ആദ്യത്തെ “ബിഗ് ബാംഗ്”
ആദിയിലെ പരമ ഏകത്വമായ “സർവ്വത്വ”ത്തിൽ ഏകനായ താൻ സ്വയം പലതാകുവാനുള്ള ഉൽക്കടമായ ഇച്ഛ ഉദിച്ചപ്പോൾ, ആ ഇച്ഛ സൃഷ്ടിച്ച സമ്മർദ്ദത്തിൻ്റെ ഫലമായി, ആ ഇച്ഛാമാത്രയിൽ തന്നെ ആദ്യത്തെ മഹാ വിസ്ഫോടനത്തിലൂടെ സൃഷ്ടി പ്രക്രിയ ആരംഭിച്ചു എന്നാണ് ഭാരതീയ വൈജ്ഞാനിക ശാസ്ത്രം പറഞ്ഞു തരുന്നത്. സ്ഥലകാലങ്ങൾ ഉണ്ടാകുന്നതിനും മുൻപുള്ള ആദ്യത്തെ മഹാ വിസ്ഫോടനം. എന്തും ഇച്ഛാമാത്രയിൽ നിർവ്വഹിക്കുവാൻ പ്രാപ്തമായ പരമമായ ഇച്ഛാ-ജ്ഞാനം-ക്രിയാ ശക്തിയാണ് “സർവ്വത്വം”. ഭാരതീയ വൈജ്ഞാനിക ശാസ്ത്രം പറയുന്നത് ഒരു ബിഗ് ബാംഗ് മാത്രമല്ല, നിരവധി ബിഗ് ബാംഗുകൾ പ്രപഞ്ചത്തിൽ നടന്നിട്ടുണ്ട് എന്നാണ്. അതിലേക്ക് കടക്കുന്നതിന് മുൻപ്, ആദ്യത്തെ മഹാ വിസ്ഫോടനത്തിലൂടെ ആവിർഭവിച്ച സൃഷ്ടിയുടെ അടിസ്ഥാന തത്വമായ അഗ്നി തത്വത്തേയും സോമ തത്വത്തേയും കുറിച്ച് വേദങ്ങൾ നൽകിയ അറിവ് മനസ്സിലാക്കാം.
ആദ്യത്തെ മഹാ വിസ്ഫോടനത്തിൽ (ബിഗ് ബാംഗിൽ) “അഗ്നി”തത്വമാണ് ഏറ്റവും ആദ്യം ഉണ്ടാകുന്നത്. അതുകൊണ്ട് “അഗ്നി”യാണ് സൃഷ്ടിയുടെ മൂലപ്പൊരുൾ. ആ “അഗ്നി”തത്വം പിന്നീട് “സോമ” തത്വമായി സ്വയം പരിണമിക്കുന്നു. ആ “സോമ”തത്വം തന്നെയാണ് പിന്നീട് ഒരു പ്രത്യേക രീതിയിൽ “വരുണ തത്വ”മായി മാറുന്നത്. ആദ്യം എങ്ങിനെയാണ് അഗ്നി തത്വവും സോമ തത്വവും ഉണ്ടാകുന്നത് എന്നതിൻ്റെ വിശദാംശങ്ങൾ മനസ്സിലാക്കാം.
അഗ്നി, സോമം, വരുണം – തൃമഹാതത്വങ്ങൾ
പ്രകാശ കാന്തിക തരംഗങ്ങളാലാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എന്ന് വേദങ്ങൾ പറയുന്നു. ഈ പ്രപഞ്ച സൃഷ്ടിയുടെ മൂലപ്പൊരുൾ അഗ്നിയാണ്. അഗ്നിയിൽ നിന്നും ആണ് പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളും ഉണ്ടായിട്ടുള്ളത്. അഗ്നിയിൽ നിന്നും ആണ് സോമം ഉണ്ടാകുന്നത്. അഗ്നിയും സോമവും ഒരേ അഗ്നി തത്വത്തിൻ്റെ തന്നെ രണ്ടു വിരുദ്ധ ധ്രുവങ്ങൾ ആണ്. അഗ്നി പ്രകാശമാണെങ്കിൽ സോമം അന്ധകാരമാണ്. അഗ്നിക്ക് കാന്തികമായ വികർഷണ സ്വഭാവമാണെങ്കിൽ സോമത്തിന് കാന്തികമായ ആകർഷണ സ്വഭാവമാണ്. അപ്രകാരം സ്വതവേ തന്നെ കാന്തികമായ ആകർഷണ സ്വഭാവമുള്ള സോമത്തിന് അതി തീവ്രമായ കാന്തിക ആകർഷണ ശക്തിയും അതുമൂലമുള്ള ദൃഢതാ സ്വഭാവവും വീണ്ടും സിദ്ധിച്ച സ്ഥിതിയെയാണ് “വരുണം” എന്ന് പറയുന്നത്. അതായത് സോമവും വരുണവും അഗ്നിയുടെ തന്നെ അനുക്രമമായ വിപരീത ധ്രുവങ്ങളാണ്. അതിനർത്ഥം, ഏകത്വമായിരുന്ന അഗ്നി ദ്വൈതം ആയതാണ് സോമം, അത് ബഹുത്വം ആയതാണ് വരുണം.
