സമാധി

(യോഗനന്ദ പരമഹംസയുടെ “സമാധി” എന്ന ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ.  മൂല കവിത താഴെ യൂടുബില്‍ കേള്‍ക്കാം)നിഴലും  വെളിച്ചവും  തന്‍ മൂടുപടം മാറ്റി,

അഴലിന്‍ ബാഷ്പമെല്ലാം ഉയര്‍ന്നകന്നു,

ക്ഷണികമാനന്ദത്തിന്‍ ഉദയങ്ങള്‍ ദൂര യാത്രയായി,

ഇന്ദ്രിയങ്ങള്‍തന്‍  മങ്ങും മരീചിക അഴിഞ്ഞു.

അനുരാഗവിരാഗ, ആരോഗ്യമാനാരോഗ്യ, ജനനമരണ,

ദ്വന്ദ യവനികതന്‍  ഈ പാഴ് നിഴലുകള്‍ മണ്‍മറഞ്ഞു.

അട്ടഹാസച്ചിരിയലകളും, കൊള്ളിവാക്ക്‌ സര്‍പ്പങ്ങളും,  വിഷാദച്ചുഴികളും ,     

അലിയുമീപ്പരമാനന്ദത്തിന്‍ കരകാണാക്കടലില്‍.

നിശ്ചലമായി മായതന്‍ കൊടുംകാറ്റുകള്‍

തീവ്രമാം അന്തര്‍ജ്ഞാനത്തിന്‍ മാന്ത്രിക വടിയാല്‍

പോയ്‌ ഒളിച്ചുനിന്നു പ്രപഞ്ചമാം ഈ മറന്ന സ്വപ്നം

ഇനിയും പടയേറാന്‍ എന്‍റെയീ നവ ദൈവീക ഓര്‍മകള്‍ക്കായി

ജീവിക്കുന്നു ഞാന്‍ പ്രപഞ്ചത്തിന്‍ നിഴലില്ലാതെ

എങ്കിലും ഇല്ലഞാന്‍ അതില്ലാതെ

തിരമാലകളില്ലാതെ കടലുള്ളപോല്‍

കടലില്ലാതെ ശ്വാസമില്ല തിരകള്‍ക്കെന്നപോല്‍

ഇല്ലെനിക്ക് സ്വപ്നമോ ഉണര്‍ച്ചയോ, ഗാഢമാം തുരയ്യയോ

ഇല്ലെനിക്ക് ഇനിമേല്‍, വര്‍ത്ത മാനമോ, ഭൂതമോ, ഭാവിയോ

എന്നും എവിടെയും അനിര്‍ഗളമൊഴുകും എന്‍റെ ഞാന്‍ മാത്രം.

ഗ്രഹങ്ങളും, താരകളും, താരധൂളികളും, ധരണിയും,

അഗ്നിപര്‍വ്വതങ്ങള്‍ തന്‍ അന്ത്യനാളാംവിപത്ത്  വിസ്ഫോടനങ്ങളും,

നിശബ് ദമാം എക്സ്രേ ഹിമാനികളും,  എരിതീ ഋണകണികകളും,

ഭൂത ഭാവി വര്‍ത്തമാന കാല മാനുഷചിന്തകളേവം,

ഓരോ പുല്‍നാമ്പും, ഞാനും, മനുഷ്യ രാശിയും,

പ്രപഞ്ച ധൂളിതന്‍  കണികയോരോന്നും,

കോപം, ലോഭം,നന്മ, തിന്മ,മോക്ഷം

വിഴുങ്ങി ഞാന്‍ സര്‍വ്വതും ദ്രവ്യന്തരം  ചെയ് വൂ

ഞാനെന്‍ സ്വാത്മത്വത്തിന്‍ വിശാലമാം നിണസാഗരത്തില്‍!

ധ്യാനപാനം ചെയ്യും ഈ ആനന്ദത്തില്‍ ധൂമം

അന്ധമാക്കുന്നു എന്നീ കണ്ണുനീര്‍ നയനങ്ങളെ

ജ്വലിപ്പിക്കുന്നു എന്നീ ദിവ്യാനന്ദത്തിന്‍ തീജ്വാലയായി

ഭുജിക്കുന്നു എന്നീ കണ്ണീര്‍കണികളെ, മെയ്യിനെ സര്‍വ്വതും.

അങ്ങാണ് ഞാന്‍, ഞാന്‍ ആണ് അങ്ങ്,

അറിവും, അറിയുന്നതും, അറിഞ്ഞതും എല്ലാം ഏകം!

പ്രശാന്തം, നിതാന്ത ഹര്‍ഷം, സനാതനം, നിത്യനൂതനം ഈ ശാന്തി!

പ്രതീക്ഷാതീതം,  ഭാവനാതീതം, ആസ്വാദിപ്പൂ ഈ സമാധി ദായ പരമാനന്ദം

അല്ല അബോധമല്ല ഈ നില

മന:പ്പൂര്‍വ്വം മടക്കമില്ലാത്ത മനസ്സിന്‍റെ മയക്കുമരുന്നല്ല ഈ

സമാധി, പക്ഷെ വ്യാപിക്കുന്നു ബോധ മണ്ഡലമെന്‍

നശ്വരം ഈ ഗാത്ര സീമകളെന്‍

അനന്ത വിദൂര സീമകക്കതീതം  

സാക്ഷി നില്‍പ്പൂ പ്രപഞ്ചസാഗരമാം ഞാന്‍

ഈ കൊച്ചു ഞാനെന്ന അഹങ്കാരം എന്നില്‍ പൊങ്ങുതടിയായി.

ഇല്ല ഒരു കുരുവിയും ഒരു തരിമണല്‍ത്തരിയും വീഴുന്നില്ല   ഞാന്‍ കാണാതെ.                 

ശൂന്യാകാശം എന്‍റെ മാനസ സാഗരത്തില്‍ ഒഴുകിനടക്കുന്ന ഹിമപര്‍വതങ്ങളാണ്.

സൃഷ്ടിക്കപ്പെട്ട സകലതും ഞാന്‍ എന്ന ഭീമാകാരച്ചെപ്പിലാണ്.

അഗാധ സുദീര്‍ഘ ഗുരുദായിയായ ധ്യാനം

നല്‍വൂ  ദിവ്യമായ സമാധി

സഞ്ചരിക്കുന്ന കണികകളുടെ മര്‍മരങ്ങള്‍ കേള്‍ക്കുന്നു,

ഇരുണ്ട ഭൂമി, പര്‍വതങ്ങള്‍, താഴ്വരകള്‍, നോക്കൂ,

ഉരുകിയ ദ്രാവകങ്ങള്‍!

ഒഴുകുന്ന സാഗരങ്ങള്‍, വ്യോമാപടലങ്ങളുടെ നീരാവിയായി മാറുന്നു!

നീരാവിയില്‍ ഓംകാരം അലയടിക്കുന്നു, അവയിലെ മൂടുപടം അത്ഭുതകരമായി മാറുന്നു

സാഗരങ്ങള്‍ പ്രത്യക്ഷപ്പെട്ട് നില്‍ക്കുന്നു, കണികകള്‍ തിളങ്ങി നില്‍ക്കുന്നു,

പ്രപഞ്ചത്തിന്‍റെ കേളികൊട്ട് അവസാനം കേള്‍ക്കുന്നതു വരെ

സ്ഥൂലമായ പ്രകാശം മറിയുന്നു

പരമാനന്ദത്തിന്‍റെ സര്‍വ്വവ്യാപിയായ  സനാതന രശ്മികളായി.

ആനന്ദത്തില്‍ നിന്നും ഞാന്‍ വന്നു, ആനന്ദത്തിനായി ഞാന്‍ ജീവിക്കുന്നു, വിശുദ്ധമായ ആനന്ദത്തില്‍ ഞാന്‍ അലിയുന്നു.

മനസ്സിന്‍റെ മഹാ സമുദ്രത്തില്‍ , സര്‍വ്വ സൃഷ്ടികളുടെയും അലകള്‍ ഞാന്‍ കുടിക്കുന്നു.

ദ്രവ്യം, ദ്രാവകം, ആവി, പ്രകാശം ഈ നാല് മൂടുപടങ്ങള്‍

ഉയരൂ ശരിയായി.

സര്വ്വതിലും ഉള്ള ഞാന്‍, പരമമായ എന്നില്‍ പ്രവേശിക്കുന്നു

ചഞ്ചലമായ, മങ്ങിക്കത്തുന്ന നശ്വരമായ എന്‍റെ ഓര്‍മകളുടെ നിഴലുകള്‍ എന്നെന്നേക്കുമായി ഒഴിഞ്ഞുപോകുന്നു.

കറയില്ലാത്തതാണ് എന്‍റെ മാനസ വ്യോമം, താഴെ, മുന്‍പില്‍, അകലെ മുകളില്‍.

സനാതനവും ഞാനും ഏകക രശ്മിയാണ്

ഞാന്‍, ഒരു ചിരിയുടെ കുഞ്ഞു കുമിള

ഞാന്‍ ആനന്ദത്തിന്‍റെ കടലായി സ്വയം മാറി.

 


 

മനസ്സ് യോഗ ശാസ്ത്രത്തില്‍

എന്നാണു ഈ പരിവർത്തിയുടെ വിഷമവൃത്തം ആദ്യമായി നമ്മള്‍ തുടങ്ങിയത് എന്ന് നമുക്കറിയില്ല. കാരണം അത്ര അഗാധമായ മനസ്സിന്‍റെ ഭാഗങ്ങളിലേക്ക് നമ്മുടെ ബോധമനസ്സിന് കടന്നു ചെല്ലാന്‍ ആവുന്നില്ല.  മനസ്സിന്‍റെ അഗാധമായ ആഴങ്ങളിലാണ് കര്‍മ്മത്തിന്‍റെയും, കര്‍മ്മ ഫലത്തിന്‍റെയും വിത്തുകള്‍ ആലേഖനം ചെയ്യപ്പെട്ടു കിടക്കുന്നത്. യോഗ ശാസ്ത്രത്തില്‍ “ചിത്ത”ത്തിലാണ് കര്‍മ്മങ്ങള്‍ ശേഖരിച്ച് വക്കുന്നത് എന്ന് പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറകേ പറയുന്നുണ്ട്.

