ഊർജ്ജ കണങ്ങളും തന്മാത്രകളും എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് നമ്മൾ കണ്ടു കഴിഞ്ഞു. ഒരു ഊർജ്ജ കണത്തിൻ്റെ ആകൃതി കളിമണ്ണിൽ ചുട്ടെടുത്ത, ഉള്ള് പൊള്ളയായ, വരുണ തത്വത്താൽ നിർമ്മിതമായ ഭിത്തിയിൽ അനേകം വിള്ളലുകളോടു കൂടിയ, ഒരു പന്തിന് സമാനമാണ് എന്ന് നമ്മൾ മനസ്സിലാക്കി. അത്തരം ഊർജ്ജ കണങ്ങൾ ക്രമീകരിച്ചാണ് തന്മാത്രകൾ ഉണ്ടായത്. എന്നാൽ, വളരെ കൃത്യമായ ഒരേ ഒരു മാതൃകയിലുള്ള ഊർജ്ജ കണങ്ങൾ ഉപയോഗിച്ച് ഇത്ര വിഭിന്നങ്ങളായ സ്വഭാവ വിശേഷങ്ങളുള്ള എണ്ണമറ്റ പ്രപഞ്ച ഘടകങ്ങളെ എങ്ങിനെയാണ് സൃഷ്ടിക്കുവാൻ കഴിയുക?
ഊർജ്ജ കണങ്ങളുടെ ഭിത്തിയിലുള്ള വിള്ളലുകളിലൂടെ കൂടുതൽ സോമം വീണ്ടും ഊർജ്ജ കണങ്ങൾക്ക് ഉള്ളിലേക്ക് ആകർഷിക്കപ്പെടുന്നു. സോമത്തിൻ്റെ മഹാസാഗരത്തിലാണ് സർവ്വതും നിലകൊള്ളുന്നത് എന്ന് നമ്മൾ വിസ്മരിക്കരുത്. ഊർജ്ജ കണത്തിൻ്റെ ഭിത്തിയിലെ വിള്ളലുകളിലൂടെ സോമം അകത്തേക്കും പുറത്തേക്കും അനസ്യൂതം നിർഗ്ഗമിക്കുന്നുമുണ്ട്. ഇപ്രകാരം ക്രമപ്പെട് നിൽക്കുന്ന ഊർജ്ജ കണങ്ങളിൽ ചിലതിന് അഗ്നിത്വം കൂടുതൽ ആയിരിക്കും. അത്തരത്തിലുള്ള ഊർജ്ജ കണങ്ങളെ “ഉഷ്ണ കണങ്ങൾ” എന്നാണ് വേദങ്ങൾ വിവക്ഷിച്ചത്. മറ്റുചിലതിന് സോമത്വം കൂടുതലായിരിക്കും. ഇതിനെ “ശീത കണങ്ങൾ” എന്ന് വിളിച്ചു.
ഇപ്രകാരം രണ്ടു വിധത്തിലുള്ള ഊർജ്ജ കണങ്ങൾ ചേർന്ന് “തന്മാത്ര”കളും, അവ ഉപയോഗിച്ച് പഞ്ചഭൂതങ്ങളും, പഞ്ചഭൂതങ്ങൾ ഉപയോഗിച്ച് ദ്രവ്യങ്ങളും, വസ്തുക്കളും ഉണ്ടാകുമ്പോൾ അവയിൽ എല്ലാം അടങ്ങിയിരിക്കുന്ന ഉഷ്ണ-ശീത കണങ്ങളുടെ മിശ്രണം വളരെ വിഭിന്നങ്ങളായിരിക്കും. ഒരു തന്മാത്രയിൽ ഉഷ്ണ കണങ്ങൾ ആണ് കൂടുതൽ എങ്കിൽ അവയ്ക്ക് പൊതുവേ അഗ്നിത്വം കൂടുതൽ ആയതുകൊണ്ട് രജോ ഗുണം കൂടുതൽ ആയിരിക്കും. ഇപ്രകാരം ഒരു തന്മാത്രയിൽ ഉഷ്ണകണങ്ങൾ ആണ് കൂടുതൽ എങ്കിൽ, ആ ഉഷ്ണകണങ്ങൾ ബാക്കിയുള്ള ശീത കണങ്ങൾക്ക് എതിരെ എതിർ ബലം പ്രയോഗിച്ചു കൊണ്ടിരിക്കും.
