
ഇന്ന് നിലവിലുള്ള എല്ലാ മത സംഘർഷങ്ങളും അടിസ്ഥാനപരമായി ആരംഭക്കുന്നത് “ഏകദൈവം” എന്ന വിശ്വാസം ഹീബ്രു ബൈബിളിലെ ‘എക്സോഡസ്’ എന്ന ഗ്രന്ഥത്തിലെ പത്തു കല്പനകളിൽ ഒന്നാമത്തെ കല്പന തെറ്റായി വിവർത്തനം ചെയ്ത് വ്യാഖ്യാനിക്കപ്പെട്ട് ലോകത്തിൽ പ്രചരിക്കപ്പെടുന്നതോട് കൂടിയാണ് എന്നാണ് ഇന്നത്തെ ജൂതമത പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. ജൂതമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നീ അബ്രഹാമീയ മതങ്ങൾ ഏകദൈവ വിശ്വാസത്തിലും സനാതന ധർമ്മം ഏക-ദൈവ-ബഹു-ഈശ്വര വിശ്വാസത്തിലും അധിഷ്ഠിതമാണ്.
സനാതന ധർമ്മവും അടിസ്ഥാനാപരമായി ഏക ദൈവ വിശ്വാസം തന്നെ ആണ് പുലർത്തുന്നത്. സനാതന ധർമ്മത്തിലെ ‘ബഹു-ഈശ്വര” വിശ്വാസം “ബഹു ദൈവ” വിശ്വാസമായി തെറ്റിദ്ധരിക്കപ്പെട്ടതാണ് സനാതന ധർമ്മം നിരന്തരം ആക്രമിക്കപ്പെടുന്നതിനുള്ള കാരണങ്ങളിൽ ഒന്ന്. സനാതന ധർമ്മത്തിൽ ‘ദൈവവും’ ‘ഈശ്വരനും’ രണ്ടും രണ്ടാണ്. സനാതന ധർമ്മത്തിലെ ദൈവ സങ്കല്പവും ഈശ്വര സങ്കല്പവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ വരുന്ന തെറ്റിദ്ധാരണയാണ് സനാതന ധർമ്മത്തിനെതിരെ അബ്രഹാമീയ മതങ്ങൾ വാളോങ്ങുവാൻ ഉണ്ടായ ഒരു കാരണം – പ്രത്യേകിച്ച് ഇസ്ലാം-ക്രിസ്തു മതങ്ങൾ. ജൂതമതവും സനാതന ധർമ്മവും തമ്മിൽ നിലനിൽക്കുന്നത് അനൈക്യത്തേക്കാൾ കൂടുതൽ ഐക്യമാണെന്നതും ശ്രദ്ധേയമാണ്. എല്ലാ മതങ്ങളും പരസ്പരം വേണ്ടത്ര ആഴത്തിൽ മനസ്സിലാക്കിയാൽ ഇന്നുള്ള മതവിദ്വേഷങ്ങൾ ഒരു പരിധിവരെ തീർച്ചയായും പരിഹരിക്കുവാൻ സാധിക്കും. ഈ വിഷയങ്ങളിൽ ഒരു വ്യക്തത വരുത്തുവാൻ ശ്രമിക്കുകയാണ് ഈ ലേഖനം.
എല്ലാ തെറ്റിദ്ധാരണകളും ആരംഭിക്കുന്നത് പഴയ നിയമത്തിലെ പത്തു കല്പനകളിലെ ഒന്നാമത്തെ കല്പനയുടെ തർജ്ജമയിലും വ്യാഖ്യാനത്തിലും രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ഒരു പിഴവാണ്. അതെന്താണെന്ന് വിശദമാക്കാം. അതിന് മുൻപ് അപ്രകാരം സംഭവിക്കുവാൻ ഇടയായ ചരിത്ര സന്ദർഭം മനസ്സിലാക്കേണ്ടതുണ്ട്.
അല്പം സന്ദർഭ ചരിത്രം
മൂന്ന് അബ്രഹാമീയ മതങ്ങളും ആരംഭിക്കുന്നത് അബ്രഹാമിൽ നിന്നും ആണ് – ഏകദേശം മൂവ്വായിരത്തിൽ അഞ്ഞൂറിൽപ്പരം വർഷങ്ങൾക്ക് മുൻപ്. അബ്രഹാം “എബ്രായ” ഗോത്രപിതാക്കന്മാരിൽ ആദ്യത്തെയാളും യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നീ മൂന്ന് മഹത്തായ ഏകദൈവ മതങ്ങളിലും ഒരുപോലെ ആദരിക്കപ്പെടുന്ന ചരിത്ര പുരുഷനും ആണ്. ‘അബ്രാം’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യത്തെ നാമധേയം. ‘അബ്രാം’ എന്നാൽ ‘ഉന്നതനായ പിതാവ്’ എന്നർത്ഥം. ഇന്നത്തെ ബാഗ്ദാദിൽ നിന്നും ഇരുനൂറ് മൈൽ തെക്കുകിഴക്കായിയുള്ള അന്നത്തെ മെസപ്പൊട്ടോമിയയിൽ ഉൾപ്പെട്ട ‘ച്ഛൽദിയ’ എന്ന പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. ബൈബിൾ വിവരണമനുസരിച്ച്, അബ്രാമിനെ ദൈവം തൻ്റെ രാജ്യത്തേയും ജനങ്ങളേയും ഉപേക്ഷിച്ച് ഒരു അജ്ഞാത ദേശത്തേക്ക് യാത്ര ചെയ്യാൻ നിർദ്ദേശിച്ചു. തികഞ്ഞ ദൈവവിശ്വാസിയായ അബ്രാം അപ്രകാരം ചെയ്യുകയും ഇന്നത്തെ ജെറുസലേമിന് തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഹെബ്രോണിലെ കാനാൻ പ്രദേശത്ത് ഭാര്യയായ സാറക്ക് ഒപ്പം താമസമാക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിൻ്റെ പേര് ‘അബ്രഹാം’ എന്നായി. ‘അബ്രഹാം’ എന്നാൽ ‘നിരവധി രാജ്യങ്ങളുടെ പിതാവ്’ എന്നാണ് അർത്ഥം.
ബൈബിൾ പറയുന്നതനുസരിച്ച്, അബ്രഹാം തൻ്റെ ഭാര്യയായ സാറയ്‌ക്കൊപ്പം കനാനിൽ താമസമാക്കിയപ്പോൾ, അദ്ദേഹത്തിന് 75 വയസ്സായിരുന്നു. അദ്ദേഹത്തിന് കുട്ടികളില്ലായിരുന്നു. സാറാ വന്ധ്യ യായിരുന്നു. എന്നാൽ അബ്രഹാമിൻ്റെ “സന്തതി”പരമ്പരകൾ ആ ദേശത്തിന് അവകാശിയായ ജനതയായിത്തീരുമെന്നാണ് ദൈവം ആവർത്തിച്ച് വാഗ്‌ദാനം ചെയ്തിരുന്നത്. അക്കാലത്ത് അദ്ദേഹത്തിൻ്റെ ഭാര്യയുടെ ദാസിയായിരുന്ന (റഫറൻസ്: എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക) ഹാഗറിൽ ഇസ്മായേൽ എന്നൊരു മകനുണ്ടായി. അബ്രഹാമിന് 100 വയസ്സായപ്പോൾ വന്ധ്യായായിരുന്ന സാറയിൽ ഐസക്ക് എന്ന് മറ്റൊരു മകൻ ജനിച്ചു. ദൈവം സ്വന്തം രേതസ്സിലൂടെ സാറക്ക് നൽകിയ ദിവ്യഗർഭത്തിലൂടെ ആയിരുന്നു ഐസക്കിൻ്റെ ജനനം.
