“ഏകോഹം ബഹുസ്യാം”, “ഒന്നായ ഞാൻ പലതാകട്ടെ”
ഏത് സൃഷ്ടി ഉണ്ടാകണമെങ്കിലും ആദ്യം ഉണ്ടാകേണ്ടത് എന്താണ്? ആദ്യം ആ സൃഷ്ടിക്കുള്ള “ആഗ്രഹം” ഉണ്ടാകണം എന്ന് സാധാരണ രീതിയിൽ പറയാവുന്നതാണ്. എന്നാൽ, “ആഗ്രഹം” എന്ന പദം, ഒരു പ്രാഥമിക നിലയിലുള്ള വെറും അഭിലാഷത്തെ മാത്രം സൂചിപ്പിക്കുന്ന ഒന്നാണ്. ഉൽക്കടമായ ഇച്ഛാശക്തി ആഗ്രഹത്തിനില്ല. മനുഷ്യരായ നമുക്കെല്ലാം ഉള്ളത് വെറും ആഗ്രഹങ്ങളാണ്, വെറും അഭിലാഷങ്ങൾ ആണ്. അത് നടത്തിയെടുക്കുവാൻ അതിനുപുറകേ വളരെയേറെ കാര്യങ്ങൾ ആവശ്യമായി വരുന്നുണ്ട്. ആദ്യം വെറും ആഗ്രഹത്തെ തീരുമാനിച്ചുറച്ച, അടിയുറച്ച “ഇച്ഛ”യാക്കി മാറ്റണം. അടിയുറച്ച ലക്ഷ്യ ബോധവും മനശ്ശക്തിയും ചേർന്ന ആഗ്രഹമാണ് “ഇച്ഛ”. പിന്നെ വേണ്ടത്, അക്കാര്യം നടത്തിയെടുക്കുവാനുള്ള “പരിജ്ഞാന”മാണ്. ഒരു കാര്യം എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന അറിവില്ലെങ്കിൽ അത് നമുക്ക് ചെയ്യുവാനാകില്ല. ഇച്ഛയും പരിജ്ഞാനവും മാത്രം പോരാ. അതനുസരിച്ച് പ്രവർത്തി എടുക്കുകയും വേണം. ഇക്കാര്യങ്ങൾ എല്ലാം തന്നെ ഒന്നിന് പുറകെ ഒന്നായി നടന്നേ മതിയാവൂ. ഇതെല്ലാം നടക്കുന്നതിന് സമയവും സ്ഥലവും എടുക്കും.
സൃഷ്ടിക്കുള്ള ചിന്ത ബ്രഹ്മത്തിൽ ഉദിക്കുന്നത് സമയവും, കാലവും, സ്ഥലവും എല്ലാം രൂപീകൃതമാകുന്നതിന് മുൻപുള്ള അപരിമേയമായ അനാദിയിലാണ്. അവിടെ പ്രപഞ്ചമില്ല, കാലമില്ല, ഒന്നുമില്ല – ഉള്ളത് ശുദ്ധമായ ഏകത്വം – ബ്രഹ്മൻ – മാത്രമാണ്. അതായത് ബ്രഹ്മനിൽ സൃഷ്ടിക്കുള്ള ചിന്ത ഉദിക്കുന്നത് സ്വാഭാവികമായും തീവ്രമായ ഇച്ഛ-ജ്ഞാനം-ക്രിയാ ശക്തിയോട് കൂടി തന്നെ ആണ്. അതുകൊണ്ട് ബ്രഹ്മനിലെ സൃഷ്ടിക്കുള്ള ചിന്താമാത്രയിൽ തന്നെ “ഓം” എന്ന ഇടിമുഴക്കശബ്ദത്തോടെ, ആദ്യം പ്രകാശവും തുടർന്ന് പ്രപഞ്ചവും രൂപീകൃതമാകുകയാണ് ചെയ്യുന്നത്. ഇതിനെയാണ് ഭൂമിയിലെ ശാസ്‌ത്രജ്ഞന്മാർ “ബിഗ് ബാംഗ്” എന്ന് പിന്നീട് വിവക്ഷിച്ചത്.
