സനാതനഃ ധർമ്മത്തിൻ്റെ അടിസ്ഥാനം


ഇത്രയും, പശ്ചാത്തല അറിവുകൾ ആയി മനസ്സിലാക്കിക്കൊണ്ട്, എന്താണ് സനാതനഃ ധർമ്മം നമുക്ക് നൽകുന്ന വിശേഷപ്പെട്ട അറിവ് എന്ന വിഷയത്തിലേക്ക് കടക്കാം. ഇതുവരെ പറഞ്ഞ പ്രധാന വിവരങ്ങൾ ഒരിക്കൽകൂടി സംക്ഷിപ്ത രൂപത്തിൽ പറയാം.

(1) സനാതനഃ ധർമ്മം ഒരു മതമല്ല. ഒരു ജീവിത രീതിയാണ്. അതിപുരാതന കാലത്ത് ഭാരതത്തിൽ ജീവിച്ചിരുന്ന ഉയർന്ന അവബോധമുണ്ടായിരുന്ന ആര്യന്മാർ അവലംബിച്ചിരുന്ന ജീവിതരീതിയുടെ തുടർച്ചയാണ് സനാതനഃ ധർമ്മത്തിലെ ജീവിത രീതി. ആര്യന്മാർ അന്നത്തെ ഭാരതത്തിൻ്റെ മണ്ണിൻ്റെ മക്കൾ തന്നെയായിരിന്നു. അല്ലാതെ, യൂറോപ്പിൽ നിന്നും വന്നവർ ആയിരുന്നില്ല. ഇക്കാര്യം ആധുനിക ശാസ്ത്രീയ തെളിവുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.

(2) “ഹിന്ദുമതം” എന്ന പദം സനാതനഃ ധർമ്മത്തെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത് തെറ്റാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ വിഷയത്തിൽ വേണ്ടത്ര അറിവില്ലാത്തത് കൊണ്ട് തെറ്റായി ഉപയോഗിച്ച് പ്രചാരത്തിൽ കൊണ്ടുവന്ന പദമാണ് അത്.

(3) സനാതനഃ ധർമ്മം അവലംബിച്ചിരിക്കുന്ന ജീവിത രീതി തികച്ചും മതേതരവും, സർവ്വ ജീവജാലങ്ങളേയും സഹിഷ്ണതയിൽ ഉൾക്കൊണ്ടുകൊണ്ടുള്ള ഒന്നാണ്. അത്തരം ജീവിത രീതി വേദങ്ങളിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്, മനുഷ്യന് സാദ്ധ്യമായതിൽ ഏറ്റവും ഉന്നമായ ഒരു അവബോധ നിലയിലേക്ക് സ്വയം പരിണാമത്തിലൂടെ ഉയരുവാൻ വേണ്ടിയാണ്. അപ്രകാരം ഉള്ള ഉയർച്ച തെറ്റുകളും ശരികളും സ്വന്തം ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞുകൊണ്ട്, എന്തുചെയ്താൽ എന്ത് സംഭവിക്കും എന്ന് മനസ്സിലാക്കി, സ്വയം ശരികൾ അനുഭവത്തിലൂടെ കണ്ടെത്തി, സ്വന്ത ‘അവബോധം’ വർദ്ധിപ്പിച്ച് മനുഷ്യ പരിണാമത്തിൻ്റെ പടികൾ കയറുവാനാണ്. അത്തരം അവബോധ വളർച്ചയിലൂടെ മാത്രമേ മനുഷ്യൻ ഇന്നനുഭവിക്കുന്ന ക്ലേശകളിഷ്ടമായ ജീവിതത്തിൽ നിന്നും അനശ്വരമായ മോചനം സാദ്ധ്യമാകൂ എന്ന് വേദങ്ങൾ അടിവരയിട്ട്, കാര്യ കാരണം, സഹിതം പറയുന്നു.