ദൈവത്തിലുള്ള തൻ്റെ അഗാധമായ വിശ്വാസത്താൽ എബ്രഹാം വളരെ പ്രശസ്തനായിരുന്നു. ഉല്പത്തി പുസ്തകത്തിൽ ഇക്കാര്യം എടുത്തു പറയുന്നുണ്ട്. ദൈവത്തിൻ്റെ കൽപ്പനകൾ ഏതു സാഹചര്യത്തിലും സംശയലേശമെന്യേ അനുസരിക്കുകയും തൻ്റെ വിശ്വാസത്തിൻ്റെ പ്രതീകമായി മകനായ ഐസക്കിനെ ബലിയർപ്പിക്കാനുള്ള ദൈവത്തിൻ്റെ കൽപ്പന പാലിക്കാൻ തയ്യാറാവുക പോലും ചെയ്‌തു. എന്നിരുന്നാലും, അവസാനം ദൈവം മകനായ ഐസക്കിന് പകരം ഒരു ആടിനെ ബലിയർപ്പിച്ചാൽ മതി എന്ന് പറഞ്ഞു എന്നാണ് ഉൽപ്പത്തി ഗ്രന്ഥിത്തിലെ ചരിത്രം.
അബ്രഹാമിൻ്റെ വാഗ്ദത്തഭൂമിയുടെ അവകാശികളായ പ്രജകൾ ദിവ്യ ഗർഭത്താൽ സാറയിൽ ജനിച്ച പുത്രനായ ഐസക്കിൻ്റെ പരമ്പരയായ തങ്ങളാണെന്ന് ജൂതമത അനുയായികൾ വിശ്വസിക്കുന്നു. ജൂതമതത്തിലെ വിശുദ്ധ ഗ്രന്ഥമായ ‘തോറ’യിൽ പറഞ്ഞിരിക്കുന്ന രക്ഷകനാണ് യേശു എന്ന് ക്രിസ്തുമത അനുയായികൾ വിശ്വസിക്കുന്നു. യേശുവിൻ്റെ വരവോടെ മാത്രമേ ജൂതമതം പരിപൂർണ്ണമാകുകയുള്ളൂ എന്നും അതുകൊണ്ട് യേശുവിനെ ആണ് പിന്തുടരേണ്ടതെന്നും ക്രിസ്തുമതാനുയായികൾ കരുതുന്നു. അങ്ങിനെ ആണ് കൃസ്തുമതം രൂപീകൃതമാകുന്നത്. ക്രിസ്തുമതം രൂപീകൃതമാകുന്നത് അബ്രഹാമിൻ്റെ കാലഘട്ടം കഴിഞ് ആയിരത്തി അഞ്ഞൂറുൽപ്പരം വർഷങ്ങൾക്ക് ശേഷം ആണ്. എന്നാൽ വംശീയ ജൂതരിൽ ഒരു വിഭാഗം യേശുവിനെ രക്ഷകനായി അംഗീകരിക്കാതെ ജൂത മതത്തിൽ തന്നെ ഇപ്പോഴും തുടരുന്നു.
അബ്രഹാമിൻ്റെ ആദ്യജാതനായ പുത്രൻ, ഹാഗാറിൽ നിന്ന് ജനിച്ച ഇസ്മായിലിൻ്റെ വംശപരമ്പരയാണ്, ദൈവത്തിൻ്റെ വാഗ്ദത്ത ഭൂമിയിലെ യഥാർത്ഥ അവകാശികളായ ജനത എന്ന് ഇസ്ലാം മത അനുയായികൾ വിശ്വസിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബി ഇസ്മായിലിൻ്റെ പരമ്പരയിലെ അംഗമാണ് എന്ന് അവർ വിശ്വസിക്കുന്നു. ഇസ്ലാം മതം രൂപീകൃതമാകുന്നത് അബ്രഹാമിൻ്റെ കാലഘട്ടം കഴിഞ് മൂവ്വായിരത്തിൽപ്പരം വർഷങ്ങൾക്ക് ശേഷം ആണ്. ഇന്നും നിലനിൽക്കുന്ന അറബി-ജൂത സംഘട്ടനങ്ങളുടെ തത്വത്തിലുള്ള തുടക്കം ഇവിടെയാണ്.
ജൂത ബൈബിളും, ക്രിസ്ത്യൻ ബൈബിളും
ജൂതമത്തിലേയും ക്രിസ്തുമതത്തിലേയും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ. ജൂതമതത്തിലെ വിശുദ്ധ ഗ്രന്ഥമായ ഹീബ്രു ബൈബിൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് മൂന്ന് ഭാഗങ്ങൾ ആയിട്ടാണ്. ഇത് മൂന്നും ചേർന്നതിനെ ആണ് ‘തനഘ്’ എന്ന് പറയുന്നത്. പരമ്പരാഗതമായിതന്നെ, ജൂത മതത്തിലെ ബൈബിളിൻ്റെ മൂന്ന് ഭാഗങ്ങൾ ഇപ്രകാരമാണ്: (1) തോറ (“നിയമം” അല്ലെങ്കിൽ പഞ്ചഗ്രന്ഥങ്ങൾ), (2) നെവിം (“പ്രവാചകന്മാർ”), (3) കെറ്റുവിം (“എഴുത്ത്” അല്ലെങ്കിൽ ഹാഗിയോഗ്രാഫ) എന്നിവയാണ് ആ മൂന്ന് ഭാഗങ്ങൾ.
തോറയും, കൂടാതെ ജോഷ്വയുടെ പുസ്തകവും കൂടി ചേർന്നതാണ് (അങ്ങിനെ ആറ് ഗ്രന്ഥങ്ങൾ) ആണ് നിലവിൽ ഒന്നാം ഭാഗം. ഇസ്രായേൽ എങ്ങനെ ഒരു രാഷ്ട്രമായിത്തീർന്നു, അവർ എങ്ങനെ വാഗ്ദത്തഭൂമിയിൽ എത്തിച്ചേർന്നു എന്നതിൻ്റെ വിവരണമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
നെവിം എന്ന രണ്ടാം ഭാഗത്തിൽ വാഗ്ദത്ത ഭൂമിയിലെ ഇസ്രായേലിൻ്റെ കഥ തുടരുന്നു. രാജവാഴ്ചയുടെ സ്ഥാപനവും വികാസവും വിവരിയ്ക്കുകയും പ്രവാചകന്മാരുടെ സന്ദേശങ്ങൾ ജനങ്ങൾക്ക് നൽകുകയുമാണ് രണ്ടാം ഭാഗത്തിൽ ചെയ്യുന്നത്.
