ഏകത്വത്തിൽ നിന്നും ബഹുത്വം     

ഒരു “സംഗതി” നിലനിൽക്കുന്നുണ്ട്, അല്ലെങ്കിൽ ഒരു ‘സംഗതിക്ക്’ അസ്ഥിത്വം ഉണ്ട്  എന്ന് ഏത് പമ്പര വിഡ്‌ഢിക്കും മനസ്സിലാകുന്നത് അത് സ്വന്തം  കണ്ണുകളാൽ കാണുവാൻ കഴിയുമ്പോൾ, അല്ലെങ്കിൽ സ്വന്തം വിരലുകളാൽ  സ്പർശിക്കുവാൻ കഴിയുമ്പോൾ മാത്രമാണ്. അതായത് ഭൗതികമായി  നിലനിൽപ്പ് ഉള്ള ഒന്നിനെ മാത്രമേ ആരും പെട്ടെന്ന് ഒരു ‘സത്യ’മായിട്ട് അംഗീകരിക്കുകയുള്ളൂ. എന്നാൽ, “മനസ്സ്” എന്ന  ഒരു ‘സംഗതി’ സത്യമാണെന്ന് അതിനെ കണ്ടിട്ടില്ലെങ്കിലും, സ്പർശിച്ചിട്ടില്ലെങ്കിലും എല്ലാവർക്കും  അറിയുകയും ചെയ്യാം.  മനസ്സ് ഭൗതികമായ ശരീരത്തോട് ചേർന്ന് മാത്രം നിൽക്കുന്നത് കൊണ്ട് മനസ്സും ഭൗതികം തന്നെയാണ്. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്, ഒരു വസ്തുവിന് ദൃഷ്ടിഗോചരമല്ലാതേയും  നിലനിൽക്കാം. ജലവും നീരാവിയും H2O തന്നെയാണെങ്കിലും ഒന്ന് ദൃഷ്ടിഗോചരം ആയിരിക്കുകയും, മറ്റൊന്ന് ദൃഷ്ടിഗോചരം അല്ലാതെ ആയിരിക്കുകയും ചെയ്തിരിക്കുന്നപോലെ തന്നെ ആണ് ഇതും. ഇനി അന്തരീക്ഷത്തിലെ ഇലക്ട്രോ മാഗ്നെറ്റിക്ക് മണ്ഡലങ്ങൾ എന്ന് പറയുന്നത് പ്രപഞ്ചത്തിലെ അദൃശ്യമായ ചില പ്രത്യേക ഊർജ്ജ മണ്ഡല സാന്നിദ്ധ്യമാണ്. ശരീരം പോലെ കാണുവാനോ, മനസ്സ് പോലെ ഉണ്ടെന്ന് ഊഹിക്കുവാനോ കഴിയുന്ന ഒരു ‘സംഗതി’യല്ല.  ഇതിൽ നിന്നെല്ലാം ചില കാര്യങ്ങൾ വ്യക്തമാണ്. ഏറ്റവും അദൃശ്യമായ, പരമ സൂക്ഷ്മമായ ഒന്നിൽ നിന്നും  ഏറ്റവും ദൃശ്യതയുള്ള ഒരു ഖരപദാർത്ഥം നിലവിൽ വരണമെങ്കിൽ, സുതാര്യതയുടെ ക്രമാനുഗതമായിവരുന്ന ഒരു ക്രമത്തിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. മഞ്ഞു കട്ട, ജലം, നീരാവി എന്നിവയുടെ രൂപീകരണ  ക്രമം പരിശോധിച്ചാൽ ഇത് മനസ്സിലാകും. 


അങ്ങിനെയാണെങ്കിൽ, ബ്രഹ്മൻ  എന്ന ഏകത്വത്തിൽ നിന്നും  പ്രപഞ്ചം എന്ന ബഹുത്വം നിലവിൽ വരുന്നതും ന്യായമായും ഇപ്രകാരം ക്രമാനുഗതമായിവരുന്ന ഒരു ക്രമത്തിലൂടെ തന്നെ ആയേ മതിയാവൂ. 


ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന ഏതു പ്രതിഭാസവും   അടിസ്ഥാനപരമായി ഊർജ്ജമാണെന്ന് ആധുനിക സയൻസ് ഇന്ന്  അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സയൻസിന് അളക്കുവാൻ കഴിയാത്ത  മറ്റെന്തോ ഒന്ന്  കൂടി ഊർജ്ജത്തിനും അതീതമായി   പ്രപഞ്ചത്തിൽ നിലനിൽക്കുന്നുണ്ട് എന്ന് സയൻസ് സമ്മതിക്കുന്നു. പ്രപഞ്ചത്തിൽ നിലനിൽപ്പുള്ള സർവ്വതിനേയും  ഒരുമിച്ച് കൂട്ടിപ്പിടിച്ച് നിറുത്തുവാൻ കഴിവുള്ള എന്തോ ഒന്ന്  ഊർജ്ജത്തിൻ്റെ  മറ്റൊരു മാനമായി അല്ലെങ്കിൽ ഊർജ്ജത്തിനും  ഉപരിയായി  ഉണ്ടെന്ന് സയൻസ് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പക്ഷേ ആ ഊർജ്ജേതര ശക്തിയുടെ  സ്വഭാവത്തെക്കുറിച്ച് സയൻസിന് ഒരു എത്തുംപിടിയും ഇല്ല.  അതുകൊണ്ട് സയൻസ് അതിനെ  ‘ഡാർക്ക് എനർജി’ എന്ന് വിളിച്ചുവരുന്നു. അതുപോലെ തന്നെ, നമ്മുടെ ആകാശഗംഗാ ഗാലക്‌സിയുടേയും, അതുപോലെയുള്ള മറ്റു ഗലാക്സികളുടേയും എല്ലാം   മദ്ധ്യ  കേന്ദ്രത്തിൽ, സൃഷ്ടിയെ നിരന്തരം വലിച്ചെടുക്കുന്ന ഒരു ‘ബ്ലാക്ക് ഹോൾ’ ഉണ്ടെന്നും സയൻസ് പറയുന്നു.  പ്രസ്തുത ബ്ളാക് ഹോളുകൾ    സൃഷ്ടിയും സംഹാരവും ഒരേസമയം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥലമാണെന്നും, അതുകൊണ്ട് ഒരുതരം  “സിംഗുലാരിറ്റി” (ഏകത്വം) ആണ് ബ്ലാക് ഹോളുകളിൽ ഉള്ളതെന്നും സയൻസ് പറയുന്നു.  അതിനർത്ഥം  ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആധുനിക സയൻസ് സനാതനഃ ധർമ്മത്തിലെ “അദ്വൈത”ത്തിൻ്റെ  ഭാഷ ഏറെക്കുറെ സംസാരിക്കുവാൻ തുടങ്ങിയിരിക്കുന്നു എന്ന് തന്നെ ആണ്. 


ആധുനിക സയൻസിൻ്റെ വീക്ഷണത്തിലൂടെ നോക്കുകയാണെങ്കിൽ, ആധുനിക സയൻസ് അറിയുന്നുവെന്ന് ഇന്ന് അവകാശപ്പെടുന്നത് മൊത്തത്തിൽ നിലനിൽപ്പുള്ള ബ്രഹത് പ്രപഞ്ചമെന്ന പ്രതിഭാസത്തിൻ്റെ    നാല് ശതമാനം മാത്രമാണ്.  സയൻസിന് തൻ്റെ  അറിവിൻ്റെ പരിധിക്കുള്ളിൽ  വരുന്ന നാലുശതമാനം എന്ന് പറയുന്നത്  ഭൂമിയും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, സൗരയൂഥവും, ആകാശ ഗംഗയും,  ഗലാക്സികളും മാത്രമല്ല. നിലനിൽക്കുന്നുണ്ട് എന്നറിയാമെങ്കിലും,     ഇനിയും സയൻസിന് വഴങ്ങാതെ നിൽക്കുന്ന  ഡാർക് മാറ്ററും, ബ്ളാക്ക് ഹോളുകളൂം ഈ നാല് ശതമാനത്തിൽ പെടും. ഈ നാലു ശതമാനത്തിന് ജന്മം നൽകി ഇതിനെ എല്ലാം നിലനിൽപ്പിലേക്ക് കൊണ്ടുവന്ന്  അവയെ എല്ലാം കൃത്യമായി ഒരുമിച്ച്  കൂട്ടിപ്പിടിച്ചു നിർത്തി, അവയെ എല്ലാം, സദാ സമയവും നവീകരിച്ചു നിലനിർത്തിക്കൊണ്ടിരിക്കുന്നത്  തീർച്ചയായും  സ്വന്തമായി തന്നെ ഒരു   നിലനിൽപ്പുള്ള ബാക്കി തൊണ്ണൂറ്റിയാറ്  ശതമാനമാണ്.  അതായത്  ഈ നാല് ശതമാനം പ്രതിഭാസങ്ങൾക്ക് രൂപംകൊടുത്തു കൊണ്ട്    അവയെല്ലാം ഒരു  നിലനിൽപ്പിലേക്ക് കൊണ്ടുവന്നത് ആ തൊണ്ണൂറ്റിയാറ്  ശതമാനമാണ്. പ്രസ്തുത നാല് ശതമാനത്തിന്  ആധാരമായി  പ്രവർത്തിക്കുന്ന അതി ബ്രഹ്ത് ആയ,  അജ്ഞാതമായ എന്നാൽ തികച്ചും സപ്രജ്ഞമായ, ഏതോ  ഒരു ഏകത്വ അസ്ഥി ത്വം ഉണ്ട് എന്നത് സുവ്യക്തമാണ്. അതാണ് ബാക്കിയുള്ള തൊണ്ണൂറ്റിയാറ് ശതമാനം.

