ഡോ.വസന്ത് ലാദ്, B.A.M.S. M.A.Sc 

[ഡോ. വസന്ത് ലാദ്  അമേരിക്കയിൽ ഉള്ളവർക്ക്   ആയുർവേദ ശാസ്ത്രം  പഠിക്കുവാൻ ഒരു വിദ്യാലയവും, ആയുർവേദത്തിൽ  പ്രായോഗിക അനുഭവവും നൽകിയ വിശിഷ്ട വ്യക്തിയാണ്.  അദ്ദേഹം 1984-ൽ  “ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്” എന്ന പേരിൽ ഒരു  ആയുർവേദ കോളേജ്  അമേരിക്കയിൽ ന്യൂ മെക്സിക്കോയിലെ സാന്തഫെയിൽ സ്ഥാപിച്ചു. ഇന്ത്യൻ വംശജനായ അദ്ദേഹം ഇന്ത്യയിലെ പൂനെയിലെ ആയുർവേദ ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . പതിനഞ്ചു വർഷം  അദ്ദേഹം പൂനെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആയുർവേദ മെഡിസിനിൽ ക്ലിനിക്കൽ മെഡിസിൻ പ്രൊഫസറായിരുന്നു. അദ്ദേഹം പൂനെ സർവകലാശാലയിൽ നിന്ന് ബാച്ചിലേഴ്സ് ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി (ബിഎഎം & എസ്) ബിരുദവും തിലക് ആയുർവേദ മഹാവിദ്യാലയത്തിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വസന്ത ലാദിന്റെ അക്കാദമികവും പ്രായോഗികവുമായ പരിശീലനത്തിൽ അലോപ്പതിയും  (പാശ്ചാത്യ വൈദ്യം), ശസ്ത്രക്രിയയും , പരമ്പരാഗത ആയുർവേദചികിത്സയും  ഉൾപ്പെടുന്നു.

ലേഖനത്തിൽ വരുന്ന ചില വാക്കുകളുടെ വ്യക്തതക്ക് വേണ്ടി നമ്പറിട്ട് വിവർത്തനത്തിന്റെ അന്ത്യത്തിൽ  ചേർത്തിട്ടുള്ള അടിക്കുറിപ്പുകൾ വിവർത്തകന്റേതാണ്. ഡോ. വസന്ത് ലാദിന്റെ ഈ ലേഖനം അമേരിക്കൻ വായനക്കാരെ ഉദ്ദേശിച് എഴുതപ്പെട്ടതായതുകൊണ്ട്, ജീവിത രീതിക്രമത്തിലെ ആഹാര പദാർത്ഥങ്ങളുടെ ഉദാഹരങ്ങൾ അമേരിക്കൻ ജീവിതരീതിക്കനുസരിച്ച് ആണെങ്കിലും, കേരളക്കരയിലെ മലയാളികൾക്ക് ആയുർവേദത്തെ കുറിച്ചു അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ ലളിതമായി മനസ്സിലാക്കുവാനും,  കുറെയെങ്കിലും അതനുസരിച്ച് നമ്മുടെ നിത്യജീവിതം ചിട്ടപ്പെടുത്തുവാനും  ആവശ്യമായ അറിവ് ഈ ലേഖനത്തിൽ നിന്നും ലഭിക്കും എന്ന് വിശ്വസിക്കുന്നു.   വിവർത്തകൻ: നന്ദൻ കണ്ടനാട്ട്]


ആയുർവേദത്തെ ഏറ്റവും പുരാതനമായ  രോഗശാന്തിയുടെ  ശാസ്ത്രമായിട്ടാണ്  പല പണ്ഡിതരും കണക്കാക്കുന്നത്.  സംസ്കൃതത്തിൽ ആയുർവേദം എന്നാൽ “ജീവന്റെ ശാസ്ത്രം” എന്നാണ് അർത്ഥം. ആയുർവേദ വിജ്ഞാനം 5,000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ഉത്ഭവിച്ചതാണ്. ആയുർവേദമാണ്  “എല്ലാ രോഗശാന്തി സമ്പ്രദായങ്ങളുടേയും അമ്മ ” എന്ന് പറയാറുണ്ട്. പ്രാചീന വൈദിക സംസ്കാരത്തിൽ നിന്നാണ് ആയുർവേദത്തിന്റെ  ഉത്ഭവം; ആയിരക്കണക്കിന് വർഷങ്ങളിലൂടെ പ്രഗത്ഭരായ ഗുരുക്കന്മാർ  അവരുടെ ശിഷ്യന്മാരിലൂടെ വാമൊഴി പാരമ്പര്യത്തിലാണ് ആയുർവേദം പഠിപ്പിച്ചുവന്നിരുന്നത്. ഈ അറിവുകളിൽ ചിലത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ ക്രോഡീകരിക്കപ്പെട്ട്  എഴുതി സജ്ജമാക്കപ്പെട്ടിരുന്നു എങ്കിലും, അവയിൽ ഭൂരിഭാഗവും ഇന്ന് നമുക്ക് അപ്രാപ്യമായി കഴിഞ്ഞിരിക്കുന്നു. ഹോമിയോപ്പതി, പോളാരിറ്റി തെറാപ്പി1  എന്നിവയുൾപ്പെടെ പാശ്ചാത്യർക്ക് ഇപ്പോൾ പരിചിതമായ പല പ്രകൃതി ചികിത്സാ സമ്പ്രദായങ്ങളുടെയും തത്വങ്ങൾ വേരോടി നിൽക്കുന്നത്  ആയുർവേദത്തിൽ ആണ്.

ആയുർവേദത്തിന്റെ രീതി : നിങ്ങളുടെ ശരീരപ്രകൃതിയും അതിന്റെ ആന്തരിക ബാലൻസും

ആയുർവേദം  രോഗം വരാതിരിക്കുന്നതിലാണ്   വലിയ ഊന്നൽ നൽകുന്നത്.  ഒരാളുടെ ജീവിതത്തിൽ നിലനിറുത്തേണ്ട   സന്തുലിതാവസ്ഥ, ശരിയായ ചിന്ത, ശരിയായ  ഭക്ഷണക്രമം, ശരിയായ ജീവിതശൈലി, കൂടാതെ ഔഷധസസ്യങ്ങളുടെ  ഉപയോഗം എന്നിവയിലൂടെ ആരോഗ്യം നിലനിർത്താൻ പ്രോത്സാഹിപ്പിക്കുകയാണ് ആയുർവേദം ചെയ്യുന്നത്. ആയുർവേദത്തെക്കുറിച്ചുള്ള അറിവ് ഒരാളുടെ സ്വന്തം ശരീരഘടനയനുസരിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും അവബോധത്തിന്റേയും2   ഒരു സന്തുലിതാവസ്ഥ എങ്ങനെ സൃഷ്ടിക്കാമെന്നും,  ഈ സന്തുലിതാവസ്ഥ കൊണ്ടുവരാനും നിലനിർത്താനും ജീവിതശൈലിയിൽ എങ്ങനെ മാറ്റങ്ങൾ വരുത്താമെന്നും മനസ്സിലാക്കാൻ നമ്മളെ പ്രാപ്തരാക്കുന്നുണ്ട്. 

ഓരോ വ്യക്തിക്കും തനതായ ഒരു വിരലടയാളം ഉള്ളതുപോലെ, ഓരോ വ്യക്തിക്കും തനതായ ഒരു പ്രത്യേക എനർജി  ഘടനയുടെ രൂപരേഖാക്രമമുണ്ട്. ശാരീരികവും മാനസികവും വൈകാരികവുമായ ആ വ്യക്തിയുടെ സ്വഭാവസവിശേഷതകളുടെ തീർത്തും വ്യക്തിഗതമായ രീതിയിൽ സംഭവിക്കുന്ന   സംയോജനത്തിന്റെ  ഒരു രൂപരേഖയാണത്. ഈ രൂപരേഖാക്രമം  ഉൾക്കൊണ്ടുകൊണ്ടാണ് സ്വന്തം ശരീരപ്രകൃതി ഉണ്ടാകുന്നത്. ഈ ശരീരപ്രകൃതിയുടെ രൂപരേഖ  രൂപം കൊള്ളുന്നത്   ആ വ്യക്തി  അമ്മയുടെ  ഗർഭധാരണ അവസരത്തിൽ തന്നെ യാണ്.  ആ വ്യക്തിയുടെ  തനതായ വിവിധ ഘടകങ്ങളാൽ ആണ്  ആ രൂപ രേഖ നിർണ്ണയിക്കപ്പെടുന്നത്. ആ വ്യക്തിയുടെ  ജീവിതത്തിലുടനീളം ആ രൂപ  രേഖ  നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങളുടെ പ്രവർത്തനം  ഒരു വ്യക്തിയുടെ ഈ എനർജി രൂപരേഖയുടെ സന്തുലിതാവസ്ഥയെ അസ്വസ്ഥമാക്കുന്നുണ്ട്. അതിന്റെ ഫലമായിട്ട്, ആ വ്യക്തിയുടെ ശരീരപ്രകൃതിയിലെ  സന്തുലിതാവസ്ഥയിൽ ഈ  മാറ്റങ്ങൾ പ്രതിഫലിക്കുന്നു. ഇത്തരം  വൈകാരികവും ശാരീരികവുമായ സമ്മർദ്ദങ്ങളുടെ ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ,  ഒരാളുടെ വൈകാരികാവസ്ഥയും, ഭക്ഷണക്രമവും, എന്ത് ഭക്ഷണം കഴിക്കുന്നു എന്ന തീരുമാനങ്ങളും,  മാറി മാറി വരുന്ന ഋതുക്കളും,  കാലാവസ്ഥയും, ശാരീരികമായ ആഘാതങ്ങളും, ചെയ്യുന്ന ജോലിയും, കുടുംബ ബന്ധങ്ങളും ഒക്കെ  ഉൾപ്പെടുന്നു. ഈ ഘടകങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞാൽ, അവയുടെ ഫലങ്ങൾ ഇല്ലാതാക്കാനോ കുറയ്ക്കാനോ കഴിയും.  അല്ലെങ്കിൽ കൈവന്നുപോയ ആ  അസന്തുലിതാവസ്ഥയുടെ കാരണങ്ങൾ ഇല്ലാതാക്കാനും, യഥാർത്ഥ ശരീരപ്രകൃതി  പുന:സ്ഥാപിക്കാനും ഉചിതമായ നടപടികൾ കൈക്കൊള്ളുവാനും ആ അറിവ് സഹായിക്കും. ശരീരപ്രകൃതി  ബാലൻസ്ഡ്  ആയിരിക്കുക  എന്നത് ഓരു   സ്വാഭാവിക ക്രമമാണ്; അത്തരം ബാലൻസ് ഇല്ലായ്മ അല്ലെങ്കിൽ അസന്തുലിതാവസ്ഥയാണ് ആണ് യഥാർത്ഥത്തിൽ  ക്രമക്കേട്. ആരോഗ്യം എന്നത്  ക്രമമാണ്; രോഗം എന്നത്  ഈ പറഞ്ഞ  ക്രമരഹിതമായ അവസ്ഥയാണ്. ശരീരത്തിനകത്ത് ക്രമവും ക്രമക്കേടും തമ്മിൽ നിരന്തരമായ മത്സരം ഉണ്ട്.  നമുക്ക്  കൈവന്നിരിക്കുന്ന  അസ്വാസ്ഥ്യത്തിന്റെ സ്വഭാവവും രീതിയും  മനസ്സിലാക്കുമ്പോൾ, നമുക്ക് ആ   ക്രമം പുന:സ്ഥാപിക്കാൻ കഴിയും.

