പഞ്ചഭൂത സിദ്ധാന്തം

പഞ്ച  ഭൂതങ്ങൾ (പഞ്ച മഹാഭൂതങ്ങൾ എന്നും പറയും)  പൃഥ്‌വി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ്. പഞ്ച മഹാ ഭൂതങ്ങൾ എന്നാൽ നിശ്ചിതമായ സ്വഭാവങ്ങളോട് കൂടിയ  അഞ്ച് അസ്തിത്വമുള്ള അവസ്ഥകളിലും വികസിച്ച് വ്യാപിക്കുവാനുള്ള കഴിവാണ്.   ഭാരതീയ വിജ്ഞാനം അനുസരിച്ച്, പഞ്ച മഹാ ഭൂതങ്ങളാണ് സമസ്ത പ്രപഞ്ചത്തിൻ്റേയും   ബിൽഡിംഗ് ബ്ലോക്കുകൾ. പൃഥ്‌വി, ജലം, അഗ്നി, വായു, ആകാശ എന്നെല്ലാം പറയുമ്പോൾ അവയെല്ലാം നമുക്ക് ചിരപരിചിതങ്ങളായ ആ പേരുകളിൽ അറിയപ്പെടുന്ന വസ്തുക്കൾ ആണെന്ന് തെറ്റിദ്ധരിക്കരുത്. അവയുടെ സ്വഭാവങ്ങളാകുന്ന തത്വങ്ങൾ ആണ് ആ പേരുകളിൽ അറിയപ്പെടുന്ന പഞ്ച മഹാ ഭൂതങ്ങൾ എന്ന് മനസ്സിലാക്കണം.

“ഭൂതം” എന്നാൽ, “ഭൂതി” നൽകപ്പെട്ടത് അഥവാ, “അസ്തിത്വം” നൽകപ്പെട്ടത് എന്നാണ് അർത്ഥം.    വിവിധ അനുപാതത്തിലുള്ള വിവിവിധ  “തന്മാത്ര”കൾ    ചേർന്നാണ് പഞ്ചഭൂതങ്ങൾ ഉണ്ടാകുന്നത്.  പഞ്ചഭൂതങ്ങൾ എന്നാൽ പുരാതന സോമത്താൽ (വരുണത്താൽ) ദൃഢത നൽകപ്പെട്ട അഞ്ചു വിധത്തിലുള്ള അടിസ്ഥാന  തത്വങ്ങൾ   എന്നാണ് അർത്ഥം. ഇവയെ “പഞ്ചഭൂത സിദ്ധാന്തം” എന്നാണു അറിയപ്പെടുന്നത്. പ്രപഞ്ചത്തിലുള്ള സർവ്വ നിലനിൽപ്പുകളൂം രൂപീകരിക്കപ്പെട്ടത് ഈ അഞ്ചു അടിസ്ഥാന ഭൂതങ്ങളുടെ വിവിധ സംയോജനത്തിലൂടെ ഉള്ള പ്രവർത്തന ഫലമാണ്.

പഞ്ചഭൂത സിദ്ധാന്തം എന്നത് വളരെ വലിയ അടിത്തറയുള്ള  ഒന്നാണ്.  ആധുനിക സയൻസിൻ്റെ രീതികൾപോലെ തന്നെ ഭാരതീയ ഋഷിമാരും നിരവധി പരീക്ഷണ നിരീക്ഷണങ്ങൾ ആവർത്തിച്ചു ചെയ്ത് ഉറപ്പുവരുത്തിയ ശേഷം ആണ് സിദ്ധാന്തങ്ങൾ സ്ഥാപിക്കുന്നത്. അതുമാത്രമല്ല നിരവധി തലമുറകൾ തന്നെ ഈ സിദ്ധാന്തങ്ങൾ വാദിച്ച് തർക്കിച്ച് പരിശോധിച്ച്  പുനർ സ്ഥാപിക്കപ്പെട്ടവും ആണ്. 

“സിദ്ധാന്തോർ നാമ, പരീക്ഷകേർ ബഹുവിധം പരീക്ഷ്യാത് സ്ഥാപ്യതേ ഇതി” എന്നാണ്  സിദ്ധാന്തത്തിൻ്റെ നിരുക്തം.  അതായത്, ബഹുവിധ പരീക്ഷണ  നിരീക്ഷണങ്ങളാൽ നിർണ്ണയിച്ച്  സ്ഥാപിച്ചിട്ടുള്ളതാണ്  സിദ്ധാന്തം എന്ന് ചുരുക്കം. ഇനി, എങ്ങിനെയാണ് പഞ്ചഭൂതഗണങ്ങൾ  ഉണ്ടാകുന്നത് എന്ന് നോക്കാം. 

