നമ്മുടെ നിലനിൽപ്പിന് രണ്ട് ഘടകങ്ങൾ ഉണ്ട് എന്ന് കഴിഞ്ഞ പാഠഭാഗത്തിൽ നമ്മൾ മനസ്സിലാക്കി. ആദ്യത്തേത്,  കോൺഷ്യസ്സ്നെസ്സിൻ്റെ  (ആത്മത്വത്തിൻ്റെ) ഒരു “ക്വാണ്ടം” ഘടകം. രണ്ടാമത്തേത്, ശരീരം, മനസ്സ് തുടങ്ങിയ   ദ്രവ്യ-ഊർജ്ജ സംയുക്തങ്ങളുടെ   ഒരു ഭൗതിക ഘടകം. ഇത് രണ്ടുമാണ്      നമ്മുടെ നിലനിൽപ്പിൻ്റെ രണ്ടു അടിസ്ഥാന ഘടകങ്ങൾ – ഒന്ന്  “ക്വാണ്ട”വും, മറ്റേത് ഭൗതികവും. നമ്മുടെ നിലനിൽപ്പിൻ്റെ ഭൗതിക ഘടകം സോമത്വം” ആണെങ്കിൽ നമ്മുടെ നിലനിൽപ്പിൻ്റെ ക്വാണ്ടം ഘടകം “അഗ്നിത്വം” ആണ്. 

‘മനുഷ്യൻ’ എന്ന നിലനിൽപ്പിൽ നമ്മുടെ  “ക്വാണ്ടം” ഘടകം പരിമിതമാക്കപ്പെട്ട ‘സുപ്രീം   കോൺഷ്യസ്സ്നെസ്സാണ്  – പരിമിതമാക്കപ്പെട്ടതുകൊണ്ട്  “’സുപ്രീം” എന്ന പദം ഇല്ലാതെ   “കോൺഷ്യസ്സ്നെസ്സ്” എന്ന് മാത്രമാണ്  മനുഷ്യൻ്റെ  കാര്യത്തിൽ  പൊതുവായി ഉപയോഗിക്കുന്നത്  എന്ന് ശ്രദ്ധിക്കുക.  ശരീരവും ആയി താദാത്മ്യം പ്രാപിച്ചു നിൽക്കുന്ന “കോൺഷ്യസ്സ്നെസ്സി”നെയാണ്   “ജീവാത്മാവ്” എന്നാണു ഭാരതീയ ശാസ്ത്രം സാങ്കേതികമായി നാമകരണം ചെയ്തിട്ടുള്ളത്.  എന്നാൽ, “സർവ്വത്വം” എന്ന് നമ്മൾ വിവക്ഷിച്ച  ശുദ്ധമായ ‘സുപ്രീം  കോൺഷ്യസ്സ്നെസ്സിനെ  സാങ്കേതികമായി  “പരമാത്മാവ്” എന്നാണ് ഭാരതീയ ശാസ്ത്രങ്ങൾ വിവക്ഷിക്കുന്നത്. 

സർവ്വത്വത്തിൻ്റെ അല്ലെങ്കിൽ പരമാത്മാവിൻ്റെ സ്വഭാവ വിശേഷമാണ് അനാദിയായ, സർവ്വ വ്യാപിത്വമുള്ള, ഒരു കാലത്തും ഒരു വ്യത്യാസവും വരാത്ത അസ്തിത്വം, പരിമിതികൾ ഇല്ലാത്ത പരമപ്രജ്ഞാനം,  അനാദിയായ, നിത്യനൂതനമായ ആനന്ദം  എന്ന് നമ്മൾ കണ്ടു. എന്നാൽ നമ്മൾ ആകുന്ന “ജീവാത്മാക്ക”ൾക്ക് ഉള്ളതാകട്ടെ, സ്ഥലകാലങ്ങളാൽ ബന്ധിതമായ, ജനന മരണങ്ങൾ ഉള്ള  പരിമിതമാക്കപ്പെട്ട അസ്തിത്വം, സ്ഥല-കാലങ്ങൾ  ഉപയോഗിച്ച് പരിശ്രമിച്ച്  ആർജ്ജിക്കേണ്ട പരിമിതമായ വിഷയങ്ങളെക്കുറിച്ചുള്ള പരിമിതമായ  അറിവ്, വന്നും പോയും ഇരിക്കുന്ന വെറും കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നിവ മാത്രമാണ്. ഇതാണ്  “സർവ്വത്വ”വും അല്ലെങ്കിൽ “പരമാത്മാവും” അതുമല്ലെങ്കിൽ ‘സുപ്രീം  കോൺഷ്യസ്സ്നെസും  നമ്മളാകുന്ന  ‘ജീവാത്മാവും’ അതുമല്ലെങ്കിൽ കോൺഷ്യസ്സ്നെസ്സും  തമ്മിലുള്ള വ്യത്യാസം. “പരമാത്മാവും”  “ജീവാത്മാവും” അടിസ്ഥാനപരമായി  രണ്ടും “ക്വാണ്ടം” നിലനിൽപ്പുകൾ ആണെങ്കിലും അവയുടെ സ്വാഭാവികമായ സാമർത്ഥ്യ   ശക്തികൾക്ക്  അജഗജാന്തരം ഉണ്ട്. 

