ഭാരതീയ വൈജ്ഞാനിക ശാസ്ത്രത്തിൽ സർവ്വ സൃഷ്ടികളുടേയും ബിൽഡിംഗ് ബ്ലോക്കുകൾ പഞ്ച മഹാഭൂതങ്ങളാണ്. അഗ്നി, സോമം, വരുണം എന്നീ മൂന്ന് മഹാതത്വങ്ങൾ എങ്ങിനെയാണ് ഈ അടിസ്ഥാന ബിൽഡിംഗ് ബ്ലോക്കുകളായ പഞ്ച മഹാഭൂതങ്ങളായി മാറുന്നത് എന്നത് ഇങ്ങനെ സംഗ്രഹിക്കാം. ആദ്യം അഗ്നി സോമമായിമാറുന്നു. സോമം വരുണമായി മാറി, ആ വരുണവുമായി ചേർന്ന്, സോമം അഗ്നിയെ ബന്ധിച്ച്, ഉഷ്ണ-ഊർജ്ജകണങ്ങളും ശീത-ഊർജ്ജ കണങ്ങളും സൃഷ്ടിച്ച്, അവയുടെ വിവിധ അനുപാതങ്ങളിൽ ഉള്ള സത്-രജസ്സ്-തമസ്സ് എന്ന മൂന്ന് അടിസ്ഥാന ഗുണ ഗണങ്ങളുള്ള തന്മാത്രകളെ സോമത്തിൽ സൃഷ്ടിക്കുന്നു.
മൂല “പ്രകൃതി”
ഈ മൂന്ന് ഗുണങ്ങളും സമതുലനാവസ്ഥയിൽ, യാതൊരു എതിർ ബലങ്ങളും പരസ്പരം നൽകി ‘കലഹിക്കാതെ”, സോമത്തിൽ നിലകൊള്ളുന്ന സ്ഥിതിയെ “നിർഗ്ഗുണ” സ്ഥിതി എന്ന് വേദങ്ങൾ വിവക്ഷിച്ചു. “നിർഗ്ഗുണ” സ്ഥിതി എന്നാൽ സത്-രജസ്സ്-തമസ്സ് എന്ന ഗുണങ്ങളിൽപ്പെട്ട തന്മാത്രകൾ സന്തുലനം ചെയ്യപ്പെട്ട, ഈ മൂന്നു ഗുണങ്ങളും അവ്യക്തമായി നിൽക്കുന്ന സ്ഥിതി എന്നർത്ഥം. സോമത്തിൻ്റെ ഈ നിലയെ ആണ് വേദങ്ങൾ “അവ്യക്തം” അഥവാ “മൂല പ്രകൃതി” എന്ന് വിളിച്ചത്. അതായത്, മൂല പ്രകൃതിയിൽ മൂന്നു ഗുണങ്ങളിൽ ഒരു ഗുണവും വ്യക്തമല്ല, മൂന്നു ഗുണങ്ങളും അവ്യക്തമായി നിൽക്കുന്നു എന്നർത്ഥം. സ്വയം സ്വ-ഭാവങ്ങളെ പ്രകടമാക്കുവാൻ കഴിയാത്ത അവസ്ഥയാണ് അവ്യക്തം
തൃഗുണങ്ങളും അവ്യക്തമായി നിൽക്കുന്ന ഈ മൂല പ്രകൃതിയിൽ നിന്നുമാണ് ഈ മൂന്നു ഗുണങ്ങളും വ്യക്തമായി തെളിഞ്ഞു നിൽക്കുന്ന സ്ഥൂല പ്രകൃതി ഉടലെടുക്കുവാൻ ആരംഭിക്കുന്നത്. നോൺ മാറ്ററിൽ നിന്നും മാറ്റർ ഉണ്ടാകുന്നത് “അഷ്ടപ്രകൃതി” എന്ന് വേദങ്ങൾ വിവക്ഷിച്ച എട്ടു തത്വങ്ങളിൽ കൂടി കടന്നുപോയതിന് ശേഷമാണ്. “പുരുഷ തത്വ”ത്തിൻ്റെ സാന്നിദ്ധ്യത്തിൽ എട്ട് അഷ്ട പ്രകൃതികളും പതിനാറ് ഷോഡശ “വികൃതി”കളും (“ഷോഡസം” എന്നാൽ പതിനാറ് എന്നർത്ഥം. “വികൃതി” എന്നാൽ ‘രൂപഭേദം’ എന്നും അർത്ഥം) ചേർന്ന ഇരുപത്തിനാല് തത്വങ്ങളിൽ കൂടിയാണ് മനുഷ്യൻ ഉൾപ്പെടെ ഉള്ള സൃഷ്ടികൾ സംഭവിക്കുന്നത്.
