“സാംഖ്യ” എന്നത്  ഭാരതീയ ദര്‍ശനങ്ങളില്‍ വച്ച്  ഏറ്റവും പുരാതനമായ   ദര്‍ശനം ആണെന്ന് മാത്രമല്ല യോഗയുടേയും ആയുര്‍വേദത്തിന്‍റെയും താത്വികമായ അടിത്തറയും  കൂടി  ആണത്. ഒരു സിദ്ധാന്തം എന്ന നിലയില്‍ സാംഖ്യദര്‍ശനങ്ങള്‍ ആദ്യമായി പഠിപ്പിക്കുന്നത്‌ കപിലന്‍ എന്ന ഋഷി വര്യനാണ്.  കപിലന്‍ അദ്ദേഹത്തിന്‍റെ അമ്മക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ ആയിരുന്നു സാംഖ്യ എന്നാണ് പറയപ്പെടുന്നത്‌. വേദ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു മഹാ ഋഷി ആയിരുന്നു കപിലന്‍. ക്രിസ്തുവിനും മുന്‍പ് 500 മുതല്‍ 1000 വരെ ഉള്ള കാലഘട്ടമാണ് വേദ കാലഘട്ടം എന്നാണ് പൊതുവേ ഉള്ള പണ്ഡിത മതം. എന്നാല്‍ അതല്ല, 6000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ വേദ വാക്യങ്ങള്‍ എഴുതപ്പെട്ടത് എന്നാണ് ലോകമാന്യ തിലകന്‍ ഉറച്ച് അഭിപ്രായപ്പെട്ടിരിക്കുനത്. അതുപോലെ മറ്റു പല  പണ്ഡിതരും. കപിലനെക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള്‍ മഹാഭാരതത്തില്‍ ഉടനീളം കാണാന്‍ കഴിയും. സ്വാമി വിവേകാനന്ദന്‍ കപില മഹര്‍ഷിയെക്കുറിച്ച് പറഞ്ഞത് ഇങ്ങിനെ ആണ്.    “ലോകം കണ്ടിട്ടുള്ള ഏറ്റവും മഹാനായ മന:ശാസ്ത്രജ്ഞന്‍. കപിലനോട് കടപ്പെട്ടിട്ടില്ലാത്ത ഒരു ദര്‍ശനവും ഇന്ന് ലോകത്തിലില്ല.”

ക്രുസ്തുവര്‍ഷം 350-ല്‍ ഗുപ്ത ചക്രവര്‍ത്തിമാരുടെ കാലത്ത് ജീവിച്ചിരുന്ന ഈശ്വരകൃഷ്ണയാണ് “സാംഖ്യകാരിക” എന്ന പേരില്‍ സാംഖ്യ ദര്‍ശനം ക്രോഡീകരിച്ച്  ആദ്യമായി  സൂത്രങ്ങള്‍ എഴുതുന്നത്‌. 

ഭാരതത്തിന്‍റെ വേദിക് ദര്‍ശനങ്ങളും, വേദേതര ദര്‍ശനങ്ങളും 

വെളിവാക്കപ്പെട്ട ദര്‍ശനങ്ങളുടെ സമുച്ചയമാണ് വേദങ്ങള്‍. മാത്രവും അല്ല, ഭാരതം എന്ന ഉപഭൂഖണ്ഡത്തില്‍ ജീവിച്ചിരുന്ന  പരശതം ഋഷി വര്യന്മാരുടേയും ദാര്‍ശനികരുടേയും ദീര്‍ഘ ദീര്‍ഘങ്ങള്‍ ആയ, നേരിട്ട് അനുഭവിച്ചറിഞ്ഞ,  അനുഭവജ്ഞാനവും കൂടി ആണത്. പടിഞ്ഞാറ്  അഫ്ഗാനിസ്ഥാന്‍ മുതല്‍ കിഴക്ക് ഇന്നത്തെ മയന്മാര്‍ വരെയും, തെക്ക് ശ്രീലങ്ക വരെയും വ്യാപിച്ച് കിടന്ന ഭൂപ്രദേശം ആണ് ഇപ്പറഞ്ഞ വേദങ്ങളുടേയും അവയുടെ ഭാഷ്യങ്ങളുടേയും ഭൂമിക. വേദങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിയുടെ സൃഷ്ടി അല്ല. വേദങ്ങള്‍ക്ക് ഒരു സ്ഥാപകനോ ഒരു ഗ്രന്ഥകാരനോ ഇല്ല. സഹസ്രാബ്ദങ്ങളിലൂടെ വളര്‍ന്നു വികസിച്ചതാണ് വേദങ്ങളിലെ ജ്ഞാനധാര. ചിതറി കിടന്നിരുന്ന അതെല്ലാം എടുത്തു ക്രോഡീകരിച്ചു നാല് ഭാഗങ്ങളിലായി വ്യാസ മഹര്‍ഷി വ്യവസ്ഥപ്പെടുത്തി എടുത്തതാണ്  ഋഗ്വേദവും, യജുര്‍വേദവും, സാമവേദവും, അഥര്‍വ വേദവും. 

വേദങ്ങള്‍ പല പല ദാര്‍ശനിക സങ്കല്‍പ്പങ്ങളും  സിദ്ധാന്തങ്ങളും അടങ്ങിയതാണ്. ആറു ഭാരതീയ ദര്‍ശനങ്ങള്‍ വേദങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. വേദങ്ങള്‍ നല്‍കുന്ന ജ്ഞാനമാണ് അതിന്‍റെ ആധാരവും പ്രമാണവും. താഴെ പറയുന്ന ആറെണ്ണമാണ് അവ.

  1. യോഗ
  2. സാംഖ്യ
  3. വേദാന്ത
  4. മീമാംസ
  5. ന്യായ
  6. വൈശേഷിക

മേല്‍പ്പറഞ്ഞ ആറു ദര്‍ശനങ്ങളിലെ ജ്ഞാനം വിശദമായി രേഖപ്പെടുത്തിയ ആരും തന്നെ ഈ ദര്‍ശനങ്ങളുടെ ഉപജ്ഞാതാക്കള്‍ തങ്ങള്‍ ആണെന്ന് അവകാശപ്പെട്ടിട്ടില്ല. ഈ ദര്‍ശനങ്ങള്‍ ആരുടേയും പേരില്‍ സ്വന്തം അല്ല. ഈ ആറു വേദ ദര്‍ശങ്ങള്‍ക്കും ഒതുക്കമുളള സൂത്രങ്ങളും അല്ലെങ്കില്‍ ക്ലിപ്തമായ ചെറു കാവ്യങ്ങളും ആയ മൂല സംഗ്രഹങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്, യോഗസൂത്രയില്‍ 195 സൂത്രങ്ങള്‍ ഉണ്ട്. സാംഖ്യകാരികയില്‍ 70 സൂത്രങ്ങളും.

ഭാരതത്തിന്‍റെ വേദേതര ദര്‍ശനങ്ങള്‍  പ്രധാനമായും ഇവയാണ്.

  1. ബുദ്ധമത സിദ്ധാന്തം
  2. ജൈനമത സിദ്ധാന്തം
  3. ചാര്‍വാക സിദ്ധാന്തം

മേല്‍ പറഞ്ഞവ കൂടാതെ അത്രതന്നെ പ്രാധാന്യമില്ലാത്ത ഭാരതത്തിന്‍റെ വേദേതര ദര്‍ശനങ്ങള്‍  വേറേയും ഉണ്ട്. വേദേതര ദര്‍ശനങ്ങള്‍ ആകട്ടെ ഓരോരോ പ്രത്യേക വ്യക്ത്യികളെ ആണ് ഈ ദര്‍ശനങ്ങളുടെ ഉപജ്ഞാതാക്കളായി മുന്നോട്ട് വയ്ക്കുന്നത്. അവരാരും തന്നെ വേദങ്ങള്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്ക് നിദാനമായി അംഗീകരിക്കുന്നുമില്ല. എങ്കില്‍പോലും, വേദങ്ങളിലെ നിരവധി സങ്കല്‍പ്പങ്ങള്‍ ഈ സിദ്ധാന്തങ്ങളില്‍ കാണുവാന്‍ കഴിയും.