പ്രത്യക്ഷമായ പ്രകൃതിയിലെ രണ്ട് പ്രധാന വിഭവങ്ങളാണ് ഊര്‍ജവും കാന്തശക്തിയും. രണ്ടും നമുക്ക് ദൃഷ്ടിഗോചരങ്ങളല്ല. ആധുനിക ശാസ്ത്രത്തിനു പോലും ഈ രണ്ട് പ്രതിഭാസങ്ങളെക്കുറിച്ച്  കുറേ ഒക്കെ അറിയാമെന്നാല്ലാതെ പൂര്‍ണമായി ഒന്നും ഇപ്പോഴും അറിയില്ല; പ്രത്യേകിച്ച് കാന്തശക്തിയെക്കുറിച്ച്. അറിയുന്ന പരിമിതമായ അറിവുകള്‍ ഉപയോഗിച്ചു തന്നെ ദൂര വ്യാപകങ്ങളായ ശാസ്ത്ര നേട്ടങ്ങളാണ് നമുക്കിന്നുള്ളത്. ക്രെഡിറ്റ്‌ കാര്‍ഡിന്‍റെ മാഗ്നെറ്റിക്ക് സ്ട്രിപ്പില്‍ ദൃഷ്ടി ഗോചരമല്ലാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിവരണങ്ങള്‍ അത്തരം  പ്രയുക്ത ശാസ്‌ത്രത്തിന് ഒരു ഉദാഹരണം മാത്രം. ദേശാടന പക്ഷികള്‍ , ആയിരക്കണക്കിന് കാതം ദൂരം, ഭൂഖണ്ഡങ്ങളും കടന്നു, പറന്ന് വന്ന് വര്‍ഷാവര്‍ഷം കൃത്യമായി ഒരേ വൃക്ഷത്തിന്‍റെ, ഒരേ ശാഖയില്‍ വന്നിരിക്കുന്നത് ഭൂമിയുടെ മാഗ്നെറ്റിക് മെറിഡിയനുമായി ജി.പി.എസ് പോലുള്ള ബന്ധം അവ പുലര്‍ത്തുന്നത് കൊണ്ടാണെന്ന് ആധുനിക ശാസ്ത്രം അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു ശാസ്ത്രജ്ഞാനവും ഇല്ലാത്ത പക്ഷികള്‍ക്ക് അത് എങ്ങിനെ സാദ്ധ്യമാകുന്നു എന്ന് ആലോചിക്കുമ്പോള്‍, നമുക്കറിയാത്ത കാര്യങ്ങള്‍ ആണ് അറിയുന്ന കാര്യങ്ങളേക്കാള്‍ ഏറെ ഈ പ്രപഞ്ചത്തില്‍ എന്ന് ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഇത്രയും പറഞ്ഞത്.

പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുന്ന ഒരു ഭൗതിക ബാഹ്യ ലോകവും (ആധുനിക ശാസ്ത്രം കൈകാര്യം ചെയ്യുന്ന ലോകം) പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയാത്ത ഒരു ആന്തരിക ലോകവും ചേര്‍ന്നതാണ് നമ്മുടെ ഈ പ്രപഞ്ചം. രണ്ടും അതാതു നിയമ വ്യവസ്ഥകള്‍ക്ക് അധീനവും, അതേസമയം ഭൂമിയിലെ നമ്മുടെ സാര്‍ത്ഥക ജീവിതത്തിന് ഈ രണ്ടു ലോകവും  ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതും ആണ് എന്ന് നമ്മള്‍ അറിയണം. ഈ കാണുന്നതു മാത്രമല്ല നമ്മുടെ ജീവിതത്തെയും ജീവിതാനുഭവങ്ങളെയും സ്വാധീനിക്കുന്നത് എന്ന് നമ്മള്‍ മനസ്സിലാക്കണം. മനസ്സ് എന്നത്‌, കാണാന്‍ കഴിയാത്ത, നമ്മുടെ ഒരു ഊര്‍ജ ഉപകരണമാണ്. മനസ്സാണ് ഈ രണ്ട് ലോകത്തിന്‍റെയും ഇടയിലുള്ള സമ്പര്‍ക്ക മുഖം. മനസ്സിന്‍റെ ഘടനയും, പ്രവര്‍ത്തന രീതിയും, കര്‍മ്മ നിയമങ്ങളും മനസ്സിലാക്കി അനുസരിച്ചുള്ള ആന്തരികവും ബാഹ്യവുമായ ജീവിതം നയിച്ചാല്‍ മാത്രമേ, നമ്മുടെ ജീവിതത്തിന്‍റെ  യഥാര്‍ത്ഥത്തിലുള്ള ഉദ്ദേശ്യം നിറവേറ്റാന്‍ നമുക്ക് കഴിയുകയുള്ളൂ.

ആധുനിക മന:ശാസ്ത്രം ഇന്ന്  അറിഞ്ഞിരിക്കുന്നതിനേക്കാള്‍ വളരെ അധികം കാര്യങ്ങള്‍ ഭാരതത്തിലെ പുരാതന ഋഷിമാര്‍ക്ക് അറിയാമായിരുന്നു. സാംഖ്യ-യോഗ-വേദാന്ത ശാസ്ത്രങ്ങളില്‍  നമ്മുടെ മനസ്സിന്‍റെ ഘടനയും പ്രവര്‍ത്തനവും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. കര്‍മ്മ നിയമങ്ങളുടെ പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കുന്നതിന്  സഹായകരമാകും എന്നുള്ളതുകൊണ്ട്, വളരെ ചുരുക്കത്തില്‍ മനസ്സിന്‍റെ ഘടന ഭാരതീയ ശാസ്ത്രങ്ങളില്‍ എങ്ങിനെ വിവരിക്കുന്നു എന്ന് ഇവിടെ വ്യക്തമാക്കുന്നത് ഉചിതമായിരിക്കും.

വേദാന്തത്തില്‍ മനസ്സിനെ “അന്തക്കരണം” എന്നാണു പറയുന്നത്. അതായത് ആന്തരികമായ ഒരു ഉപകരണം എന്നര്‍ത്ഥം. പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിന് നാല് ഭാഗങ്ങള്‍  അല്ലെങ്കില്‍ നാല് പ്രത്യേക കഴിവുകള്‍ ഉണ്ട്. ആ നാല് ഭാഗങ്ങള്‍ ഇതൊക്കെയാണ്. (1) മനം – അതായത് പാശ്ചാത്യ മന:ശാസ്ത്രത്തില്‍ പൊതുവേ “കോണ്‍ഷ്യസ് മൈന്‍ഡ്” എന്ന് വിവക്ഷിക്കുന്ന ബോധമനസ്സ്. [കുറിപ്പ്: പാശ്ചാത്യ മന:ശാസ്ത്രത്തില്‍ “കോണ്‍ഷ്യസ് മൈന്‍ഡ്” എന്ന് ഉദ്ദേശിക്കുന്നത്, ഭാരതീയ വേദാന്ത ശാസ്ത്രത്തിലെ മനസ്സും, ബുദ്ധിയും അഹങ്കാരവും കൂടി ചേര്‍ന്ന മനസ്സിന്‍റെ ഭാഗങ്ങളെ എല്ലാം ഒന്നാകെ ചേര്‍ത്തു കൊണ്ടാണ്. ഇതില്‍ നിന്നും ഭാരതീയ മന:ശാസ്ത്രം എത്ര ആഴത്തില്‍ മനസ്സിനെ പഠിച്ചിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ഭാരതീയ വിജ്ഞാനത്തില്‍ ‘മനം’  എന്ന ഈ ഭാഗം താഴ്ന്ന ശ്രേണിയില്‍ പെട്ട മനമാണ്‌. കാരണം ഉയര്‍ന്ന ശ്രേണിയില്‍ പെട്ട വേറെ ഒരു മനം ഉണ്ട്. ഇപ്പോള്‍ തല്‍ക്കാലം മനുഷ്യ മനസ്സിന്‍റെ ഘടനയും പ്രവര്‍ത്തന രീതിയും മാത്രം ഭാരതീയ വിജ്ഞാനത്തില്‍ എങ്ങിനെ ആണെന്ന് നോക്കാം ] (2) ബുദ്ധി, അതായത്, തെറ്റും ശരിയും തിരിച്ചറിയാനുള്ള മനസ്സിന്‍റെ വിവേചന ശക്തി. (3) അഹങ്കാരം, എന്നാല്‍, “ഞാന്‍” മറ്റ് സര്‍വ്വതില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന വ്യക്തിത്വം എന്ന മനസ്സിന്‍റെ ബോധം. അതായത് ഞാന്‍ എന്ന ഭാവം (4) ചിത്തം, എന്നാല്‍, കഴിഞ്ഞ കാല പ്രവൃത്തികളും ആ പ്രവൃത്തികള്‍ നല്‍കിയ വികാരങ്ങളുടെ ഓര്‍മ്മകളും  എല്ലാം വളരെ കൃത്യതയോടെ ഒരു ഹാര്‍ഡ് ഡിസ്കിലെന്ന പോലെ സൂക്ഷിച്ചു വയ്ക്കുന്ന ഒരു ഭാഗം. പാശ്ചാത്യ മന:ശാസ്ത്രത്തില്‍ “സബ്-കോണ്‍ഷ്യസ് മൈന്‍ഡ്” എന്ന് വിവക്ഷിക്കുന്ന “ഉപബോധമനസ്സ്” അല്ലെങ്കില്‍ “അബോധമനസ്സ്”. മനസ്സിന്‍റെ കാണാക്കയങ്ങളാണ് ഇപ്പറഞ്ഞ “ചിത്തം”. ഈ നാല് ഭാഗങ്ങള്‍ ഉള്ള ഒരു ആന്തരിക ഉപകരണം ആണ് മനസ്സ്. ശരീരം ഒരു വാഹനവും ആ വാഹനത്തിന്‍റെ ഭദ്രമായ യാത്രക്ക് ആവശ്യമായ ഒരു ഉപകരണവും ആണ് മനസ്സ് എന്ന് നമ്മള്‍ പൊതുവേ വിവക്ഷിക്കുന്ന, അദ്വൈതത്തിലെ ‘അന്ത:ക്കരണം’. അന്ത:ക്കരണം എന്നാല്‍, ആന്തരികമായ ഉപകരണം എന്നര്‍ത്ഥം.

