
.
പ്രകൃതി ശക്തികളുടെ ആരാധനയാണ് വേദങ്ങളിൽ എന്നാണ് പൊതുവേ ഉള്ള ധാരണ. എന്നാൽ ഈ ആരാധനാ മന്ത്രങ്ങൾക്ക് ഇടക്ക് ഇലക്ട്രോണും, എനർജിയും, ആറ്റവും, മാറ്ററും, കോൺഷ്യസ്നെസും എല്ലാം സംയോജിച്ച് പ്രപഞ്ചവും ജീവജാലങ്ങളും എല്ലാം ഉണ്ടാകുന്ന കൃത്യമായ സയൻസ് വിസ്തരിക്കുന്നുണ്ട് വേദങ്ങളിൽ. സൃഷ്ടിയുടെ മൂലപ്പൊരുൾ ആയ അഗ്നിയിൽ നിന്നും സോമവും, അഗ്നിയും സോമവും വരുണവും ചേർന്ന് ഊർജ്ജകങ്ങളും, ഊർജ്ജകണങ്ങൾ ചേർന്ന് ആറ്റവും, പ്രപഞ്ച വസ്തുക്കളും എല്ലാം രൂപീകൃതമാകുന്നതിൻ്റെ വിശദാംശങ്ങൾ ചതുർ വേദങ്ങൾ നൽകുന്നു. എന്നാൽ അനുയോജ്യനായ ഒരു വേദാചാര്യൻ വിശദമാക്കിത്തരുമ്പോൾ മാത്രമേ ഇതെല്ലാം മനസ്സിലാകുകയുള്ളൂ എന്ന് മാത്രം. ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നമുക്ക് ലഭ്യമായിരിക്കുന്ന ആധുനിക “സയൻസി”ൻ്റെ വെളിച്ചത്തിൽ ചതുർ വേദങ്ങൾ അഭ്യസിക്കുവാനുള്ള ഒരു അവസരം ഇന്നുണ്ട്.
ഈ വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള ആപ്തകുലപതി ബ്രഹ്മശ്രീ എ മണികണ്ഠൻ തിരുമേനിയുടെ പ്രഭാഷണങ്ങൾ അദ്ദേഹത്തിൻ്റെ “ശാസ്ത്ര ഭാരതം” എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ് .

ലോകത്ത് ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതനമായ ഗ്രന്ഥ സമുച്ചയമാണ് ഭാരതത്തിൻ്റെ വേദങ്ങൾ. വേദങ്ങൾ മതേതരമായ, ലോകത്തിലെ സർവ്വ മനുഷ്യർക്കും ആവശ്യമായ വിജ്ഞാനം ഒളിഞ്ഞിരിക്കുന്ന ഒരു അമൂല്യ ഖനിയാണെന്ന സത്യം അധികം ആരും മനസ്സിലാക്കിയിട്ടില്ല. ചതുർ വേദങ്ങളുടെ ആധികാരികമായ ഒരു സംക്ഷിപ്‌തം ലളിതമായി പഠിക്കുവാനുള്ള ഒരു അവസരം യോഗാചാര്യ ബ്രഹ്മശ്രീ സനൽകുമാറിൻ്റെ ആഭിമുഖ്യത്തിൽ ആപ്തകുലപതി ബ്രഹ്മശ്രീ എ മണികണ്ഠൻ തിരുമേനി ഓൺലൈനായി നടത്തുന്ന ചതുർവേദ ക്ലാസ്സിലൂടെ ലഭ്യമാണെന്ന വിവരം അറിയുക്കുക എന്ന ധർമ്മം നിർവ്വഹിക്കുവാനാണ് ഈ പോസ്റ്റ് എഴുതുന്നത്.
എന്തുകൊണ്ട് പ്രകൃതി നിയമങ്ങൾ പഠിക്കണം?
ശ്രേഷ്ഠമായ ഒരു ജീവിതവും ശ്രേഷ്ഠമായ ഒരു മരണവും ഓരോ മനുഷ്യൻ്റേയും ജന്മാവകാശമാണ്. ഇവിടെ ഓരോ ജീവ ബിന്ദുവും എന്നും അന്വേഷിക്കുന്നത് മരണമില്ലാത്ത, നിത്യാനന്ദം നിറഞ്ഞ ജീവിതമാണ്. പക്ഷേ സർവ്വർക്കും ജീവിതത്തിൽ ലഭിക്കുന്നത് സുഖദുഃഖങ്ങളുടെ ഒരു റോളർ കോസ്റ്റർ യാത്ര മാത്രമാണ്. സുഖമോ ദുഖമോ, രണ്ടും, ഇവിടെ ശാശ്വതമല്ല. അങ്ങിനെ ഇരിക്കെ, ഒരുനാൾ, രോഗവും വാർദ്ധക്യവും, മരണവും വന്നണയും. ഭയചകിതരായി മരണത്തിന് മുൻപിൽ നമ്മൾ കീഴടങ്ങുന്നു. ഇതാണ് നമ്മുടെ ഇന്നത്തെ സ്ഥിതി.
പ്രപഞ്ചത്തിൽ നിലനിൽക്കുന്ന നിയമ വാഴ്ചയേയും, അതിനു പുറകിൽ ആച്ഛാദിതമായി നിൽക്കുന്ന പരമമായ ഒരു ബുദ്ധി വൈഭവത്തേയും നമ്മൾ അറിയേണ്ടതുണ്ട്. സനാതനഃ ധർമ്മം ഇക്കാര്യങ്ങളെല്ലാം പറഞ്ഞു തന്ന് ശരിയായ ദിശയിൽ വഴിനടത്തിക്കുവാനാണ് ശ്രമിക്കുന്നത്. സനാതനഃ ധർമ്മം വേദങ്ങളിൽ നൽകിയിരിക്കുന്ന അറിവുകളിൽ അധിഷ്ഠിതമായ ഒന്നാണ്. സനാതനഃ ധർമ്മം ഒരു മതമല്ല. മനുഷ്യ സൃഷ്ടിയോടൊപ്പം ലഭിച്ച ഒരു “യൂസർ മാന്വൽ” ആണ് സനാതനഃ ധർമ്മം. സനാതനമായ പ്രപഞ്ച നിയമങ്ങൾ മനസ്സിലാക്കി എടുത്ത് അത് സ്വാംശീകരിച്ച് ചിട്ടപ്പെടുത്തിയ ഒരു ജീവിത ശൈലിയാണ് ധർമ്മം. ഇക്കാരണം കൊണ്ട് അത്തരത്തിലുള്ള ജീവിത ശൈലി സനാതനഃ ധർമ്മം എന്നറിയപ്പെടുന്നു എന്നുമാത്രമേ ഉള്ളൂ. അല്ലാതെ അത് ഒരു മതമല്ല.
മനുഷ്യനെ ജീവിത ദുരിതങ്ങളിൽ നിന്നും, ആവർത്തിച്ചു വന്നുപോകുന്ന ജനന-മരണ ചക്രത്തിൽനിന്നും രക്ഷിച്ച്, ആനന്ദ സന്തുലിതമായ അമരത്വ അവസ്ഥ നൽകുക എന്നത് മാത്രമാണ് വേദങ്ങൾ ആയാലും, പുരാണങ്ങൾ ആയാലും, ഇതിഹാസങ്ങൾ ആയാലും, ഉപനിഷത്തുക്കൾ ആയാലും, ഭഗവത് ഗീതയായാലും, ബ്രഹ്മ സൂത്രമായാലും, സനാതനഃ ധർമ്മ ചര്യ ആയാലും എല്ലാം ശ്രമിക്കുന്നത്.
അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാക്കുവാൻ കഴിയുന്ന നിരവധി നിയമങ്ങൾ നമുക്കു ചുറ്റും പ്രവർത്തിക്കുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ക്രമമായി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സൂര്യൻ ഒരു ദിവസം പോലും ഉദിക്കാതിരുന്നിട്ടില്ല. ഒരു മണിക്കൂറിൽ 1670 കിലോമീറ്റർ ശരാശരി വേഗതിയിൽ ഒരിക്കലും നിറുത്താതെ സ്വന്തം അച്ചുതണ്ടിൽ ചുറ്റുന്ന ഭൂമി, ഒരിക്കലും തൻ്റെ ഭ്രമണം നിറുത്തിയിട്ടില്ല. ഒന്നര മില്ലിമീറ്റർ മാത്രം വ്യാസമുള്ള ആൽമരത്തിൻ്റെ വിത്തിനുള്ളിൽ അറുപത് അടി വരെ ഉയരം വയ്ക്കുന്ന ആൽമരം ഒളിച്ചു വച്ചിരിക്കുന്നു. ഇതെല്ലം എങ്ങിനെ സാധിക്കുന്നു?
ഇതിനെല്ലാം പുറകിൽ നമുക്ക് അജ്ഞാതമായ ഒരു പ്രപഞ്ച നിയമ വ്യവസ്ഥയുണ്ട്. അതേ നിയമ വ്യവസ്ഥ നമ്മുടെ ജീവിതത്തേയും, നമ്മുടെ സുഖ-ദുഃഖ അനുഭവങ്ങളേയും, നമ്മുടെ മരണത്തേയും എല്ലാം സ്വാധീനിക്കുന്നുണ്ട്. ആ പ്രപഞ്ച നിയമങ്ങൾ എല്ലാം സനാതനഃ ധർമ്മം പറഞ്ഞു തരുന്നുണ്ട്. ആയിരക്കണക്കിന് തലമുറകളിലൂടെ ആർജ്ജിച്ചു കൈമാറി വന്ന വിലപ്പെട്ട നിരവധി അറിവുകകൾ ഭാരതത്തിന് ഉണ്ട്. അതെല്ലാം ഒളിഞ്ഞിരിക്കുന്നത് വേദങ്ങളിലാണ്. ആ വേദങ്ങളിൽ അധിഷ്ഠിതമായിട്ടാണ് നമ്മുടെ ജീവിതത്തിന് മാർഗ്ഗ ദർശനം നൽകുന്ന സനാതനഃ ധർമ്മം നിലനിൽക്കുന്നത്. ഇതെല്ലാം മനസ്സിലാക്കി എടുത്തു ഈ ദുരിതങ്ങളിൽ നിന്നും കരകയറേണ്ടത് നമ്മുടെ ആവശ്യമാണ്. അതുകൊണ്ട്, വേദ പഠനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
വേദ പഠനത്തിന് ചില പശ്ചാത്തല അറിവുകൾ
ഇനി, വേദ പഠനത്തിന് ആവശ്യമായി വരുന്ന ചില അടിസ്ഥാന അറിവുകൾ പരിചയപ്പെടുത്താം. അടുത്തു തന്നെ പ്രസിദ്ധീകരിക്കുന്ന “അതിജീവനത്തിൻ്റെ ബാലപാഠങ്ങൾ” എന്ന എൻ്റെ പുസ്തകത്തിൽ നിന്നും എടുത്ത ചില ഭാഗങ്ങൾ മാത്രമാണ് ഇത്.