അപ്രകാരം സൃഷ്ടിക്കുള്ള ചിന്ത രൂപീകൃതമാകുന്നത് ഏകത്വമായ ബ്രഹ്മനിൽ തന്നെ ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഏകത്വത്തിൽ ബഹുത്വത്തിനുള്ള “ഇച്ഛ” ഉദിക്കുന്നതോടൈ ബ്രഹ്മനിൽ രണ്ട് അവസ്ഥകൾ ഒരേസമയം നിലനിൽക്കുന്ന സ്ഥിതിവിശേഷം സമാഗതമാകുകായണ്. ഒന്ന്, ശുദ്ധമായ ഏകത്വ ബ്രഹ്മൻ. മറ്റൊന്ന്, “ഏകോഹം ബഹുസ്യാം” (“ഒന്നായ ഞാൻ രണ്ടാകട്ടെ” – തൈത്തരീയ ഉപനിഷദ്) എന്ന ചിന്തയും തത്‌ഫലമായി ഉണ്ടായ തുടർചലനങ്ങളുമായി നിൽക്കുന്ന സൃഷ്ടിപ്രകിയ തുടങ്ങുവാൻ പോകുന്ന ബ്രഹ്മൻ .
ഒന്ന്, ‘നിർഗുണ ബ്രഹ്മൻ’ – യാതൊരു ഗുണഗണങ്ങളും പ്രകടമാക്കാത്ത, യാതൊരു രൂപഭാവ നാമങ്ങളും ഇല്ലാത്ത, നിത്യമായ, നിശ്ചലമായ, അദ്വൈതമായ, ഏകത്വ അവസ്ഥ. അതായത്, നിശ്ചലമായ, അനക്കമറ്റ മഹാസമുദ്രം മുഴുവനും ഒരു ഉപമയായി എടുക്കാം.
രണ്ട്, ‘സഗുണ ബ്രഹ്മൻ’ – പ്രപഞ്ച സൃഷ്ടിക്ക് ഉള്ള ഇച്ഛാസഹിതം, അതുവരെ യാതൊരു ഗുണഗണങ്ങളും പ്രകടമാക്കാതെ നിലകൊള്ളുന്ന നിർഗുണ ബ്രഹ്മൻ, സൃഷ്ടിക്ക് ഉള്ള ഇച്ഛ ഉദിക്കുമ്പോൾ മാത്രം, ഭാഗികമായി സ്വയം മൂന്ന് ഗുണങ്ങൾ പ്രകടമാക്കി സൃഷ്ടിയ്ക്ക് തയ്യാറായി നിൽക്കുന്ന അവസ്ഥ. ദ്വൈതാവസ്ഥയുടെ ആരംഭമാണ് അത്. അപ്പോഴും സൃഷ്ടി പ്രക്രിയ തുടങ്ങിയിട്ടില്ല. തുടങ്ങുവാൻ പോകുന്നതേ ഉള്ളൂ. എന്നാൽ അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. അതായത്, നിശ്ചലമായ മഹാസമുദ്രത്തിൻ്റെ ഒരുഭാഗം മാത്രം, തിരമാലകൾ ഉയർത്തുവാൻ തയ്യാറായി നിലകൊള്ളുന്നതിന് സമാനമാണ് ഇത്. സമുദ്രത്തിൻ്റെ മറ്റുഭാഗങ്ങൾ ഇപ്പോഴും നിശ്ചലമായ നിർഗുണ ബ്രഹ്മന് സമാനമായ അവസ്ഥ തുടരുന്നു.
