സനാതനഃ ധർമ്മത്തിലെ ധാർമ്മികത ജാതിവ്യവസ്ഥയല്ല

“ഹിന്ദുമതം” എന്നൊരു മതം ഇല്ലെന്നും, “സനാതനഃ ധർമ്മം” എന്നൊരു ധാർമ്മികതയിലും, സ്വധർമ്മാനുഷ്ഠാനത്തിലും  അധിഷ്ഠിതമായ, സ്വയം നിയന്ത്രിതമായ ഒരു  ജീവിത രീതിയാണ് ഉള്ളതെന്നും, അതിനെ  “ഹിന്ദു മതം” എന്ന്  തെറ്റായി ബ്രിട്ടീഷ് ഭരണകാലത്ത് വിളിച്ചു തുടങ്ങിയതാണെന്നും നമ്മൾ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു.  ‘സനാതനം’ എന്നാൽ എല്ലാക്കാലത്തേക്കും ഉള്ളത്, ദേശകാലങ്ങൾക്ക് അതീതമായത്, എന്നാണർത്ഥം എന്നും നമ്മൾ മനസ്സിലാക്കി കഴിഞ്ഞു.  “ധർമ്മം” എന്നാൽ  ഇംഗ്ലീഷിൽ ‘എത്തിക്സ്’, ‘മൊറാലിറ്റി’ എന്നെല്ലാം വിവക്ഷിക്കുമ്പോൾ ഉദ്ദേശിക്കപ്പെടുന്ന  സകലതിൻ്റേയും ആകത്തുകയാണ് എന്ന് പൊതുവേ പറയാമെങ്കിലും, “ധർമ്മം” എന്ന വാക്കിൻ്റെ പൂർണ്ണമായ അർത്ഥം ഉൾക്കൊള്ളുന്ന ഒരു പദം ഇതര ഭാഷകളിൽ ഇല്ല. ഭാരതത്തിന് “ധർമ്മം” എന്നത് ഒരു ശാസ്ത്രമാണ് – അതാണ് ധർമ്മ ശാസ്ത്രം. അതിൽ എത്തിക്സ് ഉൾപ്പെടുന്നുണ്ടെങ്കിലും, അതിനുപരി പല അർത്ഥ തലങ്ങളും ആ പദത്തിൽ അടങ്ങിയിട്ടുണ്ട്.

കുറേ  സത്യപ്രസ്താവനകൾ  നിരത്തിവച്ചാൽ  അത് ‘ശാസ്ത്രം’  ആകില്ല.  ഓരോ പ്രസ്താവനകൾക്കും അടിസ്ഥാന തത്വങ്ങൾ ഉണ്ടാകണം, അത് തെളിയിക്കപ്പെട്ടവയാകണം, വീണ്ടും വീണ്ടും തെളിയിക്കുവാൻ കഴിയുന്ന ഒന്നായിരിക്കണം, മാത്രവും അല്ല, അവയ്‌ക്കെല്ലാം തമ്മിൽ ഒരു പരസ്പര ബന്ധവും ഉണ്ടായിരിക്കണം. അങ്ങിനെയുള്ള സത്യപ്രസ്താവനകൾ അടുക്കും ചിട്ടയോടും കൂടി നിരത്തിവയ്ക്കുമ്പോൾ മാത്രമാണ്, അത് ഒരു ശാസ്ത്രമാകുന്നത്. ഭാരതത്തിൻ്റെ ധർമ്മ ശാസ്ത്രം അപ്രകാരമുള്ള ഒന്നാണ് – ആ ധർമ്മ ശാസ്ത്രമാണ്  സനാതനഃ  ധർമ്മത്തിൻ്റെ അടിത്തറ.

എന്താണ് ധാർമ്മികത

വിവേകവും തിരിച്ചറിവും ഉള്ള ജീവാത്മാക്കൾ (അതായത് നമ്മൾ ഓരോരുത്തരും) പരസ്പരവും, തങ്ങൾക്കു ചുറ്റുമുള്ള മറ്റു സർവ്വ വസ്തുക്കളോട് ഒന്നിനൊന്നും  പുലർത്തേണ്ട     ഉയർന്ന ധാർമ്മിക  ബോധത്തോടെയുള്ള പെരുമാറ്റ  രീതിയാണ്, “ധർമ്മം”.  അത്കൊണ്ട്, ധർമ്മം എന്ന് പറയുമ്പോൾ, കുറെ നന്മകളുടെ ഒരു പട്ടികയല്ല  ഉദ്ദേശിക്കുന്നത്. ‘ധർമ്മം’ എന്നാൽ എല്ലാ വ്യക്തികളും  പരസ്പരം കാത്തുസൂക്ഷിക്കേണ്ട  ശരിയായ പരസ്പര ബന്ധത്തിലും,  ഈ ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങളിലും അധിഷ്ഠിതമാണ്.  ശരിയായ രീതിയിൽ ഉള്ള പരസ്പര പെരുമാറ്റങ്ങളെ  നിയന്ത്രിക്കുന്ന  വ്യക്തവും വ്യവസ്ഥാപിതവുമായ വസ്തുതകളുടെ ഒരു  പൊതു പരമ്പരയാണ് ‘ധർമ്മം’. 

‘ശരിയായ’ രീതി എന്ന് പറയുമ്പോൾ, ഓരോ സാഹചര്യത്തിലും എന്താണ് ശരി എന്താണ് തെറ്റ് എന്നത് സംബന്ധിച്ച അടിയുറച്ച അറിവുകൾ ഉണ്ടായിരിക്കണം.  മാത്രവുമല്ല, മനുഷ്യൻ്റെ പരിമിതികളെക്കുറിച്ചും ജീവിത  സാഹചര്യങ്ങളെക്കുറിച്ചും  ശരിയായ അറിവുകൾ ഉണ്ടാകുകയും വേണം.   സർവ്വ ജീവജാലങ്ങളുടേയും  ക്ഷേമം ഉറപ്പാക്കുക എന്നതാണ് ധാർമ്മികതയുടെ  പരമമായ ലക്ഷ്യം. പെരുമാറ്റ രീതികളുടെ ശാസ്ത്രം മനുഷ്യനെ പഠിപ്പിക്കുന്നതിലൂടേയും അതനുസരിച്ച് മനുഷ്യൻ പെരുമാറുകയും  തനിക്ക് ചുറ്റുമുള്ള സർവ്വതിനോടും യോജിപ്പിലും മൈത്രിയിലും ജീവിക്കുകയും   ചെയ്യുന്നതിലൂടേയുമാണ്   ധർമ്മം സ്ഥാപിതമാകുന്നത്. 

സനാതനഃ ധർമ്മത്തിലെ ഏക ദൈവമായ   ‘ബ്രഹ്മ”ൻ്റെ   ഇച്ഛാനുസരണം  സൃഷ്ടിപ്രക്രിയ സംഭവിക്കുമ്പോൾ, ആ മുഴുവൻ സൃഷ്ടി-സ്ഥിതി-ലയന പ്രക്രിയയുടെ ചുമതലക്കാരും നടത്തിപ്പുകാരുമായി, ഏറ്റവും ഉന്നത ശ്രേണിയിൽ  സൃഷ്ടിക്കപ്പെട്ടവരാണ്‌   ഈശ്വരന്മാർ. ആ ഈശ്വരന്മാർ   ഈ പ്രപഞ്ചത്തിൻ്റെ തന്നെ സമസ്ത സന്തുഷ്ടിയാണ് സൃഷ്ടിനിയമത്തിലൂടെ  ലക്ഷ്യം വച്ചിരിക്കുന്നത്.  അങ്ങിനെയാണെങ്കിലും, നമ്മൾ മനസ്സിലാക്കണം, ശരിയായ കാര്യങ്ങൾ എപ്പോഴും  അവ ചെയ്യുന്ന മാത്രയിൽ തന്നെ വ്യക്തികൾക്ക്   ആനന്ദം നല്കുന്നവയാകണം എന്നില്ല. അതുപോലെ തന്നെ, തെറ്റായ പ്രവർത്തികൾ എപ്പോഴും ആനന്ദം നൽകാത്തവയാകണം എന്നുമില്ല.  സനാതനഃ ധർമ്മത്തിൽ ഒരു പെരുമാറ്റം അല്ലെങ്കിൽ ഒരു  പ്രവൃത്തി  ശരിയായ പെരുമാറ്റം  അല്ലെങ്കിൽ പ്രവൃത്തി ആയി മാറുന്നത് അത് ധാർമ്മികമായി ചെയ്യുമ്പോൾ മാത്രമാണ്. ഒരുവ്യക്തി   ഏതുവിധത്തിൽ പ്രവർത്തിക്കുമ്പോഴാണോ  ആ പ്രവൃത്തി എല്ലാവരുടേയും   ഏറ്റവും ഉയർന്ന നന്മ ഉറപ്പാക്കപ്പെടുന്നത്,  അപ്പോഴാണ് ആ പ്രവർത്തി ശരിയായ (ധാർമ്മികമായ) പ്രവർത്തിയായി   തീരുന്നത്.  “ഒരു വണ്ടിയുടെ ചക്രങ്ങൾ അതിനെ വലിക്കുന്ന കാളകളെ പിന്തുടരുന്നതുപോലെ” കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം  ദുഷിച്ച പ്രവൃർത്തികളെ  പിന്തുടരുന്നു.  അതുപോലെ,  സന്തോഷം ഒരിക്കലും വിട്ടുപോകാത്ത നിഴൽ പോലെ ശുദ്ധമായ  ചിന്തകളേയും ധാർമ്മികമായ  പ്രവർത്തികളേയും, പെരുമാറ്റങ്ങളേയും  പിന്തുടരുന്നു”, എന്ന്  ഗൗതമ ബുദ്ധനും പറയുന്നുണ്ട്.

ധാർമ്മികതയുടെ ലക്ഷണമാണ് ആചാരങ്ങൾ

പ്രത്യേക ഉദ്ദേശത്തോടെ  ബോധപൂർവ്വം നിരന്തരം ചെയ്യുന്ന പ്രവൃത്തികൾ ആണ് ആചാരങ്ങൾ. മേൽപ്പറഞ്ഞവിധത്തിൽ നിലനിപ്പുള്ള സർവ്വതിൻ്റേയും ഏറ്റവും ഉയർന്ന പൊതു നന്മയ്ക്കും ഒരു  വ്യക്തിയുടെ ആത്മീയ പുരോഗതിക്കും ഉതകുന്ന    ഉയർന്ന ലക്ഷ്യത്തോടെ ധാർമ്മികമായ  പ്രവൃർത്തികൾ  ജീവിതചര്യകളിലൂടെ ജനങ്ങളെ പരിശീലിപ്പിക്കുവാൻ രൂപകൽപ്പന ചെയ്യപ്പെട്ട പെരുമാറ്റങ്ങൾ ആണ്  സനാതനഃ ധർമ്മത്തിലെ  “ആചാരങ്ങൾ”. ആചാരങ്ങൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് പ്രപഞ്ച നിയമങ്ങളും, ജീവിത നിയമങ്ങളും പൂർണ്ണമായും മനസ്സിലാക്കിയിട്ടുള്ള ഋഷിവര്യന്മാർ ആണ്.    “ധാർമ്മികതയുടെ ലക്ഷണമാണ് ആചാരങ്ങൾ” എന്ന് മഹാഭാരതത്തിലെ അനുശാസന പർവത്തിലും “ആചാരം തന്നെയാണ് പരമ ധർമ്മം” എന്ന് മനുസ്മൃതിയിലും എടുത്തുപറയുന്നുണ്ട്. 

ശ്രുതിയിലൂടേയും സ്മൃതിയിലൂടേയും ലഭിച്ച ജീവിത തത്വങ്ങൾ ഉൾക്കൊള്ളുന്ന  ധാർമ്മിക പാഠങ്ങൾ  ആചാരങ്ങളായിമാറുന്ന നിരവധി ഉദാഹരണങ്ങൾ ഭാരതീയരുടെ നിത്യജീവിതത്തിൽ  കാണാവുന്നതാണ്.   ഉദാഹരണത്തിന്, “പ്രായത്തിൽ മുതിർന്നവരെ ബഹുമാനിക്കണം” എന്നത് ഭാരതീയമായ ഒരു ആചാരമാണ്. മുതിർന്നവർ വരുമ്പോൾ, എഴുനേറ്റു നിൽക്കുക, അവർക്ക് ഇരിക്കുവാൻ ഇരിപ്പിടം കൊടുക്കുക, അബലരരേയും നിരാശ്രയരേയും സഹായിക്കുക,   എന്നതൊക്കെ   ആചാരത്തിൻ്റെ ഭാഗമായ അനുഷ്ഠാനങ്ങൾ ആണ്.    സമൂഹത്തിൻ്റെ  സന്തോഷത്തിനും  കെട്ടുറപ്പിനും ഇതെല്ലാം കുറച്ചൊന്നുമല്ല സഹായകമാകുന്നത്.   എല്ലാവരും, ഒരുകാലത്ത് വാർദ്ധക്യത്തിലേക്ക്  വരുമെന്ന തിരിച്ചറിവും അത് നൽകും. മാത്രമല്ല, ഗുരു സമാനരായ പല മുതിർന്നവരുടെയും  മനസ്സിൽ അതുമൂലം ഉദിക്കുന്ന സന്തോഷത്തിലൂടെ ആചാരകർത്താക്കൾക്ക് “ഗുരുത്വം” എന്ന ഒരു ‘ഗ്രേസ്’  അല്ലെങ്കിൽ അവാച്യമായ ഒരു മാനസികാനുഗ്രഹം ലഭിക്കും. ആത്മീയമായ പുരോഗതിക്ക് ഇത് വിലമതിക്കാനാവാത്ത മുതൽക്കൂട്ടാണ്. 

ധർമ്മത്തിൻ്റെ അടിസ്ഥാനം.

വേദശാസ്ത്രങ്ങളിൽ “ജീവൻ” എന്നത് സമഗ്രമായ ഒരൊറ്റ “ജീവൻ” ആണ്. മനുഷ്യൻ മാത്രമല്ല നിലനിൽപ്പുള്ള സർവ്വതും വേദശാസ്ത്രങ്ങളിലെ   ജീവൻ്റെ നിർവ്വചനത്തിൽ വരും. നിലനിൽപ്പുള്ള  സർവ്വതിൻ്റേയും സമഗ്രമായ, സന്തുലിതമായ വളർച്ചയും വികാസവും പരിണാമവുമാണ് വേദങ്ങൾ ലക്‌ഷ്യം വയ്ക്കുന്നത്. നമ്മൾ മനുഷ്യർക്ക്, നമ്മുടെ ഇന്നത്തെ പരിണാമ ദശയിൽ, അങ്ങിനെയല്ല.   “ഞാൻ” എന്ന ഉത്തമപുരുഷ സർവ്വനാമം, നമുക്ക് പരമ പ്രധാനമാണ്.  സർവ്വതും “എന്നെ” ചുറ്റിപ്പറ്റി ഉള്ളത് മാത്രമാണ്. എല്ലാം “എൻ്റെ” ഉന്നമനത്തിന് വേണ്ടിയുള്ളതാണ് എന്ന ഒരു തോന്നലാണ് ഏറ്റവും ആദ്യം ഉടലെടുക്കുന്നത്.  സർവ്വതിൽ നിന്നും  വേറിട്ടു മാറി  സ്വതന്ത്രമായി “ഞാൻ നിലനിൽക്കുന്നു” എന്ന തോന്നൽ ഉള്ള   “ഞാൻ” എന്ന  സ്ഥായിയായ ഒരു ‘ബോധം” ആദ്യമായി ഉണ്ടാകുമ്പോൾ ആ തോന്നലിൽ രൂഢമൂലമായിരിക്കും നമ്മുടെ അവബോധം. അതിനെയാണ്  സംസ്കൃതത്തിൽ “അഹങ്കാരം” എന്ന് വിവക്ഷിക്കുന്നത്. “അഹം” എന്ന “ബോധം” ആണ് അഹങ്കാരം. കർമ്മ ബന്ധനങ്ങളാൽ ബന്ധിക്കപ്പെട്ട  ജീവിതത്തിൻ്റെ നീർച്ചാലുകളിലൂടെ, വിവിധങ്ങളായ  ജീവിതാനുഭവങ്ങളിലൂടെ നിരവധി തവണ ആവർത്തിച്ചാവർത്തിച്ചു   കടന്നു പോകുമ്പോൾ, അതിൽ നിന്നും വിലയേറിയ പാഠങ്ങൾ പഠിക്കുമ്പോൾ,    “എൻ്റെ” ജീവൻ, “എൻ്റെ”  ജീവിതം,  “എൻ്റെ” കുടുംബം, “എൻ്റെ” നാട്, “എൻ്റെ”  രാഷ്ട്രം, എന്നിങ്ങനെ  ആ അവബോധം പടിപടിയായി ഉയർന്നുയർന്ന്    “എൻ്റെ “ഭൂമി” , “എൻ്റെ പ്രപഞ്ചം” എന്ന കൂടുതൽ ഉൾക്കൊള്ളൽ ഉള്ള  മറ്റൊരു വികസിത  അവബോധത്തിൽ വന്നെത്തും. 

നിരവധി ജന്മങ്ങൾക്കും  നിരവധി ജീവിതാനുഭവങ്ങൾക്കും ശേഷം   മാത്രം വന്നെത്തുന്ന സ്വാഭാവികമായ  അവബോധ വികസനത്തിൻ്റെ ഒരു തലമാണത്. അപ്പോഴും “സ്വതന്ത്ര”നാണെന്ന് തോന്നിക്കുന്ന  “ഞാൻ” എന്ന വേറിട്ട വ്യക്തിയും ആ വ്യക്തി “എൻ്റേത്” എന്ന പറഞ്ഞു സ്വന്തമാക്കി വച്ചുകൊണ്ടിരിക്കുന്ന   ഒരു “അന്യനും” അപ്പോഴും ഉണ്ട്. അതാണ് “ദ്വൈതം” എന്ന അവസ്ഥ  – “ഞാനും”, ഞാനല്ലാത്ത, എന്നാൽ,  എൻ്റെ സുഖഭോഗത്തിനായി “അന്യനായി” കരുതി വച്ചിരിക്കുന്ന  ഒരു അന്യവസ്തുവുമായിട്ടുള്ള ബന്ധം കാണിക്കുന്ന പദമാണ് “ദ്വൈതം”. 

