ്ധ കർമ്മ ബന്ധനങ്ങൾ  (മെമ്മറി)  വികാരവിക്ഷോഭങ്ങൾ ഇല്ലാതെ, സമചിത്തതയോടെ  അനുഭവിച്ച്‌ അവസാനിപ്പിക്കുമ്പോൾ മാത്രമേ, കൂടുതൽ  കർമ്മ ബന്ധനങ്ങളുടെ ‘മെമ്മറി’ സമ്പാദിച്ചു കൂട്ടാതെ ഉള്ളവ അഴിച്ചു മാറ്റുവാൻ കഴിയൂ. അപ്പോൾ മാത്രമേ     “അവബോധം”  വർദ്ധിപ്പിച്ചു വന്നുകൊണ്ട്, താൻ ആരാണെന്ന് ഉള്ള  തിരിച്ചറിവ് വീണ്ടു സ്വായത്തമാക്കുവാൻ കഴയൂ . അമരത്വവും, ജ്ഞാനവും, സ്വാതന്ത്ര്യവും ആനന്ദവും തിരികേ നേടാനുള്ള ഏക വഴി അന്നമയ ശരീരത്തോടെ നിലകൊണ്ട്  ജീവിതാനുഭവനങ്ങൾ  സമചിത്തതയോടെ  അനുഭവിച്ചു തീർക്കുന്നതിലൂടെ  മെമ്മറി ഡാറ്റകൾ  “ഡിലീറ്റ്” ചെയ്യുക എന്നത് മാത്രമാണ്. മാറി മാറി ലഭിക്കുന്ന ഓരോ അന്നമയ ശരീരവും – ഓരോ പുനർജന്മങ്ങളും – അതിനായി മാത്രം ഉപയോഗിക്കണം. വികാര വിക്ഷോഭങ്ങൾ, നല്ലതായാലും, ചീത്തയായാലും, സമചിത്തതയോടെ ഓരോ നിമിഷവും അവബോധത്തോടെ പ്രവർത്തിക്കണം.  അതാണ് ചെയ്യേണ്ടത്. 

ഉയർന്ന അവബോധത്തിലേക്കും, അമരത്വത്തിലേക്കും, സർവ്വജ്ഞാനത്തിലേക്കും, അദൃശ്യത സമ്മാനിക്കുന്ന  സ്വാതന്ത്ര്യത്തിലേക്കും    ഉള്ള മടക്കയാത്ര  ആരംഭിക്കുവാൻ അവസരം ഒരുക്കിത്തരുന്നതിന് വേണ്ടിയാണ്, അന്നമയ ശരീരം വീണ്ടും വീണ്ടും തരുന്നത്. വീണ്ടും വീണ്ടും ശരീരം ലഭിക്കുന്നത് കർമ്മ ബന്ധനങ്ങൾ അനുഭവിച്ചു കഴുകി വൃത്തിയാക്കുവാനുള്ള സുവർണ്ണ അവസരങ്ങൾ ആണ്. എന്നാൽ അത് മനസ്സിലാക്കാതേയും ഉപയോഗിക്കാതേയും നമ്മൾ ദുരുപയോഗം ചെയത് സങ്കീര്ണതയിൽ ആഴ്ത്തുന്നു.  

ഭൗതിക ശരീരമില്ലാത്ത അവസ്ഥ 

നമ്മൾ “പ്രേതം” എന്ന്  അറിയത്തെ ആണെങ്കിലും വിവക്ഷിക്കുന്ന ഭൗതിക ശരീരമില്ലാത്ത അദൃശ്യമായ ജീവിതാവസ്ഥയാണ് നമ്മുടെ മൗലികമായ (“ഒറിജിനൽ”) ജീവിതം. ശരീരത്തോട് കൂടിയ ദൃശ്യമായ അവസ്ഥ “ദുർഗുണ പരിഹാര പാഠശാല”യിൽ പ്രവേശനം ലഭിച്ചു (അന്നമയ ശരീരം ലഭിച്ച്)  സിലബസ്സും (പ്രാരാബ്ധ കർമ്മം ‘അലോട്ട്’ ചെയ്ത് ലഭിച്ച്) കോഴ്സും (ജനിക്കുന്ന കുടുംബം) , അക്കാഡമിക് കാലവും (അന്നമയ ശരീരത്തിന്  ‘അലോട്ട്’ ചെയ്ത് ലഭിച്ച കാലം), മുൻകൂട്ടി അടച്ച ഫീസും ( ‘അലോട്ട്’ ചെയ്ത് ലഭിച്ച  ഊർജ്ജം)  ഒക്കെയായി പഠിക്കുവാൻ കൊണ്ടുചെന്ന് ആക്കുന്നതിന് സമമാണ്. കൃത്യമായ സമയം ഉപയോഗിച്ചുകൊണ്ട് (കാലം), ലഭിച്ച കോഴ്സ് സിലബസ്സ് (പ്രാരാബ്ധ കർമ്മം) വിജയകരമായി പഠിച്ചു പൂർത്തിയാക്കി (പുതിയതായി ഒരു കാർമിക് ഡാറ്റയും സൃഷ്ടിക്കാതെ ലഭിച്ചു കിട്ടിയ   കാർമിക് ഡാറ്റകൾ വിജയകരമായി ഡെലീറ്റ് ചെയ്തുകൊണ്ട് എന്നർത്ഥം) കോഴ്സ് അവസാനിക്കുമ്പോൾ, തിരിച്ചു വീട്ടിൽ അവധിക്കാലത്തിന്‌ എത്തുന്നതിന് സമമാണ് ഒരു ജന്മം അവസാനിച്ചു ശരീരം ഉപേക്ഷിക്കുന്നത്.

വളരെ ഉഴപ്പിയ ഒരു അക്കാഡമിക് കാലം കഴിഞ്ഞു പരീക്ഷ എഴുതാതേയോ, എഴുതിയെങ്കിൽ തന്നെ എഴുതിയ പരീക്ഷ ജയിക്കാതേയോ ആണ് അവധിക്കാലം ചിലവഴിക്കുവാൻ വീട്ടിൽ എത്തുന്നത് എങ്കിൽ വളരെ മൗഢ്യം പൂണ്ട ഒരു അവധിക്കാലം ആയിരിക്കും അത്. നേരെമറിച്ചു വിജയശ്രീ ലാളിതമായ ഒരു പഠനകാലം കഴിഞ്ഞാണ് എത്തുന്നത് എങ്കിൽ, അവധിക്കാലം ആനന്ദകരം ആയിരിക്കും. അതുപോലെ തന്നെ ആണ് ഇവിടേയും.   

അവബോധത്തിൻ്റെ ഏതു നിലയിലാണ് ഒരാൾ തൻ്റെ  അന്നമയ ശരീരം പൊഴിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അന്നമയ ശരീരമില്ലാത്ത  അദൃശ്യ അവസ്ഥയിൽ ആ ജീവൻ ഭൂതമായിരിക്കുമോ,  പ്രേതമായിരിക്കുമോ, പിശാചായിരിക്കുമോ, ചാവടിയായിരിക്കുമോ, യക്ഷ, കിന്നര, ഗന്ധർവ്വ, ദേവന്മാരിൽ ആരെങ്കിലും   ആയിരിക്കുമോ എന്ന് നിശ്ചയിക്കപ്പെടുന്ന ഘടകം. ഉയർന്ന അവബോധമായിരുന്നോ, താഴ്ന്ന അവബോധമായിരുന്നോ ശരീരം പൊഴിക്കുന്ന നിമിഷം ഉണ്ടായിരുന്നത്, ഏത് ചക്രത്തിലൂടെ ആണ്  ജീവൻ പിൻവാങ്ങിയത്, ഏറ്റവും അവസാനത്തെ മനോ നില എന്തായിരുന്നു എന്നതെല്ലാം ഈ തീരുമാനത്തിൽ വളരെ അധികം നിർണ്ണായകമാണ്. ഏറ്റവും അവസാനം ഉച്ചരിക്കുന്ന വാക്കുകൾ  ഏറ്റവും അവസാനത്തെ മനോ നിലയുമായി ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ട്, ആ വാക്കുകൾ പ്രാധാന്യമർഹിക്കുന്നു. അതാണ്, ഒരു വ്യക്തി ശരീരം ഉപേക്ഷിക്കുമ്പോൾ ഉയർന്ന മനോ നില കൈവരിക്കുവാൻ ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി കൊണ്ടുക്കേണ്ടതിൻ്റെ പ്രാധാന്യം. പല സംസ്കാരങ്ങളിലും പ്രാത്ഥനകളും മറ്റും ചൊല്ലുന്നത് അതുകൊണ്ടാണ്.

ഇക്കാര്യം വ്യക്തമാക്കുന്ന ഒരു സമാനതയാണ്  ഓരോ രാത്രിയിലും നമ്മൾ ഉറങ്ങുവാൻ കിടക്കുമ്പോൾ നടക്കുന്ന ഏറ്റവും അവസാനത്തെ  ചിന്ത തന്നേ ആയിരിക്കും പിറ്റേ ദിവസം രാവിലെ ഉള്ള ആദ്യത്തെ ചിന്ത എന്ന് കാര്യം. വേണ്ടത്ര ശ്രദ്ധിച്ചാൽ ഇക്കാര്യം മനസ്സിലാകും. 

“ജീവിതം” എന്ന് പറയുന്നത് “ജീവൻ്റെ” യാത്രാ പഥമാണ്.   അന്നമയ ശരീരത്തിൻ്റെ ഒരു മരണം കൊണ്ട് അവസാനിക്കുന്ന ഒന്നല്ല ജീവിതം. അന്നമയ ശരീരത്തോടുകൂടിയ ജീവിതവും, അന്നമയ ശരീരം ഇല്ലാതെ ഉള്ള ജീവിതവും രണ്ടും ജീവിതം തന്നെ ആണ്.  അവബോധത്തോടും പ്രത്യേക നിഷ്ഠളോടും  കൂടിയുള്ള ജീവിതം ഇന്ന് മുതൽ ആരംഭിച്ചാൽ, ആ യാത്ര  നമ്മളെ ഉയർന്ന അവബോധത്തിൻ്റെയും, അമരത്വത്തിൻ്റെയും, സർവ്വജ്ഞതയുടെയു, നിത്യാനന്ദത്തിൻ്റെയും, അദൃശ്യത നൽകുന്ന സ്വാതന്ത്ര്യത്തിൻ്റെയും എല്ലാം ഉത്തംഗ ശ്രേണിയിൽ ക്രമേണ എത്തിയ്ക്കും. ആ യാത്രയിൽ  മാറി മാറി വരുന്ന  രണ്ടു ഘട്ടങ്ങൾ ആണ് ഇപ്പോഴത്തെ ദൃശ്യഗോചരമായ യാത്രയുടെ ഘട്ടങ്ങളും  ഇനിവരുന്ന ദൃശ്യഗോചരമല്ലാത്ത യാത്രയുടെ ഘട്ടങ്ങളും. ജീവിതത്തിൻ്റെ വലിയ ചിത്രംമാണ്  ആണ്  മുക്തിയിലേക്കുള്ള യാത്രാപഥം  


ഭാഗം 4 
എങ്ങിനെ ജീവിക്കണം, എങ്ങിനെ മരിക്കണം?


അറിവും അനുഭവവും രണ്ടും രണ്ടാണ്. ഇതുവരെ ഇവിടെ പങ്കുവച്ച വിവരങ്ങൾ  യാദൃശ്ചികമായി വീണു കിട്ടിയ  അറിവുകളായിരിക്കാം പലർക്കും. ആ അറിവുകളെ  സ്വീകരിച്ചിരുത്തി,  മനസ്സിലിട്ട് മനനം ചെയ്തു കൊണ്ട്  സ്വന്ത നിലക്കുള്ള പരിചിന്തനങ്ങളും  അന്വേഷണങ്ങളും നടത്തി, ശരി എന്ന് തോന്നുന്നു എങ്കിൽ തുടന്ന് പരിശീലനങ്ങൾ നടത്തി അത്  സ്വന്തം അനുഭവമായി മാറ്റുമ്പോൾ മാത്രമേ അതിന് പ്രായോഗിക തലത്തിൽ ഒരു മൂല്യം കൈവരുകയുള്ളൂ. മധുരം എന്തെന്ന് ജീവിതത്തിൽ ഒരിക്കലും  അനുഭവിക്കാത്ത ഒരു വ്യക്തി “പഞ്ചസാര” എന്നെഴുതിയ  ഒരു കടലാസ്സ് രുചിച്ചതു കൊണ്ട് മധുരം എന്തെന്ന് അറിയുവാൻ കഴിയാത്തതു പോലെ ആണ് ഇതും.  അതുകൊണ്ട്, ഇനി ഈ വിഷയത്തിൻ്റെ ചില പ്രായോഗിക തലങ്ങളിലേക്ക് കടക്കാം. 

മരണവും, അജ്ഞതയും ദുഃഖങ്ങളും  ക്ലേശങ്ങളും  കൊണ്ട്  ബന്ധിതമായ  ജീവിതാനുഭവങ്ങളിൽ നിന്നും അമരത്വവും, സർവജ്ഞാനവും, നിത്യാനന്ദവും നിറഞ്ഞ സ്വതന്ത്രമായ ജീവൻ്റെ മുക്തിയിലേക്കുള്ള   സാദ്ധ്യത  എന്തുകൊണ്ടും പരീക്ഷണാർഹം തന്നെ ആണ് – പ്രത്യേകിച്ചും അത്തരം ഒരു പൂർണ്ണ  ജീവിതം നമ്മളാകുന്ന ജീവൻ്റെ ജന്മാവകാശം കൂടി ആയിരിക്കുമ്പോൾ.  മേൽപ്പറഞ്ഞ വിധം ജീവൻ്റെ (അവബോധത്തിൻ്റെ)  പാരതന്ത്ര്യത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള മാറ്റത്തിനെ ആണ് “മുക്തി” അഥവാ “ലിബറേഷൻ” അഥവാ ആത്മ സാക്ഷാത്ക്കാരം” എന്നൊക്കെ ആത്മീയ മണ്ഡലങ്ങളിൽ പലപേരുകളിൽ അറിയപ്പെടുന്നത്. മുക്തിക്ക്  വേണ്ടി ചിലവാക്കുന്ന സമയവും ഊർജ്ജവും പകരം വയ്ക്കുവാൻ ആകാത്ത ഒരു നിക്ഷേപം കൂടിയാണ്. കുടുംബജീവിതത്തിലെ മറ്റു പരക്കം പാച്ചിലിനോടൊപ്പം തന്നെ ഒട്ടും പ്രാധാന്യക്കുറവില്ലാത്ത പ്രവർത്തനം മുക്തിയിലേക്ക് നയിക്കുന്ന  നിഷ്ഠകൾക്കു വേണ്ടികൂടി  മാറ്റിവയ്ക്കണം. അത് നാളെയുടെ ഒരു രക്ഷാഭോഗം കൂടിയാണ്. 

