
ആരാണ് ദൈവം?
സനാതന ധർമ്മത്തിലെ ദൈവസങ്കല്പങ്ങൾ
“സനാതനം” എന്ന പദത്തിൻ്റെ അർത്ഥം എല്ലാക്കാലത്തേക്കും എല്ലാ ദേശത്തേക്കും ഉപയുക്തമായത് എന്നാണ്. ഈ നിർവ്വചനത്തിന് സാധുത നൽകിക്കൊണ്ട് അതിപുരാതനമായ കാലത്ത് പുരാതന ഈജിപ്ഷ്യൻ സംസ്കാരവും ഗ്രീക്ക് സംസ്കാരവും സനാതന ധർമ്മത്തിന് സമാനമായ തത്വങ്ങൾ ഉൾക്കൊണ്ടിരുന്നു എന്ന വസ്തുത ചൂണ്ടിക്കാണിക്കുകയാണ് ഈ അദ്ധ്യായത്തിൽ. പുരാതന ഗ്രീസിലും ഈജിപ്തിലും നില നിന്നിരുന്ന “ഹെര്‍മെറ്റി”സിസത്തിലെ ഏഴു മൗലിക പ്രപഞ്ച തത്വങ്ങൾ അല്ലെങ്കിൽ മൗലിക പ്രപഞ്ച നിയമങ്ങൾ ആണ് അതിനായി ഇവിടെ പരിചയപ്പെടുത്തുന്നത്. “ഹെർമെറ്റിസിസം” എന്നാൽ പുരാതന ഈജിപ്തിൻ്റെ ഋഷിപ്രോക്തമായ വിജ്ഞാനം എന്ന് അർത്ഥം പറയാം. “ഋഷി” എന്ന് അർത്ഥം വരുന്ന “ഹെർമിറ്റ്” എന്ന പദം ഇംഗ്ലീഷിൽ വരുന്നത് ഹെർമെറ്റിസത്തിൻ്റെ ഉപജ്ഞാതാവായിക്കരുതുന്ന “തോത്ത്” എന്ന ഈജിപ്ഷ്യൻ ദേവന് ഗ്രീക്കുകാർ നൽകിയ “ഹെർമീസ് ട്രിസ്മെഗസ്റ്റസ്” എന്ന ഗ്രീക്ക് ദേവതാ സങ്കൽപ്പത്തിൻ്റെ പേരിൽ നിന്നും ആണ്. സനാതന ധർമ്മത്തിലും ഹെര്‍മെറ്റിസിസത്തിലും കാണുന്ന അസാമാന്യമായ സമാനതകൾ അത്ഭുതാവഹം ആണെന്ന് തന്നെ പറയേണ്ടിവരും. സനാതന ധർമ്മം പൂര്‍ണ്ണമായും മനസ്സിലാക്കുവാന്‍ ഹെര്‍മെറ്റിസിസത്തിലെ അറിവുകൾ വളരെ അധികം സഹായിക്കും. അതുപോലെ തിരിച്ചും.
പ്രപഞ്ചത്തിലെ നിഗൂഢ രഹസ്യങ്ങളുടെ വാതിലുകൾ തുറക്കുന്ന അറിവിൻ്റെ ഏഴ് സുവർണ്ണ താക്കോലുകൾ ആയിട്ടാണ് ഹെർമെറ്റിസിസം നൽകുന്ന ഏഴ് തത്വങ്ങൾ അറിയപ്പെടുന്നത്. കൂടാതെ, കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച അഞ്ച് പ്രകൃതി നിയമങ്ങളും കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാൻ ഈ ഏഴ് മൗലിക ഹെർമിറ്റിക്ക് തത്വങ്ങൾ നമ്മളെ സഹായിക്കും. സനാതന ധർമ്മത്തിലെ കാതലായ ആശയങ്ങൾ പുരാതന ഭാരതത്തിൽ മാത്രമല്ല, ലോകത്തിൻ്റെ മറ്റുപല ഭാഗങ്ങളിലും പുരാതന കാലത്ത് നിലനിന്നിരുന്നു എന്ന് കൂടി നമുക്ക് ഇതിലൂടെ മനസ്സിലാക്കുവാൻ കഴിയും. ഹെർമെറ്റിസിസത്തിൻ്റെ പ്രാചീനത മനസ്സിലാക്കുവാൻ പുരാതന കാലഘട്ടത്തിൻ്റെ ഘടനയെക്കുറിച്ച് ചില കാര്യങ്ങൾ പൊതുവായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
പ്രാചീന കാലഘട്ടവും ഹെർമെറ്റിസിസത്തിൻ്റെ പശ്ചാത്തലവും
പുരാണങ്ങളിലും ഇതിഹാസങ്ങളിലും നൽകിയിരിക്കുന്ന ജ്യോതിർശാസ്ത്ര പരമായ സൂചനകൾ ഉപയോഗിച്ച് കാലഗണിതം നടത്തുമ്പോൾ, കുരുക്ഷേത്ര യുദ്ധം നടക്കുന്നത് ക്രിസ്തുവിനും 3140 വർഷങ്ങൾ മുൻപാണ് എന്നാണ് പണ്ഡിത മതം. ക്രിസ്തുവിന് മുൻപ് 3102 -ലാണ് ശ്രീ കൃഷ്ണൻ്റെ ദേഹവിയോഗം നടക്കുന്നത്. അതിനു ശേഷം അധികം താമസിയാതെ കലിയുഗം ആരംഭിച്ചു. ഏതാണ്ട് ഈ സമയത്താണ് ഈജിപ്തിൽ നൈൽ നദീ തീരത്ത് ഈജിപ്ഷ്യൻ സംസ്കാരത്തിൻ്റെ തിരശ്ശീല ഉയർത്തിക്കൊണ്ട് ഫാറോകൾ രാജ്യഭരണം ആരംഭിക്കുന്നത്. ഇന്ന് നിലവിലുള്ള കാലഘട്ട നിർണ്ണയത്തിൻ്റെ പരിധിക്കുള്ളിൽ നിന്ന് നിരീക്ഷിക്കുമ്പോൾ, യൂറോപ്പിനെ സംബന്ധിച്ചിടത്തോളം പൊതുവെ പറഞ്ഞാൽ, ഈജിപ്ഷ്യൻ സംസ്കാരത്തിൻ്റെ ഉദയത്തോടെ ആണ് യൂറോപ്പിൻ്റെ പുരാതന കാലഘട്ടം ആരംഭിക്കുന്നത്. അതുപോലെ, യൂറോപ്പിൻ്റെ പുരാതന കാലഘട്ടം അവസാനിക്കുന്നത്, ക്രിസ്തുവിൻ്റെ ദേഹവിയോഗത്തിനു ശേഷം വന്ന ഏഴാം നൂറ്റാണ്ടിൽ സംഭവിച്ച റോമൻ സാമ്രാജ്യത്തിൻ്റെ പതനത്തോടെയാണ്. പിന്നീട് വന്നത് യൂറോപ്പിൻ്റെ ഇരുണ്ട നൂറ്റാണ്ടുകൾ ഉൾപ്പെട്ട ക്‌ളാസിക്കൽ മദ്ധ്യകാലഘട്ടമായിരുന്നു. ക്രിസ്തുവിന് ശേഷം പത്തഞ്ചാം നൂറ്റാണ്ടിൽ യൂറോപ്യൻ നവോദ്ധാനത്തിൻ്റെ ആരംഭം വരെ ക്‌ളാസിക്കൽ മദ്ധ്യകാലഘട്ടം തുടർന്നു. ഇന്നത്തെ ഹെർമെറ്റിസിസത്തിൻ്റെ ആവിർഭാവവും പശ്ചാത്തലവും മനസ്സിലാക്കുവാൻ ഫാറോകളുടെ ആരോഹണം മുതൽ റോമൻ സാമ്രാജ്യത്തിൻ്റെ പതനം വരെ ഉള്ള പുരാതന കാലഘട്ടത്തിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം.
ഭൗതികാതീത ശക്തികളിൽ വിശ്വസിച്ചും അതനുസരിച്ച് ചിട്ടപ്പെടുത്തിയ ജീവിത വ്യവസ്ഥകളോടും കൂടിയാണ് ഫാറോ ഭരണകാലം കടന്നതു് പോയത്. ലോകാത്ഭുതങ്ങളിൽ ഒന്നായ ഭീമൻ പിരമിഡുകളും, സ്‌ഫിനിക്‌സും എല്ലാം ഉയർന്നു വന്നത് അക്കാലത്താണ്. അതെല്ലാം നിർമ്മിക്കുവാൻ ആവശ്യമായ സാങ്കേതിക പരിജ്ഞാനവും, കഴിവും, ഇശ്ചാശക്തിയും അവർക്കുണ്ടായിരുന്നത് ആധുനിക ലോകത്തെ ശാസ്ത്രജ്ഞന്മാരെപ്പോലും ഇന്നും അമ്പരിപ്പിക്കുന്ന വിഷയമായി അവശേഷിക്കുന്നു. അന്നത്തെ ഈജിപ്തിൽ ഇന്നത്തെ ആധുനിക ഭാഷയിലെ പദങ്ങൾ ഉപയോഗിച്ച് പറയുകയാണെങ്കിൽ, ശാസ്ത്രം, വൈദ്യശാസ്ത്രം, മനോരോഗചികിത്സ, മാജിക്, ആത്മീയത, സസ്യങ്ങൾ ഉപയോഗിച്ചുള്ള ചികിത്സാ രീതികൾ, തുടങ്ങിയവയെല്ലാം നില നിന്നിരുന്നു. മരണാനന്തര ജീവിതത്തിൽ അവർ വിശ്വസിച്ചിരുന്നു. ഒരാളുടെ ഭൂമിയിലെ ജീവിത രീതിയും പ്രവർത്തനങ്ങളും അയാളുടേയും മറ്റുള്ളവരുടേയും ഭൂമിയിലെ ജീവിതത്തെ മാത്രമല്ല, അയാളുടെ മരണാനന്തര ജീവിതത്തേയും ബാധിക്കുമെന്നും അതുകൊണ്ടു ഇവിടെ നിലനിൽപ്പുള്ള സർവ്വതും ആയി സമരസപ്പെട്ട് ഐക്യത്തോടെ ജീവിക്കണമെന്നും അവർ വിശ്വസിച്ചിരുന്നു. നിരവധി ദേവൻ-ദേവതാ സങ്കൽപ്പങ്ങളും, ക്ഷേത്രങ്ങളും, ആരാധന രീതികളും, ഐതിഹ്യങ്ങളും അവർക്കുണ്ടായിരുന്നു.
“മാജിക്ക്” എന്നാൽ “ആൽകെമി” ആണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ആധുനിക രസതന്ത്രത്തിൻ്റെ പിതാവാണ് ആൽകെമി. “ആൽക്കെമി” ജന്മമെടുക്കുന്നത് പുരാതന ഈജിപ്തിലാണ്. അടിസ്ഥാന ലോഹങ്ങളെ സ്വർണ്ണമാക്കി മാറ്റുന്ന വിദ്യയാണ് ആൽകെമി. എന്നാൽ ആ പദത്തിൽ ഒരു സാധാരണ മനുഷ്യനെ ഉയർന്ന അവബോധമുള്ള ദേവനാക്കി മാറ്റുന്ന ആത്മീയ ചര്യയുടെ പ്രതീകാത്മകതയാണ് അടങ്ങിയിരിക്കുന്നത്. മരണാനന്തര ജീവിതത്തിനെ സംബന്ധിക്കുന്ന ഈജിപ്ഷ്യൻ വിശ്വാസങ്ങളും, അവർ വികസിപ്പിച്ചെടുത്ത മമ്മിഫിക്കേഷൻ നടപടിക്രമങ്ങളും ഒരുപക്ഷേ ആരുടെ അടിസ്ഥാന രാസവിജ്ഞാനത്തിനും അനശ്വരതയുടെ ലക്ഷ്യത്തിനും കാരണമായിരിക്കാം. മാജിക്ക് മാത്രമല്ല, മാനസികവും ആത്മീയവുമായ ദർശനങ്ങളും ഹെർമെറ്റിസിസത്തിൻ്റെ അവിഭാജ്യഘടകമാണ്.
അതിപുരാതനവും അതിനിഗൂഢവും ആയ ഒരു വിജ്ഞാനത്തിൻ്റെ അന്തരാവകാശി ആയിരുന്നു പുരാതന ഈജിപ്ഷ്യൻ സംസ്കാരം എന്ന് ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്ന ഒന്നാണ്. അവരുടെ ദൈവ വിശ്വാസം അടിയുറച്ചതായിരുന്നു. അവരെ സൃഷ്ടിച്ചതും, ഭൂമിയിൽ ഒരു സുഹൃത്തിനെപ്പോലെ അവരെ സഹായിച്ചു സംരക്ഷിച്ചു, നയിക്കുന്നതും ദൈവം ആണെന്ന് അവർ വിശ്വസിച്ചു. പ്രകൃതിയിലെ ഓരോ പ്രതിഭാസത്തിനും തനതായ ദേവതാ സങ്കല്പങ്ങൾ ആയിരുന്നു അവർക്ക് ഉണ്ടായിരുന്നത്. സമാനമായ വിവിധ ദേവതാ സങ്കല്പങ്ങൾ പുലർത്തിയിരുന്ന മറ്റു രണ്ടു സംസ്കാരങ്ങൾ ആയിരുന്നു ഗ്രീക്ക് റോമൻ സംസ്കാരങ്ങൾ. ദാർശനിക ചിന്തകളുടെ യൂറോപ്യൻ ഈറ്റില്ലമായിരുന്നു ഗ്രീക്ക് റോമൻ സംസ്കാരങ്ങൾ. അരിസ്റ്റോട്ടിൽ, എപ്പിക്യൂറസ്, ഡെമോക്രിറ്റസ്, ഹീരാക്രിറ്റ്‌സ് തുടങ്ങിയുള്ള ഗ്രീക്ക് തത്വചിന്തകർ വിശ്വപ്രസിദ്ധരാണല്ലോ. അതുപോലെ തന്നെ, മാർക്കസ് റ്റൂലിയസ്, മാർക്കസ് ഒറേലിയസ്, സെയിന്‍റ്റ് അഗസ്റ്റിൻ, പ്ലോട്ടിനസ് തുടങ്ങിയ റോമൻ തത്വചിന്തകരും. പുരാതന ഈജിപ്തിൽ നിലനിന്നിരുന്ന നിഗൂഢ ജ്ഞാനം ഗ്രീക്ക്-റോമൻ തത്വചിന്തകർക്ക് എന്നും ഉൽക്കടമായ ഒരു ആകർഷണം ആയിരുന്നു. യാത്രക്കാരായിട്ടും, ഫാറോകളുടെ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുവാനായിട്ടും, ഗ്രീക്കുകാരും റോമാക്കാരും ഒക്കെ ഈജിപ്തിൽ എത്തിയിരുന്നു. നൈൽ നദി കനിഞ്ഞനുഗ്രഹിച്ചിരുന്ന പുരാതന ഈജിപ്ത് സമ്പൽ സമൃദ്ധമായിരുന്നു. ഇന്നത്തെ ജൂതമത അനുയായികളുടെ മുൻഗാമികളായ യഹൂദന്മാർ വലിയ തോതിൽ ഈജിപ്തിൽ എത്തി പിരമിഡിൻ്റെ നിർമ്മാണത്തിൽ അടിമത്തൊഴിലാളികൾ ആയി പ്രവർത്തിച്ചിരുന്നു. ഈ അടിമത്തൊഴിലാളികളുടെ മോചനത്തിലൂടെ ആണ് പിൽക്കാലത്ത് ആദ്യത്തെ അബ്രഹാമീയ മതമായ ജൂതമതം സ്ഥാപിതമാകുന്നത്. തുടർന്ന് കാലാന്തരത്തിൽ ക്രിസ്തുമതവും ഇസ്‌ലാം മതവും രൂപീകൃതമാകുന്നതും ഇതേ ഭൂമികയിൽ തന്നെ ആണ്.
പുരാതന ഈജിപ്ഷ്യൻ ദേവതാ ഗണത്തിൽ “തോത്ത്” എന്ന ദേവതാ സങ്കൽപ്പം പ്രഥമ ഗണനീയമാണ്. ഭൗതികാതീമായ അറിവ്, വിജ്ഞാനം, ചിത്രരൂപത്തിലുള്ള പുരാതന ഈജിപ്ഷ്യൻ എഴുത്ത് ഭാഷയായ ഹീറോഗ്ലിഫ്, ഗണിതശാസ്ത്രം, മാന്ത്രികവിദ്യ, വൈദ്യശാസ്ത്രം, തത്ത്വചിന്ത, സൃഷ്ടി എന്നിവയുടെ എല്ലാം ഉത്തരവാദിത്വമുള്ള ഈജിപ്ഷ്യൻ ദേവനായിരുന്നു “തെഹൂട്ടി”. “തെഹൂട്ടി”ക്ക് ഗ്രീക്കുകാർ നൽകിയ മറ്റൊരു പേരാണ് “തോത്ത്”. മനുഷ്യൻ്റെ ഉടലും ഞാറപ്പക്ഷിയുടെ തലയും, കൈയിൽ എഴുത്തുകോലായ നാരായവും പേറിയ “തോത്ത്” പുരാതന ഈജിപ്റ്റിൽ വളരെ പ്രാധാന്യം അർഹിച്ച ജ്ഞാനത്തിൻ്റെയും അറിവിൻ്റെയും ദേവതാ സങ്കല്പ്പം ആയിരുന്നു. നിരവധി ക്ഷേത്രങ്ങൾ തോത്തിൻ്റെ പേരിൽ ഉണ്ടായിരുന്നു. “തോത്ത്” ആണ് നിഗൂഢമായ ഹെർമറ്റിക്ക് വിജ്ഞാനം പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന് നൽകിയതായി അവർ വിശ്വസിക്കുന്നത്.
പുരാതന കാലത്ത് വാമൊഴിയായിട്ടാണ് ഹെർമെറ്റിസിസം ഉൾപ്പെടെഉള്ള എല്ലാ അറിവുകളും പകർന്ന് വന്നിരുന്നത്. ഹെർമറ്റിസിസത്തിൻ്റെ ലിഖിതമായ ഏറ്റവും ആദ്യത്തെ റെക്കോർഡ്, പുരാതന കാലഘട്ടത്തിൻ്റെ അന്ത്യപാദത്തിലെന്നോ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന എമറാൾഡ് ശിലാഫലകത്തിലാണ് കണ്ടെടുക്കുന്നത്. അതിൽ “ഹെർമിസ് ട്രിസ്മെഗസ്റ്റസ്” ആണ് ഹെർമിറ്റിസത്തിൻ്റെ രചിയിതാവ് എന്നാണ് രേഖപ്പെടുത്തിരിക്കുന്നത്. തോത്തിനെ ഗ്രീക്കുകാർ “ഹെർമിസ് ട്രിസ് മെഗസ്റ്റസ്” എന്നാണ് വിളിച്ചിരുന്നത്. ഗ്രീക്കുകാർക്ക് ഈജിപ്ഷ്യൻ സംസ്കാരം എന്നും ഒരു വലിയ ആകർഷണമായിരുന്നതിന് ഒരു കാരണം ഉണ്ടായിരുന്നു.
