ശ്രേഷ്ഠമായ ഒരു ജീവിതവും ശ്രേഷ്ഠമായ മരണവും നമ്മുടെ ജന്മാവകാശമാണ്. പുരാതന ഭാരതീയ വിജ്ഞാനത്തിൽ ഈ വിഷയങ്ങളിൽ ഉൾക്കാഴ്ച നൽകുന്ന ധാരാളം അറിവുകൾ ഉണ്ടായിരുന്നു , അതിനുശേഷം ആ അറിവുകൾ ആയിരക്കണക്കിന് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. എങ്കിലും, പൂർണ്ണമായും മതേതരമായ ഈ അറിവുകൾ ഇപ്പോഴും അധികം ആരും മനസ്സിലാക്കിയിട്ടില്ല.

‘ശ്രേഷ്ഠ ജീവിതം, ശ്രേഷ്ഠ മരണം’ എന്ന തലക്കെട്ടിൽ അടുത്തിടെ മലയാളത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ അവസാന അദ്ധ്യായമാണിത്. ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ആശയങ്ങളുടെ സംക്ഷിപ്ത സംഗ്രഹം കൂടിയാണിത്. ഈ വിഷയത്തിലെ ദൈനംദിന പരിശീലനത്തിനുള്ള പ്രായോഗിക നിർദ്ദേശങ്ങളും ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

https://indulekha.com/shop/sreshta-jeevitham-maranam-nandan-kandanat/


ശ്രേഷ്ഠ ജീവിതവും ശ്രേഷ്ഠ മരണവും കാംക്ഷിക്കാത്തവർ ആരും തന്നെ ഇല്ല. ഭൗതികമായ എത്ര ഉയർന്ന സാമ്പത്തിക ഭദ്രത നിത്യജീവിതത്തിൽ കൈവന്നാലൂം അവ ശ്രേഷ്ഠമായ ഒരു ജീവിതത്തിലേക്കോ ശ്രേഷ്ഠമായ ഒരു മരണത്തിലേക്കോ നയിക്കണമെന്നില്ല. അതുപോലെ തന്നെ, ഭൗതിക ജീവിതം ക്ലേശഭരിതമായാലും, അതൊന്നും നമ്മളെ ശ്രേഷ്ഠമായ ഒരു ജീവിതത്തിലേക്കോ ശ്രേഷ്ഠമായ ഒരു മരണത്തിലേക്കോ നയിക്കുന്നതിനുള്ള വിലങ്ങു തടികൾ ആകണമെന്നും ഇല്ല.

ജീവിതത്തെക്കുറിച്ചുള്ള ശരിയായ ഉയർന്ന അറിവുകളും ഉയർന്ന അവബോധത്തോടെ നിത്യവും ജീവിച്ചുള്ള പരിശീലനവും മാത്രമേ നമ്മുക്ക് ശ്രേഷ്ഠ ജീവിതവും ശ്രേഷ്ഠ മരണവും നൽകുകയുള്ളൂ. ജീവിത സാഹചര്യങ്ങളിലല്ല ശ്രേഷ്ഠത. ജീവിതത്തോടുള്ള നമ്മുടെ പ്രതികരണത്തിലാണ് ശ്രേഷ്ഠതയോ ശ്രേഷ്ഠതക്കുറവോ നില നിൽക്കുന്നത്. കണ്ണുമടച്ചുള്ള വിശ്വാസങ്ങളല്ല, യുക്തി ഭദ്രമായ അറിവുകളും അതനുസരിച്ചുള്ള നിത്യ പരിശീലനവും മാത്രമേ നമ്മളെ അന്തിമമായി രക്ഷിക്കുകയുളൂ.

ഇതുവരെയുള്ള പാഠങ്ങൾ ‘ജീവ’ൻ്റെ ഏറ്റവും വലിയ ചിത്രത്തേയും പശ്ചാത്തലത്തേയും, കൂടാതെ നമ്മുടെ ജീവിതത്തേയും അനുഭവങ്ങളേയും തീവ്രമായി സ്വാധീനിക്കുന്ന പ്രകൃതി നിയമങ്ങളേയും ആണ് കാണിച്ചു തന്നത്. ഈ പാഠങ്ങളിൽ ഒന്നും തന്നെ യാതൊരു മതവും ഇല്ല. ശാസ്ത്രവും, യുക്തിയും നിഷ്പക്ഷമായ വിശകലനങ്ങളും ഉപയോഗിച്ച് എന്നും തിരിച്ചറിയുവാൻ കഴിയുന്ന സത്യങ്ങൾ മാത്രമാണ് ഇതിലെ പ്രമേയം. ഈ പുസ്തകത്തിലെ വിവരണങ്ങളിൽ ഏതെങ്കിലും മതത്തിൻ്റേത് എന്ന് തെറ്റിദ്ധരിക്കപ്പെടുവാൻ കാരണമാക്കിയേക്കാവുന്ന ചില പദങ്ങൾ അവിടേയും ഇവിടേയും ഉണ്ടെങ്കിൽ അത് ഭാഷാപരമായ ഒരു ആവശ്യമായത് കൊണ്ട് മാത്രമാണ്.

ഭാരതീയ വൈജ്ഞാനിക ശാസ്ത്രങ്ങൾ സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഇതെല്ലാം വെളിപ്പെടുത്തി തന്നിരുന്നു. ഈ അറിവുകൾ എന്നും ഇവിടെ ഉണ്ടായിരുന്നു. പുരാതന ഭാരതീയ വൈജ്ഞാനിക ശാസ്ത്രത്തിൻ്റെ അനിതര സാധാരണമായ പൗരാണികത കൊണ്ട് മാത്രമല്ല, അതിൻ്റെ ആഴവും പരപ്പും, കൂടാതെ ഭാഷാപരമായ കാഠിന്യങ്ങളും എല്ലാം കൊണ്ടും അതിലടങ്ങിയിരിക്കുന്ന കാതൽ അധികം ആർക്കും പിടികൊടുക്കാതെ നിൽക്കുകയാണ് ഇന്നും.

ഒരു അറിവും ആ അറിവിൽ സ്വയം പൂർണ്ണമാകുന്നില്ല. ആ അറിവുകൾക്ക് ഉടനീളം യുക്തിയുടെ സാധുത ഉണ്ടായിരിരിക്കണം. കൂടാതെ ആ അറിവ് പ്രായോഗികമായി നിത്യജീവിതത്തിൽ ഉപയോഗിക്കുവാൻ സമർത്ഥവും ആയിരിക്കണം. എങ്കിൽ മാത്രമേ ആ അറിവ് പൂർണ്ണമാകുകയുള്ളൂ. ഈ കൃതിയിലെ പാഠങ്ങളിൽ നൽകിയിരിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിൽ നമ്മുടെ നിത്യ ജീവിതത്തെ ശ്രേഷ്ഠതയിലേക്ക് നയിക്കുവാൻ സഹായിക്കുന്ന ചില സൂചനകളും നിർദ്ദേശങ്ങളും ആണ് താഴെ കൊടുക്കുന്നത്. നിത്യ പരിശീലനത്തിലൂടെ മാത്രമേ ശ്രേഷ്ഠമായ ജീവിതം കെട്ടിപ്പടുക്കുവാനും, അതിലൂടെ മാത്രമേ ശ്രേഷ്ഠമായ ഒരു മരണത്തിന് അർഹമായി തീരുവാനും കഴിയുകയുള്ളൂ.

ശ്രേഷ്ഠമായ ജീവിതം

ശ്രേഷ്ഠമായ ജീവിതം എന്ന് പറയുന്നത് മാനസികമായി ഉണർന്ന നിലയിൽ, പൂർണ്ണ ജാഗ്രതയും വിവേചന ശക്തിയുമുള്ള അവബോധപൂർവ്വമുള്ള ജീവിതത്തെയാണ്. കണ്ണും കാതും മാത്രം ഉർണർന്നിരുന്നാൽ മതിയാവില്ല. മനസ്സും വിവേചന ശക്തിയും ഒരുപോലെ ഉണർന്നിരിക്കണം. മനസ്സും ബുദ്ധിയും ഒരുപോലെ സദാ ജാഗരൂകമായി ഉണർന്നിരിക്കുന്ന സ്ഥിതിയെയാണ് ‘അവബോധ’ത്തോടെ ഇരിക്കുക എന്ന് പറയുന്നത്.

ഇംഗ്ലീഷ് ഭാഷാ പദം ഉപയോഗിച്ച് ഇതേ ആശയം പറഞ്ഞാൽ “കോൺഷ്യസ്സ്” ആയിട്ടിരിക്കുക എന്ന് പറയാം. പൂർണ്ണമായും ഉണർന്ന ‘കോൺഷ്യസ്സ്” നിലയിലായിരിക്കണം മനുഷ്യൻ എന്ന നിലക്ക് നമ്മൾ സർവ്വതും കാണേണ്ടതും, അറിയേണ്ടതും, പെരുമാറേണ്ടതും. ഊണിലും ഉറക്കത്തിലും, എന്തിന് മരണത്തിൽ പോലും, ഉണർന്നിരിക്കുന്ന അവബോധം ഉണ്ടായിരിക്കണം. പരിശീലനത്തിലൂടെ മാത്രമേ ഇത് കൈവരുത്തുവാൻ കഴിയുകയുള്ളൂ. ഏത് ജീവിത സാഹചര്യവും അവബോധ ജീവിതത്തിന് തടസ്സമല്ല എന്ന് അറിയുക. പണ്ഡിതനെന്നോ പാമരനെന്നോ, ധനികനെന്നോ, ദരിദ്രനെന്നോ യാതൊരു ഭേദവും “അവബോധ വികസന”ത്തിന് ഇല്ല.

മൃഗങ്ങൾക്ക് ഇത്തരം “അവബോധം” സ്വയം എടുത്ത് ഉപയോഗിക്കുവാനോ, വളർത്തുവാനോ കഴിയുകയില്ല. അവയ്ക്ക് “ജന്മാവബോധം”, അല്ലെങ്കിൽ “ഇൻസ്റ്റിങ്ക്ടു”കൾ ആണ് പ്രകൃതി നൽകിയിരിക്കുന്നത്. മനുഷ്യൻ എന്ന നിലയിൽ നമ്മൾ മൃഗങ്ങളുടെ ബോധ നിലയിൽ നിന്നും പരിണാമം പ്രാപിച്ചു കഴിഞ്ഞു. എങ്കിലും, നമ്മൾ ഇപ്പോഴും ‘അവിടേയും അല്ല ഇവിടേയും അല്ല’ എന്ന നിലയിൽ സ്വപ്നാടനത്തിലാണ്. നമ്മുടെ മനസ്സിൽ നിറയെ ചിന്തകളും പേറി, ആ ചിന്തകളുമായി അബോധമായി സല്ലപിച്ചു കൊണ്ടാണ് നമ്മൾ സദാ സമയവും നടക്കുന്നത്. എപ്പോഴും നമ്മുടെ ഉള്ളിൽ ആത്മഗതങ്ങൾ അല്ലെങ്കിൽ തന്നോട് തന്നെയുള്ള ഭാഷണങ്ങൾ അനസ്യൂതം നടന്നുകൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ എല്ലാ പ്രതികരണങ്ങളും ഈ ആത്മഗതങ്ങളാൽ നിയന്ത്രിക്കപ്പെട്ടു നിൽക്കുകയാണ്. ആ നില മാറി നമ്മൾ പൂർണ്ണമായും ജാഗ്രതയോടെ ഉണർന്നെഴുനേറ്റ ശുദ്ധമായ അവബോധമായി അനുനിമിഷം നിലനിൽക്കണം.