പ്രപഞ്ച സൃഷ്ടി സംഭവിക്കുന്നതിന് മുൻപ് സ്ഥല-കാലങ്ങൾ ഇല്ലാതിരുന്ന ഒരു ഘട്ടം ഉണ്ടായിരുന്നു. പ്രപഞ്ചം ഉണ്ടാകുന്നതിന് മുൻപുള്ള അനാദി ഘട്ടം. അന്ന് എവിടേയും ഒന്നുമില്ലായിരുന്നു. പ്രപഞ്ചങ്ങൾ ഇല്ല, ഭൂമിയില്ല, സൗരയൂഥങ്ങൾ ഇല്ല, പദാർത്ഥങ്ങൾ ഇല്ല, സ്ഥലമില്ല, കാലമില്ല, പ്രകാശമില്ല. ഗ്രാവിറ്റി ഇല്ല. മാഗ്നെറ്റിസം ഇല്ല. സൂര്യ ചന്ദ്രന്മാർ ഇല്ല. തനതായ, വേറിട്ട നിലനിൽപ്പുള്ള യാതൊന്നും ഉണ്ടായിരുന്നില്ല! ആകെ ഉണ്ടായിരുന്നത്, നിതാന്തമായ, ശുദ്ധ ശൂന്യമായ, അന്ധകാരം എന്ന ഏകത്വമായ അവസ്ഥ ഒന്ന് മാത്രമായിരുന്നു.
പ്രപഞ്ച സൃഷ്ടിയുടെ തുടക്കം
അന്ധകാരം എന്നത് വെളിച്ചത്തിൻ്റെ അഭാവമാണ്. ഏതെങ്കിലും ഒരു വസ്തു ജ്വലിക്കുമ്പോൾ മാത്രമാണ് പ്രകാശം ഉണ്ടാകുന്നത്. അതായത് പ്രകാശം ഉണ്ടാകുന്നതിന് മുൻപ് ജ്വലിക്കുവാൻ ആവശ്യമായ ഒരു പദാർത്ഥം അല്ലെങ്കിൽ ഒരു വസ്തു ഉണ്ടാകണം. പിന്നീട് അത് ജ്വലിക്കുവാൻ ഒരു കാരണം ഉണ്ടാകണം. എന്നാൽ, ഒരു വസ്തുവോ, പദാർത്ഥമോ, കാരണമോ ഉണ്ടാകുന്നതിന് മുൻപുള്ള അവസ്ഥയാണ് അന്ധകാരം മാത്രം ഉണ്ടായിരുന്ന തികച്ചും പ്രാഥമികമായ “ഏകത്വം” എന്ന അവസ്ഥ. ഇത്തരം ഒരു അവസ്ഥയിൽ നിന്നും ആണ് പുരാതന ഭാരതീയ വിജ്ഞാനം നൽകുന്ന അറിവ് അനുസരിച്ച് സൃഷ്ടി പ്രക്രിയ ആരംഭിക്കുന്നത്.
മേൽപ്പറഞ്ഞ ശുദ്ധ ശൂന്യ അവസ്ഥയിൽ അവിടെ രണ്ടാമത് ഒന്നില്ല. സൂന്യതയല്ലാതെ രണ്ടാമത് ഒന്നുമില്ലാത്തതുകൊണ്ട്, ആ ഏകത്വ അവസ്ഥയെ പുരാതന ഭാരതീയ ശാസ്ത്രം “പരബ്രഹ്മം” എന്ന് വിവക്ഷിച്ചു. ഈ “പരബ്രഹ്മം” ആരാലും സൃഷ്ടിക്കപ്പെട്ടതല്ല. “പരബ്രഹ്മം” സ്വയം സൃഷ്ടിക്കപ്പെട്ട ഒന്ന് ആയേ മതിയാവൂ. കാരണം, “പരബ്രഹ്മം” എന്ന നിത്യ നിതാന്ത ശൂന്യതയെ ആരെങ്കിലും സൃഷ്ടിച്ചതാണെങ്കിൽ, ആ ശൂന്യത സൃഷ്ടിച്ചയാളെ ആര് സൃഷ്ടിച്ചു, അയാളെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം അനന്തമായി ഉയരും. ആരാലും സൃഷ്ടിക്കപ്പെടേണ്ടതില്ലാത്ത, സ്വയം നിലനിൽപ്പുള്ള ഒന്നിൽ എത്തുന്നത് വരെ ആ ചോദ്യം ആവർത്തിക്കപ്പെടും. അതുകൊണ്ട്, “പരബ്രഹ്മം” സ്വയം നിലവിൽ വന്ന ഒരു അവസ്ഥ മാത്രമേ ആകുവാൻ സാധിക്കൂ. അത്തരം ഒരു നിഗമനത്തിൽ മാത്രമേ യുക്തിഭദ്രതയുള്ളൂ.
മാത്രവുമല്ല, “ബ്രഹ്മത്വ അവസ്ഥക്ക്” രൂപമില്ല. രൂപമുണ്ടായാൽ അത് ഒരു പരിമിതിയാണ്. രൂപമുള്ള എന്തിനും ആ രൂപത്തിനുള്ളിൽ ഏതെങ്കിലും ഒരു സ്ഥലത്ത്, ഏതെങ്കിലും ഒരു കാലത്തിൽ പരിമിതപ്പെട്ട് നിൽക്കുവാനേ കഴിയുകയുള്ളൂ. പരിമിതമായ ഒന്നിന് പ്രപഞ്ചം സൃഷ്ടിക്കുവാൻ കഴിയും എന്ന് അംഗീകരിക്കുവാൻ സാദ്ധ്യമല്ല. കാരണം അതിൽ യുക്തിയില്ല. അതിനാൽ, “പരബ്രഹ്മം” സർവ്വവ്യാപിത്വം ഉള്ള ഒന്നാണ് എന്ന് നിശ്ചയമാണ്. മാത്രമല്ല, “പരബ്രഹ്മം” മറ്റൊന്നിനാലും ഒരു വ്യതിയാനവും സംഭവിക്കുവാൻ ഇടവരാത്ത വിധം സ്വയം മാറ്റമില്ലാത്ത സ്ഥിരമായ ഒന്നായിരിക്കുകയും വേണം. കാരണം അപ്രകാരം മറ്റേതെങ്കിലും പുറമെ നിന്നുള്ള ഒരു വസ്തുവിന് “ബ്രഹ്മനിൽ” അധികാരം ചെലുത്തി അതിനെ മാറ്റങ്ങൾക്ക് വിധേയമാക്കുവാൻ കഴിയുമെങ്കിൽ അത് തീർച്ചയായും ഒരു പരിമിതിയാണ്. പരിമിതമായ ഒന്നിന് പ്രപഞ്ച സൃഷ്ടി നടത്തുവാൻ കഴിയുമെന്ന് കരുതുന്നതിൽ യുക്തിയില്ല.
അതിനാൽ, “പരബ്രഹ്മം” മറ്റൊന്നിനാലും സൃഷ്ടിക്കപ്പെടാത്ത, സ്വയം ഭൂവായ, സർവ്വ സാന്നിദ്ധ്യമുള്ള, സർവ്വ വ്യാപിയായ, ബാഹ്യ പ്രേരണയാൽ യാതൊരു മാറ്റങ്ങൾക്കും വിധേയമല്ലാത്ത, ദൃശ്യതയോ രൂപമോ ഇല്ലാത്ത നിത്യ നിതാന്ത ശൂന്യമായ ഏകത്വമാണ് എന്ന നിഗമനം യുക്തിഭദ്രമാണ്. ബാഹ്യമായ പ്രേരണകൾ ചെലുത്താൻ അപ്രകാരം രണ്ടാമതൊന്നു നിലവിൽ ഇല്ല എന്നും വിസ്മരിക്കരുത്. അതുകൊണ്ട് ഒരു കാര്യം നിശ്ചിതമാണ്, സർവ്വ സൃഷ്ടിയും നിലവിൽ കൊണ്ടുവരുന്നത് “പരബ്രഹ്മം” എന്ന് നമ്മൾ ഇപ്പോൾ വിളിച്ച ആ നിത്യനിതാന്ത ആദി അവസ്ഥയാണ്.
നമ്മൾ ഇപ്പോൾ യുക്തി ഉപയോഗിച്ച് കണ്ടെത്തിയ “ബ്രഹ്മനെ”യാണ് സൃഷ്ടാവായ “ദൈവം” എന്ന് ഭൂമിയിലെ മതങ്ങൾ വിവക്ഷിച്ചത്. പല മതങ്ങളും പല പേരുകൾ നൽകി എന്ന് മാത്രമേ ഉള്ളൂ. അബ്രഹാമീയ മതങ്ങളിൽ യഹ്‌വ, യഹോവ, അള്ളാഹു എന്ന പേരിൽ അറിയപ്പെടുന്നു. സനാതനഃ ധർമ്മത്തിൽ “പരബ്രഹ്മം” എന്നാണ് പേര്. ഇത്രയൊക്കെ വ്യത്യാസമേ ഉള്ളൂ. എല്ലാം ഒരേ ധാരണകൾ തന്നെയാണ്. ഒരേ വ്യക്തി തന്നെ ഒരാൾക്ക് അച്ഛനും, മറ്റൊരാൾക്ക് ഭർത്താവും, മറ്റൊരാൾക്ക് മകനും എല്ലാം ആയിരിക്കുന്നത് പോലെ മാത്രമാണ് ഇതും. യഥാർത്ഥത്തിൽ മതങ്ങൾ തമ്മിൽ ഒരു കലഹത്തിനും അടിസ്ഥാനമില്ല.
സയൻസ് അറിയുന്ന പ്രപഞ്ചം
ഇന്ന് നമ്മൾ അറിയുന്ന ഈ പ്രപഞ്ചത്തിൻ്റെ വലിപ്പം എത്ര ഉണ്ട്? ആധുനിക സയൻസിൻ്റെ അറിവ് അനുസരിച്ച്, പ്രപഞ്ച നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന ‘വസ്തു’ എന്താണ്? എന്ത് ‘വസ്തു’ ഉപയോഗിച്ചാണ് പ്രപഞ്ച നിർമ്മാണത്തിനുള്ള ‘വസ്തു’ നിർമ്മിച്ചിരിക്കുന്നത്?