അഗ്നി
അഗ്നിയുടെ അഗ്നിത്വം എന്നാൽ അഗ്നി തത്വത്തിൽ അന്തർലീനമായിരിക്കുന്ന അഗ്നിയുടെ വിവിധങ്ങളായ കർമ്മ സാമർത്ഥ്യങ്ങൾ ആണ്. അഗ്നി സ്വയം പ്രകാശിക്കുന്നു. അഗ്നി സ്വയം ചൂടിനെ പ്രസരിപ്പിക്കുന്നു. അഗ്നി സ്വയം വികസിക്കുകയും, വിഘടിക്കുകയും ചെയ്യുന്നു. ഒരു നിശ്ചിത സ്ഥലത്ത് ഒരു ദീപം കത്തിച്ചു വച്ചാൽ, ആ ദീപത്തിന് ചുറ്റും ഒരു നിശ്ചിത ചുറ്റളവിന് അകത്ത് മാത്രം ആ അഗ്നി നാളം പ്രകാശം പരത്തുകയും, അതിനപ്പുറം അത് അന്ധകാരമായി മാറുകയും ചെയ്യുന്നു. അഗ്നി പ്രകാശത്തിനേയും ചൂടിനേയും പ്രസരിച്ച്, വികസിച്ച്, വിഘടിച്ച്, സൂക്ഷ്മതയിൽ നിന്നും അതി സൂക്ഷ്മതയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അപ്രകാരം, പ്രസരണ, വികസന, വിഘടനത്തിൻ്റെ ഒരു പ്രത്യേക ഘട്ടത്തിൽ അഗ്നിയുടെ “അഗ്നിത്വം” അവ്യക്തമാകുന്നു എന്നാണ് വേദങ്ങൾ അറിയിക്കുന്നത്.
“അഗ്നി” എന്നാൽ തീജ്വാലയുടെ നൈസർഗ്ഗികമായ സ്വാഭാവ ഗുണങ്ങളുടെ ക്വാണ്ടം നിലയിലെ തത്വത്തെ ആണ് സൂചിപ്പിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഉഷ്ണത്തെ അല്ലെങ്കിൽ ചൂടിനെ നൽകുക, വികസിക്കുക, വിഘടിക്കുക, പ്രകരിക്കുക, വികർഷിക്കുക, (അകന്നു പോകുക) പ്രകാശം പരത്തി എല്ലാത്തിനേയും കാണിച്ചു കൊടുക്കുക, (അറിവ് നൽകുക, ധാരണാശക്തി നൽകുക എന്നർത്ഥം), തുടങ്ങിയവയാണ് അഗ്നിതത്വത്തിൻ്റെ ചില സ്വഭാവവിശേഷങ്ങൾ. ഇതെല്ലാം പരമാത്മാവിൻ്റെ (സർവ്വത്വത്തിൻ്റെ) സ്വഭാവ വിശേഷങ്ങൾ തന്നെ ആണെന്ന് ഓർമ്മിക്കണം.
