
ശ്രേഷ്ഠമായ ഒരു വാർദ്ധക്യത്തിനായി എത്രമാത്രം തയ്യാറെടുപ്പുകൾ നമ്മൾ നടത്തിയിട്ടുണ്ട് എന്ന്, വാർദ്ധക്യം വന്നണയുന്നതിന് മുൻപേ തന്നെ ആലോചിക്കുന്നത് വളരെ നല്ലതാണ്. കാലം നമ്മുടെ ശരീരത്തിലും മനസ്സിലും കയറി മേയുവാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ആ തയ്യാറെടുപ്പുകൾ നടത്തുന്നതാണ് ഏറ്റവും അഭികാമ്യം. കാരണം, പ്രായവും അനാരോഗ്യവും അല്ല നമ്മുടെ വാർദ്ധക്യത്തിന് ശ്രേഷ്ഠതക്കുറവ് നൽകുന്നത്. ജീവിതത്തെക്കുറിച്ചുള്ള അറിവും അവബോധവും, സാമൂഹ്യ പരിണാമത്തിലൂടെ മാറിവരുന്ന ജീവിത രീതിയെക്കുറിച്ചുള്ള തിരിച്ചറിവും, അതിനനുസരിച്ച് ബോധപൂർവ്വം ആവശ്യമായ മാറ്റങ്ങൾ കാലാകാലം സസന്തോഷം സ്വയം ഉൾക്കൊണ്ടുള്ള ജീവിതവും ആണ് നമ്മുടെ വാർദ്ധക്യത്തിന് പ്രശാന്തതയും നിശബ്ദ ശക്തിയും നൽകുന്നത്. ജീവിത സായാഹ്നത്തിൽ എത്തുന്നതിന് മുൻപ് തന്നെ ഇതെല്ലാം അറിഞ്ഞിരിക്കുന്നത്, ഏതു സാഹചര്യത്തിലും ശ്രേഷ്ഠമായ ഒരു വാർദ്ധക്യജീവിതം നയിക്കുവാൻ കുറച്ചൊന്നുമല്ല നമ്മെ സഹായിക്കുന്നത്.
കേരളത്തിൻ്റെ തനതായ സാഹചര്യങ്ങൾ
കഴിഞ്ഞ നൂറു വർഷത്തിൽ മാറിമറിഞ്ഞ കേരളത്തിൻ്റെ സാമൂഹിക സാഹചര്യങ്ങൾ, ഭാരതത്തിൻ്റെ ഇതര ഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്ന് നമ്മൾ തിരിച്ചറിയണം. ഇന്നത്തെ കേരളീയരുടെ ശക്തിയും ദൗർബല്യങ്ങളും എല്ലാം തന്നെ മാറി മാറി വന്ന – ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്ന – ഈ സാമൂഹിക സാഹചര്യങ്ങളുടെ അനന്തരഫലം കൂടിയാണ്. ഏതുവിഷയത്തിൻ്റേയും വലിയ ഒരു ചിത്രം കാണുന്നത് ആ വിഷയത്തിൻ്റെ ഉൾക്കാഴ്ചക്ക് വളരെ ആവശ്യമാണ്. ഏറ്റവും ആദ്യം, ഇന്നത്തെ നമ്മുടെ നില എന്താണെന്ന് മനസ്സിലാക്കണം. ഒരു ശരാശരി കേരളീയൻ്റെ വാർദ്ധക്യം ഇന്ന് ഏറെക്കുറെ ഏകാന്ത വാസത്തിൽ എത്തിയാണ് നിൽക്കുന്നത്. എങ്ങിനെയാണ് നമ്മൾ ഈ സ്ഥിതിയിൽ എത്തിച്ചേർന്നത് എന്ന് മനസ്സിലാക്കണമെങ്കിൽ, കഴിഞ്ഞ നൂറുവർഷമായി കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക മാറ്റങ്ങളുടെ നാൾവഴികൾ പഠിക്കേണ്ടതുണ്ട്. അത്തരം പഠനങ്ങൾ നമ്മുടെ വാർദ്ധക്യ ജീവിതത്തിന് പുതിയ അറിവും, ദിശാബോധവും, കർമ്മശക്തിയും, നാളത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കുവാനുള്ള ശക്തിയും തെയ്യാറെടുപ്പും പ്രദാനം ചെയ്യും.
ഇന്ന് ഭാരതത്തിൽ ഏറ്റവും പ്രായം കൂടിയ ജനങ്ങൾ ജീവിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഔദ്യോഗിക നിർവ്വചനം അനുസരിച്ച് 60 വയസ്സിനു മുകളിലുള്ളവർ വൃദ്ധരാണ് – അവരാണ് ‘സീനിയർ സിറ്റിസൻസ്’. ആ മാനദണ്ഡം അനുസരിച്ച്, കേരളത്തിൽ ഏകദേശം 65 ലക്ഷം ആളുകളെ ഇപ്പോൾ “വയോജനങ്ങൾ” എന്ന് തരംതിരിച്ചിട്ടുണ്ട്. രണ്ടായിരത്തി ഇരുപത്തി ഒന്നിൽ കേരളത്തിലെ വയോജനങ്ങളുടെ അനുപാതം മൊത്തം ജനസംഖ്യയുടെ 16.5% ആയിരുന്നു. രണ്ടായിരത്തി മുപ്പത്തിയാറ് ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ 22.8% പേരും അറുപത് വയസ്സിനു മുകളിലുള്ളവരായിരിക്കും എന്നാണ് കാനേഷുമാരി പ്രവചനം.
മറ്റെല്ലാ ഭാരതീയ സംസ്ഥാനങ്ങളിലും ഉള്ള വയോജനങ്ങളുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, കേരളത്തിൻ്റെ ഈ കണക്ക് വളരെ അസാധാരണമാണ്. രണ്ടായിരത്തി മുപ്പത്തിയാറ് ആകുമ്പോഴേക്കും ഭാരതത്തിലെ വയോജനങ്ങളുടെ ദേശീയ ശരാശരി 15% മാത്രമായിരിക്കുമ്പോൾ, കേരളത്തിൻ്റെ കാര്യത്തിൽ അത് 22.8% ആണ്. അതേ സമയം, വയോജനങ്ങളുടെ കണക്കുകൾ നമ്മുടെ അയൽ സംസ്ഥാനങ്ങൾ ആയ തമിഴ് നാട്ടിൽ 20.8%വും, കർണാടകത്തിൽ 15%വും ആയിരിക്കും രണ്ടായിരത്തി മുപ്പത്തിയാറിൽ എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത്, ശ്രേഷ്ഠമായ ഒരു വാർദ്ധക്യ ജീവിതത്തിനായി ഏറ്റവും കൂടുതൽ തയ്യാറെടുപ്പുകൾ നടത്തേണ്ടത് കേരളത്തിൽ ജീവിക്കുന്ന നമ്മളാണ് എന്ന് തന്നെയാണ്.
സെൻസസ് അടിസ്ഥാനമാക്കിയുള്ള എസ്റ്റിമേറ്റുകളിൽ നിന്നും, കൂടാതെ, UNFPA-യുടെ വാർദ്ധക്യ പഠന പട്ടികയിൽ നിന്നും എല്ലാം ഉരുത്തിരിഞ്ഞ ഏറ്റവും പുതിയ കണക്കുകളാണ് ഇപ്പറഞ്ഞതെല്ലാം. ആഗോള ജനസംഖ്യാ ഡാറ്റ, വിവിധ ജനസമൂഹങ്ങളിൽ നിലനിൽക്കുന്ന പ്രത്യുൽപാദന ക്ഷമത, ജനസംഖ്യാ വ്യതിയാന പഠനം എന്നിവയെല്ലാം നടത്തുന്ന ഒരു യുഎൻ ഏജൻസിയാണ്, UNFPA.
ഏറ്റവും പുതിയ വിശ്വസനീയമായ കണക്ക് അനുസരിച്ച് ഏകദേശം 16 മുതൽ 18 ലക്ഷം വരെ വീടുകളിൽ പ്രായമായ ആളുകൾ (60 വയസ്സിനു മുകളിൽ ഉള്ളവർ) മാത്രം ഒറ്റക്ക് താമസിക്കുകയാണ് കേരളത്തിൽ ഇന്ന്. അവരവരുടെ വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരുടെ കണക്കാണിത്. ജീവിത പങ്കാളിയുടെ മരണത്തിനു ശേഷം ഒറ്റക്ക് താമസിക്കുന്ന വിധുരനും, വിധവയും, കുട്ടികൾ കൂടെ ഇല്ലാതെ സ്വന്തം വീട്ടിൽ തനിയേ താമസിക്കുന്ന വൃദ്ധ ദമ്പതികളും എല്ലാം ഉൾപ്പെടും ഈ കണക്കിൽ.
UNFPA യുടെ കേരള വയോജന റിപ്പോർട്ട്, ഇന്ത്യയിലെ വയോജനങ്ങളെ സംബന്ധിക്കുന്ന NSSO-യുടെ (നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ്) 75-ാം റൗണ്ട് റിപ്പോർട്ട്, കൂടാതെ, കേരള സാമൂഹിക നീതി വകുപ്പിൻ്റെ സർവ്വേകൾ തുടങ്ങിയവയിൽ നിന്നെല്ലാം എടുത്ത കണക്ക് അനുസരിച്ച്, ഭാരതത്തിൽ പ്രായമായവർ മാത്രം ഒറ്റക്ക് താമസിക്കുന്ന വീടുകളുടെ എണ്ണത്തിൽ കാണുന്ന ഏറ്റവും ഉയർന്ന സംഖ്യ ഇന്ന് കേരളത്തിൻറ്റേതാണ്.
സ്വന്തം വീടുകളിൽ മക്കളുടെ സാന്നിദ്ധ്യമില്ലാതെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധ ദമ്പതികൾ ഉള്ള വീടുകളുടെ എണ്ണം മാത്രം കേരളത്തിൽ നാലര ലക്ഷം മുതൽ അഞ്ചേകാൽ ലക്ഷം വരെയാണെന്ന് ഈ റിപ്പോർട്ടുകൾ അറിയിക്കുന്നു. എന്നാൽ, ജീവിത പങ്കാളിയോ, മക്കളോ കൂടെ ഇല്ലാതെ, വാർദ്ധക്യത്തിൽ തികച്ചും ഏകരായി താമസിക്കുന്ന മറ്റൊരു പതിനൊന്നു മുതൽ പതിമൂന്നുവരെ ലക്ഷം വീടുകൾ വേറെയുമുണ്ട് കേരളത്തിൽ ഇന്ന്. അങ്ങിനെയാണ് കേരളത്തിൽ 16 മുതൽ 18 ലക്ഷം വരെ വീടുകളിൽ ഏകാന്തവാസം ഇന്നും നടന്നുകൊണ്ടിരക്കുന്നത്.
ഇതിനർത്ഥം കേരളത്തിലെ ഏകദേശം 40–45% വീടുകളിലും ഇപ്പോൾ പ്രായമായ, ഏകാന്ത വാസത്തിൽ കഴിയുന്ന താമസക്കാർ മാത്രമാണ് ഉള്ളത് എന്നാണ് – ഭാരതത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഭീമമായ ഒരു സംഖ്യയാണ്. അതിനർത്ഥം, ഏത് കേരളീയനും ഇന്നല്ലെങ്കിൽ നാളെ സമാനമായ ഒരു വാർദ്ധക്യം വന്നെത്തുവാനുള്ള സാദ്ധ്യത അൻപത് ശതമാനം ആണ് എന്നാണ്!
കേരളത്തിലെ 45% വീടുകളിലും ഈ ഏകാന്ത വാസം അനുഭവിക്കുന്ന വയോജനങ്ങളുടെ വെല്ലുവിളികൾ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതറിഞ്ഞിരിക്കുന്നത്, നമുക്കും ആത്യന്തികമായി ഒരിക്കൽ വന്നെത്തുവാൻ ഉയർന്ന സാദ്ധ്യത ഉണ്ടെന്ന് തിരിച്ചറിയേണ്ട അത്തരം ഒരു കാലത്തെ അഭിമുഖീകരിക്കുവാനുള്ള ഒരു സ്വയം തയ്യാറെടുപ്പിന് സഹായകമായിരിക്കും എന്നതിന് സംശയമില്ല.
വാർദ്ധക്യത്തിൻ്റെ വെല്ലുവിളികൾ
മാനസികവും ശാരീരികവും ആയ ആരോഗ്യം ഉള്ളിടത്തോളം കാലം, ഏത് വെല്ലുവിളികളേയും നേരിടുവാനുള്ള കരുത്തും കാതലും നമുക്കുണ്ടാകും. എന്നാൽ ഇവയിൽ ഏതെങ്കിലും ഒന്ന് , അല്ലെങ്കിൽ രണ്ടും, ക്ഷയിക്കുവാൻ ഇടവന്നാല് കഥമാറി. വാർദ്ധക്യത്തിലെ ഏകാന്ത വാസത്തിനിടയിൽ മറവി രോഗം ബാധിച്ചാലുള്ള സ്ഥിതി ആലോചിച്ചു നോക്കിയാൽ ഇക്കാര്യം മനസ്സിലാക്കാവുന്നതേ ഉള്ളൂ. അതോടൊപ്പം ശാരീരിക ആരോഗ്യവും കൂടി ക്ഷയിച്ചാൽ ഉണ്ടാകുന്ന വെല്ലുവിളികൾ വളരെ വലുതായിരിക്കും.
നിത്യ ജീവിതത്തിൽ, അന്യഥാ നിസ്സാരമായി കരുതിപോരുന്ന, നിരവധി സാധാരണ പ്രക്രിയകൾ ഉണ്ട്. അതെല്ലാം വാർദ്ധക്യത്തിലെ മറവി രോഗം ബാധിച്ചാൽ എങ്ങിനെ നിർവ്വഹിക്കും? ആഹാരം പാകം ചെയ്യണം. വീട് അടിച്ചുവാരി തുടച്ചു വൃത്തിയാക്കണം. പാത്രങ്ങൾ കഴുകണം, ഒരു ബൾബ് ഫ്യൂസ്‌ആയാൽ അത് മാറ്റണം.കടകളിൽ പോയി നിത്യോപയോഗ സാധനങ്ങൾ വാങ്ങി വരണം. ബാങ്കുമായി വിവിധ രീതിയിലുള്ള പണമിടപാടുകൾ നടത്തണം. ബില്ലുകൾ അടക്കണം. സമയാസമയങ്ങളിൽ മരുന്നുകൾ കഴിക്കണം. മറ്റുള്ളവരോട് യുക്തിഭംഗം ഇല്ലാതെ സംസാരിക്കണം. ഇതിലെല്ലാം സഹായിക്കുവാൻ വീട്ടിൽ മക്കൾ ആരും ഇല്ല. ആരോഗ്യത്തോടെ ഇരിക്കുമ്പോൾ ഇതൊന്നും ഒരു ചിന്താ വിഷയം പോലുമല്ല. വളരെ നേരത്തേ തന്നെ വാർദ്ധക്യത്തിലെ ഇത്തരം സാദ്ധ്യതകളെക്കുറിച്ച് തികഞ്ഞ അവബോധവും സഹാനുഭൂതിയും വളർത്തിയെടുക്കേണ്ടതുണ്ട്. അതിനുള്ള ഒരു അവസരം നൽകുക എന്നത് മാത്രമാണ് ഈ ലേഖനത്തിൻ്റെ ധർമ്മം.
