
സയൻസിൻ്റെ മെറ്റാഫിസിക്സ്“
.
അന്ധമായ വിശ്വാസങ്ങൾ അല്ല, അടിത്തറയുള്ള യുക്തിഭദ്രമായ അറിവുകൾ മാത്രമാണ് നമ്മെ രക്ഷിക്കുവാൻ പോകുന്നത്
ഇന്ദുലേഖ ബുക്ക്സ് പ്രസിദ്ധീകരിച്ച “ശ്രേഷ്ഠ ജീവിതം ശ്രേഷ്ഠ മരണം” എന്ന കൃതിയിലെ “സയൻസിൻ്റെ മെറ്റാഫിസിക്സ്” എന്ന അദ്ധ്യായമാണിത്. എങ്ങിനെ ശ്രേഷ്ഠമായ ഒരു ജീവിതം നയിക്കാം, എങ്ങിനെ ശ്രേഷ്ഠമായ ഒരു മരണം കൈവരിക്കാം എന്ന വിഷയങ്ങളിൽ ആയിരക്കണക്കിന് തലമുറകളിലൂടെ ആർജ്ജിച്ചു കൈമാറി വന്ന വിലപ്പെട്ട നിരവധി അറിവുകകൾ ഭാരതത്തിന് ഉണ്ട്. തികച്ചും യുക്തി ഭദ്രവും, മതനിരപേക്ഷവും ആയ ആ അറിവുകൾ പങ്കിടുകയാണ് “ശ്രേഷ്ഠ ജീവിതം ശ്രേഷ്ഠ മരണം” എന്ന പുസ്തകത്തിൽ. ഭാരതത്തിൻ്റെ അതിപുരാതനമായ സവിശേഷ അറിവുകളും, ക്വാണ്ടം സയൻസ് നൽകുന്ന ആധുനിക അറിവുകളും ഒരുപോലെ സമന്വയിച്ച് തികഞ്ഞ യുക്തിഭദ്രതയോടെ ഇതിൽ പങ്കുവയ്ക്കുന്നു. ഇതുവരെ അറിയാത്ത ജീവിതത്തിൻ്റെ കാണാപ്പുറങ്ങൾ പഠിയ്ക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു നവാഗതനും സമഗ്രമായ ഒരു വിഷയ പരിചയം ഈ പുസ്തകം നൽകുന്നുണ്ട്. കൂടാതെ കൂടുതൽ പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വിപുലമായ ഒരു ഗ്രന്ഥസൂചികയും “ശ്രേഷ്ഠ ജീവിതം ശ്രേഷ്ഠ മരണം” എന്ന പുസ്തകത്തിൽ ഉൾപ്പെടുന്നു.
സയൻസിൻ്റെ മെറ്റാഫിസിക്സ്
സയൻസും മെറ്റാഫിസിക്‌സും അനന്തമായി നീളുന്ന, ഒരിക്കലും ഒന്നുചേരാത്ത സമാന്തരങ്ങളായിട്ടാണ് നിർഭാഗ്യവശാൽ ഇന്ന് കരുതിപ്പോരുന്നത്. എന്നാൽ, അന്തിമമായ വിശകലനത്തിൽ മെറ്റാഫിസിക്സിൻ്റെ ഫലഭൂയിഷ്ഠമായ ഭൂമികയിൽ ഉദിച്ച് ഉയർന്നു നിൽക്കുന്ന മഹാവൃക്ഷമാണ് സയൻസ്. യോഗശാസ്ത്രത്തിൻ്റെ കെടാവിളക്കുകളിൽ ഒന്നായ “അഷ്ടാംഗയോഗ”യിൽ സയൻസും മെറ്റാഫിസിക്‌സും യഥാർത്ഥത്തിൽ പരസ്പരം കൈകോർത്താണ് നിൽക്കുന്നത് എന്ന സത്യം അധികം ആരും അറിയുന്നില്ല.
പൊതുവേ പറഞ്ഞാൽ, “പ്രജ്ഞാനം”, “ആത്മാവ്”, “അമരത്വം”, “പുനർജ്ജന്മം”, എന്നുതുടങ്ങിയ ആശയങ്ങളാണ് സാധാരണ ജനമനസ്സുകളിൽ “മെറ്റാഫിസിക്സു”മായി ബന്ധപ്പെട്ടു നിൽക്കുന്ന വിഷയങ്ങൾ. ഈ വിഷയങ്ങൾക്ക് മുഖ്യധാരാ സയൻസിലുള്ള സ്വീകാര്യത എന്താണെന്ന് പരിശോധിക്കുന്നതിലൂടെ, സയൻസിലെ മെറ്റാഫിസിക്സ് എന്താണെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ഈ പുസ്തകത്തിലെ മുഖ്യധാരാ വിഷയം, നമ്മൾ ഈ ശരീരമോ മനസ്സോ അല്ല, “പ്രജ്ഞാനം’ അഥവാ “അവബോധം” എന്ന “ക്വാണ്ടം” സാന്നിദ്ധ്യമാണ് എന്നുള്ളതാണല്ലോ. ആദ്യമായി, “പ്രജ്ഞാനം” അഥവാ “അവബോധം” എന്ന വസ്തുതയെ സയൻസ് എങ്ങിനെയാണ് വീക്ഷിക്കുന്നത് എന്ന് പരിശോധിക്കാം.
‘പ്രജ്ഞാനം’ സയൻസിലും, മെറ്റാഫിസിക്സിലും
പ്രജ്ഞാനത്തെ “സാക്ഷി ചൈതന്യം” എന്നാണ് പുരാതന ഭാരതീയ വൈജ്ഞാനിക ശാസ്ത്രം നിർവ്വചിച്ചത്. അതായത് നമ്മുടെ സർവ്വ അനുഭവങ്ങൾക്കും സാക്ഷിയായി, അനുഭവസ്ഥ ഘടകമായി, ഊണിലും ഉറക്കത്തിലും, നമ്മിലെ നാമായി നിലകൊള്ളുന്ന ആ സാക്ഷിത്വം ആണ് “പ്രജ്ഞാനം” അല്ലെങ്കിൽ “അവബോധം”. ഈ പ്രപഞ്ചതിൽ പരമാർത്ഥത്തിൽ നിലനിൽപ്പുള്ള ആകെ ഒരേ ഒരു യഥാർത്ഥ ‘വസ്തു’ പ്രജ്ഞാനം ഒന്നുമാത്രമാണ്. ഇവിടെ നിലനിൽക്കുന്നു എന്ന് നമുക്ക് തോന്നുന്ന സർവ്വതും ആ പ്രജ്ഞാനത്തിൽ നിന്നും സ്വയം ഉദിച്ച്, പ്രജ്ഞാനത്തിൻ്റെ തന്നെ ഭേദ രൂപ ഭാവങ്ങളായി, പ്രജ്ഞാനത്തിൽ തന്നെ നിലനിൽക്കുന്ന, പ്രജ്ഞാനത്തിൽ തന്നെ ഒടുവിൽ തിരികെ വിലയം പ്രാപിക്കുന്ന “പ്രജ്ഞാനം” തന്നെ ആണ്. ഇവിടെ ആകെ നിലനിൽപ്പുള്ള ഉള്ള ഏക പ്രതിഭാസം “പ്രജ്ഞാന”മാണ്. ഇതാണ്, ഭാരതീയ വൈജ്ഞാനിക ശാസ്ത്രം നൽകുന്ന ഏറ്റവും ഉന്നതമായ അറിവ്. ആ “പ്രജ്ഞാന”ത്തെക്കുറിച്ചുള്ള വിവിധ ചർച്ചകളാണ് ഈ പുസ്തകത്തിൽ ഇതുവരെ നടന്നതും.
“പ്രജ്ഞാനം” എന്ന പദത്തിന് ഇംഗ്ലീഷിലെ ഏറ്റവും അനുയോജ്യമായ പദം “Consciousness” എന്നാണ്. സയൻസ് ജീവജാലങ്ങളിലെ “ബോധാവസ്ഥയെ” വിവക്ഷിക്കുന്നതും “Consciousness” എന്ന വാക്ക് തന്നെ ഉപയോഗിച്ചുകൊണ്ടാണ്. ജീവജാലങ്ങളിലെ ബോധാവസ്ഥയെ സൂചിപ്പിക്കുവാനായി കുറച്ചുകൂടി ലളിതമായി ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിക്കാവുന്ന മറ്റൊരു പര്യായ പദമാണ് “awareness”. സയൻസും ആ പദം വിശദീകരണങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.
എങ്കിലും, സയൻസിൻ്റെ വിവിധ ശാഖകളിൽ “കോൺഷ്യസ്സ്നസ്സി”നെക്കുറിച്ചു സർവ്വരാലും അംഗീകരിക്കപ്പെട്ട ഒരു ഏകാഭിപ്രായമില്ല. പല ശാസ്ത്ര ശാഖകൾക്കും ഭിന്നങ്ങളായ അഭിപ്രായങ്ങളാണ് കോൺഷ്യസ്സനെസ്സിനെക്കുറിച്ചുള്ളത്. ജീവജാലങ്ങളുടെ ചുറ്റുപാടുകൾ, ചിന്തകൾ, വികാരങ്ങൾ എന്നിവയെക്കുറിച്ച് ജീവജാലങ്ങളെ സ്വയം ബോധവാന്മാരാക്കുന്ന അവയിലെ അടിസ്ഥാന ജീവത് ഘടകം ഏതൊന്നാണോ അതിനെയാണ് സയൻസ് പൊതുവായി “കോൺഷ്യസ്നെസ്സ്” എന്ന് പറയുന്നത്.
എന്നാൽ ന്യൂറോ സയൻസിന് “കോൺഷ്യസ്നെസ്സ്” മസ്തിഷ്കത്തിൻ്റെ പ്രവർത്തനമാണ്. മറ്റു ചില ന്യൂറോ ശാസ്ത്രജ്ഞാന്മാരുടെ അഭിപ്രായത്തിൽ, “കോൺഷ്യസ്സ്നെസ്സ്” എന്നത് സ്ഥലവും സമയവും പോലെ പ്രപഞ്ചത്തിൻ്റെ ഒരു അടിസ്ഥാന സ്വഭാവമാണ്. പക്ഷേ, ചില മനഃശാസ്ത്രജ്ഞർ പറയുന്നത് “കോൺഷ്യസ്നെസ്സ്” എന്നത് മസ്തിഷ്‌കം വിവര സാങ്കേതിക വിദ്യ നടത്തിപ്പിച്ച് എടുക്കുന്ന ഒരു “ഗ്ലോബൽ വർക്ക് സ്റ്റേഷൻ” ആണെന്നാണ്. മറ്റു ചില ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മസ്തിഷ്കം പോലുള്ള സങ്കീർണ്ണ സംവിധാനങ്ങളിൽ നിന്നും ആവിർഭവിക്കുന്ന സവിശേഷ സ്വഭാവമാണ് കോൺഷ്യസ്സ്നെസ്സ് എന്നാണ്. എന്തായാലും സയൻസിന് “കോൺഷ്യസ്സ്നെസ്സ്” ഒരു പിടികിട്ടാപുള്ളിയായി ഇപ്പോഴും തുടരുന്നു.
“കോൺഷ്യസ്സ്നെസ്സ്” എന്ന വിഷയത്തിൽ സയൻസ് ഇന്ന് അഭിമുഖീകരിക്കുന്ന കുറെ കീറാമുട്ടികൾ ഉണ്ട്. എന്തുകൊണ്ടാണ് ഈ ലോകം നമുക്ക് ഓരോരുത്തർക്കും തീവ്രമായ ഒരു വ്യക്തിഗതമായ സ്വകാര്യ അനുഭവമായി അനുഭവപ്പെടുന്നത്? “ക്വാലിയാ” എന്ന ഒരു ലാറ്റിൻ പദം കോൺഷ്യസ്സ്നെസ്സ് പഠനങ്ങളിൽ സയൻസ് ഉപയോഗിക്കുന്നുണ്ട്. വ്യക്തിപരമായി ഓരോ വസ്തുക്കളും എങ്ങിനെ ഉള്ളതാണെന്ന് നമ്മുടെ ബോധത്തിൽ ഉദിക്കുന്നതിനെയാണ് “ക്വാലിയാ” എന്ന് പറയുന്നത്. ചുവപ്പ് ചുവപ്പാണെന്ന് നമ്മൾ അറിയുന്നത് എങ്ങിനെയാണ്? ഉപ്പിൻ്റെ സ്വാദ്, മുളകിൻ്റെ സ്വാദല്ല എന്ന് നമ്മൾ അറിയുന്നത് എങ്ങിനെയാണ്? അതാണ് “ക്വാലിയാ”.
എങ്ങിനെയാണ് “ക്വാലിയാ” ഉണ്ടാകുന്നതെന്ന് സയൻസിന് വിശദീകരിക്കുവാൻ കഴിയുന്നില്ല. അതുപോലെ തന്നെ നമ്മുടെ ഇംഗിതങ്ങൾ എപ്പോഴും പ്രപഞ്ചവും പ്രപഞ്ചവസ്തുക്കളുമായി അഭിനിവേശത്തിൽ ആഴ്ന്ന് നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് സയൻസിന് മനസ്സിലാകുന്നില്ല. “ഞാൻ” എന്ന ബോധവും, ഈ “പ്രപഞ്ചം” എന്ന ബോധവും ഏകീകൃതമായ, പരസ്പരബന്ധമുള്ള ഒരു രീതിയിലാണ് എല്ലാവർക്കും അവരവരുടെ തന്നെ ഉള്ളിൽ അനുഭവപ്പെടുന്നത്. അത് എന്തുകൊണ്ടാണ്? ഇങ്ങനെ നിരവധി കീറാമുട്ടികൾ ആണ് സയൻസ് ഈ വിഷയത്തിൽ അഭിമുഖീകരിക്കുന്നത്. ഈ ചോദ്യങ്ങൾ സാധാരണ ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് പരിഹരിക്കുവാൻ കഴിയുകയില്ല. കാരണം അവയിൽ ആത്മനിഷ്ഠമായ സ്വകാര്യ അനുഭവം ഉൾപ്പെടുന്നു, “ക്വാലിയാ” പോലുള്ള നിരീക്ഷണങ്ങൾ വളരെ വ്യക്തിഗതവും സയൻസിന് സ്വീകാര്യമായ വിധത്തിൽ അളക്കുവാൻ സാധിക്കാത്തതും ആണ്.
“ഞാൻ ജീവിച്ചിരിക്കുന്നു എന്ന ഒരു സ്വയം “ഞാൻ ബോധം” (“awareness”) നമുക്ക് എല്ലാവർക്കും അനുനിമിഷം ഉണ്ട്’. ‘ഞാൻ’എന്ന ആ തനിമയുടെ സ്വയം-ബോധാവസ്ഥ അല്ലെങ്കിൽ “അവബോധം” നിതാന്തരമായ ഒരു ഉള്ളറിവായി നമുക്ക് ഓരോരുത്തർക്കും സദാസമയവും – ഊണിലും ഉറക്കത്തിലും – ഉണ്ട്. “താൻ” എന്ന പദം ഭാഷാപരമായി, എന്നിലെ എന്നെ ഞാൻ തന്നെ സൂചിപ്പിക്കുന്ന സംജ്ഞയാണ്. ഒരു സദ്യ ആസ്വദിക്കുന്നത് ആ “താൻ-ബോധം” ആണ്. നിദ്രയിലെ സ്വപ്നങ്ങൾ കാണുന്നത് ആ “താൻ-ബോധം” ആണ്. ഗാഢ നിദ്രയിൽ താൻ “സ്വപ്നങ്ങൾ ഒന്നും കാണാതെ സുഖാമയുറങ്ങി” എന്ന അനുഭവത്തിന് സാക്ഷ്യം വഹിച്ച്, പിറ്റേ ദിവസം ആ ഗാഢ നിദ്രയുടെ അനുഭവം തൻ്റെ ബോധ മണ്ഡലത്തിലേക്ക് കൊണ്ടുവന്നതും ആ “താൻ-ബോധം” തന്നെയാണ്. നമ്മുടെ സ്വന്തം ബോധാവസ്ഥയെക്കുറിച്ച് നമുക്ക് തന്നെ സ്ഥിരമായുള്ള ആ ഉള്ളറിവാണ് “പ്രജ്ഞാനം”. മറ്റൊരു സാമാന്യ മലയാള പദം ഉപയോഗിച്ച് പറഞ്ഞാൽ നമ്മുട ‘അവബോധ’മാണ് “പ്രജ്ഞാനം”.
നമ്മളിൽ യഥാർത്ഥത്തിൽ നമ്മിലെ “നാം” ആയ ആ അവബോധത്തെ നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നുമാത്രമേ ഉള്ളൂ. നമ്മൾ ശ്രദ്ധിക്കാതെ, അവഗണിച്ചിരിക്കുന്നതുകൊണ്ട് അവബോധത്തെക്കുറിച്ച് നമുക്കുള്ള അറിവ് തുലോം ശുഷ്ക്കിച്ചുപോയിരിക്കുന്നു. ‘അവബോധം’ എന്ന ഒന്ന് ഉള്ളതായിട്ടുപോലും നമ്മൾ ഇന്ന് തിരിച്ചറിയുന്നില്ല. അതാണ് നമ്മുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ. ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങളിലെ ഏറ്റവും ഉയർന്ന അറിവ്, നമ്മൾ ഓരോരുത്തരും യഥാർത്ഥത്തിൽ പരമമായ അവബോധത്തിൻ്റെ (പരമ പ്രജ്ഞാനത്തിൻ്റെ, കോൺഷ്യസ്നെസ്സിൻ്റെ) നിലവിലെ മാറ്റു കുറഞ്ഞ ഒരു ഏകകം (unit) ആണ് എന്നുള്ളതാണ്.
ആ അവബോധ ഏകകത്തിന് ഉപയോഗിക്കുവാൻ വേണ്ടി മനസ്സും ബുദ്ധിയും ശരീരവും വെറും ഉപകരണങ്ങളായി നല്കപ്പെട്ടതാണ് ഇന്നത്തെ നമ്മൾ ഓരോരുത്തരും. ഇവിടെ ആകെ നിത്യ സത്യമായിട്ടുള്ളത്, സ്ഥിരമായിട്ടുള്ളത്, “പ്രജ്ഞാനം” (കോൺഷ്യസ്സ്നെസ്സ്) ഒന്ന് മാത്രമാണ്. ശരീരവും മനസ്സും എല്ലാം “പ്രജ്ഞാനം” (കോൺഷ്യസ്സ്നെസ്സ്) എടുത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ്. ഇത് നമുക്ക് ‘സബ്ജെക്റ്റീവ്’ ആയി മാത്രം ലഭിക്കുന്ന അറിവാണ്. അല്ലാതെ ഒരു പരീക്ഷണ ശാലയിൽ പരീക്ഷണത്തിലൂടെ, പ്രത്യക്ഷത്തിൽ ‘ഒബ്ജക്റ്റീവ്’ ആയി ‘എംപെരിക്കൽ” ആയി മനസ്സിലാക്കുവാൻ കഴിയാത്ത ഒന്നായത് കൊണ്ട്, അപ്രകാരം ഒന്നിൻ്റെ നിലനിൽപ്പ് സയൻസിന് പരസ്യമായി അംഗീകരിക്കുവാൻ കഴിയുന്നില്ല. ഇതാണ് സത്യം. എന്നാൽ, ഇക്കാര്യം രഹസ്യമായി അംഗീകരിക്കുന്ന ശാസ്ത്രജ്ഞരുടെ എണ്ണം വർദ്ധിച്ചുവരുകയാണ്.
‘കോൺഷ്യസ്സ്നെസ്സ്’ സയൻസിൻ്റെ കീറാമുട്ടി
“കോൺഷ്യസ്സ്നെസ്സ്” എന്ന ഒന്ന് ഉണ്ടെന്ന് സയൻസിന് അറിയാം. അനുഭവങ്ങൾ അനുഭവവേദ്യമാകുന്നത് കോൺഷ്യസ്സ്നെസ്സ് മൂലം ആണെന്ന് സയൻസിന് അറിയാം. എന്നാൽ, പദാര്‍ത്ഥനിഷ്‌ഠമായ ഒരു ‘ഒബ്ജക്റ്റീവ്’ രീതിയിൽ “കോൺഷ്യസ്സ്നെസ്സി”നെ പഠിക്കുവാൻ കഴിയുന്ന വിധം “കോൺഷ്യസ്സ്നെസ്സ്” സയൻസിന് പിടികൊടുക്കുന്നില്ല എന്നതാണ് സയൻസിൻ്റെ പ്രശ്നം. കോൺഷ്യസ്സ്നെസ്സോ അതിൻ്റെ ഇരിപ്പിടമോ ഒരു ന്യൂറോ സർജ്ജനും മസ്തിഷ്‌കത്തിൽ ഒരിക്കലും കണ്ടിട്ടില്ല. എങ്ങിനെയാണ് ബോധപൂർവ്വം ഉള്ള അനുഭവങ്ങൾ ഒരു വ്യക്തി അല്ലെങ്കിൽ ഒരു ജീവി “അനുഭവിക്കുന്നത്” എന്ന് സയൻസിന് പിടികിട്ടുന്നില്ല.
ഉദാഹരണത്തിന്, മസ്തിഷ്കത്തിലെ ന്യൂറൽ പ്രോസസ്സിംഗ് നടക്കുമ്പോൾ എങ്ങിനെയാണ് “വിശപ്പ്” എന്ന അനുഭവം ഒരു വികാരമായി ഒരു വ്യക്തിയുടെ അനുഭവത്തിൽ ഉണരുന്നത്? ഒന്നിലധികം ന്യൂറോ ട്രാൻസ്മിറ്ററുകളും, ഹോർമോണുകളും, വേഗസ് നെർവും, അമിഗ്ഡാല എന്ന മസ്‌തിഷ്‌ക്ക ഭാഗവും എല്ലാം ഉൾപ്പെടുന്ന ഒരു സങ്കീർണ്ണ സംവിധാനമാണ് “വിശപ്പ്” എന്നതിൻ്റെ ന്യൂറൽ പ്രക്രിയ.
എന്നാൽ, എന്തുകൊണ്ടാണ് ആ ന്യൂറൽ ഫയറിംഗ് “വിശപ്പിനു” പകരം “ദാഹം” എന്ന അനുഭവത്തിന് കാരണമാകാതെ പോകുന്നത്? അത്തരം ഒരു തെറ്റുപറ്റാതിരിക്കുന്നത് എന്തുകൊണ്ടാണ്? ന്യൂറൽ പ്രോസസ്സിംഗ് നടക്കുന്നത് ശരീരത്തിൽ ആണെങ്കിലും വിശപ്പ് അനുഭവിക്കുന്നതും, ഭക്ഷിക്കുവാൻ തീരുമാനിക്കുന്നതും നമ്മുടെ ശരീരവുമല്ല, മനസ്സുമല്ല. മനസ്സ് ന്യൂറൽ പ്രോസസ്സിങ്ങുകളുടെ ഫലമായി ലഭിച്ച വിവരങ്ങളെ ക്രമീകരിച്ച് അപഗ്രഥിച്ച് നമുക്ക് തന്ന് നമ്മെ പ്രേരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതിനപ്പുറം ഒന്നും ചെയ്യുവാൻ മനസ്സിന് കഴിവില്ല. മനസ്സ് പ്രേരിപ്പിക്കുന്നത് അനുസരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യാം. അതിനർത്ഥം അനുസരിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ആ ഘടകം മനസ്സല്ല എന്ന് തന്നെയാണ്. എന്താണ് ആ ഘടകം എന്ന് സയൻസിന് പിടികിട്ടുന്നില്ല. സയൻസ് നിശബ്ധമായി നിൽക്കുന്നു.
എങ്ങിനെ ആണ് രണ്ടോ മൂന്നോ വയസ്സുള്ള ഒരു ശിശു, ഒരു പുതിയ ഭാഷ ആദ്യമായി സംസാരിക്കുവാനും അർത്ഥം മനസ്സിലാക്കുവാനും തുടങ്ങുന്നത്? എന്താണ് ആ കഴിവ് സിദ്ധിക്കുന്നതിൻ്റെ പുറകിലുള്ള കൃത്യമായ ‘മെക്കാനിസം’ അല്ലെകിൽ ‘വിജ്ഞാനശാസ്ത്രം’? എങ്ങിനെ ആണ് ഇത്തരം സംവേദന ക്ഷമതകൾ ഉണ്ടാകുന്നത് എന്നതിന് ഒരു മോഡൽ ഉണ്ടാക്കി കാണിക്കുവാൻ സയൻസിന് കഴിയുന്നില്ല. ഇതാണ് സയൻസിൻ്റെ കീറാമുട്ടി.
സയൻസിൻ്റെ പഠന രീതി “ഒബ്ജക്റ്റീവ്” ആണ്. എന്നാൽ “പഠനം” എന്ന അനുഭവം സംഭവിക്കുന്നത് ശുദ്ധമായ “സബ്ജെക്ടിവിറ്റി”യിലൂടെ ആണ്. ശുദ്ധമായ സബ്ജെക്ടിവിറ്റിയെ ഒരിക്കലും ഒബ്ജക്റ്റീവ് ആക്കി മാറ്റി അതിനെ മാറിനിന്ന് നോക്കി മനസ്സിലാക്കി പഠിക്കുവാൻ കഴിയാത്തതാണ് സയൻസ് പരാജയപ്പെടുന്നതിന് ഉള്ള കാരണം. ഒരു നായ സ്വന്തം വാലിനെ ഓടിച്ചിട്ട് പിടിക്കുവാൻ ശ്രമിക്കുന്നത് പോലെ ആണ് അതും! സയൻസിൻ്റെ അന്വേഷണ രീതി ‘ഒബ്ജക്റ്റീവ്’ആയി മാത്രം ഇരിക്കുന്നിടത്തോളം കാലം കോൺഷ്യസ്സ്നെസ്സ് സയൻസ്സിന് ഒരു പ്രഹേളികയായി തന്നെ തുടരും!
ജീവജാലങ്ങളിൽ അവയുടെ ശരീരത്തിലെ വിവിധ പ്രവൃത്തനങ്ങൾ സംഭവിക്കുന്ന മെക്കാനിക്കൽ രീതി സയൻസിന് വളരെ എളുപ്പത്തിൽ കണ്ടുപിടിക്കുവാൻ കഴിഞ്ഞ ഒന്നാണ്. ഉദാഹരണത്തിന് കണ്ണുകൾ ഉപയോഗിച്ച് കാഴ്ച്ചകൾ മസ്തിഷകത്തിൽ ‘ഡാറ്റാ” ആയി എത്തുന്ന രീതി, മസ്തിഷം ആ ‘ഡാറ്റാ’ കൈകാര്യം ചെയ്യുന്ന രീതി ഇതെല്ലാം സയൻസ് ഇതിനകം തന്നെ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞ വിഷയങ്ങൾ ആണ്. ഇതൊന്നും ഒരിക്കലും സയൻസിന് കീറാമുട്ടികൾ ആയിരുന്നില്ല. കാരണം, അത്തരം പ്രശ്നങ്ങൾക്ക് ആവശ്യമായത് ആ പ്രവൃത്തനങ്ങൾ നിർവ്വഹിക്കുന്ന മെക്കാനിക്കൽ സംവിധാനങ്ങൾ വ്യക്തമാക്കുക എന്നത് മാത്രമേ അവിടെ ചെയ്യേണ്ടതുള്ളൂ. അതെല്ലാം “ഒബ്ജക്റ്റീവ്” ആയ കാര്യങ്ങൾ ആണ്.
എന്നാൽ “കോൺഷ്യസ്സ്നസ്സി”ൻ്റെ കാര്യത്തിൽ സയൻസ് പരാജയപ്പെടുന്നതിന് കാരണം “കോൺഷ്യസ്സ്നെസ്സ്” എന്നത് ശുദ്ധമായ “സബ്ജെക്ടിവിറ്റി”യാണ്. .അതായത് ഒരു വിഷയം എങ്ങിനെയാണ് നമ്മൾ “മനസ്സിലാക്കുന്നത്” എന്നതിൻ്റെ വിശദദാംശങ്ങൾ “മനസ്സിലാക്കുവാൻ” സയൻസിന് കഴയുന്നില്ല. സയൻസിൻ്റെ മുൻപിലുള്ള നിരവധി കടങ്കഥകളിൽ പ്രധാനപ്പെട്ട ഒന്നാണ് “കോൺഷ്യസ്സ്നെസ്സ്”.
ആത്മാവ് സയൻസിൽ
അടുത്തതായി, സയൻസും ആത്മാവുമായി നിലനിൽക്കുന്ന ബന്ധം എങ്ങിനെയാണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കാം. “പ്രജ്ഞാനം” എന്ന വിഷയം തന്നെ മനസ്സിലാക്കി അംഗീകരിക്കുവാൻ കഴിയാത്ത നിലക്ക് സയൻസിന് “ആത്മാവ്” എന്ന വിഷയം അതിലും വലിയ ഒരു കീറാമുട്ടിയാണ്. എന്നാൽ, മെഡിക്കൽ സയൻസിൻ്റെ നിർവ്വചന പ്രകാരം മരിച്ചുകഴിഞ്ഞ മനുഷ്യർ പിന്നീട് ജീവിതത്തിലേക്ക് തിരികെ വന്ന് നൽകിയിട്ടുള്ള “നിയർ ഡെത്ത്’ അനുഭവങ്ങളുടെ കൃത്യത സയൻസ് തിരിച്ചറിയുന്നുണ്ട്. അതായത്, ശാസ്ത്രക്രിയക്കിടയിൽ മരണം സംഭവിച്ച ശേഷവും രോഗികൾ തിരികെ ജീവിതത്തിലേക്ക് മടങ്ങി വന്ന നിരവധി സംഭവങ്ങളിൽ, അവർ അവരുടെ സ്വന്തം ശരീരം ഓപ്പറേഷൻ മേശയിൽ കിടക്കുന്നതും, സർജൻ നടത്തുന്ന സംഭാഷണങ്ങളും എല്ലാം കൃത്യതയോടെ അറിഞ്ഞിട്ടുള്ളതും ആയ നിരവധി സംഭവങ്ങൾ ശാസ്ത്രജ്ഞർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ നിന്നെല്ലാം, ‘പ്രജ്ഞാനം’ എന്ന ഘടകത്തിന് ശരീരം ഇല്ലാതെ തന്നെ സ്വതന്ത്രമായി നിലനിൽക്കുവാൻ കഴിയുന്നുണ്ട് എന്ന് സയൻസിന് അറിയാം. എങ്കിലും അത് ആധികാരികമായി പരസ്യമായി അംഗീകരിക്കുവാൻ ആവശ്യമായ ‘ഒബ്ജക്റ്റീവ്’ ഡാറ്റ സയൻസിന് ഇല്ല. അതുകൊണ്ട്, മുഖ്യധാരാ സയൻസ് “ആത്മാവ്” എന്ന വിഷയത്തെ കണ്ടതായി ഭാവിക്കുന്നില്ല. പരസ്പര ബന്ധമില്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള അപൂർണ്ണമായ തെളിവുകൾ ആയി മാത്രമേ ‘നിയർ ഡെത്ത്” വിവരണങ്ങൾ സയൻസ് കാണുന്നുള്ളൂ. അവയെ ആധികാരികമായി അംഗീകരിക്കുവാൻ കഴിയില്ല എന്നാണ് സയൻസിൻ്റെ നിലപാട്.
ഭാരതീയ ശാസ്ത്രവും ഗവേഷണങ്ങളും
ആധുനിക സയൻസിലെ ശാസ്ത്രജ്ഞർ “ഒബ്ജക്റ്റീവ്” അന്വേഷണങ്ങൾ മാത്രം നടത്തുന്ന സത്യാന്വേഷകർ ആണ്. നേരിട്ട് ശേഖരിക്കുവാൻ കഴിയുന്ന ഭൗതികമായ അറിവുകൾ മാത്രമാണ് അവരുടെ അംഗീകൃത പ്രവർത്തന മേഖല. എന്നാൽ, “ഒബ്ജെക്ടീവും” “സബ്ജെക്റ്റീവും” ആയ അന്വേഷങ്ങൾ നടത്തി, എല്ലാ ഒബ്ജെക്ടിവിറ്റിക്കും ആധാരം സബ്ജെക്ടിവിറ്റി മാത്രമാണെന്ന് മനസ്സിലാക്കി, സബ്ജെക്റ്റീവ് അന്വേഷണങ്ങൾ ഒരു വലിയ കലയും ശാസ്ത്രവും ആയി വളർത്തി എടുത്ത ശാസ്ത്രജ്ഞരും വൈജ്ഞാനികരും ആയിരുന്നു പുരാതന ഭാരതത്തിലെ അന്വേഷകർ. അവർക്ക് സബ്ജെക്റ്റീവ്, ഒബ്ജക്റ്റീവ് എന്ന വിവേചനങ്ങൾ ഉണ്ടായിരുന്നില്ല. നിലനിൽപ്പിൻ്റെ സത്യം കണ്ടെത്തുക എന്നത് മാത്രമായിരുന്നു അവരുടെ ഏകലക്ഷ്യം. തലമുറകൾ നീണ്ട് നിൽക്കുന്ന കൂലംകുഷമായ വാദപ്രതിവാദങ്ങൾക്കും അവലോകന വിമർശങ്ങൾക്കും ശേഷം മാത്രമേ അവരുടെ പോസ്റ്റുലേറ്റുകൾ അന്നും അംഗീകരിക്കപ്പെട്ടിരുന്നുള്ളൂ.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിലെ യൂറോപ്പിലെ വ്യാവസായിക വിപ്ലവത്തിന് ശേഷം ആണ് ആധുനിക സയൻസ് ശക്തിയാർജിക്കുവാൻ തുടങ്ങുന്നത്. എന്നാൽ അതിനെല്ലാം ആയിരക്കണക്ക് വർഷങ്ങൾക്ക് മുൻപുതന്നെ ഭാരതീയ ശാസ്ത്രജ്ഞന്മാരായിരുന്ന ഭാസ്കര, ആര്യഭട്ട, ബ്രഹ്മഗുപ്ത, തുടങ്ങിയവർ ഭൂമിയുടെ ഗോളാകൃതിയും, സൗരയൂഥ ഭ്രമണവും, ഗ്രഹങ്ങളുടെ പ്രതിലോമ ഗതികളും, സൂര്യ ചന്ദ്രന്മാരിലേക്കുള്ള കൃത്യമായ ദൂരവും, അവയുടെ ചുറ്റളവും എല്ലാം കണക്കാക്കിയിരുന്നു എന്നറിയുമ്പോൾ, അവരുടെ സബ്ജെക്റ്റീവ് ഗവേഷണ രീതിയുടെ സാധുത സംശയലേശമെന്യേ വ്യക്തമാകുന്നു. അതുപോലെ തന്നെ, പ്രപഞ്ച സൃഷ്ടി തന്നെ ‘കണങ്ങൾ’ ഉപയോഗിച്ചാണെന്ന അറ്റോമിക് തിയറി ഭാരതത്തിലെ കണാദ മഹർഷി വിശദമാക്കിയിട്ട് രണ്ടായിരത്തി മുന്നൂറ് വർഷങ്ങൾ കഴിഞ്ഞു. സബ്ജെക്റ്റീവ് അന്വേഷങ്ങളുടെ ഫലപ്രാപ്തിയാണ് ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത്.
