നമ്മുടെ തന്നെ ജീവിതവും നമ്മുടെ ചുറ്റുമുള്ള ജീവിതവും അവധാനതയോടെ ശ്രദ്ധിച്ചാൽ പൊരുത്തക്കേടുകൾ എന്ന് തോന്നാവുന്ന ചില വസ്തുതകൾ നമ്മുടെ ശ്രദ്ധയിൽ വന്നേക്കാം. പലരും ജീവിതത്തിൽ രോഗം, ദാരിദ്ര്യം, അക്രമങ്ങൾ, കലഹങ്ങൾ, ശിഥിലമായ ബന്ധങ്ങൾ എന്ന് തുടങ്ങി വൈവിദ്ധ്യമാർന്ന രീതികളിൽ കഷ്ടപ്പെടുന്നത് കാണാം. മറ്റുചിലരാകട്ടെ, ജീവിതത്തിലൂടെ ഏറെക്കുറെ അനായാസേന കടന്നുപോകുന്നു. ദുർമാർഗികളും, അധർമ്മികളും ആയി ജീവിക്കുന്ന പലരും പ്രായേണ ഭൗതികമായ സുഖ സമൃദ്ധിയിൽ കഴിയുന്നതായി കാണാം. എന്നാൽ അദ്ധ്വാന ശീലരും, സത്യസന്ധരും, ധർമിഷ്ഠരും ആയ പലരും പരാജയം മാത്രം ജീവിതത്തിൽ ഏറ്റുവാങ്ങുന്നതും കാണാം നമുക്ക്. നമ്മൾ തന്നെ പലപ്പോഴും ചിന്തിച്ചിട്ടില്ലേ, “എനിക്ക് എന്തിനു ഇങ്ങിനെ വന്നു “, എന്ന്. ആത്മീയമായി വളരെ അധികം വളർന്ന്, മറ്റുള്ളവർക്ക് രോഗശാന്തി നൽകിയിട്ടുള്ള പലവിശിഷ്ട വ്യക്തികൾ പോലും സ്വയം രോഗാതുരരായിട്ടുള്ള കാര്യം നമ്മൾ വായിച്ചിട്ടുണ്ടാകുമല്ലോ? ക്രിസ്തു ദേവന്‍ കുരിശ്ശില്‍ തറക്കപ്പെട്ടു. കൃഷ്ണ ഭഗവാന്‍ വേടന്‍റെ ശരം ഏറ്റാണ് ഇഹലോകവാസം വെടിയുന്നത്. അങ്ങിനെ സാമാന്യ ബുദ്ധിക്കു വിശദീകരിക്കാൻ പറ്റാത്ത വിധത്തിലുള്ള കാഴ്ചകളാണ് നമ്മൾ കാണുന്നത്. എന്തുകൊണ്ടാണ് ഇങ്ങിനെ?
യോഗശാസ്ത്രം പറഞ്ഞു തരുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. വ്യക്തിഗതമായ കർമ്മ നിയമങ്ങളും സാമൂഹികമായ കർമ്മ നിയമങ്ങളും അനുസരിച്ചാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതാനുഭവങ്ങൾ ഉരുത്തിരിയുന്നത് എന്നാണു യോഗശാസ്ത്രം പറയുന്നത്. അതായത്, ഓരോ വ്യക്തിക്കും കർമ്മ നിയമങ്ങൾ ബാധകമാണ്. വ്യക്തിഗതമായി മാത്രമല്ല കർമ്മ നിയമങ്ങൾ ഒരു വ്യക്തിയെ ബാധിക്കുന്നത്. ഓരോ കുടുംബത്തിനും, ഓരോ സമൂഹത്തിനും, ഓരോ രാജ്യത്തിനും, പൊതുവായിട്ടും കർമ്മ നിയമങ്ങൾ രൂപീകൃതമാകുന്നുണ്ട്. അതുകൊണ്ടു തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനസമൂഹങ്ങളുടെ കാര്‍മ്മികമായ ബന്ധനങ്ങൾ ഒരു വ്യക്തിയേയും ബാധിക്കും എന്നര്‍ത്ഥം. കർമ്മ നിയമങ്ങൾ എന്താണെന്നും, എങ്ങിനെയാണ് അവ പ്രവൃത്തിക്കുന്നത് എന്നും ശരിയായ രീതിയിൽ മനസ്സിലാക്കുന്നത് ജീവിതാനുഭവങ്ങളുടെ കാഠിന്യം കുറയ്ക്കുവാനും, പുതിയതായി കർമ്മ നിയമ ലംഘനങ്ങൾ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാനും വളരെ ആവശ്യമാണ്.
എന്താണ് കർമ്മം? എന്താണ് കർമ്മ നിയമങ്ങൾ?
