എന്നാണു ഈ പരിവർത്തിയുടെ വിഷമവൃത്തം ആദ്യമായി നമ്മള്‍ തുടങ്ങിയത് എന്ന് നമുക്കറിയില്ല. കാരണം അത്ര അഗാധമായ മനസ്സിന്‍റെ ഭാഗങ്ങളിലേക്ക് നമ്മുടെ ബോധമനസ്സിന് കടന്നു ചെല്ലാന്‍ ആവുന്നില്ല.  മനസ്സിന്‍റെ അഗാധമായ ആഴങ്ങളിലാണ് കര്‍മ്മത്തിന്‍റെയും, കര്‍മ്മ ഫലത്തിന്‍റെയും വിത്തുകള്‍ ആലേഖനം ചെയ്യപ്പെട്ടു കിടക്കുന്നത്. യോഗ ശാസ്ത്രത്തില്‍ “ചിത്ത”ത്തിലാണ് കര്‍മ്മങ്ങള്‍ ശേഖരിച്ച് വക്കുന്നത് എന്ന് പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറകേ പറയുന്നുണ്ട്.

പ്രത്യക്ഷമായ പ്രകൃതിയിലെ രണ്ട് പ്രധാന വിഭവങ്ങളാണ് ഊര്‍ജവും കാന്തശക്തിയും. രണ്ടും നമുക്ക് ദൃഷ്ടിഗോചരങ്ങളല്ല. ആധുനിക ശാസ്ത്രത്തിനു പോലും ഈ രണ്ട് പ്രതിഭാസങ്ങളെക്കുറിച്ച്  കുറേ ഒക്കെ അറിയാമെന്നാല്ലാതെ പൂര്‍ണമായി ഒന്നും ഇപ്പോഴും അറിയില്ല; പ്രത്യേകിച്ച് കാന്തശക്തിയെക്കുറിച്ച്. അറിയുന്ന പരിമിതമായ അറിവുകള്‍ ഉപയോഗിച്ചു തന്നെ ദൂര വ്യാപകങ്ങളായ ശാസ്ത്ര നേട്ടങ്ങളാണ് നമുക്കിന്നുള്ളത്. ക്രെഡിറ്റ്‌ കാര്‍ഡിന്‍റെ മാഗ്നെറ്റിക്ക് സ്ട്രിപ്പില്‍ ദൃഷ്ടി ഗോചരമല്ലാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിവരണങ്ങള്‍ അത്തരം  പ്രയുക്ത ശാസ്‌ത്രത്തിന് ഒരു ഉദാഹരണം മാത്രം. ദേശാടന പക്ഷികള്‍ , ആയിരക്കണക്കിന് കാതം ദൂരം, ഭൂഖണ്ഡങ്ങളും കടന്നു, പറന്ന് വന്ന് വര്‍ഷാവര്‍ഷം കൃത്യമായി ഒരേ വൃക്ഷത്തിന്‍റെ, ഒരേ ശാഖയില്‍ വന്നിരിക്കുന്നത് ഭൂമിയുടെ മാഗ്നെറ്റിക് മെറിഡിയനുമായി ജി.പി.എസ് പോലുള്ള ബന്ധം അവ പുലര്‍ത്തുന്നത് കൊണ്ടാണെന്ന് ആധുനിക ശാസ്ത്രം അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു ശാസ്ത്രജ്ഞാനവും ഇല്ലാത്ത പക്ഷികള്‍ക്ക് അത് എങ്ങിനെ സാദ്ധ്യമാകുന്നു എന്ന് ആലോചിക്കുമ്പോള്‍, നമുക്കറിയാത്ത കാര്യങ്ങള്‍ ആണ് അറിയുന്ന കാര്യങ്ങളേക്കാള്‍ ഏറെ ഈ പ്രപഞ്ചത്തില്‍ എന്ന് ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഇത്രയും പറഞ്ഞത്.

പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുന്ന ഒരു ഭൗതിക ബാഹ്യ ലോകവും (ആധുനിക ശാസ്ത്രം കൈകാര്യം ചെയ്യുന്ന ലോകം) പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയാത്ത ഒരു ആന്തരിക ലോകവും ചേര്‍ന്നതാണ് നമ്മുടെ ഈ പ്രപഞ്ചം. രണ്ടും അതാതു നിയമ വ്യവസ്ഥകള്‍ക്ക് അധീനവും, അതേസമയം ഭൂമിയിലെ നമ്മുടെ സാര്‍ത്ഥക ജീവിതത്തിന് ഈ രണ്ടു ലോകവും  ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതും ആണ് എന്ന് നമ്മള്‍ അറിയണം. ഈ കാണുന്നതു മാത്രമല്ല നമ്മുടെ ജീവിതത്തെയും ജീവിതാനുഭവങ്ങളെയും സ്വാധീനിക്കുന്നത് എന്ന് നമ്മള്‍ മനസ്സിലാക്കണം. മനസ്സ് എന്നത്‌, കാണാന്‍ കഴിയാത്ത, നമ്മുടെ ഒരു ഊര്‍ജ ഉപകരണമാണ്. മനസ്സാണ് ഈ രണ്ട് ലോകത്തിന്‍റെയും ഇടയിലുള്ള സമ്പര്‍ക്ക മുഖം. മനസ്സിന്‍റെ ഘടനയും, പ്രവര്‍ത്തന രീതിയും, കര്‍മ്മ നിയമങ്ങളും മനസ്സിലാക്കി അനുസരിച്ചുള്ള ആന്തരികവും ബാഹ്യവുമായ ജീവിതം നയിച്ചാല്‍ മാത്രമേ, നമ്മുടെ ജീവിതത്തിന്‍റെ  യഥാര്‍ത്ഥത്തിലുള്ള ഉദ്ദേശ്യം നിറവേറ്റാന്‍ നമുക്ക് കഴിയുകയുള്ളൂ.

