സൃഷ്ടിയുടെ 36 തത്വങ്ങൾ.
സനാതനഃ ധർമ്മം എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുന്ന ആർക്കും ഇനി ഇവിടെ നൽകുന്ന മുപ്പത്തിയാറ് തത്വങ്ങൾ വളരെ പ്രാധാന്യമേറിയതാണ്. ഈ 36 തത്വങ്ങൾ വിശദമായി അടുത്ത അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇവിടെ ഒരു സംക്ഷിപ്ത വിവരണത്തിലൂടെ പ്രാഥമികമായ വിഷയ പരിചയം മാത്രമേ നൽകുവാൻ ഉദ്ദേശിക്കുന്നുള്ളൂ. ഈ മുപ്പത്തിയാറ് തത്വങ്ങൾ എന്താണെന്ന് മനസ്സിലാക്കുകയും, ഈ തത്വങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രവൃത്തിക്കുന്ന രീതികൾ സ്വന്ത അനുഭവത്തിലൂടേയും, സ്വന്തം ജീവിതവും ചുറ്റുമുള്ള ജീവിതങ്ങൾ നിരീക്ഷിക്കുന്നതിലൂടേയും നേരിട്ട് മനസ്സിലാക്കുകയും കൂടി ചെയ്യുമ്പോൾ, സനാതനഃ ധർമ്മം എന്താണെന്ന് ഒരാൾക്ക് ഒരു പരിധിവരെ മനസ്സിലാകും. എന്തുകൊണ്ടാണ് സനാതനഃ ധർമ്മം ചില പ്രത്യേക ജീവിത രീതികളും, ചില പ്രത്യേക ജീവിത വീക്ഷണങ്ങളും പുലർത്തുന്നത് എന്ന് അപ്പോൾ മനസ്സിലാകുവാൻ സാധിക്കും. ഈ മുപ്പത്തിയാറ് തത്വങ്ങൾ മനസ്സിലാക്കാതിരിക്കുന്നിടത്തോളം കാലം, സനാതനഃ ധർമ്മം എന്താണ് എന്ന് മനസ്സിലാക്കുവാൻ വളരെ പ്രയാസം അനുഭവപ്പെടും. വളരെ പ്രാധാന്യമുള്ള വിഷയമായത് കൊണ്ട്, ഇതുവരെ പറഞ്ഞവയിൽ ചില പ്രധാന കാര്യങ്ങൾ അല്പമായി ഒന്ന് ആവർത്തിച്ചിട്ടാണെങ്കിലും ഇവിടെ ഒന്നുകൂടി പറയേണ്ടതുണ്ട്. അപ്പോൾ മാത്രമേ തുടർന്ന് പറയുവാൻ പോകുന്ന വിഷയത്തിൻ്റെ പശ്ചാത്തലവും സാംഗത്യവും വ്യക്തമാകുകയുള്ളൂ.
മുപ്പത്തിയാറ് തത്വങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് ഒരു കാര്യം സൂപ്പിച്ചുകൊള്ളട്ടെ. എല്ലാമതങ്ങളും അന്വേഷിക്കുകയും അവരവരുടെ അനുയായികൾക്ക് പകർന്ന് നൽകുവാൻ ശ്രമിക്കുകയും ചെയ്യുന്ന കാര്യങ്ങൾ അടിസ്ഥാനപരമായി ഒന്ന് തന്നെ ആണ്. സനാതനഃ ധർമ്മം ഒരു മതമല്ല. സമസ്ത പ്രപഞ്ച വസ്തുക്കൾക്കും ജീവജാലങ്ങൾക്കും തുല്യ സ്ഥാനം നൽകികൊണ്ടുള്ള ധാർമ്മികമായ ഒരു ജീവിത രീതിയാണ് സനാതനഃ ധർമ്മം എന്ന് വീണ്ടും ആവർത്തിക്കട്ടെ. മറ്റുമതങ്ങളെപ്പോലെ, സനാതനഃ ധർമ്മവും അനുയായികള്‍ക്ക് പകർന്ന് നൽകുന്നത് മനുഷ്യൻ്റെ ദുരിത പൂരിതമായ ജീവിതത്തിൽ നിന്നും ആനന്ദപ്രദമായ ഒരു ജീവിതത്തിലേക്കുള്ള നിത്യമോചനത്തിനുള്ള വഴികൾ തന്നെയാണ്. എല്ലാ മതങ്ങളിലും ഈ ലക്ഷ്യത്തിലേക്കുള്ള അവരവരുടെ ഉപദേശ നിർദ്ദേശങ്ങൾ അവരവരുടെ ദൈവസങ്കല്പങ്ങളും മനുഷ്യൻ്റെ ഉത്പത്തിയെക്കുറിച്ച് അവരവർക്കുള്ള വിശ്വാസങ്ങളും ആയി വളരെ ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട്, ഏതൊരു മതവും എന്താണെന്ന് പഠിക്കണമെങ്കിൽ ആ മതത്തിലെ ദൈവസങ്കല്പങ്ങളും, ആ മതങ്ങളിലെ “വിശ്വാസം” അനുസരിച്ചുള്ള മനുഷ്യൻ്റെ ഉത്പത്തി ചരിത്രവും ആദ്യം പഠിക്കണം.
പ്രകൃതിയിലെ മറ്റു സർവ്വ ജീവജാലങ്ങളേയും പോലെ, എല്ലാ മനുഷ്യരും തേടുന്നത് ആനന്ദ നിർഭരമായ, ക്ലേശങ്ങൾ ഇല്ലാത്ത, മരണമില്ലാത്ത ഒരു നിത്യ നിതാന്ത സുഖ സുന്ദര ജീവിതമാണ്. ഇക്കാര്യത്തിൽ ആർക്കും ഒരു സംശയത്തിനും അവകാശം ഇല്ല. ഇവിടെ നമ്മൾ ആരും, ദുഃഖവും, ദുരിതവും, രോഗങ്ങളും, ക്ലേശങ്ങളും തേടുന്നില്ല. എല്ലാവർക്കും വേണ്ടത് ഒരിക്കലും അവസാനിക്കാത്ത ആനന്ദപൂർണ്ണമായ ജീവിതമാണ്. എന്നാൽ, ഇവിടെ ലഭിക്കുന്നതോ, ക്ഷണികമായ സുഖവും ദുഃഖവും മാറി മാറി വന്നു പോകുന്ന, എന്നാൽ എല്ലാം ഒരു ദിവസം മരണത്തിൽ അവസാനിക്കുന്ന ജീവിതം! ഇവിടെ ഒന്നും ശാശ്വതമല്ല. മദ്യപിക്കുന്നവർ പോലും, മദ്യപിക്കുന്നത് ക്ഷണികമായ സുഖാനുഭവത്തിന് വേണ്ടി മാത്രമാണ്. എന്നാൽ തീർത്തും ക്ഷണികമായ, നമ്മുടെ അവബോധത്തെ താഴേക്ക് പിടിച്ചു കെട്ടുന്ന, ഒരു അനുഭവം മാത്രമാണ് മദ്യം നൽകുന്നത് എന്ന് അവർ മനസ്സിലാക്കുന്നില്ല എന്നുമാത്രം. എന്തായാലും, എല്ലാവരും പരക്കം പായുന്നത് ആനന്ദപൂരിതമായ ഒരു അമരത്വ ജീവിതത്തിനാണ്. അമരത്വം എന്ന സ്ഥിതി മനുഷ്യൻ അനാദി കാലം മുതലേ മോഹിച്ചിട്ടുളള ഒന്നാണ് – ഈജിപ്തിലെ മമ്മികൾ പോലും എടുത്തു കാണിക്കുന്നത് മനുഷ്യൻ്റെ അമരത്വത്തിനുള്ള അവസാനിക്കാത്ത മോഹം തന്നെയാണ്.
എന്താണ് നമ്മുടെ എല്ലാവരുടേയും ആഗ്രഹങ്ങൾക്ക് കടക വിരുദ്ധമായ ക്ലേശകളിഷ്ടമായ ജീവിതാനുഭവങ്ങൾ നമുക്ക് വന്നുഭവിക്കുവാൻ കാരണം? മനുഷ്യൻ ഇവിടെ എങ്ങിനെയാണ് ഉത്ഭവിച്ചത്? എങ്ങിനെയാണ് ഈ നിരാശാജനകമായ നിലയിലേക്ക് വന്നു നിപതിച്ചത്? എന്തുകൊണ്ടാണ് മനുഷ്യൻ തൻ്റെ ജീവിതത്തിൽ ഇത്രയധികം ക്ലേശങ്ങൾ അനുഭവിക്കുന്നത്? എന്താണ് അതിനുള്ള കാരണങ്ങൾ? എങ്ങിനെ ഈ ക്ലേശങ്ങളിൽ നിന്നും എന്നന്നേക്കുമായി മുക്തി നേടാൻ കഴിയും? എങ്ങിനെ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ആനന്ദ പൂരിതമായ, നിതാന്തമായ നിലനിൽപ്പിലേക്ക് പോകുവാൻ കഴിയും? ഇപ്രകാരമുള്ള വിഷയങ്ങൾക്ക് ഒരു ഉത്തരം തന്നെയാണ് എല്ലാ മതങ്ങളും അവരവരുടെ അനുയായികൾക്ക് നൽകുവാൻ ശ്രമിക്കുന്നത്. അതെല്ലാം അതാത് മതങ്ങളുടെ ദൈവ സങ്കൽപ്പവും, അവരുടെ വിശ്വാസപ്രകാരമുള്ള മനുഷ്യൻ്റെ ഉത്പത്തിയും, മനുഷ്യനും ദൈവവുമായി ഉണ്ടായിരിക്കേണ്ടതെന്ന് അവർ നിഷ്കർഷിക്കുന്ന ബന്ധവും എല്ലാമായി കൂട്ടുപിണഞ്ഞു കിടക്കുന്നതിനാൽ, സൃഷ്ടി പ്രക്രിയയുടെ വിവിധ വശങ്ങൾ മനസ്സിലാക്കേണ്ടത് ഈ വിഷയങ്ങളിൽ ഒരു ഉത്തരം കണ്ടെത്തുവാൻ അത്യന്താപേക്ഷിതമാണ്.
അബ്രഹാമീയ മതങ്ങളിൽ പൊതുവേ കാണപ്പെടുന്ന വിശ്വാസം അരൂപിയായ ഏകദൈവത്തിൽ സൃഷ്ടിക്കുള്ള ഇച്ഛ ഉദിച്ചപ്പോൾ നമ്മുടെ ലോകത്തെ ആറ് ദിവസം കൊണ്ട് സൃഷ്ടിച്ചു എന്നാണ്. ഇരുട്ടിൽ നിന്ന് വെളിച്ചത്തേയും, സമുദ്രങ്ങളിൽ നിന്നും തടാകങ്ങളിൽ നിന്നും ആകാശത്തിൽ നിന്നും ഭൂമിയേയും വേർതിരിച്ചെടുത്ത് സൃഷ്ടിച്ചു എന്നാണ് ഉൽപ്പത്തി പുസ്തകത്തിൽ പറയുന്നത്. അതിന് ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു. ഏദൻ തോട്ടം എന്നത്, ഹീബ്രു ബൈബിളിലെ (പഴയ നിയമം) ഉല്പത്തി പുസ്തകത്തിൽ, ദൈവത്തിൻ്റെ കൽപ്പനകൾ ലംഘിച്ച് വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനാൽ പുറത്താക്കപ്പെടുന്നതിന് മുൻപ്, ആദ്യ പുരുഷനും ആദ്യ സ്ത്രീയുമായ ആദാമും ഹവ്വയും വസിച്ചിരുന്ന ഭൗമിക പറുദീസയാണ്. വിലക്കപ്പെട്ട ഒരു കനി മാത്രം ഭക്ഷിക്കരുതെന്ന ദൈവത്തിൻ്റെ നിർദ്ദേശം അനുസരിക്കാതെ, ആദവും ഹവ്വയും ആ കനി ഭക്ഷിച്ചതിനെ തുടർന്ന്, അവിടെ നിന്നും പുറത്താക്കപ്പെട്ടതിനാൽ ആണ് മനുഷ്യൻ ഇന്നത്തെ നിലയിലുള്ള ക്ലേശങ്ങളിൽ നിപതിക്കുന്നത് എന്നതാണ് അബ്രഹാമീയ മതങ്ങളുടെ കാഴ്ചപ്പാട്. ഈ നിലയിൽ നിന്നും തിരികെ സുഖ സുന്ദരമായ ഏദൻ തോട്ടത്തിലെ ജീവിതത്തിലേക്ക് മടങ്ങി പോകുവാൻ ദൈവവുമായി മനുഷ്യൻ സ്ഥാപിക്കേണ്ട വ്യക്തി ഗതമായ ബന്ധത്തെക്കുറിച്ച് പിൽക്കാലത്ത് അവർക്കുള്ളിൽ തന്നെ ഉണ്ടായ ഭിന്നങ്ങളായ അഭിപ്രായങ്ങളാണ് ജൂത മതം, ക്രിസ്തുമതം, ഇസ്ലാം മതം എന്ന മതങ്ങൾക്ക് നാന്ദി കുറിച്ചത്.