മൃഗ തുല്യമായ “ഇൻസ്റ്റിങ്ക്ടു”കൾ നൽകുന്ന എതിർ ബലങ്ങൾ ആയിരിക്കരുത് നമ്മുടേത്. മനസ്സും ബുദ്ധിയും ഒരുമിച്ച് ചേർന്ന് നിൽക്കുന്ന അവബോധം നൽകുന്ന പ്രതികരണങ്ങൾ ആയിരിക്കണം ജീവിതത്തിൽ നമ്മുടേത്, ഇന്നുമുതൽ. അതാണ് ശ്രേഷ്ഠ ജീവിതം. നമ്മളാകുന്ന “അവബോധം” ജ്വലിക്കുന്ന ഒരു തീപ്പന്തമായി മാറ്റണം. അപ്പോൾ മാത്രമേ ശ്രേഷ്ഠതയോടെ ജീവിക്കുവാനും, ശ്രേഷ്ഠതയോടെ ശരീരം ഉപേക്ഷിക്കുവാനും സാധിക്കൂ. നിത്യ പരിശീലനത്തിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ. നിത്യ പരിശീലനത്തിന് സഹായിക്കുന്ന ചില സാമാന്യ നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.

  1. ധാർമ്മികമായ കാഴ്ചപ്പാടുകൾ, ധാർമ്മികമായ തീരുമാനങ്ങൾ, ധാർമ്മികമായ ചിന്തകൾ ഇവ നിത്യ ജീവിതത്തിൽ കൊണ്ടുവരണം. നമ്മുടെ വാക്കുകൾ, പ്രവൃത്തികൾ, സ്വഭാവം, ജീവിത രീതികൾ, തൊഴിൽ, പരിശ്രമങ്ങൾ ഇവയെല്ലാം ധാർമ്മികമായവ മാത്രം ആയിരിക്കുവാൻ ബദ്ധ ശ്രദ്ധരായിരിക്കണം. ധാർമ്മികതക്ക് വിരുദ്ധമായ പ്രവർത്തനങ്ങളെയാണ് മനഃസാക്ഷക്ക് വിരുദ്ധമായ പ്രവർത്തങ്ങൾ എന്ന് പറയപ്പെടുന്നത്. ഒരിക്കലും സ്വന്ത മനഃസാക്ഷിക്ക് (വിവേചന ബുദ്ധിക്ക്) വിരുദ്ധമായി പ്രവൃത്തിക്കാതിരിക്കുക.

ഇവിടെ “ധർമ്മം” അല്ലെങ്കിൽ “ധാർമ്മികത” എന്ന പദം കൊണ്ട് ഭാരതീയ വൈജ്ഞാനിക ശാസ്ത്രം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്താം. വ്യക്തിയുടെ ശ്രേഷ്ഠമായ ജീവിതത്തിന് മാത്രമല്ല, ഭൂമിയുടെ നിലനിൽപ്പിനു തന്നെ മനുഷ്യൻ്റെ “ധാർമ്മികമായ” പെരുമാറ്റം അത്യധികം ആവശ്യമുള്ള ഒന്നാണ്.

പ്രപഞ്ചത്തിലെ സർവ്വ ഘടകങ്ങളും, അവ തമ്മിൽ എത്ര ആകർഷണ-വികർഷണങ്ങൾ ഉണ്ടെങ്കിലും, അവയെല്ലാം പരസ്പരം ആശ്രയിച്ച്, സഹകരിച്ച്, സംരക്ഷിച്ച് പ്രവർത്തിക്കുന്ന രീതിയിൽ ആണ് പ്രപഞ്ചം ക്രമപ്പെടുത്തി നിലനിൽക്കുന്നത്. ജീവിതത്തിൽ സർവ്വതും പരസ്പരം ബന്ധപ്പെട്ടാണ് നിൽക്കുന്നത് എന്ന്, അല്പമൊന്ന് മനസ്സിരുത്തി ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഒരൊറ്റ ദിവസം പോലും സൂര്യൻ ഉദിക്കാതിരിക്കുന്നില്ല! ഒരു ദിവസം പോലും ഗുരുത്വാകർഷണ ശക്തി പ്രവർത്തിക്കാതെ ഇരുന്നിട്ടില്ല. ഭൂമിയിലെ സർവ്വ ജീവികൾക്കും ജീവസന്ധാരണത്തിന് ആവശ്യമായ സർവ്വ വിഭവങ്ങളും ഭൂമിയിൽ നല്കപ്പെട്ടിട്ടുണ്ട്. ഭൂമിയിൽ ഏറ്റവും അധികം അവബോധത്തോടെ നിലനിൽക്കുന്ന മനുഷ്യൻ്റെ “ധാർമ്മികമായ” പ്രവർത്തന ശൈലിയിലൂടെ മാത്രമേ ഇതെല്ലാം നിലനിൽക്കുകയുള്ളൂ.

ഇത്തരത്തിൽ സർവ്വ സജ്ജമായ ക്രമീകരണത്തെ തുണയ്ക്കുന്ന സമീപനത്തെയാണ് “ധർമ്മം” എന്ന് ഭാരതീയ വൈജ്ഞാനിക ശാസ്ത്രം വിളിച്ചത്. നമുക്ക് നമ്മളോട് തന്നേയും, നമുക്ക് ചുറ്റുമുള്ള സർവ്വതിനോടും ഉള്ള ബന്ധം സന്തുലിതമായിരിക്കേണ്ടത് ശ്രേഷ്ഠ ജീവിതവും, ശ്രേഷ്ഠ മരണവും കാംക്ഷിക്കുന്നവർക്ക് തീർച്ചയായും അനുപേക്ഷണീയമാണ്. നമുക്ക് വന്നു ചേരുന്ന സർവ്വ അനുഭവങ്ങൾക്കും, അവയോടെല്ലാം “ധാർമ്മികമായി” പ്രതികരിച്ച്, നമ്മുടെ ജീവിതാനുഭവങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുവാനുള്ള പൂർണ്ണ ഉത്തരവാദിത്തം നമുക്ക് മാത്രമാണ്.

“ധാർമ്മികത” യൂടെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു ഉദാഹരണം നമ്മുടെ ശരീരത്തിൽ തന്നെ ഉണ്ട്. മനുഷ്യൻ്റെ ദഹന നാളത്തിൽ ലക്ഷക്കണക്കിന് മൈക്രോബുകൾ (സൂക്ഷ്മ ജീവികൾ) വസിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനുള്ള പോഷണ പരിണാമ പ്രവർത്തനങ്ങൾ നടക്കുന്നത് നമ്മുടെ ജീനിനകത്ത് ആലേഖനം ചെയ്യപ്പെട്ട “കോഡുകൾ” അനുസരിച്ചാണ്. പക്ഷേ, എല്ലായിപ്പോഴും ആവശ്യമായ എല്ലാകോഡുകളും നമ്മുടെ ജീനുകളിൽ ഉണ്ടായിരിക്കുകയില്ല. എന്നാൽ ലക്ഷക്കണക്കിനുള്ള മൈക്രോബുകളുടെ ജീനുകളിൽ ഇത്തരം കോഡുകൾ ഉണ്ട്. അതുപയോഗിച്ചാണ് നമ്മുടെ ശരീരം പലപ്പോഴും നിലനിൽക്കുന്നത് തന്നെ. എന്നാൽ ആൻറ്റിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ മൈക്രോബുകൾ നശിക്കപ്പെടുന്നു. മൈക്രോബുകളെ സംബന്ധിച്ചിടത്തോളം കാർപെറ്റ് ബോംബിങ്ങിന് സമാനമാണ് ആൻറ്റിബയോട്ടിക്കുകൾ. ആൻറ്റിബയോട്ടിക്കുകളുടെ അന്ധമായ ഉപയോഗം ധാർമ്മികമായ ഒരു പ്രവർത്തിയല്ല. അത് നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതേസമയം, ശരീരത്തിൻ്റെ ഏറ്റവും ഉയർന്ന നന്മക്കായി ദോഷകാരികളായ മൈക്രോബുകൾ നശിപ്പിക്കപ്പെടുകയും വേണം. അപ്പോൾ മാത്രമേ സമസന്തുലിതമായ നിലനിൽപ്പ് സാദ്ധ്യമാകൂ. ഇതാണ് “ധാർമ്മികത”യുടെ കാതൽ.

  1. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ അനുഭവങ്ങൾക്കും നമ്മൾ മാത്രം ആണ് ഉത്തരവാദികൾ എന്നറിയുക. ജീവിതം നൽകുന്ന ഒരു അനുഭവവും നമ്മുടെ കുറ്റവും കുറവും മൂലം സംഭവിക്കുന്ന ഒന്നല്ല എന്ന് നമ്മൾ മനസ്സിലാക്കണം. എന്നാൽ എല്ലാ അനുഭവങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്. കാർമ്മീകമായ ആ ഉത്തരവാദിത്വത്തിൽ നിന്ന് കൊണ്ട് അനുനിമിഷം പെരുമാറുക. മറ്റാരും നമ്മുടെ അനുഭവങ്ങൾക്ക് ഉത്തരവാദികൾ അല്ല. കർമ്മ നിയമങ്ങൾ പ്രവർത്തിക്കുന്ന രീതിയെക്കുറിച്ചുള്ള നമ്മുടെ അജ്ഞതകൊണ്ട് നമുക്ക് അങ്ങിനെ വെറുതെ തോന്നിക്കുന്നത് മാത്രമാണ്. പൂർണ്ണമായും ഉയർന്ന അവബോധത്തിൽ നിന്നുകൊണ്ട്, അനുനിമിഷം ചിന്തിക്കുകയും, പ്രവൃത്തിക്കുകയുമാണ് വേണ്ടത്. അതിനായി, ഇരുപത്തിനാലു മണിക്കൂറും നമ്മൾ പൂർണ്ണമായും ഉയർന്ന അവബോധത്തോടെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനഃപൂർവ്വം ശ്രമിക്കണം. നിത്യ പരിശീലനത്തിലൂടെ മാത്രമേ അത് സാദ്ധ്യമാകൂ.
  2. ഇപ്പോൾ ഈ നിമിഷം നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും, ഓരോ സാഹചര്യങ്ങളും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അതേ വിധത്തിൽ മാത്രം ആയിരിക്കും സംഭവിക്കുന്നത്. അത് നിശ്ചിതമാണ്. അത് സംഭവിച്ചുകൊണ്ടിരിക്കുന്ന രീതി നമുക്ക് മാറ്റുവാൻ കഴിയുകയില്ല. കാരണം, ഈ നിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നത് കഴിഞ്ഞ കാലത്തിൽ ജീവിച്ചു പ്രവർത്തിച്ച നമ്മുടെ കർമ്മങ്ങളുടെ കാര്യ-കാരണ ബന്ധത്താലാണ്.

നടന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾ വില്ലിൻ്റെ ഞാണിൽ നിന്നും പുറപ്പെട്ടുകഴിഞ്ഞ ശരങ്ങളാണ്. അവയെ തിരികെ വിളിക്കുവാൻ സാദ്ധ്യമല്ല. അതായത്, ഈ നിമിഷത്തിലെ അനുഭവം ഒരുവിധത്തിലും മാറ്റി മറിക്കാവുന്ന ഒന്നല്ല. ഈ നിമിഷം അവസാനിച്ചു അടുത്ത നിമിഷം ആരംഭിക്കുമ്പോൾ അതെല്ലാം സ്വയം മറ്റൊന്നായി മാറും. വരാൻ പോകുന്ന നിമിഷത്തെ അനുഭവം, ഈ നിമിഷത്തിലെ അവബോധ പൂർവ്വമുള്ള പ്രതികരണത്തിലൂടെ മാറ്റുവാൻ നമുക്ക് കഴിയും. എന്നാൽ ഈ നിമിഷത്തിൽ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തിനും അണുവിട ഇപ്പോൾ ഉള്ളതിൽ നിന്നും വ്യത്യാസവും ഉണ്ടാകില്ല. അതുകൊണ്ട് ഓരോ നിമിഷവും നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ ആന്തരികമായ യാതൊരു വൈകാരിക ചലങ്ങളും ഉണ്ടാക്കാതെ സ്വീകരിക്കുകയും, തികഞ്ഞ അവബോധത്തോടെ അളന്നു കുറിച്ച് “ധാർമ്മിക”മായ ഏറ്റവും ഉയർന്ന നന്മ ലക്ഷ്യമാക്കി മാത്രം പ്രതികരിക്കുകയും ചെയ്യുക.