ആധുനിക മന:ശാസ്ത്രം ഇന്ന്  അറിഞ്ഞിരിക്കുന്നതിനേക്കാള്‍ വളരെ അധികം കാര്യങ്ങള്‍ ഭാരതത്തിലെ പുരാതന ഋഷിമാര്‍ക്ക് അറിയാമായിരുന്നു. സാംഖ്യ-യോഗ-വേദാന്ത ശാസ്ത്രങ്ങളില്‍  നമ്മുടെ മനസ്സിന്‍റെ ഘടനയും പ്രവര്‍ത്തനവും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. കര്‍മ്മ നിയമങ്ങളുടെ പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കുന്നതിന്  സഹായകരമാകും എന്നുള്ളതുകൊണ്ട്, വളരെ ചുരുക്കത്തില്‍ മനസ്സിന്‍റെ ഘടന ഭാരതീയ ശാസ്ത്രങ്ങളില്‍ എങ്ങിനെ വിവരിക്കുന്നു എന്ന് ഇവിടെ വ്യക്തമാക്കുന്നത് ഉചിതമായിരിക്കും.

വേദാന്തത്തില്‍ മനസ്സിനെ “അന്തക്കരണം” എന്നാണു പറയുന്നത്. അതായത് ആന്തരികമായ ഒരു ഉപകരണം എന്നര്‍ത്ഥം. പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിന് നാല് ഭാഗങ്ങള്‍  അല്ലെങ്കില്‍ നാല് പ്രത്യേക കഴിവുകള്‍ ഉണ്ട്. ആ നാല് ഭാഗങ്ങള്‍ ഇതൊക്കെയാണ്. (1) മനം – അതായത് പാശ്ചാത്യ മന:ശാസ്ത്രത്തില്‍ പൊതുവേ “കോണ്‍ഷ്യസ് മൈന്‍ഡ്” എന്ന് വിവക്ഷിക്കുന്ന ബോധമനസ്സ്. [കുറിപ്പ്: പാശ്ചാത്യ മന:ശാസ്ത്രത്തില്‍ “കോണ്‍ഷ്യസ് മൈന്‍ഡ്” എന്ന് ഉദ്ദേശിക്കുന്നത്, ഭാരതീയ വേദാന്ത ശാസ്ത്രത്തിലെ മനസ്സും, ബുദ്ധിയും അഹങ്കാരവും കൂടി ചേര്‍ന്ന മനസ്സിന്‍റെ ഭാഗങ്ങളെ എല്ലാം ഒന്നാകെ ചേര്‍ത്തു കൊണ്ടാണ്. ഇതില്‍ നിന്നും ഭാരതീയ മന:ശാസ്ത്രം എത്ര ആഴത്തില്‍ മനസ്സിനെ പഠിച്ചിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ഭാരതീയ വിജ്ഞാനത്തില്‍ ‘മനം’  എന്ന ഈ ഭാഗം താഴ്ന്ന ശ്രേണിയില്‍ പെട്ട മനമാണ്‌. കാരണം ഉയര്‍ന്ന ശ്രേണിയില്‍ പെട്ട വേറെ ഒരു മനം ഉണ്ട്. ഇപ്പോള്‍ തല്‍ക്കാലം മനുഷ്യ മനസ്സിന്‍റെ ഘടനയും പ്രവര്‍ത്തന രീതിയും മാത്രം ഭാരതീയ വിജ്ഞാനത്തില്‍ എങ്ങിനെ ആണെന്ന് നോക്കാം ] (2) ബുദ്ധി, അതായത്, തെറ്റും ശരിയും തിരിച്ചറിയാനുള്ള മനസ്സിന്‍റെ വിവേചന ശക്തി. (3) അഹങ്കാരം, എന്നാല്‍, “ഞാന്‍” മറ്റ് സര്‍വ്വതില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന വ്യക്തിത്വം എന്ന മനസ്സിന്‍റെ ബോധം. അതായത് ഞാന്‍ എന്ന ഭാവം (4) ചിത്തം, എന്നാല്‍, കഴിഞ്ഞ കാല പ്രവൃത്തികളും ആ പ്രവൃത്തികള്‍ നല്‍കിയ വികാരങ്ങളുടെ ഓര്‍മ്മകളും  എല്ലാം വളരെ കൃത്യതയോടെ ഒരു ഹാര്‍ഡ് ഡിസ്കിലെന്ന പോലെ സൂക്ഷിച്ചു വയ്ക്കുന്ന ഒരു ഭാഗം. പാശ്ചാത്യ മന:ശാസ്ത്രത്തില്‍ “സബ്-കോണ്‍ഷ്യസ് മൈന്‍ഡ്” എന്ന് വിവക്ഷിക്കുന്ന “ഉപബോധമനസ്സ്” അല്ലെങ്കില്‍ “അബോധമനസ്സ്”. മനസ്സിന്‍റെ കാണാക്കയങ്ങളാണ് ഇപ്പറഞ്ഞ “ചിത്തം”. ഈ നാല് ഭാഗങ്ങള്‍ ഉള്ള ഒരു ആന്തരിക ഉപകരണം ആണ് മനസ്സ്. ശരീരം ഒരു വാഹനവും ആ വാഹനത്തിന്‍റെ ഭദ്രമായ യാത്രക്ക് ആവശ്യമായ ഒരു ഉപകരണവും ആണ് മനസ്സ് എന്ന് നമ്മള്‍ പൊതുവേ വിവക്ഷിക്കുന്ന, അദ്വൈതത്തിലെ ‘അന്ത:ക്കരണം’. അന്ത:ക്കരണം എന്നാല്‍, ആന്തരികമായ ഉപകരണം എന്നര്‍ത്ഥം.

