സനാതനഃ ധർമ്മത്തിലെ “ബ്രഹ്മൻ” എന്ന ഏകദൈവം

സനാതനഃ ധർമ്മത്തിൽ നിലനിൽപ്പുള്ള  പ്രാഥമികമായ ഏക സത്യം അരൂപമായ നിർഗുണ ബ്രഹ്മൻ എന്ന ഒരേ ഒരു   ‘ഏകത്വം’ മാത്രമാണ്.  ‘ഏകത്വം’ എന്ന അനന്തമായ, ശാശ്വത സ്ഥായിയായ, പരിവർത്തന വിഹീനമായ  ഒരൊറ്റ നിലനിൽപ്പ് മാത്രമേ ഇവിടെ അന്തിമ സത്യമായിട്ടുള്ളൂ   എന്നതാണ് സനാതനഃ ധർമ്മത്തിലെ  ഏറ്റവും ഉയർന്ന പാഠം. ആ ഏകത്വത്തിൽ നിന്നും ആണ് സർവ്വതും ഉടലെടുക്കുന്നതും, ആ ഏകത്വത്തിലേക്ക് തന്നെയാണ് സർവ്വതും തിരികെ വിലയംപ്രാപിക്കുന്നതും. എല്ലാ തിരമാലകളും ഉദിക്കുന്നതും നിലനിൽക്കുന്നതും അസ്തമിക്കുന്നതും സമുദ്ര ജലത്തിൽ തന്നെയാണ് എന്ന് പറയുന്നതിന് സമ്മാനമാണിത്. 


രണ്ടാമതൊന്നില്ലാത്ത, ഏകമായ ‘ഏകത്വം’.  ആ ‘ഏകത്വ’ത്തിൽ തന്നെയാണ് ഇവിടെ ഉണ്ടായിരുന്നതും, ഇന്നുള്ളതും, ഇനി ഉണ്ടാകുവാൻ പോകുന്നതും എല്ലാം അടങ്ങിയിരിക്കുന്നത്. സമുദ്രം ജലമായിരിക്കുന്നത് പോലെ തന്നെ, ആ സമുദ്രത്തിലെ തിരമാലകൾ അതേ  ജലം തന്നെ സ്വയം പ്രസ്തുത രൂപം  കൈക്കൊണ്ടതു മാത്രം ആയിരിക്കുന്നതു പോലെ തന്നെ, ഒരേ ഒരു ‘ഏകത്വം’ എന്ന അസ്ഥിത്വത്തിൽ “പ്രപഞ്ചം” എന്ന ഒരു രൂപം കൈക്കൊണ്ടത് മാത്രമാണ്  ഇതെല്ലാം. ഞാനും നിങ്ങളും പ്രപഞ്ചവും എല്ലാം അങ്ങിനെതന്നെ.  ഇവിടെയുള്ളതെല്ലാം, വാസ്തവത്തിൽ, ‘ഏകത്വം’ തന്നെയാണ്. ആ ‘ഏകത്വ’ത്തിന് സനാതനഃ ധർമ്മത്തിൽ നൽകിയിരിക്കുന്ന പേരാണ്, ‘ബ്രഹ്മൻ’. ഇവിടെ “ബ്രഹ്മൻ” എന്ന പദം നിർഗുണ  ബ്രഹ്മൻ്റേതാണ്  എന്ന് മറക്കരുത്.
അരൂപമായ ആ ‘ഏകത്വ’ത്തിനു ഇംഗ്ലീഷ് ഭാഷയിൽ ‘ഗോഡ്’ എന്ന് പറയും.  മലയാള ഭാഷയിൽ  ‘ദൈവം’ എന്ന് പറയും. ജൂത മതത്തിൽ ‘യഹ്‌വ’ എന്ന് പറയും. ക്രിസ്തുമതത്തിൽ ‘ഇലോഹിം’ എന്ന് പറയും. ഇസ്ലാം മതത്തിൽ  ‘അള്ളാഹു’ എന്ന് പറയും. സനാതനഃ ധർമത്തിൽ ‘ബ്രഹ്മൻ’ എന്ന് പറയും. എല്ലാം ‘ഏകത്വ’ത്തിൻ്റെ  പര്യായപദങ്ങൾ മാത്രം.