ശരീരത്തിന്റെ മൂന്ന് പ്രധാന ഊർജ്ജങ്ങളുടെ സന്തുലിതാവസ്ഥ 

എല്ലാവരിലും എല്ലാത്തിലും ഉള്ള മൂന്ന് അടിസ്ഥാന തരത്തിലുള്ള ഊർജ്ജത്തിന്റെ രീതികൾ  അല്ലെങ്കിൽ പ്രവർത്തന തത്വങ്ങൾ ആയുർവേദം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തത്വങ്ങളെ  വിവക്ഷിക്കുന്ന പദങ്ങൾ   ഇംഗ്ലീഷ് ഭാഷയിൽ  ഇല്ലാത്തതിനാൽ, ഞങ്ങൾ വാതം, പിത്തം, കഫം  എന്നീ യഥാർത്ഥ സംസ്കൃത പദങ്ങൾ തന്നെ ഉപയോഗിക്കുകയാണ്.  ഈ തത്വങ്ങൾ ശരീരത്തിന്റെ അടിസ്ഥാന ജീവശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചലനം സൃഷ്ടിക്കാൻ ഊർജ്ജം ആവശ്യമാണ്.  ചലനത്തിലൂടെ ആണ്   ദ്രാവകങ്ങളും പോഷകങ്ങളും കോശങ്ങളിലേക്ക് എത്തുകയും ശരീരം പ്രവർത്തന സജ്ജമാകുകയും ചെയ്യുന്നത്. കോശങ്ങളിലെ പോഷകങ്ങൾ ഉപാപചയമാക്കാൻ – മെറ്റാബോളൈസ് ചെയ്യുവാൻ-  ഊർജ്ജം ആവശ്യമാണ്.  കൂടാതെ കോശത്തിന്റെ രൂപഘടന സംരക്ഷിക്കുവാനും  പരിപാലിക്കാനും ഊർജ്ജം ആവശ്യമുണ്ട്. വാതം എന്നത് ഈ ചലനത്തിന്റെ  ഊർജ്ജമാണ്.  ദഹനത്തിന്റേയും  ഉപാപചയത്തിന്റേയും  ഊർജ്ജമാണ് പിത്തം. ലൂബ്രിക്കേഷന്റേയും കോശ ഘടനയുടേയും  ഊർജ്ജം ആണ് കഫം. എല്ലാ ആളുകൾക്കും വാതം, പിത്തം, കഫം  എന്നീ മൂന്ന്  ഗണത്തിലുള്ള, നേരത്തേ പറഞ്ഞ, എനർജി പാറ്റേണുകൾ ഉണ്ട് .  എന്നാൽ അതിൽ  ഏതെങ്കിലും ഒന്ന് സാധാരണയായി പ്രാഥമികമായി  ഒന്നാമൻ ആയി മുന്നിട്ടു നിൽക്കും, പിന്നെ ഒന്ന് അതിന് പുറകിൽ രണ്ടാമനായി  നിൽക്കും.   മൂന്നാമത്തേത് സാധാരണയായി ഏറ്റവും പ്രാധാന്യം കുറഞ്ഞ  മൂന്നാമനായി നിൽക്കും. ആയുർവേദത്തിൽ രോഗത്തിന്റെ കാരണം വാതം, പിത്തം  അല്ലെങ്കിൽ കഫത്തിന്റെ  കൂടുതലോ കുറവോ മൂലം,  ശരിയായ നടക്കേണ്ട  സെല്ലുലാർ പ്രവർത്തനത്തിന്റെ അഭാവമായിട്ടാണ്  കണക്കാക്കപ്പെടുന്നുത്. കൂടാതെ വിഷവസ്തുക്കളുടെ സാന്നിധ്യം മൂലവും രോഗം ഉണ്ടാകാം.

ആയുർവേദ ശാസ്ത്രത്തിൽ, ശരീരവും മനസ്സും അവബോധവും2  സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഒരു വ്യക്തിയുടെ അസ്തിത്വത്തിന്റെ  വ്യത്യസ്ത വശങ്ങളാണ്  അവ എന്ന് ലളിതമായി പറയാം. ശരീരവും മനസ്സും അവബോധവും എങ്ങനെ സന്തുലിതമാക്കാമെന്ന് മനസിലാക്കാൻ വാതം, പിത്തം, കഫം  എന്നിവ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കേണ്ടതുണ്ട്. ആയുർവേദ ശാസ്ത്രം  അനുസരിച്ച്, പ്രപഞ്ചം മുഴുവൻ തന്നെ  അഞ്ച് മഹാമൂലകങ്ങളുടെ ഊർജ്ജങ്ങളുടെ  പരസ്‌പര പ്രവര്‍ത്തനം കൊണ്ട് ഉണ്ടായതാണ്  – ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയാണ് ആ അഞ്ച്  മഹാ മൂലകങ്ങൾ. സർവ്വ  സൃഷ്ടികളിലും ഈ അഞ്ച് മൂലകങ്ങളുടെ സംയോജനത്തിനും ക്രമീകരണത്തിനും ഉള്ള ഡിസൈൻ പാറ്റേണുകൾ ഉണ്ട്.  നിലവിലുള്ള പാറ്റേണുകളായി പ്രകടമാകുന്ന ഈ അഞ്ച് മൂലകങ്ങളുടെ സംയോജനവും ക്രമീകരണവുമാണ് വാതം, പിത്തം, കഫം. ഭൗതികശരീരത്തിൽ, വാതം  ചലനത്തിന്റെ സൂക്ഷ്മമായ ഊർജ്ജമാണ്, പിത്തം  ദഹനത്തിന്റേയും  ഉപാപചയത്തിന്റേയും (മെറ്റബോളിസം)  ഊർജ്ജമാണ്, കഫം  ശരീരത്തിന്റെ ഘടന രൂപപ്പെടുത്തുന്ന ഊർജ്ജമാണ്.

ചലനവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ ഊർജ്ജമാണ് വാതം – പഞ്ച മഹാ മൂലകത്തിലെ ഭൂമിയും വായുവും ചേർന്നതാണ് വാതം. ഇത് ശ്വസനം, കണ്ണിമയുടെ ചലനങ്ങൾ, പേശി, ടിഷ്യു ചലനം, ഹൃദയത്തിന്റെ സ്പന്ദനം, സൈറ്റോപ്ലാസത്തിലെയും കോശ ചർമ്മങ്ങളിലേയും  എല്ലാ ചലനങ്ങൾ തുടങ്ങിയവ    നിയന്ത്രിക്കുന്നു. സന്തുലിതാവസ്ഥയിൽ, വാത പ്രകൃതി  സർഗ്ഗാത്മപ്രതിഭയും  പരസ്പര ബന്ധങ്ങളിൽ വഴക്കവും പ്രോത്സാഹിപ്പിക്കുന്നു. വാത പ്രകൃതിക്ക് സന്തുലിത  തെറ്റിയാൽ, അത്  ഭയവും ഉത്കണ്ഠയും ഉണ്ടാക്കുകായും ചെയ്യും.

ശരീരത്തിന്റെ മെറ്റാബോളിക്  സംവിധാനമായി പിത്തം  പ്രവർത്തിക്കുന്നു – പഞ്ച മഹാ മൂലകത്തിലെ  അഗ്നിയും, ജലവും  ചേർന്നതാണ്. ഇത് ദഹനം, ആഗിരണം, സ്വാംശീകരണം, പോഷകാഹാരം, മെറ്റബോളിസം, ശരീര താപനില എന്നിവ നിയന്ത്രിക്കുന്നു. സന്തുലിതാവസ്ഥയിൽ, പിത്തം  വ്യക്തിയുടെ കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവും, ബുദ്ധിയും പ്രോത്സാഹിപ്പിക്കുന്നു. സന്തുലിതാവസ്ഥ  തെറ്റിയാൽ, പിത്തം  കോപവും വിദ്വേഷവും അസൂയയും ഉണർത്തുന്നു.

കഫം  ശരീരത്തിന്റെ ഘടനയുടെ   അതായത്  അസ്ഥികൾ, പേശികൾ, ടെൻഡണുകൾ എന്നിവ രൂപപ്പെടുത്തുന്നതിന്റെ  ഊർജ്ജമാണ്. കൂടാതെ പഞ്ച മഹാ മൂലകമായ  ഭൂമിയിൽ നിന്നും ജലത്തിൽ  നിന്നും രൂപംകൊണ്ട കോശങ്ങളെ ഒരുമിച്ച് ചേർക്കുന്ന “പശ” നൽകുന്നു. കഫം എല്ലാ ശരീര ഭാഗങ്ങൾക്കും സിസ്റ്റങ്ങൾക്കും ജലം നൽകുന്നു. ഇത് സന്ധികളെ വഴുവഴുപ്പിക്കുകയും ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും പ്രതിരോധശേഷി നിലനിർത്തുകയും ചെയ്യുന്നു. സന്തുലിതാവസ്ഥയിൽ, കഫം സ്നേഹം, ശാന്തത, ക്ഷമ എന്നിവ  പ്രകടിപ്പിക്കുന്നു. അസന്തുലിതാവസ്ഥയിൽ കഫം ആസക്തി, അത്യാഗ്രഹം, അസൂയ എന്നിവയിലേക്ക് നയിക്കുന്നു.

ജീവിതം നമുക്ക് നിരവധി വെല്ലുവിളികളും അതുപോലെ തന്നെ നിരവധി അവസരങ്ങളും നൽകുന്നുണ്ട്. നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും  നമുക്ക് നമ്മുടെ  ഭക്ഷണക്രമവും ജീവിതശൈലിയും പോലുള്ള ചില കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കാൻ  അധികാരമുണ്ട്. സന്തുലിതാവസ്ഥയും അതിലൂടെ  ആരോഗ്യവും നിലനിർത്താൻ, ഇത്തരം  തീരുമാനങ്ങളിൽ ശ്രദ്ധിക്കേണ്ടത് വളരെ  പ്രധാനമാണ്. നമ്മുടെ  വ്യക്തിഗതമായ  ശരീര പ്രകൃതിക്ക്  അനുയോജ്യമായ ഭക്ഷണക്രമവും ജീവിതശൈലിയും നമ്മുടെ  ശരീരത്തെയും മനസ്സിനെയും അവബോധത്തെയും ശക്തിപ്പെടുത്തുന്നു.