ഗ്രീക്ക് സംസ്കാരത്തിലും ഈജിപ്ഷ്യൻ സംസ്കാരത്തിലെന്ന പോലെ തന്നെ, നിരവധി സമാനമായ ദേവീ-ദേവതാ സങ്കല്പങ്ങൾ ഉണ്ടായിരുന്നു. ഗ്രീക്ക് സംസ്കാരത്തിലെ അറിവിൻ്റെയും ജ്ഞാനത്തിൻ്റെയും ദേവനാണ് “ഹെർമീസ്” – അതായത്, തോത്തിന് തുല്യമായ ഗ്രീക്ക് ദേവൻ ആണ് “ഹെർമീസ്”. (സനാതന ധർമ്മത്തിൽ “സരസ്വതിദേവി” വിദ്യയുടെ ദേവതാ സങ്കല്പം ആണ് എന്ന് ഓർമ്മിക്കുക) ഹെർമീസ് ദേവനെ ഒരു മഹാത്മാവായിട്ടാണ് ഗ്രീക്കുകാർ പരിഗണിച്ചിരുന്നത്. “മെഗസ്റ്റസ്’ എന്നാൽ “മഹാത്മാവ്” എന്നാണ് അർത്ഥം. എന്നാൽ, തോത്തിനെ “മൂന്നുവട്ടം ഹെർമീസിന് തുല്യമായ മഹാത്മാവ്” എന്ന അർത്ഥത്തിൽ “ഹെർമിസ് ട്രിസ് മെഗസ്റ്റസ്” എന്നാണ് ഗ്രീക്കുകാർ വിവക്ഷിച്ചിരുന്നത്. അത്രക്ക് ഉയർന്ന പ്രാധാന്യം ആണ് തോത്ത് നൽകിയ നിഗൂഢ ജ്ഞാനത്തിന് സോക്രടീസിനെ പോലെ ഉള്ള പണ്ഡിതരേയും ചിന്തകരേയും ഒക്കെ പ്രദാനം ചെയ്ത ഗ്രീക്ക് സംസ്കാരം കല്പിച്ചിരുന്നത് എന്നർത്ഥം. എന്നാൽ, ഗ്രീക്ക് സംസ്കാരവും ഈജിപ്ഷ്യൻ സംസ്കാരവും തമ്മിൽ അത്ര ഗാഢമായ ബന്ധം ഉണ്ടാകുവാൻ ഉള്ള കാരണം എന്തായിരുന്നു? ഗ്രീസിൻ്റെ ഭൂമി ശാസ്ത്രപരമായ സാമീപ്യവും അവരുടെ ദാർശനിക താൽപര്യങ്ങളും ആണ് ഗ്രീസിനെ ഈജിപ്തുമായി അടുപ്പിച്ചത്.
അല്പം ചരിത്രവും ഭൂമി ശാസ്ത്രവും
ഗ്രീസും, റോമും, ഈജിപ്തും എല്ലാം മെഡിറ്ററേനിയൻ കടലുമായി ബന്ധപ്പെട്ട് അപ്പുറവും ഇപ്പുറവും ഒക്കെ ആയി കിടക്കുന്ന ഭൂവിഭാഗങ്ങൾ ആണ്. (താഴെക്കൊടുത്തിരിക്കുന്ന ഭൂപടം നോക്കുക). അതുപോലെ തന്നെ മൂന്ന് അബ്രഹാമീയ മതങ്ങൾക്ക് അരങ്ങ് ഒരുക്കിയ ബൈബിൾ ഭൂവിഭാഗങ്ങൾ എല്ലാം തന്നെ, ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സാമീപ്യം കൊണ്ട് ഈജിപ്തുമായും സ്വാധീനം കൊണ്ട് ഈജിപ്തിലെ പുരാതന ഹെർമെറ്റിസിസവും ആയി ബന്ധപ്പെട്ടു കിടക്കുന്നു. അതെങ്ങിനെ ആണെന്ന് വിശദമാക്കാം.
പ്രായോഗിക ജ്ഞാനം, അവഗാഹമുള്ള ജീവിത ദർശനങ്ങൾ, അറിവ് ഇന്നീക്കാര്യങ്ങളിലെല്ലാം പുരാതന ഗ്രീക്ക് സംസ്കാരം മുന്നിട്ടു നിന്നിരുന്നു. മാത്രവുമല്ല, നൈൽ നദിയുടെ സാന്നിദ്ധ്യം മൂലം കൃഷിയും വ്യാപാരവും സമ്പത്തും വർദ്ധിച്ചുവരുകയും ചെയ്തിരുന്നു. മഹാനായ ചക്രവർത്തി എന്നറിയപ്പെട്ടിരുന്ന അലക്‌സാണ്ടർ എന്ന ഗ്രീക്ക് ചക്രവർത്തിക്ക് പ്രിയപ്പെട്ട നാടായിരുന്നു നൈൽ നദി കനിഞ്ഞനുഗ്രഹിച്ചിരുന്ന ഈജിപ്ത്. ഫാറോകളുടെ കാലത്തും നിരവധി യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ക്രിസ്തുവിന് ഏകദേശം 300 വർഷം മുൻപ് അലക്‌സാണ്ടർ ചക്രവർത്തി ഈജിപ്ത് ആക്രമിച്ചു കീഴടക്കുകയാണുണ്ടായത്. അങ്ങിനെയാണ് അലക്‌സാൻഡ്രിയ എന്ന ഈജിപ്തിൻ്റെ സാംസ്കാരിക കേന്ദ്രം സ്ഥാപിതമാകുന്നത്. തുടർന്ന് വന്ന 270 വർഷത്തോളം കാലം ഈജിപ്ത് ഭരിച്ചത് അലക്‌സാണ്ടറുടെ അംഗരക്ഷകൻ ആയിരുന്ന ടോളമിയുടെ ഗ്രീക്ക് വംശമായിരുന്നു. ടോളമി ഭരണം അവസാനിക്കുന്നത് ക്രിസ്തുവിന് 30 വർഷം മുൻപ് ഗ്രീക്ക് വംശജയായിരുന്ന ക്ലിയോപാട്ര ചക്രവർത്തിനിയുടെ മരണത്തോടെ ആണ്. ഈജിപ്തിലെ ഗ്രീക്ക് രാജവംശത്തിലെ എല്ലാ പുരുഷ ഭരണാധികാരികളും “ടോളമി” എന്ന പേര് സ്വീകരിച്ചു. രാജാധികാരം ഉണ്ടായിയർന്ന റാണിമാരെല്ലാം “ക്ലിയോപാട്ര”മാരാണ്. പൊതുവേ പറഞ്ഞാൽ, അന്ന് ഈജിപ്ത് ഭരിച്ചിരുന്ന ഗ്രീക്ക് ടോളമിമാർ ഈജിപ്ഷ്യൻ സംസ്കാരത്തേയും പുരാതനമായ ഈജിപ്തിന് ഉണ്ടായിരുന്ന അറിവിനേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈജിപ്തിലെ ജനങ്ങളോട് അവർക്ക് വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. അവസാനത്തെ ക്ലിയോപാട്രമാത്രമായിരുന്നു അതിന് അപദാനം. അവർ ഗ്രീക്ക് വംശജയെങ്കിലും, ഈജിപ്തിലെ ഫാറയെപ്പോലെ ഒരു പൂർണ്ണ ഈജിപ്ത്കാരി ആയിട്ടാണ് ജീവിച്ചതും ഭരിച്ചതും. ഈജിപ്ഷ്യൻ നിഗൂഢ പാരമ്പര്യം പുന:രുജ്ജീവിപ്പിക്കാൻ അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു. അലക്സാൺഡ്രിയ നഗരത്തിൽ ജീവിച്ചുകൊണ്ട് ഈജിപ്തിൻ്റെ സാമ്പത്തികവും സാംസ്കാരികവുമായ പുനരുജ്ജീവനത്തിനായി അവർ ശ്രമിച്ചു. വാമൊഴിയായിട്ടും, ഹീരോഗ്ലിഫ് എന്ന ചിത്രഭാഷയിലൂടേയും മാത്രം അതുവരെ നിലനിന്നിരുന്ന പുരാതന ഈജിപ്ഷ്യൻ നിഗൂഢ അറിവുകൾ അവർ ആദ്യമായി ഗ്രീക്ക് ഭാഷയിലേക്ക് വിവർത്തനം ചെയ്തു. അതാണ് ഇന്ന് നമുക്ക് ലഭ്യമായ “കോർപ്പസ് ഹെർമെറ്റിക്കം”. അങ്ങിനെയാണ് ഹെർമെറ്റിസിസം ആദ്യമായി എഴുതി സംരക്ഷിക്കപ്പെടുന്നത്. തുടർന്ന് ജൂതമതത്തേയും, ക്രിസ്തു മതത്തേയും ഇസ്‌ലാം മതത്തേയും ഹെർമെറ്റിസിസം ഒരുപോലെ സ്വാധീനിച്ചു എന്നതും, ആ സ്വാധീനം ഇന്നും ഭാഗികമായി തുടരുന്നു എന്നതും അധികം ആരും അറിയാത്ത ഒരു സത്യമാണ്.
പ്രാചീന ഈജിപ്ഷ്യൻ ഹീറോഗ്ലിഫുകൾ എന്തെങ്കിലും വിവരിക്കാനോ വിശദീകരിക്കാനോ കഴിവുകളില്ലാത്ത ഒരു പ്രതീകാത്മകമായ ചിത്ര ഭാഷയായിരുന്നു. ഹൈറോഗ്ലിഫ്സ് ഇന്ന് തീർത്തും ഒരു മൃതഭാഷയാണ്. ആരും അത് ഉപയോഗിക്കുന്നില്ല; ഇന്ന് ആർക്കും അത് മനസ്സിലാവുകയില്ല. അതുകൊണ്ട് ഗ്രീക്ക് ഹെർമിറ്റിസത്തിന് ഗ്രീക്ക് വിവർത്തനങ്ങൾ ഇല്ലായിരുന്നു എങ്കിൽ, പുരാതനമായ ഈജിപ്ഷ്യൻ നിഗൂഢ അറിവുകൾ എന്നന്നേക്കുമായി ഇല്ലാതാകുമായിരുന്നു. ഏഴാം ക്‌ളിയോപാട്ര പുരാതനമായ ഈജിപ്ഷ്യൻ നിഗൂഢ അറിവുകൾ നിലനിർത്തുകയും അത് കൈമാറാൻ സഹായിക്കുകയും ചെയ്തു എന്നത് ഒരു വലിയ കാര്യം തന്നെ ആണ്. അതുവരെ പുരാതന ഈജിപ്ഷ്യൻ അറിവുകൾ വാമൊഴി പാരമ്പര്യങ്ങളിലൂടെയോ ഹൈറോഗ്ലിഫ്കളിലൂടെയോ മാത്രമേ കൈമാറ്റം ചെയ്യപ്പെട്ടിരുന്നുള്ളൂ.
ഏഴാം ക്ലിയോപാട്രയുടെ മരണത്തോടെ മുന്നൂറുവർഷത്തോളം നീണ്ടു നിന്ന ഈജിപ്തിൻ്റെ ഗ്രീക്ക് ഭരണതിന് തിരശീല വീണു. തുടർന്ന് വന്നത് പിന്നീട് എഴുനൂറ് വർഷത്തോളം നീണ്ടു നിന്ന ഈജിപ്തിൻ്റെ റോമൻ ഭരണകാലമാണ്. ആദ്യകാല ക്രിസ്തുമതം നിലവിൽ വരുന്നത് ഇക്കാലത്താണ്. ക്രിസ്തുവിന് ശേഷം വന്ന ഏഴാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തോടെ ഈജിപ്ത് അറബ് രാജാക്കന്മാർ കീഴടക്കി ഭരണം തുടങ്ങി.റോമൻ ഭരണകാലത്ത് ഹെർമിറ്റിക്ക് ജ്ഞാനം വിസ്മൃതിയിൽ ആണ്ടു. റോമാ സാമ്രജ്യത്തിൻ്റെ പതനത്തിന് ശേഷം പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്യൻ നവോദ്ധാനം ഉടലെടുക്കുന്നതുവരെ യൂറോപ്പിൻ്റെ ഇരുണ്ട കാലഘട്ടമായിരുന്നു. ക്രിസ്ത്യൻ-മുസ്ളീം കുരിശുയുദ്ധങ്ങളും, പ്ളേഗും യൂറോപ്പിനെ വേട്ടയാടി. ലക്ഷക്കണക്കിന് ജനങ്ങൾ മരിച്ചു. കഴിഞ്ഞ അദ്ധ്യായത്തിൽ വിശദമാക്കിയ യുഗ പരിവൃത്തിയിലെ മനുഷ്യാവബോധം ഏറ്റവും കുറഞ്ഞ കലി യുഗമായിരുന്നു ഈ കാലഘട്ടം എന്ന് കാണാവുന്നതാണ്.
നീണ്ട ഈ കാലയളവിലെല്ലാം വളരെ ചെറിയ ഒരു വിഭാഗം വിജ്ഞാന ദാഹികൾ ഹെർമെറ്റിസിസം ഗൂഢമായി പരിശീലിച്ചുവന്നിരുന്നു. പൊതുവായി പറഞ്ഞാൽ ഹെർമെറ്റിസിസത്തിൻ്റെ രീതികളെയാണ് ‘മിസ്റ്റിസിസം” എന്ന പേരിൽ പാശ്ചാത്യ നാടുകളിൽ അറിയപ്പെടുന്നത്. ജൂത-ക്രിസ്ത്യൻ-ഇസ്‌ലാം മതങ്ങളിൽ മിസ്റ്റിക് സമ്പ്രദായങ്ങൾ എല്ലാക്കാലത്തും നിലനിൽക്കുന്നുണ്ടായിരുന്നു, ഇന്നും നിലനിൽക്കുന്നുണ്ട്. സയൻസിന് വിശദീകരിക്കുവാൻ കഴിയാത്ത പ്രപഞ്ച ശക്തികളുടെ അനിഷ്യേദ്ധ്യമായ പ്രവർത്തനത്തെക്കുറിച്ചുള്ള അറിവും അതിൻ്റെ സോദ്ദേശപരമായ പ്രയോഗവും ആണ് മിസ്റ്റിസിസം. മതത്തിൻ്റെ പരിമിതികൾക്കും വിലക്കുകൾക്കും അതീതമായി സത്യാന്വേഷണവും അതനുസരിച്ചുള്ള ജീവിതവും മാത്രമായിരുന്നു മിസ്റ്റിക്കുകളുടെ ഏകലക്ഷ്യം. ജൂത-ക്രിസ്ത്യൻ-ഇസ്ലാം മിസ്റ്റിസിസത്തിൽ ഹെർമെറ്റിസിസത്തിൻ്റെ സ്വാധീനം വളരെ വ്യക്തമായി കാണാം. ജൂതമതത്തിലെ മിസ്റ്റിസിസത്തിൻ്റെ ശാഖയാണ് “കബ്ബാല” സമ്പ്രദായം. ക്രിസ്തുമതത്തിലെ മിസ്റ്റിസിസത്തിൻ്റെ പാതയാണ് ഗ്നോസ്റ്റിസം. ഇസ്ലാം മതത്തിലെ സൂഫി പാരമ്പര്യത്തിൽ ഹെർമെറ്റിസിസത്തിൻ്റെ സ്വാധീനം വളരെ ഏറെ ഉണ്ട്. എന്നാൽ ഇതെല്ലാം ഇന്നും ഏറെക്കുറെ ഗോപ്യമായിട്ടാണ് അനുഷ്ഠിക്കപ്പെടുന്നത്. അടുത്ത കാലത്തായി ഇതിനെല്ലാം വ്യത്യാസം കാണുവാൻ തുടങ്ങിയിട്ടുണ്ട്. യുഗ പരിവൃത്തിയിലെ കലിയുഗം അവസാനിച്ച് ദ്വാപരയുഗത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന അവബോധ വികസനത്തിൻ്റെ പ്രകടമായ ലക്ഷണമായി ഇതിനെ കണക്കാക്കാവുന്നതാണ്.
എല്ലാമതങ്ങളിലും മിസ്റ്റിസിസത്തിൻ്റെ അറിവും ആഴവുമുള്ള ഒരു വശവും, വെറും ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും ആഴം കുറഞ്ഞ മറ്റൊരുവശവും എക്കാലത്തും ഉണ്ട്. രണ്ടും തമ്മിലുള്ള കലഹങ്ങളും ഒട്ടും വിരളമല്ല. ഇക്കാരണം കൊണ്ട്, എല്ലാ മതതങ്ങളിലും അവരവരുടെ മിസ്റ്റിക് സാധനകളുടെ പരിശീലനങ്ങൾ അതി നിഗൂഢമായി അനുഷ്ഠിച്ചുവരുന്ന ഒരു പാരമ്പര്യ ക്രമമാണ് പൊതുവേ പിന്തുടരുന്നത്.
പതിഞ്ചാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ, യൂറോപ്പിൻ്റെ ഇരുണ്ട നാളുകൾ അവസാനിച്ച്, നവോദ്ധാനത്തിൻ്റെ ആവേശം ഉൾക്കൊണ്ട ആധുനിക കാലം ആരംഭിച്ചതോടെ, അതുവരെ വിസ്മൃതിയിൽ ആണ്ടുകിടന്നിരുന്ന “കോർപ്പസ് ഹെർമിറ്റിക്കം” കണ്ടെടുത്ത് ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. വളരെ ഉന്നത മൂല്യമുള്ള നിഗൂഢ വിജ്ഞാനം പുരാതന ഈജിപ്തിൽ നിലവിൽ ഉണ്ടായിരുന്നെന്ന് നവോദ്ധാനകാലത്തെ റോമൻ ചിന്തകർ പരക്കെ വിശ്വസിച്ചിരുന്നു. അത് കണ്ടെടുക്കുവാനുള്ള ശ്രമത്തിലൂടെയാണ് പുരാതന ഗ്രീക്ക് ഭാഷയിൽ എഴുതി സൂക്ഷിച്ചിരുന്ന “കോർപ്പസ് ഹെർമിറ്റിക്കം” വീണ്ടും വെളിച്ചം കാണുന്നത്. എന്നാൽ, ഹെർമിറ്റിക് വിജ്ഞാനത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ സാർവത്രികമായി നിലവിൽ വരുവാൻ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകം വരെ കാത്തിരിക്കേണ്ടി വന്നു. അതാണ് 1908-ൽ അമേരിക്കയിൽ പ്രസിദ്ധീകൃതമായ “ദി കബാലിയോൺ” എന്ന ചെറിയ പുസ്തകം. “ത്രീ ഇനിഷ്യേറ്റ്സ്” എന്ന തൂലികാനാമത്തിൽ ആണ് “ദി കബാലിയോൺ” പ്രസിദ്ധീകൃതമായത്. ഈ പുസ്തകത്തിൽ “കോർപ്പസ് ഹെർമിറ്റിക്ക”ത്തിൻ്റെ കാതലായ സാരാംശങ്ങൾ സംഗ്രഹ രൂപത്തിൽ വളരെ മനോഹരമായി നൽകിയിട്ടുണ്ട്. “യോഗി രാമചരകൻ” എന്ന പേരിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള വില്യം വാക്കർ അറ്റ്കിൻസൺ ആണ് “ദി കബാലിയോൺ” എന്ന ഹെർമ്മറ്റിക് സംഗ്രഹം രചിച്ചത് എന്നാണ് പിന്നീട് നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായിട്ടുള്ളത്.
