“ഹിന്ദു മതം” എന്നൊരു മതമേ ഇല്ല!


വേദങ്ങൾ നൽകിയ അനന്യമായ അമൂല്യ വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഒരു ജീവിത രീതി മാത്രമാണ് “സനാതനഃ ധമ്മം” എന്നത്. ക്ഷേത്ര ദർശനം, ജീവിത യാത്രയിലെ പ്രധാനപ്പെട്ട പതിനാറു ഘട്ടങ്ങളിൽ ചെയ്യുന്ന പതിനാറ് ക്രിയകൾ, യാഗങ്ങൾ, ഹോമങ്ങൾ, സസ്യാഹാരം, എന്നിവയെല്ലാം ആണ് സനാതനഃ ധർമ്മത്തിൻ്റെ ബാഹ്യമായി കാണുന്ന ചില മുഖലക്ഷണങ്ങൾ. ഇതൊന്നും ഏതെങ്കിലും വിധത്തിലുള്ള ഒരു “മത”മേധാവിത്വം അടിച്ചേൽപ്പിക്കുന്ന നിർബന്ധങ്ങൾ അല്ല. സനാതനഃ ധർമ്മത്തിൽ ചരിക്കുന്നവർക്ക് ഇതെല്ലാം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. ആരും ഒന്നും ചോദിക്കുകയില്ല. നിർബന്ധിക്കുകയില്ല. കാരണം, “സനാതനഃ ധമ്മം” ഒരു മതമല്ല. ഒരു ജീവിത ശൈലിയാണ്. സനാതനഃ ധർമ്മത്തിന് ഒരു സ്ഥാപകനോ, മതത്തിൻ്റെ നിർബന്ധിതമായ ചട്ടക്കൂടുകളോ ഭരണ ക്രമീകരണങ്ങളോ, നേതൃനിയന്ത്രണ സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ല, ഇപ്പോഴും ഇല്ല. അങ്ങിനെ നിർബന്ധിതമായ ചട്ടക്കൂടുകളും മേധാവിത്വത്തോടു കൂടിയ നിയന്ത്രണങ്ങളും ഘടനയും ഇല്ലാത്ത ഒന്നിനെ ‘മതം’ എന്ന് വിവക്ഷിക്കുവാൻ കഴിയുകയില്ല.

“മതം” എന്നത് ഒരു ക്ലബ് മെമ്പർഷിപ്പ് പോലെ കൃത്യമായ ഒരു ഘടന ഉള്ള ഒന്നാണ്. ആണ്. നിയമാവലികളും, അധികാര കേന്ദ്രീകരണങ്ങളും, ശാസനകളും, വിലക്കുകളും, പ്രലോഭനങ്ങളും, ശിക്ഷയും, രക്ഷയും എല്ലാം സഹിതം നിയന്ത്രിക്കപ്പെട്ടു നിൽക്കുന്ന ഒരു സംഘടനാ സംവിധാനമാണ് ‘മതം’. ഒന്നുകിൽ ഒരാൾ കൃത്യമായി ക്ലബിന് അകത്താണ്, അല്ലെങ്കിൽ കൃത്യമായി പുറത്താണ്. സനാതനഃ ധർമ്മത്തെ ‘ഹിന്ദുമതം’ എന്ന ഒരു “മത”മായി മാറ്റിയത് ബ്രിട്ടീഷ് ഭരണകാലത്താണ്. അവരുടെ കാനേഷുമാരി സൗകര്യത്തിനായി അവരുടെ അന്നത്തെ മനോനിലക്കും അവബോധത്തിനും ചേർന്ന “ഹിന്ദുമതം” എന്ന ഒരു പദപ്രയോഗം അവർ അലക്ഷ്യമായി എടുത്ത് ഉപയോഗിച്ചു തുടങ്ങി എന്ന് മാത്രം.

‘ഹിന്ദു’ എന്നാൽ സിന്ധു നദിക്ക് ഇപ്പുറം താമസിച്ചവരെ അപ്പുറത്തുണ്ടായിരുന്നവർ പണ്ട്കാലത്ത് വിവക്ഷിച്ചിരുന്ന പദമാണ്. ക്രിസ്തുവിനും 550 വർഷം മുൻപ് വിശാല ഭാരതത്തിൻ്റെ സിന്ധൂനദിയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തായി അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന പേർഷ്യൻ ഖുറോഷ് അക്കിമെനിഡ് മഹാരാജ്യം ഈജിപ്‌ത് മുതൽ സിന്ധൂ നദി വരെ വ്യാപിച്ചു കിടന്നിരുന്നു. ബി.സി. 320 ൽ അലക്‌സാണ്ടറുടെ ആക്രമണത്തോടെ ആണ് അക്കിമെനിഡ് സാമ്രാജ്യം തകരുന്നത്. അന്ന് അക്കിമിനിഡിലെ ജനങ്ങൾ “സിന്ധൂ” നദിക്ക് അപ്പുറം നിവസിച്ചിരുന്ന ജനങ്ങളെ ‘ഹിന്ദു’ എന്ന് പൊതുവായി വിളിച്ചു. ഗ്രീക്ക്, പേർഷ്യൻ തുടങ്ങിയ ഭാഷകളിൽക്കൂടി “സിന്ധു” എന്ന പദം കടന്നു വന്നപ്പോൾ ഉണ്ടായ ശബ്‌ദഭ്രംശം കൊണ്ട് അത് “ഹിന്ദു” എന്നായി മാറിയതാണ്.