ആധുനിക സയൻസും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഒരു “മതം” തന്നെയാണ്. രണ്ടിനും തങ്ങളുടേതായ വിശ്വാസങ്ങളും പ്രവൃത്തന രീതികളും, അത്യാവശ്യം ദുർവാശിയും എല്ലാം ഉണ്ട്. ഇന്ന് മുഖ്യധാരാ സയൻസും ആത്മാവും പ്രത്യക്ഷത്തിൽ തന്നെ രണ്ടു ധ്രുവങ്ങളിൽ നിലനിൽക്കുന്ന രണ്ട് വ്യത്യസ്തമായ ആശയ ധാരകൾ ആണ്. എന്നാൽ രണ്ടിനും രസകരമായ ഒരു പൊതു ഭൂതകാല ചരിത്രവും പാരമ്പര്യം ഉണ്ട് എന്ന വസ്തുത വിസ്മരിക്കാവുന്ന ഒന്നല്ല. എന്നാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തോടെ ക്വാണ്ടം സയൻസ് നിലവിൽ വന്നതോടെ സയൻസിൻ്റെ ഈ വിഷയത്തിൽ ഉള്ള കടുംപിടുത്തതിന് അൽപ്പം അഴവ് സംഭവിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ക്വാണ്ടം സയൻസിനെ കുറിച്ച് പുറകേ വിശദമാക്കുന്നുണ്ട്.
സയൻസിൻ്റെ ചരിത്രവും പാരമ്പര്യവും
ഇന്ന് നമ്മൾ ഉപയോഗിച്ചു വരുന്ന ഗ്രിഗേറിയൻ കലണ്ടർ സമ്പ്രദായത്തിലൂടെ വിവിധ കാലഘട്ടങ്ങളെ തിരിച്ചിരിക്കുന്ന രീതിയെ സംബന്ധിച്ച സാമാന്യമായ ഒരു പരിചയം നേടിയാൽ മാതമേ കാലത്തിൻ്റെ വലിയ കാൻവാസിൽ എഴുതിയ ഏതു ചരിത്രമാണെങ്കിലും നമുക്ക് മനസ്സിലാക്കുവാൻ കഴിയൂ. അങ്ങിനെ നോക്കുമ്പോൾ, ഇന്ന് നമുക്ക് അറിയുവാൻ കഴിയുന്ന ചരിത്രം ആരംഭിക്കുന്നത് ക്രിസ്തുവിന് മൂവ്വായിരത്തി ഇരുനൂറ് വർഷം മുൻപ് സുമേറിയയിൽ ക്യുണിഫോം ലിപികളും ഈജിപ്തിൽ ഹീറോഗ്ലിഫ് ചിത്രലിപികളും ഉപയോഗിച്ച് ശിലാ ലിഖിതങ്ങളും മറ്റും എഴുതപ്പെടുവാൻ തുടങ്ങുന്നതോടെ ആണ്. അതായത്, അയ്യായിരത്തി ഇരുനൂറ് വർഷങ്ങൾ മുൻപെങ്കിലും ഉള്ള ഒരു കാലത്താണ് ഇന്ന് നമ്മൾ മുഖ്യമായും അറിയുന്ന ചരിത്രം ആരംഭിക്കുന്നത്.
അക്കാലത്ത് സുമേറിയ എന്ന് അറിയപ്പെട്ടിരുന്നത് ഇന്നത്തെ ഇറാക്കിൻ്റെ തെക്കുപടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ ആണ്. ചരിത്രകാരന്മാർക്കിടയിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും, സാമാന്യമായ സയൻസിൻ്റെ വീക്ഷണത്തിൽ അന്ന് മുതൽ ഇന്നുവരെ ഉള്ള 5200 വർഷത്തെ മനസ്സിലാക്കുവാനുള്ള സൗകര്യത്തിനായി നാല് കാലഘട്ടങ്ങൾ ആയിട്ടാണ് തിരിച്ചിരിക്കുന്നത്. ഇത്രവലിയ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ കൃത്യമായി നിർവ്വചിക്കപ്പെടുന്ന ഒരു കാലഘട്ട നിർണ്ണയം സാദ്ധ്യമല്ല. എങ്കിലും, വിവിധ കാലഘട്ടങ്ങളെ കുറിച്ചുള്ള ചില പൊതുവായ ധാരണകൾ ചരിത്രം മനസ്സിലാക്കുന്നതിന് അത്യാവശ്യമാണ്.
ക്രിസ്തുവിന് 3200 വർഷം മുൻപ് മുതൽ ക്രിസ്തുവിന് 800 വർഷം മുൻപ് വരെ ഉള്ള 2400 വർഷങ്ങൾ ആണ് അതി പ്രാചീന കാലം ആയി കണക്കാക്കപ്പെടുന്നത്. ഈജിപ്ഷ്യൻ പിരമിഡുകളുടേയും ഫാറോമാരുടേയും, യഹൂദമത സ്ഥാപനത്തിന് നാന്ദികുറിച്ച എബ്രഹാം, മോസസ് തുടങ്ങിയവരുടേയും എല്ലാം കാലമാണ് അതി പ്രാചീനകാലം. പിന്നീട് വരുന്ന ക്രിസ്തുവിന് 800 വർഷം മുൻപ് മുതൽ ക്രിസ്തുവിന് ശേഷം ഉള്ള 500 വർഷം വരെ ഉള്ള 1200 വർഷങ്ങളുടെ കാലഘട്ടമാണ് ക്ലാസ്സിക്കൽ പ്രാചീന കാലഘട്ടമായി പൊതുവേ കരുതുന്നത്. ഈജിപ്തിലെ ഗ്രീക്ക് റോമൻ അധിനിവേശങ്ങളുടേയും പിന്നീട് യൂറോപ്പിനെ അടിമുടി സ്വാധീനിച്ചുകൊണ്ട് ജ്വലിച്ചുനിന്നിരുന്ന ഗ്രീക്ക് – റോമൻ സംസ്കാരങ്ങളുടേയും കാലഘട്ടമായിരുന്നു ക്ലാസിക്കൽ പ്രാചീനകാലം.
പിന്നീട്, ക്രിസ്തുവിന് ശേഷം ഉള്ള അഞ്ഞൂറാം വർഷം മുതൽ ആയിരത്തി എണ്ണൂറാം വർഷം വരെ ഉള്ള 1200 വർഷങ്ങൾ ആണ് മദ്ധ്യകാലഘട്ടം – അതായത് പൊതുവേ പറഞ്ഞാൽ ഇസ്ലാം മതത്തിൻ്റെ വരവ് മുതൽ പതിനെട്ടാം നൂറ്റാണ്ടിനു ശേഷം യൂറോപ്പിൽ വ്യാവസായിക വിപ്ലവം വരുന്നത് വരെയുള്ള കാലഘട്ടമാണത്. യൂറോപ്പിൻ്റെ ഏറ്റവും ഇരുളടഞ്ഞ കാലഘട്ടമായിരുന്നു മദ്ധ്യകാലഘട്ടത്തിൻ്റെ ആദ്യ പകുതി.
പതിനെട്ടാം നൂറ്റാണ്ടിൽ തുടക്കം കുറിച്ച വ്യാവസായിക വിപ്ലവത്തിന് ശേഷം ഇന്നുവരെ ഉണ്ടായ അഭൂതപൂർവ്വമായ ടെക്നോളജി വളർച്ചയുടെ കാലഘട്ടമാണ് ആധുനിക കാലഘട്ടം. ഈ നാല് ഘട്ടങ്ങൾ ആണ് ആധുനിക സയൻസിൻ്റെ പൊതുവായ കാലഘട്ട ധാരണകൾ. ഇത് പ്രധാനമായും കാലഘട്ടങ്ങളെക്കുറിച്ചുള്ള പാശ്ചാത്യമായ (പ്രധാനമായും യൂറോപ്പ് കേന്ദ്രീകരിച്ച) ഒരു വീക്ഷണമാണ്. ഇന്ന് ‘സയൻസ്’ എന്ന് പറയുന്നത് അടിസ്ഥാനപരമായി പാശ്ചാത്യമായ ഒരു വീക്ഷണവും പ്രവൃത്തന രീതിയും ഉള്ള ഒന്നായത് കൊണ്ട് തന്നെ, സയൻസ് അംഗീകരിച്ചിരിക്കുന്ന യൂറോപ്പിൻ്റെ ദൃഷ്ടിയിൽ ഉള്ള കാലഘട്ട ഘടന മനസ്സിലാക്കേണ്ടത് ഈ വിഷയത്തിൽ ആവശ്യമാണ്.
അതിനർത്ഥം, യൂറോപ്പ് കേന്ദ്രീകരിച്ച് സയൻസ് അംഗീകരിച്ചിരിക്കുന്ന കാലദേശങ്ങൾക്ക് അതീതമായി മറ്റൊരു ശാസ്ത്രമോ അറിവിൻ്റെ വികാസമോ ഇല്ലായിരുന്നു എന്നല്ല. ഇരുപത്തിനാലായിരത്തിൽ പരം വർഷങ്ങളുള്ള നാല് ആരോഹണ അവരോഹണങ്ങൾ വീതമുള്ള യുഗങ്ങളിലൂടെ മാറിമാറിവരുന്ന പരിണാമ, വിപരിണാമ ക്രമങ്ങളുടെ ഒരു കാലഘട്ട ഘടന ഏഴാം പാഠഭാഗത്തിൽ പ്രതിപാദിച്ചിരുന്നുവല്ലോ. ഇന്ത്യ, ചൈന, മദ്ധ്യ പൗരസ്ത്യ ദേശങ്ങൾ, തെക്കേ അമേരിക്ക, തുടങ്ങിയ യൂറോപ്പിൽ അല്ലാത്ത ദേശങ്ങളിലും കാലാകാലങ്ങളായി അവരവരുടേതായ അറിവുകളും, സാംസ്കാരിക വീക്ഷണങ്ങളും, സ്വതന്ത്രമായ ശാസ്ത്രീയ വികസനങ്ങളും എല്ലാം ഉണ്ടായിരുന്നു എന്നർത്ഥം.
എന്നാൽ ആ അറിവുകൾ എല്ലാം തന്നെ ഒരു സംസ്കാരത്തിൻ്റെ അവിഭാജ്യമായ ജീവിത രീതികൾ ആയിരുന്നു. അന്നൊന്നും ശാസ്ത്രം, കലകൾ, പ്രപഞ്ച ശക്തികൾ, സംസ്കാരം എന്നിങ്ങനെ അറിവുകളെ വിഭാഗീയമാക്കപ്പെട്ടിരുന്നില്ല. ഇതാണ് പാശ്ചാത്യവും പാശ്ചാത്യേതരവും ആയ അറിവുകൾ തമ്മിലുള്ള വ്യത്യാസം. എന്നാൽ ഈ പാഠത്തിലെ വിഷയം ഇന്നത്തെ മുഖ്യധാരാ സയൻസിലൂടെ ആത്മാവിനെ കണ്ടെത്തുവാൻ കഴിയുമോ എന്നതാണ്. അതുകൊണ്ട്, നമ്മൾ ഇവിടെ ഇപ്പോൾ ചർച്ച ചെയ്യുന്നത് മദ്ധ്യകാലഘട്ടത്തിലെ ഭൂമികയായ യൂറോപ്പ് ആണ് എന്നതനിനാലാണ് ഈ വിശദീകരണങ്ങൾ.
“ആൽകെമി” – അറിവുകളുടെ പ്രാഗ്രൂപം
ഭൂമിയിൽ എല്ലാക്കാലത്തും മനുഷ്യർ ജനിക്കുകയും അതുപോലെ മരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് അനാദികാലം മുതലേ മരണം എന്നും മനുഷ്യന് ദുഃഖദായിയായ ഒരു പ്രഹേളിക തന്നെ ആയിരുന്നു. മരണം മാത്രമല്ല. യൗവ്വനവും ആരോഗ്യവും എല്ലാക്കാലത്തും വാർദ്ധക്യത്തിനും അനാരോഗ്യത്തിനും, ഒടുവിൽ ഒരുനാൾ മരണത്തിനും വഴിമാറിക്കൊടുത്തു കൊണ്ടിരിക്കുന്നതും മനുഷ്യനെ എല്ലാക്കാലത്തും ചിന്താഗ്രസ്ഥൻ ആക്കിയിട്ടുണ്ട്. അനന്തമായ ആയുസ്സും നിത്യമായ ആരോഗ്യവും സ്വന്തമാക്കുവാനും, മരണത്തെ കീഴ്‌പ്പെടുത്തി അമരത്വം കൈവരിക്കുവാനും ഉള്ള വഴികൾ അതി പ്രാചീന കാലം മുതലേ മനുഷ്യൻ അന്വേഷിച്ചിരുന്നു.
അതി പ്രാചീന കാലഘട്ടത്തിൽ ഈജിപ്തിലെ പിരമിഡുകളിൽ ഫാറോ ചക്രവർത്തിമാരുടെ മൃതശശീരങ്ങൾ മമ്മികളാക്കി സൂക്ഷിച്ചിരുന്നതും, ക്ലാസ്സിക്കൽ പ്രാചീന കാലഘട്ടങ്ങളിൽ ഗ്രീസിലും റോമിലും, ഈജിപ്തിലും ചൈനയിലും മറ്റും “ആൽകെമി” പരീക്ഷണങ്ങൾ നടന്നിരുന്നതും എല്ലാം മനുഷ്യൻ്റെ അമരത്വത്തിന് വേണ്ടി നടത്തിയിരുന്ന നിതാന്തമായ അന്വേഷങ്ങൾ തന്നെ ആയിരുന്നു.
“ആൽകെമി” എന്ന പദം അറബിയിൽ “അൽ-കിമിയ” എന്ന പദത്തിൽ നിന്നും ഉത്ഭവിച്ചതാണ്. പുരാതന ഗ്രീക്കിൽ “ഖുമിയ” എന്നാണ് “ആൽകെമി” അറിയപ്പെട്ടിരുന്നത്. ഇന്നത്തെ സയൻസിൻ്റെ ആദി രൂപമായിരുന്നു “ആൽകെമി”. പൊതുവേ പറഞ്ഞാൽ, ഇരുമ്പുപോലെ ഉള്ള ഒരു അടിസ്ഥാന ലോഹത്തിനെ സ്വർണ്ണമാക്കി മാറ്റുന്ന പ്രക്രിയയാണ് ആൽകെമി. അതിപ്രാചീനകാലത്തും, ക്ലാസ്സിക്കൽ പ്രാചീന കാലത്തും ആണ് ചെമ്പും, ഇരുമ്പും, നാകവും എല്ലാം കണ്ടുപിടിക്കുന്നത്. ധാതുക്കളിൽ നിന്നും ലോഹങ്ങൾ സംസ്കരിച്ചെടുത്തിരുന്നത് ശാസ്ത്രീയ രീതിയിൽ ഒന്നുമായിരുന്നില്ല അക്കാലങ്ങളിൽ. എങ്കിലും, അത്തരം സാദ്ധ്യതകളെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ അവർക്കുണ്ടായിരുന്നു. ആൽകെമിയിലൂടെ ഇരുമ്പിനെ സ്വർണ്ണമാക്കി മാറ്റാം, വാർദ്ധക്യവും മരണമുള്ള മനുഷ്യനെ, നിത്യ യൗവ്വനവും അമരത്വവും ഉള്ള മനുഷ്യനാക്കി മാറ്റാം എന്ന് അവർ വിശ്വസിച്ചിരുന്നു. പരസ്യമായും, രഹസ്യമായും അതിനായി അവർ ശ്രമിച്ചിരുന്നു.
ഇടിവെട്ടുന്നതും മഴപെയ്യുന്നതും കാലാവസ്ഥകൾ മാറി മാറി വരുന്നതും, സൂര്യനും ചന്ദ്രനും ഉദിക്കുന്നതും അസ്തമിക്കുന്നതും, പൂക്കളും ഫലങ്ങളും ഉണ്ടാകുന്നതും ഇന്ദ്രജാലം കാണുന്ന കൗതകത്തോടെ അവർ നോക്കിക്കണ്ടിരിക്കണം. പ്രകൃതിയേയും ലോകത്തേയും മനസ്സിലാക്കുന്നതിനും പ്രകൃതിയിൽ നടക്കുന്ന പ്രക്രിയകൾ എങ്ങനെ പുനർനിർമ്മിക്കാമെന്ന് പഠിക്കുന്നതിനും ഒക്കെ ഉള്ള ഒരു മാർഗ്ഗമായി ആൽകെമി മാറി. ഇരുമ്പ് സ്വർണ്ണമാക്കി മാറ്റുന്നത് പോലെയുള്ള കാര്യങ്ങളും, ഔഷധം, രോഗശാന്തി, ദീർഘായുസ്സ്, മരണമില്ലാതെ ജീവിക്കുവാൻ സഹായിക്കുന്ന മൃതസഞ്‌ജീവനികൾ, ആത്മാവ്, അമരത്വം തുടങ്ങിയ കാര്യങ്ങളും എല്ലാം ആൽകെമിയുടെ പരിധിയിൽ വന്നു.
ആൽകെമിയുടെ ഒരുവശത്ത് ശുദ്ധമായ രസതന്ത്രം, മറുവശത്ത് ശുദ്ധമായ “ആത്മീയത” എന്ന് പറയാവുന്ന “ക്വാണ്ടം” വിഷയങ്ങൾ. അങ്ങിനെയായിരുന്നു സയൻസിൻ്റെ പ്രാഗ്‌രൂപം ആരംഭിക്കുന്നത് തന്നെ. “ആത്മീയത” എന്ന പദത്തിൻ്റെ സാമാന്യ അർത്ഥം തന്നെ “ആത്മാവിനെ സംബന്ധിക്കുന്നത്” എന്നാണു. അതായത്, സയൻസും ആത്മീയതയും മദ്ധ്യകാലം വരെ ഇരട്ടപെട്ട സഹോദരർ ആയിരുന്നു. യൂറോപ്പിൻ്റെ ഇരുണ്ട കാലഘട്ടമായിരുന്നു മദ്ധ്യകാലഘട്ടം എന്ന് പറഞ്ഞുവല്ലോ. പതിമൂന്നാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ തത്വചിന്തകനും പുരോഹിതനും ആയിരുന്ന തോമസ് അക്വിനാസിൻ്റെ വരവോടെ ആയിരുന്നു സയൻസും ആത്മീയതയും വഴിപിരിഞ്ഞു രണ്ട് സമാന്തര പാതകളിലൂടെ സഞ്ചരിക്കുവാൻ തുടങ്ങുന്നത്.
സയൻസും ആത്മീയതയും ബന്ധം വേർപെടുത്തുന്നു
അറിവ് രണ്ടു വിധത്തിൽ ആണ് ഉണ്ടാകുന്നത്. കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് എന്നീ അഞ്ച് ഇന്ദ്രിയങ്ങൾകൊണ്ട് മനസ്സിലാക്കുവാൻ കഴിയുന്ന അറിവുകൾ ആണ് പുരാതന ഭാരത്തിൽ “ജ്ഞാനം” എന്ന പദം ഉപയോഗിച്ച് വിവക്ഷിച്ചിരുന്നത്. എന്നാൽ, “പ്രപഞ്ച ശക്തിക്ക് ആധാരം” എന്ന ആശയം അഞ്ച് ഇന്ദ്രിയങ്ങൾകൊണ്ട് മനസ്സിലാക്കുവാൻ കഴിയുന്ന ഒന്നല്ല. ഇന്ദ്രിയങ്ങൾക്ക് അതീതമായ, ആന്തരികമായ ഉള്ളറിവ് ഉപയോഗിച്ചു കൊണ്ട് മാത്രം സ്വായത്തമാക്കുവാൻ കഴിയുന്ന അറിവിൻ്റെ മേഖലയാണ് “വിശേഷാൽ ജ്ഞാനം”. ഭാരതത്തിൽ ഇന്ദ്രിയാതീതമായ അത്തരം അറിവിനെ “വിജ്ഞാനം” എന്നാണ് പറഞ്ഞിരുന്നത്.
ആന്തരികമായ ഉൾക്കാഴ്ചയുടെ ഫലമായി ലഭിക്കുന്ന വിജ്ഞാനം ഉണ്ടായ ശേഷം, ആ അറിവിനെ കൂടുതൽ ബലപ്രദമാക്കുന്ന ഇന്ദ്രിയങ്ങൾ നൽകുന്ന അറിവുകൾ വേറെ ഉണ്ടായേക്കാം. അത് പ്രാഥമികമായി ലഭിച്ച ആന്തരികമായ അറിവിന് ഉപോത്ബലകം ആയിരിക്കും എന്നു മാത്രം. ഇപ്പോൾ പോലും, ആരും പറയാതെ തന്നെ, പലകാര്യങ്ങളും നമുക്ക് കൃത്യമായി സ്വയം മനസ്സിലാവുന്നത് നമ്മുടെ നിത്യജീവിതത്തിലെ അനുഭവമല്ലേ? അത്തരം സ്വയം ഉള്ള അറിവുകൾക്ക് പല തലങ്ങൾ ഉണ്ട് എന്നത് ന്യായമായും കരുതാവുന്ന ഒന്നാണ്.
ബാഹ്യമായ, ഇന്ദ്രിയ പ്രോക്തമായ അറിവിനേയും (ജ്ഞാനം), ആന്തരികമായ അതീന്ദ്രിയ പ്രോക്തമായ അറിവിനേയും (വിജ്ഞാനം) പരസ്പരം അകത്തി ഇണപിരിച്ച് നിറുത്തപ്പെട്ടത് പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമസ് അക്വിനാസിന് ശേഷമാണ് എന്ന് പറഞ്ഞുവല്ലോ. അദ്ദേഹം ഒരു ഇറ്റാലിയൻ പുരോഹിതനും, തത്വചിന്തകനും, നിയമജ്ഞനും ആയിരുന്നു. അരിസ്റ്റോട്ടിലിൻ്റെ പാണ്ഡിത്യ പാരമ്പര്യത്തിൽ യൂറോപ്പിലാകമാനം സ്വാധീനമുണ്ടായിരുന്ന കാലമായിരുന്നു അത്. അതുവരെ ജ്ഞാന സമ്പാദനം സമഗ്രമായിരുന്നു. ബാഹ്യമായ ജ്ഞാന സമ്പാദനവും ആന്തരികമായ ജ്ഞാന സമ്പാദനവും ഒരുപോലെ തുല്യ പ്രാധാന്യം അർഹിക്കുന്ന വിഷയമായിരുന്നു അന്നുവരെ.
അക്വിനാസിൻ്റെ വരവോടെ അതെല്ലാം പാടെ മാറി മറഞ്ഞു. ജ്ഞാനവും, വിജ്ഞാനവും പരസ്പരം കൂട്ടിമുട്ടാത്തവിധം രണ്ടു സമാന്തര പാതകൾ ആക്കി മാറ്റി തോമസ് അക്വിനാസ്. “ആർട്ട്”, “സയൻസ്” എന്ന, പരപ്സരം കൂട്ടിമുട്ടാത്ത രണ്ടു സമാന്തരങ്ങൾ ആയ വ്യത്യസ്ത ശാഖകൾ ആവിർഭവിക്കുന്നത് അങ്ങിനെയാണ്. പുരാതന ഭാരതത്തിൽ ഗണിത ശാസ്ത്രവും, ജ്യോതിശ്ശാസ്‌ത്രവും, ജ്യോതിഷ ശാസ്ത്രവും, ഭാഷയും, വ്യാകരണവും എല്ലാം പഠിച്ചാലും, ഉപനിഷദ് പഠനങ്ങൾ കഴിയുന്നത് വരെ ഒരു വിദ്യാർത്ഥിയുടെ പഠനം കഴിഞ്ഞതായി അംഗീകരിച്ചിരുന്നില്ല. സമഗ്രമായ അറിവിന് അത്രമാത്രം പ്രാധാന്യം അന്ന് ഉണ്ടായിരുന്നു.
തോമസ് അക്വിനാസിന് ശേഷം ആയിരിക്കണം, യൂറോപ്പിൽ ഉണ്ടായിരുന്ന മതപരമായ പല ഗ്രന്ഥങ്ങളും വലിയതോതിലുള്ള തിരുത്തലുകൾക്കും മുറിച്ചു മാറ്റലുകൾക്കും വിധേയമായത്. ചരിത്രത്തിൽ ഇതുസംബന്ധിച്ച പല സൂചകളും കാണുവാൻ കഴിയും. ഉദാഹരണത്തിന് “ദി ഗോസ്പൽ ഓഫ് തോമസ്” എന്ന് ഇന്നറിയപ്പെടുന്ന സുവിശേഷ ഗ്രന്ഥത്തിൻ്റെ മൗലികമായ ഒരു പുരാതന പതിപ്പ് കളിമൺ പാത്രത്തിൽ ഭദ്രമായി അടച്ചു സംരക്ഷിക്കപ്പെട്ട നിലയിൽ 1945-ൽ ഈജിപ്തിൽ നിന്നും കണ്ടെടുക്കുമായുണ്ടായി. “ദി ഗോസ്പൽ ഓഫ് തോമസ്” എന്ന ഗ്രന്ഥത്തിൻ്റെ കോപ്റ്റിക് ഭാഷയിൽ നിന്നും ഇംഗ്ലീഷ് ഭാഷയിലേക്കുള്ള ആദ്യത്തെ വിവർത്തനം ഉണ്ടാകുന്നത് തന്നെ 1956 ൽ മാത്രമാണ്.
യേശുദേവൻ നേരിട്ട് പറഞ്ഞ കാര്യങ്ങൾ ആണ് കോപ്റ്റിക് ഭാഷയിൽ എഴുതപ്പെട്ട ദി ഗോസ്പൽ ഓഫ് തോമസ് എന്ന ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നത് എന്നാണ് പണ്ഡിത മതം. ഉപമകളിലൂടേയും അന്യാപദേശരീതിയിലും മറ്റും ജീസസ് പ്രജ്ഞാനത്തെ പറ്റിയും, അമരത്വം കൈവരിക്കുവാനുള്ള വഴികളെപ്പറ്റിയും എല്ലാം നിരവധി കാര്യങ്ങൾ അതിൽ പറയുന്നുണ്ട്. “ദി ഗോസ്പൽ ഓഫ് തോമസ്” ആരംഭിക്കുന്നത് തന്നെ “ഈ വചനങ്ങളുടെ വ്യാഖ്യാനം കണ്ടെത്തുന്നവർ ആരായാലും അവർ മരണം രുചിക്കുകയില്ല” എന്ന് പറഞ്ഞുകൊണ്ടാണ്. “ദി ഗോസ്പൽ ഓഫ് തോമസ്” കോപ്റ്റിക് ഭാഷയിൽ ഉണ്ടാകുന്നത് തന്നെ യേശുദേവൻ്റെ ദേഹവിയോഗത്തിനു ശേഷം വന്ന ആദ്യ ദശകങ്ങളിൽ എന്നോ ആണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, അജ്ഞാതമായ എന്തോ കാരണങ്ങളാൽ ആയിരത്തി തൊള്ളായിരം വർഷങ്ങളോളം അത് പുറത്തുവരാതിരുന്നത് എന്തുകൊണ്ടാകാം?
ഇന്നത്തെ ആയുർവേദത്തിലേയും അലോപ്പതിയിലേയും ചികിത്സാ രീതികൾ നോക്കിയാൽ തോമസ് അക്വിനാസ് അന്ന് നടത്തിയ കൈകടത്തിലിൻ്റെ സ്വാധീനം ഇന്നും നിഴലിച്ചു കാണുവാൻ കഴിയും. പുരാതന കാലത്ത് ആയുർവേദ വൈദ്യൻ ഒരു രോഗി തൻ്റെ അരികിലേക്ക് നടന്നു വരുന്ന രീതിയിൽ നിന്നും തന്നെ തുടങ്ങും രോഗനിർണ്ണയം. നാഡി പരിശോധന രോഗനിർണയത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. നാഡി പരിശോധനയുടെ ശാസ്ത്രം വളരെ “സബ്ജെക്റ്റീവ്” ആണ്. സ്റ്റെതസ്കോപ്പിൻ്റെ ജോലി മാത്രമല്ല നാഡി പരിശോധനയിൽ നടക്കുന്നത്.
സയൻസിൻ്റെ സ്വാധീനത്താൽ ഇന്ന് ഇതിനൊക്കെ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ആയുർവേദം സമഗ്രമായ ഒരു ചികിത്സാ പദ്ധതിയാണ്. അലോപ്പതിയിൽ ഒരു രോഗിക്ക് അഞ്ചോ ആറോ “സ്പെഷ്യലിസ്റ്റ്” ഡോക്ടർമാരെ കണ്ടശേഷമേ ചികിത്സ തുടങ്ങുകയുള്ളൂ. അലോപ്പതിയിൽ രോഗിക്ക് അല്ല ചികിത്സ, രോഗം ബാധിച്ച അവയവത്തിനാണ് ചികിത്സ. ചികിത്സാരീതികളുടെ ശരി തെറ്റുകളല്ല ഇവിടെ നമ്മുടെ പ്രമേയം. ചികിത്സാ സമീപനത്തിൻ്റെ സമഗ്രതയാണ് നമ്മുടെ വിഷയം. സമഗ്രതയല്ല, ഘടകീകരണം ആണ് സയൻസിൻ്റെ സമീപന രീതി എന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഈ ഉദാഹരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ബാഹ്യമായ ഇന്ദ്രിയ പ്രോക്തമായ അറിവിനേയും (ജ്ഞാനം), ആന്തരികമായ അതീന്ദ്രിയ അറിവിനേയും (വിജ്ഞാനം) പരസ്പരം അകത്തി നിറുത്തിയ രീതിക്ക് മറ്റൊരു ഉദാഹരണം മാത്രമാണ് ഇത്. പുരാതന ഭാരതത്തിൽ അത്തരം ഒരു വേർതിരിവ് ഉണ്ടായിരുന്നില്ല. ഗവേഷണങ്ങൾ സമഗ്രമായിരുന്നു. അറിവിൻ്റെ പാതയിൽ ഒരു വിലക്കുകളും ഉണ്ടായിരുന്നില്ല.
ആത്മാവിൻ്റെ പാദമുദ്രകൾ സയൻസിൽ
സയൻസിലൂടെ നേരിട്ട് ആത്മാവിനെ കണ്ടുമുട്ടുക സാദ്ധ്യമല്ല, കാരണം സയൻസ് ഉപയോഗിക്കുന്നത് ഒബ്ജക്റ്റീവ് ഉപകരണങ്ങൾ ആണ്. മണ്ണിൽ കിടക്കുന്ന ഒരു സൂചി എടുക്കുവാൻ ഒരു ക്രെയിനിന് കഴിയാത്തതു പോലെ, ഉപകരണങ്ങളും അന്വേഷണ രീതികളൂം മാറ്റി ഉപയോഗിക്കാതെ ഈ വിഷയത്തിൽ സയൻസിന് വിജയം കൈവരിക്കുക സാദ്ധ്യമല്ല. എങ്കിലും സയൻസിൽ നിരവധി ഇടങ്ങളിൽ പരോക്ഷമായി ആത്മാവിൻ്റെ പാദമുദ്രകൾ കാണുവാൻ കഴിയും.
“സയൻസ്” എന്നാൽ പല ശാഖകളും ഉപശാഖകളും ആയി പടർന്ന് നിൽക്കുന്ന ഒന്നാണെങ്കിലും, അതിൽ ഒരു ശാഖയായ ഫിസിക്സിലെ മെക്കാനിക്സിലാണ് ആത്മാവിൻ്റെ പാദമുദ്രകൾ കൂടുതൽ തെളിഞ്ഞു കാണുവാൻ തുടങ്ങുന്നത്. പൊതുവേ സയൻസിലൂടെ ആത്മാവിനെ പെട്ടെന്നൊന്നും കണ്ടുമുട്ടുവാൻ കഴിയുകയില്ല എന്ന് മാത്രമേ ഇപ്പറഞ്ഞതിൽ നിന്നും അർത്ഥം ആക്കേണ്ടതുള്ളൂ. അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ട്. നിർവ്വചനം കൊണ്ട് തന്നെ പഞ്ചേന്ദ്രിയങ്ങൾക്ക് നേരിട്ട് വിധേയമാകുന്ന തെളിവുകൾ ആവർത്തിച്ച് നൽകുന്ന പ്രതിഭാസങ്ങൾ മാത്രമാണ് സയൻസിൻ്റെ പ്രവർത്തന മണ്ഡലം എന്നുള്ളതാണ് പ്രധാനമായ ഒരു കാരണം. അപ്പോൾ തന്നെ നിരവധി പ്രതിഭാസങ്ങൾ സയൻസിൻ്റെ പ്രവർത്തന മണ്ഡലത്തിന് പുറത്തായി.
ഇവിടെ സയൻസ് എന്ന് പദത്താൽ പ്രധാനമായും ഉദ്ദേശിക്കുന്നത് ഫിസിക്സിലെ മെക്കാനിക്സിനെ തന്നെ ആണ്. ആധുനിക സയൻസിന് രണ്ട് വശങ്ങൾ ഉണ്ട്. ക്ലാസ്സിക്കൽ സയൻസും, ക്വാണ്ടം സയൻസും ആണ് അവ. ഉപരിതലത്തിൽ ആധുനിക സയൻസ് ‘ക്ലാസ്സിക്കൽ സയൻസ്” ആണ്. ആഴങ്ങളിൽ ആധുനിക സയൻസ് ക്വാണ്ടം സയൻസ് ആണ്. രണ്ടും എന്താണ് എന്ന് പുറകെ വിശദമാക്കുന്നുണ്ട്. മുഖ്യധാരാ സയൻസ് എല്ലാക്കാലത്തും ക്ലാസ്സിക്കൽ സയൻസ് തന്നെ ആയിരുന്നു. സമീപകാലത്ത് ചില വ്യത്യാസങ്ങൾ വരുവാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, ഇന്നും ഏറെക്കുറെ അങ്ങിനെ ഒക്കെ തന്നെ ആണ്. യഥാർത്ഥത്തിൽ ക്ലാസ്സിക്കൽ സയൻസും ക്വാണ്ടം സയൻസും ഒരേ യാഥാർത്ഥ്യത്തിൻ്റെ രണ്ടു വശങ്ങൾ ആണ്. രണ്ടിൻ്റേയും പ്രത്യേകതകൾ എന്താണെന്ന് മനസ്സിലാക്കിയാൽ രണ്ടും തമ്മിലുള്ള അന്തരത്തിനും സാമ്യത്തിനും ഉള്ള കാരണം വ്യക്തമാകും.