(4) ഏതൊരു ജീവിത രീതിയെക്കുറിച്ചോ, ഏതൊരു മതത്തെക്കുറിച്ചോ ആഴത്തിൽ പഠിക്കണമെങ്കിൽ, അവ നൽകുന്ന മൂന്ന് കാര്യങ്ങൾ പക്ഷപാതമില്ലാതെ, യുക്തിഭദ്രതയോടെ, ചിന്തിച്ച് മനസ്സിലാക്കുവാൻ ശ്രദ്ധിച്ചാൽ മതി. ആ മൂന്ന് കാര്യങ്ങൾ ഇവയാണ്. (1) എന്താണ് അതിലെ “ദൈവം” എന്ന സങ്കല്പം? (2) മനുഷ്യൻ എങ്ങിനെ ഉണ്ടായി, എങ്ങിനെ ഈ കഷ്ടപ്പാടിൻ്റെയും ദുരിതങ്ങളുടേയും കാണാക്കയത്തിൽ പെട്ടുപോയി? (3) എന്നെന്നേക്കുമായി എങ്ങിനെ ഈ കയത്തിൽ നിന്നും രക്ഷപെടുവാൻ കഴിയും?

ഇനി, സനാതന ധർമ്മം എന്താണ്, എന്താണ് അതിലെ ദൈവ സങ്കൽപ്പം, എങ്ങിനെയാണ് മനുഷ്യ ദുഃഖങ്ങളിൽ നിന്നും ശാശ്വത മോചനം നേടുവാൻ കഴിയുക എന്നീ വിഷയങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കാം.

സനാതനഃ ധർമ്മം വേദങ്ങളിൽ അധിഷ്ഠിതമാണ്. സനാതനഃ ധർമ്മത്തിൻ്റെ അടിസ്ഥാന ശില “ശ്രുതി” എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന നാല് വേദങ്ങൾ ആണ്. ച്ഛന്ദശാസ്ത്രവും, നിശ്ചിതമായ വ്യവസ്ഥയിൽ ത്രസിക്കുന്ന ശബ്ദ ക്രമീകരണമുള്ള പദങ്ങളും, ഗഹനമായ അർത്ഥവ്യാപ്തിയും എല്ലാം കോർത്തിണക്കിയ സംസ്കൃത ശ്ലോകങ്ങൾ ആണ് ശ്രുതികൾ. ഋഗ്, യജുർ, സാമ, അഥർവ്വ എന്നിവയാണ് ‘ശ്രുതി’യിൽ വരുന്ന ആ നാല് വേദങ്ങൾ. ഈ നാല് വേദങ്ങൾ അടങ്ങിയ ശ്രുതിയിൽ നൽകപ്പെട്ടിരിക്കുന്നതാണ് സനാതനഃ ധർമ്മത്തിലെ അവസാന വാക്ക്.

ശ്രുതി

‘ശ്രുതി’ എന്നാൽ ‘കേട്ടറിഞ്ഞത്’ എന്നാണ് അർത്ഥം. വളരെ ഉയർന്ന അവബോധമുള്ള പുരാതന ഋഷിമാർ ദേവന്മാരിൽ നിന്നും ആന്തരികമായി കേട്ടറിഞ്ഞത് എന്ന് ഇതിനെ പൊതുവേ വിശദീകരിക്കാം. അവയെല്ലാം, ശരിയായ ഉച്ചാരണത്തിലും ആലാപന രീതിയിലും ഗുരുനാഥനിൽ നിന്നും കേട്ട്, ശിഷ്യന്മാർ ആവർത്തിച്ചു ചൊല്ലി, പഠിച്ച് ഹൃദിസ്ഥമാക്കികൊണ്ടാണ് ആയിരക്കണക്കിനുള്ള തലമുറകളിലൂടെ അതിവിദൂരമായ ഒരു ഭൂതകാലത്തിൽ നിന്നും കൈമാറി വന്നത്. അവയെല്ലാം ക്രോഡീകരിച്ച് എഴുതി സൂക്ഷിക്കുവാൻ തുടങ്ങിയത് താരതമ്യേന അടുത്ത കാലഘട്ടങ്ങളിലാണ്.

‘വേദം’ എന്ന പദത്തിന് ‘അറിയപ്പെട്ട വിജ്ഞാനം’ എന്നാണ് അർത്ഥം. ഓരോ വേദത്തിനും മൂന്ന് ഭാഗങ്ങൾ ഉണ്ട്. (1) മന്ത്രം അല്ലെങ്കിൽ സംഹിതകൾ (2) ബ്രാഹ്മണം (3) ഉപനിഷദ് എന്നിവയാണ് ആ ഭാഗങ്ങൾ. ഇതിൽ ‘സംഹിത’കളിൽ പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ മന്ത്രങ്ങൾ അടങ്ങിയിരിക്കുന്നു. ആ മന്ത്രങ്ങളുടെ ഉച്ചാരണ ശബ്ദങ്ങളുടെ ക്രമീകരണത്തിന് ഒരു പ്രത്യേക ശക്തി ഉണ്ട്.