സാംഖ്യ ദര്‍ശനത്തിന്‍റെ പ്രത്യേകത

നമ്മുടെ ഈ കാണപ്പെടുന്ന ലോകത്തിന്‍റെ സൃഷ്ടിക്ക് ഉപയോഗിച്ചിരിക്കുന്ന നിര്‍മാണക്കട്ടകള്‍ അല്ലെങ്കില്‍ അടിസ്ഥാന മൂലകങ്ങള്‍ എന്തൊക്കെ ആണെന്ന്‍ സാംഖ്യ എണ്ണി, എണ്ണി പറയുന്നുണ്ട്. മനുഷ്യന്‍റെ ദാര്‍ശനിക ചിന്തകളുടെ ക്രമാനുഗതങ്ങളായ പരിണാമത്തില്‍ ആദ്യമായി ഒരു ദാര്‍ശനികത  അവതരിപ്പിക്കുന്നത് സാംഖ്യാശാസ്ത്രം ആണ്. നമ്മുടെ ഈ ലോകത്തിന്‍റെ “ബില്‍ഡിംഗ്‌ ബ്ലോക്ക്‌” എന്താണെന്ന് സാംഖ്യ എടുത്തു പറയുന്നു. നമ്മുടെ ഈ ലോകം ഉണ്ടാക്കിയിരിക്കുന്നത് താഴെ പറയുന്ന 25 തത്വങ്ങള്‍ അല്ലെങ്കില്‍ മൂലകങ്ങള്‍ ഉപയോഗിച്ചാണ് എന്ന് സാംഖ്യ പറയുന്നു.

മേല്‍പ്പറഞ്ഞ ഇരുപത്തിഅഞ്ച് തത്വങ്ങള്‍ അല്ലെങ്കില്‍ മൂലകങ്ങള്‍ – അതായത്  പുരുഷന്‍ എന്ന പുല്ലിംഗ ശക്തിയും , പ്രകൃതി എന്ന സ്ത്രീലിംഗ ശക്തിയും, പിന്നെ സ്ത്രീലിംഗ ശക്തിയില്‍ നിന്ന് നിര്‍ഗളിച്ച മറ്റു 23 മൂലകങ്ങളും  – അടങ്ങിയതാണ് നമ്മള്‍ എന്ന ഈ “അറിയുന്ന വ്യക്തികളും”, നമ്മളാല്‍  “അറിയപ്പെടുന്ന  സര്‍വ്വ പദാര്‍ത്ഥങ്ങളും”, നമ്മള്‍  “അറിയുന്നു”  എന്ന കര്‍മവും  എല്ലാം തന്നെ.

സാംഖ്യ നല്‍കുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ രൂപരേഖ ദ്വൈതം ആണ്. എന്ന് പറഞ്ഞാല്‍ പദാര്‍ത്ഥവും പ്രജ്ഞാനവും തമ്മില്‍ കൃത്യമായ വേര്‍തിരിക്കല്‍ ഉണ്ട്. രണ്ടും രണ്ടാണ്. അതുപോലെ തന്നെ ആണ്, തെറ്റും ശരിയും, ജനനവും മരണവും, ബന്ധനവും വിമോചനവും എല്ലാം തന്നെ. സാംഖ്യ സിദ്ധാന്തം നിലവില്‍ വരുന്നത് വരെ ഇതെല്ലാം അവ്യക്തവും കൂട്ടിക്കുഴഞ്ഞതും ആയിരുന്നു. സാംഖ്യ ദര്‍ശനം വളരെ സുവ്യക്തവും, കരുത്തുള്ളതും, കൃത്യമായി വിവരിക്കപ്പെട്ടിട്ടുള്ളതും ആയതു കൊണ്ട് അതാണ്‌ ആരോഗ്യത്തിനും, ക്ഷേമത്തിനും അടിത്തറ പാകിക്കൊണ്ട് പ്രധാനമായും  യോഗ, ആയുര്‍വേദ എന്നീ സമ്പ്രദായങ്ങള്‍ നിലവില്‍ വരാന്‍ കാരണ ഭൂതമായത്.

സാംഖ്യ നിലവില്‍ വരുന്നതിനു മുന്‍പ് ദ്വൈതം അല്ലാത്ത ഭാവനകള്‍ നിലവില്‍ വരാനുള്ള ഒരു പ്രവണത ഉണ്ടായിരുന്നതായി കാണാം. എല്ലാം ഒരൊറ്റ  നിര്‍മലമായ പ്രജ്ഞാനം തന്നെ  ആണെന്നും, ഭൗതികമായ ഈ ലോകത്ത് നമ്മുടെ സ്വന്തം  മനസ്സ്‌, ശരീരം, വേദന, സുഖം എല്ലാം ഉള്‍പ്പെടെ നമ്മള്‍ അനുഭവിക്കുന്ന എല്ലാം തന്നെ ഒരു മായികഭ്രമം മാത്രം ആണെന്നും ഉള്ള ഒരു ധാരണ ആണ് അദ്വൈത ചിന്തകളുടെ ആദ്യത്തെ രൂപരേഖകള്‍. 

(കുറിപ്പ്: മനുഷ്യചിന്തകളുടെ പരിണാമത്തിന്‍റെ പാരമ്യതയില്‍ എത്തിനില്‍ക്കുന്ന ജ്ഞാനത്തിന്‍റെ മകുടരത്നമാണ് അദ്വൈത ദര്‍ശനം. ചിന്തയുടെ പരിണാമത്തിന്‍റെ പാതയില്‍ മുന്നേറുമ്പോള്‍ പലപ്പോഴും പലകാര്യങ്ങളും പൂര്‍ണമായി മനസ്സിലാകുന്നത്‌ ഘട്ടം ഘട്ടം ആയിട്ടാണ്. സാംഖ്യ ദര്‍ശനത്തിന് ശേഷം വളര്‍ന്നു വികസിച്ച “ബ്രഹ്മസൂത്ര” ത്തിലൂടെ ഔന്യത്യത്തില്‍ എത്തിയ ഒന്നാണ് കേവല അദ്വൈത ദര്‍ശനം. മുന്‍കാലങ്ങളില്‍ ഒറ്റനോട്ടത്തില്‍ കണ്ടിരുന്ന പരസ്പര വൈരുദ്ധ്യങ്ങള്‍ ഉന്നത ജ്ഞാനത്തിലൂടെ പില്‍ക്കാലത്ത് പരിഹരിച്ചു കൊണ്ട് അദ്വൈത ദര്‍ശനത്തിന്‍റെ നേര്‍ക്കാഴ്ച വിശദമാക്കുന്നുണ്ട് വേദവ്യാന്‍റെ  ബ്രഹ്മസൂത്രവും അതിന്‍റെ  വിവധ ഭാഷ്യങ്ങളും. ആദി ശങ്കരാചാര്യര്‍ ( AD 788-ല്‍ കേരളത്തിലെ കാലടിയില്‍ ജനിച്ച്, AD 820-ല്‍ ഇന്നത്തെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ മുപ്പത്തിരണ്ടാം വയസ്സില്‍  ദേഹവിയോഗം ചെയ്തു) ഭാഷ്യം നല്‍കി വിശദമാക്കുന്ന കേവല (പരിപൂര്‍ണ) അദ്വൈതം പ്രഭാവം കൊണ്ടും അനിതര സാധാരണമായ വ്യക്തതകൊണ്ടും ഏറ്റവും മുന്നിട്ട് നില്‍ക്കുന്നു.          