ക്ലാസ്സിക്കൽ സയൻസിൻ്റെ ലോകം
നമ്മുടെ കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് എന്നീ അഞ്ച് ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് ആവർത്തിച്ചു പരീക്ഷിച്ച് നിരീക്ഷിച്ച് അനുഭവിച്ച് ഉറപ്പുവരുത്തുവാൻ കഴിയുന്ന വസ്തുക്കളെകുറിച്ച് മാത്രമുള്ള അറിവാണ് സയൻസ്. അതാണ് സയൻസിൻ്റെ വ്യവസ്ഥാപിതമായ രീതി. അത്തരം ‘സയൻറ്റിഫിക്’ അറിവ് വികസിപ്പിച്ച് മനുഷ്യന് ഉപയുക്തമായി തീരുന്ന വിധത്തിൽ പ്രായോഗികമായ പ്രയോഗ ക്ഷമതയോടെ വികസിപ്പിച്ച് ഉണ്ടാകുന്നതാണ് ‘ടെക്ക്നോളജി’.
ഒരു നിശ്ചിത കാലത്തേക്ക് മാത്രം നിലനിൽപ്പുള്ള, എന്നാൽ നിലനിൽക്കുവാൻ ഒരു സ്ഥലം എടുത്ത് ഉപയോഗിച്ചുകൊണ്ട് നമുക്ക് കണ്ടും, ഘ്രാണിച്ചും, രുചിച്ചും, ശ്രവിച്ചും, സ്പർശിച്ചും അറിയുവാൻ കഴിയുന്ന, രൂപ നാമങ്ങൾ ഉള്ള ഒന്നായിരിക്കും ക്ലാസ്സിക്കൽ സയൻസ് കൈകാര്യം ചെയ്യുന്ന എല്ലാ വസ്തുക്കളും. അതായത്, ‘ഒബ്ജക്റ്റീവ്’ ആയ ഒന്നിനെക്കുറിച്ചുള്ള – താനും അന്യനും എന്ന ജോഡിയിലെ അന്യനായ (താൻ അല്ലാത്ത) ഒന്നിനെക്കുറിച്ചുള്ള – പഠനം മാത്രമാണ് സയൻസിൻ്റെ മേഖല. ‘സബ്ജെക്റ്റീവ്’ ആയ ഒരു പഠനത്തിലും മുഖ്യധാരാ സയൻസിന് താത്പര്യമില്ല എന്നർത്ഥം.
പൊതുവെ പറഞ്ഞാൽ ഇന്നും ക്ലാസ്സിക്കൽ സയൻസ് ന്യൂട്ടോണിയൻ മെക്കാനിക്സിൽ അധിഷ്ഠിതമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ മുഖ്യധാരാ സയൻസ് ക്ലാസ്സിക്കൽ ന്യൂട്ടോണിയൻ മെക്കാനിക്സ് തന്നെ ആണ്. എന്താണ് ന്യൂട്ടോണിൻ മെക്കാനിക്സ്? നമ്മുടെ ദൈനംദിന അനുഭവത്തിൽ വരുന്ന വസ്തുക്കളുടെ ചലനത്തേയും അവയെ ബാധിക്കുന്ന ശക്തികളേയും കുറിച്ചുള്ള ഗണിതശാസ്ത്ര പഠനത്തെയാണ് ക്ലാസിക്കൽ മെക്കാനിക്സ് എന്ന് പറയുന്നത്. ക്ലാസിക്കൽ മെക്കാനിക്സിനെ ന്യൂട്ടോണിയൻ മെക്കാനിക്സ് എന്ന് വിവക്ഷിക്കുവാൻ കാരണം ഏതാണ്ട് മുഴുവൻ മെക്കാനിക്സിൻ്റെ പഠനവും ഐസക്ന്യൂട്ടൻ്റെ ചലന നിയമങ്ങളും ഗുരുത്വാകർഷണ നിയമങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് എന്നതുകൊണ്ടാണ്. അതുമാത്രമല്ല, ജെയിംസ് ക്ലാർക്ക് മാക്സ് വെല്ലിൻ്റെ ഇലക്ട്രോമാഗ്നെറ്റിക് നിയമങ്ങളും എല്ലാം ഇതിൽ പെടും.
പത്തൊൻമ്പതാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ന്യൂട്ടോണിയൻ സയൻസ് വളരെ വ്യക്തമായി രൂപീകൃതമായിക്കഴിഞ്ഞിരുന്നു. ഇൻ്റേർണൽ കമ്പസ്റ്റിയൻ എൻജിനും സ്റ്റീം എൻജിനും എല്ലാം നിർമ്മിക്കപ്പെട്ടു. അസ്ട്രോണമി എന്ന ശാസ്ത്ര ശാഖ ആസ്ട്രോ ഫിസിക്സ് ആയി രൂപാന്തരം പ്രാപിച്ചു. യൂറോപ്പിൽ വ്യാവസായിക വിപ്ലവം അതിനകം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇതുവരെ അപ്രാപ്യമായിരുന്ന ജീവിത സൗകര്യങ്ങളുടെ സുഖാനുഭവങ്ങളിലേക്ക് ലോകം കടന്നു. ജനഹൃദയങ്ങളിൽ സയൻസ് സ്ഥാനം പിടിച്ചു. ഇതാണ് ന്യൂട്ടോണിയൻ സയൻസിൻ്റെ ഭൂമിക. ചുരുക്കത്തിൽ, പഞ്ചേന്ദ്രിയങ്ങൾക്ക് വിധേയമായ രൂപ നാമങ്ങൾ ഉള്ള വലിയ വസ്തുക്കളുടെ ചലനങ്ങൾ സംബന്ധിച്ച നിയമ തത്വങ്ങൾ ആണ് ന്യൂട്ടോണിയൻ മെക്കാനിക്സ്. ആ ന്യൂട്ടോണിയൻ മെക്കാനിക്സ് ആണ് ക്ലാസ്സിക്കൽ സയൻസിൻ്റെ ഹൃദയം.
ഉദാഹരണത്തിന്, ഒരു നിശ്ചിത വേഗതയിൽ സഞ്ചരിക്കുന്ന ഒരു വസ്തു, ഒരു നിശ്ചിത സമയത്തിൽ എവിടെ നിന്നും എവിടെ എത്തും എന്ന് ക്ലാസ്സിക്കൽ സയൻസിന് കൃത്യമായി നിശ്ചയ ദാർഢ്യത്തോടെ പ്രവചിക്കുവാൻ കഴിയും. അതനുസരിച്ചാണ് റോക്കറ്റ് വിക്ഷേപങ്ങളും ഭൗമ ശാസ്ത്ര പഠനവും എല്ലാം സയൻസ് നടത്തുന്നത്.
എന്നാൽ, ഇപ്പറഞ്ഞ ക്ലാസ്സിക്കൽ സയൻസിന് ചില കടും പിടുത്തങ്ങൾ ഉണ്ട്. പ്രപഞ്ചത്തിലുള്ള സർവ്വതും യാന്ത്രികമാണ് ക്ലാസ്സിക്കൽ സയൻസിൻ്റെ വീക്ഷണത്തിൽ. ഒരു യന്ത്രത്തിൻ്റെ സ്വിച്ച് ഇട്ടാൽ അത് കൃത്യമായി പ്രവൃത്തിക്കുന്നതുപോലെ സർവ്വതും നിശ്ചിതമായ, അചഞ്ചലമായ നിർണ്ണയത്തോടെ പ്രവൃത്തിക്കുന്നു എന്നാണ് ക്ലാസ്സിക്കൽ സയൻസ് വിശ്വസിക്കുന്നത്. മുൻകൂട്ടി പ്രവചിക്കുവാൻ കഴിയുന്ന വിധം “നിശ്ചിതത്വം” ഉള്ള അറിവുകൾ ആണ് അവ. അത്തരം “നിശ്ചിതത്വം” ആണ് ക്ലാസ്സിക്കൽ സയൻസിൻ്റെ ഒന്നാമത്തെ ലക്ഷണം. ചുരുക്കത്തിൽ പ്രപഞ്ചം യാന്ത്രികമാണ്. അതിന് പുറകിൽ ഒരു പ്രപഞ്ച ശക്തിയോ, മനുഷ്യ ശരീരത്തിന് പുറകിൽ ഒരു ആത്മാവോ ഉണ്ടെന്ന് സയൻസ് കരുതുന്നില്ല. അത്തരം ഒരു ശക്തിയുടെ ആവശ്യം സയൻസ് കാണുന്നില്ല. തത് ഫലമായി, സയൻസിനെ സംബന്ധിച്ചിടത്തോളം “വിധി” എന്നൊന്നില്ല. ഉള്ളത് മനുഷ്യൻ്റെ സ്വതന്ത്രമായ ഇച്ഛാശക്തിയാണ്. അതുപയോഗിച്ച് മനുഷ്യന് എന്തും പ്രാപ്യമാണെന്ന് സയൻസ് കരുതുന്നു.
ഏതു വസ്തുവിനെക്കുറിച്ചും പഠിക്കണമെങ്കിൽ ആ വസ്തുവിനെ അതിൻ്റെ ഓരോരോ ഘടകകങ്ങളായി അഴിച്ചുമാറ്റി ആ ഘടകങ്ങളെ പഠിക്കുക എന്നതാണ് സയൻസിൻ്റെ രീതി. നേരത്തേ വ്യക്തമാക്കിയ ആധുനിക വൈദ്യശാസ്ത്ര രംഗം തന്നെ ഇപ്പറഞ്ഞ ക്ലാസ്സിക്കൽ സയൻസിൻ്റെ സമീപനത്തിന് ഉദാഹരണമാണ്. മനുഷ്യശരീരത്തിലെ ഓരോ അവയവത്തിനും സ്പെഷ്യലൈസേഷൻ ആണ് ഇന്നുള്ളത്. മനുഷ്യൻ എന്ന നിലയിലുള്ള സമഗ്രമായ, സമസ്തമായ ഒരു സമീപനമല്ല ആധുനിക വൈദ്യശാസ്ത്രം കൈക്കൊള്ളുന്നത്. സമഗ്രമായ ഒന്നിന്നെ ഘടകീകരിക്കുകയാണ് ക്ലാസ്സിക്കൽ സയൻസ് ചെയ്യുന്നത്. “ഘടകീകരണം” എന്നുള്ളത് ക്ലാസ്സിക്കൽ സയൻസിൻ്റെ കൃത്യമായ രണ്ടാമത്തെ ലക്ഷണമാണ്.
ക്ലാസ്സിക്കൽ സയൻസിൻ്റെ മൂന്നാമത്തെ ലക്ഷണം, “ഭൗതികവാദം” ആണ്. രണ്ടാമത്തെ ലക്ഷണമായ ഘടകീകരണം ഒരു വസ്തുവിൽ വീണ്ടും വീണ്ടും നടത്തി വരുമ്പോൾ, ഇനിയും ഘടകമാക്കി മുറിക്കുവാൻ പറ്റാത്ത – അതായത് ആ വസ്തുവിൻ്റെ സാദ്ധ്യമായതിൽ ഏറ്റവും ചെറിയ ഒരു ഭാഗത്തിൽ എത്തിച്ചേരും – അതാണ് “കണിക”, “കണം”, “”തന്മാത്ര” അല്ലെങ്കിൽ “ആറ്റം” എന്നെല്ലാം പറയുന്നത്. “അവിഭാജ്യം” എന്നതിൻ്റെ സാധാരണ അർത്ഥത്തിൽ അതാണ്, ഒരു വസ്തുവിൻ്റെ ഏറ്റവും ചെറിയ കഷ്ണം. അതിനെ വീണ്ടും വിഭജിക്കുവാൻ സാദ്ധ്യമല്ല എന്നാണ് ഒരു കാലത്ത് വിശ്വസിച്ചിരുന്നത്. എന്നാൽ ഇന്ന് ആ നില മാറി. ചില പ്രത്യേക അറ്റോമിക് മാസ്സ് ഉള്ള യുറേനിയം പോലുള്ള ഐസോടോപ്പുകൾ പരസ്പരം കൂട്ടിയിടിപ്പിച്ചും, ലേസർ ഉപയോഗിച്ച് മുറിച്ചും മറ്റും കണികകൾ വിഭജിക്കാൻ കഴിയും എന്ന് ഇന്ന് സയൻസിന് അറിയാം. അതായത് കണികക്ക് വീണ്ടും ഉപ-കണികകൾ ഉണ്ട് എന്ന് സാരം.
സയൻസിൽ ഏറ്റവും അവിഭാജ്യമായ കണികയെ “പ്രാഥമിക കണങ്ങൾ” (പ്രൈമറി പാർട്ടിക്കിൾ) എന്നാണ് വിളിക്കുന്നത്. “ദ്രവ്യം” എന്ന് നാം സാധാരണ വിവക്ഷിക്കുന്ന സ്ഥിരമായ ഉറച്ച ഒരു പദാർത്ഥത്തിൻ്റെ ഏറ്റവും ചെറിയ പ്രത്യേക കഷ്ണങ്ങൾ ആണ് കണികകൾ. സർവ്വതും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരം ഉള്ള കണികകൾ കൊണ്ട് മാത്രമാണ് എന്ന അടിസ്ഥാന ന്യൂട്ടോണിയൻ വിശ്വാസമാണ് “ഭൗതികവാദം”. അതായത്, ശാരീരികമോ ജീവശാസ്ത്രപരമോ മാനസികമോ സാമൂഹികമോ ആയ എല്ലാ പ്രതിഭാസങ്ങളും ആത്യന്തികമായി ന്യൂട്ടോണിയൻ നിയമങ്ങൾ അനുസരിക്കുന്ന വസ്തുക്കളാൽ നിർമ്മിതമാണെന്ന് ക്ലാസ്സിക്കൽ സയൻസ് അനുമാനിക്കുന്നു. ഈ അനുമാനം ആണ് ക്ലാസ്സിക്കൽ സയൻസിൻ്റെ മൂന്നാമത്തെ മുഖലക്ഷണം.
ചുരുക്കിപ്പറഞ്ഞാൽ, ക്ലാസ്സിക്കൽ സയൻസിന് സർവ്വതും ഭൗതികമാണ്. ഭൗതികതയാണ് യാഥാർത്ഥ്യം. സർവ്വതും പ്രവചന സാദ്ധ്യതയോടുകൂടിയ നിശ്ചയത്വത്താൽ യാന്ത്രികമായി പ്രവൃത്തിക്കുന്നു. സർവ്വതും മനുഷ്യന് സ്വന്തം ഇച്ഛാശക്തിയാൽ പ്രാപ്യമാണ്. അതിലുപരി മറ്റൊന്നില്ല. ശാസ്ത്രീയമായി ചിന്തിക്കുന്ന മിക്കവരിലും, നിർഭാഗ്യവശാൽ, “ശാസ്ത്രീയ വീക്ഷണം” എന്നാൽ ഇപ്പോഴും ന്യൂട്ടോണിയൻ മെക്കാനിക്സിൽ അധിഷ്ഠിതമായ ഇപ്പറഞ്ഞ മൂന്നു ലക്ഷണങ്ങളും ഉള്ള ക്ലാസ്സിക്കൽ സയൻസിൻ്റെ വീക്ഷണം തന്നെയാണ്. ഇപ്രകാരം മൂന്ന് വലിയ നിർബ്ബന്ധ ബുദ്ധിയുള്ള ക്ലാസിക്കൽ സയൻസ് ഇന്ന് ആധുനിക മനുഷ്യൻ്റെ മനസ്സിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഭൗതികമായ പ്രാഥമിക കണങ്ങളുടെ വലിയ ലോകത്തിൽ നടത്തുന്ന ബാഹ്യമായ അന്വേഷണങ്ങളിൽ ഇത് മൂന്നും യുക്തിസഹമായ, അഖണ്ഡമായ ശരികൾ ആണെന്ന് തോന്നുകയും ചെയ്യും.
അതുകൊണ്ട്, നമുക്കെല്ലാം നിത്യാനുഭവമുള്ള സാധാരണ ലോകത്തിൽ നിന്നും നോക്കുമ്പോൾ സയൻസിന് “പ്രപഞ്ച ശക്തിക്ക് ആധാരം ” എന്ന ഒരു ‘പ്രതിഭാസം’ ഇല്ല തന്നെ. അതായത് പ്രപഞ്ച ശക്തിക്ക് ആധാരം എന്ന ഒരു പ്രതിഭാസത്തിൻ്റെ ആവശ്യമില്ലാതെ തന്നെ സർവ്വ വസ്തുക്കളും ക്ലാസ്സിക്കൽ ന്യൂട്ടോണിയൻ മെക്കാനിക്സ് തത്വങ്ങൾ പ്രവചിക്കുന്ന വിധത്തിൽ എല്ലായിപ്പോഴും പെരുമാറുന്നുണ്ട്. അതുകൊണ്ട് നാം ജീവിക്കുന്ന ലോകത്തിൻ്റെ ഏതെങ്കിലും പ്രവർത്തനം വിശദീകരിക്കുന്നതിനായി “പ്രപഞ്ച ശക്തിക്ക് ആധാരം” എന്നൊരു പ്രതിഭാസത്തിൻ്റെ ആവശ്യം സയൻസിന് വരുന്നില്ല എന്നർത്ഥം. കാണുകയും അറിയുകയും ചെയ്യുന്ന സർവ്വതും, മുറിച്ചു മുറിച്ച് ഘടകീകരിക്കാവുന്ന ഭൗതിക വസ്തുക്കളുടെ യാന്ത്രികമായ നിശ്ചിത പെരുമാറ്റങ്ങൾ മാത്രമാണ് ക്ലാസ്സിക്കൽ സയൻസിനെ സംബന്ധിച്ചിടത്തോളം.
ക്വാണ്ടം സയൻസിൻ്റെ ആവിർഭാവം
അങ്ങിനെ, അറിയേണ്ടതെല്ലാം അറിഞ്ഞു, പഠിക്കേണ്ടതെല്ലാം പഠിച്ചു എന്നു കരുതുമ്പോഴാണ് ചൂടുകൊണ്ട് ചുട്ടു പഴുത്ത വസ്തുക്കൾ, ചൂടിൻ്റെ തോത് അനുസരിച്ച് ചില പ്രത്യേക നിറങ്ങളിൽ പ്രകാശം പൊഴിക്കുന്നത് ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയിൽ പെടുന്നത്. പ്രകാശം ഇലക്ട്രോ മാഗ്നെറ്റിസം ആണെന്ന് അവർക്കറിയാം. ചൂട് തെർമോ ഡയനാമിക്സ് സംബന്ധിച്ച വിഷയം ആണെന്നും അവർക്കറിയാം. എന്നാൽ അത് രണ്ടും തമ്മിലെ ബന്ധം എന്താണെന്ന് അന്ന് അവർക്ക് മനസ്സിലായില്ല. തുടർന്ന് നടന്ന പഠനാന്വേഷണങ്ങളിലൂടെ ആണ് അവർ ക്വാണ്ടം ലോകത്തിലേക്ക് കടന്നു വരുന്നത്.
“ക്വാണ്ടം” എന്നാൽ ഒരു പദാർത്ഥ അംശത്തിൻ്റെ ഏറ്റവും ചെറിയ അളവാണ്. ആറ്റം, ആറ്റത്തിനകത്തുള്ള ന്യൂട്രോൺ, പ്രോട്ടോൺ, ഇലക്ട്രോൺ, ക്വാർക്ക്, തുടങ്ങിയ പരമാണുക്കളുടെ ലോകം ആണ് ക്വാണ്ടം ലോകം. അവിടെ വലിയ വസ്തുക്കളുടെ ന്യൂട്ടോണിയൻ ലോകത്തിലെ ചിരപരിചിതമായ നിയമങ്ങൾ ഒന്നും അനുസരിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല, സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പലതും സംഭവിക്കുന്നതായും അവർ കണ്ടു.
അതോടെ ക്ലാസ്സിക്കൽ സയൻസിൻ്റെ അതുവരെ നിലനിന്നിരുന്ന വിശ്വാസപ്രമാണങ്ങൾക്ക് ചില മങ്ങൽ സംഭവിച്ചു. അതുവരെ, എല്ലാ വസ്തുക്കളുടെ സ്വഭാവവും ക്ലാസിക്കൽ മെക്കാനിക്സിന് കൃത്യമായി വിവരിക്കുവാൻ കഴിയും എന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ക്വാണ്ടം ലോകത്തിലെ പരമാണുക്കൾ ക്ലാസ്സിക്കൽ മെക്കാനിക്സ് പറയുന്നത് പോലെ പ്രവൃത്തിക്കുന്നില്ല എന്ന് അവർ ക്രമേണ മനസ്സിലാക്കി.
ഉദാഹരണത്തിന്, വളരെ വേഗത്തിൽ സഞ്ചരിക്കുന്ന സംവിധാനങ്ങളിൽ, അല്ലെങ്കിൽ വളരെ ശക്തമായ ഗുരുത്വാകർഷണ മണ്ഡലങ്ങളിൽ വസ്തുക്കൾ ചലിക്കുമ്പോൾ, അല്ലെങ്കിൽ ബഹിരാകാശത്തിൻ്റെ അപാരതയിലെ ചലനങ്ങൾ കണക്കിലെടുക്കുമ്പോൾ, അതുമല്ലെങ്കിൽ കണികകളുടെ ഉപഘടകങ്ങൾ ആയ ഇലക്ട്രോൺ, ന്യൂട്രോൺ, പ്രോട്ടോൺ തുടങ്ങിയ ‘പാർട്ടിക്കിൾ’ പരമാണുക്കളുടെ അതി സൂക്ഷ്മ ലോകത്തിൽ – ഇവിടെ ഒന്നും ക്ലാസ്സിക്കൽ മെക്കാനിക്സ് നിയമങ്ങൾ അനുസരിക്കപ്പെടുന്നില്ല എന്ന് സയൻസിന് മനസ്സിലായി.
അതിനെ തുടർന്നാണ് “റിലേറ്റിവിസ്റ്റിക് മെക്കാനിക്‌സും”, “ക്വാണ്ടം മെക്കാനിക്‌സും” എല്ലാം നിലവിൽ വരുന്നത്. അതോടെ ക്ലാസ്സിക്കൽ മെക്കാനിക്സ് “എല്ലാ വസ്തുക്കളും” ക്‌ളാസ്സിക്കൽ മെക്കാനിക്സ് നിയമങ്ങൾ അനുസരിക്കുന്നു എന്നത്, “സാധാരണ വസ്തുക്കൾ” ക്‌ളാസ്സിക്കൽ മെക്കാനിക്സ് നിയമങ്ങൾ അനുസരിക്കുന്നു എന്ന് മാറ്റി നിർവ്വവചിക്കുവാൻ തുടങ്ങി. ഇന്ന് “സാധാരണ” വസ്തു എന്നാൽ, ആ വസ്തു “ഒരു തന്മാത്രയെക്കാൾ വലുതും ഒരു ഗ്രഹത്തേക്കാൾ ചെറുതും” ആയിരിക്കണം, അന്തരീക്ഷ ഊഷ്മാവിനോട് ചേർന്ന്, പ്രകാശവേഗതയേക്കാൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കണം. അങ്ങിനെ ഉള്ള വസ്തുമാത്രമാണ് ഇന്ന് ക്ലാസ്സിക്കൽ മെക്കാനിക്സ്റ്റിൻ്റെ പരിധിയിൽ വരുന്നത്. സയൻസിൽ ആത്മാവിൻ്റെ പാദമുദ്രകൾ തിരിച്ചറിയണം എങ്കിൽ, ക്വാണ്ടം ലോകം എന്താണെന്ന് പൊതുവായി ഒന്ന് മനസ്സിലാക്കേണ്ട ആവശ്യം വരുന്നുണ്ട്.
ക്വാണ്ടം ലോകവും അദ്വൈത സത്യങ്ങളും
ക്വാണ്ടം ലോകത്തിൽ അനുഭവപ്പെടുന്ന അസാധാരണമായ പ്രതിഭാസങ്ങളും, അവിടെ സയൻസ് നേരിടുന്ന കീറാമുട്ടികളും മാതമേ ഇവിടെ വിഷയ പരിചയത്തിനായി നൽകുന്നുള്ളൂ. നൂറ്റി ഇരുപത് വർഷത്തിലധികം കാലത്തിലൂടെ വളർന്നുവന്ന ഒരു ആധുനിക ശാസ്ത്ര ശാഖ ആയത് കൊണ്ട് വളരെ അധികം കാര്യങ്ങൾ ഇതിനകം തന്നെ ക്വാണ്ടം ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയിട്ടുണ്ട് . ജിപിഎസ് നാവിഗേഷൻ സിസ്റ്റം, ക്വാണ്ടം ടണലിംഗ് തടുങ്ങി നിരവധി ക്വാണ്ടം ടെക്നോളജികൾ ഇപ്പോൾ തന്നെ നമ്മുടെ നിത്യജീവിതത്തെ ഹരിതാഭമാക്കുന്നുണ്ട്. ക്വാണ്ടം കമ്പ്യൂട്ടിങ്, ക്വാണ്ടം ടെലിപോർട്ടേഷൻ തുടങ്ങിയ വമ്പൻ സാദ്ധ്യതകൾ ഇനിയും കടമ്പകൾ കടക്കുവാൻ കാത്തു നിൽക്കുന്നുമുണ്ട്. അതിലേക്കൊന്നും കടക്കാതെ, ചെറിയ പരമാണുക്കളുടെ ക്വാണ്ടം ലോകത്തിൽ ആത്മാവിൻ്റെ പാദമുദ്രകൾ കണ്ടെത്തുവാൻ സഹായിക്കുന്ന ചില പ്രത്യേകതകൾ മാത്രം താഴെക്കൊടുക്കുന്നു.
ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങളിലെ ഏറ്റവും ഉന്നതമായ അറിവുകളിൽ ഒന്നാണ് ആണ് “അദ്വൈത” സിദ്ധാന്തം എന്ന് പറഞ്ഞുവല്ലോ. ക്വാണ്ടം ലോകത്തിൽ കാണുവാൻ കഴിയുന്ന പ്രത്യേകതകൾ ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങളിലെ അദ്വൈത സിദ്ധാന്തം മുന്നോട്ടു വയ്ക്കുന്ന പുരാതനമായ പ്രസ്താവനകളെ എങ്ങിനെ സാധൂകരിക്കുന്നു എന്ന് പരിശോധിക്കാം. അതിലൂടെ “അദ്വൈത” സിദ്ധാന്തത്തിൻ്റെ ശാസ്ത്രീയ സാധുതയും, സയൻസിലൂടെ ആത്മാവിൻ്റെ പാദമുദ്രകൾ കണ്ടെത്തുവാനുള്ള വഴികളും തിരിച്ചറിയുവാൻ കഴിയും.
അദ്വൈത സിദ്ധാന്തം നൽകിയ രണ്ട് പ്രധാന അറിവുകൾ ആദ്യമായി നമുക്ക് എടുക്കാം. അത് ഇങ്ങനെ ആണ്: (1) അദ്വൈതത്തിൽ “ദൃഷ്ടി-സൃഷ്ടി വാദം” എന്ന ഒന്നുണ്ട്. അതായത് കാണുവാൻ ഒരു കണ്ണും അറിയുവാൻ ഒരു മനസ്സും ഉണ്ടായ അതേ ക്ഷണത്തിൽ ഉണ്ടായ മറ്റൊന്നാണ് അത് രണ്ടും ഉപയോഗിച്ച് കാണുകയും അറിയുകയും ചെയ്യേണ്ട പ്രപഞ്ചം. അതായത്, കാണുകയും അറിയുകയും ചെയ്യുന്ന “ഞാൻ” എന്ന വേറിട്ട അവസ്ഥ ഉണ്ടായ അതേ ക്ഷണത്തിൽ, “ഞാൻ അല്ലാത്തതെന്ന് തോന്നിക്കുന്ന” മറ്റൊന്നും കൂടി ഉണ്ടായി – അതാണ് പ്രപഞ്ചം. രണ്ടും ഒരുമിച്ചുണ്ടായതാണ് എന്നർത്ഥം. അതുകൊണ്ടാണ് അദ്വൈതത്തിൽ പ്രജ്ഞാനത്തിന് “സാക്ഷി ചൈതന്യം” എന്ന മറ്റൊരു പേരുകൂടി ലഭിച്ചത് എന്ന് മനസ്സിലാക്കണം. (2) ഈ പ്രപഞ്ചം യഥാർത്ഥമല്ല. അത് “അജാതം” ആണ്, ജനിക്കാത്ത ഒന്നാണ്. ജനിച്ചു എന്ന് തോന്നുന്നത് അറിവിൻ്റെ അഭാവം കൊണ്ടുമാത്രമാണ്. അത് “മായ”യാണ്, മിഥ്യയാണ്, യഥാർത്ഥത്തിൽ ഇല്ലാത്ത ഒന്നാണ് എന്നർത്ഥം. ഇരുട്ടിൽ നടക്കുമ്പോൾ, തറയിൽ കിടന്നിരുന്ന ഒരു കയറിൽ ചവിട്ടുമ്പോൾ അത് പാമ്പാണെന്ന് ധരിക്കുന്ന നിമിഷം കയറിൽ പാമ്പ് ഉണ്ടാകുന്നതിന് സമാനമാണ് ഇതെന്ന് അദ്വൈത സിദ്ധാന്തം പറയുന്നു.
ക്വാണ്ടം പരീക്ഷണ ശാലയിൽ “ഡബിൾ സ്ലിറ്റ്” എന്ന പരീക്ഷണത്തിലൂടെ ഒരു കണികയെ കാണുവാൻ ശ്രമിക്കുമ്പോൾ മാത്രമാണ് ആ കണിക കണികാ രൂപത്തിൽ നമുക്ക് ദൃശ്യഗോചരമാകുന്നത്. എന്നാൽ, അതേ പരീക്ഷണത്തിൽ നിരീക്ഷകൻ കണികയെ കാണുവാൻ ശ്രമിക്കാതിരിക്കുമ്പോൾ ആ കണിക നിലനിൽക്കുന്നത് തരംഗ രൂപത്തിൽ ആയിരിക്കും എന്ന് “ഡബിൾ സ്ലിറ്റ്” പരീക്ഷണത്തിൽ തെളിഞ്ഞു കഴിഞ്ഞ വസ്തുതയാണ്. പ്രപഞ്ചവും അതിലെ സർവ്വ വസ്തുക്കളും കണികകളാൽ നിർമ്മിതമാണ്. ആ കണികകൾ നോക്കുമ്പോൾ മാത്രമേ സത്യത്തിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. യഥാർത്ഥത്തിൽ നോക്കുകയും കാണുകയും അറിയുകയും ചെയ്യുന്നത് പ്രജ്ഞാനമാണ്. ശരീരമോ മനസ്സോ അല്ല യഥാർത്ഥത്തിൽ കാണുകയും അറിയുകയും ചെയ്യുന്നത്.
ഇപ്പറഞ്ഞത്തിൻ്റെ പൊരുൾ പ്രഥമ ദൃഷ്ടിയിൽ മനസ്സിലാക്കുവാനോ, സാമാന്യ ബുദ്ധിക്ക് അംഗീകരിക്കുവാനോ കഴിയുന്ന ഒന്നല്ല. അതായത്, നമ്മുടെ മുറിയിൽ ഒരു കസേര ഉള്ളത്, നമ്മൾ ആ കസേര കാണുവാൻ വേണ്ടി നോക്കുന്നത് കൊണ്ടാണ് ആ കസേര അവിടെ ഉള്ളത് എന്നാണ്. നമ്മൾ നോക്കിയില്ലെങ്കിൽ ആ കസേര അവിടെ ഉണ്ടാകുകയില്ല എന്ന് പറഞ്ഞാൽ അതെങ്ങിനെ ശരിയാകും? എന്നാൽ, ക്വാണ്ടം ലോകത്തിൽ ആ കസേരയുടെ പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന പ്രാഥമിക കണികകളുടെ നിലയിൽ നിന്ന് നോക്കുമ്പോൾ ഇപ്പറഞ്ഞത് ശരിയാണ്. അതാണ് “ഡബിൾ സ്ലിറ്റ്” പരീക്ഷണം തെളിയിക്കുന്നത്.
അതിനാൽ, അദ്വൈതം പറയുന്ന “മായ”യായ പ്രപഞ്ചം കണികയുടെ തലത്തിൽ നിന്നും വീക്ഷിക്കുമ്പോൾ അതിൽ ഒരു “മായ”യും ഇല്ല എന്ന് ശഠിക്കേണ്ടിവരും. എന്നാൽ, ആ കസേരയേയും, അതിനെ നോക്കിയും നോക്കാതേയും ഇരിക്കുന്ന നമ്മളേയും എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു പരമമായ സർവ്വത്വ പ്രജ്ഞാനം ഉണ്ട്. അതുകൊണ്ടാണ്, നമ്മൾ കസേരയെ നോക്കാതെ ഇരിക്കുമ്പോഴും കസേരയും നമ്മളും എല്ലാം അവിടെ ഉള്ളത് എന്ന് മനസ്സിലാക്കുമ്പോൾ നമ്മുടെ ശാഠ്യം അസ്ഥാനത്താണ് എന്ന് സമ്മതിക്കേണ്ടി വരും. അപ്രകാരം നിരീക്ഷക്കുവാൻ ഒരു നിരീക്ഷകനും, നിരീക്ഷിക്കപ്പെടുവാൻ ഒരു വസ്തുവും ഉള്ളത് കൂടാതെ, അത് രണ്ടിനേയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന പരമമായ ഒരു നിരീക്ഷക സാന്നിദ്ധ്യം മൂന്നാമതായി ഉണ്ടെന്ന് അംഗീകരിക്കാതെ, “ഡബിൾ സ്ലിറ്റ്” പരീക്ഷണം നൽകുന്ന അമ്പരപ്പ് യുക്തിഭദ്രമായി പരിഹരിക്കുവാൻ കഴിയുകയില്ല.