മനസ്സ് നിത്യ ജീവിതത്തില്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഒരു മാമ്പഴത്തിന്‍റെ ചെറിയ ഉദാഹരണത്തിലൂടെ വിവരിക്കാം. നല്ല പഴുത്തു തുടുത്ത ഒരു മാമ്പഴം കണ്ണുകൊണ്ട് കാണുമ്പോള്‍, കണ്ണ് എന്ന ആ ഇന്ദ്രിയം ആ അനുഭവത്തിന്‍റെ വിശദാംശങ്ങള്‍  ബോധ മനസ്സില്‍ എത്തിക്കുന്നു. നാക്ക് ആ മാമ്പഴം രുചിക്കുമ്പോള്‍, നാക്ക് എന്ന ആ ഇന്ദ്രിയം ആ അനുഭവത്തിന്‍റെ വിശദാംശങ്ങള്‍ ബോധ മനസ്സില്‍ എത്തിക്കുന്നു. കരങ്ങള്‍ ആ മാമ്പഴം സ്പര്‍ശിക്കുമ്പോള്‍ ത്വക്ക് എന്ന ആ ഇന്ദ്രിയത്തിന്‌ ഉണ്ടായ ആ അനുഭവത്തിന്‍റെ വിശദാംശങ്ങള്‍ ആ ഇന്ദ്രിയം  ബോധ മനസ്സില്‍ എത്തിക്കുന്നു. അതുപോലെ ആ മാമ്പഴത്തെ സംബന്ധിച്ചു കാതുകള്‍ കേട്ട അനുഭവങ്ങളും ബോധ മനസ്സില്‍ എത്തുന്നു. ബോധ മനസ്സ് ആ അനുഭവങ്ങള്‍ എല്ലാം വിശകലനം ചെയ്ത് ഒന്നുകില്‍ അത് ‘നല്ല മാമ്പഴം’ അല്ലെങ്കില്‍ അത് ‘ചീത്ത മാമ്പഴം’ എന്നീ രണ്ടേ രണ്ട് തീരുമാനങ്ങളില്‍ ഏതെങ്കിലും ഒരു തീരുമാനം മാത്രമായിട്ട് ആ എല്ലാ അനുഭവങ്ങളേയും    ചുരുക്കുന്നു. എന്നിട്ട് ആ വിവരം ‘അഹങ്കാരം’ എന്ന മനസ്സിന്‍റെ ‘ഞാന്‍ എന്ന’ ഭാവത്തിന് കൈ മാറുന്നു. അതിന് ശേഷം അഹങ്കാരം ആ അനുഭവവുമായി പ്രത്യേക വികാരത്തോടു കൂടി മാത്രമുള്ള ഒരു ബന്ധം സ്ഥാപിക്കുന്നു. ഒന്നുകില്‍ ആ അനുഭവത്തോടുള്ള ആസക്തി ആയിരിക്കും ആ വികാരം; അല്ലെങ്കില്‍ ആ അനുഭവത്തോടുള്ള വെറുപ്പും വിരക്തിയും ആയിരിക്കും അത്. അത്തരം വികാരം കൊണ്ട് നിറം പിടിപ്പിച്ചിട്ടാണ് –  ഒന്നുകില്‍ അഭിനിവേശത്തോടെ അല്ലെങ്കില്‍ വെറുപ്പോടെ ആണ് – അഹങ്കാരം ആ അനുഭവത്തെ മനസ്സിന്‍റെ ‘ബുദ്ധി’ എന്ന ഭാഗത്തിന് സമര്‍പ്പിക്കുന്നത്. അതായത് ആ വിഷയത്തെ സംബന്ധിച്ചിടത്തോളം ‘അഹങ്കാര’ത്തിന് ’ (ഞാന്‍ എന്ന വ്യക്തിത്വത്തിന്) ആ വിഷയവും ആ വികാരവും രണ്ടല്ല, രണ്ടും ഒന്നായി മാറുകയാണ് . പക്ഷേ, ബുദ്ധിക്കു ലഭിച്ച ആ അനുഭവത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനുള്ള അധികാരം ബുദ്ധിക്കുതന്നെ ആണുള്ളത്. മനസ്സിന്‍റെ ഏറ്റവും ഉയര്‍ന്ന ശേഷി ബുദ്ധിക്കുതന്നെയാണ്. മനസ്സും അഹങ്കാരവും കൂടി വാങ്ങിച്ചു തന്ന ആ അനുഭവത്തെ എന്ത് ചെയ്യണം, എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കുവാനുള്ള അന്തിമമായ അധികാരം ബുദ്ധിക്കു തന്നെ ആണ്.

മനസ്സിന്‍റെ മേല്‍പ്പറഞ്ഞ  നാല് സ്വഭാവങ്ങളില്‍ കര്‍മ്മവുമായി ബന്ധപ്പെട്ടു കിടക്കുന്നത് നമ്മുടെ ബോധമനസ്സും (മനസ്സും)  അബോധ മനസ്സും (ചിത്തവും) ആണ്. അതുകൊണ്ട് അതിനെക്കുറിച്ചു കുറച്ചു കാര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

നമ്മുടെ ബോധമനസ്സും അബോധമനസ്സും
 
ഇന്ദ്രിയങ്ങളില്‍ നിന്നും നമ്മുടെ ഓരോ അനുഭവങ്ങളും ബുദ്ധിയിലേക്ക് കൈമാറുന്ന പ്രക്രിയയിലെ ഓരോ ഘട്ടവും, ചിത്തം എന്ന് വിവക്ഷിക്കുന്ന അബോധ മനസ്സിന്‍റെ വിശാലമായ ക്യാന്‍വാസില്‍ മുദ്രണം ചെയ്യപ്പെടും. അതായത് നമ്മുടെ ഓരോ അനുഭവത്തിന്‍റെയും (അത് ചിന്തകളായാലും, വാക്കുകൾ ആയാലും, പ്രവൃർത്തികൾ ആയാലും ശരി) ഒരു കോപ്പി ഉടനടി ചിത്തത്തിൽ മുദ്രിതമാകും.  ആവർത്തിച്ചു വരുന്ന അനുഭവങ്ങൾ, ആവർത്തിച്ച് ചിത്തത്തിൽ മുദ്രിതങ്ങളായി കൂടുതൽ രൂഢമൂലമാകും. അബോധ മനസ്സ് വേറെ ഒരു കാര്യം കൂടി ചെയ്യുന്നുണ്ട്. ഇന്ദ്രിയങ്ങൾ മറ്റു വസ്തുക്കളും ആയി ഇടപെടാതെ ബോധമനസ്സ് വിശ്രമം കൊള്ളുന്ന അവസരത്തിൽ, ചിത്തത്തിലെ ഈ മുദ്രണങ്ങൾ ഉണർന്നു വരും, തനിയേ. ഇന്നലെയുടെ ഓർമ്മകളായി, ചിന്തകളായി, ഭാവിയെക്കുറിച്ചുള്ള ആകാംക്ഷകളായി നമ്മുടെ നിത്യ ജീവിതത്തിൽ ഒരു പശ്ചാത്തല സംഗീതം പോലെ സദാസമയവും നിറഞ്ഞു നിൽക്കും . എപ്പോഴും മനസ്സിൽ ചിന്തകൾ ഒഴിയാതെ നിൽക്കുന്നതിനുള്ള കാരണം അതാണ്. മിക്കവാറും എല്ലാ ചിന്തകളും അബോധമനസ്സിൽ നിന്നും ഉയരുന്ന  പഴയ മുദ്രങ്ങളാകുന്ന പുകച്ചുരുകളാണ്. അല്ലാതെ ബോധപൂർവ്വം ഉള്ള ബോധ മനസ്സിന്‍റെ ചിന്തകളല്ല. അബോധമനസ്സിൽ നിന്നും ഈ പഴയ മുദ്രണങ്ങളുടെ പുകച്ചുരുളുകൾ അനസ്യൂതം ഉയരുന്നതുകൊണ്ട്, നമ്മുടെ മനസ്സിൽ എപ്പോഴും എന്തെങ്കിലും ഒക്കെ ചിന്തകളാണ് സദാ സമയവും. അത് എപ്പോഴും ഉള്ള നില ആയതുകൊണ്ട്, അതിൽ ഒരു അസാധാരണത്വവും കാണാൻ നമുക്ക് കഴിയാതെ പോകുന്നു. അങ്ങിനെ അബോധ മനസ്സിലെ പഴയ മുദ്രണങ്ങളുടെ പുകച്ചുരുളുകളുമായി നമ്മൾ താദാത്മ്യം പ്രാപിച്ച് ഒരു തരം സ്വാപ്നാടനത്തിലാണ് നമ്മൾ മിക്കവാറും എപ്പോഴും തന്നെ.

താഴെ പറയുന്ന ചെറിയ അനുഭവങ്ങൾ  നിത്യജീവിതത്തിൽ നിങ്ങൾക്ക് പരിചിതങ്ങളല്ലേ?

ഒരു പുതിയ ആളെ ആദ്യമായി കണ്ടു  പരിചയപ്പെടുകയാണ് നിങ്ങൾ എന്നിരിക്കട്ടെ. പരസ്പരം പേരുകൾ പറഞ്ഞു പരിചയപ്പെട്ടു എങ്കിലും, ഒരു പത്തു മിനിറ്റു കഴിയുമ്പോൾ, നിങ്ങൾക്ക് അയാളുടെ പേര് ഓർമ്മയിൽ ഉണ്ടാവില്ല. കാരണം അയാൾ പേര് പറഞ്ഞ സമയത്ത്, നിങ്ങളുടെ ബോധമനസ്സ് , അബോധമനസ്സിലെ ചിന്തകളുടെ കൂടെ ആയിരുന്നു. ബോധ മനസ്സിനെ അബോധ മനസ്സില്‍ നിന്നും ഉയര്‍ന്നുവരുന്ന ചിന്തകള്‍ എപ്പോഴും അപഹരിച്ചു കൊണ്ടേ ഇരിക്കുന്നു. അത്രമാത്രം ബലവത്താണ് അബോധ മനസ്സിന്‍റെ  തട്ടകത്തില്‍ കാലകാലന്തരമായി ശേഖരിച്ചു വച്ചിരിക്കുന്ന “സംസ്കാരത്തി”ന്‍റെ വിത്തുകള്‍.


വീട് പൂട്ടി പുറത്തേക്ക്  ഇറങ്ങി, ഒരു അഞ്ചു മിനിട്ട്  കഴിയുമ്പോൾ ഓർക്കും ‘ഞാൻ വീട് പൂട്ടിയോ?’ കാരണം, വീട് പൂട്ടുന്നത് ബോധ മനസ്സിന്‍റെ പൂര്‍ണ സാന്നിദ്ധ്യത്തില്‍ നിര്‍വഹിക്കേണ്ട  പ്രവർത്തനം ആകേണ്ടതായിരുന്നു. എങ്കിലും അബോധമനസ്സിൽ നിന്നും എത്തിയ ചിന്തകൾ ബോധ മനസ്സിനെ അതിനകം റാഞ്ചിക്കഴിഞ്ഞതുകൊണ്ട് വീട് പൂട്ടിയ കാര്യം അറിയാതെ പോയി! അങ്ങിനെ അബോധ മനസ്സിലാണ് നമ്മൾ (നമ്മള്‍ എന്നാല്‍  നമ്മുടെ ബോധമനസ്സ് എന്ന് മനസ്സിലാക്കണം) സദാസമയവും വസിക്കുന്നത് സാധാരണയായി. ബോധ മനസ്സിലല്ല മിക്കവാറും എല്ലായിപ്പോഴും ചേതനാപ്രജ്ഞാനം അല്ലെങ്കില്‍ ‘അറിവ്’ അര്‍പ്പിച്ചു നിലകൊള്ളുന്നത് എന്ന് അര്‍ത്ഥം.


വാഹനങ്ങളിൽ യാത്ര  ചെയ്യുമ്പോൾ നമ്മൾ പുറത്തേക്കു നോക്കി ഇരിക്കാറുണ്ട്. പക്ഷേ, ഒരു മണിക്കൂർ യാത്രക്ക് ശേഷം വഴിയിൽ കണ്ട കാഴ്ചകള്‍  എന്തൊക്കെ ആയിരുന്നു എന്ന് ചോദിച്ചാൽ കൃത്യമായി വിശദശാംശങ്ങളോടെ അധികം ഒന്നും പറയാനുണ്ടാവില്ല. കാരണം, എപ്പോഴും നമ്മളുടെ ബോധ മനസ്സ്,  അബോധമനസ്സിൽ നിന്നും ഉയർന്നു വന്ന ചിന്തകളോടൊപ്പം ആയിരുന്നു. അതായത്, നമ്മുടെ ബോധമനസ്സ് അബോധമനസ്സിലെ പഴയ ആലേഖനങ്ങള്‍ ഉണര്‍ത്തിയ ചിന്തകളില്‍ വ്യാപ്രുതമായിരിക്കുകയായിരുന്നു  എന്നര്‍ത്ഥം. ബോധമനസ്സ് അര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളില്‍ മാത്രമേ ‘അറിയല്‍’ എന്നത്‌ സംഭവിക്കുന്നുള്ളൂ.


