സനാതനഃ ധർമ്മം മതേതര വിജ്ഞാനത്തിൻ്റെ ഈറ്റില്ലം 

സനാതനഃ ധർമ്മം മതേതര വിജ്ഞാനത്തിൻ്റെ ഈറ്റില്ലം 

ശ്രുതിയും സ്മൃതിയും പുരാണങ്ങളും ഇതിഹാസങ്ങളും എല്ലാം ഇഴ ചേർന്ന പുരാതന ഭാരതത്തിൽ വളർന്ന് വികസിച്ച    ഒരു മതേതര  വിജ്ഞാന മഹാ മഞ്ജരി ആണ് “ഷഡ്ആംഗനികളും”,  “ഷഡ് ദർശന”ങ്ങളും. “ഷഡ്” എന്നാൽ ആറ് എണ്ണം എന്നാണ് സംസ്കൃതത്തിലെ അർത്ഥം. സനാതനഃ ധർമ്മത്തിൻ്റെ മതേതരമായ അന്തഃസത്ത  “ഷഡ് ദർശന”ങ്ങളിലൂടെ  നിർബാധം കണ്ടെത്താൻ കഴിയും. 


വ്യാകരണം, തത്വശാസ്‌ത്രം, ജ്യോതിഷശാസ്‌ത്രം, കാവ്യം, അറുപത്തിനാല് കലകൾ (ഗാനകല, വാദ്യകല, നൃത്തകല, നാട്യകല തുടങ്ങിയവ)  പതിനാല് ശാസ്ത്രങ്ങൾ (ആയുർവേദം, സിദ്ധാന്തം, സംഹിത തുടങ്ങിയ)    എന്നിവയായിരുന്നു  ഷഡ്ആംഗനികൾ. ശാസ്ത്രം, ശാസ്ത്രേതരം എന്ന രണ്ട് തരം തിരിക്കലുകൾ പുരാതന ഭാരതത്തിൽ ഉണ്ടായിരുന്നില്ല. ആർട്ട്-സയൻസ് എന്ന വിഭാഗീയത ഉടലെടുക്കുന്നത് ക്രിസ്തുവിന് ശേഷം പതിമൂന്നാം നൂറ്റാണ്ടിലെ  യൂറോപ്പിൻ്റെ  ഇരുണ്ട കാലഘട്ടത്തിലാണ്. ഭാരതത്തിൽ  സർവ്വ അറിവുകളും അവയെ  സമഗ്രമായി  “അറിയുക” എന്ന ഒരൊറ്റ ഉദ്ദേശത്തോടെ വളർത്തി എടുത്തവ  തന്നെ ആയിരുന്നു.


ഷഡ് ദർശനങ്ങൾ ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, അദ്വൈത എന്നിവയാണ്. വേദങ്ങളിൽ അധിഷ്ഠിതമായ, തികച്ചും മതേതരമായ ആറ് മൗലിക  ഭാരതീയ ദർശനങ്ങൾ ആണവ.  ഈ ആറ് ദർശനങ്ങൾക്കും   ഉണ്ടായിരുന്ന ഒരേ ഒരു ലക്ഷ്യം എങ്ങിനെ മനുഷ്യനെ ക്ലേശങ്ങളിൽ നിന്നും നിത്യമായ ആനന്ദത്തിലേക്ക് നയിച്ച് സ്വാതന്ത്രനാക്കാം എന്നുള്ളതാണ്. “മനുഷ്യൻ”  എന്ന നിലയിൽ എങ്ങിനെയാണ് നമ്മൾ ഉണ്ടായത്,  ഇന്നത്തെ നമ്മുടെ നിലവിലുള്ള സ്ഥിതി എന്താണ് എന്നാണ് ന്യായയും, വൈശേഷികയും, സാംഖ്യയും ചേർന്ന് നൽകുന്ന അറിവ്. 