ഇപ്പറഞ്ഞ രണ്ടാമത്തെ സഗുണ അവസ്ഥ, ആദ്യം പറഞ്ഞ നിർഗുണ അവസ്ഥയിൽ നിന്നും അകന്ന് വേറിട്ട് മാറി നിൽക്കുന്ന അവസ്ഥയല്ല എന്ന് പ്രത്യേകം മനസ്സിലാക്കണം. ഒരു മഹാസമുദ്രം മുഴുവനും തിരമാലകളാൽ പ്രക്ഷുബ്ധമാകുന്നില്ല. ഒന്നാമത്തെ നിർഗുണാവസ്ഥയോട് കൂടി നിലനിൽക്കുമ്പോൾ തന്നെ, അതോടൊപ്പം വിരിഞ്ഞു നിൽക്കുന്ന മൂന്ന് ‘ഗുണങ്ങളോ’ട് കൂടിയ ഒരു അവസ്ഥയായാണ് സഗുണ ബ്രഹ്മൻ എന്ന അവസ്ഥ.
സത്, ചിത്, ആനന്ദം എന്നീ മൂന്ന് ഗുണങ്ങളോടുകൂടിയ ഒരു മഹത് അസ്തിത്വം ഒപ്പത്തിനൊപ്പം നിർഗുണ ബ്രഹ്മനിൽ തന്നെ നിലകൊള്ളുന്ന അവസ്ഥ ആണത്. ശുദ്ധമായ നിലനിൽപ്പും, മനസ്സും ആനന്ദവും എല്ലാം ഒരേ സമയം പുലർത്തുന്ന ശുദ്ധ ധൈഷണിക വ്യക്തിത്വ സാന്നിദ്ധ്യം ആയി അതിനെ സങ്കല്പിക്കാം. രണ്ടും തമ്മിലുള്ള ലോലമായ വ്യത്യാസം മനസ്സിലാക്കാതെ പോകരുത്.
അങ്ങിനെയുള്ള സത്, ചിത്, ആനന്ദം എന്നീ മൂന്ന് ഗുണങ്ങളോടു കൂടിയ സഗുണ ബ്രഹ്മൻ്റെ സർവ്വ സൃഷ്ടികളിലും തത്തുല്യമായ പ്രസ്തുത മൂന്ന് ഗുണങ്ങൾ കാണപ്പെടും. തമോ ഗുണം, രാജോ ഗുണം, സത്വഗുണം എന്നീ മൂന്ന് ഗുണങ്ങളാണ് അതുമൂലം സൃഷ്ടികൾക്ക് ലഭിക്കുന്നത്. ഈ മൂന്ന് ഗുണങ്ങൾ യഥാക്രമം ജഡത്വം, ചലനാത്മകത, താളാത്മകത എന്നിവയാണ് പ്രകടമാക്കുന്നത്. ഇത് മൂന്നും യഥാക്രമം ഒന്നിനൊന്ന് ഉയർന്ന നിലകളാണ്. സർവ്വ സൃഷ്ടികളിലും ജഡത്വം, ചലനാത്മകത, താളാത്മകത എന്നീ മൂന്നു ഗുണങ്ങളും ഏതെങ്കിലും ഒരു അനുപാതത്തിൽ ഏറ്റക്കുറച്ചിലുകളോടെ ഉണ്ടായിരിക്കും.
“ജഡത്വം” പദാർത്ഥത്തിന് സ്ഥിരത നൽകുന്നു. “ചലനാത്മകത” പദാർത്ഥത്തിന് ചലനശക്തി നൽകി അതിനെ സജീവമാക്കി നിലനിർത്തുന്നു. “താളാത്മകത” ആ ചലനങ്ങളെ ക്രമപ്പെടുത്തുന്നു. ഒരു മൺതരി മുതൽ ഏറ്റവും വലിയ പ്രപഞ്ച വസ്തുക്കൾ വരെ ഉള്ള സകലതിലും ഈ മൂന്ന് ഗുണങ്ങൾ ഏറ്റക്കുറച്ചിലുകളോടെ ഉണ്ടാകും.