വാക്കു തര്‍ക്കങ്ങളില്‍  ഏര്‍പ്പെടുമ്പോള്‍ ഒരാള്‍ പറയുന്നതിനുള്ള മറുപടി മറ്റൊരാള്‍ ഉടനടി തത്സമയം തന്നെ പറയുന്നു. സ്വിച്ച് ഇടുമ്പോള്‍ വിളക്ക് തെളിയുന്നതുപോലെ താമസം വിനാ ആണ് മറുപടികള്‍ വരുന്നത്. ബോധമനസ്സും ബുദ്ധിയും ചേര്‍ന്ന് എടുക്കുന്ന മറുപടി ഒന്നും അല്ല അത്. അബോധമനസ്സിലെ പഴയ അനുഭവങ്ങള്‍ തനിയാവര്‍ത്തനം ചെയ്ത മറുപടികള്‍ ആണവ.


സൂചിയില്‍ നൂല് കോര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും അറിയാം എത്ര മാത്രം ബോധമനസ്സിന്‍റെ അര്‍പ്പണത്തോടെ, ശ്വാസം അടക്കിപ്പിടിച്ചാണ് നമ്മള്‍ സൂചിയില്‍ നൂല്‍ കോര്‍ക്കുന്നത് എന്ന്.  ആദ്യം പറഞ്ഞ നാല് ഉദാഹരണങ്ങളും അബോധമനസ്സിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങള്‍ ആണെങ്കില്‍, ഇപ്പോള്‍ പറഞ്ഞത് ബോധമനസ്സിന്‍റെ പ്രവര്‍ത്തനത്തിനുള്ള ഉദാഹരണം ആണ്. ബോധ മനസ്സിന്‍റെ പ്രവര്‍ത്തനത്തിനുള്ള മറ്റൊരു ഉദാഹരണം ഞാണിന്മേല്‍ നടക്കുന്ന അഭ്യാസിയുടെ സൂക്ഷ്മതയില്‍ കാണാം. ബോധമനസ്സിന്‍റെ പൂര്‍ണ്ണ സമര്‍പ്പണത്തോടുകൂടി, ബുദ്ധിയുടെ സാന്നിദ്ധ്യത്തില്‍ നിത്യജീവിതത്തിലെ ഇടപാടുകളില്‍ ഏര്‍പ്പെടുമ്പോഴാണ് ജീവിതത്തില്‍ സമാധാനവും ശാന്തിയും കൈവരുന്നത്. ഇന്ന് നമ്മുടെ ജീവിതത്തിലെ ഇടപാടുകളെ നിയന്ത്രിക്കുന്നത്‌ ഏതാണ്ട് പൂര്‍ണമായിത്തന്നെ അബോധമനസ്സിലെ സംസ്കാരങ്ങള്‍ – അതായത് പഴയ കര്‍മ്മങ്ങളുടെ മുളച്ചുവരുന്ന വിത്തുകളാണ്.

ടോര്‍ നോറട്രാണ്ടേഴ്സ് എന്ന ഒരു ഡെന്മാര്‍ക്ക്‌ എഴുത്തുകാരന്‍ ഉണ്ട്. ശാസ്ത്രീയ വിഷയങ്ങളെ കുറിച്ചു അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട്. മനുഷ്യ മനസ്സിനേയും ചേതനാ പ്രജ്ഞാനത്തേയും കുറിച്ചു ശാസ്ത്രീയ പരീക്ഷണങ്ങളില്‍ നിന്നും വെളിവാക്കപ്പെട്ട  രസകരമായ പല വിവരങ്ങളും അദ്ദേഹം ക്രോഡീകരിച്ചിട്ടുണ്ട്, തന്‍റെ “ദി യൂസര്‍ ഇല്ലുഷന്‍” എന്ന ഗ്രന്ഥത്തില്‍. ആ കൃതിയില്‍ ശാസ്ത്രീയ ഗവേഷണങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം നമ്മുടെ ബോധ മനസ്സിനെക്കുറിച്ചു ഇങ്ങിനെ പറയുന്നുണ്ട്. നമ്മുടെ ബോധമനസ്സിന് ഒരു സെക്കന്‍റില്‍ 15-20 ബിറ്റ് വിവരങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയിന്നുള്ളൂ. (വിവര സാങ്കേതിക വിദ്യയില്‍ വിവരങ്ങളുടെ  വ്യാപ്തി അളക്കുന്ന തോതാണ് ബിറ്റ്). പക്ഷേ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയമായി യഥാര്‍ത്ഥത്തില്‍ 10-12 ബില്ല്യന്‍ ബിറ്റ് (അതായത് 1000 – 1200 കോടി ) വിവരങ്ങള്‍ ഓരോ സെക്കന്‍റിലും നമ്മുടെ മുന്‍പിലുണ്ട്. പത്ത് ബില്ല്യന്‍ പിക്സെല്ലുകള്‍ നമ്മുടെ കണ്ണുകള്‍ക്ക് തന്നെ ഓരോ സെക്കന്‍റിലും ലഭ്യമായുണ്ട്. അതു കൂടാതെ മറ്റൊരു ബില്ല്യന്‍ ബിറ്റ് വിവരങ്ങള്‍ ഓരോ സെക്കന്‍റിലും നമ്മള്‍ ത്വക്ക് കൊണ്ട് സ്പര്‍ശിക്കുന്നുണ്ട്. പിന്നെ മറ്റ് മൂന്ന് ഇന്ദ്രിയങ്ങളും ചേര്‍ന്ന് വേറെ ഒരു ബില്ല്യന്‍ ബിറ്റ്സിന്‍റെ  ലഭ്യതയും നമുക്ക് ഉണ്ട്. പക്ഷേ ഒരു സെക്കണ്ടില്‍ നമ്മളുടെ ബോധമനസ്സിന്‍റെ അറിയല്‍ നടക്കുന്നത് വെറും 15 ബിറ്റുകളെ സംബന്ധിച്ചു മാത്രം! ഇതില്‍ നിന്നും എത്രമാത്രം പ്രവര്‍ത്തന ക്ഷമതക്കുറവോടെ ആണ് നമ്മള്‍ നമ്മുടെ ബോധമനസ്സ് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് കാണാം. മനസ്സ് എന്നത് നമ്മുടെ ഉപകരണമാണ്; നമ്മള്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണമാണ്. നമ്മള്‍ ബോധപൂര്‍വ്വം നമ്മുടെ ബോധ മനസ്സില്‍ വര്‍ത്തിക്കാതെ ഇരിക്കുമ്പോള്‍ നമ്മുടെ അബോധ മനസ്സാണ് പകരം അവിടെ വര്‍ത്തിക്കുനത് എന്ന് കാണാം. ഈ നില മാറ്റി എടുക്കേണ്ടാതായിട്ടുണ്ട്.

ബഞ്ചമിന്‍ ലിബെറ്റിന്‍റെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍

ബെഞ്ചമിന്‍ ലിബെറ്റ് (1916 –  2007) പ്രശസ്തനായ ഒരു അമേരിക്കന്‍ ന്യൂറോ ഫിസിയോളജിസ്റ്റ് ആയിരുന്നു. മനുഷ്യ മനസ്സില്‍ ചിന്തകള്‍ രൂപം കൊള്ളുന്നത് എങ്ങിനെയാണെന്നുള്ളതിനെ കുറിച്ചു ദൂരവ്യാപകങ്ങള്‍ ആയ വിവരങ്ങള്‍ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗവേഷണ ഫലങ്ങള്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ  വളരെ അധികം വാദപ്രതിവാദങ്ങള്‍ക്ക് അവ ഇടവരുത്തിയിട്ടും ഉണ്ട്. അദ്ദേഹത്തിന്‍റെ പ്രശസ്തമായ “മൈന്‍ഡ് ടൈം” എന്ന കൃതി പ്രസിദ്ധീകൃതമാകുന്നത് 2004-ലാണ്. അദ്ദേഹത്തിന്‍റെ അതുവരെ ഉള്ള ഗവേഷണങ്ങളിലൂടെ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍ ആ കൃതിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഗവേഷണ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം കണ്ടുപിടിച്ചിട്ടുള്ള ചില സുപ്രധാന വിവരങ്ങള്‍ ഉണ്ട്.  ശാരീരികമായി നമ്മള്‍ ഒരു പ്രവര്‍ത്തി ചെയ്യാന്‍ തുടങ്ങുന്നത് നമ്മുടെ ബോധമനസ്സില്‍ എടുത്ത ഒരു തീരുമാനത്തിനെ തുടര്‍ന്നാണ്‌. പക്ഷേ, അത്തരം ഒരു ശാരീരിക പ്രവര്‍ത്തി ശരീരം ചെയ്യാന്‍ തുടങ്ങുന്നതിനും 500 മില്ലി സെക്കണ്ട് (ഒരു സെക്കണ്ട് എന്നാല്‍ 1000 മില്ലി സെക്കണ്ടുകള്‍ ആണ്)  മുന്‍പ് തന്നെ നമ്മുടെ മസ്തിഷ്ക്കത്തില്‍ അതിന് മുന്നോടി ആയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതായി അദ്ദേഹം കണ്ടെത്തി. ഉദാഹരണത്തിന്, ഈ ടൈപ്പിംഗ്‌ അവസാനിപ്പിച്ച് ഈ കസേരയില്‍ നിന്നും ഞാന്‍ എഴുന്നേറ്റു പോയി, ഫ്രിഡ്ജ്‌ തുറന്നു ഒരു മിഠായി എടുത്തു വായിലിടുന്നു എന്ന് വിചാരിക്കുക. ആ പ്രവര്‍ത്തി നിര്‍വ്വഹണത്തിന്‍റെ ഏറ്റവും ആദ്യത്തെ ശരീരത്തിന്‍റെ ചലനം കസേരയില്‍ നിന്നും എഴുനേല്‍ക്കുക എന്നുള്ളതാണ്. ഞാന്‍ കസേരയില്‍ നിന്നും എഴുനേല്‍ക്കുന്നതിനും 200 മില്ലി സെക്കണ്ടുകള്‍ മുന്‍പാണ് എന്‍റെ ബോധമനസ്സ് മിഠായി തിന്നാന്‍ തീരുമാനിക്കുന്നത്, അദ്ദേഹത്തിന്‍റെ ശാസ്ത്രീയ പഠനങ്ങള്‍ കണ്ടെത്തിയതനുസരിച്ച്. അതായത്, എന്‍റെ ബോധമനസ്സിന് മിഠായി തിന്നുവാനുള്ള ആഗ്രഹം ജനിക്കുന്നതും അങ്ങിനെ ചെയ്യാന്‍ എന്‍റെ ബോധമനസ്സ് തീരുമാനിക്കുന്നതും, ഞാന്‍ കസേരയില്‍ നിന്നും എഴുനേല്‍ക്കാന്‍ തുടങ്ങുന്നതിനും പ്രവര്‍ത്തി തുടങ്ങുന്നതിന് 200 മില്ലി സെക്കണ്ടുകള്‍ മുന്‍പ് മാത്രമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍, എന്‍റെ ബോധമനസ്സിന്  ഈ ആഗ്രഹം ഉളവാക്കി അതനുസരിച്ചു ശരീരത്തിനെ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം ബോധമനസ്സ് എടുക്കുന്നതിനും 300 മില്ലി സെക്കണ്ട് മുന്‍പ് തന്നെ കസേരയില്‍ നിന്നും എഴുനേല്‍ക്കാനുള്ള പ്രവര്‍ത്തനത്തിന്‍റെ മുന്നോടിയായ തയ്യാറെടുപ്പുകള്‍ക്കായി ഒരു “റെഡിനെസ്സ് പൊട്ടന്‍ഷ്യല്‍” എന്‍റെ മസ്തിഷ്കത്തില്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിന്‍റെ അര്‍ത്ഥം എന്താണ്? ബോധമനസ്സില്‍ ആഗ്രഹം ജനിച്ചു അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ബോധമനസ്സ് തീരുമാനിക്കുന്നതിനും മുന്‍പുതന്നെ മസ്തിഷ്കം തീരുമാനിച്ചുകഴിഞ്ഞു എന്ത് ചെയ്യണം എന്ന്. നമ്മള്‍ (അല്ലെങ്കില്‍ നമ്മുടെ ബോധമനസ്സ്) തെറ്റിദ്ധരിച്ചു വശായിരിക്കുന്നത് എല്ലാം തത്സമയം സംഭവിക്കുന്ന കാര്യങ്ങള്‍ ആണെന്നാണ്‌. മിഠായി തിന്നുവാനുള്ള തീരുമാനം എന്‍റെ മസ്തിഷ്കം തീരുമാനിച്ചുകഴിഞ്ഞു എന്ന് എന്‍റെ ബോധമനസ്സ് അറിയുന്നില്ല. അതായത് ഞാന്‍ മിഠായി തിന്നുന്നതിനും 550 മില്ലി സെക്കണ്ട് മുന്‍പേ, എന്‍റെ ബോധമനസ്സ് മിഠായി തിന്നാന്‍ തീരുമാനം എടുക്കുന്നതിനും 300 മില്ലി സെക്കണ്ട് മുന്‍പേ, ഞാന്‍ മിഠായി തിന്നാനുള്ള തീരുമാനം എന്‍റെ മസ്തിഷ്ക്കത്തില്‍ രൂപീകൃതമായിക്കഴിഞ്ഞു!!