മുക്തിയിലേക്ക് നയിക്കുന്ന പരമ്പരാഗത നിഷ്ഠകൾ 

പരമ്പരാഗതമായി നാല് വിധത്തിലുള്ള നിഷ്ഠകൾ ആണ് ബന്ധനത്തിൽ നിന്നും മുക്തിയിലേക്കുള്ള പ്രയാണത്തിനായി നിർദ്ദേശിച്ചു വരുന്നത്. അത്  കർമ്മ മാർഗ്ഗം, ഭക്തി മാർഗ്ഗം,  ജ്ഞാന മാർഗ്ഗം, ക്രിയാ മാർഗ്ഗം എന്നിവയാണ്.   ഇത് നാലും പ്രത്യേകം പ്രത്യേകം വേറിട്ടു നിൽക്കുന്ന പാതകൾ ആണെന്ന ധാരണ ശരിയല്ല. മുക്തിയിലേക്കുള്ള പ്രയാണത്തിൽ ഇത് നാലും ഒരുപോലെ ആവശ്യമാണ്. ഓരോ വ്യക്തിയുടേയും നിലവിലുള്ള പ്രവണതകൾക്ക് യോജിച്ച വിധം ഇതിൽ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത്, അതിൽ  പരിശീലനം ആരംഭിച്ചു ക്രമേണ മറ്റു മൂന്നിലേക്കും   പരിശീലനം വ്യാപിപ്പിക്കുക എന്നത് ആണ് അതിൻ്റെ ക്രമം. കാരണം ഇത് നാലും  മുക്തിയിലേക്കുള്ള പ്രയാണത്തിൽ  ഒരേപോലെ പ്രാധാന്യം അർഹിക്കുന്നവയാണ് എന്നത് തന്നെ. ഈ നാലു നടപ്പാതകളും  ക്രമേണ  സംയോജിച്ച് മുക്തിയിലേക്കുള്ള രാജപാതയായി മാറുന്നു. ആ രാജ പാതയാണ് “രാജ യോഗം” അല്ലെങ്കിൽ “അഷ്ടാംഗയോഗം” എന്ന പേരിൽ അറിയപ്പെടുന്നത്. അഷ്ടാംഗയോഗത്തിൽ ഇത് നാലും അടങ്ങിയിട്ടുണ്ട്.  അതിനെക്കുറിച്ചു പുറകെ വിശദമാക്കുന്നുണ്ട് 

പ്രായോഗിക തലത്തിലുള്ള നിഷ്ഠകളിലേക്ക്  കടക്കുന്നതിന് മുൻപ്,   ഈ നിഷ്ഠകൾ  എങ്ങിനെയാണ് ശരീരത്തിൽ  പ്രവർത്തിക്കുന്നത്  എന്ന്  മനസ്സിലാക്കുന്നത് അതിൻ്റെ  പ്രയോജനം വർദ്ധിപ്പിക്കുവാൻ സഹായിക്കും. എന്തുകൊണ്ട്  ഒരു  കാര്യം ചെയ്യുന്നത്  ഫലവത്താകുന്നു എന്ന് മനസ്സിലാക്കുമ്പോൾ ആ കാര്യം ചെയ്യുന്നതിന്  ഒരു അധിക ഉത്സാഹം  കൈവരുന്നത് സ്വാഭാവികമാണല്ലോ.

പ്രാണനും, ചക്രങ്ങളും, അവബോധ വികസനവും തമ്മിലുള്ള ബന്ധം

ഈ ഭൂമിയിലുള്ള  സർവ്വരും സദാസമയവും സന്തോഷവും സമാധാനവും  ഉള്ളവരായിരിക്കുവാൻ ആഗ്രഹിക്കുന്നു. ആർക്കും ദുഖവും വേദനയും വേണ്ട. അതുപോലെ തന്നെ, എല്ലാക്കാര്യത്തെ കുറിച്ചും എല്ലാ അറിവുകളും ഉള്ളവരായിക്കുവാൻ എല്ലാർക്കും ആഗ്രഹമുണ്ട്. അജ്ഞരായിരിക്കുവാൻ ആർക്കും ആഗ്രഹമില്ല.  അതുമല്ല,  സർവജ്ഞരും, സന്തോഷവാന്മാരും ആയി  ഒരിക്കലും മരണം ഇല്ലാത്തവരായി  ഇരിക്കുവാൻ ആണ്   എല്ലാവരും ആഗ്രഹിക്കുന്നത്.  എന്നാൽ ആർക്കും ഇത്തരത്തിലുള്ള  പൂർണ്ണമായ ഒരു ജീവിതം ഇല്ല തന്നെ. 

പക്ഷേ, അത്തരത്തിൽ പൂർണമായ ഒരു ജീവിതം സാദ്ധ്യമാണെന്ന് തന്നെ അല്ല, അത് നമ്മുടെ ജന്മാവകാശവും കൂടിയാണെന്ന് യോഗശാസ്ത്രം പറഞ്ഞു തരുന്നു.  കാരണം, നമ്മൾ ഓരോരുത്തരും ഈ ശരീരവും മനസ്സും അല്ല, രണ്ടിനും കാരണമായ “ജീവൻ”, അല്ലെങ്കിൽ “പ്രജ്ഞാനം” അല്ലെങ്കിൽ “അവബോധം” ആണ് എന്ന് യോഗശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു.  “ജീവന്” കൈയും കാലും ശരീരവും തലയും മുളച്ചതാണ് ഇന്ന് നാം അറിയുന്ന നമ്മൾ.  ആ “ജീവൻ” ആകട്ടെ  അമരത്വവും, സർവ്വജ്ഞാനവും, നിത്യാനന്ദവും ഉള്ള ഒന്നാണ് എന്ന്  യോഗശാസ്ത്രം നിർവചിക്കുന്നു. എങ്കിലും നമ്മുടെ ജീവിതാനുഭവങ്ങൾ നേരേ വിപരീതം ആണ്.  ആ അമരത്വവും, സർവ്വജ്ഞാനവും, നിത്യാനന്ദവും നമുക്ക് അനുഭവിക്കുവാൻ കഴിയാതെ പോയത് താഴെ പറയുന്ന മൂന്ന് കാരണങ്ങൾ  കൊണ്ടാണെന്നും യോഗശാസ്ത്രം പറഞ്ഞു തരുന്നുണ്ട്.

 1. നമ്മൾ യഥാർത്ഥത്തിൽ ആരാണെന്ന് സ്വയം അറിയാതെ ആണ് ജീവിക്കുന്നത്. നമ്മൾ “ജീവൻ” ആണ്. പക്ഷേ, നമ്മൾ ഈ ശരീരം ആണ് , ഈ മനസ്സാണ് എന്ന തെറ്റിദ്ധരിക്കപ്പെട്ട വിചാരത്തിലാണ് നമ്മൾ ഇരിക്കുന്നത്.  നമ്മൾ മാത്രമല്ല നമുക്ക് ചുറ്റുമുള്ള  സർവ്വതും, സർവ്വരും അതേ  “ജീവൻ” തന്നെ ആണ്.  എന്നാൽ നമ്മളും മറ്റുളവരും, മറ്റുള്ളതും എല്ലാം ശരീരങ്ങൾ ആണ് എന്ന ആ തെറ്റായ ധാരണയിലാണ്  നമ്മൾ നമുക്ക് ചുറ്റും ഉള്ള എല്ലാവരോടും, എല്ലാ വസ്തുക്കളോടും ഉള്ള നമ്മുടെ ബന്ധങ്ങൾ കെട്ടിപ്പടുത്തിയിരിക്കുന്നത്. ഈ നില മാറണം. നമ്മൾ സത്യത്തിൽ ആരാണെന്നതിനെ കുറിച്ച് ശരിയായ ധാരണ കൈവരണം. അങ്ങിനെ വരാത്തതാണ് പാരതന്ത്ര്യത്തിനുള്ള ഒരു  കാരണം എന്ന് യോഗശാസ്ത്രം ചൂണ്ടി കാണിക്കുന്നു.
 2. നമ്മൾ ആകുന്ന ജീവൻ (പ്രജ്ഞാനം, അവബോധം) ഇപ്പോൾ ചെറുതായി ചുരുങ്ങിയ നിലയിലാണ്   നിലകൊള്ളുന്നത്. അതാണ് കാര്യങ്ങൾ മനസ്സിലാകാതെ തെറ്റിദ്ധരിച്ചു കൊണ്ടുള്ള പരിമിതമായ ഈ ജീവിതത്തിന് മറ്റൊരു കാരണം. നമ്മൾ നമ്മളാകുന്ന  “ജീവൻ” സ്വയം  വികസിപ്പിക്കണം. അങ്ങിനെ നമ്മളാകുന്ന ജീവൻ വികസിച്ചു വികസിച്ചു വരുമ്പോൾ, കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുവാൻ തുടങ്ങും;  ജനിക്കുകയും മരിക്കുന്ന ചെയ്യുന്ന ഈ  ശരീരം ഇല്ലാതെ ആകും; ശരീര വിഹീനരായ ശുദ്ധ ജീവൻ ആയി, സർവ്വ ജ്ഞാനത്തോടെ, അമരത്വത്തോടെ, നിത്യ നൂതന ആനന്ദത്തോടെ നിലകൊള്ളുവാൻ കഴിയും എന്ന് യോഗശാസ്ത്രം പഠിപ്പിച്ചു തരുന്നു.
 3. നമ്മളാകുന്ന ജീവൻ വികസിപ്പിക്കുവാനുള്ള ഏക വഴി ശരീരത്തിൽ പ്രവഹിക്കുന്ന പ്രാണൻ  താഴ്ന്ന നാഡീ ചക്രമായ മൂലാധാര ചക്രത്തിൽ നിന്നും ഉയർന്ന ചക്രമായ ആജ്ഞാചക്രത്തിലേക്ക്   പടിപടിയായി ഉയർത്തികൊണ്ടുവരുക എന്നത് മാത്രമാണ്. ഇപ്പോൾ നിരവധി കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ പ്രാണൻ്റെ  പ്രവാഹം തടസപ്പെട്ടാണ് നടക്കുന്നത്. ശരീരത്തിലെ  പ്രാണവാഹിനികളായ നാഡികളും, അതിന് ചുറ്റുമുള്ള മാംസപേശികളും എല്ലാം സമ്മർദ്ദത്തിൽ ആണ് നിലകൊള്ളുന്നത്. അതിന് കാരണം മനസ്സിൽ എപ്പോഴും ഉണ്ടാകുന്ന വികാര വിക്ഷോഭങ്ങൾ ആണ്. അത് പ്രാണ പ്രകരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. ശരീരത്തിൽ ക്ലേശങ്ങൾ സൃഷ്ടിക്കുന്നു. ഇക്കാര്യങ്ങൾ എല്ലാം മനസ്സിലാക്കി തികഞ്ഞ അവബോധത്തോടെ വികാര വിക്ഷോഭങ്ങൾ ഇല്ലാതെ  എപ്പോഴും ജീവിതത്തിലൂടെ കടന്നുപോയിക്കൊണ്ട് പ്രാണ പ്രവാഹം പുഷ്ടിപ്പെടുത്തി ജീവൻ വികസിപ്പിക്കണം. അങ്ങിനെ നിത്യേന ചെയ്യുമ്പോൾ താഴ്ന്ന ചക്രങ്ങളിൽ നിന്നും  പ്രാണൻ ഉയർന്ന ആജ്ഞാചക്രത്തിൽ  എത്തുന്നു എന്ന് യോഗശാസ്ത്രം പഠിപ്പിക്കുന്നു. അങ്ങിനെ പ്രാണനെ പടി  പടിയായി ഉയർത്തി അതിലൂടെ “ജീവനെ” വികസിപ്പിക്കുന്നതിന് രൂപ കൽപ്പന ചെയ്തിട്ടുള്ള  നിഷ്ഠയാണ് എട്ടു ഭാഗങ്ങളുള്ള “അഷ്ടാംഗയോഗം” എന്ന ജീവിത ചര്യ.  

ഒരു വ്യക്തിയുടെ നിലവിലെ അവബോധം, ആ വ്യക്തിയുടെ പ്രാണൻ   ഏതു ചക്രത്തിൽ ആണ്  നിലവിൽ സജീവമായി നിൽക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. അതായിരിക്കും ആ വ്യക്തിയുടെ അവബോധ നിലവാരം.  അന്നമയ ശരീരം ത്യജിച്ചതിനു ശേഷം അദൃശ്യ ലോകത്തിൽ ഏതു നിലയിലുള്ള നിലനിൽപ്പായിരിക്കും പ്രാപ്യമാകുന്നത് എന്ന്  നിശ്ചയിക്കുന്നതും ഏതു ചക്രത്തിലായിരുന്നു അന്നമയ ശരീരം പൊഴിഞ്ഞപ്പോൾ  പ്രജ്ഞാനം നിലനിന്നിരുന്നത്  എന്ന വസ്തുത ആയിരിക്കും. 

മനുഷ്യൻ്റെ യോഗിക് ഫിസിയോളജിയിൽ പ്രാണമയ ശരീരത്തിൻ്റെ സ്ഥാനം നമ്മൾ ഇതിനകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞല്ലോ.  മനോന്മയ ശരീരത്തിലൂടേയും  അന്നമയ ശരീരത്തിലൂടേയും എൺപത്തീരായിരം  നാഡികളിലൂടെ   ഈ പ്രാണൻ  അനസ്യൂതം  പ്രവഹിച്ചുകൊണ്ടിരിക്കുന്നതിനാൽ ആണ് ആ രണ്ടു ശരീരങ്ങളും  പ്രവർത്തന ക്ഷമമായി നിലകൊള്ളുന്നത്. ശരീരത്തിൻ്റെയും മനസ്സിൻ്റെയും ചാലകശക്തി പ്രാണനാണ്.  ഈ പ്രാണൻ   പിൻ വാങ്ങുന്നതോടെ  അന്നമയ ശരീരം പൂർണ്ണമായി പൊഴിഞ്ഞു പോകുകയും, മനോന്മയ  ശരീരം ഭാഗികമായി നിലച്ചു പോകുകയും ചെയ്യുന്നു. 

അനസ്യൂതം പ്രാണ പ്രവാഹം  നടത്തിക്കൊടുക്കന്ന നാഡികളും പ്രണൻ്റെ  വിതരണം വിവിധ തലങ്ങളിൽ നിർവഹിക്കുന്ന ചക്രങ്ങളും പ്രവർത്തന ക്ഷമായി നിൽക്കേണ്ടത്  അവയിലൂടെ ഉള്ള പ്രാണ പ്രവാഹത്തിനും ശരീരത്തിൻ്റെയും മനസ്സിൻ്റെയും  കൃത്യമായ പ്രവർത്തന ക്ഷമതക്കും  അത്യന്താപേക്ഷിതമാണ്. എന്നാൽ തെറ്റായ ജീവിത രീതികൾ, ആഹാര സമ്പ്രദായങ്ങൾ ഒക്കെ കൊണ്ട് അന്നമയ ശരീരത്തിനും, മനസ്സിൻ്റെ  തെറ്റായ പ്രയോഗങ്ങൾ കൊണ്ട്  മനോന്മയ ശരീരത്തിനും വന്നു ചേരുന്ന ക്ലേശങ്ങൾ മൂലം ഈ നാഡികൾക്ക് ക്ഷതവും സമ്മർദ്ദവും സംഭവിക്കാറുണ്ട്. അതുകൊണ്ട് അവയിലൂടെ  ഉള്ള പ്രാണ പ്രവാഹം  തടസ്സപ്പെട്ട് കുറഞ്ഞു വരുന്നു. അതിൻ്റെ ഫലമായി ശരീരത്തിൽ വേദനകളും വിഷമങ്ങളും അനുഭവപ്പെടുവാൻ തുടങ്ങുന്നു. ആയുർവേദത്തിൻ്റെ അടിസ്ഥാനങ്ങളിൽ ഒന്ന് ഇതാണ്.

സഞ്ചിത കർമ്മ ബന്ധനത്തിൻ്റെ കെട്ടുപാടുകൾ നിലനിൽക്കുന്നതും, അത് ഫലപ്രദമായി അലിയിച്ചു കളയുവാൻ കഴിയാതെ പോകുന്നതും, പുതിയ കർമ്മങ്ങൾ സൃഷ്ടിക്കപ്പെടലും  എല്ലാം  നാഡികളെ കൂടുതൽ തടസ്സപ്പെടുത്തും.