മൂന്നാം ഭാഗമായ കെറ്റുവിമിൽ തിന്മയേയും മരണത്തേയും സംബന്ധിക്കുന്ന ഊഹങ്ങളും, കൂടാതെ ചില ചരിത്ര വിവരണങ്ങളും ഉൾപ്പെടുന്നു.
ക്രിസ്തുമതത്തിലെ ബൈബിളിൽ പഴയ നിയമമെന്നും പുതിയ നിയമമെന്നും ഉള്ള പേരുകളിൽ രണ്ടു ഭാഗങ്ങൾ ഉണ്ട്. പഴയനിയമത്തിൽ ദൈവത്തിൻ്റേയും ഇസ്രായേൽ രാജ്യത്തിൻ്റേയും കഥ വിവരിക്കുന്ന 40-ലധികം പുസ്തകങ്ങളുണ്ട്. ക്രിസ്തീയ വിശ്വാസം കെട്ടിപ്പടുക്കുന്ന നിരവധി ആശയങ്ങൾ പഴയ നിയമത്തിൽ ആണുള്ളത്. കത്തോലിക്കാ വിഭാഗത്തിലും, ഓർത്തോഡോക്സ് വിഭാഗത്തിലും ഉള്ള ക്രിസ്തുമത അനുയായികൾ ഉപയോഗിക്കുന്ന ബൈബിളിലെ പഴയ നിയമ ഗ്രന്ഥം മറ്റു പ്രൊട്ടസ്റ്റൻറ്റ് വിഭാഗത്തിൽ ഉപയോഗിക്കുന്ന പഴയനിയമ ഗ്രന്ഥത്തെക്കാൾ കൂടുതൽ പുറങ്ങൾ ഉണ്ട്. കാരണം, പ്രൊട്ടസ്റ്റൻറ്റ് വിഭാഗം വിശ്വാസക്കുറവുണ്ടെന്ന കാരണത്താൽ മാറ്റി നിറുത്തിയിരിക്കുന്ന ചില ഗ്രന്ഥങ്ങളും, ഭാഗങ്ങളും അവിടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. എന്തായാലും, മോശയുടെ അഞ്ച് പുസ്തകങ്ങളാണ് പഴയ നിയമം. പത്ത് കല്പനകൾ വരുന്നത് പഴയ നിയമത്തിലാണ്. ഇക്കാരണത്താൽ, യഹൂദ മതത്തിൻ്റേയും ക്രിസ്തു മതത്തിൻ്റേയും അടിസ്ഥാനം പത്തു കല്പനകളിലെ ഒന്നാം കൽപ്പനയാണ്.
പത്തുകല്പനകളിലെ വ്യാഖ്യാനത്തിലെ പിഴവ്
ജൂതമതത്തിലെ പ്രധാന ഗ്രന്ഥമായ തോറയിൽ ദൈവത്തോടൊപ്പം നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് മൂശ. (മോഷെ അല്ലെങ്കിൽ മൂസ അല്ലെങ്കിൽ മോസസ്സ്). അബ്രഹാമിൻ്റെ ഏഴാം തലമുറയിലെ കൊച്ചുമകനാണ് മൂശ. മൂവ്വായിരത്തി ഇരുനൂറ്റി അൻപത് വർഷമെങ്കിലും മുൻപുള്ള സംഭവങ്ങളാണ് ഇതെല്ലാം. ഈജിപ്തിലെ ഫാറോമാർ യഹൂദന്മാരെ അടിമകൾ ആക്കി വൻ തോതിൽ വിൽക്കപ്പെടുകയും വാങ്ങപ്പെടുകയും ഒക്കെ ചെയ്തിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. എബ്രഹാമിൻ്റെ പുത്രനായ ഐസക്കിൻ്റെ പരമ്പരയിൽ 12 യഹൂദ ഗോത്രങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. പന്ത്രണ്ട് യഹൂദ ഗോത്രങ്ങളിൽ ഒരു ഗോത്രം യഹൂദന്മാർ ഈജിപ്തിലെ അടിമകൾ ആയിരുന്നു അക്കാലത്ത്.
ദൈവത്തിൻ്റെ കൽപ്പനപ്രകാരം, യഹൂദന്മാരെ അടിമത്തത്തിൽ നിന്ന് വിടുവിക്കുന്നതും, ഈജിപ്തിനെതിരെ പത്ത് മഹാമാരികൾ അഴിച്ചുവിടുന്നതും, സ്വതന്ത്രരാക്കപ്പെട്ട അടിമകളെ നാൽപ്പത് വർഷത്തോളം മരുഭൂമിയിൽ കൂടി നയിക്കുന്നതും, ക്ലേശം നിറഞ്ഞ യാത്രകൾക്ക് ശേഷം ഒടുവിൽ സീനായ് പർവ്വതത്തിൽ എത്തിച്ച്, അവിടെ നിന്ന് കൊണ്ട്, ദൈവീകമായ പത്ത് ജീവിത നിയമങ്ങൾ നൽകി, യഹൂദന്മാരെ വാഗ്‌ദത്ത ഭൂമിയായ ഇസ്രായേലിലേക്ക് പ്രവേശിക്കാൻ ഒരുക്കുന്നതും മോശയായിരുന്നു. ആ പത്ത് ജീവിത നിയമങ്ങൾ “പത്തു കൽപ്പനകൾ” എന്ന പേരിൽ ജൂതമതത്തിലും ക്രിസ്തുമതത്തിലും വളരെ പ്രാധാന്യം നൽകപ്പെടുന്ന മത നിയമങ്ങൾ ആണ്. വളരെ ചുരുക്കത്തിൽ , ഒറ്റ വാചകത്തിൽ പറഞ്ഞാൽ, താഴെ പറയുന്നവയാണ് ആ പത്ത് കല്പനകൾ.
- 1.വേറെ ദൈവങ്ങൾ ഉണ്ടാകരുത്.
2.വിഗ്രഹങ്ങൾ ഉണ്ടാക്കുകയോ ആരാധിക്കുകയോ ചെയ്യരുത്.
3.ദൈവ നാമം അനാദരിക്കുകയോ ദുരുപയോഗം ചെയ്യുകയോ അരുത്.
4.ശബാത്ത് ദിനങ്ങൾ മറക്കാതെ വിശുദ്ധമായി ആചരിക്കുക.
5.നിങ്ങളുടെ അമ്മയെയും പിതാവിനെയും ബഹുമാനിക്കുക.
6.കൊലപാതകം ചെയ്യരുത്.
7.വ്യഭിചാരം ചെയ്യരുത്.
8.മോഷ്ടിക്കരുത്.
9.കള്ളം പറയരുത്
10.മറ്റുള്ളവരോട് അസൂയപ്പെടരുത്.