വ്യത്യസ്തമായ രണ്ട് ഉദാഹരണങ്ങളിലൂടെ ഈ വസ്തുത കൂടുതൽ വ്യക്തമാക്കാം. അവസാന ബസ്സും പൊയ്ക്കഴിഞ്ഞ ഒരു രാത്രി, കാറ്റിലും മഴയിലും അപരിചിതമായ ഒരു ദിക്കിൽ നമ്മൾ അകപ്പെട്ടു എന്ന് കരുതുക. അത്തരം ഒരു അവസരത്തിൽ നമുക്ക് ചെയ്യുവാൻ കഴിയുന്ന പരിഹാരങ്ങൾക്ക് പരിമിതികൾ ഉണ്ടായേക്കാം. ചെയ്യാവുന്നതെല്ലാം ചെയ്തതിന് ശേഷം ഇരുട്ടുള്ള രാത്രിയുടേയും മഴയുടേയും ഭംഗി ആസ്വാദിച്ചുകൊണ്ട് ഇരിക്കുക എന്നതാണ് ശ്രേഷ്ഠമായ പ്രവർത്തി. അധികം പേരും അത്തരം സന്ദർഭങ്ങളിൽ ആവശ്യമില്ലാതെ സർവ്വരേയും ശപിച്ച്, ഭയചകിതരായി നിലവിൽ അനുഭവിക്കുന്ന ദുരിതത്തെ കൂടുതൽ ദുരിതപൂരിതമാക്കും. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നുമാത്രമല്ല, അതുവരെ ഉണ്ടായിരുന്നതിൽ കൂടുതൽ കഷ്ടതകളെ അതിലൂടെ നമ്മൾ സൃഷ്ടിക്കുകയും ചെയ്യും. അപ്രകാരം ചെയ്യാതെ ആ നിമിഷത്തിൻ്റെ പ്രത്യേകതയെ അംഗീകരിച്ചുകൊണ്ട്, ചെയ്യാവുന്നതെല്ലാം ചെയ്ത് രാത്രിയുടെ ഭംഗിയും ആസ്വദിച്ചു നിന്നാൽ, അധികം താമസിയാതെ സഹായം വന്നെത്തുവാനുള്ള സാദ്ധ്യതയുണ്ട്.

മറ്റൊരു ഉദാഹരണം യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണ്. ഒരിക്കൽ അമേരിക്കയിൽ ഒരു യാത്രികന് ചില തെരുവു കവർച്ചക്കാരുടെ ആക്രമണത്തിൽ വെടിയേറ്റു. ഉടനെ ആംബുലൻസ് എത്തി അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആ പോക്കിൽ അദ്ദേഹം ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്‌സിംഗ് ജോലി ചെയ്തിരുന്നവരോട് പല തമാശകളും പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷം അവരിൽ ഒരാൾ, “എങ്ങിനെ ഇതു പോലെയുള്ള ഗുരുതരമായ അവസരങ്ങളിൽ തമാശ പറയുവാൻ സാധിക്കുന്നു” എന്ന് അദ്ദേഹത്തോട് ചോദിച്ചു. അതിന് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് നൽകിയ മറുപടി എല്ലാവരും എക്കാലത്തേക്കും ഓർമ്മിച്ചുവച്ച് ആ നയം സ്വന്തം ജീവിതത്തിൽ പകർത്തേണ്ട ഒന്നാണ്. അദ്ദേഹം ഇങ്ങിനെയായാണ് ആ ചോദ്യത്തിന് മറുപടി പറഞ്ഞത്.

“അല്ലാതെ ഞാൻ എന്തുചെയ്യണം? പറയൂ. എനിക്ക് വെടിയേറ്റു. ഞാൻ മരിച്ചു പോയേക്കാം. എന്തായാലും, നിങ്ങൾ എത്തി നിങ്ങൾക്ക് കഴിയുന്ന എല്ലാ സഹായങ്ങളും നിങ്ങൾ ചെയ്യുന്നുണ്ട്. അതിന് എനിക്ക് നന്ദിയുണ്ട്. ഈ അവസരത്തിൽ ‘ഞാൻ ചത്തുപോകുമേ’ എന്ന് പറഞ്ഞു ഞാൻ നിലവിളിച്ചത് കൊണ്ട് ആർക്ക് എന്ത് പ്രയോജനം? നിങ്ങളുടെ പ്രവർത്തികളെ അത് തടസ്സപ്പെടുത്തും, എൻ്റെ വേദനകൾ അത് കൂടുതൽ ദുസ്സഹമാക്കും. അത്രതന്നെ. ഈ സന്ദർഭത്തിൽ നമുക്ക് രണ്ടു പേർക്കും ഏറ്റവും നല്ലത് ഞാൻ സമാധാനമായി ഇരിക്കുന്നുകൊണ്ട് തമാശ പറയുക തന്നെയാണ് ”.

ഇതാണ് “സമദുഖഃ സുഖ ക്ഷമി” എന്ന സമീപനം. സുഖം വന്നാലും ദുഃഖം വന്നാലും രണ്ടിലും സമചിത്തത വേണം. വിവേചന ശക്തിയുള്ള ഉയർന്ന അവബോധത്തോടെ നിലനിന്നാൽ മാത്രമേ ഇത് സാദ്ധ്യമാകൂ. ഇതെല്ലാം വല്ലപ്പോഴും മാത്രം ചെയ്‌താൽ പോരാ. എന്നും എപ്പോഴും ഇത് തന്നെയാവണം നമ്മുടെ രീതി. ഉയർന്ന അവബോധത്തോടെയുള്ള പെരുമാറ്റം നിത്യ പരിശീലനത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ. ഇത്തരം സന്ദർഭങ്ങളിൽ ബഹളം കൂട്ടി, എല്ലാവരേയും പഴിച്ചു കഴിയുന്നത് മൃഗ സമാനമായ ഇൻസ്റ്റിങ്റ്റിൻ്റെ പ്രവർത്തിയാണ്, ഉയർന്ന അവബോധത്തിൻ്റേത് അല്ല. ഉയർന്ന അവബോധത്തിലേക്ക് ഉയരുന്നത്, ഉയർന്ന അവബോധത്തോടെയുള്ള പെരുമാറ്റം നിത്യവും പരിശീലിക്കുന്നതിലൂടെയാണ്.

  1. ഓരോ നിമിഷവും നമ്മൾ ഉയർന്ന ജാഗ്രതയോടെ, പരിപൂർണ്ണമായ അവബോധത്തോടെ ഉണർന്നിരിക്കണം. എത്ര പ്രോകോപനങ്ങൾ വന്നാലും ഒന്നിനോടും വൈകാരികമായി എതിർബലം പ്രയോഗിക്കലാകരുത്. ബോധപൂർവം ആവശ്യമായ കാര്യങ്ങൾ ചെയ്യുതുകൊണ്ടു “പ്രതികരി”ക്കുക മാത്രം ചെയ്യുക. “എതിർ ബലം പ്രയോഗിക്കലും, “പ്രതികരണ”വും രണ്ടും രണ്ടാണ്.

“എതിർകരിക്കുക” എന്ന പ്രവർത്തിയിൽ മൃഗതുല്യമായ ഇൻസ്റ്റിങ്‌റ്റുകൾ ആണ് പ്രവർത്തിക്കുന്നത്. “പ്രതികരിക്കുക” എന്ന പ്രവർത്തിയിൽ നമ്മുടെ മനസ്സും വിവേചന ബുദ്ധിയും ഒരുമിച്ച് നിൽക്കുന്ന അവബോധം ആണ് പ്രവർത്തിക്കുന്നത്. രണ്ടും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ച് മനസ്സിലാക്കണം. എത്ര രൂക്ഷമായ സന്ദർഭത്തിലും “എതിർകരി”ക്കരുത്. നമ്മളാൽ കഴിയുന്ന വിധത്തിൽ പൂർണ്ണമായ അവബോധത്തോടെ ധാർമ്മിക ബോധത്തോടെ “പ്രതികരിക്കുക” മാത്രമേ ചെയ്യാവൂ.

അവബോധപൂർവ്വം നടക്കുന്ന ധാർമ്മികമായ പ്രതികരണത്തിന് മറ്റൊരു ഉദാഹരണം നൽകാം. നമ്മൾ പൊതുവഴിയിലൂടെ നടന്നുപോകുമ്പോൾ എന്തെങ്കിലും അതിക്രമങ്ങൾ മറ്റാരുടേയെങ്കിലും നേരെ നടക്കുന്നത് കണ്ടാൽ, അവരവർക്ക് കഴിയുന്ന വിധത്തിൽ ധാർമ്മികമായി “പ്രതികരിക്കണം”, എതിർ കരിക്കുകയല്ല വേണ്ടത്. നമുക്ക് ചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾക്ക് ശാരീരികവും, മാനസികവും ആയ നിരവധി പരിമിതികൾ ഉണ്ടായേക്കാം. എങ്കിലും നമ്മളാൽ കഴിയുന്ന വിധത്തിൽ പ്രതികരിച്ചിരിക്കണം; അതാണ് ധാർമ്മികത. എങ്കിൽ മാത്രമേ സർവ്വതും സന്തുലിതമായി നിലനിൽക്കുകയുള്ളൂ എന്ന് നമ്മൾ മനസ്സിലാക്കണം. മുൻപ് സൂചിപ്പിച്ച നമ്മുടെ ശരീരത്തിലെ മൈക്രോബുകളുടെ ഉദാഹരണം ഓർമ്മിക്കുക.