കേരളത്തിൻ്റെ തനതായ വെല്ലുവിളികൾ
കേരളത്തിൽ രാഷ്ട്രീയം തീണ്ടാത്ത നിലവാരമുള്ള വിദ്യാഭ്യാസമോ, വേണ്ടത്ര അഭികാമ്യമായ തൊഴിൽ അവസരങ്ങളോ, സംരംഭ അനുകൂല സാഹചര്യങ്ങളോ എല്ലാം അസ്തമിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. പഠിക്കുവാനും പഠനശേഷം തൊഴിൽ തേടിക്കൊണ്ടും കേരളത്തിന് പുറത്തേക്ക് പ്രവഹിക്കുന്ന വിദ്യാർത്ഥികളുടേയും, യുവാക്കളുടേയും എണ്ണം പ്രതിദിനം വർദ്ധിച്ചുവരുന്നു.
രണ്ടായിരത്തി ഇരുപത്തി മൂന്നിൽ, രണ്ടര ലക്ഷം വിദ്യാർത്ഥികളാണ് പഠനത്തിനായി കേരളം വിട്ടത്. അതിനും വെറും അഞ്ചു വർഷം മുൻപ്, 2018-ൽ, അതിൻ്റെ പകുതി (2.3 ലക്ഷം) വിദ്യാർത്ഥികളേ പഠന ആവശ്യത്തിനായി കേരളത്തിന് പുറത്തേക്ക് പോയിട്ടുള്ളൂ എന്ന് നമ്മൾ തിരിച്ചറിയണം. പഠനം കഴിഞ്, ജോലിക്കായി കേരളത്തിന് പുറത്തേക്ക് പ്രവഹിക്കുന്ന യുവാക്കളുടെ എണ്ണം ഇതിൻ്റെ ആറ് ഇരട്ടിയായാണ് എന്നുകൂടി അറിയുമ്പോഴാണ് വിഷയത്തിൻ്റെ ഗൗരവം മനസ്സിലാകുന്നത്. കേരളം, യുവാക്കൾ വളരെക്കുറഞ്ഞ, ഒരു വൃദ്ധലോകം ആയി സാവധാനം പരിണമിക്കുകയാണ്.
ജനസംഖ്യാ അനുപാതത്തിൽ വരുന്ന ഈ ആഘാതത്തിനുള്ള മറ്റൊരു കാരണം, കേരളത്തിൽ പൊതുവേ കാണപ്പെടുന്ന വളരെ കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കും ഉയർന്ന ആയുർദൈർഘ്യവും ആണ്. 1950-കളുടെ അവസാനത്തിലും 1960-കളുടെ തുടക്കത്തിലും നടന്ന കേരളത്തിൻ്റെ ജനസംഖ്യാ പഠനങ്ങൾ തുടർച്ചയായി കാണിക്കുന്നത് കേരളത്തിൻ്റെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് ഏകദേശം 5.6 മുതൽ 6.0 വരെ കുട്ടികൾ എന്നതായിരുന്നു. ഇത് 1960-ലെ ഇന്ത്യയുടെ ദേശീയ മൊത്തം ഫെർട്ടിലിറ്റി നിരക്കായ 6 എന്ന സംഖ്യയുമായി പൊരുത്തപ്പെട്ടു നിൽക്കുന്നു. ഇന്ന് കേരളത്തിലെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് ഏകദേശം 1.8 എന്ന സംഖ്യയാണ്. അതായത്, കേരളം അഞ്ചും ആറും കുട്ടികൾ ഉണ്ടായിരുന്ന വലിയ കുടുംബങ്ങളിൽ നിന്ന് ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ള ചെറിയ കുടുംബങ്ങളിലേക്ക് രണ്ട് തലമുറകൾക്കുള്ളിൽ ത്തന്നെ മാറി മറഞ്ഞു എന്നാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വേഗമേറിയ ഫെർട്ടിലിറ്റി നിരക്കുകളിലെ പതനമാണ് ഇത് കാണിക്കുന്നത്. ഇതിന് കാരണം, സാർവത്രികമായ സ്ത്രീ സാക്ഷരത, പൊതുജനാരോഗ്യ മെച്ചപ്പെടുത്തലുകൾ, ഭൂപരിഷ്കരണനിയമം ഏൽപ്പിച്ച ആഘാതം, കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ച, വ്യാപകമായ കുടിയേറ്റവും അത് കൊണ്ടുവന്നു നൽകിയ സാമ്പത്തിക മാറ്റങ്ങളും ഒക്കെയാണെന്ന് പറയാം.
പെൺകുട്ടികളിലെ പ്രവണതാ മാറ്റം
കൂനിന്മേൽ കുരു എന്ന രീതിയിൽ മറ്റൊരു ദൂരവ്യാപകമായ സാമൂഹ്യ പ്രവണതയിലൂടെ കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടം കൂടിയാണ് ഇന്ന്. കേരളത്തിൽ ഇന്ന് യുവതികളിൽ വിവാഹത്തെക്കുറിച്ചുള്ള സമീപനം വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ഉയർന്ന വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം, തൊഴിൽ അവസരങ്ങൾ, വ്യക്തിപരമായ സ്വപ്നങ്ങൾ എന്നിവ കാരണം പലരും വിവാഹം വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു. വിവാഹിതരായ ദമ്പതികളിൽ പോലും കുട്ടികളില്ലാതെ ജീവിക്കുവാൻ താൽപര്യം വർദ്ധിച്ചുവരുന്നു.
ഈ മാറ്റത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൻ്റെ ജനനനിരക്ക് വർഷങ്ങളായി താഴ്ന്ന നിലയിലാണ്; ഇന്ത്യയുടെ മൊത്തം ജനനനിരക്ക് 2023-ൽ മാത്രമാണ് 1.9 ആയി കുറഞ്ഞത്. എന്നാൽ, കേരളം ഇതിനകം തന്നെ ദീർഘകാലമായി ‘ബിലോ-റിപ്ലേസ്മെൻറ്റ്’ നിലയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ഒരു ദമ്പതികൾക്ക് ശരാശരി 2.1 കുട്ടികൾ ജനിക്കണം എന്നതാണ് “റിപ്ലേസ്മെന്റ് ലെവൽ”. ഇത് 2.1‑ൽ താഴെയായാൽ അതിനെ “ബിലോ-റിപ്ലേസ്മെൻറ്റ്” ലെവൽ എന്ന് വിളിക്കുന്നു.
ഒരു സംസ്ഥാനത്തിൻ്റെ ജനനനിരക്ക് “ബിലോ-റിപ്ലേസ്മെൻറ്റ് ” നിലയിൽ എത്തിയാൽ ,കാലക്രമേണ അവിടത്തെ ജനസംഖ്യ ചുരുങ്ങും, പ്രായമായവരുടെ അനുപാതം ഉയരും,തൊഴിൽ പ്രായത്തിലുള്ള ആളുകളുടെ എണ്ണം കുറയും. കേരളം ഇപ്പോൾ ഈ ഘട്ടത്തിലാണ് . അപകട മണികൾ മുഴങ്ങിക്കഴിഞ്ഞു.
ചെറുപ്പക്കാർ ഇല്ലാത്ത കേരളം
അങ്ങിനെ, ഫെർട്ടിലിറ്റി റേറ്റ് കുറഞ്ഞതോടെ യുവാക്കളുടെ എണ്ണം കേരളത്തിൽ കുറയുന്നു. ഉള്ളവർ തന്നെ കേരളം വിടുന്നു. കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന ആശുപത്രികളും ഡോക്ടർമാരും ആരോഗ്യം വർദ്ധപ്പിച്ചില്ലെങ്കിലും, ജീവിത ദൈർഖ്യം വർദ്ധിപ്പിച്ചു. അപ്രകാരം, വാർദ്ധക്യത്തിൽ കൂടെ നിന്ന് താങ്ങും തണലും നൽകുവാൻ യുവതലമുറകൾ ഇല്ലാത്ത, അതേസമയം ആരോഗ്യം കുറഞ്ഞ, എന്നാൽ ജീവിത ദൈർഖ്യം കൂടിയ വൃദ്ധരുടെ ഒരു മഹാ ഗ്രാമമായി കേരളം മാറുമ്പോഴും, ഇതൊന്നും അറിയാതേയും, മനസ്സിലാക്കാതേയും, അതനുസരിച്ചുള്ള ആവശ്യമായ മാറ്റങ്ങൾ അവരവരുടെ ജീവിതത്തിൽ സ്വയം വരുത്താതേയും ആണ് മിക്കവാറും എല്ലാ ‘സീനിയർ സിറ്റിസെൻസും’ പെരുമാറുന്നത്.
അതായത്, മാറിവരുന്ന ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുവാനും അതനുസരിച്ച് സ്വന്തം ജീവിത ശൈലികൾ വ്യത്യാസപ്പെടുത്തുവാനും എല്ലാം ആവശ്യമായ അറിവ് നേരത്തെ വളർത്തി എടുക്കുവാൻ കഴിയാത്തത് വളരെ അധികം ബുദ്ധിമുട്ടുകൾ വാർദ്ധക്യകാലത്ത് നൽകും എന്നർത്ഥം. ഒരു നൂറു വർഷം മുൻപുവരെ വളരെ ശക്തമായി കേരളത്തിൽ നിലനിന്നിരുന്ന കൂട്ടു കടുംബ വ്യവസ്ഥയായിരുന്നു കേരളത്തിന് സാമൂഹിക ഭദ്രതയും വാർദ്ധക്യത്തിലെ സുരക്ഷയും നല്കിയിരുന്നത്. കടന്നുപോയ നൂറു വർഷത്തിൽ സാമൂഹിക കേരളത്തിൻ്റെ അലകും പിടിയും മാറിമറിഞ്ഞ ചരിത്രം മനസ്സിലാക്കുന്നത്, ഇപ്പോഴും വാർദ്ധക്യത്തിൽ എത്തിയിട്ടില്ലാത്തവർക്ക്, ഇനിയും അവർക്ക് വന്നുചേർന്നിട്ടില്ലാത്ത വാർദ്ധക്യ കാലത്തെ വെല്ലുവിളികൾ അതിജീവിക്കുവാൻ സഹായിക്കും.
കൂട്ടുകുടുംബ വ്യവസ്ഥ യുടെ തകർച്ച
കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ച വാർദ്ധക്യത്തിലെ സ്വാഭാവിക സംരക്ഷണം കേരളത്തിൽ ഇല്ലാതെ ആക്കുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലും, വിശിഷ്യാ ഭാരതത്തിലും സ്വാതന്ത്ര്യാനന്തരം നടന്ന നിയമ പരിഷ്കാരങ്ങൾ, വ്യക്തികളുടെ സാമ്പത്തിക അഭിലാഷങ്ങളിൽ വന്ന മാറ്റം, വളരെ വേഗത്തിൽ സംഭവിച്ച അണുകുടുംബത്തിൽ അധിഷ്ഠിതമായ സാമൂഹിക വ്യതിയാനങ്ങൾ, വൻ തോതിൽ നടന്ന മറ്റു ദേശങ്ങളിലേക്കുള്ള കുടിയേറ്റം ഇതെല്ലാം 1920 മുതൽ 1980 വരെ ഉള്ള കാലഘട്ടത്തിൽ അസാധാരണമായ വ്യത്യാസങ്ങൾ കേരളത്തിൽ വരുത്തി. മറ്റ് മിക്ക ഭാരതീയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഴയ സംവിധാനങ്ങളുടെ തകർച്ച വളരെ നേരത്തേയും വളരെ വേഗത്തിലും കേരളത്തിൽ സംഭവിച്ചു എന്നതാണ് കേരളത്തെ വേറിട്ടു നിറുത്തുന്നത്.
കേരളത്തിൽ 1920-1940 കാലഘട്ടത്തിൽ തന്നെ, പരമ്പരാഗത തറവാടുകളിൽ അധിഷ്ഠിതമായ മാതൃപരമ്പയിൽ ഊന്നിയുള്ള കൂട്ടുകുടുംബം എന്ന രീതി ദുർബലമാകുവാൻ തുടങ്ങിയിരുന്നു. ഒരു കൂട്ടു കുടുംബത്തിലെ യുവ അംഗങ്ങൾ കുടുംബ സ്വത്തിന്മേൽ വ്യക്തിഗത അവകാശങ്ങൾ ആവശ്യപ്പെടുവാൻ അതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. കൂടുതൽ ലഭ്യമായി വന്ന വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും, ആദ്യകാല തൊഴിൽ സാദ്ധ്യതകളും എല്ലാം തന്നെ, യുവാക്കളിൽ, തറവാട്ടിൽ നിന്നും മാറി താമസിച്ച് അണുകുടുംബങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള ജീവിത രീതിക്കുള്ള അഭിലാഷങ്ങൾ സൃഷ്ടിച്ചു.
അതോടെ, നിരവധി തലമുറകളിലെ അംഗങ്ങൾ ഒരുമിച്ചു ഒരേ വീട്ടിൽ, പരസ്പരം താങ്ങും തണലുമായി ജീവിച്ചു വന്നിരുന്ന രീതിയും, അത് നൽകിയിരുന്ന പരസ്പര സംരക്ഷണവും അസ്തമിക്കുവാൻ തുടങ്ങി. ഇതായിരുന്നു കൂട്ടുകുടുബ വ്യവസ്ഥിതിയുടെ തകർച്ചയുടെ ഒന്നാം ഘട്ടം. അന്യം നിന്നുപോയ ഒരു ജീവിത രീതിയായിരുന്നു അത്. ന്യൂനതകൾ പലതും ഉണ്ടെങ്കിലും, വാർദ്ധക്യത്തിലെ സംരക്ഷണവും അനുഭവജ്ഞാനം തലമുറകളിലേക്ക് പകരുവാനുള്ള അവസരങ്ങളും കൂട്ടു കുടുംബ വ്യവസ്ഥ നിർലോപം നൽകിയിരുന്നു.

കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകർച്ചയുടെ രണ്ടാം ഘട്ടം സംഭവിക്കുന്നത് 1940കൾ മുതൽ 1970-കൾ വരെ ഉള്ള കാലഘട്ടമാണ്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞു. തുടർന്ന് വന്ന കാലഘട്ടം നിയമപരമായ പല പുതിയ വഴിത്തിരുവുകളും ഉടലെടുത്ത വളരെ നിർണായകമായ ഒന്നായിരുന്നു. കൂട്ടുകുടുംബ ഘടനയെ തീർത്തും തകർത്ത പല പ്രധാന നിയമങ്ങളും ഇക്കാലത്ത് നിലവിൽ വന്നു. മദ്രാസ് മരുമക്കത്തായം നിയമം 1949 ൽ മാതൃവംശ പാരമ്പര്യം പിന്തുടരുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് വ്യക്തിഗതമായ സ്വത്തവകാശം നൽകി. ഈ നിയമം, അതുവരെ വിപുലമായി നിലനിന്നിരുന്ന തറവാട്ടു സ്വത്ത്, അംഗങ്ങൾക്കിടയിൽ വിഭജിക്കാൻ അനുവദിച്ചു എന്നർത്ഥം.
തുടർന്ന്, 1956 ൽ ഹിന്ദു പിന്തുടർച്ചാവകാശ നിയമം മാതൃവംശ പാരമ്പര്യം തീർത്തും നിർത്തലാക്കി. പിന്നീട്, 1976 ആയപ്പോഴേക്കും കേരള സംയുക്ത ഹിന്ദു കുടുംബ വ്യവസ്ഥ നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിൽ വന്നു. അതോടെ, കൂട്ടുകുടുംബ വ്യവസ്ഥ പൂർണ്ണമായും അവസാനിച്ചു. ഇതിനെ തുടർന്ന്, തറവാടുകൾ ഒരു ‘ലീഗൽ എൻറ്റിറ്റി’ അല്ലാതായി. അതോടെ കൂട്ടുകുടുംബം എന്ന സൂര്യൻ എന്നന്നേക്കുമായി അസ്തമിച്ചു. നിയമപരമായ ഘടനയില്ലാതെ, ഒരു കൂട്ടുകുടുംബത്തിന് നിലനിൽക്കുവാൻ കഴിയുമായിരുന്നില്ല.
എന്നാൽ, ഇന്നത്തെ നിലയിലേക്ക് വാർദ്ധക്യം കൂടുതൽ അനാഥമാകുന്നത് സാമൂഹികവും സാമ്പത്തികവുമായ വ്യതിയാനങ്ങളുടെ മൂന്നാം ഘട്ടമായ 1970-1980 കളോടെയാണ്. ഗൾഫ് കുടിയേറ്റം കേരളത്തിൽ വിസ്ഫോടനാത്മകം ആകുന്നത് 1973 ന് ശേഷം ആണ്. ഗൾഫിലേക്ക് മാത്രമായിരുന്നില്ല, അമേരിക്കയിലേക്കും, യൂറോപ്പിലേക്കും, ആഫ്രിക്കയിലേക്കും അദ്ധ്യാപകരായും, വൈദ്യ രംഗത്തെ പ്രവർത്തകരായും, തൊഴിലാളികളായും എല്ലാം മലയാളികൾ ഒഴുകുവാൻ തുടങ്ങി. പുതു തലമുറയിലെ യുവാക്കൾ മാതാപിതാക്കളെ നാട്ടിലാക്കി കേരളം വിട്ടു. അങ്ങിനെ, അണുകുടുംബങ്ങൾ സാമാന്യമായ ഒരു ജീവിതരീതിയും മാനദണ്ഡവുമായി മാറി.
കേരള ഭൂപരിഷ്‌കരണ നിയമം 1963-ൽ നിലവിൽ വരുകയും , ആയത് 1970 ജനുവരി 1 മുതൽ ഘട്ടം ഘട്ടമായി പ്രാബല്യത്തിൽ വരുകയും ചെയ്‌തു. അതോടെ, വ്യക്തികൾക്ക് ഭൂപരിധികൾ വരുകയും കേരളത്തിൻ്റെ കാർഷിക ഘടനയെ മാറ്റി മറിക്കു കയും ചെയ്‌തു. ഇത് കേരളത്തിലെ സാമൂഹ്യ ഘടനക്ക് ഏൽപ്പിച്ചത് ദൂരവ്യാപകമായ ഒരു വലിയ ആഘാതമായിരുന്നു.
ഗൾഫിലേക്ക് 1973 മുതൽ വൻതോതിൽ കുടിയേറിയ യുവാക്കൾ കേരളത്തിലെ പട്ടണങ്ങൾക്ക് സമീപം സ്വന്തം അണുകുടുംബങ്ങൾ നിർമ്മിച്ചു. മാതാപിതാക്കൾ അവരുടെ പൂർവ്വിക ഭവനങ്ങളിൽ താമസിച്ചു. അതോടെ, മാതാ പിതാക്കളും മക്കളും ഒരുമിച്ചു താമസിക്കുക എന്നത് അപ്രായോഗികമായി.
കേരളത്തിലെ ഈ കുടിയേറ്റ രീതിയാണ് ഇന്ന് പ്രായമായവർ ഒറ്റയ്ക്ക് താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ വന്ന ഉയർച്ചയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുവാനുള്ള പ്രധാന കാരണം എന്ന് കാണാം. അതിനകം തന്നെ, കൂട്ടു കുടുംബങ്ങൾ പരമ്പരാഗതമായി ആശ്രയിച്ചിരുന്ന കൃഷി തകർന്നിരുന്നു. അങ്ങിനെ കൃഷി ആവശ്യം കൂടി ഇല്ലാതായതോടെ, ഭൂമി കൈകാര്യം ചെയ്യുവാൻ പോലും പിന്നീട് കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കേണ്ടി വന്നില്ല.
ഗൾഫ്, അമേരിക്ക, യൂറോപ്പ് തുടങ്ങിയ നാടുകളിലെ വിദേശവാസവും, അത് നൽകിയ ആപേക്ഷിക സമൃദ്ധിയും യുവാക്കൾക്ക് വ്യക്തിത്വത്തിൻ്റേയും ആധുനിക അഭിലാഷങ്ങളുടേയും ഒരു വലിയ വേലിയേറ്റം തന്നെ നൽകി. സ്വകാര്യത, വ്യക്തിസ്വാതന്ത്ര്യം, ചെറിയ കുടുംബങ്ങൾ നൽകുന്ന ആപേക്ഷികമായ സ്വൈര്യത, നഗരജീവിതം നൽകുന്ന സുഭിക്ഷത, ഇതെല്ലാം പഴയ കൂട്ടായ ജീവിതശൈലിയെ ഓർമ്മകളിൽ നിന്ന് പോലും ഇല്ലാതാക്കി.
രാഷ്ട്രീയവും മതപരവുമായ പ്രത്യാഘാതങ്ങൾ
ഇവിടെ വിശദമാക്കിയ സാമൂഹിക വ്യതിയാനത്തിൻ്റെ വിവിധ ഘട്ടങ്ങൾ സാമൂഹികമായ പ്രത്യാഘാതങ്ങൾ മാത്രമായിരുന്നില്ല കേരള സമൂഹത്തിന് നൽകിയത് എന്ന് കാണാം. ആ ഘട്ടങ്ങൾ എല്ലാം തന്നെ പിൽക്കാലത്ത് രാഷ്ട്രീയവും മതപരവുമായ സംഭവ വികാസങ്ങൾക്ക് കാരണമായി എന്ന് കാണാവുന്നതാണ്. ഇത് പുറകെ വിശദമാക്കുന്നുണ്ട്.
കാർഷിക വൃത്തിയിൽ അധിഷ്ഠിതമായ ഒരു സമ്പത് വ്യവസ്ഥയിൽ വന്ന ന്യൂനതകളും പാളിച്ചകളുമാണ് കേരളത്തിൽ കമ്യൂണിസത്തിന് അടിത്തറ പാകിയത്. ആയിരത്തി തൊള്ളായിരത്തി അൻപത്തി ഏഴിലാണ് ബാലറ്റ് പേപ്പറിലൂടെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുന്നത്. കേരളത്തിൽ മാത്രമല്ല, ഭാരതത്തിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഇത് ഒരു ചരിത്ര മുഹൂർത്തമായിരുന്നു. ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിൻ്റെ കീഴിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരാണ് കേരള ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത്. നമ്പൂതിരിപ്പാടിൻ്റെ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന കെ.ആർ. ഗൗരി അമ്മയാണ് സുപ്രധാനമായ ഈ നിയമം 1957-ൽ കൊണ്ടുവന്നത്. ഈ സുപ്രധാന നിയമനിർമ്മാണം കേരളത്തിലെ ഫ്യൂഡൽ കാർഷിക വ്യവസ്ഥിതിയെ തകർക്കുകയും കുടിയാന്മാർക്കും ഭൂരഹിതരായ കർഷകർക്കും നിലവിൽ ഉണ്ടായിയർന്ന ജന്മിമാരുടെ ഭൂമി ഏറ്റെടുത്ത് പുനർവിതരണം ചെയ്യുകയും ചെയ്തു.
കാർഷിക വൃത്തിയിൽ അധിഷ്ഠിതമായിരുന്ന ഒരു സമൂഹത്തിൽ അന്ന് നിലവിലുണ്ടായിരുന്ന ഉച്ചനീചത്വങ്ങളും ചൂഷണങ്ങളും ഇല്ലായ്മ ചെയ്യുവാനുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളിൽ അടിയുറച്ച പ്രവർത്തനങ്ങൾ തന്നെയായിരുന്നു അതെന്ന് കാണാം.
എന്നാൽ, മുൻപ് വിവരിച്ചതുപോലെ, തുടന്ന് വന്ന പരിവർത്തനത്തിൻ്റെ വിവിധ ഘട്ടങ്ങൾ കേരളത്തിലെ കാർഷിക വൃത്തിയെ തന്നെ ഇല്ലാതാക്കി. ഭൂപരിഷ്കരണ നിയമത്തോടെ ച്ഛിഹ്നഭിന്നമായ കൃഷിയിടങ്ങളിൽ കാലക്രമേണ കൃഷി തന്നെ ഇല്ലാതായതും നമ്മൾ കണ്ടു.
അധികം താമസിയാതെ, ക്രമേണ കേരളത്തിലെ പാടങ്ങൾ തരിശു ഭൂമികളായി മാറി. തുടർന്ന്, ഒരുകാലത്ത് അടിസ്ഥാന കാർഷിക വൃത്തിയിൽ മാത്രം ഏർപ്പെട്ടിരുന്നവർ, വേണ്ടത്ര രാഷ്ട്രബോധവും, ആവശ്യമായ അറിവും ഇല്ലാതിരുന്നിട്ടുകൂടി രാഷ്ട്രീയം ഒരു മുഴുവൻ സമയ തൊഴിലാക്കി മാറ്റി. അതോടെ, കേരളത്തിൻ്റെ വ്യാവസായിക വളർച്ച നിലയ്ക്കുകയാണ് ഉണ്ടായത്. കേരളത്തിൽ തൊഴിൽ അവസരങ്ങൾ തീർത്തും ഇല്ലാതായി. ഇതോടെ തൊഴിലന്വേഷിച്ചുള്ള ചെറുപ്പക്കാരുടെ കേരളത്തിന് പുറത്തേക്കുള്ള പ്രവാഹത്തിന് ശക്തി വർദ്ധിച്ചു.
കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള മൂന്ന് പതിറ്റാണ്ടുകളുടെ കുടിപാർപ്പ് കേരളത്തിന് ഒരു അവളവ് വരെ കേരളത്തിന് സാമ്പത്തിക ഭദ്രത നൽകി എങ്കിലും, അത് മതപരമായ അനൈക്യത്തിനും വഴിയൊരുക്കി. കേരളത്തിൻ്റെ ഗൾഫ് ബന്ധത്തിലൂടെ ചില തീവ്ര ഇസ്‌ലാമിക ദർശനങ്ങൾ കേരളത്തിൽ എത്തുകയും, അതുവഴി അതുവരെ കേരളത്തിൽ നിലനിന്നിരുന്ന സാമുദായിക ഐക്യം ഒരു പരിധിവരെ അപകടത്തിലാവുകയും ചെയ്‌തു എന്ന് തന്നെ പറയേണ്ടി വരും.
അങ്ങിനെ, ഒരു നൂറ്റാണ്ടു കാലമായി കേരളത്തിന് ഏറ്റ സാമൂഹികവും, രാഷ്ട്രീയവും, മതപരവും ആയ ആഘാതങ്ങൾ, കേരളത്തിലെ യുവജനങ്ങളുടെ കേരളത്തിന് പുറത്തേക്കുള്ള കുടിയേറ്റവും, വർദ്ധിച്ചു വരുന്ന വയോജനങ്ങളുടെ ഒറ്റപ്പെട്ട ജീവിതവും ഒരുപോലെ, കൂടുതൽ രൂഢമൂലമാക്കുകയാണ് ചെയ്‌തത്. സാമ്പത്തിക സംരംഭങ്ങൾക്ക് ആവശ്യമായ വ്യാവസായിക സൗഹൃദ അന്തരീക്ഷം ഇല്ലാതിരുന്നത് കൊണ്ട്, കേരളത്തിലേക്ക് വന്ന വ്യക്തിഗത സമ്പത്തെല്ലാം ഉത്പാദനക്ഷമതയില്ലാത്ത വലിയ വീടുകൾ നിർമ്മിക്കുവാനാണ് ചിലവഴിക്കപ്പെട്ടത്. ജീവിത സായാഹ്നത്തിൽ എത്തിച്ചേർന്ന അന്നത്തെ യുവാക്കൾ, വൃദ്ധരായ മാതാപിതാക്കളായി, ഈ സൗധങ്ങളിൽ ഇന്ന് ഏകാന്ത വാസം അനുഷ്ഠിക്കുന്നു.
