
കാര്യങ്ങൾ ഉള്ളറിവോടെ മനസ്സിലാക്കുവാനുള്ള മനുഷ്യൻ്റെ സ്വയാവബോധ ശക്തി ‘കാല’വുമായി (അഥവാ സമയവുമായി) അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇക്കാര്യത്തിന് വളരെ ലളിതമായ ഉദാഹരണം നമ്മുടെ നിത്യജീവിതത്തിൽ കാണാവുന്നതാണ്. എന്തെങ്കിലും ഗൗരവമുള്ള വിഷയം പഠിച്ചു മനസ്സിലാക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം രാത്രി നിദ്രാവിഹീനമായി ഇരിക്കുമ്പോഴല്ല, രാവിലെ ഉറക്കമുണർന്ന് ഊർജ്വസ്വലരാകുമ്പോഴാണ് എന്ന് നമുക്കറിയാം. അതുപ്പോലെ, രാത്രി ഏഴുമണിക്ക് മദ്യം കഴിക്കുവാൻ അധികം പ്രേരണയൊന്നും മിക്കവർക്കും ആവശ്യമില്ല. എന്നാൽ വെളുപ്പിന് മൂന്നു മണിക്ക് മദ്യം കഴിക്കുവാൻ അധികം ആർക്കും കഴിയുകയില്ല. ഇതാണ് സമയത്തിന് നമ്മിലുള്ള സ്വാധീനം. രാത്രിയും പകലും നമ്മുടെ അവബോധ ശക്തിയെ സ്വാധീനിക്കുന്നത്പോലെ തന്നെ കാലഘട്ടങ്ങളും മനുഷ്യാവബോധത്തെ ശക്തമായി സ്വാധീനിക്കുണ്ട്. അതുപോലെ തന്നെ, കാലത്തിൻ്റെ ബൃഹത് പതിപ്പുകളായ യുഗ പരിവർത്തികളിലും മനുഷ്യാവബോധം കൂടിയും കുറഞ്ഞും ഇരിക്കും. അതനുസരിച്ച് മനുഷ്യൻ്റെ ധാർമ്മികതയും പൊതുവേ കൂടിയും കുറഞ്ഞും ഇരിക്കും. തത്‌ഫലമായി അത്യുന്നതമായ ധാർമ്മികതനിലനിന്നിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതുപോലെ തന്നെ ധാർമ്മികത തീരെകുറഞ്ഞ കാലഘട്ടവും.
ഭാരതീയ വിജ്ഞാനം നൽകുന്നതും, നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ ഒരു പ്രധാന വിഷയമാണ് മനുഷ്യാവബോധത്തെ പ്രപഞ്ചം സ്വാധീനിക്കുന്ന രീതികൾ. ഭൂമിയും, സൂര്യനും, ചന്ദ്രനും, സൗരയൂഥവും, പ്രപഞ്ചവും എല്ലാം നമ്മളെ സ്വാധീനിക്കുന്ന ചില പ്രത്യേക രീതികൾ ഉണ്ട്. കൃത്യമായ കാലപ്പഴക്കം നിർണ്ണയിക്കുവാൻ സാധിക്കാത്തവിധം അതി പുരാതനമായ അറിവുകളുടെ സമാഹാരമാണ്, ‘സൂര്യ സിദ്ധാന്തം’ എന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിലെ സംസ്കൃത ഗ്രന്ഥം. ഈ ഗ്രന്ഥത്തിൽ പ്രകാശത്തിൻ്റെ വേഗത, വിവിധ നക്ഷത്ര സമൂഹങ്ങളുടേയും, വിവിധ ഗ്രഹങ്ങളുടേയും ചന്ദ്രൻ്റേയും മറ്റും ചലനങ്ങൾ കണക്കാക്കുന്നതിനുള്ള നിയമങ്ങൾ തുടങ്ങിയ സങ്കീർണമായ പല ശാസ്ത്ര വിഷയങ്ങളും അടങ്ങിയിരിക്കുന്നുണ്ട്. മനുഷ്യൻ്റെ ശ്വസനം, ഹൃദയസ്പന്ദനം, മാനസിക നില തുടങ്ങിയ പല ശാരീരിക മാനസിക ക്രമീകരണങ്ങളും, ഈ പ്രപഞ്ച ഘടകങ്ങളുടെ ചലനങ്ങളും ആയി അഭേദ്യമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
ഉദാഹരണത്തിന്, പൗർണ്ണമി ദിവസങ്ങളിൽ മാനസിക വിഭ്രാന്തി ഉള്ളവർക്ക് അത് വർദ്ധിക്കുന്നതും, സമുദ്രത്തിൽ വേലിയേറ്റം ഉണ്ടാകുന്നതും, കൃത്യമായ ചന്ദ്രമാസ കണക്ക് അനുസരിച്ചു സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകുന്നതും എല്ലാം എല്ലാവർക്കും പൊതുവേ അറിവുള്ള കാര്യങ്ങൾ ആണല്ലോ. എന്നാൽ, അതുമാത്രമല്ല. മനുഷ്യാവബോധത്തിൻ്റെ വികാസത്തിലും സൗരയൂഥത്തിൻ്റെ ഭ്രമണ ചലനങ്ങൾ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന വസ്തുത പലർക്കും അജ്ഞാതമായ ഒന്നാണ്.
