പ്രപഞ്ച ഘടകങ്ങളെ സൃഷ്ടിക്കുന്നതിന് വേണ്ടി, എങ്ങിനെയാണ് സോമാഗ്നികൾ ഒരുമിച്ച് ചേർന്ന്  ഊർജ്ജ കണം രൂപീകൃതമാകുന്നത് എന്ന്  യജുർ വേദത്തിലെ നാല്പതാം അദ്ധ്യായത്തിലെ  ഏറ്റവും അവസാനത്തെ മന്ത്രം വ്യക്തമാക്കുന്നുണ്ട്. ഒരു ഊർജ്ജ കണത്തിൻ്റെ മാതൃക അവിടെ കൃത്യമായി  വിവരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഊർജ്ജ കണങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എന്ന് വിവരിക്കലാണ് യജുർ വേദത്തിൻ്റെ  കർത്തവ്യം. 

ഏറ്റവും ആദ്യം സോമം തൻ്റെ  കാന്തിക ആകർഷണ ശക്തിയാൽ അഗ്നിയുടെ കണത്തെ  വലയം ചെയ്ത് ബന്ധിച്ച് തൻ്റെ ഉള്ളിലാക്കുന്നു. വികാസ സ്വഭാവിയായ അഗ്നിയുടെ കണങ്ങൾ സ്വയം വികസിച്ച് സോമത്തിൻ്റെ കാന്തിക ബന്ധനത്തിൻ്റെ  മദ്ധ്യത്തിൽ   ശൂന്യതയെ സൃഷ്ടിക്കുന്നു. ഇങ്ങിനെ സ്വയം ഉൾ-ശൂന്യതയെ സൃഷ്ടിച്ച  അഗ്നിയുടെ കണത്തെ  അതി ശക്തമായ വരുണത്താൽ വീണ്ടും ബന്ധിക്കുന്നു.   അപ്രകാരം അഗ്നിതത്വത്തെ ഒരു സോമപാത്രത്തിൽ അടക്കുന്നതാണ്    ഒരു  ഊർജ്ജ കണം.  . 

ഈ ഊർജ്ജ  കണത്തിൻ്റെ ബാഹ്യ ആവരണമായ വരുണം  സോമപാത്രത്തിൻ്റെ അകത്തേക്ക്,  സ്വന്തം കാന്തിക ആകർഷണ  ശക്തിയാൽ അതിശക്തമായ   സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഊർജ്ജ  കണത്തിൻ്റെ അകത്തു നിന്നും, അകത്ത് പെട്ടുകിടക്കുന്ന അഗ്നിത്വം തൻ്റെ വികാസ വികസന ശക്തിയാൽ  പുറത്തേക്കും അതിയായ സമ്മർദ്ദം  ചെലുത്തുന്നുണ്ട്. രണ്ടു  സമ്മർദ്ദ ശക്തികൾക്കും   ഇടയിൽ പെട്ട് ഞെരുങ്ങി,  സോമപാത്ര  ഭിത്തികളിൽ വിള്ളലുകൾ ഉണ്ടാകുന്നു. അങ്ങിനെ ആ കണം  ചോർച്ചയുള്ള ഭിത്തികളോട് കൂടിയ ഒന്നായി മാറുന്നു. അത്  മാത്രമല്ല, ആ സമ്മർദ്ദത്താൽ ഉണ്ടാകുന്ന ചൂടിനാൽ  പ്രസ്തുത  സോമപാത്രം  കളിമണ്ണിൽ ചുട്ടെടുത്ത, ചോർച്ചയുള്ള ഭിത്തികളോട് കൂടിയ  ഒരു പന്തിൻ്റെ മാതൃകയിൽ രൂപപ്പെടുകയാണ് ചെയ്യുന്നത്.   

