നമ്മൾ ഉൾപ്പെടെ പ്രപഞ്ചത്തിലെ സർവ്വ സൃഷ്ടികളും നിലനിൽക്കുന്നത് സ്ഥല-കാലങ്ങളുടെ (സ്പേസ്-ടൈമിൻ്റെ) ത്രിമാന ഭൂമികയിലാണെന്ന് നമ്മൾ മനസ്സിലാക്കി. ഇത് നിത്യജീവിതത്തിലെ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുവാൻ ഒരു അക്യുവേറിയത്തിൻ്റെ സ്വഭാവം നോക്കിയാൽ മതി. ഒരു അക്യുവേറിയത്തിന് അകത്തുള്ള മത്സ്യങ്ങളും, അതിനുള്ളിലെ ചെറിയ പാറകളും കല്ലുകളും, ചെറിയ സസ്യജാലങ്ങളും എല്ലാം നിലനിൽക്കുന്നത് ആ അക്യുവേറിയത്തിനകത്തെ “ജലം” എന്ന ത്രിമാന ലോകത്തിലാണ്. നീളവും, വീതിയും, ഉയരവും ഉള്ള ആ ത്രിമാന ജലമാണ് അവയുടെ ആധാര ദ്രവ്യമായ മാദ്ധ്യമം. ആ അക്യുവേറിയത്തിലെ സർവ്വ വസ്തുക്കളും നിലനിൽക്കുന്നത് ത്രിമാനങ്ങൾ ഉള്ള ആ മാദ്ധ്യമ ദ്രവ്യത്തിലാണ്.
ഇനി, ആ അക്യുവേറിയത്തിന് അകത്തുള്ള മത്സ്യങ്ങളും അതിനുള്ളിലെ ചെറിയ പാറകളും കല്ലുകളും ചെറിയ സസ്യജാലങ്ങളും എല്ലാം ജലം എന്ന ത്രിമാനങ്ങളുള്ള, ഹോളോഗ്രാഫിക് ആയ പ്രസ്തുത ആധാര ദ്രവ്യത്തിൽ സ്വയം പൊട്ടിമുളച്ച പ്രതിഭാസങ്ങൾ ആണെന്ന് വെറുതേ ഒന്ന് സങ്കൽപ്പിക്കുക. ഇപ്പോൾ, ആ അക്യുവേറിയം നമ്മുടെ സാഹചര്യത്തിന് സമാനമായ ഒരു ഉദാഹരണം ആയി. അക്യുവേറിയത്തിന് അകത്തുള്ള മത്സ്യങ്ങൾക്ക് ജലം എന്ന മാദ്ധ്യമം പോലെ തന്നെ ഹോളോഗ്രാഫിക് സ്ഥല-കാലങ്ങളുടെ (സ്പേസ്-ടൈം) ത്രിമാന ലോകത്തിൽ പൊട്ടി വിടർന്ന “ക്വാണ്ടം” നിലനിൽപ്പുകളാണ് പ്രപഞ്ചവും പ്രപഞ്ചത്തിലെ നമ്മളും പ്രപഞ്ചത്തിലെ മറ്റു സർവ്വതും. അക്യുവേറിയത്തിലെ ത്രിമാന മാദ്ധ്യമം ജലമാണെങ്കിൽ, സമസ്ത പ്രപഞ്ചവും നമ്മളും നിലനിൽക്കുന്ന ത്രിമാന മാദ്ധ്യമം സ്ഥല-കാലങ്ങൾ (സ്പേസ്-ടൈം) എന്ന പ്രതിഭാസമാണ്.
അക്യുവേറിയത്തിന് അകത്തുള്ള മത്സ്യത്തിന് നിലനിൽക്കുവാൻ ത്രിമാനങ്ങളുള്ള, ഹോളോഗ്രാഫിക് ആയ ജലം എന്ന ആധാര ദ്രവ്യ മാദ്ധ്യമം എപ്രകാരം അത്യന്താപേക്ഷിതമാണോ, അപ്രകാരം തന്നെ നമുക്കും സർവ്വ പ്രപഞ്ച വസ്തുക്കൾക്കും, പ്രപഞ്ച പ്രതിഭാസങ്ങൾക്കും നിലനിൽക്കുവാൻ സ്ഥല-കാലങ്ങൾ (സ്പേസ്-ടൈം) എന്ന ത്രിമാന മാദ്ധ്യമം അത്യന്താപേക്ഷിതമാണ്. സ്ഥലകാലങ്ങളിൽ മാത്രമേ നമുക്ക് ശരീര സമേതരായി നിലനിൽക്കുവാൻ കഴിയുകയുള്ളൂ. നമ്മൾ അടിസ്ഥാനപരമായി “ക്വാണ്ടം” നിലനിൽപ്പുകൾ ആണെങ്കിലും, നമ്മൾ ഇപ്പോൾ നിലനിൽക്കുന്നത് സ്ഥല-കാലങ്ങളുടെ പ്രതിഭാസത്തിൽ ശരീര-മനസ്സുകളുമായി വളരെ പരിമിതമാക്കപ്പെട്ട നിലയിലാണ്. അതുകൊണ്ട് സ്ഥല-കാലങ്ങളുടെ നിയമങ്ങൾ നമുക്ക് തികച്ചും ബാധകമാണ്. “സ്ഥലം” എന്നത് ഒരു പദാർത്ഥമാണ്, ഒരു ദ്രവ്യമാണ് എന്ന് നമുക്ക് സുവ്യക്തമാണ്. ഭൂമിയിലാണ് നമ്മൾ നിലനിൽക്കുന്നത്, ഭൂമി ദ്രവ്യമാണ്. ഭൂമി മാത്രമല്ല, ആകാശവും, ബഹിരാകാശവും, ഡാർക് മാറ്ററും, ഡാർക്ക് എനർജിയും എല്ലാം നിലനിൽക്കുന്നത് “സ്ഥലം” എന്ന പ്രതിഭാസത്തിലാണ്. എല്ലാം ദ്രവ്യ പദാർത്ഥങ്ങൾ തന്നെയാണ്. എന്നാൽ “കാലം” അല്ലെങ്കിൽ “സമയം” ദ്രവ്യമാണോ?