ഒരു വസ്തു യഥാർത്ഥത്തിൽ നിലനിൽപ്പുള്ള ഒന്നായി അംഗീകരിക്കണം എങ്കിൽ, ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങളിൽ അതിന് മൂന്ന് നിബന്ധനകൾ ഉണ്ട് എന്ന് നമ്മൾ കണ്ടു കഴിഞ്ഞു. ആ നിബന്ധനകൾ അനുസരിച്ച്, ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങളിൽ, യഥാർത്ഥത്തിൽ ഒരു വസ്തു നിലനിൽക്കുന്നതായി അംഗീകരിക്കപ്പെടണം എങ്കിൽ അതിന് മറ്റൊന്നിൻ്റെ സഹായം ഇല്ലാതെ സ്വയം നിലനിൽക്കുവാൻ പ്രാപ്തി ഉണ്ടായിരിക്കണം. (ഒരുസ്ഥലത്ത് മാത്രം നിലനിപ്പുള്ള ഒരു വസ്തു അതേ സമയം മറ്റൊരു സ്ഥലത്ത് ഇല്ലാത്തത് അതിൻ്റെ പരിമിതിയാണ്. അത്തരം പരിമിതമായ ഒന്നിനെ ആത്യന്തിക സത്യമായി ഭാരതീയ വൈജ്ഞാനിക ശാസ്ത്രം അംഗീകരിക്കുന്നില്ല). അതിനർത്ഥം യഥാർത്ഥമായ ഒരു വസ്തുവിന് സർവ്വ വ്യാപിത്വം ഉണ്ടായിരിക്കണം. മാത്രവുമല്ല, യഥാർത്ഥമായ നിലനിൽപ്പുള്ള ഒന്നിന് ഒരു കാലത്തും ഒരു വ്യത്യാസവും വരാതെ നിലനിൽക്കുവാൻ കഴിയണം. ഈ മൂന്ന് നിബന്ധനകൾ വച്ചു പരിഗണിക്കുമ്പോൾ, ഒരു കണിക ഇതൊന്നും അനുസരിക്കുന്നില്ല. നോക്കുവാൻ ഒരു കണ്ണും, നോക്കി കണ്ടത് അറിയുവാൻ ഒരു പ്രജ്ഞാനവും ഉണ്ടെങ്കിൽ മാത്രം ഉണ്ടാകുന്ന ഒന്നാണ് കണിക. അതുകൊണ്ട്, അദ്വൈത നിർവ്വചനം അനുസരിച്ച് കണികയും കണികകളാൽ നിർമ്മിതമായ യാതൊന്നും സത്യമല്ല, മിഥ്യയാണ്, “മായ”യാണ്. ഇതിൽ നിന്നും അദ്വൈതം പറയുന്ന കാര്യങ്ങളിൽ കഴമ്പ് ഉണ്ടെന്ന് വ്യക്തമാകുന്നു.
എന്നാൽ, ഒരു വസ്തു യഥാർത്ഥത്തിൽ നിലനിൽപ്പുള്ള ഒന്നായി അംഗീകരിക്കണം എങ്കിൽ, സയൻസിനും ഉണ്ട് ചില നിബന്ധനകൾ. അത് തികച്ചും വ്യത്യസ്തമായ ചില നിബന്ധനകൾ ആണ്. ആധുനിക ഭൗതിക ശാസ്ത്രമനുസരിച്ച് എന്തെങ്കിലും വസ്തു യാഥാർത്ഥ്യമാകണമെങ്കിൽ അത് രണ്ട് പ്രത്യേക സ്വഭാവങ്ങൾ പ്രകടിപ്പിക്കണം.
ഒന്ന്, ആ വസ്തുവിന് “പ്രാദേശികത” ഉണ്ടായിരിക്കണം. എന്താണ് “പ്രാദേശികത”? ഒരു വസ്തു യഥാർത്ഥ വസ്തു ആകണം എങ്കിൽ അതിന് “ലോക്കൽ” ആയ ഒരു “ഒബ്ജക്റ്റീവ്” നിലനിൽപ്പുണ്ടാകണം. അല്ലാതെ നമ്മുടെ മനസ്സിൽ മാത്രം ഉണ്ടായാൽ പോരാ. രണ്ട്, ആ വസ്തു ചലിക്കുന്നത് ആ വസ്തുവിൽ ബാഹ്യമായ ചില ശക്തികൾ പ്രവൃത്തിക്കുന്നതു കൊണ്ടു മാത്രമായിരിക്കണം. അത്തരം ബാഹ്യമായ ഒരു ശക്തി ആ വസ്തുവിനെ സ്പർശിച്ചില്ലെങ്കിൽ, ആ വസ്തുവിന് ഒരു മാറ്റവും സംഭവിക്കില്ല.
ഉദാഹരണത്തിന്, ഭൗതികശാസ്ത്രമനുസരിച്ച്, രണ്ട് വസ്തുക്കൾ പരസ്പരം പ്രകാശവർഷങ്ങൾ അകലത്തിൽ സ്ഥിതിചെയ്യുന്നുണ്ടെങ്കിൽ, അവതമ്മിൽ ഏതെങ്കിലും വിധത്തിലുള്ള പരസ്പര സ്പർശനം ഉണ്ടായാൽ മാത്രമേ ഒന്നിന് മറ്റൊന്നിനെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുവാൻ കഴിയുകയുള്ളൂ. ചുരുങ്ങിയ പക്ഷം, ഒന്ന് മറ്റൊന്നിലേക്ക് ഒരു സിഗ്നൽ എങ്കിലും അയയ്‌ക്കേണ്ടതുണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് സംഭവിക്കാതെ ഒന്നിന് മറ്റേതിനെ സ്വാധീനിക്കാൻ കഴിയില്ല. സയൻസിൻ്റെ രണ്ടാമത്തെ നിബന്ധനയെ “യാഥാര്‍ത്ഥ്യവാദം” (“റിയലിസം”) എന്ന് വിളിക്കുന്നു. അതേസമയം, പ്രപഞ്ചതിൽ ഒരു വസ്തുവിനും ഒരു പ്രതിഭാസത്തിനും പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുവാൻ കഴിയുകയില്ല എന്നും, ആ പ്രകാശവേഗം സ്ഥിരമായ ഒന്നാണെന്നും സയൻസ് വിശ്വസിക്കുന്നു. അങ്ങിനെ, പ്രാദേശികമായ നിലനിൽപ്പുള്ള ഒന്ന് മാത്രമാണ് സയൻസിലെ യഥാർത്ഥ വസ്തു.
രണ്ടു വസ്തുക്കൾ തമ്മിൽ സ്പർശനം സാദ്ധ്യമാകുവാൻ സമയവും, സ്ഥലവും താണ്ടേതതുണ്ട്. പ്രകാശത്തേക്കാൾ വേഗത്തിൽ ഒന്നിനും സഞ്ചരിക്കുവാൻ കഴിയാത്തതുകൊണ്ട്, ഒരു വസ്തുവിൽ നിന്ന് മറ്റൊരു വസ്തുവിലേക്ക് പ്രകാശത്തേക്കാൾ വേഗതയിൽ ഒരു സന്ദേശത്തിനും ഒരു സിഗ്നലിനും എത്തിച്ചേരാൻ കഴിയില്ല എന്നാണ് മുഖ്യധാരാ സയൻസ് വിശ്വസിക്കുന്നത്. ഇതെല്ലാം അനുസരിച്ചുകൊണ്ട് തികഞ്ഞ പ്രാദേശികതയിൽ നിലനിൽക്കുന്ന ഒന്നുമാത്രമാണ് സയൻസിൻ്റെ ദൃഷ്ടിയിൽ യഥാർത്ഥത്തിൽ നിലനിൽപ്പുള്ളത്. എന്നാൽ ക്വാണ്ടം ലോകത്തിലെ ചില പ്രത്യേക തരത്തിൽ കൂട്ടുപിണഞ്ഞ (“എൻടാങ്കിൾഡ്” ആയ) കണങ്ങൾ പരസ്പരം പ്രകാശ വർഷങ്ങൾക്ക് അകലെ ആണെങ്കിലും അവക്കിടയിൽ തൽക്ഷണ ആശയവിനിമയം നടക്കുന്നുണ്ട് എന്ന് സംശയാതീതമായി തെളിയിച്ചതിനാണ് 2022-ലെ ഫിസിക്സിന് ഉള്ള നോബൽ സമ്മാനം നൽകിയത്.
സയൻസിൻ്റെ മേൽപ്രസ്താവിച്ച രണ്ട് നിബന്ധനകളും സബ് ആറ്റോമിക് തലത്തിൽ (ക്വാണ്ടം ലോകത്തിൽ) ശരിയല്ല എന്നുകാണാം. അദ്വൈത സിദ്ധാന്തത്തിൻ്റെ നിബന്ധനകൾ ക്വാണ്ടം ലോകത്തിൽ കൃത്യമായി പ്രവർത്തിക്കുന്നതും കാണാം. അതിൻ്റെ വിശദശാംശങ്ങൾ താഴെ ഒന്നുകൂടി ലളിതമാക്കാം.
സയൻസിൻ്റെ രണ്ട് നിബന്ധനകളും വലിയ വസ്തുക്കളുടെ ന്യൂട്ടോണിൻ ലോകത്തിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങൾ ആണ്. അദ്വൈത നിബന്ധനകൾ ന്യൂട്ടോണിൻ ലോകത്തിൽ സംഭവിക്കാത്തത് കൊണ്ടാണ് ന്യൂട്ടോണിൻ ലോകം “മായ”യാണ്, മിഥ്യയാണ് എന്ന് അദ്വൈതം പറയുന്നത്. ന്യൂട്ടോണിയൻ ലോകത്തിൽ അദ്വൈതം പറഞ്ഞതിന് കടക വിരുദ്ധമായിട്ടാണ് സംഭവിക്കുന്നത് എന്ന കാര്യം അദ്വൈതത്തിനും അറിയാം, ബാക്കി സർവ്വർക്കും അറിയാം. എന്നാൽ അദ്വൈതം പറയുത് ‘പ്രപഞ്ചം’ എന്നത് ക്വാണ്ടം ലോകത്തിൽ നിന്നും ഉള്ള (സർവ്വത്വത്തിൽ നിന്നും ഉള്ള) “മായാ വിക്ഷേപങ്ങൾ” ആണ് എന്നാണ്. അതായത്, ക്വാണ്ടം ലോകത്തെ ആശ്രയിച്ചാണ് ന്യൂട്ടോണിയൻ ലോകം നിലകൊള്ളുന്നത്. ക്വാണ്ടം ലോകത്തിലെ സർവ്വ വ്യാപിയായ തരംഗങ്ങൾ ആണ് കണികകളെ സൃഷ്ടിച്ചത്. കണികകൾ ആണ് കാണപ്പെടുന്ന പ്രപഞ്ചം സൃഷ്ടിച്ചത്. എന്നതിനാൽ, അദ്വൈതം പറഞ്ഞത് സത്യമാണെന്ന് അംഗീകരിക്കേണ്ടി വരും.
ചുരുക്കി പറഞ്ഞാൽ, ക്വാണ്ടം ലോകവും ന്യൂട്ടോണിയൻ ലോകവും അദ്വൈതം അംഗീകരിക്കുന്നുണ്ട്. ക്വാണ്ടം ലോകത്തിൽ അധിഷ്ഠിതമായിട്ടാണ് ന്യൂട്ടോണിയൻ ലോകം നിൽക്കുന്നത്, അതുകൊണ്ട് ക്വാണ്ടം ലോകം ആണ് ആത്യന്തികമായി യഥാർത്ഥം എന്നാണ് അദ്വൈതം പറയുന്നത്. അത്തരം ഒരു സമഗ്രമായ പൂർണ്ണ വീക്ഷണം സയൻസിന് ഇനിയും കൈവന്നിട്ടില്ല.
കുറേ അറിവുകളും കുറേ അജ്ഞതയും എല്ലാം കൂടി കൂട്ടിക്കുഴഞ്ഞതാണ് സയൻസ്. താഴെ വിശദമാക്കുവാൻ ശ്രമിക്കുന്ന അഞ്ച് ക്വാണ്ടം പ്രത്യേകതകളിലൂടെ ഭാരതീയ വൈജ്ഞാനിക ശാസ്ത്രം സഹസ്രാബ്ദങ്ങൾക്ക് മുൻപേ വ്യക്തമാക്കിയ കാര്യങ്ങൾ സയൻസിൻ്റെ പുതിയ വീക്ഷണങ്ങളിലൂടെ നോക്കിയാലും ശരിയെന്ന് തെളിയും.
കൂടുതൽ ക്വാണ്ടം കാര്യങ്ങൾ
കണികാ-തരംഗ സ്വഭാവം: എല്ലാ ക്വാണ്ടം കണികകൾക്കും രണ്ട് സ്വഭാവങ്ങൾ ഉണ്ട് ഒരേ സമയം. അവ കണികയും ആണ്, തരംഗവും ആണ് ഒരേസമയം. എന്നാൽ, വലിയ വസ്തുക്കളുടെ ന്യൂട്ടോണിയൻ ലോകത്തിൽ എല്ലാവസ്തുക്കളും ഖരപദാർത്ഥങ്ങൾ (നിരവധി കണികകൾ പ്രത്യേക രീതിയിൽ ചേർന്നുണ്ടായ ഒരു വലിയ കണികാ സമൂഹം) ആണ് എല്ലായിപ്പോഴും. അതായത്, ന്യൂട്ടോണിയൻ ലോകത്തിൽ വസ്തുക്കൾ കണികാ സ്വഭാവത്തിൽ മാത്രമാണ് നിലകൊള്ളുന്നത്, അവക്ക് തരംഗ സ്വഭാവം ഇല്ല. എന്നാൽ, ക്വാണ്ടം ലോകത്തിൽ അങ്ങിനെ അല്ല. അവിടെ ഒരു വസ്തു യാഥാർത്ഥം എന്ന് അംഗീകരിക്കപ്പെടുക്കാൻ ആവശ്യമായ അദ്വൈത നിബന്ധനയായ സർവ്വവ്യാപിത്വം പ്രകടമാക്കിക്കൊണ്ട് കണിക എന്നത് തരംഗ രൂപത്തിൽ നിലകൊള്ളുന്നു. ക്വാണ്ടം കണികകൾ എന്ന് പറയുമ്പോൾ, പരമാണുക്കൾ ആയ ആറ്റം, ഇലക്ട്രോൺ, ന്യൂട്രോൺ, പ്രോട്ടോൺ, പോസിട്രോൺ, ക്വാർക്ക് എന്നുവേണ്ട സർവ്വ പരമാണുക്കളും ഈ അസാധാരണമായ പെരുമാറ്റത്തിൻ്റെ പരിധിയിൽ പെടും.
ക്വാണ്ടം സൂപ്പർ പൊസിഷൻ: പരമാണുക്കളുടെ ക്വാണ്ടം ലോകത്തിൽ വിചിത്രമായ ഒരു ‘പ്രതിഭാസം’ ഉണ്ട്. അതാണ് “ക്വാണ്ടം സൂപ്പർ പൊസിഷൻ” എന്ന അവസ്ഥ. ഒരു ക്വാണ്ടം കണികക്ക് ഒരേ സമയം ഒന്നിൽ കൂടുതൽ അവസ്ഥയിൽ നിലകൊള്ളുവാൻ കഴിയും. നിത്യജീവിതത്തിൽ ഒരു വസ്തുവിന് ഒരു സമയത്ത് ഒരുവിധത്തിൽ മാത്രമേ നിലകൊള്ളുവാൻ കഴിയൂ.
ഉദാഹരണത്തിന്, ഒരു ഫുട്ബാളിന് ഒരുസമയത്ത് ഒന്നുകിൽ ഇവിടെ നിലകൊള്ളാം, അല്ലെങ്കിൽ അവിടെ നിലകൊള്ളാം, അതുമല്ലെങ്കിൽ അന്തരീക്ഷത്തിലൂടെ ഉള്ള പ്രയാണത്തിൽ ഏതെങ്കിലും ഒരു കൃത്യമായ സ്ഥലത്ത് സമയ ബന്ധിതമായി നിലകൊള്ളാം. ആ നില എവിടെയാണെന്ന് ന്യൂട്ടോണിയൻ നിയമപ്രകാരം നമുക്ക് കൃത്യമായി കണക്കു കൂട്ടി പ്രവചിക്കുവാൻ കഴിയും.
മറ്റൊരു ഉദാഹരണം, ഒരു ഫാനിന് ഇടത്തുനിന്നും വലത്തേക്ക് കറങ്ങാം, അല്ലെങ്കിൽ വലത്തു നിന്നും ഇടത്തേക്ക് കറങ്ങാം. ഒരു വസ്തുവിന് ഒന്നുകിൽ ഒരുവഴിയിലൂടെ പോകുവാൻ കഴിയും, അല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ പോകുവാൻ കഴിയും. എന്നാൽ, ക്വാണ്ടം കണികക്ക് ഒരേ സമയം ഇവിടെ നിലനിൽക്കാം, അവിടെ നിലനിൽക്കാം, എവിടെ വേണമെങ്കിലും നിലനിൽക്കുവാൻ കഴിയും. ഒരേ സമയം ഏതു ദിശയിലും കറങ്ങാം, ഒരേ സമയം ഏതുവഴിയിലൂടെ വേണമെങ്കിലും പോകാം. ക്വാണ്ടം ലോകത്തിൽ സാദ്ധ്യതകളുടെ തരംഗം ആണ് എപ്പോഴും ഉള്ളത്. ആ സാദ്ധ്യതകൾ ഏതെങ്കിലും ഒരു കണികയായി മാറുകയാണ് ചെയ്യുന്നത്. ആ സാദ്ധ്യതയുടെ തരംഗ നിലയെ ആണ് “ക്വാണ്ടം സൂപ്പർ പൊസിഷൻ” എന്ന് പറയുന്നത്.
ഇത് നമ്മുടെ നിത്യാനുഭവത്തിൽ നിന്നും വ്യതിചലിച്ച വിചിത്രമായ ഒരു വിഭിന്നതയല്ലേ? നമ്മുടെ നിത്യാനുഭവത്തിൽ (ന്യൂട്ടോണിയൻ ലോകത്തിൽ) നമ്മൾ കാണുന്ന സർവ്വതും ‘തരംഗം’ അഥവാ ‘കണിക’കൾ എന്ന അവസ്ഥ നിപതിച്ചതിന് ശേഷം മാത്രമുള്ള സ്ഥിതിയിലാണ്. അതായത് സാദ്ധ്യമായ എല്ലാ സാദ്ധ്യതകളും ഉൾക്കൊണ്ട തരംഗ നില അവസാനിപ്പിച്ച് ഏതെങ്കിലും ഒരു നിശ്ചിതമായ കണികയായി മാറിയതിന് ശേഷം ഉള്ള നിലയാണ് അത്. വീണ്ടും, അദ്വൈതം നിഷ്കർച്ചിച്ച സർവ്വവ്യാപിത്വം ആണ് സർവ്വ സാദ്ധ്യതകളും ഉൾക്കൊണ്ട ആ തരംഗ സൂപ്പർ പൊസിഷൻ സ്വഭാവം കാണിക്കുന്നത്.
തരംഗ പതനം: ‘ഡബിൾ സ്ലിറ്റ്’ പരീക്ഷണം ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ക്വാണ്ടം ലോകത്തിൽ കണികാ സ്വഭാവവും, തരംഗ സ്വഭാവവും ഒരേ സമയം നിലനിൽക്കുന്നു എങ്കിലും ഒരു നിശ്ചിത സമയത്ത്, ഒരു നിശ്ചിത സ്ഥലത്ത് കണിക (വസ്തു) പ്രത്യക്ഷപ്പെടുന്നത് ഒരു നിരീക്ഷകൻ കണിക കാണുവാനുള്ള ഉദ്ദേശ്യത്തോടെ നിരീക്ഷിക്കുമ്പോൾ മാത്രമാണെന്നുള്ളതാണ് അത്. അതായത്, ഒരു തരംഗം ഒരു നിരീക്ഷകനാൽ നിരീക്ഷിക്കപ്പെടുമ്പോൾ മാത്രം അത് അതിൻ്റെ തരംഗ സ്വഭാവം ഉപേക്ഷിച്ച് കണികയായി മാറുന്നു. ഇതാണ് തരംഗ പതനം.
അപ്രകാരം സംഭവിക്കുനന്ത് ആ നിരീക്ഷകൻ തൻ്റെ നിരീക്ഷണ നിമിഷത്തിലെ ആ പ്രത്യേക സ്ഥല-കാല ചട്ടക്കൂടിനെ കണകീകരിക്കുന്നത് കൊണ്ട് ആകാം. ഒരു നിരീക്ഷകൻ്റെ നിരീക്ഷണം ഈ സംഭവത്തെ സ്വാധീനിക്കുന്നുണ്ട് എന്നുള്ളത്, നിരീക്ഷകൻ്റെ നിരീക്ഷണത്തിൻ്റെ പ്രാധാന്യം കാണിക്കുന്നു. നിരീക്ഷകൻ എന്ന് പറയുന്നത് ‘പ്രജ്ഞാനം’ ആണ്. ഇത് സയൻസിന് അംഗീകരിക്കുവാൻ കഴിയുന്നില്ല. വൻ വാദപ്രദിവാദങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ട ഒന്നയിരുന്നു ‘ഡബിൾ സ്ലിറ്റ്’ പരീക്ഷണം. അതിൻ്റെ അനുരണനങ്ങൾ ഇപ്പോഴും തുടരുന്നു. “ഒരു കണികയുടെ ചലനാത്മകതയിൽ വന്നും പോയും ഇരിക്കുന്ന തരംഗ സ്വഭാവവും അടങ്ങിയിരിക്കുന്നു” എന്നുതുടങ്ങിയ ന്യായ വാദങ്ങൾ ഉന്നയിച്ചു കൊണ്ട് നിൽക്കുകയാണ് സയൻസ് ഇപ്പോൾ.
ടൈം ഡയലേഷൻ: ക്വാണ്ടം ലോകത്തിൽ സമയം ആപേക്ഷികമാണ് എന്നത് അത്ഭുതപ്പെടുത്തുന്ന മറ്റൊരു ഒരു ക്വാണ്ടം സത്യമാണ്. പക്ഷേ, ഇക്കാര്യം മനസ്സിലാക്കുവാൻ “കാലം” എന്ന ഘടകത്തെക്കുറിച്ച് അടിസ്ഥാനപരമായ ചില വസ്തുതകൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. “കാലം” എന്ന ഘടകം നമ്മൾ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത വിധം അനുഭവിക്കേണ്ട ഒരു ഘടകം ആണ്.
“കാലവും” “സമയവും” രണ്ടും രണ്ടാണ്, ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങളിൽ. നമ്മൾ സമയമായി സാധാരണ തെറ്റിദ്ധരിക്കുന്നത് കാലത്തെ അളക്കുന്ന അളവുകളെ ആണ്. ഇത്രാം തീയതി, ഇന്ന സമയം, ഇത്ര വയസ്സ്, എന്നെല്ലാം പറയുന്നത് കാലത്തിൻ്റെ അളവുകൾ മാത്രം ആണ്. കാലമല്ല. സമയം എന്നത് അനസ്യൂതം മുൻപോട്ട് മാത്രം ഒഴുകുന്ന കാലത്തിൻ്റെ അനുഭവമാണ്. (എന്തുകൊണ്ടാണ് സമയം മുന്നോട്ടു മാത്രം ഒഴുകുന്നത് എന്നത് സയൻസ് അഭിമുഖീകരിക്കുന്ന മറ്റൊരു കടംകഥയാണ്). സത്യത്തിൽ, കാലത്തിലൂടെ നമുക്ക് പുറകോട്ട് പോകുവാനും കഴിയില്ല, മുൻപോട്ട് പോകുവാനും കഴിയുകയില്ല. ഈ നിമിഷത്തിൻ്റെ ഏകജാലകത്തിലൂടെ മാത്രം നമ്മുടെ അനുഭവങ്ങൾ നമ്മൾ അനുഭവിക്കുന്ന ഒരു സംവിധാനം ആണ് കാലം.
എല്ലാ അനുഭവങ്ങളും അനുഭവിക്കുന്നത് സ്ഥലവും കാലവും സന്ധിക്കുന്ന സന്ധിസ്ഥാനങ്ങളിലാണ്. ഒരു സ്ഥലം ആ സ്ഥലത്തിൻ്റെ മേൽവിലാസം ഉപയോഗിച്ച് പറയുന്നതുപോലെ മാത്രമേ ഉള്ളൂ, കാലത്തെ സമയം ഉപയോഗിച്ച് വിശദീകരിക്കുന്നത്. ഒരു സ്ഥലത്തിൻ്റെ വിലാസം ആ സ്ഥലമല്ല. ഇന്ന രാജ്യത്തെ, ഇന്ന പട്ടണത്തിലെ, ഇന്ന തെരുവിലെ, ഇത്രാം നമ്പർ കെട്ടിടത്തിൻ്റെ, ഇത്രാം നമ്പർ നിലയിലെ, ഇന്ന നമ്പർ ഉള്ള വീട്ടിലെ സ്വീകരണ മുറിയിലെ കസേരയിൽ, ഇത്രാം തീയതി, ഇത്ര മണിക്ക് ഞാൻ ഇരിക്കുന്നു, എന്ന് സ്ഥലവും കാലവും വ്യക്തമാക്കി പറയുമ്പോൾ മാത്രമേ എൻ്റെ നിലനിൽപ്പിൻ്റെ കൃത്യമായ സ്ഥാനം നിർണ്ണയിക്കുവാൻ കഴിയുകയുള്ളൂ. അങ്ങിനെ സ്ഥലവും കാലവും പരസ്പര ബന്ധിതമാണ്. സ്ഥലവും, കാലവും തമ്മിൽ അപ്രകാരം സന്ധിക്കുന്ന സന്ധിയാണ്, ഭാരതീയ വൈജ്ഞാനിക ശാസ്ത്രങത്തിൽ ‘നിയതി’ എന്ന് പറയുന്നത്. നിയതിയെക്കുറിച്ച് പ്രപഞ്ചത്തിൻ്റെ മെറ്റീരിയൽ ടെക്നൊളജിയുടെ 36 തത്വങ്ങൾ പ്രതിപാദിക്കുമ്പോൾ ആറാം പാഠഭാഗത്തിൽ പ്രതിപാദിച്ചത് ശ്രദ്ധിക്കുക.
എന്നാൽ കാലത്തെ ഘടികാര സമയം എന്ന മാനദണ്ഡം ഉപയോഗിച്ച് അളക്കുന്നത് നമുക്ക് അനുഭവ വേദ്യമായി അനസ്യൂതം വരുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ്. ആ മാറ്റങ്ങൾ പുരാതനകാലത്ത് അടിസ്ഥാനമാക്കിയിരുന്നത് സൂര്യൻ ഭൂമിയിൽ വീഴ്‌ത്തുന്ന നിഴലുകളെ നോക്കിയായിരുന്നു. പിന്നീട് നാഴികമണിയുടെ ചാഞ്ചാടുന്ന ദോലകം എത്ര തവണ അപ്രകാരം ആടുന്നു എന്നതിനെ അടിസ്ഥാനമാക്കി സമയ നിർണ്ണയം ചെയ്തു. ഒരു ദോലകം ഒരു തവണ ആടുന്നത് ഒരു സെക്കൻഡ് എന്ന കണക്കിൽ കണക്കാക്കുവാൻ തുടങ്ങി.
കൂടുതൽ കൃത്യമായ സമയ മാപിനികൾ ആവശ്യമായി വന്നപ്പോൾ ആദ്യം ക്വാർട്സ് ക്രിസ്റ്റൽ ക്ളോക്കുകളും, പിന്നീട് അറ്റോമിക് ക്ളോക്കുകളൂം വന്നു. ക്രിസ്റ്റൽ ക്ളോക്കിൽ ക്വാർട്സ് ക്രിസ്റ്റലിൽകൂടി വൈദ്യുതി കടത്തിവിടുമ്പോൾ അത് പ്രകമ്പനം കൊള്ളും. അപ്രകാരം 32,678 പ്രകമ്പനങ്ങൾ ആണ് ഒരു സെക്കൻഡ്. അറ്റോമിക് ക്ളോക്കിൽ ഉള്ള സീഷ്യം ആറ്റത്തിൻ്റെ 9,192,631,770 പ്രകമ്പനങ്ങൾ ആണ് ഒരു സെക്കൻഡ്. വളരെ ഉയർന്ന കൃത്യതയുള്ള സമയമാപിനികൾ ആണ് അറ്റോമിക് ക്ളോക്കുകൾ.
ഇതെല്ലാം ബാഹ്യമായ മനുഷ്യ നിർമ്മിതമായ സമയ മാപിനികൾ ആണ്. എന്നാൽ നമ്മുടെ ശരീരത്തിന് സ്വന്തമായ ജൈവ സമയ മാപിനികൾ ഉണ്ട്. മുകളിൽ വിശദമാക്കിയത് പോലെ പ്രകമ്പനം കൊള്ളുന്ന നിവരവധി കണികകളും, കൃത്യമായി ആവർത്തിക്കുന്ന നിരവധി ചലനങ്ങളും, രാസപ്രവൃത്തനങ്ങളും എല്ലാം ശരീരത്തിനകത്തും ഇടതടവില്ലാതെ നടക്കുന്നുണ്ട്. അതുപയോഗിച്ച് ശരീരം സ്വന്തനിലക്ക് കാലനിർണ്ണയം നടത്തുന്നുണ്ട്, അത് നമ്മൾ അറിയുന്നില്ല എന്നുമാത്രമേ ഉള്ളൂ. കൂടുതലും ശരീരത്തിൻ്റെ ജൈവ സമയമാപിനികൾ അനുസരിച്ചാണ് നമ്മൾ വളരുന്നതും, പ്രായമാകുന്നതും, ജരാനരകൾ ബാധിച്ച് മരിക്കുന്നതും. ചുരുക്കി പറഞ്ഞാൽ നമ്മുടെ ശരീരത്തിന് കൂടുതൽ ചലന സ്വാതന്ത്യമുള്ള “സ്ഥലം” എന്ന ഘടകവും, ശരീരത്തിന് ചലന സ്വാതന്ത്ര്യം തീരെ ഇല്ലാത്ത “കാലം” എന്ന മറ്റൊരു ഘടകവും ഉണ്ട്. സ്ഥലവും കാലവും, അപ്രകാരം, ജീവിത ചലനത്തിൻ്റെ അവിഭാജ്യ ഘടകങ്ങൾ ആണ്.
അതുകൊണ്ട് ആമുഖമായി നമ്മൾ മനസ്സിലാക്കേണ്ട വസ്തുത, “സമയം’ എന്ന് പറയുന്നത് “കാല”ത്തെ അളക്കുന്ന അളവാണ് എന്നുള്ളതാണ്. ആവർത്തിച്ച് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ആണ് കാലം. വളരെ ചിട്ടയും ക്രമവും താരതമ്യേന സ്ഥിരതയും എല്ലാം ഉള്ള ഒരു വ്യവസ്ഥയിൽ നിന്നും ഇതെല്ലാം ക്രമേണ കുറഞ്ഞു കുറഞ്ഞു ശിഥിലമാകുന്ന ഒരു അവസ്ഥയിലേക്ക് ഉള്ള മാറ്റങ്ങളാണ് “കാലം” വരുത്തുന്നത്. ക്രമേണ സംഭവിക്കുന്ന ശിഥിലീകരണത്തിൻ്റെ ആ ഒരു ദിശയിൽ മാതമേ കാലം സഞ്ചരിക്കുന്നുള്ളൂ. ഈ ശിഥിലീകരണത്തെയാണ് സയൻസ് “അട്രോഫി” എന്ന് വിളിക്കുന്നത്.
ഉദാഹരണത്തിന് ഒരു ഇരുമ്പാണി തുരുമ്പ് പിടിച്ച് ദ്രവിച്ച് ഇല്ലാതാകുന്നതും, ജീവജാലങ്ങൾ ജനിച്ച് വളർന്ന് പ്രായമായി മരിച്ച് ഇല്ലാതാകുന്നതും കാലം വരുത്തുന്ന മാറ്റങ്ങൾ ആണ്. ആ മാറ്റങ്ങൾ അളന്ന് മനസ്സിലാക്കുന്നതാണ് ‘സമയം’. ഇംഗ്ലീഷ് ഭാഷയിൽ കാലവും സമയവും “ടൈം” എന്ന ഒരേ വാക്ക് ഉപയോഗിച്ച് വ്യവഹരിക്കുന്നതു കൊണ്ടാണ് ഈ കുഴഞ്ഞു മറിയൽ. ഇത്രയും മനസ്സിലാക്കിക്കൊണ്ട്, ക്വാണ്ടം ലോകത്തിലെ “ടൈം ഡയലേഷൻ” എന്താണെന്ന് നോക്കാം.
ഭൂമി അതിൻ്റെ അച്ചുതണ്ടിൽ ഉദ്ദേശം ഒരു സെക്കൻഡിൽ അര കിലോമീറ്റർ എന്ന വേഗതയിൽ സ്വയം തിരിഞ്ഞു കൊണ്ടിരിക്കുന്നു. അതേ സമയം ഭൂമി സൂര്യന് ചുറ്റും ഒരു സെക്കൻഡിൽ ഉദ്ദേശം മുപ്പത് കിലോമീറ്റർ വേഗതയിൽ കറങ്ങിക്കൊണ്ടിരിക്കുകയാണ്. അതേ പോലെ തന്നെ അപ്പോഴും, സൂര്യൻ തൻ്റെ സൗരയൂഥ കുടുംബത്തെ തന്നോടൊപ്പം ചേർത്തുപിടിച്ചുകൊണ്ട് ക്ഷീരപഥത്തിൻ്റെ മദ്ധ്യഭാഗത്തിനെ കേന്ദമാക്കിക്കൊണ്ട്, ഒരു സെക്കൻഡിൽ ഇരുനൂറ്റി മുപ്പത് കിലോമീറ്റർ വേഗതയിൽ പാലായനം ചെയ്യുന്നുമുണ്ട്. ഇതെല്ലാം സംഭവിക്കുന്നത് ക്ഷീരപഥം തന്നെ ഒരു സെക്കൻഡിൽ ഏകദേശം അഞ്ഞൂറ്റി തൊണ്ണൂറ് കിലോമീറ്ററിൽ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴാണ്. അങ്ങിനെ സർവ്വതും ധൃതിയിൽ ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്, അതൊന്നും നമ്മൾ അറിയുന്നില്ലെങ്കിലും. അതുകൊണ്ട്, നമ്മൾ നടക്കുമ്പോഴും, ഓടുമ്പോഴും, കാറിലോ, ട്രെയിനിലോ, വിമാനത്തിലോ, റോക്കറ്റിലോ ഒക്കെ സഞ്ചരിക്കുമ്പോഴും എല്ലാം കൈക്കൊള്ളുന്ന വേഗത ഒരിക്കലും ഒരു സമ്പൂർണ്ണമായ വേഗത അല്ല.
വിവിധ തരത്തിലുള്ള എല്ലാ വേഗതകളും മുകളിൽ പറഞ്ഞ പല വേഗതകളുമായി നിലനിൽക്കുന്ന ആപേക്ഷിക വേഗത മാത്രമാണ്. സത്യത്തിൽ, സമ്പൂർണ്ണമായ വേഗത എന്നൊന്നില്ല പ്രപഞ്ചത്തിൽ. എല്ലാ വേഗതകളും ആപേക്ഷികമായ വേഗതകൾ ആണ്. എങ്കിലും, ഓരോ ആപേക്ഷിക തലത്തിലും ഫിസിക്സിലെ നിയമങ്ങൾ വേറെ വേറെ ആകുകയില്ല എന്ന് സയൻസ് സൗകര്യപൂർവ്വം വിശ്വസിക്കുന്നു. അതുകൊണ്ട് എല്ലാ ആപേക്ഷിക തലങ്ങളിലും ഫിസിക്സ് നിയമങ്ങൾ ഒരുപോലെ പ്രവൃത്തക്കുന്നു എന്ന് “അന്ധമായി” വിശ്വസിച്ചുകൊണ്ട് സയൻസ് പ്രകാശത്തിൻ്റെ വേഗത അളന്നപ്പോൾ ഏറ്റവും കൃത്യമായി ലഭിച്ചിരിക്കുന്നത് ഒരു സെക്കൻഡിൽ 2,99,792.4 കിലോമീറ്റർ (ഒരു സെക്കൻഡിൽ 3 ലക്ഷം കിലോമീറ്റർ എന്ന് പൊതുവേ പറയാം) എന്നാണ്. പ്രകാശത്തിൻ്റെ ഈ വേഗത സയൻസിൻ്റെ ഒരു അലിഖിത നിയമമായി കണക്കാക്കിയാണ് എല്ലാ കണക്കുകളും പിന്നീട് നിർണ്ണയിച്ചിരിക്കുന്നത്.