“ദി കബാലിയോൺ” എന്ന ഇംഗ്ലീഷ് ഭാഷയിലെ പുസ്തകം “കോർപ്പസ് ഹെർമിറ്റിക്ക”ത്തിൻ്റെ കാതലായ ഏഴ് പ്രപഞ്ച തത്വങ്ങളുടെ സംഗ്രഹം മാത്രമാണ്. ഈ പ്രപഞ്ചത്തിൻ്റെ പ്രവർത്തന രീതി മനസ്സിലാക്കുവാനും അതനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്തുവാനും ഉതകുന്ന ഒന്നാണ് “ദി കബാലിയോൺ”. “കോർപ്പസ് ഹെർമിറ്റിക്ക”ത്തിൻ്റെ പരിപൂർണ്ണമായ ഇംഗ്ലീഷ് പരിഭാഷ 2008 -ൽ പ്രസിദ്ധീകൃതമായ അമേരിക്കകാരനായ ബ്രയൻ കോപ്പൻഹേവർ എഴുതിയിട്ടുണ്ട്.
ഹെർമിറ്റിക് വിജ്ഞാനത്തിൻ്റെ സംക്ഷിപ്തം
“കോർപ്പസ് ഹെർമെറ്റിക്ക”ത്തിൽ അടങ്ങിയിരിക്കുന്ന തത്ത്വചിന്ത ചുരുക്കത്തിൽ പറയുകയാണെങ്കിൽ, അത് ഇങ്ങനെ ആണ്. സർവ്വ പ്രപഞ്ചവും അതിൽ ഉള്ള സർവ്വ വസ്തുക്കളും പ്രതിഭാസങ്ങളും ഉണ്ടായതും, നിലനിൽക്കുന്നതും അരൂപിയായ ദൈവത്തിൻ്റെ ബ്രഹ്ത് മനസ്സിലാണ്. ആ ബ്രഹ്ത് മനസ്സ് നിത്യമാണ്, നിതാന്തമാണ്. “ദൈവം” എന്ന വാക്ക് അവർ ഉപയോഗിച്ചിട്ടില്ല. ശരീരം ഇല്ലാത്ത ബൃഹത്തായ മനോമണ്ഡലം ആണ് അത്. ഗ്രീക്കുകാർ “നൂസ്” എന്നാണ് ആ ബൃഹത് മനസ്സിനെ വിവക്ഷിച്ചത്. നമുക്ക് മനസ്സിലാക്കുവാനോ, അറിയുവാനോ കഴിയാത്ത ഒന്നാണ് സർവ്വതും നിലനിൽക്കുന്ന ആ ദൈവീക മനസ്സ്. നമ്മൾ ഉൾപ്പെടെ സർവ്വതും ആ ബൃഹ്ത് മനസ്സിൻ്റെ ചിന്തകളിലൂടെ രൂപപ്പെടുന്ന മനോസൃഷ്ടികളാണ്. ആ അനന്തമായ ബ്രഹ്ത് മനസ്സിൽ ആണ് സർവ്വതും നിലനിൽക്കുന്നത്. ഈ ബ്രഹ്ത് മനസ്സ് സൃഷ്ടികൾ നടത്തുന്നത് ചിന്തകളിലൂടെയാണ്. ഒന്നിനുപുറകേ ഒന്നായിര വരുന്ന ചിന്തകൾ സൃഷ്ടികളായി മാറുന്നു. ഒന്നിനൊന്നു വലയം ചെയ്തു നിൽക്കുന്ന ഒരേ കേന്ദ്രത്തിൻ്റെ വിവിധ വൃത്തങ്ങളായി ആ സൃഷ്ടികൾ പ്രത്യക്ഷപ്പെടുന്നു. നമ്മൾ ആകുന്ന സൃഷ്ടിയും അതിലൊന്നിൽ നിലനിൽക്കുന്നു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ പ്രപഞ്ചം നിലനിൽക്കുന്നത് “നൂസി”ൻ്റെ ബ്രഹ്ത് മനസ്സിലാണ്. കാണുവാൻ കഴിയുന്നതും, കാണുവാൻ കഴിയാത്തതുമായ സർവ്വ വസ്തുക്കളും , വിവിധ ഊർജ്ജ മണ്ഡലങ്ങളും, പ്രപഞ്ചത്തിലെ സർവ്വ പ്രതിഭാസങ്ങളും, സർവ്വ മനോമണ്ഡലങ്ങളും നിലകൊള്ളുന്നത് “നൂസി”ൻ്റെ ബ്രഹ്ത് മനസ്സിലാണ്. ഒന്നിന് പുറകേ ഒന്നായി സൃഷ്ടിക്കപ്പെട്ട സ്ഥൂലം, സൂക്ഷ്മം, പരമ സൂക്ഷ്മം എന്ന നിലകളിൽ വിവിധ മണ്ഡലങ്ങൾ സൃഷ്ടിയിൽ നിലനിൽക്കുന്നുണ്ട്. എല്ലാം ഒന്നിനൊന്ന് സമാനമായ രീതിയിൽ സൃഷ്ടിക്കപ്പെട്ട് ന്യൂസിൻ്റെ മനസ്സിൽ നിലകൊള്ളുന്നു. ഉദാഹരണത്തിന് സ്ഥൂലമായ വസ്തുക്കളുടേയും സൂക്ഷ്മമായ ഊർജ്ജത്തിൻ്റേയും പരമ സൂക്ഷ്മമായ മനസ്സിൻ്റേയും മണ്ഡലങ്ങൾ വ്യത്യസ്തമായി തോന്നാമെങ്കിലും, അവയുടെ ഘടനയിലും പ്രവർത്തന രീതികളിലും സമാനതകൾ ഉണ്ട്. ഒരു മണ്ഡലത്തിൻ്റെ പ്രവർത്തനം മനസ്സിലായാൽ, മറ്റു മണ്ഡലങ്ങളുടെ പ്രവർത്തനവും അതിലൂടെ മനസ്സിലാക്കുവാൻ കഴിയും. സൃഷ്ടിക്കപ്പെട്ട സർവ്വതും പ്രകമ്പനം കൊണ്ട് നിൽക്കുകയാണ്. സ്ഥൂല, സൂക്ഷ്മ, പരമ സൂക്ഷ്മ വ്യത്യാസനങ്ങൾ പ്രകമ്പനങ്ങളുടെ തോതിൽ ഉള്ള വ്യത്യാസങ്ങൾ മാത്രമാണ്. “ഈഥർ” എന്ന മാദ്ധ്യമത്തിലൂടെ സർവ്വ പ്രകമ്പനങ്ങളും ബന്ധപ്പെട്ടു നിൽക്കുന്നു. ഇവിടെ യാതൊരു സൃഷ്ടിയും ചലനമറ്റ് നിൽക്കുന്നില്ല. സർവ്വതും പ്രകമ്പനങ്ങളുടെ മാറി മാറി വരുന്ന തോതനുസരിച്ച് ഒരു പെൻഡുലം പോലെ വിപരീത ദിശകളിൽ, പരസ്പരം വിപരീതങ്ങളായ ദ്വന്ദ അനുഭവങ്ങൾ സൃഷ്ടികൾക്ക് നൽകിക്കൊണ്ട്, ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് അനസ്യൂതം ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. സൃഷിടിക്കപ്പെട്ട സർവ്വതും നിശ്ചിതമായ നിയമ വ്യവസ്ഥകൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നു. ഒരു നിയമവും മറികടക്കുവാൻ സാധിക്കുകയില്ല. എന്നാൽ നിലവിലെ വിവിധ നിയമങ്ങൾ സമർത്ഥമായി ഉപയോഗിച്ച് അനുഭവങ്ങളുടെ ചാഞ്ചാട്ടങ്ങൾ മറികടക്കുവാൻ സാധിക്കും. ചുരുക്കത്തിൽ ഇതെല്ലാം ആണ് ഹെർമെറ്റിക് വിജ്ഞാനത്തിൻ്റെ സംക്ഷിപ്തം.
സർവ്വ സൃഷ്ടികളും ഉത്ഭവിക്കുകയും നിലനിൽക്കുകയും ചെയ്യുന്ന ആ ബ്രഹത് മനസ്സിനെ ഒരു മഹാ നദിയോട് ഉപമിച്ചാൽ, സർവ്വ സൃഷ്ടികളും നമ്മളും എല്ലാം അതേ മഹാ നദിയുടെ ഉപനദികളും, അരുവികളും, നീർച്ചാലുകളും ആണ്. അതിനാൽ, അതിലൂടെ നമുക്ക് തിരികെ ആ മഹാനദിയിലേക്ക് മടങ്ങാനാകും എന്ന് ചുരുക്കം – അതായത്, നമ്മളിലൂടെ തന്നെ നമുക്ക് നമ്മുടെ സ്രോതസ്സിലേക്ക് മടങ്ങാൻ സാധിക്കും. “നൂസി”ൻ്റെ നീർച്ചാലുകൾ ആകുന്ന നമ്മൾ “നൂസ്”എന്ന ആ മഹാനദിയായി തിരികെ വിലയം പ്രാപിക്കുന്ന ശാസ്ത്രവും ടെക്നോളജിയും ആണ് ഹെർമെറ്റിസിസത്തിലെ ആൽകെമി. അത്തരം ഗുണാത്മകമായ സ്വയം രൂപാന്തരത്തിന് ആവശ്യമായ ഉൾക്കാഴ്ച ഹെർമെറ്റിസിസം നൽകുന്നു എന്നതാണ് ഹെർമിറ്റിസിസത്തിൻ്റെ പ്രാധാന്യം.
ഹെർമിറ്റിക് തത്വങ്ങൾ അടങ്ങിയ എമറാൾഡ് ശിലാലിഖിതത്തെ കുറിച്ച് ആദ്യം പറഞ്ഞിരുന്നുവല്ലോ. “എമറാൾഡ് ടാബ്‌ലെറ്റസ് ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയുന്നത് സർ ഐസക് ന്യൂട്ടൺ ആണ്. അതിൽ ഒരു വാചകം ഉണ്ട്, “മുകളിൽ, എങ്ങിനേയോ, അങ്ങിനെ തന്നെ താഴേയും; താഴെ എങ്ങിനേയോ അങ്ങിനെ തന്നെ മുകളിലും”, എന്നാണത്. “ദൈവം മനുഷ്യനെ തൻ്റെ സ്വന്തം രൂപത്തിൽ സൃഷ്ടിച്ചു” എന്ന ബൈബിൾ പ്രമാണം പ്രസ്തുത ഹെർമിറ്റിക് പ്രമാണത്തിൻ്റെ മാറ്റൊലി തന്നെ ആണ്. ഹെർമെറ്റിക്കത്തിൽ ഉള്ള ഒരു ആശയം, അനന്തമായ ദൈവീക മനസ്സ് അല്ലെങ്കിൽ അനന്തമായ ദൈവീക ബുദ്ധി നമ്മെ സൃഷ്ടിച്ചതുപോലെ, നമുക്ക് നമ്മുടെ സ്വന്തം അസ്തിത്വ മേഖലയിൽ സമാനമായ സൃഷ്ടികൾ നിർവ്വഹിക്കുവാൻ കഴിയും എന്നതാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പൊടുന്നനേ മുഖ്യധാരാ ബോധത്തിലേക്ക് വന്ന ‘ലോ ഓഫ് അട്രാക്ഷൻ” തുടങ്ങിയ ‘ന്യു വേൾഡ്” സങ്കൽപ്പങ്ങളെല്ലാം തന്നെ ഹെർമിറ്റിക് തത്വങ്ങളിൽ അധിഷ്ഠിതമാണ്
“ബ്രഹ്മ സത്യം, ജഗത് മിത്ഥ്യ”യിലെ വിരോധാഭാസം
തെറ്റ് പറ്റിപോകാതിരിക്കുവാൻ വേണ്ടി, ഹെർമെറ്റിസിസം ഒരു വിരോധാഭാസം പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. പ്രപഞ്ചം ബ്രഹ്ത് മനസ്സിൽ ഉദിച്ചുനിൽക്കുന്ന ഒരു ചിന്ത മാത്രമായതുകൊണ്ട്, പ്രപഞ്ചം ഒരു യാഥാർത്ഥ്യമല്ല. ബ്രഹ്ത് മനസ്സ് മാത്രമാണ് ആകെ ഉള്ള യാഥാർത്ഥ്യം. ഇതേ വസ്തുത തന്നെയാണ് ആദി ശങ്കരാചാര്യർ സനാതന ധർമ്മം വിശദമാക്കിക്കൊണ്ട്, “ബ്രഹ്മ സത്യം, ജഗത് മിത്ഥ്യ” എന്ന് “ബ്രഹ്മജ്ഞാനാവലി മാല”യിൽ പറയുന്നതും. അത് സത്യമായ ഒരു വസ്തുതയുടെ നേർ പ്രസ്താവന തന്നെയാണ്. എന്നാൽ ഇവിടെ ഒരു വിരോധാഭാസം ഉള്ളത് ശ്രദ്ധിക്കാതെ പോകരുത് എന്ന് ഹെർമെറ്റിസിസം എടുത്തു പറയുന്നുണ്ട്. ബ്രഹ്ത് മനസ്സിൻ്റെ വീക്ഷണ കോണിൽ കൂടി നോക്കുമ്പോൾ മാത്രമാണ് സർവ്വ സൃഷ്ടികളും തൻ്റെ മനോമുകുരത്തിൽ വിരിഞ്ഞ ചിന്തകൾ അല്ലെങ്കിൽ സ്വപ്നങ്ങൾ മാത്രമായ മിത്ഥ്യയാകുന്നത്. എന്നാൽ, സൃഷ്ടികളുടെ വീക്ഷണത്തിൽ നിന്ന് നോക്കുമ്പോൾ ഈ പ്രപഞ്ചം സത്യമാണ്. ‘മിത്ഥ്യ’ എന്ന് കരുതാവുന്ന, നിലനില്പില്ലാത്ത ഒന്നല്ല. മിത്ഥ്യയാണ് എന്ന് ധരിക്കുന്നത് കൂടുതൽ ക്ലേശങ്ങൾക്ക് കാരണമാകും. മാത്രവുമല്ല, ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനം സാദ്ധ്യമല്ലാതെ ആകുകയും ചെയ്യും. ഇല്ലാത്ത വ്യക്തിയുടെ ഇല്ലാത്ത ക്ലേശങ്ങളിൽ നിന്നും എന്ത് മോചനം ആണ് നമ്മൾ ആവശ്യപ്പെടുന്നത്?
അതുകൊണ്ട് പ്രപഞ്ചം എന്നത് ബ്രഹ്ത് മനസ്സിലെ ഒരു ചിന്തമാന്ത്രമാണെന്ന സത്യം തിരിച്ചറിയുമ്പോഴും, നമ്മെ സംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചം സത്യമാണ്, ഈ ക്ലേശങ്ങൾ സത്യമാണ്, ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനം ആവശ്യമാണ്. ആ മോചനം സാദ്ധ്യമാകുന്നത് കാര്യങ്ങൾ മനസ്സിലാക്കി, സൃഷ്ടിയുടെ നിയമങ്ങൾ മനസ്സിലാക്കി, അതനുസരിച്ച് പ്രവർത്തിക്കുമ്പോഴാണ് എന്ന് ഹെർമെറ്റിസിസം പ്രത്യേകം എടുത്തു പറയുന്നുണ്ട്. അല്ലാതെ ഈ പ്രപഞ്ചം മിത്ഥ്യയാണ്, താൻ ബ്രഹ്ത് മനസ്സ് തന്നെയാണ് എന്ന് കരുതി ജീവിക്കുന്നത് പകുതി മാത്രം ലഭിച്ച അറിവിന് തുല്യമാണ് എന്ന് ഹെർമെറ്റിസിസം പറയുന്നു. മനസ്സ് ആകാശത്തിലെ നക്ഷത്രങ്ങളിൽ പതിഞ്ഞിരിക്കുമ്പോഴും, ദൃഷ്ടി ഭൂമിയിലെ ചവിട്ടടിയിൽ ഉണ്ടാവണം എന്ന് ഹെർമെറ്റിസിസത്തിലെ ഏഴ് നിയമങ്ങൾ വ്യക്തമാക്കിക്കൊണ്ട് “കബാലിയോണി”ൽ വ്യക്തമായി പറയുന്നുണ്ട് .
ആരായിരുന്നു ഹെർമീസ് ട്രിസ്മെഗസ്റ്റസ്?
നിരവധി നൂറ്റാണ്ടുകള്‍ മരണമില്ലാതെ ജന മദ്ധ്യത്തില്‍ ജീവിച്ചുകൊണ്ട് കബാലിയോണില്‍ പ്രതിപാദിക്കുന്ന അറിവുകള്‍ പകര്‍ന്നു കൊടുത്ത “ഹെർമീസ് ട്രൈസ്മെഗസ്റ്റസ്” ഒരു കാലത്ത് ജീവിച്ചിരുന്ന ഒരു യഥാർത്ഥ വ്യക്തിയിരുന്നു എന്നാണ് ഗ്രീക്കുകാരും, ഈജിപ്‌തുകാരും വിശ്വസിക്കുന്നത്. ഐതിഹ്യം ശരിയാണെങ്കില്‍, നോഹയുടെ പത്താം തലമുറ ആയ അബ്രഹാമിൻ്റെ സമകാലികനായിരുന്നു ഹെർമീസ് ട്രൈസ്മെഗസ്റ്റസ്.
വളരെ അധികം ജനങ്ങൾ വിശ്വസിക്കുന്നത് ഹെർമീസ് എന്ന് വിവക്ഷിക്കുന്നത് കാനോൻ നിയമവും പ്രളയവും എല്ലാം വരുന്നതിന് മുൻപുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന “ഈനോക്ക്” ആയിരുന്നു എന്നാണ്. എ.ഡി.325 -ൽ, തൻ്റെ പ്രജകളെ ഏകീകരിക്കാൻ ക്രിസ്തുമതം ഉപയോഗിക്കാമെന്ന് അന്നത്തെ റോമാസാമ്രാജ്യത്തിൻ്റെ ഭരണാധികാരിയെന്ന നിലയിൽ കോൺസ്റ്റൻ്റെൻ നിശ്ചയിച്ചു. ക്രിസ്തുമത വിശ്വാസത്തിൽ രൂക്ഷമായ ഭിന്നതകൾ നിലനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. ക്രിസ്തീയ വിശ്വാസത്തെ ഏകീകരിക്കുന്നതിനായി കോൺസ്റ്റൻ്റെൻ ചക്രവർത്തി നൈസിയ കൗൺസിൽ വിളിച്ചുചേർത്തു. അതോടെയാണ് ക്രിസ്തുമതത്തിൽ പോപ്പും, ബിഷപ്പും, മറ്റ് സഭാധികാരികളും, മതപരമായ വിശുദ്ധ ഗ്രന്ഥമായി അംഗീകരിക്കപ്പെട്ട ബൈബിളും എല്ലാം നിലവിൽ വരുന്നത്.
