എന്ത്കൊണ്ട് സനാതനഃ ധർമ്മത്തിൽ സഹിഷ്ണുതയും മതേതരത്വവും?


അങ്ങിനെ, തികച്ചും മതേതരമായ, സഹിഷ്ണുതയുള്ള, സ്വതന്ത്രമായ ഒരു രീതിയിലാണ് പ്രപഞ്ചത്തിൽ ജീവൻ്റെ ആരംഭവും നിലനിൽപ്പും പരിണാമവും എന്ന് ലളിതമായ ചിന്താ പരീക്ഷണങ്ങളിലൂടെ യുക്തിഭദ്രമായി ഡോ. തോമസ് ചാൽകോ അദ്ദേഹത്തിൻ്റെ “ദി ഫ്രീഡം ഓഫ് ചോയ്‌സ്” എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുകയാണ് ചെയ്യുന്നത്. (അതിൻ്റെ ഒരു വിവരണമാണ് കഴിഞ്ഞ പോസ്റ്റിൽ നൽകിയത്.) ഒരു മതത്തിൻ്റേയും സ്വാധീനത്തിൽ പെടാതെ സ്വതന്ത്രമായി ചിന്തിച്ചു തുടങ്ങുവാൻ വളരെ അധികം സഹായിക്കുന്ന ഒരു മാർഗ്ഗ രേഖയാണ് “ദി ഫ്രീഡം ഓഫ് ചോയ്‌സ്” നമുക്ക് നൽകുന്നത്. ഏത് മതത്തിൽ ചരിക്കുന്നവർക്കും ഒരു മതത്തിലും ചരിക്കാത്തവർക്കും ഒരുപോലെ പരിഗണിക്കാവുന്ന, തികച്ചും നിഷ്‌പക്ഷമായ ഒരു ചിന്താ രീതിയാണ് ഡോ. തോമസ് ചാൽകോ നൽകുന്നത്.


ഈ മഹാ പ്രപഞ്ചത്തിൻ്റെ ഏകദേശം 4% മാത്രമേ “ആറ്റം” അടിസ്ഥാനമാക്കിയുള്ള ദ്രവ്യ വസ്തുക്കളാൽ നിർമ്മിതമായിട്ടുള്ളൂ. ശാസ്ത്രത്തിന് അറിയാവുന്നത് പ്രപഞ്ചത്തിൻ്റെ ഈ 4% മാത്രം – ബാക്കി 96% നിത്യ നിതാന്ത ശൂന്യതയാണ് – ശാസ്ത്രം “ഡാർക്ക് മാറ്റർ” എന്നും “ഡാർക്ക് എനർജി” എന്നും വിളിക്കുന്ന അജ്ഞാതമായ ഒന്ന് ആണ് ആ തൊണ്ണൂറ്റി ആറ് ശതമാനം! ഈ “ഡാർക്ക് എനർജി’യാണ് ഗാലക്സികളെ ഒരു ‘പശ’ പോലെ ഒരുമിച്ച് നിർത്തുന്നത്. ഇതിനപ്പുറം ഒന്നും ശാസ്ത്രത്തിന് അറിയില്ല.


