സനാതനഃ ധർമ്മത്തിലും  ഏകദൈവം മാത്രം –  “ബ്രഹ്മൻ”

ഇനി മുമ്പോട്ടുള്ള ഭാഗങ്ങൾ വളരെ ശ്രദ്ധിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കണം.  പൊതുവേ, അബ്രഹാമീയ മതങ്ങൾക്ക് സനാതനഃ ധർമ്മത്തിനോടുള്ള വിരോധം സനാതനഃ ധർമ്മത്തിൽ ‘ബഹുദൈവ’ വിശ്വാസമാണ് ഉള്ളത്  എന്ന തെറ്റായ ധാരണമൂലമാണ്. അബ്രഹാമീയ മതത്തിൽ ഏകദൈവ വിശ്വാസമാണ് ഉള്ളത്. സനാതനഃ ധർമ്മത്തിലുള്ളതും ഏകദൈവ വിശ്വാസം തന്നെയാണ്. ഒരു സംശയവും വേണ്ട. ഈ സത്യം സനാതനഃ ധർമ്മത്തിൽ തന്നെ ഉള്ള അധികം പേരും അറിയുന്നില്ല എന്നതാണ് ഖേദകരമായ ഒരു സമാന്തര സത്യം.  സനാതന ധർമ്മത്തിൽ ഉള്ളത് ബഹുദൈവ വിശ്വാസമല്ല, ബഹു ഈശ്വര വിശ്വാസം ആണ്. ദൈവവും ഈശ്വരനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതാണ് ഇതിന് കാരണം. ഈ വ്യത്യാസം പുറകെ വ്യക്തമാക്കുന്നുണ്ട്.  പക്ഷേ,   സനാതനഃ ധർമ്മത്തിലെ ഏക ദൈവത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കാം.


ഇംഗ്ലീഷിൽ “ഗോഡ്” എന്ന  ഒരൊറ്റ പദം മാത്രമേ ഉള്ളൂ ഏറ്റവും വലിയ സത്യത്തെ സൂചിപ്പിക്കുവാൻ. സ്ഥാനത്തും അസ്ഥാനത്തും പുരാതന കാലം മുതലേ ആ പദം ഉപയോഗിച്ച് അർത്ഥം തേഞ്ഞു മാഞ്ഞുപോയ നിലയിലാണ് ഇന്ന്. “ദൈവം” എന്ന പദത്തിന് തത്തുല്യമായ  ഇംഗ്ലീഷ് പദമാണ് ‘ഗോഡ്’.  ഈശ്വരനും ‘ഗോഡ്’ എന്ന പദം തന്നെയാണ് ഇംഗ്ലീഷിൽ  ഉപയോഗിക്കുന്നത്.  അതാണ്  ഈ അബദ്ധ ധാരണകൾക്ക് ഉള്ള  ഒരു പ്രധാന കാരണം.


ഭാരതത്തിലെ പുരാതന ഋഷിവര്യന്മാർ ഏറ്റവും ആദ്യം അന്വേഷിച്ചത്  എന്താണ് ഈ ലോകത്തിലെ ഏറ്റവും അന്തിമമായ, പരമമായ  സത്യം എന്നാണ്. കാരണം,  ജീവിതത്തിൽ ഒന്നും ശാശ്വതമായിട്ടില്ല എന്ന് അവർ മനസ്സിലാക്കി. നമ്മൾ ജനിക്കുന്നു, സുഖദുഃഖങ്ങൾ സമ്മിശ്രമായി  അനുഭവിക്കുന്നു; ആ അനുഭവങ്ങൾ നമ്മിൽ വിവിധ വികാരങ്ങൾ സൃഷ്ടിക്കുന്നു; അതനുസരിച്ച് നമ്മിൽ ഇഷ്ടാനിഷ്ടങ്ങൾ രൂപീകൃതമാകുന്നു; അതിനേ തുടർന്ന്  അനിഷ്ടകരമായ ദുഃഖത്തിൽ നിന്നും ഓടി ഒളിക്കുവാനും, ഇഷ്ടകരമായ സുഖത്തിലേക്ക് ഓടി എടുക്കുവാനും ഉള്ള പ്രവണത നമ്മിൽ ഉണ്ടാകുന്നു. ഈ പ്രവണത നമ്മുടെ പ്രവൃത്തികളെ വിവിധ രൂപത്തിൽ നിയന്ത്രിക്കുന്നു. അതിൻ്റെ ഫലമായി ആദ്യത്തെ സമ്മിശ്രാനുഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നു.  എന്നിട്ട്,  ഓർക്കാപ്പുറത്ത് ഒരു  ദിവസം  മരിച്ചുപോകുന്നു. 