മൂന്ന് തത്വങ്ങളായ “അവ്യക്തം” (അഥവാ മൂലപ്രകൃതി), മഹത്, അഹങ്കാരം, എന്നിവയും, അഞ്ചു തത്വങ്ങളുടെ സമാഹാരമായ പഞ്ച തന്മാത്രകളും ചേർന്നാണ് “അഷ്ട പ്രകൃതി” എന്ന് വേദ ശാസ്ത്രം ഈ ഘട്ടങ്ങളെ നാമകരണം ചെയ്തത്. ഈ “അഷ്ടപ്രകൃതി” തത്വങ്ങളിലൂടെ ആണ് സോമത്തിൽ നിലനിന്ന് അനുക്രമം വൃദ്ധി പ്രാപിച്ചുകൊണ്ട് മൂല പ്രകുതിയെ സ്ഥൂല പ്രകൃതിയായി തീർക്കുന്നത്. അതായത്, നോൺ-മാറ്ററിനെ മാറ്റർ ആക്കി മാറ്റുന്ന രീതിയാണ് “അഷ്ടപ്രകൃതി”യിലൂടെ നടക്കുന്നത് എന്നർത്ഥം.
മഹത് അഥവാ ബുദ്ധി
മൂലപ്രകൃതി എന്ന് വിവക്ഷിക്കുന്ന ഘട്ടത്തിലെ സോമത്തിൽ സത്-രജസ്സ്-തമസ്സ് എന്ന ത്രിഗുണങ്ങൾ പരസ്പരം എതിർ ബലങ്ങൾ ചെലുത്താതെ സമതുലനപ്പെട്ട് നിൽക്കുകയാണെന്ന് നമ്മൾകണ്ടു. പുരുഷ തത്വത്തിൻ്റെ സാന്നിദ്ധ്യത്തിൽ മൂലപ്രകൃതിയിലെ തൃഗുണങ്ങൾ വൃദ്ധി പ്രാപിച്ച് ‘മഹത്’ ആയി മാറുന്നു.
“മഹത്” എന്നാൽ സ്വയം വിവിധ പ്രകാരത്തിൽ പ്രവർത്തിക്കുവാനുള്ള കഴിവ് എന്നാണ് അർത്ഥം. അതായത്, ‘മഹത്’ എന്നത് ഏതുവിധത്തിലും തൻ്റെ കഴിവിനെ പ്രകടമാക്കുവാൻ കഴിയുന്ന നിർഗ്ഗുണ സോമത്തിൻ്റെ സാമർത്ഥ്യം ആണ്. ആ അവസരത്തിൽ അത് ഒരു നിശ്ചിത കാന്തിക ബലത്തിൽ കേന്ദ്രീകരിക്കുന്നു. “നിർഗ്ഗുണ” സ്ഥിതിയിൽ, ഈ മൂന്ന് ഗുണങ്ങളും അടിക്കടി അഭിവൃദ്ധി പ്രാപിച്ച് ‘മഹത്’ എന്ന വിവിധ പ്രവർത്തികൾ ശരിയായി ചെയ്യുവാൻ ആവശ്യമായ കാന്തിക ആകർഷണ ബലം നേടുന്നു. മഹത് എന്നതിൻ്റെ മറ്റൊരു പേരാണ് ‘ബുദ്ധി’. തൃഗുണഗണങ്ങളുടെ ഏതു അനുപാതത്തിലുള്ള മിശ്രിതങ്ങളും ആവശ്യാനുസരണം രൂപീകരിക്കുവാനുള്ള നിർഗ്ഗുണ സോമത്തിൻ്റെ വൃദ്ധി പ്രാപിച്ച കഴിവാണ് ‘മഹത്’.