ഭൂമിയുടെ ഭ്രമണ ചലനങ്ങളിൽ നിന്നും ആണല്ലോ ദിവസവും, വർഷവും കണക്കാക്കി കാല നിർണ്ണയം നടത്തുന്നത്. അതനുസരിച്ച് മനുഷ്യന് ശൈശവവും, യൗവ്വനവും, വാർദ്ധക്യവും എല്ലാം വരുകയും പോകുകയും ചെയ്യുന്നത് നമ്മൾ അറിയുന്നു. ‘സിർക്കാഡിയൻ റിഥം’ എന്നത് നമ്മുടെ ശരീരത്തിൻ്റെ ആന്തരിക ഘടികാരത്തിന് നൽകിയിരിക്കുന്ന പേരാണ്. ഇതൊരു താള ക്രമം ആണ്. ഈ താളം നമ്മുടെ ശരീരം എപ്പോൾ ഉറങ്ങണമെന്നും എപ്പോൾ ഉണരണമെന്നും പറയുന്നു. കൂടാതെ, ഇത് നമ്മുടെ ഹോർമോണുകൾ, ദഹനം, ശരീര താപനില എന്നിവ പോലെയുള്ള മറ്റ് നിരവധി ശരീര പ്രക്രിയകളേയും നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിനുള്ളിൽ ഒരു ചെറിയ ഇലക്ട്രോണിക് ഡിവൈസ് ഉള്ളതുപോലെയാണ് ഇത് നമ്മുടെ ജൈവ പ്രക്രിയകളെ ഇരുപത്തിനാലു മണിക്കൂറും നിരീക്ഷിച്ച് നിയന്ത്രിക്കുന്നത്. ഇതിൽ നിന്നെല്ലാം, മനുഷ്യൻ്റെ ശാരീരികവും മാനസികവും ആയ കാര്യങ്ങളിൽ കാലത്തിൻ്റെ അല്ലെങ്കിൽ സമയത്തിൻ്റെ സ്വാധീനം വളരെ വ്യക്തമാണ്. ഇതെല്ലാം വളരെ കൃത്യമായി കണക്കിൽ എടുത്തിട്ടാണ് ഭാരതീയ വിജ്ഞാനത്തിൽ മനുഷ്യന് ശരിയായ ജീവിത രീതികൾ നിർദ്ദേശിച്ചിരിക്കുന്നത്.
മനുഷ്യാവബോധം വികസിപ്പിക്കുക എന്നതാണ് ഭാരതീയ വിജ്ഞാനത്തിൻ്റെ പരമ പ്രധാനമായ ഒരു ലക്ഷ്യം തന്നെ. ഭൂമിയിൽ മനുഷ്യൻ്റെ അവബോധം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്ന കാലത്ത്, നീതി ബോധവും ധർമ്മവും ഭൂമിയിൽ ഏറ്റവും അധികം വികസിച്ചു നിൽക്കും എന്ന് ഭാരതീയ വിജ്ഞാനം കൃത്യമായ നിരീക്ഷണത്തിലൂടെ മനസ്സിലാക്കുന്നുണ്ട്. അതു കൊണ്ട്, കാലവും മനുഷ്യ ക്ലേശങ്ങളും തമ്മിൽ നേരിട്ടുള്ള ഒരു ബന്ധമുണ്ടെന്ന് വ്യക്തമാണ്.
അതായത്, കാലത്തിന് ‘ഗുണഗണങ്ങൾ’ എന്ന ഒരു സ്വഭാവ വിശേഷം ഉണ്ട് എന്നത് അധികമാർക്കും അറിയില്ല. ചില കാലഘട്ടങ്ങളിൽ മനുഷ്യൻ്റെ അവബോധം സ്വാഭാവികമായി തന്നെ വളരെ ഉയർന്നതായിരിക്കും. അതുകൊണ്ടു തന്നെ ആ കാലങ്ങളിൽ ഭൂമിയിൽ ധർമ്മം രൂഢമൂലമായി നില നിൽക്കുന്നുണ്ടാകും. നിലനിൽപ്പുള്ള സർവ്വതിൻ്റേയും ഏറ്റവും ഉയർന്ന നന്മ ഉറപ്പുവരുത്തുന്ന പ്രവർത്തന ശൈലിയാണ് ‘ധർമ്മം’ എന്ന് ചുരുക്കത്തിൽ പറയാം. സർവ്വതിൻ്റേയും ഐശ്വര്യപൂർണ്ണമായ നിലനിൽപിന് വ്യക്തികളും, സമൂഹവും, രാഷ്ട്രവും ധാർമ്മികമായി പ്രവർത്തിക്കണം. എന്നാൽ, ധാർമ്മികതയുടെ ആവശ്യവും പ്രാധാന്യവും മനുഷ്യരിലെ ‘അവബോധം’ ഉണർന്ന് വികസിച്ചിരിക്കുമ്പോൾ മാത്രമേ മനുഷ്യന് മനസ്സിലാകൂ. അത് മനസ്സിലാക്കുന്നത് വരെ മനുഷ്യൻ സ്വാർത്ഥമതികളും, പൊതുവായ നന്മക്ക് പ്രാധാന്യം കൊടുക്കാത്തവരും ആയി മാറും. ചില കാലഘട്ടങ്ങളിൽ മനുഷ്യരാശിയുടെ പൊതുവായ അവബോധം കുറഞ്ഞു പടുംതിരി കത്തി നിൽക്കും; അക്കാലങ്ങളിൽ ധർമ്മച്യുതി ഭൂമിയിൽ വളരെ അധികം കൂടുതൽ ആയിരിക്കുകയും ചെയ്യും.
ഭൂമി അതിൻ്റെ അച്ചുതണ്ടിൽ ഒരുതവണ കറങ്ങുന്ന 24 മണിക്കൂർ നേരത്തിൽ 12 മണിക്കൂർ രാത്രിയും, 12 മണിക്കൂർ പകലും ആണല്ലോ. രാത്രിക്കും പകലിനും രണ്ടു ‘ഗുണങ്ങൾ’ അല്ലെങ്കിൽ രണ്ടു ‘സ്വഭാവങ്ങൾ’ ആണ് ഉള്ളത് എന്ന് കാണാം. നമ്മുടെ മാനസിക നിലകളേയും ചിന്തകളേയും രണ്ടു വിവിധ രീതികളിൽ ആണ് രാത്രിയും, പകലും സ്വാധീനിക്കുന്നത്. അതുപോലെ പകൽ സമയത്ത് തന്നെ, പ്രഭാതവും നട്ടുച്ചയും രണ്ടു വ്യത്യസ്ത രീതിയിലായിരിക്കും നമ്മുടെ ശാരീരിക മാനസിക നിലകളിൽ സ്വാധീനം ചെലുത്തുന്നത്. നട്ടുച്ചയും സന്ധ്യയും തമ്മിൽ താരതമ്യം ചെയ്ത് നോക്കിയാൽ തന്നെ അറിയാം, അവ നമ്മുടെ മാനസികവും ശാരീരികവും ആയ നിലകളിൽ ചെലുത്തുന്ന സ്വാധീനങ്ങൾക്ക് വ്യത്യാസമുണ്ട് എന്ന്. നമ്മൾ കഴിക്കുന്ന ആഹാരങ്ങളും, നമ്മളിൽ സ്വാഭാവികമായി ഉയർന്നു വരുന്ന ചിന്തകളും ഒരു ദിവസത്തിലെ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്തങ്ങൾ ആയിരിക്കും. ഉദാഹരണതിന്, ഒരു ഗായകനോടോ ഗായികയോടോ വെളുപ്പിന് മൂന്നു മണിക്ക് ഒരു ഗാനം ആലപിക്കുവാൻ പറഞ്ഞാൽ, ആലപിക്കുന്ന ഗാനവും, അതേ ആവശ്യം രാത്രി ഏഴുമണിക്ക് ഉന്നയിച്ചാൽ ആലപിക്കുന്ന ഗാനവും രണ്ടും രണ്ടു വിധത്തിലുള്ളവ ആയിരിക്കും. കാലത്തിന് അല്ലെങ്കിൽ സമയത്തിന് നമ്മളിൽ ഉള്ള നിശബ്ദമായ ഒരു സ്വാധീനം ആണ് ഇത് കാണിക്കുന്നത്.