മനസ്സ് നിത്യ ജീവിതത്തില്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഒരു മാമ്പഴത്തിന്‍റെ ചെറിയ ഉദാഹരണത്തിലൂടെ വിവരിക്കാം. നല്ല പഴുത്തു തുടുത്ത ഒരു മാമ്പഴം കണ്ണുകൊണ്ട് കാണുമ്പോള്‍, കണ്ണ് എന്ന ആ ഇന്ദ്രിയം ആ അനുഭവത്തിന്‍റെ വിശദാംശങ്ങള്‍  ബോധ മനസ്സില്‍ എത്തിക്കുന്നു. നാക്ക് ആ മാമ്പഴം രുചിക്കുമ്പോള്‍, നാക്ക് എന്ന ആ ഇന്ദ്രിയം ആ അനുഭവത്തിന്‍റെ വിശദാംശങ്ങള്‍ ബോധ മനസ്സില്‍ എത്തിക്കുന്നു. കരങ്ങള്‍ ആ മാമ്പഴം സ്പര്‍ശിക്കുമ്പോള്‍ ത്വക്ക് എന്ന ആ ഇന്ദ്രിയത്തിന്‌ ഉണ്ടായ ആ അനുഭവത്തിന്‍റെ വിശദാംശങ്ങള്‍ ആ ഇന്ദ്രിയം  ബോധ മനസ്സില്‍ എത്തിക്കുന്നു. അതുപോലെ ആ മാമ്പഴത്തെ സംബന്ധിച്ചു കാതുകള്‍ കേട്ട അനുഭവങ്ങളും ബോധ മനസ്സില്‍ എത്തുന്നു. ബോധ മനസ്സ് ആ അനുഭവങ്ങള്‍ എല്ലാം വിശകലനം ചെയ്ത് ഒന്നുകില്‍ അത് ‘നല്ല മാമ്പഴം’ അല്ലെങ്കില്‍ അത് ‘ചീത്ത മാമ്പഴം’ എന്നീ രണ്ടേ രണ്ട് തീരുമാനങ്ങളില്‍ ഏതെങ്കിലും ഒരു തീരുമാനം മാത്രമായിട്ട് ആ എല്ലാ അനുഭവങ്ങളേയും    ചുരുക്കുന്നു. എന്നിട്ട് ആ വിവരം ‘അഹങ്കാരം’ എന്ന മനസ്സിന്‍റെ ‘ഞാന്‍ എന്ന’ ഭാവത്തിന് കൈ മാറുന്നു. അതിന് ശേഷം അഹങ്കാരം ആ അനുഭവവുമായി പ്രത്യേക വികാരത്തോടു കൂടി മാത്രമുള്ള ഒരു ബന്ധം സ്ഥാപിക്കുന്നു. ഒന്നുകില്‍ ആ അനുഭവത്തോടുള്ള ആസക്തി ആയിരിക്കും ആ വികാരം; അല്ലെങ്കില്‍ ആ അനുഭവത്തോടുള്ള വെറുപ്പും വിരക്തിയും ആയിരിക്കും അത്. അത്തരം വികാരം കൊണ്ട് നിറം പിടിപ്പിച്ചിട്ടാണ് –  ഒന്നുകില്‍ അഭിനിവേശത്തോടെ അല്ലെങ്കില്‍ വെറുപ്പോടെ ആണ് – അഹങ്കാരം ആ അനുഭവത്തെ മനസ്സിന്‍റെ ‘ബുദ്ധി’ എന്ന ഭാഗത്തിന് സമര്‍പ്പിക്കുന്നത്. അതായത് ആ വിഷയത്തെ സംബന്ധിച്ചിടത്തോളം ‘അഹങ്കാര’ത്തിന് ’ (ഞാന്‍ എന്ന വ്യക്തിത്വത്തിന്) ആ വിഷയവും ആ വികാരവും രണ്ടല്ല, രണ്ടും ഒന്നായി മാറുകയാണ് . പക്ഷേ, ബുദ്ധിക്കു ലഭിച്ച ആ അനുഭവത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനുള്ള അധികാരം ബുദ്ധിക്കുതന്നെ ആണുള്ളത്. മനസ്സിന്‍റെ ഏറ്റവും ഉയര്‍ന്ന ശേഷി ബുദ്ധിക്കുതന്നെയാണ്. മനസ്സും അഹങ്കാരവും കൂടി വാങ്ങിച്ചു തന്ന ആ അനുഭവത്തെ എന്ത് ചെയ്യണം, എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കുവാനുള്ള അന്തിമമായ അധികാരം ബുദ്ധിക്കു തന്നെ ആണ്.