  1. നമ്മുടെ മനസ്സിൽ ഉയരുന്ന ഓരോ ചിന്തകളേയും നമ്മൾ സസൂക്ഷ്മം സ്വയം അകലെ മാറിന് നിന്ന് വീക്ഷിക്കണം. നമ്മൾ അറിയാതെ നമ്മുടെ യാതൊരു ചിന്തകളും, വാക്കുകളും, പ്രവൃത്തികളും നമ്മുടെ കൈയിൽ നിന്നും വഴുതി പോകരുത്. നമ്മുടെ ചിന്തകളും, വാക്കുകളും പ്രവർത്തികളും എല്ലാം സദാ സമയവും സ്വയം ഒരു നിശബ്ദ സാക്ഷിയായി മാറി നിന്നു നമ്മൾ വീക്ഷിച്ചു കൊണ്ടേ ഇരിക്കണം. അവബോധം വികസിപ്പിക്കുവാനുള്ള വളരെ ശക്തമായ ഒരു പരിശീലനമാണ് ഇത്.
  2. ഒരിക്കലും നമ്മളെ മറ്റു വ്യക്തികളുമായോ, നമ്മുടെ ജീവിത സാഹചര്യത്തെ അവരുടെ ജീവിത സാഹചര്യങ്ങളുമായോ താരതമ്യപ്പെടുത്തരുത്. വ്യക്തിഗതമായ ജീവിത പാഠങ്ങളാണ് ഓരോരുത്തർക്കും പ്രകൃതി നൽകുന്നത്. നമ്മുടെ അനന്യമായ പാഠങ്ങളാണ് നമുക്ക് ലഭിക്കുന്ന ജനനം, കുടുംബം, ജീവിത സാഹചര്യങ്ങൾ, ജന്മനാലുള്ള ആരോഗ്യം, അനാരോഗ്യം, കഴിവുകൾ, കഴിവ് കുറവുകൾ ഇവയെല്ലാം തന്നെ. നമ്മുടെ പരിശീലനത്തിനും ഏറ്റവും ഉയർന്ന നന്മക്കും വേണ്ടിയാണ് അവ നൽകപ്പെടുന്നത്. ജീവിതത്തിൽ പ്രവർത്തിക്കുന്ന പ്രകൃതി നിയമങ്ങൾ മനസ്സിലാക്കാത്തത് കൊണ്ട് നമ്മൾ ഇതെല്ലാം നമ്മുടെ ഭാഗ്യദൗർഭാഗ്യങ്ങളായി തെറ്റിദ്ധരിക്കുന്നു. യഥാർത്ഥത്തിൽ ‘ഭാഗ്യം’എന്നോ, ‘ദൗർഭാഗ്യം’ എന്നോ ഒന്നില്ല. നമുക്ക് ഇനിയും അറിയാത്ത നിയമങ്ങളുടെ പ്രവർത്തനങ്ങളെ നമ്മൾ അങ്ങിനെ ഒക്കെ വിവക്ഷിക്കുന്നു എന്നേ ഉള്ളൂ. ഉദാഹരണത്തിന്, അഞ്ചാം ക്ലാസിലെ സിലബസ്സും ഒൻപതാം ക്ലാസിലെ സിലബസ്സും താരതമ്യം ചെയ്ത് ഒൻപതാം ക്ലാസിലെ സിലബസ്സ് ‘ഭാഗ്യം’ ചെയ്ത സിലബസ്സ് എന്ന് നിർണ്ണയിക്കുന്നതിലെ വിഢിത്തം തന്നെയാണ് ഇതിലും. പഠിക്കാതെ പോയ പാഠങ്ങൾ ഉത്സാഹപൂർവ്വം പഠിച്ചു മുന്നേറുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ എല്ലാ പാഠങ്ങൾക്കും ഉള്ളൂ. ശരീര സമേതരായി നിലനിൽക്കുമ്പോൾ മാത്രമേ ഏതു പഠനവും സാദ്ധ്യമാകൂ എന്ന് നമ്മൾ മനസ്സിലാക്കാതെ പോകരുത്. ഇന്ന്, ഇപ്പോഴാണ് നമ്മുടെ അവബോധ വികസനത്തിനായി ബോധപൂർവ്വം പ്രവർത്തിക്കേണ്ട സമയം. നാളേക്ക് മാറ്റിവയ്ക്കുന്നത് താമസിച്ചുപോയി എന്ന് വന്നേക്കാം.
  3. നമ്മൾ ഈ ശരീരമോ മനസ്സോ അല്ല എന്ന് എപ്പോഴും ഓർക്കണം. നമ്മൾ ‘ജീവൻ’ ആണ് – അതായത് ‘അവബോധം’ ആണ്. ശരീരവും മനസ്സും ആ “ജീവൻ” അല്ലെങ്കിൽ “അവബോധം” എടുത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ മാത്രമാണ്. മറ്റുള്ളവർ അല്ലെങ്കിൽ മറ്റുള്ളവ എന്ന് നമ്മൾ കരുതുന്നതെല്ലാം നമ്മളെപ്പോലെ സമാനമായ “ജീവൻ” എന്ന ഏകകങ്ങൾ തന്നെയാണ്. ഇവിടെ അന്യമായി ഒന്നുമില്ല എന്നറിയുക. പ്രപഞ്ചത്തിലുള്ള സർവ്വതും ഒരേ മഹത് “ജീവൻ” തന്നെ വേഷ പ്രച്ഛന്നരായി വിവിധങ്ങളായി നിൽക്കുന്നതാണെന്ന് മറക്കരുത് ഒരിക്കലും.

ഇത് പരിശീലിക്കുവാൻ ഒരു ചെറിയ സൂത്രപ്പണിയുണ്ട്. നമ്മൾ ജീവൻ്റെ (അവബോധത്തിൻ്റെ) അദൃശ്യമായ “ക്വാണ്ടം” സാന്നിദ്ധ്യങ്ങൾ ആണ്. നമ്മൾ അദൃശ്യരാണ്. നമ്മളാകുന്ന അദൃശ്യമായ “ക്വാണ്ടം” ജീവ-സാന്നിദ്ധ്യം തൻ്റെ കൈവശംവച്ച് കൊണ്ടുനടക്കുന്ന ഒരു വലിയ ഭാണ്ഡം ഉണ്ട് – ആ ഭാണ്ഡം ഈ ശരീരമാണ്. ആ ഭാണ്ഡത്തോടൊപ്പം അദൃശ്യമായ ഒരു മനസ്സും ഉണ്ട്. ഇത് രണ്ടും അദൃശ്യമായ “ക്വാണ്ടം” ജീവ-സാന്നിദ്ധ്യം ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങൾ ആണ്. ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ ഈ രണ്ട് ഉപകരണങ്ങളും ഉണ്ടാകുകയുള്ളൂ.

നമ്മൾ സമുദ്രത്തിൻ്റെ അടിയിലേക്ക് മുങ്ങുമ്പോൾ പ്രെഷറൈസ്‌ഡ്‌ വസ്ത്രങ്ങളും, ഓക്സിജൻ ടാങ്കും എല്ലാം ധരിച്ചുകൊണ്ടാണ് സമുദ്രത്തിൻ്റെ അടിയിലേക്ക് മുങ്ങുന്നത്. ഓരോരുത്തരും അവരവരുടെ പ്രത്യേക വ്യക്തിപരമായ ആവശ്യങ്ങൾക്കായി കൃത്യമായി കുറിക്കപ്പെട്ടു സമയത്തേക്ക് നിരവധി പേർ ഒരേ സമയത്ത് കടലിനടിയിൽ ചെന്നതിന് സമമാണ് നമ്മുടെ ഭൂമിയിലെ ജീവിതം. കടലിനടിയിൽ നമ്മൾ യഥാർത്ഥ വ്യക്തിയെ കാണുന്നില്ല, അയാൾ ധരിച്ചിരിക്കുന്ന പ്രഷറൈസ്‌ഡ്‌ വസ്ത്രങ്ങളും ഓക്സിജൻ ടാങ്കുകളും മാത്രമേ കാണുന്നുള്ളൂ. ആ പ്രഷറൈസ്‌ഡ്‌ വസ്ത്രങ്ങളും ഓക്സിജൻ ടാങ്കുകളുമാണ് കടലിനടിയിൽ പ്രവർത്തികൾ ചെയ്യുന്നത് എന്ന് നമ്മൾ തെറ്റിദ്ധരിച്ച് അവയുടെ മേൽ വിധിനിർണ്ണയങ്ങൾ നടത്തുന്നു. ഈ തെറ്റിദ്ധാരണകൾ മാറ്റി, സർവ്വരുമായി സഹകരിച്ച് സമസന്തുലനം ചെയ്‌തു കൊണ്ട് വേണം അവരവരുടെ ജീവിത ഉദ്ദേശ്യങ്ങൾ നിറവേറ്റുവാനും.

  1. സർവ്വ ജീവ ജാലങ്ങളോടും, ചരാചരങ്ങളോടും, പക്ഷി മൃഗാദികളോടും മാതൃ നിർവ്വിശേഷമായ ഒരു ഭാവന വളർത്തി എടുക്കുക. തിരിച്ച് ഇങ്ങോട്ടൊന്നും പ്രതീക്ഷിക്കാതെ പക്ഷി മൃഗാദികൾക്ക് ഭക്ഷിക്കുവാൻ എന്തെങ്കിലും എപ്പോഴെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന് ആലോചിച്ചു നോക്കുക. ഇല്ലെങ്കിൽ അതൊരു സ്വഭാവമാക്കുക. പക്ഷി മൃഗാദികൾ നമ്മിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. നമുക്കും പക്ഷി മൃഗാദികളിൽ നിന്നും ഒന്നും ലഭിക്കുവാനും ഇല്ല. എങ്കിൽപ്പോലും അതിന് ഭക്ഷിക്കുവാൻ നൽകുക എന്ന ധാർമ്മിക പ്രവർത്തി ചെയ്യുന്നത് അവബോധ വികസനത്തെ സഹായിക്കും.
  2. മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിക്കാതെ മുകളിൽ പറഞ്ഞവയെല്ലാം സ്വന്തം സ്വകാര്യ ജീവിത നിയമങ്ങൾ ആക്കി മാറ്റുവാനുള്ള ധൈര്യവും ആർജ്ജവവും നമുക്കുണ്ടായിരിക്കണം.
  3. നമ്മുടെ ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന എല്ലാ അനുഭവങ്ങളേയും സ്വാധീനിക്കുവാൻ നമുക്ക് കഴിയുകയില്ല. എങ്കിലും അവയോടുള്ള നമ്മുടെ സമീപനങ്ങളെ നിയന്ത്രിക്കുവാൻ നമുക്ക് കഴയും. നമ്മൾ നമ്മളറിയാതെ അബോധപൂർവ്വം സംസാരിക്കപ്പെടുവാനും, പ്രവർത്തിക്കപ്പെടുവാനും എല്ലാം ആന്തരികമായി നമ്മൾ നിർബ്ബന്ധിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. പൂർണ്ണമായും ഉണർന്നിരിക്കുന്ന അവബോധപൂർവ്വമാണോ നമ്മൾ സംസാരിക്കുന്നതും പെരുമാറുന്നതും എന്ന് നമ്മൾ എപ്പോഴും ശ്രദ്ധിക്കണം. സദാസമയവും ഉയർന്ന അവബോധത്തോടെ നിന്നാൽ മാത്രമേ ഇത് സാദ്ധ്യമാകൂ. അവബോധ വികസനത്തിനുള്ള ഒരു പരിശീലനം കൂടിയാണിത്.
  4. അവബോധം വികസിപ്പിക്കുവാൻ നമുക്ക് ചെയ്യാവുന്ന നിരവധി പരിശീലനങ്ങൾ ഉണ്ട്. നമ്മൾ പ്രതിദിനം ഉപയോഗിക്കുന്ന വാക്കുകളുടെ എണ്ണം പകുതിയായി കുറയ്ക്കുക എന്നതാണ് അതിലൊന്ന്. നമ്മൾ മണിക്കൂറിൽ 360 വാക്കുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, അത് 180 വാക്കുകളായി കുറയ്ക്കുക. വിഷയം വെട്ടിച്ചുരുക്കാതെ, 50 ശതമാനം വാക്കുകൾ കുറച്ച് ഉപയോഗിച്ച് നമ്മൾ അതേ കാര്യങ്ങൾ പറയുവാൻ ബോധപൂർവ്വം ശ്രമിക്കണം. അങ്ങിനെ ചെയ്‌താൽ നമ്മൾ ക്രമേണ പൂർണ്ണ അവബോധത്തോടെ എപ്പോഴും നിലനിൽക്കുവാൻ പരിശീലിക്കപ്പെടും.
  5. ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, നമുക്ക് നല്ല വിശപ്പുണ്ടെങ്കിൽപ്പോലും, ഭക്ഷണ പാത്രത്തിൽ തൊട്ട് മൂന്ന് മിനിറ്റ് നേരം വെറുതെ ഭക്ഷണം നോക്കി ഇരിക്കുക. നമ്മൾ ഗാഢമായി ആഗ്രഹിക്കുന്നത് മൂന്ന് മിനിറ്റിനു നേരത്തേക്ക് മാറ്റിവെച്ചാൽ, നമ്മുടെ അവബോധം കൂടുതൽ ശക്തമാകും. ഈ മൂന്ന് മിനിറ്റ് അസഹ്യമായ ഒരു നീണ്ട സമയമായി നമുക്ക് അനുഭവപ്പെടുന്നു എങ്കിൽ നമ്മൾ ഇപ്പോഴും ‘പഴയ’ ഇൻസ്റ്റിങ്ക്ടുകൾക്ക് അടിമകളാണ് എന്നർത്ഥം. ഈ വിദ്യ നമ്മളാകുന്ന അവബോധം ശക്തിപ്പെടുത്തുന്നതിന് വളരെ ഫലപ്രദമായ ഒരു പരിശീലനമാണ്.
  6. നിത്യ ജീവിതത്തിലെ ഓരോ പ്രവർത്തികൾ ചെയ്യുമ്പോഴും അവ അവബോധപൂർവ്വം ചെയ്യുവാൻ ശ്രദ്ധക്കണം. ചില ഉദാഹരണങ്ങൾ: കാർ പാർക്ക് ചെയ്യുമ്പോൾ, തിരക്കിൽ നടക്കുമ്പോൾ, ഒരു കടയിലേക്ക് കയറി ചെല്ലുമ്പോൾ എല്ലാം മറ്റുള്ളവരുടെ സൗകര്യങ്ങളെക്കൂടി കണക്കിൽ എടുക്കണം.
  7. നമുക്ക് അറിയാവുന്ന വിഷയങ്ങൾ അറിയുവാൻ ആഗ്രഹമുള്ള ആരേയും അത് പഠിപ്പിച്ചു കൊടുക്കുവാനുള്ള സന്നദ്ധതയും ശ്രമവും എപ്പോഴും ഉണ്ടായിരിക്കണം. ഇതെല്ലാം അവബോധ വികസനത്തിനുള്ള ധാർമ്മിക പ്രവർത്തികളാണ്.
  8. നമ്മൾ കടന്നു ചെല്ലുകയും പെരുമാറുകയും ചെയ്യുന്ന എല്ലാ സ്ഥലങ്ങളും, അത് ‘സ്വന്തം’ സ്ഥലമായാലും അല്ലെങ്കിലും, എപ്പോഴും ശുചിത്വത്തോടെ പരിരക്ഷിക്കേണ്ടതുണ്ട്. നമ്മൾ ഈ ഭൂമിയിൽ ജനിച്ചതുകൊണ്ട് ഈ ഭൂമി കൂടുതൽ ക്ലേശങ്ങൾ അനുഭവിക്കുവാൻ ഇടവരരുത് എന്ന് ഉറപ്പാക്കണം. അത്തരത്തിലുള്ള ഒരു പ്രവണത നമ്മിൽ വളർത്തുന്നത് അവബോധ വികസനത്തിന് സഹായിക്കും.
  9. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ വ്യക്തി ബന്ധങ്ങളും അവബോധ വികസന പരിശീലനത്തിൽ വളരെ അധികം പ്രാധാന്യമുള്ള ഒന്നാണ്. എല്ലാ ബന്ധങ്ങളും ഏഴാം പാഠഭാഗത്തിൽ ചർച്ച ചെയ്ത യമ-നിയമങ്ങളിൽ അടിയുറച്ചതായിരിക്കണം. നമ്മുടെ കുടുംബ ബന്ധങ്ങൾ തികഞ്ഞ ശ്രദ്ധയോടേയും അവബോധത്തോടേയും കൈകാര്യം ചെയ്യണ്ടവയാണ്. നമ്മൾ ജനിക്കുവാൻ ഇടയായ കുടുംബത്തിലെ അംഗങ്ങളുമായിട്ടുള്ള നമ്മുടെ ബന്ധങ്ങളും, നമ്മൾ ഓരോരുത്തരും വിവാഹം കഴിച്ചു സ്വീകരിക്കുന്ന കടുംബത്തിലെ അംഗങ്ങളുമായിട്ടുള്ള നമ്മുടെ ബന്ധങ്ങളും എല്ലാം ഒരുപോലെ പ്രാധാന്യമർഹിക്കുന്നു.