മതവിശ്വാസങ്ങളും  സനാതനഃ ധർമ്മവും തമ്മിലുള്ള  വ്യത്യാസം

അബ്രഹാമീയ മതങ്ങളിൽ നിന്നും സനാതനഃ ധർമ്മത്തിനുള്ള അടിസ്ഥാനപരമായ വ്യത്യാസം ഒരേ ഒരു കാര്യത്തിൽ മാത്രമാണ്. പരമമായ ഏകത്വമാണ് ‘ദൈവം’ എന്നതിൽ ആർക്കും ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.  ഓരോരുത്തരും  അവരവരുടെ ഭാഷയിലും സംസ്കാരത്തിലും ഉള്ള ഓരോരോ പേരുകളിൽ ആ പരമമായ ഏകത്വമാകുന്ന “ദൈവത്തെ” വിവക്ഷിക്കുന്നു  എന്നു മാത്രമേ ഉള്ളൂ. അതൊരു വ്യത്യാസമല്ല. ഉള്ള വ്യത്യാസം ഇതാണ്. പരമ സത്യമായ ഏകത്വ ദൈവം   രണ്ടാമതൊരു വസ്തുവായി ഇക്കാണുന്ന പ്രപഞ്ചത്തെ “സൃഷ്ടിച്ചു” എന്ന് അബ്രഹാമീയ മതങ്ങൾ പറയുമ്പോൾ,  സനാതനഃ ധർമ്മം പറയുന്നത് “സൃഷ്ടിക്കുകയല്ല ചെയ്തത്, ഭാഗികമായി സ്വയം മാറുക മാത്രമാണ്  ചെയ്തത്; അതിനാൽ അത് ഒരു സൃഷ്ടിയല്ല  ഒരു സ്വയം “സാക്ഷാത്ക്കാരം” മാത്രമാണ്  എന്നാണ്. 


അതായത്, അബ്രഹാമീയ മതങ്ങളിൽ ദൈവം എന്നത്  ഉടമസ്ഥനും സൃഷ്ടി  എന്നത് ദൈവം ഉടമസ്ഥാവകാശങ്ങൾ കാത്ത് സൂക്ഷിക്കുന്ന ഒരു വസ്തുവും ആണ്. എന്നുപറഞ്ഞാൽ, “പ്രപഞ്ചം  എൻ്റേതാണ്, ഇവിടെ ഞാനും പ്രപഞ്ചവും രണ്ടാണ് – ‘താനും, അന്യനും’ എന്ന രണ്ടായ ഉഭയ ബന്ധം ആണ് നിലനിൽക്കുന്നത്” എന്ന    “ദ്വൈത” ചിന്തയാണ്  അബ്രഹാമീയ മതങ്ങളുടെ അടിസ്ഥാനം.   എന്നാൽ, “ഞാൻ തന്നെ ഭാഗികമായി പ്രപഞ്ചമായി മാറി ആ പ്രപഞ്ചം  എന്നിൽ തന്നെ നിലകൊള്ളുന്നു. ഞാൻ തന്നെ ഭാഗികമായി പ്രച്ഛന്നവേഷമണിഞ്ഞതാണ് ഈ  പ്രപഞ്ചം, ഇവിടെ ‘താനും, അന്യനും’ എന്ന  രണ്ടില്ല, ഒന്നേ ഉള്ളൂ”   എന്നതാണ് സനാതനഃ ധർമ്മത്തിൻ്റെ അദ്വൈത ചിന്ത. 