ഒരു ഉദാഹരണം പറയുകയാണെങ്കിൽ, നമ്മുടെ കാലും കൈയും രണ്ടും രണ്ടാണ്.  എന്നാൽ സത്യത്തിൽ രണ്ടും ഒന്നാണ്  താനും. കൈ എന്നത് “ഞാൻ” കൈവശം വച്ച് അനുഭവിക്കുന്ന  ഒരു അന്യനാണെന്ന് നമ്മുടെ കാലു വിചാരിക്കുന്നു എന്ന് കരുതുക – ആ വിചാരം ദ്വൈതം ആണ്.  എന്നാൽ അവബോധ വികസനത്തിൻ്റെ ഒരു ഉയർന്ന ഘട്ടത്തിൽ എത്തുമ്പോൾ  ഈ തെറ്റിധാരണമാറി നമ്മുടെ കാല്  ശരിയായ അറിവിലേക്ക് എത്തിച്ചേരുന്നു; അതായത്, “ഞാനും” “കൈയും” ഒന്നു തന്നെയാണ്.  കൈൻ്റെ വേദന,  എൻ്റേയും വേദനയാണ് എന്ന് മനസ്സിലാക്കുന്നു. അതുമാത്രമല്ല, കൈയും കാലും ശരീരം തന്നെയാണെന്ന് മനസ്സിലാക്കുന്നു. എല്ലാം ഒന്നാണെന്ന് ആ ഉയർന്ന തിരിച്ചറിവാണ് “അദ്വൈതം” എന്ന അവസ്ഥ.  ഇതെല്ലാം അനുഭവത്തിലൂടെ  കാലക്രമത്തിൽ വന്നുചേരുന്ന തിരിച്ചറിവാണ്.  ചില ജീവാത്മാക്കൾക്ക് നൂറുകണക്കിന് ജനന-മരണങ്ങളിലൂടെ, ആയിരകണക്കിന് അനുഭവങ്ങളിലൂടെ മാതമേ ഈ തിരിച്ചറിവ് കൈവരുകയുള്ളൂ. സനാതനഃ ധർമ്മം പഠിപ്പിച്ചു തരുന്ന ജീവിത രീതിയിലൂടെ ബോധപൂർവ്വം ജീവിതം മുന്നോട്ടു കൊണ്ടുപോയാൽ വളരെ കുറഞ്ഞ ജനന-മരണ ആവർത്തികൾക്കുള്ളിൽ ഒരു ജീവാത്മാവിന് ആ ഉയർന്ന അവബോധ നിലയിൽ ചെന്നെത്താം.   

അത്തരം ജീവിത പരിണാമത്തിന് സഹായകമായ ചിന്തകളും, വാക്കുകളും, പ്രവർത്തികളും ആണ്  സനാതനഃ ധർമ്മത്തിലെ “ധർമ്മം”. ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ സർവ്വതും ഒരേ ബ്രഹ്മം അല്ലെങ്കിൽ ബ്രഹ്മൻ  തന്നെ പല തീവ്രതകളിലും പല ഭൗതിക രൂപത്തിലും പലതായി വർത്തിക്കുന്നതാണ് എന്ന അറിവാണ് സനാതനഃ ധർമ്മത്തിലെ  ധാർമ്മികയുടെ  അടിസ്ഥാനം.  അതായത്, “ഞാൻ” എന്ന ബോധം സർവ്വ വസ്തുക്കളിലും  പല നിലകളിലും, തീവ്രതകളിലും   നിലകൊള്ളുന്നുണ്ടെങ്കിലും,  അതെല്ലാം ഒരേ ഒരു ബ്രഹ്മൻ എന്ന ഏകത്വത്തിൻ്റെ വിവിധ  പ്രതിഫലനങ്ങൾ      തന്നെയാണ് എന്ന തിരിച്ചറിവാണ് സനാതനഃ ധർമ്മത്തിലെ ധാർമ്മികതയുടെ  അടിത്തറ. 

നിരവധി ശരീരങ്ങളും നിരവധി മനസ്സുകളും ഈ പ്രപഞ്ചത്തിൽ ഉണ്ട്.  എന്നാൽ ആ ശരീര-മനസ്സുകളെ എല്ലാം ചൈതന്യവത്താക്കുന്നത്   ഒരേ ഒരു ബ്രഹ്മൻ്റെ  തന്നെ സ്വ-ആത്മത്വത്തിൻ്റെ  പ്രതിഫലനങ്ങളാണ്. അതുകൊണ്ട്,  ഒരു ശരീരത്തിനോ മനസ്സിനോ വേദനിച്ചാൽ,  ആത്യന്തികമായി അത് എല്ലാ മനസ്സുകളേയും എല്ലാ ശരീരങ്ങളേയും  വേദനിപ്പിക്കും. എല്ലാം വേറെ വേറെ ആണെന്ന തോന്നൽ താത്കാലികമായ  അജ്ഞതയാണ്. എന്നാൽ, ആത്യന്തികമായി എല്ലാം ഒന്നാണ്, ഞാനും അത് തന്നെയാണ്  എന്നുള്ള തിരിച്ചറിവാണ് ശാശ്വതമായ അറിവ്. ഇതാണ് സനാതനഃ ധർമ്മം നൽകുന്ന ആത്യന്തികമായ ആത്മജ്ഞാനം. അതുകൊണ്ട്, സനാതനഃ ധർമ്മത്തെ സംബന്ധിച്ചിടത്തോളം, “ശരിയായ ബന്ധം”  എന്നത്,  സർവ്വ ശരീര മനസ്സുകളും   തമ്മിൽ തമ്മിൽ നിലനിർത്തേണ്ട  ബന്ധങ്ങൾ  എല്ലാവരുടെ നന്മയും പൂർണ്ണമായും ഉൾക്കൊള്ളുന്ന പെരുമാറ്റ രീതികളിൽ അധിഷ്ഠിതമായിരിക്കുമ്പോൾ ഉണ്ടാകുന്ന പൂർണ്ണത   മാത്രമാണ്. ഇതാണ്, യഥാർത്ഥത്തിൽ ഉള്ള നാനാത്വത്തിലെ ഏകത്വം. വ്യക്തി ബന്ധങ്ങൾ ധാർമ്മികമായി പരിചരിക്കുക എന്നതാണ്  ആണ് ഇതെല്ലാം പരിശീലിക്കുവാൻ നൽകപ്പെട്ടിരിക്കുന്ന  സനാതനഃ ധർമ്മത്തിലെ പരിശീലനക്കളരി. ഈ പരിശീലനത്തിനും അടുക്കും ചട്ടയും ക്രമവും നിയമാവലികളും എല്ലാം ഉണ്ട്. 

ആദ്യം നൽകിയ ഉദാഹരണത്തിൽ, നമ്മുടെ കൈകൊണ്ട്  കാൽപാദത്തിനെ മുറിവേൽപ്പിച്ചാൽ, രക്തം വാർന്ന് പോകുന്നത് പാദത്തിൽ നിന്നും ആണെങ്കിലും, താമസിയാതെ തന്നെ അതിൻ്റെ  ക്ഷീണം കൈ അനുഭവിക്കുവാൻ തുടങ്ങും. അനുഭവിക്കുവാൻ കാത്തിരിക്കുന്ന ക്ലേശങ്ങളുടെ നീണ്ട ഇടവേളകളിൽ കൂടി മാത്രമേ കയ്യിന് അക്കാര്യം മനസ്സിലാകുകയുള്ളൂ എന്നുമാത്രം. ജീവൻ്റെ പരിണാമത്തിന് രണ്ട് വ്യത്യസ്തങ്ങളായ ഘട്ടങ്ങൾ ഉണ്ട് എന്ന് നമ്മൾ കണ്ടു. ഒന്ന്, “ഞാൻ” എന്ന അഹങ്കാരബോധം ക്രമാനുഗതമായി ശക്തിപ്രാപിച്ച് മൂർദ്ധന്യത്തിൽ എത്തി, “ഞാൻ” വേറെ, മറ്റുള്ളതെല്ലാം വേറെ എന്ന് കരുതി, പലപ്പോഴും അധാർമ്മികമായി പെരുമാറി, കർമ്മപാശങ്ങളാൽ ബന്ധിതമായിപ്പോകുന്ന  “പ്രവർത്തി”യുടെ – ദ്വൈത ഭാവനയുടെ – ഒരു വിപരിണാമ ഘട്ടം. അറിവില്ലായ്മയുടേയും അതനുസരിച്ചുള്ള പ്രവൃത്തികളുടേയും  ഒരു ഘട്ടം ആണത്. രണ്ട്, അനുഭവത്തിലൂടെ തെറ്റുകൾ മനസ്സിലാക്കി  എല്ലാം ഒന്നാണെന്ന തിരിച്ചറിവിലൂടെ അവബോധം വികസിക്കുന്ന പരിണാമ ഘട്ടം. അറിവിൻ്റേയും അതനുസരിച്ചുള്ള പ്രവർത്തികളുടേയും ഘട്ടമാണത്. രണ്ടും ചേർന്നതാണ് പരിണാമം. സനാതനഃ ധർമ്മത്തിലെ ശരി തെറ്റുകൾ ജീവൻ്റെ ഈപ്പറഞ്ഞ പരിപൂർണ്ണ പരിണാമത്തിൻ്റെ  രണ്ടു ഘട്ടങ്ങളിലൂടെ  മാത്രമേ മനസ്സിലാക്കിയെടുക്കുവാൻ കഴിയുകയുള്ളൂ. ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ് സനാതനഃ ധർമ്മത്തിൽ. അഖണ്ഡമായ ശരിയും അഖണ്ഡമായ തെറ്റും ഇല്ല. തെറ്റും ശരിയും  പരിണാമത്തിൻ്റെ ആദ്യഘട്ടത്തിലാണോ രണ്ടാമത്തെ ഘട്ടത്തിലാണോ എന്നതിനെ അപേക്ഷിച്ചിരിക്കും.  എന്നാൽ, “ധർമ്മം” ഒന്നേ ഉള്ളൂ. ദ്വൈത ബോധത്തിൽ നിന്നും അദ്വൈത ബോധത്തിലേക്കുള്ള പരിണാമത്തെ പ്രത്സാഹിപ്പിക്കുന്ന, ഒത്താശകൾ ചെയ്തുകൊടുക്കുന്ന എന്തും ധാർമ്മികതയാണ്. അല്ലാത്തത് അധാർമ്മികതയും. 

സനാതനഃ ധർമ്മത്തിലെ ശരിതെറ്റുകൾ 

ശരിയും തെറ്റും എല്ലാം ആപേക്ഷികമാണെന്ന് പറയാറുണ്ട്. ശരി-തെറ്റുകൾക്ക് സനാതനഃ ധർമ്മത്തിലെ പദങ്ങൾ ധർമ്മം-അധർമ്മം എന്നാണ്. ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റായിരിക്കാം. ഒരേ പ്രവർത്തി ഒരു സമയത്ത് തെറ്റും മറ്റൊരു സമയത്ത് ശരിയും ആകാം. ഉദാഹരണത്തിന്,  പ്രായപൂർത്തിയായ ഒരാൾ ഒരു തീപ്പെട്ടി ചോദിച്ചാൽ അത് കൊടുക്കുന്നത് ധർമ്മമാണ്. അതേ തീപ്പെട്ടി രണ്ടുവയസ്സ് മാത്രം പ്രായമുള്ള ഒരു ചെറിയ കുട്ടി ചോദിച്ചാൽ കൊടുക്കുന്നത് അധർമ്മമാണ്. ധർമ്മാധർമ്മങ്ങളുടെ  ആപേക്ഷികത  ആഴത്തിൽ മനസ്സിലാക്കുന്നതിന് ദ്വൈതാവബോധത്തിൻ്റെ പ്രവൃത്തി – അദ്വൈതാവബോധത്തിൻ്റെ നിവൃത്തി എന്ന പരിണാമത്തിൻ്റെ  നേരത്തേ വിശദമാക്കിയ രണ്ടു ഘട്ടങ്ങൾ എന്ന  വിഷയതിലേക്ക് മടങ്ങി പോകേണ്ടതുണ്ട്. 

നമ്മൾ ഓരോരുത്തരും തമ്മിൽത്തമ്മിലും, കൂടാതെ നമുക്ക് ചുറ്റുമുള്ള മറ്റു സർവ്വ വസ്തുക്കളോട് ഒന്നിനൊന്നും  പുലർത്തേണ്ട     ഉയർന്ന ധാർമ്മിക  ബോധത്തോടെയുള്ള പെരുമാറ്റ  രീതിയാണ് “ധർമ്മം” എന്ന് നമ്മൾ മനസ്സിലാക്കി കഴിഞ്ഞു. എന്നാൽ പരിണാമത്തിൻ്റെ പ്രവർത്തി ഘട്ടത്തിൽ നിലനിൽക്കുന്നവരോട്  വളരെ ശ്രദ്ധിച്ച്, അവബോധപൂർവ്വം, ധർമ്മാധർമ്മങ്ങളെക്കുറിച്ചുള്ള  വീണ്ടുവിചാരത്തോടെ മാത്രമേ കാര്യങ്ങൾ ചെയ്യാവൂ. കാരണം അവബോധത്തിൻ്റെ  താരതമ്യേന ഉയർന്ന തലങ്ങളിലേക്ക്  ഇനിയും എത്താത്തവരോട് അവർക്ക് സുഖിക്കാത്ത വിധത്തിൽ പെരുമാറേണ്ടി വരുന്നത്  ധാർമ്മികതയാവാം ചില സന്ദർഭങ്ങളിൽ.  ഒരുപ്രവർത്തിയുടെ  തത്ക്ഷണം ഉള്ള ഫലം സുഖദായിയോ ദുഃഖദായിയോ എന്നല്ല നോക്കേണ്ടത്, ചെയ്യന്ന പ്രവർത്തിയുടെ പരിണതഫലം അതനുഭവിക്കുന്ന ജീവാത്മാവിൻ്റെ ഏറ്റവും ഉയർന്ന നന്മയ്ക്കാണോ എന്നാണ് നോക്കേണ്ടത്. അതാണ്   ധാർമ്മികത എന്നർത്ഥം. 

അതേസമയം, ഒരുരുത്തരും സ്വധർമ്മം ചെയ്യുകയും വേണം. അപ്രകാരം സ്വധർമ്മം പാലിക്കുമ്പോഴും, ആ പ്രവർത്തിയുടെ പരിണതഫലം അനുഭവിക്കുന്നവരുടെ ഏറ്റവും ഉയർന്ന  നന്മ കണക്കിൽ എടുക്കേണ്ടതുണ്ട്‌. ആ പ്രവർത്തി തത്സമയം അവർക്ക് സുഖം നൽകുമോ ദുഃഖം നൽകുമോ എന്നുള്ളത്   അവരുടെ  നിലവിലെ അവബോധ നിലയേയും അവരുടെ ചുറ്റുപാടുകളുടെ നിലയേയും എല്ലാം ആശ്രയിച്ചിരിക്കും. രണ്ടായാലും, അവരുടെ പരിണാമത്തിന് ഏറ്റവും അധികം സഹായിക്കുന്ന വിധത്തിലാകണം നമ്മുടെ പ്രവർത്തി. അപ്പോൾ മാത്രമേ ആ പ്രവർത്തി ധാർമ്മികമാകുകയുള്ളൂ. അതായത്, ഫലഭോക്താക്കൾ അവരുടെ പരിണാമ പ്രയാണതിൽ  പ്രവൃർത്തിയുടെ ഘട്ടതിലാണോ, നിവൃർത്തിയുടെ ഘട്ടത്തിലാണോ എന്നുള്ള എന്നുള്ള തിരിച്ചറിവ്  നമ്മൾ ചെയ്യുന്ന പ്രവൃത്തിയുടെ ധാർമ്മികതയെ സ്വാധീനിക്കണം.

ചെറുതും വലുതുമായ രണ്ട് ഉദാഹരങ്ങളിലൂടെ ഇത് വ്യക്തമാക്കാം.  റോഡിൽ നമ്മുടെ വാഹനം പാർക്ക് ചെയ്യുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ആണെങ്കിൽ അത് അധർമ്മമാണ്. അജ്ഞതയുടെ “പ്രവർത്തി” ഘട്ടത്തിൽ ഒരാൾ അങ്ങിനെ ചെയ്‌താൽ,  അങ്ങിനെ ചെയ്യരുത് എന്ന് അറിവിൻ്റെ  “നിവൃത്തി” ഘട്ടത്തിലുള്ള ഒരാൾ  ധാർമ്മികമായ പ്രവർത്തി ചെയ്തയാളെ ഉപദേശിക്കണം.  അതാണ് ധാർമ്മികത. അയാൾക്ക് അത് ഇഷ്ടമാകില്ലെന്ന് കരുതി അങ്ങിനെ ചെയ്യാതിരിക്കുന്നത് ധാർമ്മികത പരിശീലിക്കുവാനുള്ള ഒരു അവസരം നഷ്ടപ്പെടുത്തലാണ്.  നമ്മുടെ വാഹനം പാർക്ക് ചെയ്യുക എന്നത് നമ്മുടെ സ്വധർമ്മമാണ്. എന്നാൽ നമ്മൾ അത് അനുഷ്ഠിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടോ, നമ്മുടെ പ്രവൃത്തി ആ പാതയിലെ ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്നെല്ലാം മനസ്സിലാക്കി, അങ്ങിനെ ഉണ്ടാകാത്ത വിധം പാർക്കുചെയ്യണം. അതാണ് ധർമ്മം. അത് നമുക്ക് താത്കാലികമായി ചില ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. കുറച്ചധികം ദൂരെ പാർക്ക് ചെയ്യേണ്ടി വന്നേക്കാം. അതെല്ലാം സന്തോഷപൂർവ്വം, പരാതികളും ശാപവചനങ്ങളും പൊഴിക്കാതെ ചെയ്യുക എന്നതാണ് ധാർമ്മികത. അങ്ങിനെ ഓരോതവണയും നമ്മൾ ധാർമ്മികമായി, വീണ്ടുവിചാരത്തോടെ,  നമ്മുടെ വാഹനം പാർക്ക് ചെയ്യുമ്പോൾ, അപ്രകാരം വിശാലമായി ചിന്തിച്ച് പ്രവർത്തിക്കുക വഴി നമ്മൾ നമ്മുടെ അവബോധം വികസിപ്പിക്കുകയാണ് ചെയ്യുന്നത്. അവബോധ വികസനം പരിശീലിക്കുവാനുള്ള ഒരു അവസരം നമ്മൾ കൃത്യമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.  അങ്ങിനെ ചെയ്യാത്തപ്പോൾ അവബോധ വികസനത്തിനുള്ള ഒരു അവസരം നമ്മൾ പാഴാക്കുകയാണ് ചെയ്തത്. അതിൻ്റെ ഫലമായി നമ്മുടെ തന്നെ പരിണാമ പ്രയാണം മന്ദീഭവിക്കുന്നു.  അവബോധ വികസനം പരിശീലിക്കുവാനുള്ള നൂറുകണക്കിന് അവസരങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ അനസ്യൂതം വന്നുകൊണ്ടിരിക്കും. അതെല്ലാം തിരിച്ചറിഞ്ഞു ധാർമ്മികമായി അനസ്യൂതം പ്രവർത്തിക്കുന്നതിലൂടെ മാത്രമാണ് നമ്മുടെ പരിണാമം ദ്രുതഗതിയിൽ ആകുന്നത്. 