രോഗശാന്തിക്കുള്ള മറ്റൊരു സംവിധാനമായി ആയുർവേദം

ആയുർവേദവും പാശ്ചാത്യ അലോപ്പതി വൈദ്യവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പാശ്ചാത്യ അലോപ്പതി വൈദ്യം നിലവിൽ രോഗലക്ഷണങ്ങളിലും രോഗങ്ങളിലും  ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ രോഗം പരത്തുന്നവസ്‌തുക്കളേയോ  രോഗബാധിതമായ ടിഷ്യൂകളേയോ  ശരീരത്തിൽ നിന്ന് നീക്കം ചെയ്യുവാൻ  പ്രാഥമികമായി മരുന്നുകളും ശസ്ത്രക്രിയയും ആണ്  അലോപ്പതിയിൽ  ഉപയോഗിക്കുന്നത്. ഈ സമീപനത്തിലൂടെ നിരവധി ജീവനുകൾ രക്ഷിക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ, ശസ്ത്രക്രിയ ആയുർവേദവും  നിർവഹിക്കുന്നുണ്ട്. എന്നിരുന്നാലും, മരുന്നുകൾ, അവയുടെ വിഷാംശം കാരണം, പലപ്പോഴും ശരീരത്തെ ദുർബലപ്പെടുത്തുന്നുണ്ട്. ആയുർവേദം രോഗത്തിൽ അല്ല  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറിച്ച്, എല്ലാ ജീവജാലങ്ങളേയും അവയിലെ ഊർജ്ജത്തിന്റെ സന്തുലിതാവസ്ഥ പിന്തുണയ്ക്കുമെന്നാണ്  ആയുർവേദം പറയുന്നത്. ഒരു വ്യക്തിയിൽ മാനസിക സമ്മർദ്ദവും ഊർജ്ജത്തിന്റെ പ്രവാഹവും സന്തുലിതമാകുമ്പോൾ, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങൾ ശക്തമാവുകയും കൂടുതൽ എളുപ്പത്തിൽ രോഗം പ്രതിരോധിക്കുകയും ചെയ്യും.

ആയുർവേദം പാശ്ചാത്യ അലോപ്പതി വൈദ്യത്തിന് പകരമല്ലെന്ന് ഇവിടെ ഊന്നിപ്പറയേണ്ടതുണ്ട്. രോഗത്തിന്റെ തീവ്രതയും   ഗുരുതര  അവസ്ഥയും വിലയിരുത്തി   അലോപ്പതി മരുന്നുകളോ ശസ്ത്രക്രിയയോ ഉപയോഗിച്ച് മികച്ച രീതിയിൽ ചികിത്സിക്കാൻ കഴിയുന്ന നിരവധി സന്ദർഭങ്ങളുണ്ട്. ആയുർവേദത്തിന്  പാശ്ചാത്യ വൈദ്യവുമായി സഹകരിച്ചു  നിന്ന് നമ്മളെ  ശക്തരാക്കാനും രോഗം ബാധിക്കാനുള്ള സാദ്ധ്യത കുറയ്ക്കാനും കഴിയും.  കൂടാതെ  മരുന്നുകളോ ശസ്ത്രക്രിയയോ ഉപയോഗിച്ചുള്ള അലോപ്പതി ചികിത്സക്ക് ശേഷം, ആയുർവേദം  ശരീരത്തെ പുന:ർനിർമ്മിക്കാൻ  കഴിയുന്ന ഒന്നാണ്.

നമുക്കെല്ലാവർക്കും സുഖം തോന്നാത്ത  പല സമയങ്ങളുമുണ്ട്; അതുപോലെ തന്നെ  നമ്മൾ  സന്തുലിതാവസ്ഥയിലാണെന്ന് നമ്മൾ  തിരിച്ചറിയുന്ന സമയങ്ങളുണ്ട്. ചിലപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് അറിയുവാൻ  മാത്രമാണ് നമ്മൾ  ഡോക്ടരുടെ അടുത്തേക്ക്  പോകുന്നത്. യഥാർത്ഥത്തിൽ അവിടെ സംഭവിക്കുന്നത് നമ്മളിലെ  അസന്തുലിതാവസ്ഥ ഒരു രോഗമായി മാറി, അക്കാര്യം  തിരിച്ചറിയാൻ കഴിയുന്ന ഒന്നായി ഇതുവരെ  മാറിക്കഴിഞ്ഞിട്ടില്ല എന്നതാണ്. എന്നിട്ടും നമ്മുടെ അസ്വസ്ഥത നമ്മുക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞു എന്നത്, രൂപപ്പെട്ടു വരുന്ന ആ അസന്തുലിതാവസ്ഥ  ഗൗരവമുള്ളതാണ് എന്ന് കാണിക്കുന്നു. ഇത് നമ്മുടെ ഭാവന മാത്രമാണോ എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാൻ തുടങ്ങുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ  സ്വാസ്ഥ്യത്തിനുള്ള ഇതര നടപടികൾ പരിഗണിക്കുകയും,  നമ്മുടെ ശരീരത്തിലും മനസ്സിലും അവബോധത്തിലും സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ ആയുർവേദത്തിലൂടെ സജീവമായി ശ്രമിക്കുകയും ചെയ്യാവുന്നതാണ്.

അസന്തുലിതാവസ്ഥ – വിലയിരുത്തലും ചികിത്സയും

ആയുർവേദം ആരോഗ്യം വിലയിരുത്തുന്നതിനുള്ള വിവിധ ടെക്നിക്കുകൾ നൽകുന്നുണ്ട്. ഒരു ആയുർവേദ പ്രാക്ടീഷണർ രോഗത്തിന്റെ  പ്രധാന ലക്ഷണങ്ങളും സൂചനകളും  ശ്രദ്ധാപൂർവ്വം വിലയിരുത്തുകയാണ് ചെയ്യുന്നത് –  പ്രത്യേകിച്ച് അസന്തുലിതാവസ്ഥയുടെ ഉത്ഭവവും കാരണവും സംബന്ധിച്ച്. വിവിധ ചികിത്സകൾക്കുള്ള രോഗിയുടെ അനുയോജ്യതയും അവർ പരിഗണിക്കുന്നുണ്ട്. നേരിട്ടുള്ള ചോദ്യം ചോദിക്കലും നിരീക്ഷണവും ശാരീരിക പരിശോധനയും അനുമാനവും ഒക്കെ വഴി ആയുർവേദ ഡോക്ടർ  രോഗനിർണയത്തിൽ എത്തിച്ചേരുന്നു. പൾസ് എടുക്കുക, നാവ്, കണ്ണുകൾ, ശാരീരിക രൂപം എന്നിവ നിരീക്ഷിക്കുക, ശബ്ദത്തിന്റെ സ്വരം ശ്രദ്ധിക്കുക എന്നീകാര്യങ്ങൾ ഒക്കെ   മൂല്യനിർണ്ണയ സമയത്ത് നടത്തും.

അസന്തുലിതാവസ്ഥയുടെ കാരണങ്ങൾ ഇല്ലാതാക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഉള്ള നിർദ്ദേശങ്ങൾക്കൊപ്പം, അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ ഉചിതമായ സന്ദർഭത്തിൽ  പാലിയേറ്റീവ് രീതികൾ, ക്ലീനിംഗ് തുടങ്ങിയ നടപടികൾ ആയുർവേദം ഉപയോഗിക്കാറുണ്ട്.  ആയുർവേദ ഡോക്ടർ നൽകുന്ന ശുപാർശകളിൽ ജീവിതശൈലി മാറ്റങ്ങൾ നടപ്പാക്കുന്നത് ഉൾപ്പെട്ടേക്കാം; നിർദ്ദേശിച്ച ഭക്ഷണക്രമം ആരംഭിക്കുകയും പരിപാലിക്കുകയും ഔഷധസസ്യങ്ങളുടെ ഉപയോഗവും എല്ലാം ചികിത്സാ രീതികൾ ആണ്.  ചില കേസുകളിൽ, പഞ്ചകർമ്മ എന്നറിയപ്പെടുന്ന ഒരു ശുദ്ധീകരണ പ്രക്രിയ  നടത്തുന്നത്, ചികിത്സയുടെ വിവിധ നിർദ്ദേശിത നടപടികളിൽ നിന്ന് കൂടുതൽ പ്രയോജനം നേടുന്നതിനും,  ശരീരത്തിൽ  കുമിഞ്ഞുകൂടിയ വിഷവസ്തുക്കളെ പുറന്തള്ളുവാനും സഹായിക്കും.

ചുരുക്കത്തിൽ, ആയുർവേദം ജീവിതത്തിന്റെ എല്ലാ വശങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ട്  – ശരീരം, മനസ്സ്, ആത്മാവ്. നമ്മൾ ഓരോരുത്തരും സമാനതകൾ ഇല്ലാത്ത അനന്യരാണെന്ന് ആയുർവേദം  തിരിച്ചറിയുന്നു. ഓരോരുത്തരും ജീവിതത്തിന്റെ വിവിധ  വശങ്ങളോട് വ്യത്യസ്തമായിട്ടാണ്  പ്രതികരിക്കുന്നത്. ഓരോരുത്തർക്കും വ്യത്യസ്ത ശക്തികളും ബലഹീനതകളും ആണ് ഉള്ളത്. ആയുർവേദത്തിന്റെ ഉൾക്കാഴ്ചയിലൂടേയും  ധാരണയിലൂടേയും  അനുഭവത്തിലൂടേയും   ഓരോ വ്യത്യസ്ത  വ്യക്തിക്കും പ്രത്യക്ഷവും പരോക്ഷവും ആയ തന്റെ രോഗത്തിനുള്ള കാര്യകാരണ ബന്ധത്തെക്കുറിച്ച്  ആയുർവേദത്തിന്  ധാരാളം വിവരങ്ങൾ നൽകുവാനുണ്ട്.

വാതം: ചലനത്തിന്റെ ഊർജ്ജം – പൊതുവായ വിവരണം

എല്ലാ ശാരീരിക പ്രക്രിയകൾക്കും വാതം അവക്ക്  അവശ്യമായ  ചലനം നൽകുന്നു.  ഇത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. വർഷാവർഷങ്ങളിൽ, ചൂടുകാലത്തിനും തണുപ്പ് കാലത്തിനും ഇടയിലുള്ള സമയത്തും, സീസണുകളുടെ മാറ്റ സമയത്തിലും ‘വാതം’ ഏറ്റവും പ്രാധാന്യമർഹിക്കുന്നു.  ഭക്ഷണക്രമവും ജീവിതശൈലിയും ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സമയമാണിത്. ജീവിതശൈലി പരിഗണനകളുടെ ഒരു ഉദ്ദേശ്യം ഈ ചലനത്തെ സ്ഥിരപ്പെടുത്തുക എന്നതാണ്. ചലിക്കുന്ന ഈ  ഊർജ്ജത്തെ ഫലപ്രദമായി സ്ഥിരപ്പെടുത്തി നിർത്തുന്നതിന് വാതപ്രകൃതി  കൂടുതൽ ഉള്ള ഒരു വ്യക്തിയെ സഹായിക്കുന്നത്  കൃത്യതയും പതിവ് തെറ്റിക്കാതെ  ഉള്ള ജീവിത ക്രമവും  ആണ്. 