‘അവബോധ’ത്തിൻ്റെ വികാസത്തിനും, വളർച്ചയ്ക്കും, നമ്മൾ കൂടെ കൊണ്ടു വന്നിരിക്കുന്ന പ്രാരാബ്ധ കർമ്മത്തെ സന്തുലിതമാക്കുന്നതിനും എല്ലാമുള്ള വിലയേറിയ അവസരങ്ങൾ ആണ് കുടുംബ ബന്ധങ്ങൾ. കുടുംബ ബന്ധങ്ങളിൽ അനുഭവപ്പെടുന്ന ആകർഷണ വികർഷണങ്ങളിൽ കാർമ്മികമായ കടങ്ങളും മറ്റും ഉൾപ്പെടാം. അവയെല്ലാം നമുക്ക് തൃപ്തികരമായി പരിഹരിക്കേണ്ടതുണ്ട്. ക്ഷമിക്കുവാനും, സഹിക്കുവാനും, നിഷേധാത്മക വികാരങ്ങൾ ഉപേക്ഷിക്കുവാനും, മാപ്പു നൽകുവാനും, സഹകരിച്ചു പ്രവർത്തിക്കുവാനുമെല്ലാം പരിശീലിക്കുവാനുള്ളതാണ് കടുംബ ബന്ധങ്ങൾ. ഒരു പരീക്ഷയിൽ നിർബന്ധമായും ഉത്തരം നൽകേണ്ട ചില ചോദ്യ ഉണ്ടാകും. ഓരോ ജന്മത്തിലേയും നമ്മുടെ കുടുംബ ബന്ധങ്ങൾ അപ്രകാരം ഉള്ള ഒന്നാണ്. മറ്റു ബന്ധങ്ങൾ ഐച്ഛികമാണെങ്കിലും, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ ബന്ധങ്ങളും അവബോധ വികസനത്തിനുള്ള അവസരങ്ങൾ ആണ്.

  1. മറ്റുള്ളവരുടെ വ്യക്തിഗതമായ അതിരുകളും, സ്വകാര്യതകളും, സ്വതന്ത്ര ഇച്ഛകളും എല്ലാം നമ്മൾ എപ്പോഴും അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം. നമ്മുടെ സ്വതന്ത്ര സ്വകാര്യ ഇച്ഛകൾ നമ്മുടെ സ്വകാര്യ അതിരുകൾക്ക് ഉള്ളിൽ ഒതുക്കി നിറുത്തേണ്ടതുണ്ട്. നമ്മുടെ സ്വതന്ത്ര ഇച്ഛകൾ അവസാനിക്കുന്നത്, മറ്റുള്ളവരുടെ സ്വതന്ത്ര ഇച്ഛകളുമായി സമ്പർക്കം ആരംഭിക്കുന്നിടത്താണ്.
  2. “ഭക്തി” എന്ന ഒരു ഭാവം നമ്മിൽ വളർത്തിയെടുക്കേണ്ടത് അവബോധ വികാസത്തിന് വളരെ ആവശ്യമായ ഒന്നാണ്. “ഭക്തി” എന്നാൽ നിഷ്കളങ്കമായ സ്നേഹവും വിശ്വാസവും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന ഒരു മാനസിക ഭാവത്തോട് കൂടിയ സമീപനമാണ്. മൂന്നോ നാലോ വയസ്സു മാത്രമുള്ള ഒരു ചെറിയ കുട്ടി അമ്മയുടെ കൈവിരലുകളിൽ പിടിച്ചുകൊണ്ട് ഈ ലോകത്തിൽ എവിടെ വേണമെങ്കിലും പോകുവാൻ തയ്യാറാവുന്നത് അമ്മയോട് അത്തരം “ഭക്തി” ഉള്ളതുകൊണ്ടാണ്. സ്വന്തം കാര്യ സാദ്ധ്യത്തിനല്ല ആ “ഭക്തി”. നിഷ്കളങ്കമായ ഇണക്കവും പിണക്കവും എല്ലാം ആ പവിത്രമായ ബന്ധത്തിൽ കണ്ടേക്കാം. എങ്കിലും, നിഷ്കളങ്കമായ അടിയുറച്ച ഒരു ആത്മബന്ധമാണ് ആ പ്രായത്തിലെ കുഞ്ഞു മനസ്സിലെ വികാരം. ഈ വികാരത്തിന് തുല്യമാണ് “ഭക്തി”.

ഈ നിഷ്കളങ്കമായ “ഭക്തി” നമുക്ക് ആരോടാണ് ഉണ്ടാകേണ്ടത്? ഇവിടെയാണ് മൂന്നാം പാഠഭാഗത്തിൽ യുക്തിഭദ്രമായി നമ്മൾ മനസ്സിലാക്കിയെടുത്ത വസ്തുതകളുടെ പ്രസക്തി. ഈ പുസ്തകത്തിൽ ഉടനീളം “സർവ്വത്വം” എന്ന പേരിൽ നമ്മൾ വിവക്ഷിച്ച, സർവ്വതിനേയും നിലനിൽപ്പിലേക്ക് കൊണ്ടുവന്ന അനാദിയിലേ ഉണ്ടായിരുന്ന ഏകത്വമായ ബ്രഹ്ത് പ്രജ്ഞാനമാണ് നമ്മുടെ “ഭക്തി”ക്ക് പാത്രമാകേണ്ടത്. ഈ പ്രപഞ്ചവും, സർവ്വ ചരാചരങ്ങളും, സർവ്വ ജീവനും, ഈ സൂര്യോദയവും, ഹൃദയഹാരിയായ നിലാവും, സമുദ്രവും, മാമലകളും, പുഷ്പ്പങ്ങളുടെ ഭംഗിയും, സൗരഭ്യവും എല്ലാം ഇത്ര ഗംഭീരമായി രൂപകൽപ്പന ചെയ്‌ത ആ “സർവ്വത്വ”മാണ്‌ നമ്മുടെ ഭക്തി ഭാജനം. പക്ഷേ, ഇവിടെ ഒരു സാങ്കേതിക പ്രശ്നം ഉണ്ട്. അതെന്താണെന്ന് വ്യക്തമാക്കാം.

നാലാം പാഠഭാഗത്തിൽ നിന്നും നമ്മൾ മനസ്സിലാക്കിയ മറ്റൊരു വസ്തുത ഓർമ്മിയ്ക്കുക. “സർവ്വത്വം” ശിവ തലത്തിലെ അവ്യക്തമായ ഏകത്വമാണ്. നമ്മുടെ വ്യക്തിപരമായ അനുഭവത്തിൽ “സർവ്വത്വം” പാരമാർത്ഥിക ലോകത്തിലാണ്. നമ്മളാകട്ടെ സ്ഥൂല തലത്തിലെ വ്യാവഹാരിക ലോകത്തിലും. രണ്ടു ലോകവും ജലരോധികളാണെന്ന് നമ്മൾ കണ്ടു. ഈ രണ്ടു ലോകങ്ങൾ തമ്മിൽ സമ്പർക്കം സാദ്ധ്യമല്ല. നമ്മുടെ നിദ്രയിലെ പ്രാതിഭാസിക ലോകത്തിൽ നമ്മൾ കാണുന്ന സ്വപ്ന ലോകത്തിലെ കാൽ, സ്വപ്നപ്പാറയിൽ തട്ടി മുറിവേറ്റാൽ, ആ മുറിവിൽ മരുന്ന് പുരട്ടി പ്ലാസ്റ്റർ പതിപ്പിക്കുവാൻ സാദ്ധ്യമല്ല എന്ന ഉദാഹരണം ഓർമ്മിക്കുക. അപ്രകാരം ഈ മൂന്ന് ലോകങ്ങളും തമ്മിൽ പരസ്പര ബന്ധങ്ങൾ സാദ്ധ്യമല്ല. അപ്പോൾ എങ്ങിനെ ഭിന്നമായ മറ്റൊരുലോകത്തിൽ നിൽക്കുന്ന നമുക്ക് “സർവ്വ”ത്വവുമായി ഒരു “ഭക്തി” ബന്ധം വളർത്തി എടുക്കുവാൻ കഴിയും? അത് മാത്രവുമല്ല, സർവ്വഗുണഗങ്ങളും അവ്യക്തമായി മറച്ചു നിറുത്തിക്കൊണ്ട്, പ്രത്യേകിച്ച് ഒരു ഗുണവും പ്രകടമാകാതെ നിലനിൽക്കുന്ന “സർവ്വത്വ”ത്തിനെ “ഭക്തി” എന്ന ഗുണവുമായി നമുക്ക് എങ്ങിനെ സമീപിക്കുവാൻ കഴിയും?