ക്ലാവ് പിടിച്ച കമ്പികളിൽ കൂടി വൈദ്യുതി പ്രാവാഹത്തിന് തടസ്സം നേരിടുന്നതുപോലേയോ,  അടഞ്ഞ പൈപ്പുകളിൽ കൂടി ജലപ്രവാഹത്തിന് തടസ്സം നേരിടുന്നതുപോലേയോ ആണ് പ്രാണപ്രവാഹവും തടസ്സപ്പെടുന്നതും മന്ദീഭവിക്കുന്നതും ഒക്കെ.  അന്നമയ ശരീരവും, മനോന്മയ ശരീരവും, പ്രാണമയ ശരീരവും സൃഷ്ടിക്കപ്പെട്ട ഭൗതിക പദാർത്ഥങ്ങൾ ആണ്. ഭൗതിക പദാർത്ഥങ്ങൾ എന്ന് പറയുമ്പോൾ, “ന്യൂട്ടോണിയൻ ലോകത്തിലെ” പദാർത്ഥങ്ങൾ  എന്ന് മനസ്സിലാക്കണം. അതുകൊണ്ട് ഭൗതിക നിയയമങ്ങൾ അവക്ക് ബാധകമാണ്. എന്നാൽ കാരണശരീരം (വിജ്ഞാനമയ ശരീരവും ആനന്ദമയശരീരവും ഒരുമിച്ച് )  സൃഷ്ടിയ്ക്കപ്പെട്ട ഒന്നല്ല. ആദിയിലേ അസ്തിത്വം ഉള്ളതാണ് കാരണശരീരം. കാരണശരീരം “ക്വാൻഡം ലോകത്തിലെ” വസ്തുതകൾ ൾ ആണ് എന്നും മനസ്സിലാക്കണം. 

ക്ലാവ് പിടിച്ച കമ്പികൾ ശുദ്ധീകരിച്ചാൽ വൈദുതി വീണ്ടും പ്രവഹിക്കുന്നതുപോലെ, അല്ലെങ്കിൽ പൈപ്പുകളിലെ തടസ്സം നീക്കിയാൽ ജലം വീണ്ടും തടസ്സമില്ലാതെ ഒഴുകുന്നതുപോലെ നാഡിശുദ്ധീകരണം ചെയ്യമ്പോൾ പ്രാണ പ്രവാഹം വീണ്ടും ആരംഭിക്കും. പൈപ്പുകളിലെ തടസ്സം നീക്കം ചെയ്യുവാൻ വെള്ളം പമ്പ് ചെയ്യുന്നതു പോലെ, നാഡികളിലെ തടസ്സങ്ങൾ നീക്കം ചെയ്യുവാൻ പ്രാണൻ തന്നെ ബോധപൂർവ്വം ഉപയോഗിക്കുന്ന രീതിയും ഉണ്ട്.  അഷ്ടാംഗ യോഗത്തിൽ വരുന്ന യോഗാസനങ്ങളും, പ്രാണായാമങ്ങളും പരിശീലിക്കുന്നതിലൂടെ നാഡി ശുദ്ധി നടത്തി പ്രാണ പ്രയാണം സുഗമാക്കുന്നത് അവബോധ വികസനത്തിന് വളരെ അധികം സഹായിക്കും. യോഗാസനമുറകളും സാധാരണ വ്യായാമ മുറകളെക്കാൾ അധികം നാഡിയിലൂടെ ഉള്ള പ്രാണ പ്രയാണത്തിന് ശക്തി വർദ്ധിപ്പിക്കും. ആ വിധത്തിലാണ് വിവിധ ആസനങ്ങൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ആയുർ വേദത്തിലെ ഉഴിച്ചിലും, പിഴിച്ചിലും, ചൈനീസ് സമ്പ്രദായങ്ങൾ ആയ  അക്ക്യൂ പഞ്ചർ, അക്ക്യൂ പ്രെഷർ തുടങ്ങിയ ചികത്സാരീതികളും എല്ലാ നാഡി ശുദ്ധിയിലൂടെ പ്രാണ പ്രയാണം സുഗമമാക്കുന്നതിനാൽ  ആണ്  രോഗങ്ങൾ അപ്രത്യക്ഷമാകുന്നത്. 

കാർമ്മിക  വീഴ്ചകളും ജീവാതാനുഭവനങ്ങളും 

യോഗശാസ്ത്രം അനുസരിച്ച്  നമുക്ക് ചേരുന്ന എല്ലാ ജീവിതാനുഭവങ്ങളും നമ്മുടെ തന്നെ പ്രാരാബ്ധ കർമ്മങ്ങളുടെ ഫലമായി ഉണ്ടാവുന്നതാണ്. ഇതുവരെ ഉള്ള  ജീവിതങ്ങളിൽ അറിഞ്ഞോ അറിയാതേയോ സംഭവിച്ചുപോയ “കാർമിക വീഴ്ച”കളുടെ  ഫലമായി ഉണ്ടായ സഞ്ചിത കർമ്മങ്ങൾ ഈ ജീവിതത്തിൽ പ്രാരാബ്ധ കർമ്മമായി ‘അലോട്ട്’ ചെയ്ത് കിട്ടുന്നതാണ് നമ്മുടെ ഓരോ ജീവിതാനുഭവങ്ങളും.   അതായത് പഴയ ഓർമ്മയുടെ വിത്തുകൾ  മുളച്ചു വരുന്നവയാണ് എല്ലാ ജീവിതാനുഭവങ്ങളും എന്നർത്ഥം.  ആ വിത്തുകൾ ഉണ്ടായതും വിതച്ചതും ഏതോ ഒരു കാലത്താണ്. ഇന്നത് മുളച്ചു എന്ന് മാത്രം. വിത്തുകൾ സൃഷ്ടിച്ചാൽ, അത് വിതക്കപ്പെടും. വിതക്കപ്പെട്ടാൽ അത് കൊയ്യേണ്ടി വരും. അതൊന്നും നമ്മുടെ തെറ്റും കുറ്റവും ആയി കരുതേണ്ടതില്ല.  എങ്കിലും, അവയെല്ലാം നമ്മുടെ പൂർണ്ണ ഉത്തരവാദിത്വത്തിൽ ഉള്ള കാര്യങ്ങൾ ആണ് എന്ന് മനസ്സിലാക്കുമ്പോൾ, ജീവിതാനുഭവങ്ങൾ കൈകാര്യം ചെയ്യുവാൻ കൂടുതൽ ഫലപ്രദമായ വഴികൾ കണ്ടെത്തുവാൻ കഴിയും. അതുകൊണ്ട് നമ്മൾ മനസ്സിലാക്കണം, നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ സംഭവിക്കുന്ന ഓരോ സംഭവങ്ങളും അവരവരുടെ സ്വന്തം ഉത്തരവാദിത്തങ്ങൾ ആണ് എന്ന്. 

“കാർമിക വീഴ്ച്ചകൾ” എന്ന് പറഞ്ഞാൽ എന്താണെന്ന് വിശദമാക്കാം. മനുഷ്യന് പ്രവൃത്തി ചെയ്യാതിരിക്കുവാൻ സാധിക്കുകയില്ല. അനുനിമിഷം എന്തൊങ്കിലും ഒക്കെ ചെയ്തുകൊണ്ട് ഇരുന്നേ മതിയാവൂ. കാരണം, നിശ്ചിത കാര്യങ്ങൾക്ക് നിശ്ചിത തോതിലുള്ള ഊർജ്ജവുമായിട്ടാണ്  നമ്മൾ ഇവിടെ ജനിക്കുന്നത് എന്ന് ആദ്യമേ പറഞ്ഞവുല്ലോ. ആ ഊർജ്ജം ഉള്ളത് കൊണ്ട്  ആർക്കും  വെറുതെ ഇരിക്കുവാൻ സാദ്ധ്യമേ അല്ല. എന്തെങ്കിലും ഒക്കെ പ്രവൃത്തികൾ  ചെയ്തുകൊണ്ടേ നമുക്ക് ഇരിക്കുവാൻ ആകുകയുള്ളൂ. ധ്യാനത്തിന് ഇരുന്നിട്ടുള്ളവർക്ക് അറിയാം, എത്ര ശ്രമകരമാണ് ഒരു മുഴുവൻ മിനിറ്റു പോലും നിശ്ചലമായി, ഒരു ചിന്തയും ഇല്ലാതെ ഇരിക്കുന്നത് എന്ന്.   ഒരു പണിയും ചെയ്യാതെ ഇരിക്കുന്നതും, ഒരു “പണി” ആണെന്ന് തിരിച്ചറിയണം – അതിനും ഉണ്ടാകും ചില പരിണത ഫലങ്ങൾ.  

അങ്ങിനെ അറിഞ്ഞോ അറിയാതേയോ നിർബ്ബന്ധിതമായി ജീവിതത്തിലൂടെ  ഒരു തരം സ്വപ്നാടനം പോലെ  നമ്മൾ കടന്നു പോകുമ്പോൾ, അതിനൊക്കെ ഏതെങ്കിലും ചില പരിണത ഫലങ്ങൾ വന്നു ചേരും. ചിലപ്പോൾ പ്രവൃത്തികളുടെ ഫലങ്ങൾ ഉടനെ ലഭിച്ചു എന്ന് വരാം. ചിലപ്പോൾ വളരെ വർഷങ്ങൾ കഴിഞ്ഞാകാം. മറ്റു ചിലപ്പോൾ ജന്മങ്ങൾ പലതും കഴിഞ്ഞിട്ടാകാം ഫലങ്ങൾ പ്രത്യക്ഷപ്പെടുന്നത്.  ആ ഫലങ്ങൾ നമ്മുടെ മനസ്സിനെ മഥിക്കും. ചിലപ്പോൾ സന്തോഷം കൊണ്ടായിരിക്കും മനസ്സ് മഥിക്കപ്പെടുന്നത്. ചിലപ്പോൾ  തീവ്ര ദുഖത്താൽ ആകാം മനസ്സ് മഥിക്കപ്പെടുന്നത്. രണ്ടായാലും, മഥനം  എന്നത് മഥനം തന്നെ. വികാരങ്ങളുടെ തള്ളിച്ചകളാണ് മഥനം.  മനസ്സിൻ്റെ  എതിർകരണങ്ങൾ ആണ് വികാരങ്ങൾ. വികാരങ്ങൾ ആണ് മെമ്മറി ഡാറ്റകൾ എഴുതി കാർമ്മീക ബന്ധനങ്ങൾ സൃഷ്ടിക്കുന്നത്. ഒരിക്കൽ മെമ്മറി ഡാറ്റകൾ എഴുതപ്പെട്ടാൽ അവ വിതക്കപ്പെട്ട വിത്തുകൾ ആണ്.  ആ വിത്തുകൾ എടുത്ത് മാറ്റിയില്ലെങ്കിൽ അത് തീർച്ചയായും മുളക്കും. മുളച്ചാൽ അത്  കൊയ്‌തേ  മതിയാവൂ. ആ കൊയ്ത്ത് മനസ്സിൽ വീണ്ടും മഥനങ്ങൾ സൃഷ്ടിക്കും. അബോധ ജീവിതം നയിച്ചാൽ  വീണ്ടുംകൂടുതൽ വിത്തുകൾ വീണ് തനിയാവർത്തങ്ങൾ അനസ്യൂതം തുടരും. വിത്തുകൾ ഒരിക്കൽ വീണാൽ അത് തിരികെ എടുത്ത് മാറ്റുക എളുപ്പമല്ല. വിത്തുകൾ താഴെ വീഴാതെ കൊയ്യുക എന്നതാണ് അതിലും എളുപ്പം. ജീവിതത്തിലെ ഓരോ അനുഭവങ്ങളും നമ്മൾ അറിഞ്ഞോ അറിയാതെയോ ഏതോ ഭൂതകാല ജീവിതത്തിൽ വിതച്ച വിത്തിൻ്റെ വളർച്ചയാണ്. അത് കൊയ്ത് അവസാനിപ്പിക്കണം. പക്ഷേ,  പുതിയ വിത്തുകൾ താഴെ വീഴാതെ കൊയ്യണം. വികാര വിക്ഷോഭങ്ങൾ ഇല്ലാതെ, മനസ്സ് മഥിക്കപ്പെടാതെ കൊയ്യണം. അപ്പോൾ മാത്രമേ  പുതിയ കാർമിക വിത്തുകൾ ശേഖരിക്കപ്പെടാതെ പോകുകയുള്ളൂ. 

എതിർകരണവും പ്രതികരണവും 

ജീവിതത്തിലെ പ്രശ്നങ്ങൾക്ക് എല്ലാം ഉള്ള  ഒറ്റമൂലിയാണ് “സമചിത്തത” – സുഖത്തിലും ദുഃഖത്തിലും ആടിഉലയാതെ ഉള്ള മനസ്സ്.    ഓരോനിമിഷവും സമചിത്തതയോടെ,  ഉണർന്ന ബോധ തലത്തോടെ ജീവിക്കുകയാണെങ്കിൽ  നമ്മുടെ തന്നെ ഏറ്റവും വലിയ ഉന്നമനത്തിന് വേണ്ടി ഉള്ളതാണ് ഓരോ ജീവിതാനുഭവങ്ങളും എന്ന് തിരിച്ചറിയും.  സാധാരണ ഗതിയിൽ, ജീവിതത്തിലെ സംഭവങ്ങളോട് വികാരവിക്ഷോഭിതരായി   നമ്മൾ ഉടനടി ‘എതിർ’കരിക്കുകയാണ് പതിവ്. അതിന് പകരം സമചിത്തതയോടെ  ശാന്തമായി പ്രതികരിക്കുവാൻ മാത്രം ശീലിക്കണം.

ഇത്രയും കാര്യങ്ങൾ പ്രാരംഭമായി മനസ്സിലാക്കിയിട്ട് മുക്തിക്ക് വഴിയൊരുക്കുന്ന നാല് മാർഗ്ഗങ്ങൾ എന്തെല്ലാം ആണെന്ന് വളരെ ചുരുക്കത്തിൽ ഒന്ന് നോക്കാം.  ഈ നാലു മാർഗ്ഗങ്ങളും മുകളിൽ വിശദമാക്കിയ പ്രാണ പ്രയാണത്തിൻ്റെ മെക്കാനിസവും ആയി ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് കാണാം. 

 1. കർമ്മ മാർഗ്ഗം 

ഓരോ വ്യക്തികൾക്കും വിവിധങ്ങളായ പ്രവണതകൾ ആണ്  ഉള്ളത്.  ചിലർക്ക് ഗഹനമെന്നു തോന്നുന്ന വിഷയങ്ങൾ ചിന്തിക്കുവാനും പഠിക്കുവാനും അതേപ്പറ്റി ഗവേഷണങ്ങൾ നടത്തുവാനും ഒക്കെ ഉള്ള താത്പര്യം  സ്വാഭാവികമായി തന്നെ തീരെ ഉണ്ടാകില്ല. പക്ഷേ ശരീരംകൊണ്ടു പ്രവർത്തിക്കുവാനുള്ള സന്നദ്ധതയും ആവേശവും മുന്നിട്ടു നിന്നേക്കാം അവർക്ക്. അങ്ങിനെ ഉള്ളവർക്ക് ആത്മീയതയിലേക്ക് കടന്നു വരുവാൻ ഉള്ള ഒരു വഴിത്താര ആണ് കർമ്മമാർഗ്ഗം. (“ആത്മീയത” എന്നാൽ  മുക്തിയിലേക്കുള്ള പരിണാമ പ്രയാണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ജീവിത രീതി എന്ന് അർത്ഥം). ശരീരം ഉപയോഗിച്ചുകൊണ്ട് ആന്തരിക പരിണാമത്തിൽ എങ്ങിനെ മുന്നേറാം എന്നതാണ് കർമ്മ മാർഗ്ഗത്തിൻ്റെ വിഷയം.  

കർമ്മ മാർഗ്ഗികൾ എന്ത് പ്രവൃത്തി ഏറ്റെടുത്ത്  ചെയ്താലും, അത് ഏറ്റവും നല്ല രീതിയിൽ തന്നെ ആത്മാർത്ഥതയോടെ, സന്തോഷത്തോടെ  ആയിരിക്കും ചെയ്തു തീർക്കുക.  ചെയ്യുന്ന ആ പ്രവൃർത്തിയുടെ ഫലം എന്തായാലും – ഫലം സന്തോഷം നൽകുന്ന ഒന്നാണെങ്കിലും, സന്തോഷം നൽകാത്ത ഒന്നായാലും രണ്ടിലും വികാരഭരിതരാവാതെ –  അടുത്ത പ്രവൃത്തി എടുത്ത് ചെയ്തുകൊണ്ടിരിക്കുക എന്നതാണ് ഒരു കർമ്മ മാർഗ്ഗി  ചെയ്യുന്നത്. അതേ സമയത്ത്, അവർ പഠിക്കേണ്ടത് പഠിക്കുകയും, തള്ളേണ്ടത് തള്ളുകയും ചെയ്യും. 