തുടക്കത്തിൽ തൻ്റെ വികാസ വികസന സ്വഭാവം ഉപയോഗിച്ച് അഗ്നി  സ്വയം വികസിച്ച് തൻ്റെ ഉള്ളിൽ ഒരു ശൂന്യതയുണ്ടാക്കുന്നു എന്ന് നമ്മൾ കണ്ടു. ഇതിനെയാണ് ‘നഭം’ എന്ന് വിവക്ഷിക്കുന്നത്. ഈ ശൂന്യ നഭത്തിലേക്ക് ഭിത്തിയിലെ വിള്ളലുകളിലൂടെ സോമം വീണ്ടും വന്നു നിറയുന്നു. അതിൻ്റെ ഫലമായി അഗ്നിത്വം വീണ്ടും നഭ മദ്ധ്യത്തിൽ കേന്ദ്രീകൃതമാകുകയും ചെയ്യുന്നു. മാത്രവുമല്ല, ഭിത്തികളിലെ അരിപ്പപോലുള്ള വിള്ളലുകളിലൂടെ  കൂടുതൽ സോമം തുടർന്നും  അകത്തു കയറുകയും പുറത്തേക്ക് നിർഗ്ഗളിക്കുകയും ചെയ്തുകൊണ്ടേ ഇരിക്കും. ഇതാണ് ഒരു ഊർജ്ജകണത്തിൻ്റെ   സാമാന്യ മാതൃക.  

പൊതുവായ ഒരു ധാരണ  ഊർജ്ജത്തിന് സ്ഥിതി ചെയ്യുവാൻ സ്ഥലം ആവശ്യമില്ല എന്നാണ്. ഊർജ്ജവും ഒരു ദ്രവ്യം തന്നെയാണ്. നമുക്ക് കാണുവാൻ കഴിയാത്തത് കൊണ്ട് ഊർജ്ജം ദ്രവ്യമല്ലാതെ ആകുന്നില്ല. ദ്രവ്യത്തിന് സ്ഥിതി ചെയ്യുവാൻ സ്ഥലം ആവശ്യമുണ്ട് എന്ന് വേദങ്ങൾ സ്ഥാപിക്കുന്നുണ്ട്.  പിണ്ഡമില്ലാത്ത ഒന്നിനും തന്നെ പ്രവർത്തിക്കുവാനോ, പ്രേരിപ്പിക്കുവാനോ, പ്രേരണക്ക് വിധേയമാകുവാനോ സാദ്ധ്യമല്ല. അതുകൊണ്ട് ഊർജ്ജത്തിന് സ്ഥിതിചെയ്യുവാൻ സ്ഥലം (സ്പേസ്) ആവശ്യമുണ്ട്. ഊർജ്ജവും പ്രകാശം പ്രതിഫലിപ്പിക്കാത്ത  ഒരു ദ്രവ്യം മാത്രമാണ്. 

എന്നാൽ സൂര്യനും, മറ്റു നക്ഷത്രങ്ങളും ഉണ്ടായിരിക്കുന്നത് അല്പം വ്യത്യസ്ഥമായ രീതിയിലാണ് എന്ന് വേദങ്ങൾ പറയുന്നുണ്ട്. സൂര്യനും നക്ഷത്രങ്ങളും ഉണ്ടായിരിക്കുന്നത്  പുരാത സോമത്താൽ (വരുണത്താൽ) ആണ് എന്ന് വേദങ്ങൾ എടുത്തു പറയുന്നുണ്ട്. അതായത്, വസ്‌തുക്കൾക്ക് അതി ബൃഹത് ആയ ദൃഢത നൽകുന്ന പുരാതന സോമം (വരുണം) പ്രകാശത്തിനെ ബന്ധിച്ച് നക്ഷത്രങ്ങൾ ആക്കി മാറ്റുന്നു എന്നാണ് വേദങ്ങൾ പറഞ്ഞത്.  നമ്മുടെ സൂര്യനും അതുപോലെ ഉള്ള ഒരു നക്ഷത്രം മാത്രമാണ്. 