സർവ്വ വസ്തുക്കളിലും “ജീവാത്മാവ്” അഥവാ ‘ജീവൻ” ഉണ്ട്. “ജീവൻ” എന്ന് പറയുമ്പോൾ അവിടെ ഉദ്ദേശിക്കപ്പെടുന്നത് സർവ്വ വസ്തുക്കളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് “സഗുണബ്രഹ്മാമംശം” കൊണ്ടുതന്നെ ആയതുകൊണ്ട് സർവ്വ വസ്തുക്കളിലും ഉള്ള അരൂപമായ ആ ചൈതന്യ വസ്തുവിനെ തന്നെ ആണ്. എന്നു പറഞ്ഞാൽ, ഇപ്പോൾ നൽകിയ ഉദാഹരണത്തിൽ, എല്ലാ തിരമാലകളും ഒരേ സമുദ്രജലം തന്നെയാണ് എന്ന് പറയുന്നതിന് സമമാണ്. അതുകൊണ്ട് തന്നെ ഓരോവസ്‌തുവിനും അതിന് ആവശ്യമായ തോതിൽ “സഗുണബ്രഹ്മാമംശ”ത്തിൻ്റെ തൃഗുണങ്ങൾ നല്കപ്പെട്ടിട്ടുണ്ട്. ഒരു കല്ല് ചലിക്കാതിരിക്കുന്നത് അതിനു രജോഗുണവും സ്വാതിക ഗുണവും കുറവായതിനാൽ ആണ്. കല്ലിന് കൂടുതൽ ഉള്ളത് തമോഗുണമാണ്. അതുകൊണ്ടാണ് അതിന് ഘനത്വം ഉള്ളത്. എങ്കിലും കല്ലിനും ഉണ്ട് ചെറിയ തോതിൽ താളാത്മകത. അതിനാലാണ് കല്ലിൻ്റെ ഇലക്ട്രോണുകൾ പ്രകമ്പനം കൊണ്ടുകൊണ്ട് കല്ലിനെ കല്ലായി ഒരു നിശ്ചിതകാലത്തേക്ക് നിലനിറുത്തുന്നത്. ഇതിൽ നിന്നും ചലനാത്മകത മാത്രമല്ല ജീവൻ്റെ ലക്ഷണം എന്ന് മനസ്സിലാക്കാവുന്നതാണ്. ചലിക്കാത്ത വസ്തുക്കളിലും ‘ജീവൻ’ ഉള്ളതുകൊണ്ടാണ് ആ വസ്തു അത്തരം ഒരു വസ്തുവായി തന്നെ ഒരുനിശ്ചിതകാലത്തേക്ക് നില നിൽക്കുന്നത്.
എല്ലാ ഖര, ദ്രവ, വാതക വസ്തുക്കളും, കൂടാതെ ഈ മൂന്നിനത്തിലും പെടാതെ നിലകൊള്ളുന്ന പ്രപഞ്ചത്തിലെ ഇതര ശക്തി മണ്ഡല പ്രതിഭാസങ്ങളും എല്ലാം തന്നെ സഗുണ ബ്രഹ്മൻ സ്വയം അതെല്ലാം ആയി മാറിയതാണ്. സമുദ്രജലത്തിൻ്റെ ഒരു ഭാഗം തന്നെ ചെറുതും വലുതും ആയ തിരമാലകൾ ആയി മാറുന്നത് പോലെ ഇതിനെ മനസ്സിലാക്കാവുന്നതാണ്. അടിസ്ഥാനപരമായി, രൂപനാമങ്ങൾ സഹിതം നിലനിൽക്കുന്ന സർവ്വതും, അതുപോലെ തന്നെ, രൂപ നാമങ്ങളില്ലാതെ നിലനിൽക്കുന്ന സർവ്വതും, നിർഗുണ ബ്രഹ്മം ഭാഗികമായി സ്വയം രൂപാന്തരം ചെയ്ത് നിൽക്കുന്ന അതേ സഗുണ ബ്രഹ്മൻ തന്നെയാണ്. മഹാസമുദ്രത്തിലെ സുനാമിയും, ചെറുതും വലുതും ആയ ലക്ഷോപലക്ഷം തിരമാലകളും, സമുദ്ര തീരത്തിലെ ഓളങ്ങളും, നുരയും പതയും എല്ലാം ഒരേ സമുദ്രജലം തന്നെ ആയിരിക്കുന്നത് പോലെയാണ് ഇതും.