രജോഗുണം (ഉഷ്ണ കണങ്ങൾ) അധികമായ തന്മാത്രകൾ ഉപയോഗിച്ച് രൂപീകരിക്കപ്പെട്ട പഞ്ചഭൂതങ്ങളാൽ രൂപീകൃതമായ ഒരു വ്യക്തിക്ക് രജോഗുണമായിരിക്കും ഉണ്ടായിരിക്കുക. ഊർജ്ജസ്വലതയുടേയും, കർമ്മോന്മുഖതയുടേയും, മാറ്റത്തിൻ്റേയും ചലനത്തിൻ്റേയും എല്ലാം അവസ്ഥയാണ് രജസ്. രജസ്സിൻ്റെ സ്വഭാവം ആകർഷണം, വാഞ്ഛ, കൂട്ടുപിണയൽ എന്നിവയൊക്കെയാണ്. കൂടാതെ നമ്മുടെ പ്രവർത്തി മണ്ഡലങ്ങളുമായി രജസ് നമ്മെ ശക്തമായി ബന്ധിപ്പിച്ചു നിറുത്തുന്നു. കോപം, ഉല്ലാസം, ഉത്കണ്ഠ, ഭയം, പ്രകോപനം, അസ്വസ്ഥത, സമ്മർദ്ദം, ധൈര്യം, അഭ്യൂഹം, നിശ്ചയദാർഢ്യം, ഇതൊക്കെയാണ് മറ്റ് രാജസിക ഗുണങ്ങൾ. ഇപ്രകാരം ഒരു പദാർത്ഥത്തിൽ ഉഷ്ണകണങ്ങൾ ആണ് കൂടുതൽ എങ്കിൽ, ആ ഉഷ്ണകണങ്ങൾ ബാക്കിയുള്ള ശീത കണങ്ങൾക്ക് എതിർ ബലം പ്രയോഗിച്ചുകൊണ്ടിരിക്കും.
അതുപോലെ, ഒരു വസ്തുവിൻ്റെ അല്ലെങ്കിൽ ഒരു വ്യക്തിയുടെ രൂപീകരണത്തിൽ ശീത കണങ്ങൾ ആണ് കൂടുതൽ എങ്കിൽ അവയ്ക്ക് പൊതുവേ സോമത്വം കൂടുതൽ ആയതുകൊണ്ട് തമോ ഗുണം കൂടുതൽ ആയിരിക്കും വികസിച്ചു നിൽക്കുക. ഒരു പദാർത്ഥത്തിൽ ശീത കണങ്ങൾ ആണ് കൂടുതൽ എങ്കിൽ, ആ ശീത കണങ്ങൾ ബാക്കിയുള്ള ഉഷ്ണ കണങ്ങൾക്ക് എതിരെ എതിർ ബലം പ്രയോഗിച്ചുകൊണ്ടിരിക്കും.
തമസ്സ് എന്നത് അന്ധകാരത്തിൻ്റേയും ജഡത്വത്തിൻ്റേയും നിഷ്ക്രിയത്വത്തിൻ്റേയും ഭൗതികതയുടേയും അവസ്ഥയാണ്. തമസ്സ് അജ്ഞതയിൽ നിന്ന് പ്രത്യക്ഷപ്പെടുകയും എല്ലാ ജീവജാലങ്ങളേയും അവരുടെ ആത്മീയ സത്യങ്ങളിൽ നിന്ന് അകറ്റി നിറുത്തുകയും ചെയ്യുന്നു. അലസത, അജ്ഞത, വെറുപ്പ്, ആസക്തി, വിഷാദം, നിസ്സഹായത, സംശയം, കുറ്റബോധം, ലജ്ജ, വിരസത, വേദന, ദുഃഖം, നിസ്സംഗത, ആശയക്കുഴപ്പം, ആശ്രിതത്വം, എന്നിവയാണ് മറ്റ് താമസഗുണങ്ങൾ.