വേദങ്ങളുടെ ‘ബ്രാഹ്മണ’ ഭാഗം ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും കുറിച്ചുള്ള നിർദ്ദേശങ്ങൾ ആണ്. കൂടാതെ, സംഹിതകളിൽ വരുന്ന മന്ത്രങ്ങൾ ഉപയോഗിച്ച ചടങ്ങുകൾ എങ്ങനെ നടത്തണമെന്ന് വിശദീകരിക്കുന്നു.

‘ഉപനിഷത്ത്’ ഭാഗത്ത്, ‘ബ്രഹ്മൻ’ എന്ന് വിവക്ഷിക്കുന്ന പരമമായ സത്യത്തിൻ്റെ സ്വഭാവം, ആ ബ്രഹ്മനിൽ നിന്നും വേർതിരിഞ്ഞു നിൽക്കുന്ന പരമമായ ആത്മാവ്, മനുഷ്യനും പ്രപഞ്ചവും തമ്മിലെ ബന്ധം, മനുഷ്യൻ അനുഭവിക്കുന്ന ബന്ധനവും ആ ബന്ധനത്തിൽ നിന്നും ഉള്ള വിമോചനം, എന്നെല്ലാം ഉള്ള ആഴത്തിലുള്ള ദാർശനിക പ്രബോധങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്.. എല്ലാ തത്ത്വചിന്തകളുടെയും അടിത്തറയാണിത്,

ഈ മൂന്ന് ഭാഗങ്ങൾ കൂടാതെ, പുരാതന കാലത്ത് “ഉപവേദം” അല്ലെങ്കിൽ “തന്ത്രം” അഥവാ “ആഗമ ശാസ്ത്രം” എന്ന് വിവക്ഷിച്ചിരുന്ന ഒരു നാലാമത് ഭാഗം കൂടിയുണ്ടായിരുന്നു. ഇന്നും ഉണ്ട്, എന്നാൽ അത് അൽപ്പം വേറിട്ടു നിൽക്കുന്ന ഒരു പുരാതന ശാസ്ത്ര ശാഖയാണ്. ഇതിൽ അതീന്ത്രിയ ശാസ്ത്രവും, ആ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക നിർദ്ദേശങ്ങളും ആണ് ഉൾക്കൊള്ളുന്നത്.

പൊതുവേ ജനങ്ങൾക്ക് ആത്മീയത കുറഞ്ഞ കാലഘട്ടത്തിൽ തന്ത്ര പഠനം അനുയോജ്യമല്ലെന്ന് കണ്ട്, തന്ത്രപഠനം വളരെ അധികം നിയന്ത്രിക്കപ്പെട്ടിരുന്നു. അതുകൊണ്ട്,. തന്ത്രങ്ങൾ എന്ന പേരിൽ ഇപ്പോൾ നിലവിലുള്ള ഗ്രന്ഥങ്ങൾ പൊതുവെ വേദത്തിൻ്റെ ഭാഗമായി കണക്കാക്കപ്പെടുന്നില്ല.

വേദത്തിൽ അധിഷ്ഠിതമായ പുരാണങ്ങളും, ഇതിഹാസങ്ങളും, ആരാധനാ രീതികളും പ്രസിദ്ധമാണ്. എന്നാൽ “തന്ത്രം” എന്ന ശാഖ അത്രതന്നെ പ്രസിദ്ധമല്ല. ചുരുക്കത്തിൽ, വേദങ്ങളിൽ അധിഷ്ഠിതമായ വൈദീക രീതിയിലുള്ള ആരാധനകളും സമ്പ്രദായങ്ങളും പ്രസിദ്ധമാണ്. അതുപോലെ തന്നെ, തന്ത്രത്തിൽ അധിഷ്ഠിതമായ താന്ത്രീക ആരാധനകളും സമ്പ്രദായങ്ങളും സനാതനഃ ധർമ്മത്തിൽ നിലവിൽ ഉണ്ട്. കേരളത്തിൽ താന്ത്രീക സമ്പ്രദായം ആണ്അധികവും പ്രചാരത്തിൽ ഉള്ളത്. അതുകൊണ്ട് തന്നെ, ആചാരത്തിൻ്റെ ഭാഗമായി ചില താന്ത്രിക രീതികൾ, വൈദിക രീതിയിലുള്ള ആരാധനയിലും ഇടകലർന്ന് നമുക്ക് ഇന്ന് കാണാവുന്നതാണ്.എന്നാൽ ഈ വിഷയങ്ങളിൽ ഒന്നും ഒരു വൃക്തത പൊതുവേ ആരിലും കാണുന്നില്ല. വേദവും താന്തവും തമ്മിലുള്ള സാമാന്യതകളും വ്യത്യാസങ്ങളും പുറകെ വ്യക്തമാക്കാം.