പ്രവൃത്തി എന്തായാലും ചിരിച്ച മനസ്സോടെ, ചിരിച്ച മുഖത്തോടെ ആത്മാർത്ഥതയോടെ ആ പ്രവൃത്തി  ചെയ്യുക എന്നതാണ്  ഒരു കർമ്മ മാർഗ്ഗിയുടെ ധർമ്മം. അതുപോലെ തന്നെ ചെയ്യുന്ന  പ്രവൃർത്തിയുടെ ഫലം എന്തായാലും അത് മനസ്സിനെ ഒരുവിധത്തിലും സ്വാധീനിക്കുവാൻ കർമ്മ മാർഗ്ഗത്തിൽ ചരിക്കുന്നവർ അനുവദിക്കുകയില്ല. വിവേചനത്തിലൂടെ എല്ലാ അനുഭവങ്ങളും സമചിത്തതയോടെ  ഒട്ടും വികാരങ്ങൾക്ക് അടിമപ്പെടാതെ കൈകാര്യം ചെയ്തുക എന്നതാണ് കർമ്മ കുശലത.  എല്ലാ പ്രവൃത്തികളും ഏറ്റവും ഫലപ്രദമായി, എല്ലാവരുടേയും ഏറ്റവും വലിയ നന്മക്ക് ഉതകുന്ന വിധം ചെയ്യുകയും വേണം, അതേ സമയം, ആ പ്രവൃർത്തിയുടെ ഫലം  പ്രവൃത്തി ചെയ്യുന്ന ആൾക്ക് അനുകൂലമായോ പ്രതികൂലമായോ വന്നാലും, രണ്ടിലും, സമചിത്തത കൈവിടാനും പാടില്ല. അതാണ് ഒരു കർമ്മ മാർഗ്ഗിയുടെ നൈപുണ്യം. അത് ബോധപൂർവ്വം വളർത്തി എടുക്കേണ്ട ഒന്നാണ്. 

വികാരം കൊണ്ട് ചെയ്യുന്ന ഏതു   ചിന്തയും കർമ്മ പാശത്തിൻ്റെ പുതിയ ബന്ധനങ്ങൾ (പുതിയ മെമ്മറി ഫയലുകൾ) സൃഷ്ടിക്കും. വികാരങ്ങൾ ഓർമ്മകളെ സൃഷ്ടിക്കും.  ഓർമ്മകൾ ആർത്തനങ്ങളെ സൃഷ്ടിക്കും. ആവർത്തിച്ചുവരുന്ന ഓർമ്മകൾ  നമ്മെ കർമ്മ ബന്ധനങ്ങളിൽ ആഴത്തിൽ ബന്ധിച്ചിടും. തുടർന്നുള്ള ആവർത്തനങ്ങൾ  വീണ്ടും ആ ബന്ധനങ്ങളെ കൂടുതൽ കൂടുതൽ  രൂഢമൂലമാക്കും.  എങ്ങിനെ ആണോ ഗുണനപ്പട്ടിക  ആവർത്തിച്ചു ആവർത്തിച്ചു ചൊല്ലി  അത് ഓർമ്മയിൽ പതിയുന്നത് അത്  പോലെ തന്നെ ആണ് വികാരങ്ങളും ആവർത്തങ്ങളെ സൃഷ്ടിക്കുന്നത്. നല്ല വികാരങ്ങൾ ആയാലും ചീത്ത വികാരങ്ങൾ ആയാലും രണ്ടും ഒരുപോലെ കർമ്മ ബന്ധനങ്ങൾ സൃഷ്ടിക്കും. “ബന്ധനം കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ” എന്ന വരികൾ ഓർക്കുക.

നിഷ്കാമ കർമ്മം 

തിരിച്ചു ഇങ്ങോട്ട് എന്തെങ്കിലും ഗുണം ഉണ്ടാകുമെന്ന ചിന്തയോ പ്രതീക്ഷയോ പുലർത്താതെ മനുഷ്യ സമൂഹത്തിൻ്റെയും  സഹജീവികളുടേയും സഹ ജീവജാലങ്ങളുടേയും ഏറ്റവും ഉയർന്ന  നന്മക്കായി  ചെയ്യേണ്ട കാര്യങ്ങൾ  നമ്മളുടെ ശ്രദ്ധയിൽ വരുന്നത് എന്താണോ, അതെല്ലാം  ചെയ്യേണ്ടത് കർമ്മ മാർഗത്തിൽ ചരിക്കുന്നവർക്ക് അനുപേക്ഷണീയം ആണ്.   അങ്ങിനെ   ചെയ്യുന്ന എല്ലാ സേവനങ്ങളും നിഷ്കാമ കർമ്മത്തിൽ വരും. അതായത്, സ്വയം എന്തെങ്കിലും ഗുണഭോക്ത ഇശ്ച  ഇല്ലാതെ കർമ്മങ്ങൾ ചെയ്യക എന്നർത്ഥം. ആദ്യം പറഞ്ഞ സോപ്പ് കുമിളകളുടെ ഉദാഹരണത്തിൽ വ്യക്തമാക്കിയതുപോലെ സർവ്വതും  ഒരേ “ജീവൻ്റെ” (അവബോധത്തിൻ്റെ  അല്ലെങ്കിൽ പ്രജ്ഞാനത്തിൻ്റെ) വിവിധങ്ങളായ കുമിളകളാണ്. അതുകൊണ്ട് തന്നിൽ  നിന്നും അന്യമായിട്ടു വേറെ ഒന്നില്ല എന്ന തിരിച്ചറിവാണ് നിഷ്കാമ കർമ്മത്തിലേക്ക് ഒരാളെ അന്തിമമായി നയിക്കുന്നത്. 

ഒരു ഉദാഹരണത്തിലൂടെ നിഷ്കാമ കർമ്മം വ്യക്തമാക്കാം.  പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത് ഉത്തമമായ നിഷ്കാമ കർമ്മമാണ്‌. പക്ഷികൾ നമ്മളിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷികൾക്ക് തീറ്റ കൊടുത്താൽ അത് സ്വീകരിക്കും. നമ്മൾ തീറ്റ കൊടുത്തില്ല എങ്കിലും പക്ഷികൾക്ക് യാതൊരു പരാതിയും ഇല്ല.  നമ്മളും പക്ഷികളിൽ ഇന്നും  യാതൊന്നും തീർച്ചയായും തിരിച്ചു പ്രതീക്ഷിക്കുന്നില്ല. നിഷ്കാമ കർമ്മത്തിന് നല്ല ഒരു ഉദാഹരണം ആണിത്. ഈ ഉദാഹരണത്തിൽ പക്ഷികളുടെ സ്ഥാനത്ത് മനുഷ്യനും,  മൃഗങ്ങളും, വൃക്ഷങ്ങളും, ഭൂമിയും, അന്തരീക്ഷവും, ജലവും എല്ലാം പെടും. നമ്മളുടെ സാന്നിദ്ധ്യം കൊണ്ട് ഈ ഭൂമി ഒരിക്കലും മലിനീകൃതമാകരുത് എന്ന ചിന്തയിൽ പ്രവർത്തിക്കണം, മറ്റു സകല ജീവസ്പന്ദനങ്ങളും ആയി  അനുകമ്പയോടെ സഹവർത്തിക്കണം.

യാഥാർത്ഥത്തിൽ ഉള്ള നിഷ്കാമ കർമ്മങ്ങൾ നമ്മുടെ സഞ്ചിത കർമ്മങ്ങളെ അലിയിച്ചുകളയും. അങ്ങിനെ നമ്മുടെ ജീവൻ്റെ വികാസത്തിന് നിഷ്കാമ കർമ്മങ്ങൾ വളരെ സഹായിക്കും,

 1. ഭക്തിമാർഗ്ഗം 

ഓരോ വ്യക്തികൾക്കും വിവിധങ്ങളായ പ്രവണതകൾ ആണ്  ഉള്ളത് എന്ന് പറഞ്ഞല്ലോ.  ചിലർക്ക് കർമ്മ കുശലതയോ  കാര്യങ്ങൾ  കൂലങ്കുഷമായി പഠിക്കുവാനുള്ള വ്യഗ്രതയോ രണ്ടും ഉണ്ടാകില്ല. പക്ഷേ അവർക്കു ആരെങ്കിലും ആത്മാർത്ഥമായി പറഞ്ഞു തരുന്ന കാര്യങ്ങൾ വിശ്വസിച്ചു അതനുസരിച്ചു പ്രവർത്തിക്കുവാനുള്ള സന്നദ്ധത ഉണ്ടാകും. മനസ്സ് ഉപയോഗിച്ചുകൊണ്ട് ആന്തരിക പരിണാമത്തിൽ എങ്ങിനെ മുന്നേറാം എന്നതാണ് ഭക്തി മാർഗ്ഗത്തിൻ്റെ വിഷയം. 

ഇത്തരം നിർദ്ദേശങ്ങളും പ്രോത്സാഹങ്ങളും മുതിർന്ന കുടുംബാംഗങ്ങളിൽ നിന്നും ബാല്യകാലത്ത്  ലഭിക്കുന്ന ശിക്ഷണത്തിൻ്റെ ഭാഗമായിട്ടായിരിക്കും വന്നുചേരുക.  ആരാധനാലയങ്ങളിൽ പോകുന്നതും, എല്ലാവരുമായി നല്ല ബന്ധങ്ങൾ സൂക്ഷിക്കുവാൻ പഠിക്കുന്നതും എല്ലാം അത്തരത്തിലുള്ള  കുടുംബ സംസ്‌ക്കാരത്തിൻ്റെ  ഭാഗമാണ്. ജീവിതത്തിൽ നേരിട്ട് കാണുവാൻ കഴിയുന്ന കാര്യങ്ങൾക്ക് അതീതമായി അദൃശ്യമായ  ഒരു ശക്തിയുണ്ടെന്ന ഒരു ഉള്ളറിവും ആ ശക്തിയും ആയി ഏതെങ്കിലും തരത്തിലുള്ള ഒരു ബന്ധം സ്ഥാപിക്കേണ്ട ആവശ്യവും ഇത്തരം സംസ്കാരത്തിൽ വളർന്നവർക്ക്  സ്വാഭാവികമായി തന്നെ ഉണ്ടാകും. 

ചിലർ  ഭയത്തിൽ അധിഷ്ഠിതമായിട്ടാരിക്കും ആ ബന്ധം വിഭാവനം ചെയ്യുന്നത്. ചിലർക്ക് അത്  സ്നേഹത്തിൽ അധിഷ്ഠിതമായിരിക്കും.  രണ്ടാമത് പറഞ്ഞതാണ് അഭികാമ്യം. രണ്ടായാലും  അതാണ് ഭക്തിയുടെ ആരംഭം. അങ്ങിനെ  “ഭക്തി”യിൽ ആരംഭിച്ച്, പുരാണ കഥകളിൽ നിന്നും മറ്റും ഉൾക്കൊള്ളുവാൻ കഴിയുന്ന സാമൂഹ്യ മര്യാദകളും, ഉപചാരങ്ങളും, ധർമ്മ-അധർമ്മ ബോധങ്ങളും, വ്യക്തികളോടും ജീവജാലങ്ങളോടും എല്ലാം ഉണ്ടാകേണ്ട ശരിയായ  പെരുമാറ്റ രീതികളുമൊക്കെ  കൃത്യമായി ഭക്തി മാർഗ്ഗത്തിലൂടെ  വളർത്തി എടുക്കുവാൻ സാധിക്കും. ഇതെല്ലാം ചേർന്നതാണ് ഭക്തി. മുക്തിയിലേക്കുള്ള പ്രയാണത്തിൻ്റെ അടിത്തറയാണ് ഭക്തി. സ്നേഹത്തിൽ അധിഷ്ഠിതമായ ഭക്തിയുടെ ഉദാഹരണം “നന്ദനം” എന്ന മലയാള സിനമയിൽ മനോഹരമായി കാണിച്ചു തരുന്നുണ്ട്. 

ഭക്തിമാർഗ്ഗത്തിലെ പ്രാണ പ്രതിഷ്ഠകൾ 

ആരാധനാലയങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഭക്തിമാർഗ്ഗത്തിലെ   ഒരു അവിഭാജ്യ ഘടകമാണ്. ഇവിടെ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് അനിതര സാധാരണമായ ഒരു പ്രത്യേകത ഉണ്ട്. സാമൂഹ്യമായ കണ്ടുമുട്ടലുകൾക്കോ ആത്മീയ  പ്രഭാഷണങ്ങൾക്കോ  ഉള്ള വേദി ആയിട്ടല്ല ക്ഷേത്രങ്ങൾ രൂപ കൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. മുക്തിയിലേക്കുള്ള പ്രയാണത്തിൽ നമ്മളെ അത്യധികം സഹായിക്കുന്ന പ്രാണപ്രസരണം ശരീരങ്ങളിൽ സ്വീകരിക്കുവാനുള്ള  ഒരു അവസരം ഒരുക്കലാണ് ക്ഷേത്രങ്ങൾ നിർവഹിക്കുന്ന കർമ്മം. 

ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ പ്രാണ പ്രതിഷ്ഠകൾ ആണ്. അവ പ്രാണനെ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു – ആവിധത്തിലാണ് പ്രതിഷ്ഠകളുടെ സ്ഥാപനവും അവിടത്തെ നിത്യ കർമ്മങ്ങളും. പ്രദക്ഷിണം വക്കൽ, പ്രസാദം ആജ്ഞാ ചക്രത്തിലും, വിശുദ്ധി ചക്രത്തിലും, അനഹത ചക്രത്തിലും  അണിയിക്കൽ, തീർത്ഥം സേവിക്കൽ തുടങ്ങിയ എല്ലാ ക്ഷേത്ര ചടങ്ങുകളും ഭക്തരുടെ ശരീരത്തിൽ പ്രാണൻ്റെ പ്രയാണത്തിന് ഉത്തേജനം നല്കി, പ്രാണനെ  താഴത്തെ നിലയിലുള്ള ചക്രത്തിൽ നിന്നും അൽപ്പാൽപ്പമായി ഉയർന്ന നിലയിലുള്ള ചക്രങ്ങളിലേക്ക് വ്യാപാരിപ്പിക്കുവാൻ വേണ്ടി രൂപ കൽപ്പന ചെയ്യപ്പെട്ടവയാണ്. പുരുഷന്മാരെങ്കിലും മേൽവസ്ത്രം ധരിക്കാതെ ക്ഷേത്രത്തിൻ്റെ അകത്ത് പ്രദക്ഷിണം വയ്ക്കുവാൻ നിർദ്ദേശിച്ചിരിക്കുന്നതിൻ്റെ പൊരുൾ പ്രാണ പ്രയാണം ഉയർന്ന ചക്രങ്ങളിൽ എത്തി ചേരുവാൻ  ഉള്ള  സാദ്ധ്യത വർദ്ധിപ്പിക്കുക എന്നുള്ളതാണ്. ക്ഷേത്രത്തിൽ അൽപ്പനേരം ഇരുന്നിട്ടേ പോകാവൂ എന്ന് പറയുന്നതും ഇതേ കാരണത്താൽ ആണ്. 

ക്ഷേത്രങ്ങളിലെ ദീപാരാധനകളും, വാദ്യങ്ങളും, ആലാപനങ്ങളും ഭക്തിനിർഭരതയിലൂടെ പ്രാണൻ്റെ ഒരു വേലിയേറ്റം തന്നെ നാഡികളിൽ രൂപപ്പെടുത്തുന്നു.   

അതുപോലെ ഭക്തിമാർഗ്ഗത്തിൽ  ശീലിക്കുന്ന  മന്ത്ര ജപങ്ങൾ ശബ്ദങ്ങളുടെ പ്രേത്യേക ഫ്രീക്കൻസികളിൽ ചിട്ടപ്പെടുത്തിയ പ്രകമ്പനങ്ങൾ ആണ്.  ഊർജ്ജത്തെ  മൂലാധാര ചക്രത്തിൽ നിന്നും ഉയർന്ന ചക്രങ്ങളിലേക്ക് ഉയർത്തുവാൻ സഹായിക്കുന്ന ഒന്നാണ് ഇത്തരം പ്രകമ്പനങ്ങൾ. 

