
ഇന്നും ഭാരതത്തിൽ ഏറെക്കുറെ നിശബ്ദമായി, പ്രച്ഛന്നവേഷത്തിൽ പല രൂപത്തിലും ഭാവത്തിലും നിലനിൽക്കുന്ന അനാചാരങ്ങളിൽ ഒന്നാണ് “ജാതി” ചിന്തകൾ. ‘ജാതി ചിന്തകൾ’ പോലെയുള്ള, അറിവില്ലായ്മയിൽ അധിഷ്ഠിതമായ തെറ്റായ പല പ്രവണതകളും മനുഷ്യ സമൂഹങ്ങളിൽ എല്ലാക്കാലത്തും ഭൂമിയിൽ എല്ലായിടങ്ങളിലും തന്നെ നിലനിന്നിട്ടുണ്ട്. വ്യക്തിപരമായി ഓരോരുത്തർക്കും സംഭവിക്കുന്ന അവരവരുടെ അവബോധത്തിൻ്റെ വളർച്ചയും തളർച്ചയും അനുസരിച്ച് നിലനിൽക്കുന്ന അനാചാരങ്ങളുടെ തോതുകളിൽ വ്യത്യാസം ഉണ്ടായിക്കൊണ്ടിരിക്കും എന്നുമാതമേ ഉള്ളൂ.
ജാതി വിവേചന രീതികളും, സമാനമായ മറ്റ് ഉച്ചനീചത്വങ്ങളും പുരാത ഭാരതത്തിലും നിലനിൽക്കുകയും അസ്തമിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് എന്നത് സത്യമാണ്. അല്ലെങ്കിൽ, “സത്യം വദ, ധർമ്മം ചര” എന്ന് തൈത്തരീയ ഉപനിഷത്തിൽ പറയേണ്ടിയിരുന്നില്ലല്ലോ? അതിനർത്ഥം അസത്യവും അധർമ്മവും അന്നും ഉണ്ടായിരുന്നു എന്നുതന്നെയാണ്. അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരെ അടിമകളായി ഉപയോഗിക്കുന്നത് നിറുത്തലാക്കിയിട്ടും, ദക്ഷിണ ആഫ്രിക്കയിലെ “അപ്പാർത്തീഡ്” നിയമം മൂലം നിറുത്തിലാക്കിയിട്ടും അധിക കാലം ഒന്നുമായിട്ടില്ല എന്ന് നമ്മൾ വിസ്മരിക്കരുത്.
ഭാരതത്തിൽ ‘ജാതി’ ഒരു വിവേചന ആയുധമായിരുന്നെങ്കിൽ, (ഇപ്പോഴും ഒരു വോട്ടുബാങ്ക് രാഷ്ട്രീയത്തിൻ്റെ ഭാഗമായി ‘ജാതി’ പരിഗണനകൾ നിലനിൽക്കുന്നുണ്ടെങ്കിൽ) പാശ്ചാത്യ നാടുകളിൽ മനുഷ്യൻ്റെ ‘തൊലിയുടെ നിറ’മായിരുന്നു വിവേചന ആയുധം. ചെയ്യുന്ന തൊഴിലായിരുന്നില്ല അവരിലെ വിവേചന ചിന്തകൾക്ക് ആധാരം. അതെന്തായാലും, രണ്ടും സംഭവിക്കുന്നത് മനുഷ്യൻ്റെ അവബോധക്കുറവും അജ്ഞതയും മൂലമാണ്. ഇന്നത്തെ സംഘടിത മതങ്ങളുൾക്കുള്ളിലും നൂറുകണക്കിന് വിഭാഗങ്ങളും, ഉപവിഭാഗങ്ങളും നിലനിൽക്കുന്നതും, അവർ തമ്മിൽ വലിയ തോതിലുള്ള സ്പർദ്ധയും ശത്രുതയും നിലനിൽക്കുന്നതുമെല്ലാം സുവിദിതമാണല്ലോ?
മനുഷ്യർ എവിടെ ജനിച്ച് എവിടെ ജീവിച്ചാലും, ഏത് ഭാഷ സംസാരിച്ചാലും, അവൻ്റെ അവബോധവും വിവേകവും വേണ്ടത്ര വികസിക്കുന്നതു വരെ അജ്ഞതയിൽ നിന്നും ഉദിക്കുന്ന തെറ്റായ ചിന്തകളും പെരുമാറ്റങ്ങളും നിലനിൽക്കുക തന്നെ ചെയ്യും. അജ്ഞതയകറ്റി അറിവും വിവേകവും വർദ്ധിപ്പിച്ചു കൊണ്ട് നമ്മൾ കാണുന്നതും അറിയുന്നതും എല്ലാം ശരിയായ രീതിയിൽ മനസ്സിലാക്കുവാനുള്ള് കഴിവ് വർദ്ധിപ്പിക്കുക എന്നത് മാത്രമാണ് ഇതിനെല്ലാം ഉള്ള ഏക പ്രതിവിധി. നിയമം മൂലം ഒരു പരിധി വരെ നിയന്ത്രിക്കേണ്ട കാര്യങ്ങൾ നിയന്ത്രിക്കാം എന്നല്ലാതെ, തുടച്ചുമാറ്റുവാൻ ആകില്ല. അതിന് മനുഷ്യൻ്റെ അവബോധം ഒന്നാകെ വികസിക്കേണ്ടതുണ്ട്.
ഒരു തൊഴിലിനും മാന്യതക്കുറവില്ല
അവരവർ തലമുറകളായി ചെയ്തുപോരുന്ന തൊഴിലിനെ അടിസ്ഥാനാമാക്കിയുള്ള കുടുംബ നാമങ്ങൾ യൂറോപ്പിലും നിലനിന്നിരുന്നു എന്ന് കാണാം. മദ്ധ്യ കാല യൂറോപ്പിലെ കുടുംബ നാമങ്ങളിൽ എല്ലാ തൊഴിൽ വിഭാഗങ്ങളും നിഴലിച്ചു നിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, “ബേക്കൺ” എന്ന കുടുംബപ്പേര് മാംസം സ്വരൂപിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ടു നിൽക്കുന്നു. അതുപോലെ “ബേക്കർ” എന്നത് പാചകം എന്ന തൊഴിലിനെ സൂചിപ്പിക്കുന്ന കുടുംബപ്പേരാണ്. “ബ്രൂവർ” എന്നത് ബിയർ അല്ലെങ്കിൽ മദ്യം നിർമ്മിക്കുന്ന തൊഴിലിനെ സംബന്ധിക്കുന്ന പേരാണ്. “സ്മിത്ത്” എന്നത് ലോഹവസ്തുക്കൾ ഉപയോഗിച്ചുള്ള തൊഴിലുകൾ ചെയ്യുന്നവരാണ്. “ചീസ്മാൻ” എന്നത് പാൽ വിഭവങ്ങൾ വിൽക്കുന്ന തൊഴിലിനെ കാണിക്കുന്നു. അതുപോലെ തന്നെ ഫിഷർ (മത്സ്യ ബന്ധനം), ഫ്ലെച്ചർ (അമ്പ് നിർമ്മാണം), ഗാർഡിനർ (കൃഷിപ്പണി), മേസൺ (കല്ലാശാരി), മില്ലർ (ധാന്യം പൊടിക്കുന്ന തൊഴിൽ) സ്ലേറ്റർ (കല്ലുവെട്ട്), സ്പൈസർ (പലവ്യഞ്ജന വില്പന), വുഡ്‌വാർഡ് (വനപാലകൻ) അങ്ങിനെ പോകുന്ന പല കുടുംബ നാമങ്ങളും അവരവരുടെ കുടുംബം തലമുറകളായി ചെയ്തിരുന്ന അല്ലെങ്കിൽ ചെയ്തുവരുന്ന തൊഴിലുകളുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത് എന്നുകാണാം. താൻ ചെയ്യുന്ന തൊഴിലിൻ്റെ പേര് തൻ്റെ പേരിൻ്റെ ഭാഗമായി സസന്തോഷം സ്വീകരിക്കപ്പെടുന്നതിലൂടെ ഒരു തൊഴിലിലും യാതൊരു മാന്യതക്കുറവും അവർ കണ്ടിരുന്നില്ല എന്ന് വ്യക്തമാണ്.
ഓരോ തൊഴിലും സമൂഹത്തിന് വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ശരീരത്തിൽ തന്നെ, കണ്ണുകൾ ചെയ്യുന്ന തൊഴിലല്ല കാതുകൾ ചെയ്യന്നത്. കാതിൻ്റെ തൊഴിലല്ല കരൾ ചെയ്യുന്നത്. പക്ഷേ, അതുകൊണ്ടൊന്നും നമ്മുടെ ശരീരത്തിലെ ഒരു അവയവവും ഒന്നൊന്നിനേക്കാൾ മാന്യത കുറവോ കൂടുതലോ ഉള്ളതായി നമ്മൾ ആരും കരുതുന്നില്ല. എന്നിരുന്നാലും, കൃത്യമായ തൊഴിൽ വിഭജനവും വേറിട്ട ചുമതലയും വൈദഗ്ദ്ധ്യവും അവക്കെല്ലാം ഉണ്ട്. നമ്മുടെ കണ്ണൊന്ന് പണിമുടക്കിയാൽ, ഹൃദയം അല്പനേരം തൻ്റെ തൊഴിൽ മാറ്റിവച്ച് വിശ്രമിക്കുവാൻ തീരുമാനിച്ചാൽ, ആ അവയവങ്ങൾ ചെയ്യുന്ന തൊഴിലിൻ്റെ മഹത്വം നമ്മൾ ഉടൻ തിരിച്ചറിയും.
ജനിച്ചാൽ മരിക്കുന്നത് വരെ, നിരവധി തൊഴിൽ മേഖലകളിൽ ജോലിചെയ്യുന്ന നിരവധി തൊഴിലാളികൾ അനസ്യൂതം നൽകിക്കൊണ്ടിരിക്കുന്ന നിരവധി സേവനങ്ങൾ അറിഞ്ഞോ അറിയാതേയോ സ്വീകരിച്ചുകൊണ്ട് മാത്രമേ നമുക്ക് ജീവിക്കുവാൻ സാധിക്കൂ. എന്തിന്, ഇന്ന് മരിക്കുവാൻ പോലും വിവിധ ആശുപത്രി സേവനങ്ങൾ ആവശ്യമാണ്. ആഹാരം കഴിക്കുവാൻ നമ്മൾ ചെന്നിരിക്കുമ്പോൾ, നമ്മുടെ മുൻപിൽ ആഹാരം പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ, അതൊന്നും നമ്മൾ സ്വയം കൃഷി ചെയ്ത് ഉണ്ടാക്കിയതാവില്ല. എവിടെയോ ആരോ കൃഷിചെയ്ത് വിളയിച്ച്, വിവിധ വിതരണ ശൃംഖലകളിലൂടെ കടന്നുപോയി, നിരവധിപേരുടെ പ്രയത്നഫലമായി നമ്മുടെ മുൻപിൽ, നമുക്ക് വിശക്കുമ്പോൾ പ്രത്യക്ഷപ്പെട്ടതാണ് ആ ആഹാരം. പലപ്പോഴും നമ്മൾ സ്വയം പാകം ചെയ്ത ആഹാരം പോലും ആയിരിക്കില്ല അത്. ഇത് “മാജിക്” അല്ലെങ്കിൽ പിന്നെ എന്താണ്? ഈ മാജിക് ആണ് എല്ലാ തൊഴിലുകളും ഒരേപോലെ മേന്മയുള്ളതാണ് എന്ന് നമ്മളെ അറിയിക്കുന്ന ഘടകം.
പ്രസ്തുത ആഹാര വസ്തുക്കൾ വിളയിച്ചു എന്നവകാശപ്പെടുന്ന കർഷർകർക്ക് അത് അവരുടെ ഭൂമി ഉത്പാദിപ്പിച്ച് നൽകിയതാണ്. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഓർക്കുകപോലും ചെയ്യാത്ത നിരവധി ജീവ ശ്രോതസ്സുകൾ നമ്മൾ ഭക്ഷിക്കുന്ന ആഹാരത്തിന് പുറകിൽ പ്രയത്നിച്ചിട്ടുണ്ട്. പ്രകൃതിയിൽ ഭൂമിയും, സൂര്യനും, ജലവും, വായുവും, വൃക്ഷങ്ങളും, സസ്യങ്ങളും, പൂവും, പൂമ്പാറ്റയും, നിരവധിസൂക്ഷ്മജീവികളും എല്ലാം അഹോരാത്രം അവരവരുടെ പണി ചെയ്യുന്നത് കൊണ്ട് കൂടിയാണ് നമ്മുടെ മുൻപിൽ ആഹാരം വിശക്കുമ്പോൾ പ്രത്യക്ഷപ്പെടുന്നത്.
മഴയൊന്ന് പിഴച്ചാൽ, കാറ്റൊന്ന് മാറി വീശിയാൽ, മണ്ണൊന്ന് സ്വഭാവം മാറ്റിയാൽ, നമ്മുടെ ആഹാരം മുടങ്ങും. അത്ര പരസ്പര ബന്ധിതവും വ്യവസ്ഥാപിതവും ആണ് നമ്മുടെ ജീവിതവും ഇവിടെ നിലനിൽക്കുന്ന സർവ്വ ജീവ വ്യവസ്ഥകളും. അതുകൊണ്ട്, ആദിമദ്ധ്യാന്തം, നമ്മൾ ഓരോരുത്തരും അവരവർക്ക് ചെയ്യുവാനറിയുന്ന തൊഴിൽ, അതെന്തായാലും, ഏറ്റവും ഉന്നതമായ രീതിയിൽ ചെയ്യേണ്ടത് നമ്മുടെ സ്വന്തം നിലനില്പിനും സമൂഹത്തിൻ്റെ ഭദ്രതക്കും വളരെ ആവശ്യമാണ്. ഒരു തൊഴിലിനും മേന്മ കുറവോ കൂടുതലോ ഇല്ല. അങ്ങിനെ ഉണ്ടെന്ന് തോന്നുന്നത് നമ്മുടെ അവബോധക്കുറവ് മൂലമാണ്. നമ്മുടെ അജ്ഞത മൂലമാണ്. കാര്യങ്ങൾ അതിൻ്റെ യഥാർത്ഥ സ്വഭാവത്തിൽ മനസ്സിലാക്കുവാനുള്ള നമ്മുടെ പ്രാപ്തി കുറവിനെയാണ് അത് ചൂണ്ടിക്കാണിക്കുന്നത്. വർണ്ണാശ്രമങ്ങൾ ജാതി വ്യവസ്ഥയല്ല എന്ന സത്യം തിരിച്ചറിയാത്ത നിരവധി പേര് ഇന്നും സനാതനഃ ധർമ്മത്തിന് അകത്തും പുറത്തും ഒരുപോലെയുണ്ട്.
തൊഴിലും ജന്മഗുണവും തമ്മിലുള്ള ബന്ധം
ലോകമെമ്പാടും ഉള്ള സർവ്വ മനുഷ്യരും ശരീര ശാസ്ത്രപരമായി നോക്കിയാൽ, പരസ്പരം കടുകിട വ്യത്യാസമുള്ളവരല്ല. എന്നാൽ, ബാഹ്യമായ കാഴ്ചയിൽ അവരുടെ നിറവും രൂപവും ഭാഷയും എല്ലാം താരതമ്യേന വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുമാത്രം. പക്ഷേ, ഓരോ മനുഷ്യരും അവരുടെ സ്വഭാവത്തിൽ, പ്രവണതകളിൽ, കഴിവുകളിൽ, അറിവിൽ, വിവേകത്തിൽ, അവരുടെ പെരുമാറ്റങ്ങളിൽ, പ്രതികരണങ്ങളിൽ എല്ലാം ഒന്നിനൊന്ന് തികച്ചും വ്യത്യസ്തരാണ്. ഇപ്പറഞ്ഞ വ്യത്യസ്തത കാണിക്കുന്ന എല്ലാ സവിശേഷതകളും ചേർത്ത് ഒരൊറ്റ പദമാക്കി പറഞ്ഞാൽ, അതിനെ ഒരു വ്യക്തിയുടെ “ജന്മഗുണം” എന്ന് പറയാം. ഭൂമിയിൽ ഇന്ന് എട്ട് ബില്യൺ ജനങ്ങൾ ഉണ്ടെങ്കിൽ അതിനർത്ഥം അവരെല്ലാം എട്ട് ബില്യൺ ജന്മഗുണങ്ങളാൽ വ്യതാസപ്പെട്ടിരിക്കുന്നു എന്നാണ്. ഓരോരുത്തർക്കും ഉള്ള അവരവരുടെ ജന്മഗുണങ്ങൾ അനന്യമാണ്.