ഒരു വസ്തുവിൽ ഉഷ്ണ-ശീത കണങ്ങൾ സമതുലനം ചെയ്യപ്പെട്ട് നിൽക്കുകയാണെങ്കിൽ അവയ്ക്ക് സത്വ ഗുണം കൂടുതൽ ആയിരിക്കും. ഈ ഉഷ്ണ-ശീത കണങ്ങൾ സമതുലനം ചെയ്യപ്പെട്ട അവസ്ഥയിൽ യാതൊരു എതിർ ബലവും വസ്തുവിൽ ഉണ്ടായിരിക്കുകയില്ല. സത്വഗുണം എന്നത് ആനന്ദം, സന്തോഷം, സമാധാനം, ക്ഷേമം, സ്വാതന്ത്ര്യം, സ്നേഹം, അനുകമ്പ, സമചിത്തത, സഹാനുഭൂതി, സൗഹൃദം, ശ്രദ്ധ, ആത്മനിയന്ത്രണം, സംതൃപ്തി, വിശ്വാസം, നിവൃത്തി, ശാന്തത, കൃതജ്ഞത, നിർഭയത്വം, നിസ്വാർത്ഥത എന്നീ ഗുണങ്ങൾ മുന്നിട്ടുനിൽക്കുന്ന ഒരു പ്രവണതയാണ്. സത്വ ഗുണം അധികമായിട്ടുള്ള സർവ്വ മനുഷ്യരുടെ സർവ്വ പ്രവർത്തനങ്ങളിലും ഈ ഗുണങ്ങൾ നിഴലിച്ചുകാണാം. അവരിൽ അറിയുവാനുള്ള കഴിവ്, അറിഞ്ഞതിനെ സാക്ഷാത്ക്കരിക്കുവാനുള്ള ഇച്ഛാശക്തി, അറിഞ്ഞതിനെ അറിയ്ക്കാനുള്ള കഴിവ്, തുടങ്ങിയവ പ്രകടമായി കാണാം.
മേൽപ്പറഞ്ഞ കാരണങ്ങളാൽ, പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളിലും സത്വ-രജസ്സ്-തമോ ഗുണങ്ങൾ മൂന്നും വിവിധങ്ങളായ പരസഹസ്രം അനുപാതങ്ങളിൽ സമ്മിശ്രമായിട്ടായിരിക്കും ഉണ്ടാകുക. എങ്കിലും, അവയിൽ ഏതെങ്കിലും ഒരു ഗുണം മറ്റു രണ്ടു ഗുണങ്ങളെക്കാൾ മുന്നിട്ടു നിൽക്കുന്നത് കാണാം. എന്നാൽ, ഈ മൂന്നു ഗുണങ്ങളും വളരെ കൃത്യമായി ഏകതാനതയോടുകൂടി സമീകരിക്കപ്പെട്ട്, ഒന്നിനും എതിരായി യാതൊരു എതിർ ബലവും ഇല്ലാതെ നിൽക്കുന്നുണ്ടെങ്കിൽ അതിനെ “നിർഗ്ഗുണം” എന്നാണ് വേദങ്ങൾ നാമകരണം ചെയ്തത്. ഇതിൽ നിന്നും പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കൾക്കും വിവിധങ്ങളായ സ്വഭാവ വിശേഷങ്ങൾ ഉണ്ടാകുന്നത് ആ വസ്തുക്കളിലെ ഊർജ്ജ കണങ്ങളുടെ ഉഷ്ണ-സോമ ഗുണ മിശ്രിതത്തെ ആശ്രയിച്ചാണ് എന്ന് ചുരുക്കം.