അവരുടെ മക്കൾക്ക് കേരളത്തിന് പുറത്തുള്ള ജോലി ഉപേക്ഷച്ച് മാതാപിതാക്കന്മാരെ പരിരക്ഷിക്കുവാൻ കേരളത്തിൽ വന്നു നിൽക്കുവാൻ ഇന്ന് സാധിക്കുകയില്ല. മാതാപിതാക്കൾക്കളിൽ പലർക്കും സ്വന്തം ‘തനിക്ക് താൻ പോരിമ’ കളഞ്ഞു മക്കളുടെ അടുത്ത് പോയി താമസിക്കുവാനും കഴിയുന്നില്ല. അങ്ങിനെ പോയി താമസിക്കുവാൻ കഴിഞ്ഞാൽ തന്നെ, അവിടത്തെ പ്രതികൂല കാലാവസ്ഥയും, വർദ്ധിച്ച മെഡിക്കൽ ചിലവുകളും പലപ്പോഴും പലർക്കും താങ്ങുവാൻ കഴിയുന്നതിനും അപ്പുറമാണ്.
അങ്ങിനെ സ്വയം പണിതുയർത്തിയ സ്വന്തം വീട്ടിൽ, വീട്ടു തടങ്കലിൽ അടയ്ക്കപ്പെട്ട നിലയിലാണ് ഇന്നത്തെ കേരളത്തിലെ 45% വീടുകളിലും പാർക്കുന്ന വയോധികർ. പലർക്കും വലിയ വീട് പണ്ടത്തെപ്പോലെ പരിപാലിക്കുവാൻ കഴിയാത്തവിധം വാർദ്ധക്യത്തിൻ്റെ പരിമിതികൾ വന്നുചേർന്നു കഴിഞ്ഞു. പലരേയും ശാരീരിക അസ്വാസ്ഥ്യങ്ങളും ഓർമ്മക്കുറവും വേട്ടയാടുന്നു. പലരും, ഹോം നഴ്‌സിൻ്റെ സഹായത്താൽ കഴിയുന്നു. ഈ സ്ഥിതിയിൽ നിന്നും ഒഴിവായി, ശ്രേഷ്ഠമായ ഒരു വാർദ്ധക്യ ജീവിതത്തിന് ആവശ്യമായ ഘടകങ്ങൾ പരിചയപ്പെടുത്തുകയാണ്, തുടർന്നുള്ള ഭാഗങ്ങളിൽ.
നമ്മുടെ വാർദ്ധക്യം, നമ്മുടെ ഉത്തരവാദിത്വം – ചില തയ്യാറെടുപ്പുകൾ
ജീവിതത്തിലെ ആകസ്മിതകൾക്ക് കടിഞ്ഞാൺ ഇടുവാൻ കെൽപ്പുള്ള, എന്നാൽ വളരെ ശാന്തമായ, ഒരു ഉപാധിയാണ് ‘തയ്യാറെടുപ്പുകൾ’ നടത്തുക എന്നത്. ‘തയ്യാറെടുപ്പ്’ എന്ന ഒരൊറ്റ പ്രവർത്തന ശൈലിക്ക് നമ്മുടെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന പല സംഭവങ്ങൾ ഏൽപ്പിക്കുന്ന ആഘാതങ്ങളെ മറികടക്കുവാനുള്ള ശക്തിയുണ്ട്. നമുക്ക് നിയന്ത്രിക്കുവാൻ കഴിയാത്ത നിരവധി അവിചാരിത സംഭവങ്ങൾ നിറഞ്ഞതാണ് നമ്മുടെ എല്ലാം ജീവിതം. എന്നാൽ, ഭാവിയിൽ സംഭവിക്കുവാൻ സാദ്ധ്യതയുള്ള പല മാറ്റങ്ങളും, ഇതുവരെ സംഭവിച്ച മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, നേരത്തെ തന്നെ നമ്മുടെ അകക്കണ്ണിൽ കണ്ടുകൊണ്ട്, അവയെ നേരിടുവാനുള്ള തയ്യാറെടുപ്പുകൾ കുറഞ്ഞ തോതിലെങ്കിലും നമ്മൾ നടത്തുമ്പോൾ, അത്തരം മാറ്റങ്ങൾ ഭാവിയിൽ സംഭവിക്കുകയാണെങ്കിൽ അവ നൽകുന്ന ആഘാത ശക്തിയെ നമുക്ക് വളരെ അധികം കുറയ്ക്കുവാൻ കഴിയും.
‘തയ്യാറെടുക്കുക’ എന്നാൽ അതിനർത്ഥം ഭാവി പ്രവചിക്കുക എന്നല്ല. ഇന്ന ഇന്ന രീതികളിലായിരിക്കും നമ്മുടെ വാർദ്ധക്യം എന്ന പ്രവചനമല്ല ഇത്. ഭാവിയിൽ ഒരുനാൾ അവിചാരിതമായി ലഭിച്ചേക്കാവുന്ന ഒരു ‘നടുക്കത്തെ’ കാലേകൂട്ടി തന്നെ കണ്ടുകൊണ്ട്, അതിനുള്ള പ്രതിവിധികൾ ഇന്നേ തയ്യാറാക്കുക എന്നതാണ് തയ്യാറെടുപ്പിൻ്റെ ഉദ്ദേശ്യം തന്നെ. കാലത്തിൻ്റെ പെരുവെള്ള പാച്ചിലിൽ സംഭവിക്കുവാൻ സാദ്ധ്യതയുള്ള മാറ്റങ്ങളെ അഭിമുഖീകരിക്കുവാൻ ആവശ്യമായ തയ്യാറെടുക്കലിനായി പ്രേരിപ്പിക്കുക എന്നത് മാത്രമാണ് ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യം തന്നെ.
ശാന്തമായ ഒരു വാർദ്ധക്യകാലത്തിനായി നമ്മൾ ഇന്നേ ഭൗതികമായും, മാനസികമായും തയ്യാറാകുമ്പോൾ, വാർദ്ധക്യം എന്നത് അവിചാരിതമായി വന്നെത്തുന്ന ഒന്നല്ലാതെയായി മാറുന്നു. അങ്ങിനെ അല്ലായിരുന്നു എങ്കിൽ വാർദ്ധക്യം ഏൽപ്പിക്കുമായിരുന്ന ആഘാതം അപ്പോൾ ഇല്ലാതാകുന്നു. അതുകൊണ്ട് നമുക്ക് പരിഭ്രാന്തരായി വാർദ്ധക്യത്തിനോട് പ്രതികരിക്കേണ്ടി വരുന്നില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ, കൃത്യമായ ഉദ്ദേശ ലക്ഷ്യത്തോടെ, നമ്മുടെ വാർദ്ധക്യം, നമ്മുടെ ഉത്തരവാദിത്വമായി സസന്തോഷം രണ്ടു കൈയും നീട്ടി വാർദ്ധക്യത്തെ നമുക്ക് സ്വീകരിക്കുവാൻ കഴിയുന്നു. വളരെ നേരത്തെ തന്നെ തയ്യാറാക്കി നിറുത്തിയിരിക്കുന്ന മനസ്സ് എപ്പോഴും ശാന്തതയും ആത്മവിശ്വാസവും നിറഞ്ഞ ഒന്നായിരിക്കും.
വാർദ്ധക്യം എന്ന അനിവാര്യത ഇരു കൈയ്യും നീട്ടി സുസ്മേരവദനരായി സ്വീകരിക്കുവാൻ നമ്മളെ സഹായിക്കുന്ന പതിനാല് ആശയങ്ങൾ താഴെ കൊടുക്കുന്നു. പടിവാതിലിൽ വന്ന് വാർദ്ധക്യം നമ്മളെ മുട്ടിവിളിക്കുന്നതു വരെ കാത്തിരിക്കാതെ, ഒരു അൻപത് വയസ്സുകഴിയുമ്പോഴേ ജീവിതത്തിൻ്റെ വലിയ ചിത്രം കാണുവാനും മനസ്സിലാക്കുവാനും, അതനുസരിച്ചുള്ള ക്രമീകരണങ്ങൾ സ്വന്തം ജീവിതത്തിൽ കൊണ്ടുവന്ന് പരിശീലിക്കുവാനും തുടങ്ങിയാൽ എത്ര കഠിനമായ വാർദ്ധക്യവും ഒരിക്കലും ഒരു ബാലികേറാ മലയായിരിക്കുകയില്ല.
1.അവബോധസമേതം വാർദ്ധക്യത്തെ സ്വീകരിക്കുക
വാർദ്ധക്യം വന്ന് ശരീരത്തിലും മനസ്സിലും ആക്രാന്തത്തോടെ മേയുവാൻ തുടങ്ങിയാലും അത് അംഗീകരിക്കുവാൻ കൂട്ടാക്കാത്ത നിരവധിപേരെ നമുക്ക് ചുറ്റും എപ്പോഴും കാണുവാൻ കഴിയും. ഇത് ശ്രേഷ്ഠമായ ഒരു വാർദ്ധക്യം നയിക്കുന്നതിന് ഒട്ടും സഹായകരമല്ലാത്ത നിലപാടാണ്. നരച്ച തലമുടിയും താടിയും കറുപ്പിക്കുക, ചെറുപ്പക്കാരെപോലെ വസ്ത്രം ധരിക്കുകയും, വാർദ്ധക്യ ദശക്ക് അനുയോജ്യമല്ലാത്ത വിഷയങ്ങൾ ചിന്തിക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുക ഇതൊക്കെ ധാരാളമായി ഇന്നത്തെ സമൂഹത്തിൽ നമുക്ക് കാണുവാൻ കഴിയുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ ഉള്ളിൽ സ്ഥിരമായ ഒരു പിരിമുറുക്കം സൃഷ്ടിക്കും. സ്വീകാര്യനല്ലാത്ത ഒരു അതിഥി വീട്ടിൽ സ്ഥിരതാമസമാക്കിയ അനുഭവമായിരിക്കും അത് നൽകുക. അതിൻ്റെ ഫലമായി കോർട്ടിസോൾ, അഡ്രിനാലിൻ, നോറാഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ അനസ്യൂതം ശരീരത്തിൽ ഉണ്ടായിക്കൊണ്ടേ ഇരിക്കും. തത്‌ഫലമായി, അക്ഷരാർത്ഥത്തിൽ തന്നെ, നമ്മൾ കൂടുതൽ വാർദ്ധക്യത്തിലേക്ക് വഴുതി വീഴുകയാണ് ചെയ്യുന്നത്.
ജീവിതം എന്താണെന്നും, ജീവിത ചംക്രമണത്തിൽ ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം തുടങ്ങിയ അവസ്ഥകൾ വരുകയും പോകുകയും എല്ലാം ചെയ്യുന്നത് അനുപേക്ഷണീയമായ ഒരു ജീവിത വ്യവസ്ഥ മാത്രമാണെന്നും മനസ്സിലാക്കുവാൻ കഴിയാതെ പോകുന്നതാണ് ഈ ചിന്താക്കുഴപ്പത്തിന് ഒരു കാരണം. മറ്റൊരു പ്രധാന കാരണം, ‘ഞാൻ’ എന്ന് പറഞ് നമ്മൾ വിവക്ഷിക്കുന്ന നമ്മളാകുന്ന ആ ‘വ്യക്തി’ അല്ലെങ്കിൽ ‘വ്യക്തിത്വം’ എവിടെയാണ് നിലകൊള്ളുന്നത് എന്ന് മനസ്സിലാക്കാതെ പോകുന്നത്തിൽ നിന്നും ഉദിക്കുന്ന ആശയക്കുഴപ്പമാണ്. ‘ഞാൻ’ എന്ന വ്യക്തി/വ്യക്തിത്വം അല്ലെങ്കിൽ നിലനിൽപ്പ് ശരീരത്തിലും മനസ്സിലും ഒക്കെയാണെന്ന തെറ്റിധാരണകളാണ് വാർദ്ധക്യത്തെ സ്വീകരിക്കുവാനുള്ള ഈ വൈമുഖ്യത്തിന് മുഖ്യ കാരണം. ശ്രേഷ്ഠമായ ഒരു വാർദ്ധക്യത്തിന് ഇത്തരം സമീപനം തീരെ സഹായിക്കുകയില്ല. ഈ വിഷയത്തിലെ ശരിയായ ധാരണകളിലേക്ക് വെളിച്ചം വീശുവാൻ ഉതകുന്ന ചുരുക്കം ചില വസ്തുതകൾ വളരെ കുറഞ്ഞ വാക്കുകളിൽ സൂചിപ്പിക്കാം.
നമ്മൾ ഓരോരുത്തരും ‘ഞാൻ’ എന്ന് വിവക്ഷിക്കുന്നത്, യഥാർത്ഥത്തിൽ, നമ്മുടെ ശരീരമോ മനസ്സോ അല്ല. അങ്ങിനെ നമ്മൾ തെറ്റിദ്ധരിച്ചിരിക്കുന്നതാണ്. ശരീരത്തിനും മനസ്സിനും പുറകിൽ ആച്ഛാദിതമായി നിലകൊള്ളുന്ന അരൂപിയായ ഒരു ‘സ്വ-ബോധം’ (അല്ലെങ്കിൽ ‘പ്രജ്ഞ’) ഉണ്ട്, നമ്മുക്കെല്ലാം. ആ ‘സ്വ-ബോധം’ (അല്ലെങ്കിൽ ‘പ്രജ്ഞ’) എന്ന ആ നിശബ്ദമായ, ദൃഷ്ടിഗോചരമല്ലാത്ത, ‘ധാരണാശക്തി’ യുടെ ഒരു ‘ഫീൽഡി’ നെയാണ് നമ്മൾ ഓരോരുത്തരും ‘ഞാൻ’ എന്ന് വിളിക്കുന്നത്. ആ ‘ധാരണാശക്തിയുടെ ഫീൽഡ്’ ആയ ‘ഞാൻ’ സ്വയം സൃഷ്ടിച്ചു ഉപയോഗിക്കുന്ന വെറും താത്കാലിക ഉപകരണങ്ങൾ ആണ് നമ്മളുടെ ഈ ശരീരവും മനസ്സും. വാർദ്ധക്യം വരുന്നതും, രോഗഗ്രസ്തമാകുന്നതും, ഒടുവിൽ ഇല്ലാതാവുന്നതും എല്ലാം ‘ഞാൻ എന്ന അവബോധ ഫീൽഡ’ല്ല. ‘ഞാൻ എന്ന അവബോധ ഫീൽഡി’ൻ്റെ താത്കാലിക ഉപകരണങ്ങളായ ശരീരവും മനസ്സും മാത്രമാണ്.
ഈ തിരിച്ചറിവ് ഇല്ലാത്തതാണ് നമുക്ക് സംഭവിക്കുന്ന അടിസ്ഥാന പാളിച്ച. യഥാർത്ഥത്തിൽ നമ്മളാകുന്ന ആ ‘പ്രജ്ഞാശക്തി’യുടെ അനുക്രമമായ വികാസ ഫലമായാണ് കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള നമ്മുടെ അവബോധ ശക്തി വർദ്ധിക്കുന്നത്.