വളരെ അധികം ആഴത്തിലുള്ള സിമ്പോളിസം അടങ്ങിയിട്ടുള്ള ഒന്നാണ് ഇതെല്ലാം എന്ന് ന്യായമായും അനുമാനിക്കാം. ഉദാഹരണത്തിന്, ദൈവ കല്പനക്ക് (പ്രപഞ്ച നിയമങ്ങൾ, എന്ന് സിമ്പോളിസം) വിരുദ്ധമായി ആദവറും ഹവ്വയും പ്രവർത്തിച്ചത് കൊണ്ട് (പ്രപഞ്ച നിയമങ്ങൾക്ക് വിപരീതമായി മനുഷ്യൻ ജീവിച്ചതുകൊണ്ട്, ജീവിച്ചു വരുന്നത് കൊണ്ട് എന്ന് സിമ്പോളിസം) മനുഷ്യൻ ക്ലേശക്ലിഷ്ടമായ ജീവിതത്തിലേക്ക് നിപതിച്ചു എന്നത് ഒരു വ്യാഖ്യാനം. എന്നാൽ, ഓരോ മനുഷ്യനും വ്യക്തിഗതമായി ദൈവവും ആയി ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും, ആ ബന്ധം അനുദിനം ഊട്ടിഉറപ്പിക്കേണ്ട രീതികളെക്കുറിച്ചും എല്ലാം കാലാകാലങ്ങളായി, അതാതു കാലത്തെ ജനങ്ങളുടെ ‘അവബോധ’ നിലക്ക് ചേർന്ന വിവിധത്തിലുള്ള അഭിപ്രായങ്ങൾ ഉടലെടുത്ത് നിലവിൽ വന്നിട്ടുണ്ട്. അതാണ് മതങ്ങൾ ആയി പിൽക്കാലത്ത് മാറിയത്. കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുവാനുള്ള മനുഷ്യൻ്റെ അവബോധ കുറവ് തന്നെയാണ് മതങ്ങൾ തമ്മിൽ വിരോധം നിഴലിക്കുവാനുള്ള പ്രധാന കാരണം.
സനാതനഃ ധർമ്മത്തിലും “ബ്രഹ്മം” അഥവാ “ബ്രഹ്മൻ” എന്ന ഏകദൈവം തന്നെയാണ് ഉള്ളത് എന്ന് നമ്മൾ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞുവല്ലോ. സനാതനഃ ധർമ്മത്തിൽ നിരവധി ഉള്ളത് ദൈവമല്ല, ഈശ്വരന്മാരാണ്. രണ്ടും രണ്ടാണ്. ഇംഗ്ലീഷ് ഭാഷയിൽ “ഈശ്വരൻ” എന്ന പദത്തിനും,“ബ്രഹ്മം” അഥവാ “ബ്രഹ്മൻ” എന്ന ആശയം ഉൾകൊള്ളുന്ന ഏത് പദത്തിനും “ഗോഡ്” എന്ന ഒരു അർത്ഥം മാത്രമേ പറയുവാൻ കഴിയൂ എന്നതാണ് ഇന്ന് നിലവിലുള്ള അഭിപ്രായ വ്യതാസങ്ങൾക്ക് ഉള്ള മറ്റൊരു കാരണം. സനാതനഃ ധർമ്മത്തിലെ ഏകദൈവമായ “ബ്രഹ്മം” അഥവാ “ബ്രഹ്മൻ”, ഏതെങ്കിലും രൂപത്താൽ പരിമിതപ്പെടാത്ത, സർവ്വവ്യാപിയായ, ഒരിക്കലും യാതൊരു വ്യതിയാനങ്ങളും സംഭവിക്കാത്ത, സ്വയം ഭൂവായ (സ്വന്തം നിലനിൽപ്പിന് രണ്ടാമത് ഒന്നിൻ്റേയും ആവശ്യമില്ലാത്ത) ശാശ്വതമായ ഒന്നാണ്. അതുപോലെ തന്നെ, ശാശ്വതമായ അമൂർത്തമായ ഒന്നാണ് അബ്രഹാമീയ മതങ്ങളിലെ ദൈവ സങ്കൽപ്പവും എന്ന് കാണാവുന്നതാണ്.
ഏകദൈവമായ “ബ്രഹ്മം” അഥവാ “ബ്രഹ്മൻ” എന്ന “ഏകത്വ”ത്തിൽ നിന്നും ബഹുമുഖമായ സൃഷ്ടികളുടെ “ബഹുത്വം” ഉടലെടുക്കുന്നത് വളരെ സങ്കീർണ്ണമായ എന്നാൽ വളരെ അടുക്കും ചിട്ടയും ക്രമവും ഉള്ള 36 തത്വങ്ങൾ ആകുന്ന നടപടി ക്രമത്തിലൂടെയാണ്. സനാതനഃ ധർമ്മത്തിലെ ഏക ദൈവമായ ബ്രഹ്മനിൽ സൃഷ്ടിക്കുള്ള ഇച്ഛ ഉദിച്ചപ്പോൾ ഈ മുപ്പത്തിയാറ് തത്വങ്ങളിലൂടെയാണ്, ബ്രഹ്മൻ തൻ്റെ തന്നെ സ്വന്ത നിലനില്പിൻ്റെ “ബ്രഹ്മ”ഭൂമികയിൽ നിന്നുകൊണ്ട്, സ്വയം എന്താണോ അതേ “വസ്തു” തന്നെ സൃഷ്ടിക്കുള്ള നിർമ്മാണ സാമഗ്രികൾ ആയി ഉപയോഗിച്ചുകൊണ്ട്, ഭാഗികമായി മാത്രം ബഹുത്വമായി പരിവർത്തനം ചെയ്യുകയാണ് ചെയ്യുന്നത്. ആദ്യം ‘ഓം” എന്ന ശബ്ദവും, തുടർന്ന് പ്രകാശവും ഊർജ്ജവും വസ്തുക്കളും നിലവിൽ വരുകയാണ് ഉണ്ടായത്. ആ ശബ്ദമാണ് ആധുനിക ശാസ്ത്രജ്ഞർ ‘ബിഗ് ബാംഗ്’ എന്ന് വിശദീകരിച്ചത്.
യുക്തിയുക്തം പരിശോധിച്ചാൽ, ആദിയിൽ “ബ്രഹ്മം” അഥവാ “ബ്രഹ്മൻ” മാത്രമേ നിലനില്പിൽ ഉണ്ടായിരുന്നുള്ളൂ. സൃഷ്ടിക്കായി എടുത്തുപോയോഗിക്കുവാൻ രണ്ടാമതൊരു വസ്തു അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് സർവ്വ സൃഷ്ടികളും ഉണ്ടാക്കിയതും, അവ സൃഷ്ടിക്കുവാൻ ഉപയോഗിച്ച സാമഗ്രികൾ അനുക്രമം, ആവശ്യാനുസരണം നിർമ്മിച്ചെടുത്തതും എല്ലാം “ബ്രഹ്മ”നിൽ നിന്നും തന്നെയാണ്. സൃഷ്ടിച്ചതെല്ലാം നിലനിൽക്കുന്നതും, സൃഷ്ടിച്ചതെല്ലാം ഒരിക്കൽ തിരികെ വിലയം പ്രാപിക്കുന്നതും അതേ ഏക ബ്രഹ്മനിൽ (ഏകദൈവം) തന്നെ ആണ്. ആലോചിച്ചു നോക്കിയാൽ, ഇതെല്ലാം തികച്ചും യുക്തി ഭദ്രമാണെന്ന് കാണുവാൻ കഴിയും. ഇത് തന്നെയാണ് സനാതനഃ ധർമ്മം പറയുന്നതും. ആ നടപടി ക്രമങ്ങൾ മുപ്പത്തിയാറ് തത്വങ്ങളിൽ കൂടി എങ്ങിനെയാണ് സംഭവിക്കുന്നത് എന്ന് കാശ്മീര ശൈവ തന്ത്രം വിശദമാക്കുന്നുണ്ട്.
മുപ്പത്തിയാറ് “തത്വങ്ങൾ” എന്നാൽ മുപ്പത്തിയാറ് ഡിസൈൻ പ്രിൻസിപ്പിൾസ് എന്ന് മനസ്സിലാക്കാവുന്നതാണ്. മൂന്ന് തലങ്ങളിൽ ആയിട്ടാണ് കാശ്മീര ശൈവ തന്ത്രം ഈ മുപ്പത്തിയാറ് സൃഷ്ടിതത്വങ്ങൾ വിശദമാക്കുന്നത്. ഈ മൂന്ന് തലങ്ങളെ മൂന്ന് ലോകങ്ങൾ എന്നു വേണമെങ്കിൽ പറയാവുന്നതാണ്.
ആരാണ് ഈശ്വരന്മാർ?
അഞ്ച് ശുദ്ധതത്വങ്ങൾ, ഏഴ് ശുദ്ധാശുദ്ധ തത്വങ്ങൾ, ഇരുപത്തിനാല് അശുദ്ധ തത്വങ്ങൾ എന്നിങ്ങനെയാണ് മുപ്പത്തിയാറ് തത്വങ്ങളെ മൂന്ന് തലങ്ങളിൽ ആയി വിഭജിച്ചിരിക്കുന്നത്. സൃഷ്ടിക്കപ്പെട്ടവയുടെ തലത്തിൽ ഏറ്റവും ഉയർന്ന നിലയിലുള്ള, ഏറ്റവും പരിശുദ്ധമായ, സൃഷ്ടികളാണ് ഈശ്വരന്മാർ. സനാതനഃ ധർമ്മത്തിലെ ഏക ദൈവമായ ബ്രഹ്മത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന, സൃഷ്ടികളിൽ ഏറ്റവും ഉയർന്ന സ്ഥാനം വഹിക്കുന്ന സൃഷ്ടികൾ ആണ് ഈശ്വരന്മാർ. അതുകൊണ്ടാണ് ഈ അഞ്ച് തത്വങ്ങളെ “ശുദ്ധ” തത്വങ്ങൾ എന്ന് പറയുന്നത്. സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്ന് പ്രവർത്തനങ്ങളുടേയും സമ്പൂർണ ചുമതലവഹിക്കുന്ന സൃഷ്‌ടിയുടെ ഏറ്റവും ഉന്നത ശ്രേണിയാണ് ഈശ്വരന്മാർ അടങ്ങുന്ന അഞ്ച് ശുദ്ധതത്വങ്ങൾ.