ഇങ്ങിനെ ആണ് ഓരോ പ്രവൃത്തികളും നമ്മള്‍ ചെയ്യുന്നത്. നമ്മള്‍ ഓരോ എടാകൂടങ്ങളില്‍ ചെന്ന് ചാടുന്നതും ഇങ്ങിനെ അബോധമായ വാക്കുകളും പ്രവര്‍ത്തികളും കൊണ്ടാണ്. അതിന് കാരണം അബോധമനസ്സില്‍ മുദ്രിതമായിരിക്കുന്ന  

കർമ്മവും പുനർജന്മവും

 

നമ്മുടെ തന്നെ ജീവിതവും നമ്മുടെ ചുറ്റുമുള്ള ജീവിതവും അവധാനതയോടെ ശ്രദ്ധിച്ചാൽ പൊരുത്തക്കേടുകൾ എന്ന്  തോന്നാവുന്ന ചില വസ്തുതകൾ നമ്മുടെ ശ്രദ്ധയിൽ വന്നേക്കാം. പലരും ജീവിതത്തിൽ രോഗം, ദാരിദ്ര്യം, അക്രമങ്ങൾ, കലഹങ്ങൾ, ശിഥിലമായ ബന്ധങ്ങൾ എന്ന്    തുടങ്ങി വൈവിദ്ധ്യമാർന്ന രീതികളിൽ കഷ്ടപ്പെടുന്നത് കാണാം. മറ്റുചിലരാകട്ടെ, ജീവിതത്തിലൂടെ ഏറെക്കുറെ അനായാസേന കടന്നുപോകുന്നു. ദുർമാർഗികളും, അധർമ്മികളും ആയി ജീവിക്കുന്ന പലരും പ്രായേണ ഭൗതികമായ  സുഖ സമൃദ്ധിയിൽ കഴിയുന്നതായി കാണാം. എന്നാൽ അദ്ധ്വാന ശീലരും, സത്യസന്ധരും, ധർമിഷ്ഠരും ആയ പലരും പരാജയം മാത്രം ജീവിതത്തിൽ ഏറ്റുവാങ്ങുന്നതും കാണാം നമുക്ക്. നമ്മൾ തന്നെ പലപ്പോഴും ചിന്തിച്ചിട്ടില്ലേ, “എനിക്ക് എന്തിനു ഇങ്ങിനെ വന്നു “, എന്ന്. ആത്മീയമായി വളരെ അധികം വളർന്ന്‌, മറ്റുള്ളവർക്ക് രോഗശാന്തി നൽകിയിട്ടുള്ള  പലവിശിഷ്ട വ്യക്തികൾ പോലും സ്വയം രോഗാതുരരായിട്ടുള്ള കാര്യം നമ്മൾ വായിച്ചിട്ടുണ്ടാകുമല്ലോ? ക്രിസ്തു ദേവന്‍ കുരിശ്ശില്‍ തറക്കപ്പെട്ടു. കൃഷ്ണ ഭഗവാന്‍ വേടന്‍റെ ശരം ഏറ്റാണ് ഇഹലോകവാസം വെടിയുന്നത്. അങ്ങിനെ സാമാന്യ ബുദ്ധിക്കു വിശദീകരിക്കാൻ പറ്റാത്ത വിധത്തിലുള്ള കാഴ്ചകളാണ് നമ്മൾ കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങിനെ?

യോഗശാസ്ത്രം പറഞ്ഞു തരുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.   വ്യക്തിഗതമായ കർമ്മ നിയമങ്ങളും സാമൂഹികമായ കർമ്മ നിയമങ്ങളും അനുസരിച്ചാണ് നമ്മുടെ  ഓരോരുത്തരുടേയും ജീവിതാനുഭവങ്ങൾ ഉരുത്തിരിയുന്നത് എന്നാണു യോഗശാസ്ത്രം പറയുന്നത്. അതായത്, ഓരോ വ്യക്തിക്കും കർമ്മ നിയമങ്ങൾ ബാധകമാണ്. വ്യക്തിഗതമായി മാത്രമല്ല  കർമ്മ നിയമങ്ങൾ ഒരു വ്യക്തിയെ ബാധിക്കുന്നത്. ഓരോ കുടുംബത്തിനും, ഓരോ സമൂഹത്തിനും, ഓരോ രാജ്യത്തിനും, പൊതുവായിട്ടും കർമ്മ നിയമങ്ങൾ രൂപീകൃതമാകുന്നുണ്ട്. അതുകൊണ്ടു  തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനസമൂഹങ്ങളുടെ കാര്‍മ്മികമായ ബന്ധനങ്ങൾ ഒരു വ്യക്തിയേയും ബാധിക്കും എന്നര്‍ത്ഥം. കർമ്മ നിയമങ്ങൾ എന്താണെന്നും, എങ്ങിനെയാണ് അവ പ്രവൃത്തിക്കുന്നത്  എന്നും ശരിയായ രീതിയിൽ മനസ്സിലാക്കുന്നത് ജീവിതാനുഭവങ്ങളുടെ കാഠിന്യം കുറയ്ക്കുവാനും, പുതിയതായി കർമ്മ നിയമ ലംഘനങ്ങൾ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാനും വളരെ ആവശ്യമാണ്.

എന്താണ് കർമ്മം? എന്താണ് കർമ്മ നിയമങ്ങൾ?

 

ഈ വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ്, ചില നിര്‍വ്വചനങ്ങള്‍ മനസ്സിലാക്കണം, ആദ്യമായി. “കർമ്മ” എന്ന സംസ്കൃത  വാക്കിന്‍റെ അർത്ഥം “പ്രവൃത്തി” എന്നാണ്. നമ്മൾ ഇപ്പോൾ, ഈ നിമിഷം ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഒഴികെ ബാക്കി നമ്മുടെ എല്ലാ പ്രവൃത്തികളും “കർമ്മ”ത്തിന്‍റെ  നിര്‍വചനത്തിനുള്ളില്‍ വരും. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി “ക്രിയ” ആണ്. കര്‍മ്മമല്ല. കർമ്മത്തിന്‍റെ വിത്തുകള്‍ ക്രിയയിലാണ് അടങ്ങിയിരിക്കുന്നത്. കാരണം നമ്മുടെ “ക്രിയ”കൾ ചെയ്തു തീർന്നാൽ  തത്ക്ഷണം അത് “കർമ്മ”ങ്ങൾ ആയി മാറും. പിന്നെ അവിടെ പ്രവൃത്തിക്ക് സ്ഥൂലമായ ഒരു ബാഹ്യ രൂപമില്ല. ചെയ്ത് തീര്‍ന്ന ആ പ്രവൃത്തിയുടെ (അതായത് ചെയ്ത് അവസാനിപ്പിച്ച ആ ക്രിയയുടെ) ഫലം ഉടനേയോ, പുറകേയോ പ്രത്യക്ഷമാകും. അത് പ്രകൃതി നിയമമാണ് എന്ന് യോഗശാസ്ത്രം പറഞ്ഞ് തരുന്നു.

അതായത് , നമ്മള്‍ ചെയ്ത പ്രവൃത്തിയും, ആ പ്രവൃത്തിയുടെ   ഫലവും നമ്മുടെ അബോധ മനസ്സിൽ സൂക്ഷ്മ രൂപമായി മാറുന്നു. ഈ സൂക്ഷ്മ രൂപമാണ് “കർമ്മം”. ആധുനിക ലോകത്തിലെ ഒരു ഉപമ ഉപയോഗിക്കുകയാണെങ്കിൽ, കമ്പ്യൂട്ടറിന്‍റെ  ഹാർഡ് ഡിസ്‌കിൽ വിവരങ്ങളും, ചിത്രങ്ങളും, ശബ്ദങ്ങളും ഒക്കെ അരൂപികളായ ഫയലുകളായി സൂക്ഷ്മരൂപത്തിൽ ശേഖരിക്കുന്നത് പോലെ ആണിത്. ഒരു പടുകൂറ്റൻ ആൽ മരത്തിനെക്കുറിച്ചുള്ള സർവ്വ വിവരങ്ങളും അതിന്‍റെ ചെറിയ വിത്തിനകത്ത്, അതിന്‍റെ ഡി.എൻ .എ ക്കകത്തു എങ്ങിനെ ആണോ  സമാഹരിച്ച് വച്ചിരിക്കുന്നത് അതുപോലെ സൂക്ഷ്മമായിട്ടാണ് കർമ്മവും കർമ്മഫലവും നമ്മോടൊപ്പം നമ്മെ പിന്തുടരുന്നത്. വരാൻ പോകുന്ന മരം എങ്ങിനെ ആയിത്തീരണം എന്നതിനെക്കുറിച്ചുള്ള സർവ്വ വിവരങ്ങളും ആ വിത്തിനകത്തു ഉണ്ട്. ഒരു കോഴി മുട്ട വിരിഞ്ഞാല്‍ ഒരു കോഴിമാത്രമേ അതില്‍ നിന്നും പുറത്തു വരുകയുള്ളൂ. ആ കോഴിയുടെ നിറം, ആകൃതി, രൂപം, ശബ്ദം ഇതെല്ലാം ആ കോഴിമുട്ടക്കകത്ത് അരൂപമായി, നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അനുഭവവേദ്യമല്ലാത്ത വിധത്തില്‍  ആലേഖനം ചെയ്തിരിക്കുന്ന പോലെ തന്നെയാണ്, പ്രകൃതിയുടെ സ്വന്തം വിവര സാങ്കേതിക വിദ്യയിലൂടെ നമ്മുടെ കര്‍മ്മവും, കര്‍മ്മ ഫലങ്ങളും നമ്മെ കടുകിട വ്യത്യാസമില്ലാതെ ജന്മജന്മാന്തരങ്ങളായി പിന്തുടരുന്നത്. എന്താണ് കര്‍മ്മം എന്നും, അതിന്‍റെ പ്രവര്‍ത്തന രീതികളും നിയമങ്ങളും എന്താണെന്നും മനസ്സിലാക്കി അതനുസരിച്ചു ജീവിതവും നമ്മുടെ പ്രവര്‍ത്തന രീതികളും ചിട്ടപ്പെടുത്തേണ്ടത്‌ വളരെ ആവശ്യമാണെന്ന് കാണാം.