ഭാരതീയ വിജ്ഞാനത്തിൽ ‘കാലം’ എന്നത് ഒരു നേർ രേഖയല്ല. കാലം ചക്രഗതിയിൽ (സൈക്ലിക് ആയി) പ്രദക്ഷിണം ചെയ്യന്ന ഒന്നാണ്. അതായത് ‘കാലം’ എന്ന് പറയുന്നത് അവസാനമില്ലാതെ നീണ്ടു നീണ്ടു പോകുന്ന ഒരു റെയിൽ പാളം പോലെയല്ല. കാലം ഒരു ഘടികാരത്തിലെ സൂചി പോലെ ക്രമമായി സ്വയം പ്രദക്ഷിണം ചെയ്യുന്ന, ആവർത്തന ക്ഷമമായ ഒന്നാണ്. ചക്രഗതിയിലൂടെ സ്വയം പ്രദക്ഷിണം ചെയ്ത് സ്വയം ആവർത്തിച്ചുകൊണ്ട് മുൻപോട്ടുപോകുന്ന കാലത്തിനെ ഗ്രീക്ക് സംസ്കാരം ‘ക്രോണോസ്’ എന്നാണ് വിളിച്ചിരുന്നത്. അതുകൂടാതെ നമ്മെ സ്വാധീനിക്കുന്ന കാലത്തിൻ്റെ പ്രത്യേക സ്വഭാവ ഗുണത്തിനെ ഗ്രീക്ക് സംസ്കാരത്തിൽ ‘കൈറോസ്’ എന്നാണ് വിളിച്ചിരുന്നത്.
ഭൂമി സ്വന്തം അച്ചുതണ്ടിൽ, ഒരു സെക്കൻഡിൽ അര കിലോമീറ്റർ വേഗതയിൽ, സ്വയം തിരിയുമ്പോൾ തന്നെ സൂര്യനെ കേന്ദ്രമാക്കി, ഒരു സെക്കൻഡിൽ മുപ്പത് കിലോമീറ്റർ വേഗതയിൽ ഭ്രമണം ചെയ്യുന്നതനുസരിച്ച് ദിവസങ്ങളും വർഷങ്ങളും കണക്കാക്കി കാലം ഗണിക്കപ്പെടുകയാണല്ലോ ചെയ്യുന്നത്. അതുപോലെ തന്നെ അതേ സമയത്ത് നടക്കുന്ന – എന്നാൽ അതിനേക്കാളൊക്കെ വളരെ വലിയ തോതിൽ നടക്കുന്ന – മറ്റൊരു വലിയ ഭ്രമണത്തെക്കുറിച്ച് ഭാരതീയ വിജ്ഞാനം മനസ്സിലാക്കിയിരുന്നു. സൂര്യനും, സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയും മറ്റു 8 ഗ്രഹങ്ങളും ചേർന്ന നമ്മുടെ സൂര്യകുടുംബം ഒരുമിച്ച്, ഈ പത്തു ഘടകങ്ങൾക്കും പൊതുവായ മറ്റൊരു കേന്ദ്രത്തെ കേന്ദ്രമാക്കി, ഒരു സെക്കൻഡിൽ 230 കിലോമീറ്റർ വേഗതയിൽ ചുറ്റിക്കൊണ്ട് അതേ സമയത്ത് തന്നെ മറ്റൊരു ഭ്രമണം കൂടി ചെയ്യുന്നുണ്ട്.
അതായത്, ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം കറങ്ങുമ്പോൾ തന്നെ, സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് കൂടാതെ സൂര്യൻ തൻ്റെ 9 ഗ്രഹങ്ങളേയും ചേർത്തു പിടിച്ചുകൊണ്ട് തനിക്ക് കേന്ദ്രമായ മറ്റൊരു അജ്ഞാത കേന്ദ്രത്തെ ചുറ്റി, പ്രപഞ്ചമെന്ന മഹാശൂന്യതയിലൂടെ വളരെ വേഗം യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. ആ യാത്രയിൽ ഭൂമി എന്ന ഒരു ചെറിയ ‘സ്പേസ് ഷിപ്പി’ലാണ് നമ്മൾ!
ആ ഭ്രമണ പാത ദീർഘ വൃത്താകൃതിയിലാണ് എന്ന് പുരാതന ഋഷിമാർ മനസ്സിലാക്കിയിരുന്നു. അത്തരത്തിലുള്ള ഒരാവർത്തി പൂർണ്ണ ഭ്രമണം നടത്തുവാൻ സൂര്യകുടുംബം 25,920 വർഷങ്ങൾ ആണ് എടുക്കുന്നത്. ഈ 25,920 വർഷങ്ങൾ ആണ് ഒരു ‘മഹാ യുഗം’. ഒരു ദിവസത്തിന് 24 മണിക്കൂറും, അതിൽ 12 മണിക്കൂർ അവരോഹണത്തിൻ്റെ രാത്രിയും 12 മണിക്കൂർ ആരോഹണത്തിൻ്റെ പകലും ആയിരിക്കുന്നത് പോലെ, 25,920 വർഷങ്ങളുള്ള ഒരു മഹാ യുഗത്തിന് 12,960 വർഷം ആരോഹണത്തിൻ്റെ പകലും, 12,960 വർഷം അവരോഹണത്തിൻ്റെ രാത്രിയും ആണുള്ളത്. ഇതും കബാലിയോൺ വ്യക്തമാക്കി തന്ന സമാനതാ നിയമത്തിന് മറ്റൊരു ഉദാഹരണം ആണെന്ന് ശ്രദ്ധിക്കുക. സമാനതാ നിയമം എന്താണെന്ന് മനസ്സിലാക്കുവാൻ, കബാലിയോൺ എന്ന ലേഖനം വായിക്കുക.