ഇനി, ശാസ്ത്രം അറിയാമെന്ന് അവകാശപ്പെടുന്ന പ്രപഞ്ചത്തിൻ്റെ നാല് ശതമാനത്തിലേക്ക് കടന്ന് നോക്കൂ. ശാസ്ത്രത്തിന് അറിയാവുന്ന ഈ 4% പ്രപഞ്ചത്തിൻ്റെ 99.9 ശതമാനവും “ഇന്റർസ്റ്റെല്ലാർ ഡസ്റ്റ്” ആണ്. അതുകൊണ്ട് ഈ പൊടിയിൽ നമുക്ക് ഒന്നും കാണാനോ തൊടാനോ കഴിയില്ല. നമുക്ക് കാണാൻ കഴിയുന്ന പ്രപഞ്ചം വെറും 0.1% മാത്രമാണ്. എന്താണ് ആ 0.1% പ്രപഞ്ചം? ആ പ്രപഞ്ചത്തിൽ നമുക്ക് കാണാൻ കഴിയുന്ന രണ്ട് ട്രില്യൺ ഗാലക്സികൾ ഉണ്ട്. എന്താണ് ട്രില്യൺ? അതായത്, 2-ന് ശേഷം 12 പൂജ്യങ്ങൾ! – ഇതാണ് ശാസ്ത്രത്തിന് ദൃശ്യമായ പ്രപഞ്ചം.
ക്ഷീരപഥം എന്നറിയപ്പെടുന്ന ഗാലക്സിയിലാണ് നാം ജീവിക്കുന്നത്. നമ്മുടെ ഗാലക്സിയിൽ മാത്രം 10 ബില്യൺ നക്ഷത്രങ്ങളുണ്ട്. അതായത്, 10-ന് ശേഷം 9 പൂജ്യങ്ങൾ. ഓരോ നക്ഷത്രത്തിനും ചില ഗ്രഹങ്ങളുണ്ട്, നമ്മുടെ ഭൂമിയെപ്പോലെ. ഗ്രഹങ്ങളുള്ള ഒരു നക്ഷത്രമാണ് നമ്മുടെ സൂര്യൻ. രണ്ട് ട്രില്യൺ ഗാലക്സികൾക്ക് മൊത്തം 700 സെക്‌സ്‌ട്രില്യൺ ഗ്രഹങ്ങളാണ് ഉള്ളത് – നമ്മുടെ ഭൂമിക്ക് സമാനമായ ഗ്രഹങ്ങൾ. അതായത് 700 ന് ശേഷം 21 പൂജ്യങ്ങൾ!! ചിന്തിച്ചു നോക്കൂ, പ്രപഞ്ചം എത്ര വലുതാണ് !! പ്രപഞ്ചത്തിൻ്റെ രൂപകല്പനയ്ക്കും സൃഷ്ടിയ്ക്കും പിന്നിൽ ഒരു ധിഷണാശക്തിയും ഇല്ല എന്ന നിങ്ങൾ കരുതുന്നുണ്ടോ? വെറും യാദൃച്ഛികതയിലൂടെ അത്തരം ഒരു മഹത് സൃഷ്ടി ഉണ്ടാകുമോ? നിങ്ങളുടെ മേശപ്പുറത്തിരുന്ന ‘ടൈംപീസ്” ആരും ഉണ്ടാക്കിയതല്ല, അത് താനേ അവിടെ പൊട്ടിമുളച്ചുവന്നതാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?


ഈ മഹാ പ്രപഞ്ചവും നമ്മളും എല്ലാം സൃഷ്ടിക്കപ്പെട്ട രീതിയെക്കുറിച്ചും, ആ സൃഷ്ടിക്ക് പുറകിൽ പ്രവർത്തിക്കുന്ന ഒരു ബൃഹത് ബുദ്ധിചൈതന്യവുമായി മനുഷ്യർക്ക് ഉണ്ടാകേണ്ട വ്യക്തി ബന്ധത്തെക്കുറിച്ചും ഉള്ള വിവിധങ്ങളായ അഭിപ്രായങ്ങൾ മാത്രമാണ് മതങ്ങൾ. ‘മതം’ എന്ന പദത്തിൻ്റെ അർത്ഥം തന്നെ, “അഭിപ്രായം” എന്നാണ്. വിവിധങ്ങളായ അഭിപ്രായങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാൽ അഭിപ്രായങ്ങൾ സ്വീകരിക്കപ്പെടേണ്ടത് യുക്തിഭദ്രമായ നിരീക്ഷണങ്ങൾക്കും മനനത്തിനും ശേഷം ആയിരിക്കണം. അങ്ങിനെ ചെയ്തില്ലെങ്കിൽ, അത് അന്ധമായ ഒരു വിശ്വാസമായി മാറും. അറിവാണ് ആവശ്യം, വിശ്വാസമല്ല. അറിവുമാത്രമേ നമ്മെ രക്ഷിക്കൂ, വിശ്വാസം രക്ഷിക്കുകയില്ല.