അതിന് മുൻപ് വിശേഷജ്ഞാനം അടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ നിലവിൽ ഉണ്ടായിരിന്നു. പക്ഷെ, വളരെ കുറച്ച് ഗ്രന്ഥങ്ങൾ മാത്രമേ ബൈബിളുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെടുകയുണ്ടായിള്ളൂ എന്നുമാത്രം. അംഗീകരിക്കപ്പെടാതെ ബാക്കിനിന്നുപോയ പുരാതനമായ ഗ്രന്ഥങ്ങൾ ഏറെ ഉണ്ടായിരുന്നു. അവയെല്ലാം ഇന്നും ഉണ്ട്. അപ്പോക്രിഫ, തോമസ്സിൻ്റെ സുവിശേഷം, ഈനോക്കിൻ്റെ ഗ്രന്ഥം തുടങ്ങിയ അവയിൽ ചിലതാണ്. നിഗൂഢ ജ്ഞാനത്തിൻ്റെ സ്രോതസ്സുകൾ ആണവ. പലസ്തീനിലെ ഖുമ്രാൻ ഗുഹകളിൽ നിന്ന് 1946 നും 1956 നും ഇടയിൽ കണ്ടെത്തിയ പുരാതന ജൂത മത സംബന്ധികൾ ആയ ”ഡെഡ് സീ സ്ക്രോൾ” അല്ലെങ്കിൽ “ഖുമ്രാൻ കേവ് സ്ക്രോളുകൾ” എന്നറിയിപ്പെടുന്ന ചരിത്ര പ്രധാനമായ രേഖകളിലും ഇതേക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്.
ഈനോക്ക് ദൈവതുല്യനായ ഒരു മനുഷ്യനായി കണക്കാക്കപ്പെട്ടിരുന്നു. അദ്ദേഹം നിർമ്മിച്ച നഗരമായിരുന്നു “ഈനോക്ക്” നഗരം. പുരാതന ബുദ്ധിസ്റ്റ് നഗരമായ “ഷംഭാല” പോലെയോ, ഭാരതത്തിലെ “കാശി” പോലേയോ എല്ലാം ഉള്ള ഒരു ആത്മീയ നഗരമായിരുന്നു അത്. അതീന്ദ്രിയ ജ്ഞാനികൾ ആയ ഉന്നത അവബോധമുള്ള ജനങ്ങൾ ഈനോക്ക് നഗരത്തിൽ നിവസിച്ചിരുന്നതായി ഇന്നും വിശ്വസിക്കുന്നു. ഈനോക്ക് നിരവിധി ജന്മങ്ങൾ എടുത്തുകൊണ്ട് വീണ്ടും വീണ്ടും തിരികെ വന്ന് ഭൂമിയിലെ ജനങ്ങൾക്ക് വിജ്ഞാനം പകർന്നുകൊടുത്തിരുന്നു എന്ന് നിരവധിപേർ വിശ്വസിക്കുന്നു. പുരാതന ഈജിപ്തിലെ തോത്ത് എന്ന ദൈവം, പുരാത ജറുസലേമിലെ പുരോഹിതനും രാജാവുമായിരുന്ന “മിൽകീസഡെക്ക്” എന്നിവരെല്ലാം ഹെർമീസിൻ്റെ പുനർ ജന്മങ്ങൾ ആയി കരുതപ്പെടുന്നു. എബ്രഹാം മിൽകീസഡെക്കിന് തൻ്റെ വരുമാനത്തിൻ്റെ പത്തിലൊരു ഭാഗം കൊടുത്തിരുന്നതായി അറിയപ്പെടുന്നു. “പുന:ർജന്മം” എന്ന് പറയുമ്പോൾ എനോക്കിൻ്റെ അവബോധം വിവിധകാലഘട്ടങ്ങൾ വിവിധ ശരീരങ്ങൾ എടുത്ത് ദൃശ്യരാകുന്നത് ആവണം എന്നില്ല. എനോക്കിൻ്റെ അവബോധത്തോട് കൃത്യമായ സ്വന്തം അവബോധ പ്രകമ്പനം കൊണ്ട് സമരസപ്പെട്ട് വിശേഷാൽ അറിവുകൾ ആവിധത്തിൽ ലഭിക്കുന്നതാകുവാനും ഉള്ള സാദ്ധത ഉണ്ട്. ഒരു റേഡിയോ സെറ്റ് ഒരു പ്രത്യേക സ്റ്റേഷൻ “ട്യൂൺ” ചെയ്യുന്നതുമായി സമാന്തരമായി ചിന്തിച്ചാൽ ഈ സാദ്ധ്യത മനസ്സിലാകും. രണ്ടായാലും, കാല ദേശാതീതമായി ഹെർമീസ് തൻ്റെ ജ്ഞാനം ആവശ്യാനുസരണം നൽകുകയായിരുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഭാരതത്തിലെ ഹിമാലയ സാനുക്കളില്‍ 2000-ത്തിലധികം വര്‍ഷങ്ങളായി ഇന്നും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന മഹാവതാര്‍ ബാബാജിയുടെ സ്മരണ ഹെർമീസ് ട്രൈസ്മെഗസ്റ്റസ് നമ്മില്‍ ഉണര്‍ത്തുന്നു എങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല.
കബാലിയോൺ
ഇന്നും പൂർണ്ണമായ അര്‍ത്ഥം എന്തെന്ന് അറിയാത്ത ഒരു പദമാണ് “കബാലിയോണ്‍”. എങ്കിലും, ജൂതമത്തിലെ മിസ്റ്റിക് ശാഖയായ “കബ്ബാല” പരമ്പര്യത്തിനെ സൂചിപ്പിക്കുന്ന പദം ആയിരിക്കുവാനാണ് സാദ്ധ്യത. “കബ്ബാല” എന്ന ഹീബ്രു പദത്തിൻ്റെ അർത്ഥം “സ്വീകരിക്കുക” എന്നാണ്. തലമുറകളിലൂടെ കബ്ബാല ജ്ഞാനത്തെ രഹസ്യമായി കൈമാറുന്നതിനായി, പുരാതന കബ്ബാലിസ്റ്റുകൾ നിലവിലുള്ള അവരുടെ ഭാഷ ഒരു പുതിയ പ്രത്യേക രീതിയിൽ ഉപയോഗിക്കുകയാണ് ഉണ്ടായത്. “ശാഖകളുടെ ഭാഷ” എന്ന് വിളിക്കുന്ന ഒരു ഹീബ്രു ഉപഭാഷയാണ് അത് എന്ന് പറയാം. “ശാഖകളുടെ ഭാഷ” ഒരു കോഡുഭാഷയാണ്. ഹീബ്രു ഭാഷാ പദങ്ങൾക്ക് അക്ഷരാർത്ഥത്തിലുള്ള ഒരു പരിഭാഷയുണ്ടെങ്കിലും, അതിനുപകരം ആ പദവുമായി ബന്ധമില്ലാത്ത ആത്മീയമായ മറ്റെന്തെങ്കിലും ഒരു കാര്യം വിവരിക്കുവാൻ ആയിരിക്കും ആ പദം “ശാഖകളുടെ ഭാഷ”യിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് കബ്ബാല പാരമ്പര്യത്തിൽ ജ്ഞാനം ആർജിച്ച ഒരു ഗുരുവിൻ്റെ സഹായമില്ലാതെ കബ്ബാല പഠിക്കുവാൻ സാദ്ധ്യമല്ല. സനാതന ധർമ്മത്തിലെ ഉപനിഷത്തുക്കളും അതേ രീതിയിൽ എഴുതപ്പെട്ടതാണ് എന്ന് ഓർമ്മിക്കുക.
“കബാലിയോണ്‍” അഥവാ “ഹെര്‍മെറ്റിക് ഫിലോസോഫി” എന്നാണ് ഈ വിഷയം ഇന്ന് പൊതുവേ അറിയപ്പെടുന്നത്. “ദി കബാലിയോണ്‍” എന്ന പുസ്തകം 1908-ൽ ഷിക്കാഗോയിലെ മാസോണിക് ടെംപിളില്‍ ഉള്ള യോഗി പബ്ലിക്കേഷന്‍ ആണ് പ്രസിദ്ധീകരികരിച്ചത്. വില്യം വാക്കർ അറ്റ്കിൻസൺ തന്നെ ആയിരുന്നു യോഗി പബ്ലിക്കേഷൻ്റെ ഉടമസ്ഥൻ.
ദി കബലിയോൺ എന്ന പുസ്തകത്തിൻ്റെ ഉപ തലക്കെട്ട് ഇങ്ങിനെ ആണ്. “പുരാതന ഈജിപ്തിലെയും ഗ്രീസിലെയും ഹെര്‍മെറ്റിക് ദര്‍ശനങ്ങളുടെ ഒരു പഠനം”. വളരെ രഹസ്യ സ്വഭാവം ഉള്ളതാണ് ഈ പുസ്തകവും അതിലെ പ്രതിപാദ്യ വിഷയവും. ഇരുപത്തിഒന്നാം നൂറ്റാണ്ട് പിറന്നതിന് ശേഷം മാത്രമാണ് ഈ പുസ്തകം ജന ശ്രദ്ധ പിടിച്ചുപറ്റുന്നത്. ശിഷ്യന്‍ തികച്ചും തയ്യാറാകുമ്പോള്‍ മാത്രമേ ഈ പുസ്തകം ഒരു ഗുരുവിനെ പോലെ ശിഷ്യന് ലഭിക്കുകയുള്ളൂ എന്നാണു പണ്ടുമുതലേ വിശ്വസിക്കപ്പെട്ടു വരുന്നത്. പുസ്തകത്തിൻ്റെ ശീര്‍ഷകത്തിന് ഉപശീർഷകമായി ഇങ്ങിനെ എഴുതിയിരിക്കുന്നത് കാണാം. “അറിവിൻ്റെ അധരങ്ങള്‍ അടഞ്ഞിരിക്കും, ഗ്രഹിതാവിൻ്റെ കാതുകള്‍ക്കൊഴികെ” എന്ന്. എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാന്‍ ആത്മാർത്ഥമായ ആഗ്രഹം ഉള്ളവര്‍ക്ക് മാത്രമേ കബാലിയോണ്‍ ജ്ഞാനം വന്ന് ചേരുകയുള്ളൂ എന്നര്‍ത്ഥം. സനാതന ധർമ്മത്തിലെ പ്രയുക്ത ഭാഗങ്ങളായ തന്ത്രശാസ്ത്രത്തെക്കുറിച്ചും ഇതുതന്നെ പറയാവുന്നതാണ്. താന്ത്രിക പഠനത്തിനും, കബാലിയോന്‍ പഠനത്തിനും സമാനമായ ഗോപ്യതയും, നിഗൂഢ സ്വഭാവവും കാണാം.
കബാലിയോണില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു. “ഗംഗയുടെ നാട്ടില്‍ നിന്നും നിരവധി മുതിര്‍ന്ന ജ്ഞാനികളും ഈജിപ്തിൻ്റെ ഭൂമിയിലേക്ക് കടന്നു വന്ന് ഗുരുവിൻ്റെ കാല്‍ക്കല്‍ ഇരുന്നു. പിരമിഡ്ന്‍റേയും, സ്ഫീനിക്സിൻ്റെയും ഗൃഹ ഭൂമികയായ ഈജിപ്തായിരുന്നു രഹസ്യ ജ്ഞാനത്തിൻ്റെയും, നിഗൂഢ ബോധനങ്ങളുടേയും ജന്മഭൂമി. ഈജിപ്തിൻ്റെ രഹസ്യ സിദ്ധാന്തങ്ങള്‍ എല്ലാ രാജ്യങ്ങളും കടം വാങ്ങി. ഇന്ത്യ, പേര്‍ഷ്യ, ചെല്‍ഡിയ (പുരാതന ഇറാന്‍) ചൈന, ജപ്പാന്‍, അസീറിയ, പുരാതന ഗ്രീസ്, റോം, പിന്നെ മറ്റനേകം രാജ്യങ്ങളും അറിവിൻ്റെ ഈ മഹാസദ്യയില്‍ പങ്കെടുത്തു.” ക്രിസ്തുവിനും നാലായിരത്തി അഞ്ഞൂറ് വർഷം മുൻപ് തന്നെ കടൽ മാർഗ്ഗം ഉള്ള യാത്രകൾ നിലവിൽ വരുവാൻ തുടങ്ങി എങ്കിലും, അത്തരം സഞ്ചാരമാർഗങ്ങൾ കൂടുതൽ സാദ്ധ്യമായത് ക്രിസ്തുവിന് ശേഷം പതിനഞ്ചാം നൂറ്റാണ്ട് മുതൽ യൂറോപ്പിൽ ഉണ്ടായ നവോദ്ധാനകാലഘട്ടത്തിൽ മാത്രമാണ്. വിപുലവും വ്യാപകവുമായ സമ്പർക്കം വിദൂരസ്ഥമായിരുന്ന സംസ്കാരങ്ങൾ തമ്മിൽ ഉണ്ടാകണം എങ്കിൽ കടൽയാത്രകൾ അത്യന്താപേക്ഷിതമായിരുന്നു. കാരണം, അറിവുകളും ആശയങ്ങളും പരസ്പരം കൈമാറ്റം ചെയ്യുവാൻ മുഖദാവിൽ കൂടി മാത്രമേ സാദ്ധ്യമായിരുന്നുള്ളൂ. കരമാർഗ്ഗം ഉള്ള ദീർഘയാത്രകൾ അതീവ ദുഷ്കരം ആയിരുന്നു. അതുകൊണ്ട്, അതിവിദൂരതയിൽ നിലകൊണ്ടിരുന്ന രണ്ട് സംസ്കാരങ്ങൾ തമ്മിൽ നിഗൂഢമായ അറിവുകൾ പരസ്പരം കൈമാറി ലഭിച്ചതാണെന്ന് വിശ്വസിക്കുവാൻ കഴിയുകയില്ല. അതുമാത്രമല്ല, ഈജിപ്തും ഭാരതവും തമ്മിലുള്ള ദൂരത്തേക്കാൾ കൂടുതൽ വിദൂരമായ മീസോ അമേരിക്കയിലും, തെക്കേ അമേരിക്കയിലും നിലകൊണ്ടിരുന്ന മായൻ സംസ്കാരത്തിലും അതി ഗൂഢമായ അറിവും കലണ്ടർ ഉപയോഗിച്ചുകൊണ്ടുള്ള ജീവിത രീതിയും എല്ലാം പ്രാചീന കാലത്ത് നിലനിന്നിരുന്നു എന്ന് കാണാവുന്നതാണ്. ഇതിൽ നിന്നെല്ലാം, സ്വാഭാവികമായും മനസ്സിലാക്കുവാൻ കഴിയുന്നത്, വിദൂരസ്ഥമായ നാടുകളിൽ അവരവർക്ക് ഉണ്ടായിരുന്ന നിഗൂഢമായ അറിവുകൾ അവരവർ സ്വയം ആർജിച്ചതാണ്, പരസ്പരം കൈമാറ്റം ചെയ്ത് ലഭിച്ചതാകുവാൻ സാദ്ധ്യതയില്ല എന്ന് തന്നെ ആണ്. അടുത്തടുത്ത് നിലകൊള്ളുന്ന നാടുകൾ തമ്മിലേ ജനസമ്പർക്കം അന്നൊക്കെ സാദ്ധ്യമായിരുന്നിട്ടുള്ളൂ.
പുസ്തകത്തിലെ പ്രതിപാദ്യ വിഷയം ഏഴു ഋഷി പ്രോക്ത നിയമങ്ങളും, മനസ്സിൻ്റേയും, ഊര്‍ജത്തിൻ്റേയും വസ്തുകള്‍ക്കളുടേയും ഘടനകളും, ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ മണ്ഡലങ്ങളും ഒക്കെയാണ്. ഇതില്‍ നിന്നും കബാലിയോണ്‍ എന്നത് ഭാരതത്തിലെ വേദങ്ങളുടേയും തന്ത്രയുടേയും ഉപനിഷത്തുക്കളുടേയും പശ്ചാത്തല വിഷയം തന്നെ ആണ് എന്നത് അത്ഭുതാവഹമായ സമാനതയാണ്. ഈ പ്രപഞ്ച രഹസ്യം മനസ്സിലാക്കുവാനുള്ള ഏഴ് സുവർണ്ണ താക്കോലുകൾ ആണ് ഈ ഏഴ് പ്രപഞ്ച നിയമങ്ങൾ എന്ന് “കബാലിയോൺ” പറയുന്നു.
ആശയങ്ങളിലെ വിസ്മയാവഹമായ സമാനത മാത്രമല്ല, ആശയങ്ങള്‍ അവതരിപ്പിക്കുന്ന രീതിയിലെ നിഗൂഢ പ്രകൃതിയിലും ഉണ്ട് അത്ഭുതാവഹമായ അതേ സമാനത. ഉപനിഷത്ത് സൂക്തങ്ങളെ പോലെ ഒരു ഗുരുനാഥന്‍ അടുത്തിരുന്ന് അര്‍ത്ഥം വ്യക്തമാക്കി തന്നാലല്ലാതെ മനസ്സിലാക്കി എടുക്കാന്‍ പ്രയാസുമുള്ള വിധം ഗോപ്യമാണ് കബാലിയോണിലെ ഭാഷ എന്ന് പറഞ്ഞുവല്ലോ. അതിന് രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്. ഒന്ന്, അര്‍ഹതയില്ലാത്ത കരങ്ങളില്‍ വിശേഷജ്ഞാനം അത്ര എളുപ്പം ഒന്നും ചെന്ന് എത്താതിരിക്കുവാന്‍ വേണ്ടിയാണ് ഗോപ്യമായ ഭാഷ ഉപയോഗിച്ചിരുന്നത്. രണ്ട്, വിശേഷ ജ്ഞാനം മനസ്സിലാക്കി സ്വീകരിക്കാന്‍ പ്രാപ്തിയുള്ള ജനങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടം ആയിരുന്നു അന്ന്. നിലവിലുള്ള വിശ്വാസ പ്രമാണങ്ങളോട് വിധേയത്വം പുലര്‍ത്താത്തവരെ നിഷ്‌ക്കരുണം വേട്ടയാടിയിരുന്നു അക്കാലങ്ങളിൽ. ഉദാഹരണത്തിന് മദ്ധ്യകാല ഉത്തര യൂറോപ്പിൽ ആയിരക്കണക്കിന് സ്ത്രീകളാണ് ദുര്‍മന്ത്രവാദിനി എന്ന് പഴിചാരി വധിക്കപ്പെട്ടത്. ഭൗതികമായ തെളിവുകൾ കാണിക്കാതെ അന്ത:ര്‍ജ്ഞാനം കൊണ്ട് എന്ത് ചെയ്താലും സ്ത്രീകള്‍ അവിടെ, ‘ദുര്‍മാന്ത്രവാദിനി’ എന്ന് പറഞ്ഞ് വധിക്കപ്പെട്ടിരുന്നു. പച്ചമരുന്നുകൾ രോഗ ശാന്തിക്ക് ഉപയോഗിച്ചവരും, കിണറു കുഴിക്കാൻ വെള്ളമുള്ള സ്ഥലം കാണിച്ചു കൊടുത്തവരും എല്ലാം അതുപോലെ വധിക്കപ്പെട്ടു. ക്രിസ്തു ഭഗവാനെ കുരിശില്‍ തറച്ചു. സൂര്യന്‍ അല്ല, ഭൂമി ആണ് സൂര്യനെ ചുറ്റുന്നത് എന്ന് പറഞ്ഞതിന് ഗലീലിയോ ഗലീലിയെ ശിഷ്ട ജീവിതകാലം തുറങ്കില്‍ അടച്ചു. അത്ര ക്രൂരമായിരുന്നു ആ കാലഘട്ടം. അത്തരം പീഡനങ്ങളിൽ നിന്നും രക്ഷ നേടാൻ നിഗൂഢവും ദ്വയാർത്ഥം ഉള്ളതും ആയ ഭാഷയിലാണ് ഈ രചനകൾ ഒക്കെ ഉണ്ടായിരിക്കുന്നത്.