ഇതെല്ലം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും ഉള്ള ശ്രമവും ആഗ്രഹവും വാർദ്ധക്യത്തിൻ്റെ പതിനൊന്നാം മണിക്കൂറിൽ വളർത്തിയെടുക്കുവാൻ കഴിഞ്ഞെന്നിരിക്കില്ല. എങ്കിലും, ശ്രമിക്കുന്നത് നല്ലതു തന്നെയാണ്. വളരെ നേരത്തേ തന്നെ ജീവിതത്തിൻ്റേയും, നിലനിൽപ്പുകളുടേയും സത്യം കണ്ടെത്തുവാൻ ശ്രമിച്ചാൽ, ആ ശ്രമം നൽകുന്ന അവബോധ വികസനം കുറച്ചൊന്നുമല്ല നമ്മുടെ ശരീര മനസ്സുകളുടെ വാർദ്ധക്യ ഘട്ടത്തിൽ നമ്മളെ സഹായിക്കുന്നത് എന്നുമാത്രം ഇപ്പോൾ സൂചിപ്പിച്ചുകൊള്ളട്ടെ! ഒറ്റവാചകത്തിൽ പറഞ്ഞാൽ, വാർദ്ധക്യത്തിലേക്കുള്ള തയ്യാറെടുപ്പിലെ പ്രഥമ പ്രധാനമായ ഘടകം വാർദ്ധക്യത്തെ ഹർഷാരവത്തോടെ, സന്തോഷത്തോടെ. സർവ്വാത്മനാ സ്വീകരിക്കുക എന്നുള്ളതാണ്.
2. സ്വയം പര്യാപ്തത
പൊതുവെ നോക്കുമ്പോൾ, അധികം മലയാളി കുടുംബങ്ങളിലും പ്രധാനപ്പെട്ട പണമിടപാടുകൾ, കണക്കുകൾ സൂക്ഷിക്കൽ, ഓൺലൈൻ അല്ലെങ്കിൽ ഫോൺ ബാങ്കിങ് ഇടപാടുകൾ, ഇൻകം ടാക്സ് തുടങ്ങിയ സർക്കാർ സംബന്ധമായ ഇടപാടുകൾ, ഇൻഷുറൻസ്, വിവിധ ഓൺലൈൻ പണമടക്കൽ, വാഹനങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ട്രാവൽ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ വിവിധ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നത്തെല്ലാം ഭർത്താക്കന്മരായിരിക്കും. എല്ലാ കുടുംബങ്ങളിലും എന്നല്ല പറയുന്നത്, മിക്കാവാറും എല്ലാ കുടുംബങ്ങളിലും എന്നാണ് പറയുന്നത്.
ഇന്ന് ഭാര്യാ-ഭർത്താക്കന്മാർ ഇരുവരും അഭ്യസ്തവിദ്യർ ആണെങ്കിലും, ഭാര്യമാർക്ക് മറ്റു കുടുംബ ചുമതലകൾ ഉള്ളത് കൊണ്ട് കൂടി, ഭാര്യമാർ സാമാന്യേന അധികം പേരും ഇക്കാര്യങ്ങൾ പഠിക്കുവാനോ മനസ്സിലാക്കുവാനോ ശ്രമിക്കാറില്ല. ഈ അജ്ഞത അല്ലെങ്കിൽ താത്പര്യക്കുറവ്, അവരെ അവർ മാത്രമായി വാർദ്ധക്യം നേരിടേണ്ട സന്ദർഭം വരുകയാണെങ്കിൽ, (അങ്ങിനെ വരാതിരിക്കട്ടെ), വളരെ അധികം ബുദ്ധിമുട്ടുകളിൽ കൊണ്ടുച്ചെന്ന് നിപതിപ്പിക്കും. അതുകൊണ്ട്, ഇക്കാര്യത്തിൽ വളരെ നേരത്തെ തന്നെ അറിവും, പരിചയവും, താത്പര്യവും, സ്വയം പര്യാപ്തതയും വളർത്തി എടുക്കേണ്ടത് ശാന്തമായ ഒരു വാർദ്ധക്യ ജീവിതത്തിന് പരമ പ്രധാനമാണ്.
അതുപോലെ തന്നെ, ആഹാരം പാചകം ചെയ്യുന്ന വിഷയത്തിൽ ഭർത്താക്കന്മാരും, സമാനമായ വിധത്തിൽ വളരെ നേരത്തെ തന്നെ അറിവും, പരിചയവും, താത്പര്യവും, സ്വയം പര്യാപ്തതയും വളർത്തി എടുക്കേണ്ടതും തുല്യ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. ചെറുപ്പത്തിൻ്റെ ചോരത്തിളപ്പിൽ ഇതെല്ലാം ശ്രദ്ധിക്കാതെ പോകുന്ന വിഷയങ്ങളാണ്. അങ്ങിനെ സംഭവിക്കുന്നത്, ജീവിതത്തിൻ്റെ രീതികളും, കാര്യങ്ങളുടെ വരും വാരാഴികകളും വേണ്ടത്ര ആഴത്തിൽ പഠിക്കുവാൻ ആവശ്യമായ അവബോധം വളർത്തിക്കൊണ്ടു വരുവാൻ നേരത്തേ മുതലേ ശ്രമിക്കാത്തതു കൊണ്ടാണ്. ‘സ്വയം പര്യാപ്തത’ എന്നതാണ് ഒരു കാവൽവചനമായി നമ്മൾ എടുക്കേണ്ടത്.
3. വാർദ്ധക്യം മക്കളോടൊപ്പം – ഒരു പകരം സംവിധാനം
കൂട്ടുകുടുംബം നൽകിയിരുന്ന വാർദ്ധക്യത്തിലെ സുരക്ഷ, ഇരുപതാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ നമുക്ക് എന്നന്നേക്കുമായി കൈമോശം വന്നുപോയി എന്ന് സൂചിപ്പിച്ചുവല്ലോ. ഇന്ന്, അതിനോട് ഏകദേശം അടുത്ത് നിൽക്കുന്ന ഒരു പകരം സംവിധാനമാണ്, വാർദ്ധക്യത്തിൽ മക്കളിൽ ആരോടെങ്കിലും ഒപ്പം താമസിക്കുക എന്നത്. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം വിവിധ പ്രായോഗിക കാരണങ്ങളാൽ അതും വളരെ വിരളമായി ഭവിച്ചിരിക്കുകയാണ് ഇന്ന്. കാരണം, പലർക്കും മക്കൾ നാട്ടിലില്ല ജീവിക്കുന്നത് എന്നത് തന്നെയാണ്.
അവരവരുടെ ജോലിയും വരുമാനവും സംബന്ധിച്ച കാരണങ്ങളാൽ അവർക്ക് നാട്ടിൽ വന്നു വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുവാൻ കഴിയുകയില്ല എന്നത് പകൽപോലെ വ്യക്തമായ വസ്തുതയാണ്. വൃദ്ധരായ മാതാപിതാക്കൾക്ക് യാതചെയ്യുവാനുള്ള ബുദ്ധിമുട്ടുകൾ, ആരോഗ്യ പ്രശ്നങ്ങൾ, അന്യനാട്ടിലെ വാർദ്ധക്യത്തിന് അനുയോജ്യമല്ലാത്ത അവിടങ്ങളിലെ കാലാവസ്ഥ, മക്കൾ വിദേശത്താണെങ്കിൽ പലപ്പോഴും വിസ സംബന്ധിച്ച പ്രശ്നങ്ങൾ, അവിടെത്തെ ഉയർന്ന വൈദ്യചികിത്സ ചിലവുകൾ തുടങ്ങിയ പരിഗണനകൾ ഈ പകരം സംവിധാനത്തെ ഏറെക്കുറെ ഇല്ലാതാക്കുന്നു. എങ്കിലും, ചുരുക്കം ചിലർക്ക് ഇത് പ്രായോഗികമായ സംവിധാനമായി ഭവിക്കാറുമുണ്ട് എന്നത് വളരെ ആശാവഹമായ വസ്തുത തന്നെയാണ്. എന്നാൽ, എങ്ങിനെ ആയിരിക്കണം മക്കളുടെ കൂടെ വാർദ്ധക്യം ചിലവിടേണ്ടത് എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണകൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
മക്കളുടെ കൂടെയാണ് താമസിക്കുന്നതെങ്കിലും, മാന്യനായ ഒരു അതിഥിയുടെ രീതിയിലാണ് താമസിക്കേണ്ടത്. പഴയ ഓർമ്മയിൽ, നമ്മളോട് ആവശ്യപ്പെടാത്ത കാര്യങ്ങളിൽ ഉപദേശങ്ങളും, അഭിപ്രായം പറയലും, അവരുടെ വ്യക്തിജീവിതത്തിൽ ഇടപെടലും ഒന്നും ഒരിക്കലും നൽകരുത്. ഉപദേശങ്ങൾ ചോദിച്ചാൽ മാത്രം കൊടുക്കേണ്ട ഒന്നാണ്, എക്കാലത്തും. മാതാപിതാക്കളുടെ സാന്നിദ്ധ്യം ഒരു വലിയ അനുഗ്രഹമായിത്തന്നെ മക്കൾക്ക് അനുഭവപ്പെടുന്ന വിധത്തിൽ വേണം നമ്മുടെ ജീവിതം അവരുടെ കൂടെ സജ്ജീകരിക്കുവാൻ. പരാതിയും പരിഭവവും അരുതേ അരുത്. അത്തരം ഒരു ജീവിത സമീപനം വളരെ നേരത്തെ തന്നെ നമ്മൾ സ്വരൂപിക്കണം. അല്ലാതെ, ഒരൊറ്റ രാത്രികൊണ്ട് നമ്മുടെ സ്വഭാവം മാറ്റിയെടുക്കുവാൻ കഴിയുന്ന ഒന്നല്ല.ആദ്യമായി വേണ്ടത്, ഈ വിഷയങ്ങളിലെല്ലാം ആ വശ്യമായ അവബോധവും ശ്രദ്ധയും വർദ്ധിപ്പിക്കുക എന്നതാണ്.
അങ്ങിനെയൊക്കെയാണെങ്കിലും, അനാരോഗ്യം കൊണ്ട് ഉഴലുമ്പോഴും, സ്വന്തം വീട്ടിൽ, സ്വന്തം ചിലവിൽ, സ്വന്തം ഇഷ്ടാനുസരണം ജീവിക്കുവാനുള്ള അദമ്യമായ അഭിലാഷവും മർക്കട മുഷ്ടിയും കേരളത്തിലെ വൃദ്ധരായ മാതാപിതാക്കളുടെ സമൂഹത്തിൽ പലരിലും ആവശ്യത്തിലധികം കാണപ്പെടുന്നുണ്ട്! ശരീരവും മനസ്സും ക്ഷീണിതമാകുമ്പോൾ പോലും തങ്ങളുടെ മക്കളുടെ വീടുകളിലേക്കോ, അതിന് പ്രായോഗിക വൈഷമ്യങ്ങൾ ഉള്ള ഘട്ടത്തിൽ, അത് തിരിച്ചറിഞ്ഞു മനസ്സിലാക്കി, ഉചിതമായ സീനിയർ ലിവിങ് സൗകര്യങ്ങളിലേക്കോ, ആവശ്യമെങ്കിൽ അസിസ്റ്റഡ് ലിവിങ് സംവിധാനങ്ങളിലേക്കോ സസന്തോഷം സ്വയം മാറി താമസിക്കുവാനുള്ള വൈമുഖ്യം പരക്കെ കാണാം.
പഴയ തലമുറകൾക്കിടയിൽ ഇന്നും ശക്തമായ സ്വാധീനം ചെലുത്തുന്ന ഈ “തനിക്ക് താൻ പോരിമ”, വാർദ്ധക്യത്തിൽ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾക്ക് മറ്റൊരു കാരണമാണ്. ഈ നില മാറണം. വാർദ്ധക്യത്തിൻ്റെ ശരീര മനസ്സുകളിലെ സാന്നിദ്ധ്യം നൽകുന്ന പരിമിതികളും ന്യൂനതകളും മനസ്സിലാക്കി അതനുസരിച്ച് സാഹചര്യങ്ങളുമായി സസന്തോഷം ബോധപൂർവ്വം പൊരുത്തപ്പെടേണ്ടത് വാർദ്ധക്യത്തിലെ ശ്രേഷ്ഠ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. വാർദ്ധക്യത്തിലെ ഏതു സാഹചര്യത്തിലും സന്തോഷം ആയിരിക്കണം നമ്മുടെ മുഖമുദ്ര. അല്ലാതെ, പണ്ടപ്പരപ്പും, പരാധീനവും, പരാതികളും, പരിഭവവും, ആവശ്യമില്ലാത്ത ഉപദേശങ്ങളും, അസ്ഥാനത്തുള്ള ആഗ്രഹങ്ങളും എല്ലാമായി കഴിയുന്നത് സ്വന്തം നിലനിൽപ്പ് നരകതുല്യമാക്കുകയാണ് ചെയ്യുന്നത്.
4.വാർധക്യ പരാധീനതകളിലെ സഹായ സേന
വാർദ്ധക്യത്തിൽ ശരീരത്തിനും മനസ്സിനും വെല്ലുവിളികൾ വരുന്നത് തികച്ചും സ്വാഭാവികമായ ഒരു പ്രകൃതി നിയമമാണ്. അത്തരം സന്ദർഭങ്ങളിൽ മക്കളുടെ കൂടെ, മേൽപ്പറഞ്ഞ വിധത്തിൽ താമസിച്ചുകൊണ്ട് വാർദ്ധക്യം കൈകാര്യം ചെയ്യുവാൻ സഹാചര്യങ്ങൾ അനുവദിക്കാത്തവർക്ക്, അത്തരത്തിലുള്ള സഹായം നൽകുവാൻ പര്യാപ്‌തമായ പരിശീലനം ലഭിച്ചിട്ടുള്ള സഹായ സേനയുടെ സേവനം സ്വീകരിക്കണം. നിർഭാഗ്യവശാൽ, അത്തരം പരിശീലനം സിദ്ധിച്ച, സേവനത്തിന് ആവശ്യമായ മനോഭാവവും സംസ്ക്കാരവും ഉള്ള സേവന ദാതാക്കൾ കേരളത്തിൽ വളരെ കുറവാണ്. അങ്ങിനെ ആരെ എങ്കിലും ലഭിക്കുകയാണെങ്കിൽ, അവരെ മക്കളെപ്പോലെ കരുതി ജീവിക്കുവാനുള്ള പക്വതയും വിവേകവും വാർദ്ധക്യത്തിൽ നമുക്കുണ്ടാവണം.