സാംഖ്യ ദര്‍ശനപ്രകാരം, നമ്മുടെ യാഥാര്‍ത്ഥ്യത്തിന് രണ്ടു അടിസ്ഥാന ഘടകങ്ങള്‍ ഉണ്ട്: പ്രകൃതിയും പുരുഷനും. പ്രകൃതി എന്നത് അനാദിയിലേ തന്നെ അസ്ഥിത്വമുള്ള ഒന്നാണ്. അതാണ്‌  ഭൌതികമായ ഈ ലോകത്തിന് നിദാനവും.  പദാര്‍ത്ഥവും ഊര്‍ജവും ആയി ബന്ധപ്പെട്ട സര്‍വ്വ അനുഭവങ്ങള്‍ക്കും കാരണ ഹേതുവാണ് പ്രകൃതി. നമ്മുടെ നിത്യ ജീവിതത്തില്‍ കാണുന്ന സര്‍വ്വതും ഇതില്‍ നിന്നും ഉത്ഭവിച്ചതാണ്. നമ്മുടെ സുഖവും വേദനയും, കോപവും, സ്നേഹവും, വെറുപ്പും എല്ലാം ആരംഭിക്കുന്നത് പ്രകൃതി എന്ന ഈ അടിസ്ഥാനത്തില്‍ നിന്നും ആണ്. 

പ്രകൃതി എന്ന സാംഖ്യാ സങ്കല്പ്പം പ്രത്യക്ഷമല്ലാത്തതും, സ്വയം മാറ്റങ്ങള്‍ ഇല്ലാത്തതും ആണ്. മാത്രവും അല്ല, എന്നും മാറ്റങ്ങളോടു കൂടിയതും ഹൃസ്വമായ നിലനില്പ്പുള്ളതുമായ സര്‍വ്വതിന്‍റെയും ഉറവിടവും  അത് തന്നെ ആണ്. പുരുഷന്‍ എന്ന സാംഖ്യാ സങ്കല്‍പ്പം കാഴ്ച്ചക്കാരനും, ദൃഷ്ടാവും, മൂക സാക്ഷിയും ഒക്കെ ആയ നിര്‍മലമായ പ്രജ്ഞാനം ആണ്. സ്വയം ഒരു മാറ്റവും ഇല്ലാതെ പ്രകൃതിയേയും അതില്‍ നിന്നും ഉരുത്തിരിയുന്ന സര്‍വ്വതിനേയും മൂകമായി നോക്കിക്കാണുന്ന സാക്ഷി. പുരുഷന്‍ മാത്രമാണ് സര്‍വ്വ സ്വതന്ത്രമായ സൃഷ്ടിയുടെ ഏക ഭാഗം.

സാംഖ്യയുടെ ലക്ഷ്യം – വേദനയില്‍ നിന്നും ദുരിതത്തില്‍ നിന്നും ഉള്ള മോചനം        

വേദന ശരീരത്തിലോ മനസ്സിലോ വളരെ ആഴത്തിലും മാറ്റാന്‍ നിര്‍വാഹമില്ലാത്ത ഒന്നായിയും  നിലകൊള്ളുമ്പോള്‍, ഈ ശരീരവും മനസ്സും തന്നെ ഉപേക്ഷിച്ചു കളയാന്‍ മനുഷ്യര്‍  ആഗ്രഹിച്ചുപോകാറുണ്ട്. എന്നാല്‍ ശരീരവും മനസ്സും മാറ്റിക്കളഞ്ഞ് പ്രജ്ഞാനം മാത്രമായി നിലകൊള്ളാന്‍ മനുഷ്യന്‌ കഴിയുകയില്ല. കാരണം ശരീരവും, മനസ്സും, പ്രജ്ഞാനവും എല്ലാം കൂടി സമ്മിശ്രമായി നിലകൊള്ളുന്ന   ഒന്നാണ് നമ്മള്‍ ഓരോരുത്തരും. അതുകൊണ്ട്, നമ്മള്‍ നിര്‍മലമായ പ്രജ്ഞാനം ആണെന്നും ശരീരവും മനസ്സും മായികഭ്രമം ആണെന്നും ഉള്ള ചിന്ത അടിച്ചു ഏല്‍പ്പിക്കരുത്  എന്ന് സാംഖ്യ ദര്‍ശനം അനുശാസിക്കുന്നു. ജീവിതം എന്നത്  എല്ലാത്തിന്‍റെയും ഏകീകരണം ആണ് – ചിലത് അഭികാമ്യവും, ചിലത് അനഭികാമ്യവും ആണെന്ന് മാത്രം.              

(കുറിപ്പ്: അര്‍ത്ഥശങ്ക നികത്താന്‍  ഇവിടെത്തന്നെ കേവല (പരിപൂര്‍ണ) അദ്വൈതത്തെക്കുറിച്ച് സാന്ദര്‍ഭികമായി ഒരു കാര്യം വ്യക്തമാക്കട്ടെ. നമ്മള്‍ നിര്‍മലമായ പ്രജ്ഞാനം ആണെന്നും ശരീരവും മനസ്സും മായികഭ്രമം ആണെന്നും ഉള്ള സിദ്ധാന്തം, കേവല അദ്വൈതത്തിന്‍റെയാണ്. പക്ഷേ ആദി ശങ്കരാചാര്യര്‍ വളരെ സ്പഷ്ടമാക്കിയ ഒരു കാര്യം ഉണ്ട്. മായികാഭ്രമം എന്ന ധാരണ ആപേക്ഷിമാണ് എന്ന്. മായയ്ക്ക് രണ്ടു വശങ്ങള്‍ ഉണ്ട്. അതിന്‍റെ പ്രദര്‍ശനങ്ങള്‍ ഒരേ സമയത്ത് യഥാര്‍ത്ഥവും ആണ് അയധാര്‍ത്ഥവും ആണ്. സൃഷ്ടി ബോധത്തില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ ശരീരവും മനസ്സും വാസ്ഥവമായ ഒന്നാണ്,  മിഥ്യ അല്ലേ അല്ല  (ഞാന്‍ സൃഷ്ടിക്കപ്പെട്ട ഒന്നാണ് എന്ന ദ്വൈത ചിന്ത. അവിടെ സൃഷ്ടിയും സൃഷ്ടാവും രണ്ടും വേറിട്ട്‌ നില്‍ക്കുന്ന രണ്ടു കാര്യങ്ങള്‍ ആണ്.). എന്നാല്‍,  അഖണ്ഡമായ ബ്രഹ്മന്‍ എന്ന ബോധത്തില്‍ നിന്ന് നോക്കുമ്പോള്‍ (തികഞ്ഞ അദ്വൈത ബോധം), ബാക്കി എല്ലാം മിഥ്യയാണ്‌, മായാസൃഷ്ടികളാണ്, വാസ്ഥവമായ ഒന്ന് അല്ലേ, അല്ല. ഇത് രണ്ടും ഒരുപോലെ ശരിയാണ് – പക്ഷേ അത് നോക്കുന്ന ആളുടെ അവബോധത്തെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് പ്രായോഗിക തലത്തില്‍ നമ്മള്‍, ഈ ലോകം മിഥ്യയാണ് എന്ന് തികച്ചും മനസ്സിലാക്കികൊണ്ട്‌  (കാരണം നമ്മള്‍ സത്യത്തില്‍ ബ്രഹ്മാവബോധമാണ്) എങ്കിലും ഈ ലോകവും ഒരുപോലെ വാസ്ഥവം ആണെന്ന് സ്വയം “വിശ്വസിപ്പിച്ച” നിലയില്‍ പ്രവര്‍ത്തിക്കണം എന്നാണ് കേവല അദ്വൈതം പറഞ്ഞു തരുന്നത്. അതായത്, ഈ ലോകം സത്യമായിരുന്നെങ്കില്‍ നമ്മള്‍ എങ്ങിനെ പ്രവര്‍ത്തിക്കുമോ, അതുപോലെ പ്രവര്‍ത്തിച്ച്‌ വേണം ഇവിടെ ജീവിക്കുവാന്‍ എന്നര്‍ത്ഥം. പക്ഷേ, അതേ സമയത്ത് “ഞാന്‍ സത്യത്തില്‍, ബ്രഹ്മാവബോധമാണ്” എന്ന പൂര്‍ണമായ തിരിച്ചറിവ്  തികച്ചും ഉണ്ടായിരിക്കുകയും വേണം. 