നമ്മുടെ സൗരയൂഥത്തിൽ ഉടനീളം   ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് ചെറിയ ബ്ലാക്ക് ഹോളുകൾ ഉണ്ട്. ഓരോന്നിനും ഒരു ആറ്റോമിക് ന്യൂക്ലിയസിൻ്റെ  വലുപ്പമുണ്ട്.  ഈ ചെറിയ ബ്ളാക് ഹോളുകൾ ബിഗ് ബാംഗിൽ  നിന്നുള്ള പ്രാഥമിക അവശിഷ്ടങ്ങളാണെന്നും, അവിടെ സ്ഥല-കാല നിയമങ്ങൾ വ്യത്യസ്തമായിട്ടാണ് കാണുന്നതെന്നും സയൻസ് പറയുന്നു.  ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് അറിയുന്ന നാലു ശതമാനം പ്രതിഭാസങ്ങൾക്ക് അതീതമായി അറിയാത്ത തൊണ്ണൂറ്റിയാറ് ശതമാനം പ്രതിഭാസം   വേറെ നിലനിൽക്കുന്നുണ്ട്  എന്ന് സയൻസ് പോലും സമ്മതിച്ചിരിക്കുന്നു എന്നാണ്.  അതിനർത്ഥം ഈ അറിയപ്പെടുന്ന പ്രപഞ്ചം അന്തമമല്ല, അതിന് കാരണക്കാരനായ മറ്റെന്തോ ഉണ്ട് എന്നാണ്. ആ ‘എന്തോ ഒന്നിൽ’ നിന്നും ആണ് പ്രപഞ്ചം ഉടലെടുത്തതും, നിലനിൽക്കുന്നതും, തിരികെ വിലയം പ്രാപിക്കുന്നതും. പ്രസ്തുത ‘എന്തോ ഒന്നി’നെ ആണ്, സനാതനഃ ധർമ്മം ‘ബ്രഹ്മൻ’ എന്ന് വിളിച്ചത്.