നമ്മളോരോരുത്തരും നമ്മുടെ ജന്മഗുണങ്ങൾ ജന്മനാ തന്നെ നമ്മുടെ കൂടെ കൊണ്ടുവന്നതാണ്. ചിലർ ദേഷ്യക്കാരാണെങ്കിൽ ചില സൗമ്യചിത്തരായിരിക്കും. ചിലർ ഊർജ്ജസ്വലരാണെകിൽ ചിലർ ആലസ്യം പൂണ്ടവരായിരിക്കും. ചിലിക്ക് അറിവും വാക്‌ചാതുരിയും ഉണ്ടാകും. ചിലർക്ക് ഇതിൽ ഏതെങ്കിലും ഒന്ന് മാത്രം ഉണ്ടാകും, ചിലപ്പോൾ രണ്ടും ഉണ്ടാകില്ല. ചിലർക്ക് പാടാൻ കഴിയും, ചിലർക്ക് കഴിയില്ല. ചില ജന്മഗുണങ്ങൾ ചിലർക്ക് ചിലപ്പോൾ അവരുടെ ജീവിത കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അനുകൂലമായിരിക്കും, ചിലപ്പോൾ പ്രതികൂലമായിരിക്കും.
നമുക്കെല്ലാവർക്കും ജന്മനാൽ തന്നെ ലഭിക്കപ്പെട്ട് നമ്മൾ സ്വീകരിച്ചിരിക്കുന്ന പ്രസ്തുത “ഗുണ” ഘടകങ്ങളുടെ സങ്കരത്തെ ആസ്പദമാക്കി, ഏത് തൊഴിൽ ഏത് ഗുണഘടകം ഉള്ളവർക്കാണ് യോജിക്കുന്നത് എന്ന് നിർദ്ദേശിക്കുന്ന വ്യവസ്ഥയാണ് “വർണ്ണ വ്യവസ്ഥ”. “വർണ്ണ വ്യവസ്ഥ” എന്നത് നമ്മിലെ പ്രസ്തുത ഗുണ ഘടകവും (“ജന്മഗുണം”) നമ്മൾ ജീവിതത്തിൽ അനുഷ്ഠിക്കുന്ന കർമ്മവും (നമ്മുടെ പ്രവർത്തനങ്ങൾ, നമ്മൾ ചെയ്യുന്ന തൊഴിൽ തുടങ്ങിയവ) രണ്ടും പരസ്പരം പൊരുത്തപ്പെട്ട് പ്രവൃത്തിക്കേണ്ട ആവശ്യത്തെ ആണ് സൂചിപ്പിക്കുന്നത്. ഇത് “ജാതി”വ്യവസ്ഥയല്ല.
നമ്മുടെ ജന്മഗുണങ്ങൾ നമ്മുടെ ജീവിത കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് അനുകൂലമായിരിക്കുമ്പോൾ നമ്മൾ സന്തുഷ്ടരും സംതൃപ്തരും ആയിരിക്കും. പ്രതികൂലമായാൽ നേരെ വിപരീതമായിരിക്കും നമ്മുടെ ജീവിതാനുഭവം. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.
ഒരിക്കൽ ഒരിടത്ത് സമർത്ഥനായ ഒരു ഇലക്ട്രീഷ്യൻ ഉണ്ടായിരുന്നു. തൻ്റെ തൊഴിലിൽ അതി സമർത്ഥൻ. വൈദ്യുതി സംവിധാനത്തിലെ ഏതു പിഴവും വളരെ പെട്ടെന്ന് കൃത്യമായി കണ്ടുപിടിക്കും. പരിഹരിക്കും. അതിനുള്ള ഒരു ജന്മഗുണം അയാൾക്കുണ്ടായിരുന്നു. കൂടാതെ നയപരമായ പെരുമാറ്റത്താലും സന്തോഷത്തോടെയുള്ള സംഭാഷങ്ങൾ കൊണ്ടും എല്ലാ ഇടപാടുകാർക്കും അയാൾ വളരെ അഭിമതനായിരുന്നു. അയാൾ ജോലിചെയ്തിരുന്ന സ്ഥാപനം അയാൾക്ക് ഉയർന്ന വേതനവും തൊഴിൽ വ്യവസ്ഥകളും എല്ലാം നൽകി വന്നു. അങ്ങിനെ ജീവിതം സന്തോഷത്തോടെ പോയിക്കൊണ്ടിരിക്കെ ഒരു ദിവസം അയാൾ തൻ്റെ ജോലി രാജിവച്ച് സ്വന്തമായി ഒരു സ്ഥാപനം ആരംഭിച്ചു. തൊഴിൽ ചെയ്യുവാൻ തൊഴിലാളികളെ തൻ്റെ പുതിയ സ്ഥാപനത്തിൽ ചേർത്തു. എന്നാൽ, തൊഴിലാളികളെ കൊണ്ടു നടക്കുവാനുള്ള വാസനയും പ്രാപ്തിയും അയാൾക്ക് ഉണ്ടായിരുന്നില്ല. അതോടെ ഏറ്റെടുത്ത ജോലികളിൽ പിഴവുകൾ വരുവാൻ തുടങ്ങി, ഇടപാടുകാർ അകന്നു പോകുവാൻ തുടങ്ങി, അതുമൂലം സ്ഥാപനത്തിൻ്റെ സാമ്പത്തികാവസ്ഥ തകരാറിലായി. അത് തരണം ചെയ്യുവാനുള്ള ജന്മഗുണങ്ങളോ, അതിനാവശ്യമായ കഴിവ് വളർത്തിയെടുക്കുവാനുള്ള നിശ്ചയ ദാർഢ്യമോ, അടിസ്ഥാന അറിവോ ഒന്നും ആ പാവത്തിന് ഉണ്ടായിരുന്നില്ല. സ്ഥാപനം തകർന്നു, കടം വന്നു കയറി, അയാൾ ആത്മഹത്യ ചെയ്തു. അവരവരുടെ ജന്മഗുണങ്ങൾക്ക് അനുയോജ്യമല്ലാത്ത കർമ്മ മണ്ഡലത്തിൽ പ്രവേശിച്ചതിനാൽ ഉണ്ടായ വിപത്താണ് ഇത്.
മറ്റൊരു ഉദാഹരണം. ഒരിക്കൽ ഒരിടത്ത് ഒരു അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവർ ഇരുവരും ജോലിചെയ്തിരുന്നത് ഒരു ആശുപത്രിയിലെ ശുശ്രൂഷകർ ആയിട്ടായിരുന്നു. അവർക്ക് ഒരു മകൻ ജനിച്ചു. കാലക്രമേണ മകൻ വളർന്നു വലുതായി. അച്ഛനും അമ്മയും ആ മകനെ ഒരു ഡോക്ടർ ആക്കുവാൻ ആഗ്രഹിച്ചു. കാരണം, അവരുടെ പ്രവർത്തി രംഗത്ത് ഏറ്റവും ആദരണീയമായി അവർക്ക് തോന്നിയത് ഒരു ഡോക്ടർ എന്ന പദവിയായിരുന്നു. ഒരു ജോലിയും ഒരു പദവിയല്ല, ജീവിതം നൽകുന്ന ഉത്തരവാദിത്വം ആണതെന്ന് അവർ മനസ്സിലാക്കിയിരുന്നില്ല. അവരുടെ അവബോധവും വിവേകവും ആ സമയത്ത് ഇത് മനസ്സിലാക്കിയെടുക്കുവാൻ സാധിക്കുന്ന വിധത്തിൽ വികാസം പൂണ്ടിരുന്നില്ല എന്ന് മാത്രമേ ഇതിൽ നിന്നും അർത്ഥമാക്കേണ്ടതുള്ളൂ. എന്നാൽ മകന് ഡോക്ടർ ആകുവാൻ ആഗ്രഹമുണ്ടായിരുന്നില്ല. അയാൾക്ക് ഒരു ഗായകനാകുവാനായിരുന്നു വാസനയും ആഗ്രഹവും. എങ്കിലും അച്ഛനും അമ്മയും ഇല്ലാത്ത പണം എങ്ങിനെയൊക്കെയോ ഉണ്ടാക്കി മകനെ ദൂരെ ഒരു ദിക്കിൽ ഡോക്ടർ വിദ്യാഭ്യാസത്തിന് നിർബന്ധിച്ച് അയച്ചു. രണ്ടു വർഷം കഴിയുന്നതിന് മുൻപ് ആ മകൻ പഠിത്തം പാതിവഴിക്ക് നിറുത്തി തിരികെ വീട്ടിൽ വന്നു. ആ കുടുംബത്തിന് പണവും, സമയവും നഷ്ടപ്പെട്ടു. എങ്കിലും, ആ മകൻ തൻ്റെ ജീവിതം രക്ഷിച്ചെടുത്തു.
ഓരോ തൊഴിലും ആവശ്യപ്പെടുന്ന ചില പ്രത്യേക വിശേഷതകൾ, കഴിവുകൾ, വീക്ഷണങ്ങൾ, അറിവുകൾ ഇതെല്ലാം ഉണ്ട്. ഓരോ തൊഴിലിനും അത് ചെയ്യുന്നവർക്ക് അതിനാവശ്യമായ ചില പ്രത്യേക ജന്മഗുണങ്ങൾ വേണം. എങ്കിൽ മാതമേ ഫലപ്രദമായ ഉത്പാദനം നടക്കൂ. ആവശ്യമായ അളവിൽ ഉത്പാദനം നടന്നാൽ മാതമേ സമൂഹത്തിന് നിലനിൽക്കുവാൻ കഴിയൂ. എല്ലാ തൊഴിലുകളും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. സ്വന്തം ജന്മഗുണങ്ങൾക്ക് ഏറ്റവും അനുസൃതമായ തൊഴിൽ കണ്ടെത്തി, അത് സമർത്ഥമായി ചെയ്യുമ്പോൾ മാതമേ തൊഴിൽ ചെയ്യുന്നയാൾക്ക് സന്തോഷം ഉണ്ടാകൂ എന്ന് മുകളിൽ നൽകിയ ഉദാഹരണത്തിൽ നിന്നും പോലും മനസ്സിലാക്കാം . ജീവിതത്തിൽ എല്ലാവരും എപ്പോഴും പരക്കം പായുന്നത് അനന്തമായ സന്തോഷത്തിന് വേണ്ടി മാത്രമാണ്.
പാടത്തെ പണിക്കും ചില പ്രത്യേക ജന്മഗുണങ്ങളും അറിവുകളും ആവശ്യമുണ്ട്. രാജ്യം ഭരിക്കണം എങ്കിൽ അതിനും വേണം ചില പ്രത്യേക ജന്മഗുണങ്ങളും, അറിവുകളും, കഴിവുകളും. പാടത്ത് പണിയെടുക്കുവാൻ ആവശ്യമായ ജന്മഗുണങ്ങൾ മാത്രം നിലവിലുള്ള ഒരു വ്യക്തി രാജ്യം ഭരിക്കാൻ പോയാൽ എന്ത് സംഭവിക്കുമോ, അത് തന്നെ സംഭവിക്കും, രാജ്യം ഭരിക്കുവാൻ ആവശ്യമായ എല്ലാ ജന്മഗുണങ്ങളും ഉള്ള ഒരു വ്യക്തി പാടത്ത് പണിയെടുക്കുവാൻ പോയാലും. രാജ്യം ഭരിക്കുവാൻ ആവശ്യമുള്ള ജന്മഗുണം ഉണ്ടാകുന്നത് ഒരു ഭരിച്ച ഉത്തരവാദിത്വമാണ്, ഒരു അലങ്കാരമല്ല. അതുപോലെ തന്നെ പാടത്ത് പണിയെടുക്കുവാനുള്ള ജന്മഗുണം ഉണ്ടാകുന്നത് ഒരു പരിമിതിയോ, മാനഹാനിയോ ഒന്നുമല്ല. അത് പല ഉയർന്ന ഗുണങ്ങളും പരിശീലിച്ച് വളർത്തിയെടുക്കുവാനുള്ള ഒരു അവസരമാണ് – നിലവിലെ ജന്മ വാസനകൾ ബോധപൂർവ്വം വർദ്ധിപ്പിച്ച് അവബോധവും അറിവും സ്വാഭാവികമായി വികസിച്ച് ഉയരുവാനുള്ള അവസരം. വികാസത്തിൻ്റെ ശൈശവ ദശയിൽ ഒരു ചെറിയ കുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്കുന്നത് ഒരു വിധത്തിലും ആ കുട്ടിക്ക് ഒരു പോരായ്മയല്ല. അതുപോലെ മാത്രമാണ് പാടത്തെ പണിയും, മറ്റേത് തൊഴിലും.
സർവ്വതും “സേവനം” മാത്രം
അറിഞ്ഞോ അറിയാതേയോ വിവിധ തരത്തിലുള്ള സേവനങ്ങൾ പരസ്പരം നൽകിയും സ്വീകരിച്ചും മാത്രമേ നമുക്ക് ഇവിടെ ജനനം മുതൽ മരണം വരെ ജീവിക്കുവാൻ കഴിയൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “സേവനം” എന്ന ഒരു വിഷയം മാത്രമേ ഇവിടെ ജീവിതത്തിൽ ഉള്ളൂ. സർവ്വ ജനങ്ങളും ഏതെങ്കിലും വിധത്തിലുള്ള സേവനം നൽകിയും, ഏതെങ്കിലും വിധത്തിലുള്ള സേവനം സ്വീകരിച്ചും ജീവിതം മുഴുവൻ കഴിയുന്നു. അന്തിമമായ വിശകലനത്തിൽ എല്ലാ തൊഴിലുകളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉള്ള സേവനങ്ങൾ ആണ്. നമ്മൾ നൽകുന്ന സേവനം നമ്മുടെ “ജന്മഗുണങ്ങൾ”ക്ക് അനുസരിച്ച് സംഭവിക്കുമ്പോൾ നമ്മൾ ആനന്ദവും സന്തോഷവും അനുഭവിക്കുന്നു. അവ നമ്മുടെ “ജന്മഗുണങ്ങൾ”ക്ക് ചേരാത്ത വിധത്തിൽ സംഭവിക്കുമ്പോൾ ക്ലേശവും ദുഃഖവും അനുഭവിക്കുന്നു എന്ന് അടിവരയിട്ടു പറയുവാൻ കഴിയും. അവരവരുടെ “ജന്മഗുണങ്ങൾ”ക്ക് അനുസരിച്ച്, ബോധപൂർവ്വം ചെയ്യന്ന പ്രവർത്തനങ്ങൾ ആണ് “സ്വ-ധർമ്മം” എന്നറിയപ്പടുന്നത്. നമ്മുടെ സ്വ-ധർമ്മം എന്താണെന്ന് നമ്മൾ സ്വയം അറിയണം. എന്നിട്ട്, ആ രംഗത്ത് പ്രവർത്തിക്കണം. അതിലൂടെ ഉത്പാദനവും പ്രവൃത്തി ചെയ്യുന്ന വ്യക്തിയുടെ സന്തോഷവും വർദ്ധിക്കും.
ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുതയുണ്ട്. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കി, ചില പ്രത്യേക രീതിയിൽ അവബോധ പൂർവ്വം സേവനം നിർവഹിച്ചാൽ മാത്രമേ ക്ലേശവും ദുഖവും ജീവിതത്തിൽ നിന്നും ഒഴിവായി ആനന്ദവും സന്തോഷവും ഉണ്ടാകൂ. ഈ അറിവിൽ അധിഷ്ഠിതമായി സ്വ-ധർമ്മം എന്താണോ അത് ഒരു സേവന ഭാവത്തിൽ ചെയ്യുന്നതാണ് “ധർമ്മം”. ആ അറിവ് സ്വായത്തമാക്കി സ്വ-ധർമ്മം ധാർമ്മികമായി ചെയ്യുവാൻ പരിശീലിക്കുക എന്നതാണ് നമ്മൾ ഓരോരുത്തരുടേയും കർത്തവ്യം. നമ്മൾ ഓരോരുത്തരും ചെയ്യുന്ന സേവനം ഏത് രംഗത്തായാലും ഇക്കാര്യം നൂറു ശതമാനവും ബാധകമാണ്.
ചുരുക്കി പറഞ്ഞാൽ, സ്വ-ധർമ്മം എന്നത് അവരവരുടെ ജന്മഗുണങ്ങൾക്ക് അനുസൃതമായി അനുഷ്ഠിക്കുന്ന തൊഴിലുകളാണ്. ജന്മ ഗുണത്തിന് മറ്റൊരു പര്യായമാണ് “വർണ്ണം”. അതുകൊണ്ട്, സാങ്കേതികമായി പറയുകയാണെങ്കിൽ, സ്വ-ധർമ്മം എന്നത് അവരവരുടെ വർണ്ണത്തിന് അനുസൃതമായി അനുഷ്ഠിക്കുന്ന തൊഴിലുകളാണ്. ഇത് ജാതിയല്ല. സ്വ-ധർമ്മം അപ്രകാരം അനുഷ്ഠിക്കുമ്പോഴും, നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ മാറി വരുന്ന ആശ്രമങ്ങളിൽ കൂടി നമ്മൾ കടന്നുപോകുമ്പോൾ, സ്വ-ധർമ്മത്തിൻ്റെ വിന്യാസത്തിന് വ്യത്യാസം വരുന്നുണ്ട്. അതായത്, ഒരു വിദ്യാർത്ഥി ആയിരിക്കുമ്പോൾ ഉള്ള സ്വ-ധർമ്മം അല്ല ഗൃഹസ്ഥൻ ആയിരിക്കുമ്പോൾ. ഉദ്യോഗസ്ഥനായിരിക്കുന്ന ഒരു ഗൃഹസ്ഥൻ്റെ സ്വ-ധർമ്മം ആയിരിക്കില്ല ഉദ്യോഗത്തിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ആശ്രമത്തിൽ. “ആശ്രമം” എന്നാൽ ‘അവസ്ഥ’ എന്നേ അർത്ഥമാക്കേണ്ടതുള്ളൂ.