സനാതനഃ ധർമ്മത്തിൻ്റെ  അന്തിമമായ ലക്ഷ്യം

സ്വർഗ്ഗത്തിൽ പോകുക, മോക്ഷം പ്രാപിക്കുക, ദൈവവുമായി ഒന്ന് ചേരുക എന്നതൊന്നും അല്ല, സനാതനഃ ധർമ്മം ലക്ഷ്യം വയ്ക്കുന്നത്. ജനനവും, മരണവും, ദുഃഖവും, വേദനകളും, എല്ലാം നിറഞ്ഞ മനുഷ്യൻ്റെ  ഇന്നത്തെ നിലയിൽ നിന്നും ശാശ്വതമായി സ്വാതന്ത്ര്യം നേടി, ജീവൻ്റെ  ഏറ്റവും ഉന്നതമായ നിത്യാനന്ദ  ശ്രേണിയിലേക്ക് സ്വയം ഉയരുക എന്നതാണ് സനാതനഃ ധർമ്മത്തിൻ്റെ  അന്തിമമായ ലക്ഷ്യം. ഇതിൽപ്പരം മതേതരമായ എന്ത് ലക്ഷ്യമാണ് വേണ്ടത്? 


“അവബോധ”ത്തിൻ്റെ  അഥവാ “കോൺഷ്യസ്നെസ്സി”ൻ്റെ  വികസനം ഒന്നിലൂടെ  മാത്രമേ പരമമായ സ്വാതന്ത്ര്യം കൈവരൂ എന്ന് സനാതനഃ ധർമ്മം  കാര്യ കാരണ സഹിതം പഠിപ്പിക്കുന്നു.  നിരവധി തലമുറകളായി വേദങ്ങളും ഉപനിഷത്തുക്കളും പഠിച്ചും, നിരീക്ഷിച്ചും, തർക്കിച്ചും മനനം ചെയ്തും,  ന്യായ വിചാരങ്ങൾ നടത്തിയും ആറ്റിക്കുറുക്കി എടുത്ത മതേതരമായ  അറിവാണ് “ഷഡ് ദർശനങ്ങൾ”.  ഇന്ന് മനുഷ്യൻ എവിടെ, ഏതവസ്ഥയിൽ  നിൽക്കുന്നു, എങ്ങിനെ ക്ലേശ ക്ലിഷ്ടമായ ഈ  അവസ്ഥയിൽ എത്തിച്ചേർന്നു, ഇവിടെ നിന്നും  എവിടെയാണ് എത്തിച്ചേരേണ്ടത്, എങ്ങിനെ ജീവിച്ചാൽ  ശാശ്വതമായ സ്വാതന്ത്ര്യത്തിൽ എത്തിച്ചേരാം  എന്നിവയെ സംബന്ധിക്കുന്ന അമൂല്യമായ അറിവുകളാണ്  ഷഡ് ദർശനങ്ങൾ നൽകുന്നത്. ഈ ആറ് ദർശനങ്ങൾ പഠിച്ചാൽ എന്താണ് സനാതനഃ ധർമ്മം എന്നും എത്ര മതേതരമാണ് അത്  എന്ന് നമുക്ക് മനസ്സിലാക്കാം.


വേദങ്ങളും, തന്ത്രശാസ്ത്രവും, ഉപനിഷത്തുക്കളും, ഭഗവത് ഗീതയും എല്ലാം നൽകുന്നതും ഇതേ അറിവുകൾ വിവിധ ഘട്ടങ്ങളായി നൽകിയതാണ്. എന്നാൽ  ബൗദ്ധികമായ ചില ‘മിനിമം’ നിലവാരത്തിൽ എത്തിയാൽ മാത്രമേ ഗഹനമായ അറിവുകൾ അവയിലൂടെ മനസ്സിലാക്കി എടുക്കുവാൻ കഴിയൂ.   ആ നിലവാരത്തിലേക്ക് ഇനിയും എത്തിയിട്ടില്ലാത്തവർക്ക് എങ്ങിനെ ധാർമ്മികമായി ജീവിച്ചാലാണ് ക്ലേശങ്ങളിൽനിന്നും ശാശ്വതമായ സ്വാതന്ത്ര്യം കൈവരിക്കാം എന്ന് വളരെ ഉദ്വേഗജനകമായ  കഥാരൂപത്തിൽ പറഞ്ഞു കൊടുക്കുന്നതാണ് പുരാണങ്ങളും ഇതിഹാസനങ്ങളും. 

