.

വിഷയവിവരം

മതമല്ല, മതമില്ലായ്മയാണ് സനാതനഃ ധർമ്മം. എന്താണ് സനാതനഃ ധർമ്മം എന്ന് മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു ലേഖന പരമ്പരയാണിത്. എന്തിനാണ് സനാനാതനഃ ധർമ്മം? എന്താണ് സനാതനഃ ധർമ്മത്തിൽ അധിഷ്ഠിതമായ ഒരു ജീവിത രീതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്? എന്തുകൊണ്ടാണ് സനാതന ധർമ്മം ഒരു മതമല്ല എന്ന് പറയുന്നത്? ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്ത്ത വരുത്തുകയാണ് ഈ ലേഖന പരമ്പരയിലൂടെ. വളരെ വലിയ പശ്ചാത്തലവും, ചുരുങ്ങിയത് പതിനായിരം വർഷത്തെ എങ്കിലും പാരമ്പര്യവും പഴമയും ഉള്ള ഒന്നായത്കൊണ്ട് സനാതനഃ ധർമ്മം എന്താണെന്നതിൽ ഇന്നത്തെ ജനങ്ങൾക്കിടയിൽ ഒരു വ്യക്തത ഇപ്പോഴും ഇല്ല. വളരെ പൊതുവായി പറഞ്ഞാൽ സനാതനഃ ധർമ്മത്തിലെ ക്ലാസ്സിക്കൽ ഗ്രന്ഥങ്ങൾ വേദങ്ങൾ, തന്ത്രശാസ്ത്രം (ആഗമ ശാസ്ത്രങ്ങൾ), സൂത്രങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്ന ആറ് ഗണങ്ങളിൽ പെട്ടവയാണ്. ബൃഹത്തായ നാല് വേദങ്ങളും, 200 ആഗമ ശാസ്ത്ര ഗ്രന്ഥങ്ങളും (64 തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങൾ ഉൾപ്പെടെ), എണ്ണമറ്റ സൂത്ര രചനകളും, ആയിരത്തിലധികം ചെറുതും വലുതുമായ ഉപനിഷത്തുക്കളും, ബ്രഹ്മ സൂത്രവും, ഭഗവത് ഗീതയും, 2 ഇതിഹാസങ്ങൾ 18 പുരാണങ്ങളും, 18 ഉപ പുരാണങ്ങളും, ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, അദ്വൈത എന്ന ആറു ദർശനങ്ങളും, എല്ലാം അടങ്ങിയ ഒരു പടുകൂറ്റൻ അടിത്തറയിലാണ് സനാതനഃ ധർമ്മം നില നിൽക്കുന്നത്. ഇതിനെല്ലാം എണ്ണമറ്റ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും സനാതനഃ ധർമ്മത്തിൻ്റെ ക്‌ളാസിക്കൽ ഗ്രന്ഥ സമുച്ചയത്തിൻ്റെ ഭാഗമായിട്ടുണ്ട്. ഇവയിലെല്ലാം പ്രതിപാദിക്കപ്പെട്ട വിഷയങ്ങൾ ഇന്ദ്രിയാതീത വ്യവസ്ഥകളെക്കുറിച്ചുള്ള വെറും ഊഹാപോഹങ്ങൾ ആയിരുന്നില്ല. ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, മാനസിക ആരോഗ്യ ശാസ്ത്രം, ജ്യോതി ശാസ്ത്രം, രാഷ്ട്രീയ മീമാംസ, നിയമം, സാഹിത്യം, ശില്പവിദ്യ, നൃത്തം, സംഗീതം, അഭിനയം, വ്യക്തി ബന്ധങ്ങൾ ഒരു കലയായി വളർത്തിയെടുക്കാനുള്ള ചാതുര്യം ഇതെല്ലാം ജനിച്ചു വളർന്ന് പടർന്ന് പന്തലിച്ചു കൊണ്ട് ഒരു സംസ്കാരത്തിൻ്റെ ഭാഗമായത് ഇപ്പറഞ്ഞ ഗ്രന്ഥ സമൂഹങ്ങൾ നൽികിയ അറിവിൽ നിന്നും അനുഷ്ഠാനങ്ങളിലും നിന്നുമാണ്. ആ മഹത് പാരമ്പര്യത്തിൻ്റെ സ്വാഭാവികമായ അവകാശികൾ ആണ് ഓരോ ഭാരതീയരും. മതങ്ങൾ ജനിക്കുന്നതിനും സഹസ്രാബ്ദങ്ങൾ മുൻപ് നിലനിന്നിരുന്ന ശ്രേഷ്ഠമായ ഒരു മതേതര സംസ്കാരത്തിൻ്റെ പിന്തുടർച്ചാവകാശികൾ ആണ് നമ്മൾ ഓരോരുത്തരും – ഇന്ന് ഏത് മതത്തിൽ നിലകൊള്ളുന്നവരായാലും. സനാതനഃ ധർമ്മ പരിചയത്തിലേക്ക് സ്വാഗതം.