നമ്മുടെ സ്വന്തം വർണ്ണവും, നിലവിലെ സ്വന്തം ആശ്രമവും എന്താണെന്ന് കൃത്യമായി തിരിച്ചറിഞ് അതനുസരിച്ചു മാത്രം ചെയ്യുന്ന സ്വ-വർണ്ണാശ്രമ ധർമ്മത്തെയാണ്, “സ്വ-ധർമ്മം” എന്ന് പറയുന്നത്. ജീവിതത്തിൽ ക്ലേശങ്ങളും ദുഖങ്ങളും ഒഴിവാക്കുവാനുള്ള മാർഗ്ഗം സ്വ-ധർമ്മം കൃത്യമായി ബോധപൂർവ്വം അനുഷ്ടിച്ചു കൊണ്ട് “സേവനം” ചെയ്യുക എന്നത് മാത്രമാണ്. എല്ലാ പ്രവർത്തികളും “സേവനമാണ്” എന്നറിയണം നമ്മൾ. പാടത്ത് പണിയെടുക്കുന്നതും, ഓപ്പറേഷൻ തീയറ്ററിൽ മസ്തിഷ്ക്ക ശസ്ത്രക്രിയ ചെയ്യുന്നതും ഒരേ പ്രാധാന്യമുള്ള തുല്യമായ ധർമ്മമാണ്. രണ്ടിലും നൂറിൽ നൂറു മാർക്കും അതാത് പ്രവർത്തികൾ സ്വ-ധർമ്മമായി അനുഷ്ഠിക്കുന്നവർ വാങ്ങണം എന്ന് ചുരുക്കം.
വിദ്യാർത്ഥി, ഗൃഹസ്ഥൻ, ഉദ്യോഗത്തിൽ നിന്നും വിരമിച്ച വ്യക്തി, വാർദ്ധക്യം എന്നീ നാല് ആശ്രമ ഘട്ടങ്ങളിലും നമ്മുടെ “വർണ്ണം” അഥവാ നമ്മുടെ “ജന്മഗുണങ്ങൾ” നമ്മുടെ മേൽ പിടിമുറുക്കുന്നുണ്ട്. അതുകൊണ്ട് ഈ നാല് ആശ്രമഘട്ടങ്ങളിലും അവരവരുടെ വർണ്ണ ധർമ്മം അനുസരിച്ചും, അതോടൊപ്പം തന്നെ, അവരവരുടെ നിലവിലെ “ആശ്രമ” ധർമ്മം അനുവദിക്കുന്ന വിധത്തിലുള്ള പ്രവർത്തികൾ തികഞ്ഞ അവധാനതയോടെ മാത്രമേ ചെയ്യാവൂ. അതാണ് വർണ്ണാശ്രമ ധർമ്മം. വർണ്ണത്തിനോ ആശ്രമത്തിനോ “ജാതി” എന്ന തെറ്റിദ്ധാരണയുമായി ഒരു ബന്ധവും ഇല്ല എന്ന് വീണ്ടും എടുത്തു പറയട്ടെ.
വർണ്ണവും ആശ്രമവും കോഴ്സ് കോഡിങ്
സംസ്കൃതം മറ്റു ഭാഷകളെപ്പോലെയല്ല. ഓരോ സംകൃത വാക്കുകളിലെ അക്ഷരങ്ങളും അവയുടെ ശബ്ദ സംയോജനവും വളരെ അർത്ഥ നിർഭരമാണ്. സംസ്കൃത പഠനത്തിൽ “നിരുക്തം” എന്ന ഒരു പഠന ശാഖാ തന്നെയുണ്ട്. പദങ്ങളിൽ ഉൾകൊള്ളുന്ന മൂല ശബ്ദങ്ങളുടെ അർത്ഥത്തിലൂടെയുള്ള പദോൽപ്പത്തിയുടെ പഠനം ആണ് “നിരുക്തം”. ഉദാഹരണത്തിന്, “വർണ്ണം” എന്ന പദത്തിൻ്റെ നിരുക്തി “വൃയതേ ഇതി വർണ്ണ” എന്നാണ്. നമ്മളാൽ വരിക്കപ്പെടുന്നത് എന്തോ, അതാണ് “വർണ്ണം”. അത് “ജാതി”യല്ല. പദങ്ങളുടെ ഈ അർത്ഥ വ്യാപ്തിമൂലമാണ് വളരെ ഗഹനങ്ങളായ തത്വങ്ങൾ പോലും രണ്ടും നാലും ചെറിയ സംസ്കൃത വരികൾ മാത്രമുള്ള സൂത്രങ്ങളിലൂടെ സംഗ്രഹിച്ച് നൽകുവാൻ പുരാതന ഋഷിവര്യന്മാർക്ക് കഴിഞ്ഞത്. പണ്ഡിതനായ ആചാര്യന്മാരുടെ അരുകിൽ ഇരുന്ന് അവർ വ്യാഖ്യാനിച്ചു തരുമ്പോൾ മാത്രമാണ് നമുക്ക് അവയുടെ അർത്ഥങ്ങൾ ആഴത്തിൽ മനസ്സിലാകുകയുള്ളൂ. വർണ്ണാശ്രമ ധർമ്മങ്ങൾ ജാതി വ്യവസ്ഥയല്ല എന്ന് മനസ്സിലാകാതെ പോയത്തിന് ഇതും ഒരു കാരണമാണ്.
അവബോധ വികസനത്തിൽ ഒരു ജീവാത്മാവ് എത്തി നിൽക്കുന്ന ആന്തരിക വികാസത്തിൻ്റെ നിലവാരത്തിനെ കാണിക്കുന്ന ഒരു കളർ “കോഡിങ്” ആണ് വർണ്ണം. മനസ്സിലാക്കുവാനുള്ള എളുപ്പത്തിന് വേണ്ടി വർണ്ണവും ആശ്രമവും ഇങ്ങനെ വിവരിക്കാവുന്നതാണ്. ജീവാത്മാവിൻ്റെ അന്തിമ ലക്ഷ്യമായ അവബോധ വികസനവും, മോക്ഷവും ഒരു അക്കാഡമിക് പഠന കോഴ്സ് ആയി കണക്കാക്കിയാൽ, “ധാർമ്മിക സേവനം” എന്നത് അതിൻ്റെ കോഴ്സ് സിലബസ് ആണ്. വർണ്ണം എന്നത് കോഴ്സ് സിലബസ്സ് പഠിക്കുവാൻ നൽകപ്പെട്ടിരിക്കുന്ന അക്കാഡമിക് നിലവാര വർഷത്തിൻ്റെ കളർ കോഡിങ് ആണ്.
അതുപോലെ തന്നെ, ജീവാത്മാവ് ശരീര സമേതമായി വ്യാവഹാരിക ലോകത്തിൽ തൻ്റെ കളർ കോഡ് അനുസരിച്ചുള്ള പഠനം അനുഷ്ഠിക്കുമ്പോൾ, നാല് ഘട്ടങ്ങളിൽ കൂടി കടന്നു പോകുന്നുണ്ട്. അത് നൽകപ്പെട്ടിരിക്കുന്ന ആ അദ്ധ്യയന വർഷത്തിലെ നാല് “അക്കാഡമിക് ടേമുകൾ” ആണ്. അതിൻ്റെ പേരാണ് “ആശ്രമങ്ങൾ”. ഒരു അദ്ധ്യയന വർഷത്തിൽ ഉൾപ്പെട്ട കാലത്തിൻ്റെ “കോഡിങ്” ആണ് “ആശ്രമം”.
ധർമ്മവും പുരുഷാർത്ഥങ്ങളും
“സ്വധർമ്മം” എന്നാൽ സ്വന്ത-ധർമ്മം എന്നാണ് അർത്ഥം. ഇവിടെ, സനാതനഃ ധർമ്മം പഠിപ്പിക്കുന്ന മറ്റൊരു പ്രധാന വസ്തുതയുണ്ട്. ജീവിതത്തിൽ “സ്വധർമ്മം” അനുഷ്ഠിക്കുന്നത് നമ്മുടേയും മറ്റുള്ളവരുടേയും ആത്യന്തികമായ അവബോധ വികസനത്തിന് ഉപയോഗിക്കേണ്ട ഒരു ഉപകാരണമായിട്ടാണ്. അത് പ്രകൃതി നൽകിയിരിക്കുന്ന അലംഘനീയമായ നിയമം ആണ്. അറിഞ്ഞോ അറിയാതെയോ ഈ നിയമം ലംഘിച്ചാൽ കർമ്മ നിയമങ്ങളുടേയും പുനഃർജ്ജന്മ നിയമങ്ങളുടേയും പിടി വീഴും. സ്വധർമ്മം കൃത്യമായി അവബോധത്തോടെ അനുവർത്തക്കുന്നതു വരെ അഭ്യാസങ്ങൾ സ്കൂളുകളിൽ നൽകപ്പെടുന്ന “ഇമ്പോസിഷൻ” പോലെ, ആവർത്തനം ചെയ്യിച്ചുകൊണ്ടിരിക്കും. അതാണ് പുനർജ്ജന്മം.
അതേസമയം, ഒരിക്കൽ ജനിച്ചു കഴിഞ്ഞാൽ മരിക്കുന്നത് വരെ ഭൂമിയിൽ നമുക്ക് ജീവിച്ചേ മതിയാകൂ. ഭൂമിയിൽ ജീവിക്കുമ്പോൾ, ജീവസന്ധാരണത്തിന് പല വിഭവങ്ങളും ആർജ്ജിക്കേണ്ടതുണ്ട്. ആഹാരം വസ്ത്രം, പാർപ്പിടം, ധനം, ആനന്ദം ഇതെല്ലാം അതിനായി ആവശ്യമുണ്ട്. കൂടാതെ വംശവർദ്ധനവും പരിപാലനവും ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് സ്വധർമ്മം ചെയ്യുന്നത് കൂടാതെ മറ്റു പല കർത്തവ്യങ്ങളും ചെയ്യുവാൻ നമ്മൾ നിർബ്ബന്ധിതരാകുന്നുണ്ട്.
ഇപ്രകാരം മനുഷ്യൻ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ട ഇതര ജീവസന്ധാരണ കർത്തവ്യങ്ങൾ എല്ലാം സമന്വയിച്ച്, പൊതുവായി നാല് തരത്തിലുള്ള “പുരുഷാർത്ഥങ്ങൾ” ആയിട്ടാണ്, അവയെ സനാതനഃ ധർമ്മം വിവക്ഷിക്കുന്നത്. “പുരുഷൻ” എന്ന പദത്തിൻ്റെ അർത്ഥം, ബ്രഹ്മൻ സ്വയം തൻ്റെ പ്രജ്ഞാന ശക്തി കുറച്ച് സൃഷ്ടിക്കപ്പെട്ട ജീവൻ്റെ വേറിട്ടു നിൽക്കുന്ന ഏകകം എന്നാണ്. ആദ്യം പറഞ്ഞ “ജീവാത്മാവിൻ്റെ” മറ്റൊരു പര്യായ പദമാണ് “പുരുഷ”. നമ്മൾ ഓരോരുത്തരും “പുരുഷ” എന്ന തത്വം ആണ്. ‘പുരുഷൻ’ എന്ന മലയാളത്തിലെ ലിംഗ സൂചകമായ പദമല്ല ഈ “പുരുഷ”. എല്ലാ “പുരുഷ” തത്വങ്ങൾക്കും ജനനത്തിനും മരണത്തിനും ഇടക്കുള്ള ഉള്ള കാലഘട്ടതിൽ നാല് ‘അർത്ഥങ്ങൾ’ക്കായി (നേടുവാനുള്ള ലക്ഷ്യങ്ങൾ എന്നർത്ഥം) പ്രവർത്തിക്കേണ്ടതുണ്ട്. ഇത് സ്വധർമ്മം അനുഷ്ഠിക്കുന്നതോടൊപ്പം ചെയ്യേണ്ട മറ്റൊരു കർത്തവ്യമാണ്. മാത്രവുമല്ല, സ്വ-ധർമ്മം അനുഷ്ഠിക്കുവാൻ ആവശ്യമായ അവസരങ്ങൾ ലഭിക്കുന്നത് ഇപ്രകാരം പുരുഷാർത്ഥങ്ങൾ നേടുവാൻ ശ്രമിക്കുമ്പോഴാണ്. ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് ലക്ഷ്യങ്ങൾക്കായിട്ടാണ് നമ്മൾ ജീവിതത്തിൽ പ്രവർത്തിക്കേണ്ടത്.
ധർമ്മം
ധാരാളം തെറ്റിദ്ധാരണകളും അറിവില്ലായ്മകളും കൊടികുത്തി വാഴുന്ന ഭൂമികയാണ് “ധർമ്മം” എന്ന പദത്തിൻറേത്. ലോകത്തിലെ മറ്റൊരു ഭാഷക്കും തത്തുല്യമായ അർത്ഥം പൂർണ്ണമായി നൽകുവാൻ കഴിയാത്ത അത്ര അനന്യമായ ഒരു പദമാണ് “ധർമ്മം”. “ഡ്യൂട്ടി”, “എത്തിക്‌സ്” എന്നെല്ലാം നൽകപ്പെടുന്ന സാമാന്യ അർത്ഥങ്ങൾ, “ധർമ്മം” എന്ന പദത്തിൻ്റെ ഏകദേശ അർത്ഥങ്ങൾ മാത്രമാണ്. അവയൊന്നും “ധർമ്മം” എന്ന പദത്തിൻ്റെ പൂർണ്ണമായ അർത്ഥം അല്ല. ഇക്കാരണത്താൽ വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ടു നിൽക്കുന്ന പദമാണ്, “ധർമ്മം”.
“ധർമ്മം” എന്ന പദത്തിൻ്റെ ശബ്ദാർത്ഥം “ധ്രിയതേ ലോകോ അനേന ഇതി ധർമ:” (ലോകം ഇതിനാൽ നിലനിർത്തപ്പെടുന്നത് കൊണ്ട്, ധർമ്മം) എന്നാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാവുന്നതാണ്. മനുഷ്യ ശരീരം ഇരുനൂറിലധികം വ്യത്യസ്ത ആകൃതിയിലും, പ്രകൃതിയിലും, ഉത്തരവാദിത്വങ്ങളിലും പ്രവർത്തിക്കുന്ന മുപ്പത്-നാല്പത് ട്രില്യൺ സെല്ലുകളാൽ നിർമ്മിതമാണ്. അവയെല്ലാം പരസ്പരം സംയോജിച്ചു നിന്നുകൊണ്ട്, പരസ്പരം ആശ്രയിച്ച്, സഹകരിച്ച്, സമന്വയിക്കപ്പെട്ട പ്രവർത്തിക്കുന്നതാണ് ശരീരത്തിൻ്റെ “ധർമ്മം”. ഏത് ഭൗതിക കാരണങ്ങളാൽ ആണെങ്കിലും, ശരീരത്തിൻ്റെ “ധർമ്മ” പ്രവർത്തനങ്ങൾക്ക് ഗ്ലാനി സംഭവിക്കുമ്പോഴാണ് ക്യാൻസറും മറ്റു അസുഖങ്ങളും പിടിപെടുന്നത്. മനുഷ്യ ശരീരത്തിലെ കോശങ്ങക്ക് സമാനമാണ് സമൂഹത്തിലെ വ്യക്തികളും, പ്രസ്ഥാനങ്ങളും, ഭരണ കേന്ദ്രങ്ങളും എല്ലാം തന്നെ. അവയുടെ പരസ്പരമുള്ള സമതുലമായ പ്രവർത്തനങ്ങൾക്ക് ഗ്ലാനി സംഭവിക്കുമ്പോൾ സമൂഹം തകരുന്നു. അതായത് സമൂഹത്തിലെ ”ധർമ്മം” കുറയുമ്പോൾ സമൂഹം തകരുന്നു. നിലനിൽപ്പുള്ള സർവ്വതിൻ്റേയും കൂട്ടായ ഏറ്റവും ഉയർന്ന നന്മ ഉറപ്പുവരുത്തുന്ന പ്രവർത്തന ശൈലിയാണ് “ധർമ്മം”. അതാണ് “ധർമ്മം” എന്ന പദത്തിൻ്റെ മൗലികമായ അർത്ഥം. ‘ധർമ്മം’ എന്ന പ്രവർത്തന ശൈലി അനന്തമായ കാലത്തേക്ക് സനാതനമായി എന്നെന്നേക്കും ആവശ്യമായ ഒന്നാണ്. എങ്കിൽ മാത്രമേ ജീവൻ്റെ നിലനിൽപ്പിന് ഭൂമി യോഗ്യമായിത്തീരുകയുള്ളൂ.