ഹോളിസ്റ്റിക് മെഡിസിനിൽ ലോകത്ത് അറിയപ്പെടുന്ന വിദഗ്ധനും വ്യക്തികളുടെ പരിവർത്തന പരിശീലകനുമായ ഡോ.ദീപക് ചോപ്ര ഇതിനുള്ള ഉത്തരം ഒരു സംഗ്രഹമായി നൽകിയിട്ടുണ്ട്. ഈ പ്രപഞ്ചം “ആറ്റങ്ങൾ” കൊണ്ട് നിർമ്മിച്ചതാണെന്ന് ആരെങ്കിലും ഉത്തരം നൽകിയാൽ, അത് തെറ്റായ ഉത്തരമായിരിക്കും. കാരണം, ഒരു ആറ്റത്തിനുള്ളിൽ കുറഞ്ഞത് രണ്ട് ഡസൻ സബ് ആറ്റോമിക് കണങ്ങളെങ്കിലും ഇന്ന് കണ്ടെത്തിയിട്ടുണ്ട്. എന്തായാലും, “ആറ്റം” എന്ന ഉത്തരം തന്നെ നമുക്ക് കാണാനും, സ്പർശിക്കാനും, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാനും കഴിയുന്ന വസ്തുക്കൾക്ക് മാത്രമേ ബാധകമാകൂ.
അറിയപ്പെടുന്ന പ്രപഞ്ചത്തിൽ, പ്രപഞ്ചത്തിൻ്റെ ഏകദേശം 4% മാത്രമേ ആറ്റം അടിസ്ഥാനമാക്കിയുള്ള ദ്രവ്യ വസ്തുക്കളാൽ നിർമ്മിതമായിട്ടുള്ളൂ. ഈ നാലു ശതമാനത്തിൽ ദൃശ്യവും അദൃശ്യവുമായ നിലനിൽപ്പുകൾ ഉൾപ്പെടുന്നു. ആധുനിക ശാസ്ത്രം പറയുന്നതെല്ലാം ആ നാലു ശതമാനത്തെപ്പറ്റി മാത്രമാണ്. പ്രപഞ്ചത്തിൻ്റെ ബാക്കി 96% നിഗൂഢമായ ഇരുണ്ട ദ്രവ്യവും ഡാർക്ക് എനർജിയും കൊണ്ട് നിർമ്മിതമാണ്. ആധുനിക ശാസ്ത്രം വിശ്വസിക്കുന്നത് ഇരുണ്ട ദ്രവ്യവും ഇരുണ്ട എനർജിയും ഗാലാക്സികളെ ഒരു പശ പോലെ ഒന്നിച്ചു നിർത്തുന്നു എന്നാണ്.
ഇനി, നമ്മൾ നേരത്തെ സൂചിപ്പിച്ച ആറ്റം അടിസ്ഥാനമാക്കിയുള്ള സൃഷ്ടിയുടെ 4% നോക്കാം. ഇന്ന് ഭൗതിക ശാസ്ത്രം ‘അറിയുന്നു’ എന്നു പറയുന്ന ഈ 4% പ്രപഞ്ചത്തിൻ്റെ 99.9 ശതമാനവും “ഇൻ്റർസ്റ്റെല്ലാർ ഡസ്റ്റ്” ആണ്. ഈ പൊടി പടലങ്ങളാൽ നമുക്ക് ഒന്നും കാണുവാനും, സ്പർശിക്കുവാനും കഴിയില്ല. ഇതിനർത്ഥം നമുക്ക് കാണുവാനോ സ്പർശിക്കുവാനോ കഴിയുന്ന പ്രപഞ്ചം വെറും 0.1% മാത്രമാണ് എന്നാണ്. ഇനി ഈ 0.1% പ്രപഞ്ചത്തിൻ്റെ വ്യാപ്തി എത്രയാണ് എന്ന് നോക്കാം.
ഈ ഡാർക്ക് എനർജിയെ ആണ് വേദ പഠന ക്‌ളാസിൽ “സോമം” എന്ന പേരിൽ പരിചയപ്പെടുത്തുന്നത്. അഗ്നി തന്നെ സ്വയം തൻ്റെ സ്വഭാവത്തിൻ്റെ നേരേ വിപരീത സ്വഭാവത്തിലേക്ക് മാറുന്നതാണ് സോമം. സോമവും, വരുണവും, അഗ്നിത്വവും കൂടിയാണ് ഊർജ്ജ കണങ്ങൾ (ഇലക്ട്രോൺസ്) ആകുന്നത്. ഊർജ്ജകങ്ങൾ ആറ്റവും, ആറ്റം സംയോജിച്ച് വസ്തുക്കളും ഉണ്ടാകുന്നു. E=mc² എന്ന പ്രസിദ്ധമായ ഇക്യുവേഷൻ പിണ്ഡവും ഊർജ്ജവും പരസ്പരം മാറ്റാവുന്നതാണെന്ന് ഉറപ്പിച്ചു പറയുന്നു. പ്രായോഗികമായി, ഇത് അർത്ഥമാക്കുന്നത് ഒരു ചെറിയ അളവിലുള്ള പിണ്ഡത്തെ ഒരു വലിയ അളവിലുള്ള ഊർജ്ജമാക്കി മാറ്റാമെന്നും, അപ്രകാരം തിരിച്ചും ചെയ്യാമെന്നുമാണ്. ഇത് സംഭവിക്കുന്നത് എങ്ങിനെ എന്നാണ് വേദത്തിൽ പറയുന്നത് എന്ന് പുറകേ നമുക്ക് മനസ്സിലാകും.
ആ പ്രപഞ്ചത്തിൽ നമുക്ക് കാണാൻ കഴിയുന്ന രണ്ട് ട്രില്യൺ ഗാലക്സികൾ ഉണ്ട്. എന്താണ് രണ്ട് ട്രില്യൺ എന്ന് പറഞ്ഞാൽ? രണ്ട് ട്രില്യൺ എന്നാൽ, ഒരു 2 എന്നെഴുതി അതിനെ തുടർന്ന് 12 പൂജ്യങ്ങൾ ഇട്ടാൽ ലഭിക്കുന്ന സംഖ്യയാണ്! ഇതാണ് ശാസ്ത്രത്തിന് ദൃശ്യമായ ഗലാക്സികളുടെ എണ്ണം. ക്ഷീരപഥം എന്നറിയപ്പെടുന്ന ഗാലക്സിയിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ ഗാലക്സിയിൽ മാത്രം 10 ബില്യൺ നക്ഷത്രങ്ങളുണ്ട്. അതായത്, 10-ന് ശേഷം 8 പൂജ്യങ്ങൾ! ഓരോ നക്ഷത്രത്തിനും ചില ഗ്രഹങ്ങളുണ്ട്. ഗ്രഹങ്ങളുള്ള അത്തരം ഒരു നക്ഷത്രമാണ് നമ്മുടെ സൂര്യൻ. രണ്ട് ട്രില്യൺ ഗാലക്‌സികൾക്ക് മൊത്തം 700 സെക്‌സ്റ്റില്ല്യൺ ഗ്രഹങ്ങളാണ് – നമ്മുടെ സൗരയൂഥത്തിലുള്ളതിന് സമാനമായ ഗ്രഹങ്ങൾ. അതായത്, 700-ന് ശേഷം 21 പൂജ്യങ്ങൾ. ആലോചിച്ച് നോക്കൂ. ഇപ്പറഞ്ഞതെല്ലാം നമുക്ക് അറിയാമെന്ന് നമ്മൾ അവകാശപ്പെടുന്ന പ്രപഞ്ചത്തിൻ്റെ വെറും 0.1% ആണ്. നമുക്ക് അറിയാം എന്ന് നമ്മൾ അവകാശപ്പെടുന്ന പ്രപഞ്ചം അതിൻ്റെ യഥാർത്ഥ വലിപ്പം വച്ച് നോക്കുമ്പോൾ എത്ര ചെറുതാണ്!
സയൻസ് അറിയുന്ന നിലനിൽപ്പിൻ്റെ മൂന്ന് തലങ്ങൾ
മേൽപ്പറഞ്ഞ വിവരണത്തിൽ നിന്ന്, ആധുനിക സയൻസ് പ്രപഞ്ചത്തിലെ അസ്തിത്വത്തിൻ്റെ മൂന്ന് തലങ്ങളെയാണ് ഇതുവരെ തിരിച്ചറിയുന്നത് എന്ന് നമുക്ക് കാണാം. സയൻസ് അറിയുന്ന ഈ മൂന്ന് തലങ്ങൾ ചുവടെ സംഗ്രഹിച്ചിരിക്കുന്നു.
ഒന്നാമത്തേത്, ഭൗതിക “ആറ്റം” അടിസ്ഥാനമാക്കിയുള്ള ഒരു ‘ദൃശ്യ’ പ്രപഞ്ചം. പത്ത് ബില്യൺ നക്ഷത്രങ്ങളുള്ള രണ്ട് ട്രില്യൺ ഗാലക്സികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ നമ്മുടെ ഗ്രഹവും സൗരയൂഥവും എല്ലാം ഉൾപ്പെടുന്നു, കൂടാതെ, അതിലുള്ള നമ്മളെല്ലാവരും ഉൾപ്പെടുന്നു. ഈ 10 ബില്യൺ നക്ഷത്രങ്ങൾക്ക് ആകെ 700 സെക്‌സ്‌റ്റില്യൺ ഗ്രഹങ്ങളുണ്ട്. ഇപ്രകാരമുള്ള ദൃശ്യ പ്രപഞ്ചം ശാസ്ത്രത്തിന് അറിയാവുന്ന പ്രപഞ്ചത്തിൻ്റെ 0.1% മാത്രമാണ്.
രണ്ടാമത്തേത്, ഫിസിക്കൽ “ആറ്റം” അടിസ്ഥാനമാക്കിയുള്ളത് ആണെങ്കിലും, ഇൻ്റർസ്റ്റെല്ലാർ ഡസ്റ്റ് എന്ന് വിളിക്കുന്ന അദൃശ്യ പ്രപഞ്ചത്തിൻ്റെ തലമാണ്. ഇൻ്റർസ്റ്റെല്ലാർ ഡസ്റ്റ് ചെറിയ ഖരകണങ്ങളാണ്. സാധാരണയായി മനുഷ്യൻ്റെ മുടിയുടെ വ്യാസത്തിൻ്റെ 0.0001% ൽ താഴെയാണ്, ആ ധൂളിയുടെ വലിപ്പം. ഈ ധൂളികൾ നക്ഷത്രാന്തര വാതകവുമായി കലർന്നാണ് നിലനിൽക്കുന്നത്. ഇപ്രകാരമുള്ള അദൃശ്യ പ്രപഞ്ചം ശാസ്ത്രത്തിന് അറിയാവുന്ന പ്രപഞ്ചത്തിൻ്റെ 3.9% ആണ്.