ഇത് മനസ്സിലാക്കാന്‍ മാന്ത്രികന്‍റെ മായാജാലവിദ്യ ഉപമ ആയി ഉപയോഗിക്കാം. മാന്ത്രികനെ മാന്ത്രിക വിദ്യ ബാധിക്കുന്നില്ല. മാന്ത്രികനറിയാം മിഥ്യ ആണ്  മായാജാലം എന്ന്. കാണികള്‍ക്ക് അറിയില്ല താനും. നമ്മള്‍ മാന്ത്രികനായാലും  കാണിയാണ് എന്ന മട്ടില്‍ കാണികളില്‍ ഒരാളായി നില്‍ക്കണം എന്ന് വിവക്ഷ. ഈ പരമമായ സത്യം ഗ്രഹിക്കുമ്പോള്‍, സാംഖ്യയുടെ യോഗയോടും, ആയുര്‍വേദത്തിനോടും ഉള്ള സമീപനം സൃഷ്ടി ബോധത്തില്‍ നിന്നുകൊണ്ടാണെന്നും, ആ നിലയ്ക്കു അത്തരം ഒരു സമീപനം ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും  വളരെ അത്യാവശ്യമാണെന്നും മനസ്സിലാക്കാം. രമണ മഹര്‍ഷി, ശ്രീ രാമകൃഷ്ണന്‍ പരമഹംസര്‍ തുടങ്ങിയ ഋഷിവര്യന്മാര്‍ അവര്‍ക്കു പിടിപെട്ട കാന്‍സര്‍ രോഗത്തിന് ചികിത്സ തേടാതിരുന്നത് അവരുടെ അടിയുറച്ച ബ്രഹ്മാവബോധത്തില്‍ നിന്നും ഉദിച്ച “കൈവല്യാ”വസ്ഥയില്‍ നിന്നിരുന്നതുകൊണ്ടാണ്. “കൈവല്യം” എന്താണെന്ന് പുറകെ പറയുന്നുണ്ട്.)

യഥാര്‍ത്ഥത്തിലുള്ള വേദനയുടെ അനുഭവം സാംഖ്യ അംഗീകരിക്കുന്നുണ്ട് – കോപം, ഭയം, ശാരീരികമായ വേദന, നഷ്ടപ്പെടുന്നതിന്‍റെ ദുഃഖം, അതുപോലെ മറ്റെല്ലാത്തരത്തിലുള്ള   ദുഖങ്ങളും. അതുപോലെ തന്നെ അതില്‍നിന്നും ഉള്ള മോചനത്തിനും ഒരു ചട്ടക്കൂട്‌ സാംഖ്യ നല്‍കുന്നുണ്ട്. സാംഖ്യയുടെ ലക്ഷ്യം തന്നെ വേദനയില്‍നിന്നും ക്ലേശങ്ങളില്‍ നിന്നും ഉള്ള മോചനമാണ്. യോഗയും, ആയുര്‍വേദവും ആ ലക്ഷ്യ പ്രാപ്തിയാണ്. 

വേദനയില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും മോചിതമായ അവസ്ഥക്ക് സാംഖ്യയില്‍ “കൈവല്യം” എന്നാണ് പറയുന്നത്. “കേവലം” എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ മറ്റൊന്നുമല്ല,  “സ്വ-ആത്മത്വം” എന്നാണ്. കൈവല്യത്തിന്‍റെ ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്.

  • എന്തെങ്കിലും നേടാനോ, നഷ്ടപ്പെടുന്നതില്‍ നിന്നും ഒഴിഞ്ഞു മാറാനോ ആഗ്രഹം ഉണ്ടാകില്ല.
  • സ്വന്തം ആത്മത്വത്തില്‍ – തന്‍റെ തന്നെ ശുദ്ധമായ നിലനില്‍പ്പ്‌ അറിഞ്ഞു കൊണ്ടുള്ള നിലയില്‍ –  ഉറച്ച് നിലകൊള്ളുന്നതില്‍ തികഞ്ഞ സംതൃപ്തി.
  • ശരീരവും മനസ്സും ഒരു ഭാരമേ അല്ല.
  • ഒരു ബന്ധവും വേദനയുടെ ഉറവിടമല്ല.
  • നഷ്ടമോ നേട്ടമോ, ആദരവോ, നിന്ദയോ, ഒന്നും തന്നെ ബാധിക്കുന്നില്ല.

ശുദ്ധമായി നിലനില്‍ക്കുന്ന പ്രജ്ഞാനം ആണത്. കൈവല്യം എന്ന് പറയുന്നത് ശുദ്ധമായ ജീവന്‍റെ നേരിട്ടുള്ള പ്രകടനമാണ് ആണ്.

വേദന മാറ്റുന്നതും , കാര്യ-കാരണങ്ങളുടെ സിദ്ധാന്തവും. 

കാര്യ-കാരണങ്ങള്‍ എന്ന പ്രമാണം ആണ് വേദനയും ക്ലേശവും അകറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍ക്ക് അടിസ്ഥാനം എന്ന് സാംഖ്യ പറയുന്നു. ആവശ്യമില്ലാത്ത വേദനകള്‍ നമ്മുടെ ശരീരത്തിലേക്കും, മനസ്സിലേക്കും, ആത്മാവിലേക്കും നടന്നു കയറിയിരുന്ന ഒരു കാലം, ഉണ്ടായിരുന്നു. അത് സംഭവിക്കുന്ന  ഒരു രീതിയും ഉണ്ടായിരന്നു. അതെല്ലാം നേരേ മടക്കി അയക്കാനുള്ള വഴിയും ഉണ്ട്. സാംഖ്യാ ശാസ്ത്രത്തില്‍, സംസ്കൃത ഭാഷയില്‍ കാര്യ-കാരണ-വാദം എന്നാണ് ആ വഴി അറിയപ്പെടുന്നത്. മലയാളത്തില്‍ കാര്യ-കാരണ-സിദ്ധാന്തം എന്നും. ഓരോ കാര്യവും നിശ്ചയമായും ഓരോ കാരണങ്ങളോട് ബന്ധപ്പെട്ടു കിടക്കുന്നു. കാരണമില്ലാതെ ഒരു കാര്യം ഉണ്ടാകുന്നില്ല. സാംഖ്യ ശാസ്ത്രത്തിന്‍റെ ഏറ്റവും അമൂല്യമായ ഒരു  പ്രകാശനം ആണ് ഈ സിദ്ധാന്തം.  

ആയുര്‍വേദത്തില്‍ ചികിത്സ പുറത്തുനിന്നും വരുന്ന ഒന്നാണ്. ഉദാഹരണത്തിന് ത്രിഫല കഴിച്ചാല്‍ മലബന്ധം മാറുന്നു. യോഗയില്‍ കാരണത്തെ മാറ്റുന്ന പ്രതിവിധി അകത്തു നിന്നും ആണ് വരുന്നത്. ആയുര്‍വേദവും യോഗയും ഒരുമിച്ചു പ്രയോഗിക്കുന്നതാണ് വേദന നിവര്‍ത്തിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ബാധപൂര്‍വ്വം  ശരീരത്തിനകത്തേക്കുള്ള പ്രവേശനം തടസ്സപ്പെട്ടിരിക്കുന്ന അവസരങ്ങളില്‍ ആയുര്‍വേദം ആണ് ഏറ്റവും നല്ലത്. കാരണം അത്തരം അവസരങ്ങളില്‍ നമ്മുടെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും കൊണ്ട് പ്രയോജനം ഇല്ല. 