ചുരുക്കി പറഞ്ഞാൽ “ദി ഫ്രീഡം ഓഫ് ചോയ്‌സ്” പറയുന്നത് ഇതാണ്. ആദിയിൽ ഒന്നുമില്ലാത്ത ശുദ്ധ തുടക്കവും ഒടുക്കവും ഇല്ലാത്ത നിതാന്തമായ ശൂന്യത മാത്രമാണ് ഉണ്ടായിരുക്കുവാൻ സാദ്ധ്യതയുള്ളത്. ആ ഒന്നുമില്ലാത്ത ശൂന്യതയാണ് ഈ പ്രപഞ്ചവും അതിൽ നമ്മൾ എല്ലാവരും ഉൾപ്പെടുന്ന പ്രജ്ഞാസമേതമായ സർവ്വ ജീവജാലങ്ങളേയും വസ്തുക്കളേയും സൃഷ്ടിച്ചത്. എന്ത് സൃഷ്ടിക്കപ്പെടണമെങ്കിലും അതിന് പുറകിൽ ഒരു ധിഷണാശക്തി ആ സൃഷ്ടിയെ ആദ്യം സ്വന്തം മനസ്സിൽ സങ്കല്പിക്കണം, രൂപകൽപ്പന ചെയ്യണം.. അതിന് ധിഷണാശക്തിയുള്ള ഒരു ബ്രഹ്ത് മനസ്സിൻ്റെ സാന്നിദ്ധ്യം ആദ്യം ശുദ്ധ ശൂന്യതയിൽ സ്വയം രൂപപ്പെടണം.


മുകളിൽ സൂചിപ്പിച്ചപോലെ ഉള്ള ഒരു പ്രപഞ്ചം കൃത്യതയോടെ പ്രവർത്തിക്കണം എങ്കിൽ ആദ്യം ആ പടുകൂറ്റൻ “സംഭവം” ഒരു മനസ്സിൽ സങ്കല്പിക്കപ്പെടണം. അത്തരം ഒരു “സംഭവം” മനസ്സിൽ ഉദിക്കണമെങ്കിൽ അതിലും വലിയ ധിഷണാശക്തിയുള്ള ഒരു മനസ്സാവണം ആദ്യം ഉണ്ടാവേണ്ടത്. അത്തരം ഒരു മനസ്സും ശുദ്ധ ശൂന്യതയിൽ നിന്നും തന്നെ സ്വയം വളർന്ന് ഉണ്ടാകുവാനേ സാദ്ധ്യതയുള്ളൂ. എന്ത് കാര്യം സംഭവിക്കണമെങ്കിലും ഏറ്റവും ആദ്യം വേണ്ടത് ആ കാര്യം സംഭവിക്കുവാനുള്ള ഇച്ഛാശക്തിയാണ്. അതുകൊണ്ട് ആദിയിലെ നിത്യ ശൂന്യതക്ക് ആ ഇച്ഛാശക്തി ഉണ്ടായിരുന്നു എന്ന് നമ്മൾ സമ്മതിച്ചേ മതിയാകൂ.


അങ്ങിനെ നോക്കുമ്പോൾ സ്വയം വളരുവാനുള്ള അദമ്യമായ ഇച്ഛാശക്തി ആയിരിക്കാം ശുദ്ധ ശൂന്യതയിൽ ആദ്യം ഉണ്ടായത്. തത്‌ഫലമായി, ധിഷണാശക്തിയുള്ള ഒരു മനസ്സ് സ്വയം രൂപംപൂണ്ട് സ്വയം വളർന്ന് അതി ബ്രഹ്ത്തായ ഒരു ധിഷണാ സാന്നിദ്ധ്യമായി തീർന്നിരിക്കാം. സർവ്വതും ആരംഭിക്കുന്നത് ആ ബ്രഹ്ത്തായ ധിഷണയിൽ നിന്നും ആണ്. മറ്റൊരുവിധത്തിലും സംഭവിക്കുവാനുള്ള ഒരു സാദ്ധ്യതയും ആദിയിൽ നിലനിൽക്കുന്നില്ല എന്ന് കാണാം.


സൃഷ്ടിക്ക് എടുത്ത് ഉപയോഗിക്കുവാൻ മറ്റൊന്നും അന്ന് നിലവിൽ ഇല്ലാത്തത് കൊണ്ട്, സർവ്വ സൃഷ്ടിയും നടന്നത് അന്ന് ആകെ നിലനിൽപ്പുള്ള ആ വമ്പൻ ധിഷണാമനസ്സ് മാത്രമാണ്; സ്വയം എന്താണോ ആ ‘വസ്തു’ മാത്രം എടുത്ത് ഉപയോഗിച്ച് മാത്രമായിരിക്കണം സൃഷ്ടി പ്രകിയ നടന്നത്. അതായത് ഇന്നുള്ള സർവ്വതും ‘ധിഷണാ’ശക്തി തന്നെ സ്വയം രൂപ ഭാവ മാറ്റം സംഭവിച്ച് ചെറുതായതാണ്. അങ്ങിനെ മാത്രം സംഭവിക്കുവാനേ യുക്തിഭദ്രമായി ചിന്തിക്കുമ്പോൾ കാണുവാൻ കഴിയുകയുള്ളൂ.