ഈ വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ്, ചില നിര്‍വ്വചനങ്ങള്‍ മനസ്സിലാക്കണം, ആദ്യമായി. “കർമ്മ” എന്ന സംസ്കൃത വാക്കിന്‍റെ അർത്ഥം “പ്രവൃത്തി” എന്നാണ്. നമ്മൾ ഇപ്പോൾ, ഈ നിമിഷം ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഒഴികെ ബാക്കി നമ്മുടെ എല്ലാ പ്രവൃത്തികളും “കർമ്മ”ത്തിന്‍റെ നിര്‍വചനത്തിനുള്ളില്‍ വരും. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി “ക്രിയ” ആണ്. കര്‍മ്മമല്ല. കർമ്മത്തിന്‍റെ വിത്തുകള്‍ ക്രിയയിലാണ് അടങ്ങിയിരിക്കുന്നത്. കാരണം നമ്മുടെ “ക്രിയ”കൾ ചെയ്തു തീർന്നാൽ തത്ക്ഷണം അത് “കർമ്മ”ങ്ങൾ ആയി മാറും. പിന്നെ അവിടെ പ്രവൃത്തിക്ക് സ്ഥൂലമായ ഒരു ബാഹ്യ രൂപമില്ല. ചെയ്ത് തീര്‍ന്ന ആ പ്രവൃത്തിയുടെ (അതായത് ചെയ്ത് അവസാനിപ്പിച്ച ആ ക്രിയയുടെ) ഫലം ഉടനേയോ, പുറകേയോ പ്രത്യക്ഷമാകും. അത് പ്രകൃതി നിയമമാണ് എന്ന് യോഗശാസ്ത്രം പറഞ്ഞ് തരുന്നു.
അതായത് , നമ്മള്‍ ചെയ്ത പ്രവൃത്തിയും, ആ പ്രവൃത്തിയുടെ ഫലവും നമ്മുടെ അബോധ മനസ്സിൽ സൂക്ഷ്മ രൂപമായി മാറുന്നു. ഈ സൂക്ഷ്മ രൂപമാണ് “കർമ്മം”. ആധുനിക ലോകത്തിലെ ഒരു ഉപമ ഉപയോഗിക്കുകയാണെങ്കിൽ, കമ്പ്യൂട്ടറിന്‍റെ ഹാർഡ് ഡിസ്‌കിൽ വിവരങ്ങളും, ചിത്രങ്ങളും, ശബ്ദങ്ങളും ഒക്കെ അരൂപികളായ ഫയലുകളായി സൂക്ഷ്മരൂപത്തിൽ ശേഖരിക്കുന്നത് പോലെ ആണിത്. ഒരു പടുകൂറ്റൻ ആൽ മരത്തിനെക്കുറിച്ചുള്ള സർവ്വ വിവരങ്ങളും അതിന്‍റെ ചെറിയ വിത്തിനകത്ത്, അതിന്‍റെ ഡി.എൻ .എ ക്കകത്തു എങ്ങിനെ ആണോ സമാഹരിച്ച് വച്ചിരിക്കുന്നത് അതുപോലെ സൂക്ഷ്മമായിട്ടാണ് കർമ്മവും കർമ്മഫലവും നമ്മോടൊപ്പം നമ്മെ പിന്തുടരുന്നത്. വരാൻ പോകുന്ന മരം എങ്ങിനെ ആയിത്തീരണം എന്നതിനെക്കുറിച്ചുള്ള സർവ്വ വിവരങ്ങളും ആ വിത്തിനകത്തു ഉണ്ട്. ഒരു കോഴി മുട്ട വിരിഞ്ഞാല്‍ ഒരു കോഴിമാത്രമേ അതില്‍ നിന്നും പുറത്തു വരുകയുള്ളൂ. ആ കോഴിയുടെ നിറം, ആകൃതി, രൂപം, ശബ്ദം ഇതെല്ലാം ആ കോഴിമുട്ടക്കകത്ത് അരൂപമായി, നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അനുഭവവേദ്യമല്ലാത്ത വിധത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന പോലെ തന്നെയാണ്, പ്രകൃതിയുടെ സ്വന്തം വിവര സാങ്കേതിക വിദ്യയിലൂടെ നമ്മുടെ കര്‍മ്മവും, കര്‍മ്മ ഫലങ്ങളും നമ്മെ കടുകിട വ്യത്യാസമില്ലാതെ ജന്മജന്മാന്തരങ്ങളായി പിന്തുടരുന്നത്. എന്താണ് കര്‍മ്മം എന്നും, അതിന്‍റെ പ്രവര്‍ത്തന രീതികളും നിയമങ്ങളും എന്താണെന്നും മനസ്സിലാക്കി അതനുസരിച്ചു ജീവിതവും നമ്മുടെ പ്രവര്‍ത്തന രീതികളും ചിട്ടപ്പെടുത്തേണ്ടത് വളരെ ആവശ്യമാണെന്ന് കാണാം.
കർമ്മം നമുക്ക് അനുകൂലാത്മകവും പ്രതികൂലാത്മകവും ആകാം. അതായത്, ചില കർമ്മങ്ങള്‍ അഭിവൃദ്ധിയും, ആമോദവും നല്കുന്നതാകാം. മറ്റു ചില കര്‍മ്മങ്ങള്‍ അധോഗതിയും വേദനയും നൽകുന്നതും ആകാം. ഏറ്റവും പ്രധാനപ്പെട്ട കർമ്മ നിയമം എന്നത് “നിങ്ങൾ വിതക്കുന്നത് നിങ്ങൾ കൊയ്യും” എന്നുള്ളതാണ്. ഇത്തരത്തിലുള്ള ഒരു സങ്കല്പം ലോകത്തിലുള്ള സകല നാടുകളിലും ജനസഞ്ചയങ്ങളിലും ഉള്ളതായി നമുക്ക് കാണാം. നല്ല പ്രവൃത്തികൾക്ക് നല്ല ഫലം എന്നും ചീത്ത പ്രവൃത്തികൾക്ക് ചീത്ത ഫലം എന്നും ലോകത്തിൽ മിക്കവാറും എല്ലാവരും തന്നെ വിശ്വസിക്കുന്നു. നല്ല പ്രവൃത്തികൾ ആത്മാവിനെ ശുദ്ധികരിക്കും എന്നും ചീത്ത പ്രവൃത്തികൾ ആത്മാവിനെ മലിനപ്പെടുത്തും എന്നാണു സാമാന്യമായ പൊതുജന വിശ്വാസം, സാർവലൗകികമായി തന്നെ. അതുതന്നെ ഈ ദര്‍ശനത്തിന്‍റെ സാധുത ചൂണ്ടിക്കാണിക്കുന്നു.