ഈ പത്ത് കല്പനകളിൽ ആദ്യത്തെ നാലെണ്ണം മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്ന നിബന്ധനകളാണ്. അടുത്ത ആറെണ്ണം മനുഷ്യൻ അനുഷ്ഠിക്കേണ്ട സന്മാർഗ്ഗ നിബന്ധനകൾ ആണ്. പത്തു കല്പനകളിൽ ഒന്നാമത്തെ കല്പനയാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.
ഒന്നാമത്തെ കൽപ്പന തെറ്റായി വ്യാഖ്യാനിക്കപ്പെടാതെ. ശരിയായി വ്യാഖ്യാനിച്ചിരുന്നു എങ്കിൽ മറ്റു മതങ്ങളുടെ നേരെ ഇത്രമാത്രം ആക്രമണങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു.
ആദ്യ കൽപ്പനയുടെ ദുരുപയോഗം (ദൈവത്തെ തെറ്റായി പ്രതിനിധീകരിക്കൽ) ആയിരക്കണക്കിന് വർഷങ്ങളായി പറഞ്ഞറിയിക്കാനാവാത്ത മനുഷ്യ ദുരിതത്തിന് തുടക്കം കുറിക്കുകയാണ് ഉണ്ടായത്. പിന്നീടുണ്ടായ നിരവധി സംഘട്ടനങ്ങളും, മസ്തിഷ്ക പ്രക്ഷാളനങ്ങളും, യുദ്ധങ്ങളും, ഒന്നാം കൽപ്പനയെ നിഷ്കരുണം എതിർക്കുന്ന സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് നമുക്ക് കാണുവാൻ കഴിയും. വ്യാഖ്യാനത്തിലെ പിഴവ് എന്താണെന്ന് വ്യക്തമാക്കാം.
മൂശ ഹീബ്രു ഭാഷയിൽ എഴുതിയ പത്തു കല്പനകളുടെ ഭാഷാന്തരത്തിലും വ്യാഖ്യാനത്തിലും വന്നു ചേർന്ന ഈ പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് “ദി ഫ്രീഡം ഓഫ് ചോയ്‌സ്”ൻ്റെ കർത്താവായ ഡോ. തോമസ് ജെ ചാൽകോ ആണ്. അദ്ദേഹത്തിൻ്റെ പ്രസ്തുത ലേഖനവും ആ ലേഖനത്തിന് ആധാരമായ മറ്റു നിരവധി വസ്തുതകളുടെ പൂർണ്ണ രൂപം ഈ ലിങ്കിൽ വായിക്കാവുന്നതാണ്. (https://thiaoouba.com/original-meaning-of-the-first-commandment/). ഭാഷാന്തരത്തിൽ വന്നു കൂടിയ തെറ്റിനെക്കുറിച്ച് അദ്ദേഹം ഇങ്ങിനെ എഴുതുന്നു:
“ആദ്യത്തെ കൽപ്പന മോശയ്ക്ക് ഏകദേശം 3250 വർഷങ്ങൾക്ക് മുൻപ് സീനായ് പർവ്വതത്തിൽ വച്ച് തയൂബയിൽനിന്നുള്ള ആളുകൾ നൽകിയതാണ്. മോശ ഈ കൽപ്പന ഹീബ്രുവിൽ, മറ്റ് ഒമ്പത് കൽപ്പനകൾക്കൊപ്പം, ‘എക്സോഡസ്’ എന്ന തൻ്റെ രണ്ടാമത്തെ ഗ്രന്ഥത്തിൽ, തയൂബയെ ഒരു ഉറവിടമായി വ്യക്തമായി കാണിച്ചുകൊണ്ട് പരാമർശിച്ചു”.
“യഥാർത്ഥ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനങ്ങൾ വെളിപ്പെടുത്തുന്നത്, ഹീബ്രുവിൽ മോശ ആദ്യം രേഖപ്പെടുത്തിയ ഒന്നാം കൽപ്പന (‘എക്സോഡസ്’ 20:3) തെറ്റായി വിവർത്തനം ചെയ്യപ്പെട്ടതാണെന്നും അതിനാൽ ഭൂമിയിലെ എല്ലാ ഭാഷകളിലും തുടർന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നും ആണ് .”
“പരമ്പരാഗത വിവർത്തനം (ഉദാഹരണത്തിന് ആര്യാ കപ്ലാൻ) ഇപ്രകാരമാണ്:
(20:3) “എൻ്റെ മുമ്പിൽ ഒരു ദൈവവും ഉണ്ടാകരുത്. (അത്തരം ദൈവങ്ങളെ) കൊത്തിയെടുത്ത ഏതെങ്കിലും പ്രതിമയോ ചിത്രമോ മുകളിലെ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ കരയ്ക്ക് താഴെയുള്ള വെള്ളത്തിലോ ഉള്ള യാതൊന്നിലും പ്രതിനിധാനം ചെയ്യരുത്. അവരെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്.””
എന്നാൽ ശരിയായ വിവർത്തനം ഡോ. തോമസ് ജെ ചാൽക്കോ നൽകുന്നത് ഇപ്രകാരമാണ്:
“(20:3) എൻ്റെ മുമ്പിൽ ഒരു ദൈവവും ഉണ്ടാകരുത്. കൊത്തിയെടുത്ത ഏതെങ്കിലും പ്രതിമയോ ചിത്രമോ മുകളിലെ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ കരയ്ക്ക് താഴെയുള്ള വെള്ളത്തിലോ ഉള്ള യാതൊന്നും (എന്നെ) പ്രതിനിധീകരിക്കരുത്. അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്”.
“പരമ്പരാഗത (കപ്ലാൻ) വിവർത്തനത്തിൽ, രണ്ടാമത്തെ വാചകം (“അത്തരം ദൈവങ്ങൾ” എന്ന വാക്കുകൾ യഥാർത്ഥത്തിൽ ഒരു പുരോഹിതനായ വിവർത്തകൻ ചേർത്തതാണ്) ആദ്യത്തെ വാചകത്തിൻ്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണ്. മറ്റെല്ലാ ദൈവങ്ങളേയും ആരംഭത്തിൽ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിൽ, അടുത്ത രണ്ട് വാക്യങ്ങൾ അവർക്കായി നീക്കിവയ്ക്കുന്നത് എന്തിനാണ്? കൂടാതെ, രണ്ടാമത്തെ വാക്യത്തിലെ ഏകവചനം (പ്രതിമ അല്ലെങ്കിൽ ചിത്രം) ആദ്യത്തേതിൽ “ദൈവങ്ങൾ” എന്ന ബഹുവചനത്തിന് വിരുദ്ധമാണ്. ഇത് സൂചിപ്പിക്കുന്നത്, രണ്ടാമത്തെ വാചകം ആദ്യ വാക്യത്തിൽ പറഞ്ഞിരിക്കുന്ന ഏകവചന വസ്തുവിനെയാണ് സൂചിപ്പിക്കുന്നത്. അവിടെയുള്ള ഏക വസ്തു ദൈവം തന്നെയാണ്.”