ഇവിടെ  ജീവിതത്തിൽ ഒന്നിനും ഒരു  സ്ഥിരതയില്ല. എല്ലാം മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്നലെ കണ്ടവരെ ഇന്ന് കാണുന്നില്ല. ഇന്ന് കണ്ടവരെ നാളെ കാണുന്നില്ല. എല്ലാവരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിത്യദുഃഖത്തിൽ  നിപതിച്ച് ഉഴലുന്നു. ഇടക്കിടക്ക് വിരുന്നുകാരെപ്പോലെ വന്നു പോകുന്ന ചെറിയ സന്തോഷങ്ങൾ.. അങ്ങിനെ ഒക്കെ ആണെങ്കിലും എല്ലാവരും നിതാന്തമായി  അന്വേഷിക്കുന്നത് ശാശ്വതമായ ആനന്ദം ഒന്ന് മാത്രമാണ്. ആർക്കും അത് കൈപ്പിടിയിൽ ലഭിക്കുന്നുമില്ല.  ഇതെല്ലാം ജീവിതത്തെ കൂലംകുഷമായി ശ്രദ്ധിച്ചപ്പോൾ ഋഷിമാർക്ക് മനസ്സിലായ കാര്യങ്ങൾ ആണ്. അതുകൊണ്ട്, ഈ അലങ്കോലങ്ങൾക്കിടയിൽ എന്താണ് ശാശ്വതമായ സത്യം എന്ന് അവർ അന്വേഷിച്ചത് തികച്ചും സ്വാഭാവികം മാത്രം.


പക്ഷേ, അവർ അന്വേഷിക്കുന്നത് എന്താണെന്നതിനെക്കുറിച്ച്  അവർക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. വെറുതേ ഇരുട്ടിൽ തപ്പുകയായിരുന്നില്ല അവർ ചെയ്തത്. അവർ അന്വേഷിക്കുന്ന പരമമായ സത്യത്തെ അവർ ആദ്യമേ തന്നെ കൃത്യമായി നിർവ്വചിച്ചിരുന്നു. ഏതെങ്കിലും ഒന്നിനെ പരമമായ  സത്യമായി ഋഷിമാർ അംഗീകരിക്കണം എങ്കിൽ അതിന് മൂന്ന് നിബന്ധനകൾ അവർ മുന്നോട്ടു വച്ചിരുന്നു. 

ഒന്നാമത്തെ നിബന്ധന, പരമമായ സത്യത്തിന് സർവ്വ സ്വതന്ത്രമായ ഒരു  സ്വയം നിലനിൽപ്പ് ഉണ്ടാകണം.  സ്വന്തം ജനനത്തിനോ നിലനില്പിനോ വേണ്ടി രണ്ടാമത് മറ്റെന്തിനെ എങ്കിലും  ആശ്രയിക്കേണ്ടി വരാതെ,  സ്വയം നിത്യമായ അനന്തമായ  നിലനിൽപ്പുണ്ടായിരിക്കണം  പരമമായ സത്യത്തിന്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വയം ഭൂവായി നിത്യനിതാന്തമായ നില നിൽപ്പുണ്ടെങ്കിലേ, അതിനെ ‘പരമമായ സത്യം’ എന്ന്  അംഗീകരിക്കുവാൻ കഴിയൂ. ഇതാണ് ഒന്നാമത്തെ നിബന്ധന.  ഉദാഹരണത്തിന് നമ്മൾ ആരും തന്നെ പരമമായ സത്യം അല്ല. കാരണം, നമ്മൾ ഉണ്ടായത് തന്നെ നമുക്ക് ഒരച്ഛനും അമ്മയും ഉണ്ടായതുകൊണ്ടാണ്. നമ്മുടെ നിലനിൽപ്പിന് നമുക്ക് പലതിനേയും നിരന്തരം  ആശ്രയിക്കേണ്ടി വരും.  അതുകൊണ്ട് നമ്മൾ ആരും പരമമായ സത്യം ആയി അംഗീകരിക്കപ്പെടുകയില്ല.