മനസ്സിന്‍റെ മേല്‍പ്പറഞ്ഞ  നാല് സ്വഭാവങ്ങളില്‍ കര്‍മ്മവുമായി ബന്ധപ്പെട്ടു കിടക്കുന്നത് നമ്മുടെ ബോധമനസ്സും (മനസ്സും)  അബോധ മനസ്സും (ചിത്തവും) ആണ്. അതുകൊണ്ട് അതിനെക്കുറിച്ചു കുറച്ചു കാര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

നമ്മുടെ ബോധമനസ്സും അബോധമനസ്സും
 
ഇന്ദ്രിയങ്ങളില്‍ നിന്നും നമ്മുടെ ഓരോ അനുഭവങ്ങളും ബുദ്ധിയിലേക്ക് കൈമാറുന്ന പ്രക്രിയയിലെ ഓരോ ഘട്ടവും, ചിത്തം എന്ന് വിവക്ഷിക്കുന്ന അബോധ മനസ്സിന്‍റെ വിശാലമായ ക്യാന്‍വാസില്‍ മുദ്രണം ചെയ്യപ്പെടും. അതായത് നമ്മുടെ ഓരോ അനുഭവത്തിന്‍റെയും (അത് ചിന്തകളായാലും, വാക്കുകൾ ആയാലും, പ്രവൃർത്തികൾ ആയാലും ശരി) ഒരു കോപ്പി ഉടനടി ചിത്തത്തിൽ മുദ്രിതമാകും.  ആവർത്തിച്ചു വരുന്ന അനുഭവങ്ങൾ, ആവർത്തിച്ച് ചിത്തത്തിൽ മുദ്രിതങ്ങളായി കൂടുതൽ രൂഢമൂലമാകും. അബോധ മനസ്സ് വേറെ ഒരു കാര്യം കൂടി ചെയ്യുന്നുണ്ട്. ഇന്ദ്രിയങ്ങൾ മറ്റു വസ്തുക്കളും ആയി ഇടപെടാതെ ബോധമനസ്സ് വിശ്രമം കൊള്ളുന്ന അവസരത്തിൽ, ചിത്തത്തിലെ ഈ മുദ്രണങ്ങൾ ഉണർന്നു വരും, തനിയേ. ഇന്നലെയുടെ ഓർമ്മകളായി, ചിന്തകളായി, ഭാവിയെക്കുറിച്ചുള്ള ആകാംക്ഷകളായി നമ്മുടെ നിത്യ ജീവിതത്തിൽ ഒരു പശ്ചാത്തല സംഗീതം പോലെ സദാസമയവും നിറഞ്ഞു നിൽക്കും . എപ്പോഴും മനസ്സിൽ ചിന്തകൾ ഒഴിയാതെ നിൽക്കുന്നതിനുള്ള കാരണം അതാണ്. മിക്കവാറും എല്ലാ ചിന്തകളും അബോധമനസ്സിൽ നിന്നും ഉയരുന്ന  പഴയ മുദ്രങ്ങളാകുന്ന പുകച്ചുരുകളാണ്. അല്ലാതെ ബോധപൂർവ്വം ഉള്ള ബോധ മനസ്സിന്‍റെ ചിന്തകളല്ല. അബോധമനസ്സിൽ നിന്നും ഈ പഴയ മുദ്രണങ്ങളുടെ പുകച്ചുരുളുകൾ അനസ്യൂതം ഉയരുന്നതുകൊണ്ട്, നമ്മുടെ മനസ്സിൽ എപ്പോഴും എന്തെങ്കിലും ഒക്കെ ചിന്തകളാണ് സദാ സമയവും. അത് എപ്പോഴും ഉള്ള നില ആയതുകൊണ്ട്, അതിൽ ഒരു അസാധാരണത്വവും കാണാൻ നമുക്ക് കഴിയാതെ പോകുന്നു. അങ്ങിനെ അബോധ മനസ്സിലെ പഴയ മുദ്രണങ്ങളുടെ പുകച്ചുരുളുകളുമായി നമ്മൾ താദാത്മ്യം പ്രാപിച്ച് ഒരു തരം സ്വാപ്നാടനത്തിലാണ് നമ്മൾ മിക്കവാറും എപ്പോഴും തന്നെ.