കർമ്മം  നമുക്ക് അനുകൂലാത്മകവും  പ്രതികൂലാത്മകവും ആകാം. അതായത്, ചില കർമ്മങ്ങള്‍   അഭിവൃദ്ധിയും, ആമോദവും നല്കുന്നതാകാം. മറ്റു ചില കര്‍മ്മങ്ങള്‍ അധോഗതിയും വേദനയും നൽകുന്നതും ആകാം. ഏറ്റവും പ്രധാനപ്പെട്ട കർമ്മ നിയമം എന്നത് “നിങ്ങൾ വിതക്കുന്നത്  നിങ്ങൾ കൊയ്യും” എന്നുള്ളതാണ്. ഇത്തരത്തിലുള്ള ഒരു സങ്കല്പം ലോകത്തിലുള്ള സകല നാടുകളിലും ജനസഞ്ചയങ്ങളിലും ഉള്ളതായി നമുക്ക് കാണാം. നല്ല പ്രവൃത്തികൾക്ക് നല്ല ഫലം എന്നും ചീത്ത  പ്രവൃത്തികൾക്ക് ചീത്ത ഫലം എന്നും ലോകത്തിൽ മിക്കവാറും എല്ലാവരും തന്നെ വിശ്വസിക്കുന്നു. നല്ല പ്രവൃത്തികൾ ആത്മാവിനെ ശുദ്ധികരിക്കും എന്നും ചീത്ത പ്രവൃത്തികൾ ആത്മാവിനെ മലിനപ്പെടുത്തും   എന്നാണു സാമാന്യമായ പൊതുജന വിശ്വാസം, സാർവലൗകികമായി തന്നെ. അതുതന്നെ ഈ ദര്‍ശനത്തിന്‍റെ സാധുത ചൂണ്ടിക്കാണിക്കുന്നു.

എങ്ങിനെ ആണ് കർമ്മം രൂപീകൃതമാകുന്നത്?

നമ്മൾ എന്ത് പ്രവൃത്തി ചെയ്താലും – അത്  ചിന്തകള്‍ കൊണ്ടായാലും, ശരീരം കൊണ്ടായാലും, വാക്കുകൾ കൊണ്ടായാലും ശരി – അത് നമ്മുടെ അബോധമനസ്സിൽ വളരെ സൂക്ഷ്മമായ മുദ്രണങ്ങൾ നടത്തുന്നു. നമ്മൾ തുടർച്ചയായി ഈ പ്രവൃത്തികൾ ആവർത്തിക്കുമ്പോൾ, ഈ മുദ്രണങ്ങൾ പൂർവ്വാധികം ശക്തിമത്താവുന്നു. വെള്ളക്കടലാസിൽ എഴുതിയ അക്ഷരങ്ങൾക്ക് മുകളിലൂടെ വീണ്ടും വീണ്ടും അതേ  അക്ഷരങ്ങൾ എഴുതുമ്പോൾ, അവ എങ്ങിനെ പൂർവ്വാധികം തെളിഞ്ഞു വരുന്നുവോ, അതുപോലെ ആണ് ഇതും. അങ്ങിനെ ആ മുദ്രണങ്ങൾ ഓരോ ആവർത്തനത്താലും കൂടുതൽ കൂടുതൽ ബലവത്തായി വന്ന്, ആ മുദ്രണത്തിന്‍റെ ഊർജ്ജപ്രവാഹം തടയാൻ ആവാതെ, അതേ പ്രവൃത്തികൾ നമ്മുടെ ബോധമനസ്സിന്‍റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ നാം സ്വയം ചെയ്യാൻ നിർബന്ധിതരായി ഭവിക്കുന്ന ഒരു നിലയിൽ എത്തും. ഈ മുദ്രണങ്ങളെ  സംസ്കൃതത്തിൽ “സംസ്കാര” എന്നു പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ പ്രവൃത്തികളാൽ സംസ്കാര മുദ്രണങ്ങൾ ഉണ്ടാവുകയും, തുടര്‍ന്ന്, നമ്മുടെ പ്രവൃത്തികളെ സൂക്ഷമമായ ഈ സംസ്കാര മുദ്രണങ്ങൾ വീണ്ടും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതൊരു വിഷമ വൃത്തമാണ്. പ്രവൃത്തി വീണ്ടും മുദ്രണങ്ങൾ ഉണ്ടാക്കുന്നു, മുദ്രണങ്ങൾ വീണ്ടും പ്രവൃത്തിയെ ഉണ്ടാക്കുന്നു. ഈ പരിവൃത്തിയുടെ അനിവാര്യതയാണ് പ്രധാനമായ മറ്റൊരു കർമ്മ നിയമം.

നിത്യജീവിതത്തിൽ ഈ പരിവൃത്തിയുടെ ഉദാഹരണങ്ങൾ നിരവധിയാണ്. മദ്യപാനം, പുകവലി, നുണ പറയല്‍,  വൈകി ഉറങ്ങൽ, വൈകി എഴുനേൽക്കൽ, തർക്കുത്തരം പറയൽ, രതി വൈകൃതങ്ങള്‍, കോപം, വൈരാഗ്യം, പരദൂഷണം, മൊബൈൽ ഫോണും വാട്സ്ആപ്പ്  ഉപയോഗങ്ങളും ഇതെല്ലാം ചെറിയ തോതിൽ ആരംഭിച്ച് എങ്ങിനെ ഇക്കാര്യത്തിലെല്ലാം തികഞ്ഞ ആസക്തി ഉള്ളവരായി മാറുന്നു എന്ന് ആലോചിക്കുക. ന്യൂനതയുടെ  കാര്യത്തിൽ മാത്രമല്ല, നന്മയുടെ കാര്യത്തിലും ഈ പരിവൃത്തികൾ കൃത്യമായി നടക്കുന്നത് കാണാം. കൃത്യനിഷ്ഠ, സൗമ്യ സംഭാഷണം, കണക്കുകൾ സൂക്ഷിക്കൽ, സംഗീത അഭ്യാസങ്ങൾ, ശരിയായ ആഹാര രീതികളുടെ നിഷ്ഠ എന്നു തുടങ്ങി സകാരാത്മകമായ കാര്യങ്ങളിലും ഈ പരിവൃത്തികൾ ഒരുപോലെ ഫലവത്തായി പ്രവൃത്തിക്കുന്നു എന്ന് നമുക്കറിയാം. നല്ല ശീലങ്ങളും ചീത്ത ശീലങ്ങളും ഉണ്ടാകുന്നത്‌ ഈ പരിവൃത്തികള്‍ മൂലമാണ്. കാണാപാഠം പഠിക്കുന്നതും ആവര്‍ത്തനങ്ങളിലൂടെ അല്ലേ?

ജന്മവും പുനര്‍ജന്മവും

യോഗശാസ്ത്രം അനുസരിച്ച് നമ്മുടെ ജന്മം, മാതാപിതാക്കന്മാര്‍, കുടുംബം, ജോലി, ജീവിത സാഹചര്യങ്ങള്‍, വിവിധങ്ങളായ ജീവിതാനുഭവങ്ങള്‍, ആരോഗ്യ നിലവാരം, മരണം എന്നുവേണ്ട ജീവിതത്തിലെ നമ്മുടെ മുഴുവന്‍ അനുഭവങ്ങളേയും  രൂപപ്പെടുത്തുന്നതും, ആ അനുഭവങ്ങളുടെ തീവ്രത കൂടുകയും കുറയുകയും ഒക്കെ ചെയ്യുന്നതും, അതുവരെ നമ്മള്‍ ആര്‍ജ്ജിച്ച കര്‍മ്മമനുസരിച്ചാണ്. കൂടുതല്‍ മനസ്സിലാക്കി വരുമ്പോള്‍ നമുക്ക് അറിയുവാന്‍ കഴിയും, ജീവിതം എന്ന് പറയുന്നത്, നമ്മുടെ ചുറ്റും കാണുന്ന ജനനമരണങ്ങള്‍ക്ക് ഉള്ളില്‍   മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രതിഭാസമല്ല എന്ന്.

ജനിക്കുകയും മരിക്കുകയും ചെയ്യുന്ന, എണ്ണിയാല്‍ തീരാത്ത  രൂപഭാവങ്ങളോടു കൂടിയ, നമുക്കു ചുറ്റും കാണുന്ന സകല ജീവിതങ്ങള്‍ക്കെല്ലാം അപ്പുറം,  അനശ്വരവും, സര്‍വ്വ വ്യാപകവും, ആദ്യാവസാനമില്ലാത്തതും ആയ ഒരു ബ്രഹൃത് ജീവന്‍റെയും ബുദ്ധിയുടെയും   നിത്യ സാന്നിദ്ധ്യമുള്ള ഒരു വലിയ ഏക ജീവന്‍ ഉണ്ട്. ആ വലിയ ഏക ജീവന്‍ സര്‍വ്വതിനും അതീതമായ ഒന്നാണെന്ന് മാത്രമല്ല, എല്ലാ രൂപങ്ങളുടേയും അഗാധതയില്‍ അവയുടെ ഉള്ളിന്‍റെ ഉള്ളിലെ  അദൃശ്യമായ, അനശ്വരമായ സത്തയും കൂടിയാണ് അത്‌. ജനിക്കുകയും അനുഭവിക്കുകയും മരിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ ഈ ചെറിയ ‘സ്വകാര്യ വ്യക്തി” ജീവിതം സംഭവിക്കുന്നത്‌ ആ വലിയ ഏക ജീവനിലാണ്. ആ വലിയ ഏക ജീവന്‍ ഒരു പുസ്തകമായി സങ്കല്‍പ്പിച്ചാല്‍, നമ്മുടെ ജനന-അനുഭവ-മരണ സഹിതമുള്ള  ഈ ചെറിയ ജീവിതം, ആ പുസ്തകത്തിലെ ഒരു പേജു മാത്രമാണ്. ഇതാണ് ജന്മ-പുനര്‍ജന്മ പ്രക്രിയയുടെ കാല ദേശാതീതമായ പ്രസക്തി. ഈ ജന്മത്തിനു മുന്‍പും നൂറു കണക്കിന് ജന്മങ്ങള്‍ നമ്മള്‍ ഓരോരുത്തരും ജനിച്ചിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്, മരിച്ചിട്ടുണ്ട്. ഓരോ ജന്മത്തിലും, നമ്മള്‍ നമ്മുടെ ചിന്തകളും, വാക്കുകളും പ്രവൃര്‍ത്തികളും കൊണ്ട് പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമായി, അറിഞ്ഞോ അറിയാതേയോ, “ക്രിയ”കള്‍ ചെയ്ത് “കര്‍മ്മ”ങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആ കര്‍മ്മങ്ങള്‍ ഊര്‍ജം കൈകൊണ്ട് വീണ്ടും ജന്മാനുഭവമരണങ്ങളായി വന്ന് പോകുന്നു, വന്ന് പോയിക്കൊണ്ടേ ഇരിക്കുന്നു ഇപ്പോഴും.