ഇവിടെയാണ് ഒരു പ്രശ്നം നിലകൊള്ളുന്നത്. പ്രകാശം സഞ്ചരിക്കുന്ന ദൂരത്തെ പ്രകാശം സഞ്ചരിക്കുന്ന സമയം കൊണ്ട് ഹരിക്കുന്നതാണ് വേഗത എന്ന് നമുക്കറിയാം. ഈ വേഗത എപ്പോഴും ഒരു സ്ഥിര സംഖ്യയായ മൂന്ന് ലക്ഷം കിലോമീറ്റർ ഒരു സെക്കൻഡിൽ എന്ന നിലയിൽ നിറുത്തണം എങ്കിൽ ഒന്നുകിൽ സമയത്തെ വലിച്ചു നീട്ടണം അല്ലെങ്കിൽ ദൂരത്തെ ചെറുതാക്കണം. ഇത് ശരിക്കും സംഭവിക്കുന്നുണ്ട്. പ്രകാശ വർഷങ്ങൾ എടുക്കുന്ന വലിയ വ്യാപ്തികളിൽ ഇത് പ്രകടമാണ്. എന്നാൽ താരമ്യേന ചെറിയ വ്യാപ്തിയുള്ള ഭൂമിയിലെ ദൂര-സമയ വിഷയങ്ങളിൽ, ഇത് ചെറിയതോതിൽ നടക്കുന്നുണ്ട് എങ്കിലും നമ്മൾ അറിയുന്നില്ല എന്നേ ഉള്ളൂ.
ഇതേ കാരണം കൊണ്ട്, GPS നാവിഗേഷൻ വിഷയത്തിൽ ഭൂപടത്തിൽ ഒരു സ്മാർട്ട് ഫോണിൻ്റെ തത്സമയ സ്ഥാനം കാണിക്കുന്നത് ഒരു തിരുത്തലിന് വിധേയമായതിന് ശേഷം ആണ്. അപ്രകാരം ഒരു തിരുത്തൽ ഇല്ലായിരുന്നു എങ്കിൽ, ഭൂമിയും, സൗരയൂഥവും ചലിച്ചുകൊണ്ടിരിക്കുന്നത് കൊണ്ട്, GPS കാണിക്കുന്ന സ്ഥാനത്തിന് ഒരു പത്തു കിലോമീറ്റർ എങ്കിലും വ്യത്യാസം ഉണ്ടാകുമായിരുന്നു. ഇതിനർത്ഥം, പ്രപഞ്ചത്തിൽ സമയ വികസനവും, ദൈർഖ്യ സങ്കോചവും നടക്കുന്നു എന്നുതന്നെ ആണ്.
ഇത്രയും ഇവിടെ പറഞ്ഞത് ന്യൂട്ടോണിയൻ ലോകമായ പ്രപഞ്ചത്തിൽ കാലവും, സ്ഥലവും ഉണ്ട് എന്ന് അറിയിക്കുവാൻ തന്നെയാണ്. എന്നാൽ ക്വാണ്ടം ലോകത്തിൽ അത് രണ്ടും ഇല്ല എന്ന് സ്ഥാപിക്കുന്ന ക്വാണ്ടം എൻറ്റാങ്കിൾമെൻറ്റ് എന്ന ഇനി പറയുവാൻ പോകുന്ന പ്രതിഭാസത്തിന് പശ്ചാത്തലം ഒരുക്കുവാൻ വേണ്ടിയാണ് ഇത്രയും വ്യക്തമാക്കിയത്. അവിടെയാണ് നമ്മൾ സർവ്വത്വത്തിൻ്റെ പാദമുദ്ര നമ്മൾ സയൻസിൽ കാണുന്നത്. രണ്ടായിരത്തി ഇരുപത്തി രണ്ടിലെ ഫിസിക്സിനുള്ള നോബൽ സമ്മാനം നൽകിയതും ഇത് സംബന്ധിച്ചുള്ള അനിഷേദ്ധ്യമായ തെളിവ് നല്കിയതിനാണ്. അതിലൂടെ, ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങളിലെ അദ്വൈത സിദ്ധാന്തം ശരിയാണെന്ന് കൂടി തെളിയുകയാണ് എന്ന് ശ്രദ്ധിക്കുക.
സാന്ദർഭികമായി ഇവിടെ പ്രസ്താവിക്കേണ്ട മറ്റൊരു വസ്തുത സയൻസും സ്വയം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇന്ന് എന്നുള്ളതാണ്. പ്രകാശം ഇലെക്ട്രോമാഗ്നെറ്റിക് തരംഗം ആണ്. വായു, ശൂന്യത, ജലം തുടങ്ങി വിവിധ മാദ്ധ്യമങ്ങളിൽ തരംഗങ്ങളിലെ വേഗത വിവിധങ്ങൾ ആണ്. അതുകൂടാതെ വിവിധ മണ്ഡലങ്ങളിലെ വിവിധ തോതിലുള്ള ഗുരുത്വാകർഷണ ശക്തി തരംഗങ്ങളുടെ വേഗതയെ ബാധിക്കാം. എങ്കിലും, പ്രകാശം ഇതിനെ എല്ലാം അവഗണിച്ച് ഒരു സെക്കൻഡിൽ 2,99,792.4 കിലോമീറ്റർ വേഗത്തിൽ കൃത്യമായി പ്രപഞ്ചത്തിൽ എല്ലായിടത്തും സഞ്ചരിക്കുന്നു എന്നാണ് സയൻസ് ഇപ്പോഴും വിശ്വസിക്കുന്നത്. അപ്രകാരം സൈദ്ധാന്തികമായി സ്ഥാപിച്ചത് ഐൻസ്റ്റീൻ ആയതുകൊണ്ട് എല്ലാവരും അത് അംഗീകരിച്ചിരിക്കുകയാണ്.
ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ പരക്കെ അംഗീകരിക്കപ്പെട്ട ആൽബർട്ട് ഐൻസ്റ്റീൻ്റെ ആപേക്ഷികതാ സിദ്ധാന്തമാണ് ഇന്നും ഭൗതികശാസ്ത്രത്തിൻ്റെ അടിത്തറ. ഐൻസ്റ്റീൻ്റെ ഈ സിദ്ധാന്തം തെറ്റാണ് എന്ന് സ്ഥാപിച്ചുകൊണ്ട് മലയാളികൂടിയായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞൻ ഇന്ന് കാര്യകാരണ സഹിതം വാദിക്കുണ്ട്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറ്റൽ റിസർച്ചിലെ പ്രൊഫസർ ആയിരുന്ന ഡോ. സിഎസ് ഉണ്ണികൃഷ്ണൻ അദ്ദേഹത്തിൻ്റെ കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്തം ഐൻസ്റ്റീൻ്റെ ആപേക്ഷികതാ സിദ്ധാന്തത്തെ ഖണ്ഡിക്കുകയാണ് ചെയ്യുന്നത്.
ഐൻസ്റ്റീൻ പറഞ്ഞത് പ്രകാശത്തിൻ്റെ പ്രവേഗം അതിൻ്റെ ഉറവിടത്തിൻ്റേയോ ആ പ്രകാശം വീക്ഷിക്കുന്ന നിരീക്ഷകൻ്റേയോ ആപേക്ഷിക വേഗതയാൽ ഒരുവിധത്തിലും ബാധിക്കപ്പെടാത്ത നിശ്ചിതമായ, സ്ഥിരമായ ഒരു സ്വതന്ത്ര വേഗതയാണ് എന്നാണ്. എല്ലാ കണക്കുകൂട്ടലുകളും ഇന്ന് നിലനിൽക്കുന്നത് ഐൻസ്റ്റീൻ നൽകിയ ഈ സ്ഥിരമായത് എന്ന് കരുതപ്പെടുന്ന സംഖ്യയെ ആശ്രയിച്ചാണ്. എന്നാൽ ഡോ സി എസ് ഉണ്ണികൃഷ്ണൻ പറയുന്നത് ഈ പ്രകാശ സിദ്ധാന്തം പരീക്ഷിക്കാൻ നമ്മൾ നേരിട്ട് ഒരു പരീക്ഷണം നടത്തിയാൽ, ലഭിക്കുന്ന പ്രാകാശവേഗത 3 ലക്ഷം കിലോമീറ്റർ ഒരു സെക്കൻഡിൽ എന്ന ഒരു കേവല സ്ഥിര സംഖ്യ അല്ല എന്നാണ്. ആ സംഖ്യ നിരീക്ഷകൻ്റെ വേഗതയെ ആശ്രയിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്നത് നമുക്കെല്ലാം വളരെ പരിചിതമായ ശബ്ദ തരംഗത്തെപ്പോലെ തന്നെ, പ്രകാശവും നിരീക്ഷകൻ്റെ വേഗതയെ ആശ്രയിച്ചു തന്നെയാണിരിക്കുന്നത് എന്നാണ്.
മേൽ വിശദമാക്കിയ കാരണങ്ങളാൽ ഐൻസ്റ്റീൻ്റെ പ്രകാശ സിദ്ധാന്തം ശരിയല്ല, അത് മറ്റൊരു സിദ്ധാന്തത്തിലൂടെ തിരുത്തേണ്ടതുണ്ട് എന്ന് ചുരുക്കം. വളരെ ദൂരവ്യാപകമായ പരിണതഫലങ്ങൾ ഉള്ളതുകൊണ്ട് അത്തരം ഒരു തിരുത്തലിന് സയൻസ് തയ്യാറാകുമോ എന്ന് അറിയില്ല. എങ്കിലും കാലചക്രം തിരിയുമ്പോൾ സയൻസിലും മാറ്റങ്ങൾ വരുന്നു എന്ന് ചൂണ്ടിക്കാണിക്കുകയാണ് പ്രൊഫസർ ഡോ. സിഎസ് ഉണ്ണികൃഷ്ണൻ്റെ കോസ്മിക് റിലേറ്റിവിറ്റി സിദ്ധാന്തം.
ക്വാണ്ടം എൻറ്റാങ്കിൾമെൻറ്റ് – സർവ്വത്വത്തിൻ്റെ പാദമുദ്ര: “എൻറ്റാങ്കിൾമെൻറ്റ്” എന്നാൽ പരസ്പരം കെട്ടുപിണയുക എന്നാണ് അർത്ഥം. രണ്ട് ക്വാണ്ടം കണികകൾ ഏതെങ്കിലും വിധത്തിൽ പരസ്പരം ഇടപെടുമ്പോൾ, രണ്ടും രണ്ട് സ്വതന്ത്ര കണികകൾ ആയി തന്നെ പിന്നീടും തുടരുമെങ്കിലും, ഏതോ അജ്ഞാതമായ വിധത്തിൽ അവ രണ്ടിൻ്റേയും സ്വഭാവം ഒന്നായിത്തീരുന്നു. ഇത്തരത്തിൽ എൻറ്റാംഗിൾഡ് ആയ ഇരട്ടകളിൽ ഏതെങ്കിലും ഒന്നിൽ കാണുന്ന സ്വഭാവങ്ങൾ അതേപടി തന്നെ എൻറ്റാംഗിൾഡ് ആയി നിലകൊള്ളുന്ന ഇതര കണികയിലും കാണപ്പെടും. ഈ കണികകൾ പരസ്പരം വളരെ അടുത്തിരുന്നാലും, പ്രകാശവർഷങ്ങൾ പോലും അകലെ ഇരുന്നാലും സ്ഥല-കാലങ്ങൾക്ക് അതീതമായി ഈ “എൻറ്റാങ്കിൾമെൻറ്റ്” സംഭവിക്കുന്നുണ്ട്.
രണ്ട് കണികകൾ “എൻറ്റാംഗിൾഡ്” ആകുമ്പോൾ, അവയ്ക്ക് അവയുടെ വ്യക്തിഗത ക്വാണ്ടം അവസ്ഥകൾ നഷ്ടപ്പെടുകയും പകരം ഒരൊറ്റ, ഏകീകൃത അവസ്ഥ അവർ തമ്മിൽ ഏതോ “അജ്ഞാത”മായ വിധത്തിൽ പങ്കിടുകയും ചെയ്യുന്നു എന്നർത്ഥം. ‘എൻറ്റാംഗിൾഡ്’ ആയ ഇരുകണങ്ങളേയും അവയുടെ വ്യക്തിഗത ഗുണങ്ങൾ കണക്കിലെടുക്കാതെ തന്നെ നമുക്ക് ഒരേസമയം വിവരിക്കാൻ കഴിയും എന്നതാണ് ഇതുകൊണ്ടുള്ള ഫലം.
എത്ര പ്രകാശ വർഷങ്ങൾ അകലെ ആണെങ്കിലും രണ്ടു കണങ്ങളുടെ ഏകീകൃതമായ അവസ്ഥയാണ് ക്വാണ്ടം എൻറ്റാങ്കിൾമെൻറ്റ്. ശുദ്ധമായ മലയാള ഭാഷയിൽ പറഞ്ഞാൽ ശരീരം കൊണ്ട് എത്ര പ്രകാശ വർഷങ്ങൾ അകലെ ആയാലും കാല ദേശങ്ങൾക്ക് അതീതമായി ആത്മാവുകൊണ്ട് (ക്വാണ്ടം നിലയിൽ) പരസ്പരം കെട്ടുപിണഞ്ഞ ഈ കണികകൾ ഒരേ പോലെയുള്ള സ്വഭാവം പ്രകടമാക്കുന്നു എന്നർത്ഥം. ഒന്നും പറയാതെ തന്നെ നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ പ്രകാശവർഷങ്ങൾക്ക് അകലെ ഇരുന്നുകൊണ്ട് രണ്ട് ‘എൻറ്റാംഗിൾഡ്’ കണികകൾ ഒരേ പോലെ പെരുമാറുന്നു!
ഇത് ഒരു ചില്ലറ കാര്യമല്ല. സയൻസിൽ സർവ്വത്വത്തിൻ്റെ പാദമുദ്രകൾ കാണപ്പെടുന്ന നിരവധി അവസരങ്ങളിൽ ഒന്നാണിത്. ഇത് എങ്ങിനെ സംഭവിക്കുന്നു, എങ്ങിനെ ഈ രണ്ട് കണികകൾ പരസ്പരം ആശയവിനിമയം ചെയ്യുന്നു എന്ന് സയൻസിന് അറിയില്ല. പ്രകാശത്തേക്കാൾ കൂടുതൽ വേഗത്തിൽ ഒന്നും സഞ്ചരിക്കുകയില്ല എന്ന് വിശ്വസിക്കുന്ന സയൻസിന് ഇത് വലിയ ഒരു പ്രശ്നം തന്നെ ആണ് സൃഷ്ടിച്ചിരിക്കുന്നത്.
സത്യത്തിൽ വളരെ ലളിതമായി ചിന്തിച്ചാൽ തന്നെ അറിയാം, മനുഷ്യ മനസ്സിന് ദൂരകാലങ്ങൾ ഒരു വിഷയമേ അല്ല എന്ന്. മനസ്സ് കൊണ്ട് തത്ക്ഷണം ആർക്കും എവിടെ വേണമെങ്കിലും എത്താം – കാലമോ പ്രകാശവേഗതയോ ഒന്നും ആവശ്യമില്ല. മനസ്സ് എന്ന് പറയുന്നത് ‘പ്രജ്ഞാന’ത്തിൻ്റെ പ്രകടനം മാത്രം ആണ്. നമ്മുടെ നിദ്രയിൽ നടക്കുന്ന സ്വപ്നവും സ്വപ്നത്തിലെ കഥാപാത്രങ്ങളും മറ്റൊരു ഉദാഹരണം. സ്വപ്നത്തിൽ സംഭവിക്കുന്ന സർവ്വതും സംഭവിക്കുന്നത് നമ്മുടെ മനസ്സിൽ തന്നെ ആണ്. സ്വപ്നത്തിലെ നിരവധി കഥാപാത്രങ്ങളും നിലനിൽക്കുന്നതും നമ്മിൽ തന്നെ. സ്വപ്നത്തിൽ സംഭവിക്കുന്ന സർവ്വതിനും സാക്ഷിയാകുന്നതും അറിയുന്നതും നമ്മൾ തന്നെ ആണ്. നമ്മൾ അത് അറിയുന്നത് സ്വപ്നത്തിലും നമ്മുടെ സാന്നിദ്ധ്യം ഉള്ളതുകൊണ്ടാണ്. നമ്മുടെ സ്വപ്നവും സ്വപ്ന ലോകവും നമ്മളുമായി “ക്വാണ്ടം ‘എൻറ്റാംഗിൾഡ്” ആണ്.
എല്ലാം സംഭവിക്കുന്നത് നമ്മുടെ പ്രജ്ഞാനത്തിൽ ആണ്. സർവ്വതും ഉദിക്കുന്നതും നിലനിൽക്കുന്നതും തിരികെ വിലയം പ്രാപിക്കുന്നതും പ്രജ്ഞാനത്തിൽ ആണെന്ന് ഭാരതീയ വൈജ്ഞാനിക ശാസ്ത്രം പറഞ്ഞതും അതുതന്നെ ആണ്. സർവ്വതും “നോൺ-ലോക്കൽ” ആണെന്ന് ഭാരതീയ വൈജ്ഞാനിക ശാസ്ത്രം പറയാതെ പറഞ്ഞതിന് സമം ആണ് ക്വാണ്ടം എൻറ്റാങ്കിൾമെൻറ്റ് എന്ന് സയൻസിന് അംഗീകരിക്കേണ്ടി വരും. മേൽപ്പറഞ്ഞ ലളിതമായ ചിന്താ പരീക്ഷണത്തിലൂടെ തന്നെ ഇതിൻ്റെ യുക്തിഭദ്രതയും സാംഗത്യവും വ്യക്തമാകുന്നുണ്ട്.
അതായത് ക്വാണ്ടം ലോകത്തിൽ ‘ലോക്കൽ’ എന്നൊന്നില്ല. സർവ്വതും ‘നോൺ-ലോക്കൽ’ ആണ്. അപ്രകാരം ഉള്ള നോൺ-ലോക്കൽ ക്വാണ്ടം ലോകത്തിലെ സാദ്ധ്യതകളുടെ ‘സൂപ്പർ പൊസിഷനിൽ ഉള്ള തരംഗം പ്രജ്ഞാനത്താൽ നിപതിച്ച് കണികയായതാണ് പ്രപഞ്ചം. എണ്ണം പറഞ്ഞ ശാസ്ത്രജ്ഞരായ ഐൻസ്റ്റീൻ, എഡ്‌വേഡ് ഷോഡിംഗർ തുടങ്ങിയവർ പോലും, ഇങ്ങനെ ഒരിക്കലും സംഭവിക്കുകയില്ല, ഏതോ അജ്ഞാതമായ വിധത്തിൽ ഇത്തരം രണ്ടു കെട്ടുപിണഞ്ഞ കണികകൾ തമ്മിൽ അവയുടെ സമ്പർക്കത്തിൻ്റെ തുടക്കത്തിൽ തന്നെ രഹസ്യ വിവരം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് 1935-ൽ പറഞ്ഞതും വിശ്വസിച്ചതും.
എന്നാൽ അപ്രകാരം രഹസ്യവിവരം യാതൊന്നും കൈമാറുന്നില്ല എന്നും, അല്ലാതെ തന്നെ രണ്ടു ക്വാണ്ടം ‘എൻറ്റാംഗിൾഡ്’ആയ കണങ്ങൾ പരസ്പരം പ്രകാശ വർഷങ്ങൾക്ക് അകലെ ഇരുന്നുകൊണ്ട് ഒരേ സമയം ഒരേ സ്വഭാവം പ്രകടമാക്കുന്നു എന്നും വളരെ സങ്കീർണ്ണമായ പരീക്ഷണങ്ങൾ കൊണ്ട് സംശയലേശമെന്യേ തെളിയിച്ചതിനാണ് 2022 ലെ ഫിസിക്സിന് ഉള്ള നോബൽ പുരസ്കാരം അലൈൻ ആസ്പെക്റ്റ്, ജോൺ ക്ലോസർ, ആൻറ്റൻ സെല്ലിങ്കർ എന്നിവർക്ക് ലഭിക്കുന്നത്. അതായത് ഐൻസ്റ്റെയ്‌നിൻ്റെ വാദം തെറ്റാണെന്ന് അവർ തെളിയിക്കുകയാണ് ചെയ്തത്.
എങ്ങിനെ ആണ് അവർ അത് തെളിയിച്ചത്? പരസ്പരം പ്രകാശവർഷങ്ങൾക്ക് അകലെ സ്ഥിതിചെയ്യുന്ന രണ്ടു എൻറ്റാംഗിൾഡ്’ കണികകൾ ഒരേ സമയത്ത് എങ്ങിനെ പെറുമാറുന്നു എന്ന് ഒരേ സമയം നിരീക്ഷിക്കുകയാണ് അതിനുള്ള ഏക വഴി. ‘ബെൽസ് ഇന്നീക്വാലിറ്റി’ എന്ന ഒരു സിദ്ധാന്തമാണ് അവർ അതിന് ഉപയോഗിച്ചത്. അങ്ങിനെ ചെയ്യുമ്പോഴും, ഐൻസ്റ്റീൻ വാദിച്ചതുപോലെ ഉള്ള ഒരു രഹസ്യകൈമാറ്റം നമുക്ക് മനസ്സിലാക്കുവാൻ സാധിക്കാത്ത രീതിയിൽ ഇരു കണികകളും തുടക്കത്തിലേ ചെയ്തിട്ടുണ്ടെങ്കിൽ അതിൻ്റെ ഫലം പരീക്ഷണ ഫലത്തെ ഒരിക്കലും സ്വാധീനിക്കുവാൻ കഴിയാത്തവിധം സങ്കീർണ്ണമായ വിധത്തിൽ ആണ് 2022 ലെ നോബൽ സമ്മാനാർഹരായവർ ആ പരീക്ഷണം രൂപകൽപ്പന നടത്തിയതും സംശയലേശയമെന്യേ തെളിയിച്ചതും.
അതായത്, ലളിതമായി പറഞ്ഞാൽ രണ്ട് എൻറ്റാംഗിൾഡ്’ കണികകൾ എത്ര അകലെ ആണെങ്കിലും അവയുടെ മനസ്സ് ഒന്നാണ് എന്ന് അവർ തെളിയിച്ചു. അതായത് ന്യൂട്ടോണിയൻ ലോകത്തിൽ വസ്തുക്കൾ (കണികകൾ) സ്ഥല-കാലങ്ങളാൽ ഭിന്നങ്ങളാണെങ്കിലും (ലോക്കൽ ആണെങ്കിലും) ക്വാണ്ടം ലോകത്തിൽ സർവ്വതും സ്ഥലകാലങ്ങൾ ഇല്ലാത്ത ഒന്നാണ്, നോൺ-ലോക്കൽ ആണ്.
ഇക്കാര്യം ഒന്നുകൂടി വിപുലമാക്കിയാൽ, ക്വാണ്ടം ലോകത്തിൽ നിന്നും ആണ് ന്യൂട്ടോണിയൻ ലോകം ഉയർന്ന് വന്നതും, നിലനിൽക്കുന്നതും, തിരികെ മടങ്ങി പോകുന്നതും. നമ്മുടെ നിദ്രയിലെ സ്വപ്ങ്ങൾ ഉദിക്കുന്നതും, നിലനിൽക്കുന്നതും, നിദ്രയുടെ അന്ത്യത്തിൽ സ്വപനങ്ങൾ തിരികെ വിലയം പ്രാപിക്കുന്നതും നമ്മിൽ തന്നെയാണ്. ഇതിലെ സമാനതാ നിയമം ശ്രദ്ധിക്കുക. ക്വാണ്ടം ലോകമാണ് യാഥാർത്ഥം, ന്യൂട്ടോണിയൻ ലോകം അയഥാർത്ഥം ആണ്, “മായ”യാണ് – കാരണം, ക്വാണ്ടം ലോകത്തെ ആശ്രയിച്ചാണ് ന്യൂട്ടോണിയൻ ലോകം നിലനിൽക്കുന്നത്. ന്യൂട്ടോണിയൻ ലോകത്തെ ഭൗതിക നിയമങ്ങൾക്കും നിബന്ധനകൾക്കും ക്വാണ്ടം ലോകത്തിൽ സാധുതയില്ല എന്ന് തെളിയുകയാണുണ്ടായത് 2022 -ലെ ഫിസിക്സിനുള്ള നോബൽ പുരസ്‌കാരങ്ങളിലൂടെ.
എന്തായാലും ക്വാണ്ടം എൻറ്റാങ്കിൾമെൻറ്റ് വളരെ വലിയ സാദ്ധ്യതകൾക്കാണ് വഴി തുറക്കുന്നത്. അതി ഭീമശേഷിയുള്ള ക്വാണ്ടം കംപ്യൂട്ടറുകൾ നിലവിൽ വരുവാനും, വിവര സാങ്കേതികവിദ്യ വികസിപ്പിച്ച് സ്ഥല-കാലങ്ങൾക്ക് അതീതമായി തത്ക്ഷണം വിവരങ്ങൾ കൈമാറുവാനും ഇത് സഹായിക്കും. ‘ടെലിപോർട്ടേഷൻ’ എന്നാണ് ഇത്തരത്തിലുള്ള സ്ഥല-കാലങ്ങൾക്ക് അതീതമായ തത്ക്ഷണ കൈമാറ്റങ്ങൾ അറിയപ്പെടുന്നത്. ഒരുപക്ഷേ, ഭാവിയിൽ വിവരങ്ങൾ മാത്രമല്ല വസ്തുക്കൾപോലും പ്രകാശവർഷങ്ങൾക്ക് അകലയിലേക്ക് തത്ക്ഷണം എത്തിക്കുവാൻ ഇതുമൂലം കഴിഞ്ഞേക്കാം. ഭൂമിയിൽ മാത്രമല്ല, പ്രപഞ്ചം തന്നെ ഇപ്രകാരം ‘എൻറ്റാംഗിൾഡ്’ ആണ്. അതായത് അന്യഗ്രഹ ജീവികളുമായിപ്പോലും സമ്പർക്കം പുലർത്തുവാൻ ഇതുമൂലം സാധിച്ചാലും അത്ഭുതപ്പെടാനില്ല.
ഭാരതീയ വിജ്ഞാനത്തിൻ്റെ ശാസ്ത്രീയ സാധുത
അൽപ്പം ഒന്ന് ചിന്തിച്ചാൽ ക്വാണ്ടം എൻറ്റാങ്കിൾമെൻറ്റിൽ സർവ്വത്വത്തിൻ്റെ പാദമുദ്ര വ്യക്തമായി കാണുവാൻ കഴിയും. അതിരുകൾ ഇല്ലാത്ത സർവ്വവ്യാപകത ഭാതീയ ദർശനങ്ങളിലെ അവിഭാജ്യഘടകമാണ്. പരിമിതികൾ ഇല്ലാത്ത ഒന്നാണ് പ്രപഞ്ച ശക്തിക്ക് ആധാരമായ “ബ്രഹ്മം” അല്ലെങ്കിൽ “സർവ്വത്വം” എന്ന സങ്കല്പം. ഇവിടെ “ബ്രഹ്മം”, ഈശ്വരൻ, എന്നെല്ലാം ഉള്ള പദങ്ങൾ സംസൃതത്തിൽ കൃത്യമായി നൽകിയിരിക്കുന്ന സാങ്കേതിക പദങ്ങളാണ്, അല്ലാതെ മതപരമായ യാതൊന്നും ഇതിലില്ല.
പ്രപഞ്ചത്തിൽ ഒന്നും സംഭവിക്കുന്നത് ഒറ്റപ്പെട്ട പ്രാദേശിക സംഭവങ്ങൾ ആയിട്ടില്ല. സർവ്വവ്യാപിത്വം ഉള്ള തരംഗ മഹാസമുദ്രത്തിൽ കണികകളുടെ പ്രത്യക്ഷപ്പെടലാണ് നിലനിൽക്കുന്ന സർവ്വതും, സംഭവിക്കുന്ന സർവ്വ സംഭവങ്ങളും. ഒരു സമുദ്രത്തിലെ സർവ്വ ജീവികളും സമുദ്രജലത്താൽ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നതുപോലെ പ്രപഞ്ചവും അതിൽ നിലനിൽപ്പുള്ള സർവ്വതും ബ്രഹ്മത്തിൽ (സർവ്വത്വത്തിൽ) നിലനിൽക്കുന്നു എന്നാണ് പുരാതന ഭാരതീയ വൈജ്ഞാനിക ശാസ്ത്രം നൽകുന്ന അറിവ്. ഇതേ ബ്രഹ്മത്തിൻ്റെ പര്യായപദം ആണ് “പ്രജ്ഞാനം” അല്ലെങ്കിൽ “കോൺഷ്യസ്നെസ്സ്”. അവിടെ സർവ്വതും നോൺ-ലോക്കൽ പ്രതിഭാസങ്ങൾ ആണ്.
അതേപോലെ തന്നെ, പുരാതന ഈജിപ്ഷ്യൻ – ഗ്രീക്ക് പശ്ചാത്തലത്തിൽ നിന്നും ഉദയംകൊണ്ട ഹെർമറ്റിസിസത്തിലെ സർവ്വത്വ സങ്കലപ്പം “ദി ആൾ” എന്ന പേരിൽ ആണ് വിവക്ഷിക്കപ്പെടുന്നത്. ആ സർവ്വത്വത്തിൻ്റെ മനസ്സിൽ നിലനിക്കുന്ന പ്രതിഭാസമാണ് പ്രപഞ്ചവും അതിലെ സർവ്വ നിലനിൽപ്പുകളൂം. അഖില പ്രപഞ്ചവും ആ ഒരൊറ്റ സർവ്വത്വത്തിൻ്റെ മനസ്സിലാണ് നിലകൊള്ളുന്നത്. അവിടെ സർവ്വതും ‘പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒരൊറ്റ നോൺ-ലോക്കൽ പ്രതിഭാസമാണ്. പ്രകാശ വർഷങ്ങളും, തരംഗങ്ങളും കണങ്ങളും എല്ലാം ഒരൊറ്റ സർവ്വത്വ-മനസ്സിനകത്തെ നോൺ-ലോക്കൽ പ്രതിഭാസങ്ങൾ ആണ് എന്നർത്ഥം.
അത്തരം നിലനിൽപ്പുകൾക്ക് അവരവരുടെ വീക്ഷണത്തിൽ തമ്മിൽ തമ്മിൽ ആപേക്ഷികത ഉണ്ടെങ്കിലും, എല്ലാം നില നിൽക്കുന്നത് ഒരൊറ്റ സർവ്വത്വ-മനസ്സ് എന്ന സർവ്വതും ലോക്കൽ ആക്കി മാറ്റുന്ന പ്രതിഭാസത്തിലാണ്. വലിയ വസ്തുക്കളുടെ ന്യൂട്ടോണിയൻ ലോകത്തിലും അത്തരം ആപേക്ഷികതകൾ നമുക്ക് കാണാവുന്നതാണ്. ഉദാഹരണം, മനുഷ്യൻ്റെ ആയിരം കിലോമീറ്ററുകൾ ഒരു ഉറുമ്പിന് പ്രകാശ വർഷങ്ങൾക്ക് സമമാണ്. എന്നാൽ ഒരു സാറ്റലൈറ്റിലൂടെ വീക്ഷിക്കുമ്പോൾ ആയിരം കിലോമീറ്റർ ഒരൊറ്റ നോട്ടത്തിൽ കാണുവാൻ കഴിയും.
ഒരു ഉറുമ്പിന് ആയിരം കിലോമീറ്റർ അകലം പ്രകാശ വർഷങ്ങൾക്ക് സമമാണ്. ഒരു സാറ്റലൈറ്റ് ദൃഷ്ടിക്ക് അത് ക്വാണ്ടം എൻറ്റാങ്കിൾഡ് ആണ്. പ്രപഞ്ചം നിലനിൽക്കുന്നത് “സർവ്വത്വ”ത്തിൽ, അല്ലെങ്കിൽ “ദി ആൾ”-ൽ ആണ് എന്നെല്ലാം പറയുന്നത് ഒരേ സങ്കൽപ്പത്തിൻ്റെ വിവിധ പര്യായങ്ങൾ മാത്രമാണ്. ആ വിധത്തിൽ നോക്കുമ്പോൾ എല്ലാം സംഭവിക്കുന്നത് നോൺ-ലോക്കൽ പ്രതിഭാസത്തിൽ തന്നെയാണ്. ഇതിൽ നിന്നും ജ്ഞാനവും വിജ്ഞാനവും തമ്മിൽ പതിമൂന്നാം നൂറ്റാണ്ടിൽ തോമസ് അക്വിനാസ് വേർപെടുത്തിയ ബന്ധം, വീണ്ടും പുനഃ സ്ഥാപിക്കുവാൻ തുടങ്ങിയിരിക്കുന്നു – അല്ലെങ്കിൽ അതിന് തുടക്കം കുറിക്കുവാൻ ആരംഭിച്ചിരിക്കുന്നു – എന്ന് കാണാവുന്നതാണ്.
സയൻസിൻ്റെ ആത്മീയത
“സർവ്വത്വ” സങ്കല്പങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിഷയങ്ങളോട് ആധുനിക സയൻസ് പുലർത്തിവരുന്ന പ്രതികരണം എന്താണെന്ന് നമ്മൾ കണ്ടു. ‘പ്രപഞ്ച ശക്തിക്ക് ആധാരം’ എന്ന വിഷയത്തിൻ്റെ പരിധിയിൽ വരുന്ന പ്രധാനപ്പെട്ട മറ്റു ചില വിഷയങ്ങൾ ആണല്ലോ അമരത്വം, പുനർജ്ജന്മം, എന്നിവ. മരണാനന്തരവും വ്യക്തിഗതമായി തുടർന്ന് നിലനിൽക്കുന്ന ‘ആത്മാവി’ൽ വിശ്വസിക്കുന്ന ധാരാളം സംസ്കാരങ്ങൾ ലോകത്തിലുണ്ട് എന്നത്കൊണ്ട് ഇത് രണ്ടും പ്രധാനപ്പെട്ട വിഷയങ്ങൾ തന്നെ ആണ്.