സർവ്വ വസ്തുക്കളും നിലനിൽക്കുന്നത് അതി വേഗത്തിൽ പ്രവഹിക്കുന്ന സോമ-വരുണമാകുന്ന കാല പ്രവാഹത്തിലാണ്. കാല പ്രവാഹത്തെക്കുറിച്ച് പുറകെ ചർച്ചചെയ്യുന്നുണ്ട്. നിലനിൽക്കുന്ന ഒരു വസ്തുവിൽ കൂടി “സോമം” കയറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ ആ വസ്തുവിൻ്റെ ഗുണഗണങ്ങൾ എന്താണോ അത് തന്നെയായിരിക്കും, ആ വസ്തുവിൽ നിന്നും നിർഗ്ഗളിക്കുന്ന കാന്തിക സ്വാഭാവിയായ സോമത്തിൻ്റെ സ്വഭാവവും. രണ്ടു വ്യക്തികൾ തമ്മിൽ ഇടപെടുമ്പോൾ അവരുടെ സ്വഭാവ സവിശേഷതകൾ പരസ്പരം സ്വാധീനിക്കുന്നത് ഇപ്രകാരമാണ് എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. ഇനി, എങ്ങിനെയാണ് ഉഷ്ണ-ശീത സ്വാഭാവികളായ ഊർജ്ജ കണങ്ങൾ കൊണ്ട് രൂപീകൃതമായ തന്മാത്രകൾ ഉപയോഗിച്ച് പ്രപഞ്ച സൃഷ്ടി നടക്കുന്നത് എന്ന് പരിശോധിക്കാം. ഇവിടെയാണ്, പുരുഷ തത്വം, പ്രകൃതി തത്വം എന്ന രണ്ടു സുപ്രധാന തത്വങ്ങൾ വരുന്നത്.
“പുരുഷ” തത്വവും, “പ്രകൃതി” തത്വവും
ഈ പ്രപഞ്ചം നിലവിൽ വരുന്നത് “പ്രകൃതി” തത്വവും “പുരുഷ” തത്വവും തമ്മിൽ ഉണ്ടായ സമ്പർക്കത്തിൻ്റെ ഫലമാണ് എന്നാണ് ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങൾ പറയുന്നത്. എന്നാൽ ഇത് സാധാരണ സ്ത്രീ പുരുഷ ബന്ധത്തിൽ നിന്നും കുട്ടികൾ ജനിക്കുന്നത് പോലെയുള്ള ഒരു ബന്ധമല്ല. പുരുഷ തത്വത്തിൻ്റെ വെറും സാന്നിദ്ധ്യത്താൽ പ്രകൃതി തത്വം സ്വാധീനിക്കപ്പെട്ട് സൃഷ്ടിക്കായി ഉത്തേജിതയാവുകയാണ് ചെയ്യുന്നത്. നമ്മുടെ മനസ്സിലെ ചിന്തകൾ പലപ്പോഴും നമ്മുടെ ശരീരത്തിനെ ചലിപ്പിക്കുന്നതിന് തുല്ല്യമാണ് ഇത്. ചിന്തകളുടെ സാന്നിദ്ധ്യം മനസ്സിലുണ്ടായാൽ നമ്മൾ പ്രവർത്തിക്കുവാൻ തുടങ്ങുന്നു. അതുപോലെ തന്നെ “പുരുഷ” തത്വത്തിൻ്റെ സാന്നിദ്ധ്യത്തിൽ “പ്രകൃതി” തത്വം സൃഷ്ടികൾ നടത്തുന്നു.