വാതപ്രകൃതിക്ക്  മേൽകൈ ഉള്ള  വ്യക്തികൾ   പെട്ടെന്ന് പ്രതികരിക്കുവാൻ ശേഷിയുള്ള മനസ്സ്, എങ്ങിനെ വേണമെങ്കിലും വഴങ്ങുവാനുള്ള കഴിവ്, സർഗ്ഗാത്മകത എന്നിവയാൽ അനുഗ്രഹീതരായിരിക്കും . മാനസികമായി അവർ സാധാരണയായി മറ്റുള്ളവർ പതുക്കെ മനസ്സിലാക്കുന്ന ആശയങ്ങൾ പെട്ടെന്നുതന്നെ മനസ്സിലാക്കും.  എന്നാൽ പെട്ടെന്ന് മറക്കുകയും ചെയ്യും. ജാഗ്രത, അസ്വസ്ഥത, ചടുലത എന്നിവ പ്രകടമാക്കുന്നവരാണ്  വാതപ്രകൃതിയുടെ  മേൽക്കോയ്മ ഉള്ള  ആളുകൾ. അവർ  വേഗത്തിൽ നടക്കുകയും സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു, പക്ഷേ എളുപ്പത്തിൽ ക്ഷീണിക്കും. മറ്റ് ഗുണ തരത്തിൽ പെട്ട  വ്യക്തികളേക്കാൾ ഇവർക്ക് ഇച്ഛാശക്തി, ആത്മവിശ്വാസം, ചങ്കൂറ്റം, ഏറ്റക്കുറച്ചിലുകളോടുള്ള  സഹിഷ്ണുത എന്നിവ കുറവായിരിക്കും.  അവർ പലപ്പോഴും തങ്ങൾ  അസ്ഥിരയുള്ളവരും  നിലയുറക്കാത്ത പ്രകൃതക്കാരുമാണെന്ന് സ്വയം കരുതും. അസന്തുലിതമാകുമ്പോൾ, വാത ഗുണം ഉള്ളവർ ഭയവും പരിഭ്രാന്തിയും ഉത്കണ്ഠയും അനുഭവിക്കാറുണ്ട്. ബാഹ്യ ലോകജീവിതത്തിൽ, വാത ഗുണമുള്ളവർ  വേഗത്തിൽ പണം സമ്പാദിക്കുകയും എന്നാൽ അത്  വേഗത്തിൽ ചെലവഴിക്കുകയും ചെയ്യുന്നു. അവർ നല്ല ആസൂത്രകരല്ല, അനന്തരഫലമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചേക്കാം.

വാത ഗുണക്കാർക്ക് ഏറ്റക്കുറച്ചിലുകൾ ഉള്ള  വിശപ്പും ദഹനവും കാണാറുണ്ട്. അവർ പലപ്പോഴും സാലഡും അസംസ്കൃത പച്ചക്കറികളും പോലുള്ള രൂക്ഷമായ  ഭക്ഷണങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു;  പക്ഷേ അവരുടെ ശരീര പ്രകൃതി  ചൂടുള്ളതും വേവിച്ചതും ആയ  ഭക്ഷണങ്ങളും മധുരവും പുളിയും ഉപ്പുരസവും കൊണ്ടാണ്  സന്തുലിതമാകുന്നത്. ചെറിയ  തോതിൽ മൂത്രം ഉൽപാദിപ്പിക്കുന്ന പ്രവണതയാണ് അവർക്കുള്ളത്. അവരുടെ മലം പലപ്പോഴും ദൃഢമായതും,  വരണ്ടതും അതുപോലെ  വലുപ്പത്തിലും അളവിലും ചെറുതുമാണ്.

വൻകുടലിലും തലച്ചോറ്, ചെവി, എല്ലുകൾ, സന്ധികൾ, തൊലി, തുട എന്നിവയിലുമാണ്   വാതം  നിലകൊള്ളുന്നത്. വായു തത്വം സൃഷ്ടിക്കുന്ന രോഗങ്ങളായ എംഫിസെമ, ന്യുമോണിയ, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾ വരുവാൻ  വാത പ്രകൃതക്കാർക്ക് കൂടുതൽ സാദ്ധ്യതയുണ്ട്. മറ്റ് പൊതുവായ വാതരോഗങ്ങളിൽ വായുക്ഷോഭം, പേൻ, കോച്ചിവലിക്കൽ, സന്ധികൾ വേദന, വരണ്ട ചർമ്മവും മുടിയും, നാഡി തകരാറുകൾ, മലബന്ധം, മാനസിക വിഭ്രാന്തി എന്നിവ കാണാറുണ്ട്. ചർമ്മത്തിന്റെ വരൾച്ചയും ചുളിവുകളും കാരണം ശരീരത്തിലെ വാതം  പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്ന ഒന്നാണ്.

വാതസ്വഭാവത്തിന്റെ  ലക്ഷണങ്ങൾ  വരണ്ടതും, ഭാരക്കുറവുള്ളതും, തണുത്തതും, പരുഷവും, സൂക്ഷ്മവും, ചലിക്കുന്നതും  വ്യക്തവും ആയവയാണ്; ഈ ലക്ഷണങ്ങളിൽ  ഏതെങ്കിലും ഒന്ന് അധികമായാൽ  അത് അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. ഇടയ്ക്കിടെയുള്ള യാത്ര, പ്രത്യേകിച്ച് വിമാനത്തിലൂടെയുള്ള യാത്രകൾ, ഉച്ചത്തിലുള്ള ശബ്ദങ്ങൾ, പാനീയങ്ങളിലൂടെ ഉള്ള തുടർച്ചയായ ഉത്തേജനം, മരുന്നുകൾ, പഞ്ചസാര, മദ്യം എന്നിവയെല്ലാം വാതത്തിനെ താളം തെറ്റിക്കും. അതുപോലെ തന്നെ  തണുത്ത കാലാവസ്ഥ, തണുത്ത  പാനീയങ്ങളും  ഭക്ഷണങ്ങളും വാത സന്തുലനാവസ്ഥയെ  നശിപ്പിക്കുന്നു. കാറ്റിനെപ്പോലെ തന്നെ, വാത മേൽക്കോയ്മ ഉള്ളവർക്ക് നിലത്തുനിൽക്കാനും ബുദ്ധിമുട്ടാനും ഒക്കെ പ്രയാസമാണ്. പതിവ് ചിട്ടകൾ മുറതെറ്റാതെ  തുടരുന്നത് ബുദ്ധിമുട്ടാണെങ്കിലും, വാത ക്ഷോഭം  കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യണമെങ്കിൽ അങ്ങിനെ ചെയ്യേണ്ടത്  അത്യാവശ്യമാണ്. വാതേതര ഗണത്തിലുള്ള ആളുകളേക്കാൾ കൂടുതൽ വിശ്രമം ആവശ്യമുള്ളതിനാൽ വാത ഗുണമുള്ളവർ  രാത്രി 10 മണിയോടെ ഉറങ്ങുന്നത് നല്ലതാണ്. പൊതുവേ, അമിതമായ വാതഗുണമുള്ള  ഉള്ള ആളുകൾ ചൂടുള്ളതും ഈർപ്പമുള്ളതും ചെറുതായി എണ്ണമയമുള്ളതും കനത്തതുമായ ഭക്ഷണങ്ങളോട് വളരെ വേഗത്തിൽ പ്രതികരിക്കുന്നു. സ്റ്റീം ബാത്ത്, ഹ്യുമിഡിഫയറുകൾ, ഈർപ്പം എന്നിവ പൊതുവേ ഇവർക്ക്  സഹായകരമാണ്. നിത്യേന  കുളിക്കുന്നതിനുമുമ്പ് എണ്ണ തേച്ചു പിടിപ്പിക്കലും,  നിത്യേനയുള്ള കുളിയും ഇവർക്ക് ആയുർവേദം  ശുപാർശ ചെയ്യുന്നുണ്ട്.

ഭക്ഷണ പരിഗണനകൾ

വാതക്ഷോഭം   കുറയ്ക്കുന്നതിനുള്ള പൊതുവായ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളിൽ ചൂടുള്ളതും  നന്നായി പാകം ചെയ്തതും എണ്ണമയമുള്ളതുമായ  ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. ഇത്തരക്കാർ  ദിവസത്തിൽ മൂന്നോ നാലോ തവണ ചെറിയ ഭക്ഷണം കഴിക്കുകയും ഓരോ ഭക്ഷണത്തിനും ഇടയിൽ രണ്ട് മണിക്കൂർ ഇടവേള നിലനിർത്തുകയും, കൂടാതെ  ആവശ്യാനുസരണം ലഘുഭക്ഷണം കഴിക്കുകയും വേണം. ഭക്ഷണ സമയങ്ങളിലെ ക്രമം വാതത്തിന്  പ്രധാനമാണ്. വാത-ആധിപത്യമുള്ള ശരീര പ്രകൃതിയുള്ളവർക്ക്  സൂപ്പ്, സ്‌റ്റു,  തുടങ്ങിയവ ആഹാരങ്ങൾ  താപനഷ്ടം വരാത്ത പാത്രങ്ങളിൽ വച്ച് കഴിക്കാവുന്നതാണ്. മറ്റ് രണ്ട് ദോഷങ്ങൾ ഉള്ളവരേക്കാൾ, വാത ദോഷമുള്ളവർക്ക്  കൂടുതൽ എണ്ണ ഉപയോഗിച്ച് പാചകം ചെയ്ത  ഭക്ഷണങ്ങൾ കഴിക്കുന്നതും,  വേവിക്കാത്ത അസംസ്കൃത ഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതും,  കൂടുതൽ നല്ല  ദഹനത്തിന് നല്ലതാണ്.

നന്നായി വേവിച്ച ഓട്സും ചോറും വാത പ്രകൃതക്കാർക്ക്  നല്ലതാണ്; കാരണം ധാരാളം വെള്ളവും വെണ്ണയോ നെയ്യോ ഉപയോഗിച്ചും പാചകം ചെയ്യുമ്പോൾ,  അത്തരം ഭക്ഷണം കൂടുതൽ വരണ്ടുപോകാതെ  നിൽക്കും. വേവിച്ച പച്ചക്കറികളാണ്  വാതസ്വഭാവക്കാർക്ക്  നല്ലതെങ്കിലും, നല്ല എണ്ണമയമുള്ള അല്ലെങ്കിൽ ക്രീം ഡ്രസിംഗിനൊപ്പം ഉള്ള  സാലഡ് ഇടക്ക് കഴിക്കുന്നതിന് വിരോധമില്ല. നൈറ്റ് ഷെയ്ഡ്3  ഇനത്തിലുള്ള സസ്യാഹാരങ്ങൾ – തക്കാളി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ, കുരുമുളക് എന്നിവ – വാത പ്രകൃതമുള്ളവർ, പ്രത്യേകിച്ച് അവർക്ക്  വേദനയുള്ള സന്ധികളോ പേശികളോ ഉണ്ടെങ്കിൽ ഒഴിവാക്കണം.  അതുപോലെ അവർ ചീരയും ഒഴിവാക്കണം. മധുരവും പഴുത്തതും ചീഞ്ഞതുമായ പഴങ്ങൾ വാത പ്രകൃതക്കാർക്ക്  നല്ലതാണ്. ക്രാൻബെറി, മാതളനാരങ്ങ, അസംസ്കൃത ആപ്പിൾ എന്നിവ പോലുള്ള ഉണങ്ങിയതും ഉണക്കുന്നതുമായ പഴങ്ങൾ അവർ ഒഴിവാക്കണം. പഴങ്ങൾ എപ്പോഴും ഒഴിഞ്ഞ വയറ്റിൽ കഴിക്കണം എന്ന് ഓർമ്മിക്കണം.