സോമം
വികാസ വിഘടന സ്വാഭാവിയായ അഗ്നി, മേൽക്കുമേൽ വികസിച്ചും വിഘടിച്ചും, സൂക്ഷ്മതയിൽ നിന്നും അതി സൂക്ഷ്മതയിലേക്കും പരമ സൂക്ഷ്മതയിലേക്കും പോയ്കൊണ്ടിരിക്കുന്നു. ഇങ്ങിനെ വികാസ വിഘടനങ്ങൾ കൊണ്ട് നിരന്തരം സൂക്ഷ്മമാക്കപ്പെടുന്ന അഗ്നിയുടെ കണങ്ങൾക്ക് ഒരു പ്രത്യേക പരിധിക്ക് ശേഷം, സ്വയം പ്രകാശിക്കുന്നതിനോ, ചൂടിനെ പ്രകടമാക്കുന്നതിനോ, വികസിക്കുന്നതിനോ ഉള്ള കഴിവ് നഷ്ടപ്പെടും. അതായത്, അഗ്നിത്വം നഷ്ടപ്പെടുന്നു. അങ്ങിനെ സംഭവിക്കുമ്പോൾ അഗ്നിയുടെ സ്വഭാവത്തിന് നേരെ വിരുദ്ധമായ സ്വഭാവം സൃഷ്ടിക്കപ്പെടുന്നു. അതാണ് ‘സോമം’.
‘സോമം’ എന്ന് പറയുന്നത് അഗ്നിയുടെ അഗ്നിത്വ വീര്യം ക്ഷയിച്ച നിലയെ ആണ്. അഗ്നി എന്ന് പറയുന്നത് അഗ്നിത്വത്തിൻ്റെ ഏറ്റവും ഉയർന്ന വീര്യ നിലയാണ്. ശീത സ്വഭാവമുള്ളത് കൊണ്ട് സോമത്തിന് ആകർഷിക്കുവാനും, സങ്കോചിക്കുവാനും കഴിയുന്നു. ഉഷ്ണത്തെ പ്രകടമാക്കാത്തത് കൊണ്ട് സോമം ശീതമാണ്. പ്രകാശത്തെ പ്രകടമാക്കാത്തത് കൊണ്ട് സോമം തമസ്സാണ്. സങ്കോചിക്കുന്ന സ്വഭാവമുള്ളതുകൊണ്ട് സോമം വികാസത്തിന് എതിരായി പ്രവർത്തിക്കുന്നു – അതായത് സോമത്തിന് ആകർഷണ ബലം സിദ്ധിക്കുന്നു. അങ്ങിനെ അഗ്നിയുടെ സർവ്വ സ്വഭാവങ്ങളേയും ബന്ധിക്കുവാനും നിയന്ത്രിക്കുവാനും കഴിയുന്ന ഒരു ശക്തി വിശേഷമായി സോമം മാറുന്നു. ഈ സോമത്തിൻ്റെ പ്രേരണയാൽ, വരുണം അഗ്നിയുടെ പ്രകാശത്തെ ബന്ധിച്ച് ദ്രവ്യങ്ങളാക്കി മാറ്റുന്നു.
അങ്ങിനെ അഗ്നി തത്വത്തിൻ്റെ സർവ്വ സ്വഭാവങ്ങളേയും നിറുത്തലാക്കി അഗ്നി തത്വത്തെ ഘനീഭവിപ്പിച്ച് ബന്ധനസ്ഥനാക്കുന്ന ഒരു ശക്തി വിശേഷമായി സോമ തത്വം രൂപം കൊള്ളുന്നു. ഇവ മൂന്നും പ്രത്യേക അനുപാതങ്ങളിൽ സംയോജിച്ചാണ് ഊർജ്ജ കണങ്ങളും ആറ്റവും എല്ലാം ഉണ്ടാകുവാൻ തുടങ്ങുന്നത്. ഈ സോമ തത്വത്തിൻ്റെ പ്രേരണയാൽ, അഗ്നി തത്വത്തിൻ്റെ പ്രകാശത്തെ ബന്ധിച്ച് ദ്രവ്യങ്ങളാക്കി മാറ്റുന്നു എന്ന് ചുരുക്കം. അഗ്നിയാൽ നിർമ്മിതമായ സർവ്വതിനേയും സോമം വഹിച്ചുകൊണ്ട് പോകുന്നു. ഈ സോമം തൻ്റെ വരുണ ശക്തിയാൽ പ്രകാശത്തിനെ അതിശക്തമായി ബന്ധിച്ച് നക്ഷത്രങ്ങളാക്കി മാറ്റുന്നു. നമ്മുടെ സൂര്യനും അത്തരത്തിലുള്ള ഒരു നക്ഷത്രം മാത്രമാണ്. ഇതാണ് വേദങ്ങൾ നൽകുന്ന അടിസ്ഥാന അറിവുകളിൽ ചിലത്.