“സർവ്വത്വം” (“സുപ്രീം കോൺഷ്യസ്സ്നെസ്സ്”) എന്ന പരമമായ ക്വാണ്ടം അവസ്ഥയുടെ തീവ്രത തിരി താഴ്ത്തി  മന:പ്പൂർവ്വം കുറച്ചതാണ് “ജീവാത്മാവ്” എന്ന  നമ്മുടെ ക്വാണ്ടം അവസ്ഥ. നമ്മൾ ക്വാണ്ടം ലോകത്തിൽ നിന്നും വന്നവരാണെങ്കിലും, മനുഷ്യൻ എന്ന നിലയിൽ  നമ്മളാകുന്ന “ജീവാത്മാവ്” (“കോൺഷ്യസ്സ്നെസ്സ്”)  വളരെ പരിമിതപ്പെട്ട് ഭൗതിക ലോകത്തിൽ, സ്ഥല-കാലങ്ങളാൽ ബന്ധിക്കപ്പെട്ട് കഴിയുന്നവരാണ്. ഇതാണ് ഭാരതീയ വിജ്ഞാനം നൽകുന്ന ഒരു പ്രധാനപ്പെട്ട അറിവ്.

പ്രപഞ്ച സൃഷ്ടിയുടെ മെറ്റീരിയൽ ടെക്നോളജി ആരംഭിക്കുന്നത് “ശിവ”  തലത്തിൽ നിലനിൽക്കുന്ന  ‘സുപ്രീം  കോൺഷ്യസ്സ്നെസ്സിൽ (“സർവ്വത്വ”ത്തിൽ) നിന്നും തന്നെയാണ്.  അതുകൊണ്ട് തന്നെ, നിലനിൽപ്പുള്ള സർവ്വതിലും ‘സുപ്രീം  കോൺഷ്യസ്സ്നെസ്സിൻ്റെ (“സർവ്വത്വ”ത്തിൻ്റെ)  സാന്നിദ്ധ്യം ഉണ്ട്. ഉദാഹരണത്തിന്, ഒരു സ്വർണ്ണ മാലയും, സ്വർണ്ണ വളയും രണ്ടും രണ്ടു പ്രത്യേക വസ്തുക്കൾ ആണെങ്കിലും, രണ്ടിലും ഉള്ളത് സ്വർണ്ണം തന്നെയാണ്. അതുപോലെ തന്നെയാണ് പ്രപഞ്ച സൃഷ്ടിക്ക് ഉപയോഗിച്ച സർവ്വ വസ്തുക്കളിലും “സർവ്വത്വം” അഗ്നിതത്വ രൂപത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ പ്രപഞ്ചത്തിലെ സർവ്വ സൃഷ്ടികളിലും  ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ  “സർവ്വത്വം” (“പരമാത്മാവ്”) എന്ന ഘടകം സ്വാഭാവികമായും അഗ്നി തത്വമായി സന്നിഹിതമാണ്. 