പൊതുവേ സനാതനഃ ധർമ്മത്തിൽ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നറിയപ്പെടുന്ന ത്രിമൂർത്തികൾ, അടിസ്ഥാനപരമായി സൃഷ്ടിയുടെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്ന് തലങ്ങളെ പ്രതിനിധാനം ചെയ്യുന്ന സിമ്പോളിസം ആണ്. സ്ഥിതി എന്നാൽ ജീവൻ്റെ നിലനിൽപ്പും പരിപാലനവും ആണ്. “സംഹാരം” എന്ന പദത്തിന് ഇവിടെ ‘നശിപ്പിക്കൽ’ എന്ന അർത്ഥമില്ല എന്ന് നമ്മൾ മനസ്സിലാക്കണം. ഒരു ജീവാത്മാവിൻ്റെ പൂർണ്ണമായ പരിണാമ പ്രക്രിയയുടെ അന്ത്യത്തിൽ അല്ലെങ്കിൽ ഒരു സൃഷ്ടിപ്രക്രിയയുടെ സ്വാഭാവികമായ അന്ത്യത്തിൽ ഉളവാകുന്ന അനുഭവങ്ങളുടെ പിൻവലിക്കൽ ആണ് “സംഹാരം”. അതുപോലെ തന്നെ ജീവാത്മാക്കളുടെ അവബോധം വർദ്ധിപ്പിച്ചു അവരിലെ അജ്ഞതയെ അവസാനിപ്പിക്കുന്നതും സംഹാരത്തിൽ വരും.
വളരെ സാമാന്യമായ ഒരു ഉപമ ഉപയോഗിക്കുകയാണെങ്കിൽ, ഒരു വലിയ കോർപ്പറേറ്റ് കമ്പനി സങ്കല്പിച്ചാൽ, ആ കമ്പനിയുടെ നൂറു ശതമാനം ഉടമസ്ഥനാണ്, “ബ്രഹ്മം” അഥവാ “ബ്രഹ്മൻ”. ആ കമ്പനിയുടെ സീനിയർ മാനേജ്മെൻറ്റ് ആണ് ഈശ്വരന്മാർ. കമ്പനിയുടെ നടത്തിപ്പിൽ കമ്പനിയുടെ ഉടമസ്ഥൻ ഇടപെടുന്നില്ല. ആ കമ്പനി ഉടമസ്ഥൻ്റെ പ്രതിനിധികൾ ആണ് സീനിയർ മാനേജ്മെൻറ്റ് – അഞ്ച് ശുദ്ധ തത്വങ്ങൾ ആയ ഈശ്വരന്മാർ. സൃഷ്ടി നിലവിൽ കൊണ്ടുവരുന്നതിനും, അവയെ പരിരക്ഷിച്ച് നിലനിറുത്തുന്നതിനും, സൃഷ്ടികളെനിയമാനുസരണം തിരികെ ബ്രഹ്മനിൽ വിലയിപ്പിക്കുന്നതിനും ആവശ്യമായ സർവ്വജ്ഞാനവും, ശക്തിയും ഉള്ളവരാണ് ഈശ്വരന്മാർ. അവർക്കെല്ലാം ഓരോരോ പ്രത്യേക ഉത്തരവാദിത്വങ്ങൾ നല്കപ്പെട്ടിട്ടുണ്ട് – ഒരു കോർപറേറ്റ് കമ്പനിയിൽ പല ഡിവിഷനുകളും, ഡിവിഷനൽ ജനറൽ മാനേജർമാരും ഉള്ളതുപോലെ തന്നെ എന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഈശ്വരന്മാർ ആരും തന്നെ സൂട്ടും ബൂട്ടും ധരിച്ചു വരുന്നവരല്ല. ഏക ദൈവമായ ബ്രഹ്മനെ പോലെ തന്നെ, എന്നാൽ ബ്രഹ്മനു തൊട്ടു താഴെ നിലകൊള്ളുന്ന അരൂപികളായ ഊർജ്ജത്തിൻ്റെ ധിഷണാ മണ്ഡലങ്ങൾ ആണ്. മനുഷ്യന് മനസ്സിലാക്കുവാൻ വേണ്ടി നൽകുന്ന ചില “നൊട്ടേഷനുകൾ” ആണ് ഈശ്വരനമാരുടെ പേരുകളും പ്രതിഷ്ഠകളും എല്ലാം. ഉദാഹരണത്തിന്, E=mc2 എന്ന ഫോർമുല കണ്ടാൽ, സയൻസ് അറിയുന്നവർക്ക് അറിയാം അതെന്താണെന്ന്. അറിയാത്തവർക്ക് അത് വെറും വരകളും കുറികളും, കൂടിവന്നാൽ, ചില അക്ഷരങ്ങളും മാത്രം ആയിരിക്കും. അതുപോലെ തന്നെ സനാതനഃ ധർമ്മത്തിലെ ഈശ്വരന്മാർ എന്താണെന്ന് വിഷയം അറിയുന്നവർക്ക് അറിയാം. വിഷയം ഇനിയും പിടികിട്ടാത്തവർക്ക് അത് അന്ധവിശ്വാസങ്ങളും കൽപ്രതിമകളും മാത്രമാണ്. അവബോധ വികസനത്തിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. സനാതനഃ ധർമ്മത്തിൽ അവബോധ വികസനത്തിനുള്ള പ്രാധാന്യം ഇതിന് നിന്നും വ്യക്തമാണല്ലോ.
ബ്രഹ്മനോട് ഏറ്റവും കൂടിയ അകലം പാലിച്ച് നിൽക്കുന്ന സൃഷ്ടികളാണ് ഇരുപത്തി നാല് തത്വങ്ങൾ അടങ്ങിയ, “അശുദ്ധ” തത്വങ്ങൾ. ബ്രഹ്മനോട് ഏറ്റവും കൂടിയ അകലം സൂക്ഷിക്കുന്നതുകൊണ്ടാണ് ഈ ഇരുപത്തിനാല് തത്വങ്ങളെ “അശുദ്ധ” തത്വങ്ങൾ എന്ന് പറയുന്നത്. മനുഷ്യനും പ്രപഞ്ചവും എല്ലാം അശുദ്ധ തത്വങ്ങൾ ഉൾക്കൊള്ളുന്ന സൃഷ്ടികൾ ആണ്. മൂന്ന് അന്തഃക്കരണങ്ങൾ (മനസ്സ്, ബുദ്ധി, അഹങ്കാരം,) അഞ്ച് മഹാഭൂതങ്ങൾ, അഞ്ച് തന്മാത്രകൾ, അഞ്ച് ജ്ഞാനേന്ദ്രിയങ്ങൾ, അഞ്ച് കർമ്മേന്ദ്രിയങ്ങൾ എന്നിവയാണ് ഇരുപത്തിമൂന്ന് അശുദ്ധ തത്വങ്ങൾ. ഈ ഇരുപത്തിമൂന്ന് അശുദ്ധ തത്വങ്ങളെ പ്രദാനം ചെയ്യുന്ന “പ്രകൃതി” യാണ് ഇരുപത്തി നാലാമത്തെ അശുദ്ധ തത്വം. സൃഷ്ടിക്ക് ഏറ്റവും അധികം പരിമിതികൾ നൽകുന്ന തത്വങ്ങൾ ആണ് ഈ ഇരുപത്തി നാല് അശുദ്ധ തത്വങ്ങൾ. അപ്രകാരം ഉള്ള പ്രസ്തുത ഇരുപത്തിനാല് തത്വങ്ങളിലും സത്വ-രജസ്സ്-തമസ്സ് എന്ന മൂന്ന് ഗുണങ്ങൾ സ്വതഃസിദ്ധമായി തന്നെ അലിഞ്ഞു ചേർന്നിട്ടും ഉണ്ട്. അപ്രകാരം, തൃഗുണങ്ങൾ കൂടി വന്നു ചേർന്നപ്പോൾ, സൃഷ്ടി കൂടുതൽ സങ്കീർണമായി. പ്രാഥമികമായ ഒരു പരിചയപ്പെടുത്തൽ മാത്രമാണ് ഇതെല്ലാം. ഇക്കാര്യങ്ങൾ എല്ലാം കൂടുതൽ വിശദമായി പുറകെ വിവരിക്കുന്നുണ്ട്. മേൽപ്പറഞ്ഞ കോർപ്പറേറ്റ് കമ്പനിയുടെ ഉദാഹരണത്തിൽ, കമ്പനിയിലെ സാധാരണ തൊഴിലാളികൾ ആണ് ഇരുപത്തിനാല് തത്വങ്ങൾകൊണ്ടുള്ള സൃഷ്ടികൾ എന്ന് ഒരു ഉപമയായി മനസ്സിലാക്കാം. തൊഴിലാളികൾക്ക് ആ കമ്പനി ഉടമസ്ഥനെ സമീപിക്കുവാൻ കഴിയുന്നത് സീനിയർ മാനേജ്മെൻറ്റ് അംഗങ്ങളിൽ കൂടി മാത്രമാണ്. അതുപോലെ തന്നെ, പ്രപഞ്ച സൃഷ്ടിയിലെ സർവ്വ അംഗങ്ങൾക്കും ബ്രഹ്മനിലേക്ക് ഉള്ള പ്രാപ്യം ഈശ്വരന്മാരിൽ കൂടിമാത്രമാണ്. അതാണ് സനാതനഃ ധർമ്മത്തിൽ ഈശ്വരന്മാരുടെ പ്രസക്തിയും പ്രാധാന്യവും. “ബ്രഹ്മൻ” അഥവാ “ബ്രഹ്മം” നിർഗ്ഗുണ ധിഷണയുടെ നിലനില്പ്പായതുകൊണ്ട് ജീവാത്മാക്കൾക്ക് ഒരിക്കലും ബ്രഹ്മനുമായി ഒരു വ്യക്തി ബന്ധമോ സംവേദനമോ സാദ്ധ്യമല്ല. എന്നാൽ സൃഷ്ടി-സ്ഥിതി-സംഹാര പ്രക്രിയയുടെ ചുമതലയും ഉത്തരവാദിത്വവും, വഹിക്കുന്ന ബ്രഹ്മൻ്റെ തൊട്ടടുത്ത പ്രതിനിധികൾ ആയ ഈശ്വരന്മാരുമായി വ്യക്തി ബന്ധവും സംവേദനവും സാദ്ധ്യമാണ്. ആ വിധത്തിലാണ് ജീവിൻ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്.
ഒരിക്കൽ കൂടി ആവർത്തിച്ച് പറയട്ടെ, ദൈവവും ഈശ്വരന്മാരും രണ്ടും രണ്ട് നിലനിൽപ്പുകൾ ആണ് സനാതനഃ ധർമ്മത്തിൽ. ഏകദൈവം,“ബ്രഹ്മം” അഥവാ “ബ്രഹ്മൻ” ഒന്നുമാത്രമേ ഉള്ളൂ. മനുഷ്യന് താഴ്ചയും, വീഴ്ചയും, ക്ലേശങ്ങളും വന്നു ചേരുന്നത് നിലവിലുള്ള സർവ്വ സൃഷ്ടികളുടേയും പരിണാമവും വളർച്ചയും ഉന്നമനവും ലക്ഷ്യമാക്കി സൃഷ്ടിയിലേ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പ്രപഞ്ച നിയമങ്ങൾ തിരിച്ചറിയാതെ അവയ്‌ക്ക് വിരുദ്ധമായി മനുഷ്യൻ പ്രവർത്തിക്കുന്നത് കൊണ്ടാണ്. പ്രപഞ്ച നിയമങ്ങൾ പൂർണ്ണമായും മനസ്സിലാക്കി പൂർണ്ണമായും അതനുസരിച്ച് ജീവിക്കുകയും, ഈശ്വരന്മാരുമായി വ്യക്തിഗത ബന്ധം നിലനിറുത്തി കൂടുതൽ കൂടുതൽ അവരുടെ വാത്സല്യത്തിനും അവരിലൂടെ അനുഗ്രഹമായി ലഭിക്കുന്ന തേജസ്സിനും ഓജസ്സിനും അർഹരായിത്തീരുകയും ആണ് മനുഷ്യൻ ചെയ്യേണ്ടത് എന്നാണ് സനാതനഃ ധർമ്മം പഠിപ്പിക്കുന്നത്. അനുസരണയോടെ പഠിപ്പിക്കുന്നതെല്ലാം പഠിക്കുന്ന വിദ്യാർത്ഥികളോട് അദ്ധ്യാപർക്കുള്ള വാത്സല്യം സുവിദിതമാണല്ലോ?