മൂന്നു വിവിധ തരത്തിലുള്ള കര്‍മ്മങ്ങള്‍

കര്‍മ്മങ്ങള്‍ മൂന്നു വിധത്തിലാണ്  ഉള്ളത്. (1) സഞ്ചിത കര്‍മ്മം: ജന്മ ജന്മാന്തരങ്ങളായി നമ്മള്‍ സൃഷ്ടിച്ച് ശേഖരിച്ചു വച്ചിരിക്കുന്ന കര്‍മ്മത്തിന്‍റെ വിത്തുകളാണ് സഞ്ചിത കര്‍മ്മം. ഇനിയും മുളക്കാത്ത, ഭാവിയില്‍  മുളക്കാന്‍ കാത്തിരിക്കുന്ന വിത്തുകളാണ് അവ. യോഗശാസ്ത്രത്തില്‍ അവയെ അമ്പുകള്‍ സൂക്ഷിക്കുന്ന ആവനാഴി ആയിട്ടാണ് ഉപമിക്കാറുള്ളത്. (2) പ്രാരാബ്ധ കര്‍മ്മം: ജനിച്ചു കഴിഞ്ഞാല്‍ മരണം കഴിയുന്നതുവരെ ഉള്ള അനുഭവങ്ങളാണ് പ്രാരാബ്ധ കര്‍മ്മം. അത് സജീവമായി കഴിഞ്ഞ കര്‍മ്മങ്ങള്‍ ആണ്. വിത്ത് മുളച്ചു കഴിഞ്ഞു. ആവനാഴിയിലിരുന്ന ശരം എടുത്തു തൊടുത്തു വിട്ടു കഴിഞ്ഞു. ശരം അതിന്‍റെ സഞ്ചാര പഥത്തിലെ പ്രയാണത്തിലാണ്. ഇനി അത് തിരികെ എടുക്കാനാകില്ല. അനുഭവിച്ചു തന്നെ അവസാനിക്കണം. അതാണ്‌ പ്രാരാബ്ധ കര്‍മ്മം. (3) ക്രിയാമാന കര്‍മ്മം: മറ്റൊരു കര്‍മ്മമായി മാറാന്‍ എല്ലാ സാദ്ധ്യതയും ഉള്ള  ചിന്ത, വാക്ക്, പ്രവൃത്തി ഇവയാണ് ക്രിയാമാന കര്‍മ്മം. അതായതു ആ ഒരു പ്രവൃത്തി (ക്രിയ) ഇനിയും ഒരു വിത്തായി തീര്‍ന്നിട്ടില്ല. പ്രവൃത്തി ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍, അത് മറ്റൊരു പുതിയ കര്‍മ്മത്തിന്‍റെ വിത്താകും. യോഗശാസ്ത്രത്തിലെ ഉപമ ഉപയോഗിച്ചു പറഞ്ഞാല്‍, ആവനാഴിയില്‍ സൂക്ഷിക്കാനും എടുത്ത് എയ്യാനും ഒരു ശരം നമ്മള്‍ നിര്‍മ്മിച്ചു കഴിഞ്ഞിട്ടില്ല.പക്ഷേ  ശരം നിര്‍മ്മിക്കാനുള്ള സര്‍വ്വ അസംസ്‌കൃത പദാര്‍ത്ഥങ്ങളും തയ്യാറാണ്. നിര്‍മ്മിക്കുകയോ നിര്‍മ്മിക്കാതിരിക്കുകയോ ചെയ്യാം. അതായത് എങ്ങിനെയാണ് പുതിയ കര്‍മ്മങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കി, അങ്ങിനെ സൃഷ്ടിക്കപ്പെടാന്‍ ഇടവരാത്ത വിധം ജീവിതാനുഭാവങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ ക്രിയാ മാന കര്‍മ്മങ്ങള്‍ ഇല്ലാതാകും. അത്തരം തിരിച്ചറിവില്ലാതെ ജീവിച്ചാല്‍ നമ്മുടെ ഒരു പ്രവൃത്തിയും ഓരോ പുതിയ വിത്തായി മാറും. മറ്റൊരു വിധത്തില്‍  പറഞ്ഞാല്‍ അത് ഒരു പുതിയ ശരമായി മാറി ആവനാഴിയിലേക്ക് പോയി സഞ്ചിത കര്‍മ്മ മായി മാറും.

കാര്യ കാരണ ബന്ധം.  

ഭൗതിക ലോകത്തിലെ ന്യൂട്ടണ്‍ന്‍റെ  മൂന്നാം ചലന നിയമത്തിന് സമാനമാണ്  യോഗ ശാസ്ത്രത്തിലെ കാര്യ കാരണ നിയമം. കാരണം ഇല്ലാതെ കാര്യം ഉണ്ടാകില്ല. കാരണത്തിന്‍റെ എല്ലാ സ്വഭാവങ്ങളും കാര്യത്തില്‍ അടങ്ങിയിരിക്കും. ഈ പ്രകൃതി നിയമമാണ്‌ കര്‍മ്മ നിയമങ്ങള്‍ക്ക് അടിസ്ഥാനം. പ്രകൃതി എന്നാല്‍ പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന പ്രപഞ്ചത്തെ ഒറ്റവാക്കില്‍ വിവക്ഷിക്കുന്ന സംസൃത പദമാണ്. പ്രത്യക്ഷത്തില്‍ കാണാത്ത ഒരു ലോകമുണ്ട്, മുകളില്‍ പറഞ്ഞ ആ വലിയ ഏക ജീവന്‍റെ ലോകം. കാണപ്പെടുന്ന ലോകത്തിലെ ഭൗതിക പദാര്‍ത്ഥങ്ങളെ ബാധിക്കുന്ന നിയമങ്ങളാണ്  ഭൂമിയിലെ സയന്‍സ് പഠിച്ചു പ്രചരിപ്പിക്കുന്ന ശാസ്ത്രീയ നിയമങ്ങള്‍. അതുപോലെ കാണാത്ത ആ വലിയ ഏക ജീവന്‍റെ ലോകത്തിനും സമാനവും എന്നാല്‍ വ്യത്യസ്തവും ആയ നിയമങ്ങള്‍ ഉണ്ട്. കര്‍മ്മ നിയമങ്ങള്‍ അതിലൊന്നാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം എങ്കില്‍ , ന്യൂട്ടോണിയന്‍ സയന്‍സിലെ നിയമങ്ങളും ക്വാണ്ടം ഫിസിക്സിലെ നിയമങ്ങളും തമ്മിലുള്ള അന്തരങ്ങള്‍ കാണുക എന്ന് മാത്രം സൂചിപ്പിക്കട്ടെ.

നിയമത്തെക്കുറിച്ചുള്ള അജ്ഞത ക്ഷമാപണമായി ഭൂമിയിലെ നിയമത്തിലായാലും  പ്രകൃതി നിയമത്തിലായാലും സ്വീകരിക്കപ്പെടുന്നില്ല. അതായത് “കര്‍മ്മ നിയമങ്ങള്‍ എനിക്കറിയില്ലായിരുന്നു, അതുകൊണ്ട് ക്ഷമിച്ചു മാപ്പ് തരണം” എന്ന് പറയാന്‍ കഴിയില്ല എന്നര്‍ത്ഥം! അതായത്,നമ്മുടെ പ്രാരബ്ധ കര്‍മ്മങ്ങള്‍ നമ്മള്‍ അനുഭവിച്ചു തന്നെ തീരണം. അറിവില്ലാത്തതുകൊണ്ട് സഞ്ചിത കര്‍മ്മങ്ങളും  പ്രാരാബ്ധ കര്‍മ്മങ്ങളും വന്ന് ചേര്‍ന്നത്‌ നമ്മുടെ കുറ്റമായി കരുതേണ്ടതില്ല. പക്ഷേ ആ തെറ്റ് തിരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രാരാബ്ധ കര്‍മ്മങ്ങള്‍ “വിധിപ്രകാരം” അനുഭവിച്ച്, പുതിയ ക്രിയാമാന കര്‍മ്മങ്ങള്‍ സൃഷ്ടിക്കപ്പെടാതെയും, സഞ്ചിത കര്‍മ്മങ്ങള്‍ മുളക്കാന്‍ അവസരം കൊടുക്കാതേയും വേണം  മരണം വരെ ജീവിക്കുവാന്‍. അത് നമ്മുടെ ഉത്തരവാദിത്വമാണ്. എഞ്ചിനീയറിംഗ്‌ കോളേജില്‍ ചേര്‍ന്നാല്‍ അവിടെ ലഭിക്കുന്ന പാഠ്യപദ്ധതി എങ്ങിനെ നമ്മുടെ കുറ്റവും കുറവും ആകുന്നില്ലയോ, തന്നിരിക്കുന്ന പാഠ്യപദ്ധതി ആത്മാര്‍ത്ഥമായി പഠിക്കല്‍ എങ്ങിനെ നമ്മുടെ ഉത്തരവാദിത്വമാകുന്നുവോ, അങ്ങിനെ തന്നെയാണ് ഇതും. വേറെ ഒരു വിധത്തില്‍ പറഞ്ഞാല്‍, നേരത്തേ പറഞ്ഞ,  ആ സര്‍വാതീതമായ, എന്നാല്‍ സര്‍വ്വതിലും അന്തര്‍ലീനമായിരിക്കുന്ന ആ വലിയ ഏക ജീവനാണ് നമ്മുടെ യഥാര്‍ത്ഥ വസതി. ഭൂമിയിലെ പഠിത്തം വിജയകരമായി തീര്‍ത്ത് നമ്മുടെ സ്വന്തം വീടായ ആ വലിയ ഏക ജീവനിലേക്കു മടങ്ങണം. അതിന് കര്‍മ്മ നിയമങ്ങളെ ക്കുറിച്ചുള്ള അറിവ് വേണം, അത് പഠിക്കാനും, അതനുസരിച്ചു ജീവിക്കാനും ഉള്ള ഇച്ഛാശക്തി വേണം, കര്‍മ്മ ശക്തി വേണം. എഞ്ചിനീയറിംഗ്‌  കോളേജില്‍ ചേര്‍ന്നാല്‍ അവിടെ പഠിക്കേണ്ട പോലെ തന്നെയാണ് ഇതും. അറിവും അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാ ശക്തിയും കര്‍മ്മ ശക്തിയും ഉണ്ടാകുന്നതു വരെ വീണ്ടും വീണ്ടും ഇവിടെ വന്ന് ജനിച്ച് അനുഭവിച്ച് മരിച്ചു കൊണ്ടേ ഇരിക്കും. ഓരോ വരവിലും അജ്ഞത തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവാം. ജ്ഞാനത്തോടെ, ഇച്ഛാശക്തിയോടെ, കര്‍മ്മ ശക്തിയോടെ പ്രവര്‍ത്തിച്ച്  ജീവിച്ചാല്‍ കാര്യങ്ങള്‍ മെച്ചപ്പെടാം. പക്ഷേ അത് “പാമ്പും കോണിയും” കളിക്കുന്നത് പോലെ യാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഏതു സമയവും ഒന്നാം കള്ളിയിലേക്ക് വീഴാം, പിന്നെ ആദ്യം മുതല്‍ തുടങ്ങണം. അറിവ്, ശ്രദ്ധ, ഭക്തി, ധര്‍മ്മനിരത – ഇതെല്ലാം വേണം വിജയകരമായി നമ്മുടെ ഭൂമിയിലെ വരവ് പൂര്‍ത്തിയാക്കാന്‍. ആലോചിച്ചു നോക്കുമ്പോള്‍, രസമുള്ള ഒരു കളി തന്നെ ആണ് ജീവിതം. ആ വലിയ ഉള്‍ക്കാഴ്ച വേണം എന്ന് മാത്രം.