  
അതായത്, എന്താണ് ജീവൻ,  മനുഷ്യൻ എങ്ങിനെ ഉണ്ടായി, എനർജിയും മാറ്ററും എങ്ങിനെ ഉണ്ടായി, എന്തുകൊണ്ടാണ് ക്ലേശകരമായ ജീവിതത്തിൻ്റെ കാണാക്കയങ്ങളിൽ മനുഷ്യൻ പെട്ടുപോകുന്നത്, അത് സംബന്ധിച്ച നിയമങ്ങൾ   എന്തൊക്കെയാണ്, എങ്ങിനെ  ജീവിച്ചാലാണ് ശാശ്വതമായ സ്വാതന്ത്ര്യത്തിൽ നിത്യമായ, ആനന്ദകരമായ ജീവിതം നയിക്കുവാൻ കഴിയുക എന്നെല്ലാം വിശദമാക്കുന്ന  സയൻസും ടെക്നോളജിയും ആണ് വേദങ്ങളും, തന്ത്രശാസ്ത്രവും, ഉപനിഷത്തുക്കളും സർവ്വോപരി ഇവയിൽ അധിഷ്ഠിതമായ ഷഡ് ദർശനങ്ങളും. ഇതെല്ലാം തന്നെ, “ദൈവം” എന്ന ഒരു സങ്കല്പം അംഗീകരിച്ചാലും, അംഗീകരിച്ചില്ലെങ്കിലും,  പ്രവർത്തന ക്ഷമമാണ്. അത്രമാത്രം മതേതരവും യുക്തിഭദ്രവും ഉപയുക്തവും ആണ് സനാതനഃ ധർമ്മം. ഒരു ഉദാഹരണം ഉപയോഗിച്ച് പറയുകയാണെങ്കിൽ, “പാരസെറ്റമോൾ” മതേതരമായ ഒരു മരുന്നാണ്. അതുകഴിച്ചാൽ ഏത് മതത്തിൽ ചരിക്കുന്ന വ്യക്തിക്കും തലവേദന മാറിക്കിട്ടും. അതുപോലെ തന്നെ മതേതരമാണ്, സഫലമാണ്  സനാതനഃ ധർമ്മത്തിലെ ജീവിത രീതിയും. 

ഷഡ് ദർശങ്ങൾ  ക്രമീകരിച്ചിരിക്കുന്നത് ഇനി പറയുന്ന ക്രമത്തിലും ചിട്ടയിലും ആണ്.നമ്മൾ എവിടെ ആണ് ഇപ്പോൾ ചെന്നെത്തി  നിൽക്കുന്നത് എന്ന്  ന്യായ, വൈശേഷിക, സാംഖ്യ എന്നീ മൂന്ന് ദർശനങ്ങളും ചേർന്ന് നൽകുന്നു. ഏതു ലക്ഷ്യത്തിൽ ആണ് നമ്മൾ അന്തിമമായി   ചെന്നെത്തേണ്ടത് എന്ന് അദ്വൈത ദർശനം വിശദമാക്കുന്നു. ആ ലക്ഷ്യത്തിൽ ചെന്നെത്തുവാനുള്ള മാർഗ്ഗം  എന്താണ് എന്ന്  യോഗയും മീമാംസയും കാണിച്ചു തരുന്നു. അങ്ങിനെ നിത്യമായ ആനന്ദത്തിൽ നിലനിൽക്കുന്ന  സ്വാതന്ത്ര്യത്തിലേക്ക് മനുഷ്യനെ നയിക്കുന്ന അറിവുകൾ ആണ് അടിസ്ഥാനപരമായി ഷഡ് ദർശനങ്ങൾ ആറും ചേർന്ന് നൽകുന്നത്. 