പുരുഷ തത്വം പ്രജ്ഞാനമാണ്. അത് പ്രകൃതി തത്വവുമായി ഇടപെടുമ്പോൾ ആദ്യം സംഭവിക്കുന്നത്, സത്-രജസ്സ്-തമസ്സ് ഗുണങ്ങൾ സമതുലനം ചെയ്യപ്പെട്ടു നിൽക്കുന്ന സോമത്തിൽ അസ്വസ്ഥമായ ഒരു അവസ്ഥ ഉണ്ടാകുക എന്നതാണ്. അതിൻ്റെ ഫലമായി തൃഗുണങ്ങളിൽ ചടുല സ്വഭാവമുള്ള രജസ്സ് ഗുണം ആദ്യം പ്രതികരിച്ചു കൊണ്ട് അസ്വസ്ഥമാകും. അങ്ങിനെ സംഭവിക്കുമ്പോൾ മറ്റു രണ്ടു ഗുണങ്ങളും പ്രകമ്പനം കൊള്ളുവാൻ ആരംഭിക്കുന്നു. ഈ അസ്വസ്ഥതയും പ്രകമ്പനവും ഒരു വലിയ ഊർജ്ജ വിസ്ഫോടനത്തിലേക്ക് നയിക്കുകയും, തുടർന്ന് നിർഗ്ഗുണം എന്ന അവസ്ഥ അവസാനിച്ച് സഗുണം എന്ന അവസ്ഥയിലൂടെ സർവ്വ സൃഷ്ടികളും അവരവരുടെ നിലകളിൽ നിലവിൽ വന്നു തങ്ങളുടെ സൃഷ്ടി നൃത്തം ആരംഭിക്കുകയും ചെയ്യുന്നു എന്നാണ് ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങൾ പറഞ്ഞത്. മൂന്ന് ഇഴകൾ ഉള്ള ഒരു കയറിന് സമാനമായിട്ടാണ് വേദങ്ങൾ ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. ഈ മുപ്പിരി കയർ മൂന്നു ഗുണങ്ങളായി സൃഷ്ടിയിലെ സർവ്വ പദാർത്ഥങ്ങളിലും സന്നിഹിതമായിരിക്കും. കയറിൻ്റെ ഇഴകൾ അഴിച്ചാൽ കയർ എന്ന വസ്തുവില്ല. അതുപോലെ, തൃഗുണത്തിലെ മൂന്ന് ഇഴകൾ അഴിച്ചാൽ “പ്രകൃതിയും” ഇല്ല. തൃഗുണങ്ങൾ എന്നത് പ്രകൃതിയുടെ “സ്വഭാവം” അല്ല, പ്രകൃതി തന്നെയാണ്.
ഏറ്റവും ആദ്യം മൂലപ്രകൃതിയിൽ നിന്നും ഉണ്ടാകുന്നത്, ‘മഹത്’ അല്ലെങ്കിൽ “ബുദ്ധി” എന്ന തത്വമാണ്. പ്രപഞ്ച സൃഷ്ടിയുടെ “വിത്ത്” ആണ് “മഹത്’ തത്വം എന്ന് തന്നെ പറയാം. പുരുഷ-പ്രകൃതി തത്വങ്ങളുടെ പരസ്പര സാമീപ്യമാണ് ‘മഹത്’ എന്ന സൃഷ്ടിയിൽ എത്തുന്നത്. പുരുഷ തത്വത്തിൻ്റെ സാമീപ്യത്താൽ സ്വതവേ പ്രജ്ഞാന വിഹീനമായ, എന്നാൽ പ്രവൃത്തി സാമർത്ഥ്യം ഏറെയുള്ള “പ്രകൃതി” സുബോധയായി മാറി തന്നിലെ തൃഗുണങ്ങൾ ഉപയോഗിച്ച് പ്രപഞ്ച സൃഷ്ടി ആരംഭിക്കുന്നു. പുരുഷ തത്വത്തിൻ്റെ ‘പ്രകാശ’ത്തിൽ നിൽക്കുന്ന ‘പ്രകൃതി’യാണ് ‘മഹത്’ അല്ലെങ്കിൽ ‘ബുദ്ധി’. ‘ബുദ്ധി’ എന്നത് അറിവിൽ അധിഷ്ഠിതമായ വിവേചന ശക്തിയാണ്. മനുഷ്യൻ്റെ നിലനിൽപ്പിലെ പരമ ശ്രേഷ്ഠമായ ഘടകമാണ് ‘ബുദ്ധി’. താൻ യാഥാർത്ഥത്തിൽ ആരാണെന്നു തിരിച്ചറിയുന്ന വിവേചനശക്തിയാണ് ‘ബുദ്ധി’. പ്രകൃതി തത്വത്തിൻ്റെ പുരുഷ തത്വത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന ഘടകമാണ് ബുദ്ധി. പ്രകൃതിയുടെ സ്വാതിക ഗുണം പുരുഷ പ്രകാശം ഏറ്റ് തിളങ്ങി നിൽക്കുന്നതാണ് ബുദ്ധി.