സ്മൃതി

ആധികാരികതയിൽ സ്മൃതിക്ക് തൊട്ടു താഴെ നിൽക്കുന്ന ഒന്നാണ് “സ്മൃതി”. സ്മൃതിക്ക് “ധർമ്മ ശാസ്ത്രം” എന്ന മറ്റൊരു പേരുകൂടി ഉണ്ട്. വ്യക്തിജീവിതത്തിലും, കുംടുംബജീവിതത്തിലും, സാമൂഹ്യ ജീവിതത്തിലും, രാഷ്ട്ര ധർമ്മം എന്ന നിലയിലും എല്ലാം അനുഷ്ഠിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും ആണ് സ്മൃതിയിൽ. “ശ്രുതി”യിൽ നൽകിയിരിക്കുന്ന തത്വങ്ങളിൽ മാത്രം അധിഷ്ഠിതമാണ് സ്മൃതി. പൊതുവേ പറഞ്ഞാൽ, “സ്മൃതി” എന്നത് ശ്രുതിയിലെ തത്വങ്ങളെ അടിസ്ഥാനമായി നൽകുന്ന പ്രായോഗികമായ ജീവിത നിയമങ്ങളും സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങളും ആണ്.

പ്രധാനമായി നാല് സ്മൃതികൾ ആണ് ഉണ്ടായിരുന്നത്. അവ ‘മനുസ്മൃതി’, ‘യാജ്ഞവൽക്യ സ്മൃതി’, ‘സാംഖ്യലിഖിത സ്മൃതി’, ‘പരാശര സ്മൃതി’ എന്നിവയാണ്. ഇതിൽ “മനുസ്മൃതി” വളരെ പ്രശസ്തമാണ്. “മാനവ ധർമ്മശാസ്ത്രം” എന്നാണ് മനുസ്മൃതി അറിയപ്പെടുന്നത്. പുരാതന ഭാരതത്തിൽ, സമൂഹവും രാഷ്ട്രവും എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ കൈയെഴുത്തു പ്രതികളിൽ ഋഷിമാർ എഴുതിയിട്ടുണ്ട്. ഇന്ന് ലഭ്യമായിരുന്ന അവയുടെ പല ഭാഷാന്തരങ്ങളിലും നൽികിയിരിക്കുന്ന പല കാര്യങ്ങളും പരസ്പര വിരുദ്ധമായാണ് കാണപ്പെടുന്നത്. അതുകൊണ്ട് അവയിൽ പലതിൻ്റേയും ആധികാരികത വ്യാജമാണെന്നാണ് പണ്ഡിത മതം. പലതിലും മനുസ്മൃതിയുടെ മൂല രൂപം മാറ്റുകയും യഥാർത്ഥ ഉള്ളടക്കത്തേക്കാൾ കാലാകാലങ്ങളിൽ വ്യാഖ്യാനിച്ച എഴുത്തുകാരുടെ സ്വന്ത അഭിപ്രായങ്ങളും ഇടയിലെഴുതി ചേർക്കുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്. ഇത്തരം കൈകടത്തലുകൾ സനാതനഃ ധമ്മത്തിൽ മാത്രമല്ല, മറ്റു പല ഇതര മതങ്ങളുടെ ഗ്രന്ഥങ്ങളിലും കാണപ്പെടുന്നുണ്ട്.