ഏതറിവും അറിവ് യുക്തിഭദ്രമാണോ എന്ന്  അറിവിൻ്റെ  സാധുത സ്വയം നേരിട്ട് പരിശോധിക്കുവാനുള്ള സവിശേഷ അറിവും  “ന്യായ” നൽകുന്നുണ്ട്. അതായത്, ഒന്നും  കണ്ണുമടച്ച് വിശ്വസിക്കേണ്ട ആവശ്യമില്ല, സനാതനഃ ധർമ്മത്തിൽ. ആരും ആരേയും എന്തെങ്കിലും  അന്ധമായി വിശ്വസിക്കുവാൻ പ്രേരിപ്പിക്കുകയോ നിർബന്ധിക്കുകയോ ചെയ്യുന്നില്ല.  ഇതിൽപ്പരം മതേതരമായ സമീപനം അനന്യമാണ്. സനാതനഃ ധർമ്മത്തിലെ മതേരത്വമാർന്ന സമീപനം  മനസ്സിലാക്കുവാൻ ഭാരതത്തിൻ്റെ വിശ്വോത്തര സംഭാവനയായ “ഷഡ് ദർശനങ്ങൾ” അവധാനപൂർവ്വം പഠിക്കുകമാത്രമേ വേണ്ടൂ.  

ന്യായയും വൈശേഷികയും പ്രപഞ്ചതിലെ സർവ്വ വസ്തുക്കളേയും പ്രതിഭാസങ്ങളേയും  മനുഷ്യൻ അവൻ്റെ  പഞ്ചേന്ദ്രിയങ്ങൾ (കണ്ണ്, നാക്ക്, മൂക്ക്, ചെവി, ത്വക്ക്) കൊണ്ടോ,  വസ്തുക്കൾ പ്രകടമാക്കുന്ന സമാന്തര സാദൃശ്യങ്ങൾ  കൊണ്ടോ, കൃത്യമായി അനുമാനിക്കുവാനുള്ള മനുഷ്യൻ്റെ  കഴിവ് ഉപയോഗിച്ചോ, അറിവും വിജ്ഞാനവും സിദ്ധിച്ച മറ്റുള്ളവരെ പ്രമാണമാക്കിക്കൊണ്ടോ  നെല്ലും പതിരും തിരിച്ച് മനസ്സിലാക്കുവാനുള്ള പരിശീലനം നൽകുകയാണ് ചെയ്യുന്നത്. കൂടാതെ ഈ ഭൗതിക ലോകം  കണങ്ങളും തന്മാത്രകളും (ആറ്റങ്ങളും മോളിക്യൂളുകളും) ഉപയോഗിച്ച് പ്രപഞ്ച ശക്തി (ദൈവം) എങ്ങിനെയാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് വിശദമാക്കുന്നു. അതുമാത്രമല്ല, മനുഷ്യന് സിദ്ധിക്കുവാൻ കഴിയുന്ന ഏറ്റവും ഉയർന്ന അറിവായ,  തൻ്റെ തന്നെ ഉള്ളിൻ്റെ ഉള്ളിൽ  ആത്മാവായി നിലകൊള്ളുന്ന  ദൈവത്തെക്കുറിച്ചുള്ള അറിവ്, എങ്ങിനെ സമ്പാദിക്കാം എന്നും ന്യായയും വൈശേഷികയും പഠിപ്പിക്കുന്നു. അതായത്  ‘പദാർത്ഥത്തിൻ്റെ നിർമ്മിതി’ എന്ന മതേതര വിഷയമാണ് “ന്യായയും”, “വൈശേഷിക”യും കൈകാര്യം ചെയ്യുന്നത്.