അതുകൊണ്ട് തന്നെ, സ്വാഭാവികമായും നിലവിലുള്ള സർവ്വതിനും ആ ധിഷണാശക്തിയുടെ സ്വഭാവങ്ങൾ തീർച്ചയായും ഉണ്ടാകണം. ആ ധിഷണ ശുദ്ധ ശൂന്യതയിൽ നിന്നും സ്വയം വളർന്ന് ഉണ്ടായ ഒന്നായതുകൊണ്ട്, അപ്രകാരം സ്വന്തം ഇച്ഛമാത്രം ഉണ്ടെങ്കിൽ സമാനമായ രീതിയിൽ നമുക്ക് ഓരോരുത്തർക്കും വളർന്ന് വലിയ ധിഷണാശക്തികൾ ആകുവാൻ കഴിയും.


അങ്ങിനെ വളർന്ന് വികസിക്കുന്നതിനും സ്വാഭാവികമായും ധിഷണാശക്തിയുള്ള ഒരു മനസ്സിന് ചില ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകും. ആ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും സ്വാഭാവികമായ രീതിയിൽ കൈവരിക്കുവാൻ ആവശ്യമായ നിയമ സംവിധാനങ്ങളും ആ സൃഷ്ടിയുടെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിട്ടുണ്ടാകണം. അപ്രകാരം ഡോ തോമസ് ചാൽക്കോ നൽകുന്ന ഒരു പ്രധാന നിയമം ആണ് “ഫ്രീഡം ഓഫ് ചോയ്‌സ്”. അതായത്, ശരിയായ മാർഗ്ഗം സ്വതന്ത്രമായി നമ്മുളുടെ ജീവിതത്തിൽ നടത്തുന്ന പ്രവർത്തികളുടെ പരിണത ഫലമായി ഉണ്ടാകുന്ന അനുഭവങ്ങൾ സ്വയം മനസ്സിലാക്കി അതിലൂടെ തെറ്റ് ശരികൾ മനസ്സിലാക്കി ശരിയായ രീതിയിലുള്ള ജീവിതരീതി കൈവരുത്തുമ്പോൾ മാത്രമേ പരിണാമത്തിലൂടെ ഔന്നത്യം കൈവരിക്കുകയുള്ളൂ. തെറ്റായ ജീവിത രീതി ദുഃഖദായിയായ അനുഭവങ്ങളും, ശരിയായ ജീവിത രീതി നിത്യാനന്ദം നൽകുന്ന അനുഭവങ്ങളും നൽകുന്നു എന്ന് നമ്മൾ നേരിട്ട് മനസ്സിലാക്കണം. വെറുതെ വിശ്വസിച്ചാൽ പോരാ. ഈ അറിവ് ഉദിക്കുന്ന വിധത്തിലാണ് ജീവിതനിയമങ്ങൾ രൂപ കല്പനചെയ്ത് ഇവിടെ പ്രവർത്തിക്കുന്നത്. ആ നിയമ സംവിധാനങ്ങൾ മനസ്സിലാക്കിയാൽ, അതനുസരിച്ച് നമ്മുടെ നിലവിലെ ജീവിത രീതി മാറ്റി എടുത്താൽ നമുക്കും ആ മഹത് മനസ്സുപോലെ വികസിക്കാം.
എന്നാൽ, ആ രീതിയിലുള്ള ജീവിതരീതി വളർത്തി എടുക്കുവാൻ ആവശ്യമായ അറിവ് നമ്മുടെ ഇന്നത്തെ പരിമിതമായ ധിഷണാശക്തിക്ക് ഇപ്പോഴും കൈവന്നിട്ടില്ല. വിവിധ മതങ്ങൾ അവരവരുടെ അഭിപ്രായത്തിൽ എങ്ങിനെ ജീവിക്കണം എന്ന് പറഞ്ഞു തരുന്നു. ആ അഭിപ്രായങ്ങളുടെ സാധുത, അതാത് അഭിപ്രായങ്ങൾക്ക് നിദാനമായ ദൈവ സങ്കല്പങ്ങളും സൃഷ്ടിയുടെ സങ്കൽപ്പങ്ങളും എന്താണെന്ന് യുക്തിഭദ്രമായ രീതിയിൽ പരിചിന്തനം ചെയ്ത് മനസ്സിലാക്കി ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള അവസരങ്ങൾ ആണ് അനസ്യൂതം നമുക്ക് വന്നുകൊണ്ടിരിക്കുന്നത്.