ഇന്ന് ലഭ്യമായിട്ടുള്ള മൂല മനുസ്മൃതി സംസ്കൃത ഭാഷയിൽ ക്രിസ്തുവിന് ശേഷം ഒന്നാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിൽ എന്നോ രചിക്കപ്പെട്ടതാണ് എന്നാണ് കരുതപ്പെടുന്നത്. സ്വയം ഭൂവായ മനുവും മഹാമുനിമാരായ സപ്തർഷിമാരിൽ ഒരാളായ ഭൃഗുവും തമ്മിൽ നടന്ന സംഭാഷണമായിട്ടാണ് മനുസ്മൃതി അവതരിക്കപ്പെട്ടിരിക്കുന്നത്. ധാർമ്മിക വിഷയങ്ങളായ കടമകൾ, അവകാശങ്ങൾ, നിയമങ്ങൾ, പെരുമാറ്റം, സദ്‌ഗുണങ്ങൾ എന്നിവയെക്കുറിച്ച് അവർ തമ്മിൽ നടന്ന സംഭാഷണങ്ങളാണ് അത്. ചരിത്രപരമായി നോക്കിയാൽ, മനുസ്മൃതിയുടെ സ്വാധീനം ഭാരതത്തിന് പുറത്തും വ്യാപിച്ചിരുന്നു. മ്യാൻമറിലേയും തായ്‌ലൻഡിലേയും മദ്ധ്യകാല ബുദ്ധധർമ്മ നിയമങ്ങൾ മനുസ്മൃതിയുടെ ചുവട് പിടിച്ചുള്ളതാണ് എന്ന് കാണാം. കൂടാതെ കംബോഡിയയിലേയും ഇന്തോനേഷ്യയിലേയും മുൻകാല ഹിന്ദു രാജ്യങ്ങളെ മനുസ്മൃതി വളരെ അധികം സ്വാധീനിച്ചിട്ടുള്ളതായി കാണാം.

പുരാണങ്ങളും ഇതിഹാസങ്ങളും

ശ്രുതി സനാതനഃ ധർമ്മത്തിൻ്റെ അടിത്തറയും, സ്മൃതി സനാതനഃ ധർമ്മത്തിൻ്റെ മേൽത്തറയും ആണെങ്കിൽ, പുരാണങ്ങളും ഇതിഹാസങ്ങളും അതിൽ പണിതുയർത്തിയിരിക്കുന്ന ചുവരുകൾ ആണ്. പുരാണങ്ങൾ ചരിത്രവും അന്യാപദേശ കഥകളും ആണ്. വായിക്കുവാൻ വളരെ രസകരവും നിറയെ വിവിധ വിഷയങ്ങളിലുള്ള അറിവുകളും കൊണ്ട് നിറഞ്ഞതും ആണ് പുരാണങ്ങൾ. ഇതിഹാസങ്ങൾ രാമായണം, മഹാഭാരതം എന്ന രണ്ടുണ്ട്. രാമായണം അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീ രാമചന്ദ്രൻ്റെ കഥയാണെങ്കിൽ, ഭാഗവതം കുരുക്ഷേത്ര യുദ്ധത്തിൻ്റേയും ശ്രീകൃഷ്ണൻ്റേയും കഥയാണ്. വേദങ്ങളും ഉപനിഷത്തുക്കളും വായിച്ച് മനസ്സിലാക്കുവാനുള്ള ബുദ്ധിവൈഭവവും ധിഷണാശക്തിയും ഇനിയും കൈവരാത്തവർക്ക് സനാതനഃ തത്വവും ജീവിത രീതിയും മനസ്സിലാക്കി സ്വായത്തമാക്കുവാനുള്ള ഉപാധികളാണ് പുരാണങ്ങളും ഇതിഹാസനങ്ങളും. പുരാണങ്ങയിലും ഇതിഹാസങ്ങളിലും എല്ലാം കൊടുത്തിട്ടുള്ള നക്ഷത്രങ്ങളുടെ ദിശകളും മറ്റും ഉപയോഗിച്ച് കാല നിർണ്ണയം ചെയ്യുമ്പോൾ, ശ്രീകൃഷ്ണൻ്റെ ദേഹവിയോഗം നടക്കുന്നത് ക്രിസ്തുവിന് മുൻപ് 3012 ലാണ്. ശ്രീ രാമചന്ദ്രൻ്റെ കാലഘട്ടം അതിനും 2000 വർഷം എങ്കിലും മുൻപാണ്. ഇതിൽ നിന്നെല്ലാം സനാതനഃ ധർമ്മത്തിൻ്റെ പൗരാണികത യുക്തിഭദ്രമായി തന്നെ മനസ്സിലാക്കാവുന്നതാണ്.