അഗ്നിയാൽ നിർമ്മിതമായ സർവ്വതിനേയും സോമം ആകർഷിച്ച് വഹിച്ചുകൊണ്ട് പോകുന്നു. ഈ സോമം പ്രകാശ കണങ്ങളെ ആകർഷിച്ച് അവയെ പ്രകാശ തരംഗങ്ങൾ ആക്കി മാറ്റുന്നു. ഈ സോമം ശൂന്യതയിൽ വ്യാപിക്കുന്നതുകൊണ്ടാണ് ആകാശം ഉണ്ടാകുന്നത്. അഗ്നി വികസിച്ചും വിഘടിച്ചും സോമമാകുന്നത് പോലെ തന്നെ, സോമം തിരികെ കേന്ദ്രീകരിച്ചാൽ അത് അഗ്നിയായി മാറുകയും ചെയ്യും. സോമത്തിൻ്റെ ആകർഷണ സ്വഭാവം മൂലം, സോമത്തിന്  അഗ്നിയെ ആകർഷിക്കുവാനും, സോമത്തിന്  അഗ്നിത്വത്തിൻ്റെ വിരുദ്ധമായ ശക്തിയുള്ളത് കൊണ്ട്, അഗ്നിയെ ബന്ധിക്കുവാനും, നിയന്ത്രിക്കുവാനും  കഴിയുന്നു. 

ഇപ്രകാരം അഗ്നിയെ ആകർഷിച്ചു ബന്ധിച്ചിട്ടാണ് സോമം  ദ്രവ്യങ്ങളെ ഉണ്ടാക്കുന്നത്. ഓരോ ദ്രവ്യത്തിലും അടങ്ങിയിരിക്കുന്ന സോമത്തിൻ്റെ അളവ് അനുസരിച്ച് ആ ദ്രവ്യത്തിന് നിശ്ചിതമായ ആകർഷണ ശക്തി ഉണ്ടാകുന്നു. ഓരോ ദ്രവ്യത്തിൻ്റേയും ആകർഷണ ബലം അനുസരിച്ച് ആ ദ്രവ്യം മറ്റു ദ്രവ്യങ്ങളെ ആകർഷിക്കുന്നു. ഇപ്രകാരം  സർവ്വതും പരസ്പരം ആകർഷിച്ചും വികർഷിച്ചും നിൽക്കുന്നതെല്ലാം സോമം തൻ്റെ സ്വന്തം ആകർഷണ ശക്തി ഉപയോഗിച്ച് പൂർണ്ണമായും സമതുലനം ചെയ്ത് എല്ലാം പരസ്പരം ആശ്രയിച്ച്  പ്രവർത്തിക്കുന്ന വിധത്തിൽ ക്രമപ്പെടുത്തിയാണ് ഈ പ്രപഞ്ചം രൂപീകൃതമാകുന്നത്. 

അതുപോലെ തന്നെ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന സോമത്താൽ, ആ വസ്തുവിന്  നിശ്ചിതമായ ഒരു ആകർഷണ  ബലവും, അതുമൂലം അതിന് നിശ്ചിതമായ ചില സ്വഭാവ വിശേഷങ്ങളും  ഉണ്ടാകുന്നുണ്ട്. അതാണ് ആവസ്തുവിൻ്റെ ഭൗതിക സ്വഭാവം എന്ന് പറയുന്നത്. അതായത് അഗ്നിത്വം ഒരു വസ്തുവിന് അതിൻ്റെ  ദേവത്വം അല്ലെങ്കിൽ “ക്വാണ്ടം” സ്വഭാവം നൽകുമ്പോൾ, സോമത്വം  ആ വസ്തുവിന് അതിൻ്റെ ഭൗതിക സ്വഭാവം നൽകുന്നു എന്നർത്ഥം.  പ്രപഞ്ചത്തിലുള്ള സർവ്വ നിലനിൽപ്പുകളും, അത് ദൃശ്യമോ അദൃശ്യമോ ആയിക്കൊള്ളട്ടെ,   ഇപ്രകാരം  ദ്വയ-സ്വഭാവങ്ങൾ ഉള്ളതാണ്.

ഈ പ്രപഞ്ചത്തിൽ സർവ്വതും നിലനിൽക്കുന്നത് സ്ഥല-കാലങ്ങളിൽ (സ്പേസ്-ടൈം) ആണ്. അടുത്തതായി സ്ഥല-കാലങ്ങൾ എന്ന പ്രതിഭാസം  ഉണ്ടാകുന്നത് എങ്ങിനെയാണെന്ന് നോക്കാം.