അതായത്, യഥാക്രമം മൂന്ന് കാര്യങ്ങൾ ആഴത്തിൽ നമ്മൾ മനസ്സിലാക്കണം. (1) ഒരു മതത്തിലെ ദൈവം എന്ന സങ്കല്പം എന്താണ് എന്ന് നമ്മൾ യുക്തിഭദ്രമായി അറിയണം (2) ആ മതത്തിലെ സൃഷ്ടിയുടെ ചരിത്രം എന്താണ്, എങ്ങിനെ നമ്മൾ മനുഷ്യർ ഉണ്ടായി എന്നും, എങ്ങിനെ ഇന്നത്തെ ക്ലേശക്ലിഷ്ടമായ നിലയിൽ നമ്മൾ എത്തിച്ചേർന്നു എന്നും യുക്തിഭദ്രമായി നമ്മൾ അറിയണം. (3) ഈ ക്ലേശകളിഷ്ടമായ അവസ്ഥയിൽ നിന്നും എങ്ങിനെ മോചനം നേടാനാകും എന്നും നമ്മൾ അറിയണം. ഈ മൂന്ന് കാര്യങ്ങൾ, യുക്തിഭദ്രമായി, സ്വതന്ത്രമായി വിചിന്തനം ചെയ്യണം. നെല്ലും പതിരും തിരിച്ചറിഞ്ഞ്, ആ അറിവിൽ അധിഷ്ഠിതമായി ജീവിക്കണം.


അതിപുരാതനമായ ഒരു കാലഘട്ടത്തിൽ ആര്യാവർത്തത്തിൽ ജീവിച്ചിരുന്ന ആര്യന്മാർ അനുവർത്തിച്ചു വന്നത് അത്തരത്തിലുള്ള ശ്രേഷ്ഠമായ ഒരു ജീവിത രീതിയായിരുന്നു. ആ ജീവിത രീതിയുടെ പിൻ തുടർച്ചയാണ് ഇന്നത്തെ “സനാതനഃ ധർമ്മം”. എല്ലാവരും അവരവരുടെ നിലവിലെ അവബോധ നിലയിൽ നിന്നും പടിപടിയായി സ്വന്തം ഇച്ഛാശക്തിയും പരിശ്രമങ്ങളും ഉപയോഗിച്ച് അവബോധത്തിൻ്റെ ഉയർന്ന തലങ്ങളിലേക്ക് സ്വയം എത്തിച്ചേരുക എന്നതാണ് ആ ജീവിത രീതികൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.


വേദകാലഘട്ടം എന്നത് അവബോധത്തിൻ്റെ ഉന്നത ശ്രുംഘങ്ങളിൽ ഭൂരിഭാഗം ജനങ്ങളും നിലനിന്നിരുന്ന ഒരു കാലമായിരുന്നു. അവബോധ വികസനത്തിൽ കാലഘട്ടങ്ങളുടേതായ ചില പ്രഹരങ്ങൾ വന്നു പോകുന്നുണ്ട്. കാരണം, കാലത്തിന് (സമയത്തിന്) രണ്ട് വശങ്ങൾ ഉണ്ട്. ഘടികാര സമയം എന്നത് കാലം അളക്കുന്ന ഒരു രീതി മാത്രമാണ്. എന്നാൽ ആ കാലം പ്രകടമാക്കുന്ന ചില സ്വഭാവ വിശേഷങ്ങൾ ഉണ്ട്. കാലത്തിൻ്റെ സ്വാധീനം നമ്മുടെ മനസ്സിൽ വളരെ ശക്തിയായി പ്രകടമാകുന്നുണ്ട്. ഉദാഹരണം, വെളുപ്പിന് മൂന്നു മണിക്ക് മദ്യം കഴിക്കുവാനുള്ള മനസ്സിൻ്റെ പ്രവണത വൈകുന്നേരം ഏഴുമണിക്കുള്ളതിനേക്കാൾ വളരെ കുറവാണ് മിക്കവർക്കും. മനസ്സിൽ കാലം ചെലുത്തുന്ന ശക്തിയാണ് ആത്.