ഭൂമിയും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, സൗരയൂഥവും, ആകാശ ഗംഗയും,  ഗലാക്സികളും, ഡാർക്ക് മാറ്ററും, ബ്ളാക് ഹോളുകളും, എല്ലാം വിഭാവനം ചെയ്യുവാനും, അവയെ ദൃശ്യഗോചരമാക്കിയും അല്ലാതേയും ഒക്കെ ആവശ്യാനുസരണം  സൃഷ്ടിക്കുവാനും ഉള്ള ശക്തിയും അറിവും ആ ഏകത്വത്തിന് ഉണ്ട്.  ആ ഏകത്വ അസ്ഥി ത്വമാണ്  “ഏകദൈവം”.  അനാദിയിലേ നിലനിൽപ്പുള്ള നിത്യശൂന്യതയാകുന്ന, അരൂപമായ ആ മഹാ പ്രജ്ഞാന  സാന്നിദ്ധ്യത്തെയാണ്  നമ്മൾ പൊതുവായി “ദൈവം” എന്ന് വിവക്ഷിക്കുന്നത്. മനുഷ്യൻ്റെ  മനസ്സിന് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരു പ്രതിഭാസമല്ല അത്. കാരണം, മനുഷ്യനും മനുഷ്യമനസ്സും എല്ലാം സൃഷ്ടിക്കപ്പെട്ട നാല് ശതമാനത്തിൽ പെടുന്ന ഒന്നാണ്. പരിമിതമായ നാലുശതമാനത്തിൽ പെടുന്ന ഒരു ചെറിയ മനസ്സിന് അപരിമേയമായ തൊണ്ണൂറ്റിയാറ് ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഒരു  ബ്രഹ്ത് മനസ്സിനെ  മനസ്സിലാക്കുവാൻ കഴിയില്ല. പലവിധത്തിലുള്ള ഉപാധികളിലൂടെ മാത്രമേ ചെറിയ മനസ്സിന് വലിയ മനസ്സിനെ മനസ്സിലാക്കുവാൻ കഴിയൂ. മണ്ണിൽ ഇഴയുന്ന ഒരു മണ്ണിരക്ക്  മനുഷ്യ മനസ്സിനെ മനസ്സിലാക്കി എടുക്കുവാൻ ഉള്ള പരിമിതികൾക്ക് സമാനമാണ് നമ്മുടെ ആ പരിമിതിയും.


നമ്മുടെ ചെറിയ മനസ്സിലൂടെ നോക്കുമ്പോൾ നമുക്ക് കാണുവാൻ കഴിയുന്ന  ഒന്നിന്, അല്ലെങ്കിൽ നമ്മുടെ  കൈകൾകൊണ്ട് സ്പർശിക്കുവാൻ കഴിയുന്ന ഒന്നിന്, മാത്രമേ നിലനിൽപ്പുണ്ടെന്ന് നമുക്ക് പെട്ടെന്ന്  അംഗീകരിക്കുവാൻ കഴിയുകയുള്ളൂ.  എന്നാൽ വാസ്തവത്തിൽ അങ്ങിനെ അല്ല കാര്യങ്ങൾ എന്ന് നിരവധി ഉദാഹരണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. ഉദാഹരണത്തിന്, ഗുരുത്വാകർഷണ ശക്തി, ഇലക്ട്രോ-മാഗ്നെറ്റിക്  മണ്ഡലങ്ങളുടെ സാന്നിദ്ധ്യങ്ങൾ, ചെറുതും വലതുമായ ന്യൂക്ലിയർ ശക്തികൾ, എന്തിന് പറയുന്നു,  സംഗീതത്തിലെ ശ്രുതി, രാഗം തുടങ്ങിയ “സംഗതികൾ” വരെ, നമുക്ക് കാണുവാൻ കഴിയുന്നതോ സ്പര്ശിക്കുവാൻ കഴിയുന്നതോ  ആയ പ്രതിഭാസങ്ങൾ അല്ല. എന്നാൽ അവയെല്ലാം നിലനിൽപ്പുള്ള പ്രതിഭാസങ്ങൾ തന്നെയാണെന്ന നമുക്ക് അറിയാം.  അതുപോലെ നിരവധി പ്രതിഭാസങ്ങൾ നിലനിൽപ്പിൻ്റെ  വിവിധ   സ്ഥിതികളിൽ നിലകൊള്ളുന്നുണ്ട്. നിലനിൽപ്പുകൾ അഥവാ അസ്ഥിത്വങ്ങൾ ഏതെല്ലാം വിധത്തിൽ ഉണ്ടെന്ന് സനാതനഃ ധർമ്മം വിശദമാക്കിത്തരുന്നുണ്ട്. ചില അസ്ഥിത്വങ്ങൾ (നിലനിൽപ്പുകൾ എന്നും പറയാം) തികച്ചും ഭൗതികമാണ്, കണ്ണുകൾ കൊണ്ട്  കാണുവാൻ കഴിയും. വേറെ ചില അസ്ഥിത്വങ്ങൾ ഭൗതികമാണെങ്കിലും, പരിമിതമായ ഒരു രൂപ രേഖ ഉണ്ടെങ്കിലും കാണുവാൻ കഴിയുകയില്ല.  മറ്റു ചിലത് ഒരു രൂപമില്ലാതെ ഏതെങ്കിലും വിധത്തിലുള്ള ഒരു ശക്തി വിശേഷം പ്രകടമാക്കിക്കൊണ്ട് നിലകൊള്ളുന്ന ഒരു ശൂന്യതയാകാം.  അന്തിമമായ ഒരു നിലനിൽപ്പ് ഒരു ശക്തിയും പ്രകടമാക്കാതെ, ഒരു    മണ്ഡലമായി നിലകൊള്ളുന്നവയായാകാം. 