ആരോഹണത്തിൻ്റെ 12,960 വർഷമുള്ള പകലിൽ ക്രമാനുഗതമായി കുറഞ്ഞ അവബോധത്തിൽ നിന്നും കൂടിയ അവബോധത്തിലേക്കും, അവരോഹണത്തിൻ്റെ 12,960 വർഷമുള്ള രാത്രിയിൽ ക്രമാനുഗതമായി കൂടിയ അവബോധത്തിൽ നിന്നും കുറഞ്ഞ അവബോധത്തിലേക്കും മനുഷ്യൻ്റെ പൊതുവായ അവബോധ നില മാറുന്നു. പകൽ വെളിച്ചവും ചൂടും, രാത്രി ഇരുട്ടും തണുപ്പും വ്യാപിക്കുന്നതിന് സമാനമാണ് ഇത്. ഭൂമിയുടെ പ്രതലം സൂര്യനിൽ നിന്നും ഏറ്റവും അകന്നു നിൽക്കുന്ന അർദ്ധരാത്രി ഇരുട്ടും തണുപ്പും കൂടിയിരിക്കുകയും, ഏറ്റവും അടുത്തു നിൽക്കുന്ന നട്ടുച്ചക്ക് വെളിച്ചവും ചൂടും കൂടിയിരിക്കുകയും ചെയ്യന്നത് പോലെ ആണ് ഇതും. ചൂടിനും വെളിച്ചത്തിനും പകരം, ഇവിടെ അവബോധം ആണെന്ന് മാത്രം. സൂര്യകുടുംബത്തിൻ്റെ ഭ്രമണ പഥം ദീർഘ വൃത്തം ആയതുകൊണ്ട് രണ്ടും തമ്മിലുള്ള അകലം ഒരു പൂർണ്ണ വൃത്തത്തേക്കാൾ കൂടുതൽ ആയതുകൊണ്ട്, മനുഷ്യരിൽ അവബോധത്തിൻ്റെ കൂടുതലും കുറവും രൂക്ഷം ആയിരിക്കും എന്ന് മാത്രം.

മേൽപ്പറഞ്ഞ അവബോധത്തിൻ്റെ ആരോഹണവും അവരോഹണവും സംഭവിക്കുന്നത്, ഏറ്റവും കുറഞ്ഞ അവബോധ നിലയിൽ നിന്നും ഏറ്റവും കൂടിയ അവബോധ നിലയിലേക്ക് ക്രമാനുഗതങ്ങൾ ആയി യഥാക്രമം വരുന്ന, കലി യുഗം, ദ്വാപരയുഗം, ത്രേതായുഗം, സത്യയുഗം എന്നീ നാല് ഘട്ടങ്ങളിൽ കൂടി ആണ്. ആരോഹണത്തിൻ്റെ 1,296 വർഷത്തെ കലിയുഗവും, 2,592 വർഷത്തെ ദ്വാപരയുഗവും, 3,888 വർഷത്തെ ത്രേതായുഗവും, 5,184 വർഷത്തെ സത്യയുഗവും ആയിരിക്കും ഉണ്ടാകുക. ഇതേ കാലയളവുകൾ വിപരീത ദിശയിൽ ഉള്ള യുഗങ്ങൾക്ക് ആയിരിക്കും അവരോഹണ കാലത്ത് ഉണ്ടാകുക.
ഈ നാല് യുഗങ്ങളിലും മനുഷ്യാവബോധത്തിൻ്റെ നിലവിലെ പൊതുവായ നിലക്ക് അനുസൃതമായി ഭൂമിയിലെ ധാർമ്മികതയുടെ നിലവാരവും നാല് തലത്തിലായിരിക്കും. ഭാരതീയ വിജ്ഞാനത്തിൽ ധാർമ്മികതയെ ഒരു വൃഷഭമായിട്ടാണ് (കാള) ഉപമിച്ചിരിക്കുന്നത്. സത്യയുഗ കാലത്തിൽ ധാർമ്മിക വൃഷഭം നാല് കാലുകളിലായിക്കും നിൽക്കുന്നത്. അതായത് ധർമ്മ പരിപാലനം വളരെ രൂഢമൂലമായിരിക്കും എന്നർത്ഥം. എന്നാൽ ധർമ്മ വൃഷഭം ത്രേതാ യുഗത്തിൽ മൂന്നു കാലുകളിലും, ദ്വാപരയുഗത്തിൽ രണ്ടു കാലുകളിലും, കലിയുഗത്തിൽ ഒറ്റക്കാലിലും ആയിരിക്കും നിൽക്കുക. മനോഹരമായ ഈ ഉപമയിൽ നിന്നും ആരോഹണാവരോഹണത്തിൻ്റെ വിവിധ യുഗങ്ങളിൽ ധർമ്മത്തിൻ്റെ വൃദ്ധിയും ച്യുതിയും കൃത്യമായി മനസ്സലാക്കാവുന്നതാണ്.
സാധാരണ മനുഷ്യന് അവബോധം ക്ഷയിച്ചിരിക്കുന്ന അവരോഹണ യുഗങ്ങളിൽ, പ്രത്യേകിച്ച് കലിയുഗത്തിൽ, അവബോധത്തോടെ ജീവിക്കുക എന്നത് വളരെ ശ്രമകരമായിരിക്കും. അതുകൊണ്ട് അത്തരം അവസരങ്ങളിൽ ഉയർന്ന അവബോധമുള്ള പ്രവാചകരും, അവതാരങ്ങളും, യോഗികളും മനുഷ്യരെ ധാർമ്മികതയിലേക്ക് നയിക്കുന്നതിനായി കൂടുതൽ വരുകയും പോകുകയും ചെയ്യും. കലിയുഗ കാലത്ത് അവബോധത്തോടെ ജീവിക്കുവാൻ മനുഷ്യന് ഉയർന്ന ഇച്ഛാശക്തിയും ജ്ഞാന ശക്തിയും ക്രിയാ ശക്തിയും ആവശ്യമാണ്. ഇത് മൂന്നും വർദ്ധിപ്പിക്കുവാനുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും ആണ് ഭാരതീയ വിജ്ഞാനം പൊതുവേ നൽകുന്നത്.