“ബുദ്ധി”ക്ക് എട്ടു തരത്തിലുള്ള സ്വഭാവങ്ങൾ ഉണ്ട് എന്ന് ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങൾ പറയുന്നു. ബുദ്ധിയുടെ സ്വാതിക സ്വഭാവങ്ങളായ ധർമ്മം, ജ്ഞാനം, വൈരാഗ്യം (നിസ്സംഗതയോടെ അകന്നു നിൽക്കൽ എന്നാണ് ഈ വാക്കിൻ്റെ ശരിയായ അർത്ഥം), ഐശ്വര്യം എന്നിവയാണ് ആദ്യത്തെ നാല് സ്വഭാവങ്ങൾ. അടുത്ത നാല് സ്വഭാവങ്ങൾ ബുദ്ധിയുടെ താമസിക സ്വഭാവങ്ങളായ അതിൻ്റെ നാല് എതിർ ബലങ്ങളാണ് – അധർമ്മം, അജ്ഞാനം, അവൈരാഗ്യം (‘അഭിനിവേശം’, ‘ഒട്ടിനിൽക്കൽ’ എന്നൊക്കെ എന്നർത്ഥം), അനൈശ്വര്യം എന്നിവയാണ് അവ. ഇതിൽ “ജ്ഞാനം” ഒഴികെ ബാക്കി ഏഴു സ്വഭാവങ്ങളും പുരുഷ തത്വത്തെ പ്രകൃതി തത്വവുമായി കൂട്ടിക്കുഴച്ച് കൂടുതൽ ബന്ധിക്കുകയാണ് ചെയ്യുന്നത്. ഈ കാരണത്താൽ പ്രകൃതിയാകുന്ന ദർപ്പണത്തിൽ പുരുഷ തത്വം സ്വയം പ്രതിഫലിക്കുമ്പോൾ, പുരുഷ തത്വം (നമ്മൾ ആകുന്ന സ്വ-ആത്മത്വം) സ്വന്തം സ്വ-ഭാവം മറന്ന് ഈ ഏഴ് സ്വഭാവങ്ങളായി സ്വയം മാറി ക്ലേശങ്ങൾ അനുഭവിക്കുന്നു എന്നാണ് ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങൾ പഠിപ്പിയ്ക്കുന്നത്. “ജ്ഞാന”ത്തിൽ കൂടി മാത്രമേ ആ കെട്ടുപാടുകൾ അഴിച്ച് “പുരുഷ”തത്വത്തിന് സ്വാതന്ത്ര്യം പ്രാപിക്കുവാൻ കഴിയുകയുള്ളൂ എന്ന് ചുരുക്കം.
അഹങ്കാരം
തുടർന്ന് ഈ ‘മഹത്’ (ബുദ്ധി) വീണ്ടും വൃദ്ധി പ്രാപിച്ച്, ഏതു ഗുണത്തിൽ നിന്നു കൊണ്ടായാലും ആ ഗുണങ്ങൾ ഒട്ടും ചോർന്നുപോകാതെ എന്തും പ്രവർത്തിക്കുവാനുള്ള, ‘അഹങ്കാരം’ എന്ന തത്വ നില കൈവരിക്കുന്നു. മറ്റൊരു വിധത്തിൽ വിശദമാക്കിയാൽ, “അഹങ്കാരം” എന്നാൽ ഒരു നിശ്ചിത സ്വഭാവത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുവാനുള്ള കഴിവാണ്. നമ്മുടെ കാരണ ശരീരം പോലെ, ഈ പ്രപഞ്ചത്തിലെ ജീവനുള്ളതും ജീവനില്ലാത്തതും ആയ സർവ്വതിൻ്റേയും അടിസ്ഥാന തത്വമായ, ആത്മ തത്വത്തമായ “അഹങ്കാര” തത്വം രൂപീകരിക്കപ്പെടുന്നത് അങ്ങിനെയാണ്. ‘അഹങ്കാര’ രൂപീകരണത്തിന് കാരണം വരുണൻ്റെ ദൃഢീകരണ ശക്തി തന്നെയാണ്.
അഞ്ചാം പാഠഭാഗത്തിൽ സൂചിപ്പിച്ചിരുന്നതുപോലെ ‘അഹങ്കാരം’ എന്നാൽ സാധാരണ കരുതുന്നത് പോലെ നിഷേധാത്മകമായ, സ്വാർത്ഥ മോഹങ്ങൾ നിറഞ്ഞ ധിക്കാരം പരമായ പെരുമാറ്റം എന്നല്ല മനസ്സിലാക്കേണ്ടത്. സൃഷ്ടിക്കുവാനും നിയന്ത്രിക്കുവാനും, നിലനിറുത്തുവാനും ഉള്ള ജീവാത്മാവിൻ്റെ ഭാവത്തോട് കൂടിയുള്ള ശക്തിയാണ് ‘അഹങ്കാരം’. അഹങ്കാരം എന്ന തത്വത്തിന് “നല്ലത്” അല്ലെങ്കിൽ “ചീത്ത” എന്ന പക്ഷപാത ഭേദഭാവമല്ല. ‘അഹങ്കാരം’ എന്ന ശക്തി ഉപയോഗിക്കുന്ന ജീവാത്മാവ് ഏത് ഗുണത്തോട് താദാത്മ്യം പ്രാപിച്ചാണോ നിൽക്കുന്നത്, ആ ഗുണത്തിൽ ഉറച്ചു നിന്ന് കൊണ്ട് പ്രവർത്തിക്കുന്നത് കൊണ്ടാണ് ഒരു നിശ്ചിത രീതിയിലുള്ള പ്രവർത്തിയും അനുഭവവും ഉണ്ടാകുന്നത്.