നിർഭാഗ്യവശാൽ, പ്രജ്ഞാനമോ, ആത്മാവോ, അമരത്വമോ, പുനർജ്ജന്മമോ ഒന്നും സയൻസ് ഒരു ഔദ്യോഗിക വിഷയമായി അംഗീകരിച്ചിട്ടില്ല. പരീക്ഷണ ശാലയിലെ നിയന്ത്രിതമായ ഒബ്ജക്റ്റീവ് രീതിയിൽ മരണാനന്തര ജീവിതത്തെക്കുറിച്ച് “എംപെരിക്കൽ” ആയി പരിശോധിക്കാവുന്ന രീതികൾ ഒന്നുമില്ല സയൻസിൻ്റെ കൈവശം. അതുകൊണ്ട്, ഈ വിഷയങ്ങളിൽ എല്ലാം മുഖ്യധാരാ സയൻസ് അർത്ഥഗർഭമായ മൗനം അവലംബിക്കുകയാണ്.
എന്നിരുന്നാലും, ശാസ്ത്ര സമൂഹത്തിലെ എല്ലാ ശാസ്ത്രജ്ഞരും പ്രജ്ഞാനം, ആത്മാവ്, അമരത്വം തുടങ്ങിയ വിഷയങ്ങളോട് വിമുഖരായിട്ടിരിക്കുന്നു എന്ന് ഇതിനർത്ഥമില്ല. അമിത് ഗോസ്വാമി, ദീപക് ചോപ്ര, ബ്രൂസ് എച്ച്. ലിപ്ടന്‍, റൂപെർട്ട് ഷെൽഡ്രേക്ക് ആൻഡ്രൂ ന്യൂബെർഗ്, മാർക് റോബർട്ട് വാൾഡ്മാൻ, തുടങ്ങി നിരവധി ശാസ്ത്രജ്ഞർ അവരവരുടെ സ്വതന്ത്രമായ രീതിയിൽ ഈ വിഷയത്തിൽ ആധികാരികമായി തന്നെ ഒബ്ജെക്ടീവും സബ്ജെക്ടീവും ആയ പഠനങ്ങൾ നടത്തിയിട്ടുണ്ട്, ഇപ്പോഴും നടത്തുന്നുമുണ്ട്.
ആൻഡ്രൂ ന്യൂബെർഗ്, മാർക് റോബർട്ട് വാൾഡ്മാൻ എന്നിവരുടെ ബ്രെയിൻ സ്കാനിങ് സംബന്ധിയായ ഗവേഷണങ്ങൾ എങ്ങിനെ ഒരു വ്യക്തിയുടെ പ്രാർത്ഥനയും, ധ്യാനം പോലുള്ള ആത്മീയ പരിശീലനവും ആ വ്യക്തിയുടെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുക മാത്രമല്ല, പ്രതിദിനം 12 മിനിറ്റ് നടത്തുന്ന ധ്യാനം എങ്ങിനെ ആ വ്യക്തിയുടെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുകൂടി ചെയ്യന്നു എന്ന് ഒബ്ജക്റ്റീവ് ആയി തെളിയിച്ചിട്ടുണ്ട്.
മസ്തിഷ്കത്തിലെ ന്യുറോൺ ബന്ധങ്ങളെ ധ്യാനം പുഷ്ടിപ്പെടുത്തുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുവരെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ധ്യാനം പരിശീലിക്കുന്നത് ഉത്കണ്ഠ പോലുള്ള മാനസിക വൈകല്യങ്ങളെ വ്യത്യാസപ്പെടുത്തുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളെ ഉത്തേജിപ്പിക്കുന്നുവെന്ന് കണ്ടെത്തി. ന്യൂറോ ട്രാൻസ്മിറ്ററുകൾക്ക് ഇതിലുള്ള പങ്ക്, EEG, fMRI എന്നിവ ഉപയോഗിച്ചുള്ള ഒബ്ജക്റ്റീവ് പഠനങ്ങൾ കൊണ്ടാണ് കണ്ടെത്തിയിട്ടുള്ളത്.
എന്നാൽ, ഈ മേഖലയിൽ നടക്കുന്ന പല ഗവേഷണങ്ങളും പലപ്പോഴും സബ്ജെക്റ്റീവ് ആയ അന്വേഷണങ്ങൾ ആയതുകൊണ്ടും, സയൻസിൻ്റെ അടിസ്ഥാന നിലപാടുകൾ മാറ്റുവാനുള്ള മുഖ്യധാരാ സയൻസിൻ്റെ വൈമുഖ്യം കൊണ്ടും, സയൻസിൻ്റെ ആധികാരികതയോ, പിൻബലമോ ഇത്തരം പഠനങ്ങൾക്ക് പലപ്പോഴും നല്കപ്പെട്ടിട്ടില്ല. അതേസമയം, സയൻസിൻ്റെ ‘അപ്പ്രൂവ്ഡ്’ മുദ്രയില്ലാത്തതു കൊണ്ട് അവയെല്ലാം അശാസ്ത്രീയമാണ് എന്ന നിലപാട് തികച്ചും തെറ്റാണ്. ഈ വിഷയത്തിൽ താത്പര്യമുള്ളവർക്ക് അവരുടെ സ്വന്തം യാത്രകൾ ആരംഭിക്കുവാൻ സഹായിക്കുന്ന യുക്തിഭദ്രമായ മാർഗ്ഗരേഖകൾ തന്നെ ആണ് അവയെല്ലാം. തികഞ്ഞ ശാസ്ത്രീയതയും, യുക്തി ഭദ്രതയും ഇത്തരം പഠന ഫലങ്ങൾക്ക് ഉള്ളത് കൊണ്ടും, ശാസ്ത്രീയ വീക്ഷണമുള്ള പലർക്കും ഇത് മാർഗ്ഗ ദർശിയാവുമെന്നത് കൊണ്ടും അവയിൽ വളരെ യുക്തിഭദ്രമായ ഒരു “സയൻറ്റിഫിക്” വിശദീകരണം ഇവിടെ നൽകുകയാണ്.
ആത്മീയത സാങ്കേതിക ഭാഷയിൽ
മൂന്നാം പാഠഭാഗത്തിൽ “യുക്തിഭദ്രമായ ഒരു ചിന്താ പരീക്ഷണം” ചർച്ചചെയ്യുമ്പോൾ പരാമർശിക്കപ്പെട്ട ഡോ. ടോം ചാൾക്കോയുടെ മറ്റൊരു ഗ്രന്ഥമാണ് “കോൺഷ്യസ്നെസ്സ് ആൻഡ് ഇമ്മോർട്ടാലിറ്റി”. ആ ഗ്രന്ഥത്തിൽ ആധുനിക സയൻസിൻ്റെ സ്വന്തം സാങ്കേതിക ഭാഷ ഉപയോഗിച്ച് പ്രജ്ഞാനത്തേയും, ആത്മാവിനേയും, അമരത്വത്തിനേയും, പുനർജന്മത്തേയും എല്ലാം അദ്ദേഹം വളരെ ശാസ്ത്രീയമായി വിവരിച്ചിട്ടുണ്ട്.
ഡോ ചാൾക്കോ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും ലേസർ ഹോളോഗ്രാഫിയിൽ പിഎച്ച്ഡിയും നേടി 1982 മുതൽ ആസ്ട്രേലിയയിലെ മെൽബേൺ യൂണിവേഴ്സിറ്റിയിൽ തൻ്റെ മുഴുവൻ സമയവും ഗവേഷണവും പഠിപ്പിക്കലും ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ വിഷയങ്ങൾ ലേസർ, വൈബ്രേഷൻ, എഞ്ചിനീയറിംഗ് ജിയോഫിസിക്സ്, ഗ്രാവിറ്റിയുടെ ഭൗതികശാസ്ത്രം, പ്രജ്ഞാനത്തിൻ്റെ ഭൗതികശാസ്ത്രം, ഇലക്ട്രോ ഫോട്ടോണിക്സ് എന്നിവ ഒക്കെ ആണ്. എല്ലാ അർത്ഥത്തിലും ഒരു തികഞ്ഞ സയൻറ്റിസ്റ്റ് ആണ് അദ്ദേഹം.
സയൻസിൽ ആഭിമുഖ്യം ഉള്ള എല്ലാവർക്കും ചിരപരിചിതമായ ഇൻഫർമേഷൻ ടെക്നോളജിയിലെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് എത്ര ലളിതമായിട്ടാണ് അദ്ദേഹം ഈ വിഷയങ്ങൾ വിശദീകരിച്ചിരിക്കുന്നത് എന്ന് കാണുക. ഇത്തരം ഗഹനമായ വിഷയങ്ങൾ കൂടുതൽ വ്യക്തമായി സാങ്കേതിക രീതിയിൽ മനസ്സിലാക്കുവാൻ തീർച്ചയായും ഈ കൃതി സഹായിക്കും എന്നത് കൊണ്ട് വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് “കോൺഷ്യസ്നെസ്സ് ആൻഡ് ഇമ്മോർട്ടാലിറ്റി” എന്ന അദ്ദേഹത്തിൻ്റെ രചന. പ്രസ്തുത ഗ്രന്ഥത്തിലെ സാന്ദർഭികമായ ഭാഗങ്ങളുടെ രത്നച്ചുരുക്കം പരാവര്‍ത്തനം ചെയ്ത് താഴെ കൊടുക്കുന്നു. സാങ്കേതിക പദങ്ങളുടെ അർത്ഥം ചോർന്ന് പോകാതിരിക്കുവാൻ, അദ്ദേഹം ഉപയോഗിച്ച അതേ സാങ്കേതിക പദങ്ങൾ തന്നെയാണ് ഇവിടേയും ഉപയോഗിച്ചിരിക്കുന്നത്. കോൺഷ്യസ്സ്നെസ്സിനെ കൃത്യമായി സാങ്കേതിക ഭാഷയിൽ നിർവചിച്ചുകൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്.
‘കോൺഷ്യസ്സ്നെസ്സ്’ സാങ്കേതിക ഭാഷയിൽ
ഇൻഫർമേഷൻ പ്രോസസ്സ് ചെയ്യുന്ന ഒരു സംവിധാനമാണ് ‘കോൺഷ്യസ്സ്നെസ്സ്’. “ഇൻഫർമേഷൻ പ്രോസസ്സിംഗ്” എന്നാൽ ഇവിടെ അർത്ഥമാക്കുന്നത്, ഇൻഫർമേഷൻ സൃഷ്ടിക്കുക (ക്രിയേറ്റിങ്), തരം തിരിക്കുക (സോർട്ടിങ്), വ്യാഖ്യാനിക്കുക (ഇൻറ്റർപ്രെട്ടിങ്), മനസ്സിലാക്കുക (അണ്ടർസ്റ്റാൻഡിങ്), എൻകോഡിംഗ് ചെയ്യുക, സംഭരിച്ചുവക്കുക (സ്റ്റോറിങ്), വീണ്ടെടുക്കുക (റിട്രീവിഗ്), വിവർത്തനം ചെയ്യുക (ട്രാൻസ്ലേറ്റിങ്), സംപ്രേക്ഷണം ചെയ്യുക (ട്രാൻസ്മിറ്റിംഗ്), സ്വീകരിക്കുക (റിസീവിങ്), നടപ്പിലാക്കുക (ഇമ്പ്ലിമെൻറ്റിങ്), ഉപയോഗിക്കുക (യൂട്ടിലൈസിങ്) എന്നീ കാര്യങ്ങൾ എല്ലാം ആണ്.
കോൺഷ്യസ്നെസും കമ്പ്യൂട്ടറും തമ്മിലുള്ള സാമ്യം
കമ്പ്യൂട്ടറും ഒരു ഇൻഫർമേഷൻ പ്രോസസ്സിങ് സംവിധാനം തന്നെ ആണല്ലോ? പക്ഷേ, രണ്ടും തമ്മിൽ ഒരു പ്രധാന വ്യത്യാസം ഉണ്ട്. കോൺഷ്യസ്നെസ്സ് എന്നത് സ്വയം അവബോധമുള്ള ഒരു ഇൻഫർമേഷൻ പ്രോസസ്സിംഗ് സംവിധാനമാണ്. എന്നാൽ കമ്പ്യൂട്ടറുകൾക്ക് ഒന്നിനും സ്വയം അവബോധം ഇല്ല. ഒരു കമ്പ്യൂട്ടർ ഓണാക്കിയാലും ഓഫാക്കിയാലും അതിന് ഒരു പ്രശ്നവുമില്ല. ഒരു കമ്പ്യൂട്ടറിന് തന്നെ ഒരു കലാകാരൻ ഉപയോഗിച്ചാലും ഒരു കുറ്റവാളി ഉപയോഗിച്ചാലും അതിന് ഒരു പ്രശ്നവുമില്ല. കമ്പ്യൂട്ടറിന് സ്വയാവബോധം ഇല്ല. എന്നാൽ കോൺഷ്യസ്നെസ്സിന് സ്വയാവബോധം ഉണ്ട് .
ജീവശാസ്ത്രത്തിൽ ഇൻഫർമേഷൻ ടെക്നോളോജി
ഒരു തലമുറയിൽ നിന്നും അടുത്ത തലമുറകളിലേക്ക് ഇൻഫർമേഷൻ പൂർണ്ണമായ വിധത്തിൽ കൈമാറേണ്ടത് ജീവജാലങ്ങളുടെ പ്രത്യുത്പാദനത്തിന് വളരെ അത്യാവശ്യമാണ്. ഒരു ക്യാരറ്റ് ചെടിയുടെ വിത്തിൽ നിന്നും നമുക്ക് ഒരു ഓക്ക് മരമോ മറ്റേതെങ്കിലും ചെടിയോ വളർത്തി എടുക്കുവാൻ കഴിയില്ല – ഒരു ക്യാരറ്റ് വിത്തിൽ നിന്ന് ഒരു ക്യാരറ്റിന് മാത്രമേ വളർന്നുവരുവാൻ കഴിയൂ. തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഇൻഫർമേഷൻ കൈമാറുക എന്നതാണ് പരിണാമത്തിൻ്റെ സാരാംശം. ജീവജാലങ്ങളുടെ പുതിയ തലമുറകൾ തങ്ങൾക്ക് മുൻപ് വന്ന തലമുറകൾ എന്താണോ പഠിച്ചത് അതാണ് സ്വയം നടപ്പിലാക്കുന്നത്.
ഇൻഫർമേഷൻ നിലനിൽക്കുവാൻ എൻകോഡിങ്
ഏത് ഇൻഫർമേഷനും നിലനിൽക്കുന്നതിന് ആവശ്യമായത് അതിൻ്റെ “എൻകോഡിംഗ്” ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇൻഫർമേഷൻ എൻകോഡ് ചെയ്യപ്പെടാതെ ഒരു ഇൻഫർമേഷനും നിലനിൽക്കുവാൻ കഴിയുകയില്ല.
ഇൻഫർമേഷൻ എൻകോഡ് ചെയ്യുന്നത് ഒരു അടുക്കും ക്രമവും ചിട്ടയും ഇല്ലാത്ത വിധത്തിൽ ‘റാൻഡം” ആയിരിക്കുവാൻ പാടില്ല. കാരണം റാൻഡമായി എൻകോഡ് ചെയ്യപ്പെടുന്ന ഇൻഫർമേഷൻ വീണ്ടെടുക്കാൻ കഴിയില്ല. നമ്മൾ “ലൈഫ്” എന്ന് വിവക്ഷിക്കുന്ന പ്രക്രിയയിൽ ഈ എൻകോഡിംഗ് ഏറ്റവും ഉയർന്ന കൃത്യതയോടെ നിർവ്വഹിക്കപ്പെടുന്ന ഒന്നാണ്.
പരിണതഫലം
ഏതു ജീവജാലത്തിനും സ്വന്തം വശംവർദ്ധവിനായി പ്രത്യുത്പാദനം നിർവ്വഹിക്കുവാനും, പരിണാമത്തിലൂടെ വളർന്ന് വികസിക്കുവാനും ആവശ്യമായ എൻകോഡഡ് ഇൻഫർമേഷൻ മുൻ തലമുറയിൽ നിന്നും കൈമാറി കൈമാറി സ്വന്തം കൈവശം ലഭിക്കണം.
ഇപ്പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ, “കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്” എന്ന വിശ്വപ്രസിദ്ധമായ കുഴപ്പിക്കുന്ന ചോദ്യത്തിന് ഒരു ഉത്തരം നമുക്ക് ഇപ്പോൾ കണ്ടെത്താം. ഇൻഫർമേഷൻ എൻകോഡ് ചെയ്യുവാൻ ആവശ്യമായ സംവിധാനമായിരുന്നു ആദ്യം ഉണ്ടായത് എന്നതാണ് അതിനുള്ള യുക്തിസഹമായ ഉത്തരം.
അതിനാൽ, പ്രപഞ്ചത്തിൽ ജീവൻ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ്, ഇൻഫർമേഷൻ എൻകോഡ് ചെയ്യുവാൻ പ്രാപ്തമായ വിശ്വസനീയമായ കൃത്യതയുള്ള ഒരു സംവിധാനം നിലവിൽ തീർച്ചയായും ഉണ്ടായേ മതിയാവൂ. ജീവൻ്റേയും കോൺഷ്യസ്നെസ്സിൻ്റേയും നിലനിൽപ്പ് എന്നത് മുഴുവൻ പ്രപഞ്ചത്തിൻ്റേയും പശ്ചാത്തലത്തിൽ മാത്രം പരിഗണിക്കേണ്ട ഒന്നാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. അപ്രകാരം മുഴുവൻ പ്രപഞ്ചത്തിൻ്റെ പശ്ചാത്തലത്തെ ഏതെങ്കിലും വിധത്തിൽ പരിമിതപ്പെടുത്തിയാൽ അത് തെറ്റായ നിഗമനകളിലേക്കായിരിക്കും നമ്മെ നയിക്കുക.
എൻകോഡിംഗ് ചെയ്യപ്പെട്ട ഇൻഫർമേഷൻ
ഇന്ന് നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് ക്വാണ്ടം ഇൻഫർമേഷൻ പ്രോസസ്സിംഗിൻ്റെ അസാധാരണമായ കഴിവിനെക്കുറിച്ച് വളരെ നന്നായി അറിയാം. ഇക്കാരണത്താൽ, “ക്വാണ്ടം കമ്പ്യൂട്ടറുകൾ” നിർമ്മിച്ചെടുക്കുവാൻ ശാസ്ത്രലോകം തിരക്കിട്ട് ശ്രമിക്കുന്നുണ്ട്. ക്വാണ്ടം ഇൻഫർമേഷൻ പ്രോസസ്സിംഗ് എന്നത് ഒരു സ്വാഭാവിക കഴിവായതിനാൽ പ്രപഞ്ചം അതിൻ്റെ തുടക്കം മുതൽ തന്നെ ആ കഴിവ് ഉപയോഗിച്ചുവരുന്ന ഒന്നായതുകൊണ്ട്, അത് ഇപ്പോഴും പ്രപഞ്ചത്തിൻ്റെ ഉപയോഗത്തിൽ ഉണ്ടായിരിക്കുവാൻ നല്ല സാദ്ധ്യതയുണ്ട്.
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യം മുതലേ തന്നെ പ്രപഞ്ചത്തിലെ ക്വാണ്ടം കമ്പ്യൂട്ടിങ്ങിനെ സംബന്ധിച്ച നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ പൊതു ധാരണ, അത് യാതൊരു അടുക്കും ക്രമവുമില്ലാത്ത കുഴഞ്ഞു മറിഞ് “കയോട്ടിക്” ആയ ഒരു അനിശ്ചിത വ്യവസ്ഥയിൽ അധിഷ്ഠിതമാണ് എന്നുള്ളതാണ്. എന്നാൽ, ഇലക്ട്രോൺ തുടങ്ങിയ പ്രാഥമിക കണങ്ങൾ ഉപരിതലത്തിൽ മാത്രം അപ്രകാരം കുഴഞ്ഞു മറിഞ്ഞതായി തോന്നിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് അവർക്ക് എന്തുകൊണ്ടോ മനസ്സിലായിരുന്നില്ല. അങ്ങിനെയാണ് ‘അനിശ്ചിതത്വ തത്വം’, (“അൺ സേർട്ടനിറ്റി പ്രിൻസിപ്പിൽ”) എന്ന ‘വിശ്വാസം’ സയൻസിൻ്റെ അടിത്തറയാകുന്നത്.
വാസ്തവത്തിൽ, സയൻസ് ഈ “അൺ സേർട്ടനിറ്റി പ്രിൻസിപ്പിൽ”, പ്രപഞ്ചത്തിൻ്റെ സമസ്ത ക്വാണ്ടം ഇൻഫർമേഷൻ പ്രോസസ്സിനേയും ശരാശരീകരിച്ച ഒരു വിഷയമായി മാറ്റിക്കൊണ്ട്, സർവ്വതും പ്രാദേശികമായി മാത്രം സംഭവിക്കുന്ന ശരാശരി ലോക്കൽ ക്വാണ്ടം സംഭവങ്ങളായി കാണുകയാണ് ഉണ്ടായത്. സയൻസിൻ്റെ ഈ “അൺ സേർട്ടനിറ്റി പ്രിൻസിപ്പിലി”നെ നഖശിഖാന്തം എതിർത്തവരിൽ പ്രമുഖനായിരുന്നു ഐൻസ്റ്റീൻ. “പ്രപഞ്ച ശക്തിക്ക് ആധാരം പകിടകളിക്കില്ല’ എന്ന പ്രസിദ്ധമായ ഉദ്ധരണി ‘അനിശ്ചിതത്വ തത്വ’ത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം ആയിരുന്നു. പക്ഷേ, ഐൻസ്റ്റീനിനെപ്പോലുള്ള ധിഷണാശാലികൾ പോലും ‘അനിശ്ചിതത്വ തത്വം’ ശരിയല്ല എന്ന് പറഞ്ഞതല്ലാതെ അതിന് പകരം യുക്തിസഹമായ ഒരു വിശദീകരണം മുന്നോട്ടു വയ്ക്കുകയുണ്ടായില്ല. അതിൻ്റെ ഒക്കെ ഫലമായി ‘അനിശ്ചിതത്വ തത്വം’ എന്നത് ചോദ്യം ചെയ്യുവാൻ പോലും കഴിയാത്ത വിധം ശിലാലിഖിതങ്ങൾ ആയ ഒരു സയൻറ്റിഫിക് പിടിവാശിയായി അംഗീകരിക്കപ്പെട്ടു പോകുകയാണ് ഉണ്ടായത്.
പ്രജ്ഞാനം മസ്തിഷ്കത്തിൽ അല്ല
പ്രശസ്ത ന്യൂറോ സർജൻ ആയ പ്രൊഫസർ പെൻഫീൽഡ്, ഒരു ജീവിതകാലം മുഴുവനും താൻ നടത്തിയിട്ടുള്ള എണ്ണമറ്റ അതി വിദഗ്ദ്ധ മസ്തിഷ്ക ശസ്ത്രക്രിയകൾക്കും ഗവേഷണങ്ങൾക്കും ശേഷം അദ്ദേഹത്തിൻ്റെ “ദി മിസ്റ്ററി ഓഫ് മൈൻഡ്” എന്ന കൃതിയിൽ ഒരു കാര്യം ഊന്നിപ്പറയുന്നുണ്ട്. മനുഷ്യാവബോധത്തിൻ്റെ സ്ഥാനം തീർച്ചയായും തലച്ചോറിൽ എവിടെയും അല്ല എന്നതാണ് അക്കാര്യം.
അതേസമയം, “ക്ലിനിക്കൽ മരണം” സംഭവിച്ച ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന നിരവധിപേർ അവരുടെ ക്ലിനിക്കൽ മരണത്തിന് ശേഷവും പൂർണ്ണ ബോധാവസ്ഥയിൽ തന്നെ നിലനിന്നുകൊണ്ട് അവരുടെ സ്വന്തം പ്രവൃത്തനരഹിതമായ ശരീരം ഒരു കാഴ്ചക്കാരനെപ്പോലെ “കണ്ട” കാര്യവും, ആ സാഹചര്യത്തിൽ അവിടെ നടന്ന സംഭാഷണങ്ങൾ മൂക സാക്ഷിയായി നിന്ന് “കേട്ട”റിഞ്ഞതും, ശരീരം ഇല്ലാത്ത ആ നിലയിൽ അവർക്ക് ചുവരിലൂടെ അനായാസം കടന്ന് എവിടേക്ക് വേണമെങ്കിലും യഥേഷ്ടം പോകുവാൻ കഴിഞ്ഞ അനുഭവം ഉണ്ടായതും എല്ലാം അവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം ലോക പ്രശസ്തനായ മനഃശാസ്ത്രജ്ഞൻ ഡോക്ടർ റെയ്‌മൺഡ് എ. മൂഡിയുടെ “ലൈറ്റ് ആഫ്റ്റർ ലൈഫ്” എന്ന കൃതിയിൽ വിശദമായി വിവരിക്കുന്നുണ്ട്. ഈ സാക്ഷി റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നത്, ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യ പ്രജ്ഞാനത്തിന് ശരീരത്തിൽ നിന്നും സ്വതന്ത്രമായി നിന്നുകൊണ്ട് പ്രവൃത്തിക്കുവാൻ കഴിയുന്നുണ്ട് എന്ന് തന്നെ ആണ്.
ആത്മാവ്?
ഭൂമിയിൽ നിലനിന്നിട്ടുള്ള പുരാതനവും ആധുനികയും ആയിട്ടുള്ള സംസ്കാരങ്ങളിലെല്ലാം ഒരുപോലെ കാണപ്പെടുന്ന ഒരു വിശ്വാസമാണ് ആത്മാവിനെക്കുറിച്ചുള്ള സങ്കല്പങ്ങൾ. ചരിത്രാതീകകാലം മുതലേ തന്നെ പ്രജ്ഞാന സമേതമായ ആത്മാവ് ശരീരത്തിൽ നിന്നും തികച്ചും വേറിട്ടുനിൽക്കുന്ന ഒരു പ്രതിഭാസമായി ഇപ്പറഞ്ഞ എല്ലാ സംസ്കാരങ്ങളും ഒരുപോലെ വിശ്വസിച്ചിരുന്നു. ഈ സംസ്കാരങ്ങൾ എല്ലാം തന്നെ പരസ്പരം ഒരുവിധത്തിലും ബന്ധം പുലർത്തുവാൻ ഇടയില്ലാത്ത വിധം വളരെ വിദൂരങ്ങളായ ഭൂഖണ്ഡങ്ങളിൽ അതി വിദൂരമായ ഒരു ഭൂതകാലത്ത് ജീവിച്ചിരുന്നവർ ആയതുകൊണ്ട്, പരസ്പര സമ്പർക്കത്തിലൂടേയോ ആശയ വിനിമയത്തിലൂടേയോ ആയിരിക്കുകയില്ല ഇത്തരം ധാരണകൾ അവർ വളർത്തി എടുത്തത്. ഇതെല്ലാം അവരുടെ തന്നെ സ്വന്തം ശരീരത്തിൽ പ്രജ്ഞാനം പ്രവൃത്തിക്കുന്ന രീതി സ്വയം നിരീക്ഷിച്ച് മനസ്സിലാക്കിയെടുത്ത ധാരണകൾ ആയിരിക്കുവാനാണ് സാദ്ധ്യത.
എന്ത് വസ്തു ഉപയോഗിച്ചായിരിക്കാം ആത്മാവ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആത്മാവിൻ്റെ ക്വാണ്ടം ഇൻഫർമേഷൻ പ്രോസസ്സിംഗ് സംവിധാനം വഹിക്കുന്ന ഭൗതിക വസ്തു എന്തായിരിക്കാം? നമുക്കുചുറ്റുമുള്ള ക്വാണ്ടം ലോകത്തിലെ കാര്യങ്ങളെക്കുറിച്ച് നമ്മുക്ക് ഉള്ള അറിവ് വച്ച് നോക്കുമ്പോൾ, ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളത് “ഇലക്ട്രോൺ” കണികകൾക്കാണ്.
അങ്ങിനെ ചിന്തിക്കുന്നതിന് ഒരു കാരണം ഉണ്ട്. നമുക്ക് ചുറ്റുമുള്ള ലോകത്തിൽ വൻതോതിൽ കാണപ്പെടുന്ന ഒന്നാണ് എല്ലാ ആറ്റങ്ങളിൽ നിന്നും തികച്ചും സ്വതന്ത്രമായി നിൽക്കുന്ന “ഫ്രീ”-ഇലക്ട്രോണുകൾ. അത്തരം ഫ്രീ ഇലക്ട്രോണുകൾ തമ്മിൽ തമ്മിൽ പരസ്പരം ആകർഷിക്കപ്പെടുന്നുണ്ട്. കൂടാതെ, ‘മാസ്സു’ള്ള (ഘനമുള്ള പിണ്ഡം) മറ്റു വസ്തുക്കളാലും ആകർഷിക്കപ്പെട്ട് നിൽക്കുന്നത് കാണാം. ഈ പ്രതിഭാസത്തിനെ ആണ് സയൻസ് “സ്റ്റാറ്റിക് ഇലക്ട്രിസിറ്റി” എന്ന് വിളിക്കുന്നത്. ഈ ‘പ്രതിഭാസം’ തന്നെ ആണ് ഭൂമിക്ക് നെഗറ്റീവ് ഇലക്ട്രിക് പൊട്ടൻഷ്യൽ നൽകുന്നതും.
“ആത്മാവ്” എന്നുപറയുന്നത് ക്വാണ്ടം എൻടാങ്കിൾഡ് ആയ ഇത്തരം ഫ്രീ ഇലക്ട്രോൺ സമൂഹങ്ങൾ ആയിരിക്കുവാൻ ആണ് സാദ്ധ്യത. അതായത് ഇൻഫർമേഷൻ ഇൻറ്റർ കണക്ടഡ് / ഇൻറ്റർ ഫേസ്ഡ് ആയ ഫ്രീ ഇലക്ട്രോൺ സമൂഹങ്ങൾ എന്നർത്ഥം. ഇത്തരം ക്വാണ്ടം എൻടാങ്കിൾഡ് ആയ ഫ്രീ ഇലക്ട്രോൺ സമൂഹങ്ങൾ സ്വയം മാത്രമല്ല, മറ്റു സമാന സമൂഹങ്ങളുമായിട്ടും, പ്രപഞ്ചം മുഴുവനും വ്യാപിച്ചുകിടക്കുന്ന മറ്റു ഫ്രീ ഇലക്ട്രോണുകൾ ആയിട്ടും എൻടാങ്കിൾഡ് ആണ്.
നമ്മുടെ കോൺഷ്യസ്നെസ്സ് എന്ന് പറയുന്നത് പ്രപഞ്ചത്തിലെ ഇൻഫർമേഷൻ പ്രോസസ്സിംഗ് സിസ്റ്റവുമായി അഭേദ്യമായി എൻടാങ്കിൾഡ് ആണ്. ക്വാണ്ടം ലോകത്തിൽ ഉള്ള പ്രപഞ്ചത്തിൻ്റെ ഇൻഫർമേഷൻ പ്രോസസിങ് സിസ്റ്റം, നമ്മുടെ കോൺഷ്യസ്നെസ്സിന് പ്രപഞ്ചത്തിൻ്റെ ഇൻഫർമേഷൻ പ്രോസസിങ് സിസ്റ്റവുമായിട്ട് എൻടാങ്കിൾമെൻറ്റ് നൽകുന്നതോടൊപ്പം തന്നെ സ്വന്തം നിലക്കുള്ള വ്യക്തിപരമായ സ്വകാര്യത നൽകി സ്വയം ചിന്തിക്കുവാനും, അനുഭവിക്കാനും ആസ്വദിക്കുവാനും ഉള്ള സ്വാതന്ത്യവും കൊടുക്കുന്നുണ്ട്. അത്രമാത്രം പ്രാപ്തി ഉള്ള ഒന്നാണ് ക്വാണ്ടം ലോകത്തിൽ ഉള്ള പ്രപഞ്ചത്തിൻ്റെ ഇൻഫർമേഷൻ പ്രോസസിങ് സിസ്റ്റം.
അമരത്വം?
മനുഷ്യ ശരീരം ജനിച്ച് വളർന്ന് ക്രമേണ നശിച്ച് ഇല്ലാതാകുന്ന ഒന്നാണ്. എന്നാൽ ഇലക്ട്രോണുകൾ പ്രായോഗികമായി പറഞ്ഞാൽ ഒരിക്കലൂം നശിപ്പിക്കപ്പെടുന്ന ഒന്നല്ല. ഒരു ന്യൂക്‌ളിയാർ സ്ഫോടനത്തിൽ പോലും ഇലക്ട്രോണുകൾ നശിക്കപ്പെടുകയില്ല. ഇലക്ട്രോൺ നെഗറ്റീവ് ചാർജ് ഉള്ള, ഇൻഫർമേഷൻ എൻകോഡ് ചെയ്യുവാൻ പര്യാപ്തമായ പാർട്ടിക്കിളുകൾ ആണ് താനും. അനുയോജ്യമായ ടെക്നോളജി ഉപയോഗിച്ച് ഒരു ഇലക്ട്രോണിൽ എൻകോഡഡ് ആയി ഇൻഫർമേഷൻ എഴുതാം, മാറ്റി എഴുതാം, വീണ്ടും മാറ്റി എഴുതാം എന്ന് കൂടി നമ്മൾ ഇതോടൊപ്പം മനസ്സിലാക്കണം. ആത്മാവ് എന്നത് എൻകോഡഡ് ഇൻഫർമേഷൻ ഉള്ള ഇലക്ട്രോൺ സമൂഹങ്ങൾ ആയതുകൊണ്ട്, ആ ഇൻഫർമേഷനും മാറ്റി എഴുതാം എന്ന് തന്നെ യുക്തിസഹമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആത്മാവ് കോൺഷ്യസ്നെസ്സ് തന്നെ ആയതുകൊണ്ട്, മറ്റൊരുവിധത്തിൽ പറഞ്ഞാൽ, കോൺഷ്യസ്സ്നെസ്സിലെ ഇൻഫർമേഷൻ നമുക്ക് മാറ്റി എഴുതാം, അതായത് നമുക്ക് തന്നെ സ്വയം പ്രോഗ്രാം ചെയ്യുവാൻ കഴിയുന്ന ഒന്നാണ്.
ഒരു ഇലക്ട്രോണിൻ്റെ ആയുർ ദൈർഖ്യത്തെക്കുറിച്ച് ഇതുവരെയുള്ള ഏറ്റവും മികച്ച ഗവേഷണ അറിവ് സൂചിപ്പിക്കുന്നത്, ഇന്നത്തെ ഒരു ഇലക്ട്രോൺ 66,000 “യോട്ട” വർഷങ്ങൾക്ക് ശേഷവും നിലനിൽക്കും എന്നാണ്! ഒരു പ്രകാശവർഷം എന്നാൽ 105700083.40246 യോട്ട വർഷങ്ങൾ ആയതിനാൽ, 66,000 യോട്ട വർഷങ്ങൾ എന്നാൽ 6976205504562.462 പ്രകാശവർഷങ്ങൾ ആണ്. ഇത് സയൻസിൻ്റെ കണക്കിൽ തന്നെ പ്രപഞ്ചത്തിൻ്റെ നിലവിലെ പ്രായത്തിൻ്റെ ഏകദേശം അഞ്ച്-ക്വിൻറ്റില്യൺ ഇരട്ടി വരും. അതായത് ‘5’ എന്നെഴുതി തുടർന്ന് 18 പൂജ്യങ്ങൾ ഇട്ടാൽ ലഭിക്കുന്ന സംഖ്യക്ക് തുല്യമായ ഇരട്ടി എന്നർത്ഥം. അതായത്, കേവലം ശരാശരി നൂറുവർഷം പോലും ആയുസ്സില്ലാത്ത മനുഷ്യനെ സംബന്ധിച്ചിടത്തോളം, ഒരു ഇലക്ട്രോൺ മരണം ഇല്ലാത്തതാണ്, അനശ്വരം ആണ്. ആ ഇലക്ട്രോണിൽ എൻകോഡ് ചെയ്യപ്പെട്ട ഇൻഫർമേഷൻ അനശ്വരമാണ്, അക്ഷയമാണ്, ശാശ്വതമാണ്. അതായത്, ആത്മാവും അനശ്വരമാണ്, അക്ഷയമാണ്, ശാശ്വതമാണ്.