താഴെ പറയുന്ന ചെറിയ അനുഭവങ്ങൾ  നിത്യജീവിതത്തിൽ നിങ്ങൾക്ക് പരിചിതങ്ങളല്ലേ?

ഒരു പുതിയ ആളെ ആദ്യമായി കണ്ടു  പരിചയപ്പെടുകയാണ് നിങ്ങൾ എന്നിരിക്കട്ടെ. പരസ്പരം പേരുകൾ പറഞ്ഞു പരിചയപ്പെട്ടു എങ്കിലും, ഒരു പത്തു മിനിറ്റു കഴിയുമ്പോൾ, നിങ്ങൾക്ക് അയാളുടെ പേര് ഓർമ്മയിൽ ഉണ്ടാവില്ല. കാരണം അയാൾ പേര് പറഞ്ഞ സമയത്ത്, നിങ്ങളുടെ ബോധമനസ്സ് , അബോധമനസ്സിലെ ചിന്തകളുടെ കൂടെ ആയിരുന്നു. ബോധ മനസ്സിനെ അബോധ മനസ്സില്‍ നിന്നും ഉയര്‍ന്നുവരുന്ന ചിന്തകള്‍ എപ്പോഴും അപഹരിച്ചു കൊണ്ടേ ഇരിക്കുന്നു. അത്രമാത്രം ബലവത്താണ് അബോധ മനസ്സിന്‍റെ  തട്ടകത്തില്‍ കാലകാലന്തരമായി ശേഖരിച്ചു വച്ചിരിക്കുന്ന “സംസ്കാരത്തി”ന്‍റെ വിത്തുകള്‍.


വീട് പൂട്ടി പുറത്തേക്ക്  ഇറങ്ങി, ഒരു അഞ്ചു മിനിട്ട്  കഴിയുമ്പോൾ ഓർക്കും ‘ഞാൻ വീട് പൂട്ടിയോ?’ കാരണം, വീട് പൂട്ടുന്നത് ബോധ മനസ്സിന്‍റെ പൂര്‍ണ സാന്നിദ്ധ്യത്തില്‍ നിര്‍വഹിക്കേണ്ട  പ്രവർത്തനം ആകേണ്ടതായിരുന്നു. എങ്കിലും അബോധമനസ്സിൽ നിന്നും എത്തിയ ചിന്തകൾ ബോധ മനസ്സിനെ അതിനകം റാഞ്ചിക്കഴിഞ്ഞതുകൊണ്ട് വീട് പൂട്ടിയ കാര്യം അറിയാതെ പോയി! അങ്ങിനെ അബോധ മനസ്സിലാണ് നമ്മൾ (നമ്മള്‍ എന്നാല്‍  നമ്മുടെ ബോധമനസ്സ് എന്ന് മനസ്സിലാക്കണം) സദാസമയവും വസിക്കുന്നത് സാധാരണയായി. ബോധ മനസ്സിലല്ല മിക്കവാറും എല്ലായിപ്പോഴും ചേതനാപ്രജ്ഞാനം അല്ലെങ്കില്‍ ‘അറിവ്’ അര്‍പ്പിച്ചു നിലകൊള്ളുന്നത് എന്ന് അര്‍ത്ഥം.


വാഹനങ്ങളിൽ യാത്ര  ചെയ്യുമ്പോൾ നമ്മൾ പുറത്തേക്കു നോക്കി ഇരിക്കാറുണ്ട്. പക്ഷേ, ഒരു മണിക്കൂർ യാത്രക്ക് ശേഷം വഴിയിൽ കണ്ട കാഴ്ചകള്‍  എന്തൊക്കെ ആയിരുന്നു എന്ന് ചോദിച്ചാൽ കൃത്യമായി വിശദശാംശങ്ങളോടെ അധികം ഒന്നും പറയാനുണ്ടാവില്ല. കാരണം, എപ്പോഴും നമ്മളുടെ ബോധ മനസ്സ്,  അബോധമനസ്സിൽ നിന്നും ഉയർന്നു വന്ന ചിന്തകളോടൊപ്പം ആയിരുന്നു. അതായത്, നമ്മുടെ ബോധമനസ്സ് അബോധമനസ്സിലെ പഴയ ആലേഖനങ്ങള്‍ ഉണര്‍ത്തിയ ചിന്തകളില്‍ വ്യാപ്രുതമായിരിക്കുകയായിരുന്നു  എന്നര്‍ത്ഥം. ബോധമനസ്സ് അര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളില്‍ മാത്രമേ ‘അറിയല്‍’ എന്നത്‌ സംഭവിക്കുന്നുള്ളൂ.