ഉദാഹരണത്തിന്, ആണവ ശക്തി ന്യൂട്രലായ ഒരു ശക്തിയാണ്. അത് ഉപയോഗിക്കുന്ന വ്യക്തിയുടെ മനോ ഗുണമാണ് ആണവ ശക്തിയുടെ ഉപയോഗത്തെ നല്ലതോ ചീത്തയോ ആക്കുന്നത്. അതുപോലെ തന്നെ ‘അഹങ്കാരം’ എന്ന ശക്തിയും ന്യുട്രൽ ശക്തിയാണെന്ന് മനസ്സിലാക്കണം. ഇക്കാരണം കൊണ്ട് തന്നെ ‘അഹങ്കാരം’ എന്നത്, മൂന്നു വിധത്തിൽ ഉണ്ട്. സ്വാത്വിക അഹങ്കാരം, രാജാസിക അഹങ്കാരം, താമസിക അഹങ്കാരം എന്നിവയാണ് അവ. സ്വാത്വിക അഹങ്കാരത്തിൽ നിന്നും പതിനൊന്ന് വിധത്തിലുള്ള “ഇന്ദ്രിയങ്ങൾ’ ഉടലെടുക്കുന്നു – അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അതനുസരിച്ചുള്ള അഞ്ച് കർമ്മേന്ദ്രിയങ്ങളും കൂടാതെ ഇവയിലൂടെ ലഭിക്കുന്ന ‘ഡാറ്റ’ എല്ലാം സ്വീകരിച്ച് ഏകോപിപ്പിച്ച് ബുദ്ധിക്ക് സമർപ്പിക്കുവാൻ മനസ്സും ഉണ്ടാകുന്നു.
അതുപോലെ താമസിക അഹങ്കാരത്തിൽ നിന്നും പഞ്ച തന്മാത്രകളും പഞ്ച ഭൂതങ്ങളും ഉണ്ടാകുന്നു. മനസ്സിലാക്കുവാനുള്ള എളുപ്പത്തിന് മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അഹങ്കാരത്തിൻ്റെ ആദ്യഘട്ടത്തിൽ മനസ്സും, പഞ്ച ജ്ഞാനേന്ദ്രിയങ്ങളും പഞ്ച കർമ്മേന്ദ്രിയങ്ങളും മാത്രമേ ഉണ്ടാകുന്നുള്ളൂ. ഇവ തന്മാത്രകളാൽ നിർമ്മിതമല്ലെങ്കിലും, പ്രകൃതി തത്വത്താൽ നിർമ്മിതമായതുകൊണ്ട് ഭൗതികമാണ്. ദൃശ്യഗോചരം അല്ല എന്നേ ഉള്ളൂ. ഈ പതിനൊന്ന് തത്വങ്ങൾക്കും ഭൗതികമായ ദൃഢത കൈവരുമ്പോൾ, ദൃഷ്ടി ഗോചരമായ കയ്യും കാലും ശരീരവും പൊട്ടി മുളക്കുന്നതാണ് പഞ്ച തന്മാത്രകളും പഞ്ച മഹാ ഭൂതങ്ങളും അവയാൽ നിർമ്മിതമമായ നമ്മുടെ മനുഷ്യ ശരീരവും.
മനസ്സ്
മനസ്സ് എന്ന പ്രതിഭാസത്തെക്കുറിച്ച് വിശദമായി തന്നെ അഞ്ചാം പാഠഭാഗത്തിൽ ചർച്ച ചെയ്തിരുന്നു. ബാഹ്യമായ ഇന്ദ്രിയങ്ങളുടെ നിയന്ത്രണ നിർദ്ദേശക ചുമതല മനസ്സിനാണ്. ഭാരതീയ വൈജ്ഞാനിക ശാസ്ത്രം അനുസരിച്ച് മനസ്സ് എന്ന വസ്തു തന്മാത്രകളാൽ നിർമ്മിതമായ ഒന്നല്ല. എന്നാൽ അത് ജീവാത്മാവിൻ്റെ ഭാഗവും അല്ല. ശരീരത്തെപ്പോലെ തന്നെ മനസ്സും പ്രകൃതി തത്വത്തിൻ്റെ നിർമ്മിതിയാണ്. അതുകൊണ്ട് മനസ്സിനും ശരീരത്തെപ്പോലെ ഒരു തുടക്കവും ഒരു അന്ത്യവും ഉണ്ട്.