രണ്ടാമത്തെ   നിബന്ധന, പരമമായ സത്യം  സർവ്വ വ്യാപിത്വം ഉള്ള ഒന്നായിരിക്കണം എന്നുള്ളതാണ്. ഇവിടെ ഉണ്ട്, അവിടെ ഇല്ല എന്ന് വന്നാൽ, അത് സർവ്വ വ്യാപിത്വം  ഹനിക്കുന്ന ഒരു പരിമിതിയാണ്. അതായത് ഒരു രൂപം ഉണ്ടെങ്കിൽ, ആ രൂപത്താൽ അത് പരിമിതമായി ഇവിടെ അല്ലെങ്കിൽ അവിടെ മാത്രം  നിൽക്കേണ്ടിവരും. ഒരേസമയത്ത് ഇവിടേയും, അവിടേയും എവിടേയും നിലകൊള്ളണം എങ്കിൽ അതിന് രൂപമോ, കാലമോ, സ്ഥലമോ ഒരു പരിമിതയായി ഉണ്ടായിരിക്കരുത് എന്ന് വ്യക്തമാണ്.   അപ്പോൾ, പരമമായ സത്യത്തിന് ഒരു രൂപം  ഉണ്ടാകരുത്. നമ്മൾ എല്ലാവരും, മാത്രമല്ല, പ്രപഞ്ചത്തിൽ കാണപ്പെടുന്ന സർവ്വതും രൂപ-സ്ഥല-കാലങ്ങളാൽ പരിമിതപ്പെട്ടു നിൽക്കുന്നത് കൊണ്ട്, അതൊന്നും തന്നെ പരമമായ സത്യമായി ഋഷിമാർ അംഗീകരിച്ചില്ല. 


മൂന്നാമത്തെ നിബന്ധന, പരമമായ സത്യം ഒരു കാലത്തും ഏതെങ്കിലും വിധത്തിലുള്ള വ്യതിയാനങ്ങൾക്ക് വിധേയമാകുവാൻ  പാടില്ല എന്നതാണ്.  അനാദിയായ തുടക്കത്തിൽ ഉള്ള അതേ നിലയിൽ നിന്നും എന്തെങ്കിലും വിധത്തിലുള്ള ഒരു  വ്യത്യാസവും സംഭവിക്കാതെ അനശ്വരമായി അനന്തമായി നിലകൊള്ളണം   എന്നർത്ഥം.   അതായത് ഒരിക്കൽ പണ്ഡിതൻ, ഒരിക്കൽ പാമരൻ, ഒരിക്കൽ യുവാവ് മറ്റൊരിക്കൽ വൃദ്ധൻ, ഒരിക്കൽ സന്തോഷം മറ്റൊരിക്കൽ സങ്കടം, ഒരിക്കൽ ജനിക്കുന്നു, ഒരിക്കൽ മരിക്കുന്നു, ഇങ്ങനെ ഉള്ള ഒരു വ്യത്യാസവും വരാതിരിക്കുന്ന ഒന്നായിരിക്കണം  പരമമായ സത്യം. 