നമുക്ക് അമരത്വം വേണമെങ്കിൽ ഇപ്പറഞ്ഞ പ്രോഗ്രാമിങ്ങിനുള്ള കഴിവും സന്നദ്ധതയും നമ്മൾ സ്വയം വളർത്തി എടുക്കേണ്ടതുണ്ട്. അതിൻ്റെ നിയമാവലികൾ അറിഞ്ഞിരിക്കണം. തീർച്ചയായും പ്രകൃതിക്ക് എതിരെ പ്രവൃത്തിക്കുകയോ പ്രവൃത്തിക്കുവാൻ ആലോചിക്കുകയോ ചെയ്യുന്നത് ഇക്കാര്യത്തിൽ സഹായകമാകുകയില്ല. കാരണം അങ്ങിനെ ചെയ്യുന്നത് പ്രപഞ്ചത്തിൻ്റെ ക്വാണ്ടം പ്രോഗ്രാമിങ്ങിൽ ഇടപെടലാണ്. നമ്മുടെ മനസ്സിനെ അസംബന്ധംകൊണ്ട് നിറക്കുന്നതോ, വഞ്ചനകളിൽ ഏർപ്പെടുന്നതോ, കള്ളത്തരം ചെയ്യുന്നതോ, മറ്റുള്ള ജീവജാലങ്ങളുടെ പ്രജ്ഞാന പരിണാമത്തെ ദ്രോഹിക്കുന്ന വിധത്തിൽ ഇടപെടുന്നതോ ഒന്നും ഒട്ടും ഇക്കാര്യത്തിൽ നമ്മെ സഹായിക്കുകയില്ല എന്ന് വളരെ വ്യക്തമാണ്. കാരണം അതെല്ലാം തന്നെ പ്രപഞ്ചത്തിൻ്റെ ക്വാണ്ടം പ്രോഗ്രാമിങ്ങിൽ കൈകടത്തുന്ന വൈറസ് പ്രവർത്തനങ്ങൾ ആണ്. വൈറസുകൾ എല്ലാം ഓട്ടോ കറക്ഷനിലൂടെ നശിക്കപ്പെട്ടു പോകും എന്ന് ഏഴാം പാഠഭാഗത്തിൽ വിശദമാക്കിയ സമാനതാ നിയമം അനുസരിച്ച് മനസ്സിലാക്കാവുന്നതാണ്.
പുനർജ്ജന്മം?
ഭൂമിയിൽ നില നിന്നിട്ടുള്ള മിക്കവാറും എല്ലാ പുരാതനവും ആധുനികവും ആയിട്ടുള്ള സംസ്കാരങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരു സങ്കല്പമാണ് പുനർജന്മത്തിലുള്ള വിശ്വാസം. അതായത് വിവിധ ഭൗതിക ശരീരങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രജ്ഞാനത്തെ വളർത്തിയെടുക്കുവാനുള്ള ശ്രമങ്ങളുടെ തുടർച്ചയെ ആണ് അത് കാണിക്കുന്നത്.
ജീവിതത്തിൽ ചിലർ അവിശ്വനീയമായ വിധത്തിൽ ധിഷണാശാലികൾ ആയി സൗഭാഗ്യത്തിൽ ജനിക്കുന്നത് കാണാം. മറ്റു ചിലർ അത്യന്തം ക്ലേശകരമായ ജീവിത സാഹചര്യത്തിൽ ജനിച്ച് ജീവിച്ച് മരിക്കുന്നതും കാണാം. യുക്തിഭദ്രമായ ഒരൊറ്റ ഉത്തരം മാത്രമേ അതിനുള്ളൂ. ആദ്യം സൂചിപ്പിച്ചപോലെ ഉള്ള “വൈറസ്” പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ സംഭവിക്കുന്ന ഓട്ടോ കറക്ഷൻ്റെ ഭാഗമായി, സ്വന്ത അനുഭവത്തിലൂടെ എന്ത് ചെയ്‌താൽ എന്ത് സംഭവിക്കും എന്ന് മനസ്സിലാക്കുവാനുള്ള പഠനാവസരം ആണത്.
ശരിയായ രീതിയിൽ സ്വന്തം പ്രോഗ്രാമിങ്ങിൽ ഏർപ്പെടുവാൻ പ്രേരിപ്പിക്കുന്ന പ്രപഞ്ചത്തിൻ്റെ ക്വാണ്ടം പ്രോഗ്രാം ആയിരിക്കാം അത്തരം പ്രേരണ. സ്വന്തം അനുഭവങ്ങളിലൂടെ കാര്യകാരണ ബന്ധം മനസ്സിലാക്കി സ്വയം പഠിക്കുവാനുള്ള അവസരങ്ങൾ ആണവ. ശരിയായ സെൽഫ് പ്രോഗ്രാമിങ്ങിലൂടെ സ്ഥായിയായ ആനന്ദത്തിലുള്ള സർവ്വ സ്വതന്ത്രമായ നിലനിൽപ്പ് സ്വായത്തമാക്കുവാൻ എത്ര പുനർജന്മങ്ങൾ വേണം എന്ന് അവരവർക്ക് തന്നെ നിശ്ചയിക്കാം. ഇതിന് നിന്നും, ഭൗതിക ശരീരത്തോടെ ഉള്ള മനുഷ്യൻ്റെ നിലനിൽപ്പ് ആത്മാവിൻ്റെ പരിണാമത്തിന് വേണ്ടി മാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് എന്ന യുക്തിയിൽ അധിഷ്ഠിതമായ അറിവിലേക്ക് തന്നെ നമ്മൾ എത്തിച്ചേരേണ്ടിവരും.
ഇലക്ട്രോ ഫോട്ടോണിക്സ് തെളിവുകൾ
പ്രജ്ഞാനം (ആത്മാവ്) നമ്മുടെ മസ്തിഷ്കത്തിലല്ല എന്ന് സയൻസ് പറയുന്നത് നമ്മൾ മനസ്സിലാക്കി. ആത്മാവ് നമ്മുടെ ശരീരത്തിനെ ആവരണം ചെയ്ത് പൊതിഞ്ഞിരിക്കുന്ന, സ്റ്റാറ്റിക്ക് ഇലക്ട്രിസിറ്റി എന്ന് നമ്മൾ പൊതുവായി വിവക്ഷിക്കുന്ന, ഇൻഫർമേഷൻ എൻകോഡഡ് ആയി പ്രപഞ്ചത്തിൻ്റെ ക്വാണ്ടം നിലയുമായി എൻടാങ്കിൾഡ് ആയി നിൽക്കുന്ന, ഇലക്ട്രോൺ സമൂഹമാണോ? യുക്തിയുക്തമായി പരിശോധിച്ചാൽ ആണെന്ന് തന്നെ നമ്മൾ മനസ്സിലാക്കേണ്ടി വരും. ഇൻസുലേറ്റ് ചെയ്യാത്ത നമ്മുടെ വിരൽ തുമ്പിലെ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി വളരെ സൂക്ഷ്‌മ സംവേദനക്ഷമതയുള്ള ഇലക്ട്രോണിക് സർക്യൂട്ടുകളിൽ തട്ടിയാൽ അവ ആ നിമിഷം നശിച്ചുപോകുന്നത് കണ്ടിട്ടില്ലേ?
ഈ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുടെ പ്രഭവകേന്ദ്രമായ ഇലക്ട്രോൺ ഇൻഫർമേഷൻ എൻകോഡഡ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്. നമ്മുടെ ശരീരത്തിലും മനസ്സിലും നടക്കുന്ന പ്രവൃത്തനങ്ങളുടെ ഡാറ്റ ഈ ഇലക്ട്രോൺ സംഭരിച്ച് സൂക്ഷിക്കുന്നുണ്ട്. ഇലക്ട്രോണുകൾ ഫോട്ടോണുകളെ പുറപ്പെടുവിക്കുകയും, സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇന്ന് നമുക്കറിയാം. ഈ ഫോട്ടോണുകൾ പ്രകാശ ബിന്ദുക്കളായി തിളങ്ങുന്നത് വളരെ സംവേദന ക്ഷമതയുള്ള പ്രത്യേക ക്യാമറ ഫിലിമുകളിൽ പതിപ്പിച്ച് അതിൻ്റെ ഫോട്ടോകൾ എടുക്കുവാൻ കഴിയും. അങ്ങിനെയാണ് ഇലക്ട്രോഫോട്ടോണിക്സ്, അല്ലെങ്കിൽ, ബയോ-ഇലക്ട്രോഗ്രാഫി നിലവിൽ വരുന്നത്.
കിർലിയൻ ക്യാമറ അല്ലെങ്കിൽ ഗ്യാസ് ഡിസ് ചാർജ് വിഷ്വലൈസേഷൻ (GDV) കാമറ എന്നാണ് ഇത്തരത്തിലുള്ള ക്യാമറകൾ അറിയപ്പെടുന്നത്. അതുപയോഗിച്ച് മനുഷ്യശരീരത്തിൽ നിന്നും പ്രസരിക്കുന്ന ഫോട്ടോ ഇലക്ട്രോണിക് “ഗ്ലോ” യുടെ ചിത്രങ്ങൾ എടുക്കുവാൻ കഴിയും. ഉദാഹരണത്തിന് ഒരു രോഗിയുടെ പത്തു വിരലുകളുടെ GDV ചിത്രം എടുത്താൽ ആ “ഗ്ലോ” വിശകലനം ചെയ്ത് നടത്തുന്ന ശരീരത്തിൻ്റെ രോഗനിർണ്ണയത്തിന് 95% ക്ലിനിക്കൽ കൃത്യതയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അത്തരം രോഗനിർണയ രീതികൾ റഷ്യയിലെ ആശുപത്രികളിൽ വ്യാപകമായി നിലവിൽ ഉണ്ട്.
അതായത് ഈ ഫോട്ടോണുകളിൽ ഇൻഫർമേഷൻ അടങ്ങിയിട്ടുണ്ട് എന്നും, ആ ഇൻഫർമേഷൻ ശരീരത്തിൽ നിന്നും അല്ല, നേരെ മറിച്ച് അവ വരുന്നത് കോൺഷ്യസ്നെസ്സിൽ നിന്നും ആണെന്നും താഴെ പറയുന്ന തെളിവുകളിൽ നിന്നും മനസ്സിലാക്കാം.
ഇത്തരം ഇലക്ട്രോഫോട്ടോണിക് ഗ്ലോയിൽ അടങ്ങിയിരിക്കുന്ന ഡയഗ്നോസ്റ്റിക് ഇൻഫർമേഷൻ ക്ലിനിക്കൽ മരണം സംഭവിച്ചു കഴിഞ്ഞ ഒരു മൃതശരീരത്തിൽ നിന്നും ഉടനടി അപ്രത്യക്ഷമാകുന്നു. മരണത്തിന് ഹേതുവായ രോഗകാരണങ്ങൾ അല്ലെങ്കിൽ മുറിവുകൾ അപ്പോഴും മൃതശരീത്തിൽ ഭൗതികമായി നിലനിൽക്കുന്നുണ്ടെങ്കിലും അവയെക്കുറിയിച്ചുള്ള ഇൻഫർമേഷൻ ഇലക്ട്രോഫോട്ടോണിക് ഗ്ലോയിൽ നിന്നും മരണത്തോടെ അപ്രത്യക്ഷമാകുന്നു എന്ന് കാണാം. രോഗത്തെക്കുറിച്ചുള്ള “ഭയം” ജനിപ്പിക്കുന്ന ഇലക്ട്രോഫോട്ടോണിക് ഗ്ലോയും യഥാർത്ഥത്തിൽ ഉള്ള രോഗം ജനിപ്പിക്കുന്ന ഇലക്ട്രോഫോട്ടോണിക് ഗ്ലോയും നൽകുന്ന ഇൻഫർമേഷനും തമ്മൽ ഒരുവ്യത്യാസവും ഇല്ല.
നമ്മൾ ഏതെങ്കിലും തീരുമാനങ്ങൾ എടുക്കുമ്പോഴും, ഇലക്ട്രോഫോട്ടോണിക് ഗ്ലോ ഉണ്ടാകുന്നുണ്ട്. ആ സമയത്ത് പ്രസ്തുത ഗ്ലോയിൽ ബന്ധപ്പെട്ട വ്യത്യാസങ്ങൾ സംഭവിച്ചതിന് ശേഷം മാത്രമാണ് മസ്തിഷ്ക്കത്തിൽ അതുമായി ബന്ധപ്പെട്ട ഇലക്ട്രിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നത് – അതിന് മുമ്പല്ല. അതായത്, മസ്തിഷ്‌കത്തിൽ പ്രവർത്തനം നടന്നതിന് ശേഷമല്ല ഗ്ലോയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്. ഗ്ലോയിൽ വ്യതിയാനങ്ങൾ ഉണ്ടായതിന് ശേഷം ആണ് മസ്തിഷ്കത്തിൽ പ്രവ്രർത്തനം തുടങ്ങുന്നത്.
മൃതശരീരത്തിലെ ഇലക്ട്രോ ഫോട്ടോണിക്സ്
മരണ ശേഷം ഉള്ള ഭൗതിക ശരീരത്തിലെ കോൺഷ്യസ്സ്നസ്സിൻ്റെ സാന്നിദ്ധ്യത്തിന് സംഭവിക്കുന്ന വ്യത്യാസങ്ങൾ പഠിക്കുവാൻ ഇലക്ട്രോഫോട്ടോണിക് വളരെ വിശദമായി ഉപയോഗിച്ചിട്ടുണ്ട്. നീണ്ട നാളുകൾ നടന്ന അത്തരം ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത് റഷ്യൻ ശാസ്തജ്ഞൻ ആയ ഡോ. കോൺസ്റ്റാന്റിൻ കോറോട്ട്കോവ് ആണ്. അദ്ദേഹം പ്രത്യേക പ്രാവീണ്യം തെളിയിച്ച ഇലക്‌ട്രോഫോട്ടോണിക്‌സ് എന്നറിയപ്പെടുന്ന ശാസ്ത്ര ശാഖയിൽ, ഗ്യാസ് ഡിസ്‌ചാർജ് വിഷ്വലൈസേഷൻ (ജിഡിവി) ടെക്നോളജി കണ്ടുപിടിച്ചു കൊണ്ട് കിർലിയൻ ഫോട്ടോഗ്രാഫിക്ക് പുതിയ മാനങ്ങൾ നൽകി.
GDV ടെക്നോളജി ഉപയോഗിച്ച് മനുഷ്യരിലെ ഊർജ്ജ മണ്ഡലങ്ങളുടെ ദൃശ്യങ്ങൾ തത്സമയം നേരിട്ട് കാണുവാൻ കഴിയും. GDV ടെക്നോളജി റഷ്യൻ ആരോഗ്യ മന്ത്രാലയം ഒരു മെഡിക്കൽ സാങ്കേതിക വിദ്യയായി അംഗീകരിച്ചു. യൂറോപ്പിലും ഇന്ന് GDV ടെക്നോളജി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ലോകമെമ്പാടുമുള്ള 1,000-ത്തിലധികം ഡോക്ടർമാർ, പ്രാക്ടീഷണർമാർ, ഗവേഷകർ എന്നിവർ ഈ സാങ്കേതികവിദ്യ ഇന്ന് ഉപയോഗിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ ഇതിനകം തന്നെ ജിഡിവിയിൽ 150-ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു.
ഡോ. കോറോട്ട്കോവിൻ്റെ പ്രശസ്തമായ “ലൈറ്റ് ആഫ്റ്റർ ലൈഫ്” എന്ന പുസ്തകത്തിൽ മൃതശരീരവും കോൺഷ്യസ്സ്നെസ്സും തമ്മിൽ ഉള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണഫലങ്ങൾ പറഞ്ഞിരിക്കുന്നത് താഴെ സംഗ്രഹിക്കുന്നു.
മരണത്തിന് ശേഷം എഴുപത്തിരണ്ട് മണിക്കൂർ സമയം വരെ (മൂന്ന് ദിവസം വരെ) വിവിധ മണിക്കൂറുകളിൽ ഒരു മൃതദേഹത്തിൽ കോൺഷ്യസ്സ്നസ്സ് എങ്ങിനെ മാറി മറയുന്നു എന്ന് ഇലക്ട്രോഫോട്ടോണിക് ഉപകരണം റെക്കോർഡ് ചെയ്തിട്ടുണ്ട്. ഒരു മൃതശരീരം പ്രകടമാക്കുന്ന ഇലക്ട്രോഫോട്ടോണിക് ഗ്ലോയിൽ നിന്നും ക്ലിനിക്കൽ മരണം നടന്ന സമയം, മരണം സംഭവിച്ച് 72 മണിക്കൂറുകൾക്ക് ഉള്ളിൽ നോക്കുകയാണെങ്കിൽ അറിയുവാൻ കഴിയും.
അതുപോലെതന്നെ, ഇലക്ട്രോഫോട്ടോണിക് ഗ്ലോയിൽ നിന്നും മരണം സംഭവിച്ച് 72 മണിക്കൂറുകൾക്ക് ഉള്ളിൽ നോക്കുകയാണെങ്കിൽ മരണ കാരണവും അറിയുവാൻ കഴിയും. ആത്മഹത്യയാണോ, കൊലപാതകമാണോ, സാധാരണ മരണമാണോ, രോഗകാരണത്താൽ മരിക്കുന്നതാണോ എന്നെല്ലാം അറിയുവാൻ കഴിയും എന്നർത്ഥം.
ആത്മഹത്യയാണെങ്കിൽ പ്രത്യേകിച്ചും അറിയുവാൻ കഴിയും. ചെയ്തുപോയ തെറ്റിൻ്റെ വ്യാപ്തി തിരിച്ചറിഞ് അതിൽ നിന്നും എങ്ങിനെ കരകയറും എന്നറിയാതെ വിഷമിക്കുന്ന നില ഇലക്ട്രോഫോട്ടോണിക് ഗ്ലോയിൽ എടുത്ത് കാണിക്കും.
പ്രപഞ്ചത്തിൻ്റെ ഉദ്ദേശ്യം
പ്രപഞ്ചത്തിലെ ക്വാണ്ടം ഇൻഫർമേഷൻ പ്രോസസ്സിങ്ങിൻ്റെ ‘സ്വയാവബോധം’ പല പേരുകളിലാണ് അറിയപ്പെടുന്നത്. പരമ പ്രജ്ഞാനം, സൂപ്പർ കോൺഷ്യസ്നെസ്സ്, പ്രപഞ്ച ശക്തിക്ക് ആധാരം, പരിശുദ്ധ ആത്മാവ്, ബ്രഹ്ത് പ്രജ്ഞാനം, സ്രഷ്ടാവ് എന്ന് തുടങ്ങി പല പേരുകൾ ഉണ്ട്. ഈ പ്രപഞ്ചത്തിന് ഒരു ഉദ്ദേശം ഉണ്ടെങ്കിൽ, എന്തായിരിക്കാം ആ ഉദ്ദേശ്യം? പ്രജ്ഞാന വികസനമല്ലേ ആ ഉദ്ദേശ്യം എന്ന് ഡോ ടോം ചാൽകോ അനുവാചകരോട് ചോദിക്കുകയാണ് അദ്ദേഹത്തിൻ്റെ “കോൺഷ്യസ്സ്നെസ്സ് ആൻഡ് ഇമ്മോർട്ടലിറ്റി” എന്ന പുസ്തകത്തിൽ. തുടർന്ന് അദ്ദേഹം ഇപ്രകാരം പറയുന്നു:
“ലക്ഷോപലക്ഷം ജനങ്ങൾ ചിന്തിക്കുന്നതുപോലെ ഭൗതിക ശരീരം മരിച്ചു പോകുന്നതിലല്ല അപകടം പതിയിരിക്കുന്നത്; നമ്മൾ ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന രീതികളിൽ ആണ് അപകടം.
നമ്മുടെ പ്രജ്ഞാനം വേണ്ടവിധത്തിൽ വികസിച്ചു കഴിഞ്ഞാൽ, അമരത്വം കൈവരിക്കും. യഥാർത്ഥത്തിലുള്ള അപകടം നമ്മൾ എങ്ങിനെ ജീവിക്കുന്നു, എങ്ങിനെ നമ്മുടെ പ്രജ്ഞാനത്തെ പ്രോഗ്രാം ചെയ്തെടുക്കുന്നു എന്നതിലാണ്.”
അതിജീവനത്തിൻ്റെ ടെക്നൊളജി
നമ്മളാകുന്ന പ്രജ്ഞാനത്തെ പ്രോഗ്രാം ചെയ്യുന്ന പ്രവർത്തി, ആ പ്രജ്ഞാനം ശരീര മനസ്സുകളോടെ നിത്യ ജീവിതത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ മാത്രം നിർവ്വഹിക്കുവാൻ കഴിയുന്ന ഒന്നാണ്. അപ്രകാരമുള്ള സെൽഫ്-പ്രോഗ്രാമിങ്ങിലൂടെ മാതമേ നമ്മൾ സർവ്വരും ആഗ്രഹിക്കുന്ന നിത്യാനന്ദവും അമരത്വവും കൈവരിക്കുവാൻ കഴിയുകയുള്ളൂ. ബോധ പൂർവ്വമായ സെൽഫ്-പ്രോഗ്രാമ്മിങ്ങിൽക്കൂടി മാത്രമേ പ്രജ്ഞാന വികസനവും, ജനനം-മരണങ്ങളുടെ അതിജീവനവും, പരിണാമ പ്രാപ്തിയും അതിലൂടെ അമരത്വവും സാദ്ധ്യമാകൂ എന്ന് നമ്മൾ തിരിച്ചറിയണം.
മുകളിൽ വിശദമാക്കിയ ഒരൊറ്റ കാരണം കൊണ്ട് തന്നെ നിത്യജീവിതത്തിൽ നമ്മുടെ ശരീര മനസ്സുകളുടെ അരോഗ ദൃഢമായ നിലനിൽപ്പ് അത്യന്താപേക്ഷിതമാണ്. ചുവർ ഉണ്ടെങ്കിലേ ചിത്രം എഴുതുവാൻ കഴിയൂ. ശരീരവും മനസ്സും പൂർണ്ണമായും സുസജ്ജമായി ഇരുന്നാൽ മാത്രമേ വേണ്ടവിധതിൽ ധാർമ്മികമായി ജീവിക്കുവാനും, കർമ്മ നിയമങ്ങളുടെ പ്രവർത്തനത്തിലൂടെ നിലവിലെ ജീവിതത്തിൽ ലഭിച്ചുകിട്ടിയ ജീവിതാനുഭവങ്ങൾ പ്രകൃതി നിയമങ്ങൾ അനുശാസിക്കുന്ന പ്രകാരം വേണ്ട വിധത്തിൽ അഭിമുഖീകരിച്ച് അവയെ അതിജീവിക്കുവാനും കഴിയുകയുള്ളൂ.
ഇതിൽ നിന്നും ജനന-മരണങ്ങളുടെ അതിജീവനത്തിലൂടെ നിലനിൽപ്പിൻ്റെ അടുത്ത പരിണാമദശയിലേക്ക് കടക്കുവാൻ കുറച്ചധികം തയ്യാറെടുപ്പുകൾ ജീവിച്ചിരിക്കുമ്പോൾ തന്നെ നമുക്ക് ചെയ്യേണ്ടതായിട്ടുണ്ട് എന്ന് വ്യക്തമാണ്. അതിനാവശ്യമായ അറിവും, പരിശ്രമവും നമ്മുടെ ഭാഗത്തു നിന്നും ജീവിച്ചിരിക്കുമ്പോൾ അനസ്യൂതം ഉണ്ടായിരിക്കണം. ശ്രേഷ്ഠ ജീവിതവും ശ്രേഷ്ഠ മരണവും അത്തരം തയ്യാറെടുപ്പുകളിലൂടെ സ്വാഭാവികമായി സംഭവിക്കുന്ന രണ്ടു സംഭവങ്ങൾ മാത്രമാണ്.
മനുഷ്യൻ്റെ ശരീര മനസ്സുകളുടെ അരോഗ ദൃഢമായ നിലനിൽപ്പും, ജനന-മരണങ്ങളുടെ അതിജീവനവും സ്വായത്തമാക്കുവാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്ത അതിജീവനത്തിൻ്റെ ടെക്നൊളജിയാണ് അഷ്ടാംഗയോഗ. ഇതേ അഷ്ടാംഗയോഗയാണ് ഇന്ന് “യോഗ” എന്ന ഹൃസ്വമാക്കപ്പെട്ട പേരിൽ ലോകമെമ്പാടും അറിയപ്പെടുന്നത്. ഒന്നിന് പുറകെ ഒന്നായി പരിശീലിച്ചെടുത്ത്, ജീവിതത്തിൽ നിത്യേന അനുഷ്ഠിക്കേണ്ട എട്ട് ഘടകങ്ങൾ ആണ് അഷ്ടാംഗയോഗയിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ, നിർഭാഗ്യവശാൽ, പ്രസ്തുത എട്ടു ഘടകങ്ങളിൽ ഒന്നോ രണ്ടോ മാത്രമേ ഇന്ന് അധികപേരും മനസ്സിലാക്കി “യോഗ” എന്ന പേരിൽ അൽപ്പമെങ്കിലും ചെയ്യുന്നുള്ളൂ. ഒരു തുടക്കം എന്ന നിലയിൽ ഇത് അഭികാമ്യമാണെങ്കിലും, എട്ടു ഘടകങ്ങളൂം നിത്യേന പരിശീലിച്ച് അനുഷ്ഠിച്ചെങ്കിൽ മാത്രമേ അതിജീവനം സാദ്ധ്യമാകൂ.
യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അഷ്ടാംഗയോഗത്തിലെ എട്ട് ഘട്ടങ്ങൾ. ഇത് എട്ടും പഠിച്ച് പരിശീലിച്ച് നിത്യജീവിതത്തിൽ തുല്യ പ്രാധാന്യത്തോടെ പ്രാവർത്തികമാക്കി കൊണ്ടുവരുക എന്നതാണ് അതിജീവനത്തിൻ്റെ ടെക്നോളജി. ഇതിൽ യമനിയമങ്ങൾ ധാർമ്മികതയുടെ തറക്കല്ലുകളാണ്. “ധാർമ്മികത” എന്നാൽ ഭൂമിയിലും, പ്രപഞ്ചത്തിലും, രാഷ്ട്രത്തിലും, സമൂഹത്തിലും, കുടുംബത്തിലും, വ്യക്തിജീവിതത്തിലും, വ്യക്തിയുടെ പ്രവർത്തന മണ്ഡലത്തിലും സർവ്വതും സമസന്തുലിതമായി നിലനിൽക്കേണ്ടുന്നതിന് ആവശ്യമായ പെരുമാറ്റ രീതികളും സമീപനങ്ങളൂം ബോധപൂർവ്വം സ്വീകരിക്കുക എന്നതാണ്. കാർമിക് പ്രോഗ്രാമ്മിങ്ങിൽ ധാർമ്മികതയുടെ കൃത്യമായ അനുഷ്ഠാനം വളരെ സുപ്രധാനമായ ഒന്നാണ്. യമ നിയമങ്ങൾ എട്ടാം പാഠഭാഗത്തിലും, കർമ്മനിയമങ്ങളുടെ പ്രവർത്തന രീതി ഏഴാം പാഠഭാഗത്തിലും വിശദമാക്കിയത് കൊണ്ട് കൂടുതൽ വിസ്തരിക്കുന്നില്ല. ആസന പ്രാണായാമ പ്രവർത്തന ഫലങ്ങളുടെ വിശദദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപ്, പ്രത്യാഹാര, ധാരണ, ധ്യാനം, സമാധി എന്ന നാല് ഘട്ടങ്ങളെ സംക്ഷിപ്തമായി പരിചയപ്പെടുത്താം.
നമ്മുടെ ശ്രദ്ധയും അവബോധവും ഏതാണ്ട് പൂർണ്ണമായിത്തന്നെ സദാ സമയവും ബാഹ്യ വസ്തുക്കളിൽ വ്യാപൃതമായി നിൽക്കുന്ന ഒന്നാണ്. നമ്മുടെ ശ്രദ്ധയും അവബോധവും ബോധപൂർവ്വം ബാഹ്യവസ്തുക്കളിൽ നിന്നും പിൻവലിച്ച് ആന്തരികമായി കൊണ്ടുവരുന്നതാണ് പ്രത്യാഹാരം. അപ്രകാരം ആന്തരികമായി കൊണ്ടുവന്ന ബോധപൂർവ്വമായ ശ്രദ്ധയെ ആന്തരികമായ ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രം തളച്ചിടുവാനുള്ള പരിശീലനമാണ് ധാരണ. മനസ്സ് പല കാര്യങ്ങളിലും ഓടിക്കളിക്കാതെ ഒരേ ഒരു കാര്യത്തിൽ മാത്രം നിലകൊള്ളുവാനുള്ള പരിശീലനമാണ് “ധാരണ” എന്നർത്ഥം. ക്രമേണ ആ ധാരണാ കാര്യത്തെ “ഞാൻ” എന്ന “സ്വ-പ്രജ്ഞാനം” അല്ലെങ്കിൽ “സ്വ-അവബോധം” കൊണ്ട് പകരം വയ്ക്കുന്നതാണ് ധ്യാനം. അപ്പോഴും ധ്യാനത്തിലിക്കുന്ന ഒരു “സബ്ജെക്റ്റും”, ധാരണാ പാത്രമായിരിക്കുന്ന “പ്രജ്ഞാനം” അല്ലെങ്കിൽ “അവബോധം” എന്ന ഒരു ഓബ്‌ജക്റ്റും രണ്ടും, രണ്ടായിട്ടാണ് തുടക്കത്തിൽ അനുഭവപ്പെടുക. ക്രമേണ പരിശീലനം കൊണ്ട് ആ സബ്ജെക്റ്റും ഒബ്ജെക്റ്റും ഒന്നായിമാറുന്ന നിലയാണ് “സമാധി”. അതായത്, യഥാർത്ഥത്തിലുള്ള നമ്മൾ ആരാണോ അല്ലെങ്കിൽ എന്താണോ അതായി മാറുന്നു എന്നർത്ഥം. നമ്മൾ പ്രജ്ഞാനമാണ്. ശരീരമോ, മനസ്സോ അല്ല. നമ്മൾ ആ പ്രജ്ഞാനം മാത്രമായി നിലകൊള്ളുന്നതാണ് സമാധി.
ആസനവും, പ്രാണായാമവും ശരീരത്തിനും മനസ്സിനും ദൃഢതയും ആരോഗ്യവും നൽകുന്നു. കൂടാതെ, ദീർഘനേരം പ്രത്യാഹാര, ധാരണ, ധ്യാനം, സമാധി നിലകൾ പരിശീലിക്കുവാനും, ധ്യാനം, സമാധി നിലകളിൽ നിലകൊള്ളുവാനുമുള്ള പ്രാപ്തിയും നൽകുന്നു. അതായത്, അഷ്ടാംഗയോഗ ഒരു വശത്ത് ശരീരത്തിൻ്റേയും മനസ്സിൻ്റേയും സയൻസാണ്; മറുവശത്ത് ക്വാണ്ടം സയൻസും.
അഷ്ടാംഗയോഗയിൽ, യമ-നിയമങ്ങൾ ബോധപൂർവ്വം അനുസരിച്ചുകൊണ്ടുള്ള ജീവിതം കർമ്മ നിയമങ്ങൾ നമ്മുടെ പരിണാമ പ്രയാണത്തിന് അനുകൂലമായി പ്രവൃത്തിക്കുന്ന വിധത്തിൽ ജീവിതം ചിട്ടപ്പെടുത്തിയെടുക്കുന്നു. യഥാർത്ഥത്തിൽ അതിലൂടെ സെൽഫ്-പ്രോഗ്രാമിങ്ങിൽ ബോധപൂർവ്വമായ വ്യുല്പത്തി നേടുകയാണ് നമ്മൾ. ആസന-പ്രാണായാമങ്ങളുടെ പരിശീലനം പ്രത്യാഹാര, ധാരണ, ധ്യാനം, സമാധി നിലകൾ പരിശീലിക്കുവാൻ ആവശ്യമായ ആരോഗ്യവും സുഖസ്ഥിതിയും നമുക്ക് നൽകുന്നു. പ്രത്യാഹാരവും ധാരണയും നമ്മളെ ധ്യാനത്തിലേക്കും സാമാധിയിലേക്കും ആനയിച്ച്, നമ്മൾ യഥാർത്ഥത്തിൽ ആരാണോ അല്ലെങ്കിൽ എന്താണോ അതാക്കി മാറ്റുന്നു.
‘അഷ്ടാംഗയോഗ’യിൽ ആസന-പ്രാണായാമങ്ങളുടെ പ്രാധാന്യം മനസ്സിലാക്കണമെങ്കിൽ, നമ്മുടെ മസ്തിഷ്കവും മനസ്സും ശരീരവും തമ്മിൽ നിലനിൽക്കുന്ന അത്ഭുതാവഹമായ ബന്ധം ആദ്യം മനസ്സിലാക്കണം. നമ്മുടെ മസ്തിഷ്കവും മനസ്സും ശരീരവും തമ്മിലുള്ള ക്വാണ്ടം എൻടാൻഗിൾഡ് ആയ ബന്ധത്തെക്കുറിച്ചുള്ള അറിവ് നമ്മുടെ അവബോധ വികസനത്തിനെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ ഒന്നാണ്. നമ്മുടെ മസ്തിഷ്കവും, മനസ്സും, ശരീരവും, അവബോധ വികസനവും നമ്മൾ അനുഷ്ഠിക്കുന്ന ആസന-പ്രാണായാമ-ധ്യാനവും, ധർമ്മചര്യയും എല്ലാമായി അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്നു.