‘സനാതന” എന്ന പദത്തിൻ്റെ ശബ്ദാർത്ഥം, “സദാ ഭവ: സദാ തന:” എന്നാണ്. എപ്പോഴും ഉള്ളത്, ‘സദാതനം”. അതു തന്നെയാണ് “സനാതനം”. നിലനിൽപ്പുള്ള സർവ്വതിൻ്റേയും കൂട്ടായ ഏറ്റവും ഉയർന്ന നന്മ ഉറപ്പുവരുത്തുന്ന പ്രവർത്തന ശൈലി ഇന്ന് നമുക്ക് മാത്രം ആവശ്യമുള്ള ഒന്നല്ല – എന്നും, എന്നന്നേക്കും, സമസ്ത ലോകത്തിനും ആവശ്യമായ ഒന്നാണ്. എന്നന്നേക്കുമുള്ള സർവ്വതിൻ്റേയും സമതുലനമായ പ്രവർത്തന ശൈലിയാണ് “സനാതനഃ ധർമ്മം” – അല്ലാതെ അത് മതപരമായ ഒരു പദമോ പ്രവർത്തന ശൈലിയോ അല്ല. പുരുഷാർത്ഥത്തിലെ ‘ധർമ്മം’ എന്നത് നേരത്തെ സൂചിപ്പിച്ച സ്വധർമ്മം അനുഷ്ഠിക്കേണ്ട ചില പ്രത്യേക രീതിയുടെ വിശദാംശങ്ങൾ ആണ്. സനാതനഃ ധർമ്മത്തിൽ നമ്മൾ, നമ്മൾ ഒഴികെ ഉള്ള മറ്റു സർവ്വതിനോടും പുലർത്തേണ്ട അഞ്ച് യമ നിബന്ധനകളെക്കുറിച്ചും, കൂടാതെ, നമ്മൾ നമ്മളോട് തന്നെ പുലർത്തേണ്ട മറ്റ് അഞ്ചു നിയമങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ഈ പത്ത് നിബന്ധനകളാണ് “ധർമ്മം” എന്ന വാക്കിൻ്റെ അടിസ്ഥാനം. സ്വ-വർണ്ണാശ്രമ ധർമ്മങ്ങൾ അനുഷ്ഠിക്കുന്നതും ഈ പത്ത് നിബന്ധനകൾ അനുസരിച്ചുകൊണ്ടായിരിക്കണം.
മനസ്സുകൊണ്ടും, വാക്കുകൾ കൊണ്ടും, പ്രവർത്തികൾ കൊണ്ടും എപ്പോഴും അഹിംസ, സത്യം എന്നിവ മാത്രം അനുവർത്തിക്കുക എന്നതാണ് ആദ്യത്തെ രണ്ടു യമ ധർമ്മങ്ങൾ. കൂടാതെ, യാതൊന്നും ഒരിക്കലും മോഷ്ടിക്കാതിരിക്കൽ, എല്ലാ ഉപഭോഗ വസ്തുക്കളും അതാതിന് ഉദ്ദേശിച്ചിട്ടുള്ള ധാർമ്മികമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കൽ, വസ്തുവകകൾ സംഭരിച്ചു കൂട്ടാതിരിക്കൽ എന്നീ മൂന്ന് യമ ധർമ്മങ്ങൾ കൂടി സനാതനഃ ധർമ്മം നൽകുന്നുണ്ട്.
ഇവിടെ “അഹിംസ” എന്ന പദം വളരെ അധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. “കൊല്ലരുത്” എന്ന സാമാന്യമായ ഒരൊറ്റ അർത്ഥത്തിലാണ് ഈ പദം ഇന്ന് അന്ധമായി ഉപയോഗിക്കുന്നത്. ഇത് തെറ്റാണ്. “അഹിംസ” എന്നത് ചിന്തകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ഏതൊരു ജീവജാലങ്ങളേയും ഹിംസിക്കാതെ ഇരിക്കലാണ് എന്നത് ശരിതന്നെയാണ്. എങ്കിലും ഇതിന് ഒരു അപവാദം ഉണ്ട്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സംരക്ഷിക്കുന്ന കാര്യത്തിൽ ഹിംസക്ക് വിലക്കില്ല.
വളരെ ലളിതമായ ഒരു ഉദാഹരണത്തിൽ നിന്നും ഇത് വ്യക്തമാണ്. നമ്മുടെ ശരീരത്തെ ചില രോഗങ്ങൾ ബാധിക്കുമ്പോൾ നമ്മൾ ആൻറ്റി ബയോട്ടിക്കുകൾ ഉപയോഗിച്ച് ശരീരത്തിനകത്ത് വസിക്കുന്ന നിരവധി മൈക്രോ ഓർഗനിസങ്ങളെ വധിക്കുന്നു. അത് ധാമ്മികതയാണോ? അതെ. എന്നാൽ നമ്മൾ അക്കൂട്ടത്തിൽ ശരീരത്തിന് ഗുണം ചെയ്യുന്ന മൈക്രോ ഓർഗനിസങ്ങളെക്കൂടി വധിക്കുന്നില്ലേ? ഉണ്ട്. അത് ധാർമ്മികതയാണോ? അല്ല! കാൻസർ ബാധിച്ച ശരീരഭാഗങ്ങളെ റേഡിയേഷന് വിധേയമാക്കുമ്പോൾ രോഗം ബാധിക്കാത്ത ശരീര ഭാഗങ്ങൾകൂടി നശിക്കുന്നില്ല? ഉണ്ട്! അത് ധാർമ്മികതയാണോ? അല്ല.
അതായത്, ‘അഹിംസ’ എന്ന പദം കണ്ണുമടച്ച് ഒരൊറ്റ അർത്ഥത്തിൽ ഉപയോഗിക്കേണ്ട ഒന്നല്ല. ഉയർന്ന അവബോധത്തോടെ, തികഞ്ഞ ഉത്തരവാദിത്വത്തോടെ, ഉയർന്ന ധർമ്മ ബോധത്തോടെ ഉപയോഗിക്കേണ്ട ഒന്നാണ്. എങ്കിൽ മാത്രമേ നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന പ്രപഞ്ച ഘടകങ്ങളുടെ സന്തുലിതമായ നിലനിൽപ്പും ഉയർച്ചയും സാദ്ധ്യമാകൂ എന്ന് നമ്മൾ തിരിച്ചറിയണം. ഇതിൽ വീഴ്ചവന്നാൽ പ്രപഞ്ചത്തിൻ്റെ കാര്യ കാരണ നിയമങ്ങളാൽ അത് കൈകാര്യം ചെയ്യപ്പെടും എന്ന് നമ്മൾ മനസ്സിലാക്കണം.
അതുപോലെ തന്നെ മനസ്സുകൊണ്ടും, വാക്കുകൾ കൊണ്ടും, പ്രവർത്തികൾ കൊണ്ടും എപ്പോഴും ശുദ്ധമായും, സന്തോഷമായും ഇരിക്കുക എന്നതാണ് ആദ്യത്തെ രണ്ട് നിയമ ധർമ്മങ്ങൾ. മൂന്നാമത്തെ നിയമ ധർമ്മം താൻ യാഥാർത്ഥിൽ ആരാണെന്ന് കണ്ടുപിടിക്കുവാനുള്ള സ്വയം പഠനത്തിൽ ഏർപ്പെടണം എന്നുള്ളതാണ്. താൻ ഈ ശരീരമല്ല, മനസ്സല്ല, ഊർജ്ജമല്ല, ഓർമ്മകളല്ല, താൻ അവബോധം അഥവാ പ്രജ്ഞാനം ആണെന്നുള്ള ആത്മസാക്ഷാത്ക്കാരത്തിൽ എത്തിച്ചേരുവാനാണ് ഈ സ്വയം പഠനം. നാലാമത്തേത് ഏകാഗ്രമായ ശ്രദ്ധയോടെ എപ്പോഴും നമ്മൾ ആ അവബോധം അഥവാ അഥവാ പ്രജ്ഞാനം ആയിത്തന്നെ നിന്നുകൊണ്ട് പ്രവർത്തിക്കണം എന്നുള്ളതാണ്. അഞ്ചാമത്തെ നിയമ ധർമ്മം, നമ്മൾ മാത്രമല്ല നിലനിൽപ്പുള്ള സർവ്വതും പ്രജ്ഞാനം തന്നെയാണെന്ന് മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുവാനുള്ള ധർമ്മമാണ്.
ചുരുക്കിപ്പറഞ്ഞാൽ, ആദ്യം പറഞ്ഞ സ്വധർമ്മം അനുഷ്ഠിക്കേണ്ടത് യമ-നിയമങ്ങൾ പൂർണ്ണമായും അനുസരിച്ചുകൊണ്ടായിരിക്കണം. അപ്രകാരം യമ-നിയമങ്ങളോടെ സ്വധർമ്മം അനുഷ്ഠിക്കുന്നത് ആണ് പരുഷാർത്ഥങ്ങളിലെ “ധർമ്മം” എന്ന പദം.
അർത്ഥം, കാമം, മോക്ഷം
പുരുഷാർത്ഥത്തിലെ രണ്ടാമത്തെ ‘അർത്ഥം’ എന്നത് ശരീര സമേതം ജീവിക്കുവാനാവശ്യമായ ധനവും മറ്റു വിഭവങ്ങളും ധാർമ്മികമായി മാത്രം സമ്പാദിക്കുന്നതിനെ സൂചിപ്പിക്കുന്ന പദമാണ്. മൂന്നാമത്തെ പദമായ ‘കാമം’ എന്നത് ജീവിതത്തിലെ ആനന്ദ ദായകമായ പ്രവർത്തികൾ എല്ലാം തന്നെ ഉദ്ദേശ്യ ശുദ്ധിയോടെ, ധാർമ്മികമായി മാത്രം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. നാലാമത്തെ പദമായ “മോക്ഷം” അവബോധ വികസനത്തിലൂടെ ജീവിത സത്യങ്ങൾ മനസ്സിലാക്കി, കർമ്മ നിയമങ്ങളുടേയും, പുനർജന്മങ്ങളുടേയും പ്രവർത്തനം മനസ്സിലാക്കി അതനുസരിച്ച് സ്വ-വർണ്ണാശ്രമ ധർമ്മം തികച്ചും ധാർമ്മികമായി അനുഷ്ഠിച്ച്, ജനന-മരണങ്ങളുടെ തനിയാവർത്തനത്തിൽ നിന്നും അമരത്വത്തിലേക്ക് നിത്യ മോചനം നേടുക എന്ന അന്തിമ ലക്ഷ്യത്തെയാണ് സൂചിപ്പിക്കുന്നത്.
വർണ്ണധർമ്മവും ആശ്രമധർമ്മവും
നമ്മൾ ഓരോരുത്തരും ജനിക്കുന്നത് ചില പ്രത്യേക “ജന്മ ഗുണങ്ങളും” ആയിട്ടാണ് എന്ന് നമ്മൾ കണ്ടുകഴിഞ്ഞു. അതുകൊണ്ട്, നമ്മൾ ഓരോരുത്തരുടേയും ജന്മഗുണങ്ങൾ നിശ്ചിതമാണ്. അത് നമ്മൾ ബോധപൂർവ്വം തിരഞ്ഞെടുക്കുന്ന ഒന്നല്ല. അതുവരെ ജീവിച്ച മുൻജന്മങ്ങളുടെ മൊത്തം ഫലമാണ്. നമ്മൾ വരിക്കുന്ന, അഥവാ നമുക്ക് ലഭിച്ചുകിട്ടുന്ന ഒന്നാണ്. നമ്മുടെ ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ നമ്മൾ വരിച്ച ജന്മഗുണങ്ങൾ കൂടുതൽ വികസിപ്പിക്കുവാനും, മെച്ചപ്പെടുത്തുവാനും കഴിയുമെന്നാല്ലാതെ, ജന്മഗുണങ്ങളുടെ സ്വാധീനത്തിൽ നിന്നും വെളിയിൽ വരുവാൻ നമുക്ക് കഴിയുകയില്ല. അതുകൊണ്ട് നമ്മുടെ ജന്മഗുണങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രാധാന്യമാർന്ന ഒന്നാണ്.
ഓരോരുത്തരും അപ്രകാരം, ജനനത്തിൽത്തന്നെ വരിച്ച് കൂടെക്കൊണ്ടു വരുന്ന ജന്മഗുണങ്ങൾക്കാണ് പൊതുവേ “വർണ്ണങ്ങൾ” എന്ന് പറയുന്നത്. പ്രധാനമായും സൗകര്യാർത്ഥം നാല് വർണ്ണങ്ങളായിട്ടാണ് വർണ്ണങ്ങളെ തരം തിരിച്ചിക്കുന്നത്. വർണ്ണങ്ങൾ എന്നത് “ജാതി” അല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയണം നമ്മൾ. “ജാതി” എന്നത് നമ്മൾ എവിടെ ജനിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി നമ്മൾ തെറ്റായി മനസ്സിലാക്കി ഗോപ്യമായി മനസ്സിൽ സൂക്ഷിക്കുന്ന തെറ്റായ ധാരണയാണ്. “ജാതി” എന്ന ധാരണ ആർക്കും യാതൊരു പ്രയോജനവും ചെയ്യാത്ത തികഞ്ഞ വിഡ്ഢിത്തം തന്നെയാണ്. ഇനിയും വികസിക്കാതെ പരിമിതമായി തുടരുന്ന നമ്മുടെ അവബോധമാണ് അതിന് കാരണം എന്ന് ആവർത്തിക്കട്ടെ.
ത്രിഗുണങ്ങളും അവയുടെ സങ്കരങ്ങളും
ഓരോരുത്തരും പെരുമാറുന്നതും , ചിന്തിക്കുന്നതും എല്ലാം വിഭിന്നങ്ങളായ രീതികളിൽ ആണ്. മനുഷ്യർ തമ്മിൽ തമ്മിലുള്ള എല്ലാ വിഭിന്നതകളും ഗുണഘടനയുടെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്.
“ചാതുർവർണ്യം മയാ സൃഷ്ടം, ഗുണ കർമ്മ വിഭാഗശഹ” – എന്ന് ശ്രീകൃഷ്ണൻ ഭഗവത് ഗീതയിലെ നാലാം അദ്ധ്യായത്തിൽ പറഞ്ഞതിൻ്റെ ആദ്യ വരി മാത്രം ഉദ്ധരിച്ചുകൊണ്ടാണ് ഈ വിഷയത്തിലെ തെറ്റിദ്ധാരണ വ്യാപകമാകുന്നത്. രണ്ടാമത്തെ വരിയിൽ “ഗുണ കർമ്മ വിഭാഗശഹ” എന്ന് പറഞ്ഞത് ശ്രദ്ധിക്കാതേയോ അർത്ഥം മനസ്സിലാക്കാതേയോ വിട്ടുകളയുകയും ചെയ്തിരിക്കുന്നു. “വ്യക്തികളുടെ ഗുണ വിഭാഗങ്ങളും കർമ്മ വിഭാഗങ്ങളും അനുസരിച്ച് ഞാൻ നാല് തരം വർണ്ണങ്ങളിൽ ഉള്ള തൊഴിൽ വിഭാഗങ്ങൾ സൃഷ്ടിച്ചു” എന്നാണ് കൃഷ്ണൻ പറഞ്ഞതിന് അർത്ഥം. ഇവിടെ “ഞാൻ” എന്ന പദം സ്രഷ്ടാവായ “ബ്രഹ്മനെ” യാണ് സൂചിപ്പിക്കുന്നത് എന്നും മനസ്സിലാക്കണം നമ്മൾ.
മൂന്ന് വിധത്തിലുള്ള ഗുണങ്ങൾ എന്ന് പറയുന്നത് മൂന്നു തരത്തിലുള്ള ജന്മസിദ്ധമായ പ്രവണതകൾ എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. “സത്വം”, “രജസ്സ്”, “തമസ്സ്” എന്നീ മൂന്ന് അടിസ്ഥാന ഗുണങ്ങൾ ആണ് അവ. മനുഷ്യരിൽ മാത്രമല്ല, നിലനിൽപ്പുള്ള സർവ്വതിലും ഈ മൂന്ന് ഗുണങ്ങൾ / പ്രവണതകൾ അതിൻ്റെ പല വിധത്തിലുള്ള സങ്കരങ്ങളിൽ സന്നിഹിതമാണ്. ഒരു വ്യക്തി, സത്വ പ്രധാനമായ ഗുണ ഘടനയും, അതിനനുസൃതമായ കർമ്മാചരണവും ആണ് ചെയ്യുന്നുവെങ്കിൽ, അയാളെ ബ്രാഹ്മണൻ എന്ന് വിളിക്കാവുന്നതാണ്. അതയാളുടെ ഗുണവും കർമ്മവും ചേർന്ന വർണ്ണമാണ്. നേരെമറിച്ച്, രജസ്സ്-സത്വം എന്ന ഗുണ ഘടനയാണെങ്കിൽ, അയാൾക്ക് ക്ഷത്രിയ ഗുണമാണ് എന്ന് പറയാവുന്നതാണ്. അതിനനുസൃതമായ കർമ്മമാണ് അയാൾ ചെയ്യുന്നത് എങ്കിൽ അയാൾ ക്ഷത്രിയനാണ്. ഇതുപോലെ, രജസ്സ്-തമസ്സ് എന്ന ഗുണ ഘടനയും, അതനുസരിച്ചുള്ള കർമ്മമവും ആണെങ്കിൽ അയാൾ വൈശ്യൻ ആണ്. ഇനി തമ പ്രധാനമായ ഗുണ ഘടനയാണെങ്കിൽ അത് ശൂദ്ര ഗുണമാണ് .