സാംഖ്യ ശാസ്ത്രത്തെകുറിച്ചുള്ള അറിവ് യോഗ പരിശീലനത്തിന് വളരെ നല്ലതാണ്. കാരണം, ആ അറിവ് നമ്മുടെ യോഗയെക്കുറിച്ചുള്ള  പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നതനുസരിച്ചു യോഗപരിശീലനത്തില്‍  നിന്നും ലഭിക്കുന്ന  പ്രയോജനത്തെയും  വിപുലപ്പെടുത്തുന്നു.  ശരിയായ രീതിയില്‍ യോഗപരിശീലനം  ചെയ്യുന്നതിനും, വെറും നിമിഷ നേരത്തേക്ക്  ഒരു  “സുഖം തോന്നലിനു” വേണ്ടി മാതം അല്ലാതെ യോഗയെക്കുറിച്ച് ഉള്ള ഭാവനകള്‍ വിപുലപ്പെടുത്താനും ഈ അറിവ് സഹായിക്കും. യോഗയ്ക്ക് പലവിധത്തിലുള്ള ക്ലേശങ്ങളെ മറികടക്കാനുള്ള കഴിവുണ്ടെന്ന തിരിച്ചറിവ് , യോഗയുടെ വിവധ വശങ്ങളെക്കുറിച്ച്  ആഴത്തില്‍ പഠിക്കാന്‍ ഉള്ള ഒരു പ്രചോദനം കൂടി, സാംഖ്യാശാസ്ത്രത്തെ കുറിച്ച് യോഗ അഭ്യസിക്കുന്നവര്‍ അറിഞ്ഞിരുന്നാല്‍, അവര്‍ക്ക് ലഭ്യമാകും. 

സാംഖ്യ ദര്‍ശനത്തിന്‍റെ മുഖപ്രകൃതി

മൂന്നു തരത്തിലുള്ള വേദനകളും ക്ലേശങ്ങളും ആണ് ഉള്ളതെന്ന് സാംഖ്യ ദര്‍ശനം പറയുന്നു. (1) ശാരീരികം (2) മാനസികം/വൈകാരീകം

(3) ആത്മീയം  

ശാരീരികമായ  വേദനകളും ക്ലേശങ്ങളും അകറ്റുന്നതിനുള്ള  മാര്‍ഗങ്ങളാണ് സാംഖ്യ നിര്‍ദ്ദേശിക്കുന്നത്. അത് താഴെ പറയുന്നവയാണ്. 

ശാരീരികം

  • ശരിയായ ആഹാരം, ശരിയായ വ്യായാമം, സന്തുലിതമായ പെരുമാറ്റം, കൃത്യസമയത്ത് ഉറങ്ങുകയും, എഴുനേല്‍ക്കുകയും ചെയ്യല്‍. 
  • അസുഖം വന്നു കഴിഞ്ഞാല്‍ വൈദ്യ സഹായം തേടുകയും ചികിത്സിക്കുകയും ചെയ്യുക. അതോടൊപ്പം ജീവിത രീതികളില്‍ ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യുക.
  • ആയുര്‍വ്വേദം പ്രയോഗിക്കാന്‍ പറ്റിയ വളരെ പ്രധാനപ്പെട്ട ഒരുനല്ല മാര്‍ഗമാണ് ഇക്കാര്യത്തില്‍.

മാനസികം/വൈകാരീകം

  • ഇത്തരത്തിലുള്ള ക്ലേശങ്ങള്‍ക്ക്‌ അകത്തു നിന്നും പുറത്തുനിന്നും സഹായം ലഭിക്കണം – ശരീരത്തിനും, മനസ്സിനും.
  • അകത്തുനിന്നും  നിങ്ങള്‍ക്കു നിങ്ങളോട് തന്നേ ഉള്ള സമീപനം മാറ്റണം. നിങ്ങള്‍ക്കു നിങ്ങളെ തന്നെ വിശ്വാസം വേണം. ഇത് മാനസികമായ ക്ലേശങ്ങള്‍ അകറ്റാന്‍ സഹായിക്കും. ഇതോടൊപ്പം തന്നെ പുറമേനിന്നും ഉള്ള സഹായവും കൂടി ചേരുമ്പോള്‍, വേദനയും വിഷമവും അകറ്റാന്‍ ഉതകും.
  • അഷ്ടാംഗ യോഗയിലെ ആദ്യത്തെ നാല് ഭാഗങ്ങള്‍ മാനസികവും, വൈകാരികവും ആയ ക്ലേശങ്ങള്‍ അകറ്റാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് – യമം, നിയമം, ആസനം, പ്രാണായാമം, എന്നിവയാണ് അവ.

ആത്മീയം    

  • ആത്മീയമായ വേദനകള്‍ അകറ്റാന്‍ നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേക്ക് തന്നെ ആഴത്തില്‍ ഇറങ്ങി ചെന്ന് നിങ്ങളുടെ സംശുദ്ധമായ നിലനില്‍പ്പ്‌ എന്താണെന്നും ആരാണെന്നും മനസ്സിലാക്കണം. അത്യാവശ്യം ഇല്ലാത്തതെല്ലാം മാറ്റിക്കളയുവാന്‍ ഉള്ള പരിശ്രമങ്ങള്‍ നടക്കണം – അതായതു സ്വ-ആത്മത്വം ഒഴികെ ഉള്ള മറ്റെല്ലാം.
  • ഇത് എങ്ങിനെ നിര്‍വഹിക്കണം എന്നത് യോഗയുടെ അവസാനത്തെ നാല് ഭാഗങ്ങള്‍ പറയുന്നുണ്ട്. യോഗയുടെ ഏറ്റവും നിര്‍മലമായ ഭാഗങ്ങള്‍ ആണത് – പ്രത്യാഹാരം, ധാരണം, ധ്യാനം, സമാധി.   

സാംഖ്യ ദര്‍ശനത്തിന്‍റെ അടിത്തറയില്‍ നില്‍ക്കുന്ന പരിപൂര്‍ണമായ ചികിത്സാ രീതിയാണ് ഇത്.

നമ്മള്‍ ഓരോരുത്തരും നിര്‍മലമായ പ്രജ്ഞാനത്തിന്‍റെയും  ഈ ഭൌതികലോകത്തിന്‍റെയും മിശ്രിതമാണ്. ശരി തെറ്റുകളുടെയും, നന്മ തിന്മകളുടേയും, മൃത്യുവിന്‍റെയും അമരതത്തിന്‍റെയും മിശ്രിതമാണ്. നിര്‍മലമായ പ്രജ്ഞാനം എന്നത് നമുക്കു ഓരോരുത്തര്‍ക്കും ലക്ഷ്യമായി കണ്ട് പ്രചോദനമായി വര്‍ത്തിക്കാന്‍ ഉപകരിക്കുന്ന ഒന്നാണ്. അതിനര്‍ത്ഥം, നമ്മളിലെ നിര്‍മലമായ പ്രജ്ഞാനം ഒഴികെ ഉള്ള സര്‍വ്വതിനേയും നിഷേധിക്കണം എന്നല്ല.  പക്ഷേ നിര്‍മലമായ ആ പ്രജ്ഞാനവുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുന്നത് വളരെ നല്ലതാണ്.