“എൻ്റെ വിവർത്തനം പിന്നീട് (20:20) വ്യക്തമായി വീണ്ടും സ്ഥിരീകരിക്കുന്നു: “എൻ്റെ പക്കലുള്ള ഒന്നിനെയും പ്രതിനിധീകരിക്കരുത്”. അത്തരമൊരു വ്യക്തവും കൃത്യവുമായ ആവർത്തനം ഈ ഉപദേശത്തിൻ്റെ പ്രാധാന്യം വീണ്ടും സ്ഥിരീകരിക്കുന്നു. മറ്റൊരു കൽപ്പനയും അങ്ങനെ വീണ്ടും സ്ഥിരീകരിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കുക”.
അതായത്, മോശയോട് ദൈവം പറഞ്ഞതും മോശ സത്യസന്ധമായി ഹീബ്രു ഭാഷയിൽ എക്സോഡസ്സിൽ എഴുതിയതും എന്താണെന്ന് ഉള്ളതിൻ്റെ ആശയം വ്യക്തമാക്കിയാൽ, “രൂപമില്ലാത്ത ദൈവത്തിന് പകരം രൂപമുള്ള പ്രതിമകളോ പ്രതിരൂപങ്ങളോ ഉണ്ടാക്കിവച്ച് ആരാധിക്കരുത്” എന്നുമാത്രമാണ്. അല്ലാതെ, അപ്പറഞ്ഞതിനെ തെറ്റായി പരിഭാഷപ്പെടുത്തി വ്യാഖ്യാനിച്ച് ലോകമാസകലം ഇന്ന് പ്രചരിക്കപ്പെട്ടു നിൽക്കുന്നതുപോലെ “മറ്റു ദൈവങ്ങളെ ആരാധിക്കരുത്” എന്നായിരുന്നില്ല. തെറ്റായ വ്യാഖ്യാനത്തിൻ്റെ പരിണത ഫലമായി സഹസ്രാബ്ദങ്ങളായി നടന്നു വരുന്ന മതവിദ്വേഷവും യുദ്ധങ്ങളും കൂട്ടപാലായനങ്ങളും ഇന്നും അനസ്യൂതം നടന്നു വരുന്നു! ശരിയായ അറിവ് കൈവരുമ്പോൾ മാത്രമേ ഇരുട്ടിൽ തെളിയുന്ന വെളിച്ചം പോലെ കലഹങ്ങൾ അവസാനിക്കൂ.
ഇന്ന് ലോകത്തിലെ 79% ജനങ്ങളും പിന്തുടരുന്നത് മൂന്ന് അബ്രഹാമീയ മതങ്ങളും (58%), സനാതന ധർമ്മവും (15%), ബുദ്ധ ധർമ്മവും (6%) ചേർന്ന അഞ്ച് മത സമുച്ചയം ആണ്. അബ്രഹാമീയ മതങ്ങളെ പോലെ തന്നെ, സത്യത്തിൽ, സനാതനധർമ്മവും ബുദ്ധ ധർമ്മവും ഏകദൈവ വിശ്വാസങ്ങൾ തന്നെ ആണ്. അന്യോന്യം ശരിയായി മനസ്സിലാക്കിയാൽ, ഭൂമിയിൽ എല്ലാവർക്കും സമാധാനത്തോടെ സസന്തോഷം ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ കഴിയുന്ന ഒന്നാണ്. സ്വയം അറിയുവാനും പരസ്പരം മനസ്സിലാക്കുവാനും ശ്രമിക്കാത്തതാണ് ഭൂമിയിലെ പ്രശ്‍നം. അന്ധമായ വിശ്വാസങ്ങൾ അല്ല, തിരിച്ചറിവിൻ്റെ വെളിച്ചം ആണ് ഇന്ന് ആവശ്യം.
ഏക ദൈവം, ബഹു ഈശ്വരന്മാർ
സനാതന ധർമ്മത്തിലും ഏക ദൈവം തന്നെ ആണ്. ഒരു സംശയവും വേണ്ട! സ്വന്തം ജനനത്തിനും നിലനിൽപ്പിനും രണ്ടാമതൊന്നിൻ്റെ ആശ്രയം ആവശ്യമില്ലാത്ത, ശാശ്വതമായ, സർവ്വവ്യാപിത്വം ഉള്ള, സർവ്വജ്ഞാനമുള്ള, ഒരുകാലത്തും ഒരു മാറ്റവും സംഭവിക്കാത്ത, സ്വയംഭൂവായ, രൂപ നാമങ്ങളാൽ പരിമിതപ്പെടാത്ത, അരൂപിയായ, സ്വയം ബോധമുള്ള എന്താണോ അതാണ് സനാതന ധർമ്മത്തിലെ “ദൈവം”. സനാതന ധർമ്മത്തിൽ ദൈവത്തിന്, പരബ്രഹ്മം, പരാസംവിത്ത്, പരമ പ്രജ്ഞാനം എന്നുതുടങ്ങി നിരവധി പര്യായ പദങ്ങൾ ഉണ്ട്. ഇത് തന്നെയാണ് അബ്രഹാമീയ മതങ്ങളിലെ യഹ്‌വ, യഹോവ, അള്ളാഹു. എല്ലാം ഒരേ പ്രതിഭാസത്തിൻ്റെ വിവിധ പര്യായ പദങ്ങൾ. ഒരേ വ്യക്തി തന്നെ ഒരേ സമയത്ത് ഒരാൾക്ക് അച്ഛൻ ആയിരിക്കുമ്പോൾ മറ്റൊരാൾക്ക് ജേഷ്ഠൻ, ഇനി ഒരാൾക്ക് അനുജൻ, വേറെ ഒരാൾക്ക് അമ്മാവൻ എന്നിങ്ങനെ ആയിരിക്കുന്നത്പോലെ ആണ് ഇതും. ഏതു പേരിൽ അഭിസംബോധന ചെയ്താലും അഭിസംബോധന ചെയ്യപ്പെടുന്ന വ്യക്തി ഒന്ന് തന്നെ.
സനാതന ധർമ്മത്തിലെ ക്ഷേത്രങ്ങളിൽ ദൈവത്തിൻ്റെ പ്രതിഷ്ഠകൾ ഇല്ല. അവിടെ ഉള്ളത് ഈശ്വര പ്രതിഷ്ഠകൾ ആണ്. ദൈവവും ഈശ്വരന്മാരും രണ്ടും രണ്ടാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതുകൊണ്ടാണ് തെറ്റി ധാരണകളും കലഹങ്ങളും സംഭവിക്കുന്നത്. സനാതന ധർമ്മത്തിൽ പോലും പലർക്കും ഈ വ്യത്യാസം വേണ്ടവിധത്തിൽ മനസ്സിലായിട്ടില്ല എന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. ജൂത പള്ളികളിലും (സിനഗോഗ്) മുസ്ലിം പള്ളികളിലും യാതൊരു പ്രതിഷ്ഠകളോ, രൂപങ്ങളോ, പ്രതിരൂപങ്ങളോ ഇല്ല. ക്രിസ്ത്യൻ പള്ളികളിലും ദൈവ പ്രതിഷ്ഠകൾ ഇല്ല. ഉള്ളത് ദൈവത്തെ ഓർമ്മിപ്പിക്കുവാൻ ഉതകുന്ന പ്രതിരൂപങ്ങൾ മാത്രം. (അതും അരുത് എന്നായിരുന്നു ഒന്നാം കല്പന).