ഭക്തിയുടെ ഫലമായി ക്ഷേത്ര സന്ദർശനങ്ങൾ നടത്തുമ്പോൾ പ്രാണ പ്രസരണം ലഭിച്ച് ആജ്ഞാചക്രത്തിലേക്കുള്ള പ്രാണ പ്രയാണം കൂടുതൽ സുഗമമായി തീരുന്നു. ഇതുകൂടാതെ, ശുദ്ധമായ ഭക്തി  –  സ്നേഹത്തിൽ അധിഷ്ഠിതമായ ഭക്തി-  “അനുഗ്രഹം” എന്ന ഒരു പ്രതിഭാസം കൂടി ഭക്തർക്ക്  പ്രാദാനം ചെയ്യുണ്ട്.  “അനുഗ്രഹം” മൂലം മൂലാധാര ചക്രത്തിൽ നിന്നും  പ്രാണനെ ഉയർന്ന ചക്രത്തിലേക്ക് തള്ളുന്നത് കൂടാതെ ആജ്ഞാചക്രത്തിലേക്ക് പ്രാണനെ പിടിച്ചു വലിക്കുന്ന ഒരു ആകർഷണ ശക്തികൂടി അധികമായി ലഭ്യമാകുന്നു. അങ്ങിനെ ഭക്തിയുടെ മാർഗ്ഗത്തിൽ ചരിക്കുന്നവർ ക്രമേണ കർമ്മത്തിൻ്റെ പാതയിലും, ജ്ഞാനത്തിൻ്റെ പാതയിലും ചരിക്കുവാൻ സ്വാഭാവികമായി തന്നെ യോഗ്യരായി  തീരുന്നു.

ശുദ്ധമായ ഭക്തിയാണ് “പ്രേമം”.  ഒരു ചെറിയ കുട്ടി, തൻ്റെ അമ്മയുടെ വിരലുകളിൽ പിടിച്ചു ‘അമ്മ പോകുന്നിടത്തെല്ലാം പോകുന്നത്  ശുദ്ധമായ പ്രേമം ഒന്ന് കൊണ്ട് മാത്രമാണ് – അല്ലാതെ ഒരു കാര്യലാഭത്തിനും  വേണ്ടിയല്ല ഒരു കുട്ടി അത് ചെയ്യുന്നത്. ആ കുട്ടിക്ക് തൻ്റെ അമ്മയെ യാതൊരു ഭയവുമില്ല. ഭയമല്ല ആ ബന്ധത്തിന് അടിസ്ഥാനം.  തൻകാര്യ ലാഭവുമല്ല ആ ബന്ധത്തിന് അടിസ്ഥാനം. ഉത്തമമായ ഭക്തി ഈ നിലയിലേക്ക് വളരേണ്ടതാണ്. ശുദ്ധമായ ഭക്തിയുടെ ഫലമായി ഉണ്ടാകുന്ന   “അനുഗ്രഹ”ത്തിൻ്റെ ശക്തി പ്രാരാബ്ധ  കർമ്മ ബന്ധനങ്ങളുടെ കാഠിന്യം കുറയ്ക്കും. അങ്ങിനെ  ഭക്തിമാർഗ്ഗം മനുഷ്യൻ്റെ “ജീവൻ” വികസിപ്പിച്ച് മുക്തിയുടെ പാതയിൽ മുന്നേറുവാൻ വളരെ സഹായിക്കും. 

 1. ജ്ഞാന മാർഗ്ഗം 

ബുദ്ധി ഉപയോഗിച്ചുകൊണ്ട് ആന്തരിക പരിണാമത്തിൽ എങ്ങിനെ മുന്നേറ്റം ആരംഭിക്കാം എന്നതാണ് ജ്ഞാന മാർഗ്ഗത്തിൻ്റെ വിഷയം. ഉപനിഷത്തുക്കൾ, ഭഗവത് ഗീത, വേദവ്യാസൻ്റെ “ബ്രഹ്മസൂത്രം” തുടങ്ങിയ വിഷയങ്ങൾ പഠിച്ചു  മനസ്സിലാക്കി അതിലൂടെ ജീവിതത്തെക്കുറിച്ചുള്ള  ജ്ഞാനം സമ്പാദിക്കലാണ് പരമ്പരാഗതമായി ജ്ഞാനമാർഗ്ഗത്തിൽ ചരിക്കുന്നവർ ചെയ്യുന്നത്. 

വളരെ അധികം ഗഹനമായ വിഷയങ്ങൾ ആയതുകൊണ്ട് പലപ്പോഴും ഒരു ഗുരുവിൻ്റെ സഹായം ഇല്ലാതെ ഈ വിഷയം വേണ്ടത്ര ആഴത്തിൽ പഠിക്കുവാൻ സാധിച്ചു എന്ന് വരുകയില്ല. മാത്രവുമല്ല വളരെ അധികം ഗോപ്യമായ വിധത്തിൽ  ചുരുങ്ങിയ സംസ്കൃത വാക്കുകളിൽ ആണ് ഉപനിഷത്തുക്കൾ എഴുതിയിരിക്കുന്നത്. പല വാക്കുകൾക്കും ഒന്നിലധികം അർത്ഥ തലങ്ങൾ ഉണ്ട്.  വളരെ അധികം വ്യാഖ്യാനങ്ങളും ഉപ വ്യാഖ്യാനങ്ങളും എല്ലാം ഇവക്കെല്ലാം  ലഭ്യമാണ്. ഇന്നത്തെ ആധുനിക ലോകത്ത് ഇൻറ്റർനെറ്റിൻ്റെ  സഹായത്തോടെ ജ്ഞാന മാർഗ്ഗം അഭ്യസിക്കൽ താരതമ്യേന എളുപ്പമാണ്.  വിവിധ ഭാഷകളിൽ വ്യാഖ്യാനങ്ങൾ ഇന്ന് ഉണ്ട്. എങ്കിലും  നിരന്തരമായ താത്പര്യവും, വിഷയം മനസ്സിൽ ഇട്ടു അവലോകനങ്ങൾ നടത്തി ഗ്രഹിക്കുവാൻ വളരെ അധികം  ശ്രദ്ധയും, ശ്രമവും, സമയവും  എല്ലാം ആവശ്യമുണ്ട്. അതുകൊണ്ടു ജ്ഞാന മാർഗ്ഗത്തിൽ തിരക്ക് കുറവ് ആണ്.  പക്ഷേ, ആന്തരികമായ  പരിണാമത്തിൻ്റെ  ഒരു ഘട്ടത്തിൽ ജ്ഞാനം ആവശ്യമായി തന്നെ വരും. 

 1. ക്രിയാമാർഗ്ഗം 

പ്രാണനെ സമർത്ഥമായി  ഉപയോഗിച്ചുകൊണ്ട് ആന്തരിക പരിണാമത്തിൽ എങ്ങിനെ മുന്നേറാം എന്നതാണ് ക്രിയാ മാർഗ്ഗത്തിൻ്റെ വിഷയം.  പ്രാണനും ജീവൻ്റെ വികാസവും തമ്മിലുള്ള ബന്ധം  വിവരിച്ചിരുന്നല്ലോ. അന്നമയ ശരീരത്തിൻ്റെ  പ്രവർത്തനങ്ങളിൽ ഒന്നായ ശ്വാസോച്ഛ്വാസം ഉപയോഗിച്ച്, പ്രമാണമായ കോശത്തിലെ പ്രാണൻ പ്രത്യേക രീതിയിൽ ആയാമം ചെയ്യിച്ചുകൊണ്ട് നടത്തുന്ന “ക്രിയ” ആണ്  ക്രിയാ മാർഗ്ഗത്തിലെ ഉപാധി.  

വിവിധ പാരമ്പര്യങ്ങളിൽപ്പെട്ട ,  വിവിധ സമ്പ്രദായങ്ങളിൽ ഉള്ള  ക്രിയകൾ ഉണ്ട്. അതെല്ലാം പുസ്തകം നോക്കി പഠിക്കാവുന്ന ഒന്നല്ല. ക്രിയകൾ അഭ്യസിക്കുന്നതിന് മുൻപായി സ്വായത്തമാക്കേണ്ട അറിവുകളും, ആസന പ്രാണായാമങ്ങളും ഉണ്ട്.  അതെല്ലാം അനുയോജ്യനായ ഒരു ഗുരുവിൽ നിന്നും നേരിട്ട് ഉപനയനത്തിൽ കൂടെ മാത്രാണ് ഇന്നും  നല്കി വരുന്നത്. അത്തരം ഉപനയന പരിശീലനങ്ങൾ നൽകുന്ന പ്രസിദ്ധമായ രണ്ട് കേന്ദ്രങ്ങൾ ഉണ്ട്. റാഞ്ചിയിലെ പരമഹംസ യോഗാനന്ദയുടെ “യാഗോദ സദ് സംഘ  സൊസൈറ്റി ഓഫ് ഇന്ത്യ”യും, സദ്ഗുരുവിൻ്റെ കോയമ്പത്തൂരിലെ “ഈശ യോഗ സെൻറ്ററും” ആണവ. ഇതുകൂടാതെ  ക്രിയാ യോഗത്തിൽ ശിക്ഷണങ്ങൾ നൽകുന്ന പ്രാപ്തരായ നിരവധി യോഗികൾ ഭാരതത്തിൽ ഉണ്ട് – ഭാരതത്തിൽ മാത്രമല്ല വിദേശത്തും ഉണ്ട് . വളരെ പ്രസിദ്ധമായ രണ്ടു സെൻറ്ററുകൾ പറഞ്ഞു എന്നേ  ഉള്ളൂ. 

ആന്തരികമായ പരിണാമത്തിന് ഉള്ള ഏറ്റവും വേഗത കൂടിയ “വിമാന പാത”യായിട്ടാണ്   ക്രിയാ മാർഗ്ഗം അറിയപ്പെടുന്നത്.  

മുക്തിയിലേക്കുള്ള രാജ പാത – രാജ യോഗം അഥവാ അഷ്ടാംഗ യോഗം

മേൽപ്പറഞ്ഞ നാല് മാർഗ്ഗങ്ങളും പരസ്പരം വേർതിരിഞ്ഞു നിൽക്കുന്ന തനതായ മുക്തിയിലേക്കുള്ള മാർഗ്ഗങ്ങൾ ആയി  തെറ്റിദ്ധരിക്കരുത്. മുക്തിയുടെ  രാജപാതയിലേക്കുള്ള നാല് പ്രവേശന മാർഗ്ഗങ്ങൾ മാത്രമാണ് അവ ഓരോന്നും.  അവരവർക്ക്  നിലവിൽ ഏറ്റവും യോജിച്ച ഒരു പ്രവേശന മാർഗ്ഗം  ഇതിൽനിന്നും തിരഞ്ഞെടുക്കുവാൻ  വേണ്ടി ലഭ്യമാക്കിയിട്ടുള്ള നാല് തരം പരമ്പരാഗത മാർഗ്ഗങ്ങൾ ആണവ. ഒരിക്കൽ ആ രാജപാതയിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട്  മുൻപോട്ടുള്ള പ്രയാണം ഈ നാല്‌ രീതികളിലും സാമാന്യമായ  പ്രാവീണ്യം  ഒരു പരിധിവരെ എങ്കിലും സ്വായത്തമാക്കിയതിന് ശേഷമേ സാദ്ധ്യമാകൂ.  അതായത് കർമ്മയോഗവും, ഭക്തിയോഗവും, ജ്ഞാന യോഗവും ഒരേസമയം പരിശീലിച്ചുകൊണ്ട് ക്രിയകൾ അഭ്യസിക്കുമ്പോഴാണ് ആന്തരികമായ മാറ്റങ്ങൾ കൈവരുന്നത്. എല്ലാ  പരിശീലനങ്ങൾക്കും അടിത്തറയായി  ധാർമികത ഉണ്ടാകുകയും വേണം.  അത്തരത്തിലുള്ള ഒരു സമഗ്രത മുന്നിൽ കണ്ടു കൊണ്ടു പതഞ്‌ജലി മഹർഷി ക്രോഡീകരിച്ചു രൂപകൽപ്പന ചെയ്ത നൽകിയതാണ് അഷ്ടാംഗയോഗം. മുക്തി യിലേക്കുള്ള “ഹൈ വേ” ആയിട്ടാണ് രാജയോഗം  അഥവാ അഷ്ടാംഗ യോഗം അറിയപ്പെടുന്നത്. 

ക്രിസ്തുവിനും 200 വർഷങ്ങൾ മുൻപ് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പതാഞ്ജലി മഹർഷി ക്രോഡീകരിച്ച “യോഗസൂത്രം” ആണ് രാജയോഗത്തിൻ്റെ  മൂലഗ്രന്ഥം. മനുഷ്യ ശരീരത്തിൻ്റെ  സമഗ്ര ഘടനയും,  മനുഷ്യ മനസ്സിൻ്റെ  ശക്തിയും ദൗബല്യങ്ങളും, പ്രാണ ശക്തിയുടെ സാദ്ധ്യതകളും എല്ലാം അന്വയിപ്പിച്ചുകൊണ്ടുള്ള  ഒരു ജീവിത ക്രമം ആണ് അഷ്ടാംഗ യോഗം. 

അഷ്ടാംഗ യോഗത്തിനു എട്ട് ഘടകങ്ങൾ ഉണ്ട്. അതിനാലാണ്, “അഷ്ട – അംഗം” എന്ന പേര് ലഭിച്ചത്. ആ എട്ടു ഘടകങ്ങൾക്ക്

മൂന്നു ഭാഗങ്ങൾ ഉണ്ട്. ആദ്യത്തേത്  സർവ്വതിനും അടിസ്ഥാന മായ ധാർമികതയാണ്. അത് ആദ്യം സ്ഥാപിച്ചെടുത്തിട്ട് വേണം മുൻപോട്ടു പോകുവാൻ.  രണ്ടാമത്തെ ഭാഗം ശരീരത്തേയും മനസ്സിനേയും  അതിൻ്റെ കാര്യക്ഷമതയുടെ പാരമ്യത്തിൽ കൊണ്ടുവരുവാനുള്ള പരിശീലനങ്ങൾ ആണ്.  ഇത് രണ്ടും കൈവരിച്ചതിന് ശേഷമാണ് മൂന്നാമത്തെ  ഭാഗമായ ആന്തരിക പരിശീലനമായ ധ്യാനത്തിലേക്കും അതിനുള്ള തയാറെടുപ്പുകളിലേക്കും  വരുന്നത്. 