എന്നാൽ, വെറും “പുരുഷ തത്വം” മാത്രം ഉണ്ടായാൽ സൃഷ്ടി നടക്കുകയില്ല. കാരണം, “പുരുഷ തത്വ”ത്തിന് പ്രവർത്തന ശക്തിയില്ല. “പുരുഷ തത്വ”ത്തിന് “പ്രജ്ഞാന” ശക്തിയുണ്ട്. അതായത് അവബോധം ഉണ്ട്. ഇംഗ്ലീഷിൽ പറഞ്ഞാൽ “പുരുഷ തത്വം” കോൺഷ്യസ് ആണ്. അതുപോലെ തന്നെ, “പ്രകൃതി” തത്വം മാത്രമുണ്ടായാലും സൃഷ്ടി നടക്കുകയില്ല. കാരണം, പ്രകൃതി തത്വത്തിന് “പ്രജ്ഞാന” ശക്തിയില്ല. അതായത് “പ്രകൃതി” തത്വം “കോൺഷ്യസ്സ്” അല്ല എന്നർത്ഥം. പക്ഷേ “പ്രകൃതി” തത്വത്തിന് പ്രവർത്തന ശക്തിയുണ്ട്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, പ്രകൃതി തത്വത്തിന് പ്രവർത്തന ശക്തിമാത്രമേ ഉള്ളൂ. എപ്രകാരമാണ് ‘സൃഷ്ടി’ പ്രക്രിയ നടത്തേണ്ടത് എന്ന് പ്രജ്ഞാ ശക്തിയുള്ള “പുരുഷ തത്വം”, പ്രകൃതി തത്വത്തിനെ, തൻ്റെ ക്വാണ്ടം സാന്നിദ്ധ്യത്താൽ അറിയിച്ച് പ്രേരിപ്പിച്ചു കൊടുക്കണം. പ്രകൃതി-പുരുഷ ബന്ധത്തിൻ്റെ കാതൽ ഭംഗിയായി കാണിക്കുന്ന ഒരു ക്‌ളാസിക്കൽ ഉപമയുണ്ട്. അത് ഒരു അന്ധൻ്റെ ചുമലിൽ മുടന്തൻ ഇരുന്ന് മുടന്തൻ പറഞ്ഞു കൊടുക്കുന്ന വഴിയിലൂടെ അന്ധൻ നടന്നു ഇരുവരും വനത്തിൽ നിന്നും പുറത്തു കടന്ന് രക്ഷപ്രാപിക്കുന്നതിൻ്റെ ചിത്രമാണ്.
“പ്രകൃതി തത്വവും” “പുരുഷ തത്വവും” തമ്മിലുള്ള സഹകരണത്തിലൂടെ, പ്രകൃതിയുമായി കൂട്ടുപിണഞ്ഞു താൻ ആരാണെന്നറിയാതെ ബന്ധനസ്ഥനായി നിപതിച്ച “പുരുഷൻ”, പ്രകൃതിയുടെ സഹായത്തോടെ യഥാർത്ഥത്തിൽ താൻ ആരാണെന്ന് തിരിച്ചറിഞ്ഞ് തൻ്റെ ജന്മാവകാശമായ നിത്യ സ്വാതന്ത്ര്യത്തിൻ്റേയും നിത്യാനന്ദത്തിൻ്റേയും നിലനിൽപ്പിലേക്ക് തിരികെ സ്വതന്ത്രനാകുവാനുള്ള സാദ്ധ്യതയാണ് പുരുഷ-പ്രകൃതി സഖ്യത്തിലൂടെ സംഭവിക്കുന്നത്. അതുപോലെ തന്നെ, പ്രകൃതി തത്വത്തിനാകട്ടെ, പുരുഷ തത്വത്തിൻ്റെ സാന്നിദ്ധ്യം മൂലം തൻ്റെ മൂല്യം പുരുഷ തത്വം തിരിച്ചറിയുകയും അത് അംഗീകരിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
