ഭാരതത്തിൻ്റെ “ആര്യൻ” അധിനിവേശം ഒരു മിഥ്യ


ആര്യന്മാർ യൂറോപ്പിൽ നിന്നും ഭാരതത്തിലേക്ക് വന്നവർ ആയിരുന്നില്ല. അങ്ങിനെ ഒരു തെറ്റിദ്ധാരണ വളരെ കാലങ്ങളായി മുഖ്യധാരാ ചരിത്രത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ സമീപകാലത്ത് ലഭിച്ച സാറ്റലൈറ്റ് ചിത്രങ്ങളുടേയും, ഡി.എൻ.എ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യ നൽകുന്ന ശാസ്ത്രീയ തെളിവുകളുടേയും മറ്റും അടിസ്ഥാനത്തിൽ അത്തരം ധാരണകൾ തികച്ചും തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആര്യന്മാർ ക്രിസ്തുവിനും മുൻപുള്ള 1750 മുതൽ 1400 വരെ ഉള്ള വർഷങ്ങൾക്കിടയിൽ എന്നോ യൂറോപ്പിൽ നിന്നും ആക്രമണകാരികളായോ, ദേശാടനക്കാരായോ ഭാരതത്തിൽ എത്തി അവിടെ താമസമുറപ്പിച്ച് ഋഗ് വേദവും മറ്റും സംസൃത ഭാഷയിൽ എഴുതിയവർ ആയിരുന്നില്ല ഒരിക്കലും. ആര്യന്മാർ ആര്യാവർത്തത്തിലെ മണ്ണിൻ്റെ മക്കൾ തന്നെ ആയിരുന്നു.

കനത്ത വെള്ളപ്പൊക്കം സൃഷ്ടിച്ച് സംഹാര രുദ്രയായി പായുന്ന വളരെ വലിയ ഒരു സരസ്വതി നദിയെക്കുറിച്ചുള്ള പരാമർശങ്ങൾ ഋഗ് വേദത്തിൽ ഉണ്ട്. സരസ്വതി നദി എന്നൊരു നദി ഇന്ന് ഇല്ലെങ്കിലും, സാറ്റലൈറ്റ് ഇമേജറിയിൽ നിന്നും അത്തരം ഒരു കൂറ്റൻ നദിയുടെ സ്ഥാനം കൃത്യമായി തെളിഞ്ഞിട്ടുണ്ട്. ഹിമാലയ പർവ്വതത്തിൽ സംഭവിച്ചിരിക്കുവാൻ ഇടയുള്ള ഭൗമചലനത്താലോ മറ്റോ സരസ്വതീ നദി ക്രമേണ വറ്റി ഇല്ലാതായി. എന്നാൽ, സരസ്വതീ നദി ഋഗ് വേദത്തിൽ പരാമർശിക്കുന്നതു പോലെ ഒരു മഹാ നദിയായിരുന്നത് ക്രിസ്തുവിന് 6000 വർഷങ്ങൾക്ക് മുൻപാണ് എന്ന് ശാസ്ത്രീയമായി കാലഗണന ചെയ്തിട്ടുണ്ട്. അതായത്, ഇന്നേക്ക് 8000 വർഷങ്ങൾ മുൻപാണ് സരസ്വതീ നദിയുടെ മികച്ച കാലം . അതുകൊണ്ട് ഋഗ് വേദം എഴുതിയ ആര്യസംസ്കാരം കൃസ്തുവിന് 1400 – 1700 വർഷം മുൻപ് മാത്രം ഭാരതത്തിൽ എത്തിയ ഒന്നായിരുന്നില്ല എന്നത് തർക്കമറ്റ വിഷയം ആണ് ഇന്ന്.

ബഹുഭൂരിപക്ഷം യൂറോപ്യൻ വംശജരും ക്രിസ്തുവിന് മൂവ്വായിരം വർഷങ്ങൾക്ക് മുൻപ് കിഴക്കു നിന്നും അശ്വാരൂഢരായി വന്ന് യൂറോപ്പ് ആക്രിമിച്ചുകൊണ്ട് ഇന്നത്തെ യൂറോപ്പ് പ്രദേശത്തെ പരിപൂർണ്ണമായി കീഴടക്കിയ “യാമ്‌നായ” വംശ പരമ്പരയിലെ അംഗങ്ങൾ ആണ്. അവർ അജാനബാഹുക്കളും, ബലിഷ്ഠരും, നിഷ്ഠൂരരായ അക്രമികളും ആയിരുന്നു. ഭൂമുഖത്ത് ജീവിച്ചിരുന്നിട്ടുള്ളതിൽ ഏറ്റവും വലിയ ക്രൂരന്മാരായിരുന്നു അവർ എന്നാണ് പറയപ്പെടുന്നത്. അന്നത്തെ യൂറോപ്പിൽ യാമ്‌നായർ നടത്തിയത് അർദ്ധ വംശഹത്യയായിരുന്നു. രണ്ടായിരത്തി പതിനഞ്ച് മുതൽ രണ്ടായിരത്തി ഇരുപതു വരെ ഉള്ള സമയത്ത് ലഭിച്ച വിവരങ്ങൾ ആണിത്. കൂട്ടത്തോടെയുള്ള ശവം മറവു ചെയ്യലിൻ്റെ തെളിവുകളും, ജനജീവിത രീതികളിലും, നിത്യജീവിതത്തിന് ഉപയോഗിച്ച വസ്തുക്കളിൽ സംഭവിച്ച പെട്ടെന്നുള്ള വ്യതിയാനങ്ങളുടെ തെളിവുകളും എല്ലാം നിരവധിയുണ്ട് ഇതിനെല്ലാം ഉപോത്ബലകമായി. അന്നത്തെ യൂറോപ്പിലെ പുരുഷന്മാരെ കൂട്ടത്തോടെ വധിച്ച് അവരുടെ അന്നത്തെ യൂറോപ്യൻ സ്ത്രീകളിൽ യാമ്‌നായർ വംശക്കാർക്ക് ഉണ്ടായ പുതിയ വംശ പരമ്പരയാണ് ഇന്നത്തെ യൂറോപ്പിലെ ബഹുഭൂരിപക്ഷവും.