സത്വം
വെളുത്ത നിറമാണ് സ്വത്വ ഗുണത്തെ പ്രതിനിധാനം ചെയ്യുന്നത്. “സത്വം” എന്ന ഗുണം ഒരു വ്യക്തിയിൽ ഉണ്ടെങ്കിൽ അത് ആ വ്യക്തിക്ക് നൽകുന്നത് ഏറ്റവും ഉയർന്ന ശ്രേഷ്ഠമായ പ്രവണതകളാണ്. സത്വഗുണം എന്നത് ആനന്ദം, സന്തോഷം, സമാധാനം, ക്ഷേമം, സ്വാതന്ത്ര്യം, സ്നേഹം, അനുകമ്പ, സമചിത്തത, സഹാനുഭൂതി, സൗഹൃദം, ശ്രദ്ധ, ആത്മനിയന്ത്രണം, സംതൃപ്തി, വിശ്വാസം, നിവൃത്തി, ശാന്തത, കൃതജ്ഞത, നിർഭയത്വം, നിസ്വാർത്ഥത എന്നീ ഗുണങ്ങൾ മുന്നിട്ടുനിൽക്കുന്ന ഒരു പ്രവണതയാണ്. സത്വ ഗുണം അധികമായിട്ടുള്ള സർവ്വ മനുഷ്യരുടെ സർവ്വ പ്രവർത്തനങ്ങളിലും ഈ ഗുണങ്ങൾ നിഴലിച്ചുകാണാം. അവരിൽ അറിയുവാനുള്ള കഴിവ്, അറിഞ്ഞതിനെ സാക്ഷാത്ക്കരിക്കുവാനുള്ള ഇച്ഛാശക്തി, അറിഞ്ഞതിനെ അറിയ്ക്കാനുള്ള കഴിവ്, തുടങ്ങിയവ പ്രകടമായി കാണാം. അധികം എരിവ്, പുളി ഉപ്പ് ഒന്നും അവർ ഉപയോഗിക്കാറില്ല. ഇവരിൽ ആണ് സത്വ ഗുണം കൂടിയിരിക്കുന്നത്.
രജസ്സ്
ചുവപ്പ് നിറം പ്രതിനിധാനം ചെയ്യന്ന “രജസ്സ്” എന്ന ഗുണം സത്വ ഗുണത്തിന് താഴെയാണ് നിലകൊള്ളുന്നത്. ഊർജ്ജസ്വലതയുടേയും, കർമ്മോന്മുഖതയുടേയും, മാറ്റത്തിൻ്റേയും ചലനത്തിൻ്റേയും എല്ലാം അവസ്ഥയാണ് രജസ്. രജസ്സിൻ്റെ സ്വഭാവം ആകർഷണം, വാഞ്ഛ, കൂട്ടുപിണയൽ എന്നിവയൊക്കെയാണ്. കൂടാതെ നമ്മുടെ പ്രവർത്തി മണ്ഡലങ്ങളുടെ രജസ് നമ്മെ ശക്തമായി ബന്ധിപ്പിച്ചു നിറുത്തുന്നു. കോപം, ഉല്ലാസം, ഉത്കണ്ഠ, ഭയം, പ്രകോപനം, അസ്വസ്ഥത, സമ്മർദ്ദം, ധൈര്യം, അഭ്യൂഹം, നിശ്ചയദാർഢ്യം, ഇതൊക്കെയാണ് മറ്റ് രാജസിക ഗുണങ്ങൾ.
തമസ്സ്
കറുപ്പ് നിറം പ്രതിനിധാനം ചെയ്യുന്നതാണ് “തമസ്സ്” എന്ന ഗുണം. തമസ്സ് എന്നത് അന്ധകാരത്തിൻ്റേയും ജഡത്വത്തിൻ്റേയും നിഷ്ക്രിയത്വത്തിൻ്റേയും ഭൗതികതയുടെയും അവസ്ഥയാണ്. തമസ്സ് അജ്ഞതയിൽ നിന്ന് പ്രത്യക്ഷപ്പെടുകയും എല്ലാ ജീവജാലങ്ങളെയും അവരുടെ ആത്മീയ സത്യങ്ങളിൽ നിന്ന് അകറ്റി നിറുത്തുകയും ചെയ്യുന്നു. അലസത, അജ്ഞത, വെറുപ്പ്, ആസക്തി, വിഷാദം, നിസ്സഹായത, സംശയം, കുറ്റബോധം, ലജ്ജ, വിരസത, വേദന, ദുഃഖം, നിസ്സംഗത, ആശയക്കുഴപ്പം, ആശ്രിതത്വം, എന്നിവയാണ് മറ്റ് താമസഗുണങ്ങൾ.
ബ്രാഹ്മണ്യം, ക്ഷാത്രം, വൈശ്യം, ശൂദ്രം
സത്വ, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളും ലോകത്തുള്ള സർവ്വ മനുഷ്യരിലും (വസ്തുക്കളിലും, ജീവ ജാലങ്ങളിൽ പോലും) വിവിധ അനുപാതങ്ങളിൽ കാണാവുന്നതാണ്. നമ്മൾ നമ്മളെ തന്നെ പരിശോധിച്ച് നോക്കിയാൽ ഇതെല്ലാം വ്യക്തമായി കാണുവാൻ കഴിയും. ഈ മൂന്ന് ഗുണങ്ങളിൽ ഏതാണോ ഒരു വ്യക്തിയിൽ വർദ്ധിച്ചു നിൽക്കുന്ന ഗുണം, ആ ഗുണത്തിൻ്റെ നിറമായിരിക്കും അയാളുടെ വർണ്ണം.ഈ ഗുണങ്ങളുടെ വ്യത്യസ്ത അനുപാതങ്ങൾ നോക്കിയാൽ കോടിക്കണക്കിനുള്ള ഗുണഘടനകൾ കാണാം. എങ്കിലും, ഇവയെ പ്രധാനമായി നാല് വിഭാഗത്തിലാണ് തിരിച്ചിരിക്കുന്നത്.
ബ്രാഹ്മണ്യം
സത്വഗുണം പ്രധാന ഗുണമായിട്ടുള്ളവരെ ബ്രാഹ്മണ ഗുണമുള്ളവർ എന്ന് വിവക്ഷിക്കുന്നു. ഇവർക്ക് മനോ നിയന്ത്രണം, ഇന്ദ്രിയ നിയന്ത്രണം, ജ്ഞാന പ്രാപ്തിക്കായിട്ടുള്ള തപസ്സ്, അകത്തും പുറത്തും ശുദ്ധി പാലിക്കുക, നേർവഴിക്കുള്ള രീതികൾ, അറിയുവാനുള്ള കഴിവ്, അറിഞ്ഞതിനെ സാക്ഷാത്ക്കരിക്കുവാനുള്ള കഴിവ്, അറിഞ്ഞതിനെ അറിയിക്കുവാനുള്ള കഴിവ്, ഇതൊക്കെ ഉണ്ടായിരിക്കും. ഇവർ ബ്രാഹ്മണ ഗുണത്തിൽ തെളിഞ്ഞു നിൽക്കും. ഈ ഗുണങ്ങൾ ഏത് തൊഴിലിനാണോ ആവശ്യം, അതായിരിക്കും അവരുടെ സ്വധർമ്മം. നല്ല ഒരു അദ്ധ്യാപകൻ, അല്ലെങ്കിൽ നല്ല ഒരു പൂജകൻ ബ്രാഹ്മണ ഗുണമുള്ളവരായിരിക്കും. ഈ ഗുണങ്ങളുള്ള ആൾ ഏതു ജാതിയിൽ ജനിച്ചാലും ബ്രാഹ്മണ്യം ഉള്ള വ്യക്തിയാണ്.
സത്വ വർണ്ണം ഉള്ളവർ അധികം കാണപ്പെടുന്നത് പുരുഷാർത്ഥം എന്ന സിലബസ്സിൽ എങ്ങിനെ മോക്ഷം പ്രാപിക്കാം എന്ന വിഷയത്തിൽ ധാർമ്മിക സേവനം ചെയ്യുന്നവരായിരിക്കും. സത്വ ഗുണം കൂടി നിൽക്കുന്നവരെ “ബ്രാഹ്മണന്മാർ” എന്നുവിവക്ഷിക്കുന്നു. ഇതൊരു ജാതിയല്ല. ഇതൊരു പ്രവണതയെ കാണിക്കുന്ന സിമ്പോളിസം മാത്രം ആണ്. ഇപ്രകാരമായിരിക്കും അവബോധം ഏറ്റവും ഉയർന്ന നിലയിൽ പ്രവർത്തിക്കുന്ന വ്യക്തികളിൽ അവരുടെ വർണ്ണവും സേവനവും തമ്മിൽ പൊരുത്തപ്പെട്ട നിലയിൽ കാണാം.
ക്ഷാത്രം
സത്വ ഗുണവും രാജോ ഗുണവും നിറഞ്ഞു നിൽക്കുന്ന എന്നാൽ രജോഗുണം പ്രധാനമായി കാണുന്ന ഗുണ ഘടകമാണ് ക്ഷാത്ര ഗുണം. അങ്ങിനെയുള്ളവർ അതനുസരിച്ചു കർമ്മങ്ങൾ ആണ് ചെയ്യേണ്ടത്. അങ്ങിനെയുള്ളവരിൽ ശൗര്യം, ശൂരത, കൊല്ലുവാനുള്ള സാമർഥ്യം, നല്ല കർമ്മ നിപുണത, ധൃതി, തൻ്റേടം, മനക്കരുത്ത്, ദാക്ഷ്യം, സാമർത്ഥ്യം, ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാൽ അത് വിജയിക്കാതെ പിന്തിരിയാത്ത സ്വഭാവം, ദാനശീലം, തൻ്റെ വസ്തുക്കൾ പങ്കുവയ്ക്കുവാനുള്ള മനോഭാവം, സർവ്വോപരി ഈശ്വര ഭാവം, കൂടാതെ എല്ലാവരേയും നിയന്ത്രിച്ച് തൻ്റെ അധീനതയിൽ നിർത്തുവാനുള്ള കഴിവ്, ഇതെല്ലാം ആണ് ക്ഷത്രിയത്വത്തിൻ്റെ ലക്ഷണങ്ങൾ. ഈ ഗുണ വർണ്ണത്തിനുള്ളവർക്കുള്ള കർമ്മ മേഘലകൾ ഭരണാധികാരം, രാജ്യഭരണം, മേലുദ്യോഗം, സൈന്യത്തിലെ വിവിധ ഉത്തരവാദിത്വങ്ങൾ, തുടങ്ങിയവയാണ്. വർണ്ണത്തിൻ്റെ സാംഗത്യം മനസ്സിലാക്കുവാൻ ക്ഷത്രിയ ഗുണഘടകമുള്ള വ്യക്തി അദ്ധ്യാപകനായാൽ എന്തു സംഭവിക്കും എന്ന് ആലോചിച്ചാൽ മതി. അതുപോലെ ഒരു അദ്ധ്യാപകൻ യുദ്ധം ചെയ്യുവാൻ പോയാലുള്ള സ്ഥിതിയും ചിന്തിച്ചാൽ മനസ്സിലാക്കാൻ അല്ലാതെ ഉള്ളൂ.
ക്ഷാത്ര വർണ്ണത്തിലുള്ളവർ പുരുഷാർത്ഥം എന്ന സിലബസ്സിൽ എങ്ങിനെ സമ്പത്തും ആനന്ദവും സംരക്ഷിച്ചു നില നിറുത്താം എന്ന വിഷയത്തിൽ ധാർമ്മിക സേവനം ചെയ്യുന്നവരായിരിക്കും.
വൈശ്യം
തമോ ഗുണവും രജോ ഗുണവും തുല്യമായിട്ടുണ്ടനെകിലും, രാജോ ഗുണം മുന്നിട്ടു നിൽക്കുന്നതാണ് വൈശ്യ വർണ്ണം. ഇവർ നല്ല കൃഷിക്കാരും കച്ചവടക്കാരും ആയിരിക്കും. വൈശ്യ വർണ്ണത്തിൽ ഉള്ളവർ പുരുഷാർത്ഥം എന്ന സിലബസ്സിൽ എങ്ങിനെ സമ്പത്തും വിതരണം ചെയ്യാം എന്ന വിഷയത്തിൽ ധാർമ്മിക സേവനം ചെയ്യുന്നവരായിരിക്കും.
ശൂദ്രം
തമോഗുണം മുന്നിട്ടു നിൽക്കുന്നതായിരിക്കും ശൂദ്ര വർണ്ണം. ഇവർ സ്വന്തമായി ബുദ്ധിയുപയോഗിച്ച് ഒരു കർമ്മവും ചെയ്യില്ല. മറ്റൊരാളുടെ കീഴിൽ പണിയെടുക്കക്കുവാൻ നവളരെ യോജിച്ചവരാണ് അവർ. പറഞ്ഞ പണി പറഞ്ഞ പോലെ ചെയ്യും. ശൂദ്രവർണ്ണത്തിൽ ഉള്ളവർ അധികവും കാണപ്പെടുന്നത് പുരുഷാർത്ഥം എന്ന സിലബസ്സിൽ എങ്ങിനെ സമ്പത്തും ആനന്ദവും വർദ്ധിപ്പിക്കുവാൻ ധാർമ്മികമായ രീതിയിൽ അനുസരണയോടെ സേവനം ചെയാം എന്ന് പരിശീലിക്കുന്ന സിലബസ്സിൽ വർത്തിക്കുന്നവർ ആയിരിക്കും.
വർണ്ണങ്ങൾ ഒന്നും ഒരു ജാതിയല്ല. എല്ലാം ഓരോ പ്രത്യേക പ്രവണതയെ കാണിക്കുന്ന കളർ കോഡിങ് മാത്രം ആണ്. അവരവരുടെ പ്രവണതകൾക്ക് അനുസരിച്ച പ്രവർത്തന മേഖലകളും സ്വധർമ്മവും ആണ് ചെയ്യേണ്ടത്. ലഭിക്കുന്ന സ്വധർമ്മം എന്തായാലും അത് നൂറിൽ നൂറു മാർക്കും വാങ്ങി തികഞ്ഞ യമ നിയമ ധാർമ്മികതയുടെ അനുഷ്ഠിക്കണം.
ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം
നിലവിലെ നമ്മുടെ “ആശ്രമാവസ്ഥ”ക്ക് നിരക്കുന്ന വിധത്തിലായിരിക്കണം സ്വധർമ്മം അനുഷ്ഠിക്കേണ്ടത് എന്ന് പറഞ്ഞുവല്ലോ. എന്താണ് പ്രസ്തുത ആശ്രമ അവസ്ഥകൾ എന്ന് നോക്കാം. നമ്മുടെ ഓരോരുത്തരുടേയും വ്യക്തി ജീവിതത്തിൽ, ശൈശവാവസ്ഥക്ക് ശേഷം, പൊതുവായി നിർവ്വചിക്കാവുന്ന നാല് ജീവിത ഘട്ടങ്ങൾ ഉണ്ട്. നമ്മൾ വിദ്യാർത്ഥികളായിരിക്കുന്ന ഘട്ടം, വിവാഹമെല്ലാം കഴിഞ്ഞു ജീവസന്ധാരണ തൊഴിലുകളുമായിരിക്കുന്ന ഘട്ടം, തൊഴിലിൽ നിന്നും വിരമിച്ച് മക്കളെല്ലാം തനിക്ക് താൻ പോന്നവരായ ഘട്ടം, പിന്നീട് ഒരു വാർദ്ധക്യ ഘട്ടം – ഇവയാണ് ആ നാല് ഘട്ടങ്ങൾ. ഈ നാല് ഘട്ടങ്ങളെ നാല് “ആശ്രമങ്ങൾ” എന്നാണ് സനാതനഃ ധർമ്മത്തിൽ വിവക്ഷിക്കുന്നത്.