“സ്ഥലം” മാത്രമല്ല, “കാലവും” ദ്രവ്യം (മാറ്റർ) തന്നെയാണെന്ന് വേദങ്ങൾ ഉറപ്പിച്ചു പറയുന്നു. ഓരോ ബിഗ് ബാംഗിനെത്തുടർന്നും സോമവും വരുണവും അതി ശക്തമായ വേഗതയിൽ പ്രവഹിക്കുവാൻ തുടങ്ങി. സോമത്തോടൊപ്പം സൃഷ്ടികൾ നടത്തുവാനായി അഗ്നിയും കൂട്ടത്തിൽ പ്രവഹിക്കുന്നുണ്ട്. “അശ്വനി പ്രവാഹം” എന്നാണ് വേദങ്ങളിൽ കാലത്തെക്കുറിച്ച് പറയുന്നത്. “അശ്വനി” എന്ന പദത്തിൻ്റെ ശബ്ദാർത്ഥം “വേഗത്തിൽ സഞ്ചരിക്കുന്നത്” എന്നാണ്. “പ്രവഹിക്കുന്ന” ഒന്നിന് പിണ്ഡം (മാസ്സ്) ഉണ്ടായേ തീരൂ. അപ്രകാരം പ്രവഹിക്കുന്ന സോമവും അഗ്നിയും ചേർന്ന് രൂപം കൊടുത്ത സ്ഥല-കാലങ്ങളുടെ ഹോളോഗ്രാഫിക് ത്രിമാന മാദ്ധ്യമത്തിലാണ് സർവ്വ പ്രപഞ്ചവും രൂപം കൊള്ളുന്നത്. നമ്മൾ ഓരോരുത്തരും സ്ഥല-കാലങ്ങളുടെ ഈ ഹോളോഗ്രാഫിക് ത്രിമാന മാദ്ധ്യമത്തിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന “ക്വാണ്ടം” ജീവ ബിന്ദുക്കളാണ്.
കാല പ്രവാഹത്തിൻ്റെ വേഗത മനസ്സിൻ്റെ വേഗതയേക്കാളും, പ്രകാശത്തിൻ്റെ വേഗതയേക്കാളും എല്ലാം നിരവധി മടങ്ങ് വർദ്ധിച്ചതാണ് എന്ന് വേദങ്ങൾ പറയുന്നു. ആധുനിക സയൻസിൻ്റെ നിഗമനം അനുസരിച്ച് നമ്മുടെ കാണപ്പെടുന്ന പ്രപഞ്ചത്തിൻ്റെ മാത്രം വിസ്തൃതി 93 ബില്യൺ പ്രകാശവർഷമാണ്. ഒരു പ്രകാശവർഷം എന്നത് ഒൻപത് ട്രില്യൺ കിലോമീറ്റർ ആണ്. ഇത് നമ്മൾ അറിയുന്ന പ്രപഞ്ചത്തിൻ്റെ മാത്രം കണക്കാണ്. മൂന്ന് പകലുകളൂം മൂന്ന് രാത്രികളും കൊണ്ട് കാലപ്രവാഹം സർവ്വ പ്രപഞ്ചത്തിലും (ദൃശ്യ പ്രപഞ്ചത്തിൽ മാത്രമല്ല) ഒരു ആവർത്തി ചുറ്റിയടിക്കുന്നു എന്നാണ് വേദങ്ങൾ പ്രസ്താവിച്ചത്. അങ്ങിനെ നോക്കുമ്പോൾ, നമ്മുടെ ദൃശ്യ പ്രപഞ്ചത്തിൽ മാത്രം ഏകദേശം നൂറ്റി ഇരുപത്തി അഞ്ചു കോടി പ്രകാശ വർഷങ്ങളാണ് സമയത്തിൻ്റെ ഒരു മണിക്കൂറിലെ വേഗത എന്ന് നമുക്ക് നിർണ്ണയിക്കുവാൻ കഴിയും. കാല പ്രവാഹത്തിൻ്റെ ഈ വേഗത പ്രകാശത്തിൻ്റെ വേഗതയായോ, മനസ്സിൻ്റെ വേഗതയായോ ആയി താരതമ്യം ചെയ്യുവാൻ പോലും സാദ്ധ്യമല്ല.
ചുരുക്കത്തിൽ “സ്‌പേസ്-ടൈം” എന്നത് പ്രപഞ്ച നിലനിൽപ്പിൻ്റെ ഒരു അവിഭാജ്യ ഫീൽഡാണ്. “സ്പേസ്” എന്നത് “ടൈമി”ൽ നിന്ന് വേറിട്ട ഒന്നല്ല; ‘സ്പേസ്’ ഉള്ളതുകൊണ്ട് മാത്രമാണ് ‘ടൈം’ എന്ന തോന്നൽ ഉണ്ടാകുന്നത്. അതായത്, സ്‌പേസ്-ടൈം എന്നത് വെവ്വേറെ ഉള്ള നിലനിൽപ്പുകൾ അല്ല എന്നർത്ഥം. മറിച്ച് ‘സ്പേസ്-ടൈം’ എന്നത് എല്ലാ അസ്തിത്വങ്ങളേയും ഒരേ ചരടിൽ കോർത്തെടുക്കുന്ന ഒരൊറ്റ നിർമ്മിതിയാണ്.