5.സീനിയർ ലിവിങ്
മക്കളുടെ കൂടെ താമസിക്കുവാനോ, സ്വയം ഒറ്റക്ക് താമസിക്കുവാനോ സാഹചര്യങ്ങൾ അനുവദിക്കാത്തവർക്ക് ഇന്ന് ലഭ്യമായ ഒരു വരദാനമാണ് സീനിയർ ലിവിങ്. ഇത് അർഹിക്കുന്ന ഗൗരവത്തോടെ മലയാളികൾ മനസിലാക്കിയിട്ടില്ല.
കേരളം ഇന്ന് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ പ്രായം കൂടുന്ന ജനങ്ങൾ താമസിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. മക്കൾ വിദേശത്തോ അന്യനഗരങ്ങളിലോ താമസിക്കുന്ന സാഹചര്യത്തിൽ, പല മുതിർന്നവരും ഒറ്റപ്പെട്ട ജീവിതത്തിലേക്ക് നീങ്ങുകയാണ്. ഈ പശ്ചാത്തലത്തിൽ, ‘സീനിയർ ലിവിംഗ്’ എന്ന സൗകര്യങ്ങൾ സുരക്ഷിതവും മാന്യവുമായ വാർദ്ധക്യജീവിതം ഉറപ്പാക്കുന്ന ഒരു പുതിയ സാമൂഹിക മാതൃകയാണ്. ശ്രേഷ്ഠമായ ഒരു വാർദ്ധക്യ ജീവിതത്തിന്, സീനിയർ ലിവിങ് സമ്പ്രദായത്തിൻ്റെ ലഭ്യത നമ്മൾ വളരെ ഗൗരവമായി പരിഗണിക്കേണ്ട ഒരു വിഷയമാണ്.
സീനിയർ ലിവിംഗിൻ്റെ ആവശ്യകതക്ക് വളരെ പ്രധാനപ്പെട്ട ചില കാരണങ്ങൾ ഉണ്ട്.

സീനിയർ ലിവിങ്ങിൽ സുരക്ഷയും ആരോഗ്യ പരിചരണവും ആഴ്ചയിൽ ഏഴു ദിവസവും, ഇരുപത്തി നാല് മണിക്കൂറും ലഭ്യമാണ്. സുരക്ഷ, അടിയന്തര മെഡിക്കൽ സഹായം, ആംബുലൻസ് സൗകര്യങ്ങൾ, കമ്മ്യൂണിറ്റിക്ക് ഉള്ളിൽ തന്നെ ഡോക്ടർ, നേഴ്സ് സംവിധാനങ്ങൾ, ഫിസിയോ തെറാപ്പി സൗകര്യങ്ങൾ, മരുന്ന് മാനേജ്മെന്റ്, ആശുപത്രികളുമായുള്ള അടുത്ത ബന്ധം, ഇവയെല്ലാം ലഭ്യമാകുന്നത് മുതിർന്നവർക്കുള്ള വലിയ ആശ്വാസമാണ്.
സീനിയർ ലിവിങ് വാർദ്ധക്യതിലെ ഒറ്റപ്പെടലിൽ നിന്ന് ഉള്ള മോചനമാന്. സമാന പ്രായക്കാരുമായുള്ള ഇടപെടൽ, ദിനചര്യാ പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ, സിനിമ, ഹോബികൾ, താമസിക്കുന്ന വീടുകളിലെ ശുചിത്വ പരിപാലനം, ആഹാരത്തിനുള്ള സംവിധാനങ്ങൾ ഇവയെല്ലാം വാർദ്ധക്യ മനസ്സുകളെ പുനർജ്ജീവിപ്പിക്കുന്ന വിഷയങ്ങളാണ്. വീട്ടിൽ ആശ്രിതത്വം തോന്നുന്നവർക്ക്, സീനിയർ ലിവിംഗ് ഒരു സ്വതന്ത്ര ജീവിതം നൽകുന്ന ഒന്നാണ്.
വിദേശത്തോ ദൂരെയോ ഉള്ള മക്കൾക്ക്, മാതാപിതാക്കൾ സുരക്ഷിതരാണെന്ന ഉറപ്പ് നൽകുന്ന മനഃശാന്തി ചില്ലറയല്ല!
എന്നാൽ, എന്തുകൊണ്ടാണ് പല മലയാളികളും സീനിയർ ലിവിങ് സ്വീകരിക്കാൻ മടിക്കുന്നത്? അതിന് നിരവധി കാരണങ്ങൾ ഉണ്ട്.
“വൃദ്ധസദനം” എന്ന തെറ്റായ പഴയ ധാരണയാണ് ഒരു പ്രധാന കാരണം. മിക്കവരും സീനിയർ ലിവിംഗ് എന്നത് പഴയകാല വൃദ്ധസദനങ്ങളുമായി ബന്ധിപ്പിക്കുന്നു. അതിനാൽ അത് മാതാപിതാക്കളെ മക്കൾ ‘നടതള്ളുന്ന’ മറ്റൊരു സംബ്രദായമാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നു. ഇത് തികച്ചും തെറ്റായ ധാരണയാണ്.
അതുമാത്രമല്ല, സാമൂഹിക വിലയിരുത്തലിൻ്റെ ഭയം പല മാതാപിതാക്കളേയും വേട്ടയാടുന്നുണ്ട്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്നവർ ഭയക്കുന്നു. “മക്കൾ മാതാപിതാക്കളെ കൈവിട്ടു” എന്ന തരത്തിലുള്ള സമൂഹത്തിൻ്റെ വിലയിരുത്തൽ പല കുടുംബങ്ങളെയും ഭയപ്പെടുത്തുന്നു. വാസ്തവത്തിൽ, കൂട്ടുകുടുംബത്തിൻ്റെ ആധുനിക പതിപ്പാണ് സീനിയർ ലിവിങ് സൗകര്യങ്ങൾ.
മറ്റൊരു കാരണം, പല മാതാപിതാക്കൾക്കും അവരുടെ ‘സ്വത്ത്’ വിട്ടു പോകുന്നുവെന്ന തോന്നലാണ്. വീട് വിട്ട് മറ്റൊരു സ്ഥലത്ത് താമസിക്കുന്നത്, സ്വന്തം ജീവിതത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന തോന്നൽ അവരിൽ സൃഷ്ടിക്കുന്നു. ജീവിതത്തിൻ്റെ സ്വഭാവം മാറുന്നതനുസരിച്ച് സ്വയം ക്രമീകരങ്ങൾ ചെയ്യുന്നത് ഏറ്റവ്വും ഉയർന്ന ജീവിത നിയന്ത്രമല്ലെങ്കിൽ പിന്നെ എന്താണ്?
മറ്റുചിലർക്ക് സാമ്പത്തിക ആശങ്കകൾ കടന്നുവരും. ചെലവ് കൂടുതലാണെന്ന ധാരണയും, ദീർഘകാല സാമ്പത്തിക സുരക്ഷഎന്ന ആശങ്കയും ഉണ്ട്. ഇതെല്ലാം സത്യത്തിൽ അസ്ഥാനത്താണ്. അതുവരെ താമസിച്ച വീട് വാടക്ക് കൊടുത്താൽ തീരുന്ന ചിലവുകൾ മാത്രമേ അധികമായി വരൂ. എന്നാൽ ആ അധിക ചിലവ് നൽകുന്ന സുരക്ഷയും സമാധാനവും അതിലും വളരെ വലുതാണ് എന്നവർ അറിയുന്നില്ല. മറ്റു പല ചിലവുകളും എവിടെയായാലും ഉണ്ടാവുകയും ചെയ്യും.
ഇതിനെല്ലാം പ്രതിവിധി, സ്വയം ബോധവൽക്കരണം ഉണ്ടാക്കുക എന്നത് തന്നെയാണ്. സീനിയർ ലിവിംഗ് ഒരു ‘അറ്റകൈ പ്രയോഗം’ ഒന്നുമല്ല; നേരെ മറിച്ച് സുരക്ഷിതവും മാന്യവുമായ ഒരു ജീവിതശൈലി ആണെന്ന് നമ്മളും സമൂഹവും മനസ്സിലാക്കണം.
ഇതിനായി മക്കളും മാതാപിതാക്കളും തുറന്ന മനസ്സോടെ സംസാരിക്കണം —ആരോഗ്യം, സുരക്ഷ, ഒറ്റപ്പെടൽ, ഭാവി — ഇതെല്ലാം കുടുംബത്തിൽ തുറന്ന ചർച്ച അർഹിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ആണ്.
എല്ലാവരും സീനിയർ ലിവിംഗ് കമ്മ്യൂണിറ്റികൾ നേരിട്ട് പോയി കാണണം, അവയുടെ സൗകര്യങ്ങളും അന്തരീക്ഷവും നേരിട്ട് കാണണം. അതോടെ, ഭൂരിഭാഗം ഭയങ്ങളും അകന്നു പോകും.
പെൻഷൻ, വാടക വരുമാനം, മക്കളുടെ പിന്തുണ ഇവയെ എല്ലാം അടിസ്ഥാനമാക്കി ഒരു പ്രായോഗിക സാമ്പത്തിക പദ്ധതി തയ്യാറാക്കണം. മാതാപിതാക്കളുടെ മാന്യതയും സ്വാതന്ത്ര്യവും മുൻനിർത്തി മാതാപിതാക്കൾക്ക് ഇത് ഒരു ‘അനാഥത്വം’ അല്ല, മറിച്ച് സ്വയം തീരുമാനിച്ച ഒരു മാന്യമായ ജീവിതരീതി ആണെന്ന് കുടുംബം മനസിലാക്കണം.
കേരളത്തിൻ്റെ ജനസംഖ്യയുടെ ഘടന മാറിക്കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെടലും ആരോഗ്യപ്രശ്നങ്ങളും വർദ്ധിക്കുന്ന ഈ കാലത്ത്, സീനിയർ ലിവിംഗ് ഒരു ആഡംബരം അല്ല—ഒരു ആവശ്യകതയാണ്. മലയാളികൾ ഈ പുതിയ ജീവിതരീതിയെ മനസ്സുതുറന്ന് സ്വീകരിക്കുമ്പോൾ, വാർദ്ധക്യം ഭയപ്പെടേണ്ട ഒന്നല്ല; മറിച്ച് സുരക്ഷിതവും സന്തോഷകരവുമായ ഒരു പുതിയ അദ്ധ്യായത്തിൻ്റെ തുടക്കമായി മാറുകയാണ് അത്.
6.അസ്സിസ്റ്റഡ് ലിവിങ്
സീനിയർ ലിവിങ് സൗകര്യത്തിന് ഉള്ളിൽ തന്നെ ലഭ്യമായ വിലയേറിയ മറ്റൊരു സേവനമാണ്, ‘അസ്സിസ്റ്റഡ് ലിവിങ്’. ഇത് അധികം ആരും വേണ്ടവിധത്തിൽ മനസ്സിലാക്കിയിട്ടില്ല. വാർദ്ധക്യത്തിലെ ചില ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ ജീവിത ഗുണനിലവാരത്തെ തന്നെ ബാധിക്കാം — പ്രത്യേകിച്ച് കിടക്കയിൽ കഴിയേണ്ടി വരുമ്പോഴും അൽസൈമേഴ്സ് പോലുള്ള ഓർമ്മക്കുറവ് രോഗങ്ങൾ ബാധിക്കുമ്പോഴും. അത്തരത്തിലുള്ള അവസരങ്ങളിൽ, “അസിസ്റ്റഡ് ലിവിംഗ്” എന്നത് ഒരു നിർണായകമായ പരിഹാരമാണ്. ഇവിടെ വീടുകളോ, അപ്പാർട്ട്മെന്റുകളോ സ്വന്തമായി വാങ്ങിക്കുകയോ വാടകക്ക് എടുക്കുകയോ ചെയ്യാവുന്നതാണ്.
മിക്കവാറും എല്ലാ സീനിയർ ലിവിംഗ് സൗകര്യങ്ങളും ലഭ്യമാക്കുന്ന ഒന്നാണ് ഈ സേവനം. പരിശീലനം നേടിയ ഒരു സഹായി നമ്മളോടൊപ്പം സ്ഥിരമായി ഉണ്ടായിരിക്കും, നമ്മുടെ ദിവസേനയുള്ള ആവശ്യങ്ങൾക്കായി. അസിസ്റ്റഡ് ലിവിംഗിൽ താമസിക്കുന്നവർക്ക് ഭക്ഷണം, മരുന്ന്, ശുചിത്വം, വസ്ത്രധാരണ സഹായം, സുരക്ഷിതത്വം എന്നിവയിൽ സ്ഥിരമായ സഹായം ലഭിക്കും എന്നർത്ഥം. പ്രത്യേകിച്ച് ഓർമ്മക്കുറവ് രോഗമുള്ളവർക്ക്, പരിചയസമ്പന്നരായ സഹായികൾ അവരുടെ മാനസികാവസ്ഥ മനസ്സിലാക്കി, സഹാനുഭൂതിയോടെ സമീപിക്കുവാനുണ്ടാകും. കിടക്കയിൽ കഴിയുന്നവർക്ക് ശാരീരിക സഹായം മാത്രമല്ല, മാനസിക ആശ്വാസവും ഈ സംവിധാനത്തിലൂടെ ലഭ്യമാണ്.
ഇത് ആശുപത്രിയല്ല, വീടു പോലെയുള്ള ഒരു അന്തരീക്ഷമാണ് — എന്നാൽ ആവശ്യമായ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്.
ഇത് കുടുംബാംഗങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന ഒന്നായിരിക്കും. മുതിർന്നവരുടെ ആത്മാഭിമാനവും സ്വതന്ത്രതയും ലഭ്യമാക്കിക്കൊണ്ടു തന്നെ, അവർക്കുള്ള ആവശ്യങ്ങൾ മനസ്സിലാക്കി സഹായം നൽകുന്ന സമതുലിതമായ സമീപനമാണ് അസിസ്റ്റഡ് ലിവിംഗ്.