സമയം പ്രകടമാക്കുന്ന ഗുണഗണങ്ങളുടെ ശാസ്ത്രമാണ് യുഗങ്ങൾ അനുസരിച്ചുള്ള കാല നിർണ്ണയം. സമയത്തിൻ്റെ അപ്രകാരമുള്ള മാറിമാറി വരുന്ന ഗുണഗണങ്ങൾ അനുസരിച്ച് അറിവിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. അതുകൊണ്ട് ഓരോരുത്തരും അവരവരുടെ നിലവിലെ അവബോധത്തിന് അനുയോജ്യമായ വിധത്തിൽ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ നിർവഹിച്ചുകൊണ്ട് ശരി തെറ്റുകളുടെ സമ്മിശ്രമായ ജീവിത രീതികളും അതുമൂലം സിദ്ധിക്കുന്ന ജീവിതാനുഭവങ്ങൾ സ്വീകരിച്ചും വരുന്ന ഒരു രീതിയാണ് എല്ലാവരുടേയും ഇന്നത്തെ ജീവിതം.


“തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം” ആണ് സനാതനഃ ധർമ്മത്തിൻ്റെ കാതൽ. ശരിയായ മതനിരപേക്ഷതയും സഹിഷ്ണുതയും സനാതനഃ ധർമ്മത്തിൽ ഇന്നും നിലനിൽക്കുന്നത് ഈ കാരണത്താൽ ആണ്. ക്ഷേത്രത്തിൽ പോകുകയോ, പോകാതിരിക്കുകയോ ചെയ്യാം, സസ്യാഹാരി ആകുകയോ ആകാതിരിക്കുകയോ ചെയ്യാം – സ്വയം ആർജ്ജിക്കുന്ന അറിവിലൂടെ അവബോധം വികസിപ്പിക്കുന്ന ജീവിത രീതിയിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനിഷേദ്ധ്യമാണ്. എന്നാൽ ഇതെല്ലാം മനസ്സിലാക്കി എടുക്കുവാൻ കൂടുതൽ കൂടുതൽ സുഖദുഃഖ സമ്മിശ്രമായ അനുഭവങ്ങൾ വരുകയും, അവയ്ക്ക് അവരവർ പിന്തുടർന്ന് വരുന്ന ജീവിത രീതികളുമായിട്ടുള്ള അനിഷേദ്ധ്യ ബന്ധം തിരിച്ചറിയുകയും വേണം. അതിനർത്ഥം നമ്മുടെ ജീവിതാനുഭവങ്ങൾക്ക് നമ്മൾ മാത്രമാണ് ഉത്തരവാദികൾ എന്നാണ്. അത് നമ്മുടെ ഒരു കുറ്റമോ കുറവോ അല്ല. നമ്മുടെ ഉത്തരവാദിത്വം ആണ്. ശരി മാത്രം തിരഞ്ഞെടുക്കുവാനുള്ള ഉത്തരവാദിത്വം.
ഇന്ന് ലോക ജനസംഖ്യയുടെ 15% ജനങ്ങൾ മതവിശ്വാസങ്ങൾ നഷ്ടപ്പെട്ടവരാണ്. ഈ ശതമാനം വർദ്ധിച്ചു വരികയാണെന്ന് “വേൾഡ് പോപ്പുലേഷൻ റിവ്യൂ” കണക്കുകൾ കാണിക്കുന്നു. മതപരമായ ശാഠ്യങ്ങളോ, രാഷ്ട്രീയമായ നിർബ്ബന്ധമോ, അതുമല്ല അന്ധമായ വിശ്വാസങ്ങളിൽ നിന്നും മാറിനിന്ന് യുക്തിയുക്തം ചിന്തിക്കുവാൻ തുടങ്ങുന്നതോ ആകാം വർദ്ധിച്ചു വരുന്ന മത നിഷേധാത്മകമായ ഈ പ്രവണതകൾക്ക് കാരണം. അതേസമയം, ശരിയായ രീതിയിൽ സ്വതന്ത്രമായി യുക്തിയുക്തം സ്വയം കാര്യങ്ങൾ വിശകലനം ചെയ്‌ത്‌ അറിവിൽ അധിഷ്ഠിതമായി മുന്നോട്ടു പോകുവാനുള്ള ഒരു അവസരം കൂടിയാണ് ഈ 15% ജങ്ങൾക്കും ഇതുമൂലം സിദ്ധിക്കുന്നത്.