ഒരു കൊടും കുറ്റവാളിക്ക് ജീവപര്യന്തമോ വധശിക്ഷയോ വിധിക്കുന്ന ന്യായാധിപൻ ധാർമ്മികതയാണ് ചെയ്യുന്നത്.  ആ കുറ്റവാളിയും ഒരു ജീവാത്മാവ് തന്നെയാണ്.  കുറ്റം ചെയ്യുവാൻ ഇടവന്നത്, ആ ജീവാത്മാവ് തൻ്റെ പരിണാമ പ്രയാണത്തിലെ “പ്രവൃത്തി” ഘട്ടത്തിൽ ആയതു കൊണ്ടാണ്.  അതുകൊണ്ടാണ് അധാർമ്മികമായ ആ കൃത്യം ചെയ്യുവാൻ ഇടവന്നത്. എല്ലാ കുറ്റകൃത്യങ്ങളും അധാർമ്മികമാണ്. കാരണം ആ കൃത്യം  മറ്റൊരു ജീവാത്മാവിന്  തൻ്റെ പരിണാമ പ്രയാണത്തിൽ മുന്നേറുവാനുള്ള അവസരത്തിന് ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തടസ്സം സൃഷ്ടിക്കലാണ്. എല്ലാ കൃത്യങ്ങൾക്കും ഒരു കാർമ്മീക ഫലം ഉണ്ടെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് ഒരു ജീവാത്മാവ് ധർമ്മാധർമ്മങ്ങളെക്കുറിച്ച് ബോധവാനാകുന്നത്. അത്തരം മനസ്സിലാക്കലുകൾ ആ ജീവാത്മാവിൻ്റെ പരിണാമ പ്രയാണത്തിനെ അനുകൂലമായി സഹായിക്കുന്ന ഒന്നാണ്. ന്യായാധിപൻ  നൽകിയ ശിക്ഷ  ആ ജീവാത്മാവിന് തത്ക്കാലം  വേദന നൽകിയാലും ആ വേദന ആ ജീവാത്മാവിൻ്റെ ഏറ്റവും വലിയ നന്മക്ക് തന്നെയാണ്.  അങ്ങിനെയാണ്,  ജീവപര്യന്തമോ വധശിക്ഷയോ വിധിക്കുന്ന ന്യായാധിപൻ അനുഷ്ഠിച്ച  സ്വധർമ്മം  ധാർമ്മികതയാകുന്നത്. ഒരു സനാതനഃ ധർമ്മചാരിയുടെ  ശിക്ഷയും രക്ഷയും  ശിക്ഷിക്കുവാനോ, പകരം വീട്ടുവാനോ ഉള്ളതാകരുത് – തെറ്റുതിരുത്തി ധർമ്മത്തിൻ്റെ  പാതയിൽ നിന്നും  ധർമ്മത്തിൻ്റെ  പാതയിലേക്ക് കൊണ്ടുവരുവാൻ മാത്രമായിരിക്കണം അത്. 

അതുപോലെതന്നെ,   യുദ്ധം ചെയ്യുക എന്നത് ഒരു പട്ടാളക്കാരൻ്റെ സ്വധർമ്മം ആണ്. ആ യുദ്ധത്തിൽ പലരേയും വധിക്കേണ്ടി വരും. അത് പ്രഥമ ദൃഷ്ടിയിൽ  അധർമ്മമായി തോന്നാമെങ്കിലും സത്യത്തിൽ അത് ധർമ്മം തന്നെയാണ്. കാരണം, ആ യോദ്ധാവ് യുദ്ധം ചെയ്യുവാൻ വിസമ്മതിച്ചാൽ ഒരു രാജ്യത്തെ സർവ്വ  ജനങ്ങളുടേയും (സർവ്വ ജീവാത്മാക്കളുടേയും)  സമാധാന ജീവിതവും സംരക്ഷണവും ഉറപ്പാക്കുവാൻ കഴിയാതെ അവരുടെ പരിണാമ പ്രയാണത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടും. മാത്രവുമല്ല,   മുഖം നോക്കാതെ, യുക്തിപരമായ വികാരങ്ങൾക്ക് അധീനപ്പെടാതെ,   യുദ്ധം ചെയ്യുക എന്നത്  ഒരു യോദ്ധാവിൻ്റെ സ്വധർമ്മമാണ്.   അതിൽ വീഴ്ചവരുത്തുന്നത് അധർമ്മം ആണ്. മഹാഭാരത യുദ്ധത്തിൽ തനിക്കെതിരെ യുദ്ധത്തിനായി അണിനിരന്ന സ്വന്തം ബന്ധുജങ്ങളെ കണ്ട് ദു:ഖിതനായി,  യുദ്ധം ചെയ്യുവാൻ വിസമ്മതിച്ച അർജ്ജുനനോട് ശ്രീകൃഷ്ണൻ ‘എടുക്കൂ ശരം, തുടങ്ങൂ യുദ്ധം” എന്ന് ഉത്തേജിപ്പിച്ചത് ഇതേ ധാർമ്മികതയുടെ പാഠങ്ങൾ നൽകുവാനാണ്‌. 

അധാർമ്മീകമായ പ്രവർത്തി  ഒരു ജീവാത്മാവിൻ്റെ  പരിണാമ പ്രയാണത്തെ വളരെ അധികം മന്ദീഭവിപ്പിക്കും.  അതേ സമയം,  ഒരു സന്യാസി അല്ലെങ്കിൽ ഒരു വിദ്യാർത്ഥി, അതുമല്ലെങ്കിൽ ഒരു വ്യാപാരി മറ്റൊരാളെ വധിക്കുകയാണെങ്കിൽ അത് കൊടിയ അധർമ്മമാണ്. കാരണം അത്തരം പ്രവർത്തികൾ ഒരു  സന്യാസിയുടെ, അല്ലെങ്കിൽ ഒരു വിദ്യാർത്ഥിയുടെ, അല്ലെങ്കിൽ ഒരു  വ്യാപാരിയുടെ സ്വധർമ്മമല്ല. ഒരു സന്യാസിക്ക് തന്നോടൊരാൾ ചെയ്ത തെറ്റിന് മാപ്പു നൽകാം. കാരണം അത് ഒരു സന്യാസിയുടെ സ്വധർമ്മവുമായി ഒത്തുപോകുന്ന പ്രവൃർത്തിയാണ്. എന്നാൽ ഒരു രാജാവിന് അല്ലെങ്കിൽ ഒരു ഭരണകർത്താവിന് താൻ ചെയ്യുന്ന   അത്തരം മാപ്പ്  കൊടുക്കൽ  പലപ്പോഴും കൊടിയ അധർമ്മമായി മാറും. കാരണം ഒരു രാജാവിൻ്റെ അല്ലെങ്കിൽ ഒരു ഭരണാധികാരിയുടെ  സ്വധർമ്മം എന്നത് അത്തരം അവസരങ്ങളിൽ നൽക്കപെടുന്ന  ഉചിതമായ  ശിക്ഷയിലൂടെ രാജ്യത്തിനും ജനങ്ങൾക്കും സംരക്ഷണം നൽകി അതിലൂടെ  അവരവരുടെ പാതയിൽ സമാനമായ രീതിയിൽ സ്വധർമ്മം അനുഷ്ഠിച്ചുകൊണ്ട് പരിണാമ പ്രയാണത്തിന് അവസരം  നൽകുക എന്നതാണ്.  അതിന് വീഴ്ച വരുത്തുന്നത് രാജാവിൻ്റെ അല്ലെങ്കിൽ ഭരണകർത്താവിൻ്റെ സ്വന്തം പരിണാമ പ്രയാണത്തെ വളരെ പ്രതികൂലമായി ബാധിക്കും. ഒരു വ്യക്തിയുടെ വിവിധ ജീവിത  ഘട്ടങ്ങൾക്ക് അനുസൃതമായി സ്വധർമ്മം ആചരിക്കുന്നതിൽ  സ്വാഭാവിക മാറ്റങ്ങൾ വരുത്തേണ്ടതും വ്യക്തിയുടെ ധാർമ്മികമായ ചുമതലയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ബാല്യകാലം കഴിഞ്ഞതിന് ശേഷം  കൃത്യമായി നിർവ്വചിക്കുവാൻ കഴിയുന്ന നാല് ഘട്ടങ്ങൾ ഉണ്ട്. നാല് “ആശ്രമങ്ങൾ” എന്നാണ് പ്രസ്തുത നാല് ജീവിത ഘട്ടങ്ങൾ സനാതനഃ  ധർമ്മത്തിൽ  അറിയപ്പെടുന്നത്. 

സനാതനഃ ധർമ്മത്തിലെ ആശ്രമ വ്യവസ്ഥ   

നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതത്തിൽ  വ്യക്തിപരമായി ചെയ്യുന്ന  തൊഴിലുകളും നമ്മുടെ  പ്രവർത്തന രംഗങ്ങളും എല്ലാം ഒന്നിനൊന്ന്   വിഭിന്നങ്ങളായിരിക്കാം.  ചിലർ ഭരണകർത്താക്കൾ ആയിരിക്കും, ചിലർ  ഡോക്ട്ർ ആയിരിക്കും, ചിലർ എഞ്ചിനീയർ ആയിരിക്കും, ചിലർ അദ്ധ്യാപകർ ആയിരിക്കും. ചിലർ പട്ടാളക്കാർ ആയിരിക്കും. ചിലർ കച്ചവടക്കാർ ആയിരിക്കും, ചിലർ രാഷ്ട്രീയ പ്രവർത്തകർ ആയിരിക്കും. ചിലർ കർഷകർ ആയിരിക്കും.  ചിലർ ശാരീരികമായ അദ്ധ്വാനം ഏറ്റവും കൂടുതൽ ആവശ്യമായ വിവിധ രീതികളിൽ ഉള്ള  ജോലിചെയ്യുന്നവർ  ആയിരിക്കും. പക്ഷേ എല്ലാവരും അടിസ്ഥാനപരമായി ചെയ്യുന്നത് സമൂഹത്തിനുള്ള  സേവനങ്ങളാണ്. അവരവർ ചെയ്യുന്ന ഇത്തരത്തിലുള്ള സേവനമാണ്  അവരവരുടെ “സ്വധർമ്മം”.

ഒരു “സ്വധർമ്മവും” മറ്റൊരു “സ്വധർമ്മ”ത്തേക്കാൾ ശ്രേഷ്ഠത കൂടിയതോ കുറഞ്ഞതോ അല്ല.  എല്ലാ “സ്വധർമ്മങ്ങളും” ഒരു സമൂഹത്തിൻ്റെ  പൊതുവായ നിലനില്പിനും, ഉന്നമനത്തിനും, സുഗമമായ നടത്തിപ്പിനും  അത്യാവശ്യമാണ്. അവരവർ ചെയ്യുന്ന സ്വധർമ്മങ്ങൾ ഏതായാലും, അത് നിർവ്വഹിക്കുന്നത് തികഞ്ഞ ധാർമ്മികതയുടെ ആയിരിക്കണം എന്നാണ് സനാതനഃ ധർമ്മം പഠിപ്പിക്കുന്നത്. “ധാർമ്മികത” എന്നാൽ എന്താണെന്ന് സനാതനഃ ധർമ്മം എങ്ങിനെയാണ് നിർവ്വചിച്ചിരിക്കുന്നത് നമ്മൾ കണ്ടുകഴിഞ്ഞു.  ആ നിർവ്വചനം അനുസരിച്ചുവേണം “സ്വധർമ്മം” ചെയ്യേണ്ടത് എന്നതാണ്  ഒരു നിബന്ധന. അതോടൊപ്പം തന്നെ, ആ പ്രവർത്തനം നടത്തുന്ന വ്യക്തിയുടെ ചെയ്തികൾ അയാളുടെ  നിലവിലെ ജീവിതാവസ്ഥക്ക് നിരക്കുന്നതും ആകണം. ഇതാണ് “സ്വധർമ്മ”ത്തിൻ്റെ  രണ്ടാമത്തെ നിബന്ധന. ഇത് രണ്ടും ഒരുമിച്ച് ഒരുമിച്ച് അനുഷ്ഠിക്കുമ്പോൾ മാത്രമേ സ്വധർമ്മം “ധാർമ്മിക”മായി നിർവ്വഹിക്കലാകുകയുള്ളൂ. സ്വധർമ്മം  ധാർമ്മികമായി അനുഷ്ഠിക്കുന്നതിലൂടെയാണ്  പരിണാമ പ്രയാണം വേഗത്തിലാകുന്നത്. സ്വധർമ്മം അധാർമ്മികമായി അനുഷ്ഠിച്ചാൽ അത് നമ്മുടെ പരിണാമ പ്രയാണം മന്ദഗതിയിൽ ആക്കും  എന്നു മാത്രമല്ല, നമ്മൾ കൂടുതൽ കൂടുതൽ കാർമ്മികമായ നൂലാമാലകളിൽ ചെന്നു നിപതിക്കുകയും ചെയ്യും.  

സനാതനഃ ധർമ്മത്തിൽ സ്വധർമ്മത്തിൻ്റെ   ധാർമ്മികമായ അനുഷ്ഠാനം അത്ര മാത്രം പ്രാധാന്യമർഹിക്കുന്ന ഒരു  വിഷയമാണ്. എല്ലാവരും അവബോധ വികസനത്തിൻ്റെ വിവിധ നിലകളിൽ ആയതുകൊണ്ട്, എല്ലാവർക്കും എല്ലാക്കാര്യങ്ങളും ഒരുപോലെ മനസ്സിലാവുകയില്ല.  അതുകൊണ്ട് തന്നെ, ധർമ്മാധർമ്മങ്ങളെക്കുറിച്ച് എല്ലാവർക്കും ഒരുപോലെ വ്യക്തമായ ധാരണകൾ ഉണ്ടാകണമെന്നില്ല. ഇക്കാരണം  കൊണ്ട്,  ധാർമ്മികമായ പല വിഷയങ്ങളും  ആചാരങ്ങളും അനുഷ്ഠാനങ്ങളും ആയി നല്കപ്പെടുകയാണ് ചെയ്യുന്നത്.   ധാർമ്മികമായ അനുഷ്ഠാനങ്ങൾ ആണ് ആചാരങ്ങൾ ആയി മാറുന്നത്.  ആചാരങ്ങൾ എന്നാൽ സ്വമേധയാ നിർബന്ധമായും അനുഷ്ഠിക്കപ്പെടേണ്ടത് എന്നാണ്  അർത്ഥം. ഇവിടെ സൂചിപ്പിക്കുന്ന നിർബന്ധ സ്വഭാവം ധർമ്മത്തിൻ്റെ  പ്രാധാന്യത്തെയാണ്  എടുത്തു കാണിക്കുന്നത്. 

എന്നിരുന്നാലും, സനാതനഃ ധർമ്മം ഒന്നും ആരിലും അടിച്ചേൽപ്പിക്കുന്നില്ല. അതിന് മതിയായ  കാരണവും ഉണ്ട്.  തികഞ്ഞ ധാർമ്മികതയോടെ സ്വധർമ്മം അനുഷ്ഠിച്ചില്ലെങ്കിൽ കർമ്മ ബന്ധനങ്ങളിൽപ്പെട്ട് കൂടുതൽ കുഴപ്പങ്ങളിലേക്ക് കടന്ന് ചെന്ന് നമ്മൾ നമ്മുടെ തന്നെ പരിണാമ പ്രയാണത്തെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രകൃത്യാൽ തന്നെ ഉള്ള “കർമ്മ നിയമങ്ങൾ” എന്ന ഒരു തിരുത്തൽ ശക്തി അവിടെ നിശബ്ദമായി പ്രവർത്തിക്കുന്നുണ്ട്. “ധാർമ്മികതയോടെ സ്വധർമ്മം അനുഷ്ഠിച്ചാൽ ജീവാത്മാക്കൾക്ക് നല്ലത്, പരിണാമത്തിലൂടെ ഉന്നതമായ നിലനിൽപ്പുകളിലേക്ക് ക്രമേണ ഉയരാം; ധാർമ്മികതയോടെ സ്വധർമ്മം അനുഷ്ഠിച്ചില്ലെങ്കിൽ സ്വന്ത അധർമ്മങ്ങൾ മനസ്സിലാക്കി അപ്രകാരം അനുഷ്ഠിക്കുന്നതുവരെ  വീണ്ടും വീണ്ടും ക്ലേശകളിഷ്ടമായ ഈ ജീവിതം ആവർത്തിച്ചുകൊണ്ട് ഇവിടെ തന്നെ തുടരുകയോ, ഇതിലും താഴ്ന്ന ഒരു നിലനിൽപ്പിലേക്ക് വഴുതി വീഴുകയോ ചെയ്യാം” എന്ന ഒരു നിശബ്ദ  സന്ദേശമാണ് സനാതനഃ ധർമ്മം നൽകുന്നത്. നമ്മുടെ ജീവിതവും പരിണാമവും  നമ്മുടെ മാത്രം ഉത്തരവാദിത്വം ആണ്  എന്നതാണ് ഇതുസംബന്ധിച്ച സനാതനഃ  ധർമ്മത്തിലെ അവസാന വാക്ക്. മറ്റാർക്കും നമ്മുടെ ജീവിത പരിണാമം നമുക്കുവേണ്ടി ചെയ്തു തരുവാൻ കഴിയുകയില്ല.  അനിതര സാധാരണമായ ഒരു ഉത്തരവാദിത്വം ആണ് സനാതനഃ ധർമ്മം ഇതിലൂടെ നമുക്ക് (ജീവാത്മാക്കൾക്ക്) നൽകുന്നത്.