വാക്കു തര്‍ക്കങ്ങളില്‍  ഏര്‍പ്പെടുമ്പോള്‍ ഒരാള്‍ പറയുന്നതിനുള്ള മറുപടി മറ്റൊരാള്‍ ഉടനടി തത്സമയം തന്നെ പറയുന്നു. സ്വിച്ച് ഇടുമ്പോള്‍ വിളക്ക് തെളിയുന്നതുപോലെ താമസം വിനാ ആണ് മറുപടികള്‍ വരുന്നത്. ബോധമനസ്സും ബുദ്ധിയും ചേര്‍ന്ന് എടുക്കുന്ന മറുപടി ഒന്നും അല്ല അത്. അബോധമനസ്സിലെ പഴയ അനുഭവങ്ങള്‍ തനിയാവര്‍ത്തനം ചെയ്ത മറുപടികള്‍ ആണവ.


സൂചിയില്‍ നൂല് കോര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും അറിയാം എത്ര മാത്രം ബോധമനസ്സിന്‍റെ അര്‍പ്പണത്തോടെ, ശ്വാസം അടക്കിപ്പിടിച്ചാണ് നമ്മള്‍ സൂചിയില്‍ നൂല്‍ കോര്‍ക്കുന്നത് എന്ന്.  ആദ്യം പറഞ്ഞ നാല് ഉദാഹരണങ്ങളും അബോധമനസ്സിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങള്‍ ആണെങ്കില്‍, ഇപ്പോള്‍ പറഞ്ഞത് ബോധമനസ്സിന്‍റെ പ്രവര്‍ത്തനത്തിനുള്ള ഉദാഹരണം ആണ്. ബോധ മനസ്സിന്‍റെ പ്രവര്‍ത്തനത്തിനുള്ള മറ്റൊരു ഉദാഹരണം ഞാണിന്മേല്‍ നടക്കുന്ന അഭ്യാസിയുടെ സൂക്ഷ്മതയില്‍ കാണാം. ബോധമനസ്സിന്‍റെ പൂര്‍ണ്ണ സമര്‍പ്പണത്തോടുകൂടി, ബുദ്ധിയുടെ സാന്നിദ്ധ്യത്തില്‍ നിത്യജീവിതത്തിലെ ഇടപാടുകളില്‍ ഏര്‍പ്പെടുമ്പോഴാണ് ജീവിതത്തില്‍ സമാധാനവും ശാന്തിയും കൈവരുന്നത്. ഇന്ന് നമ്മുടെ ജീവിതത്തിലെ ഇടപാടുകളെ നിയന്ത്രിക്കുന്നത്‌ ഏതാണ്ട് പൂര്‍ണമായിത്തന്നെ അബോധമനസ്സിലെ സംസ്കാരങ്ങള്‍ – അതായത് പഴയ കര്‍മ്മങ്ങളുടെ മുളച്ചുവരുന്ന വിത്തുകളാണ്.