ഈ നാല് “ആശ്രമ” ഘട്ടങ്ങളിലും നമ്മൾ ബോധപൂർവ്വം സ്വയം അനുഷ്ഠിക്കേണ്ട ചില നിയന്ത്രണങ്ങൾ ഉണ്ട്. ഓരോ ഘട്ടങ്ങളിലും നമ്മൾ ചെയ്യേണ്ടതും, ചെയ്ത് കൂടാത്തതും ആയ ചില കാര്യങ്ങൾ ഉണ്ട്. അവയെ ആണ് “ആശ്രമധർമ്മ”ങ്ങൾ എന്ന് വിവക്ഷിക്കുന്നത്. ഓരോ ആശ്രമ അവസ്ഥകളിലും കൃത്യമായി നല്കപ്പെട്ടിട്ടുള്ള “സ്വ-ധർമ്മങ്ങൾ” ഉണ്ട്. സ്വധർമ്മങ്ങൾ കൃത്യമായി അനുഷ്ഠിച്ചുകൊണ്ട് വേണം പരുഷാർത്ഥങ്ങളായ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്ന നാല് സിലബസ്സുകളും പഠിച്ചു പാസ്സാകുവാൻ എന്നർത്ഥം. ഇതിൽ അവബോധക്കുറവ് കൊണ്ട് തെറ്റുകൾ സംഭവിച്ചാൽ കോഴ്‌സുകൾ ആവർത്തിക്കേണ്ടി വരും. പുന:ർജന്മങ്ങളും പുന:ർഅനുഭവങ്ങളും ആവർത്തിക്കേണ്ടി വരും.
സംസ്കൃതത്തിൽ “ആശ്രമങ്ങൾ” എന്നാൽ “സങ്കേതം”, അല്ലെങ്കിൽ “സ്ഥിതി”, അല്ലെങ്കിൽ “പദവി”, അല്ലെങ്കിൽ “ഘട്ടം” എന്നെല്ലാമാണ് അർത്ഥം. ഈ നാല് ആശ്രമങ്ങൾക്കും ചില പ്രത്യേക സ്വഭാവങ്ങൾ ഉണ്ട്. അതാത് ആശ്രമാവസ്ഥയുടെ സ്വഭാവത്തിന് അനുയോജ്യമായ വിധത്തിൽ മാത്രം “സ്വധർമ്മം” ചെയ്യേണ്ടത് ധാർമ്മികമായ കടമയാണ്. അതായത്, ഓരോരുത്തരും അവരവരുടെ നിലവിലെ ആശ്രമാവസ്ഥക്ക് യോജിച്ച സ്വഭാവമായിരിക്കണം പുലർത്തേണ്ടത്. സ്വധർമ്മം എന്തുതന്നെയായാലും അത് ധാർമ്മികമായി ചെയ്യുന്നതോടൊപ്പം തന്നെ, അത് നിലവിലെ സ്വന്തം ആശ്രമാവസ്ഥക്ക് യോജിക്കുന്ന വിധത്തിൽ ചെയ്യുക കൂടി ചെയ്യുമ്പോൾ മാത്രമേ ആ സ്വധർമ്മ അനുഷ്ഠാനം ധാർമ്മികമാകുകയുള്ളൂ എന്നർത്ഥം.
ഇപ്പറഞ്ഞ നാല് ആശ്രമ സ്ഥിതികൾക്ക് സംസ്കൃതത്തിൽ ഉള്ള പേരുകൾ ആണ്, ബ്രഹ്മചര്യം, ഗൃഹസ്ഥം, സന്യാസം, വാനപ്രസ്ഥം, എന്നിവ. വളരെ സ്വതന്ത്രമായ രീതിയിൽ ഈ സംസൃത പദങ്ങൾക്ക് യഥാക്രമം വിദ്യാർത്ഥി ജീവിതം, ഗൃഹസ്ഥ ജീവിതം, താപസ ജീവിതം, ഏകാന്ത ജീവിതം എന്ന് ലളിതമായി അർത്ഥം പറയാവുന്നതാണ്. പുരാതന ഭാരതത്തിൽ ഇപ്രകാരമുള്ള ഒരു പ്രത്യേക ക്രമത്തിലും സാമൂഹ്യ ഘടനയിലും ആയിരുന്നു ഒരുവിധം എല്ലാവരും തന്നെ ജീവിതം നയിച്ചിരുന്നത്.
ഒരു വ്യാഴവട്ടം എന്ന് പറയുന്നത് ഏകദേശം പന്തണ്ടേകാൽ വർഷങ്ങൾ ആണ്. മനുഷ്യജീവിതത്തിൽ, ഓരോ വ്യാഴവട്ടക്കാലങ്ങളുടെ പരിസമാപ്തിയിലും ഒരു വ്യക്തിയുടെ സാമൂഹ്യ ജീവിത ഘടനയിൽ കാതലായ ചില വ്യത്യാസങ്ങൾ വന്നു കൊണ്ടിരിക്കും എന്ന് സനാതനഃ ധർമ്മം ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനനം മുതൽ ആദ്യത്തെ പന്ത്രണ്ടു വർഷം ബാലാവസ്ഥയാണ്. ഈ കാലഘട്ടത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. സമീകൃതാഹാരം കഴിക്കുകയും, കളിക്കുകയും ഉറങ്ങുകയും മാത്രമാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്. ബാല മസ്തിഷ്കവും നാഡികളും എല്ലാം പൂർണ്ണവളർച്ചയും പ്രാപ്തിയും എത്തുന്നതിന് ആവശ്യമായ സമയമാണിത്. പന്ത്രണ്ട് വയസ്സുമുതൽ ഇരുപത്തിനാലു വയസ്സുവരെ ബ്രഹ്മചര്യാവസ്ഥയാണ്.
“ബ്രഹ്മചര്യം” എന്നാൽ ഏറ്റവും ഉയർന്ന അദ്വൈത സത്യമായ “ബ്രഹ്മ”ൻ്റെ പാതയിൽ സഞ്ചരിക്കുക എന്നാണ് അർത്ഥം. അതായത് യാതൊരു അന്യ ചിന്തകളും ഇല്ലാതെ ഏകാഗ്രമായി അറിവ് വർദ്ധിപ്പിക്കുവാനുള്ള പഠനങ്ങളിൽ മുഴുകുക എന്നതാണ് ബ്രഹ്മചര്യാവസ്ഥയിലെ സ്വധർമ്മം. “ബ്രഹ്മചര്യം” എന്ന പദത്തിന് കൂടുതൽ വിപുലമായ മാനങ്ങളും ഉണ്ട്. യാതൊരു ലൈംഗിക ചിന്തകളും ഇല്ലാതെ അവിവാഹിതരായി കഴിയുക എന്ന ഒരു അർത്ഥം കൂടി ഈ പദത്തിന് കല്പിക്കപ്പെടുന്നുണ്ട്. കൂടുതൽ വിപുലമായ മറ്റൊരു അർത്ഥം ജീവിതത്തിലെ എല്ലാ വിഭവങ്ങളും അതാതിന് ഉദ്ദേശിക്കപ്പെട്ട കാര്യനിർവ്വഹണത്തിനായി മാത്രം ഉപയോഗിക്കുക എന്നത് കൂടിയാണ്. പണം അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക, ലൈംഗികത വംശനിലനിൽപ്പിനായി മാത്രം ഉപയോഗിക്കുക, ആഹാരം ഊർജ്ജം നൽകി ശരീരം സമീകൃതമായി നിലനിൽക്കുവാൻ വേണ്ടി മാത്രം ഉപയോഗിക്കുക, ഇപ്പറഞ്ഞതൊന്നും വിനോദത്തിനും ആനന്ദത്തിനും വേണ്ടി ഉപയോഗിക്കാതിരിക്കുക തുടങ്ങിയുള്ള വിപുലമായ പല അർത്ഥ തലങ്ങളും “ബ്രഹ്മചര്യം” എന്ന പദത്തിൻ്റെ അർത്ഥ വ്യാപ്തിയിൽ ഉൾപ്പെടുന്നുണ്ട്. ഇപ്പറഞ്ഞതെല്ലാം തന്നെ ഒരു വിദ്യാർത്ഥിക്ക് അവശ്യം വേണ്ടതും അയാളുടെ സ്വഭാവരൂപീകരണത്തിൽ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്ന വസ്തുതകളാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ആശ്രമധർമ്മ ലംഘനത്തിൻ്റെ ഒരു പ്രധാന ഉദാഹരണം ബ്രഹ്മചര്യാശ്രമത്തിൽ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്നതാണ്. അതുപോലെ തന്നെ സന്യാസാശ്രമത്തിലും വാനപ്രസ്ഥാശ്രമത്തിലും ലൈംഗിയതയിൽ പ്രവർത്തിക്കുന്നതും ആശ്രമധർമ്മ ലംഘനമാണ്. എല്ലാ പ്രവർത്തികളും അതാത് ആശ്രമാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിൽ, പ്രകൃതി ദത്തമായി ഉദ്ദേശിക്കപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി മാത്രം തികഞ്ഞ സ്വധർമ്മ ധാർമ്മികതയോടെ ചെയ്യുന്നതാണ് സമ്പൂര്‍ണ്ണമായ ധർമ്മചര്യം. ജീവാത്മാവിൻ്റെ അവബോധ വികസനവും, ആത്മീയ പരിണാമവും ധർമ്മചര്യം ആചരിക്കൽ ത്വരിതഗതിയിലാക്കും. ആശ്രമ ധർമ്മചര്യാ ലംഘനം ജീവാത്മാവിൻ്റെ സ്വാഭാവിക പരിണാമം മന്ദീഭവിപ്പിക്കും.
എന്നാൽ ഇന്ന് ആശ്രമ ധർമ്മങ്ങൾ എല്ലാം കുഴഞ്ഞു മറിഞ്ഞാണ് കിടക്കുന്നത്. സ്വന്തം മസ്തിഷ്ക്കവും നാഡീവ്യവസ്ഥകളും ഉറയ്ക്കുന്നതിന് മുൻപ് ബാല്യാവസ്ഥയിൽ തന്നെ ശിശുക്കളെ സ്കൂളിൽ അയക്കുന്നു. ബ്രഹ്മചര്യ വ്യവസ്ഥകൾ ഇന്ന് തലകീഴായി മറിഞ്ഞിരിക്കുന്നു. ബ്രഹ്മചര്യാവസ്ഥയിൽ ലഹരി വസ്തുക്കളും ലൈംഗികത്വവും നിറഞ്ഞു നിൽക്കുന്നു. വ്യാപാരത്തിനും ധന സമ്പാദനത്തിനും വേണ്ടി വ്യാപാരികൾ സ്വധർമ്മത്തിൽ വീഴ്ചവരുത്തുന്നതാണ് ഇതിന് ഒരു പ്രധാന കാരണം. എല്ലാ അവസ്ഥയിലുമുള്ള പീഡനങ്ങൾ ഇന്ന് നടക്കുന്നു. ഇതെല്ലാം തിരുത്തുവാൻ ആവശ്യമായ ധാർമ്മികതയെക്കുറിച്ചുള്ള അറിവും, അറിയുവാനുള്ള ഇച്ഛാശക്തിയും, അറിയിക്കുവാനുള്ള പ്രയത്നവും തീരെ കുറവാണ് താനും. ജീവാത്മാവിൻ്റെ പരിണാമം എന്ന ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന ലക്ഷ്യത്തിനും, അതിനുവേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ട അനുഷ്ഠാനങ്ങൾക്കും യാതൊരു കോട്ടവും വരുത്താതെ, കാലത്തിനനുസരിച്ച മാറ്റം ആശ്രമ ധർമ്മ പാലനത്തിൻ്റെ വിശദാംശങ്ങളിൽ മാത്രം വരുത്തി തികച്ചും ധാർമ്മികമായ ഒരു ജീവിതം ഇന്നും എന്നും സാദ്ധ്യമാണെന്ന് ഓർക്കണം.
അടുത്തത് “ഗൃഹസ്ഥാശ്രമം” എന്ന നിലയാണ്. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഇരുപതിനാലാമത്തെ വയസ്സിൽ, മുഖ്യമായ ഒരു തീരുമാനം എടുക്കുവാനുണ്ട്. തൊഴിലും വിവാഹവും സ്വീകരിച്ച് ഒരു കടുംബ ജീവിതത്തിലേക്ക് പ്രവേശിക്കണമോ, അതോ ബ്രഹ്മചര്യം തുടർന്നും അനുഷ്ഠിച്ചുകൊണ്ട് സന്യാസത്തിലേക്ക് പ്രവേശിക്കണമോ എന്നതാണ് ആ തീരുമാനം. രണ്ടായാലും വളരെ ബോധപൂർവ്വം എടുക്കുന്ന തീരുമാനങ്ങൾ ആയിരിക്കും അത്. സനാതനഃ ധർമ്മത്തിൽ ആരും ആരുടെ മേലിലും ഒരു തീരുമാനവും അടിച്ചേൽപ്പിക്കുന്നില്ല; ആവശ്യമുള്ള ഘട്ടങ്ങളിൽ ആവശ്യപ്പെട്ടാൽ മാത്രം സ്വയം ഒരു തീരുമാനം എടുക്കുവാൻ ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നല്കാമെന്നല്ലാതെ, എന്തെങ്കിലും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് “അധർമ്മ”മാണ്.
പുരാതന ഭാരതത്തിൽ മുപ്പത് ശതമാനം ആളുകൾ ഈ ഘട്ടത്തിൽ സന്യാസം സ്വീകരിച്ചിരുന്നതായി സദ്ഗുരു ജഗ്ഗി വാസുദേവ് പറയുന്നുണ്ട്. പഠിക്കേണ്ടതെല്ലാം കഴിഞ്ഞ ജന്മങ്ങളിൽ ഒരുവിധം ഭംഗിയായി പഠിച്ചു കഴിഞ്ഞ മുതിർന്ന ജീവാത്മാക്കൾ പലപ്പോഴും പിന്നീട് വരുന്ന ജന്മത്തിൽ, ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കാതെ, നേരിട്ട് സന്യാസത്തിലേക്ക് കടക്കുന്നത് തികച്ചും ഉചിതമായ പ്രവർത്തി തന്നെയാണ്. ജനസംഖ്യാ നിയന്ത്രണത്തിനും ഇത് ഒരു പരിധിവരെ ഉതകുന്നുണ്ട്. പ്രപഞ്ചത്തിൽ എല്ലാ സംവിധാനങ്ങൾക്കും ഉപ സംവിധാനങ്ങൾക്കും തമ്മിൽ ഒരു താളവും, ക്രമവും സന്തുലിതയും ഉള്ളതായി കാണാവുന്നതാണ്. ഏതെങ്കിലും കാരണം കൊണ്ട് ആ ക്രമത്തിനും, സന്തുലിതയ്ക്കും ഒരു പരിധിക്കപ്പുറം പിഴവ് വന്നാൽ, പ്രകൃതി ഇടപെട്ട് ആ പിഴവ് ശരിയാക്കുന്നതും കാണാവുന്നതാണ്. യുദ്ധം, പ്രളയം, മഹാമാരി, സുനാമി തുടങ്ങി പലതും അത്തരം തിരുത്തലുകൾ ആണ് എന്ന് നമ്മൾ മനസ്സിലാക്കണം.
ബ്രഹ്മചര്യാശ്രമത്തിന് ശേഷം വരുന്ന ഇരുപത്തിനാലുവർഷം ഗൃഹസ്ഥാശ്രമം ജീവിതം തിരഞ്ഞെടുത്തവർ വിവാഹം കഴിച്ചുകൊണ്ട്, അവരവർ തിരഞ്ഞെടുത്ത സേവന രംഗങ്ങളിൽ ധാർമ്മികമായി സ്വധർമ്മം ധാർമ്മികമായി അനുഷ്ഠിച്ചും, കുടുംബത്തേയും കുട്ടികളേയും ധാർമ്മികമായി പുലർത്തിയും ജീവിക്കുന്നു. അവരുടെ കുട്ടികൾക്ക് ഇരുപത്തിനാല് വയസ്സാകുമ്പോൾ ആ കുട്ടികളും അവരുടെ ജീവിത പാത സമാനമായ രീതിയിൽ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നു. ബാഹ്യമായ യാതൊരു സമ്മർദ്ദവും അവിടെ ഉണ്ടാകുകയില്ല. ഇതാണ് ഇരുപത്തിനാലുവർഷം നീണ്ടു നിൽക്കുന്ന ഗൃഹസ്ഥാശ്രമം.
അതിനു ശേഷം വരുന്ന പന്ത്രണ്ട് വർഷക്കാലം മാതാപിതാക്കൾ താത്കാലികമായി പിരിഞ്ഞു നിന്ന് താപസ ജീവിതം നയിക്കുകയാണ് ചെയ്യുന്നത്. സ്വയം പഠനവും, സാധനകളും എല്ലാം നിറഞ്ഞ ബ്രഹ്മചര്യ ജീവിതം തന്നെയാണിതും. ഇതാണ് വാനപ്രസ്ഥം. ആ പന്ത്രണ്ട് വർഷം അവസാനിക്കുമ്പോൾ, മാതാപിതാക്കൾ വീണ്ടും ഒരിക്കൽകൂടി വിവാഹിതരായി, സർവ്വതും ത്യജിച്ച് എന്നാൽ ഒരുമിച്ചു പ്രായേണയുള്ള ഏകാന്ത വാസത്തിൽ പ്രവേശിക്കുന്നു. ഇതാണ് സന്യാസാശ്രമം. അനുവദിച്ചു നൽകപ്പെട്ട ജീവിത സമയം അവസാനിക്കുമ്പോൾ, അവർ അവരുടെ ശരീരം പൊഴിച്ചുകൊണ്ട് ഈ ഭൗതിക ജീവിതത്തിൽ നിന്നും പിൻവാങ്ങുന്നു. ഇത് പുരാതന ഭാരതത്തിലെ രീതിയായിരുന്നു. ഇന്നത്തെ മാറിയ കാലഘട്ടത്തിൽ അവരവരുടെ ഗൃഹങ്ങളിൽ തന്നെ സമാനമായ രീതികളിൽ വാനപ്രസ്ഥവും സന്യാസവും നിര്വഹിക്കാവുന്നതേ ഉള്ളൂ. വനത്തിലേക്കൊന്നും പോകേണ്ട ആവശ്യമില്ല എന്നർത്ഥം.