പ്രപഞ്ചമാകെ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് സോമം എന്ന് ഭാരതീയ വൈജ്ഞാനിക ശാസ്ത്രം പറയുന്നു. ഡാർക്ക് മാറ്റർ ഡാർക്ക് എനർജി എന്ന് ആധുനിക ശാസ്ത്രം നിരൂപിക്കുന്നത് ഈ സോമത്തെയാണ്. ശൂന്യതയിൽ നിറഞ്ഞു നിൽക്കുന്ന ഈ സോമം തന്നെയാണ് ആകാശം  (“സ്പേസ്”). ഈ സോമം തന്നെയാണ് ആധുനിക സയൻസിൻ്റെ ‘സ്ട്രിംഗ് തിയറി’രൂപീകരിച്ച് സംശയിച്ചു നിൽക്കുവാൻ  സയൻസിന് കാരണമാകുന്നത്. ഈ സോമം തന്നെയാണ് സർവ്വതിനേയും വഹിച്ചുകൊണ്ടുപോകുന്ന ‘മീഡിയം’ അഥവാ ‘മാദ്ധ്യമം’.  ഈ സോമാകാശത്തിൽ നിന്നും ആണ്   പഞ്ചഭൂതങ്ങൾ ഉണ്ടാകുന്നത്.

കണങ്ങൾ ഉണ്ടാകുന്നത് എങ്ങിനെയാണെന്ന് നമ്മൾ മനസ്സിലാക്കി. ഒരു കണത്തിൻ്റെ സ്വഭാവം എന്താണോ അതേ  സ്വഭാവം തന്നെ ആ കണത്തിന് ചുറ്റും അതിന് പുറത്തും ഉണ്ടായിരിക്കും. ഒരു കാന്തത്തിന് ചുറ്റും കാന്തിക വലയം നിലനിൽക്കുന്നത് പോലെയാണിതും. ഉദാഹരണത്തിന്, ഒരു കണത്തിന് താപ പ്രസരണ സ്വഭാവം ആണെങ്കിൽ, ആ കണത്തിന് ചുറ്റും ഉള്ള ആകാശത്തിനും അതേ താപ പ്രസരണ സ്വഭാവം തന്നെ ആയിരിക്കും ഉണ്ടായിരിക്കുക. ഇപ്രകാരമുള്ള കണങ്ങളുടെ തനതായ ആകർഷണ ബലങ്ങൾ ഉപയോഗിച്ച് പല കണങ്ങളും  കൂട്ടിച്ചേർന്നാണ് പഞ്ചഭൂതങ്ങൾ ഉണ്ടാകുന്നത്. ആകാശം, വായു, അഗ്നി, ജലം, പൃഥ്‌വി എന്നീ അഞ്ച് തത്വങ്ങളാണ് പഞ്ചഭൂത തത്വങ്ങൾ. ഇവ ഒന്നും തന്നെ ഈ പേരുകൾ ഉള്ള വസ്തുക്കൾ അല്ല എന്ന് ശ്രദ്ധിക്കണം. ആ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന അവയുടെ അടിസ്ഥാന സ്വഭാവങ്ങളെയാണ് ഈ പേരുകൾ ഇവിടെ സൂചിപ്പിക്കുന്നത്. 

പ്രപഞ്ചം മുഴുവനും നിറഞ്ഞു നിൽക്കുന്ന സോമം തന്നെയാണ് ആകാശം എന്ന ഭൂതം അഥവാ നിലനിൽപ്പ് ലഭിച്ച ആകാശ ഭൂതം. കണങ്ങൾക്ക് “ഭൂതി” നൽകുന്നത് കൊണ്ടാണ് അവയെ “ഭൂതം” എന്ന് വിളിക്കുന്നത്. ‘ഭൂതി നൽകുക’ എന്നാൽ “നിലനിൽപ്പിലേക്ക് കൊണ്ടുവരുക”  എന്നാണ് അർത്ഥം. വരുണമാണ് “ഭൂതി നൽകുന്ന ഘടകം. 