കൂടുതൽ “ബിഗ് ബാംഗു”കളും വരുണ തത്വവും
“വരുണം” എന്ന മൂന്നാത്തമത്തെ മഹാ തത്വത്തിന് പ്രാചീന സോമം എന്ന മറ്റൊരു പേരുകൂടി ഉണ്ട്. “പ്രാചീനം” എന്നാൽ “പുരാതനം” എന്നാണ് അർത്ഥം. പ്രാചീന സോമത്തിൻ്റെ പ്രാധാന്യത്തെക്കുറിക്കുന്ന ഒരു ഭാഗം ഋഗ്വേദത്തിലെ ഒൻപതാം മണ്ഡലം ഇരുപത്തി മൂന്നാം സൂക്തത്തിലെ രണ്ടാമത്തെ ഋക്കിൽ കാണാവുന്നതാണ്. അത് ഇങ്ങനെയാണ്.
“പ്രാചീന സോമം നവീനായി സൂര്യനെ പ്രകാശമാനൻ ആക്കുന്നു”.
ഭാരതീയ വൈജ്ഞാനീയ ശാസ്ത്രം അനുസരിച്ച്, മഹാ വിസ്ഫോടനം കൃത്യമായ ലക്ഷ്യത്തോടെ പല തവണ സംഭവിക്കുന്ന ഒന്നാണ്. ഒരു തവണ മാത്രം സംഭവിക്കുന്ന ഒന്നല്ല. ഓരോ “കല്പ”ത്തിലും ഓരോ മഹാ വിസ്ഫോടനങ്ങൾ ഉണ്ടാകുന്നുണ്ട്. “കല്പം” എന്നത് ഓരോ പ്രപഞ്ച സൃഷ്ടിയും നിലനിൽക്കുന്ന ഒരു ബ്രഹത്തായ കാലത്തിൻ്റെ കണക്കാണ്.
ഒരു “കല്പം” എന്നാൽ പതിനാല് മന്വന്തരങ്ങൾ ആണ്. ഒരു മന്വന്തരം എഴുപത്തി ഒന്ന് യുഗങ്ങൾ ആണ്. ഒരുയുഗം ഏകദേശം ഇരുപതി ആറായിരം ഭൂമിയിലെ വർഷങ്ങൾ ആണ്. അതായത് ഒരു “കല്പം” എന്നത് ഏകദേശം രണ്ടു കോടി മുപ്പത്തി ഒൻപത് ലക്ഷം വർഷം എന്ന് കണക്കാക്കാം. ഇതാണ് പ്രപഞ്ചത്തിൻ്റെ ഒരു ആയുഷ്ക്കാലം.
രണ്ടായിരത്തി ഇരുപത്തി ഒന്നിൽ, ലാംഡ-സിഡിഎം കോൺകോർഡൻസ് മോഡൽ തുടങ്ങിയ സയൻസിൻ്റെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബിഗ് ബാംഗ് നടന്നിട്ട് 13.797 ബില്യൺ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നാണ് സയൻസ് കണക്കാക്കിയിരിക്കുന്നത്. അതായത് 1380 കോടി വർഷങ്ങൾ എന്നർത്ഥം. എന്നാൽ സമീപകാലത്ത് നടന്ന പഠന ഗവേഷണങ്ങളുടെ ഫലമായി പ്രപഞ്ചത്തിൻ്റെ പ്രായം 26.7 ബില്യൺ (2670 കോടി) വർഷങ്ങളായി തിരുത്തി എഴുതിയിട്ടുണ്ട്. അതായത് ആദ്യം സൂചിപ്പിച്ചതിൻ്റെ ഇരട്ടി പഴക്കമുണ്ട് എന്ന് സയൻസ് ഇന്ന് കരുതുന്നു. എന്തായാലും, വേദങ്ങൾ നൽകുന്ന വിവരണം അനുസരിച്ച് ഇതിനകം നിരവധി മഹാ വിസ്ഫോടനങ്ങൾ പ്രപഞ്ചത്തിൽ നടന്നിട്ടുണ്ട് എന്ന് കണക്കാക്കാവുന്നതാണ്. അതിനർത്ഥം, പദാർത്ഥങ്ങൾക്ക് ദൃഢത നൽകുന്ന ‘വരുണം’ ഇന്ന് അതിശക്തമാണ് എന്നാണ്.