പ്രപഞ്ചത്തിലുള്ള സര്‍വ്വതും ഈ മൂന്നു വിധത്തില്‍ ഉള്ള വേദനകളില്‍ നിന്നും ഉള്ള മോചനം നേടി, നമ്മളിലെ നിര്‍മലമായ ആത്മത്വം അനുഭവിക്കാന്‍ വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ്. സൃഷ്ടി എന്നത് ആകസ്മികം അല്ല. ജീവിതം എന്നത് ഒരു ശിക്ഷയും അല്ല. ജീവതം എന്നത് ഒരു അവസരവും, ഉപകരണവും ആണ്. അനുഭവങ്ങളെ ആസ്വദിക്കാനും, ആശ്ലേഷിക്കാനും, അതിലൂടെ ഏതാണ് വിലപിടിച്ചത് എന്നും ഏതാണ് വില ഇല്ലാത്തത് എന്നും തിരിച്ചറിയാന്‍ വേണ്ടിയാണ് ജീവിതം. ഏതാണ് അഭികാമ്യം എന്നും ഏതാണ് അനഭികാമ്യം എന്നും അറിയാന്‍ വേണ്ടിയാണ് ജീവിതം. അനുഭവങ്ങള്‍ എന്നും എന്നും ഒരേ സ്വഭാവത്തോടു കൂടിയതാണെന്നു മനസ്സിലാകും. അതിലൂടെ അതിനെ മറികടന്ന്‌ വീണ്ടും ഒരു അനുഭവം കൂടി ആവശ്യമില്ലാത്ത സ്ഥിതിയിലേക്ക് വരാന്‍ സഹായിക്കും അവ. നമ്മുടെയെല്ലാം വ്യക്തിഗത സ്വഭാവത്തിന്‍റെ രീതിക്ക് അനുസരിച്ചായിരിക്കും പാതകള്‍ തിരഞ്ഞെടുക്കേണ്ടത് എന്ന് മാത്രം.

ജീവിതത്തിന്‍റെ ലക്ഷ്യം വേദനയും ക്ലേശങ്ങളും അകറ്റി സന്തോഷവാന്മാരായി ഇരിക്കുക എന്നതാണ് – ഒരു വസ്തുവിനേയും, ഒരാളേയും ആശ്രയിക്കാതെ  സന്തോഷവാന്മാരായി ഇരിക്കുക എന്നര്‍ത്ഥം. പുരുഷനേയും (ശിവന്‍ എന്ന സങ്കല്‍പ്പം) പ്രകൃതിയേയും (ശക്തി എന്ന സങ്കല്‍പ്പം) സമന്വയിപ്പിച്ച്, പരസ്പരം സഹായിച്ച് ലക്ഷ്യത്തില്‍ എത്തണം. പുരുഷന് കാഴ്ച്ച ഉണ്ട്. പക്ഷേ ചലിക്കാന്‍ കഴിയില്ല. പ്രകൃതിക്ക് ചലിക്കാന്‍ കഴിയും, പക്ഷേ കാണാന്‍ കഴിയില്ല. നമ്മള്‍ നമ്മളില്‍ തന്നെ ഉള്ള, നമുക്കു സിദ്ധിച്ചിട്ടുള്ള നമ്മുടെ സര്‍വ്വ ഘടകങ്ങളും ഉപയോഗിച്ചുകൊണ്ട് ലക്ഷ്യ പ്രാപ്തിയില്‍ എത്താന്‍ പ്രവര്‍ത്തിക്കണം – പ്രജ്ഞാനം, ശരീരം, ശ്വാസം, മനസ്സ്‌ എന്നിവ എല്ലാം ഉപയോഗിക്കണം.  

രണ്ടു തരത്തിലുള്ള സൃഷ്ടികള്‍

രണ്ടു തരത്തിലുള്ള സൃഷ്ടികള്‍ ഉണ്ട്. 1. അമാനുഷീകമായ ദൈവീക സൃഷ്ടികള്‍. 2. സ്വയം നടത്തുന്ന  സൃഷ്ടികള്‍.  

അമാനുഷീകമായ ദൈവീക സൃഷ്ടിക്ക് ഈശ്വര സര്‍ഗ്ഗം എന്ന് പറയുന്നു. “ഈശ്വരന്‍” എന്നാല്‍ ദൈവം – പ്രകൃതിയും പുരുഷനും ചേര്‍ന്നുള്ള നില. “സര്‍ഗ്ഗം” എന്നാല്‍ സൃഷ്ടി. “ഈശ്വര സര്‍ഗ്ഗ”ത്തിനുള്ള മറ്റൊരു പേരാണ് ഭൌതിക സര്‍ഗ്ഗം – ഈ പദാര്‍ത്ഥ ലോകത്തിന്‍റെ സൃഷ്ടി എന്ന് അര്‍ത്ഥം. ഈശ്വരന്‍ എന്നത് ഉയര്‍ന്ന ഒരു പരമാര്‍ത്ഥത ആണ്. സൃഷ്ടിയുടെ ഘടനയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നത് ഈശ്വരന്‍ ആണ്.

മനുഷ്യന്‍ സ്വയം നിര്‍മിച്ച സൃഷ്ടികള്‍ക്ക് “ബുദ്ധി സര്‍ഗം” എന്ന് പറയുന്നു. ബുദ്ധി എന്ന് സംസൃതത്തില്‍ വിവക്ഷിക്കുന്നത്, നമ്മില്‍ തന്നെ ഉള്ള ധിഷണയുടെ മണ്ഡലത്തിനെ ആണ് – സ്വയം അറിയാനും മറ്റുള്ളതെല്ലാം അറിയാനും ഉള്ള കഴിവുണ്ടതിന്. “ബുദ്ധി സര്‍ഗ്ഗ” ത്തിനുള്ള മറ്റൊരു പേരാണ് പ്രത്യയ സര്‍ഗ്ഗം – മനുഷ്യന്‍റെ ബുദ്ധിയുടെ സൃഷ്ടികളാണ് അത്.

ഈശ്വര സര്‍ഗ്ഗത്തിന്‍റെ ലക്ഷ്യം ഓരോ വ്യക്തികളായി ശരീരത്തോട് കൂടി നില്‍ക്കുന്ന ആത്മാക്കള്‍ക്ക് അവരുടെ വേദനകളേയും, ക്ലേശങ്ങളേയും മറികടക്കാനും അവരുടെ ശരീരത്തിനുള്ളില്‍ ഒളിച്ചു നിലകൊള്ളുന്ന സ്വ-ആത്മത്വം കണ്ടെത്താനും ആവശ്യമായ ഭൌതിക സാഹചര്യം ഒരുക്കുക എന്നതാണ്. ആ ലക്ഷ്യത്തിലെത്താനുള്ള പരമ പ്രധാനമായ ഉപകരണം മനസ്സ് ആണ്. 

നമ്മുടെ കഴിവുകളുടെ മണ്ഡലങ്ങള്‍ പലതാണ്. സ്നേഹിക്കാനുള്ള കഴിവ്, സഹജീവികളോട് സഹാനുഭൂതി തോന്നാനുള്ള കഴിവ്, വെറുക്കാനും, അസൂയ തോന്നാനും ഉള്ള കഴിവ് എന്ന് തുടങ്ങി. ഇതോടൊപ്പം തന്നെ സ്വതന്ത്ര ഇച്ഛ അല്ലെങ്കില്‍ മന:സാക്ഷി എന്ന ഒരു മഹത്തായ കഴിവും ഉണ്ട്. ഇതെല്ലാം വച്ച് വേണം ഈ ലോകത്തില്‍ പ്രവര്‍ത്തിക്കാനും ലക്ഷ്യത്തിലേക്ക് മുന്നേറാനും.