ഊർജ്ജം  അതി സൂക്ഷ്മ കണങ്ങളാൽ നിർമ്മിതമാണ്. വരുണ കണങ്ങൾ ആണ് ഊർജ കണങ്ങൾ ആയി മാറുന്നത്. സോമത്തെക്കാൾ അനേക ലക്ഷം മടങ്ങ് ആകർഷണ ബലം ഉള്ളതുകൊണ്ട്, വരുണകണങ്ങൾ വികസിച്ചു ശിഥിലമായി പോകുന്നില്ല. അവ സോമാഗ്നികളെ ആകർഷിച്ച്, വരിഞ്ഞു മുറുക്കി, ദൃഢമായി നിൽക്കുന്നു. സർവ്വതിനേയും ദൃഢമാക്കുന്ന ഈ വരുണ കണങ്ങൾ സോമത്തെ തൻ്റെ അരിപ്പ പോലെയുള്ള ഭിത്തികളിലൂടെ കണത്തിനുള്ളിലേക്ക്  തുടർച്ചയായി ആകർഷിക്കുന്നു. അങ്ങിനെ സോമം ഊർജ്ജകണങ്ങൾക്ക് ഉള്ളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നു. സോമം സംഭരിക്കപ്പെടുകയും, കയറുകയും ഇറങ്ങുകയും  ഒക്കെ ചെയ്യുന്ന ഒരു “സോമ പാത്ര”മായിട്ട്   ഊർജ്ജ കണങ്ങളെ വേദങ്ങൾ വിശേഷിപ്പിക്കുന്നത് ഇക്കാരണത്താൽ ആണ്.

ഇത്തരത്തിൽ ഉള്ള സോമ പാത്രത്തിൽ വരുണത്തെ വീണ്ടും ആകർഷിക്കുമ്പോൾ ഈ ഊർജ്ജ  കണത്തിൻ്റെ   ഭിത്തിയിലെ വിള്ളലുകലൂടെ ഈ സോമം വീണ്ടും പാത്രത്തിൻ്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. സോമത്തെ വളരെ അധികം ആകർഷിച്ചു തിങ്ങി നിറുത്തുന്നു. സോമത്തെക്കാൾ വളരെ അധികം ആകർഷണ ബലം വരുണത്തിന് ഉള്ളതിനാൽ ഈ സോമപാത്രത്തിലേക്ക് സോമം വന്നു തിങ്ങി നിറയുന്നു.

വരുണ കണം വളരെ വലിയ ശക്തിയോടെ സോമത്തെ ഉള്ളിലേക്ക് വലിച്ചെടുക്കുമ്പോൾ വലിയ സമ്മർദ്ദമായിരിക്കും ഉള്ളിൽ അനുഭവപ്പെടുന്നത്. അപ്പോൾ എങ്ങിനെ ഉള്ളു പൊള്ളയായ ഒന്നിന്  വികസിക്കുവാൻ കഴിയും എന്ന സംശയം ഉയരാം. എന്നാൽ, സോമത്തിൻ്റെ  അഗ്നിത്വംകൊണ്ട് ഉളവാകുന്ന ചൂടിനാൽ ആണ് വികാസം സംഭവിക്കുന്നത്. ഭിത്തികളിൽ വിള്ളലുകൾ ഉണ്ടാകുന്നത് ആ വികാസംകൊണ്ട് തന്നെയാണ്. മാത്രവുമല്ല, വരുണത്തിൻ്റെ അതിശക്തമായ ആകർഷണ ശക്തിയാൽ സോമത്തെ നിറച്ചു നിറച്ചു വരുന്നതോടുകൂടി ഉയർന്ന സമ്മർദ്ദ ഫലമായിട്ടും വിള്ളലുകളൂം, പൊട്ടിച്ചിതറലുകളും സംഭവിക്കാം. 

ഇത്തരം ഊർജ്ജ കണങ്ങൾ ആണ് സൗരയൂഥ മാതൃകയിൽ ക്രമീകരിക്കപ്പെട്ട അണു  അഥവാ ആറ്റം  ആയി മാറുന്നത്. ഈ ആറ്റങ്ങൾ കൂടി ചേർന്നാണ് പഞ്ചഭൂതങ്ങൾ ഉണ്ടാകുന്നത്. 

സോമപാത്രത്തിലെ സോമം   അത്യധികം ആകർഷണ ശക്തിയുള്ളതും, സൗരയൂഥത്തിലെ സൂര്യന് സമാനവും ആണ്. അതായത്, സൗരയൂഥത്തിലെ സൂര്യനെപ്പോലെ സോമപാത്രങ്ങളെ  ക്രമീകരിച്ച് അണുവിനെ അല്ലെങ്കിൽ തന്മാത്രയെ  (ആറ്റത്തെ) ഉണ്ടാക്കുവാൻ പ്രാപ്‌തമായതും ആണ് എന്നർത്ഥം.