ഇന്ന് “യോഗ” എന്നത് വിശ്വ പ്രസിദ്ധമായ ഒരു വാക്കാണ്. “രാജ യോഗം” എന്നറിയപ്പെടുന്ന അഷ്ടാംഗയോഗത്തിൽനിന്നും ആണ് ആ വാക്ക് ഉത്ഭവിച്ചത്. “യോഗ” എന്ന പദത്തിന്  കൂടിച്ചേരൽ എന്നാണു അർത്ഥം. നമ്മുടെ ആദ്യത്തെ “കുമിള” യുടെ ഉദാഹരണത്തിൽ  കുമിളക്കത്തുള്ള “അന്തരീക്ഷവും ”, പുറത്തുള്ള “അന്തരീക്ഷവും” രണ്ടും സത്യതിൽ ഒന്നാണെങ്കിലും ഇപ്പോൾ അത് രണ്ടായിട്ടാണ് നിൽക്കുന്നത്. കുമിളക്കകത്ത് ഉള്ള അന്തരീക്ഷം പരിമിതപ്പെട്ടു നിൽക്കുന്നത് ആ ‘രണ്ടെന്ന” ഭാവത്താൽ ആണ്. ആ രണ്ടെന്ന ഭാവം “ജീവന്” വർദ്ധിച്ചു വർദ്ധിച്ചു വന്നിട്ടാണ് പ്രാണമയ ശരീരവും, മനോന്മയ ശരീരവും, അന്നമയ ശരീരവും രൂപീകൃതമാകുന്നത്. രണ്ടെന്ന ഭാവം കുറച്ചു കുറച്ചു കൊണ്ടുവന്നു  കഴിയുന്നത്ര ഒന്നായി കൂടിച്ചേരലാണ് “യോഗ”.  മഹത്തായ ഒരു ആന്തരിക പരിണാമത്തിൻ്റെ ഒരു ബൃഹത് ചിത്രമാണ് അത്.   എട്ടു ഘടകങ്ങളിൽ കൂടി പടി  പടി  ആയി നടക്കുന്ന ഒന്നാണ് ആ പരിണാമം. അതിലെ ഒരു ഘടകം മാത്രമാണ് “യോഗാസന”ങ്ങൾ. എന്നാൽ, ഇന്ന് ആ ഒരു ഘടകം മാത്രമാണ് ലോകമെമ്പാടും “യോഗ” എന്ന് പറഞ്ഞാൽ അധികം പേരും അറിയുന്ന ഒരു ഘടകം. ഈ നില മാറി, യോഗയുടെ മുഴുവൻ വ്യാപ്തിയും പ്രാപ്തിയും ലോകം തിരിച്ചറിയേണ്ട ആവശ്യം ഉണ്ട്. അനന്തമായ സാദ്ധ്യതകളാണ് അഷ്ടാംഗ യോഗത്തിനുള്ളത്. 

അഷ്ടാംഗ യോഗത്തിൻ്റെ  എട്ടു ഘടകങ്ങൾ ചുരുക്കത്തിൽ ഇനി  ഒന്ന് അവലോകനം ചെയ്യാം.

ധാർമ്മികത  – സർവ്വതിനും അടിസ്ഥാന ശില 

രാജയോഗത്തിലേക്ക് ഉള്ള പ്രവേശനം തന്നെ നമ്മുടെ ധാർമിക ജീവിതം  ചിട്ടപ്പെടുത്തിക്കൊണ്ടാണ്. കാരണം, ധാർമികത ജീവിതത്തിൽ കൊണ്ടുവരാതെ ജീവൻ്റെ വികാസം സാദ്ധ്യമല്ല തന്നെ. രണ്ട് തലങ്ങളിൽ ആയിട്ടാണ്  രാജയോഗത്തിൽ ധാർമ്മികത ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിൽ  എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യരുത്  എന്ന നിഷ്കർഷകൾ ആണവ. ഒന്നാമതായി, നമ്മുക്ക് നമ്മുടെ ചുറ്റുമുള്ള സർവ്വതിനോടും ഉള്ള ബന്ധം എങ്ങിനെ ആയിരിക്കണം എന്നത് ക്രമപ്പെടുത്തിയിരിക്കുന്നു. അതിനെ ആണ് “യമം”   എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. അടുത്തത്, നമുക്ക് നമ്മളോട് തന്നെ ഉള്ള ബന്ധം എങ്ങിനെ ആയിരിക്കണം എന്നത് ക്രമപ്പെടുത്തിയിരിക്കുന്നു. അതിനെ ആണ് “നിയമം” എന്ന വാക്കുകൊണ്ട് സംഗ്രഹിച്ചിരിക്കുന്നു. 

കർമ്മ മാർഗ്ഗത്തിൻ്റെ അന്തഃസത്തതായാണ് യമങ്ങൾ ഉൾക്കൊള്ളുന്നത്. ഭക്തി മാർഗ്ഗത്തിൻ്റെയും, ജ്ഞാനമാർഗ്ഗത്തിൻ്റെയും, ക്രിയാമാർഗ്ഗത്തിൻ്റെയും അന്തസ്സത്തതാണ്  “നിയമ”ങ്ങളിൽ  ഉൾക്കൊള്ളുന്നത്. കർമ്മം,ഭക്തി,ജ്ഞാനം,ക്രിയാ ഈ നാല് മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് പരിശീലനം ആരംഭിക്കാമെങ്കിലും, രാജയോഗത്തിൽ ഈ നാലു പാതകളും  ക്രമേണ ഒരുമിച്ചു മാത്രം സഞ്ചരിക്കേണ്ട പാതകളാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. എന്തുകൊണ്ടാണ് യമനിയമങ്ങൾ അനുപേക്ഷണീയം ആണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ.  

യമ നിയമങ്ങൾ അനുസരിച്ചുകൊണ്ടു വേണം യോഗയിലേക്ക് പ്രവേശിക്കുവാൻ. അഞ്ച് യമചര്യകളൂം അഞ്ച്  നിയമ ചര്യകളും ഉണ്ട്. എന്താണ് ആ പത്ത് യമ-നിയമ ചര്യകൾ  എന്ന് നോക്കാം. അവയെല്ലാം തന്നെ ഭൗതികമായ നിലനില്പിൻ്റെ   മൂന്ന് തലങ്ങളിലും അനുഷ്ഠിക്കേണ്ടവയാണ് . അതായത് ശരീരം കൊണ്ടും, മനസ്സുകൊണ്ടും, വികാരങ്ങൾകൊണ്ടും യമനിയമങ്ങൾ പാലിക്കേണ്ടതാണ്.

 1. യമം  – “യമ” എന്ന വാക്കിൻ്റെ  അർത്ഥം നിയന്ത്രിക്കുക എന്നാണ്. നമ്മൾ നമ്മളെ തന്നെ സ്വയം നിയന്ത്രിക്കേണ്ട കാര്യങ്ങൾ ഉണ്ട്.   അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നീ അഞ്ച് കാര്യങ്ങൾ ആണ് യമത്തിൽ വരുന്നത്. എന്നുവച്ചാൽ, മനസ്സാ-വാചാ-കർമ്മണാ യാതൊന്നിനേയും ഹിംസിക്കരുത്, അസത്യം ശീലിക്കരുത്, മോഷ്ടിക്കരുത്, ലഭിച്ചിരിക്കുന്ന ഓരോവസ്ത്തുക്കളും അതാതിന് ഉദ്ദേശിക്കപ്പെട്ട കാര്യത്തിനല്ലാതെ ഉപയോഗിക്കരുത്, ജീവസന്ധാരണത്തിന്  ആവശ്യമില്ലാതൊതൊന്നും ശേഖരിച്ചു കൂട്ടരുത് എന്നിവയാണ് ആ അഞ്ചു യമങ്ങൾ. 
 1. നിയമം – ശൗചം, സന്തോഷം,സ്വാദ്ധ്യായം, തപസ്സ്, ഈശ്വരപ്രണിധാനം എന്നിവയാണ് അഞ്ചു നിയമങ്ങൾ.  എന്നുവച്ചാൽ, ശരീരം കൊണ്ടും, മനസ്സുകൊണ്ടും, വികാരങ്ങൾ കൊണ്ടും, എപ്പോഴും നമ്മൾ ശുദ്ധമായിരിക്കണം, സന്തോഷവാന്മാർ ആയിരിക്കണം, എപ്പോഴും പുതിയ വിജ്ഞാനത്തിനായി സ്വയം ശ്രമിച്ച്  പഠിച്ചുകൊണ്ടേ- യിരിക്കണം, ആന്തരികവും ബാഹ്യവുമായ ഏകാഗ്രത പരിശീലിക്കണം, സർവ്വ ചരാചരങ്ങളിലും ജീവൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞുകൊണ്ടേ ഇരിക്കണം എന്നിവയാണ് ആ അഞ്ചു നിയമങ്ങൾ 

ശരീരത്തിൻ്റെയും  മനസ്സിൻ്റെയും തയ്യാറെടുക്കൽ

ആദ്യം ധാർമ്മികതയിൽ അധിഷ്ഠിതമായ ഒരു  ജീവിതം ചിട്ടപ്പെടുത്തിയതിന് ശേഷം, മനസ്സും ശരീരവും വഴക്കമുള്ളതും അരോഗദൃഢവും ആക്കണം. അതാണ് രണ്ടാം ഘട്ടം.

നമ്മുടെ ജീവൻ്റെ (അവബോധത്തിൻ്റെ) വികസനം  ശരീരത്തിൽ നടക്കുന്ന പ്രാണൻ്റെ സുഗമമായ പ്രയാണവും ആയി അഭേദ്യ ബന്ധത്തിൽ നിൽക്കുന്ന ഒന്നാണെന്ന് പറഞ്ഞുവല്ലോ.   പ്രാണൻ്റെ  സുഗമമായ പ്രയാണത്തിന്  അന്നമയ ശരീരത്തിൻ്റെ  പേശികൾക്ക് വഴക്കവും അഴവും വളരെ ആവശ്യമാണ്. ജീവൻ്റെ  (അവബോധത്തിൻ്റെ) വികസനം ശരീരത്തോട് കൂടി നിൽക്കുമ്പോൾ മാത്രമേ സാധിക്കുകയുള്ളു. ചുമരുണ്ടെങ്കിലേ ചിത്രമെഴുതുവാൻ പറ്റൂ എന്ന് പറയുന്നത് അത് കൊണ്ടാണ്. ആ ശരീരം വഴക്കമുള്ളതാവണം, അരോഗ ദൃഢമായിരിക്കണം.  അങ്ങിനെ ശരീരം സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ആസനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.  ശരീരം പോലെ തന്നെ മനസ്സും വഴക്കമുള്ളതും അരോഗദൃഢവും ആയിരിക്കണം. അതിനാണ് പ്രാണായാമങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.

 1. ആസനം – “ആസനം” എന്ന വാക്കിൻ്റെ  അർത്ഥം “ഇരിക്കൽ” എന്നാണ്. സുഖമായും സ്ഥിരമായും ഒരിടത്ത് അനങ്ങാതെ ഇരിക്കുവാൻ സാധിക്കണം രാജയോഗത്തിൻ്റെ  അടുത്ത ഘട്ടത്തിൽ അതിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ. അതിന് പരിശീലനം ആവശ്യമുണ്ട്. അതുകൊണ്ട് ‘യോഗാസനങ്ങൾ’ എന്ന  വാക്കുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്  പലവിധത്തിലുള്ള  ശരീര വിന്യാസങ്ങളെ ആണ്. ചില പ്രത്യേക രീതികളിൽ   ശരീരം വളക്കുകയും, തിരിക്കുകയും ചെയ്‌തുകൊണ്ട്‌   ശരീരത്തിന് വഴക്കവും ചൈതന്യവും വദ്ധിപ്പിക്കുവാൻ കഴിയും.  ഇത്തരത്തിൽ  വളരെ പ്രത്യേകത   ഉള്ള ശരീര സംബന്ധിയായ വ്യായാമ മുറകളെ  ക്‌ളാസിക്കൽ ഗ്രന്ഥങ്ങളിൽ “ഹഠയോഗം” എന്നാണു  പറയുന്നത്.  ക്ലാസ്സിക്കൽ ഹഠയോഗ ഗ്രന്ഥങ്ങളായ ‘ഗോരക്ഷ സംഹിത’, ‘ഹഠയോഗ പ്രദീപിക’, ഖേരണ്ട സംഹിത’ തുടങ്ങിയവയിൽ   84  തരം ആസനങ്ങളെക്കുറിച്ചു പ്രദിപാദിക്കുന്നുണ്ട്. എങ്കിലും 32 എണ്ണം ആണ് പൊതുവെ പരക്കെ ഉപയോഗിച്ചുവരുന്നത്.  അതിൽ നിന്നുംഒരു 10-12 എണ്ണം എങ്കിലും  തിരഞ്ഞെടുത്ത്  ക്രമമായ രീതിയിൽ  പരിശീലിക്കുമ്പോൾ  മെയ്‌ വഴക്കമുള്ള അരോഗദൃഢ ഗാത്രത്തോടെ  “സുഖസ്ഥിരമായി” ദീർഘനേരം എവിടെ വേണമെങ്കിലും ഇരിക്കുവാൻ സാധിക്കുന്നു.  ഒരു ഗുരുവിൻ്റെ നിർദ്ദേശാനുസരണം വേണം  ഇവയെല്ലാം പഠിക്കേണ്ടത്. 
 1. പ്രാണായാമം – പ്രാണനെ ‘ആയാമം’ ചെയ്യിക്കുക എന്നാണു പദത്തിൻ്റെ അർത്ഥം. “യമം” എന്ന വാക്കിൻ്റെ  അർത്ഥം “നിയന്ത്രിക്കുക” എന്നാണെന്ന് നമ്മൾ മനസ്സിലാക്കി. ‘ആയമം’  എന്ന വാക്കിൻ്റെ  അർത്ഥം അതിൻ്റെ വിപരീതമായ “വികസിപ്പിക്കുക’, അല്ലെങ്കിൽ ‘വലിച്ചു നീട്ടുക’ എന്നൊക്കെയാണ്. ചുരുക്കത്തിൽ പ്രാണായാമം എന്ന് പറഞ്ഞാൽ പ്രാണനെ വികസിപ്പിക്കുക എന്നാണ് അർത്ഥം. 

പ്രാണൻ എന്നാൽ ജീവശക്തിയാണ്. “ജീവൻ” (അവബോധം, പ്രജ്ഞാനം – അതായത് നമ്മൾ എന്താണോ അത്) നേരിട്ട് വ്യാപരിപ്പിക്കുന്ന ശക്തിയാണ് അത്. അതായത്  ജീവനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഒന്ന്. മനസ്സിനേയും ശരീരത്തേയും ഉൽപ്പാദിപ്പിക്കുന്നതും പ്രവർത്തനോന്മുഖമാക്കുന്നതും പ്രാണൻ ആണ്. പ്രാണൻ വളരെ സൂക്ഷ്മമാണ്. അങ്ങിനെ ഉള്ള സൂക്ഷ്മമായ പ്രാണൻ്റെ സ്ഥൂല രൂപത്തിലുള്ള  പ്രതിനിധി ആണ് ശരീരത്തിൽ നടക്കുന്ന ശ്വാസോച്ഛാസം. ശ്വാസോച്ഛാസം നിലയ്ക്കുമ്പോൾ  പ്രാണൻ ശരീരത്തിൽ നിന്നും പിൻവാങ്ങി എന്നർത്ഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രാണനിലേക്കുള്ള നമ്മുടെ കൈപ്പിടിയാണ് ശ്വാസോച്ഛാസം. ശ്വാസോച്ഛാസത്തെ ‘ആയാമം’ ചെയ്യന്നത്, പ്രാണനെ ‘ആയാമം’ ചെയ്യുന്നതിന് സമമാണ്. 

പ്രാണനും ശ്വാസോച്ഛാസവും ഒരു വലിയ വിഷയമാണ്. ശ്വാസോച്ഛാസവും മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഉദാഹരണത്തിന്, മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ദീഘശ്വാസം വിടുന്നത് ആ ബന്ധം കൊണ്ടാണ്. ഭയം മനസ്സിനെ ഗ്രസിക്കുമ്പോൾ ശ്വാസോച്ഛാസം ത്വരിതമാകുന്നു.  പ്രാണായാമം പരിശീലനത്തോടെ മനോ നിയന്ത്രണം കൈവരിക്കുവാൻ കഴിയുമെന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതേ ഉള്ളൂ 

ശ്വാസോച്ഛാസവും ആയുസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ വിഷയത്തിൽ നടന്നിരിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്  ശ്വാസോച്ഛാസത്തിൻ്റെ  തോത് കുറയുമ്പോൾ ആയുർ ദൈർഖ്യം കൂടുന്നു, തോത് കൂടുമ്പോൾ ആയുർ ദൈർഖ്യം കുറയുന്നു എന്നാണ്.  ഒരു മിനിറ്റിൽ 4 ശ്വസനങ്ങളുള്ള  ആമകൾ  150 വർഷത്തോളം ജീവിക്കുന്നു.  ഒരു മിനിറ്റിൽ 109 എതവണ ശ്വസിക്കുന്ന ചുണ്ടെലികൾ  1 വര്ഷം ജീവിച്ചിരിക്കുന്നു. ഈ ശരാശരി കണക്കുകൾ  പ്രാണായാമത്തിൻ്റെ സാദ്ധ്യതകൾ  കാണിച്ചു തരുന്നുണ്ട്. 