സനാതന ധർമ്മത്തിൻ്റെ പഠനത്തിനു വളരെ സഹായകം ആകും എന്നുള്ളതുകൊണ്ട് കബാലിയോണിലെ ഏഴു ഋഷി പ്രോക്ത മൗലിക നിയമങ്ങളും, മനസ്സിൻ്റെ ലിംഗ ഭേദങ്ങളെ പറ്റി കബാലിയോന്‍ പറയുന്ന കാര്യങ്ങളും വളരെ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു. എഴു മൗലിക നിയമങ്ങള്‍ മനിസ്സിലാക്കാന്‍ പ്രയാസമുള്ള വിഷയങ്ങളെ എളുപ്പം മനസ്സിലാക്കാനുള്ള പിടിവള്ളികള്‍ ആണ്. മനസ്സിൻ്റെ ലിംഗഭേദം എന്ന വിഷയം, സ്വന്തം ആത്മാവിനെ കണ്ട് തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം വിശദീകരിക്കുന്നതാണ്. സനാതന ധർമ്മത്തിൽ ശിവൻ, വിഷ്ണു തുടങ്ങിയ പുല്ലിംഗ ഈശ്വരാരാധനയും, സ്ത്രീ ലിംഗ ആരാധനകൾ ആയ ഭഗവതിയുടെ ആരാധനയും നിലവിൽ വരാനുള്ള കാരണം കബാലിയോണിലെ ലിംഗഭേദം എന്ന തത്വം മനസ്സിലാക്കി തരുന്നുണ്ട്. അതി പുരാതന കാലത്ത് ഈജിപ്തിലേയും ഗ്രീസിലേയും ജനങ്ങള്‍ക്ക് ഈ പ്രപഞ്ചത്തേയും, തങ്ങളുടെ തന്നെ പ്രജ്ഞാനത്തേയും മനസ്സിലാക്കാന്‍ വേണ്ടി ഹെർമീസ് ട്രൈസ്മെഗസ്റ്റസ് പറഞ്ഞുകൊടുത്ത വിലപ്പെട്ട പാഠങ്ങള്‍ ആണ് അവ. ഈ ഏഴു നിയമങ്ങളുടെ സംക്ഷിപ്ത വിവരണം കൊടുക്കുന്നു.
“സർവ്വത്വം ”
ഇവിടെ “സർവ്വത്വം ” എന്ന പദം ഒന്ന് വിശദീകരിക്കേണ്ടതുണ്ട്. കബാലിയോണിൻ്റെ ഇന്ന് ലഭ്യമായിട്ടുള്ള മൗലികമായ ഇംഗ്ലീഷ് പതിപ്പിൽ “ദി ഓൾ” (The ALL) എന്നാണ് പ്രപഞ്ചത്തിലെ ആത്യന്തികമായ, പരമമായ, ആ ഏക സത്യത്തെ സൂചിപ്പിക്കുന്ന പദമായി ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്ക് പരിഭാഷയിൽ “നൂസ്” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നല്ലോ. അജ്ഞാതവും നിർവചിക്കാനാവാത്തതും സാർവത്രികവും അനന്തവും ജീവനുള്ളതുമായ “മനസ്സ്” എന്നാണ് കബാലിയോൺ ആ പരമമായ സത്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. രൂപ നാമങ്ങൾ ഇല്ലാത്ത എന്നാൽ സർവ്വവ്യാപിയായ ചേതനയുടെ ഒരു മഹാ സാന്നിദ്ധ്യമായതുകൊണ്ട് , അത്തരം ഒന്നിനെ സൂചിപ്പിക്കുന്ന കബാലിയോണിന് പ്രത്യേകമായിട്ടുള്ള വേറിട്ട ഒരു പദം എന്നനിലയിൽ ഇവിടെ “സർവ്വത്വം ” എന്ന പദം ഉപയോഗിക്കുകയാണ്. സനാതന ധർമ്മത്തിലെ “പരബ്രഹ്മൻ” തന്നെ ആണ്, “ദി ഓളും” എന്ന് കബാലിയോണിലെ വിവരണത്തിൽ നിന്നും മനസ്സിലാക്കാം. പക്ഷേ, “പരബ്രഹ്മൻ” എന്ന പദം ഇവിടെ ഉപയോഗിച്ചാൽ കബാലിയോൺ സനാതന ധർമ്മവുമായി കൂട്ടി കുഴയും. അതേപോലെ തന്നെ, ജൂത മതത്തിലെ “യഹ് വാ”, ക്രിസ്തുമതത്തിലെ “യഹോവാ”, ഇസ്‌ലാം മതത്തിലെ “അള്ളാഹു” എന്ന പദങ്ങൾ സൂചിപ്പിക്കുന്ന അതേ രൂപ നാമങ്ങൾ ഇല്ലാത്ത പരമമായ ദൈവം തന്നെ ആണ് “ദി ഓൾ”. അതുകൊണ്ട്, അതേ കാരണം കൊണ്ട് ഈ പദങ്ങളും കബാലിയോണിലെ “ദി ഓൾ”നെ പ്രതിനിധീകരിക്കുവാൻ കഴിയുകയില്ല. ഇക്കാരണം കൊണ്ട്, കബാലിയോണിന് പ്രത്യേകമായിട്ടുള്ള എന്നാൽ “പരബ്രഹ്മൻ”, “യഹ് വാ”, “യഹോവാ”, “അള്ളാഹു”, ഹെര്മാറ്റിസിസത്തിലെ “നൂസ്” എന്ന പദങ്ങൾക്ക് കബാലിയോണിലെ പര്യായമായിട്ടാണ് ഇവിടെ “സർവ്വത്വം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.
മാനസിക രൂപാന്തരത്തിൻ്റെ ആൽകെമി
പുരാതന ഈജിപ്തിലെ ഹെർമിറ്റിസത്തിൽ അധിഷ്ഠിതമായ ജീവിത രീതി പരിപാലിച്ചു പോന്നവർ അതിപുരാതനമായ ആ കാലഘട്ടത്തിലെ ആൽകെമിസ്റ്റുകളും രസതന്ത്രജ്ഞരും, മനഃശാസ്‌ത്രവിദഗ്‌ദ്ധരും, ജ്യോതിഷികളും എല്ലാം ആയിരുന്നു. അന്നത്തെ ആൽകെമിയിൽ നിന്നും ആണ് ഇന്നത്തെ രസതന്ത്രം വളർന്നുവന്നത്. അതീന്ദ്രിയമായ രസതന്ത്രമായിരുന്നു ആൽകെമി. അതുപോലെ അന്നത്തെ നിഗൂഢ മനഃശാസ്ത്രത്തിൽ നിന്നും ആണ് ആധുനിക മനഃശാസ്ത്രം ഉടലെടുത്തത്. അതീന്ദ്രിയമായ മനഃശാസ്ത്രമായിരുന്നു പുരാതന ഈജിപ്ഷ്യൻ മനോപരിവർത്തന ശാസ്ത്രം. അന്നത്തെ ജ്യോതിഷത്തിൽ നിന്നും ആണ് ഇന്നത്തെ ജ്യോതിശാസ്ത്രം വികസിച്ചത്. അതിനർത്ഥം പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന് ജ്യോതിശാസ്ത്രം അന്യമായിരുന്നു എന്നല്ല. അതീന്ദ്രിയമായ ജ്യോതിശാസ്ത്രമായിരുന്നു ജ്യോതിഷം. അവരുടെ അതുല്യമായ ജ്യോതിശാസ്ത്ര പരിജ്ഞാനത്തിന് മകുടോദാഹരണം ആണ് പിരമിഡുകളുടെ കൃത്യവും സങ്കീർണവുമായ നിർമ്മിതിയും അവയുടെ ജ്യോതിശാസ്ത്ര പരമായ അലൈൻമെന്റുകളും.
“ആൽകെമി” പരിവർത്തനത്തിൻ്റെ രസവാദവിദ്യയാണ്. ഒരു മൂലലോഹത്തിനെ മറ്റൊരു ലോഹമാക്കി മാറ്റുന്ന പരിവർത്തന വിദ്യ! ഹെർമെറ്റിസത്തിൻ്റെ അടിസ്ഥാന ശില “പ്രപഞ്ചം മാനസികമാണ്, സർവത്വത്തിൻ്റെ മനസ്സിലാണ് പ്രപഞ്ചം നിലനിൽക്കുന്നത് ” എന്ന തത്വമാണ്. അങ്ങിനെ, പ്രപഞ്ചം മാനസികമാണെങ്കിൽ, പ്രപഞ്ചത്തിലെ വസ്തുക്കളേയും, ഊർജ്ജത്തേയും, മാനസിക നിലയേയും എല്ലാം പരിവർത്തനത്തിന് വിധേയമാക്കുവാൻ കഴിയും എന്ന് അവർ മനസ്സിലാക്കി. ഇപ്രകാരമുള്ള മനസ്സിൻ്റെ ആൽകെമിയെ ആണ് അവർ “മാജിക്” എന്ന് വിവക്ഷിച്ചിരുന്നത്. ആ “മാജിക്കി”ലൂടെ മനസ്സിനേയും ദ്രവ്യത്തേയും പ്രകൃതിയിലെ പ്രതിഭാസങ്ങളേയും പരിവർത്തനം ചെയ്യാം എന്ന് അവർ തിരിച്ചറിഞ്ഞു. കൊടുങ്കാറ്റും ഇടിമിന്നലും പിടിച്ചുകെട്ടുവാനും, ആവൃഭവിപ്പിക്കുവാനും മന:ശക്തിയുടെ പ്രയോഗത്താൽ അവരിലെ ആഗ്രഹണ്യരായ ഗുരുക്കന്മാർക്ക് കഴിയുമായിരുന്നു. എന്നാൽ അവർ അതൊന്നും ഒരിക്കലും പരസ്യമായി പ്രദർശിപ്പിച്ചിരുന്നില്ല. ആൽകെമിയെക്കുറിച്ച് അവർ വളരെ അധികം സംസാരിച്ചിരുന്നുവെങ്കിലും, അതിൻ്റെ പ്രായോഗിക പ്രയോഗത്തെക്കുറിച്ച് അവർ നിശ്ശബ്ദരായിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിലൂടെ മാത്രമാണ് അവർ ആ വിശേഷപ്പെട്ട ജ്ഞാനം കൈമാറിവന്നത്. അനർഹമായ കൈകളിൽ ആൽകെമിയുടെ മാജിക്ക് വിദ്യ എത്തിച്ചേർന്ന് അധാർമ്മീകമായ രീതിയിൽ അത് ഉപയോഗിക്കപ്പെടാതിരിക്കുവാൻ വേണ്ടിയായിരുന്നു അതെല്ലാം. മനസ്സിൻ്റെ ഉന്നമനത്തിന് ഉതകുന്ന ആൽകെമി മാത്രമേ പൊതുവേദികളിൽ ഉണ്ടായിരുന്നുള്ളൂ. ഹെർമെറ്റിസിസത്തിന് രഹസ്യാത്മകത കൈവരുന്നത് ഇപ്രകാരമായിരുന്നു.
മൗലിക നിയമം 1: മാനസികാത്മകതാ നിയമം
“സർവ്വത്വം മനസ്സാണ്. പ്രപഞ്ചം മാനസികമാണ്”, ഇതാണ് കബാലിയോണ്‍ നൽകുന്ന ആദ്യത്തെ സുവർണ്ണ താക്കോൽ.
ഒന്നാമത്തെ നിയമം കാണിച്ചു തരുന്നത് “സർവ്വത്വം മനസ്സാണ്” എന്ന സത്യത്തെയാണ്. സർവ്വത്വം എന്നത് ബാഹ്യമായി കാണുന്ന, നമ്മൾ “ഭൗതിക പ്രപഞ്ചം”, “ജീവിതം എന്ന പ്രതിഭാസം”, “വസ്തു “, “ഊർജ്ജം” എന്നൊക്കെ വിളിക്കുന്ന, നമ്മുടെ ഭൗതിക ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് അറിയുവാൻ കഴിയുന്ന സർവ്വതിനും, ആധാരശിലായി നിൽക്കുന്ന ആ പരമമായ സത്യം എന്താണോ അതാണ്. “സർവ്വത്വ”ത്തെ കബലിയോണിൽ “സ്പിരിറ്റ്” എന്ന മറ്റൊരു വാക്കുകൂടി വിശദീകരണത്തിനായി കബാലിയോണിൽ ഉപയോഗിച്ചിട്ടുണ്ട്. ഭൗതികമായ ഒരു ശരീരം ഇല്ലാത്ത പ്രജ്ഞാനത്തിൻ്റെ സാന്നിദ്ധ്യം ആണ് “സ്പിരിറ്റ്”. ഈ സർവ്വത്വത്തിനെ അറിയാനോ, നിർവ്വചിക്കാനോ കഴിയില്ല. പക്ഷേ, അതിനെ പ്രപഞ്ചത്തിലെ അനന്തമായ ജീവസ്സുറ്റ മനസ്സായി നിരൂപിച്ചു ചിന്തിക്കാവുന്നതാണ്. പ്രകടമാക്കപ്പെട്ട ഈ പ്രപഞ്ചം സർവ്വത്വത്തിൻ്റെ വെറും ഒരു മാനസിക സൃഷ്ടി മാത്രം ആണെന്നും ഈ കബലിയോൺ നിയമം വിശദമാക്കുന്നുണ്ട്. സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ നിയമങ്ങൾക്കു വിധേയമായിട്ടാണ് ഈ മാനസികസൃഷ്ടികൾ നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും. ഈ പ്രപഞ്ചം മുഴുവനും, അതിൻ്റെ ഭാഗങ്ങളും ഘടകങ്ങളും എല്ലാം നിലനിൽക്കുന്നത് സർവ്വത്വത്തിൻ്റെ മനസ്സിലാണ്. നമ്മുടെ അസ്ഥിത്വവും, നമ്മുടെ ജീവനും, ചലനങ്ങളും എല്ലാം സംഭവിക്കുന്നത് ആ സർവ്വത്വത്തിൻ്റെ മനസ്സിലാണ്. ആരാണോ പ്രപഞ്ചത്തിൻ്റെ ഈ മാനസിക സ്വഭാവ സത്യം മനസ്സിലാക്കുന്നത്, അവർ ജീവിത വൈദഗ്‌ദ്ധ്യത്തിൻ്റെ പാതയിൽ വളരെ അധികം മുന്നിലായിരിക്കും എന്ന് കബാലിയോൺ പറയുന്നു. ഈ പ്രാധാന താക്കോൽ ഇല്ലാതെ, ജീവിത വൈദഗ്‌ദ്ധ്യം സ്വായത്തമാക്കുവാൻ ആർക്കും കഴിയുകയില്ല; ഈ താക്കോൽ ഇല്ലാതെ പല ജ്ഞാന കവാടങ്ങളിലും ചെന്ന് വെറുതേ മുട്ടിക്കൊണ്ടിരിക്കുവാൻ മാത്രമേ കഴിയൂ എന്നാണ് കബാലിയോണിൽ പറയുന്നത്.
മൗലിക നിയമം 2: സമാനതാ നിയമം
“മുകളിലെ പോലെ താഴേയും, താഴേ പോലെ മുകളിലും”, ഇതാണ് കബാലിയോണ്‍ നൽകുന്ന രണ്ടാമത്തെ സുവർണ്ണ താക്കോൽ.
ജീവിതത്തിൻ്റെ വലുതും ചെറുതും ആയ ഭിന്ന മണ്ഡലങ്ങളില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും പ്രതിഭാസങ്ങള്‍ക്കും തമ്മില്‍ എപ്പോഴും ഒരു സമാനത ഉണ്ടെന്ന സത്യമാണ് ഈ തത്വത്തില്‍ അടങ്ങിയിരിക്കുന്നത്. ഈ മൗലിക നിയമം പുരാതന ഋഷിയുടെ വാക്കുകളില്‍ ഇങ്ങിനെ ആണ്. “മുകളിലെ പോലെ താഴേയും, താഴേ പോലെ മുകളിലും”. ഈ മൗലിക നിയമം മനസ്സിലാക്കിയാല്‍, പ്രകൃതിയിലെ പല ഗൂഢ രഹസ്യങ്ങളും സമസ്യകളും പരിഹരിക്കാന്‍ ഉള്ള വഴി തുറന്നു കിട്ടും. നമ്മുടെ അറിവിനും അപ്പുറത്തുള്ള നിരവധി മണ്ഡലങ്ങള്‍ ഉണ്ട്. ഈ സമാനതാ നിയമം ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇതുവരെ അറിയാന്‍ കഴിയാത്തതെല്ലാം അറിയാന്‍ കഴിയുന്നു. പൊതുവായി എല്ലായിടത്തും പ്രയോഗിക്കുവാന്‍ സമര്‍ത്ഥമായ ഒരു നിയമമാണ് ഇത് – നമ്മുടെ ഭൗതിക ലോകത്തെക്കുറിച്ചും, മാനസിക ലോകത്തെക്കുറിച്ചും, ആത്മീയ ലോകത്തെക്കുറിച്ചും മനസ്സിലാക്കുവാൻ ഈ സമാനതാ നിയമം ഉപയോഗിക്കാം. ഇതൊരു പ്രപഞ്ച നിയമമാണ്. ഈ ഋഷി പ്രോക്ത നിയമം വളരെ പ്രാധാനപ്പെട്ട ഒന്നാണ്. അറിയാത്ത സീമകളെ മറച്ചു വയ്ക്കുന്ന തിരശീല നീക്കി ഉള്ളിലേക്ക് എത്തിനോക്കാന്‍ അത് സഹായിക്കും എന്നാണ് കബാലിയോണിൽ പറയുന്നത്.