നിലവിലെ നമ്മുടെ “ജീവിതാവസ്ഥ”ക്ക് നിറക്കുന്ന വിധത്തിലായിരിക്കണം സ്വധർമ്മം അനുഷ്ഠിക്കേണ്ടത് എന്ന് പറഞ്ഞുവല്ലോ. എന്താണ് ആ അവസ്ഥകൾ എന്ന് നോക്കാം. നമ്മുടെ  ഓരോരുത്തരുടേയും  വ്യക്തി ജീവിതത്തിൽ, ബാല്യാവസ്ഥക്ക് ശേഷം,  പൊതുവായി നിർവ്വചിക്കാവുന്ന  നാല്  ജീവിത ഘട്ടങ്ങൾ ഉണ്ട്. നമ്മൾ വിദ്യാർത്ഥികളായിരിക്കുന്ന ഘട്ടം, വിവാഹമെല്ലാം കഴിഞ്ഞു ജീവസന്ധാരണ തൊഴിലുകളുമായിരിക്കുന്ന ഘട്ടം, തൊഴിലിൽ നിന്നും വിരമിച്ച് മക്കളെല്ലാം തനിക്ക് താൻ പോന്നവരായ  ഘട്ടം, പിന്നീട്  ഒരു വാർദ്ധക്യ ഘട്ടം  – ഇവയാണ് ആ നാല് ഘട്ടങ്ങൾ.  ഈ നാല് ഘട്ടങ്ങളെ നാല് “ആശ്രമങ്ങൾ” എന്നാണ് സനാതനഃ ധർമ്മത്തിൽ വിവക്ഷിക്കുന്നത്. സംസ്കൃതത്തിൽ “ആശ്രമങ്ങൾ” എന്നാൽ “സങ്കേതം”, അല്ലെങ്കിൽ “സ്ഥിതി”, അല്ലെങ്കിൽ “പദവി”, അല്ലെങ്കിൽ “ഘട്ടം” എന്നെല്ലാമാണ് അർത്ഥം.  ഈ നാല് ആശ്രമങ്ങൾക്കും ചില പ്രത്യേക സ്വഭാവങ്ങൾ ഉണ്ട്.   അതാത് ആശ്രമാവസ്ഥയുടെ സ്വഭാവത്തിന് അനുയോജ്യമായ വിധത്തിൽ മാത്രം “സ്വധർമ്മം”  ചെയ്യേണ്ടത്   ധാർമ്മികമായ   കടമയാണ്.  അതായത്, ഓരോരുത്തരും അവരവരുടെ നിലവിലെ ആശ്രമാവസ്ഥക്ക്  യോജിച്ച   സ്വഭാവമായിരിക്കണം പുലർത്തേണ്ടത്. സ്വധർമ്മം  എന്തുതന്നെയായാലും അത് ധാർമ്മികമായി ചെയ്യുന്നതോടൊപ്പം തന്നെ, അത് നിലവിലെ  സ്വന്തം ആശ്രമാവസ്ഥക്ക്  യോജിക്കുന്ന വിധത്തിൽ ചെയ്യുക കൂടി ചെയ്യുമ്പോൾ മാത്രമേ  ആ സ്വധർമ്മ അനുഷ്ഠാനം ധാർമ്മികമാകുകയുള്ളൂ എന്നർത്ഥം.

ഇപ്പറഞ്ഞ നാല് ആശ്രമ സ്ഥിതികൾക്ക്  സംസ്കൃതത്തിൽ ഉള്ള പേരുകൾ ആണ്,   ബ്രഹ്മചര്യം, ഗൃഹസ്ഥം, സന്യാസം,  വാനപ്രസ്ഥം, എന്നിവ.  വളരെ സ്വതന്ത്രമായ രീതിയിൽ ഈ സംസൃത പദങ്ങൾക്ക് യഥാക്രമം വിദ്യാർത്ഥി ജീവിതം,  ഗൃഹസ്ഥ ജീവിതം,  താപസ ജീവിതം, ഏകാന്ത ജീവിതം  എന്ന് ലളിതമായി അർത്ഥം പറയാവുന്നതാണ്.  പുരാതന  ഭാരതത്തിൽ  ഇപ്രകാരമുള്ള ഒരു പ്രത്യേക ക്രമത്തിലും സാമൂഹ്യ ഘടനയിലും ആയിരുന്നു ഒരുവിധം എല്ലാവരും തന്നെ  ജീവിതം നയിച്ചിരുന്നത്. ഒരു വ്യാഴവട്ടം എന്ന് പറയുന്നത് ഏകദേശം  പന്തണ്ടേകാൽ വർഷങ്ങൾ ആണ്.  മനുഷ്യജീവിതത്തിൽ, ഓരോ വ്യാഴവട്ടക്കാലങ്ങളുടെ പരിസമാപ്തിയിലും ഒരുവ്യക്തിയുടെ സാമൂഹ്യ ജീവിത ഘടനയിൽ  കാതലായ  ചില വ്യത്യാസങ്ങൾ  വന്നു കൊണ്ടിരിക്കും എന്ന് സനാതനഃ ധർമ്മം ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ജനനം മുതൽ ആദ്യത്തെ പന്ത്രണ്ടു വർഷം  ബാലാവസ്ഥയാണ്. ഈ കാലഘട്ടത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. സമീകൃതാഹാരം കഴിക്കുകയും,  കളിക്കുകയും ഉറങ്ങുകയും മാത്രമാണ് ഈ അവസരത്തിൽ ചെയ്യേണ്ടത്. ബാല മസ്തിഷ്കവും നാഡികളും എല്ലാം പൂർണ്ണവളർച്ചയും പ്രാപ്തിയും എത്തുന്നതിന് ആവശ്യമായ സമയമാണിത്. പന്ത്രണ്ട് വയസ്സുമുതൽ ഇരുപത്തിനാലു വയസ്സുവരെ ബ്രഹ്മചര്യാവസ്ഥയാണ്. “ബ്രഹ്മചര്യം” എന്നാൽ ഏറ്റവും ഉയർന്ന അദ്വൈത സത്യമായ “ബ്രഹ്മ”ൻ്റെ  പാതയിൽ സഞ്ചരിക്കുക  എന്നാണ് അർത്ഥം. അതായത് യാതൊരു വിഭാഗീയ ചിന്തകളും ഇല്ലാതെ ഏകാഗ്രമായി അറിവ് വർദ്ധിപ്പിക്കുവാനുള്ള പഠനങ്ങളിൽ മുഴുകുക എന്നതാണ് ബ്രഹ്മചര്യാവസ്ഥയിലെ സ്വധർമ്മം.  “ബ്രഹ്മചര്യം” എന്ന പദത്തിന് കൂടുതൽ  വിപുലമായ മാനങ്ങളും  ഉണ്ട്. യാതൊരു ലൈംഗിക ചിന്തകളും ഇല്ലാതെ അവിവാഹിതരായി കഴിയുക എന്ന ഒരു അർത്ഥം കൂടി ഈ പദത്തിന് കല്പിക്കപ്പെടുന്നുണ്ട്. കൂടുതൽ വിപുലമായ മറ്റൊരു അർത്ഥം ജീവിതത്തിലെ  എല്ലാ വിഭവങ്ങളും അതാതിന് ഉദ്ദേശിക്കപ്പെട്ട കാര്യനിർവ്വഹണത്തിനായി മാത്രം ഉപയോഗിക്കുക  എന്നത് കൂടിയാണ്. പണം അത്യാവശ്യമുള്ള കാര്യങ്ങൾക്ക്  മാത്രം ഉപയോഗിക്കുക, ലൈംഗികത വംശനിലനിൽപ്പിനായി മാത്രം ഉപയോഗിക്കുക, ആഹാരം ഊർജ്ജം നൽകി ശരീരം സമീകൃതമായി നിലനിൽക്കുവാൻ വേണ്ടി മാത്രം ഉപയോഗിക്കുക,  ഇപ്പറഞ്ഞതൊന്നും വിനോദത്തിനും ആനന്ദത്തിനും  വേണ്ടി ഉപയോഗിക്കാതിരിക്കുക തുടങ്ങിയുള്ള വിപുലമായ പല അർത്ഥ തലങ്ങളും “ബ്രഹ്മചര്യം” എന്ന പദത്തിൻ്റെ അർത്ഥ വ്യാപ്തിയിൽ ഉൾപ്പെടുന്നുണ്ട്.   ഇപ്പറഞ്ഞതെല്ലാം തന്നെ ഒരു വിദ്യാർത്ഥിക്ക് അവശ്യം വേണ്ടതും അയാളുടെ സ്വഭാവരൂപീകരണത്തിൽ  വലിയ പങ്ക് വഹിക്കുകയും ചെയ്യുന്ന  കാര്യങ്ങളാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. 

ആശ്രമധർമ്മ  ലംഘനത്തിൻ്റെ ഒരു പ്രധാന ഉദാഹരണം  ബ്രഹ്മചര്യാശ്രമത്തിൽ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്നതാണ്. അതുപോലെ തന്നെ സന്യാസാശ്രമത്തിലും വാനപ്രസ്ഥാശ്രമത്തിലും ലൈംഗിയതയിൽ  പ്രവർത്തിക്കുന്നതും ആശ്രമധർമ്മ ലംഘനമാണ്. എല്ലാ പ്രവർത്തികളും അതാത് ആശ്രമാവസ്ഥയ്ക്ക് അനുയോജ്യമായ വിധത്തിൽ, പ്രകൃതി ദത്തമായി ഉദ്ദേശിക്കപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി മാത്രം  തികഞ്ഞ സ്വധർമ്മ ധാർമ്മികതയോടെ ചെയ്യുന്നതാണ് സമ്പൂര്‍ണ്ണമായ ധർമ്മചര്യം.  ജീവാത്മാവിൻ്റെ അവബോധ വികസനവും, ആത്മീയ പരിണാമവും ധർമ്മചര്യം ആചരിക്കൽ  ത്വരിതഗതിയിലാക്കും. ആശ്രമ ധർമ്മചര്യാ  ലംഘനം ജീവാത്മാവിൻ്റെ  സ്വാഭാവിക പരിണാമം മന്ദീഭവിപ്പിക്കും.

എന്നാൽ ഇന്ന്  ആശ്രമ ധർമ്മങ്ങൾ എല്ലാം കുഴഞ്ഞു മറിഞ്ഞാണ് കിടക്കുന്നത്. അവരുടെ മസ്തിഷ്ക്കവും നാഡീവ്യവസ്ഥകളും ഉറയ്ക്കുന്നതിന് മുൻപ് ബാല്യാവസ്ഥയിൽ തന്നെ ശിശുക്കളെ സ്കൂളിൽ അയക്കുന്നു. ബ്രഹ്മചര്യ വ്യവസ്ഥകൾ ഇന്ന്  തലകീഴായി മറിഞ്ഞിരിക്കുന്നു. ബ്രഹ്മചര്യാവസ്ഥയിൽ ലഹരി വസ്തുക്കളും ലൈംഗികത്വവും നിറഞ്ഞു നിൽക്കുന്നു. വ്യാപാരത്തിനും ധന സമ്പാദനത്തിനും വേണ്ടി വ്യാപാരികൾ സ്വധർമ്മത്തിൽ വീഴ്ചവരുത്തുന്നതാണ് ഇതിന് ഒരു പ്രധാന കാരണം.    എല്ലാ അവസ്ഥയിലുമുള്ള പീഡനങ്ങൾ ഇന്ന് നടക്കുന്നു. ഇതെല്ലാം തിരുത്തുവാൻ ആവശ്യമായ ധാർമ്മികതയെക്കുറിച്ചുള്ള  അറിവും, അറിയുവാനുള്ള   ഇച്ഛാശക്തിയും, അറിയിക്കുവാനുള്ള  പ്രയത്നവും തീരെ കുറവാണ് താനും. ജീവാത്മാവിൻ്റെ  പരിണാമം എന്ന ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന ലക്ഷ്യത്തിനും, അതിനുവേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ട  അനുഷ്ഠാനങ്ങൾക്കും  യാതൊരു കോട്ടവും വരുത്താതെ,  കാലത്തിനനുസരിച്ച മാറ്റം ആശ്രമ ധർമ്മ പാലനത്തിൻ്റെ വിശദാംശങ്ങളിൽ മാത്രം  വരുത്തി  ഇന്നും തികച്ചും  ധാർമ്മികമായ ഒരു ജീവിതം ഇന്നും എന്നും സാദ്ധ്യമാണെന്ന് ഓർക്കണം. 

അടുത്തത് “ഗൃഹസ്ഥാശ്രമം” എന്ന നിലയാണ്. ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ഇരുപതിനാലാമത്തെ വയസ്സിൽ, മുഖ്യമായ ഒരു തീരുമാനം എടുക്കുവാനുണ്ട്. തൊഴിലും വിവാഹവും സ്വീകരിച്ച് ഒരു കടുംബ ജീവിതത്തിലേക്ക് പ്രവേശിക്കണമോ, അതോ ബ്രഹ്മചര്യം തുടർന്നും അനുഷ്ഠിച്ചുകൊണ്ട് സന്യാസത്തിലേക്ക് പ്രവേശിക്കണമോ എന്നതാണ് ആ തീരുമാനം. രണ്ടായാലും വളരെ ബോധപൂർവ്വം എടുക്കുന്ന  തീരുമാനങ്ങൾ ആയിരിക്കും അത്. സനാതനഃ ധർമ്മത്തിൽ ആരും ആരുടെ മേലിലും ഒരു തീരുമാനവും അടിച്ചേൽപ്പിക്കുന്നില്ല; ആവശ്യമുള്ള ഘട്ടങ്ങളിൽ ആവശ്യപ്പെട്ടാൽ മാത്രം സ്വയം ഒരു തീരുമാനം എടുക്കുവാൻ ആവശ്യമായ  ഉപദേശ നിർദ്ദേശങ്ങൾ നല്കാമെന്നല്ലാതെ, എന്തെങ്കിലും  തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് “അധർമ്മ”മാണ്.  പുരാതന ഭാരതത്തിൽ മുപ്പത് ശതമാനം ആളുകൾ ഈ ഘട്ടത്തിൽ സന്യാസം സ്വീകരിച്ചിരുന്നതായി സദ്ഗുരു ജഗ്ഗി വാസുദേവ് പറയുന്നുണ്ട്. പഠിക്കേണ്ടതെല്ലാം കഴിഞ്ഞ ജന്മങ്ങളിൽ ഒരുവിധം ഭംഗിയായി പഠിച്ചു കഴിഞ്ഞ മുതിർന്ന ജീവാത്മാക്കൾ പലപ്പോഴും പിന്നീട് വരുന്ന ജന്മത്തിൽ, ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കാതെ,  നേരിട്ട് സന്യാസത്തിലേക്ക് കടക്കുന്നത് തികച്ചും ഉചിതമായ പ്രവർത്തി തന്നെയാണ്.  ജനസംഖ്യാ നിയന്ത്രണത്തിനും ഇത് ഒരു പരിധിവരെ ഉതകുന്നുണ്ട്. പ്രപഞ്ചത്തിൽ എല്ലാ സംവിധാനങ്ങൾക്കും ഉപ സംവിധാനങ്ങൾക്കും തമ്മിൽ  ഒരു താളവും, ക്രമവും സന്തുലിതയും ഉള്ളതായി കാണാവുന്നതാണ്. ഏതെങ്കിലും കാരണം കൊണ്ട് ആ ക്രമത്തിനും, സന്തുലിതയ്ക്കും ഒരു പരിധിക്കപ്പുറം പിഴവ് വന്നാൽ, പ്രകൃതി ഇടപെട്ട് ആ പിഴവ് ശരിയാക്കുന്നതും കാണാവുന്നതാണ്. യുദ്ധം, പ്രളയം, മഹാമാരി, സുനാമി തുടങ്ങി പലതും അത്തരം തിരുത്തലുകൾ ആണ് എന്ന് നമ്മൾ മനസ്സിലാക്കണം.

ബ്രഹ്മചര്യാശ്രമത്തിന് ശേഷം വരുന്ന ഇരുപത്തിനാലുവർഷം ഗൃഹസ്ഥാശ്രമം ജീവിതം  തിരഞ്ഞെടുത്തവർ വിവാഹം കഴിച്ചുകൊണ്ട്, അവരവർ തിരഞ്ഞെടുത്ത സേവന   രംഗങ്ങളിൽ ധാർമ്മികമായി സ്വധർമ്മം  ധാർമ്മികമായി അനുഷ്ഠിച്ചും, കുടുംബത്തേയും  കുട്ടികളേയും    ധാർമ്മികമായി പുലർത്തിയും  ജീവിക്കുന്നു. അവരുടെ കുട്ടികൾക്ക് ഇരുപത്തിനാല് വയസ്സാകുമ്പോൽ ആ കുട്ടികളും  അവരുടെ ജീവിത പാത സമാനമായ രീതിയിൽ  സ്വതന്ത്രമായി  തിരഞ്ഞെടുക്കുന്നു. ബാഹ്യമായ യാതൊരു സമ്മർദ്ദവും അവിടെ ഉണ്ടാകുകയില്ല. ഇതാണ്  ഇരുപത്തിനാലുവർഷം നീണ്ടു നിൽക്കുന്ന ഗൃഹസ്ഥാശ്രമം.

അതിനു ശേഷം വരുന്ന പന്ത്രണ്ട് വർഷക്കാലം   മാതാപിതാക്കൾ താത്കാലികമായി പിരിഞ്ഞു  നിന്ന് താപസ ജീവിതം നയിക്കുകയാണ് ചെയ്യുന്നത്. സ്വയം പഠനവും, സാധനകളും എല്ലാം നിറഞ്ഞ ബ്രഹ്മചര്യ ജീവിതം തന്നെയാണിതും. ഇതാണ് സന്യാസാശ്രമം. ആ പന്ത്രണ്ട് വർഷം അവസാനിക്കുമ്പോൾ, മാതാപിതാക്കൾ വീണ്ടും ഒരിക്കൽകൂടി വിവാഹിതരായി, സർവ്വതും ത്യജിച്ച്  എന്നാൽ ഒരുമിച്ചു പ്രായേണയുള്ള ഏകാന്ത വാസത്തിൽ പ്രവേശിക്കുന്നു. ഇതാണ് വാനപ്രസ്ഥാശ്രമം.  അനുവദിച്ചു നൽകപ്പെട്ട ജീവിത സമയം അവസാനിക്കുമ്പോൾ, അവർ അവരുടെ ശരീരം പൊഴിച്ചുകൊണ്ട് ഈ ഭൗതിക ജീവിതത്തിൽ നിന്നും പിൻവാങ്ങുന്നു. 