ഓരോ കല്പത്തിൻ്റെ അവസാനത്തിലും സോമാഗ്നികളെ സർവ്വ സൃഷ്ടികളിൽ നിന്നും ‘സർവ്വത്വം’ സ്വമേധയാ തന്നിലേക്ക് തന്നെ പിൻവലിക്കുന്നുണ്ട് എന്നാണ് ഭാരതീയ ശാസ്ത്രം നൽകുന്ന അറിവ്. “പ്രളയം” എന്നാണ് ഈ പ്രതിഭാസത്തിൻ്റെ പേര്. “പ്രളയം” എന്നാൽ “വെള്ളപ്പൊക്കം” എന്നല്ല അർത്ഥം. പ്രപഞ്ചം ലയിപ്പിച്ച് ഇല്ലാതാക്കുന്നതാണ് പ്രളയം. ആധുനിക സയൻസ് പോലും പ്രപഞ്ചം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നുണ്ട് എന്ന് കരുതുന്നു. അതുകൊണ്ട് സോമാഗ്നികൾ സൃഷ്ടികളിൽ നിന്നും ചില ഘട്ടങ്ങളിൽ അപ്രകാരം പിൻവലിക്കപ്പെടുവാനുള്ള സാദ്ധ്യത വളരെ യുക്തി സഹമാണ് എന്ന് കാണാം.
നമ്മുടെ അറിവിലുള്ള സർവ്വ പദാർത്ഥങ്ങളും പിറവി, വളർച്ച, പൂർണ്ണ വളർച്ച, ക്ഷയിക്കൽ എന്ന നാല് ജീവിത ചക്രങ്ങളിൽ കൂടി അനസ്യൂതം കടന്നു പോകുന്നതായി കാണാം. പ്രപഞ്ചത്തിന് മാത്രം അതുണ്ടാവില്ല എന്ന് കരുതുന്നത് യുക്തി ഭദ്രമല്ല. ഒരു ചിത്രശലഭം ഒരാഴ്ച മാത്രം ജീവിക്കുമ്പോൾ, മനുഷ്യൻ നൂറ്റി ഇരുപത് വർഷം വരെ ജീവിക്കുവാൻ പ്രാപ്തനാണ്. പല ജനുസ്സിലുള്ള ആമകളും ഇരുനൂറ്റി അൻപത് വർഷം വരെ ജീവിച്ചിരിക്കാറുണ്ട്. ഭൗതികമായ നിലനിൽപ്പുള്ള സർവ്വതിനും ക്ഷയവും മരണവും നിശ്ചിതമാണ് – അത് സംഭവിക്കുന്ന കാലത്തിൻ്റെ ദൈർഘ്യത്തിൽ മാത്രമേ വ്യത്യാസമുള്ളൂ എന്ന് കാണാം. അതുകൊണ്ട്, പ്രപഞ്ചത്തിനും ഒരു ലൈഫ്-സൈക്കിൾ ഉണ്ടെന്ന് കരുത്തുന്നത് തികച്ചും യുക്തി ഭദ്രമാണ്.