മനുഷ്യൻ എന്ന നിലയിൽ, നമ്മുടെ എല്ലാ വ്യക്തി ബന്ധങ്ങളും നമ്മൾ നിലനിൽക്കുന്ന വ്യാവഹാരിക ലോകത്തിൽ, സ്നേഹം, വിരോധം, വൈരാഗ്യം, ഭക്തി എന്നുതുടങ്ങിയ ഏതെങ്കിലും “ഗുണ” സമേതമായി മാത്രമേ സാദ്ധ്യമാകൂ. ഈ വ്യാവഹാരിക ലോകത്തിലേക്ക് വ്യക്തമായ ചുവടുകൾ വച്ച് സ്വയം ഇറങ്ങി വന്ന ഏറ്റവും ഉയർന്ന സർവ്വത്വഘടകമാണ് സൃഷ്ടിക്ക് തുടക്കം കുറിച്ച “സഗുണ സർവ്വത്വം”, “അഗ്നി”, “സോമം”, “വരുണം”, “മൂല പ്രകൃതി” എന്ന അഞ്ച് മഹാ തത്വങ്ങൾ. ഇവയാണ് സൃഷ്ടിയുടെ ഏറ്റവും ഉയർന്ന അഞ്ച് മാനേജ്മെൻറ്റ് സൃഷ്ടി തലങ്ങൾ.

സൃഷ്ടിയുടെ ഈ അഞ്ച് മാനേജ്മെൻറ്റ് തലങ്ങളും നമ്മുടെ അതേ വ്യാവഹാരിക ലോകത്തിലാണ്. മാത്രവുമല്ല, അഞ്ചും ഒന്നിൽ നിന്നും മറ്റൊന്ന്, അതിൽ നിന്നും മറ്റൊന്നു എന്ന ക്രമത്തിൽ ഫ്രാക്ടലായി അതേ ഏകത്വമായ “സർവ്വത്വ”ത്തിൽ നിന്നും ഉദയം കൊണ്ട സർവ്വത്വത്തിൻ്റെ തന്നെ “ബഹുത്വാ”വസ്ഥയാണ്. അതായത്, നമ്മുടെ വ്യാവഹാരിക ലോകത്തിൽ വേഷപ്രച്ഛന്നമായി നിൽക്കുന്ന സർവ്വത്വം തന്നെയാണ് അവയെല്ലാം. ഈ അഞ്ച് മാനേജ്‍മെൻറ്റ് തലങ്ങളും അവയുടെ കീഴ് തലങ്ങളൂം എല്ലാം നമുക്ക് പ്രാപ്യമാണ്. നിഷ്കളങ്ക സ്നേഹ വിശ്വാസങ്ങളോടെ വിളിച്ചാൽ നമ്മുടെ വിളിപ്പുറത്താണ്. ഈ പഞ്ച മഹാ സൃഷ്ടി തത്വങ്ങളുമായിട്ട് നിഷ്കളങ്കമായ സ്‌നേഹ വിശ്വാസ ബന്ധം വളർത്തി എടുക്കാവുന്നതാണ്. അതാണ് “ഭക്തി”.

ഓരോരുത്തരുടേയും അവബോധത്തിൻ്റെ വികാസനില അനുസരിച്ച് ഭക്തിയെക്കുറിച്ചുള്ള ഓരോ വിധത്തിലുള്ള ധാരണകളിൽ വീണു കിടക്കുന്നു എന്നുമാത്രമേ ഉള്ളൂ. ആദ്യം നൽകിയ അമ്മയുടെയും കുട്ടിയുടേയും ഇടയിലുള്ള ഭക്തയിലാണ് അന്തിമമായി എത്തിച്ചേരേണ്ടത്. യാതൊരു ആവശ്യങ്ങളും ഇല്ലാത്ത, ആത്മാർത്ഥമായ, ശുദ്ധമായ സ്നേഹവും വിശ്വാസവും.

  1. ശാരീരികവും, മാനസികവും, ഊർജ്ജപരവുമായ നിരവധി പരിമിതികൾ നമുക്ക് ഏവർക്കും ഉണ്ട്. ഈ പരാധീനതകൾ ജീവാത്മാവിൻ്റേതല്ല. ജീവാത്മാവ് എന്നാൽ നമ്മളാകുന്ന പ്രജ്ഞാനത്തിൻ്റെ യൂണിറ്റ് ആണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജീവാത്മാവിന് ഉണ്ടെന്ന് തോന്നിക്കുന്ന പരാധീനതകൾ ജീവാത്മാവിൻ്റേതല്ല. അത് നമ്മൾ ഓരോരുത്തരും ആകുന്ന ജീവാത്മാവ് കൈവശം വച്ച് ഉപയോഗിക്കുന്ന ഭൗതിക വസ്തുക്കളായ ശരീത്തിൻ്റേയും, മനസ്സിൻ്റേയും, ഊർജ്ജത്തിൻ്റേയും ആണ്. ആ ഓരോ പരിമിതികളിൽ നിന്നും ഒന്നൊന്നായി കരകയറുവാനായി പുരാതന വൈജ്ഞാനിക ശാസ്ത്രം രൂപകൽപ്പന ചെയ്തതാണ് അഷ്ടാംഗയോഗം. യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണം ധ്യാനം, സമാധി എന്നിവയാണ് ആ എട്ടു ഘട്ടങ്ങളിലൂടെയുള്ള പരിശീലനം.

യമ നിയമങ്ങൾ അനുസരിച്ചുകൊണ്ടു വേണം ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണം ധ്യാനം, സമാധി എന്നിവയിലേക്ക് പ്രവേശിക്കുവാൻ. അഞ്ച് യമചര്യകളൂം അഞ്ച് നിയമ ചര്യകളും ഉണ്ടെന്നും, പ്രസ്തുത പത്ത് യമ-നിയമ ചര്യകൾ എന്താണെന്നും എല്ലാം നമ്മൾ എട്ടാം പാഠഭാഗത്തിൽ മനസ്സിലാക്കിക്കഴിഞ്ഞു. അവയെല്ലാം ശരീരം കൊണ്ടും, മനസ്സുകൊണ്ടും, വികാരങ്ങൾകൊണ്ടും പാലിക്കേണ്ടതാണ്.

അപ്രകാരം യമ നിയമങ്ങൾ അനുഷ്ടിച്ച് ധാർമ്മികതയിൽ അധിഷ്ഠിതമായ ഒരു ജീവിതം ചിട്ടപ്പെടുത്തിയതിന് ശേഷം, മനസ്സും ശരീരവും വഴക്കമുള്ളതും അരോഗദൃഢവും ആക്കണം. അതാണ് ആസന-പ്രാണായാമങ്ങൾ. ഇന്ന് “യോഗ” എന്ന പദം അധികവും ആസനങ്ങളും, കുറച്ചൊക്കെ പ്രാണായാമവും ആയിട്ടു മാത്രമാണ് ലോകം മനസ്സിലാക്കിയിട്ടുള്ളത്. അതൊന്നും മതപരമായ ചടങ്ങുകൾ അല്ല എന്നും ഒൻപതാം പാഠഭാഗത്തിലെ “യോഗശാസ്ത്രവും ന്യൂറൽ സയൻസും” എന്ന ചർച്ചയിൽ വ്യക്തമാക്കുന്നുണ്ട്.

ആസന-പ്രാണായാമങ്ങൾ അനുഷ്ഠിക്കുമ്പോഴും അതോടൊപ്പം യമനിയമങ്ങളും, പരിശീലിക്കേണ്ടതുണ്ട്. എന്താണ് “ധർമ്മം” എന്നും “അധർമ്മം” എന്നും നമ്മൾ വളരെ കൃത്യമായി മനസ്സിലാക്കിയിരിക്കണം. “അഹിംസ” എന്ന പദം ധാർമ്മികതയുടെ നിർവ്വചനത്തിലൂടെ മാത്രം ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. ഇതെല്ലാം ഇതിന് മുൻപുള്ള പാഠ ഭാഗങ്ങളിൽ ചർച്ച ചെയ്ത വിഷയങ്ങൾ ആയതുകൊണ്ട് ആവർത്തിക്കുന്നില്ല. അവബോധ വികസനത്തിലും ജനം-മരണങ്ങളുടെ അതിജീവനത്തിലും ധർമ്മാധർമ്മങ്ങൾക്കുള്ള പ്രാധാന്യം സാന്ദർഭികമായി ചൂണ്ടിക്കാണിക്കുന്നു എന്നേ ഉള്ളൂ.


രോഗങ്ങളുടെ ഉദയവും അസ്തമനവും മനസ്സിൽ

ഇവിടെ സാന്ദർഭികമായി സുപ്രധാനമായ ഒരു വസ്തുത ചൂണ്ടിക്കാണിക്കേണതുണ്ട്. ശ്രേഷ്ഠമായ ജീവിതത്തിന് ശ്രേഷ്ടമായ ഒരു ശരീരവും ശ്രേഷ്ടമായ ഒരു മനസ്സും അനിവാര്യമാണ്. നമ്മൾ ഭക്ഷിക്കുന്ന ആഹാരവും, ചിന്തിക്കുന്ന ചിന്തകളും ഇക്കാര്യത്തിൽ നിർണ്ണായകമാണ്. നമ്മുടെ മസ്തിഷ്കവും, കരളും, വൃക്കകളും, ആമാശയവും, ഹൃദയവും വിവിധ ഹോർമോണുകളും, നൂറുകണക്കിനുള്ള ന്യൂറൽ പാതകളും എല്ലാം ചേർന്ന് എങ്ങിനെയാണ് ശരീര മനസ്സുകളുടെ സുഖസ്ഥിര സമസ്ഥിതിക്കായി അഹോരാത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നതിൻ്റെ ഒരു നഖചിത്രം കഴിഞ്ഞ പാഠഭാഗത്തിൽ ചർച്ച ചെയ്തിരുന്നുവല്ലോ.

നിമിഷ നേരത്തേക്ക് മാത്രം നിലനിൽക്കുന്ന നാക്കിൻ്റെ രുചിക്ക് വേണ്ടി നമ്മൾ ശരീരത്തിനകത്തേക്ക് നിക്ഷേപിക്കുന്ന പല ആഹാരപദാർത്ഥങ്ങളും വളരെ ഗുരുതരമായ ഭവിഷ്യത്തുകൾ വിളിച്ചു വരുത്തുണ്ട്. അല്ലെങ്കിൽത്തന്നെ പരിസ്ഥിതി മലിനീകരണം മൂലവും, കീടനാശിനികളുടെ അന്ധമായ ഉപയോഗം കൊണ്ടും വിഷലിപ്തമായ ആഹാരം ഭക്ഷിച്ചുകൊണ്ട് ഗുരുതരമായ പ്രതിസന്ധിയെയാണ് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്നത്. അതുകൂടാതെ, ഫാക്ടറികളിൽ പ്രിസെർവേറ്റിവ്കളായിട്ടും, തിക്കനറുകൾ ആയിട്ടും, കളറിംഗ് ഏജൻറ്റുകളായിട്ടും, ഫ്‌ളേവറുകൾ ആയിട്ടും എല്ലാം എണ്ണമറ്റ രാസവസ്തുക്കളാണ് നമ്മൾ നിത്യേന ഭക്ഷിക്കുന്നത്. ഇതെല്ലാം നമ്മുടെ സങ്കീർണമായ ആന്തരിക ക്രമങ്ങളുടെ സന്തുലിത തകർത്ത് നമ്മളെ രോഗാതുരരാക്കുന്നത് നമ്മൾ അറിയുന്നില്ല.

ഇതിനെക്കുറിച്ചെല്ലാം ബോധവാന്മാരായി, എന്ത് ഭക്ഷക്കണം എന്ത് ഭക്ഷിക്കരുത് എന്ന് സാധുതയുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുവാനുള്ള ഇച്ഛാശക്തിയും കരുത്തും നമ്മൾ ആർജ്ജിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ശരീരവും മനസ്സും ശ്രേഷ്ഠ ജീവിതത്തിന് കുറച്ചൊന്നും അല്ല സഹായിക്കുന്നത്. സ്വാദുള്ള ആഹാരം മാത്രം ലക്ഷ്യമാക്കി ജീവിക്കുമ്പോൾ നഷ്ടപ്പെടുന്നത് ആരോഗ്യമാണ്. ലഭിക്കുന്നത് ആശുപത്രി വാസവും, ഐസിയൂ മരണവും. ഇത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിന് അടിയന്തിര ചികിൽസ വേണ്ട ഘട്ടത്തിൽ വളരെ ഫലപ്രദമായി ഇടപെടാനാകും എന്നതിൽ യാതൊരു സംശയവും ഇല്ല. എങ്കിലും ആരോഗ്യ സംരക്ഷണത്തിൻ്റെ കാര്യത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പൊതുവായ സമീപനം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹത്തിൻ്റെ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.