‘ഹിന്ദു’ എന്ന പദം അന്ന് ഉപയോഗിച്ചിരുന്നത് ഇന്ന് ‘ഇന്ത്യാക്കാർ’ എന്ന് പറയുന്നതുപോലെ ഉള്ള പൊതുവായ അർത്ഥത്തിൽ ആയിരുന്നു. അല്ലാതെ അവിടെ ജീവിച്ചിരുന്നവരുടെ ആത്മീയ ജീവിത ചര്യകളെ ആയിരുന്നില്ല ആ പദം അക്കാലങ്ങളിൽ സൂചിപ്പിച്ചിരുന്നത്.

സാധാരണ മതങ്ങളിൽ കാണുന്നതുപോലെ ഒരു സ്ഥാപകൻ സനാതനഃ ധർമ്മത്തിന് ഇല്ല. പൊതുവായി മതങ്ങളിൽ കാണുന്നതുപോലെ ഏതെങ്കിലും ഒരു വിശുദ്ധഗ്രന്ഥം മാത്രമല്ല സനാതനഃ ധർമ്മത്തിൽ ഉള്ളത്. ഒരു വലിയ ഗ്രന്ഥസമൂഹം തന്നെ സനാതനഃ ധർമ്മത്തിന് അടിത്തറയായിട്ടുണ്ട്.

വളരെ പൊതുവായി പറഞ്ഞാൽ സനാതനഃ ധർമ്മത്തിലെ ക്ലാസ്സിക്കൽ ഗ്രന്ഥങ്ങൾ വേദങ്ങൾ, തന്ത്രശാസ്ത്രം (ആഗമ ശാസ്ത്രങ്ങൾ), സൂത്രങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്ന ആറ് ഗണങ്ങളിൽ പെട്ടവയാണ്. ബൃഹത്തായ നാല് വേദങ്ങളും, 200 ആഗമ ശാസ്ത്ര ഗ്രന്ഥങ്ങളും (64 തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങൾ ഉൾപ്പെടെ), എണ്ണമറ്റ സൂത്ര രചനകളും, ആയിരത്തിലധികം ചെറുതും വലുതുമായ ഉപനിഷത്തുക്കളും, ബ്രഹ്മ സൂത്രവും, ഭഗവത് ഗീതയും, 2 ഇതിഹാസങ്ങൾ 18 പുരാണങ്ങളും, 18 ഉപ പുരാണങ്ങളും, ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, അദ്വൈത എന്ന ആറു ദർശനങ്ങളും, എല്ലാം അടങ്ങിയ ഒരു പടുകൂറ്റൻ അടിത്തറയിലാണ് സനാതനഃ ധർമ്മം നില നിൽക്കുന്നത്. ഇതിനെല്ലാം എണ്ണമറ്റ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും സനാതനഃ ധർമ്മത്തിൻ്റെ ക്‌ളാസിക്കൽ ഗ്രന്ഥ സമുച്ചയത്തിൻ്റെ ഭാഗമായിട്ടുണ്ട്. ഇവയിലെല്ലാം പ്രതിപാദിക്കപ്പെട്ട വിഷയങ്ങൾ ഇന്ദ്രിയാതീത വ്യവസ്ഥകളെക്കുറിച്ചുള്ള വെറും ഊഹാപോഹങ്ങൾ ആയിരുന്നില്ല. ശാസ്ത്രം, ആരോഗ്യ ശാസ്ത്രം, മാനസിക ആരോഗ്യ ശാസ്ത്രം, ജ്യോതി ശാസ്ത്രം, രാഷ്ട്രീയ മീമാംസ, നിയമം, സാഹിത്യം, ശില്പവിദ്യ, നൃത്തം, സംഗീതം, അഭിനയം, വ്യക്തി ബന്ധങ്ങൾ ഒരു കലയായി വളർത്തിയെടുക്കാനുള്ള ചാതുര്യം ഇതെല്ലാം ജനിച്ചു വളർന്ന് പടർന്ന് പന്തലിച്ചു കൊണ്ട് ഒരു സംസ്കാരത്തിൻ്റെ ഭാഗമായത് ഇപ്പറഞ്ഞ ഗ്രന്ഥ സമൂഹങ്ങൾ നൽികിയ അറിവിൽ നിന്നും അനുഷ്ഠാനങ്ങളിലും നിന്നുമാണ്.

‘ഹിന്ദു മതം’ എന്ന പ്രയോഗം എടുത്തുമാറ്റി, അത്തരം ജീവിതരീതിക്ക് ‘സനാതനഃ ധർമ്മം’ എന്നും , ആ ജീവിത രീതി പിൻതുടരുന്ന വ്യക്തിയെ ‘സനാതനി’ എന്നും വിവക്ഷിക്കേണ്ടതാണ് ഇനിയെങ്കിലും.