ഇപ്രകാരം അടുക്കും ചിട്ടയും, ലക്ഷ്യബോധവും, അതനുസരിച്ചുള്ള ധാർമ്മികമായ  കർമ്മ പദ്ധതികളും എല്ലാം ഉൾപ്പെട്ട നാല് ആശ്രമങ്ങൾ അടങ്ങിയ  നിരവധി ജീവിതത്തിലൂടെയാണ് അന്തിമ ലക്ഷ്യമായ  ദ്വൈതാവബോധത്തിൽ നിന്നും അദ്വൈതാവബോധത്തിലേക്ക് ഒരു ജീവാത്മാവ് എത്തിച്ചേരുന്നത്. തികഞ്ഞ ലക്ഷ്യബോധമുള്ള  നാല് ആശ്രമഘട്ടങ്ങളിലൂടെ താളവും ക്രമവും നൽകി  ചിട്ടപ്പെടുത്തിയ ധാർമ്മിക ജീവിതം പരിണാമ സിദ്ധിയിൽ ഒരു ജീവാത്മാവിനെ വളരെ സഹായിക്കുന്നുണ്ട് എന്ന് കാണാം. ഇത്തരം ഒരു താളവും ക്രമവും പ്രപഞ്ചത്തിലെ സർവ്വ സംവിധാനങ്ങളിലും വ്യക്തമായി കാണാം. സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും, ഋതുക്കൾ വരുന്നതും പോകുന്നതും, സസ്യങ്ങൾ ജനിക്കുന്നതും വളരുന്നതും പുഷ്പ്പിക്കുന്നതും കായ്ക്കുന്നതും, മൃഗങ്ങൾ ഉറങ്ങുന്നതും ഉണരുന്നതും,  എല്ലാം സമാനമായ ഒരു താള ക്രമത്തിലാണ്. മനുഷ്യൻ മാത്രമാണ് ഇതൊന്നും ഇല്ലാതെ തോന്നിയത് പോലെ ഇന്ന് ജീവിക്കുന്നത്. 

സനാതനഃ ധർമ്മത്തിലെ വർണ്ണ വ്യവസ്ഥ   

സനാതനഃ ധർമ്മത്തിലെ നാല് ആശ്രമങ്ങൾ  സ്വധർമ്മവുമായി അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്നത് എങ്ങിനെയാണെന്ന്  നമ്മൾ കണ്ടു.  യാതൊരു   ജീവജാലങ്ങളുടേയും സ്വാഭാവികമായ   പരിണാമം ഒരുവിധത്തിലും  തടസ്സപ്പെടുത്താതേയും, മാത്രമല്ല അതിനായി അവരവരാൽ കഴിയുന്നത്ര ഒത്താശകൾ  ചെയ്ത് കൊടുത്തുകൊണ്ടും, അവരവരുടെ ആശ്രമാവസ്ഥക്ക് ചേർന്ന വിധത്തിൽ ധാർമ്മികമായി പ്രവർത്തിക്കലാണ് സ്വധർമ്മം എന്നും നമ്മൾ മനസ്സിലാക്കി. അപ്രകാരം, ജീവിതത്തിൽ  “സ്വധർമ്മ ധാർമ്മികത”യുടെ നിരന്തരമായ പരിശീലനം ശരിയായ   ലക്ഷ്യബോധത്തോടെ നടത്തുവാൻ  വേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ട   രണ്ടു  പ്രധാന ജീവിത വ്യവസ്ഥകളിൽ ഒന്നാണ്    ഇപ്പോൾ വിശദമാക്കിയ നാല് “ആശ്രമ” വ്യവസ്ഥകൾ.    

രണ്ടാമത്തേതാണ്  ഇനി വ്യക്തമാക്കുവാൻ പോകുന്ന നാല് “വർണ്ണങ്ങൾ”. ആദ്യത്തെ  ആശ്രമ ധർമ്മങ്ങൾ ഉയർന്ന അവബോധമുള്ള  ഋഷിമാർ ലക്ഷ്യബോധത്തോടെ രൂപകൽപ്പന ചെയ്ത് ചിട്ടപ്പെടുത്തി നൽകിയ അനുഷ്ഠാനങ്ങളാണ്. എന്നാൽ “വർണ്ണങ്ങൾ” അങ്ങിനെയല്ല.  “വർണ്ണങ്ങൾ” ജന്മനാൽ  തന്നെ കൃത്യമായ ഇതേ ഉദ്ദേശത്തോടുകൂടി “അലോട്ട് ചെയ്ത” ലഭിക്കുന്ന പരിശീലന സംവിധാനങ്ങളാണ്.  ഒരു ജീവാത്മാവിൻ്റെ ഏറ്റവും ഉയർന്ന നന്മയായ അവബോധ വികസനം മാത്രം  ലക്ഷ്യമാക്കി, അതിന് ആവശ്യമായ പരിശീലനങ്ങൾ ഒരു ജീവാത്മാവിന് നിലവിൽ അനുയോജ്യമായ വിധത്തിൽ   നൽകുവാനാണ് സൃഷ്ടിക്ക് ചുമതലയുള്ള “ഈശ്വരൻ” വർണ്ണങ്ങൾ എന്ന സംവിധാനം നൽകിയിരിക്കുന്നത്.   അതിനും ഉണ്ട് ഒരു ക്രമവും താളവും. വർണ്ണ വ്യവസ്ഥയും ആശ്രമ വ്യവസ്ഥയും ചേർന്നതാണ് “വർണ്ണാശ്രമ” വ്യവസ്ഥകളായി അറിയപ്പെടുന്നത്. ഇതിൽ “വർണ്ണ” വ്യവസ്ഥയെയാണ്   “ജാതി വ്യവസ്ഥ” എന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.  വർണ്ണ  വ്യവസ്ഥ  എന്നത് ജാതി വ്യവസ്ഥയല്ല. 

ജീവാത്മാക്കളുടെ പരിണാമം മാത്രം ലക്ഷ്യമാക്കിയുള്ള ജീവിത സംവിധാനമാണ് വർണ്ണ വ്യവസ്ഥയും, ആശ്രമ വ്യവസ്ഥയും  ഉറപ്പുവരുത്തുന്നത്. സനാതനഃ ധർമ്മത്തിൽ നിലനിൽപ്പുള്ള സർവ്വതും നിലനിൽക്കുന്നത് ഒരേ ഒരു ആവശ്യത്തിന് വേണ്ടി മാത്രമാണ്. അത് “ജീവാത്മാക്കളുടെ പരിണാമം” എന്നതാണ്! വർണ്ണധർമ്മത്തിനും ആശ്രമ ധർമ്മത്തിനും   കോട്ടം തട്ടാതെ, സ്വധർമ്മം അനുഷ്ഠിക്കുക എന്നത്  സനാതനഃ ധർമ്മത്തിലെ ഏറ്റവും  പ്രധാന വിഷയം ആണ്. വർണ്ണാശ്രമ ധർമ്മങ്ങൾ  തെറ്റിച്ച്, സ്വധർമ്മം ചെയ്യാതെ   അധർമ്മത്തിലൂടെ ജീവിച്ചാൽ, കർമ്മ നിയമങ്ങളും പുനർജ്ജന്മ വ്യവസ്ഥകളും നമുക്ക് വിവിധ തരത്തിലുള്ള നിരന്തര ദുഃഖങ്ങൾ സമ്മാനിക്കും.  ഒരു ക്ലാസ്സിലെ അദ്ധ്യാപകൻ ശിഷ്യന്മാർക്ക് ഇമ്പോസിഷൻ നല്കുന്നതുപോലെ, പ്രപഞ്ച സംവിധാനങ്ങൾ ജീവാത്മാക്കൾക്ക് കർമ്മ ബന്ധനങ്ങളിലൂടെ നൽകുന്ന ഇമ്പോസിഷനുകൾ ആണ് പുനർജന്മങ്ങൾ. രണ്ടു തലത്തിലുള്ള ഈ രണ്ടു ഇമ്പോസിഷനുകളും തെറ്റുകൾ തിരുത്തിക്കുവാൻ വേണ്ടിയാണ് – അല്ലാതെ ശിക്ഷിക്കുവാൻ അല്ല.  ജീവിതത്തിൻ്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത്,  ഇതെല്ലാം മനസ്സിലാക്കി, വർണ്ണാശ്രമ ധർമ്മങ്ങളും  സ്വധർമ്മവും ഏറ്റവും ഉയർന്ന ധാർമ്മികമായ രീതിയിൽ നിർവ്വഹിച്ച് ധാർമ്മികമായി ജീവിക്കുവാൻ പഠിക്കുന്നത് വരെ ജീവാത്മാക്കളായ നമുക്ക് ലഭിക്കുന്ന   ഇപ്രകാരമുള്ള ഇമ്പോസിഷനുകൾ തുടരും. 

ജാതി വിവേചനമല്ല ചാതുർവർണ്യം  

സനാതനഃ ധർമ്മത്തിലെ വർണ്ണാശ്രമധർമ്മങ്ങളെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ  “ജാതി വ്യവസ്ഥ”യെക്കുറിച്ച് ചില വ്യക്തതകൾ വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. വളരെ അധികം തെറ്റിദ്ധാരണകളും വിവാദങ്ങളും നിറഞ്ഞ ഒരു വിഷയമാണ് ജാതിവ്യവസ്ഥ.  ജാതിവ്യവസ്ഥിയിൽ അധിഷ്ഠിതമായ വിവേചനം തീർച്ചയായും തിരുത്തപ്പെടേണ്ട ഒന്ന് തന്നെയാണെന്നതിൽ ഒരു തർക്കവും ആർക്കും  ഇല്ല.  അതിനാവശ്യമായ ശക്തിമത്തായ നിയമങ്ങളും നിയമസംവിധാങ്ങളും  നിലവിലുണ്ട് എന്നുള്ളത് ശ്ലാഘനീയം തന്നെ. ഇന്ന് ബഹുഭൂരിപക്ഷം ജനങ്ങളും മനസ്സിലാക്കിയിരിക്കുന്ന വിധത്തിലുള്ള ജാതിവ്യവസ്ഥയോ വിവേചനമോ ഈ ഗ്രന്ഥമോ ഗ്രന്ഥകാരനോ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കുകയോ പിന്താങ്ങുകയോ ചെയ്യുന്നില്ല എന്ന് ആദ്യമായി പ്രസ്താവിക്കട്ടെ.   

ഇവിടെ വ്യക്തത കൊണ്ടുവരുവാൻ ശ്രമിക്കുന്നത് വർണ്ണാശ്രമ ധർമ്മം എന്താണ് എന്ന ഒരൊറ്റ വിഷയത്തിൽ മാത്രമാണ്. അതിലൂടെ വർണ്ണാശ്രമ ധർമ്മം ജാതിവ്യവസ്ഥയാണെന്ന തെറ്റിധാരണ ദൂരീകരിക്കുകയാണ് ഇവിടെ. കാലാകാലങ്ങളായി നിലകൊള്ളുന്ന തെറ്റിധാരണകളിലൂടെ “ജാതി”വ്യവസ്ഥ എന്ന ഒരു “അധർമ്മ വ്യവസ്ഥ” നിർഭാഗ്യവശാൽ ഇന്നും ചിലരുടെയെങ്കിലും മനസ്സിൽ നിലനിൽക്കുന്നുണ്ട്.  നമ്മൾ  മനസ്സിലാക്കേണ്ട ഒരു പ്രധാനകാര്യം   ഏതു കാരണത്താൽ ഉള്ള  വിവേചനവും സനാതനഃ ധർമ്മത്തിൽ അധർമ്മമാണ് എന്നുള്ളതാണ്.   “ലോക: സമസ്ത: സുഖിനോ ഭവന്തു” – “ഈ പ്രപഞ്ചം മുഴുവൻ എന്നും സമാധാനവും സന്തോഷവും സ്നേഹവും വെളിച്ചവും കൊണ്ട് നിറയട്ടെ” – എന്നതാണ് സനാതനഃ ധർമ്മത്തിലെ പ്രചുരപ്രചാരത്തിലുള്ള  ഒരു ശാന്തിമന്ത്രം.  ഒരു “ജാതി”ക്കു മാത്രം നന്മവരട്ടെ എന്നല്ല.  മനുഷ്യനു മാത്രം നന്മ വരട്ടെ എന്നു പോലുമല്ല. സമസ്ത ലോകത്തിലെ  സർവ്വ ചരാചരങ്ങളേയും   ഉൾപ്പെടുത്തിക്കൊണ്ടുള്ള വികാസം പ്രാപിക്കലാണ് സനാതനഃ ധർമ്മത്തിൻ്റെ ലക്ഷ്യം. 

“ജാതി” വ്യവസ്ഥയിലൂടെ ആരോപിക്കപ്പെടുന്ന വിഷയവും സനാതനഃ ധർമ്മത്തിലെ   “വർണ്ണ” വ്യവസ്ഥയും രണ്ടും രണ്ടാണ്.  അതിനെ രണ്ടും  ഒന്നാക്കി കാണുന്നത് രണ്ട് കാരണങ്ങൾ മൂലമാണ്.  കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുവാനുള്ള ഒരു ശരാശരി മനുഷ്യൻ്റെ കഴിവ് കുറവാണ്  ഒരു കാരണം. ആ കഴിവ് കുറവ് ഉണ്ടാകുന്നത്  അവബോധ വികസനം ഇനിയും കൈവരാത്തതു കൊണ്ടാണ്.  അവബോധ വികസനം ആവശ്യമായ തോതിൽ കൈവന്നാൽ ഈ തെറ്റിധാരണകൾ എല്ലാം സ്വാഭാവികമായിത്തന്നെ മാറും.  ഇന്ന് നിലനിൽക്കുന്ന ജാതി വിവേചനത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കുള്ള രണ്ടാമത്തെ കാരണം,   ഡെമോക്രസിയിലെ വോട്ട് ബാങ്ക് നിലനിറുത്തുവാനുള്ള രാഷ്ട്രീയ കുതന്ത്രമാണ്. ആ  കുതന്ത്രത്തിൻ്റെ  ഭാഗം മാത്രമാണ് “ജാതി”വ്യവസ്ഥ.   “ജാതിവ്യവസ്ഥ”യെ സംബന്ധച്ച വിവാദങ്ങൾ നിലച്ചാൽ, ജാതിവ്യവസ്ഥകൾ ഇല്ലാതായാൽ, വോട്ടുബാങ്കുകൾ തകരും. ജാതി വ്യവസ്ഥയുടെ പേരിലുള്ള വിവാദങ്ങൾ അവസാനിച്ചാൽ, വോട്ടു ബാങ്കുകൾ ഇല്ലാതാവുന്നതോടെ  പല   രാഷ്ട്രീയമായ അധികാരങ്ങളും ച്ഛിഹ്നഭിന്നമായി പോകും.  അവബോധ വികസനം ആവശ്യമായ തോതിൽ  ഇനിയും വികസിച്ചാൽ ഈ ജാതി  വിവാദവും അപ്രത്യക്ഷമാകും, ഡെമോക്രസിയുടെ കരുത്തുറ്റ ഭാവിക്ക് അത് അത്യന്താപേക്ഷിതവുമാണ്.   സകലതിനേയും ഒന്നിപ്പിക്കുക എന്നതാണ് സനാതനഃ ധർമ്മത്തിലെ ധാർമ്മികത. ഏതുവിധത്തിലുള്ള വിവേചനവും   സനാതനഃ ധർമ്മത്തിലെ കൃത്യമായ അധാർമ്മികതയാണ്. 

സനാതനഃ ധർമ്മത്തിൽ സർവ്വ സൃഷ്ടികളും സമസ്ത പ്രപഞ്ചവും നിലനിൽക്കുന്നത് ഒരേ ഒരു ലക്ഷ്യം സാധിക്കുവാനാണ്. ജീവാത്മാവിൻ്റെ  നിലവിലുള്ള ദ്വൈതാവബോധത്തിൽ നിന്നും  പരിപൂർണ്ണമായ അദ്വൈതാവബോധത്തിലേക്കുള്ള പടിപടിയായ ഉയർച്ചയും പരിണാമവും  ഒന്നു മാത്രമാണ് ആ  ഏക  ലക്ഷ്യം. അതായത്, താൻ വേറെ ബാക്കിയുള്ള സർവ്വതും വേറെ എന്ന “രണ്ട്” എന്ന ബോധം അവസാനിച്ച്,  താൻ യഥാർത്ഥത്തിൽ ആരാണ് അല്ലെങ്കിൽ എന്താണ് എന്ന് കൃത്യമായി  മനസ്സിലാക്കി, താനും താൻ-അല്ലാത്തതും എന്ന   രണ്ടു കാര്യങ്ങൾ ഇല്ല, എല്ലാം  ഒന്നുതന്നെയാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട്,  താൻ ഇന്നനുഭവിക്കുന്ന ക്ലേശഭരതമായ പരിമിതമായ  നിലനില്പിൽ നിന്നും നിത്യാനന്ദത്തിൻ്റെ  ശാശ്വതമായ    നിലനിൽപ്പിലേക്ക് സ്വാതന്ത്ര്യം പ്രാപിക്കലാണ് ആ ഏക ലക്ഷ്യം. നമ്മുടെ ലോകത്തിലെ സർവ്വ സജ്ജീകരണങ്ങളും, പ്രകൃതിയിലെ  സർവ്വ നിയമവ്യവസ്ഥകളും, സംഭവിക്കുന്ന സർവ്വ സംഭവങ്ങളും, ജീവാത്മാക്കൾക്ക് വന്നുചേരുന്ന സർവ്വ അനുഭവങ്ങളും  പ്രസ്തുത പരിണാമം ഉറപ്പുവരുത്തുവാൻ വേണ്ടി രൂപ കല്പന ചെയ്യപ്പെട്ട സംവിധാനങ്ങൾ മാത്രമാണ്.  ക്രമാനുഗതമായ അവബോധ വികാസത്തിലൂടെ ആ പരിണാമം  സാദ്ധ്യമാക്കുന്നത്  ജീവിതം എന്ന സ്വയം പഠനശാലയിലെ, കർമ്മനിയമങ്ങൾ, പുനർജ്ജന്മം, ധാർമ്മികമായ സ്വധർമ്മാചരണം   തുടങ്ങിയ പ്രകൃതിയിലെ സ്വാഭാവിക സംവിധാനങ്ങളാണ്. അത്തരം സംവിധാനങ്ങളിൽ പരമപ്രധാനമായ  ഒന്നാണ്, തികഞ്ഞ ധാർമ്മികതയോടെയുള്ള സ്വധർമ്മ അനുഷ്ഠാനം. ജീവാത്മാക്കളെ ധാർമ്മികത പരിശീലിപ്പിക്കുവാനുള്ള വ്യവസ്ഥകളാണ് വർണ്ണ ധർമ്മവും ആശ്രമ ധർമ്മവും. അത് എങ്ങിനെയാണെന്ന് വ്യക്തമാക്കാം. 