മഹാഭാരതയുദ്ധം അവസാനിക്കുന്നത് ക്രിസ്തുവിന് 3,140 വർഷം മുൻപാണ്. അവരോഹണ കാലത്തെ ദ്വാപരയുഗം അവസാനിച്ച് അവരോഹണ കലിയുഗം ആരംഭിക്കുന്നത് പ്രവാചക അവതാരം ആയിരുന്ന ശ്രീ കൃഷ്ണൻ ദേഹം ഉപേക്ഷിക്കുന്ന ബി.സി. 3102 – ആണ്. മഹാഭാരതത്തിൽ ഉള്ള ജ്യോതിശാസ്ത്ര സൂചനകളിൽ നിന്നും ആണ് ഈ കാല നിർണ്ണയങ്ങൾ നടത്തുന്നത്. പ്രവാചകൻ അബ്രഹാമിൻ്റെ ജീവിത കാലം ബി.സി. 2800 നോട് അടുത്താണ് എന്ന് ബൈബിളിലെ സൂചനകൾ നോക്കി നിർണ്ണയിക്കുന്നത് പോലെ തന്നെ ആണ് ഇതും.
അതായത്, ഇപ്പോൾ ക്രിസ്തുവർഷം 2025 ആയിരിക്കുമ്പോൾ, ശ്രീകൃഷ്ണൻ്റെ ദേഹവിയോഗം 5127 വർഷങ്ങൾ മുൻപായിരുന്നു എന്നർത്ഥം. ഇതിൽ നിന്നും അവരോഹണത്തിലേയും ആരോഹണത്തിലേയും അവബോധവും ധാർമ്മികതയും ഏറ്റവും അധികം നിപതിച്ച 1296 വർഷങ്ങൾ വീതമുള്ള ഇരട്ട കലിയുഗം അവസാനിച്ചു ബി.സി. 510 ൽ ആരോഹണത്തിലെ ദ്വാപരയുഗം ആരംഭിച്ചു എന്ന് കാണാവുന്നതാണ്. കൂടാതെ 2,592 വർഷമുള്ള ആരോഹണത്തിലെ വർദ്ധിച്ചുവരുന്ന അവബോധത്തോടെ ഉള്ള ദ്വാപരയുഗം അവസാനിച്ചു ആരോഹണതിലെ അതിലും കൂടുതൽ അവബോധമുള്ള ത്രേതായുഗം ആരംഭിക്കുവാൻ ഇനിയും 60 വർഷത്തോളം ബാക്കിയുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.
വിവിധ കാലഘട്ടങ്ങളിൽ നടന്ന ഗതകാല സംഭവങ്ങളിലേക്ക് നോക്കിയാൽ മനുഷ്യാവബോധത്തിൻ്റെ ക്ഷയവും അത് നൽകുന്ന ധർമ്മ ച്യുതിയും വ്യക്തമായി മനസ്സിലാക്കാം. കഴിഞ്ഞ 200 വർഷത്തെ ലോക ചരിത്ര സംഭവങ്ങൾ പരിശോധിച്ചാൽ തന്നെ ധാർമ്മികതയുടെ തോത് അനുക്രമം വർദ്ധിച്ചു വരുന്നതായി കാണാവുന്നതാണ്. മനുഷ്യകുലത്തിൻ്റെ പൊതുവായ അവബോധ വികസനത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് നമ്മൾ കടന്നതുകൊണ്ടാണ് ഈ വ്യത്യാസം പ്രകടമാകുന്നത്. കഴിഞ്ഞ നൂറുവർഷത്തിൽ പൊതുവേ ലോകത്തെല്ലായിടത്തും, എല്ലാ രംഗത്തും മനുഷ്യൻ കൈവരിച്ച പുരോഗതി അനിതരസാധാരണമാണ്. രാജ്യങ്ങൾ സ്വതന്ത്രമായി. ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, ഉത്പാദന-ഉപഭോഗ രംഗത്തും, സാമ്പത്തിക രംഗത്തും വൻ കുതിച്ചു ചട്ടങ്ങൾ ഉണ്ടായി. ഇന്ന് ഒരു ശരാശരി മനുഷ്യന് കൈവന്നിരിക്കുന്ന ഉയർന്ന ജീവിത നിലവാരം, ആഹാര രീതി തുടങ്ങിയവ 100 വർഷങ്ങൾക്ക് മുൻപ് പല രാജാക്കന്മാർക്ക് പോലും ഉണ്ടായിരുന്നോ എന്നത് സംശയമാണ്.
ധാർമ്മിക വൃഷഭത്തിന് നാലു കാലുകളിൽ നിൽക്കുവാൻ ഇനിയും ബഹുദൂരം പോകാനുണ്ട് എന്ന വസ്തുതയും ശ്രദ്ധേയമാണ്. ഭാരതീയ വിജ്ഞാനത്തിൽ യുഗ പരിണാമത്തെക്കുറിച്ചുള്ള ധാരണകൾ വ്യക്തമാക്കുന്ന ഒരു നഖചിത്രമാണ് ഇവിടെ നൽകിയത്. മനുഷ്യാവബോധം ഒന്നിനൊന്ന് വികസിച്ചുവരുന്ന കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. സ്വയം യുക്തിയുക്തമായി ചിന്തിക്കുവാനും കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള ഒരു ശരാശരി മനുഷ്യനുള്ള കഴിവ് വർദ്ധിച്ചു വരുകയും ചെയ്യുന്ന കാലഘട്ടമാണ് ഇപ്പോൾ. ആ വികാസത്തിൻ്റെ തീവ്രതയും വ്യാപനവും, കാലം മുൻപോട്ടു പോകുന്തോറും ഇനിയും വർദ്ധിക്കും എന്ന് ന്യായമായി കരുതാവുന്നതാണ്.