മൂന്നാമത്തേത്, പൂർണ്ണമായും അദൃശ്യമാണ് ഇരുണ്ട ദ്രവ്യവും ഇരുണ്ട ഊർജ്ജവും. ആധുനിക ശാസ്ത്രം ഇതിനെ ആറ്റം അടിസ്ഥാനമാക്കിയുള്ള പദാർത്ഥമായി കണക്കാക്കുന്നു. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, സയൻസ് അതിനെ ‘ബാരിയോണിക്’ ദ്രവ്യമായിട്ടാണ് കാണുന്നത്. ശാസ്ത്രത്തിന് അറിയാവുന്ന പ്രപഞ്ചത്തിൻ്റെ 96 ശതമാനവും ഇതാണ്. പ്രകാശവുമായോ വൈദ്യുതകാന്തിക മണ്ഡലവുമായോ സംവദിക്കാത്ത ദ്രവ്യത്തിൻ്റെ ഒരു സാങ്കൽപ്പിക രൂപമാണ് ഇരുണ്ട ദ്രവ്യം എന്നാണിതിനെ സയൻസ് വിശദീകരിക്കുന്നത്. പ്രപഞ്ചത്തിൽ അഗാധമായ സ്വാധീനം ചെലുത്തുന്ന ഊർജത്തിൻ്റെ അജ്ഞാത രൂപമാണ് ഡാർക്ക് എനർജി എന്നാണ് സയൻസിൻ്റെ വീക്ഷണം. പ്രപഞ്ചത്തിൻ്റെ വികാസത്തെ ത്വരിതപ്പെടുത്തുക എന്നതാണ് ഡാർക്ക് എനർജിയുടെ പ്രാഥമിക പ്രഭാവം.
അസ്തിത്വത്തിൻ്റെ മേൽപ്പറഞ്ഞ മൂന്ന് തലങ്ങളും ഒരേ ‘സ്പേസിൽ’ ഒന്നിനുള്ളിൽ, അടുത്തത്, അതിനുള്ളിൽ അതിനടുത്തത് എന്ന രീതിയിൽ കൂട്ടിനകത്ത് കൂടുകൾ കൂട്ടുന്നതുപോലെ ഒരേസമയം ഒരേ സ്ഥലത്ത് നിലനിൽക്കുന്നതായി നമുക്ക് കാണാൻ കഴിയും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മൊത്തത്തിലുള്ള 96% വരുന്ന ഇരുണ്ട ദ്രവ്യം-ഊർജ്ജ-സമുച്ചയം, പ്രപഞ്ചത്തിൻ്റെ 3.9% വരുന്ന അദൃശ്യ പ്രപഞ്ചത്തെ തൻ്റെ മടിയിൽ ഇരുത്തിയിരിക്കുന്നു. ആ അദൃശ്യ പ്രപഞ്ചം 0.1% വരുന്ന ദൃശ്യപ്രപഞ്ചത്തിനെ അതിൻ്റെ മടിയിൽ ഇരുത്തിയിരിക്കുന്നു. ഈ ക്രമീകരണത്തെ “ഫ്രാക്ടൽ” ക്രമീകരണം എന്നാണ് സയൻസിൽ പറയുന്നത്. “ഫ്രാക്ടൽ” ക്രമീകരണത്തിൽ, പ്രശസ്തമായ റഷ്യൻ മാട്രിയോഷ്‌ക പാവകളെപ്പോലെ, വലിയ ഒരു പാവ ചെപ്പിനുള്ളിൽ, ചെറിയ ഒന്ന്, അതിനുള്ളിൽ അതിലും ചെറിയ മറ്റൊന്ന് എന്ന ക്രമത്തിൽ തുടർച്ചായി അടുക്കുകയാണ് ചെയ്യുന്നത്. എല്ലാത്തിൻ്റേയും മാതൃക ഒന്നായിരിക്കും, വലുപ്പം മാത്രം കുറഞ്ഞു കുറഞ്ഞു വരും എന്നർത്ഥം. ഇത്രയും ആണ് ആധുനിക ശാസ്ത്രം ഈ വിഷയത്തിൽ ഇതുവരെ മനസ്സിലാക്കിയിരിക്കുന്നത്.
ഭാരതീയ ശാസ്ത്രങ്ങളിലെ നിലനിൽപ്പിൻ്റെ നാല് തലങ്ങൾ
സഹസ്രാബ്ദങ്ങൾക്കുമുമ്പ് തന്നെ, പുരാതന ഭാരതീയ വിജ്ഞാനം അസ്തിത്വത്തിന് മേൽപ്പറഞ്ഞ മൂന്ന് തലങ്ങൾ മാത്രമല്ല, നാലാമത് ഒരു തലവും കൂടി തിരിച്ചറിഞ്ഞിരുന്നു. ആ നാലാമത്തെ തലം പരമ സൂക്ഷ്മവും അതോടൊപ്പം അതിശക്തവുമായ ഒന്നാണ്. അത് മാത്രമല്ല, ഈ നാലാമത്തെ അധിക തലം ആദ്യം പറഞ്ഞ മൂന്ന് തലങ്ങൾ ഫ്രാക്റ്റലായി സ്വന്തം മടിയിൽ നിലനിർത്തുന്നു. താമസിയാതെ, ആ നാലാം തലവും സയൻസ് കണ്ടുപിടിക്കാൻ സാദ്ധ്യതയുണ്ട് എന്ന് നമുക്ക് പ്രതീക്ഷിക്കാം .
അടിസ്ഥാനപരമായി, ഭാരതീയ വിജ്ഞാന ശാസ്ത്രമനുസരിച്ച്, രണ്ട് തരത്തിലുള്ള ലോകങ്ങളാണുള്ളത്. അതായത് ദൃഷ്ടിഗോചരമായ ലോകം ഒന്ന്; ദൃഷ്ടിഗോചരമല്ലാത്ത ലോകം മറ്റൊന്ന്. നമ്മുടെ പഞ്ചേന്ദ്രിയങ്ങളാൽ നമുക്ക് അറിയുവാൻ കഴിയുന്ന ലോകമാണ് ദൃഷ്ടിഗോചരമായ ലോകം. ദ്രവ്യവും ഊർജവും സ്ഥലവും സമയവും കൊണ്ട് പരിമിതപ്പെടുത്തിയ, പഞ്ചേന്ദ്രിയങ്ങളാൽ അനുഭവിച്ചറിയുവാൻ കഴിയുന്ന ലോകത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് അറിയുവാൻ കഴിയാത്ത എന്നാൽ ചില പ്രത്യേക ഗുണമുള്ള മനസ്സിലൂടെ മാത്രം അറിയുവാൻ കഴിയുന്ന മറ്റൊരു ലോകം ഉണ്ട്. അതിന് അർത്ഥം, ആ ലോകം കാണുവാനോ, സ്പർശിക്കുവാനോ, മണക്കുവാനോ, കേൾക്കുവാനോ, അനുഭവിക്കുവാനോ കഴിയില്ല. അതിനാൽ, അസ്തിത്വത്തിൻ്റെ ആദ്യ രണ്ട് തലങ്ങൾ സാധാരണമായ അസ്തിത്വമാണ്, നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ ആദ്യ രണ്ടു തലങ്ങളെ സമീപിക്കുവാൻ കഴിയും. അസ്തിത്വത്തിൻ്റെ അടുത്ത രണ്ട് തലങ്ങൾ (പുരാതന ഭാരതീയ ശാസ്ത്രങ്ങൾക്ക് അറിയാമായിരുന്ന നാലാമത്തെ തലം ഉൾപ്പെടെ) പഞ്ചേന്ദ്രിയങ്ങൾക്ക് അതീതമാണ്. അവ ‘ഉയർന്ന’ നിലയിലുള്ള അവബോധ മനസ്സിലൂടെ മാത്രമേ സമീപിക്കാൻ കഴിയൂ.
പ്രപഞ്ചത്തിലെ നിലനിൽപ്പുകൾ ദൃശ്യവും അദൃശ്യവുമാകുമെന്ന് നമ്മൾ കണ്ടു കഴിഞ്ഞു. സാധാരണഗതിയിൽ, ഏതെങ്കിലും വസ്തുവിന് “ജീവനുണ്ട്” എന്ന് നമ്മൾ കരുതണം എങ്കിൽ, അത് ദൃശ്യവും സ്വയം ചലിക്കുന്നവയും ആയിരിക്കും എന്ന് നമ്മൾ അന്ധമായി വിശ്വസിക്കുന്നു. പുരാതന ഭാരതീയ ശാസ്ത്രം നൽകുന്ന അറിവുകൾ അനുസരിച്ച്, മുഴുവൻ പ്രപഞ്ചവും, അതിലുള്ള സർവ്വതും ജീവനുള്ളവയാണ്. കാരണം, സത്യത്തിൽ, നിലനിൽപുള്ള സർവ്വതും മൊത്തത്തിൽ ഒരൊറ്റ അസ്തിത്വമാണ്, ഒരൊറ്റ ജീവനാണ് – “പരബ്രഹ്മൻ”. അതേ സമയം, അവക്കെല്ലാം തന്നെ വേറിട്ട വ്യക്തിഗത ജീവിതവും അസ്തിത്വവും ഉണ്ട് താനും.
നമ്മുടെ മനുഷ്യ ശരീരത്തിലും ഇതേ മാതൃക കാണാം. നമ്മുടെ ഭൗതിക ശരീരം വിവിധ വലുപ്പത്തിലും ആകൃതിയിലും പ്രവർത്തനത്തിലും ഉള്ള ഏകദേശം 30 ട്രില്യൺ വ്യക്തിഗത കോശങ്ങൾ ചേർന്നതാണ്. വ്യക്തിഗതമായി, അവ 30 ട്രില്യൺ വ്യത്യസ്ത അസ്തിത്വങ്ങളാണ്. എന്നാൽ അവയെല്ലാം ഒരുമിച്ച്, നമ്മൾ ഒരൊറ്റ മനുഷ്യനാണ്.
അതുപോലെ, ഒരു വസ്തുവിൻ്റെ “ഭൗതികത” , അല്ലെങ്കിൽ ഖര സ്വഭാവം, കുറയുമ്പോൾ അതിൻ്റെ സ്വാതന്ത്ര്യം വർദ്ധിക്കുന്നതും നമുക്ക് കാണാം. ഒരു വസ്തുവിൻ്റെ “ഭൗതികത” എന്നത്, ആ വസ്‌തു അത് നിലനിൽക്കുന്ന സ്ഥലവും സമയവും ആയി നിലനിറുത്തുന്ന ബന്ധമാണ്. എന്തെങ്കിലും ഒരു വസ്തുവിന്, ഏതെങ്കിലും വിധത്തിലുള്ള ഒരു ശാരീരിക സാന്നിദ്ധ്യമുണ്ടെങ്കിൽ, ആ വസ്തുവിന് സ്ഥലത്തിൻ്റേയും കാലത്തിൻ്റേയും നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ‘മനസ്സിന്’ ഖര സ്വഭാവം ഇല്ലാത്തതിനാൽ, നമുക്ക് മനസ്സുകൊണ്ട് തൽക്ഷണം നമ്മൾ ആഗ്രഹിക്കുന്ന എവിടേയും എത്തിച്ചേരാനാകും. എന്നാൽ നമ്മുടെ ശരീരം അതേ സ്ഥലത്ത് എത്തണമെങ്കിൽ, അത് സമയം എടുത്ത് യാത്ര ചെയ്യുകയും അവിടെ എത്തുകയും വേണം. ഇതേ കാര്യം മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഏതെങ്കിലും ഒരു വസ്തു കൂടുതൽ ദൃശ്യമാകുമ്പോൾ അതിൻ്റെ സ്വാതന്ത്ര്യം കുറയുന്നതായി കാണാം. പോസ്റ്റ് ഓഫീസിൽ പോയി പോസ്റ്റ് ചെയ്യുന്ന ഒരു കത്തും, ഇലക്ട്രോണിക് ഉപകരണത്തിലൂടെ അയക്കുന്ന ഒരു കത്തും ലക്ഷ്യ സ്ഥാനത്ത് എത്തുവാൻ എടുക്കുന്ന സമയം മറ്റൊരു ഉദാഹരണം.