ദൈവം അരൂപിയും അനാമിയും സർവ്വശക്തനും ആണെന്ന കാര്യത്തിൽ മതങ്ങൾക്ക് തർക്കമില്ല. ആ ദൈവം ആണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നതിലും ആർക്കും തർക്കമില്ല. സൃഷ്ടി എങ്ങിനെയാണ് നടന്നത് എന്നതിൻ്റെ നടപടി ക്രമത്തെക്കുറിച്ച് അബ്രഹാമീയ മതങ്ങൾ വിശദീകരിക്കുന്നില്ല. ഹൗവ്വയെ ആദത്തിൻ്റെ വാരിയെല്ലിൽ നിന്നും സൃഷ്ടിച്ചു എങ്കിലും ആദത്തിൻ്റെ സൃഷ്ടി പ്രക്രിയകുറിച്ചുള്ള പരാമർശങ്ങൾ ഇല്ല. സൃഷ്ടിയും (മനുഷ്യനും പ്രപഞ്ചവും) അതിൻ്റെ സൃഷ്ടാവും (ദൈവം) അടങ്ങിയ ദ്വൈത ഭാവനായാണ് അബ്രഹാമീയ മതങ്ങളിലെ ആരാധനയുടെ കാതൽ. ആ ദൈവത്തിന് രൂപം ഇല്ലാത്തതുകൊണ്ട് ആരാധനാലയങ്ങളിൽ രൂപത്തിലൂടെ ഉള്ള ആരാധനാരീതികൾ ഇല്ല. അത് പത്തു കല്പനകളിലെ ആദ്യത്തെ കല്പനയിലൂടെ വിലക്കിയിട്ടും ഉണ്ട് അബ്രഹാമീയ മതങ്ങളിൽ.
എന്നാൽ, സനാതന ധർമ്മത്തിൽ സൃഷ്ടി നടക്കുന്നത് 36 തത്വങ്ങൾ അടങ്ങിയ ഒരു പ്രക്രിയയിലൂടെ ആണ്. അരൂപിയായ, ശരീരം ഇല്ലാത്ത ദൈവം സരൂപിയായ ശരീരമുള്ള മനുഷ്യനെ (ആദത്തിനെ) സൃഷ്ടിക്കുന്നത് 36 തത്വങ്ങളിലൂടെ ആണ് എന്ന് ചുരുക്കം. മനസ്സും ശരീരവും ഉണ്ടാകുന്നതും, ആ മനസ്സ് പ്രവർത്തിക്കുന്ന രീതിയും, തുടർന്നുണ്ടാകുന്ന വികാരങ്ങളുടെ വരവും എല്ലാം ഈ 36 തത്വങ്ങളിലൂടെ സനാതന ധർമ്മം വിവരിക്കുന്നുണ്ട്. സൃഷ്ടിയുടെ ഈ ‘പ്രോസസ്സ് സ്റ്റെപ്പുകൾ’ മനസ്സിലാക്കുവാൻ എങ്ങിനെയാണോ “H2O” എന്ന ഒരേ ജലം തന്നെ വാതക രൂപത്തിലുള്ള നീരാവിയായും, ദ്രവരൂപത്തിലുള്ള ജലമായും, ദ്രവ്യരൂപത്തിലുള്ള മഞ്ഞുകട്ടയായും മാറുന്നത് എന്ന ഉദാഹരണം എടുത്താൽ മതി. അരൂപിയായ നീരാവി സരൂപിയായ മഞ്ഞുകട്ടയായി മാറുന്ന ഒരു വിവർത്തന പ്രക്രിയയാണ് അവിടെ നടക്കുന്നത്.
ദൈവം സ്വന്തം ശക്തിയും സ്വന്തം വസ്തുക്കളും ഉപയോഗിച്ച് നടത്തിയ ഒരു വിവർത്തനം ആണ് സൃഷ്ടി പ്രക്രിയ സനാതന ധർമ്മത്തിൽ. ദൈവത്തിൻ്റെ ‘ശക്തി’ ആണ് പ്രകമ്പനവും, ശബ്ദവും, പ്രകാശവും, ഊർജവും, തുടന്ന് വസ്തുക്കളും ആയി വിവർത്തനം ചെയ്യുന്നത്. ആദിയിൽ എടുത്ത് ഉപയോഗിക്കുവാൻ മറ്റു വസ്തുക്കൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട്, ആദിയിൽ സ്വയം നിലനിപ്പിലുണ്ടായിരുന്നത് എന്താണോ അത് സ്വയം ഭാഗികമായി വസ്തുക്കൾ ആയി വിവർത്തനം ചെയ്യപ്പെടുവാൻ മാത്രമേ സാദ്ധ്യതയുള്ളൂ എന്ന അനുമാനം യുക്തിഭദ്രമാണ്. സൃഷ്ടിയുടെ 36 തത്വങ്ങളിൽ ഉപയോഗിച്ചുള്ള ‘പ്രോസസ്സ് സ്റ്റെപ്പുകളിൽ’ ആദ്യം സൃഷ്ടിക്കപ്പെടുന്നത് തുടർന്ന് സൃഷ്ടി നടത്തി സംരക്ഷിച്ച് പരിപാലിച്ച് ആവശ്യമുള്ളപ്പോൾ സൃഷ്ടി പിൻവലിക്കുവാൻ കഴിവും അധികാരവും ഉള്ള അഞ്ചു കാര്യസ്ഥ തത്വങ്ങളെ ആണ്. ഈ അഞ്ച് കാര്യസ്ഥ തത്ത്വങ്ങൾ ആണ് സനാതന ധർമ്മത്തിലെ ഈശ്വരന്മാർ. ഈശ്വരന്മാർ ദൈവമല്ല. ദൈവത്തിന് താഴെ, എന്നാൽ സൃഷ്ടിക്കപ്പെട്ട സർവ്വതിനും മുകളിൽ, സൃഷ്ടിയെ പരിപാലിക്കുവാൻ പരമാധികാരം ഉള്ള മാനേജ്‌മെൻറ്റ് പ്രിൻസിപ്പിൾ ആണ് ഈശ്വരന്മാർ. സനാതന ധർമ്മത്തിൽ, ഈശ്വരന്മാരും സൃഷ്ടിയുടെ മേൽനോട്ടക്കാരായി സൃഷ്ടിക്കപെട്ടവർ ആണ്. ഈ ഈശ്വരന്മാർ ആണ് സനാത ധർമ്മത്തിലെ ക്ഷേത്രങ്ങളിൽ, ദൈവം അല്ല.