സനാതനഃ ധർമ്മം ഉൾകൊള്ളുന്ന ആശയങ്ങൾ  അനുസരിച്ച്  “നിലനിൽപ്പ്” എന്ന അവസ്ഥയുള്ള സർവ്വതും നിലനിൽക്കുന്നത്  മുകളിൽ വിവരിച്ച നാല് തലങ്ങളിൽ ഉൾപ്പെടുന്ന ഏതെങ്കിലും ഒരു തലത്തിലായിരിക്കും. ഈ തലങ്ങൾക്കെല്ലാം സനാതനഃ ധർമ്മത്തിൽ ഓരോ പേരുകളും ഉണ്ട്.  താഴെ പറയുന്നവയാണ് നിലനിൽപ്പിൻ്റെ ആ നാല് തലങ്ങൾ.     

  1. സ്ഥൂലം, 
  2. സൂക്ഷ്മം, 
  3. ശൂന്യം, 
  4. ശിവം  

അതായത്, “നിലനിൽപ്പ്” ഉള്ള ഒരു പ്രതിഭാസം ഒന്നുകിൽ, സ്ഥൂലമായിട്ടായിരിക്കും നിലനിൽക്കുന്നത്, അല്ലെങ്കിൽ സൂക്ഷ്മമായിട്ടായിരിക്കും, അതുമല്ലെങ്കിൽ ശൂന്യമായിട്ടോ ആയിരിക്കും. ഇത് മൂന്നുമല്ലാത്തത്  “ശിവ”മായിട്ടായിരിക്കും നിലനിൽക്കുക എന്നാണ് സനാതനഃ ധർമ്മം പറഞ്ഞു തരുന്നത്.  

നമ്മുടെ കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്ന പഞ്ചേന്ദ്രിയങ്ങൾ  കൊണ്ട് നേരിട്ട് അനുഭവിച്ചും മനസ്സ് ഉപയോഗിച്ച് അപഗ്രഥിച്ചും മനസ്സിലാക്കുവാൻ കഴിയുന്ന വിധത്തിലുള്ള നിലനിൽപ്പ്  ആണ് “സ്ഥൂലം”. സ്ഥൂലമായ എല്ലാത്തിനും പ്രകടമായ  ഒരു കണികാ സ്വഭാവം ഉണ്ട് – ഒരു അറ്റോമിക് ഘടനയുള്ള ഒരു ഖര പദാർത്ഥ സ്വഭാവം  ഉണ്ട്. അപ്രകാരം   സ്ഥൂലമായിട്ടുള്ള ഒന്നിനെ  നമുക്ക് കാണാം, സ്പർശിക്കാം, രുചിക്കാം, ശ്രവിക്കാം,  ഘ്രാണിക്കാം, എത്ര തവണ വേണമെങ്കിലും അപഗ്രഥിക്കാം, മനസ്സിലാക്കാം. ഉദാഹരണം, മനുഷ്യ ശരീരം സ്ഥൂലമായിട്ടാണ് നിലനിൽക്കുന്നത്.  അപ്രകാരം ഉള്ള ഒന്നിനെയാണ് “ഭൗതികം” എന്ന് പറയുന്നത്. അഞ്ച് ഇന്ദ്രിയങ്ങളിലൂടെ നമുക്ക് അനുഭവപ്പെടുന്നതെല്ലാം ശാരീരികമോ (ഭൗതികം എന്നും പറയാം) സ്ഥൂലമോ ആയി കണക്കാക്കുന്നു. ചുരുക്കത്തിൽ, സ്ഥൂലമായതെല്ലാം നമുക്ക്  അളക്കാവുന്നതും, പരിശോധിക്കാവുന്നതും,  ബുദ്ധികൊണ്ട് വിശകലനം ചെയ്യാവുന്നതും, മനസ്സിലാക്കാനും ഗ്രഹിക്കാനും കഴിയുന്നതും ആണ്.