പാൽ ഉൽപന്നങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗത്തിലൂടെ പ്രോട്ടീൻ ആവശ്യകതയെ തൃപ്തിപ്പെടുത്താൻ പല വാത പ്രകൃതക്കാർക്കും  കഴിയും. എന്നാൽ അവർക്ക് വേണമെങ്കിൽ മുട്ട, ചിക്കൻ, ടർക്കി, ഫ്രഷ് ഫിഷ്, വേട്ടയിറച്ചി എന്നിവയും ഉപയോഗിക്കാം. പയർവർഗ്ഗങ്ങൾ ദഹിക്കാൻ പ്രയാസമാണ്; അതിനാൽ  വാതക്ഷോഭത്തെ  ശമിപ്പിക്കാൻ ശ്രമിക്കുന്നവർ പരിമിതമായ അളവിൽ മാത്രമേ അവ കഴിക്കാവൂ. കഴിക്കുന്ന പയർവർഗ്ഗങ്ങൾ രണ്ടായി പൊളിക്കാവുന്ന  തരത്തിലുള്ളവ ആയിരിക്കണം; അവ പാചകം ചെയ്യുന്നതിനുമുമ്പ് കുതിർക്കണം. മഞ്ഞൾ, ജീരകം, മല്ലി, ഇഞ്ചി, വെളുത്തുള്ളി, കായം  തുടങ്ങിയവ  എണ്ണയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് പാചകം ചെയ്യുന്നത് വാതം ക്ഷോഭിക്കുന്നത് തടയാൻ സഹായിക്കും.

എല്ലാ അണ്ടിപ്പരിപ്പും വിത്തുകളും വാതപ്രകൃതക്കാർക്ക്  നല്ലതാണ്;  പക്ഷേ അവ വെണ്ണരൂപത്തിലോ  പാൽ രൂപത്തിലോ ആക്കി  ഉപയോഗിക്കുന്നതാണ് നല്ലത്. രാത്രിയിൽ വെള്ളത്തിൽ മുക്കിവച്ച  പത്ത് ബദാം, തൊലികൾ പിറ്റേന്ന് രാവിലെ നീക്കം ചെയ്താൽ, അതിരാവിലെ കഴിക്കാവുന്ന  തൃപ്തികരമായ ഭക്ഷണമാണ്. എള്ളെണ്ണ വാതപ്രകൃതക്കാർക്ക് ചൂടാണ്. പക്ഷേ എല്ലാ എണ്ണകളും നല്ലതാണ്. എല്ലാ പാലുൽപ്പന്നങ്ങളും വാതക്കാർക്ക് നല്ലതാണ്; പാൽക്കട്ടി  മിതമായി മാത്രമേ കഴിക്കാവൂ. എല്ലാ സുഗന്ധവ്യഞ്ജനങ്ങളും നല്ലതാണ്.  പക്ഷേ അമിതമായി ഉപയോഗിക്കരുത്. ഭക്ഷണത്തിനിടയിലോ, ഭക്ഷണ  ശേഷമോ വെള്ളത്തിൽ ലയിപ്പിച്ച അര ഗ്ലാസ് വൈൻ വാതക്കാർക്ക് കഴിക്കാവുന്നതാണ്. വാത ആളുകൾ ആസക്തി ശീലത്തിന് സാദ്ധ്യതയുള്ളവർ ആയതിനാൽ, അവർ പഞ്ചസാര, കഫീൻ, പുകയില എന്നിവ ഒഴിവാക്കണം. തീവ്രമായിട്ടുള്ള എന്തും  തന്നെ വാതത്തിനെ  ഒരു  ലഹരിയാക്കും.  അതിനാൽ വാതപ്രകൃതി  കുറയ്ക്കാൻ വിശ്രമവും ധ്യാനവും പരിശീലിക്കണം.

വാതം സന്തുലിതമാക്കാനുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ:

  • ചൂട് നിലനിർത്തുക
  • ശാന്തമായിരിക്കുക
  • തണുപ്പ്, ശീതീകരിച്ച അല്ലെങ്കിൽ അസംസ്കൃത ഭക്ഷണങ്ങൾ ഒഴിവാക്കുക 
  • കടുത്ത തണുപ്പ് ഒഴിവാക്കുക
  • ചൂടുള്ള  ഭക്ഷണങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കഴിക്കുക 
  • ഒരു പതിവ് ദിനചര്യ നിലനിർത്തുക
  • ധാരാളം വിശ്രമം നേടുക

പിത്തം: ദഹനത്തിന്റെയും ഉപാപചയത്തിന്റേയും (മെറ്റബോളിസം)  ഊർജ്ജം – പൊതുവായ വിവരണം

പിത്ത പ്രകൃതി ഉള്ളവർക്ക് അഗ്നിയുടെ പല ഗുണങ്ങളുമുണ്ട്. അഗ്നി  ചൂടാണ്, തുളച്ചു കയറുന്നതാണ്, മൂർച്ചയുള്ളതും പ്രക്ഷുബ്ധവുമാണ്. അതുപോലെ, പിത്ത പ്രകൃതി ഉള്ളവർക്ക്  ചൂടുള്ള  ശരീരവും തുളച്ചുകയറുന്ന ആശയങ്ങളും,  കൂർമ്മ ബുദ്ധിയും ഉണ്ട്. സമനില തെറ്റിയാൽ, പിത്തപ്രകൃതക്കാർ  വളരെ പ്രകോപിതരും കോപിഷ്ടരുമായിത്തീരും. പിത്ത പ്രാകൃതക്കാർക്ക്  ഇടത്തരം ഉയരവും ബിൽഡും ആണ് ഉള്ളത്; പരുക്കൻ അല്ലെങ്കിൽ ചെമ്പൻ ചർമ്മമാണവർക്ക്. അവർക്ക് ശരീരത്തിൽ  ധാരാളം മറുകുകളും  പുള്ളികളുമുണ്ടാകാം. അവരുടെ ചർമ്മം വാത ചർമ്മത്തേക്കാൾ ചൂടുള്ളതും ചുളിവുകൾ കുറഞ്ഞതുമാണ്. അവരുടെ മുടി പട്ടുപോലെയായിരിക്കും. അവർക്ക്  പലപ്പോഴും അകാല നരയോ മുടി കൊഴിച്ചിലോ അനുഭവപ്പെടും. അവരുടെ കണ്ണുകൾ ഇടത്തരം വലുപ്പമുള്ളതും കൺപാളികൾ നനഞ്ഞതുമായിരിക്കും. മൂക്ക് നീണ്ടിരിക്കും. അഗ്രം ചുവപ്പായിരിക്കും.

പിത്ത ആധിപത്യമുള്ള ശരീര പ്രകൃതക്കാർക്ക്  ശക്തമായ ഉപാപചയവും (മെറ്റബോളിസം) നല്ല ദഹനവും ശക്തമായ വിശപ്പും ഉണ്ടായിരിക്കും. അവർ ധാരാളം ഭക്ഷണവും പാനീയങ്ങളും  ഇഷ്ടപ്പെടുന്നു. കൂടാതെ അവർ  ചൂടുള്ള സുഗന്ധവ്യഞ്ജനങ്ങളും ശീതളപാനീയങ്ങളും ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നിരുന്നാലും, അവരുടെ ശരീര പ്രകൃതി മധുരവും കയ്പേറിയതും രുചികരവുമായ അഭിരുചികളാൽ സന്തുലിതമായിട്ടുള്ള ഒന്നായിരിക്കും. പിത്ത പ്രകൃതിക്കാരുടെ ഉറക്കം നല്ലതും ഇടത്തരം ദൈർഘ്യമുള്ളതുമാണ്. അവർ  വലിയ അളവിൽ മൂത്രവും മലവും  ഉത്പാദിപ്പിക്കും.  അവരുടെ മലം സമൃദ്ധവും, മഞ്ഞനിറമുള്ളതും,  മൃദുത്വമുള്ളതും ആയിരിക്കും. അവർ  എളുപ്പത്തിൽ വിയർക്കുകയും കൈകളും കാലുകളും ചൂടുപിടിക്കുകയും ചെയ്യും. പിത്ത പ്രകൃതിക്കാർക്ക്  സൂര്യപ്രകാശം, ചൂട്, കഠിനമായ ശാരീരിക ജോലി എന്നിവയോടുള്ള പ്രതിപത്തി വളരെ കുറവാണ്.

മാനസികമായി, പിത്ത പ്രകൃതിക്കാർ  ജാഗ്രതയുള്ളവരും ബുദ്ധിശക്തിയുള്ളവരുമാണ്;  അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള നല്ല ശക്തികളുണ്ട്. എന്നിരുന്നാലും, അവർ എളുപ്പത്തിൽ പ്രകോപിതരും ആക്രമണോന്മുഖരും ആവുന്നവരാണ്.   പിത്തപ്രകൃതം അസന്തുലിതമാകുമ്പോൾ അവർ വേഗം  വിദ്വേഷം, കോപം, അസൂയ എന്നിവക്ക് വശംവദരാകും. ബാഹ്യ ലോകത്ത്, പിത്ത പ്രകൃതക്കാർ നേതാക്കളും ആസൂത്രകരും ആകുന്നവർ ആണ്.  ഭൗതിക അഭിവൃദ്ധി തേടാനും അവർ ഇഷ്ടപ്പെടുന്നു. അവരുടെ സമ്പത്തും സ്വത്തുക്കളും പ്രദർശിപ്പിക്കാൻ അവർ ഇഷ്ടപ്പെടുന്നു. പിത്ത പ്രകൃതക്കാർക്ക്  പനി, നീർവീക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ അഗ്നി തത്വങ്ങൾ ഉൾപ്പെടുന്ന രോഗങ്ങൾ ബാധിക്കുവാൻ ഇടയുണ്ട്. ചർമ്മത്തിന്  തിണർപ്പ്, പൊള്ളൽ, അൾസർ, പനി, വീക്കം അല്ലെങ്കിൽ കൺജങ്ക്റ്റിവിറ്റിസ്, വൻകുടൽ പുണ്ണ് അല്ലെങ്കിൽ തൊണ്ടവേദന തുടങ്ങിയവയാണ് ഇവരുടെ  സാധാരണ രോഗലക്ഷണങ്ങൾ.