എങ്ങിനെ കര്‍മ്മ ബന്ധനം ഒഴിവാക്കി ജീവിക്കാം ?

ഇത്‌  ബൃഹത്തായ ഒരു വിഷയമാണ്. വായനക്കാര്‍ക്ക് ആ വഴിക്ക് ചിന്തിച്ചു തുടങ്ങാന്‍ സഹായിക്കുന്നവിധം ചുരുക്കി മാത്രം പറയാം പ്രധാനമായ ചില കാര്യങ്ങള്‍.

  1. ആ വലിയ ഏക ജീവന്‍  തിരിച്ചറിഞ്ഞ്, രൂപമില്ലാത്ത ആ  പ്രപഞ്ച ശക്തിയുമായി പിതൃനിര്‍വിശേഷമായ സ്നേഹ ബന്ധം വളര്‍ത്തി എടുക്കുക. അമ്പലവും പള്ളിയും എല്ലാം ഇതിനുള്ള പ്രതിരൂപാത്മക പരിശീലനങ്ങള്‍ ആണെന്ന് മനസ്സിലാക്കണം. അമ്പലവും പള്ളിയും പ്രതിനിധാനം ചെയ്യുന്നത് അരൂപിയായ ആ ഏക ജീവനെ തന്നെ  ആണ്.
  2. നമ്മുടെ ഭൂമിയിലെ ജീവിതത്തിന്‍റെ പൊതുവായ പശ്ചാത്തലം യമ നിയമങ്ങളില്‍ അധിഷ്ഠിതമായ ഒന്നായിരിക്കണം. എന്താണ് യമ നിയമങ്ങള്‍?  അഹിംസ, സത്യം, മോഷ്ടിക്കതിരിക്കല്‍, നമ്മുടെ ശരീരവും, ധനസമ്പത്തുക്കളും വ്യയം ചെയ്യാതിരിക്കല്‍, വസ്തുവകകളില്‍ ഭ്രമിച്ചു അത് വാരിക്കൂട്ടാതിരിക്കല്‍ – ഇവയെല്ലാം ചിന്തകള്‍ കൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, പാലിക്കണം. മനസാ, വാചാ, കര്‍മ്മണാ  ശുദ്ധി വേണം. സദാ സന്തോഷമുള്ളവരായിരിക്കണം, സ്വയം അന്വേഷിച്ച് പഠിച്ച് അറിവ് (പ്രാപഞ്ചികവും, ആത്മീയവും ആയ അറിവ്) നേടണം. അതും ഇതും ചിന്തിക്കുന്ന മനസ്സിന്‍റെ രീതി മാറ്റി എകാഗ്രമായ മനസ്സിന്‍റെ ഉടമയാവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ആ വലിയ ഏക ജീവന്‍റെ നിത്യ സാന്നിദ്ധ്യം കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ഇത്രയും കാര്യങ്ങള്‍ എപ്പോഴും ഓര്‍മ്മയുണ്ടായിരിക്കണം. അതിനായി ശ്രമിച്ചു കൊണ്ടേ ഇരിക്കണം.
  3. മോക്ഷം, അല്ലെങ്കില്‍ സ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ കര്‍മ്മ ഫലങ്ങളില്‍ നിന്നും ഉള്ള മോചനമാണ്. അതായത് എന്ത് പ്രവൃത്തി ചെയ്താലും, അതിന്‍റെ ഫലമായി ഒരു പുതിയ കര്‍മ്മം നമുക്ക് ഉണ്ടാകാത്ത വിധം ജീവിക്കാനുള്ള സാമര്‍ത്ഥ്യം കൈവരിച്ച അവസ്ഥ. അങ്ങിനയൂള്ള മോചനം കൈവരുന്നത് നമ്മുടെ സഞ്ചിത കര്‍മ്മങ്ങള്‍ പൂര്‍ണമായും  ധാര്‍മ്മിക ജീവിതത്തിന്‍റെ അഗ്നിയില്‍ കരിച്ച് കളഞ്ഞു കഴിയുമ്പോഴാണ്. ധാര്‍മ്മിക ജീവിതം എന്നാല്‍ മേല്‍പ്പറഞ്ഞ യമ നിയമങ്ങളില്‍ അധിഷ്ഠിതമായ ജീവിതം ആണ്. അതുപോലെ തന്നെ പ്രാരാബ്ധ കര്‍മ്മങ്ങള്‍ പൂര്‍ണമായും അനുഭവിച്ചു തന്നെ തീരണം. കാരണം അത് വിക്ഷേപിക്കപ്പെട്ട ശരം ആണെന്ന് സൂചിപ്പിച്ചുവല്ലോ? തിരിച്ചു എടുക്കാന്‍ ആവില്ല.  പക്ഷേ, അങ്ങിനെ പ്രാരാബ്ധ കര്‍മ്മങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ , പ്രാരാബ്ധ കര്‍മ്മങ്ങളുടെ ഫലമായി ഉണ്ടാകുന്ന ക്ലേശങ്ങള്‍ നമ്മള്‍ അനുഭവിക്കുമ്പോള്‍, മനസ്സില്‍ ഒരു ഖിന്നതയും ഉണ്ടാകുവാന്‍ പാടില്ല. അതുപോലെ പ്രരാബ്ധ കര്‍മ്മങ്ങള്‍ നമ്മുക്ക് ശ്രേയസ്സും സമ്പത്തും ചിലപ്പോള്‍ നല്കിയേക്കാം. അതെല്ലാം നമ്മള്‍ ഇതിനു മുന്‍പ് സ്വായത്തമാക്കിയത്‌ സത്കര്‍മ്മമാണോ, ദുഷ്കര്‍മ്മമാണോ എന്നതിനെ ആശ്രയിച്ചിരിക്കും.   ഗുണമായാലും ദോഷമായാലും പ്രാരാബ്ധ കര്‍മ്മ ഫലമായി നമ്മുടെ മനസ്സില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള വികാര വിക്ഷോഭങ്ങള്‍ ആണ് പുതിയ ക്രിയാമാന കര്‍മ്മങ്ങള്‍ സൃഷ്ടിക്കുന്നത്.. അതായതു സുഖത്തിലും ദുഖത്തിലും നമ്മള്‍ സമചിത്തനായിരിക്കണം. കീര്‍ത്തിയിലും അകീര്‍ത്തിയിലും അചഞ്ചലനായിരിക്കണം. അചഞ്ചലനായി അഭിനയിച്ചാല്‍ പോരാ. അങ്ങിനെ തന്നെ ആയിത്തീരണം. വികാരത്തോടെ എന്ത് ചെയ്താലും അത് ഒരു പുതിയ കര്‍മ്മം സൃഷ്ടിക്കും. ധാര്‍മ്മികമായ വികാരത്തോടെ  ചെയ്യുന്ന സകാരാത്മക കര്‍മ്മങ്ങളുടെ ഫലമായി സത് കര്‍മ്മങ്ങള്‍ ഉണ്ടാകുന്നു. അതുമൂലം പുറകെ നല്ല ജീവിതാനുഭവങ്ങള്‍ ഉണ്ടാകുന്നു, അത്, ഒരുപക്ഷേ, അടുത്ത ജന്മത്തിലായാലും മതി. അടുത്ത ജന്മം നല്ല അനുഭവത്തോടെ ജീവിക്കുമ്പോള്‍, മതി മറന്നു അധാര്‍മ്മിക ക്രിയകള്‍ ചെയ്യാന്‍ വഴിയുണ്ട്. വീണ്ടും പാമ്പ് വിഴുങ്ങി ഒന്നാം കള്ളി മുതല്‍ ജീവിതം എന്ന കളി ആരംഭിക്കണം!! ചുരുക്കിപ്പറഞാല്‍ , നമ്മള്‍ എന്ത് ക്രിയ ചെയ്തു എന്നല്ല കാര്യം. നമ്മള്‍ ചെയ്ത ക്രിയയുടെ ഫലമായി ലഭിച്ച അനുഭവം നമ്മളെ എന്താക്കി തീര്‍ത്തു എന്നതാണ്  കര്‍മ്മങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരേ സമയം “സമ ദുഃഖ സുഖ ക്ഷമി” ആയി ജീവിച്ച് പ്രാരാബ്ദ കര്‍മ്മങ്ങളും ക്രിയാമാന കര്‍മ്മങ്ങളും ഇല്ലാതാക്കി, ധര്‍മ്മ നിരതനും ഏക ജീവന്‍റെ പ്രേമിയും ആയി ജീവിച്ച് സഞ്ചിത കര്‍മ്മങ്ങളും ഇല്ലാതെ ആക്കിയിട്ട് വേണം നമ്മുടെ ഈ ചെറിയ ജീവിതമാകുന്ന പാമ്പും കോണിയും കളി അവസാനിപ്പിക്കാന്‍. അത് നടക്കാതെ പോയാല്‍, ആദി ശങ്കരാചാര്യര്‍ “ഭജ ഗോവിന്ദ”ത്തില്‍ പാടിയതു സാര്‍ത്ഥകമാകും.

“പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്താരേ
കൃപായാ പാരേ പാഹി മുരാരേ”

“ഒരിക്കൽക്കൂടി ജനനം, ഒരിക്കൽക്കൂടി മരണം, ഒരിക്കൽക്കൂടി അമ്മയുടെ ഗർഭപാത്രത്തിലുള്ള ശയനം.. ഈ ലൗകിക ജീവിതം മറികടക്കാൻ വളരേ കഷ്ടമാണ്‌, കൃപയോടെ കനിഞ്ഞ്‌ രക്ഷിച്ചാലും ഹേ  കൃഷ്ണാ” –

എല്ലാവര്‍ക്കും ലൗകിക ജീവിതം മറികടക്കാന്‍ ഉള്ള ഭക്തിയും ശ്രദ്ധയും ധര്‍മ്മ നിരതയും,  ജ്ഞാന ശക്തിയും, ഇച്ഛാശക്തിയും, ക്രിയാശക്തിയും നല്‍കി ആ വലിയ ഏക ജീവന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.