ഇത് കൂടുതൽ മനസ്സിലാക്കുവാൻ വേണ്ടി H2O എന്ന ജലത്തിൻ്റെ ഉദാഹരണം എടുക്കാം. അതേ H2O തന്നെയാണ് യാതൊരു സ്വാതന്ത്ര്യവും ഇല്ലാത്ത, ഒരു സ്ഥലത്ത് വച്ചാൽ വച്ചിടത്ത് ഇരിക്കുന്ന, ഒരു ഖര ഐസ് കട്ടയായി മാറുന്നത്. എന്നാൽ, അതേ H2O ദ്രവജലമായി മാറുമ്പോൾ, അതിന് ഏത് ദിശയിലേക്കും ഒഴുകി മാറുവാനുള്ള സ്വാതന്ത്ര്യം കൈവരുന്നു. അതേ H2O ജലബാഷ്പമായി മാറുമ്പോൾ, അത് വളരെ സൂക്ഷ്മവും അദൃശ്യവുമായി മാറുന്നു, പക്ഷേ അതിന് എല്ലാ ദിശകളിലേക്കും സ്വയം ചലിക്കുവാനുള്ള സ്വാതന്ത്ര്യം കൈവന്നു. ഒരു വസ്‌തുവിൻ്റെ ഭൗതികമായ സാന്നിദ്ധ്യം കുറഞ്ഞുവരുന്നതോടെ, അത്തരം സാന്നിദ്ധ്യത്തിന് കൂടുതൽ ശക്തി ലഭിക്കുന്നു. അതുപോലെ തന്നെ, ഒരു സാന്നിദ്ധ്യത്തിന് ഭൗതികത അല്ലെങ്കിൽ ഖര സ്വഭാവം കൈവരിക്കുമ്പോൾ അതിൻ്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്ന് ഇത് തെളിയിക്കുന്നു.
നമ്മൾ, മനുഷ്യർ, വളരെ സ്ഥൂലമായ ഭൗതിക ഘടന ഉള്ളവരാണ്. അതുകൊണ്ട് തന്നെ നമ്മൾ പരിമിതരാണ്. പക്ഷേ, നമ്മുടെ സ്ഥൂലത ക്രമേണ കുറയ്ക്കാനും കൂടുതൽ കൂടുതൽ സൂക്ഷ്മമായി മാറുവാനും, സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിൽ മുന്നേറുവാനും, നമുക്ക് കഴിവുണ്ട്. അപ്രകാരം നമ്മുടെ സ്ഥൂലത കുറക്കുവാനും, പരിമിതികളിൽ നിന്നും ഉള്ള ‘മുക്തി’ അല്ലെങ്കിൽ ശാശ്വത സ്വാതന്ത്ര്യം നേടുവാനും ആവശ്യമായ വിധത്തിൽ നമ്മുടെ ഇന്നത്തെ ജീവിതം നയിക്കാനുള്ള സാദ്ധ്യത നൽകുന്ന സാങ്കേതിക വിദ്യകൾ പുരാതന ഭാരതീയ ശാസ്ത്രങ്ങൾ നൽകുന്നുണ്ട്.
ചുരുക്കത്തിൽ, ‘ജീവൻ’ ദൃശ്യമായോ അദൃശ്യമായോ നിലനിൽക്കുന്നുണ്ട്. ഒരു ‘ജീവൻ’ എത്രത്തോളം ദൃശ്യമല്ലാതിരിക്കുന്നുവോ, അത്രത്തോളം കൂടുതൽ അത് സ്വതന്ത്രവും ശക്തവുമാണ്. ഭാരതീയ ശാസ്ത്രങ്ങൾ നൽകുന്ന അറിവുകൾ അനുസരിച്ച്, അസ്തിത്വത്തിന് നാല് തലങ്ങളുണ്ട്, ആധുനിക സയൻസ് അറിയുന്നതുപോലെ മൂന്നു തലങ്ങൾ അല്ല. ആ നാല് തലങ്ങൾ സ്ഥൂലം, സൂക്ഷ്മം, ശൂന്യം, ശിവം എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഒന്നിനൊന്ന് വർദ്ധിച്ചുവരുന്ന സ്വാതന്ത്ര്യത്തിൻ്റേയും ശക്തിയുടേയും തലങ്ങൾ ആണവ:
മനുഷ്യരായ നമ്മെപ്പോലേയോ നമ്മുടെ ഗ്രഹമായ ഭൂമിയെപ്പോലേയോ സ്ഥൂല ശരീരമുള്ള അസ്തിത്വത്തിൻ്റെ പൂർണ്ണമായും ദൃഷ്ടി ഗോചരമായ നിലയാണ് അസ്തിത്വത്തിൻ്റെ “സ്ഥൂല” തലം. മനുഷ്യരും ഭൂമി എന്ന ഗ്രഹവും ജീവനുള്ള നിലനിൽപ്പുകൾ ആണ്. ഭൂമി എന്ന ഗ്രഹത്തിന് ജീവൻ ഇല്ലായിരുന്നുവെങ്കിൽ, നമുക്ക് ഭക്ഷിക്കുവാനായി, ഒരു മാമ്പഴം ഭൂമിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുവാൻ ഭൂമിക്ക് കഴിയുമായിരുന്നില്ല. നമ്മുടെ ഭൂമിയിലെ സസ്യജന്തുജാലങ്ങളുടെ മുഴുവൻ രാജികളും നിലനിറുത്തുന്നത് ഭൂമി എന്ന ഗ്രഹമാണ്. ഭൂമി ഒരു ജീവനാണ്. ആറ്റങ്ങളാൽ നിർമ്മിതമായ എല്ലാ ദൃശ്യ വസ്തുക്കളും നിലനിൽപ്പിൻ്റെ “സ്ഥൂല” തലത്തിലാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അതായത്, 0.1% ആറ്റം അടിസ്ഥാനമാക്കിയുള്ള സയൻസിൻ്റെ പ്രപഞ്ചം ഭാരതീയ ശാസ്ത്രത്തിലെ “സ്ഥൂല” അസ്തിത്വമാണ്. പത്ത് ബില്യൺ നക്ഷത്രങ്ങളും, രണ്ട് ട്രില്യൺ ഗാലക്സികളും, എഴുനൂറ് സെക്‌സ്‌റ്റില്യൻ ഗ്രഹങ്ങളും എല്ലാം ഇതിൽപ്പെടും.
അസ്തിത്വത്തിൻ്റെ രണ്ടാമത്തെ സൂക്ഷ്മതലം അടുത്ത തലമാണ്, അതിനെ “സൂക്ഷ്മ” നില എന്ന് വിളിക്കുന്നു. നമ്മുടെ മനസ്സ് അല്ലെങ്കിൽ നേരത്തെ ചർച്ച ചെയ്ത നക്ഷത്രാന്തര പൊടിപടലം പോലെ ഈ നില അദൃശ്യമാണ്. പൊടിപടലങ്ങൾ ആറ്റത്തെ അടിസ്ഥാനമാക്കിയുള്ളത് തന്നെയാണ്. പക്ഷേ അവ വളരെ വളരെ ചെറുതായത് കൊണ്ട് ദൃഷ്ടിഗോചരം അല്ല എന്നുമാത്രമേ ഉള്ളൂ. ശാസ്ത്രം വിശദീകരിച്ച പ്രപഞ്ചത്തിലെ 3.9% ആറ്റം അടിസ്ഥാനമാക്കിയുള്ള, അദൃശ്യ മായ ഇൻ്റർസ്റ്റെല്ലാർ ധൂളികൾ, ഭാരതീയ ശാസ്ത്രത്തിലെ “സൂക്ഷ്മ” നിലയാണ്.
അസ്തിത്വത്തിൻ്റെ അതിലും സൂക്ഷ്മമായ മൂന്നാമത്തെ തലം “ശൂന്യ” തലമാണ്. അത് ആറ്റങ്ങളില്ലാത്ത ഒരു ശക്തിമണ്ഡലത്തിൻ്റെ സാന്നിദ്ധ്യമാണ്. അത് ആറ്റം അടിസ്ഥാനമാക്കിയുള്ളതല്ല. ഇത് പ്രകടമാക്കുന്ന ‘ഗുണം’ അടിസ്ഥാനമാക്കി നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഉദാഹരണത്തിന്, അഗ്നിയുടെ ഗുണമായി ‘താപം’ എന്നൊന്ന് നിലവിലുണ്ടെന്ന് നമുക്കറിയാം. അഗ്നി ഭൗതികമാണ്. അഗ്നിക്ക് ഒരു രൂപമുണ്ട്, അത് ദൃശ്യമാണ്. എന്നാൽ ‘ചൂട്’ ദൃശ്യമോ ആറ്റം അടിസ്ഥാനമാക്കിയോ ഉള്ള ഒന്നല്ല. പ്രപഞ്ചത്തിൻ്റെ 96%, ആധുനിക ശാസ്ത്രം ‘ഡാർക്ക് എനർജി, ഡാർക്ക് മാറ്റർ’ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത് യോഗശാസ്ത്രത്തിലെ “ശൂന്യ” നിലയാണ്.