ഇപ്രകാരം അടുക്കും ചിട്ടയും, ലക്ഷ്യബോധവും, അതനുസരിച്ചുള്ള ധാർമ്മികമായ കർമ്മ പദ്ധതികളും എല്ലാം ഉൾപ്പെട്ട നാല് ആശ്രമങ്ങൾ അടങ്ങിയ നിരവധി ജീവിതത്തിലൂടെയാണ് അന്തിമ ലക്ഷ്യമായ ദ്വൈതാവബോധത്തിൽ നിന്നും അദ്വൈതാവബോധത്തിലേക്ക് ഒരു ജീവാത്മാവ് എത്തിച്ചേരുന്നത്. തികഞ്ഞ ലക്ഷ്യബോധമുള്ള നാല് ആശ്രമഘട്ടങ്ങളിലൂടെ താളവും ക്രമവും നൽകി ചിട്ടപ്പെടുത്തിയ ധാർമ്മിക ജീവിതം പരിണാമ സിദ്ധിയിൽ ഒരു ജീവാത്മാവിനെ വളരെ സഹായിക്കുന്നുണ്ട് എന്ന് കാണാം. ഇത്തരം ഒരു താളവും ക്രമവും പ്രപഞ്ചത്തിലെ സർവ്വ സംവിധാനങ്ങളിലും വ്യക്തമായി കാണാം. സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും, ഋതുക്കൾ വരുന്നതും പോകുന്നതും, സസ്യങ്ങൾ ജനിക്കുന്നതും വളരുന്നതും പുഷ്പ്പിക്കുന്നതും കായ്ക്കുന്നതും, മൃഗങ്ങൾ ഉറങ്ങുന്നതും ഉണരുന്നതും, എല്ലാം സമാനമായ ഒരു താള ക്രമത്തിലാണ്. മനുഷ്യൻ മാത്രമാണ് ഇതൊന്നും ഇല്ലാതെ തോന്നിയത് പോലെ ഇന്ന് ജീവിക്കുന്നത്.
തെറ്റായ ജാതിവ്യവസ്ഥയുടെ ഉത്ഭവം
ഭാരതീയ സംസ്കാരത്തിൽ, ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്ന പേരുകളിൽ നാലു വിധത്തിലുള്ള “ജാതി” വ്യവസ്ഥകൾ നിലനിൽക്കുന്നു എന്നത് ഇന്ന് പരക്കെ തെറ്റായി ധരിച്ചിരിക്കുന്ന ഒരു വസ്തുതയാണ്. ചെയ്യുന്ന തൊഴിലിൻ്റെ അടിസ്ഥാനത്തിൽ യഥാക്രമം പൂജാരികൾ, യോദ്ധാക്കൾ, കച്ചവടക്കാർ, തൊഴിലാളികൾ എന്ന നാല് വിധത്തിലുള്ള തൊഴിൽ വിഭജനമായിരുന്നു അത്. നേരത്തെ സൂചിപ്പിച്ചത് പോലെ അത്തരം തൊഴിൽ വിഭജനം എല്ലാ രാജ്യങ്ങളിലും നിലനിന്നിരുന്നു.
ഒരു അൻപത് അറുപത് വർഷങ്ങൾ മുൻപ് വരെ, അത്തരത്തിലുള്ള അടിസ്ഥാന തൊഴിൽ മേഘലകൾ മാത്രമേ ലോകത്ത് എമ്പാടും നിലവിൽ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെപ്പോലെ ബാങ്കിങ്, ഐടി രംഗം, ഫാക്ടറികൾ, ബുള്ളിയൻ സ്റ്റോക് ട്രേഡിങ്ങ് തുടങ്ങിയ ഇതര സാമ്പത്തിക രംഗങ്ങൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. അന്നൊക്കെ മിക്കവാറും എല്ലാവർക്കും തന്നെ അവരവരുടെ കുടുംബത്തൊഴിലുകൾ മാത്രമായിരുന്നു അവരുടെ ഏക ജീവസന്ധാരണ മാർഗ്ഗം. അതായിരുന്നു അന്നത്തെ സാമൂഹ്യ സാമ്പത്തിക രംഗം. വേദകാലങ്ങൾക്ക് മുൻപേ മനുഷ്യൻ ഒരു സമൂഹ ജീവിയായി ജീവിക്കുവാൻ തുടങ്ങിയ കാലത്തേ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇത്തരം വിഭജങ്ങൾ ഉണ്ടായിരുന്നു.
അടിസ്ഥാന പരമായി നാല് തരത്തിൽ ഉള്ള ആവശ്യങ്ങളാണ് ഏതു സമൂഹത്തിനും എല്ലാക്കാലത്തും ആവശ്യമുള്ളത്. സമൂഹത്തിന് ആവശ്യമുള്ള വിഭവ നിർമ്മാണം, വിഭവങ്ങളുടെ വിതരണം, വിഭവങ്ങളുടെ സംരക്ഷണം, വീണ്ടും മുൻപോട്ട് പോകുവാൻ ആവശ്യമായ അറിവ് നൽകൽ എന്നിവയാണ് അടിസ്ഥാന ആവശ്യങ്ങൾ എന്ന് കാണാം. ഭാരതീയ സംസ്കാരം നിലവിൽ വരുന്നതിന് മുൻപും ഇതിൻ്റെ എല്ലാം പ്രാഗ് രൂപങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത് “ജാതി വ്യവസ്ഥ” ആയി മാറിയത് ഉയർന്ന അറവുണ്ടായിരുന്നവരിൽ ചിലർ സ്വാർത്ഥ ലാഭത്തിന് വേണ്ടി മനഃപ്പൂർവ്വം അറിവ് കുറഞ്ഞവരെ ഋഗ് വേദത്തിലെ “പുരുഷ സൂക്തം” എന്ന ഭാഗം തെറ്റായി വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിച്ചതാണ്.
ആറാം പാഠഭാഗത്തിൽ “പുരുഷ” തത്വവും “പ്രകൃതി” തത്വവും ചേർന്ന് ഇരുപത്തി മൂന്ന് തത്വങ്ങളിൽ കൂടി സൃഷ്ടിപ്രക്രിയ നടത്തുന്നതിൻ്റെ നാൾവഴികൾ നമ്മൾ മനസ്സിലാക്കിയല്ലോ. ഋഗ് വേദത്തിൽ “പുരുഷ തത്വ”ത്തെ പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്ന ഒരു പുരുഷ രൂപത്തിൻ്റെ ദർശനമായി ആലങ്കാരികമായി വിവരിക്കുന്നുണ്ട്. പുരുഷ തത്വം അഗ്നി മഹാതത്വം തന്നെയാണെന്ന് വ്യക്തമാക്കിയിരുന്നല്ലോ. പ്രധാനമായും അഗ്നിയുടെ ശ്രേഷ്ഠതകൾ വിവരിക്കുന്നതാണ് ഋഗ്വേദത്തിൻ്റെ മുഖ്യ കർമ്മം.
“പുരുഷ” തത്വത്തിൻ്റെ വിശ്വരൂപ ദർശനമായിട്ട് വിവരിക്കുന്ന ഋഗ്‌വേദത്തിലെ പ്രസ്തുത ഭാഗം “പുരുഷ സൂക്തം” എന്നാണ് അറിയപ്പെടുന്നത്. അതിൽ ആ വിശ്വരൂപത്തിൻ്റെ വായ് ഭാഗത്തുണ് നിന്നും ബ്രാഹ്മണരും, കൈകളിൽ നിന്നും ക്ഷത്രിയരും, കാലുകളിൽ നിന്നും വൈശ്യരും, പാദങ്ങളിൽ നിന്നും ശൂദ്രരും ഉണ്ടായി എന്ന് പറയുന്നുണ്ട്. നാല് പേരും ഉണ്ടാകുന്നത് ഒരേ വിശ്വരൂപത്തിൽ നിന്നും തന്നെ ആണ്. ആരും ആരേക്കാളും ഉയർന്നവരോ താഴ്ന്നവരോ ആയി പറഞ്ഞിട്ടില്ല എന്ന്മാത്രമല്ല, നാലുപേരും അവരവരുടെ കർമ്മ സാമർത്ഥ്യത്തിൻ്റെ പ്രതീകമായ ശരീര ഭാഗങ്ങളിൽ നിന്നും ഉദയം കൊണ്ടു എന്നാണ് പറയുന്നതും. അതിൽ, അധഃകൃതരായി കരുതപ്പെടുന്ന ശൂദ്രരാണ് വിശ്വരൂപത്തെ താങ്ങി നിറുത്തുന്ന പാദത്തിൽ നിന്നും ഉദയം കൊള്ളുന്നത്.
ഇക്കാര്യത്തെ ജാതിവ്യവസ്ഥയായി ബ്രാഹ്മണരിലെ ചിലർ സ്വാർത്ഥ ആവശ്യങ്ങൾക്കുവേണ്ടി ശൂദ്രരെ എന്നന്നേക്കും ഉപയോഗിക്കുവാനുള്ള ഉദ്ദേശ്യത്തോടെ തെറ്റായി പ്രചരിപ്പിച്ചതാണ് ജാതി വ്യവസ്ഥ. ജാതി വ്യവസ്ഥ തീർച്ചയായും പല്ലും നഖവും ഉപയോഗിച്ച് എതിർക്കേണ്ട ഒന്നാണ്.
വർണ്ണാശ്രമ ധർമ്മം തെറ്റിയുള്ള സേവനം അവബോധത്തെ താഴ്ത്തുന്നു
എന്നാൽ, അവബോധം പലരിലും പല നിലവാരത്തിൽ ഉള്ളതായതുകൊണ്ട്, ലഭിച്ചു കിട്ടിയ വർണ്ണത്തിന് അനുയോജ്യമല്ലാത്ത വിധത്തിൽ ഇനം മാറി സേവനം ചെയ്യുവാൻ ശ്രമിക്കുന്നത് കാണാം. അങ്ങിനെ സംഭവിക്കുമ്പോൾ, അവരുടെ വർണ്ണം താഴേക്ക് നിപതിക്കുന്നു, മോക്ഷപ്രാപ്തി വീണ്ടും അകലെയായി പരിണമിക്കുന്നു. വർണ്ണം എന്നത് ജാതിയാണെന്ന് തെറ്റിദ്ധരിച്ച് വരുത്തിക്കൂട്ടുന്ന അധർമ്മങ്ങൾമൂലം മോചനവും മോക്ഷവും കൂടുതൽ ബാലികേറാ മലകളായി പരിണമിക്കുകയാണ് ചെയ്യുന്നത്. അവരവരുടെ ഗുണഘടന അനുസരിച്ചുള്ള പ്രവർത്തി ചെയ്താലേ വ്യക്തിക്ക് സംതൃപ്തിയുണ്ടാകൂ, അയാളിൽ നിന്നും ഉത്പാദനം ഉണ്ടാകൂ
ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് മനുഷ്യൻ്റെ ‘അവബോധം’ വികസിക്കുന്നതനുസരിച്ചു മാത്രമേ ശരിയായ കാഴ്ചപ്പാടുകളിൽ എത്തിച്ചേരുവാനാകൂ എന്നാണ്. മനുഷ്യൻ്റെ അവബോധം അനുവദിക്കുന്നിടത്തോളം മാത്രമേ മനുഷ്യന് ഓരോ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നുള്ളൂ. മനുഷ്യാവബോധം പരിമിതപ്പെട്ടു നിൽക്കുന്ന ഒന്നാണ്. ഒരുകാലത്ത് നരഭോജികളായ മനുഷ്യർ ഉണ്ടായിരുന്നു. അവരുടെ അവബോധം ആ നിലയിൽ നിന്നും വളർന്നപ്പോൾ അത്തരം പ്രവർത്തികൾ അവസാനിച്ചു. നമ്മുടെ അവബോധം നമ്മുടെ ചിന്തകളേയും പ്രവർത്തികളേയും ബാധിക്കുന്ന കാര്യത്തിൽ ഭാരതീയരെന്നോ, വിദേശീയരെന്നോ ഉള്ള ഒരു വ്യത്യാസവുമില്ല. പൊതുവേ മനുഷ്യൻ്റെ ‘അവബോധം’ ഉയർന്ന നിലയിലേക്ക് വികാസം പ്രാപിക്കുന്നത് വരെ വിവേചനങ്ങൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ നിലനിൽക്കും. നിയമം മൂലം എല്ലാ വിവേചനകളും ബാഹ്യമായി നിറുത്തലാക്കാം. എന്നാൽ ആന്തരികമായി ഇതെല്ലം സംശുദ്ധമാകുവാൻ നമ്മുടെ ‘അവബോധം’ വികാസം പ്രാപിക്കുക തന്നെ വേണം. അത്തരത്തിലുള്ള അവബോധ വികസനം മനുഷ്യ ജനസംഖ്യയുടെ ഒരു നിർണ്ണായക പരിധിയിൽ എത്തിച്ചേരുന്നത് വരെ ഇത്തരം വിവേചനങ്ങൾ നിശബ്ദമായി പ്രവർത്തിക്കും.
ഇരുട്ടിനെ അകറ്റുവാൻ വെളിച്ചം കൊണ്ടുവരുന്നത് പോലെ, അറിവില്ലായ്മയെ അകറ്റുവാൻ അറിവ് കൊണ്ടുവരുക എന്നതാണ് പോംവഴി. കൊണ്ടുവരുന്ന അറിവ് യുക്തിഭദ്രം ആയിരിക്കുകയും വേണം. സനാതനഃ ധർമ്മത്തിലെ “വർണ്ണാശ്രമ” വ്യവസ്ഥയാണ് വളരെ ക്രൂരമായി തെറ്റിദ്ധരിക്കപ്പെട്ട് “ജാതി” വ്യവസ്ഥയായി ഭാരതത്തിൽ അധഃപ്പതിച്ചത്. എന്താണ് സനാതനഃ ധർമ്മം എന്നും എന്തിനാണ് “വർണ്ണാശ്രമ”വ്യവസ്ഥ എന്നും കൃത്യമായിട്ട് മനസ്സിലാക്കുകയാണ് ഇതു സംബന്ധിച്ച തെറ്റിദ്ധാരണകൾ മാറ്റുവാനുള്ള ഒരു പോംവഴി. “വർണ്ണാശ്രമ”വ്യവസ്ഥ മനസ്സിലാക്കണമെങ്കിൽ ജീവിതത്തിൻ്റെ ഏറ്റവും വലിയ ചിത്രം മനസ്സിലാക്കിയേ മതിയാവൂ.
ജീവൻ്റെ ഏറ്റവും വലിയ ചിത്രം
സനാതനഃ ധർമ്മം വളരെ മനോഹരമായി വരച്ചു നൽകുന്ന ജീവൻ്റെ വളരെ വലിയ ഒരു ചിത്രമുണ്ട്. അതിതാണ്. ഈ പ്രപഞ്ചവും പ്രപഞ്ചത്തിൽ നിലനിൽപ്പുള്ള സർവ്വതും – മനുഷ്യരും, സസ്യ ജന്തു മൃഗാദികളും, കല്ലും, മണ്ണും, മണത്തരിയും, വെള്ളവും, പാറയും, കാറ്റും അഗ്നിയും, ഭൂമിയും, സൗരയൂഥങ്ങളും, ഗലാക്സികളും, ഗുരുത്വാകർഷണ ശക്തി, എലെക്ട്രോ മാഗ്നെറ്റിസം, സമയം അല്ലെങ്കിൽ കാലം തുടങ്ങിയുള്ള സർവ്വ പ്രതിഭാസങ്ങളും എല്ലാം തന്നെ – ജീവനുള്ളതാണ്. എല്ലാം ഒരേ ജീവൻ്റെ വിവിധ ഏകകങ്ങൾ ആണ്.
സർവ്വതിനും അവരവരുടേതായ രീതിയിൽ പരിമിതപ്പെട്ട സംവേദന ക്ഷമതയും അവബോധവും ഉള്ളതാണ്. ഇപ്രകാരം കോടിക്കണക്കിനുള്ള ചെറു ജീവൻ്റെ ഏകകങ്ങൾ നിലനിൽക്കുന്നത് അതിലും വളരെ വലിയ ഒരു ബൃഹത് ജീവനിലാണ്. കോടാനുകോടിയുള്ള ജീവൻ്റെ ചീറിയ ഏകകങ്ങളും, അവയെല്ലാം നിലനിൽക്കുന്ന ബ്രഹ്ത് ജീവനും, രണ്ടും ചേർന്ന് സമഗ്രമായ ഒരൊറ്റ ജീവനേ ഇവിടെയുള്ളൂ. നമ്മുടെ കൈയ്യും, കാലും, ചെവിയും, മൂക്കും കണ്ണും എല്ലാം പല സ്വതന്ത്ര നിലനില്പുകളല്ല. എല്ലാം നമ്മുടെ ശരീരം എന്ന ഒരൊറ്റ ഒന്ന് തന്നെയാണ് എന്ന് പറയുന്നതിന് സമാനമായി ഇതിനെ മനസ്സിലാക്കണം.