ഒറ്റക്ക് സ്വന്തം വീട്ടിൽ താമസിക്കുന്ന മാതാപിതാക്കൾക്ക് ഇത്തരം സൗകര്യം സ്വകാര്യമായി ഏർപ്പെടുത്തുമ്പോൾ, ഈ സേവന ദാതാക്കളുടെ മേൽനോട്ടം നിർവ്വഹിക്കുവാൻ മറ്റാരുമില്ല എന്നത് മക്കളെ സംബന്ധിച്ചിടത്തോളം വളരെ വൈഷമ്യമുള്ള ഒന്നാണ്. ഒരു സീനിയർ ലിവിങ് സൗകര്യത്തിൽ ഇത് ലഭ്യമാകുമ്പോൾ, ഒരു വലിയ സിസ്റ്റം തന്നെ മുഴുവൻ സമയവും ഇതിൻ്റെ പുറകിൽ ഉള്ളത് വലിയ അനുഗ്രഹമാണ്.
7.അനുനിമിഷം സന്തോഷത്തോടെ
വയസ്സാകുമ്പോൾ ജീവിതം നമ്മളെ പല ദിശകളിലേക്കും വലിച്ചിഴക്കും – കഴിഞ്ഞ കാലത്തിൻ്റെ വേദനകളും നഷ്ടങ്ങളും ഒരുവശത്ത്, വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ചുള്ള ആശങ്കകളും മറുവശത്ത്. ഈ രണ്ടു ശക്തികളും മനസിനെ ക്ഷീണിപ്പിക്കുകയും, ഇപ്പോഴുള്ള സമാധാനത്തെ ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ടാണ് “ഇപ്പോൾ” എന്ന ഈ നിമിഷത്തിൽ അനുനിമിഷം സന്തോഷത്തോടെ ജീവിക്കുന്നത് അഭികാമ്യമായി വരുന്നത്.
കഴിഞ്ഞതോന്നും നമുക്ക് തിരുത്താനാവില്ല, ഭാവി നമുക്ക് നിയന്ത്രിക്കാനും ആവില്ല; പക്ഷേ ഈ നിമിഷം നമുക്ക് അനുഭവിക്കാനും ആസ്വദിക്കാനും കഴിയും. ഈ തിരിച്ചറിവ് തന്നെ ഒരു വലിയ സ്വാതന്ത്ര്യമാണ് നമുക്ക് നൽകുന്നത്. “ഇപ്പോൾ” എന്ന ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുവാൻ നമുക്ക് കഴിയും — ഒരു കാറ്റിൻ്റെ ആർദത, ഒരു കപ്പ് ചായയുടെ ചൂട്, ഒരു പരിചിത ശബ്ദത്തിൻ്റെ ആശ്വാസം. ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങൾ ആണ് വാർദ്ധക്യ ജീവിതത്തിൻ്റെ ഗുണനിലവാരം ഉയരുന്നത്. നമ്മുടെ മനസ്സ് ഇപ്പോൾ എന്താണോ ഉള്ളത്, അതിൽ ബോധപൂർവ്വം നിൽക്കുമ്പോൾ, ശരീരവും മനസ്സും കൂടുതൽ ശാന്തമാകുന്നു; നമ്മുടെ ആശങ്ക കുറയുന്നു; ഉറക്കം മെച്ചപ്പെടുന്നു; ബന്ധങ്ങൾ കൂടുതൽ സ്നേഹപൂർവ്വമാകുന്നു. ജീവിതം വീണ്ടും ലളിതവും മനോഹരവുമായ ഒരു പ്രവാഹമായി നമുക്ക് അനുഭവപ്പെടുന്നു.
ഇത് ഒരു ദിവസം കൊണ്ട് കൈവരിക്കാനാവുന്ന ഒരു കഴിവല്ല; ഇത് ദൈനംദിന അഭ്യാസം കൊണ്ട് മാത്രം ആർജിക്കുന്ന ഒരു വലിയ സിദ്ധിയാണ്. എത്ര നേരത്തെ ആരംഭിക്കുന്നുവോ, അത്രയും നല്ലത്. ഓരോ ദിവസവും കുറച്ച് നിമിഷങ്ങൾ ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ചുറ്റുമുള്ളതിനെ നിരീക്ഷിക്കുക, മനസ്സ് പഴയതിലേക്കോ ഭാവിയിലേക്കോ കുതിക്കുമ്പോൾ സ്നേഹത്തോടെ തിരിച്ചുവിളിക്കുക — ഈ ചെറിയ ശീലങ്ങൾ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. “ഇപ്പോൾ” എന്ന ഈ നിമിഷത്തിൻ്റെ ശക്തി തിരിച്ചറിയുമ്പോൾ, വാർദ്ധക്യം ഒരു ഭാരമല്ല, മറിച്ച് ശാന്തമായ ഒരു അനുഭവമായി മാറുന്നു.
8.വാർദ്ധക്യത്തിൽ വർജ്ജിക്കേണ്ട ശീലങ്ങൾ
വാർദ്ധക്യത്തിൽ നമ്മുടെ ജീവിതത്തെ ശാന്ത സുന്ദരമാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത്, നമ്മളെ തന്നെ ദുർബലമാക്കുന്ന നമ്മുടെ പഴയ അനാരോഗ്യ ശീലങ്ങളെ വിട്ടൊഴിയുക എന്നതാണ്. മദ്യപാനം, പുകവലി പോലുള്ള ശരീരത്തെ തളർത്തുന്ന ശീലങ്ങൾ മാത്രമല്ല, അനാവശ്യ വാക്കുകൾ, വാദപ്രതിവാദങ്ങൾ, മറ്റുള്ളവരെ വേദനിപ്പിക്കുന്ന സംസാരശൈലികൾ എന്നിവഎല്ലാം വാർദ്ധക്യത്തിൽ അത്യുഗ്ര വിഷവസ്തുക്കൾ ആണ്. അതുപോലെ തന്നെ വാർദ്ധക്യത്തിൽ വർജ്ജിക്കേണ്ട രീതികളാണ് സ്വയം മഹത്വവത്കരിക്കുന്ന വാഗ്ധോരണികൾ, അമിത വികാരങ്ങൾ പ്രതിഫലിക്കുന്ന വാചകങ്ങൾ, രാഷ്ട്രീയ വാദപ്രതിവാദങ്ങൾ, മറ്റുള്ളവരെ ചെറുതാക്കുന്ന സംഭാഷണങ്ങൾ ഇവയെല്ലാം തന്നെ.
വാർദ്ധക്യത്തിൽ നമ്മുടെ സംസാരം എല്ലായിപ്പോഴും മിതമായിരിക്കുവാൻ ശ്രദ്ധിക്കണം. എപ്പോഴും പുഞ്ചിരിയോടെ സംസാരിക്കുവാൻ ശീലിക്കണം. നമ്മളോട് ഇങ്ങോട്ട് ആവശ്യപ്പെട്ടാൽ അല്ലാതെ ഉപദേശങ്ങൾ ആർക്കും ഒരിക്കലും കൊടുക്കരുത്. സ്വന്തം സ്വകാര്യതയും മറ്റുള്ളവരുടെ സ്വകാര്യതയും നമ്മൾ എപ്പോഴും മാനിക്കണം.
നമ്മുടെ വാർദ്ധക്യത്തെ ഒരിക്കലും ഒരുവിധത്തിലും സഹായിക്കാത്ത മേൽപ്പറഞ്ഞ തരത്തിലുള്ള ശീലങ്ങൾ ക്രമേണ വിട്ടൊഴിയുമ്പോൾ നമ്മുടെ ശരീരവും മനസ്സും ശുദ്ധമാകും; ചിന്തകൾ കൂടുതൽ നിർമ്മലമാകും; ആരോടും ഉള്ള ബന്ധങ്ങൾ കൂടുതൽ സ്നേഹപൂർവ്വമാകും. ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുകയും, അനാവശ്യമായവയെ ഉപേക്ഷിക്കുകയും ചെയ്യുന്നത് വാർദ്ധക്യ കാലത്ത് ഒരു ഭാരമല്ല, മറിച്ച് നമ്മുടെ വാർദ്ധക്യ കാലത്തെ ശ്രേഷ്ഠമാക്കുന്ന ഒരു അനുഗ്രഹമാണ്.
9.വ്യായാമത്തിൻ്റെ ആവശ്യം
വാർദ്ധക്യത്തിൽ ശരീരത്തെ സജീവവും മനസ്സിനെ ഉണർവ്വോടേയും നിലനിർത്താൻ, നമ്മളാൽ കഴിയുന്നത്ര ചെറിയ വ്യായാമങ്ങൾ ചെയ്യുന്നത് അത്യാവശ്യമാണ്. അൽപ്പമെങ്കിലും നടക്കൽ, ലളിതമായ കൈകാൽ ചലനങ്ങൾ, സാവധാനമായ സ്ട്രെച്ചുകൾ തുടങ്ങിയവയെല്ലാം രക്തചംക്രമണം മെച്ചപ്പെടുത്തുകയും, സന്ധികളുടെ കഠിനത കുറയ്ക്കുകയും, ശരീരത്തിന് ഒരു നവ ഊർജ്ജം നൽകുകയും ചെയ്യും. ഇതോടൊപ്പം പ്രാണായാമം ചെയ്യുന്നത് അത്യന്തം വിലപ്പെട്ട ഒരു അഭ്യാസമാണ്; ശ്വാസത്തെ നിയന്ത്രിക്കുന്ന ലളിതമായ പ്രാണായാമ ശീലങ്ങൾ മനസ്സിനെ ശാന്തമാക്കുകയും, ആശങ്ക കുറയ്ക്കുകയും, ഉറക്കം മെച്ചപ്പെടുത്തുകയും എല്ലാം ചെയ്യും.
10.ചർച്ചാ ഗ്രൂപ്പുകളിലെ അംഗത്വം
വാർദ്ധക്യത്തിൽ ചർച്ചാ ഗ്രൂപ്പുകളിൽ അംഗമാകുന്നത് – അത് മുഖദാവിൽ ഉള്ളതാണെങ്കിലും, സോഷ്യൽ മീഡിയകളിൽ ഉള്ളതാണെങ്കിലും – അഭികാമ്യമാണ്. എന്നാൽ, അതുമൂലം സംഘർഷങ്ങളോ വാഗ് പോരുകളോ ഉണ്ടാകരുത്. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉൾക്കൊള്ളുവാനും മനസ്സിലാക്കുവാനും ഉള്ള കഴിവ് ഉണ്ടാക്കിയെടുക്കണം. ഇത്തരം കൂട്ടായ്മകൾ ഒറ്റപ്പെടലിനെ കുറയ്ക്കുകയും, പുതിയ ചിന്തകൾ കേൾക്കുവാനും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കാനും അവസരം നൽകുകയും ചെയ്യും. ആശയവിനിമയം സജീവമാകുമ്പോൾ മനസ്സ് കൂടുതൽ ഉണർവ്വോടെ പ്രവർത്തിക്കുന്നു; ഓർമ്മശക്തിയും ആത്മവിശ്വാസവും മെച്ചപ്പെടുന്നു. കൂടാതെ, സമാന ജീവിതാനുഭവങ്ങളുള്ള ആളുകളുമായി ഇടപഴകുന്നത് ഒരു മാനസിക ആശ്വാസവും കൂട്ടായ്മയുടെ ഊഷ്മളതയും ഉണർവ്വും നൽകുകയും ചെയ്യുന്നു. വാർദ്ധക്യത്തിൽ നമ്മുടെ മനസ്സിനെ സന്തോഷകരവും സുതാര്യവുമായ നിലയിൽ നിലനിർത്തുവാൻ ഇത്തരം ചർച്ചാ ഗ്രൂപ്പുകൾ ലളിതവും ശക്തവുമായ ഒരു വലിയ സഹായമാണ്.
ആശയവിനിമയം സജീവമാകുമ്പോൾ മനസ്സ് കൂടുതൽ ഉണർവ്വോടെ പ്രവർത്തിക്കുന്നു; ഓർമ്മശക്തിയും ആത്മവിശ്വാസവും മെച്ചപ്പെടുന്നു. കൂടാതെ, സമാന ജീവിതാനുഭവങ്ങളുള്ള ആളുകളുമായി ഇടപഴകുന്നത് ഒരു മാനസിക ആശ്വാസവും കൂട്ടായ്മയുടെ ചൂടും നൽകുന്നു.
11.ജീവിത പങ്കാളി പ്രാഥമിക പിന്തുണ
നമ്മുടെ വാർദ്ധക്യ ജീവിതത്തെ ഏറ്റവും മധുരമാക്കുന്ന ബന്ധം ഭാര്യക്ക് ഭർത്താവും ഭർത്താവിന് ഭാര്യയും തന്നെയാണ്. വാർദ്ധക്യത്തിൽ പരസ്പരം താങ്ങും തണലും ആയി കൂടെ ഉണ്ടായിരിക്കുക എന്ന സൗഭാഗ്യം എല്ലാവർക്കും എല്ലായിപ്പോഴും ഉണ്ടായിരിക്കും എന്ന് പറയുവാൻ കഴിയില്ല. ഇത് മനസ്സിലാക്കി, ഈ ഘട്ടത്തിൽ പരസ്പരംനിഷ്കളങ്കമായ സ്നേഹവും മനസ്സിലാക്കലും നിറഞ്ഞ ഒരു ബന്ധം ഉണ്ടാകുന്നത് വലിയ അനുഗ്രഹം തന്നെയാണ്.
പരസ്പരം ഉള്ള വാദപ്രതിവാദങ്ങൾ ഒഴിവാക്കുകയും, പഴയ പിഴവുകൾ ചൂണ്ടിക്കാണിക്കാതെ ക്ഷമയോടേയും കരുണയോടേയും മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ, ജീവിത സായാഹ്നം സ്വാഭാവികമായി ശാന്തസുന്ദരമാകുന്നു.