ഭാരതീയ വൈജ്ഞാനിക ശാസ്ത്രത്തിൻ്റെ കാഴ്ചപ്പാടിൽ സൃഷ്ടി എന്നത് പുരുഷ തത്വത്തിൻ്റെ സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടി പ്രകൃതി തത്വം സഹായിക്കുന്നതാണ്. യഥാർത്ഥത്തിൽ പുരുഷനും പ്രകൃതിയും രണ്ടല്ല, ഒന്ന് തന്നെയാണ്. പുരുഷ തത്വത്തിൻ്റെ തന്നെ ശക്തിയാണ് പ്രകൃതി തത്വം. ആ ശക്തി തന്നെ പുരുഷ തത്വത്തിനെ ബന്ധിതനാക്കി, ആ ശക്തിതന്നെ പുരുഷ തത്വത്തിനെ മോചിതനാക്കുവാൻ സഹായിക്കുന്നു. ഇവിടെ, സോമവും വരുണവും അഗ്നിയെ ബന്ധിച്ച് പരിമിതപ്പെടുത്തിയിട്ടാണ് പ്രപഞ്ചം സൃഷ്ടിക്കുന്നത് എന്ന് ഓർമ്മിക്കണം. അതാണ് പുരുഷ തത്വത്തിൻ്റെ ബന്ധനവും പാരതന്ത്ര്യവും. സോമവും വരുണവും അഗ്നിയുടെ തന്നെ ശക്തികളാണ് എന്നും നമ്മൾ ഓർമ്മിക്കണം. ഇപ്പറഞ്ഞ സ്വാതന്ത്ര്യത്തിനേയും മോചനത്തിനേയും സൂചിപ്പിക്കുന്ന ഭാരതീയ വജ്ഞാനിക ശാസ്ത്രത്തിലെ മറ്റൊരു പദം മാത്രമാണ്, “മോക്ഷം”. “മോചനം” അഥവാ “മോക്ഷം” ആൺ-പെൺ ശരീരങ്ങളിലെ ജീവാത്മാക്കൾക്ക് ഒരുപോലെ ആവശ്യമുള്ള ഒന്നാണ്. അത് ശരീരണങ്ങളുടെ ലിംഗത്വവുമായി ബന്ധപ്പെട്ട ഒന്നല്ല എന്ന് മനസ്സിലാക്കുവാൻ ശ്രദ്ധിക്കണം. “പുരുഷ” തത്വം തൻ്റെ തന്നെ ശക്തിയായ “പ്രകൃതി തത്വ”ത്താൽ സ്വയം പരിമിതമാക്കപ്പെട്ട് ബന്ധിതമാകുവാൻ അനുവദിച്ച ശേഷം, അതിൻ്റെ ഫലമായി ഉണ്ടായ കഷ്ടപ്പാടുകൾ അനുഭവിച്ച്, വീണ്ടും അതേ പ്രകൃതി ശക്തിയാൽ തന്നെ സഹായിക്കപ്പെട്ട് സ്വാന്തന്ത്ര്യത്തിലേക്ക് വരുകയാണ് എന്ന് ശ്രദ്ധിക്കണം.
എന്തിനീ “പാഴ് വേല”?
എന്തിനായരുന്നു ഈ പാഴ്‌വേല എന്ന് നമ്മൾ ന്യായമായും സംശയിച്ചേക്കാം. എന്നാൽ മൂന്നാം പാഠഭാഗത്തിൽ സൃഷ്ടിയുടെ ഉദ്ദേശ്യവും ലക്ഷ്യവും എന്തായിരിക്കാം എന്ന് ഒരു ചിന്താ പരീക്ഷണത്തിലൂടെ നമ്മൾ യുക്തി ഭദ്രമായി ഊഹിച്ച് സമർത്ഥിച്ചിരുന്നു. അനന്തമായ ജ്ഞാനത്തിൻ്റേയും, നിത്യനൂതനമായ ആനന്ദത്തിൻ്റേയും ഏകാന്തവും അനന്തവുമായ നിലനില്പിൽ, സർവ്വത്വത്തിന് തനിക്ക് താൻപോന്ന സുഹൃത് ബന്ധങ്ങൾ സൃഷ്ടിച്ച് എടുക്കുവാനുള്ള ഒരു ബ്രഹ്ത് യജ്ഞമാണ് സൃഷ്ടി എന്നാണ് നമ്മൾ മനസ്സിലാക്കിയത്.