എന്തായാലും, ഓരോ കല്പത്തിൻ്റെ അന്ത്യത്തിലും പ്രപഞ്ചത്തിലെ സർവ്വ നിലനിൽപ്പുകളിലും ഉള്ള സോമാഗ്നികൾ അതിൻ്റെ ഘടകങ്ങൾ ആയ അഗ്നിയും സോമവുമായി പരസ്പരം വേർപിരിയുന്നു. പ്രപഞ്ചത്തിൻ്റെ നടു മദ്ധ്യത്തിലേക്ക് അഗ്നിയേയും സോമത്തിനേയും തിരികെ അതിശക്തമായി ആകർഷിക്കപ്പെടുന്നു. അപ്പോൾ ആദ്യം പിൻവലിക്കപ്പെട്ട് പ്രപഞ്ച മദ്ധ്യത്തിൽ കേന്ദ്രീകൃതമാകുന്നത് ‘അഗ്നി’യാണ്. പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന കാന്തിക ശക്തിയാണ് പ്രപഞ്ച മദ്ധ്യത്തിന് ഉള്ളത്. അഗ്നി വികസിച്ചു വിഘടിച്ചാണ് സോമം ഉണ്ടായത്. അതു കൊണ്ട് തന്നെ, സോമം പ്രപഞ്ച മദ്ധ്യത്തിലേക്ക് പിൻവലിക്കപ്പെടുമ്പോൾ, ‘സോമ’ത്തിൻ്റെ വിപരീതമായ ‘അഗ്നി’ തത്വമാണ് സ്വാഭാവികമായും രൂപീകൃതമാകുന്നത്. അപ്രകാരം ഉണ്ടാകുന്ന അഗ്നി തത്വം പ്രപഞ്ച കേന്ദ്രത്തിന് ചുറ്റും ഭീമാകാരമായ ഒരു വലയം ആയി “പുരാതന” സോമ തത്വം (തത്സമയം അവസാനിച്ച കല്പത്തിലെ സോമം) വന്നു കേന്ദ്രീകൃതമാകുന്നു. ഇതിൻ്റെ ഫലമായി രണ്ടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്.
അഗ്നിയുടെ സ്വഭാവം വികസിക്കുക എന്നതാണ്. സോമത്തിൻ്റെ സ്വഭാവം ചുരുങ്ങുക എന്നതാണ്. അപ്രകാരം അഗ്നിതത്വം വികസിക്കുവാനും സോമ തത്വം ചുരുങ്ങുവാനും തുടങ്ങുമ്പോൾ വളരെ വലുതായ ഒരു സമ്മർദ്ദം ഉണ്ടാകുന്നു. അതുകൂടാതെ, പ്രപഞ്ച കേന്ദ്രത്തിൻ്റെ സ്വാഭാവികമായ അളവറ്റ കാന്തിക ശക്തി വേറേയും അഗ്നി തത്വത്തിലും സോമതത്വത്തിലും പ്രവർത്തിക്കുന്നുണ്ട്. ഇതിൻ്റെ എല്ലാം ഫലമായി ഉണ്ടാകുന്ന ഭീകര സമ്മർദ്ദമാണ് ഒരു പുതിയ മഹാ വിസ്ഫോടനത്തിലേക്ക് നയിക്കുന്നത്.
കൂടാതെ, പ്രപഞ്ച മദ്ധ്യത്തിലേക്ക് ഉണ്ടായ അതി ബ്രഹത് ആയ ആകർഷണ ശക്തിയുടെ ഫലമായി, അഗ്നി തത്വത്തെ ചുറ്റി നിൽക്കുന്ന പുരാതന സോമത്തിന് നിലവിൽ ഉണ്ടായിരുന്ന ആകർഷണ ശക്തി വീണ്ടും ലക്ഷോപലക്ഷം മടങ്ങു വർദ്ധിക്കുകയാണ് ചെയ്യുന്നത്. അപ്രകാരം സ്വതവേ കാന്തികമായ ആകർഷണ ശക്തിയുള്ള പുരാതന സോമം, അതി ബൃഹത്തായ കാന്തികമായ ആകർഷണ ശക്തിയുള്ള നവീന സോമം അല്ലെങ്കിൽ “വരുണം” ആയി ഓരോ കല്പത്തിലും മാറുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് ‘വരുണം’ ഉണ്ടാകുന്നത്. “വരുണ’ത്തെ നവീന സോമം എന്നും പറയുന്നത് ഇതിനാലാണ്.