അതായത്  പരമമായ സത്യം നിത്യ നിതാന്തമായ, സ്വയം നിലനിൽപ്പുള്ള, സർവ്വ വ്യാപിയായ, അരൂപിയായ, സർവ ജ്ഞാനമുള്ള, സ്ഥലകാലങ്ങളാൽ പരിമിതപ്പെടാത്ത, സദാ സർവ്വാനന്ദമുള്ള ഒന്നായിരിക്കും എന്ന് ഋഷിമാർ മനസ്സിലാക്കി. ഇപ്രകാരമുള്ള നിർവ്വചനം കൊണ്ട് തന്നെ പരമമായ സത്യം എന്നൊന്ന് ഉണ്ടെന്നും, അതിൽ നിന്നും മാത്രമേ ഈ പ്രപഞ്ചം രൂപീകൃതമാകുകയുള്ളൂ എന്നും ഋഷിമാർ തിരിച്ചറിഞ്ഞു. പരമമായ നിലനിൽപ്പുള്ള ഏകത്വത്തിന് അവർ ഒരു പേരിട്ടു – “ബ്രഹ്മൻ”. 
ജൂതമതത്തിൽ പരമമായ നിലനിൽപ്പുള്ള ഏകത്വത്തിന് അവർ “ഇലോഹിം” എന്നും, ക്രിസ്തുമതത്തിൽ  “യഹോവ” എന്നും,  ഇസ്ലാം മതത്തിൽ  “അള്ളാഹു” എന്നും പേരിട്ടു. എല്ലാം ഒരേ ഒരു സവിശേഷ പരാമ  സത്യത്തിൻ്റെ വിവിധ പേരുകൾ മാത്രം.  ഒരു വ്യക്തിയെ തന്നെ പലരും പല പേരുകളിൽ സംബോധന ചെയ്യുന്നത് സർവ്വ സാധാരണമല്ലേ?  അതുപോലെ മാത്രമുള്ള ഒന്നാണ് ഇതും. “ദൈവം” എന്നത് “ബ്രഹ്മൻ”, ഇലോഹിം”, “യഹോവ”,  “അള്ളാഹു” എന്നൊക്കെയുള്ള അർത്ഥത്തിൽ  പൊതുവായി ഉപയോഗിക്കുന്ന  മറ്റൊരു സാമാന്യ പദം മാത്രം.  ദൈവം ഒന്നേ ഉള്ളൂ, അബ്രഹാമീയ മതങ്ങളിൽ ആയാലും, സനാതനഃ ധർമ്മത്തിൽ ആയാലും. 


ഈ ദൈവത്തിൽ നിന്നും ആണ് മനുഷ്യൻ ഉൾപ്പെടെ സർവ്വതും ഉത്ഭവിക്കുന്നത്. ഇക്കാര്യത്തിലും സനാതനഃ ധർമ്മത്തിനോ അബ്രഹാമീയ മതങ്ങൾക്കോ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. എന്നാൽ സൃഷ്ടിയുടെ ആ സൃഷ്ടി പ്രക്രിയയെക്കുറിച്ച് സനാതനഃ ധർമ്മം വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സൃഷ്ടിയുടെ മുപ്പത്തിയാറ് തത്വങ്ങളിലൂടെ ബ്രഹ്മനിൽ നിന്നും (ദൈവത്തിൽ നിന്നും) എങ്ങിനെയാണ് പ്രപഞ്ചം പൊട്ടിവിരിഞ് വന്നത് എന്ന് സനാതനഃ ധർമ്മം കാര്യകാരണ സമേതം യുക്തി സഹമായി  വരിക്കുന്നുണ്ട്. അവിടെയാണ് ഈശ്വരന്മാരും, പ്രകൃതിയും, തൃഗുണങ്ങളും, പഞ്ചഭൂതങ്ങളും, ജീവജാലങ്ങളും, മനുഷ്യരും എല്ലാം വരുന്നത്.  പ്രപഞ്ച സൃഷ്ടിയുടെ അത്തരം വിശദമായ ഒരു വിവരണം അബ്രഹാമീയ മതങ്ങളിൽ ഇല്ല. അതാണ് അഭിപ്രായ വ്യത്യാസങ്ങൾക്കെല്ലാം കാരണമായി തീർന്നത്.


ഇനി,  ബ്രഹ്മനിൽ നിന്നും എങ്ങിനെയാണ് സൃഷ്ടി ഉണ്ടായത് എന്ന് നോക്കാം.