സനാതനഃ ധർമ്മം അപ്രകാരം വെറുതെ പറയുകമാത്രമല്ല,  കാര്യകാരണ സഹിതം, യുക്തിയുക്തം  ഉപനിഷത്തിക്കളിലൂടെ തർക്കിച്ച് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് ഇക്കാര്യം.  സ്വയം രൂപ മാറ്റം വരുത്തി സൃഷ്ടിയുടെ മൂന്ന് തലങ്ങൾ  നിലവിൽ വരുത്തുന്ന  മുപ്പത്തിയാറു  സൃഷ്ടി തത്വങ്ങൾ സവിസ്തരം വിശദമാക്കുന്നുണ്ട് സനാതനഃ ധർമ്മത്തിൽ.  ആ മൂന്ന് തലങ്ങളിൽ ഏറ്റവും ഉയർന്ന തലമാണ് “ശുദ്ധ  തത്വങ്ങൾ”. ഈശ്വരന്മാർ  ഈ ഒന്നാമത്തെ തലത്തിലാണ് വരുന്നത്. മനുഷ്യരും  ദൃശ്യഗോചരമായ പ്രപഞ്ചവും വരുന്നത് ഏറ്റവും താഴത്തെ തലത്തിലുള്ള “അശുദ്ധ തത്വങ്ങളി”ൽ ആണ്.  ഇതിനു രണ്ടിനും ഇടയിൽ വരുന്നതാണ് “ശുദ്ധാശുദ്ധ തത്വങ്ങൾ”. ദൈവവും ഈശ്വരനും രണ്ടും രണ്ടാണ്. ഈ മുപ്പത്തിയാറ് തത്വങ്ങൾ മനസ്സിലാക്കുകയാണ് സനാതനഃ ധർമ്മം എന്താണെന്നും, ദൈവവും ഈശ്വരനും തമ്മിലുള്ള വ്യത്യാസം എന്താണെന്നും  മനസ്സിലാക്കുവാനുള്ള മാർഗ്ഗം. 


“മതം” എന്ന പദത്തിൻ്റെ അർത്ഥം തന്നെ “അഭിപ്രായം” എന്നാണ്. സനാതനഃ ധർമ്മം ഒരു അഭിപ്രായമല്ല. ബുദ്ധിയും യുക്തി ഉപയോഗിച്ച് നിരീക്ഷിച്ച് പരിചിന്തനം ചെയ്ത് സ്വയം മനസ്സിലാക്കുവാനും, സ്വന്തം സാധനയിലൂടെ, (ജീവിത രീതിയിലൂടെ) സ്വയം അനുഭവിച്ച് ബോദ്ധ്യപ്പെടുവാനും ആവശ്യമായ ശാസ്ത്രവും പ്രയോഗ ശാസ്ത്രവും ആണ് സനാതനഃ ധർമ്മം. അതുകൊണ്ട് കൂടിയാണ്, സനാതനഃ ധർമ്മം ഒരു മതമല്ല, ജീവിത രീതിയാണ് എന്ന് അറിയപ്പെടുവാൻ ഉള്ള കാരണം. ചുരുക്കത്തിൽ, സനാതനഃ ധർമ്മത്തിൽ ഒന്നും അന്ധമായി വിശ്വസിക്കേണ്ടതില്ല. എല്ലാം യുക്തിയുക്തം അറിയുകമാത്രമാണ് ചെയ്യന്നത് സനാതനഃ ധർമ്മത്തിൽ.

ഈ മഹാ  പ്രപഞ്ചത്തിൻ്റെ  ഏകദേശം 4% മാത്രമേ “ആറ്റം” അടിസ്ഥാനമാക്കിയുള്ള ദ്രവ്യ വസ്തുക്കളാൽ  നിർമ്മിതമായിട്ടുള്ളൂ. ഭൂമിയിലെ മുഖ്യധാരാ  ശാസ്ത്രത്തിന് ഇന്ന് അറിയാവുന്നത് പ്രപഞ്ചത്തിൻ്റെ ഈ  4% മാത്രം  – ബാക്കി 96% നിത്യ നിതാന്ത ശൂന്യതയാണ് – ശാസ്ത്രം “ഡാർക്ക് മാറ്റർ” എന്നും “ഡാർക്ക് എനർജി” എന്നും വിളിക്കുന്ന അജ്ഞാതമായ ഒന്ന് ആണ് ആ തൊണ്ണൂറ്റി ആറ് ശതമാനം!  ഈ “ഡാർക്ക് എനർജി’യാണ്  ഗാലക്സികളെ ഒരു ‘പശ’ പോലെ ഒരുമിച്ച് നിർത്തുന്നത്. ഇതിനപ്പുറം ഒന്നും ശാസ്ത്രത്തിന് അറിയില്ല. ഭൗതികമായ ഉപകരണങ്ങൾ ഉപയോഗിച്ച് അറിയുവാൻ കഴിയുകയില്ല. അറിയുമെന്ന് അവകാശപ്പെടുന്ന  ഈ 4% ആണ് സഗുണ ബ്രഹ്മൻ. ബാക്കി 86% അറിയുവാൻ കഴിയാത്ത നിർഗുണബ്രഹ്മൻ ആണെന്ന് സയൻസിൻ്റെ ഭാഷയിൽ ഉദാഹരണം പറയാം.  