സമാനതാ തത്വത്തിനുള്ള ഒരു ഉദാഹരണമാണ് കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച 12,960 വര്‍ഷമുള്ള മഹാ യുഗവും 24 മണിക്കൂര്‍ ഉള്ള ദിവസവും തമ്മില്‍ ഉള്ള താദാത്മ്യം. അറിയുന്ന ലോകത്തിലെ ഒരു കാര്യം മനസ്സിലാക്കിയാല്‍, പലപ്പോഴും ആ അറിവ് ഉപയോഗിച്ച് അറിയാത്ത ലോകത്തിലെ പല കാര്യങ്ങളും മനസ്സിലാക്കാന്‍ കഴിയും. ഇതാണ് സമാനതാ നിയമം നമ്മെ മനസ്സിലാക്കിക്കുന്നത്. അങ്ങിനെയാണ് ഒന്നിനൊന്ന് ഉയര്‍ന്ന അറിവുകള്‍ സ്വയം നമ്മളില്‍ വെളിവായി തെളിഞ്ഞു വരുന്നത് എന്നര്‍ത്ഥം. പ്രപഞ്ചത്തിലുള്ള സര്‍വ്വതും നമ്മുടെ ശരീരത്തില്‍ ഉണ്ട് എന്നാണു സനാതന ധർമ്മം പറഞ്ഞു തരുന്നത്. ശരീരം മനസ്സിലാക്കിയാല്‍ ആ അറിവിലൂടെ പ്രപഞ്ചം മനസ്സിലാക്കാം – അതുപോലെ തിരിച്ചും. സനാതന ധർമ്മത്തിൽ “യഥാ പിണ്ഡേ തഥാ ബ്രഹ്മാണ്ഡേ, യഥാ ബ്രഹ്മാണ്ഡേ തഥാ പിണ്ഡേ” എന്ന ആപ്തവാക്യം പറയുന്നതും കബാലിയോണിലെ “മുകളിലെ പോലെ താഴേയും, താഴേ പോലെ മുകളിലും”എന്ന ആപ്തവാക്യം പറയുന്നതും ഒരേ കാര്യം തന്നെ ആണെന്ന് കാണാവുന്നതാണ്.
മൗലിക നിയമം 3: പ്രകമ്പനാത്മകതാ നിയമം
“ഒന്നും നിശ്ചലമല്ല; സര്‍വ്വതും പ്രകമ്പനം കൊള്ളുന്നു”. എന്നത് കബാലിയോണിലെ മൂന്നാമത്തെ നിയമമാണ്.
പുറമേ എങ്ങിനെ കാണപ്പെട്ടാലും, സര്‍വ്വതും സദാ സമയവും പ്രകമ്പനം കൊണ്ടു കൊണ്ടേ ഇരിക്കുന്നു എന്നതാണ് പ്രകമ്പനാത്മകതാ നിയമം. ആധുനിക ശാസ്ത്രത്തിലെ ബാല പാഠം ആയിക്കഴിഞ്ഞിരിക്കുന്നു ഇന്ന് ഈ വിഷയം. പക്ഷേ, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ഉയര്‍ന്ന അവബോധം ഉള്ള ഋഷികള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. ഒരു ‘ആറ്റ’ത്തിനകുത്തുള്ള ഇലക്ട്രോണും, പ്രോട്ടോണും, ന്യുട്രോണും പ്രകമ്പനത്തിൻ്റെ ഒരു “ഫീല്‍ഡ്” ആണ്. അല്ലാതെ ഒരു ഖരവസ്തു അല്ല. ഈ നിയമം വിശദമാക്കുന്നത് പദാര്‍ത്ഥം, ഊര്‍ജ്ജം, മനസ്സ്, ആത്മാവ്, എന്ന് പറയുന്നതെല്ലാം പ്രകമ്പനത്തിൻ്റെ വിവിധ തോതുകൾ മാത്രമാണ് എന്നാണ്. അതായത് ശുദ്ധമായ പരമ ‘സര്‍വ്വത്വം’ മുതല്‍ ഏറ്റവും സ്ഥൂലമായ ഖരവസ്തുക്കള്‍ വരെ ഉള്ള എല്ലാം തന്നെ പ്രകമ്പനത്തിൻ്റെ വിവിധ അളവുകളിലുള്ള പ്രത്യേക “ഫീല്‍ഡ്”കള്‍ (അല്ലെങ്കില്‍ പ്രകമ്പനത്തിൻ്റെ മണ്ഡലങ്ങള്‍) ആണ് എന്നര്‍ത്ഥം.
പ്രകമ്പനത്തിൻ്റെ തോത് കൂടുന്നതിനുസരിച്ച് (അതായത് തരംഗ ദൈര്‍ഘ്യം കുറയുന്നതനുസരിച്ച്) സ്ഥൂല-സൂക്ഷ്മ മാനദണ്‌ഡത്തിലെ സ്ഥാനം കൂടുതല്‍ കൂടുതല്‍ ഉയര്‍ന്ന സൂക്ഷ്മതലത്തിലായിരിക്കും. ആത്മാവിൻ്റെ പ്രകമ്പനങ്ങള്‍ അന്തമായ തീവ്രതയും വേഗതയും ഉള്ള ഒന്നായതുകൊണ്ട്, പ്രായോഗികമായി നോക്കുമ്പോള്‍, നിശ്ചലമായ അവസ്ഥയായി തോന്നിക്കും. വളരെ വേഗത്തില്‍ കറങ്ങുന്ന ഒരു ഫാനിൻ്റെ ചിറകുകള്‍ അനക്കമറ്റതായി തോന്നുന്നത് പോലെ ആണ് അതും. സ്ഥൂല-സൂക്ഷ്മ മാനദണ്ഡത്തിലെ താഴത്തെ നിരകള്‍ പരിശോധിച്ചാല്‍, പ്രകമ്പനങ്ങള്‍ കുറഞ്ഞ് കുറഞ്ഞ് തീരെ ചലനമറ്റ നിലകള്‍ വരെ തോന്നിക്കും. ഈ രണ്ട് നിലകള്‍ക്കും ഇടയില്‍ ലക്ഷോപലക്ഷം നിലകളിലുള്ള പ്രകമ്പനങ്ങള്‍ ആണുള്ളത്. ഇലക്ട്രോണ്‍, പരമാണു, കണികകള്‍, കണകങ്ങള്‍ മുതല്‍ ലോകങ്ങള്‍, പ്രപഞ്ചങ്ങള്‍ വരെ ഉള്ള സര്‍വ്വതും നിത്യ പ്രകമ്പനത്തില്‍ ആണ്. ഊര്‍ജ്ജവും ശക്തിയും, മനസ്സും, ആത്മാവും എല്ലാം വിവധ തോതുകളില്‍ ഉള്ള ഇതേ പ്രകമ്പനങ്ങള്‍ തന്നെ ആണ്. ഒന്ന് മറ്റൊന്നായി മാറുന്നത് പ്രകമ്പനങ്ങള്‍ വ്യതിയാനപ്പെടുത്തുന്നത് അനുസരിച്ചാണ്. ഈ തത്വം മനസ്സിലാക്കി അനുയോജ്യമായ പ്രമാണസൂത്രങ്ങള്‍ ഉപയോഗിച്ച് നമുക്ക് നമ്മുടെ മനസ്സിൻ്റെ നിലകളും, മറ്റുള്ളവരുടെ മനസ്സിൻ്റെ നിലകളും മാറ്റുവാന്‍ കഴിയും. പരിണതപ്രജ്ഞരായ ഹെര്‍മെറ്റിക് ആചാര്യന്മാര്‍ ഈ തത്വം ഉപയോഗിച്ചു പ്രകൃതി ശക്തികളെപ്പോലും പലവിധത്തില്‍ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ പ്രാപ്തരായിരുന്നു വത്രേ.
മുകളില്‍ പറഞ്ഞതെല്ലാം, കബാലിയോണില്‍ ഹെർമീസ് ട്രൈസ്മെഗസ്റ്റസ് എന്ന മഹര്‍ഷിവര്യന്‍ പറഞ്ഞതാണ്. എങ്കിലും, ഇതെല്ലാം സനാതന ധർമ്മത്തിലും വിശദമാക്കുന്ന കാര്യങ്ങൾ തന്നെ ആണ്. സനാതന ധർമ്മത്തിലെ മന്ത്രങ്ങളുടെ ഉച്ചാരങ്ങളിലും അവ ചൊല്ലുന്ന രീതിയിലും വളരെ അധികം ശ്രദ്ധ ചെലുത്തുന്നത് മന്ത്രങ്ങള്‍ പ്രകമ്പനങ്ങള്‍ ആയതുകൊണ്ടാണ്. സനാതന ധർമ്മത്തിലെ മന്ത്രങ്ങള്‍ ഹെര്‍മെറ്റിസിസത്തിലെ പ്രകമ്പനാത്മകതാ നിയമത്തിൻ്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം നോക്കിക്കാണുവാന്‍.
മൗലിക നിയമം 4: ധ്രുവാത്മകതാ നിയമം
“സര്‍വ്വതും ദ്വൈതമാണ്; സര്‍വ്വതിനും വൈപരീത്യത്തിൻ്റെ ദ്വന്ദങ്ങള്‍ ഉണ്ട്; ഒരുപോലെ തോന്നിക്കുന്നതും, ഒരുപോലെ തോന്നിക്കാത്തതും എല്ലാം ഒന്നുതന്നെ ആണ്; വിപരീതങ്ങള്‍ സ്വഭാവം കൊണ്ട് ഒന്നുതന്നെ ആണ്; പക്ഷേ, വ്യത്യാസം തോതില്‍ മാതമേ ഉള്ളൂ; അങ്ങേ അറ്റം ആയി നില്‍ക്കുന്നത് കൂട്ടി മുട്ടി നില്കുന്നവയാണ്; എല്ലാ സത്യങ്ങളും അര്‍ദ്ധ സത്യങ്ങള്‍ മാത്രമാണ്; വിരോധാഭാസങ്ങള്‍ പൊരുത്തപ്പെട്ടേക്കാം”. കബാലിയോണിലെ നാലാമത്തെ നിയമത്തിൻ്റെ പരിഭാഷയാണ് ഇത്.
ധ്രുവാത്മകത എന്ന ഹെര്‍മെറ്റിക്ക് നിയമം ദ്വൈതത്തെ വിശദീകരിക്കുകയാണ്. സര്‍വ്വതിനും രണ്ട് വിപരീതങ്ങള്‍ ആയ ധ്രുവങ്ങള്‍ ഉണ്ട് എന്ന് ഹെര്‍മെറ്റിസിസം ചൂണ്ടിക്കാണിക്കുന്നു. അവ പരസ്പരം കടക വിരുദ്ധങ്ങള്‍ ആയിരിക്കാം. പക്ഷേ, രണ്ടും ഒന്ന് തന്നെ ആണ്. അവ തമ്മിലുള്ള വ്യത്യാസം രണ്ടിന്‍റേയും അളവില്‍ മാത്രം. ഉദാഹരണം: ചൂടും തണുപ്പും രണ്ട് വൈരുദ്ധ്യങ്ങള്‍ ആണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ രണ്ടും ഒന്ന് തന്നെ ആണ്. ആ ഒന്നിൻ്റെ തന്നെ അളവിലുള്ള വ്യത്യാസമാണ് ഒന്നിനെ രണ്ടാക്കുന്നത്. പതിനഞ്ചു ഡിഗ്രി സെന്‍റിഗ്രേഡ്, പതിനാറു ഡിഗ്രിയുമായി താരതമ്യം നോക്കുമ്പോള്‍ തണുപ്പും, പതിനാലു ഡിഗ്രിയുമായി നോക്കുമ്പോള്‍ ചൂടും ആണ്. ചൂടിൻ്റെ തന്നെ പ്രകമ്പനത്തിലുള്ള വ്യതിയാനമാണ് തണുപ്പ്. അതുപോലെ ഇരുട്ടും വെളിച്ചവും. വെളിച്ചത്തിൻ്റെ അളവിൻ്റെ ഏറ്റവും കുറവാണ് ഇരുട്ട്. അതുപോലെ തന്നെ ആണ് വലുതും-ചെറുതും, ഉറച്ചതും-മൃദുലവും, ഉയര്‍ന്നതും-താഴ്ന്നതും, ശബ്ദവും-നിശബ്ദതയും തുടങ്ങി സര്‍വ്വ വൈരുദ്ധ്യങ്ങളും. മാനസിക തലത്തിലെ സ്നേഹ-വിദ്വേഷം എന്ന ദ്വൈതവും അതുപോലെ തന്നെ ആണ്. സ്നേഹ-വിദ്വേഷത്തിൻ്റെ ഒരു ഗ്രാഫ് വരച്ചാല്‍, എവിടേയും സ്നേഹം മാറി വിദ്വേഷം ആയി എന്ന് അടയാളപ്പെടുത്തി കാണിക്കുവാന്‍ സാധിക്കുകയില്ല.
വൈരുദ്ധ്യങ്ങള്‍ ആയി പുറമേ കാണുന്ന ദ്വയങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒന്നാണ് എന്ന് അറിയിക്കുന്ന ധ്രുവാത്മകതാ നിയമത്തിൻ്റെ ഏറ്റവും വലിയ പ്രായോഗികത, ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ക്ക് പ്രകമ്പനത്തിൻ്റെ തോതു ക്രമീകരിച്ച്, വൈരുദ്ധ്യങ്ങളെ മാറ്റി പൊരുത്തപ്പെടുവാന്‍ കഴിയും എന്നുള്ളതാണ്. നമ്മുടെ തന്നെ അന്യോന്യ വിരോധമോ, മറ്റുള്ളവരുടെ അന്യോന്യ വിരോധമോ അങ്ങിനെ മാറ്റിയെടുക്കാം. ഉദാഹരണത്തിന്, വിദ്വേഷത്തെ സ്നേഹമാക്കി മാറ്റാം. സനാതന ധർമ്മത്തിൽ ദ്വൈത-അദ്വൈതങ്ങൾ വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ ആണ്. അടുത്ത അദ്ധ്യായത്തിൽ അദ്വൈത വേദാന്തം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
മൗലിക നിയമം 5: താളാത്മകതാ നിയമം
“സർവ്വത്വം ഒഴുകുന്നു; പുറത്തേക്കും, അകത്തേക്കും; എല്ലാത്തിനും അതിൻ്റെ വേലിയേറ്റങ്ങളും ഇറക്കങ്ങളും ഉണ്ട്; സര്‍വ്വതും ഉയരുകയും താഴുകയും ചെയ്യുന്നു; ആന്ദോളക ചലനം സര്‍വ്വതിലും പ്രകടമാണ്; വലത്തോട്ടുള്ള ദോലനത്തിൻ്റെ അളവും, ഇടത്തോട്ടുള്ള ദോലനത്തിൻ്റെ അളവും ഒന്നാണ്; താളം പരിഹരിക്കുന്നു”. – കബാലിയോണിലെ അഞ്ചാമത്തെ നിയമത്തിൻ്റെ പരിഭാഷയാണിത്.
ധ്രുവാത്മകതാ നിയമത്തിനു അനുബന്ധമാണ് താളാത്മകതാ നിയമം. എല്ലാത്തിനും വിപരീതങ്ങളായ രണ്ട് ഭിന്ന ധ്രുവങ്ങള്‍ ഉണ്ടെന്ന് മുന്‍പ് പറഞ്ഞുവല്ലോ. ഈ രണ്ട് ധ്രുവങ്ങള്‍ക്കിടയില്‍, ഒരു ധ്രുവത്തില്‍ നിന്നും മറ്റേ ധ്രുവത്തിലേക്കും പിന്നെ തിരിച്ചും, പരസ്പരം ഒരു ആന്ദോളനം നടന്നുകൊണ്ടേ ഇരിക്കും എന്നതാണ് താളാത്മകതാ നിയമം. ഒരു കയറ്റവും ഒരു ഇറക്കവും; വളരെ കൃത്യമായ, നിശ്ചിതമായ, താളാത്മകമായ ഒരു ആന്ദോളനമായിരുക്കും അത്. ഈ താളാത്മകമായ ഏറ്റവും ഇറക്കവും സര്‍വ്വതിലും കാണാം. പ്രപഞ്ചത്തില്‍, സൂര്യ ചന്ദ്രന്മാരില്‍, ലോകത്തില്‍, മനുഷ്യരില്‍, മൃഗങ്ങളില്‍, മനസ്സുകളില്‍, ഊര്‍ജ്ജത്തില്‍, പദാര്‍ത്ഥങ്ങളില്‍ എല്ലാം കാണാം ഈ താളാത്മകത. ലോകങ്ങള്‍ സൃഷ്ടിക്കപ്പെടുകയും, സംഹരിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രങ്ങള്‍ ഉയരുകയും, താഴുകയും ചെയ്യുന്നു. വസ്തുക്കളുടെ ജീവിത ചക്രത്തില്‍ ഈ താളാത്മകമായ ഉയര്‍ച്ചയും താഴ്ചയും കാണാം. മനുഷ്യൻ്റെ മനസ്സുകളിലും ആഹ്ളാദത്തിൻ്റെ അല്ലെങ്കില്‍ മ്ലാനതയുടെ വേലിയേറ്റവും വേലിഇറക്കവും നിരന്തരം കാണാം. ധൃവാത്മകതാ നിയമത്തിൻ്റെ ഏറ്റവും വലിയ പ്രായോഗികത, ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ കാണുന്നത് ഇക്കാര്യത്തിലാണ്. ഈ തത്വങ്ങള്‍ മനസ്സിലാക്കിയ ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ അനുയോജ്യമായ വിധി ക്രിയകളിലൂടെ ഈ ചാഞ്ചാട്ടത്തെ അതിജീവിച്ച് സ്ഥിരമായ ഒരു അവബോധ നില കൈവരിക്കുന്നു. ഈ നിയമം ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. എന്നാല്‍ ഈ തത്വത്തിലുള്ള അവഗാഹം ഉപയോഗിച്ചു അവര്‍ ഈ താളത്തിൻ്റെ പ്രത്യാഘാതങ്ങള്‍ക്ക് വശംവദരാകാതെ ഒരു വലിയ പരിധിവരെ നിലകൊള്ളുന്നു.
ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ അവരുടെ പാടവം ഉപയോഗിച്ച് അവര്‍ ആഗ്രഹിക്കുന്ന നിലയില്‍, ചാഞ്ചാട്ടത്തിൻ്റെ ഒഴുക്കില്‍ ഒഴുകി പോകാതെ, നില്‍ക്കുന്നു. ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ അധികം ശ്രദ്ധിക്കുന്നത് ധ്രുവാത്മകതാ നിയമവും, താളാത്മകതാ നിയമവും നമ്മില്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തില്‍ നിന്നും എങ്ങിനെ ഒഴിഞ്ഞ് നില്‍ക്കാം എന്നുള്ളതാണ്. ഇത് രണ്ടും ആണ് മനുഷ്യ ജീവിതത്തെ നിരന്തരം സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുന്നത്. ഹെര്‍മെറ്റിക് വിദ്യകളുടെ വലിയ ഒരു പങ്ക് ഈ രണ്ട് തരം സമ്മര്‍ദ്ദത്തില്‍ നിന്നും ഒഴിഞ്ഞ് മാറി നില്‍ക്കാന്‍ സഹായിക്കുന്നവയാണ്.