അങ്ങിനെ യൂറോപ്പിൽ നിന്നും ആണ് ആര്യന്മാർ ഭാരതത്തിൽ എത്തിയതെങ്കിൽ, യൂറോപ്യൻ വംശത്തിൽ പെടുന്ന ഡി.എൻ.എ യുടെ പ്രതിഫലനം ഭാരതത്തിൽ ഉണ്ടാകേണ്ടതാണ്. അതുണ്ടായിട്ടില്ല. മനുഷ്യകുലം ഉടലെടുക്കുന്നത് ഇന്നത്തെ ആഫ്രിക്കയിൽ ആണെന്ന് എല്ലാവര്ക്കും അറിവുള്ള ഒന്നാണ്. ആഫ്രിക്കയിൽ നിന്നും ഉള്ള മനുഷ്യൻ്റെ ആദ്യ ദേശാടനവും കുടിയേറ്റവും ആരംഭിക്കുന്നത് 70,000 വർഷങ്ങൾ മുൻപായിരുന്നു. അവർ ആദ്യം തമ്പടിച്ചത് ഇന്നത്തെ ഭാരത ഭൂമിയിലായിരുന്നു എന്നും സുവിദിതമാണ്. ഇന്ന് ലോകത്തിലുള്ള ആഫ്രിക്കൻ വംശജരല്ലാത്ത തൊണ്ണൂറു ശതമാനം പുരുഷന്മാർക്കും ഉള്ളത് ആണ്‍വഴി മാത്ര ലഭ്യമാകുന്ന “എഫ്” ഗണത്തിൽ പെട്ട പുരാതനമായ ഇന്ത്യൻ ഹാപ്പ്‌ലോഗ് ജീനുകളുടെ തുടർ പരമ്പരകൾ ആണ് എന്ന് വ്യക്തമായിട്ടുണ്ട്. അതിനർത്ഥം, മനുഷ്യകുലം ആഫ്രിക്കയിൽ ഉടലെടുത്ത് ലോകം മുഴുവനും കുടിയേറി പടർന്നത് അവർ ഏറ്റവും ആദ്യം ഇന്ത്യയിൽ എത്തി അവിടെ തമ്പടിച്ച് തലമുറകൾ കഴിഞ്ഞതിന് ശേഷം മാത്രമാണ് എന്നാണ്.

ഇതിൽ നിന്നെല്ലാം, യൂറോപ്പിൽ നിന്നും ആണ് ആര്യന്മാർ എത്തിയത്, അവരായിരുന്നു വേദങ്ങൾ എഴുതിയതെന്നും എല്ലാമുണ്ടായിരുന്ന ചരിത്രം കെട്ടുകഥകൾ മാത്രമായിരിക്കുന്നു എന്ന് തെളിയുന്നു. അതിപുരാതനമായ ഒരു കാലത്തിൽ സനാതനഃ ധർമ്മം ഉടലെടുത്തതും, നിലനിന്നതും, ഏഷ്യയിൽ വ്യാപിച്ചതും എല്ലാം ഭാരതത്തിലെ ആര്യാവർത്ത ഭൂമിയിൽ നിന്നും തന്നെ ആയിരുന്നു. സനാതനഃ ധർമ്മം ആണ് ഭാരതീയരായ സർവ്വരുടേയും സംസ്കാരവും പൈതൃകവും. ഇക്കാര്യം ചൂണ്ടിക്കാണിക്കുവാനാണ് ഇത്രയും വ്യക്തമാക്കിയത്.

അങ്ങിനെ, വളരെ വിശാലമായ ഒരു പശ്ചാത്തലം ആണ് സനാതനഃ ധർമ്മത്തിന് ഉള്ളത്. കൂടാതെ, പുരാണ ഇതിഹാസങ്ങളിലെ ജ്യോതിഃശാസ്ത്ര സംബന്ധിയായ സൂചനകളിൽ നിന്നും സനാതനഃ ധർമ്മത്തിന് ഏറ്റവും ചുരുങ്ങിയത് പതിനയ്യായിരം വർഷത്തെ പാരമ്പര്യം എങ്കിലും ഉണ്ട്. ഇത് അബ്രഹാമീയ മതങ്ങളുടേയോ, ബുദ്ധമതത്തിൻ്റെയോ കാലപ്പഴവും ആയി താരതമ്യം ചെയ്യുമ്പോൾ, അതിൻ്റെ അഞ്ചിരട്ടി എങ്കിലും ഉണ്ടെന്ന് കാണാം. കാലത്തിൻ്റെ അത്രയും വലിയ പശ്ചാത്തലത്തിൽ നിന്ന് വേണം സനാതനഃ ധർമ്മത്തെക്കുറിച്ച് പഠിക്കുവാൻ.