ഇനി, ശാസ്ത്രം അറിയാമെന്ന് അവകാശപ്പെടുന്ന പ്രപഞ്ചത്തിൻ്റെ  നാല് ശതമാനത്തിലേക്ക് (സഗുണ ബ്രഹ്മത്തിലേക്ക്) കടന്ന് നോക്കൂ. ശാസ്ത്രത്തിന് അറിയാവുന്ന ഈ 4% പ്രപഞ്ചത്തിൻ്റെ  99.9 ശതമാനവും “ഇന്റർസ്റ്റെല്ലാർ ഡസ്റ്റ്” ആണ്. അതുകൊണ്ട് ഈ പൊടിയിൽ നമുക്ക് ഒന്നും കാണാനോ സ്പർശിക്കുവാനോ കഴിയില്ല. നമുക്ക് കാണാൻ കഴിയുന്ന പ്രപഞ്ചം വെറും 0.1% മാത്രമാണ്. എന്താണ് ആ 0.1% പ്രപഞ്ചം? ആ പ്രപഞ്ചത്തിൽ നമുക്ക് കാണാൻ കഴിയുന്ന രണ്ട് ട്രില്യൺ ഗാലക്സികൾ ഉണ്ട്. എന്താണ് ട്രില്യൺ? അതായത്, 2-ന് ശേഷം 12 പൂജ്യങ്ങൾ! – ഇതാണ് ശാസ്ത്രത്തിന് ദൃശ്യമായ പ്രപഞ്ചം. 

ക്ഷീരപഥം എന്നറിയപ്പെടുന്ന ഗാലക്സിയിലാണ് നാം ജീവിക്കുന്നത്. നമ്മുടെ ഗാലക്സിയിൽ മാത്രം 10 ബില്യൺ നക്ഷത്രങ്ങളുണ്ട്. അതായത്, 10-ന് ശേഷം 9 പൂജ്യങ്ങൾ. ഓരോ നക്ഷത്രത്തിനും ചില ഗ്രഹങ്ങളുണ്ട്, നമ്മുടെ ഭൂമിയെപ്പോലെ.  ഗ്രഹങ്ങളുള്ള ഒരു നക്ഷത്രമാണ് നമ്മുടെ സൂര്യൻ. രണ്ട് ട്രില്യൺ ഗാലക്സികൾക്ക്  മൊത്തം 700 സെക്‌സ്‌ട്രില്യൺ ഗ്രഹങ്ങളാണ് ഉള്ളത്  – നമ്മുടെ ഭൂമിക്ക് സമാനമായ ഗ്രഹങ്ങൾ. അതായത് 700 ന് ശേഷം 21 പൂജ്യങ്ങൾ!! പ്രപഞ്ചം എത്ര വലുതാണ് !! എത്ര ചെറിയ സഗുണ ബ്രഹ്മനിൽ ആണ് കാണപ്പെടുന്ന ഈ ലോകം നിലനിൽക്കുന്നത്. എത്ര വലിയ നിർഗുണ ബ്രഹ്മൻ്റെ ഭാഗമാണ് ഇത്ര ചെറിയ  സഗുണ ബ്രഹ്മനും അതിൽ നിലകൊള്ളുന്ന 700 സെക്‌സ്‌ട്രില്യൺ ഗ്രഹങ്ങളൂം!