അസ്തിത്വത്തിൻ്റെ ഏറ്റവും സൂക്ഷ്മമ തലമായ “ശൂന്യ” തലത്തിനും അപ്പുറമുള്ള ശുദ്ധമായ സർവ്വത്വത്തിൻ്റെ തലമാണ് ‘ശിവം’ എന്ന തലം. അസ്തിത്വത്തിൻ്റെ ഈ ആത്യന്തിക തലമാണ് ‘നിലനിൽപ്പിൻ്റെ’ ശുദ്ധമായ അവസ്ഥ. അതിനെയാണ് നമ്മൾ “പരബ്രഹ്മം” എന്ന് വിളിച്ചത്. “ശിവം” എന്നാൽ ഒന്നുമല്ലാത്തത് എന്താണോ അത് എന്നാണ്. ശിവം ഒരു വസ്തുവല്ല, ഒരു പദാർത്ഥമല്ല. ശിവം എന്ന തലം എല്ലാ അസ്തിത്വത്തിൻ്റേയും മാതാവാണ്. ശിവം എന്ന തലത്തിലാണ് ശൂന്യതലം കൂടുകൂട്ടുന്നത്. ശൂന്യതലത്തിലാണ് സൂക്ഷ്മതലം കൂടുകൂട്ടുന്നത്. സൂക്ഷ്മതലത്തിലാണ് സ്ഥൂലതലം കൂടുകൂട്ടിയിരിക്കുന്നത്. അസ്തിത്വത്തിൻ്റെ നാല് തലങ്ങൾ ഒന്നിൻ്റെ ഉള്ളിൽ അടുത്തത്, അതിനുള്ളിൽ അതിനടുത്തത് എന്ന ഫ്രാക്ടൽ ക്രമത്തിൽ നില നിൽക്കുന്നു .
സ്ഥൂലം, സൂക്ഷ്മം, ശൂന്യം എന്ന മൂന്ന് തരത്തിലുള്ള നിലനിൽപ്പിൻ്റെ മൂന്നു തലങ്ങൾ പരബ്രഹ്മ ത്തിൽ രൂപം കൊള്ളുന്നത് പ്രപഞ്ച സൃഷ്ടിയോടൊപ്പം തന്നെയാണ്. സൃഷ്ടിക്ക് മുൻപ് ശിവം എന്ന നിലനിൽപ്പിൻ്റെ പ്രഥമ തലം മാതമേ ഉണ്ടായിരുന്നുള്ളൂ. ആ പ്രഥമതലത്തിലെ ജീവൻ്റെ പരമമായ നിലനിൽപ്പാണ് “പരബ്രഹ്മം”. എന്തുകൊണ്ടാണ് ജീവനുള്ള നിലനിൽപ്പ് എന്ന് വിശേഷിപ്പിച്ചത് എന്ന് പുറകെ വ്യക്തമാക്കുന്നുണ്ട്.
പരബ്രഹ്മ ത്തിൽ സൃഷ്ടിക്കുള്ള ഇച്ഛ ഉടലെടുത്തപ്പോൾ തന്നെ, “പരബ്രഹ്മം”തൻ്റെ ‘ശിവം’ എന്ന തലത്തിൽ പുതിയതായി ഒരു ശൂന്യതലമായി സ്വയം ഉടലെടുക്കുന്നു. തുടർന്ന് ശൂന്യതലത്തിൽ, സൂക്ഷ്മ തലവും, പുറകേ സൂക്ഷ്മ തലത്തിൽ സ്ഥൂല തലവും ഒന്നിന് പുറകെ ഒന്നായ ഫ്രാക്ടൽ രൂപങ്ങൾ പൂണ്ടു. അതായത്, “ബ്രഹ്മൻ”എന്നത് ഒരു നാണയമായി സങ്കല്പിച്ചാൽ, ആ നാണയത്തിൻ്റെ ഒരുവശം സ്ഥൂല-സൂക്ഷ്മ-ശൂന്യ തലങ്ങളും, മറുവശം ശുദ്ധമായ ശിവം എന്ന തലവുമാണ്. സൃഷ്ടി നിലനിൽക്കുന്ന “പരബ്രഹ്മ”ത്തിൻ്റെ വ്യക്തമായ പ്രത്യക്ഷ വശമാണ് ഒന്ന്. മറ്റേത്, സൃഷ്ടിക്ക് ആധാരമായ അതേ “പരബ്രഹ്മ”ത്തിൻ്റെ അവ്യക്തമായ വശമാണ് ശിവം. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ സ്ഥൂലം, സൂക്ഷ്മം, ശൂന്യം എന്ന മൂന്ന് നിലകൾ ശിവം എന്ന നിലയിൽ ഫ്രാക്ടൽ മാതൃകയിൽ ക്രമീകരിച്ചിരിക്കുന്നത് കാണിച്ചിരിക്കുന്നു. ഇതാണ് പ്രപഞ്ച നിലനിൽപ്പിൻ്റെ ഘടന.
മറ്റൊരു ഉപമ ഉപയോഗിച്ചാൽ, മൂന്നു തലങ്ങളിലൂടെ പ്രത്യക്ഷമായ “പരബ്രഹ്മ”ത്തിനെ നമ്മുടെ ഒരു കൈയായും, അവ്യക്തമായ “പരബ്രഹ്മ”ത്തിനെ നമ്മുടെ ശരീരത്തിൻ്റെ ബാക്കിയുള്ള മുഴുവൻ ഭാഗങ്ങളായും കണക്കാക്കാം. നമ്മുടെ കൈ നമ്മുടെ തന്നെ ശരീരത്തിൻ്റെ ഒരു വിപുലീകരണമാണ്. നമ്മുടെ ആ കൈപ്പത്തി പ്രസ്തുത കൈയുടെ വിപുലീകരണമാണ്. നമ്മുടെ കൈവിരലുകൾ ആകട്ടെ പ്രസ്തുത കൈപ്പത്തിയുടെ വിപുലീകരണങ്ങളാണ്. വിരലുകളും കൈപ്പത്തിയും കൈയും എല്ലാം നമ്മുടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെപ്പോലെ ജീവനുള്ളതും അവബോധമുള്ളതുമാണ്. ഇപ്പോൾ, നമ്മുടെ കൈ വിരലുകൾ സ്ഥൂല പ്രപഞ്ചമാണെന്ന് കരുതുക. കൈപ്പത്തി സൂക്ഷ്മ പ്രപഞ്ചം ആണെന്നും കരുതുക. കൈ ആണ് ശൂന്യ പ്രപഞ്ചം. അത് മൂന്നും നിൽക്കുന്നത് ശരീരമാകുന്ന പരബ്രഹ്മത്തിൽ ആണ്. ഈ ഉപമയിൽ, ദൃഷ്ടിഗോചരമായി നിൽക്കുന്നത് വിരലുകൾ മാത്രമാണ്. വിരലുകൾ ഒഴികെ നമ്മുടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളൊന്നും ദൃശ്യമല്ലെന്ന് സങ്കൽപ്പിക്കുക. അതുപോലെയാണ് ഈ പ്രപഞ്ച സ്ഥൂലം, സൂക്ഷ്മം, ശൂന്യം, ശിവം എന്ന നാല് നിലകളിലൂടെ നിലനിൽക്കുന്നത്. കാഴ്ചയിൽ വിരലുകൾ മാത്രമേ കാണുവാൻ കഴിയുകയുള്ളൂ. എങ്കിലും, കൈപ്പത്തിയും, കൈയും ശരീരവും എല്ലാം ഒരേ ജീവൻ്റെ തന്നെ അവിഭാജ്യ ഘടകങ്ങളാണ്. ഈ ഉദാഹരണം നമ്മൾ ഇവിടെ ചർച്ച ചെയ്യുന്ന ആശയങ്ങൾ ദൃശ്യവൽക്കരിക്കാൻ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ്.
സയൻസിൽ ഒരു “ആറ്റ”ത്തിൻ്റെ ഘടന
പ്രപഞ്ച ഘടകങ്ങൾ ഉണ്ടാകുന്നത് എങ്ങിനെയാണെന്ന് ഋഗ്‌വേദവും യജുർ വേദവും വിശദമാക്കുന്നത് മനസ്സിലാക്കുവാൻ, സയൻസിൽ ഒരു “ആറ്റ”ത്തിൻ്റെ ഘടന എങ്ങിനെയാണ് വിവരിക്കുന്നത് എന്ന് സാമാന്യമായി മനസ്സിലാക്കുന്നത് നല്ലതാണ്.
സയൻസിൽ എല്ലാ ദ്രവ്യങ്ങളുടേയും രസതന്ത്രത്തിൻ്റേയും അടിസ്ഥാന നിർമാണ ഘടകമാണ് ആറ്റം. ആറ്റങ്ങൾക്ക് മറ്റ് ആറ്റങ്ങളുമായി സംയോജിച്ച് തന്മാത്രകൾ ഉണ്ടാക്കുവാൻ കഴിയും. പക്ഷേ, സാധാരണ രാസപ്രക്രിയകൾ വഴി ഒരു അറ്റത്തിനെ കൂടുതൽ ചെറിയ ഭാഗങ്ങളായി വിഭജിക്കാൻ കഴിയില്ല. ഒരു കാലഘട്ടം വരെ ആറ്റം ഒരു വസ്തുവിൻ്റെ ഏറ്റവും ചെറിയ അഭിഭാജ്യ ഘടകം എന്ന് സയൻസ് കരുതിയിരുന്നു. എന്നാൽ ഇന്ന് ആ നില മാറി. ആറ്റത്തിനേക്കാൾ ചെറിയ രണ്ടു ഡസനിൽ അധികം “പാർട്ടിക്കിൾസ്” (പ്രോട്ടോൺ, ഇലക്ട്രോണ്, ന്യുട്രോൺ, ക്വാർക് തുടങ്ങി) സയൻസ് കണ്ടെത്തിക്കഴിഞ്ഞു.
ഒരു ആറ്റത്തിൻ്റെ ഭൂരിഭാഗവും ശൂന്യമായ സ്ഥലമാണ്. ബാക്കിയുള്ളവയിൽ മൂന്ന് അടിസ്ഥാന തരം സബ് ആറ്റോമിക് കണങ്ങൾ അടങ്ങിയിരിക്കുന്നു: പ്രോട്ടോണുകൾ, ന്യൂട്രോണുകൾ, ഇലക്ട്രോണുകൾ.