എങ്ങിനെ ആണ് കർമ്മം രൂപീകൃതമാകുന്നത്?
നമ്മൾ എന്ത് പ്രവൃത്തി ചെയ്താലും – അത് ചിന്തകള്‍ കൊണ്ടായാലും, ശരീരം കൊണ്ടായാലും, വാക്കുകൾ കൊണ്ടായാലും ശരി – അത് നമ്മുടെ അബോധമനസ്സിൽ വളരെ സൂക്ഷ്മമായ മുദ്രണങ്ങൾ നടത്തുന്നു. നമ്മൾ തുടർച്ചയായി ഈ പ്രവൃത്തികൾ ആവർത്തിക്കുമ്പോൾ, ഈ മുദ്രണങ്ങൾ പൂർവ്വാധികം ശക്തിമത്താവുന്നു. വെള്ളക്കടലാസിൽ എഴുതിയ അക്ഷരങ്ങൾക്ക് മുകളിലൂടെ വീണ്ടും വീണ്ടും അതേ അക്ഷരങ്ങൾ എഴുതുമ്പോൾ, അവ എങ്ങിനെ പൂർവ്വാധികം തെളിഞ്ഞു വരുന്നുവോ, അതുപോലെ ആണ് ഇതും. അങ്ങിനെ ആ മുദ്രണങ്ങൾ ഓരോ ആവർത്തനത്താലും കൂടുതൽ കൂടുതൽ ബലവത്തായി വന്ന്, ആ മുദ്രണത്തിന്‍റെ ഊർജ്ജപ്രവാഹം തടയാൻ ആവാതെ, അതേ പ്രവൃത്തികൾ നമ്മുടെ ബോധമനസ്സിന്‍റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ നാം സ്വയം ചെയ്യാൻ നിർബന്ധിതരായി ഭവിക്കുന്ന ഒരു നിലയിൽ എത്തും. ഈ മുദ്രണങ്ങളെ സംസ്കൃതത്തിൽ “സംസ്കാര” എന്നു പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ പ്രവൃത്തികളാൽ സംസ്കാര മുദ്രണങ്ങൾ ഉണ്ടാവുകയും, തുടര്‍ന്ന്, നമ്മുടെ പ്രവൃത്തികളെ സൂക്ഷമമായ ഈ സംസ്കാര മുദ്രണങ്ങൾ വീണ്ടും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതൊരു വിഷമ വൃത്തമാണ്. പ്രവൃത്തി വീണ്ടും മുദ്രണങ്ങൾ ഉണ്ടാക്കുന്നു, മുദ്രണങ്ങൾ വീണ്ടും പ്രവൃത്തിയെ ഉണ്ടാക്കുന്നു. ഈ പരിവൃത്തിയുടെ അനിവാര്യതയാണ് പ്രധാനമായ മറ്റൊരു കർമ്മ നിയമം.
നിത്യജീവിതത്തിൽ ഈ പരിവൃത്തിയുടെ ഉദാഹരണങ്ങൾ നിരവധിയാണ്. മദ്യപാനം, പുകവലി, നുണ പറയല്‍, വൈകി ഉറങ്ങൽ, വൈകി എഴുനേൽക്കൽ, തർക്കുത്തരം പറയൽ, രതി വൈകൃതങ്ങള്‍, കോപം, വൈരാഗ്യം, പരദൂഷണം, മൊബൈൽ ഫോണും വാട്സ്ആപ്പ് ഉപയോഗങ്ങളും ഇതെല്ലാം ചെറിയ തോതിൽ ആരംഭിച്ച് എങ്ങിനെ ഇക്കാര്യത്തിലെല്ലാം തികഞ്ഞ ആസക്തി ഉള്ളവരായി മാറുന്നു എന്ന് ആലോചിക്കുക. ന്യൂനതയുടെ കാര്യത്തിൽ മാത്രമല്ല, നന്മയുടെ കാര്യത്തിലും ഈ പരിവൃത്തികൾ കൃത്യമായി നടക്കുന്നത് കാണാം. കൃത്യനിഷ്ഠ, സൗമ്യ സംഭാഷണം, കണക്കുകൾ സൂക്ഷിക്കൽ, സംഗീത അഭ്യാസങ്ങൾ, ശരിയായ ആഹാര രീതികളുടെ നിഷ്ഠ എന്നു തുടങ്ങി സകാരാത്മകമായ കാര്യങ്ങളിലും ഈ പരിവൃത്തികൾ ഒരുപോലെ ഫലവത്തായി പ്രവൃത്തിക്കുന്നു എന്ന് നമുക്കറിയാം. നല്ല ശീലങ്ങളും ചീത്ത ശീലങ്ങളും ഉണ്ടാകുന്നത് ഈ പരിവൃത്തികള്‍ മൂലമാണ്. കാണാപാഠം പഠിക്കുന്നതും ആവര്‍ത്തനങ്ങളിലൂടെ അല്ലേ?