ഈ നവീന സോമം (അതി ബൃഹത്തായ ആകർഷണ ശക്തിയുള്ളതും, പദാർത്ഥങ്ങൾക്ക് ദൃഢത നൽകുന്നതുമായ വരുണം), അഗ്നിതത്വത്തെ ശക്തിപൂർവ്വം ബന്ധിതമാക്കി കീഴ്‌പ്പെടുത്തിയാണ് നക്ഷത്രങ്ങളേയും സൂര്യനേയും സൃഷ്ടിക്കുന്നത്. സൂര്യനും ഒരു നക്ഷത്രം തന്നെയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതേ സൂര്യൻ (പുരാതന സോമരൂപത്തിൽ ഉള്ള അഗ്നി) തന്നെയാണ് ഗ്രഹങ്ങളേയും ഗ്രഹങ്ങളിൽ ക്ലോറോഫിലുകളേയും ജീവജാലങ്ങളേയും സൃഷ്ടിക്കുന്നത്. ക്ലോറോഫിലിന് വേദങ്ങളിൽ “അവി” എന്നാണ് പറയുന്നത്. ക്ളോറോഫിൽ ഇല്ലെങ്കിൽ ഭൂമിയിൽ ജീവനില്ല. അതാണ് ക്ളോറോഫില്ലിൻ്റെ ‘ദേവത്വം’ അഥവാ പ്രവർത്തന സാമർത്ഥ്യം.
മുപ്പത്തിമൂന്നു കോടി പ്രപഞ്ച ഘടകങ്ങൾ
അഗ്നിയും അഗ്നിയിൽ നിന്നും ഉണ്ടാകുന്ന സോമവും വിവിധ അളവുകളിൽ കൂടിച്ചേർന്നാണ് ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന മുപ്പത്തി മുക്കോടി പ്രപഞ്ച ഘടകങ്ങളും ഉണ്ടാകുന്നതെന്ന് നമ്മൾ കണ്ടു. “മുപ്പത്തി മൂന്നുകോടി” എന്ന ഒരു സംഖ്യ പറഞ്ഞിരിക്കുന്നത് നൂറു ശതമാനം പ്രപഞ്ച ഘടകങ്ങളും എന്ന് വ്യക്തമാക്കുവാൻ വേണ്ടി ആലങ്കാരികമായി പറഞ്ഞതാണ് എന്ന് മനസ്സിലാക്കിയാൽ മതി. ഈ “അഗ്നിത്വം” തന്നെയാണ് സർവ്വ ദ്രവ്യത്തിലും, ഊർജത്തിലും, പദാർത്ഥത്തിലും ഉള്ള ശ്രേഷ്ഠത്വം അല്ലെങ്കിൽ “ദേവത്വം”. പ്രപഞ്ചത്തിലെ സർവ്വ ഘടകങ്ങളിലും ഒളിഞ്ഞിരിക്കുന്ന ആ ശ്രേഷ്ഠത്വം തിരിച്ചറിഞ്ഞ ഒരാൾ ആ ശ്രേഷ്ഠത്വവുമായി ആരാധന നിറഞ്ഞ ഒരു ദൃഢ സ്നേഹ ബന്ധത്തിൽ വരുന്നതിനെയാണ് “ഭക്തി” എന്ന് ഭാരതീയ ശാസ്ത്രങ്ങൾ വിളിച്ചത്. അല്ലാതെ, “ഭക്തി” എന്നത് മതപരമായ ഒരു ചടങ്ങല്ല. നിർഭാഗ്യം എന്ന് തന്നെ പറയണം, ഇന്ന് ഈ വിശദാംശങ്ങൾ ഒന്നും മനസ്സിലാക്കാതെ, അവരവരുടെ പരിമിതമായ അവബോധ നിലകൾക്ക് അനുസരിച്ച ചിന്തകളാൽ രൂപീകരിച്ച വിവിധ തരത്തിലുള്ള ഭക്തിയുമായി ജീവിക്കുന്നു എന്ന് മാത്രം.
ഇവിടെ, സാന്ദർഭികമായി, ഒരു വസ്തു’ത എടുത്തു പറയേണ്ടതുണ്ട്. പരമമായ ‘ഏകത്വം’ (അദ്വൈതം) സ്വയം ‘ദ്വൈത’മായി വിവിധങ്ങളായ പ്രപഞ്ച ഘടകങ്ങൾ ആയി മാറിയ ശേഷവും അതിലുള്ള ഏകത്വ അംശമായ സോമാഗ്നികളെയാണ് നമ്മൾ ഇപ്പോൾ കണ്ടത്. “ഏകത്വം” എന്നാൽ “അദ്വൈതം” ആണ് – രണ്ടല്ലാത്തത് എന്നർത്ഥം. യഥാർത്ഥത്തിൽ പ്രപഞ്ചം അദ്വൈതമാണ് എന്ന പുരാതന ഭാരതീയ സിദ്ധാന്തത്തിനുള്ള കാരണം “ഹോളോഗ്രാഫിക്ക് ആയും , ഫ്രാക്ടൽ ആയും, ക്വാണ്ടം എൻറ്റാങ്കിൽഡ് ആയും” സർവ്വതും സർവത്വത്തിൽ നിലനിൽക്കുന്ന ഒരൊറ്റ വലിയ ക്വാണ്ടം പ്രതിഭാസം ആയതു കൊണ്ടാണ്.