എന്നാൽ നമുക്ക് ഇപ്പറഞ്ഞ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയുവാൻ കഴിയുന്നില്ല എന്ന കാരണം കൊണ്ട്  ഒരു പ്രതിഭാസം നിലനിൽക്കുന്നില്ല  എന്നൊന്നും നമുക്ക് ശഠിക്കുവാൻ കഴിയുകയില്ല. അസ്ഥിത്വം പഞ്ചേന്ദ്രിയങ്ങൾ കൊണ്ട്  അനുഭവിക്കുവാൻ കഴിയാത്ത വിധം അവയുടെ ഖര സ്വഭാവം കൈവെടിഞ്ഞു കൊണ്ട്  കാണാമറയത്തേക്ക് പോകുമ്പോൾ, അത്തരം നിലനിൽപ്പിനെ “സൂക്ഷ്മം” എന്ന് പറയുന്നു. അപ്പോഴും അതിനു  ഭൗതികമായ ഒരു മാനം തന്നെ ആണ് ഉള്ളത്. പക്ഷേ പഞ്ചേന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കാൻ കഴിയില്ല എന്നുമാത്രം. ബുദ്ധികൊണ്ട് അതിനെ വിശകലനം ചെയ്യാനും കഴിയില്ല. ഒരു ഉദാഹരണം, നമ്മുടെ മനസ്സ് തന്നെ ആണ്. മനസ്സ് കണികാ സ്വഭാവത്തോടെ  നിലനിൽക്കുന്ന  ശാരീരികമായ ഒന്നാണ്. മനസ്സ് ശരീരം മുഴുവനുമായി വ്യാപിച്ചു നിൽക്കുന്ന ഒന്നായത് കൊണ്ട് അതിന് അതിരുകൾ ഉണ്ട് എന്നതിനാൽ അതിന് ഒരു രൂപം ഉണ്ട് എന്ന് പറയാവുന്നതാണ്. എന്നാൽ അതിരുകൾ ഉള്ളത് കൊണ്ട്   മാത്രം  ഒരു വസ്തു  ദൃഷ്ടി ഗോചരം ആകണമെന്നില്ല എന്നർത്ഥം.  നമ്മുടെ മനസ്സ് സൂക്ഷ്മമായ നിലനിൽപ്പുള്ള ഒന്നാണ്. മനസ്സിനെ നമുക്ക് പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അനുഭവിച്ചറിയുവാൻ സാദ്ധ്യമല്ല. കണ്ടിട്ടില്ലെങ്കിലും  മനസ്സ് എന്ന ഒരു “സംഗതി” ഉണ്ടെന്ന് നമുക്കറിയുകയും ചെയ്യാം. 


അസ്ഥിത്വത്തിൻ്റെ  സൂക്ഷ്‌മതലത്തിൽ നിന്നും വീണ്ടും കൂടുതൽ സൂക്ഷ്മതയിലേക്ക് പോയാൽ, അസ്ഥിത്വത്തിൻ്റെ  ശൂന്യതലമായി   – ‘ശൂന്യം’  അഥവാ രൂപത്തിൻ്റെ  അഭാവം ആണ് ശൂന്യത്തിൽ.  ഇവിടെ ഭൗതികമായ ഒരു രൂപം ഇല്ലേ ഇല്ല.  ഭൗതികമല്ലാത്ത ഒന്നിന് മുൻപിൽ  നമ്മുടെ ഇന്ദ്രിയങ്ങളും ബുദ്ധിയും തീർത്തും ഉപയോഗശൂന്യമാണ്. ഗുരുത്വാകർഷണ ശക്തി, ഇലക്ട്രോ-മാഗ്നെറ്റിക്  മണ്ഡലങ്ങളുടെ സാന്നിദ്ധ്യങ്ങൾ, ചെറുതും വലുതുമായ ന്യൂക്ലിയർ ശക്തികൾ ഇവയെല്ലാം രൂപമോ ഭൗതികതയോ ഒന്നും ഇല്ലാത്ത ശൂന്യമായ നിലനിൽപ്പിൻ്റെ മൂന്നാമത്തെ തലമാണ്.