സാംഖ്യ വിവരിക്കുന്നത് ഊർജ്ജവും പദാർത്ഥവും തമ്മിലുള്ള  പരസ്പര ബന്ധത്തെക്കുറിച്ചാണ്. “പ്രകൃതി”, “പുരുഷ” എന്ന സംസ്കൃത പദങ്ങൾ ആണ് സാംഖ്യ ഉപയോഗിക്കുന്നത് ‘എനർജി’, ‘മാറ്റർ’ എന്ന ഇംഗ്ലീഷ് പദങ്ങൾക്ക് പകരമായി. എങ്ങിനെയാണ് എനർജി മാറ്ററായി പരിണമിച്ച് സൃഷ്ടി നടന്നത് എന്ന് മനസ്സിലാക്കിത്തരുകയാണ് സാംഖ്യ ചെയ്യുന്നത്.  ശരീരത്തിനപ്പുറമുള്ള ‘എനർജി-മാറ്ററി’ൻ്റെ പരസ്പര മാറ്റമെന്ന   മതേതര വിഷയമാണ് സാംഖ്യ  കൈകാര്യം ചെയ്യുന്നത്. 
പഞ്ചേന്ദ്രിയങ്ങൾക്കും, പഞ്ച  ജ്ഞാനേന്ദ്രിയങ്ങൾക്കും, പഞ്ച കർമ്മേന്ദ്രിയങ്ങൾക്കും  അതീതമായി വളരെ സൂക്ഷ്‌മമായ ആന്തരികമായ പ്രാണനെക്കുറിച്ചും, പ്രാണപഥങ്ങളെക്കുറിച്ചും,  മനസ്സിനെക്കുറിച്ചും, മനസ്സിൻ്റെ   വിവിധ  നിലകളെക്കുറിച്ചും,  അവയെല്ലാം എങ്ങിനെ ശരിയായ രീതിയിൽ ഉപയോഗിച്ച് നമ്മുടെ തന്നെ അന്തഃസത്തയായ ആത്മാവിലേക്ക് ചെന്നെത്താം എന്നുമാണ്  ‘യോഗ’  പഠിപ്പിക്കുന്നത്. അതായത്    ‘എനർജി മാറ്ററി’നും അപ്പുറമുള്ള അതിസൂക്ഷ്മമായ ‘പ്രാണൻ’    എന്ന മതേതര വിഷയമാണ് “യോഗ” കൈകാര്യം ചെയ്യുന്നത്. അഷ്ടാംഗ യോഗയിലൂടെ  ശരീരത്തിലെ പ്രാണപ്രയാണം ശരിയായി നിയന്ത്രിച്ച് നയിക്കുന്നതിലൂടെയാണ്  നമ്മൾ ഉദ്ദേശ്യ ലക്ഷ്യത്തിൽ എത്തുന്നത്. 

മീമാംസദർശനം നമ്മെ  പഠിപ്പിക്കുന്നതാകട്ടെ, കാര്യകാരണ ബന്ധങ്ങളെക്കുറിച്ചും, കർമ്മനിയമങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും ആണ്. അതായത്  നമ്മുടെ ജീവിതാനുഭവങ്ങളെ  ബാധിക്കുന്ന  കാര്യകാരണ ബന്ധങ്ങൾ   എന്ന മതേതര വിഷയമാണ് മീമാംസ  കൈകാര്യം ചെയ്യുന്നത്.

ന്യായയും, വൈശേഷികയും, സാഖ്യയും, യോഗയും എല്ലാം പടിപടിയായി നമ്മെ ചെന്നെത്തിക്കുന്നത് “ഏകത്വ പ്രജ്ഞാനം” എന്ന അദ്വൈതമായ അറിവിലേക്കാണ്. ആ ഏകത്വം തന്നെയാണ് നമ്മൾ സ്വയം ഓരോരുത്തരും എന്ന്    നമ്മളെക്കൊണ്ട്  തിരിച്ചറിയിപ്പിക്കുന്നതും   “അദ്വൈതം” എന്ന മതേതര  ദർശനം തന്നെയാണ്.  കാര്യകാരണ ബന്ധങ്ങൾകൊണ്ട് ഉണ്ടാകുന്ന കാർമ്മീയമായ ബന്ധനങ്ങളിൽ പെട്ടുപോകാതെ എങ്ങിനെ ജീവിക്കണം എന്ന് അദ്വൈതം ചൂണ്ടിക്കാണിക്കുന്നു.  എനർജിയെ  മാറ്ററും, മാറ്ററിനെ എനർജിയും ആക്കി മാറ്റുന്ന സൃഷ്ടിയുടെ മായിക  ശക്തിയെ അദ്വൈതം നമുക്ക് പരിചയപ്പെടുത്തി തരുന്നു. ആ മായിക ശക്തിയാൽ ആണ് പ്രപഞ്ചവും വസ്തുക്കളും സ്വയം  പ്രത്യക്ഷമാകുന്നതും  അപ്രത്യക്ഷമാകുന്നതും. ഇതെല്ലാം മനസ്സിലാക്കി, അജ്ഞതയാൽ ഒറ്റപ്പെട്ട് മാറിനിൽക്കാതെ  എങ്ങിനെ നമുക്ക് സൃഷ്ടികർത്താവിൻ്റെ   (ദൈവത്തിൻ്റെ) ഈ മായാകേളിയിൽ   പൂർണ്ണമനസ്സുള്ള ഒരു പങ്കാളിയായി സ്വയം മാറി  ക്ലേശങ്ങളിൽ നിന്നും നിത്യമോചനം നേടാമെന്ന്  അദ്വൈത ദർശനം വ്യക്തമാക്കിത്തരുന്നു.