എങ്ങിനെയാണ്  ഊർജ്ജ കണങ്ങൾ  ഒരു തന്മാത്ര അല്ലെങ്കിൽ അണു    (ആറ്റം) ആയി  മാറുന്നത് എന്ന് നമുക്ക് നോക്കാം. ഈ ഊർജ്ജ കണത്തിനകത്ത് ഇരിക്കുന്ന സോമത്തിൻ്റേയും, ആ സോമം ഉൾക്കൊണ്ടിരിക്കുന്ന സോമപാത്രത്തിൻ്റെ കവചമായ   വരുണ ആവരണത്തിൻ്റേയും കാന്തിക ആകർഷണങ്ങൾ തമ്മിൽ ആപേക്ഷികമായ ഒരു ബന്ധം ഉണ്ട്.  ഈ ആപേക്ഷിക ബന്ധം അനുസരിച്ച്, ഓരോ ഊർജ്ജ കണത്തിനും സ്വന്തമായ ചില പ്രത്യേക കാന്തിക ആകർഷണ ബലം സിദ്ധിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ  ഊർജ്ജ കണവും വിവിധ കാന്തിക ആകർഷണ നിലകളിൽ ഉള്ള  മറ്റു ഊർജ്ജ കണങ്ങളെ  ആകർഷിക്കുന്നു.  അങ്ങിനെ പരസ്പരമുള്ള  കാന്തിക ആകർഷണ ബലത്തെ ആശ്രയിച്ച്  മറ്റു ഊർജ്ജ കണങ്ങളെ ആകർഷിച്ചു  അവയെല്ലാം സൗരയൂഥത്തെ  പോലെ സമതുലനം ചെയ്ത്  പല വിധത്തിൽ ക്രമപ്പെട്ട്  നിൽക്കപ്പെടുന്നു.   ഇങ്ങനെയാണ് ആറ്റം (തന്മാത്രകൾ അല്ലെങ്കിൽ അണുക്കൾ) രൂപീകൃതമാകുന്നത്.

ഇപ്രകാരമുള്ള സൗരയൂഥ സമാനമായ രൂപീകരണം നടക്കുന്നത് വരുണ കണങ്ങൾ ചേർന്ന് ഉണ്ടാകുന്ന ഒരു മദ്ധ്യ കേന്ദ്രത്തിനു ചുറ്റുമായിട്ടാണ്.  കുറേ വരുണ കണങ്ങൾ   ഒന്നായി ചേർന്ന് ചോറ് ഉരുള ഉരുട്ടി വയ്ക്കുന്നതിന് സമാനമായ  ഒരു പിണ്ഡം പോലെ ആയിത്തീരുകയാണ് ചെയ്യുന്നത്. അങ്ങിനെ  ആ പിണ്ഡത്തിലെ തേജോഭാഗം മുഴുവനും കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുമ്പോൾ, മദ്ധ്യ ഭാഗത്ത് തേജസ്സിനാൽ ശോഭിക്കുന്ന ഓരോ തേജോ ബിന്ദു ഓരോ ആറ്റത്തിലും ഉണ്ടാകുന്നു. ഇതിന് ചുറ്റുമായി  മറ്റു ഊർജ്ജകണങ്ങളുടെ കാന്തിക ആകർഷണ ബലത്തിന്    അനുയോജ്യമായ രീതിയിൽ സമരസപ്പെട്ട് ക്രമപ്പെടുന്നു. 

വരുണ കണങ്ങൾ സോമത്തെ അത്യധികം ശക്തിയോടെ സദാസമയവും ആകർഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. അങ്ങിനെ ആകർഷിക്കുമ്പോൾ, സോമം ഈ ഉരുളയ്ക്ക് ചുറ്റും, സൗരയൂഥത്തെപ്പോലെ വിന്യസിക്കപ്പെട്ടിരിക്കുന്ന ഈ ആറ്റത്തിന്  ചുറ്റുമായി ആവരണം ചെയ്ത് നിൽക്കുന്നു. “അണു” എന്നാണ് ആറ്റത്തിന് ഭാരതീയ വിജ്ഞാന ശാസ്ത്രത്തിൽ പറയുന്നത്. 