പുരാതന ഭാരതീയ സംസ്കാരത്തിൽ മാത്രമല്ല കാലത്തിൻ്റെ ഗുണ ഗണങ്ങൾ മനുഷ്യാവബോധത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞതായി കാണുന്നത്. ക്രിസ്തുവിനും 1200 വർഷങ്ങൾക്ക് മുൻപ്, സുവർണ്ണ യുഗം, വെള്ളി യുഗം, ചെമ്പ് യുഗം, ഇരുമ്പ് യുഗം എന്നിങ്ങനെ പുരാതന ഗ്രീക്കുകാർ ‘ക്രോണോസ്’ കാല ഘടകങ്ങൾ ആയി തിരിച്ചിരുന്നു. പുരാതന പേർഷ്യയിലെ സൗരാഷ്ട്രീയർ (ബി.സി 500) കാലത്തെ 12,000 വർഷം മുതൽ 3000 വർഷം വരെ ദൈർഖ്യം ഉള്ള സ്വർണ്ണം, വെള്ളി, ഉരുക്ക്, ഇരുമ്പ് എന്നീ 4 ശാഖകളുള്ള ഒരു പ്രതീക വൃക്ഷമായി കണ്ടിരുന്നു.
പുരാതനമായ വടക്കൻ ജർമ്മനിക് സമൂഹങ്ങളിൽ ‘നോർസ്’ ഐതിഹ്യങ്ങൾ നില നിന്നിരുന്നു. അതിൽ സമാധാന കാലഘട്ടം, സാമൂഹിക ക്രമങ്ങളുടെ ഒരു കാലഘട്ടം, വർദ്ധിച്ചുവരുന്ന അക്രമത്തിൻ്റെ കാലഘട്ടം, ധാർമ്മിക അരാജകത്വത്തിൻ്റെ ‘രാഗ്നറോക്ക്’ എന്ന് പ്രതിപാദിച്ചിരുന്ന അധഃപതന കാലഘട്ടം, എന്ന നാല് കാലഘട്ടങ്ങൾക്ക് ശേഷം വീണ്ടും ലോകം പുനഃസ്ഥാപിക്കപ്പെടുന്നതിനെ കുറിച്ചുള്ള ഐതിഹ്യങ്ങൾ ഉണ്ടായിരുന്നു.
അയർലണ്ടിലെ കെൽറ്റിക് ഐതിഹ്യങ്ങളിൽ , ‘പാർത്തലോൺ’ എന്ന് വിവക്ഷിച്ചിരുന്ന വെള്ളിയുഗം, ‘നെമെഡ്’ എന്ന് വിളിച്ചിരുന്ന വെങ്കലയുഗം, ‘ത്വാത്ന ദേ ഡെനാം’ എന്ന പറഞ്ഞിരുന്ന സുവർണ്ണ യുഗം, ‘മിലേഷ്യൻ’ എന്ന കറുത്ത യുഗം എന്നിവ ആയിട്ടാണ് യുഗങ്ങളെ അവയുടെ ഗുണഗണത്തിൻ്റെ അടിസ്ഥാനത്തിൽ തിരിച്ചിരുന്നത്.
ബി.സി.300 ലെ ഈജിപ്തിലെ പുരോഹിതർ ദൈവങ്ങൾ ഭരിച്ച കാലഘട്ടത്തെക്കുറിച്ചും, അതിനുശേഷം ദേവന്മാരും, പിന്നീട് വീരന്മാരും ഭരിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും, തുടർന്ന് സാധാരണ മനുഷ്യൻ ഭരിച്ചിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചും രേഖപ്പെടുത്തിരിയിട്ടുണ്ട്.
തെക്കേ അമേരിക്കയിലെ പുരാതന ‘ഹോപ്പി’കൾക്കിടയിൽ (ബി.സി.500) നാല് വിവിധ ലോകങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ നില നിന്നിരുന്നു. ഒന്നും രണ്ടും ലോകങ്ങളിൽ സന്തുഷ്ടരായ, ആരോഗ്യമുള്ള ആളുകൾ, പരസ്പരം യോജിച്ചും പ്രകൃതിയുമായി ഒത്തിണങ്ങിയും ജീവിക്കുന്നു. മൂന്നാം ലോകത്തിൽ ജനങ്ങൾ വലിയ നഗരങ്ങളിൽ താമസിച്ചുകൊണ്ട് , അഴിമതിയും യുദ്ധവും നടത്തുന്നു. നാലാമത്തെ ലോകത്തിൽ ‘ചൂട്, തണുപ്പ്’ ‘സൗന്ദര്യം, വൈരൂപ്യം’ തുടങ്ങിയ ദ്വൈതങ്ങൾ നിലനിൽക്കുന്നതായി അവർ വിശ്വസിച്ചു.
ഒരു കാലഘട്ടത്തിൽ വിവിധ സംസ്കാരങ്ങളിൽ നിലനിന്നിരുന്ന പൊതു അറിവായിരുന്നു കാലഘട്ടം മാറുന്നത് അനുസരിച്ചു മനുഷ്യരിൽ അവബോധത്തിൻ്റെ തോതിൽ ഉണ്ടാകുന്ന ആരോഹണവും അവരോഹണവും. അത്തരം വിശേഷപ്പെട്ട അറിവുകൾ, ലോകത്തിൽ നിന്ന് മിക്കവാറും എല്ലാം അപ്രത്യക്ഷമായെങ്കിലും, ഭാരതീയ വിജ്ഞാനത്തിൽ ഇന്നും അത് നിലനിൽക്കുന്നുണ്ട്. അതനുസരിച്ചാണ് ഭാരതീയ വിജ്ഞാനം സർവ്വ ജീവനേയും തുണയ്ക്കുന്ന വിധത്തിലുള്ള ഒരു ജീവിത രീതി വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഇപ്രകാരം ഭാരതീയ ശാസ്ത്രങ്ങളിലെ കാല ഘടന വളരെ ബൃഹത് ആണ്. മേൽ വിവരിച്ചപ്രകാരം കലിയുഗം, ദ്വാപരയുഗം, ത്രേതായുഗം, സത്യയുഗം എന്നീ നാലുയുഗങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. എഴുപത്തി ഒന്ന് മഹായുഗങ്ങൾ ആണ് ഒരു മന്വന്തരം. ‘മന്വന്തരം’ എന്നാൽ, മനു – അനന്തരം (‘മനുവിന് ശേഷം’) എന്നാണ് അർത്ഥമാക്കുന്നത്. ഓരോ മന്വന്തരത്തിലും ഒരു മനുവും, ഏഴ് സപ്തര്ഷിമാരും, മനുഷ്യകുലത്തിന് മാര്‍ഗ്ഗദര്‍ശികളായി ഉണ്ടാകും എന്നാണ് ഭാരതീയ വിജ്ഞാനം പറയുന്നത്. പതിനാല് മന്വന്തരങ്ങൾ ആണ് ഒരു കല്പം. അതായത്, 239 ലക്ഷത്തോളം വർഷം ആണ് ഒരു കല്പം. മനുഷ്യന് രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത് 120 വർഷത്തെ ആയുർ ദൈർഖ്യം ആണെങ്കിലും, കേവലം നൂറുവർഷം പോലും ജീവിച്ചിരിക്കുവാൻ പ്രയാസപ്പെടുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം, ഒരു കല്പം അക്ഷരാർത്ഥത്തിൽ അനന്തമായ കാലം തന്നെയാണ്.