യോഗശാസ്ത്രവും ന്യൂറൽ സയൻസും
പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ മസ്തിഷ്കം ഏകദേശം 2 കിലോഗ്രാം ഭാരവും ചുരുങ്ങിയത് 100 ബില്യൺ നാഡീ കോശങ്ങളും (‘ന്യൂറോണുകൾ’ അല്ലെങ്കിൽ നെർവ് സെല്ലുകളും) ഉള്ളതാണ്. ഇത്രയും ‘ന്യൂറോണുകൾ’ക്കെല്ലാം കൂടി ഏകദേശം 100 ട്രില്യൺ സന്ധി സ്ഥലങ്ങൾ അഥവാ അവയ്ക്കിടയിൽ പരസ്പരം നിലനിൽക്കുന്ന കണക്ഷനുകൾ ഉണ്ടായിരിക്കും. ഇതിലൂടെയെല്ലാം മണിക്കൂറിൽ 360 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ട് നാഡി സിഗ്നലുകൾ (ന്യൂറൽ സിഗ്നലുകൾ) ശരീരത്തിൻ്റേയും തലച്ചോറിൻ്റേയും വിവിധ ഭാഗങ്ങൾക്കിടയിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ട്.
അപ്രതീക്ഷിതമായി നമ്മുടെ ജീവൻ അപകടപ്പെടുന്ന അടിയന്തിര സാഹചര്യങ്ങളിൽ, ആയിരക്കണക്കിന് ന്യൂറോ-കെമിക്കൽ പ്രതിപ്രവർത്തനങ്ങളാണ് നമ്മുടെ തലച്ചോറിൽ നടക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ 40 ലക്ഷം ബില്യൺ ഓപ്പറേഷനുകൾ വരെ ഒരു സെക്കൻഡിൽ നമ്മുടെ മസ്തിഷ്കത്തിൽ നിർവ്വഹിക്കപ്പെടുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ നമ്മുടെ മസ്തിഷ്ക്കത്തിന് ‘ഭൗതികശാസ്ത്രവും’ ‘ന്യൂറോ സയൻസും’ എല്ലാം വിശദീകരിച്ച നിയമങ്ങളെ വെല്ലുവിളിക്കുന്ന വിധം അസാധാരണമായ കാര്യങ്ങൾ ചെയ്യുവാൻ കഴിയും. ഉദാഹരണത്തിന്, ഒരു കാറിൻ്റെ അടിയിൽ പെട്ടുപോയ തൻ്റെ കുട്ടിയെ രക്ഷിക്കുവാൻ ഒരു അമ്മ സ്വന്തം കൈകൾമാത്രം ഉപയോഗിച്ച് ആ കാറ് എടുത്ത് ഉയർത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
നമ്മുടെ ശരീരത്തിലെ ഓരോ ചലനങ്ങളും സാദ്ധ്യമാക്കുന്നത്, നമ്മുടെ ബോധമനസ്സിലോ, അബോധമനസ്സിലോ ഉയരുന്ന ചിന്തകളോ, നമ്മുടെ ഉദ്ദേശങ്ങളോ നമ്മുടെ മസ്തിഷ്കത്തിലെ വിവിധഭാഗങ്ങളുമായി ആശയ വിനമയം നടത്തുന്ന സിഗ്നലുകളുടെ പ്രവർത്തന ഫലമായിട്ടാണ്. ഈ പ്രവർത്തനത്തിൽ നൂറുകണക്കിന് ന്യൂറൽ പാതകളും, ന്യൂറോൺ സന്ധിസ്ഥലങ്ങളും, ന്യൂറോ ട്രാൻസ്മിറ്ററുകളും എല്ലാം പങ്കെടുക്കുന്നുണ്ട്. എത്ര ചെറിയ ചലനമാണെങ്കിലും, എത്ര സങ്കീർണ്ണമായ ശരീര പ്രവർത്തനങ്ങൾ ആണെങ്കിലും ഇതെല്ലാം അനുനിമിഷം സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു തവണ നമ്മൾ കണ്ണുചിമ്മുമ്പോൾ ചുരുങ്ങിയത് ഒരു പത്തു വിധത്തിലുള്ള ന്യൂറോ കെമിക്കലുകൾ ആ പ്രവർത്തനം വിജയകരമായി നടത്തുന്ന പ്രക്രിയയിൽ പങ്കു ചേരുന്നുണ്ട്.
അതുപോലെ തന്നെ നമ്മൾ കഴിക്കുന്ന ആഹാരത്തിലെ കൊഴുപ്പിൻ്റെ ദഹനവും ആഗിരണവും സംഭവിക്കുന്ന പ്രക്രിയയിൽ പതിനാലോളം ന്യൂറോകെമിക്കലുകൾ ഉൾപ്പെടുന്നുണ്ട്. അത്രത്തോളം പ്രാധാന്യമുള്ള ഒന്നാണ് മസ്തിഷ്കവും മനസ്സും ശരീര പ്രവർത്തനങ്ങളുമായിട്ടുള്ള ബന്ധം.
ചുരുക്കത്തിൽ, മനുഷ്യ മസ്തിഷ്കം വളരെ സങ്കീർണ്ണമാണ്. നമ്മുടെ തലച്ചോറ് ഒരു സെക്കൻഡിൽ ചെയ്യുന്ന പ്രവർത്തനം 83,000 കമ്പ്യൂട്ടർ പ്രോസസ്സറുകളുടെ പ്രവർത്തനത്തിന് തുല്യമാണ്. തലച്ചോറിൻ്റെ ഓർമശക്തി വളരെ വലുതാണ്. കമ്പ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ, 20 ലക്ഷം സിനിമകൾ പൂർണ്ണമായും മെമ്മറിയിൽ വച്ച് ഏത് സിനിമയുടെ ഏതു ഭാഗവും തത്ക്ഷണം ബോധ മനസ്സിലേക്ക് കൊണ്ടുവരുവാൻ പ്രാപ്തമാണ് നമ്മുടെ മസ്തിഷ്കം.
നമ്മുടെ മസ്തിഷ്കം പ്രവർത്തിക്കുവാൻ സ്വാഭാവികമായും വൈദ്യുതി ആവശ്യമുണ്ട്. തലച്ചോറിലെ ന്യൂറൽ നെറ്റ്‌വർക്കുകൾ എപ്പോഴും ഇലക്ട്രോ കെമിക്കൽ സിഗ്നലുകളിലൂടെ ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു ന്യൂറോൺ പ്രവർത്തിക്കാതെ ഇരിക്കുമ്പോഴുള്ള വൈദുതി ഉപഭോഗം ഏകദേശം -70 മില്ലിവോൾട്ട് ആണ്, അതേസമയം ഒരു ന്യൂറോൺ ആശയ വിനിമയം നടത്തുമ്പോൾ ഏകദേശം +30 മില്ലിവോൾട്ട് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്.
എന്നാൽ മസ്തിഷ്കം ആശയ വിനിമയം നടക്കുമ്പോൾ ഉണ്ടാകുന്ന തരംഗങ്ങൾ തുടങ്ങിയ വിവിധ ന്യൂറോൺ പ്രവർത്തനങ്ങൾക്ക് വിവിധ തോതുകളിൽ ഉള്ള വൈദ്യുതിയാണ് ആവശ്യം. വളരെ ലളിതമായി പറഞ്ഞാൽ, നമുക്ക് തലച്ചോറിൻ്റെ “വർക്കിംഗ് വോൾട്ടേജ്” കണക്കാക്കേണ്ടി വന്നാൽ, ന്യൂറൽ സിഗ്നലിംഗും മസ്തിഷ്ക തരംഗ പ്രവർത്തനവും എല്ലാം കണക്കിലെടുക്കുമ്പോൾ അത് ഏകദേശം 10 മില്ലിവോൾട്ട് മുതൽ 100 മില്ലി വോൾട്ട് വരെ ആയിരിക്കും. എന്നിരുന്നാലും, മസ്തിഷ്കത്തിൻ്റെ വൈദ്യുത പ്രവർത്തനം വളരെ സങ്കീർണ്ണമായ ഒന്നാണെന്ന് മറക്കരുത്. ഇതെല്ലാം വളരെ സങ്കീർണമായ ഒരുവിഷയം മനസ്സിലാക്കുവാൻ വേണ്ടി വളരെ ലളിതീകരിച്ചു പറയുന്നതാണ്.
തലച്ചോറിലെ വൈദ്യുത വോൾട്ടേജുകൾ ഓരോ മസ്തിഷ്ക തരംഗങ്ങളിലും വ്യത്യാസപ്പെട്ടാണിരിക്കുന്നത്. അനിമിഷം ദശലക്ഷക്കണക്കിന് സിഗ്നലുകൾ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മസ്തിഷ്കത്തിലേക്ക് പ്രവഹിക്കുകയും അവ മസ്തിഷ്കത്തിൻ്റെ വിവിധഭാഗങ്ങളുമായി പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. അതുമൂലം നമ്മുടെ തലച്ചോറിൽ നിരവധി വൈദ്യുത പ്രവാഹത്തിൻ്റെ തരംഗങ്ങൾ രൂപീകൃതമാകുന്നുണ്ട്. അവയെ ആണ് “ബ്രെയിൻ വേവ്സ്” എന്ന് പറയുന്നത്.
മസ്തിഷ്ക തരംഗങ്ങൾ അഞ്ച് വിധത്തിലാണ് ഉള്ളത്. അവ ചുരുക്കത്തിൽ താഴെ കൊടുക്കുന്നു:
- ഡെൽറ്റ തരംഗം : 4 ഹേർട്സിന് താഴെയുള്ള തരംഗങ്ങളാണ് ഡെൽറ്റ തരംഗങ്ങൾ. “ഹേർട്സ്” എന്നാൽ ഏതെങ്കിലും ഒരു വസ്തു ഒരു സെക്കൻഡിൽ എത്ര തവണ പ്രകമ്പനം കൊള്ളുന്നു എന്നതിനെ കാണിക്കുന്ന അളവാണ്. തരംഗദൈർഘ്യം നാല് ഹേർട്സ് ആണെന്ന് പറഞ്ഞാൽ ആ തരംഗം ഒരു സെക്കൻഡിൽ നാല് തവണ വൈബ്രേറ്റ് ചെയ്യുന്നു എന്നർത്ഥം. ഗാഢനിദ്രയുടെ അല്ലെങ്കിൽ ആഴത്തിലുള്ള ധ്യാനാവസ്ഥയിൽ ഉണ്ടാകുന്ന 4 ഹേർട്സ് തരംഗ ദൈഘ്യത്തിനെയാണ് ഡെൽറ്റ വേവുകൾ എന്ന് പറയുന്നത്.
- തീറ്റ തരംഗം: 4 മുതൽ 8 ഹേർട്സ് വരെ ഉള്ള തരംഗങ്ങൾ ആണ് തീറ്റ വേവുകൾ. മയക്കത്തിൽ അല്ലെങ്കിൽ പകൽക്കിനാവുകൾ കാണുമ്പോൾ തീറ്റ തരംഗങ്ങൾ ആയിരിക്കും മസ്തിഷ്ക്കത്തിൽ ഉണ്ടാകുന്നത്.
- ആൽഫ തരംഗം: 8 മുതൽ 12 ഹേർട്സ് വരെയുള്ള ആൽഫാ തരംഗങ്ങൾ ആണ് ശാന്തമായി വിശ്രമിക്കുന്ന അവസ്ഥയിൽ ഉണ്ടായിരിക്കുക.
- ബീറ്റ തരംഗം: 12 മുതൽ 40 ഹേർട്സ് വരെയുള്ള തരംഗങ്ങളാൽ ആണ് ഏകാഗ്രത ആവശ്യമില്ലാത്ത എന്നാൽ പൊതുവേ തിരക്കിട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ മസ്തിഷ്‌കത്തിൽ ഉണ്ടാകുന്നത്.
- ഗാമാ തരംഗം: 40 മുതൽ 100 ഹേർട്സ് വരെ ഉള്ള ഗാമ തരംഗങ്ങൾ ആണ് നമ്മൾ ഏകാഗ്രതയോടെ ഒരു പ്രശ്ന പരിഹാരത്തിൽ ഏർപ്പെട്ടു നിൽക്കുമ്പോൾ നമ്മുടെ മസ്തിഷ്കത്തിൽ ഉണ്ടാകുന്നത്.
നമ്മുടെ നാഡീവ്യൂഹം സെൻസറി വിവരങ്ങൾ പ്രോസസ്സ് ചെയ്തുകൊണ്ടാണ് നമ്മുടെ പെരുമാറ്റത്തേയും ശരീരത്തേയും പ്രവർത്തിപ്പിക്കുന്നത്. അതെല്ലാം സംഭവിക്കുമ്പോൾ അതോടൊപ്പം നമ്മുടെ മസ്തിഷ്കത്തിൽ ധാരാളം കണക്കുകൂട്ടലുകൾ നടക്കുന്നുണ്ട്. നമ്മുടെ മസ്തിഷ്കത്തിലെ ‘ന്യൂറോ ട്രാൻസ്മിറ്ററുകൾ’ ആണ് ഇതെല്ലാം ചെയ്യുന്നത്. ഓരോ ന്യൂറോണുകൾ തമ്മിൽ പരസ്പരവും, അല്ലെങ്കിൽ ന്യൂറോണുകളിൽ നിന്ന് പേശികളിലേക്കും, അതുപോലെ തിരിച്ചും സന്ദേശങ്ങൾ കൈമാരുന്നത് ചില രാസ പദാർത്ഥങ്ങളെ സന്ദേശവാഹകരായി ഉപയോഗിച്ചുകൊണ്ടാണ്. അതിനെയാണ് ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്നുപറയുന്നത്. . നമ്മുടെ നാഡീ വ്യവസ്ഥയിൽ നാൽപ്പതിലധികം തരത്തിൽ പെടുന്ന നൂറ്റമ്പതോളം ന്യൂറോ ട്രാൻസ്മിറ്ററുകളും, ന്യൂറോ മോഡുലേറ്ററുകളും ഉണ്ട്. ന്യൂറോ ട്രാൻസ്മിറ്ററുകൾ നമ്മുടെ ശരീര മനസ്സുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയോ, മന്ദീഭവിപ്പിക്കുകയോ ചെയ്യും. ന്യൂറോണുകളുടെ പ്രവർത്തനത്തെ വ്യത്യാസപ്പെടുത്തുകയോ നിയന്ത്രിക്കുകയോ ഒക്കെ ചെയ്യുന്ന മസ്തിഷ്കത്തിലെ രാസ വസ്തുക്കളാണ് ന്യൂറോമോഡുലേറ്ററുകൾ,
ന്യൂറോ ട്രാൻസ്മിറ്ററുകളിൽ വളരെ പ്രധാനപ്പെട്ട ചിലതു മാത്രം പരിചയപ്പെടുത്താം.
- അസെറ്റയിൽകൊളൈൻ: പേശിളുടെ പ്രവർത്തനം, ഹോർമോണുകളുടെ ഉത്പാദനം, ഉറക്കം, ഓർമ്മകൾ, അൾഷിമേഴ്സ് അവസ്ഥ ഇതെല്ലാം സംഭവിക്കുന്നത് ഈ ന്യൂറോ ട്രാൻസ്മിറ്ററിനാൽ ആണ്.
- ഡോപാമൈൻ: ആന്ദകരമമായ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ ഡോപാമൈനിൻ്റെ ഉത്പാദനം കൂടുതലായിരിക്കും. ആസക്തികൾ ഉണ്ടാകുന്നതും, സ്കിസോഫ്രീനിയ രോഗം ബാധിക്കുന്നതും എല്ലാം ഡോപാമൈൻ കൂടുമ്പോഴാണ്. കുറയുമ്പോൾ പാർക്കിൻസൻ രോഗം ഉണ്ടാകുന്നു.
- എൻഡോർഫിൻ: വേദന കുറക്കുന്നത് എൻഡോർഫിൻ ആണ്.
- എപ്പിനെഫ്രിൻ: ഇത് ഒരു ഹോർമോൺ കൂടിയാണ്. അപകട സാദ്ധ്യതകളിൽ ഓടി രക്ഷപെടുകയോ, തിരിഞ്ഞു നിന്ന് എതിർക്കുകയോ ചെയ്യന്നത് ഇതിനാലാണ്.
- ഗാബ: നമ്മുടെ മാനസികാവസ്ഥകളെ മാറ്റിമറിക്കുന്നത് ഈ ന്യൂറോ ട്രാൻസ്മിറ്റർ ആണ്.
- ഗ്ലുട്ടാമേറ്റ്: കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള നമ്മുടെ കഴിവ്, ഓർമ്മശക്തി ഇതെല്ലാം ഇതിനാലാണ് സംഭവിക്കുന്നത്.
- മെലാടോണിൻ: മസ്തിഷ്കത്തിലെ പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഈ സ്രവമാണ് നമുക്ക് ശരിക്കുള്ള ഉറക്കം, രോഗപ്രതിരോധ ശക്തി, യൗവ്വനവസ്ഥ ദീർഘിപ്പിക്കൽ തുടങ്ങിയവയെല്ലാം നൽകുന്നത്.
- നോർ അഡ്രിനാലിൻ: നമ്മുടെ രക്തം സമ്മർദ്ദം നിയന്ത്രിക്കൽ, കരളിൻ്റെ അഞ്ഞൂറിലധികം ജീവസന്ധാരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ, ഗ്ലൂക്കോസിൻ്റെ ശരിയായ പ്രവർത്തനത്തിലൂടെ പഞ്ചസാര ക്രമീകരിക്കൽ തുടങ്ങി പലതിനും ഉള്ള ഉത്തരവാദിത്വം ഇതിനാണ്.
- സെറാടോണിൻ: ഇത് ന്യൂറോ ട്രാൻസ്മിറ്റർ മാത്രമല്ല ഒരു ഹോർമോൺ കൂടിയാണ്. സന്തോഷകരമായ മാനസികാവസ്ഥ നൽകുന്നത് സെറാടോണിൻ ആണ്. അതുകൊണ്ട് മാനസികാരോഗ്യത്തിൻ്റെ സ്വർണ്ണ താക്കോൽ ആണ് സെറാടോണിൻ.
അങ്ങിനെ നമ്മുടെ മസ്തിഷ്കത്തിലെ ന്യൂറൽ സിഗ്നലിംഗും തരംഗ പ്രവർത്തനങ്ങളും, ന്യൂറൽ ട്രാൻസ്മിറ്ററുകളും എല്ലാം ചേർന്ന അതിപ്രധാനമായ മസ്തിഷ്കവ്യവസ്ഥകളാണ് നമ്മുടെ മുഴുവൻ ശരീരത്തിൻ്റേയും മനസ്സിൻ്റേയും ആരോഗ്യവും, തുഷ്ടിയും, എല്ലാം സന്തുലിതമായ സമസ്ഥിതിയും എല്ലാം സ്ഥാപിക്കുന്നത്. ശരീരവും മനസ്സും ആരോഗ്യപൂണ്ണമായി നിലനിന്നാൽ മാത്രമേ അവബോധ വികസനം സാദ്ധ്യമാകൂ.
നമ്മുടെ ശരീരത്തിനകത്തേക്ക് നമ്മൾ കൊണ്ടുവരുന്ന ആഹാര പദാർത്ഥങ്ങൾ ദഹിപ്പിച്ച് അവയിലെ പോഷക വസ്തുക്കളും ഊർജ്ജദായക വസ്തുക്കളും കോശങ്ങലേക്ക് കൊണ്ടു ചെന്ന് ആഗിരണം ചെയ്യിക്കുന്ന പ്രക്രിയ എത്ര സങ്കീർണ്ണമാണെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. നിരവധി ന്യൂറോ കെമിക്കലുകളും, ന്യൂറോ സിഗ്നലുകളും, ഹോർമോണുകളും എല്ലാം അനസ്യൂതം ജോലി ചെയ്യുന്നതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. നമ്മുടെ കരൾ മാത്രം അഞ്ഞൂറിലധികം മെറ്റബോളിക് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നുണ്ട്. തെറ്റായ ആഹാരങ്ങൾ, തെറ്റായ ആഹാര രീതികൾ, കീടനാശിനികളും, പ്രിസർവേറ്റീവുകളും അടങ്ങിയ പദാർത്ഥങ്ങൾ, തെറ്റായ ജീവിത രീതികൾ ഇവയെല്ലാം സങ്കീർണ്ണമായ ഇത്തരം ആന്തരിക വ്യവസ്ഥകളെ തകിടം മറിക്കുന്നു. ശരിയായ ആഹാരവും ജീവിത രീതികളും വ്യായാമവും, സിർകാഡിയൻ റിഥം അനുസരിച്ചുള്ള ഉറക്കവും ഉണരലും എല്ലാം ശാരീരികവും മാനസികവും ആയ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളുടേയും അകത്തേക്ക് പോഷകങ്ങൾ അനസ്യൂതം കടക്കുകയും, പുറത്തേക്ക് മാലിന്യങ്ങൾ അനുക്രമം ഇറങ്ങുകയും ചെയ്യുന്ന പ്രകൃയ സമ സന്തുലിതമായി നടന്നില്ലെങ്കിൽ നമ്മൾ രോഗാതുരരായി മാറും. കോശങ്ങളുടെ അകത്തേക്ക് ഉള്ള പോഷകവസ്തുക്കളുടെ ആഗിരണത്തെയാണ് “പ്രാണ” പ്രവർത്തനം എന്ന് പൊതുവേ മനസ്സിലാക്കുവാനുള്ള എളുപ്പത്തിനായി പറയാവുന്നതാണ്. അതുപോലെ കോശങ്ങളുടെ അകത്തുനിന്നും മാലിന്യങ്ങൾ പുറത്തേക്ക് കൊണ്ടു പോകുന്നതിനെ “അപാന”പ്രവർത്തനം എന്ന് പൊതുവായി പറയാവുന്നതാണ്. പ്രാണ-അപാന പ്രവർത്തങ്ങളുടെ സമ സന്തുലിത സ്ഥിതിയാണ് “ആരോഗ്യം”.
പ്രാണ-അപാന പ്രവർത്തനങ്ങൾ ക്രമീകൃതമായി നടക്കുന്നത് ശരിയായ ശ്വാസോച്ഛാസത്തിലൂടെയാണ്. ഇവിടെയാണ് അഷ്ടാംഗ യോഗത്തിലെ പ്രാണായാമത്തിൻ്റെ സാംഗത്യം. പേശികൾക്ക് വഴക്കമുള്ള ശരീരങ്ങളിലൂടെ മാത്രമേ ശരിയായ രീതിയിലുള്ള ശ്വാസോച്ഛാസം നടക്കകയുള്ളൂ. ഇവിടെയാണ് അഷ്ടാംഗയോഗത്തിലെ ‘ആസന’ പരിശീലനത്തിൻ്റെ സാംഗത്യം.
നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സാദ്ധ്യമാക്കുന്നതും, നിലനിർത്തുന്നതും, രോഗങ്ങളെ അകറ്റുന്നതും മസ്തിഷ്കത്തിലെ ന്യൂറൽ സിഗ്നലിംഗും തരംഗ പ്രവർത്തനങ്ങളും, ന്യൂറൽ ട്രാൻസ്മിറ്ററുകളും, ശ്വാസോച്ഛാസവും എല്ലാം ചേർന്നാണ്. മസ്തിഷ്കവും, മനസ്സും, ശ്വാസോച്ഛാസവും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉള്ളത്. നമ്മുടെ ആന്തരികമോ ബാഹ്യമോ ആയ ഉത്തേജനങ്ങൾ നമ്മുടെ മസ്തിഷ്കത്തിലെ ന്യൂറൽ ട്രാൻസ്മിറ്ററുകളായ ന്യൂറോ-കെമിക്കൽ പ്രവർത്തനങ്ങളെ സമാരംഭിപ്പിക്കുന്നു. അതിൻ്റെ ഫലമായി മനസ്സിൽ സംവേദനങ്ങളും, ചിന്തകളും, ശരീരത്തിൽ പേശികളുടെ പ്രവർത്തനങ്ങളും എല്ലാം ഉണ്ടാകുന്നു.
അതുപോലെ തന്നെ മസ്തിഷ്ക തരംഗങ്ങൾ ന്യൂറോ ട്രാൻസ്മിറ്ററുകളേയും, ന്യൂറോ ട്രാൻസ്മിറ്ററുകൾ മസ്തിഷ്ക തരംഗങ്ങളേയും സ്വാധീനിക്കുന്നു. അഷ്ടാംഗയോഗയിലെ ആസന, പ്രാണായാമ, ധ്യാനങ്ങൾ രണ്ടിനേയും ഒരുപോലെ സ്വാധീനിക്കുന്നു. അഷ്ടാംഗയോഗയിലൂടെ മസ്തിഷ്ക തരംഗങ്ങൾ സമസന്തുലിതമായി ക്രമീകരിക്കപ്പെടുന്നു. ശരിയായ രീതിയിലുള്ള ശ്വാസോച്ഛാസത്തിലൂടെ (പ്രാണായാമം), മസ്തിഷ്ക തരംഗങ്ങളും, ന്യൂറൽ ട്രാൻസ്മിറ്ററുകളും, കോശങ്ങളിലെ പ്രാണ-അപാന വിനിമയങ്ങളും സമസന്തുലിതമായി ക്രമീകരിക്കപ്പെടുന്നു. തത്‌ഫലമായി അരോഗ ദൃഢമായ ശരീരവും മനസ്സും ലഭിക്കുന്നു.
യമ നിയമങ്ങൾ അനുഷ്ഠിച്ചുകൊണ്ടുള്ള ശരിയായ ധ്യാനത്തിലൂടെ (മെഡിറ്റേഷൻ) അവബോധം വികസനം അതിൻ്റെ പാരമ്യതയിൽ എത്തുന്നു, സ്ഥിരമായ ധ്യാനപരിശീലനം മസ്തിഷ്കത്തിൻ്റെ ഇരു ഭാഗളേയും സമന്വയിപ്പിക്കുന്നു. ഇരു ഭാഗങ്ങളും സമ സന്തുലിതമായി സമന്വയിക്കപ്പെട്ട മസ്തിഷ്കം അസാധാരണമായ വിവേകവും അവബോധ വളർച്ചയും നൽകുന്നു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതകളാണെന്ന് മാത്രമല്ല, നിരവധി ഗവേഷണ റിപ്പോർട്ടുകളും ഈ വിഷയത്തിൽ ലഭ്യമാണ്.
നമ്മുടെ ശരീരത്തിലെ ആസിഡ്-ആൽക്കലി (pH സന്തുലിതാവസ്ഥയാണ് ശരീരത്തിൻ്റെ ഹോമിയോസ്റ്റാസിസിനും കൂടാതെ മിക്കവാറും എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ആധാരം. ഹോമിയോസ്റ്റാസിസ് എന്നാൽ നമ്മുടെ ആരോഗ്യത്തിൻ്റെ പൂർണ്ണമായ സമസ്ഥിരമായ സ്ഥിതിയാണ്.
നമ്മുടെ ശരീരത്തിലെ കോശങ്ങളേയും ടിഷ്യുകളേയും ആവരണം ചെയ്ത് നിൽക്കുന്ന ഒരു ദ്രാവകമാണ് “എക്സ്ട്രാ സെല്ലുലാർ ഫ്ലൂയിഡ്”. ഇത് നമ്മുടെ ശരീരത്തിൻ്റെ ആന്തരികമായ പരിസ്ഥിതിയുടെ ഒരു പ്രധാന ഘടകമാണ്, ഇതുമാത്രം നമ്മുടെ ശരീര ഭാരത്തിൻ്റെ 20% വരും. കോശങ്ങളിലേക്ക് ഓക്സിജനും, പോഷകവസ്തുക്കളും, ഹോർമോണുകളും എല്ലാം എത്തിക്കുന്നതിലും കോശങ്ങളിൽ നിന്നും കാർബൺ ഡൈ ഓക്സൈഡും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുന്നതിലും, സെല്ലുകളും മസ്തിഷ്കവും തമ്മിൽ ന്യൂറോ ട്രാൻസ്മിറ്റർ മോളിക്യൂളുകൾ വഴി ആശയ വിനിമയം ചെയ്യുന്നതിലും എല്ലാം “എക്സ്ട്രാ സെല്ലുലാർ ഫ്ലൂയിഡി”ൻ്റെ അമ്ല-ക്ഷാര-സന്തുലിത (pH ബാലൻസ്) നിർണ്ണായകമാണ്.
ആരോഗ്യമുള്ള ഒരു വ്യക്തിയുടെ എക്സ്ട്രാ സെല്ലുലാർ ദ്രാവകത്തിൻ്റെ പി.എച്ച് 7.38 നും 7.42 നും ഇടയിൽ ആയിരിക്കും. ഇപ്പറഞ്ഞ പി.എച്ച് പരിധിയിൽ നേരിയ മാറ്റം പോലും വന്നാൽ ഗുരുതരമായ ആരോഗ്യ ഭീഷണികൾ ഉണ്ടാകുന്നു. അതുപോലെ തന്നെ, നമ്മുടെ രക്തത്തിലെ പി.എച്ച് നിലയും അതേ 7.38 മുതൽ 7.42 വരെയാണ്. 7.38-ന് താഴെയുള്ള പി.എച്ച് അസിഡിക് (അസിഡോസിസ്) ആയി കണക്കാക്കപ്പെടുന്നു, അതേസമയം 7.42 ന് മുകളിലുള്ള പി.എച്ച് ആൽക്കലൈൻ (ആൽക്കലോസിസ്) ആയി കണക്കാക്കപ്പെടുന്നു. ഇപ്പറഞ്ഞ 7.38-7.42 എന്ന ചെറിയ പി.എച്ച് പരിധിക്കുള്ളിലാണ് സെല്ലുകൾ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. ഇതിൽ കൂടിയോ കുറഞ്ഞോ ഉള്ള ഏതൊരു പി.എച്ച് വ്യതിയാനവും സെല്ലുലാർ പ്രക്രിയകളെ തകരാറിലാക്കുകയും തുടർന്ന് അത് നമ്മുടെ ടിഷ്യുകളുടെ നാശത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഇവിടെയാണ് പ്രാണായാമത്തിൻ്റെ മറ്റൊരു പ്രയോജനം.
ഓക്സിജൻ-കാർബൺ ഡൈ ഓക്‌സൈഡ് കൈമാറ്റങ്ങൾ നടക്കുന്നത് ശ്വസനപ്രക്രിയകളിലൂടെയാണെല്ലോ. രക്തത്തിലേയും “എക്സ്ട്രാ സെല്ലുലാർ ഫ്ലൂയിഡി”ലേയും ആസിഡ്-ആൽക്കലി അനുപാതം തെറ്റുന്നത് തെറ്റായ ശ്വസന രീതികളിലൂടേയും തെറ്റായ ആഹാരം രീതികളിലൂടേയും മെറ്റബോളിക് പ്രവർത്തനം തകരാറിലാകുന്നത്കൊണ്ടും ആണ്. ഇവിടെയാണ് പ്രാണായാമത്തിൻ്റേയും ശരിയായ ആഹാരരീതിയുടേയും പ്രാധാന്യം.
വിവിധ ആവശ്യങ്ങൾക്കുള്ള വിവിധ തരത്തിലുള്ള പ്രാണായാമങ്ങൾ ഉണ്ട്. പ്രാണായാമങ്ങൾ ശരിയായ രീതിയിൽ നിത്യവും അഭ്യസിച്ചാൽ ലഭിക്കുന്ന ചില സാധാരണ പ്രയോജനങ്ങൾ താഴെക്കൊടുക്കുന്നു.
- ശരീരത്തിൻ്റെ ഊർജ്ജ നില വർദ്ധിപ്പിക്കുന്നു
- ശ്വാസകോശത്തിൻ്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നു
- വിശപ്പ് വർദ്ധിക്കുന്നു
- മെച്ചപ്പെട്ട ഹോർമോൺ ബാലൻസ് ലഭിക്കുന്നു
- മെച്ചപ്പെട്ട പ്രതിരോധശേഷി ലഭിക്കുന്നു
- മെച്ചപ്പെട്ട രക്തചംക്രമണം നടക്കുന്നു
- ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
- മെറ്റബോളിസത്തെ സന്തുലിതമാക്കുന്നു
- വന്ധ്യത അകറ്റുന്നു
- മെച്ചപ്പെട്ട നാഡീവ്യൂഹം പ്രവർത്തനം
- മെച്ചപ്പെട്ട ബൗദ്ധിക പ്രവർത്തനങ്ങൾ
- പഠിക്കുവാനുള്ള കഴിവുകളെ മെച്ചപ്പെടുത്തി ഏകാഗ്രത വർദ്ധിപ്പിക്കുന്നു
- വാർദ്ധക്യത്തിൻ്റെ വരവ് താമസിപ്പിക്കുന്നു
“ന്യൂറോ പ്ലാസ്റ്റിസിറ്റി” എന്ന ഒരു കഴിവ് നമ്മുടെ മസ്തിഷ്ക്കത്തിനുണ്ട്. നമ്മുടെ ജീവിതത്തിലെ പുതിയ അനുഭവങ്ങൾ, ചുറ്റുപാടുകൾ, മനസ്സിലാക്കിയ പുതിയ കാര്യങ്ങൾ എന്നിവയുടെ എല്ലാം ഫലമായി സ്വയം മാറാനും പൊരുത്തപ്പെടാനും പുനഃസംഘടിപ്പിക്കാനുമുള്ള നമ്മുടെ തലച്ചോറിൻ്റെ കഴിവിനെയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന് പറയുന്നത്. ആസന-പ്രാണായാമ-ധ്യാനങ്ങളുടെ തുടർച്ചയായ പരിശീലനം നമ്മുടെ ന്യൂറോ പ്ലാസ്റ്റിസിറ്റി വർദ്ധിപ്പിക്കും.
തത്ഫലമായി ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന നമ്മുടെ ന്യൂറോ പ്ലാസ്റ്റിസിറ്റി നമ്മുടെ മോശം ശീലങ്ങളെ മറികടക്കുവാൻ നമ്മളെ വളരെ സഹായിക്കും. നമ്മുടെ മാനസിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും. നമ്മുടെ സർഗ്ഗ പ്രതിഭയെ വളർത്തും. ഭയം അല്ലെങ്കിൽ സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യുവാൻ അഷ്ടാംഗയോഗയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നമ്മുടെ ശരീരവും മനസ്സും ഏറ്റവും ഉയന്നർന്ന ആരോഗ്യ നിലയിൽ നിന്നാൽ മാത്രമേ അനസ്യൂതമായ, നിർബാധമുള്ള അവബോധ വികസനം സാദ്ധ്യമാകൂ. നിലനില്പിലുള്ള സർവ്വതിനേയും സമ സന്തുലപ്പെടുത്തിയുള്ള ജീവിത സമീപന രീതി, ശരീരം, മനസ്സ്, ചിന്തകൾ ഇവയെല്ലാം അതിൻ്റെ ഏറ്റവും പാരമ്യതയിൽ പ്രവർത്തിപ്പിക്കുന്ന ജീവിത പരിശീലനം എന്നിവ ഇക്കാര്യത്തിൽ പരമപ്രധാനമാണ്. അതാണ് അഷ്ടാംഗയോഗയുടെ ഉദ്ദേശ്യവും പരിസമാപ്തിയും. ഇതിൽ യാതൊരു മതവുമില്ല. ശുദ്ധമായ സയൻസ് മാത്രം.