ജ്ഞാനേന്ദ്രിയങ്ങൾ നൽകുന്ന വിവരങ്ങൾ മനസ്സ് വിശകലനം ചെയ്ത്, ആ വിവരങ്ങൾ കൈവശം വച്ചിരിക്കുന്ന ഓർമ്മകളുമായി താരതമ്യം ചെയ്ത്, അഹങ്കാരത്തിൻ്റെ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള നിറവും ചാർത്തിയ ശേഷമാണ് ലഭിച്ച വിവരം മനസ്സ് ബുദ്ധിക്ക് കൈമാറുന്നത്. ലഭിച്ച വിവരത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുവാനുള്ള അവകാശവും അവസരവും ബുദ്ധിക്കാണ്. എന്നാൽ തികഞ്ഞ ജാഗ്രതയോടെ ബോധപൂർവ്വം നമ്മൾ (ജീവാത്മാവ്) എപ്പോഴും നിലകൊണ്ടാൽ മാത്രമേ അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുവാൻ കഴിയുകയുള്ളൂ. നിർഭാഗ്യവശാൽ, നമ്മളാകുന്ന ജീവാത്മാവ് പ്രപഞ്ചവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതിനാൽ ബുദ്ധിക്ക് അവകാശപ്പെട്ട അവസരം നഷ്ടപ്പെട്ടു പോകുകയാണ് ചെയ്യുന്നത്. ഇവിടെയാണ് ബോധപൂർവ്വമുള്ള തിരുത്തലുകൾ ആവശ്യമായിട്ടു വരുന്നത്.
നമ്മുടെ ധാരണകളാൽ നിയന്ത്രിതമാണ് നമ്മുടെ മനസ്സ്. മനസ്സാണ് ശരീരത്തെ ചലിപ്പിക്കുന്നത്. ധാരണകൾ തെറ്റാണെങ്കിൽ ശരീരം തെറ്റായ രീതിയിൽ നീങ്ങും. രാത്രി ഇരുട്ടിൽ നടക്കുമ്പോൾ ഒരു കയറിൽ ചവിട്ടിയാൽ അത് പാമ്പാണെന്ന് ധരിച്ചാൽ, മരണം വരെ ആ ധാരണ നമ്മളെ കൊണ്ടുചെന്ന് എത്തിച്ചേക്കാം. അതുകൊണ്ട് ശരിയായ ധാരണകൾ വളർത്തി എടുക്കുവാനും, ഉയർന്ന അവബോധത്തൽ ഉറച്ച നിത്യ ജാഗ്രതയോടെ ജീവിത പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.
രോഗങ്ങളെ വളർത്തുന്നതും തുരത്തുന്നതും മനസ്സ്
ഇവിടെ സാന്ദർഭികമായി സുപ്രധാനമായ ഒരു വസ്തുത ചൂണ്ടിക്കാണിക്കേണതുണ്ട്. സുഖ ദുഃഖങ്ങളുടേയും രോഗങ്ങളുടേയും ഉത്ഭവവും ആസ്ഥാനവും നിവാസ കേന്ദ്രവും മനസ്സാണ്. രോഗങ്ങളെ വളർത്തുന്നതും തുരത്തുന്നതും മനസ്സാണ്. മനസ്സും ശരീരവുമായിട്ടുള്ള അഭേദ്യ ബന്ധം സുവിദിതമാണ്. മനസ്സ് കലുഷിതമായിരിക്കുമ്പോൾ ആഹാരം കഴിക്കുവാൻ സാധിക്കാത്തത് എല്ലാവർക്കും അനുഭവമുള്ള നിത്യ ജീവിതാനുഭവം ആണ്. മനസ്സിലെ ചിന്തകളും വികാരങ്ങളും ശ്വാസോസ്ഛ്വാസത്തെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതും അതുപോലെ തന്നെ പലരും ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു വസ്തുതയാണ്. ശ്വാസോച്ഛ്വാസത്തിൻ്റെ വേഗത രക്ത ചംക്രമണത്തേയും, ഹൃദയ പ്രവർത്തനത്തേയും കൂട്ടുകയോ, സമതുലനപ്പെടുത്തുകയോ ചെയ്യുന്നു. കോശങ്ങളിൽ എത്തുന്ന രക്തത്തിൻ്റെ ഭാവവും അഭാവവും കോശ പ്രവർത്തനത്തേയും, മെറ്റബോളിക് പ്രവർത്തനങ്ങളേയും എല്ലാം ബാധിക്കുന്നു. ചുരുക്കത്തിൽ മനസ്സാണ് ശരീരത്തിൻ്റെ കടിഞ്ഞാൺ പിടിക്കുന്നത്.