പ്രോട്ടോണുകളും ന്യൂട്രോണുകളും കൂടി നിന്നുകൊണ്ട് ആറ്റത്തിൻ്റെ കേന്ദ്ര ന്യൂക്ലിയസ് ഉണ്ടാക്കുന്നു. (സാധാരണ ഹൈഡ്രജൻ ആറ്റം ഇതിൽ നിന്നും വ്യത്യസ്തമാണ് ; അതിൽ ഒരു പ്രോട്ടോൺ മാത്രമേ ഉള്ളൂ. മാത്രവുമല്ല, ന്യൂട്രോണുകൾ ഇല്ല.) അവയുടെ പേരുകൾ സൂചിപ്പിക്കുന്നത് പോലെ, പ്രോട്ടോണുകൾക്ക് പോസിറ്റീവ് വൈദ്യുത ചാർജ് ഉണ്ട്, അതേസമയം ന്യൂട്രോണുകൾ വൈദ്യുതപരമായി നിഷ്പക്ഷമാണ് – അവയ്ക്ക് ചാർജ് ഇല്ല; മൊത്തത്തിൽ, ന്യൂക്ലിയസിന് പോസിറ്റീവ് ചാർജ് ഉണ്ട്. ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്നത് ഇലക്ട്രോണുകളുടെ ഒരു മേഘമാണ്, അവ നെഗറ്റീവ് ചാർജ്ജ് ആണ്. പരസ്പരം ആകർഷിക്കുന്ന ഒരു കാന്തത്തിൻ്റെ എതിർ അറ്റങ്ങൾ പോലെ, നെഗറ്റീവ് ഇലക്ട്രോണുകൾ ഒരു പോസിറ്റീവ് ശക്തിയിലേക്ക് ആകർഷിക്കപ്പെടുന്നു, അത് അവയെ ന്യൂക്ലിയസുമായി ബന്ധിപ്പിക്കുന്നു. പ്രകൃതിയിലെ ഏറ്റവും ഭാരം കുറഞ്ഞ ചാർജുള്ള കണങ്ങളായ ഇലക്ട്രോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ന്യൂക്ലിയസ് ചെറുതും സാന്ദ്രവുമാണ്. ഇലക്ട്രോണുകൾ ന്യൂക്ലിയസിനെ ചുറ്റുന്നത് വൃത്താകൃതിയിലുള്ള ഗോളാകൃതിയിലുള്ള ഷെല്ലുകൾ പോലെയുള്ള പഥത്തിലാണ്. ഓരോ വസ്തുക്കൾക്കും നിശ്ചിത എണ്ണം ഇലക്ട്രോണുകൾ മാത്രമേ ഉണ്ടാകൂ.
ഒരു സാധാരണ, ന്യൂട്രൽ ആറ്റത്തിന് തുല്യമായ പ്രോട്ടോണുകളും (ന്യൂക്ലിയസിൽ) ഇലക്ട്രോണുകളും (ന്യൂക്ലിയസിന് ചുറ്റും) ഉണ്ട്. അങ്ങനെ പോസിറ്റീവ്, നെഗറ്റീവ് ചാർജുകൾ സന്തുലിതമാക്കുന്നു. എന്നിരുന്നാലും, ചില ആറ്റങ്ങൾ രാസപ്രവർത്തനങ്ങളിലോ മറ്റ് കണങ്ങളുമായുള്ള കൂട്ടിയിടിയിലോ ഇലക്ട്രോണുകൾ നഷ്ടപ്പെടുകയോ നേടുകയോ ചെയ്യുന്നുണ്ട്. ഇലക്ട്രോണുകൾ നേടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന സാധാരണ ആറ്റങ്ങളെ അയോണുകൾ എന്ന് വിളിക്കുന്നു. ഒരു ന്യൂട്രൽ ആറ്റത്തിന് ഇലക്ട്രോൺ നഷ്ടപ്പെട്ടാൽ, അത് പോസിറ്റീവ് അയോണായി മാറുന്നു. ഒരു ഇലക്ട്രോൺ നേടിയാൽ അത് ഒരു നെഗറ്റീവ് അയോണായി മാറുന്നു. ഈ അടിസ്ഥാന ഉപ ആറ്റോമിക് കണങ്ങൾ – പ്രോട്ടോണുകൾ, ന്യൂട്രോണുകൾ, ഇലക്ട്രോണുകൾ – ക്വാർക്കുകൾ, ലെപ്ടോണുകൾ എന്നിവ പോലെയുള്ള ചെറിയ പദാർത്ഥങ്ങളാൽ നിർമ്മിതമാണ്.
ഇത്രയും വസ്തുതകൾ അടിസ്ഥാനപരമായി അറിഞ്ഞിരിക്കുന്നത് വേദിക സയൻസ് മനസ്സിലാക്കുവാൻ സഹായകമായിരിക്കും.
മനുഷ്യൻ്റെ മെറ്റാഫിസിക്കൽ ഫിസിയോളജി
മനുഷ്യൻ്റെ മെറ്റാഫിസിക്കൽ ഫിസിയോളജിയും സമാനമായ രീതിയിൽ സ്ഥൂലം, സൂക്ഷ്മം, ശൂന്യം, ശിവം എന്ന നാല് തലങ്ങളിൽ നിലനിൽക്കുന്ന ഒന്നാണ്. പഞ്ച കോശങ്ങൾ എന്നാണ് നാല് നിലകളിൽ നിൽക്കുന്ന നമ്മുടെ അഞ്ചു ശരീരങ്ങളുടെ സമഗ്രതയെ വിവക്ഷിക്കുന്നത്. ബാഹ്യ ശരീരമായ അന്നമയകോശം സ്ഥൂല തലത്തിൽ നിലകൊള്ളുന്നു. സൂക്ഷ്മ തലത്തിലാണ് അടുത്ത രണ്ടു ശരീരങ്ങൾ ആയ മനോന്മയ കോശവും, പ്രാണമയ കോശവും നിലനിൽക്കുന്നത്. നാലാമത്തെ ശരീരമായ വിജ്ഞാനമയ കോശം ശൂന്യ തലത്തിലും, അഞ്ചാമത്തെ ശരീരമായ ആനന്ദമയ കോശം ശിവം എന്ന തലത്തിലും ആണ് നിലകൊള്ളുന്നത്. അതായത്, ശിവം എന്ന പരബ്രഹ്മ തലത്തിൽ നിന്നും മുളച്ചു പൊന്തി നിൽക്കുന്ന ഒരു സൃഷ്ടിയാണ് നമ്മൾ. ഇതൊന്നും നമ്മൾ അറിയുന്നില്ല എന്നുമാത്രം. മരണം എന്ന് പറയുന്നത് ആദ്യത്തെ മൂന്നു ശരീരങ്ങൾ പൊഴിച്ചു കളയുന്നത് മാത്രമാണ്.
മരണത്തെക്കുറിച്ചും പുനർജന്മത്തെക്കുറിച്ചും, കർമ്മനിയമങ്ങളെക്കുറിച്ചും എല്ലാം വിശദമായി ഞാൻ പ്രതിപാദിച്ചിട്ടുള്ള പുസ്തകമാണ്, “പ്രേതങ്ങൾ ഉണ്ട്”.
ജീവൻ്റെ ബൃഹത് ചിത്രം
ഇന്ന് സമഗ്ര പ്രപഞ്ചവും നിലനിൽക്കുന്നത്, നിലനിൽപ്പിൻ്റെ നാല് നിലകളിലായിട്ടാണ് – സ്ഥൂലം സൂക്ഷ്മം, ശൂന്യം, ശിവം. ഇതാണ് ജീവൻ്റെ വലിയ ചിത്രം. പുരാതന ഭാരതീയ ശാസ്ത്രം നൽകുന്ന വിവരം അനുസരിച്ച്, സർവ്വതും – ചലിക്കുന്നതോ അല്ലാത്തതോ, ദൃശ്യമോ അദൃശ്യമോ, ഒരു വസ്തുവോ അല്ലെങ്കിൽ ഒരു പ്രതിഭാസമോ, എന്തായാലും – അത് “പരബ്രഹ്മം”തന്നെ സ്വയം ഒന്നിനൊന്ന് ഫ്രാക്ടലായി, ഒന്നിനുള്ളിൽ മറ്റൊന്നായി അടുക്കി അടുക്കി നിലനിൽക്കുന്നത് തന്നെയാണ്. കാരണം, എന്ത് സൃഷ്ടിക്കണമെങ്കിലും, പരബ്രഹ്മം അല്ലാതെ മറ്റൊരു വസ്തു നിലവിലില്ല. അതു കൊണ്ട്, സർവ്വ സൃഷ്ടികളും, സമസ്ത പ്രപഞ്ചവും “പരബ്രഹ്മം” തന്നെയാണ് എന്ന നിഗമനത്തിൽ എത്തിച്ചേരുന്നത് എന്തുകൊണ്ടും യുക്തി ഭദ്രമാണ്.
ആധുനിക ശാസ്ത്രജ്ഞർ ഇന്ന് നമ്മുടെ പ്രപഞ്ചത്തിന് ഒരു സ്വയം-സംഘടിത ഹോളോഗ്രാഫിക്, ഫ്രാക്റ്റൽ ഡിസൈൻ ഉണ്ടെന്ന് സംശയിക്കുന്നു. പ്രപഞ്ചത്തിൻ്റെ എല്ലാ ഘടകങ്ങളും ക്വാണ്ടം “എൻടാങ്കിൾഡ്” ആയി നിൽക്കുന്നു എന്നും അവർക്ക് മനസ്സിലാകുവാൻ തുടങ്ങിയിരിക്കുന്നു. അത്തരത്തിലുള്ള ഒരു വിശദീകരണം കൂടാതെ, ക്വാണ്ടം മെക്കാനിക്സിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ശാസ്ത്രത്തിന് കഴിയുന്നില്ല. ഈ വിഷയത്തിൽ ഇന്ന് നിലവിലുള്ള സയൻസിൻ്റെ വീക്ഷണം ചുരുക്കത്തിൽ ഈ ഗ്രന്ഥത്തിൻ്റെ പത്താം പാഠത്തിൽ വിശദമാക്കുന്നുണ്ട്.
ചുരുക്കത്തിൽ നമ്മുടെ ഭൂമി, നമ്മുടെ സൗരയൂഥം, നമ്മുടെ ഗാലക്സി, കൂടാതെ സമസ്ത പ്രപഞ്ചങ്ങളും ഒരുമിച്ച് ഒരു ഒരൊറ്റ ജീവൻ മാത്രമാണെന്നും, അത് “പരബ്രഹ്മ” ത്തിൽ നിലനിൽക്കുന്നു എന്നുമാണ് പുരാതന ഭാരതത്തിൻ്റെ വൈജ്ഞാനിക ശാസ്ത്രം നമ്മോട് പറയുന്നത്. ഏതാണ്ട് അതേ കണ്ടെത്തലുകളിലേക്ക് ആധുനിക സയൻസും വന്നു ചേർന്നുകൊണ്ടിരിക്കുന്നത്.
എന്താണ് ധർമ്മം?