സർവ്വതും ഉത്ഭവിക്കുന്നതും, നിലനിൽക്കുന്നതും, തിരികെ വിലയം പ്രാപിക്കുന്നതും “സർവ്വത്വം” എന്ന ഏകത്വത്തിൽ തന്നെയാണ്. ആ ഏകത്വം വളർന്നു വലുതായി നിൽക്കുമ്പോൾ അത് ബഹുത്വം ആയി നമുക്ക് വൃഥാ തോന്നിക്കുന്നു എന്ന് മാത്രം. അതിനു കാരണം പരിമിതമായ നമ്മുടെ അവബോധമാണ്. നമ്മളാകുന്ന അവബോധം വികസിപ്പിക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ നമുക്ക് അനുക്രമം വ്യക്തമാകുവാൻ തുടങ്ങും. ഒരിക്കലും ഒരു എലിവേറ്ററിൻ്റെ പ്രവർത്തനം കണ്ടിട്ടില്ലാത്ത ഒരു കാട്ടുമനുഷ്യൻ, ആദ്യമായി ഒരു എലിവേറ്ററിൽ ആളുകൾ കയറി “അപ്രത്യക്ഷ”മാകുന്നത് കാണുമ്പോൾ അത് “മാജിക്” ആണെന്ന് കരുതുന്നതു പോലെയാണ് പ്രപഞ്ച സത്യങ്ങൾക്ക് മുൻപിൽ നിൽക്കുന്ന നമ്മുടെ സ്ഥിതിയും.
ഓരോ പ്രപഞ്ച ഘടക രൂപീകരണത്തിലും അഗ്നിത്വവും, സോമത്വവും ഉണ്ടെന്ന് നമ്മൾ കണ്ടു. ഒരു പ്രപഞ്ച ഘടകത്തിലെ “അഗ്നിത്വ”ത്തിൻ്റെ കർമ്മ വിശേഷത്തെ “ദേവത്വം” എന്ന് വിളിക്കുമ്പോൾ, അതിലെ സോമത്തിൻ്റെ കർമ്മ വിശേഷത്തെയാണ് “ഈശ്വരത്വം” എന്ന് വിവക്ഷിക്കുന്നത്. ഓരോ പ്രപഞ്ച ഘടകത്തിലും ഉൾക്കൊണ്ടിരിക്കുന്ന സോമത്തിൻ്റെ കാന്തികമായ ആകർഷണ ശക്തി വിവിധ തരത്തിലാണ്. അതിനാൽ വിവിധ നിലയിലുള്ള ഈശ്വരത്വം നിലനിൽക്കുന്നു. സർവ്വതിനും അടിസ്ഥാനം, അഗ്നിത്വം ഒന്നുമാത്രം.
ഇപ്രകാരം മുപ്പത്തിമൂന്ന് കോടി (“എണ്ണമറ്റ”) തരത്തിലുള്ള പ്രപഞ്ച ഘടകങ്ങൾ അവയുടെ വിവിധങ്ങളായ ആകർഷണ വിശേഷത്താൽ പരസ്പരം അടുത്തും അകന്നും നിൽക്കുമ്പോഴും, അവയെ എല്ലാം സമതുലനം ചെയ്യപ്പെട്ട്, സർവ്വതും പരസ്പരം ആശ്രയിച്ച് ഏകതാനതയോട് കൂടി ഒറ്റ പ്രപഞ്ചമായി നിലനിൽക്കുകയാണ് ചെയ്യുന്നത്. അതിനെയാണ് “ധർമ്മം” എന്ന് പുരാതന ഭാരതീയ വിജ്ഞാനത്തിൽ പറയുന്നത്.