ടൈപ്പ് 2 പ്രമേഹം പല കാരണങ്ങൾ കൊണ്ടും ഉണ്ടാകുന്നുണ്ട്. ജനിതക ഘടകം മുതൽ ഇൻസുലിൻ റെസിസ്റ്റൻസ്, പാൻക്രിയാസിലെ ബീറ്റാ സെൽ തകരാറുകൾ മൂലം പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് ഇല്ലാതെയാകൽ വരെയുള്ള നിരവധി കാരണങ്ങൾ ടൈപ്പ് 2 പ്രമേഹത്തിന് പുറകിൽ ഉണ്ട്. ടൈപ്പ് 2 പ്രമേഹത്തിന് ആധുനിക ചികിത്സയിൽ സാധാരണ നൽകുന്ന ആദ്യ നിര മരുന്നാണ് മെറ്റ്‌ഫോർമിൻ.

ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പഞ്ചസാര ഊർജ്ജ ഉത്പാദനത്തിനായി കരളിൽ ശേഖരിച്ച് വച്ച് ആവശ്യാനുസരണം വിട്ടുകൊടുക്കുന്ന ജോലിയാണ് ഈ വിഷയത്തിൽ കരളിന് ഉള്ളത്. എന്നാൽ മെറ്റ്ഫോർമിൻ കരൾ ഉത്പാദിപ്പിക്കുന്ന ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. പാൻക്രിയാസിൽ ഇൻസുലിൻ ഉത്പാദനത്തിലുള്ള വീഴ്ചക്ക് കാരണമായ ബയോ കെമിക്കൽ പ്രോസസ്സിങ്ങിലെ തകരാറ് കണ്ടെത്തി അത് പരിഹരിക്കുന്നതിന് പകരം, കരളിൻ്റെ കലവറയിൽ സൂക്ഷിച്ചിരിക്കുന്ന പഞ്ചസാര വിട്ടു നൽകുന്ന പ്രക്രിയ പിടിച്ചു നിറുത്തിക്കൊണ്ടാണ് മെറ്റ്‌ഫോർമിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നത്!

അതുകൂടാതെ മെറ്റ്‌ഫോർമിൻ ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്കുള്ള ഭക്ഷണത്തിൻ്റെ ചലനത്തെ മന്ദഗതിയിലാക്കുന്നുണ്ട്. അതായത് ദഹനത്തിൻ്റെ വേഗത പിടിച്ചു നിറുത്തി കുറക്കുന്നു എന്നർത്ഥം. ഇതിനെല്ലാം അപ്പുറം സർവ്വോപരി മെറ്റ്‌ഫോർമിൻ വിശപ്പ് അടിച്ചമർത്തുന്നുമുണ്ട്! അങ്ങിനെ നിഷേധാർത്ഥകമായ രീതിയിലാണ് ഇവിടെ ഒരു ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യുന്നത് എന്ന് കാണാം.

ഇത് ആധുനിക വൈദ്യ ശാസ്ത്രത്തെ വിമർശിക്കുന്നതല്ല. അത്യന്ത ആപത്‌ ഘട്ടങ്ങളിൽ, മറ്റു വഴികൾ ഇല്ലെങ്കിൽ, ഇപ്രകാരം എല്ലാം ചെയ്യേണ്ടതുണ്ട്. എന്നാൽ നിത്യേനയുള്ള ആരോഗ്യ പരിരക്ഷണത്തിന് അറ്റകൈകൾ പ്രയോഗിക്കുന്നത് ഉചിതമല്ല. പാൻക്രിയാസിൽ ഇൻസുലിൻ ഉത്പാദനം നടക്കുന്നത് മസ്തിഷ്കത്തിൽ നിന്നും ഉള്ള നിരവധി സിഗ്നലുകളുടെ പ്രവാഹത്താലാണ്.

പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ബയോകെമിക്കൽ പ്രക്രിയയിൽ നിരവധി ഘട്ടങ്ങൾ ഉണ്ട്. ആദ്യം, രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ആണെന്ന വിവരം പാൻക്രിയാസിലെ ബീറ്റാസെല്ലുകൾ കണ്ടെത്തണം. കണ്ടെത്തിയ പഞ്ചസാര കൈകാര്യം ചെയ്യുവാൻ ആവശ്യമായ എൻസൈമുകളും പ്രോട്ടീനുകളും ലഭിക്കുവാൻ അനുയോജ്യമായ മെസ്സേജുകൾ തലച്ചോറിലേക്ക് ന്യൂറോ ട്രാൻസ്മിറ്ററുകൾ വഴി അയക്കണം. ഏഴുവിധത്തിലുള്ള എൻസൈമുകളും പ്രോട്ടീനുകളും ഇതിനായി ആവശ്യമുണ്ട്. തുടർന്ന് ലഭിക്കുന്ന ബയോ കെമിക്കൽ വസ്തുക്കൾ സങ്കീർണ്ണമായ രാസപ്രക്രിയകളിലൂടെ ഇൻസുലിൻ ബീറ്റാ ഗ്രാന്യൂൾസ് നിർമ്മിച്ച്, പാക്ക് ചെയ്ത് എക്സോസൈറ്റോസിസ് എന്ന പ്രക്രിയയിലൂടെ ഇൻസുലിൻ രക്തപ്രവാഹത്തിലേക്ക് എത്തിക്കണം. അവിടെ എത്തിയതിന് ശേഷം അവിടത്തെ കോശങ്ങളിലെ ഇൻസുലിൻ റിസപ്റ്ററുക്കളുമായി ബന്ധിപ്പിച്ചാൽ മാത്രമേ, ഗ്ലൂക്കോസ് ആഗിരണവും മെറ്റബോളിസവും സുഗമമാകുകയുള്ളൂ.

മേൽപ്പറഞ്ഞ എട്ടു ഘട്ടങ്ങളിൽ എവിടെ വീഴ്ച വന്നാലും പ്രമേഹം പിടി പെടാവുന്നതാണ്. ഈ ഘട്ടങ്ങളിലെ തകരാറുകൾ കണ്ടെത്തി അവ പരിഹരിക്കുകയാണ് ആരോഗ്യ സംരക്ഷണത്തിനുള്ള അടിസ്ഥാന പ്രതിവിധി. എന്നാൽ ആധുനിക ചികത്സാ രംഗത്ത് അത് സംഭവിക്കുന്നില്ല, കാരണം ആ തകരാറുകൾ കണ്ടെത്തുവാനോ പരിഹരിക്കുവാനോ ഉള്ള സാങ്കേതിക അറിവോ വൈദഗ്ധ്യമോ ഇന്നും കൈവന്നിട്ടില്ല. എന്നാൽ ഗ്യാസ് ഡിസ് ചാർജ് വിഷ്വലൈസേഷൻ ടെക്‌നോളജിയും, അക്കോസ്റ്റിക് സിഗ്നലിങ്ങും എല്ലാം ഇന്ന് ലഭ്യമാക്കുവാൻ തുടങ്ങിയിട്ടുണ്ട്. അത് ഉപയോഗിച്ച് സെല്ലുകളുടെ ക്വാണ്ടം ആഴങ്ങളിലേക്ക് കടന്നു ചെന്ന് മൂല കോശങ്ങളെ ഉത്തേജിപ്പിച്ച് പ്രോസസ്സുകളിലെ വീഴ്ചകൾക്ക് സ്വയം തിരുത്തലുകൾ സാദ്ധ്യമാണ്.

ചുരുക്കത്തിൽ, ഇത്രയും പറഞ്ഞതിന് കാരണം, നമ്മുടെ ശരീരത്തിൻ്റേയും മനസ്സിൻ്റേയും ആരോഗ്യത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്വം നമുക്ക് തന്നെയാണ് എന്ന് ചൂണ്ടിക്കാണിക്കുവാനാണ്. എന്ത് ഭക്ഷിക്കണം, എന്ത് ഭക്ഷിക്കരുത്, എങ്ങിനെ ഭക്ഷിക്കണം, എങ്ങിനെ ഭക്ഷിക്കരുത്, എന്ത് ചിന്തിക്കണം, എന്ത് ചിന്തിക്കരുത് എന്നെല്ലാം അവധാന പൂർവ്വം തിരിച്ചറിവുകളോടെ ചെയ്യുവാനുള്ള ഉത്തരവാദിത്വം നമ്മൾ ഏറ്റെടുത്തേ മതിയാവൂ. അതിന് ആവശ്യമായ അറിവും അവബോധവും അനുദിനം വർദ്ധിപ്പിച്ചുകൊണ്ടിരിക്കണം.

വളരെ പെട്ടെന്ന് ദഹിക്കുന്ന സസ്യആഹാരമാണ് ഏറ്റവും ഉത്തമം. കഴിയുന്നതും പ്രകൃതി ദത്തമായ ആഹാരം മാത്രം കഴിക്കുക. ഫാക്ടറികളിലും ബേക്കറികളിലും തായ്യറാക്കി വാങ്ങിക്കുവാൻ ലഭിക്കുന്ന ആഹാരത്തിൽ പലവിധത്തിലുള്ള പ്രിസെർവേറ്റിവുകളും ഉണ്ടാകും. അതെല്ലാം ഒഴിവാക്കണം. നല്ലതാണെന്ന് കരുതി ഒരു ആഹാരവും അമിതമായി കഴിക്കാതിരിക്കുക. അധികമായാൽ അമൃതും വിഷം തന്നെയാണ്. മധുരമുള്ള ആഹാരം ബോധപൂർവ്വം മനശ്ശക്തി ഉപയോഗിച്ച് ഒഴിവാക്കേണ്ടതാണ്.

സുഖ ദുഃഖങ്ങളുടേയും രോഗങ്ങളുടേയും ഉത്ഭവവും ആസ്ഥാനവും നിവാസ കേന്ദ്രവും മനസ്സാണ്. രോഗങ്ങളെ വളർത്തുന്നതും തുരത്തുന്നതും മനസ്സാണ്. മനസ്സും ശരീരവുമായിട്ട് അഭേദ്യ ബന്ധമാണുള്ളത്. മനസ്സ് കലുഷിതമായിരിക്കുമ്പോൾ ആഹാരം കഴിക്കുവാൻ സാധിക്കാത്തത് എല്ലാവർക്കും അനുഭവമുള്ള നിത്യ ജീവിതാനുഭവം ആണ്. മനസ്സിലെ ചിന്തകളും വികാരങ്ങളും ശ്വാസോസ്ഛ്വാസത്തെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതും അതുപോലെ തന്നെ പലരും ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു വസ്തുതയാണ്. ശ്വാസോച്ഛ്വാസത്തിൻ്റെ വേഗത രക്ത ചംക്രമണത്തേയും, ഹൃദയ പ്രവർത്തനത്തേയും കൂട്ടുകയോ, സമതുലനപ്പെടുത്തുകയോ ചെയ്യുന്നു. കോശങ്ങളിൽ എത്തുന്ന രക്തത്തിൻ്റെ അളവും അഭാവവും കോശ പ്രവർത്തനത്തേയും, മെറ്റബോളിക് പ്രവർത്തനങ്ങളേയും എല്ലാം ബാധിക്കുന്നു. ചുരുക്കത്തിൽ മനസ്സാണ് ശരീരത്തിൻ്റെ കടിഞ്ഞാൺ പിടിക്കുന്നത്.