പിത്തത്തിന്റെ  സ്വഭാവങ്ങൾ   എണ്ണമയം, ചൂട്, ലഘുത്വം, ചലനം, ഒഴുകി പരക്കൽ, ദ്രവ്യത  എന്നിവ ആയതിനാൽ, ഈ ഗുണങ്ങളിൽ അധികവും പിത്തത്തെ  വർദ്ധിപ്പിക്കുന്നു. വേനൽ ചൂടിന്റെ സമയമാണ് പിത്തക്കാരുടെ  സീസൺ. അവർക്ക് സൂര്യതാപം ഏൽക്കൽ, ചൊറിച്ചിൽ, ചൂടുകുരുക്കൾ, ക്ഷിപ്രകോപം  എന്നിവ സാധാരണമാണ്. കാലാവസ്ഥ തണുക്കുമ്പോൾ ഈ തരത്തിലുള്ള പിത്ത വൈകല്യങ്ങൾ ശാന്തമാകും. ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും ഒക്കെ തണുപ്പിന് ഊന്നൽ നൽകുന്നവയായിരിക്കണം  – തണുത്ത ഭക്ഷണം, മുളകും സുഗന്ധവ്യഞ്ജനങ്ങളും ഒഴിവാക്കൽ (പ്രത്യേകിച്ച് ന്യൂ മെക്സിക്കക്കാർക്ക്), തണുത്ത കാലാവസ്ഥ എന്നിവ അവർക്ക് നല്ലതാണ്. അമിതമായ പിത്ത പ്രകൃതമുള്ളവർ  ദിവസത്തിലെ ഏറ്റവും തണുപ്പുള്ള സമയത്ത്  വ്യായാമം ചെയ്യേണ്ടതുണ്ട്.

ഭക്ഷണ പരിഗണനകൾ

പിത്തത്തെ  ശമിപ്പിക്കുന്നതിനുള്ള പൊതു ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളിൽ പുളിച്ചതും ഉപ്പിട്ടതും കടുപ്പമുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പെടുന്നു. സസ്യാഹാരം പിത്തക്കാർക്ക് ഉത്തമമാണ്, അവർ മാംസം, മുട്ട, മദ്യം, ഉപ്പ് എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. അവരുടെ സ്വാഭാവികമായ  ആക്രമണോന്മുഖതയും  നിർബന്ധരീതികളും    ശാന്തമാക്കാൻ സഹായിക്കുന്നതിന്, അവരുടെ ഭക്ഷണത്തിൽ മധുരവും തണുപ്പും കയ്പ്പും രുചികൾ ഉള്ള  ഭക്ഷണങ്ങൾ  ഉൾപ്പെടുത്തുന്നത് പ്രയോജനകരമാണ്.

ബാർലി, അരി, ഓട്സ്, ഗോതമ്പ് എന്നിവ പിത്ത ആധിപത്യമുള്ള വ്യക്തികൾക്ക് നല്ല ധാന്യങ്ങളാണ്. പച്ചക്കറികൾ അവരുടെ ഭക്ഷണത്തിന്റെ ഗണ്യമായ ഭാഗമാകണം. തക്കാളി, മുള്ളങ്കി, മുളക്, വെളുത്തുള്ളി, പച്ച ഉള്ളി എന്നിവയെല്ലാം ഒഴിവാക്കണം. വാസ്തവത്തിൽ, വളരെ പുളിച്ചതോ ചൂടുള്ളതോ ആയ ഏതു  പച്ചക്കറിയും പിത്തത്തെ  വഷളാക്കും.  എന്നാൽ മറ്റ് മിക്ക പച്ചക്കറികളും പിത്തത്തെ ശാന്തമാക്കാൻ സഹായിക്കും. സന്തുലിതമായ പിത്തക്കാർക്ക്   മുള്ളങ്കി അവരുടെ കരളിനെ ശുദ്ധീകരിക്കും.  പക്ഷേ പിത്തം സന്തുലിതമല്ലാത്ത  സമയത്ത്  അവർ അത് ഒഴിവാക്കണം. സലാഡുകളും വേവിക്കാത്ത  പച്ചക്കറികളും പിത്തക്കാർക്ക്  വസന്തകാലത്തും വേനൽക്കാലത്തും നല്ലതാണ്. വല്ലപ്പോഴും മാത്രം  ഉപയോഗിക്കുന്ന നാരങ്ങകൾ ഒഴികെയുള്ള പുളിച്ച പഴങ്ങൾ ഇവർ ഒഴിവാക്കണം.

മാംസ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് സമുദ്രവിഭവങ്ങളും മുട്ടകളും, പിത്ത പ്രകൃതക്കാർ  മിതമായി മാതമേ കഴിക്കാവൂ. ചിക്കൻ, ടർക്കി, മുയൽ, വേട്ട മാംസം എന്നിവ എല്ലാം കഴിക്കാം. ചുവപ്പും മഞ്ഞയും പയറൊഴികെയുള്ള എല്ലാ പയർവർഗ്ഗങ്ങളും ചെറിയ അളവിൽ നല്ലതാണ്. കറുത്ത പയറ്, കടല, ചെറുപയർ എന്നിവ മികച്ചതാണ്.

മിക്ക അണ്ടിപ്പരിപ്പുകളിലും വിത്തുകളിലും വളരെയധികം എണ്ണ അടങ്ങിയിട്ടുണ്ട്. ഇത് പിത്തപ്രകൃതിക്കാരെ ചൂടാക്കുന്നു. എന്നിരുന്നാലും, തേങ്ങ തണുപ്പിക്കുന്ന ഒന്നാണ്.  സൂര്യകാന്തിവിത്തുകളും  മത്തങ്ങ വിത്തുകളും ഇടയ്ക്കിടെ കഴിക്കാം. ചെറിയ അളവിൽ തേങ്ങ, ഒലിവ്, സൂര്യകാന്തി എണ്ണ എന്നിവയും പിത്ത പ്രകൃതിക്കാർക്ക്  നല്ലതാണ്.

മധുരമുള്ള പാൽ ഉൽപന്നങ്ങൾ നല്ലതാണ്. ഇപ്പറഞ്ഞതിൽ  പാൽ, ഉപ്പില്ലാത്ത വെണ്ണ, നെയ്യ്, മൃദുവായ, ഉപ്പില്ലാത്ത പാൽക്കട്ടകൾ എന്നിവ ഉൾപ്പെടുന്നു. തൈരിൽ  സുഗന്ധവ്യഞ്ജനങ്ങളും അൽപം മധുരവും വെള്ളവും ചേർത്ത്  ഉപയോഗിക്കാം. വാസ്തവത്തിൽ, പിത്തക്കാർക്ക് മറ്റ് രണ്ട് ദോഷങ്ങൾ ഉള്ളവരേക്കാൾ മധുരം ഉപയോഗിക്കാൻ കഴിയും. കാരണം ഇത് പിത്തത്തിനെ  കുറയ്ക്കുന്നു. എന്നിരുന്നാലും, ചെറിയ അളവിൽ ജീരകവും കുരുമുളകും ചേർത്ത് ഏലക്ക, കറുവപ്പട്ട, മല്ലി, പെരുംജീരകം, മഞ്ഞൾ എന്നിവ ഉപയോഗിക്കാവുന്നതാണ്. പക്ഷേ,  അവർ ചൂടുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഒഴിവാക്കണം.

കാപ്പി, മദ്യം, പുകയില എന്നിവ പൂർണ്ണമായും ഒഴിവാക്കണം.  എങ്കിലും  ഇടക്ക്  ബിയർ കഴിക്കുന്നത്  ഒരു പിത്ത പ്രകൃതക്കാരന് പിരിമുറുക്കം കുറയ്ക്കും. കുറച്ച് പാലും ഒരു നുള്ള് ഏലയ്ക്കയും ചേർത്ത് ഉണ്ടാക്കിയ കട്ടൻ ചായ ഇടയ്ക്കിടെ ഉപയോഗിക്കാം അവർക്ക്.

പിത്തത്തെ സന്തുലിതമാക്കുന്നതിനുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ:

  • അമിതമായ ചൂട് ഒഴിവാക്കുക. അമിതമായ എണ്ണ ഒഴിവാക്കുക. അമിതമായ നീരാവി ഒഴിവാക്കുക. ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക
  • തണുപ്പിക്കുന്ന, മസാലയില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുക
  • ദിവസത്തിന്റെ തണുത്ത സമയത്ത് വ്യായാമം ചെയ്യുക

കഫം: ലൂബ്രിക്കേഷന്റെ ഊർജ്ജം – പൊതുവായ വിവരണം

കഫ പ്രകൃതക്കാർ  ശക്തിയും സഹിഷ്ണുതയും സഹന ശക്തിയും  കൊണ്ട് അനുഗ്രഹീതരാണ്. കഫം സന്തുലിതാവസ്ഥയിൽ ഉള്ളപ്പോൾ, അവർ വളരെ  മധുരമുള്ള, സ്നേഹമുള്ള മനോഭാവമുള്ളവരും,  സ്ഥിരതയുള്ളവരും കാര്യങ്ങളിൽ  അടിഉറച്ചവരുമാണ്. അവരുടെ ചർമ്മം എണ്ണമയമുള്ളതും മിനുസമാർന്നതുമാണ്. ശാരീരികമായി, കഫ പ്രകൃതമുള്ളവർക്ക് എളുപ്പത്തിൽ ശരീരഭാരം വർദ്ധിക്കുകയും, അവരുടെ  മെറ്റബോളിസം പതുക്കെ ആകുകയും ചെയ്യുന്നു. അവർ വ്യായാമം ഒഴിവാക്കുന്നു. അവർക്ക് കട്ടിയുള്ള ചർമ്മമുണ്ട്.  അവരുടെ ശരീരവും പേശികളും നന്നായി വികസിപ്പിച്ചവ ആയിരിക്കും. അവരുടെ കണ്ണുകൾ വലുതും ആകർഷകവുമായിരിക്കും, കട്ടിയുള്ളതും നീളമുള്ളതുമായ കണ്പീലികളും പുരികങ്ങളും ഉണ്ടാകും. കഫ പ്രകൃതക്കാർക്ക് ധൃതി ഉണ്ടാവില്ല. അവരുടെ  മലം മൃദുവായതും വിളറിയതും എണ്ണമയമുള്ളതുമാണ്. അവർക്ക് വിയർപ്പ് മിതമായിരിക്കും. അവരുടെ  ഉറക്കം ഗാഢവും  ദൈർഘ്യമേറിയതുമായിരിക്കും. കഫ പ്രകൃതക്കാർക്ക്  മധുരവും ഉപ്പും എണ്ണമയമുള്ളതും ആയ  ഭക്ഷണൾ  ആകർഷകമായിരിക്കും.  പക്ഷേ അവരുടെ പ്രകൃതം സന്തുലിതമാകുന്നത്,   വളരെ  കയ്പേറിയതും കടുപ്പിക്കുന്നതും എരിവുള്ളതുമായ   രുചികളാൽ ആണ്. 