ഇതിന് മുൻപ് ചർച്ച ചെയ്ത സുഖ ദുഃഖങ്ങളുടെ ചാക്രിക ആവർത്തനം യഥാർത്ഥത്തിൽ കബാലിയണിലെ ഇപ്പറയുന്ന രണ്ടു ധ്രുവങ്ങളിലെ ദ്വന്ദങ്ങൾക്കിടയിൽ നിരന്തരം നടക്കുന്ന ആന്ദോളനം തന്നെ ആണ്. സുഖമായാലും ദുഃഖമായാലും ഇവിടെ രണ്ടും ശ്വാശ്വതമായ ഒന്നല്ല. രണ്ടും വരുകയും പോകുകയും ചെയ്യുന്ന താത്കാലിക വിരുന്നുകാർ മാത്രമാണ്. സുഖത്തിൻ്റെ പുറകേ ഓടിയിട്ടോ, ദുഃഖത്തിൽ നിന്നും ഓടി ഒളിച്ചിട്ടോ ഒരു കാര്യവുമില്ല. തിരിഞ്ഞു നിന്ന് രണ്ടിനേയും അഭിമുഖീകരിച്ചിട്ടു രണ്ടിനും അതീതമായിട്ട് നിൽക്കുക. അതാണ് കബാലിയോൺ നൽകുന്ന പാഠം. അതേ പാഠം തന്നെയാണ് സനാതന ധർമ്മവും നൽകുന്നത്.
മൗലിക നിയമം 6: കാര്യകാരണാത്മകതാ നിയമം
“എല്ലാ കാരണത്തിനും അതിൻ്റെ കാര്യമുണ്ട്; എല്ലാ കാര്യത്തിനും അതിൻ്റെ കാരണമുണ്ട്; എല്ലാം സംഭവിക്കുന്നത് അതിൻ്റെ നിയമം അനുസരിച്ചാണ്; ആകസ്മികം എന്നത് നമ്മൾ അറിയാതെ പോയ മറ്റൊരു നിയമം മാത്രം; കാര്യകാരണ ബന്ധത്തിന് പല തലങ്ങള്‍ ഉണ്ട്; പക്ഷേ ഒന്നും ഈ നിയമത്തില്‍ നിന്നും വഴുതി പോകുന്നില്ല” – കബാലിയോണ്‍ നൽകുന്ന ജീവിത രഹസ്യങ്ങൾ തുറക്കുന്ന ആറാമത്തെ സ്വർണ്ണ താക്കോൽ ആണ്. ഇത് തന്നെ ആണ് സനാതന ധർമ്മത്തിലെ കാര്യകാരണ ബന്ധവും കർമ്മ നിയമങ്ങളും. കാല ദേശങ്ങൾക്ക് അതീതമായ സനാതന സത്യങ്ങൾ ആണ് ഇതെല്ലാം.
ഓരോ കാര്യങ്ങള്‍ക്കും ഓരോ കാരണം ഉണ്ട്. ഓരോ കാരണത്തിനും ഓരോ കാര്യം ഉണ്ടാകും. സര്‍വ്വതും ഈ കാര്യകാരണ നിയമത്തിന് വിധേയമാണ്. ഒരു കാര്യവും ‘വെറുതെ’ സംഭവിക്കുകയില്ല. ആകസ്‌മിക സംഭവം എന്ന് ഒന്നില്ല. കാരണങ്ങള്‍ ഭൗതിക തലത്തില്‍ നിന്നോ, മാനസിക തലത്തില്‍ നിന്നോ, ആത്മീയ തലത്തില്‍ നിന്നോ ഉടലെടുത്തതാവാം; ഈ മൂന്നു തലത്തില്‍ ഏതെങ്കിലും ഒന്നിൽ അവ കാര്യമായി പ്രത്യക്ഷപ്പെടുകയും ചെയ്യാം.
പക്ഷേ, ഉയര്‍ന്ന തലങ്ങളിലെ കാര്യകാരണങ്ങള്‍ക്ക് താഴ്ന്ന തലങ്ങളിലെ കാര്യകാരണങ്ങളേക്കാള്‍ മേല്‍കൈ ഉണ്ട്. എങ്കിലും, ആര്‍ക്കും, യാതൊന്നിനും കാര്യകാരണ നിയമങ്ങളെ മുഴവനായി മറികടക്കുവാന്‍ കഴിയുകയില്ല.
ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ക്ക് ഭൗതിക തലത്തില്‍ ഉള്ള കാര്യ കാരണങ്ങളെ ഒരു പരിധിവരെ മറികടക്കാനുള്ള ജ്ഞാനവും, ക്രിയാ വൈദഗ്ദ്ധ്യവും ഉണ്ട്. മനസ്സുകൊണ്ട് അവര്‍ ഉയര്‍ന്ന തലങ്ങളിലേക്ക് ചെന്ന് കാരണങ്ങള്‍ വിതക്കുന്നവരായി മാറുന്നു, കാര്യങ്ങള്‍ കൊയ്യുന്നവരാകുന്നതിനു പകരം! അധികം ജനങ്ങളും പാരമ്പര്യം, മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍, തുടങ്ങി ചുറ്റുപാടുകളുടെ അടിമകളായി കാരണങ്ങള്‍ വിതച്ചും, കാര്യങ്ങള്‍ കൊയ്തും ജീവിക്കുമ്പോള്‍, ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ ഉയര്‍ന്ന തലങ്ങളിലേക്ക് ഉയര്‍ന്ന് ചിത്ത വൃത്തികളേയും, സ്വഭാവത്തേയും, ഗുണഗണങ്ങളേയും, ശക്തിയേയും, അവരുടെ ചുറ്റുമുള്ള പരിത:സ്ഥിതികളേയും ഒക്കെ നിയന്ത്രിച്ച് കാര്യകാരണ നിയമത്തിൻ്റെ ഫലമായി ഉണ്ടാകുന്ന വിഷമതകളെ ഒരു പരിധിവരെ തടുത്ത് ജീവിക്കുന്നു. ഹെര്‍മെറ്റിക് വിജ്ഞാനം അവരെ അവബോധത്തിൻ്റെ ഉയര്‍ന്ന തലങ്ങളില്‍ ജീവിച്ചു കൊണ്ട് താഴ്ന്ന തലത്തിലെ കാര്യകാരണ നിയമങ്ങളെ മറികടക്കാനും, ഉയര്‍ന്ന തലങ്ങളിലെ കാര്യകാരണ നിയമങ്ങള്‍ക്ക് മാത്രം അധീനപ്പെട്ട് ജീവിക്കുവാനും അവരെ പ്രാപ്തരാക്കുന്നു. കാര്യകാരണാത്മകതാ നിയമം എന്നത് സനാതന ധർമ്മത്തിലെ കര്‍മ്മനിയമങ്ങളും പുനര്‍ജന്മതത്വങ്ങളും തന്നെ ആണ്.
മൗലിക നിയമം 7: ലിംഗത്വ നിയമം
“ലിംഗത്വം സര്‍വ്വതിലും ഉണ്ട്; എല്ലാത്തിനും സ്ത്രീ ലിംഗവും പുല്ലിംഗവും ഉണ്ട്. ലിംഗത്വ നിയമം എല്ലാ മണ്ഡലങ്ങളിലും പ്രകടമാണ്”. ഇതാണ് കബാലിയോണിലെ ഏഴാമത്തെ മൗലിക നിയമം.
ലിംഗത്വം സര്‍വ്വതിലും അടങ്ങിയിരിക്കുന്നു എന്ന മൗലിക നിയമം ആണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്. സ്ത്രീ ലിംഗ പുല്ലിംഗ നിയമങ്ങള്‍ എപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു. ഭൗതിക മണ്ഡലത്തില്‍ മാത്രമല്ല, മാനസിക മണ്ഡലത്തിലും ആത്മീയ മണ്ഡലത്തിലും ഈ നിയമം സത്യം തന്നെ ആണ്. ഭൗതിക മണ്ഡലത്തില്‍ ഈ നിയമം ലൈംഗികതയായി പ്രകടമാകുന്നു. അതിന് മുകളിലുള്ള ഉയര്‍ന്ന മണ്ഡലങ്ങൾ ആയ മാനസിക മണ്ഡലത്തിലും ആത്മീയ മണ്ഡലത്തിലും ലിംഗത്വ നിയമം ഉയര്‍ന്ന രൂപം കൈക്കൊള്ളുന്നു എന്ന് മാത്രം. പക്ഷേ, മൗലിക നിയമം എന്നും ഒന്ന് തന്നെ. ഭൗതികമോ, മാനസികമോ, ആത്മീയമോ ആയ ഒരു സൃഷ്ടിയും ഈ മൗലിക നിയമം ഇല്ലാതെ സാദ്ധ്യമല്ല. ഉല്‍പ്പത്തിയുടേയും, പുനര്‍ ഉല്‍പ്പത്തിയുടേയും, സൃഷ്ടിയുടേയും ദിശയില്‍ ലിംഗത്വ നിയമം നിത്യമായി പ്രവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു. ഇതാണ് കബാലിയോൺ വിശദമാക്കുന്ന ഏഴാമത്തേതും അവസാനത്തേതും ആയ മൗലിക നിയമം.
സര്‍വ്വതിലും ശിവ-ശക്തി അല്ലെങ്കില്‍ പുരുഷ-പ്രകൃതി സാന്നിദ്ധ്യം സനാതന ധർമ്മത്തിലും ഉണ്ട്. ശിവ-ശക്തി, പുരുഷ-പ്രകൃതി തുടങ്ങിയ സങ്കല്പങ്ങൾ എല്ലാം ഈ തത്വത്തെ ആണ് പ്രകടമാക്കുന്നത്. കേരളത്തില്‍ മാത്രം പതിനയ്യായിരത്തോളം ക്ഷേത്രങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഒരു വലിയ പങ്കും, ദേവീ സങ്കല്‍പ്പങ്ങള്‍ പ്രതിഷ്ഠയായ ക്ഷേത്രങ്ങള്‍ ആണെന്ന് കാണാം. ക്ഷേത്രങ്ങളെ പ്രധാനമായും, രണ്ട് തരങ്ങള്‍ ആയി തിരിക്കാം. ഒന്നില്‍ ദേവന്മാരാണ് പ്രതിഷ്ഠ. മറ്റേതില്‍ ദേവിമാരും. അര്‍ദ്ധനാരീശ്വര പ്രതിഷ്ഠകളും, കണ്ണാടി പ്രതിഷ്ഠകളും തുലോം വിരളമാണ്. ഇത് മൂന്നും ഒരേപോലെ ശരിയും അര്‍ത്ഥഗര്‍ഭവും ആണ്. എന്തിനാണ് പ്രതിഷ്ഠകള്‍ക്ക് ലിംഗഭേദം? സനാതന ധർമ്മത്തിലെ തന്ത്ര ശാസ്ത്രം ഇക്കാര്യം നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. .
ലിംഗ തത്വം മനസ്സിലാക്കുവാനുള്ള എളുപ്പ വഴി ഒരു വീട് പണിയുടെ ഉദാഹരണം എടുക്കലാണ്. ഒരു വീട് പണിയണമെങ്കില്‍ ഒരു ഡിസൈനര്‍ ആയ എഞ്ചിനീയറും, ഒരു കരാറുകാരനും വേണം. രണ്ടും രണ്ട് വ്യത്യസ്തമായ പ്രാഗൽഭ്യങ്ങൾ ആവശ്യമായ വ്യത്യസ്ഥ മേഘലകളിലെ വിഷയങ്ങൾ ആണ്. ഡിസൈനർ എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങള്‍ വ്യക്തമായി രൂപകല്പന ചെയ്തുകൊടുത്തുകൊണ്ട് നിര്‍ദ്ദേശിക്കുന്നു – ആ നിർദ്ദേശക ശക്തിയാണ് പുല്ലിംഗ തത്വം. കരാറുകാരൻ നിര്‍ദ്ദേശിച്ച് ഏല്‍പ്പിച്ച കാര്യം നിർമ്മിച്ച് കൊടുക്കുന്നു – അനുസരണയോടെ ഉള്ള ആ ക്രിയാത്മകത്വം ആണ് സ്ത്രീലിംഗ തത്വം. ഈ രണ്ട് തത്വങ്ങളും എല്ലാ കാര്യങ്ങളിലും ചിന്തിച്ചാൽ നമുക്കുതന്നെ കണ്ടെത്തുവാന്‍ കഴിയും. ഈ തത്വം അത്യന്തം പ്രകടമായി സ്ത്രീ-പുരുഷ ശരീരത്തില്‍ കാണാന്‍ കഴിയുന്നു എന്ന് മാത്രമേ ഉള്ളൂ. ഒരു പുല്ലിംഗ തത്വം ഇല്ലാതെ സ്ത്രീ ലിംഗ തത്ത്വത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതുപോലെ തിരിച്ചും.
വളരെ രസകരമായ ഒരു ഉപമ ഉപയോഗിച്ചാണ് സനാതന ധർമ്മത്തിൽ വേദാന്തത്തിലൂടെ ഈ തത്വം ചിത്രീകരിച്ചിരിക്കുന്നത്. അന്ധനായ ഒരാള്‍ക്ക് നടക്കാന്‍ കഴിയും, പക്ഷേ കാഴ്ചയില്ല എന്ന് കരുതുക. കാഴ്ചയുള്ള മറ്റൊരാൾക്ക് നടക്കാന്‍ കഴിയില്ലഎന്നും കരുതുക. അവര്‍ രണ്ടുപേരും പരസ്പരം സഹകരിക്കുന്നത്, കാഴ്ചയുള്ളയാള്‍ അന്ധന്‍റെ ചുമലിൽ കയറി ഇരുന്നു കൊണ്ടാണ്. മനുഷ്യനിൽ “അവബോധവും” “പ്രാണനും” തമ്മിലുള്ള ബന്ധം ചിത്രീകരിക്കുവാൻ ആണ് വേദാന്തം ഈ ഉപമ ഉപയോഗിച്ചത്. “അവബോധം” എന്നാല്‍ അടിസ്ഥാനപരമായി ശുദ്ധമായ “പ്രജ്ഞാനം” തന്നെ അൽപ്പം ഒന്ന് പരിമിതപ്പെട്ട് നിൽക്കുന്നതാണ് എന്ന് നമ്മൾ ഇതിനകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. “പ്രജ്ഞാനം” എന്നത് “അസ്തിത്വം-അറിവ്-ആനന്ദം” എന്നാണ് വേദാന്തം നിർവചിക്കുന്നത്. അവബോധത്തിനു അറിവ് ഉണ്ട്. പക്ഷേ അവബോധത്തിന് ചലിക്കാനുള്ള ശക്തി നല്‍കുന്നത് പ്രാണനാണ്. പ്രാണന്‍ പോയാല്‍, അവബോധവും പോകും. എവിടെ പോകണം, എന്ത് ചെയ്യണം എന്നെല്ലാം നിര്‍ദ്ദേശിക്കുന്നത് അവബോധം ആണ് – പുല്ലിംഗ തത്വം. നിർദ്ദേശിച്ച പ്രകാരം പോകുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് പ്രാണന്‍റെ ഫലമായിട്ടാണ് – സ്ത്രീ ലിംഗ തത്വം. പുല്ലിംഗ തത്വവും സ്ത്രീലിംഗ തത്വവും അങ്ങിനെ പരസ്പര പൂരകങ്ങൾ ആണ്. അങ്ങിനെ അവബോധം പ്രാണനെ ഉപയോഗിച്ചുകൊണ്ട് പുല്ലിംഗ-സ്ത്രീലിംഗ തത്വങ്ങൾ ആയിട്ടാണ് പ്രവർത്തനം നടത്തുന്നതെങ്കിലും, പ്രാണൻ എന്നത് അവബോധത്തിൻ്റെ തന്നെ ശക്തിയാണ്. ചൂട് എന്നത് അഗ്നിയുടെ ശക്തിയാണ് എന്ന് പറയുന്നതുപോലെ തന്നെ ആണ് അതും. അതായത് പുല്ലിംഗവും സ്ത്രീലിംഗവും അന്യോന്യം ഒന്നിലൊന്നായി അടങ്ങിയിരിക്കുന്നു എന്നർത്ഥം.
ഇതിൽ നിന്നും പുല്ലിംഗ-സ്ത്രീലിംഗ തത്വങ്ങൾ സർവ്വ വസ്തുക്കളിലും ഉണ്ട് എന്നാണു നമ്മൾ മനസ്സിലാക്കേണ്ടത്. അതായത് തൂണിലും തുരുമ്പിലും മനുഷ്യരിലും മൃഗങ്ങളിലും എല്ലാം ലിംഗത്വ തത്വങ്ങൾ അടങ്ങിയിരിക്കുന്നു. സർവ്വതിലും പുല്ലിംഗമായ ഒരു നിർദ്ദേശക ശക്തിയും സ്ത്രീലിംഗമായ അനുസരണാ പൂർവ്വമായ ഒരു ക്രിയാത്മക ശക്തിയും അടങ്ങിയിട്ടുണ്ട്. മറ്റൊരു ഉദാഹരണം നൽകാം. വെളുപ്പിന് മൂന്നു മണിക്ക് ഉറക്കത്തിൽ നിന്നും ഉണർന്ന് ഒരു പ്രവർത്തി ചെയ്യണം എങ്കിൽ ആദ്യം പുല്ലിംഗ രൂപത്തിലുള്ള ഒരു ഇച്ഛാശക്തി (കോൺഷ്യസ് മൈൻഡ്) പ്രേരണക്കായി ആവശ്യമുണ്ട്. അതുണ്ടെങ്കിലേ സ്ത്രീ ലിംഗ രൂപത്തിലുള്ള എഴുന്നേൽക്കുവാനും പ്രവർത്തിക്കുവാനും ഉള്ള ക്രിയാത്മക ശക്തി (സബ് കോൺഷ്യസ് മൈൻഡ്) ഉണ്ടാകൂ. ഇതുരണ്ടും പരസ്പരം ഒരുമിച്ചാണ് എപ്പോഴും ഉണ്ടാകുക. ആധുനിക ശാസ്ത്ര ജ്ഞാനം അനുസരിച്ച് പുരുഷ ഹോർമോൺ ആയ ടെസ്റ്റാസ്റ്റീറോണും സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജനും രണ്ടും പുരുഷ ശരീരത്തിലും സ്ത്രീ ശരീത്തിലും ഉണ്ട്. അവയുടെ അളവുകളിൽ പരസ്പര വ്യത്യാസങ്ങൾ ഉണ്ടെന്നു മാത്രം.