ശരാശരി മനുഷ്യശരീരത്തിലെ കോശങ്ങളുടെ എണ്ണം ശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 30 ട്രില്യൺ കോശങ്ങളുണ്ട് മനുഷ്യ ശരീരത്തിൽ. അതായത് 30 എന്ന് എഴുതിയ ശേഷം ശേഷം 12 പൂജ്യങ്ങൾ! ഈ കോശങ്ങൾ ഓരോന്നും തികച്ചും സ്വതന്ത്രമായ ജീവിതമാണ്. ഈ കോശങ്ങളിൽ ഓരോന്നിനും സ്വന്തമായി ശ്വസനവ്യവസ്ഥ, ദഹനവ്യവസ്ഥ, നാഡീവ്യൂഹ വ്യവസ്ഥ, പ്രത്യുൽപാദന വ്യവസ്ഥ, അങ്ങനെ പലതും ഉണ്ട്. നമ്മൾ മനുഷ്യരെപ്പോലെ. അവരോരോരുത്തരും തുടർച്ചയായി മരിക്കുകയും പുനർജനിക്കുകയും ചെയ്യുന്നു. പഴയ കോശങ്ങളുടെ മരണവും പുതിയ കോശങ്ങളുടെ ജനനവും കാരണം നമ്മുടെ ശരീരം ആരോഗ്യത്തോടെ തുടരുന്നു. കോശങ്ങൾ വ്യത്യസ്ത ആകൃതികളും പ്രവർത്തനങ്ങളും ഉള്ള വ്യത്യസ്ത അവയവങ്ങൾ ഉണ്ടാക്കുന്നു. എന്നിരുന്നാലും, അവയെല്ലാം നമ്മുടെ ഒരൊറ്റ ശരീരത്തിൽ തികഞ്ഞ സഹകരണത്തോടെ നിലനിൽക്കുന്നു. അവയെല്ലാം ഒരുമിച്ച് ഒരൊറ്റ അസ്തിത്വമായി പ്രവർത്തിക്കുന്നു.
മൊത്തത്തിൽ, അവർ സ്വയം സംഘടിച്ചു നിന്നുകൊണ്ട് ലക്ഷ്യബോധത്തോടെ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. അപ്രകാരം പ്രവർത്തിക്കുക എന്നതാണ് ആ കോശങ്ങളുടെ ധർമ്മം! ധർമ്മം എന്ന പദത്തിൻ്റെ അർത്ഥം ഇതാണ്. ഈ കോശങ്ങളുടെ സഹകരണത്തിനും പ്രവർത്തനത്തിനും പിന്നിൽ ഒരു വലിയ ബുദ്ധി പ്രവർത്തിക്കുന്നുണ്ട്. നമുക്കിടയിൽ ‘മൃത’മെന്നു തോന്നുന്ന ധാരാളം ടിഷ്യൂകളും മുടി, നഖം മുതലായവ നിരവധി കോശങ്ങളും ഉണ്ട്, അവ യഥാർത്ഥത്തിൽ ‘മൃതമ’ല്ലെങ്കിലും. അവ ഓരോന്നും അവിടെ ചില പ്രത്യേക പ്രവർത്തനം നിർവഹിക്കുന്ന ദൃശ്യമായ വ്യക്തികളാണ്. അതുപോലെ, നമ്മുടെ മനസ്സ്, ചിന്തകൾ, ഓർമ്മകൾ തുടങ്ങിയ അദൃശ്യമായ ഘടകങ്ങൾ വേറേയും ഉണ്ട്. നമ്മൾ ഓരോരുത്തരുടെയും മൊത്തത്തിലുള്ള ക്ഷേമം ഉറപ്പാക്കാൻ അവയെല്ലാം ഒത്തൊരുമയോടെ സഹകരിച്ചു പ്രവർത്തിക്കുന്നു. അതുപോലെ തന്നെ, നമ്മുടെ ചിന്തികളും, വിശ്വാസങ്ങളും, മൊത്തത്തിലുള്ള ഈ സർവ്വ പ്രവർത്തനങ്ങളിലും അഗാധമായ സ്വാധീനം ചെലുത്തുന്നുണ്ട്. കാരണം, എല്ലാ കോശങ്ങളും ക്വാണ്ടം ‘ബന്ധ’ത്തിലാണ്. ശരീരവും മനസ്സും തമ്മിലുള്ള ബന്ധം ഈ ക്വാണ്ടം എൻടാങ്കിൾമെൻ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉദാഹരണത്തിന്, ശരീരത്തിന് അസുഖം വരുമ്പോൾ, നമുക്ക് ഭക്ഷണം കഴിക്കാൻ തോന്നുകയില്ല. അതുപോലെ തന്നെ, മനസ്സ് അസ്വസ്ഥമാകുമ്പോഴും നമ്മുക്ക് ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല.
അതുപോലെ, ഐക്യത്തോടെ ജീവിക്കുന്ന വ്യക്തികൾ ആരോഗ്യകരമായ സമൂഹങ്ങൾ സൃഷ്ടിക്കുന്നു, ആരോഗ്യമുള്ള സമൂഹങ്ങളും ആരോഗ്യമുള്ള രാജ്യങ്ങളും ആരോഗ്യമുള്ള ഒരു ആഗോള സമൂഹവും രൂപീകരിക്കുന്നു. ഭൂമി, പർവ്വതങ്ങൾ, നദികൾ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിവയുൾപ്പെടെ മറ്റെല്ലാ കാര്യങ്ങളുമായി ഓരോ യൂണിറ്റും യോജിച്ച് ജീവിക്കുമ്പോൾ, എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകും. ഇതാണ് ഭാരതത്തിൻ്റെ പുരാതന ശാസ്ത്രം നൽകുന്ന വളരെ സുപ്രധാനമായ ഒരു അറിവ്. അത്തരത്തിലുള്ള ജീവിത ശൈലിയാണ് “ധർമ്മം”. അത് സനാതനമായ നിലനിൽപ്പിൻ്റെ അനിഷേദ്ധ്യമായ നിയമം കൂടിയാണ്.
നമ്മുടെ കരൾ, ഒരു ഉദാഹരണത്തിനായി, നമ്മളുമായി അതിനുള്ള ക്വാണ്ടം എൻടാങ്കിൾഡ് ആയ അസ്തിത്വത്തിൻ്റെ സ്വഭാവം താൽക്കാലികമായി മറന്നു കൊണ്ട്, നിർത്താതെ സ്വയം പെരുകാൻ തുടങ്ങിയെന്ന് ഒരു നിമിഷം ചിന്തിക്കുക. നമ്മുടെ ശരീരത്തെ മുഴുവൻ നശിപ്പിക്കുന്ന ക്യാൻസർ ആയിരിക്കും ഫലം. അതുപോലെ, മനുഷ്യരായ നമ്മൾ ഓരോരുത്തരും അനന്ത ജീവനായ സർവ്വത്വത്തിൽ ക്വാണ്ടം എൻടാങ്കിൾഡ് ആണ്. ഈ മൗലിക സത്യം മറന്ന് നമ്മുടെ എൻടാങ്കിൾഡ് അസ്തിത്വത്തെ അവഗണിച്ച്, തോന്നിയ പോലെയുള്ള പ്രവൃത്തികളിൽ നമ്മൾ ഏർപ്പെട്ടാൽ, സർവ്വ നാമശമായിരിക്കും ഫലം എന്ന് ഭാരതത്തിൻ്റെ പുരാതനമായ അറിവുകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു.
സൃഷ്ടിയും സൃഷ്ടാവും ഒരൊറ്റ “ജീവൻ”
പ്രപഞ്ച സൃഷ്ടി ആരംഭിക്കുന്നത് അനാദിയിലേ സ്വയം നിലനിൽപ്പുണ്ടായിരുന്ന നിത്യ ശൂന്യതയാകുന്ന “പരബ്രഹ്മനിൽ” നിന്നും ആണ്. പിന്നീട് സർവ്വ സൃഷ്ടിയും നിലവിൽ കൊണ്ടുവന്നത് “പരബ്രഹ്മം”എന്ന് നമ്മൾ ഇപ്പോൾ സൗകര്യാർത്ഥം ഒരു പേരിട്ട് വിവക്ഷിക്കുന്ന ആ നിത്യനിതാന്ത ആദി ശൂന്യതയാണ്. ആ ശൂന്യത അനാദിയാണ്, സ്വയം ഭൂവാണ്, അരൂപിയാണ്, അന്ധകാരമാണ്, രണ്ടാമത് ഒന്നിനെ ഒരുവിധത്തിലും ആശ്രയിക്കാതെ, ഒന്നിനാലും പരിമിതപ്പെടാതെ നിലനിൽക്കുന്ന ഏകത്വമാണ്. “പരബ്രഹ്മം” അല്ലാതെ, രണ്ടാമത് ഒന്നും നിലനിൽക്കുന്നില്ല. ആകെ നിലനിൽപ്പുള്ള ഏക ഒന്ന് “പരബ്രഹ്മം” മാത്രം. ഈ “പരബ്രഹ്മ”ത്തിൽ ആണ് പിന്നീട് “പരബ്രഹ്മം” സ്വയം സൃഷ്ടിച്ച സൃഷ്ടിയുടെ ശിവം, ശൂന്യം, സൂക്ഷ്മം, സ്ഥൂലം എന്ന നാല് തലങ്ങളും അവയിലെ സൃഷ്ടികളും നിലനിൽക്കുന്നത്. ഈ നാല് തലങ്ങളും “പരബ്രഹ്മ”ത്തിൻ്റെ സ്വന്തം ശരീര ഭാഗങ്ങൾ തന്നെയാണ്. അതായത്, ഈ പ്രപഞ്ചവും, സൗരയൂഥവും, ഭൂമിയും, ഭൂമിയിലുള്ള നമ്മളും എല്ലാം നിലനിൽക്കുന്നത് ഇപ്പറഞ്ഞ നാല് തലങ്ങളിൽ നാലാമത്തെ സ്ഥൂലം എന്ന തലത്തിലാണ്. അതുകൊണ്ട് നമ്മളും “പരബ്രഹ്മ”ത്തിൻ്റെ ശരീര ഭാഗമാണ്.
ഉദാഹരണത്തിന്, നമ്മുടെ കൈവിരലുകൾ സമാനതക്കായി പരിഗണിച്ചാൽ മതി. നമ്മുടെ കൈവിരലുകൾ “ഞാൻ ശരീരത്തിൻ്റെ ഭാഗമല്ല, വേറിട്ടു നിൽക്കുന്ന നിലനിൽപ്പാണ്” എന്ന് തെറ്റിദ്ധരിച്ച് അഹങ്കരിച്ചു കൊണ്ട് തോന്നിയതു പോലെ പ്രവർത്തിക്കുവാൻ തുടങ്ങിയാൽ നമ്മുടെ ജീവിതം തകിടം മറിയും. അതുപോലെ, സമഗ്രമായ ഒരൊറ്റ ജീവൻ്റെ നിലനിൽപ്പാണ് പരബ്രഹ്മവും, പരബ്രഹ്മ ത്തിൻ്റെ ശരീര ഭാഗങ്ങൾ ആയ നാല് തലങ്ങളും. ഈ നാല് തലങ്ങളും ഉടലെടുത്തത് പരബ്രഹ്മ ത്തിൽ നിന്നും ആണെന്നും, എല്ലാം ഒരൊറ്റ ജീവൻ ആണെന്നും എന്ന് പുരാതന ഭാരതീയ വിജ്ഞാനങ്ങൾ നമുക്ക് പറഞ്ഞു തരുന്നു.
___________________________________________________________________________________________________________