ക്രിസ്തുവിനും 400 -500 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ടു എന്ന് കരുതുന്ന മൈത്രായനിക ഉപനിഷത്തിലാണ് പ്രാണായാമത്തെ കുറിച്ച് ഏറെക്കുറെ വിശദമായ വിവരങ്ങൾ ഉള്ളത്. എന്നാൽ ക്രിസ്തുവിന് 3000 വർഷം മുൻപുള്ള ചാന്ദോക്യ ഉപനിഷത്തിലും, 700 വർഷം മുൻപുള്ള ബൃഹദാരണ്യക ഉപനിഷത്തിലും പ്രാണനെക്കുറിച്ചും  ശ്വാസോച്ഛാസവും പ്രാണനുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും പറയുന്നുണ്ട്.  അങ്ങിനെ ജീവൻ്റെ വികാസത്തിൽ പ്രാണായാമത്തിനുള്ള പങ്ക് ചെറുതല്ല. അനുയോജ്യനായ ഒരു ഗുരുവിൽ നിന്നും പഠിക്കേണ്ട ഒന്നാണ് പ്രാണായാമവും.

ആന്തരിക പരിണാമവും മുക്തിയും 

ഇതുവരെ വിവരിച്ച നാല് ഘട്ടങ്ങൾ ജീവൻ്റെ വികസനത്തിന് വേണ്ടി  ശരീരത്തിൻ്റെ  പുറത്തു ചെയ്ത് പരിശീലിച്ചു പ്രാവീണ്യം നേടേണ്ടവയണ്. ഇനിയുള്ള നാല് ഘട്ടങ്ങൾ ശരീരത്തിനകത്തേയ്ക്ക്  ഉൾവലിഞ്ഞു അവിടെ നിർവഹിക്കേണ്ട പരിശീലനങ്ങൾ ആണ്.  

 1. പ്രത്യാഹാരം – കണ്ണ്, മൂക്ക്, നാക്കു, ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങൾ കൊണ്ടാണ് നമ്മൾ ഈ ലോകത്തേയും  അതിലെ സകല വസ്തുക്കളെയും അറിയുന്നത്.  ഈ ഇന്ദ്രിയങ്ങൾ പുറത്തേയ്ക്കുള്ള  അഭിമുഖവുമായിട്ടാണ് നിലകൊള്ളുന്നത്. അതുകൊണ്ട് നമ്മുടെ അവബോധവും ശ്രദ്ധയും എല്ലാം ബാഹ്യമായിട്ടാണ് ഇന്ന് കേന്ദ്രീകരിച്ചിരിക്കുന്നത്. പുറത്തേക്ക് ശ്രദ്ധിച്ചിരിക്കുന്ന അഞ്ച് ഇന്ദ്രിയങ്ങളേയും അകത്തേയ്ക്ക് തിരിക്കുന്നതാണ് പ്രത്യാഹാരം  
 1. ധാരണ – “ധാരണ” എന്ന  സംസ്കൃത പദത്തിനർത്ഥം , “ഏകാഗ്രത” എന്നാണ്. ഏതെങ്കിലും ഒരു വസ്തുവിൽ, അല്ലെങ്കിൽ ഒരു ശബ്ദത്തിൽ  അല്ലെങ്കിൽ ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌  നിലകൊള്ളുന്നതാണ് ഏകാഗ്രത. ഒരു കടൽ തീരത്ത് ഇരുന്നു ആകാശത്തേക്ക് നോക്കുമ്പോൾ, ആകാശത്ത് നിലകൊള്ളുന്ന പല മേഘങ്ങളിൽ  ഒരു മേഘം മാത്രം കാണുന്നത് ആണ് ഏകാഗ്രത. ഏകാഗ്രത മൂർച്ഛിച്ച് അതിൻ്റെ അടുത്തഘട്ടമായ ധ്യാനത്തിലേക്ക് കടക്കുന്നു. 
 1. ധ്യാനം  – “ധ്യാനം” ഏകാഗ്രതയുടെ പരിണാമം ആണ്. മേൽപ്പറഞ്ഞ ഉദാഹരണത്തിൽ ഏകാഗ്രതയുടെ പരിധി വർദ്ധിച്ചു മേഘം മാത്രമല്ല, ആകാശവും കടലും ശ്രദ്ധയുടെ സീമകൾക്ക് ഉള്ളിൽ നിലകൊള്ളുന്ന അവസ്ഥായാണ് ധ്യാനം. തീർത്തും എന്തിലാണോ ഏകാഗ്രമായിരിക്കുന്നത് അതിൽ ലയച്ചനിലയാണ് ധ്യാനം.
 1. സമാധി: ഈ പദം നിരവധി സംസ്കൃത മൂലങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. “സ” എന്നാൽ “ഒരുമിച്ച്” അല്ലെങ്കിൽ “പൂർണ്ണമായി”, “ഒരുമിച്ചാകുക”  എന്നൊക്കെ അർത്ഥം പറയാം. ധ്യാനത്തിൻ്റെ  മൂർദ്ധന്യത്തിൽ ധ്യാനിക്കുന്ന വ്യക്തിയും ധ്യാനിക്കപ്പെട്ട വസ്തുവും അനുഭവത്തിൽ ഒന്നായി തീരുന്ന പ്രതീതിയിൽ ഉള്ള അവസ്ഥ.  ധാരണയിലും, ധ്യാനത്തിലും വർദ്ധിച്ചു വന്ന ഏകാഗ്രതയുടെ സീമ പിന്നേയും വർദ്ധിച്ച്‌   എല്ലാം ഒന്നായി മാറുകയാണ്. അവിടെ  അറിയുന്ന ആളും, അറിയപ്പെടുന്ന വസ്തുവും രണ്ടല്ല, ഒന്നാണ്. അവിടെ ശരീരമോ, മനസ്സോ, ധ്യാനം എന്ന പ്രവർത്തിയോ ഇല്ല.  ആകെ ഉള്ളത് ‘അറിയുന്നു’എന്ന അറിവ് മാത്രം. ഇതാണ് ധ്യാനത്തിൻ്റെ മൂർദ്ധന്യം. ആ അറിവാണ് നമ്മൾ സത്യത്തിൽ. ആ അറിവിന് മനസ്സും ശരീരവും പൊട്ടി മുളച്ചു വന്നതാണ് ഇന്നത്തെ നമ്മൾ.

സമാധിയാണോ ജീവിതത്തിൻ്റെ ലക്ഷ്യം? 

ഈ ചോദ്യത്തിൽ തന്നെ  തെറ്റുണ്ട്. നമ്മൾ “ജീവൻ” എന്ന ഏകകമാണ് – പ്രജ്ഞാനമാണ്. അവബോധമാണ്. നമ്മൾ ശരീരമല്ല, മനസ്സല്ല. അത് രണ്ടും ജീവൻ്റെ ഉപകരണങ്ങൾ ആണ്.   ആ ജീവൻ്റെ നിലവിലെ സാഹചര്യങ്ങളെ ആണ് നമ്മൾ “ജീവിതം” എന്ന് പറയുന്നത്. “ഞാൻ ശരീരമാണ്” അല്ലെങ്കിൽ “മനസ്സാണ്” അല്ലെങ്കിൽ “രണ്ടുംകൂടി ചേർന്നതാണ്” എന്നെല്ലാം ഉള്ള തെറ്റിദ്ധാരണയാണ് നമ്മെകൊണ്ട്  അങ്ങിനെ തെറ്റായി ചിന്തിപ്പിക്കുന്നതും, തെറ്റായ ചോദ്യങ്ങൾ ചോദിപ്പിക്കുന്നതും. നമ്മൾ മരിക്കുന്നവരാണ് എന്ന ധാരണയും  അതേ  തെറ്റിധാരണകൾ കൊണ്ട് ഉണ്ടാകുന്നതാണ്.  അതുകൊണ്ട് ജീവിതത്തിന് ലക്‌ഷ്യം ഒന്നും ഇല്ല – ജീവന് നിലനിൽക്കുക എന്ന ഒരൊറ്റ അവസ്ഥയേ ഉള്ളൂ. ആ നിലനിൽപ്പ് ആദ്യം ഉപമിച്ച  കുമിളക്കകത്തായാലും പുറത്തായാലും ഒന്ന് തന്നെ. കുമിള പൊട്ടുന്നതുവരെ ആ പരിധിക്കുള്ളിൽ നിൽക്കും. പൊട്ടിക്കഴിഞ്ഞാൽ പരിധി ഇല്ല, ആ കുമിള ഇല്ല എന്നുമാത്രം.

ലക്ഷ്യം വേണ്ടത് “ഞാൻ ശരീരം ആണ്” അല്ലെങ്കിൽ “മനസ്സാണ്” എന്നൊക്കെ ഉള്ള തെറ്റിദ്ധാരണയോട് കൂടി നിൽക്കുന്ന നമുക്കാണ് – മനുഷ്യനാണ്. ആ തെറ്റിദ്ധാരണ മാറ്റി നമ്മൾ സത്യത്തിൽ “ജീവൻ” അല്ലെങ്കിൽ “അവബോധം” അല്ലെങ്കിൽ “പ്രജ്ഞാനം” ആണ് എന്ന അചഞ്ചലമായ ശരിയായ ധാരണയും  അതനുസരിച്ചുള്ള അനുഭവവും  ഉണ്ടാകണം എന്നത് മാത്രമാണ്  അഭികാമ്യമായ ഒരു ലക്ഷ്യം.  ആ ലക്ഷ്യത്തിൽ എത്തുവാനുള്ള മാർഗ്ഗം  ആണ് അഷ്ടാംഗയോഗം.   അഷ്ടാംഗയോഗത്തിലൂടെ സ്ഥൂല ശരീരം ജീവനുമായി ചേർന്ന്  നിൽക്കുന്ന  ഇപ്പോഴത്തെ നമ്മൾ ആ ലക്ഷ്യത്തിൽ എത്തിയാൽ ജീവൻ അതി സൂക്ഷ്മ ശരീരം ഒരു ഉപകരണം മാത്രമായി സ്വീകരിച്ചു  നിൽക്കുന്ന അവസ്ഥയിലേക്ക് മാറും.  രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ വളരെ വലുതാണ്.  ആദ്യത്തേത്  മരണവും, അജ്ഞതയും, ദുഃഖവും  ഉള്ള നിലനിൽപ്പ്. രണ്ടാമത്തേത്  അമരത്വവും, സർവജ്ഞാനവും, നിത്യാനന്ദവും ഉള്ള  നിലനിൽപ്പ്. ആ ഉയർന്ന അവസ്ഥ പരിശീലനത്തിലൂടെ, ബോധപൂർവ്വമായ നിലനിൽപ്പോടെ തുർടന്നാൽ സ്ഥൂലമായ  അന്നമയ ശരീരം പൊഴിച്ച് സൂക്ഷ്മമായ മനോന്മയ ശരീരത്തിൻ്റെ  ഉയർന്ന നിലയോടെ (ഗന്ധർവ്വൻ, ദേവൻ തുടങ്ങിയ നിലവിലെ അവബോധത്തിന് യോജിച്ച ഒരു നിലയിൽ) അനശ്വരതയിൽ, സർവ്വജ്ഞാനത്തോടെ, നിത്യാനന്ദത്തിൽ നിലനിൽക്കാം. 

അപ്പോഴും നാമമാത്രമായ ഒരു വ്യത്യാസം  നില നിൽക്കും, കുമിളയുടെ ആവരണം സ്വാഭാവികമായി പൊട്ടിപോകുന്നത് വരെ. സ്ഥൂല ശരീരം ജീവനുമായി നിൽക്കുന്ന  തെറ്റിദ്ധാരണ നിറഞ്ഞ അബോധാവസ്ഥയിൽ  നിന്നും, ജീവൻ അതിസൂക്ഷ്മ ശരീരവും ആയി  നിൽക്കുന്ന ഉയർന്ന ബോധാവസ്ഥയിൽ  എത്തിയാൽ അതിനപ്പുറം നിലനിൽപ്പ് മാത്രമല്ലാതെ മറ്റൊന്നും ഇല്ല.  അതുകൊണ്ട് പൂർണ്ണതയിൽ നിലനിൽക്കുക എന്നതുമാത്രമാണ് ലക്ഷ്യമായിരിക്കേണ്ടത്.

ശ്രേഷ്ഠമായ ജീവിതം  

ശ്രേഷ്ഠമായ ജീവിതം എന്ന് പറയുന്നത് ഉയർന്ന ആ നിലനിൽപ്പ് സാദ്ധ്യമാകുന്ന  വിധത്തിൽ ഇപ്പോൾ, ഇന്നു മുതൽ ജീവിക്കുക എന്നുള്ളതാണ്. ‘ജീവൻ’ അല്ലെങ്കിൽ ‘അവബോധം’ അനുദിനം വികസിപ്പിച്ചുകൊണ്ടുള്ള ജീവിതം എന്നർത്ഥം.  അത്തരത്തിലുള്ള ജീവിതം ആഗ്രഹിക്കുന്നു എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ ഉടനടി പകർത്തുവാൻ ആരംഭിക്കേണ്ടതുണ്ട്.

 1. ധാർമ്മികമായ കാഴ്ചപ്പാടുകൾ, ധാർമ്മികമായ തീരുമാനങ്ങൾ, ധാർമ്മികമായ ചിന്തകൾ ഇവ നിത്യ ജീവിതത്തിൽ കൊണ്ടുവരണം. നമ്മുടെ വാക്കുകൾ, പ്രവൃത്തികൾ, സ്വഭാവം, ജീവിത രീതികൾ, തൊഴിൽ,  പരിശ്രമങ്ങൾ  ഇവയെല്ലാം ധാർമ്മികമായവ മാത്രം ആയിരിക്കുവാൻ  ബദ്ധ ശ്രദ്ധരായിരിക്കണം. മനഃസാക്ഷക്ക് വിരുദ്ധമായി ഒരിക്കലും പ്രവൃത്തിക്കരുത്.
 2. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ അനുഭവങ്ങൾക്കും  നമ്മൾ മാത്രം ആണ് ഉത്തരവാദികൾ എന്നറിയുക. അത് നമ്മുടെ കുറ്റവും കുറവും ഒന്നുമല്ല.  കാർമികമായ ആ  ഉത്തരവാദിത്വത്തിൽ നിന്ന് കൊണ്ട് അനുനിമിഷം പെരുമാറുക. മറ്റാരും നമ്മുടെ അനുഭവങ്ങൾക്ക് ഉത്തരവാദികൾ അല്ല, നമുക്ക് അങ്ങിനെ വെറുതെ തോന്നിക്കുന്നത്  മാത്രം ആണ്. പൂർണ്ണമായും അവബോധത്തിൽ നിന്നുകൊണ്ട്  അനുനിമിഷം പ്രവൃത്തിക്കുകയാണ് വേണ്ടത്.
 3. ഇപ്പോൾ ഈ നിമിഷം നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും, ഓരോ സാഹചര്യങ്ങളും അങ്ങിനെ തന്നെ ആയിരിക്കും. അത് നിശ്ചിതമാണ്. മാറ്റി മറിക്കാവുന്ന ഒന്നല്ല. ഈ നിമിഷം അവസാനിച്ചു അടുത്ത നിമിഷം ആരംഭിക്കുമ്പോൾ അതെല്ലാം സ്വയം മറ്റൊന്നായി മാറും. ഈ നിമിഷത്തിൽ ഇവിടെ ഉള്ള ഒരു കാര്യത്തിനും അണുവിട ഇപ്പോൾ ഉള്ളതിൽ നിന്നും വ്യത്യാസം ഉണ്ടാകില്ല. അതുകൊണ്ട് ഓരോ നിമിഷവും നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ ആന്തരികമായ യാതൊരു വൈകാരിക ചലങ്ങളും  ഉണ്ടാക്കാതെ സ്വീകരിക്കുകയും, അവബോധത്തോടെ പ്രതികരിക്കുകയും മാത്രം ചെയ്യുക.
 4. അനുനിമിഷം അവബോധത്തോടെ ഉണർന്നിരിക്കണം. ഒന്നിനോടും വൈകാരികമായി പ്രതികരിക്കരുത്. ബോധപൂർവം ആവശ്യമായ കാര്യങ്ങൾ ചെയ്യുക മാത്രം ചെയ്യുക.
 5. നമ്മുടെ ഓരോ ചിന്തകളേയും സസൂക്ഷ്മം മാറിന് നിന്ന് വീക്ഷിക്കണം. നമ്മൾ അറിയാതെ  നമ്മുടെ ചിന്തകളും, വാക്കുകളും, പ്രവൃത്തികളും ഒന്നും  നമ്മുടെ കൈയിൽ നിന്നും വഴുതി പോകരുത്. നമ്മുടെ ചിന്തകളും, വക്കും പ്രവർത്തികളും എല്ലാം സദാ സമയവും ഒരു നിശബ്ദ  സാക്ഷിയായി നിന്നുകൊണ്ട് നമ്മൾ വീക്ഷിക്കണം.
 6. നമ്മൾ ഈ ശരീരമോ മനസ്സോ അല്ല എന്ന് എപ്പോഴും ഓർക്കണം. നമ്മൾ ‘ജീവൻ’ ആണ്. ശരീരവും മനസ്സും  ആ ജീവൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ്. മറ്റുള്ളവർ അല്ലെങ്കിൽ മറ്റുള്ളവ എന്ന് നമ്മൾ കരുതുന്നതെല്ലാം അങ്ങിനെ തന്നെ.  ഇവിടെ അന്യമായി ഒന്നുമില്ല എന്നറിയുക. എല്ലാം ജീവൻ തന്നെ വേഷപ്രച്ഛന്നരായി നിൽക്കുന്നതാണെന്ന് മറക്കരുത് ഒരിക്കലും.  
 7. സർവ്വ  ചരാചരങ്ങളോടും മാതൃ നിർവിശേഷമായ ഒരു ഭാവന വളർത്തി എടുക്കുക.
 8. മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിക്കാതെ മുകളിൽ പറഞ്ഞവയെല്ലാം സ്വന്തം ജീവിത നിയമങ്ങൾ ആക്കി മാറ്റുക 