അവബോധ വികസനം ജീവിത ലക്ഷ്യം
അവബോധത്തിൻ്റെ ഏറ്റക്കുറച്ചിലുകൾ യുഗ പരിവൃത്തിയിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണെങ്കിൽ പിന്നെ മനുഷ്യന് എന്ത് ചെയ്യുവാൻ കഴിയും എന്ന ഒരു ചിന്തക്ക് ഇവിടെ പ്രസക്തി ഉണ്ട്. അവബോധ വികസനം യാന്ത്രികമായി നടക്കുന്ന ഒന്നാണോ, അതോ അതിൻ്റെ ആവശ്യം സ്വയം മനസ്സിലാക്കി മനഃപൂർവ്വം ഇച്ഛാപൂർവ്വം നടത്തേണ്ട ഒന്നാണോ എന്ന സംശയവും തത്‌ഫലമായി ഉയർന്നേക്കാം. അവബോധം ഏറ്റവും കുറഞ്ഞ കലിയുഗത്തിലും ഉയർന്ന അവബോധമുള്ളവർ ഉണ്ടായിരുന്നു. എന്നാൽ അവരുടെ എണ്ണം ആപേക്ഷികമായി കുറവായിരുന്നു എന്ന് മാത്രം. അതുപോലെ അവബോധം ഏറ്റവും കൂടി നിന്നിരുന്ന സത്യയുഗത്തിലും അവബോധം കുറഞ്ഞവർ ഉണ്ടായിരുന്നു. എന്നാൽ അവരുടെ എണ്ണവും ആപേക്ഷികമായി കുറവായിരുന്നു എന്ന് മാത്രം. ഇതിൽ നിന്നും സ്വന്തം ഇച്ഛാശക്തി ഉപയോഗിച്ച് എന്നും അവബോധം തിരിനീട്ടി ജ്വലിപ്പിച്ചു നിറുത്തേണ്ട ആവശ്യം വളരെ വ്യക്തമാണല്ലോ. യുഗപരിണാമം മനുഷ്യ ശ്രമങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിന്നുകൊണ്ട് അവബോധ വികസനത്തെ നാടകീയമാക്കുന്നുണ്ട് എന്ന് മാത്രം.
അവബോധത്തിന് സ്വയം വികസന ശക്തിയുണ്ട്. പക്ഷേ ആ വികസനം നമ്മുടെ ഇംഗിതവും ഇച്ഛാശക്തിയും പ്രയോഗിക്കുന്ന ദിശയിലേക്ക് ആയിരിക്കും സംഭവിക്കുന്നത് എന്ന് നമ്മൾ വിസ്മരിക്കരുത്. നമ്മുടെ ശ്രദ്ധ പോകുന്നിടത്തേക്കാണ് ഊർജ്ജം ഒഴുകുന്നത്. ആ ഇച്ഛയും ശ്രദ്ധയും ഒഴുകുന്നത് ബോധപൂർവ്വമായാലും അല്ലെങ്കിലും അത് തന്നെ സംഭവിക്കും. അതുകൊണ്ട് അവബോധ വികസനത്തിന് ബോധപൂർവ്വം തന്നെ ജാഗരൂകരായി ഇരുന്നുകൊണ്ട് തന്നെ ചിന്തിക്കണം, പെരുമാറണം എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
ഭാരതീയ വിജ്ഞാനത്തിലെ പരമ്പരാഗത ജ്ഞാനം അനുസരിച്ച് സർവ്വ ചരാചരങ്ങൾക്കും – മൺതരികൾ, സസ്യജാലങ്ങൾ, ജന്തുജാലങ്ങൾ, മനുഷ്യൻ, ഭൂമി, ഗ്രഹങ്ങൾ, പ്രപഞ്ചം എല്ലാം അടങ്ങുന്ന സമസ്ത സൃഷ്ടികളും – അവബോധ സമേതം നിലനിൽക്കുന്ന വസ്തുക്കൾ തന്നെ ആണ്. സൃഷ്ടിയിലെ ഓരോ വസ്തുവിലും നിലകൊള്ളുന്ന അവബോധത്തിൻ്റെ തോത് അനുസരിച്ചുള്ള വാസ്‌തു ശൈലിയായിരിക്കും ആ വസ്തുവിന് ഉണ്ടായിരിക്കുക. ആധുനിക സാങ്കേതിക ഭാഷയിൽ പറഞ്ഞാൽ സോഫ്റ്റ്‌വെയറിന് അനുസൃതമായ ആർക്കിറ്റെക്ചർ ആയിരിക്കും ഹാർഡ് വയറിന് എന്നർത്ഥം. ഡാർവിൻ വിശദീകരിച്ച പരിണാമം ഹാർഡ് വെയറിൻ്റെ പരിണാമം ആണ്. സോഫ്റ്റ്‌വെയർ വികസിക്കുന്നതുനസരിച്ച് ഹാർഡ് വെയർ കൂടുതൽ കൂടുതൽ അനുയോജ്യമായ വിധത്തിൽ വ്യത്യാസപ്പെട്ടു വരുന്നു.