സർവ്വത്വം താനാകുന്ന പ്രജ്ഞാനത്തിൻ്റെ ഒരു ചെറിയ ഭാഗത്തിൻ്റെ മാത്രം പ്രജ്ഞാന സാന്ദ്രത തിരി താഴ്ത്തി വളരെ അധികം കുറച്ച് താഴ്ന്ന നിലയിലുള്ള പ്രജ്ഞാനത്തിൻ്റെ ലക്ഷോപലക്ഷം ഏകകങ്ങളാക്കി മാറ്റുന്നു. അതായത് സർവ്വതും സംഭവിക്കുന്നത് സർവ്വത്വത്തിൽ തന്നെയാണ്. തുടർന്ന്, ആ സർവ്വത്വ ഭാഗത്തിൻ്റെ നിത്യാനന്ദ ശക്തിയെ തന്നെ അകത്തി മാറ്റി അതിനെ പ്രകൃതി തത്വമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പിന്നീട് ആ പ്രകൃതി തത്വത്തെ ഉപയോഗിച്ച് പ്രസ്തുത കോടാനുകോടി ഏകകങ്ങളെ ബന്ധനസ്ഥമാക്കുന്നു. എന്നിട്ട്, ആ ഓരോ ഏകകത്തിനേയും സ്വപരിശ്രമത്തിലൂടെ ബന്ധനത്തിൽ നിന്നും ഉള്ള മോചനവും അതേ പ്രകൃതി തത്വത്തിലൂടെ പടിപടിയായി നിർവ്വഹിക്കുവാൻ അവസരം ഒരുക്കിക്കൊടുത്തു. അതാണ് ഈ പ്രപഞ്ചം. ആ അവസരമാണ് നമ്മുടെ വ്യക്തി ജീവിതം.
എന്നാൽ, അത് വെറും ഒരു മോചനമല്ല. തിരിതാഴ്ത്തി കുറച്ച ഏകകങ്ങളുടെ പ്രജ്ഞാനം അനുക്രമം ഏകകങ്ങളുടെ സ്വപരിശ്രമത്തിലൂടേയും ജീവിതാനുഭവങ്ങളിലൂടേയും വർദ്ധിപ്പിച്ച് സർവ്വത്വത്തിനോടൊപ്പം കിടപിടിക്കുന്ന അനന്ത പ്രജ്ഞാനമായി, സർവ്വത്ത്വത്തിൻ്റെ സ്നേഹ ബന്ധത്തിന് പാത്രമായി തീരുവാനുള്ള മഹാ യജ്ഞമാണ് പ്രപഞ്ചത്തിൽ അനുനിമിഷം സംഭവിച്ചു കൊണ്ടിരിക്കുന്നത്. നമ്മൾ ഓരോരുത്തരും ഉൾപ്പെടെ സർവ്വ പ്രപഞ്ച ഘടകങ്ങളും പ്രകൃതി തത്വത്താൽ നൽകപ്പെട്ട വിവിധ തരത്തിലുള്ള ശരീരങ്ങൾ എന്ന ബന്ധനത്തിൽപ്പെട്ട് ഉഴലുന്ന താഴ്ന്ന പ്രജ്ഞാന യൂണിറ്റുകൾ ആണ്. സ്വപരിശ്രമത്തിലൂടെ ഇതെല്ലാം മനസ്സിലാക്കി എടുത്ത് നമ്മളാകുന്ന തിരിതാഴ്ത്തപ്പെട്ട പ്രജ്ഞാനം വികസിപ്പിച്ച് വർദ്ധിപ്പിച്ച്, ഈ ബന്ധനത്തിൽ നിന്നും മോചനം നേടി സർവ്വത്വത്തിൻ്റെ സ്നേഹബന്ധത്തിന് അർഹരായിത്തീരുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതാണ് ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങൾ നൽകുന്ന വിജ്ഞാനം.