ശ്രേഷ്ഠമായ “മരണം” 

ശ്രേഷ്ഠമായ ഒരു ജീവിതം കൊണ്ട് മാത്രം മതിയാവുകയില്ല, പരിണാമത്തിൻ്റെ പടികൾ കയറുവാൻ.  ശ്രേഷ്ഠമായ ഒരു “മരണം” കൂടി സംഭവിക്കേണ്ടതുണ്ട്. “മരണം” എന്ന് പറഞ്ഞാൽ അന്നമയ ശരീരം പൊഴിക്കൽ എന്ന് മനസ്സിലാക്കണം. പാമ്പ് പടം പൊഴിക്കുന്നതുപോലുള്ള ഒരു ബാഹ്യാവരണം ത്യജിക്കൽ മാത്രമാണ് മരണം.  

ജീവിതത്തിൻ്റെ  അവസാന നിമിഷങ്ങളുടെ പ്രാധാന്യം വളരെ വലുതാണ് . അന്നമയ ശരീരത്തോടുകൂടി നിൽക്കുമ്പോൾ നമുക്ക് വിവേചന ബുദ്ധി ഉണ്ട്.  ഉയർന്ന അവബോധത്തോടെ അല്ല  ശരീരം ഉപേക്ഷിക്കുന്നതെങ്കിൽ,  ശരീരം ഉപേക്ഷിക്കപ്പെ’ട്ടാൽ ആ വിവേചന ബുദ്ധി നഷ്ടപ്പെടും. പിന്നെ ബാക്കി നിൽക്കുന്നത് കാർമികമായ  ഓർമ്മകൾ നൽകുന്ന ‘പ്രവണതകൾ’ മാത്രം ആണ്. ആ പ്രവണതകൾക്ക്  അനുസൃതമായി കാറ്റത്തിട്ട  കരിയില പോലെ വെറുതെ നിലനില്പിൻ്റെ ബാക്കി ഭാഗങ്ങൾ    ഒഴുകി നടക്കും.  മാത്രവുമല്ല, ഏതു വികാരവുമായിട്ട്  ശരീരം ഉപേക്ഷിക്കുന്നുവോ, അതേ  വികാരം പതിന്മടങ് വർദ്ധിച്ച ശക്തിയോടെ തുടർന്നും  നിലനിൽക്കും. സന്തോഷത്തോടെയാണ് ശരീരം പൊഴിയുന്നതെങ്കിൽ  അതേ സന്തോഷമായിരിക്കും  പതിന്മടങ് ഇരട്ടിച്ച  നിലയിൽ  തുടർന്നും നിൽക്കുക. ഭയമാണെങ്കിൽ അതും അങ്ങിനെ തന്നെ. ഓർമ്മയും  മനസ്സും എല്ലാം അപ്പോഴും അവിടെയുണ്ട്; മനസ്സിൻ്റെ  വിവേചന  പ്രക്രിയ മാത്രം നഷ്ടപ്പെട്ടിരിക്കുന്നു. മരണ സമയത്ത്  നമ്മൾ  അൽപ്പമെങ്കിലും അരോചകത സൃഷ്ടിച്ചാൽ, അത് പിന്നെ  ദശലക്ഷമായി വർദ്ധിക്കും എന്നർത്ഥം.  

നമ്മുടെ  സംസ്കാരത്തിൽ മരണ സമയത്ത് ഏറ്റവും  നല്ല ഒരു അന്തരീക്ഷം നൽകാറുണ്ട്.  ശരിയായ സ്ഥലത്ത് , ശരിയായ അന്തരീക്ഷത്തിൽ,  ശരിയായ തരത്തിലുള്ള വികാരവും ചിന്തകളും നൽകുന്ന വിധത്തിൽ ചുറ്റുപാടുകൾ ഒരുക്കി കൊടുക്കണം. കൂട്ടക്കരച്ചിലുകളോ, അലമുറകളോ ഒരിക്കലും അരുത്. ഭക്തി സാന്ദ്രമായ അന്തരീക്ഷം  സൃഷ്ടിക്കണം. ഏറ്റവും ഉയർന്ന സമാധാനവും സന്തോഷവും നൽകുന്ന അന്തരീക്ഷം സൃഷ്ടിച്ചു നൽകിക്കൊണ്ട് അവരെ ശരീരം ഉപേക്ഷക്കുവാൻ അനുവദിക്കണം.  ഇത് വളരെ പ്രധാനപ്പെട്ട ഒരു ശാസ്ത്രീയ പ്രക്രിയയാണ്. അല്ലാതെ ഒരു വൈകാരിക പ്രക്രിയയല്ല ഇത് എന്ന് നമ്മൾ മനസ്സിലാക്കണം.

മരണ സമയത്തോ മരിച്ചു കഴിഞ്ഞാലോ ഒരിക്കലും  യാതൊരു ശത്രുതയും മരിച്ച വ്യക്തിത്വവുമായി വച്ച് പുലർത്തരുത്.  നാടകം കഴിഞ്ഞു, തിരശ്ശീലവീഴുകയാണ്.   ശരീരം വെടിയുന്ന ഒരു വ്യക്തി  വേഷങ്ങൾ അഴിക്കുകയാണ്. അവർ ഇനി നമ്മുടെ ശത്രുവുമല്ല,  മിത്രവുമല്ല, ബന്ധുവല്ല. അവർ  ജീവിതത്തിൻ്റെ  ഒരു ഭാഗം മാത്രമാണ് –  ഒരു ജീവിതത്തെ നമ്മൾ ഒരു ജീവിതമായി തന്നെ കണക്കാക്കേണ്ടതുണ്ട്.  നാടകത്തെ നാടകം ആയിട്ടും കാണണം.  നാടകം  കളിക്കുന്നത് അരങ്ങിൽ മാത്രം. നാടകത്തിൽ  നമ്മൾ ഓരോരുത്തരും ഓരോ വേഷങ്ങൾ അഭിനയിക്കുന്നു.  വ്യത്യസ്ത രീതികളിൽ കാര്യങ്ങൾ കാണുകയും  പരസ്പരം ബന്ധപ്പെടുകയും പ്രതികരിക്കുകയും ഒക്കെ  ചെയ്യുന്നു.തിരശ്ശീല വീഴുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കും. കാഴ്ചവച്ച അഭിനയത്തിന് അഭിനന്ദിക്കപ്പെടണം. ഏറ്റവും നല്ല വികാരങ്ങളോടെ അരങ്ങൊഴിഞ്ഞ വ്യക്തക്ക് അണിയറയിലേക്ക് മടങ്ങുവാൻ കഴിയണം. 

പ്രജ്ഞയുള്ള  പ്രപഞ്ചവും സനാതന ധർമ്മ ജീവിതവും  

ജീവൻ്റെ  ഏറ്റവും  വലിയ ഒരു ചിത്രം വരച്ചു കാണിക്കുവാൻ ആണ് ഇവിടെ ശ്രമിച്ചത്.   ആ ബൃഹ്ത്  ‘ ജീവൻ്റെ’  മെക്കാനിസവും ആയി  ഇഴചേർന്ന് വേണം, നമ്മൾ  ആകുന്ന ചെറിയ ‘ജീവനു’കൾ  ഇവിടെ   നിലനിൽക്കുവാനും പ്രവർത്തിക്കുവാനും. സപ്രജ്ഞമായ, പരമമായ ഉദ്ദേശങ്ങൾ കൊണ്ട് നിറഞ്ഞ, ജീവൻ തുടിക്കുന്ന ഈ പ്രപഞ്ചമാകുന്ന മഹാ വിഹായസ്സിൽ നിലനിൽക്കുന്ന പ്രപഞ്ചത്തിൻെ തന്നെ   കുമിളകൾ  ആണ് നമ്മൾ ഓരോരുത്തരും. എല്ലാം പരസ്പരം ഒന്നിനൊന്ന് ബന്ധപ്പെട്ടു  നിൽക്കുന്ന ഒരേ തൂവൽ പക്ഷികൾ. കുമിളകൾക്കകത്തെ അന്തരീക്ഷം താൻ ഈ കുമിളയാണെന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് ബാക്കിയെല്ലാം തനിക്ക് അന്യമെന്ന്  തോന്നിക്കുന്നത്. ഇവിടെ സത്യത്തിൽ അന്യമായ ഒന്നുമില്ല. എല്ലാം ഒന്ന് തന്നെ. 

അത്തരത്തിലുള്ള  ഒരു   ജീവിതരീതി അനുഷ്ഠിക്കുന്നതിനെ ആണ്  ‘സനാതന ധർമ്മം’  എന്ന് പറയുന്നത്.  സനാതന ധർമ്മം ഒരു മതമല്ല.  സർവ്വതിനേയും ഉൾക്കൊള്ളുന്ന  ഉയർന്ന അവബോധത്തിലുള്ള പ്രയാണം സ്വീകരിച്ച  ഒരു ജീവിത രീതിയാണ്. ‘അവബോധം’  വീണ്ടും വീണ്ടും വികസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആ ജീവിത രീതിയെ ആണ് “ഹിന്ദുമതം” എന്ന് തെറ്റായി വിളിച്ചു വരുന്നത്. അത് ഒരു മതമല്ല – ജീവിത രീതിയാണ്.  സനാതന ധർമ്മം ബാഹ്യമായി ക്രമീകരിക്കപ്പെട്ട ഒരു സംഘടനാ സമ്പ്രദായങ്ങൾ അല്ല. ഇവിടെ അധീശത്വമോ അധികാരക്രമങ്ങളോ ഇല്ല. നിത്യമായ നിലനില്പ്പിൻ്റെ തിരിച്ചറിയൽ മാത്രം, അതനുസരിച്ചുള്ള ജീവിതത്തിൻ്റെ  ക്രമീകരണങ്ങൾ മാത്രം.  

സനാതന ധർമ്മത്തിൽ ഉള്ള എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രജ്ഞാനം  (ജീവൻ) വികസിപ്പിക്കുക, അങ്ങിനെ  ഏറ്റവും ഉയർന്ന അവബോധ തലത്തിൽ എത്തുക എന്ന ഒരേ ഒരു ഉദ്ദേശ്യത്തോടെ രൂപീകൃതമായതാണ്. എല്ലാ തലങ്ങളിലുള്ളവർക്കും  അവിടെ ഇടമുണ്ട്, സ്ഥാനമുണ്ട്.    എല്ലാവർക്കും   അവരവരുടെ അവബോധത്തിന് ഏറ്റവും കൂടുതൽ ചേർന്ന ജീവിത ക്രമം  ആചരണത്തിനായി തിരഞ്ഞെടുത്തു ഉപയോഗിക്കാവുന്ന വിധത്തിൽ ആണ് അനുഷ്ഠാനങ്ങൾ ചിട്ടപ്പെടുത്തിരിയിരിക്കുന്നത്. മൃത്യുവും, അജ്ഞതയും, ക്ലേശങ്ങളും, ദുഃഖങ്ങളും തരണം ചെയ്യുവാൻ ഉള്ള ഏക മാർഗ്ഗം കൂടിയാണ് ബോധപൂർവം ഉള്ള അവബോധ വികസനം എന്ന  ഒരു തിരിച്ചറിവാണ് സനാതന  ജീവിത ക്രമം സമ്മാനിക്കുന്നത്.

“ജീവൻ” മനുഷ്യ യോനിയിൽ പതിക്കുന്നതിന്  മുൻപ് മുതൽ ‘മരണ’മെന്നു നമ്മൾ വിവക്ഷിക്കുന്ന ശരീരം ത്യജിക്കൽ  വരെ ഉള്ള ഒരു മനുഷ്യ  ജീവിതത്തിൽ   പ്രധാനപ്പെട്ട  പതിനാറു വഴിത്തിരിവുകൾ ഉണ്ട് സനാതന ധർമ്മത്തിൽ.   ഈ പതിനാറു ഘട്ടങ്ങളിലും  ബോധപൂർവ്വം  ആചരിക്കുന്ന ഒരു സംസ്കാര പാരമ്പര്യത്തിൻ്റെ  അനുഷ്ഠാനങ്ങൾ ഉണ്ട്  സനാതന ധർമ്മത്തിൽ – ഷോഡശ  ക്രിയകൾ. നിത്യജീവിതം  ബോധപൂർവ്വം നയിക്കുവാൻ ഇത്തരം അർത്ഥവ്യാപ്തിയുള്ള ഷോഡശ ആചാരങ്ങൾ സഹായിക്കുന്നൂ – ജീവൻ്റെ വലിയ  ചിത്രവും ഷോഡശ ക്രിയകളിൽ അടങ്ങിയിരിക്കുന്ന  തത്വങ്ങളും മനസ്സിലാക്കി ചെയ്യുകയാണെങ്കിൽ. ജീവൻ്റെ വലിയ ചിത്രം ഒരിക്കലും കാണാതെ ഇത്തരം സാംസ്കാരിക സമ്പ്രദായങ്ങളെ അവബോധം കുറഞ്ഞ വെറും കാഴ്ചക്കാർ ആയി നോക്കി കാണുന്നവർക്ക് ഇതെല്ലം ബാലിശമായ അന്ധവിശ്വാസങ്ങൾ ആയിട്ടേ തോന്നുകയുള്ളൂ.

_________________________________________________

ഈ വിഷയം കൂടുതൽ പഠിക്കുവാൻ ആ ഗ്രഹിക്കുന്നവർ താഴെ പറയുന്ന പുസ്തകങ്ങൾ തന്നിരിക്കുന്ന ക്രമത്തിൽ വായിക്കുക. അതിന് ശേഷം മനനം ചെയ്യേണ്ടതുണ്ട്.

“Death – An Inside Story” (2020)  Sadhguru, Penguin Random House India.

“A New Earth – Awakening to Your Life’s Purpose” (2005) Eckhart Tolle,  ISBN: 9780452289963

Leave a Reply