ബ്രഹ്മനോട് ഏറ്റവും അടുത്ത് നിൽക്കുന്ന അഞ്ച് “ശുദ്ധ” തത്വങ്ങൾക്കും, ബ്രഹ്മനോട് ഏറ്റവും അകന്ന് നിൽക്കുന്ന ഇരുപത്തിനാല് “അശുദ്ധ” തത്വങ്ങൾക്കും ഇടയിൽ ഉള്ള ഏഴ് തത്വങ്ങൾ ആണ് “ശുദ്ധാശുദ്ധ” തത്വങ്ങൾ. ശുദ്ധ തത്വങ്ങൾക്കും, അശുദ്ധ തത്വങ്ങൾക്കും ഇടയിൽ നിലകൊള്ളുകയും, രണ്ടിൻ്റേയും പങ്കാളിത്വം ഒരു പരിധിവരെ സ്വീകരിക്കുകയും ചെയ്യുന്നത് കൊണ്ടാണ്, ഈ ഏഴ് തത്വങ്ങളെ ശുദ്ധാശുദ്ധ തത്വങ്ങൾ എന്ന് പറയുന്നത്. കോർപ്പറേറ്റ് കമ്പനിയുടെ ഉദാഹരണത്തിൽ, കമ്പനിയിലെ മദ്ധ്യ ശ്രേണിയിലുള്ള മാനേജ്മെൻറ്റ് അംഗങ്ങൾക്ക് തുല്യമാണ് ഇവ എന്ന് പറയാം. ഈ ഏഴു തത്വങ്ങൾ ഈശ്വരന്മാരോട് ഏറ്റവും അടുത്ത് നിന്ന് പ്രവർത്തിക്കുന്ന തത്വങ്ങൾ ആണ്. അതിനാൽ ആണ് അവ ഭാഗികമായി ‘ശുദ്ധ’ എന്ന വിശേഷണത്തിന് അർഹമാകുന്നത്. എന്നാൽ, അവ പ്രവർത്തനക്ഷമമാകുന്നത്, 24 അശുദ്ധ തത്വങ്ങളിൽ ആണ്. അതുകൊണ്ടാണ്, അവ ഭാഗികമായി അശുദ്ധവും കൂടി ആയി മാറുന്നത്. വളരെ പ്രധാനപ്പെട്ട കർമ്മങ്ങളാണ് ഈ ഏഴ് തത്വങ്ങൾ നിർവ്വഹിക്കുന്നത്. ആദിയിൽ സർവ്വ സൃഷ്ടികളേയും സൃഷ്ടിക്കുവാനുള്ള സാമഗ്രികൾ ബ്രഹ്മൻ എടുത്തുപയോഗിക്കുന്നത്, സ്വയം എന്താണോ അതിൽ നിന്നും ആണ് എന്ന് പറഞ്ഞിരിന്നുവല്ലോ? മറ്റെന്തെങ്കിലും ഒന്ന് എടുത്ത് ഉപയോഗിക്കുവാൻ, സൃഷ്ടി നിലവിൽ വരുന്നതിന് മുൻപ് മറ്റൊന്നും തന്നെ നിലവിൽ ഇല്ല. തത്കാലം, ബ്രഹ്മൻ സ്വയം എന്താണോ അതിനെ വിവക്ഷിക്കുവാൻ “ബ്രഹ്മവസ്തു” എന്ന ഒരു വാക്ക് ഉപയോഗിക്കുകയാണ്, പറഞ്ഞു മനസ്സിലാക്കുവാനുള്ള എളുപ്പത്തിന് വേണ്ടി മാത്രം. “ബ്രഹ്മവസ്തു” എന്നത് വളരെ ഉയർന്ന ഒന്നാണ്. അപ്രകാരം ഒന്നിനെ നേരിട്ട് സൃഷ്ടിക്ക് ഉപയോഗിക്കുവാൻ കഴിയില്ല. മണ്ണ് നേരിട്ട് ഉപയോഗിച്ചിട്ടല്ലല്ലോ നമ്മൾ ഇഷ്ടിക വീട് നിർമ്മിക്കുന്നത്. മണ്ണ് ചുട്ട് എടുത്ത് കട്ടകൾ ആക്കുന്ന ഒരു നടപടിയുണ്ട്. മറ്റൊരു ഉദാഹരണം നൽകിയാൽ, 230 വോൾട് വൈദ്യുതി പന്ത്രണ്ട് വോൾട് പ്രിൻറ്റഡ് സർക്യൂട്ട് ബോർഡ് പ്രവൃത്തിപ്പിക്കുവാൻ ഉപയോഗിക്കുന്നതിന് മുൻപ് അതിനെ സ്റ്റെപ്-ഡൌൺ ചെയ്യുന്ന ഒരു നടപടിയുണ്ട്. അതുപോലെ, വളരെ ഉന്നതമായ ഉയർന്ന നിലവാരത്തിലുള്ള, അപരിമേയമായ “ബ്രഹ്മവസ്തു”വിൻ്റെ തനതായ ഗംഭീര സ്വഭാവത്തെ മായയിലൂടെ സ്റ്റെപ്-ഡൌൺ ചെയ്ത് നിരവധി പരിമിതികൾ വരുത്തുക എന്ന നടപടിയാണ് ഏഴ് ശുദ്ധാശുദ്ധ തത്വങ്ങൾ നിർവ്വഹിക്കുന്നത്. പുരുഷൻ, മായ, മായയുടെ അഞ്ചു കഞ്ചുകങ്ങൾ ആയ (“കഞ്ചുകം” എന്നാൽ ആടയാഭരങ്ങൾ എന്ന് അർത്ഥം), കല, കാലം, നിയതി, രാഗം, വിദ്യാ എന്നിവയാണ് ആ ഏഴ് ശുദ്ധാശുദ്ധ തത്വങ്ങൾ.
അങ്ങിനെ, അപരിമേയമായ “ബ്രഹ്മത്വ”ത്തെ ഭാഗികമായി, സ്റ്റെപ് ഡൌൺ ചെയ്ത്, വളരെ അധികം പരിമിതിയുള്ള “പുരുഷ” തത്വം എന്ന പുല്ലിംഗ തത്വമാക്കി മാറ്റുകയാണ് ചെയ്യുന്നത്. തുടർന്ന്, പരിമിതമാക്കപ്പെട്ട ആ “പുരുഷ” തത്വം അശുദ്ധ തത്വങ്ങൾ മാത്രം ഉൾകൊള്ളുന്ന “പ്രകൃതി” എന്ന സ്ത്രീ ലിംഗ തത്വവുമായി ചേർന്നാണ് പ്രപഞ്ചവും, ഭൂമിയും, നമ്മൾ ഏവരും എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതായത്, സൃഷ്ടിയിലെ ആദ്യത്തെ പുരുഷ സങ്കൽപ്പമാണ് “പുരുഷ” തത്വം; ആദ്യത്തെ സ്ത്രീ സങ്കൽപ്പമാണ് “പ്രകൃതി” ത്വത്വം. ഇത് തന്നെയാണ്, മനുഷ്യ ശരീരത്തിൻ്റെ നിലയിൽ വരുമ്പോൾ, സ്ത്രീ-പുരുഷ ലൈംഗികതയായി മാറുന്നത്.
മനുഷ്യൻ്റെ അദൃശ്യമായ ശരീര ഘടന
പ്രപഞ്ച സൃഷ്ടിയിൽ മൂന്നു തലങ്ങൾ ഉള്ളതുപോലെ തന്നെ മനുഷ്യൻ്റെ സൃഷ്ടിഘടനയിലും സമാനമായ മൂന്നു തലങ്ങൾ ഉണ്ട്. ഈ മൂന്ന് തലങ്ങളും ഒരേസമയം, അഞ്ച് ശരീരങ്ങൾ ആയി നമ്മൾ ഓരോരുത്തരിലും നിലനിൽക്കുന്നുണ്ട്. നമ്മൾ അറിയുന്നില്ല എന്നുമാത്രമേ ഉള്ളൂ. ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇറുകിയ വസ്ത്രങ്ങൾ കുറേ ഏറെ നാൾ തുടർച്ചയായി ധരിച്ചാൽ, അത്തരം ഒരു വസ്ത്രം ഉണ്ടെന്ന് പിന്നീട് നമ്മൾ ഓർക്കുക പോലും ഇല്ല. ഒന്നിന് മുകളിൽ ഒന്നായി ധരിച്ചിരിക്കുന്ന ഇറുകി കിടക്കുന്ന മൂന്നു വിധത്തിലുള്ള അഞ്ച് വസ്ത്രങ്ങൾക്ക് സമാനമായി ഈ അഞ്ച് ശരീരങ്ങളെ നമുക്ക് മനസ്സിലാക്കാവുന്നതാണ്.
താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ നമ്മുടെ അഞ്ച് ശരീരങ്ങളും അവയുടെ മൂന്ന് തലങ്ങളും വ്യക്തമാക്കുന്നുണ്ട്. അതിൽ ഏറ്റവും പുറമേ ധരിച്ചിരിക്കുന്ന അന്നമയ ശരീരം ഒന്നുമാത്രമാണ് കണ്ണുകൾ കൊണ്ട് കാണുവാൻ കഴിയുന്നത്. അതുകൊണ്ട്, അധികം ജനങ്ങളും തങ്ങൾ ശരീരം ആണ് എന്ന തെറ്റായ ചിന്തയിലാണ്. കുറച്ചുപേർ തങ്ങൾ ശരീരവും മനസ്സും കൂടി ചേർന്നതാണ് എന്ന ചിന്തയിലാണ്. എന്നാൽ, സനാതനഃ ധർമ്മം പറയുന്നത്, നമ്മൾ ശരീരമല്ല, മനസ്സല്ല, പ്രാണ ഊർജ്ജമല്ല, (മൂന്നും അശുദ്ധ തത്വങ്ങൾ), വിജ്ഞാനമയ ശരീരമല്ല (ശുദ്ധാശുദ്ധ തത്വങ്ങൾ), ആനന്ദമയ ശരീരം പോലും അല്ല (ശുദ്ധ തത്വങ്ങൾ) എന്ന് തന്നെയാണ്. നമ്മൾ യഥാർത്ഥത്തിൽ സ്റ്റെപ്-ഡൌൺ ചെയ്യപ്പെട്ട പരമമായ “ബ്രഹ്മവസ്തു” (ബ്രഹ്മം എന്താണോ അത് തന്നെ എന്ന അർത്ഥത്തിൽ) തന്നെയാണ്. ആ ബ്രഹ്മവസ്തു ആണ് നമ്മൾ അനുഭവിക്കുന്ന “പ്രജ്ഞാനം” അഥവാ “അവബോധം”. യഥാർത്ഥത്തിൽ നമ്മൾ “പ്രജ്ഞാനം” അഥവാ “അവബോധം” അനുഭവിക്കുകയല്ല ചെയ്യുന്നത്. നമ്മൾ ഇപ്പോൾ ശരീരവും മനസ്സും ഒക്കെയായി താദാത്മ്യം പ്രാപിച്ചു നിൽക്കുന്നത്കൊണ്ട്, നമ്മൾ “പ്രജ്ഞാനത്തെ അനുഭവിക്കുന്നു” എന്ന തോന്നൽ മാത്രമാണ് ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ നമ്മൾ സ്വയം പ്രജ്ഞാനമാണ് – സ്റ്റെപ് ഡൌൺ ചെയ്യപ്പെട്ടു എന്നുമാത്രം. നമ്മളാകുന്ന “പ്രജ്ഞാനത്തോട്” അഥവാ “അവബോധത്തോട്” ചേർന്നല്ല നിലവിൽ നമ്മൾ താദാത്മ്യം പ്രാപിച്ചു നിൽക്കുന്നത്! നമ്മൾ യഥാർത്ഥത്തിൽ പരിമിതമാക്കപ്പെട്ടുപോയ ബ്രഹ്മൻ തന്നെയാണെന്ന് തിരിച്ചറിഞ്, നമ്മുടെ മൂന്ന് തലങ്ങളിൽ ഉള്ള അഞ്ച് ശരീരങ്ങളുടെ ശരീരശാസ്‌ത്രം മനസ്സിലാക്കി, ശരീരത്തിലും മനസ്സിലും മാത്രമായി നിലവിൽ പിടിച്ചു നിറുത്തിയിരിക്കുന്ന പ്രാണോർജ്ജത്തെ ഉയർത്തി വിജ്ഞാനമയ ശരീരത്തിലേക്കും, ആനന്ദമയ ശരീരത്തിലേക്കും വ്യാപിക്കുമ്പോൾ, നമ്മൾ വീണ്ടും സ്റ്റെപ്-അപ്പ് ചെയ്യപ്പെടുന്ന പാതയിൽ തിരിച്ചെത്തും. അതിനുള്ള ‘ടെക്നോളജി’ ആണ് അഷ്ടാംഗ യോഗ ശാസ്ത്രം.