അതായത്, എൻജിയും (ഊർജ്ജവും), മാറ്ററും (പദാർത്ഥവും) എല്ലാം തന്നെ സഗുണ ബ്രഹ്മൻ തന്നെ സ്വയം മാറിയതാണ്. ഈ വാചകം തിരിച്ചുപറഞ്ഞാലും ഒരേപോലെ ശരി തന്നെയാണ് – മാറ്ററിലും (പദാർത്ഥത്തിലും) എനർജിയിലും (ഊർജ്ജത്തിലും) സഗുണബ്രഹ്മൻ ഉണ്ട്. സമുദ്ര ജലമാകുന്ന സുനാമിയിലും, സുനാമി കെട്ടഴിച്ചുവിട്ട മഹാ ശക്തി പ്രവാഹത്തിലും അടങ്ങിയിരിക്കുന്നത് സമുദ്രജലം തന്നെയാണ് എന്ന് പറയുന്നതുപോലെയാണ് അതും. പരമേശ്വരൻ (പരമമായ ഈശ്വരൻ) എന്നത് സഗുണ ബ്രഹ്മൻ്റെ ഒരു പര്യായ പദം ആണ്. പരമേശ്വരൻ എന്ന ആ പര്യായ പദം ഉപയോഗിച്ചു വീണ്ടും പറഞ്ഞാൽ, നിലനിൽപ്പുള്ള സർവ്വതും പരമേശ്വരൻ തന്നെ ആണ്. ഇവിടെയാണ് സനാതനഃ ധർമ്മത്തിലെ ബഹുത്വം ആരംഭിക്കുന്നത്. ഇവിടെയാണ് ദൈവവും (നിർഗുണബ്രഹ്മനും) പരമേശ്വരനും (സഗുണബ്രഹ്മനും) തമ്മിലുള്ള കാതലായ വ്യത്യാസം മനസ്സിലാക്കേണ്ടത്. ദൈവവും ഈശ്വരനും രണ്ടും രണ്ടാണ്. പരമമായ “ദൈവം” പരിപൂർണ്ണ ഏകത്വമായ “ബ്രഹ്മൻ’ – ഒന്നുകൂടി വ്യകതമാക്കിയാൽ, ‘നിർഗുണബ്രഹ്മൻ ആണ്. പരമമായ “ഈശ്വരൻ” ബഹുത്വത്തിന് ആരംഭം കുറിക്കുന്ന സഗുണ “ബ്രഹ്മൻ” ആണ്.
ഇനി, ഇതേ യുക്തി തന്നെ മുന്നോട്ട് കൊണ്ടുപോയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. ഞാനും, നിങ്ങളും, ബാക്കിയുള്ള പ്രപഞ്ചവും എല്ലാം തന്നെ മാറ്ററും (പദാർത്ഥവും) എനർജിയും (ഊർജ്ജവും) ചേർന്നതാണ് – അതായത്, സഗുണ ബ്രഹ്മനും (പരമേശ്വരനും) സഗുണ ബ്രഹ്മൻ്റെ (പരമേശ്വരൻ്റെ) സൃഷ്ടിക്കുവാനുള്ള മായിക ശക്തിയും ചേർന്നതാണ്. എനർജി (ഊർജ്ജം) മാറ്ററായി (പദാർത്ഥമായി), ശരീരമായി, ആ ശരീരത്തിൽ ഒന്നായി നിൽക്കുന്ന സഗുണ ബ്രഹ്മൻ ആണ് ജീവാത്മാവ്. അതേ സങ്കേത ഭാഷ ഉപയോഗിച്ച് പറയുകയാണെങ്കിൽ, സഗുണ ബ്രഹ്മൻ കാണുവാൻ കഴിയുന്നതോ, കഴിയാത്തതോ ആയ പദാർത്ഥങ്ങളായി നിൽക്കുന്നതിനെ ആണ് “ജീവാത്മാവ്”എന്ന് പറയുന്നത്. അപ്രകാരം ചേരുന്നതിന് മുൻപുള്ള സഗുണ ബ്രഹ്മൻ ആണ് “പരമാത്മാവ്”.