നമ്മുടെ മനുഷ്യാവബോധം നിലവിൽ പരിമിതപ്പെട്ട് നിൽക്കുന്നത്കൊണ്ട്, നമ്മൾ ഈ സത്യം തിരിച്ചറിയുന്നില്ല എന്നേയുള്ളൂ. സത്യത്തിൽ ഏകത്വമായ ഒന്നിനെ ബഹുത്വമായി നമ്മൾ തെറ്റായി ധരിക്കുന്നു എന്നുമാത്രം. ഇതാണ് സനാതനഃ ധർമ്മം നൽകുന്ന നിലനില്പിൻ്റെ വലിയ ചിത്രം. നമ്മുടെ അവബോധം സ്വമേധയാ വികസിക്കുമ്പോൾ, അല്ലെങ്കിൽ നമ്മൾ തന്നെ സജീവമായി സ്വയം വികസിപ്പിക്കുമ്പോൾ, ഈ വസ്തുതകൾ എല്ലാം നമ്മൾ ശരിയായി മനസ്സിലാക്കുവാൻ തുടങ്ങുന്നു.
“അവബോധ വികസനം” ഏകവിഷയം
സനാതനഃ ധർമ്മത്തിൻ്റെ ഒരേഒരു വിഷയവും പ്രയത്‌നവും മനുഷ്യൻ്റെ ‘അവബോധം’ അല്ലെങ്കിൽ ‘പ്രജ്ഞാനം’ വികസിപ്പിക്കുക എന്നതാണ്. ‘അവബോധ’ത്തിൻ്റെ സാങ്കേതിക പദമാണ് ‘പ്രജ്ഞാനം’. രണ്ടും പര്യായ പദങ്ങളാണ്. സനാതനഃ ധർമ്മത്തിൽ നൽകപ്പെടുന്ന എല്ലാ അടിസ്ഥാന ക്രമങ്ങളും നിർദ്ദേശങ്ങളും അവബോധ വികസനം എന്ന ഒരേ ഒരു ലക്ഷ്യത്തിലേക്ക് മനുഷ്യനെ കൈപിടിച്ച് ഉയർത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. സനാതനഃ ധർമ്മത്തിന് “പ്രജ്ഞാനത്തെ സംബന്ധിച്ച് വളരെ വ്യക്തമായ, യുക്തിഭദ്രമായ, കാഴ്ചപ്പാടുകൾ ഉണ്ട്.
സർവ്വതും പ്രജ്ഞാനം
ഇവിടെ ഈ പ്രപഞ്ചവും കാലവും എല്ലാം രൂപീകൃതമാവുന്നതിന് മുൻപ് എന്തായിരിക്കും ഉണ്ടായിരുന്നിരിക്കുവാൻ സാദ്ധ്യതയുള്ളത് എന്ന് ഒന്ന് ചിന്തിച്ചു നോക്കുക. ഉത്തരം സ്പഷ്ടമാണ്! നിത്യ നിതാന്ത ശൂന്യത അഥവാ ഒന്നുമില്ലാത്ത അവസ്ഥ. അന്ന്, ഇവിടെ രൂപമില്ല, ദേശമില്ല, കാലമില്ല, പ്രകാശമില്ല, പ്രതിഭാസങ്ങൾ ഇല്ല, ഒന്നുമില്ല. അതിനർത്ഥം, ആ ഒന്നുമില്ലാത്ത നിത്യ നിതാന്ത ശൂന്യതയിൽ നിന്നും മാത്രമായിരിക്കണം ഇപ്പറഞ്ഞതെല്ലാം രൂപീകൃതമായത് എന്നതിന് വളരെ ന്യായമായ നിഗമനമാണ്. അപ്രകാരം ആ ഒന്നുമില്ലായ്മയിൽ നിന്നും ഈ കാണുന്ന സർവ്വതും ഉണ്ടാകണമെങ്കിൽ, ആ അരൂപിയായ നിത്യ നിതാന്ത ശൂന്യതക്ക്, അപ്രകാരം സർവ്വ സൃഷ്ടികളും സൃഷ്ടിക്കുവാൻ ആവശ്യമായ ഇച്ഛാശക്തിയും, ജ്ഞാന ശക്തിയും, പ്രവർത്തിക്കുവാനുള്ള ശക്തിയും എല്ലാം അപ്പോഴേ ഉണ്ടായിരുന്നിരിക്കണം. അതില്ലാതെ ഇപ്രകാരമൊന്നിനെ സൃഷ്ടിക്കുവാൻ കഴിയുകയില്ല. അതിനർത്ഥം ആ അരൂപിയായ നിത്യ നിതാന്ത ശൂന്യത തികച്ചും സപ്രജ്ഞമായ, ജീവനുള്ള ഒരു നിലനിൽപ്പാണ് എന്നു തന്നെയാണ്. ആ നിത്യ നിതാന്ത ശൂന്യതയാകുന്ന, രൂപമില്ലാത്ത പരമമായ ജീവനാണ് സനാതനഃ ധർമ്മത്തിലെ ഏക ദൈവം. സനാതനഃ ധർമ്മത്തിലും രൂപമില്ലാത്ത ഏകദൈവം മാത്രമേ ഉള്ളൂ. ആ ഏക ദൈവത്തിൻ്റെ സനാതനഃ ധർമ്മത്തിലെ പേരാണ് “ബ്രഹ്മൻ”. ആ ബ്രഹ്മന് പ്രജ്ഞാനം ഉണ്ട്. ഇതെല്ലാം സൃഷ്ടിക്കുവാനുള്ള ഉയർന്ന ജ്ഞാനവും പ്രവർത്തിശക്തിയും ഉണ്ട്. എന്നാൽ, മനുഷ്യൻ അവൻ്റെ ചെറിയ പ്രജ്ഞാനത്തിൽ തെറ്റിദ്ധരിക്കുവാൻ സാദ്ധ്യതയുള്ളതുപോലെ, ‘ബ്രഹ്മൻ’ എന്നത് ഒരു വ്യക്തിയല്ല. ഏതെങ്കിലും രൂപത്താൽ പരിമിതപ്പെടാത്ത, സർവ്വവ്യാപിയായ ഒരു ബ്രഹ്ത് സാന്നിദ്ധ്യമാണ്. ആശയത്തിൻ്റെ ഭദ്രതക്ക് വേണ്ടി, ഇനി അങ്ങോട്ട്, ആ ബ്രഹത് ജീവ സാന്നിദ്ധ്യത്തെ “ഏക-പ്രജ്ഞാന-ബ്രഹ്മൻ” എന്ന് വിളിക്കാം.
അതേ സമയം, നിത്യനിതാന്ത ശൂന്യതക്ക്, അതായത്, “ഏക-പ്രജ്ഞാന-ബ്രഹ്മ”ത്തിന് പ്രപഞ്ച സൃഷ്ടി നടത്തണമെങ്കിൽ എടുത്ത് ഉപയോഗിക്കുവാനുള്ള നിർമ്മാണ വസ്തുക്കൾ യാതൊന്നും തന്നെ ആ അവസരത്തിൽ നിലവിൽ ഇല്ല താനും. ആ നിലയ്ക്ക്, പ്രപഞ്ച സൃഷ്ടിക്ക് ഉപയോഗിച്ചിരിക്കുവാൻ സാദ്ധ്യതയുള്ളത്, ഏക-പ്രജ്ഞാന-ബ്രഹ്മൻ സ്വയം എന്താണോ അത് തന്നെ മാതമേ നിർമ്മാണ വസ്തു ആയി ഉപയോഗിച്ചിരിക്കുവാൻ സാദ്ധ്യതയുള്ളൂ. “ഏക-പ്രജ്ഞാന-ബ്രഹ്മൻ” സ്വയം രൂപ മാറ്റം ചെയ്തു മാത്രമായിരിക്കണം ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ സർവ്വതുമായി സ്വയം മാറിയത്. അങ്ങിനെ അല്ലാതെയാവാൻ യാതൊരു സാദ്ധ്യതയും ഇല്ല. അതുകൊണ്ട് ഇന്ന് ഇവിടെ നിലവിലുള്ള സർവ്വ വസ്തുക്കളും, സർവ്വ പ്രതിഭാസങ്ങളും “ഏക-പ്രജ്ഞാന-ബ്രഹ്മൻ” തന്നെ, സ്വയം രൂപ മാറ്റം ചെയ്തുണ്ടായതാണ്. ഈ നിഗമന ധാരയിലും യുക്തിഭദ്രമല്ലാത്ത ഒന്നുമില്ല. മാത്രവുമല്ല, സർവ്വതും നിലനിൽക്കുന്നതും അതേ പ്രജ്ഞാന ബ്രഹ്മത്തിൽ തന്നെയാനിന്നതും യുക്തിഭദ്രം തന്നെയാണ്. മറ്റു യാതൊന്നും നിലവില്ലാത്ത നിലയിൽ നിന്നുമാണ് നമ്മുടെ അന്വേഷണം ആരംഭിച്ചത് തന്നെ. അതിനുശേഷം രൂപീകൃതമാകുന്ന എന്തിനെങ്കിലും നിലനിൽക്കണം എങ്കിൽ, അത് “ഏക-പ്രജ്ഞാന-ബ്രഹ്മനി”ൽ തന്നെയാകുവാനേ സാദ്ധ്യതയുള്ളൂ.
ഉദാഹരണത്തിന്, ഒരേ മണ്ണു തന്നെ കുടമായും, കലമായും, ചട്ടിയായും, പാത്രമായും, കൂജയായും, ഇഷ്ടികയായും എല്ലാം മാറുന്നതുപോലെയാണ് പ്രജ്ഞാന-ബ്രഹ്മൻ പ്രപഞ്ചവും പ്രപഞ്ചത്തിലെ വിവിധ സൃഷ്ടികളും ആയി മാറുന്നത്. ഒരു മൺകുടം കാണുമ്പോൾ കുറ്റമായിരിക്കുന്ന മണ്ണായി കാണുവാൻ കഴിയാതെ, ഒരു കുടത്തെ മാത്രം കാണുന്നത്, നമ്മുടെ അവബോധത്തിൻ്റെ ഒരു പരിമിതിയാണ്.
സർവ്വതും അദ്വൈതം
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സർവ്വതും ബ്രഹ്മൻ എന്ന ഏക പ്രജ്ഞാനം തന്നെയാണ്. ഒരേ ബ്രഹ്മൻ തന്നെ പലതായി നമുക്ക് തോന്നിക്കുന്നു എന്നർത്ഥം. അതായത്, ഏകത്വം അഥവാ അദ്വൈതത്വം (രണ്ടല്ലാത്തത്) എന്ന സ്ഥിതി ബഹുത്വം എന്ന സ്ഥിതി ആയി മാറുമ്പോൾ, എല്ലാം പലതായി തെറ്റായി നമുക്ക് തോന്നിക്കുന്നതാണ്. നമ്മൾ സർവ്വ മനുഷ്യരും , ജാതി-മത-ദേശ-സ്ത്രീ-പുരുഷ ഭേദമെന്യേ, സ്വദേശിയായാലും വിദേശിയായാലും, അതെല്ലാം “ഏക-പ്രജ്ഞാന-ബ്രഹ്മൻ” തന്നെ പ്രച്ഛന്ന വേഷത്തിൽ നിൽക്കുന്നതാണ് – ഒന്നുതന്നെയാണ്. എന്നാൽ, നാമാകുന്ന അവബോധം നിലവിൽ മാറ്റു കുറക്കപ്പെട്ട് നിൽക്കുന്നതു മൂലം അക്കാര്യം മനസ്സിലാകുന്നില്ല എന്നുമാത്രം. നാമാകുന്ന പ്രജ്ഞാനം വികസിക്കുന്നതനുസരിച്ച് അവബോധം വർദ്ധിക്കുകയും കൂടുതൽ കൂടുതൽ വ്യക്തമായി കാര്യങ്ങൾ മനസ്സിലാകുകയും ചെയ്യും. ക്രമേണ ദ്വൈതം എന്ന അജ്ഞത മാറി, അദ്വൈതം എന്ന തിരിച്ചറിവ് കൈവരുകയും ചെയ്യുന്നു.
മേൽപറഞ്ഞ ഉദാഹരണത്തിലെ സമാനത തുടർന്നും ഉപയോഗിച്ചാൽ, ഈ ആശയം മനസ്സിലാക്കുവാൻ വേണ്ടി ഇങ്ങനെ പറയാവുന്നതാണ് – മൺപാത്രം മനസ്സിലാക്കുന്നില്ല തൻ്റെ തൊട്ടടുത്തിരിക്കുന്ന ഇഷ്ടികയും താനും മണ്ണ് തന്നെയാണെന്ന്. മൺപാത്രത്തിൻ്റെ അവബോധം വികസിച്ചുകഴിയുമ്പോൾ അതിനു മനസ്സിലാകും താനും, ഇഷ്ടികയും, ചട്ടിയും, കലവും എല്ലാം ഒന്ന് തന്നെയാണ്, വിവിധങ്ങളായി കാണപ്പെടുന്നു എന്നുമാത്രം.
വർണ്ണാശ്രമ ധർമ്മം അവബോധ വികസനത്തിന്
സനാതനഃ ധർമ്മത്തിൽ സർവ്വ സൃഷ്ടികളും സമസ്ത പ്രപഞ്ചവും നിലനിൽക്കുന്നത് ഒരേ ഒരു ലക്ഷ്യം സാധിക്കുവാനാണ്. ജീവാത്മാവിൻ്റെ (അതായത് “പുരുഷ” എന്ന ബ്രഹ്മഅവബോധത്തിൻ്റെ മാറ്റു കുറക്കപ്പെട്ട ഏകകം) നിലവിലുള്ള ദ്വൈതാവബോധത്തിൽ നിന്നും പരിപൂർണ്ണമായ അദ്വൈതാവബോധത്തിലേക്കുള്ള പടിപടിയായ ഉയർച്ചയും പരിണാമവും ഒന്നു മാത്രമാണ് ആ ഏക ലക്ഷ്യം. അതായത്, താൻ വേറെ ബാക്കിയുള്ള സർവ്വതും വേറെ എന്ന “രണ്ട്” എന്ന ബോധം അവസാനിച്ച്, താൻ യഥാർത്ഥത്തിൽ ആരാണ് അല്ലെങ്കിൽ എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കി, താനും താൻ-അല്ലാത്തതും എന്ന രണ്ടു കാര്യങ്ങൾ ഇല്ല, എല്ലാം ഒന്നുതന്നെയാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്, താൻ ഇന്നനുഭവിക്കുന്ന ക്ലേശഭരതമായ പരിമിതമായ നിലനില്പിൽ നിന്നും നിത്യാനന്ദത്തിൻ്റെ ശാശ്വതമായ നിലനിൽപ്പിലേക്ക് സ്വാതന്ത്ര്യം പ്രാപിക്കലാണ് ആ ഏക ലക്ഷ്യം. നമ്മുടെ ലോകത്തിലെ സർവ്വ സജ്ജീകരണങ്ങളും, പ്രകൃതിയിലെ സർവ്വ നിയമവ്യവസ്ഥകളും, സംഭവിക്കുന്ന സർവ്വ സംഭവങ്ങളും, ജീവാത്മാക്കൾക്ക് വന്നുചേരുന്ന സർവ്വ അനുഭവങ്ങളും പ്രസ്തുത പരിണാമം ഉറപ്പുവരുത്തുവാൻ വേണ്ടി രൂപ കല്പന ചെയ്യപ്പെട്ട സംവിധാനങ്ങൾ മാത്രമാണ്. ക്രമാനുഗതമായ അവബോധ വികാസത്തിലൂടെ ആ പരിണാമം സാദ്ധ്യമാക്കുന്നത് ജീവിതം എന്ന സ്വയം പഠനശാലയിലെ, കർമ്മനിയമങ്ങൾ, പുനർജ്ജന്മം, ധാർമ്മികമായ സ്വധർമ്മാചരണം തുടങ്ങിയ പ്രകൃതിയിലെ സ്വാഭാവിക സംവിധാനങ്ങളാണ്. അത്തരം സംവിധാനങ്ങളിൽ പരമപ്രധാനമായ ഒന്നാണ്, തികഞ്ഞ ധാർമ്മികതയോടെയുള്ള സ്വധർമ്മ അനുഷ്ഠാനം. ജീവാത്മാക്കളെ ധാർമ്മികത പരിശീലിപ്പിക്കുവാനുള്ള വ്യവസ്ഥകളാണ് വർണ്ണ ധർമ്മവും ആശ്രമ ധർമ്മവും.