നമ്മുടെ ജീവിത പങ്കാളിയാണ് നമ്മുടെ പ്രാഥമിക പിന്തുണാ സംവിധനം എന്ന് എപ്പോഴും ഓർമ്മിക്കണം. നമ്മുടെ ആരോഗ്യപ്രശ്നങ്ങൾ, മാനസിക ക്ഷീണം, ഒറ്റപ്പെടൽ, ദിനചര്യയിലെ ചെറിയ ബുദ്ധിമുട്ടുകൾ, ഇതെല്ലാം പങ്കുവെക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി ആ പങ്കാളിയാണ്. ആ ബന്ധം സ്നേഹപൂർണ്ണമാകുമ്പോൾ, പ്രായാധിക്യത്തിൻ്റെ ഭാരം പകുതിയായി കുറയുന്നു. പരസ്പരം സ്നേഹത്തോടെ സംസാരിക്കുക, ചോദിക്കുവാൻ ഇടവരുത്താത്തവിധം പരസ്പരമുള്ള ആവശ്യങ്ങൾ കണ്ടറിഞ് ചെയ്ത് കൊടുക്കുക — ഇതെല്ലാമാണ് ആ ദീർഘകാല ബന്ധത്തെ മൃദുവും മധുരവുമാക്കുന്ന ശീലങ്ങൾ. വാക്കുകളിൽ കടുപ്പം ഒഴിവാക്കി, മനസ്സിൽ സമത്വവും കരുണയും വളർത്തുമ്പോൾ, ജീവിത പങ്കാളിയോടുള്ള ബന്ധം ഒരു ആശ്രയമല്ല, മറിച്ച് ഒരു ആത്മീയ സാന്ത്വനമായി മാറുകയാണ് ചെയ്യുന്നത്. പ്രായാധിക്യത്തിൽ മനസ്സിനെ സമാധാനത്തിലും സന്തോഷത്തിലും നിലനിർത്താൻ, ഈ പരസ്പര സ്നേഹബന്ധം ഏറ്റവും വലിയ മരുന്നാണ്. ഒരുമിച്ച് ചിരിക്കുവാനും, ഒരുമിച്ച് ഓർക്കാനും, ഒരുമിച്ച് മുന്നോട്ട് നടക്കാനും കഴിയുന്ന ഈ ബന്ധമാണ് ജീവിത സായാഹ്നത്തിനെ ഏറ്റവും മനോഹരമാക്കുന്നത്. അതിനുള്ള ഭാഗ്യം ദീർഘനാൾ നിലനിൽക്കുവാൻ ഇടവരട്ടെ എല്ലാവർക്കും.
12.ആത്മീയത
നമ്മുടെ വാർദ്ധക്യ ജീവിതത്തെ അങ്ങേ അറ്റം താങ്ങി നിർത്തുന്ന ഒരു ശക്തി, ദൈവികതയോടുള്ള നമ്മുടെ ആത്മീയബന്ധമാണ്. അത് ഏത് മതവിശ്വാസത്തിലൂടെയായാലും, അല്ലെങ്കിൽ ഏതു മതപരിധികൾക്കപ്പുറത്തായാലും, അത് അത് തന്നെയാണ്. പ്രാർത്ഥന, ധ്യാനം, നിശ്ശബ്ദത, നന്ദി തുടങ്ങിയ ലളിതമായ ആത്മീയ അഭ്യാസങ്ങൾ മനസ്സിനെ ശാന്തമാക്കുകയും, ഹൃദയത്തെ ലഘൂകരിക്കുകയും, ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങളെ സർവ്വാത്മനാ സ്വീകരിക്കാൻ ഒരു ആന്തരിക ധൈര്യം നമുക്ക് നൽകുകയും ചെയ്യുന്നു. പ്രായാധിക്യത്തിൽ ശരീരത്തിൻ്റെ ശക്തി ക്ഷയിക്കുമ്പോൾ, ആത്മീയതയാണ് മനസ്സിന് ഒരു സ്ഥിരതയും ആശ്വാസവും നൽകുന്ന ആന്തരികമായ നെടുംതൂണായി മാറുന്നത്. ദൈവികതയോടുള്ള ഈ ബന്ധം നമ്മെ ഒറ്റപ്പെടലിൽ നിന്ന് ഉയർത്തി, ഓരോ ദിവസവും ഒരു അനുഗ്രഹമായി നോക്കി കാണുവാൻ സഹായിക്കുന്നു; ജീവിതത്തിൻ്റെ അവസാനഘട്ടം ഭയത്തിൻ്റെ നിഴലല്ല, മറിച്ച് സമാധാനത്തിൻ്റെ സൂര്യവെളിച്ചമായി നമുക്ക് അനുഭവപ്പെടും.
13.വിൽപ്പത്രം
വാർദ്ധക്യത്തിൽ പലരും ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം മറക്കുന്നത് ഒസ്യത്ത് അല്ലെങ്കിൽ വിൽപ്പത്രം (Will) തയ്യാറാക്കുകയും അത് ശരിയായി നടപ്പാക്കുകയും ചെയ്യുക എന്നതാണ്. വ്യക്തമായ ഒരു ഒസ്യത്ത് ഇല്ലാത്തപ്പോൾ, മരണാനന്തരമായി സ്വത്ത് കൈമാറ്റം, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, ഭൂമി–വീട് എന്നിവയുടെ നിയമപരമായ ക്രമീകരണങ്ങൾ ഇവയെല്ലാം പൂർത്തീകരിക്കുവാൻ അവകാശികൾക്ക് വലിയ ബുദ്ധിമുട്ടുകളും വൈകിപ്പുകളും സൃഷ്ടിക്കുന്നു. പലപ്പോഴും കുടുംബാംഗങ്ങൾ തമ്മിൽ അനാവശ്യമായ തർക്കങ്ങൾ ഉണ്ടാകുകയും, സർക്കാർ ഓഫീസുകളിൽ നീണ്ടുനിൽക്കുന്ന നടപടികൾ കാരണം വർഷങ്ങളോളം കാര്യങ്ങൾ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. ഒരു ലളിതവും വ്യക്തവുമായ വിൽപ്പത്രം തയ്യാറാക്കുന്നത് ഈ എല്ലാ പ്രശ്നങ്ങളും ഒഴിവാക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗമാണ്.

വിൽപ്പത്രം തയ്യാറാക്കുന്നതുകൊണ്ട് മാത്രം മതിയാവില്ല; അത് നിയമപരമായി സാധുവാക്കുകയും, വിശ്വസ്ഥരായ ആളുകൾക്ക് അതിൻ്റെ സ്ഥാനം അറിയിക്കുകയും ചെയ്യുന്നത് അത്യാവശ്യമാണ്. ലോക്കറിൽ പൂട്ടി ആരെയും അറിയിക്കാതെ വച്ചാൽ അതിൻ്റെ പ്രയോജനം നഷ്ടപ്പെടും. വിൽപ്പത്രം ലഭ്യമായിടത്ത് സൂക്ഷിക്കുകയും, ആവശ്യമാകുമ്പോൾ അവകാശികൾക്ക് എളുപ്പത്തിൽ കണ്ടെത്തുവാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കുകയും ചെയ്യുന്നത് കുടുംബത്തിൻ്റെ ഭാവി സുരക്ഷിതമാക്കുന്ന ഒരു സ്നേഹപൂർണ്ണ പ്രവർത്തിയാണ്. ജീവിതത്തിൻ്റെ അവസാനഘട്ടത്തിൽ, നമുക്ക് ശേഷം കാര്യങ്ങൾ സുതാര്യമായി മുന്നോട്ട് പോകുവാൻ സഹായിക്കുന്ന ഈ ചെറിയ മുൻകരുതൽ, നമ്മുടെ പ്രിയപ്പെട്ടവർക്കുള്ള ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്നാണ്.
14.ആധാരങ്ങളും പ്രമാണങ്ങളും
അതുപോലെ തന്നെ, നമ്മൾ ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ സമ്പാദിച്ചിട്ടുള്ള പ്രധാനപ്പെട്ട രേഖകൾ — ഭൂമിയും വീടും സംബന്ധിച്ച രേഖകൾ, ലൈസൻസുകൾ, കരാറുകൾ, ബാങ്ക് രേഖകൾ, ഇൻഷുറൻസ് പോളിസികൾ, നിക്ഷേപ വിവരങ്ങൾ തുടങ്ങിയവ — എല്ലാം ക്രമബദ്ധമായി സൂക്ഷിക്കുന്നത് വളരെ അത്യാവശ്യമാണ്. പലരും ഈ രേഖകൾ വീടിൻ്റെ പല ഭാഗങ്ങളിലുമായി വയ്ക്കുകയോ, പലപ്പോഴും എവിടെയാണെന്ന് മറക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ഇതിൻ്റെ ഫലമായി, മരണാനന്തരമായി അവകാശികൾക്ക് രേഖകൾ കണ്ടെത്തുവാനും നിയമപരമായ നടപടികൾ പൂർത്തിയാക്കുവാനും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. ഒരു നല്ല ഓർഗനൈസർ, അല്ലെങ്കിൽ ഫയൽ സിസ്റ്റം, അല്ലെങ്കിൽ ഡിജിറ്റൽ–ഫിസിക്കൽ കോമ്പിനേഷൻ ഉപയോഗിച്ച് രേഖകൾ ക്രമീകരിച്ച് സൂക്ഷിക്കുന്നത് കുടുംബത്തിന് അനാവശ്യമായ ആശയക്കുഴപ്പവും വൈകിപ്പുകളും ഒഴിവാക്കും.

രേഖകൾ ക്രമീകരിക്കുന്നത്കൊണ്ട് മാത്രംനമ്മുടെ ഉത്തരവാദിത്വം പൂർത്തിയാകുന്നില്ല; അവയുടെ സ്ഥാനം വിശ്വസ്ഥരായ കുടുംബാംഗങ്ങളെ അറിയിക്കുകയും, ആവശ്യമായപ്പോൾ എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നത് അത്യന്തം പ്രധാനമാണ്. ലോക്കറിൽ പൂട്ടി ആരെയും അറിയിക്കാതെ വച്ചാൽ അതിന്റെ പ്രയോജനം നഷ്ടപ്പെടും. രേഖകൾ എവിടെയാണെന്ന്, ഏത് ഫയലിൽ എന്താണ് ഉള്ളത്, ഏത് ബാങ്കിൽ എന്ത് അക്കൗണ്ടുകൾ ഉണ്ട് — ഇവയെല്ലാം വ്യക്തമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നത് കുടുംബത്തിൻ്റെ ഭാവി സുരക്ഷിതമാക്കുന്ന ഒരു സ്നേഹപൂർണ്ണ മുൻകരുതലാണ്. ജീവിതത്തിൻ്റെ അവസാനഘട്ടത്തിൽ, നമുക്ക് ശേഷം കാര്യങ്ങൾ സുതാര്യമായി മുന്നോട്ട് പോകുവാൻ സഹായിക്കുന്ന ഈ ചെറിയ ക്രമീകരണം, പ്രിയപ്പെട്ടവർക്കായുള്ള നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്വങ്ങളിൽ ഒന്നാണ്.
സാമൂഹ്യ ഉത്തരവാദിത്വങ്ങൾ
ഒരു സമൂഹത്തിൻ്റെ യഥാർത്ഥ പുരോഗതി അതിലെ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന ബഹുമാനത്തിലും പരിചരണത്തിലും പ്രതിഫലിക്കുന്നു. പ്രായാധിക്യത്തിൽ ആളുകൾ നേരിടുന്ന വെല്ലുവിളികൾ — ആരോഗ്യപ്രശ്നങ്ങൾ, ഒറ്റപ്പെടൽ, സാമ്പത്തിക ആശങ്കകൾ, ചലനപരിമിതികൾ, മാനസിക ക്ഷീണം — ഇവയെല്ലാം പലപ്പോഴും യുവതലമുറയ്ക്ക് കാണുവാനോ മനസ്സിലാക്കുവാനോ കഴിയാതെ പോകുന്നു. അതിനാൽ, സമൂഹത്തിലെ ഓരോരുത്തരും മുതിർന്നവരുടെ ജീവിതം എങ്ങനെയാണ് മാറുന്നത്, അവർക്ക് എന്താണ് ആവശ്യം, എവിടെയാണ് അവർക്ക് പിന്തുണ കുറവായി അനുഭവപ്പെടുന്നത് എന്നിവയെക്കുറിച്ച് ബോധപൂർവ്വം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
മുതിർന്നവരെ സഹായിക്കുന്നത് വലിയ കാര്യങ്ങളായിരിക്കണമെന്നില്ല; ചെറിയ സഹായങ്ങൾ പോലും അവരുടെ ദിനചര്യയെ അത്ഭുതകരമായി ലളിതമാക്കും. ഒരു ചെറിയ സംഭാഷണം, ഒരു ആശുപത്രി സന്ദർശനത്തിന് കൂട്ടിരിക്കുക, ഒരു ഫോം പൂരിപ്പിക്കാൻ സഹായിക്കുക, മരുന്ന് വാങ്ങിക്കൊടുക്കുക, വീട്ടിലെ ചെറിയ ജോലികൾ ചെയ്യുക — ഇവയെല്ലാം അവരുടെ മനസ്സിൽ സുരക്ഷയും സ്നേഹവും നിറയ്ക്കുന്ന

പ്രവർത്തികളാണ്. സമൂഹത്തിലെ യുവാക്കളും മധ്യവയസ്കരും ഇത്തരം ചെറിയ സഹായങ്ങൾ സ്വമേധയാ ചെയ്യുമ്പോൾ, പരസ്പരം കരുതുന്ന, പരസ്പരം ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹം സ്വാഭാവികമായി രൂപപ്പെടുന്നു. ഇതിലൂടെ തലമുറകൾ തമ്മിലുള്ള ബന്ധം ശക്തമാകുകയും, സമൂഹം കൂടുതൽ മനുഷ്യസ്നേഹപരവുമായി തീരുകയും ചെയ്യുന്നു.
ഇന്നത്തെ യുവാക്കൾ മറക്കരുത് — അവർ തന്നെയാണ് നാളത്തെ വയോജനങ്ങൾ . ഇന്ന് അവർ മുതിർന്നവർക്കു നൽകുന്ന കരുതലും ബഹുമാനവും തന്നെയാണ് ഭാവിയിൽ അവരിലേക്ക് തന്നെ തിരിച്ചുവരുന്നത്. ഒരു സമൂഹം മുതിർന്നവരെ അവഗണിക്കുമ്പോൾ, അത് സ്വന്തം ഭാവിയെ തന്നെ ദുർബലമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ, മുതിർന്നവരെ സ്നേഹത്തോടെ കൈപിടിച്ച് ഉയർത്തുന്ന ഒരു സമൂഹം, സുസ്ഥിരവും പരസ്പരം സഹായ ബദ്ധവുമായ ഒരു ഭാവിയെ ആണ് പടുത്തുയുർത്തുന്നത്. അതുകൊണ്ട് തന്നെ, വാർദ്ധക്യത്തെ ബഹുമാനിക്കുകയും, അവരുടെ ജീവിതം ലളിതമാക്കുവാൻ ഓരോരുത്തരും അവരവരുടെ ചെറിയ പങ്ക് നിർവ്വഹിക്കുകയും ചെയ്യുന്നത് ഒരു സാമൂഹിക കടമ മാത്രമല്ല — അത് മനുഷ്യനെന്ന നിലയിൽ നമുക്ക് ഉള്ള ഏറ്റവും വലിയ ഉത്തരവാദിത്വം കൂടിയാണ്. മറക്കരുത് ഇതൊരിക്കലും!
കൂടുതൽ വായനക്ക്, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