ഒരു ജീവാത്മാവ് തനിക്ക്  ലഭിച്ചു കിട്ടിയ ഒരു മനുഷ്യ ജന്മത്തിൽ  ഈ വിഷയങ്ങൾ എല്ലാം പഠിക്കുന്നത്, ക്രമാനുഗതമായി രൂപകൽപ്പന ചെയ്യപ്പെട്ട  “ജീവിതം” എന്ന ഒരു അദൃശ്യ പാഠ്യപദ്ധതി പ്രകാരമാണ്. എന്താണ് “ധർമ്മം”, എന്തിനാണ് “സ്വധർമ്മം”, എങ്ങിനെയാണ് സ്വധർമ്മം   അനുഷ്ഠിച്ചുകൊണ്ട് ഈ ക്ലേശങ്ങളിൽ നിന്ന് മുക്തി നേടേണ്ടത്  എന്നെല്ലാം ജീവാത്മാക്കളെ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പ്രായോഗികമായി പഠിപ്പിച്ചു  പരിശീലിപ്പിക്കുന്നത് “വർണ്ണം” എന്ന നാല് വിധത്തിലുള്ള “സ്കൂളുകളി”ലൂടെയാണ്. ഓരോ സ്കൂളിലും ഓറിയെൻ്റേഷനുശേഷം    നാല് “സെമിസ്റ്ററുകൾ” ആണുള്ളത്. ഓരോ സെമിസ്റ്ററിനും “ആശ്രമം” എന്നാണ് പറയുന്നത് എന്നുമാത്രം.  സനാതനഃ ധർമ്മം പറഞ്ഞു തരുന്ന വർണ്ണവും ആശ്രമവും എന്താണെന്ന് കൃത്യമായി മനസ്സിലാക്കുവാൻ നമുക്കെല്ലാം പരിചിതമായ സർവ്വകലാശാലകളിലെ അദ്ധ്യയന രീതി ഒരു സമാനതാ പഠനത്തിന് എടുക്കാവുന്നതാണ്. ഈ സമാനതാ പഠനത്തിലൂടെ വർണ്ണവും ആശ്രമവും  എന്താണെന്ന് കൃത്യമായി മനസ്സിലാക്കിക്കഴിയുമ്പോൾ, ഇന്ന് വിവാദങ്ങൾ ഉയർത്തുന്ന “ജാതി” വ്യവസ്ഥകളിലെ അർത്ഥശൂന്യത  സ്വയം വ്യക്തമാകും. മാത്രവുമല്ല, ഏതു വർണ്ണത്തിലുള്ള ജീവിത സാഹചര്യവും “കരിക്കുല”വും ആണ്  ലഭിച്ചതെങ്കിലും, മനസ്സും ശ്രദ്ധയും അറിവും അർപ്പിച്ചുകൊണ്ട്  അവിടേയും നൂറിൽ നൂറു മാർക്ക് വാങ്ങുവാൻ കഴിയും.  കഴിയണം. ആവിധത്തിൽ നമ്മൾ നമ്മുടെ  മനസ്സും ശരീരവും ക്രമീകരിക്കണം.  ഇനി എന്താണ് “വർണ്ണങ്ങൾ” എന്നും എന്തിനാണ് “വർണ്ണങ്ങൾ” എന്നും ഒരു സമാനതാ പഠനത്തിലൂടെ മനസ്സിലാക്കുവാൻ ശ്രമിക്കാം.

“വർണ്ണാശ്രമം” എന്ന വിശ്വ സർവ്വകലാശാല 

ആദ്യമായി, നമ്മുടെ ഓരോരുത്തരുടേയും ജീവിതം പൂർണ്ണമായും  ഒരു സർവ്വകലാശാലയിലെ പഠന കാലമാണെന്ന് കരുതുക.  ആ സർവ്വകലാശാലയുടെ പേരാണ്, “വർണ്ണാശ്രമ സർവ്വകലാശാല”. ഇവിടെ “ജീവിതം” എന്ന് വിവക്ഷിക്കുന്നത് ജനനത്തിനും മരണത്തിനും ഇടയിലുള്ള  നമ്മൾ ഇപ്പോൾ അറിയുന്ന നമ്മുടെ   ഈ ഒരൊറ്റ ജീവിതം മാത്രമല്ല – ഇതിന് മുൻപുണ്ടായ പരശ്ശതം ജനന-മരണങ്ങൾക്കിടയിലുള്ള ജീവിതങ്ങളും,     ഇനിയുണ്ടാകുവാൻ പോകുന്ന സമാനമായ  “ജീവിത” ഘട്ടങ്ങളും എല്ലാം തന്നെ തുടർച്ചയായി വരുന്ന  സർവ്വകലാശാലപഠന കാലം തന്നെയാണ്. ഇടക്കിടക്ക് കാമ്പസ്സിന് പുറത്താക്കുകയും അകത്താക്കുകയും   കാമ്പസ്സുകൾ മാറ്റുകയും ഒക്കെ ചെയ്‌തേക്കും എന്ന വ്യത്യാസങ്ങൾ  മാത്രമേ ഉള്ളൂ. കാമ്പസ്സിലേക്കുള്ള ഓരോ വരവിലും അതിന് മുൻപ് വന്ന വരവിൽ നിറുത്തിയ സിലബസ്സിൽ നിന്നും തന്നെ തുടങ്ങണം. അതുവരെ പഠിക്കാതെ പോയ എല്ലാ പാഠങ്ങളും ഇടക്കിടക്ക് പുതുക്കിയ സിലബസ്സിൽ വീണ്ടും വന്നു കൊണ്ടിരിക്കും.  പഠനം തീരെ മോശമായാൽ ‘ഡിമോഷൻ’ ലഭിക്കലെല്ലാം സംഭവിച്ചേക്കാം.    

“വർണ്ണാശ്രമ സർവ്വകലാശാല”യിൽ നാല് സ്പെഷ്യലൈസേഷൻ  “സ്കൂളുകൾ” ആണുള്ളത്. നമ്മുടെ സർവ്വകലാശാലകളിലെ കാമ്പസ്സുകളിൽ വിവിധ സ്പെഷ്യലൈസേഷൻ  “സ്കൂളുകൾ”ക്ക് ഉള്ളതുപോലെ  തന്നെയാണിതും.. ബിരുദത്തിന് മുൻപുള്ള പഠനം, ബിരുദത്തിനുള്ള പഠനം, വിരുദാനന്തര  ബിരുദത്തിനുള്ള പഠനം,  ഡോക്ട്രൽ പഠനം എന്ന പൊതുവായ രീതിയിൽ ക്രമാനുഗതമായി വരുന്ന നാല് പഠന സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതാണ് “വർണ്ണാശ്രമ സർവ്വകലാശാല”യിലെ പഠന ക്രമീകരണം. എന്നാൽ ഈ ഓരോ സ്കൂളിനും, “സ്കൂൾ” എന്നല്ല പറയുന്നത് എന്നുമാത്രം. അവയെ  “വർണ്ണങ്ങൾ” എന്നാണു പറയുന്നത്. എങ്കിലും, സ്കൂളുകൾ തന്നെയാണവ. അങ്ങിനെ, ഈ സർവ്വകലാശാല ക്യാമ്പസ്സിൽ നാല്  “വർണ്ണങ്ങൾ”  അഥവാ നാല് സ്കൂളുകൾ ആണുള്ളത്.  

നമ്മൾ നമ്മുടെ പരിമിതമായ അറിവിലും അവബോധത്തിലും നിന്നുകൊണ്ട്  “ജീവിതം” എന്ന് ഇപ്പോൾ നമ്മൾ പറയുന്നത് നമ്മുടെ ഇപ്പോഴത്തെ ജനനത്തിനും മരണത്തിനും ഇടക്കുള്ള  താരതമ്യേന ചെറുതായ ഈ ഒരു കാലഘട്ടം മാത്രമാണ് – എൺപതോ നൂറ്റി ഇരുപതോ വർഷങ്ങൾ മാത്രമുള്ള ഒരു ചെറിയ കാലഘട്ടം. അതിനുള്ളിൽ നിന്നുകൊണ്ട് നമ്മൾ പറയുന്നതെല്ലാം നമ്മുടെ ഇപ്പോഴത്തെ പരിമിതമായ  ഒരു  ‘അഭിപ്രായം’ മാത്രമേ ആകുന്നുള്ളൂ. കാരണം, “ജീവിതം”  എന്ന് നമ്മൾ ഇപ്പോൾ അഭിപ്രായം പറഞ്ഞ “ജീവിത”ത്തേക്കാൾ എല്ലാം വളരെ വലിയ ഒരു നിലനിൽപ്പാണ് യഥാർത്ഥത്തിലുള്ള നമ്മൾ.  അത് സ്ഥലകാലങ്ങൾക്ക് അതീതമാണ്. നമ്മുടെ ആ വലിയ നിലനില്പിനെ  ഒരു പുസ്തകമായി സങ്കല്പിച്ചാൽ ഇപ്പോഴത്തെ നമ്മുടെ ഈ ചെറിയ ‘ജീവിതം’ ആ പുസ്തകത്തിൻ്റെ  ഇടയിലുള്ള  ഒരു പേജ് മാത്രമേ ആകുന്നുള്ളൂ. ഈ ഒരു പേജിന് മുൻപും വേറെ പേജുകൾ ഉണ്ട്, അതിനു ശേഷവും വേറെ പേജുകൾ ഉണ്ടായിരിക്കുകയും ചെയ്യും. അതായത്, ഈ ഒരു ചെറിയ “ജീവിത”ത്തിന് മുൻപും  വേറെ നിരവധി ചെറിയ “ജീവിത”ങ്ങൾ നമ്മൾ സ്വീകരിച്ചിട്ടുണ്ട്, ഇനി സ്വീകരിക്കുകയും ചെയ്യും. അതെല്ലാം ചേർന്നതാണ് നമ്മുടെ ശരിക്കുള്ള വലിയ “ജീവിതം”. സനാതനഃ ധർമ്മത്തിലെ ഏറ്റവും ഉയർന്ന അറിവ് നമ്മൾ  സത്യത്തിൽ ഈ ശരീരമോ  മനസ്സോ അല്ല, ഇത് രണ്ടും തത്കാലം നമ്മൾ കടമായി ഭൂമിയിൽ നിന്നും എടുത്ത ഉപകരണങ്ങൾ മാത്രമാണ് എന്ന അറിവും,  നമ്മൾ യഥാർത്ഥത്തിൽ “ജീവാത്മാക്കൾ” ആണ് എന്ന അറിവുമാണ്. കാര്യങ്ങളുടെ കിടപ്പ് ശരിയായി മനസ്സിലാക്കുവാൻ നമ്മൾ ആദ്യമായി മനസ്സിലാക്കേണ്ടത് നമ്മൾ ആരാണ് എന്നുള്ളതാണ്.  നമ്മൾ ഈ ശരീരമല്ല, ഈ മനസ്സല്ല. നമ്മൾ ഇതുരണ്ടും ഇല്ലാത്ത “ജീവാത്മാക്കൾ” ആണ്.  ഈ ജീവാത്മാക്കളുടെ അവബോധ വികസനത്തിനായി കൊണ്ടുവന്ന് ചേർക്കുന്ന സർവ്വകലാശാലയിലാണ്  നമ്മൾ ഇപ്പോൾ നിലകൊള്ളുന്നത്. നിയമങ്ങളും വ്യവസ്ഥകളും കൊണ്ട് സ്വയം നിയന്ത്രിക്കപ്പെട്ട ഒരു സ്വയം പഠന സമ്പ്രദായമാണ് ഈ സർവ്വകലാശാലയിൽ.

ബിരുദത്തിന് മുൻപുള്ള പഠന സ്കൂളിലെ  മുഖ്യ സിലബസ്സ് “സേവനം” എന്ന വിഷയത്തെ പുരസ്കരിച്ചാണ്. എങ്ങിനെ  സ്വധർമ്മം എന്തായാലും അത് ധാർമ്മികമായി അനുഷ്ഠിച്ചുകൊണ്ട് മറ്റു സഹ ജീവാത്മാക്കൾക്ക് ധാർമ്മികമായ സേവനം നൽകാം എന്നുള്ളതാണ് മുഖ്യവിഷയം. തുടർന്ന് വരുന്ന മറ്റു മൂന്ന് സ്കൂളുകളിലെ പഠന വിഷയങ്ങളും  “സേവനം”  എന്ന വിഷയവുമായി ബന്ധപ്പെട്ടത് തന്നെയാണ്. അതുകൊണ്ട്, “സേവനം” എന്നതാണ് അടിസ്ഥാന കോഴ്സ്. മറ്റു പല ഉപവിഷയങ്ങളും ഉണ്ട്. പക്ഷേ പ്രധാന വിഷയം “സേവനനം” എന്നുള്ളത് തന്നെയാണ്. സേവനം മുഖ്യവിഷയമായി പഠിപ്പിക്കുന്നത് “ശൂദ്ര” എന്ന പേരുള്ള ഒരു വർണ്ണവിദ്യാലയത്തിലാണ്. 

അടുത്തത്, ബിരുദ കോഴ്സ് ആയ  “ഭൗതിക വിഭവങ്ങളുടെ ധാർമ്മികമായ ഉത്പാദനവും ധാർമ്മികമായ  വിതരണവും”   എന്ന വിഷയം  മുഖ്യവിഷയമായി പഠിപ്പിക്കുന്ന സ്കൂളാണ്. ഇത് പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നത് സുപ്രധാനമായ ഈ  രംഗത്ത്   ധാർമ്മികമായ ‘സേവനം’ നൽകുവാൻ ആവശ്യമായ പരിശീലനവും തഴക്കവും നൽകുവാൻ തന്നെയാണ്. അത് മുഖ്യവിഷയമായി പഠിപ്പിക്കുന്ന സ്കൂളിൻ്റെ പേരാണ്,  “വൈശ്യ വർണ്ണം വിദ്യാലയം”. 

അടുത്തത്, ബിരുദാനന്തര ബിരുദം പഠിപ്പിക്കുന്നത് “ക്ഷത്രിയ വർണ്ണം വിദ്യാലയ”ത്തിലാണ്.  വിഷയം “ധാർമ്മികമായ ഭരണവും സംരക്ഷണവും” എന്നതാണ്. അതും സഹ ജീവാത്മാക്കൾക്ക് സംരക്ഷണവും സ്ഥിരതയും നൽകുന്ന സേവനം തന്നെയാണ്.  നാലാമത്തെ ഡോക്ട്രൽ പഠനം നടക്കുന്ന സ്കൂൾ ആണ് “ബ്രാഹ്മണ വർണ്ണ വിദ്യാലയം”. താൻ യഥാർത്ഥത്തിൽ ആരാണെന്നും എന്താണെന്നും തിരിച്ചറിഞ്,  തൻ്റെ  നിലവിലെ  ദ്വൈത അവബോധത്തിൽ നിന്നും അദ്വൈത അവബോധത്തിലേക്ക് എങ്ങിനെ പരിണാമം പ്രാപിച്ച്  ആ അവസ്ഥ സ്വയം അനുഭവിയ്ക്കുവാൻ കഴിയും എന്ന  വിഷയം ആണ് ഇവിടത്തെ പാഠ്യവിഷയം. അതിന് മുൻപുള്ള മറ്റു മൂന്ന് സ്കൂളുകളിലും പഠിച്ച വിവിധ ധാർമ്മിക  സേവനങ്ങൾ ഈ അന്തിമമായ പഠനത്തിന് വേണ്ടിയുള്ള പരിശീലനക്കളരി ആണ്.  ഇതാണ്  “വർണ്ണാശ്രമ സർവ്വകലാശാല”യിലെ പഠന രീതി. ധാർമ്മികമായ സേവനം എന്താണെന്ന് ജീവാത്മാക്കളെ  കൃത്യമായി പഠിപ്പിക്കുവാനും, അതിൽ പരിശീലനം നൽകുവാനും, ധാർമ്മികമായ സേവനത്തിലൂടെ മാത്രമേ ജീവാത്മാക്കൾക്ക് മുന്നോട്ടു പോകുവാൻ കഴിയുകയുള്ളൂ എന്നും പഠിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെ   നിലകൊള്ളുന്ന സംവിധാനങ്ങളാണ് “വർണ്ണാശ്രമ സർവ്വകലാശാല”യിലെ സർവ്വ  സംവിധാനങ്ങളും, ഉപ സംവിധാനങ്ങളും എല്ലാം തന്നെ.

ജീവാത്മാക്കൾ ആണ് ഈ വിശ്വവിദ്യാലയത്തിലെ വിദ്യാർത്ഥികൾ എന്ന് പറഞ്ഞുവല്ലോ. ആ വിദ്യാർത്ഥികൾ അവരവർ മുഖ്യവിഷയം ആയി എടുത്ത വിഷയം പഠിപ്പിക്കുന്ന സ്കൂളിലെ പരിശീലനത്തിന് ഏറ്റവും അനുയോജ്യമായ “യൂണിഫോം” ധരിച്ചുകൊണ്ടുമാത്രമേ ക്യാമ്പസ്സിൽ കയറുവാൻ കഴിയുകയുള്ളൂ. നാല്  തരത്തിലുള്ള യൂണിഫോം ധരിച്ച കോടിക്കണക്കിനുള്ള വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ പഠിക്കുന്നു. വിദ്യാർത്ഥികൾ  നിർബന്ധമായും കോഴ്സ് കഴിഞ്ഞതിന് ശേഷം  മാത്രമേ ക്യാമ്പസ്സിന് വെളിയിൽ പോകുവാനും കഴിയുകയുള്ളൂ. എന്ത് കാരണം കൊണ്ടായാലും, കോഴ്സ് കഴിയുന്നതിന് മുൻപ് ക്യാമ്പസ്സിന് വെളിയിൽ പോകുവാൻ ഇടവന്നാൽ, യൂണിഫോം നഷ്ടപ്പെടും, പിന്നെ വീണ്ടും അകത്തു കയറുവാൻ ചില നിബന്ധനകൾ എല്ലാം ഉണ്ട്.  ആ നിബന്ധനകൾ എല്ലാം നിറവേറ്റി,  മറ്റൊരു ഉചിതമായ യൂണിഫോം ലഭിച്ചു കിട്ടുന്നതുവരെ പഠനം തുടരുവാൻ ആവുകയുമില്ല. 