ആദ്യം, ഈ ആകാശമാകുന്ന സോമം വായുവിനേയും അഗ്നിയേയും ഉണ്ടാക്കുകയാണ് ചെയ്യുന്നത്.  വായു സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ച് വേദങ്ങൾ പറയുന്നത് ഇങ്ങിനെയാണ്.  ആകാശമാകുന്ന സോമത്തിൽ  അഗ്നിയുടെ ഒരു കണം പതിച്ചപ്പോൾ സോമം വികാരവത്തായിത്തീരുകയും, ആ വികാരവത്തായി മാറിയ ആകാശ സ്വഭാവത്തെ   വരുണം ആകർഷിച്ച്  ബന്ധിച്ച് അതിനെ വായുഭൂത കണങ്ങൾ ആയി മാറ്റി. ഈ കണങ്ങൾ സൗരയൂഥത്തെപ്പോലെ കൂടി ചേർന്ന്  വാതക രൂപത്തിലുള്ള ദ്രവ്യങ്ങളെ ഉണ്ടാക്കുന്നു അല്ലെങ്കിൽ അത്തരത്തിലുള്ള ദ്രവ്യങ്ങൾക്ക് ‘ഭൂതി’ നൽകുന്നു. അങ്ങിനെയാണ് “ആകാശാത് വായു:” എന്ന വേദവാക്യം വരുന്നത്. 

അഗ്നി    പ്രകാശത്തേയും ചൂടിനേയും   പ്രസരിപ്പിച്ച് വികസിച്ച് വിഘടിച്ച് ഒരു പ്രത്യേക ഘട്ടത്തിൽ എത്തുമ്പോൾ  അതിൻ്റെ വികാസ വിഘടന സ്വഭാവം അവ്യക്തമായി അത് സോമമായി തീരുന്നത് നമ്മൾ കണ്ടു. ഈ സോമം കേന്ദ്രീകൃതമാകുമ്പോൾ, അതേ സോമം തിരികേ അഗ്നിയായി മാറുന്നു. അതുപോലെ തന്നെ,  രണ്ട് വായു ഭൂതങ്ങൾ തമ്മിൽ ഉണ്ടാകുന്ന അവയുടെ ആപേക്ഷികമായ ആകർഷണ-വികർഷണ ബലം കൊണ്ട് അവ തമ്മിൽ അടുക്കുകയും അകലുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന കമ്പനത്താൽ അഗ്നിത്വം അഥവാ താപം   ഉണ്ടാകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വാതകരൂപത്തിഉള്ള വായു ഭൂത കണങ്ങൾ ചേരുമ്പോൾ ഉണ്ടാകുന്ന താപമെന്ന ആകാശ സ്വഭാവത്തെ  വരുണ കണങ്ങൾ  ആകർഷിച്ച്‌ ബന്ധിച്ച് നിലനിൽപ്പ് നൽകുന്നതാണ് “അഗ്നി ഭൂതം”.  താപത്തെ നൽകുന്ന വിധത്തിൽ ‘ഭൂതി’ നല്കപ്പെട്ടതാണ് അഗ്നി ഭൂതം. അഗ്നിഭൂതത്തിനും വാതക സ്വഭാവം തന്നെ  ആണ്.  അതിനാലാണ് “വായുവാത്  അഗ്നി:” എന്ന വേദ വ്യാക്യം.

അഗ്നിഭൂതത്തിന് ചുറ്റും ഉള്ള ആകാശം ചൂടുപിടിച്ച് അഗ്നിയെപ്പോലെ തന്നെ അടിക്കടി വികസിച്ച് മുന്നേറുമ്പോൾ, ആ വികസനത്തിൻ്റെ ഒരു ഘട്ടത്തിൽ,  ആ പ്രദേശത്തെ ആകാശം അഗ്നിഭൂതത്തിൻ്റെ താപത്തെ  അതിൻ്റെ എതിർ സ്വഭാവം ഉപയോഗിച്ച് സമതുലനം ചെയ്യുന്ന    ശീത സ്വഭാവമുള്ളതായി  മാറുന്നു. അഗ്നിയിൽ നിന്നും സോമം ഉണ്ടാകുന്നത് പോലെ തന്നെയാണ് ഇതും. ഈ ആകാശ സ്വഭാവത്തെ വരുണ  കണങ്ങൾ ആകർഷിച്ച് ബന്ധിച്ച് ‘ഭൂതത്വം” നൽകുന്നതാണ് “ജലം” എന്ന ഭൂതകണം. ഇവയ്ക്ക് ശീത സ്വഭാവമുള്ള, സങ്കോച സ്വഭാവമുള്ള, ഖനീഭവ സ്വഭാവമുള്ള ദ്രാവകങ്ങളെ  സൃഷ്ടിക്കുവാനുള്ള കഴിവ് ഉണ്ട്.  ‘ജലം’ എന്നാൽ ജഡത്വത്തെ ഉണ്ടാക്കുന്നത് എന്നും, ‘ജഡം’ എന്നാൽ ‘ഘനീഭവിക്കുന്നത്’ എന്നുമാണ് അർത്ഥം.  അതിനാലാണ് ‘അഗ്നിയാത്  ജല:’ എന്ന വേദ വാക്യം രൂപംകൊള്ളുന്നത്.

