വളരെ അശ്രദ്ധമായിട്ടാണ് മലയാള പദങ്ങളും ഭാഷയും നമ്മൾ ഇന്ന്   ഉപയോഗിക്കുന്നത്. വികടമായ പല പദപ്രയോഗങ്ങളും മലയാള ഭാഷയുടെ നിത്യ ഉപയോഗത്തിൽ നമുക്ക് ഇന്ന് കാണാം. “അടിപൊളി”, “തേച്ചു”, “മരണപ്പെട്ടു”, എന്നു തുടങ്ങി  ഒരു അടിസ്ഥാനവും ഇല്ലാത്ത പുതിയ ഭാഷാ പ്രയോഗങ്ങൾ മലയാള ഭാഷയെ വികലമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലമാണ് ഇന്ന്. എങ്ങിനെയാണ് വാക്കും വാണിയും രൂപീകൃതമായതെന്ന് പരിശോധിക്കാം.

അഗ്നിയെയാണ് ആദി മനുഷ്യർ ആദ്യമായി അത്ഭുതത്തോടെ നോക്കിയത്. അന്നവർക്ക് സംസാരിക്കുവാനോ ചിന്തിക്കുവാനോ ഒരു ഭാഷയോ, നഗ്നത മറയ്ക്കുവാൻ വസ്ത്രങ്ങൾ പോലുമോ ഉണ്ടായിരുന്നില്ല. അഗ്നിയെ അവർ സാകൂതം, അവരുടെ ബോധത്തെ അഗ്നിയിൽ തന്നെ ലയിപ്പിച്ച്  അവർ ഇരുന്നു. അതുപോലെ തന്നെ മറ്റു പല പ്രകൃതി ഘടകങ്ങളേയും അവർ നോക്കി കണ്ട് അതിൻ്റെ സ്വഭാവങ്ങളെ അവരറിയാതെ തന്നെ അവരുടെ ബോധമണ്ഡലത്തിലേക്ക് കയറ്റി. എങ്ങിനെയാണ് ആദ്യമായി “അഗ്നി” എന്ന പദം  ഉണ്ടായത് എന്ന് ഒരു മാതൃകയായി എടുത്ത് പരിശോധിക്കാം. 

തീകത്തുമ്പോൾ അതിൽ ഉണ്ടാകുന്ന മാറ്റങ്ങളെ അവർ വളരെ അധികം ശ്രദ്ധിച്ചിരുന്നു. തീ ആദ്യമായി ആളി പടരുമ്പോൾ ഉണ്ടാകുന്ന വായുവിൻ്റെ  ശബ്ദം  “ആ..ആ…ഹ് “ എന്നാണെന്ന് അവർ ശ്രദ്ധിച്ചു. ആ ശബ്ദത്തെ അവർ അനുകരിച്ചു. പിന്നീട് അവർ ശ്രദ്ധിച്ചത് വികാസ് വിഘടന സ്വഭാവത്തോടെ മുകളിലേക്ക് വിട്ട് വിട്ട് പ്രവഹിക്കുന്ന തീയുടെ ശബ്ദം  “ഇഗ് ..ഇഗ് ..ഇഗ്” എന്നവർ അനുകരിച്ചു.  അടുത്തതായി തീയുടെ വ്യാപന സ്വഭാവം അവർ “ന് …ന് ….ന് “ എന്ന ശബ്ദമായിട്ടാണ് അവർ അനുകരിച്ചത്.  തുടർന്ന് തീയ് പടരുന്നത് അവർ “ഈ…ഈ..ഈ..” എന്ന ശബ്ദമായിട്ട് അവർ അനുകരിച്ചു. ഈ ധ്വനികളുടെ സമ്മേളിത ഭാവമാണ്  “അ-ഗ്-ന്-ഇ”  അഥവാ “അഗ്നി”. 