ഇപ്രകാരം ഒരു നിയന്ത്രണം ഉള്ളതു കൂടാതെ,  ഒരിക്കൽ യൂണിഫോം ഇട്ടു സർവ്വകലാശാല ക്യാമ്പസ്സിൽ കയറിക്കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് മറ്റൊരു   വലിയ പ്രശ്നം കൂടി സംഭവിക്കുന്നുണ്ട്. യൂണിഫോം ധരിച്ച എല്ലാ  വിദ്യാർത്ഥികളും  താൻ ജീവാത്മാവ് ആണെന്ന സത്യം മറന്നു പോകും. അതായത് താൻ യഥാർത്ഥത്തിൽ ആരാണെന്ന  സത്യം വിദ്യാർത്ഥികൾ മറന്നു പോകുന്നു. അതിനു പകരം, വിദ്യാർത്ഥികൾ  തങ്ങൾ ധരിച്ചിരിക്കുന്ന വസ്ത്രവുമായി വളരെ അധികം താദാത്മ്യം പ്രാപിച്ചു തങ്ങൾ ആ യൂണിഫോം ആണെന്ന ധാരണയിൽ വീണുപോകുന്നു. അതോടെ ജീവാത്മാക്കളുടെ അവബോധവും, ഓർമ്മയും, കഴിവുകളും  എല്ലാം, റാന്തലിൻ്റെ തിരിതാഴ്ത്തുമ്പോൾ പ്രകാശം കുറയുന്നതുപോലെ,   കുറഞ്ഞു പോകുകയാണ് ചെയ്യുന്നത്. തങ്ങൾ ആരാണെന്ന അവബോധത്തിൽ  വരുന്ന പ്രസ്തുത ച്യുതി പഠനത്തിന് ഒരു വലിയ വിഘാതമാണ് സൃഷ്ടിക്കുന്നത്; ലക്ഷ്യബോധം പോലും നഷ്ടപ്പെട്ടുപോകുന്നു. അത് പഠിത്തത്തിൽ  വളരെ വലിയ കുഴപ്പങ്ങൾ സൃഷിടിക്കുന്നു. മാത്രവുമല്ല അതോടെ ഓരോ  വർണ്ണവിദ്യാലയങ്ങളിലും  പഠിക്കുവാനുള്ള വിഷയങ്ങൾക്ക് പുറമേ താൻ യഥാർത്ഥത്തിൽ ആരാണെന്നും (താൻ ജീവാത്മാവ് ആണെന്ന സത്യം) ആ താനും തനിക്കു ചുറ്റുമുള്ള മറ്റു  സർവ്വതും എല്ലാം തന്നെ ആകെ മൗലികമായ നിലനിൽപ്പുള്ള  ഒരേഒരു  വസ്തുവായ   “ബ്രഹ്മ വസ്തു” തന്നെയാണെന്നും  കൂടി പുതിയതായി മനസ്സിലാക്കി എടുക്കേണ്ടി വരുന്നു.  ഇതെല്ലാം കൂടി പഠിത്തത്തെ ബാധിച്ച് നൽകപ്പെട്ട കാലയളവിനുള്ളിൽ നിന്നുകൊണ്ട്  തൃപ്തികരമായി പഠിച്ചു പാസ്സാകുവാൻ സാധിക്കാതെ, ചെയ്ത  കോഴ്‌സുകൾ തന്നെ  അനസ്യൂതം പല തവണ ആവർത്തിക്കേണ്ടി വരുന്നു. ഇതാണ് ഇന്നത്തെ നമ്മുടെ സ്ഥിതി.

വർണ്ണാശ്രമ സർവ്വ കലാശാലയിലെ ഒരു പഠന വർഷം (ഒരു ജീവിതകാലം)  നാല് സെമിസ്റ്ററുകൾ ആണ്. സർവ്വകലാശാലയിൽ പ്രവേശനം ലഭിച്ച് പഠനം തുടങ്ങുന്നതിന് മുൻപ് ഒരു “ഓറിയെൻറ്റേഷൻ” ഉണ്ട്.  “ഓറിയെൻറ്റേഷൻ”  കാലം ബാല്യത്തിൻ്റെ  പന്ത്രണ്ട് വർഷം ആണ്. അത് സെമിസ്റ്റർ പഠനത്തിൽ പെടുന്നില്ല. അതുകഴിഞ്ഞാലാണ് സെമിസ്റ്റർ പഠിത്തം തുടങ്ങുന്നത്.  അടുത്ത പന്ത്രണ്ടു വർഷം ഒന്നാം സെമിസ്റ്റർ  പിന്നത്തെ ഇരുപത്തിനാല് വർഷം രണ്ടാം സെമിസ്റ്റർ. പിന്നത്തെ പന്ത്രണ്ട് വർഷം മൂന്നാം സെമിസ്റ്റർ. തുടർന്ന് അവശേഷിക്കുന്ന കാലം മുഴുവനും നാലാം സെമിസ്റ്റർ. ഇതാണ് സെമസ്റ്റർ ഘടന. ഈ സെമസ്റ്റർ കാലം “ആശ്രമങ്ങൾ” എന്ന പേരിലാണ് ക്യാമ്പസ്സിൽ അറിയപ്പെടുന്നത്. 

എല്ലാ പഠനങ്ങളും “പ്രാക്ടിക്കൽ” രീതിയിൽ മാത്രമാണ്  ആണ് നടക്കുന്നത്.  തിയറി എല്ലാം സ്വയം അന്വേഷിച്ച് തേടിപ്പിടിച്ച് പഠിക്കേണ്ടതാണ്. തിയറി പഠിക്കുവാൻ സഹായിക്കുന്ന വേദഗ്രന്ഥങ്ങളും അവയ്ക്കുള്ള വ്യാഖ്യാനങ്ങളും എല്ലാം അടങ്ങിയ ഒരു വലിയ  ഗ്രന്ഥശാലയും, അവയെല്ലാം പഠിക്കുവാൻ ആവശ്യമായ സഹായങ്ങൾ നൽകുവാൻ  ഗുരുക്കന്മാരും എല്ലാം  ക്യാമ്പസ്സിൽ ലഭ്യമാണ്.  പക്ഷേ, ആരും ക്ലാസ്സിൽ വന്ന് ക്ലാസ്സ് പാഠങ്ങൾ എടുത്തു പഠിപ്പിച്ചു തരുകയില്ല. ആവശ്യമുള്ളവർ തേടിച്ചെന്നാൽ എല്ലാം ലഭ്യമാണ് താനും. അങ്ങിനെ  സർവ്വ സ്വതന്ത്രമായ ഒരു സ്വയം പഠന സർവ്വകലാശാലയാണ് “വർണ്ണാശ്രമ സർവ്വ കലാശാല”.  പഠിക്കുകയോ, പഠിക്കാതിരിക്കുകയോ, ഉഴപ്പുകയോ ഒക്കെ  ചെയാം. ഒരുകുഴപ്പമേ ഉള്ളൂ. താൻ യഥാർത്ഥത്തിൽ ആരാണ് എന്നതിലെ ഓർമ്മക്കുഴപ്പം ആദ്യം മാറ്റി, പഠിക്കേണ്ടതെല്ലാം, പഠിക്കേണ്ട വിധത്തിൽ  പരിപൂർണ്ണമായി പഠിക്കുന്നത് വരെ ഈ കോഴ്‌സുകൾ ആവർത്തിച്ചുകൊണ്ടേ ഇരിക്കും. ഓരോരോ  കോഴ്‌സിലും ചെയ്ത തെറ്റുകൾക്ക് കർമ്മഫലം സിദ്ധിച്ച്  ഓരോരോ  ആവർത്തന കോഴ്‌സുകളും  നിരവധി തവണ ചെയ്യേണ്ടതായി വരും. പഠിക്കേണ്ടതെല്ലാം, സ്വന്തം ഉത്തരവാദിത്വത്തിൽ പഠിക്കേണ്ട സമയത്ത്, പഠിക്കേണ്ടതുപോലെ  പഠിക്കാതെ പോയാൽ, അവയെല്ലാം ഒന്നിനൊന്ന് കൂടുതൽ കൂടുതൽ ദുഷ്ക്കരമായി കൊണ്ടിരിക്കും. അങ്ങിനെ സ്വയം ഭരണ, സ്വയ മാർക്കിങ് സമ്പ്രദായ സംവിധാനമാണ് വർണ്ണാശ്രമ സർവ്വ കലാശാലയിൽ.  

ഓരോ സെമിസ്റ്ററിലും   ഒന്നിനൊന്ന് ഉയർന്ന വിഷയങ്ങൾ ആണ് പഠിക്കേണ്ടത്. വേണ്ടത്ര ഏകാഗ്രതയോടും അവബോധത്തോടും കൂടി പഠിച്ചാൽ, വേണമെങ്കിൽ,  നാല് വർണ്ണവിദ്യാലയങ്ങളിലേയും മുഴുവൻ സിലബസ്സും ഒരൊറ്റ അദ്ധ്യയന വർഷത്തിൽ പഠിച്ചു പാസ്സാകുവാൻ മറ്റു നിയമ  തടസ്സങ്ങൾ  ഒന്നും ഇല്ല. പക്ഷേ, താൻ ആരാണെന്ന ബോധം പോലും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് അത്  നടക്കുന്ന കാര്യമല്ല എന്നുമാത്രമേ ഉള്ളൂ. ഒരു പഠന വർഷത്തേക്കുള്ള മുഴുവൻ ആവശ്യമായ ഫീസും (ആവശ്യമായ ഊർജ്ജം), ആവശ്യമായ സമയവും (യൂണിഫോം അലവൻസ്സ്), ആവശ്യമായ പുസ്തകങ്ങളും (പ്രാരാബ്ധ കർമ്മങ്ങൾ) എല്ലാം മുൻകൂറായി തന്നിട്ടാണ് പഠിത്തത്തിന് വിട്ടിരിക്കുന്നത്. മേൽപ്പറഞ്ഞ രീതിയിൽ  അവബോധത്തിൽ സംഭവിച്ച  കുഴാമറിച്ചിലുകൾ മൂലം അധികമാർക്കും അപ്രകാരം പഠിച്ചുമുന്നേറുവാൻ കഴിയാറില്ല എന്നുമാത്രം. 

എന്നാൽ അപ്രകാരം വേഗം പഠിച്ചുമുന്നേറുന്നവർക്ക് താഴ്ന്ന ക്ലാസ്സിലെ യൂണിഫോമും ധരിച്ചുകൊണ്ട് അടുത്ത ഉയർന്ന ക്ലാസ്സിൽ പോയി ഇരുന്ന് പഠിക്കുന്നതിന് മറ്റു നിയമതടസ്സം ഒന്നുമില്ല. അടുത്ത ക്ളാസിലേക്ക് അർഹത കൈവന്നാൽ  ശൂദ്ര വർണ്ണവിദ്യാലയത്തിൻ്റെ   യൂണിഫോം ധരിച്ചുകൊണ്ട്, വൈശ്യ  വർണ്ണ വിദ്യാലയത്തിലും, ക്ഷത്രിയ വർണ്ണ വിദ്യാലയത്തിലും, ബ്രാഹ്മണ  വർണ്ണ വിദ്യാലയത്തിലും ഒക്കെ പോയിരുന്നു പഠിക്കാം എന്നർത്ഥം. അതായത്, ആവശ്യമായ യോഗ്യത വളരെ വേഗം കൈവന്നാൽ,  യൂണിഫോം  പഠന മുന്നേറ്റത്തിന് ഒരിക്കലും ഒരു പരിമിതിയല്ല. വിദ്യാർത്ഥിയുടെ ലക്ഷ്യബോധവും, ഏകാഗ്രതയും, സ്വയം പഠനവും, പരിശ്രമവും ഒക്കെയാണ് ഇക്കാര്യത്തിൽ പരമ പ്രധാനം. 

അതുപോലെ തന്നെ, ഒരിക്കൽ പഠിച്ചു പരിശീലിച്ചതെല്ലാം മറന്നുപോയി ക്യാമ്പസ്സ് ജീവിതത്തിൽ ധാർമ്മികതയോടെ തുടർന്ന് പ്രയോഗിക്കുവാൻ സാധിച്ചില്ലെങ്കിൽ ‘ഡിമോഷനും’ ലഭിക്കും. അതിനർത്ഥം  ബ്രാഹ്മണ വർണ്ണ വിദ്യാലയത്തിലെ  യൂണിഫോം ധരിച്ചുകൊണ്ട് ശൂദ്ര ക്ലാസ്സിലും ഇരിക്കേണ്ടി വന്നേക്കാം. ഡിമോഷൻ ലഭിച്ചിട്ടാണെങ്കിലും പ്രമോഷൻ ലഭിച്ചിട്ടാണെങ്കിലും താൻ  ധരിച്ചിരിക്കുന്ന യൂണിഫോമിന് അനുയോജ്യമല്ലാത്ത സ്കൂളിൽ പരിശീലിക്കുന്നതിനെയാണ്  “വർണ്ണ സങ്കരം” എന്ന് പറയുന്നത്.  “വർണ്ണ സങ്കരം” നൽകാത്തതാണ്  യഥാർത്ഥത്തിൽ  വിവേചനം. വിവേചനം അധാർമ്മികമാണ്. “വർണ്ണ സങ്കരം” അനുവദിക്കുന്നത് ധാർമ്മികതയാണ്. അതാണ് സനാതനഃ ധർമ്മത്തിൽ അനുവദിച്ചിട്ടുള്ളതും. എന്നാൽ ഇതൊന്നും മനസ്സിലാക്കുവാൻ ശ്രമിക്കാതെ, അല്പജ്ഞാനത്താൽ സർവ്വകലാശാലയിൽ   അസ്ഥിരത സൃഷ്ടിച്ച് മറ്റു ജീവാത്മാക്കളുടെ  പരിണാമ പ്രയാണത്തിന് തടസ്സം സൃഷ്ടിക്കുന്നത് മറ്റൊരു അധാർമ്മികതയാണ്. അത് അപ്രകാരം ചെയ്യുന്നവരുടെ  സ്വന്തം വികാസത്തേയും പുരോഗതിയേയും തടയുന്ന ഒന്നാണ്. 

ഈ സർവ്വകലാശാലയിലെ ഒരു സാർവ്വലൗകിക നിയമം സ്വന്തം പരിശ്രമത്തിലും ഉത്തരവാദിത്വത്തിലും സ്വയം പഠിച്ച് പരിശീലിച്ച്  യോഗ്യത നേടി, ആ യോഗ്യത അനസ്യൂതം നിലനിർത്തി, മുന്നേറുക എന്നതാണ്. അതിനാവശ്യമായ എല്ലാ സംവിധാനങ്ങളും  ക്യാമ്പസ്സിൽ സദാ ഉണ്ടായിരിക്കും. യൂണിഫോം കണക്കിലെടുക്കാതെ എത്ര വേഗത്തിൽ വേണമെങ്കിലും പഠിച്ചു പരിശീലിച്ചു മുന്നേറാം. അതിനൊന്നും ഒരു നിയമ തടസ്സവും ഇല്ല. പക്ഷേ, മേൽപ്രസ്താവിച്ച പ്രകാരമുള്ള കൂട്ടിക്കുഴയൽ (“വർണ്ണ സങ്കരം”) പഠനത്തിൽ ധാർമ്മികമായ പക്വത ഇനിയും പ്രാപിക്കാത്ത, ഇതൊന്നും ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത   ഇതര വിദ്യാർത്ഥികൾക്ക്  മാനസികമായ അസ്വാസ്ഥ്യങ്ങൾ സൃഷിക്കുന്നു. വർണ സങ്കരം സംഭവിക്കുന്നതിനുള്ള കാരണങ്ങൾ മനസ്സിലാക്കാതെ അവർ അതിനെതിരെ പ്രതിഷേധിക്കുന്നത് ക്യാമ്പസ്സിൽ കൂടുതൽ അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ധാർമ്മികമായ പക്വത പ്രാപിക്കാതെ  വിദ്യാലയങ്ങൾ തെറ്റി മനഃപൂർവ്വം അനവസരത്തിൽ  മറ്റൊരു വിദ്യാലയത്തിൽ പോയി ഇരിക്കുമ്പോൾ ഉണ്ടാകുന്ന   ബുദ്ധിമുട്ടുകൾ അല്പം ഒന്നാലോചിച്ചാൽ മനസ്സിലാകും. ക്ഷത്രിയ വർണ്ണ വിദ്യാലയത്തിൽ ഇരുന്ന്  രാജധർമ്മം പഠിക്കുന്നതിന് മുൻപ്, വൈശ്യ വർണ്ണ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥി സ്വന്തം വിദ്യാലയതിലെ വിദ്യാഭ്യാസം പോലും പൂർത്തീകരിക്കുന്നതിന് മുൻപ്  ക്ഷത്രിയ ധർമ്മ വിദ്യാലയതിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന വിപത്തുകൾ ആലോചിക്കാവുന്നതേ ഉള്ളൂ. മുകളിലേക്കുള്ള സങ്കരത്തിന് പകരം  താഴേക്കുള്ള സങ്കരവും  സംഭവിക്കാം. പക്ഷേ മിക്കവാറും എല്ലാ അവസരങ്ങളിലും അപ്രകാരം താഴേക്കുള്ള സങ്കരം സംഭവിക്കുന്നത് ഏതെങ്കിലും പ്രത്യേക തെറ്റുകൾ വിദ്യാലയ തലത്തിൽ തന്നെ സംഭവിച്ചാൽ അത്  തിരുത്തുവാൻ വേണ്ടി ആയിരിക്കും. ഉയർന്ന ധാർമ്മിക മൂല്യങ്ങൾ ഉള്ള ജീവാത്മാക്കൾക്ക് ഏത് യൂണിഫോമിലും ധാർമ്മികമായി പ്രവർത്തിച്ചുകൊണ്ട് അവിടേയും നൂറിൽ നൂറു മാർക്ക് വാങ്ങിക്കുവാൻ കഴിയും.  