മന:ശാസ്ത്രപരമായി, കഫ പ്രകൃതക്കാർ  ശാന്തരും സഹിഷ്ണുതയുള്ളവരും ക്ഷമിക്കുന്നവരുമാണ്. എന്നിരുന്നാലും, അവർ അലസരായേക്കാനും ഇടയുണ്ട്. അവർ കാര്യങ്ങൾ  മനസ്സിലാക്കുന്നത്  മന്ദഗതിയിലാണെങ്കിലും, ഓർമ്മിച്ചു വയ്ക്കുവാനുള്ള അവരുടെ കഴിവ്  മികച്ചതാണ്. കഫ പ്രകൃതം അസന്തുലിതം ആകുമ്പോൾ  അവർക്ക്  അത്യാഗ്രഹം, അസൂയ, ആസക്തി, തന്റേതെന്ന ഒരു പൊസ്സസ്സീവ്  ഭാവം ഇവയെല്ലാം വന്നു ചേരുന്നു.  ബാഹ്യ ലോകത്ത്, കഫ പ്രകൃതത്തിന്റെ  പ്രവണതകൾ ആയ അടിയുറച്ച നില, സ്ഥിരത, ആസക്തി  എന്നിവയെല്ലാം പണം സമ്പാദിക്കാനും അത് കൈവിട്ടുകളയാതെ സൂക്ഷിച്ചുവക്കുവാനും ഒക്കെ  അവരെ  സഹായിക്കുന്നു.

ഇവർക്ക് ജല തത്വവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഇൻഫ്ലുവൻസ, സൈനസ് കൺജഷൻ, കഫം ഉൾപ്പെടുന്ന മറ്റ് രോഗങ്ങൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. അലസത, അമിത ഭാരം, പ്രമേഹം, വെള്ളം കെട്ടികിടക്കൽ, തലവേദന എന്നിവയും ഇവർക്ക് സാധാരണമാണ്. പൂർണ്ണ ചന്ദ്ര ദിനങ്ങളിൽ  കഫം  കൂടുതൽ വഷളാകും;  കാരണം ആ സമയത്ത് വെള്ളം കെട്ടിക്കിടന്നു പോകാനുള്ള  പ്രവണതയുണ്ട്. ശീതകാലം ഏറ്റവും വലിയ കഫ ശേഖരണത്തിന്റെ സമയമാണ്. അതുകൊണ്ട്  കഫ-ബാലൻസിംങ്ങിന് ആവശ്യമായ  ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളും പിന്തുടരുന്നത് ആ കാലത്ത്  ഏറ്റവും പ്രധാനമാണ്.

ഭക്ഷണ പരിഗണനകൾ

കഫ ആളുകൾക്കുള്ള ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ  വരുമ്പോൾ കയ്പേറിയതും രൂക്ഷഗന്ധമുള്ളതും പരുക്ഷമായതുമായ  രുചികൾ  ഉള്ള ഭക്ഷണമാണ്  ആണ് പ്രധാനമായും വരുന്നത്. ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ഉപഭോഗം കുറയ്ക്കുമ്പോൾ അവരുടെ മനസ്സിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങളാണ് അവർക്ക് ശരിക്കും വേണ്ടത്. എല്ലാ തരത്തിലുള്ള പാൽ ഉൽപന്നങ്ങളും കൊഴുപ്പുകളും, പ്രത്യേകിച്ച് വറുത്തതോ കൊഴുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ അവർ ഒഴിവാക്കണം.  

കഫ ആധിപത്യമുള്ള ശരീര പ്രകൃതിയുള്ളവർക്ക് പിത്തം  അല്ലെങ്കിൽ വാതപ്രകൃതി ഉള്ളവരേക്കാൾ കുറച്ച്  മാത്രം  ധാന്യങ്ങളുടെ  ആവശ്യമേ ഉള്ളൂ.   കാട്ടുഗോതമ്പ്, മില്ലറ്റ് (കൂടുതൽ ഉഷ്ണം നല്കുന്നവ) എന്നിവ അവർക്ക് അനുയോജ്യമായ ധാന്യങ്ങളാണ്.  അതിനുശേഷം ബാർലി, അരി, ചോളം  എന്നിവയും. വറുത്തതോ ഉണങ്ങിയതോ ആയ ധാന്യങ്ങളാണ്  അവർക്ക് നല്ലത്. എല്ലാ പച്ചക്കറികളും കഫപ്രകൃതക്കാർക്ക്  നല്ലതാണ്.  പക്ഷേ വളരെ മധുരവും പുളിയുമുള്ളതോ ചീഞ്ഞതോ ആയ പച്ചക്കറികൾ ഒഴിവാക്കണം അവർ. കിഴങ്ങു വർഗ്ഗങ്ങളേക്കാൾ   നിലത്തിന്  മുകളിൽ വളരുന്ന ഇലക്കറികൾക്കും പച്ചക്കറികൾക്കും  അവർ പ്രാധാന്യം നൽകണം. സാധാരണയായി, കഫ പ്രകൃതമുള്ളവർക്ക് വേവിക്കാത്ത  പച്ചക്കറികൾ കഴിക്കാം. പക്ഷേ, ആവിയിൽ വേവിച്ചതോ വറുത്തതോ ആയവ ദഹിക്കാൻ എളുപ്പമാണ്. ആപ്പിൾ, ആപ്രിക്കോട്ട്, ക്രാൻബെറി, മാമ്പഴം, പീച്ച്, പിയർ എന്നിവ പോലുള്ള രുചികരവും ഉണങ്ങുന്നതുമായ പഴങ്ങൾ അവർക്ക് കൂടുതൽ അഭികാമ്യമായതിനാൽ, അവർ  വളരെ മധുരവും പുളിയുമുള്ള പഴങ്ങൾ ഒഴിവാക്കണം.

അപൂർവ്വമായി മാത്രമേ കഫ പ്രകൃതക്കാർക്കു മാംസ ഭക്ഷണം ആവശ്യമായി വരികയുള്ളൂ. അത് കഴിക്കുമ്പോൾ ഒരിക്കലും എണ്ണയിൽ പൊരിച്ചതായിരിക്കരുത്.  ഉണങ്ങിയതും വേവിച്ചതും വരട്ടിയതും  ആയിരിക്കണം. അവർക്ക് ചിക്കൻ, മുട്ട, മുയൽ, സമുദ്രോത്പന്നങ്ങൾ, നായാട്ടു മാംസം എന്നിവ കഴിക്കാം. അവരുടെ ശരീരത്തിന് വലിയ അളവിൽ പ്രോട്ടീൻ ആവശ്യമില്ലാത്തതിനാൽ, അവർ പയർവർഗ്ഗങ്ങൾ അമിതമായി കഴിക്കരുത്.  എന്നിരുന്നാലും കൊഴുപ്പിന്റെ അഭാവം കാരണം പയറുവർഗ്ഗം തന്നെ ആയിരിക്കും അവർക്ക്  മാംസത്തേക്കാൾ നല്ലത്. കഫ പ്രകൃതക്കാർക്ക്  കറുത്ത പയർ, മൂംഗ്  ബീൻസ്, പിന്റോ ബീൻസ്, ചുവന്ന പയർ എന്നിവ ഉത്തമമാണ്.

കായ്കളുടെയും വിത്തുകളുടെയും കഠിന  ഗുണങ്ങൾ കഫ പ്രകൃതത്തെ വർദ്ധിപ്പിക്കും. അവയിൽ അടങ്ങിയിരിക്കുന്ന എണ്ണയും അതുപോലെ തന്നെ കഫത്തെ വർദ്ധിപ്പിക്കും. ഇടയ്ക്കിടെ സൂര്യകാന്തിവിത്തുകളും,  മത്തങ്ങ വിത്തുകളും കഴിക്കാവുന്നതാണ്. ബദാം, ചോളം, കുങ്കുമം അല്ലെങ്കിൽ സൂര്യകാന്തി ഇവയുടെ എണ്ണകൾ ചെറിയ അളവിൽ ഉപയോഗിക്കാവുന്നവയാണ്. അതുപോലെ തന്നെ പാലുൽപ്പന്നങ്ങളും. പൊതുവേ, കഫ പ്രകൃതക്കാർ പാലിന്റെ കനത്ത, തണുപ്പിക്കുന്ന, മധുര ഗുണങ്ങൾ ഒഴിവാക്കണം. പാചകത്തിന് അല്പം നെയ്യും ആടിന്റെ പാലും കഴിക്കുന്നത് കഫ പ്രകൃതക്കാർക്ക്  നല്ലതാണ്.

കഫ പ്രകൃതക്കാർ മധുരപലഹാരങ്ങൾ ഒഴിവാക്കേണ്ടതിനാൽ, അവർ ഉപയോഗിക്കേണ്ട ഒരേയൊരു മധുരപലഹാരം അസംസ്കൃത തേനാണ്.  അത് ചൂട് വർദ്ധിപ്പിക്കുന്ന വസ്തുവാണ്. എന്നിരുന്നാലും, ഇഞ്ചി, വെളുത്തുള്ളി തുടങ്ങി  ഉപ്പ് ഒഴികെയുള്ള എല്ലാ സുഗന്ധവ്യഞ്ജനങ്ങളും അവർക്ക് ഉപയോഗിക്കാം. കഫ പ്രകൃതത്തിന്റെ ആധിപത്യമുള്ള, എന്നാൽ  മറ്റ് രണ്ട് ദോഷങ്ങൾക്ക് വളരെ കുറച്ച് മാത്രം  സ്വാധീനമുള്ള ഒരാൾക്ക് കാപ്പിയും ചായയും പോലുള്ള ഉത്തേജകങ്ങളുടെ ഇടക്കുള്ള ഉപയോഗം   പ്രയോജനം നൽകും. പുകയിലയും  മദ്യവും അവരെ അത്ര ദോഷകരമായി ബാധിക്കുന്നില്ല. എന്നിരുന്നാലും, അവർക്ക് മദ്യത്തിന്റെ  ആവശ്യമില്ല. അവർ മദ്യം ഉപയോഗിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, വീഞ്ഞാണ് അവർക്ക്  ഏറ്റവും മികച്ചത്.

കഫയെ സന്തുലിതമാക്കുന്നതിനുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ:

  • ധാരാളം വ്യായാമം ചെയ്യുക. കനത്ത ഭക്ഷണം ഒഴിവാക്കുക. സജീവമായിരിക്കുക
  • പാൽ ഒഴിവാക്കുക
  • നിങ്ങളുടെ പതിവ് വ്യത്യാസപ്പെടുത്തി തണുപ്പിച്ച ഭക്ഷണമോ പാനീയങ്ങളോ ഒഴിവാക്കുക
  • കൊഴുപ്പുള്ളതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക;  ലഘുവായതും  ഉണങ്ങിയതുമായ ഭക്ഷണം കഴിക്കുക
  • പകൽ ഉറക്കം പാടില്ല 

ഭക്ഷണത്തിന്റെയും ജീവിതശൈലിയുടെയും മാർഗ്ഗനിർദ്ദേശങ്ങൾ നിങ്ങൾ എത്രത്തോളം കൃത്യമായി പാലിക്കുന്നു എന്നതിന് ആനുപാതികമായിട്ടായിരിക്കും  നിങ്ങളുടെ ഗുണങ്ങളുടെ  സന്തുലിതാവസ്ഥയിലേക്കും ആരോഗ്യത്തിലേക്കും ഉള്ള പുരോഗതി എന്ന് ഓർക്കുക. പഴയ ശീലങ്ങൾ ചിലപ്പോൾ മാറ്റുവാൻ  പ്രയാസമായിരിക്കാം. നിങ്ങളുടെ മാറ്റങ്ങൾ വളരെ ക്രമേണയായിരിക്കാം വരുന്നത്.  പക്ഷേ പുരോഗതി കൈവരിക്കാൻ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നിങ്ങളുടെ സ്വന്തം മാറ്റത്തിന്റെ ചുമതല  നിങ്ങൾക്ക് തന്നെയാണ്.