പ്രവൃത്തിയും നിവൃത്തിയും – രണ്ടു പരിണാമ ഘട്ടങ്ങൾ
ഇവിടെ ഒരു കാര്യം മനസ്സിലാക്കാതെ പോകരുത്. ഇത് മനസ്സിലാക്കാതെ മുൻപോട്ടു പോയാൽ, തുടർന്ന് ചർച്ച ചെയ്യുന്ന ധർമ്മാധർമ്മങ്ങളുടെ പ്രസക്തി മനസ്സിലാക്കുവാൻ സാധിക്കാതെ പോകും. പരമ പ്രജ്ഞാനമായ ബ്രഹ്മൻ്റെ ഒരു ചെറിയ അംശത്തെ “മായി”കമായി സ്റ്റെപ്പ് ഡൌൺ ചെയ്ത് “പുരുഷ” പ്രജ്ഞാനമാക്കിയ ശേഷം അതിന് പ്രകൃതി തത്വത്താൽ മനസ്സും, പുറകെ അഞ്ച് ശരീരങ്ങളും കൂടി അധികമായി നല്കപ്പെട്ടതാണ് നമ്മൾ ഓരോരുത്തരും. അഞ്ച് ശരീരങ്ങളിൽ ഒരു ശരീരം മാത്രമാണ് ദൃഷ്ടി ഗോചരമായി നിൽക്കുന്നത് എന്ന് മാത്രം. മനസ്സും ശരീരവും സിദ്ധിക്കുന്നതോടു കൂടി “പുരുഷ” പ്രജ്ഞാനം സ്വന്തമായ ഒരു നിലനിൽപ്പ് അനുഭവിക്കുന്നത് കൊണ്ട്, അതിൽ “ഞാൻ” എന്ന ഒരു ഭാവം ഉടലെടുക്കുന്നു. അങ്ങിനെ നമ്മൾ ഓരോരുത്തരും “ഞാൻ മറ്റുള്ളതിൽ നിന്നും എല്ലാം വേറിട്ടു നിൽക്കുന്നു” എന്ന ചിന്തയിൽ രൂഢമൂലമായി ജീവിക്കുന്നു. യഥാർത്ഥത്തിൽ നമ്മൾ മറ്റുള്ളതിൽ നിന്നൊന്നും വേറിട്ടതല്ല. എങ്ങിനെയാണോ നമ്മുടെ കയ്യും കാലും, കണ്ണും, മൂക്കും, ചെവിയും എല്ലാം ശരീരത്തിൻ്റെ അവിഭാജ്യ ഘടകങ്ങൾ ആയിരുന്നുവോ, അതുപോലെ തന്നെ, നമ്മൾ ഉൾപ്പെടെ നിലനിൽക്കുന്ന സകലതും പ്രപഞ്ചമെന്ന ശരീരത്തിൻ്റെ അവിഭാജ്യ ഭാഗമാണ്. “ഞാൻ” ഭാവം ഉടലെടുക്കുന്നതോടെ, ആ “ഞാൻ” ഭാവം അനുക്രമം കൂടുതൽ കൂടുതൽ ശക്തിയാർജ്ജിച്ചു വരുന്നു. അങ്ങിനെ “ഞാൻ” എന്ന അഹങ്കാര ഭാവം അതിൻ്റെ പാരമ്യതയിൽ എത്തുന്നു. അങ്ങിനെ, നമ്മൾ നിരവധി തെറ്റുകൾ ചെയ്യുവാൻ തുടങ്ങുന്നു. ഇത് ജീവാത്മാവിൻ്റെ പരിണാമത്തിലെ ഒന്നാം ഘട്ടമാണ്. നമ്മൾ എല്ലാവരും ഈ ഘട്ടത്തിൽ ആണ് ഇന്ന്. ഈ ഘട്ടത്തിനെയാണ് സനാതനഃ ധർമ്മത്തിൽ “പ്രവൃത്തി” ഘട്ടം എന്ന് പറയുന്നത്. അതോടെ നമ്മുടെ ജീവിത ക്ലേശങ്ങളും ദുഃഖങ്ങളും കർമ്മനിയമങ്ങൾ അനുസരിച്ച് കൂടുതലായി വന്നു ചേരും. ആ ദുഃഖങ്ങളും ക്ലേശങ്ങളും അതിൻ്റെ പാരമ്യതയിൽ എത്തുമ്പോൾ, (അതോടൊപ്പം “അവബോധവും” വർദ്ധിക്കുമ്പോൾ) കാര്യങ്ങൾ മനസ്സിലാക്കി, “ഞാൻ” എന്ന ഭാവത്തിലുള്ള തെറ്റുകൾ മനസ്സിലാക്കി, ആ തെറ്റുകൾ തിരുത്തി, “ഞാൻ” ഒരു ഉപകരണം മാത്രമാണ് എന്ന് മനസ്സിലാക്കി, ജീവാത്മാവ് തൻ്റെ മടക്കയാത്ര ആരംഭിക്കുന്നു. ഇതാണ് പരിണാമത്തിലെ രണ്ടാം ഘട്ടം. ഈ ഘട്ടത്തിനെ “നിവൃത്തി” ഘട്ടം എന്നാണ് സനാതനഃ ധർമ്മത്തിൽ വിവക്ഷിക്കുന്നത്. അതോടെയാണ് നമ്മളുടെ (ജീവാത്മാക്കളുടെ) നിലനിൽപ്പ് കൂടുതൽ ഉയർന്ന ആനന്ദഭരിതമായ നിലയിലേക്ക് ഉയരുവാൻ തുടങ്ങുന്നത്. അങ്ങിനെ “പ്രവൃത്തിയും”, “നിവൃത്തിയും” ചേർന്നതാണ് പരിണാമം. അതിനാൽ, ജീവാത്മാക്കളുടെ വ്യക്തിഗതമായ ജീവിതാനുഭവങ്ങളും, വ്യക്തിഗതമായ അവബോധ വികസനവും ഈ പരിണാമ യാത്രയിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് നമ്മൾ മനസ്സിലാക്കണം.
അപ്രകാരം, അനുഭവ പാഠങ്ങളിലൂടേയും, അവബോധ വികസനത്തിലൂടേയും താൻ യാഥാർത്ഥത്തിൽ ശരീരമാണോ, മനസ്സാണോ, ആത്മാവാണോ, “പ്രജ്ഞാന”മാണോ എന്നെല്ലാമുള്ള തെറ്റിധാരണകൾ മാറ്റി, താൻ സ്റ്റെപ്പ് ഡൌൺ ചെയ്യപ്പെട്ട ബ്രഹ്മ പ്രജ്ഞാനം തന്നെയാണെന്ന തിരിച്ചറിവ് കൈവരുകയും, അതിലൂടെ ശരിയായ സ്വ-ആത്മ-താദാത്മ്യത്തിലൂടെ ധാർമ്മികമായ ജീവിതം നയിച്ച് ആനന്ദപൂരിതമായ ഒരു നിലനിൽപ്പിലേക്ക് ചെന്നെത്തുകയും ചെയ്യുക എന്നതാണ് സനാതനഃ ധർമ്മം നൽകുന്ന മോചനത്തിൻ്റെ പാത. അതിനെല്ലാം ആവശ്യമായ അറിവും, അവസരങ്ങളും നൽകുക എന്ന പ്രധാന കർമ്മമാണ്, ഉപനിഷത്തുക്കളും, ഭഗവത് ഗീതയും, ക്ഷേത്രങ്ങളും പ്രതിഷ്ഠകളും, അഷ്ടാംഗ യോഗ ശാസ്ത്രവും എല്ലാം നൽകുന്നത്. ഇത്രമാത്രം, വിഷയ പരിചയതിനായി അറിയേണ്ടതുണ്ട്. ഇതിൻ്റെയെല്ലാം വിശദാംശങ്ങള്‍ പുറകേ വ്യക്തമാക്കുന്നുണ്ട്.
എന്താണ് മരണത്തിൽ സംഭവിക്കുന്നത്?
“ജീവാത്മാവി”നേയും, “പരമാത്മാവവി”നേയും കുറിച്ച് ഇതിനകം തന്നെ പ്രാഥമികമായി വ്യക്തമാക്കിയിരുന്നുവല്ലോ? “ജീവാത്മാവ്” എന്നതിന് പകരം, അക്ഷരങ്ങൾ ചുരുക്കിക്കൊണ്ട്, “ജീവ” എന്നും പറയാറുണ്ട്. “ജീവൻ”, “ജീവി”, എന്നെല്ലാം അർത്ഥം മനസ്സിലാക്കാതെയാണെങ്കിലും ഉപയോഗിക്കാറുള്ള നിത്യോപയോഗത്തിലുള്ള പദങ്ങളും ജീവാത്മാവിൻ്റെ സന്ദർഭോചിതമായ ചില പര്യായ പദങ്ങൾ തന്നെയാണ്. “പരമാത്മാവ്” എന്നത് ആകെയുള്ള ഏക ഏകത്വമായ “ബ്രഹ്മം” അഥവാ “ബ്രഹ്മൻ” തന്നെയാണ് എന്നും വ്യക്തമാക്കിയിരുന്നു. അതായത് ശുദ്ധമായ, അവിശ്ച്ഛിന്നമായ, പരമ പ്രജ്ഞാനം – അതാണ് “പരമാത്മാവ്”. “ജീവാത്മാവ്”, “ജീവ”, “ജീവി”, “ജീവൻ” എന്നെല്ലാം പറയുന്നത്, സൃഷ്ടിക്കപ്പെട്ട, പരിമിതമാക്കപ്പെട്ട പ്രജ്ഞാനത്തോട് കൂടിയ പരസഹസ്രം ഏകകങ്ങളാണ്. ഞാനും നിങ്ങളും പരിമിതമാക്കപ്പെട്ട ഓരോ ഏകകങ്ങൾ ആണ് – ജീവാത്മാക്കളാണ്. പ്രപഞ്ചത്തിലുള്ള കല്ലും, മണ്ണും പുഴുവും, പുൽകളും എല്ലാം പല നിലകളിൽ പരിമിതമാക്കപ്പെട്ട ജീവാത്മാക്കൾ തന്നെയാണ് – ഓരോ ജീവാത്മാക്കളാകുന്ന പ്രജ്ഞാന ഏകകങ്ങളിലെ പ്രജ്ഞാനത്തിൻ്റെ തോത് വൈവിദ്ധ്യമാർന്നതാണ് എന്നുമാത്രം. വിവിധ ശരീര മനസ്സുകളിലൂടെയുള്ള ജീവാത്മാവിൻ്റെ പരിണാമ പ്രയാണം ആണ് ജീവൻ്റെ വലിയ ചിത്രം. ആ പരിണാമ പ്രയാണത്തിലെ ജീവൻ്റെ ചെറിയ ചിത്രമാണ് ജനനത്തിനും മരണത്തിനും ഇടയിലുള്ള, നമ്മൾ അടുത്തറിയുന്ന, നമ്മുടെ ഇന്നത്തെ ഈ ജീവിതം. നിലവിൽ നമ്മൾ പരിമിതമാക്കപ്പെട്ടിരിക്കുന്നതുകൊണ്ട്, ജീവൻ്റെ ആ വലിയ ചിത്രം നമ്മൾ കാണുന്നില്ല, മനസ്സിലാക്കുന്നില്ല എന്ന് മാത്രമേ ഉള്ളൂ. പാമ്പ് പടം പൊഴിക്കുന്നത്പോലെ, നമ്മളാകുന്ന ജീവാത്മാക്കൾ, നമ്മൾ അതുവരെ താത്കാലികമായി കൈവശം വച്ച അഞ്ച് ബാഹ്യ ആവരണങ്ങളിൽ രണ്ടോ മൂന്നോ ആവരണങ്ങൾ ക്രമാനുഗതമായി പൊഴിക്കുന്നതാണ് ‘മരണം’.