ഇതേ “ജീവാത്മാവ്” തന്നെയാണ് സാധാരണ ഭാഷാപ്രയോഗത്തിൽ ‘ജീവൻ’, ‘പ്രജ്ഞാനം’, ‘അവബോധം’, ‘കോൺഷ്യസ്നെസ്സ്’ ‘അവെയർനെസ്സ് എന്നെല്ലാം ഉള്ള നിത്യജീവിത്തിൽ പ്രചാരമുള്ള സാധാരണ പദങ്ങൾ ഉപയോഗിച്ച് വിവക്ഷിക്കപ്പെടുന്നത്. അങ്ങിനെ മനസ്സിലാക്കുമ്പോൾ, “പരമാത്മാവി”നെ ആണ് ‘സൂപ്പർ കോൺഷ്യസ്സ്നെസ്സ്’ എന്ന് വിവക്ഷിക്കുന്നത്. സാധാരണ ഭാഷാപ്രയോഗത്തിൽ ഇതൊന്നും മനസ്സിലാക്കാതെയാണ് നമ്മൾ പദങ്ങൾ ഉപയോഗിക്കുന്നത് എന്നുമാത്രമേ ഉള്ളൂ.
സർവ്വ സൃഷ്ടികളും ആരംഭിക്കുന്നത് രണ്ടാമത് പറഞ്ഞ സഗുണ ബ്രഹ്മനിൽ നിന്നും ആണ്. പരമമായ ഈശ്വരൻ (പരമേശ്വരൻ), “പുരുഷോത്തമൻ”, “മൂലപ്രകൃതി” എന്നെല്ലാം ഉള്ള പര്യായ പദങ്ങൾ സഗുണ ബ്രഹ്മൻ്റേതാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയുവാൻ കഴിയുന്ന രൂപ നാമങ്ങളുള്ള സർവ്വതും, പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് നമുക്ക് അറിയുവാനുള്ള കഴിവ് ഇനിയും വന്നിട്ടില്ലാത്തതുകൊണ്ട് അറിയാതെ ഇപ്പോഴും ബാക്കി നിൽക്കുന്ന സർവ്വതും ഉദിക്കുന്നത് സഗുണ ബ്രഹ്മനിൽ നിന്നും ആണ്. സനാതനഃ ധർമ്മത്തിൽ ദൈവവും ഈശ്വരനും തമ്മിലുള്ള വ്യത്യാസം ആരംഭിക്കുന്നത് നിർഗുണ ബ്രഹ്മനും സഗുണ ബ്രഹ്മനും തമ്മിലുള്ള വ്യത്യാസത്തോട് കൂടിയാണ്. ആദ്യം ഊർജ്ജവും, പിന്നീട് ഊർജ്ജത്തിൽ നിന്നും വസ്തുക്കളും സഗുണ ബ്രഹ്മൻ്റെ സൃഷ്ടിക്കുവാനുള്ള “മായിക ശക്തി”യാൽ ഉണ്ടാകുന്നു.
അതായത് നിലനിൽപ്പുള്ള സർവ്വ ശരീരങ്ങളിലും, നിലനിൽപ്പുള്ള സർവ്വ പദാർത്ഥങ്ങളിലും, കാണുവാൻ കഴിയാത്തതായാലും, നിലനിൽപ്പുള്ള സർവ്വ പ്രതിഭാസങ്ങളിലും “ജീവാത്മാവ്” ഉണ്ട്. “ജീവാത്മാവ്” എന്ന പദം മാറ്റി പകരം അവിടെ പര്യായ പദങ്ങൾ ആയ ‘ജീവൻ’, ‘പ്രജ്ഞാനം’, ‘അവബോധം’, ‘കോൺഷ്യസ്നെസ്സ്’, ‘അവെയർനെസ്സ്’ എന്നുതുടങ്ങിയ ഏതു പദവും ഉപയോഗിക്കാവുന്നതാണ്.
ഇത്രയും മനസ്സിലാക്കിയതിന് ശേഷം, സനാതനഃ ധർമ്മത്തിലെ ഏകത്വവും ബഹുത്വവും എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കാം.