അതുപോലെ ‘ജലാത് പൃഥ്‌വി:’ എന്നതാണ് അടുത്ത ഘട്ടം. ഇപ്രകാരം ശീത സ്വഭാവവും ഖനീഭവ സ്വഭാവവും ഉള്ള ജലം എന്ന ആകാശ സ്വഭാവത്തെ  വരുണം  ആകർഷിച്ച്  ബന്ധിച്ച് ഭൂതത്വം നൽകുന്നതാണ് ‘പൃഥ്‌വി’. ഏറ്റവും അധികം കഠിന ദ്രവ്യങ്ങളെ സൃഷ്ടിക്കുന്നതാണ് പൃഥ്‌വി ഭൂതം. 

പ്രകൃതിയുടെ നാല് ഫണ്ടമെൻറ്റൽ ഫോഴ്‌സുകൾ 

 ഇക്കാര്യം നമ്മൾ  തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും  പ്രകൃതിയിലെ നാല് അടിസ്ഥാന ശക്തികൾ അനസ്യൂതം  നമ്മളിൽ പ്രവർത്തിക്കുന്നുണ്ട് – ഗ്രാവിറ്റി, വീക്ക് ന്യൂക്ലിയർ  ഫോഴ്സ്, എലെക്ട്രോ മാഗ്നെറ്റിസം, സ്ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്സ്. ഈ ശക്തികൾ പ്രപഞ്ചത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളേയും  നിശബ്ദമായി സ്വാധീനിച്ചു കൊണ്ടിരിക്കുന്നുണ്ട്.  

ആധുനിക സയൻസിൻ്റെ പ്രസ്തുത സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് വിശദീകരിച്ചാൽ ഇങ്ങനെ പറയാം. വരുണ കണങ്ങൾ അധികമായി ഭൂതത്വം നൽകിയിരിക്കുന്ന  വസ്തുക്കൾക്ക് ഗ്രാവിറ്റി അഥവാ ഗുരുത്വാകർഷണ  ശക്തി അധികമായിരിക്കും. സോമം തരംഗ സ്വാഭാവിയായത് കൊണ്ട് സോമ കണങ്ങൾ അധികമായ ഭൂതഗണങ്ങൾക്ക് തരംഗ സ്വഭാവം അധികമായിരിക്കും. അതാണ് ഇലക്ട്രോ മാഗ്നെറ്റിക് തരംഗ സ്വാഭാവം നൽകുന്ന വസ്തുക്കൾ. വരുണൻ്റെ  ശക്തി പ്രഭാവത്താൽ ഉയർന്ന ഭൂതത്വം ലഭിച്ചിരിക്കുന്ന ജലഭൂതങ്ങൾക്കും  പൃഥ്‌വി ഭൂതങ്ങൾക്കും  വളരെ ബലവത്തായ തേജോബിന്ദുക്കൾ (ന്യുക്ലിയസ്) ഉള്ളതുകൊണ്ട് അവയുടെ ന്യൂക്ലിയർ ഫോഴ്സ് ബലവത്തായിരിക്കും. എന്നാൽ വാതക രൂപത്തിലും, താപ രൂപത്തിലും ഉള്ള, വരുണത്വം കുറഞ്ഞ നിലയിൽ ഭൂതത്വം സിദ്ധിച്ച  വസ്തുക്കളുടെ തേജോബിന്ദുക്കൾ (ന്യുക്ലിയസ്) താരതമ്യേന ബലം കുറഞ്ഞവയായിരിക്കും. അതിനാൽ അവയുടെ ന്യൂക്ലിയർ ഫോഴ്സ്  ദുർബലമായിരിക്കും.