ഏഴാം പാഠഭാഗത്തിൽ അലംഘനീയമായ പ്രകൃതി നിയമങ്ങൾ ചർച്ച ചെയ്യുമ്പോൾ, പ്രകൃതിയിലെ സർവ്വ വസ്തുക്കളിലും പ്രവർത്തിക്കുന്ന ലിംഗത്വ നിയമങ്ങൾ വിശദമാക്കുന്നുണ്ട്. പുല്ലിംഗ ശക്തിയും സ്ത്രീലിംഗ ശക്തിയും ഒരുമിച്ചാൽ മാത്രമേ ഏതു പ്രവർത്തിയും നടക്കുകയുള്ളൂ. മനസ്സ് എന്ന് നമ്മൾ വിവക്ഷിക്കുന്നത് വളരെ അധികം സ്ത്രീ ലിംഗ ശക്തിയുള്ള ഒരു ഗർഭ പാത്രമാണ്. ആ ഗർഭപാത്രത്തിൽ വീഴുന്ന പുല്ലിംഗ ശക്തിയുള്ള “ഇച്ഛ”കൾ, അത് നല്ലതായാലും നല്ലതല്ലാത്തതായായാലും, വളർന്ന് നൂറു മേനി വിളയും. രോഗവും രോഗ വിമുക്തിയും നമ്മൾ തന്നെ പാലൂട്ടി വളർത്തുന്ന നമ്മുടെ മാനസ പുത്രരാണ്.
പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ
അറിവുകളെ ഗ്രഹിക്കുവാൻ ഉപയോഗിക്കുന്ന അഞ്ച് ഇന്ദ്രിയങ്ങള്‍ ആണ് ജ്ഞാനേന്ദ്രിയങ്ങൾ. മാനസികാ അവയവങ്ങള്‍ ആണ് ജ്ഞാനേന്ദ്രിയങ്ങള്‍. ജ്ഞാനേന്ദ്രിയങ്ങളെ ഗ്രഹിക്കുവാൻ പ്രയാസമാണ്. എന്നാൽ ശാരീരിക അവയവങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്ന് തത്തുല്യമായ അത്തരം ആന്തരിക ഇന്ദ്രിയങ്ങൾ ഉണ്ടെന്ന് അനുമാനിക്കുവാൻ നമുക്ക് കഴിയും. ഈ ആന്തരിക ഇന്ദ്രിയങ്ങൾ ഉള്ളതുകൊണ്ടാണ് നമ്മൾ ഈ ലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും എല്ലാം.
ഘ്രാണ, രസന, ചക്ഷു, ത്വക്, ശ്രോത്ര എന്നിവയാണ് ആ അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍. “ഘ്രാണ തത്വം” എന്നാൽ ഉദ്ദേശിക്കുന്നത് മൂക്കിനെ ആണ് – ശ്വസിക്കാന്‍ ഉപയോഗിക്കുന്ന മൂക്കിനെ അല്ല, ഗന്ധം അറിയുവാനുള്ള മൂക്കിൻ്റെ കഴിവിനെയാണ് ഇവിടെ വിവക്ഷിക്കുന്നത്. “രസന തത്വം” എന്നത് നാക്കാണ് – സംസാരിക്കാന്‍ ഉപയോഗിക്കുന്ന നാക്കല്ല അത്, രുചികള്‍ അറിയുന്ന നാക്കിൻ്റെ സാമർത്ഥ്യത്തെ ആണ് “രസന തത്വം” എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സംസാരിക്കാന്‍ ഉപയോഗിക്കുന്ന നാക്ക് കര്‍മ്മേന്ദ്രിയമാണ്. അടുത്തത് “ചക്ഷു തത്വം” ആണ്. രൂപങ്ങൾ അറിയുവാൻ ഉപയോഗിക്കുന്ന കര്‍മ്മേന്ദ്രിയമാണ് ചക്ഷുക്കള്‍. എന്നാൽ ഒരു രൂപം അന്തരംഗത്തിൽ സൃഷ്ടിക്കുന്നത് ചക്ഷു തത്വം ആണ്. നാലാമത്തെ ജ്ഞാനേന്ദ്രിയമാണ് “ത്വക്” എന്ന തത്വം. ‘ത്വക്’ എന്നാല്‍ ‘ചര്‍മ്മം’ എന്നാണ് അര്‍ത്ഥം. തൊട്ടറിയുക എന്ന അറിവിൻ്റെ ശക്തിയാണ് “ത്വക്” എന്ന തത്വം. “ശ്രോത്ര തത്വം” എന്നത് അഞ്ചാമത്തെ ജ്ഞാനേന്ദ്രിയം ആണ്. ‘ശ്രോത്ര’ എന്നാല്‍ ചെവി എന്നാണ് അര്‍ത്ഥം. ശബ്ദം സൃഷ്ടിച്ച് കേട്ട് അതിൻ്റെ അർത്ഥം അറിയുവാനുള്ള ചെവിയുടെ കഴിവാണ് ജ്ഞാനേന്ദ്രിയം എന്ന “ശ്രോത്ര തത്വം”.