സ്വയം പഠന പരിശീലങ്ങളിലൂടേയും നിരീക്ഷണങ്ങളിലൂടേയും  ആവശ്യമായ അറിവ് നേടാതെ വെറും മനോവ്യാപാരങ്ങളുടെ അടിസ്ഥാനത്തിൽ  വളർന്നുവന്ന തെറ്റുകളാണ് കാമ്പസ്സിൽ   “ജാതി” വ്യവസ്ഥയുണ്ടെന്നുള്ള പരാതിയും  അത് സൃഷ്ടിക്കുന്ന അധാർമ്മികതയും. ഇതെല്ലാം കൂടിച്ചേർന്ന്    നിലവിലെ കുഴാമറിച്ചിലുകൾക്ക് ആക്കം കൂട്ടുന്നു. ധാർമ്മികമായ പെരുമാറ്റം, സ്വാദ്ധ്യായം (സ്വയം പഠിക്കൽ) ഇതെല്ലാം ഈ സർവ്വ കലാശാലയിൽ പരമ പ്രധാനമാണ്. അവയെഎല്ലാം  അവഗണിച്ചുകൊണ്ട് തനിക്ക് തോന്നിയതുപോലെ പ്രവർത്തിച്ചാൽ  പഠനത്തിൽ  പ്രൊമോഷൻ ലഭിക്കാതെ അലയേണ്ടിവരും. 

ചിന്താ പരീക്ഷണതിലൂടെ ഉള്ള ഈ  ഒരു സമാനതാ പഠനം മനസ്സിരുത്തി പഠിച്ചു മനസ്സിലാക്കിയാൽ ജീവിതത്തിൻ്റേയും, ജീവിതത്തിലൂടെ  നേരിട്ടു ലഭിക്കുന്ന ജീവിതാനുഭവങ്ങളുടേയും മൂല്യം നമുക്ക് വ്യക്തമാകും. അനുഭവങ്ങളുടെ സാധുതയും ആവശ്യവും  മനസ്സിലാകും. തെറ്റുകൾ മനസ്സിലാകും. തെറ്റുകൾ തിരുത്തേണ്ടതിൻ്റെ ആവശ്യം മനസ്സിലാകും.  ഈ സമാനതാ പഠനത്തിൽ “യൂണിഫോം” എന്ന് വിവക്ഷിച്ചത് ജീവാത്മാക്കൾക്ക് ഓരോ ജന്മത്തിലും ലഭിച്ച ശരീര മനസ്സുകളുടെ കുപ്പായങ്ങൾ ആണ്. നമ്മൾ ഈ കുപ്പായങ്ങൾ അല്ല. ഈ കുപ്പായങ്ങൾ ധരിച്ചു നിൽക്കുന്ന ജീവാത്മാക്കളാണ്. ഈ ജീവാത്മാക്കൾ പരിമിതപ്പെട്ടുപോയ “ബ്രഹ്മ വസ്തു” തന്നെയാണ്. മറന്നുപോയ ഇക്കാര്യങ്ങളെല്ലാം പ്രായോഗിക ജീവിതത്തിലെ അനുഭവങ്ങളിലൂടെ വീണ്ടും മനസ്സിലാക്കി എടുക്കുവാനുള്ള അവസരം ആണ് ജനന-മരണങ്ങൾക്ക് ഇടയിലുള്ള സമയം. വില്യം ഷേക്‌സ്‌പിയർ രചിച്ച   “ആസ് യു ലൈക് ഇറ്റ്” എന്ന വിശ്വ വിഖ്യാതമായ കൃതിയിൽ “ഈ ലോകം ഒരു നാടകശാലയാണ്, എല്ലാ സ്ത്രീപുരുഷന്മാരും  ഈ നാടകശാലയിലെ നടീനടന്മാരാണ്” എന്ന് പറയുന്നതും ഇതേ ചിന്താപരീക്ഷണത്തിൻ്റെ അനുരണനങ്ങൾ തന്നെയാണ്.

സർവ്വതും ജീവാത്മാവിൻ്റെ   അവബോധ വികസനത്തിന് വേണ്ടി  

സനാതനഃ ധർമ്മത്തിൽ എല്ലാ വസ്തുക്കളും നിലനിൽക്കുന്നത് ജീവാത്മാവിന് – സ്വ-ആത്മത്വത്തിന് – പടിപടിയായി  സ്വാനുഭവത്തിലൂടെ   കടന്നുപോകാൻ ആഗ്രഹിക്കുന്ന അനുഭവങ്ങൾ നൽകുന്നതിന് വേണ്ടി മാത്രമാണ്. താൻ യഥാർത്ഥത്തിൽ ആരാണെന്ന് തിരിച്ചറിഞ്ഞകൊണ്ട്, അതുമായി ഒന്നായി ചേരുന്നതാണ് ആണ് ആത്മസാക്ഷാത്ക്കാരം.  ആത്മ സാക്ഷാത്ക്കാരത്തിനും   അതിലൂടെ  ലഭിക്കുന്ന ഉയർന്ന ഒരു നിലനില്പിനും   വേണ്ടിരൂപ കൽപ്പന ചെയ്യപ്പെട്ട വ്യവസ്ഥകളാണ്  ഇവിടെ നിലനിൽക്കുന്ന സർവ്വതും. വർണ്ണാശ്രമങ്ങളും, കർമ്മ നിയമങ്ങളുടെ പ്രവർത്തനങ്ങളും, പുനർജന്മവും  എല്ലാം ഇതെല്ലാം സാദ്ധ്യമാക്കുന്ന വ്യവസ്ഥകളാണ്. 

ഓരോ ആശ്രമ സ്ഥാനങ്ങളിലും ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ ധർമ്മാധർമ്മ പ്രവൃത്തികൾ ഉണ്ടെന്ന് നമ്മൾ കണ്ടു കഴിഞ്ഞു.   സ്വയം പഠനത്തിലൂടെ ഓരോ വർണ്ണാശ്രമങ്ങളിലും ഉള്ള ഏറ്റവും മികച്ച ധാർമ്മികതയിൽ പ്രവർത്തിച്ച് അതിൽ  പ്രാവീണ്യം നേടാൻ അത്തരം   യൂണിഫോമുകളിലൂടെ  (ശരീര-മനസ്സുകളിലും) പ്രവർത്തിക്കേണ്ട  ആവശ്യമുണ്ട്. ശരീരം ഒരു ഉപകരണമാണ്. ഓരോ ഉപകരണങ്ങളും നമ്മൾ പരിശീലിച്ച് പ്രാവീണ്യം നേടണം. ഏതു ഉപകരണവും ഉപയോഗിക്കുവാൻ പഠിക്കണം.  ബാഹ്യജീവിതത്തിൻ്റെ ഏതു തുറകളിലായാലും പടിപടിയായി സമ്പാദിച്ചെടുക്കുന്ന അനുഭവ സമ്പത്തുക്കളിലൂടെ മാത്രമേ ഉയർന്ന ഉദ്യോഗങ്ങളിൽ ചെന്നെത്തുവാൻ കഴിയുകയുള്ളൂ എന്ന് ഓർമ്മിക്കുക. ആന്തരിക ജീവിതത്തിലും ഇതേ നിയമം തന്നെ പ്രവർത്തിക്കുന്നു. 

ഒരു ജീവാത്മാവ് താൻ അതുവരെ ആർജ്ജിച്ച കർമ്മ പാശങ്ങളാൽ നിയന്ത്രിതമായിട്ടാണ് ഓരോ പുതിയ ജന്മത്തിലും ശരീരം എടുക്കുന്നത് തന്നെ. കർമ്മ പാശങ്ങൾ ആണ് “പ്രോഗ്രസ്സ് കാർഡ്”. ഏത് ജീവാത്മാവിന് ഏതു തരം  ശരീരം ആണ് ഒരു ജന്മത്തിൽ നൽകേണ്ടത് എന്ന് നിശ്ചയിക്കുന്നത് ഏതുതരം സഞ്ചിത കർമ്മങ്ങളാണ് ആ ജീവാത്മാവ് അതുവരെ ശേഖരിച്ചു കൂട്ടിയിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ്. അങ്ങിനെ ചെയ്യുന്നത് ആ ജീവാത്മാവിനെ ശിക്ഷിക്കുവാനല്ല. നേരെമറിച്ച്, ഏതു പാഠങ്ങളാണ് ആ ജീവാത്മാവ് ഇനിയും പഠിക്കാത്തത് എന്ന് മനസ്സിലാക്കി ആ പാഠങ്ങൾ പഠിപ്പിക്കുവാൻ ആവശ്യമായ ശരീരവും, ജീവിത സാഹചര്യങ്ങളും, ജീവിതാനുഭവങ്ങളും  ആയിരിക്കും ഓരോ ജന്മത്തിലും ജീവിത സിലബസ്സ്  ആയി ലഭിക്കുക. അതിനും ക്രമവും താളവും എല്ലാമുണ്ട്. ഇതെല്ലാം പഠിപ്പിക്കുന്നത്  ജീവാത്മാവിൻ്റെ ആത്യന്തികമായ ഏറ്റവും ഉയർന്ന പരിണാമം ആ ജീവാത്മാവിന് സാദ്ധ്യമാക്കി കൊടുക്കുവാൻ വേണ്ടി മാത്രമാണ്.

ഒരു ജന്മത്തിൽ ജീവാത്മാക്കൾ കടന്നുപോകേണ്ട നാല് ആശ്രമ സ്ഥാനങ്ങൾക്ക് സമാനമായി,   നാല് തരത്തിൽപ്പെട്ട   ശരീരങ്ങളും, ജീവിത സാഹചര്യങ്ങളും, നാല് തരത്തിലുള്ള സിലബസ്സുകളും  ഉണ്ട് എന്ന് പൊതുവായി മനസ്സിലാക്കണം.  ഓരോ  ജീവാത്മാവും  തങ്ങളുടെ  നിലവിലെ സഞ്ചിത കർമ്മത്തിന് (പഠിക്കേണ്ട പ്രധാന വിഷയത്തിന്) ഏറ്റവും അനുയോജ്യമായ ഓരോരോ ശരീരവും (യൂണിഫോം)  സിലബസ്സുകളും    കൊണ്ടായിരിക്കും ഓരോ ജീവാത്മാക്കളും ജനിക്കുന്നത്. സിലബസ്സിൽ    ധാർമ്മികമായ സാമൂഹ്യ സേവനം,  സാമൂഹ്യ നന്മക്ക് ആവശ്യമായ ധാർമ്മികമായ വിഭവ ശേഖരണവും വിതരണവും, സാമൂഹ്യ ഭരണവും സംരക്ഷണവും എന്ന വിഷയങ്ങൾ ആണ് പഠിക്കുന്നത്.   ഈ മൂന്ന് പ്രവർത്തികൾ ധാർമ്മികമായി പരിശീലിക്കുന്നതിലൂടെ എങ്ങിനെ ആത്മീയമായി മുന്നേറാം എന്ന് പഠിക്കുന്നതാണ്  നാലാമത്തെ വിഷയം.    

ശൂദ്ര ശരീരവും സിലബസ്സും നൽകപ്പെടുന്നത്  സർവ്വ ചരാചരങ്ങൾക്കും സ്വധർമ്മം ധാർമികമായി അനുഷ്ഠിച്ചുകൊണ്ട് ധാർമ്മികമായ രീതിയിൽ നൽകേണ്ട സേവനം ജീവാത്മാവിനെ പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനും ആണ്. അല്ലാതെ അത് ജാതിപരമായ വിവേചനം അല്ല.  വൈശ്യ ശരീരവും സിലബസ്സും സർവ്വ ചരാചരങ്ങൾക്കും ആവശ്യമായ വിഭവങ്ങൾ  ധാർമ്മികമായി, സ്വധർമ്മം അനുഷ്ഠിച്ചുകൊണ്ട് ഉത്പാദിപ്പിച്ച് എത്തിക്കുവാൻ ആവശ്യമായ പാഠങ്ങൾ  പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനും ആണ്.  അല്ലാതെ അത് ജാതിപരമായ വിവേചനമില്ല. അതുപോലെ ക്ഷത്രിയ ശരീരവും സിലബസ്സും സമൂഹത്തിന് ധാർമ്മികമായ സംരക്ഷണവും നീതിയും ഉറപ്പാക്കുന്ന സേവനം  പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനും ആണ്. അല്ലാതെ അത് ജാതിപരമായ വിവേചനം അല്ല. ബ്രാഹ്മണ ശരീരവും സിലബസ്സും ധാർമ്മിക ജീവിതത്തിലൂടെ എങ്ങിനെ അവബോധം വർദ്ധിപ്പിച്ച് പരിണാമത്തിൻ്റെ അടുത്ത നിലനിൽപ്പിലേക്ക് കടക്കാം എന്ന്   പഠിപ്പിക്കുവാനും പരിശീലിപ്പിക്കുവാനും ആണ്. അല്ലാതെ അത് ജാതിപരമായ വിവേചനം അല്ല. ഈ ശരീരങ്ങൾ ഒന്നും ആരുടേയും കുത്തകയല്ല. സമസ്ത ജീവാത്മാക്കളുടേയും ഒരേപോലുള്ള ഉപയോഗത്തിനാണ്. സനാതനഃ ധർമ്മത്തിൽ ജാതിയില്ല, മതമില്ല, വിവേചനമില്ല. ഉണ്ടെന്ന് വികാസത്തിൻ്റെ പ്രാഥമിക ഘട്ടത്തിൽ മാത്രം എത്തിയിട്ടുള്ള താത്കാലിക അപക്വമതികൾക്ക് തോന്നുന്നത് മാത്രമാണ്. സനാതനഃ ധർമ്മത്തിൽ ആകെ ഉള്ളത് സമസ്ത സൃഷ്ടികളും ഉൾപ്പെട്ട വലിയ ജീവനൻ്റെ  വികസനവും ഉന്നമനവും  മാത്രമാണ്.

വ്യക്തി ബന്ധങ്ങൾ ധാർമ്മികതയുടെ ലിറ്റ്മസ് ടെസ്റ്റ്  

നമ്മുടെ നിത്യജീവിതത്തിൽ അനുദിനം എണ്ണമറ്റ വ്യക്തിത്വങ്ങളുമായി നമ്മൾ  പരസ്പര ബന്ധങ്ങളിൽ ഏർപ്പെടുന്നുണ്ട്.  നമ്മുടെ കുടുംബത്തിലെ അംഗങ്ങൾ, നമ്മൾ ജനിച്ച കുടുംബത്തിലെ അംഗങ്ങൾ, വിവാഹം കഴച്ചു വന്ന കുടുംബത്തിലെ അംഗങ്ങൾ, സമൂഹത്തിലെ അംഗങ്ങൾ, നമ്മുടെ സ്വധർമ്മ സേവന രംഗത്തിലെ പ്രവർത്തകർ, കൂടാതെ നമുക്കുചുറ്റുമുള്ള മറ്റു ജീവ ജാലങ്ങൾ. ഇവയെല്ലാം അവബോധത്തിൻ്റെ വ്യത്യസ്ത   തലങ്ങളിൽ നിലകൊള്ളുന്ന ജീവാത്മാക്കളാണ്. ഇവരെല്ലാവരുമായി  സംഭവിക്കുന്ന പരസ്പര പ്രവർത്തനങ്ങൾ സ്വധർമ്മ ധാർമ്മികത പരിശീലിക്കുവാനുള്ള  കളരികളാണ്, വർക്ക്ഷോപ്പുകളാണ്. ഈ വ്യക്തി ബന്ധങ്ങളിൽ എങ്ങിനെ നമ്മൾ മാർക്ക് സ്കോർ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, ഒരു വലിയ പരിധിവരെ, നമ്മുടെ ആത്മീയ  പുരോഗമനവും അധോഗമനവും. 

അതുകൊണ്ട് നമ്മൾ അനുദിനം നടത്തുന്ന ഓരോ  പരസ്പര പ്രവർത്തനങ്ങളും പരമ പ്രധാനമാണ്. വളരെ ശ്രദ്ധിച്ചും, അവബോധത്തോടേയും വേണം ഓരോ  വ്യക്തിബന്ധങ്ങളും കൈകാര്യം ചെയ്യുവാൻ. ഒരു പരീക്ഷയിൽ ചില ചോദ്യങ്ങൾ നിർബന്ധമായും ഉത്തരമെഴുതേണ്ട ചോദ്യങ്ങളായിരിക്കും. മറ്റു കുറേ ചോദ്യങ്ങൾ ഐച്ഛികമായിരിക്കും. നമ്മൾ ജനിച്ച കുടുംബത്തിലേയും, നമ്മൾ വിവാഹം കഴിച്ച കുടുംബത്തിലേയും, നമ്മൾ സ്വയം സ്വരൂപിച്ച നമ്മുടെ കുടുംബത്തിലേയും വ്യക്തി ബന്ധങ്ങൾ  നിർബന്ധമായും നൂറിൽ നൂറു മാർക്കുവാങ്ങേണ്ട ചോദ്യങ്ങൾ ആണ്. മറ്റെല്ലാ വ്യക്തി ബന്ധങ്ങളും ഐച്ഛിക ചോദ്യങ്ങളായി കരുതിയാലും ഇത് അങ്ങിനെ കരുതുവാൻ പാടില്ല; കാരണം, ഈ ബന്ധങ്ങൾ ഒരിക്കലും മാറ്റം വരുത്താനോ, പെട്ടെന്ന് മാറ്റം വരുത്താനോ പറ്റാത്ത  ബന്ധങ്ങളാണ്. അതുകൊണ്ട്, ഓർമ്മിക്കണം, എല്ലാ വ്യക്തിബന്ധങ്ങളും,  പ്രധാനപ്പെട്ടതാണ്, ഇത് വളരെ പ്രത്യേകിച്ച് അത്യധികം പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും എല്ലാ വ്യക്തി ബന്ധങ്ങളും ഉയർന്ന ധാർമ്മികതയോടെ  കൈകാര്യം ചെയ്യണം. കാരണം, ധാർമ്മികതയുടെ ലിറ്റ്മസ് ടെസ്റ്റ് ആണ് വ്യക്തിബന്ധങ്ങൾ.