ക്ഷേത്ര ദർശനങ്ങൾ നടത്തുന്നതെല്ലാം അവിടെ സജ്ജീകരിച്ചിരിക്കുന്ന  പ്രാണ പ്രസരണം സ്വീകരിക്കുന്നതിനാണെന്നും, മന്ത്രോച്ചാരണങ്ങൾ ശബ്ദപ്രകമ്പനം സ്വീകരിക്കപ്പെടുന്നതിനാന്നെന്നുമെല്ലാം,  അവബോധ വികസനത്തിൻ്റെ ഒരു ഘട്ടത്തിൽ  നമുക്ക് മനസ്സിലാകുന്നു. ഇതെല്ലാം അവബോധ വികസനത്തിനുള്ള ‘ടെക്നോളോജി”യുടെ ഭാഗമാണ്. അതുപോലെ ശരിയായി അനുഷ്ഠിക്കപ്പെടുന്ന സനാതനഃ ധർമ്മത്തിലെ വിവിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഴത്തിലുള്ള വിവിധ അറിവുകളിൽ വേരൂന്നി നിൽക്കുന്നവയാണ്. 

അവബോധ വികസനത്തിലൂടെ മാത്രമേ യഥാർത്ഥ അറിവ് ലഭ്യമാകൂ എന്നും അറിവിലൂടെ മാത്രമേ ഇപ്പറഞ്ഞ  സ്വാതന്ത്ര്യം  നേടാൻ ആകൂ   എന്നുമാണ്  സനാതനഃ ധർമ്മം  പറഞ്ഞു തരുന്നത്. മനുഷ്യൻ്റെ ക്ലേശങ്ങളിൽ നിന്നും ഉള്ള മോചനത്തിന്  ആവശ്യമായ എല്ലാ  സൈദ്ധാന്തിക അറിവുകളും, അവയുടെ   പ്രയോഗശാസ്ത്രവും സമന്വയിപ്പിച്ചതാണ് ഷഡ് ദർശനങ്ങൾ. തികച്ചും സനാതനമായ,  മതേതരത്വമായ അറിവാണ് അത്.  കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള കഴിവ് നൽകുന്ന  അവബോധ വികസനത്തിൻ്റെ  കാര്യത്തിൽ ഓരോരുത്തരും ഓരോ  നിലയിൽ ആയതുകൊണ്ട്  വൈവിദ്ധ്യമായ നിലപാടുകൾ ഓരോരുത്തരും സ്വീകരിക്കുന്നു എന്ന് സനാതനഃധർമ്മം നമ്മെ  മനസ്സിലാക്കിത്തരുന്നു. എന്തുകൊണ്ടാണ് സനാതനഃ ധർമ്മത്തിൽ ഇത്രയധികം സഹിഷ്ണുത നിറഞ്ഞു നിൽക്കുന്നത് എന്ന് ഇതിൽ നിന്നും സ്വയം വ്യക്തമാകുന്നുണ്ടല്ലോ.

ഇനി, സനാതനഃ ധർമ്മത്തിലെ സൃഷ്ടിയുടെ തുടക്കത്തിലേക്ക് അഥവാ   “ദൈവം” എന്ന സങ്കൽപ്പത്തിലേക്ക് കടക്കാം