പരിമിതനായ മനുഷ്യന് ദൈവവുമായി സംവേദിക്കുവാനോ സമീപിക്കുവാനോ ഉള്ള കവാടങ്ങൾ ആണ് ഈശ്വരന്മാർ. ഈശ്വരന്മാർ ആകാരമില്ലാത്ത, അമൂർത്തമായ ഒന്നിനെ പരിമിതമായ മനുഷ്യ മനസ്സുകൾക്ക് മനസ്സിലാക്കുവാൻ വേണ്ടി രൂപങ്ങൾ ഒരു ഊന്നുവടി പോലെ കൊടുത്തു എന്നുമാത്രമേ ഉള്ളൂ. ഉദാഹരണത്തിന് “H2O” എന്ന് ഒരു കടലാസ്സിൽ എഴുതിയാൽ അത് നീരാവിയും, ജലവും മഞ്ഞുകട്ടയും മനസ്സിലാക്കുവാനുള്ള മനുഷ്യൻ്റെ ഊന്നുവടികൾ ആകുന്ന രൂപങ്ങൾ ആയിട്ടാണ് പ്രവർത്തിക്കുന്നത്.
ക്ഷേത്രങ്ങളുടെ കർത്തവ്യം
ആധുനിക ശാസ്ത്രജ്ഞന്മാർ പ്രപഞ്ചിത്തിലെ ക്രമങ്ങളും, നിയമങ്ങളും എല്ലാം ഗണിത ശാസ്തത്തിലെ ഇക്വേഷനുകൾ ആയിട്ടും, ഗുരുത്വാകർഷണ നിയമങ്ങൾ പോലുള്ള നിയമങ്ങൾ ആയിട്ടും എല്ലാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത്തരം പ്രതിഭാസങ്ങൾ മനസ്സിലാക്കുവാനും, ആ പ്രതിഭാസങ്ങൾക്ക് മേൽ ഒരു പരിധിവരെ എങ്കിലും സ്വാധീനം ചെലുത്താനും എല്ലാം മനുഷ്യന് കഴിയുന്നത് അതുകൊണ്ടാണ്. അതുപോലെ തന്നെ സനാതന ധർമ്മത്തിലെ പൗരാണിക ഋഷിമാർ അവരുടെ അസാധാരണമായ ആന്തരിക ജ്ഞാനം കൊണ്ട്, പ്രകൃതിയുടെ ക്രമം, ഘടന, പരസ്പര ബന്ധങ്ങൾ തുടങ്ങിയവ മനസ്സിലാക്കുവാനും, നിയന്ത്രിക്കുവാനും രൂപങ്ങൾ കൊണ്ട് വികസിപ്പിച്ചെടുത്തിട്ടുള്ള ഇക്വേഷൻ ആണ് ഈശ്വര വിഗ്രഹങ്ങളും പ്രതിഷ്ഠകളും. ശബ്ദവീചികൾ കൊണ്ട് വികസിപ്പിച്ചെടുത്തതാണ് മന്ത്രങ്ങൾ. ഉദാഹരണത്തിന്, E – MC2 എന്ന ഇക്വേഷൻ ഒരു പേപ്പറിൽ എഴുതി കണ്ടാൽ, അറിയുന്ന ഒരാൾക്ക് അത് അർത്ഥവത്തായിരിക്കും. അറിയാത്ത ഒരു നിരക്ഷരന് അത് പേപ്പറിൽ എഴുതിയ വരകൾ മാത്രം. അതുപോലെ തന്നെ ഇതും. 36 തത്വങ്ങളിൽ ഓരോ തത്വത്തേയും സൂചിപ്പിക്കുന്ന രൂപവും മന്ത്രവും ഉണ്ട്. വിഗ്രഹങ്ങൾ മനുഷ്യ മനസ്സ് വിഭാവനം ചെയ്ത് എടുക്കുന്നതാണ്. മഹർഷിമാരുടെ അഗാധമായ ജ്ഞാനത്തിൻ്റെ അഗാധമായ ധ്യാനത്തിൽ നിന്നും ലഭിച്ച ചിന്താരൂപങ്ങൾ ആണ് അവ. പ്രതിഷ്ഠ മന്ത്രത്തിൻ്റെ ഘനരൂപമാണ്. മന്ത്രം പ്രതിഷ്‌ഠയുടെ ശബ്ദ രൂപമാണ്.
ക്ഷേത്രങ്ങൾ ഈശ്വരനിലേക്ക് അടുക്കുവാനും ഈശ്വരനിലൂടെ ദൈവത്തിലേക്ക് അടുക്കുവാനും ഉള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങൾ ആണ്. അബ്രഹാമീയ മതങ്ങളിലെ പള്ളികളെ പോലെ ക്ഷേത്രങ്ങൾ ആരാധനക്കും സദ് സംഗങ്ങൾക്കും ഉള്ള വേദിയാണ്. അതിനേക്കാൾ ഉപരി, ഈശ്വരനിലക്ക് (അങ്ങിനെ ദൈവത്തിലേക്കും) അടുക്കുവാനുള്ള ഊന്നുവടികൾ കൂടി ആണ് ക്ഷേത്രങ്ങൾ, പ്രാണോർജ്ജം ആഗിരണം ചെയ്തും, മന്ത്ര പ്രകമ്പനകൾ സ്വീകരിച്ചും സ്വന്തം പ്രകമ്പനങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട് അവബോധം വികസിപ്പിക്കുവാനും കൂടി രൂപ കല്പന ചെയ്യപ്പെട്ടവയാണ് ക്ഷേത്രങ്ങളും അവയുടെ പ്രവർത്തന രീതികളും. സനാതന ധർമ്മത്തിലെ ക്ഷേത്രങ്ങൾ ആരാധനാ കേന്ദ്രങ്ങൾ മാത്രമല്ല, അപ്രകാരം മനുഷ്യ പരിണാമത്തെ പ്രായോഗികമായി ത്വരിതപ്പെടുത്തുന്ന കേന്ദ്രങ്ങൾ കൂടിയാണ്.
ഇത്രയും കാര്യങ്ങൾ സനാതന ധർമ്മത്തെക്കുറിച്ച് മനസ്സിലാക്കുമ്പോൾ ഇന്ന് നിലനിൽക്കുന്ന മത വിദ്വേഷങ്ങൾ ജനങ്ങളുടെ മനസ്സുകളിൽ നിന്നും തുടച്ചു മാറ്റപ്പെടുകതന്നെ ചെയ്യും. അന്ധമായ വിശ്വാസങ്ങൾ ആല്ല, യുക്തിഭദ്രമായ അറിവുകളാണ് ആവശ്യം.
ഇനി ബുദ്ധ ധർമ്മത്തിലെ ദൈവം സങ്കല്പം എങ്ങിനെ ആണെന്ന് കൂടി മനസ്സിലാക്കാം.