ജന്മവും പുനര്‍ജന്മവും
യോഗശാസ്ത്രം അനുസരിച്ച് നമ്മുടെ ജന്മം, മാതാപിതാക്കന്മാര്‍, കുടുംബം, ജോലി, ജീവിത സാഹചര്യങ്ങള്‍, വിവിധങ്ങളായ ജീവിതാനുഭവങ്ങള്‍, ആരോഗ്യ നിലവാരം, മരണം എന്നുവേണ്ട ജീവിതത്തിലെ നമ്മുടെ മുഴുവന്‍ അനുഭവങ്ങളേയും രൂപപ്പെടുത്തുന്നതും, ആ അനുഭവങ്ങളുടെ തീവ്രത കൂടുകയും കുറയുകയും ഒക്കെ ചെയ്യുന്നതും, അതുവരെ നമ്മള്‍ ആര്‍ജ്ജിച്ച കര്‍മ്മമനുസരിച്ചാണ്. കൂടുതല്‍ മനസ്സിലാക്കി വരുമ്പോള്‍ നമുക്ക് അറിയുവാന്‍ കഴിയും, ജീവിതം എന്ന് പറയുന്നത്, നമ്മുടെ ചുറ്റും കാണുന്ന ജനനമരണങ്ങള്‍ക്ക് ഉള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രതിഭാസമല്ല എന്ന്.
ജനിക്കുകയും മരിക്കുകയും ചെയ്യുന്ന, എണ്ണിയാല്‍ തീരാത്ത രൂപഭാവങ്ങളോടു കൂടിയ, നമുക്കു ചുറ്റും കാണുന്ന സകല ജീവിതങ്ങള്‍ക്കെല്ലാം അപ്പുറം, അനശ്വരവും, സര്‍വ്വ വ്യാപകവും, ആദ്യാവസാനമില്ലാത്തതും ആയ ഒരു ബ്രഹൃത് ജീവന്‍റെയും ബുദ്ധിയുടെയും നിത്യ സാന്നിദ്ധ്യമുള്ള ഒരു വലിയ ഏക ജീവന്‍ ഉണ്ട്. ആ വലിയ ഏക ജീവന്‍ സര്‍വ്വതിനും അതീതമായ ഒന്നാണെന്ന് മാത്രമല്ല, എല്ലാ രൂപങ്ങളുടേയും അഗാധതയില്‍ അവയുടെ ഉള്ളിന്‍റെ ഉള്ളിലെ അദൃശ്യമായ, അനശ്വരമായ സത്തയും കൂടിയാണ് അത്. ജനിക്കുകയും അനുഭവിക്കുകയും മരിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ ഈ ചെറിയ ‘സ്വകാര്യ വ്യക്തി” ജീവിതം സംഭവിക്കുന്നത് ആ വലിയ ഏക ജീവനിലാണ്. ആ വലിയ ഏക ജീവന്‍ ഒരു പുസ്തകമായി സങ്കല്‍പ്പിച്ചാല്‍, നമ്മുടെ ജനന-അനുഭവ-മരണ സഹിതമുള്ള ഈ ചെറിയ ജീവിതം, ആ പുസ്തകത്തിലെ ഒരു പേജു മാത്രമാണ്. ഇതാണ് ജന്മ-പുനര്‍ജന്മ പ്രക്രിയയുടെ കാല ദേശാതീതമായ പ്രസക്തി. ഈ ജന്മത്തിനു മുന്‍പും നൂറു കണക്കിന് ജന്മങ്ങള്‍ നമ്മള്‍ ഓരോരുത്തരും ജനിച്ചിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്, മരിച്ചിട്ടുണ്ട്. ഓരോ ജന്മത്തിലും, നമ്മള്‍ നമ്മുടെ ചിന്തകളും, വാക്കുകളും പ്രവൃര്‍ത്തികളും കൊണ്ട് പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമായി, അറിഞ്ഞോ അറിയാതേയോ, “ക്രിയ”കള്‍ ചെയ്ത് “കര്‍മ്മ”ങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആ കര്‍മ്മങ്ങള്‍ ഊര്‍ജം കൈകൊണ്ട് വീണ്ടും ജന്മാനുഭവമരണങ്ങളായി വന്ന് പോകുന്നു, വന്ന് പോയിക്കൊണ്ടേ ഇരിക്കുന്നു ഇപ്പോഴും.