മേല്‍പ്പറഞ്ഞ കഴിവിന്‍റെ മണ്ഡലങ്ങളും, ഉപകരണങ്ങളും, സാഹചര്യങ്ങളും ഉപയോഗിച്ച് നമ്മള്‍ നമ്മുടേതായ സ്വകാര്യ സൃഷിടികള്‍ നടത്തുന്നു. നമ്മുടെ അശ്രദ്ധയോ, അത്യാസക്തിയോ നമ്മുടെ മന:സാക്ഷിക്ക് എതിരെ പ്രവര്‍ത്തിക്കും. ഇവ രണ്ടും നമ്മളുടെ മാത്രമായ  വളരെ പ്രത്യേകമായ, വിരൂപമായ, ഒരു സ്വകാര്യ ലോകം സൃഷ്ടിച്ച്, സ്വയം ഏല്‍പ്പിച്ച ദുഃഖവും ദുരിതവും അനുഭവിച്ച് അതില്‍ നിവസിക്കും. അങ്ങിനെ നമ്മള്‍ ഒരേ സമയത്ത് രണ്ടു സമാന്തര പ്രപഞ്ചങ്ങളില്‍ ആണ് കഴിഞ്ഞ് കൂടുന്നത്. ഒന്നു പരമ പരമാര്‍ത്ഥത്താല്‍ സൃഷ്ടിതം, മറ്റേത് സ്വയം സൃഷ്ടിച്ചതും. നമ്മുടെ സൃഷ്ടി വളരെ മനോഹരമാകാനും അതേപോലെ തന്നെ വളരെ വിരൂപമാകാനും ഉള്ള സാദ്ധ്യത ഒരുപോലെ  ഉണ്ട്.

ബുദ്ധി അല്ലെങ്കില്‍ മന:സ്സാക്ഷിയുടെ ഹാനിയും, ദുഃഖങ്ങളുടെ ആരംഭവും 

നമ്മുടെ ജീവിതത്തില്‍ നമ്മള്‍ നമ്മുടെ മന:സാക്ഷി (വിവേചന ബുദ്ധി) ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സമ്പൂര്‍ണ ആരോഗ്യത്തോടുകൂടിയ ഒരു യാഥാര്‍ത്ഥ്യം ആണ് സൃഷ്ടിക്കപ്പെടുന്നത്. അതുപയോഗിച്ചു നമ്മള്‍ തന്നെ സൃഷ്ടിച്ച മറ്റു അനാരോഗ്യ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയും. ബുദ്ധന്‍റെ ജീവിതം അതിനു ഒരു ഉദാഹരണം ആണ്.

നമ്മള്‍ നമ്മുടെ മന:സാക്ഷിക്കു (വിവേചന ബുദ്ധിക്ക്) വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മന:സാക്ഷിക്കു ( വിവേചന ബുദ്ധിക്ക്) ഭംഗം വരുന്നു.അതിനെ തുടര്‍ന്ന് താഴെ പറയുന്ന 28 തരം ക്ഷതങ്ങള്‍ വന്നു ചേരുന്നു.

1 മുതല്‍ 11 വരെ ഉള്ള ക്ഷതങ്ങള്‍ മനസ്സിനും പത്തു ഇന്ദ്രിയങ്ങള്‍ക്കും എല്‍ക്കുന്നതാണ്. അത് ചുരുക്കി പറയാം.

  • മന:സാക്ഷിക്ക് എതിരെ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ തന്നെ മനസ്സില്‍  ഒരു വിത്ത് ഇട്ട് കൊടുക്കുകയാണ് ചെയ്യുന്നത്. ക്ഷിപ്തവും (അസ്വസ്ഥമായത്), മൂഢവും (മാന്ദ്യം വന്നത്), വിക്ഷിപ്തവും (ശ്രദ്ധയില്ലാത്ത) ആയ മനസ്സു തത്ഫലമായി വിളഞ്ഞ് ഉണ്ടാകുന്നു. തുടര്‍ന്ന് സ്വയം ഒരു വിശ്വാസക്കുറവും, സ്വയം നിന്ദയും വരുന്നു. നമുക്കു നമ്മളെ തന്നെ ഭയമായി തീരുകയും അതിന്‍റെ ഫലമായി ആ ഭയം മറ്റുള്ളവരിലേക്ക് പകര്‍ത്തുകയും ചെയ്യുന്നു. ആത്മ വഞ്ചനയുടെ തുടക്കം ഇങ്ങിനെ ആണ്. മനസ്സ്‌ ശിഥിലമാകുന്നത് ഇങ്ങിനെ ആണ്. 
  • മനസ്സിന് ഏറ്റ ക്ഷതത്തിന് പുറകെ 10 ഇന്ദ്രിയങ്ങള്‍ക്ക് വിഭ്രാന്തി സംഭവിക്കുന്നു. തുടര്‍ന്ന് വിവേചന ശക്തിയില്‍ വിട്ടുവീഴ്ച്ചകള്‍ വരും. നമ്മുടെ ക്ഷതം ഏറ്റ വിവേചന ബുദ്ധി നേര്‍ക്കാഴ്ചകള്‍ക്കും നേര്‍ ശ്രവണത്തിനും തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങും. മറ്റുള്ളവരോടുള്ള നമ്മുടെ വാക്കുകളും  പ്രവര്‍ത്തികളും നമ്മള്‍ അറിയാതെ തന്നെ ന്യൂനമായി തീരുന്നു. 

12 മുതല്‍ 19 വരെ ഉള്ള ക്ഷതങ്ങള്‍, മന:സാക്ഷി, മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നിവയ്ക്ക് ഏറ്റ ക്ഷതങ്ങള്‍ക്ക് പുറകെ,  മനുഷ്യന് മാത്രം ഉള്ള 8 സിദ്ധികളെ ബാധിക്കുന്നവയാണ്. അത് സംഗ്രഹിച്ച്  താഴെ കൊടുക്കുന്നു.

  • ഊഹം – ഊഹിക്കാനുള്ള കഴിവ്, അല്ലെങ്കില്‍ സ്വയമറിവ്, നശിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്കു അതീതമായ അറിവാണ്‌ സ്വയമറിവ്
  • ശബ്ദം – സംസാരത്തിനും ആംഗ്യംങ്ങള്‍ക്കും പുറകിലുള്ള ഉദ്ദേശ്യം മനസ്സിലാക്കാനുള്ള കഴിവ് നശിക്കുന്നു.
  • അദ്ധ്യയനം – ആശയ വിനിമയങ്ങളെ പഠിക്കാനും, ചിന്തിക്കാനും, വിശദീകരിക്കാനും ഉള്ള കഴിവുകള്‍ നശിക്കുന്നു.
  • മൂന്നുതരം വേദനകളെ അതിജീവിക്കാനുള്ള ആഗ്രഹവും, കഴിവും, ഇച്ഛയും ഇല്ലാതാകുന്നു.
  • ദാനം – കൊടുക്കാനും, പങ്കുവക്കാനും, നല്‍കാനും ഉള്ള കഴിവ് നശിക്കുന്നു. ചെറിയ ചെറിയ സ്വന്ത സുഖം മറ്റുള്ളവര്‍ക്ക് സുഖം നല്‍കാന്‍ വേണ്ടി ത്യജിക്കാനുള്ള ധൈര്യം ആണ് ദാനശക്തി. സ്വന്ത ജീവിതത്തിന്‍റെ ദൌത്യം സ്വന്ത ജീവിതത്തിനും അതീതമായി വളര്‍ന്ന് വരുന്നത് ദാനത്തിലൂടെ ആണ്. 
  • സുഹൃത്പ്രാപ്തി – നല്ല സുഹ്രുത്തുക്കളെ സമ്പാദിക്കുവാനും നിലനിര്‍ത്താനും ഉള്ള കഴിവ്. മറ്റുള്ളവരെ ബഹുമാനിക്കാനും, അവരിലെ ഹൃദയമൂല്യവും, നന്മയും തിരിച്ചറിയാനുള്ള കഴിവും കൂടി ആണത്. കാലദേശങ്ങളുടെ മതിലുകളെ തകര്‍ത്ത് മറ്റു ജീവനുമായി ബന്ധം സ്ഥാപിക്കാനുള്ള കഴിവാണ് അത്.