ബുദ്ധധർമ്മത്തിലെ അർത്ഥഗർഭമായ മൗനം
ഗൗതമ ബുദ്ധൻ ദൈവ സങ്കൽപ്പങ്ങളെക്കുറിച്ച് തീർത്തും നിശ്ശബ്ദനായിരുന്നു. ദൈവസങ്കല്പത്തെ ചുറ്റിപ്പറ്റി യാതൊരു ഇന്ദ്രിയാതീതമായ സങ്കല്പങ്ങളും ഗൗതമ ബുദ്ധൻ നൽകിയിട്ടില്ല എന്നത് വാസ്തവമാണ്. ഇതിന് അർത്ഥം ബുദ്ധ ധർമ്മത്തിന് ഒരു നിരീശ്വര സ്വഭാവം ഉണ്ടെന്നല്ല. പ്രായോഗിക തലങ്ങളിൽ മനുഷ്യരുടെ ജീവിത ദുരിതങ്ങൾ ലഘൂകരിക്കുക എന്നതിൽ മാത്രമായിരുന്നു ഗൗതമ ബുദ്ധൻ്റെ ഏക ശ്രദ്ധ. ബൗദ്ധികമായ കസർത്തുക്കളും ദൈവസങ്കൽപ്പത്തെ ചുറ്റിപ്പറ്റിയുള്ള തുടർച്ചയായ സംവാദങ്ങളും ജീവിതത്തിൽ കഷ്ടപ്പെടുന്ന മനുഷ്യൻ്റെ ക്ലേശങ്ങൾ ലഘൂകരിക്കുക എന്ന പ്രധാന ലക്ഷ്യത്തിൽ നിന്ന് മനുഷ്യനെ വ്യതിചലിപ്പിക്കും എന്ന് ബുദ്ധന് നന്നായി അറിയാമായിരുന്നു. അതിനാൽ, അദ്ദേഹം തൻ്റെ ലക്ഷ്യത്തിന് അനിവാര്യമല്ലാത്ത വിഷയങ്ങളിൽ ചർച്ച വന്നാൽ അർത്ഥവത്തായ മൗനം പാലിക്കുമായിരുന്നു. “ദൈവമുണ്ടോ” എന്ന് ആരെങ്കിലും ചോദിച്ചാൽ ഗൗതമ ബുദ്ധൻ തിരികെ ചോദിക്കുമായിരുന്നു, “ദൈവം ഉണ്ടെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ?” “ദൈവം ഇല്ലേ” എന്ന് ആരെങ്കിലും അദ്ദേഹത്തോട് ചോദിച്ചാൽ അദ്ദേഹം അപ്പോഴും തിരിച്ചു ചോദിക്കുമായിരുന്നു, “ദൈവം ഇല്ല എന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ?” എന്ന്. ഇത്തരം മറുപടികളിലൂടെ ആ ചോദ്യങ്ങൾ ചോദിച്ചവർക്ക് യുക്തമെന്ന് സ്വയം തോന്നുന്ന രീതിയിൽ ഇക്കാര്യങ്ങളിൽ സ്വന്തം തീരുമാനങ്ങളിൽ എത്താമായിരുന്നു.
ദു:ഖങ്ങളിൽ നിന്നും ഉള്ള മനുഷ്യൻ്റെ മോചനം മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. ബുദ്ധൻ്റെ സമീപനം വളരെ ലളിതമായിരുന്നു. അടിയന്തിരമായ പ്രശ്നപരിഹാരത്തിന് അത്യാവശ്യമില്ലാത്ത വിശദശാംശങ്ങൾ ഒഴിവാക്കേണ്ടതിൻ്റെ പ്രാധാന്യം ചിത്രീകരിക്കാൻ ഗൗതമ ബുദ്ധൻ ഒരിക്കൽ മനോഹരമായ ഒരു ഉപമ ഉപയോഗിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു, നമ്മൾ ഒരു ശരമേറ്റ് കിടക്കുമ്പോൾ, ആരാണ് ഈ ശരം അയച്ചത്, ഈ ശരം ഏത് വസ്തു ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് എന്നും മറ്റും കണ്ടെത്താനുള്ള സമയമല്ല, മറിച്ച് നമ്മുടെ ശരീരത്തിൽ തറച്ച അമ്പ് പുറത്തെടുത്ത് നമ്മുടെ ജീവൻ രക്ഷിക്കാനുള്ള സമയമാണത്. മേൽപ്പറഞ്ഞ തരത്തിലുള്ള ദാർശനിക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് മനുഷ്യൻ്റെ കഷ്ടപ്പാടുകളിൽ നിന്ന് മുക്തിക്കുള്ള ഒരു വഴി കണ്ടെത്തുന്നതിൽ നിർണായക പ്രാധാന്യമുള്ള ഒന്നല്ല എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു
അടിസ്ഥാനപരമായി ബുദ്ധ ധർമ്മത്തേയും സനാതന ധർമ്മത്തേയും രണ്ടായി കാണേണ്ടതില്ല. സനാതന ധർമ്മത്തിൻ്റെ തന്നെ ക്രമീകരിച്ച പതിപ്പാണ് ബുദ്ധധർമ്മം എന്ന് നിസംശയം പറയാം.
മതങ്ങൾ തമ്മിലുള്ള സൗഹാർദം
ലോകത്തിലെ 79% ജനങ്ങളും പിന്തുടരുന്ന അഞ്ച് ‘മത’ സംമ്പ്രദായങ്ങളിലും ഒരേ ദൈവ സങ്കല്പ്പം തന്നെ ആണെന്ന തിരിച്ചറിവ് മതങ്ങൾ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുവാൻ സഹായിക്കും. ആ ഒരേ ഒരു ദൈവത്തിലേക്ക് അടുക്കുവാൻ ആണ് ആ ദൈവത്തിൻ്റെ സൃഷ്ടികളായ സർവ്വ മനുഷ്യരും ശ്രമിക്കുന്നത്. എല്ലാവരും ഒരേ ഒരു ലക്ഷ്യത്തിലേക്ക് ഉള്ള യാത്രയിലാണ്. ഓരോരുത്തരുടേയും അവബോധം വിവിധ തലങ്ങളിൽ ഉള്ളതായതുകൊണ്ട് ഓരോരുത്തർക്കും അവലംബിക്കുവാൻ കഴിയുന്ന യാത്രാ രീതികൾ ഭിന്നമായിരിക്കും. അത് സ്വാഭാവികമാണ്. യാത്രാമധ്യേ വഴിയിൽ കലഹിച്ചു നിൽക്കാതെ പരസ്പരം കഴിയുന്നത്ര സഹായിച്ചുകൊണ്ട് യാത്ര ചെയ്‌താൽ എല്ലാവർക്കും കൂടുതൽ വേഗത്തിൽ, കൂടുതൽ ഉല്ലാസത്തോടെ ലക്ഷ്യത്തിൽ എത്തിച്ചേരാം.
“ആരാണ് ദൈവം?” – സനാതന ധർമ്മം ഉൾപ്പെടെയുള്ള അഞ്ച് മതങ്ങളിലെ ദൈവ സങ്കല്പങ്ങൾ
“പ്രേതങ്ങൾ ഉണ്ടോ?” – മരണാനന്തരം ഉള്ള നിലനില്പിനെക്കുറിച്ച് സനാതന ധർമ്മത്തിൻ്റെ വീക്ഷണങ്ങൾ.