ഏഴാം പാഠഭാഗത്തിൽ അലംഘനീയമായ പ്രകൃതി നിയമങ്ങൾ ചർച്ച ചെയ്യുമ്പോൾ, പ്രകൃതിയിലെ സർവ്വ വസ്തുക്കളിലും പ്രവർത്തിക്കുന്ന ലിംഗത്വ നിയമങ്ങൾ വിശദമാക്കുന്നുണ്ട്. പുല്ലിംഗ ശക്തിയും സ്ത്രീലിംഗ ശക്തിയും ഒരുമിച്ചാൽ മാത്രമേ ഏതു പ്രവർത്തിയും നടക്കുകയുള്ളൂ. മനസ്സ് എന്ന് നമ്മൾ വിവക്ഷിക്കുന്നത് വളരെ അധികം സ്ത്രീ ലിംഗ ശക്തിയുള്ള ഒരു ഗർഭ പാത്രമാണ്. ആ ഗർഭപാത്രത്തിൽ വീഴുന്ന പുല്ലിംഗ ശക്തിയുള്ള “ഇച്ഛ”കൾ, അത് നല്ലതായാലും നല്ലതല്ലാത്തതായായാലും, വളർന്ന് നൂറു മേനി വിളയും. “ഇച്ഛാശക്തി” പക്ഷപാതമില്ലാത്ത ഒന്നാണ്. ഏതു ദിശയിലേക്കുള്ള ഇച്ഛാശക്തിയാണ് വളർത്തേണ്ടത് എന്ന് നമ്മുടെ ബുദ്ധിശക്തിയും അവബോധവും ആണ് തീരുമാനിക്കേണ്ടത്. രോഗവും, രോഗ വിമുക്തിയും, ആരോഗ്യവും എല്ലാം നമ്മൾ തന്നെ പാലൂട്ടി വളർത്തുന്ന നമ്മുടെ മാനസ പുത്രരാണ്.

ശ്രേഷ്ഠമായ “മരണം”

യഥാർത്ഥത്തിൽ “മരണം” എന്നൊന്നില്ല, “ജീവിതം” എന്ന ഒരൊറ്റ അവസ്ഥ മാത്രമേ ഉള്ളൂ. “ജീവിതം” ഒരു വലിയ പുസ്തകമാണെങ്കിൽ, മരണം ആ പുസ്തകത്തിൻ്റെ താളുകൾ മറിക്കുന്നത് തുല്യമാണ്. എല്ലാ പേജുകളും അവരവരുടെ വ്യക്തിഗതമായ “അവബോധ” വികാസത്തിന് വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ജീവാത്മാവിൻ്റെ അനസ്യൂതമായ പ്രയാണമാണ്. കാര്യകാരണ ബന്ധിതമായ തുടർ അനുഭവങ്ങളുടെ പരമ്പരയാണ് ജീവിതം. ഏതു പ്രവർത്തി ചെയ്താൽ എന്തനുഭവം ഉണ്ടാകും എന്ന് സ്വയം അനുഭവിച്ച് മനസ്സിലാക്കി, ശരിയായ പ്രവർത്തികൾ മാത്രം ചെയ്ത് ഒന്നിനൊന്ന് അവബോധം വികസിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ ജീവിതത്തിനു ഉള്ളൂ. മൂന്നാം പാഠഭാഗത്തിൽ യുക്തി സഹമായി ഇക്കാര്യം നമ്മൾ ചർച്ച ചെയ്തിരുന്നു. വീണ്ടും ഒരിക്കൽ കൂടി മൂന്നാം പാഠഭാഗം വായിക്കുകയും അതിലെ യുക്തി വീണ്ടും മനസ്സിലാക്കുകയും ചെയ്യുന്നത് ഇത്തരുണത്തിൽ സഹായകമാകും.

ദീർഘനാളായി അനുഷ്ഠിക്കുന്ന ശ്രേഷ്ഠമായ ഒരു ജീവിതം സ്വാഭാവികമായും ശ്രേഷ്ഠമായ ഒരു മരണത്തിന് അർഹത നൽകുവാനുള്ള സാദ്ധ്യത വളരെ അധികമാണ്. “മരണം” എന്ന് പറഞ്ഞാൽ അന്നമയ/മനോന്മയ/പ്രാണമയ ശരീരങ്ങൾ പൊഴിക്കൽ ആണെന്ന് നമ്മൾ മനസ്സിലാക്കിക്കഴിഞ്ഞു. പാമ്പ് പടം പൊഴിക്കുന്നതുപോലുള്ള ഒരു ബാഹ്യാവരണം ത്യജിക്കൽ മാത്രമാണ് മരണം. വിവിധങ്ങളായ അനുഭവങ്ങളിലൂടെ, കർമ്മ ഫലങ്ങളുടെ ‘പ്രോഗ്രസ്സ് കാർഡ്’ അനുസരിച്ച് ജീവാത്മാക്കളെ മുന്നോട്ട് നയിക്കുന്നതാണ് ജീവിതം. ‘ജനനം’ എന്നത് പ്രോഗ്രസ്സ് കാർഡ് അനുസരിച്ച് പാഠഭാഗങ്ങൾ മാറ്റി തരുന്നത് മാത്രമാണ്. അവബോധ വികസനം ഒരു പ്രത്യേക ഘട്ടത്തിലേക്ക് ഉയരുമ്പോൾ ഇക്കാര്യങ്ങളെല്ലാം നമുക്ക് സ്വയം വ്യക്തമാകും.

ശ്രേഷ്ഠമായ മരണത്തിൽ ജീവിതത്തിൻ്റെ അവസാന നിമിഷങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. അന്നമയ ശരീരത്തോടുകൂടി നിൽക്കുമ്പോൾ നമുക്ക് വിവേചന ബുദ്ധി ഉണ്ട്. ഉയർന്ന അവബോധത്തോടെ അല്ല ശരീരം ഉപേക്ഷിക്കുന്നതെങ്കിൽ, ശരീരം ഉപേക്ഷിക്കപ്പെടുന്ന ആ നിമിഷം അതുവരെ നമുക്ക് ഉണ്ടായിരുന്ന “വിവേചന ബുദ്ധി” നഷ്ടപ്പെടും. പിന്നെ ബാക്കി നിൽക്കുന്നത് കാർമ്മീകമായ ഓർമ്മകൾ നൽകുന്ന ‘പ്രവണതകൾ’ മാത്രം ആണ്. ആ പ്രവണതകൾക്ക് അനുസൃതമായി കാറ്റത്തിട്ട കരിയില പോലെ വെറുതെ നിലനില്പിൻ്റെ ബാക്കി ഭാഗങ്ങൾ ഒഴുകി നടക്കും.

മാത്രവുമല്ല, ഏതു വികാരവുമായിട്ടാണോ നമ്മൾ നമ്മുടെ അന്നമയ ശരീരം ഉപേക്ഷിക്കുന്നത്, അതേ വികാരം തന്നെ പതിന്മടങ് വർദ്ധിച്ച ശക്തിയോടെ തുടർന്നും നിലനിൽക്കും. സന്തോഷത്തോടെയാണ് ശരീരം പൊഴിയുന്നതെങ്കിൽ അതേ സന്തോഷമായിരിക്കും പതിന്മടങ്ങ് ഇരട്ടിച്ച നിലയിൽ തുടർന്നും നില നിൽക്കുക. ഭയമാണെങ്കിൽ അതും അങ്ങിനെ തന്നെ. ഓർമ്മയും മനസ്സും എല്ലാം അപ്പോഴും അവിടെയുണ്ട്; മനസ്സിൻ്റെ വിവേചന പ്രക്രിയ മാത്രം നഷ്ടപ്പെട്ടിരിക്കുന്നു. മരണ സമയത്ത് നമ്മൾ അൽപ്പമെങ്കിലും അരോചകത സൃഷ്ടിച്ചാൽ, ആ വികാരം പിന്നെ പലമടങ്ങായി വർദ്ധിക്കും എന്നർത്ഥം.

ഭാരതീയ സംസ്കാരത്തിൽ മരണ സമയത്ത് ഏറ്റവും നല്ല ഒരു അന്തരീക്ഷം നൽകാറുണ്ട്. ശരിയായ സ്ഥലത്ത്, ശരിയായ അന്തരീക്ഷത്തിൽ, ശരിയായ തരത്തിലുള്ള വികാരവും ചിന്തകളും നൽകുന്ന വിധത്തിൽ ശരീരം ഉപേക്ഷിക്കുവാനുള്ള ചുറ്റുപാടുകൾ ഒരുക്കി കൊടുക്കണം. കൂട്ടക്കരച്ചിലുകളോ, അലമുറകളോ ഒരിക്കലും അരുത്. ഭക്തി സാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കണം. ഏറ്റവും ഉയർന്ന സമാധാനവും സന്തോഷവും നൽകുന്ന അന്തരീക്ഷം സൃഷ്ടിച്ചു നൽകിക്കൊണ്ട് അവരെ ശരീരം ഉപേക്ഷക്കുവാൻ അനുവദിക്കണം. ഇത് വളരെ പ്രധാനപ്പെട്ട ഒരു ശാസ്ത്രീയ പ്രക്രിയയാണ്. അല്ലാതെ ഒരു വൈകാരിക പ്രക്രിയയല്ല ഇത് എന്ന് നമ്മൾ മനസ്സിലാക്കണം. നമ്മൾ ശരീരം പൊഴിക്കുമ്പോഴും, മറ്റുള്ളവർ ശരീരം പൊഴിക്കുമ്പോഴും ഇത് തന്നെയാണ് ചെയ്യേണ്ടത്.

മരണ സമയത്തോ മരിച്ചു കഴിഞ്ഞാലോ ഒരിക്കലും യാതൊരു ശത്രുതയും മരിച്ച വ്യക്തിത്വവുമായി വച്ച് പുലർത്തരുത്. നാടകം കഴിഞ്ഞു, തിരശ്ശീലവീഴുകയാണ്. ശരീരം വെടിയുന്ന ഒരു വ്യക്തി വേഷങ്ങൾ അഴിക്കുകയാണ്. അവർ ഇനി നമ്മുടെ ശത്രുവുമല്ല, മിത്രവുമല്ല, ബന്ധുവല്ല. അവർ പരമമായ ഏക ജീവൻ്റെ ഒരു ഭാഗം മാത്രമാണ് – ഒരു ജീവിതത്തെ നമ്മൾ ഒരു ജീവിതമായി തന്നെ കണക്കാക്കേണ്ടതുണ്ട്. നാടകത്തെ നാടകം ആയിട്ടും കാണണം. നാടകം കളിക്കുന്നത് അരങ്ങിൽ മാത്രം. നാടകത്തിൽ നമ്മൾ ഓരോരുത്തരും ഓരോ വേഷങ്ങൾ അഭിനയിക്കുന്നു. വ്യത്യസ്ത രീതികളിൽ കാര്യങ്ങൾ കാണുകയും പരസ്പരം ബന്ധപ്പെടുകയും പ്രതികരിക്കുകയും ഒക്കെ ചെയ്യുന്നു. തിരശ്ശീല വീഴുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കും. കാഴ്ചവച്ച അഭിനയത്തിന് അഭിനന്ദിക്കപ്പെടണം. ഏറ്റവും നല്ല വികാരങ്ങളോടെ അരങ്ങൊഴിഞ്ഞ വ്യക്തിത്വത്തിന് അണിയറയിലേക്ക് മടങ്ങുവാൻ കഴിയണം.

ഇതാണ് ശ്രേഷ്ഠ മരണം. അവബോധപൂർവ്വമുള്ള ശ്രേഷ്ഠ ജീവിതം അവബോധപൂർവ്വയുമുള്ള ശ്രേഷ്ഠ മരണത്തിലേക്ക് നയിക്കുന്നു. അവബോധപൂർവ്വമുള്ള ശ്രേഷ്ഠ ജീവിതത്തിലേക്ക്ഉള്ള പരിശീലനം നമുക്ക് ഇന്ന് മുതൽ ആരംഭിക്കാം. ജീവിതം അനന്തമാണ്. അനശ്വരമാണ്. ശ്രേഷ്ഠമായ ജീവിതത്തിനുള്ള പരിശീലനം ബോധപൂർവ്വം ഇന്ന് തന്നെ ആരംഭിക്കുക. ഒന്നും ഒരിക്കലും വൈകുന്നില്ല.