മനുഷ്യൻ്റെ  ബോധം പ്രപഞ്ച വിഷയങ്ങൾ ഓരോന്നിലും ലയിപ്പിച്ച് ഇരിക്കുമ്പോൾ,  അവ ഓരോന്നിനെക്കുറിച്ചും അവരുടെ ഇന്ദ്രിയങ്ങളിൽ കൂടി അവർക്ക് ലഭിച്ച ആ വിഷയങ്ങളെക്കുറിച്ചുള്ള പ്രത്യേക അറിവുകൾ അവരുടെ മനസ്സിൽ വികാരങ്ങൾ ഉണ്ടാക്കി. അതായത്, പഞ്ച ഇന്ദ്രിയങ്ങൾ പഞ്ച തന്മാത്രകളിലൂടെ (കണ്ണിലൂടെ പ്രകാശ തന്മാത്ര, ചെവിയിലൂടെ ശബ്ദ തന്മാത്ര, മൂക്കിലൂടെ ഗന്ധ തൻമാത്രം, നാക്കിലൂടെ രസതന്മാത്ര, ത്വക്കിലെ സ്പര്ശ തന്മാത്ര) നമ്മുടെ മനസ്സിൽ എത്തുമ്പോൾ, അവ മനസ്സിൽ വികാരങ്ങളെ ഉയർത്തുന്നു.   ആ വികാരങ്ങൾ  മനുഷ്യൻ്റെ ജീവനിൽ ഉണ്ടാക്കിയ ശബ്ദം, ആ ശബ്ദത്തിൻ്റെ പുറകിലുള്ള അർത്ഥത്തെയാണ് കാണിക്കുന്നത്.  അതായത്, ഇന്ദ്രിയങ്ങൾ തന്മാത്രകളിലൂടെ  നമ്മുടെ മനസ്സിൽ വികാരങ്ങൾ ഉണർത്തുമ്പോൾ, ആ വികാരങ്ങൾ നമ്മുടെ  ജീവൻ ആകുന്ന തരംഗങ്ങളിൽ ഗതിഭേദം വരുത്തുന്നു. ആ ഗതി ഭേദം ആ തരംഗങ്ങളിൽ കമ്പനങ്ങൾ (വൈബ്രേഷൻ) ഉണ്ടാക്കുകയാണ്  ചെയ്യുന്നത്. ആ കമ്പനങ്ങൾ ഉണ്ടാക്കിയ സൂക്ഷ്മ ശബ്ദമാണ്, തീയുടെ ഉദാഹരണത്തിൽ,   “അ-ഗ്-ന്-ഇ”  അഥവാ “അഗ്നി” ആയി രൂപം കൊണ്ടത്.  ഏതൊരു വികാരമാണോ ഏതൊരു ശബ്ദത്തെ പുറപ്പെടുവിച്ചത്, ആ വികാരത്തിനെയാണ് ആ ശബ്ദം “ധരിച്ചത്”  എന്നർത്ഥം. ആ അർത്ഥത്തിനെയാണ് ആ ശബ്ദത്തിൻ്റെ “ധാതു” എന്ന് പറയുന്നത്. ഇതാണ് ഭാഷയുടെ ഒന്നാമത്തെ അർത്ഥ തലം.

ഈ ധാതുവിനോട് പ്രത്യയങ്ങൾ ചേരുന്നതാണ് ഭാഷയുടെ രണ്ടാമത്തെ തലം. “പ്രത്യയം” എന്നാൽ  ഒരു   വാക്കിൻ്റെ  അവസാനത്തിൽ ചേർക്കുന്ന   ശബ്ദ വിശേഷമാണ്. ആ  പദത്തിൻ്റെ അന്ത്യത്തിൽ ചേർക്കുന്ന പ്രത്യയം  ആ പദത്തിൻ്റെ  അർത്ഥത്തിൽ അല്പമായി ചില ഭേദങ്ങൾ വരുത്തുന്നു.

ഭാഷയുടെ മൂന്നാമത്തെ തലം, മുകളിൽപ്പറഞ്ഞ രീതിയിൽ പ്രപഞ്ച ഘടകങ്ങളുമായി നമ്മുടെ ഇന്ദ്രിയങ്ങൾ ഇടപെടുമ്പോൾ ആ ഇടപെടലിൻ്റെ ഫലമായി  നമ്മുട  മനസ്സിൽ ഉയരുന്ന  വികാരങ്ങൾ കാണിക്കുവാൻ ധാതുവിനോട് ചേർക്കുന്ന പ്രത്യയ ശബ്ദത്തിൻ്റെ സാമർത്ഥ്യത്തെയാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ‘അഗ്നി” എന്ന ധാതുവിനോട് കൂടി “ത്വം” എന്ന പ്രത്യയം ചേർക്കുമ്പോൾ ഉണ്ടാകുന്ന “അഗ്നിത്വം” എന്ന പദം നൽകുന്ന അധിക അർത്ഥം, “ത്വം” എന്ന പ്രത്യയ ശബ്ദത്തിൻ്റെ സാമർത്ഥ്യമാണ്. ആ സാമർത്ഥ്യമാണ് ഭാഷയുടെ മൂന്നാമത്തെ തലം.

ഭാഷയുടെ നാലാമത്തെ തലം   നമ്മളെല്ലാവരും സാധാരണ അബോധമായി ഉപയോഗിക്കുന്ന സംസാര ഭാഷയുടെ രീതിയും സ്വഭാവവും ആണ്.  പ്രകാരം എല്ലാ വാണികൾക്കും നാല് അർത്ഥ തലങ്ങൾ ഉണ്ട്. ഇതിൽ ആദ്യം വിവക്ഷിച്ച മൂന്ന് അർത്ഥങ്ങൾ പൊതുവേ എല്ലാവര്ക്കും അജ്ഞാതമാണ്. ഇത് എങ്ങിനെ ഉണ്ടായി എന്ന് അധികം ആർക്കും അറിയില്ല. നാലാമത്തെ വാണിയാണ്  സംഭാഷണത്തിന് പദങ്ങളായിട്ടും, വാചകങ്ങളായിട്ടും എല്ലാം ജനങ്ങൾ ഇന്ന്  ഉപയോഗിക്കുന്നത്.