മൂന്നു വിവിധ തരത്തിലുള്ള കര്‍മ്മങ്ങള്‍
കര്‍മ്മങ്ങള്‍ മൂന്നു വിധത്തിലാണ് ഉള്ളത്. (1) സഞ്ചിത കര്‍മ്മം: ജന്മ ജന്മാന്തരങ്ങളായി നമ്മള്‍ സൃഷ്ടിച്ച് ശേഖരിച്ചു വച്ചിരിക്കുന്ന കര്‍മ്മത്തിന്‍റെ വിത്തുകളാണ് സഞ്ചിത കര്‍മ്മം. ഇനിയും മുളക്കാത്ത, ഭാവിയില്‍ മുളക്കാന്‍ കാത്തിരിക്കുന്ന വിത്തുകളാണ് അവ. യോഗശാസ്ത്രത്തില്‍ അവയെ അമ്പുകള്‍ സൂക്ഷിക്കുന്ന ആവനാഴി ആയിട്ടാണ് ഉപമിക്കാറുള്ളത്. (2) പ്രാരാബ്ധ കര്‍മ്മം: ജനിച്ചു കഴിഞ്ഞാല്‍ മരണം കഴിയുന്നതുവരെ ഉള്ള അനുഭവങ്ങളാണ് പ്രാരാബ്ധ കര്‍മ്മം. അത് സജീവമായി കഴിഞ്ഞ കര്‍മ്മങ്ങള്‍ ആണ്. വിത്ത് മുളച്ചു കഴിഞ്ഞു. ആവനാഴിയിലിരുന്ന ശരം എടുത്തു തൊടുത്തു വിട്ടു കഴിഞ്ഞു. ശരം അതിന്‍റെ സഞ്ചാര പഥത്തിലെ പ്രയാണത്തിലാണ്. ഇനി അത് തിരികെ എടുക്കാനാകില്ല. അനുഭവിച്ചു തന്നെ അവസാനിക്കണം. അതാണ് പ്രാരാബ്ധ കര്‍മ്മം. (3) ക്രിയാമാന കര്‍മ്മം: മറ്റൊരു കര്‍മ്മമായി മാറാന്‍ എല്ലാ സാദ്ധ്യതയും ഉള്ള ചിന്ത, വാക്ക്, പ്രവൃത്തി ഇവയാണ് ക്രിയാമാന കര്‍മ്മം. അതായതു ആ ഒരു പ്രവൃത്തി (ക്രിയ) ഇനിയും ഒരു വിത്തായി തീര്‍ന്നിട്ടില്ല. പ്രവൃത്തി ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍, അത് മറ്റൊരു പുതിയ കര്‍മ്മത്തിന്‍റെ വിത്താകും. യോഗശാസ്ത്രത്തിലെ ഉപമ ഉപയോഗിച്ചു പറഞ്ഞാല്‍, ആവനാഴിയില്‍ സൂക്ഷിക്കാനും എടുത്ത് എയ്യാനും ഒരു ശരം നമ്മള്‍ നിര്‍മ്മിച്ചു കഴിഞ്ഞിട്ടില്ല.പക്ഷേ ശരം നിര്‍മ്മിക്കാനുള്ള സര്‍വ്വ അസംസ്‌കൃത പദാര്‍ത്ഥങ്ങളും തയ്യാറാണ്. നിര്‍മ്മിക്കുകയോ നിര്‍മ്മിക്കാതിരിക്കുകയോ ചെയ്യാം. അതായത് എങ്ങിനെയാണ് പുതിയ കര്‍മ്മങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കി, അങ്ങിനെ സൃഷ്ടിക്കപ്പെടാന്‍ ഇടവരാത്ത വിധം ജീവിതാനുഭാവങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ ക്രിയാ മാന കര്‍മ്മങ്ങള്‍ ഇല്ലാതാകും. അത്തരം തിരിച്ചറിവില്ലാതെ ജീവിച്ചാല്‍ നമ്മുടെ ഒരു പ്രവൃത്തിയും ഓരോ പുതിയ വിത്തായി മാറും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അത് ഒരു പുതിയ ശരമായി മാറി ആവനാഴിയിലേക്ക് പോയി സഞ്ചിത കര്‍മ്മ മായി മാറും.
കാര്യ കാരണ ബന്ധം.
ഭൗതിക ലോകത്തിലെ ന്യൂട്ടണ്‍ന്‍റെ മൂന്നാം ചലന നിയമത്തിന് സമാനമാണ് യോഗ ശാസ്ത്രത്തിലെ കാര്യ കാരണ നിയമം. കാരണം ഇല്ലാതെ കാര്യം ഉണ്ടാകില്ല. കാരണത്തിന്‍റെ എല്ലാ സ്വഭാവങ്ങളും കാര്യത്തില്‍ അടങ്ങിയിരിക്കും. ഈ പ്രകൃതി നിയമമാണ് കര്‍മ്മ നിയമങ്ങള്‍ക്ക് അടിസ്ഥാനം. പ്രകൃതി എന്നാല്‍ പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന പ്രപഞ്ചത്തെ ഒറ്റവാക്കില്‍ വിവക്ഷിക്കുന്ന സംസൃത പദമാണ്. പ്രത്യക്ഷത്തില്‍ കാണാത്ത ഒരു ലോകമുണ്ട്, മുകളില്‍ പറഞ്ഞ ആ വലിയ ഏക ജീവന്‍റെ ലോകം. കാണപ്പെടുന്ന ലോകത്തിലെ ഭൗതിക പദാര്‍ത്ഥങ്ങളെ ബാധിക്കുന്ന നിയമങ്ങളാണ് ഭൂമിയിലെ സയന്‍സ് പഠിച്ചു പ്രചരിപ്പിക്കുന്ന ശാസ്ത്രീയ നിയമങ്ങള്‍. അതുപോലെ കാണാത്ത ആ വലിയ ഏക ജീവന്‍റെ ലോകത്തിനും സമാനവും എന്നാല്‍ വ്യത്യസ്തവും ആയ നിയമങ്ങള്‍ ഉണ്ട്. കര്‍മ്മ നിയമങ്ങള്‍ അതിലൊന്നാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം എങ്കില്‍ , ന്യൂട്ടോണിയന്‍ സയന്‍സിലെ നിയമങ്ങളും ക്വാണ്ടം ഫിസിക്സിലെ നിയമങ്ങളും തമ്മിലുള്ള അന്തരങ്ങള്‍ കാണുക എന്ന് മാത്രം സൂചിപ്പിക്കട്ടെ.