ടോര്‍ നോറട്രാണ്ടേഴ്സ് എന്ന ഒരു ഡെന്മാര്‍ക്ക്‌ എഴുത്തുകാരന്‍ ഉണ്ട്. ശാസ്ത്രീയ വിഷയങ്ങളെ കുറിച്ചു അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട്. മനുഷ്യ മനസ്സിനേയും ചേതനാ പ്രജ്ഞാനത്തേയും കുറിച്ചു ശാസ്ത്രീയ പരീക്ഷണങ്ങളില്‍ നിന്നും വെളിവാക്കപ്പെട്ട  രസകരമായ പല വിവരങ്ങളും അദ്ദേഹം ക്രോഡീകരിച്ചിട്ടുണ്ട്, തന്‍റെ “ദി യൂസര്‍ ഇല്ലുഷന്‍” എന്ന ഗ്രന്ഥത്തില്‍. ആ കൃതിയില്‍ ശാസ്ത്രീയ ഗവേഷണങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നമ്മുടെ ബോധ മനസ്സിനെക്കുറിച്ചു ഇങ്ങിനെ പറയുന്നുണ്ട്. നമ്മുടെ ബോധമനസ്സിന് ഒരു സെക്കന്‍റില്‍ 15-20 ബിറ്റ് വിവരങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയിന്നുള്ളൂ. (വിവര സാങ്കേതിക വിദ്യയില്‍ വിവരങ്ങളുടെ  വ്യാപ്തി അളക്കുന്ന തോതാണ് ബിറ്റ്). പക്ഷേ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയമായി യഥാര്‍ത്ഥത്തില്‍ 10-12 ബില്ല്യന്‍ ബിറ്റ് (അതായത് 1000 – 1200 കോടി ) വിവരങ്ങള്‍ ഓരോ സെക്കന്‍റിലും നമ്മുടെ മുന്‍പിലുണ്ട്. പത്ത് ബില്ല്യന്‍ പിക്സെല്ലുകള്‍ നമ്മുടെ കണ്ണുകള്‍ക്ക് തന്നെ ഓരോ സെക്കന്‍റിലും ലഭ്യമായുണ്ട്. അതു കൂടാതെ മറ്റൊരു ബില്ല്യന്‍ ബിറ്റ് വിവരങ്ങള്‍ ഓരോ സെക്കന്‍റിലും നമ്മള്‍ ത്വക്ക് കൊണ്ട് സ്പര്‍ശിക്കുന്നുണ്ട്. പിന്നെ മറ്റ് മൂന്ന് ഇന്ദ്രിയങ്ങളും ചേര്‍ന്ന് വേറെ ഒരു ബില്ല്യന്‍ ബിറ്റ്സിന്‍റെ  ലഭ്യതയും നമുക്ക് ഉണ്ട്. പക്ഷേ ഒരു സെക്കണ്ടില്‍ നമ്മളുടെ ബോധമനസ്സിന്‍റെ അറിയല്‍ നടക്കുന്നത് വെറും 15 ബിറ്റുകളെ സംബന്ധിച്ചു മാത്രം! ഇതില്‍ നിന്നും എത്രമാത്രം പ്രവര്‍ത്തന ക്ഷമതക്കുറവോടെ ആണ് നമ്മള്‍ നമ്മുടെ ബോധമനസ്സ് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് കാണാം. മനസ്സ് എന്നത് നമ്മുടെ ഉപകരണമാണ്; നമ്മള്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണമാണ്. നമ്മള്‍ ബോധപൂര്‍വ്വം നമ്മുടെ ബോധ മനസ്സില്‍ വര്‍ത്തിക്കാതെ ഇരിക്കുമ്പോള്‍ നമ്മുടെ അബോധ മനസ്സാണ് പകരം അവിടെ വര്‍ത്തിക്കുനത് എന്ന് കാണാം. ഈ നില മാറ്റി എടുക്കേണ്ടാതായിട്ടുണ്ട്.