നിങ്ങൾക്ക് ആയുർവേദത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ, വാതം, പിത്തം, കഫം  എന്നിവയെക്കുറിച്ചുള്ള ആശയപരമായ അറിവിനായി  ഡോ. ലാദിന്റെ “ആയുർവേദം: സ്വയം രോഗശാന്തിയുടെ ശാസ്ത്രം” എന്ന പുസ്തകം  ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഭക്ഷണത്തിനും രോഗശാന്തിക്കുമുള്ള ആയുർവേദ സമീപനത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും വിശദീകരണങ്ങൾക്കും, “ഉഷാ ലാദ്, ഡോ. ലാഡിന്റെ പാചകക്കുറിപ്പ് – സ്വയം രോഗശാന്തിക്കുള്ള ആയുർവേദ പാചകം” എന്ന പുസ്തകം   ഞങ്ങൾ ശുപാർശ ചെയ്യുന്നു.


1. ഓസ്റ്റിയോപതി, കൈറോപ്രാക്റ്റർ, പ്രകൃതിചികിത്സ എന്നീ വിഷയനാളിൽ ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ള, ഹംഗേറിയൻ സ്വദേശി ആയ ഡോ. റാൻഡോൾഫ് സ്റ്റോൺ വികസിപ്പിച്ച സമഗ്രമായ ഒരു രോഗശാന്തി സംവിധാനമാണ് പോളാരിറ്റി തെറാപ്പി. ആയുർവേദത്തിലും അതുപോലെ തന്നെ   ഊർജ്ജം ഉപയോഗിച്ചുകൊണ്ട്  കിഴക്കൻ രാജ്യങ്ങളിൽ നിലവിൽ ഉള്ള ചികിത്സാ രീതികളിലും  അൻപതു  വർഷത്തിലേറെ നീണ്ട ഗവേഷണത്തിനു ശേഷം അദ്ദേഹം “പോളാരിറ്റി തെറാപ്പി” എന്നറിയപ്പെടുന്ന ഒരു സംയോജിത രോഗശാന്തി സംവിധാനം വളർത്തി എടുത്തു. ഡോ. സ്റ്റോണിന്റെ ഈ രോഗശാന്തി സംവിധാനം  ഊർജത്തിന്റെ ചലനവും ഒഴുക്കും  അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒന്നാണ്. രോഗശാന്തിയുടെ കാതൽ “പ്രാണ” അല്ലെങ്കിൽ “ചി” അല്ലെങ്കിൽ ” ജീവശക്തി” എന്ന് വിളിക്കപ്പെടുന്ന ഊർജ്ജത്തിന്റെ   ചലനമാണെന്ന് അദ്ദേഹം കണ്ടെത്തി. പോളാരിറ്റി തെറാപ്പി ശരീരത്തിന്റെ ഊർജ്ജ പ്രവാഹത്തിന്  സന്തുലിതാവസ്ഥ നൽകുന്നു. അങ്ങിനെ ‘പൊളാരിറ്റി തെറാപ്പി”  ശാരീരികമായും വൈകാരികമായും മാനസികമായും എല്ലാ മേഖലകളിലും ഒരു വ്യക്തിയെ പുന:സ്ഥാപിക്കുകയും പുന:രുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ഊർജ്ജത്തിന്റെ  പ്രവാഹം വർദ്ധിപ്പിക്കുന്നതിനും ആ വ്യക്തിയുടെ ഊർജത്തിന്റെ ഡിസ്ട്രിബൂഷൻ പോയിന്റുകളായ  “ചക്ര” സംവിധാനത്തെ സന്തുലിതമാക്കുന്നതിനും ആ വ്യക്തിയുടെ വൈദ്യുതകാന്തിക മണ്ഡലവുമായി സംയോജിച്ച് പ്രവർത്തിച്ചുകൊണ്ടുള്ള ഒന്നാണ്   പൊളാരിറ്റി തെറാപ്പിയുടെ രീതി.  

2. “അവബോധം” എന്നാൽ ഇംഗ്ലീഷിൽ “consciousness” ആണ്.  “ഞാൻ ബോധവാൻ ആണ്”  എന്നു നമുക്ക് തന്നെ നിരന്തരമായി ഉള്ളിലുള്ള ആ   ആന്തരിക ബോധമാണ് അവബോധം.   കാഴ്ച്ചകൾ കാണുന്നത് കണ്ണ് എന്ന എന്റെ  ഇന്ദ്രിയമല്ല; “ഞാൻ” എന്ന് വിവക്ഷിക്കുന്ന അവബോധമാണ് കാഴ്ചകൾ  കാണുന്നത്. ശബ്ദം  കേൾക്കുന്നത് ചെവി എന്ന  എന്റെ ഇന്ദ്രിയമല്ല, “ഞാൻ” എന്ന് വിവക്ഷിക്കുന്ന അവബോധമാണ് ശബ്ദം കേൾക്കുന്നത് . ഗന്ധം  അറിയുന്നത് മൂക്ക് എന്ന എന്റെ ഇന്ദ്രിയമല്ല.  “ഞാൻ” എന്ന് വിവക്ഷിക്കുന്ന അവബോധമാണ് ഗന്ധം അറിയുന്നത്.  രുചി അറിയുന്നത് നാക്ക് എന്ന എന്റെ ഇന്ദ്രിയമല്ല, ഞാൻ എന്ന് വിവക്ഷിക്കുന്ന അവബോധമാണ് രുചി അനുഭവിക്കുന്നത്.  സ്പർശം  അറിയുന്നത് ത്വക്ക് എന്ന എന്റെ ഇന്ദ്രിയമല്ല. ഞാൻ എന്ന് വിവക്ഷിക്കുന്ന എന്റെ  അവബോധമാണ്. ഉപനിഷത്തുക്കളിലേയും, യോഗാശാസ്ത്രത്തിലേയും അമൂല്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തി എന്ന് പറയുന്നത് അവബോധത്തിന്റെ ഒരു “യൂണിറ്റി”ന് അഞ്ച് ആവരണങ്ങൾ ലഭിച്ച നിലയാണ്  എന്നാണ് . ഓരോ ആവരണവും ഓരോ ഉടുപ്പുപോലെ ഒന്നിന് മേൽ ഒന്നായി ഇട്ടിരിക്കുന്ന സ്ഥിതിയിൽ ഉള്ള മൂന്ന്  ശരീരങ്ങൾ ആണ്  എന്ന് മനസ്സിലാക്കുവാൻ വേണ്ടി നമുക്ക് സങ്കല്പിക്കാവുന്നതാണ്.  അതിൽ ഏറ്റവും പുറമെ ഉള്ള   ആവരണം  ആണ് നമ്മുടെ ഈ ഭൗതിക  ശരീരം (അന്നമയകോശം അല്ലെങ്കിൽ ഭൗതിക ശരീരം), പിന്നെ  മനസ്സ് എന്ന അദൃശ്യമായ മറ്റൊരു ശരീരം  (മനോന്മയ കോശം, അല്ലെങ്കിൽ മനോന്മയമായ  ശരീരം), മൂന്നാമതായി അദൃശ്യമായ  പ്രാണ ശരീരം  (പ്രാണമയ കോശം)  അല്ലെങ്കിൽ ഇന്റലിജന്റ് എനർജി ആയ ഊർജ്ജ ശരീരം. ഈ മൂന്ന് ‘ശരീരങ്ങളും’  ‘മാറ്റർ’ ആണ്, അല്ലെങ്കിൽ സൃഷ്ടിക്കപ്പെട്ട ഭൗതിക വസ്തു ആണ്  എന്ന്  ഭാരതീയ ദർശനങ്ങൾ പറയുന്നു. സൃഷ്ടികൾ എല്ലാം നടന്നിരിക്കുന്നത് പഞ്ച മഹാഭൂതങ്ങൾ (ഗ്രേറ്റ് എലെമെന്റ്സ്) ആയ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്ന അടിസ്ഥാന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ്. യഥാർത്ഥത്തിൽ ഉള്ള “ഞാൻ” എന്ന വിവക്ഷ “ അവബോധ” ത്തിനെ ആണ്.  അവബോധം  എടുത്തണഞ്ഞിരിക്കുന്ന ഈ മൂന്ന് ആവരണങ്ങളും ഉണ്ടായിരിക്കുന്നത് ഈ പഞ്ചമഹാ ഭൂതങ്ങൾ കൊണ്ടാണ് എന്നർത്ഥം. അവബോധത്തിന്റെ ഉപയോഗത്തിന് വേണ്ടി അവബോധം താത്കാലികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആണ് ഈ മൂന്നു  ആവരണ ശരീരങ്ങൾ. ഈ മൂന്ന് ആവരണങ്ങളും അവബോധവും  തമ്മിലുള്ള സന്തുലിതമായ, ബാലൻസ്ഡ് ആയ,  അവസ്ഥയാണ് ആരോഗ്യം എന്ന് ആയുർവേദം പറയുന്നു. ആ സന്തുലിതാവസ്ഥയിൽ വരുന്ന വ്യതിയാനങ്ങൾ ആണ് രോഗം.


3. തക്കാളി, വഴുതന, ഉരുളക്കിഴങ്ങ്, കുരുമുളക് എന്നിവ ഉൾപ്പെടുന്ന സസ്യങ്ങളുടെ ഒരു കുടുംബമാണ് “നൈറ്റ്ഷെയ്ഡ്”. പുകയിലയും നൈറ്റ്ഷെയ്ഡ് ഇനത്തിലാണ്. ചെറിയ അളവിൽ ആൽക്കലോയിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ നൈറ്റ്ഷെയ്ഡുകൾ സവിശേഷമാണ്. പ്രധാനമായും സസ്യങ്ങളിൽ കാണപ്പെടുന്ന രാസവസ്തുക്കളാണ് ആൽക്കലോയിഡുകൾ. ഒരു ആൽക്കലോയിഡ് ഔഷധമായി  പരിഗണിക്കപ്പെടണമെങ്കിൽ, അതിൽ നൈട്രജൻ അടങ്ങിയിരിക്കുകയും മനുഷ്യശരീരത്തെ ബാധിക്കുകയും വേണം. ആൽക്കലോയിഡുകൾ അടങ്ങിയ സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള മരുന്നുകളുടെ രണ്ട് ഉദാഹരണങ്ങളാണ് മോർഫിനും ക്വിനൈനും.