നിയമത്തെക്കുറിച്ചുള്ള അജ്ഞത ക്ഷമാപണമായി ഭൂമിയിലെ നിയമത്തിലായാലും പ്രകൃതി നിയമത്തിലായാലും സ്വീകരിക്കപ്പെടുന്നില്ല. അതായത് “കര്‍മ്മ നിയമങ്ങള്‍ എനിക്കറിയില്ലായിരുന്നു, അതുകൊണ്ട് ക്ഷമിച്ചു മാപ്പ് തരണം” എന്ന് പറയാന്‍ കഴിയില്ല എന്നര്‍ത്ഥം! അതായത്,നമ്മുടെ പ്രാരബ്ധ കര്‍മ്മങ്ങള്‍ നമ്മള്‍ അനുഭവിച്ചു തന്നെ തീരണം. അറിവില്ലാത്തതുകൊണ്ട് സഞ്ചിത കര്‍മ്മങ്ങളും പ്രാരാബ്ധ കര്‍മ്മങ്ങളും വന്ന് ചേര്‍ന്നത് നമ്മുടെ കുറ്റമായി കരുതേണ്ടതില്ല. പക്ഷേ ആ തെറ്റ് തിരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രാരാബ്ധ കര്‍മ്മങ്ങള്‍ “വിധിപ്രകാരം” അനുഭവിച്ച്, പുതിയ ക്രിയാമാന കര്‍മ്മങ്ങള്‍ സൃഷ്ടിക്കപ്പെടാതെയും, സഞ്ചിത കര്‍മ്മങ്ങള്‍ മുളക്കാന്‍ അവസരം കൊടുക്കാതേയും വേണം മരണം വരെ ജീവിക്കുവാന്‍. അത് നമ്മുടെ ഉത്തരവാദിത്വമാണ്. എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നാല്‍ അവിടെ ലഭിക്കുന്ന പാഠ്യപദ്ധതി എങ്ങിനെ നമ്മുടെ കുറ്റവും കുറവും ആകുന്നില്ലയോ, തന്നിരിക്കുന്ന പാഠ്യപദ്ധതി ആത്മാര്‍ത്ഥമായി പഠിക്കല്‍ എങ്ങിനെ നമ്മുടെ ഉത്തരവാദിത്വമാകുന്നുവോ, അങ്ങിനെ തന്നെയാണ് ഇതും. വേറെ ഒരു വിധത്തില്‍ പറഞ്ഞാല്‍, നേരത്തേ പറഞ്ഞ, ആ സര്‍വാതീതമായ, എന്നാല്‍ സര്‍വ്വതിലും അന്തര്‍ലീനമായിരിക്കുന്ന ആ വലിയ ഏക ജീവനാണ് നമ്മുടെ യഥാര്‍ത്ഥ വസതി. ഭൂമിയിലെ പഠിത്തം വിജയകരമായി തീര്‍ത്ത് നമ്മുടെ സ്വന്തം വീടായ ആ വലിയ ഏക ജീവനിലേക്കു മടങ്ങണം. അതിന് കര്‍മ്മ നിയമങ്ങളെ ക്കുറിച്ചുള്ള അറിവ് വേണം, അത് പഠിക്കാനും, അതനുസരിച്ചു ജീവിക്കാനും ഉള്ള ഇച്ഛാശക്തി വേണം, കര്‍മ്മ ശക്തി വേണം. എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നാല്‍ അവിടെ പഠിക്കേണ്ട പോലെ തന്നെയാണ് ഇതും. അറിവും അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഇച്ഛാ ശക്തിയും കര്‍മ്മ ശക്തിയും ഉണ്ടാകുന്നതു വരെ വീണ്ടും വീണ്ടും ഇവിടെ വന്ന് ജനിച്ച് അനുഭവിച്ച് മരിച്ചു കൊണ്ടേ ഇരിക്കും. ഓരോ വരവിലും അജ്ഞത തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവാം. ജ്ഞാനത്തോടെ, ഇച്ഛാശക്തിയോടെ, കര്‍മ്മ ശക്തിയോടെ പ്രവര്‍ത്തിച്ച് ജീവിച്ചാല്‍ കാര്യങ്ങള്‍ മെച്ചപ്പെടാം. പക്ഷേ അത് “പാമ്പും കോണിയും” കളിക്കുന്നത് പോലെ യാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഏതു സമയവും ഒന്നാം കള്ളിയിലേക്ക് വീഴാം, പിന്നെ ആദ്യം മുതല്‍ തുടങ്ങണം. അറിവ്, ശ്രദ്ധ, ഭക്തി, ധര്‍മ്മനിരത – ഇതെല്ലാം വേണം വിജയകരമായി നമ്മുടെ ഭൂമിയിലെ വരവ് പൂര്‍ത്തിയാക്കാന്‍. ആലോചിച്ചു നോക്കുമ്പോള്‍, രസമുള്ള ഒരു കളി തന്നെ ആണ് ജീവിതം. ആ വലിയ ഉള്‍ക്കാഴ്ച വേണം എന്ന് മാത്രം.