ഇപ്രകാരം സംഭവിക്കുമ്പോൾ, മൂന്ന് ഘടകങ്ങൾ തന്മാത്രയിൽ   ഉണ്ടാകുന്നുണ്ട്. 1. വരുണ കണങ്ങളിലെ തേജോ വീര്യം മുഴുവനും കേന്ദ്രീകരിക്കുന്ന ഒരു തേജോ ബിന്ദു. 2. ഈ തേജസ്സിനെ ഉൾക്കൊണ്ടിരിക്കുന്ന വരുണ കണങ്ങൾ 3. ഈ വരുണ  കണങ്ങളുടെ ആകർഷണ ബലത്താൽ, മറ്റു ഗ്രഹങ്ങളെ എങ്ങിനെയാണോ സൂര്യൻ ആകർഷിച്ച് സ്വാധീനിച്ച് നിറുത്തിയിരിക്കുന്നത്, അതേ  പ്രകാരം, ഈ അണുവിൻ്റെ മർമ്മത്തിനു ചുറ്റും ആവരണം ചെയ്ത് നിൽക്കുന്ന, കാന്തിക സ്വഭാവിയായ  സോമം. സർവ്വതും നിലനിൽക്കുന്നത് സോമത്തിൻ്റെ അദൃശ്യമായ മഹാ സാഗരത്തിലാണ്.

ഇത് തന്നെയാണ് ആധുനിക സയൻസും പറയുന്നത്. കോപ്പർ നിക്ക്‌സ് AD 1508-ൽ സൗരയൂഥ സിദ്ധാന്തം കണ്ടെത്തി എന്നാണ് സയൻസ് അവകാശപ്പെടുന്നത്.  എന്നാൽ, യജുർവേദം ഉത്തരാംശതി മുപ്പത്തി മൂന്നാം അദ്ധ്യായത്തിൽ മുപ്പത്തി ഏഴാം മന്ത്രത്തിൽ ഇത് സഹസ്രാബ്ദങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുള്ള വസ്തുതയാണ്.

സോമം തനിക്കു വേണ്ടി മൂന്ന് ഇരിപ്പിടങ്ങൾ സൃഷ്ടിച്ച് അതിൽ ഇരുന്നു കൊണ്ടാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് സോമത്തിനെ “ത്രിതൻ” എന്നും വിളിക്കുന്നു. ഒന്നാമത്തെ ഇരിപ്പിടം ഊർജ്ജ കണം. രണ്ടാമത്തെ ഇരിപ്പിടം ഊർജ്ജ കണങ്ങളെ ചേർത്തുണ്ടാക്കുന്ന അണുക്കൾ (ആറ്റം) രണ്ടാമത്തെ ഇരിപ്പിടം. മൂന്നാമത്തെ ഇരിപ്പിടം പഞ്ചഭൂതങ്ങൾ ആണ്. അതായത്, സൃഷ്ടിയുടെ മെറ്റീരിയൽ ടെക്നോളോജിയുടെ അടിത്തറ കണത്വം (പാർട്ടിക്കിൾ), അണുത്വം (ആറ്റം), ഭൂതത്വം (നിലനിൽപ്പിൻ്റെ  ദൃഢത നൽകപ്പെട്ട ആറ്റം)  എന്ന മൂന്ന് അടിസ്ഥാന ടെക്‌നോളജിയാണ്. അഞ്ചു തരത്തിലുള്ള ഗുണങ്ങൾക്ക് ദൃഢത്വം നൽകി സൃഷ്ടിച്ച പഞ്ചഭൂതഗണലാണ് സൃഷ്ടിയുടെ ബിൽഡിംഗ് ബ്ലോക്കുകൾ.

സംസ്കൃത ഭാഷയിൽ “ആത്ത” എന്ന പദത്തിൻ്റെ അർത്ഥം “ക്രമീകരിക്കപ്പെട്ടു നിൽക്കുന്ന അവസ്ഥ” എന്നാണ്. ഇംഗ്ലീഷിൽ   “ആറ്റം” എന്ന് വിളിക്കുന്നു. ഈ പദങ്ങൾ തമ്മലുള്ള സാദൃശ്യം  ഒരു പക്ഷേ യാദൃശ്ചികം ആകാം.