ബഞ്ചമിന്‍ ലിബെറ്റിന്‍റെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍

ബെഞ്ചമിന്‍ ലിബെറ്റ് (1916 –  2007) പ്രശസ്തനായ ഒരു അമേരിക്കന്‍ ന്യൂറോ ഫിസിയോളജിസ്റ്റ് ആയിരുന്നു. മനുഷ്യ മനസ്സില്‍ ചിന്തകള്‍ രൂപം കൊള്ളുന്നത് എങ്ങിനെയാണെന്നുള്ളതിനെ കുറിച്ചു ദൂരവ്യാപകങ്ങള്‍ ആയ വിവരങ്ങള്‍ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗവേഷണ ഫലങ്ങള്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ  വളരെ അധികം വാദപ്രതിവാദങ്ങള്‍ക്ക് അവ ഇടവരുത്തിയിട്ടും ഉണ്ട്. അദ്ദേഹത്തിന്‍റെ പ്രശസ്തമായ “മൈന്‍ഡ് ടൈം” എന്ന കൃതി പ്രസിദ്ധീകൃതമാകുന്നത് 2004-ലാണ്. അദ്ദേഹത്തിന്‍റെ അതുവരെ ഉള്ള ഗവേഷണങ്ങളിലൂടെ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍ ആ കൃതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഗവേഷണ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം കണ്ടുപിടിച്ചിട്ടുള്ള ചില സുപ്രധാന വിവരങ്ങള്‍ ഉണ്ട്.  ശാരീരികമായി നമ്മള്‍ ഒരു പ്രവര്‍ത്തി ചെയ്യാന്‍ തുടങ്ങുന്നത് നമ്മുടെ ബോധമനസ്സില്‍ എടുത്ത ഒരു തീരുമാനത്തിനെ തുടര്‍ന്നാണ്‌. പക്ഷേ, അത്തരം ഒരു ശാരീരിക പ്രവര്‍ത്തി ശരീരം ചെയ്യാന്‍ തുടങ്ങുന്നതിനും 500 മില്ലി സെക്കണ്ട് (ഒരു സെക്കണ്ട് എന്നാല്‍ 1000 മില്ലി സെക്കണ്ടുകള്‍ ആണ്)  മുന്‍പ് തന്നെ നമ്മുടെ മസ്തിഷ്ക്കത്തില്‍ അതിന് മുന്നോടി ആയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതായി അദ്ദേഹം കണ്ടെത്തി. ഉദാഹരണത്തിന്, ഈ ടൈപ്പിംഗ്‌ അവസാനിപ്പിച്ച് ഈ കസേരയില്‍ നിന്നും ഞാന്‍ എഴുന്നേറ്റു പോയി, ഫ്രിഡ്ജ്‌ തുറന്നു ഒരു മിഠായി എടുത്തു വായിലിടുന്നു എന്ന് വിചാരിക്കുക. ആ പ്രവര്‍ത്തി നിര്‍വ്വഹണത്തിന്‍റെ ഏറ്റവും ആദ്യത്തെ ശരീരത്തിന്‍റെ ചലനം കസേരയില്‍ നിന്നും എഴുനേല്‍ക്കുക എന്നുള്ളതാണ്. ഞാന്‍ കസേരയില്‍ നിന്നും എഴുനേല്‍ക്കുന്നതിനും 200 മില്ലി സെക്കണ്ടുകള്‍ മുന്‍പാണ് എന്‍റെ ബോധമനസ്സ് മിഠായി തിന്നാന്‍ തീരുമാനിക്കുന്നത്, അദ്ദേഹത്തിന്‍റെ ശാസ്ത്രീയ പഠനങ്ങള്‍ കണ്ടെത്തിയതനുസരിച്ച്. അതായത്, എന്‍റെ ബോധമനസ്സിന് മിഠായി തിന്നുവാനുള്ള ആഗ്രഹം ജനിക്കുന്നതും അങ്ങിനെ ചെയ്യാന്‍ എന്‍റെ ബോധമനസ്സ് തീരുമാനിക്കുന്നതും, ഞാന്‍ കസേരയില്‍ നിന്നും എഴുനേല്‍ക്കാന്‍ തുടങ്ങുന്നതിനും പ്രവര്‍ത്തി തുടങ്ങുന്നതിന് 200 മില്ലി സെക്കണ്ടുകള്‍ മുന്‍പ് മാത്രമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍, എന്‍റെ ബോധമനസ്സിന്  ഈ ആഗ്രഹം ഉളവാക്കി അതനുസരിച്ചു ശരീരത്തിനെ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം ബോധമനസ്സ് എടുക്കുന്നതിനും 300 മില്ലി സെക്കണ്ട് മുന്‍പ് തന്നെ കസേരയില്‍ നിന്നും എഴുനേല്‍ക്കാനുള്ള പ്രവര്‍ത്തനത്തിന്‍റെ മുന്നോടിയായ തയ്യാറെടുപ്പുകള്‍ക്കായി ഒരു “റെഡിനെസ്സ് പൊട്ടന്‍ഷ്യല്‍” എന്‍റെ മസ്തിഷ്കത്തില്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിന്‍റെ അര്‍ത്ഥം എന്താണ്? ബോധമനസ്സില്‍ ആഗ്രഹം ജനിച്ചു അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബോധമനസ്സ് തീരുമാനിക്കുന്നതിനും മുന്‍പുതന്നെ മസ്തിഷ്കം തീരുമാനിച്ചുകഴിഞ്ഞു എന്ത് ചെയ്യണം എന്ന്. നമ്മള്‍ (അല്ലെങ്കില്‍ നമ്മുടെ ബോധമനസ്സ്) തെറ്റിദ്ധരിച്ചു വശായിരിക്കുന്നത് എല്ലാം തത്സമയം സംഭവിക്കുന്ന കാര്യങ്ങള്‍ ആണെന്നാണ്‌. മിഠായി തിന്നുവാനുള്ള തീരുമാനം എന്‍റെ മസ്തിഷ്കം തീരുമാനിച്ചുകഴിഞ്ഞു എന്ന് എന്‍റെ ബോധമനസ്സ് അറിയുന്നില്ല. അതായത് ഞാന്‍ മിഠായി തിന്നുന്നതിനും 550 മില്ലി സെക്കണ്ട് മുന്‍പേ, എന്‍റെ ബോധമനസ്സ് മിഠായി തിന്നാന്‍ തീരുമാനം എടുക്കുന്നതിനും 300 മില്ലി സെക്കണ്ട് മുന്‍പേ, ഞാന്‍ മിഠായി തിന്നാനുള്ള തീരുമാനം എന്‍റെ മസ്തിഷ്ക്കത്തില്‍ രൂപീകൃതമായിക്കഴിഞ്ഞു!!

ഇങ്ങിനെ ആണ് ഓരോ പ്രവൃത്തികളും നമ്മള്‍ ചെയ്യുന്നത്. നമ്മള്‍ ഓരോ എടാകൂടങ്ങളില്‍ ചെന്ന് ചാടുന്നതും ഇങ്ങിനെ അബോധമായ വാക്കുകളും പ്രവര്‍ത്തികളും കൊണ്ടാണ്. അതിന് കാരണം അബോധമനസ്സില്‍ മുദ്രിതമായിരിക്കുന്ന