പഞ്ച കർമ്മേന്ദ്രിയങ്ങൾ
അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് തത്തുല്ല്യമായിട്ടുള്ള അഞ്ചു കര്‍മ്മേന്ദ്രിയ തത്വങ്ങള്‍ ആണ് അടുത്തത്. ജ്ഞാനേന്ദ്രിയങ്ങൾ ഉള്ളതു കൊണ്ടാണ് കർമ്മേന്ദ്രിയങ്ങൾക്ക് പ്രവർത്തിക്കുവാൻ കഴിയുന്നത്. അവ ഉപസ്ഥം, പായു, പാദം, പാണി, വാക്ക് എന്നിവയാണ്. “ഉപസ്ഥ തത്വം” എന്നാല്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കും മൂത്ര വിസര്‍ജ്ജനത്തിനും ഉപയോഗിക്കുന്ന അവയവങ്ങള്‍ ആണ്. “പായു തത്വം” എന്നാല്‍ വിസര്‍ജ്ജനാവയവത്തെ സൂചിപ്പിക്കുന്നു. “പാദ തത്വം” എന്നാല്‍ ചലിക്കാന്‍ ഉപയോഗിക്കുന്ന കാലുകളാണ്. “പാണി” തത്വം സൂചിപ്പിക്കുന്നത് നാം കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍വ്വഹിക്കുവാന്‍ ഉപയോഗിക്കുന്ന കരങ്ങളെ ആണ്. “വാക്ക് തത്വം” ആകട്ടെ സംസാരിക്കുവാന്‍ ഉപയോഗിക്കുന്ന അവയവങ്ങള്‍ ആണ്.
മനസ്സും അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും തദനുസൃതമായ അഞ്ച് കർമ്മേന്ദ്രിയങ്ങളും രൂപീകൃതമായതിന് ശേഷമാണ് അഞ്ച് തന്മാത്രകളും, പ്രപഞ്ചത്തിൻ്റെ ബിൽഡിംഗ് ബ്ലോക്കുകളായ അഞ്ച് പഞ്ച മഹാഭൂതങ്ങളും ഉണ്ടാകുന്നത്.
പഞ്ച തന്മാത്രകൾ
പഞ്ച തന്മാത്രകൾ എന്ന് വിവക്ഷിക്കുന്നത് ഗന്ധ, രസ, രൂപ, സ്പർശ, ശബ്ദ എന്നിങ്ങനെയാണ്. അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍ക്ക് അനുരൂപമായിട്ടുള്ളതാണ് തുടര്‍ന്ന് വരുന്ന പഞ്ച തന്മാത്രാ തത്വങ്ങള്‍. “ഗന്ധ തത്വം” എന്ന തന്മാത്രയിലാണ് ഗന്ധം കുടി കൊള്ളുന്നത്. “രസ തത്വം” എന്ന തന്മാത്രയിലാണ് രസം കുടി കൊള്ളുന്നത്. “രൂപ തത്വം” എന്ന തന്മാത്രയിലാണ് രൂപം കുടി കൊള്ളുന്നത്. “സ്പര്‍ശ തത്വം” എന്ന തന്മാത്രയിലാണ് സ്പര്‍ശം കുടി കൊള്ളുന്നത്. “ശബ്ദ തത്വം” എന്ന തന്മാത്രയിലാണ് ശബ്ദം കുടി കൊള്ളുന്നത്. മനസ്സിൻ്റെ താമസിക അഹങ്കാരത്തിൽ നിന്നും ആണ് പഞ്ച തന്മാത്രകൾ ഉണ്ടാകുന്നത്.