മൺതരികളേക്കാൾ പ്രവർത്തന സ്വാതന്ത്ര്യം സസ്യജാലങ്ങൾക്ക് ഉണ്ട്. സസ്യജാലങ്ങളേക്കാൾ പ്രവർത്തന സ്വാതന്ത്ര്യം ജന്തു ജാലങ്ങൾക്ക് ഉണ്ട്. അവയുടെ എല്ലാം അവബോധം അതനുസരിച്ചുള്ള നിലയിലായിരിക്കും. ‘മരണം’ എന്ന് പറയുന്നത് ഹാർഡ് വെയറിൻ്റെ മാറ്റം മാത്രമാണ്. ആ മാറ്റം സംഭവിക്കുന്നത് ഹാർഡ് വെയറിൽ നിക്ഷിപ്തമായിരിക്കുന്ന സമയവും ഊർജവും ‘ഡാറ്റ’യും ഉപയോഗിച്ച് തീരുന്നത് അനുസരിച്ചാണ്. അല്ലെങ്കിൽ ആകസ്മികമായി സംഭവിക്കുന്ന ഹാർഡ് വെയറിൻ്റെ വസ്തു നാശം കൊണ്ടും അത് സംഭവിക്കാം.
എന്തായാലും, ‘മനുഷ്യൻ’ എന്ന ഹാർഡ് വെയർ-സോഫ്റ്റ്‌വെയർ ജോഡിയിൽ എത്തുന്നത് വരെ അവയിലുള്ള അവബോധം പ്രവർത്തിക്കുന്നത് ‘സഹജവാസന’ അഥവാ ‘ഇൻസ്റ്റിൻകട്’ എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ്. അതായത് അവബോധ പരിണാമത്തിൻ്റെ ഉത്തരവാദിത്വം ഡാർവിൻ പറഞ്ഞ നിയമങ്ങൾ അനുസരിച്ചാണ് അതുവരെ നടന്നിരുന്നത്. ഇനി മുന്നോട്ട് അങ്ങിനെ അല്ല. മൺതരികൾക്കും സസ്യ-ജന്തു ജാലങ്ങൾക്കും അവബോധം ഉണ്ട്; പക്ഷേ, ആ അവബോധം മനുഷ്യൻ്റെ സ്വയാവബോധം അല്ല. മനുഷ്യൻ്റെ ഹാർഡ് വെയറിൽ അവബോധം എത്തുന്നതോട് കൂടി ജീവിതം എന്ന ‘കളി’യുടെ രീതികൾ മാറി, നിയമങ്ങൾ മാറി. മുന്നോട്ടുള്ള മനുഷ്യൻ്റെ പരിണാമത്തിൻ്റെ ഉത്തരവാദിത്വം ആ ഹാർഡ് വെയറിൻ്റെ സ്വയാവബോധത്തിനാണ്, അല്ലാതെ ‘സഹജാവബോധ’ത്തിനല്ല. അതായത് ലക്ഷ്യ ബോധത്തോടെ സ്വയാവബോധം സ്വയം ഉപയോഗിച്ച് സഹജമായ ദുർ വാസനകളിൽ നിന്നും മോചനം നേടി ബോധപൂർവ്വം സഞ്ചരിക്കണം എന്നർത്ഥം.
മാറി മാറി വരുന്ന യുഗങ്ങളിൽ മാറി മാറി വരുന്ന അവബോധത്തിൻ്റെ ഉയർച്ചയും തളർച്ചയും ജീവിതം എന്ന ഈ ‘കളി’ കൂടുതൽ തീവ്രമാക്കുന്നു എന്നേ ഉള്ളൂ. യുഗ ചക്രത്തിൻ്റെ 12,960 വർഷത്തെ ആരോഹണ സമയങ്ങളിൽ ജീവിതം എന്ന ‘കളി’ കൂടുതൽ കൂടുതൽ എളുപ്പമായി വരും. ജീവിതം എന്ന ‘കളി’ ഏറ്റവും എളുപ്പമായ സമയമാണ് 10,368 വർഷത്തെ മൊത്തം സുവർണ്ണയുഗം. യുഗ ചക്രത്തിൻ്റെ മറ്റൊരു 12,960 വർഷത്തെ അവരോഹണ സമയങ്ങളിൽ ജീവിതം എന്ന ‘കളി’ കൂടുതൽ കൂടുതൽ കഠിനമായി വരും. ‘കളി’ ഏറ്റവും കഠിനമായ സമയമാണ് 2592 വർഷത്തെ മൊത്തം കലിയുഗം. ഇപ്പോൾ നിലവിൽ ‘കളി’ എളുപ്പമായി വരുന്ന ആരോഹണ സമയമാണ്. അതു കൊണ്ടു കൂടിയാവണം ഈ വിഷയം ഇപ്പോൾ ഇവിടെ ചർച്ചയാവുന്നത് തന്നെ.
കാലഘട്ടം ഏതായാലും സുഗമമായ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ വിധത്തിലാണ് ഭാരതീയ വിജ്ഞാനം സർവ്വ ജീവനേയും തുണയ്ക്കുന്ന വിധത്തിൽ മനുഷ്യൻ്റെ മാതൃകാ ജീവിത രീതി ഒരുക്കിയിരിക്കുന്നത്. അതനുസരിച്ചുള്ള ജീവിത ക്രമം യുഗ പരിണാമത്തിൻ്റെ ഏതു ഘട്ടത്തിലും അവബോധം വർദ്ധിപ്പിച്ചു കൊണ്ടു വരുവാൻ മനുഷ്യനെ പ്രാപ്തനാക്കും. അതുകൊണ്ടാണ് ഭാരതീയ വിജ്ഞാനം ഒരു മതം ആല്ലാതാകുന്നത്. അനുനിമിഷം, അനുദിനം അവബോധത്തോടേയും തികഞ്ഞ ഉൾക്കാഴ്ചയോടേയും ജീവിക്കുക എന്നതാണ് ഭാരതീയ വിജ്ഞാനത്തിലെ ജീവിത ലക്ഷ്യം. ഏത് യുഗത്തിനും അനുയോജ്യമായതു കൊണ്ടാണ് ഈ ധാർമ്മിക രീതി ‘സനാതനം’ ആകുന്നത്. ‘സനാതനം’ എന്നാൽ എന്നും നിലനിൽക്കുന്നത് എന്ന് അർത്ഥം.