അടിസ്ഥാനപരമായി ഒരു പദാർത്ഥത്തിൻ്റെ നിലനിൽപ്പ് ദൃശ്യമായിട്ടും അദൃശ്യമായിട്ടും ആകാവുന്നതാണ് എന്ന് നമ്മൾ കണ്ടുകഴിഞ്ഞു. പറയുവാനുള്ള എളുപ്പത്തിന്, രണ്ടും നിലനിൽക്കുന്നത് അതാതിൻ്റെ ലോകങ്ങൾ ആയ ദൃശ്യലോകത്തിലും അദൃശ്യ ലോകത്തിലും ആണ് എന്ന് പറയാം. എന്നാൽ അവ രണ്ടും വിവിധ “സ്ഥല”ങ്ങളിൽ ആകണം എന്നില്ല. ഒരേ സ്ഥല-കാല പ്രതിഭാസത്തിൽ ഒരേസമയത്ത് ചില വസ്തുക്കൾ ദൃശ്യമായും, ചില വസ്തുക്കൾ അദൃശ്യമായും നിലകൊള്ളാം. ദൃശ്യതയിൽ നിന്നും അവിച്ഛിന്നമായ, ക്രമാനുഗതമായ തുടർച്ചയാണ് അദൃശ്യത. അതായത്, ഒരറ്റത്ത് പൂർണ്ണമായും ദൃശ്യമായ വസ്തുവാണെങ്കിൽ, മറ്റേ അറ്റത്ത് പൂർണ്ണമായും അദൃശ്യമായ വസ്തുവായിരിക്കും. രണ്ടിൻ്റേയും ഇടക്ക് ക്രമാനുഗതമായ ദൃശ്യാദൃശ്യതയുടെ വിവിധ ഘട്ടങ്ങൾ ഉണ്ടാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അദൃശ്യതയുടെ ഏറ്റവും കുറഞ്ഞ തീവ്രതയാണ് ദൃശ്യത. ദൃശ്യത്യയുടെ ഏറ്റവും കുറഞ്ഞ തീവ്രതയാണ് അദൃശ്യത.
സനാതനഃ ധർമ്മം നൽകുന്ന അറിവ് അനുസരിച്ച് ഒരു പദാർത്ഥത്തിൻ്റെ നിലനിൽപ്പിന് ദൃശ്യാദൃശ്യതയുടെ ഏഴ് നിലകൾ ഉണ്ട്. ഒരു പദാർത്ഥത്തിന് ഈ ഏഴിൽ ഏതു നിലയിൽ വേണമെങ്കിലും നിലകൊള്ളാം. ഖര, ദ്രാവക, വാതക, തരംഗ, ആകാശ, പരമ ആകാശ, കണിക എന്നീ സ്വഭാവ നിലകളാണവ. ആദ്യത്തെ മൂന്നും (ഖര, ദ്രവ, വാതക നിലകളിൽ ഉള്ള നിലനിൽപ്പ്) ദൃശ്യമായിരിക്കുമ്പോൾ ഉള്ള നിലകളുടെ വിവിധഘട്ടങ്ങൾ ആണ്. പിന്നീടുള്ള നാലും (തരംഗ, ആകാശ, പരമ ആകാശ, കണികാ നിലകളിൽ ഉള്ള നിലനിൽപ്പ്) അദൃശ്യതയുടെ ക്രമാനുഗതമായി വ്യതിയാനപ്പെട്ട നിലകൾ ആണ്. ഖരം അത്യധികം ദൃശ്യമായിരിക്കുകയും, കണികകൾ അത്യധികം അദൃശ്യമായിരിക്കുകയും ചെയ്യും എന്നർത്ഥം.
നമ്മുടെ ശരീരത്തിൻ്റെ യോഗ ഫിസിയോളജി അനുസരിച്ചുള്ള ഘടനയിൽ ക്രമാനുഗതമായ ദൃശ്യാദൃശ്യതകളുള്ള അന്നമയ കോശം, പ്രാണമയ കോശം, മനോന്മയ കോശം, വിജ്ഞാന മയകോശം, ആനന്ദമയ കോശം എന്നീ അഞ്ച് ശരീരങ്ങൾ ആണ് ഉള്ളത് എന്ന് നമ്മൾ കണ്ടു. ഈ അഞ്ച് ശരീരങ്ങൾക്കുള്ളിലാണ്, തീവ്രമായി പരിമിതപ്പെട്ട നമ്മൾ ഓരോരുത്തരുമാകുന്ന “ആത്മൻ” അഥവാ “പ്രജ്ഞാനം” നിലകൊള്ളുന്നത്. ഈ ഓരോ ശരീരവും സ്ഥൂലം, സൂക്ഷം, ശൂന്യം, ശിവം എന്നീ നാല് ലോകത്തിലാണ് നിലനിൽക്കുന്നത് എന്ന് വേണമെങ്കിൽ പറയാവുന്നതാണ്. അപ്രകാരം വിവരിക്കുന്നത് പറയുവാനും മനസ്സിലാക്കുവാനും ഉള്ള എളുപ്പത്തിന് വേണ്ടിയാണ് എന്ന് മറക്കരുത്. ആ നാല് ലോകത്തിനുള്ള മറ്റു ചില പേരുകൾ ആണ് ഭൂർ ലോകം (ഭൂമി ഭൂർ ലോകത്തിന് ഉദാഹരണം ആണ്), ഭുവർ ലോകം, സ്വർഗ്ഗ ലോകം, മഹർ ലോകം എന്നത്. ഇതുവരെ ഈ വഷയിത്തിൽ പറഞ്ഞതെല്ലാം തന്നെ ഒരേ കാര്യം തന്നെ വിവിധ സന്ദർഭങ്ങളിൽ മനസ്സിലാക്കുവാൻ ഉതകുന്ന വിവിധരൂപത്തിൽ പറയുന്നതാണ് താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ. അതായത്, മനുഷ്യൻ്റെ പൂർണ്ണമായ ഫിസിയോളജി അതാത് ഭാഗങ്ങളുടെ സ്വഭാവം അനുസരിച്ച് അതാത് ലോകങ്ങളോട് ചേർത്ത് ബന്ധപ്പെടുത്തിയിരിക്കുകയാണ് പ്രസ്തുത പട്ടികയിൽ. യോഗിക് ഫിസിയോളജി കൂടുതൽ വ്യക്തമായി മനസ്സിലാക്കുവാൻ ഈ ഈ പട്ടിക സഹായിക്കും.

ഇനി മരണത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. കാലം, ഊർജം, ഡാറ്റാ എന്നീ മൂന്ന് നിശ്ചിത പരിമാണങ്ങളുമായിട്ടാണ് നമ്മൾ ജനിക്കുന്നത് എന്ന് നമ്മൾ കണ്ടുവല്ലോ. “മരണം” പലകാരണങ്ങൾ കൊണ്ടും ആകാം. പ്രായാധിക്യം കൊണ്ടുള്ള സ്വാഭാവിക മരണമാകാം. ആത്മഹത്യയാകാം. തെറ്റായ ജീവിത രീതികൾ കൊണ്ട് വന്നു ചേർന്ന രോഗാവസ്ഥയാൽ ആകാം.
എന്തു കാരണങ്ങൾ കൊണ്ടായാലും “മരണം” എന്ന് പറയുന്നത് നമ്മുടെ യോഗിക് ഫിസിയോളജിയിലെ സ്ഥൂല, സൂക്ഷ്മ, ശൂന്യ ഘടകങ്ങൾ മാത്രം ക്രമാനുഗതമായി ഇല്ലാതാകുന്ന പ്രക്രിയയാണ്. അതിൽ, സ്ഥൂല ശരീരം ഇല്ലാതാകുന്നത് വളരെ പ്രകടമായ ഒരു വ്യതിയാനം ആയതുകൊണ്ട്, “മരണം” എന്നാൽ, നമ്മൾ ഇല്ലാതാകുന്ന ഒരു ദുഖകരമായ സംഭവമായിട്ടാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ, സനാതനഃ ധർമ്മമനുസരിച്ച്, നമ്മൾ ഇല്ലാതാകുന്നില്ല. നമ്മുടെ നിലനിൽപ്പിൻ്റെ ചില ഭാഗങ്ങൾ, ചില വ്യവസ്ഥകൾക്ക് അധീനമായി പൊഴിച്ചുകളഞത്തിനു ശേഷം അവ നവീകരിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. അതൊരു പ്രക്രിയയാണ്. അതെങ്ങിനെയാണെന്ന് നോക്കാം. ജീവിതവും മരണവും യോഗാശാത്രത്തിൻ്റെ ദൃഷ്ടിയിൽ എന്താണ് എന്നത് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം “പ്രേതങ്ങൾ ഉണ്ട്” എന്നപേരിൽ ഇന്ദുലേഖ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ആ പുസ്തകത്തിൽ വായിക്കാവുന്നതാണ്. (https://www.indulekha.com/prethangal-und-nandan-kandanat). പ്രസ്തുത പുസ്തകം ആമസോണിൽ കൂടിയും ഈ-ബുക്കായി ലഭ്യമാണ്. (https://www.amazon.in/dp/B0CGLY6HGB)
ആദ്യം, ജീവാത്മാവ് തൻ്റെ സൂക്ഷ്മ ശരീരത്തെ സ്ഥൂലശരീരത്തിൽ നിന്ന് വേർതിരിക്കുന്നു, കാലിൽ ധരിച്ചിരിക്കുന്ന ‘സോക്സി’ൽ നിന്നും കാൽ വലിച്ചൂരിയെടുത്താൽ സോക്സ് നിലംപതിക്കുന്നതിന് സമാനമാണിതെന്ന് പറയാവുന്നതാണ്. അതായത്, ജീവാത്മാവ് സൂക്ഷ്മശരീരമായ പ്രാണമയകോശത്തെ സ്ഥൂല ശരീരത്തിൽ നിന്നും (അന്നമയ കോശത്തിൽ നിന്നും) പിൻവലിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. അതിൻ്റെ ഫലമായി സ്ഥൂലശരീരം “നിർജ്ജീവമായ” കോശങ്ങളുടെ ഒരു കൂട്ടമായി നിലം പതിക്കുന്നു . എങ്കിലും, സൂക്ഷ്മ ശരീരം പിൻവലിക്കപ്പെട്ട ശേഷവും നിലംപതിച്ച സ്ഥൂല ശരീരത്തിലെ കോശങ്ങളിൽ ധാരാളം ഉപ-ഊർജ്ജ സാന്നിദ്ധ്യം ഏതാനും മണിക്കൂറുകൾ കൂടി അവശേഷിക്കുന്നുണ്ട്. അപാന, വ്യാന, സമാന, ഉദാന തുടങ്ങിയ വിവിധ തരത്തിലുള്ള ഊർജ്ജവും, ഉപഊർജ്ജവും എല്ലാം ആണ് അവ. ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ അവ എല്ലാം തന്നെ പരസ്പരം വിഘടിച്ച് അകന്നു പോകുവാൻ തുടങ്ങിയിരിക്കും. കാരണം, അവയെ എല്ലാം കൂട്ടിപ്പിടിച്ച് നിറുത്തി സ്ഥൂല ശരീരം അതുവരെ ഭരിച്ചിരുന്ന “പ്രാണനെ”ന്ന ഊർജ്ജത്തെ ജീവാത്മാവ് പിൻവലിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണ്.