ക്ഷേത്ര പ്രതിഷ്ഠകളിലെ ദേവന്‍-ദേവീ വ്യത്യാസങ്ങള്‍ ‘സൃഷ്ടി’ എന്ന നടപടിക്രമത്തിലെ പുല്ലിംഗ-സ്ത്രീലിംഗ ത്വത്വം അനുസരിച്ചാണ് ക്രമീ കരിച്ചിരിക്കുന്നത്. സൃഷ്ടി പ്രക്രിയയിലെ ഡിസൈനര്‍ എഞ്ചിനീയറുടെ സ്ഥാനം ആണ് ദേവന്‍ എന്ന സങ്കല്പം. (പരമ ശിവന്‍, മഹാവിഷ്ണു എന്ന പേരുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കുക. രണ്ടും രൂപമില്ലാത്ത പരമമായ ഒരേ മഹാ പ്രജ്ഞാനത്തിൻ്റെ പര്യായങ്ങളായ രണ്ടു വിളിപ്പേരുകൾ തന്നെയാണ്. മനുഷ്യരുടെ ഇടയില്‍ രണ്ട് പേരില്‍ അറിയപ്പെടുന്നു എന്ന് മാത്രമേ ഉള്ളൂ. ശിവന്‍ / മഹാവിഷ്ണു എന്ന ആ ഡിസൈനര്‍ എഞ്ചിനീയര്‍ കൊടുത്ത നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് – അനുസരിച്ച് മാത്രമാണ് – സൃഷ്ടി പ്രക്രിയയിലെ കരാറുകാരി എന്ന സ്ഥാനത്തു നിന്ന് കൊണ്ട് സ്ത്രീ ലിംഗ തത്വമായ പ്രകൃതീ മാതാവ് പ്രവര്‍ത്തിക്കുന്നത്. പാര്‍വ്വതി, മഹാലക്ഷ്മി, ദുര്‍ഗ്ഗ, ഭഗവതി, തുടങ്ങിയ പേരുകള്‍ ഓര്‍മ്മിക്കുക. എല്ലാം അവബോധത്തിൻ്റെ ക്രിയാശക്തി തന്നെയാണ്. പക്ഷേ മനുഷ്യരുടെ ഇടയില്‍ വിവധ പേരുകളിൽ അറിയപ്പെടുന്നു എന്ന് മാത്രമേ ഉള്ളൂ.
ഈ പ്രപഞ്ചവും, ഇതില്‍ കാണുന്ന നമ്മള്‍ അടക്കം സര്‍വ്വതിനേയും, പരമശിവന്‍റെ / മഹാവിഷ്ണുവിന്‍റെ നിര്‍ദ്ദിഷ്ട രൂപകല്‍പ്പന അനുസരിച്ച് നിര്‍മ്മിച്ചത് പ്രകൃതീ മാതാവാണ്. അതായത്, അനുഷ്യർ എന്ന നമ്മുടെ എല്ലാവരുടേയും മാത്രമല്ല, പ്രപഞ്ചത്തിലെ സര്‍വ്വതിന്‍റേയും ദിവ്യമായ അമ്മയാണ് പ്രകൃതീ മാതാവ്.
ഹെര്‍മെറ്റിസിസത്തിലെ ആത്മജ്ഞാനം
എന്താണ് ഈ ലോകത്തിൻ്റെ നിലനിൽപ്പിൻ്റെ ആത്യന്തികമായ സത്യം, എന്താണ് ഈ ലോകത്തിൻ്റെ സ്വഭാവം, എന്താണ് നിതാന്തമെന്ന് തോന്നിക്കുന്ന മനുഷ്യൻ്റെ ദുഃഖത്തിനും ക്ലേശങ്ങൾക്കും ഉള്ള അടിസ്ഥാന കാരണങ്ങൾ, അതിൽ നിന്നും നമുക്ക് എങ്ങിനെ മോചനം നേടാൻ കഴിയും എന്നത് തന്നെയാണ് ഹെർമറ്റിസിസത്തിലെ അന്വേഷണങ്ങളും. സനാതന ധർമ്മം അന്വേഷിച്ച അതേ അടിസ്ഥാന വിഷയങ്ങൾ തന്നെ ആണ് അവയെല്ലാം. അവക്കെല്ലാം സനാതന ധർമ്മം അന്വേഷിച്ചറിഞ്ഞ അതേ ഉത്തരങ്ങൾ തന്നെയാണ് ഹെർമെറ്റിസിസം നൽകുന്നതും.
സർവ്വതും നിലനിൽക്കുന്നത് ‘സർവ്വത്വ’ത്തിൻ്റെ മനസ്സിലാണെന്നും സർവ്വതിലും സർവ്വത്വം ഉണ്ടെന്നും ആദ്യമേ തന്നെ കബാലിയോൺ പറയുന്നു. സനാതന ധർമ്മം പറഞ്ഞതും അത് തന്നെ ആണ്. “സർവ്വത്വം” എന്ന പദത്തിന് പകരം മറ്റൊരു പര്യായ പദമായ “പരബ്രഹ്മൻ” എന്ന് വേദാന്തത്തിലും “പരാസംവിത്ത്” എന്ന് തന്ത്ര ശാസ്ത്രത്തിലും ഉപയോഗിച്ചു എന്ന്മാത്രം. ഈ ലോകത്തിൻ്റെ വിപരീതാനുഭവങ്ങളുടെ ദ്വന്ദാവസ്ഥയും, വസ്തുക്കളുടെ പ്രകമ്പനങ്ങൾ അവയെ മാറി മാറി പരസ്പരം ഉള്ള ദ്വന്ദാവസ്ഥകളിൽ എത്തിക്കുന്നതും, അങ്ങിനെ മനുഷ്യൻ ഈ ദ്വന്ദങ്ങൾക്കിടയിൽ നിരന്തരം ആന്തോളനം ചെയ്‌തുകൊണ്ട് ക്ലേശിക്കുന്നതും കബാലിയോൺ കണ്ടെത്തി. കബാലിയോൺ അതിനുള്ള പരിഹാരമായി നൽകുന്നത് ലിംഗതത്വം ഉപയോഗിച്ച് ഇച്ഛാനുസരണം പ്രകമ്പനങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടു ദ്വന്ദങ്ങൾക്ക് ഇടയിലുള്ള ആന്തോളനത്തിന് അതീതമായി നിന്ന് കൊണ്ട് ക്ലേശങ്ങൾ അവസാനിപ്പിക്കുക എന്ന മാർഗ്ഗമാണ്. സനാതന ധർമ്മം അനുശാസിക്കുന്ന വേദാന്തത്തിലെ അദ്വൈതാവസ്ഥ തന്നെ ആണ് ഇത്. ഇനി, ഹെർമെറ്റിസിസം നൽകുന്ന പരിഹാരമാർഗ്ഗം എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കാം.
ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍, രമണ മഹര്‍ഷി ഉപദേശിച്ചതു പോലെ, ഏറ്റവും ആദ്യം സ്വയം താന്‍ ആരാണ് എന്ന് പരിശോധിക്കുവാന്‍ ആണ് തങ്ങളുടെ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്. നമ്മുടെ തന്നെ സ്വ-ആത്മത്വത്തിലേക്ക് കടന്നു ചെന്ന് പരിശോധിക്കുവാനാണ് അവര്‍ ഹെര്‍മെറ്റിക്ക് പഠിതാക്കളോട് ആവശ്യപ്പെട്ടത്. അങ്ങിനെ പരിശോധിക്കുമ്പോള്‍ നമ്മുടെ അവബോധം ആദ്യം “ഞാന്‍” എന്ന ഒരു ഉള്‍ബോധം ആണ് നല്‍കുന്നത്. ‘പ്രജ്ഞാനം ഉള്ള, ഞാൻ ജീവിച്ചിരിക്കുന്നു’ എന്ന ഒരു ഉള്ളറിവ് ഒരു തോന്നൽ ആയി എപ്പോഴും എന്നിലുണ്ട് – അതാണ് ‘ഞാന്‍’ എന്ന തോന്നല്‍. കുറച്ച് കൂടി ആഴത്തില്‍ പരിശോധിക്കുമ്പോള്‍, ‘ഞാന്‍’ എന്ന ബോധത്തിൻ്റെ ഇണ ആയി ‘എൻ്റെ ’ എന്ന മറ്റൊരു ബോധം കൂടി ഉള്ളതായി നമുക്ക് മനസ്സിലാകും. അതായത്, നമ്മുടെ അവബോധത്തിന് ‘ഞാന്‍’ എന്നും ‘എൻ്റെ’ എന്നും രണ്ട് തോന്നലുകള്‍ ഉണ്ടാകുന്നുണ്ട്. ഈ ഇരട്ടകള്‍ക്ക് തനതായ സ്വഭാവങ്ങളും പ്രത്യേകതകളും ഉണ്ട്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ‘എൻ്റെ’ എന്ന ഭാവത്തെ ‘ഞാന്‍’ എന്ന ഭാവമായി തെറ്റിദ്ധരിച്ച് പോകും. രണ്ടും രണ്ടാണ്. അവബോധത്തിൻ്റെ ആഴത്തിലേക്ക് ഇറങ്ങി ചെന്നാലേ ആ വ്യത്യാസം തിരിച്ചറിയുകയുള്ളൂ.
വികാരങ്ങള്‍, രുചികള്‍, ഇഷ്ടാനിഷ്ടങ്ങള്‍, സ്വഭാവങ്ങള്‍, രീതികള്‍ പ്രത്യേകതകള്‍ ഇവയെല്ലാം ‘എൻ്റെ ’ എന്ന ഭാവത്തിന്‍റേത് ആണ്. ‘ഞാന്‍’ എന്ന ഭാവത്തിന്‍റേത് അല്ല. ‘ഞാന്‍’ എന്ന് പറഞ്ഞാല്‍ ശുദ്ധമായ പ്രജ്ഞാനമാണ്. അത് സ്ഥിരമാണ്, സ്ഥായി ആണ്; എന്നാല്‍ മേല്‍പ്പറഞ്ഞ എൻ്റെതെന്ന് ഞാൻ കരുതുന്ന ഈ പ്രത്യേകതകള്‍ വരുകയും പോകുകയും ചെയ്യുന്ന ഒന്നാണ്. സ്ഥിരമായ ഒന്നല്ല. താളാത്മകതാ നിയമത്തിന് വിധേയമാണ് ഈ പ്രത്യേകതകള്‍. അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്ന ദോലകങ്ങള്‍ പോലെ ആണവ. ധ്രുവാത്മക നിയമത്തിനും വിധേയമാണവ – അങ്ങേ അറ്റത്തുള്ള ധ്രുവത്തിലും ഇങ്ങേ അറ്റത്തുള്ള ധ്രുവത്തിലും എത്തി നില്‍ക്കുന്ന ഒന്നാകാം ഈ പ്രത്യേകതകള്‍. ‘എൻ്റെ’ എന്ന തോന്നൽ ഉണ്ടാവണം എങ്കിൽ സ്വാഭാവികമായി ആ തോന്നലിന് ആധാരമായി ‘ഞാന്‍’ എന്ന തോന്നലും ഉണ്ടാകും. ‘ഞാൻ’ ഉണ്ടെങ്കിലല്ലേ ‘എൻ്റെ’ ഉണ്ടാകൂ? ‘ഞാന്‍’ കൈവശം വച്ചിരിക്കുന്ന പൊടിപ്പും തൊങ്ങലുകളും ആണ് മനസ്സും, ശരീരവും, വസ്ത്രങ്ങളും, പേരും, നാളും, പദവിയും, ബിരുദങ്ങളും, അറിവും, വീടും, കാറും, സമ്പാദ്യങ്ങളും, കുടുംബവും, സുഹൃത്തുകളും, ശത്രുക്കളും, ഈ ലോകവും എല്ലാം. അപ്പോള്‍, ഞാന്‍ വേറേ, ഞാന്‍ കൈവശം വച്ചിരിക്കുന്ന വസ്തുക്കള്‍ വേറേ! ഈ ‘എൻ്റെ’ എന്ന ഭാവത്തിനു ശരീരത്തിനോടും, ശരീരത്തിൻ്റെ ആവശ്യങ്ങളോടും, ധരിച്ചിരിക്കുന്ന വസ്ത്രത്തിനോടു പോലും വലിയ ഒരു ആസക്തി ഉണ്ടായിരിക്കും. പലപ്പോഴും “അവബോധം” മുഴുവനും തളച്ചിട്ടിരിക്കുന്നത് ശരീരത്തില്‍ ആയിരിക്കും. അവര്‍ക്ക് ശരീരമില്ലാത്ത ഒരു ‘ഞാന്‍’ ചിന്തിക്കാനേ കഴിയുകയില്ല. അവരുടെ മനസ്സു പോലും ശരീരത്തിന്‍റേതായിരിക്കും.
പക്ഷേ, അവബോധത്തിൻ്റെ ഉയരങ്ങളിലേക്ക് കയറിയ വേറെ ചിലര്‍ക്ക് ശരീരത്തെ ‘എൻ്റെ’ എന്ന ഘടകത്തില്‍ നിന്നും കുരുക്കഴിച്ച് മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും; എന്നിട്ടവര്‍ ശരീരത്തിനെ മനസ്സിൻ്റെ ഭാഗമായി കരുതും. അവര്‍ക്ക് മനസ്സിൻ്റെ വികാരങ്ങളും, മനോനിലകളും ആണ് ‘എൻ്റെ’ എന്ന ഭാവം ആയി നില്‍ക്കുന്നത്. അവരുടെ മനസ്സാണ് അവര്‍. മനസ്സിൻ്റെ ഈ ഭാവങ്ങള്‍ മനസ്സിൻ്റെ ഏതോ ഭാഗത്തില്‍ നിന്നും ഉദയം കൊണ്ട്, തന്നില്‍ തന്നെ എവിടെയോ നിലകൊള്ളുന്ന, എന്നാല്‍ ‘താന്‍’ എന്ന ഭാവവും ആയി ഒരു ബന്ധവും ഇല്ലാത്ത ഒന്നാണ് എന്നാണ് ഹെര്‍മെറ്റിക് ഗുരുക്കന്മാര്‍ മനസ്സിലാക്കിത്തരുന്നത് . അതേ സമയം, സ്വന്തം ഇശ്ചാശക്തിയെ പുല്ലിംഗ തത്വമാക്കിക്കൊണ്ട് മനസ്സിലെ നിലവിലുള്ള വികാരങ്ങളുടെ നേര്‍ വിപരീത വികാരം വളര്‍ത്തി എടുക്കാന്‍ കഴിയും എന്ന് പഠിതാക്കള്‍ മനസ്സിലാക്കിയിട്ടുണ്ട്. എങ്കിലും, ‘എൻ്റെ’ എന്ന നില പഠിതാക്കള്‍ക്ക് അപ്പോഴും നിലനില്‍ക്കുന്നുണ്ടാകും. കുറേ കഴിയുമ്പോള്‍, ഈ വികാരങ്ങളും, സ്വഭാവങ്ങളും, മാനസിക നിലകളും, ഗുണ ഗണങ്ങളും ഒന്നും തന്നെ ‘ഞാന്‍’ അല്ല, അല്ല, അല്ല, എന്ന തിരിച്ചറിവ് അവര്‍ക്ക് ക്രമേണ ഉണ്ടാകുവാന്‍ തുടങ്ങുന്നു.
അപ്പോള്‍, ശുദ്ധമായ ‘ഞാന്‍’ എന്ന ഘടകവും , പ്രത്യേകം മാറി നില്‍ക്കുന്ന ‘എൻ്റെ’ എന്ന ഘടകവും വേറെ വേറെ ആയി തെളിഞ്ഞു കാണാനാകും. ‘എൻ്റെ ‘എന്ന ഭാഗത്തിലെ ചിന്തകളും, വികാരങ്ങളും, സങ്കല്പങ്ങളും എല്ലാം വരുകയും പോകുകയും ചെയ്യുന്ന മനസ്സിൻ്റെ ഒരു ‘ഗര്‍ഭപാത്രം’ പോലെ ആണെന്ന് ഹെര്‍മെറ്റിക്ക് ആചാര്യന്മാര്‍ പറഞ്ഞ് തരുന്നു. മനസ്സിൻ്റെ കുഞ്ഞുങ്ങളെ വളര്‍ത്തി എടുക്കുകയും പ്രസവിക്കുകയും ചെയ്യുന്ന മനസ്സിൻ്റെ ‘ഗര്‍ഭപാത്രം’ ആണ് ‘എൻ്റെ ’ എന്ന ഘടകം. ഏതു തരത്തിലുള്ള സൃഷ്ടിയും നടത്താന്‍ പ്രാപ്തമായ ഒരു ബൃഹത്തായ ശക്തി ‘എൻ്റെ’ എന്ന പാത്രത്തിനുണ്ട്. പക്ഷേ അത്തരം സൃഷ്ടി ക്രിയ നടക്കുന്നതിന്, ഏതോ വിധത്തിലുള്ള ഒരു ഊര്‍ജ്ജം ‘എൻ്റെ’ എന്ന ആ ഗര്‍ഭ പാത്രത്തിനു ആവശ്യമുണ്ട്. ആ ഊര്‍ജ്ജം “ഞാന്‍’ എന്ന ഇണയില്‍ നിന്നോ, അല്ലെങ്കില്‍ തത്തുല്യമായ മറ്റൊരു ഇണയില്‍ നിന്നോ (മറ്റൊരു ശരീരം-മനസ്സ്-ആത്മാവില്‍ നിന്നോ) ലഭിച്ചിരിക്കേണ്ടതുണ്ട്. ‘ഞാനും’ ‘എൻ്റെ’യും, ചേര്‍ന്നാണ് മനസ്സിൻ്റെ സൃഷ്ടികള്‍ മുഴുവനും ചെയ്യുന്നത്. “ഞാൻ” ഒന്നുകില്‍ സ്വന്തം ഇണയായ ‘ഞാന്‍’ എന്ന അവബോധത്തിൻ്റെ ഊര്‍ജ്ജം ആയിരിക്കും, അല്ലെങ്കില്‍ പുറമേ നിന്നും ഉള്ള വേറെ ഏതെങ്കിലും ഒരു താത്കാലിക ഇണയുടെ അവബോധത്തിൻ്റെ ഊര്‍ജ്ജമായിരിക്കും അത് നല്‍കുക. രണ്ടായാലും, ‘ഞാൻ’ എന്നത് പുല്ലിംഗ തത്വവും, ‘എൻ്റെ’ എന്നത് സ്ത്രീലിംഗ തത്വവും ആണ്. മറ്റൊരു ശരീരം-മനസ്സ്-ആത്മാവിന്‍റേയോ, അല്ലെങ്കില്‍ ശരീരം ഇല്ലെങ്കിലും മനസ്സുമാത്രമായി നില്‍ക്കുന്ന ഒരു ആത്മാവിന്‍റേയോ ‘ഞാന്‍’ എന്ന ഘടകം ആയിരിക്കും ആ ഊര്‍ജ്ജം നല്‍കുന്നത്.
അങ്ങിനെ കബാലിയോൺ നൽകുന്ന അറിവുകളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍, അനന്യമായ ഈ ഏഴ് മൗലിക തത്വങ്ങൾ സനാതന ധർമ്മൽ നിന്നും ഹെർമറ്റിസിസത്തിലേക്ക് പോയതാണോ, അതോ ഹെർമെറ്റിസിസത്തിൽ നിന്നും സനാതന ധർമ്മത്തിലേക്ക് വന്നതാണോ എന്ന് തീര്‍ത്തും പറയാന്‍ ആവില്ല. രണ്ടായാലും സനാതന ധർമ്മത്തിൻ്റെ കാലദേശാതീതമായ പ്രസക്തിയെ ആണ് അത് ചൂണ്ടിക്കാണിക്കുന്നത്.