20 മുതല്‍ 28 വരെ ഉള്ള ക്ഷതങ്ങള്‍ 9 തരത്തിലുള്ള “തുഷ്ടി” (സംതൃപ്തി) കളെ ബാധിക്കുന്നവയാണ്. അത് ചുരുക്കി പറയട്ടെ.

  • യോഗസൂത്രത്തില്‍ പറയുന്നത് സംതൃപ്തി (തുഷ്ടി) എന്നത് സന്തോഷത്തിന്‍റെ ഭൂമികയാണെന്നാണ്. (രണ്ടാം അദ്ധ്യായം, നാല്‍പ്പത്തി രണ്ടാം സൂത്രം.) ക്ഷിപ്തവും (അസ്വസ്ഥമായത്),  മൂഢവും (മാന്ദ്യം ബാധിച്ചത്),  വിക്ഷിപ്തവും (ശ്രദ്ധയില്ലാത്ത) ആയ മനസ്സിനുള്ള മറുമരുന്നാണ് അത്. 
  • 9 തരത്തിലുള്ള തുഷ്ടി ഏതൊക്കെ  ആണെന്ന് സാംഖ്യകാരികയില്‍ വിവരിക്കുന്നുണ്ട് (പദ്യം 50). ഇവ സ്വഭാവം, ആധാരം/വഴികള്‍, കാലം, വിധി എന്നിവയെ ഒക്കെ ബാധിക്കുന്നവയാണ്. 

സ്വയം അവനവനെത്തന്നെ ഉപദ്രവിക്കാതിരിക്കാനുള്ള വഴികള്‍ യോഗ നിര്‍ദ്ദേശിക്കുന്നുണ്ട്‌. അഹിംസ പരിശീലിക്കാനാണ് യോഗ ഉപദേശിക്കുന്നത്. സ്വന്തം മന:സാക്ഷിയെ ദ്രോഹിച്ചു ആന്തരികമായ സംഘട്ടനങ്ങള്‍ സൃഷ്ടിക്കരുത് എന്ന് പ്രത്യേകം പറയുന്നു. അതുകൊണ്ട് തന്നെ ആണ് യോഗ ഏറ്റവും ആദ്യം യമ, നിയമങ്ങള്‍ പഠിപ്പിക്കുന്നത്. 

നമ്മള്‍ നമ്മളെത്തന്നെ ദ്രോഹിക്കുന്നത് എന്തുകൊണ്ടാണ്? നമ്മളില്‍ തന്നെ ആഴത്തില്‍ വര്‍ത്തിക്കുന്ന നമ്മുടെ തന്നെ സംസ്കാരവും, വാസനകളും ആണ് അതിനു കാരണം. അബോധ മനസ്സില്‍ ആഴത്തില്‍ മുദ്രണം ചെയ്യപ്പെട്ട് കിടക്കുന്ന പഴയ അനുഭവങ്ങളുടെ/ജീവിത പാഠങ്ങളുടെ ബാക്കിപത്രമാണ് അവ. അവ പലപ്പോഴും നമ്മുടെ മന:സാക്ഷിക്കെതിരെ പെരുമാറാന്‍ ശക്തിയായി പ്രേരിപ്പിക്കും.

മേല്‍പറഞ്ഞ ഓരോ സംഗതിയും വളരെ ആഴത്തിലുള്ള കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കി ഇരിക്കേണ്ട കാര്യങ്ങള്‍ ആനുഅറ്റ് അടങ്ങിയിട്ടുള്ളതാണ്. സാംഖ്യ എന്ന വിഷയത്തിന്‍റെ ആഴവും പരപ്പും പ്രാപ്തിയും ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രമാണ് അത് ഇവിടെ കൊടുത്തത്. 

യോഗ: സ്വയം ഏല്‍പ്പിച്ച ദുരിതങ്ങളും അതില്‍ നിന്നും ഉള്ള മോചനവും, ഇപ്പോള്‍ ഇവിടെ വച്ചുതന്നെ    

ശരീരത്തിന്‍റെയും മനസ്സിന്‍റെയും സന്തുലിതമായ ആവശ്യങ്ങള്‍ക്ക് ഏറ്റവും ആദ്യമായി വേണ്ടത്, സന്തുലിതമായ ഒരു ജീവിതം നയിക്കുക എന്നതാണ്. പിന്നെ കൂടുതല്‍ കൂടുതല്‍ സമയം തെളിഞ്ഞതും, പ്രശാന്തവും, നിശ്ചലമായതും ആയ ഒരു മനസ്സ്‌ വളര്‍ത്തി എടുക്കാന്‍ വേണ്ടി  ശ്രമിച്ചുകൊണ്ടിരിക്കണം. മനസ്സിനെ അകത്തേക്ക് തിരിക്കുന്ന കല സ്വായത്തമാക്കണം. പിന്നെ മനസ്സിനെ അകത്തുള്ളത് കാണാനും കണ്ടത് എന്തായാലും അത് സര്‍വ്വാത്മന അംഗീകരിക്കാനും പഠിപ്പിക്കണം. അതിനു ശേഷം, തെറ്റും ശരിയും, ആരോഗ്യപരമായതും അല്ലാത്തതും, ശുഭകരമായതും അല്ലാത്തതും, ശുദ്ധമായ സ്വ-ആത്മത്വം ഏതാണെന്നും അല്ലാത്തത് ഏതാണെന്നും ഒക്കെ മനസ്സിലാക്കി നന്മ മാത്രം തിരഞ്ഞെടുക്കാന്‍ പരിശീലിപ്പിക്കണം. 

അഷ്ടാംഗ യോഗത്തിലെ അവസാനത്തെ മൂന്നു അംഗങ്ങള്‍ “സംയമം” എന്നാണ് പതാഞ്ജലി മഹര്‍ഷി യോഗസൂത്രത്തില്‍ (അദ്ധ്യായം 3) പറഞ്ഞിരിക്കുന്നത്.  ധാരണ, ധ്യാനം, സമാധി എന്നിവയാണ് അത്. സംയമം എന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയ ആണ്. അതിലൂടെ കൂടുതല്‍ കൂടുതല്‍ ഉള്ളിലേക്ക് കടന്ന് ചെന്ന്, നമ്മുടെ ഉള്ളില്‍ തന്നെ ആഴത്തിലുള്ള ഭാവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും.

നമ്മുടെ ഉള്ളിലുള്ള സ്വ-ആത്മത്വം കണ്ടെത്താനും, സ്വ-ആത്മത്വത്തിനെയും സ്വ-ആത്മത്വം അല്ലാത്തതിനേയും ഒരേസമയം അടുത്തടുത്ത് കാണാനും, അതിലൂടെ സ്വ-ആത്മത്വം ഏതാണെന്നും മനസ്സിലാക്കാനും അതുമൂലം കഴിയും. അങ്ങിനെ, നമ്മുടെ തന്നെ എല്ലാ അംശങ്ങളിലൂടെ നമ്മുടെ ഉള്ളിലെ നിത്യ സത്യം മനസ്സിലാക്കി ജീവിതത്തിന്‍റെ ഏറ്റവും വലിയ ലക്ഷ്യമായ ഭോഗവും (അനുഭവത്തിലൂടെ ഉള്ള സഫലീകരണം) അപവര്‍ഗവും (പരമമായ സ്വാതന്ത്ര്യം) അനുഭവിക്കാന്‍ ഇടവരുത്തന്ന ഒന്നാണ് അതിപുരാതനമായ സാംഖ്യ എന്ന ഭാരതീയ ദര്‍ശനം.