സ്ഥൂല ശരീരം പൊഴിച്ചുകളഞ്ഞ ശേഷം ജീവാത്മാവ് നിലനിൽക്കുന്നത് തൻ്റെ അവശേഷിച്ച സൂക്ഷ്മ ശരീരത്തിൽ മാത്രമാണ്. തുടർന്ന്, അധികം താമസിയാതെ ജീവാത്മാവ് സ്ഥൂല ശരീരത്തിൽ നിന്നും പിൻവലിയ്ക്കപ്പെട്ട തൻ്റെ പ്രാണമയ കോശവും, മനോന്മയ കോശത്തിൻ്റെ സാന്ദ്രത കുറഞ്ഞ ഭാഗങ്ങളും കൂടി ഇളക്കി മാറ്റി പൊഴിച്ചു കളയുന്നു. അങ്ങിനെ, ജീവാത്മാവ് താൻ അണിഞ്ഞിരുന്ന രണ്ട് പുറം വസ്ത്രളും രണ്ട് ഘട്ടങ്ങളിലായി പൂർണ്ണമായിയും അഴിച്ചുമാറ്റിക്കളയുകയാണ് ചെയ്യുന്നത്.
അപ്പോഴും, ജീവാത്മാവിന് മൂന്നാമത്തെ വസ്ത്രമായ മനോന്മയ കോശത്തിൻ്റെ സാന്ദ്രത കൂടിയ ഭാഗങ്ങളും, നാലാമത്തെ വസ്ത്രമായ വിജ്ഞാനമയ കോശവും, അഞ്ചാമത്തെ വസ്ത്രമായ ആനന്ദമയ കോശവും ബാക്കി നിൽക്കുന്നുണ്ട്. സാന്ദ്രത കുറഞ്ഞ സുതാര്യമായ മനോന്മയ കോശത്തിൻ്റെ മറ്റു ഭാഗങ്ങൾ പ്രാണമയ കോശത്തിൻ്റെ കൂടെ അതിന് മുൻപേ പൊഴിഞ്ഞു പോയിക്കഴിഞ്ഞിരിക്കുന്നു. ശരീരത്തോട് കൂടിയിരിക്കുമ്പോൾ സംഭവിച്ച നിരവധി ജീവിതാനുഭവങ്ങളുടെ ഫലമായി ഉണ്ടായ വികാര വിക്ഷോഭങ്ങളും, തീവ്രമായ മാനസിക മുറിവുകളും, അല്ലെങ്കിൽ തീവ്രമായി അനുഭവിച്ച മാനസിക ആനന്ദങ്ങളും ഒക്കെയാണ് മനോന്മയ ശരീരത്തിൻ്റെ സാന്ദ്രതയേറിയ ഭാഗങ്ങൾ. കാർമ്മീകമായ ഇൻഫർമേഷൻ ഡാറ്റാ ആലേഖനം ചെയ്ത ഒരു പാളിയാണ് അത് എന്ന് മനസ്സിലാക്കുവാനുള്ള എളുപ്പത്തിന് വേണ്ടി പറയാവുന്നതാണ്. അത് പൊഴിഞ്ഞു പോകാതെ മരണ ശേഷവും നിലനിൽക്കും.
അപ്രകാരം മനോന്മയ ശരീരത്തിൻ്റെ സാന്ദ്രതയേറിയ ഭാഗ സാന്നിദ്ധ്യത്തോടെ ജീവാത്മാവ് തുടർന്നും നിലനിൽക്കുന്ന സ്ഥിതിയെയാണ് “പ്രേതാവസ്ഥ” എന്ന് പറയുന്നത്. ഈ സ്ഥിതി ദീർഘനാൾ തുടരുമോ, ഹൃസ്വനാൾ തുടരുമോ എന്നത് ഏതു സാഹചര്യത്തിലാണ് സ്ഥൂല ശരീരം വെടിഞ്ഞത് എന്നതിനെ ആശ്രയിച്ചിരിക്കും. ജന്മനാൽ തന്നെ നിശ്ചിതമായി അളന്ന് ലഭിച്ച കാലം, ഊർജ്ജം, പ്രാരാബ്ധ കർമ്മത്തിൻ്റെ ഡാറ്റാ എന്നീ മൂന്ന് കാര്യങ്ങളിൽ ഏതെല്ലാം എത്രമാത്രം ബാക്കി നിൽക്കുമ്പോഴാണ് സ്ഥൂല ശരീരം വെടിഞ്ഞത് എന്നതിനെ ആശ്രയിച്ചിരിക്കും പ്രേതാവസ്ഥയിൽ തുടരുന്ന കാലത്തിൻ്റെ ദൈർഖ്യം. “കാലം” എന്നാൽ എത്രനാൾ ശരീരസമേതം ജീവിച്ചിരിക്കും എന്നതിൻ്റെ മുൻകൂർ നിശ്ചയിച്ച് നൽകപ്പെട്ട സമയമാണ്. “ഊർജ്ജം” എന്നാൽ അനുവദിച്ചു ലഭിച്ച കാലത്തിൽ, അനുവദിച്ചു ലഭിച്ച പ്രാരാബ്ധ കർമ്മത്തിൻ്റെ “ഡാറ്റ” കൈകാര്യം ചെയ്യുവാൻ ആവശ്യമായ ഊർജ്ജം ആണ്. “ഡാറ്റാ” എന്നാൽ നൽകപ്പെട്ട കാലത്തിൽ വിജയകരമായി കൈകാര്യം ചെയ്യേണ്ട പ്രാരാബ്ധ കർമ്മങ്ങളാണ്.
വളരെ വലിയ ഭീമമായ കാർമ്മീക ഡാറ്റയാണ് ഓരോരോ ജന്മത്തിലും നമ്മൾ ശേഖരിച്ച് കൂട്ടിയിരിക്കുന്നത്. ഇതെല്ലാം നമ്മൾ അഞ്ച് ശരീരങ്ങളും സഹിതം “ജീവിച്ചിരിക്കുമ്പോൾ” ചെയ്തുതീർക്കേണ്ട “ഗൃഹപാഠങ്ങൾക്ക്” സമാനമായി മനസ്സിലാക്കാവുന്നതാണ്. ഒരു പാണ്ടികശാല നിറക്കുവാനുള്ള അത്ര ഗൃഹപാഠങ്ങൾ നമ്മുക്കുണ്ട്. അതിനെയാണ് “സഞ്ചിത കർമ്മം” എന്ന് വിവക്ഷിക്കുന്നത്. അതിൽ ഒരു ക്ലിപ്ത അളവ് മാത്രം ഒരു ജന്മത്തിൽ ലഭിക്കുന്നതാണ് “പ്രാരാബ്ധ” ഡാറ്റ. ഒരു മനുഷ്യ ജന്മത്തിൽ കൈകാര്യം ചെയ്യപ്പെടുവാൻ സാധിക്കുന്ന അത്ര മാത്രമേ ജന്മനാൽ തന്നെ നല്കപ്പെടുന്നുള്ളൂ. നമ്മുട ഓരോരുത്തരുടേയും “പ്രാരാബ്ധ” ഡാറ്റക്ക് അനുയോജ്യമായ ജീവിത സാഹചര്യങ്ങൾ ആയിരിക്കും നമുക്ക് ഓരോരുത്തർക്കും ഉരുത്തിരിയുക. പുതിയതായി കാർമ്മീക ഡാറ്റ സംഭരിക്കപ്പെട്ടു പോകാത്ത വിധത്തിൽ ലഭിച്ചു കിട്ടിയ “പ്രാരാബ്ധ” ഡറ്റാ കൈകാര്യം ചെയ്യുക എന്നതാണ് നമ്മുടെ ഗൃഹപാഠം.
ജന്മനാൽ ലഭിച്ചു കൂടെ കൊണ്ടുവന്ന പ്രാരാബ്ധ ഡാറ്റ മുഴുവനും, അനുവദിച്ച സമയം മുഴുവനും ഉപയോഗിച്ചു കൊണ്ട്, അനുവദിച്ച ഊർജ്ജം മുഴുവൻ ഉപയോഗിച്ചു കൊണ്ട് പ്രവർത്തിച്ചു തീർത്തശേഷം മാത്രമാണ് സ്ഥൂല ശരീരം ഉപേക്ഷിക്കുന്നത് എങ്കിൽ പ്രേതാവസ്ഥയുടെ ദൈർഖ്യം വളരെ കുറവായിരിക്കും. നേരെമറിച്ച്, അനുവദിച്ചു ലഭിച്ച കാലമോ, ഊർജ്ജമോ, പ്രാരാബ്ധ ഡാറ്റയോ ബാക്കി നിറുത്തിക്കൊണ്ടാണ് സ്ഥൂല ശരീരം ഉപേക്ഷിക്കേണ്ടി വന്നത് എങ്കിൽ, പ്രേതാവസ്ഥ അതി ദീർഘമായി തുടരാം. കാർമ്മീകമായ കാരണങ്ങളാൽ വന്നുചേർന്ന രോഗങ്ങൾ മൂലമോ, അതുമല്ലെങ്കിൽ തെറ്റായ ജീവിത രീതികൾ കൊണ്ടുണ്ടായ രോഗങ്ങൾ മൂലമോ, അല്ലെങ്കിൽ, അപകടം, ആത്മഹത്യ തുടങ്ങിയത് മൂലമോ, “അകാല മരണം” സംഭവിക്കുന്ന സന്ദർഭങ്ങളിൽ ഡാറ്റയും, കാലവും, ഊർജ്ജവും എല്ലാം ബാക്കി നിൽക്കും. അതുകൊണ്ട്, കൃത്യമായ ധാർമ്മികതയോടെ ലഭിച്ചു കിട്ടിയ മുഴുവൻ ജീവിതവും പൂർണ്ണമായും പൂർത്തീകരിച്ച ശേഷമായിരിക്കണം സ്ഥൂല ശരീരം ഉപേക്ഷിക്കേണ്ടത് എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സനാതനഃ ധർമ്മത്തിൽ. അത് മാത്രവുമല്ല, ജീവിതത്തിൽ എന്തെല്ലാം സംഭവങ്ങൾ ഉണ്ടായാലും, അതൊന്നും തന്നെ വൈകാരികമായി നമ്മളിൽ ഒരു പ്രക്ഷോഭങ്ങളും ഉയർത്താതെ “സമദുഖഃ സുഖ ക്ഷമി”യായി ജീവിക്കേണ്ടതും വളരെ ആവശ്യമാണ് സനാതനഃ ധർമ്മത്തിൽ. കാരണം, വൈകാരികമായി മനസ്സിൽ തറക്കുന്ന വികാരങ്ങളാണ് മനോന്മയ ശരീരത്തിലെ സാന്ദ്രതയേറിയ ഭാഗങ്ങൾ ആയി മാറി, നമ്മെ പ്രേതാവസ്ഥയിൽ തളച്ചിടുന്നത്. അങ്ങിനെ, ധൃതിയിൽ ശരീരം ഉപേക്ഷിക്കുമ്പോൾ ബാക്കി വച്ച സമയവും, ഊർജ്ജവും, ഡാറ്റയും പൂർണ്ണമായും തീരുന്നതുവരേയും, കൂടാതെ, മനോന്മയ ശരീരത്തിലെ സാന്ദ്രതയേറിയ ഭാഗങ്ങളുടെ പിടി അഴയുന്നത് വരേയും പ്രേതാവസ്ഥ തുടരും എന്നാണ് സനാതനഃ ധർമ്മം പഠിപ്പിക്കുന്നത്.
ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ധാർമ്മികമായി കാലം, ഊർജ്ജം, ഡാറ്റ എന്നിവ ഒട്ടും അവശേഷിപ്പിക്കാതെ പ്രാരാബ്ധ കർമ്മം ധാർമ്മികമായി ചെയ്ത് തീർത്ത ശേഷം ശരീരം ഉപേക്ഷിക്കുന്നതിന് വളരെ അധികം “അവബോധം” വികസിക്കേണ്ട ആവശ്യമുണ്ട്. അവബോധം വികസിപ്പിക്കുവാനുള്ള അവസരങ്ങളാണ് സനാതനഃ ധർമ്മം ആചാരാനുഷ്ഠാനങ്ങളിലൂടെ നൽകുന്നത്. അപ്രകാരം ‘അവബോധം’ വികസിക്കുമ്പോൾ മാത്രമേ ഇതെല്ലാം മനസ്സിലാക്കി എടുക്കുവാനും അതനുസരിച്ച് ധാർമ്മികമായി പ്രാരാബ്ധ കർമ്മങ്ങളാകുന്ന ഗൃഹപാഠങ്ങൾ ചെയ്യുവാനും കഴിയുകയുള്ളൂ. അത്രമാത്രം പ്രാധാന്യം അർഹിക്കുന്ന വിഷയമാണ് “അവബോധ വികസനം” സനാതനഃ ധർമ്മത്തിൽ. ജീവിതാനുഭവങ്ങൾ എന്ന ഗൃഹപാഠങ്ങൾ ധാർമ്മികമായി ചെയ്യുവാൻ അവബോധം വികസിക്കണം. അതുമാത്രമല്ല, ഭൗതികമായ ബാഹ്യ ശരീരങ്ങൾ ഉപേക്ഷിക്കുമ്പോൾ ( സാമാന്യ ഭാഷയിൽ “മരണം” സംഭവിക്കുമ്പോൾ), കഴിയുമെങ്കിൽ ഉയർന്ന അവബോധത്തിൽ നിന്നുകൊണ്ട് വേണം അത് ചെയ്യുവാൻ. “മരണ” സമയത്ത് ഏത് വിധത്തിലുള്ള വികാരമാണോ നമ്മിൽ നിലനിൽക്കുന്നത് ആ വികാരത്തിൻ്റെ തുടർച്ചയായിരിക്കും ഭൗതികമായ ശരീരം ഇല്ലാത്ത അവസ്ഥയിൽ നമുക്ക് ഉണ്ടാകുന്ന വികാരങ്ങളും. “മരണ” സമയത്തുള്ള വികാരത്തിൻ്റെ സ്വഭാവമനുസരിച്ച് ആയിരിക്കും, അപ്പോഴും നിലനിൽക്കുന്ന നമ്മുടെ വികാരം. ആ സ്വഭാവം അനുസരിച്ചാണ് നമ്മൾ “സ്വർഗ്ഗം” എന്നും “നരകം” എന്നും വിവക്ഷിക്കുന്നത്. ഭയവും, ആകാംക്ഷയും മനോ വിഷമങ്ങളും ആയിട്ടാണ് ശരീരം വിടുന്നതെങ്കിൽ, ആ വികാരങ്ങളെല്ലാം തുടർന്നും നിലനിൽക്കും. അതാണ് “നരകം”. അല്ലാതെ, “നരകം” നമ്മളെ വറത്തു പൊരിക്കുന്ന ഒരു സ്ഥലമല്ല. മരണ സമയത്ത് കൂട്ടക്കരച്ചിലുകൾ നടത്തി ജീവാത്മാവിനെ യാത്ര അയക്കരുത്. കഴിയുന്നത്ര സുഖകരമായ, ആനന്ദപ്രദമായ അന്തരീക്ഷം സൃഷ്ടിച്ചുകൊടുത്തുകൊണ്ട് വേണം ഒരു ജീവാത്മാവിനെ യാത്ര അയക്കുവാൻ.
അങ്ങിനെ, ലഭിച്ചു കിട്ടിയ കാലം, ഊർജ്ജം, ഡാറ്റ എന്നിവ തീരുന്നത് വരെ പ്രേതാവസ്ഥയിൽ നിലകൊണ്ട ശേഷം, ശേഷിച്ച മനോന്മയ ശരീരം ശുദ്ധീകരിച്ച്, സ്വർഗ്ഗലോകത്തിലെ അല്പനാളത്തെ വിശ്രമത്തിന് ശേഷം ആ മനോന്മയ ശരീരവും ഉപേക്ഷിക്കുന്നു. പിന്നീട് വീണ്ടും ഒരു പുതിയ മനോന്മയ ശരീരവും, പ്രാണമയ ശരീരവും, അന്നമയ ശരീരവും വളർത്തിയെടുത്തുകൊണ്ട് ജീവാത്മാവ് വീണ്ടും ഭൂർലോകത്തിൽ ജനിക്കുന്നു. വീണ്ടും, ദൃശ്യലോകത്തിലെ ജീവിതം, വീണ്ടും “മരണം”, വീണ്ടും അദൃശ്യമായ് ഭുവർ ലോകങ്ങളിലെ ജീവിതം, വീണ്ടും സ്വർഗ്ഗലോകത്തിലെ വിശ്രമം, വീണ്ടും പുനർജന്മം എന്ന ചാക്രിക ഭ്രമണത്തിൽ ജീവാത്മാക്കളായ നമ്മൾ പെടുന്നു.
അങ്ങിനെ തുടരെ തുടരെ ഒന്നിന് പുറകെ ഒന്നായി, ഭൂർലോകത്തിലും, ഭുവർലോകത്തിലും, സ്വർഗ്ഗലോകത്തിലും മാറി ജീവാത്മാവ് ജീവിച്ചുകൊണ്ടേ ഇരിക്കുന്നത് കൊണ്ടാണ്, ജീവാത്മാവിന് “ത്രിലോകി” എന്ന മറ്റൊരു പേരുകൂടി ഉള്ളത്. ഇത് കാലാകാലങ്ങളായി ആവർത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. അവസാനം, ജീവാത്മാവ് ഈ ചാക്രിക ഭ്രമണത്താൽ ക്ഷീണിതനാകുന്നു; ഇതാണ് ആദി ശങ്കരാചാര്യർ, “പുനരപി ജനനം, പുനരപി മരണം, പുനരപി ജനനീ ജഠരേ ശയനം” എന്ന് എഴുതിയത്. ഇതിൽ നിന്നും ഒരു മോചനത്തിനായി ജീവാത്മാവ് ദാഹിക്കുവാൻ തുടങ്ങുന്നു. കൂടുതൽ ഉയർന്നതും കൂടുതൽ സൂക്ഷ്മവുമായ അനുഭവങ്ങൾക്കും കൂടുതൽ ഉയർന്ന ജീവിതത്തിനും വേണ്ടി ജീവാത്മാവ് അഭിലഷിക്കുവാൻ തുടങ്ങുന്നു;
അനന്തമായി നീളുന്ന ആ ആവർത്തന ജീവിതത്തിൻ്റെ ഫലമായി ദൃശ്യലോകം നൽകുന്ന സർവ്വ അനുഭവങ്ങളും താത്കാലികമാണെന്ന് മനസ്സിലാക്കി അതിൽ നിന്നും ജീവാത്മാവ് പിന്തിരിഞ്ഞുകൊണ്ട്, ധ്യാനത്തിലും ആരാധനയിലും ദുർബ്ബലരെ അനുകമ്പയോടെ സഹായിക്കുന്നതിലും മാത്രം ആനന്ദം കണ്ടെത്തുന്നു. സ്വന്തം ആത്മസുഖത്തിനായി തൻ്റെ അന്നമയ ശരീരവും, പ്രാണമയ ശരീരവും, മനോന്മയ ശരീരവും ഉപയോഗിക്കാതെ മറ്റുള്ളവർക്ക് സേവനം ചെയ്യുന്നതിൽ ജീവാത്മാവ് വ്യാപൃതനാകുന്നു. അങ്ങനെ ജീവാത്മാവ് ഈശ്വരൻ്റെ സഹപ്രവർത്തകനും സേവകനും ആയി മാറി, ജനന മരണ ആവർത്തനത്തിൽ നിന്നും മോചിതനാകുന്നു. ഇതാണ്, സനാതനഃ ധർമ്മം നൽകുന്ന വിശേഷമായ ജ്ഞാനവും, മോചനത്തിനുള്ള മാർഗ്ഗവും. ശരീര സമേതം ജീവാത്മാവ് ഈ ദൃശ്യലോകത്തിൽ ജീവിക്കുമ്പോൾ ധാർമ്മികമായി ജീവിക്കേണ്ടതിൻ്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. അതിലൂടെ മാത്രമേ മോചനം സാദ്ധ്യമാകൂ എന്ന് പറഞ്ഞു തരുകയാണ് സനാതനഃ ധർമ്മം.
ധാർമ്മികതയുടെ അനുപേക്ഷണീയത
ഇത്രയും കാര്യങ്ങളും അവയുടെ വിശദാംശങ്ങളും അറിഞ്ഞിരുന്നാൽ സനാതനഃ ധർമ്മം എന്താണെന്ന് മനസ്സിലാകുവാൻ തുടങ്ങും. ഇവിടെ സംക്ഷിപ്തമായി നൽകിയ വസ്തുതകളുടെ സാമാന്യമായ വിശദശാംശങ്ങൾ പുറകേ വരുന്ന അദ്ധ്യായത്തിൽ കൊടുക്കുന്നുണ്ട്. (കൂടാതെ, തന്ത്രയിലെ മുപ്പത്തിയാറ് തത്വങ്ങളെക്കുറിച്ചുള്ള പതിനാല് ഭാഗങ്ങൾ ഉള്ള ഒരു യൂട്യൂബ് പരമ്പര https://dhyanavidya.in/tantra-talks-introduction/ എന്ന ലിങ്കിൽ ലഭ്യമാണ്.) ചുരുക്കത്തിൽ, അപരിമേയമായ “ബ്രഹ്മവസ്തു” തന്നെ ഏഴു ശുദ്ധാശുദ്ധ തത്വങ്ങൾ ഉപയോഗിച്ച് പരിമിതപ്പെടുത്തപ്പെട്ടതാണ് നമ്മൾ. ഈ അവസ്ഥയിൽ നിന്നും ഉണർന്നെഴുനേറ്റ് അപരിമേയമായ ബ്രഹ്മഅവസ്ഥക്ക് അരികിലേക്ക് ചെന്നെത്താവുന്നിടത്തോളം തിരികേ പോകുക എന്നതാണ്, സനാതനഃ ധർമ്മത്തിലെ മോക്ഷം. ആ ലക്ഷ്യം നിറവേറ്റുവാൻ വേണ്ടി രൂപകൽപ്പന ചെയ്ത ജീവിത രീതിയാണ് സനാതനഃ ധർമ്മം.
ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ധർമ്മ നിരതമായ ഒരു ജീവിതം നയിക്കണം. അതിന് ഈ വിഷയത്തെക്കുറിച്ചുള്ള അറിവ് സമ്പാദിക്കണം, അതനുസരിച്ചുള്ള പ്രയത്‌നം വേണം, ഭക്തി (ഈശ്വര സ്നേഹമാണ് വേണ്ടത് – ഈശ്വര ഭയമല്ല) വേണം. ഇതെല്ലാം ചേർന്നതാണ് സനാതനഃ ധർമ്മം. ധാർമ്മിക ജീവിതം ഇതിൽ വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അത്തരം ജീവിത രീതിക്കാൻ “ധർമ്മം” എന്ന് പറയുന്നത്. സനാതനഃ ധർമ്മത്തിലെ ധാർമ്മിക ജീവിതത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു പൊതു അവലോകനം ഇനി നൽകാം.