എങ്ങിനെ കര്‍മ്മ ബന്ധനം ഒഴിവാക്കി ജീവിക്കാം ?
ഇത് ബൃഹത്തായ ഒരു വിഷയമാണ്. വായനക്കാര്‍ക്ക് ആ വഴിക്ക് ചിന്തിച്ചു തുടങ്ങാന്‍ സഹായിക്കുന്നവിധം ചുരുക്കി മാത്രം പറയാം പ്രധാനമായ ചില കാര്യങ്ങള്‍.
- ആ വലിയ ഏക ജീവന്‍ തിരിച്ചറിഞ്ഞ്, രൂപമില്ലാത്ത ആ പ്രപഞ്ച ശക്തിയുമായി പിതൃനിര്‍വിശേഷമായ സ്നേഹ ബന്ധം വളര്‍ത്തി എടുക്കുക. അമ്പലവും പള്ളിയും എല്ലാം ഇതിനുള്ള പ്രതിരൂപാത്മക പരിശീലനങ്ങള്‍ ആണെന്ന് മനസ്സിലാക്കണം. അമ്പലവും പള്ളിയും പ്രതിനിധാനം ചെയ്യുന്നത് അരൂപിയായ ആ ഏക ജീവനെ തന്നെ ആണ്.
- നമ്മുടെ ഭൂമിയിലെ ജീവിതത്തിന്‍റെ പൊതുവായ പശ്ചാത്തലം യമ നിയമങ്ങളില്‍ അധിഷ്ഠിതമായ ഒന്നായിരിക്കണം. എന്താണ് യമ നിയമങ്ങള്‍? അഹിംസ, സത്യം, മോഷ്ടിക്കതിരിക്കല്‍, നമ്മുടെ ശരീരവും, ധനസമ്പത്തുക്കളും വ്യയം ചെയ്യാതിരിക്കല്‍, വസ്തുവകകളില്‍ ഭ്രമിച്ചു അത് വാരിക്കൂട്ടാതിരിക്കല്‍ – ഇവയെല്ലാം ചിന്തകള്‍ കൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, പാലിക്കണം. മനസാ, വാചാ, കര്‍മ്മണാ ശുദ്ധി വേണം. സദാ സന്തോഷമുള്ളവരായിരിക്കണം, സ്വയം അന്വേഷിച്ച് പഠിച്ച് അറിവ് (പ്രാപഞ്ചികവും, ആത്മീയവും ആയ അറിവ്) നേടണം. അതും ഇതും ചിന്തിക്കുന്ന മനസ്സിന്‍റെ രീതി മാറ്റി എകാഗ്രമായ മനസ്സിന്‍റെ ഉടമയാവാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ആ വലിയ ഏക ജീവന്‍റെ നിത്യ സാന്നിദ്ധ്യം കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ഇത്രയും കാര്യങ്ങള്‍ എപ്പോഴും ഓര്‍മ്മയുണ്ടായിരിക്കണം. അതിനായി ശ്രമിച്ചു കൊണ്ടേ ഇരിക്കണം.
- മോക്ഷം, അല്ലെങ്കില്‍ സ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ കര്‍മ്മ ഫലങ്ങളില്‍ നിന്നും ഉള്ള മോചനമാണ്. അതായത് എന്ത് പ്രവൃത്തി ചെയ്താലും, അതിന്‍റെ ഫലമായി ഒരു പുതിയ കര്‍മ്മം നമുക്ക് ഉണ്ടാകാത്ത വിധം ജീവിക്കാനുള്ള സാമര്‍ത്ഥ്യം കൈവരിച്ച അവസ്ഥ. അങ്ങിനയൂള്ള മോചനം കൈവരുന്നത് നമ്മുടെ സഞ്ചിത കര്‍മ്മങ്ങള്‍ പൂര്‍ണമായും ധാര്‍മ്മിക ജീവിതത്തിന്‍റെ അഗ്നിയില്‍ കരിച്ച് കളഞ്ഞു കഴിയുമ്പോഴാണ്. ധാര്‍മ്മിക ജീവിതം എന്നാല്‍ മേല്‍പ്പറഞ്ഞ യമ നിയമങ്ങളില്‍ അധിഷ്ഠിതമായ ജീവിതം ആണ്. അതുപോലെ തന്നെ പ്രാരാബ്ധ കര്‍മ്മങ്ങള്‍ പൂര്‍ണമായും അനുഭവിച്ചു തന്നെ തീരണം. കാരണം അത് വിക്ഷേപിക്കപ്പെട്ട ശരം ആണെന്ന് സൂചിപ്പിച്ചുവല്ലോ? തിരിച്ചു എടുക്കാന്‍ ആവില്ല. പക്ഷേ, അങ്ങിനെ പ്രാരാബ്ധ കര്‍മ്മങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ , പ്രാരാബ്ധ കര്‍മ്മങ്ങളുടെ ഫലമായി ഉണ്ടാകുന്ന ക്ലേശങ്ങള്‍ നമ്മള്‍ അനുഭവിക്കുമ്പോള്‍, മനസ്സില്‍ ഒരു ഖിന്നതയും ഉണ്ടാകുവാന്‍ പാടില്ല. അതുപോലെ പ്രരാബ്ധ കര്‍മ്മങ്ങള്‍ നമ്മുക്ക് ശ്രേയസ്സും സമ്പത്തും ചിലപ്പോള്‍ നല്കിയേക്കാം. അതെല്ലാം നമ്മള്‍ ഇതിനു മുന്‍പ് സ്വായത്തമാക്കിയത് സത്കര്‍മ്മമാണോ, ദുഷ്കര്‍മ്മമാണോ എന്നതിനെ ആശ്രയിച്ചിരിക്കും. ഗുണമായാലും ദോഷമായാലും പ്രാരാബ്ധ കര്‍മ്മ ഫലമായി നമ്മുടെ മനസ്സില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള വികാര വിക്ഷോഭങ്ങള്‍ ആണ് പുതിയ ക്രിയാമാന കര്‍മ്മങ്ങള്‍ സൃഷ്ടിക്കുന്നത്.. അതായതു സുഖത്തിലും ദുഖത്തിലും നമ്മള്‍ സമചിത്തനായിരിക്കണം. കീര്‍ത്തിയിലും അകീര്‍ത്തിയിലും അചഞ്ചലനായിരിക്കണം. അചഞ്ചലനായി അഭിനയിച്ചാല്‍ പോരാ. അങ്ങിനെ തന്നെ ആയിത്തീരണം. വികാരത്തോടെ എന്ത് ചെയ്താലും അത് ഒരു പുതിയ കര്‍മ്മം സൃഷ്ടിക്കും. ധാര്‍മ്മികമായ വികാരത്തോടെ ചെയ്യുന്ന സകാരാത്മക കര്‍മ്മങ്ങളുടെ ഫലമായി സത് കര്‍മ്മങ്ങള്‍ ഉണ്ടാകുന്നു. അതുമൂലം പുറകെ നല്ല ജീവിതാനുഭവങ്ങള്‍ ഉണ്ടാകുന്നു, അത്, ഒരുപക്ഷേ, അടുത്ത ജന്മത്തിലായാലും മതി. അടുത്ത ജന്മം നല്ല അനുഭവത്തോടെ ജീവിക്കുമ്പോള്‍, മതി മറന്നു അധാര്‍മ്മിക ക്രിയകള്‍ ചെയ്യാന്‍ വഴിയുണ്ട്. വീണ്ടും പാമ്പ് വിഴുങ്ങി ഒന്നാം കള്ളി മുതല്‍ ജീവിതം എന്ന കളി ആരംഭിക്കണം!! ചുരുക്കിപ്പറഞാല്‍ , നമ്മള്‍ എന്ത് ക്രിയ ചെയ്തു എന്നല്ല കാര്യം. നമ്മള്‍ ചെയ്ത ക്രിയയുടെ ഫലമായി ലഭിച്ച അനുഭവം നമ്മളെ എന്താക്കി തീര്‍ത്തു എന്നതാണ് കര്‍മ്മങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരേ സമയം “സമ ദുഃഖ സുഖ ക്ഷമി” ആയി ജീവിച്ച് പ്രാരാബ്ദ കര്‍മ്മങ്ങളും ക്രിയാമാന കര്‍മ്മങ്ങളും ഇല്ലാതാക്കി, ധര്‍മ്മ നിരതനും ഏക ജീവന്‍റെ പ്രേമിയും ആയി ജീവിച്ച് സഞ്ചിത കര്‍മ്മങ്ങളും ഇല്ലാതെ ആക്കിയിട്ട് വേണം നമ്മുടെ ഈ ചെറിയ ജീവിതമാകുന്ന പാമ്പും കോണിയും കളി അവസാനിപ്പിക്കാന്‍. അത് നടക്കാതെ പോയാല്‍, ആദി ശങ്കരാചാര്യര്‍ “ഭജ ഗോവിന്ദ”ത്തില്‍ പാടിയതു സാര്‍ത്ഥകമാകും.
“പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്താരേ
കൃപായാ പാരേ പാഹി മുരാരേ”
“ഒരിക്കൽക്കൂടി ജനനം, ഒരിക്കൽക്കൂടി മരണം, ഒരിക്കൽക്കൂടി അമ്മയുടെ ഗർഭപാത്രത്തിലുള്ള ശയനം.. ഈ ലൗകിക ജീവിതം മറികടക്കാൻ വളരേ കഷ്ടമാണ്, കൃപയോടെ കനിഞ്ഞ് രക്ഷിച്ചാലും ഹേ കൃഷ്ണാ” –
എല്ലാവര്‍ക്കും ലൗകിക ജീവിതം മറികടക്കാന്‍ ഉള്ള ഭക്തിയും ശ്രദ്ധയും ധര്‍മ്മ നിരതയും, ജ്ഞാന ശക്തിയും, ഇച്ഛാശക്തിയും, ക്രിയാശക്തിയും നല്‍കി ആ വലിയ ഏക ജീവന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
1 comment so far