ശൂന്യതലത്തിനപ്പുറമുള്ള അന്തിമമായ തലമാണ്  ‘ശിവം’ എന്ന തലം  – പരമമായ അത്യുന്നതമായ, തീവ്രമായ ശൂന്യാവസ്ഥ. നിലനിൽപിൻ്റെ   നേരേ വിപരീതമായ അവസ്ഥയാണ് “ശിവം”. ഈ അവസ്ഥ ഭൗതികമല്ല, പക്ഷേ അപ്രകാരം തീവ്രമായ ശൂന്യതയുടെ അഭൗമമായ  ഒരു സ്ഥിതി നിലവിലുണ്ട്. അതാണ് ആദ്യം പറഞ്ഞ സ്ഥൂല, സൂക്ഷ്മ, ശൂന്യ നിലയിലുള്ള സർവ്വ അസ്ഥി ത്വങ്ങളുടേയും   അടിസ്ഥാനമായ  ‘ശിവം’ എന്ന തലം. ഈ തലം വ്യക്തിപരമായി ഗ്രഹിക്കുവാൻ  ഒരു സിമ്പോളിസം ആയി മാറുമ്പോൾ  ‘ശിവം’ എന്ന സ്ഥിതി ‘ശിവൻ’ എന്ന സിമ്പോളിസം ആയി സനാതനഃ ധർമ്മം ഉപയോഗിക്കുന്നു. ശിവൻ്റെ ചലിക്കുന്ന അവസ്ഥയാണ് ശൂന്യവും, സൂക്ഷ്മവും, സ്ഥൂലവും ആയ അവസ്ഥയായി മാറുന്നത്.    ശിവൻ്റെ ചലിക്കാത്ത പരമമായ അവസ്ഥയിൽ, ശിവൻ നിത്യനിശ്ചലനാണ്.  നമ്മുടെ സ്വന്തം അസ്ഥി ത്വം നിശ്ചലമാക്കുന്നതിലൂടെ മാത്രമേ നമുക്ക്  ‘ശിവം’ എന്ന അവസ്ഥ അനുഭവിക്കാൻ കഴിയൂ എന്നാണ് സനാതനഃ ധർമ്മം പറഞ്ഞു തരുന്നത്. ധ്യാനത്തിലെ നിശ്ചലാവസ്ഥ ആ അനുഭവത്തിലേക്കുള്ള ചുവടുമാറ്റം ആണ്. 

ജ്ഞാനവും വിജ്ഞാനവും തമ്മിലുള്ള വ്യത്യാസം 

അതുപോലെ തന്നെ, ഒരു നിലനില്പിനെക്കുറിച്ച് നമ്മൾ അറിയുന്നത് പഞ്ചേന്ദ്രിയങ്ങളും മനസ്സും ഉപയോഗിച്ചാണെങ്കിൽ, അത്തരം അറിവിനെയാണ് സനാതനഃ ധർമ്മത്തിൽ “ജ്ഞാനം” എന്ന് പറയുന്നത്. എന്നാൽ ലക്ഷണവും ലക്ഷ്യവും തിരിച്ചറിഞ്ഞ് അതിലൂടെ  ഒരു പ്രതിഭാസത്തെക്കുറിച്ച് ഉള്ളിൽ നിന്നും രൂപീകൃതമാകുന്ന  കൃത്യമായ അന്തര്‍ജ്ഞാനത്തിലൂടെ  സ്വയം വെളിവാകുന്ന അറിവാണ് വിശേഷാൽ അറിവ്, അഥവാ, “വിജ്ഞാനം”. അതായാത്, സ്ഥൂല പ്രതിഭാസങ്ങളെക്കുറിച്ചുള്ള അറിവ് ജ്ഞാനവും സൂക്ഷ്മ, ശൂന്യ, ശിവ പ്രതിഭാസങ്ങളെക്കുറിച്ചുള്ള അറിവ് വിജ്ഞാനവും ആണ്.